ബിന്ദു കൃഷ്ണ ചേച്ചിക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ബിന്ദു ചേച്ചിക്ക്,

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം അലങ്കരിക്കുന്ന ചേച്ചിക്ക് എന്റെ വന്ദനം. സമൂഹത്തില്‍ സ്ത്രീകളുടെ ശത്രു സ്്ത്രീകള്‍ തന്നെയാണ് എന്നാരോ പറഞ്ഞിട്ടുള്ളത് ശരിയാണ് എന്നു തോന്നിയത് ചേച്ചിയുടെ ഇന്നലത്തെ പ്രസ്താവന കേട്ടപ്പോഴാണ്. കോണ്‍ഗ്രസിന്റെ പോഷകസംഘടന എന്നതിനെക്കാള്‍ ഒരു വനിതാരാഷ്ട്രീയസംഘടന എന്നതാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലനില്‍പിന്റെ അടിത്തറ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതായത്, കോണ്‍ഗ്രസില്‍ സ്ത്രീപക്ഷ നിലപാടുകള്‍ ഉറപ്പിക്കുന്നതിനും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്കു വേണ്ടി നിലയുറപ്പിക്കുന്നതിനുമൊക്കെ സാധിക്കുമ്പോഴാണ് മഹിളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് വിലയുണ്ടാവുന്നത് എന്ന്.

പീതാംബരക്കുറുപ്പ്- ശ്വേത മേനോന്‍ വിവാദത്തില്‍ ശ്വേത മേനോന് പരാതിയില്ലാതായതോടെ ആ പ്രശ്‌നം അവസാനിച്ചതാണ്. പക്ഷെ, ബിന്ദു ചേച്ചിയുള്‍പ്പെടെയുള്ള ആളുകള്‍ ശ്വേത മേനോനെ കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ തറവേല കാണിക്കുമ്പോള്‍ ചേച്ചിയും ഒരു സ്ത്രീയല്ലേ എന്നു വിസ്മയത്തോടെ ചോദിക്കാനാഗ്രഹിക്കുകയാണ്. പീതാംബരക്കുറുപ്പും പി.ജെ.കുര്യനുമൊക്കെ പരമപരിശുദ്ധന്‍മാര്‍ തന്നെയാണെന്നു ബിന്ദു ചേച്ചി പറഞ്ഞു നടക്കുന്നത് ഗതികേടുകൊണ്ടാവാം എന്നതിനാല്‍ അത് മുറയ്ക്ക് നടക്കട്ടെ. പക്ഷെ, അതോടൊപ്പം ചേച്ചിയുടെ വിശുദ്ധന്‍മാരുടെ വീഴ്ചകള്‍ മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ഒരുതരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനമല്ലേ എന്നു വളരെ സഹോദരസഹജമായി ഞാന്‍ ചോദിക്കുകയാണ്.

പീതാംബരക്കുറുപ്പ്-ശ്വേതാ വിവാദത്തോടെ കേരളസമൂഹത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ മൊത്തത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് എന്നു ചേച്ചി പറഞ്ഞത് ചേച്ചിക്കു വിവരമില്ലാഞ്ഞിട്ടാണോ അതോ രാഷ്ട്രീയത്തില്‍ വളരാന്‍ വേണ്ടി എത്ര തറയാവാനും തയ്യാറാണ് എന്നുള്ള തുറന്ന പ്രഖ്യാപനമണോ എന്ന് എനിക്കറിയില്ല. രണ്ടായാലും ചേച്ചിയുടെ പ്രസ്താവന കേരളസമൂഹത്തില്‍ കൂടുതലും മന്ദബുദ്ധികളാണെന്ന മുന്‍വിധിയോടെയുള്ളതായിപ്പോയി എന്നാണ് അത് കേട്ടപ്പോള്‍ എനിക്കു തോന്നിയത്. കാലം മാറിക്കൊണ്ടിരിക്കുകയാണ് ചേച്ചി. നേതാക്കന്‍മാര്‍ പത്രസമ്മേളനങ്ങളില്‍ പറയുന്നതു കേട്ട് ജനം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന കാലത്തില്‍ നിന്ന് പത്രസമ്മേളനങ്ങളില്‍ വിളമ്പുന്ന വിവരക്കേടുകളിലൂടെ നേതാക്കന്‍മാരുടെ യഥാര്‍ഥമുഖം ജനങ്ങള്‍ മനസ്സിലാക്കുന്ന കാലത്തെത്തി നില്‍ക്കുകയാണ്. പീതാംബരക്കുറുപ്പു സാറും പി.ജെ.കുര്യന്‍ സാറും ദൈവതുല്യരായ വിശുദ്ധജന്മങ്ങള്‍ തന്നെയാണെന്നു ഞങ്ങള്‍ വിശ്വസിച്ചോളാം. ദയവു ചെയ്ത് ഓവറാക്കി ചളമാക്കരുത്.

ശ്വേതയോട് പീതാംബരക്കുറുപ്പ് എന്തെങ്കിലും ചെയ്തതായി ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് പിതൃസഹജമായ വാല്‍സല്യത്തെ ശ്വേത തെറ്റിദ്ധരിച്ചതാണെന്നും ഇതോടെ മൊത്തം കേരളത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഒരു മഹിളാസംഘടനയുടെ പ്രസിഡന്റായ ചേച്ചി തന്നെ പറയുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും നികൃഷ്ടവും നിന്ദ്യവുമാണ് എന്നു പറയാനാഗ്രഹിക്കുന്നു. കേരളത്തിലെ പ്രതിസന്ധി സത്യത്തില്‍ ചേച്ചി തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ പിതൃസഹജവും സഹോദരസഹജവുമായുള്ള ബന്ധങ്ങളെ സ്ത്രീകള്‍ തെറ്റിദ്ധരിക്കുന്നതല്ല. മറിച്ച് അത്തരം സഹജവാസനകളെ ചൂഷണം ചെയ്തുകൊണ്ട് നടത്തുന്ന പീഡനങ്ങളാണ്. അന്യനൊരുത്തന്‍ ദേഹത്തു തൊടുമ്പോള്‍ ശ്രദ്ധിക്കണം എന്നു അമ്മമാര്‍ പെണ്‍മക്കളെ പറഞ്ഞു പഠിപ്പിക്കുമ്പോള്‍ ചേച്ചി ഇങ്ങനെ തിരിച്ചു പറയുന്നത് അമ്മമാരെയും പെണ്‍മക്കളെയും കണ്‍ഫ്യൂഷനിലാക്കില്ലേ ?

കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വീരകഥകളും വിശേഷങ്ങളും കേട്ടും പറഞ്ഞും ജീവിക്കുന്നതിനിടയില്‍ പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി ചേച്ചി അറിയാതെ പോയതുകൊണ്ട് അതാണ് പ്രതിസന്ധി എന്നു കരുതിയതാവാം. കോണ്‍ഗ്രസിനു പുറത്തും ഒരു ലോകമുണ്ട് ചേച്ചീ. അവിടെയും പിതാക്കന്‍മാരും സഹോദരന്‍മാരും അമ്മ പെങ്ങന്‍മാരുമുണ്ട്. പിതാക്കന്‍മാര്‍ കൊച്ചുപെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊല്ലുകയും കൂട്ടിക്കൊടുക്കുകയും സഹോദരന്‍മാര്‍ ചേര്‍ന്ന് സഹോദരരിയെ ബലാല്‍സംഗം ചെയ്യുകയും ഇറച്ചിവിലയ്ക്ക് വില്‍ക്കുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങള്‍ ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്ന ചേച്ചി പിതാംബരക്കുറുപ്പ് പ്രശ്‌നം വന്നപ്പോള്‍ അപരിചിതരായ ആളുകളുടെ സ്പര്‍ശനങ്ങളെ സ്ത്രീകള്‍ പിതൃ-സഹോദര സ്പിരിറ്റിലെടുക്കാത്തതാണ് സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്നു പറയുന്നത് തികഞ്ഞ അശ്ലീലമാണ് എന്ന് സഹോദരസഹജമായി ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി.ജെ.കുര്യനെയും ശ്വേതയുടെ പരാതിക്കിരയായ പീതാംബരക്കുറുപ്പിനെയും വെള്ള പൂശുന്ന ചേച്ചി എല്‍ഡിഎഫുകാരനായ ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ മറ്റൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് ചേച്ചിയുടെ നിഷ്‌കളങ്കത കൊണ്ടായിരിക്കാം. എല്ലാവരും സഹോദരീ സഹോദരന്‍മാരായിട്ടുള്ള ഒരു നാട്ടില്‍ ഞാന്‍ ഒരനിയന്റെ സ്ഥാനത്തു നിന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം. ചേച്ചി എന്തായാലും പിതൃസഹോദര ബന്ധങ്ങളെ അങ്ങനെ തന്നെ ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും വേണം. മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുപോലെ ഭാവിയില്‍ ദേശീയ പ്രസിഡന്റ് സ്ഥാനവും പില്‍ക്കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും നേടാന്‍ ചേച്ചിക്കു കഴിയട്ടെ എന്നാശംസിച്ചു കൊണ്ടു നിര്‍ത്തുന്നു.

