ചിരിപ്പിച്ചാല്‍ കിട്ടാത്ത അവാര്‍ഡ്

ചിരിപ്പിക്കുന്നതിനെക്കാള്‍ ശ്രമകരമായ മറ്റൊരു ജോലിയില്ല. ഏതു മാധ്യമത്തിലൂടെയായാലും ആളുകളെ ചിരിപ്പിക്കാന്‍ കഴിയുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. സിനിമയിലും അങ്ങനെ തന്നെ. പ്രേക്ഷകന്റെ ചിരിയെക്കാള്‍ വലിയൊരു അവാര്‍ഡ് ഒരു ഹാസ്യനടനും ലഭിക്കാനില്ല. എങ്കിലും അഭിനയ ചക്രവര്‍ത്തിമാരുടെ പട്ടികയില്‍ ഒരു ഹാസ്യനടന്റെ പേരെഴുതാന്‍ നമ്മുടെ കൈവിറയ്ക്കും. സുരാജ് വെഞ്ഞാറമൂടും രണ്ടു വര്‍ഷം മുന്‍പ് സലിം കുമാറും ദേശീയ അവാര്‍ഡ് നേടിയത് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടല്ല എന്നത് അവാര്‍ഡിന്റെ ആഘോഷങ്ങളില്‍ മറക്കാനാവുന്നതല്ല.

സുരാജ് വെഞ്ഞാറമ്മൂടിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഒരു നടനെന്ന നിലയില്‍ സുരാജിന് അവകാശപ്പെട്ട വിജയമാണ്. കൂതറ നടന്‍ എന്ന ലേബലില്‍ സിനിമയിലെ എലൈറ്റ് ക്ലാസ്സ് ഒതുക്കി നിര്‍ത്തിയിരുന്ന ഒരാള്‍ സൂപ്പര്‍-മെഗാ താരങ്ങളും അഭിയനയചക്രവര്‍ത്തിമാരും സ്വപ്‌നം കാണുന്ന കിരീടം സ്വന്തമാക്കുമ്പോള്‍ ഒരു മധുരപ്രതികാരം കൂടിയാണ് നിറവേറുന്നത്. സലിം കുമാര്‍ ഞെട്ടിച്ച അതേ ശൈലിയില്‍ സുരാജും ഞെട്ടിക്കുമ്പോള്‍ നല്ല സിനിമ ഉണ്ടാക്കുന്നവരെന്നു ഭാവിക്കുന്ന കാപട്യക്കാരും ക്ലാസിക്ക് സിനിമക്കാരും സ്വയം ഒന്നു നുള്ളിനോക്കുന്നത് നന്നായിരിക്കും.

സുരാജ് വെഞ്ഞാറമ്മൂട് മലയാളത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ചതും പിന്നീട് ക്ലീഷേയായ കഥാപാത്രങ്ങളിലൂടെ ഒരു പരിധി വരെയെങ്കിലും വെറുപ്പിച്ചതും ഹാസ്യനടന്‍ എന്ന ലേബലിലായിരുന്നു. സൂപ്പര്‍ താരങ്ങള്‍ കുറെക്കാലമായി പ്രേക്ഷകരെ വെറുപ്പിച്ചുകൊണ്ടിരിക്കുന്നത് സല്‍ഗുണസമ്പന്നന്‍മാരായ നായകന്‍മാരുടെ രൂപത്തിലാണ്. വെറുപ്പിക്കുന്നത് മമ്മൂട്ടിയായാലും സുരാജ് ആയാലും പ്രേക്ഷകരുടെ അനുഭവം ഒന്നു തന്നെ. അവാര്‍ഡ് ലഭിക്കുമ്പോഴും ജൂറി വിലയിരുത്തുന്നത് നടന്റെ അഭിനയമികവ് മാത്രമാണ്. അയാള്‍ ഹാസ്യനടനാണോ സൂപ്പര്‍താരമാണോ എന്നതു നോക്കിയല്ല അവാര്‍ഡ് നല്‍കുന്നത് എന്ന നിലയിലേക്ക് ദേശീയ ജൂറികളെങ്കിലും പക്വത പ്രാപിച്ചത് ആശാവഹമാണ്.

സുരാജിന് അവാര്‍ഡ് ലഭിച്ചത് ഇനിയും തിയറ്ററില്‍ എത്തിയിട്ടില്ലാത്ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയത്തിലാണ്. ആ സിനിമ ഞാനോ നിങ്ങളോ കണ്ടിട്ടില്ല. ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ സലിം കുമാറിന് അവാര്‍ഡ് ലഭിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. സലിമിന്റെ അവാര്‍ഡ് ആഘോഷിച്ചതുപോലെ തന്നെ സുരാജിന്റെ അവാര്‍ഡും മലയാളികള്‍ ആഘോഷിക്കുന്നു. എന്നാല്‍, സിനിമയ്ക്ക് എന്നതുപോലെ പ്രേക്ഷകര്‍ക്കും സലിം കുമാറിനെയോ സുരാജ് വെഞ്ഞാറമ്മൂടിനെയോ ഒരു ഹാസ്യനടന്‍ എന്നതിനപ്പുറം ആവശ്യമില്ല. എന്നതാണ് സത്യം.

സലിം കുമാറിന്റെ അഭിനയമികവിനെക്കുറിച്ച് അന്നു വാതോരാതെ സംസാരിച്ചവരില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ആദാമിന്റെ മകന്‍ അബു കണ്ടിട്ടുള്ളൂ എന്നു കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. മറിച്ചായിരുന്നെങ്കില്‍ ആ സിനിമ ഇവിടെ കോടികള്‍ വാരിയെനെ. ആ സിനിമ അന്നു തിയറ്ററുകളിലെത്തിക്കാന്‍ അതിന്റെ സംവിധായകന്‍ കഷ്ടപ്പെടത്തിന്റെ കഥകള്‍ മറക്കാറായിട്ടില്ല. പേരറിയാത്തവര്‍ എന്ന സിനിമയ്ക്കു വേണ്ടി ഇവിടുത്തെ തിയറ്ററുകാര്‍ നിര്‍മാതാവിന്റെ വീടിനു മുന്നില്‍ ക്യൂനില്‍ക്കുമെന്നോ മുഖ്യധാരാ മലയാള സിനിമയും ഇവിടുത്തെ മാധ്യമങ്ങളും ഡോ.ബിജുവിനെ ഒരു സംവിധായകനായി അഗീകരിക്കുമെന്നും എനിക്കു പ്രതീക്ഷയില്ല.

സുരാജിന് അവാര്‍ഡ് ലഭിച്ചതിലൂടെ അദ്ദേഹം ഇതുവരെ അഭിനയിച്ചു തീര്‍ത്ത നാലാംകിട റോളുകള്‍ എല്ലാം നീതീകരിക്കപ്പെട്ടെന്നും അത്തരം വേഷങ്ങള്‍ പല സിനിമകളുടെയും നിറംകെടുത്തിയെന്നുള്ള അഭിപ്രായങ്ങള്‍ തെറ്റായിരുന്നെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതവും അര്‍ഥശൂന്യവുമാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന്റെ ഒരു സിനിമയിലെ അഭിനയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയതാണ്, അല്ലാതെ ഇതുവരെ അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകള്‍ക്കും കൂടി നല്‍കിയതല്ല. എന്നാല്‍, ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ കമല്‍ഹാസനോ ഒക്കെ അഭിനയിക്കുന്നതുപോലെ തനിക്കും അഭിനയിക്കാന്‍ സാധിക്കുമെന്നു സുരാജ് തെളിയിച്ചിരിക്കുകയാണ് ഈ അവാര്‍ഡിലൂടെ.

ഈ അവാര്‍ഡ് എല്ലാ ഹാസ്യനടന്‍മാര്‍ക്കും മിമിക്രി കലാകാരന്‍മാര്‍ക്കുമുള്ള അംഗീകാരമായി ച്ിത്രീകരിക്കുന്നതിലുമുണ്ട് അപാകത. സുരാജിനും സലിം കുമാറിനുമൊക്കെ ലഭിച്ച അവാര്‍ഡുകള്‍ അവരുടെ ഹാസ്യവേഷങ്ങള്‍ക്കായിരുന്നില്ല. ഹാസ്യപ്രകടനത്തിനോ മിമിക്രിക്കോ അവാര്‍ഡ് ലഭിക്കാത്തിടത്തോളം അതിനെ ഹാസ്യനടന്‍മാര്‍ക്കും മിമിക്രി കലാകാരന്‍മാര്‍ക്കുമുള്ള അംഗീകാരമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല. താരരാജാക്കന്‍മാര്‍ക്കു നല്‍കുന്ന കിരീടമായിരുന്ന ദേശീയ അവാര്‍ഡ് നന്നായി അഭിനയിക്കുന്ന ആര്‍ക്കും നല്‍കുന്ന അവസ്ഥയായി എന്നത് സ്വാഗതാര്‍ഹം തന്നെയാണ്. അപ്പോഴും നായകനടനല്ലാതെ ഒരു ഹാസ്യവേഷക്കാരനോ നന്നായി അഭിനയിക്കുന്ന സഹതാരങ്ങള്‍ക്കോ ഈ അവാര്‍ഡ അപ്രാപ്യമാണ്. അടൂര്‍ ഭാസിയും ബഹദൂറും ജഗതി ശ്രീകുമാറും ഇന്ദ്രന്‍സുമൊന്നും ദേശീയ അവാര്‍ഡ് നേടാത്തത് അവരൊന്നും സുരാജിനോളം, സലിം കുമാറിനോളം മികച്ച നടന്‍മാരല്ലാത്തതുകൊണ്ടല്ല.

സലിം കുമാര്‍ പറഞ്ഞതുപോലെ സുരാജ് ഇനിയങ്ങോട്ടു വളരെ സൂക്ഷിക്കണം. ദേശീയ അവാര്‍ഡ് നേടിയ ഹാസ്യനടനെ എയ്ഡ്‌സ് രോഗിയായ വേശ്യയെപ്പോലെയെ മലയാള സിനിമ സമീപിക്കൂ. ഹാസ്യവേഷക്കാരന് ദേശീയ അവാര്‍ഡ് അധികയോഗ്യതയായി കണ്ട് ഒഴിവാക്കപ്പെടും. ഇനിയും നല്ല വേഷങ്ങള്‍ കൊടുത്താല്‍ ഇവന്‍ ഇനിയും അവാര്‍ഡ് വാങ്ങിച്ചെങ്കിലോ എന്നു ഭയന്ന് വിവിധ കോക്കസുകള്‍ അത്തരം സിനിമകളും മുടക്കും. സിനിമയുടെ തമ്പുരാക്കന്‍മാരുടെയും സുപ്പര്‍-മെഗാ-ജനപ്രിയ താരങ്ങളുടെയും അവാര്‍ഡ് ദാഹികളുടെയും ഉപദ്രവമില്ലാതെ സിനിമയില്‍ ജീവിച്ചു പോകാന്‍ സുരാജിനു കഴിയട്ടെ എന്നാശംസിക്കുന്നു.

