നയാഗ്രയിലെ വെള്ളത്തില്‍ അവകാശമുണ്ടെന്നു തമിഴ്‌നാട്

അമേരിക്ക- കാനഡ അതില്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടത്തില്‍ തമിഴ്‌നാടിന് അവകാശമുണ്ടെന്നും അതുകൊണ്ട് നയാഗ്രയിലെ വെള്ളം എത്രയും വേഗം തങ്ങള്‍ക്കു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി. നയാഗ്ര വെള്ളച്ചാട്ടത്തിലൂടെ ദിവസവും അനേകം ലക്ഷം ലിറ്റര്‍ വെള്ളമാണ് ആര്‍ക്കും വേണ്ടാതെ ഒഴുകിപ്പോവുന്നത്. ഇത് അംഗീകരിക്കാവുന്നതല്ല. അവിടെ ആളുകള്‍ കുടിക്കാനും കുളിക്കാനും തുണിയലക്കാനും ഉപയോഗിച്ചതിനു ശേഷം ബാക്കി വരുന്ന വെള്ളം തമിഴ്‌നാടിനു ലഭ്യമാക്കണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനുള്ളിലൂടെ ഒഴുകുന്ന നദി തമിഴ്‌നാടിന്റെ സ്വന്തമാണെന്നു സ്ഥാപിച്ചതിനു പിന്നാലെ കബനീനദിയില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതവും തങ്ങള്‍ക്ക് അവകശപ്പെട്ടതാണെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഒട്ടുമിക്ക നദികളും തമിഴ്‌നാടിന്റെ സ്വന്തമായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് രാജ്യാന്തര നദികളുടെ മേല്‍ അവകാശമുന്നയിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നത്.

നയാഗ്രയിലൂടെ സെക്കന്‍ഡില്‍ ഏകദേശം 25000 ടിഎംസി വെള്ളമാണ് വെറുതെ ഒഴുകിപ്പോവുന്നത്. കാനഡയോ അമേരിക്കയോ ഈ വെള്ളം വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടത്തിലൂടെ ഒഴുകിപ്പോവുന്ന വെള്ളത്തിനു പുറമേ അമേരിക്കയും കാനഡയും പാഴാക്കിക്കളയുന്ന വെള്ളവും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തില്‍ തമിഴ്‌നാടിന് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ യുഎന്‍ സെക്രട്ടറി ജനറലിലെ തമിഴ്‌നാട് സസ്‌പെന്‍ഡ് ചെയ്യുമെന്നും സൂചനയുണ്ട്.

അമേരിക്കയും കാനഡയിലും ഇന്നു മറ്റൊരു ഭൂഖണ്ഡത്തിലെ രാജ്യങ്ങളാണെങ്കിലും എഡി 352ല്‍ ഇന്ത്യ സന്ദര്‍ശിച്ച മുനിച്ചാമി ചക്രവര്‍ത്തി ലോകത്തെ 10 പ്രമുഖ നദികള്‍ തമിഴ്‌നാടിന് 99999 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്തതായി രേഖയുണ്ടെന്നും അക്കാലത്ത് മുനിച്ചാമി ചക്രവര്‍ത്തിയോടൊപ്പം കുടിയേറിയ തമിഴ്‌നാട്ടുകാരാണ് അമേരിക്കയിലെയും കാനഡയിലെയും ആദ്യ കുടിയേറ്റക്കാര്‍ എന്നതിനാല്‍ ഇരു രാജ്യങ്ങളുടെ മേലും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും തമിഴ്‌നാട് വ്യക്തമാക്കി. രാജ്യങ്ങളുടെ ഭരണാവകാശം ഇപ്പോള്‍ കൈമാറേണ്ടെന്നും തല്‍ക്കാലം നദികളുടെ അവകാശം മാത്രം നല്‍കിയാല്‍ മതിയെന്നും തമിഴ്‌നാടിന്റെ കത്തില്‍ പറയുന്നു. തമിഴ്‌നാടിന് അനുകൂലമായ തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

അതേ സമയം, ഗംഗ, യമുന, ഗോദാവരി തുടങ്ങിയ ഇന്ത്യയിലെ മറ്റു നദികളും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന വാദവുമായി തമിഴ്‌നാട് എംപിമാര്‍ പാര്‍ലമെന്റ് ഉപരോധിച്ചു. 3000 വര്‍ഷം മുന്‍പ് ഈ നദികളെല്ലാം തമിഴ്‌നാട്ടില്‍ നിന്നു ഉദ്ഭവിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് ഒഴുകിയിരുന്നതാണെന്നും അക്കാലത്ത് ഹിമാലയം ഒരു വലിയ താടകമായിരുന്നെന്നും അവര്‍ പറയുന്നു. ബിസി 500ല്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ഹിമാലയം പൊങ്ങിവരികയും നദികളുടെ ഗതിമാറുകയും ചെയ്തതാണെന്നും അതിന് തമിഴ്‌നാട് ഉത്തരവാദി അല്ലാത്തതിനാല്‍ ഈ നദികള്‍ പൂര്‍ണമായും തമിഴ്‌നാടിനു വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം.

അതേ സമയം, തല്‍ക്കാലം കേരളത്തിലെ ജലസമ്പത്തു തൊണ്ടു തൃപ്തിപ്പെടണമെന്നും മറ്റു സംസ്ഥാനങ്ങളിലെ നദികളിന്‍മേലുള്ള അവകാശം തല്‍ക്കാലം വിട്ടുതരില്ലെന്നുമാണ് കേന്ദ്രനിലപാട്. കേരളത്തിലെ മുഴുവന്‍ നദികളിലെയും കായലുകളിലെയും വെള്ളം പൂര്‍ണമായും തമിഴ്‌നാടിനു വിട്ടുകൊടുക്കാന്‍ കോടതിയും ഉത്തരവു നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ ധാരാളമായി കിണറുകള്‍ കുഴിച്ച് തമിഴ്‌നാടിന് അവകാശപ്പെട്ട വെള്ളം ചോര്‍ത്തിയെടുക്കുകയാണെന്ന പരാതി ശരിവച്ച കോടതി തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇനി മുതല്‍ കേരളത്തില്‍ കിണറുകള്‍ കുഴിക്കുന്നതിനും നിലവിലുള്ള കിണറുകളുടെ ആഴം വര്‍ധിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കിണറുകളിലെ വെള്ളം കിണറുകളുടെ ഉടമസ്ഥര്‍ സ്വന്തം ചിലവില്‍ ടാങ്കറുകളില്‍ നിറച്ച് തമിഴ്‌നാട്ടിലെത്തിക്കണണെന്നും കോടതി വിധിയില്‍ പറയുന്നു.

കരിദിനാശംസകള്‍

പരമപരിശുദ്ധമായ ലോകമാതൃദിനം പൊട്ടിവിരിഞ്ഞു കഴിഞ്ഞു. ഇനി 24 മണിക്കൂര്‍ പെറ്റമ്മയുടെ അപദാനങ്ങള്‍ വര്‍ണിച്ചും അമ്മ, ഗര്‍ഭപാത്രം, മുലപ്പാല്‍ തുടങ്ങിയ വാക്കുകള്‍ വച്ചു കവിതകളെഴുതിയും അമ്മയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തും ഗൂഗള്‍ ഡൂഡില്‍ നോക്കിയിരുന്നും നമ്മള്‍ വമ്പിച്ച മാതൃദിനാഘോഷം നടത്തും. നാളെ മുതല്‍ എല്ലാം പഴയതുപോലെ. പെരുങ്കള്ളന്‍മാരും കള്ളികളുമായ, സ്വാര്‍ത്ഥതയുടെ മൂര്‍ത്തിരൂപങ്ങളായ നമുക്ക് ഇത്തരം ദിനാഘോഷങ്ങള്‍ വളരെ ഈസിയാണ്. അതുകൊണ്ട്, ഈ മാതൃദിനം കരിദിനമായി ആചരിച്ചുകൊണ്ട് 276 അമ്മമാരുടെ നിലയ്ക്കാത്ത കണ്ണീരിനൊപ്പം ഒരു പ്രാര്‍ഥനയര്‍പ്പിച്ചുകൊണ്ട് ഈ കരിദിനപോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.

ഒരു സംഘം ഭ്രാന്തന്‍മാര്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ 276 പെണ്‍കുട്ടികളുടെ അമ്മമാരും ഇന്ന് മാതൃദിനത്തിലൂടെ കടന്നു പോവുകയാണ്. വില്‍പ്പനച്ചരക്കായി പകുതി ജീവനോടെ അവരില്‍ അവശേഷിക്കുന്ന പെണ്‍കുട്ടികള്‍ നാളത്തെ അമ്മമാരാണ്. ആഫ്രിക്കയിലെ അപ്രധാനമായ ആ സംഭവവികാസം മനസ്സില്‍ തട്ടാതെ അവഗണിച്ചുകൊണ്ട് മാതൃദിനം ആഘോഷിക്കുന്ന സംസ്‌കാരസമ്പന്നമായ ലോകത്തിന് ഒരു കൂപ്പുകൈ.

ആഫ്രിക്കയിലെ അമ്മമാര്‍ക്ക് ഈ മാതൃദിനത്തില്‍ നമ്മുടെ സരസമായ തൂലികത്തുമ്പുകളില്‍ എന്തു സന്ദേശമാണ് നല്‍കാനാവുന്നത് എന്നു പരിശോധിക്കുക. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ലോകത്തിലെ ഭൂരിപക്ഷമാളുകളും മാധ്യമങ്ങളും അവഗണിച്ചുപോയ അവരുടെ കണ്ണീരിനെ നമ്മുടെ ഏതു മാതൃസ്‌നേഹം കൊണ്ടാണ് ന്യായീകരിക്കാനാവുക എന്ന് അന്വേഷിക്കുക. ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും അമ്മയുടെ പ്രസവവേദനയ്ക്ക് ഒറ്റ അര്‍ഥമേയുള്ളൂ. അവള്‍ മുലയൂട്ടി വളര്‍ത്തുന്ന കുഞ്ഞിനോട് ഒരേയൊരു വികാരമേയുള്ളൂ. ഈ മാതൃദിനം കരിദിനമാവാന്‍ ലോകത്തിന് മറ്റൊരു കാരണം ആവശ്യമില്ല.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പേരില്‍ ആഴ്ചകളോളം കണ്ണീരൊഴുക്കിയ, കഥകള്‍ മെനഞ്ഞ മാധ്യമങ്ങളും ആഗോളവാര്‍ത്താ ഏജന്‍സികളും നൈജീരിയയിലെ 276 കുരുന്നുകളുടെ കാര്യത്തില്‍ ആശങ്കാകുലരല്ല. മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ചെലവഴിച്ചതിന്റെ ആയിരത്തിലൊന്നു സമയവും പണവും അധ്വാനവും മതി ഈ കുരുന്നുകളെ കണ്ടെത്താന്‍. 276 കറുത്ത കുട്ടികള്‍ കാട്ടില്‍ക്കിടന്നു മരിച്ചുപോവുന്നതില്‍ ആരും ആസ്വസ്ഥരല്ല. അവരുടെ കാര്യത്തിലുള്ള നമ്മുടെ നിസ്സംഗതയും നിര്‍വികാരതയും നമ്മള്‍ പരിഷ്‌കൃതമാതൃസ്‌നേഹങ്ങളിലൂടെ മറയ്ക്കും, മാതൃദിന സന്ദേശങ്ങളിലൂടെ പര്‌സപരം വിസ്മയിപ്പിക്കും.ഇറാക്കിലും പലസ്തീനിലും കുരുന്നുകളെ കൊന്നുതള്ളിയതില്‍ ഒരു വികാരവും തോന്നാത്ത സമൂഹത്തില്‍ നിന്ന് ഈ പ്രശ്‌നത്തില്‍ മാത്രം വ്യത്യസ്തമായൊരു പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ല. കാലം ഏതായാലും രാജ്യം ഏതായാലും എല്ലാ കണക്കുതീര്‍ക്കലുകള്‍ക്കും ഇരയാവുന്നത് ഒന്നുമറിയാത്ത കുരുന്നുകളാണ്. തീരാവേദനയില്‍ നരകിച്ചു ജീവിക്കുന്നത് ലക്ഷക്കണക്കിന് അമ്മമാരും.

