ഐ ലവ് യു അറ്റോര്‍ണി ജനറല്‍

ചില പദവികള്‍ അങ്ങനെയാണ്. ചിലര്‍ ആ സ്ഥാനങ്ങളില്‍ വരുന്നതു വരെ ആ പദവികള്‍ കുപ്പത്തൊട്ടിയിലെ മാണിക്യം പോലെ ആരാലും അറിയപ്പെടാതെ കിടക്കും. എന്നാല്‍ അവര്‍ വരുന്നതോടെ ഈശ്വരാ ഇങ്ങനൊരു പദവി ഉണ്ടായിരുന്നോ എന്നു പോലും നമ്മള്‍ വിസ്മയിക്കും. കേരള സംസ്ഥാന ചീഫ് വിപ്പ് ആണ് ഇത്തരത്തിലൊരു പദവി. ആ സാധനത്തെപ്പറ്റി അധികം പറയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വേറെ നല്ല ഉദാഹരണങ്ങള്‍ക്കായി അതിര്‍ത്തി വിട്ടു പോകുന്നു.

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയായി ഹിന റബ്ബാനി വന്നതോടെ യുദ്ധഭൂമിയെന്നു കരുകതിയിരുന്ന അതിര്‍ത്തിമേഖലയില്‍ റോസപ്പൂക്കള്‍ വിരിഞ്ഞതുപോലെ ഒരു ഫീലായിരുന്നു. എത്ര ഭീകരര്‍ നുഴഞ്ഞുകയറിയാലും ആ കൊച്ച് അപ്പുറത്തിരിക്കുമ്പോള്‍ എങ്ങനെ ഇന്ത്യ ഫയര്‍ എന്നലറും എന്നതൊരു പ്രശ്‌നമായിരുന്നു. കാലം കുറച്ചായപ്പോള്‍ അതിര്‍ത്തിയിലെ റോസാപ്പൂക്കള്‍ കരിഞ്ഞു. മുല്ലപ്പൂവിപ്ലവം വന്നതോടെ റോസാപ്പൂവിപ്ലങ്ങളുടെ പ്രസ്‌ക്തി നഷ്ടപ്പെട്ടുപോയെന്നും പറയാം. ഈജിപ്തിലും ക്രൊയേഷ്യയിലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ചുണക്കുട്ടികള്‍ പലതും നടത്തി. ഒടുവില്‍ ഉക്രെയിനിലും വിപ്ലവം വന്നു.

അയലത്തെ കോടീശ്വരന്റെ മകളായ സുന്ദരിയെ വളച്ചു വളച്ച് ഒടുവില്‍ അവളെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോകുന്ന ബുദ്ധിമാനായ ഓട്ടോ ഡ്രൈവറെപ്പോലെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ക്രൈമിയയില്‍ ചില കൈക്രിയകള്‍ കാണിക്കുകയും ഒടുവില്‍ ക്രൈമിയ റഷ്യയില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയും ലയനം നടപ്പാവുകയും ചെയ്തു. ഈ കല്യാണം പള്ളീല്‍ വച്ചു നടത്തില്ല എന്നു പറയുന്ന വികാരിയച്ചനെപ്പോലെ അമേരിക്കയും ഒബാമയും ഏറാന്‍മൂളികളും ഇടഞ്ഞുനില്‍ക്കുകയാണ്. ക്രൈമിയയിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തി ബോറടിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ലാത്തതിനാല്‍ നേരിട്ടു കാര്യത്തിലേക്കു വരാം.

ക്രൈമിയയെ സ്വന്തമാക്കിയ പുടിന്‍ ക്രൈമിയക്കാര്‍ക്ക് ആദ്യം നല്‍കിയ സമ്മാനങ്ങളിലൊന്ന് പുതിയ അറ്റോര്‍ണി ജനറല്‍ ആണ്. ക്രൈമിയയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സുപ്രധാനമായ പല നിലപാടുകളിലും നിര്‍ണായകമായ ചുവടുവയ്പുകള്‍ നടത്തേണ്ട അവിടെ സമാധാനം സ്ഥാപിക്കാന്‍ പോലും പര്യാപ്തമായ ഈ പദവിയാണ് ഞാന്‍ ആദ്യം പറഞ്ഞ ആ പദവി. അറ്റോര്‍ണി ജനറല്‍ എന്നൊക്കെ പറയുന്ന ബോറന്‍ പദവിയെ തേന്‍പുരട്ടി അലങ്കരിച്ച് വിപ്ലവഭടന്‍മാരുടെ നെഞ്ചിടിപ്പ് അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് ക്രൈമിയയുടെ അറ്റോര്‍ണി ജനറല്‍ നതാലിയ പൊക്ലോന്‍സ്‌കായ. ആ പേരിവിടെ എഴുതിയപ്പോള്‍ തന്നെ എനിക്കും എന്തോ പോലെ.

ലോകത്ത് ആദ്യമായായിരിക്കും ഒരു കൊച്ചുദേശത്തെ അറ്റോര്‍ണി ജനറലിനെപ്പറ്റി ലോകമാധ്യമങ്ങള്‍ ഒന്നടങ്കവും സോഷ്യല്‍ മീഡിയയും തുക്കടാ മലയാളം ബ്ലോഗുകള്‍ പോലും ശ്വാസമടക്കിപ്പിടിച്ച് എഴുതുന്നത്. നതുവിന്റെ ആദ്യ പത്രസമ്മേളനം യു ട്യൂബില്‍ ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് വൈറലായതും അതിനു സബ്‌ടൈറ്റിലുകളുമായി വിവിധ വേര്‍ഷനുകള്‍ വന്നതും അതില്‍ പറയുന്ന രാഷ്ട്രീയമോ നതൂട്ടി സംസാരിക്കുന്ന ഭാഷയോ ഒന്നും ആര്‍ക്കും മനസ്സിലായിട്ടല്ല. ലോകത്തെ സ്വാധീനിച്ചിട്ടുള്ള അനേകം സ്ത്രീകള്‍ക്കുള്ളതു പോലെ തന്നെ നതൂട്ടിയും ചലനം സൃഷ്ടിക്കുന്നത് തന്റെ സൗന്ദര്യവും ആകര്‍ഷണീയതയും കൊണ്ടു തന്നെയാണ്. ആദ്യപ്രണയലേഖനം പോലെ നതുമോള്‍ടെ ആ പത്രസമ്മേളനം വിറയാര്‍ന്ന വിരലുകളോടെ ഇവിടെ ഷെയര്‍ ചെയ്യുന്നു.

വിഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയുമൊക്കെ ചെയ്യുന്ന വായില്‍നോക്കികള്‍ നതൂട്ടിയുടെ സൗന്ദര്യം മാത്രമേ കാണുന്നുള്ളൂ എന്നത് സങ്കടകരമാണ്. വളരെ ഉന്നതമായ, തന്ത്രപ്രധാനമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രീയമായി ഗൗരവമുള്ള നിലപാടുകളെടുക്കുന്ന നതു സ്ത്രീശാക്തീകരണത്തിന്റെ സുന്ദരപ്രതീകങ്ങളിലൊന്നാണ്. അവര്‍ ചെയ്യുന്ന ജോലിയും അവരുടെ അതീവ ആകര്‍ഷകരൂപവും വച്ചു നോക്കുമ്പോള്‍ സൗന്ദര്യം ഒരു ശാപമായി അവരുടെ ജോലിയുടെ ഗൗരവം കുറയ്ക്കാനാണ് സാധ്യത എന്നു പറയാം. ഉക്രെയ്ന്‍ സര്‍ക്കാര്‍ നതുമോള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട് എന്നു മാത്രമല്ല ഒരു റഷ്യന്‍ ചാരസുന്ദരി എന്ന ലൈനിലാണ് അവരെ നിരീക്ഷിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നതുമോളെ ഒരു അനിമേഷന്‍ കഥാപാത്രമാക്കി മാറ്റി ആ വഴിക്കും പ്രചാരണം നടക്കുന്നുണ്ട്.

ക്രൈമിയയിലെ ജനാധിപത്യപ്രക്രിയയില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചുള്ള എന്റെ ഈ ബ്ലോഗ്‌പോസ്റ്റിനെ സാധൂകരിക്കുന്ന ഏതാനും ചിത്രങ്ങള്‍ കൂടി (എല്ലാം 33കാരിയായ അറ്റോര്‍ണി ജനറലിന്റേതു തന്നെ) ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇതെല്ലാം കണ്ടിട്ട് ഉമ്മന്‍ ചാണ്ടി സരിത നായരെ ചീഫ് വിപ്പ് എങ്കിലും ആക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു. പത്രസമ്മേളനങ്ങളില്‍ പൂക്കള്‍ വിരിയട്ടെ!

Nathootty

വെറുതെ അല്ല മാപ്പ്

കാലു തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചതുപോലെ സങ്കീര്‍ണ്ണവും സമ്മിശ്രപ്രതികരണജനകവുമായിരുന്നു പീതാംബരക്കുറുപ്പ് എംപിയോട് ക്ഷമിച്ച് പരാതി പിന്‍വലിച്ച ശ്വേത മേനോന്റെ നടപടി. എന്നാല്‍, ആ മനസ്സിന്റെ വിശാലതയുടെ വാതില്‍ കൊട്ടിയടച്ചുകൊണ്ടാണ് കുറുപ്പുസാര്‍ താന്‍ ഇന്നലെ ചോദിച്ച മാപ്പിന്റെ നിര്‍വചനം ഇന്നു നല്‍കിയിരിക്കുന്നത്. മാപ്പു ചോദിച്ചത് തെറ്റു ചെയ്തതുകൊണ്ടല്ലെന്നും പരിപാടിയുടെ സംഘാടകന്‍ എന്ന നിലയ്ക്കു മാത്രമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ശ്വേതയെ പിടിച്ചതിനാണ് അദ്ദേഹം മാപ്പുചോദിച്ചതെന്നു തെറ്റിദ്ധരിച്ച എല്ലാവര്‍ക്കും ഈ വിശദീകരണം പ്രധാനപ്പെട്ടതാണ്. ശ്വേതയെ ആരൊക്കെയോ പിടിച്ചിട്ടുണ്ട്, അത് അദ്ദേഹമല്ല. അജ്ഞാതരായ ആ പിടുത്തക്കാര്‍ക്കെതിരെ ശ്വേതയ്ക്കു പരാതിയുമില്ല. പരാതി പിന്‍വലിക്കാന്‍ ഉപദേശം നല്‍കിയ ഗുരുജി ഗുല്‍സാഹേബ് ശ്വേത മേനോന് ശാന്തി പകരട്ടെ എന്നാശംസിക്കുന്നു.

ശ്വേത മേനോന്‍ പരാതി പിന്‍വലിച്ചത് വലിയ അക്രമായാണ് പലരും കാണുന്നത്. ശ്വേത പരാതി പിന്‍വലിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ നാലോ അഞ്ചോ ദിവസം കൊണ്ട് ശ്വേതയെ സഖാവ് ശ്വേത എന്നു വിളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും. അതു പൊളിഞ്ഞു. ഈ സംഭവത്തിലൂടെ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ച എല്ലാവരെയും നിരാശപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തതാണ് പരാതി പിന്‍വലിച്ച ശ്വേതയുടെ നടപടി. ശ്വേതയുടെ പരാതി പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നു എന്ന് ആദ്യം ആരോപിച്ചവര്‍ ഇപ്പോള്‍ പറയുന്നു പരാതി പിന്‍വലിച്ചതിലൂടെ ശ്വേതയ്‌ക്കൊപ്പം നിന്ന എല്ലാവരെയും വഞ്ചിച്ചു എന്ന്. ഇതിലെ രാഷ്ട്രീയസാധ്യതകളില്‍ കണ്ണുണ്ടായിരുന്നവര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു തോന്നുന്നതില്‍ കുറ്റം പറയാനൊക്കില്ല.

വെറും ഒരു ദിവസം പഴക്കമുള്ള സംഭവത്തില്‍ ശ്വേതയുടെ പരാതി തികച്ചും വ്യക്തിപരമാണ്. ആ പരാതിക്കു പരിഹാരമുണ്ടാകാതെ തന്നെ ശ്വേത അതു പിന്‍വലിച്ചു. ആരൊക്കെയോ ശ്വേതയുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നതില്‍ വ്യക്തിപരമായി ഒരു സ്ത്രീക്ക് തോന്നുന്ന അപമാനം അല്ലാതെ മറ്റൊരു ഘടകങ്ങളുമില്ല. എന്നാല്‍ മറുവശത്ത് ശക്തമായ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി ഉണ്ടായിരുന്നു എന്നതുകൊണ്ട് പരാതിയോടുള്ള സമീപനത്തിലും സ്ത്രീയുടെ അഭിമാനത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടില്‍പ്പോലും രാഷ്ട്രീയം കലര്‍ന്നു. ശ്വേത അപമാനിക്കപ്പെട്ടോ ഇല്ലയോ എന്നത് അപ്രസക്തമാവുകയും സിപിഎം ഇതുകൊണ്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുമോ, പീതാംബരക്കുറുപ്പിനു കൊല്ലം സീറ്റ് നഷ്ടപ്പെടുമോ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഗൂഢാലോചന നടത്തിയോ തുടങ്ങിയ വിഷയങ്ങള്‍ അതിപ്രസക്തമാവുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം വയസ്സുമുതലുള്ള ശ്വേതയുടെ ജീവചരിത്രം പരിശോധിക്കുകയും വളരെ ഉത്തരവാദിത്വത്തോടെ തന്നെ അവര്‍ ഒരു വേശ്യയാണെന്നു സ്ഥാപിക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് കണ്ടതാണ്. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്വേതയുടെ കോലം കത്തിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ശ്വേത പരാതിയില്‍ ഉറച്ചു നിന്നാല്‍ കൂടുതല്‍ അപമാനം സഹിക്കേണ്ടി വരും എന്ന സൂചന തന്നെയാണ് അതിലൊക്കെ ഉള്ളത്.

തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പാണോ എന്നുറപ്പില്ലാത്തതിനാലോ പീതാംബരക്കുറുപ്പ് മാപ്പു പറഞ്ഞത് തന്നെ അപമാനിച്ചതിനുള്ള മാപ്പാണെന്നു തെറ്റിദ്ധരിച്ചോ പണ്ടാരം അവസാനിക്കട്ടെ എന്നു വിചാരിച്ചോ ആവാം ശ്വേത പരാതി പിന്‍വലിച്ചത്. പിന്നെ ഗുരുജി ഗുല്‍സാഹേബിന്റെ സ്പിരിച്വല്‍ ഗൈഡന്‍സും ഉണ്ടല്ലോ. എന്തായാലും ശ്വേത പരാതി പിന്‍വലിച്ചതിനു നന്ദി പറഞ്ഞ പീതാംബരക്കുറുപ്പ് മാപ്പു ചോദിച്ചത് വള്ളംകളിയുടെ സംഘാടകന്‍ എന്ന നിലയ്ക്കാണ് എന്നതു വ്യക്തമാക്കിയ നിലയ്ക്ക് അവിടെ ശ്വേതയെ പിടിച്ച യഥാര്‍ഥ പിടുത്തക്കാര്‍ക്ക് സമാധാനിക്കാം. ആള്‍ക്കൂട്ടത്തില്‍ പെണ്ണുങ്ങളെ പിടിക്കുന്ന പൗരുഷത്തിന് ഊറ്റം കുറയില്ല. ഭയങ്കര ബോള്‍ഡായ ശ്വേതയ്ക്കു പോലും പരാതിയില്‍ ഉറച്ചു നില്‍ക്കാനായില്ല എന്നിരിക്കെ അത്രയ്‌ക്കൊന്നും ബോള്‍ഡല്ലാത്ത സാധാരണസ്ത്രീകള്‍ പരാതിപ്പെടാനേ പോകാതിരിക്കുന്നതാണ് നല്ലത് എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. അത്തരത്തില്‍ ഒരു പരാതി ഉന്നയിച്ചാല്‍ പരാതിയില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാന്‍ പ്രബുദ്ധസമൂഹം കന്യാചര്‍മം വരെ പരിശോധിക്കുമെന്നതും മനസ്സില്‍ വയ്ക്കണം. പിന്നെ, എല്ലാവരെയും പ്രസിന്ധിഘട്ടങ്ങളില്‍ സഹായിക്കാന്‍ ഗുരുജി ഗുല്‍സാഹേബ് കാണത്തില്ലല്ലോ.

കുറിപ്പ് (കുറുപ്പ് അല്ല): പീതാംബരക്കുറുപ്പിനെ തെറ്റിദ്ധരിച്ചു എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ശ്വേത പരാതി പിന്‍വലിച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അത് നേരാണെങ്കില്‍ പരമസാത്വികനായ ഒരു പൊതുപ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും അതിന് അവസരമുണ്ടാക്കുകയും ചെയ്ത ശ്വേത കുറുപ്പ് സാറിനോടും കോണ്‍ഗ്രസുകാരോടും കേരളസമൂഹത്തോടും മാപ്പു പറയണം എന്നാവശ്യപ്പെടാവുന്നതാണ്. ശ്വേതയ്‌ക്കെതിരേ ഒരു അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്യാം.

സദാചാര പൊലീസിന്റെ രാഷ്ട്രീയം

അവധിക്കു വന്ന പട്ടാളക്കാരനെ വെടിവച്ചു വീഴ്ത്തിയിട്ട് യുദ്ധമുഖത്ത ടാങ്കുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഇയാളെന്തിന് ഒരു വെടി കൊണ്ടു വീണൂ എന്നു ചോദിക്കുന്നതു പോലെയാണ് ശ്വേത മേനോന്റെ പരാതിയോടുള്ള മുഖ്യധാരയുടെ പ്രതികരികരണങ്ങള്‍. നമ്മുടെ കപടസദാചാരത്തിന്റെയും തന്ത്രപരമായ വിശാലമനസ്സിന്റെയും ശ്രേഷ്ഠമായ ഉദാഹരണങ്ങളാണ് ഇന്നലെയും ഇന്നുമായി ശ്വേത-പീതാംബരക്കുറുപ്പ് വിവാദത്തോടുള്ള പ്രമുഖരും പ്രഗല്‍ഭരും പുരോഗമന-സ്ത്രീപക്ഷവാദികളും എന്നവകാശപ്പെടുന്നവര്‍ പോലും മുന്നോട്ടു വയ്ക്കുന്ന വാദങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ശ്വേതയുടെ നിലപാടിനെതിരായി വന്നിരിക്കുന്ന പ്രധാന വാദങ്ങള്‍ നിഷ്പക്ഷമായി, മുന്‍ധാരണകളും രാഷ്ട്രീയനിലപാടുകളുമില്ലാതെ ഒന്നു പരിശോധിക്കാം.

1. സ്വന്തം പ്രസവം വരെ ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ച ശ്വേതയെ ഇരയായി കാണാനാവില്ല. ശ്വേതയ്ക്ക് പരാതി നല്‍കാന്‍ ആരുടെയും സഹായം ആവശ്യമില്ല. മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്വേതയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കേണ്ടതില്ല (കെ.മുരളീധരന്‍).

ശ്വേത മേനോന്‍ പ്രസവം ചിത്രീകരിച്ചതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ ഈ സംഭവത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ഒരു തരത്തിലുള്ള മോറല്‍ പൊലീസിങ് ആണ്. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ചതും ഇതും തമ്മില്‍ ലിങ്ക് ചെയ്യുന്നത് വിഡ്ഡിത്തമാണ്. പ്രസവം ചിത്രീകരിച്ചതോടെ ശ്വേതയ്ക്ക് അമാനുഷമായ കഴിവുകളൊന്നും ലഭിച്ചതായി അവര്‍ പറഞ്ഞിട്ടില്ല. പ്രസവം ചിത്രീകരിക്കാന്‍ ധൈര്യം ലഭിച്ചാല്‍ പിന്നെ മറ്റെന്തും ചെയ്യാനുള്ള ധൈര്യം ഓട്ടോമാറ്റിക്കായി വന്നുകൊള്ളുമെന്നും കരുതാന്‍ ന്യായമില്ല. പ്രസവം ചിത്രീകരിച്ച ശ്വേത എന്നു ഇപ്പോള്‍ ലേബല്‍ ചെയ്യുന്നത് ആളുകളെ മറ്റൊരു തരത്തില്‍ സ്വാധീനിക്കാം എന്ന ഉദ്ദേശത്തോടെയാണ്. ശ്വേതയ്‌ക്കെതിരേ സ്വമേധയാ കേസെടുക്കേണ്ടതില്ല എന്നു പറയേണ്ടത് കെ.മുരളീധരനല്ല. അത് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ കേരളാ പൊലീസോ പറഞ്ഞുകൊള്ളും. പരാതി നല്‍കാന്‍ ആരുടെയെങ്കിലും സഹായം ആവശ്യമുണ്ടോ ഇല്ലയോ എന്നത് ശ്വേതയും തീരുമാനിച്ചുകൊള്ളും.

2. ഈ സംഭവം വിവാദമായത് സിനിമാനടി ശ്വേത മേനോന്‍ ആയതുകൊണ്ടാണ്. എത്രയോ സാധാരണസ്ത്രീകള്‍ ദിനംപ്രതി കേരളത്തില്‍ പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. അപ്പോഴൊന്നും മാധ്യമങ്ങള്‍ അതിങ്ങനെ ആഘോഷിക്കാറില്ല, ആളുകള്‍ പ്രതികരിക്കാറുമില്ല.

ശ്വേത സെലബ്രിറ്റിയായതുകൊണ്ടു തന്നെയാണ് മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്നത്. സെലബ്രിറ്റികളുടെ വിധി അങ്ങനെയാണ്. ശ്വേതയുടെ പരാതി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ആളുകള്‍ ചര്‍ച്ച ചെയ്യുകയും വിവിധ നിലപാടുകള്‍ ഉരുത്തിരിയുകയും ചെയ്യുമ്പോള്‍ സത്യവും നീതിയും ആത്മാര്‍ത്ഥയുമൊക്കെ ഒരിക്കല്‍ക്കൂടി മാറ്റുരയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ഇനി മുതല്‍ ശ്വേതയെ ഒഴികെ ആരെയും പിടിക്കാം എന്നല്ല, സ്ത്രീകളെ വെറുതെ തൊടുന്നതു പോലും അപമാനകരമായി അവര്‍ക്കു തോന്നാം എന്ന സന്ദേശമാണ് ജനങ്ങളിലേക്കെത്തുന്നത്. മേല്‍പ്പറഞ്ഞതുപോലെ ദിനംപ്രതി പീഡനങ്ങള്‍ക്കും അപമാനത്തിനുമിരയാകുന്ന നൂറുകണകിനു സ്ത്രീകള്‍ക്ക് പരാതിപ്പെടാനും നിലപാടിലുറച്ചുനില്‍ക്കാനുമുള്ള ധൈര്യവും കരുത്തുമാണ് ഈ വിവാദം പകര്‍ന്നു നല്‍കുന്നത്.

3. ശ്വേതയുടെ പക്ഷം പിടിക്കുകയും അവരുടെ പരാതി മുഖവിലയ്‌ക്കെടുക്കുകയും ചെയ്യുന്നവര്‍ ശ്വേതയുടെ പൂര്‍വകാലം പരിശോധിക്കണം. കാമസൂത്രയുടെ പരസ്യം മുതല്‍ സ്വന്തം ഗര്‍ഭസിനിമയില്‍ വരെ അഭിനയിച്ചിട്ടുള്ളവരാണ് അവര്‍. പീതാംബരക്കുറുപ്പോ വിവാഹംപോലും കഴിക്കാത്ത, ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലാത്ത സാത്വികനും. സത്യത്തില്‍ പീതാംബരക്കുറുപ്പാണ് ഇര.

ഇന്നലെ നടന്ന ഒരു സംഭവത്തെപ്പറ്റി പരാതി പറയുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളുടെ പൂര്‍വകാലവും സദാചാര സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുന്നത് യുക്തിരഹിതമാണ്. ഈ കേസില്‍ ഇരയും വേട്ടക്കാരനും ആരൊക്കെയാണെന്ന് കേസ് അന്വേഷിക്കുന്നവര്‍ കണ്ടെത്തിക്കൊള്ളും. ശ്വേത കാമസൂത്രയുടെ പരസ്യത്തിലും രതിനിര്‍വേദത്തിലും ഒക്കെ അഭിനയിച്ചു എന്നതുകൊണ്ടോ അവരുടെ പൂര്‍വകാലത്തില്‍ പലതും സംഭവിച്ചിട്ടുണ്ടാവാം എന്നതുകൊണ്ടോ ശ്വേത ഒരു സ്ത്രീയല്ലാതാവുന്നില്ല. അപമാനിക്കപ്പെട്ടതിന്റെ വേദന ഇല്ലാതാവുന്നില്ല. കാമസൂത്രയുടെ പരസ്യത്തിലഭിനയിച്ചവളെ കയറിപ്പിടിച്ചാല്‍ തെറ്റൊന്നുമില്ല എന്നു വിശ്വസിക്കുന്നവരും വാദിക്കുന്നവരും സ്ത്രീസമൂഹത്തിനു ഭീഷണിയാണ്. ഇല വന്നു മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് സമൂഹമാകുന്ന മരത്തിനാണ്.

4. സിനിമയില്‍ എത്രയോ പുരുഷന്‍മാര്‍ ശ്വേതയെ സ്പര്‍ശിക്കുകയും ആലിംഗനം ചെയ്യുകയുമൊക്കെ ചെയ്യുന്നു. കളിമണ്ണില്‍ യഥാര്‍ഥത്തില്‍ ഗര്‍ഭിണിയായ ശ്വേതയുടെ വയറില്‍ പരപുരുഷനായ ബിജു മേനോന്‍ മുഖം ചേര്‍ത്തുകിടക്കുന്നു വരെയുണ്ട്. ഇത്രയൊക്കെ അഡ്ജസ്റ്റ് ചെയ്യുന്ന ശ്വേതയ്ക്ക് അഥവാ പീതാംബരക്കുറുപ്പിന്റെ കയ്യൊന്നു തട്ടിയെങ്കില്‍ അങ്ങ് ക്ഷമിച്ചുകൂടെ ?

