പായസപ്പാത്രത്തിലെ ഹാലൂസിനേഷന്‍സ്

വന്ദ്യവയോധികന്മാരുടെ ടൈമാണ്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയോട് പ്രതിപക്ഷതിരുനാള്‍ അച്യുതാനന്ദചര്‍മ മാപ്പു പറയുന്നുണ്ടോ ഇല്ലയോ എന്നതേ സാംസ്കാരിക-രാഷ്ട്രീയ കേരളത്തിന് അറിയാനുള്ളൂ. വിഎസിന്റെ ആരോപണശരങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രത്തില്‍ നിന്നു പായസപ്പാത്രത്തില്‍ കൊട്ടാരത്തിലേക്ക് സ്വര്‍ണം കടത്താറുണ്ടായിരുന്നു എന്ന പ്രസ്താവനയാണ് കുറിക്കു കൊണ്ടിരിക്കുന്നത്. സ്വന്തമായി ലെറ്റര്‍പാഡ് ഉള്ള എല്ലാവരും തന്നെ പ്രതികരിച്ചു കഴിഞ്ഞു. മഹാരാജാവിനെതിരെ അപകീര്‍ത്തികരമായ പോക്രിത്തരം പറഞ്ഞതിന് വിഎസ് മാപ്പു പറയണം എന്നു ഓള്‍ കേരള ആവശ്യപ്പെടുന്നു.

ജഗതി ശ്രീകുമാറിന് രഞ്ജിനി ഹരിദാസ് എന്ന പോലെ വിഎസിന് മഹാരാജാവ് ചതുര്‍തഥിയാണെന്നു തോന്നുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഒരു പബ്ലിക് ഫിഗറാണെങ്കിലും പൊതുപ്രവര്‍്ത്തകനല്ല. അദ്ദേഹം വിമര്‍ശനങ്ങള്‍ക്കതീതനുമല്ല. വിഎസ് ഉന്നയിച്ച ആരോപണം വ്യക്തമാണ്. അത് നമുക്ക് വിഷ്വലൈസ് ചെയ്യാനും എളുപ്പമാണ്. ക്ഷേത്രസന്ദര്‍ശനത്തിനു ശേഷം നിലവറയിലേക്കു കടക്കുന്ന മാര്‍ത്താണ്ഡവര്‍മ പായസപ്പാത്രത്തിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കോരിയിടുന്നു (പാത്രത്തിലെ പായസം മഹാരാജാവ് കുടിക്കുമോ ഉപേക്ഷിക്കുമോ എന്നു വിഎസ് പറയുന്നില്ല),ചുറ്റുപാടും നോക്കിക്കൊണ്ട് കൊട്ടാരത്തിലേക്കു പോകുന്നു,അന്തപുരത്തില്‍ കടന്ന് വാതിലടച്ച് തിളങ്ങുന്ന കണ്ണുകളോടെ ആഭരണങ്ങള്‍ പരിശോധിക്കുന്നു. വിഎസ് ഉന്നയിച്ച ആരോപണം ദൃശ്യവല്‍ക്കരിച്ചാല്‍ ഇതാണ് കാണുക. സംഗതി റീവൈന്‍ഡ് ചെയ്ത് സ്ലോമോഷനില്‍ പിന്നെയും പിന്നെയും കാണുമ്പോഴും വിശ്വാസ്യത നഷ്ടമാവുകയാണ്. സഖാവ് വിഎസിന് വാര്‍ധക്യസഹജമായ ഹാലൂസിനേഷന്‍ (ആഴീക്കോട് മാഷിനുണ്ടെന്ന് കള്ളപ്പണക്കാരനായ ഒരു സൂപ്പര്‍സ്റ്റാര്‍ പറഞ്ഞത്)സംഭവിച്ചിട്ടുണ്ടോ എന്ന് ശരാശരി മലയാളി സംശയിച്ചുപോയാല്‍ കുറ്റം പറയാനൊക്കില്ല.

ബി നിലവറ തുറന്നാല്‍ തുറക്കുന്നവനു പണി കിട്ടും എന്ന മട്ടിലുള്ള ദേവപ്രശ്നത്തിന്റെ റിസള്ട്ടിനെപ്പറ്റി പറഞ്ഞു തുടങ്ങിയാണ് വിഎസ് വഴിവിട്ടുപോയത്. ദേവപ്രശ്നമൊക്കെ ഓരോരുത്തരുടെ വിശ്വാസത്തിന്റെ കാര്യമാണ്. ഇവിടെ വിപ്ലവം വരുമെന്നും സമത്വം പുലരുമെന്നും പാവങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു പറ്റിച്ച പാര്‍ട്ടികള്‍ ദേവപ്രശ്നത്തെയും മാനിക്കാനുള്ള അന്തസ്സ് കാണിക്കണം. എന്നാല്‍ സുപ്രീംകോടതി ദേവപ്രശ്നം അനുസരിച്ച് തീരുമാനമെടുക്കണമെന്ന് പറയുന്നത് ബംഗാളിന്റെ പുനര്‍മിര്‍മാണത്തിനു സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പിരിവെടുക്കുന്നതുപോലെയും പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ നമ്മള്‍ ഇടപെടണമെന്നു പ്രകാശ് കാരാട്ട് കോഴിക്കോട്ടങ്ങാടീല്‍ പ്രസംഗിക്കുന്നതുപോലെയും അസംബന്ധമാണ്. ദേവപ്രശ്നം ഇനിയും എത്രവേണമെങ്കിലും നടത്താനുള്ള അവകാശം ക്ഷേത്രസമിതിക്കും കൊട്ടാരത്തിനുമൊക്കെയുണ്ട്. പ്രശ്നവശാല്‍ കണ്ടെത്തുന്ന തിയറികള്‍ ഭരണകൂടത്തിന്മേലും നിയമസവിധാനത്തിന്മേലും പൊതുസമൂഹത്തിന്മേലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് എന്നു മാത്രം.

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതോടെ രാജാവും മന്ത്രിയുമൊക്കെ കാലഹരണപ്പെട്ടെന്നും ക്ഷേത്രത്തിന്മേല്‍ കൊട്ടാരത്തിനുള്ള അവകാശം നഷ്ടപ്പെട്ടെന്നുമൊക്കെ വിഎസ് പറയുന്നുണ്ട്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇപ്പോഴും നാടുഭരിക്കുന്ന രാജാവാണെന്നു കരുതിയാണ് ഇക്കണ്ട ജനമെല്ലാം അദ്ദേഹത്തെ ആദരിക്കുന്നത് എന്നു വിഎസ് കരുതിയിട്ടുണ്ടെങ്കില്‍ അത് സമൂഹത്തോടുള്ള അവഹേളനമാണ്. അദ്ദേഹം ആരുടെയും മേല്‍ രാജാധികാരം കാണിച്ചതായി ഞാന്‍ കേട്ടിട്ടില്ല. താനാണ് ലോകത്തിന്റെ അധിപന്‍ എന്നു വിശ്വസിക്കുന്ന ശരാശരി മലയാളിയെക്കാള്‍ വിനയവും വിവേകവും അദ്ദേഹം പ്രകടിപ്പിക്കാറുമുണ്ട്. അദ്ദേഹത്തിനു രാജാധികാരം ഇല്ല എന്നതുകൊണ്ട് അദ്ദേഹത്തെ എന്ത് ആരോപണവും ഉന്നയിച്ചു വേദനിപ്പിക്കണം എന്നില്ല.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രനിലവറയില്‍ നിന്നും പായസപ്പാത്രത്തില്‍ കൊട്ടാരത്തിലേക്കു സ്വര്‍ണം കൊണ്ടുപോയി എന്നു പറയുന്നതും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിഎസ് എകെജി സെന്ററില്‍ നിന്നും കോണകശീലയില്‍ 50 പൈസ നാണയങ്ങള്‍ ഓഫിസിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു എന്നു പറയുന്നതും ഒരുപോലെയാണ്. പണ്ടൊരു സഖാവിന്റെ കൊട്ടാരസദൃശമായ വീട് കാണാന്‍ ചെന്നവരെയൊക്കെ ഹൗസ് ഓണര്‍ ഏര്‍പ്പെടുത്തിയ യുവജനവിഭാഗം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു വിടുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ നിലവറയെ തുറക്കാനും പരിശോധിക്കാനും ചെന്ന ആരെയും ആരും തല്ലിയോടിച്ചില്ല.മാടമ്പിത്തരത്തില്‍ സഖാക്കന്മാര്‍ കഴിഞ്ഞേ ആരുമുള്ളൂ.

തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെയുളള വിഎസിന്റെ പ്രസ്താവന കമ്യൂണിസ്റ്റ് നിലപാടാണെന്ന് തോമസ് ഐസക് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജഭക്തി കമ്യൂണിസ്റ്റ് പാരമ്പര്യമല്ല എന്നാണ് ഐസക് സാര്‍ പറയുന്നത്. ഉത്രാടം തിരുനാള്‍ രാജാവേ അല്ല എന്നു വിസും രാജഭക്തി കമ്യൂണിസ്റ്റ് പാരമ്പര്യമല്ല എന്നു പറയുന്നതിലൂടെ അദ്ദേഹം രാജാവാണ് എന്നു പറയുന്ന തോമസ് ഐസകും അടിസ്ഥാനപരമായി രണ്ടു തട്ടിലാണെങ്കിലും രാജകുടുംബത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നു വേണം മനസ്സിലാക്കാന്‍.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പായസപ്പാത്രത്തില്‍ സ്വര്‍ണക്കള്ളക്കടത്തു നടത്തുന്ന ടീം ആയിരുന്നെങ്കില്‍ അദ്ദഹത്തിനു പണ്ടേ നിലവറയിലെ സ്വര്‍ണം ടിപ്പറിനു ട്രിപ്പടിക്കാമായിരുന്നു. അതില്‍ നിന്നൊരു തരിപോലും എടുക്കില്ല എന്ന പ്രതി‍ജ്ഞയിലൂന്നിയുള്ള ധര്‍മപരിപാലനമാണ് അദ്ദേഹത്തിന്റേത് എന്നതിനു തെളിവാണ് ലോകം മുഴുവന്‍ അമ്പരന്നുപോയ വമ്പന്‍ നിധിയുടെ തിളക്കം. വേഗം മാപ്പു പറഞ്ഞു തടിയൂരി ഹാലൂസിനേഷനുള്ള ഹോമിയോ മരുന്നു കഴിച്ചു തുടങ്ങേണ്ട പ്രായമായി സഖാവേ എന്നുപദേശിച്ചുകൊണ്ട് നിര്‍ത്തുന്നു.

ആസൂത്രണബോര്‍ഡിലെ അന്തര്‍ധാരകള്‍

മാര്‍വാഡിയില്‍ നിന്നും കടം വാങ്ങിയ പ്രൊഡ്യൂസര്‍ ലാഭമുണ്ടാക്കുന്ന ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചാല്‍ അത് അടൂര്‍ ഗോപാലകൃഷ്ണനെക്കൊണ്ട് ചെയ്യിക്കുമോ അതോ ജോഷിയെക്കൊണ്ട് ചെയ്യിക്കുമോ ? അടൂരിനെക്കൊണ്ട് ചെയ്യിച്ചാല്‍ ചിലപ്പോ ഒരു അവാര്‍ഡും ബുദ്ധിജീവികളുടെ കണ്ണിറുക്കവും (അവന്മാര്‍ ചത്താലും കയ്യടിക്കില്ല)കിട്ടിയേക്കും.ജോഷിയെക്കൊണ്ട് ചെയ്യിച്ചാല്‍ ചിലപ്പോള്‍ പടം ഹിറ്റാവുകയും മുടക്കിയതിന്റെ ഇരട്ടി തിരിച്ചുകിട്ടുകയും ചെയ്യും.

കേരളസര്‍ക്കാര്‍ നിലവില്‍ കടംകയറി നില്‍ക്കുന്ന ഒരു പ്രൊഡ്യൂസറാണ്. ബുദ്ധിജീവികളുടെ അംഗീകാരമല്ല,തുടരെത്തുടരെ ഹിറ്റുകളാണ് ഇപ്പോള്‍ വേണ്ടത്.അതു നല്‍കാന്‍ പറ്റിയ രാജ്യത്തെ കൊള്ളാവുന്ന സംവിധായകന്‍മാരിലൊരാളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. എന്നിട്ടും അങ്ങേരെ കല്ലെറിഞ്ഞോടിക്കാന്‍ സംഘം ചേരുന്ന ബുദ്ധിജീവി വിദ്യാര്‍ഥികള്‍ തങ്ങള്‍ ചെയ്യുന്നതെന്തെന്ന് അറിയുന്നില്ല എന്നു വേണം പറയാന്‍.

വണ്‍ മിസ്റ്റര്‍ തരുണ്‍ദാസിനെ സംസ്ഖാന ആസൂത്രണ ബോര്‍ഡിലെ അനൗദ്യോഗിക അംഗമാക്കി നിയമിച്ചതിനെതിരെയാണ് പടപ്പുറപ്പാട്. ടുജി സ്‍പക്ട്രം ഇടപാടുമായി ബന്ധപ്പെട്ട ആളാണെന്നും കോര്‍പറേറ്റ് ചാരനാണെന്നുമൊക്കെയാണ് ഇടതു ബുദ്ധിജീവികളും കമ്യൂണിസ്റ്റ് മന്ദബുദ്ധികളും ആരോപിക്കുന്നത്. അദ്ദേഹം കോര്‍പറേറ്റ് കണക്ഷന്‍സ് ഉള്ള ഒരു അസാമാന്യഗഡിയാണെന്നതു തന്നെയാണ് കേരളത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന തോന്നലുണ്ടാക്കുന്നത്. കട്ടന്‍ചായയും പരിപ്പുവടയും കഴിച്ചുകൊണ്ട് ബംഗാളില്‍ എങ്ങനെ അധികാരത്തില്‍ തിരിച്ചുവരാം എന്നു രാവിലെ മുതല്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു പ്രസ്ഥാനമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് എന്നു കരുതിയിരിക്കുന്നവര്‍ക്കാണ് തെറ്റിയത്.

എല്ലാം സുതാര്യമാക്കിയിട്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ കീഴില്‍ ഓള്‍റെഡി സംശയത്തിന്റെ നിഴയില്‍ നില്‍ക്കുന്ന തരുണ്‍ദാസ് വന്ന് കേരളത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കും എന്നത് ഒരു മണ്ടന്‍ ചിന്തയാണ്. ഇതിനോടകം തന്നെ കോര്‍പറേറ്റുകള്‍ പങ്കുവച്ചെടുത്തു കഴിഞ്ഞ ഒരു രാജ്യമാണ് കേരളം. ന്യൂനപക്ഷ-ദളിത് ചിന്തകളും ആദിവാസിപ്രേമവും നമ്മുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിച്ചുകൊണ്ട് കോര്‍പറേറ്റ് മുതലാളിമാരുടെ അടുക്കളത്തോട്ടം നനയ്‍ക്കുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. അതിപ്പോ ജനുസ്സിന്റെ ഗുണമാണോ ആക്രാന്തത്തിന്റെ ഫലമാണോ എന്നൊന്നും ആലോചിക്കേണ്ട കാര്യമില്ല. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് കട്ടന്‍ബിഡി വലിക്കുന്നവനെക്കൊണ്ട് വല്ലതും എറിഞ്ഞുപൊട്ടിക്കാമെന്നല്ലാതെ വേറെ പ്രയോജനം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.

