കോടതി, സിബിഐ, അന്തര്‍ധാര

കോടതിയും സിബിഐയും തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാന സജീവമാണെന്നു വേണം മനസ്സിലാക്കാന്‍. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് യുഡിഎഫ് നേതാക്കളുടെ മനസ്സു വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുന്നത് ദൈവനിശ്ചയം ആയിരിക്കണം. അല്ലെങ്കില്‍ തന്നെ കോണ്‍ഗ്രസ് വിരുദ്ധരുടെ സംസ്ഥാന സമ്മേളനമാണ് നടക്കുന്നത്. യുഡിഎഫ് വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമായി ദുഷ്ടന്‍മാര്‍ അഴിഞ്ഞാടുകയാണ്.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പു കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തു കൊണ്ട് ഹൈക്കോടതി സര്‍ക്കാരിനെ തോല്പിച്ചപ്പോള്‍ ഒന്നന്വേഷിക്കൂ ചേട്ടാ എന്നു പറഞ്ഞ് സര്‍ക്കാര്‍ സിബിഐയെ ഏല്‍പിച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രമില്ലെന്നു പറഞ്ഞ് സിബിഐയും സര്‍ക്കാരിനെ തോല്‍പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തോല്‍വികളേറ്റുവാങ്ങാന്‍ ആരുടെയൊക്കെയോ എന്തൊക്കെയോ ഇനിയും ബാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കോടതി ഉമ്മന്‍ ചാണ്ടി സാറിന്റെ മനസ്സു വേദനിപ്പിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. മന്ത്രി കെ.സി.ജോസഫാണ് പ്രധാനമായും അഞ്ഞടിക്കുന്നത്. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ട എന്നാണ് അവറോണര്‍ കെ.സി.ജോസഫ് വിധിച്ചിരിക്കുന്നത്. സലിം രാജിന്റെ കേസിനെപ്പറ്റി വിധി പറയുമ്പോള്‍ സോളാര്‍ കേസിനെപ്പറ്റിയും സരിതയെപ്പറ്റിയും കോടതി പറഞ്ഞത് വലിയ തെറ്റായിപ്പോയെന്നാണ് യുഡിഎഫിലെ നിയമപണ്ഡിതര്‍ പറയുന്നത്. പണ്ടൊരു സിപിഎം ജയരാജന്‍ ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ നീതിപീഠത്തോടുള്ള ഇറെവറന്‍സില്‍ മനംനൊന്തു പിടഞ്ഞവരാണ് ഇപ്പോള്‍ ജുഡീഷ്യറിയുടെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്.

ജഡ്ജിമാര്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി വിധി ലംഘിച്ചു, ജുഡീഷ്യല്‍ നീതി ലംഘിച്ചു എന്നിങ്ങനെ പരിശുദ്ധനായ മുഖ്യമന്ത്രിക്കെതിരെ കോടതി ചെയ്തിട്ടുള്ള കുറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. ഇതിനു പുറമേ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജഡ്ജി സിപിഎമ്മുകാരനാണ് എന്നൊരു കണ്‍ക്ലൂഷനിലേക്ക് മാധ്യമങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ കേരളാ ഹൗസില്‍ വച്ച് ജഡ്ജിയും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കണ്ടു എന്നതാണ് ഇതിനുള്ള തെളിവായി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ് മകളുടെ കല്യാണം ക്ഷണിക്കുകയായിരുന്നെന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. നമ്മളീ എല്‍എല്‍ബി ഒന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ട് നിയമവശങ്ങളൊന്നും വലിയ പിടിയില്ല.

ചെറിയ ഒരു റിയല്‍ എസ്റ്റേറ്റ് കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇവിടം വരെ എത്തി നില്‍ക്കുന്നതെങ്കില്‍ കേരളചരിത്രത്തിലെ തന്നെ ഏറ്റവും ഭയങ്കരമായ കൊലപാതക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രം വലിയ സംഭവമല്ല എന്നു പറഞ്ഞ് സിബിഐ തള്ളിക്കളഞ്ഞിരിക്കുകയാണ്. സിബിഐ ചെയ്തത് തെറ്റാണോ ശരിയാണോ എന്നതിനെപ്പറ്റി മന്ത്രി കെ.സി.ജോസഫ് എന്തു പറയുമെന്നു കേട്ടിട്ടു വേണം ഒരു തീരുമാനമെടുക്കാന്‍. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ടതില്ല എന്നു പറഞ്ഞ നാവു കൊണ്ടു തന്നെ എല്ലാ കേസുകളും സിബിഐ അന്വേഷിക്കണം എന്നോ മറ്റോ അദ്ദേഹം പറയുമോ ആവോ.

