സെപ്റ്റിക് ടാങ്കില്‍ നിധി; പുരാവസ്തുവകുപ്പേ വരൂ…

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് പുരാവസ്തു വകുപ്പിന്റെ സഹായം തേടാം. ടാങ്ക് വൃത്തിയാക്കാന്‍ ശാസ്ത്രജ്ഞരെയും കൂട്ടി വരുമോ വകുപ്പേ എന്നു ചോദിക്കരുത്, അവര്‍ തെറിവിളിച്ചേക്കാം. തികച്ചും സൗജന്യമായി ഒദ്യോഗികജാഡകളോടെ അവരെക്കൊണ്ട് ടാങ്ക് വൃത്തിയാക്കിക്കാന്‍ വഴിയൊന്നു മാത്രം- ടാങ്ക് ഇരിക്കുന്ന സ്ഥലം 1000 വര്‍ഷം മുമ്പ് ഏതെങ്കിലും രാജാവിന്റെ സ്ഥലമായിരുന്നെന്നും അക്കാലത്ത് അദ്ദേഹം 10000 ടണ്‍ സ്വര്‍ണം അവിടെ കുഴിച്ചിട്ട ശേഷം കുഴഞ്ഞു വീണു മരിച്ചെന്നും ആ രാജാവ് സ്വപ്‌നത്തില്‍ വന്ന് മകനേ അത് കുഴിച്ചെടുത്ത് ഭാരതത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കൂ എന്നു പറഞ്ഞതായി ഏതെങ്കിലും ലോക്കല്‍ സന്യാസിയെക്കൊണ്ടോ സിദ്ധനെക്കൊണ്ടോ പറയിച്ചാല്‍ പുരാവസ്തുഗവേഷകരും ശാസ്ത്രജ്ഞരുമടങ്ങുന്ന വിഗദ്ധസംഘം അവരുടെ കിടുതാപ്പുകളുമായി വന്ന് ടാങ്ക് വൃത്തിയാക്കിത്തരില്ലേ ?. നമ്മളായിട്ട് വൃത്തിയാക്കിക്കാന്‍ പോയാല്‍ നമ്മുടെ പോക്കറ്റില്‍ നിന്നു കാശ് ചെലവാകും. ഇതാകുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ മുടക്കി കാര്യം നടക്കുകയും ചെയ്യും പോരെങ്കില്‍ ദേശീയമാധ്യമങ്ങളിലൊക്കെ വാര്‍ത്തയും വരും. നിധി കിട്ടിയില്ലെന്നു കരുതി പുരാവസ്തു ടീമുകള്‍ നമ്മളെ തിന്നാനൊന്നും വരത്തില്ല, വല്ല കുടത്തിന്റെയോ കലത്തിന്റെയോ പീസുമെടുത്ത് ഓപ്പറേഷന്‍ സക്‌സസ് എന്നു പറഞ്ഞ് അവര്‍ പരസ്പരം പുറത്തുതട്ടി അഭിനന്ദിച്ചോളും. ആര്‍ക്കും നഷ്ടമില്ലാത്ത ബിസിനസ്.

പുരാവസ്തു വകുപ്പ് പോലെ പുണ്യപുരാതനമായ ഒരു വകുപ്പിനെ ആക്ഷേപിക്കാന്‍ വേണ്ടി ബോധപൂര്‍വം പറയുന്നതാണെന്നു തോന്നാം. ഒരിക്കലുമല്ല. വിവരവും വിദ്യാഭ്യാസവും ശാസ്ത്രബോധവുമുള്ള പ്രഗല്‍ഭന്‍മാരടങ്ങിയ പ്രസ്ഥാനമാണ് പുരാവസ്തുവകുപ്പെന്നും അവര്‍ ചെയ്യുന്ന വിഡ്ഡിത്തമെന്നു തോന്നുന്ന എല്ലാത്തിനും ഒരര്‍ഥമുണ്ടെന്നുമുള്ള കാഴ്ചപ്പാട് അവര്‍ തന്നെ തിരുത്തിത്തരികയും ലോകത്തിനു മുന്നില്‍ കാണിച്ചുതരികയും ചെയ്ത സാഹചര്യത്തില്‍ ആ മോഡല്‍ നമുക്കും പ്രായോഗികമായി ഉപയോഗിക്കാനുള്ള ഒരു സാധ്യത ഞാന്‍ പറഞ്ഞു എന്നു മാത്രം.

