മോഹന്‍ലാലും ലക്ഷ്മി റായിയും തമ്മില്‍ ഒന്നുമില്ല

ഗറുവാസീസ് ആശാന്റെ കാലുകളെ സ്നേഹിക്കുന്ന എല്‍ദോയെപ്പോലെയാണ് മോഹന്‍ലാലിന്റെ സല്‍പേര് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആന്റണി പെരുമ്പാവൂര്‍. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമ കണ്ട് മദമിളകിയ ആന്റണിയെ പിന്നെ ആരും തളച്ചിട്ടില്ല. വിരട്ടാന്‍ ചെന്നാല്‍ സംവിധായകരും നിര്‍മാതാക്കളും പോഡാ ഡ്രൈവറേ എന്നു പറയുമെന്ന് ഭയന്നിട്ടാണോ എന്തോ ക്യാമറാമാന്മാരെ നിലയ്‍ക്കു നിര്‍ത്തുന്നതിലൂടെ ലാലേട്ടന്റെ താരപ്രഭാവം പിടിച്ചു നിര്‍ത്താമെന്നാണ് മിസ്റ്റര്‍ പെരുമ്പാവൂര്‍ കരുതുന്നത്.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിലെ ആക്ഷേപം അതിരുവിട്ടതുപോലെ തന്നെ ആന്റണി പെരുമ്പാവൂരിന്റെ വിരട്ടലും അതിരുവിട്ടതുകൊണ്ട് അത് ടാലിയായി എന്നു കരുതാം. പുതിയ പ്രശ്നം സെലബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ തല്‍സമയ സംപ്രേഷണത്തിനിടയില്‍ മോഹന്‍ലാലിന്റെ കളിക്കളത്തിലെ പ്രകടനവും ഗാലറിയിരിക്കുന്ന നടി ലക്ഷ്മി റായിയുടെ ഭാവങ്ങളും മാറി മാറി കാണിച്ച സൂര്യ ടിവി ക്യാമറാമാനെ ആന്റണി പെരുമ്പാവൂര്‍ വിരട്ടി എന്നതാണ് (വിരട്ടുന്നത് ഞാന്‍ കണ്ടില്ല, പലരും അങ്ങനെ റിപ്പോര്‍ട്ട് ചെയ്‍തതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ്).

കളി കാണുന്ന പ്രേക്ഷകര്‍ മോഹന്‍ലാലും ലക്‍ഷ്മി റായിയും തമ്മില്‍ എന്തോ ഉണ്ടെന്നു സംശയിക്കുമെന്ന് കരുതിയാണോ ആന്റണി ചൂടായത് ? ലാലേട്ടന്‍ അടുത്ത വര്‍ഷം സെമിനാരിയില്‍ പോകാനിരിക്കുന്ന മിസ്റ്റര്‍ ബ്രഹ്മചാരിയാണെന്നു വിശ്വസിക്കുന്ന മലയാളികളെ അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ സൂര്യ ടിവിക്കാര് വിചാരിച്ചാല്‍ നടക്കത്തില്ല ആന്റണി മുതലാളീ. അല്ലെങ്കില്‍ എല്ലാവര്‍ക്കും ആന്റണിയുടെ അതേ ബുദ്ധിയും സംസ്കാരവും ആയിരിക്കണം. ആന്റണി മുതലാളിയെപ്പോലെ ചിന്തിക്കുന്നവരുമുണ്ടാകാം. എന്നാലും ലക്ഷ്‍മി റായിയുടെ അച്ഛനാവാന്‍ പ്രായമുള്ള മോഹന്‍ലാലിനെയും ലക്‍്ഷ്മി റായിയെയും പറ്റി പ്രേക്ഷകര്‍ തെറ്റിദ്ധരിക്കുമെന്നു കരുതിയ ആന്റണി മുതലാളി എന്നാ ഒരു മനുഷ്യനായിരിക്കും. ആന്റണി മുതലാളി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ ആളാണ്. മലയാളത്തിലെ മിക്കവാറും സിനിമകളുടെ റൈറ്റ് വന്‍വില കൊടുത്ത് വാങ്ങുന്ന ചാനലാണ് സൂര്യ. ചാനല്‍ റൈറ്റ് കൊണ്ട് ഷൂട്ടിങ് നടത്തുന്നവരാണ് മിക്കവാറും സിനിമക്കാരും. അപ്പോള്‍ പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ചാടിക്കേറി സൂര്യയെ വിലക്കുന്നത് ബുദ്ധിയല്ല (ചുമ്മാ ഓര്‍മിപ്പിച്ചെന്നേയുള്ളൂ).

മുതലാളിമാര്‍ എല്ലായിടത്തും ഒരുപോലെയാണ്. കേരള ടീമിന്റെ മുതലാളി ലിസിച്ചേച്ചിയാണെങ്കിലും ലാല്‍സാറിന്റെ മുതലാളി ആന്റണിയാണ്. ലാല്‍സാറിനെയും യുവനടിമാരെയും മാറി മാറി കാണിക്കുമ്പോള്‍ കല്യാണവും പാലുകാച്ചലും നടക്കുന്നതുപോലെ പ്രേക്ഷകര്‍ക്കു തോന്നുമോ എന്നു ഭയന്നായിരിക്കാം മുതലാളി ഇടപെട്ടത്. ലാലേട്ടന്റെ പ്രകടനം കാണിക്കുമ്പോള്‍ ഗാലറിയില്‍ കവിയൂര്‍ പൊന്നമ്മയോ മറ്റോ ഉണ്ടായിരുന്നെങ്കില്‍ ക്യാമറാമാന്‍ അമ്മയുടെ പ്രതികരണവും കാണിച്ചേനെ. ഇതിപ്പോ യുവാക്കള്‍ മാത്രം ഗാലറിയിരിക്കുമ്പോള്‍, ലാലേട്ടന്റെ ഗ്രൗണ്ടിലെ പ്രകടനത്തിനു മറുപടിയായി കിരീടം എന്ന സിനിമയില്‍ നിന്നുള്ള രംഗം എന്നു പറഞ്ഞ് പൊന്നമ്മച്ചേച്ചി പൊട്ടിക്കരയുന്നത് കാണിക്കുന്ന സമ്പ്രദായം ലൈവ് ടെലകാസ്റ്റിലില്ലല്ലോ.

സൂര്യ ടിവി ക്യാമറാമാനെ ആന്റണി മാത്രമേ കുറ്റം പറയൂ. ലാല്‍ സാറും ലക്ഷ്‍മി റായിയും തമ്മില്‍ കുറഞ്ഞ് 30 വയസെങ്കിലും വ്യത്യാസമുണ്ടാവും. രണ്ടുപേരും കൂടി നില്‍ക്കുന്നത് കണ്ടാലും അച്ഛനും മകളുമാണെന്നേ പറയൂ. എങ്കിലും ഇല വന്നു മരത്തില്‍ വീണാലും മരം വന്ന് ഇലയില്‍ വീണാലും കേട് നമ്മുടെ ലാലേട്ടനാണ് എന്നുള്ളതിനാല്‍ ആന്റണി മുതലാളി ദേഷ്യപ്പെട്ടതില്‍ കാര്യമില്ലാതെയുമില്ല.

