വിഎസ് എന്ന ചതിയന്‍

മാതൃകാദമ്പതികള്‍ തമ്മില്‍ സൗന്ദര്യപ്പിണക്കമുണ്ടാകുമ്പോള്‍ അത് സോള്‍വ് ചെയ്യുന്നതിനായി സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് നാട്ടുകാരുടെ ഒരു ഹോബിയാണ്. ഈ ദമ്പതികളുടെ വീട്ടില്‍ കയറി നിരങ്ങി, പ്രശ്‌നം സോള്‍വ് ചെയ്യാനെന്ന മട്ടില്‍ ദാമ്പത്യജീവിതത്തിന്റെ വിശദാംശങ്ങള്‍ വരെ ചികഞ്ഞെടുത്ത് നാട്ടില്‍ പാട്ടാക്കുകയും ഇവരുടെ സൗന്ദര്യപ്പിണക്കത്തെ ഡൈവോഴ്‌സിന്റെ വക്കോളമെത്തിക്കുകയും ചെയ്യുന്നതാണ് ഈ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ശൈലി. ഒടുവില്‍ പരസ്പരം തെറിവിളിച്ചു പിരിയുന്നതിനു പകരം സന്നദ്ധപ്രവര്‍ത്തകരുടെ മാധ്യസ്ഥമില്ലാതെ തന്നെ ദമ്പതികള്‍ വീട്ടിനുള്ളില്‍ പ്രശ്‌നം സോള്‍വ് ചെയ്യുകയും സന്തോഷത്തോടെ ഒരുമിച്ചു പോകാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ ഉണ്ടാകുന്ന ഞെട്ടലും അമ്പരപ്പും രോഷവും പ്രതിഷേധവുമാണ് ഇപ്പോള്‍ വിഎസ് അച്യുതാനന്ദന്റെ നിലപാടു മാറ്റത്തില്‍ കേരളത്തിലെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ നേതാക്കന്‍മാരും രാഷ്ട്രീയനിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വിഎസിന്റെ നിലപാടുമാറ്റം സമകാലികരാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണെന്ന മട്ടിലാണ് പലരും പ്രതികരിക്കുന്നത്. വിഎസ് ആരെയൊക്കെയോ ചതിച്ചു എന്നും വിഎസിനു ഇവിടുത്തെ ജനങ്ങള്‍ മറുപടി നല്‍കും എന്നുമൊക്കെയാണ് പ്രതികരണത്തൊഴിലാളികളുടെ പ്രഖ്യാപനങ്ങള്‍. വിഎസ് അച്യുതാനന്ദന്‍ സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേരുകയോ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേരുകയോ ഇന്നലെ വരെയുണ്ടായിരുന്ന രാഷ്ട്രീയം തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. നാളിന്നു വരെ സിപിഎമ്മുകാരനായി ജീവിച്ച വിഎസിന്റെ രാഷ്ട്രീയത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള പരസ്യനിലപാടുകള്‍ ഉപേക്ഷിച്ച് പാര്‍ട്ടിയുമായി ചര്‍ന്നു നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ചതിയെന്നും വഞ്ചനയെന്നും വിശേഷിപ്പിക്കുന്ന പ്രബുദ്ധരാഷ്ട്രീയമീമാംസകര്‍ കുടിലബുദ്ധിക്കാരായ അട്ടകളാണ് എന്നു മനസ്സിലാക്കാന്‍ പൊളിറ്റിക്‌സ് എംഎയും ജേണലിസം ഡിപ്ലോമയും ആവശ്യമില്ല.

സീറ്റ് കിട്ടുന്നതും കസേര കിട്ടുന്നതുമനുസരിച്ച് നൂറുവട്ടം പാര്‍ട്ടി മാറുകയും മുന്നണി മാറുകയും സ്വന്തം രാഷ്ട്രീയത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുള്ള നിലവാരമില്ലാത്ത നാലാംകിട രാഷ്ട്രീയക്കാരും അവരുടെ അനുയായികളും, ഏറെനളായുള്ള അസ്വാരസ്യങ്ങള്‍ മറന്ന് പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച വിഎസിനെ ചതിയനെന്നും കാലുവാരിയെന്നും വിശേഷിപ്പിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. വിഎസിനെ ആരാണ് ഏറ്റവുമധികം മുതലെടുത്തിട്ടുള്ളത് എന്നതറിയണമെങ്കില്‍ വിഎസിന്റെ നിലപാടുമാറ്റത്തില്‍ പ്രതിഷേധിക്കുന്ന നേതാക്കന്‍മാര്‍ ആരൊക്കെയാണെന്നു നോക്കിയാല്‍ മതി.

സിപിഎമ്മിന്റെ ഔദ്യോഗികപക്ഷത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുമ്പോള്‍ വിഎസ് മഹാനായ നേതാവും ഔദ്യോഗികപക്ഷത്തോടൊപ്പം നില്‍ക്കുമ്പോള്‍ വിഎസ് ചതിയനായ രാഷ്ട്രീയപ്രവര്‍ത്തകനായും ചിത്രീകരിക്കുന്നസമൂഹം ഷക്കീല എ പടത്തിലഭിനയിക്കുമ്പോള്‍ കയ്യടിക്കുകയും അവാര്‍ഡ് പടത്തിലഭിനയിക്കുമ്പോള്‍ കൂവുകയും ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തമല്ല. വിഎസ് സിപിഎം നേതൃത്വത്തിനെതിരെ നില്‍ക്കുന്നതാണ് ഞങ്ങള്‍ക്കു ഹരം എന്നു തുറന്നുപറയാതെ രാഷ്ട്രീയത്തിലെ വിശുദ്ധിയെപ്പറ്റിയും ധാര്‍മിതകയെപ്പറ്റിയുമൊക്കെ വര്‍ണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സത്യത്തില്‍ യഥാര്‍ഥതട്ടിപ്പ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിഎസ് എടുത്ത നിലപാടുകള്‍ ഉദ്ധരിച്ചാണ് പലരും വിഎസിനെ വിമര്‍ശിക്കുന്നത്. ടിപിയുടെ മരണത്തിന്റെ ഉത്തരവാദി വിഎസാണ് എന്നുവരെയാണ് പ്രതികരണങ്ങള്‍. ടിപിയെ കൊന്നതു നന്നായെന്നോ പാര്‍ട്ടിക്ക് അതുമായി പങ്കില്ലെന്നോ വിഎസ് പറഞ്ഞിട്ടില്ല. ആര്‍എംപി കോണ്‍ഗ്രസിന്റെ വാലായി മാറി എന്ന നിരീക്ഷണം ടിപിയെ ഏതെങ്കിലും തരത്തില്‍ അധിക്ഷേപിക്കുന്നതാണെന്നു തോന്നുന്നില്ല. സിപിഎം അന്വേഷണ കമ്മിഷന്‍ ഒരു പാര്‍ട്ടി അംഗത്തെ ടിവി വധത്തില്‍ കുറ്റക്കാരനായി കണ്ടെത്തി പുറത്താക്കിയത് വിഎസിന്റെ വിജയമാണ് എന്നതില്‍ തര്‍ക്കമില്ല. പൊലീസിന്റെ കയ്യില്‍ പോലും വേണ്ടത്ര തെളിവുകളില്ലാതിരിക്കെ വിചാരണ കഴിഞ്ഞു ശിക്ഷയും വിധിച്ച കേസില്‍ പിണറായി വിജയനെ ജയിലിലിടാന്‍ വേണ്ടി വിഎസ് പോരാടണമായിരുന്നു എന്നു പറയുന്നത് സിപിഎമ്മിനെയും വിഎസിനെയും ഒരുപോലെ നശിപ്പിക്കാമെന്നു വ്യാമോഹിക്കുന്നവരാണ്.

സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ വിഎസ് തീരുമാനിച്ചത് അടുത്ത കാലത്ത് കേരള രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏറ്റവും പോസിറ്റീവായ തീരുമാനമാണ്. വിഎസിനെ ഉള്‍ക്കൊള്ളാന്‍ മാത്രം പാര്‍ട്ടിയും പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ വിഎസും വളര്‍ന്നു എന്നതില്‍ ലജ്ജാകരമായി ഒന്നുമില്ല. ഈ മാറ്റം കൊണ്ടു ഗുണമുണ്ടാകുന്നത് പാര്‍ട്ടിക്കും വിഎസിനും സിപിഎമ്മിനെ ഇപ്പോഴും സ്‌നേഹിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കുമാണ്. ഒരു വാര്‍ത്തയുമില്ലെങ്കില്‍ വിഎസിനെ വച്ചൊരു കീറുകീറാം എന്നു വിചാരിച്ചിരുന്ന ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും രാഷ്ട്രീയനിരീക്ഷകര്‍ക്കും മാത്രമാണ് ഒരു നഷ്ടം സംഭവിച്ചിരിക്കുന്നത്. അത് ഒരിക്കലും കേരളസമൂഹത്തിന്റെ നഷ്ടമല്ല.

കുറിപ്പ്:

ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടാത്തതാണ് നമ്മുടെ ദുഖം.
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുത ഉണ്ടെന്നു കേള്‍ക്കാനാണ് നമുക്കിഷ്ടം.
മോദിയും അ്ഡ്വാനിയും തെരുവില്‍ കിടന്ന് അടികൂടുന്ന ഒരു ദിനം വരുമെന്നു നമ്മള്‍ പ്രതീക്ഷിക്കുന്നു.
നമ്മുടേതൊഴികെ ബാക്കിയെല്ലാവരുടെയും വീട്ടിലെ സംഘര്‍ഷങ്ങള്‍ നമുക്ക് ഒരാവേശമാണ്.
ബികോസ് വി ഓള്‍ ആര്‍ ബ്ലഡി ഫക്കിങ് മല്ലൂസ്…. തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.

കാസ്‌ട്രോയ്ക്കും വിഎസ്സിനുമിടയില്‍…

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ വിട്ടാല്‍ പിള്ളേര്‍ വല്ല എസ്എഫ്‌ഐയിലോ മറ്റോ ചേര്‍ന്നു വഷളായിപ്പോവുമെന്നു കരുതി മക്കളെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വിട്ട വലതുപക്ഷ രക്ഷിതാക്കള്‍ ഇന്നു നെഞ്ചത്തടിച്ചു നിലവിളിക്കും. ഫിഡല്‍ കാസ്‌ട്രോ കഴിഞ്ഞാല്‍ പിന്നെ ലോകത്തെ ഏറ്റവും ജനപ്രിയനായ കമ്മ്യൂണിസ്റ്റ്‌ നേതാവ് നമ്മുടെ വിഎസ് അച്യുതാനന്ദനാണെന്ന് എഴുതി ലോകമെങ്ങുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് കൊളംബിയ യൂണിവേഴ്‌സിറ്റി ബ്ലോഗ്. കാസ്‌ട്രോയ്ക്കും വിഎസ്സിനുമിടയില്‍ ജനപ്രീതിയുള്ള, സമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള അനേകം നേതാക്കന്മാരുടെ നിസ്വാര്‍ത്ഥ രാഷ്ട്രീയത്തിനു മുന്നില്‍ ഈ ബ്ലോഗ് പോസ്റ്റ് സമര്‍പ്പിക്കുന്നു.