ഒരു ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രാധാന്യം ടിപി വധക്കേസിനില്ലെന്നും നിലവില്‍ സി.ബി.ഐക്ക് കേരളത്തില്‍ ആവശ്യത്തിലധികം കേസുകളുണ്ടെന്നുമാണ് സിബിഐ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സിസ്റ്റര്‍ അഭയയുടെ മരണം പോലും തെളിയിക്കാന്‍ പറ്റാത്ത സിബിഐ അന്വേഷണം കഴിഞ്ഞ് വിചാരണയും വിധിയും കഴിഞ്ഞ കേസില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തുമെന്നു കരുതാന്‍ വയ്യ. സിബിഐ ഡയറക്ടറുടെ മകളുടെ കല്യാണവും കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നോ എന്നതാണ് ഇനി അറിയാനുള്ളത്. കേരളാ ഹൗസില്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് വിഡിയോ ദൃശ്യങ്ങളുമായി ടിവി ചാനലുകാര്‍ സത്യം തെളിയിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

സത്യത്തെ ഭയക്കുന്നവര്‍ക്ക് ഒരു കരിങ്കൊടി

കാളയെ ചുവപ്പുനിറം കാണിക്കുന്നതും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതും ഒരുപോലെ അപകടരമായി വന്നു കൊണ്ടിരിക്കുകയാണ്. കാള കുത്തും പക്ഷെ, മുഖ്യമന്ത്രി കുത്തില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അനുയായികള്‍ കരിങ്കൊടിക്കാരെ എതിര്‍ക്കുകയും തങ്ങള്‍ എതിര്‍ക്കുന്നവരെ കരിങ്കൊടി കാണിക്കുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ ഫാന്‍സിനു കണ്‍നിറയെ കാണാന്‍ നല്ലൊരു കരിങ്കൊടി ഞാനിവിടെ സമര്‍പ്പിക്കുകയാണ്. കരിങ്കൊടി ഒരു അശ്ലീലമോ ദേശദ്രോഹമോ അല്ലെന്നും കരിങ്കൊടി കാണുന്നതു കൊണ്ട് ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നും തെളിയിക്കുന്നതിനു വേണ്ടിക്കൂടിയാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്ന പോലെ കേരളത്തിലും നിലവിലുള്ള ഭരണസംവിധാനം നിര്‍ഭാഗ്യവശാല്‍ ജനാധിപത്യമാണ്. ആ ജനാധിപത്യത്തില്‍ മുഖ്യമന്ത്രിക്ക് ഭരിക്കാനുള്ളതുപോലെ തന്നെ മൂപ്പരുടെ ഭരണം ഇഷ്ടപ്പെടാത്തവര്‍ക്ക് പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. എങ്ങനെ പ്രതിഷേധിക്കണം എന്നത് പ്രതിഷേധിക്കുന്നവരുടെ ക്രിയേറ്റിവിറ്റി അുസരിച്ചിരിക്കും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുണ്ടായ പങ്ക് വിവാദമായതോടെ സമരപരിപാടികളിലേക്കു നീങ്ങിയ ഇടതു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന പ്രതിഷേധ പരിപാടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇന്നലെ, മലപ്പുറം താനൂരില്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെത്തിയ മുഖ്യമന്ത്രിയെയും ആചാരപ്രകാരം ഇടതു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അദ്ദേഹം അതു നേരെ ചൊവ്വേ കണ്ടോ എന്നറിയില്ല. എന്തായാലും പൊലീസ് വലയം ഭേദിച്ച് കരിങ്കൊടി കാണിച്ച ഇടതു പ്രവര്‍ത്തകരും വലയമുണ്ടാക്കിയ പൊലീസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി, സ്വാഭാവികം. മറ്റ് ജില്ലകളില്‍ മുഖ്യമന്ത്രിയെ തടയുന്നതുപോലെ മലപ്പുറത്ത് തടയാനാകില്ലെന്നും ഇടത് പ്രവര്‍ത്തകര്‍ക്ക് കരിങ്കൊടി കാണിക്കാനാകില്ലെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നത്രേ. എന്തായാലും ആ പ്രഖ്യാപനം നടപ്പായില്ല. എല്‍ഡിഎഫുകാര്‍ കരിങ്കൊടി കാണിക്കുകയും സംഗതി അടിയില്‍ കലാശിക്കുകയും ചെയ്തു.

ഇതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. മലപ്പുറത്ത് മുഖ്യമന്ത്രിയെ ഇടതു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിനു നേരെ അക്രമം നടത്തുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ രോഗാതുരമായ ജനാധിപത്യബോധമാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിട്ടില്ലെന്ന് പറഞ്ഞ് ഒരു സംഘം യു.ഡി.എഫ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനം തടഞ്ഞു. ക്യാമറ പിടിച്ചു വാങ്ങാനും ക്യാമറാമാനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരിങ്കൊടി കാണിക്കുന്ന ദൃശ്യം കയ്യിലുള്ള ചാനലുകാരോട് അത് കാണിച്ചിട്ടില്ല എന്നു പറയാന്‍ മാത്രമുള്ള വിവരമേ തടഞ്ഞവര്‍ക്കുണ്ടാിരുന്നുള്ളോ എന്നു ചോദിക്കരുത്. വിവരമെന്നൊക്കെ പറയുന്നത് ആപേക്ഷികമാണ്. എല്ലാ യുഡിഎഫുകാര്‍ക്കും മുഖ്യമന്ത്രിയുടെ അത്ര വിവരമുണ്ടായിരുന്നെങ്കില്‍ ഇവിടെ ഉമ്മന്‍ ചാണ്ടി ഭരിക്കില്ലായിരുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്.

നമ്മുടെ മുഖ്യമന്ത്രി വളരെ വ്യത്യസ്തനായ ഒരു മുഖ്യമന്ത്രിയാണ്. സ്വന്തം ഓഫിസ് മുറിയില്‍ ക്യാമറ വച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വരെ വാര്‍ത്തയായ അദ്ദേഹം ഇപ്പോള്‍ അതേ ഓഫിസ് മുറിയില്‍ വച്ചു സരിതയുമായി കൂടിക്കാഴ്ച നടത്തി എന്ന വിവാദത്തിലാണ് വട്ടം കറങ്ങുന്നത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നടപടിയും വച്ചു പൊറുപ്പിക്കില്ല എന്നു പലവട്ടം പറഞ്ഞിട്ടുള്ള മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വാര്‍ത്ത കൊടുത്തതിനാണ് യുഡിഎഫുകാര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും അവരെ കയ്യേറ്റം ചെയ്യുകയുമൊക്കെ ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസുകാര്‍ പി.സി.ജോര്‍ജിനെ കരിങ്കൊടി കാണിക്കുകയും വഴി തടയുകയും ചെയ്തപ്പോള്‍ അതൊന്നും അതിരുവിട്ടതാണെന്നു തോന്നുന്നില്ല എന്നു പറഞ്ഞ യൂത്ത് ലീഗാണ് മലപ്പുറത്ത് വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചത്.

കരിങ്കൊടി പി.സി.ജോര്‍ജ് കണ്ടാലും ഉമ്മന്‍ ചാണ്ടി കണ്ടാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണെന്റെ അഭിപ്രായം. പ്രതിഷേധക്കാരുടെ കരിങ്കൊടി കൂടി കാണാന്‍ ബാധ്യസ്ഥനാണ് ജനാധിപത്യത്തിലെ മുഖ്യമന്ത്രി. ഇനി അതൊക്കെ ആശയപരമാണെന്നുണ്ടെങ്കില്‍ ആളുകളെക്കൊണ്ടു പറയിപ്പിക്കാത്ത, ആരും കരിങ്കൊടി കാണിക്കാത്ത ഭരണം കാഴ്ച വയ്ക്കുകയാണ് വേണ്ടത്. പിന്നെ, ഇവിടെ ആവേശപൂര്‍വം കരിങ്കൊടി കാണിക്കുന്ന ഇടതു പ്രവര്‍ത്തകര്‍ കഴിഞ്ഞ ഭരണകാലത്ത് വിഎസിനെ കരിങ്കൊടി കാണിക്കാനിറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചത് ഓര്‍മിപ്പിക്കുകയാണ്. ഒന്നുകില്‍ ആരും ആരെയും കരിങ്കൊടി കാണിക്കരുത്. അല്ലെങ്കില്‍ ചെങ്കൊടിയും പച്ചക്കൊടിയും പോലെ കരിങ്കൊടിയും സ്വീകാര്യമായ ഒന്നായി രാഷ്ട്രീയക്കാര്‍ പ്രഖ്യാപിക്കുക.

