ഉമ്മന്‍ ചാണ്ടി ഷെയര്‍ ചെയ്യുന്നത്

ഉമ്മന്‍ ചാണ്ടി അത്യുന്നതനായ നേതാവാണെന്നും സരിത നായര്‍ വെറുമൊരു തട്ടിപ്പുകാരി ആണെന്നും കേരളത്തിലെ നല്ലൊരു ശതമാനം ആളുകളും വിശ്വസിക്കുന്നു. ആ ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കുന്നതും വിശ്വസിക്കുന്നതും അപ്രകാരം പ്രചരിപ്പിക്കുന്നതും വലിയ ക്രൂരതയാണെന്നാണ് പല കോണ്‍ഗ്രസുകാരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ പിടിച്ചു നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും സരിതയുടെ സാരിത്തുമ്പേയുള്ളൂ എന്നത് അത്യുന്നതന്‍ തന്നെ തുറന്നു കാണിക്കുമ്പോള്‍ ഏഴാംകൂലികളായ നമ്മളൊക്കെ എത്ര നിസ്സാരന്‍മാര്‍.

തിരഞ്ഞെടുപ്പു കാലത്ത് സജീവപ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതിനു വേണ്ടി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച വെബ്‌സൈറ്റ് ആണ് ഉമ്മന്‍ചാണ്ടി ഡോട്ട് നെറ്റ്. അതില്‍ അദ്ദേഹം തനിക്ക് അനുകൂലമായ പല പല വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍, യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നിങ്ങന വിവിധ വിഭാഗങ്ങളിലായി പലതരം വാര്‍ത്തകളും വിഭവങ്ങളും സമ്പല്‍സമൃദ്ധമായ വെബ്‌സൈറ്റിലുണ്ട്. അതോടൊപ്പമുള്ള ഒന്നാണ് കുമാരി സരിത നായരുടെ അഭിമുഖത്തിന്റെ ശകലം.

ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന സരിതയുടെ ആരോപണം ഇന്ത്യാ ടുഡേ അഭിമുഖത്തിലും മാധ്യമത്തിലും വന്നതാണ് ഉമ്മന്‍ ചാണ്ടി തന്റെ വെബ്‌സൈറ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അത് അദ്ദേഹം ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പ്രസ്താവനകളോടൊപ്പം സരിത എസ് നായരുടെ ആരോപണവും തുല്യപ്രധാന്യത്തോടെ ഷെയര്‍ ചെയ്യാന്‍ ആര്‍ജ്ജവം കാണിച്ച ഉമ്മന്‍ ചാണ്ടി അഭിനന്ദനമര്‍ഹിക്കുന്നു. സരിതയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നൊക്കെ പറഞ്ഞ് ഇത്രയും കാലം ഉരുണ്ടുകളിച്ചത് എന്തിനായിരുന്നു എന്നാണ് മനസ്സിലാവാത്തത്.

സരിത നായരെ നാട്ടുകാര്‍ക്കു വലിയ വിശ്വാസമൊന്നുമില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് തികഞ്ഞ വിശ്വാസമാണ് എന്നതിന്റെ തെളിവാണ് സ്വന്തം വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്കിലും അദ്ദേഹം സരിതയുടെ അഭിമുഖത്തില്‍ നിന്നുള്ള ഭാഗം ഷെയര്‍ ചെയ്തിരിക്കുന്നത്. വെറുമൊരു ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സരിതയെപ്പോലുള്ള ഒരു സ്ത്രീക്ക്് (സംരംഭക) സിപിഎം പോലുള്ളൊരു പാര്‍ട്ടി 10 കോടി രൂപ ഓഫര്‍ ചെയ്തു എന്നത് വളരെ വിലയേറിയ ഒരു ആരോപണമാണ്. ഉമ്മന്‍ ചാണ്ടി അത് പലവട്ടം ഷെയര്‍ ചെയ്യുമ്പോള്‍ സരിതയുടെ ആരോപണത്തിന്റെ അടിയില്‍ മുഖ്യമന്ത്രി അറ്റസ്റ്റ് ചെയ്യുന്ന ഒരു ഇഫക്ട് ആണ്. മുഖ്യമന്ത്രിയെ മാത്രമല്ല കുമാരി സരിതയെയും മലയാളികള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ എജി കോടതിയില്‍ നടത്തിയ പെര്‍ഫോമന്‍സ് സരിതയെ ഇനി ഒരു തരത്തിലും വേദനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല എന്ന സൂചനയാണ് നല്‍കുന്നത്. സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെടാത്ത വിഎസിന് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നാണ് സര്‍ക്കാര്‍ എജി കോടതിയില്‍ വാദിച്ചത്.

ഇതെല്ലാം കൂട്ടിവച്ചു വായിക്കുമ്പോള്‍ സാധാരണക്കാരന് കാര്യങ്ങള്‍ ഏറെക്കുറെ പിടികിട്ടുന്നുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ 10 കോടി രൂപ ഓഫര്‍ ചെയ്തിട്ടും സത്യം, നീതി, ധര്‍മം എന്നിവയില്‍ വ്യതിചലിക്കാതെ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്ന സരിത തീര്‍ച്ചയായും മഹത്വമുള്ളവളാണ്. ആ സരിതയ്‌ക്കെതിരെ, സരിതയുടെ സംരംഭങ്ങള്‍ക്കെതിരെ ഒരാക്ഷേപവും ഉന്നയിക്കാന്‍ ആരെയും അനുവദിക്കരുത്. ഉമ്മന്‍ ചാണ്ടിയെ എനിക്കു വിശ്വാസമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞാല്‍ സരിതയെയും വിശ്വസിക്കാം.

മുല്ലപ്പൂ വിപ്ലവം അഥവാ സാങ്കേതികതടസ്സം

പുടിന്‍ യുക്രൈയ്‌നോടു ചെയ്യുന്നതും റഡിസന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫാറുഖി ഇന്ത്യാവിഷന്‍ ജീവനക്കാരോടു ചെയ്യുന്നതും താരതമ്യം ചെയ്യാവുന്ന കാര്യങ്ങളല്ല. പുടിന്റെ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന, പുടിനെ വാഴ്ത്തുന്ന ചാനലില്‍ നിന്നും വാര്‍ത്താവായനക്കിടെ രാജി വച്ച റഷ്യ ടുഡേ ന്യൂസ് ചാനലിലെ അവതാരകയുടെ വാര്‍ത്ത കഴിഞ്ഞയാഴ്ച കൊടുത്ത ഇന്ത്യാവിഷന് നിര്‍ണായകമായ ഈ തിരുമാനത്തിനുള്ള ആശയം ലഭിച്ചത് ആ വാര്‍ത്തയില്‍ നിന്നു തന്നെയാവണം.കേരളത്തെ ബ്രേക്കിങ് ന്യൂസുകള്‍ കൊണ്ടു ഞെട്ടിച്ച റിപ്പോര്‍ട്ടര്‍മാരുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ ജീര്‍ണതകള്‍ക്കെതിരെ നല്ല നമസ്‌കാരം പറഞ്ഞുകൊണ്ടിരുന്ന ജയശങ്കരന്‍മാരുടെയും ഈറ്റില്ലമായ ഇന്ത്യാവിഷന്‍ ന്യൂസ് ടീം ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ കേരളത്തിലെ മാധ്യമരംഗത്തെ മുല്ലപ്പൂവിപ്ലവത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്നു പറയാം.

മനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇന്ത്യാവിഷന്‍ വാര്‍ത്താസംഘം ഒന്നടങ്കം പ്രവര്‍ത്തനം നിര്‍ത്തി പ്രേക്ഷകരെ ഞെട്ടിച്ചത് എന്നിരിക്കെ, സാങ്കേതികകാരണങ്ങളാലാണ് സംപ്രേഷണം മുടങ്ങിയത് എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇന്ത്യവിഷന്‍ പ്രേക്ഷകര്‍ പോളിടെക്‌നിക് പഠിക്കാത്തവരായതുകൊണ്ട് സാങ്കേതികകാരണം എന്നു വച്ചാല്‍ എന്താണെന്ന് അവര്‍ക്കു മനസ്സിലാകില്ല എന്നാവണം മുന്‍വിധി. അല്ലെങ്കിലും നാണക്കേടുണ്ടാക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നാല്‍ സിനിമാക്കാര്‍ അതിനെ മോര്‍ഫിങ് എന്നു വിളിക്കുന്നതുപോലെ പുറത്തു പറയാന്‍ കൊള്ളാത്ത കാരണങ്ങളെയെല്ലാം സാങ്കേതികകാരണങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത് ക്ലീഷേയായിട്ടുണ്ട്.

ഇന്ത്യാവിഷനിലെ സാങ്കേതികപ്രശ്‌നങ്ങളെപ്പറ്റി ജീവനക്കാര്‍ തന്നെ ഇന്ത്യാവിഷന്‍ വെബ്‌സൈറ്റില്‍ ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ചിരുന്നു. അത് വാര്‍ത്ത ചുരണ്ടി ന്യൂസ് സൈറ്റുകള്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട ചാനലിലെ മാനേജ്‌മെന്റ് തലത്തിലുള്ള അഴിമതിക്കെതിരെ ജീവനക്കാര്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം.പി.ബഷീര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കുകയും അതില്‍ പ്രതിഷേധിച്ച് വാര്‍ത്താസംഘം ഒന്നടങ്കം പ്രവര്‍ത്തനം നിര്‍ത്തുകയുമായിരുന്നു. സമരത്തില്‍ പങ്കെടുക്കുന്നില്ലാത്ത ജീവനക്കാരുടെ സഹായത്തോടെ പുതിയ നിയമനങ്ങള്‍ നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ജീവനക്കാര്‍ വിശദീകരണക്കുറിപ്പു പുറത്തിറക്കിയ ഇന്ത്യാവിഷന്‍ വെബ്‌സൈറ്റിന്റെ പ്ലഗ് ഇന്നലെ വലിച്ചൂരിയത് ഇതുവരെ കുത്തിയിട്ടില്ല.

പുടിനെ വെള്ളപൂശുന്നതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞയാഴ്ച റഷ്യ ടുഡേയിലെ അവതാരക ലിസ് വാള്‍ ലൈവായി രാജിവച്ചൊഴിഞ്ഞത്. റഷ്യ-യുക്രെയ്ന്‍ രാഷ്ട്രീയസംഭവവികാസങ്ങള്‍ ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായതുകൊണ്ട് ലിസ്‌മോള്‍ടെ രാജിയും ലോകശ്രദ്ധ നേടി. അങ്ങനെയാണ് കഴിഞ്ഞയാഴ്ച ഇന്ത്യാവിഷനും അത് വാര്‍ത്തയാക്കിയത്. ദൃശ്യം സിനിമ കണ്ടതിനു ശേഷം കേരളത്തില്‍ കുറ്റവാളികള്‍ പെരുകിയിട്ടുണ്ടെന്നു പറയുന്നത് ശരിയാണെങ്കില്‍ ഇന്ത്യാവിഷനിലെ സാങ്കേതികപ്രശ്‌നങ്ങള്‍ക്കു കാരണം ലിസിന്റെ രാജിയും അതിനു കാരണമായ യുക്രെയ്ന്‍ പ്രതിസന്ധിയുമാണെന്നു വാദിക്കാവുന്നതേയുള്ളൂ.

മൊത്തത്തില്‍ മാധ്യമരംഗത്ത് മുല്ലപ്പൂവിപ്ലവത്തിന്റെ സമയമായതുകൊണ്ടാവാം മാതൃഭൂമി മുതലാളി എം.പി.വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ അത്താഴം മുടക്കുമെന്ന ഭീഷണിയുമായി ഒരു മാതൃഭൂമി ജീവനക്കാരന്‍ തന്നെ രംഗത്തെതതിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പളവര്‍ധന നല്‍കണമെന്നാവശ്യപ്പെട്ടതിനു പ്രതികാരമായി മാതൃഭൂമി ഗുാഹത്തിയിലേക്കു സ്ഥലം മാറ്റിയ ലേഖകന്‍ കെ.ശ്രീജിത്താണ് പാലക്കാട്ട് വീരനെതിരെ മല്‍സരിക്കുന്നത്. ജനങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യവാദിയും സാംസ്‌കാരികനായകനുമായി അറിയപ്പെടുന്ന വീരേന്ദ്രകുമാര്‍ ഒരു സമരത്തിന്റെ പേരില്‍ മാതൃഭൂമിയിലെ ജീവനക്കാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ കഥകള്‍ ലോകത്തെ അറിയിക്കാന്‍ മറ്റു വഴികളൊന്നുമില്ലാത്തതുകൊണ്ടാണ് പാലക്കാട്ട് മല്‍സരിക്കുന്നത് എന്നാണ് ശ്രീജിത് പറയുന്നത്.

ഒരേ ഷര്‍ട്ട് 100 ദിവസം ഇടുന്നവരെ സ്ത്രീകള്‍ക്ക്‌ ഇഷ്ടമാവുമോ എന്തോ ?

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്നു പറഞ്ഞതു പോലെയാണ് ഈ ഷര്‍ട്ടിന്റെ കാര്യവും. അതിന്റെയൊരു വടിവും പുത്തന്‍ലുക്കും മണവുമൊക്കെ കണ്ടാല്‍ അലക്കുകയോ തേയ്ക്കുകയോ ചെയ്യാതെ ഷര്‍ട്ടുമുതലാളി 100 ദിവസമായി ഇട്ടുകൊണ്ടിരിക്കുകയാണെന്നു തോന്നില്ല. ചില നിരാഹാരസത്യഗ്രഹക്കാര്‍ രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നതുപോലെ ഈ ഷര്‍ട്ടും രാത്രിയില്‍ ആരും കാണാതെ അലക്കി ഇസ്തിരിയിടുന്നുണ്ടാവും എന്ന് ആരോപിക്കരുത്. പരീക്ഷണഘട്ടത്തില്‍ ഷര്‍ട്ട് കമ്പനിയുടെ മുതലാളി തന്നെ 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ധരിച്ച് സംഗതി തെളിയിച്ചതാണ്.