ബെര്‍ളിത്തരങ്ങള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം വായനക്കാരുള്ള ബ്ലോഗ് കൊളംബിയ യൂണിവേഴ്‌സിറ്റിയുടേതാണെന്നു പറയുന്നതുപോലെയാണ് കാസ്‌ട്രോയില്‍ നിന്നു വിഎസ്സിലേക്കുള്ള ദൂരം വെട്ടിച്ചുരുക്കുന്ന ബ്ലോഗിന്റെ പരിപാടിയും. ഫിഡല്‍ കാസ്‌ട്രോയെ ക്യൂബ അറിയുന്നതു പോലെ വിഎസ്സിനെ സ്വന്തം നാട് അറിയുന്നുണ്ടോ എന്നു തുടങ്ങി വിഎസ്സിന്റെ രാജ്യാന്തര ജനപ്രീതിയെ സംബന്ധിച്ച ഒരായിരം ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്കെന്ന പോലെ ആരാധകര്‍ക്കുമുണ്ടാവും. ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കന്‍മാരിലൊരാളാണ് വിഎസ് എന്നാണ് കൊളംബിയ യൂണിവേഴ്‌സിറ്റി ബ്ലോഗ് പറയുന്നത്. പോരെങ്കില്‍ വിഎസ്സ് മുഖ്യമന്ത്രിയാവുന്നതിനു മുമ്പേ തന്നെ പഠനവിധേയമാക്കപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ തോല്‍പിച്ച കേരളാ മോഡല്‍ വികസനത്തിന്റെ അണിയറശില്‍പികളിലൊരാള്‍ വിഎസ്സാണെന്നും ബ്ലോഗ് പറയുന്നു. മഹാബലിക്കു ശേഷം കേരളത്തിന്റെ പുരോഗതിക്ക് ഏറ്റവുമധികം സംഭാവനകള്‍ ചെയ്തയാളായാണ് ബ്ലോഗില്‍ വിഎസ്സിനെ ചിത്രീകരിച്ചിരിക്കുന്നത്. ബ്ലോഗില്‍ നിന്നുള്ള ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇവയാണ്.

“V.S. Achuthanandan is one of the world’s greatest political leaders and arguably the most popular political figures in India today. V.S. Achuthanandan’s vision for society has had a tremendous impact on the growth and success of what has been celebrated as “The Kerala Model.” His commitments to communal harmony and fundamental human equality have helped Kerala achieve socio-economic progress that remains largley unmatched by any other state in India and few other nations in the world.

“He locates his ideological commitment in the major social revolution launched by Narayana Guru at the turn of the 20th century that up-ended the disorder of caste and set a new frame for social engagement that ultimately provided political space for egalitarian frames that led to the successes of the Communist Party in Kerala.”

ചിലപ്പോള്‍ വിഎസ് ഇതൊക്കെയായിരിക്കാം. ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ അംഗീകരിക്കപ്പെടില്ല എന്നു പറഞ്ഞതു പോലെ വിഎസിന്റെ നാട്ടുകാരനായ എനിക്ക് അദ്ദേഹത്തെ കാസ്‌ട്രോയുടെ ഒക്കെ ഒരു ലെവലില്‍ അംഗീകരിക്കാനുള്ള മടിയായിരിക്കാം ബ്ലോഗില്‍ പറയുന്ന പലതിനോടും ഒരിതു തോന്നുന്നതിന്റെ കാരണം. വിഎസിനെ ആഴത്തില്‍ മനസ്സിലാക്കാന്‍ കാസ്‌ട്രോയ്ക്കും ശ്രീനാരായണഗുരുവിനുമൊപ്പം അദ്ദേഹത്തെ പ്രതിഷ്ഠിക്കാന്‍ നമുക്ക് ശീലിക്കാം. കൊളംബിയക്കാരുടെ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന അഭിമുഖം അതിനു സഹായിച്ചേക്കുമെന്നു തോന്നുന്നു.

Five Questions with V.S. Achuthanandan from Baraza Video on Vimeo.

ആന്റി മോഡി റോക്ക്‌സ്‌

പ്രധാനമന്ത്രിയാവാന്‍ എണ്ണ തേപ്പിച്ചു നിര്‍ത്തിയിരിക്കുന്ന രാഹുല്‍ജിയോട് നേരിട്ടു മുട്ടാനിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ രാഹുല്‍ജി ഫാന്‍സ് അസോസിയേഷനില്‍പ്പെട്ട ആരെങ്കിലും കാണുന്നതോ കൈ കൊടുക്കുന്നതോ അമ്മയുടെയും മകന്റെയും അപ്രീതിക്കു കാരണമാകും എന്നതില്‍ സംശയമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ മോഡിയെന്ന പേരു കേട്ടാല്‍ രണ്ടു വട്ടം കാര്‍ക്കിച്ചു തുപ്പി ‘മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ കോങ്ക്രസല്ലാതെ പിന്നെയാരാ’ എന്ന ആത്മഗതവും വയറുനിറയെ സാമ്പത്തികപുരോഗതി വിഴുങ്ങിയിട്ടെന്നപോലെ ഒരേമ്പക്കവും സമര്‍പ്പിക്കുന്നതാണ് വലതുപക്ഷ മര്യാദ.

മന്ത്രി ഷിബു ബേബി ജോണ്‍ ബേസിക്കലി പാവമാണ്. അല്ലെങ്കിലും ലണ്ടന്‍ ടാക്‌സിയൊക്കെ സ്വന്തമായുള്ള ഷിബു വികസനത്തിന്റെയും പുരോഗതിയും സൈറന്‍ കേട്ടില്ലെന്നു നടിക്കേണ്ട കാര്യമില്ല. മന്ത്രി കാറു സംഘടിപ്പിച്ചതിന്റെ (വാങ്ങിയതിന്റെ എന്നു പറയാന്‍ മനസ്സ് അനുവദിക്കുന്നില്ല) കുശുമ്പു കൊണ്ടു കൂടിയാവാം ഷിബുവിനെ കൊല്ലണം എന്ന മട്ടില്‍ അല്‍പബുദ്ധികളായ നേതാക്കന്‍മാര്‍ ഉച്ചത്തില്‍ ആക്രോശിക്കുന്നത്. ഷിബു ബേബി ജോണ്‍ ഭയങ്കരന്‍ മന്ത്രിയാണെന്നോ നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ അതിഭീകരവികസനമാണെന്നോ എനിക്ക് അഭിപ്രായമില്ല. അല്ലെങ്കിലും ഗുജറാത്തിനെക്കാള്‍ വികസനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളമാണ് ഇന്ത്യയില്‍ ഏറ്റവും മികച്ച സംസ്ഥാനമെന്നാണ് വിവിധ സൂചികകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ തൊഴില്‍മന്ത്രി ഗുജറാത്തിലെ മുഖ്യമന്ത്രിയെ കണ്ടതിന്റെ പേരില്‍ ഈ ബഹളമൊക്കെ ഉണ്ടാക്കുന്ന സകല രാഷ്ട്രീയക്കാരോടും സഹതാപം കലര്‍ന്ന പുച്ഛവും അറപ്പും പ്രകടിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പുരോഗതി അതിന്റെ അഖണ്ഡതയിലും വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിലും ഊന്നിയാണ് നില്‍ക്കുന്നത്. നരേന്ദ്രമോഡിയുടെ ചരിത്രം എന്തായിരുന്നാലും ശരി അദ്ദേഹം ഇന്ന് ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. നമ്മളെപ്പോലെ തന്നെയുള്ള ഗുജറാത്തിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് ജയിപ്പിച്ചതുകൊണ്ടാണ് നരേന്ദ്രമോഡി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കുന്നത്. അവിടുത്തെ വികസനം ലോകോത്തരമാണോ അല്ലയോ എന്നത് ഇനിയും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടില്ല. അവിടുത്തെ വികസനം നല്ലതാണെന്നു കരുതി ഇവിടുത്തെ വികസനം മോശമാകണം എന്നും അര്‍ഥമില്ല. നരേന്ദ്രമോഡിയെ പഴയ കലാപകാലത്തെ നരേന്ദ്രമോഡിയായി മാത്രമേ എല്ലാവരും എല്ലാക്കാലവും കാണാവൂ എന്ന് സുപ്രീം കോടതി ഉത്തരവൊന്നുമില്ല. ഇപ്പോള്‍ ഗുജറാത്ത് ഭരിക്കുന്ന മുഖ്യമന്ത്രിയായി അദ്ദേഹത്തെ കാണുന്നതും വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് സമീപിക്കുന്നതും ഭരണഘടനാവിരുദ്ധവുമല്ല. അല്ലെങ്കിലും കേരളത്തിലെ തൊഴില്‍ മന്ത്രി ഗുജറാത്തിലെ തൊഴില്‍മന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടുത്തെ മുഖ്യമന്ത്രിയെ കണ്ട് 10 മിനിറ്റ് സംസാരിച്ചത് രാഷ്ട്രീയപരമായോ അല്ലാതെയോ പരിശോധിച്ചാല്‍പ്പോലും ഒരു തെറ്റല്ല. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകളും സന്ദര്‍ശനങ്ങളും എക്കാലവും നടക്കുന്നതാണ്, നടക്കേണ്ടതുമാണ്. അങ്ങനെ നടന്ന ഒരു കൂടിക്കാഴ്ച തെറ്റായിപ്പോയെന്നു ഉറക്കെ പറയുകയും അതിന്റെ പേരില്‍ വിവാദമുണ്ടാക്കുകയും ചെയ്യുന്ന പ്രബുദ്ധകേരളത്തിലെ രാഷ്ട്രീയമന്ദബുദ്ധികളായ നേതാക്കന്‍മാര്‍ ഈ രാജ്യത്തിനു തന്നെ അപമാനമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

മോഡിയെ എതിര്‍ക്കുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന്റെ വോട്ട് ഹോള്‍സെയിലായി കിട്ടുമെന്ന മിഥ്യാധാരണയാണ് പലരെയും ചാടി വീഴാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു. പ്രായവും പക്വതയും ഉള്ള നേതാക്കന്‍മാര്‍ വരെ പ്രതികരിച്ചിരിക്കുന്നത് കണ്ടാല്‍ കരഞ്ഞുപോകും. മന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നിലെ രഹസ്യ അജന്‍ഡയെക്കുറിച്ച് അന്വേഷിക്കണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത്. വയലാര്‍ രവിയും രമേശ് ചെന്നിത്തലയും ഇ.ടി.മുഹമ്മദ് ബഷീറും എന്തിനു പി.സി.ജോര്‍ജ് പോലും പിന്നോട്ടു പോയില്ല. ഗണേശന്റെ കൂട്ടുകാരനായതുകൊണ്ടുള്ള കലിപ്പുകൊണ്ടാണെന്നു തോന്നുന്നു ബാലകൃഷ്ണപിള്ളയും എന്തോ പറഞ്ഞിട്ടുണ്ട്. ഇവറ്റകളുടെ പ്രതികരണ-പ്രതിഷേധ വയറിളക്കത്തോടൊപ്പം മോഡിയും ഷിബുവും കൂടി നിന്ന് താലം കൈമാറുന്ന ആ പടം കൂടി കണ്ടാല്‍ കേരളത്തിലെ എല്ലാ മനുഷ്യരെയും കൊല്ലാനുള്ള ക്വട്ടേഷന്‍ മന്ത്രി ഷിബു മോഡിക്ക് കൊടുക്കുകയാണെന്നേ തോന്നൂ.

എന്നാല്‍, നമ്മെ തളര്‍ത്തിക്കളയുന്നത് ഇതൊന്നുമല്ല. താന്‍ മോഡിയെ കണ്ടത് തെറ്റായിപ്പോയി എന്നൊരു വൃത്തികെട്ട കുറ്റസമ്മതം മന്ത്രി ഷിബുവിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതാണ്. കേരളത്തിലെ തൊഴില്‍മന്ത്രിക്ക് താന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയെ കണ്ടത് തെറ്റായിപ്പോയി എന്നു തോന്നുന്നെങ്കില്‍ അത് കഷ്ടമാണ്. അതൊക്കെ പോട്ടെന്നു വയ്ക്കാം. പി.സി.ജോര്‍ജിനെ വരെ പിന്തുണച്ചു കളഞ്ഞ അതീവ ദുര്‍ബലനായ നമ്മുടെ കരുത്തനായ മുഖ്യമന്ത്രി ഷിബുവിനോട് വിശദീകരണവും ചോദിച്ചു. ഈ മുഖ്യമന്ത്രി തന്നെ സ്വന്തം ചേട്ടന്റെ അടുത്തെന്ന പോലെ ഭയഭക്തി ബഹുമാനങ്ങളോടെ മോഡിയുടെ അടുത്ത് ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ ദേണ്ടെ രണ്ടു വികസനനായകന്‍മാര്‍ എന്ന ലൈനില്‍ പത്രങ്ങളില്‍ അടിച്ചു വന്നിട്ടുണ്ട്. ദൂരെ മാറി നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും മോഡിയെ വെറുപ്പാണ്. അടുത്തു കണ്ടാല്‍ കവാത്തു മറക്കും. കണ്ടു കൈ കൊടുത്ത ശേഷം ഇവിടെ വന്നു തള്ളിപ്പറയുന്ന ഷിബു ഒരു പടികൂടി അപ്പുറത്തേക്കു പോയി എന്നു മാത്രം.

