ശ്രീപത്മനാഭന്‍റെ പൊതുമുതല്‍

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം പൊതുമുതലാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങളും തര്‍ക്കുത്തരങ്ങളും തുടരുകയാണ്. അത് ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നുള്ള അമിക്യസ് ക്യൂരി നിര്‍ദേശവും നിധി പൊതുമുതലല്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും രണ്ടു തരത്തിലും ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പൊതുമുതലാക്കി പങ്കിടേണ്ട എന്നു പറയുന്നവര്‍ രാജദാസന്‍മാരും പങ്കിടണമെന്നു പറയുന്നവര്‍ ദുരുദ്ദേശക്കാരുമാണെന്ന് പരസ്പരം ആരോപിക്കുന്നുമുണ്ട്. അല്‍പം സ്വതന്ത്രമായി ചിന്തിച്ചാല്‍ രണ്ടു പക്ഷവും പറയുന്നതില്‍ കുറെ ശരിയാണ് എന്നു മനസ്സിലാക്കാം.

എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധി പൊതുമുതലാണ്. എന്നാല്‍, അത് പൊതുമുതലെന്ന നിലയ്‍ക്ക് കൈകാര്യം ചെയ്യപ്പെടാനോ സര്‍ക്കാരിലേക്കു മുതല്‍കൂട്ടാനോ പാടില്ല. തൃപ്പടിദാനത്തിലൂടെ രാജകുടുംബം ശ്രീപത്മനാഭസന്നിധിയില്‍ സ്വരുക്കൂട്ടിയ ആ നിധി സ്വമനസ്സാലെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയും തൃപ്പടിദാനം നടത്തിയ ആളുകളുടേതാണ് എന്ന നിലയ്‍ക്കാണ് പൊതുമുതല്‍ എന്നു വിളിക്കപ്പെടേണ്ടത്. മറിച്ച് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനും സര്‍ക്കാരിനും അവകാപ്പെട്ടതാണ് ആ നിധി എന്ന അര്‍ത്ഥത്തില്‍ അതിനെ പൊതുമുതലെന്നു വിളിക്കുന്നത് അക്രമമാണ്, അത്യാഗ്രഹമാണ്.

നിധി പൊതുസ്വത്തല്ല എന്നു പറഞ്ഞ മുഖ്യമന്ത്രി പക്ഷേ ഒരുപടി കൂടി മുന്നോട്ടു പോയി. ഈ സ്വത്ത് കണ്ടെത്തിയത് തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വിശ്വാസ്യത ഉയര്‍ത്തിയിരിക്കുന്നു. ജനാധിപത്യം വരും മുമ്പ്, മാധ്യമങ്ങളുടെ തിളക്കമില്ലാത്ത കാലത്ത്, എന്തിനും സ്വാതന്ത്ര്യമുള്ളപ്പോള്‍ സ്വത്ത് നഷ്ടപ്പെടാതെ സൂക്ഷിച്ച രാജകുടുംബത്തെ തള്ളിപ്പറയുന്നത് ഒട്ടും ചേര്‍ന്നതല്ല- എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരുനാള്‍ ഇതുപോലൊരു കണക്കെടുപ്പിനും കോടതിനടപടികള്‍ക്കും വിധേയമാകും എന്ന മുന്‍ധാരണയോടെയാണ് തിരുവിതാംകൂര്‍ രാജകുടുംബം നിധി അവിടെ സംരക്ഷിച്ചത് എന്നു നമുക്ക് പറയാനാവില്ല. രാജകുടുംബത്തിന്‍റെ പത്മനാഭസ്വാമിയിലുള്ള അടിയുറച്ച വിശ്വാസമാണ് നിധി അവിടെ നിലനിര്‍ത്തിയത് എന്നാണ് എനിക്കു തോന്നുന്നത്.

അതേ സമയം, അമിക്യസ് ക്യൂരിയുടെ റിപ്പോര്‍ട്ട് ക്ഷേത്രത്തിലെ നിധി രാജകുടുംബത്തിനു സ്വന്തമാക്കുന്നതിനു വേണ്ടിയുള്ളതാണെന്ന വിഎസിന്‍റെ വാദം ബാലിശമായി തോന്നുന്നു. നിധി സ്വന്തമാക്കാനായിരുന്നെങ്കില്‍ അത് രാജകുടുംബത്തിന് നേരത്തെ ആകാമായിരുന്നു. ജനാധിപത്യം വന്നിട്ട് തന്നെ പത്തറുപത് വര്‍ഷമായി. നിധി കൈവിട്ടുപോകുന്നതില്‍ ആധിയോ ആശങ്കയോ ഉണ്ടായിരുന്നെങ്കില്‍ ഒരു അമിക്യസ് ക്യൂരിയും ഇല്ലാതെ തന്നെ അത് വിദഗ്ധമായി രാജകുടുംബത്തിന് സ്വന്തമാക്കാമായിരുന്നു. ആദ്യമതിപ്പില്‍ തന്നെ രണ്ടുലക്ഷം കോടി രൂപ മതിക്കുന്ന നിധിയുടെ മാനേജ്മെന്‍റിന് ലോകത്തെ ഏറ്റവും സമര്‍ത്ഥരായ ഏജന്‍സികളെ എന്തുവിലകൊടുത്തും കൊണ്ടുവരാന്‍ രാജകുടുംബത്തിന് സാധിക്കുമായിരുന്നു. പണക്കൊതി ഉണ്ടായിരുന്നു എങ്കില്‍ ഇതെല്ലാം വിറ്റ് രാജ്യത്തെ ന്യൂജനറേഷന്‍ രാജാക്കന്‍മാരെപ്പോലെ എല്ലാം സ്വിസ് ബാങ്കില്‍ കൊണ്ടുപോയി ഇട്ട് രാജകുടുംബത്തിനും സ്വസ്ഥമായി ജീവിക്കാമായിരുന്നു. അതും അവര്‍ ചെയ്തില്ല. സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ ഭീരുക്കള്‍ക്കുള്ളതാണ്. കയ്യിലുള്ള പണത്തിന്‍റെ മൂല്യം അനുസരിച്ച് വ്യക്തിത്വവും സ്വഭാവവും രാഷ്ട്രീയവും നിലപാടുകളും മാറ്റുന്നവരും എന്നും മാറ്റമില്ലാത്ത ലാളിത്യത്തോടെ കഴിയുന്ന രാജകുടുംബാംഗങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ അല്‍പം വിവേകം കൂടിയേ തീരൂ.

ഇപ്പോള്‍ ജനാധിപത്യമാണ് നിലവിലുള്ളത് എന്നതിനാല്‍ പഴയ രാജഭരണക്കാരെ അധിക്ഷേപിച്ചുകൊണ്ടിരിക്കണം എന്നു ചിലര്‍ക്കൊരു ധാരണയുണ്ടെന്നു തോന്നുന്നു. ജനാധിപത്യത്തിനു മേല്‍ രാജാധികാരത്തിന്‍റെ ധാര്‍ഷ്ട്യം കാണിക്കാനോ മറ്റു പൗരന്‍മാരെക്കാള്‍ അവകാശങ്ങളും അധികാരങ്ങളും ഉപയോഗിക്കാനോ മുതിരാത്തിടത്തോളം കാലം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ അധിക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല. രാജകുടുംബത്തെ അധിക്ഷേപിക്കുമ്പോള്‍ നമ്മള്‍ മികച്ച ജനാധിപത്യവാദികളാവുമെന്നത് ഒരു മിഥ്യാധാരണയാണ്. അതുപോലെ തന്നെയാണ് രാജുകുടുംബത്തെ അധിക്ഷേപിക്കാന്‍ കൂടാത്തവരെല്ലാം രാജഭക്തിയുള്ളവരും രാജദാസന്‍മാരുമാണെന്ന ആരോപണം. ആദരണീയരായ ആളുകളെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും മാന്യമായി ഇടപെടുന്നതും ബലഹീനതയാണെന്ന തോന്നല്‍ ഭീരുത്വമാണ്.

ഇനിയാണ് പ്രധാന ചോദ്യം. ലക്ഷം കോടിയുടെ മൂല്യമുള്ള നിധി ഡെഡ് ഇന്‍വെസ്റ്റ്മെന്‍റായി അവിടെത്തന്നെ സൂക്ഷിക്കുമോ അതോ സമൂഹനന്‍മയ്‍ക്കായി ഉപയോഗിക്കുമോ ? ഇതില്‍ സമൂഹനന്മയ്‍ക്കായി ഉപയോഗിക്കുക എന്ന ആശയമാണ് ഏറ്റവും അധികം ചിരിപ്പിക്കുന്നത്. സമൂഹനന്മ എന്നത് സങ്കീര്‍ണവും ആപേക്ഷികവുമായ പ്രയോഗമാണ്. സമൂഹനന്മ എന്ന് ഓരോരുത്തരും പറയുമ്പോള്‍ അവരുടെ മനസ്സിലുള്ള സമൂഹം വ്യത്യസ്തമായിരിക്കും. ആ നിധി കൊണ്ട് ആശുപത്രികളും പാലങ്ങളും റോഡുകളും കെട്ടുക എന്ന ആശയം പറഞ്ഞുകൊണ്ട് അതില്‍ കയ്യിട്ടുവാരിയാല്‍ തന്നെ അഴിമതി പൂത്തുലയുന്ന ഈ രാജ്യത്ത് അതില്‍ അഞ്ചു ശതമാനം പോലും ആ പ്രക്രിയകള്‍ക്ക് ഉപയോഗിക്കപ്പെടുകയില്ല എന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. പഞ്ചായത്ത് തലം മുതല്‍ നിധി പങ്കുവയ്‍ക്കപ്പെടുകയും അമൂല്യ ആഭരണങ്ങള്‍ വിദേശത്തേക്ക് കടത്തുകയും നേതാക്കന്‍മാര്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയും അധികാരികളുടെ മേല്‍ അധികാരമില്ലാത്ത നിര്‍ഗുണരും നിസ്സഹായരുമായ ജനങ്ങള്‍ ഇതൊന്നുമറിയാതിരിക്കുകയും ചെയ്യുന്തിനെ സമൂഹനന്മ എന്നു വിളിക്കാന്‍ കഴിയുമോ ?

