തിരഞ്ഞെടുപ്പ് അവലോകനം

ചരിത്രവിജയം നേടി നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ ബിജെപി രാജ്യത്ത് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്ന തിരക്കിലാണ്. ഒപ്പം ചരിത്ത്രിലെ ഏറ്റവും വലിയ പരാജയം നല്‍കി പ്രതിപക്ഷസ്ഥാനത്തു പോലും ഇരിക്കാനുള്ള യോഗ്യത നല്‍കാതെ കോണ്‍ഗ്രസിനെ ജനങ്ങള്‍ പുറംതള്ളി. പലരും ചൂണ്ടിക്കാണിച്ചതുപോലെ, പത്തു വര്‍ഷം കൊണ്ട് ജനങ്ങളെ ശത്രുക്കളാക്കിയ യുപിഎ സര്‍ക്കാരിനോടുള്ള പ്രതികാരമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇനിയെങ്കിലും നെഹ്‌റു ഫാമിലി ഹാങ് ഓവറില്‍ നിന്നും പേരിനോടൊപ്പം ഗാന്ധി എന്നു വച്ചുള്ള തട്ടിപ്പുകളില്‍ നിന്നും മുക്തരായി യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം പരിശീലിക്കാന്‍ രാഹുലും സംഘവും തയ്യാറാവുമെന്നു പ്രത്യാശിക്കാം.

ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും നേട്ടത്തില്‍ പൊതുവേ മൂന്നു തരം പ്രതികരണങ്ങളാണ് കാണാനുള്ളത്. ഒന്ന്, അടുത്ത ബസില്‍ ഞാന്‍ പാകിസ്ഥാനിലേക്കു പോകുന്നു എന്ന മട്ടിലുള്ളത്. മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകണം എന്ന ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയോടുള്ള പ്രതികരണമാണ് അതെങ്കിലും തിരഞ്ഞെടുപ്പുഫലം വന്ന ശേഷം അത്തരത്തിലുള്ള പ്രതികരണം തിരിച്ചടിക്കാനാണ് സാധ്യത. രണ്ട്, നീയൊക്കെ പാകിസ്ഥാനിലേക്കു പോടാ.. എന്നാക്രോശിക്കുന്ന തരത്തിലുള്ള പ്രതികരണം. ഇതും തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം വേറെയാണ്. അങ്ങേയറ്റം ഗുരുതരവുമാണ്. മൂന്ന്, പത്തു വര്‍ഷമായില്ലേ മറ്റവരെ സഹിക്കുന്നു, ഇനി ഇവരുമൊന്നു ഭരിക്കട്ടെ നമുക്കു നോക്കാല്ലോ എന്ന ലൈന്‍. സത്യത്തില്‍ ഇന്ത്യയിലെ നിഷ്പക്ഷരായ വോട്ടര്‍മാര്‍ മൂന്നാമത്തെ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ബിജെപി ഉജ്വലവിജയം നേടിയത്.

ഇന്ത്യ മുഴുവന്‍ ബിജെപിക്ക് അൂകൂലമായി വോട്ട് ചെയ്തപ്പോള്‍ കേരളവും തമിഴ്‌നാടും ബംഗാളുമൊക്കെ വേറിട്ടു നിന്നു എന്നതും ശ്രദ്ധേയമാണ്. അതിനെപ്പറ്റിയും രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളാണ് കേള്‍ക്കുന്ന്. ഒന്ന്, മലയാളികള്‍ അല്ലെങ്കിലും നന്നാവില്ല, അവര്‍ക്ക് വിവരമില്ല എന്നത്. രണ്ട്, മോദി തരംഗം കേരളത്തെ സ്പര്‍ശിച്ചില്ല എന്നത് കേരളത്തിന്റെ വിദ്യാഭ്യാസനിലവാരത്തെയും സാംസ്‌കാരിക നിലവാരത്തെയുമൊക്കെ ഉയര്‍ത്തിക്കാട്ടുന്നു എന്നത്. രണ്ടും ശരിയായ നിലപാടുകളല്ല എന്നാണ് എന്റെ അഭിപ്രായം.

ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയ ആ രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്താണ്. വോട്ടു ചെയ്യുന്നത് ഓരോ വ്യക്തിയും ഒറ്റയ്ക്കാണ്. അതായത് ഇത്രയധികം വ്യക്തികളുടെ സ്വതന്ത്രചിന്തയുടെയും ആലോചനയുടെയും ഫലമാണ് ഈ തിരഞ്ഞെടുപ്പു ഫലം. തിരഞ്ഞെടുപ്പുഫലത്തെപ്പറ്റി ഒരു വിധി പറയാന്‍ സുപ്രീംകോടതിക്കു പോലും അധികാരമില്ല. കാരണം, അതില്‍ തെറ്റും ശരിയുമില്ല. ജനങ്ങളുടെ വിധിയെഴുത്തിന് അത്രത്തോളം മൂല്യമുണ്ട്. കേരളത്തില്‍ ബിജെപിക്ക് സീറ്റൊന്നും ലഭിക്കാത്തത് മലയാളികള്‍ക്ക് വിവരമില്ലാത്തതുകൊണ്ടോ മലപ്പുറത്ത് ഇ.അഹമ്മദ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ചത് അവിടത്തുകാര്‍ മണ്ടന്‍മാരായതുകൊണ്ടോ അല്ല. അത് അവരുടെ തീരുമാനമായിരുന്നു, അതിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനെ ആശങ്കയോടെ കാണുന്നവരുണ്ട്. പുതിയൊരു സര്‍ക്കാര്‍ വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന സ്വാഭാവികമായ ഉല്‍കണ്ഠയും ആശങ്കയുമെന്നതിനപ്പുറം ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യും എന്നാശങ്കപ്പെടുന്നതില്‍ കഴമ്പില്ല. കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ചെയ്തതെല്ലാം ജനങ്ങള്‍ക്കിഷ്ടമുള്ളതായിരുന്നില്ല. ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ഈ രാജ്യത്തെ ജനങ്ങളാണെന്നതിനാല്‍ അത് 100 ശതമാനം സ്വീകാര്യമായ തീരുമാനമാണ്. മോദിയെയും ബിജെപിയെയും അംഗീകരിക്കാനും അഭിനന്ദിക്കാനും കോണ്‍ഗ്രസും ലോകരാഷ്ട്രങ്ങളും മുന്നോട്ടു വരുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പൊതുതിരഞ്ഞെടുപ്പിനും ഈ രാജ്യത്തെ ജനങ്ങള്‍ക്കും ലഭിക്കുന്ന ആദരവു കൂടിയായി അതിനെ കാണണം. ഈ വലിയ വിജയം ജനങ്ങള്‍ കഴുതകളല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

ബിജെപി തരംഗം കേരളത്തെ സ്പര്‍ശിക്കാതെ പോയതിലുള്ള പ്രതികരണങ്ങള്‍ കേരളീയരുടെ വിവരക്കേടായി വിലയിരുത്തപ്പെടുന്നുണ്ട്. കേരളമെന്ന ഇട്ടാവട്ടത്തിലെ പൊട്ടന്‍മാര്‍ ഇന്ത്യയെന്ന മഹാരാജ്യത്തില്‍ ഒന്നുമല്ലെന്നും നിന്റെയൊന്നും വോട്ടില്ലാതെ ‘ഞങ്ങള്‍’ ഭരിക്കുമെന്നുമൊക്കെയാണ് ചിലരുടെ പ്രതികരണം. മലപ്പുറത്ത് ഇ.അഹമ്മദിനെ ഇത്രയേറെ വോട്ടുകള്‍ക്കു ജയിപ്പിച്ചു വിട്ടവരുടെ ഐക്യു എന്തായിരിക്കുമെന്നാണ് പലരും ചോദിക്കുന്നത്. ഇ.അഹമ്മദ് അവിടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയിട്ടുണ്ടെങ്കില്‍ അതിനു ചില കാരണങ്ങളും ഉണ്ടാവും. ചാലക്കുടിയിലെ ജനങ്ങള്‍ ഇന്നസെന്റിനെ വിജയിപ്പിക്കില്ല എന്നായിരുന്നു ഞാന്‍ ഉള്‍പ്പെടെ പലരും വിചാരിച്ചിരുന്നത്. എന്നാല്‍, പി.സി.ചാക്കോയോടുള്ള വെറുപ്പ് അത്രയധികമാകയാല്‍ ജനം ഇന്നസെന്റിനെ തിരഞ്ഞെടുത്തു. ആ തിരുമാനവും തെറ്റോ ശരിയോ എന്നതല്ല, അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നതാണ് പ്രധാനം.

കല്യാണം കഴിഞ്ഞാല്‍ പിന്നെ പഴയ പ്രണയത്തെപ്പറ്റി മിണ്ടരുത് എന്നു പറയുന്നതുപോലെ ജനം വോട്ടു ചെയ്തു തിരഞ്ഞെടുത്തു കഴിഞ്ഞ ഒരാളിനെ അംഗീകരിക്കാന്‍ ജനാധിപത്യത്തില്‍ പൗരന്‍മാര്‍ക്കു കടമയുണ്ട്. അവരുടെ നയങ്ങളെയും അഭിപ്രായങ്ങളെയും എതിര്‍ക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. കേവലഭൂരിപക്ഷം എന്നു വച്ചാല്‍ പരമാധികാരമോ ജനാധിപത്യത്തിന്റെ അവസാമോ അല്ല. ഈ രാജ്യത്തെ ജനാധിപത്യം തുടച്ചുനീക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

രാജ്യം ബിജെപിയെ തിരഞ്ഞെടുത്തത് അബദ്ധമായിപ്പോയി എന്ന് മോദിവിരുദ്ധര്‍ പറയുന്നതും താമര വിരിയാത്ത കേരളത്തിലെ ജനങ്ങള്‍ കഴുതകളാണ് എന്നു മോദിഭക്തര്‍ പറയുന്നതും ഒരുപോലെയാണ്. നരേന്ദ്രമോദി ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അല്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, ഹിന്ദുദേശീയതയുടെ അല്ല. രാജ്യപുരോഗതിയും നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാരത്തിലുള്ള പുരോഗതിയും പട്ടിണിയുടെ അന്ത്യവും സ്ര്തീശാക്തീകരണവും സാമൂഹികപുരോഗതിയുമാണ് നമുക്കു വേണ്ടത്. അതിനു മോദി സര്‍ക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു. ജയ് ഹിന്ദ് !

കരിദിനാശംസകള്‍

പരമപരിശുദ്ധമായ ലോകമാതൃദിനം പൊട്ടിവിരിഞ്ഞു കഴിഞ്ഞു. ഇനി 24 മണിക്കൂര്‍ പെറ്റമ്മയുടെ അപദാനങ്ങള്‍ വര്‍ണിച്ചും അമ്മ, ഗര്‍ഭപാത്രം, മുലപ്പാല്‍ തുടങ്ങിയ വാക്കുകള്‍ വച്ചു കവിതകളെഴുതിയും അമ്മയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തും ഗൂഗള്‍ ഡൂഡില്‍ നോക്കിയിരുന്നും നമ്മള്‍ വമ്പിച്ച മാതൃദിനാഘോഷം നടത്തും. നാളെ മുതല്‍ എല്ലാം പഴയതുപോലെ. പെരുങ്കള്ളന്‍മാരും കള്ളികളുമായ, സ്വാര്‍ത്ഥതയുടെ മൂര്‍ത്തിരൂപങ്ങളായ നമുക്ക് ഇത്തരം ദിനാഘോഷങ്ങള്‍ വളരെ ഈസിയാണ്. അതുകൊണ്ട്, ഈ മാതൃദിനം കരിദിനമായി ആചരിച്ചുകൊണ്ട് 276 അമ്മമാരുടെ നിലയ്ക്കാത്ത കണ്ണീരിനൊപ്പം ഒരു പ്രാര്‍ഥനയര്‍പ്പിച്ചുകൊണ്ട് ഈ കരിദിനപോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.