സീന്‍ നമ്പര്‍: റേപ്

അഹങ്കാരിയായ നായിക. നായികയുടെ അഹങ്കാരവും ജാഡയും മോഡേണ്‍ വേഷവിധാനങ്ങളും ഇംഗ്ലിഷും കാരണം പ്രേക്ഷകരും തനി നാടനായ നായകനും പൊറുതിമുട്ടിയിരിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു സീനില്‍ നായകന്‍റെ മുന്നില്‍ നെഞ്ചുവിരിച്ചു നിന്നു നായിക ചില ഡയലോഗുകള്‍ പറയുന്നു. ഉത്തരം മുട്ടുന്ന നായകന്‍ അല്ലെങ്കില്‍ അതില്‍ പ്രകോപിതനാവുന്ന നായകന്‍ നായികയുടെ മുടിയില്‍ കുത്തിപ്പിടിച്ച് മുഖം വലിച്ചടുപ്പിച്ച് ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുന്നു. നായകന്‍ ബലാല്‍ക്കാരമായാണ് ചുംബിക്കുന്നതെങ്കിലും നായികയുടെ കണ്ണുകള്‍ അനുഭൂതികൊണ്ട് അടഞ്ഞുപോവുകയോ കുനുകുനാ ചിമ്മുകയോ ചെയ്യുന്നുണ്ട്. ദീര്‍ഘനേരം നായികയെ ചുംബിച്ച ശേഷം പിടിവിടുമ്പോള്‍ നായിക രതിമൂര്‍ഛയുടെ വക്കിലാണ്. മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന നായകന്‍ പറയുന്നു- ‘നീ വെറും ഒരു പെണ്ണാണെന്നത് മറക്കരുത് !’

ആ ഡയലോഗ് കേള്‍ക്കുന്നതോടെ തിയറ്ററിലെ പുരുഷപ്രേക്ഷകരെല്ലാം എണീറ്റു നിന്നു കയ്യടിക്കുന്നു. ഇതേതു സിനിമയിലെ സീനാണെന്നു ചോദിക്കരുത്. കാരണം അനേകം അനേകം സിനിമകളില്‍ ഈ സീനുണ്ട്. ബോളിവുഡിലും ടോളിവുഡിലും കോളിവുഡിലും മോളിവുഡിലുമെല്ലാം കാണാവുന്ന ഒരു സീനാണിത്. എല്ലാറ്റിനുമുപരി നീ വെറും ഒരു പെണ്ണാണെന്നത് മറക്കരുത് എന്ന അര്‍ഥശൂന്യമായ ജനപ്രിയഡയലോഗ് സമൂഹത്തിനു നല്‍കുന്ന സന്ദേശം പെണ്ണേ നിന്‍റെ ജന്മലക്‍ഷ്യം തന്നെ കരുത്തനായ പുരുഷന് ഇരയാവുക എന്നതാണ് എന്നാണ്. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ സിനിമയിലെ നായികയ്‍ക്ക് പിന്നങ്ങോട്ട് റേപിനു ശ്രമിച്ച നായകനോട് ഭീകരമായ ഭക്തിയുമായിരിക്കും, നായകന് വച്ചടി വച്ചടി കയറ്റവും.

സൂപ്പര്‍ഹിറ്റ് സിനിമയായ പാഥേയത്തില്‍ മഴനനഞ്ഞു വന്ന സ്ത്രീ വേഷം മാറുമ്പോള്‍ കയറിപ്പിടിച്ച് റേപ് ചെയ്ത ശേഷം പിറ്റേന്ന് പുലര്‍ച്ചെ നായകന്‍ പറയുന്ന വേദാന്തവും ബലാല്‍സംഗത്തിനിരയായ നായിക കുറ്റം ഏറ്റെടുക്കുന്ന ഡയലോഗുകളും ശ്രദ്ധിക്കൂ.

സൂപ്പര്‍മെഗാഹിറ്റ് സിനിമയായ ഹിറ്റ്‍‍ലറില്‍ ട്യൂഷന്‍ വിദ്യാര്‍ഥി വേഷം മാറുന്നത് കണ്ട അധ്യാപകന്‍ കയറിപ്പിടിച് റേപ് ചെയ്ത ശേഷം അത് ഒരു വാര്‍ത്ത എന്ന നിലയ്‍ക്ക് പെണ്ണിന്‍റെ ചേട്ടനോട് പറയുന്ന രംഗം കൂടി ശ്രദ്ധിക്കൂ.

‘തനിക്കെന്‍റെ മുഖത്തടിക്കാമായിരുന്നില്ലേ ? ശകാരിക്കാമായിരുന്നില്ലേ ?’ എന്നു പാഥേയത്തിലെ നായകന്‍ ചോദിക്കുമ്പോള്‍ ‘അവളൊന്നൊച്ച വച്ചിരുന്നെങ്കില്, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില് ഞാനുണര്‍ന്നേനെ’ എന്നാണ് ഹിറ്റ്ലറിലെ ട്യൂഷന്‍ മാഷ് പറയുന്നത്. റേപ് നമ്മളുദ്ദേശിക്കുന്നതുപോലെയല്ല, സ്ത്രീകള്‍ നിഗൂഢമായി അത് ആസ്വദിക്കുന്നുണ്ട് എന്നാണ് ഈ ഡയലോഗുകളൊക്കെ സൂചിപ്പിക്കുന്നത്. അതിനെ സാക്‍ഷ്യപ്പെടുത്തിക്കൊണ്ട് പാഥേയത്തിലെ ഇര പറയുന്നത് ‘ഒന്നു തൊട്ടപ്പോഴേക്കും ഞാന്‍ വെറും പെണ്ണായിപ്പോയി’ എന്നാണ്. നീ വെറും പെണ്ണാണ് എന്നു നായകനെക്കൊണ്ട് പറയിച്ച തിരക്കഥാകൃത്ത് ഇവിടെ അത് റേപിനിരയായ പെണ്ണിനെക്കൊണ്ടും പറയിക്കുകയാണ്.

ഏതു സാഹചര്യത്തിലായാലും പെണ്ണ് ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍ അതിന്‍റെ പകുതിയോ അതിലധികമോ ഉത്തരവാദിത്വം പെണ്ണിനു തന്നെയാണ് എന്നാണ് ഈ സീനുകള്‍ പറയുന്നത്. ഇതൊക്കെ ചെയ്യുന്നതും പറയുന്നതും സല്‍ഗുണസമ്പന്നരായ, പ്രേക്ഷകര്‍ക്കു മാതൃകയാക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ്. മറ്റൊന്ന്, ചീത്ത കഥാപാത്രം നായകന്‍റെ പെങ്ങളെ ക്രൂരമായി റേപ് ചെയ്ത ശേഷം പിന്നീട് അവളെ കല്യാണം കഴിച്ച് വിശുദ്ധപരിവേഷം നേടുന്നതാണ്. ഇവിടെ റേപ് ചെയ്തവന്‍റേത് വിശാലമനസ്കതയും ഇരയുടേത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യവുമാണെന്നാണ് തിരക്കഥാകൃത്ത് പറയാതെ പറയുന്നത്. ചൂണ്ടിക്കാണിക്കാനാണെങ്കില്‍ സ്ത്രീ ലൈംഗികോപകരണമാണ് എന്നു പച്ചയായി പറയുന്ന വേറൊരായിരം സീനുകളും ഡയലോഗുകളും ഇന്ത്യന്‍‍ സിനിമകളിലുണ്ട്.

മറ്റൊന്ന് പാട്ടുസീനിലും മറ്റും സ്ഥിരം കാണിക്കാറുള്ള ഒരു സംഭവമാണ്. മറ്റെന്തെങ്കിലും പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന നായികയുടെ കയ്യിലോ അരക്കെട്ടിലോ സൂപ്പര്‍ മെഗാസ്റ്റാര്‍ തൊടുമ്പോഴേക്കും നായിക പുളകം കൊള്ളുന്നതും കണ്ണുകള്‍ പാതിയടഞ്ഞുപോകുന്നതുമായ സീന്‍ ആണത്. തിരക്കില്‍പ്പെട്ട ബസ്സില്‍ തന്നെ ഞെക്കിഞെരുക്കുന്ന കൈകളില്‍ നിന്നു രക്ഷപെടാനാവാതെ കുടുങ്ങി നില്‍ക്കുന്ന സ്ത്രീ തന്‍റെ ഉണക്കവിരലുകളുടെ താഡനമേറ്റ് രതിമൂര്‍ഛ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും എതിര്‍ക്കുന്ന സ്ത്രീകള്‍ ലൈംഗികശേഷി ഇല്ലാത്തവരാണെന്നുമുള്ള കാഴ്ചപ്പാടുള്ളവര്‍ ഇത്തരം സിനിമകളില്‍ ജീവിക്കുന്ന സൂപ്പര്‍മെഗാസ്റ്റാറുകളാണ്.

മിക്കവാറും എല്ലാ റേപ് സീനുകളും ഒരു ക്രൈം സീന്‍ എന്ന നിലയ്‍ക്കല്ല ചിത്രീകരിച്ചിരിക്കുന്നത് എന്നത് പരിശോധിച്ചാല്‍ മനസ്സിലാവും. റേപ് വ്യത്യസ്തമായ സെക്സ് ആണ് എന്ന സന്ദേശമാണ് സിനിമകളിലെ റേപ് സീനുകളില്‍ നിന്നു പ്രേക്ഷകനു മനസ്സിലാവുന്നത്. സെക്സിനു മുതിരുമ്പോള്‍ സ്ത്രീ എതിര്‍ക്കുന്നത് സമ്മതത്തിന്‍റെ ലക്ഷണമാണ് എന്ന പുരാതന തിയറി തന്നെയാണ് ഈ സീനുകളിലൊക്കെയും അപ്ലൈ ചെയ്തിരിക്കുന്നത്. ഞാന്‍ പറഞ്ഞുവരുന്നത് റേപ് കണ്ടുപിടിച്ചതു സിനിമക്കാരാണ് എന്നല്ല. റേപിനെ സിനിമകള്‍ അവതരിപ്പിച്ച രീതി സമൂഹത്തിനു തെറ്റായ സന്ദേശം കൊടുത്തിട്ടുണ്ടാവാം എന്നാണ്.