ഇനി ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സുതാര്യതയോടെ ഈ നിധി കൊണ്ട് സമൂഹനന്മയ്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുകയാണെന്നിരിക്കട്ടെ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിന്നെ എന്താണ് പ്രസക്തി ? ക്ഷേത്രത്തിലെ നിധിശേഖരമെടുത്ത് വികസനപ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാര്‍ തീര്‍ച്ചയായും അതുവരെയുള്ള പദ്ധതിച്ചെലവുകളുടെ വരവുചെലവു കണക്കുകള്‍ കാണിക്കേണ്ടി വരും. മാത്രവുമല്ല, ജനാധിപത്യത്തിനു നടപ്പാക്കാനാവാത്ത സമൂഹനന്മ രാജകുടുംബത്തിന്‍റെ നിധിശേഖരം കൊണ്ടു നടപ്പാക്കുമ്പോള്‍ ജനാധിപത്യത്തെക്കാള്‍ നല്ലത് രാജഭരണമാണ് എന്നു സമ്മതിക്കേണ്ടതായും വരും.മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കോടതിയുടേതു തന്നെയാവണം.

വിശ്വാസിയോ അവിശ്വാസിയോ ആരുമാകട്ടെ, ഇവിടെ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തിന് ക്ഷേത്രത്തിലെ നിധിയുടെമേല്‍ അവകാശമുന്നയിക്കാന്‍ യോഗ്യതയുണ്ടെന്നു തോന്നുന്നില്ല. ആ നിധി ജനങ്ങള്‍ നല്‍കിയതും ജനങ്ങളില്‍ നിന്നു കൊള്ളയടിച്ചതുമാകയാല്‍ പൊതുമുതലാണെന്നാണ് സിപിഎമ്മിന്‍റെ വാദം. സിപിഎം എന്ന പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടി ഓഫിസുകള്‍ കെട്ടിപ്പടുക്കുന്നതും കോടികളുടെ സ്വത്ത് സ്വരുക്കൂട്ടുന്നതും എങ്ങനെയാണ് ? ബക്കറ്റ് പിരിവു നടത്തിയും മുതലാളിമാരില്‍ നിന്നും സ്വരൂപിച്ചുമൊക്കെ ഉണ്ടാക്കിയ പാര്‍ട്ടിയുടെ സ്വത്തും അങ്ങനെ നോക്കുമ്പോള്‍ പൊതുമുതല്‍ തന്നെയാണ്. ക്ഷേത്രമുതല്‍ സമൂഹനന്‍മയ്‍ക്ക് ഉപയോഗിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നേതാക്കന്‍മാര്‍ക്ക് പാര്‍ട്ടിയുടെ കോടികള്‍ അതേ സമൂഹനന്മയ്‍ക്കായി ഉപയോഗിക്കാവുന്നതേയുള്ളൂ.

വാദങ്ങളും തര്‍ക്കങ്ങളും പക്ഷഭേദങ്ങളും മറന്നാല്‍ തന്നെയും ക്ഷേത്രത്തിലെ നിധിയ്‍ക്ക് ഒരു ചരിത്രമൂല്യമുണ്ട്. നിധി അതേപടി സംരക്ഷിക്കപ്പെടണം എന്നു പറയാന്‍ അതുമാത്രം മതി. സാമ്പത്തിക കണക്കെടുപ്പു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. നിലവറകളിലെ നാണയങ്ങളും ആഭരണങ്ങളും രത്നങ്ങളും വിളക്കുകളും എല്ലാം ഓരോ ചരിത്രപാഠങ്ങള്‍ കൂടിയാണ്. അതിന്‍റെ സാമ്പത്തികമൂല്യത്തില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. ചരിത്ര-സാംസകാരികമൂല്യം വച്ചു നോക്കിയാല്‍ നിധിശേഖരത്തിന്‍റെ അക്കാദമിക് മൂല്യം അതിന്‍റെ പതിന്‍മടങ്ങുവരും. ഇപ്പോള്‍ നടക്കുന്ന ബാലിശവും അര്‍ഥശൂന്യവുമായ വിവാദങ്ങള്‍ വിസ്മരിക്കപ്പെടും. നിധിശേഖരം ആര്‍ക്കും വിറ്റുകാശാക്കാനാവാത്ത വിധം ഗൗരവമുള്ളതാണെന്ന തിരിച്ചറിവാണ് ആദ്യം നമുക്കുണ്ടാവേണ്ടത്. ഈ നിധി വിറ്റുകാശാക്കാതിരുന്നു എന്നതല്ല, ഇത്തരത്തിലൊരു ചരിത്രരേഖ അറിഞ്ഞോ അറിയാതെയോ സംരക്ഷിച്ചു വച്ചതിന് രാജകുടുംബത്തിനോട് ലോകം കടപ്പെട്ടിരിക്കുന്നു. അതിനു നന്ദി പറയുമ്പോള്‍ നമ്മള്‍ രാജദാസന്‍മാരാകുന്നില്ല, ചരിത്രബോധവുള്ള വിദ്യാര്‍ഥികള്‍ മാത്രമേ ആകുന്നുള്ളൂ. വിദ്യാധനം സര്‍വധനാല്‍പ്രധാനം എന്നാണല്ലോ.

ശ്രീലതയ്‍ക്കു വേണ്ടി..

ശ്രീലതാ മേനോന്‍ ഒരു സാധാരണ നടിയാണ്. അവാര്‍ഡുകളും അംഗീകാരങ്ങളുമല്ല, അല്‍പം കാരുണ്യവും സഹാനുഭൂതിയും മാത്രം മതി, അവര്‍ക്ക് ജീവിതത്തിലേക്കു തിരിച്ചു വരാന്. 1985ല്‍ മിസ് ട്രിവാന്‍ഡ്രമായി കലാരംഗത്ത് എത്തിയ ശ്രീലതയുടെ മുഖം വലുതും ചെറുതുമായ വേഷങ്ങളിലൂടെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ എല്ലുകള്‍ പൊടിയുന്ന രോഗം ബാധിച്ച്, ദാരിദ്ര്യവും ദുരിതങ്ങളും പേറി തിരുവനന്തപുരം മെഡ‌ിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ വേദന തിന്നു കഴിയുകയാണ് ശ്രീലത. ആശുപത്രിയിലായ അവരെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും അടിയന്തരമായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുമാണ് നമ്മള്‍ ഇപ്പോള്‍ ശ്രീലതയെക്കുറിച്ച് അറിയാന്‍ കാരണം.

അര്‍ഹത,കൗതുകച്ചെപ്പ്, ചെറിയ ലോകവും വലിയ മനുഷ്യരും, പെരുന്തച്ചന്‍ തുടങ്ങിയ സിനിമകളിലും ദേവീമഹാത്മ്യം, അമ്മ തുടങ്ങിയ ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുളള ശ്രീലതാ മോനോന്റെ ജീവിതം ദുരിതത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷമായി. ഭര്‍ത്താവ് കെ. എസ്. മധു കാന്‍സര്‍ ബാധിച്ചു മരിച്ചതോടെ അതിനു തുടക്കം. 19 വര്‍ഷമായി വേണ്ടത്ര ചികില്‍സ ലഭിക്കാതിരുന്ന ശ്രീലതയുടെ അസ്ഥിരോഗം അതോടെ മൂര്‍ച്ഛിച്ചു. ശുശ്രൂഷിക്കാന്‍ പത്താം ക്ളാസുകാരനായ മകന്‍ അര്‍ജ്ജുന്‍ പഠിത്തം ഉപേക്ഷിച്ചു. ആശുപത്രിയില്‍ അമ്മയെ എടുത്തുയര്‍ത്തുന്നതും ആഹാരം കൊടുക്കുന്നതുമെല്ലാം മകനാണ്.

കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനാകാതെ, ദാരിദ്ര്യത്തിന് നടുവില്‍ മൂന്നു മക്കള്‍ക്കൊപ്പം വട്ടിയൂര്‍ക്കാവില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന ഇവരുടെ അവസ്ഥയറിഞ്ഞ് കെ.മുരളീധരന്‍ എംഎല്‍എ ഇടപെട്ടാണ് കഴിഞ്ഞദിവസം ആശുപത്രിയിലെത്തിച്ചത്. ശ്രീലതയുടെ ദുരിതകഥ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചു വരുമ്പോഴാണ് സഹപ്രവര്‍ത്തകര്‍ പോലും വിവരമറിയുന്നത്. ശ്രീലതയുടെ മുഴുവന്‍ ചികില്‍സാച്ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്തതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അടിയന്തരസഹായം കെ.മുരളീധരന്‍ ആശുപത്രിയിലെത്തി കൈമാറി. മന്ത്രി ഗണേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം ചലച്ചിത്ര അക്കാദമി 25,000 രൂപയും നല്‍കി. സൂപ്പര്‍ സ്റ്റാറുകളുടെ കോണകം പിഴിഞ്ഞു നടക്കുന്ന എട്ടാം ക്ലാസ്സുകാര്‍ ഭരിക്കുന്ന സംഘടനകളില്‍ നിന്ന് സഹായമൊന്നും പ്രതിക്ഷിക്കുന്നില്ലെങ്കിലും, ജഗതി ശ്രീകുമാറിന്‍റെ കാര്യത്തിലെന്ന പോലെ ശ്രീലതയെ സഹായിക്കാന്‍ സംഘടനയ്‍ക്കു സൗകര്യമില്ല എന്നു പത്രസമ്മേളനം വിളിച്ചു പറയാതിരുന്നാല്‍ അതു തന്നെ വലിയ ഉപകാരമായി.

