തിരഞ്ഞെടുപ്പ് അവലോകനം

ചരിത്രവിജയം നേടി നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ ബിജെപി രാജ്യത്ത് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്ന തിരക്കിലാണ്. ഒപ്പം ചരിത്ത്രിലെ ഏറ്റവും വലിയ പരാജയം നല്‍കി പ്രതിപക്ഷസ്ഥാനത്തു പോലും ഇരിക്കാനുള്ള യോഗ്യത നല്‍കാതെ കോണ്‍ഗ്രസിനെ ജനങ്ങള്‍ പുറംതള്ളി. പലരും ചൂണ്ടിക്കാണിച്ചതുപോലെ, പത്തു വര്‍ഷം കൊണ്ട് ജനങ്ങളെ ശത്രുക്കളാക്കിയ യുപിഎ സര്‍ക്കാരിനോടുള്ള പ്രതികാരമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇനിയെങ്കിലും നെഹ്‌റു ഫാമിലി ഹാങ് ഓവറില്‍ നിന്നും പേരിനോടൊപ്പം ഗാന്ധി എന്നു വച്ചുള്ള തട്ടിപ്പുകളില്‍ നിന്നും മുക്തരായി യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം പരിശീലിക്കാന്‍ രാഹുലും സംഘവും തയ്യാറാവുമെന്നു പ്രത്യാശിക്കാം.

ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും നേട്ടത്തില്‍ പൊതുവേ മൂന്നു തരം പ്രതികരണങ്ങളാണ് കാണാനുള്ളത്. ഒന്ന്, അടുത്ത ബസില്‍ ഞാന്‍ പാകിസ്ഥാനിലേക്കു പോകുന്നു എന്ന മട്ടിലുള്ളത്. മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകണം എന്ന ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയോടുള്ള പ്രതികരണമാണ് അതെങ്കിലും തിരഞ്ഞെടുപ്പുഫലം വന്ന ശേഷം അത്തരത്തിലുള്ള പ്രതികരണം തിരിച്ചടിക്കാനാണ് സാധ്യത. രണ്ട്, നീയൊക്കെ പാകിസ്ഥാനിലേക്കു പോടാ.. എന്നാക്രോശിക്കുന്ന തരത്തിലുള്ള പ്രതികരണം. ഇതും തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം വേറെയാണ്. അങ്ങേയറ്റം ഗുരുതരവുമാണ്. മൂന്ന്, പത്തു വര്‍ഷമായില്ലേ മറ്റവരെ സഹിക്കുന്നു, ഇനി ഇവരുമൊന്നു ഭരിക്കട്ടെ നമുക്കു നോക്കാല്ലോ എന്ന ലൈന്‍. സത്യത്തില്‍ ഇന്ത്യയിലെ നിഷ്പക്ഷരായ വോട്ടര്‍മാര്‍ മൂന്നാമത്തെ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ബിജെപി ഉജ്വലവിജയം നേടിയത്.

ഇന്ത്യ മുഴുവന്‍ ബിജെപിക്ക് അൂകൂലമായി വോട്ട് ചെയ്തപ്പോള്‍ കേരളവും തമിഴ്‌നാടും ബംഗാളുമൊക്കെ വേറിട്ടു നിന്നു എന്നതും ശ്രദ്ധേയമാണ്. അതിനെപ്പറ്റിയും രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളാണ് കേള്‍ക്കുന്ന്. ഒന്ന്, മലയാളികള്‍ അല്ലെങ്കിലും നന്നാവില്ല, അവര്‍ക്ക് വിവരമില്ല എന്നത്. രണ്ട്, മോദി തരംഗം കേരളത്തെ സ്പര്‍ശിച്ചില്ല എന്നത് കേരളത്തിന്റെ വിദ്യാഭ്യാസനിലവാരത്തെയും സാംസ്‌കാരിക നിലവാരത്തെയുമൊക്കെ ഉയര്‍ത്തിക്കാട്ടുന്നു എന്നത്. രണ്ടും ശരിയായ നിലപാടുകളല്ല എന്നാണ് എന്റെ അഭിപ്രായം.

ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയ ആ രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്താണ്. വോട്ടു ചെയ്യുന്നത് ഓരോ വ്യക്തിയും ഒറ്റയ്ക്കാണ്. അതായത് ഇത്രയധികം വ്യക്തികളുടെ സ്വതന്ത്രചിന്തയുടെയും ആലോചനയുടെയും ഫലമാണ് ഈ തിരഞ്ഞെടുപ്പു ഫലം. തിരഞ്ഞെടുപ്പുഫലത്തെപ്പറ്റി ഒരു വിധി പറയാന്‍ സുപ്രീംകോടതിക്കു പോലും അധികാരമില്ല. കാരണം, അതില്‍ തെറ്റും ശരിയുമില്ല. ജനങ്ങളുടെ വിധിയെഴുത്തിന് അത്രത്തോളം മൂല്യമുണ്ട്. കേരളത്തില്‍ ബിജെപിക്ക് സീറ്റൊന്നും ലഭിക്കാത്തത് മലയാളികള്‍ക്ക് വിവരമില്ലാത്തതുകൊണ്ടോ മലപ്പുറത്ത് ഇ.അഹമ്മദ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ചത് അവിടത്തുകാര്‍ മണ്ടന്‍മാരായതുകൊണ്ടോ അല്ല. അത് അവരുടെ തീരുമാനമായിരുന്നു, അതിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനെ ആശങ്കയോടെ കാണുന്നവരുണ്ട്. പുതിയൊരു സര്‍ക്കാര്‍ വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന സ്വാഭാവികമായ ഉല്‍കണ്ഠയും ആശങ്കയുമെന്നതിനപ്പുറം ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യും എന്നാശങ്കപ്പെടുന്നതില്‍ കഴമ്പില്ല. കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ചെയ്തതെല്ലാം ജനങ്ങള്‍ക്കിഷ്ടമുള്ളതായിരുന്നില്ല. ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ഈ രാജ്യത്തെ ജനങ്ങളാണെന്നതിനാല്‍ അത് 100 ശതമാനം സ്വീകാര്യമായ തീരുമാനമാണ്. മോദിയെയും ബിജെപിയെയും അംഗീകരിക്കാനും അഭിനന്ദിക്കാനും കോണ്‍ഗ്രസും ലോകരാഷ്ട്രങ്ങളും മുന്നോട്ടു വരുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പൊതുതിരഞ്ഞെടുപ്പിനും ഈ രാജ്യത്തെ ജനങ്ങള്‍ക്കും ലഭിക്കുന്ന ആദരവു കൂടിയായി അതിനെ കാണണം. ഈ വലിയ വിജയം ജനങ്ങള്‍ കഴുതകളല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

ബിജെപി തരംഗം കേരളത്തെ സ്പര്‍ശിക്കാതെ പോയതിലുള്ള പ്രതികരണങ്ങള്‍ കേരളീയരുടെ വിവരക്കേടായി വിലയിരുത്തപ്പെടുന്നുണ്ട്. കേരളമെന്ന ഇട്ടാവട്ടത്തിലെ പൊട്ടന്‍മാര്‍ ഇന്ത്യയെന്ന മഹാരാജ്യത്തില്‍ ഒന്നുമല്ലെന്നും നിന്റെയൊന്നും വോട്ടില്ലാതെ ‘ഞങ്ങള്‍’ ഭരിക്കുമെന്നുമൊക്കെയാണ് ചിലരുടെ പ്രതികരണം. മലപ്പുറത്ത് ഇ.അഹമ്മദിനെ ഇത്രയേറെ വോട്ടുകള്‍ക്കു ജയിപ്പിച്ചു വിട്ടവരുടെ ഐക്യു എന്തായിരിക്കുമെന്നാണ് പലരും ചോദിക്കുന്നത്. ഇ.അഹമ്മദ് അവിടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയിട്ടുണ്ടെങ്കില്‍ അതിനു ചില കാരണങ്ങളും ഉണ്ടാവും. ചാലക്കുടിയിലെ ജനങ്ങള്‍ ഇന്നസെന്റിനെ വിജയിപ്പിക്കില്ല എന്നായിരുന്നു ഞാന്‍ ഉള്‍പ്പെടെ പലരും വിചാരിച്ചിരുന്നത്. എന്നാല്‍, പി.സി.ചാക്കോയോടുള്ള വെറുപ്പ് അത്രയധികമാകയാല്‍ ജനം ഇന്നസെന്റിനെ തിരഞ്ഞെടുത്തു. ആ തിരുമാനവും തെറ്റോ ശരിയോ എന്നതല്ല, അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നതാണ് പ്രധാനം.

കല്യാണം കഴിഞ്ഞാല്‍ പിന്നെ പഴയ പ്രണയത്തെപ്പറ്റി മിണ്ടരുത് എന്നു പറയുന്നതുപോലെ ജനം വോട്ടു ചെയ്തു തിരഞ്ഞെടുത്തു കഴിഞ്ഞ ഒരാളിനെ അംഗീകരിക്കാന്‍ ജനാധിപത്യത്തില്‍ പൗരന്‍മാര്‍ക്കു കടമയുണ്ട്. അവരുടെ നയങ്ങളെയും അഭിപ്രായങ്ങളെയും എതിര്‍ക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. കേവലഭൂരിപക്ഷം എന്നു വച്ചാല്‍ പരമാധികാരമോ ജനാധിപത്യത്തിന്റെ അവസാമോ അല്ല. ഈ രാജ്യത്തെ ജനാധിപത്യം തുടച്ചുനീക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

രാജ്യം ബിജെപിയെ തിരഞ്ഞെടുത്തത് അബദ്ധമായിപ്പോയി എന്ന് മോദിവിരുദ്ധര്‍ പറയുന്നതും താമര വിരിയാത്ത കേരളത്തിലെ ജനങ്ങള്‍ കഴുതകളാണ് എന്നു മോദിഭക്തര്‍ പറയുന്നതും ഒരുപോലെയാണ്. നരേന്ദ്രമോദി ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അല്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, ഹിന്ദുദേശീയതയുടെ അല്ല. രാജ്യപുരോഗതിയും നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാരത്തിലുള്ള പുരോഗതിയും പട്ടിണിയുടെ അന്ത്യവും സ്ര്തീശാക്തീകരണവും സാമൂഹികപുരോഗതിയുമാണ് നമുക്കു വേണ്ടത്. അതിനു മോദി സര്‍ക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു. ജയ് ഹിന്ദ് !

നിങ്ങളുട വോട്ട്, ഞങ്ങളുടെ കസേര

ഇത് കോണ്‍ഗ്രസിനു മാത്രം സാധിക്കുന്ന അദ്ഭുതമാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ പ്രകടനപത്രികയിലെ വിശേഷങ്ങള്‍ വായിച്ചപ്പോള്‍ പവാര്‍ പറഞ്ഞതുപോലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെല്ലാം രണ്ടു വോട്ടു വീതം ചെയ്യാന്‍ തോന്നിപ്പോയി. രാഹുല്‍ ഗാന്ധിയുടെ പേരുള്ള ബാലറ്റ് പേപ്പെറെങ്ങാനും കയ്യില്‍ കിട്ടിയിലിരുന്നെങ്കില്‍ ആ പേരിനുമുകളില്‍ അന്‍പത്തൊന്നു വോട്ടെങ്കിലും ഞാന്‍ കുത്തിയേനെ. ഈ പ്രകടനപത്രിക പുറത്തിറക്കാന്‍ ധൈര്യം കാണിച്ച കോണ്‍ഗ്രസിനും അതിന്റെ നേതാക്കന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

ജനദ്രോഹനടപടികളും പട്ടിണിക്കാരെ പിന്നെയും പട്ടിണിക്കാരാക്കുന്ന സാമ്പത്തികനയങ്ങളും കൊണ്ട് അഞ്ചു വര്‍ഷം ഭരിച്ച ശേഷം കോണ്‍ഗ്രസ് വോട്ടര്‍മാരെ ഹഠാദാകര്‍ഷിക്കാന്‍ അവതരിപ്പിച്ചിരിക്കുന്ന പ്രകടനപത്രികയിലെ പ്രധാന ഐറ്റം നമ്പരുകള്‍ ഇവയൊക്കെയാണ്- എല്ലാവര്‍ക്കും ആരോഗ്യം, പാര്‍പ്പിടം, പെന്‍ഷന്‍. പിന്നെ അമേരിക്കന്‍ നിലവാരത്തിലേക്ക് മൊത്തത്തില്‍ രാജ്യത്തെ പുനപ്രതിഷ്ഠിക്കുന്നതിനുള്ള പൊടിക്കൈകളും.

