താത്വികമായ ഒരവലോകനം കൂടി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ആ കേസില്‍ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റിയുള്ള ഒരു താത്വികാവലോകനമാണ് ഞാനിവിടെ ഉദ്ദശിക്കുന്നത്. ഒന്ന്, മാധ്യമസിന്‍ഡിക്കറ്റും ബൂര്‍ഷ്വ പൊലീസും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര ജീവമായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അമേരിക്കയും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടത്. എന്നാല്‍, സത്യം മനസ്സിലാക്കിയ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ അനുദിനം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ടിപിയുടെ ഭാര്യ രമ ഇനിയെങ്കിലും പാര്‍ട്ടിയോടു മാപ്പു ചോദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഒന്ന്, ടി.പി.ചന്ദ്രശേഖനുമായി പാര്‍ട്ടിക്കോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ ഒരു തരത്തിലുമുള്ള ശത്രുതയോ വിദ്വേഷമോ ഇല്ലായിരുന്നു എന്നതാണ്. അദ്ദേഹം മരിച്ചതിനു ശേഷം പാര്‍ട്ടിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതിനു വേണ്ടി കുലംകുത്തികളും അമേരിക്കയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വകളും അവരുടെ പിണിയാളുകളായ ഇന്നാട്ടിലെ ചൂഷകരും ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്നു ഞാന്‍ അന്നേ സംശയിച്ചിരുന്നു.

മറ്റൊന്ന് ഇതുവരെ ഒരുറുമ്പിനെപ്പോലും നോവിക്കാതെ മുന്നോട്ടു പോവുന്ന പാര്‍ട്ടിയുടെ മേല്‍ അഹിംസയുടെ ചോരക്കറ പുരട്ടുന്നതിനു വേണ്ടി യുഡിഎഫ് സര്‍ക്കാരും പൊലീസും അമേരിക്കന്‍-ഇസ്രയേല്‍ പാശ്ചാത്യ അച്ചുതണ്ടും രാജ്യാന്തരതലത്തില്‍ നടത്തിയ ഗൂഢാലോചനയാണ്. അതില്‍ ഇന്നാട്ടിലെ ചില ആളുകള്‍ പങ്കു ചേര്‍ന്ന് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതിനു വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിച്ചു എന്നാണ് ഇതുവരെയുള്ള കാര്യങ്ങളെ യുക്തിബോധത്തോടെ നിരീക്ഷിച്ചതില്‍ നിന്നും മനസ്സിലാവുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ഗുണ്ടകളെ കോടതി കുറ്റക്കാരെന്നു വിധിച്ചിട്ടുണ്ട്. അവര്‍ കുറ്റക്കാരാണോ അല്ലയോ എന്ന കാര്യത്തെപ്പറ്റി പാര്‍ട്ടി വിശദമായി പഠിച്ച ശേഷം ഒരഭിപ്രായം പറയും. എന്നാല്‍, കോടതിയുടെ നടപടി പിശകുകള്‍ മൂലം പാര്‍ട്ടിയോടനുഭാവമുള്ള ചിലരും നിലവില്‍ കുറ്റക്കാരായി കണ്ടെത്തിയവരോടൊപ്പമുണ്ട്. അത് വേദനാജനകമാണ്. ഈ കേസുമായി ബന്ധപ്പെട്ട കുറ്റാരോപിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും നിഷ്‌കളങ്കരാണ്. പാര്‍ട്ടിക്കെതിരെ നടന്ന ഗൂഢാലോചനകള്‍ എല്ലാം പരാജയപ്പെടുത്തിക്കൊണ്ട് നീതിബോധമുള്ള, സത്യസന്ധരായ ആളുകള്‍ പാര്‍ട്ടിക്കൊപ്പം നിന്നതിന്റെ വിജയമാണിത്.

പാര്‍ട്ടിയെ കേസില്‍ കുടുക്കുന്നതിനു വേണ്ടി ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്ന പൊലീസുകാര്‍ ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത അനേകം പേരെ കേസില്‍ പ്രതികളാക്കുകയും അനേകം പേരെ ഭീഷണിപ്പെടുത്തി സാക്ഷികളാക്കുകയും ചെയ്തിട്ടുണ്ട്. കള്ളസാക്ഷികളെ ഉണ്ടാക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദിവസങ്ങളോളം ഗൂഢാലോചന നടത്തി എന്നാണ് കരുതേണ്ടത്. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ അവരെല്ലാം സത്യത്തെ മുറുകെപ്പിടിക്കുകയും പാര്‍ട്ടിക്കും പാര്‍ട്ടി അനുഭാവികള്‍ക്കും അനുകൂലമായി മൊഴി മാറ്റിപ്പറയുകയും ചെയ്തു. അങ്ങനെ കൂറുമാറിയവര്‍ ഒരര്‍ഥത്തില്‍ രക്തസാക്ഷികളായിരിക്കുകയാണ്. അവര്‍ക്കെല്ലാം അഭിവാദ്യം അര്‍പ്പിക്കാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്.

നിഷ്‌കളങ്കനും നിരപരാധിയുമായ മോഹനന്‍ മാസ്റ്ററെ കള്ളക്കേസില്‍ കുടുക്കി ഇത്ര നാള്‍ തുറുങ്കിലടച്ച ക്രൂരതയോളം വരില്ല ടിപി ചന്ദ്രശേഖരന്‍ മരിച്ചത് എന്നാണ് ഇന്ന് അദ്ദേഹത്തെ വെറുതെ വിട്ടതിലൂടെ തെളിഞ്ഞിരിക്കുന്നത്. കേവലരാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കൊലപാതകക്കേസുകളില്‍ ആളുകളെ പ്രതികളാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും വിചാരണ ചെയ്യുന്നതും പ്രബുദ്ധസമൂഹത്തിനു ചേര്‍ന്നതല്ല എന്നാണ് എന്റെ അഭിപ്രായം. മരിച്ചവരാരും തിരിച്ചു വരികയില്ല. ജീവിച്ചിരിക്കുന്നവരെ തുറുങ്കിലടയ്ക്കുന്നത് ക്രൂരവും ഹൃദയശൂന്യവും സര്‍വ്വോപരി മനുഷ്യാവകാശലംഘനവുമാണെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ജഞാനവചസ്സുകള്‍ !