ഒരു സംഘം ഭ്രാന്തന്‍മാര്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ 276 പെണ്‍കുട്ടികളുടെ അമ്മമാരും ഇന്ന് മാതൃദിനത്തിലൂടെ കടന്നു പോവുകയാണ്. വില്‍പ്പനച്ചരക്കായി പകുതി ജീവനോടെ അവരില്‍ അവശേഷിക്കുന്ന പെണ്‍കുട്ടികള്‍ നാളത്തെ അമ്മമാരാണ്. ആഫ്രിക്കയിലെ അപ്രധാനമായ ആ സംഭവവികാസം മനസ്സില്‍ തട്ടാതെ അവഗണിച്ചുകൊണ്ട് മാതൃദിനം ആഘോഷിക്കുന്ന സംസ്‌കാരസമ്പന്നമായ ലോകത്തിന് ഒരു കൂപ്പുകൈ.

ആഫ്രിക്കയിലെ അമ്മമാര്‍ക്ക് ഈ മാതൃദിനത്തില്‍ നമ്മുടെ സരസമായ തൂലികത്തുമ്പുകളില്‍ എന്തു സന്ദേശമാണ് നല്‍കാനാവുന്നത് എന്നു പരിശോധിക്കുക. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ലോകത്തിലെ ഭൂരിപക്ഷമാളുകളും മാധ്യമങ്ങളും അവഗണിച്ചുപോയ അവരുടെ കണ്ണീരിനെ നമ്മുടെ ഏതു മാതൃസ്‌നേഹം കൊണ്ടാണ് ന്യായീകരിക്കാനാവുക എന്ന് അന്വേഷിക്കുക. ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും അമ്മയുടെ പ്രസവവേദനയ്ക്ക് ഒറ്റ അര്‍ഥമേയുള്ളൂ. അവള്‍ മുലയൂട്ടി വളര്‍ത്തുന്ന കുഞ്ഞിനോട് ഒരേയൊരു വികാരമേയുള്ളൂ. ഈ മാതൃദിനം കരിദിനമാവാന്‍ ലോകത്തിന് മറ്റൊരു കാരണം ആവശ്യമില്ല.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പേരില്‍ ആഴ്ചകളോളം കണ്ണീരൊഴുക്കിയ, കഥകള്‍ മെനഞ്ഞ മാധ്യമങ്ങളും ആഗോളവാര്‍ത്താ ഏജന്‍സികളും നൈജീരിയയിലെ 276 കുരുന്നുകളുടെ കാര്യത്തില്‍ ആശങ്കാകുലരല്ല. മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ചെലവഴിച്ചതിന്റെ ആയിരത്തിലൊന്നു സമയവും പണവും അധ്വാനവും മതി ഈ കുരുന്നുകളെ കണ്ടെത്താന്‍. 276 കറുത്ത കുട്ടികള്‍ കാട്ടില്‍ക്കിടന്നു മരിച്ചുപോവുന്നതില്‍ ആരും ആസ്വസ്ഥരല്ല. അവരുടെ കാര്യത്തിലുള്ള നമ്മുടെ നിസ്സംഗതയും നിര്‍വികാരതയും നമ്മള്‍ പരിഷ്‌കൃതമാതൃസ്‌നേഹങ്ങളിലൂടെ മറയ്ക്കും, മാതൃദിന സന്ദേശങ്ങളിലൂടെ പര്‌സപരം വിസ്മയിപ്പിക്കും.ഇറാക്കിലും പലസ്തീനിലും കുരുന്നുകളെ കൊന്നുതള്ളിയതില്‍ ഒരു വികാരവും തോന്നാത്ത സമൂഹത്തില്‍ നിന്ന് ഈ പ്രശ്‌നത്തില്‍ മാത്രം വ്യത്യസ്തമായൊരു പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ല. കാലം ഏതായാലും രാജ്യം ഏതായാലും എല്ലാ കണക്കുതീര്‍ക്കലുകള്‍ക്കും ഇരയാവുന്നത് ഒന്നുമറിയാത്ത കുരുന്നുകളാണ്. തീരാവേദനയില്‍ നരകിച്ചു ജീവിക്കുന്നത് ലക്ഷക്കണക്കിന് അമ്മമാരും.

ബൊക്കോ ഹറാം നൈജിരിയയില്‍ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് മാസം ഒന്നു തികയാറായി. അവരില്‍ എത്ര പേര്‍ ജീവനോടെ അവശേഷിക്കുന്നുണ്ട് എന്നു നമുക്കറിയില്ല. ഒരു തെറ്റും ചെയ്യാത്ത ആ കുരുന്നുകള്‍ അവിടെ മരണത്തിലേക്കു നടന്നു നീങ്ങുമ്പോള്‍ നന്മ നിറഞ്ഞ വിശാലലോകത്തു നിന്ന് എന്തുകൊണ്ടാണ് ആരും തങ്ങളെ രക്ഷിക്കാന്‍ വരാത്തതെന്ന് അവര്‍ ദൈവത്തോടു ചോദിക്കുന്നുണ്ടാവും. അതിനുത്തരം പറയേണ്ടത് ഈ മാതൃദിനത്തെ അവിസ്മരണീയമാക്കാന്‍ പരിപാടികളാവിഷ്‌കരിക്കുന്ന നമ്മളോരോരുത്തരുമാണ്. ഈ മാതൃദിനത്തിന്റെ മനോഹാരിതയെ ആ കുരുന്നുകളുടെ ചോരയും അമ്മമാരുടെ കണ്ണീരും കൊണ്ടാണ് നമ്മള്‍ അടയാളപ്പെടുത്തുന്നത്.

നൈജിരിയില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത് ബൊക്കൊ ഹറാം ലോകം കണ്ടിട്ടില്ലാ വിധം കരുത്താര്‍ജ്ജിച്ച ഭീകരസംഘടയായതുകൊണ്ടല്ല. രാജ്യപുരോഗതിക്കു വേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ കയ്യില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ വാങ്ങി വിഴുങ്ങുന്ന ഗുഡ്‌ലക്ക് ജൊനാതന്‍ എന്ന ആണും പെണ്ണും കെട്ട പ്രസിഡന്റാണ് ആ നാടിന്റെ ശാപം. അഴിമതിയില്‍ മുങ്ങിക്കുളിച്ച നാണംകെട്ട ഭരണത്തില്‍ പൊട്ടിമുളച്ച വിഷവിത്താണ് ബൊക്കോ ഹറാം. ആയിരക്കണക്കിനാളുകളെ അവര്‍ കൊന്നൊടുക്കയും നൂറുകണക്കിനു പേരെ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്തത് സംഘടന അത്ര ശക്തമായതുകൊണ്ടല്ല. ആ രാജ്യത്തെ ഭരണസവിധാനം അത്രയെറെ ദൂര്‍ബലമായതുകൊണ്ടാണ്.

നമ്മള്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല നൈജീരിയയിലെ പ്രശ്‌നം. എന്നാല്‍, ആര്‍ക്കും പരിഹരിക്കാനാവാത്ത വിധം സങ്കീര്‍ണവുമല്ല. ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഭരണാധികാരികളും മാധ്യമങ്ങളും അവഗണിക്കുന്ന ഒരു പ്രതിസന്ധിയില്‍ നമ്മുടെ അഭിപ്രായങ്ങള്‍ ഒരു ചലനവും സൃഷ്ടിക്കില്ല. മാതൃസ്‌നേഹം വഴിഞ്ഞൊഴുകുന്ന ഈ മാതൃദിനത്തില്‍ ആ കുരുന്നുകളെയും അമ്മമാരെയും ഓര്‍ക്കാനെങ്കിലും കഴിയുന്നില്ലെങ്കില്‍ നമ്മുടെ അമ്മമാരെ നമ്മള്‍ നാണം കെടുത്തുകയാണ് ചെയ്യുന്നത്. നൈജിരിയിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി, അവരുടെ അമ്മമാര്‍ക്കു വേണ്ടി ഈ മാതൃദിനം കരിദിനമായി ആചരിക്കുന്നതില്‍ അമ്മമാര്‍ അഭിമാനിക്കുകയേയുള്ളൂ.

പുളുന്താന്‍ പ്രസിഡന്റിനു കീഴില്‍ നിന്നു കൊണ്ട് ലോകത്തോട് സഹായമഭ്യര്‍ഥിക്കുന്ന, നൈജിരിയയുടെ ശബ്ദം കേള്‍ക്കാതെ പോകരുത്. പ്രമുഖ നൈജീരിയന്‍ നടി സ്റ്റെല്ല ദമാസസിന്റെ ഈ വിഡിയോ കൂടി കാണുക. കരിദിനാശംസകള്‍ !

ഇടുക്കി ഗോള്‍ഡ് (പോസിറ്റീവ് റിവ്യൂ)

ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ അതിനെ അകാരണമായി വിമര്‍ശിക്കുന്നത് മലയാളികളായ അലവലാതികളുടെ ഹോബിയാണ്. അതിനു പിന്നിലെ അധ്വാനം, ക്രിയേറ്റിവിറ്റി തുടങ്ങിയവയൊക്കെ മറന്നുകൊണ്ടാണ് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പലരും പരാതിപ്പെടുന്നത്. കാലഘട്ടത്തിന്റെ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ഇടുക്കി ഗോള്‍ഡിനെപ്പറ്റി പല പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നെഗറ്റീവ് റിവ്യൂകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു പോസിറ്റീവ് റിവ്യൂ ആണ് ഞാന്‍ സമര്‍പ്പിക്കുന്നത്. നല്ല സിനിമയെ കുറ്റം പറയുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാവട്ടെ.

മലയാളത്തിന്റെ മഹാനടന്‍ പ്രതാപ് പോത്തന്റെ പാദാരവിന്ദങ്ങളില്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

പോസിറ്റീവ് റിവ്യൂ ആരംഭിക്കുന്നു…

കിം കിഡുക്കിന്റെയും ബര്‍ഗ്മാന്റെയും കുറസോവയുടെയും നിരയിലേക്ക് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി ഒരു സംഘം ചലച്ചിത്രപ്രവര്‍ത്തകര്‍ നടന്നുകയറുന്ന കാഴ്ച. ഇടുക്കി ഗോള്‍ഡ് എന്ന ചലച്ചിത്രാനുഭവത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണ്. പരമശിവനും ചെഗുവേരയെയും പുനര്‍നിര്‍വചിക്കുന്നതു മുതല്‍ ഇടുക്കിയുടെ സംസ്‌കാരവും വ്യക്തിത്വവും വരച്ചുകാട്ടുന്നതുവരെയുള്ള അതിസങ്കീര്‍ണവും എന്നാല്‍ അപാരമായ സര്‍ഗശേഷി പ്രകടമാക്കുന്നതുമായ ചലച്ചിത്രാനുഭവമാണ് ഇടുക്കി ഗോള്‍ഡ്. ഇന്നു ജീവിച്ചിരിക്കുന്ന പ്രേക്ഷകരുടെ ഭാവുകത്വബോധത്തെ ഉദ്ധരിക്കുന്ന, പ്രേക്ഷകരുടെ ബൗദ്ധികതയുടെ അതിര്‍വരമ്പുകളെ ഉയര്‍ന്ന തലങ്ങളിലേക്ക് കൊണ്ടുപോകുന്ന അത്യപൂര്‍വമായ ചലച്ചിത്രാനുഭവം ആണ് ഇടുക്കി ഗോള്‍ഡ്. ഇതിന്റെ പിന്നണിക്കാരെ അഭിനന്ദിക്കുക എന്നത് ഒരു അഹങ്കാരമായിരിക്കും എന്നതിനാല്‍ സാഷ്ടാംഗം പ്രണമിക്കുന്നു. നന്ദി, നന്ദി, നന്ദി, ഇങ്ങനൊരു സിനിമ ഞങ്ങള്‍ക്കു സമ്മാനിച്ചതിന്.