എന്ന് സഹോദരസഹജന്‍.

ഇടിക്കുന്ന അമൃത കേസെന്നു കേട്ടാല്‍ പേടിക്കരുത്

തന്നെ കമന്റടിച്ച പൂവാലന്‍മാരെ തെരുവിലിട്ടു തല്ലി സാസ്‌കാരിക കേരളത്തിന്റെ ഉണ്ണിയാര്‍ച്ചയായി മാറിയ അമൃത എന്ന യുവതി കേവലം കേരള പൊലീസ് എന്നു കേട്ടാല്‍ ബോധം കെട്ടു വീഴുമെന്ന് എനിക്കു തോന്നുന്നില്ല. അമൃതയ്‌ക്കെതിരേ കേസെടുക്കാനുള്ള കോടതി ഉത്തരവിനോടുള്ള ആളുകളുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ അമൃത ഇടിക്കാന്‍ മാത്രം അറിയാവുന്ന ഒരു കൊച്ചാണെന്നു തോന്നും. കഴിഞ്ഞ ദിവസം മൂല്യബോധന അധ്യാപകന്റെ പ്രബോധനങ്ങള്‍ക്കെതിരേ കൂവി ഇറങ്ങിപ്പോയ ആര്യയും അമൃതയുമൊക്കെ അങ്ങനെ ചെയ്തതിന്റെ കാരണങ്ങള്‍ ഒന്നു തന്നെ ആണെങ്കില്‍ ഈ കേസ് അമൃതയ്ക്ക് ആവേശം പകരുകയേ ഉള്ളൂ. കാരണം, ഇടിക്കാനുള്ള അവകാശത്തിനു വേണ്ടിയല്ല, പൊതുസമൂഹത്തില്‍ അപമാനിക്കപ്പെട്ടതിന്റെ പേരിലാണ് ഇവരൊക്കെ പ്രതികരിച്ചത്. പിന്നെ കേസെടുത്തു എന്നതിന്റെ അര്‍ഥം അമൃതയെ തൂക്കിക്കൊല്ലാന്‍ പോകുന്നു എന്നല്ല. കോടതിയില്‍ തനിക്ക് ഇടിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാനും മറ്റു സ്ത്രീകള്‍ക്ക് മാതൃകയാവാനും ഈ കേസ് അമൃതയെ സഹായിക്കട്ടെ എന്നേ പറയാനുള്ളൂ.

സൂര്യനെല്ലി കേസിലെ ഇരയെ ബാലവേശ്യ എന്നു വിളിക്കാന്‍ തക്കവിധം പക്വതയുള്ള മാന്യന്‍മാരുടെ കേരളത്തില്‍ മാനം രക്ഷിക്കാന്‍ വേണ്ടി കൈയുയര്‍ത്തിയ സ്ത്രീയെയും തുറുങ്കിലടയ്ക്കണമെന്നു ചില ശുംഭന്‍മാര്‍ക്കു തോന്നിയാല്‍ അതില്‍ അതിശയിക്കാനില്ല. കെ.സുധാകരന്റെ സെപ്റ്റിക് ടാങ്ക് പ്രഭാഷണങ്ങള്‍ കേട്ടിട്ട് ഒരു കോടതിക്കും ഒരു മന്ത്രിക്കും അയാള്‍ പറയുന്നത് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളാണെന്ന് അഭിപ്രായമുണ്ടായില്ല എന്നിരിക്കെ അമൃതക്കെതിരേ കേസെടുക്കുക കൂടി ചെയ്യുന്നത് നമ്മുടെ യഥാര്‍ത്ഥ നിലപാട് എന്താണ് എന്നുള്ളതിന് ഒരു സ്ഥിരീകരണമാണ്. പെണ്ണുപിടിയന്‍മാരും കാമവെറിയന്‍മാരും തിങ്ങി നിറഞ്ഞിരിക്കുന്ന കേരളത്തിലെ മാന്യവേഷം കെട്ടിയ ചെറ്റകളെ നോക്കി പ്രബുദ്ധകേരളമെന്നും സാംസ്‌കാരിക കേരളമെന്നു മൊക്കെ വര്‍ണിക്കുന്നത് നികൃഷ്ടമാണ്. നമുക്കങ്ങനെ അമ്മയെന്നോ പെങ്ങളെന്നോ ഒന്നുമില്ല. തങ്ങള്‍ കാമദേവന്‍മാരാണെന്നു വിശ്വസിക്കുന്ന ശീഘ്രസ്ഖലനക്കാരായ ഞരമ്പുരോഗികള്‍ക്ക് എല്ലാ സ്ത്രീകളും വേശ്യകളാണ്. ഇതിനെയാണ് കേരള മോഡല്‍ എന്നു വിശേഷിപ്പിക്കേണ്ടത്.

ഔഗ്യോദിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് അമൃതയ്‌ക്കെതിരേ കേസ് എടുത്തത് എന്നു വാര്‍ത്തകളില്‍ കാണുന്നു. ഖദറിട്ട നേതാക്കന്‍മാര്‍ കൂട്ടത്തോടെ പി.ജെ.കുര്യനെ മഹത്വവല്‍ക്കരിക്കാനും സൂര്യനെല്ലി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വേശ്യയായി ചിത്രീകരിക്കാനും ശ്രമിക്കുന്നതിന്റെ ഒരു തുടര്‍ച്ചയായേ ഇതിനെയും കാണാനാവൂ. കെ.സുധാകരനെപ്പോലെ ഒരു പൊതുപ്രവര്‍ത്തകന്‍ നെഞ്ചുവിരിച്ചു നടക്കുമ്പോള്‍ അത് അയാളുടെ വ്യക്തിപരമായ നിലപാടാണെന്നും പി.ജെ.കുര്യനു പിന്നില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നൊക്കെ പറയുന്ന നേതാക്കന്‍മാര്‍ ഭരിക്കുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് ഔദ്യോഗികകൃത്യനിര്‍വഹണമായി വിശേഷിപ്പിക്കുന്നത് യാദൃച്ഛികമാവാം, പക്ഷെ സ്വാഭാവികമായേ തോന്നൂ.