ഷര്‍ട്ട്: വൂള്‍ ആന്‍ഡ് പ്രിന്‍സ്
മുതലാളി: മാക്

ചെളിയോ ദുര്‍ഗന്ധമോ ഇല്ലാതെ പുതുപുത്തനായി 100 ദിവസം വരെ അലക്കാതെയും ഇസ്തിരിയിടാതെയും തുടര്‍ച്ചയായി ഇടാന്‍ കഴിയുന്ന ഷര്‍ട്ട് ആണ് വൂള്‍ ആന്‍ഡ് പ്രിന്‍സ്. പരമാവധി സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഷര്‍ട്ടിനു വേണ്ടി ആറു മാസം മുമ്പ് ആരംഭിച്ച പരീക്ഷണമാണ് വൂള്‍ ആന്‍ഡ് പ്രിന്‍സിന്റെ അണിയറക്കാരായ ചെറുപ്പക്കാരെ ഈ വൂള്‍ ഷര്‍ട്ടിലെത്തിച്ചത്. ഭീകരമാജിക്കൊന്നും ഇതിന്റെ പിന്നിലില്ല. ഉന്നതനിലവാരമുള്ള കമ്പിളിനൂലും അല്‍പം വൂള്‍ സയന്‍സും മാത്രം. കമ്പിളിക്ക് വിയര്‍പ്പ് വലിച്ചെടുക്കാനും അത് പിടിച്ചുനിര്‍ത്താതെ നീരാവിയാക്കാനുമുള്ള കഴിവാണ് ഷര്‍ട്ടിന്റെ രഹസ്യം.

പരുത്തിയെക്കാള്‍ ആറിരട്ടി നിലനില്‍ക്കുന്നതാണ് കമ്പിളി എന്നാണ് കണ്ടെത്തല്‍. പ്രകൃതിദത്തമായി തന്നെ ചുളിവുകളും ദുര്‍ഗന്ധവും ചെറുക്കുന്ന കമ്പിളിയുടെ സ്വാഭാവികസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂ എന്നാണ് കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെ ധനസമാഹരണം നടത്തുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത്.

അലക്കുകയോ ഇസ്തിരിയുകയോ ചെയ്യാതെ കമ്പനിയുടമയായ മാക് 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ചുളിവോ ദുര്‍ഗന്ധമോ ഇല്ലാതെ ധരിച്ചു പരീക്ഷണം പൂര്‍ത്തിയാക്കിയതോടെയാണ് വൂള്‍ ആന്‍ഡ് പ്രിന്‍സ് ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. 100 ദിവസം പേരിന് ധരിക്കുകയല്ല, മുഴുവന്‍ ദിവസവും ഷര്‍ട്ട് ധരിച്ച് സൈക്ലിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങളിലും നിരവധി ജോലികളിലും മുഴുകിയാണ് ജീവിച്ചത്. എല്ലാ ദിവസവും ഹാംഗറില്‍ ഒരു മണിക്കൂര്‍ വീതം തൂക്കിയിട്ടതാണ് ഷര്‍ട്ടിന് ആകെ ലഭിച്ച വിശ്രമം. നിലവില്‍ തിരഞ്ഞെടുത്ത 15 പേര്‍ക്കായി ഷര്‍ട്ടുകള്‍ പരീക്ഷണധാരണത്തിനു നല്‍കിയിരിക്കുകയാണ്. കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെയുള്ള ധനസമാഹരണം വിജയിച്ചാല്‍ കമ്പനി ഉടനടി പ്രവര്‍ത്തനമാരംഭിക്കും. ഷര്‍ട്ടൊന്നിന് ഏകദേശം 5000 രൂപ വിലയാകും. അലക്ക് കുളി എന്നിവയില്‍ വിശ്വാസമില്ലാത്തവര്‍ സന്ദര്‍ശിക്കുക: woolandprince.com

കാശു കൊടുക്കാന്‍

ഏതു കലാപരിപാടിയാണെങ്കിലും സ്റ്റേജിസ്‍ കയറും മുമ്പ് പണം വാങ്ങണം എന്നാണ് നിയമം. സംഗതി കഴിഞ്ഞാല്‍ സംഘാടകരെ കണ്ടെന്നു വരില്ല. ചിലപ്പോള്‍ പരിപാടി മുഴുമിക്കുന്നതിനു മുമ്പ് ഓടി രക്ഷപെടേണ്ടതായി വരും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ സംഘാടകനും അവതാരകനുമായുള്ള ബന്ധം ഷോയ്‍ക്ക് മുമ്പേ അവസാനിക്കുകയാണ്. വെബ് ഡിസൈനര്‍മാരുടെ കാര്യം പക്ഷേ അങ്ങനെയല്ല. വെബ്സൈറ്റിന്‍റെ ആവശ്യം ഉല്‍പന്നത്തിന്‍റെ ലോഞ്ചിങ് വരെയാണ് എന്നാണ് പല സംഘാടകരും വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ലോഞ്ചിങ് കഴിഞ്ഞാല്‍ കാശു കൊടുക്കുന്ന കാര്യത്തില്‍ പലരും പിന്നിലാണ്. ചെയ്ത പണിക്കു പ്രതിഫലം വാങ്ങാന്‍ പിന്നാലെ നടക്കുക എന്നതാണ് ഇന്ന് പല വെബ് ഡിസൈനര്‍മാരുടെയും പ്രധാനപണി.

സൂപ്പര്‍സ്റ്റാര്‍ അനുപ് മേനോന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച നമുക്കു പാര്‍ക്കാന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്‍ക്കും ഒരു വെബ്സൈറ്റ് ഉണ്ടായിരുന്നു. പടം ബോക്സ് ഓഫിസ് തൂത്തുവാരി കൊണ്ടുപോയപ്പോള്‍ അതിന്‍റെ സംഘാടകര്‍ വെബ്സൈറ്റ് ഉണ്ടാക്കിയവരെ മറന്നു എന്നാണ് വെബ്സൈറ്റ് പറയുന്നത്. എന്തായാലും നമുക്കു പാര്‍ക്കാന്‍ എന്ന സിനിമയുടെ വെബ്സൈറ്റില്‍ വളരെ വേദനയോടെ ഡിസൈനര്‍മാര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇതാണ്- സംവിധായകന്‍ കാശ് തന്നില്ല. Director didn’t give cash for our work.

സിനിമയിലെ ചെവുകള്‍ വഹിക്കുന്നത് സാധാരണയായി പ്രൊഡ്യൂസറോ എക്സിക്യുട്ടീവ് പ്രൊഡ്യൂസറോ ഒക്കെയാണെന്നാണ് കേള്‍വി. സംവിധായകന്‍ സിനിമയുടെ അമരക്കാരന്‍ എന്ന നിലയ്‍ക്ക് അദ്ദേഹം ഏല്‍പിക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് പ്രതിഫലം ലഭിക്കുന്നുണ്ട് എന്നുറപ്പു വരുത്താന്‍ ബാധ്യസ്ഥനാണ് എന്നു പറയാം. എന്തടിസ്ഥാനത്തിലാണ് നമുക്കു പാര്‍ക്കാന്‍ സിനിമയുടെ വെബ്ഡിസൈനര്‍മാര്‍ ഈ പേജ് നല്‍കിയിരിക്കുന്നത് എന്നറിയില്ല. ചെയ്ത പണിക്കു പ്രതിഫലം കിട്ടാത്തതിലുള്ള വേദന കൊണ്ടു തന്നെയാവണം. വെബ്സൈറ്റിന്‍റെ ഹോംപേജ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മറ്റ് ലിങ്ക് പേജുകള്‍ക്കു പകരം പണം കിട്ടാത്തതിന്‍റെ വേദന പങ്കുവച്ചിരിക്കുകയാണ് ഡിസൈനര്‍മാര്‍. www.namukkuparkkan.com/cash എന്നാണ് മറ്റു ലിങ്കുകളുടെ പേര്. സങ്കടം വരും.