ഒരു മാസം മുമ്പേ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമ പുറത്തിറക്കിയിരുന്നെങ്കില്‍ അടുത്ത വര്‍ഷം ഒരു ഡസന്‍ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ മലയാളത്തിന്റെ മടിത്തട്ടില്‍ കിടന്നേനെ. ലഞ്ച് ബോക്‌സ് എന്നൊരു പൊട്ടപ്പടം ഓസ്‌കറിനയച്ചതിന്റെ ഗതികേട് എത്ര വലുതാണെന്നു മനസ്സിലായത് ഇടുക്കി ഗോള്‍ഡ് കണ്ടപ്പോഴാണ്. ലഞ്ച് ബോക്‌സിനു പകരം ഇടുക്കി ഗോള്‍ഡ് അയച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഈ നൂറാം വര്‍ഷത്തില്‍ മലയാള സിനിമ നല്‍കുന്ന സമ്മാനമായി കുറഞ്ഞത് 15 നോമിനേഷനുകളും എട്ടോ ഒന്‍പതോ ഓസ്‌കറുകളും നേടിയേനെ എന്നതില്‍ സംശയമില്ല. പക്ഷെ, വിഷമിക്കാനില്ല. അടുത്ത വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ചിത്രം തൂത്തുവാരും. മലയാളികള്‍ വലിയ ആളായി കൊണ്ടുനടക്കാറുള്ള അടൂര്‍ ഗോപാലകൃഷ്ണനൊക്കെ യഥാര്‍ഥ സിനിമ എന്താണെന്നു പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും ഇടുക്കി ഗോള്‍ഡ് കണ്ടു തുടങ്ങണം എന്നു നിസ്സംശയം പറയാം.

എന്തൊക്കെയാണ് ഇടുക്കി ഗോള്‍ഡിന്റെ പ്രത്യേകതകള്‍ എന്നു ചോദിച്ചാല്‍ പെട്ടെന്ന് ഒരുത്തരം പറയുക സാധ്യമല്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ സിനിമകള്‍ കണ്ട് ഈ പൊട്ടക്കിണറ്റില്‍ കിടക്കുന്ന മലയാളി പ്രേക്ഷകരോട് അത് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയായിരിക്കും എന്നു തോന്നുന്നു. മലയാളികള്‍ പൊതുവേ നല്ലതിനെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ ആണ്. അതുകൊണ്ട് തന്നെ ഇടുക്കി ഗോള്‍ഡിനെ മലയാളികള്‍ അഭിനന്ദിക്കാന്‍ അല്‍പം സമയമെടുത്തേക്കാം. എന്നാല്‍, തിയറ്ററുകള്‍ എല്ലാം ഹൗസ്ഫുള്ളാണ്. കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. അപ്പോള്‍ ചിലര്‍ ചോദിക്കും, സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായമല്ലേ പ്രധാനം, കലക്ഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നെഞ്ചുവിരിക്കുന്നത് ദിലീപ്-ഉദയകൃഷ്ണ-സിബി.കെ.തോമസ് ഗഡികളല്ലേ എന്ന്. സത്യത്തില്‍ അത് ആപേക്ഷികമാണ്. നല്ല സിനിമയെ അളക്കാന്‍ ഇതു രണ്ടും ഉപയോഗിക്കാം. നമ്മുടെ സിനിമയ്ക്ക് കലക്ഷന്‍ കുറവും അഭിപ്രായം കൂടുതലുമാണെങ്കില്‍ കലക്ഷനല്ല പ്രേക്ഷകരുടെ അഭിപ്രായമാണ് വലുതെന്നും മറിച്ചാണെങ്കില്‍ അലവലാതി പ്രേക്ഷകരുടെ വിമര്‍ശനമല്ല തിയറ്ററിലെ കലക്ഷനാണ് വലുതും എന്നു വാദിക്കാം. ബര്‍ഗ്മാനും കുറസോവയുമൊക്കെ അങ്ങനായിരുന്നോ എന്നറിയില്ല.

ഇടുക്കി ഗോള്‍ഡിനെപ്പറ്റി എടുത്തു പറയാവുന്ന സവിശേഷത അത് വിമര്‍ശനാതീതമാണ് എന്നതാണ്. ബോധപൂര്‍വം സിനിമയെ കരിവാരി തേക്കാനും ആക്ഷേപിക്കാനും കരുതിക്കൂട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഗേ ആയിട്ടുള്ള ആളുകളാണ് സിനിമക്കെതിരേ വിമര്‍ശനവും ആക്ഷേപവുമുന്നയിക്കുന്നത് എന്നാണ് സൂചന. മറ്റൊരു ആരോപണം സിനിമയില്‍ കഞ്ചാവിനുള്ള പ്രധാന്യമാണ്. ഇവിടെ കഞ്ചാവ് നിരോധിച്ചിട്ടുണ്ടെന്നതുകൊണ്ട് ആരും കഞ്ചാവ് ഉപയോഗിക്കുന്നില്ല എന്നില്ലല്ലോ. സ്ത്രീധനം നിരോധിച്ചിട്ട് വര്‍ഷങ്ങളായി എങ്കിലും എല്ലാവരും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ കഞ്ചാവിനെതിരെ ആസൂത്രിതമായി നടക്കുന്ന ആക്രമണത്തിനു പിന്നിലും ഗേകളാണോ എന്നു വ്യക്തമല്ല. പോരെങ്കില്‍ സ്ത്രീധനം ലോകത്ത് എല്ലായിടത്തും നിയമവിരുദ്ധമാണ്. എന്നാല്‍ കഞ്ചാവ് പല വിദേശരാജ്യങ്ങളിലും നിയമവിധേയമാണ്. അതുകൊണ്ട് കഞ്ചാവിനെതിരെ യുദ്ധം നടത്തുന്ന ചെറ്റകള്‍ ആദ്യം പോയി സ്ത്രീധനം അവസാനിപ്പിച്ചിട്ടു വരണം.

എല്ലാ ഘടകങ്ങളും നന്നായ ഒരു സിനിമയില്‍ ഏതെങ്കിലും ഒരു ഘടകത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല എങ്കിലും പ്രതാപ് പോത്തന്‍ സാറിന്റെ അഭിനയത്തിനു മുന്നില്‍ നമസ്‌കരിക്കാതെ തരമില്ല. ഒരു മമ്മൂട്ടി ഫാനായിട്ടു കൂടി ഞാനിങ്ങനെ പറയുമ്പോള്‍ പ്രതാപ് പോത്തന്‍ സാറിന്റെ അഭിനയം എത്രത്തളം എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നത് നിങ്ങള്‍ മനസ്സിലാക്കണം. ത്രീ ഡോട്ട്‌സ് എന്ന മെഗാഹിറ്റ് സിനിമയില്‍ തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചതാണ്. എത്ര ഭരത് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നു പറഞ്ഞാലും മിസ്റ്റര്‍ മമ്മൂട്ടിയും മിസ്റ്റര്‍ മോഹന്‍ലാലുമൊന്നും പ്രതാപ് പോത്തന്‍ സാറിന്റെ അഭിനയമികവിനു മുന്നില്‍ ആരുമല്ല എന്നുറക്കെ പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഫാന്‍സുകാര്‍ എന്നെ കല്ലെറിഞ്ഞേക്കാം, വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വന്നേക്കാം; ഞാന്‍ വിരിമാറ് കാണിച്ചുകൊടുക്കും. ഒരു നല്ല നടനു വേണ്ടി അത്രയെങ്കിലും ചെയ്യാനായാല്‍ ഞാന്‍ കൃതാര്‍ഥനായി.

കുറിപ്പ്: ഇടുക്കി ഗോള്‍ഡ് നല്ല സിനിമയാണോ ചീത്ത സിനിമയാണോ എന്ന് തീരുമാനിക്കേണ്ടത് അലവലാതി പ്രേക്ഷകരും റിവ്യൂ എഴുത്തുകാരുമൊന്നുമല്ല. അത് ഉണ്ടാക്കിയവര്‍ തന്നെയാണ്. പ്രതാപ് പോത്തന്‍ സാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടനല്ല എന്ന് അഭിപ്രായമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ മറ്റന്നാള്‍ കൊച്ചിക്കു വാടാ. എന്താടോ നന്നാവാത്തേ എന്നാര്‍ക്കെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതിനും ഉത്തരം കയ്യിലുണ്ട്- നിന്റെ അപ്പനോടു പോയി ചോദിക്കെടാ.

ഫേസ്ബുക്ക് വിമര്‍ശകരോട് രണ്ടു വാക്ക്: ആരും തിരിഞ്ഞുനോക്കാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന നിങ്ങള്‍ക്ക് ഒരഡ്രസ് ഉണ്ടായത് ആഷിക് അബുവിന്റെ സിനിമകളില്‍ ‘Thanks to all Facebook Friends’ എന്നെഴുതിക്കാണിച്ചു തുടങ്ങിയതിനു ശേഷമാണ്. പാലു തന്ന കയ്യില്‍ തിരിഞ്ഞുകടിക്കരുത്. അല്‍പം വൈകിയാണെങ്കിലും നിങ്ങള്‍ പശ്ചാത്തപിക്കും. ജയ് ഹോ.

നോക്കിയ മൊബൈല്‍ മൈക്രോസോഫ്റ്റിന്

ലോകത്തെ മുന്‍നിര മൊബൈല്‍ കമ്പനിയായ നോക്കിയയുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിഭാഗം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. 720 കോടി ഡോളറിനാണ് (4.7 ലക്ഷം കോടി രൂപ) മൈക്രോസോഫ്റ്റ് നോക്കിയ ഫോണുകളും പേറ്റന്റുകളും സ്വന്തമാക്കുന്നത്. മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണി അടക്കി ഭരിച്ചിരുന്ന നോക്കിയയും ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ മൈക്രോസോഫ്റ്റും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ ഒന്നാവുമ്പോള്‍ ഇരു കമ്പനികളുടെയും സ്വഭാവവും പ്രവര്‍ത്തനശൈലിയും മാറും. 1998 മുതല്‍ 2012 വരെ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായിരുന്ന നോക്കിയയുടെ ഹാന്‍ഡ്‌സെറ്റ് ബിസിനസ് ആകെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുമ്പോള്‍ മറ്റു വയര്‍ലെസ് ഉപകരണനിര്‍മാണവുമായി നോക്കിയ ചെറിയ കമ്പനിയായി ഒതുങ്ങിക്കൂടും. അതേ സമയം, വിന്‍ഡോസ് മൊബൈല്‍ പ്ലാറ്റ്‌ഫോമിലൂടെ മൊബൈല്‍ വിപണിയില്‍ ചുവടുവച്ച മൈക്രോസോഫ്റ്റ് ഹാര്‍ഡ്‌വെയര്‍ മേഖലയിലേക്കുകൂടി കടക്കുന്നത് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരായ ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളിയാവും.

