സദാചാര പൊലീസിന്റെ രാഷ്ട്രീയം

അവധിക്കു വന്ന പട്ടാളക്കാരനെ വെടിവച്ചു വീഴ്ത്തിയിട്ട് യുദ്ധമുഖത്ത ടാങ്കുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഇയാളെന്തിന് ഒരു വെടി കൊണ്ടു വീണൂ എന്നു ചോദിക്കുന്നതു പോലെയാണ് ശ്വേത മേനോന്റെ പരാതിയോടുള്ള മുഖ്യധാരയുടെ പ്രതികരികരണങ്ങള്‍. നമ്മുടെ കപടസദാചാരത്തിന്റെയും തന്ത്രപരമായ വിശാലമനസ്സിന്റെയും ശ്രേഷ്ഠമായ ഉദാഹരണങ്ങളാണ് ഇന്നലെയും ഇന്നുമായി ശ്വേത-പീതാംബരക്കുറുപ്പ് വിവാദത്തോടുള്ള പ്രമുഖരും പ്രഗല്‍ഭരും പുരോഗമന-സ്ത്രീപക്ഷവാദികളും എന്നവകാശപ്പെടുന്നവര്‍ പോലും മുന്നോട്ടു വയ്ക്കുന്ന വാദങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ശ്വേതയുടെ നിലപാടിനെതിരായി വന്നിരിക്കുന്ന പ്രധാന വാദങ്ങള്‍ നിഷ്പക്ഷമായി, മുന്‍ധാരണകളും രാഷ്ട്രീയനിലപാടുകളുമില്ലാതെ ഒന്നു പരിശോധിക്കാം.

1. സ്വന്തം പ്രസവം വരെ ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ച ശ്വേതയെ ഇരയായി കാണാനാവില്ല. ശ്വേതയ്ക്ക് പരാതി നല്‍കാന്‍ ആരുടെയും സഹായം ആവശ്യമില്ല. മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്വേതയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കേണ്ടതില്ല (കെ.മുരളീധരന്‍).

ശ്വേത മേനോന്‍ പ്രസവം ചിത്രീകരിച്ചതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ ഈ സംഭവത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ഒരു തരത്തിലുള്ള മോറല്‍ പൊലീസിങ് ആണ്. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ചതും ഇതും തമ്മില്‍ ലിങ്ക് ചെയ്യുന്നത് വിഡ്ഡിത്തമാണ്. പ്രസവം ചിത്രീകരിച്ചതോടെ ശ്വേതയ്ക്ക് അമാനുഷമായ കഴിവുകളൊന്നും ലഭിച്ചതായി അവര്‍ പറഞ്ഞിട്ടില്ല. പ്രസവം ചിത്രീകരിക്കാന്‍ ധൈര്യം ലഭിച്ചാല്‍ പിന്നെ മറ്റെന്തും ചെയ്യാനുള്ള ധൈര്യം ഓട്ടോമാറ്റിക്കായി വന്നുകൊള്ളുമെന്നും കരുതാന്‍ ന്യായമില്ല. പ്രസവം ചിത്രീകരിച്ച ശ്വേത എന്നു ഇപ്പോള്‍ ലേബല്‍ ചെയ്യുന്നത് ആളുകളെ മറ്റൊരു തരത്തില്‍ സ്വാധീനിക്കാം എന്ന ഉദ്ദേശത്തോടെയാണ്. ശ്വേതയ്‌ക്കെതിരേ സ്വമേധയാ കേസെടുക്കേണ്ടതില്ല എന്നു പറയേണ്ടത് കെ.മുരളീധരനല്ല. അത് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ കേരളാ പൊലീസോ പറഞ്ഞുകൊള്ളും. പരാതി നല്‍കാന്‍ ആരുടെയെങ്കിലും സഹായം ആവശ്യമുണ്ടോ ഇല്ലയോ എന്നത് ശ്വേതയും തീരുമാനിച്ചുകൊള്ളും.

2. ഈ സംഭവം വിവാദമായത് സിനിമാനടി ശ്വേത മേനോന്‍ ആയതുകൊണ്ടാണ്. എത്രയോ സാധാരണസ്ത്രീകള്‍ ദിനംപ്രതി കേരളത്തില്‍ പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. അപ്പോഴൊന്നും മാധ്യമങ്ങള്‍ അതിങ്ങനെ ആഘോഷിക്കാറില്ല, ആളുകള്‍ പ്രതികരിക്കാറുമില്ല.

ശ്വേത സെലബ്രിറ്റിയായതുകൊണ്ടു തന്നെയാണ് മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്നത്. സെലബ്രിറ്റികളുടെ വിധി അങ്ങനെയാണ്. ശ്വേതയുടെ പരാതി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ആളുകള്‍ ചര്‍ച്ച ചെയ്യുകയും വിവിധ നിലപാടുകള്‍ ഉരുത്തിരിയുകയും ചെയ്യുമ്പോള്‍ സത്യവും നീതിയും ആത്മാര്‍ത്ഥയുമൊക്കെ ഒരിക്കല്‍ക്കൂടി മാറ്റുരയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ഇനി മുതല്‍ ശ്വേതയെ ഒഴികെ ആരെയും പിടിക്കാം എന്നല്ല, സ്ത്രീകളെ വെറുതെ തൊടുന്നതു പോലും അപമാനകരമായി അവര്‍ക്കു തോന്നാം എന്ന സന്ദേശമാണ് ജനങ്ങളിലേക്കെത്തുന്നത്. മേല്‍പ്പറഞ്ഞതുപോലെ ദിനംപ്രതി പീഡനങ്ങള്‍ക്കും അപമാനത്തിനുമിരയാകുന്ന നൂറുകണകിനു സ്ത്രീകള്‍ക്ക് പരാതിപ്പെടാനും നിലപാടിലുറച്ചുനില്‍ക്കാനുമുള്ള ധൈര്യവും കരുത്തുമാണ് ഈ വിവാദം പകര്‍ന്നു നല്‍കുന്നത്.