ഷിബു മോഡിയെ കണ്ടതിനെപ്പറ്റി പറയുമ്പോള്‍ എല്ലാവരും പറയുന്നത് ഒരേ ഡയലോഗാണ്- ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പാക്കില്ല എന്ന്. ഗുജറാത്തിലെ വികസനമല്ല, ഇവിടുത്തെ വികസനമാണ് നല്ലതെന്ന് ഗുജറാത്ത് കണ്ടിട്ടുപോലുമില്ലാത്ത രാഷ്ട്രീയക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ ശരിക്കും വികസനം ഉണ്ട് എന്നതില്‍ നിന്നുള്ള ഭീതിയാണ് മുഴങ്ങിക്കേള്‍ക്കുന്നത്. അല്ലെങ്കില്‍ തന്നെ ഗൂജറാത്തിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ കാലാവസ്ഥ വച്ച് അവിടുത്തെ സാമ്പത്തികവളര്‍ച്ചയുടെയും ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന വികസനമാതൃക തികച്ചും വ്യത്യസ്തമായ അന്തരീക്ഷമുള്ള കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല. എന്നു കരുതി ഇവിടുന്ന് ഒരു മന്ത്രി അവിടെപ്പോയി കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. എബിസിഡി പോലും അറിയാത്ത പല മന്ത്രിമാരും ഇക്കാലമത്രയും വിദേശരാജ്യങ്ങളിലൊക്കെ പോയി വികസനമാതൃകകള്‍ പഠിച്ചുകൊണ്ടിരുന്നത് അതൊക്കെ കൊണ്ടുവന്ന് കേരളത്തിന്റെ നെഞ്ചില്‍ അവതരിപ്പിക്കാനായിരുന്നില്ലല്ലോ.

എന്തായാലും വാര്‍ത്തയില്ലാതിരിക്കുന്ന ചാനലുകളും ചാനലുകളെ പേടിച്ചു ജീവിക്കുന്ന ഏഴാംകൂലി രാഷ്ട്രീയക്കാരും കൂടി ഉണ്ടാക്കിയ ഈ വിവാദം കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയോടുള്ള വെല്ലുവിളിയും അവരുടെ രാഷ്ട്രീയബോധത്തെയും വിവേചനബോധത്തെയും അധിക്ഷേപിക്കലുമാണ്. ഇത് ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനായ മോഡിയും സല്‍ഗുണസമ്പന്നരായ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള പ്രത്യയശാസ്ത്ര-ധാര്‍മിക പോരാട്ടമല്ല. ഒരു പ്രൊഫഷനല്‍ രാഷ്ട്രീയക്കാരനെ ഒരു സംഘം അമച്വര്‍ രാഷ്ട്രീയനാടകക്കാര്‍ ചേര്‍ന്നു നേരിടുന്ന പരിതാപകരമായ കാഴ്ചയാണ്. താരത്തിളക്കത്തില്‍ മോഡി അടുത്ത ദിവസം കേരളത്തില്‍ വന്നു പോകുമ്പോള്‍ നമ്മുടെ മൂല്യാധിഷ്ഠിതരാഷ്ട്രീയപ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌കരിച്ചും പ്രതിഷേധിച്ചും സ്വയം അപഹാസ്യരാകുന്ന കാഴ്ച കൂടി കണ്ട് നിര്‍വൃതിയടയാം.

നരച്ച കൃതാവുള്ള ബാജി

കള്ളക്രിസ്ത്യാനികളും മലപ്പുറം മാപ്ലാരും പെരുന്നാള് കഴിക്കുന്ന സംസ്ഥാന നിയമസഭയില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഉല്‍സവം നടത്താന്‍ കച്ചകെട്ടിയിറങ്ങിയ ജി.സുകുമാരന്‍ നായര്‍ വിധിവൈപരീത്യം കൊണ്ട് യുഗപ്രതിസന്ധിയിലായപ്പോള്‍ രക്ഷകനായി അവതരിച്ചയാളാണ് ശരീരം നിറയെ രോമമുള്ള, കൃതാവ് നരച്ച നമ്മുടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍. മരിച്ചുപോയ രണ്ടു പേര്‍ അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ച എന്‍എസ്എസിന് അനുകൂലമായിരുന്നു എന്നദ്ദേഹം പറഞ്ഞതോടെ സുകുമാരന്‍ നായര്‍ കരകയറി. പക്ഷെ, അസമയത്ത് സൂര്യനെല്ലി പൂത്തതോടെ കുര്യന്‍ സാര്‍ തന്‍റെ കൃതാവു കറുപ്പിക്കുകയോ പൂര്‍ണമായി വെളുപ്പിക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. ഒരു തിരിച്ചറിയല്‍ പരേഡിനുള്ള വാര്‍ധക്യം ഇനിയും ബാക്കിയാണ്.

കുര്യന്‍ സാര്‍ സുകുമാരന്‍ നായരെ പിന്തുണച്ചത് എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം പറയുന്നത് അന്ന് സൂര്യനെല്ലി കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന ജോഷ്വ സാറാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ കുര്യന്‍ സാര്‍ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന ദിവസം, കുര്യന്‍ സാര്‍ എസ്കോര്‍ട്ടില്ലാതെ നടത്തിയ യാത്രയിലെ തെളിവുകള്‍ ഇല്ലാത്ത ഏതാനും മണിക്കൂറുകള്‍ അദ്ദേഹം തന്നോടൊപ്പം എന്‍എസ്എസ് ആസ്ഥാനത്തുണ്ടായിരുന്നു എന്ന് അന്നു സുകുമാരന്‍ നായര്‍ നല്‍കിയ മൊഴിയാണത്രേ കേസില്‍ നിന്നും കുര്യന്‍ സാറിനെ രക്ഷപെടുത്തിയത്. കേസിലെ അവശേഷിക്കുന്ന ജോഷ്വമാര്‍ ഇനിയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മന്ത്രിസഭയിലെ സല്‍പേരു ശിശുക്കളുടെ ഡയപര്‍ മാറ്റി മാറ്റി മടുക്കും.

സിസ്റ്റര്‍ അഭയയുടെ സ്വാഭാവിക ദുര്‍മരണത്തിന്‍റെ പേരില്‍ പരമപരിശുദ്ധരായ വൈദികശ്രേഷ്ഠരെ കരിവാരി തേക്കുന്നതുപോലെ സൂര്യനെല്ലി കേസിന്‍റെ പേരില്‍ കുര്യന്‍ സാറിനെയും കരിവാരി തേക്കുന്നത് സിപിഎമ്മിനെ തകര്‍ക്കാന്‍ ഒബാമയും തിരുവഞ്ചൂരും ഗൂഢാലോചന നടത്തി എന്നു പറയുന്നതുപോലെയാണ് എന്നാണ് പലരും വിചാരിക്കുന്നത്. കുര്യന്‍ സാറിന്‍റെ പടം പത്രത്തില്‍ കണ്ട് തിരിച്ചറിയുകയും വിവരം പൊലീസിനോടു പറയുകയും ചെയ്തിട്ട് വര്‍ഷം 15 കഴിഞ്ഞെങ്കിലും പൊലീസിനു വിസ്മയം തീര്‍ന്നിട്ടില്ല. പോരെങ്കില്‍ നായനാരുമായി ചര്‍ച്ച ചെയ്ത് കുര്യന്‍ സാര്‍ നിരപരാധിയാണെന്നു തീരുമാനിച്ച കാര്യം കേസന്വേഷിച്ച സിബി മാത്യൂസ് വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു കേസിലേക്ക് ഈ കാലം കെട്ട കാലത്ത് കുര്യന്‍ സാറിനെ വലിച്ചിഴയ്‍ക്കുന്നത് നികൃഷ്ടവും നിന്ദ്യവും നിരാശാജനകവുമാണത്രേ.

സ്ത്രീപീഡകരെ കയ്യാമം വച്ചു നടത്തിക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് അധികാരത്തിലേറുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്ത ശേഷം പ്രതിപക്ഷസ്ഥാനത്തെത്തിയപ്പോള്‍ പത്രസമ്മേളനങ്ങള്‍ വഴി ജനങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സഖാവ് വിഎസ്, കുര്യന്‍ രാജി വയ്‍ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കുര്യന്‍ സാര്‍ പീഡനം നടത്തിയോ എന്നൊന്നും നമുക്ക് പറയാനാവില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ യുഡിഎഫുകാര്‍ കുര്യന്‍ സാറിന്‍റെ മാനം കാക്കാന്‍ പത്രപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കുര്യന്‍ സാര്‍ കേസില്‍പ്പെട്ടത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ് എന്നാണ് ഉമ്മന്‍ ചാണ്ടി സാര്‍ പറയുന്നത്.

ഇവിടെയിപ്പോള്‍ ഇര കുര്യന്‍ സാറാണോ സൂര്യനെല്ലി പെണ്‍കുട്ടിയാണോ എന്നു നമുക്ക് സംശയം തോന്നും. യുഡിഎഫ് നേതാക്കന്‍മാരുടെ പ്രതികരണങ്ങള്‍ കണ്ടാല്‍ സൂര്യനെല്ലി പെണ്‍കുട്ടി പാവപ്പെട്ട കുര്യന്‍ സാറിനെ അനവസരത്തില്‍ പീഡിപ്പിക്കുകയാണെന്നു തോന്നും. എന്തുകൊണ്ട് ആ പെണ്‍കുട്ടി ഇത്ര കാലത്തിനു ശേഷവും ശരീരം നിറയെ രോമമുള്ള, കൃതാവ് നരച്ച ബാജിയെ ഭയപ്പെടുന്നു ? എന്തിന് ഇപ്പോഴും ബാജിയുടെ പേര് പറഞ്ഞ് വീണ്ടും മാധ്യമങ്ങളില്‍ വരുന്നു ? മാധ്യമശ്രദ്ധ കൊണ്ട് ജീവിതം നരകമായിപ്പോയ ഒരു പെണ്‍കുട്ടി വീണ്ടും അതേ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് ആത്മാവിനുള്ളില്‍ നിന്നു സത്യം മുട്ടിവിളിക്കുന്നതുകൊണ്ടായിരിക്കുമെന്ന് മനസ്സിലാക്കാനുള്ള വിവേകം ഉമ്മന്‍ ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാവട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുകയാണ്.

