മൂത്രമൊഴിച്ചു കളിക്കാം

ലക്ഷ്യത്തില്‍ മുത്രമൊഴിക്കുന്ന ആണുങ്ങളുടെ പഴയകാല ഗെയിമുകള്‍ തിരിച്ചുവരികയാണ്, പുതിയ രൂപത്തില്‍. ലണ്ടനിലെ കാപ്ടീവ് മീഡിയ അവതരിപ്പിച്ച യൂറിനല്‍ വിഡിയോ ഗെയിമാണ് മൂത്രപ്പുരകളെ ഗെയിം പാര്‍ലറുകളാക്കി മാറ്റുന്നത്. മൂത്രവിനോദവിപണിയിലെ മുന്‍നിര കമ്പനിയായ കാപ്ടീവ് മീഡിയുടെ ഗെയിമുകള്‍ യുകെയിലെ ഹോട്ടലുകളിലെയും കോര്‍പറേറ്റ് ഓഫിസുകളിലെയും ടോയ്‌ല്റ്റുകളില്‍ ഹരം പകരുകയാണ്. വളരെ ലളിതവും രസകരവുമാണ് മൂത്രാധിഷ്ഠിത ഗെയിമുകള്‍. പുരുഷന്‍മാരുടെ ടോയ്‌ലറ്റില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് അഭിമുഖമായി ഒരു എല്‍സിഡി സ്‌ക്രീന്‍ ഉണ്ടാവും. മൂത്രമൊഴിക്കാന്‍ കയറി നില്‍ക്കും വരെ അതില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൂത്രമൊഴിച്ചു തുടങ്ങുമ്പോള്‍ ഗെയിം ആരംഭിക്കും. മൂത്രം വീഴുന്നതിനെ ഇന്‍ഫ്രാ റെഡ് രശ്മികളുടെ സഹായത്താല്‍ ഗെയിം ഷൂട്ടിങ്ങ് ആയി മാറ്റുകയാണ് ഇതില്‍ ചെയ്യുന്നത്. സ്‌ക്രീനില്‍ നോക്കി ശ്രദ്ധയോടെ മൂത്രമൊഴിച്ച് ലക്ഷ്യസ്ഥാനത്ത് കൊള്ളിച്ചാല്‍ നിങ്ങള്‍ ജയിക്കും. ഗെയിമുകള്‍ വന്നതോടെ ബ്രിട്ടിഷ് പയ്യന്‍മാര്‍ മൂത്രമൊഴിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായാണ് കണക്ക്.
വെബ്‌സൈറ്റ്:captive-media.co.uk

ജനകീയ രാഷ്ട്രീയ പരിഷ്കരണം

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസനോന്മുഖ സാമ്പത്തിക പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മള്‍ ജനങ്ങളും കുറച്ചൊക്കെ എക്കണോമിക്കലായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. എല്ലാം നെഗറ്റീവായി കാണാന്‍ തുടങ്ങിയാല്‍ നമുക്കൊന്നും സമാധാനം കിട്ടില്ല. അതുകൊണ്ട് ഡോ.മന്‍മോഹന്‍ സിങ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന എക്കണോമിക്സ് നമ്മള്‍ നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കുന്നതിലൂടെ അദ്ദേഹം വിഭാവനം ചെയ്യുന്ന പുരോഗതി എല്ലാ രംഗത്തും നമുക്ക് കൈവരിക്കാന്‍ ക്രിയാത്മകമായി നമ്മള്‍ ചിന്തിക്കുകയും ധീരമായി പ്രവര്‍ത്തിക്കുകയും വേണം.അതെങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള ചില ചിതറിയ ചിന്തകളാണ് ഈ പോസ്റ്റിലുള്ളത്.

ഒരു ഫ്ലാറ്റിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൂടി ഒറ്റ ഗ്യാസ് കണക്ഷന്‍ മതി എന്നു സര്‍ക്കാര്‍ പറയുന്നതുപോലെ ഒരു പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൂടി ഒരായിരം രാഷ്ട്രീയക്കാരുടെ ആവശ്യമുണ്ടോ എന്നത് നമ്മള്‍ പരിശോധിക്കേണ്ട സമയമായിരിക്കുന്നു. ചുമ്മാ വെള്ളേം വെള്ളേമിട്ട് പെണ്ണുങ്ങളുടെ വായില്‍നോയി നടക്കുന്ന സമയത്ത് വല്ല കൂലിപ്പണിക്കും പോയാല്‍ ഇവനൊക്കെ സ്വന്തം കുടുംബമെങ്കിലും നേരേ ചൊവ്വേ പുലര്‍ത്താമെന്ന എക്കണോമിക് യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയണം. അതുകൊണ്ട് ഒരു പഞ്ചായത്തിലെ ജനങ്ങളെ ഉപദ്രവിക്കാന്‍ അഞ്ചു പാര്‍ട്ടികളിലായി ആയിരം രാഷ്ട്രായക്കാരുടെ ആവശ്യമില്ല എന്നത് നമ്മള്‍ മനസ്സിലാക്കണം. ഭരിക്കുന്ന പാര്‍ട്ടിയുടെ ഒറ്റ പ്രതിനിധി മതി. കോണ്‍ഗ്രസാണ് ഭരിക്കുന്നതെങ്കില്‍ ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ മതി. ഒരു ഫ്ലാറ്റിലെ മുഴുവന്‍ ആളുകള്‍ക്കും ഒരു കുറ്റി ഗ്യാസ് കൊണ്ട് ജീവിക്കാമെങ്കില്‍ ഒരു പഞ്ചായത്തിലെ ജനങ്ങളുടെ മുഴുവന്‍ തന്തയ്‍ക്കു വിളിയും ഒരു കോണ്‍ഗ്രസുകാരന് ഒറ്റയ്‍ക്ക് സഹിക്കാന്‍ കഴിയും.

ഇന്നല്ലെങ്കില്‍ നാളെ ഉമ്മന്‍ ചാണ്ടിയോ എ.കെ.ആന്‍റണിയോ രാഹുല്‍ ഗാന്ധിയോ റോബര്‍ട്ട് വധേരയോ ഒക്കെയാകുന്നത് എന്നും സ്വപ്നം കണ്ടു കഴിയുന്ന ആ സാധുക്കളോട് അവരുടെ ഹതാശരായ മുന്‍ഗാമികളെപ്പോലെ എത്രയും വേഗം ഒരു നഴ്‍സിനെ കെട്ടി യുകെയില്‍ പോയി രക്ഷപെടാന്‍ ഉപദേശിക്കുക. 2014ലെ തിരഞ്ഞെടുപ്പിനു ശേഷം ഈ പാര്‍ട്ടി ഇന്ത്യയില്‍ അവശേഷിക്കുമോ എന്നത് ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്. താഴെത്തട്ടിലുള്ള രാഷ്ട്രീയക്കാര്‍ ആരാധിക്കുന്ന നേതാക്കള്‍ക്ക് ദില്ലിയില്‍ മാത്രമല്ല, ചൈനയിലും സ്വിസ് ബാങ്കിലും ഇറ്റലിയിലുമൊക്കെ പിടിയുള്ളതുകൊണ്ട് പണി പാളിയാല്‍ അവരങ്ങു പറക്കും. പിന്നെയിവിടെക്കിടക്കുന്ന സാദാ ഖദര്‍ധാരികകളുടെ കാര്യം- ഭും! എന്നാകാതിരിക്കാന്‍ ഗാന്ധിജി ഉപദേശിച്ചതു പോലെ എല്ലാവരും ഇപ്പോഴേ കൈത്തൊഴിലുകള്‍ ശീലിക്കുക.

സബ്സിഡി എന്നത് രാജ്യപുരോഗതിക്കു വിഘാതമാണെന്നു തിരിച്ചറിഞ്ഞ് അത് നീക്കം ചെയ്യുന്ന സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം നമുക്കും ഉള്‍ക്കൊള്ളാം. കേരളയാത്ര, ജില്ലായാത്ര, മണ്ഡലം പദയാത്ര തുടങ്ങിയ വയറ്റിപ്പിഴപ്പുകളുമായി സമീപിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് പിരിവ് നല്‍കുന്നത് സബ്സിഡി വിരുദ്ധ പോളിസിക്കു വിരുദ്ധമായിനാല്‍ അവന്മാര്‍ക്ക് അഞ്ചു പൈസ പോലും നല്‍കാതിരിക്കുക. സബ്സിഡി കുറച്ചപ്പോള്‍ ആളുകള്‍ കൂടുതല്‍ അധ്വാനിക്കാന്‍ തുടങ്ങിയതുപോലെ പിരിവു കൊടുക്കുന്നതു നിര്‍ത്തിയാല്‍ ജാഥയൊക്കെ നിര്‍ത്തി അവറ്റകള്‍ പോയി പണിയെടുത്തു ജീവിച്ചോളും. സബ്സിഡി കുറച്ചപ്പോള്‍ ജനങ്ങള്‍ ദുരിതത്തിലായെങ്കിലും ഓഹരിസൂചികയും രൂപയുടെ മൂല്യവും കുതിച്ചുകയറുന്നതുപോലെ രാഷ്ട്രീയക്കാര്‍ക്കു പിരിവു കൊടുക്കുന്നതു നിര്‍ത്തിയാല്‍ അവരുടെ കള്ളുകുടി മുട്ടുമെങ്കിലും നമ്മുടെ കയ്യിലെ സമ്പാദ്യം മെച്ചപ്പെടും.

പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലനിര്‍ണായധികാരം കുത്തക കമ്പനികളെ ഏല്‍പിച്ച സര്‍ക്കാര്‍ നടപടി വളരെ ശരിയാണെന്നിരിക്കെ, പഞ്ചായത്ത്-നിയമസഭാ-പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു തീരുമാനിക്കാനുളള അവകാശം എല്ലാവരും സ്വയം ഏറ്റെടുക്കുക. പ്രസ്താവന, വാഗ്ദാനങ്ങളുടെ പട്ടിക തുടങ്ങിയവയുമായി നമ്മള്‍ ആര്‍ക്കു വോട്ടു ചെയ്യണം എന്ന് ഉപദേശിക്കാന്‍ വരുന്ന ചെറ്റകളെ ആട്ടിപ്പുറത്താക്കുക. എണ്ണക്കമ്പനികള്‍ ഭയങ്കര നഷ്ടത്തിലാണ് എന്നു പറയുന്നതുപോലെ ജയിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ നിങ്ങളെ സേവിക്കുമെന്നും മറ്റുമുള്ള പച്ചക്കള്ളങ്ങള്‍ ഇവറ്റകളും‍ പറയും. അതൊന്നും മൈന്‍ഡ് ചെയ്യാതെ ധൈര്യമായി വോട്ടവകാശം വിനിയോഗിക്കുക. സാമ്പത്തികപരിഷ്കരണകാലത്ത് കോണ്‍ഗ്രസുകാര്‍ നമ്മുടെ സ്വകാര്യത കവര്‍ന്നു കയറി വന്ന് സോണിയാജിയുടെയും രാഹുല്‍ജിയുടെയും മന്‍മോഹന്‍ജിയുടെയുമൊക്കെ പുണ്യപുരാണം വിളമ്പി നമ്മുടെ ഗൃഹാന്തരീക്ഷം മലീമസമാക്കാതിരിക്കാന്‍ വീടുകളുടെ ഗേറ്റ് എപ്പോഴും അടച്ചിടുക.

എല്ലാറ്റിനുമപരിയായി, അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയുമൊക്കെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍, ധീരതയിലൂടെയും സാഹസികതയിലൂടെയും സാമ്പത്തികരംഗത്ത് അനിഷേധ്യശക്തിയായി മാറിയതുപോലെ രാഷ്ട്രീയരംഗത്തും അതേ നിലവാരത്തിലേക്കുയര്‍ന്ന് ലോകരാഷ്ട്രങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തകരെ വിസ്മയിപ്പിക്കണം. അമേരിക്കയില്‍ തിരഞ്ഞെടുപ്പിനു മുമ്പ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഡിബേറ്റ് നടത്തി ജനങ്ങളെ തങ്ങളുടെ കഴിവുതെളിയിക്കുന്നുണ്ട്. നമുക്കും ആ നിലവാരത്തിലേക്കുയരണം. ഫുള്‍ടൈം മിണ്ടാതിരിക്കുകയും പാര്‍ലമെന്‍റ് കഴിയുന്ന നേരം നോക്കി സാമ്പത്തികപരിഷ്കാരം പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ സബ്സിഡി കട്ട് ചെയ്യുന്നതുപോലെ കട്ട് ചെയ്ത് ദൂരെക്കളഞ്ഞ് രാഷ്ട്രീയവളര്‍ച്ച നേടാന്‍ നമ്മള്‍ പരിശ്രമിക്കണം. അമേരിക്കയിലോ യൂറോപ്പിലോ ഒന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ അനുഭാവികള്‍ യൂണിഫോമിട്ട് കൊടിയും പിടിച്ച് കണ്ടവന്‍റെ ബൈക്കിന്‍റെ പിന്നില്‍ കയറി നാടു ചുറ്റി, വിളിക്കാത്ത കല്യാണങ്ങളില്‍പ്പോയി വെട്ടിവിഴുങ്ങി നടക്കാറില്ല.സാമ്പത്തികരംഗത്ത് നമ്മള്‍ ആഗോളനിലവാരത്തിലെത്തിയതുപോലെ രാഷ്ട്രീയരംഗത്തും എത്തേണ്ടതിനായി ഇത്തരം കൃമികീടങ്ങളെ തുടച്ചുനീക്കാന്‍ ഒരുമിച്ചു നില്‍ക്കുക.

കേരളം കൃഷിയിറക്കേണ്ട കാര്യമില്ല, ഉള്ള സ്ഥലത്ത് നമ്മള്‍ വേറെ ബിസിനസ് ചെയ്താല്‍ മതിയെന്ന് ആസൂത്രക്കാരന്‍ അലുവാലിയ പറഞ്ഞതുപോലെ നീയൊന്നും ഇവിടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടെടാ, പോയി വല്ല പണീം ചെയ്തു ജീവിക്കെടാ എന്ന്, തെണ്ടിത്തിരിഞ്ഞു നടക്കുന്ന കുട്ടിനേതാക്കന്മാരോട് നമുക്കും പറയാം. നാളത്തെ ലോകം നയിക്കുന്നത് ഇന്ത്യ തന്നെയായിരിക്കും. അന്ന് എക്കണോമിക്സ് പഠിച്ചിട്ടുള്ള, വിവരവും വിദ്യാഭ്യാസവുമുള്ള സംസ്കാരസമ്പന്നരായ ജനപ്രതിനിധികള്‍ നമുക്കുണ്ടാവേണ്ടതിന് ഇപ്പോഴേ ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുക, അവസരോചിതമായി പ്രവര്‍ത്തിക്കുക. ഭാരത് മാതാ കീ, ജയ്.

ക്വിറ്റ് ഇന്ത്യന്‍ ഡാന്‍സ്


Image:www.justjhoom.co.uk

നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സിനിമാറ്റിക് ഡാന്‍സ് പണ്ടേ നിരോധിച്ചതാണ്. എന്നിട്ടും യുകെയിലെ സ്‌കൂളുകളില്‍ ഈ അധാര്‍മിക നൃത്തം അവസാനിപ്പിച്ച് പിള്ളേരെ സ്‌പോര്‍ട്‌സ് പഠിപ്പിക്കണം എന്നു പ്രധാനമന്ത്രി ഡേവിഡ് കാമറുണ്‍ പറഞ്ഞതില്‍ ഇന്ത്യക്കാരും വെള്ളക്കാരും പ്രതിഷേധിക്കുന്നു. ഇന്ത്യന്‍ ഡാന്‍സിനെതിരേ ബ്രിട്ടിഷ് പ്രധാനമന്ത്രി എന്ന തലക്കെട്ട് നമ്മെ ഹഠാദാകര്‍ഷിക്കുന്നു. അവിടുത്തെ മാധ്യമസിന്‍ഡിക്കറ്റുകള്‍ പ്രധാനമന്ത്രിയെ കശക്കിയെറിയുന്നു. ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും ഇന്ത്യന്‍ ഡാന്‍സിനെ അവഹേളിച്ച പ്രധാനമന്ത്രിക്കെതിരേ രോഷം പുകയുന്നു. നമ്മുടെ ഡാന്‍സിനൊക്കെ ഇത്രയും രാജ്യാന്തരപിന്തുണയുണ്ട് എന്നതില്‍ നമ്മള്‍ വൃഥാ സന്തോഷിക്കുന്നു.

ഒളിംപിക്സിലെ ഇന്ത്യന്‍ പരേഡിന്‍റെ മുന്നില്‍ ഒരു ഇന്ത്യന്‍ ഡാന്‍സുകാരി കയറി വിരിഞ്ഞു നടന്നപ്പോഴേ കരുതിയതാണ് ഇന്ത്യന്‍ ഡാന്‍സിന് എന്തോ ദുരന്തം സംഭവിക്കാന്‍ പോകുന്നു എന്ന്. സ്ലംഡോഗ് മില്ല്യെനെയറിലെ ജയ് ഹോ ഗാനത്തിന് ഓസ്‌കര്‍ കിട്ടിയതില്‍പ്പിന്നെ ബോളിവുഡ് ഡാന്‍സിന് യുകെയിലും യുഎസിലും നല്ല ഡിമാന്‍ഡ് ആണ്. അതിനു പുറമേ ക്ലാസിക്കലായും ബംഗ്രയായും ബുഹിയായും ഇന്ത്യയിലുടനീളം ചിതറിക്കിടക്കുന്ന നൃത്ത വൈവിധ്യം കണ്ട് അമ്പരന്നു നില്‍ക്കുകയാണ് വെളുത്ത കത്രീനകള്‍. അപ്പോള്‍ സ്‌കൂളുകളില്‍ കുട്ടികളെ ഇന്ത്യന്‍ ഡാന്‍സ് പഠിപ്പിക്കുന്നതും സ്വാഭാവികം. നമ്മളിവിടെ പിള്ളേരെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു, അവരവിടെ ഇന്ത്യന്‍ ഡാന്‍സ് പഠിപ്പിക്കുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും വലിയ കാര്യമില്ല, വെറുതേ പണവും സമയവും കളയാമെന്നല്ലാതെ പിള്ളേര്‍ക്കു ഭാവിയുണ്ടാവണമെങ്കില്‍ സ്‌പോര്‍ടിനു തന്നെ പോണം എന്നേ ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞുള്ളൂ. കേരളത്തിലെ നല്ലൊരു ശതമാനം രക്ഷിതാക്കളും പറയുന്നതും ഇതൊക്കെ തന്നെയാണ്. എന്നിട്ടും കാമറൂണ്‍ കുടുങ്ങി.

ഒളിംപിക്‌സില്‍ ബ്രിട്ടണ് തരക്കേടില്ലാതെ മെഡലുകള്‍ കിട്ടുന്നതിന്റെ ഒരു സന്തോഷത്തിലാണ് അവിടുത്തെ പ്രധാനമന്ത്രി. അടുത്ത ഒളിംപിക്‌സ് ആവുമ്പോഴേക്കും കൂടുതല്‍ മെഡലുകള്‍ വാങ്ങണമെന്ന് തോന്നിപ്പോയാല്‍ അത് തെറ്റല്ല. അതിനുള്ള കര്‍മപരിപാടികളെപ്പറ്റി പറഞ്ഞപ്പോഴാണ് അദ്ദേഹം വിവാദപ്രസ്താവന നടത്തി കുടുങ്ങിയത്. സ്‌കൂളുകളില്‍ ആഴ്ചയിലുള്ള രണ്ടു മണിക്കൂര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഫലപ്രദമായി വിനിയയോഗിക്കണം എന്നാണ് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘The trouble we have had with targets up to now, which was two hours a week, is that a lot of schools were meeting that by doing things like Indian dance or whatever, that you and I probably wouldn’t think of as sport, so there’s a danger of thinking all you need is money and a target. If that was the solution we would have solved the problem by now.’