മുന്നറിയിപ്പ്:– ഇനി മുതല്‍ ലാല്‍ സാറിന്റെ സിനിമകളില്‍ ലാല്‍ സാറ് നടിമാരുമായി മെഴുകി (സോറി ഇഴുകി) അഭിനയിക്കുന്ന രംഗങ്ങള്‍ വരുമ്പോള്‍ മനസ്സില്‍ ഇനി പറയുന്ന പ്രാര്‍ഥന ചൊല്ലണം- ഞാനീ കാണുന്നത് ലാല്‍ സാര്‍ എന്ന മഹാനടന്റെ അഭിനയം മാത്രമാകുന്നു. അദ്ദേഹവും ആ നടിയുമായി സത്യത്തില്‍ പരിചയം പോലുമില്ല. എങ്കിലും നമുക്കു വേണ്ടി ആ നടിയോടൊപ്പം ഇഴുകി അഭിനയിക്കാന്‍ തയ്യാറായ ആ ത്യാഗമനസ്സിനു മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു. പ്രാര്‍ഥനക്കു ശേഷവും മനസ്സ് മറ്റേ ലൈനില്‍ നില്‍ക്കുകയണെങ്കില്‍ കണ്ണടച്ച് ആന്റണി മുതലാളിയെ മനസ്സില്‍ ധ്യാനിക്കുക, എല്ലാം ശരിയാവും.

മാധ്യമകുലപതികള്‍ സൂക്ഷിക്കുക

ഈ പത്രക്കാരെക്കൊണ്ടു തോറ്റു എന്നു ബ്രിട്ടണിലിരുന്ന് റൂപര്ട്ട് മര്‍ഡോക്ക് പറ‍ഞ്ഞ് രാജ്യത്തെ ഏറ്റവും പ്രചാരമുള്ള 168 വര്‍ഷത്തെ പഴക്കമുള്ള സ്വന്തം പത്രം പൂട്ടി താക്കോലെടുത്തില്ല, ദേ തമിഴ്‍നാട്ടില്‍ നിന്ന് ചെറുകിട മര്‍ഡോക് ആയ സാക്ഷാല്‍ കരുണാനിധിയും അതേ ഡയലോഗ് ആവര്‍ത്തിച്ചിരിക്കുന്നു. പത്രമുതലാളിമാര്‍ പത്രക്കാരെക്കൊണ്ട് തോല്‍ക്കുമ്പോള്‍, ജയിക്കുന്നത് സത്യവും നീതിയും മറ്റുമാണെങ്കില്‍ പണ്ടാരക്കാലന്മാര്‍ തോല്‍ക്കുന്നത് തന്നെയാണ് നല്ലത്.

ബ്രിട്ടണിലെ സണ്‍ഡേ ടാബ്ലോയ്‍ഡ് ആയ ന്യൂസ് ഓഫ് ദി വേള്‍ഡ് ആണ് ഗുരുതരമായ ഫോണ്‍ ചോര്‍്ത്തല്‍ വിവാദത്തെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ മുതലാളി ജെയിംസ് മര്‍ഡോക് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് കൊല്ലപ്പെട്ട പലരുടെയും,ജിവനോടെയുള്ള പല സെലബ്രിറ്റികളുടെയും ഫോണുകള്‍ ന്യൂസ് ഓഫ് ദി വേള്‍ഡിനു വേണ്ടി ഡിക്ടറ്റീവുകള്‍ ചോര്‍ത്തുന്നുണ്ടായിരുന്നു എന്നു തെളിഞ്ഞതോടെ വലിയ വിവാദമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ ഞായറാഴ്ച (ജൂലൈ 10) പുറത്തിറങ്ങുന്ന പതിപ്പോടെ ന്യൂസ് ഓഫ് ദി വേള്‍ഡ് എന്ന പത്രം പൂട്ടുന്നതായി മുതലാളിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവാദം മൂത്തപ്പോള്‍ പരസ്യക്കാരെല്ലാം പിന്‍വലിഞ്ഞതും ഒരു കാരണമായിട്ടുണ്ടാവാം.

കലൈഞ്ജരുടെ വെളിപാടാണ് അതിലും കോമഡി. കോടികളുടെ തട്ടിപ്പ് നടത്തി തിഹാര്‍ ജയിലില്‍ കിടക്കുന്ന പെരുങ്കള്ളി കനിമൊഴി, ഇപ്പോള്‍ സിബിഐ വിരല്‍ ചൂണ്ടിയപ്പോള്‍ കമ്പിയെണ്ണി പഠിക്കാന്‍ രാജി വച്ചിരിക്കുന്ന ദയാനിധിമാരന്‍,കുടുംബക്കാരൊക്കെ ജയിലിലേക്കു പോകുന്നതില്‍ മനസു തളര്‍ന്ന കലൈഞ്ജര്‍ പിച്ചും പേയും പറയുകയാണെന്നു കരുതേണ്ട. തമിഴ്‍നാട്ടില്‍ അനേകം തിരുട്ടുഗ്രാമങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്, ഇത്തരം തിരുട്ടുഫാമിലി ഇന്ത്യയില്‍ വേറെ കാണില്ല എന്നു തോന്നുന്നു. മാധ്യമങ്ങളാണ് രാജ്യം ഭരിക്കുന്നതെന്നും അവര്‍ വിചാരിച്ചാല്‍ ആരെയും വീഴ്ത്താന്‍ കഴിയുമെന്നും ദയാനിധി മാരന് സംഭവിച്ചത് ഇതാണെന്നുമാണ് കാര്‍ന്നോര് പറഞ്ഞിരിക്കുന്നത്.ഇതു തന്നെയാണ് ജനങ്ങളും പറയുന്നത്. മാധ്യമങ്ങള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ പെരുങ്കള്ളന്‍മാര്‍ മന്ത്രിപദങ്ങളില്‍ തുടര്‍ന്നേനെ.

മാധ്യമങ്ങളുടെ ഇടപെടലിനെ പറ്റി സമാനമായ അഭിപ്രായങ്ങള്‍ വേറെയും ആളുകള്‍ പല സന്ദര്‍ഭങ്ങളിലായി പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍,മാധ്യമങ്ങള്‍ വേട്ടയാടുന്നു എന്നൊരു മാധ്യമകുലപതി പറയുമ്പോള്‍ അതിന്റെ കാവ്യനീതി എത്ര ശോഭനമാണെന്ന് ആലോചിച്ചു നോക്കണം. ഇന്ത്യയിലെ ഏറ്റവും വലിയ ടിവി നെറ്റ്‍വര്‍ക്ക്,നാലു ഭാഷകളിലായി 20 ടിവി ചാനലുകള്‍, 45 എഫ്എം സ്റ്റേഷനുകള്‍,തമിഴിലെ നമ്പര്‍ 1 പത്രമായ ദിനകരന്‍,4 മാഗസിനുകള്‍,പിന്നെ നിര്‍മിച്ചുകൂട്ടുന്ന അനേകം സിനിമകള്‍. ഇത്രയൊക്കെയുണ്ടായിട്ടും അതിന്റെ മുതലാളിമാര്‍ അഴിമതിക്കേസില്‍ അകത്തുപോകുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത് ഈ രാജ്യത്തെ മാധ്യമങ്ങളുടെ,ജനങ്ങളുടെ വിജയമാണ്. ഈ സംവിധാനങ്ങളൊക്കെ ഉപയോഗിച്ചിട്ടും തിരുട്ടുഫാമിലി തോറ്റതുകൊണ്ട് കലൈഞ്ജര്‍ പറയുന്നത് മാരനെ ഡിഎംകെ അതിശക്തമായി പിന്തുണയ്‍ക്കും എന്നാണ് (അങ്ങേര് പാര്‍ട്ടി കുട്ടിച്ചോറാക്കും എന്നു ചുരുക്കം).

