തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടില്‍ റെയ്‍ഡ് നടത്തിയത് ദോഷമുണ്ടാക്കുമെന്ന് വിധി

സൂപ്പര്‍ സ്റ്റാര്‍ കുട്ടപ്പന്റെയും മെഗാ സ്റ്റാര്‍ തങ്കപ്പന്റെയും വീടുകളില്‍ റെയ്‍ഡ് നടത്തുകയും അവരുടെ ബയോ മെട്രിക് അറകള്‍ തുറന്നു പരിശോധിക്കുകയും ചെയ്തത് സിനിമയ്‍ക്കും കേരള സംസ്കാരത്തിനും ദോഷമുണ്ടാക്കുമെന്നു പ്രമുഖ മഷിനോട്ടക്കാരനായ ഇരിങ്ങാലക്കുട നിഷ്കളങ്കന്‍ നന്വൂതിരി പറഞ്ഞു. റെയ്‍ഡ് മലയാള സിനിമയ്‍ക്കു മാത്രമല്ല, കോളിവുഡ് ബോളിവുഡ് ചലച്ചിത്രവ്യവസായത്തെയും ഹോളിവുഡിനെപ്പോലും തകര്‍ക്കുമെന്നും മഷിനോട്ടത്തില്‍ കണ്ടതായി നിഷ്കളങ്കന്‍ നമ്പൂതിരി വ്യക്തമാക്കി. ലണ്ടനില്‍ കലാപമുണ്ടായതും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴെപ്പോയതും റെയ്‍ഡിന്റെ അനന്തരഫലമായി സംഭവിച്ച ദൈവകോപത്താലാണെന്നും അത് അനര്‍ഥങ്ങളുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ആദായനികുതി നിയമവും ഭരണഘടനയും എന്തായാലും അത് ഒരിക്കലും ദൈവതീരുമാനത്തെക്കാള്‍ വലുതല്ല. തങ്കപ്പനും കുട്ടപ്പനും ഈശ്വരാവതാരങ്ങളാണെന്നാണ് മഷിനോട്ടത്തില്‍ കണ്ടത്. ഫാന്‍സ് അസോസിയേഷനുകള്‍ എന്നു വിശേഷിപ്പിക്കുന്നത് അവരുടെ ഭക്തസമൂഹമാണ്. സമൂഹത്തില്‍ ഊശ്വരചൈതന്യം പ്രചരിപ്പിക്കാന്‍ സിനിമ ഒരു മാധ്യമമാക്കുന്നത് കൊണ്ട് അവര്‍ ഈശ്വരന്‍മാരല്ലാതെ ആകുന്നില്ല.തങ്കപ്പനും കുട്ടപ്പനും ഈശ്വരന്‍മാരാണെന്നു മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് വര്‍ത്തമാനകാല കേരളസമൂഹത്തിന്റെ ശാപമെന്നും അദ്ദേഹം പറഞ്ഞു. മഷിനോട്ടത്തിനു ശേഷം അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍.

തങ്കപ്പന്റെയും കുട്ടപ്പന്റെയും നിധിയില്‍ സ്പര്‍ശിച്ചത് ദേവലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. തങ്ങളുടെ ഭൂമിയിലെ പ്രതിനിധികളെ ഇന്ത്യന്‍ സര്‍ക്കാര്‍ അവഹേളിച്ചു എന്ന നിലയ്‍ക്കാണ് അവര്‍ പ്രശ്നം എടുത്തിരിക്കുന്നത്.ഇത് കേരളത്തിനുള്ള പ്രത്യേക ദൈവാനുഗ്രഹം ഇല്ലാതാക്കിയിട്ടുണ്ട്. തങ്കപ്പന്റെയും കുട്ടപ്പന്റെയും സാന്നിധ്യമാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളത്തിനു നല്‍കിയത്. അവരുടെ നിധിയില്‍ കൈവച്ചതോടെ ഉണ്ടായ ദൈവകോപത്തിന്റെ ഫലമായി ആ ടൈറ്റില്‍ ദൈവം തന്നെ പിന്‍വലിച്ചിരിക്കുകയാണ്. ഇന്ത്യയ്‍ക്കുള്ള ദൈവാനുഗ്രഹം കുറയാനും ഇത് കാരണമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായത് റെയ്‍ഡിനെ തുടര്‍ന്നുണ്ടായ ദൈവകോപത്തിന്റെ ഫലമായാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും തീര്‍ന്നു എന്നല്ല, എല്ലാം തുടങ്ങിയിട്ടേയുള്ളൂ.

റെയ്‍ഡ് നടത്താന്‍ തീരുമാനിച്ച ആദായനികുതി ഉദ്യോഗസ്ഥന്റെ വീട്ടിലെ വേലക്കാരിയ്ക്ക് ഒരാഴ്ചയായി പനിയാണ്. ദേഹമാകെ പൊങ്ങിയിട്ടുമുണ്ട്. റെയ്‍ഡില്‍ പങ്കെടുത്ത പല ഉദ്യോഗസ്ഥര്‍ക്കും കുറെ ദിവസമായി പൊങ്ങിയിരിക്കുകയാണ്. തങ്കപ്പനും കുട്ടപ്പനുമെതിരായി വാര്‍ത്തയെഴുതിയ പത്രങ്ങളുടെ പ്രചാരത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ തന്നെ വലിയ ഇടിവുണ്ടായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും ഇതിന്റെ ഫലമായുള്ള അനര്‍ഥങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. റെയ്‍ഡിനെ അനുകൂലിച്ചും തങ്കപ്പനെയും കുട്ടപ്പനെയും ആക്ഷേപിച്ചും ചര്‍ച്ചകള്‍ നടത്തിയ ഒട്ടേറെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലണ്ടനില്‍ കലാപം പൊട്ടിപ്പുറപ്പെടാനും തങ്കപ്പന്റെയും കുട്ടപ്പന്റെയും സിനിമകള്‍ ടൊറന്റില്‍ ഡൗണ്‍ലോഡ് ചെയ്തു കാണുന്ന മലയാളികളുള്ള അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴെപ്പോകാനും ഈ ദൈവകോപമാണ് കാരണം.