3. ശ്വേതയുടെ പക്ഷം പിടിക്കുകയും അവരുടെ പരാതി മുഖവിലയ്‌ക്കെടുക്കുകയും ചെയ്യുന്നവര്‍ ശ്വേതയുടെ പൂര്‍വകാലം പരിശോധിക്കണം. കാമസൂത്രയുടെ പരസ്യം മുതല്‍ സ്വന്തം ഗര്‍ഭസിനിമയില്‍ വരെ അഭിനയിച്ചിട്ടുള്ളവരാണ് അവര്‍. പീതാംബരക്കുറുപ്പോ വിവാഹംപോലും കഴിക്കാത്ത, ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലാത്ത സാത്വികനും. സത്യത്തില്‍ പീതാംബരക്കുറുപ്പാണ് ഇര.

ഇന്നലെ നടന്ന ഒരു സംഭവത്തെപ്പറ്റി പരാതി പറയുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളുടെ പൂര്‍വകാലവും സദാചാര സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുന്നത് യുക്തിരഹിതമാണ്. ഈ കേസില്‍ ഇരയും വേട്ടക്കാരനും ആരൊക്കെയാണെന്ന് കേസ് അന്വേഷിക്കുന്നവര്‍ കണ്ടെത്തിക്കൊള്ളും. ശ്വേത കാമസൂത്രയുടെ പരസ്യത്തിലും രതിനിര്‍വേദത്തിലും ഒക്കെ അഭിനയിച്ചു എന്നതുകൊണ്ടോ അവരുടെ പൂര്‍വകാലത്തില്‍ പലതും സംഭവിച്ചിട്ടുണ്ടാവാം എന്നതുകൊണ്ടോ ശ്വേത ഒരു സ്ത്രീയല്ലാതാവുന്നില്ല. അപമാനിക്കപ്പെട്ടതിന്റെ വേദന ഇല്ലാതാവുന്നില്ല. കാമസൂത്രയുടെ പരസ്യത്തിലഭിനയിച്ചവളെ കയറിപ്പിടിച്ചാല്‍ തെറ്റൊന്നുമില്ല എന്നു വിശ്വസിക്കുന്നവരും വാദിക്കുന്നവരും സ്ത്രീസമൂഹത്തിനു ഭീഷണിയാണ്. ഇല വന്നു മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് സമൂഹമാകുന്ന മരത്തിനാണ്.

4. സിനിമയില്‍ എത്രയോ പുരുഷന്‍മാര്‍ ശ്വേതയെ സ്പര്‍ശിക്കുകയും ആലിംഗനം ചെയ്യുകയുമൊക്കെ ചെയ്യുന്നു. കളിമണ്ണില്‍ യഥാര്‍ഥത്തില്‍ ഗര്‍ഭിണിയായ ശ്വേതയുടെ വയറില്‍ പരപുരുഷനായ ബിജു മേനോന്‍ മുഖം ചേര്‍ത്തുകിടക്കുന്നു വരെയുണ്ട്. ഇത്രയൊക്കെ അഡ്ജസ്റ്റ് ചെയ്യുന്ന ശ്വേതയ്ക്ക് അഥവാ പീതാംബരക്കുറുപ്പിന്റെ കയ്യൊന്നു തട്ടിയെങ്കില്‍ അങ്ങ് ക്ഷമിച്ചുകൂടെ ?

പ്രൊഫഷനലിസം എന്നത് എക്‌സിക്യുട്ടീവ് പ്രൊഫഷനലുകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ധാരണയാണ് തിരുത്തേണ്ടത്. ഒരു നടി അവരുടെ തൊഴിലിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളെ വ്യക്തിപരമായി കണ്ട് വിലയിരുത്തി അഭിപ്രായം പറയുന്നത് വിവരക്കേടാണ്. പീതാംബരക്കുറുപ്പും ശ്വേതയും അഭിനയിക്കുന്ന സിനിമയില്‍ അവര്‍ അച്ഛനും മകളുമായി അഭിനയിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങളെപ്പറ്റിയല്ല ശ്വേതയുടെ പരാതി. ശ്വേത അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ അവിടെ കൂടിയിരുന്നവരില്‍ നിന്നും ഉണ്ടായ സമീപനങ്ങളെക്കുറിച്ചാണ്. ശ്വേതയുടെ സ്ഥാനത്ത് ആരായാലും അങ്ങനെയൊരു പരാതിയുണ്ടായാല്‍ അതിനു പ്രസക്തിയുണ്ട്.

5. ശ്വേത എന്തുകൊണ്ട് ഇതൊരു വിവാദമാക്കി ? ആരുമറിയാതെ ഒരു പരാതി കൊടുത്ത് ന്യായമായും പരിഹരിക്കാമായിരുന്ന പ്രശ്‌നത്തെ ഇത്തരത്തില്‍ വലുതാക്കിയതിലൂടെ ഒരു ജനപ്രതിനിധിയുടെ രാഷ്ട്രീയഭാവിയാണ് ഇല്ലാതായത്. തട്ടലിന്റെയും മുട്ടലിന്റെയും പേരില്‍ തകര്‍ക്കാനുള്ളതാണോ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം ?

ആരോരുമറിയാതെ ജില്ലാ കലക്ടറോടു മാത്രം പരാതി പറഞ്ഞ് മടങ്ങിയ ശ്വേതയെ പ്രകോപിപ്പിച്ചത് കലക്ടര്‍ കൈകഴുകിയതോടെയാണ് എന്നാണ് മനസ്സിലാകുന്നത്. ശാരീരികമായ അപമാനത്തെക്കാള്‍ അവരെ വേദനിപ്പിച്ചത് കലക്ടറുടെ ഈ നിലപാടാണ് എന്ന് ശ്വേതയും പറയുന്നു. ഒരു സ്ത്രീയ്ക്ക് താന്‍ അപമാനിക്കപ്പെട്ടു എന്നു പരസ്യമായി പറയുന്നതിനു മുമ്പ് അതിന്റെ പ്രത്യാഘാതങ്ങള്‍ ആലോചിക്കണമെന്നു പറയുന്നത് സ്ത്രീവിരുദ്ധതയാണ്. ഒരാളുടെ രാഷ്ട്രീയഭാവിയെക്കാള്‍ വിലയുള്ളതാണ് സ്ത്രീയുടെ അഭിമാനം എന്നുറച്ചുപറയാന്‍ കഴിയാതെ വരുന്നത് പരാജയമാണ്.