ഏറ്റവും സ്വാധീനശക്തിയുള്ള മാധ്യമാണ് സിനിമ. ഇത്തരത്തിലുള്ള ആശയങ്ങളും സന്ദേശങ്ങളും പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് രണ്ടുവട്ടം ചോദിക്കേണ്ടതില്ല. ഇതൊന്നും തിരക്കഥാകൃത്തുക്കളോ സംവിധായകരോ അറിഞ്ഞുകൊണ്ട് ചെയ്തിട്ടുള്ള കാര്യങ്ങളല്ല. വിവാഹത്തിനു ശേഷവും പുരുഷന് ലൈംഗികസംതൃപ്തിക്കുള്ള ഏകമാര്‍ഗം ബലാല്‍സംഗമാണെന്നു കരുതിയിരുന്ന കാലത്തു നിന്ന് പെണ്ണിന്‍റെ ദേഹത്തു തൊടുന്നതിനു മുമ്പ് അവള്‍ക്കത് സമ്മതമാണോ എന്നറിയണം എന്ന തിരിച്ചറിവിന്‍റെ കാലത്തേക്ക് നമ്മള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാവണം അന്നത്തെ സിനിമയിലും സാഹിത്യത്തിലുമൊക്കെ റേപിനെ അതീവലാഘവത്തോടെ കണ്ടിരുന്നതും നായകഗുണങ്ങളോടൊപ്പം എണ്ണിയിരുന്നതും.

പറഞ്ഞുവരുന്നത്, സിനിമയിലും ടെലിവിഷനിലും ഇത്തരം സീനുകളുടെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിനു നടത്താവുന്ന ഇടപെടലുകളെക്കുറിച്ചാണ്. പുകവലി സീനുകള്‍ക്കു കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ രാജ്യത്ത് യുവാക്കളുടെ ഇടയിലെ പുകവലി ഗണ്യമായി കുറയ്‍ക്കാന്‍ സാധിച്ചു എന്നത് തെളിയിക്കപ്പെട്ടതാണ്. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചിത്രീകരിക്കുന്ന രംഗങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കേണ്ടിയിരിക്കുന്നു. ‘സ്ത്രീ അമ്മയണ്, ദേവിയാണ്’ എന്ന പതിവു പല്ലവി അവസാനിപ്പിച്ച്, എങ്ങനെ ഒരു സ്ത്രീയോട് പെരുമാറണം എന്നത് സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ആവശ്യമാണ്. കാരണം, നമുക്ക് അതറിയില്ല. ലോകം ഇന്നോ നാളെയോ അവസാനിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ ലൈംഗികവിദ്യാഭ്യാസമാണ് വധശിക്ഷയെക്കാള്‍ ഗുണകരം.

വിഷം ചീത്തയാണെന്നു പറയുന്നത് കുറ്റമാണ്

എന്‍ഡോസള്‍ഫാന്‍ നല്ലതാണ്, വിവരമില്ലാത്തവര്‍ അതുപയോഗിച്ചതു തെറ്റായിപ്പോയതുകൊണ്ടാണ് ആയിരക്കണകിനാളുകള്‍ മരിക്കുകയും കുട്ടികള്‍ക്കു വൈകല്യങ്ങളുണ്ടാവുകയും അനേകായിരം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുകയും ചെയ്തത് എന്നാണ് നേരത്തെ വിഷത്തിന്‍റെ വക്താക്കളായ നേതാക്കളും ഭരണാധികാരികളും പറഞ്ഞത്. ഇന്നു കളിമാറി. എന്‍ഡോസള്‍ഫാന്‍ നല്ലതാണ് എന്നതില്‍ മാറ്റമില്ല.എന്നാല്‍ അതുമൂലം കേരളത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ട് എന്നാരെങ്കിലും എവിടെയെങ്കിലും പറഞ്ഞാല്‍ വിവരമറിയും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംബന്ധിച്ച് ദൈവതുല്യനായ ഒരു ഡോക്ടര്‍ താന്‍ നേരില്‍ കണ്ടനുഭവിച്ച ദുരിതങ്ങള്‍ പുറത്തുപറഞ്ഞതിന് വിഷം വില്‍ക്കുന്ന കമ്പനിയില്‍ നിന്നും നിയമനടപടി നേരിടുകയാണ്. ഇന്‍ക്രെഡിബിള്‍ ഇന്ത്യയും എമേര്‍ജിങ് കേരളയും കൂടി ഡോക്ടര്‍ വൈ.എസ്.മോഹന്‍കുമാറിനു നല്‍കിയ പുരസ്കാരമായി ഇതിനെ കാണാം.

എന്‍ഡോസള്‍ഫാന്‍ വിഷമല്ല എന്നു സ്ഥാപിക്കുന്നതിനു വേണ്ടി കേരളത്തില്‍ നിന്നു തന്നെ വിജയിച്ചുപോയ ചില എംപിമാരും കേന്ദ്രമന്ത്രിമാരും വരെ വിയര്‍ക്കുന്നതു നമ്മള്‍ നേരത്തെ കണ്ടതാണ്. ഇവിടെ വിഷമേറ്റ് മരിക്കുകയും ദുരിതത്തിലാവുകയും ചെയ്ത ആയിരക്കണക്കിനു മനുഷ്യരുടെ ആത്മാക്കളെ വിഷം വില്‍ക്കുന്നവരുടെ കോണകം കഴുകുന്ന ആത്മാവില്ലാത്ത ആ ശവങ്ങള്‍ക്കു ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം പണവും അധികാരവും വേണമെന്നു നിര്‍ബന്ധമുള്ള അവറ്റകള്‍ക്ക് ഭാവിയില്‍ കിട്ടാതെ പോകുന്ന വോട്ടുകളെ ഭയമുണ്ടാകും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മനുഷ്യജന്മങ്ങളുടെ ദുരവസ്ഥ ദേശീയശ്രദ്ധയിലെത്തിച്ച ഡോ.മോഹന്‍കുമാറിനെ വേട്ടയാടുന്ന കമ്പനിയുടെ കോര്‍പറേറ്റ് നീതിയെ പ്രതിരോധിക്കാന്‍ വോട്ടവകാശമുള്ള ജനങ്ങളുടെ ജനാധിപത്യബോധത്തിനേ സാധിക്കൂ.

ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന ലോകപ്രസിദ്ധമായ റിയാലിറ്റി ഷോ സത്യമേവ ജയതേ ജൂണ്‍ 24നു സംപ്രേഷണം ചെയ്ത ടോക്സിക് ഫുഡ് എപ്പിസോഡിലൂടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങളെക്കുറിച്ച് സംസാരിച്ചതിനാണ് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് ഡോ.വൈ.എസ്.മോഹന്‍കുമാറിന് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. ഷോയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതത്തെക്കുറിച്ചു സംസാരിച്ച മറ്റു രണ്ടുപേര്‍ക്കു കൂടി കമ്പനി നോട്ടീസയച്ചിട്ടുണ്ട്. എന്‍സോസള്‍ഫാന്‍ ദുരിതങ്ങള്‍ പര്‍വതീകരിച്ചു കാണിച്ചു എന്നാണ് കമ്പനി ആരോപിക്കുന്നത്. കാസര്‍കോട്ട് അന്‍പതിനായിരത്തോളം ഗര്‍ഭഛിദ്രങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു ഡോക്ടര്‍ പറഞ്ഞു എന്നു നോട്ടീസില്‍ പറയുന്നു. എന്നാല്‍ അയ്യായിരത്തോളം ആളുകള്‍ ദുരിതബാധിതരാണ് എന്നേ ഡോക്ടര്‍ പറഞ്ഞിട്ടുള്ളൂ എന്നതു വേറെ കാര്യം. സത്യമേവ ജയതേയില്‍ ഡോക്ടര്‍ സംസാരിക്കുന്ന വിഡിയോ താഴെ.

ഡോക്ടര്‍ ഷോയില്‍ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും അതിനൊന്നും തെളിവില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ടത്രേ. അടുത്ത കാലത്ത് ഡച്ച് കമ്പനിയായ അഗ്രോകെമിനെ വിഴുങ്ങിയ യുണൈറ്റഡ് ഫോസ്ഫറസ് മുംബൈ കമ്പനി എന്നൊക്കെ പറയാമെങ്കിലും ഈ രംഗത്തെ ആഗോളഭീമനാണ്. ഇത്രയും ജനങ്ങളുടെ ജീവനെക്കാള്‍ കുത്തകകളുടെ സന്തോഷമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ടീയപാര്‍ട്ടികളുടെ താല്‍പര്യമെന്നത് അവര്‍ പലകുറി തെളിയിച്ചു കഴിഞ്ഞതാണ്. വര്‍ഷങ്ങളോളം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഡോ.മോഹന്‍കുമാര്‍ സത്യമേവ ജയതേയില്‍ എത്തിയത് ഈ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്ന ഒരാളെന്ന നിലയിലാണ്. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സ്ഥിരം ചാനല്‍ ആക്ടിവിസ്റ്റിനെ വിളിച്ചിരുത്തിയാല്‍ മതിയായിരുന്നല്ലോ. വിഷമുതലാളിയുടെയും അവരുടെ ഏറാന്‍മൂളികളായ നേതാക്കന്മാരുടെയും ഭീകരതയ്‍ക്കെതിരെ പ്രതിഷേധിക്കാനും ഡോ.മോഹന്‍കുമാറിനെ പിന്തുണയ്‍ക്കാനും കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ സമൂഹവും ഒപ്പമുണ്ടാകും എന്നു പ്രതിക്ഷിക്കാം.

Reference: The New Indian Express

ജസ്‍റ്റിസ് സുരേഷ് ഗോപി എന്നു വിളിച്ചോട്ടെ ?

സുരക്ഷയ്ക്ക് ഇടത്തും വലത്തും ഫാന്‍സ് അസോസിയേഷന്‍കാരും തങ്ങള്‍ക്ക് ഇടപെടാന്‍ പാകത്തിലുള്ള ദേശീയ പ്രശ്‌നങ്ങളും അംബാസഡറാകാന്‍ പറ്റിയ ബ്രാന്‍ഡുകളുണ്ടെങ്കില്‍ മാത്രം സാമൂഹികപരിഷ്‌കരണത്തിനിറങ്ങുന്ന സോ കോള്‍ഡ് സൂപ്പര്‍-മെഗാസ്റ്റാറുകള്‍ മലവെള്ളം വരുന്നത് പേടിച്ച് ഒളിച്ചിരിക്കുന്ന ചില്ലുമേടകളിലേക്കു നോക്കി അല്‍പം ഉറക്കെ വിളിച്ചു പറയട്ടെ: ഇവനാണ് ഞങ്ങ പറഞ്ഞ താരം. ഞങ്ങക്കടെ ഒരേയൊരു സൂപ്പര്‍ മെഗാ സ്റ്റാര്‍.