വിശുദ്ധരായ ആളുകള്‍ എപ്പോഴും വ്യത്യസ്തമായ രീതിയിലായിരിക്കും ചിന്തിക്കുന്നത്. സാധാരണക്കാരായ നമ്മളെപ്പോലുള്ളവരുടെ ചിന്തയും ബുദ്ധിയും വിവേചനബുദ്ധിയുമല്ല അവര്‍ക്ക്. പള്ളിയും പ്രാര്‍ഥനയും ശാലോം ടിവിയുമൊക്കെയായി കഴിയുന്നവരാണെങ്കില്‍ പറയുകയും വേണ്ട. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് വളരെ നല്ല ഒരു മനുഷ്യനാണ്. ഐപിഎസ് ഓഫിസറെന്നു പറയുമ്പോള്‍ സുരേഷ് ഗോപിയെപ്പോലെ അക്രമത്തിനും അനീതിക്കുമെതിരേ ആവേശപൂര്‍വം പോരാടുന്ന ടൈപ്പാവണം എന്നൊന്നുമില്ല. അലക്‌സാണ്ടര്‍ ജേക്കബിനെപ്പോലെ വിശുദ്ധരുടെ ജീവിതം അരച്ചുകലക്കി കുടിച്ച് അവരുടെ വചനങ്ങള്‍ സംഗ്രഹിക്കുന്ന അദ്ദേഹം ഒരിക്കലും രണ്‍ജി പണിക്കറുടെ ഡയലോഗുകള്‍ പറയില്ല. ഇപ്പോള്‍ പോക്കണംകേട് എന്നു തോന്നുമെങ്കിലും നൂറോ ഇരുന്നൂറോ വര്‍ഷം കഴിയുമ്പോള്‍ ആളുകള്‍ നിര്‍വൃതിയോടെ സ്മരിക്കുന്നതായിട്ടുള്ളതായ വചനങ്ങളാണ് അദ്ദേഹം പറയുന്നത്.

പണ്ട് യേശുക്രിസ്തുവും ക്രിസ്തുവിന്റെ സാക്ഷികളായിത്തീര്‍ന്ന വിശുദ്ധരുമൊക്കെ അവരവരുടെ കാലത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പേരില്‍ ക്രൂശിലേറ്റപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതുപോലെ തന്റെ ജയില്‍സംബന്ധിയായ വചസ്സുകളുടെ പേരില്‍ നല്ലവനായ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ക്രൂശിക്കപ്പെടന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിലേക്കുള്ള പ്രവേശികയാണെന്നു വേണമെങ്കില്‍ പറയാം. ഒറ്റ ദിവസം കൊണ്ടാണ് അദ്ദേഹം ശാലോം ടിവിയില്‍ നിന്ന് ന്യൂസ് ചാനലുകളുടെ പ്രൈം ടൈമിലേക്ക് ഇടിച്ചു കയറിയത്. ഇനിയിപ്പോ ശാലോമിനു ഡേറ്റ് കിട്ടുന്ന കാര്യം കണ്ടറിയണം. പോരെങ്കില്‍ സഖാക്കളുടെ ഒരു ലൈന്‍ കണ്ടിട്ട് ടിപി കേസില്‍ അകത്തു കിടക്കുന്ന വിശുദ്ധരുടെ ജീവിതത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ വച്ച് കൈരളിയിലോ പീപ്പിളിലോ മറ്റോ ഒരു ഷോ ഉടനെ തുടങ്ങാനും സാധ്യതയുണ്ട്.

അലക്‌സാണ്ടര്‍ അദ്ദേഹം പറയുന്നതു പ്രകാരമാണെങ്കില്‍ ടിപി കേസില്‍ അകത്തു കിടക്കുന്നവര്‍ നിഷ്‌കളങ്കരും നിരപരാധികളുമൊക്കെയാണെന്നു നമുക്കു തോന്നും. നിസ്സഹായരും നിരാലംബരുമായ ഒരു സംഘം യുവാക്കളെ രാഷ്ട്രീയലക്ഷ്യത്തോടെ മാധ്യമങ്ങള്‍ ചതിവില്‍പ്പെടുത്തി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും നിഷ്പക്ഷനായ ഒരാള്‍ക്കു മനസ്സിലാവുന്നത്. ഒന്ന്, ഫെയ്‌സ്ബുക്ക് വിവാദം ടിപി കേസിലെ പ്രതികളെ കുടുക്കാന്‍ വേണ്ടി മനപൂര്‍വം ആരെങ്കിലും ചെയ്തതാകാം. രണ്ട്, ടിപി കേസില്‍ രക്ഷപെട്ടാലും ഈ കേസിലെങ്കിലും അവര്‍ ആറു മാസം അകത്തു കിടക്കട്ടെ എന്നാരെങ്കിലും വിചാരിച്ചു കാണും. മൂന്ന്, പ്രതി മോഹനന്‍ ഹോട്ടലില്‍ വച്ചു ഭാര്യ ലതികയെ കണ്ടതില്‍ ഒരു തെറ്റുമില്ല. നാല്, ജയിലിനുള്ളില്‍ നിന്നുള്ള ഫോട്ടോ കൃത്രിമമായി ഉണ്ടാക്കാന്‍ ഒരു പ്രയാസവുമില്ല.

ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് അലക്‌സാണ്ടര്‍ ജേക്കബ് കൊടി സുനിയുടെയും മറ്റും വക്കീലിനെക്കാള്‍ പ്രഗല്‍ഭനും, ടിപി വധക്കേസില്‍ പാര്‍ട്ടിക്കു പങ്കില്ലാതിരുന്നിട്ടു കൂടി ആ കേസിലെ പ്രതികള്‍ക്കു വേണ്ടി സംസാരിക്കുന്ന സിപിഎം നേതാക്കളെക്കാള്‍ നിഷ്‌കളങ്കനും ആണെന്നാണ്. ഇതോടെ അലക്‌സാണ്ടര്‍ ജേക്കബ് പാര്‍ട്ടി നേതാക്കള്‍ക്കും വിശുദ്ധനായി. അദ്ദേഹത്തിന്റെ വചസ്സുകള്‍ സഖാക്കള്‍ക്കു പുതിയ ജ്ഞാനം പകര്‍ന്നു നല്‍കി. തീയില്‍ കുരുത്തവനും പത്തരമാറ്റുള്ളവനും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തവനുമായ ആഭ്യന്തരമന്ത്രി പോലും ഏറുപടക്കം വിഴുങ്ങിയ അവസ്ഥയിലായിപ്പോയി. ഇത്ര നല്ലൊരു ജയില്‍ ഡിജിപി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നാണ് ചില നേതാക്കന്‍മാര്‍ പറയുന്നത്. എന്താ, ല്ലേ !

ഇനി ഡിജിപി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നോക്കാം. കൊലക്കേസില്‍ അകത്തു കിടക്കുന്ന പ്രതികളെ മൊബൈല്‍ ഫോണ്‍ കേസില്‍ കുടുക്കുക എന്നു പറയുമ്പോള്‍ കൊലക്കേസില്‍ അവരെ വെറുതെ വിടുമെന്നോ കൊലക്കേസിനു കിട്ടുന്നതിനെക്കാള്‍ ശിക്ഷ മൊബൈല്‍ ഫോണ്‍ വിളിച്ച കേസില്‍ കിട്ടുമെന്നോ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ടാവാം. കേസില്‍ ഇതുവരെ നടന്ന വാദവും മറ്റും പാടെ മറന്ന് ഇത്തരം വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറയുന്നതെന്നോ മറ്റോ ഒരു തെറ്റിദ്ധാരണയും അദ്ദേഹത്തിനുണ്ട് എന്നു തോന്നുന്നു.

