കരിദിനാശംസകള്‍

പരമപരിശുദ്ധമായ ലോകമാതൃദിനം പൊട്ടിവിരിഞ്ഞു കഴിഞ്ഞു. ഇനി 24 മണിക്കൂര്‍ പെറ്റമ്മയുടെ അപദാനങ്ങള്‍ വര്‍ണിച്ചും അമ്മ, ഗര്‍ഭപാത്രം, മുലപ്പാല്‍ തുടങ്ങിയ വാക്കുകള്‍ വച്ചു കവിതകളെഴുതിയും അമ്മയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തും ഗൂഗള്‍ ഡൂഡില്‍ നോക്കിയിരുന്നും നമ്മള്‍ വമ്പിച്ച മാതൃദിനാഘോഷം നടത്തും. നാളെ മുതല്‍ എല്ലാം പഴയതുപോലെ. പെരുങ്കള്ളന്‍മാരും കള്ളികളുമായ, സ്വാര്‍ത്ഥതയുടെ മൂര്‍ത്തിരൂപങ്ങളായ നമുക്ക് ഇത്തരം ദിനാഘോഷങ്ങള്‍ വളരെ ഈസിയാണ്. അതുകൊണ്ട്, ഈ മാതൃദിനം കരിദിനമായി ആചരിച്ചുകൊണ്ട് 276 അമ്മമാരുടെ നിലയ്ക്കാത്ത കണ്ണീരിനൊപ്പം ഒരു പ്രാര്‍ഥനയര്‍പ്പിച്ചുകൊണ്ട് ഈ കരിദിനപോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.

ഒരു സംഘം ഭ്രാന്തന്‍മാര്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ 276 പെണ്‍കുട്ടികളുടെ അമ്മമാരും ഇന്ന് മാതൃദിനത്തിലൂടെ കടന്നു പോവുകയാണ്. വില്‍പ്പനച്ചരക്കായി പകുതി ജീവനോടെ അവരില്‍ അവശേഷിക്കുന്ന പെണ്‍കുട്ടികള്‍ നാളത്തെ അമ്മമാരാണ്. ആഫ്രിക്കയിലെ അപ്രധാനമായ ആ സംഭവവികാസം മനസ്സില്‍ തട്ടാതെ അവഗണിച്ചുകൊണ്ട് മാതൃദിനം ആഘോഷിക്കുന്ന സംസ്‌കാരസമ്പന്നമായ ലോകത്തിന് ഒരു കൂപ്പുകൈ.

ആഫ്രിക്കയിലെ അമ്മമാര്‍ക്ക് ഈ മാതൃദിനത്തില്‍ നമ്മുടെ സരസമായ തൂലികത്തുമ്പുകളില്‍ എന്തു സന്ദേശമാണ് നല്‍കാനാവുന്നത് എന്നു പരിശോധിക്കുക. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ലോകത്തിലെ ഭൂരിപക്ഷമാളുകളും മാധ്യമങ്ങളും അവഗണിച്ചുപോയ അവരുടെ കണ്ണീരിനെ നമ്മുടെ ഏതു മാതൃസ്‌നേഹം കൊണ്ടാണ് ന്യായീകരിക്കാനാവുക എന്ന് അന്വേഷിക്കുക. ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും അമ്മയുടെ പ്രസവവേദനയ്ക്ക് ഒറ്റ അര്‍ഥമേയുള്ളൂ. അവള്‍ മുലയൂട്ടി വളര്‍ത്തുന്ന കുഞ്ഞിനോട് ഒരേയൊരു വികാരമേയുള്ളൂ. ഈ മാതൃദിനം കരിദിനമാവാന്‍ ലോകത്തിന് മറ്റൊരു കാരണം ആവശ്യമില്ല.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പേരില്‍ ആഴ്ചകളോളം കണ്ണീരൊഴുക്കിയ, കഥകള്‍ മെനഞ്ഞ മാധ്യമങ്ങളും ആഗോളവാര്‍ത്താ ഏജന്‍സികളും നൈജീരിയയിലെ 276 കുരുന്നുകളുടെ കാര്യത്തില്‍ ആശങ്കാകുലരല്ല. മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ചെലവഴിച്ചതിന്റെ ആയിരത്തിലൊന്നു സമയവും പണവും അധ്വാനവും മതി ഈ കുരുന്നുകളെ കണ്ടെത്താന്‍. 276 കറുത്ത കുട്ടികള്‍ കാട്ടില്‍ക്കിടന്നു മരിച്ചുപോവുന്നതില്‍ ആരും ആസ്വസ്ഥരല്ല. അവരുടെ കാര്യത്തിലുള്ള നമ്മുടെ നിസ്സംഗതയും നിര്‍വികാരതയും നമ്മള്‍ പരിഷ്‌കൃതമാതൃസ്‌നേഹങ്ങളിലൂടെ മറയ്ക്കും, മാതൃദിന സന്ദേശങ്ങളിലൂടെ പര്‌സപരം വിസ്മയിപ്പിക്കും.ഇറാക്കിലും പലസ്തീനിലും കുരുന്നുകളെ കൊന്നുതള്ളിയതില്‍ ഒരു വികാരവും തോന്നാത്ത സമൂഹത്തില്‍ നിന്ന് ഈ പ്രശ്‌നത്തില്‍ മാത്രം വ്യത്യസ്തമായൊരു പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ല. കാലം ഏതായാലും രാജ്യം ഏതായാലും എല്ലാ കണക്കുതീര്‍ക്കലുകള്‍ക്കും ഇരയാവുന്നത് ഒന്നുമറിയാത്ത കുരുന്നുകളാണ്. തീരാവേദനയില്‍ നരകിച്ചു ജീവിക്കുന്നത് ലക്ഷക്കണക്കിന് അമ്മമാരും.

ബൊക്കോ ഹറാം നൈജിരിയയില്‍ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് മാസം ഒന്നു തികയാറായി. അവരില്‍ എത്ര പേര്‍ ജീവനോടെ അവശേഷിക്കുന്നുണ്ട് എന്നു നമുക്കറിയില്ല. ഒരു തെറ്റും ചെയ്യാത്ത ആ കുരുന്നുകള്‍ അവിടെ മരണത്തിലേക്കു നടന്നു നീങ്ങുമ്പോള്‍ നന്മ നിറഞ്ഞ വിശാലലോകത്തു നിന്ന് എന്തുകൊണ്ടാണ് ആരും തങ്ങളെ രക്ഷിക്കാന്‍ വരാത്തതെന്ന് അവര്‍ ദൈവത്തോടു ചോദിക്കുന്നുണ്ടാവും. അതിനുത്തരം പറയേണ്ടത് ഈ മാതൃദിനത്തെ അവിസ്മരണീയമാക്കാന്‍ പരിപാടികളാവിഷ്‌കരിക്കുന്ന നമ്മളോരോരുത്തരുമാണ്. ഈ മാതൃദിനത്തിന്റെ മനോഹാരിതയെ ആ കുരുന്നുകളുടെ ചോരയും അമ്മമാരുടെ കണ്ണീരും കൊണ്ടാണ് നമ്മള്‍ അടയാളപ്പെടുത്തുന്നത്.

നൈജിരിയില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത് ബൊക്കൊ ഹറാം ലോകം കണ്ടിട്ടില്ലാ വിധം കരുത്താര്‍ജ്ജിച്ച ഭീകരസംഘടയായതുകൊണ്ടല്ല. രാജ്യപുരോഗതിക്കു വേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ കയ്യില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ വാങ്ങി വിഴുങ്ങുന്ന ഗുഡ്‌ലക്ക് ജൊനാതന്‍ എന്ന ആണും പെണ്ണും കെട്ട പ്രസിഡന്റാണ് ആ നാടിന്റെ ശാപം. അഴിമതിയില്‍ മുങ്ങിക്കുളിച്ച നാണംകെട്ട ഭരണത്തില്‍ പൊട്ടിമുളച്ച വിഷവിത്താണ് ബൊക്കോ ഹറാം. ആയിരക്കണക്കിനാളുകളെ അവര്‍ കൊന്നൊടുക്കയും നൂറുകണക്കിനു പേരെ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്തത് സംഘടന അത്ര ശക്തമായതുകൊണ്ടല്ല. ആ രാജ്യത്തെ ഭരണസവിധാനം അത്രയെറെ ദൂര്‍ബലമായതുകൊണ്ടാണ്.

നമ്മള്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല നൈജീരിയയിലെ പ്രശ്‌നം. എന്നാല്‍, ആര്‍ക്കും പരിഹരിക്കാനാവാത്ത വിധം സങ്കീര്‍ണവുമല്ല. ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഭരണാധികാരികളും മാധ്യമങ്ങളും അവഗണിക്കുന്ന ഒരു പ്രതിസന്ധിയില്‍ നമ്മുടെ അഭിപ്രായങ്ങള്‍ ഒരു ചലനവും സൃഷ്ടിക്കില്ല. മാതൃസ്‌നേഹം വഴിഞ്ഞൊഴുകുന്ന ഈ മാതൃദിനത്തില്‍ ആ കുരുന്നുകളെയും അമ്മമാരെയും ഓര്‍ക്കാനെങ്കിലും കഴിയുന്നില്ലെങ്കില്‍ നമ്മുടെ അമ്മമാരെ നമ്മള്‍ നാണം കെടുത്തുകയാണ് ചെയ്യുന്നത്. നൈജിരിയിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി, അവരുടെ അമ്മമാര്‍ക്കു വേണ്ടി ഈ മാതൃദിനം കരിദിനമായി ആചരിക്കുന്നതില്‍ അമ്മമാര്‍ അഭിമാനിക്കുകയേയുള്ളൂ.

പുളുന്താന്‍ പ്രസിഡന്റിനു കീഴില്‍ നിന്നു കൊണ്ട് ലോകത്തോട് സഹായമഭ്യര്‍ഥിക്കുന്ന, നൈജിരിയയുടെ ശബ്ദം കേള്‍ക്കാതെ പോകരുത്. പ്രമുഖ നൈജീരിയന്‍ നടി സ്റ്റെല്ല ദമാസസിന്റെ ഈ വിഡിയോ കൂടി കാണുക. കരിദിനാശംസകള്‍ !

പരിശുദ്ധ മാഫിയ

എന്തുകൊണ്ടാണ് സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമൊക്കെ കൊണ്ടുവന്നു നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിക്കു വേണ്ടി ഇടുക്കിയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകളും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധി ഭൂമി തട്ടിപ്പുകാരനാണെങ്കില്‍ ഈ സമിതി ഹൈറേഞ്ച് സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് അര്‍ഥമില്ല.

ജോയ്‌സ് ജോര്‍ജിനെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നും സിപിഎമ്മിന്റെയും കത്തോലിക്കാസഭയുടെയും അനുഗ്രഹമുള്ള അദ്ദേഹം വളരെ വിശുദ്ധനാണെന്നുമാണ് ഒരു വാദം. മറ്റൊന്ന്, കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മുകാരും എല്ലാം വ്യാജപട്ടയങ്ങള്‍ സംഘടിപ്പിച്ച് ഭൂമി തട്ടിപ്പു നടത്തിയിട്ടുണ്ടെന്നിരിക്കെ പാവം ജോയ്‌സ് ജോര്‍ജിനെ മാത്രം വേട്ടയാടുന്നത് ശരിയല്ല എന്നാണ്. എല്ലാവരും ഇവിടെ ഭൂമി മോഷ്ടിക്കാറുണ്ട് എന്നതിനാല്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നത് വളരെ ന്യായമായ കാര്യമാണ്. എന്നാല്‍, ഇടുക്കിയിലെ വിശുദ്ധന്‍മാര്‍ പൊതുവേ ഭൂമി തട്ടിപ്പുകാരും കള്ളപ്പട്ടയക്കാരും ആണെങ്കില്‍ ഏതു റിപ്പോര്‍ട്ടിന്റെ സഹായത്തോടെയും അത്തരം സാമൂഹികദ്രോഹികളെ അവിടെ നിന്ന് അടിച്ചിറക്കണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ബിഷപ്പിന്റെ അനുഗ്രഹവും ഇടയലേഖനങ്ങളും കള്ളന്‍മാരെ പുണ്യാളന്‍മാരാക്കുമെന്നു വിശ്വസിക്കുന്നവര്‍ കാലഹരണപ്പെട്ട മന്ദബുദ്ധികളാണ്.