അഭയ കേസുപോലെ അല്ല സൂര്യനെല്ലി കേസ്. കുര്യന്‍ സാറും സൂര്യനെല്ലി പെണ്‍കുട്ടിയും ഇന്നും ജീവനോടെ ഉണ്ട്. പണ്ട് അന്വേഷിച്ചിട്ട് തെളിഞ്ഞില്ല എന്നു മുഖ്യമന്ത്രി പറയുന്നതിന് എന്തെങ്കിലും മൂല്യം കൊടുക്കേണ്ട കാര്യമുണ്ട് എന്നും തോന്നുന്നില്ല. പണ്ടന്വേഷിച്ചിട്ടു തെളിയാത്തതുകൊണ്ടണല്ലോ വീണ്ടും അന്വേഷിക്കണമെന്നു പെണ്‍കുട്ടി ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതുപോലെ ഇതൊന്നന്വേഷിച്ചാല്‍ പെണ്‍കുട്ടി പറയുന്നതില്‍ കാര്യമുണ്ടോ ഇല്ലയോ എന്നത് മനസ്സിലാക്കാമല്ലോ. കുര്യന്‍ സാര്‍ നിരപരാധിയാണെങ്കില്‍ പിന്നെന്തിനു പേടിക്കണം ? ശാസ്ത്രീയമായ അന്വേഷണം നടക്കുകയും കുര്യന്‍ സാര്‍ നിരപരാധിയാണെന്നു തെളിയിക്കപ്പെടുകയും ചെയ്താല്‍ അതല്ലേ കുര്യന്‍ സാറിനും ഉമ്മന്‍ ചാണ്ടിക്കും കേരളത്തിലെ ജനങ്ങള്‍ക്കും നല്ലത് ? ഇത് ഇനി അന്വേഷിക്കാന്‍ പാടില്ല, കുര്യന്‍ സാറിനെ നോവിക്കാന്‍ പാടില്ല എന്നൊക്കെ പറയുമ്പോള്‍ എന്തു കേസും തെളിയിക്കുന്ന തിരുവഞ്ചൂര്‍ സാറു പോലും അതിലൊരു ലോജിക്കുണ്ടെന്ന് സമ്മതിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

ആന്‍റണിക്കു ധൈര്യമില്ല: ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിയാകും

കോണ്‍ഗ്രസിലെ ഉന്നതനേതാവും കേന്ദ്രമന്ത്രിയുമായ എ.കെ.ആന്‍റണി യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ ഏറെ അഭിനന്ദിച്ചു എന്നുമുളള വാര്‍ത്തകള്‍ കണ്ടു. ആന്‍റണി പറഞ്ഞതിനെ മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുകയോ ആസൂത്രിതമായി അത് യുഡിഎഫ് സര്‍ക്കാരിനെതിരാണെന്നു വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടി ബോധപൂര്‍വം ശ്രമിക്കുകയോ ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നത് ന്യൂയോര്‍ക്ക് ടൈംസുകാര്‍ക്കു പോലുമറിയാം. ആന്‍റണി അതൊന്നുമറിയാതെ സര്‍ക്കാരിനെ വിമര്‍ശിക്കും എന്നു കരുതുന്നത് അതിമോഹവും അതിലേറെ വിഡ്ഡിത്തവുമാണ്. മാത്രവുമല്ല, എമേര്‍ജിങ് കേരള പോലുള്ള ഒരു ആഗോളനിക്ഷേപകസമ്മേളനം നടത്താന്‍ ധൈര്യം കാണിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നതും മറക്കരുത്. എല്‍ഡിഎഫ് സര്‍ക്കാരിന് അത്തരത്തിലൊരു ചെറിയ സമ്മേളം പോലും നടത്താനായില്ല. പിന്നെങ്ങനെ കഴിഞ്ഞ സര്‍ക്കാര്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഈ സര്‍ക്കാരിനെക്കാള്‍ മികച്ചതാവും ?

ആന്‍റണി വളരെ സാന്ദര്‍ഭികമായി അതേ സമയം, തന്ത്രപരമായി നടത്തിയ ഒരു പ്രസ്താവനയെ മനസ്സിലാക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു സംഭവിച്ച വീഴ്ചയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ ആന്‍റണി വിമര്‍ശിച്ചു എന്ന വാര്‍ത്തയില്‍ എത്തി നില്‍ക്കുന്നത്. സത്യത്തില്‍ എന്താണ് ആന്‍റണി പറഞ്ഞത് ? പ്രധാനപോയിന്‍റുകള്‍ ഇവയാണ്- “കേരളത്തിലേക്ക് കേന്ദ്രപദ്ധതികള്‍ കൊണ്ടുവരാന്‍ ധൈര്യമില്ലാതായി. കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന്‍റെ കാലത്ത് പ്രതിരോധവകുപ്പിന്‍റെ കീഴിലെ സ്ഥാപനങ്ങള്‍ കേരളത്തിലെത്തിക്കാന്‍ രാഷ്ട്രീയവ്യത്യാസം മറന്ന് വ്യവസായമന്ത്രി എളമരം കരീമും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഒരുപാട് സഹായങ്ങള്‍ ചെയ്തു. അതിന്‍റെ ഫലമായി സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങളെത്തി. എന്നാല്‍ ഒന്നരവര്‍ഷമായി സംസ്ഥാനത്ത് ഒന്നും ചെയ്യന്‍ കഴിയുന്നില്ല. അതുകാരണം കേന്ദ്രപദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ധൈര്യം ചോര്‍ന്നുപോയി.” -വളരെ വ്യക്തമായി അദ്ദേഹം പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങളെ ചില മാധ്യമങ്ങള്‍ യുഡിഎഫ് സര്‍ക്കാരിനെതിരായി വളച്ചൊടിച്ചു എന്നതാണ് സത്യം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതുപോലെ ആന്റണി ഉന്നയിച്ച വിമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരല്ല. പിന്നെ, ആരെയാണ് അദ്ദേഹം വിമര്‍ശിച്ചത് എന്നതു ഞാന്‍ വിശദമായി പരിശോധിച്ചു. സത്യത്തില്‍ ആന്‍റണി വിമര്‍ശിച്ചിരിക്കുന്നത് സിപിഎമ്മിനെയും വിഎസ് അച്യുതാനന്ദന്‍റെയും എളമരം കരീമിന്‍റെയും ഇരട്ടത്താപ്പിനെയുമാണ്. ഒപ്പം കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെപ്പോലെ ധീരനായ ആരെങ്കിലും വരണമെന്നും അങ്ങനെ ഉമ്മന്‍ ചാണ്ടി തയ്യാറായാല്‍ താന്‍ രാജിവച്ചൊഴിയാന്‍ സന്നദ്ധനാണെന്നുമാണ് അദ്ദേഹം വ്യംഗ്യമായി പറഞ്ഞിരിക്കുന്നത്. രണ്ടുവട്ടം ആന്‍റണി ഊന്നിപ്പറഞ്ഞ കാര്യം ഇതാണ്- കേരളത്തിലേക്കു പദ്ധതികള്‍ കൊണ്ടുവരാന്‍ തനിക്കിപ്പോള്‍ ധൈര്യമില്ല. അത് ഒരു കുറ്റപ്പെടുത്താലായാണ് മാധ്യമങ്ങള്‍ കണ്ടിരിക്കുന്നത്. എന്നാല്‍, സത്യത്തില്‍ അതൊരു കുറ്റസമ്മതമാണ്. പ്രതിരോധമന്ത്രിക്ക് ഏറ്റവും അവശ്യമായി വേണ്ട ഗുണങ്ങളിലൊന്നാണ് ധൈര്യം. അത് അദ്ദേഹത്തിനു ചോര്‍ന്നുപോയി എന്നു പറയുമ്പോള്‍ മന്ത്രിസ്ഥാനം രാജിവയ്‍ക്കാന്‍ താന്‍ തയ്യാറാണെന്നു കൂടിയാണ് അദ്ദേഹം പറഞ്ഞുവയ്‍ക്കുന്നത്.

വോക്സ്‍വാഗന്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു കോടി രൂപയുടെ വ്യവസായം കേരളത്തിലേക്ക് എത്തിച്ച ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മുന്നില്‍ വച്ച് ആന്‍റണി അങ്ങനെ പറഞ്ഞത് ഉമ്മന്‍ ചാണ്ടി കേന്ദ്രപ്രതിരോധമന്ത്രിയും കുഞ്ഞാലിക്കുട്ടി കേരള മുഖ്യമന്ത്രിയും ആകണമെന്ന ഉദ്ദേശത്തോടെയാണ്. ഇരുവരും ധൈര്യത്തിന്‍റെ കാര്യത്തില്‍ പണ്ടേ പ്രസിദ്ധരാണ്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിനും ഇന്ത്യയ്‍ക്കും അത് വളരെ നല്ലതായിരിക്കും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് സോണിയാ ഗാന്ധിയോട് നടത്തിയ ഒരഭ്യര്‍ഥനയായി വേണമെങ്കില്‍ ആ പ്രസംഗത്തെ കാണാം. ധൈര്യം ചോര്‍ന്നുപോയ ഒരാളെ എങ്ങനെ രാജ്യത്തിന്‍റെ പ്രതിരോധമന്ത്രി സ്ഥാനത്തു നിര്‍ത്തും എന്നതാണ് മറ്റൊരു ചോദ്യം. പാകിസ്ഥാനോ ചൈനയോ പെട്ടെന്ന് ഒരു അക്രമത്തിനു തുനിഞ്ഞാല്‍ ഇതുപോലെ അദ്ദേഹത്തിനു ധൈര്യം ചോര്‍ന്നുപോയാല്‍ നാമെന്തു ചെയ്യും ?

മറ്റൊന്ന് ആന്‍റണി അച്യുതാനന്ദനെയും കരീമിനെയും അഭിനന്ദിച്ചു എന്നു പറയുന്നത്. വളരെ വലിയൊരു തെറ്റിദ്ധാരണയും അസൂത്രിതമായ കുപ്രചാരണവുമാണ് ഇത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അമ്പേ പരാജയമായിരുന്നു എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരു സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു എന്നത് ശരിയല്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ സമയത്ത് കേരളത്തില്‍ ഉണ്ടായ വികസനങ്ങള്‍ക്കു പിന്നില്‍ താനാണെന്നാണ് സത്യത്തില്‍ ആന്‍റണി ഉദ്ദേശിച്ചത്. വിഎസും കരീമും കൂടി ഇവിടെ കൊണ്ടുവന്നു എന്നവകാശപ്പെടുന്ന പദ്ധതികള്‍ സത്യത്തില്‍ കേന്ദ്രത്തിലിരുന്നുകൊണ്ട് ആന്‍റണി കൊണ്ടുവന്നതായിരുന്നു എന്ന സത്യം അദ്ദേഹം വെളിപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ഒന്നും സാധിക്കുന്നില്ല എന്നു പറയുമ്പോള്‍ വിഎസും കരീമും കൂടി കേരളത്തിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനങ്ങള്‍ മുടക്കുകയാണ് എന്നാണ് ഉദ്ദേശിക്കുന്നത്. വിഎസിന്‍റെയും കരീമിന്‍റെയും ക്രൂരതകളും യുഡിഎഫ് സര്‍ക്കാരിന്‍റെ നിസ്സഹായതയും വരച്ചുകാട്ടാന്‍ വേണ്ടി ആന്‍റണി അല്‍പം പരത്തിപ്പറഞ്ഞ കാര്യങ്ങളെ യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളായും വിഎസിനും കരീമിനുമുള്ള അംഗീകാരങ്ങളായും പ്രചരിപ്പിക്കുന്നത് ക്രൂരമാണ്, നിന്ദ്യമാണ്, പൈശാചികമാണ്, മൃഗീയമാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അധിക്ഷേപിക്കുന്നതിനു പകരം, ഒന്നര വര്‍ഷമായി കേരളത്തിന്‍റെ വികസനത്തിനു മുടക്കം നില്‍ക്കുന്ന വിഎസിനെയും കരീമിനെയും ഒരു പാഠം പഠിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ആന്‍റണിക്ക് ധൈര്യം വീണ്ടുകിട്ടട്ടെ എന്നും നമുക്കു പ്രാര്‍ഥിക്കാം. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയവും യൂണിയന്‍ പ്രവര്‍ത്തനവും എത്രയും വേഗം അവസാനിപ്പിച്ച് കേരളത്തിലേക്ക് കേന്ദ്രപദ്ധതികള്‍ കൊണ്ടുവരാനുള്ള ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പരിശ്രമങ്ങളെ എതിര്‍ക്കരുതേ എന്ന് വിഎസിനോടും കരീമിനോടും വിനീതമായി അപേക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.

മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഭിനന്ദനങ്ങള്. കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ സമരം വിജയിക്കുകയും നഴ്‍സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യേണ്ടി വന്ന ഗതികേടിനു പകരമായി സര്‍ക്കാരിന് ഇനി ചെയ്യാനുള്ളത് പ്രതികാരമാണ്. ആത്മഹത്യാഭീഷണി മുഴക്കിയ നഴ്‍സുമാര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനും സമരത്തിനിടെ നടന്ന അക്രമത്തില്‍ നാട്ടുകാര്‍ക്കെതിരെ വിവിധ വകുപ്പുകളിലും കേസെടുത്ത മുഖ്യമന്ത്രിയും ആഭ്യന്തരനും നമ്മള്‍ ഉദ്ദേശിച്ചതിനെക്കാള്‍ വലിയ ഭീരുക്കളും നിഷ്കളങ്കരുമാണെന്ന് തെളിയിച്ചു കഴിഞ്ഞു.നഴ്‍സുമാരെ പിന്തുണച്ച കേരളത്തിലെ ആയിരക്കണക്കായ ആളുകള്‍ക്കെതിരെയും ആത്മഹത്യാപ്രേരണയ്‍ക്കു കേസെടുക്കണമെന്ന് ഭരണം കൊണ്ടാടുന്ന തിരുമേനിമാരോട് വിനീതമായി അഭ്യര്‍ഥിക്കുന്നു.