പിന്നെ, ഇതൊന്നും അദ്ദേഹം ആരെയെങ്കിലും വേദനിപ്പിക്കണമെന്നോ പ്രകോപിപ്പിക്കണമെന്നോ എന്തെങ്കിലും വിവാദമുണ്ടാക്കണമെന്നോ കരുതി പറയുന്നതല്ല എന്നതാണ് യാഥാര്‍ഥ്യം. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന പഴഞ്ചൊല്ലിന്റെ ലൈനിലാണ് കാര്യങ്ങള്‍. ആരെയും വേദനിപ്പിക്കാതിരിക്കുന്നതിനും ടിപി കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ആരെയും പ്രകോപിപ്പിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞത് എന്നൂഹിക്കാവുന്നതേയുള്ളൂ. കാരണം, അദ്ദേഹത്തിന് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഈ വിവാദങ്ങളുടെ ഉത്തരവാദിത്വം പ്രതികള്‍ക്കോ ജയില്‍ ജീവനക്കാര്‍ക്കോ അല്ല തനിക്കാണ് എന്നു പറഞ്ഞ് ലോകത്തിന്റെ പാപം മുഴുവന്‍ ഏറ്റുവാങ്ങി കുരിശിലേറിയ യേശുക്രിസ്തുവിനെപ്പോലെ ജയിലിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ ഒരു വിര്‍ച്വല്‍ കുരിശായി അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. പക്ഷെ അതുകൊണ്ട് കാര്യമുണ്ടോ ? ഇതൊന്നും ഏറ്റെടുക്കാനാരുമില്ലാത്തതതല്ല, പരിഹരിക്കാന്‍ ആര്‍ക്കും കഴിയാത്തതാണ് പ്രശ്‌നം. താന്‍ വേണമെങ്കില്‍ ഡിജിപി സ്ഥാനം ഒഴിയാനും തയ്യാറാണ് എന്നു പറയുന്നതിലൂടെ അദ്ദേഹത്തിന്റെ മുകളില്‍ പറഞ്ഞ തരത്തിലുള്ള വിശുദ്ധിയാണ് വെളിവാകുന്നത്. ഇദ്ദേഹത്തിനു പകരം ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപിയാക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപി ആക്കുന്നതില്‍ തെറ്റില്ല, ഇദ്ദേഹത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആക്കരുതേ എന്നപേക്ഷിക്കുന്നു.

കോഴിക്കോട് ജയിലിന് സോഷ്യല്‍ മീഡിയ അവാര്‍ഡ്

ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജയില്‍ എന്ന പദവി നേടിയ കോഴിക്കോടിന് ജില്ലാ ജയിലിന് യുനെസ്‌കോയും ആംനെസ്റ്റിയും ചേര്‍ന്നു നല്‍കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഫോര്‍ ദി അപ്ബ്രിങ്ങിങ് ഓഫ് ദി ഡൗണ്‍ട്രൊഡ്ഡെന്‍ പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ. പരിഷ്‌കൃത രാജ്യങ്ങളില്‍ പോലും തടവുപുള്ളികള്‍ക്ക് ജയിലിനുള്ളില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാതിരിക്കെ, സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ജയിലിനുള്ളില്‍ കൂളിങ് ഗ്ലാസും ബെര്‍മുഡയുമിട്ട് ഫോട്ടോഷൂട്ട് നടത്താനുമൊക്കെ സാഹചര്യങ്ങളൊരുക്കുകയും ചെയ്തതുള്‍പ്പെടെയുള്ള മികവുകളാണ് കോഴിക്കോട് ജില്ലാ ജയിലിനെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വരുന്ന ചിങ്ങത്തില്‍ പോളണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ലോകമെങ്ങുമുള്ള മര്‍ദ്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങി വച്ച മഹത്തായ പ്രസ്ഥാനമാണ് ഫെയ്‌സ്ബുക്ക്. ടിപി ചന്ദ്രശേഖരന്‍ കേസിലെ ജീവിക്കുന്ന രക്തസാക്ഷികളായ സുനിയേട്ടനും മറ്റും കല്‍ത്തുറുങ്കില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ തങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിപ്രഭാവവും ലോകത്തോടു പങ്കുവച്ചത് ഫെയ്‌സ്ബുക്കിന്റെ ജനപ്രീതിയുടെയും സാമൂഹികപരിഷ്‌കരണപ്രവര്‍ത്തനങ്ങളുടെയും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിറിയയിലും ഈജിപ്തിലും നടന്ന സോഷ്യല്‍ മീഡിയ വിപ്ലവങ്ങള്‍ സമൂഹത്തില്‍ നിന്നും സ്വതന്ത്രരായ ജനവിഭാഗങ്ങള്‍ മുന്‍കൈയെടുത്തതായിരുന്നെങ്കില്‍ ജയിലറയ്ക്കുള്ളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലൊരു വിപ്ലവം ചരിത്രത്തിലാദ്യമാണെന്നും ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ഫെയ്‌സ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കിന്റെ പ്രാദേശിക ഓഫിസ് കണ്ണൂരില്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.

പണ്ട് കംപ്യൂട്ടര്‍ ഗോ ബാക്ക് വിളിച്ച ആളുകളുടെ അനുയായികള്‍ ഇപ്പോള്‍ ജയിലിനുള്ളില്‍ നിന്നു വരെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ് കാലഘട്ടത്തിലെ ഏറ്റവും വലിയ വിപ്ലവം എന്നു റഷ്യയില്‍ നിന്നു ടൂറിസ്റ്റ് വീസയിലെത്തിയ സാഷ ഫക്ക്യേനോവ് കൊച്ചിയില്‍ പറഞ്ഞു. ടിപി കേസിലെ രക്തസാക്ഷികള്‍ എന്ന നിലയില്‍ കൊടി സുനിയേട്ടനും മറ്റും ഫെയ്‌സ്ബുക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ഖേദകരമാണെന്നും ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ലിങ്ക്ട് ഇന്‍, ഇന്‍സ്റ്റഗ്രാം, പിന്ററസ്റ്റ് തുടങ്ങിയ മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലേക്കും വൈകാതെ എത്തണമെന്നും അതാത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗൂഗിള്‍ പ്ലസില്‍ വരികയാണെങ്കില്‍ ഹാങ് ഔട്ടിലൂടെ ഇവര്‍ക്ക് ജയിലില്‍ നിന്നും പുറംലോകവുമായി നേരില്‍ കണ്ട് സംസാരിക്കാം. ആരാധകര്‍ക്കു ദര്‍ശനം നല്‍കാനും അണികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനുമൊക്കെ ഇത് സഹായകമായിരിക്കും. ലോകത്തെ ഏറ്റവും വലിയ പ്രൊഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ലിങ്ക്ട് ഇന്നില്‍ വരികയാണെങ്കില്‍ പുതിയ ക്വട്ടേഷന്‍ ഓഫറുകളും മറ്റും ലഭിക്കാന്‍ എളുപ്പമുണ്ട്. ഫെയ്‌സ്ബുക്കില്‍ ഇട്ടമാതിരിയുള്ള ആരെയും ഹഠാദാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണെങ്കില്‍ ഫെസ്ബുക്കിനെക്കാള്‍ നല്ലത് ഇന്‍സ്റ്റഗ്രാം ആണ്.