മൂല്യബോധക പരിശീലകന്‍ ഡോ.രജിത് കുമാറിന്റെ വങ്കത്തരങ്ങളും അമൃതയുടെ ഇടിയും സൂര്യനെല്ലി പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായിക്കൊണ്ടിരിക്കെ ഇറങ്ങിയോടാത്തതിന്റെ കാരണങ്ങളും വിശകലനം ചെയ്യുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട് എന്നത് നിരാശാജനകമാണ്. സ്‌റ്റെപ്പ് ചാടിയിറങ്ങിയാല്‍ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്നു പറയുന്നവന്റെ സദുദ്ദേശം ഇഴകീറി പരിശോധിക്കുന്ന കുറിപ്പുകള്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. അതുപോലെ തന്നെ അമൃതയുടെ കേസിലും ഇടിയുടെ ആഘാതമെത്ര ? സര്‍ക്കാര്‍ വണ്ടിയില്‍ വന്നവര്‍ കമന്റടിക്കുമോ ? അമൃത ബ്ലാക്‌ബെല്‍റ്റ് ഉള്ളതിന്റെ അഹങ്കാരത്തില്‍ ഇടിച്ചതല്ലേ ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും വിശകലനങ്ങളും വളരെ സജീവമാണ്. ഇവിടെ അമൃതയുടെ അഹങ്കാരമല്ല, പുരുഷകേന്ദ്രീകൃതമായ സങ്കുചിതത്വമാണ് ആ സ്റ്റണ്ട് സീനിനെ ഷോട് ബൈ ഷോട് എടുത്തു പരിശോധിക്കുന്നത്. എനിക്ക് സത്യത്തില്‍ ആ ഇടികൊണ്ട സാധുക്കളോട് സഹതാപമേയുള്ളൂ. പെണ്ണിന്റെ കയ്യില്‍ നിന്ന് ഇടിയും കൊണ്ടിട്ട് വന്നു നിന്നു മോങ്ങുന്നതിന്റെ ദൈന്യത ഹീനമായ ഒന്നാണ്.

അമൃത ഇടിച്ചവര്‍ക്ക് നീതി വേണ്ടേ എന്നാണിപ്പോള്‍ പലരും ചോദിക്കുന്നത്. കേരളത്തിലെ ഒരു പൊതുനിലവാരം അനുസരിച്ച് ഇത്തരം കേസുകളിലോ സമാനമായ കേസുകളിലോ എത്ര സ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ടുണ്ട് എന്നു പരിശോധിക്കുക. നമ്മുടെ മുന്നില്‍ നീതി നേടിയവര്‍ കുറവാണ്. അല്ലെങ്കില്‍ ആരുമില്ല എന്നു തന്നെ പറയാം. കണ്ണു തുറന്നു നോക്കിയാല്‍ ഇരകള്‍ മരിച്ചതും ജീവനോടെയുള്ളതുമായി വലിയൊരു സമൂഹമാണ്. ആ സ്ഥിതിക്ക് അമൃതയുടെ ബ്ലാക്ക് ബെല്‍റ്റ് ഇടി കൊണ്ടവരോട് കണക്കായിപ്പോയി എന്നേ പറയാനുള്ളൂ. അമൃത നിയമം കയ്യിലെടുത്തു എന്നത് നിയമപരമായി തെറ്റായിരിക്കാം, പക്ഷെ അമൃതയ്ക്ക് അന്തസ്സോടെ നടക്കാന്‍ കഴിയുന്നത് രാത്രി പത്തരയ്ക്ക് നിയമം കയ്യിലെടുത്തതുകൊണ്ടാണ് എന്നത് നിഷേധിക്കാനുമാവില്ല. ഇനിയും ഇത്തരം അവസരങ്ങളില്‍ കുറച്ചുകൂടി സ്‌ട്രോങ്ങായി ഇടിക്കണം എന്നാണ് എനിക്ക് അമൃതയോട് പറയാനുള്ളത്. ഇതിന്റെ പേരില്‍ ഉണ്ടാവുന്ന കേസുകള്‍ ഓരോ അവാര്‍ഡ് ആയി കരുതാം.

ട്രെയിനില്‍ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യ കരാട്ടേ പഠിച്ചിരുന്നെങ്കില്‍ ഗോവിന്ദച്ചാമിയെ ട്രെയിനില്‍ നിന്നു തൊഴിച്ചു തെറിപ്പിച്ചേനെ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നാടോടിയായ വികലാംഗനെ അഹങ്കാരം കൊണ്ട് ആക്രമിച്ചതിന് സൗമ്യ ഇപ്പോള്‍ അകത്തു കിടന്നേനെ. സ്ത്രീകള്‍ കരാട്ടേ എന്നല്ല ഒരു പ്രതിരോധമാര്‍ഗങ്ങളും പഠിക്കരുത്. ഞങ്ങള്‍ ഉപദ്രവിക്കുമ്പോള്‍ അരുതേ അരുതേ എന്ന ഭാവത്തോടെ കരയുക മാത്രമേ ചെയ്യാവൂ.

ചിന്താഭാരം റോഡില്‍, മാവോയിസം വീട്ടില്‍

നമസ്കാരം ഞങ്ങടെ ചാനലിലേക്കു സ്വാഗതം…. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി പ്രത്യേക സേനയെ രൂപീകരിക്കാന്‍ തീരുമാനിച്ചു. മാവോയിസ്റ്റുകളെ പിടികൂടുന്നതിനും മാവോയിസ്റ്റുകളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകള്‍ കേരളത്തില്‍ താവളമടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും വിവാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം, കേരളത്തില്‍ കടന്നുകൂടിയിരിക്കുന്ന മാവോയിസ്റ്റുകളെ പിടികൂടാന്‍ മാവോയിസ്റ്റ് ഡിറ്റക്ടറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഉടന്‍ ആഗോളടെന്‍ഡര്‍ വിളിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി അറിയിച്ചു. മാവോയിസ്റ്റുകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ പഴയ പീഡനകേസുകളുടെ പേരില്‍ ജനങ്ങളുടെ ശ്രദ്ധ മാവോയിസ്റ്റുകളില്‍ നിന്നു തിരിച്ചുവിട്ട് ആഭ്യന്തരസുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പായിരിക്കുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് മാവോയിസ്റ്റ് സ്റ്റഡീസിനു വേണ്ടി പൊന്നാനിയിലെ പരീത് ഓയില്‍ മില്‍സിന് 25 ഏക്കര്‍ ഭൂമി പതിച്ചു നല്‍കാന്‍ ഇന്നലെ ചേര്‍ന്ന യോഗം ഏകകണ്ഠമായി തീരുമാനിച്ചു. മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥിതിക്ക് മലപ്പുറം ജില്ലയിലെ 60 സ്കൂളുകള്‍ക്കു കൂടി എയ്ഡഡ് പദവി നല്‍കുന്നതും തീരുമാനമായി. മാവോയിസ്റ്റുകളുടെ കരിങ്കണ്ണിനെ ഭയന്ന് പി.സി.ജോര്‍ജ് വീണ്ടും വീടു മാറാനും തീരുമാനിച്ചു.

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു നടക്കുന്ന പെണ്‍കുട്ടികള്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിന് ഇരയാവന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് കുടുംബമായിട്ട് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ മൂല്യബോധത്തോടെ ജീവിക്കണമെന്നും വിദ്യാഭ്യാസവകുപ്പിന്‍റെ പരിശീലന പരിപാടിയില്‍ പറഞ്ഞു. ഒരു മാവോയിസ്റ്റിന് ഒരു പെണ്ണിന്‍റെ യൂട്ടറസ് നോക്കി ഒറ്റ തൊഴി തൊഴിക്കാന്‍ വെറും 10 മിനിട്ട് മതി. മാവോയിസ്റ്റുകളുടെ തൊഴി കൊണ്ടാല്‍ യൂട്ടറസ് സ്കിപ് ചെയ്തു പോവും. പിന്നെ സ്പേമിന് അത് വല്യ ബുദ്ധിമുട്ടായിത്തീരും- പരിശീലകന്‍ പറഞ്ഞു.