ഇടുക്കിയിലെ കര്‍ഷപ്രേമികള്‍ ഭൂമി തട്ടിപ്പുകാരാണെങ്കില്‍ താമരശ്ശേരിയിലെ കര്‍ഷകപ്രേമികള്‍ പാറമടക്കാരാണെന്നാണ് മനസ്സിലാവുന്നത്. കസ്തുരിരംഗര്‍ സമരത്തിന്റെ പേരില്‍ ബിഷപ്പിന്റെ അശീര്‍വാദത്തോടെ നടന്ന അക്രമവും കൊള്ളിവയ്പും ജാലിയന്‍വാലാ ബാഗ് ഭീഷണികളും മുതല്‍ നിരാഹാരസമരം കിടന്ന ക്വാറി മുതലാളിമാര്‍ വരെ ഇതിനു തെളിവാണ്. തങ്ങളുടെ ഭൂമിയും വീടും നഷ്ടപ്പെടുമെന്നു ഭയപ്പെടുത്തി മാഫിയകളും കൊള്ളക്കാരും ആസൂത്രിതമായി നടത്തിയ രാജ്യദ്രോഹപ്രവര്‍ത്തനമായി ഭാവിയില്‍ കസ്തൂരിരംഗന്‍ സമരം വിശേഷിപ്പിക്കപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല.

ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി അവരെ തെരുവിലിറക്കി ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു പ്രോല്‍സാഹിപ്പിക്കുന്നവന്‍ എത്ര വലിയവനായാലും അപകടകാരിയാണ്. ലോകം പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ഈ കാലത്ത് അവശേഷിക്കുന്ന വനഭൂമി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പടപൊരുതുന്നവന്‍ സ്വാര്‍ത്ഥതയുടെ വെള്ളപൂശിയ കച്ചവടക്കാരാണ്. ഈശ്വരന്‍ ആകാശവും ഭൂമിയും റിസര്‍വ് വനങ്ങളുമെല്ലാം സൃഷ്ടിച്ചത് മനുഷ്യര്‍ക്ക് വെട്ടിക്കീറി വില്‍ക്കാനാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കാലം കല്ലെറിയാന്‍ വൈകില്ല.

പരിസ്ഥിതി സംരക്ഷിക്കണം എന്നു പറയുന്നവരെല്ലാം കൊച്ചിയില്‍ ഫ്‌ളാറ്റില്‍ എസി മുറിയില്‍ കഴിയുന്നവരാണെന്നത് വളരെ പഴയ ഒരു ആരോപണമാണ്. ഇടുക്കിയെപ്പറ്റിയോ വയനാടിനെപ്പറ്റിയോ അഭിപ്രായം പറയുന്നവര്‍ അവിടെ താമസിച്ചു കൃഷി ചെയ്യുന്നവരായിരിക്കണം എന്നതും വളരെ പരിഹാസ്യമായ ഒരു നിലപാടാണ്. റിസര്‍വ് വനങ്ങള്‍ മലയോരത്തുള്ള കള്ളപ്പട്ടയക്കാരുടെ അവകാശമാണെന്നു വിശ്വസിക്കുകയും സര്‍ക്കാര്‍ പ്രതിനിധികളെ അവിടെ കാലുകുത്താന്‍ സമ്മതിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് അനുവദിച്ചുകൊടുക്കാനാവാത്ത വെല്ലുവിളിയാണ്.

പരിസ്ഥിതിലോലം- വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നു കണ്ടെത്തിയ ശേഷം ഇത്രനാളായിട്ടും ആ തീ നിര്‍മിച്ച മനുഷ്യരെ കണ്ടെത്താനായില്ല എന്നത് വളരെ രസകരമാണ്. അച്ചനും അച്ചായനും പിന്നെ വേണ്ടപ്പെട്ടവരും ഒന്നിച്ചു നിന്നാല്‍ സര്‍ക്കാരും യുനെസ്‌കോയും പശ്ചിമഘട്ടവുമൊക്കെ എന്ത് ?

വൃന്ദ കാരാട്ടിന് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നു പണ്ടൊരു സിപിഎം (കേരള) നേതാവ് പറഞ്ഞത് വൃന്ദ കാരാട്ടിന്റെ കാര്യത്തില്‍ ശരിയാണെന്നു വേണം മനസ്സിലാക്കാന്‍. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനയച്ച കത്തിനെപ്പറ്റി ചോദിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറോട് നീയാരാടാ ഇതൊക്കെ ചോദിക്കാന്‍ എന്നു ചോദിച്ചു കൊണ്ട് കൈയ്യേറ്റം ചെയ്ത ആരാധ്യനായ എംഎല്‍എ സഖാവ് സി.കൃഷ്ണനെ പാര്‍ട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും മാധ്യമസിന്‍ഡിക്കറ്റിന്റെ ഭാഗമായ ആ ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ടു സംസാരിക്കുകയും ചെയ്ത വൃന്ദ കാരാട്ട് കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തോട് ചെയ്തത് വലിയ ക്രൂരതയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈ മാധ്യമപ്രവര്‍ത്തകന്റെ തോളിലല്ല, കവിളിലാണ് പതിക്കേണ്ടത്. പാര്‍ട്ടിക്കെതിരെ എന്തൊക്കെ നുണകളാണ് രണ്ടു വര്‍ഷമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എഴുതി വിടുന്നത്. ദേശാഭിമാനി എന്ന നിഷ്പക്ഷ പത്രവും കൈരളി പീപ്പിള്‍ എന്ന നിഷ്പക്ഷ ചാനലും മാത്രമാണ് കേരളത്തിലെ രാഷ്ട്രീയസംഭവികാസങ്ങള്‍ വെള്ളം ചേര്‍ക്കാതെ, പക്ഷം പിടിക്കാതെ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഒരു നേതാവിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിക്കുന്ന റിപ്പോര്‍ട്ടറെ ശിക്ഷിക്കുന്നതില്‍ നിന്നും എംഎല്‍എയെ തടഞ്ഞ വൃന്ദ കാരാട്ട് വലിയ ചതി തന്നെയാണ് ചെയ്തത്.

പത്രപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചു പോകാന്‍ തക്കവിധത്തില്‍ ഒരുത്തനെ ശരിപ്പെടുത്തിയെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് വൃന്ദ കാരാട്ട് നടത്തുന്ന ഇടപടെല്‍ ഈ വിഡിയോയില്‍ കാണാം. സി.ഐ.ടി.യു സംഘടിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ സംഗമം ആണ് പരിപാടി. വൃന്ദ കാരാട്ട് ഉദ്ഘാടകയാണ്. സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനും. അവിടെയാണ് മാധ്യമ സിന്‍ഡിക്കറ്റ് അമേരിക്കന്‍ ചാരനെ കയ്യിലൊരു മൈക്കും കൊടുത്തു പറഞ്ഞു വിട്ടത്.

അല്ലെങ്കിലും ഈ പത്രക്കാര്‍ സിപിഎം നേതാക്കളോട് ചോദിക്കരുതാത്ത ചോദ്യങ്ങള്‍ മാത്രമേ ചോദിക്കൂ. ടി.പി.ചന്ദ്രശേഖരന്‍, കെ.കെ.രമ, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെപ്പറ്റി ചോദിച്ചാല്‍ അടിയാണ് മറുപടി കൊടുക്കേണ്ടതെന്ന് ആര്‍ക്കാണറിയാത്തത്. ഇവരെല്ലാം കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമായ ആളുകളാണ്. വെറും 12 വെട്ടു മാത്രം കൊണ്ടു മരിച്ച ടിപി ചന്ദ്രശേഖരനും അതിനു ശേഷം തലയ്ക്കു സുഖമില്ലാതായ കെ.കെ.രമയും ഏജ് ഓവറായപ്പോള്‍ കയ്യക്ഷരം നന്നാക്കാന്‍ വേണ്ടി വെറുതെ കത്തുകളയക്കുന്ന വിഎസും പാര്‍ട്ടിയോട് ചെയ്ത ക്രൂരതകള്‍ എന്തൊക്കെയാണെന്ന് വൃന്ദ കാരാട്ട് മറന്നാലും മറ്റുള്ളവര്‍ മറക്കില്ല.

കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ നിയമപാലകന്റെ മെക്കിട്ടുകയറിയ സംഭവത്തില്‍ രോഷം കൊണ്ട സിപിഎം അനുഭാവികള്‍ തീര്‍ച്ചയായും ഈ സംഭവത്തിലും രോഷം കൊള്ളേണ്ടതാണ്. എന്നാല്‍, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബുദ്ധിജീവി ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ അവര്‍ക്കു ഭീതിയുണ്ടെങ്കില്‍ വേണ്ട. പോരെങ്കില്‍, എല്ലാവരും സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി പങ്കെടുക്കുന്നവരുമല്ലല്ലോ.

ഗുണപാഠം– അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങി പല സ്വാതന്ത്ര്യങ്ങളും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നുണ്ടാവാം. അതൊന്നും വിപ്ലവ പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കന്‍മാരുടെയും നേര്‍ക്കല്ല ഉപയോഗിക്കേണ്ടത്. കേട്ടോടാ പട്ടികളെ !!!

പരിസ്ഥിതിസ്‌നേഹത്തിനും കര്‍ഷകസ്‌നേഹത്തിനുമിടയില്‍

കുഞ്ഞാടുകളെ വച്ച് ഇടയന്‍മാര്‍ രാഷ്ട്രീയനാടകം കളിക്കാന്‍ പോയാല്‍ എന്തു സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്നത്. കസ്തൂരി രംഗന്റെ പേരില്‍ മലയോരകര്‍ഷകര്‍ നാട്ടില്‍ അഴിഞ്ഞാടിയപ്പോള്‍ ടിപ്പര്‍ ലോറിയില്‍ ഗുണ്ടകളും മാഫിയക്കാരും നുഴഞ്ഞുകയറി അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു- അതും കുഞ്ഞാടുകളുടെ ക്രെഡിറ്റില്‍. പണി പാളി എന്നു പിടികിട്ടിയ പിതാവ് പൊടുന്നനെ പ്ലേറ്റ് മാറ്റി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള പരാതികള്‍ പരിശോധിക്കാമെന്നു സോണിയാ ഗാന്ധി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാളെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നു പോലും പിന്‍വാങ്ങുകയാണെന്നാണ് ബിഷപ് പറഞ്ഞിരിക്കുന്നത്. വളരെ രസകരമായിരിക്കുന്നു.