പ്രൊഫഷനലിസം എന്നത് എക്‌സിക്യുട്ടീവ് പ്രൊഫഷനലുകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ധാരണയാണ് തിരുത്തേണ്ടത്. ഒരു നടി അവരുടെ തൊഴിലിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളെ വ്യക്തിപരമായി കണ്ട് വിലയിരുത്തി അഭിപ്രായം പറയുന്നത് വിവരക്കേടാണ്. പീതാംബരക്കുറുപ്പും ശ്വേതയും അഭിനയിക്കുന്ന സിനിമയില്‍ അവര്‍ അച്ഛനും മകളുമായി അഭിനയിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങളെപ്പറ്റിയല്ല ശ്വേതയുടെ പരാതി. ശ്വേത അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ അവിടെ കൂടിയിരുന്നവരില്‍ നിന്നും ഉണ്ടായ സമീപനങ്ങളെക്കുറിച്ചാണ്. ശ്വേതയുടെ സ്ഥാനത്ത് ആരായാലും അങ്ങനെയൊരു പരാതിയുണ്ടായാല്‍ അതിനു പ്രസക്തിയുണ്ട്.

5. ശ്വേത എന്തുകൊണ്ട് ഇതൊരു വിവാദമാക്കി ? ആരുമറിയാതെ ഒരു പരാതി കൊടുത്ത് ന്യായമായും പരിഹരിക്കാമായിരുന്ന പ്രശ്‌നത്തെ ഇത്തരത്തില്‍ വലുതാക്കിയതിലൂടെ ഒരു ജനപ്രതിനിധിയുടെ രാഷ്ട്രീയഭാവിയാണ് ഇല്ലാതായത്. തട്ടലിന്റെയും മുട്ടലിന്റെയും പേരില്‍ തകര്‍ക്കാനുള്ളതാണോ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം ?

ആരോരുമറിയാതെ ജില്ലാ കലക്ടറോടു മാത്രം പരാതി പറഞ്ഞ് മടങ്ങിയ ശ്വേതയെ പ്രകോപിപ്പിച്ചത് കലക്ടര്‍ കൈകഴുകിയതോടെയാണ് എന്നാണ് മനസ്സിലാകുന്നത്. ശാരീരികമായ അപമാനത്തെക്കാള്‍ അവരെ വേദനിപ്പിച്ചത് കലക്ടറുടെ ഈ നിലപാടാണ് എന്ന് ശ്വേതയും പറയുന്നു. ഒരു സ്ത്രീയ്ക്ക് താന്‍ അപമാനിക്കപ്പെട്ടു എന്നു പരസ്യമായി പറയുന്നതിനു മുമ്പ് അതിന്റെ പ്രത്യാഘാതങ്ങള്‍ ആലോചിക്കണമെന്നു പറയുന്നത് സ്ത്രീവിരുദ്ധതയാണ്. ഒരാളുടെ രാഷ്ട്രീയഭാവിയെക്കാള്‍ വിലയുള്ളതാണ് സ്ത്രീയുടെ അഭിമാനം എന്നുറച്ചുപറയാന്‍ കഴിയാതെ വരുന്നത് പരാജയമാണ്.

6. ശ്വേതേ മേനോന്‍ നുണപറയുമെന്ന് കരുതുന്നില്ല. നമ്മുടെ മലയാള സമൂഹത്തിന് എന്തുപറ്റി?. കഴുകന്‍ കണ്ണുകളോടെ, കഴുകനേപ്പോലെ സ്ത്രീകളോട് പെരുമാറരുത് (പി.സി.ജോര്‍ജ്ജ്)

ശരി രാജാവേ.

നമ്മള്‍ അവളെ കൊന്നതില്‍ നമുക്ക് പ്രതിഷേധിക്കാം

ഹൈപ്പര്‍ ആക്ടിവിസ്റ്റുകള്‍ക്കു പൊതുമുതല്‍ നശിപ്പിക്കാനും ഭരണകൂടത്തെയും നിയമസംവിധാനത്തെയും തെറി വിളിക്കാനും അവസരമൊരുക്കി അവള്‍ മരിച്ചു. കരിങ്കൊടി കെട്ടിയും മെഴുതിരി കത്തിച്ചും ട്വിറ്ററിലും ഫേസ്ബുക്കിലും ധാര്‍മികരോഷമിരപ്പിച്ചും പാശ്ചാത്യരീതിയില്‍ നമ്മളും ഇതാഘോഷിക്കും. ബലാല്‍സംഗവാര്‍ത്തകള്‍ ആദ്യമായി കാണുന്ന ആക്രാന്തത്തോടെ മാധ്യമങ്ങള്‍ കിട്ടുന്നതെല്ലാം പ്രധാനവാര്‍ത്തകളോടൊപ്പം കൊടുക്കും. ഇന്ത്യയില്‍ ഒരു പെണ്ണിന്‍റെയും മാനം രക്ഷിക്കാന്‍ സംവിധാനമില്ല എന്നുപസംഹരിച്ച് അവളെയും നമ്മള്‍ മറന്നുകളയും.

ദില്ലിയിലെ ഭീകരന്‍മാര്‍ക്ക് വധശിക്ഷ തന്നെ ലഭിക്കട്ടെ എന്നു പ്രത്യാശിക്കാം. പക്ഷെ അതുകൊണ്ട് എന്തു മാറ്റമാണ് ഉണ്ടാവുക ? കൊലക്കയര്‍ കഴുത്തില്‍ മുറുകി പിടയുമ്പോള്‍ ഒരു രതിമൂര്‍ച്ഛ കൂടി നേടി, അവസാനസ്ഖലനം നടത്തി അവര്‍ ചത്തുപോകും. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും മറ്റു ബലാല്‍സംഗങ്ങള്‍ക്കും ഇതേ ശിക്ഷ കിട്ടില്ല എന്നും മനസ്സിലാക്കി, നോക്കിയും കണ്ടും ബലാല്‍സംഗം ചെയ്യണം എന്ന് മനസ്സില്‍ കുറിച്ചിട്ട് സമൂഹം ഇതേ വഴികളിലൂടെ സഞ്ചരിക്കും. തീവ്രവാദികള്‍, വിദേശികള്‍ എന്നൊക്കെ പറയുന്നതുപോലെ ലളിതമായി ബലാല്‍സംഗികള്‍ എന്നു പറയുന്നത് സത്യത്തില്‍ വിഡ്ഡിത്തമാണ്. അവരാരും ബലാല്‍സംഗം ചെയ്യാനായി ജനിച്ചവരോ, ബലാല്‍സംഗത്തില്‍ പ്രത്യേകപരിശീലനം നേടിയവരോ അല്ല. എനിക്കും നിങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന എന്നെയും നിങ്ങളെയും പോലെയുള്ള ആളുകള്‍ എന്തുകൊണ്ട് ഇത്തരം ഭീകരകൃത്യം ചെയ്യുന്നു എന്നത് പഠനവിധേയമാക്കുകയും സമൂഹത്തെയാകെ അടിയന്തരമായി ചികില്‍സയ്‍ക്കു വിധേയമാക്കുകയുമാണ് വേണ്ടത്.

നമ്മളൊക്കെ സംസ്കാരസമ്പന്നരും ലൈംഗികമര്യാദയുള്ളവരും ആണെന്നും നമ്മളെല്ലാം ദില്ലി പെണ്‍കുട്ടിയുടെ മരണത്തില്‍ അതിയായി വേദനിക്കുന്നുവെന്നുമുള്ളത് അര്‍ഥശൂന്യമായ നാട്യമാണ്. ജിവിതത്തില്‍ ഒരിക്കലെങ്കിലും ഒരു പെണ്ണിന്‍റെ അനുമതിയില്ലാതെ അവളുടെ ദേഹത്ത് കാമാസക്തിയോടെ സ്പര്‍ശിച്ചിട്ടില്ലാത്തവര്‍ പ്രതിഷേധിക്കട്ടെ എന്നു പറഞ്ഞാല്‍ ഈ ജനസാഗരം ശുഷ്കിച്ച് വിരലിലെണ്ണാവുന്നവരായിത്തീരും എന്നെനിക്കുറപ്പുണ്ട്. ഒന്നു തട്ടുന്നതും തടവുന്നതും കൂട്ടബലാല്‍സംഗവും തമ്മില്‍ വ്യത്യാസമില്ലേ ചേട്ടാ എന്നു ചോദിച്ചാല്‍ നിങ്ങളുടെ പ്രതിഷേധം സ്ത്രീകളുടെ സുരക്ഷയ്‍ക്കു വേണ്ടിയല്ല, സോഫ്റ്റ് ബലാല്‍സംഗങ്ങള്‍ക്കു വേണ്ടിയാണ് എന്നാണ് അര്‍ഥം.

ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അവളുടെ അനുമതി ആവശ്യമുണ്ട് എന്ന ആദ്യപാഠം പോലും ഈ സമൂഹം പഠിച്ചിട്ടില്ല. സ്വന്തം ഭാര്യയെ കിടപ്പറയില്‍ ബലാല്‍സംഗം ചെയ്തിട്ട് ഫേസ്ബുക്കിലൂടെ ദില്ലി പെണ്‍കുട്ടിയുടെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്നത് അപഹാസ്യമാണ്. നിങ്ങളുടെ രോദനങ്ങള്‍ പുറത്തേക്കല്ല, ഹൃദയഭിത്തികളെ നടുക്കുമാറുച്ചത്തില്‍ നിങ്ങളുടെ അകത്തേക്കു തന്നെയാവട്ടെ. നമ്മുടെ കാമാസക്തി ഛിന്നഭിന്നമാക്കിയ അവളുടെ ശരീരം നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ അടക്കം ചെയ്യാം. മേലില്‍ ഒരു സ്ത്രീയുടെ നേര്‍ക്ക് ലൈംഗികമോഹത്തോടെ നീങ്ങുമ്പോള്‍ ഓര്‍ക്കുക, നമ്മുടെ വിയര്‍പ്പിന് അവളുടെ ചോരയുടെ മണമുണ്ടെന്ന്.

എപ്പിസോഡ് 999

കഥ ഇതുവരെ:

4000 കോടി രൂപയുടെ വിറ്റുവരവുളള വിദ്യ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ എംഡി ഗുണശേഖരന്‍ മുതലാളിയുടെ രണ്ടാണ്‍മക്കളാണ് സിദ്ധാര്‍ഥും ഗൗതമനും. മൂത്തവനായ സിദ്ധാര്‍ത്ഥിന്‍റെ ഭാര്യയാണ് ശ്രീദേവി. ഇരുനൂറിലേറെ എപ്പിസോഡുകള്‍ കുട്ടികളുണ്ടാവാത്തതിന്‍റെ ദുഖവും കണ്ണീരുമായി കഴിഞ്ഞ ശ്രീദേവി 237മത്തെ എപ്പിസോഡില്‍ ഗര്‍ഭിണിയായി. കുടുംബത്തില്‍ സന്തോഷം അലയടിക്കുമ്പോള്‍ ഗുണശേഖരന്‍ മുതലാളിക്ക് ഒരു ഊമക്കത്ത് ലഭിക്കുന്നു-ശ്രീദേവിയുടെ വയറ്റിലുള്ള കുഞ്ഞിന്‍റെ അച്ഛന്‍ അവളുടെ ഭര്‍ത്താവായ സിദ്ധാര്‍ഥ് അല്ല, മറിച്ച് അനുജനായ ഗൗതമനാണ് എന്നായിരുന്നു അതിന്‍റെ ഉള്ളടക്കം. കത്ത് വായിച്ച ഗുണശേഖരന്‍ മുതലാളി 12 എപ്പിസോഡ് ബോധമറ്റു കിടന്നു.

ബോധം തെളിയുന്ന മുതലാളി ശ്രീദേവിയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെ കൊല്ലാനുള്ള ശ്രമങ്ങളാരംഭിക്കുന്നു. മാര്‍ക്കറ്റില്‍ നിന്നു മത്തി വാങ്ങി വരുമ്പോള്‍ ടിപ്പറിടിപ്പിക്കുന്നു. കൈകളും കാലുകളുമൊടിഞ്ഞ് ശ്രീദേവി 23 എപ്പിസോഡ് കിടന്നെങ്കിലും കുഞ്ഞിനൊന്നും സംഭവിച്ചില്ല. പിന്നെ 23 നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു താഴേക്കിടുന്നെങ്കിലും ഭാഗ്യത്തിനു കുഞ്ഞിനൊന്നും സംഭവിച്ചില്ല. അങ്ങനെ അനേകം ശ്രമങ്ങളെ അതിജീവിച്ച് 600 എപ്പിസോഡുകള്‍ കൊണ്ട് ശ്രീദേവിയുടെ വയറ്റിലെ കുഞ്ഞ് മൂന്നുമാസം വളര്‍ച്ച പൂര്‍ത്തിയാക്കി. അപ്പോള്‍ പെട്ടിയും കിടക്കയുമായി അവള്‍ വന്നു- ഹെലന്‍.