ദൈവകോപം നേരിട്ട് ബാധിക്കുന്നത് മലയാള സിനിമയെ ആയിരിക്കുമെന്നതിനാല്‍ ഈ വര്‍ഷം ഇനി ഹിറ്റുകളൊന്നും ഉണ്ടാകില്ല എന്നും ഇംഗ്ളിഷും അഹങ്കാരവും കൈമുതലായുള്ള താരങ്ങള്‍ ഫീല്‍ഡ് ഔട്ട് ആവുക പോലും ചെയ്യുമെന്നും മഷിനോട്ടത്തില്‍ കണ്ടെത്തിയതായി നിഷ്കളങ്കന്‍ നമ്പൂതിരി അറിയിച്ചു. തങ്കപ്പന്റെയും കൂട്ടപ്പന്റെയും ഫാന്‍സ് അസോസിയേഷനുകള്‍ക്ക് കേരളസമൂഹത്തില്‍ വേണ്ടത്ര അംഗീകാരവും ആദരവും കിട്ടാത്തതും ഈശ്വരകോപത്തിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈശ്വരകോപം ഉണ്ടായിട്ടുണ്ടെങ്കിലും അത് ശാപമായി പരിണമിച്ചിട്ടാല്ലത്തിനാല്‍ ഇനിയും പശ്ചാത്താപത്തിലൂടെയും പരിഹാരത്തിലൂടെയും വന്‍നാശം ഒഴിവാക്കാനാകുമെന്ന് നിഷ്കളങ്കന്‍ നമ്പൂതിരി വ്യക്തമാക്കി.റെയ്‍ഡ് നടത്തിയ ആദായനികുതി വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ളതായതിനാല്‍ പ്രധാനമന്ത്രി നേരിട്ട് തങ്കപ്പന്റെയും കുട്ടപ്പന്റെയും സന്നിധിയിലെത്തി മാപ്പപേക്ഷിക്കുകയാണ് അടിയന്തരമായി വേണ്ടത്. ഇരുവരുടെയും പേരില്‍ സര്‍ക്കാര് ചെലവില്‍ തന്നെ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചും ശാപമേല്‍ക്കാനാഗ്രഹിക്കാത്തവര്‍ ഫാന്‍സ് അസോസിയേഷനുകളില്‍ അംഗങ്ങളായി ഇനി മുതല്‍ ഇറങ്ങുന്ന അവരുടെ എല്ലാ സിനിമകളും 100 വട്ടം വീതം കാണുകയും രാജ്യത്തിന്റെ എല്ലാ നിയമങ്ങളുടെയും പരിധിയില്‍ നിന്ന് അവരെ ഒഴിവാക്കി രാഷ്ട്രപിതാവിനു തുല്യമായ സ്ഥാനത്ത് അവരെ പ്രതിഷ്ടിക്കുകയും ചെയ്യുന്നതിലൂടെ ഇതുമൂലമുണ്ടാകാനിരിക്കുന്ന നാശം ഒഴിവാക്കാനാകുമെന്നും ഇരിങ്ങാലക്കുട നിഷ്‍കളങ്കന്‍ നമ്പൂതിരി അറിയിച്ചു.

വെറും രണ്ട് സൂപ്പര്‍ താരങ്ങളല്ല തങ്കപ്പനും കുട്ടപ്പനും. ലോകത്തിന്റെ ബാലന്‍സ് തന്നെ നിലനില്‍ക്കുന്നത് ഇവരുടെ നിലനില്‍പിലാണ്. അതുകൊണ്ട് തന്നെ ഇവരുടെ നാശം ലോകത്തിന്റെ തന്നെ നാശത്തിനു കാരണമായിത്തീരും.ഭൂകമ്പങ്ങളും സൂനാമിയും മറ്റും ഉണ്ടാകുന്നത് ഇവരുടെ മനസ്സ് വിഷമിക്കുമ്പോഴാണ്. റെയ്‍ഡിനെ തുടര്‍ന്ന് അവരുടെ മനസ്സ് കലുഷിതമായതാണ് കേരളത്തില്‍ തുടര്ച്ചയായി മഴ പെയ്യാന്‍ കാരണമായത്.

ഇതെത്തുടര്‍ന്നുള്ള ഈശ്വരകോപത്തിന്റെ ഫലമായി മന്‍മോഹന്‍സിങ്ങിനും ഉമ്മന്‍ ചാണ്ടിക്കും അധികാരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഭാരതരത്ന പോലുള്ള ബഹുമതികള്‍ നല്‍കി ഇവരെ പ്രീതിപ്പെടുത്തിയും കുമാര്‍ കോഴിക്കോടിനെപ്പോലെയുള്ള അസുരജന്മങ്ങളെ തൂക്കിലേറ്റിയും സര്‍വനാശത്തില്‍ നിന്നു രാജ്യത്തെയും ലോകത്തെയും രക്ഷിക്കാന്‍ ഇനിയും അവസരമുണ്ട്. തങ്കപ്പനെയും കുട്ടപ്പനെയും മനുഷ്യരായി കണ്ടുകൊണ്ടുള്ള പ്രതികരണങ്ങള്‍ അവസാനിപ്പിച്ച് അവരെ ദൈവങ്ങളായി കണ്ട് ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും ലോകം തയ്യാറാവുന്നെങ്കില്‍ മാത്രമേ തുടര്‍ ചര്‍ച്ചകള്‍ക്കും മഷിനോട്ടത്തിനും അര്‍ഥമുള്ളൂ എന്നും അല്ലെങ്കില്‍ വെറുതെ മഷി വേസ്റ്റാക്കാമെന്നല്ലാതെ വേറെ ഗുണമൊന്നുമുണ്ടാവില്ലെന്നും നിഷ്‍കളങ്കന്‍ നമ്പൂതിരി അടിവരയിട്ടു പറഞ്ഞു.

