ഐഡിയ സ്റ്റാര്‍ കന്യക(ന്‍)

കന്യകാത്വം എന്നു പറയുന്നത് ഇത്രേം വില പിടിപ്പുള്ള സാധനമാണെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ പതിനാലാം വയസ്സില്‍ ഞാനത് നശിപ്പിക്കില്ലായിരുന്നു. കുറച്ചെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍ ഇൌ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം എനിക്കത് കോടികള്‍ക്കു വില്‍ക്കാമായിരുന്നു- എന്നാര്‍ക്കെങ്കിലും തോന്നാന്‍ ഈ പോസ്റ്റ് കാരണമായാല്‍ അതിന് ര്‍ഞാന്‍ ഉത്തരവാദിയല്ല. വിദേശരാജ്യത്ത് നടപ്പാക്കുന്ന റിയാലിറ്റി ഷോകള്‍ കുറച്ചുകാലം കഴിയുമ്പോള്‍ സാരിയും മുണ്ടുമുടുത്ത് ഇവിടേക്കു വരുന്ന പതിവ് ഇതിന്റെ കാര്യത്തിലും സംഭവിച്ചാല്‍ ഐഡിയ സ്റ്റാര്‍ കന്യക(ന്‍) എന്ന പേരിലോ മറ്റോ വരാനിടയുള്ള റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനാവാത്തവര്‍ പശ്ചാത്തപിക്കും.

നിലവില്‍ ഓസ്ട്രേലിയലിലാണ് കന്യകാത്വ റിയാലിറ്റി ഷോയുടെ പണികള്‍ നടക്കുന്നത്. പണി തുടങ്ങിയപ്പോഴെ സംഭവം വിവാദമായിട്ടുമുണ്ട്. കന്യകാത്വം കംപ്ലീറ്റും ബാക്കിയുള്ളവര്‍ക്കാണ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം. ഷോയിലെ വിവിധ റൌണ്ടുകളിലൂടെ എന്തു ചെയ്യും എന്നൊരു ചോദ്യമുണ്ട്. പിന്നെയും പിന്നെയും പാട്ടുകള്‍ പാടി ഗായകര്‍ക്ക് അവരുടെ റിയാലിറ്റി ഷോകള്‍ പൊലിപ്പിക്കാം. കന്യകാത്വം ഉള്ളവര്‍ എന്തു ചെയ്യും?

ഷോയുടെ ഫോര്‍മാറ്റ് അനുസരിച്ച് ഒന്നും രണ്ടുമല്ല, മൂന്നു കന്യകര്‍ ഇതില്‍ പങ്കെടുക്കുകയും ഷോയിലൂടെ തങ്ങളുടെ അദമ്യമായ കന്യകാത്വം ലേലത്തിനു വയ്ര്‍ക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ വില നല്‍കുന്നവന് കന്യകാത്വം നല്‍കും. തീര്‍ന്നോ ? ഇതത്രയും കുത്തിപ്പിടിച്ചിരുന്നു കാണുന്ന പ്രേക്ഷകര്‍ക്കൊന്നുമില്ലേ ? ഉണ്ടല്ലോ, മൂന്നു കന്യകരുടെയും കന്യകാത്വഭേദനം (അതോ ധ്വംസനം ആണോ ശരി ?) ചാനലിലൂടെ ലൈവ് ആയി കാണാം. അവസാനം വരെ ക്ഷമയോടെ കാത്തിരിക്കുന്നവന് എന്തെങ്കിലും കാര്യമായിട്ട് കിട്ടും എന്നു പറയുന്നതിതാണ്. ഇത് ഫീല്‍ ചെയ്യണമെങ്കില്‍ ഷോ ആദ്യം മുതല്‍ കാണുന്നവനായിരിക്കണം, അല്ലെങ്കില്‍ ചുമ്മാ മറ്റൊരു സീന്‍ എന്നേ തോന്നൂ. പാര്‍ട്ടിസിപ്പന്റ്സുമായിട്ടുള്ള അറ്റാച്ച്മെന്റും കാര്യങ്ങളുമൊക്കെ വച്ച് ഇത് കാണുന്ന പ്രേക്ഷകന്റെ ചങ്കു പൊടിയും എന്നതില്‍ സംശയമില്ല. ലോകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ റിയാലിറ്റി ഷോ ആയിരിക്കും ഇത്.

