എം.വി.നികേഷ് കുമാറിനോട് പത്തു ചോദ്യങ്ങള്‍

ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌സൈറ്റില്‍ ശ്രീ. എം.വി.നികേഷ് കുമാര്‍ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. വാര്‍ത്ത അവതരിപ്പിക്കുന്ന അതേ ശൈലിയില്‍ അബദ്ധങ്ങളും വിവരക്കേടുകളും വളരെ ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെ ഞാനഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും തല്‍സമയ വാര്‍ത്താപരിപാടികളിലൂടെ പരസ്യവിചാരണ നടത്താറുള്ള നികേഷ് ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഉടുക്കുകൊട്ടി പേടിപ്പിക്കലായി ചിത്രീകരിക്കുന്നത് ഖേദകരമാണ്.

ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്നുറപ്പുള്ള തുകയ്ക്ക് സര്‍വീസ് ടാക്‌സ് ഈടാക്കരുതെന്നും അതിന്‍മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കിയത് തന്റെ ചാനലിനോടുള്ള ക്രൂരതയാണെന്നും നികേഷ് പറയുന്നു. പരസ്യത്തിന്റെ കാശ് പിരിച്ചെടുക്കാന്‍ കഴിയാത്തത് ചാനലിന്റെ പരാജയമാണ്. അതിന്റെ ഭാരം ഏറ്റെടുക്കേണ്ടത് സര്‍ക്കാരും ജനങ്ങളുമല്ല. മിസ്മാനേജ്‌ന്റെിനെ ബുദ്ധിജീവിനാട്യങ്ങള്‍ കൊണ്ടു മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് പഴയ നമ്പരാണ്. നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ലേഖനത്തില്‍ നിന്നും എനിക്കു തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്. സ്വന്തമായി ചാനലൊന്നും ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ ബ്ലോഗിലൂടെ ചോദിക്കുന്നത്.

1. പരസ്യക്കാര്‍ തരാനുള്ള ആറു കോടി രൂപ പിരിഞ്ഞു കിട്ടാതെ ഒന്നരക്കോടി രൂപ നികുതി അടയ്ക്കാന്‍ നിവൃത്തിയില്ല എന്നു കോടതിയില്‍ വാദിച്ച താങ്കള്‍, മാര്‍ച്ച് 23ന് സ്റ്റുഡിയോയിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് എല്ലാ ഡിസ്പ്യൂട്ടും മാറ്റിവച്ച് മുഴുവന്‍ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്നു ചോദിച്ചതായി പറയുന്നു. ആറുകോടി കിട്ടിയാലേ നികുതി അടയ്ക്കാന്‍ കഴിയൂ എന്ന വാദം അവിടെ പൊളിയുകയല്ലേ മിസ്റ്റര്‍ നികേഷ് ? കയ്യില്‍ പണമില്ലെങ്കില്‍ എങ്ങനെ അപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കുമായിരുന്നു ?

2. സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നു പറയുന്നു. കമ്മിഷണര്‍ ശ്രീ.നികേഷിനെ കാണണം എന്നാവശ്യപ്പെട്ടതുപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരായിരുന്നില്ല ആ ഉദ്യോഗസ്ഥര്‍ എന്നാണ് മനസ്സിലാവുന്നത്. താങ്കള്‍ക്ക് സമന്‍സുമായി വന്നവരോട് എന്നെ കമ്മിഷണറുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന താങ്കളുടെ ആവശ്യം അവര്‍ അനുസരിച്ചില്ല എന്നത് അവര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരാണ് എന്നതിനു തെളിവല്ലേ മിസ്റ്റര്‍ നികേഷ് ? അവരെ അഭിനന്ദിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത് ?

3. താങ്കള്‍ ആവശ്യപ്പെട്ടതു പ്രകാരം കമ്മിഷണറുടെ ഓഫിസിലെത്തിച്ചില്ല എന്നു മനസ്സിലായപ്പോള്‍ മുന്‍ കമ്മിഷണറായ ഡോ.രാഘവനോട് സഹായമഭ്യര്‍ഥിച്ചു എന്നു താങ്കള്‍ പറയുന്നു. താന്‍ നിസ്സഹായനാണെന്നു പറഞ്ഞ രാഘവന്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ നികേഷിനു ലഭിക്കും എന്നും പറഞ്ഞു. നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സഹായമഭ്യര്‍ഥിക്കുന്നത് ശരിയാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു വാര്‍ത്ത കൊടുക്കുന്ന താങ്കള്‍ അതിനു തന്നെയല്ലേ അപ്പോള്‍ ശ്രമിച്ചത് ?

4. ഡോ.രഘവന്‍ കൈവിട്ടതോടെ ‘തുടര്‍ന്നു ഞാന്‍ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളെയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനെക്കാള്‍ ഭേദം ജയിലാണല്ലോ…’- എന്നെഴുതിയിരിക്കുന്നത് വായിച്ചു. എന്താണ് താങ്കള്‍ അതുകൊണ്ടുദ്ദേശിച്ചത് എന്നു വ്യക്തമായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളും സംസ്ഥാനം ഭരിക്കുന്ന നേതാക്കളും താങ്കള്‍ക്കു സഹായം ചെയ്യാന്‍ മാത്രം യോഗ്യതയുള്ളവരല്ല എന്നാണോ ? അതോ അവരും താങ്കളുടെ കാര്യത്തില്‍ നിഷ്പക്ഷത പുലര്‍ത്തുമോ എന്ന ഭീതിയായിരുന്നോ ? എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചാനല്‍ മുതലാളിയെക്കാള്‍ ആയിരം മടങ്ങു മുകളിലാണ് എന്നതു മനസിലാക്കുമല്ലോ ?

5. താങ്കളെ അറസ്റ്റ് ചെയ്ത വാര്‍ത്ത നവമാധ്യമങ്ങളില്‍ വന്നു തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ അക്കൗണ്ടിലേക്ക് സ്വമേധയാ പണം അയച്ചുകൊണ്ടിരുന്നു എന്നതാണ് ലേഖനത്തില്‍ എന്നെ കരയിച്ചുകളഞ്ഞ ഭാഗം. ശ്രീ.നികേഷ് കുമാറിനെ അറിയുന്നവര്‍ കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കോടി 20 ലക്ഷം രൂപ താങ്കളുടെ അക്കൗണ്ടിലെത്തിച്ചു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. സ്വര്‍ണം ഊരിക്കൊണ്ടുപോയി പണയം വച്ച് കാശാക്കിയെടുക്കാനൊക്കെ കുറച്ചു സമയം വേണ്ടെ ? അതിനും പുറമേ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കിലും കുറച്ചു സമയം ആവശ്യമാണ്. അതിനും പുറമേ, എങ്ങനെ ഇത്രയധികം ആളുകളുടെ പക്കല്‍ താങ്കളുടെ അക്കൗണ്ട് നമ്പര്‍ എത്തിപ്പെട്ടു ? മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ ?

6. തുടര്‍ന്നങ്ങോട്ട് ലേഖനത്തിലുടനീളം താങ്കള്‍ താങ്കളുടെ തന്നെ മാഹാത്മ്യം വര്‍ണിക്കുകയാണ്. വായിച്ചപ്പോള്‍ പാവം തോന്നി. താങ്കള്‍ സ്വന്തമായി ചാനല്‍ തുടങ്ങിയത് ഈ നാട്ടില്‍ ഒരു സ്വതന്ത്രമാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടായിരുന്നു എന്നതും എന്നെ ഞെട്ടിച്ചു. ഏഷ്യാനെറ്റില്‍ നിന്നും പുറത്തുചാടി ഇന്ത്യാവിഷന്‍ ഉണ്ടാക്കിയപ്പോഴും അങ്ങ് അതു തന്നെയല്ലേ ചെയ്തത് ? ഇന്ത്യാവിഷന്‍ മുങ്ങിത്തുടങ്ങിയ സമയത്തല്ലേ അങ്ങ് റിപ്പോര്‍ട്ടര്‍ ഉണ്ടാക്കിയത് ? അപ്പോള്‍ ഇന്ത്യാവിഷന്‍ കുത്തക ചാനലായി മാറിക്കഴിഞ്ഞിരുന്നോ ? എങ്കില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യാവിഷന്‍ പ്രവര്‍ത്തിക്കാത്തത് ?