ഇവിടുത്തെപ്പോലെ അവിടെയും

തെന്നിന്ത്യന്‍ സിനിമയില്‍ മൊത്തത്തില്‍ കഷ്ടകാലമാണെന്നു തോന്നുന്നു. മലയാളത്തില്‍ മാത്രം പ്രതിസന്ധിയും തമിഴിലും തെലുങ്കിലും വച്ചടി വച്ചടി കയറ്റവുമാണെന്നു കരുതിയിരുന്ന പാവം പ്രേക്ഷകര്‍ക്കു തെറ്റി. അവിടെയും മാന്ദ്യമാണ് സൂപ്പര്‍ ഹിറ്റ്. പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ പുതിയ വഴികള്‍ തേടുന്ന തമിഴ്, തെലുങ്ക് സിനികള്‍ അമ്മയും ഫെഫ്കയും ഫിലിം ചേബറും കാട്ടിക്കൊടുത്ത പാഠങ്ങള്‍ പിന്‍തുടരുകയാണ്. നല്ല സിനിമകളുണ്ടാവുന്നില്ലെങ്കിലും ആവേശകരമായ സംഭവങ്ങളുടെ പരമ്പരയാണ് മലയാള സിനിമയില്‍. വിലക്കുകളും സമരങ്ങളും കടുത്ത അച്ചടക്കനടപടികളും നടപ്പിലാക്കിയിട്ടും ഗതിപിടിക്കാത്ത മലയാള സിനിമയുടെ വഴിയേയാണ് തെലുങ്കും.

എല്ലാ പ്രതിസന്ധിക്കും കാരണം, സൂപ്പര്‍താരങ്ങളുടെ അമിത പ്രതിഫലവും അമിതമായ നിര്‍മാണച്ചലെവും ആണെന്നു കണ്ടെത്തിയ തെലുങ്കിലെ നിര്‍മാതാക്കള്‍ സിനിമയുടെ നിര്‍മാണച്ചലെവു കുറയ്ക്കുന്നതിനുള്ള അച്ചടക്കനടപടികള്‍ ആവിഷ്കരിച്ചിരിക്കുകയാണ്. സംവിധായകരുടെയും താരങ്ങളുടെയും പ്രതിഫലം കുറയ്ര്‍ക്കുന്നതുള്‍പ്പെടെയുള്ള ചെലവുചുരുക്കല്‍ നടപടികളാണ് തെലുങ്കില്‍ തുടക്കം കുറിച്ചിരിക്കുന്നത്. എങ്കിലും എല്ലാം കൂടി നോക്കുമ്പോള്‍ നിബന്ധനകള്‍ പലതും മലയാള സിനിമയില്‍ നിന്നു കോപ്പിയടിച്ചതാണെന്നു കാണാം. കോപ്പിയടിക്കാന്‍ കൊള്ളാവുന്ന സിനിമകള്‍ ഉണ്ടാവുന്നില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ കോപ്പിയടിക്കുന്നതോര്‍ത്തെങ്കിലും മലയാളംപുളകം കൊള്ളട്ടെ!

തെലുങ്ക് സിനിമയിലെ പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ ആണ് സിനിമയുടെ നിര്‍മാണച്ചെലവ് കുറയ്ര്‍ക്കുന്നതിനുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സിനിമയയുടെ മൊത്തം നിര്‍മാണച്ചെലവിന്റെ 60 ശതമാനവും താരങ്ങളുടെ പ്രതിഫലമാണെന്ന കണ്ടെത്തലാണ് നിര്‍മാതാക്കളെ ചൂടുപിടിപ്പിച്ചിരിക്കുന്നത്. ജൂണിയര്‍ എന്‍ടിആറിന്റെ ഒരു സിനിമയിലെ പ്രതിഫലം 10 കോടിയാണത്രെ. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒറ്റ സിനിമ പോലും റിലീസ് ചെയ്യാത്ത മഹേഷ്ബാബു പോലും അഞ്ചു മുതല്‍ ഏഴു കോടി രൂപ വരെയാണ് പ്രതിഫലം ചോദിക്കുന്നതെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ മലയാളത്തില്‍ ഒരു സൂപ്പര്‍താര സിനിമയുടെ നിര്‍മാണച്ചെലവ് നാലു കോടി മുതല്‍ ആറു കോടി രൂപവരെയാകുമ്പോള്‍ സൂപ്പര്‍ അല്ലാത്ത താരത്തെ വച്ച് തെലുങ്കില്‍ ഒരു പടം പിടിക്കുന്നതിനു ചെലവ് 20 കോടിയാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ നടിമാരും പിന്നിലല്ല. മലയാളത്തില്‍ ഒരു മുന്‍നിര നായികയ്ര്‍ക്ക് 20 ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുമ്പോള്‍ തെലുങ്കില്‍ നയന്‍താര ഒരു കോടി രൂപ വരെ പ്രതിഫലം വാങ്ങിയിട്ടുണ്ട്.

താരങ്ങള്‍ക്കു മാത്രമല്ല, തെലുങ്കില്‍ സംവിധായകര്‍ക്കും ചിലയിനം സംഗീതസംവിധായകര്‍ക്കും വില കൂടുതലാണ്. രാജ്മൌലിയെയും പുരി ജഗന്നാഥിനെയും പോലുള്ള പ്രമുഖ സംവിധായകര്‍ പലരും മൂന്നു-കോടി മുതല്‍ അഞ്ചു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നവരാണ്. 25 കോടിയും 30 കോടിയുമൊക്കെ മുടക്കി നിര്‍മിക്കുന്ന പടങ്ങള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി ഒാടിയാല്‍ പോലും ബീഡി വാങ്ങാനുള്ള കാശുപോലും കിട്ടില്ല എന്നു നിര്‍മാതാക്കള്‍ തന്നെ പറയുന്നു. ഒരു പടം ശരാശരി ഹിറ്റായാല്‍പ്പോലും കാശു പോകുമെന്നുറപ്പായിരിക്കുമ്പോള്‍ എട്ടുനിലയില്‍ പൊട്ടിയാലത്തെ അവസ്ഥ പറയേണ്ടതുണ്ടോ എന്നു നിര്‍മാതാക്കള്‍ തന്നെ ചോദിക്കുന്നു.

താരങ്ങളുടെ പ്രതിഫലത്തിനു പുറമെ നിര്‍മാണച്ചെലവു കുറയ്ര്‍ക്കുന്നതിനും നിര്‍മാതാക്കള്‍ മുന്നോട്ടു വയ്ര്‍ക്കുന്ന നിര്‍ദേശങ്ങള്‍ കേരളത്തിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അവതരിപ്പിച്ചതു തന്നെയാണ്. മൂന്നര കോടി രൂപയ്ര്‍ക്കുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുക, 45 ദിവസത്തിനുള്ളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കുക, ഷൂട്ടിങ്ങിനുള്ള ഫിലിമിന്റെ ഉപയോഗം 60,000 അടിക്കുള്ളില്‍ നിര്‍ത്തുക തുടങ്ങിയവയാണ് മലയാളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ നിര്‍മാണച്ചെലവ് പരിധിയൊഴികെയുള്ള രണ്ടു നിര്‍ദേശങ്ങളും തെലുങ്കിലും അവതരിപ്പിച്ചിട്ടുണ്ട്.