കൊക്കക്കോളയെ നാടുകടത്തിയ കേരളത്തിന്റെ ആസൂത്രണ ബോര്‍ഡിലേക്ക് കൊക്കക്കോളയുടെ ഉപദേഷ്ടാവായ ആല്‍ വരുന്നതാണ് വിഎസ് അച്യുതാനന്ദനെ ചൊടിപ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു. സിപിഎമ്മുകാര്‍ തരുണ്‍ദാസിനെ എതിര്‍ക്കാന്‍ വേറെ വലിയ കാരണമൊന്നും കാണുന്നില്ല. അദ്ദേഹം കോര്‍പറേറ്റ് ചാരനാണെന്നു ചിലര്‍ പറയുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്വം അറിഞ്ഞാല്‍ അവന്റെയൊക്കെ കുണ്ടിയില്‍ ചട്ടുകം പഴുപ്പിച്ചു വയ്ക്കും. കാരണം, ഇന്നു മറ്റേ ആന്റി കുളം തോണ്ടിക്കൊണ്ടിരിക്കുന്ന പരിശുദ്ധ ബംഗാളിന്റെ സുവര്‍ണകാലഘട്ടത്തില്‍ അവിടെ വ്യവസായ കോര്‍പറേഷന്‍ ഡയറക്ടറും പെട്രോകെമിക്കല്‍സ് ചെയര്‍മാനുമൊക്കെയായിരുന്നു തരുണ്‍ദാസ്. ബംഗാളില്‍ ഭരണം നഷ്ടപ്പെടാനുള്ള കാരണം തക്കം പാര്‍ത്തിരുന്ന ബൂര്‍ഷ്വാസികളും തരുണ്‍ദാസുമായുള്ള അന്തര്‍ധാര സജീവമായതാണ് എന്ന് അടുത്ത കേന്ദകമ്മിറ്റിയില്‍ തീരുമാനിച്ചാല്‍ കഴിഞ്ഞു.

സുകുമാര്‍ അഴീക്കോടിന് മോഹന്‍ലാല്‍ എന്നപോലെയാണ് വിഎസ് അച്യുതാനന്ദന് കൊക്കക്കോള. കൊക്കക്കോള ഇനി എയ്‍ഡ്‍സിനു മരുന്നു കണ്ടുപിടിച്ചാലും അദ്ദേഹം എതിര്‍ക്കും. അതുകൊണ്ട് അതത്ര കാര്യമാക്കാനില്ല. നീരാ റാഡിയയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു എന്നതാണ് മറ്റൊരു പ്രധാന ആരോപണം. നീരാ റാഡിയ ടുജി സ്‍പെക്‍ട്രം ഇടപാടില്‍ നടത്തിയ ഇടപെടലുകള്‍ കുറ്റകരമാണ് എന്നത് ശരിയാണ്. അതുകൊണ്ട് റാഡിയയുമായി ഫോണില്‍ സംസാരിച്ചിട്ടുള്ള എല്ലാവരും കോര്‍പറേറ്റ് ദല്ലാള്‍മാരാണ് എന്നു വാദിക്കുന്നത് ബുദ്ധിശൂന്യതയാണ്.

അത്തരത്തില്‍ വലിയ വലിയ ആളുകളെ സ്വാധീനിക്കാന്‍ കഴിവുള്ള തരുണ്‍ദാസ് കേരള ആസൂത്രണ ബോര്‍ഡിലെത്തുക എന്നു വച്ചാല്‍ ആസിഫ് ആലി നായകനാകുന്ന സിനിമയില്‍ പൃഥ്വിരാജ് അതിഥിതാരമാകുന്നതുപോലെയാണ് (ഇലയില്‍ മുള്ളിയാല്‍ കേട് മരത്തിനാണ്). ചുമ്മാ അതുമിതും പറഞ്ഞ് ആളെയോടിക്കാതെ വന്നവനെ വച്ച് പത്തുകാശുണ്ടാക്കാനുള്ള തന്ത്രമാവിഷ്കരിക്കാന്‍ ഈ ബുദ്ധിയൊക്കെ ഉപയോഗിച്ചായിരുന്നെങ്കില്‍ കേരളം പണ്ടേ തമിഴ്‍നാടായിപ്പോയെനെ.

ഞങ്ങള്‍ക്ക് അത്ര കാറ്റ് വേണ്ടി വരില്ല

സില്‍സിലയെ ചീത്ത വിളിച്ച മലയാളിയുടെ തലയിലേക്ക് കൃഷ്ണനും രാധയുമായി സന്തോഷ് പണ്ഡിറ്റ് വന്നതുപോലെ ഉമ്മന്‍ ചാണ്ടി രാജി വയ്‍ക്കുമെന്നും പകരം രമേശ് ചെന്നിത്തല വരുമെന്നു കേള്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്ന നമ്മ്‍ടെ ജോസിന് എന്തെങ്കിലും ക്ലെയിം കൊടുക്കാന്‍ സാധിക്കുമോ എന്നൊരു സാധ്യതയാണ് ആലോക്കുന്നത്. അല്‍പം കാറ്റുള്ള മുറി തേടി വന്ന തളത്തില്‍ ദിനേശനോട് ‘എന്നാല്‍ വടക്കുഭാഗത്തെ മുറിയെടുത്തോ അവിടെ നല്ല കാറ്റുണ്ട്’ എന്നു പറയുന്ന ലോഡ്‍ജുകാരനെപ്പോലെ ദൈവം ഉമ്മന്‍ ചാണ്ടിക്കു പകരം രമേശ് ചെന്നിത്തലയെ തന്നാല്‍ ‘എനിക്കത്ര കാറ്റ് വേണ്ടി വരില്ല’ എന്നു പറയാനുള്ള ഒരു ഓപ്‍ഷന്‍ നമ്മള്‍ കോമണ്‍ പീപ്പിളിന് ഉണ്ടാവുമോ ആവോ !

മന്ത്രിസഭ താഴെ വീഴുക തുടങ്ങിയ വിനോദവാര്‍ത്തകളൊക്കെ നമുക്ക് ആസ്വദിക്കാം. ഇത് അങ്ങനെയല്ല,ഉമ്മന്‍ ചാണ്ടി രാജി വച്ച് പകരം രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നാണ് ഭീഷണി. മുല്ലപ്പെരിയാര്‍ പൊട്ടുന്നതിനെക്കാള്‍ ലോകം അവസാനിക്കുന്നതാണ് നമ്മള്‍ പ്രിഫര്‍ ചെയ്യുന്നത്, എന്നിട്ടും…?

ഇപ്പോ എന്താ സംഭവിച്ചത് എന്നു വച്ചാല്‍,പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം വേണ്ടെന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ്‌ കോടതി തള്ളി.കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട്‌ മൂന്ന് മാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് കോടതി വിധിയേക്കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് വിജിലന്‍സ് വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച തോന്നി ആദായനികുതി വകുപ്പുകാരാണ് സ്‍ട്രോങ് എന്ന്. ദേ ഇപ്പോ വിജിലന്‍സുകാര് റോക്ക്സ് (നമുക്കിട്ടു പണി കിട്ടും വരെ വല്ലവനും പണി കിട്ടുന്നത് സെലബ്രേറ്റ് ചെയ്യുന്നതാണല്ലോ സാമൂഹികവിമര്‍ശനം).

ഉമ്മന്‍ ചാണ്ടിയുടെ രാജിക്കു വേണ്ടി പ്രതിപക്ഷക്കാര്‍ കളത്തിലിറങ്ങിക്കഴിഞ്ഞു. താന്‍ കഴിഞ്ഞ 19 വര്‍ഷമായി നിയമസഭയ്ക്ക് അകത്തും പുറത്തും പോരാടിക്കൊണ്ടിരിക്കുന്ന വിഷയമാണ് പാമൊലിന്‍ കേസ്. ഇപ്പോള്‍ ഈ കേസില്‍ വിജിലന്‍സ് കോടതി നടത്തിയിരിക്കുന്ന ഉത്തരവ് സ്വാഗതാര്‍ഹമാണ്. ഈ ഉത്തരവിന് ഒരു വിധിയുടെ സ്വഭാവമുണ്ട് 😉 അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിക്ക് രാജിയല്ലാതെ മറ്റ് വഴിയില്ല: സഖാവ് വിഎസിന്റെ പ്രസ്താവന ഇങ്ങനെയാണ്.