മലയാളിക്ക് വീരനായകസങ്കല്‍പങ്ങളെ വരച്ചുകാട്ടിയിട്ടുള്ള മെഗാ-യൂണിവേഴ്‌സല്‍-ജനപ്രിയ-മിമിക്രി താരങ്ങള്‍ അണക്കെട്ട് പൊട്ടുമ്പോഴേ വിവരമറിയിക്കാന്‍ തങ്ങളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടാവും (അതൊരു വഴിക്കു നടന്നോട്ടെ, വിരോധമില്ല. കേരളം പകുതി മുങ്ങിയാലും പിന്നെ അവശേഷിക്കുന്ന സാധനത്തിന് അതിനുതകുന്ന ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ തന്നെ വേണം). ഭീരുക്കളെയും കപടനാട്യക്കാരെയും കട്ടൗട്ട് വച്ചാരാധിക്കുന്നവരും കട്ടൗട്ടില്‍ വിഗ്ഗിലും മേക്കപ്പിലും വിരാജിക്കുന്ന ദൈവങ്ങളും ഇന്ന് ഈ ഒറ്റയാന്‍ താരത്തോട് കടപ്പെട്ടിരിക്കുന്നു. നിര്‍ണായകഘട്ടത്തില്‍ പൊതുസമൂഹത്തിനു വേണ്ടി വായ്തുറക്കാനും അവരുടെ മുറവിളികള്‍ക്ക് ശബ്ദം പകരാനും സ്വന്തം നാടിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടി ജീവത്യാഗം ചെയ്യാന്‍ പോലും തയ്യാറാകുമെന്നു പറഞ്ഞ സുരേഷ് ഗോപിയെ കേരളത്തിന്റെ ദേശീയതാരമായി പ്രഖ്യാപിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഷണ്ഡപരമായ മൗനം പാലിക്കുന്ന സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളുള്ള നാട്ടില്‍ അതിന്റെ ഗൗരവത്തെപ്പറ്റി ഉറക്കെ ചിന്തിക്കാനും ശബ്ദമുയര്‍ത്താനും ജനപക്ഷത്ത് നിന്നു പൊരുതാനും തയ്യാറാവുന്ന ഏത് ചെകുത്താനെയും പിന്തുണയ്‍ക്കുക എന്നതാണ് വര്‍ത്തമാലകാല രാഷ്ട്രീയം.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാരും കോടതികളും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് ജനങ്ങളുടെ ആശങ്കയകറ്റാന്‍ തയ്യാറാവണമെന്നും ജനപക്ഷത്തു നിന്നുകൊണ്ട് ജീവത്യാഗം ചെയ്തും നാടിനു വേണ്ടി പോരാടാന്‍ താനുണ്ടെന്നും ഉറക്കെ പ്രഖ്യാപിച്ച സുരേഷ് ഗോപിയെ ജനതയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കാതെ തരമില്ല.അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ കേട്ട കേരള ഹൈക്കോടതിയിലെ ഏറ്റവും ശ്രദ്ധേയനായ ജഡ്‍ജി സി.എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞത് സുരേഷ് ഗോപിയെ തങ്ങള്‍ ജ‍ഡ്‍ജിയാക്കിക്കളയുമെന്നാണ്. ഇങ്ങനെയാണെങ്കില്‍ അങ്ങേരെ ഞങ്ങള്‍ മുഖ്യമന്ത്രിയാക്കുമെന്ന് ജനങ്ങളും പറഞ്ഞു തുടങ്ങും.

കേരള ലീഗല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ സുരേഷ് ഗോപി സൊസൈറ്റി ഇന്നലെ ആലപ്പുഴയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ തന്റെ നിലപാടറിയിച്ചത്.സുരേഷ് ഗോപിക്ക് തമിഴ്‍നാട്ടില്‍ വീടോ തേനിയില്‍ എസ്റ്റേറ്റോ ഇല്ലാത്തതുകൊണ്ടാണോ അതോ അത്തരം വ്യക്തിപരമായ ലാഭനഷ്ട കണക്കൂകൂട്ടലുകള്‍ നോക്കാത്തതുകൊണ്ടാണോ,എന്തായാലും തകര്‍ത്തു. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ ഹൈക്കോടതി ജഡ്‍ജിമാര്‍ക്കിടയിലെ സുരേഷ് ഗോപിയാണ്.കേരളത്തെ പിടിച്ചുകുലുക്കിയിട്ടുള്ള സാമൂഹികപ്രാധാന്യമുള്ള വിധികളെല്ലാം തന്നെ വന്നിട്ടുള്ളത് അദ്ദേഹമടങ്ങുന്ന ബഞ്ചുകളില്‍ നിന്നായിരുന്നു.സുരേഷ് ഗോപിയെ ജഡ്‍ജിയാക്കുമെന്ന് പറഞ്ഞത് അദ്ദേഹമാണ്.

മോഹന്‍ലാലിന് ലഫ്‍റ്റനന്റ് കേണല്‍ പദവിയും മമ്മൂട്ടിക്കും അതുപോലെ എന്തൊക്കെയോ സംഭവങ്ങളും കൊടുത്ത സ്ഥിതിക്ക് സുരേഷ് ഗോപിക്കും കാര്യമായ എന്തെങ്കിലും പദവികള്‍ നല്‍കിയില്ലെങ്കില്‍ തങ്ങള്‍ അദ്ദേഹത്തെ ജ‍‍ഡ്‍ജിയാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.ലീഗല്‍ സര്‍വീസ്‌ സൊസൈറ്റി ഓണററി ജഡ്‌ജി പദവി തന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് സുരേഷ് ഗോപിയും പറഞ്ഞു.സുരേഷ് ഗോപിയെ ജഡ്‍ജിയായി കാണേണ്ടി വരുന്ന ഭീകരാവസ്ഥയോര്‍ത്തെങ്കിലും പത്മശ്രീ ഡോക്ടര്‍ ഭരത് ലഫ്റ്റനന്റ് കേണല്‍ താരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ മുതല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടുമാറാകട്ടെ എന്നു പ്രത്യാശിക്കുന്നു.

രാഷ്ട്രീയക്കാരു പോലും വലിയ താല്‍പര്യം കാണിക്കാത്ത വിഷയത്തില്‍ താരങ്ങള്‍ മുന്നിട്ടിറങ്ങണം എന്നു വാശി പിടിക്കുന്നതെന്തിനാണെന്ന് ചോദിക്കരുത്.ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തികള്‍ക്കേ ഇക്കാര്യത്തില്‍ ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നത് യാഥാര്‍ഥ്യമാണ്.മന്ത്രി പി.ജെ.ജോസഫ് ചാനലിലൂടെ കണ്ണുരുട്ടി കാണിച്ചതുകൊണ്ട് മാത്രം ആളുകള്‍ ഇതിന് വേണ്ടത്ര ഗൗരവം നല്‍കണമെന്നില്ല.

കൈരളിയുടെ മെഗാ സ്റ്റാര്‍

സന്തോഷ് പണ്ഡിറ്റിനെപ്പറ്റി ഇനി എഴുതരുത് എന്നാണ് പലരും പറയുന്നത്. എന്നാല്‍ വീണ്ടും വീണ്ടും എഴുതൂ എന്നാണ് അദ്ദേഹം തന്റെ ജീവിതം കൊണ്ടു പറയുന്നത്. കൃഷ്ണനും രാധയും എന്ന സൂപ്പര്‍ഹിറ്റ് സിനിമ സി ക്ലാസ് തിയറ്ററുകളിലെ അരാജകത്വത്തിന്റെയും അര്‍മാദങ്ങളുടെയും ആരവമായി ചിത്രീകരിക്കപ്പെടുമ്പോഴും ക്ലാസ് വ്യത്യാസമില്ലാതെ ആ ജ്വരം പടരുന്നത് കണ്ടില്ലെന്നു നടിച്ച് കേവലബുദ്ധീജീവികളെപ്പറ്റി മാത്രം എഴുതിക്കൊണ്ടിരിക്കാന്‍ മനസ്സ് അനുവദിക്കാത്തതിനാല്‍ വീണ്ടും സന്തോഷ് പണ്ഡിറ്റിലേക്കു തന്നെ വരട്ടെ. തിരുവനന്തപുരം കൈരളി തിയറ്റര്‍ നല്ല സിനിമകള്‍ക്കു മാത്രം ഇടം കിട്ടാറുള്ള ഒന്നാണ്. ഇന്നലെ മുതല്‍ തിരുവനന്തപുരം കൈരളിയില്‍ കളിച്ചു തുടങ്ങിയ കൃഷ്ണനും രാധയും ഏറെ നാളത്തെ ഗ്യാപ്പിനു ശേഷം കൈരളിയിലെ സീറ്റുകളുടെ ഗ്യാപ്പ് നിറച്ച സിനിമയാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. തൊട്ടു മുന്‍പ് അവിടെക്കളിച്ച സിനിമ ആളില്ലാത്തതിനാല്‍ ഹോള്‍ഡ് ഓവര്‍ ആയി പെട്ടിയിലായതാണ് എന്നതു മനപൂര്‍വം മറക്കേണ്ട കാര്യവുമില്ല.

കൃഷ്ണനും രാധയും സൂപ്പര്‍ ഹിറ്റാണെന്ന് പറയാന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ അന്വേഷിക്കേണ്ടതില്ല. ഒരു സിനിമ ഹിറ്റാവുന്നത് അതിന്റെ മുടക്കുമുതലിനെക്കാള്‍ വരുമാനം നേടുമ്പോഴാണ്. എത്ര മടങ്ങ് വരുമാനം നേടുന്നോ അതനുസരിച്ച് ആ ഹിറ്റിന്റെ തിളക്കവും കൂടും. ഏറ്റവും കുറഞ്ഞ മുതല്‍മുടക്കിലെടുത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സിനിമയാണ് അത്തരത്തില്‍ സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റുകളായി വിശേഷിപ്പിക്കപ്പെടുന്നത്. കൃഷ്ണനും രാധയും ഇതുവരെ നേടിയ കളക്ഷന്‍ മാത്രം അതിന്റെ മുതല്‍ മുടക്കിന്റെ പത്തിരട്ടിയിലധികമാണ്. ബാംഗ്ലൂരും മറ്റും സിനിമ കളിച്ചു തുടങ്ങിയിട്ടേയുള്ളൂ. സിനിമയുടെ സാറ്റലൈറ്റ്, ഓവര്‍സീസ്, അങ്ങനെ വിശാലമായ ഒരു മാര്‍ക്കറ്റ് ഇനിയും കാത്തുകിടക്കുന്നു. അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളെ വെല്ലുവിളിച്ച് താരാധിപത്യത്തിന്റെയും വര്‍ത്തമാനകാല സിനിമാ സങ്കല്‍പങ്ങളെയും അട്ടിമറിച്ചുകൊണ്ട് കൃഷ്ണനും രാധയും ഒരു ചരിത്രസംഭവമാകുമ്പോള്‍ നിലവാരമുള്ള പ്രേക്ഷകന്റെ കപടനാട്യങ്ങളാണ് അപഹാസ്യമാകുന്നത്. സലിംകുമാര്‍ പറഞ്ഞതുപോലെ സന്തോഷ് പണ്ഡിറ്റാണ് ഈ കാലത്തിന്റെ മെഗാ സ്റ്റാര്‍.