ബൊക്കോ ഹറാം നൈജിരിയയില്‍ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് മാസം ഒന്നു തികയാറായി. അവരില്‍ എത്ര പേര്‍ ജീവനോടെ അവശേഷിക്കുന്നുണ്ട് എന്നു നമുക്കറിയില്ല. ഒരു തെറ്റും ചെയ്യാത്ത ആ കുരുന്നുകള്‍ അവിടെ മരണത്തിലേക്കു നടന്നു നീങ്ങുമ്പോള്‍ നന്മ നിറഞ്ഞ വിശാലലോകത്തു നിന്ന് എന്തുകൊണ്ടാണ് ആരും തങ്ങളെ രക്ഷിക്കാന്‍ വരാത്തതെന്ന് അവര്‍ ദൈവത്തോടു ചോദിക്കുന്നുണ്ടാവും. അതിനുത്തരം പറയേണ്ടത് ഈ മാതൃദിനത്തെ അവിസ്മരണീയമാക്കാന്‍ പരിപാടികളാവിഷ്‌കരിക്കുന്ന നമ്മളോരോരുത്തരുമാണ്. ഈ മാതൃദിനത്തിന്റെ മനോഹാരിതയെ ആ കുരുന്നുകളുടെ ചോരയും അമ്മമാരുടെ കണ്ണീരും കൊണ്ടാണ് നമ്മള്‍ അടയാളപ്പെടുത്തുന്നത്.

നൈജിരിയില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത് ബൊക്കൊ ഹറാം ലോകം കണ്ടിട്ടില്ലാ വിധം കരുത്താര്‍ജ്ജിച്ച ഭീകരസംഘടയായതുകൊണ്ടല്ല. രാജ്യപുരോഗതിക്കു വേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ കയ്യില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ വാങ്ങി വിഴുങ്ങുന്ന ഗുഡ്‌ലക്ക് ജൊനാതന്‍ എന്ന ആണും പെണ്ണും കെട്ട പ്രസിഡന്റാണ് ആ നാടിന്റെ ശാപം. അഴിമതിയില്‍ മുങ്ങിക്കുളിച്ച നാണംകെട്ട ഭരണത്തില്‍ പൊട്ടിമുളച്ച വിഷവിത്താണ് ബൊക്കോ ഹറാം. ആയിരക്കണക്കിനാളുകളെ അവര്‍ കൊന്നൊടുക്കയും നൂറുകണക്കിനു പേരെ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്തത് സംഘടന അത്ര ശക്തമായതുകൊണ്ടല്ല. ആ രാജ്യത്തെ ഭരണസവിധാനം അത്രയെറെ ദൂര്‍ബലമായതുകൊണ്ടാണ്.

നമ്മള്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല നൈജീരിയയിലെ പ്രശ്‌നം. എന്നാല്‍, ആര്‍ക്കും പരിഹരിക്കാനാവാത്ത വിധം സങ്കീര്‍ണവുമല്ല. ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഭരണാധികാരികളും മാധ്യമങ്ങളും അവഗണിക്കുന്ന ഒരു പ്രതിസന്ധിയില്‍ നമ്മുടെ അഭിപ്രായങ്ങള്‍ ഒരു ചലനവും സൃഷ്ടിക്കില്ല. മാതൃസ്‌നേഹം വഴിഞ്ഞൊഴുകുന്ന ഈ മാതൃദിനത്തില്‍ ആ കുരുന്നുകളെയും അമ്മമാരെയും ഓര്‍ക്കാനെങ്കിലും കഴിയുന്നില്ലെങ്കില്‍ നമ്മുടെ അമ്മമാരെ നമ്മള്‍ നാണം കെടുത്തുകയാണ് ചെയ്യുന്നത്. നൈജിരിയിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി, അവരുടെ അമ്മമാര്‍ക്കു വേണ്ടി ഈ മാതൃദിനം കരിദിനമായി ആചരിക്കുന്നതില്‍ അമ്മമാര്‍ അഭിമാനിക്കുകയേയുള്ളൂ.

പുളുന്താന്‍ പ്രസിഡന്റിനു കീഴില്‍ നിന്നു കൊണ്ട് ലോകത്തോട് സഹായമഭ്യര്‍ഥിക്കുന്ന, നൈജിരിയയുടെ ശബ്ദം കേള്‍ക്കാതെ പോകരുത്. പ്രമുഖ നൈജീരിയന്‍ നടി സ്റ്റെല്ല ദമാസസിന്റെ ഈ വിഡിയോ കൂടി കാണുക. കരിദിനാശംസകള്‍ !

പാട്ടിന്റെ പാല്‍ക്കടല്‍

സംഗീതമാകുന്ന പശുവിന്റെ അകിട്ടില്‍ നിന്നും പാട്ടുകള്‍ കറന്നെടുക്കാന്‍ സാംസങ്ങിന്റെ സ്വന്തം റേഡിയോ ആപ്ലിക്കേഷന്‍ മില്‍ക്ക് മ്യൂസിക് പുറത്തിറങ്ങി. കഴിഞ്ഞ സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിച്ച ഐട്യൂണ്‍സ് റേഡിയോയ്ക്കും ലൂമിയ ഫോണുകളിലുള്ള വിന്‍ഡോസ് ആപ്ലിക്കേഷനായ നോക്കിയ മിക്‌സ് റേഡിയോയ്ക്കും തത്തുല്യമാണ് മില്‍ക്ക് മ്യൂസിക്. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണെങ്കിലും സാംസങ് ഗ്യാലക്‌സി സീരിസില്‍പ്പെട്ട തിരഞ്ഞെടുത്ത മോഡലുകള്‍ക്കു മാത്രമേ മില്‍ക്ക് റേഡിയോ ലഭിക്കൂ. കൊറിയന്‍ കമ്പനിയാണെങ്കിലും സംഗീതവിപണിയുടെ കരുത്തു നോക്കി യുഎസിലുള്ള ഉപയോക്താക്കള്‍ക്കു മാത്രമേ തല്‍ക്കാലം മില്‍ക്ക് റേഡിയോ കേള്‍ക്കാന്‍ പറ്റൂ. വൈകാതെ ഇങ്ങോട്ടൊക്കെ വരുമെന്നു പ്രതീക്ഷിക്കാം.

ആപ്പിള്‍ ഐട്യൂണ്‍സ് റേഡിയോയില്‍ നിന്ന് എടുത്തു പറയാവുന്ന പ്രധാന വ്യത്യാസങ്ങളിലൊന്ന് മില്‍ക്കില്‍ പരസ്യങ്ങളില്ല എന്നതാണ്. ഐട്യൂണ്‍സ് റേഡിയോയിലെ പോലെ തന്നെ ഉപയോക്താവിന്റെ അഭിരുചികളും മുന്‍ഗണനകളും മനസ്സിലാക്കി മില്‍ക്ക് ഇരുനൂറിലേറെ സ്‌റ്റേഷനുകളില്‍ നിന്നുള്ള റേഡിയോ സ്ട്രീം വ്യക്തിഗതമാക്കി നല്‍കും.

വളരെ മികച്ച യുസര്‍ ഇന്റര്‍ഫെയ്‌സ് ആണ് മില്‍ക്ക് റേഡിയോയുടെ പ്രത്യേകതകളിലൊന്ന്. മ്യൂസിക് ഡയല്‍ ആണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. വിവിധ സ്റ്റേഷനുകളും വിഭാഗങ്ങളും ഈ ഡയലില്‍ നിന്നും എളുപ്പത്തില്‍ തിരഞ്ഞെടുക്കാം. പോപ്പുലര്‍, ന്യൂ, ഫേവറിറ്റ് എന്നിങ്ങനെ പാട്ടുകളുടെ സ്ട്രീം ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ച് ക്രമീകരിക്കാം. സാംസങ് അക്കൗണ്ട് വഴി ലോഗിന്‍ ചെയ്താല്‍ വിവിധ ഉപകരണങ്ങളിലെ ആപ്ലിക്കേഷനുകള്‍ സിംക് ചെയ്യാം. ഇഷ്ടമുള്ള പാട്ടുകള്‍ ആപ്ലിക്കേഷനുള്ളില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി കേള്‍ക്കാം. പാട്ടുകള്‍ വാങ്ങാനുള്ള സൗകര്യം നിലവിലില്ല. ഐട്യൂണ്‍സ് റേഡിയോയുടെ മെച്ചപ്പെട്ട ഒരു അനുകരണമാണ് മില്‍ക്ക് മ്യൂസിക് എന്നു പറഞ്ഞാല്‍ തെറ്റില്ല. പണ്‍ഡോര, സ്‌പോട്ടിഫൈ തുടങ്ങിയ ആപ്ലിക്കേഷനുകളുമായും മില്‍ക്ക് മല്‍സരിക്കേണ്ടി വരും.

എല്ലാ ഗ്യാലക്‌സിക്കാര്‍ക്കും സാംസങ് മില്‍ക്ക് കൊടുക്കുന്നില്ല. തിരികെ കടിക്കാത്ത ഗ്യാലക്‌സി എസ്4, എസ്3, ഗ്യാലക്‌സി നോട്ട് 3, നോട്ട് 2, ഗ്യാലക്‌സി മെഗാ, ഗ്യാലക്‌സി എസ്4 മിനി എന്നീ ഹാന്‍ഡ്‌സെറ്റുകളുള്ള അമേരിക്കക്കാര്‍ക്ക് മില്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് പാട്ടു കേള്‍ക്കാം. ഏപ്രില്‍ 11ന് എത്തുന്ന ഗ്യാലക്‌സി എസ്5 ഫോണിലും ഇത് ഡൗണ്‍ലോഡ് ചെയ്യാം. വിശദാംശങ്ങള്‍ക്ക് സാംസങ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: Samsung/Milk

മില്‍ക്കിന്റെ പ്രവര്‍ത്തനം കാണാന്‍ ഈ വിഡിയോ കൂടി കാണുക.

