ഐഡിയ സ്റ്റാര്‍ കന്യക(ന്‍)

കന്യകാത്വം എന്നു പറയുന്നത് ഇത്രേം വില പിടിപ്പുള്ള സാധനമാണെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ പതിനാലാം വയസ്സില്‍ ഞാനത് നശിപ്പിക്കില്ലായിരുന്നു. കുറച്ചെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍ ഇൌ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം എനിക്കത് കോടികള്‍ക്കു വില്‍ക്കാമായിരുന്നു- എന്നാര്‍ക്കെങ്കിലും തോന്നാന്‍ ഈ പോസ്റ്റ് കാരണമായാല്‍ അതിന് ര്‍ഞാന്‍ ഉത്തരവാദിയല്ല. വിദേശരാജ്യത്ത് നടപ്പാക്കുന്ന റിയാലിറ്റി ഷോകള്‍ കുറച്ചുകാലം കഴിയുമ്പോള്‍ സാരിയും മുണ്ടുമുടുത്ത് ഇവിടേക്കു വരുന്ന പതിവ് ഇതിന്റെ കാര്യത്തിലും സംഭവിച്ചാല്‍ ഐഡിയ സ്റ്റാര്‍ കന്യക(ന്‍) എന്ന പേരിലോ മറ്റോ വരാനിടയുള്ള റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനാവാത്തവര്‍ പശ്ചാത്തപിക്കും.

നിലവില്‍ ഓസ്ട്രേലിയലിലാണ് കന്യകാത്വ റിയാലിറ്റി ഷോയുടെ പണികള്‍ നടക്കുന്നത്. പണി തുടങ്ങിയപ്പോഴെ സംഭവം വിവാദമായിട്ടുമുണ്ട്. കന്യകാത്വം കംപ്ലീറ്റും ബാക്കിയുള്ളവര്‍ക്കാണ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം. ഷോയിലെ വിവിധ റൌണ്ടുകളിലൂടെ എന്തു ചെയ്യും എന്നൊരു ചോദ്യമുണ്ട്. പിന്നെയും പിന്നെയും പാട്ടുകള്‍ പാടി ഗായകര്‍ക്ക് അവരുടെ റിയാലിറ്റി ഷോകള്‍ പൊലിപ്പിക്കാം. കന്യകാത്വം ഉള്ളവര്‍ എന്തു ചെയ്യും?

ഷോയുടെ ഫോര്‍മാറ്റ് അനുസരിച്ച് ഒന്നും രണ്ടുമല്ല, മൂന്നു കന്യകര്‍ ഇതില്‍ പങ്കെടുക്കുകയും ഷോയിലൂടെ തങ്ങളുടെ അദമ്യമായ കന്യകാത്വം ലേലത്തിനു വയ്ര്‍ക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ വില നല്‍കുന്നവന് കന്യകാത്വം നല്‍കും. തീര്‍ന്നോ ? ഇതത്രയും കുത്തിപ്പിടിച്ചിരുന്നു കാണുന്ന പ്രേക്ഷകര്‍ക്കൊന്നുമില്ലേ ? ഉണ്ടല്ലോ, മൂന്നു കന്യകരുടെയും കന്യകാത്വഭേദനം (അതോ ധ്വംസനം ആണോ ശരി ?) ചാനലിലൂടെ ലൈവ് ആയി കാണാം. അവസാനം വരെ ക്ഷമയോടെ കാത്തിരിക്കുന്നവന് എന്തെങ്കിലും കാര്യമായിട്ട് കിട്ടും എന്നു പറയുന്നതിതാണ്. ഇത് ഫീല്‍ ചെയ്യണമെങ്കില്‍ ഷോ ആദ്യം മുതല്‍ കാണുന്നവനായിരിക്കണം, അല്ലെങ്കില്‍ ചുമ്മാ മറ്റൊരു സീന്‍ എന്നേ തോന്നൂ. പാര്‍ട്ടിസിപ്പന്റ്സുമായിട്ടുള്ള അറ്റാച്ച്മെന്റും കാര്യങ്ങളുമൊക്കെ വച്ച് ഇത് കാണുന്ന പ്രേക്ഷകന്റെ ചങ്കു പൊടിയും എന്നതില്‍ സംശയമില്ല. ലോകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ റിയാലിറ്റി ഷോ ആയിരിക്കും ഇത്.