സ്മാര്‍ട്‌ഫോണ്‍ വിപ്ലവം മുതലെടുക്കാന്‍ കഴിയാതെ പോയ നോക്കിയയും മൈക്രോസോഫ്റ്റും ആദ്യഘട്ടത്തില്‍ പിന്നോട്ടു പോയെങ്കിലും 2011 മുതല്‍ പരസ്പരസഹകരണത്തില്‍ പുറത്തിറക്കിയ ലൂമിയ സ്മാര്‍ട്‌ഫോണുകളിലൂടെ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു. നോക്കിയ ഫോണുകളും പേറ്റന്റുകളും അനുബന്ധ ഉപകരണങ്ങളും മൈക്രോസോഫ്റ്റിന്റെ കയ്യിലാവുന്നോടെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ അടിയൊഴുക്കുകളില്‍ ശക്തമായ മാറ്റങ്ങളുണ്ടാവും. ആന്‍ഡ്രോയ്ഡ് മൊബൈല്‍ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മോട്ടോറോളയെ ഏറ്റെടുത്തതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. ഇരു കമ്പനികളുടെയും ഓഹരിയുടമകള്‍ക്കും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാവുന്ന ഭാവിയിലേക്കുള്ള ശക്തമായ ചുവടുവയ്പ് എന്നാണ് ഈ ഏറ്റെടുക്കലിനെ മൈക്രോസോഫ്്റ്റ് സിഇഒ സ്റ്റീവ് ബാള്‍മര്‍ വിശേഷിപ്പിച്ചത്.

ഓഹരിയുടമകളുടെയും റഗുലേറ്ററി അധികൃതരുടെയും അനുമതി വാങ്ങിയ ശേഷം അടുത്ത വര്‍ഷം ആദ്യം ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ നോക്കിയ സിഇഒ സ്റ്റീഫന്‍ എലപ് ഉള്‍പ്പെടെ ഏകദേശം 32000 ജീവനക്കാര്‍ മൈക്രോസോഫ്റ്റിന്റെ ഭാഗമാവും. നിലവില്‍ ഒരു ലക്ഷത്തോളം ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. ബില്‍ ഗേറ്റ്‌സിനു ശേഷം 2000 മുതല്‍ മൈക്രോസോഫ്റ്റ് സിഇഒ ആയ സ്റ്റീവ് ബാള്‍മര്‍ വിരമിക്കാനിരിക്കെയാണ് കമ്പനിയുടെ പുതിയ ഏറ്റെടുക്കല്‍. ഇതോടെ ബാള്‍മറിനു ശേഷം മൈക്രോസോഫ്റ്റിനെ നയിക്കുക സ്റ്റീഫന്‍ എലപ് ആയിരിക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യയുടെ വീരപുത്രന്‍മാര്‍

പാകിസ്ഥാന് സ്വപ്‌നം കാണാന്‍ കഴിയാത്ത ഭാഗ്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സരബ്ജിത് സിങ്ങിനെ പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാര്‍ തല്ലിക്കൊന്നതിനു പകരമായി ജമ്മുവിലെ ജയിലില്‍ പാക് തടവുകാരനെ കൊലക്കേസ് പ്രതിയായ ഇന്ത്യന്‍ തടവുകാരന്‍ തല്ലിച്ചതച്ചിരിക്കുന്നു. ടിയാനും കോമയിലാണ്. അജ്മല്‍ കസബിനെ പൊന്നുപോലെ നോക്കാന്‍ 80 കോടി രൂപ ചെലവഴിച്ചതിന്റെ പുണ്യമൊന്നും ഇനി പറയേണ്ട. പാകിസ്ഥാന്‍ എത്രത്തോളം കുത്തഴിഞ്ഞ രാജ്യമാണോ അത്രത്തോളം കുത്തഴിഞ്ഞ രാജ്യമാണ് ഇന്ത്യയും എന്നു നമ്മള്‍ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു. തടവുകാരെ തല്ലിക്കൊല്ലുന്ന കളിയില്‍ ഇന്ത്യയും പാകിസ്ഥാനും പുതിയ ടൂര്‍ണമെന്റ് ആരംഭിച്ചത് ലോകമാധ്യമങ്ങള്‍ ആഘോഷിക്കും. ഇന്ത്യ-പാകിസ്ഥാന്‍ ശത്രുതയുടെ നേരേ നോക്കി മൂക്കത്ത് വിരല്‍ വച്ച് അവര്‍ കഷ്ടമെന്നു പറയും.

സരബ്ജിത് സിങ്ങിനെ കൊന്നതിനു പകരമായി ഇന്ത്യന്‍ ജയിലില്‍ ഒരു പാക് തടവുകാരനെ കൊല്ലുകയാണ് വേണ്ടത് എന്ന പ്രാകൃതനീതിയില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ ഇതില്‍ മനസ്സുകൊണ്ടെങ്കിലും സന്തോഷിച്ചേക്കാം, എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി ഇത് ചരിത്രത്തിലെഴുതി ചേര്‍ക്കപ്പെടും. സരബ്ജിത് സിങ്ങിന്റെ രക്തസാക്ഷിത്വത്തിന് ഇനി എവിടെയാണ് വില ? സരബ്ജിതിനെ വീരപുത്രന്‍ എന്നു വിശേഷിപ്പിച്ച ഡോ.മന്‍മോഹന്‍ സിങ് മരണത്തോടു മല്ലിടുന്ന സനൗഉള്ള ഹഖിനെ എന്തു വിശേഷിപ്പിക്കും ? പാക് തടവുകാരനെ ആക്രമിക്കാന്‍ സഹതടവുകാരനായ വിനോദിനെ പ്രേരിപ്പിച്ചത് സരബ്ജിത് സിങ്ങിന്റെ കൊലപാതകം ആണെങ്കില്‍ അതിദേശീയവാദികള്‍ക്ക് വിനോദിനെയും വീരപുത്രന്‍ എന്നു വിളിക്കാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമുക്കു വേണ്ടത് വീരപുത്രന്‍മാരല്ല, നാടിനെ ഒറ്റുകൊടുക്കാത്ത മനുഷ്യസ്‌നേഹികളെയാണ്.

ക്ഷമയോടെ, കരുതലോടെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെയും ഇന്ത്യയുടെ പ്രതിരോധസംവിധാനത്തെയും ആഭ്യന്തരസുരക്ഷയെയുമെല്ലാം വെല്ലുവിളിക്കുന്നതാണ് ജമ്മു ജയിലില്‍ മുന്‍സൈനികന്‍ കൂടിയായ ഇന്ത്യന്‍ തടവുകാരന്‍ നടത്തിയ മര്‍ദനം. നയതന്ത്രശേഷിയില്ലാത്ത ഭരണാധികാരികള്‍ വിഡ്ഡിത്തം കണ്ടു നില്‍ക്കുന്നതും വി്ഡിത്തം പുലമ്പുന്നതും രാജ്യത്തെ പൗരന്‍മാര്‍്ക്കു തന്നെ നാണക്കേടാണ്. സരബ്ജിത് സിങ്ങിനെ ആക്രമിച്ചതില്‍ പാകിസ്ഥാന് വലിയ ദുഖമൊന്നും കണ്ടില്ലല്ലോ അപ്പോള്‍ എന്തിന് ഈ പാക് തടവുകാരന്റെ പേരില്‍ ദുഖിക്കുന്നു എന്നു ചിലര്‍ക്കു സംശയമുണ്ടാകാം. സരബ്ജിതിനെ മര്‍ദിച്ചതിനു പകരമായി മറ്റൊരു തടവുകാരനെ മര്‍ദിക്കുന്നതിന് നീതികരണമൊന്നുമില്ല. ഇന്ത്യക്കാരന്‍ പാകിസ്ഥാന്‍കാരനെ കൊന്നാലോ പാകിസ്ഥാന്‍കാരന്‍ ഇന്ത്യക്കാരനെ കൊന്നാലോ ഇല്ലാതാവുന്നത് ശത്രുതയും വിദ്വേഷവുമല്ല, മനുഷ്യജീവനുകളാണ്.

സബ്ജിത് സിങ്ങിനു നീതി കിട്ടിയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. പാകിസ്ഥാന്‍ എന്ന രാജ്യത്തിനുള്ളില്‍ എന്തും സംഭവിക്കാം എന്നിരിക്കെ അവിടെ ഇന്ത്യന്‍ തടവുകാരന്‍ കൊലപ്പെട്ടതും കസബിനെപ്പോലൊരു ഭീകരനെപ്പോലും വിഐപി പരിഗണനയില്‍ തീറ്റി വളര്‍ത്തിയ, ലോകശക്തികളിലൊന്നായ ഇന്ത്യയില്‍ പാകിസ്ഥാനിലേതിനു സമാനമായ സാഹചര്യത്തില്‍ ഒരു തടവുകാരന്‍ ആക്രമിക്കപ്പെടുന്നതും തമ്മില്‍ ചെറുതല്ലാത്ത വ്യത്യാസമുണ്ട്. രണ്ടു വയസ്സുകാരിയെ മുതല്‍ തൊണ്ണുറുകാരിയെ വരെ ബലാല്‍സംഗം ചെയ്തു കൊല്ലുന്ന കാമഭ്രാന്തന്‍മാരുടെയും ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന രാഷ്ട്രീയക്കാരുടെയും ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ദി നെക്‌സ്റ്റ് ഗാന്ധിയും മദര്‍ തേരേസയ്ക്കു ശേഷം ഇന്ത്യയുടെ രക്ഷകയായെത്തിയ സോണിയാജിയും മണ്ടന്‍കുണാപ്പന്‍മാരായ ഇന്ത്യന്‍ കഴുതകളെ എക്കണോമിക്‌സ് പഠിപ്പിച്ച പ്രധാനമന്ത്രിയും മാത്രമേയുള്ളൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സരബ്ജിതിന്റെ മരണത്തോടെ പൗരന്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ നയതന്ത്രം തോറ്റുപോയെങ്കില്‍ ഈ ആക്രമണത്തോടെ ലോകസമൂഹത്തിനു മുന്നിലും നമ്മള്‍ തോറ്റിരിക്കുന്നു. ലജ്ജിച്ചു തലതാഴ്ത്തുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല.

വൃത്തികെട്ട ജോലി

ലോകതൊഴിലാളിദിനമായി. ഇന്നു മുഴുവന്‍ ലോകതൊഴിലാളികളെ വാഴ്ത്തിപ്പാടിയും അവരില്ലായിരുന്നെങ്കില്‍ ലോകം എന്തായേനെ എന്നു പറഞ്ഞും മാധ്യമങ്ങള്‍ നേരം കൊല്ലും. തൊഴിലാളി എന്നു പറഞ്ഞാല്‍ ചുമടെടുക്കുന്നവനും പറമ്പില്‍ കിളയ്ക്കുന്നവനും മെറ്റല്‍ പൊട്ടിക്കുന്നവനും റോഡ് ടര്‍ ചെയ്യുന്നവനുമൊക്കെയാണെന്ന് ചാനലുകള്‍ കാണിക്കുന്ന ദൃശ്യങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാവും. അപ്പോള്‍ ഈ റിപ്പോര്‍ട്ടിങ് എല്ലാം നടത്തുന്ന സര്‍വരാജ്യമാധ്യമത്തൊഴിലാളികളുടെ കാര്യമോ ?