രണ്ടു തിയറ്റര്‍ വാടകയ്‌ക്കെടുത്തു കളിച്ചു തുടങ്ങിയ സിനിമ ഏറ്റെടുക്കാന്‍ പിന്നീട് തിയറ്ററുകാര്‍ മുന്നോട്ടു വന്നു എന്നത് സിനിമയെന്ന ബിസിനസിന്റെ സുതാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ജനം ടിക്കറ്റെടുത്ത് തിയറ്ററില്‍ കയറുന്നത് സിനിമ കാണാനാണെങ്കില്‍ ആ സിനിമ ഹിറ്റാണ്. മറ്റു താരങ്ങളുടെ സിനിമകള്‍ ആസ്വദിക്കുന്നതുപോലെയല്ല അവര്‍ ഈ സിനിമ ആസ്വദിക്കുന്നത് എന്നത് ആ ബിസിനസിനെ സ്വാധീനിക്കുന്ന ഘടകമല്ല. ആളുകള്‍ ഏതു വികാരത്തോടെ ആസ്വദിച്ചാലും സിനിമ ഹിറ്റാണെന്നത് അംഗീകരിക്കാന്‍ മടിക്കാതെ മെഗാ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന് തിയറ്റര്‍ നല്‍കാന്‍ തീരുമാനിച്ച കൈരളി തിയറ്ററിന് എന്റെ പൂച്ചെണ്ടുകള്‍. സംഘടനകളെക്കാളും താരങ്ങളെക്കാളും പ്രേക്ഷകരെക്കാളും അന്തസ്സും മാന്യതയും തിയറ്ററുകാര്‍ക്കുണ്ട്.

സിനിമയുടെ സ്വഭാവം എന്നതിനെക്കാള്‍ പ്രേക്ഷകരുടെ സ്വഭാവമാണ് ഈ സിനിമയുടെ കളക്ഷന് അടിസ്ഥാനമായിരിക്കുന്നത്. എറണാകുളം കാനൂസിലും തൃശൂര്‍ ബിന്ദുവിലും ഷൊര്‍ണൂര്‍ അനുരാഗിലും ഒക്കെ കേള്‍ക്കുന്നത് യു ട്യൂബില്‍ നിന്നുള്ള ആരവങ്ങളാണ്. പുത്തന്‍ പ്രേക്ഷകര്‍ ആര്‍പ്പുവിളിക്കുന്നതും ഇതിങ്ങനെ ആര്‍പ്പുവിളിക്കേണ്ട സിനിമയാണെന്ന തിയറ്റര്‍ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. മലയോരഗ്രാമമായ കോഴിക്കോട് തിരുവമ്പാടി മാഗ്നസില്‍ ടിവി ചാനല്‍ റിപ്പോര്‍ട്ടുകള്‍ കണ്ട് പടം കാണാന്‍ പോയ പ്രേക്ഷകര്‍ വിമര്‍ശകര്‍ പറയുന്നതുപോലെ ഇതൊരു സാധാരണസിനിമയാണെന്ന മട്ടില്‍ തന്നെ സിനിമ കാണാന്‍ ശ്രമിച്ചു പരാജയപ്പെടുകയും സിനിമ തിയറ്ററില്‍ നിന്നു രണ്ടു ദിവസം കൊണ്ടു മാറുകയും ചെയ്തു. തിരുവനന്തപുരം കൈരളിയില്‍ കൃഷ്ണനും രാധയും പുരാണസിനിമയാണെന്നു കരുതി കാണാന്‍ വന്ന ഒരു അമ്മയും മകളും ഈ ബഹളത്തിനെല്ലാമിടയില്‍ ഭയചകിതരായി ഇരിക്കുന്നുണ്ടായിരുന്നത്രേ. എല്ലാം ഭഗവാന്റെ മായ !

ഓരോ ദിവസം കഴിയും തോറും എനിക്കു സന്തോഷ് പണ്ഡിറ്റിനോടുള്ള ആരാധന കൂടിവരികയാണ്. കൃഷ്ണനും രാധയും തൃശൂര്‍ ബിന്ദുവില്‍ നിന്നാണ് ഞാന്‍ കണ്ടത്. അതിനു ശേഷം കണ്ട അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ചാനല്‍ ഷോകളും എന്നെ വല്ലാതെ സ്വാധീനിച്ചു. അദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ മാനസികരോഗികള്‍ ചീമുട്ടയെറിയുക കൂടി ചെയ്തതോടെ ഞാന്‍ കടുത്ത ഫാനാണ്. എല്ലാറ്റിനുമുപരിയായി മറ്റെല്ലാം മാറ്റി വച്ച് ഞാനെത്ര പരിശ്രമിച്ചാലും ഇത്രയും കാര്യങ്ങള്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു ചെയ്തുകൊണ്ട് ഒരു സിനിമ പുറത്തിറക്കാനോ നിരന്തരമായ പരിശ്രമത്തിലൂടെ അത് നിരവധി തിയറ്ററുകളിലെത്തിക്കാനോ ഈ ജന്മം എനിക്കു സാധിക്കില്ല. പത്മരാജന്റെ സിനിമ കാണുന്നതുപോലെ കൃഷ്ണനും രാധയും കാണാനിരുന്നാലേ പ്രശ്‌നമുള്ളൂ. ഇത് മറ്റൊരു തരം സിനിമയാണ് എന്നത് അംഗീകരിക്കാനുള്ള വിവേകമില്ലാത്തതാണ് പ്രേക്ഷകരുടെ പരാജയം. ബുദ്ധിരാക്ഷസനായ ജീനിയസ്സ് അറിഞ്ഞുകൊണ്ടു വിഡ്ഡിവേഷം കെട്ടിയാല്‍ മാത്രമേ അത് ആസ്വദിക്കൂ എന്ന വാശി ഉപേക്ഷിച്ചാല്‍ നികേഷ് കുമാറിനു പോലും സന്തോഷ് പണ്ഡിറ്റിനോട് ആരാധന തോന്നും.

ചലച്ചിത്ര മൃഗയാ വിനോദം

ഒരു സിനിമയെ സംബന്ധിച്ച് അതിന്റെ താരമൂല്യം കൊണ്ടുള്ള ആകെയൊരു പ്രയോജനമാണ് ഇനിഷ്യല്‍ പുള്‍ അഥവാ കഥ എന്താണെന്ന് അന്വേഷിക്കാതെ താരത്തിന്റെ കട്ടൗട്ട് കണ്ട് തിയറ്ററിലെത്തുന്ന ജനക്കൂട്ടം.ഇങ്ങനെ രണ്ടു നാലു ദിനം കൊണ്ടൊരു സിനിമയെ തണ്ടിലേറ്റിനടത്താന്‍ തക്കവണ്ണം പ്രാപ്തന്‍മാരായ താരങ്ങളെ നമ്മള്‍ സൂപ്പര്‍ താരങ്ങള്‍ എന്നു വിളിക്കുകയും ഈ മിനിമം ഗാരണ്ടിക്ക് പ്രതിഫലമായെന്നോണം അവര്‍ക്ക് വമ്പന്‍ പ്രതിഫലം നല്‍കുകയും ചെയ്യുന്നു.

പരസ്യങ്ങളും കട്ടൗട്ടുകളുമില്ലാതെ, തന്ത്രപരമായ മാര്‍ക്കറ്റിങ് വിദ്യകളില്ലാതെ അത്തരത്തില്‍ തന്റെ താരമൂല്യമൊന്നുകൊണ്ടു മാത്രം ജനക്കൂട്ടങ്ങളെ തിയറ്ററിലെത്തിച്ച ലോകത്തിലെ ആദ്യത്തെ താരം എന്നു നിരീക്ഷകരും നിരൂപകരും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില്‍ മീഡിയ സിന്‍ഡിക്കറ്റ് വലിയ കണ്‍ഫ്യൂഷനിലാണ്. അദ്ദേഹത്തെ അഭിനന്ദിക്കണോ, വിചിത്രജീവിയായി അവതരിപ്പിക്കണോ അതോ സോഷ്യല്‍ മീഡിയ മോഡല്‍ പിന്തുടര്‍ന്ന് ആക്ഷേപിക്കണോ ? എന്തു ചെയ്താലും സന്തോഷ് സാര്‍ അതൊരു ഭൂഷണമായേ കരുതൂ.കുറസോവയെപ്പോലെയോ സത്യജിത് റേയെപ്പോലെയോ ഒരു ചലച്ചിത്രകാരന്‍ ആവുക എന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സിനിമക്കാരനായി പേരെടുക്കുക എന്നതാണ്. അത് അദ്ദേഹം സാധിച്ചിരിക്കുന്നു.അഭിനന്ദിക്കത്തക്കതായി ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. എന്നാല്‍,അസാധ്യമെന്നു തോന്നുന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉറച്ച വിശ്വാസത്തോടെ നിരന്തരം കഠിനാധ്വാനം ചെയ്താല്‍ അത് ഉറപ്പായും സാധിക്കും എന്ന തത്വത്തിന് ഒരു മികച്ച ഉദാഹരണം കൂടി അദ്ദേഹം നല്‍കി.

സന്തോഷ് പണ്ഡിറ്റിനെപ്പറ്റി കൂടുതല്‍ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.കാരണം, സന്തോഷ് പണ്ഡിറ്റിന്റെ ബെസ്റ്റ് ടൈംസ് കഴിഞ്ഞു. തൃശൂര്‍ ബിന്ദുവിലും എറണാകുളം കാനൂസിലും നടക്കുന്നത് സന്തോഷ് പണ്ഡിറ്റ് വധമാണെന്നു പലരും ധരിച്ചിട്ടുണ്ട്.അത് ശരിയല്ല.സന്തോഷ് പണ്ഡിറ്റ് വധം സോഷ്യല്‍ മീഡിയ നിര്‍വഹിച്ചു കഴിഞ്ഞു.ഇപ്പോള്‍ നടക്കുന്നത് പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്റെ മൃതദേഹത്തില്‍ കല്ലെറിയുന്ന ഹീനമായ ചടങ്ങാണ്.ലോകസിനിമാ ചരിത്രത്തെ കിടിലം കൊള്ളിക്കുന്ന മറ്റ് 16 കൃത്യങ്ങള്‍ പോലെ തന്നെ ഈ ചടങ്ങിന്റെയും മുഖ്യകാര്‍മികന്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.