അതേ സമയം, വയനാട്ടിലെ ഒരു പലചരക്കു കടയില്‍ എത്തിയ മാവോയിസ്റ്റ് സംഘം അരിയും പലവ്യജ്ഞനങ്ങളും വാങ്ങിപ്പോയത് നാട്ടുകാരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഞങ്ങള്‍ വടക്കേ ഇന്ത്യയില്‍ നിന്നു വന്ന മാവോയിസ്റ്റുകളാണ് ഞങ്ങള്‍ക്കു കുറച്ച് പലചരക്കുകള്‍ വേണം എന്നു പറഞ്ഞ ശേഷം കടക്കാരനെ ആയുധങ്ങളും മറ്റും എടുത്തു കാണിക്കുകയും മറ്റും ചെയ്തു എന്നാണ് വിവരങ്ങള്‍. എല്ലാവരും മാവോയിസ്റ്റ് എന്നെഴുതിയ ചുവന്ന ജഴ്സി അണിഞ്ഞിരുന്നു. സ്ത്രീകളടക്കമുള്ളവരുടെ കയ്യില്‍ ചെറുബോംബ് എന്നു തോന്നിക്കുന്ന ഉണ്ടകളും കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതെപ്പറ്റി കൂടുതല്‍ സംസാരിക്കാന്‍ മാവോയിസ്റ്റുകളെ നേരില്‍ കണ്ട പ്രദേശവാസി ഉമ്മച്ചന്‍ നമ്മളോടൊപ്പമുണ്ട്… ഉമ്മച്ചാ… എന്തൊക്കെയാണ് വിശദാംശങ്ങള്‍ …

മാവോയിസ്റ്റ് മാവോയിസ്റ്റ് എന്നു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ.. ഇന്നാണ് ആദ്യമായി കണ്ടത്…. എല്ലാവരും ഒരു ഏഴ് എഴരയടി പൊക്കം വരുന്നവര്‍… സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചുവന്ന നിറമുള്ള ജഴ്‍സിയാണ് ഇട്ടിരുന്നത്… മുന്‍പില്‍ മാവോയിസ്റ്റ് എന്നു വലിപ്പമുള്ള അക്ഷരത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു.. പുറത്ത് ഓരോരുത്തരുടെയും പേരും നമ്പരും… ഏറു പടക്കം മുതല്‍ റോക്കറ്റ് ലോഞ്ചര്‍ വരെയുള്ള ആയുധങ്ങളുമായാണ് അവര്‍ കാടുകയറിയത്… കാട്ടിനുള്ളില്‍ നിന്നും കൂട്ടനിലവിളികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു…

എന്താണ് അവരുടെ ലക്ഷ്യം ? എന്തിനു വേണ്ടിയാണ് അവര്‍ കേരളത്തിലേക്കു വന്നത് ?

ഇന്ത്യയില്‍ ഏറ്റവും നല്ല സംസ്ഥാനം കേരളമാണെന്നു പറഞ്ഞാണ് ഇവിടേക്കു വന്നത്… ഇവിടെ ഇത്ര നല്ല ഭരണം നടക്കുന്നത് അവര്‍ക്ക് ഇഷ്ടമായില്ലത്രേ. അതുകൊണ്ട് അവരുടെ ആളുകളാണ് പി.ജെ.കുര്യനെതിരെയും മറ്റും ഓരോ കഥകള്‍ ഇറക്കിയതത്രേ…. സൂര്യനെല്ലി പെണ്‍കുട്ടിയും മാവോയിസ്റ്റ് ആണോ എന്നു സംശയിക്കേണ്ട ചില സൂചനകളും അവരില്‍ നിന്നു കിട്ടിയിട്ടുണ്ട്…

നന്ദി മിസ്റ്റര്‍ ഉമ്മച്ചന്‍… കൂടുതല്‍ വിവരങ്ങള്‍ക്കു വീണ്ടും ബന്ധപ്പെടാം… കേരളത്തില്‍ ഭീഷണിയായി എത്തിയിരിക്കുന്ന മാവോയിസ്റ്റുകള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനും അക്രമങ്ങള്‍ക്കു മറ തീര്‍ക്കുന്നതിനുമായി സര്‍ക്കാരിനെതിരേ വിവിധ പ്രചാരണങ്ങള്‍ നടത്തുന്നതിനെപ്പറ്റി ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. ഹെലികോപ്റ്റര്‍ കോഴ, സൂര്യനെല്ലി വിവാദം, ഐസ്ക്രീം കേസ്, പെട്രോള്‍ ഡീസല്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നാണ് വിവരങ്ങള്‍. കേരളത്തിലെ യഥാര്‍ത്ഥ പ്രശ്നമായ മാവോയിസ്റ്റ് ഭീഷണിയില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി ലൈംഗിക-അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കേസ് എടുക്കുമെന്നും സൂചനയുണ്ട്.

ഇനിയൊരു ഇടവേള..

സൂര്യനെല്ലിയിലേ ബാലവേശ്യ

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുകൊണ്ട് രണ്ടു മൂന്നു ദിവസത്തേക്ക് സൂര്യനെല്ലി, ഐസ്ക്രീം വിവാദങ്ങള്‍ക്ക് ശമനമുണ്ടാവും. അഫ്സല്‍ ഗുരുവിന്‍റെ അന്ത്യനിമിഷങ്ങളും തീവ്രവാദത്തിന്‍റെ നാള്‍വഴിയും മനുഷ്യാവകാശപ്രശ്നങ്ങളും ഗുരുവിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കാനിരിക്കുന്ന വാരികകളും തല്‍ക്കാലത്തേക്ക് മറ്റെല്ലാം മറക്കും.

പി.ജെ.കുര്യനും സൂര്യനെല്ലി കേസും ചര്‍ച്ചകളില്‍ നിന്നു മറയും മുമ്പ് അല്‍പം കോടതിയലക്ഷ്യം കൂടി പറഞ്ഞില്ലെങ്കില്‍ നമ്മള്‍ എങ്ങനെ മനുഷ്യരാവും ? സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട് ബലാല്‍സംഗത്തിനിടെ ഇറങ്ങി ഓടിയില്ല എന്ന മുഴങ്ങുന്ന ചോദ്യം ഇപ്പോഴും പലരും ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഹൈക്കോടതി വിധിയിലെ പോരായ്മകളെപ്പറ്റി സുപ്രീം കോടതി ചൂണ്ടിക്കാണിക്കുകയും ആ വിധിയിലെ ക്രൂരമായ പരാമര്‍ശങ്ങള്‍ കേട്ട് സുപ്രീം കോടതി ഞെട്ടല്‍ പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാദ വിധി പ്രസ്താവിച്ച ജസ്റ്റിസ് ആര്‍.ബസന്ത് തന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ പേരിനോടൊപ്പം മാത്രമേ ജസ്റ്റിസ് ഉള്ളൂ എന്നു തോന്നുന്നു.

ആരാധ്യനായ ജസ്റ്റിസിന്‍റെ പരാമര്‍ശങ്ങള്‍ വിവിധ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഇവയൊക്കെയാണ്.

1. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി ചെയ്തത് ബാല വേശ്യാവൃത്തിയാണ്.
ബാല വേശ്യാവൃത്തി ബാലാത്സംഗമല്ല, അസന്മാര്‍ഗ്ഗികമാണ്.

2. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സൂര്യനെല്ലി കുട്ടി പലവട്ടം തട്ടിപ്പുകള്‍ കാട്ടി.
പഠനകാലത്ത് കുട്ടിയുടെ സ്വഭാവത്തില്‍ കുഴപ്പങ്ങളുണ്ടായിരുന്നു.
വേശ്യാവൃത്തിക്ക് സുദൃഢമായ തെളിവുകളുണ്ട്.

3. രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ല.

4. ബാലവേശ്യാവൃത്തിയില്‍ 40ലധികം പേരുടെ കൂടെ കഴിയുന്നത് പീഡനമാണെന്ന്
പറയുന്നതില്‍ അര്‍ത്ഥമില്ല. ബാലവേശ്യവൃത്തിയില്‍ അങ്ങനെയൊക്കെ സംഭവിക്കും.
ഇതിനെ ബലാല്‍സംഗമായി കാണാന്‍ കഴിയില്ല.

