കേരളത്തെ നടുക്കിയ ക്രൂരത !!

എന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ഇത്തരത്തിലൊരു കാടത്തം കേരളചരിത്രത്തില്‍ ഇതിനു മുന്‍പ് സംഭവിച്ചിട്ടില്ല എന്നത് നടുക്കത്തിന്റെ പ്രകമ്പനം കൂട്ടുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള പൊലീസും കൂടി അശരണരും അവശരും നിരാലംബരുമായ ഒരു കൂട്ടം യുവാക്കളോട് ചെയ്യുന്നത് കാലം മറക്കാത്ത അനീതിയാണ്. മുകളിലൊരാളുണ്ടെങ്കില്‍ (പ്രത്യയശാസ്ത്രപരമായി അങ്ങനെ ഒരുത്തനുമില്ല) പാവപ്പെട്ട ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയും ജയില്‍ മേധാവിയും അമേരിക്കയും പിന്നെ ദേശാഭിമാനിയും പീപ്പിളും ഒഴികെയുള്ള മാധ്യമങ്ങളും അനുഭവിക്കും.

ടിപി ചന്ദ്രശേഖരന്‍ ഒരു മിത്താണ്. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനു പോലും വ്യക്തമായ തെളിവില്ലെന്നിരിക്കെ അയാളെ കൊന്നു എന്നു കള്ളക്കേസുണ്ടാക്കി നിഷ്‌കളങ്കരും നിരാലംബരുമായ ഒരു സംഘം കര്‍മോല്‍സുകരായ ചെറുപ്പക്കാരെ പിടികൂടി കോടതിനടപടികളിലൂടെ ബുദ്ധിമുട്ടിച്ച് ഒടുവില്‍ ജയിലടച്ച് പീഡിപ്പിക്കുന്നത് ചുവന്ന രക്തം സിരകളിലോടുന്ന ഒരാള്‍ക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നതല്ല. അനീതിയെന്നോ അക്രമമെന്നോ അല്ല, ഭീകരവും പൈശാചികവുമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.

ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ നിരപരാധികളും നിഷ്‌കളങ്കരുമാണെന്നു തെളിയിക്കപ്പെടുകയും ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നില്ല എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അന്ന് കെ.കെ.രമ എന്ന മാഫിയ നേതാവിനെ ഇന്നാട്ടിലെ ജനം തിരിച്ചറിയുകയും പാര്‍ട്ടിക്കു വേണ്ടി…. പാര്‍ട്ടിക്കു വേണ്ടിയല്ല… ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി ജയില്‍ വരിച്ചു പീഡനങ്ങള്‍ സഹിക്കുന്ന സുനിയേട്ടനും മനോജേട്ടനും മറ്റും മഹാന്‍മാരെന്നു വിളിക്കപ്പെടുകയും ചെയ്യും.

ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നും അയാളെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്ന ചെറുപ്പക്കാര്‍ കൊല ചെയ്തു എന്നും വിശ്വസിക്കുന്ന ഏതാനും ബൂര്‍ഷ്വകള്‍ ഇന്നും കേരളത്തിലുണ്ട് എന്നത് വേദനാജനകമാണ്. ഇവരില്‍ എത്ര പേര്‍ ടിപിയെ കണ്ടിട്ടുണ്ട് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. നല്ലൊരു ശതമാനം ആളുകളും മനോരമയിലും മാതൃഭൂമിയിലും മംഗളത്തിലുമൊക്കെയാണ് ടിപിയെ പറ്റി വായിച്ചിട്ടുള്ളതും ടിപിയുടെ ചിത്രവും മറ്റും കണ്ടിട്ടുള്ളതും. മായാവി, ഡിങ്കന്‍, സൂത്രന്‍ തുടങ്ങിയവരെപ്പറ്റിയും ആളുകള്‍ ഈ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുണ്ടല്ലോ. ടിപി ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളും ജീവിച്ചിരുന്നു എന്നു വിശ്വസിക്കുമോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ടിപിയെ 51 വെട്ടിനു കൊന്നു എന്നൊക്കെയാണ് പലരും എഴുതിപ്പിടിപ്പിക്കുന്നത്. ടിപി ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ കൊന്നതാണെങ്കില്‍, കൊന്നത് വെറും 12 വെട്ടിനാണ് എന്നത് നിസ്സംശയം പറയാന്‍ സാധിക്കും. എണ്ണിയവനു പിഴച്ചാലും വെട്ടിയവന് പിഴയ്ക്കില്ല എന്നാണ് ശാസ്ത്രം.