മുഖ്യധാരാ സംവിധായകന്‍മാര്‍ക്കു പോലും തിയറ്റര്‍ കിട്ടാത്ത സാഹചര്യത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്‍ക്ക് തിയറ്റര്‍ കിട്ടിയ സാമൂഹികസാഹചര്യത്തെപ്പറ്റി പലരും വിസ്മയിക്കുന്നുണ്ട്.തിയറ്ററുകള്‍ 60000 രൂപയ്‍ക്ക് വാടകയ്‍ക്ക് എടുത്താണ് അദ്ദേഹം സിനിമ പ്രദര്‍ശിപ്പിക്കുന്നത്. അല്ലാതെ തിയറ്ററുകാര്‍ പടമെടുത്ത് പ്രദര്‍ശിപ്പിക്കുന്നതല്ല.വാടകയ്‍ക്കെടുത്ത തിയറ്ററില്‍ നിന്നു വല്ല വരുമാനവും ഉണ്ടായാല്‍ അത് മുഴുവന്‍ വാടകയ്‍ക്ക് എടുത്തയാള്‍ക്കാണ്. എന്നാല്‍ തിയറ്ററിലെ തിരക്കും റെക്കോര്‍ഡ് കലക്ഷനും കണ്ടതോടെ ഒരു തിയറ്ററുകാരന്‍ സാധാരണപോലെ കളക്ഷന്‍ ഷെയര്‍ മാത്രമേ നല്‍കൂ എന്നു പറഞ്ഞ് ആ പാവത്തിനെ ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞു കേട്ടു.മൊത്തം ബിസിനസിലെയും ഏറ്റവും നാറിയ സംഭവമാണ് ആ തിയറ്ററുടമയുടേത് എന്നത് പറയാതിരിക്കാന്‍ വയ്യ.

തിയറ്ററില്‍ ആര്‍ത്തലയ്‍ക്കുന്ന യുവപ്രേക്ഷകസമൂഹമാണ് ചര്‍ച്ചയിലെ പ്രധാന പോയിന്റ്.ഇത് യുവത്വത്തിന്റെ ആഘോഷമാണ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.ചെറുപ്പക്കാരെ ഒപ്പം നിര്‍ത്തുന്നതാണ് വിജയത്തിനുള്ള ഫോര്‍മുല എന്നു വിശ്വസിക്കുന്നവര്‍ക്ക് ചെറുപ്പക്കാരുടെ ഈ തള്ളല്‍ കണ്ട് കണ്ണു തള്ളുന്നതില്‍ തെറ്റില്ല.എന്നാല്‍,ഫേസ്‍ബുക്ക്-ടൊറന്റ് തലമുറയിലെ മനോരോഗികളുടെ ആര്‍ത്തനാദങ്ങളെ പ്രേക്ഷകന്റെ ഹര്‍ഷാരവങ്ങളായി തെറ്റിദ്ധരിക്കുന്നിടത്താണ് നിരൂപകര്‍ക്കും നിരീക്ഷകര്‍ക്കും അടിതെറ്റുന്നത്.സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും സ്വീകരിക്കപ്പെട്ടു എന്നതല്ല,മൂന്നേകാല്‍ മണിക്കൂര്‍ ഭ്രാന്തമായ മനസ്സോടെ ഒരാളെ തെറിവിളിക്കുന്നതിന്റെ ലൈംഗികസംതൃപ്തിക്കു വേണ്ടി 60 രൂപ മുടക്കാന്‍ തയ്യാറായ ഒരു സമൂഹം ഇവിടെയുണ്ട് എന്നതാണ് ഗുരുതരമായ സ്ഥിതിവിശേഷം.

ഇതുവരെ സന്തോഷ് പണ്ഡിറ്റിനെ അവഗണിച്ചിരുന്ന ബുദ്ധിജീവികളും അദ്ദേഹത്തെ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്.മുഖ്യധാരാ സിനിമയ്‍ക്കു നേരേ സാധാരണക്കാരന്റെ എന്തോ ഡാഷ് ആണ് ഈ സിനിമയുടെ വിജയം എന്നൊക്കെ അവറ്റകള്‍ ആക്രോശിക്കുന്നുണ്ട്.അനുകമ്പ അര്‍ഹിക്കുന്ന തീര്ത്തും ദുര്ബലനായ ഒരാളെ കരുത്തന്മാരും സംസ്‍കാര സമ്പന്നരുമായ ജനക്കൂട്ടം ആക്രമിച്ചു കീഴ്‍പ്പെടുത്തുന്നതിനെ കലാസ്വാദനം എന്നു വിളിക്കാനാവില്ല.സന്തോഷ് പണ്ഡിറ്റിനെക്കാള്‍ അദ്ദേഹത്തെ തെറി വിളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് സമൂഹത്തിനു വെല്ലുവിളി എന്നതില്‍ സംശയമില്ല.തന്റെ വിഡിയോകള്‍ കൊണ്ടാണ് യൂ ട്യൂബ് പച്ചപിടിച്ചതെന്നും താനാണ് മലയാള സിനിമയെ നയിക്കാന്‍ പോകുന്ന യങ് സൂപ്പര്‍ സ്റ്റാറെന്നും വിശ്വസിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ സത്യങ്ങള്‍ ബോധ്യപ്പെടുത്താനാവാത്തതോ അതോ ഒന്നും തനിക്കു ബോധ്യമായിട്ടില്ലെന്ന് അദ്ദേഹം ഭാവിക്കുന്നതോ ?

പ്രകൃതിനിയമം അനുസരിച്ച് അര്‍ഹിക്കുന്ന വിജയമാണ് (അദ്ദേഹം ഇതിനെ വിജയമായി കാണുന്നതുതൊണ്ട്)സന്തോഷ് പണ്ഡിറ്റ് നേടിയിരിക്കുന്നത്.പ്രസിദ്ധിക്കും കുപ്രസിദ്ധിക്കുമിടയില്‍ ഇക്കാലത്ത് വലിയ വേര്‍തിരിവുകളില്ലാത്തതിനാല്‍ സന്തോഷ് പണ്ഡിറ്റ് പ്രസിദ്ധനാണ് എന്നു തന്നെ പറയാം.പഠിക്കേണ്ടതും പരിശോധിക്കേണ്ടതും സന്തോഷ് പണ്ഡിറ്റ് ഫാന്‍സിന്റെ തലയാണ്.തിയറ്ററിനുള്ളില്‍ തെറി വിളിക്കുകയും അശ്ലീലം പറയുകയും പുറത്തെത്തി മുദ്രാവാക്യം മുഴക്കുകയും നേരില്‍ കണ്ടാല്‍ ഒപ്പം നിന്നു ഫോട്ടോ എടുത്ത് നാലു പേരെ കാണിക്കുകയും ചെയ്യുന്ന ഈ സമൂഹത്തിനു വേണ്ടത് സന്തോഷ് പണ്ഡിറ്റുമാരെയാണ്. അവരുടെ മൃഗയാവിനോദങ്ങള്‍ക്കുള്ള ഇരകളെ അവര്‍ തന്നെ കണ്ടെത്തിക്കൊള്ളും.

പൃഥ്വിരാജിനെ വെറുക്കാനുള്ള 10 കാരണങ്ങള്‍

1.പൃഥ്വിരാജ് പത്രപ്രവര്‍ത്തകയെ പ്രേമിക്കുന്നില്ല എന്നു പരസ്യമായി പറഞ്ഞ ശേഷം പത്രപ്രവര്ത്തകയെ വിവാഹം കഴിച്ചു. പ്രേക്ഷകരുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ പൃഥ്വിരാജ് ആരെയെങ്കിലും പ്രേമിക്കുകയോ എല്ലാവരെയും ക്ഷണിച്ച് കാലില്‍ വീണ് അനുഗ്രഹം വാങ്ങാതെ വിവാഹം കഴിക്കുകയോ ചെയ്യാന്‍ പാടില്ലായിരുന്നു.

2.സാധാരണ മലയാളിയില്‍ നിന്ന് വ്യത്യസ്തനായി വിദേശത്ത് പഠിച്ചിട്ടുള്ള പൃഥ്വിരാജ് സ്ഫുടമായി ഇംഗ്ലിഷ് സംസാരിക്കുകയും അയാള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ പറയുകയും ചെയ്തു.

3.പൃഥ്വിരാജ് ജിമ്മില്‍ പോവുകയും മനോഹരമായ ശരീരം കാത്തുസൂക്ഷിക്കുകയും ചെയ്തു.കുടവയറന്മാരായ നായകന്മാരാണ് നമ്മുടെ ശാപം എന്ന് ആക്ഷേപിക്കുന്ന പെരുവയറന്മാരായ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതിനു വേണ്ടിയാണ് പൃഥ്വിരാജ് സിക്സ് പായ്‍ക്ക് ഉണ്ടാക്കിയെടുത്തത്.മസില്‍നിബിഢമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ചില സിനിമകളിലെ പല സീനുകളിലും പ്രേക്ഷകരുടെ മുഖത്തേക്ക് അഹങ്കാരത്തോടെ നോക്കി.

4.പൃഥ്വിരാജും ഭാര്യയും കൂടി ടിവി അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം വ്യക്തമായ ഉത്തരം നല്‍കി.വിനയം നടിക്കുകയും അജ്ഞത ഭാവിക്കുകയും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന നല്ല നായകന്‍മാരില്‍ നിന്നു വ്യത്യസ്തനായി പൊതുവിജ്ഞാനം ഉണ്ടാക്കുകയും പൊതുകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.

5.പൃഥ്വിരാജ് നിര്‍മിച്ച ഉറുമി എന്ന സിനിമ മോഷ്ടിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.ഇത്തരത്തില്‍ സിനിമകള്‍ മോഷ്ടിക്കുന്നവര്‍ക്കെതിരെ പരസ്യമായി സംസാരിച്ചു.പൃഥ്വിരാജിനെ തല്ലിക്കൊന്നു എന്ന പത്രവാര്‍ത്ത കപടമായി ഉണ്ടാക്കിയതിനെതിരെ പൊലീസില്‍ പരാതി നല്‍കി.ആ കേസില്‍ അറസ്റ്റും ഉണ്ടായി.

7.മറ്റൊരു ടിവി അഭിമുഖത്തില്‍ പൃഥ്വിരാജ് താന്‍ വായിച്ച പുസ്തകങ്ങളെപ്പറ്റി സംസാരിച്ചു. എന്തെങ്കിലും സീരിയസ്സായി വായിക്കുന്നതും പ്രീഡിഗ്രിയിലധികം പഠിക്കുന്നതും കേരളത്തില്‍ അഹങ്കാരത്തിന്റെ ലക്ഷണമാണ്.ബോബനും മോളിയും ബാലരമയും വായിക്കുന്നവരാണ് ജനപ്രിയനായകന്‍മാര്‍.

8.സിനിമയില്‍ വന്നിട്ട് 10 വര്‍ഷമായിട്ടും അദ്ദേഹത്തിന് 30 വയസ്സ് പോലും തികഞ്ഞിട്ടില്ല.

9.പൃഥ്വിരാജ് വിരുദ്ധതരംഗത്തെ ബഹുമാനിക്കുകയും സോഷ്യല്‍ മീഡിയയുടെ പ്രതിഷേധസ്വരം തിരിച്ചറിയുകയും ചെയ്ത് കരിയര്‍ അവസാനിപ്പിക്കാതെ പൃഥ്വിരാജ് തുടര്‍ന്ന് അഭിനയിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു.