ബിറ്റ് കോയ്ന്‍: എന്തൊക്കെയായിരുന്നു !!!

നാണയങ്ങള്‍ക്കിടിയിലെ ആം ആദ്മിയായിരുന്നു ബിറ്റ്‌കോയ്ന്‍. സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ ഇടപെടലുകളില്ലാതെ പൂര്‍ണമായ സ്വാതന്ത്ര്യവും സുതാര്യതയും സുരക്ഷിതത്വവും അവകാശപ്പെട്ടിരുന്ന ബിറ്റ്‌കോയ്ന്‍ ഒടുവില്‍ ന്യൂജനറേഷന്‍ സിനിമ പോലെ പ്രതിസന്ധിയിലാണ്. ഒരു പക്ഷെ, കരുത്തുനേടി ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. മറിച്ചാണെങ്കില്‍ സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളില്‍പ്പെട്ട് മെല്ലെ മെല്ലെ വിശ്വാസ്യത നഷ്ടപ്പെട്ട് അസ്തമിച്ചുപോയേക്കാം.

ആയിരം ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ തളര്‍ച്ചയിലാണ്. എന്നാല്‍, യഥാര്‍ഥ പ്രശ്‌നം ബിറ്റ്‌കോയ്ന്‍ നെറ്റ്‌വര്‍ക്ക് എത്രത്തോളം സുരക്ഷിതമാണ് എന്നതാണ്. അതോടൊപ്പം തന്നെ ബിറ്റ്‌കോയ്ന്‍ ഒരു നാണയമെന്ന നിലയില്‍ അംഗീകരിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞുവരുന്നതും സ്വതന്ത്ര്യ-വിര്‍ച്വല്‍ കറന്‍സിയുടെ ഭാവിയെക്കുറിച്ച് ആശങ്കകളുണര്‍ത്തുന്നുണ്ട്. ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും ഭരണകൂടഭീകരതയെ കുറ്റം പറയുകയും ചെയ്യുന്നതിനപ്പുറം സാധാരണക്കാര്‍ക്ക് വിശ്വസിക്കാവുന്ന തരത്തില്‍ ബിറ്റ്‌കോയ്‌നെ കരുത്തുറ്റതാക്കാന്‍ അതിന്റെ ഉപജ്ഞാതാക്കള്‍ക്കും സംരക്ഷകര്‍ക്കും കഴിയുന്നില്ലെങ്കില്‍ ഭാവി ശോഭനമാവില്ല എന്നു പറയേണ്ടി വരും.

വിവിധ സര്‍ക്കാരുകള്‍ ബിറ്റ്‌കോയ്‌നുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരുമ്പോഴാണ് പ്രധാന ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചായ ജപ്പാന്‍ ആസ്ഥാനമായ മൗണ്ട് ഗോക്‌സ് അടച്ചുപൂട്ടിയത്. ഹാക്കര്‍മാര്‍ മൗണ്ട് ഗോക്‌സ് നെറ്റ്‌വര്‍ക്കില്‍ കടന്നുകയറി ഒരു കോടിയോളം ഉപയോക്താക്കളുടെ 2400 കോടിയോളം രൂപ വിലവരുന്ന പതിനായിരക്കണക്കിനു ബിറ്റ്‌കോയ്‌നുകളാണ് മോഷ്ടിച്ചത്. ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ലാത്തതിനാല്‍ മൗണ്ട് ഗോക്‌സ് പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തതോടെ കാശുപോയവര്‍ക്ക് കാശുപോയി എന്നത് അംഗീകരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ഏറ്റവുമധികം വിനിമയം നടന്നിരുന്ന എക്‌സേഞ്ച് ആയിരുന്നു മൗണ്ട് ഗോക്‌സ്.

മൗണ്ട് ഗോക്‌സ് പൂട്ടിയതോടെ ജപ്പാന്‍ സര്‍ക്കാരിനും വ്യക്തമായ ചില നിലപാടുകള്‍ എടുക്കേണ്ടതായി വന്നു. ജപ്പാന്‍ മന്ത്രിസഭയുടെ പുതിയ നിലപാട് അനുസരിച്ച് ബിറ്റ്‌കോയ്ന്‍ ഒരു നാണയമല്ല. ബാങ്കുകള്‍ അവരുടെ ഒരു ഉല്‍പന്നമെന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ബിറ്റ്‌കോയ്ന്‍ വില്‍ക്കാന്‍ പാടില്ലെന്നും ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. നാണയമല്ലാതായ ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ക്ക് മറ്റേത് ഉല്‍പന്നങ്ങള്‍ക്കുമുള്ളതുപോലെ നികുതിയും ഈടാക്കാനാണ് തീരുമാനം. ഇത് ബിറ്റ്‌കോയ്‌ന് ഒരു നല്ല നാളെ വരുമെന്നുള്ള സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ്. റഷ്യയിലും ചൈനയിലും നേരത്തെ തന്നെ ബിറ്റ്‌കോയ്‌ന് നാണയം എന്ന പദവി നഷ്ടപ്പെട്ടിരുന്നു. യുകെയില്‍ ബിറ്റ്‌കോയ്‌ന് 20 ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണ് നീക്കം. നാണയമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന യുഎസിലാകട്ടെ നിയന്ത്രണങ്ങള്‍ക്കു വേണ്ടി സെനറ്റര്‍മാര്‍ മുറവിളി കൂട്ടുന്നുമുണ്ട്.

മൗണ്ട് ഗോക്‌സിന് സംഭവിച്ചത് ഒറ്റപ്പെട്ട ദുരന്തമാണെന്നും അതൊരിക്കലും ബിറ്റ്‌കോയിന്റെ വിശ്വാസത്യതയെ ചോദ്യം ചെയ്യില്ലെന്നുമായിരുന്നു ബാക്കിയുള്ള ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചുകള്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍, കാനഡ ആസ്ഥാനമായുള്ള ഫ്‌ളെക്‌സ്‌കോയ്്ന്‍ എക്‌സ്‌ചേഞ്ചും പൂട്ടിയതോടെ വാഗ്ദാനങ്ങളും ഉറപ്പുകളും ജലരേഖകളായി. ഹാക്കിങ്ങിനെ തുടര്‍ന്ന് ലക്ഷക്കണക്കിനു രൂപയുടെ ബിറ്റ്‌കോയ്‌നുകള്‍ നഷ്്ടമായതിനെ തുടര്‍ന്നാണ് ഫ്‌ളെക്‌സ്‌കോയ്്‌നും പൂട്ടിയത്. ലോകത്ത് ആദ്യമായി ബിറ്റ്‌കോയ്ന്‍ എടിഎം മെഷീന്‍ സ്ഥാപിച്ചു ചരിത്രം സൃഷ്ടിച്ച രാജ്യമായിരുന്നു കാനഡ. മറ്റൊരു ബിറ്റ്‌കോയന്‍ എക്‌സ്‌ചേഞ്ച് സ്ഥാപകയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

ഈ സമയത്താണ് ഏറെ മഹത്വവല്‍ക്കരിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ സ്ഥാപകന്‍ ഡോറിയന്‍ പ്രെന്റിസ് സതാഷോ നകാമോട്ടോ ഏതു ബിറ്റ്‌കോയ്ന്‍ എന്തു ബിറ്റ്‌കോയ്ന്‍ എന്നു ചോദിച്ചു പൊട്ടന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ബിറ്റ്‌കോയ്‌നെക്കുറിച്ച് തനിക്കൊന്നും അറിയില്ല എന്നതാണ് നകാമോട്ടോയുടെ നിലപാട്. ഒന്നുകില്‍ ആ നകാമോട്ടോ അല്ല ഈ നകാമോട്ടോ. അല്ലെങ്കില്‍ ഈ നകാമോട്ടോ ബിറ്റ്‌കോയ്‌നുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു കഴിഞ്ഞു. അതുമല്ലെങ്കില്‍ തന്റെ ബിറ്റ്‌കോയ്ന്‍ ബന്ധം മറച്ചുവയ്ക്കുന്നതിനു വേണ്ടി അദ്ദേഹം പൊട്ടന്‍കളിക്കുന്നു. എന്തായാലും മഹത്തായ ഒരു ജാപ്പനീസ് പിതൃത്വം അവരോധിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ ഒരു ബാസ്റ്റാഡ് നാണയമായി മാറിയിരിക്കുകയാണ്.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നതാണ് ബിറ്റ്‌കോയ്ന്‍ ഇടപാടുകളെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നമ്മളോടു പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ വളരെ സജീവമായി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ബിറ്റ്‌കോയ്ന്‍ പ്രതിസന്ധി നേരിടുമ്പോള്‍ ലഹരിമരുന്ന്-മനുഷ്യക്കടത്ത് മാഫിയകളുടെ പ്രിയപ്പെട്ട നാണയമായി മാറിക്കൊണ്ടിരിക്കുന്ന ബിറ്റ്‌കോയ്‌നുമേല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇതു ന്യൂജനറേഷന്‍ സാധനമാണെന്നു കരുതി ചാടി വീഴുന്നതിനു മുന്‍പ് രണ്ടോ മൂന്നോ വട്ടം ആലോചിക്കുന്നതില്‍ തെറ്റില്ല എന്നു ചുരുക്കം.

ബിറ്റ്‌കോയ്‌നെപ്പറ്റി കാര്യമായി അറിയാത്തവര്‍ക്ക് അതിനെപ്പറ്റി വ്യക്തമായി മനസ്സിലാക്കാന്‍, ബിറ്റ്‌കോയ്‌ന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഈ വിഡിയോ സഹായകമാകും എന്നു കരുതുന്നു.

ന്യൂജനറേഷന്‍ വിശുദ്ധന്‍ !

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും സൂത്രശാലിയും അപകടകാരിയുമായ നേതാവ് അരവിന്ദ് കേജ്‌രിവാള്‍ മൊത്തം രാഷ്ട്രീയരംഗത്തെ അസ്വസ്ഥമാക്കി വീരനായകനെപ്പോലെ പടിയിറങ്ങിയിരിക്കുകയാണ്. ദീര്‍ഘവീക്ഷണവും രാഷ്ട്രീയകാഴ്ചപ്പാടുമില്ലാത്ത വലിയൊരു സമൂഹത്തിന്റെ കയ്യടിയും പിന്തുണയും പരമാവധി മുതലെടുത്തുകൊണ്ട്, പതിനായിരങ്ങളെ വിഡ്ഡികളാക്കിക്കൊണ്ട് നിരുത്തരവാദപരമായ നയങ്ങളും സമീപനങ്ങളും വഴി അരാജകത്വത്തിന്റെ വിത്തുകള്‍ പാകി കേജ്‌രിവാള്‍ പൊടിതട്ടിപ്പോവുമ്പോള്‍ അവശേഷിക്കുന്നത് അസ്വസ്ഥകള്‍ മാത്രം.