വീണ്ടും അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും ആരോഗ്യവും പാര്‍പ്പിടവും പെന്‍ഷനും നിയമപരമായ അവകാശമാക്കുമെന്നാണ് കോണ്‍ഗ്രസ് വാദ്ഗാനം. അതായത് ഏതാണ്ട് സ്വര്‍ഗരാജ്യത്തിനു തുല്യമായ ഒരു സാമൂഹികസാഹചര്യം ഇന്ത്യയില്‍ വേണം എന്നുള്ളവര്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യണം. മുകളില്‍ പറഞ്ഞതൊക്കെ നിയമപരമായ അവകാശമാകുന്നതോടെ രോഗികളും വീടില്ലാത്തവരും പെന്‍ഷന് അവകാശമില്ലാത്തവരും നിയമലംഘകരാകുമോ എന്നറിയില്ല. അങ്ങനെയെങ്കില്‍ അങ്ങനെ, ഈ നാട്ടില്‍ സമ്പത്തും ആരോഗ്യവും ഐശ്വര്യവും മാത്രമുള്ളവര്‍ മതി എന്നു തന്നെയാണ് എന്റെയും അഭിപ്രായം.

എന്നും രാഹുല്‍ ഗാന്ധിയുടെ വീക്ക്‌നെസ്സ് ആയിരുന്ന യുവാക്കളുടെയും സ്ത്രീകളുടെയും പിന്നാക്ക ന്യൂനപക്ഷങ്ങളുടെയും ക്ഷേമവും ഉന്നമനവും പ്രകടനപത്രികയിലും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരുപടി കൂടി കടന്ന് സ്വകാര്യമേഖലയില്‍ കൂടി പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തെപ്പറ്റിപ്പോലും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട് എന്നാണ് പ്രകടനപത്രിക സൂചിപ്പിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്രീകൃത പ്രശ്‌നപരിഹാര കേന്ദ്രങ്ങള്‍ രൂപീകരിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനു പുറമേ 10 കോടി യുവാക്കള്‍ക്ക് തൊഴില്‍പരിശീലനവും തൊഴിലും കൊടുക്കും. ന്യൂനപക്ഷ ക്ഷേമത്തിനു സുസ്ഥിര ദീര്‍ഘകാല പദ്ധതികളും ആവിഷ്‌കരിക്കും. മൊത്തത്തില്‍ ഇന്ത്യയെ ചുരുങ്ങിയ കാലം കൊണ്ട് ഹരിതസ്വര്‍ഗഭൂമിയാക്കി മാറ്റി അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും ദുബായിയെുമൊക്കെ കൊതിപ്പിക്കുന്നതിനുള്ള അപൂര്‍വഫോര്‍മുലയാണ് ഈ പറഞ്ഞ പ്രകടനപത്രിക.

വരൂ നമുക്കിനി ആ പൊട്ടന്‍മാരെ പറ്റിക്കാനുള്ള സാഹിത്യമെഴുതാം എന്നു പറഞ്ഞ് കുറെ കോണ്‍ഗ്രസുകാര്‍ ഒരു മുറിയില്‍ അടച്ചിരുന്ന് എഴുതിയുണ്ടാക്കിയതാണ് ഈ പ്രകടനപത്രിക എന്നൊന്നും ആരും ആരോപിക്കുകയോ സംശയിക്കുകയോ ചെയ്യരുത്. ഏതാണ്ട് 50 ലക്ഷം പേരുമായി ആശയവിനിമയം നടത്തി അഞ്ചുമാസം കൊണ്ട് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈ പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ പ്രകടനപത്രികയും ഇതാണത്രേ.

അഞ്ചു മാസം അഥവാ 150 ദിവസം കൊണ്ട് 50 ലക്ഷം പേരുമായി ആശയവിനിമയം നടത്തി എന്നതു തന്നെ വലിയൊരു കാര്യമാണ്. അതായത് ഒരു ദിവസം ശരാശരി 33,333 പേരുമായി ആശയവിനിമയം നടത്തി. ഇത് തന്നെ ഒരു ചരിത്രനേട്ടമാണ്. ഒരു കൊച്ചുപ്രകടനപത്രിക തയ്യാറാക്കാന്‍ വേണ്ടി പോലും ഇത്രയേറെ അധ്വാനിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാവില്ല എന്നു വിശ്വസിക്കുന്നു.

മറ്റൊന്ന്, അടിക്കടിയുള്ള ഇന്ധനവിലവര്‍ധന, ആധാര്‍കാര്‍ഡിന്റെ കാര്യത്തിലെ അനിശ്ചിതത്വം, അഴിമതി തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യയിലെ പൊതുസമൂഹത്തെ ബാധിക്കുകയോ അവരുടെ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടില്ല എന്ന യാഥാര്‍ഥ്യമാണ്. 50 ലക്ഷം പേരുമായി ആശയവിനിമയം നടത്തി ക്രോഡീകരിച്ച വിവരങ്ങളില്‍ ഇന്ധനവിലവര്‍ധനയോ ആധാര്‍ കാര്‍ഡിലെ അനിശ്ചിതത്വമോ രാജ്യത്തെ അഴിമതിയോ എവിടെയും വന്നിട്ടില്ല എന്നത് വളരെ പ്രധാനമാണ്. ഒന്നുകില്‍ ഇന്ധനവിലവര്‍ധനയും ആധാര്‍ കാര്‍ഡും അഴിമതിയുമൊന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. അല്ലെങ്കില്‍ ഈ 50 ലക്ഷം ആളുകള്‍ ഇന്ത്യക്കാരല്ല. ഇറ്റലിക്കാരോട് അഭിപ്രായം ചോദിച്ചിട്ട് ഇന്ത്യയില്‍ പ്രകടനപത്രികയിറക്കാന്‍ സാധ്യതയുണ്ടോ ? ആകെ കണ്‍ഫ്യൂഷനായി.

കഴിഞ്ഞ 10 വര്‍ഷം ഇവിടെ സല്‍ഭരണം കാഴ്ചവച്ചപ്പോഴൊക്കെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും തന്നെയാണ് ഇനിയൊരഞ്ചു വര്‍ഷം കൂടി ഭരിക്കാന്‍ അനുവദിച്ചാല്‍ പരിഹരിച്ചുതരാം എന്നു കോണ്‍ഗ്രസ് പറയുന്നത്. ഈ കാലഘട്ടം കൊണ്ട് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികള്‍ നടത്തിയ മന്ത്രിമാരെ ചുമന്നു നടന്ന കോണ്‍ഗ്രസ് വരുന്ന അഞ്ചു വര്‍ഷത്തേക്കുള്ള മോഹനവാദ്ഗാനങ്ങള്‍ നല്‍കുന്നത് രാജ്യത്തെ അവശേഷിക്കുന്ന സമ്പത്തു കൂടി അടിച്ചുമാറ്റാനും മറിച്ചുവില്‍ക്കാനും ആണെന്നു ദുഷ്ടന്‍മാര്‍ ആരോപിക്കും. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷം കൊണ്ടാണ് ദരിദ്രരാജ്യമായ ഇന്ത്യ ഒരു വികസ്വര രാജ്യമായി മാറിയത്. അഴിമതി വികസനത്തിന്റെയും പുരോഗതിയുടെയും ലക്ഷണമാണ്. ഈ 10 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ദരിദ്രരാജ്യമായിരുന്ന ഇന്ത്യയെ വികസ്വരരാജ്യമാക്കി മാറ്റി. ഇനി ഒരഞ്ചു വര്‍ഷം കൂടി കൊടുത്താല്‍ ഫുള്ളായിട്ട് വികസിപ്പിച്ച് അമേരിക്കയും ഇറ്റലിയും പോലെയാക്കും എന്നാണ് മനസ്സിലാക്കേണ്ടത്.

അഴിമതി വിരുദ്ധ ബില്ലുകള്‍ എത്രയും വേഗം പാസ്സാക്കുമെന്നും കള്ളപ്പണം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നതും ഇന്നലെ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന പോയിന്റുകളിലൊന്നാണ്. വിദേശബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് രണ്ട് സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപവത്കരിച്ചുള്ള ഉത്തരവ് പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയതും ഇന്നലെയാണ്. കള്ളപ്പണം തടയുക എന്നതുകൊണ്ട് വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്കു വരുന്നത് തടയുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു.

അല്ലെങ്കിലും കള്ളപ്പണം ചീത്തയാണെന്നു പറയുന്നവര്‍ തന്നെ അത് ഇന്ത്യയിലേക്കു കൊണ്ടുവരണം എന്നു പറയുന്നതിന് എ്തു നീതീകരണമാണുള്ളത്. ചീത്ത വസ്തുക്കള്‍ ഒരിക്കലും ഇന്ത്യയിലേക്കു കൊണ്ടുവരരുത് എന്നല്ലേ നമ്മള്‍ പറയേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും വളരെ പോസിറ്റീവായ ഒരു പ്രകടനപത്രികയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മോദിയെയും സംഘത്തെയും പ്രകടനപത്രിക വിറളി പിടിപ്പിച്ചിട്ടുണ്ടാവും എന്നതില്‍ സംശയമില്ല. പിന്നെ, ഗുജറാത്ത് ഓള്‍റെഡി അമേരിക്കന്‍ നിലവാരത്തിലെത്തിയതുകൊണ്ട് ഇന്ത്യയെ ഹോള്‍സെയിലായി അമരിക്കന്‍ നിലവാരത്തിലെത്തിക്കുമെന്നു വാഗ്ദാനത്തെ അധികം പേടിക്കേണ്ട കാര്യമില്ല. ഗുജറാത്തിനെ ആ പരുവത്തിലാക്കിയ ആളെ ജയിപ്പിച്ചാല്‍ ഇന്ത്യ മുഴുവന്‍ അങ്ങനെയാക്കും എന്നു പറയുമ്പോള്‍ ഗുജറാത്ത് എന്ന ജീവിക്കുന്ന ഉദാഹരണമെങ്കിലും മുന്നിലുണ്ട് എന്നതു വച്ചു നോക്കുമ്പോള്‍ മോദിക്കു പേടിക്കാനുമില്ല. എന്തായാലും അടുത്ത അഞ്ചു വര്‍ഷം ആരു ഭരിച്ചാലും ഇന്ത്യ അമേരിക്കയാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

എത്ര വോട്ടു ചെയ്യണം ?

നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണോ വേണ്ടയോ എന്നു സംശയിച്ചു നില്‍ക്കുന്നവര്‍ക്ക് ഒരു പ്രചോദനം. അതായിരിക്കണം ചെറുകിട നടി മേഘ്‌ന പട്ടേലിന്റെ ലക്ഷ്യം. ഒപ്പം മോദിയുടെ തണലില്‍ തനിക്കൊരു പബ്ലിസിറ്റിയും. എന്തായാലും ഇങ്ങനെയൊക്കെ വോട്ടു ചോദിച്ചാല്‍ പ്രത്യേകിച്ചു രാഷ്ട്രീയമൊന്നുമില്ലാത്ത ആം ആദ്മികള്‍ പെട്ടു പോകും. മോദിയുടെ പേരുള്ള വോട്ടിങ് മെഷീനെ ഉമ്മകള്‍ കൊണ്ടു പൊതിയും. മോദി എന്ന പേരില്‍ ആഞ്ഞാഞ്ഞു കുത്തും.

പക്ഷെ, ബിജെപി നേതാക്കള്‍ മേഘ്‌നയുടെ പിന്തുണയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഈ പിന്തുണ വേണ്ട എന്നാണ് അവര്‍ പറയുന്നത്. പള്ളീലച്ചന്‍മാരെയും മൗലവിമാരെയും വശീകരിച്ച് വോട്ടുകളാക്കി മാറ്റാന്‍ മോദി ശ്രമിക്കുമ്പോള്‍ മതത്തെക്കാള്‍ നിഷ്‌കളങ്കമായ, അങ്ങേയറ്റം പ്രകൃതിദത്തമായ നഗ്നതയുടെ പേരില്‍ വോട്ടു ചോദിക്കുന്ന മേഘ്‌നയെ തള്ളിപ്പറഞ്ഞത് ഖേദകരമായിപ്പോയി.