സണ്‍ ടിവിയുമായി ബന്ധ്പെട്ട ഓരോരുത്തരായി അകത്തുപോകുന്നതോടെ ഓഹരി ഉപദേഷ്ടാക്കള്‍ സണ്‍, സ്പൈസ്‍ജെറ്റ് ഓഹരികള്‍ വാങ്ങരുതെന്ന് ഉപദേശിച്ചിരുന്നു. മാരന്റെ രാജിയോടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.

കഷ്ടകാലമാണെങ്കില്‍ ഞാഞ്ഞൂലിന്റെ ചീറ്റലിനും ശക്തിയുണ്ടാകുമെന്നാണ് പറയുന്നത്. ഭക്ത രഞ്ജിതയോടൊപ്പം പൂജാദികര്‍മങ്ങളില്‍ അഭിരമിക്കുന്ന രഹസ്യവിഡിയോ സംപ്രേഷണം ചെയ്ത തന്റെ കട്ടേം പടോം മടക്കിയ കേസില്‍ സണ്‍ ടിവിക്കെതിരെ ഒരു പുതിയ കേസ് കൊടുത്തിരിക്കുകയാണ് സ്വാമി നിത്യാനന്ദ. സണ്‍സിന്റെ ടൈം വച്ചു നോക്കിയാല്‍ ചിലപ്പോള്‍ ഫലിക്കും.

കേരളത്തില്‍ ഭാഗ്യത്തിന് മാധ്യമകുലപതികള്‍ ഇല്ല, ഉള്ളത് ചെറിയ പത്രമുതലാളിമാരാണ്. അല്ലെങ്കില്‍ ആഗോളതലത്തില്‍ കുലപതികള്‍ക്ക് ബാധിച്ചിരിക്കുന്ന ശനിദശ ഇവിടെയുള്ള അത്താഴപട്ടിണിക്കാരെയും ബാധിച്ചേനെ.

ആ.. സാമി മാഞ്ഞു പോയി…

സ്വാമിമാരും നടിമാരും തമ്മില്‍ റോക്കറ്റും ശാസ്ത്രജ്ഞനും പോലുള്ള ബന്ധമാണ്. പുറമേ നിന്നു കാണുമ്പോള്‍ എല്ലാം അറിയുന്നവനാണ് ശാസ്ത്രജ്ഞന്‍. റോക്കറ്റിന്‍റെ ഓരോ രോമകൂപവും ശാസ്ത്രജ്ഞന് കാണാപ്പാഠമായിരിക്കും. റോക്കറ്റ് പൊങ്ങുന്നതും താഴുന്നതും എല്ലാം ശാസ്ത്രജ്ഞന്‍റെ കണ്‍ട്രോള്‍ അനുസരിച്ചായിരിക്കും. എല്ലാ റോക്കറ്റുകള്‍ക്കും ശാസ്ത്രജ്ഞനോട് ബഹുമാനവുമായിരിക്കും. എന്നാല്‍, ആ റോക്കറ്റില്‍ കയറി ബഹിരാകാശത്തോളം പോയി വരാന്‍ ഓരോ ശാസ്ത്രജ്ഞനും ആഗ്രഹിക്കും. പക്ഷെ, തിരിച്ചു വരുമോ എന്നുറപ്പില്ലാത്തതിനാല്‍ ആ സാഹസത്തിന് ആരും മുതിരില്ല. പകരം, റോക്കറ്റ് ഉണ്ടാക്കാന്‍ കൂടാത്ത വേറെ ഒരു സെറ്റ് ശാസ്ത്രജ്ഞരെ അയക്കും.

ഇതുപോലെ തന്നെയാണ് സ്വാമിമാരും. സ്ത്രീ എന്ന മരീചികയുടെ അകവും പൊരുളും മനസ്സിലാക്കി അവള്‍ക്കു വേണ്ട ഉപദേശവും അനുഗ്രഹങ്ങളും നല്‍കുമെങ്കിലും സിനിമാനടി എന്ന ബഹിരാകാശപേടകം കാണുമ്പോള്‍ സ്വാമിയുടെ ഉള്ളിലെ ശാസ്ത്രകൗതുകം ഉണരും. സന്തോഷ് മാധവനായാലും സ്വാമി നിത്യാനന്ദ പരമഹംസന്‍ ആയാലും ഒക്കെ ഇങ്ങനെ തന്നെ. ഒരര്‍ത്ഥത്തില്‍ സ്വാമി സന്തോഷ് മാധവന്‍റെ തമിഴ് റീമേക്ക് ആണ് സ്വാമി നിത്യാനന്ദ എന്നു പറയാം. സെന്‍ട്രല്‍ ജയിലില്‍ ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവര്‍ത്തിയും അലക്കിയും ഉണങ്ങിയും ജീവിക്കുന്ന സന്തോഷ് മാധവ് തന്‍റെ കോപ്പിറൈറ്റും ഓവര്‍സീസും എത്ര രൂപയ്‍ക്കാണ് വിറ്റതെന്ന് നമുക്കറിയില്ല. എന്തായാലും, മലയാളത്തില്‍ ഹിറ്റായ പടം തമിഴില്‍ റീമേക്ക് ചെയ്തിട്ട് അത് കേരളത്തിലെ തിയറ്ററുകളില്‍ കളിക്കുന്നതുപോലെ ഇക്കളിയെല്ലാം കണ്ട മലയാളികള്‍ക്കു ശാന്തിയും സമ്മാനദാനവും നല്‍കാന്‍ ബ്രഹ്മചര്യ മരീചികയായ സ്വാമി നിത്യാനന്ദ കേരളത്തിലും തുടങ്ങിയിരുന്നത്രേ ആശ്രമം.

നഗ്നപൂജയുടെ ക്ഷീണം കഴിഞ്ഞിട്ടില്ലാത്ത മലയാളി നടിമാര്‍ ആരെങ്കിലും നിത്യാനന്ദം ആസ്വദിക്കാന്‍ പോയോ എന്നറിയില്ല. സുന്ദരന്‍മാരായ മലയാളികളെക്കാള്‍ നടിമാര്‍ക്കിപ്പോള്‍ തമിഴന്‍മാരോടാണ് താല്‍പര്യം എന്നും കേള്‍ക്കുന്നുണ്ട് (തമിഴില്‍ ആരും വിഗ്ഗ് വയ്‍ക്കാറില്ലത്രേ).സ്വാമി സന്തോഷിനെപ്പോലെ ഒരാശ്രമവും ആരു ലക്ഷം ബ്ലൂഫിലിം സിഡികളുമായി കഴിഞ്ഞ വെറുമൊരു കട്ടപ്പനക്കാരന്‍ അല്ല സ്വാമി നിത്യാനന്ദന്‍. തമിഴിലാകുമ്പോള്‍ എന്തിനും പൊലിമ കൂടുമല്ലോ. എട്ടാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ് നേരേ സ്വാമിപദം അലങ്കരിച്ച കക്ഷിയുമല്ല നിത്യാനന്ദ്. ഉന്നതകുലജാതനായ നിത്യന്‍ ഉന്നതവിദ്യാഭ്യാസവും നേടിക്കഴിഞ്ഞാണ് സ്വാമിവൃത്തി തുടങ്ങിയത്. ഒരു പക്ഷേ, സ്വാമിജീതിതത്തിനിടയില്‍ നടിമാരെ കണ്ടപ്പോള്‍ ഹാലൂസിനേഷന്‍ ഉണ്ടായതാവാം.

