നയാഗ്രയിലെ വെള്ളത്തില്‍ അവകാശമുണ്ടെന്നു തമിഴ്‌നാട്

അമേരിക്ക- കാനഡ അതില്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടത്തില്‍ തമിഴ്‌നാടിന് അവകാശമുണ്ടെന്നും അതുകൊണ്ട് നയാഗ്രയിലെ വെള്ളം എത്രയും വേഗം തങ്ങള്‍ക്കു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി. നയാഗ്ര വെള്ളച്ചാട്ടത്തിലൂടെ ദിവസവും അനേകം ലക്ഷം ലിറ്റര്‍ വെള്ളമാണ് ആര്‍ക്കും വേണ്ടാതെ ഒഴുകിപ്പോവുന്നത്. ഇത് അംഗീകരിക്കാവുന്നതല്ല. അവിടെ ആളുകള്‍ കുടിക്കാനും കുളിക്കാനും തുണിയലക്കാനും ഉപയോഗിച്ചതിനു ശേഷം ബാക്കി വരുന്ന വെള്ളം തമിഴ്‌നാടിനു ലഭ്യമാക്കണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനുള്ളിലൂടെ ഒഴുകുന്ന നദി തമിഴ്‌നാടിന്റെ സ്വന്തമാണെന്നു സ്ഥാപിച്ചതിനു പിന്നാലെ കബനീനദിയില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതവും തങ്ങള്‍ക്ക് അവകശപ്പെട്ടതാണെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഒട്ടുമിക്ക നദികളും തമിഴ്‌നാടിന്റെ സ്വന്തമായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് രാജ്യാന്തര നദികളുടെ മേല്‍ അവകാശമുന്നയിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നത്.

നയാഗ്രയിലൂടെ സെക്കന്‍ഡില്‍ ഏകദേശം 25000 ടിഎംസി വെള്ളമാണ് വെറുതെ ഒഴുകിപ്പോവുന്നത്. കാനഡയോ അമേരിക്കയോ ഈ വെള്ളം വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടത്തിലൂടെ ഒഴുകിപ്പോവുന്ന വെള്ളത്തിനു പുറമേ അമേരിക്കയും കാനഡയും പാഴാക്കിക്കളയുന്ന വെള്ളവും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തില്‍ തമിഴ്‌നാടിന് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ യുഎന്‍ സെക്രട്ടറി ജനറലിലെ തമിഴ്‌നാട് സസ്‌പെന്‍ഡ് ചെയ്യുമെന്നും സൂചനയുണ്ട്.

അമേരിക്കയും കാനഡയിലും ഇന്നു മറ്റൊരു ഭൂഖണ്ഡത്തിലെ രാജ്യങ്ങളാണെങ്കിലും എഡി 352ല്‍ ഇന്ത്യ സന്ദര്‍ശിച്ച മുനിച്ചാമി ചക്രവര്‍ത്തി ലോകത്തെ 10 പ്രമുഖ നദികള്‍ തമിഴ്‌നാടിന് 99999 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്തതായി രേഖയുണ്ടെന്നും അക്കാലത്ത് മുനിച്ചാമി ചക്രവര്‍ത്തിയോടൊപ്പം കുടിയേറിയ തമിഴ്‌നാട്ടുകാരാണ് അമേരിക്കയിലെയും കാനഡയിലെയും ആദ്യ കുടിയേറ്റക്കാര്‍ എന്നതിനാല്‍ ഇരു രാജ്യങ്ങളുടെ മേലും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും തമിഴ്‌നാട് വ്യക്തമാക്കി. രാജ്യങ്ങളുടെ ഭരണാവകാശം ഇപ്പോള്‍ കൈമാറേണ്ടെന്നും തല്‍ക്കാലം നദികളുടെ അവകാശം മാത്രം നല്‍കിയാല്‍ മതിയെന്നും തമിഴ്‌നാടിന്റെ കത്തില്‍ പറയുന്നു. തമിഴ്‌നാടിന് അനുകൂലമായ തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

അതേ സമയം, ഗംഗ, യമുന, ഗോദാവരി തുടങ്ങിയ ഇന്ത്യയിലെ മറ്റു നദികളും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന വാദവുമായി തമിഴ്‌നാട് എംപിമാര്‍ പാര്‍ലമെന്റ് ഉപരോധിച്ചു. 3000 വര്‍ഷം മുന്‍പ് ഈ നദികളെല്ലാം തമിഴ്‌നാട്ടില്‍ നിന്നു ഉദ്ഭവിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് ഒഴുകിയിരുന്നതാണെന്നും അക്കാലത്ത് ഹിമാലയം ഒരു വലിയ താടകമായിരുന്നെന്നും അവര്‍ പറയുന്നു. ബിസി 500ല്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ഹിമാലയം പൊങ്ങിവരികയും നദികളുടെ ഗതിമാറുകയും ചെയ്തതാണെന്നും അതിന് തമിഴ്‌നാട് ഉത്തരവാദി അല്ലാത്തതിനാല്‍ ഈ നദികള്‍ പൂര്‍ണമായും തമിഴ്‌നാടിനു വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം.

അതേ സമയം, തല്‍ക്കാലം കേരളത്തിലെ ജലസമ്പത്തു തൊണ്ടു തൃപ്തിപ്പെടണമെന്നും മറ്റു സംസ്ഥാനങ്ങളിലെ നദികളിന്‍മേലുള്ള അവകാശം തല്‍ക്കാലം വിട്ടുതരില്ലെന്നുമാണ് കേന്ദ്രനിലപാട്. കേരളത്തിലെ മുഴുവന്‍ നദികളിലെയും കായലുകളിലെയും വെള്ളം പൂര്‍ണമായും തമിഴ്‌നാടിനു വിട്ടുകൊടുക്കാന്‍ കോടതിയും ഉത്തരവു നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ ധാരാളമായി കിണറുകള്‍ കുഴിച്ച് തമിഴ്‌നാടിന് അവകാശപ്പെട്ട വെള്ളം ചോര്‍ത്തിയെടുക്കുകയാണെന്ന പരാതി ശരിവച്ച കോടതി തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇനി മുതല്‍ കേരളത്തില്‍ കിണറുകള്‍ കുഴിക്കുന്നതിനും നിലവിലുള്ള കിണറുകളുടെ ആഴം വര്‍ധിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കിണറുകളിലെ വെള്ളം കിണറുകളുടെ ഉടമസ്ഥര്‍ സ്വന്തം ചിലവില്‍ ടാങ്കറുകളില്‍ നിറച്ച് തമിഴ്‌നാട്ടിലെത്തിക്കണണെന്നും കോടതി വിധിയില്‍ പറയുന്നു.

ഹാപ്പി ഡ്രൗണിങ് !

വീട്ടിലിരിക്കുന്ന ഭാര്യയുടെ കാര്യം ശ്രദ്ധിക്കാതെ തെരുവില്‍ കാണുന്ന അലവലാതി പെണ്ണുങ്ങളെ സദാചാരം പഠിപ്പിക്കാന്‍ നടന്ന ശേഷം, ഭാര്യ കറവക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയിക്കഴിയുമ്പോള്‍ അയല്‍വാസികളുടെ തന്തയ്ക്കു വിളിക്കുന്നതുപോലെ വിചിത്രവും സങ്കീര്‍ണ്ണവുമാണ് മുല്ലപ്പെരിയാര്‍ വിധിയില്‍ മലയാളികളുടെ പ്രതികരണം. രണ്ടു വര്‍ഷം മുമ്പ് അണക്കെട്ട് ഏതു നിമിഷവും പൊട്ടുമെന്ന ആശങ്കയില്‍ ഉറക്കമില്ലാതെ നടന്ന മലയാളി കേസ് സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ ചര്‍ച്ച ചെയ്തത് സരിതയുടെ സാരികളെപ്പറ്റിയായിരുന്നു. തമിഴ്‌നാടിനു വെള്ളം വേണ്ടതുകൊണ്ട് അവര്‍ കോടതിയില്‍ കേസ് ഭംഗിയായി വാദിക്കുകയും സ്വാധീനിക്കേണ്ടവരെ സ്വാധീനിക്കുകയും ചെയ്തു. കസ് വിധി വന്നു. തമിഴ്‌നാടിന് അവര്‍ ചോദിച്ചതെല്ലാം കൊടുത്തു. കേരളത്തിന് ചോദിച്ചതൊന്നും കിട്ടിയില്ല എന്നു മാത്രമല്ല. മുതുകിനു നല്ല തൊഴിയും കിട്ടി.

കേരളത്തിന്റെ പരാജയം എന്നതിനെക്കാള്‍ തമിഴ്‌നാടിന്റെ വിജയം എന്നാണ് ഈ വിധിയെ വിശേഷിപ്പിക്കേണ്ടത്. പരാജയപ്പെടാതിരിക്കാന്‍ എന്തെങ്കിലും മികവോ യോഗ്യതയോ കേരളത്തിന് ഉണ്ട് എന്നു തോന്നുന്നില്ല. ജയിക്കാനുള്ള എല്ലാ യോഗ്യതയും തമിഴ്‌നാടിനുണ്ടു താനും. ശുദ്ധജലത്തിനു വേണ്ടി നിയമയുദ്ധം നടത്തിയ തമിഴ്‌നാട്ടിലെ എല്ലാ സഹോദരന്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു. ഒരു അന്തര്‍സംസ്ഥാന പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ മാതൃകയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികളുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം ചരിത്രത്തിലിടം നേടും.

നാണക്കേടുകളുടെ പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ത്ത് നമ്മുടെ ഭരണാധികാരികളുടെ കഴിവുകേടിനു ജയ് വിളിക്കാം. അവരെ നമ്മള്‍ തന്നെ തിരഞ്ഞെടുത്തതായതുകൊണ്ട് ഈ വിധിയും ഈ നാണക്കേടും ഡാം ഉയര്‍ത്തുന്ന വെല്ലുവിളികളും നമ്മള്‍ അര്‍ഹിക്കുന്നതാണ്. ജനങ്ങളുടെ ജീവനെക്കാള്‍ സാമുദായികതാല്‍പര്യങ്ങള്‍ക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും മുന്‍ഗണന ലഭിക്കുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുന്നത്. കപട അഭിമാനബോധവും കപട അധ്വാനസിദ്ധാന്തങ്ങളും കൊണ്ടു ജീവിക്കുന്ന കുഴിമടിയന്‍മാരായ നമ്മള്‍ ഒരു മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയാല്‍, ഡാം പൊട്ടി കടലില്‍പ്പോകുന്ന വെള്ളം കൂടി തമിഴ്‌നാടിനു നഷ്ടമാകുമെന്നല്ലാതെ ലോകത്തിന് ഒരു നഷ്ടവും വരാനില്ല.