ഈ ഷോയില്‍ സംഗതിയുടെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിക്കാനും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും വിധികര്‍ത്താക്കളുണ്ടാകുമോ എന്നറിയില്ല. തെറ്റുകുറ്റങ്ങള്‍ പരിഹരിച്ചാല്‍ ഷാര്‍പ് ആവുന്നതല്ലല്ലോ കന്യകാത്വം. അല്ലെങ്കില്‍ തന്നെ ഇതിനു വിധി നിര്‍ണയിക്കാന്‍ ആരെ കിട്ടാനാണ് പ്രഫഷനല്‍ കന്യക, അല്ലെങ്കില്‍ സീനിയര്‍ കന്യക, അങ്ങനെയൊന്നും ആരും കാണില്ല. അല്ലെങ്കിലുംകന്യകയല്ലാതാവുമ്പോഴാണല്ലോ ഒരാള്‍ക്കു പ്രൊഫഷനല്‍ ആകാനുള്ള വഴികള്‍ തുറന്നു കിട്ടുന്നത്. അതൈന്തായാലും പരിശുദ്ധ കന്യകാത്വവുമായി ഷോയ്ക്കെത്തുന്നവര്‍ക്ക് ഗ്രാന്‍ഡ് ഫിനാലേ വരെ സംഗതി കാത്തുസൂക്ഷിക്കാനുള്ള സഹനശേഷി പാര്‍ട്ടിസിപ്പന്റ്സിനുണ്ടാകുമാറാകട്ടെ എന്നല്ലാതെ എന്തു പറയാന്‍.

ഇത് ഏതെങ്കിലും മലയാളം ചാനല്‍ അവലംബിച്ചാല്‍ ഏതു കോലത്തിലാക്കും എന്നതിനെ സംബന്ധിച്ചും എനിക്ക് ആശങ്കകളുണ്ട്. അവതാരക നാലുതവണ കെട്ടിപ്പിടിക്കുമ്പോള്‍ തന്നെ കന്യകാത്വം പകുതി പോകും. പിന്നെയും കിടക്കകുകയല്ലേ റൌണ്ടുകള്‍ അനവധി. നാട്ടിലെങ്ങും കന്യകരുടെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയരും- എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റൊക്കെ രസകരമായിരിക്കും. വികാരഭരിതരായ പ്രേക്ഷകര്‍ അയക്കുന്ന എസ്എംഎസുകള്‍ക്കും ഒരു കണക്കുണ്ടാവില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ജനം കാണാന്‍ കാത്തിരിക്കുന്ന അവസാനത്തെ ഷോ മിക്കവാറും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലോ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലോ ആയിരിക്കും. കൊക്കേത് കൊക്കോക്കോള ഏത് എന്നറിയാതെ കന്യകര്‍ സ്റ്റേജില്‍ മൃദുപരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്കു ചുറ്റും സിനിമാറ്റിക് ഡാന്‍സുകാര്‍ ചടുലനൃത്തം വയ്ക്കും. ആലോചിച്ച് എന്തൊക്കെയോ തോന്നുന്നു.