ഒത്തുതീര്‍പ്പായ കോതമംഗലം സമരത്തിലെ പ്രധാനവ്യവസ്ഥകളിലൊന്ന് സമരക്കാര്‍ക്കെതിരേ പ്രതികാരനടപടി ഉണ്ടാവുകയില്ല എന്നതായിരുന്നു. എന്നാല്‍, അത് മാനേജ്‍മെന്‍റുമായുള്ള ഉടമ്പടിയായിരുന്നതുകൊണ്ടാവാം പ്രതികാരം സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തത്. 115 ദിവസം നീണ്ടു നിന്ന സമരവും നഴ്‍സുമാരുടെ ദുരിതവും അവഗണിക്കുന്ന സര്‍ക്കാരിന് സമരത്തിന്‍റെ ഭാഗമായി നടന്ന ആത്മഹത്യാഭീഷണിയും ജനകീയസമരവും വലിയ ക്രമാസമാധാനപ്രശ്നമായി തോന്നുന്നത് കടിച്ചമര്‍ത്തിയ പകയുടെ പ്രതിഫലനമല്ലെങ്കില്‍ പിന്നെ എന്താണ് ? സര്‍ക്കാരിന് നഴ്‍സുമാരോട് ഒരു തരത്തിലുമുള്ള ആഥ്മാര്‍ത്ഥ ഇല്ല എന്നത് പിറവം തിരഞ്ഞെടുപ്പിന്‍റെ അന്ന് കണ്ടതാണ്. ലേക്‍ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത നഴ്‍സുമാരോട് ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് പറ്റിച്ചിട്ട് പോളിങ് കഴിഞ്ഞ് അരമണിക്കൂറിനകം എല്ലാറ്റിനെയും അറസ്റ്റ് ചെയ്ത് നീക്കിയവനാണ് നമ്മുടെ ഉമ്മന്‍ ചാണ്ടി. ആത്മഹത്യാഭീഷണി കഴിഞ്ഞ് ദിവസമിത്രയുമായി. ഇന്നലെ ഒത്തുതീര്‍പ്പു ചര്‍ച്ചയും കഴിഞ്ഞു നഴ്‍സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചപ്പോള്‍ തികച്ചും നാടകീയമായി പൊലീസ് കേസെടുത്തിരിക്കുന്നു.കെട്ടിടത്തിനു മുകളില്‍ കയറിയ മൂന്നു നഴ്‍സുമാര്‍ക്കെതിരെയാണ് പൊലീസ് ആത്മഹത്യാശ്രമത്തിനു കേസെടുത്തിരിക്കുന്നത്.

അന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ കൂവിയോടിച്ച, നഴ്‍സുമാര്‍ക്കു വേണ്ടി വളരെ വൈകാരികമായി പ്രതികരിച്ച നാട്ടുകാര്‍ക്കെതിരെയും കേസുണ്ട്. ഒന്‍പതു പേരെ അറസ്റ്റ് ചെയ്യുകയും കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരുടെ പേരിലുള്ള കുറ്റങ്ങളും ശ്രദ്ധേയമാണ്. പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏതെങ്കിലും യുഡിഎഫ് നേതാവിനെ കൂവുന്നതിനു മുമ്പ് വോട്ടു ചെയ്യുന്ന പട്ടികള്‍ ഇനി മുതല്‍ മൂന്നു വട്ടം ആലോചിക്കണം. ഉമ്മന്‍ ചാണ്ടിയുടെ ഭീരുത്വവും സമുദായങ്ങളുടെ ആധിപത്യവും ഒരിക്കല്‍ക്കൂടി തെളിഞ്ഞ സമരമുഖത്തെ ജനകീയപങ്കാളിത്തം സര്‍ക്കാരിനെയും രാഷ്ട്രീയനേതൃത്വത്തെയും വല്ലാതെ ഭയപ്പെടുത്തുന്നു എന്നതിന്‍റെ തെളിവാണ് ഈ അറസ്റ്റ്.കേസുകളെല്ലാം നിലനില്‍ക്കുന്നതാണ്. കേസ് എടുത്തതില്‍ സാങ്കേതികമായി ഒരു തെറ്റുമില്ല.കേസെടുത്ത് ആ മൂന്നു നഴ്‍സുമാരുടെ ഭാവി തുലയ്‍ക്കാന്‍ സാധിച്ചാല്‍, പൊലീസ് നടപടകളിലൂടെ അവരെ ശരിക്കും ആത്മഹത്യയിലേക്കു തള്ളിവിടാനായാല്‍ അത്രയുമായി.

നഴ്‍സുമാര്‍ക്കെതിരെയും സമരത്തെ പിന്തുണച്ചവര്‍ക്കെതിരെയും കേസെടുത്ത നടപടി അപലപനീയമാണെന്നും ദുഷ്ടലാക്കോടു കൂടി എടുത്ത നടപടി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, അതിനു മുഴക്കം പോര. ഈ അറസ്റ്റുകള്‍ ഭരണനേതൃത്വത്തെ എത്രത്തോളം ആശ്വസിപ്പിക്കുന്നുണ്ട് എന്നത് കോണ്‍ഗ്രസിന്‍റെ മുഖപത്രമായ വീക്ഷണത്തിലെ വാര്‍ത്ത വായിച്ചാല്‍ മനസ്സിലാവും. ഉമ്മന്‍ ചാണ്ടിയുടെ സൗമ്യശാലീനതയെ അഭിനന്ദിക്കാതെ വയ്യ. തിരുവഞ്ചൂരിന്‍റെ സാമൂഹികപ്രതിബദ്ധതയും അപാരം തന്നെ. ടിപി വധത്തിലെ പ്രതികളെ നമ്മള്‍ പിടികൂടിയല്ലോ അതുകൊണ്ട് ഇനി ചെയ്യുന്നതെല്ലാം ശരിയായിരിക്കും.

വിളപ്പില്‍ശാലയിലും പാലിയേക്കരയിലും കോതമംഗലത്തുമെല്ലാം രാഷ്ട്രീയമുതലെടുപ്പിനു സാധ്യതയില്ലാത്ത വണ്ണം ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ ഭരണാധികാരികള്‍ക്ക് ഭയമാവും. ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നിടത്തോളം അപകടകരമായി മറ്റൊന്നുമില്ല എന്നവര്‍ക്കറിയാം. വിദേശരാജ്യങ്ങളിലെ മുല്ലപ്പൂവിപ്ലവങ്ങളെപ്പറ്റി പ്രസംഗിച്ച് അണികളെ കോള്‍മയിര്‍ കൊള്ളിക്കുകയും നാട്ടിലെ കൊച്ചുകൊച്ചുസമരങ്ങളെപ്പോലും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂടം ജനങ്ങള്‍ വോട്ടു ചെയ്യുന്നതൊഴികെ മറ്റെല്ലാം രാജ്യദ്രോഹമാണെന്നു പറയാന്‍ അധികകാലമില്ല.

രാജ്യത്ത് ഭക്‍ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാകുന്നതില്‍ താന്‍ സന്തോഷിക്കുന്നു എന്നു പറഞ്ഞ ഒരു വിദ്വാന്‍ കേന്ദ്രത്തില്‍ കിടന്നു വിയര്‍ക്കുന്നുണ്ട്. കര്‍ഷകര്‍ക്കു വരുമാനം കൂടുമല്ലോ എന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം ന്യായീകരിച്ചു കഷ്ടപ്പെടുന്നുമുണ്ട്. വിലക്കയറ്റമുണ്ടാകുമ്പോഴേല്ലാം ആ മാര്‍ജിന്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നു എന്നു വിശ്വസിക്കുന്ന പരമസാധുവും നിഷ്കളങ്കനുമായ ആ കേന്ദ്രമന്ത്രിയോട് പ്രതിപക്ഷം ക്ഷമിക്കുമാറാകട്ടെ.

References: Malayala Manorama, Metro Vartha, Veekshanam

കറിവേപ്പിലയുടെ പരിപ്രേക്ഷ്യങ്ങള്‍

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയനയഭാഷ നന്നാവണം എന്നു പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. അഭിസാരിക എന്നു വച്ചാല്‍ കറിവേപ്പില എന്നാണര്‍ഥം എന്നതിനാല്‍ ആ പ്രയോഗത്തില്‍ കുഴപ്പമില്ല എന്നും അദ്ദേഹം പറഞ്ഞു. ശുംഭന്‍ എന്നാല്‍ പ്രകാശം പരത്തുന്നവനാണെന്നു നേരത്തേ പറഞ്ഞു. ഇനിയും പലതും പാര്‍ട്ടിയുടെ കിച്ചന്‍ ഡിക്ഷണറിയിലേക്ക് വരാനിരിക്കുന്നതേയുള്ളൂ. കൊഞ്ജാണന്‍ എന്നു നേരത്തേ സുധാകരന്‍ ഉപയോഗിച്ചിരുന്നു. മധ്യകേരളത്തിലെ ചിലഭാഗങ്ങളില്‍ മഞ്ഞളിന് കൊഞ്ജാണന്‍ എന്നു പറയാറുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. അടുക്കളയിലേക്കൊന്നു കയറിയാല്‍ അവിടുപയോഗിക്കുന്ന സാധനങ്ങളുടെ അവസ്ഥയും ലുക്കും വച്ചു നോക്കിയാല്‍ അവയെയൊക്കെ വിശേഷിപ്പിക്കാന്‍ അതിനെക്കാള്‍ മികച്ച പദങ്ങള്‍ പുറത്തുണ്ട് എന്നു മനസ്സിലാവും. അങ്ങനെ പരിശോധിച്ചാല്‍ കറിവേപ്പിലയ്ക്ക് എന്തുകൊണ്ടും അനുയോജ്യമായ പേരാണ് അഭിസാരിക.

മിക്കവാറും എല്ലാ കറികളിലും മോരിലും സാമ്പാറിലും എന്തിന് പരിപ്പുവടയില്‍പ്പോലും കറിവേപ്പിലയുണ്ട്. മനുഷ്യന്റെ ലൈംഗികതൃഷ്ണപോലെ തന്നെയാണ് കറിവേപ്പിലയോടുള്ള താല്‍പര്യവും. ടേസ്റ്റ് കൂട്ടാന്‍, ഹരം പകരാന്‍ ഒക്കെ കറിവേപ്പില നമുക്ക് വേണം. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ ചെറുചിരിയോടെ അവളെ വലിച്ച് താഴേയ്ക്കിടും. ഇനി ചിന്തിക്കൂ, ലോകത്ത് അഭിസാരികകളുടെ അവസ്ഥയും ഇതു തന്നെയല്ലേ ? ഹോട്ടലുകളില്‍, യാത്രകളില്‍ ഒക്കെ രുചികൂട്ടാന്‍ നമുക്കവളെ വേണം. എന്നാല്‍ വീടിന്റെ നൂറ് മീറ്റര്‍ അടുത്തെത്തുമ്പോള്‍ വണ്ടി വേഗം കുറച്ച് അവളെ ഇറക്കിവിട്ട് ഡീസന്റായി വീട്ടിലേക്കു പോകും. വിഎസ് സത്യത്തില്‍ ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് സ്വയം വലിയൊരു വിവാദത്തിന് ഇരയായിക്കൊണ്ട് അത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്നെനിക്കിപ്പോള്‍ തോന്നുന്നു. അഭിസാരിക എന്നു വച്ചാല്‍ കറിവേപ്പിലയാണ് എന്നതിനെക്കാള്‍ അഭിസാരികമാരുടെ അവസ്ഥ കറിവേപ്പിലയ്ക്ക് സമാനമാണ് എന്ന ശക്തമായ സന്ദേശം മുന്നോട്ടു വച്ച അദ്ദേഹത്തെ അഭിനന്ദിക്കാനും പിന്തുണ അറിയിക്കാനുമാണ് സ്ത്രീപക്ഷവാദികള്‍ തയ്യാറാവേണ്ടിയിരുന്നത്. കഷ്ടമായിപ്പോയി.