അങ്ങായിടില്‍ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ലിന് ഏറ്റവും അനുയോജ്യമായ ഉദാഹരണം തിരയുന്നവര്‍ക്ക് ധൈര്യമായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ ആഹ്വാനം ചെയതിരിക്കുന്ന സംസ്ഥാന ഹര്‍ത്താല്‍. എന്തു കോപ്പിനാണ് ആ മണ്ടന്‍മാര്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുന്നത് എന്നു മനസ്സിലാവുന്നില്ല. ഓള്‍റെഡി പണി കിട്ടിയിരിക്കുന്ന ജനങ്ങളെ ഒരുദിവസം കൂടി ബുദ്ധിമുട്ടിപ്പിച്ചാല്‍ സുപ്രീം കോടതി വിധി മാറ്റിയെഴുതില്ല. രണ്ടു വര്‍ഷം മുന്‍പ് സമരസമിതി അനിശ്ചിതകാലനിരാഹരം നടത്തുമ്പോള്‍ കൊടിയും പിടിച്ച് ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് ചപ്പാത്തിലെ സമരപ്പന്തലില്‍ വന്നു പോയ രാഷ്ട്രീയനേതാക്കന്‍മാരോടാണ് സമരസമിതി കലിപ്പു തീര്‍ക്കണ്ടത്, ജനങ്ങളോടല്ല.

ഡാമിന്റെ സുരക്ഷാ ഭീഷണിയും നാലു ജില്ലകളിലെ ജനങ്ങളുടെ ആശങ്കയും സുപ്രീം കോടതിക്ക് പിടികിട്ടിയില്ല എന്നു കരുതി അതിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. മുല്ലപ്പെരിയാര്‍ സമരം ഏറ്റെടുത്തു നാടകം കളിച്ച ഓരോ ജനപ്രതിനിധിയെയുമാണ് ജനങ്ങള്‍ വിചാരണ ചെയ്യേണ്ടത്. ഒന്നും ചെയ്യാന്‍ കഴിയാതെ എന്തൊക്കെയോ പുലമ്പുന്ന മുഖ്യമന്ത്രിയോടാണ് വിശദീകരണം തേടേണ്ടത്. എന്തുകൊണ്ടു കേസില്‍ കേരളം തോറ്റു എന്ന ചോദ്യത്തിന് താത്വികാവലോകനങ്ങളല്ലാതെ ലളിതമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഒരു ജനപ്രതിനിധി പോലും അവശേഷിക്കുന്നില്ലെങ്കില്‍ അവരെ തിരഞ്ഞെടുത്തവര്‍ അര്‍ഹിക്കുന്ന വിധി തന്നെയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത് എന്നു നിസ്സംശയം പറയാം.

ജസ്റ്റിസ് കെ.ടി.തോമസിനെയും ഉന്നതാധികാര സമിതി അംഗങ്ങളെയും സപ്രീം കോടതി ജഡ്ജിമാരെയുമൊക്കെ തെറിവിളിക്കുക, അയ്യോ ഡാം പൊട്ടുന്നേ എന്നു പറഞ്ഞ് വീണ്ടും നിലവിളിക്കുന്ന, എന്നിങ്ങനെ വളരെ കുറച്ച് ഓപ്ഷനുകളേ നമുക്കു മുന്നിലുള്ളൂ. അനന്തകാലത്തോളം സ്‌ട്രോങ്ങായി നില്‍ക്കുന്ന ഒരു ഡാം അല്ല അത്. ഒരു ദിവസം അതു പൊട്ടുക തന്നെ ചെയ്യും. അത് ഒരു വേനല്‍ക്കാലത്തായിരിക്കണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുക എന്നല്ലാതെ വേറെ വഴിയില്ല. ആവശ്യത്തിനു വിശുദ്ധന്‍മാരും ആള്‍ദൈവങ്ങളുമൊക്കെയുള്ള ദൈവത്തിന്റെ സ്വന്തം നാട് കേവലൊരു സുപ്രീം കോടതി വിധിയ്ക്കു മുന്നില്‍ ചൂളേണ്ട കാര്യമില്ല.

ലോ പോയിന്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കാര്യം വന്നപ്പോള്‍ ജനാധിപത്യത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം വന്നപ്പോള്‍ നൂറ്റാണ്ടു കാലം മുമ്പ് മഹാരാജാവ് ഒപ്പിട്ട കരാറിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു. വാട്ട് എ ഫണ്ണി, സണ്ണി ആന്‍ഡ് റൊമാന്റിക് വെര്‍ഡിക്ട് യുവറോണര്‍ !

പരിസ്ഥിതിലോല വികാരങ്ങള്‍

പ്രിയ കുഞ്ഞാടുകള്‍ക്ക് കര്‍ത്താവ് അനുഗ്രഹിച്ചു നല്‍കിയ പശ്ചിമഘട്ടമലനിരകളുടെ മേല്‍ കസ്തൂരിരംഗന്‍ എന്നൊരു ദുഷ്ടശക്തി ആവേശിച്ചിരിക്കുന്നതില്‍ ആശങ്കപ്പെട്ടും മലയോര കര്‍ഷകരായ ലക്ഷക്കണക്കിനു കുഞ്ഞാടുകളെ അവിടെ നിന്നു പുറത്താക്കുവന്‍ നടക്കുന്ന ഗൂഢശ്രമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചും പൊന്നുതിരുമേനിമാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ നടന്നുവരികയാണ്. പണ്ട് ഇസ്രായേല്‍ ജനതയെ കാനാന്‍ദേശത്തു നിന്നു തുരത്തി ദുഷ്ടശക്തികള്‍ അവിടെ അധികാരം സ്ഥാപിച്ചതുപോലെ മലയോര കര്‍ഷകരെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും തുരത്തുന്നതിനുള്ള ഗൂഢപദ്ധതികളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത് എന്നാണ് ഇടയലേഖനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.

പരിസ്ഥിതിക്കെതിരായ കടന്നുകയറ്റങ്ങള്‍ പാപമായി കണക്കാക്കണം എന്നു പറഞ്ഞ മതമേലധ്യക്ഷ്യന്‍മാര്‍ കാര്യത്തോടടുത്തപ്പോള്‍ മനുഷ്യനാണ് പ്രകൃതിയെക്കാള്‍ വലുത് എന്ന തിയറിയുമായി പുതിയ വിമോചനസമരത്തിനുള്ള പുറപ്പാടിലാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മറ്റൊരു പുറപ്പാട് സംഭവിക്കുമെന്ന മട്ടില്‍ വിഡ്ഡിത്തങ്ങള്‍ വിളമ്പുന്ന, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന, ഇടയലേഖനങ്ങള്‍ ചമയ്ക്കുന്ന ഇടയന്‍മാര്‍ക്കും കുഞ്ഞാടുകള്‍ക്കും വായിക്കാന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ രണ്ടു വാല്യങ്ങളും ഇവിടെ സമര്‍പ്പിക്കുന്നു. ക്ലിക്ക് ചെയ്തു നോക്കാന്‍ പോലും കൂട്ടാക്കാതെ നേരേ തെമ്മാടിക്കുഴിയിലേക്കു തട്ടരുത്.

1. REPORT OF THE HIGH LEVEL WORKING GROUP ON WESTERN GHATS- Volume I
2. REPORT OF THE HIGH LEVEL WORKING GROUP ON WESTERN GHATS- Volume II

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇടുക്കിയിലെയും വയനാട്ടിലെയും മറ്റു ജില്ലകളിലെ മലയോരമേഖലകളിലെയും പാവപ്പെട്ട കര്‍ഷകരെ മുഴുവന്‍ നാടു കടത്തും എന്നാണ് പ്രധാനപ്രചാരണങ്ങളിലൊന്ന്. ഇത് പച്ചക്കള്ളമാണ്. പരിസ്ഥിതി ലോലമേഖലകളില്‍ പരിസ്ഥിതിയുടെ സ്വാഭാവികതയെ അട്ടിമറിക്കുന്ന കൃഷികള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും എന്നതാണ് റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സ്വാഭാവികമായും സംഭവിക്കുന്നത്. മനുഷ്യന് മൃഗങ്ങളുടെ അത്ര പോലും പരിഗണനയില്ലേ എന്നും കാടു നന്നാക്കാന്‍ വേണ്ടി നാട്ടിലുള്ളവരെ പീഡിപ്പിക്കണോ എന്നുമൊക്കെയാണ് റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരുടെ അടുത്ത ചോദ്യം. കാട് എന്നതിനെ ഇവര്‍ എങ്ങനെ നിര്‍വചിക്കുന്നു എന്നതാണ് ഇതിന്റെയൊക്കെ അടിസ്ഥാനം.

കാട്ടില്‍ മൃഗങ്ങളുടെ മൂക്കിനു താഴെ ഭൂമി കയ്യേറി താമസിച്ചിട്ട് വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കണം എന്നാവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്നവരോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല. അവരുടെ നിഷ്‌കളങ്കതയ്ക്കു പിന്നില്‍ അധിനിവേശത്തിന്റെ ദുരൂഹതയുണ്ട്. അവശേഷിക്കുന്ന കാടൊക്കെ നാടാക്കി മാറ്റുന്നതിലൂടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും വികസനം പൂവണിയുമെന്നും ഭാവിക്കുന്നവരോട് സമവായങ്ങളുടെ ആവശ്യവുമില്ല. പരിസ്ഥിതിയെയും പ്രകൃതിയെയും നാടിന്റെ ജൈവസമ്പത്തിനെയും സ്വാധീനിക്കുന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമില്ല എന്നു വാദിക്കുന്നവന്‍ നാടിന്റെയും പ്രകൃതിയുടെയും ശത്രുവാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലയോരമേഖലയിലെ താമസക്കാര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടി വരും. കാട്ടില്‍ റിസോര്‍ട്ട് പണിയുന്നതിനും പാറമടകള്‍ ഉണ്ടാക്കുന്നതിനും എല്ലാ കുന്നുകളുടെയും മുകളില്‍ കുരിശടി പണിയുന്നതിനും നിയന്ത്രണം വരും. ഇതൊക്കെ ചെയ്യുന്നവരാണ് മലയോര കര്‍ഷരെങ്കില്‍ അവരെ കര്‍ഷകര്‍ എന്നു വിളിക്കുന്നതില്‍ അര്‍ഥമില്ല. അത്തരക്കാരെ സംരക്ഷിക്കണം എന്നാക്രോശിക്കുന്നവരെ കല്ലെറിയുകയാണ് വേണ്ടത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിസ്ഥിതിക്ക് അനുകൂലമാണ് എന്നു വ്യക്തമായി അറിയാമായിരുന്നിട്ടും പരിസ്ഥിതിലോലമേഖലകളെ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ മാത്രം കാണാന്‍ കഴിയുന്ന രാഷ്ട്രീയ കക്ഷികള്‍ കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്നു ഭാവിച്ച് ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ നടത്തി. കോഴിക്കോട്ട് ഹര്‍ത്താലിനാഹ്വാനം ചെയ്ത ഇടതു-വലതു പാര്‍ട്ടികള്‍ക്ക് മലയോര മേഖലയ്ക്കു പുറത്തേക്ക് അതു വ്യാപിക്കിക്കാനുള്ള ധൈര്യമുണ്ടായില്ല. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മലയോരമേഖലയിലെ വോട്ടുകളെ സ്വാധീനിക്കാമെന്ന വ്യാമോഹത്തില്‍ ഹര്‍ത്താല്‍ നാടകം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന നാലാംകിട നേതാക്കന്‍മാരോട് പുച്ഛമല്ലാതെ മറ്റൊന്നും തോന്നുന്നില്ല.