7. താങ്കള്‍ താങ്കളെ തന്നെ വാഴ്ത്തുന്ന ഭാഗത്ത് താങ്കള്‍ ‘തുടക്കമിട്ടത് വാഴപ്പിണ്ടി എടുത്തു കളഞ്ഞ് പകരം നട്ടെല്ലു വച്ച മാധ്യമപ്രവര്‍ത്തനം’ ആണെന്നു വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം അറിയാത്ത ഏതോ ന്യൂജന്‍ ട്രെയിനിയെപ്പോലെ താങ്കള്‍ എന്തോ പുലമ്പുന്നു എന്നാണ് തോന്നിയത്. താങ്കളെപ്പോലെ ഒച്ചയും ബഹളും അലമ്പും ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളെക്കാള്‍ ആത്മാര്‍ഥമായി, താങ്കളെക്കാള്‍ നീതിക്കു വേണ്ടിയുള്ള ദാഹത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തിയ ആയിരക്കണക്കിനാളുകള്‍ ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന നാടാണ് കേരളം. അവിടെ താങ്കള്‍ക്കൊപ്പമല്ലാത്ത എല്ലാവരുടെയും നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന വിശ്വാസം ചപലമാണ്. നാര്‍സിസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചുറ്റുപാടും നോക്കിയാല്‍ താങ്കള്‍ക്ക് അവരെ കാണാന്‍ സാധിക്കും.

8. താങ്കളെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് താങ്കള്‍ നീതി കിട്ടിയില്ല, കരുണ കാട്ടിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇതിനെക്കാള്‍ ചെറിയ കുറ്റങ്ങള്‍ക്ക് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അത് ബ്രേക്കിങ് ന്യൂസ് ആക്കുന്നയാളല്ലേ താങ്കള്‍ ? ചെറിയ ആരോപണങ്ങളുടെ പേരില്‍ ആളുകളെ സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാലാംകിട ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിക്കുമ്പോള്‍ നീതി, കരുണ തുടങ്ങിയ വാക്കുകള്‍ താങ്കളുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നോ ?

9. മൊത്തത്തില്‍ താങ്കളുടെ ലേഖനത്തില്‍ നിന്നും താങ്കളും താങ്കളുടെ ചാനലും എന്തോ വിശുദ്ധ കര്‍മമാണ് ചെയ്യുന്നതെന്നും അതിനാല്‍ മറ്റു ചാനലുകളെ കാണുന്നതുപോലെ കാണാന്‍ പാടില്ലെന്നും ഒരു സൂചനയുള്ളതുപോലെ തോന്നി. തീര്‍ച്ചയായും അങ്ങനെയായിരിക്കാം. എന്നാല്‍, റിമോട്ടെടുത്ത് ചാനലുകള്‍ മാറ്റുന്ന സാധാരണക്കാരെ സംബന്ധിച്ച് അത്തരം മാറ്റങ്ങള്‍ ഫീല്‍ ചെയ്യുകയില്ല. സമത്വവും സ്വാതന്ത്ര്യവും പുലര്‍ന്നുകാണാനാഗ്രഹിച്ച ധീരന്‍മാരായ മാധ്യമപ്രവര്‍ത്തകരുടെ പാത പിന്‍തുടരുന്ന താങ്കള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ ?

10. താങ്കള്‍ക്കു നട്ടെല്ലുണ്ടെന്നു കരുതി ബാക്കി എല്ലാവരും അത് മാറ്റി വാഴപ്പിണ്ടി വയ്ക്കണം എന്നില്ലല്ലോ അല്ലേ  ?  ഉണ്ടോ ? ഇല്ലേ ? ഉവ്വോ ?

കുളിമുറികളിലെ അധികതോര്‍ത്തിന് അധികനികുതി

ഒരു കുളിമുറിയില്‍ ഒന്നിലേറെ തോര്‍ത്തുകളുണ്ടെങ്കില്‍ രണ്ടാമത്തെ തോര്‍ത്തിനു മുതല്‍ അധികനികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ഇതിനായി തോര്‍ത്തുനിയമം ഉടന്‍ ഭേദഗതി ചെയ്യും. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു തോര്‍ത്ത് മതി എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിലധികമുള്ള തോര്‍ത്തുകള്‍ക്കാണ് നികുതി ഈടാക്കുക. പല വീടുകളിലും ഭാര്യയ്ക്കും ഭര്‍ത്താവിനും വെവ്വേറെ തോര്‍ത്തുകളുള്ളതായി രഹസ്യാന്വേഷണ വിഭാഗവും കുളിമുറി ഇന്റലിജന്‍സ് വിഭാഗവും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടൊപ്പം സാധാരണക്കാരുടെ ധൂര്‍ത്ത് നിയന്ത്രിക്കുന്നതിനും സാമ്പത്തിക അച്ചടക്കം നടപ്പിലാക്കുന്നതിനുമായാണ് അധിക തോര്‍ത്തുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുന്നത്.

ഇരുവശത്തും കരയുള്ള വെളുത്ത തോര്‍ത്തുകള്‍ക്കു പുറമേ ആളുകള്‍ പോക്കറ്റില്‍ കരുതുന്ന കര്‍ചീഫുകളെയും തോര്‍ത്തായി പരിഗണിച്ചായിരിക്കും നിയമം നടപ്പാക്കുക. ആളുകള്‍ മുഖം തുടയ്ക്കാനും മഴനനയുമ്പോള്‍ തല തോര്‍ത്താനുമൊക്കെ കര്‍ചീഫ് ഉപയോഗിക്കുന്നുണ്ടെന്ന കര്‍ചീഫ് കര്‍ചീഫ് കമ്മിഷന്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. ഇതു പ്രകാരം കര്‍ചീഫുകളെ ഒന്നിലധികമുള്ള തോര്‍ത്തുകളായി എണ്ണും. ഭാര്യയും ഭര്‍ത്താവും വെവ്വേറെ കര്‍ചീഫുകള്‍ ഉപയോഗിക്കുമ്പോള്‍ അവയൊക്കെ അധികതോര്‍ത്തുകളായി കണക്കിലെടുക്കുകയും അധികനികുതി ഈടാക്കുകയും ചെയ്യും. ഒരേയൊരു തോര്‍ത്ത് ഒരൊറ്റ കര്‍ചീഫ് എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

അധികനികുതി ഏര്‍പ്പെടുത്തുന്നത് ഒന്നിലധികമുള്ള തോര്‍ത്തുകള്‍ക്കും കര്‍ചീഫുകള്‍ക്കും മാത്രമാണെന്നും ലക്ഷ്വറി ടവ്വലിന് ഇത് ബാധമായിരിക്കില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കുളിക്കാന്‍ വില കൂടിയ ടവ്വലുകള്‍ ഉപയോഗിക്കുന്നവരെ അതിന്റെ പേരില്‍ പീഡിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, സാധാരണ കുടുംബങ്ങളിലും മറ്റു കുളിമുറികളിലും തോര്‍ത്തുപയോഗിക്കുന്നവര്‍ ഒന്നിലേറെ തോര്‍ത്ത് ഉപയോഗിക്കുന്നത് വച്ചുപൊറുപ്പിക്കില്ല. ഭാര്യയും ഭര്‍ത്താവും വെവ്വേറെ തോര്‍ത്തുകള്‍ ഉപയോഗിക്കുന്നത് ആഢംബരവും അനാവശ്യവുമാണെന്നതിനു പുറമേ ദാമ്പത്യത്തിലെ വിശ്വസ്തതയും കെട്ടുറപ്പും തകര്‍ക്കുന്ന പ്രവൃത്തിയാണ്. പുതിയ നിയമം വരുന്നതോടെ ആളുകള്‍ ഒറ്റത്തോര്‍ത്തുകൊണ്ട് ജീവിക്കാന്‍ പഠിക്കുമെന്നും ഇത് സമൂഹത്തില്‍ സോഷ്യലിസം നടപ്പാക്കുമെന്നും നികുതിയിനത്തില്‍ സര്‍ക്കാരിന് വലിയൊരു തുക സമ്പാദികാനാവുമെന്നും പ്രതീക്ഷിക്കുന്നു.