ഈ ഒന്നേകാല്‍ ലക്ഷം രൂപകൊണ്ട് ശ്രീലതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ചെറുതും വലുതുമായ നമ്മുടെ സഹായങ്ങള്‍ ശ്രീലതയുടെ മനസ്സിനും എല്ലുകള്‍ക്കും ശക്തി പകരും. ആകെയുള്ള ബന്ധുവായ അമ്മയുടെ രോഗക്കിടയ്‍ക്കരികില്‍ പകച്ചു നില്‍ക്കുന്ന മൂന്നു കുട്ടികള്‍ക്കു പ്രതീക്ഷ പകരും. എസ്ബിഐ വട്ടിയൂര്‍ക്കാവ് ശാഖയിലെ സഹായനിധിയിലേക്ക് മടികൂടാതെ സംഭാവന ചെയ്യുക. Ac No: 67075901524. വിവരങ്ങള്‍ അന്വേഷിക്കാന്‍ Phone: 8891497104.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള അഥവാ കേരളത്തിലെ ബുദ്ധിജീവികളുടെ ലൈംഗികദാരിദ്ര്യം

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. വിവാദങ്ങളും വെല്ലുവിളികളും പ്രതിഷേധങ്ങളും ഭീഷണികളും ‍ഞരമ്പുരോഗികളായ ചലച്ചിത്രബുദ്ധിജീവികളുടെ അതിക്രമങ്ങളും മാറ്റിനിര്‍ത്തിയാല്‍ ചലച്ചിത്രരംഗത്തിന് മേളയുടെ സംഭാവന എന്താണെന്നറിയണമെങ്കില്‍ റൂര്‍ക്കി ഐഐടിയെ വിശദമായ പഠനം നടത്താന്‍ എല്‍പിക്കേണ്ടി വരും. നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല ഉണ്ടാകുന്നില്ല എന്നു പരാതിപ്പെടുകയും വാണിജ്യസിനിമയെ പുച്ഛിക്കുകയും ചെയ്യുന്ന ബുദ്ധിജീവി ചലച്ചിത്ര കീടങ്ങള്‍ നടത്തിയ പ്രതികരണങ്ങളും ലൈഗികദാരിദ്ര്യവും കണ്ട് വിദേശഡെലിഗേറ്റുകള്‍ ഭയപ്പാടോടെ മടങ്ങി. സമാപനച്ചടങ്ങില്‍ അടുതത്ത വര്‍ഷം കാണിച്ചുതരാമെടാ എന്ന മട്ടിലുള്ള മന്ത്രിയുടെ ആക്രോശം കൂടിയായപ്പോള്‍ സംഭവം പൂര്‍ത്തിയായി.

തുടക്കം മുതലുള്ള അലമ്പ്, വിവാദം, അടിപിടി, ആദിമധ്യാന്തം വിവാദം, നിരാഹാരം തുടങ്ങിയ സിനിമാറ്റിക്കായ നാറ്റക്കേസുകള്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല. വിവാദങ്ങളില്ലെങ്കില്‍ മലയാളിയില്ല. ഒരു ചലച്ചിത്രമേളയാണെങ്കില്‍ കുറച്ചു വിവാദങ്ങളൊക്കെ ഉണ്ടായെന്നു വരും. അത് സിനിമാ സംബന്ധിയാകുമ്പോള്‍ വലിയ പരാതിക്കിടമില്ല. എന്നാല്‍, അങ്ങനെയല്ലാതെ ഉണ്ടായ അലമ്പുകളും അടിപിടികളുമാണ് ചലച്ചിത്രമേളയെ അരാജകവാദികളായ ബുദ്ധിജീവികളുടെ അഴിഞ്ഞാട്ടമെന്ന നിലയിലേക്ക് തരംതാഴ്‍്ത്തുന്നത്.

നാട്ടില്‍ മുണ്ടും മടക്കിക്കുത്തി കട്ടനുമടിച്ചു നടക്കുന്ന കക്ഷികള്‍ കൂടൊരു പെണ്ണുമായി മുക്കാല്‍ പാന്റും ടീഷര്‍ട്ടും കയ്യിലൊരു കോക്കുമായി അവതരിക്കുന്ന സ്ഥലമാണ് ചലച്ചിത്രമേളകള്‍. സിനിമ കാണുന്നതിനെക്കാള്‍ മറ്റ് ആദായമെടുപ്പുകള്‍ക്ക് പശ്ചാത്തലമാവുകയാണത്രേ മേളകള്‍. കഞ്ചാവ്, കള്ള് ബുദ്ധീജീവികളും മദാമ്മമാരുടെ വായില്‍നോക്കി വെള്ളമിറക്കിയിരിക്കുന്ന പ്രാദേശിക ബുദ്ധിജീവികളും മേളകളിലെ പതിവു കാഴ്ചയാണെങ്കിലും ഈ വര്‍ഷം അവന്റെയൊക്കെ നെല്ലിപ്പലക തകര്‍ന്നു. സഹഡെലിഗേറ്റിന്റെ സ്ലീവ്‍ലെസ് വേഷം ഊരിമാറ്റി മാന്യമായത് ധരിക്കണം എന്നാവശ്യപ്പെട്ട സദാചാരഡെലിഗേറ്റിന് സ്ലീവ്‍ലെസ് ഡെലിഗേറ്റ് മറുപടി നല്‍കിയത് അവന്റെ കരണം അടിച്ചുപൊളിച്ചുകൊണ്ടാണ്. അടുത്ത ദിവസം തിയറ്ററിലേക്കു കയറാന്‍ ഇടികൂടുന്നതിനിടെ മറ്റൊരു വനിതാ ‍ഡെലിഗേറ്റിനെ വേറൊരു ബുദ്ധിജീവി ഡെലിഗഗേറ്റ് കയറിപ്പിടിച്ചുകളഞ്ഞു.അടി, പിടി, ഉന്ത്. തള്ള്, നിരാഹാരം തുടങ്ങിയവയുമുണ്ടായി.

അറുപത്തിയഞ്ച്‌ രാജ്യങ്ങളില്‍ നിന്നായി 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ നല്ല സിനിമയെ ഒലത്താന്‍ നടക്കുന്ന പ്രബുദ്ധപ്രേക്ഷകര്‍ തമ്മിലടിച്ചത് ലൈംഗികസാധ്യതയുള്ള ബോഡി എന്ന സിനിമ കാണാനായിരുന്നു (ഡെലിഗേറ്റിനെ കയറിപ്പിടിച്ചതും ബോഡി കാണാനുള്ള ഇടിക്കിടയിലായിരുന്നു). ഷക്കീല-മറിയ-രേഷ്ടമ തരംഗങ്ങളെ പുച്ഛിക്കുന്നവര്‍ക്ക് ബുദ്ധിജീവി ലേബല്‍ നഷ്ടപ്പെടാതെ ലൈംഗികത വലിയ സ്കീനില്‍ ആസ്വദിക്കാനുള്ള ഒരേയൊരു വേദിയാണ് ചലച്ചിത്രമേളകള്‍ എന്നതിനാല്‍ അവരുടെ ആക്രാന്തത്തെ കുറ്റപ്പെടുത്തുന്നത് ക്രൂരമായിരിക്കും. എന്നാല്‍,സംസ്കാരം,മര്യാദ തുടങ്ങിയ സംഗതികള്‍ ഈ ആക്രാന്തത്തില്‍ കുത്തിയൊലിച്ചുപോകുമ്പോള്‍ പേര് ചീത്തയായത് തിരുവനന്തപുരം മേളയുടേതു കൂടിയാണ്. സീറ്റ് റിസര്‍വ് ചെയ്തവര്‍ പുറത്താക്കപ്പെടുകയും ബുദ്ധിജീവികള്‍ സീറ്റുകള്‍ കയ്യടക്കുകയും ചെയ്തപ്പോള്‍ സാക്ഷാല്‍ ജൂറി നിലത്തിരിക്കേണ്ടി വന്നു എന്നിടത്താണ് കേരളത്തിലെ ബുദ്ധിജീവികളുടെ ദയനീയ ലൈംഗികകദാരിദ്ര്യം എത്ര ഭീകരമാണെന്നു നനമ്മള്‍ തിരിച്ചറിയുന്നത്.

മാധ്യമപ്രവര്‍ത്തകയായ ഷാഹിനയെ കര്‍ണാടകയില്‍ വചച്ചു കയ്യേറ്റം ചെയ്തതിന്റെ പ്രതിഷേധം,കവി അയയ്യപ്പനു സ്മാരകം പണിയാത്തതില്‍ പ്രതിഷേധം, മുല്ലപ്പെരിയാര്‍ പ്രതിഷേധം തുടങ്ങി സിനിമയുമായി ബന്ധമില്ലാത്ത ഒരു ലോഡ് പ്രതിഷേധങ്ങളും ഒപ്പുശേഖരണങ്ങളും വേറെ നടന്നു.ഒരേ സമയം,അരാജകവാദികളും സദാചാരവാദികളും അഴിഞ്ഞാടി എന്നതു മാത്രമാണ് ജനാധിപത്യം പൂത്തുലഞ്ഞതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. സിനിമ കാണാതെ ചലച്ചിത്രമേളയില്‍ സജീവമായി പങ്കെടുക്കുന്നതെങ്ങനെ എന്നതിന്റെ പ്രായോഗിക ഉദാഹരണങ്ങളായിരുന്നു ഈ അലമ്പുകളെല്ലാം. കാരണം, സിനിമ കാണാന്‍ വേണ്ടിയെത്തിയവര്‍ക്ക് മറ്റൊന്നിനും സമയമുണ്ടായിരുന്നില്ലല്ലോ.

എല്ലാം കഴിഞ്ഞപ്പോള്‍ ചലച്ചിത്രമേള വിവാദങ്ങളുടെ മേളയായെന്ന് അടിവരയിട്ടുകൊണ്ട് സമാപനസമ്മേളനത്തില്‍ മന്ത്രി മിസ്റ്റര്‍ ഗഗണേഷ് പ്രസംഗിച്ചപ്പോള്‍ ഡെലിഗേറ്റുകള്‍ കൂക്കിവിളിച്ചു. അതോടെ മന്ത്രിക്കും ചൊറിഞ്ഞു. അടുത്ത വര്‍ഷം നീയൊന്നും മേള കാണില്ലെന്ന മട്ടില്‍ മന്ത്രി രോഷാകുലനായി പ്രസംഗിച്ചു. കൂവാന്‍ വരുന്നവര്‍ അടുത്ത ചലച്ചിത്രമേളയില്‍ പുറത്തായിരിക്കുമെന്നു മന്ത്രിയുടെ പ്രഖ്യാപിച്ചു. നിങ്ങളെ കൂവാന്‍ വിട്ടവരെ തനിക്കറിയാമെന്ന്‌ പറഞ്ഞ്‌ പ്രസംഗം തുടങ്ങിയ മന്ത്രി പിന്നെ അതിരൂക്ഷമായാണ്‌ പ്രതികരിച്ചത്‌. പരിപാടി അലങ്കോലപ്പെടുത്താന്‍ ക്വട്ടേഷന്‍ എടുത്തവരാണ്‌ ബഹളം വെക്കുന്നത്. ഏഴ്‌ ദിവസവും അവരതിന്‌ ശ്രമിച്ചു. അടുത്ത മേളയില്‍ ഇവരുണ്ടാവില്ല. ഇക്കൊല്ലം സിനിമ കണ്ടവര്‍ക്കാണ്‌ അടുത്ത തവണ പാസ്‌ കൊടുക്കുക. കൂടുതല്‍ സിനിമ കണ്ടവര്‍ക്കു മാത്രമേ പാസ്‌ നല്‍കുകയുള്ളു.