നിരപരാധികളായ ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കുകയും കള്ളസാക്ഷികളെയും വ്യാജതെളിവുകളും നിരത്തി നിന്ദ്യയും നികൃഷ്ടവുമായ ഗൂഢാലോചനയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജീവപര്യന്തം ജയിലിലടക്കുകയും ചെയ്തു എന്നത് ഇന്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ലജ്ജിപ്പിക്കേണ്ടതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരൊക്കെ പാര്‍ട്ടിയെ തകര്‍ക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തുകയും അതിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം അഭിനയിക്കുകയും ചെയ്യുന്ന രമയുടെ പക്ഷത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ചെറുപ്പക്കാരെ ജയിലിലടച്ചതിനു പുറമേ പാര്‍ട്ടി സ്വാധീനമുള്ള കണ്ണൂരിലെ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് അവരെ മാറ്റി എന്നതും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വിയ്യൂരില്‍ എത്ര സെല്ലുകളില്‍ സ്മാര്‍ട്‌ഫോണ്‍ സൗകര്യവും 3ജി ഇന്റര്‍നെറ്റ് കണക്ഷനും ഫോട്ടോഷൂട്ടിനുള്ള സൗകര്യങ്ങളുമുണ്ട് എന്നന്വേഷിച്ചാല്‍ മനസ്സിലാവും ഗൂഢാലോചനയുടെ ആഴം. ഇത്തരത്തിലുള്ള ഒരു സൗകര്യവുമില്ല എന്നു മാത്രവുമല്ല അവിടുത്തെ ജയിലധികൃതര്‍ക്ക് ഈ ചെറുപ്പക്കാരോട് പേടിയോ ബഹുമാനമോ ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്. അധികൃതര്‍ ഇവരെ നോക്കി സല്യൂട്ട് ചെയ്യുന്ന തരത്തില്‍ പരിഷ്‌കൃതമായ ഒരു ജയിലിലേക്ക് അവരെ മാറ്റണം എന്ന വളരെ ന്യായമായ ആവശ്യം പോലും പരിഗണിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തെ നടുക്കിയ ഈ പൊലീസ് ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ സടകുടഞ്ഞുണരണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് ആവശ്യപ്പെടാനുള്ളത്. യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുകയും ക്രിസ്തു കുരിശിലേറുകയും ചെയ്തപ്പോള്‍ അക്കാലത്തെ പരിഷ്‌കൃതസമൂഹം നിശബ്ദത പാലിച്ചതുപോലെ ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളോട് കേരളത്തിലെ പൊതുസമൂഹവും നിശബ്ദത പാലിക്കരുത്. ക്രിസ്തുവിനും ഗാന്ധിജിക്കും പിന്നെ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്. ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്നല്ലെങ്കില്‍ നാളെ ഈ ചെറുപ്പക്കാര്‍ പരോളിലിറങ്ങും എന്നത് ആരും മറക്കരുത്.

ഇനി അഴിയെണ്ണില്ല, ചപ്പാത്തിയെണ്ണും

ജയിലും ഗോതമ്പുണ്ടയും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണ്.ഇപ്പോ ഒരു ജയിലിലും ഉണ്ട പ്രധാനഭക്ഷണമല്ല.ജയിലില്‍ ഇനി നാലുനേരം ബിരിയാണിയും ചില്ലി ചിക്കനുമായാലും ജയിലില്‍ പോയിട്ടില്ലാത്തവര്‍ക്ക് ഈ ഉണ്ട കണക്ഷന്‍ അങ്ങനെ പെട്ടെന്ന് വിട്ടുകളയാന്‍ പറ്റില്ല.അധികം കളിച്ചാല്‍ നിന്നെ ഞാനുണ്ട തീറ്റിക്കും എന്നു പറഞ്ഞാല്‍ അതിനര്‍ഥം കേസുകൊടുക്കുമെന്നും തദ്വാരാ ജയിലില്‍ പോകേണ്ടി വരുമെന്നുമാണ്.പഴയതുപോലെ അവിടെപ്പോയി ചുമ്മാ അഴിയെണ്ണി ബോറടിക്കേണ്ടി വരുമെന്ന ടെന്‍ഷനും വേണ്ട.വളരെ ക്രിയേറ്റീവായി എണ്ണാന്‍ പറ്റിയ സാധനങ്ങള്‍ അവിടെ വേറെയുണ്ട്.