ഫിലിം ഉപയോഗം 60,000 അടിയാക്കി കുറയ്ര്‍ക്കുന്നതും ഷൂട്ടിങ് ദിവസങ്ങള്‍ 45 ആക്കി കുറയ്ര്‍ക്കുന്നതുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളോട് മറ്റു ചിലര്‍ക്ക് എതിര്‍പ്പാണെന്നു കേള്‍ക്കുന്നു. അടുത്തിടെ ഒരു നവാഗതസംവിധായകന്റെ സിനിമയ്ക്ക് ഉപയോഗിച്ചത് മൂന്നേകാല്‍ ലക്ഷം അടി ഫിലിം ആണ്. ഇതാണ് രണ്ടരമണിക്കൂര്‍ സിനിമയാവുമ്പോള്‍ വെട്ടി വെട്ടി 13,300 അടിയായി കുറയ്ര്‍ക്കുന്നതെന്നോര്‍ക്കണം.

ബോക്സ് ഒാഫിസില്‍ തകര്‍ന്നു വീണ ഒരു സിനിമയിലെ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സീക്വന്‍സ് ചിത്രീകരിക്കാന്‍ മാത്രം 65 ദിവസമെടുത്തു. മിക്ക സിനിമകളും മാസങ്ങള്‍ കൊണ്ടാണ് ചിത്രീകരിക്കുന്നത്. ഇതാണ് 45 ദിവസമാക്കി ചുരുക്കാന്‍ ആലോചിക്കുന്നത്. മലയാളത്തില്‍ 60-70 ദിവസത്തിനുള്ളില്‍ മിക്ക സിനിമളും തീരുന്നുണ്ട്. ഇൌയടുത്ത കാലത്ത് 90 ഉം 100ഉം ദിവസങ്ങള്‍ ചിത്രീകരിച്ച ചില സിനിമകളും വന്നിരുന്നു. എങ്കിലും അത് 45 ദിവസമാക്കാന്‍ പ്രയാസമില്ല. എന്നാല്‍, തെലുങ്കില്‍ ഇതൊക്കെ എങ്ങനെ നടപ്പാവുമെന്നു കണ്ടറിയണം.

മാന്ദ്യത്തിനു മാറ്റു കൂട്ടാനെന്നോണം ഐപിഎല്‍ ആണ് വെയിലാണ് എന്നൊക്കെ പറഞ്ഞ പ്രേക്ഷകര്‍ തിയറ്ററിലേക്കും വരുന്നില്ലെന്നും പരാതിയുണ്ട്. പ്രതിവര്‍ഷം 120 സിനിമകള്‍ നിര്‍മിക്കുന്ന തെലുങ്കില്‍ വിജയിക്കുന്നവ രണ്ടു ശതമാനം മാത്രമാണെന്നാണ് കണക്ക്. ചിലത് തട്ടിയും മുട്ടിയും ഒാടും. 90 ശതമാനം സിനിമകളും അമ്പേ പരാജയപ്പെടുകയാണത്രെ. നിര്‍മാണച്ചെലവിനു പുറമെ പരസ്യത്തിനും തെലുങ്കില്‍ വന്‍തുക ചെലവാക്കുന്നുണ്ട്. മലയാളത്തില്‍ സിനിമകളുടെ പരസ്യത്തിനു പണ്ടേ നിയന്ത്രണമുണ്ട്.

തമിഴില്‍ സിനിമയുടെ രക്ഷാപ്രവര്‍ത്തനവുമായിറങ്ങിയിരിക്കുന്നത് വിതരണക്കാരാണ്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയവയില്‍ 90 ശതമാനവും പൊളിഞ്ഞു എന്നു പറയുന്ന വിതരണക്കാര്‍ പൊളിഞ്ഞ സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം അതേ നിര്‍മാതാവിനു വേണ്ടി കുറഞ്ഞ പ്രതിഫലത്തില്‍ മറ്റൊരു സിനിമ കൂടി ചെയ്യാന്‍ തയാറാകണമെന്നും ആ സിനിമാ നിര്‍മാതാവ് അതേ വിതരണക്കാരനു നല്‍കണമെന്നും നിര്‍ദേശിക്കുന്നു. 10 വര്‍ഷം മുമ്പ് 2000 തിയറ്ററുണ്ടായിരുന്ന തമിഴില്‍ ഇന്നു പകുതിയോളമെ ബാക്കിയുള്ളൂ എന്നും സത്വരനടപടികള്‍ക്കു തയാറാവേണ്ടതിന്റെ കാരണമായി വിതരണക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്തായാലും പ്രതിസന്ധി മലയാളത്തില്‍ മാത്രമല്ല എന്നത് പ്രശ്നത്തിന്റെ ഗൌരവവും പരിഹാരത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. മലയാളമായാലും തമിഴായാലും തെലുങ്കായാലും താരങ്ങളുടെ പ്രതിഫലം തന്നെയാണ് പ്രതിസന്ധി എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

പ്രതിഫലം കുറച്ച് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചാലും സൂപ്പര്‍ താരങ്ങള്‍ക്ക് വരുമാനം നിലനിര്‍ത്തിക്കൂടേ എന്നു ചോദിക്കുന്നു ചിലര്‍. കൂടുതല്‍ നല്ല സിനിമകള്‍ കുറഞ്ഞ ചെലവില്‍ ഇറക്കാന്‍ കഴിഞ്ഞാല്‍ സിനിമാ വ്യവസായത്തിന് ഇപ്പോള്‍ ഏറ്റവും ആശ്വാസകരമായിരിക്കും അത്.