മേഘ്‌നക്കെതിരായ ബിജെപി നേതാക്കളുടെ പ്രതികരണങ്ങളില്‍ ഏറ്റവും രസകരം പാര്‍ട്ടിയെ അപകര്‍ത്തിപ്പെടുത്തിയതിന് മേഘ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നു പറഞ്ഞതാണ്. ബിജെപിക്ക് എന്നല്ല ഇന്ത്യയിലെ ഒരു പാര്‍ട്ടിക്കും അതാത് പാര്‍ട്ടികളിലുള്ള ആളുകളുടെ ചെയ്തികളല്ലാതെ അപതീര്‍ത്തികരമായി മറ്റൊന്നുമില്ല. മേഘ്‌ന മോദിക്കു വേണ്ടി വോട്ടു ചോദിച്ചത് ഒരു നല്ല കാര്യമാണ് എന്നതില്‍ സംശയമില്ല. ഒരു സ്ത്രീ സ്വന്തം അറിവോടും സമ്മതത്തോടും കൂടി തന്റെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് കണ്ടാസ്വദിക്കുന്നതിനു പകരം ഇതൊക്കെ ആദ്യമായി കാണുകയാണെന്നു ഭാവിച്ച് പൊട്ടിത്തെറിക്കുന്നത് ശരിയായ നടപടിയല്ല.

മേഘ്‌ന പട്ടേല്‍ തന്റെ തിരക്കേറിയ അഭിനയ ജവിതത്തിനിടയില്‍ മോദിക്കു വേണ്ടി ഫോട്ടോഷൂട്ട് നടത്തിയതൊന്നുമല്ല എന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. 2000ല്‍ ഇറങ്ങിയ മൊഹബത്തേന്‍ എന്ന സിനിമയിലെ ചെറിയൊരു വേഷത്തിന്റെ മൈലേജില്‍ ഇപ്പോഴും നടി എന്ന ലേബലില്‍ ജീവിക്കുന്ന മേഘ്‌ന വോട്ട് ഫോര്‍ നരേന്ദ്ര മോദി എന്നാണെഴുതിയിരിക്കുന്നതെങ്കിലും എനിക്കൊരു ചാന്‍സ് തരൂ പ്ലീസ് എന്നാണ് വായിച്ചെടുക്കാനാവുന്നത്. അതുകൊണ്ട് ആ പാവത്തിനെ ഉപദ്രവിക്കാതെ വിടണം എന്നു ബിജെപിക്കാരോട് അപേക്ഷിക്കുന്നു.

മേഘ്‌ന ഉദ്ദേശിച്ചതിനെക്കാള്‍ ഭേദപ്പെട്ട രീതിയില്‍ നാട്ടുകാരും ബിജെപിക്കാരും മേഘ്‌നയെ ശ്രദ്ധിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. നടിയുടെ വെബ്‌സൈറ്റ് എന്നു തോന്നിക്കുന്ന meghnapatel.com ആളുകളുടെ തള്ളിക്കയറ്റം കാരണം തകര്‍ന്നു പണ്ടാരമടങ്ങി. ഇത്രയധികം കസ്റ്റമേഴ്‌സിനെ ഒന്നിച്ചു ഡീല്‍ ചെയ്യാനാവാത്ത സൈറ്റ് ബാന്‍ഡ്‌വിഡ്ത്ത് ലിമിറ്റ് എക്‌സീഡ് ചെയ്തു കിടപ്പാണ്.

വളരെ ഹംപിളായും സിംപിളായും മേഘ്‌ന നരേന്ദ്ര മോദിക്കു വേണ്ടി വോട്ടു ചോദിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്.

Vote for Narendra Modi by Meghna Patel

ആനവണ്ടിയെ ചങ്ങലയ്ക്കിടാം

ആഴ്ചയില്‍ രണ്ടു ദിവസം ജോലിക്കു പോവുകയും രണ്ടു ദിവസം കിടന്നുറങ്ങുകയും ബാക്കിയുള്ള മൂന്നു ദിവസം മുച്ചീട്ടുകളിക്കു വേണ്ടി ലീവെടുക്കുകയും ചെയ്യുന്നവന്റെ ജോലി പോയിക്കഴിയുമ്പോള്‍ പൊട്ടിക്കരയുന്നതുപോലെ ബാലിശമാണ് കെഎസ്ആര്‍ടിസിയുടെ പേരിലുള്ള വികാരപ്രകടനങ്ങള്‍. പെട്ടെന്നൊരു ദിവസം സുപ്രീം കോടതി വില്ലനായി അവതരിച്ച് പാവപ്പെട്ട മലയാളികളുടെ യാത്രാമാര്‍ഗമായ കെഎസ്ആര്‍ടിസിയുടെ അന്ത്യം കുറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നിഷ്‌കളങ്കരായ പലരും കരുതിയിരിക്കുന്നത്. കെഎസ്ആര്‍ടിസി എന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു. അവിടെ നിലവിലുള്ള പ്രശ്‌നങ്ങളും പണ്ടു മുതലേ ഉണ്ടായിരുന്നു. ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് തുടങ്ങിയ വിവിധ വികസന പ്രശ്‌നങ്ങളില്‍ സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ജനങ്ങളും ഒരുപോലെ ബിസിയായിരുന്നതുകൊണ്ട് ആ പ്രശ്‌നങ്ങളൊന്നും ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്നു മാത്രം. ഇപ്പോള്‍ ക്ലൈമാക്‌സ് സീനായപ്പോള്‍ രണ്ടാംനിര പടത്തിലെ സഹനടന്മാരെപ്പോലെ മറ്റെല്ലാം മറന്ന് ഐസിയുവിനു മുന്നില്‍ നിന്ന് പരസ്പരം നോക്കിക്കരയുകയാണ് ബ്ലഡി മല്ലു. മലയാളി അര്‍ഹിക്കുന്ന വിധിയാണിത്. കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തില്‍ പോലും മലയാളിക്കു സംഭവിക്കുന്നത് ഇതു തന്നെയാണ്. റോഡ് നന്നാക്കാന്‍ ലോകബാങില്‍ നിന്നു ലോണെടുത്ത് മന്ത്രിമാര്‍ക്കു പുത്തന്‍ കാര്‍ വാങ്ങുന്ന ഭരണകൂടവും കാര്‍ഷികലോണെടുത്ത് മകളുടെ കല്യാണം നടത്തിയിട്ട് ജപ്തി നോട്ടീസ് വരുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകനും സംഭവിക്കുന്നത് കെഎസ്ആര്‍ടിസിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ്.

പരിശ്രമിക്കും, ചര്‍ച്ച നടത്തും തുടങ്ങിയ ക്ലീഷേ പ്രഖ്യാപനങ്ങള്‍ തുടരുന്ന മുഖ്യമന്ത്രിയും കെടുകാര്യസ്ഥത തുടരുമെന്നു തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്ന ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയും എല്ലാ പ്രശ്‌നങ്ങളും രണ്ടു ദിവസം കൊണ്ട് അരച്ചുകലക്കി കുടിച്ചു വിശകലനം നടത്തുന്ന മാധ്യമങ്ങളും ഇപ്പോഴും യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നതു നമ്മുടെ കാപട്യത്തിന്റെ തെളിവാണ്. ജനസംഖ്യ വര്‍ധിക്കുകയും ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തിലാവുന്നത് ജാതകദോഷം കൊണ്ടോ ശനിദശകൊണ്ടോ അല്ല. സുപ്രീം കോടതി പറഞ്ഞതുപോലെ മലയാളി ഭരിച്ചു മുടിച്ചതുകൊണ്ടാണ്. കെഎസ്ആര്‍ടിസിയെ തൊടുമ്പോള്‍ ഏതൊരു നേതാവിന്റെയും മനസ്സിലേക്ക് ആദ്യം വരുന്നത് അവിടുത്തെ യൂണിയനുകളുടെ രാഷ്ട്രീയവും പതിനായിരക്കണക്കിനു തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ടുകളെ തന്റെ നയങ്ങള്‍ സ്വാധീനിക്കാനുള്ള സാധ്യതയുമാണ്. രക്ഷിക്കാന്‍ ശ്രമിക്കുമെന്നും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയക്കില്ലെന്നുമൊക്കെ ഉറച്ചു പറയുന്ന നേതാക്കന്‍മാര്‍ക്ക് കേരളത്തിലെ പൊതുഗതാഗത സംവിധാനം നിലനിര്‍ത്തണമെന്നല്ല അവിടുത്തെ വോട്ടുബാങ്ക് ഉലയ്ക്കരുതെന്ന സഹതാപാര്‍ഹമായ ഒറ്റ ലക്ഷ്യമേയുള്ളൂ.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ ചെയ്യില്ലെന്നാണ് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആനുകൂല്യങ്ങളോ പെന്‍ഷനോ സേവന വേതന വ്യവസ്ഥകളോ വെട്ടിക്കുറയ്ക്കില്ല. രോഗികള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള സൗജന്യ പാസുകള്‍ നിര്‍ത്തലാക്കാനും ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷനും നിലനിര്‍ത്തും. ഇതൊക്കെയാണ് കെടുകാര്യസ്ഥതയെന്നു കോടതി പറയുന്നതെങ്കില്‍ തന്നെയും അതൊക്കെ തുടരുക തന്നെ ചെയ്യും. ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടില്ല.- എന്തൊരു ധീരത എന്നു നമുക്ക് തോന്നും. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍മന്ത്രി ബാലകൃഷ്ണപിള്ള പറഞ്ഞതാണ് സത്യസന്ധവും ആത്മാര്‍ഥവുമായ കാര്യം. ‘ആരു വിചാരിച്ചാലും കെഎസ്ആര്‍ടിസി ഇനി രക്ഷപ്പെടില്ല. ഓയില്‍ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ചിട്ട് ന്യായം പറയുന്നതില്‍ അര്‍ത്ഥമില്ല. തന്റേടമുള്ള ഭരണാധികാരികളാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഇന്നത്തെ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു.” നിര്‍ഭാഗ്യവശാല്‍ തന്റേടമുള്ള ഭരണാധികാരികള്‍ നമുക്കുണ്ടായിരുന്നില്ല. തന്റേടം, അഹങ്കാരം തുടങ്ങിയവയെല്ലാം മലയാളി മുളയിലേ നുള്ളിക്കളയുന്ന ദുശ്ശീലങ്ങളാണ്.

കര്‍ണാടകവും തമിഴ്‌നാടും ലാഭകരമായി സര്‍ക്കാര്‍ ബസ് സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ തന്നെയാണ് മിക്കവാറും എല്ലാ നഗരങ്ങളിലും കണ്ണായ സ്ഥലത്ത് ഏക്കറു കണക്കിനു ഭൂമിയുള്ള കെഎസ്ആര്‍ടിസി പട്ടിണി കിടക്കുന്നത്. തന്റേടമുള്ള ഭരണാധികാരികളല്ല, തന്റേടമുള്ള ജീവനക്കാരാണ് കെഎസ്ആര്‍ടിസി ഭരിക്കുന്നത്. മാധ്യമങ്ങളിലൂടെ വോട്ടുബാങ്കിനെ പോസിറ്റീവായി സ്വാധീനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണാധികാരികളില്‍ നിന്നും യഥാര്‍ഥപ്രശ്‌നം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഏതെങ്കിലും നീക്കം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഒറ്റ ഷെഡ്യൂള്‍ പോലും വെട്ടിക്കുറയ്ക്കില്ല എന്നു മന്ത്രി പറഞ്ഞെങ്കിലും അനുദിനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ കെഎസ്ആര്‍ടിസി എന്നത് ഒരു ഓര്‍മ മാത്രമാവും. അതിലൊന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് ഒരു വേദനയുമുണ്ടാവില്ല. അതിന്റെ ഉത്തരവാദിത്വം ആരിലാണ് വീഴുക എന്നതില്‍ മാത്രമാണ് അവരുടെ ആശങ്ക. സുപ്രീം കോടതി, എണ്ണക്കമ്പനികള്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് ഈ ദുരന്തത്തിനു കാരണമെന്ന് ജനങ്ങള്‍ വിശ്വസിക്കുമെങ്കില്‍, കേരള സര്‍ക്കാര്‍ പരമാധി ശ്രമിച്ചിട്ടും നീതി ലഭിച്ചില്ല എന്നു സമ്മതിക്കുമെങ്കില്‍ ബസുകമ്പനി നിര്‍ത്താന്‍ സര്‍ക്കാരിനു സന്തോഷമേയുണ്ടാവൂ. വോട്ടു രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ വീണ്ടും ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് ഫോര്‍മുലയിലേക്കു നമ്മള്‍ മടങ്ങിവരണമെന്നു മാത്രം.

