വിലക്കിന്റെ സുഖം

എന്തു കൊണ്ടു മലയാള സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്നു എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് സിനിമാ പ്രവര്‍ത്തകര്‍ നമുക്കു മുന്നില്‍ വച്ചിരിക്കുന്നത്. സംഘടനകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കുകയും ആ സംഘടനകള്‍ക്കൊക്കെ എന്തോ വലിയ അധികാരങ്ങളുണ്ടെന്നു വിശ്വസിക്കുകയും അത്തരം സാങ്കല്‍പിക അധികാരങ്ങളുടെ പേരില്‍ സഹപ്രവര്‍ത്തകരെ വിലക്കുകയും നിരോധിക്കുകയുമൊക്കെ ചെയ്യുന്ന സംഘടിതരും വിവരദോഷികളുമായ ഒരു സംഘമാളുകള്‍ക്ക് നല്ല സിനിമയെടുക്കാനുള്ള വിവേകമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഇന്നസെന്റും ബി.ഉണ്ണികൃഷ്ണനും ലിബര്‍ട്ടി ബഷീറുമൊക്കെ അവരവരുടെ ഈഗോ മുറുകെപ്പിടിച്ച് സ്വയം അപഹാസ്യരാകുമ്പോള്‍ ജനം ഹിന്ദി, തമിഴ് സിനിമകള്‍ കണ്ടു കയ്യടിക്കുന്നതിന്റെ ആരവം ഇവര്‍ കേള്‍ക്കാതെ പോവുകയാണ്.

മോഹന്‍ലാല്‍ നായകനായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസ് ചെയ്യുന്നതിന് ഫലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ബി.ഉണ്ണികൃഷ്ണന്‍ വിട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് സംഘടന സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ മഹാ അഹങ്കാരിയാണെന്നും അദ്ദേഹം മാപ്പു പറയാതെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നുമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നിലപാട്. സംഗതി ബാലിശമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. എന്നാല്‍, ഈ സംഘടനകളുടെ പഴയ ചരിത്രം വച്ചു നോക്കുമ്പോള്‍ വിനയന്‍ പറഞ്ഞതുപോലെ അമ്മയും ഫെഫ്കയും വിലക്കിന്റെ സുഖം ഒന്നറിയുന്നത് നല്ലതാണ്.

പ്രഖ്യാപിത-അപ്രഖ്യാപിത വിലക്കുകള്‍ കൊണ്ട് മലയാള സിനിമയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ള രണ്ട് സംഘടനകളാണ് അമ്മയും ഫെഫ്കയും. അതുകൊണ്ടു തന്നെ ഈ വിലക്ക് അനിവാര്യമായ ഒന്നാണ്. തിലകന്‍ ഉള്‍പ്പെടെയുള്ള നടന്‍മാരെ വിലക്കിയ ചരിത്രമുള്ള അമ്മയും വിനയനെയും അദ്ദേഹത്തെ പിന്തുണച്ചവരെയും മാറ്റിനിര്‍ത്തിയിട്ടുള്ള ഫെഫ്കയും സംഘടനാഭാരവാഹിയുടെ പടത്തിനു വിലക്കു വന്നപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുകയാണ്. വിലക്ക് നീക്കിയില്ലെങ്കില്‍ (ലിബര്‍ട്ടി ബഷീര്‍ ഉണ്ണികൃഷ്ണനോടു മാപ്പു പറയണമെന്നൊരു ക്ലോസ് കൂടി വയ്ക്കാമായിരുന്നു) മെയ് ഒന്നു മുതല്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് സമരം ചെയ്യാനാണ് ഫെഫ്കയുടെ തീരുമാനം.

ഗംഭീരം എന്നു ടാഗ് ചെയ്ത് പുറത്തിറക്കുന്ന സിനിമകള്‍ കണ്ട് പ്രേക്ഷകര്‍ വിമര്‍ശിച്ചു പോയാല്‍ ലൈറ്റ്‌ബോയ് മുതലുള്ള അനേകം സിനിമാ പ്രവര്‍ത്തകരുടെ ജീവിതമാര്‍ഗമാണെതെന്നു പറഞ്ഞു വിമര്‍ശനങ്ങളെ ചെറുക്കുന്നവരാണ് നിസ്സാര ഈഗോയുടെ പേരില്‍ വ്യവസായമൊന്നടങ്കം സ്തംഭിപ്പിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണം. ഈ പറഞ്ഞ പാവങ്ങളുടെ അധ്വാനത്തെക്കാള്‍ വലുതാണ് ഉണ്ണികൃഷ്ണന്റെയും ഇന്നസെന്റിന്റെയുമൊക്കെ ദുരഭിമാനമെങ്കില്‍ സിനിമയെ വിമര്‍ശിക്കാനുള്ള പ്രേക്ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഈ വിവരദോഷികള്‍ക്ക് എന്തവകാശമാണുള്ളത്.

ഈ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിച്ചിരിക്കുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പരിഹാസ്യമായ കഥാപാത്രം. തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മുകാരോടൊപ്പം നടന്നു ഫാസിസം എന്നൊക്കെയുള്ള വാക്കുകള്‍ പഠിച്ചത് അര്‍ഥമറിയാതെ അദ്ദേഹം ചുമ്മാ എടുത്തു പ്രയോഗിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ വിവിധ കാലങ്ങളിലായി സംഘടനയുടെ പരമാധികാരം പ്രകടമാക്കി ഇവിടെ ഏറ്റവുമധികം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് അമ്മയാണ്. ടിവിയില്‍ അഭിനയിക്കാന്‍ വിലക്ക്, ഷോയില്‍ പങ്കെടുക്കാന്‍ വിലക്ക്, പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ വിലക്ക്, വിളിച്ചാല്‍ ഫോണെടുത്തില്ലെങ്കില്‍ വിലക്ക്, പ്രഖ്യാപിത വിലക്ക്, അപ്രഖ്യാപിത വിലക്ക്. ഇതെല്ലാം കഴിഞ്ഞിട്ട് അദ്ദേഹം പുതിയ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിക്കുമ്പോള്‍ ഉച്ചത്തിലുള്ളൊരു പൊട്ടിച്ചിരിയാണ് കേള്‍ക്കുന്നത് (തിലകന്റെ ശബ്ദത്തില്‍).

കളിയില്‍ തോറ്റുകൊണ്ടിരിക്കുന്ന മലയാള സിനിമാ ടീമിനെ സംന്ധിച്ച് തോല്‍വിയുടെ വേഗം കൂട്ടാനുള്ള ഏറ്റവും എളുപ്പവഴിയാണ് തമ്മിലടിക്കുക എന്നത്. ചാനലുകളെ പറ്റിച്ച് അവരുടെ പണം കൊണ്ടു സിനിമ പിടിച്ചിരുന്ന തട്ടിപ്പിന് ഏതാണ്ട് അറുതിയായിട്ടുണ്ട്. പഴയതുപോലെ പ്രവാസികളെ നിര്‍മാവാതിന്റെ വേഷം കെട്ടാന്‍ ഒത്തുകിട്ടുന്നുമില്ല. മുന്തിയ സംവിധായകര്‍ പോലും സിനിമകള്‍ വേണ്ടെന്നു വച്ചുകൊണ്ടിരിക്കുകയാണ്. എത്ര തരംതാഴ്ന്നതാണെങ്കിലും തമിഴ്, ഹിന്ദി സിനിമകള്‍ക്കു പ്രതീക്ഷിക്കാവുന്ന ഒരു മിനിമം നിലവാരമുണ്ടെന്നതിനാല്‍ പ്രേക്ഷകര്‍ സിനിമ കാണാതെ മരിച്ചു പോവുകയൊന്നുമില്ല.

മലയാള സിനിമ സമരം ചെയ്താല്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല പൊതുജനം അതൊന്നും ശ്രദ്ധിക്കുക പോലുമില്ല. അങ്ങോട്ടുമിങ്ങോട്ടും വിലക്കിയും സമരം ചെയ്തും സ്വന്തം കഞ്ഞിയില്‍ പാറ്റയിടുന്ന സിനിമാക്കാര്‍ ഓര്‍ക്കുക. ആ കഞ്ഞി ഞങ്ങള്‍ പ്രേക്ഷകരുടെ കാശാണ്. അതില്ലാതായാല്‍ ശിഷ്ടകാലം പാറ്റകളെ തിന്നു ജീവിക്കേണ്ടി വരും.

(ശുഭം)

ഗ്യാങ്‌സ്റ്റര്‍ (റിവ്യൂ)

ഭരതനും പത്മരാജനും ശേഷം മലയാളസിനിമയെ നിലവാരമുള്ള സിനിമകളുടെ കാലത്തേക്കു തിരികെ കൊണ്ടുവന്ന ആഷിക് അബു എന്ന മഹാനായ ചലച്ചിത്രകാരന്റെ ഏറ്റവും പുതിയ ക്ലാസിക് ആണ് മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റര്‍. ലോകനിലവാരത്തിലുള്ള തിരക്കഥയും ദാര്‍ശനികസ്പര്‍ശമുള്ള സംഭാഷണങ്ങളും അനുനിമിഷം ഭാവങ്ങള്‍ മാറിമറിയുന്ന മമ്മൂട്ടിയുടെ പ്രകടനവും തുടങ്ങി എല്ലാം ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന ചിത്രമാണ് ഗ്യാങ്സ്റ്റര്‍.

ചിത്രത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ ആസൂത്രിതമായ കുപ്രചരണങ്ങളും സിനിമ കണ്ടിറങ്ങുന്നവരുടെ നേതൃത്വത്തില്‍ ഹീനമായ അഭിപ്രായപ്രകടനങ്ങളും നടക്കുന്നുണ്ടെങ്കിലും സിനിമ എന്ന മാധ്യമത്തെ ഉദ്ധരിക്കുന്ന, മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്ന വളരെ വ്യത്യസ്തവും വിസ്മയകരവുമായ ഒരു ദൃശ്യാനുഭവമാണ് ഗ്യാങ്സ്റ്റര്‍. ഇത്തരത്തിലൊരു സിനിമ മലയാളത്തില്‍ എടുക്കാന്‍ സന്മനസ്സു കാണിച്ചതിന് ആഷിക് അബുവിനോട് ഓരോ മലയാളിയും മലയാള സിനിമാവ്യവസായവും കടപ്പെട്ടിരിക്കുന്നു.

ദൃശ്യം പോലുള്ള മൂന്നാം കിട ചിത്രങ്ങള്‍ തിയറ്ററുകളില്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടുമ്പോള്‍ അത്തരത്തില്‍ എത്ര മൂന്നാംകിട ചിത്രങ്ങള്‍ വേണമെങ്കിലും എടുക്കാമായിരുന്നിട്ടും അതൊന്നും വേണ്ടെന്നു വച്ച് ഗ്യാങ്‌സ്റ്റര്‍ പോലൊരു നിലവാരമുള്ള ചിത്രം എടുക്കാന്‍ ധീരത കാണിച്ചു എന്നതാണ് ആഷിക് അബുവിനെ വര്‍ത്തമാനകാല മലയാള സിനിമയിലെ അദ്ഭുത പ്രതിഭയാക്കി മാറ്റുന്നത്. വിവരമില്ലാത്ത, നിലവാരമില്ലാത്ത നാലാംകിട പ്രേക്ഷകര്‍ക്ക് ഈ സിനിമയും ഇതിന്റെ സന്ദേശവും മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഗ്യാങ്സ്റ്റര്‍ മലയാള സിനിമയിലെ നാഴികക്കല്ലായി മാറും. എന്നാല്‍, ഗ്യാങ്സ്റ്ററിനെ മലയാളത്തിലെ മറ്റു സംവിധായരുടെ സിനിമ പോലെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിലൂടെ അത്തരത്തിലൊരു ഉള്‍ക്കാഴ്ചയോടെ സിനിമയെ വിലയിരുത്താന്‍ നാലാംകിട പ്രേക്ഷകര്‍ തയ്യാറാവില്ല എന്നാണ് മനസ്സിലാവുന്നത്.

ഗ്യാങ്സ്റ്ററിനെതിരെ ഫെയ്‌സ്ബുക്കിലൂടെയും അല്ലാതെയും നടക്കുന്ന വിമര്‍ശനങ്ങള്‍ കേരള സമൂഹത്തിന്റെ ധൈഷണികമായ അധപതനത്തിന്റെയും സാംസ്‌കാരികസമുന്നതിയുടെ നേര്‍ക്കുള്ള പ്രതിലോമകരമായ മനോഭാവങ്ങളുടെയും വേട്ടയാടപ്പെടുന്നവരുടെ പരിപ്രേക്ഷ്യങ്ങളില്‍ ചലച്ചിത്രകാരന്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള അജ്ഞതയുടെയും സൂചനയാണ്. ഒരു 20 വര്‍ഷത്തിനു ശേഷം മാത്രം മലയാളിക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഗ്യാങ്‌സ്റ്റര്‍ എന്ന് നിസ്സംശയം പറയാം. കാലത്തിനു മുന്‍പേ സഞ്ചരിക്കുന്ന ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് ആഷിക് അബു പഴി കേള്‍ക്കുന്നതില്‍ അദ്ഭുതമില്ല. ജീത്തു ജോസഫിനെപ്പോലുള്ള നാലാംകിട സംവിധായകരുടെ സിനിമക കണ്ടു കയ്യടിക്കുന്നവര്‍ ആഷിക് അബുവിന്റെ സിനിമ മോശമാണെന്നു പറയുന്നത് സത്യത്തില്‍ ഒരു അംഗീകാരമാണ്.