അധികതോര്‍ത്തിനു നികുതി ഏര്‍പ്പെടുത്തുമ്പോള്‍ വലിയ കുടുംബങ്ങള്‍ക്കും ആറ്റില്‍ കുളിക്കുന്നവര്‍ക്കും ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും മാത്രമുള്ള വീടാണെങ്കില്‍ അവരുടെ കുളിമുറിയില്‍ ഒറ്റ തോര്‍ത്തേ ഉണ്ടാവാന്‍ പാടുള്ളൂ. പ്രായപൂര്‍ത്തിയാവാത്ത മക്കളെയും ഈ തോര്‍ത്തുപയോഗിച്ചു കുളിപ്പിക്കാം. പ്രായപൂര്‍ത്തിയാവുന്ന മുറയ്ക്ക് വേറെ തോര്‍ത്തുകള്‍ വാങ്ങാന്‍ പഴയ നികുതി തന്നെ നല്‍കിയാല്‍ മതിയാവും. എന്നാല്‍ ഈ മക്കള്‍ വിവാഹം കഴിക്കുമ്പോള്‍ വേറെ തോര്‍ത്ത് വാങ്ങുകയോ വിവാഹിതരായി ആ വീട്ടിലേക്കെത്തുന്ന പെണ്‍കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നു വേറെ തോര്‍ത്തു കൊണ്ടുവരികയോ ചെയ്താല്‍ രണ്ടാമത്തെ തോര്‍ത്തിന് അധികനികുതി കൊടുക്കേണ്ടി വരും.

ആറ്റിലും തോട്ടിലും കുളത്തിലും കുളിക്കുന്നവര്‍ കുളിക്കുമ്പോള്‍ ഒരു തോര്‍ത്തുടുക്കുകയും കുളി കഴിഞ്ഞ ശേഷം മറ്റൊരു തോര്‍ത്തു കൊണ്ട് തോര്‍ത്തുകയും ചെയ്യുന്നതായി തീരദേശകുളിസീന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് കര്‍ശനമായി നിയന്ത്രിക്കും. ഉടുക്കുന്ന തോര്‍ത്തുകൊണ്ട് തന്നെ തോര്‍ത്താന്‍ ആളുകള്‍ തയ്യാറാവണം. ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് ആറ്റിലോ മറ്റോ കുളിക്കാന്‍ പോകുമ്പോള്‍ ആദ്യം ഒരാള്‍ കുളിച്ചതിനു ശേഷം മറ്റൊരാള്‍ കുളിക്കണം. രണ്ടു പേരും ഒരുമിച്ചു കുളിക്കുന്നതിനായി രണ്ടു തോര്‍ത്ത് കരുതിയാല്‍ അതിന് അധികനികുതി നല്‍കേണ്ടി വരും.

അതേ സമയം, മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവരുടെ കാറുകള്‍ തുടയ്ക്കുന്നതിനായി രണ്ടുലക്ഷം തോര്‍ത്തുകള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പല മന്ത്രിമാര്‍ക്കും നാലും അഞ്ചും വാഹനങ്ങളുണ്ട്. ഇതൊക്കെ തുടച്ചുവൃത്തിയാക്കാന്‍ ധാരാളം തോര്‍ത്തുകള്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തോര്‍ത്തുകള്‍ വാങ്ങിനല്‍കാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ക്കു സൗജന്യമായി തോര്‍ത്തുകള്‍ നല്‍കുന്ന പദ്ധതിക്കു പണം കണ്ടെത്താനായി ജനങ്ങളുടെ ഒന്നിലധികമുള്ള അണ്ടര്‍വെയറുകള്‍ക്കു നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

നിരക്കുവര്‍ധന നാമമാത്രം; മുഖ്യമന്ത്രി വിസ്മയമായി

വൈദ്യുതി നിരക്ക് യൂണിറ്റിനു 10 രൂപ വീതവും മാസം 50 യൂണിറ്റിനു മുകളിലുപയോഗിക്കുന്നവര്‍ക്ക് മൂന്നു മാസം തടവും 10000 രൂപ പിഴയും നല്‍കണമെന്ന ശുപാര്‍ശ അടങ്ങിയ ഫയല്‍ ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിക്കും താനില്ലെന്നു തുറന്നടിച്ച മുഖ്യമന്ത്രി വൈദ്യുതി ബോര്‍ഡ് പൂട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായി നേരിയ ചാര്‍ജ് വര്‍ധനയ്‍ക്ക് മാത്രം ഒടുവില്‍ സമ്മതം മൂളുകയായിരുന്നു. 300 ശതമാനം വര്‍ധന വേണമെന്നായിരുന്നു ആവശ്യമെങ്കിലും ജനപക്ഷത്തു നിന്നുകൊണ്ട് പോരാടിയ മുഖ്യമന്ത്രിയും വൈദ്യുത മന്ത്രിയും വെറും 30 ശതമാനം വര്‍ധന മാത്രമേ അനുവദിച്ചുള്ളൂ.

വളരെ കുറഞ്ഞ നിരക്കില്‍ നല്ല വോള്‍ട്ടേജുള്ള വൈദ്യുതി കേരളത്തില്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചില്ലെങ്കില്‍ കേരളത്തിലേക്കു വരുന്ന വിനോദസഞ്ചാരികളെ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് വൈദ്യുതി ചാര്‍ജ് 600 ഇരട്ടിയാക്കണമെന്ന് കേന്ദ്രനിര്‍ദേശമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. ജനങ്ങളുടെ ജീവിതഭാരം കൂട്ടുന്ന നടപടികള്‍ക്ക് തന്നെ നിര്‍ബന്ധിക്കരുതെന്ന് ഹിലരി ക്ലിന്‍റണെ ഫോണ്‍ വിളിച്ചു പറഞ്ഞ മുഖ്യമന്ത്രി യുഎസ് കോണ്‍സുലേറ്റ് അധികൃതരെ തിരുവനന്തപുരത്ത് തന്‍റെ ഓഫിസില്‍ വിളിച്ചു വരുത്തി ശാസിച്ചു. ജനങ്ങള്‍ക്കു വേണ്ടിയും നാടിന്‍റെ നന്മയ്‍ക്കു വേണ്ടിയും സ്വയം ഇല്ലാതായ മഹാബലിയെപ്പോലെ മുഖ്യമന്ത്രി പെരുമാറുകയാണെന്ന് യുഎസ് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

മഴ കൊടും ചതി നടത്തുകയും ലോകമെങ്ങും വൈദ്യുതി നിരക്ക് ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുമ്പോള്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി, വളരെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന കേരള സര്‍ക്കാര്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും കുറഞ്ഞ വൈദ്യുതി നിരക്കും വളരെ കുറഞ്ഞ ജീവിതച്ചെലവും മൂലം ബിഹാര്‍, ഒറിസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു ജനങ്ങള്‍ കേരളത്തിലേക്ക് പാലായനം ചെയ്യുന്നത് തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും കേരളം ചെവിക്കൊണ്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏതെങ്കിലും നടപടിക്കു മുതിരാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ താന്‍ രാജിവച്ചൊഴിയുമെന്നു മുഖ്യമന്ത്രി കത്തയച്ചത് ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പേരിനുമാത്രം വൈദ്യുതി നിരക്കു വര്‍ധിപ്പിച്ചത് കൂടുതല്‍ പ്രതിസന്ധിയിലാക്കും.