ഒലത്തും!: നേരേ ചൊവ്വേ ബസ് സര്‍വീസ് പോലും നടത്താന്‍ കഴിയാത്ത നമ്മളാണ് ഇവിടെ വിമാനക്കമ്പനി നടത്താന്‍ പോകുന്നത്.

രാജ്യാന്തര സൈബര്‍ കൊലക്കത്തി

ഒരു വര്‍ഷം കഴിഞ്ഞ് ഇതേ തലക്കെട്ടില്‍ ഒരു പോസ്റ്റിട്ടാല്‍ ചിലപ്പോള്‍ ഞാന്‍ അകത്തുപോകേണ്ടി വരും. രാജ്യാന്തരതലത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനും വിനോദമാഫിയകളുടെ കച്ചവടത്തിനു കൊഴുപ്പുകൂട്ടാനും സര്‍ക്കാരുകള്‍ സൈബര്‍ നിയമങ്ങള്‍ പൊളിച്ചെഴുതുകയാണ്. ഇന്‍റര്‍നെറ്റിനു സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുന്ന കാടന്‍ രീതി അപരിഷ്കൃതമായതുകൊണ്ട് ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം സര്‍ക്കാരിന്‍റെയും മാഫിയകളുടെയും താല്‍പര്യമനുസരിച്ച് സ്വയം സെന്‍സര്‍ ചെയ്യാത്ത ജനങ്ങളെ തുറുങ്കിലടക്കാനുള്ള രാജാന്ത്യരഗൂഢാലോചനയുടെ ഫലങ്ങള്‍ ഓരോ രാജ്യങ്ങളിലായി യാഥാര്‍ഥ്യമാവുകയാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യ ശക്തമായ നിയമം ഉണ്ടാക്കുന്നതോടെ ഇന്‍റര്‍നെറ്റ് വഴിയുള്ള തട്ടിപ്പുകളും ഭീഷണികളുമൊക്കെ അവസാനിപ്പിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍, കാര്യങ്ങള്‍ മറിച്ചാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് എന്ന പതിവുകള്ളം പറഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്‍ക്കുന്ന ഏതെങ്കിലുമൊരു ദിവസം ഇന്‍റര്‍നെറ്റ് എന്താണെന്നു പോലുമറിയാത്ത എംപിമാരുടെ മൗനാനുമതിയോടെ നമ്മുടെ പാര്‍ലമെന്‍റിലും പുതുപുത്തന്‍ സൈബര്‍ നിയമം പാസ്സാക്കിയെടുക്കും. ഏറിയാല്‍‍ ഒരു വര്‍ഷത്തിനകം കീ ബോര്‍ഡ് ഗുണ്ടകളും മൗസ് ക്ലിക്ക് ആക്ടിവിസ്റ്റുകളും ഐപി വിലാസങ്ങള്‍ വെടിഞ്ഞ് വനവാസത്തിനു പോകേണ്ടി വരുമെന്നുറപ്പ്.

വരാന്‍ പോകുന്ന സൈബര്‍ ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍ ഇപ്പോള്‍ ഫിലിപ്പൈന്‍സില്‍ നിന്നും ജപ്പാനില്‍ നിന്നും നമുക്ക് ലഭിക്കും. ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് പുത്തന്‍ സൈബര്‍ നിയമങ്ങള്‍ ഈ മാസം മുതല്‍ ഈ രാജ്യങ്ങളില്‍ നിലവില്‍ വരികയാണ്. മുല്ലപ്പൂ വിപ്ലവങ്ങളും ജനകീയപ്രക്ഷോഭങ്ങളും ഒരിക്കലും ഭരണകൂടങ്ങള്‍ക്ക് ഭീഷണിയാവാതിരിക്കാന്‍ ഒരു‍ സൈബര്‍ കൊലക്കത്തി !. ഫിലിപ്പൈന്‍സിലെ കിരാതനിയമം ഇന്നു മുതല്‍ അവിടെ പ്രാബല്യത്തില്‍ വരികയാണ്. നീതിന്യായബോധത്തെ തന്നെ വെല്ലുവിളിക്കുന്ന സൈബര്‍ നിയമത്തിനെതിരേ അവിടെ അലയടിക്കുന്ന പ്രതിഷേധം നമ്മള്‍ കേള്‍ക്കാതെ പോകരുത്. സര്‍ക്കാരിനെയോ പ്രമുഖ നേതാക്കന്മാരെയോ ചെറുതായെങ്കിലും വിമര്‍ശിക്കുന്നവര്‍ക്ക് ഏതാണ്ട് ജീവപര്യന്തം ഉറപ്പാക്കുന്നതാണ് ഫിലിപ്പൈന്‍സിലെ നിയമത്തിന്‍റെ ആത്മാവ്.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഫിലിപ്പൈന്‍സുകാര്‍ ഇനി സര്‍ക്കാരിനെയും ജനപ്രതിനിധികളെയും വാഴ്‍ത്തിപ്പാടുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ഫേസ്‍ബുക്കിലോ ട്വിറ്ററിലോ എന്നില്ല, ആരെങ്കിലും എവിടെയെങ്കിലും അപകീര്‍ത്തികരമായ സന്ദേശം പോസ്റ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്താല്‍ 12 വര്‍ഷം വരെ തടവു നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. സ്വകാര്യത എന്നത് ഒരു തമാശയായി മാറി. അധികൃതര്‍ക്ക് ഏതൊരാളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇന്‍റര്‍നെറ്റിലെ ആശയവിനിമയങ്ങളും പൂര്‍ണമായും നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കും. എന്തിന് ആളുകളുടെ സ്കൈപ് കോളുകള്‍ വരെ ചോര്‍ത്തി കാതോര്‍ത്ത് നടപടി സ്വീകരിക്കാന്‍ ഫിലിപ്പൈന്‍സിലെ പുതിയ നിയമത്തിന് സാധിക്കും. നിയമത്തിനെതിരേ ഫിലിപ്പൈന്‍സുകാര്‍ ഇന്നലെ കരിദിനം ആചരിച്ചു, ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി പ്രതിഷേധിച്ചു. നിയമത്തിനെതിരേ എട്ടോളം ഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ടെങ്കിലും കോടതിയും സ്റ്റേ അനുവദിച്ചിട്ടില്ല.അവിടെ ജനങ്ങളുടെ നാവറുക്കാനായാല്‍ ഇവിടെ നിയമമുണ്ടാക്കുന്നവര്ക്ക് അതൊരു ധൈര്യമാവും.

ജപ്പാനിലാണെങ്കില്‍ ഏജന്‍റ് ജാദൂ പ്രധാനമന്ത്രിയായ അവസ്ഥയാണ്. സോണി ഉള്‍പ്പെടെയുള്ള മ്യൂസിക് കമ്പനികള്‍ക്കു വേണ്ടി പൊളിച്ചെഴുതിയ നിയമപ്രകാരം കോപിറൈറ്റ് ഇല്ലാത്ത എന്തു സംഗതി ആരു ഡൗണ്‍ലോഡ് ചെയ്താലും അകത്തുപോകും. അപ്പോള്‍ ഇതൊന്നും അപ്‍ലോഡ് ചെയ്യുന്നവനു കുഴപ്പമില്ലേ എന്ന ചോദ്യം അവിടെയും ജനങ്ങള്‍ ചോദിക്കുന്നുണ്ട്.ഇപ്പോള്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പൈറേറ്റഡ് സൃഷ്ടികള്‍ അപ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ജപ്പാനില്‍ 10 വര്‍ഷം തടവാണ് ശിക്ഷ.പുതിയ നിയമപ്രകാരം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും ശിക്ഷ നല്‍കും. രണ്ടു വര്‍ഷം തടവ് അല്ലെങ്കില്‍ 20 ലക്ഷം യെന്‍ പിഴ ആണ് ശിക്ഷ. അവിടെയും പ്രതിഷേധങ്ങള്‍ക്കു കുറവില്ല.

കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടും ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തിക്കൊണ്ടും അമേരിക്കയാണ് സൈബര്‍ നിയമത്തിന്‍റെ പരിഷ്കരണങ്ങള്‍ക്കു തുടക്കമിട്ടത്. വലിയ സ്വാതന്ത്ര്യദാഹികളെന്നു ഭാവിക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍ കഴിഞ്ഞ ജനുവരിയില്‍ നിയമം നടപ്പാവുക തന്നെ ചെയ്തു. തുടര്‍ന്നാണ് മെഗാഅപ്‍ലോഡ് പൂട്ടിച്ചത്. മറ്റു രാജ്യങ്ങളും അമേരിക്കയുടെ ചുവടെ സൈബര്‍ നിയമങ്ങള്‍ മാഫിയകള്‍ക്കു വേണ്ടി പരിഷ്കരിക്കുകയാണ്. വൈകാതെ ഇതേ നിയമം ഇന്ത്യയിലും നടപ്പാവും. ആര്യാടന്‍ ഏഷ്യാനെറ്റില്‍ നിന്ന് ഓടിരക്ഷപെടുന്ന വിഡിയോയോ സോണിയാ ഗാന്ധിയുടെ വിദേശയാത്രച്ചെലവിന്‍റെ കണക്കോ മന്ത്രിമന്ദിരങ്ങളിലെ വൈദ്യുതി ചെലവിന്‍റെ കണക്കോ ചോദിക്കുകയും പറയുകയും ചെയ്യുന്നത് വലിയ സൈബര്‍ കുറ്റമായി മാറിയേക്കാം. ജനങ്ങളെ കൊള്ളയടിക്കുന്ന, പാപ്പരാക്കുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് തീര്‍ച്ചയായും ഒന്നാം നമ്പര്‍ അപകീര്‍ത്തിക്കേസുമായി മാറും.ജീവിതം വെറുത്തു കഴിഞ്ഞാല്‍ വാനപ്രസ്ഥത്തിനു പകരം ഒരു പടം ഡൗണ്‍ലോഡ് ചെയ്താല്‍ മതി എന്നൊരു ഗുണമുണ്ട്. 12 വര്‍ഷം സര്‍ക്കാര്‍ ചെലവില്‍, ബന്ധുക്കളുടെ ഉപദ്രവമില്ലാതെ…

പത്രക്കാരും കള്ളവോട്ട് ചെയ്യും

ഈ വാര്‍ത്ത റിപ്പോര്ട്ട് ചെയ്യാന്‍ ആരുമുണ്ടാവില്ല എന്നറിയാവുന്നത് കൊണ്ട് ആ ദൗത്യം ഞാനേറ്റെടുക്കുകയാണ്. റിപ്പോര്‍ട്ടിങ് എന്ന കലയുടെ കാവ്യനീതിയില്‍ വിശ്വാസമുള്ള കേരളപത്രപ്രവര്‍ത്തകയൂണിയനും കേരളത്തിലെ പ്രബുദ്ധരായ മാധ്യമപ്രവര്‍ത്തകരും മാപ്പാക്കണം.

കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 21ന് നടക്കുകയും വോട്ടെല്ലാം കൂടി എണ്ണാന്‍ എറണാകുളത്ത് കൊണ്ടുപോയി ഒരിടത്ത് കുടഞ്ഞിട്ട ശേഷം പ്രബുദ്ധരായ എണ്ണല്‍ക്കാര്‍ ചായയോ മറ്റോ കുടിക്കാന്‍ പോവുകയും കുടിയും കഴിഞ്ഞ വന്നപ്പോഴേക്കും മറ്റൊരു സംഘം പ്രബുദ്ധരായ മാധ്യമപ്രവര്‍ത്തകര്‍ അതില്‍ കുറെ വോട്ടുകള്‍ മോഷ്ടിച്ചുകൊണ്ട് ഓടുകയും ചെയ്ത ചരിത്രസംഭവം കഴിഞ്ഞയാഴ്ച വിശദമായി പറഞ്ഞിരുന്നു. ആ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അന്നു നടന്ന വോട്ടെടുപ്പ് ക്യാന്‍സല്‍ ചെയ്യുകയും ജൂലൈ ഏഴിന് മറ്റൊരു വോട്ടെടുപ്പ് നടത്തുകയും ചെയ്തു.ഇനിയാണ് സംഭവം.