രാഷ്ട്രീയവിവാദക്കാരും സിന്‍ഡിക്കറ്റ് മാധ്യമങ്ങളും കേരളത്തിലെപ്പോലെ തന്നെ യുകെയിലുമുണ്ട്. സംഗതി പ്രശ്‌നമായി. ഇന്ത്യന്‍ ഡാന്‍സും ഒരു കായികവിനോദമാണ്, കുതിരപ്പന്തയത്തില്‍ പണം ചിലവഴിക്കുന്നതിനെക്കാള്‍ നല്ലത് ഇതു തന്നെയാണ് എന്നൊക്കെ വാദിച്ചത് യുകെയിലെ ബുദ്ധിജീവികള്‍ തന്നെ. എന്നാല്‍ പ്രധാനമന്ത്രി നിലപാടിലുറച്ചു തന്നെ നിന്നു: ‘I see it with my own children because you know, the two hours that is laid down is often met through sort of Indian dancing classes. Now, I’ve got nothing against Indian dancing classes but that’s not really a sport.’

ഇന്ത്യന്‍ ഡാന്‍സ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ബോളിവുഡ് ഡാന്‍സ് എന്നു വ്യാപകമായും സിനിമാറ്റിക് ഡാന്‍സ് എന്നു പ്രാദേശികമായും വിളിക്കുന്ന ചലച്ചിത്രഗാനാധിഷ്ഠിത ഫ്യൂഷന്‍ നൃത്തരീതിയെ ആണ്. ഇത് മഹത്തായ കലാരൂപമാണ് എന്ന് ആരും അവകാശപ്പെട്ടിട്ടില്ല. യുകെയിലെ സ്‌കൂളുകളില്‍ ഇത് പഠിപ്പിക്കുന്നത് പിള്ളേരെ കത്രീന കൈഫിന്റെ കൂടെ ഡാന്‍സ് കളിപ്പിക്കാമെന്നു കരുതിയിട്ടല്ല. ഒരു ശാരീരികവ്യായാമം എന്നതിനപ്പുറം ഇന്ത്യന്‍ ഡാന്‍സിന് യുകെയില്‍ സാംസ്‌കാരിക-സാമൂഹിക പ്രാധാന്യമൊന്നും ഇതുവരെ ഇല്ലായിരുന്നു. എന്നാല്‍ പ്രധാമനമന്ത്രിയുടെ ഇടപെടല്‍ കാര്യങ്ങള്‍ മാറ്റുകയാണ്. ഇന്ത്യന്‍ ഡാന്‍സിന്റെ വക്താക്കള്‍ വൈകാരികമായി സംസാരിക്കുന്നത് കേട്ടാല്‍ നമുക്കും സിനിമാറ്റിക് ഡാന്‍സ് പഠിക്കാന്‍ തോന്നും. എന്തായാലും നമ്മള്‍ ക്വിറ്റ് ഇന്ത്യ പറഞ്ഞോടിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി ഒളിംപിക് സ്വര്‍ണം കണ്ടു കണ്ണു മഞ്ഞളിച്ച് ക്വിറ്റ് ഇന്ത്യന്‍ ഡാന്‍സ് എന്നു പറയുമ്പോള്‍ അതില്‍ ഒരു അപകടസൂചനയുമുണ്ട്.

സ്‌കൂളുകളിലെ പുതുക്കിയ സിലിബസില്‍ കര്‍ശനമായ കായികപരിശീലനം നിര്‍ബന്ധമാക്കും എന്നതിനു പുറമേ ഇന്ത്യന്‍ ഡാന്‍സിനു വിലക്കുമുണ്ടാവും എന്നതില്‍ സംശയമില്ല. ഇത് അവിടെ നൃത്തമഭ്യസിപ്പിച്ചും അവതരിപ്പിച്ചും കഴിയുന്ന അനേകം പേരെ പ്രതിസന്ധിയിലാക്കും. ഇന്ത്യന്‍ ഡാന്‍സ് യുകെയിലെ സ്കൂളുകളില്‍ അത്രയധികം സ്വാധീനമുള്ള സംഭവമാണോ എന്നു സംശയമുള്ളവര്‍ക്കായി പെട്ടെന്നുള്ള സേര്‍ച്ചില്‍ കയ്യില്‍ കിട്ടിയ ചില ലിങ്കുകള്.പല വെബ്സൈറ്റുകളിലും സ്കൂളുകളിലെ ഡാന്‍സ് ക്ലാസ് ആണ് പ്രധാനകൃഷി എന്ന സൂചനയുണ്ട്. ചില സ്കൂളുകളിലെ ക്ലാസ് ടീച്ചര്‍മാരുടെ സാക്ഷ്യപത്രം വരെ കാണാം. വെറും ഏഴു ദിവസം കൊണ്ട് ബോളിവുഡ് ഡാന്‍സറാക്കും എന്നു വാദ്ഗാനം ചെയ്യുന്ന അക്കാദമികളും ഇക്കൂട്ടത്തിലുണ്ട്.

Bollywood Dance London
Bollywood Dance
Bollywood Vibes
Classical Indian Dance
Akademi
Honey’s Dance Academy
Bharatiya Vidya Bhavan
Center for Indian Classical Dance
Riris Dance Academy

ഇന്ത്യന്‍ ഡാന്‍സ് അക്കാദമികളുടെ ചില പ്രലോഭന വിഡിയോകള്‍.ബോളിവുഡ് ഡാന്‍സിനെ ഒരു വര്‍ക്ക് ഔട്ട് എന്ന നിലയ്‍ക്ക് തികച്ചും സാങ്കേതികമായാണ് പലരും അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഡാന്‍സിനെ പുറത്താക്കുന്നതിനെക്കാള്‍ ഒളിംപിക്സില്‍ ഇന്ത്യന്‍ ഡാന്‍സ് കൂടി ഒരു മല്‍സര ഇനമായി ഉള്‍പ്പെടുത്തുന്നതാവും ബുദ്ധി. ഇന്ത്യക്കാരോടാ കളി.

ഓണ്‍ലൈന്‍ പത്രത്തിന്റെ ട്രേഡ് സീക്രട്ടുകള്‍

പ്രിയപ്പെട്ട ഷിജു ചേട്ടന്,

എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? ഇവിടെ ഞാന്‍ സുഖമായിപ്പോകുന്നു. ഇവിടുത്തെ മലയാളി അസോസിയേഷന്‍കാര്‍ ഉണ്ടാക്കിയ തുഞ്ചത്തെഴുത്തച്ഛന്‍ അവാര്‍ഡ് എനിക്ക് കിട്ടുമെന്നു ഞാന്‍ പറഞ്ഞായിരുന്നല്ലോ, അതെനിക്കു തന്നെ കിട്ടി. ഇപ്പോ എല്ലാ മലയാളികള്‍ക്കും എന്നോടു വലിയ ബഹുമാനമാണ്. അവള്‍ക്കും തരക്കേടില്ലാത്ത ബഹുമാനമുണ്ട്. ഷിജു ചേട്ടന്‍ ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റിലെ പണീം കൊച്ചിനെ നോട്ടോം തന്നെയാണോ ? നാട്ടില്‍ എങ്ങനെ കഴിഞ്ഞയാളാ ഷിജു ചേട്ടന്‍, ഇവിടെ വന്നപ്പോ എല്ലാ മലയാളികളെയും പോലെ ചേട്ടനും ഏഴാംകൂലിയായിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കു സങ്കടമുണ്ട്. ചേച്ചിക്ക് എന്നും നൈറ്റ് ഷിഫ്റ്റായതുകൊണ്ട് കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും ചേട്ടനോട് ഇപ്പോള്‍ ഒരു ബഹുമാനവുമില്ലെന്നും കഴിഞ്ഞ മെയിലില്‍ ചേട്ടന്‍ പറഞ്ഞായിരുന്നല്ലോ. എനിക്ക് അതു മനസ്സിലാകും. ഞാനും ഇവിടെ പട്ടിയെപ്പോലെ കഴിഞ്ഞിരുന്നതാണ്. ഇപ്പോള്‍ നോക്കൂ, എനിക്കിവിടെ വലിയ പേരാണ്, നാട്ടിലും തരക്കേടില്ലാത്ത പേരുണ്ട്. അവള്‍ക്ക് പേടി കലര്‍ന്ന ബഹുമാനവുമുണ്ട്. അതുകൊണ്ട് ചേട്ടന്‍ ഒന്നുമാലോചിക്കേണ്ട, ഞാന്‍ ചെയ്തതുപോലെ എത്രയും പെട്ടെന്ന് ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങണം.

നമ്മള്‍ കോട്ടയത്തുകാര്‍ പത്രമുതലാളിമാരാകാന്‍ ജനിച്ചവരാണ് ഷിജു ചേട്ടാ. പ്രീഡിഗ്രിയ്ക്ക് മലയാളം സെക്കന്‍ഡ് ലാംഗ്വേജിനു തോറ്റ എനിക്ക് ഇവിടെ എഴുത്തച്ഛന്‍ പുരസ്‌കാരം കിട്ടിയെങ്കില്‍ എംഎ മലയാളം പാസ്സായ ഷിജു ചേട്ടന് ജ്ഞാനപീഠം കിട്ടും. മലയാളി അസോസിയേഷന്‍കാര് അവിടെയുമുണ്ടല്ലോ. ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങിയാല്‍ ഷിജു ചേട്ടനും എന്നെപ്പോലെ വലിയ പത്രമുതലാളിയാവാം. ധൈര്യമായി മുന്നോട്ടുപോകൂ ഷിജു ചേട്ടാ, ഒന്നും ആലോചിക്കാനില്ല.