അതേ സമയം, ലോകത്തിനു തന്നെ മാതൃകയാവുന്ന തരത്തില്‍ കോഴിക്കോട് ജയിലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും ജയിലില്‍ ഫെയ്‌സ്ബുക്ക് വിപ്ലവത്തിനു നാന്ദി കുറിച്ച തടവുകാരായ രക്തസാക്ഷികളെ പൂജപ്പുര ജയിലിലേക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഊളമ്പാറയിലേക്കും സ്ഥലം മാറ്റാന്‍ നടക്കുന്ന ശ്രമങ്ങള്‍ സാമൂഹികപുരോഗതിയെ പിന്നോട്ടു വലിക്കുന്നതും മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതിനും തുല്യമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ വടിവാള്‍ വേലുക്കുട്ടി അഭിപ്രായപ്പെട്ടു. താലിബാന്‍കാരോടു പൊരുതി ജയിച്ച മലാലയ്ക്കു തുല്യരായി കുലംകുത്തിയായ ടിപി ചന്ദ്രശേഖരന്റെ ചതിവില്‍ പെട്ടു രക്തസാക്ഷികളായ സുനിയേട്ടനെയും മറ്റും കാണുകയും അവരെ ആദരിക്കുകയും വേണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങളോടെ വിപ്ലവം പൂര്‍ണമായും വന്നു കഴിഞ്ഞതായി പഴയകാല വിപ്ലവനായകന്‍ കരിമ്പന കുട്ടപ്പന്‍ അഭിപ്രായപ്പെട്ടു. ജയിലറ ഞങ്ങള്‍ക്കു മണിയറയാണ് എന്നായിരുന്നു പഴയ മുദ്രാവാക്യം. ഇന്ന് മണിയറയെക്കാള്‍ മനോഹരമായ ആരെയും കൊതിപ്പിക്കുന്ന സ്ഥലമായി കോഴിക്കോട് ജില്ലാ ജയില്‍ മാറിക്കഴിഞ്ഞു. ഇത് തങ്ങളാഗ്രഹിക്ക വിപ്ലവം വന്നു ചേര്‍ന്നു എന്നതിന്റെ തെളിവാണെന്നും കുട്ടപ്പന്‍ സൂചിപ്പിച്ചു.

പുതിയ സാഹചര്യത്തില്‍ തിഹാര്‍ ജയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജയിലുകളില്‍ നിന്നുള്ള പ്രമുഖരടക്കമുള്ള ആയിരക്കണക്കിനു തടവുകാര്‍ കോഴിക്കോട് ജയിലിലേക്ക് സ്ഥലംമാറ്റത്തിന് അഭ്യര്‍ഥിച്ചതായി വിവിധ ജയിലുകളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സൂചനയുണ്ട്. കഴിഞ്ഞ ദിവസം ലോക്കപ്പില്‍ ഫാന്‍ ആവശ്യപ്പെട്ട് ബലാല്‍സംഗക്കേസിലെ പ്രതിയും മുന്‍ തെഹല്‍ക്ക മുതലാളിയുമായ തരുണ്‍ തേജ്പാല്‍ കോഴിക്കോട് ജയിലിലേക്കു തന്നെ മാറ്റുകയാണെങ്കില്‍ മൂന്നോ നാലോ വട്ടം ബലാല്‍സംഗം ചെയ്തതായി സമ്മതിക്കാം എന്നു പറഞ്ഞതായും സൂചനയുണ്ട്. വിദേശരാജ്യങ്ങളിലുള്ള രാജ്യാന്തരതടവുകാരും കോഴിക്കോട് ജയിലിലേക്കു മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.

അതിക്രൂരം ബഹുമോശം

ആശയപരമായും രാഷ്ട്രീയപരവുമായുള്ള എതിര്‍പ്പുകള്‍ അതേ മാര്‍ഗങ്ങളിലൂടെ പ്രകടിപ്പിക്കുന്നതിനെയാണ് രാഷ്ട്രീയമര്യാദ എന്നു വിളിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി രാജിവച്ചൊഴിയണം എന്നു പ്രതിപക്ഷത്തിന് നിരന്തരം ആവശ്യപ്പെടാം. അദ്ദേഹം അതു ചെയ്യുന്നില്ലെങ്കില്‍ കല്ലെറിഞ്ഞോടിക്കാനോ ആക്രമിച്ചു ഭയപ്പെടുത്താനോ ശ്രമിക്കുന്നത് ഭയാനകമാണ്. ഈ അക്രമത്തെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തള്ളിപ്പറയുകയും സിപിഎം നേതാക്കള്‍ കൂട്ടത്തോടെ കേസില്‍ പ്രതിയാവുകയും ചെയ്യുമ്പോഴാണ് കണ്ണൂരിന്റെ മണ്ണിലെ തിണ്ണമിടുക്കിന് ആണത്തമില്ലാതായിപ്പോകുന്നത്.

ഏറെ നാളായി പാര്‍ട്ടി കഷ്ടപ്പെട്ട് പണിതുയര്‍ത്തി വന്ന ബില്‍ഡ് അപ്പുകളെല്ലാം തകര്‍ന്നു നാശമായിരിക്കുന്നു. സോളാര്‍ കേസും സലീം രാജുമുള്‍പ്പെടെയുള്ള സകല വിവാദങ്ങളില്‍ നിന്നും മുക്തനായി, ഇമേജ് ഡബിളാക്കി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകേരളത്തിലെ തന്റെ കരുത്ത് കാണിച്ചു തന്നിരിക്കുന്നു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു കൊല്ലാന്‍ നോക്കുന്ന രാഷ്ട്രീയത്തിന് ഒരാളുടെയും അംഗീകാരം ലഭിക്കില്ല എന്നതിനാല്‍ കല്ലെറിഞ്ഞു കയ്യടി വാങ്ങാമെന്നു കരുതിയ ആവേശഭരിതരായ അണികളെ തള്ളിപ്പറഞ്ഞ് സഖാക്കള്‍ക്കു തല്‍ക്കാലം തലയില്‍ ഉടുമുണ്ട് പുതയ്ക്കാം.