അതേ സമയം, കേരളത്തിലെ ജനങ്ങളോടുള്ള സ്നേഹം കൊണ്ടും അവരുടെ ക്ഷേമത്തിലുള്ള താല്‍പര്യം കൊണ്ടും മുഖ്യമന്ത്രി നാമമാത്രമായ നിരക്കുവര്‍ധനകള്‍ കൊണ്ട് നഷ്ടത്തിലോടുന്ന എണ്ണക്കമ്പനികളെയും പൂട്ടിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയും കബളിപ്പിക്കുകയാണെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയതായി സൂചനകളുണ്ട്. ജനങ്ങളുടെ നന്മയ്‍ക്കു വേണ്ടി വലിയ കമ്പനികളെയും ഏജന്‍സികളെയും പിണക്കുന്ന ജനകീയമന്ത്രിസഭയുടെ നിലപാട് മുന്നണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സൂചന.

നിലവില്‍ വരുത്തിയിരിക്കുന്ന വൈദ്യുതി നിരക്കു വര്‍ധന ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണെങ്കിലും മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും സംബന്ധിച്ച് ഇനി ഉറക്കമില്ലാത്ത ദിനങ്ങളായിരിക്കും. തങ്ങളായിരുന്നു ഭരണത്തിലെങ്കില്‍ നിരക്കുവര്‍ധന നൂറു മടങ്ങായെനെ എന്നറിയാവുന്ന പ്രതിപക്ഷത്തെ ഈ നാമമാത്രമായ വര്‍ധന വിറളി പിടിപ്പിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ ഇങ്ങനെ ജനപക്ഷനിലപാടുകളെടുത്താല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 50 സീറ്റുകള്‍ പോലും കിട്ടില്ല എന്നു വിലയിരുത്തിയ പ്രതിപക്ഷം നിലവിലുള്ള തുച്ഛമായ നിരക്കു വര്‍ധന പെരുപ്പിച്ചു കാട്ടി പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് സൂചനകള്‍. രാഷ്ട്രീയകൊലപാതകക്കേസുകളില്‍ പെട്ട് മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പുകൂടിയാവും ഈ വ്യാജപ്രതിഷേധം.

നിരക്കുവര്‍ധനയോടൊപ്പം ആശ്വാസമായി പവര്‍കട്ടു കൂടി ഏര്‍പ്പെടുത്തുമെന്നു സൂചനയുണ്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടിപ്രവര്‍ത്തകര്‍ കേസുകളില്‍ കുടുങ്ങിയ വാര്‍ത്തയും അറസ്റ്റുകളുടെ വാര്‍ത്തയും ജനങ്ങള്‍ ശ്രദ്ധയോടെ ചാനലുകളില്‍ കാണുന്ന വൈകുന്നേരങ്ങളില്‍ കട്ട് ഒഴിവാക്കുമെന്നാണ് സൂചന. അതേ സമയം നാമമാത്രമായ വര്‍ധന നടപ്പില്‍ വരുത്തിയത് ലീഗിന്‍റെ സമ്മര്‍ദ്ദം മൂലമാണെന്നും നിരക്കുവര്‍ധനയുടെ ഭാരം മറ്റുസമുദായക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണിതെന്നും സെക്യൂലര്‍ പാര്‍ട്ടി നേതാവ് വിശാലചിന്ത മാസികയിലെ മുഖപ്രസംഗത്തില്‍ ആരോപിച്ചു. നിരക്കുവര്‍ധന നാമമാത്രമാണെന്നു പ്രഖ്യാപിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ പച്ച കസേരകള്‍ നിരത്തിയിരുന്നത് ഇതിന്‍റെ തെളിവാണെന്നും വിശാലചിന്തയില്‍ ആരോപിക്കുന്നുണ്ട്.

കാര്യമായി നിരക്കുവര്‍ധന നടത്താതെ ജനങ്ങള്‍ക്കു വേണ്ടി ബലിയാടായ മുഖ്യമന്ത്രി വിവാദങ്ങള്‍ക്കു മറുപടി പറഞ്ഞില്ല. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക്, തനിക്കൊന്നും പറയാനില്ലെന്നും എല്ലാം ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണെന്നും മാത്രം പറഞ്ഞ് മുഖ്യമന്ത്രി മാതൃകയായി.

ഗോവയുടെ പാപം (പെട്രോള്‍ വില 55രൂപ)

ഓരോരുത്തര്‍ക്കും ഓരോന്നു പറഞ്ഞിട്ടുണ്ട്. അവര്‍ അതല്ലാതെ വേറെ ചിലതു ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അസ്വസ്ഥമാകും. പാലായില്‍ റബല്‍പാലിന്റെ ഡിആര്‍സി ഒക്കെ നോക്കി നടക്കേണ്ട ചില ക്ണാപ്പന്‍മാര്‍ ബ്ലോഗെഴുതുന്നതുപോലെ,നിയമസഭയില്‍ ബ്ലൂഫിലിം കാണാന്‍ വിധിക്കപ്പെട്ട ബിജെപി സര്‍ക്കാരുകള്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് രാജ്യത്തിനാകെ വെല്ലുവിളിയാണ്. ഗോവയിലെ ബിജെപി സര്‍ക്കാര്‍ പെട്രോളിന്റെ നികുതി വേണ്ടെന്നു വച്ച് ലിറ്ററൊന്നിന് 11 രൂപ വീതം കുറച്ചത് എങ്ങനെ കേരളത്തിലെ ജനങ്ങളിയാതെ നോക്കാം എന്നതാണ് നവീന വലതുപക്ഷ മാധ്യമപ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളി.

ഗോവയിലെ ബിജെപി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചിട്ട് മൂന്നു ദിവസമായി.ബജറ്റില്‍ പെട്രോളിന്റെ നികുതി വേണ്ടെന്നു വച്ച് ലിറ്ററൊന്നിന് 11 രൂപ കുറച്ച് സംസ്ഥാനത്തെ പെട്രോള്‍ വില 66 രൂപയില്‍ നിന്ന് 55 രൂപയാക്കിയ ജനകീയനടപടി മലയാളത്തില്‍ നേരേ ചൊവ്വേ വന്നത് ജന്മഭൂമി പത്രത്തില്‍ മാത്രമാണ്. പെട്രോളിന്റെ വില കുറയ്‍ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് പൊതുജനം അറിഞ്ഞാല്‍ വിശുദ്ധ ഉമ്മന്‍ ചാണ്ടി സാറിനെ തിന്നുകളയും എന്നു കരുതി ആ പുണ്യാത്മാവിന്റെ ജീവനെക്കരുതി മുക്കിയതാവാം. അല്ലെങ്കില്‍ ജനത്തിന്റെ കഞ്ഞിയില്‍ കയ്യിട്ടുവാരിയിട്ടായാലും നികുതിപ്പണം കൊണ്ട് പുട്ട കളിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ വരുമാനസ്രോതസ്സ് മുടങ്ങിപ്പോവേണ്ട എന്നു കരുതി മൗനം അവലംബിച്ചതാവാം. എല്ലാം എണ്ണക്കമ്പനികളാണ് തീരുമാനിക്കുന്നത് എന്നു കരുതി ജനം അവരെ ശപിച്ച് ശിഷ്ടകാലം കൂടി കഴിഞ്ഞോട്ടെ.