പിണറായി വിജയന്‍ പണ്ട് ബിഷപിനെ നികൃഷ്ടജീവി എന്നു വിളിച്ചു എന്നൊരു വിവാദമുണ്ടായിരുന്നു. സത്യത്തില്‍ അദ്ദേഹം ഉദ്ദേശിച്ചത് ജൈവസ്തുക്കളുടെ ഘടനയില്‍ മാറ്റം വരുത്തി അതിനെ രുചികരമാക്കുകയും എന്നാല്‍ എന്നും പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വരികയും ചെയ്യുന്ന ബാക്ടീരിയ സമൂഹത്തെയുമാണ് എന്നാണ് എനിക്കു തോന്നുന്നത്. മുന്തിരിയിട്ടു വച്ച വെള്ളം വീഞ്ഞാക്കുന്ന, അടുക്കളയില്‍ പാലിനെ മോരാക്കുന്ന ബാക്ടീരീയ എന്നര്‍ഥത്തിലാണ് അദ്ദേഹം ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചതെങ്കില്‍ അതൊരു പ്രശംസയല്ലേ ? അത്രയൊക്കെ കാര്യങ്ങള്‍ ചെയ്യുന്ന ബാക്ടീരിയയെപ്പറ്റി നമ്മള്‍ പറയുന്നതോ ? എല്ലാ രോഗങ്ങള്‍ക്കും കാരണം ബാക്ടീരിയ എന്ന്. എങ്ങനെ സഹിക്കും ഇത് ? പാപികളെ ഇടയലേഖനങ്ങളിലൂടെ തങ്കക്കുടങ്ങളാക്കുകയും എന്നാല്‍ എന്നും വിമര്‍ശനങ്ങളേറ്റുവാങ്ങുകയും ചെയ്യുന്നവരെന്ന നിലയ്ക്ക് ബിഷപുമാരുടെ സേവനത്തെ എടുത്തു കാണിക്കാന്‍ വേണ്ടിയാവണം പിണറായി അങ്ങനെ പറഞ്ഞത്. എന്നാല്‍, അന്ന് പിണറായി ഉദ്ദേശിച്ചത് നമുക്കാര്‍ക്കും മനസ്സിലായില്ല. ആവശ്യങ്ങള്‍ക്കുപയോഗിക്കുകയും അല്ലാത്തപ്പോള്‍ വലിയ അക്രമിയെന്നു ചിത്രീകരിച്ച് ഒറ്റപ്പെടുത്തുന്ന നികൃഷ്ടജീവികളും ഒരര്‍ഥത്തില്‍ അഭിസാരികകളാണ്.

കറികളില്‍ അരച്ചുപയോഗിക്കുന്ന ഉണങ്ങിയ മഞ്ഞളിന്റെ ചെറിയ പീസുകളെയാണ് കൊഞ്ജാണന്‍ എന്നു വിളിക്കുന്നത്. ലുക്കില്ലാതെ മെലിഞ്ഞുണങ്ങി അലസമായിക്കിടക്കുന്ന ആ മഞ്ഞള്‍ക്കഷണങ്ങളെ കല്ലിലെടുത്തു വച്ച് ഇടിച്ചുചതയ്ക്കുമ്പോള്‍ സംഗതി ആകെ മഞ്ഞയാവുകയാണ്. ആ സാധനത്തില്‍ നിന്നാണോ ഇത്രയധികം മഞ്ഞയുണ്ടായത് എന്ന വിസ്മയം ആര്‍ക്കുമുണ്ടാകും. അവിടെയും മഞ്ഞള്‍ നല്‍കുന്ന സംഭാവനകള്‍ക്കനുസരിച്ചുള്ള അംഗീകാരം മഞ്ഞളിനു ലഭിക്കുന്നില്ല. പോരെങ്കില്‍ മഞ്ഞളിനെ ക്രൂരമായി ഇടിച്ചുചതച്ചാണ് നമ്മള്‍ കാര്യം സാധിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മഞ്ഞളും അഭിസാരികയാണ്. അടുക്കളയിലുപയോഗിക്കുന്ന മറ്റ് വസ്തുക്കളും അവയുടെ പരിപ്രേക്ഷ്യങ്ങളും താഴെ കൊടുക്കുന്നു. ഇതെല്ലാം നാളെത്തന്നെ പ്രയോഗത്തില്‍ വരണമെന്നു വാശിപിടിക്കരുത്. മെല്ലെ മെല്ലെ ഇത് പ്രചാരം നേടിക്കൊള്ളും, പിറവം തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ, ട്ടാ.

കപ്പ – കഴുവേറി
കുരുമുളക് – ചെറ്റ
നേന്ത്രപ്പഴം- അലവലാതി
ഉരുളക്കിഴങ്ങ്- തെണ്ടി
ക്യാരറ്റ്- ജാരന്‍
പച്ചമുളക്- ഒറ്റുകാരന്‍
ഉള്ളി- ഷണ്ഡന്‍
അജിനോമോട്ടോ- വഞ്ചകന്‍
ഉപ്പ്- കൂട്ടിക്കൊടുപ്പുകാരന്‍
കടുക്- തന്തയില്ലാത്തവന്‍
ജീരകം- പരമനാറി

പലവട്ടം ചാണകക്കുഴിയില്‍ വീണിട്ടും കുളിക്കടവില്‍ ഒളിഞ്ഞുനോക്കുന്ന കുമാരനെപ്പോലെ

കോണ്‍ഗ്രസുകാര്‍ക്ക് ഇതൊരു വലിയ വെല്ലുവിളിയാണ്. വിവാഹത്തോടെ അഭിനയം നിര്‍ത്തി എന്നു പറയുന്നതുപോലെ യുഡിഎഫില്‍ ചേര്‍ന്നതോടെ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തിയ സിന്ധു ജോയിയെ മുഖ്യാധാരയിലേക്കു കൊണ്ടുവന്ന് സ്ഥാനമാനങ്ങള്‍ നല്‍കി വളര്‍ത്തി വലുതാക്കി അടുത്ത സോണിയാഗാന്ധിയാക്കാന്‍ യുഡിഎഫുകാര്‍ക്ക് ദൈവമായിട്ട് നല്‍കിയ അവസരമാണിത്. വി.എസ്. അച്യൂതാനന്ദന്‍ പറഞ്ഞ പോയിന്റ് മറച്ചുവയ്‍ക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ച വാക്കില്‍ തൂങ്ങി സ്ത്രീപക്ഷവാദംകൊണ്ട് കോള്‍മയിര്‍കൊള്ളുകയാണ് പ്രബുദ്ധ കേരളം. അദ്ദേഹത്തിന്റെ ശൈലി അച്ചടിഭാഷയിലുള്ളതല്ല. നാടന്‍ കള്ളുഷാപ്പിലെ കറിക്കാരനെപ്പോലെ സംസാരിക്കുന്ന ദേശീയ നേതാവാണ് വിഎസ്. എന്നും ഇന്നും എന്നും അങ്ങനെയായിരുന്നു. സിന്ധു ജോയിയെപ്പറ്റി പറഞ്ഞപ്പോള്‍ അഭിസാരിക എന്ന വാക്കുപയോഗിച്ചു എന്നതാണ് കേരളത്തെ ഞെട്ടിച്ചുകളഞ്ഞത്. എന്നാല്‍, ആ വാചകം മുഴുവന്‍ ശ്രദ്ധിച്ചാല്‍ അദ്ദേഹം ആക്ഷേപിച്ചത് സിന്ധു ജോയിയെ ആണോ യുഡിഎഫിനെയാണോ എന്നു മനസ്സിലാക്കാം.

‘നിങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരല്ലേ, അന്വേഷിച്ചോ? തിരഞ്ഞെടുപ്പു കാലത്ത് യുഡിഎഫ് പലരെയും വിലയ്‌ക്കെടുക്കാറുണ്ട്. സിന്ധു ജോയി കുറെ മണ്ഡലങ്ങളില്‍ പ്രസംഗിച്ചു നടന്നല്ലോ… അഭിസാരികകളെ കുറെപ്രാവശ്യം ഉപയോഗിച്ചു തള്ളില്ലേ, അതേ പോലെ കൈകാര്യം ചെയ്യുകയായിരുന്നില്ലേ !‘ – സിപിഎം അവഗണിച്ചു എന്നാരോപിച്ച് പാര്‍ട്ടിവിട്ട് പുതുപ്പള്ളിയില്‍ ലയിച്ച സിന്ധുവിനെ രാഷ്ട്രീയകേരളത്തില്‍ തിരഞ്ഞെടുപ്പിനു ശേഷം ആരും കണ്ടിട്ടില്ല എന്നാണറിവ്. തിരഞ്ഞെടുപ്പു കാലത്ത് സിന്ധുവിനെ എല്ലാ മണ്ഡലങ്ങളിലും കൊണ്ടുനടന്ന് സിപിഎമ്മിനെ ചീത്ത വിളിപ്പിച്ച യുഡിഎഫ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൊച്ചിനെ ആരാക്കി മാറ്റി എന്ന ചോദ്യമാണ് വിഎസ് ഉന്നയിച്ചത്.

എനിക്കു ജീവിക്കണം എന്നു പറഞ്ഞ് വീടുവിട്ടിറങ്ങിപ്പോയ കക്ഷി അന്നുരാത്രി ആത്മഹത്യ ചെയ്തു എന്നു പറയുന്നതുപോലെ പാര്‍ട്ടി അവഗണിച്ചു എന്നു പറഞ്ഞ് യുഡിഎഫില്‍ ചേര്‍ന്ന സിന്ധുവിനെ പിന്നെ യുഡിഎഫ് നേതാവെന്ന നിലയ്‍ക്ക് കാണാന്‍ പോലും കിട്ടിയിട്ടില്ല എന്നത് ഒരു സത്യമാണ്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും നിര്‍ത്തുന്നതുമൊക്കെ സിന്ധുവിന്റെ ഇഷ്ടം. സിന്ധു ജോയിയെ വിഎസ് അച്യുതാനന്ദന്‍ അഭിസാരിക എന്നു വിളിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അഭിസാരികയെപ്പോലെ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം അവര്‍ അഭിസാരികയാണ് എന്നാവുമോ ? എനിക്കറിയാവുന്ന മലയാളം വച്ച് ആവില്ല. വിഎസ് മാപ്പു പറയണമെന്നാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നത്. എനിക്കു തോന്നുന്നില്ല അതു നടക്കുമെന്ന്.

യേശുക്രിസ്തു മുതല്‍ ലോകചരിത്രത്തില്‍ ഉപമകളിലൂടെ സംസാരിച്ചിട്ടുള്ളവര്‍ അനേകമാണ്. ഏത് തരത്തിലുള്ള ഉപമ ഉപയോഗിക്കണമെന്നുള്ളത് സംസാരിക്കുന്നയാളുടെ വിവരവും വിദ്യാഭ്യാസവും സംസ്കാരവുമൊക്കെ ആശ്രയിച്ചിരിക്കും. വിഎസ് ഇനി തിരുത്താനാവാത്തവിധം ഉറച്ചുപോയ രാഷ്ട്രീയശൈലിയുടെ ഉടമയാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങളില്‍ എന്നും വിവാദം കടന്നുവന്നിട്ടുമുണ്ട്. മലമ്പുഴയിലെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ലതിക സുഭാഷിനെപ്പറ്റി പറഞ്ഞതാണ് അതില്‍ ഏറ്റവും നികൃഷ്ടമായത്. അന്ന് പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാത്ത ചിലയാളുകള്‍ ഇപ്പോള്‍ ആവേശത്തോടെ രംഗത്തിറങ്ങിയിരിക്കുന്നത് ശ്രദ്ധേയമാണ്.സിന്ധു ജോയിയെ യുഡിഎഫ് ആവശ്യം കഴിഞ്ഞപ്പോള്‍ വലിച്ചെറിഞ്ഞു എന്നത് ഒരു യാഥാര്‍ഥ്യമാണ് എന്നതാവാം പ്രകോപിപ്പിച്ചത്.