5. കേസില്‍ ഹൈക്കോടതി വിധിയില്‍ ഞെട്ടിയെന്ന് പറഞ്ഞ സുപ്രീം കോടതി
ഹൈക്കോടതി വിധി ശരിയായി വായിച്ചിട്ടില്ല. വായിക്കാത്തവന്‍ ഞെട്ടിയാല്‍
ഞെട്ടും, അത്ര തന്നെ.

നമ്മളീ എല്‍എല്‍ബി ഒന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ടും ജസ്റ്റിസുമാര്‍ പൊതുവേ നീതിമാന്‍മാരും പ്രൊഫഷനല്‍ ഈഗോ ഇല്ലാത്തവരുമാണെന്നും കരുതിയിരുന്നതിനാലാവാം, ന്യായാധിപന്‍റെ വാക്കുകള്‍ കേട്ട് ശരിക്കും ഞെട്ടി. പതിനേഴ് വര്‍ഷമായി നരകിച്ചു കഴിയുന്ന ഒരു കുടുംബത്തിന്‍റെ മുഖത്തു നോക്കി ‘നെനക്കൊന്നും കെട്ടിത്തൂങ്ങി ചത്തൂടേടാ പട്ടികളേ’ എന്ന ഭാവത്തില്‍ പൊന്നുതമ്പുരാന്‍ ഓര്‍ഡര്‍ ഓര്‍ഡര്‍ എന്നു പറയുന്നതുപോലെ തോന്നുന്നു. അങ്ങനെ അടിയനു തോന്നിപ്പോയത് കോടതിയലക്ഷ്യമോ മറ്റോ ആണോ എന്നറിയില്ല. ആണെങ്കില്‍ പൊറുക്കരുത്.

ജസ്റ്റിസ് ബസന്തിന് സൂര്യനെല്ലി കേസില്‍ നമ്മളെക്കാള്‍ അറിവും പരിജ്ഞാനവുമുണ്ട്. അദ്ദേഹം ആ കേസ് വളരെ വിശദമായി പഠിച്ചിട്ടു തന്നെയാവണം വിധി പ്രസ്താവിച്ചത്. പക്ഷെ, അദ്ദേഹം പഠിച്ചത് കേസ് മാത്രമാണ്. അന്വേഷണോദ്യോഗസ്ഥര്‍ സമര്‍പ്പിച്ച രേഖകളും തെളിവുകളും മാത്രമാണ്. ആ പെണ്‍കുട്ടിയുടെ ജീവിതമോ ആ കുടുംബത്തിന്‍റെ യാതനകളോ പഠിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. കേസ് അന്വേഷണത്തില്‍ തന്നെ പാളിച്ചകളും ഇടപെടലുകളും ഉണ്ടായിരുന്നു എന്ന് അഭിപ്രായമുയരുകയും പുനരന്വേഷണം നടത്തുന്നതില്‍ തെറ്റില്ല എന്ന് അന്വേഷദ്യോഗസ്ഥന്‍ തന്നെ പറയുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ആ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ച കേവലം ഒരു ജഡ്ജി ദൈവം തമ്പുരാനെപ്പോലെ ആ പെണ്‍കുട്ടിയുടെ ചാരിത്ര്യത്തെയും വ്യക്തിത്വത്തെയും വിധിക്കുന്നത് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.

സൂര്യനെല്ലി പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയായിരുന്നു എന്നു പറയുന്ന ജസ്റ്റിസ് ഒരു സ്കൂള്‍ കൂട്ടി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തരായ നാല്‍പതോളം പുരുഷന്‍മാരുമായി ലൈംഗികബന്ധം ആസ്വദിച്ചു എന്നുകൂടിയാണ് പറഞ്ഞു വയ്‍ക്കുന്നത് എന്നു തോന്നുന്നു. വേശ്യാവൃത്തിക്കു സന്നദ്ധയായ ബാലികയെ ചൂഷണം ചെയ്യുന്നത് ബലാല്‍സംഗമല്ല എന്ന് ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ ഏതു ഭാഗത്താണ് എഴുതിയിരിക്കുന്നത് എന്നറിയാന്‍ എനിക്കു കൗതുകമുണ്ട്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പെണ്‍കുട്ടി തട്ടിപ്പുകള്‍ കാട്ടി എന്നും കുട്ടിക്ക് പക്വതയില്ലായിരുന്നു എന്നുമാണ് ജസ്റ്റിസ് പറയുന്നത്. അത്തരത്തില്‍ തകരറുള്ള ഒരു കുട്ടിയെ ദുരുപയോഗിക്കുന്നത്, പക്വതയുള്ള ഒരു കുട്ടി ആലോചിച്ചുറപ്പിച്ച് വേശ്യാവൃത്തിക്ക് ഇറങ്ങിത്തിരിക്കുന്നതില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്നു വിവേചിച്ചറിയാന്‍ പോലും അദ്ദേഹത്തിനു സാധിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്. പിന്നെ, രക്ഷപെടാനുള്ള സാഹചര്യം കിട്ടിയിട്ടും പെണ്‍കുട്ടി രക്ഷപെട്ടില്ല എന്ന കണ്ടെത്തല്‍. തീര്‍ച്ചയായും അടുത്ത ജന്‍മം ഒരു പെണ്ണായി ജനിക്കാനും പെണ്ണിന്‍റെ മനസ്സും ശരീരവുമായി പൊരുത്തപ്പെട്ടു ജീവിക്കാനും സമാനമായ ഒരു സാഹചര്യത്തില്‍പ്പെട്ടു പോവാനും ജസ്റ്റിസിനു കഴിയട്ടെ എന്നാശംസിക്കുന്നു. അന്ന് രക്ഷപെടാന്‍ ലഭിക്കുന്ന സാഹചര്യങ്ങളെ അദ്ദേഹം എങ്ങനെ വിനിയോഗിക്കും എന്നറിയാന്‍ ഞാന്‍ ഒരു ഹൈക്കോടതി ജഡ്ജി ആയി പുനര്‍ജനിക്കാം.

സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി വായിച്ചോ ഇല്ലയോ എന്നതാണ് അടുത്ത പ്രശ്നം. നമ്മള്‍ ബ്ലഡി ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം കേരള ഹൈക്കോടതിയെക്കാള്‍ വലുതാണ് ഇന്ത്യയുടെ സുപ്രീം കോടതി. സുപ്രീം കോടതിയിലിരിക്കുന്ന ജഡ്ജിമാരെക്കാള്‍ പ്രതിഭാധനനാണ് നമ്മുടെ ഹൈക്കോടതി ജഡ്ജി എന്നതു മനസ്സിലാക്കി സുപ്രീം കോടതിയെ പുച്ഛിച്ചു തള്ളാനും ഹൈക്കോടതി ജഡ്ജിയുടെ വിധിയോടൊപ്പം ഉറച്ചു നില്‍ക്കാനും നിസ്സഹായരായ ഈ ജനസമൂഹത്തിനു കരുത്തില്ല. സദയം ക്ഷമിക്കുക.