പ്രേക്ഷകശ്രീ കപ്പാട് ശശാങ്കന്‍

മലയാള സിനിമയ്ക്ക് പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ പ്രത്യേകസംഭാവനകളും സിനിമയുടെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ടി നടത്തിയിട്ടുള്ള ത്യാഗങ്ങളും പോരാട്ടങ്ങളും പരിഗണിച്ച് തവളപിടിത്തക്കാരനായ കപ്പാട് ശശാങ്കന് പ്രേക്ഷകശ്രീ പുരസ്കാരം നല്‍കാനും പൊന്നാട അണിയിച്ച് അദരിക്കാനും ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘനകളുടെ ഏകോപനസമിതിയോഗം തീരുമാനിച്ചു. ഈ വര്‍ഷം ഇറങ്ങിയ എല്ലാ മലയാള സിനിമകളും തിയറ്ററില്‍ മുഴുവന്‍ സമയവും ഇരുന്ന് കണ്ടയാളെന്ന നിലയില്‍ ശശാങ്കനെ ധീരതയ്ക്കുള്ള അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യാനും തീരുമാനമായി.

ശശാങ്കന്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ മലയാള സിനിമയുടെ റൌഡി വര്‍ധിപ്പിച്ചെങ്കിലും പ്രമാണി, താന്തോന്നി, ജനകന്‍ എന്നീ സിനിമകള്‍ കണ്ട ഒരേയൊരാള്‍ എന്ന നിലയ്ക്കാണ് ശശാങ്കനെ ആദരിക്കുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പും ഭീഷണിയും വകവയ്ക്കാതെയാണ് ശശാങ്കന്‍ ഈ മുന്നു സിനിമകളും കണ്ടത് എന്നത് ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിനു കാരണമായി.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ ഉള്‍പ്പെടുത്തി ശശാങ്കന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുമെന്ന് ഓള്‍ കേരള തിയറ്റര്‍ ഓപ്പറേറ്റേഴ്സ് അസോസിയേന്‍ വ്യക്തമാക്കി. ഇനിയിറങ്ങാനിടയുള്ള സിനിമകളുടെ ടൈറ്റിലില്‍ ശശാങ്കന് നന്ദി എഴുതിക്കാണിക്കമെന്നും ഇത് ശശാങ്കനെപ്പോലെ കൂടുതല്‍ ആളുകളെ തിയറ്ററിലേക്ക് ആകര്‍ഷിക്കുമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

തന്റെ നേട്ടത്തെപ്പറ്റി ശശാങ്കന്‍ ബെര്‍ളിത്തരങ്ങളോടു പറഞ്ഞത്: ”സത്യത്തില്‍ ഇത്ര വലിയ ഒരു കാര്യമാണ് ഞാന്‍ ചെയ്തതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്, എന്നാല്‍ അവാര്‍ഡിനു വേണ്ടിയല്ല ഞാന്‍ സിനിമകള്‍ കണ്ടത്. ചെറുപ്പം മുതല്‍ സിനിമകള്‍ കാണുമായിരുന്നു. നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എട്ടു കിലോമീറ്റര്‍ ദൂരെയുള്ള തിയറ്ററില്‍ ഓട്ടോ പിടിച്ചു പോയി ഞാന്‍ അവളുടെ രാവുകള്‍ കണ്ടിട്ടുണ്ട്. പിന്നെ, മമ്മൂട്ടിയും മോഹന്‍ലാലും വന്നതില്‍ പിന്നെ അവരുടെ എല്ലാ സിനിമകളും കണ്ടു തുടങ്ങി. അതങ്ങനെ ഒരു ശീലമായി. ഇതിപ്പോള്‍ ഈയിടെയിറങ്ങിയ പ്രമാണി, താന്തോന്നി, ജനകന്‍ എന്നീ സിനിമകള്‍ മുഴുവനും കണ്ടതിനാണ് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. ആ സിനിമകള്‍ കാണാന്‍ പോകുമ്പോള്‍ തന്നെ അടുത്ത സുഹൃത്തുക്കള്‍ തടഞ്ഞിരുന്നു. പക്ഷെ, അതൊന്നും വക വയ്ക്കാതെയാണ് ഞാന്‍ സിനിമകള്‍ കണ്ടത്.”

ശശാങ്കന്റെ നേട്ടത്തെപ്പറ്റി ഭാര്യ പറയുന്നത്: ”ചേട്ടന്‍ തിയറ്ററില്‍ പോയി ഈ സിനിമയൊക്കെ കണ്ടിട്ടു വരുമ്പോള്‍ ഞാനാണ് എന്നും കട്ടന്‍കാപ്പി തിളപ്പിച്ചു കൊടുക്കാറുള്ളത്. തിയറ്ററില്‍ പോയി ചേട്ടന്‍ എന്താണ് കാണുന്നതെന്ന് ഞാനിപ്പോള്‍ അന്വേഷിക്കാറില്ല. ചേട്ടനിപ്പോള്‍ അവാര്‍ഡ് കിട്ടിയിരിക്കുന്ന ആ സിനിമകള്‍ കണ്ടിട്ടു വന്ന ദിവസം ഒന്നും മിണ്ടാതെ കയറി കിടക്കുകയായിരുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ എന്നോടൊന്നും ചോദിക്കരുത് എന്നു മാത്രമാണ് പറഞ്ഞത്. ഇതിനു മുമ്പ് സാഗര്‍ എലിയാസ് ജാക്കി, മായാബസാര്‍, ആഗതന്‍ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടു വന്നപ്പോഴാണ് ചേട്ടനെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളത്. പിന്നെ കുറെ ദിവസം ചേട്ടന്‍ വീട്ടില്‍ തന്നെയിരുന്ന് സാഗര്‍ എലിയാസ് ജാക്കിയുടെയും മായാബസാറിന്റെയും സിഡികള്‍ പലതവണ മാറി മാറി കാണും. അങ്ങനെയാണ് നോര്‍മലാകുന്നത്”