ഓണ്‍ലൈന്‍ പത്രം തുടങ്ങാന്‍ പത്രപ്രവര്‍ത്തനം പഠിക്കണോ എന്നു ഷിജു ചേട്ടന്‍ ചോദിച്ചായിരുന്നല്ലോ. വെബ്‌സൈറ്റ് റജിസ്റ്റര്‍ ചെയ്യാനുള്ള കാശും കോപി പേസ്റ്റ് ചെയ്യാനുള്ള മൗസും ഫേസ്ബുക്കിലുള്ള തെണ്ടികളുടെ തെറി കേള്‍ക്കാനുള്ള തൊലിക്കട്ടിയുമുണ്ടെങ്കില്‍ ചേട്ടന് നാളെത്തന്നെ ഓണ്‍ലൈന്‍ പത്രം തുടങ്ങാം. ചേട്ടനോടു ബഹുമാനമില്ലാത്ത അലവലാതികളുടെ ചുറ്റിക്കളികളും രഹസ്യങ്ങളുമൊക്കെ വച്ച് ചേട്ടന്‍ എഴുതിയാല്‍ അവന്മാരെല്ലാം ഒതുങ്ങിക്കോളും. ആദ്യകാലത്ത് അധികം വായനക്കാരൊന്നും കാണത്തില്ല. അതുണ്ടാക്കാന്‍ ഞാന്‍ സഹായിക്കാം. ചേട്ടന്റെ വെബ്‌സൈറ്റില്‍ എന്തെങ്കിലും ചൊറിയുന്ന ലേഖനം കൊടുക്കണം. അപ്പോള്‍ ഞാന്‍ എന്റെ വെബ്‌സൈറ്റില്‍ ചേട്ടനെ തെറിവിളിച്ച് വാര്‍ത്ത കൊടുക്കും. അങ്ങനെ എല്ലാവരും ചേട്ടന്റെ വെബ്‌സൈറ്റ് വായിക്കാന്‍ തുടങ്ങും. അപ്പോള്‍ ചേട്ടന്‍ എന്നെ തെറിവിളിച്ച് വേറെ വാര്‍ത്ത കൊടുക്കണം. നമ്മള്‍ ശരിക്കും ഉടക്കാണെന്നു കരുതി കൂടുതലാളുകള്‍ നമ്മുടെ ഓണ്‍ലൈന്‍ പത്രങ്ങള്‍ വായിക്കാന്‍ തുടങ്ങും. അപ്പോള്‍ സൈറ്റില്‍ പരസ്യമിട്ട് നമുക്ക് കാശുണ്ടാക്കാം.

പ്രവാസിയാണെന്നും മലയാളിയാണെന്നും സൂചിപ്പിക്കുന്ന ഒരു പേരിട്ട് ആദ്യം ചേട്ടന്‍ വെബ്‌സൈറ്റ് റജിസ്റ്റര്‍ ചെയ്യണം. ഈ രണ്ടുവാക്കും വച്ച് യുകെയിലുള്ള മിക്കവാറും കോട്ടയത്തുകാരും ഓരോ ഓണ്‍ലൈന്‍ പത്രം തുടങ്ങിയിട്ടുണ്ട്. അതുപോലെയുള്ള മറ്റൊരു പേര് ചേട്ടനും റജിസ്റ്റര്‍ ചെയ്യണം. പിന്നെ മനോരമ, മാതൃഭൂമി, മംഗളം, കേരളകൗമുദി, മാധ്യമം തുടങ്ങിയ കേരളത്തിലിറങ്ങുന്ന പത്രങ്ങളുടെയും ടിവി ചാനലുകളുടെയും വെബ്‌സൈറ്റുകള്‍ എപ്പോഴും തുറന്നു വച്ചിരുന്നാല്‍ മതി. അതില്‍ വരുന്ന വാര്‍ത്തകള്‍ കോപി ചെയ്ത് വേറൊരു തലക്കെട്ടിട്ട് നമുക്ക് പ്രസിദ്ധീകരിക്കാം. നമ്മള്‍ യുകെയിലായതുകൊണ്ട് ആരെയും പേടിക്കേണ്ട കാര്യമില്ല. ഈ വാര്‍ത്തകള്‍ അതില്‍ നിന്നു മോഷ്ടിച്ചതാണെന്നു തോന്നാതിരിക്കാന്‍ ആ വാര്‍ത്തയിലെവിടെയെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കിയെന്ന് ഒരു വാചകം ചേര്‍ത്താല്‍ മതി. നമ്മുടെ സൈറ്റ് വായിക്കുന്നവര്‍ പത്രങ്ങളോ പത്രങ്ങള്‍ വായിക്കുന്നവര്‍ നമ്മുടെ സൈറ്റോ വായിക്കാറില്ല.

സിപിഎമ്മുകാരെയും മറ്റും വിമര്‍ശിക്കാന്‍ നമുക്ക് ആരെയും പേടിക്കേണ്ട. നമ്മള്‍ യുകെയിലായതുകൊണ്ട് പെട്ടെന്നൊന്നും ആരും ഒന്നും ചെയ്യാന്‍ വരില്ല. എല്ലാവരെയും വെല്ലുവിളിക്കുകയും ചീത്തവിളിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ ധീരന്മാരായ പത്രപ്രവര്‍ത്തകരാണെന്ന് വായിക്കുന്നവര്‍ക്ക് തോന്നും. നാട്ടില്‍ ലീവിനു വരുന്ന സമയത്തു മാത്രം ഒന്നും സൂക്ഷിച്ചാല്‍ മതി. ഞാന്‍ ഈ വരവിന് അപ്പച്ചേനം അമ്മച്ചിയേം കൂടി ഇങ്ങോട്ടു കൊണ്ടുപോരുവാ, പിന്നെ നാട്ടിലോട്ടില്ല. അതുകൊണ്ട് ഇനിയങ്ങോട്ട് ഞാന്‍ ഭയങ്കര എഴുത്തായിരിക്കും.

ചേട്ടന്‍ ധൈര്യമായിട്ട് പത്രം തുടങ്ങ് എല്ലാം ശരിയാവും. നമ്മുടെ മലയാളി അസോസിയേഷന്‍കാരുടെയൊക്കെ വാര്‍ത്തയും ഫോട്ടോയും ഇടക്കൊക്കെ കൊടുത്ത് അവരെ സന്തോഷിപ്പിച്ചാല്‍ അവര്‍ നമുക്ക് അവാര്‍ഡൊക്കെ തരും. ആ അവാര്‍ഡിന്റെ വാര്‍ത്ത നമുക്ക് നാട്ടിലെ പത്രങ്ങളിലൊക്കെ വരുത്താം. അങ്ങനെ നാട്ടിലുള്ളവര്‍ക്കും നമ്മളോട് ബഹുമാനമുണ്ടാവും. അതു കഴിഞ്ഞാല്‍ നമ്മുടെ ഓണ്‍ലൈന്‍ പത്രത്തിന്റെ പേരില്‍ നമുക്ക് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താം. ആദ്യം വല്ല ബ്ലോഗ് അവാര്‍ഡോ ഫേസ്ബുക്ക് അവാര്‍ഡോ ഒക്കെ മതി. അത് നാട്ടില്‍ നമ്മള്‍ അവധിക്കുപോകുന്ന സമയത്ത് വലിയ വാര്‍ത്തയൊക്കെ കൊടുത്ത് നടത്തിയാല്‍ മതി. ഒരു പത്ത് പേര്‍ക്ക് അവാര്‍ഡ് കൊടുക്കാം. അതില്‍ അഞ്ചു പേര്‍ വളരെ പ്രസിദ്ധരായിരിക്കണം. പിന്നെയൊരഞ്ചു പേര്‍ ആരുമറിയാത്തവരും. അവരുടെ കയ്യില്‍ നിന്ന് ഓരോ ലക്ഷം രൂപ വീതം വാങ്ങി 10000 രൂപ വീതം എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കി ചടങ്ങും നടത്തിക്കഴിഞ്ഞാലും ഒരു ലക്ഷം രൂപ മിച്ചം പിടിക്കാം. കാശുതരുന്നവര്‍ക്കും നമുക്കും പ്രശസ്തിയും പത്രത്തില്‍ പേരും പടവുമൊക്കെ വരികയും ചെയ്യും.

ഇതൊക്കെ ഓണ്‍ലൈന്‍ പത്രങ്ങളുടെ ഡ്രേ് സീക്രട്ടുകളാണ്. ചേട്ടന്‍ ചെയ്യുന്നെങ്കില്‍ ചെയ്യാന്‍ വേണ്ടി പറഞ്ഞതാണ്. ഇതൊന്നും വേറെയാരോടും പറയരുത്. മണി പത്താവുന്നു. നാട്ടിലെ പത്രങ്ങളൊക്കെ വാര്‍ത്ത അപ്‌ഡേറ്റ് ചെയ്യുന്ന സമയമായി. ഞാനതെല്ലാം കോപ്പി ചെയ്ത് എന്റെ സൈറ്റിലിടട്ടെ. ചേട്ടന്‍ ആലോചിച്ചിട്ട് മറുപടി അയക്കൂ.

സ്വന്തം ഷാജി.

ഇത് കളി വേറെ

നമ്മളിവിടെ സദാചാര പൊലീസിലെത്തിയതേയുള്ളൂ. അവിവാഹിതനായ ചെറുപ്പക്കാരന്‍ കടയില്‍ നിന്നു കോണ്‍ഡം വാങ്ങിയാല്‍ രാത്രി മുഴുവന്‍ അവനെ പിന്‍തുടര്‍ന്ന് ചെന്നുകയറുന്ന വീടാക്രമിക്കുന്നവരാണ് കേരള സദാചാര പൊലീസ്. എന്നാല്‍, ഒളിംപിക് വില്ലേജില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പൊലീസ് പിറകെയുണ്ടാവും. കോണ്‍ഡം വാങ്ങുന്നതും ഉപയോഗിക്കുന്നതുമൊക്കെ അവരും നിരീക്ഷിക്കും. പൊക്കുന്നത് സദാചാര പൊലീസ് അല്ല, ഒഫിഷ്യല്‍ കോണ്‍ഡം അല്ലാതെ ലോക്കല്‍ കോണ്‍ഡം വാങ്ങുന്നവരെ പൊക്കുന്ന ബ്രാന്‍ഡ് പൊലീസ്.