ജോയി തോമസ് ശക്തികുളങ്ങര നിര്‍മിച്ച് അജി ജോണ്‍ സംവിധാനം ചെയ്ത സിനിമയുടെ ഹോം വിഡിയോ വരെ ഇറങ്ങിക്കഴിഞ്ഞ നിലയ്‍ക്ക് ഇനി വെബ്സൈറ്റ് ഡിസൈന്‍ ചെയ്തവരെ പൈസ കൊടുത്ത് പിരിച്ചുവിടുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. വലിയ വലിയ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ ഇതിന്‍റെ കാര്യം അവര്‍ മറന്നുപോയതാവാനും മതി. എന്തായാലും പയ്യന്‍മാര്‍ ഓര്‍മിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക് സംഗതിക്ക് എത്രയും വേഗം പരിഹാരമുണ്ടാകും എന്നു പ്രതീക്ഷിക്കാം.

ടെക്‌നോMIx | ഓഗസ്റ്റ് 22

ഗൂഗിളിന്റെ ഓപണ്‍സോഴ്‌സ് വെബ് ബ്രൗസറായ ക്രോം കൂടുതല്‍ സുരക്ഷിതവും കരുത്തുള്ളതുമാക്കാന്‍ ഗൂഗിള്‍ ഹാക്കര്‍മാരെ വെല്ലുവിളിക്കുന്നു. ക്രോമിന്റെ പോരായ്മകള്‍ കണ്ടെത്തി ക്രോം ഹാക്ക് ചെയ്യുന്നവര്‍ക്കാണ് 10 കോടി രൂപയുടെ സമ്മാനങ്ങള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10ന് ക്വാലലംപൂരില്‍ നടക്കുന്ന ഹാക്ക് ഇന്‍ ദ് ബോക്‌സ് പത്താം വാര്‍ഷികത്തിനാണ് മല്‍സരം നടത്തുന്നത്. വിവിധ വിഭാഗങ്ങളിലായാണ് മല്‍സരം. ക്രോമിന്റെ പോരായ്മകള്‍ കൊണ്ടു മാത്രം ക്രോം ഹാക്ക് ചെയ്യുന്നവര്‍ക്ക് 33 ലക്ഷം രൂപയാണ് സമ്മാനം. ക്രോമിലെ ഏതെങ്കിലും ഒരു പോരായ്മ കൊണ്ട് ഭാഗികമായെങ്കിലും ഹാക്ക് ചെയ്താല്‍ 27 ലക്ഷം രൂപ ലഭിക്കും. ക്രോമിലെ അല്ലാതെയുള്ള തകരാറുകള്‍ കൊണ്ട് ക്രോം ഹാക്ക് ചെയ്യുന്നവര്‍ക്ക് 22 ലക്ഷം രൂപയും ലഭിക്കും. മല്‍സരാര്‍ഥികള്‍ക്കു ഗൂഗിള്‍ സമ്മനിക്കുന്ന ഏസര്‍ അസ്പയര്‍ ലാപ്‌ടോപില്‍ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത ക്രോം തല്‍സമയം ഹാക്ക് ചെയ്ത് കാണിക്കുന്നവര്‍ക്കാണ് സമ്മാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് [Link]

സോഷ്യല്‍ മീഡിയയെപ്പറ്റി ഒരക്ഷരം പറയരുത്. പറഞ്ഞാല്‍ എന്തു സംഭവിക്കും എന്നു ചോദിക്കുന്നവര്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ അനുഭവം ഉണ്ടായേക്കാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പാലായനം ചെയ്യുന്ന സംഭവത്തെത്തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നിരോധിക്കണം എന്നു പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതിന്റെ പ്രതികാരമായി പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഓപറേഷന്‍ ഇന്ത്യ എന്ന അനോണിമസ് സംഘടന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരവും അതിന്റെ കാരണവും ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. ഇതേ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ 15 ദിവസത്തേക്ക് എസ്എംഎസ് നിയന്ത്രണമേര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ അലയടിക്കുന്നുണ്ട്. ഹാക്കിങ്ങിനിരയായ സമാജ്‌വാദി പാര്‍ട്ടി വെബ്‌സൈറ്റ് പുനസ്ഥാപിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് ടൈം ലൈനില്‍ പുതുതായി അവതരിപ്പിച്ച എക്‌സ്‌പെറ്റിങ് എ ബേബി ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വിവരം ഫേസ്ബുക്കിലൂടെ അറിയിക്കാനുള്ള ഔദ്യോഗിക സംവിധാനമാണ്. ഫേസ്ബുക്ക് ടൈംലൈനിലെ ലൈഫ് ഇവന്റിലെ ഫാമിലി ആന്‍ഡ് റിലേഷന്‍ഷിപ്‌സ് വിഭാഗത്തിലാണ് കുഞ്ഞുണ്ടാകാന്‍ പോകുന്ന വിവരം മാലോകരെ അറിയിക്കാനുള്ള ഓപ്ഷനുള്ളത്. അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമെല്ലാം വിവരം പങ്കുവയ്ക്കാം. ജനിക്കാന്‍ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ, ജനനത്തീയതി തുടങ്ങിയ വിവരങ്ങളും ഗര്‍ഭചിത്രങ്ങളുമൊക്കെ അപ്‌ലോഡ് ചെയ്യാം. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗപരിശോധന കര്‍ശനമായി നിരോധിച്ചിട്ടുള്ള ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും കൊണ്ട് കോളം പൂരിപ്പിക്കുമെന്ന് കരുതാം.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ ഉപജ്ഞാതാക്കള്‍ പുതിയൊരു സേവനവുമായി രംഗത്ത്. മീഡിയം എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് ട്വിറ്റര്‍ ലോഗിനും ആവശ്യപ്പെടുന്നു. മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ വ്യക്തികേന്ദ്രീകൃതമാണെങ്കില്‍ മീഡിയത്തിന്റെ കേന്ദ്രം അതിലെ ഉള്ളടക്കമായിരിക്കും. ഇതിന്റെ ഡിസൈനും യൂസര്‍ ഇന്റര്‍ഫേസുമെല്ലാം അത്തരത്തില്‍ ഒരുക്കിയിട്ടുള്ളതാണ്. ആരു പറയുന്നു എന്നതിനെക്കാള്‍ എന്തു പറയുന്നു എന്നതിനായിരിക്കും മീഡിയത്തില്‍ പ്രസക്തി. ചിത്രങ്ങളും കുറിപ്പുകളും അതിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കി കേന്ദ്രീകരിക്കപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യും. മറ്റുള്ളവരുടെ അമിതശ്രദ്ധയില്ലാതെ കാര്യങ്ങള്‍ പറയാനും പങ്കുവയ്ക്കാനുമാഗ്രഹിക്കുന്നവര്‍ക്ക് മീഡിയം ഇഷ്ടപ്പെടും. വിലാസം medium.com