സിപിഎം പ്രതിഷേധം നടക്കുമ്പോള്‍ മുഖ്യമന്ത്രിക്കു നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരായിരിക്കുമെന്നാണ് സഖാവ് എം.വി.ജയരാജന്‍ പറയുന്നത്. വിവരക്കേട് പറയാന്‍ തുടങ്ങിയാല്‍ എല്ലാവരും കൂട്ടത്തോടെ എന്നതാണല്ലോ പാര്‍ട്ടിയുടെ ഒരു ലൈന്‍. മുഖ്യമന്ത്രിയെ ആക്രമിച്ചതിന്റെ പങ്ക് ആര്‍ക്കാണെന്നു പറയാനുള്ള ബാധ്യത പാര്‍ട്ടിക്കില്ലെന്നും ആക്രമണത്തിനു കാരണം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കാണെന്നുമൊക്കെയാണ് സോ കോള്‍ഡ് ജയരാജന്‍മാരുടെ വാദം. തിരുവനന്തപുരത്ത് രാപകല്‍ സമരത്തിനുള്ളില്‍ ജയില്‍ചാടിയ റിപ്പര്‍ കൂളായി ഒളിച്ചിരുന്നതുപോലെ സിപിഎം പ്രതിഷേധസമരക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുകിക്കയറി മുഖ്യമന്ത്രിയുടെ കാര്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു എങ്കില്‍ അത് പ്രതിഷേധത്തിനിറങ്ങിയ പാര്‍ട്ടിയുടെ പരാജയമാണ്.

അക്രമങ്ങളും രാഷ്ട്രീയകൊലപാതകങ്ങളും നാട്ടിലെ സംഭവവികാസങ്ങളുടെ പരിണിതഫലങ്ങളാണ് എന്ന മട്ടിലുള്ള വാദങ്ങളില്‍ നിന്നും പിന്മാറാനും അക്രമങ്ങളെ തള്ളിപ്പറയാനും തക്കവിധം നേതാക്കന്‍മാര്‍ ജനങ്ങളെ ഭയന്നു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് വളരെ നല്ല മാറ്റമാണ്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സിപിഎമ്മുകാരോടൊപ്പം നിന്ന കോണ്‍ഗ്രസുകാരാണെന്ന വിഡ്ഢിത്തങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചില്ലെങ്കിലും അക്രമസമരങ്ങള്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നു നേതാക്കന്‍മാര്‍ തിരിച്ചറിയുന്നു എന്നത് മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വളരെ പോസിറ്റീവായ മാറ്റമാണ്. ഈ മാറ്റത്തിനു കാരണമായിട്ടുള്ളത് രക്തസാക്ഷിയായ ടി.പി.ചന്ദ്രശേഖരനാണെന്നും പറയാതെ വയ്യ.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ അകാരണമായി പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് കുടുക്കിയതു പോലെ ഈ കേസിലും അകാരണമായി പൊലീസ് അതു ചെയ്യുമെന്നുറപ്പാണ്. കേസില്‍ 22 പേരെ അറസ്റ്റ് ചെയ്യുകയും സിപിഎം നേതാക്കന്‍മാരടക്കം അനേകം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുക എന്ന ഉഡായ്പ് മുദ്രാവാക്യമുയര്‍ത്തിയും നിഷകളങ്കരായ സിപിഎം പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ചും അടുത്ത സമരമുറകള്‍ ഉടനെ ആരംഭിച്ചേക്കാം. മുഖ്യമന്ത്രിയുടെ ചോരയ്ക്കു പകരം ചോദിക്കുമെന്നു പ്രഖ്യാപിച്ച് കണ്ണൂര്‍ സിംഹം (അതോ കടുവയോ ?) കെ.സുധാകരനും രംഗത്തിറങ്ങിയിട്ടുണ്ട്. ശാന്തമായിരുന്ന കടത്തനാടന്‍ മണ്ണില്‍ ഇനി അങ്കക്കലിയുടെ കാലമായിരിക്കുമെന്നത് ആശങ്കാജനകമാണ്.

തനിക്കെതിരായ അക്രമത്തെ 101 ശതമാനം പോസിറ്റീവായി കൈകാര്യം ചെയ്ത മുഖ്യമന്ത്രിയെ അക്കാര്യത്തില്‍ അഭിനന്ദിക്കാതെ തരമില്ല. ഇതിന്റെ പേരില്‍ ഇന്നു കേരളത്തില്‍ ഹര്‍ത്താല്‍ നടത്തരുത് എന്നു കര്‍ശനനിര്‍ദേശം നല്‍കിയ നിശ്ചയദാര്‍ഢ്യത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാതെയും വയ്യ. ഇന്നൊരു ഹര്‍ത്താല്‍ നടത്തിയിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ ചോരയ്ക്കു പകരം ചോദിക്കാനിറങ്ങുന്നവരും അവരെ പ്രതിരോധിക്കുന്നവരുമെല്ലാം ചേര്‍ന്ന് കണ്ണൂരില്‍ ചോര ചൊരിഞ്ഞേനെ എന്നതില്‍ സംശയമില്ല.

മുഖ്യമന്ത്രിയുടെ നെറ്റിയില്‍ നിന്നും രണ്ടുതുള്ളി ചോര വന്നതിനാണോ ഈ ബഹളം, ഞങ്ങടെ എത്രയോ സഖാക്കന്‍മാരെ പൊലീസ് തല്ലിച്ചതച്ചിരിക്കുന്നു എന്നു ചിലര്‍ ചോദിക്കുന്നുണ്ട്. പൊലീസ് അക്രമത്തിനുള്ള മറുപടി മുഖ്യമന്ത്രിയെ അപായപ്പെടുത്തുന്നതാണ് എന്നു വിശ്വസിക്കുന്നവര്‍ നാടിനാപത്താണ്. മുഖ്യമന്ത്രിയുടെ ജീവന്‍ പോലും സുരക്ഷിതമല്ലാത്ത നാട്ടില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ രണ്ടുതുള്ളി ചോരയുയര്‍ത്തുന്നത്. അതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതാക്കന്‍മാരാണ്. ടിപി ചന്ദ്രശേഖരന്‍ സ്വയം വെട്ടി മരിച്ചു എന്നു പറയുന്നതുപോലെ മുഖ്യമന്ത്രി തന്നെ നേരത്തെ ആളെ നിര്‍ത്തി കല്ലെറിയിച്ചു രാഷ്ട്രീയമുതലെടുപ്പു നടത്തുന്നതാണ് എന്നൊക്കെ വാദിച്ച് ഓടിരക്ഷപെടുന്നവരല്ല നല്ല നേതാക്കന്‍മാര്‍. അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ നടപടിയെടുക്കും എന്ന് ഉറപ്പോടെ പറഞ്ഞിരുന്നെങ്കില്‍ അതിനൊരു മൂല്യമുണ്ടായിരുന്നു. പിണറായി വിജയനെപ്പോലെയുള്ള ഒരു നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതാണ്.

എല്ലാറ്റിനുമുപരിയായി ഈ ബഹളത്തില്‍ നിശബ്ദരായി തടിയൂരുന്ന ഒരു വിഭാഗമുണ്ട്- കേരളാ പൊലീസ്. തിരുവനന്തപുരത്തെ സമരത്തില്‍ സമരക്കാരന്റെ വൃഷണമുടച്ച അതേ പൊലീസ് തന്നെ. പൊലീസ് അസോസിയേഷന്‍ കായികമേളയില്‍ പങ്കെടുക്കാന്‍ വന്ന മുഖ്യമന്ത്രിയെയാണ് സമരക്കാര്‍ കായികമായി നേരിട്ടത് എന്നത് കേരളാ പൊലീസിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ നാണക്കേടുകളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. അക്രമത്തിനു സാധ്യതയുണ്ട് എന്നു റിപ്പോര്‍ട്ട് ഉണ്ടായിട്ടുപോലും ഇതു സംഭവിച്ചു എങ്കില്‍ അടിസ്ഥാനപരമായി ഇതു പൊലീസിന്റെ വീഴ്ചയാണ് എന്നു പറയാതെ വയ്യ.

മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഭിനന്ദനങ്ങള്. കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ സമരം വിജയിക്കുകയും നഴ്‍സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യേണ്ടി വന്ന ഗതികേടിനു പകരമായി സര്‍ക്കാരിന് ഇനി ചെയ്യാനുള്ളത് പ്രതികാരമാണ്. ആത്മഹത്യാഭീഷണി മുഴക്കിയ നഴ്‍സുമാര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനും സമരത്തിനിടെ നടന്ന അക്രമത്തില്‍ നാട്ടുകാര്‍ക്കെതിരെ വിവിധ വകുപ്പുകളിലും കേസെടുത്ത മുഖ്യമന്ത്രിയും ആഭ്യന്തരനും നമ്മള്‍ ഉദ്ദേശിച്ചതിനെക്കാള്‍ വലിയ ഭീരുക്കളും നിഷ്കളങ്കരുമാണെന്ന് തെളിയിച്ചു കഴിഞ്ഞു.നഴ്‍സുമാരെ പിന്തുണച്ച കേരളത്തിലെ ആയിരക്കണക്കായ ആളുകള്‍ക്കെതിരെയും ആത്മഹത്യാപ്രേരണയ്‍ക്കു കേസെടുക്കണമെന്ന് ഭരണം കൊണ്ടാടുന്ന തിരുമേനിമാരോട് വിനീതമായി അഭ്യര്‍ഥിക്കുന്നു.

ഒത്തുതീര്‍പ്പായ കോതമംഗലം സമരത്തിലെ പ്രധാനവ്യവസ്ഥകളിലൊന്ന് സമരക്കാര്‍ക്കെതിരേ പ്രതികാരനടപടി ഉണ്ടാവുകയില്ല എന്നതായിരുന്നു. എന്നാല്‍, അത് മാനേജ്‍മെന്‍റുമായുള്ള ഉടമ്പടിയായിരുന്നതുകൊണ്ടാവാം പ്രതികാരം സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തത്. 115 ദിവസം നീണ്ടു നിന്ന സമരവും നഴ്‍സുമാരുടെ ദുരിതവും അവഗണിക്കുന്ന സര്‍ക്കാരിന് സമരത്തിന്‍റെ ഭാഗമായി നടന്ന ആത്മഹത്യാഭീഷണിയും ജനകീയസമരവും വലിയ ക്രമാസമാധാനപ്രശ്നമായി തോന്നുന്നത് കടിച്ചമര്‍ത്തിയ പകയുടെ പ്രതിഫലനമല്ലെങ്കില്‍ പിന്നെ എന്താണ് ? സര്‍ക്കാരിന് നഴ്‍സുമാരോട് ഒരു തരത്തിലുമുള്ള ആഥ്മാര്‍ത്ഥ ഇല്ല എന്നത് പിറവം തിരഞ്ഞെടുപ്പിന്‍റെ അന്ന് കണ്ടതാണ്. ലേക്‍ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത നഴ്‍സുമാരോട് ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് പറ്റിച്ചിട്ട് പോളിങ് കഴിഞ്ഞ് അരമണിക്കൂറിനകം എല്ലാറ്റിനെയും അറസ്റ്റ് ചെയ്ത് നീക്കിയവനാണ് നമ്മുടെ ഉമ്മന്‍ ചാണ്ടി. ആത്മഹത്യാഭീഷണി കഴിഞ്ഞ് ദിവസമിത്രയുമായി. ഇന്നലെ ഒത്തുതീര്‍പ്പു ചര്‍ച്ചയും കഴിഞ്ഞു നഴ്‍സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചപ്പോള്‍ തികച്ചും നാടകീയമായി പൊലീസ് കേസെടുത്തിരിക്കുന്നു.കെട്ടിടത്തിനു മുകളില്‍ കയറിയ മൂന്നു നഴ്‍സുമാര്‍ക്കെതിരെയാണ് പൊലീസ് ആത്മഹത്യാശ്രമത്തിനു കേസെടുത്തിരിക്കുന്നത്.

അന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ കൂവിയോടിച്ച, നഴ്‍സുമാര്‍ക്കു വേണ്ടി വളരെ വൈകാരികമായി പ്രതികരിച്ച നാട്ടുകാര്‍ക്കെതിരെയും കേസുണ്ട്. ഒന്‍പതു പേരെ അറസ്റ്റ് ചെയ്യുകയും കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരുടെ പേരിലുള്ള കുറ്റങ്ങളും ശ്രദ്ധേയമാണ്. പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏതെങ്കിലും യുഡിഎഫ് നേതാവിനെ കൂവുന്നതിനു മുമ്പ് വോട്ടു ചെയ്യുന്ന പട്ടികള്‍ ഇനി മുതല്‍ മൂന്നു വട്ടം ആലോചിക്കണം. ഉമ്മന്‍ ചാണ്ടിയുടെ ഭീരുത്വവും സമുദായങ്ങളുടെ ആധിപത്യവും ഒരിക്കല്‍ക്കൂടി തെളിഞ്ഞ സമരമുഖത്തെ ജനകീയപങ്കാളിത്തം സര്‍ക്കാരിനെയും രാഷ്ട്രീയനേതൃത്വത്തെയും വല്ലാതെ ഭയപ്പെടുത്തുന്നു എന്നതിന്‍റെ തെളിവാണ് ഈ അറസ്റ്റ്.കേസുകളെല്ലാം നിലനില്‍ക്കുന്നതാണ്. കേസ് എടുത്തതില്‍ സാങ്കേതികമായി ഒരു തെറ്റുമില്ല.കേസെടുത്ത് ആ മൂന്നു നഴ്‍സുമാരുടെ ഭാവി തുലയ്‍ക്കാന്‍ സാധിച്ചാല്‍, പൊലീസ് നടപടകളിലൂടെ അവരെ ശരിക്കും ആത്മഹത്യയിലേക്കു തള്ളിവിടാനായാല്‍ അത്രയുമായി.