ആം അദ്മി അംഗങ്ങള്‍ക്കും കേജ്‌രിവാള്‍ ഫാന്‍സിനും പോലും നിശ്ചയമില്ലാത്ത വിധം ദുരൂഹവും പ്രവചനാതീതവുമാണ് കേജ്‌രിവാളിന്റെ നീക്കങ്ങള്‍ എന്നതാണ് സാധാരണക്കാരന്റെ പാര്‍ട്ടിയിലെ ഏറ്റവും വലിയ വിരോധാഭാസം. അഴിമതി തുടച്ചു നീക്കണം എന്ന മുദ്രാവാക്യം ഏറ്റു പറഞ്ഞ് പരസ്പരം ആശ്വസിപ്പിക്കാനേ ഇനി ആം ആദ്മിക്കാര്‍ക്കു കഴിയൂ. സമരം ചെയ്തു ചെയ്ത് അധികാരത്തിലെത്തുകയും അധികാരത്തിലെത്തിയിട്ടും അതു തുടരുകയും ചെയ്ത കേജ്‌രിവാള്‍ യുദ്ധം ചെയ്യുന്നത് ആരോട് എന്തിന് എന്നതിനു പോലും ഒടുവില്‍ വ്യക്തതയില്ലാതായി.

ഏറെക്കാലം ദില്ലി സര്‍ക്കാരിനോടും ദില്ലിയിലെ ഭരണസംവിധാനത്തോടും സമരം ചെയ്ത കേജ്‌രിവാള്‍ ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കിയതോടെ കേന്ദ്രസര്‍ക്കാരിനോടും വ്യവസായികളോടും രാജ്യത്തു നിലവിലുള്ള ചട്ടങ്ങളോടും സമരം ചെയ്തു തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പു മൂന്നില്‍ കണ്ട് തന്ത്രപരമായി, അതിലേറെ നാടകീയമായി രാജിവച്ച കേജ്‌രിവാള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇനി അങ്ങേയറ്റം അപകടകാരിയായിരിക്കും. ഭരണഘടനയെയും രാജ്യത്തു നിലവിലുള്ള സംവിധാനങ്ങളെയും രാജ്യത്തെ വ്യവസായങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഭരിക്കാന്‍ കേജ്‌രിവാളിനെന്നല്ല മഹാത്മാഗാന്ധിക്കു പോലും കഴിയില്ല എന്നിരിക്കെ കേജ്‌രിവാളിന്റെ രാഷ്ട്രീയനാടകങ്ങള്‍ രാജ്യപുരോഗതിക്ക് ഒട്ടും ഗുണകരമല്ല.

കുറെയേറെ വെല്ലുവിളികളും ആരോപണങ്ങളും ഉയര്‍ത്തി രാജിവച്ച കേജ്‌രിവാള്‍ വലിയൊരു ധീരനാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും പറഞ്ഞ ഡയലോഗുകളും പരിശോധിച്ചാല്‍ ബുദ്ധിപൂര്‍വം രാജിവച്ച് തടി രക്ഷപെടുത്തിയ കേജ്‌രിവാള്‍ ധീരന്റെ മുഖം മൂടി ധരിച്ച കൗശലക്കാരനാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒന്നര മാസത്തെ ഭരണം കൊണ്ട് അദ്ദേഹം പഠിച്ചതും ദില്ലിക്കാര്‍ പറയുന്ന പാഠം തന്നെയായിരിക്കും- സമരം ചെയ്യുന്നതുപോലെ എളുപ്പമല്ല നാട് ഭരിക്കാന്‍ !

ദില്ലിയില്‍ കേജ്‌രിവാള്‍ നടത്തിയ ഭരണപരിഷ്‌കാരങ്ങളുടെ ഉത്തരവാദിത്തം ഇനി ആര്‍ക്കാണ് ? അദ്ദേഹം നടപ്പാക്കിയ വിപ്ലവകരമായ-ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടാക്കി വയ്ക്കുന്ന ബാധ്യത ഇനി ആരു വഹിക്കും ? വൈദ്യുതി നിരക്കിലും വെള്ളക്കരത്തിലും അദ്ദേഹം വരുത്തിയ മാറ്റങ്ങള്‍ ഇനി ആരു പുനസ്ഥാപിക്കും ? അദ്ദേഹം വിതച്ച അരാജക്ത്വത്തിന്റെ ഫലം ഇനി ആരു കൊയ്‌തെടുക്കും ? ഒന്നിനും ഉത്തരമില്ല. ദീര്‍ഘവീക്ഷണമില്ലാത്ത, ദേശീയബോധമില്ലാത്ത നയങ്ങളിലൂടെ ജനങ്ങളുടെ കയ്യടി നേടുക എന്ന താല്‍ക്കാലിക ലക്ഷ്യത്തിനു വേണ്ടി കേജ്‌രിവാള്‍ നടത്തിയ നീക്കങ്ങള്‍ ഒരു ടൈംബോംബു പോലെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഉദ്യോഗസ്ഥഭരണത്തെയും ഇനി വേട്ടയാടും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ ചലനങ്ങളുണ്ടാക്കാമെന്ന പ്രതീക്ഷയും ദില്ലിയില്‍ കുളമാക്കി വച്ച ഭരണത്തില്‍ നിന്നും തലയൂരുക എന്ന ലക്ഷ്യവുമാണ് കേജ്‌രിവാളിന്റെ രാജിയില്‍ തെളിഞ്ഞു കാണുന്നത്. ദില്ലി സര്‍ക്കാരിനെതിരെ സമരം ചെയ്ത് ഒടുവില്‍ ദില്ലിയില്‍ സ്വന്തമായി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ കേജ്‌രിവാള്‍ സമരം കേന്ദ്രസര്‍ക്കാരിനും ചട്ടങ്ങള്‍ക്കുമെതിരെയാക്കി. ഇനി പ്രധാനമന്ത്രിയായാല്‍ പിന്നീടുള്ള കാലം ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് നേഷന്‍സിനുമെതിരെയായിരിക്കും അദ്ദേഹത്തിന്റെ സമരം. സ്വന്തം പരിമിതികളും പരിചയക്കുറവും അജ്ഞതകളും മറച്ചുവയ്ക്കാന്‍ മറ്റുള്ളവര്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനെക്കാള്‍ എളുപ്പമുള്ള മാര്‍ഗമില്ല. അഴിമതി തുടച്ചു നീക്കുക എന്ന ഉട്ടോപ്യന്‍ മുദ്രാവാക്യം മുന്നിലുള്ളിടത്തോളം കാലം കേജ്‌രിവാള്‍ കളി തുടരും.

ആം ആദ്മി- കേജ്‌രിവാള്‍ ഫാന്‍സിന് ഈ അഭിപ്രായങ്ങള്‍ തീരെ ഇഷ്ടമാവില്ല എന്നറിയാം. ഇത് എന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമാണ്, വിധിയെഴുത്തല്ല. പിന്നെ, കേജ്‌രിവാളിന്റെ നയങ്ങളെ അനുകൂലിക്കാത്തവരെല്ലാം അഴിമതിയെ പ്രോല്‍സാഹിപ്പിക്കുന്നവരും ബിജെപി-കോണ്‍ഗ്രസ് ചാരന്‍മാരുമാണെന്ന് ആരോപിക്കുന്നത് അമേരിക്കയെ അനുകൂലിക്കാത്തവരെല്ലാം അല്‍ ക്വയ്ദ തീവ്രവാദികളാണെന്ന് പറയുന്നതു പോലെയാണ്. മനസ്സും ചിന്തകളും വിവേകവും ആര്‍ക്കും അടിയറ വയ്ക്കാതെ ചിന്തിക്കാന്‍ കഴിയുക എന്നത് ഏതു രാഷ്ട്രീയപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണ്. ജസ്റ്റ് ട്രൈ, ചിലപ്പോഴും വല്ലതും തെളിഞ്ഞാലോ !

ഗുണപാഠം- അഴിമതിയെ അരാജകത്വം കൊണ്ട് എതിര്‍ക്കുന്നത് കള്ളുകുടി നിര്‍ത്താന്‍ വേണ്ടി സിഗരറ്റ് വലി തുടങ്ങുന്നതുപോലെയാണ്.

താത്വികമായ ഒരവലോകനം കൂടി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ആ കേസില്‍ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റിയുള്ള ഒരു താത്വികാവലോകനമാണ് ഞാനിവിടെ ഉദ്ദശിക്കുന്നത്. ഒന്ന്, മാധ്യമസിന്‍ഡിക്കറ്റും ബൂര്‍ഷ്വ പൊലീസും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര ജീവമായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അമേരിക്കയും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടത്. എന്നാല്‍, സത്യം മനസ്സിലാക്കിയ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ അനുദിനം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ടിപിയുടെ ഭാര്യ രമ ഇനിയെങ്കിലും പാര്‍ട്ടിയോടു മാപ്പു ചോദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഒന്ന്, ടി.പി.ചന്ദ്രശേഖനുമായി പാര്‍ട്ടിക്കോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ ഒരു തരത്തിലുമുള്ള ശത്രുതയോ വിദ്വേഷമോ ഇല്ലായിരുന്നു എന്നതാണ്. അദ്ദേഹം മരിച്ചതിനു ശേഷം പാര്‍ട്ടിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതിനു വേണ്ടി കുലംകുത്തികളും അമേരിക്കയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വകളും അവരുടെ പിണിയാളുകളായ ഇന്നാട്ടിലെ ചൂഷകരും ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്നു ഞാന്‍ അന്നേ സംശയിച്ചിരുന്നു.