10.ജരാനര ബാധിച്ച നായകന്മാരാണ് മലയാള സിനിമയുടെ ശാപം എന്നു പറയുന്ന അതേ നാവുകൊണ്ട് യുവതാരങ്ങള്‍ക്ക് അഹങ്കാരമായതിനാല്‍ അവന്മാര്‍ മുടിയണം എന്നു പറയുന്ന,ടൊറന്റില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്തു കണ്ട് മലയാള സിനിമയെ നിരൂപിക്കുന്നവര്‍ക്ക് അഹങ്കാരം സഹിക്കാനാവാത്ത വിധം അസൂയയും മനോദൗര്‍ബല്യങ്ങളും ഉള്ളത് കൊണ്ട്.

കുറിപ്പ്:- പൃഥ്വിരാജിനെ എതിര്‍ക്കാത്തതുകൊണ്ട് അദ്ദേഹത്തെ ചീത്തവിളിക്കാത്തതുകൊണ്ട് എല്ലാ വായനക്കാരും ഈ ബ്ലോഗ് ഉപേക്ഷിച്ചുപോകുമെങ്കില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു(ഞാന്‍ ബോള്‍ഡ് അല്ല,നികൃഷ്ടമായ അഹങ്കാരം മാത്രമേ എനിക്കുള്ളൂ).പണ്ട് ഈ പോസ്റ്റെഴുതിയ ഞാന്‍ ഇപ്പോ ഇങ്ങനെ പറയുന്നത് ഡാഷേടത്തെ പണിയാണ് എന്ന് പലരും പറയുന്നുണ്ട്.ഈ ബ്ലോഗ് ഒരു ചരിത്രരേഖയല്ല.ഓരോ സാഹചര്യത്തിനും അനുസരിച്ചാണ് ഇതിലെ പോസ്റ്റുകള്‍ ഉണ്ടാവുന്നത്.അന്ന് ആ പോസ്റ്റ് എഴുതിയ സാഹചര്യമല്ല ഇന്ന്.അന്ന് അതെഴുതിയവന്‍ ഇന്നിതെഴുതരുത് എന്നു പറയുന്നത് പണ്ട് കിടക്കയില്‍ മൂത്രമൊഴിച്ചവന്‍ ഇന്നതിനു വേണ്ടി ടോയ്‍ലറ്റിലേക്കു പോകുന്നത് ചെറ്റത്തരമാണ് എന്നു പറയുന്നതുപോലെ പൂജ്യമായ ശുംഭത്തരമാണ്.ശുംഭന്‍മാര്‍ ക്ഷമിക്കുക (കമന്റുകള്‍ മോഡറേറ്റ് ചെയ്യും).

ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍

ജോസ് കെ.മാണി കേരളാ കോണ്‍്‍ഗ്രസ് നേതാവായതുപോലെ പെട്ടെന്നൊരു ദിവസം ഫ്ലൈറ്റില്‍ വന്നിറങ്ങി തീര്‍ത്തും അപരിചിതമായ ഫാദറിന്റെ തട്ടകത്തിലേക്ക് വലതുകാല്‍വച്ചുകയറി സിംഹാസനത്തിലിരിപ്പുറപ്പിക്കുന്നതുപോലെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്കു വരുന്നത് എന്നാണ് പൊതുവേയുള്ള സങ്കല്‍പം.കര്‍ത്താവീശോമിശിഹായെപ്പോലെ ദുല്‍ഖര്‍ സല്‍മാനും പരസ്യജീവിതം ഇപ്പോള്‍ ആരംഭിക്കുന്നെന്നേയുള്ളൂ, കാര്യങ്ങള്‍ പുള്ളി ആഴത്തില്‍ പഠിക്കുകയും പലതും പരിശീലിക്കുകയും ചെയ്യുകയായിരുന്നു ഇത്രകാലവും.

ദുല്‍ഖര്‍ നായകനാകുന്ന സെക്കന്‍ഡ് ഷോ എന്ന സിനിമ കോഴിക്കോട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. സെറ്റിലേക്ക് ഒറ്റ പത്രക്കാരെയും കയറ്റുന്നില്ല. യങ് സൂപ്പര്‍സ്റ്റാറുകള്‍ മീഡിയാസിനെ ആട്ടിയോടിക്കണം എങ്കിലേ അവറ്റകള്‍ കൂടുതല്‍ ആക്രാന്തത്തോടെ പിന്നാലെ വരൂ എന്ന തിയറിയല്ല ഇതിനു കാരണം. മാധ്യമപ്രവര്‍ത്തകര്‍ വെട്ടുകിളികളെപ്പോലെയാണ് എന്ന് മറ്റാരെക്കാള്‍ നന്നായറിയാവുന്നയാളാണ് മമ്മൂക്ക.ഇവനെല്ലാം കൂടി സെറ്റിലേക്കു പാഞ്ഞുകയറി, മലയാള സിനിമയെ രക്ഷിക്കാന്‍ ഇതാ ദുല്‍ഖര്‍ സല്‍മാന്‍ അവതരിച്ചിരിക്കുന്നു എന്ന മട്ടില്‍ കട്ടൗട്ട് പടങ്ങളും വച്ച് വാര്‍ത്ത കൊടുത്തിട്ട് സിനിമ ഉദ്ദേശിച്ചതുപോലെ ഹിറ്റായില്ലെങ്കില്‍ അയ്യേ പൂയ്… എന്നിതേ വെട്ടുകിളികള്‍ വായ്‍ക്കുരവയിടും എന്ന് അദ്ദേഹത്തിനു നന്നായറിയാം. അതുകൊണ്ട് മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ ആ ചെറുപ്പക്കാരന് യാതൊരു ബില്‍ഡ് അപ്പും കൊടുക്കരുതെന്നും ദുല്‍ഖര്‍ സല്‍മാന്‍ എന്ന പുതുമുഖനടനെ അദ്ദേഹം അഭിനയിക്കുന്ന സിനിമ പുറത്തിറങ്ങിയ ശേഷം അതിലെ പ്രകടനവും പ്രേക്ഷകരുടെ അഭിപ്രായവും നോക്കി മാത്രം വിലയിരുത്തണമെന്നും അര്‍ഹിക്കുന്നെങ്കില്‍ മാത്രം മാധ്യമപിന്തുണ നല്‍കണമെന്നുമാണ് മമ്മൂട്ടിയും ദുല്‍ഖറും ഒക്കെ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതെന്നു കേള്‍ക്കുന്നു.

ഇന്നത്തെ സാഹചര്യത്തില്‍ യങ് സൂപ്പര്‍സ്റ്റാറുകളെ പ്രേക്ഷകക്കുരുവികള്‍ തിന്നുതീര്‍ക്കുമ്പോള്‍,ദുല്‍ഖര്‍ സല്‍മാനെ ലിമിറ്റഡ് എഡിഷനാക്കി മാറ്റാനുള്ള തീരുമാനം പക്വവും പ്രായോഗികവുമാണെന്നത് പറയാതിരിക്കാനാവില്ല.ചെറുപ്പക്കാരന്‍ തഴക്കവും പഴക്കവുമുള്ള നടനെപ്പോലെ അഭിനയിക്കുന്നു എന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും കേരള കഫെയിലെ ബ്രിഡ്‍ജ് ചെയ്തതിനു ശേഷം ക്ലാസിക് സിനിമയുടെ ബാധ കയറിയ സംവിധായകന്‍ അന്‍വര്‍ റഷീദ് അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനാണ്.അഞ്ജലി മേനോന്റേതാണ് തിരക്കഥ.വെറും 24 വയസുള്ള പാലാക്കാരന്‍ പയ്യന്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് (ട്രാഫിക്,ചാപ്പാ കുരിശ്)പടം നിര്‍മിക്കുന്നത്.

പറഞ്ഞു വന്നത് ദുല്‍ഖര്‍ സല്‍മാനെപ്പറ്റിയാണ്. ഏതാണ്ട് ഒരു മാസത്തോളം അഭിനേതാക്കള്‍ എറണാകുളത്ത് റിഹേഴ്സല്‍ ക്യാംപില്‍ പങ്കെടുത്തതിനു ശേഷമാണ് സെക്കന്‍ഡ് ഷോ കോഴിക്കോട്ട് ചിത്രീകരണമാരംഭിക്കുന്നത്. ഒരു പക്ഷെ പ്രേം നസീര്‍ കാലത്തിനു ശേഷം റിഹേഴ്‍സല്‍ ക്യാംപ് നടത്തുന്ന ഒരു സിനിമയായിരിക്കും ഇത്.ദുല്‍ഖറിന്റെ ഫേസ്‍ബുക്ക് ഫാന്‍ പേജില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ആക്ടര്‍/ഡയറക്ടര്‍ എന്നാണ്. തിരയുമ്പോള്‍ നമ്മള്‍ എത്തുന്നത് മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്റ്റുഡിയോയിലെ ദുല്‍ഖര്‍ സല്‍മാന്‍ എന്ന വിദ്യാര്‍ഥിയിലാണ്. ദുല്‍ഖര്‍ പ്രോജക്ടിന്റെ ഭാഗമായി അഭിനയിച്ച കില്‍ ദില്‍ എന്ന ഹിന്ദി ഷോര്‍ട് ഫിലിം യു ട്യൂബിലുണ്ട്.അതാകട്ടെ ദുല്‍ഖറിന്റെ ഫസ്റ്റ് ഷോ.ഇതില്‍ നായകന്റെ സഹോദരനാണ് ദുല്‍ഖര്‍.

ഇനി ദുല്‍ഖര്‍ സല്‍മാനും മങ്കാത്ത എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കാകുമനു എന്ന യുവനടനും ചേര്‍ന്ന് മുമ്പ് സംയുക്തമായി എഴുതി സംവിധാനം ചെയ്ത് നിര്‍മിച്ച് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച രണ്ടു ഹ്രസ്വചിത്രങ്ങള്‍ കൂടി കാണാം. അദ്യത്തേതില്‍ നായകനാണ് ദുല്‍ഖര്‍ (ഇതിലെ അഭിനയം കണ്ടിഷ്ടപ്പെട്ടാണ് മങ്കാത്തയില്‍ അശ്വിനെ അഭിനയിപ്പിച്ചതത്രേ.ഉടനിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ തിരൈപ്പടം ഏഴാം അറിവിലും അശ്വിന്‍ അഭിനയിക്കുന്നുണ്ട്).രണ്ടാമത്തേത് കുറച്ചുകൂടി സീരിയസ് വിഷയമാണ്. വളരെ നല്ല ഹ്രസ്വചിത്രം എന്നു പറയാവുന്ന ഒന്ന്. അതില്‍ ട്യൂഷന്‍ മാസ്റ്ററായി അഭിനയിക്കുന്നത് ദുല്‍ഖര്‍ ആണ്.