ഒളിംപിക്സ് വില്ലേജില്‍ ഒരു കായികതാരത്തിന് 21 ദിവസത്തിനിടെ 15 തവണ ബന്ധപ്പെടാനും മാത്രം സമയവും സൗകര്യവും കാമുകി-കാമുകന്‍മാരും ഉണ്ടാവുമോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും, ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ഒളിംപിക് കമ്മിറ്റി ഒരു കായികതാരത്തിന് അനുവദിച്ചിരിക്കുന്നത് 15 ഗര്‍ഭനിരോധന ഉറകളാണ്. അത് 21 ദിവസം കൊണ്ടോ 10 ദിവസം കൊണ്ടോ ഒക്കെ തീര്‍ക്കാം. മെഡല്‍ കിട്ടാത്തവര്‍ക്ക് ഒളിംപിക്സ് ലോഗോ പതിച്ച ആ ഉറകള്‍ നിധിപോലെ ആയുഷ്കാലം മുഴുവന്‍ സൂക്ഷിച്ചു വയ്‍ക്കാം. പക്ഷെ,സ്വന്തം ബ്രാന്‍ഡ് കോണ്‍ഡവുമായി ഒളിംപിക് വില്ലേജില്‍ കയറിയാല്‍ മേല്‍പ്പറഞ്ഞ ബ്രാന്‍ഡ് പൊലീസ് പിടിക്കും.

രാജ്യാന്തര ബ്രാന്‍ഡ് ആയ ഡ്യൂറെക്സ് ആണ് ഒളിംപിക്സിനെത്തുന്ന കായികതാരങ്ങള്‍ക്ക് കോണ്‍ഡം സൗജന്യമായി നല്‍കുന്നത്. ഒളിംപിക്സിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ഒന്നരലക്ഷം കോണ്‍ഡമാണ് 10490 കായികതാരങ്ങള്‍ക്കായി വിതരണം ചെയ്തത്. ഇപ്പോള്‍ എന്താണെന്നു പ്രശ്നമെന്നു വച്ചാല്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള കംഗാരൂ കോണ്‍ഡം ഒളിംപിക് വില്ലേജില്‍ കണ്ടെത്തിയതാണ്. ഓസ്ട്രേലിയന്‍ സൈക്ലിങ് താരം കരോലിന്‍ ബുക്കാനന്‍ ഒരു ബക്കറ്റ് കംഗാരൂ കോണ്‍ഡത്തിന്‍റെ പടമെടുത്ത് ട്വീറ്റ് ചെയ്തതാണ് പ്രശ്നമായിരിക്കുന്നത്.

കംഗാരൂ കോണ്‍ഡത്തിനു ചുളുവില്‍ പരസ്യമായി എങ്കിലും ഡ്യൂറെക്സ് കോണ്‍ഡമുള്ളിടത്ത് കംഗാരൂ കോണ്‍ഡം കയറിയതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഒളിംപിക് കമ്മിറ്റി. ഇന്ത്യയുടെ ഒളിംപിക് മാര്ച്ച് പാസ്റ്റില്‍ ഏതോ ഒരുത്തി കയറിപ്പോയത് നിസ്സാരകാര്യമാണെന്നു പറയുന്ന ഒളിംപിക് കമ്മിറ്റി കംഗാരൂ കോണ്‍ഡം ഒളിംപിക് വില്ലേജില്‍ കയറിപ്പറ്റിയതെങ്ങനെയെന്നു അന്വേഷിച്ചു തെളിയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്താ ല്ലേ ശുഷ്കാന്തി ? 1992മുതല്‍ ഒളിംപിക്സ് വില്ലേജില്‍ സൗജന്യമായി കോണ്‍ഡം വിതരണം ചെയ്യുന്നുണ്ടത്രേ. ബെയ്ജിങ് ഒളിംപിക്സില്‍ ഒരു ലക്ഷം കോണ്‍ഡമാണ് വിതരണംചെയ്തത്. ഈ ഒളിംപിക്സ് ആയപ്പോഴേക്കും അത് ഒന്നര ലക്ഷമായി.

ബ്രാന്ഡ് പൊലീസിന് കോണ്‍ഡത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല താല്‍പര്യം ഒഫിഷ്യല്‍ ഒളിംപിക് പാര്‍ട്നര്‍മാര്‍ അല്ലാത്ത ബ്രാന്‍ഡുകളുടെ പേര് സോഷ്യല്‍ മീഡിയയിലും മറ്റും ഉച്ചരി്കുന്ന സകലതാരങ്ങളെയും ഒളിംപിക് കമ്മിറ്റി പൊക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ അധികം കളിക്കൊന്നും നില്‍ക്കാതെ നമ്മുടെ താരങ്ങളൊക്കെ ഇങ്ങു മടങ്ങിയതു നന്നായെന്നു പറയാം. ഇത്തരം കൂതറവിവാദങ്ങളില്‍ പെട്ടു നാറുന്നതിനെക്കാള്‍ നല്ലത് അന്തസ്സായി മല്‍സരിച്ച് മടങ്ങുന്നതാണ്.

ഒളിംപിക്‌സിനിടയ്ക്കു പുട്ടുകച്ചവടം

ഇതിപ്പോള്‍ എന്തിനാണ് ഈ പോസ്റ്റ് എന്നു ചോദിച്ചാല്‍ അത് ക്ഷീരമുള്ള റോയല്‍ ഫാമിലിയുടെ അകിട്ടില്‍ നിന്നു ചോര കുടിക്കുന്ന മാധ്യമസിന്‍ഡിക്കറ്റിന്റെ കുപ്രചാരണങ്ങളെപ്പറ്റി വ്യാകുലപ്പെടാനൊന്നുമല്ല. ഈ ഗോസിപ്പിലിലുള്ള മനുഷ്യസഹജമായ എന്റെ താല്‍പര്യം ഒന്നുകൊണ്ടു മാത്രമാണ്. അങ്ങകലെ ലണ്ടനില്‍ ഒളിംപിക്‌സ് നടക്കുകയാണല്ലോ. ഇന്ത്യന്‍ ടീമിന്റെ മുന്നില്‍ കയറി കൈ വീശി നടന്ന മന്ദബുദ്ധിയായ ഒരു പെണ്‍കുട്ടി ചെയ്തതില്‍ തെറ്റില്ല എന്ന് എല്ലാവരും പറഞ്ഞു കഴിഞ്ഞു, ആ വിവാദവും അടങ്ങി. ലോകത്തെ കിടുകിടാ വിറപ്പിച്ച് വിവാഹം കഴിപ്പിച്ചു വിട്ട ഒളിംപിക്‌സ് രാജ്യത്തെ രാജാവിന്റെ മക്കളെപ്പറ്റിയാണ്. ഇതൊക്കെ ഞാന്‍ പല പ്രധാനപ്പെട്ട ഇംഗ്ലിഷ് വെബ്‌സൈറ്റുകളില്‍ നിന്നും വായിച്ചറിഞ്ഞവയാണ്. എനിക്കിതിലൊന്നും ഒരറിവുമില്ല.

മുരളിയും മനോജ് കെ.ജയനും ഉര്‍വശിയുമൊക്കെ അഭിനയിച്ച വെങ്കലം എന്ന സിനിമയില്‍ മുരളിയുടെ കഥാപാത്രം വിവാഹം കഴിക്കുന്ന ഉര്‍വശിയെ അനുജന്റെ കൂടി ഭാര്യയാക്കുന്നതിലെ രാഷ്ട്രീയലാഭത്തെപ്പറ്റി ആലോചിക്കുന്ന അമ്മയും അതിനെ പ്രതിരോധിക്കുന്ന പുരോഗമനവാദിയായ മനോജ് കെ.ജയന്റെ അനുജന്‍ കഥാപാത്രവുമൊക്കെ ശ്രദ്ധിക്കപ്പെട്ടതാണ്. അതില്‍ മുരളിയെക്കാളും ഉര്‍വശിയുമായി സൗഹൃദത്തില്‍ പോവുന്നത് മനോജിന്റെ അനുജന്‍ കഥാപാത്രമാണ്. ശ്രീനിവാസന്‍റെ വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ തന്റെ ഭാര്യയോടു കോമഡി പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അനുജനുമായി തളത്തില്‍ ദിനേശന്‍ ഉടക്കുന്നുണ്ട്. ചേട്ടന്മാര്‍ പൊതുവേ അരസികന്മാരും അനുജന്മാര്‍ തമാശക്കാരുമാവുമ്പോള്‍ ചേട്ടന്റെ ഭാര്യയും അനുജനും സഹോദരീ-സഹോദരന്മാര്‍ക്കു പുറമേ ബെസ്റ്റ് ഫ്രണ്ട്‌സും ആകാറുണ്ട്.