ആരാണ് എന്താണ് എന്നു പറയാതെ അവള്‍ ആ വീട്ടില്‍ അധികാരത്തോടെ താമസിച്ചു തുടങ്ങി. ശ്രീദേവിയെ ഉപദ്രവിച്ചു തുടങ്ങി. ഏതാണ്ട് എണ്ണൂറാമത്തെ എപ്പിസോഡിലൂടെ ആ സത്യം വെളിപ്പെട്ടു- ഗുണശേഖരന്‍ മുതലാളിയുടെ ജാരസന്തതിയായ ഹെലന്‍ സ്വത്തിലെ അവകാശമുന്നയിക്കാന്‍ വന്നതാണ്. സിദ്ധാര്‍ത്ഥും ഗൗതമനും ഹെലനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെങ്കിലും നല്ലവളായ ശ്രീദേവി എല്ലാ അപകടങ്ങളില്‍ നിന്നും ഹെലനെ രക്ഷിക്കുന്നു. ശ്രീദേവിയുടെ വയറ്റിലെ കുഞ്ഞ് 990 എപ്പിസോഡ് ആയതോടെ ആറു മാസം വളര്‍ച്ച പൂര്‍ത്തിയാക്കി. ക്ഷമ നശിച്ച ഗുണശേഖരന്‍ മുതലാളി ശ്രീദേവിയെ തന്നെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു. അന്നു രാത്രി ഗുണേശഖരന്‍ മുതലാളിയുടെ ഭാര്യ അദ്ദേഹത്തോട് ആ സത്യം വെളിപ്പെടുത്തി- അവളെ കൊല്ലേണ്ടതില്ല. സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ ഗുണശേഖരന്‍ മുതലാളിയല്ല. ഗുണശേഖരന്‍ മുതലാളിയെ വിവാഹം കഴിക്കുമ്പോള്‍ തന്‍റെ വയറ്റില്‍ സിദ്ധാര്‍ത്ഥന്‍ ഉണ്ടായിരുന്നു !

എപ്പിസോഡ്- 999

ശ്രീദേവിയെ ആറാം മാസത്തിലെ ചെക്കപ്പിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തുടങ്ങുമ്പോള്‍ ഭര്‍ത്താവായ സിദ്ധാര്‍ത്ഥന് കമ്പനി ആവശ്യത്തിനായി പെട്ടെന്ന് ഓഫിസിലേക്കു പോകേണ്ടി വരുന്നു. താന്‍ കൊണ്ടുപോകാമെന്ന് അനുജന്‍ ഗൗതമന്‍ പറയുന്നു-(തുടര്‍ന്നു കാണുക).

വികാരങ്ങള്‍ മിന്നിമറയുന്ന അമ്മയുടെ മുഖം.സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

കണ്ണടച്ചു നില്‍ക്കുന്ന ശ്രീദേവിയുടെ കവിളിലൂടെ ധാരധാരയായി ഒഴുകുന്ന കണ്ണീര്‍.സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

ഒന്നുമറിയാത്തവനെപ്പോലെ നില്‍ക്കുന്ന ഗൗതമന്‍റെ മുഖത്ത് പൊടിയുന്ന വിയര്‍പ്പുകണങ്ങള്‍. സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

ചുണ്ടില്‍ പുച്ഛം നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന ഹെലന്‍. സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

കണ്ണുകള്‍ ഉരുട്ടി ശ്രീദേവിയെ നോക്കുന്ന അമ്മ- വേണ്ട…. ശ്രീദേവി അകത്തു പൊയ്‍ക്കോളൂ…

ശ്രീദേവിയുടെ മുഖത്ത് മിന്നിമറയുന്ന വിവിധ വികാരങ്ങള്‍. സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

രണ്ടു ചുവട് മുന്നോട്ടു വച്ച് ഗൗതമന്‍- അമ്മേ ?? ഏട്ത്തിക്ക് ഇന്നു ചെക്കപ്പ് ഉള്ളതല്ലേ ?

അമ്മ മകനെ ഭീകരമായി നോക്കുന്നു. ശ്രീദേവി മരിച്ചുവീഴുമെന്ന മട്ടില്‍ നില്‍ക്കുന്നു. സംഗതി ഗുരുതരമാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ഹെലന്‍റെ മുഖത്തും. സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

ഗൗതമന്‍ മുറിയിലേക്കു പൊയ്‍ക്കോളൂ- അമ്മ കനത്ത സ്വരത്തില്‍. സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

(കൊമേഴ്സ്യല്‍ ബ്രേക്ക്)

വീട്ടിലെ അന്തരീക്ഷത്തിനു കനം വയ്‍ക്കുന്നതു മനസ്സിലാക്കി ഗൗതമന്‍ മുറിയിലേക്കു നടക്കുന്നു. ശ്രീദേവി കണ്ണീരടക്കാന്‍ ശ്രമിക്കുന്നു. മൂന്നു ചുവട് മുന്നോട്ടു വയ്‍്കുന്ന അമ്മ- ശ്രീദേവി പോസി റെസ്റ്റ് എടുത്തോളൂ.. സിദ്ധു വന്നിട്ട് ഹോസ്പിറ്റലില്‍ പോകാം..

ശ്രീദേവിയുടെ മുഖത്ത് അവിശ്വാസം,ഞെട്ടല്‍,തളര്‍ച്ച. സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

എല്ലാം ശാന്തമായേക്കുമെന്നു തോന്നുമ്പോള്‍ ഹെലന്‍ മുന്നോട്ടു വരുന്നു- വേണ്ട.. ശ്രീദേവിചേച്ചിയെ ഞാന്‍ കൊണ്ടു പൊയ്‍ക്കോളാം ഹോസ്പിറ്റലില്‍..

എല്ലാവരും ഞെട്ടുന്നു. സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്. എല്ലാവരും തുറിച്ച കണ്ണുകളോടെ നില്‍ക്കുന്നു. വീണ്ടും സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

(കൊമേഴ്സ്യല്‍ ബ്രേക്ക്)

സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

അമ്മയുടെ മുഖത്ത് തളര്‍ച്ചയുണ്ട്. ഹെലന്‍ ചെറുചിരിയോടെ നില്‍ക്കുന്നു. ശ്രീദേവി കരഞ്ഞു കരഞ്ഞു തളര്‍ന്നിരിക്കുന്നു. മുറിയിലേക്കു പോയ ഗൗതമന്‍ അവിടെ സ്തംഭിച്ചു നില്‍ക്കുകയാണ്. ഹെലന്‍ ശ്രീദേവിയുടെ അടുത്ത് വന്നു- ചേച്ചി വരൂ.. കാറില്‍ കയറൂ…

വീണ്ടും സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

പെട്ടെന്ന് ഗൗതമന്‍ തിളച്ചുമറിയുന്ന കോപത്തോടെ ഉരുണ്ടുകയറിയ കണ്ണുകളോടെ തിരികെ വന്നു- വേണ്ട !

എല്ലാവരും ഞെട്ടിത്തരിച്ചു. വീണ്ടും സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്. ഹെലനും ഒന്നു പതറയിരിക്കുന്നു. ശ്രീദേവി കരച്ചിലോടു കരച്ചില്‍ തന്നെ.

അമ്മയുടെ മുഖത്ത് ആശങ്ക പരന്നിട്ടുണ്ട്- ഗൗതമാ !- അമ്മയുടെ ശബ്ദം ദുര്‍ബലമാണെങ്കിലും ആ വിളി ശക്തമാണ്. അതുകൊണ്ട്, പിന്നെയും സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

ഹെലന്‍ ജ്വലിച്ചു കൊണ്ട് അവനു നേരെ ചെല്ലുന്നു- നീയാരാടാ അതു പറയാന്‍ ??

സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്. അടുക്കളയില്‍ നില്‍ക്കുന്ന വേലക്കാരിയെപ്പോലും വിയര്‍ക്കുന്നു. ഗൗതമന്‍ ഹെലനെ അടിക്കാന്‍ കയ്യോങ്ങുന്നു. ഹെലന്‍ അതു തടയുന്നു. നാലു കണ്ണുകള്‍ ഇടയുന്നു. ഹെലനും ഗൗമതമനും അടി ബ്ലോക്ക് ചെയ്ത നിലയില്‍ അങ്ങനെ ഫ്രീസ് ആയി നില്‍ക്കുന്നു. വീണ്ടും സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്.

പെട്ടെന്ന്, ശ്രീദേവിയുടെ കണ്ണുകള്‍ മേല്പോട്ടുയര്‍ന്നു തുടങ്ങുന്നു. വല്ലാതെ വിയര്‍ക്കുന്നുണ്ട്. തലയില്‍ കൈവച്ച് നേരെ നില്‍ക്കാന്‍ അവള്‍ ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല. തലകറങ്ങി വീഴുന്ന ശ്രീദേവിയെ രണ്ടു കൈകള്‍ താങ്ങുന്നു- ഗൗതമന്‍ !!! എല്ലാവരും സ്തംഭിച്ചു പോകുന്നു. എല്ലാ മുഖങ്ങളും മാറിമാറി ക്ലോസപ്പില്‍ മിന്നിക്കൊണ്ടിരിക്കുന്നു. വീണ്ടും സ്തോഭജനകമായ മ്യൂസിക്.

പെട്ടെന്ന് മുന്‍വശത്തെ വാതിലിലൂടെ സന്തോഷവാനായി അകത്തേക്കു വരികയാണ് സിദ്ധാര്‍ത്ഥന്‍. തന്‍റെ ഭാര്യയെ കൈകളില്‍ താങ്ങി നില്‍ക്കുന്ന ഗൗതമനെ കണ്ട് സിദ്ധാര്‍ത്ഥന്‍ സ്തംഭിച്ചു പോകുന്നു. സ്തോഭജനകമായ മ്യൂസിക്. ക്ലോസപ്പ്, വൈഡ്, വൈഡ്, ക്ലോസപ്പ്. ഗൗതമന്‍റെ മുഖത്ത് അമ്പരപ്പ്. അമ്മയും തലകറങ്ങി വീഴുന്നു. ഏറെ നേരം കണ്ണുരുട്ടി നോക്കിയ ശേഷം സിദ്ധാര്‍ത്ഥ് ഉറക്കെ വിളിക്കുന്നു- ഗൗതമാ !!!!!!!!!!!!!!!!

(ശേഷം അടുത്ത എപ്പിസോഡില്)

കൊച്ചമ്മിണി കൊച്ചുങ്ങളെ ഉണ്ടാക്കേണ്ട: അലവലാതി ഷാജി

വിവാഹപ്രായമെത്തി നില്‍ക്കുന്ന കൊച്ചമ്മിണി വിവാഹിതയായി കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ നോക്കേണ്ടെന്ന് അയല്‍ക്കാരനും ചിട്ടിക്കമ്പനിക്കാരനും പെണ്‍കുട്ടികളെ വഴിനടക്കാന്‍ സമ്മതിക്കാത്തവനുമായ അലവലാതി ഷാജി പറഞ്ഞു. സുന്ദരിയായ കൊച്ചമ്മിണി കൊച്ചുങ്ങളെ ഉണ്ടാക്കി ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടി ജീവിതം പാഴാക്കാനാണ് ആഗ്രഹിക്കുന്നത്.വിവാഹവും കൊച്ചുങ്ങളും വൈകാരികമായ സംഗതികളായി കാണുന്ന ബാലിശമായ നടപടിയില്‍ നിന്നു കൊച്ചമ്മിണി പിന്മാറണമെന്നും ഷാജി ആവശ്യപ്പെട്ടു. കൊച്ചമ്മിണിയുടെ ഫീച്ചേഴ്‍സ് വച്ചുനോക്കുമ്പോള്‍ അധികം കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ പറ്റത്തില്ല. ഉള്ള യൗവ്വനം ഒന്നോ രണ്ടോ കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ വേണ്ടി പാഴാക്കുന്നത് ബുദ്ധിയല്ലെന്നും ഷാജി വ്യക്തമാക്കി.