ഓസ്‌കര്‍, കാന്‍സ്, ബാഫ്റ്റ പുരസ്‌കാരങ്ങള്‍ക്ക് യോഗ്യമായ ഒരു സിനിമയാണ് ഗ്യാങ്‌സ്റ്റര്‍. ദൃശ്യചാരുതയും കഥാകഥനവും മാറ്റിനിര്‍ത്തിയാല്‍പ്പോലും ദാര്‍ശനികമായി ജീവിതവും മരണവുമൊക്കെ തത്വശാസ്ത്രാധിഷ്ഠിതമായി വിശകലനം ചെയ്യുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. അഭിലാഷ് കുമാറിനൊപ്പം അപൂര്‍വപ്രതിഭയായ അഹമ്മദ് സിദ്ദിഖ് കൂടി തിരക്കഥാകൃത്തായി എത്തി എന്നതാണ് ഈ സിനിമയ്ക്ക് ഇത്തരത്തിലൊരു ദാര്‍ശകനികസ്പര്‍ശം നല്‍കിയത്. ക്ലൈമാക്‌സില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് തന്നെയാണ് ചിത്രത്തിന്റെ ദാര്‍ശനികകതയുടെ തെളിവ്.

‘നിന്റെ മരണം നീ എന്നും ഓര്‍ത്തിരിക്കണം’ എന്ന ഡയലോഗ് മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കും. മരിച്ചു കഴിഞ്ഞാല്‍ പിന്നെ മരണം എങ്ങനെ ഓര്‍ത്തിരിക്കും എന്ന മണ്ടന്‍ ചോദ്യം ചോദിച്ചാണ് പലരും ഈ ഡയലോഗിനെ ആക്ഷേപിക്കുന്നത്. എന്നാല്‍, മരണ ശേഷം ആത്മാവ് എവിടേക്കു പോകുന്നു, ജീവിച്ചിരുന്നപ്പോഴത്തെ കാര്യങ്ങള്‍ ആത്മാവിന് ഓര്‍മയുണ്ടാവുമോ ആത്മാവ് ആ നിലയില്‍ എത്രകാലം തുടരും തുടങ്ങി ദൈവശാസ്ത്രജ്ഞരും ചിന്തകരും വൈദ്യശാസ്ത്രവും ഒക്കെ കാലങ്ങളോളം അന്വേഷിച്ചുകൊണ്ടിരുന്ന സമസ്യകള്‍ക്കാണ് ആഷിക് അബുവും ക്രൂക്കളും ലളിതമായ ഡയലോഗിലൂടെ മറുപടി നല്‍കിയത്. ഇത്തരത്തില്‍ സിനിമയിലെ ഓരോ സീനിലും ഓരോ സംഭാഷണത്തിലും മറഞ്ഞിരിക്കുന്ന തത്വശാസ്ത്രവീക്ഷണങ്ങള്‍ സിനിമയെ ഗൗരവമായി കാണുന്നവരെ വിസ്മയിപ്പിക്കുമെന്നതില്‍ സംശയമില്ല. ദൃശ്യം പോലുള്ള നാലാംകിട സിനിമകള്‍ ആസ്വദിക്കുന്ന നിലവാരമില്ലാത്ത പ്രേക്ഷകര്‍ക്ക് ഇതൊന്നും മനസ്സിലാവണമെന്നില്ല.

ഒരു മലയാള സിനിമ എന്ന ലേബലില്‍ ഗ്യാങ്സ്റ്റര്‍ അവതരിപ്പിച്ചു എന്നതാണ് ആഷിക് അബു ചെയ്ത തെറ്റ് എന്നു നിസ്സംശയം പറയാം. കഞ്ഞിയും പയറും കഴിക്കുന്നവന്റെ മുന്നില്‍ മെക്‌സിക്കന്‍ ഗ്രീന്‍ വേവ് പിസ്സ വച്ചു കൊടുത്താല്‍ എന്തു സംഭവിക്കും അതാണ് ഗ്യാങ്സ്റ്ററിനും സംഭവിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്കു വിവരമില്ലാതായിപ്പോയത് ഒരിക്കലും സംവിധായകന്റെയോ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെയോ കുഴപ്പമല്ല. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ കരിയറിലെ ഒരു പൊന്‍തൂവലായിരിക്കും ഗ്യാങ്സ്റ്റര്‍.

തിയറ്റര്‍ റിപ്പോര്‍ട്ട്

ഹലോ ഗംഗയല്ലേ ?

അതേല്ലോ ആരാ ?

ഞാന്‍ പ്രസാദ് ആണ്..

പ്രസാദോ ? യുഎഫ്ഒയിലെ പ്രസാദാണോ ?

അല്ല… സംവിധായകന്‍ പ്രസാദ് ആണ്..

ആണോ ? ഞാന്‍ കേട്ടിട്ടില്ല കേട്ടോ… ഏതു സിനിമയാണ് സംവിധാനം ചെയ്തത് ?

ഇന്നിപ്പോ അവിടെ റിലീസ് ചെയ്ത സിനിമയുണ്ടല്ലോ… അതിന്‍റെ സംവിധായകനാണ്…

അത് ശരി… നമസ്കാരം…പുതിയ ആളാണല്ലേ ?

അല്ല, മുന്‍പ് ഹിന്ദിയിലും ഇംഗ്ലിഷിലുമൊക്കെ കുറച്ചു പടങ്ങള്‍ ചെയ്തിട്ടുണ്ട്…

മലയാളം അതുപോലൊന്നുമല്ല സാറേ…

തിയറ്റര്‍ റിപ്പോര്‍ട്ട് എങ്ങനെയുണ്ട് ?

പോര… മൊത്തത്തില്‍ ഒരു ഇഴച്ചിലുണ്ട്…

അയ്യോ… ഇതൊരു റിയലിസ്റ്റിക് മൂവിയാണ്..

ഓ അങ്ങനൊന്നും പറഞ്ഞിട്ട് കാര്യമില്ല സാറേ… നിങ്ങള്‍ക്കീ എല്ലിനേടേല്‍ കുത്തുമ്പോ ന്യൂ ജനറേഷനെന്നൊക്കെ പറഞ്ഞ് എന്തെങ്കിലും ഉണ്ടാക്കിയാല്‍ മതി.. അതൊക്കെ തിയറ്ററിലോടണമെന്നു പറഞ്ഞാല്‍ നടക്കുവോ ?

ഇതങ്ങനെ ഒരു ജനറേഷനിലും പെട്ട സിനിമയല്ല…ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ നടത്തിയ ശ്രമമാണ്..

പറയാന്‍ കൊള്ളാം… ഒരു പഞ്ചില്ല…

ചേട്ടന്‍ പടം കണ്ടോ ?

കാണാനെന്തിരിക്കുന്നു… തിയറ്ററീന്നുള്ള ചിരീം കയ്യടീം കേട്ടാലറിയത്തില്ലേ ?

കയ്യടിയും ചിരിയും എല്ലാ സിനിമയ്‍ക്കും ഉണ്ടാവണമെന്നില്ല ചേട്ടാ…. അതില്ലാത്ത സിനിമകളൊന്നും ആളുകള്‍ ആസ്വദിക്കുന്നില്ല എന്നര്‍ഥമില്ല..

ഞാനീ തിയറ്ററ് തുടങ്ങീട്ട് വര്‍ഷം കൊറെയായതാ സാറേ… ജയന്‍റെ കോളിളക്കമായിരുന്നു എന്‍റെ ആദ്യപടം… നിങ്ങള്‍ക്കൊക്കെ ഇമ്മാതിരി പടങ്ങളെടുക്കാതെ ആ മായാമോഹിനീം മിസ്റ്റര്‍ മരുമകനും മൈ ബോസ്സുമൊക്കെപ്പോലെ വല്ല നല്ല പടവുമെടുത്തുകൂടേ ?

അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ ചേട്ടാ… എനിക്കിഷ്ടമുള്ള സിനിമയാണല്ലോ ഞാനെടുക്കുന്നത്..

അതുകൊണ്ടായോ.. അതു പ്രേക്ഷകര്‍ക്കു കൂടി ഇഷ്ടപ്പെടേണ്ടേ ?

പ്രേക്ഷകര്‍ക്ക് വന്നു കണ്ട് ഇഷ്ടപ്പെടാന്‍ അല്‍പം സമയം കൊടുക്കൂ…

പറഞ്ഞപോലെ സിനിമ ഇത്തിരി സമയം കൂടുതലാ കേട്ടോ… ടൈറ്റില്‍സ് അടക്കം രണ്ടര മണിക്കൂറില്‍ നിര്‍ത്തണ്ടേ ? ഇതിപ്പോ മൂന്നു മണിക്കൂര്‍ അടുത്തു വരും..

സിനിമയല്ലേ ചേട്ടാ… ഓരോ സിനിമയ്‍ക്കും അതിന്‍റേതായ ഒരു വ്യക്തിത്വമില്ലേ ? ആണുങ്ങളായാല്‍ ആറടി പൊക്കം വേണമെന്നു പറഞ്ഞതുകൊണ്ട് എല്ലാ ആണുങ്ങള്‍ക്കും ആറടി പൊക്കം വയ്‍ക്കുമോ ? ആറടി ഇല്ലാത്തവരാരും ആണുങ്ങളല്ലെന്നു പറയാനൊക്കുമോ ?

എനിക്ക് നാലടി പൊക്കമേയുള്ളൂ എന്നത് സാറിനോടാരാ പറഞ്ഞത് ?

അയ്യോ, അതെനിക്കറിയില്ലായിരുന്നു.. ഞാനൊരുദാഹരണം പറഞ്ഞതാണ്..

എന്തായാലും സാറിന്‍റെ സിനിമ ആദ്യഷോ കഴിഞ്ഞ് ഞാന്‍ വെട്ടി.. ഇപ്പോള്‍ രണ്ടര മണിക്കൂറാണ് കളിക്കുന്നത്..

വെട്ടിയെന്നോ ? മനസ്സിലായില്ല…

അത് ശരി… സിനിമയിലെ ബോറന്‍ ഭാഗങ്ങളൊക്കെ വെട്ടി മാറ്റി മൂന്നേകാല്‍ മണിക്കൂറെന്നുള്ളത് രണ്ടര മണിക്കൂറാക്കി കുറച്ചെന്ന്…

അതെങ്ങനെ സാധിക്കും ? എന്‍റെ സിനിമ നിങ്ങളെങ്ങനെ വെട്ടും ?

ഹഹഹഹ… സത്യന്‍ അന്തിക്കാടിന്‍റെയും പ്രിയദര്‍ശന്‍റെയും എന്തിന് പത്മരാജന്‍റെയും ഭരതന്‍റെയും സിനിമകള്‍ വരെ ഞാന്‍ വെട്ടിയിട്ടുണ്ട്…അവരുടെയൊക്കെ സിനിമകള്‍ 100 ദിവസം കളിക്കുന്നത് അതൊക്കെ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന പോലെ നമ്മളിവിടിരുന്നു വെട്ടി ശരിപ്പെടുത്തുന്നതുകൊണ്ടാണ്.. സത്യത്തില്‍ അതിനു നിങ്ങള്‍ കാശിങ്ങോട്ടു തരണം…പടം വെട്ടിയോടിക്കുന്നതു നമ്മളും, പേരും അവാര്‍ഡുമൊക്കെ നിങ്ങള്‍ക്കും അതാണല്ലോ നാട്ടുനടപ്പ്…

മൈ ഗോഡ്…. എന്‍റെ സിനിമ നിങ്ങളെന്തിനു വെട്ടി ? എന്തൊരക്രമമാണ് ചെയ്തത് ?

എന്‍റെ സാറേ… അതിലെ മൂന്നാമത്തെ സോങ്ങ് എന്തിനാ ? അതിന്‍റെ ആവശ്യമെന്താ ? ഹീറോയും ഹീറോയിനും കൂടി ചുമ്മാ വഴിയേ നടക്കുന്നു… അവിടെയൊരു ഐറ്റം ഡാന്‍സോ ഗ്രൂപ്പ് ഡാന്‍സോ എങ്കിലുമിടാമായിരുന്നില്ലേ ? പടത്തിലൊരു ഫൈറ്റുപോലുമില്ല…ഇന്‍റര്‍വെല്‍ പഞ്ചില്ല,ക്ലൈമാക്സില്‍ ട്വിസ്റ്റില്ല..ഇപ്പോ റേപ്പിന്‍റെ സീസണല്ലേ… നായിക മഴ നനഞ്ഞു കയറി വരുമ്പോള്‍ ഒരു കൂട്ടബലാല്‍സംഗം കാണിക്കാമായിരുന്നില്ലേ ? അതു വച്ചു പോസ്റ്ററുമടിച്ചിരുന്നെങ്കില്‍ പടം ഹിറ്റായേനെ….രമ്യാ നമ്പീശന്‍റെ വയറു കാണിക്കുന്ന ഒരു പാട്ടെങ്കിലും കൊടുക്കാമായിരുന്നു…

ഇതൊക്കെ വേണമെന്ന് ആരു പറഞ്ഞു ?