ഗോവയിലാകാമെങ്കില്‍ ഇവിടെയായിക്കൂടെ എന്നു രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങള്‍ ഉറക്കെ ചോദിക്കുന്നുണ്ട്. ഇവിടെ ആ ദുരന്തവാര്‍ത്ത ജനത്തെ അറിയിച്ചിട്ടു തന്നെയില്ല മാധ്യമങ്ങള്‍. പേരിന് 0.1 ശതമാനം മാത്രം മൂല്യവര്‍ധിത നികുതി ചുമത്തിയാണ് ഗോവയില്‍ സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചത്. അതായത് എണ്ണക്കമ്പനികളില്‍ നിന്നു കിട്ടുന്ന വിലയും അല്‍പസ്വല്‍പം നികുതിയും കഴിഞ്ഞുള്ള വിലയാണ് നമ്മളീ കേട്ട 55 രൂപ. ലിറ്ററൊന്നിന് 30 രൂപയിലധികം നമ്മുടെ പോക്കറ്റില്‍ നിന്നൂറ്റിയെടുക്കുന്ന സുന്ദരക്കുട്ടപ്പനായ സര്‍ക്കാരാണ് നമുക്കുള്ളതെന്നു ചുരുക്കം. അഞ്ചാമത്തെ മന്ത്രിയെ കിട്ടുമോ, അനന്യയെ ആഞ്ജനേയന്‍ കെട്ടുമോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ചുമ്മാ ഡ്രൈവിനു പോകുന്നതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടെന്നും വരില്ല.

ഗോവയില്‍ ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പെട്രോളിന്റെ വില കുറയ്ക്കുമെന്നത്.അവരതു പാലിച്ചു. ഇവിടെയാണെങ്കില്‍ ഇലക്ഷനു ജയിക്കാന്‍ അത്ര കനപ്പെട്ട വാഗ്ദാനങ്ങളൊന്നും വേണ്ട. കയ്യാമം വച്ചു നടത്തിക്കാം, ജയിച്ചു വന്നാല്‍ മന്ത്രിയാക്കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ കൊണ്ട് കാര്യം സാധിക്കാമെന്നു നമ്മള്‍ തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍,ഇതൊന്നും പാലിക്കുകയും വേണ്ട.

അല്ലെങ്കിലും, പെട്രോളിന്റെ നികുതിയും ബിവറേജസ് ഔട്ട്‍ലെറ്റുകളുമില്ലെങ്കില്‍ കേരളം എങ്ങനെ പിടിച്ചു നില്‍ക്കും എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. കള്ളുവിറ്റും എണ്ണയ്‍ക്ക് ചുങ്കം പിരിച്ചും നൂറായിരം നികുതികള്‍ പിരിച്ചും ജീവിക്കുന്ന ഒരു പാവം സര്‍ക്കാരാണ് നമ്മുടേത്. ഗവര്‍ണര്‍ക്ക് 80 ലക്ഷം രൂപയുടെ ഔഡി കാര്‍ വാങ്ങണം, രാജ്‍ഭവനു മുന്നില്‍ ചുമ്മാ കിടക്കുന്ന ബെന്‍സുകള്‍ ചൂടാക്കിയിടണം, പാലായിലും പാണക്കാട്ടും പുതുപ്പള്ളിയിലുമായി ചര്‍ച്ചകള്‍ നടത്തണം, അനൂപ് ജേക്കബിനു സര്‍ബത്ത് വാങ്ങണം,സെല്‍വരാജിനെ ആത്മഹത്യയില്‍ നിന്നു രക്ഷിക്കണം… ഇനിയങ്ങോട്ട് സര്‍ക്കാരിനു ചിലവു കൂടും. അതുകൊണ്ട് തല്‍ക്കാലം ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചത് ഇവിടെ ആരോടും പറയേണ്ട.

—— യുഡിഎഫ് ചിന്താവിഷയം ——

എന്തുകൊണ്ട് ഗോവയില്‍ സര്‍ക്കാര്‍ പെട്രോളിനു 11 രൂപ വില കുറച്ചു ?

കര്‍ണാടകയിലും ഗുജറാത്തിലും ബിജെപി എംഎല്‍എമാര്‍ നിയമസഭയിലിരുന്ന് അശ്ലീലം കണ്ടു എന്ന വിവാദം ബിജെപിയുടെ നിലനില്‍പിനെത്തന്നെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധേ തിരിക്കുന്നതിനും പാര്‍ട്ടിയുടെ ഇമേജ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഗോവയില്‍ സര്‍ക്കാര്‍ പെട്രോളിനു 11 രൂപ കുറച്ചത്.

ബജറ്റ് അവലോകനം

സത്യം പറഞ്ഞാല്‍ എന്റെ കണ്ണു നിറഞ്ഞു പോയി. സഗാവ് ചെന്നിത്തല പറഞ്ഞപോലെ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഈ ബജറ്റോടെ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നതില്‍ ഒരു സംശയവുമില്ല. സോണിയാജിയും രാഹുല്‍മോനും ഇത്രേം കാരുണ്യമുള്ളവരാണെന്ന് തീരെ കരുതിയതുമില്ല. പെട്രോളും ഡീസലുമൊക്കെ ഇത്രേം വില കുറച്ചു വിറ്റാല്‍ സര്‍ക്കാരിനു മുതലാകുമോ എന്നാലോചിച്ചു തലപുണ്ണാക്കിക്കോണ്ടിരിക്കുമ്പോഴാണ് ടിവിയില്‍ വില കൂട്ടാന്‍ പോകുന്ന വാര്‍ത്ത കണ്ടത്. സന്തോഷമായി സര്‍ക്കാരേ. അതും രാത്രി തന്നെ കൂട്ടാന്‍ തീരുമാനിച്ചത് വളരെ വളരെ നന്നായി.

കോങ്ക്രസിന്റെ അണ്ണന്‍മാര് പറയുന്നതുപോലെ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില കൂട്ടുന്നതിന്റെ ഭാരം കേരള സര്‍ക്കാരായിട്ട് അങ്ങു സഹിക്കുവാണെങ്കില്‍ കേരളത്തില്‍ വില കൂടുന്നത് ഒഴിവാക്കാവുന്നതേയുള്ളൂ. ഇങ്ങനത്തെ ഐഡിയകളുള്ള അണ്ണന്‍മാര്‍ പുറത്തു കൂടി നടക്കുമ്പോളാണ് കണ്ട വിഎസ്സും കുഎസ്സുമൊക്കെ ഇവിടം ഭരിക്കുന്നതെന്നോര്‍ക്കണം.