കോമണ്‍സെന്‍സിനെക്കാള്‍ ദിവ്യന്‍മാരുടെ അധോവായുവിന് പ്രാധാന്യമുള്ള നാടാണ് ഭാരതം. ആര്‍ഷഭാരതം എന്നൊക്കെ പലരും പറയുമ്പോള്‍ തന്നെ രാജാക്കന്‍മാരെ സന്യാസിമാരും മറ്റും വിരട്ടിനിര്‍ത്തിയിരുന്ന പഴയകാലമാണ് സ്വപ്‌നം കാണുന്നത്. അത്ര തന്നെ എത്തിയില്ലെങ്കിലും ഏതാണ്ട് അതിന്റെ സമീപത്ത് എത്താന്‍ ഈ സംഭവത്തോടെ നമുക്ക് സാധിച്ചു എന്നതാണ് അഭിമാനകരമായ നേട്ടം. ഏതു സംഭവം എന്നു പിടികിട്ടാത്തവര്‍ക്കായി സംഗതി ചുരുക്കിപ്പറയാം.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ രാജാവായിരുന്ന രാജാറാവു റാം ബക്‌സ് സിങ്ങിന്റെ കൊട്ടാരത്തിനടിയില്‍ 1000 ടണ്‍ സ്വര്‍ണശേഖരം ഉണ്ടെന്ന ദിവ്യദര്‍ശനമുണ്ടായത് ശോഭന്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരി ശോഭന്‍ സര്‍ക്കാരിനാണ്. പേരില്‍ തന്നെ സര്‍ക്കാര്‍ ഉള്ളതുകൊണ്ടാണോ എന്തോ ശോഭന്‍ സര്‍ക്കാരിന് നിധി കുഴിച്ചെടുക്കാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചു. ഭക്തനും കേന്ദ്രമന്ത്രിയുമായ ചരണ്‍ദാസ് മഹന്തിനോട് സന്യാസി ദിവ്യസ്വപ്‌നത്തെപ്പറ്റി പറഞ്ഞു. മന്ത്രിശുംഭന്റെ ശുഷ്‌കാന്തി വിജൃംഭിച്ചു. ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്‌നത്തില്‍ ഉറച്ചുവിശ്വസിച്ച ശുംഭന്‍മാരായ സര്‍ക്കാരുദ്യോഗസ്ഥന്‍മാര്‍ അടുത്ത ദിവസം തന്നെ ഇന്നോവയില്‍ ഉന്നോവോയിലെത്തി.

ഓള്‍ഡ് ജനറേഷന്‍ രാജാവ് ഈ പറഞ്ഞ സന്യാസിയുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് (3ഡി) കൊട്ടാരത്തിനു കീഴെ സുമാര്‍ 1000 ടണ്‍ സ്വര്‍ണം താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് കുഴിച്ചെടുത്ത് ഇന്ത്യയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കണമെന്നു സജസ്റ്റ് ചെയ്‌തെന്നുമാണ് സന്യാസി വെളിപ്പെടുത്തിയത്. ശാസ്ത്രജ്ഞന്‍മാര്‍ പ്രസ്തുത സ്ഥലത്ത് കുഴിച്ചു തുടങ്ങിയതോടെ അപാരമായ മാധ്യമശ്രദ്ധയും പരിസരത്ത് വലിയ ജനക്കൂട്ടവുമുണ്ടായി. സന്യാസി പെട്ടെന്നു സെലബ്രിറ്റിയായി. സ്വര്‍ണം കിട്ടിക്കഴിഞ്ഞാല്‍ മൊത്തം ക്രെഡിറ്റും സന്യാസി കൊണ്ടുപോകുമോ എന്ന ഭീതി കൊണ്ടാണോ എന്തോ, ഇത് ഞങ്ങള്‍ സ്വന്തമായി കണ്ടുപിടിച്ച നിധിയാണെന്ന പ്രഖ്യാപനവുമായി പുരാവസ്തുവകുപ്പ് നെഞ്ചുവിരിച്ചു. ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ കോട്ടയോടു ചേര്‍ന്ന ഭൂമിയില്‍ 20 മീറ്റര്‍ താഴെ ലോഹ വസ്തുവിന്റെ സാന്നിധ്യം കണ്ടത്തെിയിരുന്നു എന്നവര്‍ അറിയിച്ചു. അഥവാ ഒന്നും കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ എന്ന മട്ടില്‍ പഴക്കംചെന്ന ഒരു മണ്‍കലം കിട്ടിയാലും ഖനനം സഫലമാണെന്നു കൂടി പറഞ്ഞ് വിമര്‍ശനങ്ങളെ ബ്ലോക്ക് ചെയ്തു.