സുപ്രീംകോടതിക്കും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കും മേലേ കോണ്‍ഗ്രസ് അധ്യക്ഷയും ബിഷപും കൂടിയൊരു ഷേക്ക് ഹാന്‍ഡ് കൊടുത്താല്‍ തീരുന്ന പ്രശ്‌നത്തിനു വേണ്ടിയാണല്ലോ ഇതിനും മാത്രം അലമ്പുണ്ടാക്കിയതെന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. രൂപതയിലെ വോട്ടുകളൊന്നടങ്കം പെട്ടിയിലാക്കാമെന്നു കരുതി ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും ഒടുവില്‍ സംസ്ഥാനതലത്തിലും ഹര്‍ത്താല്‍ പരമ്പരകള്‍ നടത്തിവരുന്ന സിപിഎം നികൃഷ്ടജീവികളുടെ ആക്രമണത്തില്‍ നശിച്ചുപോകാതിരിക്കട്ടെ എന്നാശംസിക്കുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കു ദോഷകരമോ പ്രകൃതിക്കു ഗുണകരമോ തുടങ്ങിയ ചര്‍ച്ചകളൊക്കെ അപ്രസക്തമായി. പരിസ്ഥിതിയെക്കാള്‍ വലുത് മനുഷ്യരാണെന്ന കണ്‍കഌഷനില്‍ ഏതാണ്ട് എല്ലാവരുമെത്തിച്ചേര്‍ന്നു. പരിസ്ഥിതിവാദികളെ കല്ലെറിഞ്ഞു കൊല്ലുകയാണു വേണ്ടതെന്നും പൊതുവേ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ തന്നെ വനം കൂടുതലാണെന്നും ഇനിയും അത് കൂടിയാല്‍ കാട്ടുമൃഗങ്ങള്‍ കേരളത്തിലെ ജനങ്ങളെ തിന്നൊടുക്കുമെന്നും വനം നിലനിര്‍ത്തുന്നതിനെക്കാള്‍ പരിസ്ഥിതിക്ക് ഗുണകരമാകുന്നത് വനമേഖയില്‍ കര്‍ഷകര്‍ കൃഷി ചെയ്യുമ്പോഴാണെന്നുമൊക്കെ ഈ ദിവസങ്ങളില്‍ അറിവും വിവരവും അനുഭവവുമുള്ള വിവേകജ്ഞാനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെയൊന്നും വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള യോഗ്യത എനിക്കില്ലാത്തതിനാല്‍ അതിലേക്കൊന്നും കടക്കുന്നില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മൊത്തത്തില്‍ നടക്കുന്നത് ആളുകളെ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി നാട്ടില്‍ അക്രമവും അരാജകത്വവും സൃഷ്ടിക്കുന്ന രാജ്യദ്രോഹപ്രവൃത്തിയാണ് എന്നത് പറയുന്നതില്‍ ഇടുക്കി-വയനാട്-താമരശേരി-പൂഞ്ഞാര്‍ ബെല്‍റ്റിലുള്ള മലയോരകര്‍ഷകരും സഹപ്രവര്‍ത്തകരും കോപിക്കരുത്. എന്താണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നും ആ റിപ്പോര്‍ട്ട് നടപ്പിലായാല്‍ എന്തു സംഭവിക്കുമെന്നും ഒരുത്തനും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. അച്ചനും കപ്യാരും പള്ളിക്കമ്മിറ്റിക്കാരും കൂടി ആളുകളെ പറഞ്ഞുധരിപ്പിച്ചിരിക്കുന്നത് പ്രകാരം റിപ്പോര്‍ട്ട് നടപ്പായാല്‍ നല്ലൊരു ശതമാനം ആളുകളെയും സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച് തെരുവിലിറക്കും. കുടിയൊഴിപ്പിക്കപ്പെടാത്തവര്‍ക്ക് അവരുടെ ഭൂമിയില്‍ കൃഷി ചെയ്യാനോ പശുക്കളെ മേയ്ക്കാനോ വിളവെടുക്കാനോ അവകാശമുണ്ടായിരിക്കില്ല. റിപ്പോര്‍ട്ട് നടപ്പായതിനു ശേഷം പറമ്പ് വില്‍ക്കാന്‍ ശ്രമിക്കുകയോ പറമ്പിലെ തടി വെട്ടി വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ ജയിലില്‍ പോകും. മൊത്തത്തില്‍ നാടെല്ലാം കാടാക്കി മാറ്റാനുള്ള ഗുഢപദ്ധതിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ കിംവദന്തികള്‍ കൊണ്ടു മെഴുത്തുരുണ്ട കാള പ്രസവിക്കുമ്പോള്‍ പാവപ്പെട്ട കര്‍ഷകര്‍ കയറുമെടുത്തിറങ്ങുന്നതില്‍ തെറ്റ് പറയാനൊക്കില്ല.

ഇവിടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാകുന്ന 123 വില്ലേജുകള്‍ക്ക് എന്തു സംഭവിക്കും എന്നു പറയാനാവാതെ കസ്തൂരിരംഗനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് ഇടയലേഖനങ്ങളിറക്കുന്ന ബിഷപുമാരും അടിക്കടി ഹര്‍ത്താലുകള്‍ നടത്തി എരിതീയില്‍ എണ്ണയൊഴിച്ച് കസ്തൂരിരംഗനെ കോണ്‍ഗ്രസ് വിരുദ്ധ വോട്ട് ബാങ്കാക്കി അത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതെങ്ങനെയെന്നാലോചിക്കുന്ന എല്‍ഡിഎഫും സംഗതി എന്താണെന്ന് ഒരുപിടിയും കിട്ടാതെ നില്‍ക്കുന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഈ പ്രദേശത്തെ ജനപ്രതിനിധികളുമാണ് മൊത്തത്തില്‍ ഈ പ്രശ്‌നങ്ങളുടെ ഉത്തരവാദികള്‍ എന്നു നിസ്സംശയം പറയാം. വോട്ടുകള്‍ ഞങ്ങള്‍ക്കു തന്നെ കിട്ടണമെന്ന വാശിയില്‍ നേതാക്കന്‍മാരും വോട്ടുകള്‍ എവിടേക്കു പോകണമെന്നു ഞങ്ങള്‍ തീരുമാനിക്കുമെന്ന മട്ടില്‍ ബീഷപുമാരും നില്‍ക്കുമ്പോള്‍ കഴുതകളാവുന്നത് സ്ഥിരം കക്ഷികള്‍ തന്നെയായിരിക്കും.

കര്‍ഷസമരം എന്നു വിശേഷിപ്പിക്കുമ്പോള്‍ തന്നെ മതമേലധ്യക്ഷന്‍മാര്‍ സമരം പ്രഖ്യാപിക്കുകയും അത് പിന്‍വലിക്കുകയുമൊക്കെ ചെയ്യുന്നത് തന്നെ അത് കര്‍ഷകസമരമല്ലെന്നതിന്റെ തെളിവാണ്. മുകളില്‍ പറഞ്ഞതുപോലെ ഭരണസംവിധാനത്തെ മൊത്തത്തില്‍ അസാധുവാക്കിക്കൊണ്ട് ബിഷപിനു സോണിയാ ഗാന്ധി ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എല്ലാം കോംപ്ലിമെന്റ്‌സ് ആയി എന്നു ബിഷപ് പറയുമ്പോള്‍ ഇക്കണ്ടതെല്ലാം ജനകീയസമരമായിരുന്നു എന്നു പറയുന്നതിന്‍െ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സമരത്തില്‍ നിന്നു പിന്‍വാങ്ങി എന്നു ബിഷപ് പറയുമ്പോള്‍ തന്നെ സമരം ശക്തമായി തുടരുമെന്നു പറയുന്ന ഇടയലേഖനം പള്ളികളില്‍ വായിക്കുകയാണ്. ഇടുക്കിയിലെ ബിഷപ് പി.ടിതോമസിന് വോട്ടു ചെയ്യരുതെന്ന സന്ദേശം വളരെ വ്യക്തമായി വിശ്വാസികള്‍ക്കു നല്‍കുമ്പോള്‍ നിസ്സഹായനായ പി.ടി.തോമസ് പറയുന്നത് ഇടുക്കി ബിഷപിനു ഗൂഢ അജന്‍ഡയുണ്ടെന്നാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരെ ഉപദ്രവിക്കാനുള്ളതല്ല പരിസ്ഥിതിയെ സംരക്ഷിക്കാനുള്ളതാണ് എന്ന സത്യം അംഗീകരിച്ചാല്‍ തന്നെ അടിസ്ഥാനപരമായുള്ള വിദ്വേഷവും ശത്രുതാ മനോഭാവവും അവസാനിപ്പിക്കാം. മലയോരമേഖലയില്‍ ഖനനം നടത്തുന്നതും പാറമട നടത്തുന്നതും താപവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുന്നതും 20,000 ചതുരശ്ര അടിയില്‍ കവിഞ്ഞ കെട്ടിടങ്ങളും 50 ഹെട്കറിലധികം വിസ്താരമുള്ള ടൗണ്‍ഷിപ്പുകളും നിര്‍മിക്കുന്നവരെ മലയോരകര്‍ഷകരെന്നു വിളിക്കുന്നത് അതിവിനയമാണ്. മലയോരകര്‍ഷകര്‍ ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ ഇവിടെ നടന്ന പ്രതിഷേധങ്ങളും അക്രമങ്ങളും അഴിഞ്ഞാട്ടങ്ങളുമെല്ലാം അര്‍ഥശൂന്യവുമാണ്. ആവേശം കൊള്ളിക്കുന്ന ഇടയ-കുഞ്ഞാട് ലേഖനങ്ങള്‍ ചമയ്ക്കുന്ന അത്ര എളുപ്പമല്ലെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്താണെന്നു വായിച്ചുമനസ്സിലാക്കുന്നത് അത്ര ക്ലേശകരമായ കാര്യമല്ല.

കുറിപ്പ്: ഐസ്‌ലാന്‍ഡില്‍ ഞണ്ടുകള്‍ പാലായനം ചെയ്യുന്ന സീസണില്‍ ദേശീയപാത തന്നെ അടച്ച് അവയുടെ പരിസ്ഥിതി സംരക്ഷിക്കുന്ന അവിടുത്തെ സര്‍ക്കാരിന്റെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത ഇന്ത്യയിലെ ഭരണാധികാരികള്‍ക്കില്ല എന്നു പണ്ട് ആവേശപൂര്‍വം പറഞ്ഞ ഒരച്ചായന്‍ പശ്ചിമഘട്ടം ഉള്‍പ്പെടെ ഭൂമിയിലെ ഓരോ കോണും മനുഷ്യനുവേണ്ടി സൃഷ്ടിച്ചതാണെന്നും എല്ലാത്തിലും വലുത് മനുഷ്യനാണെന്നും പറഞ്ഞ് കസ്തൂരി രംഗന്റെ തന്തയ്ക്കു വിളിക്കുന്നത് കഴിഞ്ഞ ദിവസം കേള്‍ക്കാനിടയായി. ഒരു കുളിര്, അത്രേയുള്ളൂ.

പിന്നേം കുറിപ്പ്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനിരയാവുന്ന 123 വില്ലേജുകളിലൊന്നില്‍ സകലസ്ഥാവരജംഗമ വസ്തുക്കളും ഉള്‍പ്പെടുന്നവനാണ് ഞാനും. ഇടുക്കിയിലും വയനാട്ടിലും ജീവിക്കാത്തവരും നഗരങ്ങളില്‍ താമസിക്കുന്നവരും ഫ്രോഡുകളാണ് എന്ന വാദത്തിന് അടിസ്ഥാനമില്ല. നമുക്കും വരുംതലമുറകള്‍ക്കും വെള്ളവും വായുവും ലഭിക്കുന്നതിനു വേണ്ടി ഇപ്പോള്‍ അല്‍പം പരിസ്ഥിതിസ്‌നേഹമാകാം എന്നു പറയുന്നവരെ കര്‍ഷകവിരോധികളെന്നു വിളിക്കുന്നവരാണ് യഥാര്‍ഥഫ്രോഡുകള്‍. നന്ദി, നമസ്‌കാരം.