നഴ്‍സുമാര്‍ക്കെതിരെയും സമരത്തെ പിന്തുണച്ചവര്‍ക്കെതിരെയും കേസെടുത്ത നടപടി അപലപനീയമാണെന്നും ദുഷ്ടലാക്കോടു കൂടി എടുത്ത നടപടി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, അതിനു മുഴക്കം പോര. ഈ അറസ്റ്റുകള്‍ ഭരണനേതൃത്വത്തെ എത്രത്തോളം ആശ്വസിപ്പിക്കുന്നുണ്ട് എന്നത് കോണ്‍ഗ്രസിന്‍റെ മുഖപത്രമായ വീക്ഷണത്തിലെ വാര്‍ത്ത വായിച്ചാല്‍ മനസ്സിലാവും. ഉമ്മന്‍ ചാണ്ടിയുടെ സൗമ്യശാലീനതയെ അഭിനന്ദിക്കാതെ വയ്യ. തിരുവഞ്ചൂരിന്‍റെ സാമൂഹികപ്രതിബദ്ധതയും അപാരം തന്നെ. ടിപി വധത്തിലെ പ്രതികളെ നമ്മള്‍ പിടികൂടിയല്ലോ അതുകൊണ്ട് ഇനി ചെയ്യുന്നതെല്ലാം ശരിയായിരിക്കും.

വിളപ്പില്‍ശാലയിലും പാലിയേക്കരയിലും കോതമംഗലത്തുമെല്ലാം രാഷ്ട്രീയമുതലെടുപ്പിനു സാധ്യതയില്ലാത്ത വണ്ണം ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ ഭരണാധികാരികള്‍ക്ക് ഭയമാവും. ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നിടത്തോളം അപകടകരമായി മറ്റൊന്നുമില്ല എന്നവര്‍ക്കറിയാം. വിദേശരാജ്യങ്ങളിലെ മുല്ലപ്പൂവിപ്ലവങ്ങളെപ്പറ്റി പ്രസംഗിച്ച് അണികളെ കോള്‍മയിര്‍ കൊള്ളിക്കുകയും നാട്ടിലെ കൊച്ചുകൊച്ചുസമരങ്ങളെപ്പോലും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂടം ജനങ്ങള്‍ വോട്ടു ചെയ്യുന്നതൊഴികെ മറ്റെല്ലാം രാജ്യദ്രോഹമാണെന്നു പറയാന്‍ അധികകാലമില്ല.

രാജ്യത്ത് ഭക്‍ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാകുന്നതില്‍ താന്‍ സന്തോഷിക്കുന്നു എന്നു പറഞ്ഞ ഒരു വിദ്വാന്‍ കേന്ദ്രത്തില്‍ കിടന്നു വിയര്‍ക്കുന്നുണ്ട്. കര്‍ഷകര്‍ക്കു വരുമാനം കൂടുമല്ലോ എന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം ന്യായീകരിച്ചു കഷ്ടപ്പെടുന്നുമുണ്ട്. വിലക്കയറ്റമുണ്ടാകുമ്പോഴേല്ലാം ആ മാര്‍ജിന്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നു എന്നു വിശ്വസിക്കുന്ന പരമസാധുവും നിഷ്കളങ്കനുമായ ആ കേന്ദ്രമന്ത്രിയോട് പ്രതിപക്ഷം ക്ഷമിക്കുമാറാകട്ടെ.

References: Malayala Manorama, Metro Vartha, Veekshanam

ഈ പണിമുടക്കിന് ഒരു രാഷ്ട്രീയമുണ്ട്

എല്ലാ പണിമുടക്കുകള്‍ക്കും ഓരോ കാരണമുണ്ട്. പങ്കാളിത്ത പെന്‍ഷനെതിരേ നാളെ നടക്കുന്ന പണിമുടക്ക് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കോതമംഗലത്തെ നഴ്‍സുമാരുടെ ആവശ്യങ്ങള്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ചതോടെ കേരളത്തെ അസ്വസ്ഥമാക്കിയ ആ സമരാധ്യായവും അടഞ്ഞു. ഡോക്ടര്‍മാരും നഴ്‍സുമാരും പണിമുടക്കുന്നതിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് നമുക്കുള്ളത്. നിസ്സാര കാര്യങ്ങളുടെ പേരില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമ്പോള്‍ ജനത്തിനു രോഷം ഡോക്ടര്‍മാരോടാണ്. മൗലികാവശ്യങ്ങള്‍ക്കു വേണ്ടി നഴ്‍സുമാര്‍ പണിമുടക്കിയപ്പോള്‍ ജനം നഴ്‍സുമാരോടൊപ്പം നിന്നു.

ഇന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. ബിഹാര്‍ സ്വദേശിയായ സത്നാം സിങ് മരിക്കാനിടയായതിനെ തുടര്‍ന്ന് സത്നാം സിങ്ങിനെ ചികില്‍സിച്ച പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ആറു ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വാഭവികമായും ആ ഡോക്ടര്‍മാരെ തെരണ്ടിവാലിനടിക്കണം എന്നതാവും നമ്മുടെ ആദ്യപ്രതികരണം. കെജിഎംഒഎ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന ശക്തമായ ഒരു നിലപാടെടുക്കുന്നത് കുറ്റമാരോപിക്കപ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കു വേണ്ടിയാണ് എന്നത് ഒരു കാര്യം. മറ്റൊന്ന്, ഈ ഡോക്ടര്‍മാര്‍ സത്നാം സിങ്ങിന്‍റെ മരണത്തില്‍ എത്രത്തോളം പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യം.

ടിപി ചന്ദ്രശേഖരന്‍റേതുപോലെ തന്നെ ഒരു ജീവനായിരുന്നു സത്നാം സിങ്ങിന്‍റേതും. ബിഹാറുകാരനായ സത്നാം സിങ്ങിന്‍റെ മരണം അന്വേഷിച്ചു തെളിയിക്കുന്നതുകൊണ്ട് സര്‍ക്കാരിന് രാഷ്ട്രീയനേട്ടമൊന്നുമുണ്ടാകാനില്ല. സത്യസന്ധമായി കേസ് അന്വേഷിച്ചു തെളിയിക്കുന്ന കേരളത്തിലെ ഒരേയൊരു ടീം വിന്‍സന്‍ എം പോളും സംഘവുമാണെന്നാണ് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. എന്നിട്ടും ഈ യുവാവിന്‍റെ മരണം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത് മാതാ അമൃതാനന്ദമയി ഭക്തയായ ബി.സന്ധ്യയും. അതേ സമയം, ഈ കേസില്‍ അമൃതാനന്ദമയീ മഠം പ്രതിയാവണം എന്നു വാശിയുള്ളതുപോലെയാണ് ചിലരുടെ പ്രതികരണങ്ങള്. അത്തരത്തിലൊരു വാശി പാടില്ല. സത്നം സിങ്ങിനെ മഠത്തില്‍ നിന്നു പൊലീസ് സ്റ്റേഷനിലെത്തിക്കുമ്പോള്‍ അയാള്‍ ആരോഗ്യവാനായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. മര്‍ദ്ദനമേറ്റത് ആശുപത്രിയില്‍ വച്ചാണെന്നും കക്കൂസില്‍ നിന്നു വെള്ളം നക്കിക്കുടിച്ച് അയാള്‍ മരിച്ചുവീഴുന്നത് മര്‍ദ്ദകര്‍ നോക്കി നിന്നു എന്നും വാര്‍ത്തകളില്‍ കാണുന്നു. എന്തിന് അയാളെ ഇത്തരത്തില്‍ മര്‍ദ്ദിച്ചു കൊന്നു ? അയാളെ കൊല്ലണം എന്നാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടായിരുന്നോ ?