ജയില്‍ ഇന്ന്സുന്ദരമായ ഒരു സ്ഥലമാണ്.പുറത്തുള്ളതിനെക്കാള്‍ ശാന്തിയും സമാധാനവും സ്വസ്ഥതയും അച്ചടക്കവും സുരക്ഷിതത്വവും അവിടെയുണ്ട്.പോരെങ്കില്‍ എല്ലാവര്‍ക്കും ജോലിയും മാന്യമായ വേതനവും. ആറു മാസം ജയിലില്‍ കിടന്ന ഗോവിന്ദച്ചാമി വെളുത്തുരുണ്ട് തുടുത്ത് സുന്ദരക്കുട്ടനായതു നമ്മള്‍ കണ്ടതാണ്.തൂക്കിലേറാനുള്ള സമയമാകുമ്പോഴേക്കും ആള്‍ സിനിമാനടനെപ്പോലെയായിത്തീരും.സ്വന്തം വീട്ടില്‍ കിട്ടിയിട്ടുള്ളതിനെക്കാള്‍ സ്നേഹമാണ് ജയിലില്‍ കിട്ടിയതെന്ന് ബാലകൃഷ്ണപിള്ളയും പറഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള ജയിലില്‍ നിന്ന് സമൂഹത്തിന് ഒരു നന്മകൂടി ലഭിക്കുമ്പോള്‍ മറ്റെല്ലാ വിവാദങ്ങള്‍ക്കുമപ്പുറം അത് തിളക്കമേറിയതും സമൂഹത്തിന് അഭിമാനിക്കാവുന്നതുമായിരിക്കും. ജയിലിലെ ജോലി എന്നു വച്ചാല്‍ പാറമടയില്‍ കല്ലുപൊട്ടിക്കലാണ് എന്നാണ് മലയാള സിനിമയില്‍ കണ്ടിട്ടുള്ളത്.കേരളത്തിന് പുറത്ത് അത് കോള്‍ സെന്റര്‍ വരെയായിട്ടുണ്ട്.ഇവിടെ സംഗതി ചപ്പാത്തിയിലെത്തി നില്‍ക്കുമ്പോള്‍ അത് ഏറ്റവും പ്രൊഫഷനലായ രീതിയിലാണെന്നത് നമുക്കഭിമാനിക്കാവുന്ന കാര്യമാണ്. ഒരു പക്ഷെ, കേരളത്തിലെ ഏറ്റവും മികച്ച ചപ്പാത്തിക്കമ്പനിയായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മാറുകയാണ്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിര്‍മിക്കുന്ന പൂജപ്പുര ജയില്‍ ചപ്പാത്തികള്‍ വിപണിയിലിറങ്ങി,ഏറ്റവും കുറഞ്ഞ വിലയില്‍. അഞ്ചെണ്ണം അടങ്ങുന്ന പത്തു രൂപയുടെ പായ്ക്കറ്റാണു ഇന്നലെ വിപണിയിലിറക്കിയത്.രണ്ടു രൂപയ്ക്ക് 30 ഗ്രാമുള്ള ചപ്പാത്തി.2.64 ലക്ഷം രൂപയുടെ യന്ത്രത്തിലാണു ജയിലില്‍ ചപ്പാത്തി നിര്‍മിക്കുന്നത്. മണിക്കൂറില്‍ രണ്ടായിരത്തിലേറെ ചപ്പാത്തി ഈ യന്ത്രത്തില്‍ ഉണ്ടാക്കാം. മുന്തിയ ഹോട്ടലുകളിലെ ഷെഫുമാരുടെ വേഷവും കയ്യുറയും മുഖംമൂടിയുമൊക്കെ ധരിച്ചാണു തടവുകാര്‍ ചപ്പാത്തി നിര്‍മിക്കുന്നത്. ജയില്‍ ചപ്പാത്തി വിപണിയില്‍ സജീവമാകുന്നതോടെ മറ്റു ചപ്പാത്തി നിര്‍മാതാക്കളും വില കുറയ്ക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

തമിഴ് സിനിമയുടെ ചിത്രീകരണത്തിനു ജയിലിലെത്തിയ നടന്‍ ചേരനും നടി മുക്തയും ചേര്‍ന്നാണ് ചപ്പാത്തിയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചത്.ദിവസവും 700 ചപ്പാത്തിയുടെ ഓര്‍ഡര്‍ ഉദ്ഘാടനത്തലേന്നു തന്നെ ലഭിച്ചു കഴിഞ്ഞു. 500 ചപ്പാത്തിക്കു മേലുള്ള ഓര്‍ഡര്‍ ഒരുമിച്ചു ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നിര്‍മിച്ചു നല്‍കുമെന്നാണ് ജയില്‍ സൂപ്രണ്ട് ബി. പ്രദീപ് പറഞ്ഞിരിക്കുന്നത്.കുറഞ്ഞ വിലയ്‍്ക്ക് നല്ല അസ്സല്‍ ചപ്പാത്തി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ പൂജപ്പുര ജയിലിനെ ഓര്‍ക്കുക.