ഈ ഷോയില്‍ സംഗതിയുടെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിക്കാനും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും വിധികര്‍ത്താക്കളുണ്ടാകുമോ എന്നറിയില്ല. തെറ്റുകുറ്റങ്ങള്‍ പരിഹരിച്ചാല്‍ ഷാര്‍പ് ആവുന്നതല്ലല്ലോ കന്യകാത്വം. അല്ലെങ്കില്‍ തന്നെ ഇതിനു വിധി നിര്‍ണയിക്കാന്‍ ആരെ കിട്ടാനാണ് പ്രഫഷനല്‍ കന്യക, അല്ലെങ്കില്‍ സീനിയര്‍ കന്യക, അങ്ങനെയൊന്നും ആരും കാണില്ല. അല്ലെങ്കിലുംകന്യകയല്ലാതാവുമ്പോഴാണല്ലോ ഒരാള്‍ക്കു പ്രൊഫഷനല്‍ ആകാനുള്ള വഴികള്‍ തുറന്നു കിട്ടുന്നത്. അതൈന്തായാലും പരിശുദ്ധ കന്യകാത്വവുമായി ഷോയ്ക്കെത്തുന്നവര്‍ക്ക് ഗ്രാന്‍ഡ് ഫിനാലേ വരെ സംഗതി കാത്തുസൂക്ഷിക്കാനുള്ള സഹനശേഷി പാര്‍ട്ടിസിപ്പന്റ്സിനുണ്ടാകുമാറാകട്ടെ എന്നല്ലാതെ എന്തു പറയാന്‍.

ഇത് ഏതെങ്കിലും മലയാളം ചാനല്‍ അവലംബിച്ചാല്‍ ഏതു കോലത്തിലാക്കും എന്നതിനെ സംബന്ധിച്ചും എനിക്ക് ആശങ്കകളുണ്ട്. അവതാരക നാലുതവണ കെട്ടിപ്പിടിക്കുമ്പോള്‍ തന്നെ കന്യകാത്വം പകുതി പോകും. പിന്നെയും കിടക്കകുകയല്ലേ റൌണ്ടുകള്‍ അനവധി. നാട്ടിലെങ്ങും കന്യകരുടെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയരും- എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റൊക്കെ രസകരമായിരിക്കും. വികാരഭരിതരായ പ്രേക്ഷകര്‍ അയക്കുന്ന എസ്എംഎസുകള്‍ക്കും ഒരു കണക്കുണ്ടാവില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ജനം കാണാന്‍ കാത്തിരിക്കുന്ന അവസാനത്തെ ഷോ മിക്കവാറും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലോ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലോ ആയിരിക്കും. കൊക്കേത് കൊക്കോക്കോള ഏത് എന്നറിയാതെ കന്യകര്‍ സ്റ്റേജില്‍ മൃദുപരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്കു ചുറ്റും സിനിമാറ്റിക് ഡാന്‍സുകാര്‍ ചടുലനൃത്തം വയ്ക്കും. ആലോചിച്ച് എന്തൊക്കെയോ തോന്നുന്നു.

ജസ്റ്റിനും പരസ്യവും
ജസ്റ്റിന്‍ സിസ്ലി (പൈങ്കിളി നോവലിലൊക്കെയുള്ള സിസിലി അല്ല) എന്നു പറയുന്ന ഒാസ്ട്രേലിയന്‍ സംവിധായകന്റേതാണ് ഈ ഐഡിയ. അവിടുത്തെ ടിവിയില്‍ കുശാലായി സംപ്രേഷണം ചെയ്യാമെന്നു കരുതി ഒരു വര്‍ഷത്തോളമായി സ്വന്തം നിലയ്ക്ക് കന്യകരുടെ ഓഡിഷന്‍ നടത്തുകയാണ് ജസ്റ്റിന്‍. കന്യകരെ ആവശ്യമുണ്ട് എന്നെഴുതിയ പരസ്യങ്ങള്‍ ഓസ്ട്രേലിയന്‍ ജംക്ഷനുകളില്‍ വീശിയതോടെയാണ് ജസ്റ്റിന്റെ പരിപാടി എന്താണെന്ന് ആളുകള്‍ അന്വേഷിച്ചത്. പോരെങ്കിള്‍ പരസ്യത്തിന് ജസ്റ്റിന്‍ ഉപയോഗിച്ചത് പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രവും. പോരേ പൂരം ?