മറ്റൊന്ന് ഇതുവരെ ഒരുറുമ്പിനെപ്പോലും നോവിക്കാതെ മുന്നോട്ടു പോവുന്ന പാര്‍ട്ടിയുടെ മേല്‍ അഹിംസയുടെ ചോരക്കറ പുരട്ടുന്നതിനു വേണ്ടി യുഡിഎഫ് സര്‍ക്കാരും പൊലീസും അമേരിക്കന്‍-ഇസ്രയേല്‍ പാശ്ചാത്യ അച്ചുതണ്ടും രാജ്യാന്തരതലത്തില്‍ നടത്തിയ ഗൂഢാലോചനയാണ്. അതില്‍ ഇന്നാട്ടിലെ ചില ആളുകള്‍ പങ്കു ചേര്‍ന്ന് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതിനു വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിച്ചു എന്നാണ് ഇതുവരെയുള്ള കാര്യങ്ങളെ യുക്തിബോധത്തോടെ നിരീക്ഷിച്ചതില്‍ നിന്നും മനസ്സിലാവുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ഗുണ്ടകളെ കോടതി കുറ്റക്കാരെന്നു വിധിച്ചിട്ടുണ്ട്. അവര്‍ കുറ്റക്കാരാണോ അല്ലയോ എന്ന കാര്യത്തെപ്പറ്റി പാര്‍ട്ടി വിശദമായി പഠിച്ച ശേഷം ഒരഭിപ്രായം പറയും. എന്നാല്‍, കോടതിയുടെ നടപടി പിശകുകള്‍ മൂലം പാര്‍ട്ടിയോടനുഭാവമുള്ള ചിലരും നിലവില്‍ കുറ്റക്കാരായി കണ്ടെത്തിയവരോടൊപ്പമുണ്ട്. അത് വേദനാജനകമാണ്. ഈ കേസുമായി ബന്ധപ്പെട്ട കുറ്റാരോപിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും നിഷ്‌കളങ്കരാണ്. പാര്‍ട്ടിക്കെതിരെ നടന്ന ഗൂഢാലോചനകള്‍ എല്ലാം പരാജയപ്പെടുത്തിക്കൊണ്ട് നീതിബോധമുള്ള, സത്യസന്ധരായ ആളുകള്‍ പാര്‍ട്ടിക്കൊപ്പം നിന്നതിന്റെ വിജയമാണിത്.

പാര്‍ട്ടിയെ കേസില്‍ കുടുക്കുന്നതിനു വേണ്ടി ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്ന പൊലീസുകാര്‍ ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത അനേകം പേരെ കേസില്‍ പ്രതികളാക്കുകയും അനേകം പേരെ ഭീഷണിപ്പെടുത്തി സാക്ഷികളാക്കുകയും ചെയ്തിട്ടുണ്ട്. കള്ളസാക്ഷികളെ ഉണ്ടാക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദിവസങ്ങളോളം ഗൂഢാലോചന നടത്തി എന്നാണ് കരുതേണ്ടത്. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ അവരെല്ലാം സത്യത്തെ മുറുകെപ്പിടിക്കുകയും പാര്‍ട്ടിക്കും പാര്‍ട്ടി അനുഭാവികള്‍ക്കും അനുകൂലമായി മൊഴി മാറ്റിപ്പറയുകയും ചെയ്തു. അങ്ങനെ കൂറുമാറിയവര്‍ ഒരര്‍ഥത്തില്‍ രക്തസാക്ഷികളായിരിക്കുകയാണ്. അവര്‍ക്കെല്ലാം അഭിവാദ്യം അര്‍പ്പിക്കാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്.

നിഷ്‌കളങ്കനും നിരപരാധിയുമായ മോഹനന്‍ മാസ്റ്ററെ കള്ളക്കേസില്‍ കുടുക്കി ഇത്ര നാള്‍ തുറുങ്കിലടച്ച ക്രൂരതയോളം വരില്ല ടിപി ചന്ദ്രശേഖരന്‍ മരിച്ചത് എന്നാണ് ഇന്ന് അദ്ദേഹത്തെ വെറുതെ വിട്ടതിലൂടെ തെളിഞ്ഞിരിക്കുന്നത്. കേവലരാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കൊലപാതകക്കേസുകളില്‍ ആളുകളെ പ്രതികളാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും വിചാരണ ചെയ്യുന്നതും പ്രബുദ്ധസമൂഹത്തിനു ചേര്‍ന്നതല്ല എന്നാണ് എന്റെ അഭിപ്രായം. മരിച്ചവരാരും തിരിച്ചു വരികയില്ല. ജീവിച്ചിരിക്കുന്നവരെ തുറുങ്കിലടയ്ക്കുന്നത് ക്രൂരവും ഹൃദയശൂന്യവും സര്‍വ്വോപരി മനുഷ്യാവകാശലംഘനവുമാണെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ഒരേ ഷര്‍ട്ട് 100 ദിവസം ഇടുന്നവരെ സ്ത്രീകള്‍ക്ക്‌ ഇഷ്ടമാവുമോ എന്തോ ?

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്നു പറഞ്ഞതു പോലെയാണ് ഈ ഷര്‍ട്ടിന്റെ കാര്യവും. അതിന്റെയൊരു വടിവും പുത്തന്‍ലുക്കും മണവുമൊക്കെ കണ്ടാല്‍ അലക്കുകയോ തേയ്ക്കുകയോ ചെയ്യാതെ ഷര്‍ട്ടുമുതലാളി 100 ദിവസമായി ഇട്ടുകൊണ്ടിരിക്കുകയാണെന്നു തോന്നില്ല. ചില നിരാഹാരസത്യഗ്രഹക്കാര്‍ രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നതുപോലെ ഈ ഷര്‍ട്ടും രാത്രിയില്‍ ആരും കാണാതെ അലക്കി ഇസ്തിരിയിടുന്നുണ്ടാവും എന്ന് ആരോപിക്കരുത്. പരീക്ഷണഘട്ടത്തില്‍ ഷര്‍ട്ട് കമ്പനിയുടെ മുതലാളി തന്നെ 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ധരിച്ച് സംഗതി തെളിയിച്ചതാണ്.

ഷര്‍ട്ട്: വൂള്‍ ആന്‍ഡ് പ്രിന്‍സ്
മുതലാളി: മാക്

ചെളിയോ ദുര്‍ഗന്ധമോ ഇല്ലാതെ പുതുപുത്തനായി 100 ദിവസം വരെ അലക്കാതെയും ഇസ്തിരിയിടാതെയും തുടര്‍ച്ചയായി ഇടാന്‍ കഴിയുന്ന ഷര്‍ട്ട് ആണ് വൂള്‍ ആന്‍ഡ് പ്രിന്‍സ്. പരമാവധി സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഷര്‍ട്ടിനു വേണ്ടി ആറു മാസം മുമ്പ് ആരംഭിച്ച പരീക്ഷണമാണ് വൂള്‍ ആന്‍ഡ് പ്രിന്‍സിന്റെ അണിയറക്കാരായ ചെറുപ്പക്കാരെ ഈ വൂള്‍ ഷര്‍ട്ടിലെത്തിച്ചത്. ഭീകരമാജിക്കൊന്നും ഇതിന്റെ പിന്നിലില്ല. ഉന്നതനിലവാരമുള്ള കമ്പിളിനൂലും അല്‍പം വൂള്‍ സയന്‍സും മാത്രം. കമ്പിളിക്ക് വിയര്‍പ്പ് വലിച്ചെടുക്കാനും അത് പിടിച്ചുനിര്‍ത്താതെ നീരാവിയാക്കാനുമുള്ള കഴിവാണ് ഷര്‍ട്ടിന്റെ രഹസ്യം.

പരുത്തിയെക്കാള്‍ ആറിരട്ടി നിലനില്‍ക്കുന്നതാണ് കമ്പിളി എന്നാണ് കണ്ടെത്തല്‍. പ്രകൃതിദത്തമായി തന്നെ ചുളിവുകളും ദുര്‍ഗന്ധവും ചെറുക്കുന്ന കമ്പിളിയുടെ സ്വാഭാവികസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂ എന്നാണ് കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെ ധനസമാഹരണം നടത്തുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത്.

അലക്കുകയോ ഇസ്തിരിയുകയോ ചെയ്യാതെ കമ്പനിയുടമയായ മാക് 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ചുളിവോ ദുര്‍ഗന്ധമോ ഇല്ലാതെ ധരിച്ചു പരീക്ഷണം പൂര്‍ത്തിയാക്കിയതോടെയാണ് വൂള്‍ ആന്‍ഡ് പ്രിന്‍സ് ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. 100 ദിവസം പേരിന് ധരിക്കുകയല്ല, മുഴുവന്‍ ദിവസവും ഷര്‍ട്ട് ധരിച്ച് സൈക്ലിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങളിലും നിരവധി ജോലികളിലും മുഴുകിയാണ് ജീവിച്ചത്. എല്ലാ ദിവസവും ഹാംഗറില്‍ ഒരു മണിക്കൂര്‍ വീതം തൂക്കിയിട്ടതാണ് ഷര്‍ട്ടിന് ആകെ ലഭിച്ച വിശ്രമം. നിലവില്‍ തിരഞ്ഞെടുത്ത 15 പേര്‍ക്കായി ഷര്‍ട്ടുകള്‍ പരീക്ഷണധാരണത്തിനു നല്‍കിയിരിക്കുകയാണ്. കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെയുള്ള ധനസമാഹരണം വിജയിച്ചാല്‍ കമ്പനി ഉടനടി പ്രവര്‍ത്തനമാരംഭിക്കും. ഷര്‍ട്ടൊന്നിന് ഏകദേശം 5000 രൂപ വിലയാകും. അലക്ക് കുളി എന്നിവയില്‍ വിശ്വാസമില്ലാത്തവര്‍ സന്ദര്‍ശിക്കുക: woolandprince.com

ഉമ്മച്ചന്റെ വയറുകള്‍

കിസ്സ് എന്നതിന്റെ മലയാളം ഉമ്മ എന്നാണ്. കിസ്സിഞ്ചര്‍ എന്ന പേരു മലയാളീകരിച്ച് വേണമെങ്കില്‍ നമുക്ക് ഉമ്മച്ചന്‍ എന്നു വിളിക്കാം. ആരാധ്യന്‍മാരായ രാജീവ് ജി, സഞ്ജയ് ജി, ജോര്‍ജ് ഫെര്‍ണാണ്ടസ് ജി, ഇപ്പോള്‍ ദേണ്ടെ പൈശാചികമായ രാഷ്ട്രീയസമവാക്യങ്ങളുടെ ഇരയായ ആദര്‍ശപുരുഷന്‍ എ.കെ.ആന്റണി വരെയുള്ള ആളുകളെപ്പറ്റി വിക്കീലീക്ക്‌സ് ദി ഹിന്ദു പത്രവുമായി സഹകരിച്ച് ഇന്ത്യയില്‍ പുറത്തുവിടുന്ന കേബിള്‍ ഡയറിക്കുറിപ്പുകള്‍ ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ കരിവാരിതേക്കുകയാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നേതാക്കന്‍മാരായിട്ട് പൂശുന്ന കരി ഓയിലിനു പുറമെയാണ് പഴയകാല ദൈവങ്ങളായ രാജീവ് ഗാന്ധി, മാരുതി കാര്‍ കണ്ടുപിടിച്ച സഞ്ജയ് ഗാന്ധി എന്നിവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചീത്തപ്പേരുണ്ടാക്കുന്നത്.