കൊച്ചമ്മിണിയുടെ പെണ്ണുകാണല്‍ ചടങ്ങിന് ചിക്കന്‍ വാങ്ങിക്കൊണ്ടുവന്നപ്പോഴാണ് കൊച്ചമ്മിണിയുടെ അച്ഛന്‍റെയും മറ്റുള്ളവരുടെയും മുന്നില്‍ വച്ച് അലവലാതി ഇങ്ങനൊരു അഭിപ്രായം പറഞ്ഞത്.കൊച്ചമ്മിണിയില്‍ താല്‍പര്യമുള്ള അനേകം കൊച്ചുമുതലാളിമാര്‍ പട്ടണത്തിലുണ്ട്. അവര്‍ക്ക് കൊച്ചമ്മിണിയോടൊപ്പം ഒന്നോ രണ്ടോ രാത്രി കഴിയണമെന്നുമുണ്ട്. അതിനു വേണ്ടി അവര്‍ എത്ര പണം വേണമെങ്കിലും മുടക്കുമെന്നിരിക്കെ അതെല്ലാം വേണ്ടെന്നു വച്ച് ഏതെങ്കിലും മലമൂടനോടൊപ്പം കൊച്ചുങ്ങളെ ഉണ്ടാക്കി ജീവിതം പാഴാക്കുന്നത് നല്ല മാതൃകയല്ല. എല്ലാ സ്ത്രീകളും ചെയ്യുന്നതുപോലെ കൊച്ചമ്മിണിയും ചെയ്യാന്‍ ശ്രമിക്കുന്നത് ബുദ്ധിയല്ല.കൊച്ചമ്മിണി സ്വന്തം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ലഭ്യമായ അംഗലാവണ്യവും അവശേഷിക്കുന്ന യൗവ്വനവും വേണ്ടവിധം ഉപയോഗിച്ചാല്‍ കൊച്ചമ്മിണിക്ക് ചുരുങ്ങിയ കാലം കൊണ്ട് കോടികള്‍ സമ്പാദിക്കാം. കന്യാത്വം, ചാരിത്ര്യം തുടങ്ങിയ സംഗതികളെ കൊച്ചമ്മിണി വൈകാരികമായി കാണരുത്.പിടിവാശിമൂലം പട്ടണത്തിലെ പയ്യന്‍മാര്‍ക്ക് മോഹഭംഗമുണ്ടാകുന്ന സാഹചര്യം ഉണ്ടാവരുതെന്നും അലവലാതി പറഞ്ഞു.

നോട്ടുകെട്ടുകളുമായി ചെക്കന്‍മാര്‍ ക്യൂനില്‍ക്കുമ്പോള്‍ കൊച്ചമ്മിണിയുടെ കുടുംബത്തിന്‍റെയും തന്‍റെ ഏജന്‍സിയുടെയും സാമ്പത്തിക വളര്‍ച്ചയെ തുരങ്കം വച്ചുകൊണ്ട് വിവാഹിതയാവാന്‍ കൊച്ചമ്മിണിയെ അനുവദിക്കില്ല. കൊച്ചമ്മിണിക്ക് പിള്ളേരെ വളര്‍ത്തിയേ തീരൂ എന്നുണ്ടെങ്കില്‍ പിന്നെ ഷെഡില്‍ കയറുമ്പോള്‍ എത്രയെണ്ണത്തിനെ വേണമെങ്കിലും ദത്തെടുക്കാം. കൊച്ചമ്മിണിക്ക് പിള്ളേരുണ്ടായില്ലെങ്കില്‍ കുടുംബം അന്യം നിന്നുപോകുമെന്ന വാദം അസ്ഥാനത്താണ്. കൊച്ചമ്മിണിയുടെ അച്ഛന് കടുത്തുരുത്തിയിലും മുണ്ടക്കയത്തും ചായക്കടയുണ്ടെന്നും അവിടൊക്കെ ധാരാളം പിള്ളേര്‍ ഓടിക്കളിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഷാജി പറഞ്ഞു. കൊച്ചമ്മിണിയുടെ അച്ഛന് അടുപ്പിച്ചു മൂന്നു ചിട്ടികള്‍ കൊടുത്തിട്ടുള്ള ആളെന്ന നിലയില്‍ തന്‍റെ ഉപദേശം കൊച്ചമ്മിണി കേള്‍ക്കുമെന്നു ഷാജി പ്രത്യാശ പ്രകടിപ്പിച്ചു.

കൊച്ചമ്മിണിയുടെ അച്ഛന്‍ സോഫയിലിരിക്കുമ്പോഴാണ് കൊച്ചമ്മിണിയോട് ഷാജി ഈ കാര്യങ്ങളെല്ലാം പറഞ്ഞത്. പെണ്ണുകാണാന്‍ വന്ന ചെക്കന്‍ ഭയപ്പെട്ട് വിവാഹത്തില്‍ നിന്നു മാറാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍,ചെറുപ്പത്തിലേ പറഞ്ഞുവച്ച വിവാഹമായതിനാല്‍ കണ്ട അലവലാതികളൊക്കെ പറയുന്നത് കേട്ട് അതിലൊരു മാറ്റവും വരുത്താനൊക്കില്ലെന്ന് കൊച്ചമ്മിണിയുടെ അമ്മാവനും റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമായ അച്ചു പറഞ്ഞു. അലവലാതി ഷാജി പറഞ്ഞത് തന്തയ്‍ക്കു പിറക്കായ്ക ആണെന്നും അവന്‍ പെണ്‍വാണിഭക്കാരുടെ ഏജന്‍റ് ആണെന്നും അമ്മാതിരി ചെറ്റകളെ വീട്ടില്‍ കയറ്റിയത് തെറ്റായിപ്പോയെന്നും കൊച്ചമ്മിണിയുടെ ചെറിയച്ഛനും വല്യച്ഛനുമൊക്കെ പറഞ്ഞു. എന്നാല്‍, ഷാജി അവിടെ വന്ന് അങ്ങനെയൊക്കെ പറഞ്ഞത് തന്‍റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് കൊച്ചമ്മിണിയുടെ അച്ഛന്‍ പറഞ്ഞു. കൊച്ചമ്മിണിയെ മാന്യമായി കെട്ടിച്ചുവിടണമെന്നാണ് തന്‍റെ ആഗ്രഹം, എന്നാല്‍ കൊച്ചമ്മിണിക്ക് കാറും ബംഗ്ലാവുമൊക്കെയായി ഒരു നല്ലകാലം ഉണ്ടാവുന്നത് താന്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

26 ഫീമെയില്‍, യുവതുര്‍ക്കി

ആഷിക് അബുവിന്‍റെ 22 ഫീമെയില്‍ കോട്ടയം തുര്‍ക്കിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. ടെസ്സ ഏബ്രഹാം സിനിമയില്‍ ചെയ്തത് കടുത്തുപോയി എന്നഭിപ്രായമുള്ളവരും ചെയ്തത് പോര എന്നഭിപ്രായമുള്ളവരും നെവിന്‍ യില്‍ദ്രിം എന്ന തുര്‍ക്കിക്കാരിയായ 26കാരിയെ പരിചയപ്പെടണം. തന്നെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ ബന്ധുവിനെ ഓടിച്ചിട്ട് വെടിവച്ചു കൊന്ന് അയാളുടെ തലയറുത്ത് ജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ച ഈ യുവതി എന്തായാലും ഒരു നഴ്സ് അല്ല. കൊലക്കേസില്‍ അകത്തായ നെവിന്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. കൊല ചെയ്യപ്പെട്ടവന്‍റെ കുഞ്ഞ് നെവിന്‍റെ വയറ്റില്‍ ഇത് അഞ്ചാം മാസമാണ്. സ്ത്രീ എന്ന പ്രതിഭാസം ഒരിക്കല്‍ക്കൂടി വിസ്മയിപ്പിക്കുകയാണ്.

കഥ ഇതുവരെ: നെവിന്‍റെ ഭര്‍ത്താവിന്‍റെ ബന്ധുവിന്‍റെ ഭര്‍ത്താവാണ് മുപ്പത്തഞ്ചുകാരനായ ന്യൂരെറ്റിന്‍ ഗിദെര്. നെവിന്‍റെ ഭര്‍ത്താവ് ജോലിക്കായി മറ്റൊരു പട്ടണത്തിലേക്കു പോയി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗിദെര്‍ നെവിന്‍റെ വീട്ടിലെത്തി ബലാല്‍സംഗശ്രമം നടത്തിയത്. നെവിന്‍ എതിര്‍ത്തപ്പോള്‍ നെവിന്‍റെ രണ്ടുമക്കളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി, വഴങ്ങിയില്ലെങ്കില്‍ രണ്ടിനേം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി,ബലാല്‍സംഗം ചെയ്തു. പുറത്തു പറഞ്ഞാല്‍ മക്കളെ വകവരുത്തുമെന്ന ഭീഷണി നിലനിര്‍ത്തി എട്ടുമാസത്തോളം അയാള്‍ ഈ യുവതിയെ സമര്‍ഥമായി ഉപയോഗിച്ചു. ഇതിനിടയില്‍ അവള്‍ ഗര്‍ഭിണിയുമായി. അയാള്‍ ആ ഗര്‍ഭിണിയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിക്ക് ഹൈടെക് സ്വഭാവം നല്‍കി.

ഓഗസ്റ്റ് 28: അഞ്ചു മാസം ഗര്‍ഭിണിയായ ഇരയുടെ മേല്‍ കാമാവേശം തീര്‍ക്കാന്‍ ഗിദെര്‍ നെവിന്‍റെ വീടിന്‍റെ പിന്നിലെ ഭിത്തിയില്‍ വലിഞ്ഞു കയറുമ്പോള്‍ നെവിന്‍ ഭര്‍തൃപിതാവിന്‍റെ തോക്കെടുത്ത് അയാളെ വെടിവച്ചു വീഴ്‍ത്തി.ബാക്കി യുവതിയുടെ തന്നെ മൊഴികളില്‍ നിന്നു കേള്‍ക്കാം. “I chased him. He fell on the ground. He started cussing. I shot his sexual organ this time. He became quiet. I knew he was dead. I then cut his head off”.

ജനനേന്ദ്രിയം വെടിവച്ചു തകര്‍ത്ത ശേഷം അറുത്തെടുത്ത തലയുമായി ജനങ്ങള്‍ക്കിടയിലേക്കു പോയ യുവതി അവിടെ കൂടി നിന്നവരോട് പറഞ്ഞ ഡയലോഗ് ഇതാണ്. “Don’t talk behind my back, don’t play with my honour. Here is the head of the man who played with my honour”.

മെയില്‍ ഷോവനിസ്റ്റായ എന്നെപ്പോലും കോരിത്തരിപ്പിച്ച ഡയലോഗ്. സൂര്യനെല്ലി, വിതുര, പറവൂര്‍, കോതമംഗലം പീഡനക്കേസുകളില്‍ ഇര എന്തു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ചില്ല എന്നു ചോദിക്കുന്നവര്‍ ഇവിടെയും ചോദിക്കും ഈ എട്ടുമാസക്കാലം കിടന്നു സുഖിച്ചിട്ട് വെടിവച്ചുകൊല്ലാന്‍ അവള്‍ക്കെന്തവകാശം എന്ന്. സ്ത്രീ കുറെയധികം കാര്യങ്ങളില്‍ ദുര്‍ബലയാണ്. അവള്‍ എതിര്‍ക്കുന്നില്ലെങ്കില്‍ അതിനര്‍ഥം സുഖിക്കുകയാണ് എന്നു വിശ്വസിക്കുന്ന പുരുഷകേസരികളുടെ അരക്കെട്ടിനുള്ള വെടിയാണ് ഈ വാര്‍ത്ത. ഒരു ഇരയും ലോകത്ത് വേട്ടക്കാരന്‍റെ നായാട്ട് ആസ്വദിക്കാറില്ല. നെവിന്‍ യില്‍ദ്രിമിന്‍റേത് പ്രതികാരമല്ല, പ്രകൃതിയുടെ നീതി നടപ്പാക്കല്‍ മാത്രമാണ്. തുര്‍ക്കിയിലെ സ്ത്രീകള്‍ക്ക് നെവിന്‍ യില്‍ദ്രിം ഇന്നൊരു ധീരനായികയാണ്.

ഇപ്പോള്‍ വിചാരണ നേരിടുന്ന നെവിന്‍ രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ്. താന്‍ കൊല ചെയ്ത പുരുഷന്‍റെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണം എന്ന് അവര്‍ കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊലയ്‍ക്കു മുമ്പ് തന്നെ നെവിന്‍ ഒരു ക്ലിനിക്കില്‍ പോയി അബോര്‍ഷന് ശ്രമിച്ചിരുന്നെങ്കിലും ഭ്രൂണം 14 ആഴ്ചകള്‍ കഴിഞ്ഞതിനാല്‍ അവര്‍ മടക്കി അയച്ചു. തുര്‍ക്കിയിലെ നിയമപ്രകാരം ഇത്ര വളര്‍ച്ചയെത്തിയ ഭ്രൂണത്തെ കൊല ചെയ്യാന്‍ അനുവദിക്കാനാവില്ല. ലോകമെങ്ങുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും സ്ത്രീപക്ഷവാദികളും യുവതിയുടെ ആവശ്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഗൗരവമേറിയ ഒരു ചര്‍ച്ചയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.