ഇവിടെയെങ്ങും ഒരു ടീവിലും അതു കാണിക്കാന്‍ പോണില്ല എന്നും പെണ്‍പിള്ളാരെ റിയാലിറ്റി ഷോയെന്നും പറഞ്ഞ് വഴി തെറ്റിച്ചാല്‍ പിടിച്ച് അകത്തിടും എന്നുമൊക്കെ സര്‍ക്കാര് പറഞ്ഞതോടെ ജസ്റ്റിന്‍ പരിപാടി അമേരിക്കയിലേക്കു മാറ്റി. ഓസ്ട്രേലിയയില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണ്. അമേരിക്കയിലെ ലാസ് വെഗാസില്‍ അത് നിയമവിധേയവും. അവിടുത്തെ ഒരു ബ്രോത്തലില്‍ പ്രാതലിനു ശേഷം ഷോ ഷൂട്ട് ചെയ്യാനാണ് ജസ്റ്റിന്റെ ഇപ്പോഴത്തെ പരിപാടി. റിയാലിറ്റി ഷോ ആയി സംപ്രേഷണം നടക്കില്ല എന്നുറപ്പായതോടെ ഡോക്യുമെന്ററി ആയി ചിത്രീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

വെറോനിക്ക എന്നൊരു 21കാരിയും 20 വയസ്സുള്ള ഒരു അലക്സും പിന്നെ വേറൊരുത്തനുമാണ് കന്യകാത്വവുമായി ഷോയ്ര്‍ക്ക് തയ്യാറായി നില്‍ക്കുന്നത്. കന്യക ഒന്നിന് 20,000 ഡോളറും പിന്നെ ലേലത്തുകയുടെ 90 ശതമാനവുമാണ് ജസ്റ്റിന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാക്കി 10 ശതമാനം ബ്രോത്തലില്‍ കൊടുക്കുമത്രേ. കാശ് ലക്ഷ്യം വച്ചാണ് കന്യകര്‍ ലേലത്തിനു വന്നിരിക്കുന്നത്. ജസ്റ്റിന്‍ നിലവില്‍ ഒരു നികൃഷ്ടജീവിയായി മുദ്രകുത്തപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഫോണില്‍ വധഭീഷണിയോടു വധഭീഷണിയാണത്രേ. ജസ്റ്റിനെതിരേ സാംസ്കാരിക സംഘടനകളും ഉണര്‍ന്നിട്ടുണ്ട്.

fameandfortune.com.au എന്ന വെബ്സൈറ്റിലൂടെയാണ് ജസ്റ്റിന്‍ കന്യകരെ തിരയുന്നതും ഓഡിഷന്‍ നടത്തുന്നതുമൊക്കെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ സൈറ്റ് പരിശോധിക്കുക. സൈറ്റ് പരിശോധിച്ചതുകൊണ്ട് ആരുടെയും കന്യകാത്വം പ്രതിസന്ധിയിലാകാന്‍ പോകുന്നില്ല.ഹല്ല, പിന്നെ.

ഇ-കന്യകമാരുടെ ഒരു കാര്യം

കന്യകമാരെപ്പോഴും ഇങ്ങനെയാണ്. ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ലോകത്തിന്റെ മനഃസമാധാനം കളഞ്ഞുകൊണ്ടിരിക്കും. കൊച്ചു വഴി തെറ്റുന്നുണ്ടോ വഴി തെറ്റുന്നുണ്ടോ എന്ന കരുതലോടെയിരിക്കുന്ന മാതാപിതാഗുരുദൈവം ടീംസ് പോലുമറിയാതെ കൊച്ചുങ്ങള്‍ വഴി തെറ്റുന്നതിന്റെ കഥയാണ് ഇലോകം പറയുന്നത്. സ്ത്രീ എന്നത് ഒരു വസ്തുവായി മാറിയിട്ടു കാലം കുറെയായി. ഇപ്പോള്‍ അത് അനേകം ബ്രാന്‍ഡുകളായി വിവിധ ഓഫറുകള്‍ വഴി വില്‍ക്കപ്പെടുന്നു എന്നു മാത്രം. അതൊന്നും സംഭവിക്കാതെ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നവരെയും പറ്റിച്ച് സ്വന്തം കന്യകാത്വം ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്‍ക്കുന്നതാണിപ്പോഴത്തെ ട്രെന്‍ഡ്. കളിയാണെന്നു തോന്നുമെങ്കിലും സംഗതി കാര്യമാണ്. എന്തു വില്‍ക്കണം എന്നറിയാന്‍ വയ്യാത്തതുകൊണ്ടോ ലോകത്ത് കന്യകമാരുടെ എണ്ണം കുറയുന്നതുകൊണ്ടോ എന്തോ ഇലേലം ഇതുവരെ നല്ല ലാഭത്തിലാണ്.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഏര്‍പ്പാടല്ല. നതാലി ഡൈലന്‍ എന്ന കന്യകയാണ് ഈ രംഗത്തെ ആദ്യകന്യക. ഇന്റര്‍നെറ്റിലൂടെ കന്യകാത്വം ലേലം ചെയ്യാനുള്ള നതാലിയുടെ തീരുമാനം പണത്തിനുവേണ്ടിയായിരുന്നില്ലത്രേ. ഒരു സാമൂഹിക പരീക്ഷണം എന്ന നിലയ്ക്കാണ് താന്‍ കന്യകാത്വം ഇലേലം വഴി വിറ്റഴിക്കാന്‍ തീരുമാനിച്ചതെന്നും നതാലി പറയുന്നു. പെട്ടെന്നു പണമുണ്ടാക്കാന്‍ വേണ്ടി തന്റെയൊരു സഹോദരി മൂന്നാഴ്ച ലൈംഗികത്തൊഴിലിലേര്‍പ്പെട്ട് പതിനായിരങ്ങള്‍ സമ്പാദിച്ചതിന്റെ പിന്‍ബലത്തിലാണ് ഇരുപത്തിരണ്ടുകാരിയായ നതാലി പരീക്ഷണം ഓണ്‍ലൈനിലാക്കിയത്. പക്ഷേ, സംഗതി ലേലത്തിനു വച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സമൂഹത്തെ പഠിക്കാനിരുന്ന നതാലിയെ അട്ടിമറിച്ച് ഈ കൊച്ചിനിതെന്തിന്റെ കുഴപ്പമാണെന്നറിയാന്‍ മാധ്യമങ്ങളും സമൂഹവും നതാലിയെ പഠിച്ചു തുടങ്ങി. പണം എന്തു ചെയ്യണമെന്നറിയാത്ത വേദനിക്കുന്ന കോടീശ്വരന്‍മാര്‍ ലേലത്തില്‍ ആവേശപൂര്‍വം പങ്കെടുത്തു ഒരിത്തിരി സ്നേഹത്തിനു വേണ്ടി. നതാലിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് കോടികള്‍ക്കു മേല്‍ കോടികള്‍ മറിഞ്ഞു. 38 ലക്ഷം യുഎസ് ഡോളറായിരുന്നു (ഏകദേശം 17 കോടി രൂപ) നതാലിക്കു ലഭിച്ച ഏറ്റവും ഉയര്‍ന്ന ബിഡ്.