ജീവനു പുല്ലുവില; ബ്രാന്‍ഡിനു പൊന്നുംവില

പത്രങ്ങളിലും ചാനലുകളിലും മുറയ്ക്ക് പരസ്യം കൊടുത്തുകൊണ്ടിരുന്നാല്‍ കേരളത്തില്‍ ഒരു കൊലപാതകമൊക്കെ വളരെ ഈസിയായി നടത്താം. പത്തനംതിട്ട കരിക്കിനേത്ത്‌ ടെക്‌സ്റ്റൈല്‍സില്‍ ഒരു ജീവനക്കാരനെ തല്ലിക്കൊന്ന സംഭവം ഡീസന്റായി മുക്കിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മാധ്യമസമൂഹമാണ് ടി.പി.ചന്ദ്രശേഖരന്‍ വധമൊക്കെ ഒരു വര്‍ഷത്തിലേറെയായി ആഘോഷിച്ചുകൊണ്ടിരിക്കുന്നത് എന്നത്‌ മറക്കാനാവില്ല. വര്‍ഷാവര്‍ഷം കോടികളുടെ പരസ്യം കൊടുക്കുന്ന കരിക്കിനേത്തിന്റെ ബ്രാന്‍ഡ് തിളക്കത്തില്‍ ചോരക്കറ വീഴാതിരിക്കാന്‍ നാട്ടുകാരെ കടിച്ചുകീറാന്‍ നില്‍ക്കുന്ന ചാനല്‍ യുവറോണര്‍ പട്ടികള്‍ കുരയ്ക്കാതെ വാലാട്ടി കരിക്കും കുടിച്ചിരിക്കുകയാണ്.

ജനസമ്പര്‍ക്കപരിപാടിയിലൂടെ ഇന്നലെ പത്തനംതിട്ടയെ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വര്‍ഗരാജ്യമാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് തൊട്ടപ്പുറത്ത് നേതാക്കന്‍മാരും പൊലീസുകാരുമൊക്കെ ചേര്‍ന്ന് എങ്ങനെ ബ്രാന്‍ഡിനെ രക്ഷിക്കാം എന്ന വിഷയത്തില്‍ ആഴമുള്ള പഠനവും ഗവേഷണവും നടത്തിയത്. കാണാതായ ഒന്നര ലക്ഷം രൂപയ്്ക്കു വേണ്ടി തുണിക്കടയ്ക്കുള്ളില്‍ വച്ചു നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ കാഷ്യറായ ബിജു കുഴഞ്ഞു വീണു മരിക്കുകയോ വിഷം കഴിച്ചു മരിക്കുകയോ ആയിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ വലിയ പാടൊന്നുമില്ല. പക്ഷെ, ഇരയെ അതനുസരിച്ച് കൈകാര്യം ചെയ്യണം. ബിജു പി.ജോസഫിനെ കൈകാര്യം ചെയ്തവര്‍ അത് പിന്നെ സ്വാഭാവികമരണമാക്കി മാറ്റാനുള്ളതാണ് എന്നത് ഓര്‍ത്തില്ലെന്നു തോന്നുന്നു. ബിജുവിന്റെ മരണം ഇടികൊണ്ട് ആന്തരികാവയങ്ങള്‍ തകര്‍ന്നിട്ടാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതത്രേ (പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താനൊന്നും വലിയ സമയം വേണ്ട എന്നതിനാലാണ് േ്രത ചേര്‍ത്തത്).

കരിക്കിനേത്ത് മുതലാളി മകളുടെ വിവാഹമൊക്കെ കഴിഞ്ഞ് വന്നു കണക്കുനോക്കിയപ്പോള്‍ കണക്കില്‍ ഒന്നര ലക്ഷം രൂപയുടെ കുറവ് കാണുകയും ആ കുറവ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിജുവിനെ കടയ്ക്കുള്ളില്‍ വച്ച് അവരുടെ സംസ്‌കാരത്തിനനുസരിച്ച് ചോദ്യം ചെയ്യുകയും ഇടികൊണ്ട ബിജു കടയ്ക്കുള്ളില്‍ വച്ചു തന്നെ മരിക്കുകയുമായിരുന്നു. സംഭവം കഴിഞ്ഞ് കൊലനടന്ന കടയുടെ ഉള്‍ഭാഗം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം സാറേ സാറേ ഞങ്ങടെ ഒരു സ്റ്റാഫ് കടയില്‍ മരിച്ചു കിടക്കുന്നു എന്ന ലൈനില്‍ നിഷ്‌കളങ്കമായി പരാതി നല്‍കുകയായിരുന്നത്രേ.

ഒന്നര ലക്ഷം രൂപ മോഷ്ടിച്ച കുറ്റബോധം കൊണ്ട് ബിജു ആത്മഹത്യ ചെയ്തു എന്ന തിയറിയിലുറച്ചു നിന്ന പുണ്യാളന്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതോടെ കുടുങ്ങി. ആത്മഹത്യ ചെയ്തവന്റെ ആന്തരായവയങ്ങളൊക്കെ ഇടികൊണ്ട് തകര്‍ന്നിരുന്നു. കൊന്നുകഴിഞ്ഞ് വൈകാതെ തന്നെ അണുനാശിനി ഉപയോഗിച്ച പ്രൊഫഷനല്‍ കില്ലര്‍ ലൈന്‍ സ്വീകരിച്ചതുകൊണ്ട് ഫൊറന്‍സികുകാര്‍ക്ക് ഒരു കോപ്പും കിട്ടിയില്ല. കാണാതായ ഒന്നര ലക്ഷം രൂപ എവിടെപ്പോയി എന്നു മുതലാളിമാര്‍ കണ്ടെത്തിയോ എന്നോ അത് ബിജു മോഷ്ടിച്ചതാണ് എന്നവര്‍ തെളിയിച്ചോ എന്നോ അറിയില്ല. കേസ് ഒടുവില്‍ എത്തി നില്‍ക്കുന്നതനുസരിച്ച് ബ്രാന്‍ഡിനു വേണ്ടി രണ്ടു ചാവേറുകള്‍ തല്‍ക്കാലം പിടികൊടുക്കും. ബാക്കിയൊക്കെ നമ്മളു പിന്നെ ഡീല്‍ ചെയ്യും, ഹല്ല പിന്നെ.

ആലുവ നഗരസഭയിലെ ക്ലീനിങ് ജീവനക്കരനായിരുന്ന അറുമുഖന്‍ നഗരസഭാ അധികൃതകരുടെയും പൊലീസിന്റെയും സ്‌നേഹമസൃണമായ പെരുമാറ്റത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധവും എതിര്‍പ്പും വര്‍ധിച്ചതോടെ ഇന്നലെ നഗരസഭാ അധികൃതര്‍ അറുമുഖന് കൊടുക്കാനുള്ള 3777 രൂപയും നഗരസഭയുടെ കയ്യില്‍ നിന്ന് 223 രൂപയും ചേര്‍ത്ത് 4000 രൂപ തികച്ച് അറുമുഖന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തു. ചെയ്ത ജോലിക്കു കൂലി കിട്ടാന്‍ തൊഴിലാളി മരിക്കണം എന്നാണ് അതിന്റെ ഗുണപാഠം. അതുപോലെ, കരിക്കിനേത്തിലെ ക്യാഷര്‍ ബിജു ഒന്നരലക്ഷം രൂപ എടുത്തിട്ടില്ല എന്നും അത് ഞങ്ങള്‍ക്കൊരബദ്ധം പറ്റിയതായിരുന്നു എന്നും പില്‍ക്കാലത്ത് പരിശുദ്ധ മുതലാളിമാര്‍ വെളിപ്പെടുത്തുകയോ മറ്റോ ചെയ്താല്‍ വിശാലമനസ്‌കരായ മുതലാളിമാരെ വാഴ്ത്തിപ്പാടുന്ന വമ്പന്‍ ഫീച്ചറുകള്‍ മാധ്യമങ്ങളിലൊക്കെ വരുമായിരിക്കും അല്ലേ ?

കോണ്‍സ്പിരസി തിയറി

ഗുഡ്‌മോണിങ് സര്‍…

ഗുഡ്‌മോണിങ്… എന്തായി കാര്യങ്ങള്‍ ?

പരിപാടി ആരംഭിക്കാറായി സര്‍… എല്ലാവരും റെഡിയാണ്…

പ്രതിഷേധക്കാരോ മറ്റോ ഉണ്ടോ ?

ഉണ്ട് സര്‍… ധാരാളമുണ്ട്… അവരവിടെ സമാധാനപരമായി പ്രതിഷേധിക്കുകയാണ് സര്‍…

നോക്കൂ… എന്റെ ഇമേജ് ആകെ തകര്‍ന്നു നാശമായിക്കിടക്കുകയാണ്… ഈ പ്രതിഷേധക്കാര്‍ എന്നെ തടയുകയോ കല്ലെറിയുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ എനിക്കത് മുതലെടുക്കാമായിരുന്നു…

നോ സര്‍.. ദാറ്റീസ് ഇംപോസിബിള്‍… അവര്‍ അംഹിംസാവാദികളാണെന്ന വിവരം സാറിനറിയില്ലേ… തിരുവന്തപുരത്ത് അവരുടെ സമരം നടക്കുമ്പോള്‍ നമ്മളെന്തുമാത്രം ഉപദ്രവിച്ചു അവരെ.. ഒരാളും ഒരു ചെറുവിരല്‍പോലും ഉയര്‍ത്തിയില്ല..

എനിക്കറിയാം… അവര്‍ സമാധാനപ്രിയരാണ്… പക്ഷേ…

എന്താണ് സര്‍ ? പറയൂ… സാറെന്താണ് ആലോചിക്കുന്നത് ?

അവരെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കണം… ഏതു വിധേനയെയും അവരെക്കൊണ്ട് എന്നെ കല്ലെറിയിക്കണം.. ആ സഹതാപതരംഗം വഴി ഞാന്‍ പിടിച്ചുകയറിക്കോളാം…

ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല സര്‍.. സമരക്കാരില്‍ പലരെയും ഞാന്‍ നേരിട്ടു കണ്ടതാണ്… ആയിരവും പതിനായിരവുമൊക്കെ ഓഫര്‍ ചെയ്തിട്ടും സാറിനെ കല്ലെറിയാന്‍ അവര്‍ തയ്യാറാവുന്നില്ല സര്‍…

ഹും.. അവരെന്താ പറയുന്നത് ?

അവരെന്നെ തല്ലിയില്ലെന്നേയുള്ളൂ.. അക്രമം ഞങ്ങളുടെ മാര്‍ഗമല്ല.. സാറുമായി ആശയപരമായ എതിര്‍പ്പുള്ളതുകൊണ്ടാണ് സമരം ചെയ്യുന്നത്.. സാറിനെ എന്നല്ല ലോകത്ത് ഒരു മനുഷ്യജീവിയെയും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ അവര്‍ക്കു സാധിക്കില്ല… എന്നൊക്കെ…

ശ്ശൗ.. !

എന്തു പറ്റി സര്‍ ?

എന്റെ കണ്ണുനിറഞ്ഞു പോയെടോ…

ശരിയാണ് സര്‍… എന്റെയും കണ്ണ് അപ്പോള്‍ നിറഞ്ഞായിരുന്നു…

ഞാനീ സ്ഥാനത്തിരിക്കുന്നതുകൊണ്ടാണ്.. അല്ലെങ്കില്‍ എന്നേ ആ പാര്‍ട്ടിയില്‍ ചേര്‍ന്നേനെ..

ഇനി ഞാന്‍ സാറിനോട് ഒരു സത്യം പറയട്ടെ… മനസ്സുകൊണ്ട് ഞാനെന്നും ആ പാര്‍ട്ടിയിലാണ്… വിആര്‍എസ് എടുത്ത് ശിഷ്ടകാലം പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി ജീവിക്കാനാണ് എനിക്കിഷ്ടം…

ഭാഗ്യവാനാണെടോ താന്‍…

താങ്ക്യൂ സര്‍…

അപ്പോ എന്റെ കാര്യമെങ്ങനാ… സ്‌പോട്ടില്‍ നിന്ന് എനിക്കു നേരെ ഒരാക്രമണം നടന്നാല്‍ എനിക്കതു ഗുണം ചെയ്യും… അവരെന്നെ ഉപദ്രവിച്ചു എന്നു വരുത്തിത്തീര്‍ത്താല്‍ അവരുടെ സത്യസന്ധവും നിര്‍വ്യാജവുമായ സമരങ്ങളുടെ മുനയൊടിക്കാന്‍ എനിക്കു സാധിക്കും…

അതു ക്രൂരതയല്ലേ സര്‍ ?