6. ശ്വേതേ മേനോന്‍ നുണപറയുമെന്ന് കരുതുന്നില്ല. നമ്മുടെ മലയാള സമൂഹത്തിന് എന്തുപറ്റി?. കഴുകന്‍ കണ്ണുകളോടെ, കഴുകനേപ്പോലെ സ്ത്രീകളോട് പെരുമാറരുത് (പി.സി.ജോര്‍ജ്ജ്)

ശരി രാജാവേ.

ഒരു കാഥികന്‍റെ കദനം

മാനുഷികവും ധാര്‍മികവുമായ അവശതയനുഭവിക്കുന്ന സൂപ്പര്‍ താരങ്ങളുടെ പല്ലക്കു ചുമക്കുന്ന സംഘടനാഭാരവാഹികള്‍ ഇനി ഈ മനുഷ്യന്‍റെ കാര്യത്തില്‍ എപ്പോഴാണ് ഇടപെടാന്‍ പോകുന്നത് ? രണ്ട് ഇരിഞ്ഞാലക്കുടക്കാര്‍ ചേര്‍ന്നു ഭരിക്കുന്ന അമ്മ സംഘടന ഡോ.മന്‍മോഹന്‍സിങ്ങിന്‍റെ എക്കണോമിക്സ് പ്രകാരം പാവങ്ങളുടെ വയറ്റത്തടിക്കുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ വഴിയേ അല്ലെങ്കില്‍ സൂപ്പറുകളോളം സീനിയറായ ഈ കലാകാരന്‍റെ അപേക്ഷ ഫയലില്‍ നിന്നെടുത്ത് പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു കാലത്ത് മലയാളികളെ കുടുകുടാ ചിരിപ്പിച്ച നമ്മുടെ വി.ഡി.രാജപ്പന്‍ കിടപ്പിലാണ്. മൃഗങ്ങളിലൂടെ മനുഷ്യരുടെ ഒരായിരം കഥകള്‍ പറഞ്ഞ അദ്ദേഹത്തിന് ഒട്ടും ചിരി വരാത്ത ഒരേയൊരു കഥയേ ഇനി പറയാനുള്ളൂ- വി.ഡി.രാജപ്പന്‍റെ കഥ.

കോമഡി സ്റ്റാറുകളുടെ കാലത്ത് വി.ഡി.രാജപ്പന് എന്താണ് പ്രസക്തി എന്നു ചോദിച്ചാല്‍ ഒരു പ്രസക്തിയുമില്ല. എന്നാല്‍, പാരഡി കഥാപ്രസംഗങ്ങളിലൂടെ, അവയുടെ അനേകം അനേകം കസെറ്റുകളിലൂടെ രണ്ടു പതിറ്റാണ്ടോളം കേരളക്കരയുടെ ഹാസ്യസാമ്രാട്ടായി പറന്നു നടന്ന കലാകാരനാണ് വി.ഡി.രാജപ്പന്. ആരെയും കൊതിപ്പിക്കുന്ന പാരഡി ഗാനങ്ങളായിരുന്നു വി.ഡി.രാജപ്പന്‍റെ മുഖമുദ്ര. വി.ഡി.രാജപ്പന്‍റെ പാരഡി ഗാനങ്ങളിലൂടെ അവയുടെ ഒറിജിനലുകളെപ്പോലും അറിയുന്ന ഒരു കാലമുണ്ടായിരുന്നു. കേരളത്തിനു പുറമേ ഗള്‍ഫ് നാടുകളിലും ആയിരക്കണക്കിനു വേദികളില്‍ അദ്ദേഹം കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.

പാരഡി ഗാനങ്ങള്‍ എഴുതി തന്‍റെ പ്രത്യേകതയുള്ള ശബ്ദത്തില്‍ എല്ലാവിധ എഫക്ടുകളോടും കൂടി ആലപിച്ചിരുന്ന വി.ഡി.രാജപ്പന്‍റെ കഥകളില്‍ പോത്തും എരുമയും തവളയും കോഴിയുമൊക്കെയായിരുന്നു പ്രധാനകഥാപാത്രങ്ങള്. അവയൊക്കെ കസെറ്റ് രൂപത്തില്‍ വമ്പന്‍ ഹിറ്റുകളുമായി എന്നത് രാജപ്പനെ കേട്ടിട്ടുള്ള തലമുറ മറന്നുപോവുകയുമില്ല. ‘കല്ലെടുത്തു കീച്ചരുതേ നാട്ടാരേ… എല്ലുവലിച്ചൂരരുതേ നാട്ടാരേ..’ എന്ന ആമുഖഗാനത്തോടെ രാജപ്പന്‍ കഥാപ്രസംഗം തുടങ്ങുമ്പോള്‍ കയ്യടികൊണ്ട് ജനസാഗരം എതിരേറ്റിരുന്ന കാലം പോയി, ആ ജനവും മൈതാനങ്ങളും പോയി, രോഗവും ദൂരിതങ്ങളും പാരഡിയില്ലാതെ കൂടെക്കൂടിയിട്ട് കാലങ്ങളായി. തൊണ്ണൂറുകളിലിറങ്ങിയ ‘അമിട്ട്’ ആണെന്നു തോന്നുന്നു വി.ഡി.രാജപ്പന്‍റെ അവസാനത്തെ സൂപ്പര്‍ഹിറ്റ് പാരഡി കഥാപ്രസംഗം.