നതാലിയുടെ പരീക്ഷണം കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുകയായിരുന്നില്ല, ആരംഭിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് കന്യകാത്വം ഇലേലത്തിലൂടെ വിറ്റ് കാശുണ്ടാക്കാന്‍ പെണ്‍കുട്ടികള്‍ തയാറായതോടെ ലോകം പുതിയൊരു ധാര്‍മികപ്രതിസന്ധിക്കു മുന്നില്‍ അമ്പരന്നു നിന്നു. സാമൂഹികപരീക്ഷണം എന്ന നിലയ്ക്ക് പിന്നെയാരും കന്യകാത്വം ലേലത്തിനു വച്ചില്ല. എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസമായിരുന്നു പലരുടെയും ലക്ഷ്യം. എന്നാല്‍, നതാലിയില്‍ നിന്നു തുടങ്ങി പരിശോധിച്ചാല്‍ കന്യകാത്വത്തിനു വിലയിടിഞ്ഞു എന്ന സത്യം ലേലത്തുകയില്‍ നിന്നു മനസ്സിലാക്കാം. ഏറ്റവുമൊടുവില്‍ ജനുവരി 31ന് അവസാനിച്ച ലേലത്തില്‍ ഉന്നതപഠനത്തിനു ഫീസ് അടയ്ക്കാന്‍ വേണ്ടി ഒരു ന്യൂസീലന്‍ഡുകാരി തന്റെ കന്യകാത്വം വിറ്റത് വെറും 45000 ന്യൂസീലന്‍ഡ് ഡോളറിനാണ് (14 ലക്ഷം രൂപ).

നതാലിയുടെ കാര്യത്തിലെന്ന പോലെ സ്വന്തം ഊരും പേരും വെളിപ്പെടുത്താതെയായിരുന്നു പിന്നെ വന്ന പലരും ലേലം നടത്തിയത്. അതുകൊണ്ടു തന്നെ ഇവരെ ആരെയും നതാലിയെപ്പോലെ സെലിബ്രിറ്റികളാക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞില്ല. ആരുമറിയാതെ കന്യകാത്വലേലത്തിലൂടെ പണം സമ്പാദിക്കാമെന്ന സാധ്യത അപകടകരമായ പ്രവണതകള്‍ക്കു വഴി വയ്ക്കുമെന്ന് സാമൂഹിക നിരീക്ഷകര്‍ ഭയപ്പെടുന്നുണ്ട്. ലേലം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കന്യകാത്വത്തിന്റെ ധാര്‍മികവിലയെപ്പറ്റിയുള്ള ബോധവല്‍ക്കരണങ്ങളും നെറ്റില്‍ സജീവമായിട്ടുണ്ട്.