ഏറ്റവും രസകരമായി തോന്നുന്നത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ ആഞ്ഞടിക്കുന്ന പലരുടെയും നാണംകെട്ട ഇരട്ടത്താപ്പാണ്. ഒരു റോഡിന് അല്‍പം വീതി കൂട്ടാന്‍ സര്‍ക്കാര്‍ സ്ഥലം ചോദിക്കുമ്പോള്‍ പരിസ്ഥിതി നശിപ്പിച്ചുകൊണ്ട് ഇവിടെ വികസനം വേണ്ട എന്നാക്രോശിക്കുന്നവര്‍ പരിസ്ഥിതിലോലമേഖലകളെ സംരക്ഷിക്കണമെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ വികസനം നിഷേധിച്ചുകൊണ്ട് ഇവിടെ പരിസ്ഥിതി സംരക്ഷണം വേണ്ട എന്നു മറിച്ച് ആക്രോശിക്കുകയാണ്. വികസനമായാലും പരിസ്ഥിതി സംക്ഷണമായാലും എന്റെ ഒരിഞ്ചു പോലും ഞാനാര്‍ക്കും വിട്ടുകൊടുക്കില്ല എന്ന സ്വാര്‍ഥതയ്ക്കപ്പുറം പ്രതിഷേധങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

സിറ്റിയിലെ ഫഌറ്റിലെ എസി മുറിയിലിരുന്ന് ഇങ്ങനെയൊക്കെ എഴുതാന്‍ ആര്‍ക്കും പറ്റും. പാവപ്പെട്ട മലയോര കര്‍ഷകരുടെ വേദന നിനക്കറിയില്ല എന്ന് എന്നോടു പറയരുത്. കോടീശ്വരനായ എന്റെ എസ്‌റ്റേറ്റുകളും മുതലക്കുളങ്ങളും പാടശേഖരങ്ങളും എന്തിന് കൊട്ടാരസദൃശമായ ബംഗ്ലാവു പോലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാവുമ്പോള്‍ പരിസ്ഥിതിലോലമേഖലയിലാവുന്ന കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലാണ്. എനിക്ക് അതല്ലാതെ വേറെ എസ്‌റ്റേറ്റുകളോ ബംഗ്ലാവുകളോ മുതലക്കുളങ്ങളോ ഇല്ല. എങ്കിലും ഞാന്‍ പറയുന്നു, പരിസ്ഥിതിയാണ് പ്രധാനം.

ആനവണ്ടിയെ ചങ്ങലയ്ക്കിടാം

ആഴ്ചയില്‍ രണ്ടു ദിവസം ജോലിക്കു പോവുകയും രണ്ടു ദിവസം കിടന്നുറങ്ങുകയും ബാക്കിയുള്ള മൂന്നു ദിവസം മുച്ചീട്ടുകളിക്കു വേണ്ടി ലീവെടുക്കുകയും ചെയ്യുന്നവന്റെ ജോലി പോയിക്കഴിയുമ്പോള്‍ പൊട്ടിക്കരയുന്നതുപോലെ ബാലിശമാണ് കെഎസ്ആര്‍ടിസിയുടെ പേരിലുള്ള വികാരപ്രകടനങ്ങള്‍. പെട്ടെന്നൊരു ദിവസം സുപ്രീം കോടതി വില്ലനായി അവതരിച്ച് പാവപ്പെട്ട മലയാളികളുടെ യാത്രാമാര്‍ഗമായ കെഎസ്ആര്‍ടിസിയുടെ അന്ത്യം കുറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നിഷ്‌കളങ്കരായ പലരും കരുതിയിരിക്കുന്നത്. കെഎസ്ആര്‍ടിസി എന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു. അവിടെ നിലവിലുള്ള പ്രശ്‌നങ്ങളും പണ്ടു മുതലേ ഉണ്ടായിരുന്നു. ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് തുടങ്ങിയ വിവിധ വികസന പ്രശ്‌നങ്ങളില്‍ സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ജനങ്ങളും ഒരുപോലെ ബിസിയായിരുന്നതുകൊണ്ട് ആ പ്രശ്‌നങ്ങളൊന്നും ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്നു മാത്രം. ഇപ്പോള്‍ ക്ലൈമാക്‌സ് സീനായപ്പോള്‍ രണ്ടാംനിര പടത്തിലെ സഹനടന്മാരെപ്പോലെ മറ്റെല്ലാം മറന്ന് ഐസിയുവിനു മുന്നില്‍ നിന്ന് പരസ്പരം നോക്കിക്കരയുകയാണ് ബ്ലഡി മല്ലു. മലയാളി അര്‍ഹിക്കുന്ന വിധിയാണിത്. കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തില്‍ പോലും മലയാളിക്കു സംഭവിക്കുന്നത് ഇതു തന്നെയാണ്. റോഡ് നന്നാക്കാന്‍ ലോകബാങില്‍ നിന്നു ലോണെടുത്ത് മന്ത്രിമാര്‍ക്കു പുത്തന്‍ കാര്‍ വാങ്ങുന്ന ഭരണകൂടവും കാര്‍ഷികലോണെടുത്ത് മകളുടെ കല്യാണം നടത്തിയിട്ട് ജപ്തി നോട്ടീസ് വരുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകനും സംഭവിക്കുന്നത് കെഎസ്ആര്‍ടിസിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ്.

പരിശ്രമിക്കും, ചര്‍ച്ച നടത്തും തുടങ്ങിയ ക്ലീഷേ പ്രഖ്യാപനങ്ങള്‍ തുടരുന്ന മുഖ്യമന്ത്രിയും കെടുകാര്യസ്ഥത തുടരുമെന്നു തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്ന ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയും എല്ലാ പ്രശ്‌നങ്ങളും രണ്ടു ദിവസം കൊണ്ട് അരച്ചുകലക്കി കുടിച്ചു വിശകലനം നടത്തുന്ന മാധ്യമങ്ങളും ഇപ്പോഴും യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നതു നമ്മുടെ കാപട്യത്തിന്റെ തെളിവാണ്. ജനസംഖ്യ വര്‍ധിക്കുകയും ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തിലാവുന്നത് ജാതകദോഷം കൊണ്ടോ ശനിദശകൊണ്ടോ അല്ല. സുപ്രീം കോടതി പറഞ്ഞതുപോലെ മലയാളി ഭരിച്ചു മുടിച്ചതുകൊണ്ടാണ്. കെഎസ്ആര്‍ടിസിയെ തൊടുമ്പോള്‍ ഏതൊരു നേതാവിന്റെയും മനസ്സിലേക്ക് ആദ്യം വരുന്നത് അവിടുത്തെ യൂണിയനുകളുടെ രാഷ്ട്രീയവും പതിനായിരക്കണക്കിനു തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ടുകളെ തന്റെ നയങ്ങള്‍ സ്വാധീനിക്കാനുള്ള സാധ്യതയുമാണ്. രക്ഷിക്കാന്‍ ശ്രമിക്കുമെന്നും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയക്കില്ലെന്നുമൊക്കെ ഉറച്ചു പറയുന്ന നേതാക്കന്‍മാര്‍ക്ക് കേരളത്തിലെ പൊതുഗതാഗത സംവിധാനം നിലനിര്‍ത്തണമെന്നല്ല അവിടുത്തെ വോട്ടുബാങ്ക് ഉലയ്ക്കരുതെന്ന സഹതാപാര്‍ഹമായ ഒറ്റ ലക്ഷ്യമേയുള്ളൂ.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ ചെയ്യില്ലെന്നാണ് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആനുകൂല്യങ്ങളോ പെന്‍ഷനോ സേവന വേതന വ്യവസ്ഥകളോ വെട്ടിക്കുറയ്ക്കില്ല. രോഗികള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള സൗജന്യ പാസുകള്‍ നിര്‍ത്തലാക്കാനും ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷനും നിലനിര്‍ത്തും. ഇതൊക്കെയാണ് കെടുകാര്യസ്ഥതയെന്നു കോടതി പറയുന്നതെങ്കില്‍ തന്നെയും അതൊക്കെ തുടരുക തന്നെ ചെയ്യും. ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടില്ല.- എന്തൊരു ധീരത എന്നു നമുക്ക് തോന്നും. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍മന്ത്രി ബാലകൃഷ്ണപിള്ള പറഞ്ഞതാണ് സത്യസന്ധവും ആത്മാര്‍ഥവുമായ കാര്യം. ‘ആരു വിചാരിച്ചാലും കെഎസ്ആര്‍ടിസി ഇനി രക്ഷപ്പെടില്ല. ഓയില്‍ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ചിട്ട് ന്യായം പറയുന്നതില്‍ അര്‍ത്ഥമില്ല. തന്റേടമുള്ള ഭരണാധികാരികളാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഇന്നത്തെ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു.” നിര്‍ഭാഗ്യവശാല്‍ തന്റേടമുള്ള ഭരണാധികാരികള്‍ നമുക്കുണ്ടായിരുന്നില്ല. തന്റേടം, അഹങ്കാരം തുടങ്ങിയവയെല്ലാം മലയാളി മുളയിലേ നുള്ളിക്കളയുന്ന ദുശ്ശീലങ്ങളാണ്.

കര്‍ണാടകവും തമിഴ്‌നാടും ലാഭകരമായി സര്‍ക്കാര്‍ ബസ് സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ തന്നെയാണ് മിക്കവാറും എല്ലാ നഗരങ്ങളിലും കണ്ണായ സ്ഥലത്ത് ഏക്കറു കണക്കിനു ഭൂമിയുള്ള കെഎസ്ആര്‍ടിസി പട്ടിണി കിടക്കുന്നത്. തന്റേടമുള്ള ഭരണാധികാരികളല്ല, തന്റേടമുള്ള ജീവനക്കാരാണ് കെഎസ്ആര്‍ടിസി ഭരിക്കുന്നത്. മാധ്യമങ്ങളിലൂടെ വോട്ടുബാങ്കിനെ പോസിറ്റീവായി സ്വാധീനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണാധികാരികളില്‍ നിന്നും യഥാര്‍ഥപ്രശ്‌നം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഏതെങ്കിലും നീക്കം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഒറ്റ ഷെഡ്യൂള്‍ പോലും വെട്ടിക്കുറയ്ക്കില്ല എന്നു മന്ത്രി പറഞ്ഞെങ്കിലും അനുദിനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ കെഎസ്ആര്‍ടിസി എന്നത് ഒരു ഓര്‍മ മാത്രമാവും. അതിലൊന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് ഒരു വേദനയുമുണ്ടാവില്ല. അതിന്റെ ഉത്തരവാദിത്വം ആരിലാണ് വീഴുക എന്നതില്‍ മാത്രമാണ് അവരുടെ ആശങ്ക. സുപ്രീം കോടതി, എണ്ണക്കമ്പനികള്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് ഈ ദുരന്തത്തിനു കാരണമെന്ന് ജനങ്ങള്‍ വിശ്വസിക്കുമെങ്കില്‍, കേരള സര്‍ക്കാര്‍ പരമാധി ശ്രമിച്ചിട്ടും നീതി ലഭിച്ചില്ല എന്നു സമ്മതിക്കുമെങ്കില്‍ ബസുകമ്പനി നിര്‍ത്താന്‍ സര്‍ക്കാരിനു സന്തോഷമേയുണ്ടാവൂ. വോട്ടു രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ വീണ്ടും ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് ഫോര്‍മുലയിലേക്കു നമ്മള്‍ മടങ്ങിവരണമെന്നു മാത്രം.