കണ്ണുമൂടിക്കെട്ടി നിന്ന് കയ്യിലെ ത്രാസിലെ തൂക്കമനുസരിച്ച് മാത്രം വിധി പറയുന്ന നീതിദേവതയെ മറന്നുകൊണ്ട് താന്‍ പിടിച്ച തട്ടിലാണ് ഭാരക്കൂടുതല്‍ എന്നത് സ്ഥാപിക്കാന്‍ വേണ്ടി കനമുള്ള വാക്കുകള്‍ എടുത്തു വയ്ക്കുന്ന ജസ്റ്റിസ് ബസന്തിന്‍റെ നീതിബോധത്തിന് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഈ പ്രസ്താവനകള്‍ വായിച്ചതില്‍ നിന്ന് എനിക്കു മനസ്സിലായത്. വൈകിയ വേളയിലെങ്കിലും ജസ്റ്റിസ് ബസന്തിന് സല്‍ബുദ്ധി തോന്നാനും ഐപിസിക്കു പുറത്തെ മനുഷ്യരുടെ ജീവിതം എങ്ങനെയാണെന്നു മനസ്സിലാക്കാനും ഒരു കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യസിലെ ജിമ്മി ജയിംസ് തന്‍റെ പോയിന്‍റ് ബ്ലാങ്ക് പരിപാടിക്കു വേണ്ടി സൂര്യനെല്ലിയിലെ ബാലവേശ്യയുമായും അവരുടെ കുടുംബവുമായും നടത്തിയ അഭിമുഖത്തെ തുടര്‍ന്നു തയ്യാറാക്കിയ കുറിപ്പാണ്. അവര്‍ക്കൊക്കെ നമ്മളുദ്ദേശിക്കുന്ന ഒരു പക്വത ഉണ്ടായിക്കൊള്ളണമെന്നില്ല. പക്വത കുറഞ്ഞവരോട് പക്വതയും പണവും സ്വാധീനവുമുള്ള മാന്യന്‍മാര്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും ജീവിതകാലമത്രയും ശിക്ഷിക്കപ്പെടേണ്ടത് പക്വത കുറഞ്ഞ ഇരകളായിരിക്കണം എന്ന തോന്നല്‍ ഇത് വായിച്ചു കഴിയുമ്പോഴെങ്കിലും മാറട്ടെ എന്നാശംസിക്കുന്നു.

ലിങ്ക്: സൂര്യനെല്ലിയില്‍നിന്ന് ഈ വീട്ടിലേക്കുള്ള ദൂരം

പഠനകാലത്ത് എനിക്കും പക്വതയുണ്ടായിരുന്നില്ല. ഞാനും പലതരം തട്ടിപ്പുകളും കാണിച്ചിട്ടുണ്ട്. പല കെണികളില്‍ നിന്നും രക്ഷപെടാനുള്ള സാഹചര്യമുണ്ടായിട്ടും രക്ഷപെടാന്‍ ശ്രമിച്ചിട്ടുമില്ല. അപ്പോഴൊക്കെ നമ്മള്‍ മനസ്സില്‍ പറയുന്ന ഒന്നുണ്ട്- ദൈവം ചോദിച്ചോളും എന്ന്. 17 വര്‍ഷമായി നരകയാതന അനുഭവിക്കുന്ന കുടുംബത്തിനു വേണ്ടി ദൈവം ചോദിക്കാനിറങ്ങിയാല്‍ കാര്യങ്ങള്‍ ഒന്നും അത്ര ഈസിയായിരിക്കില്ല. അന്നിവിടെ നീതിയുടെ വസന്തം ഉണ്ടായിരിക്കുമോ എന്നു പറയാനുമാവില്ല.

നരച്ച കൃതാവുള്ള ബാജി

കള്ളക്രിസ്ത്യാനികളും മലപ്പുറം മാപ്ലാരും പെരുന്നാള് കഴിക്കുന്ന സംസ്ഥാന നിയമസഭയില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഉല്‍സവം നടത്താന്‍ കച്ചകെട്ടിയിറങ്ങിയ ജി.സുകുമാരന്‍ നായര്‍ വിധിവൈപരീത്യം കൊണ്ട് യുഗപ്രതിസന്ധിയിലായപ്പോള്‍ രക്ഷകനായി അവതരിച്ചയാളാണ് ശരീരം നിറയെ രോമമുള്ള, കൃതാവ് നരച്ച നമ്മുടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍. മരിച്ചുപോയ രണ്ടു പേര്‍ അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ച എന്‍എസ്എസിന് അനുകൂലമായിരുന്നു എന്നദ്ദേഹം പറഞ്ഞതോടെ സുകുമാരന്‍ നായര്‍ കരകയറി. പക്ഷെ, അസമയത്ത് സൂര്യനെല്ലി പൂത്തതോടെ കുര്യന്‍ സാര്‍ തന്‍റെ കൃതാവു കറുപ്പിക്കുകയോ പൂര്‍ണമായി വെളുപ്പിക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. ഒരു തിരിച്ചറിയല്‍ പരേഡിനുള്ള വാര്‍ധക്യം ഇനിയും ബാക്കിയാണ്.

കുര്യന്‍ സാര്‍ സുകുമാരന്‍ നായരെ പിന്തുണച്ചത് എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം പറയുന്നത് അന്ന് സൂര്യനെല്ലി കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന ജോഷ്വ സാറാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ കുര്യന്‍ സാര്‍ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന ദിവസം, കുര്യന്‍ സാര്‍ എസ്കോര്‍ട്ടില്ലാതെ നടത്തിയ യാത്രയിലെ തെളിവുകള്‍ ഇല്ലാത്ത ഏതാനും മണിക്കൂറുകള്‍ അദ്ദേഹം തന്നോടൊപ്പം എന്‍എസ്എസ് ആസ്ഥാനത്തുണ്ടായിരുന്നു എന്ന് അന്നു സുകുമാരന്‍ നായര്‍ നല്‍കിയ മൊഴിയാണത്രേ കേസില്‍ നിന്നും കുര്യന്‍ സാറിനെ രക്ഷപെടുത്തിയത്. കേസിലെ അവശേഷിക്കുന്ന ജോഷ്വമാര്‍ ഇനിയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മന്ത്രിസഭയിലെ സല്‍പേരു ശിശുക്കളുടെ ഡയപര്‍ മാറ്റി മാറ്റി മടുക്കും.

സിസ്റ്റര്‍ അഭയയുടെ സ്വാഭാവിക ദുര്‍മരണത്തിന്‍റെ പേരില്‍ പരമപരിശുദ്ധരായ വൈദികശ്രേഷ്ഠരെ കരിവാരി തേക്കുന്നതുപോലെ സൂര്യനെല്ലി കേസിന്‍റെ പേരില്‍ കുര്യന്‍ സാറിനെയും കരിവാരി തേക്കുന്നത് സിപിഎമ്മിനെ തകര്‍ക്കാന്‍ ഒബാമയും തിരുവഞ്ചൂരും ഗൂഢാലോചന നടത്തി എന്നു പറയുന്നതുപോലെയാണ് എന്നാണ് പലരും വിചാരിക്കുന്നത്. കുര്യന്‍ സാറിന്‍റെ പടം പത്രത്തില്‍ കണ്ട് തിരിച്ചറിയുകയും വിവരം പൊലീസിനോടു പറയുകയും ചെയ്തിട്ട് വര്‍ഷം 15 കഴിഞ്ഞെങ്കിലും പൊലീസിനു വിസ്മയം തീര്‍ന്നിട്ടില്ല. പോരെങ്കില്‍ നായനാരുമായി ചര്‍ച്ച ചെയ്ത് കുര്യന്‍ സാര്‍ നിരപരാധിയാണെന്നു തീരുമാനിച്ച കാര്യം കേസന്വേഷിച്ച സിബി മാത്യൂസ് വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു കേസിലേക്ക് ഈ കാലം കെട്ട കാലത്ത് കുര്യന്‍ സാറിനെ വലിച്ചിഴയ്‍ക്കുന്നത് നികൃഷ്ടവും നിന്ദ്യവും നിരാശാജനകവുമാണത്രേ.

സ്ത്രീപീഡകരെ കയ്യാമം വച്ചു നടത്തിക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് അധികാരത്തിലേറുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്ത ശേഷം പ്രതിപക്ഷസ്ഥാനത്തെത്തിയപ്പോള്‍ പത്രസമ്മേളനങ്ങള്‍ വഴി ജനങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സഖാവ് വിഎസ്, കുര്യന്‍ രാജി വയ്‍ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കുര്യന്‍ സാര്‍ പീഡനം നടത്തിയോ എന്നൊന്നും നമുക്ക് പറയാനാവില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ യുഡിഎഫുകാര്‍ കുര്യന്‍ സാറിന്‍റെ മാനം കാക്കാന്‍ പത്രപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കുര്യന്‍ സാര്‍ കേസില്‍പ്പെട്ടത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ് എന്നാണ് ഉമ്മന്‍ ചാണ്ടി സാര്‍ പറയുന്നത്.