ക്രൂരതയാണ് പക്ഷേ, നമുക്കു വേറെ വഴിയില്ലല്ലോ…

ആ ചന്ദ്രശേഖരന്റെ ആത്മഹത്യ കൊലപാതകമാക്കി അവരുടെ തലയില്‍ വച്ചതു തന്നെ വലിയ ക്രൂരതയായിപ്പോയി… ഇതുകൂടിയാവുമ്പോള്‍…

ശരിയാണ്… എന്നും ക്രൂരതകള്‍ ചെയ്തിട്ടുള്ളത് നമ്മളാണല്ലോ… ഇവിടെത്തന്നെ അവരുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ അക്രമങ്ങളും നമ്മുടെ ആളുകള്‍ ചെയ്തതല്ലേ.. ഇന്നും അങ്ങനെ തന്നെ നടക്കണം…

എങ്ങനെ ?

നമ്മുടെ ആളുകളെ ആരെയെങ്കിലും അവര്‍ക്കിടയില്‍ നിര്‍ത്തിയിട്ട് കല്ലെറിയിക്കണം… അപ്പോള്‍ അത് അവരാണെന്നു നമുക്ക് പ്രചരിപ്പിക്കാം…

പക്ഷെ സാറിന്റെ ദേഹത്തൊരു തരി മണല്‍ വീഴാനവര്‍ സമ്മിക്കില്ല… മറ്റാരെങ്കിലും സാറിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തടയുകയോ അവര്‍ തന്നെഅതേറ്റുവാങ്ങി രക്തസാക്ഷികളാവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്…

ഇനി ഞാന്‍ പറയുന്നത് താന്‍ ശ്രദ്ധയോടെ കേള്‍ക്കണം… എന്നെ കല്ലെറിയുന്നതിനു വേണ്ടി മുംബൈ അധോലോകത്തില്‍ നിന്നു ഞാന്‍ കുറച്ചുപേരെ ഇവിടെ വരുത്തിയിട്ടുണ്ട്… കല്ലെറിയുന്നതില്‍ വളരെ വൈദഗ്ധ്യമുള്ളവരാണ് അവര്‍..

സാര്‍ സീരിയസ്സാണോ ?

അതെ, വളരെ സീരിയസ്സാണ്… അവരിപ്പോള്‍ സമാധാനമായി സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും.. ഞാന്‍ അതുവഴി ചെല്ലുമ്പോള്‍ അവര്‍ കാറിനു നേരെ കല്ലുകളെറിയും…

അതപകടമല്ലേ സര്‍ ?

ഒരപകടവുമില്ല… തെര്‍മോകോള്‍ കൊണ്ടുണ്ടാക്കിയ കല്ലുകളാണ് അവരെറിയുന്നത്… ഒരു ഒറിജിനാലിറ്റിക്കു വേണ്ടി…

അതുകൊണ്ടെന്തു കാര്യം സര്‍ ? അതപ്പോള്‍ തന്നെ പറന്നുപോവില്ലേ ?

ശരിയാണ്… അതിനു കാറിനുള്ളില്‍ ഞാനൊരു വലിയ കല്ലു സൂക്ഷിച്ചിട്ടുണ്ട്… അവര്‍ കല്ലെറിയുന്ന സമയത്ത് ആ കല്ലെടുത്ത് ഞാന്‍ തന്നെ കാറിന്റെ ചില്ലുകള്‍ ഇടിച്ചു പൊട്ടിക്കും…

ഈശ്വരാ….

താനിതു കണ്ടോ ?

എന്താണ് സര്‍ ഇത് ?

സിനിമയില്‍ ചോര കാണിക്കാനുപയോഗിക്കുന്ന കെമിക്കല്‍ ആണ്.. സുതാര്യമായ ഒരു ചില്ലുകുപ്പിയില്‍ ഇതു ഞാന്‍ കയ്യില്‍ സൂക്ഷിക്കും… കാറിന്റെ ചില്ലിടിച്ചു പൊട്ടിച്ചു കഴിഞ്ഞാലുടനേ ഇതു ഞാനെന്റെ നെറ്റിയില്‍ വാരിപ്പൂശും.. എന്നിട്ട് ഇതുമായി സ്റ്റേജിലിരുന്ന് പരിപാടിയില്‍ പങ്കെടുക്കും…

സാറിനെ ആക്രമിക്കുന്നവരെ സമരക്കാര്‍ പിടിച്ചുവച്ചെങ്കിലോ ? അക്രമം നടത്താന്‍ അവര്‍ ആരെയും അനുവദിക്കില്ല സര്‍..

അതിനല്ലേടോ ഞാന്‍ അധോലോകത്തു നിന്നാളെയിറക്കിയത്…

ഒരു സംശയം സര്‍..

ചോദിച്ചോളൂ…

അവരെറിയുന്ന തെര്‍മോകോള്‍ കല്ലുകള്‍ വല്ലതും കാറിനുള്ളിലോ മറ്റോ വീണാല്‍ അത് പാരയാവില്ലേ ?

തെര്‍മോകോളല്ലേ… ഈ വിന്‍ഡോയിലൂടെ അകത്തുവന്നാല്‍ കാറ്റടിച്ച് അടുത്ത വിന്‍ഡോയിലൂടെ പുറത്തു പൊയ്‌ക്കോളും.. കാറിനകത്തു ഞാന്‍ വച്ചിരിക്കുന്ന കല്ലുണ്ടാവുമല്ലോ തൊണ്ടിയായിട്ട്…

പാര്‍ട്ടിക്കാര്‍ സത്യമറിഞ്ഞാല്‍…

അറിയരുത്… ഒരിക്കലും അറിയരുത്…

നമ്മുടെ ഈ ഗൂഢാലോചന വളരെ സുതാര്യമായിരിക്കട്ടെ..

എന്നു വച്ചാല്‍ ?

തലപോയാലും വേറൊരുത്തന്‍ അറിയരുതെന്ന്…

യെസ് സര്‍…

ഗുഡ്‌ബോയ് !

അതിക്രൂരം ബഹുമോശം

ആശയപരമായും രാഷ്ട്രീയപരവുമായുള്ള എതിര്‍പ്പുകള്‍ അതേ മാര്‍ഗങ്ങളിലൂടെ പ്രകടിപ്പിക്കുന്നതിനെയാണ് രാഷ്ട്രീയമര്യാദ എന്നു വിളിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി രാജിവച്ചൊഴിയണം എന്നു പ്രതിപക്ഷത്തിന് നിരന്തരം ആവശ്യപ്പെടാം. അദ്ദേഹം അതു ചെയ്യുന്നില്ലെങ്കില്‍ കല്ലെറിഞ്ഞോടിക്കാനോ ആക്രമിച്ചു ഭയപ്പെടുത്താനോ ശ്രമിക്കുന്നത് ഭയാനകമാണ്. ഈ അക്രമത്തെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തള്ളിപ്പറയുകയും സിപിഎം നേതാക്കള്‍ കൂട്ടത്തോടെ കേസില്‍ പ്രതിയാവുകയും ചെയ്യുമ്പോഴാണ് കണ്ണൂരിന്റെ മണ്ണിലെ തിണ്ണമിടുക്കിന് ആണത്തമില്ലാതായിപ്പോകുന്നത്.

ഏറെ നാളായി പാര്‍ട്ടി കഷ്ടപ്പെട്ട് പണിതുയര്‍ത്തി വന്ന ബില്‍ഡ് അപ്പുകളെല്ലാം തകര്‍ന്നു നാശമായിരിക്കുന്നു. സോളാര്‍ കേസും സലീം രാജുമുള്‍പ്പെടെയുള്ള സകല വിവാദങ്ങളില്‍ നിന്നും മുക്തനായി, ഇമേജ് ഡബിളാക്കി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകേരളത്തിലെ തന്റെ കരുത്ത് കാണിച്ചു തന്നിരിക്കുന്നു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു കൊല്ലാന്‍ നോക്കുന്ന രാഷ്ട്രീയത്തിന് ഒരാളുടെയും അംഗീകാരം ലഭിക്കില്ല എന്നതിനാല്‍ കല്ലെറിഞ്ഞു കയ്യടി വാങ്ങാമെന്നു കരുതിയ ആവേശഭരിതരായ അണികളെ തള്ളിപ്പറഞ്ഞ് സഖാക്കള്‍ക്കു തല്‍ക്കാലം തലയില്‍ ഉടുമുണ്ട് പുതയ്ക്കാം.

സിപിഎം പ്രതിഷേധം നടക്കുമ്പോള്‍ മുഖ്യമന്ത്രിക്കു നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരായിരിക്കുമെന്നാണ് സഖാവ് എം.വി.ജയരാജന്‍ പറയുന്നത്. വിവരക്കേട് പറയാന്‍ തുടങ്ങിയാല്‍ എല്ലാവരും കൂട്ടത്തോടെ എന്നതാണല്ലോ പാര്‍ട്ടിയുടെ ഒരു ലൈന്‍. മുഖ്യമന്ത്രിയെ ആക്രമിച്ചതിന്റെ പങ്ക് ആര്‍ക്കാണെന്നു പറയാനുള്ള ബാധ്യത പാര്‍ട്ടിക്കില്ലെന്നും ആക്രമണത്തിനു കാരണം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കാണെന്നുമൊക്കെയാണ് സോ കോള്‍ഡ് ജയരാജന്‍മാരുടെ വാദം. തിരുവനന്തപുരത്ത് രാപകല്‍ സമരത്തിനുള്ളില്‍ ജയില്‍ചാടിയ റിപ്പര്‍ കൂളായി ഒളിച്ചിരുന്നതുപോലെ സിപിഎം പ്രതിഷേധസമരക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുകിക്കയറി മുഖ്യമന്ത്രിയുടെ കാര്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു എങ്കില്‍ അത് പ്രതിഷേധത്തിനിറങ്ങിയ പാര്‍ട്ടിയുടെ പരാജയമാണ്.

അക്രമങ്ങളും രാഷ്ട്രീയകൊലപാതകങ്ങളും നാട്ടിലെ സംഭവവികാസങ്ങളുടെ പരിണിതഫലങ്ങളാണ് എന്ന മട്ടിലുള്ള വാദങ്ങളില്‍ നിന്നും പിന്മാറാനും അക്രമങ്ങളെ തള്ളിപ്പറയാനും തക്കവിധം നേതാക്കന്‍മാര്‍ ജനങ്ങളെ ഭയന്നു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് വളരെ നല്ല മാറ്റമാണ്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സിപിഎമ്മുകാരോടൊപ്പം നിന്ന കോണ്‍ഗ്രസുകാരാണെന്ന വിഡ്ഢിത്തങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചില്ലെങ്കിലും അക്രമസമരങ്ങള്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നു നേതാക്കന്‍മാര്‍ തിരിച്ചറിയുന്നു എന്നത് മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വളരെ പോസിറ്റീവായ മാറ്റമാണ്. ഈ മാറ്റത്തിനു കാരണമായിട്ടുള്ളത് രക്തസാക്ഷിയായ ടി.പി.ചന്ദ്രശേഖരനാണെന്നും പറയാതെ വയ്യ.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ അകാരണമായി പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് കുടുക്കിയതു പോലെ ഈ കേസിലും അകാരണമായി പൊലീസ് അതു ചെയ്യുമെന്നുറപ്പാണ്. കേസില്‍ 22 പേരെ അറസ്റ്റ് ചെയ്യുകയും സിപിഎം നേതാക്കന്‍മാരടക്കം അനേകം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുക എന്ന ഉഡായ്പ് മുദ്രാവാക്യമുയര്‍ത്തിയും നിഷകളങ്കരായ സിപിഎം പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ചും അടുത്ത സമരമുറകള്‍ ഉടനെ ആരംഭിച്ചേക്കാം. മുഖ്യമന്ത്രിയുടെ ചോരയ്ക്കു പകരം ചോദിക്കുമെന്നു പ്രഖ്യാപിച്ച് കണ്ണൂര്‍ സിംഹം (അതോ കടുവയോ ?) കെ.സുധാകരനും രംഗത്തിറങ്ങിയിട്ടുണ്ട്. ശാന്തമായിരുന്ന കടത്തനാടന്‍ മണ്ണില്‍ ഇനി അങ്കക്കലിയുടെ കാലമായിരിക്കുമെന്നത് ആശങ്കാജനകമാണ്.