References: Google Blog, Twitter, Medium, Facebook,  Cnet, Techtree, Thinkdigit, Huffington Post

ഒളിംപിക്‌സ് ഓണ്‍ലൈന്‍

ഒളിംപിക്‌സിന്റെ വ്യക്തിത്വം ഉടച്ചുവാര്‍ത്തുകൊണ്ട് ഒളിംപിക് കമ്മിറ്റിയും വിവിധ സ്‌പോര്‍ട്‌സ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ഇന്റര്‍നെറ്റില്‍ വലിയ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. മികച്ച 10 ഓണ്‍ലൈന്‍ ഒളിംപിക്‌സ് വെബ്‌സൈറ്റുകളും സേവനങ്ങളും പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. ഒളിംപിക് യൂ ട്യൂബ് ചാനല്‍

ഒളിപിക് ന്യൂസ് ചാനലിന്റെ തല്‍സമയ സ്ട്രീമിങ് ഇവിടെ ലഭ്യമാണ്. ഓണ്‍ ഡിമാന്‍ഡ് വിഡിയോകളും പ്രേക്ഷകരുടെ ഇഷ്ടപ്രകാരം പരിശോധിക്കാം.[Link]

2. ഒളിംപിക്‌സ് ഇന്ത്യ പേജ്

ഒളിംപിക്‌സ് ഔദ്യോഗിക വെബ്‌സൈറ്റിലെ ഇന്ത്യ പേജില്‍ രാജ്യത്തിന്റെ മെഡല്‍ നിലയും പങ്കെടുക്കുന്ന 83 കായികതാരങ്ങളുടെയും വിവരങ്ങളും ലഭ്യമാണ്. ഓരോ ദിവസവും മല്‍സരിക്കുന്ന താരങ്ങളുടെ വിവരങ്ങളും മല്‍സര ഇനവും സമയവും ലഭ്യമാണ്. ഇന്ത്യയുടെ ഒളിംപിക് പാരമ്പര്യത്തെപ്പറ്റിയുള്ള കുറിപ്പുമുണ്ട്.[Link]

3. ദി ഒളിംപിക് അത്‌ലറ്റ്‌സ് ഹബ്

രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഒളിംപിക്‌സിനോടനുബന്ധിച്ച് അത്‌ലിറ്റുകള്‍ക്കായി ആരംഭിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കാണിത്. വിവിധ കായികതാരങ്ങളു
ടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ തല്‍സമയം ഈ സോഷ്യല്‍ പോര്‍ട്ടലില്‍ ലഭിക്കും. താരങ്ങളുടെ സോഷ്യല്‍നെറ്റ്‌വര്‍ക്ക് ഏതായാലും അത്‌ലറ്റ്‌സ് ഹബില്‍ എല്ലാവരെയും പിന്‍തുടരാം. രണ്ടുകോടിയോളം ആരാധകരുമായി യുഎസ് ബാസ്‌കറ്റ്‌ബോള്‍ താരം ലിബ്രോണ്‍ ജെയിംസ് ആണ് മുന്നില്.[Link]

4. ഗൂഗിള്‍ ഒളിംപിക്‌സ് പേജ്

ഒളിംപിക്‌സ്് മാമാങ്കത്തിന്റെ മികവുറ്റ ഓണ്‍ലൈന്‍ അനുഭവം ഉറപ്പാക്കുന്നതാണ് ഗൂഗിളിന്റെ ഒളിംപിക്‌സ് പേജ്. തല്‍സമയം അപ്‌ഡേറ്റ് ചെയ്യുന്ന മെഡല്‍നിലയും വിഡിയോ സ്ട്രീമിങ്ങും മുതല്‍ ഗൂഗിള്‍ പ്ലസ് ഉപയോക്താക്കള്‍ക്കായി പ്രത്യേക കവര്‍ ഫോട്ടോകളും അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഓരോ ദിവസം ഓരോ ഡൂഡിലുകള്‍ അവതരിപ്പിച്ച് ഒളിംപിക്‌സ് ആഘോഷത്തില്‍ പങ്കുചേരുകയാണ് ഗൂഗിളും. ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ ഒളിംപിക്‌സ് സേര്‍ച്ച് പേജിലെത്താം. [Link]

5. ഫേസ്ബുക്ക് ഒളിംപിക്‌സ് ഹബ്

ഫേസ്ബുക്കിലെ ഒളിംപ്യന്‍മാരെയും ടീമുകളെയും മല്‍സര ഇനങ്ങളെയും സ്‌പോണ്‍സര്‍മാരെയുമെല്ലാം ഒറ്റ പേജില്‍ സംഗ്രഹിച്ചിരിക്കുകയാണ് ഒളിംപിക് ഹബിലൂടെ. ഒളിംപിക് ഹബിലെ ലിസ്റ്റില്‍ നിന്ന് അതാത് പേജുകളിലെത്തി അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയോ പിന്‍തുടരുകയോ ചെയ്യാം.[Link]

6. ട്വിറ്റര്‍ ഒളിംപിക്‌സ് ലിസ്റ്റ്

ലണ്ടന്‍2012, ഒളിംപിക്‌സ് തുടങ്ങിയ സജീവ ഹാഷ് ടാഗുകള്‍ക്കു പുറമേ ട്വിറ്റര്‍ വെരിഫൈഡ് ഒളിംപിക് പേജും അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റുകള്‍ക്കായി പിന്‍തുടരാം.[Link]

7. എന്‍ബിസി ഒളിംപിക്‌സ് ചാനല്‍

ഒളിംപിക്‌സിന്റെ സമഗ്ര കവറേജും മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള വിഡിയോകളും ചരിത്രവുമെല്ലാം അവതരിപ്പിക്കുന്ന എന്‍ബിസി ഒളിംപിക്‌സ് ചാനല്‍ 5535 മണിക്കൂര്‍ തുടര്‍ച്ചയായ ഒളിംപിക്‌സ് സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. [Link]

8. യാഹൂ സ്‌പോര്‍ട്‌സ് ഒളിംപിക് പേജ്

വാര്‍ത്തകളും ചിത്രങ്ങളും വിഡിയോകളും ഗോസിപ്പുകളും പുറമേ വിവിധരാജ്യങ്ങളുടെ ഒളിംപിക്‌സ് നേട്ടങ്ങളുമായി യാഹൂവിന്റെ ഒളിംപിക് പേജ്. [Link]

9. ഇഎസ്പിഎന്‍ ലണ്ടന്‍ 2012

കായികവിനോദവിന്യാസത്തിലെ പ്രൊഫഷനല്‍ മികവും കയ്യടക്കമുള്ള തനതു ശൈലിയുമായി ഇഎസ്പിഎന്‍ ഒളിംപിക്‌സ് പേജ്.[Link]

10. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍/ഗെയിം

മെഡല്‍നിലയും വാര്‍ത്തകളും വിശേഷങ്ങളും തല്‍സമയ അപ്‌ഡേറ്റ് ചെയ്യുന്ന ഔദ്യോഗിക മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഒളിംപിക് വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. എല്ലാ പ്രവര്‍ത്തനസവിധാനങ്ങല്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ക്കു പുറമേ ഒളിംപിക്‌സ് ഒഫിഷ്യല്‍ മൊബൈല്‍ ഗെയിമും ലഭ്യമാണ്. [Link]

സ്‌പെയര്‍ വണ്‍: 15 വര്‍ഷത്തെ ബാറ്ററിയുമായി ഒരു ഫോണ്‍

സാധാരണ പെന്‍ടോര്‍ച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അസാധാരണ ഫോണ്‍. അതാണ് 50 ഡോളറിന് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്ന സ്‌പെയര്‍ വണ്‍ ഫോണ്‍. സംഗതി മൊബൈല്‍ ഫോണ്‍ തന്നെ. ക്യാമറയോ ത്രിജിയോ ഒന്നുമില്ല. അടിസ്ഥാനസൗകര്യം മാത്രം. ഫോണ്‍ വിളിക്കാം അത്ര തന്നെ. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്‌പെയര്‍ ആയി കയ്യില്‍ കൊണ്ടുനടക്കാവുന്ന അദ്ഭുതം. വമ്പന്‍ ആപ്ലിക്കേഷനുകളും ബ്രാഹ്മാണ്ഡ ക്യാമറയും വിശാലമായ സ്‌ക്രീനുമൊക്കെയുണ്ടെങ്കിലും ദിവസേന ചാര്‍ജ് ചെയ്തില്ലെങ്കില്‍ സ്വിച്ച് ഓഫ് ആകുന്ന സ്മാര്‍ട്ട് ഫോണുകളുടെ പരാധീനതകായ ബാറ്ററി ബാക്ക് അപ് തന്നെയണ് സ്‌പെയര്‍ വണ്‍ ഫോണ്‍ മുതലെടുക്കുന്നത്. പെന്‍ടോര്‍ച്ച് ബാറ്ററി എന്നു വിശേഷിപ്പിക്കുന്ന ഏഴു രൂപ വിലയുള്ള എഎ ബാറ്ററികളാണ് ഇതിലുപയോഗിക്കുന്നത്. വാഗ്ദാനം ചെയ്യുന്നതോ 15 വര്‍ഷത്തെ ബാറ്ററി ബാക് അപ്. സംസാരിക്കുകയാണെങ്കില്‍ തുടര്‍ച്ചയായി പത്തുമണിക്കൂര്‍ നേരം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും. ഇനിയിപ്പോ വനവാസത്തിനു പോയാലും തിരികെ വരുന്നതുവരെ ആളെ ലൈനില്‍ കിട്ടാന്‍ പ്രയാസമുണ്ടാകില്ല എന്നു ചുരുക്കം. കാലിഫോര്‍ണിയയിലെ എക്‌സ്പാല്‍ പവര്‍ കമ്പനിയാണ് സ്‌പെയര്‍വണ്ണിന്റെ നിര്‍മാതാക്കള്‍. ഇത്തരം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ മൊബൈല്‍ ഫോണാണ് തങ്ങളുടേതെന്ന് കമ്പനി അവകാശപ്പെടുന്നു.

സാധാരണ ഫോണിലുള്ളതുപോലെ സ്‌ക്രീനോ എസ്എംഎസ് സൗകര്യമോ ഒന്നും സ്‌പെയര്‍വണ്ണില്‍ ഇല്ല. പ്രത്യേക റിങ്‌ടോണുകളോ മറ്റ് അപ്ലിക്കേഷനുകളോ ഒന്നും പ്രതീക്ഷിക്കരുത്. വെള്ളപ്പൊക്കവും ഭൂകമ്പവും പോലുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ അടിയന്തിരഘട്ടങ്ങളില്‍ സ്‌പെയര്‍വണ്‍ സഹായത്തിനുതകും. ഫോണില്‍ ഒരു ടോര്‍ച്ചും കമ്പനി ഘടിപ്പിച്ചിട്ടുണ്ട്. മള്‍ട്ടിമീഡിയ ഫോണുകള്‍ കുട്ടികള്‍ ദുരുപയോഗിക്കുമെന്നു ഭയപ്പെടുന്ന രക്ഷിതാക്കള്‍ക്ക്് സ്‌പെയര്‍ ഫോണ്‍ കുട്ടികള്‍ക്കു നല്‍കാന്‍ ആശങ്കപ്പെടേണ്ടതില്ല. ചുരുങ്ങിയ നാളുകള്‍കൊണ്ട് താരമായി മാറിയ സ്‌പെയര്‍ ഫോണിനെപ്പറ്റി വലിയ പ്രതീക്ഷകളാണ് എവിടെയും. ഓണ്‍ലൈന്‍ ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ്: www.spareonephone.com

രജനി പവര്‍

പണ്ട് ഗ്രഹാം ബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ രജനീകാന്തിന്റെ രണ്ട് മിസ്‍ഡ് കോളുകള്‍ ഉണ്ടായിരുന്നു എന്നത് വെറും തമാശയാണെന്നു കരുതി അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തപ്പോള്‍ അണ്ണന്റെ ഫാന്‍സ് ക്ഷുഭിതരായി ബച്ചനെ കൊല്ലാന്‍ ചെന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇന്നിപ്പോള്‍ ഇന്റര്‍‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന രജനി പവര്‍ വെബ്‍‍സൈറ്റ് അവതരിപ്പിച്ചപ്പോള്‍ അതേ ശുംഭന്മാര്‍ കോരിത്തരിച്ചുകൊണ്ടിരിക്കുകയാണ്.

പാരമ്പര്യേതര ഊര്‍ജപ്രസ്ഥാനങ്ങള്‍ കത്തിജ്വലിച്ചു നില്‍ക്കുമ്പപോള്‍ കുണ്ഡലിനി എന്നൊക്കെ പറയുന്നതുപോലെ ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഊര്‍ജസ്രോതസ്സാണ് രജനീകാന്ത് എന്നു കൂടി തെളിയിക്കുകയാണ് ആരാധകര്‍. ഇന്റര്‍നെറ്റ് എന്ന മഹാപ്രസ്ഥാനത്തെ ചെറുവിരല്‍ കൊണ്ട് കുത്തിക്കെടുത്തി തമിഴന്മാര്‍ക്ക് ഉന്മാദമൂര്‍ഛയടയാന്‍ പറ്റിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത് ഒരു വെബ്‍സൈറ്റാണ്. സൈറ്റ് പറയുന്നതനുസരിച്ച് അത് പ്രവര്‍ത്തതിക്കുന്നത് ഇന്റര്‍നെറ്റ് ഉപയോഗിച്ചല്ല, രജനി പവര്‍ ഉപയോഗിച്ചാണ് !