ഹത് ശരി, ഇപ്പോ അങ്ങനെയായോ ? ഇതൊന്നും വേണ്ട എന്നു സാറിനോടാരെങ്കിലും പറഞ്ഞിട്ടുണ്ടോ ? നല്ല പഞ്ചൊള്ള ഒരു ഇന്‍ട്രോ സീന്‍, ഇന്‍റര്‍വെല്ലിനൊരു പഞ്ച്…. മൂന്നു പാട്ട്, മിനിമം രണ്ട് ഫൈറ്റ്, ക്ലൈമാക്സ് ബില്‍ഡ് അപ്പ്, ട്വിസ്റ്റ് ഇതൊക്കെയല്ലേ സിനിമയെ സിനിമയാക്കുന്നത് ?

ചേട്ടന്‍ ചേട്ടന്‍റെ മകളെ കാണുന്നത് മകളായിട്ടാണോ അതോ വിവിധ അവയവങ്ങളായിട്ടാണോ ?

ഒരുമാതിരി മറ്റേച്ചോദ്യം ചോദിക്കരുത് കേട്ടോ…

സിനിമ എന്നെ സംബന്ധിച്ച് എന്‍റെ മകനോ മകളോ ആണ്… അത് പൂര്‍ണമായ സൃഷ്ടിയാണ്.. അതിനെ ചേട്ടന്‍ വിവിധ ഭാഗങ്ങളായി വിഭജിക്കുകയും മുറിച്ചു ചെറുതാക്കുകയുമൊക്കെ ചെയ്യുമ്പോള്‍ സൃഷ്ടാവ് എന്ന നിലയ്‍ക്ക് ഞാനനുഭവിക്കുന്ന വേദന ചേട്ടനു മനസ്സിലാവില്ല…

എന്നു പറഞ്ഞാല്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന സംഗതികള്‍ വേണ്ടേ അതില്‍ ?

ഇത് പ്രേക്ഷകര്‍ക്കിഷ്ടപ്പെടില്ല എന്ന് പ്രേക്ഷകര്‍ കാണും മുമ്പേ ചേട്ടന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനമെന്താണ് ? നല്ല സിനിമകള്‍ വെട്ടി നശിപ്പിച്ചതുകൊണ്ട് പ്രേക്ഷകര്‍ തിയറ്ററിലേക്കു വരില്ല… സിനിമയെ ഒരു കലാസൃഷ്ടിയെന്ന നിലയ്‍ക്ക് സമീപിക്കാനുള്ള ഒരു ക്ഷമ മാത്രമേ ഞങ്ങള്‍ ചോദിക്കുള്ളൂ… അത് ഞങ്ങള്‍ എടുത്തതുപോലെ ഒന്നു കാണിച്ചാല്‍ മാത്രം മതി… വിജയവും പരാജയവുമൊക്കെ പ്രേക്ഷകര്‍ തീരുമാനിച്ചോട്ടെ….

എന്തു പറഞ്ഞാലും കൊള്ളാം… പടം ഹോള്‍ഡോവറായാല്‍ ഞാന്‍ മാറ്റും… എന്നിട്ട് തെലുങ്ക് പടം കളിക്കും…

അതും ഇതുപോലെ വെട്ടുമോ ?

ഓ.. അതിലൊന്നും വെട്ടാനില്ല…എന്‍റെ പൊന്നുസാറേ.. നിങ്ങളിമ്മാതിരി പടമെടുത്തു നടക്കാതെ ആ ഉദയകൃഷ്ണ-സിബി.കെ.തോമസിനെ കണ്ട് ഒരു തിരക്കഥ വാങ്ങിക്ക്… അതാവുമ്പോ ആരെങ്കിലും സംവിധാനം ചെയ്താല്‍ മതി…പടം ഹിറ്റായിരിക്കും…

ചേട്ടാ…. ?

അനിയന്‍ ഫോണ്‍ വെക്ക്… നാളെ ഇവിടെ വന്നു പടമൊന്നു കണ്ടോ… അതുപോലെ എല്ലാ സെന്‍ററിലും പോയി ഒന്നു വെട്ടിക്കോ… പടം ഓടും…

എന്‍റെ പടം…

ഇപ്പഴാ അതൊരു പടമായത്…

മോളിവുഡ്; കൊറിയയ്ക്കും ഒറിയയ്ക്കുമിടയില്‍

സിദ്ധാന്ത് മൊഹപത്ര ഫാന്‍സ് അസോസിയേഷന്‍കാരും സബ്യസാചി മിശ്ര ഫാന്‍സ് അസോസിയേഷന്‍കാരും തെരുവില്‍ ഏറ്റുമുട്ടിയാല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്ക് ചുമ്മാ നോക്കി നില്‍ക്കുകയേ രക്ഷയുള്ളൂ. കൈക്കരുത്തുകൊണ്ടും ആള്‍ബലം കൊണ്ടും അവന്മാരെ തോല്‍പിക്കാന്‍ നമ്മുടെ ചേട്ടന്മാര്‍ക്കു ബുദ്ധിമുട്ടായിരിക്കും. നമ്മുടെ ഫാന്‍സുകാര്‍ നാലുനേരം ഫെയര്‍ ആന്‍ഡ് ലവ്‌ലിയിട്ട് കളര്‍ഫുള്‍ ഡ്രസ്സുകളിട്ട് അലഞ്ഞുനടക്കുമ്പോള്‍ മേല്‍പ്പറഞ്ഞവരുടെ ഫാന്‍സുകാര്‍ കിണറ്റിലും കുളത്തിലും കോണ്‍ക്രീറ്റിനടിയിലുമൊക്കെ പണിയെടുക്കുകയാണ്. മോളിവുഡ് മെല്ലെ മെല്ലെ ഓളിവുഡ് ആയി മാറുകയാണ്. കേരളത്തിലെ ജനസംഖ്യയില്‍ മലയാളം പറയുന്നവര്‍ കുറയുകയും ഒറിയ ബംഗാളി, ബിഹാറി ഭാഷകള്‍ പറയുന്നവര്‍ കൂടി വരികയും ചെയ്യുമ്പോള്‍ വിപണിയും മൊഴിമാറും.

മുക്കിലും മൂലയിലും തൂണിലും തുരുമ്പിലുമെല്ലാം സജീവമായി, കേരളത്തിന്റെ ജീവധാരയായി പ്രവഹിക്കുന്നത് ഇവിടെ വന്നു പ്രവാസജീവിതം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. പ്രൈവറ്റ് ബസുകളുടെ ബോര്‍ഡുകളില്‍ മലയാളത്തിലുള്ള സ്ഥലപ്പേരുകളുടെ വലിപ്പം കുറയുകയും ബിഹാറി, ഒഡിഷ ലിപികള്‍ തെളിഞ്ഞുവരികയും ചെയ്തിരിക്കുന്നു. ഹോട്ടലുകളില്‍ നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ ഒരുങ്ങുന്നത് മലയാളിയുടെ നാവിനു പുതുരുചി നല്‍കിക്കളയാം എന്നു കരുതിയല്ല, പകലു മുഴുവന്‍ പണിയെടുത്ത് വരുന്ന ബിഹാറിയ്ക്കും ബംഗാളിക്കും വല്ലതും കൊടുത്തു കാശുവാങ്ങാനാണ്. നാവിന്റെ രുചിയില്‍ തുടങ്ങി മറ്റ് അഭിരുചികളിലേക്കു കൂടി വിപണി കണ്ണെറിയുമ്പോള്‍ കേരളത്തനിമ മെല്ലെ മെല്ലെ പിന്‍വലിയും. ക്ലാസിക് പദവി കൊതിക്കുന്ന മലയാളഭാഷ ഓണ്‍ലൈന്‍ ലാംഗ്വേജും മലയാളി എന്ന ഇനം ആഗോളമലയാളി എന്ന പ്രവാസിസമൂഹമായി മാറും.

മലയാള സിനിമ കാണാന്‍ ആളു കുറഞ്ഞു വരികയാണ്. വിദേശത്തുള്ള മലയാളികള്‍ വിവിധ രാജ്യങ്ങളിലിരുന്ന് കൂതറ മലയാള പടങ്ങള്‍ പോലും ഡൗണ്‍ലോഡ് ചെയ്തു കാണുന്നതുകൊണ്ടാണ് കേരളത്തില്‍ സിനിമ ഓടാത്തതെന്നു ചിലര്‍ പറയുന്നു. മറ്റു ചിലര്‍ പറയുന്നത് തങ്ങള്‍ എടുക്കുന്ന ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകാര്‍ തയ്യാറാവുന്നില്ല എന്നാണ്. പിന്നെ, തിയറ്ററുകാര്‍ എന്താണ് കാണിക്കുന്നത് ? തമിഴ്, ഹിന്ദി തെലുങ്ക് പടങ്ങളൊക്കെ മലയാളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ക്രൂരതയ്‌ക്കെതിരേ സിനിമാ സംഘടനകള്‍ നേരത്തേ രംഗത്തു വന്നിരുന്നു. നല്ല സിനിമയെ പരിപോഷിപ്പിക്കാന്‍ വേണ്ടി നഷ്ടം സഹിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന തിയറി സിനിമയെന്ന ബിസിനസിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്ന തിയറ്ററുകാരോട് പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ.

മലയാളത്തിലേക്കു മൊഴിമാറി വരുന്ന സിനിമകളെ വിലക്കാന്‍ നോക്കി നില്‍ക്കുന്ന സംഘടനകള്‍ക്ക് തല്‍ക്കാലം കേരളത്തിലെ തിയറ്ററുകളുടെ മൊഴിമാറ്റത്തിന്റെ കഥ കേട്ട് മൂക്കത്ത് വിരല്‍വച്ച് മാറിനില്‍ക്കുകയേ നിവൃത്തിയുള്ളൂ. ഗള്‍ഫില്‍ മലയാള സിനിമ പോലെ ഇവിടെ ഒറിയ സിനിമകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മലയാളി ഒരിടത്തു കൂടി തോറ്റുകൊടുക്കുകയാണ്. മലയാള സിനിമക്കാരെക്കൊണ്ടു തോറ്റ തിയറ്ററുകാരന്‍ ഏറെക്കാലം കൂടി ഒന്നു ജയിക്കുകയാണ്. കേരളത്തില്‍ കഠിനാധ്വാനത്തിനു വരുന്ന ഒഡിഷക്കാര്‍ക്ക് അവധിദിനങ്ങളില്‍ അവരുടെ മാതൃഭാഷയിലുള്ള സിനിമ കാണാനവസരം നല്‍കിയാല്‍ തിയറ്റര്‍ ഇളകിമറിയും എന്നു തെളിയിച്ചിരിക്കുകയാണ് കണ്ണൂരിലെയും പാലക്കാട്ടെയും പെരുമ്പാവൂരിലെയുമൊക്കെ തിയറ്ററുകള്‍..,. കണ്ണൂര്‍ ധന്‍രാജ് തിയറ്ററില്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രഭാത പ്രദര്‍ശനം ഒഡിഷക്കാര്‍ക്കു മാത്രമുള്ളതാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയാണ് ഒഡിഷപ്പടം കളിക്കുക. പ്രദര്‍ശനം തുടങ്ങിയിട്ട് ആറു മാസമായി. ഒഡിഷക്കാരനായ വിതരണക്കാരനാണു രണ്ടാഴ്ച കൂടുമ്പോള്‍ പടങ്ങളുടെ പ്രിന്റുമായി കേരളത്തിലെത്തി വിതരണം നടത്തുന്നത്. വിതരണക്കാരന്‍ തന്നെയാണു പോസ്റ്ററൊട്ടിക്കുന്നതും. പടത്തിന്റെ പേരു തൊഴിലാളികള്‍ പരസ്പരം എസ്എംഎസ് അയക്കുന്നതാണ് ഈ സിനിമകളുടെ ‘പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി’.