കഥ നടക്കുന്നത് തൃശൂരാണ്. കേരളത്തിലെ എല്ലാ പ്രസ്‍ ക്ലബിലും എന്ന പോലെ തൃശൂരും തകര്‍പ്പന്‍ പോളിങ് നടക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണിനെ സംരക്ഷിക്കുന്നവരാണെങ്കിലും സെപ്‍റ്റിക് ടാങ്കിനു പോലും തൂണാക്കാന്‍ പറ്റാത്ത ജനുസ്സുകളാണ് പത്രക്കാര്‍ എന്ന് വോട്ടുവാരല്‍ സംഭവത്തോടെ തെളിഞ്ഞതാണെങ്കിലും ഏതോ ചില കുബുദ്ധികളുടെ വക്രബുദ്ധി കൊണ്ടുണ്ടായ ഒറ്റപ്പെട്ട സംഭവമായി അതിനെ ഒതുക്കി യൂണിയന്‍ റീ ഇലക്ഷന്റെ ചൂടില്‍ പുളകം കൊണ്ടിരിക്കുന്ന സമയം.

ഒരു മുന്‍നിര പത്രത്തിലെ ഒരു സബ് എഡിറ്ററുടെ പേരെഴുതിയ സ്ലിപ്പുമായി ഒരാള്‍ വരുന്നു,പോളിങ് ഉദ്യോഗസ്ഥന് ആള്‍ അതു തന്നെയാണോ എന്നു സംശയം തോന്നിയതിനാല് തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നു,കാര്‍ഡിപ്പോ എടുത്തോണ്ടു വരാം എന്നു പറഞ്ഞ് സ്ലിപ്പുമായി വോട്ടര്‍ പ്രസ് ക്ലബില്‍ നിന്നിറങ്ങി ഓടി രക്ഷപെടുന്നു. ആ സബ് എഡിറ്റര്‍ അപ്പോള്‍ ചെന്നൈയില്‍ അദ്ദേഹം തിരക്കഥയെഴുതുന്ന സിനിമയുടെ റെക്കോര്‍ഡിങ്ങിലായിരുന്നു. വോട്ടു ചെയ്യാന്‍ വന്നത് പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗമല്ലാത്ത അതേ പത്രത്തിലെ തന്നെ ഒരു ആര്‍ടിസ്റ്റും.

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഉഗ്രന്‍ കള്ളവോട്ട് !

ചെന്നൈയിലുള്ള പത്രപ്രവര്ത്തകന്‍ പറഞ്ഞിട്ട് ആര്‍ടിസ്റ്റ് വോട്ടു പാഴാക്കാതിരിക്കാന്‍ വന്നതാണോ എന്നു ചോദിച്ചാല്‍ അല്ല. ചെന്നൈയില്‍ നിന്നു പ്രവര്‍ത്തകന്‍ നാട്ടിലെത്തിയപ്പോഴാണ് കള്ളവോട്ട് കഥ അറിയുന്നത് തന്നെ. അപ്പോള്‍ ആര്‍ടിസ്റ്റ് സ്വന്തം നിലയ്‍ക്ക് കള്ളവോട്ടുമായി ഇറങ്ങിയതാണോ, അതുമല്ല. സംസ്ഥാന കമ്മിറ്റിയിലേക്കു മല്‍സരിക്കുന്ന അതേ പത്രത്തിലെ തന്നെ ഒരു പ്രബുദ്ധന്‍ ചെന്നൈയ്‍ക്ക് പോയവന്റെ വോട്ട് പാഴാകാതിരിക്കാന്‍ പാവം ആര്‍ടിസ്റ്റിനെ പറഞ്ഞു പറ്റിച്ച്, ഇതൊക്കെ നാട്ടുനടപ്പാണെന്നേ എന്നാശ്വസിപ്പിച്ച് വോട്ടു ചെയ്യാനയക്കുകയായിരുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പു പോലെയോ നിയമസഭാ തിരഞ്ഞെടുപ്പു പോലെയോ പ്രാധാന്യമുള്ള ഒന്നല്ലല്ലോ ഈ പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പ് എന്നും ഇങ്ങനെ എത്രയോ തിരഞ്ഞെടുപ്പുകളും കള്ളവോട്ടുകളും ദിവസേന നടക്കുന്നുണ്ടെന്നുമൊക്കെ വാദിക്കാം. എന്നാല്‍, മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും സുതാര്യത ഉറപ്പാക്കാനും കള്ളവോട്ട് തടയാനും തുടങ്ങി എല്ലാം ഭദ്രമാക്കാന്‍ വേണ്ടി നെടുങ്കന്‍ ലേഖനങ്ങളെഴുതുന്ന പുലികളാണ് സ്വന്തം സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചത് എന്നു പറയുമ്പോള്‍ എവനൊക്കെ എവിടെ നില്‍ക്കുന്നു എന്നതാലോചിക്കണം.

എന്ത് അളക്കുമ്പോഴും അളവുകോല്‍ നേരുള്ളതായിരിക്കണം എന്നാണ് സങ്കല്‍പം. വോട്ടുപെട്ടിയില്‍ നിന്നു വോട്ടുകള്‍ മോഷ്ടിക്കുന്ന,തനിക്കു വേണ്ടി അന്യനെ കൊണ്ട് കള്ളവോട്ടു ചെയ്യിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇവിടെ ബാക്കിയുള്ളവരെ നേരും നെറിയും പഠിപ്പിക്കുന്നതെന്നതാണ് രസകരം. ഇതിപ്പോള്‍ വ്യാപകമായ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഈ ഇലക്ഷനും ക്യാന്‍സല്‍ ചെയ്ത് വേറെ നടത്തണമെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഇനി വേറെ ഇലക്ഷന്‍ നടത്തിയാലും ഇല്ലെങ്കിലും പത്രക്കാര് ഏത് ടൈപ്പാണെന്നതിനെ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശയക്കുഴപ്പം നീങ്ങി. ഇനി ഈ കള്ളവോട്ടെല്ലാം കൂടി എണ്ണുന്ന ദിവസത്തേക്ക് എന്തുഡായ്‍പാണ് നടത്താന്‍ പോകുന്നതെന്ന് ദൈവത്തിനറിയാം.

പുരോഹിതന്‍റെ രാഷ്ട്രീയം

ഫാദര്‍ ക്ലീറ്റസിന് ഉറക്കമില്ലായിരുന്നു. പള്ളിമുറിയിലെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കുര്‍ബാന കണ്ടാല്‍ മാറി നില്‍ക്കുന്ന കമ്യൂണിസ്റ്റുകാരനെപ്പോലെ ഉറക്കം ഒന്നര കാതം ദൂരെ മാറി നില്‍ക്കുകയായിരുന്നു. ഫാദര്‍ കിടക്കയില്‍ എണീറ്റിരുന്നു. അടുത്തിരുന്ന നോക്കിയ ഡ്യുവല്‍ സിം ഫോണെടുത്ത് സമയം നോക്കി- 12.50. പുലരാന്‍ ഇനിയുമുണ്ട് ഏതാനും മണിക്കൂറുകള്‍. മഠത്തിലേക്ക് കഷ്ടിച്ച് ഇരുനൂറു മീറ്റര്‍ മാത്രം. സിസ്റ്റര്‍ മെറ്റില്‍ഡ ഉറങ്ങിയിട്ടുണ്ടാവില്ല.

ഫാദര്‍ കിടക്ക വിട്ടെണീറ്റു. വെള്ളക്കുപ്പായങ്ങള്‍ ഹാംഗറില്‍ വരിവരിയായി തൂങ്ങിക്കിടക്കുന്നു. കഴിഞ്ഞ ക്രിസ്മസിനു കാരള്‍ കളിക്കു വാങ്ങിയ ക്രിസ്മസ് പാപ്പായുടെ വേഷം ഏറ്റവും പിന്നില്‍ കിടക്കുന്നു. കണ്ണാടിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ ധരിച്ചിരിക്കുന്ന പൈജാമ തന്നെയാണ് പറ്റിയ വേഷം എന്നു ഫാദറിനു തോന്നി. ഒരു വൈദികനും ഒരിക്കലും ചെയ്തു കൂടാത്ത പ്രവൃത്തിയാണ് താന്‍ ചെയ്യാന്‍ പോകുന്നത്. പുറംലോകമറിഞ്ഞാല്‍ എന്താക്കെയാകും സംഭവിക്കുക ? ദേശാഭിമാനി പത്രത്തിന്‍റെ ഒന്നാം പേജില് തന്‍റെ കളര്‍ ചിത്രത്തോടു കൂടിയ വാര്‍ത്ത ഫാദര്‍ സങ്കല്‍പിച്ചു നോക്കി.എങ്കിലും തന്‍റെ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന്‍ ഫാദര്‍ ഒരുക്കമല്ലായിരുന്നു.

ഫാദര്‍ ഒരു മഫ്ളര്‍ എടുത്തു ധരിച്ചു. പുറത്തു കോടമഞ്ഞുണ്ട്. സിസ്റ്റര്‍ മെറ്റില്‍ഡ ഭാരതദര്‍ശന്‍‍ യാത്ര കഴിഞ്ഞു വന്നപ്പോള്‍ സമ്മാനിച്ച ശബ്ദം കേള്‍ക്കാത്ത ചെരുപ്പും ധരിച്ചു. നോക്കിയ ഫോണ്‍ സയലന്‍റാക്കി പോക്കറ്റില്‍ തിരുകി, ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു പുറത്തിറങ്ങി. തെളിഞ്ഞ ആകാശത്ത് ഒരു മുന്നിയിപ്പു പോലെ ഉയര്‍ന്നു നിന്ന കുരിശ് ഫാദറിനെ കൂടുതല്‍ അസ്വസ്ഥമാക്കി- താനിതു ചെയ്യാന്‍ പാടുണ്ടോ ?

കൂടുതല്‍ ആലോചിക്കാതെ ഫാദര്‍ മെല്ലെ മുറ്റത്തേക്കിറങ്ങി നടന്നു. സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചം പരന്നു കിടക്കുന്ന വഴിയിലൂടെ മെല്ലെ തല കുമ്പിട്ടു നടന്നു. മദര്‍ സുപ്പീരിയറിനു പൊറോട്ടയും ചിക്കനും വാങ്ങിക്കൊണ്ടുപോകുന്ന കുശിനിക്കാരന്‍ പത്രോസിനെപ്പോലെ തന്‍റെ ബനിയനുള്ളിലൊളിപ്പിച്ച കവറുമായി ഫാദര്‍ ശ്രദ്ധയോടെ നടന്നു.

റോഡിന്‍റെ ഇരുവശങ്ങളിലും പെരുന്നാള്‍ തോരണങ്ങള്‍ കണക്കെ തൂങ്ങിക്കിടക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ രാവിലെ മുതല്‍ ജനം പ്രവഹിച്ചു തുടങ്ങും. അതിനു മുമ്പ് തിരികെ മുറിയിലെത്തണം. ഫാദര്‍ വേഗം വേഗം നടന്നു. പിന്നില്‍ നിന്നാരെങ്കിലും തന്നെ പിന്‍തുടരുന്നുണ്ടോ എന്നു ഫാദര്‍ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. രാവിലെ പോളിങ് ബൂത്തുകളിലെത്താനുള്ള തിരക്കില്‍ എല്ലാവരും ഉറക്കത്തിലാണ്. നടക്കുന്നതിനിടയില്‍ പല കാര്യങ്ങളും ഫാദറിന്‍റെ മനസ്സിലൂടെ കടന്നുപോയി.