ജസ്റ്റിനും പരസ്യവും
ജസ്റ്റിന്‍ സിസ്ലി (പൈങ്കിളി നോവലിലൊക്കെയുള്ള സിസിലി അല്ല) എന്നു പറയുന്ന ഒാസ്ട്രേലിയന്‍ സംവിധായകന്റേതാണ് ഈ ഐഡിയ. അവിടുത്തെ ടിവിയില്‍ കുശാലായി സംപ്രേഷണം ചെയ്യാമെന്നു കരുതി ഒരു വര്‍ഷത്തോളമായി സ്വന്തം നിലയ്ക്ക് കന്യകരുടെ ഓഡിഷന്‍ നടത്തുകയാണ് ജസ്റ്റിന്‍. കന്യകരെ ആവശ്യമുണ്ട് എന്നെഴുതിയ പരസ്യങ്ങള്‍ ഓസ്ട്രേലിയന്‍ ജംക്ഷനുകളില്‍ വീശിയതോടെയാണ് ജസ്റ്റിന്റെ പരിപാടി എന്താണെന്ന് ആളുകള്‍ അന്വേഷിച്ചത്. പോരെങ്കിള്‍ പരസ്യത്തിന് ജസ്റ്റിന്‍ ഉപയോഗിച്ചത് പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രവും. പോരേ പൂരം ?

ഇവിടെയെങ്ങും ഒരു ടീവിലും അതു കാണിക്കാന്‍ പോണില്ല എന്നും പെണ്‍പിള്ളാരെ റിയാലിറ്റി ഷോയെന്നും പറഞ്ഞ് വഴി തെറ്റിച്ചാല്‍ പിടിച്ച് അകത്തിടും എന്നുമൊക്കെ സര്‍ക്കാര് പറഞ്ഞതോടെ ജസ്റ്റിന്‍ പരിപാടി അമേരിക്കയിലേക്കു മാറ്റി. ഓസ്ട്രേലിയയില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണ്. അമേരിക്കയിലെ ലാസ് വെഗാസില്‍ അത് നിയമവിധേയവും. അവിടുത്തെ ഒരു ബ്രോത്തലില്‍ പ്രാതലിനു ശേഷം ഷോ ഷൂട്ട് ചെയ്യാനാണ് ജസ്റ്റിന്റെ ഇപ്പോഴത്തെ പരിപാടി. റിയാലിറ്റി ഷോ ആയി സംപ്രേഷണം നടക്കില്ല എന്നുറപ്പായതോടെ ഡോക്യുമെന്ററി ആയി ചിത്രീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

വെറോനിക്ക എന്നൊരു 21കാരിയും 20 വയസ്സുള്ള ഒരു അലക്സും പിന്നെ വേറൊരുത്തനുമാണ് കന്യകാത്വവുമായി ഷോയ്ര്‍ക്ക് തയ്യാറായി നില്‍ക്കുന്നത്. കന്യക ഒന്നിന് 20,000 ഡോളറും പിന്നെ ലേലത്തുകയുടെ 90 ശതമാനവുമാണ് ജസ്റ്റിന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാക്കി 10 ശതമാനം ബ്രോത്തലില്‍ കൊടുക്കുമത്രേ. കാശ് ലക്ഷ്യം വച്ചാണ് കന്യകര്‍ ലേലത്തിനു വന്നിരിക്കുന്നത്. ജസ്റ്റിന്‍ നിലവില്‍ ഒരു നികൃഷ്ടജീവിയായി മുദ്രകുത്തപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഫോണില്‍ വധഭീഷണിയോടു വധഭീഷണിയാണത്രേ. ജസ്റ്റിനെതിരേ സാംസ്കാരിക സംഘടനകളും ഉണര്‍ന്നിട്ടുണ്ട്.

fameandfortune.com.au എന്ന വെബ്സൈറ്റിലൂടെയാണ് ജസ്റ്റിന്‍ കന്യകരെ തിരയുന്നതും ഓഡിഷന്‍ നടത്തുന്നതുമൊക്കെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ സൈറ്റ് പരിശോധിക്കുക. സൈറ്റ് പരിശോധിച്ചതുകൊണ്ട് ആരുടെയും കന്യകാത്വം പ്രതിസന്ധിയിലാകാന്‍ പോകുന്നില്ല.ഹല്ല, പിന്നെ.