ഇപ്പോള്‍ എന്താണ് അവസ്ഥയെന്നു ചോദിച്ചാല്‍ അദ്ദേഹത്തിനു വയ്യ. ആരോഗ്യപ്രശ്നങ്ങളോടൊപ്പം സാമ്പത്തികപ്രശ്നങ്ങളുമുണ്ട്. വിശ്രമമില്ലാതെ മൈക്കിലൂടെ കഥകള്‍ പറഞ്ഞു നടന്നതുമൂലം കേള്‍വിശക്തിക്കു പണ്ടേ ചെറിയ തകരാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 90% കേള്‍വിശക്തിയും നഷ്ടമായി. പ്രമേഹവും അതുമൂലമുള്ള അനുബന്ധ അസുഖങ്ങളുമാണ് കലശലായുള്ളത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്‌സ് ജോലിയില്‍നിന്നു വിരമിച്ച ഭാര്യ സുലോചനയുടെ പരിചരണത്തില്‍ പേരൂരിലെ തച്ചന ഇല്ലം വീട്ടില്‍ വി.ഡി.രാജപ്പന്‍ ഉണ്ട്. അവശനാണെങ്കിലും അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പോലും അദ്ദേഹത്തിനില്ല. സഹായത്തിനായി അമ്മ സംഘടനയ്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. കഥാപ്രസംഗക്കാരനെ എന്തിന് അമ്മ സഹായിക്കണം എന്നു ചോദിച്ചാല്‍, എല്ലാം കൂടി നൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുള്ളതുകൊണ്ടു തന്നെ.

അമ്മ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യട്ടെ, വി.ഡി.രാജപ്പനെ സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ പാരഡികളും കഥാപ്രസംഗങ്ങളും ആസ്വദിച്ചിട്ടുള്ളവര്‍ക്കു സാധിക്കില്ലേ ? പോയ കാലത്തെ കയ്യടികളോര്‍ത്തു കിടന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ നിര്‍വൃതി ഉണ്ടാവണമെന്നില്ല. അന്നു അദ്ദേഹം നമ്മളെ ചിരിപ്പിച്ചതിന്‍റെ പേരില്‍ ഇന്ന് നമുക്കെല്ലാവര്‍ക്കും കൂടി പോക്കറ്റില്‍ കയ്യിട്ട് കിട്ടുന്നതെടുത്ത് കോട്ടയത്തേക്കൊരു കീച്ചു കീച്ചാം. നന്ദിയും സ്നേഹവുമുള്ള നല്ല മനുഷ്യരുടെ കഥ നമുക്ക് അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാം. അതിന് എത്ര പാരഡികളുണ്ടായാലും അത് നല്ലതാണല്ലോ.

Reference: Malayala Manorama

ഇടിക്കും സുന്ദരി

മിസ് വേള്‍ഡ് മല്‍സരം കഴിഞ്ഞു. പേര് വന്യ എന്നാണെങ്കിലും ശാലീനതയുടെ നിറകുടമായ നമ്മുടെ മിസ് ഇന്ത്യ തരക്കേടില്ലാത്ത പ്രകടനം നടത്തി മടങ്ങിപ്പോന്നു. ആദ്യത്തെ ഏഴുപേരിലൊരാളാവാന്‍ കുട്ടിക്ക് കഴിഞ്ഞു. മല്‍സരം കഴിഞ്ഞ് സ്റ്റേജും അഴിച്ച് പന്തലുകാര്‍ക്ക് കാശും കൊടുത്തുകഴിഞ്ഞപ്പോള്‍ രസകരമായ ഒരു വിവാദം ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. സൗന്ദര്യത്തില്‍ മാത്രമല്ല, സംസ്കാരത്തിലും വ്യക്തിത്വത്തിലുമെല്ലാം മികവു പുലര്‍ത്തുന്നവരെയാണ് മിസ് വേള്‍ഡായി തിരഞ്ഞെടുക്കുന്നത് എന്നാണ് സങ്കല്‍പം. ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് മല്‍സരത്തിനെത്തുന്ന സുന്ദരി (അങ്ങനെ വിളിക്കണമെന്നാണ് വകുപ്പ്) തീര്‍ച്ചയായും വളരെ മര്യാദയുള്ളവളായിരിക്കണമല്ലോ. എന്നാല്‍, മല്‍സരത്തിനിടെ നാലാം ക്ലാസ് സ്റ്റൈലില്‍ മിസ് മലാവി മിസ് ന്യൂസീലാന്‍ഡിലെ വേദിയില്‍ വച്ച് ഇടിച്ചു തെറിപ്പിക്കുന്ന വിഡിയോ മല്‍സരം കഴിഞ്ഞപ്പോള്‍ വിവാദമായിരിക്കുകയാണ്.

സോ കോള്‍ഡ് സുന്ദരിമാര്‍ ഓരോരുത്തരായി സ്റ്റേജിലേക്കു വന്നു നിരന്നുകൊണ്ടിരിക്കുന്ന സമയം. ഓരോരുത്തര്‍ക്കും അവരുടേതായ സ്ഥലങ്ങള്‍ നിര്‍വചിച്ചു നല്‍കിയിരിക്കുന്നതനുസരിച്ച് മര്യാദയ്‍ക്ക് എല്ലാവരും വന്നു നിന്നു കൊണ്ടിരിക്കുന്നു. സുന്ദരിയായ മിസ് ന്യൂസീലാന്‍ഡും വന്നു നില്‍ക്കുന്നു. തൊട്ടു പിന്നാലെ വരുന്ന മിസ് മലാവി അങ്ങാട്ട് മാറിനിക്കെടീ ശീമപ്പന്നീ എന്ന ഒരു ബോഡി ലാംഗ്വേജോടെ നമ്മുടെ ന്യൂസിലാന്‍ഡ് തങ്കക്കുടത്തിനെ തോളുകൊണ്ട് ഒരൊറ്റ ഇടി.ന്യൂസിലാന്‍ഡ് മുത്ത് ഇടികൊണ്ട് തെന്നിമാറുന്നതില്‍ പോലും ഒരു സൗന്ദര്യമുണ്ട്. മിസ് മലാവിയുടെ അക്രമം ഇവിടെ കാണാം.