ഏജന്റ് ജാദൂ ഉണ്ടെങ്കില്‍ മലയാള സിനിമ രക്ഷപെട്ടു എന്നു പറയുന്ന മലയാളത്തിന്റെ സിനിമാബുദ്ധികേന്ദ്രങ്ങള്‍ കേരളത്തിന്റെ പുറത്തുള്ള മലയാളികളെ എങ്ങനെ സിനിമ കാണിക്കുമെന്നല്ല, സിനിമ കാണുന്നവരെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത്. ഒഡിഷക്കാരന്‍ അവിടെ നിന്നു പ്രിന്റുമായി ഇവിടെ വന്നു കൊയ്തുകൊണ്ടുപോകുന്നു. മലയാള സിനിമകള്‍ കാണാനാളില്ലാതെ തിയറ്റര്‍ വിട്ടുപോകുമ്പോള്‍ ട്രെയിന്‍ കയറി വരുന്ന ഒറിയ പടങ്ങള്‍ സൂപ്പര്‍ഹിറ്റായി ഓടിക്കളിക്കുന്നു. പിടിച്ചു നില്‍ക്കാന്‍ സത്യന്‍ അന്തിക്കാട് ഭാവിയില്‍ മുകളില്‍ പറഞ്ഞ താരങ്ങളെ വച്ച് ഒഡിഷയുടെ പശ്ചാത്തലത്തില്‍ സിനിമകള്‍ ചെയ്‌തേക്കാം, രജ്ഞിത് ബിഹാറി സിനിമകളിലൂടെയും പത്മരാജനു ശേഷം ഞാനല്ലാതെ പിന്നാരാ എന്നു ചോദിച്ചേക്കാം, വയറ്റിപ്പിഴപ്പിനു വേണ്ടി മമ്മൂട്ടിയും മോഹന്‍ലാലും ബംഗാളിയും ബിഹാറിയുമൊക്കെ പഠിച്ചേക്കാം. കളി കാത്തിരുന്നു കാണാം.

യുവസംവിധായകര്‍ക്ക് ഒരു മുന്നറിയിപ്പ്:– കൊറിയന്‍ സിനിമ മോഷ്ടിക്കുന്നതുപോലെ ഒറിയ സിനിമകള്‍ മോഷ്ടിച്ച് സ്വന്തം പേരിലിറക്കി ‘കുറസോവയുടെ മറ്റേതാണ് എന്നെ ഉത്തേജിപ്പിച്ചത്’ തുടങ്ങിയ ഡയലോഗുകളുമായി ഷൈന്‍ ചെയ്യാന്‍ നോക്കരുത്. ഹോളിവുഡ്, കൊറിയന്‍, ഇറ്റാലിയന്‍ പടങ്ങളുടെ സംവിധായകര്‍ക്കു മെയിലയക്കുന്ന മലയാളികള്‍ക്കു ചിലപ്പോ അതു പിടികിട്ടില്ലായിരിക്കാം. മെയിലും ഫേസ്ബുക്കുമൊന്നുമില്ലാത്ത ഒഡിഷക്കാരന്‍ വന്ന് ഒറിയ സിനിമ കൂതറയാക്കിയതിനു ചവുട്ടിക്കൂട്ടിയാല്‍ ചിലപ്പോള്‍ പ്രതിഭയുടെ പ്രത്യുല്‍പാദനം പോലും നിലച്ചുപോയെന്നിരിക്കും. ടേക് കെയര്‍. ഉമ്മ.

മായാമോഹ്‌നി (രിവ്യൂ)

ആക്ച്വലി ഇങ്ങനൊരു മൂവി കന്റതിന്റെ ഷോക്ക്‌ലാണു ഞാന്‍. മലയാലം മൂവീസ് അങ്ങനെ കാനാറില്ലാത്തതായിരുന്നു. ബട്ട് ഐബിഎമ്മില്‍ വര്‍ക്ക് ചെയ്യുന്ന എന്റെ കസിന്‍ ബ്രദര്‍ പരഞ്ഞു മലയാലം മൂവീസ് ആര്‍ ഗെറ്റിങ് ബെറ്റര്‍ എന്ന്. കുരെ നല്ല പടങ്ങല്‍ ഞാന്‍ കന്റു ലൈക്ക്, ബ്യൂറ്റിഫുല്‍, ഈ അടുറ്റ കാലറ്റ്, ക്വാക്‌റ്റെയ്ല്‍ അങ്ങനെ കുരെ മൂവീസ്. ആക്ച്വലി ഞാനിന്ന് ബാംഗ്‌ലൂര്‍ക്ക് തിര്‍ച്ച് പോവേന്റതാണ്, ബറ്റ് അയാം വെയ്റ്റിങ് ഫോര്‍ ദ് ആഷ്ഖ് അബു സ്റ്റഫ്- 22 എഫ്‌കെ. അയാം ഷുവര്‍ ഇറ്റ് വില്‍ ബി എ മാര്‍വെലസ് മൂവി ലൈക്ക് സാല്‍റ്റ് ആന്റ് പേപ്പര്‍. സോ, ആ ഗ്യാപ്പില്‍ കന്റതാണ് ദിസ് മൂവി. വാട്ടീസ് ഇറ്റ് നെയിം- മായാ-മോഹ്‌നി. ഹൊരിബില്‍, ഹൊരിബില്‍. ഐ വന്ന ക്യാന്‍സല്‍ മൈ ലീവ് ആന്റ് ഗോ ബാക് ആന്റ് വാച്ച് സം റിയലി ആസ് ഫക്കിങ് മൂവീസ്, ദാറ്റ് വില്‍ ബി ഫൈന്‍, ദാറ്റ് വില്‍ ബി ഫൈന്‍.

ഞാനീ മൂവി ഡീഗ്രേഡ് ചെയ്യാന്‍ വേന്റി പരയുന്നതല്ല, ബറ്റ് നമ്മലെപ്പോലെയുള്ള ഓഡിയന്‍സിന് പറ്റിയ മൂവി അല്ല ദിസ് മായാ-മോഹ്‌നി. ഇറ്റ്‌സ് എ ലോ ക്ലാസ് മൂവി. ഐ ഡോണ്‍ട് നോ വൈ ദി സ്‌റ്റേറ്റ് ഈസ് നോട്ട് ബാനിങ് ദീസ് ടൈപ്പ് ഓഫ് ലോ ക്ലാസ് ബിലോ ആവരേജ് മൂവീസ്. ഐ നോ സം ആര്‍ വാച്ചിങ് ദി മൂവി. പീപ്പില്‍ ലൈക്ക് കൂലീസ്, ട്രോളി പുള്ളേഴ്‌സ്, ലോറി ഡ്രൈവേഴ്‌സ്, ഓട്ടോ ഡ്രൈവേഴ്‌സ് ആന്‍ഡ് ദാറ്റ് കൈന്‍ഡ് ഓഫ് അഗ്ലി തേര്‍ഡ് വേള്‍ഡ് ക്രീച്ചേഴ്‌സ് ആര്‍ എന്‍ജോയ്ങ് ദി മൂവി. ദി ഗൈ, വാട്ട് സ് ഹിസ് നെയിം ? ഡിലിപ് ഓകെ ? യെ, ഡിലിപ് ഈസ് ഡുയിങ് എ ലോ ക്ലാസ് ഫാന്‍സി ഡ്രസ് ആക്ച്വലി. ദി തിയറ്റര്‍ ഈസ് ഫുള്‍ ഓഫ് ലോ ക്ലാസ് പീപ്പിള്‍ ആന്‍ഡ് ദെ ആര്‍ ലാഫിങ് ആന്‍ഡ് ക്ലാപ്പിങ് ഓള്‍വെയ്‌സ്. ഐ ഡോണ്‍ട് നോ വൈ ദിസ് പീപ്പിള്‍ ആര്‍ ആന്‍ജോയ്ങ് ദീസ് കൈന്‍ഡ് ഓഫ് മൂവീസ്. പീപ്പില്‍ ആര്‍ നോട്ട് വാച്ചിങ് മാര്‍വെല്ലസ് മൂവീസ് ലൈക്ക് ഈ അടുറ്റ കാലറ്റ്, മേല്‍വിലാസം ആന്‍ഡ് ദോസ് മൂവീസ് ആര്‍ ഗെറ്റിങ് ഔട്ട്. വാട്ട് ദി ഫക്ക് ഈസ് ഗോയിങ് ഓണ്‍ ഇന്‍ മലയാലം ഇന്‍ഡസ്ട്രി. പീപ്പില്‍ ആര്‍ ഓള്‍വേയ്‌സ് ബിഹൈന്‍ഡ് ദി മമ്മൂറ്റി-മോഹന്‍ലാല്‍ ക്രീചേഴ്‌സ് ആന്‍ഡ് ദിസ് ഡിലിപ് – പ്രിറ്റിരാജ് സ്റ്റഫ്‌സ്. വൈ ദെ കാന്‍ഡ് ആക്‌സെപ്റ്റ് അനൂപ് മേന്നന്‍ അസ് ദേര്‍ സൂപ്പര്‍ സ്റ്റാര്‍ ? ഹും ??

അയാം നോട്ട് ടെപേര്‍ഡ്. ആം നോട്ട് എഗെന്‍സ്റ്റ് ദിസ് മായാ-മോഹ്‌നി. ബറ്റ്, ഐ വാന്‍ഡ് ടു സീ ഗുഡ് മലയാലം ഫിലിംസ് ലൈക്ക് ബ്യൂറ്റിഫുല്‍, ഈ അടുറ്റ കാലറ്റ് ആന്‍ഡ് ആം റിയലി റിയലി ബോതേര്‍ഡ് എബൗട്ട് പീപ്പില്‍ ഹു ആര്‍ വാച്ചിങ് ദീസ് കൈന്‍ഡ് ഓഫ് നോണ്‍-സെന്‍സ് കോമഡി ഷിറ്റ്. പീപ്പില്‍ സേയ്‌സ് ദേ ലൈക്ക് ടു ലാഫ്. ചിരിക്കാന്‍ വേന്റിയാണ് സിനിമ കാണുന്നതെന്നു പരയുന്ന കൂതരകലാണ് ആക്ച്വലി ഫിലിം ഇന്റസ്ട്രി നശിപ്പിക്ക്ണത്. കേരലൈറ്റ് പീപ്പില്‍ ആര്‍ മോര്‍ ബോതേര്‍ഡ് എബൗട്ട് ദി മോറല്‍ ബുള്‍ഷിറ്റ്‌സ്, ദാറ്റ്‌സ് ഇറ്റ്. വൈ ദെ കാന്‍ഡ് എന്‍ജോയ് മൂവീസ് എബൗട്ട് റിലേഷന്‍ഷിപ്‌സ്, ലൗ മേക്കിങ്, ഇല്ലിസിറ്റ് അഫയേഴ്‌സ് എറ്റ്‌സട്രാ ? അച്ചന്‍, അമ്മ, ഹസ്ബന്‍ഡ്, വൈഫ് ആന്‍ഡ് യു നോ ? എവ്‌രി മൂവി ഹാസ് എ പ്ലോട്ട് റിവോള്‍വിങ് എറൗണ്ട് എ ലൗവ്. പരമ്പരാഘത കാല്‍പനിഗ പ്‌രനയം. അവസാനം കല്യാനം കഴിക്കുന്നു, ഒന്നിച്ചു ജീവിക്കുന്നു. കേരലാ സൊസൈറ്റിയില്‍ കോഹാബിറ്റേഷനും ഫ്രീ സെക്‌സുമൊന്നും ഡെവലപ് ചെയ്യാത്തത് നല്ല മൂവീസ് വരാത്തതുകൊണ്ടാണ്. ദേര്‍സ് വണ്‍ മൂവി ഐ ലൈക്ക് എ ലോട്ട്- ച്യാപ്പാ ഖുഴിശ് ഒകെ ? യെ ച്യാപ്പാ ഖുഴിശ്. ദാറ്റ്‌സ് എ മൂവി വിത്ത് എ ലൈഫ്. ഫഹഡ് ഈസ് ഡുയിങ് ഗുഡ് ആന്‍ഡ് ഓള്‍സോ റമ്യ. റമ്യ ഈസ് ബോള്‍ഡ്, വെരി വെരി ബോള്‍ഡ്. മലയാലത്തില്‍ ന്യൂഡ് ആയി ആക്ട് ചെയ്യാന്‍ മാത്രം ബോള്‍ഡ് ആയിട്ടുള്ള ആക്ട്രസ് ആരുമില്ല എന്നത് കഷ്റ്റമാണ്. അവിടെയാണ് റമ്യ അത്രയും ബോള്‍ഡായി ചെയ്തത്. അനദര്‍ ആന്റിയുന്റല്ലോ, എ ഫാറ്റ് വണ്‍… ക്യാവ്യ മധാവന്‍.. ഓ മൈ ഗോഡ്… അയാം സ്പീച്ച്‌ലെസ്. പീപ്പിള്‍ സേയ്‌സ് ഷി ഈസ് ദേര്‍ ഫേവറിറ്റ്. വാട്ട്‌സ് ദേര്‍ കണ്‍സപ്റ്റ് എബൗട്ട് ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് ? അയാം ബോതേര്‍ഡ്.