സ്വര്‍ണശേഖരത്തില്‍ ജനങ്ങള്‍ കൈയിട്ടുവാരാതെ നോക്കാന്‍ പ്രത്യേക സേനയെ വരെ ഇറക്കി 11 ദിവസം കുഴിച്ചു. 1000 ടണ്‍ സ്വര്‍ണം പോയിട്ട് ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ കൊച്ചുമോതിരം പോലും കിട്ടിയില്ല. സന്യാസി സ്വപ്‌നം കണ്ട ചാനല്‍ മാറിപ്പോയതോ മറ്റോ ആവാം. അടുത്ത ധ്യാനത്തിലേക്കു കടന്നാല്‍ സന്യാസി സേഫായി. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ തന്നെ ജയിലിലടക്കാം എന്നൊക്കെ പറഞ്ഞെങ്കിലും അതൊക്കെ ഭക്തരെ വച്ചു സന്യാസിക്കു ബ്ലോക്ക് ചെയ്യാം. സ്വന്തമായിട്ട് നിധി ലൊക്കേറ്റ് ചെയ്‌തെന്നവകാശപ്പെട്ട ശാസ്ത്രജ്ഞര്‍ ഇത്രയാഴത്തില്‍ കുഴിച്ചിട്ടും ഒരു ലോഹവസ്തു പോലും കിട്ടിയില്ല. ഒടുവില്‍ കുഴിപ്പു നിര്‍ത്തി മടങ്ങുമ്പോള്‍ ബുദ്ധകാലഘട്ടത്തെ ഏതാനും മണ്‍കലങ്ങളുടെ അവശിഷ്ടങ്ങള്‍ കയ്യിലുള്ളതുകൊണ്ട് സംഗതി സഫലമാണെന്നു പ്രഖ്യാപിക്കാം.

രാജാവും സന്യാസിയുമൊക്കെ അടങ്ങിയ കേസായതുകൊണ്ട് ഇതിനെ വിമര്‍ശിക്കുന്നത് ബിജെപിക്കാര്‍ക്കിഷ്ടമാവില്ല എന്നൊന്നും ആരും പറയരുത്. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ ഒരു ശ്രമവും നടത്താതെ ഏതോ സന്യാസി സ്വപ്നം കണ്ട സ്വര്‍ണശേഖരത്തിനുവേണ്ടി ഖനനം നടത്തുന്ന ഇന്ത്യയെ നോക്കി ലോകം ചിരിക്കുകയാണെന്നാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പറഞ്ഞത്. കള്ളന്മാരും കൊള്ളക്കാരും വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്തി തിരിച്ചുപിടിച്ചാല്‍ തീരുന്നതേയുള്ളൂ, ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി. അതു ചെയ്താല്‍ സ്വര്‍ണശേഖരത്തിനു വേണ്ടി നാടു കുഴിക്കേണ്ട കാര്യമില്ല- മോഡി അങ്കിള്‍ റോക്ക്‌സ് !