സുന്ദരിമാരെ ഫോക്കസ് ചെയ്തുകൊണ്ടിരുന്ന ക്യാമറാമാന്‍ പോലും പരിഭ്രമിച്ചുപോയി എന്നത് കാണാം. മലാവി ന്യൂസിലാന്‍ഡിനെ ഇടിച്ചു തെറിപ്പിക്കുന്ന ഉടനെ ക്യാമറ ഞെട്ടുന്നത് വിഡിയോയില്‍ തന്നെ വ്യക്തമാണ്. പാവം ന്യൂസിലാന്‍ഡ് സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും മിണ്ടാതെ വീട്ടില്‍പ്പോയി. എന്നാല്‍, വിഡിയോ കണ്ട പത്രക്കാര്‍ വെറുതെയിരിക്കുമോ ? അവര്‍ സംഗതി വാര്‍ത്തയാക്കി, ഞൊടിയിടയില്‍ മലാവി താരമായി.ന്യൂസിലാന്‍ഡ് ഔദ്യോഗികമായി ഈ ഇടിക്കെതിരേ പരാതി കൊടുക്കുമെന്നു പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും മിസ് വേള്‍ഡ് സംഘാടകരും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും ആ മലാവിയൊരു മൂശേഠയായിരുന്നു എന്നു പറഞ്ഞ് ഷോ ഡയറക്ടറും കയ്യൊഴിഞ്ഞു.

മലാവി സുന്ദരിയെ അടുത്തു കാണാനും അവള്‍ടെ ശബ്ദം കേള്‍ക്കാനും കൊതിയാകുന്നുണ്ടോ ?

സൂസന്‍ മത്തേഗ എന്നാണ് പേര്. ആ പല്ലുകള്‍ എന്നെ ഹഠാദാകര്‍ഷിച്ചു എന്നതൊഴിച്ചാല്‍ വേറെ സവിശേഷതയൊന്നുമില്ല. സ്കൂളിലെ സാഹിത്യസമാജത്തിന് പാട്ടു പാടുമ്പോള്‍ വടക്കേലെ ജാന്‍സി ചെയ്തിരുന്നതുപോലെ ഫുള്‍ടൈം ആടിക്കൊണ്ടു നില്‍ക്കുന്നത് എന്നിലെ നൊസ്റ്റാള്‍ജിയെയെ ഉണര്‍ത്തി.

മലാവിയുടെ ആക്രമണത്തിനിരയായ എന്‍റെ പ്രിയപ്പെട്ട ന്യൂസിലാന്‍ഡിനെ കാണണ്ടേ ?

ഇതിന്‍റെ പേരില്‍ ന്യൂസിലാന്‍ഡ് മലാവിയുടെ മേല്‍ യുദ്ധമൊന്നും പ്രഖ്യാപിക്കാന്‍ പോകുന്നില്ല. ആഫ്രിക്കയുടെ ഏതോ അറ്റത്തു കിടക്കുന്ന മലാവി എന്ന കൊച്ചു രാജ്യത്തിന് അത്യാവശ്യം മാധ്യമശ്രദ്ധ കിട്ടി എന്നതു നോക്കുമ്പോള്‍ മിസ് മലാവി രാജ്യത്തിന്‍റെ ടൂറിസം വകുപ്പിനു ചെയ്തത് വലിയ ഉപകാരമാണ്. കഷ്ടിച്ച് ഒന്നരക്കോടി ജനസംഖ്യയുള്ള മലാവിയില്‍ ഔദ്യോഗികഭാഷ ഇംഗ്ലിഷാണ്.

ബൈ ദ ബൈ, ആരാണീ പ്രീജ ശ്രീധരന്‍ ?

പാലാ ഒരു സ്വര്‍ഗരാജ്യമാണ്. അവിടെ ഒരു സ്വര്‍ഗീയഷോ നടക്കുമ്പോള്‍ രണ്ടിലയുമായി വരുന്നവര്‍ സ്വീകരിക്കപ്പെടും അല്ലാത്തവര്‍ പുറത്താക്കപ്പെടും. ഞായറാഴ്ച നടന്ന ഉഷ ഉതുപ്പ് ഷോയില്‍ ഇങ്ങു വാ ആദരിക്കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ കേരളത്തിന്‍റെ പ്രീജ ശ്രീധരനെ സംഘാടകര്‍ തിരിച്ചറിയാന്‍ പോലുമാകാതെ അവഹേളിച്ച് അപമാനിച്ച് ഒടുവില്‍ സ്റ്റേജില്‍ വച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പ്രീജ മടങ്ങിപ്പോയ സംഭവത്തെപ്പറ്റി ഒരു പാലാക്കാരനെന്ന നിലയില്‍ എനിക്കത്രേ പറയാനുള്ളൂ.

ഉഷ ഉതുപ്പിനെ പാലാക്കാര്‍ അറിയും. ഐഡിയ സ്റ്റാര്‍ സിംഗറിനു മുന്നില്‍ ജീവിക്കുന്ന ഞങ്ങള്‍ പാലാക്കാര്‍ ഉഷ ഉതുപ്പിനെ അറിഞ്ഞില്ലെങ്കില്‍ പിന്നെ ആരെയറിയാന്‍. എന്നു കരുതി പ്രീജ ശ്രീധരനെ അറിയണം എന്നു വാശി പിടിക്കുന്നത് കഷ്ടമാണ്. അങ്ങനെ പാലാക്കാര്‍ അറിയാന്‍ പ്രീജ ശ്രീധരന്‍ ഒരു സിനിമാ നടിയൊന്നുമല്ലല്ലോ. സിനിമാ നടിമാരെ എവിടെ കണ്ടാലും പാലാക്കാര്‍ തിരിച്ചറിയും. അടുത്തു കിട്ടിയാല്‍ തൊട്ടുനോക്കും. അകപ്പെട്ടു കിട്ടിയാല്‍ മോളേന്നു വിളിച്ചു മോളെസ്റ്റ് ചെയ്യും. പക്ഷെ, ഏഷ്യന്‍ ഗെയിംസ് മെഡലെന്നൊക്കെ പറഞ്ഞാല്‍ പാലാക്കാര്‍ക്കു മനസ്സിലാകുമോ ?

സ്വര്‍ണ, വെള്ളി, വെങ്കല മെഡലുകളോടൊപ്പം ഒരു റബര്‍ മെഡല്‍കൂടിയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ അതു ശ്രദ്ധിച്ചേനെ. റബറിന്‍റെ കച്ചോടം എവിടെ നടന്നാലും അത് ഞങ്ങളറിയും. പ്രീജയ്‍ക്കു റബര്‍ മെഡലാണു കിട്ടിയതെങ്കില്‍ ഞങ്ങളാദരിച്ചെനെ. അതു വഴി റബറിനു ഡിമാന്‍ഡ് കൂടുകയും നല്ല റബറുല്‍പാദിപ്പിക്കുന്ന പാലായുടെ ഇക്കണോമിക്സ് മെച്ചപ്പെടുകയും ചെയ്തേനെ. റബറില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം ?