ആയമ്മ ഇറ്റലിക്കാരിയായതുകൊണ്ട് ഇറ്റാലിയന്‍ മാര്‍ബിളിനു വില കുറയ്ക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. സാരമില്ല, ഞാന്‍ രാജസ്ഥാന്‍ മാര്‍ബിള്‍ വച്ച് അഡ്ജസ്റ്റ് ചെയ്തോളാം. സോഷ്യലിസ്റ്റ് വീക്ഷണവും ദിശാബോധവുമുള്ള വികസനോന്മുഖ ബജറ്റാണിതെന്ന് ആരോ കളിയായി പറഞ്ഞത് സത്യമായിരിക്കുന്നു. കൃഷി ഇവിടെ നടക്കുന്നില്ല എന്നുറപ്പായ നിലയ്ക്ക് കൃഷി ഉപകരണങ്ങള്‍ക്ക് വില കുറയ്ക്കാനുള്ള തീരുമാനവും കലക്കി. ഇനി നോക്കിക്കോ, കൃഷി ഉപകരണങ്ങള്‍ക്കു വില കുറഞ്ഞതറിഞ്ഞ് കൃഷിനിലങ്ങള്‍ ഉപേക്ഷിച്ചുപോയവര്‍ മടങ്ങി വരും. അവര്‍ ലോ കോസ്റ്റ് ഉകരണങ്ങള്‍ വാങ്ങി വരണ്ട നിലങ്ങളിലേക്കു തിരികെ വരും. ഈ നാട് അങ്ങനെയൊരു ഹരിതസ്വര്‍ഗഭൂമിയായി മാറും.

പെട്രോളിനും ഡീസലിനും വില കൂടിയതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആശ്വാസം പകരുന്നതിന് ഇലക്ട്രിക് കാറുകള്‍ക്കു വില കുറയ്ക്കാനുള്ള തീരുമാനം വളരെ ക്രിയേറ്റീവായ ഒരിടപെടലായി കേട്ടോ. ഇതിനൊക്കെ എങ്ങനെ അഭിനന്ദിക്കണം എന്നറിയാമ്മേല. സാധാരണക്കാരും പാവപ്പെട്ടവരും ഉപയോഗിക്കുന്ന മൈക്രോവേേവ് അവന് വില കുറച്ചില്ലല്ലോ കുറച്ചില്ലല്ലോ എന്നു കഴിഞ്ഞ ബജറ്റ് കഴിഞ്ഞപ്പോള്‍ മുതല്‍ ആലോചിക്കുന്നതാ. സാധാരണക്കാരന്റെ മനസ്സ് കണ്ടറിഞ്ഞിട്ടെന്ന പോലെ ഈ ബജറ്റോടെ അതും സാധിക്കുന്നു.

അഹങ്കാരികളായ ഗള്‍ഫുകാരെയും മറ്റും പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചതു നന്നായി. വിമാനക്കൂലി ഇനിയും കൂട്ടണമായിരുന്നു സര്‍ക്കാരേ. നാട്ടില്‍ വല്ല ജോലിയും ചെയ്തു ജീവിച്ചാല്‍പ്പോരേ ഇവര്‍ക്കൊക്കെ. ഫോറിന്‍കാരനായി ഇവിടെ വന്നു വിലസാന്‍ എന്തിന് സര്‍ക്കാര്‍ ഈ വെയ്റ്റെല്ലാം ചുമ്മക്കണം ? സ്വര്‍ണത്തിനു വിലകൂടുമെന്നു വായിച്ചു. സന്തോഷമായി. സ്വര്‍ണമെന്നൊക്കെ പറഞ്ഞാല്‍ ഈ പെണ്ണുങ്ങള്‍ക്ക് ഒരു വിലയുമില്ല. ഓരോ ആഴ്ചയും ഓരോ മാല വീതം മാറ്റി വാങ്ങുകയാണ് ദുഷ്ടകള്‍. കുറച്ചു കൂടി വിലകൂടുകയാണെങ്കില്‍ ഇവര്‍ക്കൊക്കെ ഇത്തിരി ബഹുമാനം വരുമോ എന്നറിയാമല്ലോ. മന്ത്രിയുടെ വീട്ടിലും ഇതേ അവസ്ഥയായിരിക്കും എന്നു ഞാനൂഹിക്കുന്നു. പിള്ളേരു മുള്ളിയാല്‍ താഴെപ്പോവാതെ കെട്ടുന്ന ഡയപ്പറിന്റെ വില കൂട്ടാന്‍ വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്നു പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍. എന്തിനാണിതൊക്കെ ? നല്ല നാടന്‍ തുണി ഉപയോഗിച്ചാല്‍ പോരേ ? അല്ലെങ്കില്‍ തന്നെ പിള്ളേരിപ്പോ ഒന്നു മൂത്രമൊഴിച്ചെന്നു വച്ച് ഇപ്പോ എന്നാ പറ്റാനാ ? സാനിറ്ററി നാപ്കിന്റെ കാര്യവും ഇതുപോലെ തന്നെ. അല്ലെങ്കിലും അതൊക്കെ ബൂര്‍ഷ്വാസിയുടെ അടയാളങ്ങളല്ലേ ?

സിഎഫ്എല്‍ ലൈറ്റുകള്‍ക്കു വില കുറയുമെന്നു കേട്ടപ്പോഴാണ് സത്യത്തില്‍ ആശ്വാസമായത്. വീട്ടിലേക്ക് നാല് സിഎഫ്എല്‍ ബള്‍ബുകള്‍ വാങ്ങാനിരിക്കുകയായിരുന്നു. ഇതാണ് സാധാരണക്കാരന്റെ മനസ്സറിഞ്ഞ ബജറ്റാണിത് എന്നു പറഞ്ഞതിന്റെ കാര്യം. മൊബൈല്‍ ഫോണിന് ഇനീം വില കുറയ്ക്കാനുള്ള തീരുമാനോം നന്നായി. ഇപ്പോള്‍ തന്നെ എനിക്കു മൂന്നും ഭാര്യയ്ക്കും മോള്‍ക്കും രണ്ടു വീതവുമാണ് ഫോണ്‍. വില കുറയട്ടെ, നാലഞ്ചെണ്ണം കൂടി വാങ്ങണം. അതുപോലെ തന്നെ റബര്‍ നൂലിനും സിഡിയ്ക്കും വില കുറയ്ക്കാന്‍ തീരുമാനിച്ചത് വലിയ അനുഗ്രഹമായി. എന്റെ അഞ്ചു വയസ്സ് പ്രായമുള്ള മോന് സിഡികള്‍ റബര്‍നൂലില്‍ കെട്ടി വീടു നിറയെ തൂക്കിയിടുന്നത് വളരെ ഇഷ്ടമാണ്. ഇനിയിപ്പോള്‍ വലിയ സാമ്പത്തികഭാരമില്ലാതെ എനിക്കവന്റെ ആഗ്രഹം നിറവേറ്റാമല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഇത്ര ജനോപകരാപ്രദമായ ഒരു ബജറ്റ് ചരിത്രത്തിലിന്നു വരെ ഉണ്ടായിട്ടില്ല എന്നു പോലും എനിക്കു തോന്നുന്നു.