അറം പറ്റിയ ക്യാപ്ഷന്‍ !!
സ്വാമിയേട്ടന്‍റെ ഹൈപ്രൊഫൈല്‍ ഒന്നോടിച്ചു നോക്കാം- ‘തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ വൈദിക അചാരാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കിയ കുടുംബത്തിലാണ്‌ നിത്യാനന്ദ പരമഹംസയുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ ആധ്യാത്മിക ജ്ഞാനവും പ്രവര്‍ത്തനങ്ങളും പ്രകടിപ്പിച്ച അദ്ദേഹം നിരന്തരമായ സഞ്ചാരങ്ങളിലൂടെ ഭാരതത്തിലെ അനേകം യോഗിമാരായും സന്ന്യാസിമാരുമായും ബന്ധപ്പെട്ട്‌ സനാതനമൂല്യങ്ങള്‍ മനസ്സിലാക്കി.താന്‍ നേടിയ അറിവ്‌ ദുഃഖിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ ആശ്വാസത്തിനു പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആത്മീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌.നിത്യധ്യാന എന്ന പദ്ധതി പരമഹംസ രൂപപ്പെടുത്തിയിട്ടുണ്ട്‌. ലോകത്തെമ്പാടുമുള്ള 150ല്‍പരം ആശ്രമങ്ങളിലൂടെ ഭാരതം ലോകത്തിനു സംഭാവന ചെയ്ത വൈദിക സംസ്കാരം, യോഗ, ആധ്യാത്മിക ജ്ഞാനം എന്നിവ പഠിപ്പിച്ചും പ്രചരിപ്പിച്ചും വരുന്നു. വിവിധ ആധ്യാത്മിക വിഷയങ്ങളെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ 250ല്‍ പരം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതില്‍ പലതും 26 ഭാഷകളിലേക്ക്‌ തര്‍ജമ ചെയ്തിട്ടുമുണ്ട്‌.’

സുകുമാര്‍ അഴീക്കോട് പോലും തത്വമസി ഉള്‍പ്പെടെ 40 പുസ്തകമേ എഴുതിയിട്ടുള്ളൂ. അഴീക്കോട് പ്രായമായ അമ്മാവനാണ്. നിത്യേട്ടന്‍ 32 വയസ്സുള്ള വെറും പയ്യന്‍സ്. ഈ പ്രായത്തിനിടെ 250 പുസ്തകം എഴുതാന്‍ മാത്രം ഹാലൂസിനേഷന്‍ ഉള്ള ഒരു സ്വാമി സില്‍മാനടിമാരുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുമോ ? അതോ ലൗകികകാര്യങ്ങളിലുള്ള തന്‍റെ ആസക്തി നശിച്ചുകഴിഞ്ഞുവോ എന്നദ്ദേഹം ഭക്തയായ സിനിമാ നടിയുടെ സാന്നിധ്യത്തില്‍ പരീക്ഷിച്ചതോ ? അതോ എല്ലാം, എല്ലാം മോര്‍ഫിങ്ങുകാരുടെ ലീലാവിലാസങ്ങളോ ?

മോര്‍ഫിങ് എന്ന വിദ്യ സമൂഹത്തില്‍ നിലവിലുള്ളതുകൊണ്ട്, അതെന്താണെന്നോ എങ്ങനെ ചെയ്യുമെന്നോ സാമാന്യജനത്തിന് വലിയ പിടിയില്ലാത്തതുകൊണ്ട്, കമ്യൂണിസ്റ്റുകാര്‍ക്ക് പോളണ്ട് എന്ന പോലെ ലൈംഗികാപവാദക്കേസില്‍ കുടുങ്ങുന്നവര്‍ക്ക് മോര്‍ഫിങ്ങിന്‍റെ പേരു പറഞ്ഞ് പിടിച്ചു നില്‍ക്കാം, അവസാനം വരെ. ഇത് പക്ഷെ, സ്വാമിയുടെ കൈ വിട്ടുപോയ ലക്ഷണമാണ്. ഭക്തര്‍ സ്വാമിയുടെ വിഡിയോ കണ്ട് “അവനെ ഇപ്പം തട്ടണം” എന്നു പറഞ്ഞ് നടക്കുകയാണ്. സ്വാമി, മൂപ്പരുടെ പുസ്തകങ്ങളില്‍ പലകുറി ആവര്‍ത്തിച്ചിട്ടുള്ള ‘മായ’ പോലെ എവിടെയോ മാഞ്ഞുപോയിരിക്കുകയാണ്. പാവം, വെള്ളമോ ഗ്ലൂക്കോസോ ഒക്കെ കിട്ടുന്നുണ്ടോ ആവോ ?

ഇനിയാണ് പോസ്റ്റിന്‍റെ കാതലായ ഭാഗം. സ്വാമിയുടെ ഡീറ്റെയില്‍സ് അല്ല, നടിയുടെ ഡീറ്റെയില്‍സ് ആണ് ലോകം അറിയാനാഗ്രഹിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. എല്ലാം മോര്‍ഫിങ് ആണെന്നു സ്വാമി പറഞ്ഞ നിലയ്‍ക്ക് പലരും പറയുന്നതുപോലെ അത് മലയാളത്തില്‍ അനേകം സിനിമകളില്‍ അഭിനയിച്ച നടിയാണെന്ന് ‍ഞാന്‍ പറയില്ല. പക്ഷെ ഇന്നത്തെ ഒരു പത്രവാര്‍ത്തയില്‍ ഉള്ള ക്ലൂ അതേപടി പകര്‍ത്താം-

“നിത്യാനന്ദയുടെ ഒപ്പമുണ്ടായിരുന്നതായി പറയപ്പെടുന്ന തമിഴ്‌ നടിമാരില്‍ ഒരാള്‍ ‘ഒരു യാത്രാമൊഴി’ ഉള്‍പ്പെടെയുള്ള ഒട്ടേറെ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. ഭാരതിരാജയാണ്‌ ഇവരെ സിനിമയില്‍ അവതരിപ്പിച്ചത്‌. മറ്റേ നടി അയ്യര്‍ ഐ.പി.എസ്‌, മുള്ളില്‍ റോജ, തങ്കത്തിന്‍ തങ്കം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. ആഡംബരങ്ങള്‍ നിറഞ്ഞ മുറിയിലെ കട്ടിലില്‍ കിടന്നു നിത്യാനന്ദ ടിവി കാണുന്ന ദൃശ്യമാണ്‌ ഒന്ന്‌. അപ്പോള്‍ കടന്നുവരുന്ന വെളുത്ത സാരിയുടുത്ത സ്‌ത്രീ അദ്ദേഹത്തിന്റെ കാല്‍ തിരുമ്മുന്നതും തുടര്‍ന്ന്‌ പ്രണയകേളിയില്‍ ഏര്‍പ്പെടുന്നതും ദൃശ്യത്തിലുണ്ട്‌. രണ്ടാമത്തെ വീഡിയോ ക്ലിപ്പിംഗില്‍, വെള്ള ചുരിദാറിട്ട സ്‌ത്രീ മുറിയിലേക്കു കടന്നുവന്ന്‌ നിത്യാനന്ദയ്‌ക്ക് എന്തോ ഗുളിക നല്‍കുന്നതും അദ്ദേഹമതു കഴിക്കുന്നതും കാണാം. മദ്യം പോലുള്ള എന്തോ കുടിക്കാനും നല്‍കുന്നുണ്ട്‌. തുടര്‍ന്നാണു ചൂടന്‍ രംഗങ്ങള്‍. ”

സംഗതി മാധ്യമങ്ങള്‍ക്കു തന്നെ ക്ലിയറായിട്ടില്ലെന്നു തോന്നുന്നു. സണ്‍ ടിവിയും നക്കീരനും കൂടി ഒളിക്യാമറയിലൂടെ രണ്ടു ദിവസമായി പകര്‍ത്തിയതാണിത് എന്നും രണ്ട് ക്ലിപ്പിലും ഒരേ നടി തന്നെയാണെന്നും ഒക്കെ വാദങ്ങളുണ്ട്. എന്തായാലും ക്ലിപ്പില്‍ ഉള്ളത് ഏതോ ഒരു നടിയാണെന്ന് നമുക്കുറപ്പിക്കാം.