എഴുപതുകളിലെ ഹിപ്പികളെപ്പോലെയാണ് ആധുനികകാലത്തെ ചലച്ചിത്രബുദ്ധിജീവികള്‍. വാണിജ്യസിനിമയോടുള്ള പുച്ഛവും വിദേശസിനിമയോടുള്ള ആരാധനയും കുറസോവ, കിം കിഡുക്ക് തുടങ്ങിയ പേരുകള്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചുപറയാനുള്ള അക്ഷരസ്‍ഫുടതയും മൊത്തത്തിലുള്ള ലൈംഗികദാരിദ്ര്യപരിപ്രേക‍്ഷ്യവുമാണ് അവരെ സിനിമയോടടുപ്പിക്കുന്നത്. പശുവിന്റെ പുറത്ത് കാക്കയിരിക്കുന്നതുപോലെ അവരാ തിയറ്ററിന്റെ പരിസരത്തെങ്ങാനും ഇരുന്നോട്ടെ എന്നു കരുതിയാല്‍പ്പോരേ, വിവാദങ്ങളില്ലാതെ നമുക്കെന്തു ചലച്ചിത്രമേള ?

സമാന്തരസിനിമയുടെ പുതുമഴ

മുഖ്യധാരാ സിനിമകളുടെ കുത്തൊഴുക്കിനൊപ്പം അനിവാര്യമായി സംഭവിക്കേണ്ട ഒന്നാണ് സമാന്തര സിനിമകളുടെ വളര്‍ച്ചയും. നിര്‍ഭാഗ്യവശാല്‍ സമാന്തരസിനിമകള്‍ സാമ്പത്തികമായി എന്തു നേട്ടം ഉണ്ടാക്കും എന്ന ആലോചന പലപ്പോഴും നല്ല സിനിമകള്‍ക്കായുള്ള പരിശ്രമങ്ങള്‍പ്പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എങ്കിലും വേറിട്ട ചില പരിശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു. പറഞ്ഞു വരുന്നത് നാളെ റിലീസ് ചെയ്യുന്ന കുറെ ചെറുപ്പക്കാരുടെ ചെറിയൊരു ചലച്ചിത്രസംരംഭത്തെപ്പറ്റിയാണ്.

ചലച്ചിത്രപ്രേമികളായ തിരുവനന്തപുരത്തെ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നു രൂപീകരിച്ച സിനിമാജികിന്റെ ബാനറില്‍ നിര്‍മിച്ച ഇനിയുമൊരു മഴയായ് എന്ന ഹ്രസ്വചിത്രം(30 മിനിറ്റ്) നാളെ തിരുവനന്തപുരം കൈരളി തിയറ്ററില്‍ രാവിലെ 9.30ന് പ്രദര്‍ശിപ്പിക്കപ്പെടുകയാണ്. നല്ല സിനിമകള്‍ക്കായി വിമര്‍ശനങ്ങളുയര്‍ത്തുന്ന പ്രേക്ഷകമൂഹത്തിന് ഇത്തരമൊരു സംരംഭത്തെ പ്രോല്‍സാഹിപ്പിക്കാനും ചിത്രം കണ്ട് വിലയിരുത്താനും വിമര്‍ശിക്കാനും ഒക്കെ കടമയുണ്ട്. നാളെ തിരുവനന്തപുരത്തുള്ളവര്‍ രാവിലെ 9.30ന് കൈരളിയിലെത്തി ഈ ഉദ്യമത്തോട് സഹകരിക്കണമെന്ന് ഞാനും അഭ്യര്‍ത്ഥിക്കുന്നു. പ്രീമിയര്‍ ഷോയുടെ ഫേസ്‍ബുക്ക് ഇവന്റ് പേജിലെത്തി നിങ്ങള്‍ക്ക് സാന്നിധ്യം പ്രഖ്യാപിക്കാം.

കാനന്‍ 550ഡി ക്യാമറയില്‍ നാലു മാസം കൊണ്ട് ചിത്രീകരിച്ച സിനിമയുടെ സംവിധായകന്‍ ജിഷ്ണു ശ്രീകണ്ഠന്‍ ആണ്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നത് പുതുമുഖങ്ങളാണ്. അവധിദിവസങ്ങളില്‍ ചിത്രീകരിച്ച ഈ സിനിമ ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാകട്ടെ എന്നു പ്രത്യാശിക്കാം. മഴയും പ്രണയവും ഇടകലര്‍ന്നു കിടക്കുന്ന വേണു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മുറിവേറ്റ ഓര്‍മകളുടെ തനിയാവര്‍ത്തനമാണ് സിനിമയുടെ പ്രമേയം. തിരക്കഥ മഹേഷ് ഗോപാല്‍. സുനീത് ഐശ്വര്യ, എയ്ഞ്ചല്‍, അനന്തു,ഡിസ്‍നി ജയിംസ്,മിനി, രാധ എം.കെ.,അനന്തപത്മനാഭന്‍,വിപിന്‍ വി.നായര്‍, സുധാദേവി തുടങ്ങിയവര്‍ അഭിനയിക്കുന്നു. നാളെ കൈരളിയിലെ ഷോയ്‍ക്കു ശേഷം സിനിമാജിക്ക് വെബ്‍സൈറ്റിലും സിനിമ സ്ട്രീം ചെയ്യും. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ ഇവിടെ.

അന്ന് അടി, ഭീഷണി; ഇന്നു കണ്ണീര്, പ്രതിഷേധം

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അടി കൊള്ളുന്നത് ഇതാദ്യമല്ല. മാധ്യമപ്രവര്‍ത്തകരെ സീരിയസ്സായി കൈകാര്യം ചെയ്യാമെന്ന വിശ്വാസം അടിക്കുന്നവര്‍ക്കും അടി ആസൂത്രണം ചെയ്യുന്നവര്‍ക്കും ഉണ്ടായത് അടുത്ത കാലത്താണ്. പണ്ടൊക്കെ പത്രക്കാരെ തല്ലുക എന്നു വച്ചാല്‍ ജനാധിപത്യത്തിന്റെ തൂണ് നല്ലിത്തകര്‍ക്കുക എന്നു പറഞ്ഞതുപോലെ ഗുരുതരമായ അപരാധമായാണ് കണ്ടിരുന്നതെങ്കില്‍ ഇന്ന് രണ്ടെണ്ണം കിട്ടുന്നത് നല്ലതാണെന്നതാണ് നാട്ടുകാരുടെ ലൈന്‍.

ആര്‍ക്കാണ് പത്രക്കാരെ തല്ലാന്‍ അവകാശം എന്നതാണ് അടുത്ത ചോദ്യം. പത്രക്കാരെ കയ്യേറ്റം ചെയ്യുന്നത് അടിസ്ഥാനപരമായി മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. എന്നാല്‍ എല്ലാവരും അത് അംഗീകരിക്കില്ല. ഇന്നലെ തിരുവനന്തപുരത്ത് സിഎസ്ഐ ബിഷപ് ഹൗസിലിട്ടാണ് കര്‍ത്താവിന്റെ കുഞ്ഞാടുകളും കുഞ്ഞൂഞ്ഞിന്റെ മുട്ടനാടുകളും കൂടി ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ശരിപ്പെടുത്തിയത്. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ക്കും കിട്ടി അടി.

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ കുഞ്ഞാടുകള്‍ ആക്രമിക്കുന്നത് ചിത്രീകരിച്ച ക്യാമറ പിടിച്ചെടുക്കുകയും മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധിച്ചപ്പോള്‍ ടേപ്പിലെ തെളിവുകള്‍ മായ്‍ചു കളഞ്ഞ ശേഷം തിരികെ കൊടുക്കുകയും പരസ്യമായി മാപ്പുചോദിക്കുകയും ചെയ്തിട്ടുണ്ട് കര്‍ത്താവിന്റെ നല്ല ഇടയന്മാര്‍. ടേപ്പില്‍ നിന്നു തെളിവുകള്‍ മാഞ്ഞുപോയത് ദിവ്യാദ്ഭുതമാണെന്ന് പറയാന്‍ പത്രസമ്മേളനമോ മറ്റോ വളിക്കുമോ ആവോ ?

അടി കൊടുത്തതും കിട്ടിയതും അവിടെ നില്‍ക്കട്ടെ. മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ഇ.പി. ജയരാജന്‍ നോട്ടീസ് നല്‍കുകയും സംഭവത്തില്‍ ഉചിതമായ നടപടിയെടുത്ത സാഹചര്യത്തില്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയും പതിവുപോലെ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും ചെയ്തു.സഖാവ് ജയരാജന്റെ മാധ്യമസ്നേഹം ശ്ലാഘനീയമാണ്. സര്‍ക്കാര്‍ മാധ്യമവേട്ട നടത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത്. കുറ്റക്കാര്‍ക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ പ്രകാരമാണ്‌ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണനും കുറ്റപ്പെടുത്തി.