കരള്‍ പോയ കേരളം

മലയാളികളുടെ ഏറ്റവും വീക്കായ അവയവം ഏതാണെന്നു ചോദിച്ചാല്‍ ഞരമ്പാണെന്നു പറയാം. എന്നാല്‍,അത് മാരകമായ ഒരു വീക്ക്‍നെസ് അല്ലാത്തതുകൊണ്ട് മറ്റൊന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. സംസ്ഥാന ആരോഗ്യമന്ത്രിയും കേന്ദ്രസംഘവും മറ്റും പറയുന്നതനുസരിച്ച് ആ അവയവം കരള്‍ ആണ്. പനി സീസണിലല്ലാതെയും കരള്‍രോഗം കൊണ്ട് മരിക്കുന്നവര്‍ ഒന്നും രണ്ടുമല്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മരിച്ച മിക്കവാറും സിനിമക്കാര്‍ക്കും കരള്‍രോഗമായിരുന്നു എന്നാണ് വാര്‍ത്തകളില്‍ കണ്ടത്.അവരൊക്കെ കള്ളുകുടിച്ച് കരള്‍പോയതാണോ അല്ലയോ എന്ന് ആരും പറഞ്ഞില്ല. എന്തായാലും ഓരോ സീസണിലും ബിവറേജസ് കോര്‍പറേഷന്റെ കച്ചവടം റെക്കോര്‍ഡ് ലാഭത്തില്‍ നിന്നു റെക്കോര്‍ഡ് ലാഭത്തിലേക്കു പോകുമ്പോള്‍ കരള്‍രോഗം കേരളത്തിന്റെ ദേശീയരോഗമായി പ്രഖ്യാപിച്ചാലും തെറ്റില്ല.

നാട്ടുകാരുടെ പനിയും കരള്‍രോഗവും തമ്മിലുള്ള ബന്ധമാണ് ഇനി പരിശോധിക്കേണ്ടത്. കഴിഞ്ഞ സീസണില്‍ കേരളത്തില്‍ പാവപ്പെട്ട ജനങ്ങള്‍ പനി ബാധിച്ചു മരിച്ചപ്പോള്‍ പനിയെ തുരത്താന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉപരോധിക്കുകയും ഡോക്ടര്‍മാരെ ഘെരാവോ ചെയ്യുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ്,യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒരു പരിധിവരെ പരാജയപ്പെട്ടിരുന്നു. ഡിവൈഎഫ്ഐക്കാര്‍ മേല്‍പ്പടിയാന്മാരെ കൈകാര്യം ചെയ്തിട്ടു രക്ഷയില്ലാതെ ശുചീകരണവും മെഡിക്കല്‍ ക്യാംപുകളും നടത്തിയെങ്കിലും മരിച്ചവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായില്ല.

ഈ വര്‍ഷം പനി വേറൊരു സ്ട്രാറ്റജി ആണത്രേ സ്വീകരിച്ചിരിക്കുന്നത്. മദ്യപരായ, കരള്‍രോഗികളായ ആളുകളെ മാത്രം ബാധിക്കുന്ന പനിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.ഈ സീസണില്‍ പനി ബാധിച്ചു മരിച്ചവരെയൊക്കെ ഞാന്‍ സ്മരിക്കുകയായിരുന്നു.ആയുഷ്കാലം മുഴുവന്‍ പള്ളിയും പ്രാര്‍ഥനയുമായി കഴിഞ്ഞിരുന്ന പള്ളീലച്ചന്മാര്‍ മുതല്‍ ഒരു ക്വാര്‍ട്ടര്‍ വാങ്ങാന്‍ വരുമാനമുണ്ടാക്കാനാവാത്ത സാധുക്കള്‍ വരെ പനി പിടിച്ചു മരിച്ചിട്ടുണ്ട്. ഇവരൊക്കെ നല്ല അടികാരായിരുന്നു എന്നറിയുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ഒരുള്‍ക്കിടിലം എനിക്കുമുണ്ട്.ഇനി ആരെങ്കിലും പനി പിടിച്ചു മരിച്ചാല്‍ ബന്ധുക്കള്‍ അത് പുറത്തു പറയാന്‍ മടിക്കും.കാരണം,എയ്‍ഡ്സ് പോലെ പനിയും ബ്ലാക്ക്‍ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

പനി പഠിക്കാന്‍ വന്ന കേന്ദ്രസംഘമാണ് കള്ളുകുടിയന്‍മാരെ മാത്രം ബാധിക്കുന്ന കേരള മോഡല്‍ പനി കണ്ടെത്തിയതെന്നാണ് മന്ത്രി പറയുന്നത്.അതിനും മുഖ്യമന്ത്രി മാപ്പു ചോദിച്ചിട്ടുണ്ട് (പുള്ളിയുടെ നൂറ്റൊന്നാമത്തെയോ മറ്റോ മാപ്പു പറച്ചിലാണിത്). കേന്ദ്രസംഘം പറഞ്ഞത് സാങ്കേതികമായി ശരായാകാന്‍ സാധ്യതയുണ്ട്. കാരണം, പനി കൂടിക്കഴിഞ്ഞാല്‍ ഏതൊക്കെ അവയവങ്ങളെ തകരാറിലാക്കുമെന്നോ ഏത് അവയവം നിശ്ചലമാകുന്നതാണ് മരണത്തിന് കാരണമാകുന്നതെന്നോ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല.