യുകെയിലെ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധി അതല്ല. പഞ്ചാരയടിയുടെ രാജകുമാരനായ ഹാരി രാജകുമാരന്‍ ബോബനും മോളിയും ഫ്രെയിമിലെ പട്ടിയെപ്പോലെ വില്യം രാജകുമാരന്റെയും ഭാര്യ കേറ്റ് മിഡില്‍ട്ടണിന്റെയുമൊപ്പം എല്ലാ സ്ഥലത്തും പോകുന്നു എന്നതാണ്. അതിനു പുറമേ ഒളിംപിക്‌സിനും രാജ്ഞിയുടെ പിറന്നാളിനുമൊക്കെ എത്തിയപ്പോള്‍ ഭര്‍ത്താവ് വടക്കോട്ടു നോക്കി നില്‍ക്കുകയും ഭാര്യയും അനുജനും കൂടി അങ്ങേരേ മൈന്‍ഡ് ചെയ്യാതെ വര്‍ത്തമാനവും ചിരിയും തോണ്ടലും പിച്ചലുമൊക്കെ തന്നെയായിരുന്നെന്നും പറയുന്നു. ഇത് എന്നെ അസ്വസ്ഥനാക്കി. ഈ പിള്ളേരെടെ മമ്മി ഡയാനയോട് എനിക്കു പണ്ടേ താല്‍പര്യമുണ്ടായിരുന്നു. കേറ്റ് മിഡില്‍ടണ്‍ വന്നപ്പോള്‍ അറിയാതെ അവളെയും ഇഷ്ടപ്പെട്ടു. ഡയാനയുടെ കേസില്‍ കുതിരക്കാരന്റെ പേരൊക്കെയാണ് പറഞ്ഞുകേട്ടതെങ്കില്‍ ഇവിടിപ്പോള്‍ അനിയച്ചാരുടെ പേരാണ് പറയുന്നത്. ഞാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീളൊക്കെ എന്തുകൊണ്ടാണിങ്ങനെയായിപ്പോകുന്നത് ?

ഹാരിയും കേറ്റും സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും അവരുടെ ശരീരാഷയില്‍ ആര്‍ക്കും വ്യക്തമാകുന്ന ചില സൂചനകളുണ്ടത്രേ. എന്നാല്‍, ഒന്നും പിടികിട്ടാത്തവനെപ്പോലെ നോക്കി നില്‍ക്കുകയാണ് വില്യം. മൂന്നുപേരും അടുത്തടുത്ത് നില്‍ക്കുമ്പോഴും ചിത്രത്തില്‍ വില്യം ഇല്ലാത്ത ഒരു പ്രതീതി. എന്താ അല്ലേ ? എനിക്കാണെങ്കില്‍ ആ വില്യമിന്റെ മുഖം കാണുമ്പോള്‍ കരച്ചിലാണ് വരുന്നത്. ചാള്‍സ് രാജകുമാരന്‍ (ആ ഫാമീലീല്‍ എല്ലാരും രാജകുമാരന്മാരാണ്) ഇതൊന്നും അറിയുന്നില്ലേ ആവോ ? അറിഞ്ഞാല്‍ ആ മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും ? എന്തായാലും രാജ്ഞി ഇതൊന്നും അറിയാതിരുന്നാല്‍ മതിയായിരുന്നു.

ഇങ്ങനെയുള്ള ഗോസിപ്പുകളെഴുതാന്‍ എനിക്കു നാണമില്ലേ എന്നു ചോദിക്കരുത്. എനിക്കു നാണമില്ല. പിന്നെ, അന്ന് സ്വാതന്ത്ര്യം കിട്ടിയില്ലായിരുന്നെങ്കില്‍ ഈ രാജകുമാരന്മാരൊക്കെ തന്നെ നമ്മളെ ഭരിച്ചേനെ. രാജഭരണമായിരുന്നെങ്കില്‍ ഈ പോസ്റ്റിന് അവന്മാരെന്നെ മര്‍ദിച്ചേനെ. ഗോസിപ്പുകാര്‍ പറയുന്നപോലെ ലക്ഷണക്കേടുള്ള ചില ചിത്രങ്ങളും ഗൂഗിള്‍ ചെയ്താല്‍ കിട്ടും. അതില്‍ ഒരു ചിത്രം കണ്ടിട്ട് പണ്ട് മൗണ്ട്ബാറ്റന്‍ പ്രഭുവും ഭാര്യ എഡ്വിനയും നമ്മുടെ ജവഹര്‍ലാല്‍ നെഹ്‌റുവും കൂടി നില്‍ക്കുന്നതുപോലെ തന്നെയുണ്ട്. രണ്ടു ചിത്രങ്ങളും നിങ്ങളും കണ്ടു നോക്കൂ.

തക്കാളി; ഇനി കളി വേറെ

സംഗതി പഴമാണോ പച്ചക്കറിയാണോ എന്ന ചരിത്രപ്രാധാന്യമുള്ള തര്‍ക്കത്തിന് ഇതു വരെ അറുതിയായിട്ടില്ല. ഹരിതവിപ്ലവകാരികളുടെ ലോകത്ത് വലിയ പരിഗണനയൊന്നുമില്ലാതെ കിടന്ന തക്കാളി റിയാലിറ്റി ഷോ വിജയിച്ച മാതിരി വിജൃംഭിച്ചു നില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ തക്കാളിയുടെ ജനിതകരഹസ്യം ചോര്‍ത്തിയെടുത്ത് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അതിഭയങ്കരന്‍മാരായ മൂന്നൂറോളം വരുന്ന ശാസ്ത്രസംഘം. തക്കാളിയോളം സിംപിളായ ഒരു പഴത്തിന്/പച്ചക്കറിക്ക് എന്തു രഹസ്യം എന്നേ ആര്‍ക്കും തോന്നൂ. എന്നാല്‍, ഇനിയങ്ങോട്ട് നിറത്തിലും ഗുണത്തിലും മണത്തിലും സ്വാദിലും പുതുമയും വ്യത്യസ്തതയും ഗൃഹാതുരത്വവുമെല്ലാം അവകാശപ്പെടാനാവുന്ന തരം വൈവിധ്യമാര്‍ന്ന തക്കാളിയിനങ്ങള്‍ ലോകത്തിനു മുന്നില്‍ അണിനിരക്കും. ഏതെടുത്താലും ഒരേ രുചി എന്ന ഫോര്‍മാറ്റില്‍ നിന്ന് രുചിവൈവിധ്യത്തിലേക്കും ജൈവസംപുഷ്ടിയിലേക്കും ആഗോളതക്കാളിവിപണി ചുവടുമാറ്റുന്നതിന്റെ കേളികൊട്ടാണ് ഈ പറഞ്ഞ കണ്ടെത്തല്‍.

എന്താണ് കണ്ടെത്തല്‍ ?

തക്കാളിയുടെ ജനിതക കോഡ് അഥവാ തക്കാളിയിലുള്ള 35000 ജീനുകളെ ആണ് ഒന്‍പതു വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ ഇന്ത്യക്കാരുള്‍പ്പെടെ ലോകത്തിലെ 14 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരടങ്ങുന്ന ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നത്. ഇത് അറിഞ്ഞതുകൊണ്ട് എന്താണ് ഗുണം എന്നു ചോദിച്ചാല്‍, ഇനി ജനിക്കാനിരിക്കുന്ന തക്കാളിയുടെ ജാതകം വിത്തും വളവുമല്ല, ജീനുകളിലുള്ള ഇടപെടലുകളിലൂടെ ശാസ്ത്രജ്ഞര്‍ തീരുമാനിക്കും എന്നതു തന്നെ. രുചിയില്‍ വിട്ടുവീഴ്ചയില്ലാത്ത, കൂടുതല്‍ കാലം കേടാവാതിരിക്കുന്ന തക്കാളി വിഷപ്രയോഗമില്ലാതെ നമുക്ക് ലഭിക്കും എന്നതാവും എടുത്തുപറയാവുന്ന അനന്തരഫലം. അതേ സമയം, ജീനുകളിലെ ഇടപെടല്‍ ഉണ്ടാക്കാവുന്ന ദൂരവ്യാപകപ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതോടൊപ്പം തുടങ്ങിക്കഴിഞ്ഞു.

ടൊമാറ്റോ ജെനോം കണ്‍സോര്‍ഷ്യം എന്ന പ്രസ്ഥാനമാണ് ഇക്കലമത്രയും തക്കാളിയുടെ ജനിതകരഹസ്യം തേടിയത്. അര്‍ജന്റീന, ബെല്‍ജിയം, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ മുഴുകിയിരുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാന്റ് ജെനോം റിസേര്‍ച്ച് ഡയറക്ടര്‍ ഡോ.അഖിലേഷ് ത്യാഗിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം തക്കാളിയുടെ ക്രോമോസോം അഞ്ച് അവതരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടത്രേ.

തക്കാളിക്ക് എന്തു സംഭവിക്കും ?

ജീനുകളിലെ അഴിച്ചുപണിയിലൂടെ മാങ്ങയുടെയും മത്തങ്ങയുടെയും സ്വാദുള്ള തക്കാളി കൃഷി ചെയ്‌തെടുക്കാം എന്നാരും കരുതേണ്ട. എന്നാല്‍, ജനിതക മാറ്റത്തിലൂടെ തക്കാളിയുടെ ആകൃതി, രുചി, വലുപ്പം, രോഗ പ്രതിരോധശേഷി, നിറം എന്നിവയില്‍ വ്യത്യാസം വരുത്താന്‍ ഗവേഷകര്‍ക്കാകും. തക്കാളിച്ചെടിയുടെ ഉല്‍പാദനക്ഷമത കൂട്ടാനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുമെല്ലാം ഈ കണ്ടെത്തല്‍ സഹായിക്കും. തക്കാളി തക്കാളിയല്ലാതാകുമോ എന്നൊരാശങ്കയ്ക്ക് അടിസ്ഥാനമില്ല എന്നു മാത്രമല്ല ‘ഇപ്പോഴൊക്കെ എന്തു തക്കാളി, പണ്ടൊക്കെയല്ലായിരുന്നോ തക്കാളി’ എന്നു പറയുന്നവര്‍ക്ക് അവരുദ്ദേശിക്കുന്ന തക്കാളി കൃഷി ചെയ്‌തെടുക്കാനുള്ള അവസരം കൂടിയാണ് വന്നു ചേരുന്നത്.