മുളകിനും കായത്തിനും വില കുറയുമെന്ന പ്രഖ്യാനം വന്ന ഉടനെ തന്നെ മുളകും കായവും ചേര്‍ത്തുള്ള പുതിയൊരു തരം പുഡ്ഡിങ് എന്റെ ഭാര്യ ഉണ്ടാക്കി പരീക്ഷിച്ചു. ഉഗ്രന്‍ ടേസ്റ്റാണ്. സത്യത്തില്‍ കേന്ദ്രബജറ്റ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ മാത്രമല്ല, കുടുംബജീവിതത്തെയും ആരോഗ്യ-ലൈംഗിക ജീവിതത്തെയും വരെ സ്വാധീനിക്കുന്നുണ്ട്. ബലൂണിനൊക്കെ വില കുറച്ചത് വലിയ കാര്യമായി. ജീവിതത്തില്‍ ബലൂണിന്റെ പങ്ക് എന്ന എന്റെ ആദ്യത്തെ മോട്ടിവേഷനല്‍ ഗ്രന്ഥം ഞാന്‍ സമര്‍പ്പിക്കുന്നതുപോലും കേന്ദ്രമന്ത്രി സാറിനാണ്. ബാത്ത് റൂം ഫിറ്റിങ്ങുകള്‍ക്കു വില കൂടുമെന്നു വായിച്ച് സത്യത്തില്‍ ഞാനാകെ കണ്‍ഫ്യൂഷനിലാണ്. ദാമ്പത്യത്തില്‍ വിരസത ഒഴിവാക്കാന്‍ ഫിറ്റിങ്ങിനുള്ള സ്ഥലങ്ങള്‍ മാറി പരീക്ഷിക്കണമെന്ന് ഒരിടത്ത് വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ബാത്ത്റൂമിലും ഇടക്കിടെ ഫിറ്റിങ് നടത്തുന്നത്. അതുപോലെ അടുക്കളയിലും സിറ്റ് ഔട്ടിലുമൊക്കെ സമയവും സൌകര്യവുമനുസരിച്ച് ഫിറ്റിങ് നടത്താറുണ്ട്. ഇതിപ്പോള്‍ ബാത്ത്റൂം ഫിറ്റിങ്ങിനു മാത്രം റേറ്റു കൂട്ടുന്നതിന്റെ കാരണം എനിക്കു മനസ്സിലാവുന്നില്ല. എന്തായാലും ബെഡ്റൂം ഫിറ്റിങ്ങിനു റേറ്റു കൂട്ടിയില്ലല്ലോ എന്നത് വലിയ കാര്യമാണ് കേട്ടോ.

വന്‍ ആയുധങ്ങള്‍ വാങ്ങാന്‍ 60,000 കോടി രൂപ വകയിരുത്തിയിട്ടുള്ളതായി വായിച്ചു. ഇത് എവിടെ നിന്നാണ് വിതരണം ചെയ്യുന്നത്. അത്യാവശ്യം സ്വയരക്ഷയ്ക്ക് കുറച്ച് ആര്‍ഡിഎക്സും ഡിറ്റണേറ്ററുകളും കേപ്പും പശയുമൊക്കെ ഞങ്ങളുടെ നാട്ടുകാര്‍ വീട്ടില്‍ വാങ്ങി സൂക്ഷിക്കാറുണ്ട്. ബോംബ് വീട്ടില്‍ സ്വന്തമായി ഉണ്ടാക്കുകയാണ്. ഇതിനു ധനസഹായം പ്രഖ്യാപിച്ചത് എന്തുകൊണ്ടും നന്നായി. 100 കോടി ജനങ്ങള്‍ക്ക് 60,000 കോടി എന്നു പറയുമ്പോള്‍ ഒരാള്‍ക്ക് 600 കോടി പ വീതം ലഭിക്കുമല്ലോ. പഞ്ചായത്ത് ഓഫിസില്‍ നിന്നാണോ അതോ വില്ലേജ് ഓഫിസില്‍ നിന്നാണോ ഈ തുക കൈപ്പറ്റേണ്ടത് ?

അങ്ങനെ മൊത്തത്തില്‍ ഓരോ ഇന്ത്യക്കാരനും, പ്രത്യേകിച്ച് സാധാരണക്കാരന്‍മാര്‍ക്ക് അങ്ങേയറ്റം സോഷ്യലിസ്റ്റ് വീക്ഷണവും ദിശാബോധവുമുള്ള വികസനോന്മുഖ ബജറ്റ് കാഴ്ച വയ്ക്കാന്‍ സാധിച്ച സര്‍ക്കാരിനെയും അതിനനുവദിച്ച സോണിയാജിയെയും രാഹുല്‍ മോനെയും മനസ്സറിഞ്ഞ് അഭിനന്ദിക്കാനും കേന്ദ്രം കേരളത്തിനു വാരിക്കോരി കൊടുക്കുന്ന സഹായങ്ങള്‍ ജനങ്ങളറിയാതെ കേരളം ബ്ളാക്കില്‍ വില്‍ക്കുന്നുണ്ടോ എന്നു നോക്കിയിരിക്കുന്ന ഉമ്മന്‍ ചാണ്ടി സഗാവിനും രമേശ് ചെന്നിത്തല സഗാവിനും മറ്റു സഗാക്കന്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദനങ്ങള്‍.

എന്‍ബി: ആ മുരളിയെ കോങ്ക്രസിന്റെ പടി ഇനി കാണിക്കരുത്.

സ്വിറ്റ്സര്‍ലന്‍ഡ് സര്‍വീസ് സഹകരണ ബാങ്ക്

സര്‍ക്കാരായാല്‍ ഇങ്ങനെ വേണം. ഒരേ സമയം ജനങ്ങളെ പറ്റിക്കുകയും അതേ സമയം മറ്റൊരു വിഭാഗത്തെ ചിരിപ്പിക്കാനുള്ള കോമഡി അതില്‍ തന്നെ നിക്ഷേപിക്കാനുമുള്ള പ്രത്യുല്‍പന്നമതിത്വം നമ്മുടെ കേന്ദ്രസര്‍ക്കാരിനല്ലാതെ പിന്നെ ആര്‍ക്കാണുള്ളത്. ഇതിനും മാത്രം എന്തു കോമഡിയാണ് ലേറ്റസ്റ്റായുള്ളത് എന്നു ചോദിച്ചാല്‍ ആസിയാന്‍ കരാര്‍ കഴിഞ്ഞാല്‍ അത്ര വലിയ കോമഡിയൊന്നും പിന്നെ സംഭവിച്ചിട്ടില്ലെങ്കിലും ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ വെളിപാടുകള്‍ തല്‍ക്കാലത്തേക്ക് രസിക്കാന്‍ മാത്രം ഉണ്ട്.

അതായത്, സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉള്ള കംപ്ലീറ്റ് ഇന്ത്യക്കാരുടെയും ലിസ്റ്റ് എടുക്കാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ പ്രഖ്യാപനം. എന്തിന് ? ഇവിടെ ഒരു സുരക്ഷിതത്വമില്ലാത്തതുകൊണ്ടല്ലേ ആളുകള്‍ വല്ല രാജ്യത്തും കൊണ്ടുപോയിടുന്നത്, അപ്പോള്‍ അതും പിടിക്കാന്‍ പോവ്വാണോ ? കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ നിന്നു വ്യവസായികളെ ഓടിച്ചു എന്നു പറയുന്നതുപോലെ ഇന്ത്യയില്‍ നിന്നും ടാറ്റ, ബെര്‍ളി, റിലയന്‍സ് തുടങ്ങിയ സാധുക്കളെ പിണക്കി ഓടിക്കാനാണോ സര്‍ക്കാരിന്റെ പരിപാടി ?
[smartads]
അഥവാ ഈ അന്വേഷണം ആത്മാര്‍ഥമാണെങ്കില്‍ അതിലെത്ര കോണ്‍ഗ്രസുകാര്‍ വരും? എത്ര കമ്യൂണിസ്റ്റുകാര്‍ വരും ? എത്ര ബിജെപിക്കാര്‍ വരും ? കയ്യിട്ടുവാരലിനു രാഷ്ട്രീയമില്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഒന്നിച്ചു നിന്നു രക്ഷപെടാന്‍ ശ്രമിക്കുമെന്നു കരുതാം, എന്നാല്‍ അങ്ങനെ നാട്ടിലെ ഏതെങ്കിലും സര്‍വീസ് സഹകരണ ബാങ്കുകാരനോട് പറയുന്നതുപോലെ സ്വിസ് ബാങ്കുകാരനോട് പറഞ്ഞാല്‍ അപ്രിയ ലിസ്റ്റ് മുക്കിയിട്ട് പ്രിയ ലിസ്റ്റ് മാത്രം സ്വിസ് ബാങ്ക് നല്‍കുമോ ? അഥവാ നല്‍കിയാലും അത് ഭരണകൂടത്തെ സംബന്ധിച്ച് ധാര്‍മികമായ ഒരു നീക്കമാണോ ?