മായാ-മോഹ്‌നി രിവ്യൂ എഴുതാനാണ് എന്നോട് പരഞ്ഞത്, ബട്ട് ഞാനിത്തിരി ഡീറ്റെയ്ല്‍ ആയി മലയാലം സിന്‍മയെത്തന്നെ രിവ്യൂ ചെയ്തു എന്നു തോന്നുന്നു. എനിക്കരിയില്ല. തിയറ്റേഴ്‌സില്‍ ഇപ്പോഴും ലോ ക്ലാസ് പീപ്പിലാണ് മൂവി വാച്ച് ചെയ്യാന്‍ വരുന്നത്. അതാണ് പ്രോബ്ലം. മോസ്റ്റ് ഓഫ് ദെം ആര്‍ മമ്മൂറ്റി-മോഹന്‍ലാല്‍ ഫാന്‍സ്. ദെ ഡോണ്‍സ് ലൈക്ക് ന്യൂ ജനരേഷന്‍ മൂവീസ്. ഫേസ്ബുക്കിലൊക്കെ ആക്ടീവായിറ്റുല്ല ഇന്റലെക്റ്റ്‌സിന് തിയറ്ററില്‍ ആക്‌സസില്ലത്തതാണ് പ്രോബ്ലം. ഈ ലോ ക്ലാസിനോടൊപ്പം പോയി ക്യൂ നിന്ന് ടിക്കറ്റെടുത്ത് മൂവി കാണേണ്ട ഗറ്റികേട് ഞങ്ങല്‍ക്കാര്‍ക്കുമില്ല. ദി ഗെവേണ്‍മെന്റ് ഷുഡ് ടേക് ആന്‍ ആക്ഷന്‍. അദര്‍വൈസ്, ഇതുപോലുല്ല കൂതര മൂവീസ് റെക്കോര്‍ഡ് കലക്ഷനുണ്ടാക്കുന്നത് കന്റ് നമ്മള്‍ വെഷ്മിക്കേന്റി വരും, ദാറ്റ്‌സ് ഓല്‍.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ (റിവ്യൂ)

സിനിമയുടെ തുടക്കത്തില്‍ സരോജ് കുമാര്‍ അഭിനയിക്കുന്ന ഒരു സിനിമയുടെ റിലീസിനെപ്പറ്റി പറയുന്നുണ്ട്. ‘വെക്കെടാ വെടി’ എന്നാണ് സിനിമയുടെ പേര്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ സ്ക്രീനിലേക്കു നോക്കി പറഞ്ഞതും അതു തന്നെയാണ്- വെക്കെടാ വെടി !

ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമയുടെ ആദ്യ ഷോ തന്നെ കണ്ട് റിവ്യൂ എഴുതാന്‍ തീരുമാനിച്ചത് അതിന്റെ ആദ്യഭാഗം അത്ര മികച്ചതായിരുന്നു എന്നതുകൊണ്ടാണ്. ഉദയനാണ് താരം എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന പ്രതീക്ഷയോടെ ഈ സിനിമ കാണാന്‍ പോകുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ വലിയൊരപകടത്തിലേക്കാണ് എടുത്തു ചാടുന്നത്. ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറി ഉഴുന്നുവടയാണെന്നു കരുതി വട്ടച്ചീപ്പെടുത്തു വിഴുങ്ങിയ വൃദ്ധന്റെ അവസ്ഥയിലാണ് ഞാന്‍. മലയാള സിനിമയില്‍ ആദ്യമായി സംവിധായകന്റെ പേരിനു മീതെ എഴുത്തുകാരന്റെ പേര് കൊടുത്ത സിനിമ പടുകുഴിയിലായാല്‍ അതിന് പ്രേക്ഷകരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

പച്ചാളം ഭാസിയും ബേബിക്കുട്ടനും മാത്രമാണ് ഉദയനാണ് താരത്തിലെ കഥാപാത്രങ്ങളായി തുടരുന്നത്. ഉദയനാണ് താരത്തില്‍ സരോജ് കുമാറിനെ അവതരിപ്പിച്ചത് ശ്രീനിവാസനാണെങ്കില്‍ ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സരോജ്‍കുമാര്‍ ആണെന്നു പറയാം.സൂപ്പര്‍മെഗാ താരങ്ങളെ ആക്ഷേപിക്കുകയോ വിമര്‍ശിക്കുകയോ അല്ല, കരിവാരിതേക്കുകയാണ് സിനിമയിലൂടെ.ഒപ്പം,പുതുസിനിമയുടെ വാഗ്ദാനമായി, നന്മയുടെയും നല്ല സിനിമയുടെ പ്രതീകമായി നന്നായി അഭിനയിക്കുകയും പാടുകയും ചെയ്യുന്ന യുവനടന്‍ ശ്യാമായി വിനീത് ശ്രീനിവാസനെ ഉയര്‍ത്തിക്കൊണ്ടുവരാനും മകന്റെ അച്ഛന്‍ പരിശ്രമിച്ചിരിക്കുന്നു. വൈശാഖ് രാജേട്ടന് പരമാവധി കാശ് പിരിഞ്ഞു കിട്ടട്ടേ എന്നാശംസിക്കുന്നു.

തലയും വാലുമില്ലാത്ത തിരക്കഥ. മെഗാ സ്റ്റാര്‍ സരോജ് കുമാര്‍ എന്നു പറയുന്നുണ്ടെങ്കിലും ശ്രീനീവാസന്‍ കല്ലെറിയുന്ന മാവ് മോഹന്‍ലാലാണെന്ന് സന്തോഷ് പണ്ഡിറ്റിനു പോലും മനസ്സിലാവും. കേണല്‍ പദവി വിലകൊടുത്തു വാങ്ങിയ സരോജ് കുമാര്‍ നടത്തുന്ന കോപ്രായങ്ങളും ആദായനികുതി റെയ്‍ഡുമെല്ലാം ഓവര്‍ എന്നതിനെക്കാള്‍ വള്‍ഗര്‍ എന്നേ വിശേഷിപ്പിക്കാനൊക്കൂ. ചുരുക്കത്തില്‍ സാക്ഷാല്‍ സരോജ്‍കുമറായി രൂപാന്തരപ്പെട്ട ശ്രീനിവാസന്‍ തിരക്കഥയിലൂടെ സൂപ്പര്‍-മെഗാ താരങ്ങള്‍ക്കെതിരേ അഴിഞ്ഞാടുകയാണ്. പക്ഷെ,ഇതെല്ലാം എന്തിനു വേണ്ടി എന്നതു മാത്രം മനസ്സിലാവുന്നില്ല. ഒരു നല്ല സന്ദശമോ, കഥാസന്ദര്‍‍ഭമോ ഇല്ലാതെ കുറെ നേരം താരങ്ങളെ കല്ലെറിഞ്ഞ ശേഷം അവസാനം ഇതൊക്കെ അവര്‍ നന്നാകാന്‍ വേണ്ടി ചെയ്തതതാണെന്ന മട്ടില്‍ രണ്ട് ലോഡ് സാരോപദേശവും.

സരോജ് കുമാറിന്റെ ഭാര്യയായെത്തുന്ന മംമത മോഹന്‍ദാസിന്റെ കഥാപാത്രം എന്തിനാണെന്നത് ഒരു സമസ്യയാണ്. ആദ്യം മുതല്‍ അവസാനം വരെ ഭര്‍ത്താവിനെ ചൊറിഞ്ഞുകൊണ്ട് ഡയലോഗ് അടിക്കുന്നു. അദ്ദേഹത്തിന്റെ പരാജയങ്ങളില്‍ സന്തോഷിക്കുന്നു. അവസാനം ഒരു ഓട്ടോറിക്ഷയില്‍ കയറി എങ്ങോട്ടോ പോകുന്നു. എന്താണോ എന്തോ !

ചിത്രത്തിന് അല്‍പമെങ്കിലും ജീവന്‍ നല്‍കുന്ന വിനീത് ശ്രീനിവാസന്റെ എപിസോഡ് ആവട്ടെ, മെലോഡ്രാമ കൊണ്ട് ചളമാക്കി.ജനത്തിന്റെ കൂവല്‍ കാരണം ആ സീനുകളിലെ ഡയലോഗുകള്‍ കേള്‍ക്കാന്‍ പറ്റിയില്ല.ആരോഗ്യകരമായ വിമര്‍ശനവും ആക്ഷേപവുമെല്ലാം നേരിട്ട് അങ്ങു പറയുകയാണ്.അതിനു മുന്‍പും പിന്പുമെല്ലാം അതിന്റെ സാധൂകരിക്കാനെന്ന മട്ടില്‍ അതിഭാവുകത്വം നിറഞ്ഞ ആഭാസങ്ങളും.തുണ്ട് പടത്തിന്റെ അവസാനം എയ്‍ഡ്സ് ബോധവല്‍ക്കരണ സന്ദേശം നല്‍കുന്നതുപോലെ ഒരു പരീക്ഷണം. മമ്മൂട്ടിയുടെയും ദിലീപിന്റെയുമൊക്കെ സ്ഥിരം മിമിക്രി ഡ്യൂപുകളെ വരെ ഇറക്കിയ സിനിമ ഒരു മൂന്നാംനിര മിമിക്രി പടത്തെക്കാള്‍ താഴെയാണ്.

‘ഒരു സിനിമ നനന്നാവണമെങ്കില്‍ അതിലെ എല്ലാ ഘടകകങ്ങളും നന്നാവണം’- ഉദയനാണ് താരം എന്ന സിനിമയ്‍ക്കു വേണ്ടി ശ്രീനിവാസന്‍ എഴുതിയ ഡയലലോഗ് ആണിത്.ഒരു ഘടകങ്ങളും നന്നാവാത്ത ഒരു സിനിമയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്നാണ് എന്റെ അഭിപ്രായം.റോഷന്‍ അന്‍ഡ്രൂസ് ചിത്രീകരിച്ചത് ഒരു സിനിമയായിരുന്നെങ്കില്‍ ഇതിലെ പല സീനുകളും സീരിയല്‍ നിലവാരത്തിലും താഴെയാണ്.തിരക്കഥ മിമിക്രി നിലവാരത്തിലും.സംവിധായകകന്റെ കഴിവുകൊണ്ട് ഹിറ്റായ ദോശ ആന്‍ഡ് ചട്‍ണിയും ചെറിയ പടത്തിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ച റഫീഖും വിലക്കുകള്‍ കൊണ്ടാറാട്ടു നടത്തുന്ന ഫെഫ്കയുമൊക്കെ സിനിമയില്‍ വരുന്നുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കുന്നില്ല.

സിനിമയില്‍ ആകെ കയ്യടി നേടിയ ഒറ്റ ഡയലോഗേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ഇംഗ്ലിഷ് പടങ്ങള്‍ കണ്ട് കഥ മോഷ്ടിക്കാന്‍ വേണ്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു മുട്ടത്തറ സരോജ് കുമാറിനോട് സാറിന് ഇംഗ്ലിഷ് പഠിച്ചുകൂടേ എന്നു ചോദിക്കുമ്പോള്‍ സരോജ് കുമാര്‍ പറയുന്നു- ‘എന്നിട്ടു വേണം സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന നടനെന്ന് എന്നെപ്പറ്റി ആളുകള്‍ പറഞ്ഞു നടക്കാന്‍’.

കേണല്‍ പദവിയെ ടിവി വാര്‍ത്തയില്‍ സാധാരണജനം ചോദ്യം ചെയ്യുമ്പോള്‍ സരോജ് കുമാര്‍ പറയുന്നു- “അമ്മ ചൂണ്ടിക്കാണിച്ചാല്‍പ്പോലും അച്ഛനെ അംഗീകരിക്കാത്ത ചെറ്റകള്‍”. അതുപോലെ ആദായനികുതി റെയ്‍ഡില്‍ വലിയൊരു കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ സരോജ് കുമര്‍ പറയുന്നു- “സത്യത്തില്‍ അത് കാളക്കൊമ്പാണ്, പക്ഷെ അത് ആനക്കൊമ്പാണെന്നേ നിങ്ങള്‍ പുറത്തു പറയാവൂ, അല്ലെങ്കില്‍ എന്റെ മാനം പോവും.”

ഒരു നല്ല സിനിമയെന്നു കരുതി ഈ സിനിമ കണാന്‍ പോകുന്നവര്‍ക്കു നിരാശപ്പെടേണ്ടി വരും. അല്‍പം മിമിക്രിയും കുറെ അധിക്ഷേപവും അര മണിക്കൂര്‍ സാരോപദേശവും കുറച്ച് മെലോഡ്രാമയും പാകത്തിലല്ലാതെ മിക്‍സ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നു. പ്രേക്ഷകനെല്ല നിലയില്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല. പ്രതീക്ഷയോടെ പോയതാവാം നിരാശയ്‍ക്കു കാരണം. നിങ്ങള്‍ നിരാശയോടെ പോയി നോക്കൂ, ചിലപ്പോള്‍ ഇഷ്ടപ്പെട്ടേക്കും. സിനിമയ്‍ക്ക് ഞാന്‍ നല്‍കുന്ന റേറ്റിങ്: 2/10.

