ഒബാമ സാംസങ് പരസ്യത്തില്‍

അമേരിക്കന്‍ പ്രസിഡന്റിനെ തികച്ചും സൗജന്യമായി തങ്ങളുടെ പരസ്യത്തില്‍ മോലാക്കാന്‍ കഴിഞ്ഞതില്‍ കൊറിയന്‍ കമ്പനിയായ സാംസങ്ങിന് പ്രാദേശികമായി അഭിമാനിക്കാം. സെല്‍ഫി എന്ന ആയുധം ഉപയോഗിച്ചാണ് സാംസങ് വഴിയേ പോകുന്നവരെയൊക്കെ തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ഗം കൂതറയാണെങ്കിലും ലക്ഷ്യം പരസ്യമായതുകൊണ്ട് മാര്‍ക്കറ്റിങ് വിദ്യാര്‍ഥികള്‍ക്ക് ഇതൊരു നല്ല പാഠമാണ്.

യുഎസിലെ ബോസ്റ്റ്ന്‍ റെഡ് സോക്‌സ് ടീമിലെ ബേസ്‌ബോള്‍ താരം ഡേവിഡ് ഓര്‍ട്ടിസ് ആണ് ഒബാമയോടൊപ്പം സെല്‍ഫിയെടുത്ത് സാംസങ്ങിനു വേണ്ടി മാര്‍ക്കറ്റിങ് നടത്തിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഒബാമയോടൊപ്പം നിന്ന് ഓര്‍ട്ടിസ് സെല്‍ഫിയെടുത്തത് സാംസങ് നോട്ട് 3 ഫോണില്‍ നിന്നാണ്. സെല്‍ഫി ഹാഷ്ടാഗ ചെയ്ത് ഓര്‍ട്ടിസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. നിഷ്‌കളങ്കമായ ആ ട്വീറ്റ് ഇതാണ്.

എന്നാല്‍, ആ നിഷ്‌കളങ്കത ആസൂത്രിതമാണെന്നു തെളിയിച്ചുകൊണ്ട് പടം റീട്വീറ്റ് ചെയ്തു മുതലാക്കിയത് സാംസങ് ആണ്. സാംസങ് മൊബൈല്‍ യുഎസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഓര്‍ട്ടിസിന്റെ ഒബാമ സെല്‍ഫി റീട്വീറ്റ് ചെയ്തത്. പിന്നാലെയുള്ള ട്വീറ്റുകളില്‍ ഫോട്ടോയെടുത്തത് സാംസങ് ഗ്യാലക്‌സി നോട്ട് 3 ഉപയോഗിച്ചാണെന്നു കമ്പനി തന്നെ വെളിപ്പെടുത്തിയതോടെ സെല്‍ഫി മാര്‍ക്കറ്റിങ് ഗൂഢാലോചന വിവാദമായിരിക്കുകയാണ്.

സാംസങ് സെല്‍ഫിയിലൂടെ ഒബാമയെ തോല്‍പിക്കുന്നത് ഇതാദ്യമല്ല. ഓസ്‌കര്‍ നിശയില്‍ അവതാരക എല്ലെന്‍ ഡിജെനറസിന്റെ കയ്യില്‍ ഫോണും കൊടുത്തുവിട്ട് തുരുതുരാ സെല്‍ഫികളെടുപ്പിച്ച് അതിലൊരെണ്ണം സൂപ്പര്‍ ഹിറ്റാക്കി ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ തകര്‍ത്തതും ഒബാമയുടെ റെക്കോര്‍ഡായിരുന്നു. ടെക്‌നോളജി കമ്പനികളും സോഷ്യല്‍ മീഡിയയും കൂടി അമേരിക്കന് പ്രസിഡന്റിനെയും മറ്റും ചുമ്മാ പന്തുതട്ടി കളിക്കുന്നതു കാണുമ്പോള്‍ ഒരു രസം.

എല്ലെന്റെ ഓസ്‌കര്‍ സെല്‍ഫി ഒരു ട്വിറ്റര്‍ വൈറല്‍ വേണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ സൃഷ്ടിച്ചതായിരുന്നു. സമാനമായ രീതിയില്‍ വൈറ്റ് ഹൗസിലേക്കു പോകും മുമ്പ് എങ്ങനെ ഒബാമയെ ഒരു സെല്‍ഫിയില്‍ കുരുക്കണം എന്നു സാംസങ് പ്രതിനിധികള്‍ ഓര്‍ട്ടിസിന് ക്ലാസ്സെടുത്തിരുന്നു. സെല്‍ഫിയോടനബന്ധിച്ച് സാംസങ്ങിന്റെ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്: “We were thrilled to see the special, historic moment David Ortiz captured with his Galaxy Note 3 during his White House visit. It was an honor to help him capture such an incredible and genuine moment of joy and excitement. It was an honor to help him capture such an incredible and genuine moment of joy and excitement.”

ഒബാമയെ വളരെ സമര്‍ത്ഥമായി പരസ്യത്തിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നത് വ്യക്തമാണ്. ഓര്‍ട്ടിസേട്ടന്‍ പടത്തിന് സാംസങ്ങിന്റെ കയ്യില്‍ നിന്ന് എത്ര വാങ്ങി എന്നതാണ് ഇനി അറിയാനുള്ളത്. അമേരിക്കന്‍ പ്രസിഡന്റിനുള്ളതിനെക്കാള്‍ ആരാധകര്‍ ഇന്ത്യയില്‍ നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കുമൊക്കെയുണ്ട് എന്നു സാംസങ് മനസ്സിലാക്കണം. ഓര്‍ട്ടിസിനെക്കാള്‍ പേരും പെരുമയുമുള്ള ഭീകര സ്‌പോര്‍ട്‌സ് താരങ്ങളും ഇവിടെയുണ്ട്. ഇന്ത്യയായതുകൊണ്ട് നോട്ട് 3 ഒന്നും വേണമെന്നില്ല. ഒരു ഗ്യാലക്‌സി എസ് ഡ്യുവോസും കൊടുത്ത് വിട്ടാല്‍ മതി, തിരഞ്ഞെടുുപ്പു കാലമായതുകൊണ്ട് ക്ലോസപ്പുകള്‍ക്കു പഞ്ഞമുണ്ടാവില്ല.

സെല്‍ഫിയും സെല്‍ഫ് ഗോളും

ഓസ്‌കര്‍ അവാര്‍ഡിനെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഓസ്‌കര്‍ അവതാരക എല്ലെന്‍ ഡിജെനറസ് സാംസങ് ഗ്യാലക്‌സി നോട്ട് 3 സ്മാര്‍ട്‌ഫോണില്‍ എടുത്ത സെല്‍ഫി (സെല്‍ഫ് പോര്‍ട്രെയ്റ്റ്) ചിത്രമാണ്. ഒബാമയുടെ ട്വിറ്റര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് ട്വിറ്ററിനെ തന്നെ തകര്‍ത്തുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് ഓസ്‌കര്‍ സെല്‍ഫി റെക്കോര്‍ഡിട്ടു. 30 ലക്ഷം റീട്വീറ്റുകള്‍ കഴിഞ്ഞ എല്ലെന്റെ ഓസ്‌കര്‍ സെല്‍ഫി ഇതാണ്.

സോഷ്യല്‍ മീഡിയയുടെയും അവതാരകയുടെയും വിജയമെന്നൊക്കെ മാധ്യമങ്ങള്‍ പറയുമെങ്കിലും സംഗതി മുതലായത് സാംസങ്ങിനാണ്. ഓസ്‌കര്‍ നിശയില്‍ തന്നെ തങ്ങളുടെ പുതിയ പരസ്യപ്രചാരണത്തിനു തുടക്കമിടാന്‍ കോടികള്‍ മുടക്കിയ സാംസങ് അവതാരക എല്ലെനെ കോടികള്‍ കൊടുത്താണ് തങ്ങളുടെ ഗാഡ്ജറ്റുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാനായി വാടകയ്ക്ക് എടുത്തത്. പുതിയ ഫോണായ ഗ്യാലക്‌സി എസ്5 കയ്യില്‍പ്പിടിച്ച് വേദിയിലൂടെ തേരാപാരാ നടന്ന എല്ലെന്‍ നോട്ട് 3യില്‍ എടുത്ത ഓസ്‌കര്‍ സെല്‍ഫി ലോകത്തിലെ ഏറ്റവും പ്രചാരമുളള്ള ട്വീറ്റ് ആയി മാറിയതോടെ സാംസങ്ങിനു മുടക്കിയ കാശ് മുതലായി എന്നു തന്നെ പറയാം.