പാമോയില്‍ കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം അദ്ദേഹംതന്നെ വഹിക്കുന്നത് ശരിയല്ല.അക്കാര്യത്തില്‍ കോടിയേരിക്കാരന്‍ പറയുന്നതാണ് കാര്യം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവയ്ക്കാന്‍ ഉമ്മന്‍‌ചാണ്ടി സന്നദ്ധനാകുമെന്നാണ് സൂചനകള്‍. ഒരു സി ബി ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തേക്കും എന്നും സൂചനകളുണ്ട്. എന്തായാലും കേരള രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരോടൊപ്പം വിഎസ് കഞ്ഞി കുടിച്ച വിഷയം മീഡിയ ഇവിടെ വിടും.

മോഹിച്ച പെണ്ണിനെ വേറൊരുത്തന്‍ കെട്ടുന്നത് കാണുമ്പോള്‍ ശരാശരി കാമുകന്‍ ഒന്നുകില്‍ തൂങ്ങിച്ചാവുകയോ നാടുവിട്ടുപോവുകയോ വാശിക്ക് വേറൊരുത്തിയെ കിട്ടുകയോ ചെയ്യും. എന്നാല്‍ അവളുടെ കെട്ടിയോന്റെ പൊക കാണുന്നതുവരെ വെയ്‍റ്റ് ചെയ്യാനുള്ള ദീര്‍ഘവീക്ഷണമുള്ളവന്‍ വെറും കാമുകനല്ല, കാമുകപ്പുലിയാണ്. മര്യാദയ്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയ്യോ വേണ്ടേന്നും പറഞ്ഞ് പാവമായി നിന്നിരുന്ന രമേശ് ചെന്നിത്തലയുടെ ദീര്‍ഘവീക്ഷണം സമ്മതിച്ചുകൊടുക്കണം.ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ ഓഫിസിലെ ആ ലൈവ് ക്യാമറ ഓഫ് ചെയ്യാതെ കാര്യങ്ങളൊക്കെ (ഭരണം, അതുമാത്രമാണ് ഉദ്ദേശിച്ചത്) എങ്ങനെ നടക്കുമോ ആവോ !

Doubts: അഥവാ ഉമ്മന്‍ ചാണ്ടിയെങ്ങാനും അകത്തുപോയാല്‍ തിഹാര്‍ ജയിലിലായിരിക്കുമോ ബാലകൃഷ്ണപിള്ളയോടൊപ്പം ഇവിടെയെങ്ങാനുമായിരിക്കുമോ ? തിഹാര്‍ ജയിലിലാണെങ്കില്‍ മതിലിനപ്പുറത്തുള്ള കനിമൊഴിയുമായി ചര്‍ച്ച ചെയ്ത് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുമോ ? (ഒരു നിമിഷം പോലും ചുമ്മാ ഇരിക്കാത്ത ആളാണ്). ഇവിടെയെങ്ങാനുമാണെങ്കില്‍ പരോളിലിറങ്ങി ജനസമ്പര്‍ക്കപരിപാടി നടത്തുമോ അതോ ജയിലിലെ സെല്ലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലൈവ് ആയി കാണിക്കുമോ ? (ന്യൂയോര്‍ക്ക് ടൈംസുകാര്‍ക്കു പണിയായി).

ബെര്‍ലിന്‍ നായരും ചില ബംഗാള്‍ ബക്കറ്റ് പിരിവുകാരും

ഇതാണ് കമ്മ്യൂണിസ്റ്റുകാരുടെ ഒരു കുഴപ്പം. കുത്തകമുതലാളിമാരോടും മര്‍ദ്ദകരോടും ചൂഷകരോടും തീവ്രവാദികളോടും ബലാല്‍സംഗികളോടും കൊള്ളക്കാരോടും ഒക്കെ കൂട്ടുകൂടും, ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരോടു മാത്രം മിണ്ടൂല. നായരോട് (ബെര്‍ലിനോട്) മിണ്ടാന്‍ പോകുന്നതില്‍ നിന്നു പാര്‍്ട്ടിക്കാരെ വിലക്കും. വല്ലവനും മിണ്ടാന്‍ പോയാല്‍ അവനെയും വിലക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസു പോലെ ആയാല്‍ കോണ്‍ഗ്രസിനെക്കാള്‍ വഷളായിരിക്കും എന്നതിന്റെ സൂചനകളാണ് ഇതൊക്കെ.

വിഎസ് അച്യുതാനന്ദന്‍ ബെര്‍ലിന്‍ കുഞ്ഞനനന്തന്‍ നായരെ കാണാന്‍ പോയതോടെ കുറെയേറെ സിപിഎം ശുംഭന്‍മാര്‍ക്ക് കുരു പൊട്ടിയിരിക്കുകയാണ്. ബെര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍ അമേരിക്കന്‍ ചാരനായിരുന്നെങ്കില്‍ പോലും പാര്‍്ട്ടി ഇങ്ങനെ എതിര്‍ക്കില്ലായിരുന്നു. നാട്ടുകാരുടെ മുന്നില്‍ പാര്‍ട്ടിക്കു നാറാന്‍ നേതാക്കന്മാരായിട്ട് ഇങ്ങനെ ഓരോന്നു വിളമ്പുമ്പോള്‍ അല്‍പം എരിവും പുളിയും മസാലകളും ചേര്‍ത്ത് അത് വെണ്ടക്കയോടൊപ്പം പുനര്‍വിളമ്പുന്ന സോ കോള്‍ഡ് വലതുപക്ഷമാധ്യമങ്ങളുടെ ടൈം എന്നേ പറയാനുള്ളൂ.

ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ കാര്യത്തില്‍ നിലപാടില്ലാതായതോടെ ബ്ബബ്ബബ്ബ വയ്‍ക്കുന്ന പിണറായി സഖാവിന്റെ ഗതികേട് സഹതാപാര്‍ഹമാണ്. വിഎസ് ബെര്‍ലിനെ കാണാന്‍ പോയത് വിലക്കിയ പിണറായി സ്വന്തം മകളുടെ വിവാഹത്തിന് കണ്ട കോണ്‍ഗ്രസുകാരെയം ബിജെപിക്കാരെയും ഒക്കെ വിളിച്ചതാണ് വിഎസ് ചൂണ്ടിക്കാണിച്ചത്. അങ്ങനെ വിവിധ പാര്‍്ട്ടികളിലുള്ള നേതാക്കന്മാരെ വിളിക്കുന്നതിലൂടെ താനൊരു നല്ല മനുഷ്യനാവുകയാണ് ചെയ്തതെന്ന അര്‍ത്ഥത്തിലെന്തൊക്കെയോ സഖാവ് പിണറായി പറഞ്ഞിട്ടുണ്ട്. മകളുടെ വിവാഹത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം നോക്കാതെ നല്ല ബെസ്റ്റ് മനുഷ്യനായ പിണറായി വയോധികനായ പഴയ സഹപ്രവര്‍ത്തകനെ കാണാന്‍ പോയ വിഎസിനെ കുറ്റപ്പെടുക്കുകയും വിലക്കുകയും ചെയ്തതിലൂടെ നല്ല അസ്സലൊരു കാണ്ടാമൃഗം ആയി മാറിയിരിക്കുകയാണ്.