വിഎസിന്റെ പരാമര്‍ശത്തില്‍ മനംനൊന്ത് പ്രതികരിച്ച സിന്ധുജോയി പോലും യുഡിഎഫില്‍ തനിക്കു സുഖമാണ് എന്നു പറഞ്ഞിട്ടില്ല. മറിച്ച്, പാര്‍ട്ടി വിട്ട ശേഷം പൊതുരംഗത്തുപോലും താന്‍ സജീവമല്ല എന്ന് എടുത്തുപറയുന്നുമുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ യുഡിഎഫുകാരിയായ സിന്ധുജോയിക്ക് പൊതുരംഗത്തു നിന്നുപോലും പാലായനം ചെയ്യേണ്ടി വന്നു എന്നാണോ അതിന്റെ അര്‍ഥം ? അങ്ങനെയാണെങ്കില്‍ പലതും പറഞ്ഞ് മോഹിപ്പിച്ച ശേഷം തിരഞ്ഞെടുപ്പ് കാലത്ത് സമര്‍ഥമായി ഉപയോഗിക്കുകയും തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ സിന്ധുവിനെ അവഗണിക്കുകയുമല്ലേ കോണ്‍ഗ്രസ് ചെയ്തത് ? അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. വിഎസ്-അഭിസാരിക അതു മാത്രമേ ചര്‍ച്ച ചെയ്യാന്‍ പറ്റൂ എന്നു വാശിപിടിക്കുന്നവരോട് തര്‍ക്കിക്കാന്‍ ഞാനുമില്ല.

വിഎസ് ഉപയോഗിച്ച ഉപമ നന്നായില്ല എന്നു തന്നൊണ് എന്റെയും അഭിപ്രായം. അദ്ദേഹത്തിന്റെ ഉപമയും ഉല്‍പ്രേക്ഷ്യവുമൊക്കെ എന്നെങ്കിലും നന്നാവുമെന്ന് എനിക്കു പ്രതീക്ഷയുമില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ശൈലിയും നന്നായി അറിയാം. സിന്ധുജോയിയെപ്പറ്റി മറ്റെന്തോ ആണ് വിഎസ് ഉദ്ദേശിച്ചത് എന്നു സ്ഥാപിച്ചുകൊണ്ട് വിവാദത്തില്‍ പങ്കുചേരുന്നവരാണ് സത്യത്തില്‍ സിന്ധുവിനെ ചീത്തയാക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്. വിഎസ് പറഞ്ഞത് സിന്ധുവിന്റെ രാഷ്ട്രീയജീവിതത്തെപ്പറ്റിയായിരുന്നു. അത് വ്യക്തിജീവിതത്തെപ്പറ്റിയായിരുന്നു എന്ന മട്ടില്‍ വ്യാഖ്യാനിച്ച് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ വിജയം താല്ക്കാലികം മാത്രമാണ്.

വിഎസ് പറഞ്ഞ കാര്യം സത്യവും ഉപയോഗിച്ച ഉപമ കഷ്ടവുമായിപ്പോയി എന്നിരിക്കെ അതേ കാര്യത്തെ വിശേഷിപ്പിക്കാന്‍ പറ്റിയ ഏതാനും ഉപമകള്‍ കൂടി ഇതോടൊപ്പം കൊടുക്കുന്നു.

1. പലവട്ടം സ്കാന്‍ ചെയ്ത ശേഷം അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ആന്റിവൈറസ് പോലെ.
2. പലവട്ടം ഷൂട്ട് ചെയ്ത ശേഷം കട്ട് ചെയ്തു മാറ്റിയ സീക്വന്‍സ് പോലെ.
3. പലവട്ടം തിരുത്തിയ ശേഷം ചവറ്റുകുട്ടയിലെറിഞ്ഞ കവിത പോലെ.
4. പലവട്ടം റെയ്‍സ് ചെയ്ത ശേഷം ഓഫാക്കിയിട്ട എന്ജിന്‍പോലെ.
5. പലവട്ടം ഡയല്‍ ചെയ്ത ശേഷം എടുക്കുമ്പോള്‍ കട്ടാക്കുന്ന നമ്പര്‍ പോലെ.

ഇതിലൊന്നും ആര്‍ക്കും നികൃഷ്ടവും ഹീനവുമായിത്തോന്നുന്നില്ലെങ്കില്‍ വിഎസിന്റെ മേല്‍ കുതിരകയറുന്നവരുടെ ഉദ്ദേശശുദ്ധി ശരിയല്ല. കാരണം, ഈ പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള ഉപമ ഉപയോഗിക്കാനുള്ള പശ്ചാത്തലം വിഎസിനില്ല. അദ്ദേഹത്തിന്റെ ലോകത്ത് കള്ളന്മാരും കൂട്ടിക്കൊടുപ്പുകാരും വേശ്യകളും തള്ളച്ചിമാരും അഭിസാരികകളുമൊക്കെയാണുള്ളത്. ഉപമകള്‍ പറയുമ്പോള്‍ അദ്ദേഹം ഉമ്മന്‍ ചാണ്ടിയെപ്പോലെ സംസാരിക്കണം എന്നു വാശിപിടിച്ചിട്ടു കാര്യമില്ല. പലവട്ടം ചാണകക്കുഴിയില്‍ വീണിട്ടും കുളിക്കടവില്‍ ഒളിഞ്ഞുനോക്കുന്ന കുമാരനെപ്പോലെ അദ്ദേഹം തന്റെ ഭാഷാപ്രയോഗങ്ങളുടെ ലഹരിയില്‍ രാഷ്ട്രീയജീവിതം തുടരുകയാണ്. ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനെന്ന മെറിറ്റില്‍ ഇതില്‍ നിന്നും പുല്ലുപോലെ ഊരി അടുത്ത വഷയത്തിലേക്കു കടക്കാന്‍ വിഎസിന് രണ്ടുദിവസം മതി.

ക്രിസ്തുവാണോ യൂദാസ് ആണോ ആദ്യം ഉണ്ടായത് ?

മുട്ടയും കോഴിയും പോലെയല്ല ക്രിസ്തുവിന്റെയും യൂദാസിന്റെയും കാര്യം. ആദ്യം ഉണ്ടായത് ക്രിസ്തുവാണോ യൂദാസ് ആണോ എന്നറിയണമെങ്കില്‍ രണ്ടുപേരുടെയും ഡേറ്റ് ഓഫ് ബര്‍ത്ത് അറിയണം. പുതിയ ക്രിസ്തുവിന്റെയും ഒറ്റുകാരുടെയും കാലത്തെ ബൈബിള്‍ നാടകങ്ങള്‍ നിര്‍വചിക്കുമ്പോഴും കര്‍ത്താവ് വെള്ളം വീഞ്ഞാക്കിയതുപോലെ ബൈബിളിനെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആക്കുന്നവരുടെ പോളിടെക്‍നിക് വിദ്യകള്‍ വിശകലനം ചെയ്യുമ്പോഴും ഇവരിലാരോ ഒരാള്‍ക്കു വേണ്ടിയാണ് മറ്റെയാള് ജനിച്ചത് എന്നു തോന്നിപ്പോകും.

കമ്യൂണിസ്റ്റ് പാര്‍ട്ടി ടോമിന്‍ ജെ.തച്ചങ്കരിയെപ്പോലെ ഭക്തിഗാനങ്ങള്‍ പാടി നടന്നത് ഒന്നും കാണാതെയല്ല എന്നത് കോണ്‍ഗ്രസുകാര്‍ക്കു പോലുമറിയാം. ക്രിസ്തു വിപ്ളവകാരിയാണെന്ന് മെത്രാപ്പൊലീത്ത സമ്മതിച്ചപ്പോള്‍ ഇല്ല ഞങ്ങള്‍ സമ്മതിക്കില്ല എന്ന് ചെന്നിത്തലയെയും അബ്ദുല്ലക്കുട്ടിയെയും പോലുള്ള മെട്രോപൊലീറ്റന്‍ രാഷ്ട്രീയക്കാര്‍ എതിര്‍ത്തത് അതുകൊണ്ടാണ്. ക്രിസ്ത്യാനികള്‍ കൂടെ നില്‍ക്കുന്ന പാര്ട്ടി എന്ന നിലയ്‍ക്ക് ക്രിസ്തുവിനെ മൊത്തമായോ ചില്ലറയായോ വില്‍ക്കാനുള്ള അവകാശം അവര്‍ക്കുള്ളതാണല്ലോ.

എന്റെ പോയിന്റ് ഇതൊന്നുമല്ല. എന്തുകൊണ്ട് പാര്‍ട്ടി ക്രിസ്തുവിനെ കളത്തിലിറക്കി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ക്രിസ്ത്യാനികളെ ഹഠാദാകര്‍ഷിക്കാനാണ് അത് ചെയ്തത് എന്നത് ഞാന്‍ വിശ്വസിക്കില്ല. വൈറസ് ഉണ്ടെങ്കിലേ ആന്റി വൈറസ് ഉള്ളൂ എന്നതുകൊണ്ട് ആന്റിവൈറസിനു നിലനില്‍ക്കാന്‍ വേണ്ടി വൈറസിനെയും കൂടി ഉണ്ടാക്കുന്ന ഐടി കമ്പനിയെപ്പോലെ, ബോബും മിസൈലും മറ്റും വിറ്റ് ജീവിക്കാന്‍ വേണ്ടി ലോകത്ത് യുദ്ധങ്ങളുണ്ടാക്കുന്ന അമേരിക്കയെപ്പോലെ,ചുമ്മാ അങ്ങനെ വിലസി നടക്കുന്ന വിഎസിനെ പിടിച്ച് ഒറ്റുകാരനാക്കുന്നതിനു വേണ്ടി പാര്‍ട്ടി സൃഷ്ടിച്ച ബിംബമാണ് ആദരണീയനായ സഖാവ് ക്രിസ്തുവിന്റേത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പ്രകാശ് കാരാട്ട് ക്രിസ്തുവാണെന്നു സഖാവ് ജയരാജന്‍ പറയുന്നിടത്തു നിന്നാണ് സംഗതികളുടെ തുടക്കം. പിന്നെയങ്ങോട്ട് ക്രിസ്തുവായിരുന്നു താരം. അപ്പോഴൊക്കെ നമ്മള്‍ കരുതി ക്രിസ്തുവിനെ അവര് ചെങ്കൊടി പുതപ്പിച്ച് അങ്ങു കൊണ്ടുപോകുവാണെന്ന്. ക്രിസ്തുവിനാണേല്‍ അങ്ങനെ രാഷ്ട്രീയമൊന്നുമില്ല. പാര്‍ട്ടിക്കാര് പ്രാക്ടിക്കലായി പുള്ളിയുടെ വചനങ്ങളാണ് പാലിക്കുന്നതെന്നു തോന്നിയാല്‍ അക്കൂടെപ്പോകും.കാലിത്തൊഴുത്തില്‍ പിറന്ന കക്ഷിയാണ്, പാര്‍ട്ടി ഓഫിസിന്റെ തിണ്ണയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങിയെന്നു വരും. അങ്ങനെ വരുമ്പോള്‍ ക്രിസ്തുവിനെ യുഡിഎഫില്‍ നിന്നു സസ്‍പെന്‍ഡ് ചെയ്യുകയോ സഭയില്‍ നിന്നു പുറത്താക്കുകയോ ഒക്കെ വേണ്ടിവരുമല്ലോ എന്നു ഭയന്നാണ് ക്രിസ്തു സഖാവല്ല എന്നു പറഞ്ഞുകൊണ്ട് എല്ലാവരും രംഗത്തിറങ്ങുന്നത്. ‍‍‍‍‍‍‍‍‍‍‍‍‍‍‍‍

എന്നാല്‍, എസ്‍എന്‍ സ്വാമിയുടെ തിരക്കഥയില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രത്തെ മാറ്റി നിര്‍ത്തി യഥാര്‍ഥ വില്ലന്‍ രംഗപ്രവേശം ചെയ്യുന്നതു പോലെ പത്രക്കാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ക്രിസ്തുവിനെ വിട്ടുകൊടുത്തിട്ട് പാര്‍ട്ടി അവരുടെ തിരക്കഥയിലെ യൂദാസിനെ സൃഷ്ടിക്കുകയായിരുന്നു. ക്രിസ്തുവിനെ അവതരിപ്പിക്കുന്നതിലൂടെ നീതിമാന്റെയും ഒറ്റുകാരന്റെയും ബിംബങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലവതരിപ്പിക്കുകയും തുടര്‍ന്ന് ക്രിസ്തുവിനെ പിന്‍വലിച്ച് യൂദാസിനെ മുന്നോട്ടു വയ്‍ക്കുകയും ചെയ്യുന്നതിലൂടെ ഇവന്‍ ഒറ്റുകാരനാണ് എന്ന സന്ദേശം വിഎസിന്റെ ചിത്രത്തോടൊപ്പം നല്‍കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം എന്ന് എന്നെപ്പോലുള്ള ശുംഭന്‍മാര്‍ക്കു തോന്നിയാല്‍ അത് മനോരമ വായിക്കുന്നതുകൊണ്ട് മാത്രമാണെന്നു പറയരുത്.