പക്ഷെ, ബ്രാന്‍ഡ് കച്ചവടത്തിലെ പിഴവുകളും സെല്‍ഫിയോടൊപ്പം തന്നെ ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രധാനമായും വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം സാംസങ് ഫോണ്‍ (ടാബ്‌ലെറ്റ്) ഉയര്‍ത്തിപ്പിടിച്ച് എല്ലെന്‍ ആപ്പിളിന്റെ മണ്ണില്‍ സാംസങ്ങിന്റെ കൊറിയന്‍ മുതലാളി ഒരു വേദനിക്കുന്ന കോടീശ്വരനാണെന്നു വ്യക്തമാക്കുകയാണ് ചെയ്തത്. സൂപ്പര്‍ ഹിറ്റായ സെല്‍ഫിക്കു പുറമേ എല്ലെന്‍ ട്വിറ്ററില്‍ കൊടുത്ത മറ്റു സാംസങ് സെല്‍ഫികളില്‍ വ്യക്തത ഇല്ലാത്തവ പോലുമുണ്ടെന്നത് സാംസങ് ക്യാമറയുടെ മിഴിവിനെയും മികവിനെയും പരസ്യമായി ചോദ്യം ചെയ്യുന്നുണ്ട്. ഇതൊക്കെ പോട്ടെന്നു വയ്ക്കാം.

ഓസ്‌കര്‍ സ്‌റ്റേജിലും ക്യാമറകള്‍ക്കു മുന്നിലും സാംസങ്ങുമായി കുത്തിമറിഞ്ഞ എല്ലെന്‍ കടുത്ത ഐഫോണ്‍ ആരാധികയാണെന്നു തെളിയിച്ചു കൊണ്ട് ബാക്ക്‌സ്‌റ്റേജില്‍ നിന്നു സ്വന്തം ഐഫോണില്‍ എടുത്ത സെല്‍ഫി ട്വീറ്റ് ചെയ്യുന്നതിലൂടെ മൊത്തം ബ്രാന്‍ഡ് പ്രമോഷന്‍ ഗെയിമിലെ ഏറ്റവും ഭീകരമായ സെല്‍ഫ് ഗോളടിച്ചു. സ്റ്റേജിന്റെ പിന്നില്‍ നിന്നുള്ള എല്ലെന്റെ ഈ ട്വീറ്റ് അവരുടെ ഐഫോണില്‍ നിന്നുള്ളതാണ്.

സാംസങ്ങിന് ഇതു പുത്തരിയല്ല. 2012 ലണ്ടന്‍ ഒളിംപിക്‌സിന് കോടികള്‍ മുടക്കി സാംസങ് ഡേവിഡ് ബെക്കാമിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയതിനു തൊട്ടുപിറകേ ബെക്കാം സൂപ്പര്‍ബൗളിന് ഐഫോണിന്‍ പടമെടുത്ത് പണി കൊടുത്തു. ഗ്യാലക്‌സി 11 സോക്കര്‍ മല്‍സരത്തോടനുബന്ധിച്ച് ടീം മാനേജര്‍ നടത്തിയ ട്വീറ്റും നോട്ട് 3യുടെ പ്രചരണാര്‍ഥം ടി-മൊബൈല്‍ സിഇഒ നടത്തിയ ട്വീറ്റും ഗ്യാലക്‌സി എസ്4 ഹാഷ്ടാഗോടു കൂടി ഫോണിനെ വര്‍ണിച്ച് ടെന്നിസ് താരം ഡേവിഡ് ഫെറര്‍ നടത്തിയ ട്വീറ്റും നിര്‍ഭാഗ്യവശാല്‍ ഐഫോണില്‍ നിന്നായിപ്പോയി.

കയ്യില്‍ കാശുള്ളതുകൊണ്ട് സംസങ്ങിന് എവിടെയും പരസ്യം കൊടുക്കാം. പരസ്യത്തിനായി ആരെയും വിലയ്‌ക്കെടുക്കാം. എന്നാല്‍, സാംസങ്ങിന്റെ പരസ്യവാചകങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അവര്‍ വിലയ്‌ക്കെടുത്ത ആളുകള്‍ പോലും എന്തുകൊണ്ട് ഐഫോണ്‍ ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തിടത്തോളം ആപ്പിള്‍ ഐഫോണ്‍ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ ആയി തുടരും. സാംസങ്ങിന്റെ ചിലവില്‍ ഐഫോണിന് കിടിലന്‍ പരസ്യങ്ങള്‍ കിട്ടുകയും ചെയ്യും.

മാര്‍പ്പാപ്പയ്ക്ക് ഫോളോവേഴ്‌സ് 6 ലക്ഷം

യഥാര്‍ത്ഥ ലോകത്ത് ഏറ്റവും അധികം അനുയായികളുള്ള മാര്‍പ്പാപ്പ നാളെ മുതല്‍ ട്വിറ്ററിലെ ഫോളോവര്‍മാരോടു സംസാരിച്ചു തുടങ്ങും. ഒറ്റ ട്വീറ്റു പോലുമില്ലെങ്കിലും ഇതിനോടകം മാര്‍പ്പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അനുയായികളുടെ എണ്ണം ആറു ലക്ഷത്തോളമായി. @pontifex എന്ന വിലാസത്തില്‍ ട്വിറ്റര്‍ വിശ്വാസികള്‍ക്ക് പരമപിതാവിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാം (twitter.com/pontifex). ഡിസംബര്‍ 12 മുതല്‍ മാര്‍പ്പാപ്പ ട്വീറ്റ് ചെയ്യുമെന്നു വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഐഡി പരസ്യപ്പെടുത്തിയതോടെയാണ് ആളുകള്‍ ഫോളോ ചെയ്തു തുടങ്ങിയത്. പോപ് എന്നും പാലം നിര്‍മിക്കുന്നവന്‍ എന്നുമാണ് Pontifex എന്ന ലത്തീന്‍ വാക്കിന്റെ അര്‍ത്ഥം.

സാമൂഹികവിമര്‍ശനവും തെറിവിളിയും ആക്ഷേപവുമൊക്കെയായി മുന്നോട്ടു പോകുന്ന ട്വിറ്ററില്‍ മാര്‍പ്പാപ്പയുടെ ആദ്യ ട്വീറ്റ് എന്താണ് എന്നറിയാന്‍ ആളുകള്‍ കാത്തിരിക്കുകയാണ്. എന്നാല്‍, വിശ്വാസികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളായിരിക്കും അദ്ദേഹത്തിന്റെ ആദ്യട്വീറ്റുകള്‍ എന്നാണ് സൂചന. ട്വീറ്റുകള്‍ ഇംിഷ്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ജര്‍മന്‍, പോളിഷ്, അറബിക്, ഫ്രഞ്ച് ഭാഷകളില്‍ പ്രസിദ്ധീകരിക്കും. ഭാവിയില്‍ മറ്റു ലോകഭാഷകളും ഈ പട്ടികയില്‍ സ്ഥലം പിടിക്കും.

മറ്റു സെലബ്രിറ്റി ട്വീറ്റര്‍മാരെപ്പോലെ മാര്‍പ്പാപ്പ നാഴികയ്ക്കു നാല്‍പതു വട്ടം ട്വീറ്റ് ചെയ്യില്ല എന്നാണ് വത്തിക്കാന്‍ മാധ്യമ ഉപദേഷ്ടാവ് ഗ്രെഗ് ബുര്‍ക് പറയുന്നത്. മറ്റാരെങ്കിലും മാര്‍പ്പാപ്പയ്ക്കു വേണ്ടി ട്വീറ്റ് ചെയ്യില്ല എന്നതും അദ്ദേഹം ഉറപ്പു പറയുന്നു. എപ്പോഴെങ്കിലും എന്തെങ്കിലും പറയണമെന്നു തോന്നുമ്പോള്‍ മാത്രമേ മാര്‍പ്പാപ്പ ട്വീറ്റ് ചെയ്യൂ, അത് മാര്‍പ്പാപ്പയുടെ ട്വീറ്റുകള്‍ തന്നെയായിരിക്കും എന്നത് ഉറപ്പായിരിക്കും. ക്രിസ്മസ് പോലെയുള്ള ആഘോഷങ്ങളുടെ അനുഗ്രഹങ്ങളും പ്രധാനലോകസംഭവങ്ങളോടുള്ള മാര്‍പ്പാപ്പയുടെ പ്രതികരണങ്ങളും ട്വിറ്റല്‍ ലഭിക്കും.

പ്രണയിക്കുന്നവരുടെ രാഷ്ട്രീയം

രാജ്യാന്തര പ്രണയഗുരു എന്നത് ഏതൊരാളെ സംബന്ധിച്ചും അഭിമാനിക്കാവുന്ന പദവിയാണ്. അത്തരമൊരു ഗുരുവായ കേന്ദ്രമന്ത്രി ശശി തരൂരിന് പ്രണയകാര്യവകുപ്പ് നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തല്‍ക്കാലം പ്രായോഗികമല്ലെന്നു തോന്നുന്നു. എന്നാല്‍, പ്രണയഗുരു എന്നത് ഒരാരോപണമായും പ്രണയകാര്യവകുപ്പ് എന്നത് ഒരു ആക്ഷേപവുമായാമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത് എന്നത് ആ പാര്‍ട്ടിയുടെ നിലവാരത്തെയും സാമൂഹികബോധത്തെയും വെളിച്ചത്തുകൊണ്ടു വരികയാണ്. ശശി തരൂരിന്‍റെ ഭാര്യയെ അധിക്ഷേപിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണ് നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പിഎസ്‍സി കോച്ചിങ്ങിനു പോകുന്നതെങ്കില്‍ സംഗതി കഷ്ടമാണ്. പ്രണയവിരുദ്ധ-സ്ത്രീവിരുദ്ധ രാഷ്ട്രീയം തീവ്രവാദത്തെക്കാള്‍ ഭീകരമാണ്.