മഠത്തിലേക്കു തിരിയുന്ന ചെറിയ ജക്ഷനിലെത്തിയപ്പോള്‍ ഈശ്വരന്‍റെ മൗനാനുവാദം ലഭിച്ചിട്ടെന്നപോലെ ജംക്ഷനിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു. നിലാവെളിച്ചത്തില്‍ ഫാദര്‍ ചുറ്റും നോക്കി. വിജനമായ അന്തരീക്ഷം. മഫ്ളര്‍ ഒന്നുകൂടി വലിച്ചിട്ട് ഫാദര്‍ വേഗം നടന്നു. ഇലക്ഷന്‍ പ്രചാരണം ഇന്നലെ വൈകിട്ടു സമാപിച്ചതിന്‍റെ ബാക്കി റോഡിലൂടെ നിരന്നു കിടക്കുകയാണ്. പതിനെട്ടാം വാര്‍ഡിലെ വനിതാ സ്ഥാനാര്‍ഥി ആന്‍സി കുര്യന്‍റെ പോസ്റ്ററുകള്‍ അവളുടെ ശരീരം പോലെ റോഡിലൂടെ പരന്നു കിടക്കുകയാണ്. ആന്‍സിയുടെ വശ്യമായ കണ്ണുകള്‍ക്ക് പോസ്റ്ററിലും തിളക്കത്തിനു കുറവില്ല. മഠത്തിന്‍റെ മതിലില്‍ നിറയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററാണ്. സഭയെയും വൈദികരെയും ചീത്ത വിളിക്കുകയും സഭയുടെ മതിലില്‍ പോസ്റ്ററൊട്ടിക്കുകയും ചെയ്യാന്‍ ഇവര്‍ക്കു നാണമില്ലേ ? ഗേറ്റിനോടടുത്ത് രണ്ടില ചിഹ്നവും മാണിസാറിന്‍റെ സുന്ദരമായ മുഖവുമുള്ള ചെറിയ പോസ്റ്റര്‍ കണ്ടപ്പോഴാണ് ഫാദര്‍ ഒന്നു തണുത്തത്.

ഗേറ്റ് അടഞ്ഞു കിടക്കുകയാണ്. മദര്‍ സുപ്പീരിയര്‍ മട്ടണ്‍ കൊടുത്തു വളര്‍ത്തുന്ന അള്‍സേഷ്യന്‍ നായ കൂട്ടില്‍ അക്ഷമനായി ഉറങ്ങുകയാണ്. ഫാദര്‍ ശബ്ദമുണ്ടാക്കാതെ മതിലില്‍ പിടിച്ചു കയറി. ചുറ്റുപാടും സുരക്ഷിതമാണെന്നുറപ്പു വരുത്തിയിട്ട് മെല്ലെ ചാടി. പഞ്ഞിക്കെട്ടു വീഴുന്ന ശബ്ദമേ കേട്ടുള്ളൂ. സിസ്റ്റര്‍ മെറ്റില്‍ഡ എന്തിനാണ് തനിക്കിങ്ങനെയൊരു ചെരുപ്പ് വാങ്ങിത്തന്നത് എന്ന് ഫാദര്‍ ഗൗരവമായി ആലോചിക്കുന്നതപ്പോഴാണ്. പെട്ടെന്ന് മഠത്തിന്‍റെ രണ്ടാം നിലയില്‍ ലൈറ്റ് തെളിഞ്ഞു. ഫാദര്‍ ഒന്നമ്പരന്നു. വികാരിയച്ചനെ അസമയത്ത് മഠത്തിന്‍റെ മുറ്റത്ത് കണ്ടാല്‍.. രണ്ടാം നിലയിലെ ജനാലയ്‍ക്കല്‍ സിസ്റ്റര്‍ മെറ്റില്‍ഡയുടെ മുഖം. അമ്പരപ്പല്ല, അര്‍ഥഗര്‍ഭമായ പുഞ്ചിരിയാണ് സിസ്റ്ററിന്‍റെ മുഖത്ത്. നില്‍ക്കണോ പോണോ എന്ന ആശയക്കുഴപ്പത്തോടെ നിന്ന ഫാദറിനോട് പിന്നിലൂടെ വാ എന്നാംഗ്യം കാണിച്ച് സിസ്റ്റര്‍ മറഞ്ഞു.

അപകടം ഒഴിവായതിന്‍റെ ആശ്വാസത്തോടെ വഴി തെളിഞ്ഞതിന്‍റെ സന്തോഷത്തോടെ ഫാദര്‍ പിന്നിലേക്കു നടന്നു. ഉറക്കത്തിനിടയിലാണെങ്കിലും അള്‍സേഷ്യന്‍ നായ അര്‍ഥം വച്ചു മൂളി. ഛെ, താനാ ടൈപ്പല്ല എന്നു സ്വയം പറഞ്ഞ് ഫാദര്‍ വേഗം നടന്നു. പിന്നിലെ വാതില്‍ക്കല്‍ സിസ്റ്റര്‍ കാത്തുനില്‍പുണ്ടായിരുന്നു. ഫാദര്‍ ബനിയനുള്ളില്‍ തിരുകിവച്ചിരുന്ന കവര്‍ പുറത്തെടുത്തു. പരിസരത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തി.

അച്ചന്‍ വരുമെന്നെനിക്കറിയാമായിരുന്നു…

വരാതിരുന്നാല്‍ അതൊരു നഷ്ടമായേനെ എന്നു പിന്നീട് തോന്നാതിരിക്കാന്‍.. കൂടുതലൊന്നുമാലോചിച്ചില്ല..

നമ്മള്‍ ഒരേ മനസ്സാണ്…

അതെയതെ.. ഒരിക്കലും ആരും അറിയരുത്…

ഇല്ലച്ചോ.. എന്‍റെ ജീവന്‍ പോയാലും…

ഫാദര്‍ കയ്യിലെ കവര്‍ മെറ്റില്‍ഡയ്‍ക്കു കൈമാറി- എല്ലാം ഇതിലുണ്ട്… എന്നാല്‍ ഇനി ഞാന്‍ നില്‍ക്കുന്നില്ല…

തിരിഞ്ഞുനോക്കാതെ ഫാദര്‍ വേഗം തിരികെ നടന്നു. ഉദ്വേഗത്തോടെ അതിലേറെ ആശയക്കുഴപ്പത്തോടെ മെറ്റില്‍ഡ കവര്‍ തുറന്നു നോക്കി. യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നുള്ള അഭ്യര്‍ഥനയും മുന്നണിയുടെ പ്രകടനപത്രികയും കൈപ്പത്തി, രണ്ടില ചിഹ്നങ്ങള്‍ പതിച്ച മൂന്നു മാതൃകാബാലറ്റുകളും !

മാനസപുത്രികളേ ഉണരൂ..

സ്ത്രീകളുടെ ശക്തി എന്താണെന്ന് ലോകം തിരിച്ചറിയുന്ന ഒരു നാള്‍ വരുമെന്നും അന്ന് പുരഷമേധാവിത്വസമൂഹം സ്ത്രീകളുടെ കാലുപിടിക്കാന്‍ ഓടി നടക്കുമെന്നും ഒരു ഫെമിനിസ്റ്റ് പറഞ്ഞതായി ഓര്‍ക്കുന്നു. ഇതാ ആ സുദിനം വന്നു കഴിഞ്ഞു. തദ്ദേശസ്വയംഭരണ തിര‍ഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും സ്ത്രീസംവരണവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ സ്ത്രീശക്തിയെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിക്കുന്നതിനുള്ള അണിയറനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

സീനിയര്‍ തദ്ദേശനേതാക്കന്‍മാര്‍ പോലും ഭാര്യമാര്‍ക്ക് മഹാത്മാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ആരാണെന്നും പഞ്ചായത്ത് ഭരണത്തില്‍ മാര്‍ക്സിയന്‍ ആദര്‍ശങ്ങളുടെ പ്രസക്തി എന്താണെന്നും എസ്സേ എഴുതി പഠിപ്പിക്കുന്നു. പണ്ടെന്നോ പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞ് അബോര്‍ഷന്‍ നടത്തിയ നേതാക്കന്‍മാര്‍ ഇന്നു പശ്ചാത്തപിക്കുന്നുണ്ടാവണം, നഷ്ടമാകുന്നത് ഒരു സീറ്റാണ്. സ്ത്രീശക്തി അംഗീകരിക്കപ്പെടുന്നതിന്‍റെ പുണ്യമല്ല, സംവരണത്തിലൂടെ സ്ത്രീകള്‍ മുഖ്യധാരയിലേക്കു വലിച്ചിഴക്കപ്പെടുന്നതിന്‍റെ ആരവമാണ് തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പു രംഗത്തെ ശബ്ദമുഖരിതമാക്കുന്നത്.

കണക്കുകളനുസരിച്ച് സംസ്ഥാനത്തൊട്ടാകെ പന്ത്രണ്ടായിരത്തോളം സ്ത്രീസംവരണ വാര്‍ഡുകളാണുള്ളത്. യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഓരോ വനിതകളെ മല്‍സരിപ്പിച്ചാല്‍ തന്നെ 36,000 പേര്‍ മല്‍സരരംഗത്തുണ്ടാകും. മറ്റു സംഘടനകളെക്കൂടി പരിഗണിക്കുമ്പോള്‍ 40,000 സ്ത്രീകളെങ്കിലും മല്‍സരരംഗത്ത് ഉണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. ഇതിനും മാത്രം രാഷ്ട്രീയബോധമുള്ള സ്ത്രീകള്‍ സംസ്ഥാനത്തുണ്ടോ ? തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ എന്‍റെ മാനസപുത്രിയെപ്പറ്റിയും പുതിയ കല്യാണ്‍ ഷോറൂമിനെപ്പറ്റിയും സംസാരിച്ചാല്‍ വോട്ടുകിട്ടുമോ ?

978 പഞ്ചായത്തിലായി 16,714 വാര്‍ഡുകളാണുള്ളത്. ഇതില്‍ ഒന്‍പതിനായിരത്തോളം സീറ്റ് വനിതകള്‍ക്കാണ്. അഞ്ചു നഗരസഭകളിലെയും 59 മുനിസിപ്പാലിറ്റികളിലെയും പകുതിയിലേറെ വാര്‍ഡുകള്‍ ഇനി വനിതകള്‍ ഭരിക്കും. 978 പഞ്ചായത്തില്‍ പകുതി വനിതാ പ്രസിഡന്റുമാരാണ്. 30 മുനിസിപ്പാലിറ്റികളുടെയും അഞ്ചു കോര്‍പറേഷനുകളുടെയും തലപ്പത്തു സ്ത്രീകള്‍ വരും. അത്ര തന്നെ വൈസ് ചെയര്‍പഴ്സന്‍ സ്ഥാനങ്ങളും ലഭിക്കും. 14 ജില്ലാ പഞ്ചായത്തുകളില്‍ വനിതാ പ്രസിഡന്റുമാര്‍ ഭരിക്കാന്‍ പോകുന്നത് ഏഴെണ്ണത്തിലാണ്. ജില്ലാ പഞ്ചായത്തുകളിലെ 350 വാര്‍ഡുകളില്‍ പകുതിയും വനിതകള്‍ക്കാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പകുതി സ്റ്റാന്‍ഡിങ് കമ്മിറ്റി നേതൃസ്ഥാനവും വനിതകള്‍ കയ്യടക്കും.

പാര്‍ട്ടികളില്‍ അംഗത്വമുള്ള പെണ്ണുങ്ങളുണ്ടെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ തീരെ കുറവാണ്.നേതാക്കളുടെ ഭാര്യമാര്‍, പെണ്‍മക്കള്‍, സഹോദരിമാര്‍ തുടങ്ങിയവര്‍ക്കു നറുക്കു വീഴാന്‍ സാധ്യത കൂടുതലാണ്. ഏറ്റവും കുടുതല്‍ വനിതാക്ഷാമം അനുഭവിക്കുക ബിജെപി ആയിരിക്കുമത്രേ. സിപിഐയെയും പെണ്‍ക്ഷാമം അലട്ടുന്നുണ്ട്.പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏറെ സ്ത്രീപങ്കാളിത്തമുള്ള സിപിഎമ്മിന് ഇതൊരു വലിയ പ്രതിസന്ധി ആയിരിക്കില്ലെന്നു കരുതാം. കുടുംബശ്രീ പ്രവര്‍ത്തകരുടെ സാന്നിധ്യം വലിയൊരളവു വരെ ഇതിനു സഹായിക്കും. ഇതുകൊണ്ടൊന്നും സ്ത്രീക്ഷാമം തീരില്ല എന്നതു വേറെ കാര്യം.