ഒലത്തും!: നേരേ ചൊവ്വേ ബസ് സര്‍വീസ് പോലും നടത്താന്‍ കഴിയാത്ത നമ്മളാണ് ഇവിടെ വിമാനക്കമ്പനി നടത്താന്‍ പോകുന്നത്.

പ്രതിഷേധവും ആവിഷ്കാരസ്വാതന്ത്ര്യവും

പ്രതിഷേധങ്ങളും പ്രതിഷേധക്കാരോടുള്ള പ്രതിഷേധവും ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും സര്‍വോപരി ദേശസ്നേഹികളെയും തീവ്രവാദികളെയും തിരിച്ചറിയാനുള്ള അളവുകോലെന്ന സവിശേഷതയും ഒരു സിനിമയ്‍ക്ക് അതിന്‍റെ വിശ്വരൂപം കാണിക്കാനുള്ള സുവര്‍ണാവസരമാണ് നല്‍കിയിരിക്കുന്നത്. വിശ്വരൂപം ഒരു സിനിമ മാത്രമാണ്. അതിനെ എതിര്‍ക്കുന്നതിലൂടെ മുസ്‍ലിംകളുടെ അന്തസ്സ് ഉയരുകയില്ല. അത് പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യം നടമാടുകയുമില്ല. വിശ്വരൂപം കാണുന്നവരുടെ ദേശസ്നേഹം ഉയരുകയോ ആ സിനിമയെ അനുകൂലിക്കുന്നവര്‍ മതേരവാദികളായി മാറുകയോ ഇല്ല.

ടെക്നിക്കലി പെര്‍ഫെക്ഷനോട് അടുത്തു നില്‍ക്കുന്ന, ഒട്ടും പുതുമയില്ലാത്ത പ്രമേയം പ്രത്യേകിച്ചൊരു രാഷ്ട്രീയചായ്‍വില്ലാതെ എല്ലാ വാണിജ്യഘടകങ്ങളും കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു സാധാരണ സിനിമയാണ് വിശ്വരൂപം. ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയങ്ങളിലൊന്നാണ് ഇത് എന്നു പറയുന്നവരും ഈ സിനിമ മുസ്‍ലിംകളെ അധിക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു എന്നു പറയുന്നവരും തിരുമണ്ടന്‍മാരാണ്. ഈ സിനിമയെ കണ്ണടച്ച് എതിര്‍ക്കുന്നവരും ഇതാണ് സിനിമ എന്നു കണ്ണും പൂട്ടി പറയുന്നവരും സിനിമ കണ്ട ശേഷം തങ്ങളുടെ അബദ്ധം തിരിച്ചറിയുന്നതാണ് നല്ലത് എന്നാണെന്‍റെ അഭിപ്രായം.

തമിഴ്‍നാട്ടിലെയും കര്‍ണാടകത്തിലെയും ആന്ധ്രയിലെയുമൊക്കെ സ്ഥിതി വച്ചു നോക്കുമ്പോള്‍ തീവ്രവാദത്തിന്‍റെ തലസ്ഥാനമെന്നു പലരും വിശേഷിപ്പിക്കുന്ന കേരളം വളരെ ശാന്തവും പുരോഗമനപരവുമായാണ് പ്രതികരിച്ചത്. ചില സംഘടനകള്‍ ഏറ്റെടുത്തു നടത്തിയ ഇവിടുത്തെ പ്രക്ഷോഭങ്ങളും എതിര്‍പ്പുകളും സമുദായകേന്ദ്രീകൃതമായിരുന്നില്ല. ഈ പ്രക്ഷോഭങ്ങള്‍ക്കു പോലും വഴിവച്ചത് കേരളത്തിലെ എന്തെങ്കിലും പ്രത്യേക സാഹചര്യമാണ് എന്നെനിക്കു തോന്നുന്നില്ല. മറിച്ച്, മറ്റു സംസ്ഥാനങ്ങളില്‍ നിരോധിക്കപ്പെട്ട ഒരു സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ്. ഇത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചുകൂടാ എന്ന സന്ദേശം നല്‍കിയത് മതവാദികളല്ല, ചിത്രം നിരോധിച്ച തമിഴ്‍നാട്, കര്‍ണാടക, ആന്ധ്ര സര്‍ക്കാരുകളാണ്.

എന്നാല്‍, ഏറ്റവും ശ്രദ്ധേയമായി തോന്നിയത് സിനിമ പ്രദര്‍ശിപ്പിക്കണം എന്നു നിര്‍ബന്ധം പിടിച്ചുകൊണ്ട് ചില രാഷ്ട്രീയസംഘടനകളും സമാനമായ അവേശത്തോടെ തിയറ്ററുകള്‍ക്കു മുന്നില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയതാണ്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന അഭിപ്രായങ്ങളും ജനത്തിന്‍റെ നിലപാടുകളും അവരിലൂടെ പ്രതിഫലിക്കുകയായിരുന്നിരിക്കാം. സിനിമ പ്രദര്‍ശിപ്പിക്കണം എന്നു പറയുന്നവര്‍ സിനിമയെ അനുകൂലിക്കുന്നവരാകണം എന്നില്ല, അവര്‍ ആ സിനിമ കാണണം എന്നുമില്ല. അതൊരു നിലപാടാണ്.

ശ്രീ പിണറായി വിജയന്‍റെ പ്രതികരണവും ഡിവൈഎഫ്ഐയുടെ പ്രതിഷേധവും ആ നിലപാടിന്‍റെ പ്രഖ്യാപനമെന്നതിനപ്പുറം ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കുരിശുയുദ്ധമെന്ന നിലയ്‍ക്കു കൂടി വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് ഇവരുടെ ആത്മാര്‍ത്ഥത പ്രതിസന്ധിയിലാകുന്നത്. ആവിഷ്കാരസ്വാതന്ത്ര്യം എന്നത് എല്ലാത്തരം സിനിമകള്‍ക്കും ബാധകമാണോ ? സിനിമ എന്ന മാധ്യമത്തിനപ്പുറം മറ്റൊന്നിനും ബാധകമല്ലേ ? സഹിഷ്ണുത എന്നത് സമുദായങ്ങളുടെ ഭാഗത്തു നിന്നും മാത്രമേ ആവശ്യപ്പെടേണ്ടതുള്ളോ തുടങ്ങിയ ചോദ്യങ്ങളും പ്രസക്തമാണ്. ടി.പി.ചന്ദ്രശേഖന്‍റെ തലയുള്ള ഓരോ പോസ്റ്ററും ബാനറും ഫ്ലെക്സും അതുയരുന്ന പ്രഭാതങ്ങളില്‍ തന്നെ അരിഞ്ഞു വീഴ്‍ത്തുന്നവര്‍ ആവിഷ്കാരസ്വാതന്ത്ര്യത്തെയോര്‍ത്ത് വേദനിക്കുന്നതില്‍ കൗതുകമുണ്ട്.

സമാനമാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി നിലയുറപ്പിച്ചിരിക്കുന്ന മറ്റു കക്ഷികളും. കോണ്‍ഗ്രസുകാരുടെ സെന്‍സര്‍ഷിപ് ഇല്ലാതെ ഇവിടെ സോണിയാ ഗാന്ധിയെക്കുറിച്ച് ഒരു സിനിമ എടുക്കാന്‍ സാധിക്കുമോ ? അംബാനികളുടെ ജീവിതം ആവിഷ്കരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ ? സോണിയാ ഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ റെഡ് സാരിയും ധിരുബായ് അംബാനിയുടെ വളര്‍ച്ചയുടെ കഥ പറയുന്ന പോളിസ്റ്റര്‍ പ്രിന്‍സും മുഹമ്മദലി ജിന്നയെക്കുറിച്ചുള്ള ജസ്വന്ത് സിങ്ങിന്‍റെ പുസ്തകവും നെഹ്റുവിനെയും ഗാന്ധിജിയെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളും നിരോധിക്കപ്പെട്ടപ്പോള്‍ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ഇവരാരും ശബ്ദിച്ചിരുന്നില്ല എന്നത് മറന്നുകളയാനാവില്ല. പപ്പിലിയോ ബുദ്ധ എന്ന കൊച്ചുസിനിമയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് എത്ര വിലയുണ്ട് വരുംദിവസങ്ങളില്‍ അറിയാം.

ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യമല്ല, സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് പ്രധാനം. താലിബാനെതിരായതുകൊണ്ട് ദേശസ്നേഹികളായ എല്ലാ മുസ്‍ലിംകളും വിശ്വരൂപം കണ്ട് കയ്യടിക്കണം എന്നു പറയുന്നത് എലൈറ്റ് ക്ലാസ് ഫാസിസമാണ്. ഒരു സിനിമ കാണണോ വേണ്ടയോ കയ്യടിക്കണോ കൂവണോ എന്നതൊക്കെ പ്രേക്ഷകന്‍റെ സ്വാതന്ത്ര്യമാണ്. സിനിമ ആവിഷ്കരിക്കാനുള്ളതുപോലെ തന്നെ അത് തള്ളിക്കളയാനുള്ള സ്വാതന്ത്ര്യവും വിലമതിക്കപ്പെടേണ്ടതുണ്ട്. മതവും ജാതിയും ഏതായാലും സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ് ഓരോ വ്യക്തിയും. ആളുകളെ അവരുടെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തി അവരുടെ ആവിഷ്കാരസ്വാന്ത്ര്യവും ആസ്വാദനസ്വാതന്ത്ര്യവും നിര്‍ണയിക്കുന്നത് ഒരേപോലെ അപകടകരമാണ്.

വിശ്വരൂപം നല്ല സിനിമയോ ചീത്ത സിനിമയോ ആവാം. അത് ഓരോ പ്രേക്ഷകനും അനുഭവപ്പെടേണ്ടതാണ്. കമല്‍ഹാസന്‍ മുസ്‍ലിംകളോട് ഭയങ്കര സ്നേഹമുള്ള ആളാണോ മതേതരവാദിയാണോ തുടങ്ങിയ കാര്യങ്ങള്‍ ഇത്തരമൊരു കൊമേഴ്സ്യല്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച ചെയ്യപ്പെടുന്നത് പരിതാപകരമാണ്. എതിര്‍ക്കുമ്പോള്‍ ഏതു കലാരൂപവും ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. സിനിമ പോലൊരു ജനകീയമാധ്യമത്തില്‍ ഇത്തരം എതിര്‍പ്പുകളാണ് ഏറ്റവും മികച്ച പ്രചാരണായുധങ്ങള്‍. തെന്നിന്ത്യന്‍ സിനിമയുടെ തറവാടായ തമിഴ്‍നാടിനു സാധിക്കാത്തത് നമുക്കു സാധിച്ചു എന്നത് തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണ്.