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജോലിയാണ് പത്രപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ ഇന്നാട്ടിലെ പത്ര-ചാനല്‍ മുതലാളിമാര്‍ സമ്മതിക്കില്ല. എന്നാല്‍ കരിയര്‍കാസ്റ്റ് ജോബ്‌സ് വെബ്‌സൈറ്റ് നടത്തിയ സര്‍വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും മോശം ജോലിയായി തിരഞ്ഞെടുത്തിരിക്കുന്നത് പത്രപ്രവര്‍ത്തനമാണ്. ഇത് പരിശുദ്ധ വള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള കുത്തകപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ആയതിനാല്‍ ഇതിന്റെ ഉത്തരവാദിത്വം എനിക്കല്ല.

കരിയര്‍കാസ്റ്റ് പറയുന്നത് അനുസരിച്ച് പത്രപ്രവര്‍ത്തനത്തെക്കാള്‍ ഭേദമാണ് മരംവെട്ടുകാരന്റെ ജോലി. പിന്നെയും ഭേദമാണ് പട്ടാളക്കാരന്റെ ജോലി. കോടീശ്വരന്‍മാര്‍ പോലും സ്വപ്‌നം കാണുന്ന അഭിനേതാവിന്റെ ജോലി നിര്‍ഭാഗ്യവശാല്‍ മോശം ജോലികളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്. എണ്ണക്കിണറ്റിലെ ജോലിയാണ് പിന്നെയും ഭേദം. ഗ്ലാമറസ് എന്നു കരുതപ്പെടുന്ന എയര്‍ ഹോസ്റ്റസിന്റെ ജോലിയും മോശം ജോലികളുടെ പട്ടികയിലാണ്. കുറഞ്ഞ വേതനവും മുടിഞ്ഞ സമ്മര്‍ദ്ദവുമാണ് പത്രപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ഈ തൊഴിലുകളെ മോശം തൊഴിലുകളുടെ പട്ടികയില്‍പ്പെടുത്തുന്നത്.

ഉന്നതപത്രസ്വാതന്ത്ര്യം നിലവിലുള്ള അമേരിക്കയിലായാലും പത്രങ്ങളുടെ പറുദീസയായ കൊച്ചുകേരളത്തിലായാലും പത്രക്കാരുടെ അവസ്ഥ അതിദയനീയമാണ് എന്നത് കരിയര്‍കാസ്റ്റ് പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍, ദരിദ്രവാസികളായ പത്രക്കാരെപ്പറ്റി ആരും എവിടെയും വാര്‍ത്തകള്‍ കൊടുക്കാത്തതുകൊണ്ടും അവരുടെ തൊഴിലവകാശങ്ങളെപ്പറ്റി എഡിറ്റോറിയല്‍ മുതലക്കണ്ണീരുകള്‍ ഉണ്ടാവാത്തതുകൊണ്ടും സാധാരണക്കാരുടെ വിചാരം പത്രപ്രവര്‍ത്തകന്‍ എന്തോ സംഭവമാണെന്നാണ്. ഉണ്ടയാണ് എന്നതാണ് യഥാര്‍ഥ്യം.

കേരളത്തിലെ ശരാശരി പത്രപ്രവര്‍ത്തകന്‍ വേതനം കൊണ്ടു മാത്രം ജീവിക്കുന്നത് അപ്രായോഗികമാണ്. പലരും പകല്‍ സമയത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായും മറ്റു ചിലര്‍ സര്‍ക്കാര്‍ ഫഌറ്റ് വാങ്ങി ലോണടക്കാതെ മറിച്ചുവിറ്റുമൊക്കെയാണ് പിടിച്ചുനില്‍ക്കുന്നത്. പത്രപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ കാര്യമാണെങ്കില്‍ മുഴുനീള കോമഡിയാണ്. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ ഭാവിയെപ്പറ്റി ഒന്നും പറയാന്‍ സാധിക്കില്ല. ഏതെങ്കിലും കാലത്ത് പത്രപ്രവര്‍ത്തനം ലോകത്തിലെ മികച്ച ജോലികളിലൊന്നാവുമോ എന്നു പറയാന്‍ പറ്റില്ല. പത്രപ്രവര്‍ത്തകരുടെ ദുരിതങ്ങളെപ്പറ്റിയും അവരനുഭവിക്കുന്ന അനീതികളെപ്പറ്റിയും പൊതുസമൂഹം അറിയുന്നില്ല എന്നതാണ് ഇവരുടെ തൊഴില്‍മേഖല മെച്ചപ്പെടാത്തതിന്റെ പ്രധാനകാരണങ്ങളിലൊന്ന്.

പറഞ്ഞു വന്നത് ഏറ്റവും മോശപ്പെട്ട ജോലികളെപ്പറ്റിയാണല്ലോ. പത്രപ്രവര്‍ത്തനം മോശം ജോലിയാണെന്നു തന്നെ ഇരിക്കട്ടെ. ഏതായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ജോലി എന്നു കൂടി നമ്മള്‍ അറിഞ്ഞിരിക്കണ്ടേ ? കരിയര്‍കാസ്റ്റ് അതെപ്പറ്റിയും പഠിച്ചിട്ടുണ്ട്. വെബ്‌സൈറ്റിന്റെ പഠനം അനുസരിച്ച് ഏറ്റവും മികച്ച ജോലികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ആക്ച്വറിയാണ്. അതിന്റെ വളര്‍ച്ചാസാധ്യത കിടക്കുന്നത് 2010 മുതല്‍ 2020വരെയും. ദൈവത്തിനാണേ ആക്ച്വറി എന്ന തൊഴിലിനെപ്പറ്റി ഞാനാദ്യം കേള്‍ക്കുകയാണ്. എന്താണെന്നറിയാന്‍ വിക്കിപ്പീഡിയ നോക്കി- An actuary is a business professional who deals with the financial impact of risk and uncertainty. Actuaries provide expert assessments of financial security systems, with a focus on their complexity, their mathematics, and their mechanism എന്നാണ് പറയുന്നത്. ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങി സകലധനകാര്യസ്ഥാപനങ്ങളിലും ആവശ്യമുള്ള തൊഴിലാളിയാണ് കക്ഷി. പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ആക്ച്വറിയിലേക്കൊരു ചുവടുമാറ്റം അസാധ്യമല്ല. ഞാനീ എക്കോണമിക്‌സ് ഒക്കെ പഠിച്ചിട്ടുണ്ടല്ലോ.

തൊഴില്‍ ഏതായാലും അത് എത്ര ബോറായാലും അതിലേര്‍പ്പെടുന്നവന്റെ മനോഭാവമാണ് അതിനെ മനോഹരമാക്കുന്നത് എന്നാണെന്റെ വിശ്വാസം. പത്രപ്രവര്‍ത്തനം മോശം ജോലിയാണെന്നു തോന്നുന്നവര്‍ മോശപ്പെട്ട ആളുകളായിരിക്കണം എന്നുമില്ല. ഈ തൊഴിലാളി ദിനത്തില്‍ എല്ലാ തൊഴിലുകള്‍ക്കും കാലോചിതമായ മികവും അംഗീകാരവും സാമ്പത്തികസുരക്ഷിതത്വവും ലഭിക്കട്ടെ എന്നാശംസിക്കുന്നു.

ഡാ മായാ (ഭീതി പരക്കട്ടെ)

1270 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വെള്ളിയാഴ്ച വൈകുന്നേരം. ഗ്വാട്ടിമാലയിലെ ഒരു ഗ്രാമം. മായന്‍ സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) ഓഫിസില്‍ നിന്നും ചിന്താകുലനായി ഇറങ്ങിവരുന്ന മായന്‍കുട്ടി പതിഞ്ഞകാല്‍വെപ്പുകളോടെ മായന്‍സ് പ്രസ്സിലേക്ക് നടന്നു. ഉള്ളില്‍ ആശങ്കകളുടെ കടലിരമ്പം. കാലുകള്‍ക്ക് തളര്‍ച്ച പോലെ. പ്രസിന്‍റെ മുന്നിലെത്തിയ മായനെ കാത്ത് മായനല്ലാത്ത സുഹൃത്ത് നില്‍ക്കുന്നുണ്ടായിരുന്നു- ഡാ മായാ- അവന്‍ വിളിച്ചു. മായന്‍ നിന്നു.

എന്തായി ? അവരെന്തു പറഞ്ഞു ? – അയാള്‍ ചോദിച്ചു.

അങ്ങനെയൊന്നും ഇല്ലെന്നു പറഞ്ഞു…

അവന്‍മാര്‍ക്ക് വിവരമില്ല…ശരിക്കും ഡാ… നീ വിശ്വസിക്ക്… സത്യമാണ്… ഞാന്‍ നിന്നെ തെളിവു കാണിച്ചതല്ലേ ?

അതെ…എനിക്കറിയാം… പക്ഷേ…

എന്തു പക്ഷേ ?

ഡാ മായാ… നീ വേഗം രക്ഷപെടാന്‍ നോക്ക്…. ഇവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് അബദ്ധമാണ്…

എന്‍റെ പ്രസ്സ്…. കലണ്ടര്‍ ബിസിനസ്സ്….

നിനക്കു ജീവന്‍ വേണോ പ്രസ്സ് വേണോ ?

രണ്ടും വേണം…

പ്രസ്സ് മതിയെങ്കില്‍ ജീവന്‍ നഷ്ടപ്പെടും… പ്രസ് പോവട്ടെ എന്നു വച്ചാല്‍ ജീവനെങ്കിലും കിട്ടും…

എന്നാലുമേടേയ്… ഞങ്ങള്‍ വര്‍ഷങ്ങളായി കലണ്ടര്‍ത്തൊഴിലളികളാ… ഇത് ഞങ്ങളുടെ കുലത്തൊഴിലാണ്… മരിച്ചാലും ഇതുപേക്ഷിക്കരുതെന്നാണ് ചാച്ചന്‍ പറഞ്ഞിരിക്കുന്നത്…

എന്നിട്ട് നിന്‍റെ ചാച്ചനോ ? അങ്ങേര് മരിച്ചില്ലേ ? എന്നിട്ടു കലണ്ടറുണ്ടാക്കുന്നുണ്ടോ ?

ഇല്ല…

അതാണ് ഞാന്‍ പറഞ്ഞത്…

എന്ത് ?

മരിച്ചാല്‍ കലണ്ടര്‍ ഉണ്ടാക്കാന്‍ പറ്റില്ല… ഇപ്പോ ഇവിടെനിന്ന് രക്ഷപെട്… പിന്നെ നിനക്കു വേണമെങ്കില്‍ തിരിച്ചുവന്ന് കലണ്ടര്‍ ഉണ്ടാക്കാമല്ലോ… ടെക്നോളജി നിന്‍റെ കയ്യിലില്ലേ ?

അതും ശരിയാ…

എന്നാ വീട്ടിച്ചെന്ന് കെട്ടിയോളേം വിളിച്ചോണ്ടു പോരേ… ഞാന്‍ ജംക്ഷനില്‍ വെയ്റ്റ് ചെയ്തേക്കാം…

കൂടുതല്‍ സങ്കീര്‍ണമായ മനസ്സോടെ മായന്‍കുട്ടി വീട്ടിലേക്കു നടന്നു. ഗേറ്റിനരികില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു അതിസുന്ദരിയായ ഭാര്യ മായ. മായന്‍കുട്ടിയെ കണ്ടതും മായ ഓടിവന്നു കെട്ടിപ്പിടിച്ചു. – മായഞ്ചേട്ടാ…. എന്‍റെ മായഞ്ചേട്ടാ…. എത്രകാലമായി ഞാന്‍ കാത്തിരിക്കുന്നു…

കാലമോ ? ഡീ ഉച്ചയ്‍ക്ക് ചോറുണ്ടിട്ടു പോയതല്ലേ ഞാന്‍ ?