മുഖ്യമന്ത്രിയായിരിക്കെ ഒറ്റയാള്‍ പോരാട്ടം നടത്തിയ വിഎസ് സ്ഥാനമൊഴിഞ്ഞ ശേഷം അതിനെക്കാള്‍ ശക്തമായി പോരാട്ടം തുടരേണ്ട സ്ഥിതിയാണ്. ഒരു വശത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വക കേസുകള്‍ പലത്. അതോടൊപ്പമാണ് ബെര്‍ലിനെ കാണാന്‍ പോയി ബാര്‍ലി വെള്ളം കുടിച്ചു എന്നൊക്കെ പറഞ്ഞ് തുഗ്ലക്ക് പാര്‍ട്ടി വാരിക്കുന്തമുയര്‍ത്തുന്നത്. മകളുടെ വിവാഹത്തിന് എല്ലാം പാര്‍ട്ടിക്കാരും വന്നത് രാഷ്ട്രീയജീവിതത്തില്‍ മുതല്‍ക്കൂട്ടായെന്നു പറയുന്ന പിണറായി മുതല്‍ക്കൂട്ട് പാടില്ല എന്ന കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വം പോലും ലംഘിക്കുകയാണ്. ബെര്‍ലിനെ കാണാന്‍ പോയ വിഎസിന് അതാണ് രാഷ്ട്രീയമുതല്‍ക്കൂട്ട് എന്നു തോന്നിയാല്‍ പിണറായി വിജയന്‍ ജയിച്ചോ തോറ്റോ ?

അതിന്റെ കൂടെയാണ് ബെര്‍ലിന്റെ ഉദാരമായ സംഭാവന. ഐസ്‍ക്രീം കേസില്‍ നിന്നു കുഞ്ഞാലിക്കുട്ടിയെ രക്ഷപെടുത്തി ലീഗിനെ ഒന്നായി എല്‍ഡിഎഫിലെത്തിച്ച് തിരഞ്ഞെടുപ്പ് ജയിക്കാന്‍ സിപിഎം നീക്കങ്ങള്‍ നടത്തി എന്ന ബെര്‍ലിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ സംബന്ധിച്ച് നാറ്റക്കേസാണ്. പാലൊളിയും ശിവദാസമേനോനും മൂന്നാമതൊരാളും കൂടി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാണക്കാട്ടു പോയി എന്നും ബെര്‍ലിന്‍ വെളിപ്പെടുത്തുന്നു. അങ്ങനെയൊരു ചര്‍ച്ചയേ നടന്നിട്ടില്ല എന്നും ബെര്ലിന്‍ നോര്‍മലല്ലെന്നും പെട്ടെന്നു ചികില്‍സിച്ചാല്‍ രക്ഷപെടുമെന്നുമൊക്കെ ശിവദാമേനോന്‍ പറഞ്ഞിട്ടുണ്ട്.

ഇതിപ്പോള്‍ സിപിഎം കോണ്‍ഗ്രസ് പോലെയായി എന്നു പറയുന്നത് തെറ്റാണ്. കോണ്‍ഗ്രസില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമാണ്. ഇവിടെ നേരേ തിരിച്ചാണ്. റാഡിക്കലായ ഒരു മാറ്റത്തിന് പാര്‍ട്ടി തയ്യാറായാലും നേതാക്കന്മാര്‍ റെഡിയാവില്ല എന്നു തന്നെയാണ് സൂചന. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സ്റ്റഡി ക്ലാസുകള്‍ കട്ട് ചെയ്ത് സിനിമയ്‍്ക്കു പോയതിനായിരിക്കണം പാര്‍ട്ടിയുടെ ഉപരോധം. അമേരിക്കയുടെ വരെ വിലയിടിയുന്നു പിന്നെയാണ് ഒരിടത്തും ഭരണമില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി. പത്തു മുപ്പത് കൊല്ലം ഭരിച്ച് കുളംതോണ്ടിയ ബംഗാളില്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശിയടിക്കുമ്പോള്‍ ബംഗാളിനെ രക്ഷിക്കാന്‍ (തുലയ്‍ക്കുന്നത് തുടരാന്‍) എന്ന പേരില്‍ തെരുവില്‍ ബക്കറ്റ് പിരിവു നടത്തുന്ന സഖാക്കന്മാരെ നിരത്തി നിര്‍ത്തി സാധാരണജനത്തിന് പാടാന്‍ കയ്യില്‍ ഒരു വിപ്ലവഗാനമേയുള്ളൂ…

രാത്രി ശുഭരാത്രി, ഇനി എന്നും ശിവരാത്രി…..

ഒരു ശാസ്ത്രജ്ഞയ്‍ക്ക് കേരളത്തില്‍ ഗവേഷണം നടത്തിക്കൂടെ ?

മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സ്വന്തം മക്കള്‍ക്കായി എന്തൊക്കെ അഴിമതികളാണ് നടത്തിയത് എന്ന് ഒരു മുന്‍ പ്രജ എന്ന നിലയ്‍ക്ക് എനിക്കിതുവരെ ഒരു വ്യക്തത ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ അരുണ്‍കുമാറിന് എന്തൊക്കെയോ വഴിവിട്ടു നല്‍കി എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അന്വേഷണദ്യോഗസ്ഥര്‍ മരിച്ചു കിടന്ന് അന്വേഷിച്ചിട്ടും എന്തുകൊണ്ട് അരുണ്‍കുമാര്‍ അകത്താവുന്നില്ല എന്നെനിക്കു മനസ്സിലാവുന്നില്ല. സത്യം നീതി എന്നിവയോടും ജുഡീഷ്യറിയോടും ഇപ്പോഴത്തെ സര്‍ക്കാരിനുള്ള ആദരവ് പറഞ്ഞറിയിക്കാനാവാത്തതാണ് (45 ദിവസത്തെ പരോള്‍ എന്ന ലിമിറ്റ് കഴിഞ്ഞതിനു ശേഷം പിള്ള അനതര്‍ 30 ദിവസത്തെ പരോളില്‍ പുറത്ത് കറങ്ങിനടക്കുകയാണ്).

അരുണ്‍കുമാറിന്റെ കേസ് അന്വേഷണം നടക്കട്ടെ. വല്ലതും തെളിഞ്ഞാല്‍ ഉമ്മന്‍ ചാണ്ടി സാര്‍ പറഞ്ഞതുപോലെ നിയമം അതിന്റെ വഴിക്കു വച്ച് പുള്ളിയെ കണ്ടോളും. ഇപ്പോഴത്തെ പ്രശ്നം വിഎസിന്റെ മകള്‍ ആശയ്‍ക്ക് വനംവകുപ്പ് ഗവേഷണത്തിനായി 35 ലക്ഷം രൂപ അനുവദിച്ചു എന്നതാണ്. വിഎസ് മകളെ വഴിവിട്ടു സഹായിച്ചു എന്ന ടോണിലുള്ള വാര്‍ത്ത മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായത് ഇത്രമാത്രമാണ്:- രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലെ ഇ-1 ശാസ്ത്രജ്ഞയായ ആശ ചേച്ചിയ്‍ക്ക് 2001 മുതല്‍ 2010 വരെയുള്ള കാലയളവിലേക്ക് ഗവേഷണത്തിനായി വനംവകുപ്പ് 35 ലക്ഷം രൂപ അനുവദിക്കുകയും 2006, 2008, 2009, 2010 വര്‍ഷങ്ങളില്‍ ആശ ചേച്ചി ഗവേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അത് എങ്ങനെ ഒരു വിവാദമായി എന്നത് എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല.