കാശുമുടക്കി കാശുണ്ടാക്കാന്‍ വേണ്ടിയാണ് അച്ചായന്‍മാര്‍ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുണ്ടാക്കി ഉഷ ഉതുപ്പ് ഷോ നടത്തുന്നത്. അവിടേക്ക് പാസ്സില്ലാതെ കയറിപ്പോകാമെന്ന മോഹവുമായി വരുന്നത് പ്രീജ ശ്രീധരനല്ല പിടി ഉഷയാണെങ്കിലും ഞങ്ങള്‍ തിരിച്ചറിയില്ല. തലയ്‍ക്കകത്ത് റബര്‍ മാത്രമാണെങ്കിലും ഞങ്ങള്‍ പാലാ സെന്‍റ് തോമസ് കോളജില്‍ പോയി ഇക്കമോമിക്സ് പഠിച്ചിട്ടുണ്ട്. ഞങ്ങളെപ്പറ്റിക്കാമെന്ന് ആരും കരുതേണ്ട. ഇന്ത്യന്‍ അംബാസിഡറെ അമേരിക്കയില്‍ കുനിച്ചു നിര്‍ത്തി പരിശോധിച്ചാല്‍ കുഴപ്പമില്ല, പാസെടുക്കാത്ത പ്രീജയെ കവാടത്തില്‍ നിര്‍ത്തി വിരട്ടിയതാണു കുഴപ്പം.

തങ്കച്ചന്‍ മാത്യു എന്ന പ്രീജയുടെ കോച്ച് ഒരു അച്ചായനായതുകൊണ്ട് മാത്രം പ്രീജ സ്റ്റേജ് കണ്ടു. എന്നു കരുതി ഉഷ ഉതുപ്പിനും ഞങ്ങളുടെ എല്ലാമെല്ലാമായ രഞ്ജിനി ഹരിദാസിനും ഒക്കെ ഇരിക്കാന്‍ വേണ്ടി റെഡിയാക്കിയ സ്റ്റേജിലെ കസേരയില്‍ പ്രീജയയെയും തങ്കച്ചായനെയും ഒക്കെ ഇരുത്തണമെന്നു പറഞ്ഞാലും ഞങ്ങള്‍ സമ്മതിക്കില്ല. പ്രീജ വല്യ കായികതാരമാണെന്നു പറയുന്നു. അങ്ങനെയാണെങ്കില്‍ പിന്നെ സ്റ്റേജില്‍ കസേര കൊടുക്കാതെ നിര്‍ത്തി എന്നു പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ ? നില്‍ക്കാനും ഓടാനും ചാടാനും ഒക്കെ കഴിയുന്നവരല്ലേ കായികതാരങ്ങള്‍ ? പ്രഷര്‍, കൊളസ്ട്രോള്‍, ഷുഗര്‍, ഹാര്‍ട്ട്, കൊറേശ്ശെ എയ്ഡ്സ് തുടങ്ങിയവയൊക്കെയുള്ള ഞങ്ങള്‍ക്കൊന്നും അങ്ങനെ നില്‍ക്കാനും മറ്റും പറ്റില്ല.

പ്രീജ ശ്രീധരനെ അവഹേളിച്ചതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് കായികമന്ത്രി പറഞ്ഞതായി വായിച്ചു. മാണിസാറുള്ളിടത്തോളം കാലം ഞങ്ങളെ ആരും ഒന്നും ചെയ്യാന്‍ പോണില്ല. മനസ്സില്‍ രണ്ടിലയും കയ്യില്‍ സ്വര്‍ണബ്രേസ്‍ലെറ്റും പേഴ്സിലൊരായിരം എടിഎം കാര്‍ഡുകളുമായി ജീവിക്കുന്ന പാലാക്കാര്‍ ഇനിയും പലരെയും അപമാനിക്കും. ഞങ്ങള്‍ക്കു ബഹുമാനിക്കാന്‍ ഞങ്ങടെ മാണിസാര്‍ മാത്രം മതി. ബഹുമാനിച്ച് ബഹുമാനിച്ച് കൊല്ലും ഞങ്ങള്‍ ! അതു കഴിഞ്ഞ് ജോസ്മോനെ ബഹുമാനിക്കും. എന്നിട്ടും ബഹുമാനം ബാക്കിയുണ്ടെങ്കില്‍ മലയാള ചലച്ചിത്രഗാനശാഖയ്‍ക്ക് ഒരഡ്രസ് ഉണ്ടാക്കിക്കൊടുത്ത കേരളത്തിന്‍റെ വാനമ്പാടി റിമി ടോമിയുണ്ട്. ഏഷ്യാഡും ഒളിംപിക്സും ഒന്നും ഞങ്ങള്‍ക്ക് രാക്കുളി പെരുനാളിനെക്കാള്‍ വലുതല്ല.

അമ്മേ, കാത്തോളണേ !

കേരളത്തിലെ കൂതറ പ്രേക്ഷകരുടെ നിലവാരത്തകര്‍ച്ച കാരണം പടങ്ങള്‍ തുരുതുരാ പൊട്ടുന്ന സാഹചര്യത്തില്‍ മെഗാ ഷോയുമായി വിദേശമലയാളികളുടെ കീശ പിടുങ്ങുന്നതാണ് പ്രായോഗികബുദ്ധി. പത്തെണ്‍പതു രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മലയാളികള്‍ക്കു വല്ല കണക്കുമുണ്ടോ. ഇവര്‍ക്കൊക്കെ കേരളം, മലയാളം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഗൃഹാതുരത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും വേണ്ട ബിജുക്കുട്ടനും സലിംകുമാറും കൂടി ചെന്നാല്‍പ്പോലും പൊന്നില്‍പ്പൊതിഞ്ഞേ തിരിച്ചു വിടൂ.