കൃത്യമായി പറഞ്ഞാല്‍ നാലു മാസം മുമ്പ് കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വാര്ത്ത ഇങ്ങനെയായിരുന്നു:- “ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാന് മര്‍ദ്ദനമേറ്റു. ഏഷ്യാനെറ്റിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയായ ‘പോര്‍ക്കളം’ ചിത്രീകരണം അവസാനിച്ചയുടന്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഷാജഹാനെ മര്‍ദ്ദിച്ചത്. ഷാജഹാനെ ജയരാജന്‍ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്തു.സംഭവത്തിന് ശേഷം ഷാജഹാനെ ജയരാജന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. “നീ കോണ്‍ഗ്രസുകാരുടെ അടുത്തുനിന്ന് പണം വാങ്ങിയിട്ട് എന്തും പറയാമെന്ന് കരുതേണ്ട. കോണ്‍ഗ്രസുകാരുമായി ആലോചിച്ച് നീ സംസാരിക്കുകയായിരുന്നു. കണ്ണൂരുകാരെ നീ മനസ്സിലാക്കിക്കോളൂ. ഇനിയും ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ അടുത്തുനിന്ന് നിനക്ക് തല്ലുവാങ്ങും.“-ജയരാജന്‍ പറഞ്ഞു”.

കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്താണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവുമധികം തല്ലുകൊണ്ടത്. ഉഗ്രപ്രതാപികളായ നേതാക്കന്‍മാര്‍ മുതല്‍ കോണകം പോലുമുടുക്കാതെ വിപ്ലവോം പൊക്കിപ്പിടിച്ച് സമരത്തിനിറങ്ങുന്ന ഞാഞ്ഞൂല്‍ സഖാക്കള്‍ വരെ പത്രക്കാരെ തല്ലിച്ചതയ്‍ക്കുമ്പോള്‍ ഭരണവും സഖാക്കളുടെ കയ്യിലായിരുന്നു. ഭരണകൂടം തന്നെ മാധ്യമപ്രവര്‍ത്തകരെ അടിച്ചൊതുക്കിയ കാലത്തു നിന്ന് മോചനം നേടി ഇവിടെ നില്‍ക്കുമ്പോള്‍ നല്ല ഇടയന്‍മാരുടെ ഗുണ്ടായിസം സര്‍ക്കാരിന്റെ മേല്‍ കെട്ടിവച്ച് മുതലക്കണ്ണീരൊഴുക്കി വാക്കൗട്ട് നടത്താനുള്ള തൊലിക്കട്ടി പ്രകടമാക്കിയ രാഷ്ട്രീയബുദ്ധിമാന്ദ്യത്തിന് ലാല്‍സലാം.

എന്തൊക്കെ കുറവുകളുണ്ടെന്നു പറഞ്ഞാലും,മാധ്യമസ്വാതന്ത്ര്യത്തെ വിലമതിക്കുകയും അക്രമികള്‍ക്കെതിരെ കേസെടുക്കുകയും കര്‍ശനമായ നിലപാടെടുക്കുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒരു ജനാധിപത്യവിശ്വാസി എന്ന നിലയ്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാതിരിക്കാനാവുന്നില്ല. ജയ് ഹിന്ദ്.

സ്വാമിയുടെ നിധി കണ്ട് ജൂവലറി പണിയരുത്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നു കിട്ടിയ നിധി അഥവാ ലക്ഷോപലക്ഷം കോടി വിലമതിക്കുന്ന ഉരുപ്പടികളെപ്പറ്റിയാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്.ഇതോടെ കേരളം രക്ഷപെടുമെന്ന് തുടങ്ങി പലവിധ വാദങ്ങളും, വാദമുഖങ്ങളും നമ്മള്‍ കേട്ടു കഴിഞ്ഞു. പലര്‍ക്കും പല അഭിപ്രായങ്ങളുമുണ്ട്, നിര്‍ദേശങ്ങളുമുണ്ട്. എന്നാല്‍ എന്തെങ്കിലും അഭിപ്രായം പറയുന്നതിനു മുമ്പ് നിധി കണ്ട് കണ്ണു മഞ്ഞളിച്ചു നില്‍ക്കുന്നവര്‍ മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ സത്യങ്ങള്‍ (പത്രമാധ്യമങ്ങളില്‍ നിന്നും ചാനലുകളില്‍ നിന്നും ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ നിന്നും മനസ്സിലാക്കിയത്)ഇവിടെ പങ്കു വയ്‍ക്കുന്നു. ഈ സത്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള എല്ലാ നിര്‍ദേശങ്ങളും അതിനാല്‍ തന്നെ ബാലിശമാണ്, ദുരുദ്ദേശപരമാണ്.

1.ഇന്ത്യയിലെ പട്ടിണിയും പരിവട്ടവും തിരുവിതാംകൂറിലെ സ്വത്തും തമ്മില്‍ കണക്‍ട് ചെയ്യാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്. ഇന്ത്യ വേറെ തിരുവിതാംകൂര്‍ വേറെ.

2.ശ്രീപത്മനാഭസ്വാമിയുടെ നിലവറയിലിരുന്ന സ്വത്ത് ശ്രീപത്മനാഭസ്വാമിയുടെ അല്ലാതെ മറ്റാരുടെയും അല്ല. അത് പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഖജനാവ് ആയിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ചില ഫ്രോഡ് ചരിത്രകാരന്മാര്‍ ശ്രമിക്കുന്നത് ചെറുക്കപ്പെടേണ്ടതാണ്. ശ്രീപത്മനാഭസ്വാമിയുടെ ഭക്തന്‍മാര്‍ കാണിക്കയായി സമര്‍പ്പിച്ചിട്ടുള്ള ധനമാണ് ഇപ്പോള്‍ പുറത്തെടുത്ത് എണ്ണിക്കൊണ്ടിരിക്കുന്നത്.അത് പങ്കു വയ്‍ക്കണമെന്നും പൊതുമുതലാണെന്നും അന്യമതസ്ഥരും ശ്രീപത്മനാഭസ്വാമിയുടെ ഭക്തരും അല്ലാത്തവര്‍ പറയുന്നത് വര്‍ഗീയമായി തന്നെ ചെറുക്കപ്പെടും.

3.കൊട്ടാരത്തിലുള്ളവര്‍ ഇതുവരെ ഈ സ്വത്ത് ആഗ്രഹിക്കുകയോ അതില്‍ കൈ വയ്‍ക്കുകയോ ചെയ്യാതിരുന്നത് അവരുടെ മഹത്വം ഒന്നുകൊണ്ടു മാത്രമാണ്. കൊട്ടാരത്തിലാണെങ്കിലും കുടിലിലെ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്,സോഷ്യലിസവും സമത്വവും പുലര്‍ന്നു കാണാന്‍ വേണ്ടിയാണ് ഈ നിധി ഇത്രയും കാലം പുറത്തെടുക്കാതിരുന്നത്.എണ്ണിക്കഴിഞ്ഞാല്‍ അകത്തേക്കു തന്നെ വയ്‍ക്കണമെന്നു പറയുന്നതും അതുകൊണ്ടാണ്. സോഷ്യലിസവും സമത്വവും വിട്ടൊരു കളിയില്ല.

4.ഈ നിധി പഴയ തിരുവിതാംകൂര്‍ രാജ്യത്തെ ജനങ്ങളെ പിഴിഞ്ഞെടുത്തതും പിള്ളമാര്‍ കൊള്ളയടിച്ചുണ്ടാക്കിയതാണെന്നുമൊക്കെ അവിശ്വാസികളായ പണക്കൊതിയന്‍മാര്‍ പലയിടത്തും പറയുന്നുണ്ട്.ഇത് പച്ചക്കള്ളമാണ്. അങ്ങനെ കൊള്ളയടിച്ചുണ്ടാക്കാന്‍ തക്കവിധത്തില്‍ അഞ്ചു പൈസയും ഒരുത്തന്റെയും കയ്യിലുണ്ടായിരുന്നില്ല (അക്കാലത്ത് ഭക്തന്‍മാരുടെ കയ്യില്‍ മാത്രമേ ധനം ഉണ്ടായിരുന്നുള്ളൂ, അതാകട്ടെ അവര്‍ ശ്രീപത്മനാഭസ്വാമിക്ക് കാണിക്കയായി സമര്‍പ്പിക്കുകയും ചെയ്തു).

5.ഇതൊക്കെയാമെങ്കിലും ഈ നിധിയുടെ ഒരു ശതമാനം ഉപയോഗിച്ച് തിരുവനന്തപുരം വികസിപ്പിക്കുകയോ കുറഞ്ഞ പക്ഷം ശ്രീചിത്ര ആശുപത്രി വികസിപ്പിക്കുകയോ എങ്കിലും ചെയ്യണമെന്നു ചിലര്‍ മുറുമുറുക്കുന്നുണ്ട്.അത്തരം ആവശ്യങ്ങള്‍ക്ക് സ്വാമിയുടെ മുതല്‍ കിട്ടില്ല.സ്വാമിയുടെ മുതലിലേക്കു നോക്കും മുമ്പ് സ്വിസ് ബാങ്കിലെ കള്ളപ്പണം കൊണ്ടുവരണം. ഇത് പരിശുദ്ധ നിധിയും മറ്റേത് കള്ളപ്പണവുമാണ്. ഇത് ഉപയോഗിക്കണമെന്നു പറയുന്നവന്‍ ശിക്ഷിക്കപ്പെടണം, മറ്റേത് സൂക്ഷിച്ചു വയ്‍ക്കണമെന്നു പറയുന്നവനും.

6.സ്വാമിയുടെ മുതല്‍ തുറന്ന് എണ്ണിനോക്കണം എന്നു ഹര്‍ജി കൊടുത്തവന്‍ സ്വാമിയോടും സ്വാമിഭക്തരോടും കൊട്ടാരത്തോടും മഹാരാജാവിനോടും സര്‍വോപരി തിരുവിതാംകൂര്‍ രാജ്യത്തോടും മഹാ അപരാധമാണ് ചെയ്തത്.സര്‍ സിപിയെങ്ങാനും ഇവിടുണ്ടായിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു.

7.രാജ്യസ്നേഹം, ദേശസ്നേഹം എന്നൊക്കെ പറയുന്നത് തിരുവിതാംകൂര്‍ രാജ്യത്തോടും കൊട്ടാരത്തോടുമുള്ള സ്നേഹവും ഭക്തിയുമാണെന്നാണ് എന്നും ഉദ്ദേശിച്ചിട്ടുള്ളത്. അത് ഇന്ത്യയുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രമാണ്. തിരുവിതാംകൂര്‍ രാജ്യത്തിന്റെ തേജസ്സായ സ്വാമിയുടെ മുതലെടുത്ത് പുട്ടടിക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് നടക്കില്ല, നടത്തില്ല.