മോഡിയും ബിജെപി വക്താവും ശശി തരൂരിനെപ്പറ്റിയും അദ്ദേഹത്തിന്‍റെ ഭാര്യയെപ്പറ്റിയും പറഞ്ഞ കാര്യങ്ങള്‍ ഒരു പരിഷ്കൃതസമൂഹത്തെ ഞെട്ടിക്കുന്നതാണ്. അപ്പുറത്തെ വീട്ടിലെ ചേച്ചി അലക്കി ഉണങ്ങാനിടുന്ന ബ്രേസിയര്‍ നോക്കി നെടുവീര്‍പ്പിടുന്ന ലോക്കല്‍ സദാചാരഗുണ്ടയുടെ നിലവാരത്തില്‍ ദേശീയനേതാക്കന്‍മാര്‍ സംസാരിക്കുമ്പോള്‍ അവര്‍ മുന്നോട്ടു വയ്‍ക്കുന്ന രാഷ്ട്രീയപാക്കേജില്‍ ഇതും ഉള്‍പ്പെടുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. മോഡിക്കു കയ്യടിക്കുന്നവരും ശശി തരൂരിനെയും സുനന്ദയെയും ആക്ഷേപിക്കുന്നവരും തങ്ങളുടെ വൈകല്യങ്ങള്‍ക്കു മോടി കൂട്ടുകയാണ്. ആശങ്കാജനകമാണ് മോഡി ഫാന്‍സിന്‍റെ സാമൂഹികമനശാസ്ത്രം.

വൃത്തികേട് ആരു പറഞ്ഞാലും വൃത്തികേടു തന്നെയാണ്. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപ്രസ്ഥാനം ഉച്ചഭാഷിണിയിലൂടെ പറയുമ്പോള്‍ അതിന്‍റെ മുഴക്കവും പ്രത്യാഖ്യാതവും കൂടുകയേയുള്ളൂ. നമ്മളും മോശക്കാരല്ല. സുനന്ദയെ ട്രിവാന്‍ഡ്രം വിമാനത്താവളത്തില്‍ വച്ച് ഏതോ ലോഡ്ജ് കോണ്‍ഗ്രസുകാരന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതില്‍ നിഗൂഢമായ ഒരാനന്ദം പലരും അനുഭവിക്കുന്നുണ്ട്. ഐപിഎല്‍ അഴിമതിയില്‍ അവര്‍ പങ്കാളികളാണ് എന്നാണ് അതിനു വിശദീകരണണായി അവര്‍ പറയുന്നത്.പരസ്പരബന്ധമില്ലാത്ത രണ്ടു സംഗതികള്‍ കൂട്ടിക്കുഴച്ച് നമ്മുടെ തെറ്റായ നിലപാടിനു ന്യായീകരണം കണ്ടെത്തുന്നത് ഒരു നല്ല ശീലമല്ല. ഐപിഎല്‍ അഴിമതിയില്‍ അവര്‍ക്കു പങ്കുണ്ട് എന്നു തന്നെയിരിക്കട്ടെ. അതിന്‍റെ അര്‍ഥം ശശി തരൂരിനെയും ഭാര്യയെയും വ്യക്തിപരമായി കടന്നാക്രമിക്കാമെന്നാണോ ?

ഇവിടെ ശശി തരൂരിനെയും സുനന്ദയെയും പ്രണയവുമായി ബന്ധിപ്പിക്കുന്നതും ശശിയുടെ മുന്‍വിവാഹങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നതും അവരെ സംബന്ധിച്ച് ഒരു ആക്ഷേപമായിരിക്കില്ല. എന്നാല്‍, ശശി തരൂര്‍ അന്‍പതാം വയസില്‍ സുനന്ദയെ വിവാഹം കഴിച്ചതും തന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് പറയുന്നതും ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ കുഴപ്പം ശശിക്കും സുനന്ദയ്‍ക്കുമല്ല, അലോസരപ്പെടുന്നവര്‍ക്കാണ്. അത് ഗുരുതരമായ വ്യക്തിത്വ വൈകല്യമാണ്. ഇപ്പോള്‍ നടക്കുന്ന ചാണകമേറിനെ വിവാദം എന്നു വിളിക്കാമെങ്കില്‍ ഈ വിവാദം ശശി തരൂരിന്‍റെയും സുനന്ദയുടെയും തിളക്കം വര്‍ധിപ്പിക്കുകയേയുള്ളൂ. എന്‍റെ ഭാര്യയ്‍ക്ക് എത്ര മൂല്യമുണ്ട് എന്നും എന്‍റെ വിവാഹജീവിതം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നും എല്ലാ രാഷ്ട്രീയനേതാക്കള്‍ക്കും ആത്മപരിശോധന നടത്താനും സ്വയം കണ്ടെത്താനും തിരുത്താനും ലഭിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരവസരമാണിത്.

ഇതിനെല്ലാം മുകളില്‍ രാഷ്ട്രീയവുമുണ്ട് എന്നതിനാല്‍ ആളുകള്‍ മോഡി പണ്ടുപേക്ഷിച്ച ഭാര്യയെ തപ്പിയെടുത്ത് അവരുടെ ദൈന്യതയുടെ കഥകള്‍ കൊണ്ട് മോഡിക്കു മറുപടി കൊടുക്കുകയാണ്. അപ്പോഴും തെറ്റ് ആവര്‍ത്തിക്കപ്പെടുന്നതേയുള്ളൂ. സുനന്ദയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശശിയെ ചെളിവാരിയെറിയാനാണ് എന്നു വിശ്വസിക്കുന്നതുകൊണ്ടാണല്ലോ മോഡിയുടെ ഭൂതകാലം ചികഞ്ഞ് ഒരു സ്ത്രീയെ പുറത്തെടുത്ത് കൊണ്ടുവന്നിരിക്കുന്നത്. ഒരു സ്ത്രീയുടെ അന്തസ്സിനെ വെല്ലുവിളിച്ചതിനു മറുപടിയായി ഗുജറാത്തില്‍ എവിടെയോ ഒതുങ്ങിക്കഴിയുന്ന മറ്റൊരു സ്ത്രീയ വലിച്ചിഴച്ച് കൊണ്ടുവന്നു വാര്‍ത്തയാക്കുന്നതില്‍ എന്തു നീതിയാണുള്ളത് ?സുനന്ദയ്‍ക്കുള്ളതുപോലെ തന്നെ ഒരു അന്തസ്സ് ആ സ്ത്രീക്കുമില്ലേ ? വിവേചനബുദ്ധി ഇല്ലെങ്കില്‍ നമ്മള്‍ മനുഷ്യരെന്ന് അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ശശി തരൂരിന്‍റെ മൂന്നാമത്തെ വിവാഹമാണിത് എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്നത്.ഭാര്യയെ വീട്ടിനുള്ളിലടച്ചിട്ട് കന്നിമാസത്തിലെ പട്ടിയെപ്പോലെ നാടെങ്ങും ഓടിനടന്നു ഭോഗിക്കുന്നവരുടെ ഏകപത്നീവൃതത്തെക്കാള്‍ പതിനായിരം മടങ്ങ് തിളക്കമുള്ളതാണ് ശശി തരൂരിന്‍റെ വിവാഹമോചനങ്ങള്‍. .കാരണം, വിവാഹമോചനം എന്നത് വിവാഹത്തെക്കാള്‍ നേരും നെറിയുമുള്ള പ്രസ്ഥാനമാണ്. ഒരു വിപ്ലവകാരിയുടെ ഭാര്യ പലതും സഹിക്കേണ്ടി വരും എന്ന തത്വത്തില്‍ വിശ്വസിച്ച് തിരക്കുള്ള രാഷ്ട്രീയജീവിതത്തില്‍ നിന്ന് ഭാര്യയെ അടര്‍ത്തിമാറ്റി ജീവിക്കുന്നവരാണ് മിക്കവാറും രാഷ്ട്രീയനേതാക്കന്‍മാരും. സ്ത്രീ, സ്നേഹം, പ്രണയം തുടങ്ങിയ സംഗതികള്‍ അപ്രായോഗികമാണെന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ എന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവില്ല എന്നു പറയുന്നൊരാളുണ്ടെങ്കില്‍ അയാളാണ് മാതൃകയാവേണ്ടത്.

നമ്മുടെ അസഹിഷ്ണുതയും അസൂയയും മനോവകൈല്യങ്ങളും ദേശസാല്‍ക്കരിക്കപ്പെടുകയും ഋജുവായി ജീവിക്കുന്നവര്‍ ഒറ്റപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് ഒരു സാമൂഹികദുരന്തമാണ്. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടുകളിലും ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്ന മാധ്യമ അജന്‍ഡകളിലും നല്ലതൊന്നും പ്രതീക്ഷിക്കാനില്ല. ബിജെപി ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ അശങ്കപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, വിമാനത്താവളത്തില്‍ വച്ച് ആ സ്ത്രീയെ കടന്നുപിടിച്ച പ്രവര്‍ത്തകനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തണം.