രഞ്ജിത്തില്‍ നിന്നു വൈകോയിലേക്കുള്ള ദൂരം

സിനിമ ഭാഷകള്‍ക്ക് അതീതമാണ് എന്ന് സിനിമക്കാര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. പ്രാദേശിക-ഭാഷാ-വര്ണ-വര്‍ഗ താല്‍പര്യങ്ങള്‍ക്കപ്പുറം സാര്‍വലൗകികതയും സ്വീകാര്യതയുമുള്ള മാധ്യമമാണ് എന്നതാണ് സിനിമയുടെ ഒരു പ്രത്യേകതയായി അവര്‍ പറഞ്ഞിട്ടുള്ളത്. മുല്ലപ്പെരിയാര്‍ പ്രശ്നം കുറെ മലയാളികളുടെയും തമിഴന്മാരുടെയും പ്രശ്നം ആണെന്നതൊക്കെ ഇപ്പോള്‍ അപ്രസക്തമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ നിശബ്ദത പാലിച്ചു എന്നൊരാരോപണം നേരത്തേയുണ്ടായിരുന്നു. ഇപ്പോള്‍ ചിലരുടെ നെഞ്ചത്തടിയും നിലവിളിയും കാണുമ്പോള്‍ ആ നിശബ്ദത എത്രയോ ഭേദമായിരുന്നു എന്നു തോന്നുന്നു. ജനതകളുടെ ആശങ്കയായ മുല്ലപ്പെരിയാര്‍ പ്രശ്നത്തെ സ്വന്തം സിനിമകളുടെ മാര്‍ക്കറ്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന നല്ല സിനിമകളുടെ വക്താക്കളെ തെരണ്ടിവാലിനടിക്കണം എന്നു പറയേണ്ടിവരുന്നതില്‍ ഖേദിക്കുന്നു.

ഡാം999 എന്ന സിനിമയുടേ പേരില്‍ സോഹന്‍ റോയ് ഉണ്ടാക്കിയ ബഹളങ്ങള്‍ ഞാന്‍ പരാമര്‍ശിക്കുന്നില്ല. മുല്ലപ്പെരിയാര്‍ പ്രശ്നം ജനശ്രദ്ധയിലെത്തിക്കുന്നതില്‍ ആ സിനിമയും ഒരു പരിധിവരെ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, അതിനനുസരിച്ച ഒരു നേട്ടം സിനിമയ്‍ക്കുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് അതിന്റെ വിധി എന്നേ പറയാന്‍ പറ്റൂ. ഷൂട്ടിങ്ങിനും ലൊക്കേഷന്‍ നോക്കാനുമൊക്കെ പോയ സംവിധായകനെ തമിഴ്‍നാട്ടില്‍ ആക്രമിച്ചു, തടഞ്ഞു എന്നൊക്കെയുള്ള പ്രചരണങ്ങള്‍ ചീപ് പബ്ലിസിറ്റിക്കു വേണ്ടിയുള്ളതാണെന്ന് സിനിമാ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ പോട്ടെന്നു വയ്‍ക്കാം. പക്ഷെ,ആളുകയറാത്ത സിനിമ തിയറ്ററില്‍ നിന്നു പോയതിനെ മുല്ലപ്പെരിയാര്‍ പ്രശ്നവുമായി കൂട്ടിക്കെട്ടി സിനിമ മാര്‍ക്കറ്റിങ്ങിനു ശ്രമിക്കുന്നത് പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്.

വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന സിനിമ കാലഘട്ടത്തിലെ ഏറ്റവും ഉദാത്തമായ സൃഷ്ടികളിലൊന്നാണ് അതിന്റെ പ്രചരണക്കാര്‍ അവകാശപ്പെടുന്നത്. പക്ഷെ,ബുദ്ധിജീവിനാട്യങ്ങളും കോക്കസുകളുമല്ല,വരുമാനം മാത്രമാണ് തിയറ്റര്‍ ബിസിനസിനെ സ്വാധീനിക്കുന്നത് എന്നറിയാവുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ ആളുകയറാത്ത പടം തിയറ്ററില്‍ നിന്നു നീക്കുന്നതിനെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍കൂട്ടിക്കെട്ടി മുതലെടുപ്പിനു ശ്രമിക്കുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണ്. ബ്യൂട്ടിഫുള്‍ എന്ന സിനിമ പല തിയറ്ററുകളില്‍ നിന്നും പോയി.ജനം ഇടിച്ചുകയറുന്ന ഒരു സിനിമയും ചരിത്രത്തിലിന്നു വരെ തിയറ്ററുകാര്‍ തിയറ്ററില്‍ നിന്ന് എടുത്തുമാറ്റിയിട്ടില്ല.എന്നാല്‍ ബ്യൂട്ടിഫുള്‍ പ്രചാരകരുടെ ഭാഷയില്‍ വിക്രമിന്റെ രാജപട്ടൈ എന്ന സിനിമയ്‍ക്കു വേണ്ടിയാണത്രേ തിയറ്ററുകാര്‍ ബ്യൂട്ടിഫുള്‍ എടുത്തു മാറ്റുന്നത്. വരാനിരിക്കുന്ന ഒരു തമിഴ്‍ സിനിമക്കു വേണ്ടി ജനം ഇടിച്ചുകയറിക്കൊണ്ടിരുന്ന മലയാള സിനിമ എടുത്തുമാറ്റി എന്നു പറയുന്നത് ആത്മവഞ്ചനയാണ്. സിനിമ എന്തുകൊണ്ടു മാറി എന്നു വ്യക്തമായറിയാവുന്നവര്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ തമിഴ്‍ വിരുദ്ധവികാരം ഇളക്കിവിട്ട് പടമോടിക്കാനുള്ള കുരുട്ടുബുദ്ധിയുടെ ഭാഗമാണ്.

നല്ല സിനിമയെന്ന അഭിപ്രായമുണ്ടെങ്കിലും വരുമാനം കുറവായതുകൊണ്ടാണ് ബ്യൂട്ടിഫുള്‍ തിയേറ്ററുകളില്‍ നിന്ന് മാറ്റുന്നതെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിട്ടുണ്ട്.ബ്യൂട്ടിഫുള്‍ നല്ല സിനിമയായിരിക്കാം എന്നു കരുതി രാജപട്ടൈ മോശം സിനിമയാവണം എന്നു പറയുന്നത് ശരിയല്ല. ബ്യൂട്ടിഫുള്‍ എടുത്തുമാറ്റിയ തിയറ്റുകളിലെല്ലാം രാജപട്ടൈ അല്ല കളിക്കുന്നത് എന്നത് തന്നെ ഇവരുടേത് കള്ളപ്രചാരണമാണെന്നു തെളിയിക്കുന്നു. തന്റെ ഇന്ത്യന്‍ റുപീയും ഇതുപോലെ ആളുകുറഞ്ഞപ്പോള്‍ തിയറ്ററില്‍ നിന്നു നീക്കിയപ്പോള്‍ തമിഴ്‍സിനിമക്കെതിരായി പത്രത്തിലെഴുതിയ ആളാണ് രഞ്ജിത്ത്.മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഉണ്ടാകേണ്ട ചിത്രമാണ് ‘ബ്യൂട്ടിഫുള്‍’എന്നും അതിനെ ഞെരിച്ചുകൊന്ന് തമിഴന് കാശുവാരാന്‍ അവസരമുണ്ടാക്കുകയാണ് നമ്മുടെ തിയേറ്ററുടമകള്‍ എന്നും പറഞ്ഞ രഞ്ജിത്തിന് വൈകോയിലേക്ക് അധികം ദൂരമില്ല.

തിയറ്ററുകാരന്‍ നല്ല സിനിമകള്‍ ഓടിക്കണം എന്നൊരു നിയമമില്ല. ജനം തിയറ്ററില്‍ കയറി കാണാന്‍ തയ്യാറായെങ്കിലേ സിനിമ തിയറ്ററില്‍ നിലനില്‍ക്കൂ. ജനം കയറുന്നില്ലെങ്കിലും തിയറ്ററുകാരന്‍ നഷ്ടം സഹിച്ച് നല്ല സിനിമയെ പരിപോഷിപ്പിക്കണം എന്നു പറയുന്നത് വരട്ടുനയമാണ്. സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ അങ്ങനെ കളിക്കാന്‍ താരങ്ങള്‍ തിയറ്ററുകാര്‍ക്ക് അങ്ങോട്ട പണം കൊടുക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. എന്തിന്,സന്തോഷ് പണ്ഡിറ്റ് പോലും സ്വന്തം സിനിമ തിയറ്റര്‍ വാടകയ്‍ക്ക് എടുത്താണ് കളിപ്പിച്ചത്. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഉണ്ടാകേണ്ട ചിത്രമാണ് ‘ബ്യൂട്ടിഫുള്‍’എന്നുറപ്പുണ്ടെങ്കില്‍ അതിന്റെ പിന്നണിക്കാര്‍ക്ക് തിയറ്ററുകള്‍ വാടകയ്‍ക്ക് എടുത്ത് സിനിമ പ്രദര്‍ശിപ്പിക്കാവുന്നതേയുള്ളൂ.

പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും,സിനിമ ഡൗണ്‍ലോഡ് ചെയ്തു കാണുന്ന ഒരു സമൂഹത്തിന്റെ കയ്യടി നേടിക്കൊണ്ടും നടത്തുന്ന മുതലെടുപ്പ് ഏറ്റവും ഹീനമായ മാര്‍ക്കറ്റിങ് തന്ത്രമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ജനം കണ്ടപ്പോള്‍ മേല്‍വിലാസം എന്നൊരു സിനിമ ആരും കാണാതെ പോയതിനെപ്പറ്റി പലരും പറഞ്ഞിരുന്നു. ജനം കാണാത്തതുകൊണ്ടാണ് മേല്‍വിലാസം തിയറ്ററുകളില്‍ നില്‍ക്കാത്തത്. സന്തോഷ് പണ്ഡിറ്റിന്റെ മാര്‍ക്കറ്റിങ് വിജയിച്ചു, മേല്‍വിലാസത്തിന്റേതു വിജയിച്ചില്ല, അത്രേയുള്ളൂ. സിനിമ കലയും ബിസിനസുമാണ്. എന്നാല്‍ ബിസിനസിനെപ്പറ്റി പറയുമ്പോള്‍ കലയെപ്പറ്റി വാചാലമാകുന്നത് ഒളിച്ചോട്ടമാണ്.

മുല്ലപ്പെരിയാര്‍ പ്രശ്നം കത്തിനില്‍ക്കുമ്പോള്‍ ആഘോഷം തനിക്ക് സഹിക്കാനാവില്ല എന്നു പറഞ്ഞ് അവാര്‍ഡ് നിശ ബഹിഷ്കരിച്ച രഞ്ജിത്ത് പറയുന്നത് മലയാള സിനിമകള്‍ക്ക് തമിഴ്‌നാട്ടിലുള്ള നിരോധനം അവസാനിപ്പിച്ചാല്‍ മാത്രമേ തമിഴ് സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാവൂ എന്നാണ്. തമിഴ്‍സിനിമയോടു മല്‍സരിക്കാനുള്ള ശേഷിയില്ലെങ്കില്‍ മിണ്ടാതിരിക്കണം, അല്ലാതെ ബുദ്ധിജീവി ചമഞ്ഞ് വിലക്കിനു വേണ്ടി പ്രചാരണം നടത്തുന്നത് ബാലിശമാണ്. രഞ്ജിത്തിന്റെ നരസിംഹവും ആറാം തമ്പുരാനുമൊക്കെ ഇറങ്ങിയ സമയത്ത് ആ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി അക്കാലത്തെ ചില നല്ല ചിത്രങ്ങള്‍ ഇതേപോലെ തിയറ്ററുകളില്‍ നിന്നു നീക്കം ചെയ്യപ്പെട്ടിരുന്നു എന്നതിന് ഈ ബുദ്ധിജീവിവിശ്രമജീവിതകാലത്ത് രഞ്ജിത്തിന് അയവിറക്കാവുന്നതാണ്.

മലയാള സിനിമയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ്‌കുമാര്‍ പറയുന്നു.മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കപ്പെടുകയോ പരിഹരിക്കപ്പെടാതിരിക്കുകയോ ചെയ്യട്ടെ, പക്ഷെ മലയാള സിനിമയെ സംരക്ഷിക്കണം എന്ന നിലപാട് വെള്ളം ചേര്‍ക്കാതെ ഒഴുക്കിവിടാന്‍ ഇവനൊന്നും ലജ്ജയില്ലേ ? മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തമിഴ്‍നാട്ടില്‍ റിലീസ് ചെയ്യാത്തത് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരിലാണെന്നാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍,അടുത്തയാഴ്ച ഇറങ്ങാനിരിക്കുന്ന ഹിന്ദി സിനിമയുടെ വിതരണമെടുത്തിരിക്കുന്ന ഈ സിനമകളുടേയും വിതരണക്കാരന്‍ മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ക്കു വേണ്ടി തിയറ്റര്‍ ചോദിച്ചിട്ടില്ലെന്നും പടം കിട്ടിയാല്‍ തങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നുമാണ് തമിഴ്‍നാട്ടിലെ തിയറ്ററുടമകളുടെ സംഘടന പറഞ്ഞത്. തമിഴന്മാര്‍ വ്യാജവാര്‍ത്തകള്‍ നല്‍കി മലയാളിവിരുദ്ധ വികാരം ഇളക്കിവിടുന്നു എന്ന് പറയുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ബുദ്ധിജീവി തട്ടിപ്പുകളും മുതലെടുപ്പുകളും ആണ് ആദ്യം തടയേണ്ടത്.