😉 വിശ്വരൂപത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണെന്നു തോന്നുന്നു കോഴിക്കോട്ട് റോമന്‍സ് കളിക്കുന്ന ഒരു തിയറ്ററിനു മുന്നില്‍ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിലെ കോമളമുകുളങ്ങള്‍ അഴിഞ്ഞാടി. പോസ്റ്റര്‍ വലിച്ചു കീറി കത്തിച്ചു മുദ്രാവാക്യം വിളിച്ച് അവര്‍ മടങ്ങിപ്പോയി. ആ കോമഡി സീന്‍ കണ്ട് മലയോരമേഖല കോരിത്തരിച്ചിട്ടുണ്ടാവണം.

ഡാം സുരക്ഷിതമാണ്, പൊട്ടും വരെ

നിയമം,അസ്ഥിക്കു പിടിച്ച പ്രേമം പോലെയാണ്. അതിനങ്ങനെ കണ്ണും മൂക്കുമൊന്നുമില്ല. കാമുകീകാമുകന്‍മാര്‍ക്കിടയില്‍ ബീഡി വലിക്കുന്ന കാമുകന്‍, വൈകിട്ടു കുളിക്കാത്ത കാമുകി എന്നുള്ള വേര്‍തിരിവില്ലാത്തതുപോലെ, ജഡ്‍ജിമാര്‍ക്കിടയില്‍ മലയാളി ജഡ്‍ജി കൊലയാളി ജഡ്‍ജി എന്നൊന്നുമില്ല. 12 നില കെട്ടിടത്തിനു മുകളില്‍ നില്‍ക്കുന്നവന് താഴെക്കൂടി സൂനാമിത്തിര വന്നുപോകുന്നത് കാണുന്നതുപോലെ നിയമം അതിന്റെ വഴിക്കുപോകുന്നത് കണ്ടോണ്ടു നില്‍ക്കാന്‍ ജഡ്‍ജിമാര്‍ക്ക് ഒരു രസമാണ്. അത് അങ്ങനെയാണ് വേണ്ടതും.

കേരളത്തിന്റെ നിലപാട് മുറുകെപ്പിടിച്ച് മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയില്‍ കേരളത്തിന്റെ ശബ്ദമായി ഉറച്ചു നിന്ന്, 119 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ല എന്ന സത്യം സുപ്രീംകോടതിയെ നിയമപരമായി ബോധ്യപ്പെടുത്താന്‍ ജസ്റ്റിസ് കെ.ടി.തോമസുണ്ടല്ലോ എന്നു കരുതിയിരുന്നവരോട് അദ്ദേഹം പറയുന്നു, താന്‍ കേരളത്തിന്റെ പ്രതിനിധി അല്ലെന്ന്. ഉന്നതാധികാര സമിതിയില്‍ കെടി തോമസിനെ നിയമിച്ചത്‌ കേരളത്തിന്റെ പ്രതിനിധിയായി മാത്രമാണ്‌ എന്നാണ് മന്ത്രി പി.ജെ.ജോസഫ് പറയുന്നത്. അങ്ങനെയുള്ള ജസ്റ്റിസ് താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്നു പറയുന്നത് പരോക്ഷമായ കുറ്റസമ്മതമാണെന്നും കേരളത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ തോമസിന്റെ പ്രവര്‍ത്തനം പരാജയമാണെന്നും മന്ത്രി ജോസഫ് പറഞ്ഞിരിക്കുന്നു.

ഉന്നതാധികാര സമിതിയില്‍ ജഡ്‌ജിമാരെ ഉള്‍പ്പെടുത്തുന്നത്‌ അസംബന്ധമാണെന്നും ജഡ്‍ജിമാര്‍ക്ക് ഡാമുകളെപ്പറ്റി ഒരു ചുക്കുമറിയില്ലെന്നും അതുകൊണ്ട്‌ റിപ്പോര്‍ട്ട്‌ എതിരായതിന്‌ ജസ്‌റ്റിസ്‌ തോമസിനെ കല്ലെറിഞ്ഞിട്ട്‌ കാര്യമില്ലെന്നുമാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്‌ണയ്യര്‍ പറയുന്നത്.മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ട്‌ ഏകപക്ഷീയമാണെന്ന് ആരോപിച്ച്‌ ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ്‌ കെ ടി തോമസിന്റെ കോലം കത്തിച്ചു. ആരൊക്കെയോ അദ്ദേഹത്തിന്റെ വീടിനു കല്ലെറിയുകയും വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. ജഡ്‍ജിമാരോട് കളിച്ചവരാരും പണി വാങ്ങിക്കാതിരുന്നിട്ടില്ല. ജസ്റ്റിസ് കൃഷ്ണയ്യര് പറയുന്നതുപോലെയല്ല കണ്ട ജോസഫും കൂസഫുമൊക്കെ പറയുന്നത്.പിജെ ജോസഫിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കും എന്നും മുല്ലപ്പെരിയാര്‍ സമരസമിതി തന്റെ വീട്ടിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയതു പരാതിയില്‍ കാണിക്കുമെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞിട്ടുണ്ട്.

ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ ഗലീലിയോയോടെന്നപോലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നു പറഞ്ഞ ജസ്റ്റിസ് കെ.ടി.തോമസിനോട് കേരളം വളരെ ക്രൂരമായി പ്രതികരിക്കുകയാണ്. ഡാം പൊട്ടുന്ന നിമിഷം വരെ അത് സുരക്ഷിതമാണെന്ന് ആര്‍ക്കാണ് അറിയാത്തത് ? അല്ലെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് പറയുന്നത് എങ്ങനെ കേരളത്തിന്റെ താല്‍പ്പര്യത്തിന് എതിരാകുമെന്നാണ് ജസ്റ്റിസ് കെ.ടി. തോമസ് ചോദിക്കുന്നത്. എത്ര നിഷ്കളങ്കമായാണ് അദ്ദേഹം ചോദിക്കുന്നത് എന്നു നോക്കൂ. അണക്കെട്ട് സുരക്ഷിതമല്ലെന്ന് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഹിഡന്‍ അജണ്ട എന്താണെന്നു തിരിച്ചറിയേണ്ടതുണ്ട് എന്നും ജസ്റ്റിസ് തോമസ് പറയുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്.

അണക്കെട്ട് സുരക്ഷിതമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അതേപ്പറ്റി പഠനം നടത്തുന്ന സാങ്കേതിക വിദഗ്ധരാണ്. അത്തരത്തില്‍ അനേകം പരിശോധനകളും വിലയിരുത്തലുകളും നടത്തിയാണ് 12 അംഗ സാങ്കേതികവിദഗ്ധര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് പറഞ്ഞിട്ടുള്ളത്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും പറയും പോലെ തങ്ങള്‍ക്ക് പറയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് തോമസ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉയിര്‍ത്തെഴുന്നേറ്റു വന്ന യേശുക്രിസ്തുവിനോട് ചുമ്മാ പുളുവടിക്കല്ലേ കര്‍ത്താവേ എന്നു പറഞ്ഞ ശിഷ്യന്റെ പേരും തോമസ് എന്നായിരുന്നു. അണക്കെട്ടിലെ ചോര്‍ച്ചകളില്‍ വിരലിടുകയും സുര്‍ക്കി ഒഴിഞ്ഞുപോലെ ദ്വാരങ്ങളില്‍ നിന്നുള്ള മരണത്തിന്റെ മുഴക്കം കേള്‍ക്കുകയും ചെയ്താല് അത് സുരക്ഷിതമല്ല എന്നു ചിലപ്പോള്‍ ജസ്റ്റിസ് തോമസ് വിശ്വസിച്ചേക്കും, എന്നാല്‍ അത് അദ്ദേഹം ഏറ്റുപറയുമോ എന്നെനിക്കറിയില്ല.

കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു എന്നു നേരിട്ടു മനസ്സിലാക്കിയപ്പോള്‍ അത് വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്ത തോമസിനോട് കര്‍ത്താവ് തന്നെ പറഞ്ഞത് കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ദൂരെ നിന്നുപോലും കണ്ടിട്ടില്ലാത്ത നമ്മള്‍ അതിപ്പോള്‍ പൊട്ടും എന്നുറച്ച് വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതിനാല്‍ ഭാഗ്യവാന്മാരാണെന്നതില്‍ സംശയമില്ല. അണക്കെട്ട് സുരക്ഷിതമാണ് എന്നത് നമുക്കും വിശ്വസിക്കാം. ഹിഡണ്‍ അജന്‍ഡകളുമായി ചപ്പാത്തില്‍ സമരം നടത്തുന്ന എരപ്പാളികളെ നാടുകടത്തി ഇടുക്കിയെ തമിഴ്‍നാടിന് എഴുതിക്കൊടുക്കാം. ബിഹാറികളും ഒറീസക്കാരും സന്തോഷമായി ജീവിക്കുന്ന കേരളത്തില്‍ മലയാളികള്‍ക്കെന്തു കാര്യം എന്നു ജസ്റ്റിസുമാര്‍ ചോദിക്കുന്ന കാലം വരും. അതുവരെ ഡാം പൊട്ടിയില്ലെങ്കില്‍ നിയമവിധേയമായി നമുക്ക് ഇവിടൊക്കെ കഴിയാം.

ഡാം ലജ്ജിച്ചു തല താഴ്‍ത്തും

ബോര്‍ഡറില്‍ കിടന്ന് തമിഴന്റെ അടികൊണ്ടതും കൊച്ചി ഒലിച്ചുപോകുന്നത് ജനങ്ങളെ കാണിച്ചുകൊടുക്കാന്‍ ഫോട്ടോഷോപ്പില്‍ പണിയെടുത്ത് കറന്റ് ബില്ല് കൂട്ടിയതും മിച്ചം. ജസ്റ്റിസ് കെ.ടി.തോമസ് ഉള്‍പ്പെടെയുള്ളവരടങ്ങിയ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിന്റെ ആര്‍ത്തനാദങ്ങളെ പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. ഭീകരമാം വിധം സുരക്ഷിതമായ ഡാമിനെ തകര്‍ക്കാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നടക്കില്ല എന്ന സൂചന നല്‍കുന്ന റിപ്പോര്‍ട്ട് ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കണമെന്നു നിര്‍ദേശിക്കുമ്പോള്‍ ചോര്‍ന്നുപോകുന്ന ആത്മധൈര്യം തടയാന്‍ കേരളത്തിന് രണ്ട് നാടന്‍ അണ്ടര്‍വെയറുകള്‍ തയ്പിച്ചിച്ചിട്ട് നെയ്യാറ്റിന്‍കരയില്‍ തായം കളിക്കാം.

ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി രാജി വയ്ക്കണം എന്നാവശ്യപ്പെടുക എന്നതാണ് ഇവിടുത്തെ ഒരാചാരം. തിളക്കമുള്ള തുറിച്ച കണ്ണുകളോടെ പി.ജെ.ജോസഫ് പത്രസമ്മേളനം നടത്താനും പി.സി.ജോര്‍ജ് അസംതൃപ്തരായ രണ്ട് സിപിഎം എംഎല്‍എമാരെക്കൂടി മുന്നണി ചാടിച്ച് കൊണ്ടുവരാനും ശ്രമിച്ചേക്കും. ഉന്നതാധികാര സമിതിയിലെ അധികാരികള്‍ ജയലളിതയുടെ നീതി നടപ്പാക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ വിധേയന്മാരായി കൂടെ നില്‍ക്കുകയായിരുന്നു. അവരുടെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും മൈന്‍ഡ് ചെയ്യാതെ തമിഴ്‌നാട് ആഗ്രഹിച്ചത് സാധിക്കും എന്ന് തെളിയിച്ചു കഴിഞ്ഞു. ഇറ്റാലിയന്‍ നാവികരെ കേരള പൊലീസ് തട്ടിക്കൊണ്ടുപോയി എന്നു പറയുന്നതുപോലെ വെറും 200 വര്‍ഷം മാത്രം പഴക്കമുള്ള ഡാമിനെപ്പറ്റി അപവാദം പറഞ്ഞുപരത്തിയതിന് കേരളത്തെ സുപ്രീം കോടതി ശാസിക്കാതിരുന്നാല്‍ ഭാഗ്യം.

ഉന്നതാധികാര സമിതി മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച, മെയ് നാലിനു മാത്രം സുപ്രീം കോടതി പൊട്ടിച്ചു നോക്കാന്‍ പോകുന്ന കവറിലെ വിവരങ്ങളാണ് വാര്‍ത്തകളില്‍ പാറിപ്പറന്നു നടക്കുന്നത്. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പ്രകാരം, അങ്ങേയറ്റം അപകടകരമെന്നു കേരളം പറയുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് അങ്ങേയറ്റം സുരക്ഷിതമാണ്. ജലനിരപ്പ് 136 അടിയില്‍ നിന്ന് 120 അടിയാക്കി കുറച്ചില്ലെങ്കില്‍ അഞ്ചു ജില്ലകളിലെ 35 ലക്ഷം ആളുകള്‍ മരിക്കുമെന്ന് കേരളം വാദിക്കുമ്പോള്‍ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. അണക്കെട്ട് ഭൂകമ്പസാധ്യത മേഖലയിലാണെന്നും ശക്തമായി കുലുങ്ങിയാല്‍ സാധനം തവിടുപൊടിയാകുമെന്നും ഐഐടിക്കാര് പറഞ്ഞത് ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധന്റെ കോമഡി പോലെ സമിതി തള്ളിക്കളഞ്ഞു. ഘടനാപരമായും ജലശാസ്ത്രപരമായും ഭൂകമ്പശാസ്ത്രപരമായും സുരക്ഷിതമായ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നു സമിതി വിലയിരുത്തുന്നു. ഒരു പക്ഷേ ഈ തരത്തില്‍ സുരക്ഷിതമായ ലോകത്തെ ഒരേയൊരു അണക്കെട്ടായിരിക്കാം ഇത്.

മുല്ലപ്പെരിയാര്‍ തകരുന്നു, ആ വെള്ളം ഒഴുകി വന്ന് ഇടുക്കി തകരുന്നു എല്ലാം കൂടി കുത്തിയൊലിച്ചുവന്ന് റിവേഴ്‌സ് സൂനാമിയിലൂടെ മൊത്തം നിരപ്പാക്കുന്നു എന്നൊക്കെയായിരുന്നു സങ്കല്‍പം. മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും അപാര സ്‌ട്രോങ് ആണെന്നാണ് സമിതി റിപ്പോര്‍ട്ടിലുള്ളതത്രേ. രസകരമായി ഉള്ളത് രണ്ട് വിയോജനക്കുറിപ്പുകളാണ്. സംസ്ഥാനാന്തര സന്തുലിതാവസ്ഥ നിലനിര്‍ത്താനാണെന്നു തോന്നുന്നു അതങ്ങനെ. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന തമിഴ്‌നാട് അനുകൂല നിര്‍ദേശത്തിന് ജസ്റ്റിസ് കെ.ടി. തോമസ് വിയോജനക്കുറിപ്പെഴുതിയപ്പോള്‍ പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം ബദല്‍ നിര്‍ദേശമായിപ്പോലും ഉള്‍പ്പെടുത്തുന്നതിനെതിരേ തമിഴ്‌നാടിന്റെ ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണന്‍ വിയോജനക്കുറിപ്പെഴുതി. അതായത് കേരളം പുതിയ ഡാമിനെപ്പറ്റി എപ്പോള്‍ പറഞ്ഞാലും അപ്പോള്‍ തമിഴ്‌നാട് ജലനിരപ്പ് 142 അടിയാക്കുന്നതിനെപ്പറ്റി പറയുമെന്നു ചുരുക്കം.

എന്നാലും, റിപ്പോര്‍ട്ടിന്റെ മാര്‍ജിനിലെവിടെയോ വേണമെങ്കില്‍ പുതിയ ഡാം ഉണ്ടാക്കുന്നത് ഒരു നിര്‍ദേശമെന്ന നിലയില്‍ പരിഗണിക്കാം എന്നു സൂചിപ്പിക്കുന്നതാണ് കേരളത്തിന്റെ ചരിത്രനേട്ടമായി വാര്‍ത്താ ചാനലുകള്‍ ആഘോഷിച്ചു കളഞ്ഞത്. കാലിന് വേദയാണ് എന്നു പറഞ്ഞു വന്ന മറിയാമ്മയോട്, രോഗങ്ങളൊന്നുമില്ലാത്ത കാല്‍ അങ്ങേയറ്റം ആരോഗ്യമുള്ളതും ശക്തിയുള്ളതുമാണെന്നും എന്നാല്‍ വേണമെങ്കില്‍ ആ കാല്‍ മുറിച്ചുകളയാമെന്നും ഡോക്ടര്‍ പറയുന്നതുപോലെയാണ് പുതിയ ഡാമിനുള്ള ശുപാര്‍ശ. ഘടനാപരമായും ജലശാസ്ത്രപരമായും ഭൂകമ്പശാസ്ത്രപരമായും സുരക്ഷിതമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് ബദല്‍ ഡാം പണിയണം എന്നു പറയുന്ന കേരളത്തിന് കുത്തിക്കഴപ്പാണ് എന്നേ നിഷ്പക്ഷനായ ഒരാള്‍ റിപ്പോര്‍ട്ടില്‍ നിന്നു വായിച്ചെടുക്കൂ. കുന്നത്ത് സൂര്യന്‍ ഉദിച്ച പോലെ നില്‍ക്കുന്ന ഡാം പൊളിച്ച് മറ്റൊന്നു പണിയേണ്ടതിന്റെ ആവശ്യമെന്താണ് എന്ന് ഇനി നമ്മള്‍ നമ്മെത്തന്നെ ബോധിപ്പിക്കേണ്ടി വരും.

ഗുണപാഠം- ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് ഡാമിനെ വായിച്ചു കേള്‍പ്പിച്ചാല്‍ മതി, പിന്നെ 999 വര്‍ഷത്തേക്ക് അനങ്ങില്ല. കോടതി ഉത്തരവ് ലംഘിക്കാന്‍ ഏതു ഡാമും ഒന്നു ഭയപ്പെടും.

എല്ലാം അമേരിക്കേന്റെ കളിയാണ്

ചൈനയും റഷ്യയും പോളണ്ടും പോലുള്ള രാജ്യങ്ങളുമായി സഹകരിച്ച് ബഹുരാഷ്ട്രകുത്തകകളെയും സാമ്രാജ്യത്വ ശക്തികളെയും ഒറ്റപ്പെടുത്തിക്കൊണ്ട് ജനകീയ-തൊഴിലാളിവര്‍ഗ രാജ്യമായി മുന്നേറുന്ന ഇന്ത്യയെ തകര്‍ക്കാന്‍ അമേരിക്ക കളിക്കുന്നുണ്ട് കളിക്കുന്നുണ്ട് എന്നു നേരത്തെ ഇടതുപക്ഷക്കാര്‍ പറഞ്ഞപ്പോള്‍ ഇവന്മാരേതു കോത്താഴത്തുകാരാണ് എന്നാണ് നമ്മള്‍ കോണ്‍ഗ്രസുകാര്‍ പറഞ്ഞത്. എല്ലാം നമ്മുടെ മന്‍മോഹന്‍ജിയ്‍ക്കുള്ള അദൃശ്യതാങ്ങുകളാണെന്നും നമുക്കറിയാമായിരുന്നു. ഇന്നിപ്പോള്‍ കളി മാറി. കൂടംകുളം ആണവനിലയത്തിനെതിരേ സമരം ചെയ്യുന്നവര്‍ അമേരിക്കയുടെ ആളുകളാണ് എന്നു മന്‍മോഹന്‍ജി പറയുമ്പോള്‍ ഈ മന്‍മോഹന്‍ജി അമേരിക്കേന്റെ ആളാണെന്ന് പറഞ്ഞുകൊണ്ടിരുന്ന ജനകീയവാദികളാരായി ?

ക്രിസ്‍മസ് ഇനി മുതല്‍ സഖാവ് ക്രിസ്തു രക്തസാക്ഷിദിനമായി ആചരിച്ചേക്കുമെന്നു പറയുന്നതുപോലെ മുതലാളിത്ത-ബൂര്‍ഷ്വാ ഖദര്‍ നേതാക്കന്മാര്‍ അമേരിക്കന്‍ സാമ്രാജ്യത്വം തുലയട്ടെ എന്നാക്രോശിച്ചു തുടങ്ങുമ്പോള്‍ അതൊക്കെ പറഞ്ഞു ശീലിച്ച പാവപ്പെട്ട സഖാക്കന്മാര്‍ മുദ്രാവാക്യം മുട്ടി നിന്നുപോകും. കൂടംകുളം സമരത്തിനു പിന്നില്‍ അമേരിക്കന്‍ ഫണ്ടാണെന്ന് പറയാന്‍ സഖാവ് മന്‍മോഹന്‍ സിങ് കാണിച്ച ആര്‍ജ്ജവം പ്രശംസനീയമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് മാറ്റിപ്പണിയണമെന്നു പറയുന്നവര്‍ കൊടുംതീവ്രവാദികളാണെന്നു പറയാനാഗ്രഹിക്കുന്നവര്‍ക്ക് മന്‍മോഹന്‍ജിയുടെ പ്രസ്താവന ശക്തിപകര്‍ന്നേക്കും. മധ്യകേരളത്തില്‍ വിദേശത്തു നിന്നു പണംവരുന്ന വീടുകള്‍ ധാരാളമുണ്ട്. മന്‍മോഹന്‍ജി പറയുന്ന രീതിയില്‍ ആലോചിച്ചാല്‍ അണക്കെട്ടിനെതിരേ 30 വിദേശരാജ്യങ്ങളെങ്കിലും പണമിറക്കുന്നു എന്നു വേണമെങ്കില്‍ സ്ഥാപിക്കാന്‍ പ്രയാസമില്ല.