പക്ഷെ ഓസ്ട്രേലിയയിലെ മലയാളികളുടെ കലാസ്വാദനത്തിന് ഒരെല്ലു കൂടുതലാണ്. അല്ലെങ്കില്‍ പിന്നെ ഷോയുമായി ചെന്ന കലാഭവന്‍ മണി ആന്‍ഡ് ടമീന്‍റെ മണികിലുക്കം ഷോ കൂതറയായിരുന്നുവെന്ന് ലോകത്തോടു വിളിച്ചു പറയാനും താരസംഘടനയായ അമ്മയ്‍ക്ക് പരാതി കൊടുക്കാനും അവര്‍ തുനിയുമോ ?

ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മണികിലുക്കം 2010 കൂതറയാണെന്നു പരാതിപ്പെട്ടത് വന്‍തുക കൊടുത്ത് ഷോയ്‍ക്ക് ടിക്കറ്റെടുത്ത് കയറിയവര്‍ തന്നെയാണ്. ഷോ നടന്നത് നവംബര്‍ 14നാണെങ്കിലും കഴിഞ്ഞ ദിവസം സംഘടനയുടെ അവലോകനയോഗത്തിലാണ് വിവാദം മണിമുഴക്കിയത്. മെഗാഷോകള്‍ അമ്മയും അച്ഛനുമൊക്കെച്ചേര്‍ന്ന് പണ്ടേ നിരോധിച്ചിരിക്കുമ്പോഴാണ് മെഗാഷോ നന്നായില്ലാന്നും പറഞ്ഞ് ഓസ്ട്രേലിയക്കാര്‍ അമ്മയ്‍ക്ക് പരാതി കൊടുക്കാന്‍ പോകുന്നത്. അങ്ങനെയാണെങ്കില്‍ ഇവിടെ കാശുകൊടുത്ത് സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ ആര്‍ക്കൊക്കെ പരാതി കൊടുക്കണം ?

നവംബര്‍ 12, 13, 14 തിയതികളിലാണ് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ്, ബ്രിസ്‌ബേന്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ ‘മണികിലുക്കം 2010’ നടന്നത്. എല്ലായിടത്തും മണിയും സംഘവും പരിപാടി കുളമാക്കിയെന്നാണ് ആരോപണം. മെല്‍‌ബണിലെ ഷോ ആയിരുന്നു മാക്സിമം കുളം ആന്‍ഡ് കൂതറയെന്നും പറയുന്നു. മണിയുടെയും സംഘത്തിന്‍റെയും വഷളന്‍ പ്രകടനം കണ്ട് കാണികള്‍ വയലന്‍റ് ആയത്രേ. കൂകിവിളിച്ചും വൃത്തികെട്ട ആംഗ്യം കാണിച്ചും കാണികള്‍ പ്രതികരിച്ചു എന്നാണ് പറയുന്നത്. അപ്പോള്‍ പ്രേക്ഷകര്‍ പരിപാടി കുളമാക്കിയെന്നോ കൂതറയായെന്നോ പറഞ്ഞ് മണിക്കും ഒരു പരാതി കൊടുക്കാം.

കലാഭവന്‍ മണി സ്റ്റേജ് ആര്‍ടിസ്റ്റായി കളി തുടങ്ങിയ ആളാണ്. ഒരു ജനതയെ മുഴുവന്‍ അദ്ദേഹം നിരാശപ്പെടുത്തിയതും പോരാഞ്ഞ് പ്രകോപിപ്പിച്ചിട്ടാണ് ഇങ്ങു പോന്നിരിക്കുന്നതെന്നത് ചെറിയ കാര്യമല്ല. അഡലെയ്ഡിലെ ഷോയുടെ തലേന്ന്, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 11ന് അപ്‍ലോഡ് ചെയ്ത ഒരു വിഡിയോ യു ട്യൂബിലുണ്ട്. അതില്‍ വളരെ ആത്മാര്‍ഥമായി, സത്യസന്ധമായി മണി ആളുകളെ സ്വാഗതം ചെയ്യുന്നത് കാണാം.

സ്വാഗതം ചെയ്തതു കൊണ്ടു മാത്രമായില്ല, ഷോയും നന്നാവണം. പിറ്റേന്ന് ബ്രിസ്ബേണില്‍ നടന്ന ഷോയില്‍ മണിയും സംഘവും തൃശൂര്‍പൂരം അവതരിപ്പിക്കുന്ന വിഡിയോ ഇവിടെയുണ്ട്.

കലാഭവന്‍ മണിക്കു പുറമെ നടി നിത്യാദാസ്, ജാഫര്‍ ഇടുക്കി, മനോജ് ഗിന്നസ്, ധര്‍മജന്‍ ഗായകന്‍ സോമദാസ്, ഗായിക മനീഷ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.വിദേശത്ത് നടക്കുന്ന മെഗാഷോകളുടെ വിഡിയോ മുമ്പൊക്കെ നാട്ടില്‍ ലഭിച്ചിരുന്നത് നല്ല നിലവാരമുള്ളത് തന്നെയായിരുന്നു. ഇപ്പോള്‍ അധികമൊന്നും കാണുന്നില്ല. ഇനിയിപ്പോ കേരളത്തിലെ പ്രേക്ഷകരുടെ നിലവാരം താണുപോയതുപോലെ ഓസ്ട്രേലിയക്കാരുടേത് താഴാത്തതാണോ പ്രശ്നം ?

പരിപാടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ പ്രോവിന്‍സിന്റെ കമ്മിറ്റി രാജിവച്ചു പുറത്തുപോകും എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ വേണ്ട. പരിപാടിയുടെ പരാജയം ധാര്‍മികമായി ഏറ്റെടുത്തുകൊണ്ട് ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് കലാമേന്മയുള്ള പരിപാടികള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ഭാവിയില്‍ നടത്താനാണ് കമ്മിറ്റി തീരുമാനിച്ചത്. എനിക്കെന്തോ ആ സമീപനം അങ്ങിഷ്ടപ്പെട്ടു.

കൌമാരകലയ്ക്ക് 50

സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.