സോണിയാജിയും രാഹുല്‍ജിയും വരെ ദൈവങ്ങളാണെന്നു വിശ്വസിക്കുന്ന മണ്ടന്‍ കുണാപ്പന്‍മാരോട് രാജീവ് ഗാന്ധിയും മറ്റും കള്ളന്‍മാരായിരുന്നു എന്നു പറഞ്ഞാല്‍ അവന്‍മാര്‍ കിഡ്‌നിപ്പൊട്ടിച്ചത്തുപോവും. കിസ്സിഞ്ചര്‍ എന്ന പേരിലുള്ള മധുരമൊന്നും ടിയാനുള്ള കമ്പിത്തപാലുകളില്‍ കാണുന്നില്ല. രാജീവ് ഗാന്ധിയായാലും സഞ്ജയ് ഗാന്ധിയായാലും ശരി ഇന്ത്യക്കാരന്റെ ഉഡായ്പുകളെ വേര്‍തിരിച്ചു കാണാനുള്ള വിവേകം അല്ലെങ്കില്‍ പരമപരിശുദ്ധനായ രാജീവ് ഗാന്ധിയെപ്പോലും ഉഡായ്പുകാരനെന്നു ഡീഗ്രേഡ് ചെയ്തു കാണാനുള്ള സായിപ്പിന്റെ സഹജവാഹസന ഇതിലേതോ ഒന്ന് സോ കോള്‍ഡ് കേബിളുകളില്‍ ഉണ്ട് എന്നതില്‍ സംശയമില്ല.

എഴുപതുകളില്‍ വിമാനം പറത്തുന്ന കാലത്ത് തന്നെ രാജീവ് ഗാന്ധി യുദ്ധവിമാനക്കച്ചവടത്തിനു സ്വീഡിഷ് കമ്പനിക്കു വേണ്ടി ദല്ലാള്‍ പണി ചെയ്തു എന്നാണ് വിക്കിലീക്ക്‌സ് ചോര്‍ച്ചകളില്‍ നിന്നു മനസ്സിലാവുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വണ്ടിയോടിക്കുന്ന രാജീവ് ഗാന്ധി എങ്ങനെ യുദ്ധവിമാനത്തിന്റെ കാര്യത്തില്‍ എക്‌സ്‌പേര്‍ട്ട് ആവുമെന്ന ജെനുവിനായ സംശയവും കിസ്സിഞ്ചറുടെ കമ്പിയില്‍ വായിക്കാം. 1976 ഫെബ്രുവരി ആറിലെ സുവിശേഷം, അഞ്ചാം വാക്യം – ‘THE SWEDES HERE HAVE ALSO MADE IT QUITE CLEAR THEY UNDERSTAND THE IMPORTANCE OF FAMILY INFLUENCES IN THE FINAL DECISION IN THE FIGHTER SWEEPSTAKES. OUR COLLEAGUE DESCRIBES RANJIV GANDHI IN FLATTERING TERMS, AND CONTENDS HIS TECHNICAL EXPERTISE IS OF A HIGH LEVEL. THIS MAY OR MAY NOT BE. OFFHAND WE WOULD HAVE THOUGHT A TRANSPORT PILOT NOT THE BEST EXPERT TO RELY UPON IN EVALUATING A FIGHTER PLANE, BUT THEN WE ARE SPEAKING OF A TRANSPORT PILOT WHO HAS ANOTHER AND PERHAPS MORE RELEVANT QUALIFICATION.’

അടിയന്തരാവസ്ഥക്കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് സിഐഎയുടെ സഹായം തേടിയതായി മറ്റൊരു കേബിളില്‍ കാണുന്നുണ്ട്. അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യം ചോദിച്ചു വാങ്ങിയതോ വോട്ടിട്ടു സ്വന്തമാക്കിയതോ അല്ലാത്തതിനാല്‍ അതില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ വലിയൊരു അപരാധിയായി കാണാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെയുള്ള ഇടനിലക്കാരന്‍ രാജീവ് ജിയുടെ സഹോദരന്‍ സഞ്ജയ് ആണ്. മാരുതി കാറുകള്‍ ഇന്നു നിരത്തിലോടുന്നതിനു പിന്നിലെ സംരംഭകനാണ് അദ്ദേഹം എന്നത് നമ്മള്‍ ഒരിക്കലും വിസ്മരിച്ചു കൂടാ. ബ്രിട്ടീഷ് വിമാനക്കമ്പനിക്കു വേണ്ടി അദ്ദേഹത്തിന്റെ മാരുതി കമ്പനി ഇടനിലക്കാരായെന്നോ മറ്റോ ആണ് 1976 ജൂലൈ 7ലെ കമ്പിയില്‍ പറയുന്നത്. – ‘RECENTLY A BRITISH AIRCRAFT CORPORATION TEAM THAT VISITED INDIA TO COMPETE AGAINS DUTCH AND AMERICAN AIRCRAFT SUPPLIERS WAS APPROACHED AND OFFERED THE ASSISTANCE OF THE MARUTI COMPANY, A FIRM CONTROLLED BY SANJAY GANDHI. BAC REPLIED THAT SOMETHING COULD CERTAINLY BE WORKED OUT. DUTCH, SWISS AND FRENCH FIRMS ARE EQUALLY KNOW FOR THEIR WILLINGNESS TO MAKE CONTRIBUTIONS.’

ഇതിലൊന്നും അത്യധികം അദ്ഭുതപ്പെടാനൊന്നുമില്ല. ബോഫോഴ്‌സ് ഇടപാടിന്റെ പേരില്‍ നിഷ്‌കളങ്കനായ രാജീവ് ഗാന്ധിയെ തെറ്റിദ്ധരിച്ചവരാണ് ഇവിടുത്തെ ജനങ്ങള്‍. വിക്കിലീക്ക്്‌സിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇനി എന്തൊക്കെ പുലിവാലുകള്‍ ഉണ്ടാകുമെന്നും പറയാനൊക്കില്ല. വിക്കിലീക്ക്‌സ് മുതല്‍ വിക്കിപ്പീഡിയ വരെയുള്ള സകല വിക്കികള്‍ക്കും നേരേ യുവതുര്‍ക്കികളുടെ പ്രതിഷേധം അലയടിച്ചേക്കാം. കോണ്‍ഗ്രസിന് അല്ലെങ്കില്‍ തന്നെ രാജ്യത്തെ ജനങ്ങളില്‍ നിന്നുള്ള ഉപദ്രവം കാരണം നേരേ ചൊവ്വേ ഭരിക്കാന്‍ കഴിയുന്നില്ല. പലതുപക്ഷപത്രങ്ങളും കൂട്ടിക്കൊടുപ്പുകാരും കുരവയിസ്റ്റുകളും കൂടി ആഞ്ഞു പണിയെടുത്തുണ്ടാക്കുന്ന വികസനോന്‍മുഖ ഇമേജിന്മേല്‍ ശവപ്പെട്ടിയില്‍ അടിക്കുന്നമാതിരി ആണികള്‍ അടിച്ചുകയറ്റുന്ന ദി ഹിന്ദു-വിക്കിലീക്ക്‌സ് സംരംഭത്തിന് അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയും നമ്മുടെ ഐശ്വര്യത്തിന്റെ പ്രതീകമായ സോണിയാ ഗാന്ധിയും ചേര്‍ന്ന് മറുപടി നല്‍കുമെന്നു തന്നെ പ്രത്യാശിക്കാം. ശ്രീലങ്കയില്‍ പ്രഭാകരനുണ്ടായ മാതിരി അനുഭവം നമ്മുടെ ജൂലിയന്‍ അസാന്‍ജിന് ഉണ്ടാവാതിരിക്കട്ടെ എന്നാശംസിക്കുന്നു. ആരോടാ കളി എന്നത് മറക്കരുത്.

ലൈഫ് ഓഫ് മൈ !

ജീവിതം അഴിഞ്ഞാടുന്ന വാഷിങ്ടണ്‍ ഡിസിയില്‍ നിന്നു തുടങ്ങി വഴിനീളെ കറിവേപ്പിലകളും പപ്പായമരങ്ങളുമുള്ള മയാമിയിലും അമേരിക്കയുടെ അനാഘ്രാത കുസുമങ്ങളായ വെര്‍മോണ്ടിലും ന്യൂഹാംപ്‌ഷെയറിലും വരെ എത്തി നില്‍ക്കുകയാണ്. വാഷിങ്ടണില്‍ കുറെ കെട്ടിടങ്ങള്‍ മാത്രമേ കണ്ടുള്ളൂ എങ്കില്‍ സാന്‍ഫ്രാന്‍സിസ്‌കോ മുംബൈയോ കൊച്ചിയോ ഒക്കെപ്പോലെ തോന്നി. മയാമിയി ബീച്ചില്‍ നില്‍ക്കുമ്പോള്‍ ഈ ബീച്ചാണല്ലോ ആ ബീച്ച് എന്ന തോന്നലായിരുന്നു മുഴുവന്‍ നേരവും. അവിടെയൊരു ന്യൂഡ് ബീച്ച് ഉണ്ട് എന്നവള്‍ പറഞ്ഞിരുന്നെങ്കിലും കാണാന്‍ പോയില്ല (എവളെന്നൊന്നും ചോദിക്കരുത്, പറയില്ല). വെര്‍മോണ്ടിലെ ബര്‍ളിങ്ടണില്‍ എത്തുമ്പോള്‍ ഷെര്‍ലക് ഹോംസ് കഥകളിലെ മഞ്ഞുമൂടിയ താഴ്‌വരയിലെത്തിയതുപോലെ തോന്നി. ന്യൂ ഹാംപ്‌ഷെയറിലെ മാഞ്ചെസ്റ്ററില്‍ എത്തിയപ്പോള്‍ ഈരാറ്റുപേട്ടയിലെത്തിയതുപോലെയും. രാത്രിയില്‍ പലതും ഒരുപോലെയാണ് എന്നു പറയുന്നതില്‍ കാര്യമുണ്ട്.