എന്നാ ഒക്കെ പറഞ്ഞാലും എന്തൊക്കെയോ നല്ല കാര്യങ്ങളും ചെയ്തിരുന്ന ഒരു സ്വാമിയാണ് ഇപ്പോള്‍ ആസാമിയായി ഒളിവില്‍ കഴിയുന്നത്. സിനിമാ നടിയുമായി ബന്ധപ്പെടുന്നത് രാജ്യദ്രോഹമോ തീവ്രവാദമോ അല്ലാത്തതിനാല്‍ സ്വാമി കുറ്റക്കാരാനാണെന്ന് ആരും വിധിക്കില്ല. പാവപ്പെട്ട സ്വാമി ആരെയും തല്ലിക്കൊന്ന് കിണറ്റിലെറിഞ്ഞിട്ടുമില്ല. എങ്കിലും സ്വാമിയെ തമിഴന്‍മാര്‍ കിട്ടിയാല്‍ വെറുതെ വിടുമെന്നു തോന്നുന്നില്ല. സ്വാമിയുടെ വെബ്സൈറ്റില്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കുറിപ്പിലും വിഡിയോയില്‍ കണ്ടതു മായയാണെന്നാണ് പറയുന്നത്. ഇംഗ്ലീഷ് വായിക്കാനറിയാവുന്നവര്‍ അത് വായിച്ചെടുക്കുക. ബാക്കിയൊക്കെ സ്വാമിയുടെ വിധി പോലെ.

“This is in response to the defamatory video on Paramahamsa Nithyananda aired by Sun TV and various other news media since the night of March 2, 2010.

At this moment, we feel that a mix of conspiracy, graphics and rumor are at play in these recent events that have unfolded. We are working on a legal course of action and will come up with updates in due course

In these trying times, we wish to reassure the lakhs of devotees and well-wishers whose sentiments have been deeply hurt by this conspiracy. We thank all the devotees and disciples for standing with us during these times

In the past 7 years of his public life, Paramahamsa Nithyananda has been a transformational force in the lives of over 2 million people across numerous countries around the world. The powerful truths he lives and shares and his personal authenticity have made his teachings relevant across religions, cultures and class

For those who have experienced the blessings and grace of Swamiji, no further explanation is necessary. Yet we request you to recall the life solutions from Swamiji that continue to provide a powerful spiritual anchor for millions in these turbulent times. We wish to reiterate that Nithyananda Dhyanapeetam is a worldwide movement which is committed to bringing about a true awakening for all, irrespective of race, culture or nationality. Reviving the timeless Vedic wisdom in the light of modern living, the Nithyananda Dhyanapeetam creates opportunities for the powerful transformation of the individual and the community”

സൂര്യാ ടിവി വഴി എന്നോടും സണ്‍ ടിവി വഴി പ്രിയസ്വാമിയോടും ചെയ്ത അപരാധങ്ങള്‍ക്ക് കരുണാനിധിയും മറ്റും അനുഭവിക്കാനിരിക്കുന്നതേയുള്ളൂ, പറഞ്ഞില്ലെന്നു വേണ്ട. എന്‍റെയും സ്വാമിയുടെ ശാപവും ഞങ്ങളുടെ ഭക്തരുടെ പ്രാര്‍ത്ഥനയും സണ്‍-സൂര്യാ ടിവികളെ ഒരു പാഠം പഠിപ്പിക്കാതിരിക്കില്ല.

സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)

മുല്ലപ്പെരിയാറിലെ വെള്ളം പോലെയാണ് എന്റെ ബ്ളോഗ് പോസ്റ്റുകള്‍ എന്നു സൂര്യ ടിവി വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. മലയാളികളുടേതായ എല്ലാം ആവശ്യാനുസരണം ഉപയോഗിക്കാം എന്നു വിശ്വസിച്ചുപോയിട്ടുണ്ടണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ ചാനലിന്റെ മുതലാളിമാരെയോ തൊഴിലാളികളെയോ ഒന്നും കറുത്തു തടിച്ച തമിഴന്‍മാരെന്നു വിളിച്ചാക്ഷേപിക്കാനോ എനിക്കുദ്ദേശവുമില്ല. കാരണം, ഞാന്‍ വളരെ ഡീസന്റായിപ്പോയി. ഇനിയിപ്പോള്‍ എന്റെ ബ്ളോഗിലെ പോസ്റ്റുകള്‍ തോന്നിയതുപോലെ ഉപയോഗിക്കാന്‍ 999 വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവച്ചെന്നും പറഞ്ഞ് വന്നേക്കരുത്. സൂര്യ ടിവി പോലെ ഒരു തരംതാണ പ്രസ്ഥാനമല്ല ബെര്‍ളിത്തരങ്ങള്‍.

ഞാനതല്ല ആലോചിക്കുന്നത്, തെണ്ടി, ചെറ്റ, കൂതറ, നാറി, അലവലാതി എന്നൊക്കെ ഇക്കണ്ട മലയാളികളൊക്കെ വിശേഷിപ്പിക്കുന്ന എന്റെ ബ്ളോഗില്‍ നിന്നു പോസ്റ്റ് മോഷ്ടിച്ച് പ്രോഗ്രാം ഉണ്ടാക്കി അവതരിപ്പിക്കണമെങ്കില്‍ സൂര്യ ടിവി എത്ര ഗതികെട്ടിരിക്കും. എന്തീനീ മോഷണം ? ഒരു വാക്കുരിയാടിയിരുന്നെങ്കില്‍, ഒന്ന് ഒച്ച വച്ചിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നല്ലോ. ഇതുവരെ എന്നോടു ചോദിച്ച എല്ലാവര്‍ക്കും ഞാന്‍ കൊടുത്തിട്ടുണ്ട്. പ്രതിഫലമായി ‘തമാശ’ മാസിക അയച്ചു തന്നിട്ടുള്ള ചെക്കുകള്‍ മാത്രമേ ഞാന്‍ കൈപ്പറ്റിയിട്ടുള്ളൂ. മലയാളത്തിലെ മാധ്യമകുലപതികള്‍ പലരും എന്റെ പോസ്റ്റുകള്‍ അച്ചടിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അഞ്ചു പൈസ ആരും തന്നിട്ടില്ല. പാവങ്ങള്‍, അത്താഴപ്പട്ടിണിക്കാരയ മുതലാളിമാരോട് ഞാന്‍ വിലപേശാന്‍ പോയിട്ടില്ല. ഇനിയിപ്പോള്‍ ഈ പറഞ്ഞ സൂര്യാ ടിവിക്കാണെങ്കിലും ഞാന്‍ ചുമ്മാ കൊടുത്തേനെ.