തനിക്കെതിരായ അക്രമത്തെ 101 ശതമാനം പോസിറ്റീവായി കൈകാര്യം ചെയ്ത മുഖ്യമന്ത്രിയെ അക്കാര്യത്തില്‍ അഭിനന്ദിക്കാതെ തരമില്ല. ഇതിന്റെ പേരില്‍ ഇന്നു കേരളത്തില്‍ ഹര്‍ത്താല്‍ നടത്തരുത് എന്നു കര്‍ശനനിര്‍ദേശം നല്‍കിയ നിശ്ചയദാര്‍ഢ്യത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാതെയും വയ്യ. ഇന്നൊരു ഹര്‍ത്താല്‍ നടത്തിയിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ ചോരയ്ക്കു പകരം ചോദിക്കാനിറങ്ങുന്നവരും അവരെ പ്രതിരോധിക്കുന്നവരുമെല്ലാം ചേര്‍ന്ന് കണ്ണൂരില്‍ ചോര ചൊരിഞ്ഞേനെ എന്നതില്‍ സംശയമില്ല.

മുഖ്യമന്ത്രിയുടെ നെറ്റിയില്‍ നിന്നും രണ്ടുതുള്ളി ചോര വന്നതിനാണോ ഈ ബഹളം, ഞങ്ങടെ എത്രയോ സഖാക്കന്‍മാരെ പൊലീസ് തല്ലിച്ചതച്ചിരിക്കുന്നു എന്നു ചിലര്‍ ചോദിക്കുന്നുണ്ട്. പൊലീസ് അക്രമത്തിനുള്ള മറുപടി മുഖ്യമന്ത്രിയെ അപായപ്പെടുത്തുന്നതാണ് എന്നു വിശ്വസിക്കുന്നവര്‍ നാടിനാപത്താണ്. മുഖ്യമന്ത്രിയുടെ ജീവന്‍ പോലും സുരക്ഷിതമല്ലാത്ത നാട്ടില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ രണ്ടുതുള്ളി ചോരയുയര്‍ത്തുന്നത്. അതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതാക്കന്‍മാരാണ്. ടിപി ചന്ദ്രശേഖരന്‍ സ്വയം വെട്ടി മരിച്ചു എന്നു പറയുന്നതുപോലെ മുഖ്യമന്ത്രി തന്നെ നേരത്തെ ആളെ നിര്‍ത്തി കല്ലെറിയിച്ചു രാഷ്ട്രീയമുതലെടുപ്പു നടത്തുന്നതാണ് എന്നൊക്കെ വാദിച്ച് ഓടിരക്ഷപെടുന്നവരല്ല നല്ല നേതാക്കന്‍മാര്‍. അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ നടപടിയെടുക്കും എന്ന് ഉറപ്പോടെ പറഞ്ഞിരുന്നെങ്കില്‍ അതിനൊരു മൂല്യമുണ്ടായിരുന്നു. പിണറായി വിജയനെപ്പോലെയുള്ള ഒരു നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതാണ്.

എല്ലാറ്റിനുമുപരിയായി ഈ ബഹളത്തില്‍ നിശബ്ദരായി തടിയൂരുന്ന ഒരു വിഭാഗമുണ്ട്- കേരളാ പൊലീസ്. തിരുവനന്തപുരത്തെ സമരത്തില്‍ സമരക്കാരന്റെ വൃഷണമുടച്ച അതേ പൊലീസ് തന്നെ. പൊലീസ് അസോസിയേഷന്‍ കായികമേളയില്‍ പങ്കെടുക്കാന്‍ വന്ന മുഖ്യമന്ത്രിയെയാണ് സമരക്കാര്‍ കായികമായി നേരിട്ടത് എന്നത് കേരളാ പൊലീസിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ നാണക്കേടുകളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. അക്രമത്തിനു സാധ്യതയുണ്ട് എന്നു റിപ്പോര്‍ട്ട് ഉണ്ടായിട്ടുപോലും ഇതു സംഭവിച്ചു എങ്കില്‍ അടിസ്ഥാനപരമായി ഇതു പൊലീസിന്റെ വീഴ്ചയാണ് എന്നു പറയാതെ വയ്യ.

പുവര്‍ ഗൈ !

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വിഡിയോ ഗെയിം കളിച്ചതിന്റെ എക്‌സ്പീരിയന്‍സുമായി നാട്ടില്‍ വാഹനമോഷണത്തിനിറങ്ങുന്ന കൊച്ചുമുതലാളിയെപ്പോലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി കോംപറ്റീഷന്‍ ഐറ്റങ്ങള്‍. ചുണയുണ്ടെങ്കില്‍ ജംക്ഷനിലോട്ടു വാടാ എന്ന മട്ടില്‍ കാലങ്ങളായി കൊച്ചുമുതലാളിയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന മോഡിച്ചേട്ടനാണെങ്കില്‍, രാഷ്ട്രീയപരിചയം വച്ചു നോക്കിയാല്‍ രാഹുല്‍ജി ഒരു എതിരാളിയല്ല. പക്ഷെ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഫാമിലിയാണെന്നും മഹാത്മാഗാന്ധിയുടെ കൊച്ചുമകനാണെന്നുമൊക്കെയാണ് പലരും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മല്‍സരം കടുകട്ടിയാണ്.

കല്ലു ചുമക്കല്‍- പൊറോട്ടയടി നമ്പരുകള്‍ പോലെയല്ല തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം നിലയ്ക്ക് പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ ഗാന്ധി പറഞ്ഞു കുടുങ്ങിയ കാര്യങ്ങള്‍ വച്ചു നോക്കിയാല്‍ അദ്ദേഹം പറയുന്ന അബദ്ധങ്ങളുടെയും വിവരക്കേടുകളുടെയും മൈലേജില്‍ മോഡിച്ചേട്ടന് ബഹുദൂരം സഞ്ചരിക്കാം. രാഹുല്‍ജിയുടെ ന്യൂജനറേഷന്‍ ഗെയിമുകള്‍ അദ്ദേഹത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മൊത്തത്തില്‍ പാരയാവാതിരരിക്കട്ടെ എന്നാശംസിക്കുന്നു.

ജനപ്രതിനിധികളായ ക്രിമിനലുകളെ സംരക്ഷിക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കാന്‍ പോകുന്ന ബില്ലിനോടനുബന്ധിച്ചാണ് പ്രതിശ്രുതപ്രധാനമന്ത്രി തന്റെ പരസ്യജീവിതത്തിനു തുടക്കമിട്ടത്. കോണ്‍ഗ്രസിന്റെ പത്രസമ്മേളനവേദിയിലേക്ക് കടന്നു വന്ന രാഹുല്‍ജി ബില്ല് വലിച്ചുകീറി കൊട്ടയിലെറിയണമെന്നോ മറ്റോ പറഞ്ഞ് സ്ഥലം വിട്ടു. അന്നത്തെ ഡ്രാമാറ്റിക് പെര്‍ഫോമന്‍സ് കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായോ എന്നറിയില്ല. എന്തായാലും സര്‍ക്കാരിന്റെ വൃത്തികെട്ട ബില്ലിനെതിരേ രാഹുല്‍ജി പോലും രംഗത്തുവന്നത് സര്‍ക്കാരിനെതിരായി ഉപയോഗിക്കാന്‍ എതിരാളികള്‍ക്കു സാധിച്ചു.

പിന്നെയാണ് അദ്ദേഹം അമ്മ കരഞ്ഞ കാര്യം പറഞ്ഞ് മെഗാസീരിയല്‍ പ്രേക്ഷകരായ വീട്ടമ്മമാരുടെ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഭക്ഷ്യസുരക്ഷാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അമ്മ പ്രയത്‌നിച്ചുവെന്നും ബില്ല് പാര്‍ലമെന്റില്‍ വോട്ടിനിട്ടപ്പോള്‍ വോട്ട് ചെയ്യാന്‍ കഴിയാതെ വന്നതുകൊണ്ട് അമ്മ കരഞ്ഞു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ബില്‍ അവതരിപ്പിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയ സോണിയാജിയോടുള്ള സഹതാപതരംഗം ആണ് മോന്‍ മുതലെടുക്കാന്‍ ഉദ്ദേശിച്ചത് എന്നു വ്യക്തം.

സോണിയാജിക്ക് അന്നു വോട്ട് ചെയ്യാന്‍ കഴിയാതിരുന്നതില്‍ കരഞ്ഞുകൂടേ എന്നു ചോദിക്കാം. തീര്‍ച്ചയായും കരയാം. ഇന്ത്യയിലെ പട്ടിണിക്കാരായ ആളുകളെക്കുറിച്ചോര്‍ത്ത് പണ്ട് മഹാത്മാഗാന്ധിയും കരഞ്ഞിട്ടുണ്ട്. പക്ഷെ, ഇവരൊക്ക അത്രമാത്രം പ്രതിബദ്ധതയുള്ള പാര്‍ലമെന്റേറിയന്‍മാരാണോ ? ഭക്ഷ്യസുരക്ഷാബില്ലില്‍ വോട്ടുചെയ്യാനാവാത്തതില്‍ പൊട്ടിക്കരഞ്ഞ അമ്മയുടെ പാര്‍ലമെന്റിലെ ഹാജര്‍ നില വെറും 47 ശതമാനമാണെന്നാണ് കണക്കുകള്‍ പറയുന്നത്. 70ഉം 80ഉം വയസ്സുള്ള ജനപ്രതിനിധികള്‍ക്കു വരെ 80 ശതമാനത്തോളം ഹാജരുള്ളപ്പോഴാണ് പകുതിയില്‍ താഴെ ദിവസങ്ങള്‍ മാത്രം പാര്‍ലമെന്റില്‍ വന്നുപോയ മാതാശ്രീ പൊട്ടിക്കരഞ്ഞു എന്നു മകന്‍ പറയുന്നത്.

മെഗാസീരിയല്‍ നിലവാരത്തില്‍ നിന്ന് ജനപ്രിയ സിനിമാ ലൈനിലേക്കുള്ള മാറ്റമാണ് അടുത്തയാഴ്ച അദ്ദേഹം കാഴ്ചവച്ചത്. അമ്മൂമ്മയായ ഇന്ദിരാഗാന്ധിയും അച്ഛനായ രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതുപോലെ താനും കൊല്ലപ്പെട്ടേക്കാം എന്നു വച്ചുകാച്ചിയ രാഹുല്‍ജി അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നു പറയാനുള്ള വിശാലമനസ്‌കത കൂടി കാണിച്ചു. ആ ലിസ്റ്റില്‍ മാഹാത്മാഗാന്ധിയെ എന്തുകൊണ്ടോ അദ്ദേഹം ഒഴിവാക്കി. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് അവരുടെ കരുത്താര്‍ന്ന രാഷ്ട്രീയജീവിതത്തിന്റെ സംഘര്‍ഷഭരിതമായ അധ്യായങ്ങളുടെ തുടര്‍ച്ചയായിരുന്നു. അത്തരത്തിലൊരു രാഷ്ട്രീയജീവിതം അവകാശപ്പെടാനില്ലാത്ത രാഹുല്‍ജി ഇങ്ങനെയൊക്കെ അവകാശപ്പെടുന്നത് നാലാംകിട ബ്ലോഗറായ ഞാന്‍ ഷേക്‌സ്പിയറിനു സംഭവിച്ചതൊക്കെ എനിക്കും സംഭവിക്കും എന്നു പറയുന്നതുപോലെയേ ഉള്ളൂ.