രാജ്യാന്തര സൈബര്‍ കൊലക്കത്തി

ഒരു വര്‍ഷം കഴിഞ്ഞ് ഇതേ തലക്കെട്ടില്‍ ഒരു പോസ്റ്റിട്ടാല്‍ ചിലപ്പോള്‍ ഞാന്‍ അകത്തുപോകേണ്ടി വരും. രാജ്യാന്തരതലത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനും വിനോദമാഫിയകളുടെ കച്ചവടത്തിനു കൊഴുപ്പുകൂട്ടാനും സര്‍ക്കാരുകള്‍ സൈബര്‍ നിയമങ്ങള്‍ പൊളിച്ചെഴുതുകയാണ്. ഇന്‍റര്‍നെറ്റിനു സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുന്ന കാടന്‍ രീതി അപരിഷ്കൃതമായതുകൊണ്ട് ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം സര്‍ക്കാരിന്‍റെയും മാഫിയകളുടെയും താല്‍പര്യമനുസരിച്ച് സ്വയം സെന്‍സര്‍ ചെയ്യാത്ത ജനങ്ങളെ തുറുങ്കിലടക്കാനുള്ള രാജാന്ത്യരഗൂഢാലോചനയുടെ ഫലങ്ങള്‍ ഓരോ രാജ്യങ്ങളിലായി യാഥാര്‍ഥ്യമാവുകയാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യ ശക്തമായ നിയമം ഉണ്ടാക്കുന്നതോടെ ഇന്‍റര്‍നെറ്റ് വഴിയുള്ള തട്ടിപ്പുകളും ഭീഷണികളുമൊക്കെ അവസാനിപ്പിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍, കാര്യങ്ങള്‍ മറിച്ചാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് എന്ന പതിവുകള്ളം പറഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്‍ക്കുന്ന ഏതെങ്കിലുമൊരു ദിവസം ഇന്‍റര്‍നെറ്റ് എന്താണെന്നു പോലുമറിയാത്ത എംപിമാരുടെ മൗനാനുമതിയോടെ നമ്മുടെ പാര്‍ലമെന്‍റിലും പുതുപുത്തന്‍ സൈബര്‍ നിയമം പാസ്സാക്കിയെടുക്കും. ഏറിയാല്‍‍ ഒരു വര്‍ഷത്തിനകം കീ ബോര്‍ഡ് ഗുണ്ടകളും മൗസ് ക്ലിക്ക് ആക്ടിവിസ്റ്റുകളും ഐപി വിലാസങ്ങള്‍ വെടിഞ്ഞ് വനവാസത്തിനു പോകേണ്ടി വരുമെന്നുറപ്പ്.

വരാന്‍ പോകുന്ന സൈബര്‍ ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍ ഇപ്പോള്‍ ഫിലിപ്പൈന്‍സില്‍ നിന്നും ജപ്പാനില്‍ നിന്നും നമുക്ക് ലഭിക്കും. ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് പുത്തന്‍ സൈബര്‍ നിയമങ്ങള്‍ ഈ മാസം മുതല്‍ ഈ രാജ്യങ്ങളില്‍ നിലവില്‍ വരികയാണ്. മുല്ലപ്പൂ വിപ്ലവങ്ങളും ജനകീയപ്രക്ഷോഭങ്ങളും ഒരിക്കലും ഭരണകൂടങ്ങള്‍ക്ക് ഭീഷണിയാവാതിരിക്കാന്‍ ഒരു‍ സൈബര്‍ കൊലക്കത്തി !. ഫിലിപ്പൈന്‍സിലെ കിരാതനിയമം ഇന്നു മുതല്‍ അവിടെ പ്രാബല്യത്തില്‍ വരികയാണ്. നീതിന്യായബോധത്തെ തന്നെ വെല്ലുവിളിക്കുന്ന സൈബര്‍ നിയമത്തിനെതിരേ അവിടെ അലയടിക്കുന്ന പ്രതിഷേധം നമ്മള്‍ കേള്‍ക്കാതെ പോകരുത്. സര്‍ക്കാരിനെയോ പ്രമുഖ നേതാക്കന്മാരെയോ ചെറുതായെങ്കിലും വിമര്‍ശിക്കുന്നവര്‍ക്ക് ഏതാണ്ട് ജീവപര്യന്തം ഉറപ്പാക്കുന്നതാണ് ഫിലിപ്പൈന്‍സിലെ നിയമത്തിന്‍റെ ആത്മാവ്.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഫിലിപ്പൈന്‍സുകാര്‍ ഇനി സര്‍ക്കാരിനെയും ജനപ്രതിനിധികളെയും വാഴ്‍ത്തിപ്പാടുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ഫേസ്‍ബുക്കിലോ ട്വിറ്ററിലോ എന്നില്ല, ആരെങ്കിലും എവിടെയെങ്കിലും അപകീര്‍ത്തികരമായ സന്ദേശം പോസ്റ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്താല്‍ 12 വര്‍ഷം വരെ തടവു നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. സ്വകാര്യത എന്നത് ഒരു തമാശയായി മാറി. അധികൃതര്‍ക്ക് ഏതൊരാളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇന്‍റര്‍നെറ്റിലെ ആശയവിനിമയങ്ങളും പൂര്‍ണമായും നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കും. എന്തിന് ആളുകളുടെ സ്കൈപ് കോളുകള്‍ വരെ ചോര്‍ത്തി കാതോര്‍ത്ത് നടപടി സ്വീകരിക്കാന്‍ ഫിലിപ്പൈന്‍സിലെ പുതിയ നിയമത്തിന് സാധിക്കും. നിയമത്തിനെതിരേ ഫിലിപ്പൈന്‍സുകാര്‍ ഇന്നലെ കരിദിനം ആചരിച്ചു, ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി പ്രതിഷേധിച്ചു. നിയമത്തിനെതിരേ എട്ടോളം ഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ടെങ്കിലും കോടതിയും സ്റ്റേ അനുവദിച്ചിട്ടില്ല.അവിടെ ജനങ്ങളുടെ നാവറുക്കാനായാല്‍ ഇവിടെ നിയമമുണ്ടാക്കുന്നവര്ക്ക് അതൊരു ധൈര്യമാവും.

ജപ്പാനിലാണെങ്കില്‍ ഏജന്‍റ് ജാദൂ പ്രധാനമന്ത്രിയായ അവസ്ഥയാണ്. സോണി ഉള്‍പ്പെടെയുള്ള മ്യൂസിക് കമ്പനികള്‍ക്കു വേണ്ടി പൊളിച്ചെഴുതിയ നിയമപ്രകാരം കോപിറൈറ്റ് ഇല്ലാത്ത എന്തു സംഗതി ആരു ഡൗണ്‍ലോഡ് ചെയ്താലും അകത്തുപോകും. അപ്പോള്‍ ഇതൊന്നും അപ്‍ലോഡ് ചെയ്യുന്നവനു കുഴപ്പമില്ലേ എന്ന ചോദ്യം അവിടെയും ജനങ്ങള്‍ ചോദിക്കുന്നുണ്ട്.ഇപ്പോള്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പൈറേറ്റഡ് സൃഷ്ടികള്‍ അപ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ജപ്പാനില്‍ 10 വര്‍ഷം തടവാണ് ശിക്ഷ.പുതിയ നിയമപ്രകാരം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും ശിക്ഷ നല്‍കും. രണ്ടു വര്‍ഷം തടവ് അല്ലെങ്കില്‍ 20 ലക്ഷം യെന്‍ പിഴ ആണ് ശിക്ഷ. അവിടെയും പ്രതിഷേധങ്ങള്‍ക്കു കുറവില്ല.

കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടും ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തിക്കൊണ്ടും അമേരിക്കയാണ് സൈബര്‍ നിയമത്തിന്‍റെ പരിഷ്കരണങ്ങള്‍ക്കു തുടക്കമിട്ടത്. വലിയ സ്വാതന്ത്ര്യദാഹികളെന്നു ഭാവിക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍ കഴിഞ്ഞ ജനുവരിയില്‍ നിയമം നടപ്പാവുക തന്നെ ചെയ്തു. തുടര്‍ന്നാണ് മെഗാഅപ്‍ലോഡ് പൂട്ടിച്ചത്. മറ്റു രാജ്യങ്ങളും അമേരിക്കയുടെ ചുവടെ സൈബര്‍ നിയമങ്ങള്‍ മാഫിയകള്‍ക്കു വേണ്ടി പരിഷ്കരിക്കുകയാണ്. വൈകാതെ ഇതേ നിയമം ഇന്ത്യയിലും നടപ്പാവും. ആര്യാടന്‍ ഏഷ്യാനെറ്റില്‍ നിന്ന് ഓടിരക്ഷപെടുന്ന വിഡിയോയോ സോണിയാ ഗാന്ധിയുടെ വിദേശയാത്രച്ചെലവിന്‍റെ കണക്കോ മന്ത്രിമന്ദിരങ്ങളിലെ വൈദ്യുതി ചെലവിന്‍റെ കണക്കോ ചോദിക്കുകയും പറയുകയും ചെയ്യുന്നത് വലിയ സൈബര്‍ കുറ്റമായി മാറിയേക്കാം. ജനങ്ങളെ കൊള്ളയടിക്കുന്ന, പാപ്പരാക്കുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് തീര്‍ച്ചയായും ഒന്നാം നമ്പര്‍ അപകീര്‍ത്തിക്കേസുമായി മാറും.ജീവിതം വെറുത്തു കഴിഞ്ഞാല്‍ വാനപ്രസ്ഥത്തിനു പകരം ഒരു പടം ഡൗണ്‍ലോഡ് ചെയ്താല്‍ മതി എന്നൊരു ഗുണമുണ്ട്. 12 വര്‍ഷം സര്‍ക്കാര്‍ ചെലവില്‍, ബന്ധുക്കളുടെ ഉപദ്രവമില്ലാതെ…

ടെക്‌നോMIx | ഓഗസ്റ്റ് 22

ഗൂഗിളിന്റെ ഓപണ്‍സോഴ്‌സ് വെബ് ബ്രൗസറായ ക്രോം കൂടുതല്‍ സുരക്ഷിതവും കരുത്തുള്ളതുമാക്കാന്‍ ഗൂഗിള്‍ ഹാക്കര്‍മാരെ വെല്ലുവിളിക്കുന്നു. ക്രോമിന്റെ പോരായ്മകള്‍ കണ്ടെത്തി ക്രോം ഹാക്ക് ചെയ്യുന്നവര്‍ക്കാണ് 10 കോടി രൂപയുടെ സമ്മാനങ്ങള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10ന് ക്വാലലംപൂരില്‍ നടക്കുന്ന ഹാക്ക് ഇന്‍ ദ് ബോക്‌സ് പത്താം വാര്‍ഷികത്തിനാണ് മല്‍സരം നടത്തുന്നത്. വിവിധ വിഭാഗങ്ങളിലായാണ് മല്‍സരം. ക്രോമിന്റെ പോരായ്മകള്‍ കൊണ്ടു മാത്രം ക്രോം ഹാക്ക് ചെയ്യുന്നവര്‍ക്ക് 33 ലക്ഷം രൂപയാണ് സമ്മാനം. ക്രോമിലെ ഏതെങ്കിലും ഒരു പോരായ്മ കൊണ്ട് ഭാഗികമായെങ്കിലും ഹാക്ക് ചെയ്താല്‍ 27 ലക്ഷം രൂപ ലഭിക്കും. ക്രോമിലെ അല്ലാതെയുള്ള തകരാറുകള്‍ കൊണ്ട് ക്രോം ഹാക്ക് ചെയ്യുന്നവര്‍ക്ക് 22 ലക്ഷം രൂപയും ലഭിക്കും. മല്‍സരാര്‍ഥികള്‍ക്കു ഗൂഗിള്‍ സമ്മനിക്കുന്ന ഏസര്‍ അസ്പയര്‍ ലാപ്‌ടോപില്‍ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത ക്രോം തല്‍സമയം ഹാക്ക് ചെയ്ത് കാണിക്കുന്നവര്‍ക്കാണ് സമ്മാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് [Link]

സോഷ്യല്‍ മീഡിയയെപ്പറ്റി ഒരക്ഷരം പറയരുത്. പറഞ്ഞാല്‍ എന്തു സംഭവിക്കും എന്നു ചോദിക്കുന്നവര്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ അനുഭവം ഉണ്ടായേക്കാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പാലായനം ചെയ്യുന്ന സംഭവത്തെത്തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നിരോധിക്കണം എന്നു പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതിന്റെ പ്രതികാരമായി പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഓപറേഷന്‍ ഇന്ത്യ എന്ന അനോണിമസ് സംഘടന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരവും അതിന്റെ കാരണവും ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. ഇതേ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ 15 ദിവസത്തേക്ക് എസ്എംഎസ് നിയന്ത്രണമേര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ അലയടിക്കുന്നുണ്ട്. ഹാക്കിങ്ങിനിരയായ സമാജ്‌വാദി പാര്‍ട്ടി വെബ്‌സൈറ്റ് പുനസ്ഥാപിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് ടൈം ലൈനില്‍ പുതുതായി അവതരിപ്പിച്ച എക്‌സ്‌പെറ്റിങ് എ ബേബി ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വിവരം ഫേസ്ബുക്കിലൂടെ അറിയിക്കാനുള്ള ഔദ്യോഗിക സംവിധാനമാണ്. ഫേസ്ബുക്ക് ടൈംലൈനിലെ ലൈഫ് ഇവന്റിലെ ഫാമിലി ആന്‍ഡ് റിലേഷന്‍ഷിപ്‌സ് വിഭാഗത്തിലാണ് കുഞ്ഞുണ്ടാകാന്‍ പോകുന്ന വിവരം മാലോകരെ അറിയിക്കാനുള്ള ഓപ്ഷനുള്ളത്. അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമെല്ലാം വിവരം പങ്കുവയ്ക്കാം. ജനിക്കാന്‍ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ, ജനനത്തീയതി തുടങ്ങിയ വിവരങ്ങളും ഗര്‍ഭചിത്രങ്ങളുമൊക്കെ അപ്‌ലോഡ് ചെയ്യാം. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗപരിശോധന കര്‍ശനമായി നിരോധിച്ചിട്ടുള്ള ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും കൊണ്ട് കോളം പൂരിപ്പിക്കുമെന്ന് കരുതാം.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ ഉപജ്ഞാതാക്കള്‍ പുതിയൊരു സേവനവുമായി രംഗത്ത്. മീഡിയം എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് ട്വിറ്റര്‍ ലോഗിനും ആവശ്യപ്പെടുന്നു. മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ വ്യക്തികേന്ദ്രീകൃതമാണെങ്കില്‍ മീഡിയത്തിന്റെ കേന്ദ്രം അതിലെ ഉള്ളടക്കമായിരിക്കും. ഇതിന്റെ ഡിസൈനും യൂസര്‍ ഇന്റര്‍ഫേസുമെല്ലാം അത്തരത്തില്‍ ഒരുക്കിയിട്ടുള്ളതാണ്. ആരു പറയുന്നു എന്നതിനെക്കാള്‍ എന്തു പറയുന്നു എന്നതിനായിരിക്കും മീഡിയത്തില്‍ പ്രസക്തി. ചിത്രങ്ങളും കുറിപ്പുകളും അതിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കി കേന്ദ്രീകരിക്കപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യും. മറ്റുള്ളവരുടെ അമിതശ്രദ്ധയില്ലാതെ കാര്യങ്ങള്‍ പറയാനും പങ്കുവയ്ക്കാനുമാഗ്രഹിക്കുന്നവര്‍ക്ക് മീഡിയം ഇഷ്ടപ്പെടും. വിലാസം medium.com

References: Google Blog, Twitter, Medium, Facebook,  Cnet, Techtree, Thinkdigit, Huffington Post

ക്വിറ്റ് ഇന്ത്യന്‍ ഡാന്‍സ്


Image:www.justjhoom.co.uk

നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സിനിമാറ്റിക് ഡാന്‍സ് പണ്ടേ നിരോധിച്ചതാണ്. എന്നിട്ടും യുകെയിലെ സ്‌കൂളുകളില്‍ ഈ അധാര്‍മിക നൃത്തം അവസാനിപ്പിച്ച് പിള്ളേരെ സ്‌പോര്‍ട്‌സ് പഠിപ്പിക്കണം എന്നു പ്രധാനമന്ത്രി ഡേവിഡ് കാമറുണ്‍ പറഞ്ഞതില്‍ ഇന്ത്യക്കാരും വെള്ളക്കാരും പ്രതിഷേധിക്കുന്നു. ഇന്ത്യന്‍ ഡാന്‍സിനെതിരേ ബ്രിട്ടിഷ് പ്രധാനമന്ത്രി എന്ന തലക്കെട്ട് നമ്മെ ഹഠാദാകര്‍ഷിക്കുന്നു. അവിടുത്തെ മാധ്യമസിന്‍ഡിക്കറ്റുകള്‍ പ്രധാനമന്ത്രിയെ കശക്കിയെറിയുന്നു. ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും ഇന്ത്യന്‍ ഡാന്‍സിനെ അവഹേളിച്ച പ്രധാനമന്ത്രിക്കെതിരേ രോഷം പുകയുന്നു. നമ്മുടെ ഡാന്‍സിനൊക്കെ ഇത്രയും രാജ്യാന്തരപിന്തുണയുണ്ട് എന്നതില്‍ നമ്മള്‍ വൃഥാ സന്തോഷിക്കുന്നു.