ചുമ്മാ ചപ്പാത്തിയുണ്ടാക്കിയിട്ട് സരോജ്‍കുമാര്‍ പൊറോട്ട ഉണ്ടാക്കിയതുപോലെ അവരുതെന്നു നിര്‍ബന്ധമുള്ള അധികൃതര്‍ കൃത്യമായ മാര്‍ക്കറ്റ് സ്റ്റഡിക്കു ശേഷമാണ് പദ്ധതിക്കു തുടക്കമിട്ടത്.തലസ്ഥാന നഗരിയില്‍ 11 ലക്ഷം ജനമുണ്ട്. ദിവസം 15 ലക്ഷം ചപ്പാത്തി ഇവര്‍ ഉപയോഗിക്കുന്നു. ഇതില്‍ രണ്ടു ലക്ഷം ചപ്പാത്തി വിപണിയില്‍ നിന്നാണു ജനം വാങ്ങുന്നത്. ആറു രൂപയാണ് ഒരു ചപ്പാത്തിയുടെ വിപണി വില. അവിടെയാണു 30 ഗ്രാം ഭാരമുള്ള നല്ല ചപ്പാത്തി രണ്ടു രൂപയ്ക്കു ജയില്‍ അധികൃതര്‍ വിപണിയിലെത്തിക്കുന്നത്.സംഗതി ഹിറ്റാകുമെന്നതില്‍ സംശയമില്ല.വിയ്യൂര്‍ ജയിലിലുണ്ടാക്കുന്ന 4000 ചപ്പാത്തികള്‍ നിലവില്‍ തൂശൂര്‍ പട്ടണത്തില്‍ വിറ്റുപോകുന്നുണ്ട്. സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന ബേക്കറി യൂണിറ്റിന്റെ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ തിഹാര്‍ ജയിലില്‍ നിര്‍മിക്കുന്നതു പോലെ ബ്രെഡ് നിര്‍മിച്ചു വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.

ആശുപത്രികള്‍ അടിച്ചുതകര്‍ക്കുന്നതെന്തിന് ?

രോഗികള്‍ മരിക്കുന്നത് കേരളത്തില്‍ ആദ്യമല്ല. ചികില്‍സയില്‍ പിഴയ്‍ക്കാത്ത ഡോക്ടര്‍മാരുടെ കാലവും കഴിഞ്ഞു. എല്ലാം ഒരു ഭാഗ്യപരീക്ഷണമാണ്. രോഗിയ്‍ക്ക് ആയുസ്സുണ്ടെങ്കില്‍ രോഗത്തെ അതിജീവിക്കും എന്നതാണ് ആധുനികവൈദ്യശാസ്ത്രത്തിലെ തിയറി. ഡോക്ടറുടെ കൈപ്പിഴ കൊണ്ട് രോഗി മരിച്ചാല്‍ ആശുപത്രി തല്ലിത്തകര്‍ക്കുന്നത് നീതിയല്ല. എന്നാല്‍,രോഗി മരിക്കുന്നത് ആരുടെ പിഴവുകൊണ്ടാണെങ്കിലും ഡോക്ടര്‍മാരെ സംരക്ഷിക്കണം എന്ന സംഘടനാതീരുമാനവും അനീതിയാണ്.