ശശാങ്കന്റെ നേട്ടത്തെപ്പറ്റി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്:”ശശാങ്കനെപ്പോലുള്ള 1000 പേരുണ്ടായിരുന്നെങ്കില്‍ ഇവിടെ മലയാള സിനിമകള്‍ വിജയിച്ചേനെ എന്നാണ് എനിക്കു തോന്നുന്നത്. ഞാന്‍ ഒരിക്കല്‍ നമ്മുടെ കവിത തിയറ്ററില്‍ എലിപ്പനി ബോധവല്‍ക്കരണ സ്ലൈഡ് കൊടുക്കാന്‍ പോയപ്പോള്‍ അവിടെ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമ കളിക്കുന്നു. സിനിമ തീരാറായ സമയം. തിയറ്ററിനുള്ളില്‍ ശശാങ്കന്‍ മാത്രം. ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നു. എന്നാല്‍ അതൊന്നുമല്ല എന്നെ അദ്ഭുതപരതന്ത്രനാക്കിയത്. സിനിമ കഴിഞ്ഞതും ശശാങ്കന്‍ സീറ്റില്‍ നിന്ന് എണീറ്റ് നിന്ന് രണ്ട് മിനിട്ട് കയ്യടിച്ച ശേഷം മെത്രാനച്ചന്റെ മോതിരം മുത്തിയേച്ചു പോകുന്ന കന്യാസ്ത്രീയെപപ്പോലെ വിനയത്തോടെ പുറത്തേക്കു നടക്കുന്നു. ബാലചന്ദ്രമേനോനെങ്ങാനും കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് രണ്ടു കവിളിലും ഓരോ കടിയങ്ങു വചച്ചു കൊടുത്തേനെ”

മലയാള സിനിമയുടെ രക്ഷയ്ക്ക് പ്രേക്ഷകരെ തിയറ്ററിലെത്തിക്കുക എന്നതല്ലാതെ മറ്റു വഴികളില്ലാത്തിനാല്‍ തിയറ്ററില്‍ എത്തുന്നവര്‍ക്ക് സൌജന്യമായി ഉച്ചഭക്ഷണം, കുട്ടികള്‍ക്ക് ഐസ്്ക്രീം എന്നിവ വിവിധ സ്ഥാപനങ്ങളെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാന്‍ നിര്‍ദേശം വന്നിട്ടുണ്ട്. എന്നാല്‍, ശശാങ്കന്‍ ഉള്‍പ്പെടെ മലയാള സിനിമ കാണാന്‍ തിയറ്ററുകളിലെത്തുന്നവര്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇതുവരെ പരിഗണിച്ചിട്ടില്ല. അതേ സമയം, ചില തിയറ്റര്‍ ഉടമകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായി തിയറ്ററില്‍ മദ്യം വിളമ്പുന്നതിനെതിരെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

‘അമ്മ’ പ്രസിഡന്‍റിന് ഒരു തുറന്ന കത്ത്

അഭിവന്ദ്യനായ ഇന്നസെന്റേ,

‘അമ്മ’യുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമില്ല എന്നു പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല. പത്രസമ്മേളനത്തിന് ആരോ എഴുതിത്തന്ന ഉത്തരങ്ങളുമായി വന്നിരുന്ന താങ്കള്‍ക്ക് സിനിമയില്‍ അഭിനയിക്കാനുള്ള വിവരമല്ലാതെ മറ്റൊന്നും ഇല്ലെന്നു ഞാന്‍ മനസ്സിലാക്കുന്നു. കൂടുതല്‍ വേണമെന്ന് ആരും ആവശ്യപ്പെടുന്നുമില്ല. പക്ഷെ, സുകുമാര്‍ അഴീക്കോടിനെപ്പോലെ ഒരാളോട് മറുപടി പറയാന്‍ വരുമ്പോഴെങ്കിലും എട്ടാം ക്ളാസ്സും ഗുസ്തിയുമാണ് തന്റെ യോഗ്യത എന്ന സ്ഥിരം നമ്പര്‍ താങ്കളെ ലജ്ജിപ്പിക്കേണ്ടതായിരുന്നു. ഇന്ത്യന്‍ ഭരണഘടന പൌരന് നല്‍കുന്ന അവകാശങ്ങള്‍ പോലും ചോദ്യം ചെയ്ത സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ താങ്കള്‍ സംസാരിച്ച ഭാഷ കോമണ്‍സെന്‍സില്ലാത്ത ഒരു കോമാളിയുടേതായിരുന്നു എന്നു പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.

എഴുതിപ്പഠിച്ച ഡയലോഗുകള്‍ മാത്രം പറഞ്ഞു ശീലിച്ച താങ്കളോടും താങ്കളെപ്പോലെ ഈ വിഷയത്തില്‍ വിഡ്ഢിത്തങ്ങള്‍ പറഞ്ഞു നാണം കെട്ട മറ്റു നടന്‍മാരോടും സംവിധായകരോടും ഒരു കാര്യം പറഞ്ഞോട്ടെ: ആരാധകര്‍, പ്രേക്ഷകര്‍ എന്നൊക്കെ നിങ്ങള്‍ വിശേഷിപ്പിക്കുന്ന ഈ ജനം; നിങ്ങളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഗതികെട്ടവരാണെന്ന ധാരണ തിരുത്തൂ. തിരഞ്ഞെടുക്കാനുള്ള അധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണ്. എട്ടാം ക്ളാസ്സും ഗുസ്തിയും നിറയെ വിവരക്കേടുകളുമാണ് നിങ്ങളെയൊക്കെ ‘താരങ്ങള്‍’ ആക്കിയതെന്നു കരുതുന്നുണ്ടെങ്കില്‍ തെറ്റി; ജനങ്ങളാണ് നിങ്ങള്‍ക്കു താരപദവി നല്‍കിയത്. അതേ ജനം വെള്ളിത്തിരയ്ക്കു പുറത്തെ നിങ്ങളുടെ ചീഞ്ഞളിഞ്ഞ മുഖത്തേക്കു നോക്കി കൂക്കിവിളിക്കുന്നത് കേള്‍ക്കേണ്ട സമയമായിരിക്കുന്നു, നേതാവേ.