ഇവിടെയിപ്പോള്‍ ഇര കുര്യന്‍ സാറാണോ സൂര്യനെല്ലി പെണ്‍കുട്ടിയാണോ എന്നു നമുക്ക് സംശയം തോന്നും. യുഡിഎഫ് നേതാക്കന്‍മാരുടെ പ്രതികരണങ്ങള്‍ കണ്ടാല്‍ സൂര്യനെല്ലി പെണ്‍കുട്ടി പാവപ്പെട്ട കുര്യന്‍ സാറിനെ അനവസരത്തില്‍ പീഡിപ്പിക്കുകയാണെന്നു തോന്നും. എന്തുകൊണ്ട് ആ പെണ്‍കുട്ടി ഇത്ര കാലത്തിനു ശേഷവും ശരീരം നിറയെ രോമമുള്ള, കൃതാവ് നരച്ച ബാജിയെ ഭയപ്പെടുന്നു ? എന്തിന് ഇപ്പോഴും ബാജിയുടെ പേര് പറഞ്ഞ് വീണ്ടും മാധ്യമങ്ങളില്‍ വരുന്നു ? മാധ്യമശ്രദ്ധ കൊണ്ട് ജീവിതം നരകമായിപ്പോയ ഒരു പെണ്‍കുട്ടി വീണ്ടും അതേ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് ആത്മാവിനുള്ളില്‍ നിന്നു സത്യം മുട്ടിവിളിക്കുന്നതുകൊണ്ടായിരിക്കുമെന്ന് മനസ്സിലാക്കാനുള്ള വിവേകം ഉമ്മന്‍ ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാവട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുകയാണ്.

അഭയ കേസുപോലെ അല്ല സൂര്യനെല്ലി കേസ്. കുര്യന്‍ സാറും സൂര്യനെല്ലി പെണ്‍കുട്ടിയും ഇന്നും ജീവനോടെ ഉണ്ട്. പണ്ട് അന്വേഷിച്ചിട്ട് തെളിഞ്ഞില്ല എന്നു മുഖ്യമന്ത്രി പറയുന്നതിന് എന്തെങ്കിലും മൂല്യം കൊടുക്കേണ്ട കാര്യമുണ്ട് എന്നും തോന്നുന്നില്ല. പണ്ടന്വേഷിച്ചിട്ടു തെളിയാത്തതുകൊണ്ടണല്ലോ വീണ്ടും അന്വേഷിക്കണമെന്നു പെണ്‍കുട്ടി ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതുപോലെ ഇതൊന്നന്വേഷിച്ചാല്‍ പെണ്‍കുട്ടി പറയുന്നതില്‍ കാര്യമുണ്ടോ ഇല്ലയോ എന്നത് മനസ്സിലാക്കാമല്ലോ. കുര്യന്‍ സാര്‍ നിരപരാധിയാണെങ്കില്‍ പിന്നെന്തിനു പേടിക്കണം ? ശാസ്ത്രീയമായ അന്വേഷണം നടക്കുകയും കുര്യന്‍ സാര്‍ നിരപരാധിയാണെന്നു തെളിയിക്കപ്പെടുകയും ചെയ്താല്‍ അതല്ലേ കുര്യന്‍ സാറിനും ഉമ്മന്‍ ചാണ്ടിക്കും കേരളത്തിലെ ജനങ്ങള്‍ക്കും നല്ലത് ? ഇത് ഇനി അന്വേഷിക്കാന്‍ പാടില്ല, കുര്യന്‍ സാറിനെ നോവിക്കാന്‍ പാടില്ല എന്നൊക്കെ പറയുമ്പോള്‍ എന്തു കേസും തെളിയിക്കുന്ന തിരുവഞ്ചൂര്‍ സാറു പോലും അതിലൊരു ലോജിക്കുണ്ടെന്ന് സമ്മതിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

പെണ്ണുങ്ങളോട് എന്തുമാകാമല്ലോ !

കടന്നു വരുന്നവരെല്ലാം തന്നെ ബലാത്സംഗം ചെയ്യാനാണെന്ന് കരുതി സംരക്ഷിക്കാനെത്തിയവരുടെ മുമ്പിലും വഴങ്ങിക്കൊടുക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ പോലെയാണ് മൂന്നാര്‍- ഇത്രയും സര്‍ഗധനസമ്പന്നമായ ഒരുപമ ഷേക്സ്പിയര്‍ പോലും ഉപയോഗിച്ചിട്ടുണ്ടാവില്ല. കേരളനിയമസഭയില്‍ ഇതിന്‍റെ കുറവേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും കാലം പെണ്ണുങ്ങളനെ കാര്യമായി ഇല്ലാതിരിക്കുകയും ഉണ്ടായിരുന്നവര്‍ അവിടെ ആണുങ്ങളുടെ അഭ്യാസങ്ങളൊക്കെ കണ്ട് പിരിഞ്ഞുപോവുകയുമാണ് ചെയ്തിരുന്നതെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ കേരളത്തെ എങ്ങനെ ഉപദ്രവിക്കണം എന്നു നോക്കിയിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ വനിതാബില്ലിന്‍റെ ഊര്‍ജത്തില്‍ ബില്ലിന്‍റെ ക്രെഡിറ്റും പറഞ്ഞിരിക്കുന്ന യുഡിഎഫ് അംഗമായ പത്തനംതിട്ടയില്‍ നിന്നുള്ള എംഎല്‍എ കെ. ശിവദാസന്‍ നായര്‍ ആണ് തികച്ചും കാവ്യാത്മകമായി മൂന്നാറിനെ പെണ്‍കുട്ടിയോടുപമിച്ചത്.

ഭരണപക്ഷത്തു നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്നതായിരുന്നു സഭയിലെ കീഴ്‍വഴക്കമെങ്കിലും ഇന്ന് സംഗതി തിരിഞ്ഞു. ശിവദാസന്‍ നായരുടെ നിരീക്ഷണത്തില്‍ കെ.കെ.ശൈലജ എംഎല്‍എയും പിന്നീടങ്ങോട്ട് ഉള്ള വനിതാ എംഎല്‍എമാരും പ്രതികരിച്ചു. മൂന്നാറിന്‍റെ ഇപ്പോഴത്തെ അവസ്ഥ അവതരിപ്പിക്കാനായിരുന്നു നായര്‍ ഈ വാക്കുകളുപയോഗിച്ചത് എന്നു പറയാമെങ്കിലും സ്ത്രീപക്ഷത്തു നിന്നാലോചിക്കുമ്പോള്‍ പുരുഷകേന്ദ്രീകൃതമായ ഒരു കാഴ്ചപ്പാടിന്‍റെ വൈകല്യം നിറഞ്ഞു നില്‍ക്കുന്ന പ്രസ്താവനയാണ് അത്.

മസാല നിറഞ്ഞ ഒരു സംഭവമായല്ലാതെ പ്രതിപക്ഷമോ ഭരണപക്ഷമോ ഒന്നും ഇതിനെ കണ്ടിട്ടില്ല എന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവുന്നത്. ഇതിന്‍റെ പതിനായിരത്തിലൊന്ന് പ്രാധാന്യമോ ഗൗരവോ ഇല്ലാത്ത പരാമര്‍ശങ്ങള്‍ കീറിമുറിച്ച് അലമ്പുണ്ടാക്കുന്ന നേതാക്കളും മാധ്യമങ്ങളും ചെറുചിരിയോടെ ഈ പെണ്ണുങ്ങളുടെ കാര്യം എന്ന മട്ടില്‍ ഇതൊരു പ്രശ്നമേയല്ല എന്ന മട്ടിലാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നു തോന്നുന്നു. രാഷ്ട്രീയമേതായാലും തത്വശാസ്ത്രമേതായാലും നിലപാടുകള്‍ എത്രത്തോളം പുരുഷകേന്ദ്രീകൃതമാണ് എന്നത് വ്യക്തമാവുകയാണ്.