ഗവേഷണപ്രബന്ധം മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരാവകാശനിയമപ്രകാരം കിട്ടിയില്ല അതുകൊണ്ട് അങ്ങനെയൊന്നില്ല എന്ന് അവര്‍ കണ്‍ക്ലൂഡ് ചെയ്തു എന്നാണ് എനിക്കു മനസ്സിലായത്. ഒരാളോട് അച്ഛനാരാണ് എന്നു ചോദിച്ചിട്ട് അയാള്‍ മൗനം പാലിച്ചാല്‍ അയാള്‍ അച്ഛനില്ലാത്തവനാണ് എന്നു എക്സ്ക്ലൂസീവടിക്കുന്നവനെ പച്ചമലയാളത്തില്‍ പലതും വിളിക്കാം. വിഎസിന്റെ മക്കള്‍ പഴയ ചില നേതാക്കന്മാരുടെ മക്കളെപ്പോലെ എഴുത്തും വായനയുമില്ലാതെ അലമ്പുണ്ടാക്കി അലഞ്ഞു തിരിഞ്ഞു നടക്കുകയും അച്ഛന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഓടിക്കേറി വന്ന് പലതും നേടിയെടുത്തു എന്ന മട്ടിലാണ് വാര്‍ത്തകളും പ്രചരണങ്ങളും നടക്കുന്നത്. രാഷ്ട്രീയത്തില്‍ എത്തിനോക്കുകപോലും ചെയ്യാത്ത വിഎസിന്റെ മക്കളെ അത്തരത്തില്‍ വേട്ടയാടുന്നത് അങ്ങേയറ്റം നികൃഷ്ടമായ മാധ്യമപ്രവര്‍ത്തനമാണ്. പൊതുജീവിതത്തിലില്ലാത്ത അവരെ മുന്‍മുഖ്യമന്ത്രിയുടെ മക്കളായിപ്പോയി എന്ന കാരണത്താല്‍ പത്രത്താളുകളിലിട്ട് മനോരോഗികളായ റിപ്പോര്‍ട്ടര്‍മാര്‍ വിചാരണ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്.

വിഎസിനെതിരായി ഊതിപ്പെരുപ്പിച്ച മൂന്നു കേസുകളാണ് ഇതുവരെ കേട്ടത്. ഒന്ന് മകന്റേത്, രണ്ട് ഏതോ ബന്ധുവിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടത്, മൂന്നാമത്തേത് ഇപ്പോള്‍ ആശയുടെ പേരിലുള്ളത്. മകന്റെ പേരിലുള്ളത് അന്വേഷണം നടക്കുന്നു, രണ്ടാമത്തേത് ഏറെക്കുറെ ചീറ്റിപ്പോയെന്നു തോന്നുന്നു. ആശയുടെ പേരിലുള്ളത് ചീറ്റിക്കൊണ്ടിരിക്കുന്നു.

വനം വകുപ്പില്‍ നിന്നു ഗവേഷണത്തിനായി തുക നല്‍കിയതു രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മേധാവി വഴിയാണെന്നും, ഇതിന്റെ കണക്കുകള്‍ അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് ചെയ്തിട്ടുണ്ടെന്നും ഡോ. ആശ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നാലു ഗവേഷണങ്ങള്‍ക്കായി ആകെ അനുവദിച്ച തുകയാണു 35 ലക്ഷം രൂപയെന്നും, ഗവേഷണം പൂര്‍ത്തിയാക്കി പ്രബന്ധങ്ങളുടെ പകര്‍പ്പുകള്‍ വനം വകുപ്പിലും രാജീവ്ഗാന്ധി സെന്ററിലും സൂക്ഷിക്കുന്നുണ്ടെന്നും ആശ വിശദീകരിച്ചു. പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യം, ഔഷധസസ്യങ്ങള്‍ എന്നിവ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കാണു വനം വികസന വിഭാഗം തുക അനുവദിച്ചത്.ഈ പ്രബന്ധങ്ങള്‍ 13 രാജ്യാന്തര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സത്യത്തില്‍ വിഎസിനെയും കുടുംബത്തെയും കരിവാരിത്തേയ്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരോ സൃഷ്ടിച്ച വിവാദത്തിലൂടെ അദ്ദേഹത്തിന്റെ മകള്‍ ആരാണെന്നു മനസിലാക്കാന്‍ സാധാരണക്കാര്‍ക്കു സാധിച്ചു എന്നതാണ് ഉണ്ടായ മെച്ചം.

അഴിമതിക്കെതിരായി വിഎസ് ആഞ്ഞടിക്കുമ്പോഴും ചികഞ്ഞു നോക്കിയാല്‍ എന്തെങ്കിലുമൊക്കെ അദ്ദേഹത്തിന്റെ പേരിലും കണ്ടേക്കും എന്നു ജനം കരുതിയിരുന്നിക്കാം. എന്നാല്‍, ചികയും തോറും ചികയുന്നവന്റെ ഭ്രാന്തും വേട്ടയാടപ്പെടുന്ന അദ്ദേഹത്തിന്റെ തിളക്കവും കൂടുകയാണ് ചെയ്യുന്നത്. കോടതി ശിക്ഷിച്ചിട്ടും ഫുള്‍ടൈം പരോളില്‍ നടക്കുന്ന അഴിമതിക്കാരെപ്പറ്റി മിണ്ടാതിരിക്കുകയും കഴിവുള്ള പ്രതിഭകളെ രാഷ്ട്രീയപ്രതികാരത്തിന്റെ പേരില്‍ വേട്ടയാടുകയും ചെയ്യുന്നത് തീര്‍ച്ചയായും നല്ല രാഷ്ട്രീയപ്രവര്‍ത്തനമല്ല.

കൌമാരകലയ്ക്ക് 50

സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.

1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രവും ഓര്‍മകളും നിര്‍ണായകമായ ഒരു ഫ്ളാഷ്ബാക്കിന്റെ വഴിയിലൂടെ സഞ്ചരിച്ചേ മതിയാവൂ. 1956ല്‍ ഡല്‍ഹിയില്‍ മൌലാന ആസാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യുവജനോല്‍സവം കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരന്‍ കാണാനിടയായതാണ് കേരളത്തില്‍ സ്കൂള്‍ കലോല്‍സവത്തിനു ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്ന് 1956 നവംബറില്‍ ഏതാനും ഡിഇഒമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി, സംസ്ഥാനത്ത് സ്കൂള്‍ യുവജനോല്‍സവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറില്‍ കേരളത്തിലെ 12 ജില്ലകളിലും കലോല്‍സവം നടത്തി. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോല്‍സവത്തില്‍ 13 ഇനങ്ങളില്‍ 18 മല്‍സരങ്ങള്‍ നടന്നു. പങ്കെടുത്ത മല്‍സരാര്‍ഥികളുടെ എണ്ണം 400.ആദ്യ മേളയില്‍ കിരീടം ചൂടിയതു കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ വരുന്ന വടക്കേ മലബാര്‍ ജില്ലയായിരുന്നു.

കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്കൂള്‍ കലോല്‍സവം. 1958ല്‍ തിരുവനന്തപുരം ഗവ. മോഡല്‍ സ്കൂളില്‍ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നു. അന്നു മല്‍സരിച്ചു വിജയിച്ചവരില്‍ ലളിതസംഗീതത്തില്‍ ഒരു പള്ളുതുരുത്തി യേശുദാസനും മൃദംഗത്തില്‍ തൃപ്പൂണിത്തുറ ജയചന്ദ്രക്കുട്ടനും ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ സ്വരമായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും നിത്യയൌവ്വനമുള്ള ശബ്ദത്തിനുടമയായ പി.ജയചന്ദ്രനും. പിന്നീടങ്ങോട്ടുള്ള കലോല്‍സവങ്ങള്‍ സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തേക്ക് കടത്തി വിട്ടത് ഒട്ടേറെ പ്രതിഭകളെയാണ്.
മുന്നാം കലോല്‍സവം പാലക്കാട്ടും നാലാം കലോല്‍സവം കോഴിക്കോട്ടും നടന്നു. യുദ്ധം കാരണം 1966, 67, 72 വര്‍ഷങ്ങളില്‍ കലോല്‍സവം നടന്നില്ല. പത്താമത് സ്കൂള്‍ കലോല്‍സവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്. 1968ല്‍ ആദ്യമായി സുവനീര്‍ പുറത്തിറങ്ങി.

1976ല്‍ കോഴിക്കോടാണ് ആദ്യമായി കലോല്‍സവ സാംസ്കാരിക ഘോഷയാത്ര തുടങ്ങിയത്. 1982ല്‍ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോല്‍സവത്തിലെ മല്‍സര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി. 1986ല്‍ തൃശൂരില്‍ നടന്ന കലോല്‍സവത്തിലാണ് ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നല്‍കിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിര്‍ദേശിച്ചത്.