കേരളത്തില്‍ കേന്ദ്രസംഘം സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ പനി ബാധിച്ചു മരിച്ചവര്‍ക്കൊക്കെ പനിയായിരുന്നെങ്കിലും സ്പെസിഫിക് ആയ മരണകാരണം കരളിന്റെ തകരാറാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ വല്യ കഷ്ടപ്പാടൊന്നുമില്ല.അഞ്ചടി ആഴമുള്ള കുളത്തില്‍ പത്തു പേര്‍ മുങ്ങി മരിച്ചാല്‍ അത് മറ്റാരുടെയും കുഴപ്പമല്ല,മരിച്ചവര്‍ക്ക് ആറടി ഉയരമില്ലാത്തതിന്റെ കുഴപ്പമാണ് എന്നു പറയുന്നതുപോലെയേ ഉള്ളൂ ഇതും. ഈ അളവുകോല്‍ വച്ച് ഏതു കാര്യത്തെയും ജനങ്ങളുടെ കയ്യിലിരിപ്പിന്റെ ഫലമായി ചിത്രീകരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.

കേന്ദ്രസംഘം എന്തായാലും കേരളത്തിന്റെ പനി അളക്കാന്‍ പറ്റിയ ഒരു തെര്‍മോമീറ്ററാണ്. കഴിഞ്ഞ പനിക്കാലത്ത് വന്ന കേന്ദ്രസംഘം പറഞ്ഞകാര്യങ്ങള്‍ ഈ സംഘം പറഞ്ഞതുപോലെയല്ല. ചെറിയ പനിക്കുപോലും ചികിത്സ തേടി ആശുപത്രിയെ സമീപിക്കുന്നവരാണ് ഏറെയും. വര്‍ഷകാലത്ത് ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് സ്വാഭാവികമാണ്. തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവയുണ്ട്. കാലാവസ്ഥാ വ്യതിയാനം മറ്റൊരു കാരണമാണ്. ഇത്തരത്തിലുള്ള രോഗങ്ങള്‍ എപ്പോള്‍, എവിടെയൊക്കെ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. എച്ച്1എന്‍1 രോഗബാധയ്ക്കെതിരെ ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.- ഇതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട്.

ഈ വര്‍ഷത്തെ കേന്ദ്രസംഘം നേരേ തിരിച്ചാണ് പറയുന്നത്. ഇത്രയും ആളുകള്‍ മരിക്കാന്‍ കാരണം,പനി കലശലായിട്ടും ഒറ്റയെണ്ണം പോലും ആശുപത്രിയില്‍ പോകാത്തതുകൊണ്ടാണെന്ന് ഒരു പോയിന്റ്.പിന്നെ കരള്രോഗം. കേന്ദ്രസംഘം പറയുന്നത് നമ്മള്‍ അക്ഷരം പ്രതി വിശ്വസിക്കുമ്പോഴും ഏതാനും ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു.

1.കഴിഞ്ഞ വര്‍ഷം കുളിരു തുടങ്ങിയപ്പോഴേ ആശുപത്രിയിലേക്കോടിയ ജനം ഈ വര്‍ഷം 107 ഡിഗ്രി കഴിഞ്ഞിട്ടും ചികില്‍സ തേടാത്തതെന്തുകൊണ്ട് ?
2.മദ്യപാനവും കരള്‍രോഗവുമാണ് പനി പിടിച്ച് ആളുകള്‍ മരിക്കാന്‍ കാരണമെങ്കില്‍ ജനത്തെ കൊന്നൊടുക്കുന്ന മദ്യക്കച്ചവടത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയാത്തത് എന്തുകൊണ്ട് ?
3.പനിയെ തുരത്താന്‍ യുവജനസംഘടനകള്‍ രംഗത്തിറങ്ങാത്തതിന് കാരണം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പില്ല എന്നതു മാത്രമാണോ ?
4.ഇത്തരം വര്‍ത്തമാനങ്ങള്‍ പറയുന്ന കേന്ദ്രസംഘം ഇനിയും വരാനുണ്ടോ ? (ചുമ്മാ ഒന്നു കാണാനാ).