വിശ്വാസപ്രമാണം: രഞ്ജിത്തും അനൂപ് മേനോനും ഒഴികെയുള്ള എല്ലാ മലയാള സിനിമക്കാരും ഇംഗ്ലിഷ് സിനിമകള്‍ മോഷ്ടിക്കുന്നവരാണ്. ഇവരാകട്ടെ ഇംഗ്ലിഷ് സിനിമകള്‍ കണ്ട് സഹതപിക്കുകയും മറ്റാര്‍ക്കും സങ്കല്‍പിക്കാന്‍ പോലുമാവാത്ത സ്വന്തം അനുഭവങ്ങളെ സിനിമകളാക്കുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭകളാണ്.

കൈരളിയുടെ മെഗാ സ്റ്റാര്‍

സന്തോഷ് പണ്ഡിറ്റിനെപ്പറ്റി ഇനി എഴുതരുത് എന്നാണ് പലരും പറയുന്നത്. എന്നാല്‍ വീണ്ടും വീണ്ടും എഴുതൂ എന്നാണ് അദ്ദേഹം തന്റെ ജീവിതം കൊണ്ടു പറയുന്നത്. കൃഷ്ണനും രാധയും എന്ന സൂപ്പര്‍ഹിറ്റ് സിനിമ സി ക്ലാസ് തിയറ്ററുകളിലെ അരാജകത്വത്തിന്റെയും അര്‍മാദങ്ങളുടെയും ആരവമായി ചിത്രീകരിക്കപ്പെടുമ്പോഴും ക്ലാസ് വ്യത്യാസമില്ലാതെ ആ ജ്വരം പടരുന്നത് കണ്ടില്ലെന്നു നടിച്ച് കേവലബുദ്ധീജീവികളെപ്പറ്റി മാത്രം എഴുതിക്കൊണ്ടിരിക്കാന്‍ മനസ്സ് അനുവദിക്കാത്തതിനാല്‍ വീണ്ടും സന്തോഷ് പണ്ഡിറ്റിലേക്കു തന്നെ വരട്ടെ. തിരുവനന്തപുരം കൈരളി തിയറ്റര്‍ നല്ല സിനിമകള്‍ക്കു മാത്രം ഇടം കിട്ടാറുള്ള ഒന്നാണ്. ഇന്നലെ മുതല്‍ തിരുവനന്തപുരം കൈരളിയില്‍ കളിച്ചു തുടങ്ങിയ കൃഷ്ണനും രാധയും ഏറെ നാളത്തെ ഗ്യാപ്പിനു ശേഷം കൈരളിയിലെ സീറ്റുകളുടെ ഗ്യാപ്പ് നിറച്ച സിനിമയാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. തൊട്ടു മുന്‍പ് അവിടെക്കളിച്ച സിനിമ ആളില്ലാത്തതിനാല്‍ ഹോള്‍ഡ് ഓവര്‍ ആയി പെട്ടിയിലായതാണ് എന്നതു മനപൂര്‍വം മറക്കേണ്ട കാര്യവുമില്ല.

കൃഷ്ണനും രാധയും സൂപ്പര്‍ ഹിറ്റാണെന്ന് പറയാന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ അന്വേഷിക്കേണ്ടതില്ല. ഒരു സിനിമ ഹിറ്റാവുന്നത് അതിന്റെ മുടക്കുമുതലിനെക്കാള്‍ വരുമാനം നേടുമ്പോഴാണ്. എത്ര മടങ്ങ് വരുമാനം നേടുന്നോ അതനുസരിച്ച് ആ ഹിറ്റിന്റെ തിളക്കവും കൂടും. ഏറ്റവും കുറഞ്ഞ മുതല്‍മുടക്കിലെടുത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സിനിമയാണ് അത്തരത്തില്‍ സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റുകളായി വിശേഷിപ്പിക്കപ്പെടുന്നത്. കൃഷ്ണനും രാധയും ഇതുവരെ നേടിയ കളക്ഷന്‍ മാത്രം അതിന്റെ മുതല്‍ മുടക്കിന്റെ പത്തിരട്ടിയിലധികമാണ്. ബാംഗ്ലൂരും മറ്റും സിനിമ കളിച്ചു തുടങ്ങിയിട്ടേയുള്ളൂ. സിനിമയുടെ സാറ്റലൈറ്റ്, ഓവര്‍സീസ്, അങ്ങനെ വിശാലമായ ഒരു മാര്‍ക്കറ്റ് ഇനിയും കാത്തുകിടക്കുന്നു. അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളെ വെല്ലുവിളിച്ച് താരാധിപത്യത്തിന്റെയും വര്‍ത്തമാനകാല സിനിമാ സങ്കല്‍പങ്ങളെയും അട്ടിമറിച്ചുകൊണ്ട് കൃഷ്ണനും രാധയും ഒരു ചരിത്രസംഭവമാകുമ്പോള്‍ നിലവാരമുള്ള പ്രേക്ഷകന്റെ കപടനാട്യങ്ങളാണ് അപഹാസ്യമാകുന്നത്. സലിംകുമാര്‍ പറഞ്ഞതുപോലെ സന്തോഷ് പണ്ഡിറ്റാണ് ഈ കാലത്തിന്റെ മെഗാ സ്റ്റാര്‍.

രണ്ടു തിയറ്റര്‍ വാടകയ്‌ക്കെടുത്തു കളിച്ചു തുടങ്ങിയ സിനിമ ഏറ്റെടുക്കാന്‍ പിന്നീട് തിയറ്ററുകാര്‍ മുന്നോട്ടു വന്നു എന്നത് സിനിമയെന്ന ബിസിനസിന്റെ സുതാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ജനം ടിക്കറ്റെടുത്ത് തിയറ്ററില്‍ കയറുന്നത് സിനിമ കാണാനാണെങ്കില്‍ ആ സിനിമ ഹിറ്റാണ്. മറ്റു താരങ്ങളുടെ സിനിമകള്‍ ആസ്വദിക്കുന്നതുപോലെയല്ല അവര്‍ ഈ സിനിമ ആസ്വദിക്കുന്നത് എന്നത് ആ ബിസിനസിനെ സ്വാധീനിക്കുന്ന ഘടകമല്ല. ആളുകള്‍ ഏതു വികാരത്തോടെ ആസ്വദിച്ചാലും സിനിമ ഹിറ്റാണെന്നത് അംഗീകരിക്കാന്‍ മടിക്കാതെ മെഗാ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന് തിയറ്റര്‍ നല്‍കാന്‍ തീരുമാനിച്ച കൈരളി തിയറ്ററിന് എന്റെ പൂച്ചെണ്ടുകള്‍. സംഘടനകളെക്കാളും താരങ്ങളെക്കാളും പ്രേക്ഷകരെക്കാളും അന്തസ്സും മാന്യതയും തിയറ്ററുകാര്‍ക്കുണ്ട്.

സിനിമയുടെ സ്വഭാവം എന്നതിനെക്കാള്‍ പ്രേക്ഷകരുടെ സ്വഭാവമാണ് ഈ സിനിമയുടെ കളക്ഷന് അടിസ്ഥാനമായിരിക്കുന്നത്. എറണാകുളം കാനൂസിലും തൃശൂര്‍ ബിന്ദുവിലും ഷൊര്‍ണൂര്‍ അനുരാഗിലും ഒക്കെ കേള്‍ക്കുന്നത് യു ട്യൂബില്‍ നിന്നുള്ള ആരവങ്ങളാണ്. പുത്തന്‍ പ്രേക്ഷകര്‍ ആര്‍പ്പുവിളിക്കുന്നതും ഇതിങ്ങനെ ആര്‍പ്പുവിളിക്കേണ്ട സിനിമയാണെന്ന തിയറ്റര്‍ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. മലയോരഗ്രാമമായ കോഴിക്കോട് തിരുവമ്പാടി മാഗ്നസില്‍ ടിവി ചാനല്‍ റിപ്പോര്‍ട്ടുകള്‍ കണ്ട് പടം കാണാന്‍ പോയ പ്രേക്ഷകര്‍ വിമര്‍ശകര്‍ പറയുന്നതുപോലെ ഇതൊരു സാധാരണസിനിമയാണെന്ന മട്ടില്‍ തന്നെ സിനിമ കാണാന്‍ ശ്രമിച്ചു പരാജയപ്പെടുകയും സിനിമ തിയറ്ററില്‍ നിന്നു രണ്ടു ദിവസം കൊണ്ടു മാറുകയും ചെയ്തു. തിരുവനന്തപുരം കൈരളിയില്‍ കൃഷ്ണനും രാധയും പുരാണസിനിമയാണെന്നു കരുതി കാണാന്‍ വന്ന ഒരു അമ്മയും മകളും ഈ ബഹളത്തിനെല്ലാമിടയില്‍ ഭയചകിതരായി ഇരിക്കുന്നുണ്ടായിരുന്നത്രേ. എല്ലാം ഭഗവാന്റെ മായ !

ഓരോ ദിവസം കഴിയും തോറും എനിക്കു സന്തോഷ് പണ്ഡിറ്റിനോടുള്ള ആരാധന കൂടിവരികയാണ്. കൃഷ്ണനും രാധയും തൃശൂര്‍ ബിന്ദുവില്‍ നിന്നാണ് ഞാന്‍ കണ്ടത്. അതിനു ശേഷം കണ്ട അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ചാനല്‍ ഷോകളും എന്നെ വല്ലാതെ സ്വാധീനിച്ചു. അദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ മാനസികരോഗികള്‍ ചീമുട്ടയെറിയുക കൂടി ചെയ്തതോടെ ഞാന്‍ കടുത്ത ഫാനാണ്. എല്ലാറ്റിനുമുപരിയായി മറ്റെല്ലാം മാറ്റി വച്ച് ഞാനെത്ര പരിശ്രമിച്ചാലും ഇത്രയും കാര്യങ്ങള്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു ചെയ്തുകൊണ്ട് ഒരു സിനിമ പുറത്തിറക്കാനോ നിരന്തരമായ പരിശ്രമത്തിലൂടെ അത് നിരവധി തിയറ്ററുകളിലെത്തിക്കാനോ ഈ ജന്മം എനിക്കു സാധിക്കില്ല. പത്മരാജന്റെ സിനിമ കാണുന്നതുപോലെ കൃഷ്ണനും രാധയും കാണാനിരുന്നാലേ പ്രശ്‌നമുള്ളൂ. ഇത് മറ്റൊരു തരം സിനിമയാണ് എന്നത് അംഗീകരിക്കാനുള്ള വിവേകമില്ലാത്തതാണ് പ്രേക്ഷകരുടെ പരാജയം. ബുദ്ധിരാക്ഷസനായ ജീനിയസ്സ് അറിഞ്ഞുകൊണ്ടു വിഡ്ഡിവേഷം കെട്ടിയാല്‍ മാത്രമേ അത് ആസ്വദിക്കൂ എന്ന വാശി ഉപേക്ഷിച്ചാല്‍ നികേഷ് കുമാറിനു പോലും സന്തോഷ് പണ്ഡിറ്റിനോട് ആരാധന തോന്നും.

ചലച്ചിത്ര മൃഗയാ വിനോദം

ഒരു സിനിമയെ സംബന്ധിച്ച് അതിന്റെ താരമൂല്യം കൊണ്ടുള്ള ആകെയൊരു പ്രയോജനമാണ് ഇനിഷ്യല്‍ പുള്‍ അഥവാ കഥ എന്താണെന്ന് അന്വേഷിക്കാതെ താരത്തിന്റെ കട്ടൗട്ട് കണ്ട് തിയറ്ററിലെത്തുന്ന ജനക്കൂട്ടം.ഇങ്ങനെ രണ്ടു നാലു ദിനം കൊണ്ടൊരു സിനിമയെ തണ്ടിലേറ്റിനടത്താന്‍ തക്കവണ്ണം പ്രാപ്തന്‍മാരായ താരങ്ങളെ നമ്മള്‍ സൂപ്പര്‍ താരങ്ങള്‍ എന്നു വിളിക്കുകയും ഈ മിനിമം ഗാരണ്ടിക്ക് പ്രതിഫലമായെന്നോണം അവര്‍ക്ക് വമ്പന്‍ പ്രതിഫലം നല്‍കുകയും ചെയ്യുന്നു.

പരസ്യങ്ങളും കട്ടൗട്ടുകളുമില്ലാതെ, തന്ത്രപരമായ മാര്‍ക്കറ്റിങ് വിദ്യകളില്ലാതെ അത്തരത്തില്‍ തന്റെ താരമൂല്യമൊന്നുകൊണ്ടു മാത്രം ജനക്കൂട്ടങ്ങളെ തിയറ്ററിലെത്തിച്ച ലോകത്തിലെ ആദ്യത്തെ താരം എന്നു നിരീക്ഷകരും നിരൂപകരും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില്‍ മീഡിയ സിന്‍ഡിക്കറ്റ് വലിയ കണ്‍ഫ്യൂഷനിലാണ്. അദ്ദേഹത്തെ അഭിനന്ദിക്കണോ, വിചിത്രജീവിയായി അവതരിപ്പിക്കണോ അതോ സോഷ്യല്‍ മീഡിയ മോഡല്‍ പിന്തുടര്‍ന്ന് ആക്ഷേപിക്കണോ ? എന്തു ചെയ്താലും സന്തോഷ് സാര്‍ അതൊരു ഭൂഷണമായേ കരുതൂ.കുറസോവയെപ്പോലെയോ സത്യജിത് റേയെപ്പോലെയോ ഒരു ചലച്ചിത്രകാരന്‍ ആവുക എന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സിനിമക്കാരനായി പേരെടുക്കുക എന്നതാണ്. അത് അദ്ദേഹം സാധിച്ചിരിക്കുന്നു.അഭിനന്ദിക്കത്തക്കതായി ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. എന്നാല്‍,അസാധ്യമെന്നു തോന്നുന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉറച്ച വിശ്വാസത്തോടെ നിരന്തരം കഠിനാധ്വാനം ചെയ്താല്‍ അത് ഉറപ്പായും സാധിക്കും എന്ന തത്വത്തിന് ഒരു മികച്ച ഉദാഹരണം കൂടി അദ്ദേഹം നല്‍കി.