കുറിപ്പ്: പുകവലിക്കുകയും മദ്യപിക്കുകയും ബ്രാ, പാന്‍റീസ് തുടങ്ങിയ കത്തിക്കുകയും പച്ചത്തെറികള്‍ വിളിച്ചു പറയുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് സ്ത്രീയുടെ അന്തസ്സും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയാണെന്നു വാദിക്കുന്ന കീബോര്‍ഡ് ഫെമിനിസ്റ്റുകള്‍ക്ക്, പര്‍ദ ധരിക്കുന്ന, കണ്ണില്‍ അണയാത്ത കനലുള്ള ഈ സ്ത്രീയുടെ കാല്‍ കഴുകിയ വെള്ളം കിട്ടുമെങ്കില്‍ വാങ്ങിക്കുടിക്കാവുന്നതാണ്. നെവിന്‍ യില്‍ദ്രിമിന് ഈ മെയില്‍ ഷോവനിസ്റ്റിന്‍റെ സല്യൂട്ട് !

References: CNN, Huffington Post, Yahoo News, Malasia Chronicle, Dailymail

വെറുതെയല്ല കാര്‍ത്തു…

ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്കു മാതൃകയായി അലക്കുകാരി കാര്‍ത്തു തന്‍റെ ഗര്‍ഭത്തിന്‍റെ ആറാം മാസത്തിലും സജീവം. ആറാം മാസത്തിലെ വയറുമായി കാര്‍ത്തു ഐസക് മുതലാളിയുടെ വീട്ടിലാണ് ഇന്നു തുണിയലക്കുന്നത്. വയറ്റിലുണ്ടായതിനു ശേഷം ഇരുപതോളം വീടുകളില്‍ തുണിയലക്കിയ കാര്‍ത്തു നാട്ടുകാര്‍ക്ക് വിസ്മയമായിരിക്കുകയാണ്. സാധാരണ സ്ത്രീകള്‍ ഗര്‍ഭകാലത്ത് ബെഡ്റെസ്റ്റ് എടുക്കുമ്പോഴാണ് കാര്‍ത്തു ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് അലക്കു തുടരുന്നത്. കാര്‍ത്തുവിന്‍റെ ധീരത മനസ്സിലാക്കിയ സോന സ്റ്റുഡിയോയിലെ ജോമോന്‍ കാര്‍ത്തുവിന്‍റെ പ്രസവം വിഡിയോയിലാക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഐസക് മുതലാളിയുടെ വീട്ടില്‍ എത്തിയ കാര്‍ത്തു വളരെ ഉല്ലാസവതിയായിരുന്നു. താന്‍ ഗര്‍ഭിണിയാണ് എന്നൊരു ഭാവമേ കാര്‍ത്തുവിനുണ്ടായിരുന്നില്ല. ആറാം മാസം കടന്ന വയറുമായി കാര്‍ത്തു ഐസക് മുതലാളിയുടെ ജുബ്ബ ആഞ്ഞുപിഴിയുന്നതു കണ്ടുകൊണ്ടാണ് ഞങ്ങള്‍ അവിടേക്കു ചെല്ലുന്നത്. ഞങ്ങളെ കണ്ടതും വയര്‍ വിരിച്ചു നിന്നു കാര്‍ത്തു ഫോട്ടോയ്‍ക്കു പോസ് ചെയ്തു.തുടര്‍ന്ന് കാര്‍ത്തു ഞങ്ങള്‍ക്ക് എക്സ്ക്ലൂസീവായി അനുവദിച്ച അഭിമുഖം ആരംഭിച്ചു.

കാര്‍ത്തു, ഗര്‍ഭിണിയായ ശേഷം അലക്കു തുടരാനുള്ള തീരുമാനം വിപ്ലവകരമായിരുന്നല്ലോ. അത് സ്വയം എടുത്തതാണോ ?

അലക്ക് അന്നും ഇന്നും എനിക്കൊരു ഹരമാണ്. എന്തു സംഭവിച്ചാലും അലക്കു തുടരണമെന്നുള്ളത് എന്‍റെ ഉറച്ച തീരുമാനമായിരുന്നു. എന്‍റെ കെട്ടിയോനും ഞാന്‍ വീട്ടിലിരിക്കുന്നതിനോടു യോജിപ്പുള്ളയാളല്ല. അങ്ങേരു പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ വീട്ടിലിരിപ്പാണ്. ഞങ്ങളു രണ്ടുപേരും വീട്ടിലിരുന്നാല്‍ അടുപ്പ് പൊകയത്തില്ല. അതുകൊണ്ടാണ് ഞാന്‍ അലക്കു തുടരാന്‍ തീരുമാനിച്ചത്.

ഭാര്യ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ ലോകത്തൊരു ഭര്‍ത്താവും പിന്നെ അലക്കാന്‍ വിടാറില്ല. കാര്‍ത്തുവിന്‍റെ ഭര്‍ത്താവ് എങ്ങനെ വ്യത്യസ്തനായി ?

അങ്ങേര് ശരിക്കും പറഞ്ഞാല്‍ ഒരു സംഭവമാണ്. ഞാന്‍ ഗര്‍ഭിണിയാണെന്നു പറഞ്ഞിട്ട് അങ്ങേര്‍ക്ക് ഒരു കൂസലുമില്ല. അതുപോലെ തന്നെ പുള്ളിക്ക് ഇതു പുത്തരിയല്ല. വേറെം കെട്ടിയോളുമാരും പിള്ളേരുമൊക്കെയുള്ള അങ്ങേര് എന്നെ പൊക്കിപ്പിടിച്ചോണ്ടു നടക്കണമെന്നു പറഞ്ഞാല്‍ അത് നടക്കുവോ ? പിന്നെ, എന്‍റെ ധീരത. ഞാന്‍ പണ്ടേയൊരു ബോള്‍ഡത്തിയാണല്ലോ. ഇനിയൊരു സ്ത്രീയും ലോകത്ത് ഗര്‍ഭമെന്നു കേട്ട് പേടിക്കരുത്. അതിനു വേണ്ടിയാണ് ഞാനീ അലക്കെല്ലാം അലക്കുന്നത്. സര്‍ക്കാര് ഗര്‍ഭിണികള്‍ക്ക് ആറുമാസമോ മറ്റോ ലീവ് കൊടുക്കുന്നുണ്ടെന്നു കേട്ടു. അതൊക്കെ നിരോധിച്ച് മടിച്ചികളെയെല്ലാം എല്ലുമുറിയെ പണിയെടുപ്പിക്കണം എന്നു ഞാന്‍ ആജ്ഞാപിക്കുകയാണ്.

ഗര്‍ഭിണിയായ ശേഷം അലക്കുമ്പോള്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ലേ ?

ഞാന്‍ പറഞ്ഞല്ലോ. അലക്ക് എനിക്കൊരു ലഹരിയാണ്. തുണികള്‍ അലക്കിക്കൂട്ടുമ്പോള്‍ ഞാന്‍ മറ്റൊന്നുമാലോചിക്കാറില്ല. അഴുക്കുപുരണ്ട തുണികളില്‍ നിന്ന് കറ അകന്നുപോകുന്നതും വെണ്‍മ തെളിഞ്ഞു വരുന്നതും അനുഭവിച്ചറിയുന്നതിന്‍റെ നിര്‍വൃതി അലക്കും കുളിയുമില്ലാത്ത നിങ്ങളോടൊന്നും പറഞ്ഞിട്ടു കാര്യമില്ല. എന്നു കരുതി അലക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നും കരുതരുത്. ബെഡ്ഷീറ്റും മറ്റും വാരിയലക്കുമ്പോള്‍ ഒരു വിമ്മിട്ടം തോന്നും. പെട്ടെന്ന് കെട്ടിയോനെ മനസ്സില്‍ വിചാരിക്കും അപ്പോള്‍ എന്തെന്നില്ലാത്ത ഊര്‍ജ്ജത്തോടെ തല്ലിയലക്കാനുള്ള കരുത്ത് എവിടെനിന്നോ വരികയാണ്. ഞങ്ങള്‍ അങ്ങനെയാണ്. അതുപോലെ തന്നെ അലക്കുന്ന വീടുകളില്‍ എനിക്കു വലിയ പരിഗണനയാണ് തരുന്നത്. ഇവിടെത്തന്നെ ഗര്‍ഭിണിയായ ശേഷം ഞാന്‍ അലക്കു മുടക്കിയിട്ടില്ല. ഐസക് മുതലാളി എന്നെ കാണുമ്പോഴെല്ലാം വിശേഷം ചോദിക്കാറുണ്ട്. പറ്റുമ്പോഴൊക്കെ അടുത്തു വന്ന് വയറ്റില്‍ കൈവച്ച് കുഞ്ഞിന്‍റെ തൊഴിവാങ്ങിപ്പോകാറുണ്ട്. ഒരു വിശാലഹൃദയനാണ് അദ്ദേഹം. എന്നാലും, എന്‍റെ കെട്ടിയോന്‍ തന്നെയാണ് ശരിക്കുള്ള വിശാലഹൃദയന്‍. .സമൂഹത്തില്‍ വിശാലഹൃദയന്‍മാരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നൊരാശങ്കയും എനിക്കുണ്ട്.

കാര്‍ത്തുവിന്‍റെ പ്രസവം സോന സ്റ്റുഡിയോയിലെ ജോമോന്‍ വിഡിയോയിലാക്കുന്നുണ്ടെന്നു കേട്ടല്ലോ. സത്യമാണോ ?

അത് സത്യത്തില്‍ ഒരു നിയോഗം പോലെ സംഭവിച്ചതാണ്. കല്യാണം കഴിഞ്ഞ് ഞാനും കെട്ടിയോനും കൂടി ഒരു പ്രസവവാര്‍ഡ് സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അങ്ങേര് പറഞ്ഞിരുന്നു. ഇവരൊക്കെ ഒട്ടും ബോള്‍ഡല്ലാത്ത സ്ത്രീകളാണ്. ഗര്‍ഭിണിയാണെന്നറിയുന്നതു മുതല്‍ റെസ്റ്റ് എടുത്തും കുഞ്ഞിന്‍റെ ആരോഗ്യം നോക്കിയും 10 മാസം വെറുതെ കളയുകയാണ്. ഇതിനൊരു മാറ്റമുണ്ടാവണം. എന്നെങ്കിലും നീ ഗര്‍ഭിണിയായാല്‍ നീ ഇതിനെതിരെ പടപൊരുതണം. ഗര്‍ഭം എന്നത് ഒട്ടും പേടിക്കേണ്ട ഒന്നല്ല എന്നു നീ ലോകത്തെ ബോധ്യപ്പെടുത്തണം എന്നദ്ദേഹം പറഞ്ഞു. പിന്നീടാണ് ഞാന്‍ ഗര്‍ഭിണിയായത്. എന്‍റെ ധീരതയും എനിക്കു നല്‍കാനുള്ള സന്ദേശവും ലോകത്തെ അറിയിക്കാന്‍ എന്തു ചെയ്യുമെന്നാലോചിച്ചിരിക്കുമ്പോഴാണ് ജോമോനെ പരിചയപ്പെടുന്നത്. ജോമോന്‍ അപ്പോള്‍ മല്ലു ആന്‍റി വിത്ത് സെര്‍വന്‍റ് ബോയ് എന്ന യൂ ട്യൂബ് സിനിമയുടെ കേസ് കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയതേയുള്ളൂ. പിന്നെ ഒന്നുമാലോചിച്ചില്ല. നല്ലൊരു കാര്യത്തിനു വേണ്ടിയല്ലേ എന്നു കരുതി സമ്മതിച്ചു.

കാര്‍ത്തു പ്രസവിക്കുന്നതും മറ്റും ഷൂട്ട് ചെയ്യുക എന്നു പറയുമ്പോള്‍ ?

അതിനെ അങ്ങനെ കാണുന്നതാണ് കുഴപ്പം. സത്യത്തില്‍ അലക്കും തുണികളുടെ വെണ്‍മയും പ്രസവിക്കുമ്പോഴുണ്ടാകുന്ന മാനസികസമ്മര്‍ദങ്ങളുമാണ് ജോമോന്‍ ഷൂട്ട് ചെയ്യുന്നത്. അതിനെ പ്രസവം ഷൂട്ട് ചെയ്യുന്നു എന്നു പറഞ്ഞ് വിലകുറച്ച് കാണുന്നതിനോട് എനിക്ക് യോജിപ്പില്ല. അല്ലെങ്കിലും ഞങ്ങള്‍ അലക്കുകാര്‍ ഇവിടെന്തു ചെയ്താലും ഇവിടൊരു വിലയുമില്ലല്ലോ. എന്‍റെ സ്ഥാനത്ത് വല്ല സിനിമാനടിയുമായിരുന്നെങ്കില്‍ നിങ്ങളൊക്കെ അവളുടെ ഗര്‍ഭം തലയില്‍ കൊണ്ടുനടന്നേനെ. സ്വന്തം കെട്ടിയോള്‍ടെ ഗര്‍ഭംപോലുമന്വേഷിത്തവന്മാര്‍ നാഴികയ്‍ക്കു നാല്‍പതുവട്ടം നടീടെ വിശേഷമന്വേഷിച്ചു നടന്നേനെ. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഐസക് മുതലാളി അങ്ങോട്ടു വന്നു. കാര്‍ത്തുവിനോടു പോയി കഞ്ഞിവെള്ളം കുടിച്ചിട്ടു വരാന്‍ പറഞ്ഞപ്പോള്‍ കാര്‍ത്തു അടുക്കളയിലേക്കു പോയി. ആ പോക്കു നോക്കി നിന്ന ഐസക് മുതലാളി ഞങ്ങളോടായി പറഞ്ഞു.