ഏതാണ് എന്താണ് എന്നു പിടികിട്ടാത്തവര്‍ക്കു വേണ്ടി പറയാം. സൂര്യ ടിവി എന്നു പറയുന്ന മലയാളം ചാനല്‍ (ഞാനീവക ചവറുകളൊന്നും കാണാറില്ല) അവരുടെ രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയില്‍ ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന എന്റെ ബ്ളോഗ്പോസ്റ്റ് സ്കിറ്റ് പരുവത്തില്‍ ഷൂട്ട് ചെയ്ത് അവരിപ്പിച്ചു കളഞ്ഞു. സംഗതി സംപ്രേഷണം ചെയ്തു കഴിഞ്ഞ നിലയ്ക്ക് ഇനി മണാ കുണാ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഇനിയിപ്പോള്‍, അത് ഞങ്ങള്‍ക്കറിയില്ലായിരുന്നു, ആരോ ഫോര്‍വേഡ് ചെയ്തു തന്നതാ തുടങ്ങിയ ന്യായങ്ങള്‍ പറയുകയോ അതല്ല, മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ മലയാളം ബ്ളോഗുകളിലെ ഉള്ളടക്കവും ഞങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്നറിഞ്ഞിട്ടെടുത്തതാണെന്നു പറയുകയോ എന്തു ചെയ്താലും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞു. എന്റെ സര്‍ഗചേതന വീണ്ടും മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു.

സൂര്യ ടിവിയോട് ഞാന്‍ ഒരു പ്രതിഷേധവും അറിയിക്കുന്നില്ല. എനിക്കു പ്രതിഷേധം ഇല്ല. ആളുകള്‍ക്ക് വായിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രമാണ് ബ്ളോഗില്‍ ഞാന്‍ പലതും എഴുതുന്നത്. അത് മോഷ്ടിച്ചെടുക്കുന്നത് കുറ്റകൃത്യമാണ്. ഇനിയിപ്പോള്‍ മോഷണം നടത്തിയിട്ടില്ല എന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെങ്കില്‍ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ എനിക്കു നല്‍കുകയും രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയുടെ ഈ മോഷണം നടന്നിട്ടുള്ള എപ്പിസോഡിന്റെ പുനഃസംപ്രേഷണം നടത്താതിരിക്കുകയും അടുത്ത എപ്പിസോഡില്‍ എന്നോട് ആത്മര്‍ത്ഥമായി ക്ഷമാപണം നടത്തുകയും ചെയ്യാവുന്നതാണ്. അത്രയൊക്കെ ചെയ്യാനുള്ള അന്തസ്സും പാരമ്പര്യവും സംസ്കാരവും സൂര്യ ടിവിക്കുണ്ടോ എന്നെനിക്കറിയില്ല. ഇല്ലെങ്കിലും ഞാന്‍ പരാതിപ്പെടുന്നില്ല. അതൊക്കെ നമ്മള്‍ പറഞ്ഞാല്‍ ഉണ്ടാകുന്നതല്ലല്ലോ.

ഇനിയിപ്പോള്‍ ഇങ്ങനൊരു മോഷണം നടന്ന വിവരം അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ച വസ്തുവിനെപ്പറ്റി ഈ ബ്ളോഗില്‍ തന്നെയാണ് ഞാന്‍ പോസ്റ്റിടുന്നത്. അത് സൂര്യടിവി കണ്ടേ മതിയാവൂ. പോരെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഒന്നു രണ്ടു പേരെ ഫോണിലും വിളിച്ചു. സര്‍ക്കാരാപ്പീസിലെപ്പോലെ അതിവിടെയല്ല, അവിടെയാണ് എന്നു പറഞ്ഞ് നമ്പരുകള്‍ മാറി മാറി കുറെ വിളിച്ചതല്ലാതെ സംഗതി എങ്ങുമെത്തിയിട്ടില്ല. പ്രോഗ്രാം നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആണുങ്ങളെപ്പോലെ ചോദിക്കൂ, പത്തോ നൂറോ പോസ്റ്റുകള്‍ വേണമെങ്കില്‍ ചുമ്മാ തന്നേക്കാം. അതിനു കഴിയുന്നില്ലെങ്കില്‍ പ്രോഗ്രാം നിര്‍ത്തിക്കളയൂ. അല്ലാതെ മോഷണം നടത്തി പ്രോഗ്രാം നടത്തുന്നത് സൂര്യ ടിവി പോലൊരു ചാനലിനു ചേര്‍ന്നതല്ല.

സൂര്യ ടിവി മോഷ്ടിച്ച പോസ്റ്റ് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ചവരില്‍ പ്രഭ നാരായണപിള്ള ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരുണ്ട്. അവരൊക്കെ ഈ ഗതിയിലാണെന്ന് എനിക്കറിയില്ലായിരുന്നു. പ്രഗല്‍ഭര്‍ക്ക് ഇവിടെ എന്തുമാകാമെന്നതുകൊണ്ട് കുഴപ്പമില്ല. ഇതുവരെ നാലോ അഞ്ചോ പേര്‍ ഇത് വിഡിയോ ആക്കി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ മാത്രമാണ് എന്നോട് അനുവാദം ചോദിച്ചത് (ആര്‍ക്കും റൈറ്റ് കൊടുത്തിട്ടില്ല, പൈസയും വാങ്ങിയിട്ടില്ല). അനുവാദമില്ലാതെ സംഗതി റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്ത സുഹൃത്തിനോടു ചോദിച്ചപ്പോള്‍ ബ്ളോഗില്‍ കമന്റ് രൂപേണ അനുവാദം ചോദിച്ചിരുന്നു പക്ഷെ, മറുപടി ഒന്നും കാണാത്തതുകൊണ്ട് സമ്മതമായിരിക്കും എന്നു കരുതി റെക്കോര്‍ഡ് ചെയ്തതാണെന്നായിരുന്നു. ആ മഹാത്മാവ് പിന്നെ ഞാന്‍ നിഷേധിച്ചെങ്കിലോ എന്നു കരുതി ഒരു കാര്യം ചെയ്തു- എന്റെ ക്രെഡിറ്റ് വച്ചില്ല. സംഗതി ക്ളീന്‍ !

ഞാനെഴുതണം, അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കണം- ഇതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം പല ആളുകളുടെയും ആവശ്യം. ബെര്‍ളി ചവറെഴുതുന്നവനാണെന്ന് പ്രചരിപ്പിക്കുകയും ആ ചവറുകള്‍ സ്വന്തം പേരിലാക്കി ഉദാത്തമെന്നു പറഞ്ഞു വിറ്റുകാശാക്കുകയും ചെയ്യുന്ന ഈ ബോണ്‍ലെസ് ഫാദര്‍ലെസ് സിന്‍ഡ്രോം ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയതുകൊണ്ടും ഇതുവരെ എന്റെ അനേകം പോസ്റ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ച് പലരും പല കാര്യങ്ങളും സാധിച്ചിട്ടുള്ളതിനാലും സൂര്യ ടിവിയോട് ഞാന്‍ ഒന്നും പറയുന്നില്ല. ചിലരൊക്കെ ഇപ്പോഴും ഈ ബ്ളോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ ഭാര്യമാരെയും കാമുകിമാരെയും കാണിച്ച് പലതും സാധിക്കുന്നുണ്ടത്രേ. ആരൊക്കെയോ ജോലിയും വിവാഹവും വരെ നടത്തിയിട്ടുണ്ടെന്നു പറയുന്നു. എന്തായാലും ഈ ബ്ളോഗില്‍ നിന്നു മോഷ്ടിക്കുന്ന പ്രഗല്‍ഭരുടെ ലിസ്റ്റ് നീളുന്നതിനാല്‍ ‘ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ചവര്‍’ എന്ന പേരില്‍ ഈ പ്രഗല്‍ഭരുടെയെല്ലാം പേര് ബ്ളോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ലിസ്റ്റില്‍ നിന്ന് അണ്ടനെയും അടകോടനെയുമൊക്കെ ഒഴിവാക്കും, പിണങ്ങരുത്.