ഒളിംപിക്സിലെ ഇന്ത്യന്‍ പരേഡിന്‍റെ മുന്നില്‍ ഒരു ഇന്ത്യന്‍ ഡാന്‍സുകാരി കയറി വിരിഞ്ഞു നടന്നപ്പോഴേ കരുതിയതാണ് ഇന്ത്യന്‍ ഡാന്‍സിന് എന്തോ ദുരന്തം സംഭവിക്കാന്‍ പോകുന്നു എന്ന്. സ്ലംഡോഗ് മില്ല്യെനെയറിലെ ജയ് ഹോ ഗാനത്തിന് ഓസ്‌കര്‍ കിട്ടിയതില്‍പ്പിന്നെ ബോളിവുഡ് ഡാന്‍സിന് യുകെയിലും യുഎസിലും നല്ല ഡിമാന്‍ഡ് ആണ്. അതിനു പുറമേ ക്ലാസിക്കലായും ബംഗ്രയായും ബുഹിയായും ഇന്ത്യയിലുടനീളം ചിതറിക്കിടക്കുന്ന നൃത്ത വൈവിധ്യം കണ്ട് അമ്പരന്നു നില്‍ക്കുകയാണ് വെളുത്ത കത്രീനകള്‍. അപ്പോള്‍ സ്‌കൂളുകളില്‍ കുട്ടികളെ ഇന്ത്യന്‍ ഡാന്‍സ് പഠിപ്പിക്കുന്നതും സ്വാഭാവികം. നമ്മളിവിടെ പിള്ളേരെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു, അവരവിടെ ഇന്ത്യന്‍ ഡാന്‍സ് പഠിപ്പിക്കുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും വലിയ കാര്യമില്ല, വെറുതേ പണവും സമയവും കളയാമെന്നല്ലാതെ പിള്ളേര്‍ക്കു ഭാവിയുണ്ടാവണമെങ്കില്‍ സ്‌പോര്‍ടിനു തന്നെ പോണം എന്നേ ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞുള്ളൂ. കേരളത്തിലെ നല്ലൊരു ശതമാനം രക്ഷിതാക്കളും പറയുന്നതും ഇതൊക്കെ തന്നെയാണ്. എന്നിട്ടും കാമറൂണ്‍ കുടുങ്ങി.

ഒളിംപിക്‌സില്‍ ബ്രിട്ടണ് തരക്കേടില്ലാതെ മെഡലുകള്‍ കിട്ടുന്നതിന്റെ ഒരു സന്തോഷത്തിലാണ് അവിടുത്തെ പ്രധാനമന്ത്രി. അടുത്ത ഒളിംപിക്‌സ് ആവുമ്പോഴേക്കും കൂടുതല്‍ മെഡലുകള്‍ വാങ്ങണമെന്ന് തോന്നിപ്പോയാല്‍ അത് തെറ്റല്ല. അതിനുള്ള കര്‍മപരിപാടികളെപ്പറ്റി പറഞ്ഞപ്പോഴാണ് അദ്ദേഹം വിവാദപ്രസ്താവന നടത്തി കുടുങ്ങിയത്. സ്‌കൂളുകളില്‍ ആഴ്ചയിലുള്ള രണ്ടു മണിക്കൂര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഫലപ്രദമായി വിനിയയോഗിക്കണം എന്നാണ് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘The trouble we have had with targets up to now, which was two hours a week, is that a lot of schools were meeting that by doing things like Indian dance or whatever, that you and I probably wouldn’t think of as sport, so there’s a danger of thinking all you need is money and a target. If that was the solution we would have solved the problem by now.’

രാഷ്ട്രീയവിവാദക്കാരും സിന്‍ഡിക്കറ്റ് മാധ്യമങ്ങളും കേരളത്തിലെപ്പോലെ തന്നെ യുകെയിലുമുണ്ട്. സംഗതി പ്രശ്‌നമായി. ഇന്ത്യന്‍ ഡാന്‍സും ഒരു കായികവിനോദമാണ്, കുതിരപ്പന്തയത്തില്‍ പണം ചിലവഴിക്കുന്നതിനെക്കാള്‍ നല്ലത് ഇതു തന്നെയാണ് എന്നൊക്കെ വാദിച്ചത് യുകെയിലെ ബുദ്ധിജീവികള്‍ തന്നെ. എന്നാല്‍ പ്രധാനമന്ത്രി നിലപാടിലുറച്ചു തന്നെ നിന്നു: ‘I see it with my own children because you know, the two hours that is laid down is often met through sort of Indian dancing classes. Now, I’ve got nothing against Indian dancing classes but that’s not really a sport.’

ഇന്ത്യന്‍ ഡാന്‍സ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ബോളിവുഡ് ഡാന്‍സ് എന്നു വ്യാപകമായും സിനിമാറ്റിക് ഡാന്‍സ് എന്നു പ്രാദേശികമായും വിളിക്കുന്ന ചലച്ചിത്രഗാനാധിഷ്ഠിത ഫ്യൂഷന്‍ നൃത്തരീതിയെ ആണ്. ഇത് മഹത്തായ കലാരൂപമാണ് എന്ന് ആരും അവകാശപ്പെട്ടിട്ടില്ല. യുകെയിലെ സ്‌കൂളുകളില്‍ ഇത് പഠിപ്പിക്കുന്നത് പിള്ളേരെ കത്രീന കൈഫിന്റെ കൂടെ ഡാന്‍സ് കളിപ്പിക്കാമെന്നു കരുതിയിട്ടല്ല. ഒരു ശാരീരികവ്യായാമം എന്നതിനപ്പുറം ഇന്ത്യന്‍ ഡാന്‍സിന് യുകെയില്‍ സാംസ്‌കാരിക-സാമൂഹിക പ്രാധാന്യമൊന്നും ഇതുവരെ ഇല്ലായിരുന്നു. എന്നാല്‍ പ്രധാമനമന്ത്രിയുടെ ഇടപെടല്‍ കാര്യങ്ങള്‍ മാറ്റുകയാണ്. ഇന്ത്യന്‍ ഡാന്‍സിന്റെ വക്താക്കള്‍ വൈകാരികമായി സംസാരിക്കുന്നത് കേട്ടാല്‍ നമുക്കും സിനിമാറ്റിക് ഡാന്‍സ് പഠിക്കാന്‍ തോന്നും. എന്തായാലും നമ്മള്‍ ക്വിറ്റ് ഇന്ത്യ പറഞ്ഞോടിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി ഒളിംപിക് സ്വര്‍ണം കണ്ടു കണ്ണു മഞ്ഞളിച്ച് ക്വിറ്റ് ഇന്ത്യന്‍ ഡാന്‍സ് എന്നു പറയുമ്പോള്‍ അതില്‍ ഒരു അപകടസൂചനയുമുണ്ട്.

സ്‌കൂളുകളിലെ പുതുക്കിയ സിലിബസില്‍ കര്‍ശനമായ കായികപരിശീലനം നിര്‍ബന്ധമാക്കും എന്നതിനു പുറമേ ഇന്ത്യന്‍ ഡാന്‍സിനു വിലക്കുമുണ്ടാവും എന്നതില്‍ സംശയമില്ല. ഇത് അവിടെ നൃത്തമഭ്യസിപ്പിച്ചും അവതരിപ്പിച്ചും കഴിയുന്ന അനേകം പേരെ പ്രതിസന്ധിയിലാക്കും. ഇന്ത്യന്‍ ഡാന്‍സ് യുകെയിലെ സ്കൂളുകളില്‍ അത്രയധികം സ്വാധീനമുള്ള സംഭവമാണോ എന്നു സംശയമുള്ളവര്‍ക്കായി പെട്ടെന്നുള്ള സേര്‍ച്ചില്‍ കയ്യില്‍ കിട്ടിയ ചില ലിങ്കുകള്.പല വെബ്സൈറ്റുകളിലും സ്കൂളുകളിലെ ഡാന്‍സ് ക്ലാസ് ആണ് പ്രധാനകൃഷി എന്ന സൂചനയുണ്ട്. ചില സ്കൂളുകളിലെ ക്ലാസ് ടീച്ചര്‍മാരുടെ സാക്ഷ്യപത്രം വരെ കാണാം. വെറും ഏഴു ദിവസം കൊണ്ട് ബോളിവുഡ് ഡാന്‍സറാക്കും എന്നു വാദ്ഗാനം ചെയ്യുന്ന അക്കാദമികളും ഇക്കൂട്ടത്തിലുണ്ട്.

Bollywood Dance London
Bollywood Dance
Bollywood Vibes
Classical Indian Dance
Akademi
Honey’s Dance Academy
Bharatiya Vidya Bhavan
Center for Indian Classical Dance
Riris Dance Academy

ഇന്ത്യന്‍ ഡാന്‍സ് അക്കാദമികളുടെ ചില പ്രലോഭന വിഡിയോകള്‍.ബോളിവുഡ് ഡാന്‍സിനെ ഒരു വര്‍ക്ക് ഔട്ട് എന്ന നിലയ്‍ക്ക് തികച്ചും സാങ്കേതികമായാണ് പലരും അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഡാന്‍സിനെ പുറത്താക്കുന്നതിനെക്കാള്‍ ഒളിംപിക്സില്‍ ഇന്ത്യന്‍ ഡാന്‍സ് കൂടി ഒരു മല്‍സര ഇനമായി ഉള്‍പ്പെടുത്തുന്നതാവും ബുദ്ധി. ഇന്ത്യക്കാരോടാ കളി.