അതൊക്കെ നമുക്കു മായ്ചു കളയാം. ഏറ്റവുമൊടുവിലെ രാഷ്ട്രീയപ്രസംഗത്തിലൂടെ പണി ചോദിച്ചു വാങ്ങിയിരിക്കുകയാണ് അടുത്ത പ്രധാനമന്ത്രി. മുസാഫര്‍നഗര്‍ കലാപബാധിതരെ ഭീകരപ്രവര്‍ത്തനത്തിനു റിക്രൂട്ട് ചെയ്യാന്‍ പാക് ചാര സംഘടന ഐഎസ്‌ഐ ശ്രമിക്കുന്നുണ്ടെന്ന പ്രസാതവനക്കെതിരെയാണ് വിവിധ സംഘടനാ നേതാക്കളും രാഷ്ട്രീയകക്ഷിനേതാക്കളും പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. ബിജെപിയെയും മോഡിയെയും ചൂണ്ടിക്കാട്ടി ജനങ്ങളെ ഭയപ്പെടുത്തി കോണ്‍ഗ്രസിനെ കരകയറ്റാനുള്ള ദരിദ്രവാസി നമ്പരില്‍ നിന്നുള്ള എടുത്തുചാട്ടം പിഴച്ചു.

രാഹുല്‍ജിയുടെ നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ ഏറ്റവും ആവേശകരവും വികാരപരവുമായി പ്രതികരിച്ചിരിക്കുന്നത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡി തന്നെയാണ്. രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നാണ് നരേന്ദ്ര മോഡി ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ മുസ്ലിമിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തിരിക്കുകയാണെന്നും അദ്ദേഹത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നുമാണ് ബിജെപിയുടെ നിലപാട്. രാഹുല്‍ജിയുടെ നമ്പരുകള്‍ കോമഡിയാണെങ്കില്‍ മോഡിച്ചേട്ടന്റേത് ബ്ലാക് ഹ്യൂമറാണ്. ഇതെല്ലാം കണ്ട് ചിരിച്ചു മണ്ണുകപ്പാന്‍ നമ്മള്‍ 120 കോടി ബൈ ദി പീപ്പിള്‍ മതിയാവുമോ എന്തോ !

ഏറ്റവും ദയനീയമായിത്തീരുന്നത് രാഹുല്‍ജിയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ടീമിന്റെ പരിശ്രമങ്ങളാണ്. ഓരോ തവണയും രാഹുല്‍ജി സെല്‍ഫ് ഗോളടിക്കുമ്പോള്‍ പാര്‍ട്ടി അതിനെ വ്യാഖ്യാനിച്ചും നിര്‍വചിച്ചും തളരുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വര്‍ഗീയകലാപങ്ങളില്‍ നിന്നു ഐഎസ്‌ഐയും ബിജെപിയും ഒരുപോലെ നേട്ടമുണ്ടാക്കുന്നു എന്ന വിചിത്രമായ കണ്ടെത്തലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് നടത്തിയത്.

രാഹുല്‍ ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നയാളാണെന്നും ഓരോരുത്തര്‍ക്കും കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സ്വന്തം ശൈലിയുണ്ടെന്നുമാണ് പാര്‍ട്ടി വക്താവിന്റെ നിലപാട്. അതായത് രാഹുല്‍ ഗാന്ധിയുടെ ഹൃദയത്തിന്റെ ഭാഷയും അദ്ദേഹത്തിന്റേതായ ശൈലികളും എന്തൊക്കെയാണെന്നു നാട്ടുകാര്‍ പഠിച്ച് മനസ്സിലാക്കി വേണം അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ വ്യാഖ്യാനിക്കാന്‍. ഇന്ത്യ എന്താണെന്നും ഇന്ത്യയുടെ ഹൃദയത്തിന്റെ ഭാഷയെന്താണെന്നും ഓരോ നാട്ടിലെയും ജനങ്ങളുടെ ശൈലി എന്താണെന്നും പഠിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവനാണ് നല്ല നേതാവെന്ന പാഠം നമ്മള്‍ മറക്കണം. എന്നിട്ട് എല്ലാവരും കൂടി രാഹുല്‍ജിയുടെ ഹൃദയത്തിന്റെ ഭാഷ പഠിക്കണം എന്ന് ചുരുക്കം.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുകയോ ആകാതിരിക്കുകയോ ചെയ്‌തേക്കാം. പക്ഷെ, വര്‍ഗീയകലാപത്തിന്റെ ഇരകളെ അയല്‍രാജ്യത്തെ ചാരസംഘടന സ്വാധിനിക്കുന്നുണ്ടെന്ന വിവരം ഇന്റലിജന്‍സുകാര്‍ ഒരു പാര്‍ട്ടി നേതാവിന്റെ ചെവിയില്‍ പോയി പറയുന്നുണ്ടെങ്കില്‍ ആ ഇന്റലിജന്‍സ് തന്നെ കുഴപ്പമാണ്. അടുത്ത പ്രധാനമന്ത്രിയാകുമെന്നുറപ്പുള്ളതുകൊണ്ട് പറഞ്ഞതാം ഇന്റലിജന്റ് ഗഡികള്‍. എന്നാല്‍, ഇത്ര സുപ്രധാനമായ വിവരം അറിയുന്ന കോമണ്‍സെന്‍സുള്ള ഏതൊരു നേതാവും പരമപ്രധാനമായി കാണേണ്ടത് രാജ്യസുരക്ഷയും സാമൂഹികസുരക്ഷയുമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പകരം ജംക്ഷനില്‍ മൈക്ക് വച്ചുകെട്ടി ഇത് വിളിച്ചുപറയുന്ന നേതാവിന് രാജ്യത്തിന്റെയും ജനങ്ങളുടെയും കാര്യത്തില്‍ ഭയങ്കര ഉത്തരദാവിത്വമാണെന്നു കൂടെനില്‍ക്കുന്നവര്‍ സാക്ഷ്യപ്പെടുത്തിയതുകൊണ്ട് കാര്യമുണ്ടാകുമെന്നു തോന്നുന്നില്ല.

ജയ് ഹിന്ദ് !

ഗു(ഉ)ണ്ടപ്പോലീസ്

വൃഷണഭേദകരായ ഏതാനും പൊലീസുകാര്‍ ചേര്‍ന്ന് കരുത്തുറ്റ സംസ്ഥാന പൊലീസ് സേനയുടെ ആസ്ഥനമര്‍മം ചവുട്ടിപ്പൊട്ടിച്ചിരിക്കുകയാണ്. എസ്‌ഐ വിജയദാസ് ഒരു കൊച്ചുസസ്‌പെന്‍ഷനും ഒരു സഖാവിന്റെ ഉണ്ട പൊട്ടിച്ചതിന്റെ പ്രൗഢിയുമായി ഇനി ഏതാനും ദിവസം വീട്ടിലിരിക്കും. രാഷ്ട്രീയപരമായി ചീഞ്ഞു നാറുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏതാനും ചീമുട്ടകളില്‍ നിന്നു രക്ഷിക്കുവാനുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയായ വിജയദാസന്‍ സാറിന് ഒരായിരം വലതുപക്ഷ പൂച്ചെണ്ടുകള്‍ വഴിയേ ലഭിക്കും.

ഇത്തരം ദിവസങ്ങളില്‍ നമ്മള്‍ വായിക്കേണ്ട പത്രമാണ് ദേശാഭിമാനി. സഖാവിനേറ്റ പൊലീസ് പീഡനത്തെ വിശദാംശങ്ങള്‍ വിട്ടുകളയാതെ പാര്‍ട്ടി പത്രം വര്‍ണിച്ചിട്ടുണ്ട്. ‘മെഡിക്കല്‍ കോളേജ് തോപ്പില്‍ ഗാര്‍ഡന്‍ തോപ്പില്‍പുത്തന്‍വീട്ടില്‍ ജയപ്രസാദിനെ (32) യാണ് പൊലീസ് മനുഷ്യത്വഹീനമായി മര്‍ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഷര്‍ട്ട് ഊരി വീശിയതിനെത്തുടര്‍ന്ന് ജയപ്രസാദിനെ വളഞ്ഞുപിടിച്ച പൊലീസ് തൂക്കിയെടുത്തു. കാര്‍ഷിക മൊത്തവിതരണകേന്ദ്രത്തിന്റെ പ്രധാന കവാടത്തിലുള്ള സെക്യൂരിറ്റി റൂമിനു സമീപത്തേക്ക് കൊണ്ടുപോയി തലങ്ങും വിലങ്ങും മര്‍ദിച്ചു. യൂണിഫോമിലും മഫ്തിയിലുമുള്ള പൊലീസുകാര്‍ ആക്രമണസംഘത്തിലുണ്ടായിരുന്നു. തുമ്പ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സി വിജയദാസാണ് ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില്‍ തൊഴിച്ചതും ലാത്തിക്ക് കുത്തിയതും. പലപ്രാവശ്യം ഇയാളുടെ ജനനേന്ദ്രിയത്തില്‍ തൊഴിച്ച പൊലീസ് പാന്റ്‌സിന്റെ സിബ് ഊരി ജനനേന്ദ്രിയത്തില്‍ ലാത്തികൊണ്ട് കുത്തി. ‘

മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളും വിഡിയോയും ഒക്കെ നോക്കിയാല്‍ പൊലീസുകാര്‍ സഖാവിന്റെ ജനനേന്ദ്രയം ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത് വളരെ വ്യക്തമായി കാണാം. ജനനേന്ദ്രിയുമായി ബന്ധപ്പെട്ട് എന്തോ മാനസികപ്രശ്‌നമുള്ളതാവാം ടി പൊലീസുകാരെ ഈ പ്രക്രിയയ്ക്ക് പ്രേരിപ്പിച്ചത്. എന്തായാലും ഉണ്ടപ്പോലീസിന്റെ ഈ ത്രിബിള്‍ എക്‌സ് മുറയ്ക്കുള്ള മറുപടി കേരളത്തിലങ്ങളോളമിങ്ങോളമുള്ള പൊലീസുകാരോടായിരിക്കും വിപ്ലവവീര്യമുള്ള സഖാക്കള്‍ പറയാന്‍ പോകുന്നത്.

ജനമൈത്രി പൊലീസിന്റെയും കേരളത്തിലെ മറ്റ് അനേകം പൊലീസുകാരുടെയും അധ്വാനഫലമായി പൊലീസിനുണ്ടായിരുന്ന ചീത്തപ്പേര് മാറിവന്നുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാം മുറ പ്രയോഗിക്കാത്ത, മനുഷ്യത്വപരമായി പെരുമാറുന്ന, കനിവും മനസാക്ഷിയുമുള്ള ഒരു പൊലീസ് തലമുറയുടെ സല്‍പേരാണ് വൃഷണദാഹിയായ വിജയരാജന്‍ സാറിന്റെ കൈകളില്‍ ഉടഞ്ഞുതീര്‍ന്നത്. എത്രയോ സമരമുഖങ്ങളില്‍ സമരക്കാര്‍ അങ്ങേയറ്റം പ്രകോപിപ്പിച്ചിട്ടും സംയമനം കൈവിടാതെ നിന്നു ക്രമസമാധാം കാത്തുസൂക്ഷിച്ച കേരളാ പൊലീസിന്റെ സല്‍പേരാണ് ഒറ്റദിവസം കൊണ്ട് നശിപ്പിച്ചിരിക്കുന്നത്.