8.സങ്കല്‍പിക്കാന്‍ പോലുമാവാത്ത നിധിയോടുള്ള ആര്‍ത്തി കൊണ്ടും അതില് നിന്ന് എന്തെങ്കിലുമൊക്കെ അടിച്ചുമാറ്റാമെന്ന പ്രതീക്ഷ കൊണ്ടുമാണ് അതിനെ ചിലര്‍ പൊതിഞ്ഞു നില്‍ക്കുന്നത് എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ശ്രീപത്മനാഭസ്വാമിയാണ് വലുത്. ഇതിനു മുമ്പ് ആരും ഇത്രയും സ്വാമിഭക്തി പറഞ്ഞുകേട്ടില്ലല്ലോ,നിലവറയില്‍ നിധിയുണ്ടെന്നു കേട്ടപ്പോഴാണല്ലോ ഭക്തി അലയടിക്കുന്നത് എന്നു ചില യുക്തിവാദികള്‍ ചോദിക്കുന്നുണ്ട്. സത്യത്തില്‍ ശ്രീപത്മനാഭസ്വാമിയോടുള്ള ഭക്തികൊണ്ട് മനസ്സുകള്‍ ഇളകിമറിയുകയായിരുന്നു,ഇതുവരെ അതൊന്നും പുറത്തു കാണിച്ചില്ലന്നേയുള്ളൂ.

9.ഇതുവരെ അളന്നുതൂക്കിയ നിധിയില്‍ നൂറു കണക്കിനു കിലോ വിദേശരാജ്യങ്ങളുടെ സ്വര്‍ണനാണയങ്ങളും മറ്റും ഉണ്ടെന്നതുകൊണ്ട് ഇത് സ്വാമിയുടെ നിധിയല്ല,മറിച്ച് പഴയ ഏതോ അഴിമതിയുടെ സ്റ്റോക്ക് ആണെന്ന് ചില ഓണ്‍ലൈന്‍ ദുരിതങ്ങള്‍ ആരോപിക്കുന്നുണ്ട്.അത്തരക്കാരെ തിരഞ്ഞുപിടിച്ച് വേണ്ടതു ചെയ്യാനുള്ള ഏര്‍പ്പാട് ചെയ്തു കഴിഞ്ഞു.

10.കണ്ടെടുത്ത നിധിയുടെ മേല്‍ സര്‍ക്കാരിനോ രാജ്യത്തിനോ എച്ചിലുതീനികളായ എമ്പോക്കി പ്രജകള്‍ക്കോ യാതൊരുതരത്തിലുള്ള അവകാശമോ അധികാരമോ ഇല്ലെങ്കിലും ഇനിയുള്ള കാലം ഈ നിധി സുരക്ഷിതമായി കാത്തുവയ്‍ക്കുന്നതിനും ഇതേപടി നിലനിര്‍ത്തുന്നതിനും അതിനു കാവല്‍ നില്‍ക്കുന്നതിനുള്ള അവസരം ഇവിടുത്തെ തുക്കടാ സര്‍ക്കാരിന് നല്‍കുകയാണ്. പട്ടിണിക്കാരും കീഴ്‍ജാതിക്കാരും അന്യമതസ്ഥരുമായ ചെറ്റകളെയും പരിഗണിച്ചില്ലെന്നു വേണ്ട, അവരുടെ നികുതിപ്പണം ഉപയോഗിച്ചായിരിക്കും സ്വാമിയുടെ നിധി സംരക്ഷിക്കാന്‍ പോകുന്നത്.

ഇതില്‍ പറഞ്ഞിരിക്കുന്നതൊന്നും എന്റെ അഭിപ്രായങ്ങളല്ല. മുകളില് പറഞ്ഞതുപോലെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചര്‍ച്ചകളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും സംവാദങ്ങളില്‍ നിന്നും മനസിലാക്കിയ കാര്യങ്ങളുടെ സംഗ്രഹമാണ്. ജനാധിപത്യവ്യവസ്ഥിതി അസാധുവാക്കി പഴയപോലെ ഇവിടെ രാജഭരണം വരണമെന്നു തന്നെയാണ് ഞാനാഗ്രഹിക്കുന്നത്. ഖജനാവില്‍ ഒന്നുമില്ല എന്നു വിളിച്ചു പറയുന്ന ദരിദ്രവാസിയായ മാണിസാറിന്റെ സര്‍ക്കാരിനെക്കാള്‍ ഒരാപത്തു വന്നാല്‍ എടുത്തുവീശാന്‍ വച്ചിരിക്കുന്ന ലക്ഷോപലക്ഷം കോടികളുടെ ഉരുപ്പടി ബാക് അപുള്ള തിരുവിതാംകൂര്‍ രാജ്യത്തോടു തന്നെയാണ് എന്റെ കൂറ്.

കേരളാ ടൂറിസം (Export Quality)

‘യുവര്‍ മൊമന്റ് ഈസ് വെയിറ്റിങ്’- കേരളത്തെ സംബന്ധിച്ച് വളരെ അര്‍ത്ഥവത്തായ പരസ്യവാചകമാണ്. വരുന്നവന്റെ ടൈം നല്ല ബെസ്റ്റ് ടൈം എന്നു പറ‍ഞ്ഞാലും തരക്കേടില്ല. എന്തൊക്കെയായാലും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ക്കും അവിടെയുള്ള ശല്യങ്ങള്‍ക്കും പുറത്ത് കുറച്ച് കേരളം ഒച്ചയും ബഹളവുമില്ലാതെ ശാന്തമായി നിലനില്‍ക്കുന്നുണ്ട് എന്നത് വിദേശികള്‍ക്ക് ഒരാശ്വാസമാണ്. അതിന്റെ റിയല്‍ എസ്റ്റേറ്റ് മൂല്യമല്ലാതെ കലാ-സാംസ്കാരിക മൂല്യത്തെപ്പറ്റി ഭാഗ്യത്തിന് മലയാളികള്‍ക്കു വല്യ പിടിയില്ല എന്നതുകൊണ്ട് അവര്‍ക്കിതൊക്കെ വന്നുകണ്ട് മനസ്സിലാക്കി പോകാനും പറ്റുന്നുണ്ട്.

നമ്മള്‍ മലയാളം പറയുന്ന കുട്ടികളെ ശിക്ഷിക്കുകയും മക്കളെ സിനിമാറ്റിക് ഡാന്‍സ് പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഇവിടെ വന്ന മലയാളം പഠിക്കുകയും കേരള സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നറിഞ്ഞിട്ടും കലാമണ്ഡലത്തില്‍ ചേര്‍ന്നു പഠിക്കുകയും ചെയ്യുന്നു. കേരള ടൂറിസം പുതിയ പരസ്യചിത്രം ഇംഗ്ലണ്ടില്‍ പ്രകാശനം ചെയ്തു എന്നതുകൊണ്ട് നമ്മള്‍ മലയാളികള്‍ക്കും അതില്‍ താല്‍പര്യമുണ്ടാവേണ്ടതാണ്. തിരുവനന്തപുരത്ത് പ്രകാശനം ചെയ്തിരുന്നെങ്കില്‍ നമ്മള്‍ തിരിഞ്ഞുനോക്കുമോ ?

‘യുവര്‍ മൊമന്റ് ഈസ് വെയിറ്റിങ്’ എന്ന കേരളാ ടൂറിസത്തിന്റെ പരസ്യചിത്രം ലണ്ടനിലെ സാച്ചി ഗ്യാലറിയിലാണ് അനാവരണം ചെയ്തത്. മോഹന്‍ലാല്‍,ഐവറി കോസ്റ്റ് ഫുട്‌ബോള്‍ താരം ദിദിയര്‍ ദ്രോഗ്ബ, ഗാരിലിനേക്കര്‍, ബില്ലി നിഗി, ദേവ് പട്ടേല്‍, പ്രിയ കാളിദാസ്, സാഡി ഫ്രോസ്റ്റ്, ഡൗഗ്രെ സ്‌ക്കോട്ട്, ഗ്ലാമര്‍ ജോഡികളായ യാസ്മിന്‍-സൈമണ്‍ ലിബോണ്‍, ബ്രിട്ടീഷ് പാര്‍ലമന്റ് അംഗങ്ങളായ സ്വരാജ് പോള്‍, കെയിത്ത് വാസ് തുടങ്ങി നൂറ്റമ്പതോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശന ചടങ്ങ്. ഇതാണ് അതിമനോഹരമായ ആ പരസ്യചിത്രം.

കേരള ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തത് വോഡാഫോണ്‍ സൂസു പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രകാശ് വര്‍മയാണ്. തേക്കടി, മൂന്നാര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലായി 11 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എന്തായാലും ഇതുവരെ കേട്ടിരുന്ന ഡയലോഗുകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമപ്പുറം ഗൗരവായി ഈ ഉദ്യമം ഏറ്റെടുത്ത സര്‍ക്കാരിനും ടൂറിസം വകുപ്പിനും ഒരോ സല്യൂട്ട്. പരസ്യചിത്രമെടുത്ത് അവസാനിപ്പിച്ചിട്ടില്ല. ഇന്നു യൂ ട്യൂബ് ഹോം പേജിലെ പരസ്യവും കേരളാ ടൂറിസത്തിന്റേതാണ്.

യൂറോപ്പില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചതത്രേ.യു.കെയിലെ തിയറ്ററുകളിലും പ്രമുഖ ചാനലായ സി.എന്‍.എന്‍.എന്‍-യു.കെയിലും ചിത്രം പ്രദര്‍ശിപ്പിക്കും. കഴിഞ്ഞവര്‍ഷം യു കെ യിലെ 120 ടാക്‌സികളില്‍ കേരളാ ടൂറിസത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്രാന്‍ഡ് ചെയ്തിരുന്നു. കേരളത്തിലേക്ക് പ്രതിവര്‍ഷമെത്തുന്ന 6.5 ലക്ഷം വിദേശ സഞ്ചാരികളില്‍ മൂന്നിലൊന്നും ഇംഗ്ലണ്ടില്‍ നിന്നാണത്രേ.