എന്തിന് അമേരിക്ക കൂടംകുളത്ത് സമരം നടത്തുന്നു ? കൂടംകുളത്തെ ആണവനിലയം റഷ്യയുടെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്നത് സുഖിക്കാത്ത അമേരിക്ക സമരസമിതി ഉണ്ടാക്കി, ആണവനിലയം സുരക്ഷിതമല്ല എന്നു പ്രചരിപ്പിച്ച് സമരസമിതിക്കു പണം നല്‍കി സമരം നടത്തിച്ച് ആണവനിലയത്തിന്റെ അവശേഷിക്കുന്ന നിര്‍മാണജോലികള്‍ തടസ്സപ്പെടുത്തിയിരിക്കുന്നു എന്നാവും സങ്കല്‍പം. അഞ്ചു വര്‍ഷത്തിലേറെയായി സമരം തുടരുന്ന മുല്ലപ്പെരിയാര്‍ സമരസമിതിയ്‍ക്കൊക്കെ അപ്പോള്‍ അമേരിക്ക എന്തുമാത്രം പണം കൊടുത്തിട്ടുണ്ടാവും എന്നാലോചിച്ചുനോക്കണം.

സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ലഭിക്കുന്ന വിദേശപണം കൂടംകുളംസമരത്തിനുവേണ്ടി ചിലവഴിക്കുന്ന മൂന്ന് എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കിയതായി പറയുന്നുണ്ട്. കൂടംകുളം സമരം ആ മേഖലയിലെ ജനങ്ങളുടെ ആശങ്കയുടെ പ്രതീകമാണ്. ജനവാസമേഖലയില്‍ ഇങ്ങനൊരു സാധനം എത്രത്തോളം സുരക്ഷിതമാണ് എന്നാശങ്കപ്പെടാനുള്ള അവകാശം ജീവനു വലിയ വിലയൊന്നുമില്ലെങ്കിലും ജനങ്ങള്‍ക്കുണ്ട്. ആ മേഖലയിലെ ഏറ്റവും വലിയ സാമൂഹികപ്രവര്‍ത്തനം സമരത്തില്‍ പങ്കുചേര്‍ന്ന് ജനങ്ങളുടെ പ്രാണഭീതിയകറ്റുക എന്നതാണെന്നു തോന്നിയിട്ട് എന്‍ജിഒകള്‍ പണം നല്‍കിയതാണെങ്കില്‍ സമരം തകര്‍ക്കാന്‍ വേണ്ടി ഈ അമേരിക്കന്‍ കണക്ഷനുപയോഗിക്കുന്ന മന്‍മോഹന്‍ജി മുല്ലപ്പെരിയാര്‍ സമരത്തെ നേരിടാനിറങ്ങിയ വൈകോയെപ്പോലെ ജനങ്ങള്‍ക്ക് ഒരു വിചിത്രവിസ്മയമായി മാറുമോ എന്നെനിക്കാശങ്കയുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണ് പക്ഷെ,കൂടംകുളം തീരെ സുരക്ഷിതമല്ല എന്നു പറയുന്ന തമിഴ്‍നാടിന്റെ രാഷ്ട്രീയത്തെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ള സമയമിതല്ല. കൂടംകുളം സമരത്തിന്റെ പിന്നില്‍ ജനങ്ങളുടെ ആശങ്കയല്ല, അമേരിക്കന്‍ താല്‍പര്യമാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം വളരെ ഗൗരവമുള്ളതാണ്. ഇവിടെ വിജയിച്ചാല് ഈ തന്ത്രം രാജ്യത്തെ സമസ്തമേഖലകളിലും പ്രയോഗിക്കാന്‍ സര്‍ക്കാരിന് എളുപ്പമുണ്ട്. ജനകീയപ്രക്ഷോഭങ്ങളെ വിദേശബന്ധവും തീവ്രവാദബന്ധവും പറഞ്ഞ് ചെറുക്കാന്‍ കഴിയുമെന്നു തെളിയിക്കപ്പെട്ടാല്‍ ജനാധിപത്യസമരമാര്‍ഗങ്ങളുടെ അവസാനമായേക്കാം അത്. അംഗീകൃത മാഫിയകള്‍ ലോകം ഭരിക്കുന്ന കാലത്ത് ഒരു സമൂഹത്തെ സമര്‍ഥമായി ഭിന്നിപ്പിച്ചുകൊണ്ട് കാര്യം നേടാനുള്ള കഴിവ് വീണ്ടും തെളിയിക്കപ്പെടും.

ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന നേതക്കന്മാരും സ്വിസ് ബാങ്കില്‍ കോടാനുകോടികളുടെ കള്ളപ്പണമുള്ള മുതലാളിമാരും സുരക്ഷിതരായി ജീവിക്കുന്ന രാജ്യത്ത് ഒരു ജനകീയസമരസമിതിയെ തകര്ക്കാന്‍ പ്രധാനമന്ത്രി തന്നെ ആയുധമേന്തി രംഗത്തിറങ്ങുന്നത് ഒരു സൂചനയാണ്. സമ്മര്‍ദ്ദങ്ങളും ഉപജാപങ്ങളുമല്ല ജനകീയസമരങ്ങളാണ് ആധുനികലോകക്രമം നിര്‍ണയിക്കാന്‍ പോകുന്നതെന്ന വിശ്വാസം എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ കൂടംകുളം ആണവനിലയം മാത്രമല്ല, ജനങ്ങളുടെ ജീവന്‍ തീറെഴുതുന്ന സര്‍ക്കാരിന്റെ എല്ലാവിധ കരാറുകളും നിഷ്‍പ്രയാസം നടപ്പിലാക്കാം.

ജയലളിതയെ കാണാന്‍ ഒബാമ തമിഴ്‍നാട്ടിലേക്ക്

തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയെ നേരില്‍ കണ്ട് ചര്‍്ച്ചകള്‍ നടത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ചെന്നൈയിലേക്കു വരുമെന്നു സൂചന. ഇറാനുമായുള്ള പ്രശ്നങ്ങളുള്‍പ്പെടെയുള്ള ആഗോളപ്രശ്നങ്ങളില്‍ അനുകൂലപരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഒബാമ ജയലളിതയുമായി കൂടിക്കാഴ്ചയ്‍ക്കു തയ്യാറാവുന്നതെന്നാണ് വൈറ്റ് ഹൗസിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുന്ന പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ഇസ്രയേലിന് അനുകൂലമായും ഇറാന്‍,കൊറിയന്‍ പ്രശ്നങ്ങളില്‍ അമേരിക്കയുടെ താല്‍പര്യത്തിനനുകൂലമായും എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് ഒബാമ വിവിധ വകുപ്പ് സെക്രട്ടറിമാരോടൊപ്പം എത്തുന്നത്.

അടുത്തിടെ കേരളവും തമിഴ്‍നാടുമായുണ്ടായ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ന്യായവും നീതിയും കേരളത്തിന്റെ പക്ഷത്തായിരുന്നിട്ടും അക്രമവും ഭീഷണിയും സമ്മര്‍ദ്ദവുമുപയോഗിച്ച് കേരളത്തെ ഒതുക്കി വിജയം നേടിയ ജയലളിതയുടെ കഴിവാണ് സത്യവും നീതിയും ചവുട്ടിമെതിച്ചുകൊണ്ട് ആഗോളപ്രശ്നങ്ങളിലും വിജയം നേടാന്‍ ജയലളിതയുടെ സഹായം തേടാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താനാവാതെ കുഴങ്ങിയിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജയലളിതയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കേരളത്തിനെതിരായി നിലപാടെടുത്ത സാഹചര്യത്തില്‍ അത്തരമൊരു തീരുമാനത്തിനു കരുത്തുപകര്‍ന്ന ജയലളിതയുടെ പ്രചോദനമാണ് ഒബാമയുടെ ലക്ഷ്യമെന്നും അറിയുന്നു.തമിഴ്‍നാട്ടില്‍ വന്ന് ജയലളിതയോടൊപ്പം അല്‍പനേരം സംസാരിച്ചാല്‍ സത്യം നീതി,ന്യായം എന്നിവയെ അവഗണിച്ചുകൊണ്ട് മനുഷ്യത്വവും കരുണയും സാമാന്യബോധവും തൊട്ടുതീണ്ടാത്ത തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടാകുമെന്നതിനാലാണ് എയര്‍ഫോഴ്സ് വണ്‍ ചെന്നൈ വിമാനത്താവളത്തിലേക്കു തരിച്ച് വച്ച് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരിക്കുന്നത്.

ഇറാനെ ആക്രമിക്കാന്‍ പ്രധാനതടസ്സമായി നില്‍ക്കുന്നത് അത്തരമൊരു ആക്രമണം നടത്തിയാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുള്ള ലക്ഷക്കണക്കിനു നിരപരാധികളുടെ ജീവനെപ്പറ്റിയുള്ള കരുതലാണ് എന്ന് ഒബാമ വൈറ്റ്ഹൗസിലെ ഒരു ബ്ലാക്ക് ഹോഴ്‍സിനോട് പറഞ്ഞത് കേട്ട് തമിഴ്‍നാട്കാരനായ ഒരാളാണത്രേ ജയലളിതയെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞത്.40 ലക്ഷം മലയാളികളുടെ ജീവന്‍ ബലികൊടുത്തുകൊണ്ട് ഒരു ചെറിയ ഡാമിലെ വെള്ളം കുറച്ചുകാലത്തേക്കു കൂടി കുറഞ്ഞ വിലയ്‍ക്ക് സംഘടിപ്പിക്കുന്നതില്‍ വിജയിക്കുകയും ഈ ആവശ്യത്തിനു വേണ്ടി ഏറെക്കുറെ നിശബ്ദനും നിഷ്‍പക്ഷനുമായി ഭാവിച്ചിരുന്ന പ്രധാനമന്ത്രിയെപ്പോലും വയാഗ്ര കഴിച്ച കുരങ്ങനെപ്പോലെ കര്‍മനിരതനാക്കുകയും ചെയ്ത ആ നൈപുണ്യം നേരിട്ടറിയുന്നതിനു വേണ്ടിയാണ് ഒബാമ വരുന്നതത്രേ. ജയലളിതയുമായി അല്‍പനേരം കൂടിക്കാഴ്ച നടത്തിയാല്‍ ഇറാനെ ആക്രമിക്കുന്നതിനും പാലസ്തീനെ തകര്‍ക്കാന്‍ ഇസ്രായേലിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങാനുമുള്ള മനക്കട്ടിയുണ്ടാകുമെന്നാണ് ഒബാമ പ്രതീക്ഷിക്കുന്നതെന്നറിയുന്നു.

ഭാവിയില്‍ വിവിധ രാജ്യങ്ങളോട് ജീവന്‍ വേണോ രാജ്യം വേണോ എന്നു ചോദിച്ച് ജനങ്ങളുടെ പ്രാണഭീതി മുതലെടുത്തുകൊണ്ട് രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനുള്ള വിലപേശലുകളാരംഭിക്കാനും ജയലളിതയുമായുള്ള കൂടിക്കാഴ്ച സഹായകമാകുമെന്ന് ഒബാമ കരുതുന്നുണ്ടത്രേ. ഇടുക്കിയെ തമിഴ്‍നാടിനോടു ചേര്‍ക്കണമെന്ന തമിഴ്‍നാടിന്റെ ആവശ്യത്തിന്റെ മാതൃകയില്‍ മിക്കവാറും എല്ലാ ലോകരാജ്യങ്ങളെയും അമേരിക്കയോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെടാനുള്ള കരുത്ത് സമ്പാദിക്കുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചയ്‍ക്ക് പിന്നിലുണ്ടെന്നു പറയുന്നു.