രോഗം കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നതും ശരിയായ ചികില്‍സ നല്‍കുന്നതില്‍ പരാജയപ്പെടുന്നതും ശ്രദ്ധക്കുറവും പണത്തോടുള്ള ആര്‍ത്തിയുമൊക്കെ കാരണം രോഗികള്‍ മരിക്കുന്നുണ്ട്. എന്നാല്‍, രാപ്പകലില്ലാതെ രോഗികള്‍ക്കും രോഗങ്ങള്‍ക്കുമിടയില്‍ പണിയെടുക്കുന്ന ഭൂരിഭാഗം ഡോക്ടര്‍മാരും രോഗികള്ക്ക് ദൈവതുല്യരാണ്. ദൈവം നല്ലതാണ്, കുഴപ്പം മതങ്ങള്‍ക്കാണ് എന്നു പറയുന്നതുപോലെയാണ് വൈദ്യശാസ്ത്രത്തിന്റെ കാര്യവും. നല്ലവരായ ഡോക്ടര്‍മാരെ വച്ച് വലിയ ബിസിനസുകള്‍ നടത്തുന്ന ആശുപത്രികള്‍ക്ക് എന്തു സാമൂഹികപ്രതിബദ്ധതയാണുള്ളത് എന്നത് വലിയൊരു ചോദ്യമാണ്. ഒരു നല്ല ഡോക്ടറെ ചീത്തയാക്കാനും ആശുപത്രികള്‍ വിചാരിച്ചാല്‍ സാധിക്കും. അപ്പോള്‍, അവസരം കിട്ടിയാല്‍ ആശുപത്രി തല്ലിത്തകര്‍ക്കുന്ന ജനരോഷം അത് ആസൂത്രിതമാണെങ്കിലും അല്ലെങ്കിലും ചിലര്‍ക്കെങ്കിലും നീതികരിക്കാന്‍ സാധിക്കും.

സ്വാശ്രയപ്രശ്നത്തിന്റെ പേരില്‍ കുപ്രസിദ്ധമായ തിരുവല്ല പുഷ്‍പരിഗി മെഡിക്കല്‍ കോളജില്‍ ഓപറേഷനെ തുടര്‍ന്ന് ഒരു ചെറുപ്പക്കാരന്‍ മരിക്കുകയും രോഷാകുലരായ ബന്ധുക്കള് ആശുപത്രി തല്ലിത്തകര്‍ക്കുകയും ജീവനക്കാരെയും രോഗികളെയും ആക്രമിക്കുകയും ചെയ്തു. ചികില്‍സയിലുള്ള രോഗി മരിക്കുന്നതും ജിവിക്കുന്നതും ദൈവത്തിന്റെ കയ്യിലുള്ള കാര്യങ്ങളാണ്. എന്നാല്‍ ചികില്‍സയിലെ പിഴവു കൊണ്ട് രോഗി മരിച്ചാല്‍ ചികില്‍സിച്ചവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. രോഗി മരിക്കുന്നതിനെ തുടര്‍ന്ന് നടക്കുന്ന അടിയോടെ ഇവിടെ എല്ലാം അവസാനിക്കുകയാണ്. എത്ര പേരെ ഇടിച്ചുകൊന്നാലും ഒരു പ്രൈവറ്റ് ബസ് ഡ്രൈവര്‍ ശിക്ഷിക്കപ്പെടില്ല എന്നു പറയുന്നതുപോലെ എത്ര പേരെ ചികില്‍സിച്ചു കൊന്നാലും ഒരു ഡോക്ടറും ശിക്ഷിക്കപ്പെടാറില്ല.രോഗികള്‍ക്കേ സംഘടനയില്ലാത്തതായുള്ളൂ.

പുഷ്പഗിരിയിലെ അക്രമണം രോഗി മരിച്ചതിന്റെ പേരിലാണെന്നിരിക്കെ, ചികില്‍സയിലെ പിഴവിനു പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ അതെപ്പറ്റി ഒരു വാക്കുപോലും പറയാതെ ആശുപത്രി മാനേജ്മെന്റ് രാഷ്ട്രീയം പറയുന്നത് സത്യത്തില്‍ എന്നെ അമ്പരപ്പിച്ചുകളഞ്ഞു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാത്യു പുനക്കുളത്തിന്റെ പ്രസ്താവന ഇങ്ങനെയാണ്.

“മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തി വന്ന സമരങ്ങള്‍ വിജയിക്കാതിരുന്ന സാഹചര്യത്തില്‍ പുഷ്പഗിരിയെ ആക്രമിക്കാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കുമെന്നതിനു തെളിവാണ് ഇന്നലത്തെ അക്രമം. നട്ടെല്ലിനു ക്ഷതമേറ്റ് എത്തിയ രോഗി മരിച്ചത് മറയാക്കി തിരുവല്ലയിലും പരിസരത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള സാമൂഹികവിരുദ്ധര്‍ ചില പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമപരമ്പര നടത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച ഈ അക്രമസംഭവത്തിനു നേതൃത്വം നല്‍കാന്‍ രാവിലെ തന്നെ നേതാക്കള്‍ പുഷ്പഗിരിയുടെ സമീപത്ത് നിലയുറപ്പിച്ചിരുന്നു. മരണമടഞ്ഞ രോഗിയുടെ ചികില്‍സയിലോ ശസ്ത്രക്രിയയിലോ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് ഒരു പിഴവും സംഭവിച്ചിട്ടില്ല”.