ദൃശ്യഭാഷയുടെ പടയോട്ടം

Poster“വീരേതിഹാസങ്ങള്‍ രചിച്ച ഉത്തരകേരളത്തിലെ വീരനായകന്‍മാരുടെ ചങ്ങലയിലെ ഒരു കണ്ണി-ഉദയന്‍. കൌമാരം കടന്നപ്പോള്‍ അവന്‍ അങ്കമുറകളില്‍ അഗ്രഗണ്യനായി, കോലത്തിരി നാടിന്റെ പടനായകനായി. കളരിയിലെ അങ്കത്തട്ടിലും അങ്ങകലെ അതിര്‍ത്തിയിലെ പടക്കളത്തിലും കയ്യും മെയ്യും മറന്നവന്‍ അടരാടി. അപ്പോഴും ഉള്ളിന്റെയുള്ളില്‍, മനസ്സിന്റെ മൃദുലതകളില്‍ താലോലിക്കുവാനായി അയാള്‍ക്കൊരു സ്വപ്നമുണ്ടായിരുന്നു-പാര്‍വതിക്കുട്ടി.

ഹര്‍ഷോന്മാദത്തിന്റെ നാളുകളായിരുന്നു അത്. അവയുടെ അവിരാമപ്രവാഹത്തിനിടയില്‍ എപ്പോഴോ, ഏതോ ഒരഭിശപ്തനിമിഷത്തില്‍ അയാളുടെ സ്വപ്നങ്ങളുടെ വര്‍ണനൂലുകള്‍ പൊട്ടിപ്പോയി…. താഴെ അഗാധഗര്‍ത്തമായിരുന്നു. കൊടുംവേദനയുടെ നാളുകളായിരുന്നു അത്. അനന്തമായ അറബിക്കടലിന്റെ അപാരതകകളിലെവിടെയോ നഷ്ടസ്വപ്നങ്ങളുടെ മഞ്ഞുവീണു മരവിച്ച മനസ്സുമായി, ഉണ്ണാത്ത പകലുകളും ഉറങ്ങാത്ത രാവുകളും എണ്ണിയെണ്ണി അയാള്‍ കാത്തിരുന്നു… അപ്പോഴും അയാള്‍ക്കുറപ്പുണ്ടായിരുന്നു, എന്റെ പാര്‍വതിക്കുട്ടി എനിക്കായി കാത്തിരിക്കും.
[smartads]
ഒടുവില്‍, ഒരുനാള്‍… തകര്‍ന്ന ധമനികളിലൂടെ ചുടുരക്തം സിരകളില്‍ പടര്‍ന്നപ്പോള്‍, തളച്ചിട്ട ഒരായിരം മോഹങ്ങള്‍ ഒന്നിച്ചുണര്‍ന്നപ്പോള്‍, ഇരുമ്പു ചങ്ങലകള്‍ പൊട്ടിത്തെറിച്ചു. അങ്ങകലെ ചക്രവാളത്തില്‍ ഒരു പുതിയ പ്രഭാതത്തിന്റെ ആദ്യകിരണങ്ങള്‍ പൊട്ടിവിടര്‍ന്നു. അപ്പോഴേക്കും ഋതുക്കള്‍ ഏറെ കടന്നുപോയിരുന്നു. എണ്ണിത്തീര്‍ത്ത ഏഴായിരം രാവുകള്‍ക്കു ശേഷം അയാള്‍ തിരിച്ചെത്തി, പിറന്നു വീണ മണ്ണിലേക്ക്… രാജാവായി വാഴേണ്ട നാട്ടിലേക്ക്…

കാത്തിരിപ്പിന്റെ വ്യര്‍ത്ഥത അയാള്‍ ആദ്യമായറിഞ്ഞു. മരവിച്ച മനസ്സിലെ മഞ്ഞുരുകി. അടക്കിനിര്‍ത്തിയിരുന്ന രോഷത്തിന്റെ അശ്വങ്ങള്‍ പാഞ്ഞു. ക്രൂരമായ ഒരു പ്രതികാരത്തിന്റെ പടയോട്ടം ഇവിടെ ആരംഭിക്കുകയായി !!
-(നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ ഒപ്പം വിതരണം ചെയ്ത പാട്ടുപുസ്തകത്തിന്റെ അദ്യപേജില്‍ നിന്ന്)

പറഞ്ഞുവരുമ്പോള്‍ പഴശ്ശിരാജയുടെ അപ്പൂപ്പനായിട്ടു വരും. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 70 എംഎം സിനിമ. ഇന്ത്യയില്‍ ആദ്യമായി 6 ട്രാക്കില്‍ ശബ്ദലേഖനം ചെയ്ത സിനിമ. പ്രേം നസീറിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്ന് അനുഭവിച്ചറിയാവുന്ന സിനിമ.
Dolby 6 track മമ്മൂട്ടി വില്ലനാകുന്ന സിനിമ, മോഹന്‍ലാല്‍ മമ്മൂട്ടിയുടെ മകനാകുന്ന സിനിമ. അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ സിനിമ. നവോദയ നിര്‍മിച്ച് ജിജോ സംവിധാനം ചെയ്ത സൂപ്പര്‍മെഗാഹിറ്റ് ചിത്രം പടയോട്ടം റിലീസ് ചെയ്തത് 1982ല്‍ ആണെങ്കിലും അത് എത്ര പേര്‍ കണ്ടിരിക്കും എന്നത് പറയാന്‍ പറ്റില്ല. അന്നു തിയറ്ററില്‍ നിന്നു കണ്ട ആയിരക്കണക്കിനാളുകളുടെ ഓര്‍മകളില്‍ ഇന്നുമുണ്ടാവും അതിലെ അഭൂതപൂര്‍മായ ഷോട്ടുകള്‍, പ്രേം നസീര്‍ എന്ന നടന്റെ അതുല്യമായ പ്രകടനത്തിന്റെ ഓര്‍മകള്‍.

പഴശ്ശിരാജയെ ലോകചിത്രമെന്നു വിശേഷിച്ച് നമ്മള്‍ ആഘോഷമാക്കുമ്പോള്‍ പടയോട്ടം എന്ന സിനിമ ഒന്നുകൂടി കാണാന്‍, കണ്ടിട്ടില്ലാത്തവര്‍ക്ക് ആദ്യമായി കാണാന്‍ ഒരവസരം കൂടി- നാളെ(ശനി) രാത്രി 11.30ന് സൂര്യ ടിവിയില്‍. പരസ്യങ്ങളില്ലാതെ, ചിത്രം വെട്ടിമാറ്റാതെ നാളെ സൂര്യ അതു സംപ്രേഷണം ചെയ്യും. ഇതിലെന്തോന്ന് ഇത്ര വിസ്മയിക്കാന്‍ ? മലയാളത്തിലെ മിക്കവാറും ചാനലുകളും ഇങ്ങനെ ഓരോ സിനിമകള്‍ സംപ്രേഷണം ചെയ്യാറുണ്ടല്ലോ, പിന്നെന്താണ് എന്നു ചോദിച്ചാല്‍, പടയോട്ടം എന്ന സിനിമയുടെ ഒരേയൊരു കോപ്പി ഇന്നു ഭൂമിയില്‍ സ്വന്തമായുള്ളത് സൂര്യ ടിവിയുടെ പക്കലാണ് എന്നതു കൊണ്ടു തന്നെ.