എവിടെ ചെന്നിറങ്ങിയാലും ജനം. ഒന്നു തൊടാന്‍ ആര്‍പ്പുവിളികളോടെ ചുറ്റും കൂടുന്ന ജനക്കൂട്ടം നിങ്ങളെ ഭ്രാന്തു പിടിപ്പിച്ചിരിക്കുന്നു. വ്യക്തിത്വമോ ആലോചനാ ശേഷിയോ ഇല്ലാത്ത വെറും ആരാധകര്‍ മാത്രമാണ് അവര്‍ നിങ്ങള്‍ക്ക്. വ്യക്തിപരമായി ഒരു പക്ഷെ നിങ്ങളെക്കാള്‍ യോഗ്യരായ ഒരു പ്രേക്ഷകസമൂഹം നല്‍കിയ അംഗീകാരത്തെ നിങ്ങളുടെ സ്വന്തം കഴിവുകളാല്‍ നേടിയെടുത്ത അവകാശമായി തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ താരസംരക്ഷണത്തിന്റെ കുത്തക ഏറ്റെടുത്തിട്ടുളള സംഘടനാ പ്രസിഡന്റേ നിങ്ങള്‍ക്കു പാടെ തെറ്റി. ആരാധകരുടെ ചിരിക്കു പിന്നിലുള്ള ജനത്തെ നിങ്ങള്‍ക്കറിയില്ല. അതിനുള്ള വിവേകമില്ലാതായിപ്പോയത് ഒരു കുറ്റമല്ലെങ്കില്‍ പോലും. അനന്തകാലത്തോളം ഉടവുതട്ടാതെ നിങ്ങളുടെ താരാധിപത്യത്തെ കാത്തുസൂക്ഷിക്കാന്‍ വിധിക്കപ്പെട്ട നികൃഷ്ടജന്മങ്ങളാണ് പ്രേക്ഷകരെന്നു കരുതിയെങ്കില്‍ ഇന്നസെന്റേ, നിങ്ങള്‍ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മണ്ടനാണ്.

സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ മോശമാണ് എന്നു വിധിക്കാന്‍ ധൈര്യം കാണിച്ച നിങ്ങള്‍ പരിമിതമെങ്കിലും നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സത്യസന്ധമായ വിദ്യാഭ്യാസത്തെ ആക്ഷേപിക്കുകയും തള്ളിപ്പറയുുകയുമാണ് ചെയ്തിരിക്കുന്നത്. സിനിമയില്‍ തിരക്കഥാകൃത്തുക്കള്‍ എഴുതിത്തരുന്ന മാതിരിയുള്ള ഡയലോഗുകള്‍ തട്ടിവിട്ടാല്‍ ജനം എണീറ്റു നിന്നു കയ്യടിക്കും എന്നു കരുതിയത് ശുദ്ധവിവരക്കേടായിപ്പോയി. അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങളുടെ നിലപാടുകളും പ്രതികരണങ്ങളും ആ സംഘടനയെ പ്രതിനിധാനം ചെയ്യുമെങ്കില്‍ എത്രത്തോളം നികൃഷ്ടമായ ഒരു സംഘടനയാണ് അത് എന്നു വിസ്മയിക്കാതിരിക്കാന്‍ കഴിയുന്നില്ല.

നിങ്ങളുടെ പ്രതികരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മലയാള സിനിമയിലെ പ്രതിസന്ധിയെ പറ്റിയുള്ള പരാമര്‍ശമാണ്. സിനിമാ രംഗത്തെ പ്രശ്നം നല്ല ചിത്രങ്ങള്‍ കാണാന്‍ ജനം തയ്യാറാവാത്തതാണെന്നു പറയുക വഴി ഒരു തികഞ്ഞ മന്ദബുദ്ധിയാണ് താനെന്നു തെളിയിക്കാനാണോ താങ്കള്‍ ശ്രമിച്ചത് ? അതോ, സിനിമ നല്ലതാണോ ചീത്തയാണോ എന്നു ‘അമ്മ’ തീരുമാനിക്കുകയും അങ്ങനെ തീരുമാനിക്കുന്ന സിനിമകള്‍ ജനങ്ങള്‍ കാണുന്നില്ലെങ്കില്‍ അവരാണ് മന്ദബുദ്ധികള്‍ എന്നു സ്ഥാപിക്കാന്‍ വേണ്ടിയുള്ള പരിശ്രമമോ ? സിനിമ ഇറക്കുന്നവരല്ല; അത് കാണുന്ന പ്രേക്ഷകരാണ് സിനിമ നല്ലതോ ചീത്തയോ എന്നു തീരുമാനിക്കുന്നതെന്ന് ഇത്രയും കാലത്തെ അനുഭവം കൊണ്ടു നിങ്ങള്‍ക്കു മനസ്സിലായിട്ടില്ലെങ്കില്‍ ആകെക്കൂടി അവശേഷിക്കുന്ന അനുഭവപരിചയവും പാഴായതോര്‍ത്ത് പശ്ചാത്തപിക്കൂന്നതാവും നല്ലത്.

അഴീക്കോടിന് സിനിമാ പ്രശ്നത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന വിഡ്ഡിത്തം ആവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയെപ്പറ്റി നിങ്ങള്‍ എന്താണ് ധരിച്ചിരിക്കുന്നത് എന്നു മനസ്സിലാവുന്നില്ല. സംഘടനാ പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും നടത്തുമ്പോള്‍ അല്‍പം വിവേകമുള്ളവരെ പൈസ കൊടുത്തായാലും നിയമിച്ചാല്‍ ഇത്തരം ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ പറഞ്ഞ് സ്വയം നാറുന്നത് ഒഴിവാക്കാം. ഈ പ്രശ്നം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക് എന്ത് ശിക്ഷയാണ് നിങ്ങള്‍ വിധിക്കാന്‍ പോകുന്നത് എന്നു ഞാന്‍ ഭയപ്പെടുന്നു.

അച്ചടക്കം അച്ചടക്കലംഘനം എന്നൊക്കെ ആവര്‍ത്തിക്കുമ്പോള്‍ കലാകാരന്‍മാരെ എത്തരക്കാരായാണ് നിങ്ങള്‍ കാണുന്നത് എന്നത് ഈ രംഗത്തേക്കു വരാനാഗ്രഹിക്കുന്നവരെ ഭയപ്പെടുത്തിക്കളയും. തിലകന്‍ പ്രശ്നത്തില്‍ അഴീക്കോടിന് ഇടപെടാന്‍ അര്‍ഹതയില്ല എന്നു പറയുന്ന നിങ്ങള്‍ തന്നെ അഴീക്കോട് ഏതൊക്കെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദേശിക്കുന്നു. സുഹൃത്തേ, നിങ്ങള്‍ ആരാണെന്നാണ് വിചാരിച്ചിരിക്കുന്നത് ? കേരള സമൂഹത്തില്‍ ഒരു സിനിമാ നടന് മറ്റാരെക്കാളും പ്രസക്തിയുണ്ടെന്നും സൂപ്പര്‍ താരങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നടന്‍മാര്‍ക്ക് ദിവ്യശക്തിയുണ്ടെന്നും വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.