അതേ സമയം, ഒബാമ ആഫ്രിക്കന്‍ വംശജനാണെന്ന വാദം തെറ്റാണെന്നും സത്യത്തില്‍ അദ്ദേഹം തമിഴ്‍വംശജനാണെന്നും ചില തമിഴ്‍മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം പറയുന്ന ഇംഗ്ലിഷ് ചെന്തമിഴില്‍ നിന്നും ഉണ്ടായതാണെന്നും അദ്ദേഹത്തിന്റെ കറുപ്പുനിറം കോയമ്പത്തൂര്‍ ഭാഗത്തെ തമിഴന്മാരുടേതുപോലെയാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്‍ അമേരിക്കയിലെ ദേശീയഭാഷയാക്കണമെന്നും അമേരിക്കയെ തമിഴ്‍നാടിനോടു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം ആരംഭിക്കുമെന്നും വൈക്കോല്‍ വാസുവും പരാജയകോന്തനും അറിയിച്ചിട്ടുണ്ട്.

പുതിയ ഡാം വേണോ പ്രശ്നപരിഹാരം വേണോ ?

മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരം എന്താണ് എന്നു ചോദിച്ചാല്‍ കേരളത്തിന് ഒറ്റമറുപടിയേ ഉള്ളൂ- പുതിയ ഡാം. പുതിയ ഡാം പണിയാന്‍ തമിഴ്‍നാട് സമ്മതിക്കുകയുമില്ല, തമിഴ്‍നാട്ടിലുള്ള മലയാളികള്‍ തല്ലുകൊള്ളുകയും ചെയ്യും എന്നതാണ് അവസ്ഥയെങ്കില്‍ പിന്നെയുള്ള അടുത്ത പരിഹാരം എന്താണെന്ന് ആലോചിക്കുന്നതല്ലേ നല്ലത് ? മുല്ലപ്പെരിയാര്‍ സമരസമിതി തന്നെ പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ സീരിയസ്സായി ചോദിക്കേണ്ട ചോദ്യം ഇതാണ്- പുതിയ ഡാം വേണോ പ്രശ്നപരിഹാരം വേണോ ?

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നതൊരു സങ്കല്‍പം മാത്രമാണ്. ഇപ്പോഴുള്ളതിനെക്കാള്‍ വെള്ളം ഉള്‍ക്കൊള്ളുന്ന പുതിയൊരു ഡാമും സത്യത്തില്‍ പുതിയൊരു ജലബോംബ് ആണ് നമുക്കു നല്‍കുന്നത്. ഭൂകമ്പഭീഷണിഎല്ലാ ഡാമുകള്‍ക്കും ഒരുപോലെയാണ്. അല്ലെങ്കിലും പുതിയ ഡാമിനു തമിഴ്‍നാട് സമ്മതിച്ചാല്‍ തന്നെ അതു പണിത്, പുതിയ സ്പില്‍വേ ഉണ്ടാക്കി വരുമ്പോഴേക്കും വര്‍ഷം പത്ത്പതിനഞ്ചു കഴിയുമെന്നാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഡാമുണ്ടാക്കുമെന്നു പറഞ്ഞിട്ടുള്ളവരൊക്കെ അടക്കം പറയുന്നത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ സി.പി.റോയി മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശം പ്രായോഗികമാക്കുന്നതിനെപ്പറ്റി അധികൃതര്‍ ചര്‍ച്ച ചെയ്യുമോ ഇല്ലയോ എന്നാണിനി അറിയേണ്ടത്.

നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് 100 അടിയാക്കി കുറയ്‍ക്കുകയും ഏതാണ്ട് 50 അടി ഉയരത്തില്‍ തമിഴ്‍നാടിനു വെള്ളം കൊണ്ടുപോകാനുള്ള കനാല്‍ അണക്കെട്ടിന്റെ പരിസരത്തായി നിര്‍മിക്കുകയും ചെയ്യുക എന്നതാണ് റോയിച്ചേട്ടന്റെ പദ്ധതി.അതുകൊണ്ട് എന്തു പ്രയോജനം എന്നാണ് ചോദ്യമെങ്കില്‍ പ്രയോജനങ്ങള്‍ പലതാണ്. ഒന്ന്, ഡാം പണിയുന്നതിന്റെ ആയിരത്തിലൊന്നു തുക മതി കനാല്‍ പണിയാന്‍. രണ്ട്, 50 അടി ഉയരത്തില്‍ കനാല്‍ വരുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ ജലം തമിഴ്‍നാടിന് എപ്പോഴും ഉറപ്പാക്കാം (ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കനാല്‍ 104 അടിയിലുമാണ്). മൂന്ന്, പരമാവധി 100 അടി മാത്രം വെള്ളമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിസരത്തു തന്നെ ഈ കനാലും നിര്‍മിച്ചാല്‍ ജലമര്‍ദ്ദം കുറയ്‍ക്കാന്‍ ഈ കനാലിനു സാധിക്കുകയും കുറഞ്ഞ ജലനിരപ്പും പുതിയ കനാലും ചേര്‍ന്ന് ഡാം ഡീകമ്മിഷന്‍ ചെയ്തതിനു തത്തുല്യമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഇത് സമരസമിതിയുടെ പേരില്‍ സി.പി.റോയി അവതരിപ്പിച്ചിട്ടുള്ള വാദങ്ങളാണ്. അഞ്ചു വര്‍ഷമായി സമരം നടത്തുന്ന സമരസമിതി ചെയര്‍മാനെ ഈ അവസരത്തില്‍ അവിശ്വസിക്കേണ്ട കാര്യമില്ല.

ഈ തിയറി തമിഴ്‍നാട്ടിലെ കര്‍ഷകസംഘടനാ നേതാക്കള്‍ സ്വാഗതം ചെയ്തതായും ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാമെന്നു തേനി കലക്ടര്‍ സമ്മതിച്ചു എന്നും പറയുമ്പോള്‍ ഈ ഫോര്‍മുല തമിഴ്‍നാട് സ്വീകരിക്കും എന്നു തന്നെ പ്രതീക്ഷിക്കാം. ഇനിയും എണ്ണൂറോളം വര്‍ഷത്തേക്ക് 100 അടി വെള്ളവുമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുമോ എന്നൊരു ചോദ്യമുണ്ട്. അന്‍പതടിക്കും നൂറടിക്കും ഇടയില്‍ വെള്ളവുമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാവുന്ന പ്രത്യാഖ്യാതം നിസ്സാരമായിരിക്കാമെന്നത് 999 വര്‍ഷം വരെ ഡാം നിലനില്‍ക്കുമെന്ന സൂചന നല്‍കുന്നില്ല. ഇപ്പോഴത്തെ സ്ഫോടനാത്മകമായ സാമൂഹിക സാഹചര്യത്തില്‍ പുതിയ ഡാം പണിയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ഇത്തരത്തിലൊരു പരിഹാരം സാധ്യമാക്കുന്നതായിരിക്കും പ്രായോഗികം എന്നു തോന്നുന്നു.

ഈ പ്രശ്നത്തില്‍ സി.പി.റോയിയുടെ നിര്‍‍ദേശം രാഷ്ട്രീയവൃത്തങ്ങള്‍ സ്വീകരിക്കും എന്ന് എനിക്കു പ്രതീക്ഷയില്ല. റോയിച്ചേട്ടന്റെ ഫോര്‍മുല അപക്വവും അശാസ്ത്രീയവുമാണെന്ന മട്ടിലാണ് മന്ത്രി പി.ജെ.ജോസഫും പ്രതികരിച്ചത്. രാഷ്ട്രീയനേതൃത്വം മുന്നോട്ടു വയ്‍ക്കുന്ന ഫോര്‍മുലകളല്ലാതെ മറ്റു ബദലുകളൊന്നും സ്വീകരിക്കപ്പെടില്ല എന്നത് ഏകദേശം ഉറപ്പാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ റോയിച്ചേട്ടന്‍ ബലിയാടാകുമെന്നല്ലാതെ മറ്റെന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്നതും കണ്ടറിയണം.

സി.പി.റോയി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ പേരില്‍ കത്തയച്ചത് ചാനലില്‍ വാര്‍ത്തയായതോടെ സമരസമിതിയിലും ഭിന്നതയുണ്ടായിരിക്കുകയാണ്. റോയി അയച്ച കത്ത് റോയിയുടേത് മാത്രമാണ് സമരസമിതിയുടേതല്ല എന്നും പുതിയ ഡാം എന്ന ആവശ്യത്തില്‍ നിന്നും സമരസമിതി പിന്നോട്ടില്ല എന്നും സമരസമിതി കണ്‍വീനര്‍ അടിവരയിട്ടു പറയുമ്പോള്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ കേരളാ കോണ്‍ഗ്രസ് പോലെ പിരിയുമോ എന്നാശങ്ക്പെടേണ്ട അവസ്ഥയാണ്. ഈ വിഷയത്തില്‍ ചപ്പാത്തില്‍ ചേര്‍ന്ന സമരസമിതി യോഗത്തില്‍ സി.പി.റോയിക്കെതിരേ ചെരിപ്പേറു വരെ ഉണ്ടായി.

ഇനി ഈ പ്രശ്നത്തില്‍ ആര് എങ്ങോട്ട് എന്നത് പ്രവചിക്കാനാവില്ല. സി.പി.റോയി തന്റെ ഫോര്‍മുല പിന്‍വലിച്ചാലും അദ്ദേഹം ഉന്നയിച്ച പ്രധാനവാദങ്ങള്‍ തമിഴ്‍നാടിന് അനുകൂലമായി നിലനില്‍ക്കും. 1300 അടി താഴെ 146 അടി ഉയരത്തില്‍ ഡാം നിര്‍മിച്ചാല്‍ തമിഴ്‍നാടിന് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്ന് അദ്ദേഹം പറയുന്നത് തന്നെയാണ് തമിഴ്‍നാടും പറയുന്നത്. പുതിയ ഡാം അനുവദിക്കരുത് എന്ന തമിഴ്‍നാടിന്റെ വാദത്തിന് ബലം പകരുന്നതാണ് ഇത്. പുതിയ ഡാമില്‍ നിന്നു തമിഴ്‍നാടിനു വെള്ളം കിട്ടില്ല എന്നു സമരസമിതി ചെയര്‍മാന്‍ തന്നെ പറയുമ്പോള്‍ വെള്ളം ഉറപ്പാക്കും എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതെങ്ങനെ ? ആശയക്കുഴപ്പങ്ങളും ആശങ്കകളും മുല്ലപ്പെരിയാര്‍ സമരത്തിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യുമ്പോള്‍ പൊതുസമൂഹം വിശ്വസിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയെയോ ജയലളിതയെയോ എന്നൊരു ചോദ്യം ചോദിച്ചാല്‍ ശരിക്കും കുടുങ്ങിപ്പോവും.