എനിക്കിതില്‍ എന്താണ് താല്‍പര്യമെന്നു തോന്നാം. സ്വിസ് ബാങ്കില്‍ എനിക്ക് അക്കൗണ്ട് ഇല്ലെന്നോ നിക്ഷേപമില്ലെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ, അത് ഈ ബ്ലോഗിലെ പരസ്യങ്ങളില്‍ നിന്നു കിട്ടിയിട്ടുള്ള ഏതാനും ബില്യന്‍ ഡോളര്‍ കം യൂറോ മാത്രം.എന്നാല്‍, ഒരിക്കലും ഇളക്കം തട്ടില്ല എന്ന വിശ്വാസത്തോടെ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന വ്യവസായികള്‍ക്ക് ഇനി സര്‍ക്കാരിനോട് എന്ത് വിശ്വാസ്യതയാണ് ഉണ്ടാവുക എന്നു ചിലര്‍ ചോദിക്കുന്നു ? സ്വന്തം മകനെപ്പറ്റി അപ്പുറത്തെ വീട്ടിലെ ചേട്ടനോട് അന്വേഷിക്കുന്നതുപോലെ ഒരു ഗതികേടാണ് ഇതും.

നികുതിവെട്ടിക്കുന്ന പൗരന്മാരെ കണ്ടുപിടിക്കാന്‍ അമേരിക്കയാണ് ഈ പണി ആദ്യം തുടങ്ങിവച്ചത്. അമേരിക്ക ചെയ്യുന്ന കാര്യങ്ങള്‍ അധികം താമസിയാതെ ചെയ്തില്ലെങ്കില്‍ നമ്മുടെ വികസനം പിന്നോട്ടടിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കയില്‍ സുരക്ഷാപരിശോധന കൃത്യമായി നടക്കുന്നുണ്ടെങ്കിലും മാന്ദ്യം കാരണം സകലകൃഷികളും നഷ്ടത്തിലാണ്. നികുതി പിരിവല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല എന്നു വന്നപ്പോഴാണ് സ്വിസ് ബാങ്കിനെ പിടിക്കാനിറങ്ങിയത്. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ സ്വിസ് ബാങ്കുകാര്‍ കുറെയൊക്കെ വിവരങ്ങള്‍ പറയുകയും ചെയ്തു. അതുകണ്ടപ്പോളാണ് ഇന്ത്യയും ഉദ്യമത്തിനിറങ്ങിത്തിരിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ വേളയില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി യുള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍, സ്വിസ്‌ ബാങ്കില്‍ നിന്ന്‌ ഇന്ത്യ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന്‌ പ്രകടനപത്രികയില്‍ വാഗ്‌ദാനം നല്‍കിയിരുന്നു.അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ സ്വദേശത്തേയും വിദേശത്തേയും പൗരന്‍മാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടികള്‍.

എന്നാല്‍, നിക്ഷേപകരുടെ സ്വകാര്യതയ്ക്ക് മറ്റെന്തിനെക്കാളും വില നല്‍കുന്ന സ്വിസ് ബാങ്കുകാര്‍ ഇന്ത്യയുടെ കള്ളപ്പണക്കാരെ പിടിച്ചുകൊടുക്കാന്‍ വേണ്ടി ആ പ്രസ്ഥാനം തുലയ്‍ക്കുമെന്നു വിശ്വസിക്കാന്‍ വയ്യ. മാത്രവുമല്ല ലിസ്റ്റ് കൊണ്ടുവരാന്‍ വേണ്ടി ഒരുത്തനും ഇങ്ങോട്ടു വരേണ്ടെന്ന് സ്വിസ് ബാങ്ക് പ്രതിനിധികളും വ്യക്തമാക്കിയിരുന്നു.

അതേ സമയം നിക്ഷേപകര്‍ക്ക്‌ നൂറ്‌ ശതമാനം രഹസ്യസ്വഭാവം സ്വിസ്‌ ബാങ്കുകള്‍ ഉറപ്പ്‌ നല്‍കുന്നില്ല. സിവില്‍, ക്രിമിനല്‍ കേസന്വേഷണങ്ങളുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ കൈമാറാറുണ്ട്‌. ബൊഫോഴ്‌സ്‌ കേസില്‍ ഇന്ത്യക്ക്‌ ഇത്തരം വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ആവശ്യം പൂര്‍ണമായും നികുതിയുമായി ബന്ധപ്പെട്ടതാണ്‌. സ്വിസ്‌ സര്‍ക്കാരിന്റെ നികുതി വകുപ്പിനു പോലും സ്വിസ്‌ ബാങ്കുകളിലെ നിക്ഷേപകന്റെ വിവരങ്ങള്‍ അനുവാദമില്ലാതെ പരിശോധിക്കാന്‍ കഴിയില്ല. പിന്നെങ്ങനെ പ്രണബ് മുഖര്‍ജി ഈ വിവരങ്ങള്‍ പുല്ലുപോലെ പൊക്കും ?

ഏറ്റവുമൊടുവില്‍ ശക്തവും വ്യക്തവുമായ തെളിവ് നല്‍കുകയാണെങ്കില്‍ അത്തരക്കാരുടെ ലിസ്റ്റ് നല്‍കാമെന്ന് സ്വിസ് ബാങ്ക് പ്രതിനിധികള്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് വെള്ളക്കടലാസില്‍ ലിസ്റ്റ് എഴുതിത്തുടങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംഗതി കൊള്ളാമെങ്കിലും നടപടികള്‍ വളരെ അപക്വമാണെന്ന് പ്രാരംഭദശയില്‍ തന്നെ വ്യക്തമായിരിക്കുന്നു. ആരാ എന്താ എന്നൊരു വിവരവുമില്ലാതെ കംപ്ലീറ്റ് ആളുകളുടെയും ലിസ്റ്റ് ചുളുവില്‍ ഇങ്ങു വാങ്ങാമെന്നും അങ്ങനെ അവന്മാരെ ടാക്സടിക്കാമെന്നും കരുതിയ സര്‍ക്കാരിന്റെ ഉദ്ദേശം അത്ര എളുപ്പത്തില്‍ നടക്കില്ല.
[smartads]
100 രൂപ മുടക്കി ഒരു നിര്‍മാണം നടത്തിയാല്‍ 80 രൂപയും വിവിധ ഏജന്റുമാരും കമ്മിഷന്‍കാരും കൂടി വിഴുങ്ങുന്ന ഈ രാജ്യത്ത് ഇനി കള്ളപ്പണക്കാരെ പിടിക്കുന്നത് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തിനാണ് സര്‍ക്കാരേ ഈ ക്രൂരത ? നിങ്ങള്‍ക്കുമില്ലേ ബെന്‍സും ബംഗ്ലാവുകളും ? എന്തിനാണ് ഞങ്ങള്‍ പാവം ബില്യനെയേര്‍സിന്റെ നെഞ്ചത്തു കയറാന്‍ വരുന്നത്. നിങ്ങള്‍ പെട്രോള്‍ വില കൂട്ടു, ബസ് ചാര്‍ജ് വര്‍ധിപ്പിക്കൂ, ജനസംഖ്യയില്‍ രണ്ടോ മൂന്നോ ശതമാനം മാത്രം വരുന്ന ശതകോടീശ്വരന്മാരെ പിഴിയുന്നത് ന്യായമാണോ ? ബാക്കി 98-99 ശതമാനവും കൈയും വീശി നടക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ ? പ്ലീസ്, ഉപദ്രവിക്കരുത്.