അങ്ങനെ ഞാനും പൃഥ്വിരാജ് ഫാനായി

നന്ദനത്തിനു ശേഷം എനിക്കിഷ്ടമാകുന്ന ഒരു പൃഥ്വിരാജ് ചിത്രം ഏതാനും മാസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ മാണിക്യക്കല്ലാണ്. മറ്റു സിനിമകളില്‍ കാണാത്ത വിധത്തില്‍ ലളിതവും അനായാസവുമായ അഭിനയത്തിലൂടെ അദ്ദേഹം തന്റെ പ്രൊഫഷനലിസത്തിന്റെ മൂര്‍ച്ച കൂട്ടി എന്നാണെനിക്കു തോന്നിയത്. വീണ്ടും ‘വീട്ടിലേക്കുള്ള വഴി’യിലെത്തിയപ്പോള്‍ ആ ധാരണ ശക്തമായി. മമ്മൂട്ടിയെപ്പോലെ തന്റെ കഴിവുകളെ മൂര്‍ച്ച കൂട്ടി പാകപ്പെടുത്തി ഒരു നല്ല നടനാവുന്നതിനുള്ള കഠിനപ്രയത്നം അദ്ദേഹം നടത്തുന്നുണ്ട് എന്നു വ്യക്തമാകുന്ന തരത്തിലുള്ള അഭിനയം.മമ്മൂട്ടി നായകനാകുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിനിമയിലെ വില്ലന്‍ വേഷം സ്വീകരിക്കുന്നതിലൂടെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അദ്ദേഹം അഭിനേതാവ് എന്ന നിലയില്‍ തനിക്കു പരിമിതികളില്ല എന്നു തെളിയിക്കുകയാണ്.

എന്നാല്‍, ഈ വൈകുന്നേരം എന്നെ പൃഥ്വിരാജ് ഫാനാക്കിയത് ഈ വിശകലനങ്ങളൊന്നുമല്ല. തേജാഭായ് ആന്‍ഡ് ഫാമിലി എന്ന സിനിമയിലെ ‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ’ റീമിക്സ് ഗാനമാണ്. സംഗതി നാലഞ്ചു തവണ കണ്ടു. അദ്ദേഹത്തെ ചീത്തവിളിക്കണം എന്നു വാശിയുള്ളവര്‍ ക്ഷമിക്കണം,ഞാനിന്നു മുതല്‍ ഒരു പൃഥ്വിരാജ് ഫാനാണ്. എന്നെ പൃഥ്വിരാജ് ഫാനാക്കിയ ആ ഗാനം കണ്ടിട്ടില്ലാത്തവര്‍ കണ്ടുനോക്കൂ, ഫാനാകൂ !

ശ്യാമിന്റെ സംഗീതത്തില്‍ ബിച്ചു തിരുമല എഴുതിയ ഈ ഗാനം പത്മരാജന്റെ തിരക്കഥയില്‍ 1984ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന സിനിമയിലേതാണ്. റഹ്മാന്റെ നൃത്തച്ചുവടുകള്‍ വ്യത്യസ്തമാക്കിയ ആ ഗാനം അന്നേ ഹിറ്റാണ്. ദീപക് ദേവിന്റെ റീമിക്സില്‍ വിജയ് യേശുദാസിന്റെ ആലാപനത്തില്‍ പൃഥ്വിരാജും അഖിലയും ആ ഗാനത്തെ ഗംഭീരമാക്കിയിരിക്കുന്നു. പൃഥ്വിരാജ് എന്ന നടന്റെ ഇതുവരെ കാണാത്ത പ്രകടനം ആണ് ഈ ഗാനരംഗത്തില്‍. ചടുലമായ നൃത്തവും അതില്‍ ഒരു നല്ല നടനു മാത്രം സമ്മാനിക്കാന്‍ കഴിയുന്ന സമര്‍ത്ഥമായ ലയനവും ഗാനത്തിന്റെ തിളക്കം കൂട്ടുന്നു. സംവിധായകന്‍ ദീപു കരുണാകരന്‍ അസ്സലായി ചിത്രീകരിച്ചിരിക്കുന്നു. നല്ല കൊറിയോഗ്രഫി.ഗാനത്തിന്റെ ആവേശം ചോരാതെ വീണ്ടും പാടിത്തന്ന വിജയ് യേശുദാസിനും നന്ദി. സിനിമ 30നു റിലീസ് ചെയ്യും (ഈ ചിത്രത്തില്‍ ഷക്കീല ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടല്ലോ).

റഹ്മാന്റെ പഴയ മധുരക്കിനാവ് ഒന്നുകൂടി അയവിറക്കാം.

മമ്മൂട്ടിയുടെ 2010, ദിലീപിന്‍റെയും

ലാലേട്ടന്‍റെ ആരാധകര്‍ ക്ഷമിക്കണം. താരാധിപത്യത്തിന്‍റെ കഥയും കടങ്കഥയും മറക്കാനാവാത്ത മലയാളത്തില്‍‍ 2010ല്‍ പുറത്തിറങ്ങിയ സിനിമകളിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കിയ താരങ്ങള്‍ മമ്മൂട്ടിയും ദിലീപും ആണെന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു. സ്വന്തമായി ഹിറ്റുകളൊന്നുമില്ലാതിരുന്നിട്ടും താരമൂല്യം കുതിച്ചു കയറിയത് ഒരേയൊരു താരം മാത്രം- പൃഥ്വിരാജ് !

ഹിറ്റ്ചാര്‍ട്ടില്‍ ശിക്കാര്‍ മാത്രമേയുള്ളൂവെങ്കിലും ആരാധകരുടെ എണ്ണത്തിലും ജനപ്രീതിയിലും ഒരുപടി കൂടി മുന്നോട്ടുപോകാന്‍ മോഹന്‍ലാലിനു 2010ല്‍ സാധിച്ചു. കേരള സര്‍ക്കാരിന്‍റേതുള്‍പ്പെടെ ഇവിടെ ഏറ്റവുമധികം ബ്രാന്‍ഡുകളെ പിന്തുണയ്‍ക്കുന്ന ബ്രാന്‍ഡ് അബാസിഡര്‍ ലാലേട്ടനാണ് എന്നത് അദ്ദേഹത്തിന്‍റെ ജനപിന്തുണയുടെയും സ്വീകാര്യതയുടെയും തെളിവാണ്.

സിനിമകളുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവുമധികം സിനിമകളുള്ള താരം മമ്മൂട്ടിയും സുരേഷ് ഗോപിയുമാണ്. ഏഴു സിനിമകള്‍ മമ്മൂട്ടിയുടേതായിറങ്ങി. എട്ടു നിലയില്‍ പൊട്ടിയെങ്കിലും സുരേഷ് ഗോപിക്കും സിനിമകള്‍ ഏഴെണ്ണമുണ്ട്. ലാലേട്ടന് നാല്. ദിലീപും പൃഥ്വിരാജും അഞ്ചു സിനിമകളില്‍ വീതം നായകന്മാരായപ്പോള്‍ കലാഭവന്‍ മണി അഞ്ചു സിനിമകളിലും ജയസൂര്യ നാലു സിനിമകളിലും ജയറാം കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മൂന്നു സിനിമകളിലും നായകന്മാരായി.

ദ്രോണ, പ്രമാണി, പോക്കിരിരാജ, കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്‍റ്, വന്ദേമാതരം, ബെസ്റ്റ് ആക്ടര്‍ എന്നിവയാണ് 2010ലെ മമ്മൂട്ടിയുടെ സിനിമകള്‍. യുഗപുരുഷന്‍, ബെസ്റ്റ് ഓഫ് ലക്ക് എന്നീ സിനിമകളില്‍ അദ്ദേഹം അതിഥിതാരമായി.
അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരു നാള്‍ വരും, ശിക്കാര്‍, കാണ്ഡഹാര്‍ എന്നിവയാണ് ലാലേട്ടന്‍റെ സിനിമകള്‍. ജനകനില്‍ അതിഥിതാരമായി എത്തി.

കടാക്ഷം, റിങ്ടോണ്‍, രാമരാവണന്‍, ജനകന്‍, സദ്ഗമയ, കന്യാകുമാരി എക്സ്പ്രസ്, സഹസ്രം എന്നിവയാണ് സുരേഷ് ഗോപിയുടെ സിനിമകള്‍. ബോഡിഗാര്‍ഡ്, ആഗതന്‍, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് (ക്രിസ്മസ് റിലീസ്) എന്നിവയാണ് ദിലീപിന്‍റെ സിനിമകള്‍.

പുണ്യം അഹം, താന്തോന്നി, പോക്കിരിരാജ, അന്‍വര്‍, ദി ത്രില്ലര്‍ എന്നിവയാണ് പൃഥ്വിരാജ് സിനിമകള്‍. മണിരത്നത്തിന്‍റെ രാവണ്‍ പൃഥ്വിരാജിന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തു എന്നത് വിസ്മരിക്കുന്നില്ല.

ഹാപ്പി ഹസ്ബന്‍ഡ്സ്, കഥ തുടരുന്നു, ഫോര്‍ ഫ്രണ്ട്സ് എന്നിവയാണ് ജയറാമിന്‍റെ സിനിമകള്‍. ഹാപ്പി ഹസ്ബന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ്, നല്ലവന്‍, കോക്ടെയില്‍ എന്നിവ ജയസൂര്യയുടെ സിനിമകള്‍. മമ്മി ആന്‍‍ഡ് മി, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്നിവയാണ് ചാക്കോച്ചന്‍റെ സിനിമകള്‍.

നായകന്‍, ചേകവര്‍, കരയിലേക്ക് ഒരു കടല്‍ദൂരം, കോളേജ് ഡേയ്സ് എന്നീ സിനിമകളിലൂടെ നായകനിരയില്‍ ഇന്ദ്രജിത്തും തന്‍റെ സ്ഥാനമുറപ്പാക്കി. മുകേഷിനും തന്‍റെ നായകപദവി നിലനിര്‍ത്താന്‍ ഈ വര്‍ഷം സാധിച്ചു. നിര്‍മാതാവ് ശശി അയ്യഞ്ചിറ, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവരും നായകന്മാരായി രംഗത്തെത്തി.

താരാധിപത്യമില്ലാത്ത സിനിമകളിലൂടെ രണ്ടാംനിര താരങ്ങളും സാന്നിധ്യമുറപ്പിച്ച വര്‍ഷമാണ് 2010. രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമകളിലൂടെ ജഗദീഷ്, മുകേഷ് തുടങ്ങിയവര്‍ വീണ്ടും തിളങ്ങി. സീനിയര്‍ മാന്‍ഡ്രേക്ക്, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, എഗെയ്‍ന്‍ കാസര്‍കോട് കാദര്‍ഭായി എന്നിവയാണ് 2010ലെ സെക്കന്‍ഡ് പാര്‍ട്ട് സിനിമകള്‍.