നിങ്ങളെയല്ല…. ഞാനന്നു പറഞ്ഞ ആ സിനിമയില്ലേ ? നിക്വാരഗ്വന്‍ ലോഡ്ജ്… അതെനിക്കു കാണണം…

ഹും നിനക്കു സിനിമ.. മനുഷ്യനിവിടെ വാലില്‍ തീ പിടിച്ചു നിക്കുവാണ്…

എന്തു പറ്റി മായഞ്ചേട്ടാ… അടുത്ത എത്രയോ വര്‍ഷത്തേക്കുള്ള കലണ്ടര്‍ ഉണ്ടാക്കിക്കഴിഞ്ഞു എന്നല്ലേ നേരത്തെ പറഞ്ഞത് ?

അതൊക്കെ ശരി തന്നെ… പക്ഷെ,ഇപ്പോ ആളുകള്‍ കൂടുതലും ഉപയോഗിക്കുന്നത് ക്രിസ്‍ത്യന്‍ കലണ്ടറാണ്…

ഓ… അതാണല്ലേ അപ്പുറത്തെ ലവള് വെള്ളംകോരാന്‍ പോകുമ്പോള്‍ എന്നെ നോക്കി ജനുവരി,ഫെബ്രുവരീന്നു പാടുന്നത്… കഴുവേര്‍ട മോള്‍….

ഛെ ചുമ്മായിരീടി…. നമ്മളെല്ലാവരും കലണ്ടര്‍ ഏകോപന സമിതിയിലെ അംഗങ്ങളല്ലേ ? എല്ലാത്തരും കലണ്ടറുകാര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്…

അതുപോലാണോ ക്രിസ്ത്യന്‍ കലണ്ടര്‍ ? അതൊരു ആഗോളകുത്തകയല്ലേ ? നമ്മുടെ മായന്‍ ദേശത്ത് കലണ്ടര്‍ ബില്‍ക്കാന്‍ അവന്‍മാരു വരുന്നെന്നു കേട്ടപ്പോഴേ ഞാന്‍ പറഞ്ഞതാ അവര് കുഴപ്പമുണ്ടാക്കൂന്ന്…. അവന്‍മാരെ ഇങ്ങോട്ടു കെട്ടിയെടുക്കാന്‍ മായന്‍മോഹന്‍ എത്ര രൂപയാ കോഴ വാങ്ങിയതെന്നറിയാമോ ?

എടീ അതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം ?

പിന്നെന്താ ?

നമുക്കെത്രയും വേഗം ഇവിടം വിട്ടുപോകണം…

ഇവിടം വിട്ടുപോകാനോ ? എന്തിന് ?

ക്രിസ്ത്യന്‍ കലണ്ടര്‍ പ്രകാരം നാളെ ലോകാവസാനമാണ് !!

ലോകാവസാനമോ ??

അതെ വല്യൊരു ഉല്‍ക്ക വന്ന് ഇവിടെ വീഴും… അതോടെ ഇവിടമെല്ലാം കത്തിച്ചാമ്പലാവും…

അയ്യോ !…. അപ്പോ നമ്മുടെ പ്രസ്സ് ? വീട് ?

എല്ലാം പോകും…

ഇതിപ്പോ ആരു പറഞ്ഞു ?

ക്രിസ്ത്യന്‍ കലണ്ടര്‍ ഏജന്‍റ് ആ സസി

ഇനി വല്ല ചതിയുമായിരിക്കുമോ ?

ഹേയ്… അവനെന്‍റെ നല്ല ഫ്രണ്ടാണ്… ചതിക്കില്ല… ക്രിസ്ത്യന്‍ കലണ്ടറിലെ ഈ രഹസ്യം പുറത്താര്‍ക്കും അറിയില്ല.. അവന്‍ നമ്മളോടു മാത്രമായി പറഞ്ഞതാണ്… വൈകിട്ടത്തെ വണ്ടിക്ക് കുറച്ചുപേര്‍ ഇവിടുന്നു രക്ഷപെടുന്നുണ്ട്…

എന്‍റെ ചാച്ചനെക്കൂടി വിളിക്കണം…

ഒന്നു പോടീ… അങ്ങേരു വന്നാല്‍ എന്‍റെ പോക്ക് അങ്ങേരായിട്ടു മുടക്കും… നിനക്കു കെട്ടിയോന്‍ വേണോ തന്ത വേണോ ?

ചാച്ചനെ വിളിക്കണ്ട…

ലോകം അവസാനിക്കുമ്പോ.. നമ്മളെങ്ങോട്ടു പോവാനാ ?

ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയിലുള്ള പാലാ എന്ന സ്ഥലത്തേക്ക്….

അവിടം നശിക്കത്തില്ലേ ?

ഇല്ല… അവിടം മാത്രം നിലനില്‍ക്കുമത്രേ… ലോകം അവസാനിച്ചു കഴിഞ്ഞ് അടുത്ത സീസണ്‍ തുടങ്ങുമ്പോള്‍ ലോകത്തിന്‍റെ കേന്ദ്രം അവിടമായിരിക്കും…

ലോകം അവസാനിച്ചില്ലെങ്കിലോ ?

അടുത്ത വണ്ടിക്ക് നമുക്ക് തിരിച്ചുവരാം… പ്രസ് തുറന്ന് കലണ്ടര്‍ അടി തുടരാം…

ഇപ്പോ നിങ്ങടെ കലണ്ടര്‍ എവിടെവരെയായി ?

2012 ഡിസംബര്‍ 21 വരെയുള്ളത് ചെയ്തു… ബാക്കി ലോകാവസാനം കഴിഞ്ഞിട്ട് ആലോചിക്കാം…

എന്നാല്‍ വേഗം പോകാം… ബാഗൊക്കെ എടുത്തോ !

അങ്ങനെ മായന്‍ സംസ്കാരത്തിലെ അവസാനത്തെ കലണ്ടര്‍ സ്പെഷലിസ്റ്റായ മായനും ഭാര്യ മായയും കൂടി ബാഗൊക്കെ കെട്ടിപ്പെറുക്കി പുറപ്പെട്ടു. ക്രിസ്ത്യന്‍ കലണ്ടറുകാരുടെ വണ്ടി അവരെ കാത്തുകിടപ്പുണ്ടായിരുന്നു. മായനും മായയും വണ്ടിയില്‍ കയറുമ്പോള്‍ അതില്‍ വേറെ ആരും ഉണ്ടായിരുന്നില്ല.

വേറെ ആരും വന്നില്ലേ ? – മായന്‍ ക്രിസ്ത്യന്‍ കലണ്ടറുകാരനോടു ചോദിച്ചു. മായയുടെ നെഞ്ചില്‍ നിന്നും കണ്ണുപിന്‍വലിക്കാതെ അവന്‍ ചിരിച്ചു, അര്‍ഥഗര്‍ഭമായി.

പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. വണ്ടിയിലെ ക്ലീനറും പോര്‍ട്ടറുമൊക്കെയായി നാലഞ്ചു പേര്‍ കൂടി വണ്ടിയിലേക്കു കയറി. എല്ലാവരും അവരുടെ ചുറ്റുമായി വന്നു നിന്നു. ക്രിസ്ത്യന്‍ കലണ്ടറുകാരന്‍ സീറ്റിനടിയില്‍ നിന്ന് ഒരു ഇരുമ്പുവടി കയ്യിലെടുത്തു മായനെ നോക്കി വിടര്‍ന്നു ചിരിച്ചു. മായയുടെ ഹൃദയം നിര്‍ത്താതെ മിടിച്ചു.

പാഞ്ഞുപോകുന്ന വണ്ടിയുടെ ചില്ലില്‍ മായന്‍റെ രക്തം ചിതറിത്തെറിച്ചത് പുറത്ത് ആരും കണ്ടില്ല. മായയുടെ ഉച്ചത്തിലുള്ള നിലവിളികളും പുറത്തേക്ക് എത്തിയില്ല. അപ്പോഴും ടൗണിലെ എംഎസ്എസ് ഓഫിസിനു മുന്നില്‍ നിന്ന് കലണ്ടര്‍ കച്ചവടക്കാരന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു- കലണ്ടര്‍, മായന്‍റേതു തന്നെ !

ഇന്നാണാ സുദിനം

ലോകം അവസാനിക്കുമെന്നു പറയപ്പെടുന്ന ആ ദിവസം ഇന്നാണ്. 2012 ഡിസംബര്‍ 12. ദിവസത്തിലെ 24 മണിക്കൂറിലെ പകുതി കഴിഞ്ഞു. ഒന്നും അവസാനിച്ചിട്ടില്ല എന്നു മാത്രമല്ല, എല്ലാം ശാന്തവുമാണ്. ലോകാവസാനത്തിന്‍റെ ലക്ഷണങ്ങള്‍ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എന്നു കരുതി ഇന്ന് അവസാനിക്കില്ല എന്നൊന്നും പറയാറുമായിട്ടില്ല. അതിന് ഡിസംബര്‍ 13 എന്ന ദിവസം വന്നുചേരുക തന്നെ വേണം. ഇന്നു രാത്രി 11.59ന് ഒരു വലിയ ഉല്‍ക്ക വന്നു ഭൂമിയുടെ മുകളില്‍ വീണാലും മതി, സംഗതി പൊകയാവും.

ദൈവം ആറ് ദിവസം കൊണ്ട് ലോകം സൃഷ്ടിച്ചു എന്നാണ് രേഖകളില്‍ കാണുന്നത്. ആകാശം, ഭൂമി, വായു, വെള്ളം, കടല്‍, മൃഗങ്ങള്‍, പക്ഷികള്‍, ഒടുവില്‍ മനുഷ്യനും. ഞായറാഴ്ച അവധിയായതുകൊണ്ട് ഏഴാം ദിനം വിശ്രമിച്ചു. ആ ലോകം അവസാനിപ്പിക്കാന്‍ ദൈവത്തിന് ഒറ്റ ദിവസം മതിയാകുമോ എന്നതാണ് പ്രധാനപ്പെട്ട ഒരു സംശയം. അന്ന് ആറു ദിവസം കൊണ്ട് ഉണ്ടാക്കിയ ലോകത്ത് ഇത്രയും സെറ്റപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഒരു മനുഷ്യനും പിന്നെ കംപ്ലീറ്റും പ്രകൃതിയും. ഇന്ന് അതല്ല സ്ഥിതി. ദൈവം ആറു ദിവസം കൊണ്ടുണ്ടാക്കിയ ലോകം മനുഷ്യര്‍ കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് ഒരു പരുവത്തിലാക്കി. മനുഷ്യര് തന്നെ എത്ര കോടി ? പിന്നെ, കെട്ടിടങ്ങള്‍, പാലങ്ങള്, ഡാമുകള്‍, രാജ്യങ്ങള്‍… ഇതൊക്കെ ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ പറ്റുമോ ?