അമേരിക്കയിലെ മൂന്നാഴ്ച കൊണ്ട് എന്തു പഠിച്ചു എന്നു ചോദിച്ചാല്‍ പറയാനുള്ള പ്രധാന ഉത്തരം അല്‍പം ഫിലോസഫിക്കലാണ്. കാലം, സമയം എന്നിവ വെറും മിഥ്യയാണ്. അനന്തമായ സമയപ്രവാഹത്തിലൂടെ ഒഴുകിനടക്കുന്ന അമൂര്‍ത്തബിംബങ്ങളാണ് മനുഷ്യര്‍. ഓരോരുത്തരും സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് അവരവരുടെ ജീവിതത്തില്‍ എത്ര വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ഉണ്ട് എന്നത് തീരുമാനിക്കുന്നത്. സമയമില്ല, സമയം പോയി, സമയമായില്ല, സമയം പാലിക്കണം എന്നിങ്ങനെയുള്ള എല്ലാ പ്രസ്താവനകളും അടിസ്ഥാനരഹിതമാണ്. സമയം എന്നൊന്നില്ല. അത് ഒരു ആഗോളതട്ടിപ്പാണ്. സമയം ഉണ്ടെന്നും അത് പ്രധാനമാണെന്നും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പലതും വിജയിച്ചു എന്നതാണ് ആ തട്ടിപ്പിന്റെ രഹസ്യം. ഇതിന് എന്താണ് അടിസ്ഥാനമെന്നു സമയനിഷ്ഠയുള്ളവര്‍ ചോദിക്കും. ഇതിന് അടിസ്ഥാനമേയുള്ളൂ. കാരണം, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിക്ക് ചെന്നൈയില്‍ നിന്നു പുറപ്പെട്ട ഞാന്‍ 32 മണിക്കൂര്‍ കഴിഞ്ഞ് വാഷിങ്ടണ്‍ ഡിസിയില്‍ ഇറങ്ങുമ്പോള്‍ അവിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലു മണിയേ ആയിട്ടുള്ളൂ. എന്റെ 14 മണിക്കൂറുകള്‍ അക്കൗണ്ടിലില്ല. അതുപോലെ വാഷിങ്ടണില്‍ നിന്ന് രാവിലെ 10 മണിക്ക് സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് പുറപ്പെട്ട ഞാന്‍ 6 മണിക്കൂര്‍ യാത്ര കഴിഞ്ഞ് അവിടെ ഇറങ്ങുമ്പോള്‍ മണി ഏഴ്. രണ്ടു മണിക്കൂര്‍ കാണുന്നില്ല. അതുപോലെ ഒരുദിവസം രാത്രി 1.59 കഴിഞ്ഞ് സമയം നേരെ 3.00. ഒരു മണിക്കൂര്‍ അവിടെയും മോഷ്ടിച്ചു- ഡേലൈറ്റ് സേവിങ് ടൈം ആണത്രേ. ശരിക്കും സമയം എത്രയായി എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കരണം, ശരിക്കും സമയം എന്നൊന്നില്ല.

ഗൂഗിള്‍, എന്‍പിആര്‍, പിബിഎസ്, സ്റ്റോറിഫൈ തുടങ്ങിയ സ്ഥാപനങ്ങള്‍ മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനപ്പുറത്തുള്ള മറീന്‍ കൗണ്ടിയിലെ 83കാരിയായ അധ്യാപിക ഗ്ലോറിയയുടെ വീട്ടില്‍ വരെ പോയി പല പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. കൊള്ളാവുന്ന കെട്ടിടങ്ങള്‍ക്കും പ്രകൃതിരമണീയതകള്‍ക്കും മുന്നില്‍ നിന്നു പടമെടുത്തു. വാഷിങ്ടണിലെ ന്യൂസിയം എന്ന വാര്‍ത്താ മ്യൂസിയത്തില്‍ ലോകത്തെ നടുക്കിയ വാര്‍ത്തകളിലെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ടു കണ്ടു. ബെര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കിയപ്പോള്‍ അതിന്റെ പ്രധാനപീസുകള്‍ കൊണ്ടുവന്ന് ന്യൂസിയത്തില്‍ വച്ചിരിക്കുന്നതിന്റെ മുന്നില്‍ നിന്നു പടമെടുത്തു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങള്‍, ഡാനിയേള്‍ പേളിന്റെ ക്യാമറയും പേനയും ലാപ്‌ടോപും അങ്ങനെ തുടങ്ങി ലോകമഹായുദ്ധകാലത്തുനിന്നുള്ള ശേഷിപ്പുകള്‍ മുതല്‍ അനേകം അനേകം ചരിത്രരേഖകള്‍ അവിടെ കണ്ടു.

ജേണലിസ്റ്റ് മെമ്മോറിയല്‍ എന്ന വിഭാഗത്തില്‍ വാര്‍ത്താശേഖരണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ നിന്നും മലയാളത്തിന്റെ വിക്ടര്‍ ജോര്‍ജിന്റെ പേരും കംപ്യൂട്ടറില്‍ അദ്ദേഹത്തിന്റെ ജീവചരിത്രവും കണ്ട് ഒരു സല്യൂട്ട് നല്‍കി അല്‍പം വികാരഭരിതനായി കടന്നുപോന്നു. ഒടുവില്‍ ന്യൂസിയത്തിന്റെ ടെറസില്‍ നിന്നു സംഘാംഗങ്ങളോടൊപ്പം ഫോട്ടോയെടുത്തു.

പിബിഎസ് ടെലിവിഷന്‍ ചാനലിലെ ഏറ്റവും വലിയ ഷോ ആയ ന്യൂസ് അവറിന്റെ അവതാരകന്‍ ഹാരിയുമായി ഏറെനേരം ലോകമാധ്യമപ്രവര്‍ത്തനരാഷ്ട്രീയത്തെപ്പറ്റിയും സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തെപ്പറ്റിയും ചര്‍ച്ച ചെയ്തു. അമേരിക്കയിലെ തന്നെ ഏറ്റവും റേറ്റിങ് ഉള്ള ന്യൂസ് ഷോകളില്‍ ഒന്നായ ന്യൂസ് അവറിന്റെ അവതാരകനായ ഹാരിയെ കാണാന്‍ ലോക്കല്‍ സായിപ്പന്‍മാര്‍ പോലും വന്നിട്ടുണ്ടായിരുന്നു. ഇടയ്ക്ക് എന്റെ ലുക്കും മറ്റും കണ്ടിട്ടാവണം ഇന്ത്യയില്‍ എവിടെ ന്ിന്നാണെന്നു ഹാരി ചോദിച്ചു. ഇന്ത്യയുടെ താഴെഭാഗത്ത് കേരളം എന്നൊരു സാധനമുണ്ട് അവിടെ മലയാളം മാത്രമേയുള്ളു എന്നൊക്കെ പറഞ്ഞു പിടിപ്പിക്കുമ്പോള്‍ മിസ്റ്റര്‍ ഹാരി ഇങ്ങോട്ടു പറയുന്നു- മലയാളം ഞാന്‍ മറന്നിട്ടൊന്നുമില്ല- എന്ന്. ഹാരി ഹരിയാണ്. മ്മടെ പാലക്കാട്ടുകാരന്‍ ഹരി ശ്രീനിവാസന്‍.

അമേരിക്കയിലായാലും ഇന്ത്യയിലായാലും ഗാന്ധിജിയോട് എല്ലാവര്‍ക്കും ഒരേ സമീപനമാണ് എന്നു മനസ്സിലായത് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെറി ബില്‍ഡിങ്ങിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ കണ്ടപ്പോഴാണ്. എന്തിനാണ് മഹാത്മാവിനെ അവിടെ പ്രതിഷ്ഠിച്ചതെന്നു ചോദിച്ചിട്ട് ആര്‍ക്കും വലിയ പിടിയില്ല. പക്ഷെ, ഗാന്ധിപ്രതിമയുടെ തലയില്‍ പക്ഷികള്‍ വളരെ ഭംഗിയായി കാഷ്ഠിച്ചിട്ടുണ്ടായിരുന്നു. ഗോള്‍ഡന്‍ ഗേറ്റ് പാലം വലിയ സംഭവമാണ് എന്നാണ് എല്ലാവരും പറയുന്നത്. ആറാം വയസ്സില്‍ ഈരാറ്റുപേട്ടയിലെ ഇരട്ടപ്പാലങ്ങള്‍ക്കു മീതേകൂടി കടന്നുപോയപ്പോഴത്തെ അനുഭവം ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലൂടെ പോയപ്പോള്‍ എനിക്കുണ്ടായില്ല എന്നതില്‍ ഖേദിക്കുന്നു. എന്നാലും ആ പാലം ഒരു സംഭവമാണ്.

മയാമി ബീച്ചില്‍ നിന്നപ്പോള്‍ എല്ലാ ബീച്ചും ഒരുപോലെയാണെന്നേ എനിക്കു തോന്നിയുള്ളൂ. തീരവും തീരയും തമ്മിലുള്ള ആഖ്യയും അഖ്യാതവുമാണല്ലോ ബീച്ചിന്റെ രസം. അതൊക്കെ തന്നെയേ അവിയെടുമുള്ളൂ. സീക്വേറിയത്തില്‍പ്പോയി കന്യകമാര്‍ ഡോള്‍ഫിനുകളോടു കെട്ടിമറിയുന്നത് കണ്ടു. പ്രത്യകിച്ചൊന്നും തോന്നിയില്ല. വെര്‍മണ്ടും ബര്‍ളിങ്ടണും മാഞ്ചസ്റ്ററമൊക്കെ മഞ്ഞില്‍ പുതഞ്ഞു കിടക്കുകയായിരുന്നു. ഇടയ്‌ക്കൊക്കെ മഞ്ഞു പെയ്യുന്നുമുണ്ട്. വെര്‍മോണ്ടിലെ ട്രാപ്പ് ഫാമിലി ലോഡ്ജിനടുത്തുള്ള സ്‌കീയിങ് റിസോര്‍ട്ടിനു മുന്നില്‍ നിന്നു പടമെടുത്തു.

ഈ ട്രാപ്പ് ഫാമിലിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ദി സൗണ്ട് ഓഫ് മ്യൂസിക് സിനിമ ചിത്രീകരിച്ചിട്ടുള്ളതത്രേ. മൊത്തത്തില്‍ അമേരിക്ക എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന ക്ലീഷേ ചിത്രങ്ങളൊന്നുമല്ല യഥാര്‍ത്ഥ അമേരിക്ക. അന്യാദൃശവും അപൂര്‍വുമായ കാഴ്ചകളുടെയും ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും അനന്തമായ താഴ്‌വരകളിലെ അമേരിക്കയെ ആണ് കാണേണ്ടത്. അല്ലാതെ വൈറ്റ് ഹൗസിനു മുന്നില്‍ നിന്നു പടമെടുത്തതുകൊണ്ടോ ലിബര്‍ട്ടി പ്രതിമയ്ക്കു മുന്നില്‍ കുന്തം വിഴുങ്ങി നിന്നതുകൊണ്ടോ അമേരിക്ക കണ്ടു എന്നു പറയാനാവില്ല. ഭൂരിപക്ഷം വരുന്ന അമേരിക്കക്കാരും സാധുക്കളും നിഷ്‌കളങ്കരുമാണ്. എന്നാലും കേരളത്തിന്റെ സൗന്ദര്യമോ ഭാരതത്തിന്റെ വൈവിധ്യമോ അമേരിക്കയ്ക്ക് ഇല്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

വാഷിങ്ടണ്‍ ഡിസി ടു…..

ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മയാമി ബീച്ച് എന്ന് ആരും ഇനി ചോദിക്കരുത്. കാരണം ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഇവിടെ കിലോമീറ്ററുകളില്ല, മൈലുകളേയുള്ളൂ. ഞാനിപ്പോള്‍ വാഷിങ്ടണ്‍ ഡിസിയില്‍ ആണ്. അധികം താമസിയാതെ മയാമിയിലേക്കു പോകും. എന്നാല്‍, വാഷിങ്ടണ്‍ സിഡിയില്‍ നിന്നും മയാമി ബിച്ചിലേക്കുള്ള ദൂരം അറിയാന്‍ കോട്ടയത്തോ കൊച്ചിയിലോ ഒക്കെ ഇരുന്നാല്‍ മതി. കൃത്യമായി പറഞ്ഞാല്‍ ദൂരം 1054 മൈല്‍ ആണ്. കിലോമീറ്റര്‍ കണക്കില്‍ പറഞ്ഞാല്‍ 1696.2 കിലോമീറ്റര്‍. നിങ്ങള്‍ക്കും പരിശോധിക്കാം.