ധാര്‍മികരോഷ ടൂറിസം (സംസ്ഥാനതല ഉദ്ഘാടനം)

ചില തന്തമാര്‍ പറയാറുണ്ട് ഇവനെയൊക്കെ ജനിപ്പിച്ച സമയത്ത് പത്ത് വാഴ വച്ചിരുന്നെങ്കില്‍ നാലു കുലയെങ്കിലും വെട്ടി വില്‍ക്കാമായിരുന്നു എന്ന്. ചട്ടമ്പികളുടെയും ആഭാസന്‍മാരുടെയും കാര്യത്തിലാണ് ഇങ്ങനെ സാധാരണ പറയാറുള്ളതെങ്കിലും തികഞ്ഞ മാന്യന്‍മാരായ എക്സിക്യൂട്ടീവ് ലുക്കുള്ളവരുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇവനെയൊക്കെ ജനിപ്പിച്ച സമയത്ത് അറ്റാക്ക് വന്നു ചത്തുപോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകും വിധം നന്മ നിറഞ്ഞ ഒരു കാഴ്ച തലസ്ഥാനഗനത്തിലെ തിരക്കേറിയ വീഥിയില്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ഇതൊരു മനോരമ വാര്‍ത്തയാണ്. വണ്ടി വഴിയില്‍ നിന്നു ഗതാഗതതടസ്സമുണ്ടായതിന്റെ പേരില്‍ മുടിയും താടിയും നരച്ച വയോധികനായ ഡ്രൈവറെ ധാര്‍മികരോഷം പൂണ്ട ചില മാന്യന്‍മാര്‍ കാറിനുള്ളിലിട്ട് ചൂലിനടിക്കുന്നു, സൈക്കിള്‍ ട്യൂബ് കഴുത്തില്‍ കെട്ടി വലിച്ച് കൊല്ലാക്കൊല ചെയ്യുന്നു. തലസ്ഥാനനഗരമേ ആഭിജാത്യത്തിന്‍റെ അടിവസ്ത്രം തലയിലിട്ട് പത്മതീര്‍ഥക്കുളത്തില്‍ ചാടി ഒന്നു മരിക്കാന്‍ നോക്കൂ. ഇത്തരം വിഷവിത്തുകള്‍ പുളയ്‍ക്കുന്ന നിന്റെ മടിത്തട്ടില്‍ ഇനിയെത്ര മനുഷ്യത്വം ബാക്കിയുണ്ടാകും ? ഇനി രംഗം കാണാം.

എന്തായാലും തങ്ങളെന്തോ മഹാകാര്യം ചെയ്യുകയാണെന്ന കാര്യത്തില്‍ അരയില്‍ ബെല്‍റ്റ് കെട്ടിയവനു പോലും തെല്ലും സംശയമില്ല. ക്യാമറയുള്ളതുകൊണ്ട് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ എല്ലാവരും ശ്രമിച്ചിട്ടുമുണ്ട്. യുവാക്കളുടെ ധാര്‍മികരോഷം മദ്യപിച്ച ടാക്സി ഡ്രൈവറെ കുടുക്കി എന്ന തലക്കെട്ടിയൊരു വാര്‍ത്തയാവണം മാന്യന്‍മാര്‍ പ്രതീക്ഷിച്ചത്, ബട്ട് മനോരമ ചതിച്ചു.

മക്കളുടെ പ്രായമുള്ള മാന്യന്‍മാരായ ചെറുപ്പക്കാരുടെ അക്രമം ഏറ്റുവാങ്ങുന്നത് ടാക്സി ഡ്രൈവറായ തിരുവനന്തപുരം തിരുമല സ്വദേശി കൃഷ്ണന്‍കുട്ടിയാണ്. അദ്ദേഹം മദ്യപിച്ചിരുന്നു, ചെറുപ്പക്കാരെ തെറിവിളിച്ചു എന്നത് വിസ്മരിക്കുന്നില്ലെങ്കിലും അതിനു ശിക്ഷ നല്‍കാന്‍ ഈ മാന്യന്‍മാര്‍ ആരാണ് എന്ന ചോദ്യവും അഥവാ മാന്യന്‍മാര്‍ ആരെങ്കിലുമാണെങ്കില്‍ അതിന് ഇതാണോ ശിക്ഷ എന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു. ഇവരില്‍ വയലറ്റ് കുപ്പായമിട്ട മാന്യന്‍ എന്തുകൊണ്ടും പ്രശംസയര്‍ഹിക്കുന്നു. ഇയാളുടെ അച്ഛനും അമ്മാവന്‍മാരുമൊക്കെ ജീവനോടെയുണ്ടോ ആവോ ?

ഈശ്വരവിശ്വാസിയാണെന്ന അഹങ്കാരം കൊണ്ടു പറയുകയല്ല, ലോകചരിത്രത്തിലിന്നോളം നടന്നിട്ടുള്ള സംഭവപരമ്പരകളുടെ അടിസ്ഥാനത്തിലും കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് തിരുവനന്തപുരത്തും ബാധകമാണെന്നതിനാലും ഒരു കാര്യം അടിവരയിട്ടു പറയാന്‍ ഞാനാഗ്രഹിക്കുന്നു. മാന്യന്‍മാരായ തലസ്ഥാനത്തെ ധാര്‍മികരോഷക്കാരെ, നിങ്ങളീ വൃദ്ധനോടു ചെയ്ത നീതി ചത്തുതുലയുന്നതിനു മുമ്പ് പലിശയില്‍ ഇളവില്ലാതെ തന്നെ സ്വന്തം മക്കളുടെ കൈകളാല്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യം നിങ്ങള്‍ക്കുണ്ടാകും. പത്തോ ഇരുപതോ കൊല്ലമൊന്നും ദൈവം തമ്പുരാന് ഒന്നുമല്ല. അന്ന് നിങ്ങളെ അടിക്കാനുപയോഗിക്കുന്നത് ചൂലും കഴുത്തില്‍ കെട്ടിത്തൂക്കുന്നത് വെറും സൈക്കിള്‍ ട്യൂബുമാകാന്‍ വേണ്ടി ഇന്നു മുതല്‍ ആത്‍മാര്‍ത്ഥമായി പ്രാര്‍ഥിക്കുക. അതിലധികമൊന്നും താങ്ങാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടാവില്ല !

ഇനി മാന്യന്‍മാര്‍ ചെയ്തതാണ് ശരി എന്നുള്ളവര്‍ക്കായി ഒരു ബിസിനസ് പാഠം- മുകളില്‍ കാണുന്ന രംഗമാണ് ധാര്‍മികരോഷ ടൂറിസം. ബസ് അപകടത്തില്‍ പെട്ടാല്‍ ബസ് തല്ലിപ്പൊളിക്കുക, കത്തിക്കുക, പോക്കറ്റടിക്കാരനെ കിട്ടിയാല്‍ 150 പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുക, സിനിമാനടിയെ തിരക്കില്‍പ്പെട്ടു കിട്ടിയാല്‍ പരമാവധി ശക്തിയോടെ ഞെക്കുക തുടങ്ങിയവയൊക്കെയും സമൂഹത്തിന്‍റെ നന്മയ്‍ക്കു വേണ്ടി പൗരനെന്ന നിലയില്‍ തനിക്കു ചെയ്യാന്‍ കഴിയുന്ന മഹത്തായ കാര്യങ്ങളാണെന്നു വിശ്വസിക്കുന്ന ഇവര്‍ക്ക് ഓരോ പദ്മശ്രീ കൂടി കൊടുക്കാവുന്നതാണ്.

വാല്‍ക്കഷണം- ഞാനൊരു മാന്യനാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കൂതറയാണെന്നു പറയുമ്പോഴും അതൊക്കെ ചുമ്മാ ഫോര്‍മാലിറ്റിയല്ലേ, ശരിക്കും മാന്യനാണെന്നെനിക്കറിയാം എന്നു ചിലര്‍ പറയാറുണ്ട്. എന്നാല്‍, ഇവരെപ്പോലെയുള്ളവരാണ് കേരളത്തിലെ മാന്യന്‍മാരായ യുവത്വത്തിന്‍റെ പ്രതീകമെങ്കില്‍ ഈ നിമിഷം മുതല്‍ ഞാന്‍ മാന്യത എന്തെന്നറിയാത്ത ചെറ്റയും അലവലാതിയുമാണ്.

സൗന്ദര്യത്തിന്‍റെ ഇന്ദുമതി

കേരളത്തിന്‍റെ സൗന്ദര്യറാണിപ്പട്ടം വിട്ടുകൊടുക്കാന്‍ തിരുവനന്തപുരം ഒരുക്കമല്ല. മിസ് കേരള 2010 മല്‍സരത്തില്‍ തലസ്ഥാനസുന്ദരി ആസ്ഥാനസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തു നിന്നുള്ള ഇന്ദു തമ്പിയാണ് മിസ് കേരള 2010 ആയി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരത്തു നിന്ന് മൂന്നു സുന്ദരിമാരാണ് മല്‍സരത്തിനുണ്ടായിരുന്നതെങ്കിലും മല്‍സരത്തിലെ എല്ലാ റൗണ്ടുകളിലും മുന്നിട്ടു നിന്ന ഇന്ദു വിജയം ഉറപ്പിക്കുകയായിരുന്നു. പാലക്കാട്ടുകാരി മഞ്ചു രാജ് ഫസ്റ്റ് റണ്ണര്‍ അപ്പും കണ്ണൂരിന്‍റെ സോനല്‍ ദേവരാജ് സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി.

കേരളത്തില്‍ നിന്ന് ഉള്ളവര്‍ കൂടാതെ മലേഷ്യ, ദുബയ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 22 പെണ്‍കുട്ടികളാണ് ഫൈനലില്‍ മത്സരിയ്ക്കുന്നത്. ഐശ്വര്യ, അശ്വിനി, ആതിര, ജോസഫിന്‍, കവിത, മെറിലിന്‍, മുംതാസ്, നടാഷ, നീതു, പ്രീതി, പ്രിയങ്ക, രശ്മി, രഷ്മി, രേണു, ശരണ്യ, സിന്ധു, സ്നേഹ, ശ്രീ ലക്ഷ്മി, സ്റ്റെഫി എന്നിവരാണ് മറ്റു മല്‍സരാര്‍തികള്‍. സാരി, കാഷ്വല്‍സ്, ഫ്യൂഷന്‍, ഗൗണ്‍ എന്നിങ്ങനെ നാല് റൗണ്ടുകളിലൂടെയാണ് മത്സരം പൂര്‍ത്തിയായത്.