സ്വാദും വലിപ്പവും നിറവുമൊക്കെയുള്ള വിവിധ ഇനങ്ങളില്‍പ്പെട്ട തക്കാളി അനായാസം കൃഷി ചെയ്‌തെടുക്കാം എന്നതിനു പുറമേ ഈ ചരിത്രപരമായ കണ്ടെത്തല്‍ തക്കാളി കുടുംബത്തില്‍പ്പെട്ട മറ്റു ഫലങ്ങളുടെയും ജെനറ്റിക് എന്‍ജിനീയറിങ്ങില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു തുടക്കമിടും എന്നു കൂടി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നാണാ കല്യാണം

ഉടുതുണിക്കു മറുതുണിയില്ലാത്ത രാജ്യത്തെ അധികാരമില്ലാത്ത രാജാവിന്റെ മകന്റെ കടം മേടിച്ചു നടത്തിയ കല്യാണം ദി ഗ്രേറ്റ് റോയല്‍ വെഡ്ഡിങ് എന്നു പറഞ്ഞ് ലോകമെങ്ങും തല്‍സമയം കണ്ടു നിര്‍വൃതിയടഞ്ഞു. കല്യാണക്കുറി കിട്ടിയവര്‍ നൊബേല്‍ സമ്മാനം കിട്ടിയതുപോലെ അദരിക്കപ്പെടുകയും കുറി കിട്ടാത്തവര്‍ കൊട്ടാരത്തില്‍ കയറ്റാന്‍ കൊള്ളാത്തവന്‍മാരെന്ന പോലെ അപമാനിക്കപ്പെടുകയും ചെയ്തു.രാജാവിന്റെ മോന്റെ വധുവിന്റെ ഹെയര്‍പിന്‍ മുതല്‍ പാന്റീസ് വരെയുള്ള സംഗതികളെപ്പറ്റിയുള്ള ഖണ്ഡകാവ്യങ്ങളും ഫ്യൂഡല്‍ ഭക്തിഗാനങ്ങളുമൊക്കെയായി നമ്മളും ആഘോഷമാക്കി റോയല്‍ വെഡ്ഡിങ്. നമ്മുടെ തൊട്ടടുത്തുള്ള, ലോകത്ത് ഏറ്റവും സമാധാനവും സന്തോഷവും കളിയാടുന്ന രാജ്യങ്ങളിലൊന്നായ ഭൂട്ടാനിലെ രാജാവ് ഇന്നു കല്യാണം കഴിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവിന്റെ കല്യാണം എന്ന കൗതുകം പോലും പ്രത്യേകിച്ച് ആരെയും വിസ്മയിപ്പിക്കുന്നില്ല.

ഭൂട്ടാന്‍ രാജാവ്‌ ജിഗ്‌മെ ഗേസര്‍ നാംഗ്യല്‍ വാങ്‌ചുകും തിംഫു സ്വദേശിനി ജെറ്റ്സുന്‍ പെമയും തമ്മിലുള്ള വിവാഹം ചരിത്രപ്രസിദ്ധമായ പുനാക ദോങ്‌ കോട്ടയില്‍ ഇന്ന് ബുദ്ധമതാചാരപ്രകാരം നടക്കും. പരമ്പരാഗത രീതിയിലുള്ള വിവാഹച്ചടങ്ങ്‌ ലളിതമായിരിക്കുമത്രേ.ഭൂട്ടാന്‍ ബ്രോഡ്‌കാസ്‌റ്റിംഗ്‌ സര്‍വീസ്‌ ടിവി വിവാഹച്ചടങ്ങു തല്‍സമയം സംപ്രേഷണം ചെയ്യും. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കു പരമ്പരാഗതരീതിയിലുള്ള ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്‌.

ബ്രിട്ടനിലെ ഓക്‌സ്ഫഡ്‌ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ മുപ്പത്തൊന്നുകാരനായ ജിഗ്‌മെ ഗേസര്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രാജാവാണ്‌. തിംഫു സ്വദേശിയായ പൈലറ്റിന്റെ മകളാണ്‌ ഇരുപത്തൊന്നുകാരിയായ ജെറ്റ്സുന്‍ പെമ(പൈലറ്റായതുകൊണ്ടാവും മോള്‍ക്ക് ജെറ്റ്-സുന്‍ എന്നു പേരിട്ടത്). ഇന്ത്യയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെമ ഇപ്പോള്‍ ലണ്ടനിലെ റീജന്റ്‌സ് കോളജ്‌ വിദ്യാര്‍ഥിയാണ്‌.പതിനേഴാംവയസില്‍ വിനോദയാത്രയ്‌ക്കിടെയാണ്‌ പെമയെ ജിഗ്‌മെ ഗേസര്‍ ആദ്യമായി കാണുന്നത്‌. കഴിഞ്ഞ മേയിലായിരുന്നു വിവാഹ പ്രഖ്യാപനം.

ഭൂട്ടാനില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വര്‍ണാഭമായ രാജകീയചടങ്ങായിരിക്കുമത്രേ ഈ വിവാഹം. നെഹ്‍റു കുടുംബവുമായി അടുത്ത ബന്ധമുള്ള ഭൂട്ടാന്‍ രാജകുടുംബത്തിലെ വിവാഹത്തിന് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരും 25 രാജ്യങ്ങളിലെ സ്‌ഥാനപതിമാരുമടങ്ങുന്ന ആയിരത്തഞ്ഞൂറോളം അതിഥികള്‍ പങ്കെടുക്കും.

സന്തോഷമായി ബില്‍ഗേറ്റ്സേ, സന്തോഷമായി !

ഓണത്തിനു മാവേലി വരുന്നതുപോലെ ക്രിസ്മസ് അടുക്കുമ്പോള്‍ ക്രിസ്മസ് അപ്പൂപ്പന്‍ ചുവന്ന സഞ്ചി നിറയെ സമ്മാനങ്ങളുമായി വന്ന് നമുക്കൊക്കെ തന്നിട്ടു പോകുമെന്നാണ് സങ്കല്‍പം. ഓണമൊക്കെ പണ്ടല്ലായിരുന്നോ എന്നു പറയുന്നതുപോലെ അപ്പൂപ്പന്‍ ഫോറിനറായതുകൊണ്ട് ഇക്കാലം പഴയ പോലെ വന്നു സമ്മാനവിതരണം പ്രാക്ടിക്കലല്ല. എന്നാല്‍, പുള്ളി ഇടപെട്ട് വല്ല ലോട്ടറിയോ ഒക്കെയായി നമുക്കു താരാനുള്ളത് തരും എന്നാണ് വിശ്വാസം.

മൈക്രോസോഫ്‍റ്റ് മുതലാളി ബില്‍ ഗേറ്റ്സ് ആണ് ഈ വര്‍ഷത്തെ എന്‍റെ ക്രിസ്മസ് അപ്പൂപ്പന്‍. വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റമുണ്ടാക്കുന്നതൊക്കെ പുള്ളിക്ക് ഒരു മറയാണ്. മൈക്രോസോഫ്റ്റില്‍ ശരിക്കും നടക്കുന്നത് ഭൂട്ടാന്‍ ലോട്ടറി ഇടപാടാണ്. ശിവകാശിയിലെ പ്രസ്സില്‍ നിന്നും ടിക്കറ്റുകള്‍ അടിച്ച് സാന്‍റിയാഗോ മാര്‍ട്ടിന്‍ മൈക്രോസോഫ്റ്റിലേക്ക് അയക്കും. മൈക്രോസോഫ്റ്റില്‍ ഈ ടിക്കറ്റുകള്‍ നറുക്കെടുത്ത് മാസാമാസം സമ്മാനം കൊടുക്കും, ലക്ഷങ്ങള്‍, കോടികള്‍ !

മൈക്രോസോഫ്റ്റ് ഭാഗ്യവാനെ കണ്ടെത്തുന്ന രീതി വളരെ സുതാര്യമാണ്. കൈരളി ടിവിയിലും എസ്എസ് മ്യൂസിക്കിലും കാണുന്നതുപോലെ ഐടി എന്‍ജിനീയര്‍മാര്‍ വലിയ കറങ്ങുന്ന ഒരു കുട്ടകത്തിനരികില്‍ നില്‍ക്കും. ആ കുട്ടകത്തെയാണ് ഓപറേറ്റിങ് സിസ്റ്റം എന്നു വിളിക്കുന്നത്. എന്നിട്ട് കുറെ ഇമെയില്‍ അഡ്രസുകള്‍ എഴുതിയ ടിക്കറ്റുകള്‍ ചെറുതായി മടക്കി ആ കുട്ടകത്തിലിടും. ഈ ഇമെയില്‍ അഡ്രസുകള്‍ അവര്‍ക്കെങ്ങനെ കിട്ടുമെന്നു ചോദിക്കരുത്. മൈക്രോസ്ഫ്റ്റിന് എന്തു വേണമെങ്കിലും കിട്ടും.

കുട്ടകത്തില്‍ ഇമെയില്‍ അഡ്രസെല്ലാം കൂടി ഇട്ട ശേഷം ഒരു പെണ്ണുപോയി പ്ലഗ് കുത്തി സ്വിച്ചിടും. അപ്പോള്‍ പോറ്റി ഹോട്ടലില്‍ ഉഴുന്നരയ്‍ക്കുന്ന ഗ്രൈന്‍ഡര്‍ കറങ്ങുന്നതുപോലെ കുട്ടകം കറങ്ങാന്‍ തുടങ്ങും. അതങ്ങനെ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വിന്‍ഡോസ് തുറന്ന് സാക്ഷാല്‍ ബില്‍ ഗേറ്റ്സ് അങ്ങോട്ടു വരും. വിന്‍ഡോസ് ലൈവ് എന്നു പറയുന്ന ഒരു ചാനലില്‍ ഇത് ലൈവായി കാണിക്കുന്നുണ്ടത്രേ. ബില്‍ ഗേറ്റ്സ് വന്നിട്ട് ഉഴുന്നരഞ്ഞോ എന്നു നോക്കാന്‍ കുശിനിക്കാരന്‍ ശരവണന്‍ ഗ്രൈന്‍ഡറില്‍ കയ്യിട്ടു നോക്കുന്നതുപോലെ കുട്ടകത്തിനകത്തോട്ട് കയ്യിടും. തിരികെ കയ്യെടുക്കുമ്പോള്‍ വിരലുകള്‍ക്കിടയില്‍ ഒരു കടലാസുണ്ടാവും !