ചരിത്രം കുറിച്ചു !

ജിജ്ഞാസകള്‍ക്കൊടുവില്‍ നാസയുടെ ക്യുരിയോസിറ്റി പര്യവേഷണ വാഹനം വിജയകരമായി ചൊവ്വയുടെ മണ്ണിലിറങ്ങി. നമ്മുടെ അതേ വ്യക്തിത്വമുള്ള ക്യുരിയോസിറ്റി ചെന്നിറങ്ങിയതേ വിവരം ട്വീറ്റ് ചെയ്തു, ക്യാമറയുടെ ലെന്‍സ് കവര്‍ പോലും മാറ്റാതെ ഒരു ചിത്രമെടുത്ത് അയക്കുകയും ചെയ്തു. ജെറ്റ് പ്രൊപ്പെല്‍ഷന്‍ ലാബോറട്ടറിയിലെ ശാസ്ത്രസംഘത്തിന്‍റെ ആനന്ദാശ്രുക്കള്‍ നാസ ടിവിയില്‍ തല്‍സമയം കണ്ടു നിര്‍വൃതിയടഞ്ഞു. 10 വര്‍ഷമായി ആ ശാസ്ത്രജ്ഞര്‍ പണിയെടുക്കുന്ന ഒരു പദ്ധതിയുടെ വിജയമാണിത്, ചരിത്രവിജയം.

ചൊവ്വയിലിറങ്ങിയ ക്യുരിയോസിറ്റിയുടെ ആദ്യ ട്വീറ്റ് ഇതാണ്.

ക്യുരിയോസിറ്റി ചൊവ്വയില്‍ നിന്ന് ആദ്യമയച്ച ചിത്രം താഴെ കൊടുക്കുന്നു. വലിയ എച്ച് ഡി ക്യാമറയൊക്കെയാണെന്നു പറഞ്ഞിട്ട് ഇതാണോ പടം എന്നു ചോദിക്കരുത്. പൊടിപിടിച്ച ലെന്‍സ് കവര്‍ മാറ്റാതെ എടുത്ത ചിത്രമാണിത്. ക്യാമറകള്‍ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ അല്‍പസമയമെടുക്കും. രണ്ടു ദിവസത്തിനകം ഉശിരന്‍ കളര്‍ പടങ്ങളും വിഡിയോകളും ഇവിടെ ലഭിച്ചുതുടങ്ങും. ഒരു ടണ്‍ ഭാരവും ഒരു കാറിന്‍റെ വലിപ്പവും ആറു ടയറുകളുമുള്ള ക്യുരിയോസിറ്റിയുടെ ഒരു ടയറും നാസയുടെ മണ്ണില്‍ പതിഞ്ഞിരിക്കുന്ന നിഴലും ചിത്രത്തില്‍ കാണാം.

കൂടുതല്‍ അപ്‍ഡേറ്റുകള്‍ക്കായി ക്യുരിയോസിറ്റിയെ ട്വിറ്ററിലും ഫേസ്‍ബുക്കിലും പിന്തുടരാം. [Twitter] [Facebook]

ക്യുരിയോസിറ്റിയുടെ ടെക്നിക്കല്‍ വിശദാംശങ്ങള്‍ ഇവിടെ.

നാസ ടിവിയില്‍ ജെറ്റ് പ്രൊപ്പെല്‍ഷന്‍ ലാബോറട്ടറിയിലെ ശാസ്ത്രസംഘത്തിന്‍റെ വാര്‍ത്താസമ്മേളനവും വിശകലനങ്ങളും തുടര്‍ന്നു കാണാം.ഈ ഇന്ത്യക്കാരിയെ അഭിനന്ദിക്കുന്നില്ലേ ?

ആദ്യമായി ഒരിന്ത്യക്കാരന്‍(ഇന്ത്യക്കാരി) ഒരു പ്രത്യേകനേട്ടമുണ്ടാക്കുമ്പോള്‍ ആളെ ആദരിക്കുന്നതാണ് നമ്മുടെ മര്യാദ. വിശദമായി വാര്‍ത്ത കൊടുത്തും, ലഘുജീവചരിത്രങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചും സംഗതി ജോറാക്കാറുണ്ട് മാധ്യമങ്ങള്. ഇവിടെ ഒരിന്ത്യക്കാരി ആദ്യമായി വളരെ ബോള്‍ഡായ ഒരു ചുവടുവയ്‍പ് നടത്തിയിട്ട് തിരിഞ്ഞുനോക്കാനാളില്ല എന്നത് കഷ്ടമാണ്. വിവരം പുള്ളിക്കാരി ട്വിറ്ററിലൂടെ അറിയിച്ചു, പത്രസമ്മേളനം വിളിച്ചു പറഞ്ഞു- എന്തുകൊണ്ട് ആ യുവതി വാര്‍ത്തയുടെ മുഖ്യധാരയില്‍ നിറയുന്നില്ല ?

ഷെര്‍ലിന്‍ ചോപ്ര: പ്ലേബോയ് മാഗസിനില്‍ നഗ്നയായി പോസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യക്കാരി.

പ്ലേബോയ് മാഗസിന്‍ നല്ല പാരമ്പര്യമുള്ള ഒന്നാണ്. അതിന്‍റെ ഉള്ളടക്കം എല്ലാവര്‍ക്കും രസിക്കുന്നതല്ല എന്നതുകൊണ്ട് അത് ഒരു മാഗസിനേയല്ല എന്നു ഭാവിച്ച് അയലത്തെ ആന്‍റിയുടെ കുളിസീന്‍ കണാന്‍ പോയ വിപ്ലവാനുഭവം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതുന്ന തകരകളെ നമ്മള്‍ ബോള്‍ഡെന്നു മുദ്രകുത്തി പുറത്തുതട്ടി അഭിനന്ദിക്കും. പ്ലേബോയ് അടിച്ചുവരുമ്പോള്‍ ആതിന്‍റെ ആദ്യകോപ്പികളുടെ വ്യാജപതിപ്പുകള്‍ക്കായി ടൊറന്‍റില്‍ തിരയുകയും ചെയ്യും.

ഹഠസദാചാരവാദികളുടെയിടയില്‍ നിന്ന് പ്ലേബോയ് മാഗസിന്‍റെ പുറംചട്ടയിലേക്ക് വലതുകാല്‍ വച്ചു കയറുന്ന ഷെര്‍ലിമോളെ അഭിനന്ദിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കുകയെങ്കിലും ചെയ്യാം. പ്ലേബോയ് മാഗസിന്‍റെ നവംബര്‍ ലക്കമാണ് ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നശരീരത്താല്‍ അനുഗ്രഹീതമാകുന്നത്. 1953 ഡിസംബറില്‍ മര്‍ലിന്‍ മണ്‍റോയുടെ കവര്‍ ചിത്രത്തോടെ പുറത്തിറങ്ങിയ ആദ്യ പ്ലേബോയ് മുതല്‍ ഇതുവരെ ലക്കമൊന്നും മോശമായിട്ടില്ലെന്നാണ് കേള്‍വി. പമേല ആന്‍ഡേഴ്സന്‍, കാര്‍മെന്‍ ഇലെക്ട്ര, ഡ്രൂ ബാരിമോര്‍, ഡെനൈസ് റിച്ചാര്‍ഡ്സ്,ഷാരന്‍ സ്റ്റോണ്‍,അന്ന നിക്കോള്‍ സ്മിത്ത് തുടങ്ങിയ പ്രമുഖരൊക്കെ അലങ്കരിച്ച പുറംചട്ടയിലേക്കാണ് ഷെര്‍ലിന്‍ പോകുന്നത്.

പ്ലേബോയ് അവതാരത്തിലൂടെ ആകെ നനയാന്‍ പോകുന്ന ഷെര്‍ലിന് ഇപ്പോഴേ കുളിരില്ലാതായിട്ടുണ്ട്. ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രമുള്‍പ്പെടെ ഇടക്കിടെ നഗ്നചിത്രങ്ങള്‍ ട്വിറ്ററിലിട്ടും അടുത്ത ദിവസം ഡിലീറ്റ് ചെയ്തും ഷെര്‍ലിന്‍ ഒരു ബില്‍ഡ് അപ് കൊടുക്കുന്നുണ്ട്. എവളെയൊക്കെ ആരെങ്കിലും മൈന്‍ഡ് ചെയ്യുമോ,അഭിനയത്തില്‍ മഞ്ജു വാര്യര്‍… എന്നതാണ് നമ്മുടെ മുദ്രാവാക്യമെങ്കിലും നഗ്നത എവിടെക്കണ്ടാലും എത്തിനോക്കാതിരിക്കണമെങ്കില്‍ ഇത്തിരി പ്രയാസമാണ്.