ഒറ്റുകാരന് എന്ന ഇമേജ് തന്നെ ഇത്തരത്തില്‍ കരുതിക്കൂട്ടി സൃഷ്ടിച്ചതായിരിക്കണം. പുതിയ ബൈബിള്‍ നാടകത്തിലൂടെ പാര്‍ട്ടി ഉദ്ദേശിച്ചത് വിപ്ലവത്തിനൊരുങ്ങിയ ക്രിസ്തുവിനെ പാര്‍ട്ടി ഏറ്റെടുത്ത് കുരിശുമരണത്തില്‍ നിന്നു രക്ഷിക്കുകയും ഒറ്റുകാരനെ കുരിശിലേറ്റുന്നതിലൂടെ സാമൂഹികനീതി നടപ്പാക്കുകയുമായിരുന്നിരിക്കണം. അത്തരത്തില്‍ വിശദമായ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഈ നീതിമാന്റെ രക്തത്തിലെനിക്കു പങ്കില്ലെന്നും പറഞ്ഞ് കാരാട്ട് കയ്യും കഴുകിപ്പോകുമെന്നു കരുതിയിടത്ത് പക്ഷെ തെറ്റിപ്പോയി. അയാള്‍ നീതിമാനാണ് എന്നും കുരിശിലേറ്റാനൊക്കില്ല എന്നും പറഞ്ഞ് കാരാട്ട് വ്യത്യസ്തനായ പീലാത്തോസായി നാടകത്തിന്റെ ക്ലൈമാക്‍സും മാറ്റി മറിച്ചു.

ക്രിസ്തു കുരിശില്‍ മരിക്കുമ്പോള്‍ പ്രകൃതിയില്‍ ഭീകരമായ ലക്ഷണങ്ങള്‍ കണ്ടിരുന്നു എന്നാണ് ബൈബിളില്‍ പറയുന്നത്. സമാനമായ രീതിയില്‍ ഒറ്റുകാരനായ വിഎസ് തീവ്രവേദനയില്‍ പിടയുമ്പോള്‍ പെയ്യുമെന്നു കരുതിയിരുന്ന പെരുമഴ സിപിഎം സംസ്ഥാനസമ്മേളനത്തിനു മുകളില്‍ പെയ്തുകൊണ്ടിരിക്കുകയാണ്. എന്നെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്നു നിങ്ങളില്‍ ചിലര്‍ ആഗ്രഹിച്ചു എങ്കിലും എന്റെ ഇഷ്ടമല്ല, പിബിയുടെ ഇഷ്ടം നിറവേറട്ടെ എന്ന ലൈനില്‍ പിണറായി ക്രിസ്തുവിനെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു. ഒറ്റുകാരനാണെങ്കിലും ശരി, പാര്‍ട്ടി സമ്മേളനങ്ങളൊന്നു കഴിയുമ്പോള്‍ ഈ കേന്ദ്രീകൃതമൗനത്തിന്റെ കല്ലറകളില്‍ നിന്നും വിഎസ് ഉയിര്‍ന്നേഴുന്നേറ്റ് ഒരു വരവുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല.മാധ്യമ സിന്‍ഡിക്കറ്റുകള്‍ വക്രീകരിക്കുന്ന പാര്‍ട്ടിയുടെ തിരുവചനങ്ങള്‍ക്കായി കാത്തിരിക്കാം. ലാല്‍സലാം.

ജീസസ് കാരാട്ട്, യൂദാസ് അച്യുതാനന്ദന്‍

പ്രകാശ് കാരാട്ടിനെ കോണ്‍ഗ്രസുകാര്‍ പിടിച്ചുകൊണ്ടുപോയി ചാട്ടവാറിനടിച്ച് മുള്‍ക്കിരീടമണിയിച്ച് കുരിശില്‍ തറച്ച് കൊല്ലാനുള്ള കാലം വന്നു കഴിഞ്ഞു. അന്ന് ബന്ദിനും ഹര്‍ത്താലിനും കല്ലെറിയുന്ന, എതിര്‍പാര്‍ട്ടിക്കാരുടെ തലവെട്ടിക്കളിക്കുന്ന സഖാക്കന്മാര്‍ ഓടിയൊളിക്കുകയും കമ്യൂണിസവും ക്രിസ്‍തുമതവും ഒന്നാണെന്നു പറയുന്ന ശുംഭന്മാര്‍ കോടതികള്‍ക്കു മുന്നില്‍ കാരാട്ടിനെ തള്ളിപ്പറയുകയും അവലയ്‍ബിള്‍ പിബിയിലെ കോഴികള്‍ പുലരുവോളം കൂവിമരിക്കുകയും ചെയ്യും.

ഇതൊക്കെ പറയാന്‍ നീയാരാടാ എന്ന് എന്നോടു ചോദിക്കരുത്. അത് ചോദിക്കണമെന്നുള്ളവര്‍ സഖാവ് എം.വി.ജയരാജനോടു ചോദിക്കുക.ക്രിസ്‍തുമതവും കമ്യൂണിസവും ഒന്നാണെന്നും യേശുക്രിസ്‍തു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്നും പറഞ്ഞത് അദ്ദേഹമാണ്. ക്രിസ്‍തുവിനെ വെളിപ്പെടുത്താനിറങ്ങിയ സ്നാപകയോഹന്നാനെപ്പോലെ ജയരാജന്‍ ലോകത്തിനു മുന്നില്‍ ആ മഹാസത്യം വെളിപ്പെടുത്തുകയാണ്. ഇതുവല്ലതും ശുംഭന്മാര്‍ക്ക് മനസ്സിലാകുമോ എന്തോ ? കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ടിയാന്റെ തലവെട്ടി താലത്തില്‍ വച്ച് സോണിയാ ഗാന്ധിക്കു സമ്മാനിക്കാതിരിക്കട്ടെ.

നാട്ടിന്‍പുറത്തുകാരായ ശിഷ്യന്മാരോട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ക്രിസ്‍തു ഉപമകളിലൂടെ സംസാരിച്ചതുപോലെ കണ്ണൂരിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സഖാവ് ജയരാജന്‍ ഉപയോഗിച്ച ഉപമായാണോ അതോ ശരിക്കും ക്രിസ്‍തു തന്നെയാണ് പ്രകാശ് കാരാട്ട് എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നുണ്ടോ എന്നത് അറിയില്ല. മലയാള ഭാഷ വിശാലമായ ഒരു സാഗരമയതുകൊണ്ട് ഇതിനെ അദ്ദേഹത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതില്‍ ആദ്യകാലത്തു മതങ്ങള്‍ക്ക്‌ ഏറെ പങ്കുണ്ടായിരുന്നു എന്നു പറഞ്ഞു വയ്ക്കുന്നതിനിടെയാണ് അദ്ദേഹം കര്‍ത്താവിന് പാര്‍ട്ടി അംഗത്വം കൊടുത്തത്. കമ്യൂണിസം സ്വീകരിച്ച നിലപാടു തന്നെയായിരുന്നു ആദ്യകാലത്തു ക്രിസ്‌തുമതവും സ്വീകരിച്ചതത്രേ. ക്രിസ്‍തു പറഞ്ഞ കാര്യങ്ങള്‍ ക്രിസ്‍ത്യാനികളും കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ കമ്യൂണിസ്റ്റുകാരും കൈവിട്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ലിങ്കുകള്‍ കൊണ്ട് സനാതനക്രിസ്ത്യാനികളെ പ്രകോപിപ്പിക്കാമെന്നല്ലാതെ വേറെ വലിയ പ്രയോജനമൊന്നുമില്ല.

ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പോയിന്റ് ശരിയാണ്.ക്രിസ്‍തുമതവും കമ്യൂണിസവും പലപ്പോഴും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. മിക്കവാറും എല്ലാ മതങ്ങളും ലോകനന്മക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. എന്നാല്‍ യേശുക്രിസ്‍തുവിനെ പ്രകാശ് കാരാട്ടിനോടുപമിച്ചതിന്റെ ഗുട്ടന്‍സ് മാത്രം എനിക്കു മനസ്സിലായില്ല. പ്രകാശ് കാരാട്ട് ദൈവപുത്രനാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ ആശാരിയുമല്ല. 30 വയസിനു മുമ്പും കാരാട്ട് പരസ്യജീവിതം നടത്തിയിട്ടുണ്ട്. വെള്ളം വീഞ്ഞാക്കുകയോ മരിച്ചവനെ ഉയര്‍പ്പിക്കുകയോ ഒന്നും കാരാട്ട് ചെയ്തിട്ടില്ല. മുടിയൊക്കെ നരച്ച് അങ്ങേരൊരു പരുവമായി. ക്രിസ്‍തുവിനെ നല്ല യൗവ്വനത്തില്‍ തന്നെ ദേശീയവാദികള്‍ വധിക്കുകയും അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുള്ളതാണ്. കാരാട്ടിനെ ഇനി കോണ്‍ഗ്രസുകാര്‍ തട്ടുന്നു എന്നു കരുതുക ,ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നാം ദിവസം വേണ്ട പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞിട്ടെങ്കിലും പ്രകാശന് ഉയിര്‍ത്തെഴുല്‍ക്കുമെന്ന് എന്താണുറപ്പ്. അങ്ങേര് ഉയിര്‍ത്തെഴുന്നേല്‍ക്കാതെ എങ്ങനെ ക്രിസ്‍തുവുമായി ഉപമിക്കും എന്ന് ഏതൊരു ബേസിക് ക്രിസ്‍ത്യാനിയും സംശയിക്കും.

ക്രിസ്‍തുവും പ്രകാശ് കാരാട്ടും ഒന്നു തന്നെയാണെങ്കില്‍ പിന്നെയും അനേകം ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തേണ്ടതുണ്ട്. പ്രകാശ് കാരാട്ട് ക്രിസ്‍തുവാണെങ്കില്‍ വൃന്ദ കാരാട്ട് ആരായിട്ടു വരും ? ആരായിരിക്കും അദ്ദേഹത്തെ ഒറ്റിക്കൊടുക്കാന്‍ പോകുന്നത് , വിഎസോ പിണറായിയോ ? അതോ ഇതെല്ലാം എന്റെയോരോ ഹാലൂസിനേഷന്‍ മാത്രമാക്കിക്കൊണ്ട് കണ്ണൂരിലെ ഗ്രാമപ്രദേശങ്ങളില്‍ യേശുക്രിസ്‍തു എന്ന വാക്കിന് പ്രകാശ് കാരാട്ട് എന്ന അര്‍ഥമാണോ ഉള്ളത് ? അങ്ങനെയെങ്കില്‍ യൂദാസ് എന്ന വാക്കിന് വിഎസ് എന്നായിരിക്കുമോ അര്‍ഥം ? ഇക്കാര്യങ്ങളെല്ലാം വിശദമാക്കി വിശ്വാസികളുടെ അങ്കലാപ്പിന് അന്ത്യം കുറിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയുടെ ഒരു ഇടയലേഖനം ഉടനെ പ്രതീക്ഷിക്കുന്നു. ജീസസ് കാരാട്ടും, പത്രോസ് വിജയനും യൂദാസ് അച്യുതാനന്ദനുമടങ്ങുന്ന കമ്യൂണിസ്റ്റ് ബൈബിള്‍ നാടകമാണ് ഇതെല്ലാം എന്ന് തല്‍ക്കാലം ആശ്വസിക്കാം.