നവോദയ നിര്‍മിച്ച സിനിമകളില്‍ ഡിജിറ്റലൈസ് ചെയ്ത് ഹോം വിഡിയോ റൈറ്റ് നല്‍കാത്ത രണ്ടു ചിത്രങ്ങളില്‍ ഒന്നാണ് അപ്പച്ചന്റെ മകനായ ജിജോ ആദ്യമായി സംവിധാനം ചെയ്ത ‘പടയോട്ടം’. മറ്റൊന്ന് ഫാസില്‍ രണ്ടാമത് സംവിധാനം ചെയ്ത ധന്യ. എന്നാല്‍ അക്കാലത്ത് ഗള്‍ഫ് പ്രേക്ഷകര്‍ക്കായി സിനിമയുടെ ഏതാനും വിഎച്ച്എസ് കസെറ്റ് പ്രിന്റുകള്‍ പുറത്തിറക്കിയിരുന്നു. തീര്‍ന്നു.JiJo Punnoose ഇതിനപ്പുറം ഈ സിനിമ കുടുംബപ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തിയിട്ടില്ല. പിന്നീട് സിനിമയുടെ റൈറ്റ് വാങ്ങിയ സൂര്യ ടിവി സിനിമ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്കു മാറ്റി. നവോദയയുടെ സ്വന്തം പ്രിന്റ് ഉപയോഗശൂന്യമാവുകയും ചെയ്തതോടെ നിലവില്‍ പടയോട്ടം എന്ന സിനിമയുടെ ഒറിജിനല്‍ പ്രിന്റ് ഉള്ളത് സൂര്യ ടിവി ലൈബ്രറിയില്‍ മാത്രമാണെന്നു പറയാം.

പണ്ടിറങ്ങിയ വിഎച്ച്എസ് പ്രിന്റിന്റെ കോപ്പികള്‍ ഭൂമുഖത്തെവിടെയെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ ആരെങ്കിലും കണ്‍വേര്‍ട്ട് ചെയ്ത് എടുത്തിട്ടുണ്ടോ എന്നും അറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും ആ സിനിമ നിലവാരമുള്ള ഒരു കാഴ്ചയ്ക്ക് ഇനി ലഭ്യമാവുകയില്ല എന്നതുറപ്പാണ്.

നാളെ വൈകിട്ട് 11.30 ന് സൂര്യ ടിവി പടയോട്ടം സംപ്രേഷണം ചെയ്യുന്നതു പോലും അക്കാലത്ത് സിനിമ തിയറ്ററില്‍ ആസ്വദിച്ച പതിനഞ്ചും ഇരുപതും തവണ വരെ സിനിമ കണ്ട ഒരു സംഘം പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചാണെന്നത് ശ്രദ്ധേയമാണ്. ഒരു സിനിമ കാലാതിവര്‍ത്തിയാകുന്നത് ഇങ്ങനെയാണ് അല്ലെങ്കില്‍ ഇങ്ങനെയാവണം എന്നു തോന്നുന്നു. പടയോട്ടം എന്ന സിനിമ ഇന്റര്‍നെറ്റിലെവിടെയും ഡൌണ്‍ലോഡിങ്ങിനു ലഭ്യമല്ല. എന്നാല്‍ ഭാരത് മൂവീസില്‍ സിനിമ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന് ലഭ്യമാണ്. 70 എംഎം, സിക്സ് ട്രാക്ക് ഓഡിയോ സംവിധാനമികവുള്ള സിനിമ തിയറ്ററില്‍ ഇനി കാണാനൊക്കുമോ എന്നത് സംശയമാണ്. നവോദയയുടെ ഉപയോഗശൂന്യമാവാതിരിക്കട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.
[smartads]
കേരളത്തിലെ പ്രധാന സെന്ററുകളിലെല്ലാം അന്നു സിനിമ റിലീസ് ചെയ്തിരുന്നെങ്കിലും നാലു തിയറ്ററുകളില്‍ മാത്രമാണ് 6 ട്രാക്ക് സംവിധാനം ഉണ്ടായിരുന്നത്. തിരുവനന്തപുരം ശ്രീധര്‍, കോഴിക്കോട് അപ്സര, തൃശൂര്‍ ഗീത, എറണാകുളം ഷേണായീസ്. അന്നാദ്യമായി തങ്ങള്‍ക്കു ചുറ്റും ഓടിയെത്തുന്ന കുതിരക്കുളമ്പടി കേട്ട് പ്രേക്ഷകര്‍ അമ്പരന്നു. കാല്‍പനിക, ബുദ്ധീജീവി സിനിമകള്‍ ആശയങ്ങള്‍ കൊണ്ടു നമ്മെ വിസ്മയിപ്പിച്ചപ്പോള്‍ സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ കൊണ്ട് വലിയ ക്യാന്‍വാസില്‍ പറഞ്ഞ കഥകള്‍ കൊണ്ട് പുതിയ സങ്കേതങ്ങള്‍കൊണ്ട് ലോകസിനിമയ്ക്കൊപ്പം നില്‍ക്കുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജിജോ. സംവിധാനം ചെയ്തത് രണ്ടേ രണ്ടു സിനിമ. രണ്ടാമത്തേത് മൈഡിയര്‍ കുട്ടിച്ചാത്തന്‍. രണ്ടും ചരിത്രം സൃഷ്ടിച്ചു.

Lakshmi അലക്സാണ്ടര്‍ ഡുമാസിന്റെ ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റോ എന്ന നോവലിന്റെ ആധാരമാക്കി ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത സിനിമയാണ് പടയോട്ടം. ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റോയുടെ വിവിധ വേര്‍ഷനുകള്‍ ഹോളിവുഡില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇവയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ജിജോ സംവിധാനം ചെയ്ത പടയോട്ടം ആണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. സിനിമയിലെ താരനിരകൂടി ശ്രദ്ധിക്കൂ- പ്രേം നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മധു, ശങ്കര്‍, തിക്കുറിശ്ശി, കുതിരവട്ടം പപ്പു, ഗോവിന്ദന്‍കുട്ടി, അച്ചന്‍കുഞ്ഞ്, നെല്ലിക്കോട് ഭാസ്കരന്‍, ആലുംമൂടന്‍, ലക്ഷ്മി, പൂര്‍ണിമ ജയറാം, സുകുമാരി. തിരക്കഥയും സംഭാഷണവും രചിച്ചതും ഗോവിന്ദന്‍കുട്ടി തന്നെ. ഛായാഗ്രഹണം രാമചന്ദ്രബാബു, കലാസംവിധാനം കെ.ശേഖര്‍, എഡിറ്റിങ് ശേഖര്‍, ഗാനങ്ങള്‍ കാവാലം, സംഗീതം ഗുണസിങ്.