നടന്‍ അനൂപ് മേനോന്‍, ദില്ലിയിലെ ഡിസൈനറായ ദിഗ്‌വിജയ് സിങ്, ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഫാഷന്‍ കോളമിസ്റ്റായ വിനോദ്‌നായര്‍, മുംബൈയിലെ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ നിഷ കുട്ടി, മുന്‍താരം രഞ്ജിനി, ഛായാഗ്രാഹകന്‍ പി സുകുമാര്‍, എഴുത്തുകാരി അനിതാ നായര്‍, മെഡിമിക്‌സ് എം ഡി പ്രദീപ്, ലിന്‍ഡാസ് സിഇഒ ചാള്‍സ്, സൂര്യ ടിവിയുടെ വിജയ്ബാബു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ക്ലബ്ബ് എഫ്.എം, കുട്ടിക്കൂറ, ഐഡിയ സെല്ലുലാര്‍, ടൈറ്റന്‍, ടൈം ആഡ്‌സ്, ലെമെറിഡിയന്‍, അസെറ്റ് ഹോംസ്, ലമഡ, വിഎല്‍സിസി, പരിണയ എന്നിവരാണ് മറ്റു ടൈറ്റിലുകളുടെ സ്‌പോണ്‍സര്‍മാര്‍.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ 11 വര്‍ഷമായി ഈ ഷോ നടത്തുന്ന ഇംപ്രസാരിയോക്ക് ആദ്യരാത്രിയില്‍ എന്തോ സംഭവിച്ച നവവരന്‍റെ ഗതികേടുണ്ടായത് കഷ്ടമായിപ്പോയി.Miss Kerala.Net എന്ന വെബ്സൈറ്റ് മല്‍സരഫലമറിയാനെത്തിയ ജനക്കൂട്ടത്തെ കണ്ട് പേടിച്ചു ബോധം കെട്ടു വീണത് പ്രൊഫഷനല്‍ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് ഒരിക്കലും സംഭവിച്ചു കൂടാത്തതാണ്. ബാന്‍ഡ്‍വിഡ്ത് എക്സീഡഡ് എന്ന മെസ്സേജ് കാണിച്ച് സൈറ്റ് ഒരേ കിടപ്പാണ്. ഇത് സെക്രട്ടറിയേറ്റിലെ ആരും പറഞ്ഞതല്ല, ‍ഞാന്‍ നേരിട്ടു കണ്ടതാണ്.

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍…

പ്ലാറ്റോണിക് റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ വന്‍കിട ഡിപ്ലോമാറ്റുകള്‍ പോലും പരാജയപ്പെടുമ്പോള്‍ ഞരമ്പില്‍ വികാരങ്ങള്‍കൊണ്ടു വീണമീട്ടുന്ന സാധാരണക്കാരന്റെ കാര്യം പറയണോ ? പ്രായമേതായാലും പ്രണയത്തിനു കടന്നുവരാന്‍ ഒന്നും ഒരു തടസ്സമല്ല. എങ്കിലും, ഓരോരോ പെണ്ണുങ്ങളെ മനസ്സില്‍ ചുമക്കുകയും മറ്റൊരുത്തിയുടെ കൂടെ സ്ഥിരം മാന്യനായി പൊറുക്കുകയും ചെയ്യുന്നതിനെക്കാള്‍ ഭേദമാണ് മനസിലുള്ളവളെ തന്നെ കൂടെ പൊറുപ്പിക്കാനുള്ള സത്യസന്ധമായ ഡിപ്ലോമസി.

മുന്‍കേന്ദ്രമന്ത്രി ശശി തരൂര്‍ ഐപിഎല്‍ ഫ്രണ്ട് സുനന്ദ പുഷ്കറിനെ ഈ ചിങ്ങം പൊട്ടിവിടരുന്ന ദിനം ശുഭമുഹൂര്‍ത്തത്തില്‍ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വച്ച് മിന്നുകെട്ടി മണവാട്ടിയാക്കുമെന്ന് കേരള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഞാനൊരു ആഗോളപ്രസ്ഥാനമായതിനാല്‍ ഈ ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിക്കാന്‍ താല്‍പര്യവുമില്ല, തീരെ ടൈമുമില്ല. അല്ലെങ്കില്‍ തന്നെ ഈ ബ്ലോഗില്‍ കൊള്ളാവുന്ന സംഭവങ്ങളുടെ ഉച്ഛിഷ്ഠവും അമേധ്യവും മാത്രമേയുള്ളെന്നാണ് വിവരമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് കണ്ടതും കേട്ടതും മാത്രം വേഗം പറഞ്ഞവസാനിപ്പിക്കാം.

ഐപിഎല്‍ പ്രശ്നം വന്നപ്പോഴേ ശശി സര്‍ വ്യക്തമായി പറഞ്ഞതാണ് സുനന്ദ തന്റെ സുഹൃത്ത് മാത്രമാണെന്ന്. സുനന്ദയും അത് തന്നെ പറഞ്ഞു. അപ്പോഴും രണ്ടു പേരെയും അവിടെ കണ്ടു, ഇവിടെ കണ്ടു എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങള്‍ ഇരുവരുടെയും ചിത്രം സഹിതം പലതും എഴുതി പിടിപ്പിച്ചു. ഇവര്‍ പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നെന്നും വരെ പറഞ്ഞു. മാധ്യമങ്ങള്‍ എഴുതിയെഴുതി മുഖ്യമന്ത്രിമാരെ വരെയുണ്ടാക്കുന്ന നാടാണ്. ആ പ്ലേറ്റോണിക് സൌഹൃദത്തെയും പ്രണയമാക്കിയ മാധ്യമസൃഷ്ടി യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്നാണ് ഇപ്പോള്‍ ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

അല്ലെങ്കില്‍ പിന്നെ, കഴിഞ്ഞയാഴ്ച വിവാഹമോചനം അടിച്ച് കയ്യില്‍ വാങ്ങിയിട്ട് കുടുംബസമാധാനത്തിനു വേണ്ടി പൂജ നടത്താന്‍ തരൂര്‍ ഷിര്‍ദിസായി ബാബയുടെ അടുക്കല്‍ പോകുമോ എന്നാണ് പപ്പരാസികള്‍ ചോദിക്കുന്നത്. തളച്ച ആനയെ മയക്കുവെടി വയ്ക്കുന്നതു പോലെ അര്‍ഥശൂന്യമല്ലേ അതെന്നായിരിക്കും സൂചന. വിവാഹശേഷം ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും പൂജാദികര്‍മാദികള്‍ നടത്തിയ റിപ്പോര്‍ട്ടുകളിലേതു പോലെയുള്ള ചിത്രങ്ങളുമായി മാധ്യമങ്ങള്‍ ആ, ആ, ഊം എന്നൊക്കെ അര്‍ഥം വച്ചുള്ള വാര്‍ത്തകളെഴുതുന്നു. ഇനിയിപ്പോള്‍ അന്ന് അഭി-ആഷ് എന്നു വിശേഷിപ്പിച്ചതുപോലെ ഹരം കൂട്ടാന്‍ ശശി-സുന എന്നു കൂടി വിശേഷിപ്പിച്ചാല്‍ ജോറായി.

കഴിഞ്ഞയാഴ്ച കാനഡക്കാരിയായ ഭാര്യ ക്രിസ്റ്റ ഗേല്‍സില്‍ നിന്നു വിവാഹമോചനം നേടിയ തരൂര്‍ പാര്‍ലമെന്റ് രേഖകളില്‍ സ്റ്റാറ്റസ് ഡൈവേഴ്സി എന്നു മാറ്റിയിട്ടുണ്ടത്രേ. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17ന് മിന്നുകെട്ടാണെന്ന് മലയാളം മീഡിയ പറയുന്നത് പക്ഷെ, ദേശീയ ന്യൂസ് ഏജന്‍സികള്‍ അപ്പാടെ വിശ്വസിച്ചിട്ടില്ല. ചിങ്ങം ഒന്നിനു തുടക്കം കുറിക്കാന്‍ പുതിയ മലയാളം ചാനലൊന്നുമല്ലാത്തതിനാല്‍ അതെപ്പറ്റി അവര്‍ വിശദമായൊരന്വേഷണം നടത്തിയിട്ടുണ്ട്. അങ്ങനെ കേള്‍ക്കുന്നു, ഇങ്ങനെ കേള്‍ക്കുന്നു എന്നൊക്കെ എഴുതുന്നതിനു പകരം കൃത്യമായി കല്യാണക്കുറി നോക്കിയെഴുതിയതെന്ന പോലെയാണ് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.

ഓഗസ്റ്റ് 22ന് തരൂരിന്റെ പാലക്കാട്ടെ തറവാട്ടുവീട്ടില്‍ വച്ച് കല്യാണം. തികച്ചും സ്വകാര്യമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. കഴിഞ്ഞിട്ടില്ല, വിവാഹശേഷം സെപ്റ്റംബര്‍ മൂന്നിനു ഡല്‍ഹിയില്‍ വച്ച് വിവാഹസല്‍ക്കാരം. അതില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖര്‍ പങ്കെടുക്കും. അതില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ആ പരിപാടിയുടെ ക്ഷണക്കത്ത് ഡല്‍ഹിയിലാണ് ഡിസൈന്‍ ചെയ്യുന്നതെന്നും വരെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 27ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നത്രേ.

എന്തായാലും വിവാഹം നടക്കുന്നതു വരെ നമ്മള്‍ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത്. മാധ്യമങ്ങള്‍ എന്തെങ്കിലുമൊക്കെ പറയട്ടെ. ഇനി അവര്‍ ശരിക്കും വിവാഹം കഴിക്കുന്നില്ലെങ്കിലോ ? ട്വിറ്ററില്‍ ഇങ്ങനെയൊരു പരിപാടിയെക്കുറിച്ച് അദ്ദേഹം ഒന്നും പറയാത്ത നിലയ്ക്ക് നമ്മളായിട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. കല്യാണം കഴിയട്ടെ, അപ്പോള്‍ അന്തസ്സായി ആശംസകള്‍ അര്‍പ്പിക്കാം, അതല്ലേ ഡീസന്‍സി ?