സന്തോഷ് പണ്ഡിറ്റിനെപ്പറ്റി കൂടുതല്‍ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.കാരണം, സന്തോഷ് പണ്ഡിറ്റിന്റെ ബെസ്റ്റ് ടൈംസ് കഴിഞ്ഞു. തൃശൂര്‍ ബിന്ദുവിലും എറണാകുളം കാനൂസിലും നടക്കുന്നത് സന്തോഷ് പണ്ഡിറ്റ് വധമാണെന്നു പലരും ധരിച്ചിട്ടുണ്ട്.അത് ശരിയല്ല.സന്തോഷ് പണ്ഡിറ്റ് വധം സോഷ്യല്‍ മീഡിയ നിര്‍വഹിച്ചു കഴിഞ്ഞു.ഇപ്പോള്‍ നടക്കുന്നത് പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്റെ മൃതദേഹത്തില്‍ കല്ലെറിയുന്ന ഹീനമായ ചടങ്ങാണ്.ലോകസിനിമാ ചരിത്രത്തെ കിടിലം കൊള്ളിക്കുന്ന മറ്റ് 16 കൃത്യങ്ങള്‍ പോലെ തന്നെ ഈ ചടങ്ങിന്റെയും മുഖ്യകാര്‍മികന്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.

മുഖ്യധാരാ സംവിധായകന്‍മാര്‍ക്കു പോലും തിയറ്റര്‍ കിട്ടാത്ത സാഹചര്യത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്‍ക്ക് തിയറ്റര്‍ കിട്ടിയ സാമൂഹികസാഹചര്യത്തെപ്പറ്റി പലരും വിസ്മയിക്കുന്നുണ്ട്.തിയറ്ററുകള്‍ 60000 രൂപയ്‍ക്ക് വാടകയ്‍ക്ക് എടുത്താണ് അദ്ദേഹം സിനിമ പ്രദര്‍ശിപ്പിക്കുന്നത്. അല്ലാതെ തിയറ്ററുകാര്‍ പടമെടുത്ത് പ്രദര്‍ശിപ്പിക്കുന്നതല്ല.വാടകയ്‍ക്കെടുത്ത തിയറ്ററില്‍ നിന്നു വല്ല വരുമാനവും ഉണ്ടായാല്‍ അത് മുഴുവന്‍ വാടകയ്‍ക്ക് എടുത്തയാള്‍ക്കാണ്. എന്നാല്‍ തിയറ്ററിലെ തിരക്കും റെക്കോര്‍ഡ് കലക്ഷനും കണ്ടതോടെ ഒരു തിയറ്ററുകാരന്‍ സാധാരണപോലെ കളക്ഷന്‍ ഷെയര്‍ മാത്രമേ നല്‍കൂ എന്നു പറഞ്ഞ് ആ പാവത്തിനെ ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞു കേട്ടു.മൊത്തം ബിസിനസിലെയും ഏറ്റവും നാറിയ സംഭവമാണ് ആ തിയറ്ററുടമയുടേത് എന്നത് പറയാതിരിക്കാന്‍ വയ്യ.

തിയറ്ററില്‍ ആര്‍ത്തലയ്‍ക്കുന്ന യുവപ്രേക്ഷകസമൂഹമാണ് ചര്‍ച്ചയിലെ പ്രധാന പോയിന്റ്.ഇത് യുവത്വത്തിന്റെ ആഘോഷമാണ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.ചെറുപ്പക്കാരെ ഒപ്പം നിര്‍ത്തുന്നതാണ് വിജയത്തിനുള്ള ഫോര്‍മുല എന്നു വിശ്വസിക്കുന്നവര്‍ക്ക് ചെറുപ്പക്കാരുടെ ഈ തള്ളല്‍ കണ്ട് കണ്ണു തള്ളുന്നതില്‍ തെറ്റില്ല.എന്നാല്‍,ഫേസ്‍ബുക്ക്-ടൊറന്റ് തലമുറയിലെ മനോരോഗികളുടെ ആര്‍ത്തനാദങ്ങളെ പ്രേക്ഷകന്റെ ഹര്‍ഷാരവങ്ങളായി തെറ്റിദ്ധരിക്കുന്നിടത്താണ് നിരൂപകര്‍ക്കും നിരീക്ഷകര്‍ക്കും അടിതെറ്റുന്നത്.സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും സ്വീകരിക്കപ്പെട്ടു എന്നതല്ല,മൂന്നേകാല്‍ മണിക്കൂര്‍ ഭ്രാന്തമായ മനസ്സോടെ ഒരാളെ തെറിവിളിക്കുന്നതിന്റെ ലൈംഗികസംതൃപ്തിക്കു വേണ്ടി 60 രൂപ മുടക്കാന്‍ തയ്യാറായ ഒരു സമൂഹം ഇവിടെയുണ്ട് എന്നതാണ് ഗുരുതരമായ സ്ഥിതിവിശേഷം.

ഇതുവരെ സന്തോഷ് പണ്ഡിറ്റിനെ അവഗണിച്ചിരുന്ന ബുദ്ധിജീവികളും അദ്ദേഹത്തെ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്.മുഖ്യധാരാ സിനിമയ്‍ക്കു നേരേ സാധാരണക്കാരന്റെ എന്തോ ഡാഷ് ആണ് ഈ സിനിമയുടെ വിജയം എന്നൊക്കെ അവറ്റകള്‍ ആക്രോശിക്കുന്നുണ്ട്.അനുകമ്പ അര്‍ഹിക്കുന്ന തീര്ത്തും ദുര്ബലനായ ഒരാളെ കരുത്തന്മാരും സംസ്‍കാര സമ്പന്നരുമായ ജനക്കൂട്ടം ആക്രമിച്ചു കീഴ്‍പ്പെടുത്തുന്നതിനെ കലാസ്വാദനം എന്നു വിളിക്കാനാവില്ല.സന്തോഷ് പണ്ഡിറ്റിനെക്കാള്‍ അദ്ദേഹത്തെ തെറി വിളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് സമൂഹത്തിനു വെല്ലുവിളി എന്നതില്‍ സംശയമില്ല.തന്റെ വിഡിയോകള്‍ കൊണ്ടാണ് യൂ ട്യൂബ് പച്ചപിടിച്ചതെന്നും താനാണ് മലയാള സിനിമയെ നയിക്കാന്‍ പോകുന്ന യങ് സൂപ്പര്‍ സ്റ്റാറെന്നും വിശ്വസിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ സത്യങ്ങള്‍ ബോധ്യപ്പെടുത്താനാവാത്തതോ അതോ ഒന്നും തനിക്കു ബോധ്യമായിട്ടില്ലെന്ന് അദ്ദേഹം ഭാവിക്കുന്നതോ ?

പ്രകൃതിനിയമം അനുസരിച്ച് അര്‍ഹിക്കുന്ന വിജയമാണ് (അദ്ദേഹം ഇതിനെ വിജയമായി കാണുന്നതുതൊണ്ട്)സന്തോഷ് പണ്ഡിറ്റ് നേടിയിരിക്കുന്നത്.പ്രസിദ്ധിക്കും കുപ്രസിദ്ധിക്കുമിടയില്‍ ഇക്കാലത്ത് വലിയ വേര്‍തിരിവുകളില്ലാത്തതിനാല്‍ സന്തോഷ് പണ്ഡിറ്റ് പ്രസിദ്ധനാണ് എന്നു തന്നെ പറയാം.പഠിക്കേണ്ടതും പരിശോധിക്കേണ്ടതും സന്തോഷ് പണ്ഡിറ്റ് ഫാന്‍സിന്റെ തലയാണ്.തിയറ്ററിനുള്ളില്‍ തെറി വിളിക്കുകയും അശ്ലീലം പറയുകയും പുറത്തെത്തി മുദ്രാവാക്യം മുഴക്കുകയും നേരില്‍ കണ്ടാല്‍ ഒപ്പം നിന്നു ഫോട്ടോ എടുത്ത് നാലു പേരെ കാണിക്കുകയും ചെയ്യുന്ന ഈ സമൂഹത്തിനു വേണ്ടത് സന്തോഷ് പണ്ഡിറ്റുമാരെയാണ്. അവരുടെ മൃഗയാവിനോദങ്ങള്‍ക്കുള്ള ഇരകളെ അവര്‍ തന്നെ കണ്ടെത്തിക്കൊള്ളും.

സമാന്തരസിനിമയുടെ പുതുമഴ

മുഖ്യധാരാ സിനിമകളുടെ കുത്തൊഴുക്കിനൊപ്പം അനിവാര്യമായി സംഭവിക്കേണ്ട ഒന്നാണ് സമാന്തര സിനിമകളുടെ വളര്‍ച്ചയും. നിര്‍ഭാഗ്യവശാല്‍ സമാന്തരസിനിമകള്‍ സാമ്പത്തികമായി എന്തു നേട്ടം ഉണ്ടാക്കും എന്ന ആലോചന പലപ്പോഴും നല്ല സിനിമകള്‍ക്കായുള്ള പരിശ്രമങ്ങള്‍പ്പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എങ്കിലും വേറിട്ട ചില പരിശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു. പറഞ്ഞു വരുന്നത് നാളെ റിലീസ് ചെയ്യുന്ന കുറെ ചെറുപ്പക്കാരുടെ ചെറിയൊരു ചലച്ചിത്രസംരംഭത്തെപ്പറ്റിയാണ്.

ചലച്ചിത്രപ്രേമികളായ തിരുവനന്തപുരത്തെ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നു രൂപീകരിച്ച സിനിമാജികിന്റെ ബാനറില്‍ നിര്‍മിച്ച ഇനിയുമൊരു മഴയായ് എന്ന ഹ്രസ്വചിത്രം(30 മിനിറ്റ്) നാളെ തിരുവനന്തപുരം കൈരളി തിയറ്ററില്‍ രാവിലെ 9.30ന് പ്രദര്‍ശിപ്പിക്കപ്പെടുകയാണ്. നല്ല സിനിമകള്‍ക്കായി വിമര്‍ശനങ്ങളുയര്‍ത്തുന്ന പ്രേക്ഷകമൂഹത്തിന് ഇത്തരമൊരു സംരംഭത്തെ പ്രോല്‍സാഹിപ്പിക്കാനും ചിത്രം കണ്ട് വിലയിരുത്താനും വിമര്‍ശിക്കാനും ഒക്കെ കടമയുണ്ട്. നാളെ തിരുവനന്തപുരത്തുള്ളവര്‍ രാവിലെ 9.30ന് കൈരളിയിലെത്തി ഈ ഉദ്യമത്തോട് സഹകരിക്കണമെന്ന് ഞാനും അഭ്യര്‍ത്ഥിക്കുന്നു. പ്രീമിയര്‍ ഷോയുടെ ഫേസ്‍ബുക്ക് ഇവന്റ് പേജിലെത്തി നിങ്ങള്‍ക്ക് സാന്നിധ്യം പ്രഖ്യാപിക്കാം.

കാനന്‍ 550ഡി ക്യാമറയില്‍ നാലു മാസം കൊണ്ട് ചിത്രീകരിച്ച സിനിമയുടെ സംവിധായകന്‍ ജിഷ്ണു ശ്രീകണ്ഠന്‍ ആണ്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നത് പുതുമുഖങ്ങളാണ്. അവധിദിവസങ്ങളില്‍ ചിത്രീകരിച്ച ഈ സിനിമ ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാകട്ടെ എന്നു പ്രത്യാശിക്കാം. മഴയും പ്രണയവും ഇടകലര്‍ന്നു കിടക്കുന്ന വേണു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മുറിവേറ്റ ഓര്‍മകളുടെ തനിയാവര്‍ത്തനമാണ് സിനിമയുടെ പ്രമേയം. തിരക്കഥ മഹേഷ് ഗോപാല്‍. സുനീത് ഐശ്വര്യ, എയ്ഞ്ചല്‍, അനന്തു,ഡിസ്‍നി ജയിംസ്,മിനി, രാധ എം.കെ.,അനന്തപത്മനാഭന്‍,വിപിന്‍ വി.നായര്‍, സുധാദേവി തുടങ്ങിയവര്‍ അഭിനയിക്കുന്നു. നാളെ കൈരളിയിലെ ഷോയ്‍ക്കു ശേഷം സിനിമാജിക്ക് വെബ്‍സൈറ്റിലും സിനിമ സ്ട്രീം ചെയ്യും. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ ഇവിടെ.