പൊതുവിഞ്ജാനവും രാഷ്ട്രീയബോധവുമുള്ള സ്ത്രീകളെ പഞ്ചായത്തുതലത്തില്‍ കണ്ടെത്തുക എന്നത് പാര്‍ട്ടികളെ സംബന്ധിച്ച് നിസ്സാര വെല്ലുവിളിയല്ല. പുറത്തു നിന്ന് സ്ഥാനാര്‍തികളെ ഇറക്കുമതി ചെയ്താല്‍ പരാജയപ്പെടാനുള്ള സാധ്യതയുമേറും. ബ്ലോഗെഴുതുന്ന, കവിതയെഴുതുന്ന, കമന്‍റുകളിടുന്ന സ്ത്രീകള്‍ക്ക് മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാമുണ്ടെങ്കിലും ആഗോളവ്യക്തിത്വങ്ങളായ ഇവര്‍ക്ക് പഞ്ചായത്തു തലത്തില്‍ വല്ല പിടിപാടുമുണ്ടാവുമോ ? ഉണ്ടെങ്കില്‍ അവര്‍ ധാരാളമായിരുന്നു. ഞാന്‍ ചുമ്മാ പറഞ്ഞെന്നു മാത്രം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ട.

വ്യാപാരി വ്യവസായി കേരളം

വ്യാവസായിക പുരോഗതിയാണ് രാജ്യത്തിന്‍റെ വികസനത്തിന്‍റെ അനേകം സൂചകങ്ങളില്‍ ഒന്ന് എന്നു ഞാന്‍ എക്കണോമിക്സില്‍ പഠിച്ചിട്ടുണ്ട്. കേരളത്തില്‍ ഭാഗ്യത്തിന് അധികം വ്യവസായങ്ങളില്ല. ഉള്ളവരൊക്കെ ഫാക്ടറി പൊളിച്ച് ലോറിയില്‍ കയറ്റി രായ്‍ക്കുരാമാനം അതിര്‍ത്തി കടന്ന് മാന്യമായി വ്യവസായം നടത്തി ജീവിക്കുന്നുണ്ട്. പിന്നെയുള്ളത് ടാറ്റ-ബിര്‍ള-അംബാനിമാരാണ്. ടാറ്റയെ മൂന്നാറില്‍ നിന്നൊഴിപ്പിക്കാന്‍ നമ്മള്‍ പഠിച്ച പണി കപ്ലീറ്റും നോക്കുന്നുണ്ട്.പക്ഷെ,ടാറ്റ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗമാണോ എന്നെനിക്കറിയില്ല. വ്യവസായി എന്ന നിലയില്‍ മേല്‍പ്പറഞ്ഞ ശക്തമായ സംഘടനയില്‍ ടാറ്റ അംഗമാകേണ്ടതാണ്. മറിച്ച് ടാറ്റയെയും ബിര്‍ളയെയും റിലയന്‍സിനെയും പോലുള്ള വ്യവസായികളെ ശത്രുക്കളായാണ് സംഘടന കാണുന്നതെങ്കില്‍ വ്യവസായി എന്ന പദത്തിന്‍റെ മലയാള തര്‍ജമയോ നിര്‍വചനമോ പുതിയത് കണ്ടെത്തേണ്ടതാണ്.

വ്യാപാരികള്‍ക്കു നേരേ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി കടകളടച്ചിട്ടു പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് രാജ്‍ഭവനിലേക്കു മാര്‍ച്ച് നടത്തി. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ 40 ലക്ഷം വ്യാപാരികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ട് തരില്ല എന്ന് ബ്ലാക്മെയില്‍ ചെയ്യാനായിരുന്നു പണിമുടക്ക്.

എന്താണ് വ്യാപാരി വ്യവസായികളുടെ ന്യായമായ ആവശ്യങ്ങള്‍ ?

1.ദേശീയപാത വികസനം 30 മീറ്ററാക്കി നിജപ്പെടുത്തുകയും ഹൈവേ വികസനത്തില്‍ കടകള്‍ നഷ്‌ടപ്പെടുന്നവര്‍ക്ക്‌ പുനരധിവാസവും ന്യായമായ
നഷ്‌ടപരിഹാരവും നല്‍കുകയും ചെയ്യുക.
2.പോലീസിനെ വിട്ട്‌ വാടകക്കടകള്‍ ഒഴിപ്പിക്കുന്ന നടപടി പിന്‍വലിക്കണം.
3.സ്വകാര്യ ചെറുകിട കച്ചവട മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള നടപടി അവസാനിപ്പിക്കണം.

ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും ?

തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാത്ത മുന്നണികള്‍ക്കു വരുന്ന പഞ്ചായത്ത്‌, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ നല്‍കില്ല.സംഘടനാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം അംഗങ്ങള്‍ വോട്ട്‌ കുത്തിയാല്‍ വ്യാപാരികളാവും കേരളം നിയന്ത്രിക്കുക. അപ്പോള്‍ പേടിക്കണം. ടി.നസിറുദ്ദീന്‍ മുഖ്യമന്ത്രിയാവുന്ന സാഹചര്യം ഇരുമുന്നണികളും ചേര്‍ന്നുണ്ടാക്കരുതെന്നാണ് ഭീഷണി. ഇത്രയും വലിയൊരു സംഘടനയെ ഇത്രകാലമായി നയിക്കുന്ന നസിറുദീന്‍ വിചാരിച്ചാല്‍ കേരള സ്റ്റേറ്റ് ഭരിച്ചുകൂടെ ?

കൂടാവുന്നതേയുള്ളൂ…

ഇനി ആവശ്യങ്ങളിലെ അനാവശ്യത്തെപ്പറ്റി പഠിക്കാം. ദേശീയപാതയും കേരളത്തിലെ വ്യാപാരികളും തമ്മിലെന്താണ് ബന്ധം ? റോഡിന്‍റെ വക്കിലാണ് സാധാരണയായി കടകള്‍ പണിയുന്നതും കച്ചവടം നടത്തുന്നതും. റോഡ് വികസനം വരുമ്പോള്‍ കടകള്‍ പൊളിക്കപ്പെടും, കച്ചവടം മോശമാകും. അതുകൊണ്ട് റോഡ് വികസനം വേണ്ട,കച്ചവടം മതി.കേരളത്തിലങ്ങോളമിങ്ങോളം വികസനം എത്തി നോക്കാതെ കിടക്കുന്ന നൂറുകണക്കിനു കവലകളുടെ ശാപമാണ് ഈ വ്യാപാരിശക്തി എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. റോഡ് വികസനത്തിനെതിരേ കൊച്ചി നഗരത്തില്‍ വ്യാപാരികളുണ്ടാക്കിയ പ്രശ്നങ്ങള്‍ കണ്ട് കേരളം മൂക്കത്ത് വിരല്‍ വച്ചതാണ്. റോഡ് വികസനം പോട്ടെ, ഒരു ബസ് സ്റ്റോപ്പ് പത്തു മീറ്റര്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുന്നതില്‍ പോലും വ്യാപാരികളുടെ രാഷ്ട്രീയം നിര്‍ണായകമാണ്. സ്റ്റോപ്പ് മാറിയാല്‍ ബസിറങ്ങുന്നവര്‍ നേരേ കടയിലേക്കു കയറാനുള്ള സാധ്യത കുറയും. അത് ബിസിനസിനെ ബാധിക്കും.

റോഡിന് ഇത്രയും വീതിയുടെ ആവശ്യമില്ല എന്നു പറയുന്നവനെ വിഡ്ഡി എന്നു വിളിക്കണം. അനുദിനം ആയിരക്കണക്കിനു വാഹനങ്ങള്‍ നിരത്തിലിറങ്ങുന്ന കേരളത്തില്‍ ഓരോ വര്‍ഷത്തെയും ആവശ്യമനുസരിച്ച് റോഡ് വികസിപ്പിക്കാനാവില്ല. അല്‍പം ദീര്‍ഘവീക്ഷണത്തോടെ റോഡ് വികസനം നടത്തുമ്പോള്‍ അയ്യോ ഇത്രയും വേണ്ട എന്നു പറഞ്ഞ് രാഷ്ട്രീയക്കാരും വ്യാപാരികളും ഇറങ്ങും. എന്നിട്ട് ഒരു ട്രാഫിക് ജാം വരുമ്പോള്‍ ഇവരൊക്കെ തന്നെ പറയും ദീര്‍ഘവീക്ഷണമില്ലാത്ത ഭരണമാണ് ഇതിനെല്ലാം കാരണം, ഇടതനും വലതനും കൂടി ഭരിച്ചുഭരിച്ച് ഇവിടം മുടിച്ചു- എന്നൊക്കെ.

കേരളത്തിലെ മിക്കവാറും നഗരങ്ങളിലും ഗതാഗതക്കുരുക്ക് ആണ് ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ശുദ്ധജലക്ഷാമവും കൊതുകുശല്യവും പോലും അതു കഴിഞ്ഞേയുള്ളൂ. ദിവസം 4 മണിക്കൂര്‍ വരെ ഗതാഗതക്കുരുക്കില്‍ കിടക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ ആയുസ്സില്‍ നിന്ന് റോഡ് വികസനത്തിനു തിരിച്ചുപിടിക്കാനാവുന്നത് എത്ര മണിക്കൂറുകളും ദിവസങ്ങളുമാണെന്ന് ഓര്‍ത്തു നോക്കിയാല്‍ തന്നെ കണക്കില്‍ പിഴയ്‍ക്കാത്ത വ്യാപാരികള്‍ക്കും കാര്യം മനസ്സിലാവേണ്ടതാണ്.

ഇനി, ചെറുകിട ബിസിനസില്‍ വിദേശനിക്ഷേപം വന്നാല്‍ എന്തു സംഭവിക്കും ? മുകളില്‍ പറഞ്ഞ 40 ലക്ഷം വ്യാപാരികള്‍ക്കു വന്‍കിട സെറ്റപ്പിനോടു മല്‍സരിച്ചു പിടിച്ചു നില്‍ക്കാനാവാതെ വരും, നഷ്ടമുണ്ടാകും. അതുകൊണ്ട് ബാക്കിവരുന്ന രണ്ടരക്കോടി ഉപഭോക്താക്കള്‍ മഹത്തായ വ്യാപാരിസമൂഹത്തെ ലാഭകരമായി പിടിച്ചു നിര്‍ത്തുന്നതിന് വിദേശകുത്തകളെ ബഹിഷ്കരിക്കുക, കുറച്ച് നഷ്ടം സഹിച്ചായാലും ലോക്കല്‍ മാര്‍ക്കറ്റിനെ പ്രോല്‍സാഹിപ്പിക്കുക.

വ്യാപാരികള്‍ മാത്രമല്ല, കുരിശുപള്ളികളും കാണിക്കവഞ്ചികളും ഭണ്ഡാരങ്ങളും എല്ലാം കേരളത്തിലെ റോഡുകളുടെ ശാപമാണ്. മുംബൈയിലെ ചുവന്ന തെരുവില്‍ നിന്ന് വേശ്യകളെന്നപോലെ ദൈവങ്ങള്‍ ഓരോ വളവിലുമിരുന്ന വണ്ടിക്കാരെ വിളിക്കുകയാണ്- വല്ലതും തന്നിട്ടു പോണേ ! നേര്‍ച്ചയും കാഴ്ചയുമിട്ടും തരം പോലെ വലിച്ചെറിഞ്ഞും ഈ തീര്‍ഥാടനയാത്ര തുടരുമ്പോഴും ഇവര്‍ക്കൊക്കെ എതിരെ ഒരക്ഷരം മിണ്ടാന്‍ കോടതിക്കായിട്ടില്ല. റോഡരികിലെ യോഗങ്ങളാണ് എല്ലാ റോഡ് പ്രശ്നങ്ങള്‍ക്കും എന്ന നിലപാടില്‍ നിന്ന് കോടതിയും അയയുന്നില്ല.

എന്തായാലും വ്യാപാരികളെല്ലാം കൂടി വോട്ടിന്‍റെ കാര്യത്തില്‍ ഒരുറച്ച തീരുമാനമെടുത്താല്‍ സംഗതി മാറും. കേരളം ഇസ്ലാമിക് സ്റ്റേറ്റ് ആകുമെന്ന് പേടിച്ചിരിക്കുന്ന മുഖ്യമന്ത്രി പഴയ ഇറ്റലിയും പോര്‍ചുഗലും മെസെപ്പെട്ടോമിയയും പോലെ കേരളം ഒരു കച്ചവട സംസ്ഥാനമാകുമെന്ന് കൂടി ദുസ്വപ്നം കണ്ടു തുടങ്ങേണ്ടിയിരിക്കുന്നു.