ഐഡിയ സ്റ്റാര്‍ കാ സ്വയംവര്‍

കേരളാ മോഡല്‍, കേരളാ മോഡല്‍ എന്നു പറഞ്ഞാലുണ്ടോ ആരെങ്കിലും സമ്മതിക്കുന്നു. ഏതു സംഗതിയെയും കേരളത്തിന്‍റേതായ ഒരു ശൈലിയിലേക്ക് മാറ്റി അതിനെ പുതുമയാര്‍ന്ന മറ്റൊന്നാക്കുന്ന അപൂര്‍വസംഭവത്തെയാണ് നമ്മള്‍ കേരളാ മോഡല്‍ എന്നു വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഇവിടെ ആഘോഷം എന്നു പറഞ്ഞാല്‍ കുടുംബത്തോടെ ബിവറേജസിന്‍റെ മുന്നില്‍ ക്യൂ നിന്ന് കുപ്പി വാങ്ങി കറവപ്പശു കാടി കുടിക്കുന്നതുപോലെ അകത്താക്കിയിട്ട് പിന്നെയത് വാളുവച്ച് വീലായി, രണ്ടോ മൂന്നോ ദിവസം ഓഫായിക്കിടക്കുന്നതാണ്.

അങ്ങനെ പറയുമ്പോള്‍‍ ലോകത്തില്‍ നടക്കുന്ന എല്ലാ പോസിറ്റീവ് സംഗതികളും കേരളാ മോഡലിലേക്കു റീ ഡിഫൈന്‍ ചെയ്യുമ്പോള്‍ ഭയങ്കര അലമ്പും വൃത്തികേടും ആയി മാറുമെന്നല്ല ഉദ്ദേശിക്കുന്നത്. ലോകം എങ്ങനെയൊക്കെ ഓപ്പറേറ്റ് ചെയ്തിട്ടും വൃത്തിയാകാത്ത ചില സംഭവങ്ങള്‍ കേരളാ മോഡലിലേക്ക് വരുമ്പോല്‍ ചിലപ്പോല്‍ ഉല്‍കൃഷ്ഠവും ഉദാത്തവുമായി മാറും. രാഖി കാ സ്വയംവര്‍ എന്ന പേരില്‍ നല്ല തങ്കം പോലൊരു തമ്പുരാട്ടിക്കുട്ടിയെ വേളി കഴിപ്പിക്കാനുള്ള മെഗാ റിയാലിറ്റി ഷോയില്‍ പോലും സംഗതി കൃത്യമായി എപ്പിസോഡുകള്‍ കഴിഞ്ഞെങ്കിലും അവസാനം, ക്ണാപ്പനെ കെട്ടണോ വേണ്ടയോ എന്നു ഞാനൊന്നാലോചിക്കട്ടെ, അല്ലെങ്കിലും ഇതൊക്കെ ഒരു ഷോയല്ലേ എന്ന ഫിലോസഫി പറഞ്ഞ് പ്രേക്ഷകരെ ഊശിയാക്കി തമ്പുരു.

[smartads]
അപ്പോഴാണ്, പാട്ടുകാരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലെ സെലബ്രിറ്റി ജഡ്ജ് പാര്‍ട്ടിസിപ്പന്‍റിനെ പ്രണയിച്ചതും കല്യാണം കഴിക്കുന്നതും നമ്മളറിയുന്നത്. ജഡ്ജ് അറിയപ്പെടുന്ന സിനിമാനടന്‍ കൂടിയാണെന്നോര്‍ക്കണം. അതും,അപ്‍കമിങ് ടെറര്‍ കടയാടി ബേബി എന്നൊക്കെ പറയുന്നപോലെ, തെന്നിന്ത്യന്‍ സിനിമയിലെ ഒരു അപ്കമിങ് ഹീറോ ബാല.