സത്യത്തില്‍ കാര്‍ത്തു ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ നാടുവിടാന്‍ ഭാവിച്ചതാണ്. കാര്‍ത്തു അലക്കു നിര്‍ത്തിയാല്‍ പിന്നെ ഞാന്‍ വസ്ത്രം ധരിക്കില്ല. വസ്ത്രം ധരിക്കാതെ എനിക്ക് കടയില്‍ പോകാന്‍ പറ്റില്ല. കാര്‍ത്തു അലക്കിലേക്കു മടങ്ങിവരും വരെ ബിസിനസ് എല്ലാം നിര്‍ത്തി വേളാങ്കണ്ണിയിലോ മറ്റോ പോയി നേര്‍ച്ചയ്‍ക്കിരിക്കാം എന്നു കരുതുമ്പോഴാണ് കാര്‍ത്തു ഇങ്ങോട്ടു വന്നു പറയുന്നത് ഐസക് മുതലാളിയുടെ അലക്ക് എനിക്കു വേണം, ഞാന്‍ ഗര്‍ഭിണിയായതുകൊണ്ട് എന്നെ ഒഴിവാക്കരുത് എന്ന്. സത്യത്തില്‍ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാര്‍ത്തു ഒരു ലെജന്‍ഡ് ആണ്. ഫ്ലോറന്‍സ് നൈറ്റിങ്ങേലിനെപ്പോലെ, സരോജിനി നായിഡുവിനെപ്പോലെ മദര്‍ തെരേസയെപ്പോലെ കാര്‍ത്തുവും ലോകത്തിനു ദിശാബോധം നല്‍കിയ സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടുമെന്നെനിക്കുറപ്പാണ്. ഭാവിയില്‍ ഒരു വിശുദ്ധയായി ഗര്‍ഭിണികളുടെ മധ്യസ്ഥയായി കാര്‍ത്തു മാറിയാല്‍ അതും ഒരദ്ഭുതമായിരിക്കില്ല (മുതലാളി കണ്ണുകള്‍ തുടയ്‍ക്കുന്നു, ചുണ്ട് തുടച്ചുകൊണ്ട് കാര്‍ത്തു മടങ്ങിവരുന്നു).

പ്രസവത്തിനു വേണ്ടി എപ്പോള്‍ അലക്കു നിര്‍ത്തും ? അതു കഴിഞ്ഞ് എപ്പോള്‍ തുടങ്ങും ?

പ്രസവത്തിനു വേണ്ടി അലക്കു നിര്‍ത്താന്‍ ഞാനുദ്ദേശിക്കുന്നില്ല. എന്നു കരുതി പ്രസവിക്കുമ്പോഴും അലക്കിക്കൊണ്ടിരിക്കണമെന്ന് എനിക്കു വാശിയുമില്ല. അലക്കാനുള്ള തുണികളുമായി ആശുപത്രിയിലേക്കു പോകാനാണ് ഉദ്ദേശിക്കുന്നത്. അവിടെ ബാത്റൂമില്‍ അലക്കാമല്ലോ. അതുപോലെ പ്രസവശേഷവും അടുത്ത ദിവസം തന്നെ അലക്ക് തുടരാനാണ് ഞാനാഗ്രഹിക്കുന്നത്.

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഖദര്‍ധാരികളായ മൂന്നു പേര്‍ ഓടി വന്നു. മികച്ച അലക്കുകാരിക്കുള്ള വെളുത്തേടം ട്രോഫി കാര്‍ത്തുവിനാണ് ലഭിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞപ്പോള്‍ കാര്‍ത്തു പൊട്ടിച്ചിരിച്ചു, വയറില്‍ തലോടിക്കൊണ്ടു പറഞ്ഞു– എല്ലാം എന്‍റെ കുഞ്ഞിന്‍റെ ഭാഗ്യം !

* ഈ ഗര്‍ഭത്തിന് മറ്റാരുടെയെങ്കിലും ഗര്‍ഭവുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് യാദൃച്ഛികം മാത്രമാണ്.

മിസ് അണ്‍ഐഡന്‍റിഫൈഡ്

‘നമ്മടെ തെക്കേലേ മീനാക്ഷീടെ കല്യാണത്തിന് മണ്ഡപത്തില്‍ കേറി നിക്കുന്ന കണ്ട ആ പെണ്ണേതാ?’ എന്നു ചോദിക്കുന്ന ലാഘവത്തോടെ, അങ്ങേയറ്റം സുരക്ഷയും കര്‍ശനമായ വിലയിരുത്തലും നടത്തി അരങ്ങേറുന്ന ഒളിംപിക്സ് മാമാങ്കത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ടീമിന്‍റെ മുന്നില്‍ വിരിഞ്ഞു നടന്ന സ്ത്രീയെ അജ്ഞാതസുന്ദരിയെന്നു വിളിച്ച് നമ്മളെ മണ്ടന്മാരാക്കുകയാണ് ലണ്ടനില്‍ നിന്നുള്ള ബുദ്ധിമാന്മാര്. അവള്‍ ആരെന്നറിയില്ല, എവിടെ നിന്നു വന്നെന്നറിയില്ല,എങ്ങോട്ടു പോയെന്നറിയില്ല, ആര്‍ക്കും ഒന്നും അറിയില്ല. സംഭവത്തില്‍ രോഷാകുലനായ ഇന്ത്യന്‍ സംഘത്തലവന്‍ ബ്രിഗേഡിയര്‍ മുരളീധരന്‍ രാജ ഇതെപ്പറ്റി ഒളിംപിക് സംഘാടകസമിതിയോട് പരതിപ്പെടുമെന്നും പറയുന്നു.

സംസ്ഥാന സ്കൂള്‍ കായികമേളയെക്കാള്‍ മോശപ്പെട്ട നിലയില്‍ സംഘടിപ്പിച്ച ഒന്നാണ് ഇപ്പോള്‍ അരങ്ങേറുന്ന ഒളിംപിക്സ് എന്നാണ് ബ്രിഗേഡിയര്‍ പറഞ്ഞതില്‍ നിന്ന് ഞാനൂഹിക്കുന്നത്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന മാര്‍ച്ച് പാസ്റ്റില്‍, അതും ഇവിടെ നിന്നു പോയ മുഴുവന്‍ അത്‍ലറ്റുകള്‍ക്കുപോലും അണിനിരക്കാന്‍ കഴിയാത്ത മാര്‍ച്ച് പാസ്റ്റില്‍, രാജ്യത്തിന്‍റെ പതാകവാഹകനോടൊപ്പം കൂസലില്ലാതെ നടന്നുപോയ പെണ്ണ് ദേ വന്നു ദാപോയി എന്നു പറയുമ്പോള്‍, നമ്മളൊക്കെ ബുദ്ധി ചില ടിവി റിയാലിറ്റി ഷോയുടെ നിലവാരത്തിലേക്ക് ഇറക്കിക്കൊണ്ടുവരണം എന്നാണ് അര്‍ഥം.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രീതിയും രസകരമാണ്. അജ്ഞാതസുന്ദരി, കൊച്ചുമിടുക്കി എന്ന ലൈന്. ചുവന്ന ടീഷര്‍ട്ടും ജീന്‍സുമിട്ട, തല മൊട്ടയടിച്ച ഒരു തടിച്ചിപ്പാറു (അവളിത് വായിക്കുന്നുണ്ടെങ്കില്‍ പ്രകോപിതയായി കമന്‍റിടും, അങ്ങനെ നമുക്കവളെ കണ്ടുപിടിക്കാം) സുന്ദരിയല്ല എന്നതില്‍ തര്‍ക്കമില്ല. സാമാന്യബുദ്ധി കൊണ്ട് ചിന്തിച്ചാല്‍ അവള്‍ അജ്ഞാതയുമല്ല എന്നു മനസ്സിലാക്കാം. എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ ‘ദേ ഇവളാ അവള്‍’ എന്നു വിളിച്ചുപറയാന്‍ പറ്റാത്ത ആരോ ഒരുത്തി(ജീന്‍സും ടീഷര്‍ട്ടും അലമ്പാണ്. പിന്നെ, മുടി നീട്ടിവളര്‍ത്തിയിട്ടു വേണം ഇവന്മാരുടെ സൂക്കേട് തീര്‍ക്കാന്‍ എന്ന് ഇന്ദുലേഖക്കാര് പറഞ്ഞത് വകവച്ചിട്ടുമില്ല).

ഒരു മസാലക്കഥപോലെ വായിച്ചുതള്ളാവുന്ന വിധം സിംപിളല്ല ഇത്. ആ സ്ത്രീ അവഹേളിച്ചിരിക്കുന്നത് പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റില്‍ എത്തിച്ചേരാന്‍ ഒരായുസ്സിന്‍റെ അധ്വാനം മുഴുവന്‍ ചെലവഴിച്ച രാജ്യത്തിന്‍റെ അഭിമാനമായ കായികതാരങ്ങളെയാണ്. ആ സ്ത്രീ കഴുത്തില്‍ ഒരു ഐഡി കാര്‍ഡുപോലുമില്ലാതെ അവിടെയെത്തി എന്നതില്‍ ഇന്ത്യന്‍ ടീമിന് ഒരറിവുമില്ലെങ്കില്‍, ഒളിംപിക് സംഘാടകസമിതിക്ക് ശരിക്കും ആ സത്രീയെ അറിയില്ലെങ്കില്‍ ആരൊക്കെയോ അവിടിരുന്നുകൊണ്ട് നമ്മളെ മണ്ടന്മാരാക്കുകയാണ് എന്നത് നിസ്സംശയം പറയാം. കാരണം, മാര്‍ച്ച് പാസ്റ്റിനോടൊപ്പം അണുവിട തെറ്റാതെ നീങ്ങുന്ന യുവതിയുടെ എല്ലാ ചലനങ്ങളും സംഘടത്തിന്‍റേതുമായി ഒത്തുപോകുന്നുണ്ട്. ഡ്രസ് റിഹേഴ്സല്‍ അടക്കം എല്ലാ പരിപാടികളിലും ഇന്ത്യന്‍ ടീമിനൊപ്പം അവര്‍ ഉണ്ടായിരുന്നു എന്നു തന്നെയാണ് അതിന്‍റെ അര്‍ഥം.

അജ്ഞാതസുന്ദരിപ്പട്ടം നല്‍കി എന്തുകൊണ്ട് ആ സ്ത്രീയെ സംരക്ഷിക്കുന്നു എന്നത് തന്നെയാവണം ചര്‍ച്ചകളുടെ കേന്ദ്രം. അല്ലാതെ അവളെവിടെ നിന്നു വന്നു എങ്ങോട്ടു പോയി ആരാണവള്‍ തുടങ്ങിയ വിഡ്ഡിച്ചോദ്യങ്ങള്‍ പരസ്പരം ചോദിച്ച് സമയം കൊല്ലുന്ന സാറന്മാരുടെ വാക്കുകള്‍ വിശ്വസിക്കരുത്. ബ്രിഗേഡിയര്‍ രാജ തന്നെ പറയുന്നു, മാര്‍ച്ച് പാസ്റ്റിനൊപ്പം നടക്കാന്‍ പാടില്ല, ദേ അവിടെവരെയേ പോകാന്‍ പറ്റൂ എന്നവരോട് പറഞ്ഞതാണ് എന്ന്. തീര്‍ത്തും അജ്ഞാതയായ ഒരു സ്ത്രീയോട് ദേ അവിടെ വരെ വേണേല്‍ പൊക്കോ എന്നു പറയാന്‍ ബ്രിഗേഡിയര്‍ക്കു സാധിക്കുമോ ? ആ സ്ത്രീ ഇന്ത്യക്കാരിയാണെന്നത് കണ്ടാലറിയാം. ആരുടെ ആരാണ് എന്നതുമാത്രമേ അറിയാനുള്ളൂ. പൊട്ടന്‍കളി അവസാനിപ്പിക്കുമ്പോള്‍ അതും പറയുമായിരിക്കും.

സംശയം ചോദിക്കുകയാണ്- ഒളിംപിക്സില്‍ ഇന്ത്യയ്‍ക്ക് ഒലക്ക കിട്ടും എന്നു മുന്‍കൂട്ടിയറിയാവുന്ന അധികൃതര്‍ മാധ്യമങ്ങളുടെ അണ്ഡകടാഹത്തിലേക്ക് എറിഞ്ഞുകൊടുത്ത ഇരയായിരിക്കുമോ അവള്‍ ?

ചെറിയ ബുദ്ധിയില്‍ തോന്നിയത്- 48 മണിക്കൂറിനകം അവളെ പൊക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് കേസ് ഇങ്ങോട്ടിട്. ഏത് കാട്ടില്‍പ്പോയൊളിച്ചാലും വിന്‍സന്‍ എം. പോളും സംഘവും അവളെ പൊക്കിയിരിക്കും. സത്യം മണി മണി പോലെ പറയിച്ചിരിക്കും. അല്ലേ ? ഉവ്വോ ?