പൊലീസും മിക്കവാറും മാധ്യമങ്ങളും പറയുന്നതുപോലെ അമ്മയെ ആക്രമിക്കാന്‍ ചാടി വീണ സത്നാമിനെ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ലളിതമായി കീഴ്‍പെടുത്തുകയും അടുത്ത ദിവസം മാനസികരോഗാശുപത്രിയില്‍ അയാള്‍ മരിക്കുകയുമായിരുന്നോ ? അതോ പലരും ആരോപിക്കുന്നതുപോലെ ആശ്രമത്തില്‍ വച്ച് സത്നാം ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നോ ? സത്നാമിന്‍റെ മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണവും മാതാ അമൃതാനന്ദമയി മഠത്തിന്‍റെ നിരപരാധിത്വവും തെളിയിക്കപ്പെടണമെങ്കില്‍ അന്വേഷണം ടിപി വധം അന്വേഷിച്ച മികവോടെ, സുതാര്യതയോടെ വേണം. ഇവിടെ ജനങ്ങള്‍ക്ക് സ്വൈര്യജീവിതത്തിന് അവസരമുണ്ടാക്കുമെന്നു വാഗ്ദാനം ചെയ്ത ആഭ്യന്തരമന്ത്രി അതേ ആവേശത്തോടെ ഈ കേസും അന്വേഷിച്ചു തെളിയിക്കണം. എന്തൊക്കെയോ മറയ്‍ക്കാനുണ്ട് എന്ന പ്രതീതി പരിശുദ്ധമായ മഠത്തിനു മേലുള്ള സംശയനിഴലുകള്‍ വര്‍ധിപ്പിക്കുകയേയുള്ളൂ.

തന്നെയൊരാള്‍ കൊല്ലാന്‍ വരുമെന്ന് മാതാ അമൃതാനന്ദമയി ഭയപ്പെടുമോ ? അഥവാ ഒരാള്‍ കൊല്ലാന്‍ വന്നാല്‍ അംഗരക്ഷകരെക്കൊണ്ട് അയാളെ തല്ലിക്കുമോ ? ജീവിതത്തിന്‍റെയും മരണത്തിന്‍റെയുമൊക്കെ രഹസ്യങ്ങള്‍ അറിഞ്ഞ് ജനകോടികള്‍ക്ക് ആശ്വാസമരുളുന്ന മാതാ അമൃതാനന്ദമയി തന്‍റെയടുത്തേക്ക് പാഞ്ഞുവരുന്ന ഒരാളെ ഭയപ്പെടുമെന്നു ഞാന്‍ വിശ്വസിക്കില്ല. സത്നാമിനെ നെഞ്ചോടു ചേര്ത്തു പിടിച്ച് മാതൃസഹജമായ ചുംബനം നല്‍കും മുമ്പ് അമ്മയെ മനസ്സിലാക്കാത്ത വെറും ഭക്തരോ കാവല്‍പോലീസോ അയാളെ തടഞ്ഞതാവാം. സമര്‍ഥയായ ബി സന്ധ്യ വിചാരിച്ചാല്‍ എല്ലാം തെളിയിക്കാവുന്നതേയുള്ളൂ. നൂറു കഷണമാക്കിയ സിം കാര്‍ഡില്‍ നിന്നു വരെ രഹസ്യങ്ങള്‍ ചുരണ്ടിയെടുത്ത് വര്‍ഷങ്ങളോളം നടന്ന കൊപാതകശ്രമങ്ങള്‍ മുതല്‍ കൊലപാതത്തിലെ എല്ലാ ഘട്ടങ്ങളും വ്യക്തമായി തെളിയിക്കാനുള്ള കഴിവും ശേഷിയും കേരളാ പോലീസിനുണ്ട് എന്നു ടിപി വധക്കേസ് അന്വേഷണത്തിലൂടെ തെളിയിച്ചതാണ്. ആ കഴിവും ശേഷിയും ലോകത്തെ അറിയിക്കാനുള്ള രണ്ടാമത്തെ മികച്ച അവസരമാണ് ഇത്. സത്യം മറവുകളില്ലാതെ ജനങ്ങളിലേക്കെത്തട്ടെ.

സത്യം പുറത്തുവരണം എന്നു പറയുന്നവര്‍ അമൃതാനന്ദമയി മഠത്തിന് എതിരാണ് എന്ന നിലയില്‍ ചിലരുടെ പ്രതികരണങ്ങള്‍ കണ്ടു. മഠത്തെ സംശയിക്കുന്നവര്‍ക്ക് മുന്നില്‍ മഠത്തിന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിലൂടെ അമ്മയുടെയും മഠത്തിന്‍റെയും തിളക്കം വര്‍ധിക്കുകയേയുള്ളൂ എന്നാണ് എന്‍റെ അഭിപ്രായം. അമ്മയും ഭക്തരുമൊക്കെ തന്നെയാണെങ്കിലും ഇതൊരു ജനാധിപത്യരാജ്യം കൂടിയാണെന്നതിനാല്‍ അത് എല്ലാവര്‍ക്കും നല്ലതാണ്. സത്നാം സിങ്ങിന്‍റെ മരണം അസ്വാഭികമാണ് എന്നു പറയുന്ന പൊലീസ് അത് കൊലപാതകമാണെന്നു പറയാന്‍ ധൈര്യപ്പെടുന്നില്ല. കൊലപാതകമാണെങ്കില്‍ ആരാണ് ഒന്നാം പ്രതി ? മറ്റു പ്രതികള്‍ ആരൊക്കെയാണ് ? ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തതിന്‍റെ ഉദ്ദേശം എന്താണ് ? അവര്‍ക്ക് കൊലപാതകത്തിലുള്ള പങ്ക് എന്താണ് ? നടപടിക്കു വിധേയരായ ഡോക്ടര്‍മാര്‍ക്കു വേണ്ടി കെജിഎംഒഎ ഇന്നു പണിമുടക്കുമ്പോള്‍, നടപടി പിന്‍വലിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാലസമരമാരംഭിക്കുമെന്നു ഭീഷണിപ്പെടുത്തുമ്പോള്‍ സത്യം സത്യമായി ജനങ്ങളിലെത്താന്‍ സമയമായി എന്നു കൂടി അര്‍ത്ഥമുണ്ട്. കേരളം തല്ലിക്കൊന്ന ആ ചെറുപ്പക്കാരനും നീതിയുടെ ഒരംശം അവകാശപ്പെട്ടതാണ്. കേസ് പൊലീസ് അന്വേഷിച്ചു സത്യം ജനങ്ങളെ അറിയിക്കുക തന്നെ വേണം. എല്ലാം ദിവ്യദൃഷ്ടിയാല്‍ മനസ്സിലാക്കാന്‍ നമ്മളാരും ദൈവങ്ങളല്ലല്ലോ.

References: Madhyamam, Malayala Manorama, Mathrubhumi, Kerala Kaumudi, Indiavision, Facebook