സില്‍മാനടന്‍ ബാല സാധാരണ ഗായികയായ അമൃതയെ പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നതില്‍ മലയാളിക്ക് ഒന്നും തോന്നത്തില്ല. നാലാമത്തെ റൗണ്ടിലെ മൂന്നാമത്തെ എപ്പിസോഡില്‍ അവള്‍‍ടെ ഒരു ചിരി കണ്ടപ്പോഴേ ഞാനിതൂഹിച്ചതാ ഇത് കല്യാണത്തിലേ അവസാനിക്കൂ എന്നൊക്കെയുള്ള വിശ്വാസങ്ങളിലാണ് ജനം. അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കുന്നതും കിണറു കുഴിക്കാന്‍ വരുന്നവന്‍ കിണര്‍ ഓറണുടെ മകളെ അടിച്ചോണ്ടു പോകുന്നതുമൊന്നും ഇവിടെ ഒരു സംഭവമേയല്ല.ഇവിടെ മാധ്യമ ആഘോഷമായ റിയാലിറ്റി ഷോയില്‍ നിന്നാണ് ഷോയുടെ ഹൈലൈറ്റുകള്‍ക്കപ്പുറത്തേക്കു പോകുന്ന ഈ റിയാലിറ്റി സംഭവിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാര്‍ സിങ്ങറിന്റെ 2007ലെ മത്സരാര്‍ത്ഥിയായിരുന്ന അമൃത ഇന്ന് അറിയപ്പെടുന്ന ചലച്ചിത്ര പിന്നണി ഗായികയാണ്.ഐഡിയ സ്‌റ്റാര്‍സിംഗര്‍ പരിപാടിയുടെ സെലിബ്രിറ്റി ഗസ്‌റ്റായി താന്‍ എത്തിയതോടെയാണ്‌ ഇരുവരുടെയും പ്രണയത്തിന്‌ തുടക്കമിട്ടതെന്നു നടന്‍ ബാല പറഞ്ഞു.തമിഴ്‌ നടനാനെന്കിലും കളഭം,എസ്‌എംഎസ്‌, ചെമ്പട, വേനല്‍ മരം, ബിഗ്‌ ബി,ആയുധം, സാഗര്‍ ഏലിയാസ്‌ ജാക്കി,പുതിയ മുഖം എന്നെ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ബാല.

എന്‍റെ പരിമിതമായ അറിവു വച്ച് ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു റിയാലിറ്റി ഷോ ജഡ്ജ് അതേ ഷോയിലെ മല്‍സരാര്‍ഥിയെ പ്രണയിച്ചു വിവാഹം കഴിക്കുന്നത്. അതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നല്ല, വിവാഹം കഴിപ്പിക്കുക എന്ന ഇവന്‍റില്‍ നടത്തുന്ന റിയാലിറ്റി ഷോകള്‍ പോലും വിവാഹത്തിലെത്താതെ പണ്ടാരമടങ്ങുമ്പോഴാണ് ഇവിടെ പ്രണയം പൂത്തുലയുന്നതെന്നോര്‍ക്കണം. അതായത്, തികച്ചും കൊമേഴ്‍സ്യലായ ഒരു സംരംഭത്തെ ഇങ്ങനെ ഹോംലി ആക്കാന്‍, പേഴ്സനല്‍ അക്കാന്‍ ലോകത്ത് മലയാളിക്കു മാത്രമേ പറ്റൂ.