ദൈവത്തിന് എന്തും സാധിക്കും എന്നാണ് പറയുന്നത്. എന്നാല്‍, അതിന്‍റെയൊരു ജാഡ കാണിക്കുന്നയാളല്ല ദൈവം. അദ്ഭുതങ്ങള്‍ പരമാവധി കുറച്ചുവച്ച് മനുഷ്യനെ സ്വന്തം വിശ്വാസം കൊണ്ടും പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും വലിയവനാകാനും സ്വന്തം കയ്യിലിരിപ്പുകൊണ്ടു തന്നെ പൊളിഞ്ഞുപാളീസാവാനും അവസരം നല്‍കിയിരിക്കുന്ന വിശാലമനസ്കനും തികഞ്ഞ സ്വാതന്ത്ര്യവാദിയുമാണ് ദൈവം. ആ ദൈവം ഇന്നാണ് ആ ദിവസം എന്നു പറഞ്ഞ് എല്ലാം കൂടി കണ്‍ട്രോള്‍ ആള്‍ട്ട് ഡിലീറ്റ് കൊടുക്കുമെന്നു വിശ്വസിക്കാന്‍ എന്‍റെ യുക്തിബോധം എന്നെ അനുവദിക്കുന്നില്ല. പോരെങ്കില്‍ മലയാള സിനിമയിലെ നായകന്‍മാരെപ്പോലെ വണ്‍ടൈം സെറ്റില്‍മെന്‍റിന്‍റെ ആളല്ല ദൈവം. ക്ലൈമാക്സ് സീനില്‍ ആദ്യം മുതലുള്ള കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് വില്ലനെ ഉന്മൂലനം ചെയ്യുന്ന പരിപാടി ദൈവത്തിനില്ല. ദുഷ്ടനെ പന പോലെ വളര്‍ത്തുന്നതാണ് പുള്ളിയുടെ ലൈന്‍. പത്തറുപത് വയസ്സ് വരെ നാട്ടുകാരെ കിടുകിടാ വിറപ്പിക്കുന്ന പുലികള്‍ പിന്നൊരു പത്തിരുപത് വര്‍ഷം സടകൊഴിഞ്ഞ് പല്ലും പോയി പുല്ലും വെള്ളവുമില്ലാതെ നരകിച്ച് പണ്ടാരമടങ്ങുന്നതൊക്കെ നമ്മള്‍ കാണുന്നതുമാണ്.

അതുകൊണ്ട്, ഞാന്‍ പറഞ്ഞു വരുന്നത്, ലോകം ഇന്ന് അവസാനിക്കുകയില്ല. മായന്‍ കലണ്ടറിലെ അവസാനതീയതി 2012 ഡിസംബര്‍ 21 ആണ് എന്നതിനാല്‍ അന്നത്തോടെ കച്ചോടം പൂട്ടുമെന്നു പറയുന്നതില്‍ കഴമ്പില്ല. കലണ്ടറുണ്ടാക്കിയ മായന്‍ ഡിസംബര്‍ 21 വരെ എഴുതിയപ്പോള്‍ ചത്തുപോവുകയോ മഷി തീര്‍ന്നുപോവുകയോ, കലണ്ടറിന്‍റെ സ്പോണ്‍സര്‍ പിന്‍മാറുകയോ ഒക്കെ ചെയ്തതാവാം കലണ്ടര്‍ ഡെവലപ്‍മെന്‍റ് അവസാനിക്കാന്‍ കാരണം. അല്ലാതെ, അതിന്‍റെ അര്‍ത്ഥം ആ ഡേറ്റിനു സ്റ്റോക്ക് ക്ലിയറന്‍സ് ആണെന്നൊക്കെ പറയുന്നത് ശുദ്ധമണ്ടത്തരമാവാനാണേ വഴിയുള്ളൂ.

12.12.12.12.12.12 എന്നിങ്ങനെയൊരു സമയം ഇന്നുച്ചയ്‍ക്ക് 12.12ന് ഉണ്ട് എന്നതാണ് മറ്റൊരു സംഗതി. അത് ഭയങ്കര ഭാഗ്യമുഹൂര്‍ത്തമാണെന്നും പറയുന്നുണ്ട്. സാധാരണ ബുധനാഴ്ച വണ്ടി റജിസ്‍ട്രേഷനില്ലാത്ത ആര്‍ടിഒ ഓഫിസ് പോലും ഈ അന്ധവിശ്വാസം പരിപോഷിപ്പിക്കുന്നതിനു വേണ്ടി ആഞ്ഞുശ്രമിക്കുന്നുണ്ട്. ‍ഇത്രയും 12 ഒരുമിച്ചു വരുന്നത് വളരെ അപൂര്‍വമായി സംഭവിക്കുന്നതാണെന്നു പറയുന്നു. ഇതെല്ലാം മായയാണ്. മനുഷ്യരുണ്ടാവുന്നതിനു മുമ്പേ കാലമുണ്ട്. ആ കാലത്തെയാണ് പിന്നെ വന്ന മനുഷ്യന്‍ സമയത്തിന്‍റെ ആളവുകോലുകള്‍ വച്ച് അളന്നെടുക്കാന്‍ ശ്രമിക്കുന്നത്. ഒരുനാള്‍ ഈ അളവുകോലുകളെല്ലാം തെറ്റായിരുന്നു എന്നൊരുത്തന്‍ കണ്ടുപിടിക്കും, അതോടെ എല്ലാം തീരും.

അങ്ങനെ നോക്കുമ്പോള്‍, ഇന്ന് 12.12.12.12.12.12 എന്ന സംഗതി ഉണ്ട് എന്നതൊക്കെ വളരെ വിര്‍ച്വലാണ്. കാലത്തെയും സമയത്തെയുംകാള്‍ വിര്‍ച്വലായ കാര്യങ്ങള്‍ നമ്മള്‍ വേറെ ഉണ്ടാക്കിയിട്ടുള്ളതുകൊണ്ട് കാലമെന്നൊക്കെ പറയുന്നത് റിയലാണ് എന്നര്‍ത്ഥമില്ല. അതുകൊണ്ട് ഇന്ന് മറ്റെല്ലാം ദിവസങ്ങളും പോലെ ഒരു സാധാരണ ദിവസമാണ്. ഇന്നു ലോകം അവസാനിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നില്ല. ഇന്നു ഭയങ്കര ഭാഗ്യമുള്ള ദിവസമാണെന്നു കരുതി പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും വിവാഹം കഴിക്കുന്നവര്‍ക്കും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുമൊന്നും അഞ്ചു പൈസയുടെ പ്രയോജനം ഉണ്ടാകാന്‍ പോകുന്നില്ല. പിന്നെ, ഇതൊക്കെ ഒരു മാര്‍ക്കറ്റിങ് വിദ്യയായേ കാണേണ്ടതുള്ളൂ എന്നാണെങ്കില്‍ അത്ര തന്നെ.

ഞങ്ങള്‍ എക്കണോമിക്‌സ് പഠിച്ചിട്ടില്ല

നിരുപദ്രവകാരിയും നിര്‍ഗുണനുമെന്നു കരുതിയിരുന്ന സുഹൃത്ത്, നമ്മള്‍ ഏറ്റവും പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന സമയത്ത് നെഞ്ചില്‍ കത്തി കുത്തിയിറക്കുന്നതുപോലെയാണ് ഡോ.മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍. തികഞ്ഞ സംതൃപ്തിയോടെ, അതിലേറെ ആത്മവിശ്വാസത്തോടെ ആ കത്തി വീണ്ടും ഊരിയൂരി കുത്തിക്കൊണ്ട് ഒന്നിനു പിറകെ ഒന്നായി പരിഷ്‌കാരങ്ങള്‍ തുടരുകയാണ്. അതും പോരാഞ്ഞ്, ഇങ്ങനെ കുത്തേണ്ട കാര്യമുണ്ടായിരുന്നോ എന്നു ചോദിക്കുന്നവരോടും ഭാവിയില്‍ ചോദിക്കാന്‍ സാധ്യതയുള്ളവരോടുമായി ഉത്തരം മുട്ടിക്കുന്ന പഴയ അതേ ചോദ്യം ആവര്‍ത്തിക്കുന്നു- നിങ്ങള്‍ എക്കണോമിക്‌സ് പഠിച്ചിട്ടുണ്ടോ ?

ഡോ.മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തികപരിഷ്‌കാരങ്ങള്‍ ചിലപ്പോള്‍ വലിയൊരു ശരിയായിരിക്കാം. അങ്ങനെയെങ്കില്‍ ചരിത്രം അദ്ദേഹത്തെ മഹാന്‍ എന്നു വിശേഷിപ്പിച്ചുകൊള്ളും. ആ മഹാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിഷ്‌കാരങ്ങളെ തള്ളിപ്പറയുകയും ചോദ്യം ചെയ്യുകയും ചെയ്ത വിവരമില്ലാത്ത ജനത എന്ന നിലയ്ക്ക് നമ്മളോട് കാലം ക്ഷമിച്ചേക്കും. മറിച്ച്, അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ രൂപയുടെ മൂല്യവും ഓഹരിവിപണിയുടെ കരുത്തും മെച്ചപ്പെടുത്തുന്നതും ദരിദ്രരായ രാജ്യത്തെ ജനങ്ങളെ വീണ്ടും പട്ടിണിയിലേക്കു നയിക്കുന്നതുമാണെങ്കില്‍ ചരിത്രം ആ എക്കണോമിക്‌സിനു മാപ്പു നല്‍കാന്‍ വഴിയില്ല. ഒരേ സമയം, ഇന്ത്യയെ ലോകമഹാശക്തികളിലൊന്നായി മാറ്റുമെന്ന് അവകാശപ്പെടുകയും, ലോകത്തെ ഏറ്റവും വലിയ അഴിമതികളില്‍ പങ്കുചേരുകയും ചെയ്യുന്ന ഭരണപ്രക്രിയയില്‍ വല്ലപ്പോഴുമെങ്കിലും ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് രാജ്യത്തെ കോടതികളാണ്. ആ കോടതികളോടാണ് എക്കണോമിക്‌സ് പഠിക്കണമെന്നു പ്രധാനമന്ത്രി പറയുന്നത്.

കോമണ്‍വെല്‍ത്ത്, ടുജി, കല്‍ക്കരി അഴിമതികളൊന്നും എക്കണോമിക്‌സിന്റെ കണ്ണടയിലൂടെ നിരീക്ഷിച്ചാല്‍ അഴിമതികളായി തോന്നില്ല എന്നതാണ് അദ്ദേഹം പറയുന്നതില്‍ നിന്നും എനിക്കു മനസ്സിലായത്. ഏഷ്യയിലെ സാമ്പത്തിക വളര്‍ച്ചയും കോര്‍പറേറ്റ് അന്തരീക്ഷത്തിലെ മാറ്റങ്ങളും സംബന്ധിച്ച സമ്മേളനത്തില്‍ ജുഡീഷ്യറിയുടെ ഉത്തരവാദിത്തപൂര്‍ണമായ സമീപനത്തിന്റെ ആവശ്യകതയിലേക്കു പ്രധാനമന്ത്രി വിരല്‍ ചൂണ്ടിയത് പുതിയ നയമാറ്റത്തിന്റെ ആഴവും വ്യാപ്തിയും എത്രത്തോളം വലുതാണെന്നതിന്റെ സൂചന കൂടിയാണ്. ”ഇക്കാലത്ത് പരമ്പരാഗതമായ പൊതു നിയമ ജ്ഞാനത്തെ ആധുനികമായ വെല്ലുവിളികളിലും സാമ്പത്തിക ശാസ്ത്രത്തിലും മറ്റുമുള്ള അറിവുകൊണ്ട് ബലപ്പെടുത്തണം. 21-ാം നൂറ്റാണ്ടിലെ ജഡ്ജിമാര്‍ സാമൂഹിക ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ ചിന്തകരും തത്വജ്ഞാനികളുമായിരിക്കണം” എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന, അങ്കം തുടങ്ങിയിട്ടേയുള്ളൂ എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. സാധാരണക്കാരായ മനുഷ്യരുടെ പ്രായോഗികജീവിതത്തിനു പുല്ലുവിലയാണ് കൊടുക്കേണ്ടത് എന്നു വ്യംഗമായി പറയുകയാണെന്നു തോന്നും. ഈ നൂറ്റാണ്ടിലെ ജഡ്ജിമാര്‍ സാമൂഹിക ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ ചിന്തകരും തത്വജ്ഞാനികളുമായിരിക്കണം എന്നു പറയുമ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ തികഞ്ഞ അഴിമതിക്കാരോ കറതീര്‍ന്ന എക്കണോമിസ്റ്റുകളോ മാത്രം ആയാല്‍ മതിയോ എന്ന ചോദ്യം ഒരു ജഡ്ജിയും തിരിച്ചു ചോദിച്ചിട്ടില്ല.