Update@15:25|29-07-2012: ഇന്ത്യന്‍ കായികതാരങ്ങളെ അവഹേളിച്ചുകൊണ്ട് ഒളിംപിക് പരേഡിന്റെ മുന്നില്‍ വിലസിയ അലവലാതിയെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു. പേര് മധുര ഹണി. ബാംഗ്ലൂരില്‍ നിന്നുള്ള പിജിക്കാരി. കുറച്ചുനാളായി ലണ്ടനില്‍. ഇന്ത്യന്‍ ടീമിനോടൊപ്പം പോകുന്നുണ്ട് എന്നു പറഞ്ഞ മധുര ഒളിംപിക് പാസ്സും ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്രേ. സംഗതി വിവാദമായതോടെ ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തു മുങ്ങി.

കുറ്റിപ്പുറത്തെ കാമുകന്‍മാര്‍

കുറ്റിപ്പുറം റയില്‍വേ സ്റ്റേഷന്‍ ഓരോ ദിവസവും ഉണരുന്നത് ആശങ്കയോടെയാണ്. ഇന്നാരാണ് തന്റെ കാമുകനെത്തേടി ട്രെയിനിറങ്ങുന്നത് എന്നാശങ്കപ്പെടാതിരിക്കാന്‍ കുറ്റിപ്പുറംകാര്‍ക്കുമാവില്ല.കാരണം, ഈ മാസം ഇത് മൂന്നാമത്തെ കാമുകിയെ ആണ് കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്നു പൊലീസ് വീണ്ടെടുത്ത് കുടുംബത്ത് തിരിച്ചേല്‍പിക്കുന്നത്. എല്ലാ കാമുകിമാരെയും അവിടെത്തിച്ചു മുങ്ങുന്ന കാമുകന്‍ ഒരാളോ അതോ പലരോ ? കാരണം, എല്ലാ പെണ്‍കുട്ടികള്‍ക്കും കാമുകനെ അറിയാവുന്നത് മൊബൈല്‍ ഫോണിലൂടെയാണ്.ഒരു ഘട്ടത്തില്‍ കാമുകന്റെ കോളുകളില്ലാതാകുമ്പോള്‍ അടങ്ങാനാവാത്ത അഭിനിവേശത്തോടെ പാവം സ്ത്രീഹൃദയം കൊച്ചിനെയുമെടുത്ത് ട്രെയിന്‍ കയറുകയാണ്.

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ കാമുകനെത്തേടിയെത്തിയ സ്ത്രീകളുടെ കണക്കെടുപ്പ് ഞാനുദ്ദേശിക്കുന്നില്ല. എങ്കിലും ഈ മാസം മാത്രം മൂന്ന് സ്ത്രീകള്‍ ഒരേ കാരണങ്ങളാല്‍ ഒരേ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു എന്നത് നമ്മള്‍ നിസ്സാരമായി കാണരുത്.മൂവരും വിവിധ ദേശങ്ങളില്‍ നിന്ന്, വിവിധ സംസ്കാരങ്ങളില്‍ നിന്നാണ് തന്റെ കാമുകനെ തേടി വന്നത്.ചിലപ്പോള്‍ കുറ്റിപ്പുറത്തെ ചെറുപ്പക്കാരുടെ പൊതുവായ സവിശേഷതകളില്‍ ആകൃഷ്ടരായി മൊബൈല്‍ ഫോണിലൂടെയുള്ള സംഭാഷണത്തെത്തുടര്‍ന്ന് പുറപ്പെട്ടു പോരുന്നതാവാം. ഇനി, എല്ലാ കാമുകിമാര്‍ക്കുമുള്ളത് ഒരേയൊരു കാമുകനാണെങ്കില്‍ അയാളൊരു സംഭവമാണ്.മൂന്നു പെണ്ണുങ്ങള്‍,കാമുകന്‍,ട്രെയിന്‍,റയില്‍വേ സ്റ്റേഷന്‍…കുട്ടിസ്രാങ്കിനെപ്പോലെ ഒരു റയില്‍വേ സ്രാങ്ക്.

ഈ മാസം ആദ്യം കുറ്റിപ്പുറത്ത് എത്തുന്നത് തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായ കൊല്ലംകാരിയാണ്.രാവിലെ തൃശൂരു നിന്നു പുറപ്പെട്ട കുട്ടി ഉച്ചയ്‍ക്ക് കാമുകന്‍ പറഞ്ഞ കടയിലെത്തിയപ്പോള്‍ കാമുകന്റെ പൊടിപോലുമില്ല. തന്റെ പ്രണയം ഊഞ്ഞാലാകുമെന്നു തോന്നിയ പെണ്‍കുട്ടി അവിടെ വച്ച് ആത്മഹത്യാഭീഷണി മുഴക്കിയപ്പോള്‍ പൊലീസെത്തി.വര്‍ഷങ്ങളായുള്ള മൊബൈല്‍ പ്രണയത്തിനൊടുവില്‍ ഒരു വര്‍ഷം മുമ്പ് കാമുകന്‍ തൃശൂര് ചെന്ന് പെണ്‍കുട്ടിയെ കണ്ട ശേഷം അങ്ങേരു ഫോണ്‍ എടുത്തിട്ടില്ലത്രേ. എസ്എംഎസുകള്‍ കണ്ട മട്ടില്ല.വിളിച്ചു വിളിച്ചു കൈ കുഴഞ്ഞ കാമുകി കുറ്റിപ്പുറത്ത് ചെന്ന് കാമുകനെ കയ്യോടെ പൊക്കാനിറങ്ങിയതാണ്. വേണോങ്കില്‍ കേസെടുത്ത് പയ്യനെ പൊക്കി അകത്തിടാം എന്നു പൊലീസ് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി സമ്മതിച്ചില്ല.എന്നെങ്കിലും അവന്‍ ഫോണെടുക്കുമെന്ന പ്രതീക്ഷയില്‍ അവള്‍ പൊലീസ് വിളിച്ചുവരുത്തിയ വീട്ടുകാരോടൊപ്പം മടങ്ങി.

തൊട്ടടുത്തയാഴ്ചയിലാണ് അടുത്ത കാമുകിയുടെ വരവ്.ഇത്തവണ വയനാട്ടില്‍ നിന്നാണ്. പശ്ചാത്തലം എല്ലാം സെയിം. മൊബൈല്‍ ഫോണിലൂടെ ഹൃദയങ്ങള്‍ കൈമാറി ഒന്നായ വ്യക്തികള്‍.പക്ഷേ,വീട്ടില്‍ കെട്ടിയോനും കൊച്ചുമുണ്ടെന്നു മാത്രം.ഒരിക്കല്‍ കാമുകന്‍ വിളിച്ചപ്പോള്‍ കെട്ടിയോന്‍ ഫോണെടുത്തു. എടുത്തതേ വല്ല ഉമ്മയോ മറ്റോ കൊടുത്തു കാണും. എന്തായാലും സംഗതി പ്രശ്നമായി.സംഘര്‍ഷം മൂത്തപ്പോള്‍ അവള്‍ കാമുകനെ അങ്ങോട്ടു വിളിച്ചു,താന്‍ എല്ലാം ഉപേക്ഷിച്ച് പ്രാണനാഥന്റെ കുറ്റിപ്പുറത്തേക്ക് വരികയാണെന്നു പ്രഖ്യാപിച്ചു കൊച്ചിനെയുമെടുത്ത് പുറപ്പെട്ടു. കാമുകി അതിരാവിലെ കുറ്റിപ്പുറം സ്റ്റേഷനില്‍ വന്നിറങ്ങിറങ്ങിയപ്പോഴേക്കും കാമുകന്‍ സ്വിച്ച് ഓഫ് ആയി. അവന്‍ സ്വിച്ച് ഓഫാകാന്‍ തീരുമാനിച്ചുറച്ചു തന്നെയായിരുന്നു.

മണിക്കൂറുകള്‍ സ്റ്റേഷനില്‍ കാത്തുനിന്നിട്ടും കാമുകന്റെ സ്വിച്ച് ഓണായില്ല. നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ കാമുകി കാര്യം പറഞ്ഞു. തങ്ങളിതെത്ര കണ്ടതാണെന്ന മട്ടില്‍ അവര്‍ പൊലീസിലറിയിച്ചു. നാട്ടിലെ നിയമവാഴ്ചയില്‍ വിശ്വാസമുണ്ടായിരുന്ന കാമുകിയുടെ ഭര്‍ത്താവ് ഭാര്യയെ കാണാതായെന്നു പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നതുകൊണ്ട് കുറ്റിപ്പുറം പൊലീസിനു പണി എളുപ്പമായി. അവര്‍ ഇപ്പോള്‍ സന്തോഷമായി ജീവിക്കുന്നുണ്ടാവും എന്നാശ്വസിക്കാം.

ഇതു രണ്ടും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് ഇന്നലെ മൂന്നാമത്തെ കാമുകി കുറ്റിപ്പുറത്ത് ലാന്‍ഡ് ചെയ്തത്.ഭര്‍ത്താവ് വിദേശത്തുള്ള രണ്ടു കുട്ടികളുടെ അമ്മയായ തൃത്താല സ്വദേശിയായ 30കാരിയും മൊബൈല്‍ ഫോണ്‍ കാമുകനെത്തേടിയാണ് രാവിലെ ഏഴരയ്‍ക്ക് കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്.ആണായിപ്പിറന്ന നമ്മുടെ കാമുകന്‍ പതിവുപോലെ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. റയില്‍വേ സ്റ്റേഷന്‍ പരിസരത്തുകൂടെ ആരെയോ തിരയുന്ന കണ്ണുകളുമായി കറങ്ങി നടന്ന സ്ത്രീയെ കണ്ടതോടെ ടാക്‍സി ഡ്രൈവര്‍മാര്‍ക്ക് കാര്യം മനസ്സിലായി.അവര്‍ പൊലീസിലറിയിക്കുകയും സംഗതി ശീലമായ കുറ്റിപ്പുറം പൊലീസ് യുവതിയുടെ വീട്ടില്‍ വിവരമറിയിക്കുകയും ബന്ധുക്കള്‍ വന്ന് ഓളെ കൂട്ടിക്കൊണ്ടു പോവുകേം ചെയ്തു.

ഇന്ന് ഇതുവരെ എത്ര കാമുകിമാര്‍ അവിടെ ട്രെയിനിറങ്ങി എന്നെനിക്കറിയില്ല.നാളെയും മറ്റന്നാളുമൊക്കെ ചിലപ്പോള്‍ കാമുകിമാര്‍ വന്നേക്കും. യാത്രക്കാരുടെ ക്ഷേമം സംരക്ഷിക്കുന്നതിനു വേണ്ടി കാറ്ററിങ് തൊഴിലാളികളെ നിരോധിക്കുകയും അവന്മാരെ അറസ്റ്റ് ചെയ്യുകയും പിഴയീടാക്കുകയുമൊക്കെ ചെയ്യുന്ന റയില്‍വേ തമ്പ്രാക്കന്മാര്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ കാമുകനെത്തേടി വരുന്ന വീട്ടമ്മമാര്‍ക്കു സ്വാഗതം എന്നോ മറ്റോ ഒരു ബാനര്‍ വച്ചിരുന്നെങ്കില്‍ അവരുടെ ഈ അലച്ചില്‍ ഒഴിവാക്കാമായിരുന്നു.സംഗതിയുടെ ട്രാക്ക് പിടികിട്ടിയ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ ബീറ്റ് പൊലീസിനെ കൂടി നിയമിച്ചാല്‍ നാലാളറിയാതെ പ്രശ്നം ഡീല്‍ ചെയ്യാം.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് അണുബോംബിന്റെ ഫ്യൂസ് ഊരുന്നതുപോലെ മഹത്തായ പ്രക്രിയ ആണെന്നു വിശ്വസിക്കുന്ന കാമുകന്മാരോട് രണ്ടു വാക്ക്. ശേഷിക്കുറവ് ഒരു കുറ്റമല്ല. മനോദൗര്‍ബല്യവും ഒരു പാപവുമല്ല. രണ്ടും കൂടി ഒരുമിച്ചു വന്നാല്‍ വീട്ടില്‍ അമ്മച്ചിയോട് പറഞ്ഞ് വല്ല മുള്ളുമുരിക്കും വച്ചുപിടിപ്പിക്കുന്നതാണ് നല്ലത്. വെറുതെ ഡെസ്‍പെരേറ്റ് ഹൗസ്‍വൈവ്‍സിനെ പ്രകോപിപ്പിച്ചിട്ട് അവര്‍ക്കൊരു ജീവിതം കൊടുക്കാനുള്ള ശേഷിയില്ലെങ്കില്‍ ആണുങ്ങളുടെ വില കളയുന്ന പരിപാടിക്കു പോകരുത്, പ്ലീസ്… ( ദേ അവള്‍ വിളിക്കുന്നു, ഒന്നു സ്വിച്ച് ഓഫ് ചെയ്‍തോട്ടെ).