ലോകത്ത് എല്ലാ റിയാലിറ്റി ഷോകളും ഷോ എന്ന നിലയില്‍ തന്നെ നിര്‍മിക്കുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ മലയാളി മാത്രം അതിനെ റിയാലിറ്റി മാത്രമായി കാണുകയും ടിവിയ്‍ക്കു മുന്നിലിരുന്നു കണ്ണീരൊഴുക്കുകയും തുരുതുരാ എസ്എംഎസ് അയക്കുകയും ചെയ്യുന്നത് ഇതു വെറും ഷോ എന്ന വിശ്വാസം ഇല്ലാത്തതുകൊണ്ടാണ്. മല്‍സരാര്‍ഥികളും ജഡ്ജസും ഷോയെ ഇത്ര തീവ്രമായി കാണുന്നു എന്നതിന്‍റെ തെളിവാണ് ഈ വിവാഹം.
[smartads]
സിനിമയിലെ വിവാഹം, സാഹിത്യത്തിലെ വിവാഹം, ബ്ലോഗിലെ വിവാഹം ഇവയൊക്കെ നമ്മള്‍ കണ്ടതാണ്. ഈ വിവാഹ പരമ്പരയിലെ ഏറ്റവും പുതിയ ഇവന്‍റാണ് റിയാലിറ്റി ഷോ വിവാഹം.ഇത് ആത്യന്തികമായി എവിടെച്ചെന്നു നില്‍ക്കുന്നു എന്നു കൂടി നോക്കിയിട്ട് ഞാന്‍ ഉപസംഹരിക്കാം. സിനിമയില്‍ വിവാഹം കഴിഞ്ഞതോടെ നടിമാരൊക്കെ കരിയര്‍ അവസാനിപ്പിച്ചു. മഞ്ജു വാര്യരെപ്പോലെയുള്ള ചില നടിമാരുടെ പിന്‍വാങ്ങല്‍ മലയാളം ഇന്‍ഡസ്ട്രിക്കു തന്നെ തിരിച്ചടിയായി എന്നുറപ്പിച്ചു പറയാം. സാഹിത്യത്തില്‍ ദമ്പതികള്‍ക്കിടയില്‍ മുടിഞ്ഞ ഈഗോയും ബഹളവുമാണെന്നാണ് പൊതുവേയുള്ള സങ്കല്‍പം. ബ്ലോഗിലോ ? മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് വിവാഹം രണ്ടു സജീവ ബ്ലോഗര്‍മാര്‍ തമ്മിലായിരുന്നു. എന്നിട്ടെന്തായി ? വിവാഹം കഴിഞ്ഞതോടെ രണ്ടു പേരും ബ്ലോഗ് ഡിലീറ്റ് ചെയ്തു. ചുരുക്കത്തില്‍, കലാകാരിയുടെ വരന്‍ വിദേശത്ത് ഡോക്ടറോ, എന്‍ജിനീയറോ മെയില്‍ നഴ്സോ അല്ലെങ്കില്‍ കാരിയുടെ കല അവിടെത്തീരുമെന്നതുറപ്പിക്കാം. അതും കേരളാ മോഡല്‍.

വിവാഹം അണ് ശരാശരി കേരള യുവതിയുടെ ആത്യന്തികമായ ലക്ഷ്യം. സര്‍ക്കാര്‍ ജോലി പോലെ തന്നെ, വിവാഹം കഴിക്കുന്നതുവരെയുള്ളൂ, ഈ കമ്പം. അതു കഴിയുന്നതോടെ ദാമ്പത്യത്തിന്‍റെ ഫയലുകള്‍ക്കിടയില്‍ എവിടെയെങ്കിലും പൊടിപിടിച്ചു മയങ്ങിക്കോളും. നാളെ ഈ അമൃത സുരേഷിന്‍റെ ഈണങ്ങള്‍ ബാലയുടെ വീട്ടിനുള്ളില്‍ മാത്രമായി ഒതുങ്ങാതിരിക്കട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കാം. മഞ്ജു വാര്യരെപ്പറ്റിയും ഒക്കെ ഇങ്ങനെ പറയുമ്പോള്‍ മറ്റൊരാളുടെ ഭാര്യയെപ്പറ്റി ഇങ്ങനെ വിചാരിക്കുന്നതെന്തിന് എന്നു ചിലര്‍ ചോദിക്കാറുണ്ട്. കലാകാരി അല്ലെങ്കില്‍ കലാകാരന്‍ സമൂഹത്തിന്‍റെ പൊതുസ്വത്താണ്. തങ്ങളുടെ കലാജിവിതവും പ്രേക്ഷക-ആരാധകസമൂഹവും വേണ്ട എന്നുവച്ച് സ്വകാര്യജീവിതത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നത് ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണെങ്കിലും അവര്‍ സൃഷ്ടിക്കുന്ന നഷ്ടം ഒരിക്കലും മറ്റൊരാള്‍ക്കു നികത്താനാവില്ല എന്നത് മറക്കാനുമാവില്ല.