‘ശക്തരായ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സത്യഗ്രഹമെന്ന ആശയം നല്‍കിയ മഹാത്മാ ഗാന്ധിയുടെ മാര്‍ഗദര്‍ശനം ഇന്ത്യക്ക് അനുഗ്രഹമായി. വികസന ശ്രമങ്ങളിലും ലോക ബന്ധങ്ങളിലും ധാര്‍മികതയ്ക്കാണു നാം ഊന്നല്‍ നല്‍കിയത് ‘ എന്നും അദ്ദേഹം പറയുന്നു. ഗാന്ധിയുടെ മാര്‍ഗദര്‍ശനം ഉള്‍ക്കൊണ്ട് സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അനുസ്മരിപ്പിച്ചുകൊണ്ട് കൂടംകുളത്ത് സത്യഗ്രഹം നടത്തുന്ന ജനതയെ ചവുട്ടിയരയ്ക്കുന്ന ഭരണാധികാരിയാണ് സത്യഗ്രഹത്തെപ്പറ്റിയും ഗാന്ധിയുടെ മാര്‍ഗദര്‍ശനത്തെപ്പറ്റിയും ഊറ്റം കൊള്ളുന്നത് എന്നത് രസകരമാണ്. രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ കുത്തകകളുടെ കൈകളിലേക്കു മറിച്ചുകൊടുക്കുന്ന വികസനത്തില്‍ എന്തു ധാര്‍മികതയാണ് അവശേഷിക്കുന്നത് എന്ന ചോദ്യവും ഊന്നല്‍ ഒട്ടും കുറയാതെ ബാക്കി നില്‍ക്കുന്നുണ്ട്.

‘ഫാക്ടറികളെയും അണക്കെട്ടുകളെയും മതേതര ഇന്ത്യയുടെ പുതിയ ക്ഷേത്രങ്ങളെന്നാണ് ആധുനിക ഇന്ത്യയുടെ ശില്പി ജവാഹര്‍ ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്. ഗ്രാമീണ, കാര്‍ഷിക സമ്പദ്‌വ്യവസ്ഥ വേഗം വികസിക്കുന്നതും ഉല്‍പാദനത്തില്‍ ഊന്നിയതുമായ ആധുനിക സമ്പദ്‌വ്യവസ്ഥയാക്കി മാറ്റണമെന്ന് അദ്ദേഹത്തിനു വ്യക്തമായ ബോധ്യമുണ്ടായിരുന്നു’- പ്രധാനമന്ത്രി പറയുന്നു. മരണം തിങ്ങിനിറഞ്ഞു നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടും കൂടംകുളം ആണവനിലയവുമൊക്കെ ക്ഷേത്രങ്ങളായി കാണാന്‍ മതേതരവാദികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് കഴിയണം എന്നൊരര്‍ഥം കൂടി വേണമെങ്കില്‍ ഇതിനു കല്‍പിക്കാം. ഇതിനൊക്കെയെതിരേ സമരം ചെയ്യുന്നവര്‍ വര്‍ഗീയവാദികളാണെന്നന പാഠഭേദം ഇതോടു ചേര്‍ത്തു വായിക്കാം.

‘ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ പാര്‍ലമെന്റ് ശ്രമിക്കുന്നു’ എന്നൊരു വാചകവും ഇതോടൊപ്പം അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാ ദിവസവും നടന്ന അലമ്പിനെ രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങളുടെ സാക്ഷാത്മാകാരം എന്നു വിശേഷിപ്പിക്കാമോ ? പാര്‍ലമെന്റ് പിരിഞ്ഞതിനു ശേഷം മാത്രം ഞെട്ടിക്കുന്ന സാമ്പത്തികപരിഷ്‌കാരങ്ങള്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുമ്പോള്‍ പാര്‍ലമെന്റിന് ഭരണാധികാരികള്‍ എന്തു മൂല്യമാണ് നല്‍കിയിരിക്കുന്നത് എന്ന സംശയവും എക്കണോമിക്‌സോ പൊളിറ്റിക്‌സോ പഠിച്ചിട്ടില്ലാത്ത സാധാരണക്കാര്‍ക്കു തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

2020 ആവുമ്പോഴേക്കും ഇന്ത്യ ലോകത്തെ സാമ്പത്തികശക്തികളിലൊന്നായി മാറും എന്നതില്‍ സംശയമില്ല. കരുത്തുള്ള ഓഹരിസൂചികയും കോടികള്‍ കൊയ്യുന്ന കുത്തകകളും വിദേശനിക്ഷേപങ്ങളും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ തിളക്കം എടുത്തുകാട്ടിയേക്കാം. എന്നാല്‍, കൃഷിയിറക്കേണ്ടെന്നു പറയുകയും, കാര്‍ഷികവിപ്ലവത്തിനു കാതോര്‍ക്കുകയും, വിലക്കയറ്റം കയറൂരിവിടുകയും ദാരിദ്ര്യം ഇല്ലാതാവുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ആസൂത്രകര്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ഇന്ത്യയെ കണ്ടെത്താന്‍ കഴിയുമോ എന്നത് സംശയമായിരിക്കും. അന്ന്, അധികാരവും നിയമസംവിധാനവും ആയുധങ്ങളാക്കിയ കോര്‍പറേറ്റുകളുടെ ഇന്ത്യയെക്കുറിച്ചോര്‍ത്ത് ദേശസാല്‍ക്കരിക്കപ്പെട്ട ചൂഷണത്തിന്റെ ഇരകളായ സാധാരണജനതയ്ക്ക് അഭിമാനിക്കാന്‍ അത്രയേറെയൊന്നും ഉണ്ടായെന്നു വരിക്കില്ല. ജയ് ഹിന്ദ്.

വികസന തവളപത്രം

കേരളത്തില്‍ ഉടന്‍ വരാന്‍ പോകുന്ന 10 ലക്ഷം കോടി രൂപയുടെ വിസനപദ്ധതികള്‍.

1. ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍ നിര്‍മാണശാല (10000 കോടി രൂപ)

2. ലോഗോ മാനുഫാക്ചറിങ് യൂണിറ്റ് (വിദേശികളുടെ ലോഗോ അടിച്ചുമാറ്റി കളറ് മാറ്റി പുതിയതുണ്ടാക്കുന്ന പദ്ധതി-20000 കോടി രൂപ)

3. ഹോളിവുഡ് സ്റ്റുഡിയോ സമുച്ചയം (വിദേശസിനിമകളില്‍ നിന്നു മലയാള സിനിമ ഉണ്ടാക്കുന്ന സ്ഥലം- 10000 കോടി രൂപ)

4. മൈക്രോസോഫ്റ്റ് വിന്‍ഡോസ് അസംബ്ലിങ് യൂണിറ്റ് (സര്‍ക്കാരാവശ്യങ്ങള്‍ക്ക് വിന്‍ഡോസ് പൈറേറ്റഡ് പതിപ്പുകളുണ്ടാക്കും- 20000 കോടി രൂപ)

5. ഫേസ്‍ബുക്ക് ലൈക്ക് ഫാക്ടറി കൊച്ചിയില്‍ (10000 കോടി രൂപ)

6. കേരളത്തിലെ വിവിധ ഷോപ്പിങ് മാളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോപ് വേ (20000 കോടി രൂപ)

7. പുതുപ്പള്ളിയിലും പൂഞ്ഞാറ്റിലും പൂ(അല്ലെങ്കില്‍ വേണ്ട) വിമാനത്താവളം (40000 കോടി രൂപ)

8. അണവോര്‍ജ്ജത്തില്‍ നിന്നു ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന പദ്ധതിക്കു ആണവ പൈപ്പ്ലൈന്‍ (20000 കോടി രൂപ)

9. ടാറ്റ ട്രാവല്‍ (യാത്ര ചോദിക്കുമ്പോള്‍ ടാറ്റ കൊടുക്കുന്ന പദ്ധതി- 10000 കോടി രൂപ)

10.ടയോട്ട ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഹബ് (ടയോട്ട കാറുകള്‍ക്ക് എണ്ണയടിക്കാനുള്ള പമ്പ്-10000 കോടി രൂപ)

11.ആപ്പിള്‍ അസംബ്ളിങ് യൂണിറ്റ് (ആപ്പിളുകള്‍ പെട്ടിയില്‍ അടുക്കുന്ന കട-2000 കോടി രൂപ)

12.ആന്‍ഡ്രോയ്‍ഡ് എന്‍ജിന്‍ നിര്‍മാണ യൂണിറ്റ് പട്ടാമ്പിയില്‍(15000 കോടി (30000 കോടി രൂപ)

13.വാഗമണ്ണില്‍ സ്വിസ് ടൂറിസം- സ്വിറ്റ്സര്‍ലാന്‍ഡുകാര്‍ക്ക് വാഗമണ്ണു കാണാനുള്ള പദ്ധതി (30000 കോടി രൂപ)

14.വയലുകളില്‍ കല്‍ക്കരി വിതച്ച് കല്‍ക്കരിപ്പാടങ്ങളാക്കുന്ന പദ്ധതി- (200000 കോടി രൂപ)

15.ഫ്യുവല്‍ കാല്‍കുലേറ്റര്‍ ഹബ് (ഇന്ധനവില കൂട്ടുന്നതിനുള്ള പ്രത്യേക കാല്‍കുലേറ്റര്-1000 കോടി രൂപ)

കമ്പനികളെ ആകര്‍ഷിച്ചത്:– നല്ലൊരു റോഡോ, ആവശ്യത്തിനു വൈദ്യുതിയോ,തൊഴിലാളികളോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കാമെന്ന സൗകര്യം. മാസത്തില്‍ മൂന്നു ഹര്‍ത്താല്‍, നോക്കൂകൂലി,വിവാദ സാധ്യത,ലോകത്തൊരിടത്തുമില്ലാത്ത അദ്ഭുത സോഫ്റ്റ്‍വെയറുകളുടെ സാന്നിധ്യം.

പ്രൈവസി പോളിസി:- ഇതിലേതെങ്കിലും പദ്ധതികളെക്കുറിച്ച് ഇതില്‍ പറയുന്ന ഏതെങ്കിലും കമ്പനികളോടോ കമ്പനി പ്രതിനിധികളോടോ ചോദിക്കുകയോ പറയുകയോ അന്വേഷിക്കുകയോ ചെയ്യാന്‍ പാടില്ല. വിശ്വാസം അതല്ലേ എല്ലാം.