ആ കടലാസില്‍ എഴുതിയിരിക്കുന്നത് ഏത് ഇമെയില്‍ അഡ്രസാണോ ആ ഇമെയില്‍ അഡ്രസിന്‍റെ ഉടമയ്‍ക്ക് ലക്ഷക്കണക്കിനു രൂപേടെ സമ്മാനം കൊടുക്കും. വിന്‍ഡോസ് വിറ്റുവിറ്റ് ഇഷ്ടംപോലെ കാശായതില്‍ പിന്നെ മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് എല്ലാ മാസവും നടക്കുന്ന ഒരാചാരമാണിത്. ഇതനുസരിച്ച് കഴിഞ്ഞ നവംബര്‍ 29നു നടന്ന നുക്കെടുപ്പില്‍ പത്തു ലക്ഷം ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി കിട്ടിയിരിക്കുന്നത് ആര്‍ക്കാന്നാ വിചാരം ? ഈ എനിക്ക്. 10 ലക്ഷം ബ്രിട്ടീഷ് പൗണ്ടെന്നു പറയുമ്പം രൂപ ഏഴു കോടിയോളം വരും.

ഈ കാശൊക്കെ ഞാനെന്തു ചെയ്യും ഈശ്വരാ ! ഞാനെഴുതി ഞാന്‍ തന്നെ സംവിധാനം ചെയ്ത് ഞാന്‍ മാത്രം നായകനായി അഭിനയിക്കുന്ന ബിഗ്ബജറ്റ് സിനിമ നിര്‍മിക്കണോ അതോ പൊറിഞ്ചു വെളിയത്തിന്‍റെ ഇക്വിറ്റി ഇന്‍റലിജന്‍സില്‍ നിക്ഷേപിക്കണോ ? ആകെ കണ്‍ഫ്യൂഷനാണ്. 36 മണിക്കൂറിനകം എനിക്കുള്ള കാശ് കിട്ടും. ടാക്സ്, എന്‍ഫോഴ്സ്മെന്‍റ് ചേട്ടന്‍മാര്‍ക്ക് ആരും ഇത് ഒറ്റിക്കൊടുക്കരുത്.

ഇത്ര പെട്ടെന്നു ഞാന്‍ കോടീശ്വരനായത് സഹിക്കാനാവാത്തവരും ഉണ്ടാവും. ചുമമാ പുളുവാണെന്ന് നിങ്ങളാരോപിക്കും മുമ്പ് മൈക്രോസോഫ്റ്റ് കോപറേഷന്‍ എനിക്കയച്ച മെയില്‍ തെളിവിനായി ഇവിടെ കൊടുക്കുന്നു. ഭാഗ്യദേവത അങ്ങനെ എല്ലാവരേം തേടിപ്പോകില്ല, വെറുതെ അസൂയപ്പെടാതെ മെയില്‍ വായിച്ചു പഠി !

MICROSOFT CO-OPERATION HEADQUARTERS 2010
The Marina Offices, St Peters Yacht Basin,
Newcastle upon Tyne, NE6 1HX England

We are pleased to inform you today our lottery draw done on the 29th November 2010, in respect of the
just conducted lottery draw, a lump sum pay out of £1,000 000.00 (One
Million Great Britain Pounds Sterling) has been awarded to your email ID, by MICROSOFT CO-OPERATION
ONLINE PROMO PROGRAM.

You are to send the below informations to our cliams director Mr Steve GoodLuck who will facillitate with the delivery of your money:
Mr Steve GoodLuck
Email:claimsgroup2011@hotmail.co.uk
Telephone: +44 871 315 2368

1.Full Name:
2.Full Address:
3.Marital Status:
4.Occupation:
5.Age:
6.Sex:
7.Nationality:
8.Country Of Residence:
9.Telephone Number:

Please include the following to your mail back to us:

REFERENCE NUMBER:UK/2551/A256003/23
BATCH NUMBER:014/070/AY7
TICKET NUMBER:005-4432-971-878

Congratulations once more from all members and staff of this program and always CHECK YOUR EMAIL BOX (INBOX AND JUNK) EVERY 60 MINUTES for your update on our delivery because the delivery of your payment only takes 36 hours from the day you where notified.

Yours faithfully,
Allen Gray(Dr)

ടിക്കറ്റ് നമ്പരുള്‍പ്പെടെ എല്ലാ വിവരങ്ങളും അവര്‍ തന്നുകഴിഞ്ഞു. അതാണ് മൈക്രോസോഫ്റ്റ്. ആപ്പിളും കൂപ്പിളുമൊക്കെ ഉപയോഗിക്കുന്ന അഹങ്കാരികളോട് ഒരു വാക്ക്, ഇനിയെങ്കിലും മൈക്രോസ്ഫ്റ്റിനെ ബഹുമാനിക്കാന്‍ പഠിക്ക്. CHECK YOUR EMAIL BOX (INBOX AND JUNK) EVERY 60 MINUTES- ഇതാണ് പ്രതിബദ്ധത എന്നു പറയുന്നത്. എനിക്കത് ഫീലടിക്കുകേം ചെയ്തു.

ന്യൂ കാസിലില്‍ ഒക്കെ എന്തു മാത്രം മലയാളികളാ നല്ലൊരു ജീവിതം സ്വപ്നം കണ്ടു പോയി കിടക്കുന്നത്. എന്നിട്ട് ന്യൂകാസിലില്‍ ഓഫിസുള്ള മൈക്രോസ്ഫ്റ്റിന്‍റെ ലോട്ടറിയടിച്ചത് ഓള്‍റെഡി നല്ല ജീവിതമുള്ള എനിക്ക്. ന്യൂകാസില്‍കാരെ, കരയരുത്, എല്ലാം വിധി എന്നു കരുതി സമാധാനിക്കൂ. ലീവിനു വരുമ്പോള്‍ എന്നെയൊന്നു വിളിക്കൂ. പത്തോ അഞ്ഞൂറോ പൗണ്ട് വീതം ഞാനെല്ലാവര്‍ക്കും തരാം.

ഗൂഗിളില്‍ ജോലി വേണോ ?

ഓപണ്‍ സോഴ്‌സ് വിപ്ലവകാരികള്‍ പോലും ഗൂഗിളില്‍ ജോലി കിട്ടിയാല്‍ വിട്ടുകളയില്ല എന്നാണ് ചിലര്‍ പറയുന്നത്. ലോകത്തെ ഏറ്റവും മികച്ച സ്ഥാപനം എന്ന സല്‍പേര് വര്‍ഷാവര്‍ഷം നേടുന്ന ഗൂഗിളില്‍ ജോലി നേടാന്‍ ഇതാണ് അവസരം. ഗൂഗിളിന്റെ ഇന്ത്യയിലെ ഓഫിസുകളിലെ വിവിധ ഒഴിവുകളിലേക്കാണ് നിലവില്‍ അവസരങ്ങളുള്ളത്. ബാംഗ്ലൂര്‍, ദല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ ഗൂഗിള്‍ ഓഫിസുകളിലായി 72 ഒഴിവുകളാണ് ഉള്ളത്. അഡ്മിനിസ്‌ട്രേറ്റീവ്, അഡൈ്വര്‍ടൈസ്‌മെന്റ് സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട്, എന്‍ജിനീയറിങ് ഓപറേഷന്‍സ്, എന്റര്‍പ്രൈസ്, ഹ്യൂമന്‍ റിസോഴ്‌സസ്, ലീഗല്‍ ആന്‍ഡ് പബഌക് പോളിസി, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, പ്രോഡക്ട് മാനേജ്‌മെന്റ്, സോഫ്റ്റ്‌വെയര്‍എന്‍ജിനീയറിങ്, യൂസര്‍ എക്‌സ്പീരിയന്‍സ് എന്നീ വകുപ്പുകളിലാണ് ഒഴിവുകള്‍.

യുഎസിനു പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ കമ്പനിയുടെ ഓഫിസുകളും ശക്തമാണ്. ഹൈദ്രാബാദില്‍ 23, ബാംഗഌരില്‍ 22, ഡല്‍ഹിയില്‍ 21, മുംബൈയില്‍ ആറ് എന്നിങ്ങനെയാണ് ഒഴിവുകള്‍. ആകെ ഇരുപതിനായിരത്തോളം ജീവനക്കാരുള്ള ഗൂഗിളിന് ഇന്ത്യയില്‍ രണ്ടായിരത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഗൂഗിള്‍ വെബ്‌പേജില്‍ ഒഴിവുകള്‍ സംബന്ധിച്ച വിശദമായ വിവരങ്ങളും യോഗ്യതകളും പ്രതിപാദിക്കുന്നുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ആപ്ലിക്കേഷനുകളും അയക്കാം.

ഇടക്കാലത്തെ മാന്ദ്യത്തിനു ശേഷം ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുമായി യാഹൂവും ശക്തമാകുന്നു എന്നാണ് പുതിയ സൂചനകള്‍. യാഹൂ സോഷ്യല്‍ ഡയറക്ടറി, യാഹൂ ആന്‍സേഴ്‌സ്, യാഹൂ ഗ്രൂപ്പ്‌സ്, എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണമായും കമ്പനിയുടെ ബാംഗ്ലൂര്‍ ഓഫിസിലേക്കു പറിച്ചു നടാന്‍ നീക്കം നടക്കുന്നതായും ഇത് യുകെയിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേ സമയം, ബിസിനസ് മാനേജര്‍, പ്രോഡക്ട് മാനേജര്‍, ലീഡ് എന്‍ജിനീയര്‍, റിസേര്‍ച്ച് സയന്റിസ്റ്റ്, എന്‍ജിനീയറിങ് മാനേജര്‍, ടെക്‌നിക്കല്‍ ആര്‍കിടെക്റ്റ്, ക്യുഎ ലീഡ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് യാഹൂ ഇന്ത്യയില്‍ ഒഴിവുകളുണ്ട്. കൂടുതല്‍ അറിയുന്നതിനും ഓണ്‍ലൈനായി അപ്ലൈ ചെയ്യാം.