പൊലീസ് തല്ലിയതിനേ ഉള്ളോ കുഴപ്പം, മുഖ്യമന്ത്രിയെ ചീമുട്ടയെറിഞ്ഞതില്‍ കുഴപ്പമില്ലേ എന്നാണ് ഭരണകൂടവാദികള്‍ ചോദിക്കുന്നത്. പ്രതിഷേധിക്കുന്നവര്‍ ഏതു തരത്തില്‍ പ്രതിഷേധിക്കുമെന്നു മനസിലാക്കുന്നതും അത്തരം പ്രതിഷേധങ്ങളുടെ അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നത് പൊലീസിന്റെയും ഇന്റലിജന്‍സ് വിഭാഗങ്ങളുടെയും കടമയാണ്. ചീമുട്ടകള്‍ മുഖ്യമന്ത്രിക്ക് ബോംബിനെക്കാള്‍ ഭയാനകം ആണെന്നുണ്ടെങ്കില്‍ അത് ടിയാന്റെ മേല്‍ വീഴാതെ നോക്കുകയാണ് പൊലീസ് വേണ്ടത്. അല്ലാതെ കയ്യില്‍ കിട്ടിയ ഒരുത്തനെ പിടിച്ചുകൊണ്ടുപോയി കുറേപ്പേര്‍ അയാളെ പിടിച്ചു നിര്‍ത്തുകയും വേറൊരുത്തന്‍ അയാളുടെ ജനനേന്ദ്രിയത്തോടു യുദ്ധം ചെയ്യുന്നതും ഗുണ്ടായിസത്തെക്കാള്‍ ചീഞ്ഞ ഏര്‍പ്പാടാണ്. കേരളത്തിനാകെ നാണക്കേടാണ്.

എന്തു തന്നെ സംഭവിച്ചാലും രാജിവയ്ക്കില്ല എന്നുറച്ച തീരുമാനമെടുത്തിരിക്കുന്ന, എല്ലാത്തരം എതിര്‍പ്പുകളെയും പോസിറ്റീവായി കണ്ട് ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന മുഖ്യമന്ത്രി പണ്ടത്തേതുപോലെ ഇപ്പോഴും എനിക്കൊരു വിസ്മയമാണ്. ഈ കരിങ്കൊടികളും ചീമുട്ടയും നാറിയ വിവാദങ്ങളും ഗ്രൂപ്പ് കളിയുമെല്ലാം കണ്ടിട്ടും പിന്നെയും ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി കസേരയില്‍ അദ്ദേഹത്തിനിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ഒരു സംഭവമാണ്. എന്തായാലും, പൊലീസുകാരന്‍ സഖാവിന്റെ ഉണ്ടയ്ക്കു കുത്തിപ്പിടിച്ചിരിക്കുന്ന ചിത്രം ഒരു കലാസൃഷ്ടിപോലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് തന്റെ ഓഫിസില്‍ ചില്ലിട്ടു സൂക്ഷിക്കാം. എല്ലാം പോസിറ്റീവായി കാണുന്ന അദ്ദേഹത്തിന് ആ ചിത്രം കാണുമ്പോള്‍ പോസിറ്റീവായി വല്ലതും തോന്നിയാല്‍ അത്രയുമായില്ലേ ?

കോണ്‍ഗ്രസിലെ ചീമുട്ടകള്‍

എക്കാലവും യൂത്ത് കോണ്‍ഗ്രസുകാരോട് എനിക്കു തോന്നിയിട്ടുള്ള വികാരം സഹതാപമായിരുന്നു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പിള്ളേരുടെ കയ്യില്‍ നിന്ന് അടിയും ഇടിയും വാങ്ങി പാരമ്പര്യമുള്ള സമരവീര്യം ഇടക്കൊക്കെ അവര്‍ പൊടിതട്ടിയെടുത്തിരുന്നത് അടികിട്ടാന്‍ സാധ്യതയില്ലാത്ത ചില സമരഭൂമികകളിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പകര്‍ച്ചപ്പനിക്കെതിരെ ആശുപത്രികള്‍ക്കു മുന്നില്‍ ഇവര്‍ നടത്തിയ സമരങ്ങളും മറ്റും ഉദാഹരണം. ഇപ്പോള്‍ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് ചീമുട്ടകളുമായി സമരമുഖത്ത് അവര്‍ അടരാടുന്നത് ഒരു പാവം പി.സി.ജോര്‍ജിനെതിരെയാണ്.

പാവം പി.സി.ജോര്‍ജ് എന്നു പറഞ്ഞത് നല്ലൊരു ശതമാനം ആളുകള്‍ക്കും ഇഷ്ടമാവില്ല എന്നറിയാം. ചീഫ് വിപ്പിന്റെ വാക്യത്തില്‍ പ്രയോഗങ്ങള്‍ പലതും കുഴപ്പം പിടിച്ചതാണെങ്കിലും കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹം നടത്തുന്ന പ്രസ്താവനകളില്‍ ജനവികാരമുണ്ട്. സോളാര്‍ കേസിനെ സംബന്ധിച്ചും തുടര്‍ന്നുള്ള നടപടിക്രമങ്ങളെ സംബന്ധിച്ചും അദ്ദേഹം പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പാവപ്പെട്ട പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സഹിക്കാവുന്നതല്ല. അധികാരത്തില്‍ തൂങ്ങിക്കിടക്കുക എന്നതിനെക്കാള്‍ മുഖ്യമന്ത്രിക്കസേരയില്‍ തുരുമ്പു പോലെ പറ്റിപ്പിച്ചിടിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടി രാജി വച്ച് മാനം കാക്കണം എന്നത് ആത്മാഭിമാനമുള്ള മലയാളികളുടെയൊക്കെ ആവശ്യമായിരുന്നു. അതു തന്നെയാണ് പി.സി.ജോര്‍ജ് ഏറ്റു പറഞ്ഞതും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പി.സി.ജോര്‍ജിനെ തെരുവില്‍ ആക്രമിക്കുന്ന ദൂര്‍ബലരായ യൂത്ത് കോണ്‍ഗ്രസുകാര്‍ അവര്‍ക്കു നിലവിലുള്ള ചീത്തപ്പേര് ഇരട്ടിയാക്കിയിരിക്കുകയാണ്. നാലഞ്ചു ഖദറുകാര്‍ ചേര്‍ന്ന് വഴി തടഞ്ഞതു കൊണ്ടോ ഔദ്യോഗികവാഹനം ത്ല്ലിത്തകര്‍ത്തതുകൊണ്ടോ കരിങ്കൊടി കാണിച്ചതുകൊണ്ടോ നന്നാവുന്ന ഒരാളല്ല പി.സി.ജോര്‍ജ്. അതിനു വേണ്ടി ചെലവഴിക്കുന്ന അധ്വാനം യൂത്ത് കോണ്‍ഗ്രസുകാര്‍ വേറെ എവിടെയെങ്കിലും ചെലവിട്ടാല്‍ പിന്നീട് പശ്ചാത്തപിക്കുന്നത് ഒഴിവാക്കാം. യൂത്ത് കോണ്‍ഗ്രസുകാരും പി.സി.ജോര്‍ജും തമ്മിലുള്ള പ്രകടമായ വ്യത്യാസം ചങ്കുറപ്പാണ്. പറയുന്നത് എന്തെന്നോ എങ്ങനെയെന്നോ എന്നതിനെക്കാള്‍ പറയാനുള്ളത് പറഞ്ഞേ അടങ്ങൂ എന്ന ചങ്കുറപ്പാണ് പി.സി.ജോര്‍ജിന്റെ ഏറ്റവും വലിയ കരുത്ത്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അതൊക്കെ സ്വപ്‌നം കാണാനാവുമോ എന്നതില്‍ എനിക്കു സംശയമുണ്ട്. അല്ലെങ്കിലും വഴിയില്‍ ഒളിച്ചിരുന്ന് വണ്ടിക്ക് കല്ലെറിയുന്നവരുടെ ചങ്കുറപ്പ് എത്രയാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

കോണ്‍ഗ്രസ് ആകെ മൊത്തം കേരളത്തില്‍ നശിച്ചുനാമാവശേഷമായിരിക്കുകയാണ്. സമരം പിന്‍വലിക്കുന്നതിലൂടെ വിജയിക്കുന്ന പുതിയ ശൈലിയിലൂടെ സിപിഎമ്മും കേരളത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. അംഹിംസാവാദിയായ മഹാത്മാഗാന്ധിയുടെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ സര്‍ക്കാര്‍ ചീഫ് വിപ്പിനെ വഴിയില്‍ തടഞ്ഞ് ആക്രമിക്കുന്നത് ക്രൂരവും മൃഗീയവും പൈശാചികവുമാണ്. പി.സി.ജോര്‍ജ് പറയുന്ന കാര്യങ്ങള്‍ക്കു മറുപടിയായി എല്ലാവരും പറയുന്നത് ജോര്‍ജ് നാവടക്കണം, ജോര്‍ജ് മൗനം പാലിക്കണം എന്നൊക്കെയാവുന്നതിന്റെ അര്‍ഥം ജോര്‍ജ് പറയുന്നതില്‍ സത്യം ഒളിഞ്ഞിരിപ്പുണ്ട് എന്നാണ്.

വഴിവക്കില്‍ നിന്ന് വണ്ടിക്കു കല്ലെറിയുന്ന രീതി യൂത്ത് കോണ്‍ഗ്രസ് പോലെയൊരു പാര്‍ട്ടിക്കു ചേരുന്നതല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജോര്‍ജ് മറ്റുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജോര്‍ജിന്റെ അഴിമതികളും അക്രമങ്ങളും അന്വേഷിച്ചു പുറത്തു കൊണ്ടുവരിക എന്നതാണ് ആരോഗ്യകരമായ പ്രതികാരം. ജനാധിപത്യം എന്നതിന്റെ സാധ്യതകള്‍ ജോര്‍ജിനെപ്പോലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഉപയോഗിക്കാം. അതിനുള്ള ബുദ്ധിയോ വിവേകമോ ഇല്ലെങ്കില്‍ അതുള്ളവരുടെ സഹായം തേടാം. ജഗതി ശ്രീകുമാറിന്റെ കാര്‍ അപകടത്തില്‍ പെട്ടതിനു പിന്നില്‍ പി.സി.ജോര്‍ജ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപത്തുള്ള മീഡിയനില്‍ പി.സി.ജോര്‍ജ് വെളുപ്പാന്‍കാലത്ത് വന്നു മലര്‍ന്നു കിടന്ന് ഇന്നോവ എടുത്തെറിഞ്ഞിട്ടുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. സോളാര്‍ കേസ് അന്വേഷിക്കുന്നതോടൊപ്പം ആരെങ്കിലും അതും അന്വേഷിക്കട്ടെ.

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായ (അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല) ടി.പി.ചന്ദ്രശേഖരന്‍ വധം തെളിയിച്ച കോണ്‍ഗ്രസ് സര്‍ക്കാരും ആഭ്യന്തരമന്ത്രിയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇളംമുറ മറ്റൊരു നേതാവിനെ സമാനമായ രീതിയില്‍ വഴിയില്‍ ആക്രമിക്കുന്നത് കേരളത്തിനും മുന്നണിക്കും ചേര്‍ന്നതല്ല. പി.സി.ജോര്‍ജ് രാജി വച്ചാലും ഇല്ലെങ്കിലും, ആരെങ്കിലും അദ്ദേഹത്തിനു ചെവി കൊടുത്താലും ഇല്ലെങ്കിലും പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം പറയുക തന്നെ ചെയ്യും. അത് അങ്ങനെ ഒരിനമാണ്.