1987ല്‍ കോഴിക്കോട്ട് നടന്ന കലോല്‍സവത്തിലാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ് ആദ്യമായി ചാംപ്യന്‍മാര്‍ക്കു നല്‍കിയത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ തിളങ്ങുന്നവര്‍ക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങള്‍ നല്‍കിയാല്‍ മതിയെന്ന പരിഷ്കാരം വന്നത് 1999ലാണ്. കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ (ഇപ്പോള്‍ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങള്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് – പത്ത് തവണ. ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്. ഏറ്റവും കൂടുതല്‍ തവണ കലോല്‍സവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് – 17 തവണ.

2005ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ കലോല്‍വത്തിന്റെ പടി ഇറങ്ങി. കലാകേരളം ആഘോഷിച്ച രണ്ടു വിശേഷണങ്ങളാണ് കലാപ്രതിഭയും കലാതിലകവും. കേരളത്തിന്റെ കലാകൌമാരങ്ങള്‍ ഇത്രയധികം ഹൃദയത്തിലേറ്റിയ പേരുകള്‍ വേറെയുണ്ടോയെന്നു പോലും സംശയമാണ്. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തോടെ രണ്ടു ദശാബ്ദത്തോളം വേദികളെ കീഴടക്കിയ ഇൌ പ്രതിഭാ മുദ്രകള്‍ കലാവേദിക്കു പുറത്തായി. അനാരോഗ്യ മല്‍സരങ്ങള്‍ കാരണം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒഴിവാക്കി 2006ല്‍ ഗ്രേഡിങ് സമ്പ്രദായം നിലവില്‍ വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതു പോലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം എന്ന പേര് മാറ്റി കേരള സ്കൂള്‍ കലോല്‍സവം എന്ന പേര് സ്വീകരിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തയാറാക്കിയ പുതിയ നിയമാവലി പ്രകാരമാണ് പേരില്‍ മാറ്റമുണ്ടായത്. പ്രച്ഛന്ന വേഷം ആ വര്‍ഷം മുതല്‍ ഒഴിവാക്കി. ചാക്യാര്‍ കൂത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമാക്കി. നാദസ്വരം പ്രത്യേക ഇനമായി.
2009ല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, സംസ്കൃതോല്‍സവം, അറബിക് കലോല്‍സവം എന്നിവ ചേര്‍ത്ത് മഹാമേളയാക്കി. ടിടിഐ കലോല്‍സവം വേര്‍പെടുത്തി.

ഇക്കുറി കലോല്‍സവം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 50-ാം സ്കൂള്‍ കലോല്‍സവത്തിന് ഇന്നു വൈകിട്ട് അഞ്ചിനുകോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരി തെളിയിക്കും. വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 10നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷും കലാസാഹിത്യസാംസ്കാരിക രംഗത്തെ 49 പ്രമുഖരും ചേര്‍ന്നു പതാകകള്‍ ഉയര്‍ത്തും. 50 വര്‍ഷത്തിന്റെ സൂചനയാണ് 50 പതാകകള്‍. 50 വെള്ളരിപ്രാവുകളെ പറത്തും. 50 കതിനാ വെടികളും മുഴങ്ങും. 50 സംഗീതാധ്യാപകര്‍ അണിനിരക്കുന്ന സംഗീതശില്‍പവും സ്വാഗതഗാനവുമുണ്ടാകും.

പിണറായി ടൈംസ്

ഇത്രയും കാലം ദേശാഭിമാനി ഡെയ്‍ലി വായിക്കാത്തതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. നേരറിയാന്‍ നേരത്തെ അറിയാനുള്ള സുവര്‍ണാവസരം നഷ്ടമാക്കിയതില്‍ ഞാന്‍ പരിതപിക്കുന്നു. കേരളത്തിലെ പത്തു പന്ത്രണ്ടോളം പത്രങ്ങളും ഏതാണ്ട് അത്രയും ചാനലുകളും മൂത്തൂറ്റ് പോള്‍ വധത്തില്‍ നടത്തിയ കുപ്രചരണങ്ങളും മെനഞ്ഞ കള്ളക്കഥകളും എന്താണെന്ന് സത്യത്തില്‍ പിണറായി വിജയന്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്.

ഇനി കണ്ടോ, ലാവ്‍ലിന്‍ കേസൊക്കെ മാറ്റി വച്ച് കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ വലിയ അന്വേഷണമാണ് നടക്കാന്‍ പോകുന്നത്. സകല പത്രക്കാരെയും ലോക്കപ്പില്‍ കേറ്റിയിട്ട് ഇടിക്കും. പത്രമുതലാളിമാരെ തലകീഴായി കെട്ടിത്തൂക്കി നീതി നടപ്പാക്കും. ഒടുവില്‍ ദേശാഭിമാനിയും കൈരളിയും മാത്രം ശേഷിക്കും. അന്ന് അച്യുതാനന്ദന്‍ എവിടെയായിരിക്കും ?
[smartads]
മാധ്യമങ്ങള്‍ ചെയ്ത അപരാധങ്ങള്‍ ഇവയാണ്-
1. പോള്‍ വധത്തെ പറ്റി വാര്‍ത്തകള്‍ കൊടുത്തു.
2. പോലീസ് പറഞ്ഞത് അപ്പടി വിശ്വസിച്ചില്ല.
3. ഗുണ്ടകള്‍ ദുബായിലുണ്ടെന്ന് കള്ളം പറഞ്ഞു. (അപ്പോള്‍ അവര്‍ എവിടെയായിരുന്നു എന്നു കൃത്യമായറിയാവുന്നവര്‍ക്കല്ലേ ഏതാണ് കള്ളമെന്നറിയൂ, പാവം വിഡ്ഢികള്‍ വായനക്കാര്‍)
4. എസ് കത്തി കൊല്ലനുണ്ടാക്കിയതാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചു. (എസ് കത്തിയെ വലിയൊരു കൊടുവാള്‍ പ്രസവിച്ചതാണെന്നും ആ കത്തി ആര്‍എസ്എസ് ക്യാംപിലാണുണ്ടായിരുന്നതെന്നും പറഞ്ഞിട്ടു വല്ല നാറിയും വിശ്വസിച്ചോ ?)
5. ഏറ്റവും പ്രധാനമായി, ലാവ്‍ലിന്‍ കേസ് കുത്തിപ്പൊക്കി ഈ പരുവത്തിലാക്കി.

മാധ്യമങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്ന് എനിക്കഭിപ്രായമില്ല. രാഷ്ട്രീയക്കാരെക്കാള്‍ കേരളത്തിലെ ജനങ്ങള്‍ മാധ്യമങ്ങളെ വിശ്വസിക്കുന്നു എന്നതുകൊണ്ട് ഇക്കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും പുലര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. അത് അന്വേഷിക്കാനിറങ്ങിത്തിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പോലീസിനെ എതിര്‍ക്കുക എന്നതിനപ്പുറം തങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി ആധികാരികത പുലര്‍ത്താന്‍ കഴിയുന്നവരുമാകണം.അതും സംശയമില്ലാത്ത കാര്യമാണ്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇവയാണ്-

1. മാധ്യമങ്ങള്‍ ഗുണ്ടകളെ സംരക്ഷിക്കുകയാണ്.
2. മാധ്യമങ്ങള്‍ കള്ളപ്രചരണം നടത്തുകയാണ്.
3. കാരി സതീഷിന്‍റെ വീട്ടില്‍ നിന്നു കത്തി കണ്ടെത്തിയ വാര്‍ത്ത വളച്ചൊടിക്കാന്‍ ശ്രമിച്ചു.
4. കത്തി പണിയിക്കാന്‍ കൊടുത്തു എന്നു വരെ വാര്‍ത്ത നല്‍കിയിരിക്കുന്നു.
5. ക്വട്ടേഷന്‍ സംഘത്തെ ചങ്ങനാശ്ശേരിയില്‍ നിന്നു ആലപ്പുഴയിലെത്തിച്ചത് കോണ്‍ഗ്രസുകാരനാണ് (ആര് ? ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ ?)