ബോളിവുഡ് ലെജന്‍ഡ് ആണ് ഷെര്‍ലിന്‍ ചോപ്ര എന്നാണ് പ്ലേബോയ്സ് പറയുന്നത്. അവസരത്തിനു ക്ഷാമമുള്ള രണ്ടാംനിര നടിമാര്‍ തുണിയുരിയാന്‍ തയ്യാറായാല്‍ ലെജന്‍ഡ് പദവി ലഭിക്കുമെങ്കില്‍ അത് നഗ്നത കാണാനാഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. അടുത്ത ഘട്ടം സെക്സ് പടങ്ങളിലഭിനയിക്കുകയാണെന്ന് ഷെര്‍ലിന്‍ സൂചന നല്‍കിയിട്ടുണ്ടത്രേ. ഇപ്പോള്‍ പുച്ഛിക്കും. ഭാവിയില്‍ സണ്ണി ലിയോണെപ്പോലെ ബോളിവുഡ് തന്നെ ഏറ്റെടുക്കാനും സാധ്യതയുണ്ട്.

കവറാകുന്നതിന്‍റെ മുന്നോടിയായി ഷെര്‍ലിന്‍ ചോപ്ര പ്ലേബോയ് സ്ഥാപകനെ കാണുകയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്തിക്കു വേണ്ടി തുണിയുരിയാന്‍‍ പെണ്ണുങ്ങള്‍ വരിവരിയായി നില്‍ക്കുന്ന കാലത്ത് ലക്ഷ്യം അതൊക്കെ തന്നെയാണെങ്കിലും ലക്ഷങ്ങള്‍ക്കിടയില്‍ നിന്ന് നമ്മുടെ ഷെര്‍ലിന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതില്‍ നമുക്കാനന്ദിക്കാം. കത്രീന കൈഫും കരീന കപൂറുമൊക്കെ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കട്ടെ എന്നു പ്രത്യാശിക്കാം.

*നവംബര്‍ ലക്കം ഇവന്മാര്‍ക്ക് ജൂലൈയില്‍ അച്ചടിച്ചാല്‍ എന്താണ് ?

ഒളിംപിക്‌സ് ഓണ്‍ലൈന്‍

ഒളിംപിക്‌സിന്റെ വ്യക്തിത്വം ഉടച്ചുവാര്‍ത്തുകൊണ്ട് ഒളിംപിക് കമ്മിറ്റിയും വിവിധ സ്‌പോര്‍ട്‌സ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ഇന്റര്‍നെറ്റില്‍ വലിയ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. മികച്ച 10 ഓണ്‍ലൈന്‍ ഒളിംപിക്‌സ് വെബ്‌സൈറ്റുകളും സേവനങ്ങളും പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. ഒളിംപിക് യൂ ട്യൂബ് ചാനല്‍

ഒളിപിക് ന്യൂസ് ചാനലിന്റെ തല്‍സമയ സ്ട്രീമിങ് ഇവിടെ ലഭ്യമാണ്. ഓണ്‍ ഡിമാന്‍ഡ് വിഡിയോകളും പ്രേക്ഷകരുടെ ഇഷ്ടപ്രകാരം പരിശോധിക്കാം.[Link]

2. ഒളിംപിക്‌സ് ഇന്ത്യ പേജ്

ഒളിംപിക്‌സ് ഔദ്യോഗിക വെബ്‌സൈറ്റിലെ ഇന്ത്യ പേജില്‍ രാജ്യത്തിന്റെ മെഡല്‍ നിലയും പങ്കെടുക്കുന്ന 83 കായികതാരങ്ങളുടെയും വിവരങ്ങളും ലഭ്യമാണ്. ഓരോ ദിവസവും മല്‍സരിക്കുന്ന താരങ്ങളുടെ വിവരങ്ങളും മല്‍സര ഇനവും സമയവും ലഭ്യമാണ്. ഇന്ത്യയുടെ ഒളിംപിക് പാരമ്പര്യത്തെപ്പറ്റിയുള്ള കുറിപ്പുമുണ്ട്.[Link]

3. ദി ഒളിംപിക് അത്‌ലറ്റ്‌സ് ഹബ്

രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഒളിംപിക്‌സിനോടനുബന്ധിച്ച് അത്‌ലിറ്റുകള്‍ക്കായി ആരംഭിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കാണിത്. വിവിധ കായികതാരങ്ങളു
ടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ തല്‍സമയം ഈ സോഷ്യല്‍ പോര്‍ട്ടലില്‍ ലഭിക്കും. താരങ്ങളുടെ സോഷ്യല്‍നെറ്റ്‌വര്‍ക്ക് ഏതായാലും അത്‌ലറ്റ്‌സ് ഹബില്‍ എല്ലാവരെയും പിന്‍തുടരാം. രണ്ടുകോടിയോളം ആരാധകരുമായി യുഎസ് ബാസ്‌കറ്റ്‌ബോള്‍ താരം ലിബ്രോണ്‍ ജെയിംസ് ആണ് മുന്നില്.[Link]

4. ഗൂഗിള്‍ ഒളിംപിക്‌സ് പേജ്

ഒളിംപിക്‌സ്് മാമാങ്കത്തിന്റെ മികവുറ്റ ഓണ്‍ലൈന്‍ അനുഭവം ഉറപ്പാക്കുന്നതാണ് ഗൂഗിളിന്റെ ഒളിംപിക്‌സ് പേജ്. തല്‍സമയം അപ്‌ഡേറ്റ് ചെയ്യുന്ന മെഡല്‍നിലയും വിഡിയോ സ്ട്രീമിങ്ങും മുതല്‍ ഗൂഗിള്‍ പ്ലസ് ഉപയോക്താക്കള്‍ക്കായി പ്രത്യേക കവര്‍ ഫോട്ടോകളും അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഓരോ ദിവസം ഓരോ ഡൂഡിലുകള്‍ അവതരിപ്പിച്ച് ഒളിംപിക്‌സ് ആഘോഷത്തില്‍ പങ്കുചേരുകയാണ് ഗൂഗിളും. ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ ഒളിംപിക്‌സ് സേര്‍ച്ച് പേജിലെത്താം. [Link]

5. ഫേസ്ബുക്ക് ഒളിംപിക്‌സ് ഹബ്

ഫേസ്ബുക്കിലെ ഒളിംപ്യന്‍മാരെയും ടീമുകളെയും മല്‍സര ഇനങ്ങളെയും സ്‌പോണ്‍സര്‍മാരെയുമെല്ലാം ഒറ്റ പേജില്‍ സംഗ്രഹിച്ചിരിക്കുകയാണ് ഒളിംപിക് ഹബിലൂടെ. ഒളിംപിക് ഹബിലെ ലിസ്റ്റില്‍ നിന്ന് അതാത് പേജുകളിലെത്തി അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയോ പിന്‍തുടരുകയോ ചെയ്യാം.[Link]

6. ട്വിറ്റര്‍ ഒളിംപിക്‌സ് ലിസ്റ്റ്

ലണ്ടന്‍2012, ഒളിംപിക്‌സ് തുടങ്ങിയ സജീവ ഹാഷ് ടാഗുകള്‍ക്കു പുറമേ ട്വിറ്റര്‍ വെരിഫൈഡ് ഒളിംപിക് പേജും അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റുകള്‍ക്കായി പിന്‍തുടരാം.[Link]

7. എന്‍ബിസി ഒളിംപിക്‌സ് ചാനല്‍

ഒളിംപിക്‌സിന്റെ സമഗ്ര കവറേജും മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള വിഡിയോകളും ചരിത്രവുമെല്ലാം അവതരിപ്പിക്കുന്ന എന്‍ബിസി ഒളിംപിക്‌സ് ചാനല്‍ 5535 മണിക്കൂര്‍ തുടര്‍ച്ചയായ ഒളിംപിക്‌സ് സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. [Link]

8. യാഹൂ സ്‌പോര്‍ട്‌സ് ഒളിംപിക് പേജ്

വാര്‍ത്തകളും ചിത്രങ്ങളും വിഡിയോകളും ഗോസിപ്പുകളും പുറമേ വിവിധരാജ്യങ്ങളുടെ ഒളിംപിക്‌സ് നേട്ടങ്ങളുമായി യാഹൂവിന്റെ ഒളിംപിക് പേജ്. [Link]

9. ഇഎസ്പിഎന്‍ ലണ്ടന്‍ 2012

കായികവിനോദവിന്യാസത്തിലെ പ്രൊഫഷനല്‍ മികവും കയ്യടക്കമുള്ള തനതു ശൈലിയുമായി ഇഎസ്പിഎന്‍ ഒളിംപിക്‌സ് പേജ്.[Link]

10. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍/ഗെയിം

മെഡല്‍നിലയും വാര്‍ത്തകളും വിശേഷങ്ങളും തല്‍സമയ അപ്‌ഡേറ്റ് ചെയ്യുന്ന ഔദ്യോഗിക മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഒളിംപിക് വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. എല്ലാ പ്രവര്‍ത്തനസവിധാനങ്ങല്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ക്കു പുറമേ ഒളിംപിക്‌സ് ഒഫിഷ്യല്‍ മൊബൈല്‍ ഗെയിമും ലഭ്യമാണ്. [Link]