1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രവും ഓര്‍മകളും നിര്‍ണായകമായ ഒരു ഫ്ളാഷ്ബാക്കിന്റെ വഴിയിലൂടെ സഞ്ചരിച്ചേ മതിയാവൂ. 1956ല്‍ ഡല്‍ഹിയില്‍ മൌലാന ആസാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യുവജനോല്‍സവം കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരന്‍ കാണാനിടയായതാണ് കേരളത്തില്‍ സ്കൂള്‍ കലോല്‍സവത്തിനു ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്ന് 1956 നവംബറില്‍ ഏതാനും ഡിഇഒമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി, സംസ്ഥാനത്ത് സ്കൂള്‍ യുവജനോല്‍സവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറില്‍ കേരളത്തിലെ 12 ജില്ലകളിലും കലോല്‍സവം നടത്തി. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോല്‍സവത്തില്‍ 13 ഇനങ്ങളില്‍ 18 മല്‍സരങ്ങള്‍ നടന്നു. പങ്കെടുത്ത മല്‍സരാര്‍ഥികളുടെ എണ്ണം 400.ആദ്യ മേളയില്‍ കിരീടം ചൂടിയതു കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ വരുന്ന വടക്കേ മലബാര്‍ ജില്ലയായിരുന്നു.

കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്കൂള്‍ കലോല്‍സവം. 1958ല്‍ തിരുവനന്തപുരം ഗവ. മോഡല്‍ സ്കൂളില്‍ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നു. അന്നു മല്‍സരിച്ചു വിജയിച്ചവരില്‍ ലളിതസംഗീതത്തില്‍ ഒരു പള്ളുതുരുത്തി യേശുദാസനും മൃദംഗത്തില്‍ തൃപ്പൂണിത്തുറ ജയചന്ദ്രക്കുട്ടനും ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ സ്വരമായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും നിത്യയൌവ്വനമുള്ള ശബ്ദത്തിനുടമയായ പി.ജയചന്ദ്രനും. പിന്നീടങ്ങോട്ടുള്ള കലോല്‍സവങ്ങള്‍ സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തേക്ക് കടത്തി വിട്ടത് ഒട്ടേറെ പ്രതിഭകളെയാണ്.
മുന്നാം കലോല്‍സവം പാലക്കാട്ടും നാലാം കലോല്‍സവം കോഴിക്കോട്ടും നടന്നു. യുദ്ധം കാരണം 1966, 67, 72 വര്‍ഷങ്ങളില്‍ കലോല്‍സവം നടന്നില്ല. പത്താമത് സ്കൂള്‍ കലോല്‍സവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്. 1968ല്‍ ആദ്യമായി സുവനീര്‍ പുറത്തിറങ്ങി.

1976ല്‍ കോഴിക്കോടാണ് ആദ്യമായി കലോല്‍സവ സാംസ്കാരിക ഘോഷയാത്ര തുടങ്ങിയത്. 1982ല്‍ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോല്‍സവത്തിലെ മല്‍സര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി. 1986ല്‍ തൃശൂരില്‍ നടന്ന കലോല്‍സവത്തിലാണ് ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നല്‍കിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിര്‍ദേശിച്ചത്.

1987ല്‍ കോഴിക്കോട്ട് നടന്ന കലോല്‍സവത്തിലാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ് ആദ്യമായി ചാംപ്യന്‍മാര്‍ക്കു നല്‍കിയത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ തിളങ്ങുന്നവര്‍ക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങള്‍ നല്‍കിയാല്‍ മതിയെന്ന പരിഷ്കാരം വന്നത് 1999ലാണ്. കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ (ഇപ്പോള്‍ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങള്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് – പത്ത് തവണ. ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്. ഏറ്റവും കൂടുതല്‍ തവണ കലോല്‍സവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് – 17 തവണ.

2005ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ കലോല്‍വത്തിന്റെ പടി ഇറങ്ങി. കലാകേരളം ആഘോഷിച്ച രണ്ടു വിശേഷണങ്ങളാണ് കലാപ്രതിഭയും കലാതിലകവും. കേരളത്തിന്റെ കലാകൌമാരങ്ങള്‍ ഇത്രയധികം ഹൃദയത്തിലേറ്റിയ പേരുകള്‍ വേറെയുണ്ടോയെന്നു പോലും സംശയമാണ്. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തോടെ രണ്ടു ദശാബ്ദത്തോളം വേദികളെ കീഴടക്കിയ ഇൌ പ്രതിഭാ മുദ്രകള്‍ കലാവേദിക്കു പുറത്തായി. അനാരോഗ്യ മല്‍സരങ്ങള്‍ കാരണം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒഴിവാക്കി 2006ല്‍ ഗ്രേഡിങ് സമ്പ്രദായം നിലവില്‍ വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതു പോലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം എന്ന പേര് മാറ്റി കേരള സ്കൂള്‍ കലോല്‍സവം എന്ന പേര് സ്വീകരിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തയാറാക്കിയ പുതിയ നിയമാവലി പ്രകാരമാണ് പേരില്‍ മാറ്റമുണ്ടായത്. പ്രച്ഛന്ന വേഷം ആ വര്‍ഷം മുതല്‍ ഒഴിവാക്കി. ചാക്യാര്‍ കൂത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമാക്കി. നാദസ്വരം പ്രത്യേക ഇനമായി.
2009ല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, സംസ്കൃതോല്‍സവം, അറബിക് കലോല്‍സവം എന്നിവ ചേര്‍ത്ത് മഹാമേളയാക്കി. ടിടിഐ കലോല്‍സവം വേര്‍പെടുത്തി.

ഇക്കുറി കലോല്‍സവം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 50-ാം സ്കൂള്‍ കലോല്‍സവത്തിന് ഇന്നു വൈകിട്ട് അഞ്ചിനുകോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരി തെളിയിക്കും. വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 10നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷും കലാസാഹിത്യസാംസ്കാരിക രംഗത്തെ 49 പ്രമുഖരും ചേര്‍ന്നു പതാകകള്‍ ഉയര്‍ത്തും. 50 വര്‍ഷത്തിന്റെ സൂചനയാണ് 50 പതാകകള്‍. 50 വെള്ളരിപ്രാവുകളെ പറത്തും. 50 കതിനാ വെടികളും മുഴങ്ങും. 50 സംഗീതാധ്യാപകര്‍ അണിനിരക്കുന്ന സംഗീതശില്‍പവും സ്വാഗതഗാനവുമുണ്ടാകും.