ഇതിനൊക്കെ മറുപടി പറയണോ എന്നു തീരുമാനിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങളാണ്. കേരള മുഖ്യമന്ത്രി അച്ചുതാനന്ദന് മാധ്യമങ്ങളെപ്പറ്റി എന്താണ് അഭിപ്രായമെന്നു നോക്കാം.മാധ്യമപ്രവര്‍ത്തകര്‍ പല നല്ലകാര്യങ്ങളും ചെയ്യുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപ്പോള്‍ സംഗതിയുടെ കിടപ്പ് അങ്ങനെയാണ്.

കത്തി പണിയിച്ചതാണെന്നു വാര്‍ത്ത കൊടുത്ത ഏഷ്യാനെറ്റിനു വല്ല കുലുക്കവുമുണ്ടോ ?

ഏതു തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന നിലപാടിലാണ് ഏഷ്യാനെറ്റ്. ആലപ്പുഴ നോര്‍ത്ത് സി ഐ ‘എസ്’ ആകൃയിലുള്ള ഒരു കത്തി പ്രസാദ് എന്ന കൊല്ലനെക്കൊണ്ട് പണിയിച്ചു എന്ന ഏഷ്യാനെറ്റിന്‍റെ കണ്ടെത്തലിനെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഏഷ്യാനെറ്റിന്‍റെ പ്രതികരണം.

“ഏത് അന്വേഷണത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മറ്റേതൊരു അന്വേഷണ ഏജന്‍സിയെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ പോലെ പോള്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുക എന്നതാണ് ഏഷ്യാനെറ്റിന്‍റെയും ലക്‍ഷ്യം. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഞങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുകയാണുണ്ടായത്. ഇതില്‍ അല്‍പ്പം വിഷമമുണ്ട്” -ടി.എന്‍. ഗോപകുമാര്‍ അറിയിച്ചു.

സംഗതി അവിടെ തീര്‍ന്നോ ? ഏതാണ് ഈ കോണ്‍ഗ്രസുകാരന്‍ ഗുണ്ട ഏതു കോണ്‍ഗ്രസ് എംഎല്‍എയുടെ ഹോസ്റ്റലിലാണ് താമസിച്ചത് ?

തന്‍റെ ക്വാര്‍ട്ടേഴ്സില്‍ ഓംപ്രകാശ് താമസിച്ചിട്ടില്ലെന്നും ഗുണ്ടകളുമായി സി പി എമ്മിനുള്ള ബന്ധം മറിച്ചുവയ്ക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് എംപി കെ. സുധാകരന്‍ പറഞ്ഞതോടെ ആ സംശയം തീര്‍ന്നു.ഓം പ്രകാശിനെ എല്ലാ രാഷ്ടീയ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചതിന് അയാളോട് പിണറായി വിജയന്‍ നന്ദി ഉണ്ടാകണമെന്ന് കെ സുധാകരന്‍ പറഞ്ഞു. എസ് എഫ് ഐക്ക് വേണ്ടിയും ഡി വൈ എഫ് ഐക്കുവേണ്ടിയും ഓം പ്രകാശിനെ ഉപയോഗിച്ചത് പിണറായി വിജയനാണെന്ന് സുധാകരേട്ടന്‍ പ്രത്യാരോപണം ഉന്നയിച്ചിട്ടുണ്ട്.

മാധ്യമങ്ങള്‍ കേരളത്തില്‍ വിചാരണ ചെയ്യപ്പെടേണ്ടത് ആവശ്യമാണ് എന്നു തന്നെ പറയാം. പക്ഷെ, ആ ജോലി ഏറ്റെടുക്കേണ്ടത് രാഷ്ട്രീയക്കാരല്ല, ജനങ്ങളാണ്. എങ്കിലും ഏതെങ്കിലും മാധ്യമത്തിനെതിരെ ഒരന്വേഷണം നടത്താന്‍ നിയമപരമായി ഇവിടെ തടസ്സവുമില്ല. ഇങ്ങനെ ചില ആഹ്വാനങ്ങള്‍ക്കപ്പുറത്തേക്ക് തങ്ങള്‍ അനുവദിച്ചു നല്‍കിയിരിക്കുന്ന അപ്രമാദിത്വം ഭേദിച്ച് മാധ്യമങ്ങളെ തൊട്ടുകളിക്കാന്‍ അല്‍പം ചങ്കൂറ്റമുള്ള പിണറായി വിജയനല്ലാതെ മറ്റാരും രംഗത്തുവരില്ലെന്നതു വേറെ കാര്യം.

ഇനി മറ്റൊരു സംശയം ? എന്താണ് മാധ്യമങ്ങള്‍ക്ക് ഇതിലുള്ള താല്‍പര്യം ? സത്യം, നീതി, ധര്‍മം ? ഉണ്ടയാണ്. വിറ്റു പോകുന്ന വാര്‍ത്തകളെ ഭംഗിയായി വില്‍ക്കുക എന്നതാണ് ഇവിടുത്തെ എന്നല്ല എവിടുത്തെയും മാധ്യമധര്‍മം. പോള്‍ വധം തെളിയിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുക എന്നതൊന്നുമല്ല കിട്ടിയ കേസ് തങ്ങളുടേതായ രാഷ്ട്രീയത്തിനും ഉപജീവനത്തിനും ഉപയോഗിക്കുക എന്നതാണ് മാധ്യമധര്‍മം. മറ്റെല്ലാ രംഗവും ജീര്‍ണിക്കുകയും മാധ്യമരംഗം മാത്രം മൂല്യങ്ങളില്‍ മുറുകെ പിടിച്ച് നിലനില്‍ക്കുകയും ചെയ്തു എന്നത് ഒരു മണ്ടന്‍ സങ്കല്‍പമാണ്.
[smartads]
സിപിഎം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. മാധ്യമപ്രവര്‍ത്തകരോട് ഒത്തുതീര്‍പ്പില്ലാത്ത നേതാവാണ് പിണറായി. കെ.കരുണാകരനെപ്പോലെ മാധ്യമപ്രവര്‍ത്തകരെ രസിപ്പിച്ചും സുഖിപ്പിച്ചും കൈകാര്യം ചെയ്യുന്ന ശൈലി പിണറായി വിജയനില്ല. അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിണറായിയെ പേടിയാണ്. അദ്ദേഹവുമായി ഏറ്റുമുട്ടാനുള്ള അവസരങ്ങളിലെല്ലാം കര്‍ക്കശ്ശമായ ഉത്തരങ്ങള്‍ വഴി നിശബ്ദമാക്കപ്പെടുന്നതാണ് പലരുടെയും അനുഭവം.ചുരുക്കത്തില്‍ മാധ്യമങ്ങള്‍ക്ക് പിണറായിയെ എതിര്‍ക്കണമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല-അങ്ങനെയും ഊഹിക്കാം.

മുത്തൂറ്റ് പോഴ്‍ വധവും പിണറായി വിജയനും തമ്മില്‍ ബന്ധമൊന്നുമില്ലെങ്കിലും സിപിഎമ്മിനെ കേസിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുന്നത് കാണുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന് അടങ്ങിയിരിക്കാനും കഴിയില്ല. ഇത് നിലവില്‍ കൈവിട്ടു പോയ ഒരു കേസാണ്. പോലീസ് പറയുന്നതൊന്നും വിശ്വസിക്കില്ല എന്ന നിലപാടിലാണ് മാധ്യമങ്ങളും ജനവും. രാഷ്ട്രീയക്കാരെയും ആര്‍ക്കും വിശ്വാസമില്ല. കഥകള്‍ മെനയുകയല്ലാതെ ഏതാണ് സത്യം എന്നു മാധ്യമങ്ങള്‍ക്കും വലിയ പിടിയില്ല. സത്യം എന്നു പുറത്തുവരും എന്ന് ദൈവത്തിനു പോലും വലിയ നിശ്ചയമുണ്ടാവില്ല എന്നു ചുരുക്കം.