പാവപ്പെട്ട തമിഴന്മാര്‍ ശരിക്കും ഇതൊക്കെ വിശ്വസിച്ച് അണ്ണനെ ദൈവങ്ങളെക്കാള്‍ കുറ്ചുകൂടി ഉയരത്തില്‍ പ്രതിഷ്ഠിച്ചെന്നു വരാം. കൊലവെറി ഭക്തിഗാനമാകുന്ന കാലത്തിനു പറ്റിയ ദൈവങ്ങള്‍ തന്നെ വേണമല്ലോ. desimartini.com അവതരിപ്പിക്കുന്ന രജനി പവര്‍ വെബ്‍സൈറ്റ് അണ്ണന്‍ ഫാന്‍സിനു വേണ്ടിയുള്ളതാണ്. അണ്ണന്റെ പവറാണ് സൈറ്റിന്റെ ഉള്ളടക്കത്തിലുള്ളതും. അണ്ണന്റെ പേരില്‍ പ്രചരിച്ചിട്ടുള്ള കോമഡികള്‍ വരെ ഏതാണ്ട് ഒറിജിനലാണെന്ന മട്ടില്‍ സൈറ്റിലുണ്ട്.

ഓള്‍ എബൗട്ട് രജനി എന്ന വെബ് പേജാണ് ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത്.അഡ്രസ് ടൈപ്പ് ചെയ്യുമ്പോള്‍ വെബ്‌സൈറ്റ് ദൃശ്യമാകും എന്നാല്‍ പിന്നാലെ കിട്ടുന്ന സന്ദേശം ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുകയെന്നാണ്. നെറ്റുള്ളപ്പോള്‍ ഈ സൈറ്റ് ലോഡ് ആവില്ല. നെറ്റിന്റെ വേഗത പൂജ്യമാകുന്നതോടെ രജനിയുടെ വെബ്‌സൈറ്റ് തെളിഞ്ഞുവരും.

‘രജനീകാന്ത് ഒരു അമാനുഷനാണ്, ഇതൊരു സാധാരണ വെബ്‌സൈറ്റല്ല, ഇതിന്റെ പ്രവര്‍ത്തനം രജനിയുടെ ശക്തിയാലാണ്’ തുടങ്ങിയ വാചകങ്ങളാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. അങ്ങേരെ ആക്കുന്നതാണോ അതോ ആരാധകരെ ആക്കുന്നതാണോ എന്നു വേര്‍തിരിച്ചറിയാന്‍ പ്രയാസം. ഈ സൈറ്റ് ബ്രൗസുന്നതിനിടയില്‍ നെറ്റ് വീണ്ടും കണക്ട് ചെയ്താന്‍ സൈറ്റ് അപ്പോള്‍ നില്‍ക്കും ‘അയ്യോ, ഇത് അപ്രതീക്ഷിതം, ബ്രൗസിംഗ് തുടരാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കൂ’ എന്ന സന്ദേശവും വരും. വേറെ വല്ലിടത്തെയും വയര്‍ലെസ് നെറ്റ്‍വര്‍ക്കിന്റെ മണമടിച്ചാലും സൈറ്റ് നിന്നുപോകുമത്രേ.

എന്തായാലും സംഗതി കൊള്ളാം. അന്തരീക്ഷത്തില്‍ നിന്നു ഭസ്മമെടുക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് അതേ പവറുപയോഗിച്ച് അന്തരീക്ഷത്തില്‍ നിന്ന് ഇഡലിയും ദോശയും ബ്രാന്ഡിയും വിസ്‍കിയുമൊക്കെ എടുത്തുകൂടേ എന്നു ചോദിക്കുന്നതുപോലെ രജനി പവറുപയോഗിച്ച് വെബ്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്ന അതേ വിദ്യയുപയോഗിച്ച് പെട്രോളില്ലാതെ ഓടുന്ന കാറും വൈദ്യുയില്ലാതെ തെളിയുന്ന ലൈറ്റുകളും മറ്റുമുണ്ടാക്കിക്കൂടെ എന്നു ചോദിക്കാം. ലോകത്തെയും മനുഷ്യരെയുമെല്ലാം ഉണ്ടാക്കിയ ദൈവം തമ്പുരാന്‍ പോലും അവരുടെ ദുരിതത്തിനു മുന്നില്‍ കൈമലര്‍ത്തുമ്പോള്‍ വെബ്‍സൈറ്റിനപ്പുറത്തേക്ക് രജനി പവറിനു റേഞ്ചുണ്ടാകാനുള്ള സാധ്യത ഉണ്ടാവില്ല എന്നു തന്നെ കരുതാം.

സിനിമ റിവ്യൂ നടത്താന്‍ മനോരോഗികളെ ക്ഷണിക്കുന്നു

ഉടന്‍ ആരംഭിക്കുന്ന ബുദ്ധിജീവി വെബ്‍സൈറ്റിലേക്ക് ആനുകാലിക മലയാള സിനിമയെപ്പറ്റി റിവ്യൂ നടത്തുന്നതിന് നല്ല മലയാളത്തില്‍ കഠിനവാക്കുകളറിയാവുന്ന,ഒരു ഉന്മാദമൂര്‍ഛയില്‍ മിനിമം രണ്ടു കിലോമീറ്ററെങ്കിലും ടൈപ്പ് ചെയ്തു കൂട്ടാന്‍ കഴിയുന്ന മനോരോഗികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.സന്തോഷ് പണ്ഡിറ്റിനെ യു ട്യൂബ് പ്രേക്ഷകര്‍ താരമാക്കിയതുപോലെ ടിയാനെ ബുദ്ധിജീവിയായ വെബ്‍സൈറ്റ് എഡിറ്റര്‍ നിഷ്ടകളങ്കമായെന്ന മട്ടില്‍ പ്രോല്‍സാഹിപ്പിക്കുകയും വായനക്കാരുടെ വെറുപ്പ് പരമാവധി വാങ്ങിക്കൂട്ടി പ്രശസ്തനാക്കുകയും ചെയ്യുന്നതായിരിക്കും.

അപേക്ഷകര്‍ക്കു മിനിമം യോഗ്യത എന്നൊന്നില്ല.എങ്കിലും കോമണ്‍സെന്‍സ് ഉണ്ടാവരുത് എന്നത് നിര്‍ബന്ധമാണ്. സ്വന്തമായി ഒരു സീന്‍ എഴുതാനോ എഴുതിയ സീന്‍ ചിത്രീകരിക്കാനോ ശേഷിയുണ്ടാവരുത്.രണ്ടു കൊച്ചുകുട്ടികള്‍ മണ്ണില്‍ കളിക്കുന്ന രണ്ടു സെക്കന്‍ഡുള്ള ഷോട്ടിനെപ്പോലും പ്രകൃതിവിരുദ്ധവും ദളിത് വിരുദ്ധവും മതവിരുദ്ധവുമായി വ്യാഖ്യാനിക്കാനും വ്യക്തമായി എഴുതി പിടിപ്പിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.ആയിരം പേര്‍ കാണുന്ന സിനിമയുടെ റിവ്യൂ പതിനായിരം പേരെക്കൊണ്ടു വായിപ്പിക്കാനും ആ റിവ്യൂവിനെപ്പറ്റി അയ്യായിരം പേരെക്കൊണ്ട് പ്രതികരണം എഴുതിക്കാനും ആ പ്രതികരണങ്ങള്‍ അന്‍പതിനായിരം പേര്‍ക്കു ഷെയര്‍ ചെയ്യാനും അത്തരത്തില്‍ റിവ്യൂ എഴുതുന്ന ആള്‍ക്കും ബുദ്ധിജീവി വെബ്‍സൈറ്റിനും പ്രയോജനം ഉണ്ടാകുന്ന തരത്തില്‍ വേണം റിവ്യൂ ചമയ്‍ക്കാന്‍ (സന്തോഷ് പണ്ഡിറ്റ് അപേക്ഷിക്കേണ്ടതില്ല).