അക്രമികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം എന്നതില്‍ സംശയമില്ല. എന്നാല്‍, ചികില്‍സയില്‍ പിഴവുണ്ടോ എന്നത് അന്വേഷിക്കുമെന്നോ പരിശോധിക്കുമെന്നോ എന്നുപോലും പറയാതെ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് നടത്തിയതാണ് എന്ന നിലപാട് നിരാശാജനകമാണ്.

ഇതിനെക്കാള്‍ ഭീകരമാണ് വിയ്യൂരിലെ ദയ ആശുപത്രിയില്‍ നടന്നത്. ഓപറേഷനു വേണ്ടി അനസ്തേഷ്യ നല്‍കിയ സ്ത്രീ ഓപറേഷനു ശേഷം ഐസിയുവില്‍ കിടക്കുമ്പോള്‍ മെയില്‍ നഴ്‍സ് പീഡിപ്പിക്കുക എന്നു പറയുമ്പോള്‍ ആ നികൃഷ്ടജന്തുവും ജന്തുവിനെ വച്ചുപൊറുപ്പിച്ച ആശുപത്രിയും ഒരേപോലെ കുറ്റക്കാരാണ്. എന്തായാലും സൗമ്യയുടെ കേസിലെപ്പോലെ ഈ വിഷയത്തില്‍ കേരളമനസാക്ഷി ഒന്നും ഉണര്‍ന്നില്ല.ആളുകള്‍ കണ്‍മുന്നില്‍ മരിക്കുമ്പോഴും സാക്ഷിയായി ഇരുന്നശേഷം മരിച്ചു എന്നുറപ്പായാല്‍ പ്രക്ഷോഭങ്ങളും മെഴുകുതിരി പ്രദക്ഷിണങ്ങളും നടത്തുന്നതാണ് നമ്മുടെ രീതി. ആ സ്ത്രീ പ്രതിരോധിച്ചപ്പോള്‍ വീണ്ടും മരുന്ന് കുത്തിവച്ച് പീഡനശ്രമം തുടര്‍ന്നു എന്നാണത്രേ പരാതി. എത്ര ഭീകരമായ അവസ്ഥയാണ് എന്നാലോചിക്കണം. പീഡനശ്രമം തുടരുകയും സ്ത്രീയ്‍ക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതൊന്നും പുറത്തറിയുമായിരുന്നില്ല.ഇതിനു പുറമേ ആണ് പുറത്തറിയപ്പെടാതെ പോകുന്ന അവയവമോഷണങ്ങളും അതിനു വേണ്ടി ഓപറേഷന്‍ തിയറ്ററുകളില്‍ നടക്കുന്ന കൊലപാതകങ്ങളും. നിസ്സഹായരായ രോഗികളെ കൊള്ളയടിക്കുന്ന പതിവുപരിപാടി വേറെ.

എല്ലാറ്റിനോടും അഗ്രസീവ് ആയി പ്രതികരിക്കുന്നതിലൂടെ വാദി പ്രതിയാകുന്ന സ്ഥിതിവിശേഷമാണ് നിലവില്‍ കേരളസമൂഹത്തിന്റെ ശാപം. ബസപടമുണ്ടായാല്‍ ബസ് കത്തിക്കുക, രോഗി മരിച്ചാല്‍ ആശുപത്രി തല്ലിത്തകര്‍ക്കുക, ഇതൊക്കെ തന്നെ. വാര്‍ത്തയാകുന്നതും ജനം ചര്‍ച്ച ചെയ്യുന്നതും ഈ സംഭവങ്ങളായിരിക്കും. ഈ ബഹളത്തിനിടയിലൂടെ കൊലപാതകിയായ ഡ്രൈവര്‍ക്കും ഡോക്ടര്‍ക്കും പുല്ലുപോലെ രക്ഷപെടാം. മാധ്യമങ്ങള്‍ വാര്‍ത്ത മറക്കുന്നതോടെ അന്വേഷകര്‍ കേസ് ഫയലുമടയ്‍ക്കും. അതിനപ്പുറം മനുഷ്യജീവനും ആത്മാഭിമാനത്തിലും എവിടെയും വലിയ വിലയൊന്നുമില്ല.