ഹൈക്കോടതിക്ക് ഒരു വോട്ട് !

ഹൈക്കോടതി അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ കേരളത്തിലെ കംപ്ലീറ്റ് സീറ്റുകളും പിടിക്കും. ചീഫ് ജസ്റ്റിസിനു മുഖ്യമന്ത്രിയുമാവാം.ജനകീയമായ ഉത്തരവുകളിലൂടെയും ഇടപെടലുകളിലൂടെയും ആശ്വാസം പകരുന്ന കോടതിയെ നീണ്ടു നിവര്‍ന്നു സല്യൂട്ട് അടിക്കുകയാണ് കേരളജനത. ജനകീയ സമരമെന്നു മുദ്രകുത്തി ജനങ്ങളുടെ നെഞ്ചത്തു കയറുന്ന സമരപരിപാടികള്‍ ബന്ദും ഹര്‍ത്താലും മുതലിങ്ങോട്ട് മൂക്കുകയറിട്ടു പിടിച്ചിരിക്കുകയാണ് കോടതി. അമിതരാഷ്ട്രീവല്‍ക്കരിക്കപ്പെട്ട ഭരണപക്ഷവും നട്ടെല്ലില്ലാത്ത പ്രതിപക്ഷവും പാമ്പും കോണിയും കളിക്കുമ്പോള്‍ ജനത്തെ കൈവിടാത്ത കോടതിയ്ക്ക് ഒരു വോട്ട് !

കേരളത്തിലെ റോഡുകളാണ് ഇന്ന് ഏറ്റവും സുരക്ഷിതവും സമൃദ്ധവുമായ കൊലക്കളം. മതവും രാഷ്ട്രീയവും ലൈംഗികതയും തുടങ്ങി സകല വൃത്തികേടുകളും അവിടേക്കെത്തുമ്പോള്‍ ട്രാഫിക് വെറും ഇമ്മോറല്‍ ട്രാഫിക് ആയി. റോഡിലെ രാഷ്ട്രീയക്കളിയുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന വിധി രാഷ്ട്രീയക്കാരുടെ മേല്‍ കോടതി നേടുന്ന വിജയമായി കരുതേണ്ടതില്ല എന്നതാണ് മറ്റൊരു കാര്യം. കോടതിയെയും നിയമസംവിധാനത്തെയും ബഹുമാനിക്കുന്ന രാഷ്ട്രീയക്കാര്‍ ഉള്ളിടത്തേ കോടതിക്ക് നിലനില്‍പുള്ളൂ.

രാഷ്ട്രീയസംവിധാനം ക്രമസമാധാനപാലനത്തിനായി ഉപയോഗിക്കുന്ന അതേ പൊലീസ് തന്നെയാണ് കോടതിക്കു വേണ്ടി രാഷ്ട്രീയനേതൃത്വത്തിനെതിരെ തിരിയേണ്ടി വരുന്നതെന്നതും രാഷ്ട്രീയനേതൃത്വവും നിയമസംവിധാനവും തമ്മിലുള്ള പരസ്പരസഹകരണത്തിന്‍റെ തെളിവാണ്. കോടതി വിധിയെത്തും മുമ്പേ കരുനാഗപ്പള്ളിയില്‍ ആഭ്യന്തരമന്ത്രിയുടെ യോഗത്തിനായി പണിതുയര്‍ത്തിയ വേദി വിധിയുടെ വെളിച്ചത്തില്‍ പൊളിച്ചുമാറ്റി യോഗം സമീപത്തെ സ്കൂളിലേക്കു മാറ്റി എന്നത് അന്തസ്സുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ്.

ഭരണകൂടം ആദരിക്കാത്ത കോടതിയെ പിന്നെത്ര പേര്‍ക്കു വിലയുണ്ടാകുമെന്നത് പറയാനാകില്ല.എല്‍ഡിഎഫ് ഭരണത്തിനെതിരെ നിശിതമായ അനേകം വിമര്‍ശനങ്ങള്‍ ഉന്നയിച്ച കോടതിയുടെ ജനകീയവിധിയെ സ്വീകരിക്കുന്ന ഭരണകൂടത്തിന്‍റെ നടപടികള്‍ എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും കേരളത്തിന് അഭിമാനിക്കാവുന്നതു തന്നെയാണ്. തൊട്ടടുട്ട സംസ്ഥാനത്ത് നിയമവാഴ്ചയുടെ തകര്‍ച്ചയില്‍ മനംനൊന്ത് ലോകായുക്ത രാജിവച്ച സാഹചര്യവുമായി ചേര്‍ത്തു വായിക്കുമ്പോഴാണ് ഇതിന്‍റെ മൂല്യം വ്യക്തമാകുന്നത്.

ബന്ദും, ഹര്‍ത്താലും ഇന്ന് കേരളസമൂഹത്തിന് ഒരു ഭീഷണിയല്ലാതായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഹൈക്കോടതിയുടെ ഇടപെടലുകളും ആ വിധികളുടെ പിന്നില്‍ ഉറച്ചു നിന്ന സാധാരണജനങ്ങളുമാണ്. ദേശീയപാതകളില്‍ പോലും മണിക്കൂറുകളോളം ഗതാഗതതടസ്സം സൃഷ്ടിക്കുന്ന രാഷ്ട്രീയയോഗങ്ങള്‍ ജനങ്ങളുടെ ശാപമേറ്റുവാങ്ങി തുടര്‍ന്നുപോരാന്‍ തുടങ്ങിയിട്ട് കാലമേറെയായതാണ്. പുതിയ വിധിയനുസരിച്ച് സമ്മേളനത്തിനായി മാറ്റിവച്ചിരിക്കുന്ന മൈതാനങ്ങളിലൊഴികെ എവിടെയും റോഡരികില്‍ സമ്മേളനങ്ങളോ യോഗങ്ങളോ നടത്തുന്നത് നിയമവിരുദ്ധമാണ്. കൊച്ചി നഗരത്തില്‍ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സംഘടനകള്‍ നേരത്തേ തന്നെ പൊലീസിനെ അറിയിക്കണമെന്നും അനുവദിച്ചതിലും കൂടുതലുള്ളവരെ നഗരത്തില്‍ കടക്കും മുന്‍പ്‌ പൊലീസ്‌ തടയണമെന്നും കോടതി നിര്‍ദ്ദേശിച്ചതു കഴിഞ്ഞ ദിവസമാണ്.

നമ്മള്‍ ഏറ്റവും വൃത്തിഹീനമായും അശ്രദ്ധമായും നിരുത്തരവാദപരമായും ഒരു ജീവിതം കാഴ്ചവയ്‍ക്കുന്നുണ്ടെങ്കില്‍ അത് റോഡിലാണ്. മലമൂത്ര വിസര്‍ജ്ജനം മുതല്‍ ഓരോരുത്തരും അവരുടെ സര്‍ഗശേഷിയും താല്‍പര്യവുമനുസരിച്ച് പറ്റുന്നതൊക്കെ റോഡില്‍ ചെയ്യുന്നുണ്ട്. പകല്‍ വൃത്തിയായും മാന്യമായും നടക്കുന്ന ഒരു സമൂഹം രാത്രിയില്‍ മാലിന്യം നിറച്ച ബാഗുകളുമായി ഇരുള്‍ വീണ കവലകള്‍ തേടി നടക്കുന്ന നാടാണ് കേരളം. എല്ലാ മാലിന്യങ്ങളും എല്ലാ ദുരന്തങ്ങളും ഏറ്റു വാങ്ങുന്ന കേരളത്തിലെ റോഡുകള്‍ കവികള്‍ വര്‍ണിച്ചിട്ടുള്ള ഗുണങ്ങളെല്ലാം തികഞ്ഞ കാലത്തിന്‍റെ പുഴയാണ്.

സ്വന്തം വീടും മതവിശ്വാസികള്‍ അവരുടെ ആരാധനലായങ്ങളും പരിശുദ്ധമായി കാണുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നതിനാല്‍ അത് മലയാളിലകള്‍ക്ക് അസാധ്യമായ ഒന്നല്ല എന്നത് വ്യക്തമാണ്. ജാതിമതഭേദമില്ലാതെ പ്രായ-ലിംഗ, വര്‍ഗ-സ്വത്വഭേദമില്ലാതെ ഒരു സമൂഹം ഏറ്റവും സജീവമായി പ്രവഹിക്കുന്ന സ്ഥലമെന്ന നിലയില്‍ ആരാധനാലയങ്ങള്‍ പോലെ കാത്തുസൂക്ഷിക്കേണ്ടവയാണ് റോഡുകള്‍. എന്നാല്‍,മനുഷ്യമനസ്സുകള്‍ പങ്കിട്ടെടുത്ത മതങ്ങള്‍ റോഡുകളിലും അതു തന്നെയാണ് ചെയ്യുന്നത് എന്നത് നിരാശാജനകമാണ്.

കുരിശുപള്ളികളും, ഭണ്ഡാരങ്ങളും, നേര്‍ച്ചപ്പെട്ടികളും പരമാവധി റോഡിലേക്കിറക്കിക്കൊണ്ടു വരുന്നതിലാണ് സമുദായപുരോഗതി എന്നു വിശ്വസിക്കുന്ന മതനേതാക്കള്‍ക്കാണ് ഇനിയൊരു പാഠം പകര്‍ന്നു നല്‍കേണ്ടത്. ആരാധനാലയങ്ങളുടെ സ്ഥലങ്ങള്‍ വിട്ടുകിട്ടാത്തതുകൊണ്ടു മാത്രം കേരളത്തില്‍ വളഞ്ഞുപോയ റോഡുകള്‍ അനേകമാണ്. സ്വന്തം സമുദായത്തിന്‍റെ വളര്‍ച്ചക്കുവേണ്ടി വഴക്കുണ്ടാക്കുമ്പോഴല്ല, പൊതുസമൂഹത്തിന്‍റെ നന്മയ്‍ക്കു വേണ്ടി വിട്ടുവീഴ്‍ചകള്‍ ചെയ്യുമ്പോഴാണ് മതമേതായാലും ദൈവത്തെ പ്രതിനിധാനം ചെയ്യുന്നത്. അതിനു കോടതിയുടെ ഇടപെടല്‍ വേണ്ടി വരുമെങ്കില്‍ അത് നിരാശാജനകമാണ്.

നമ്മുടെ റോഡിനോട് ചെയ്യരുതാത്തതെല്ലാം ചെയ്തിട്ട് റോഡിലെ കുഴിയുടെ പേരില്‍ നാടിനെയും ഭരണാധികാരികളെയും പഴിക്കുന്നതാണ് നമ്മുടെ രീതി. കുഴികള്‍ അടച്ചാല്‍ തീരുന്നതല്ല നമ്മുടെ പ്രശ്നം. ലോകത്ത് ഒരു റോഡിനോടും ചെയ്യാന്‍ പാടില്ലാത്തതെല്ലാം നമ്മള്‍ നമ്മുടെ റോഡുകളോട് ചെയ്യുന്നുണ്ട്. വിധികള്‍ക്കപ്പുറത്തു നിന്ന് ഉരുത്തിരിയേണ്ട ഒരു റോഡ് സംസ്കാരം ഇനിയും ഇവിടെ നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ കോടതിവിധിയുടെ പഴുതുകളിലൂടെ ജനനീതി നമ്മള്‍ തന്നെ അട്ടിമറിക്കും. കാരണം, ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ മാത്രമേ നമ്മള്‍ പൊതുജനമാണെന്ന് സമ്മതിക്കാറുള്ളൂ, അല്ലാത്തപ്പോള്‍ നമ്മെ നയിക്കുന്നത് ജാതി-മത-വര്‍ഗ-ലിംഗ താല്‍‍പര്യങ്ങളാണ്. കേരളത്തിലെ ഓരോ വീട്ടില്‍ നിന്നും എല്ലാ ദിവസവും ഒരാളെങ്കിലും റോഡിലേക്കിറങ്ങുന്നുണ്ട് എന്നതുകൊണ്ട് വീടുകളെക്കാള്‍ വേഗത്തില്‍ നന്നാവേണ്ടത് റോഡുകളാണ് എന്ന തിരിച്ചറിവിലേക്ക് സമൂഹം എത്തട്ടെയെന്ന് പ്രത്യാശിക്കാം.