ഇതിപ്പോള്‍ അത്ര ഭയങ്കരമായ പരാമര്‍ശമാണോ എന്നു ചോദിച്ചാല്‍ ഇതിനെക്കാള്‍ ക്രൂരമായ പരാമര്‍ശങ്ങള്‍ പലരും പലപ്പോഴും നടത്തിയിട്ടുണ്ടാവും. പക്ഷെ, സംസ്ഥാനനിയമസഭയില്‍ ഒരു എംഎല്‍എ പ്രതിപക്ഷത്തിനു വേണ്ടി അവതരിപ്പിക്കുന്ന അടിയന്തിരപ്രമേയത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന കടന്നുകൂടുക എന്നു വച്ചാല്‍ അത് ഗുരുതരമാണ്.ബലാല്‍സംഗം രസകരമായ ഒരേര്‍പ്പാടാണ്- അത് ചെയ്യുന്ന മാനസികരോഗിയായ അക്രമിക്കും അതിന്‍റെ വാര്‍ത്തകള്‍ വിശദാംശങ്ങളോടെ വായിച്ചു രസിക്കുന്ന ഞരമ്പുകള്‍ക്കും ഇരയായ പെണ്‍കുട്ടിയെ നിരന്തരവിചാരണയിലൂടെ പീഡിപ്പിക്കുന്ന നിയമസംവിധാനങ്ങള്‍ക്കും.

ഇന്നു വരെ കേരളത്തില്‍ ഒരു ബലാല്‍സംഗക്കേസിലും അതിലെ പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ലോകത്ത് പല രാജ്യങ്ങളിലും ബലാല്‍സംഗത്തിന് വധശിക്ഷയോ ജീവപര്യന്തമോ ഒക്കെയാണ് ശിക്ഷ. ഇവിടെ ഏറ്റവും ക്രൂരമായ ബലാല്‍സംഗവും പീഡനവും പെണ്‍വാണിഭവുമൊക്കെ നടത്തുന്ന ക്രിമിനലുകള്‍ക്ക് ഇക്കിളിയാക്കുന്നതുപോലെ ഏതാനും വര്‍ഷത്തെ തടവും ചെറിയൊരു പിഴയും. നീതി തേടിയിറങ്ങുന്ന പെണ്‍കരുത്തിന് ജീവിതം നിഷേധിക്കപ്പെടുമെന്നതില്‍ സംശയവുമില്ല. ഇതേ നിലപാടുകള്‍ തന്നെയാണ് സംസ്ഥാനത്തെ നിയമനിര്‍മാണസഭയില്‍ അംഗങ്ങളായിട്ടുള്ളവരും വച്ചുപുലര്‍ത്തുന്നതെന്ന അറിവ് തന്നെ ഞെട്ടിപ്പിക്കുന്നതാണ്.

‘കടന്നു വരുന്നവരെല്ലാം തന്നെ ബലാത്സംഗം ചെയ്യാനാണെന്ന് കരുതി സംരക്ഷിക്കാനെത്തിയവരുടെ മുമ്പിലും വഴങ്ങിക്കൊടുക്കുന്ന സുന്ദരിയായ പെണ്‍കുട്ടി- അങ്ങനെയൊരു പെണ്‍കുട്ടി’ എവിടെയാണുള്ളത് ? സൂര്യനെല്ലി മുതല്‍ വിതുര വരെ കേരളം ചവുട്ടിയരച്ച ഇരകളുടെ ശാപം ചുമന്നു നീങ്ങുന്ന ജനത തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധി ഇങ്ങനെ ചിന്തിച്ചതില്‍ അദ്ഭുതപ്പെടാനില്ലെങ്കിലും അത് മികച്ച സര്‍ഗപാടവത്തിന്‍റെ ഉദാഹരണമെന്നോണം സഭയില്‍ അവതരിപ്പിച്ചതില്‍ കാര്യമായ തകരാറുണ്ട്. ‘സംരക്ഷിക്കാനെത്തിയവരുടെ മുന്നിലും വഴങ്ങിക്കൊടുക്കുന്ന’ എന്ന പ്രയോഗം തന്നെ സ്ത്രീയുടെ മാനത്തെ സംബന്ധിച്ച കാഴ്ചപ്പാടിന്‍റെ വ്യക്തമായ സൂചനയാണ്.അല്ലെങ്കില്‍ താന്‍ സംരക്ഷിക്കുന്ന സ്ത്രീ ആരായാലും തനിക്കു വഴങ്ങിത്തരാന്‍ അവള്‍ തയ്യാരാവേണ്ടതാണ് എന്ന ഉപബോധമനസ്സിന്‍റെ മന്ത്രണം അറിയാതെ പുറത്തു വന്നതുമാവാം.

ഇത്രയൊക്കെയായിട്ടും പോര എന്നുള്ളതുകൊണ്ടാവാം ‘സുന്ദരിയായ പെണ്‍കുട്ടി’ എന്നു തന്നെ വിശേഷിപ്പിച്ചത്. മൂന്നാര്‍ സുന്ദരമാണ് എന്നതുകൊണ്ടാവാം മിസ്റ്റര്‍ നായര്‍ അങ്ങനെ ഉദ്ദേശിച്ചത് എന്നു ന്യായീകരിക്കാം. എന്നാല്‍, ഇത്ര നികൃഷ്ടമായ ഒരുദാഹരണത്തിലെ പെണ്‍കുട്ടിയെ സുന്ദരിയാക്കുക വഴി നായിക മുങ്ങിമരിച്ചു കിടക്കുന്ന സീനിലും അവളുടെ മാറിടം വെള്ളത്തിനു മുകളില്‍ പൊന്തിനില്‍ക്കണം എന്നു വാശിപിടിക്കുന്ന സിനിമാ സംവിധായകന്‍റെ മനോഭാവമാണ് തെളിഞ്ഞുവരുന്നത്.

സിപിഎം കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്നു വാദിക്കുന്ന യുഡിഎഫ് പോലൊരു പുരോഗമന പ്രസ്ഥാനത്തില്‍ നിന്ന് ഇത്ര തുരുമ്പിച്ച, ചീഞ്ഞളിഞ്ഞ പ്രസ്താവനയോടെ ഒരു അടിയന്തിരപ്രമേയം വരാന്‍ പാടില്ലായിരുന്നു എന്നത് നിസ്‍‍തര്‍ക്കമാണ്. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും ദൈവതുല്യരാണ് എന്നു വിശ്വസിക്കുന്ന നേതാക്കള്‍ അവരും സ്ത്രീകളാണെന്നു വിശ്വസിക്കുന്നില്ലയോ ആവോ ? കാരണം, പറഞ്ഞത് പാടില്ലാത്തതായിരുന്നു എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായില്ലെന്നതു തന്നെ.

ഭരണപക്ഷത്തെ വനിതാ എംഎല്‍എമാര്‍ തങ്ങള്‍ സ്ത്രീകളാണെന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് എന്ന് കരുതാം. പക്ഷെ, ഈ വിവാദത്തില്‍ പ്രതിപക്ഷത്തെ വനിതകള്‍ പ്രതികരിച്ചില്ല എന്നതോര്‍ക്കുമ്പോള്‍ ചില സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തെക്കാള്‍ വലുത് രാഷ്ട്രീയമാണ് എന്ന സന്ദേശമാണല്ലോ കേരളത്തിനു ലഭിക്കുന്നത് എന്നത് ആശങ്കയുളവാക്കുന്നതാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന സ്പീക്കറുടെ റൂളിങ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു എന്നും അതിന്‍റെ പേരില്‍ അവര്‍ സഭ സ്തംഭിപ്പിച്ചു എന്നുകൂടി കേള്‍ക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെയും വീടുകളിലെയും സ്ത്രീകളെക്കുറിച്ച് ഈ നേതാക്കള്‍ എന്തൊക്കെയായിരിക്കും വിചാരിക്കുന്നത് എന്ന് ഞാന്‍ ആശങ്കപ്പെടുകയാണ്.