View Larger Map

പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, അമേരിക്ക ഒരു വലിയ സംഭവമല്ല. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള ജീവിതത്തിന്റെ ചടുലത ഇവിടെയില്ല. മനുഷ്യജീവിതം കൊണ്ടു വര്‍ണാഭമായ പകലുകളുടെ ഭംഗി ഇവിടെയില്ല. ഞാന്‍ അമേരിക്കയ്ക്കു വില പറയാന്‍ വന്നതല്ലാത്തതുകൊണ്ടും എന്നെ അമേരിക്ക കല്യാണം കഴിക്കുന്നില്ലാത്തതുകൊണ്ടും എനിക്ക് അമേരിക്കയെക്കുറിച്ചോ അമേരിക്കയ്ക്ക് എന്നെക്കുറിച്ചോ ഉള്ള അഭിപ്രായങ്ങള്‍ക്കു പ്രസക്തിയില്ല. ഇംഗ്ലിഷ് മണി മണി പോലെ പറയാന്‍ നാലാഴ്ച ഇവിടെ നിന്നാല്‍ മതി. മൂന്നാഴ്ചത്തേക്കു വന്ന ഞാന്‍ അത് മണി മണിപോലെ പറഞ്ഞിട്ടു വലിയ കാര്യമൊന്നുമില്ല. സായിപ്പ് കേരളത്തില്‍ വന്നാല്‍ മലയാളം പറയാറില്ലാത്തതുകൊണ്ട് കഴിയുന്നതും ഞാന്‍ ഇവിടെ ഇംഗ്ലിഷും പറയാറില്ല. യെസ്, നോ തുടങ്ങിയവ കഴിഞ്ഞാല്‍ പിന്നെ സായിപ്പ് പറയുന്നതിനൊക്കെ അത് ശരി !, അതെയല്ലേ എന്നൊക്കെ പറഞ്ഞാലും സംഗതി കമ്യൂണിക്കേറ്റ് ചെയ്യുമെന്നു ഞാന്‍ തെളിയിച്ചു. ജെസിബിയുടെ ഡ്രൈവര്‍ ബജാജിന്റെ ബൈക്കോടിക്കുന്നവനെപ്പറ്റി അസൂയപ്പെടേണ്ട കാര്യമില്ലാത്തതു പോലെ 56 അക്ഷരമുള്ള മലയാളം പറയുന്ന ഞാന്‍ വെറും 26 അക്ഷരമുള്ള ഇംഗ്ലിഷ് പറയുന്നവരുടെ മുന്നില്‍ കോംപ്ലക്‌സ്‌ അടിക്കേണ്ട കാര്യമില്ലല്ലോ.

ഏറ്റവും വൈവിധ്യമായ കാലാവസ്ഥയുള്ള സ്ഥലം ഇന്ത്യയാണ് എന്നു പറയുന്നത് ചുമ്മാതാണ്. ഇവിടെ വാഷിങ്ടണ്‍ ഡിസിയില്‍ മുടിഞ്ഞ തണുപ്പും ഇടയ്‌ക്കൊരുമാതിരി വൃത്തികെട്ട മഴയുമാണെങ്കില്‍ മയാമിയില്‍ പൊരിവെയിലാണ്. കന്‍സസും ബോസ്റ്റണുമൊക്കെ മഞ്ഞു മൂടിക്കിടക്കാന്‍ തുടങ്ങീട്ട് കുറെ ദിവസമായി. എവിടെയെങ്കിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടോ എന്നറിയില്ല. എന്തായാലും വൈവിധ്യങ്ങള്‍ക്ക് ഇവിടെയും ഒരു പഞ്ഞവുമില്ല. ആളുകള്‍ പൊതുവേ നല്ലവരാണ്. എല്ലാവരും മര്യാദക്കാരാണ്. നമ്മള്‍ വെറുതെ റോഡിലൂടെ നടന്നുപോയാല്‍ പോലും താങ്ക്യൂ എന്നു പറയുന്ന ടൈപ്പ് ആണ്. ഒരു പരിചയവുമില്ലാത്തവര്‍ പോലും സുഖമാണോ എന്നു ചോദിക്കും. എല്ലാവരും താങ്ക്യൂ എന്നു പറയുമ്പോള്‍ നമുക്ക് താങ്ക്യു പറയാനുള്ള അവസരം എപ്പോഴാണ് ലഭിക്കുക എന്നതാണ് വലിയൊരു പ്രതിസന്ധി.

റസിഡന്‍ഷ്യല്‍ സ്‌കൂളിലെപ്പോലെ എല്ലാവരും ഒരേപോലെ പെരുമാറുന്ന സമൂഹത്തില്‍ നമുക്ക് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല. അതുപോലെയൊക്കെ പെരുമാറുക അഥവാ അമേരിക്കക്കാരനെപ്പോലെ ഭാവിക്കുക എന്നതേ മറ്റേതു രാജ്യക്കാരനും ഇവിടെ ചെയ്യാനുള്ളൂ എന്നു തോന്നുന്നു. തെരുലിലൂടെ നടക്കുമ്പോള്‍ ഇന്ത്യക്കാരെ ഇഷ്ടം പോലെ കാണാം. എന്നാല്‍ മറ്റേതെങ്കിലും രാജ്യത്ത് വച്ച് ഇന്ത്യക്കാരനെ കണ്ടാല്‍ തോന്നുന്നതുപോലെ ഒരു വികാരത്തിന് ഇവിടെ വലിയ പ്രസക്തിയൊന്നുമില്ല. ചേട്ടാ ഞാനും ഇന്ത്യക്കാരനാ, കണ്ടാല്‍ തോന്നില്ലേ എന്ന ഭാവത്തില്‍ നമ്മള്‍ അമേരിക്കന്‍ വേഷധാരിയായ ഇന്ത്യക്കാരനെ നോക്കിയാല്‍ ഇന്ത്യ എന്താണെന്നറിയാത്ത വെള്ളക്കാരനാണ് താന്‍ എന്ന ഭാവത്തോടെ പാവപ്പെട്ട കണ്‍ഫ്യൂസ്ഡ് ദേശി നമ്മളെ തിരിച്ചു നോക്കും. ഒറിജിനല്‍ അമേരിക്കക്കക്കാരനെ സംബന്ധിച്ചിടത്തോളം നമ്മള്‍, കേരളത്തില്‍ മൈക്കാട് പണിക്കു വന്ന ഒറീസക്കാരനെപ്പോലെയാണ് എന്നു തോന്നുന്നു.

റോഡിലൂടെ വാഹനങ്ങള്‍ നിരനിരയായി പോകുന്നതും, ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്തി നിര്‍ത്തി മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാതെ അടങ്ങിയൊതുങ്ങി പോകുന്നതുമൊക്കെ കാണുമ്പോള്‍ കേരളം മിസ്സ് ചെയ്യും. ഓട്ടോറിക്ഷകള്‍ ഉണ്ടായിരുന്നെങ്കില്‍ വാഷിങ്ടണ്‍ ഡിസി കുറച്ചുകൂടി ക്യൂട്ട് ആയേനെ എന്നും തോന്നി. റോഡുകള്‍ക്ക് നമ്പരും അക്ഷരങ്ങളുമൊക്കെയാണ് പേരുകള്‍. 1600 കെ സ്ട്രീറ്റ്, അല്ലെങ്കില്‍ 1800 എല്‍ സ്ട്രീറ്റ് തുടങ്ങിയ വിരസമായ പേരുകളെവിടെ കിടക്കുന്നു, എംജി റോഡ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, പി.ടി.ഉഷ റോഡ് തുടങ്ങിയ കാല്‍പനിക റോഡുകളെവിടെ കിടക്കുന്നു. കാപ്പി, ചായ തൂടങ്ങിയ സംഗതികള്‍ രുചികരമായി കഴിക്കുന്നതെങ്ങനെ എന്ന കാര്യത്തില്‍ ഇവര്‍ അജ്ഞത നടിക്കുന്നതാണോ അതോ കടുംകാപ്പി കൊടുംകയ്‌പോടെ കുടിക്കാന്‍ ഇവിടുത്തുകാര്‍ക്ക് ശരിക്കും ഇഷ്ടമാണോ എ്‌ന്തോ.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യവാരത്തില്‍ വാഷിങ്ടണ്‍ ഡിസിയിലെ അനുഭവം വച്ച് എനിക്കിത്രയൊക്കെയേ പറയാനുള്ളൂ. വരും ദിവസങ്ങളില്‍ അഭിപ്രായം മാറിയേക്കാം. എന്തായാലും പലരും കരുതുന്നതുപോലെ സ്വര്‍ഗത്തിലോ… നമ്മള്‍ സ്വപ്‌നത്തിലോ എന്നൊക്കെ ചോദിച്ചു പാട്ടുംപാടി നടക്കാന്‍ മാത്രം ഇവിടൊന്നും ഞാന്‍ കാണുന്നില്ല. അതിനൊക്കെയുള്ള സ്‌കോപ് നമ്മുടെ ഭൂമി മലയാളത്തിലാണ്. അല്ലെങ്കില്‍ രാജ്യാന്തര നിലവാരത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത ബ്ലഡി മല്ലുവിന്റെ ജല്‍പനങ്ങളുമാവാം. എന്തായാലും വിമാനത്തിലും എയര്‍പോര്‍ട്ടിലുമൊക്കെയായി പത്ത് മുപ്പത് മണിക്കൂറോളം ബോറടിപ്പിക്കുന്ന യാത്ര ചെയ്ത് കൊച്ചിയില്‍ നിന്നും അമേരിക്കയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ അമേരിക്കന്‍ മലയാളികളെയും ഞാന്‍ സമ്മതിച്ചിരിക്കുന്നു. ബന്ധുര ലുഫ്താന്‍സ ഫ്‌ളൈറ്റിലാണെങ്കിലും പണ്ടാരമടങ്ങല്‍ ഒരു പണ്ടാരമടങ്ങല്‍ തന്നെയാണല്ലോ.

Note: ഇവിടുത്തെ മിക്കവാറും എല്ലാ സ്മാരകങ്ങളുടെയും മുന്നില്‍ ഞാന്‍ വിജൃംഭിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ ലോക്കല്‍ സെലബ്രിറ്റികളുടെ തോളില്‍ ചാരി നിന്നുകൊണ്ടുള്ള പടങ്ങളും ഉണ്ട്. പറഞ്ഞന്നേയുള്ളൂ. അതൊക്കെ അപ്‌ലോഡ് ചെയ്ത് നിങ്ങളെ ബുദ്ധിമുട്ടിക്കാത്തതിന് നന്ദി വേണം.