ചലച്ചിത്രമേഖല നാശത്തില്‍ നിന്നു നാശത്തിലേക്കു കൂപ്പുകുത്തുമ്പോള്‍ ‘അമ്മ’ എന്ന സംഘടനയിലെ അംഗങ്ങള്‍ക്ക് തങ്ങള്‍ അഭിനയിച്ചു പൊളിഞ്ഞുപോയ ഏതെങ്കിലും സിനിമയുടെ കാര്യത്തില്‍ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ധൈര്യമുണ്ടോ ? കൈ നിറയെ പണവുമായി വരുന്ന പ്രൊഡ്യൂസര്‍മാരെ കാത്തിരിക്കുന്നവരുടെ സംഘടനയായി അധഃപതിച്ചിട്ടുണ്ടോ നിങ്ങള്‍ എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ഇറങ്ങുന്നതില്‍ 90 ശതമാനം സിനിമകളും പൊളിയുന്ന ഈ വ്യവസായത്തില്‍ നഷ്ടക്കണക്കില്‍ പറയുന്ന തുകയില്‍ പകുതിയിലേറെയും നിങ്ങള്‍ അഭിനേതാക്കളുടെ കീശയിലേക്കു പോയ കാശാണ് എന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവില്ല. പണമുണ്ടാക്കണം എന്ന ലക്ഷ്യത്തോടെ പൊളിയുമെന്നുറപ്പുള്ള സിനിമകളില്‍ അഭിനയിക്കുന്ന അംഗങ്ങള്‍ നിങ്ങളുടെ സംഘടനയുണ്ടെങ്കില്‍ അത്തരം കുറ്റവാളികളെ ആദ്യം ഉപദേശിച്ചു നന്നാക്കൂ.

ഓരോ കാലഘട്ടത്തിലും ആക്ഷേപിച്ചു വേദനിപ്പിച്ചിട്ടുള്ളവരെപ്പറ്റി നിങ്ങള്‍ അഴീക്കോടിനോടു പ്രകോപിതനാകുന്നു. സിനിമ എന്ന മാധ്യമത്തില്‍ നിന്നു കൊണ്ട് നിങ്ങള്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ എത്രയോ പ്രഗല്‍ഭരെ ആക്ഷേപിച്ചിരിക്കുന്നു. രാഷ്ട്രീയക്കാരെയും പോലീസുകാരെയും നിങ്ങള്‍ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇരയായിട്ടുള്ളവര്‍ ഉള്‍പ്പെടെയുള്ള കേരളസമൂഹം കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചിട്ടേയു. പക്ഷെ, സിനിമയും സിനിമക്കാരും സ്വന്തമെന്നു കരുതി അഭിപ്രായം പറയുന്നവരോട് ഇത്രയേറെ അസഹിഷ്ണുതയും വിദ്വേഷവും പുലര്‍ത്തുന്ന അല്‍പന്‍മാരാണ് നിങ്ങള്‍ എന്നത് അമ്പരപ്പിക്കുന്ന അറിവാണ്. വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും മേലെയാണ് നിങ്ങളുടെ സ്ഥാനമെന്നു കരുതിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ക.യ്യടികളും അവാര്‍ഡുകളും കൈനിറയെ പണവും മാത്രം ബാക്കിനില്‍ക്കുമെന്നും വാര്‍ധക്യം ബാധിച്ച സൂപ്പര്‍ താരങ്ങളോടുള്ള ആരാധന കൊണ്ട് പ്രേക്ഷകര്‍ രതിമൂര്‍ഛയിലാണെന്നുമുള്ള അന്ധവിശ്വാസം മാറ്റി നിര്‍ത്തൂ.

കിട്ടിയ അവാര്‍ഡിന്റെ എണ്ണം പറഞ്ഞ് നിങ്ങള്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അജയ്യരാക്കാന്‍ ശ്രമിക്കുന്നു. സുകുമാര്‍ അഴീക്കോടിനു കിട്ടിയിട്ടുള്ള അവാര്‍ഡുകള്‍ ഈ താരങ്ങള്‍ക്കു കിട്ടിയിട്ടുള്ളതുപോലെ പോലെ വിലയുള്ളതാണെന്നു മനസ്സിലാക്കാനുള്ള ബോധമില്ലാതെ പോയത് പ്രേക്ഷകരുടെ ഗതികേട് മാത്രമാണ്. അതിമാനുഷരെന്ന പോലെ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന താരങ്ങള്‍ കേരളസമൂഹത്തിലെ മറ്റു താരങ്ങളെ ഭീഷണിപ്പെടുത്താന്‍ തക്കവിധം ശക്തരാണെന്നു കരുതുന്നുണ്ടെങ്കില്‍ അത് ആത്മഹത്യാപരമാണ്, ആത്മവഞ്ചനയാണ്. നിങ്ങള്‍ കാഴ്ച വയ്ക്കുന്ന സിനിമകളെക്കാള്‍ ത്രസിപ്പിക്കുന്ന നിങ്ങളുടെ പ്രകടനങ്ങള്‍ ആകെക്കൂടി പരിശോധിക്കുമ്പോള്‍ വിഗ്ഗും മേക്കപ്പും ഇല്ലാഞ്ഞിട്ടും സുകുമാര്‍ അഴീക്കോട് എന്ന പ്രായമായ അമ്മാവന്‍ തന്നെയാണ് ഈ സാമൂഹികനാടകത്തിലെ സൂപ്പര്‍ ഹീറോ എന്ന് തിരിച്ചറിയുക. ഇനിയെങ്കിലും ജനങ്ങളുടെ മുന്നില്‍ അപഹാസ്യരാവാതെ സ്വന്തം ജോലി ആത്മാര്‍ത്ഥമായി ചെയ്യാന്‍ നിങ്ങളുടെ സംഘടനയിലെ അംഗങ്ങളെ ഉപദേശിക്കൂ.

ക്ഷുഭിതനെങ്കിലും വിനയപൂര്‍വം,
ഒരു പ്രേക്ഷകന്‍ (സാമൂഹികജീവി)