അപേക്ഷക്കിനാഗ്രഹിക്കുന്നവര്‍ മനസ്സില്‍ വയ്ക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1.നല്ല സിനിമകള്‍ എണ്‍പതുകളോടെ അവസാനിച്ചു.
2.പത്മരാജനാണ് മലയാളത്തിലെ ഏറ്റവും വലിയ സംവിധായകപ്രതിഭ.
3.വാണിജ്യസിനിമകളാണ് സിനിമയുടെ ശാപം.
4.സ്വന്തമായി സിനിമ ഉണ്ടാക്കാന്‍ വിവരമുളള ആരും മലയാളത്തിലില്ല.
5.തൊണ്ണൂറുകള്‍ക്കു ശേഷം വന്നിട്ടുള്ള എല്ലാ മലയാള സിനിമകളും ഇംഗ്ലിഷ് സിനിമകളുടെ കോപിയാണ്.
6.ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സംവിധായകരെല്ലാം ഫ്രോഡുകളാണ്.
7.ഹിറ്റാവുന്ന സിനിമകളുടെ പ്രേക്ഷകര്‍ ലോ ക്ലാസ് പുഴുക്കള്‍ ആണ്.
8.എല്ലാ സിനിമയും ദളിത്-ന്യൂനപക്ഷ പീഡനം ആണ് ഉദ്ദേശിക്കുന്നത്.
9.സ്ത്രീയെ ചവുട്ടിയരക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളേ മലയാള സിനിമയില്‍ ഉണ്ടാവൂ.
10.ആരും ശ്രദ്ധിക്കാത്ത സിനിമകള്‍ നല്ല സിനിമകളാണ്.

ഇനി പറയുന്ന യോഗ്യതകള്‍ പ്ലസ് ആയി പരിഗണിക്കും.

1.ഏത് സീന്‍ കൊടുത്താലും അതിനെ നാലായി വ്യാഖ്യാനിക്കാനുള്ള കഴിവ്:- സിനിമയെ അതുണ്ടാക്കിയവനെ ഭയപ്പെടുന്ന തരത്തില്‍ വ്യാഖ്യാനിക്കാനുള്ള കഴിവാണ് ഒരു നീരുപകന്റെ ആയുധം.സൂര്യന്‍ ഉദിച്ചു വരുന്ന സ്റ്റാറ്റിക് ഷോട്ടിനെപ്പോലും നാലു തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നവനായിരിക്കണം നിരൂപകന്‍. ഉദാഹരണത്തിന് സൂര്യനെ കടന്നുപോകുന്ന കറുത്ത പക്ഷി, സവര്‍ണരുടെ ജീവിതത്തില്‍ ഒരു ദളിതനുയര്‍ത്തുന്ന വെല്ലുവിളിയെ ആണ് സൂചിപ്പിക്കുന്നതെന്നും,സൂര്യന്‍ കടലില്‍ താഴുന്നത് കാണിക്കുന്നതിലൂടെ ബ്രാഹ്മണ്യത്തെ മുക്കിക്കൊല്ലുന്നതിന്റെ സംതൃപ്തിയാണ് സംവിധായകന്‍ നേടുന്നതെന്നും,ഇരുട്ടില്‍ തീരത്തേക്ക് മെല്ലെ അലയടിക്കുന്ന തിരമാല- നിസ്സഹായയായി മലര്‍ന്നു കിടക്കുന്ന തീരത്തിന്റെ മാറില്‍ ചുംബിക്കുന്ന തിരമാലകളുടെ അഭിനിവേശം കാണിക്കുന്നതിലൂടെ യുവതലമുറയെ വഴിതെറ്റാന്‍ പ്രേരിപ്പിക്കുന്നു എന്നും വിവിധ തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയണം.

2.സിനിമയെ ഒരിക്കലും സിനിമയായി കാണാതിരിക്കാനുള്ള കഴിവ്:- സിനിമ എന്ന മാധ്യമത്തെ സിനിമയായി കാണാനോ ആസ്വദിക്കാനോ ശ്രമിച്ചാല്‍ പോയി.അതിനെ ദളിത് വിരുദ്ധ,ന്യൂനപക്ഷവിരുദ്ധ,സ്ത്രീവിരുദ്ധ പരിപ്രേക്ഷ്യത്തിന്റെ മേലുള്ള കടന്നാക്രമണയായി വേണം കാണാന്‍. ഓരോ സിനിമയും ഇത്തരത്തില്‍ എങ്ങനെ ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവും ആകുന്നുവെന്നാണ് നിരൂപകന്‍ പരിശോധിക്കേണ്ടത്. അല്ലാതെ പാട്ട് നന്നായി, സീനുകള്‍ മനോഹരമായി തുടങ്ങിയ അലമ്പ് അഭിപ്രായങ്ങള്‍ ഒരിക്കലും പറഞ്ഞുകൂടാ.

3.ഒറിജിനല്‍ ഇംഗ്ലിഷ് സിനിമ കണ്ടെത്താനുള്ള കഴിവ്:- എല്ലാ മലയാള സിനിമയും ഏതെങ്കിലും ഇംഗ്ലിഷ് സിനിമയില്‍ നിന്നു മോഷ്ടിക്കുന്നവയാണ് എന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും അത്തരത്തില്‍ മലയാളസിനിമയുടെ പ്രേമേയം ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് അതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഇംഗ്ലിഷ്,കൊറിയന്‍,ഫ്രഞ്ച്,സ്പാനിഷ് സിനിമകളുടെ പേരുകള്‍ തപ്പിയെടുത്ത് അതിലേതെങ്കിലും ഒന്നിന്റെ കോപ്പിയാണ് നിരൂപിക്കുന്ന മലയാള സിനിമ എന്നാരോപിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. അങ്ങനെ ചെയ്യുന്നതിലൂടെയേ പത്തിരുനൂറാളുകള്‍ രണ്ടു മാസം ചെയ്ത അധ്വാനം പാഴാണെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും മനോരോഗിയായ നിരൂപകനെക്കാള്‍ ലോകവിവരവും കോമണ്‍സെന്‍സും കുറ‍ഞ്ഞവരാണെന്നും വായനക്കാരെ ബോധ്യപ്പെടുത്താനാവൂ.

ഇത്രയുമായാല്‍ നിങ്ങള്‍ക്ക് ധൈര്യമായി അപേക്ഷിക്കാം.അപേക്ഷകളോടൊപ്പം മലയാള സിനിമയെ നിങ്ങള്‍ എത്ര മാത്രം വെറുക്കുന്നു എന്നു രണ്ടു ഫുള്‍സ്കാപില്‍ കവിയാതെ എഴുതുക.എല്ലാ അപേക്ഷകളും അയക്കേണ്ട വിലാസം.

ദി എഡിറ്റര്‍,
ബുദ്ധിജീ.വി
കട്ടപ്പന,ഇടുക്കി.