സിസ്റ്റര്‍ ഇറ്റാലിയന്‍ ചന്ദ്രലേഖ

കന്യാസ്ത്രീമഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നു കന്യാസ്ത്രീകള്‍ പുറത്തേക്കു വന്നു സാമൂഹികപ്രവര്‍ത്തനം നടത്തണമെന്നും അവരുടെ മുഖത്തെ ചിരിയില്‍ യഥാര്‍ഥസന്തോഷം തെളിയണമെന്നും കത്തോലിക്കാ സഭയിലെ ഏറ്റവും വിപ്ലവകാരിയായ ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പ്പാപ്പ പറഞ്ഞിട്ട് അധികകാലമായിട്ടില്ല. ഈ മാര്‍പ്പാപ്പയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നു കസ്തൂരിരംഗന്‍ ക്രിസ്ത്യാനികളല്‍ പലരും ആരോപിക്കുമ്പോള്‍ സഭ ലോകത്തോടൊപ്പം നന്മയോടൊപ്പം മുന്നോട്ടു പോകണമെന്നാഗ്രഹിക്കുന്ന കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു വിസ്മയമാണ്.

കന്യാസ്ത്രീകള്‍ കിണറ്റില്‍ മരിച്ചു കിടക്കുകയും എത്ര അന്വേഷിച്ചിട്ടും സത്യം പുറത്തുവരാതിരിക്കുകയും ചെയ്യുന്ന കേരളം പോലുള്ള ദൈവത്തിന്റെ സ്വന്തം ദേശങ്ങളില്‍ ബിഷപ്പുമാരും കന്യാസ്ത്രീകളും അച്ചന്‍മാരുമെല്ലാം മാര്‍പ്പാപ്പയില്‍ നിന്നും പലതും പഠിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങി സാമ്പത്തികലാഭമുണ്ടാക്കുന്നതിനപ്പുറം സമൂഹത്തോടൊപ്പം സജീവമായി ജീവിക്കുമ്പോഴാണ് ഏതു സമുദായപൗരോഹിത്യവും ജനകീയമാകുന്നത്. സിനിമയിലഭിനയിക്കുന്ന വൈദികരെ പുറത്താക്കുകയും പുസ്തകമെഴുതുന്ന കന്യാസ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന സംസ്‌കാരത്തില്‍ നിന്നും എത്രത്തോളം വളരാം എന്ന അന്വേഷണത്തില്‍ ഇറ്റലിയിലെ സൂപ്പര്‍ ഹിറ്റ് സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയ ഒരു നാഴികക്കല്ലാണ്.

എല്ലാ കന്യാസ്ത്രീകള്‍ക്കും മദര്‍ തെരേസയോ അല്‍ഫോന്‍സാമ്മയോ ഒന്നും ആകാന്‍ കഴിയില്ല. എങ്കിലും ഓരോരുത്തരും അവരവരുടെ കഴിവുകള്‍ അടക്കിപ്പിടിച്ച് ഇവരിലാരെങ്കിലുമാകാന്‍ പരിശീലിക്കണം എന്നു വാശിപിടിക്കുന്നതും നല്ലതല്ല. എഴുത്തുകാരും പാട്ടുകാരും നര്‍ത്തകരുമൊക്കെയായ എത്രയോ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകുന്നതോടെ നിശബ്ദരായിപ്പോകുന്നു. കന്യാസ്ത്രീ മഠത്തിന്റെ ചുവരുകള്‍ക്കുള്ളില്‍, തിരുവസ്ത്രത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതികളാക്കി സ്വയം തടവറ തീര്‍ത്തു കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയ ഒരാവേശവും പ്രചോദനവുമായിത്തീരട്ടെ എന്നു പ്രത്യാശിക്കുന്നു.

ക്രിസ്റ്റിന 25കാരിയ റോമന്‍ കത്തോലിക്ക കന്യാസ്ത്രീയാണ്. ഇന്നലെ വരെ അപ്രശസ്തയായിരുന്ന ഈ ഇറ്റലിക്കാരി ഇന്നു യൂ ട്യൂബിലെ വൈറല്‍ താരമാണ്. വോയ്‌സ് ഓഫ് ഇറ്റലി റിയാലിറ്റി ഷോയിലെ പാട്ടുകാരിയായെത്തിയ സിസ്റ്റര്‍ ക്രിസ്റ്റിനയുടെ ഓഡിഷന്‍ വിഡിയോ നാലു ദിവസം കൊണ്ട് കണ്ടത് മൂന്നു കോടിയോളം പേരാണ്. മല്‍സരാര്‍ഥിയെ കാണാതെ തിരിഞ്ഞിരുന്നു പാട്ടു കേട്ട ശേഷം പാട്ടുകാരിയെ മല്‍സരത്തിലേക്കു സ്വീകരിച്ചു കൊണ്ടു തിരിയുന്ന വിധികര്‍ത്താക്കള്‍ പാടിത്തകര്‍ക്കുന്നത് ഒരു കന്യാസ്ത്രീയാണെന്നു കാണുമ്പോള്‍ തകര്‍ന്നുപോകുന്നതാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകള്‍ക്കും വേണ്ടി സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയയുടെ വോയ്‌സ് ഓഫ് ഇറ്റലി ഓഡിഷന്‍ വിഡിയോ സമര്‍പ്പിക്കുന്നു. ശുഭദിനം.

സോഷ്യല്‍ മീഡിയ സ്റ്റാര്‍ സിംഗര്‍

സിനിമയില്‍ പാടാനവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന റിയാലിറ്റി ഷോകളിലെ ചീഞ്ഞുനാറിയ നാടകങ്ങളും വോട്ടിങ് തട്ടിപ്പുകളും ഒരു വര്‍ഷത്തോളം നീളുന്ന ടാം റേറ്റിങ് മല്‍സരവും പിന്നെയൊരു പതിനായിരം പരസ്യങ്ങളുമില്ലാതെ സാധാരണക്കാരായിയായ ഒരു ചന്ദ്രലേഖയെ സിനിമാ പിന്നണിഗായികയാക്കിയ സോഷ്യല്‍ മീഡിയയ്ക്ക് ഒരു സല്യൂട്ട്. പാട്ടിനൊപ്പം നൃത്തം ചെയ്യാതെ, സംഗതികള്‍ എണ്ണിത്തികയ്ക്കാതെ, ജഡ്ജസിനു മുന്നില്‍ അടിമയെപ്പോലെ നില്‍ക്കാതെ, എസ്എംഎസുകള്‍ക്കായി യാചിക്കാതെ, ഒരേയൊരു പാട്ടു മാത്രം പാടി കിരീടം ചൂടിയ ചന്ദ്രലേഖയുടെ വിജയം സോഷ്യല്‍ മീഡിയയുടെ വിജയകഥകളോടൊപ്പം എഴുതിച്ചേര്‍ക്കാം. സംവിധായകരും തിരക്കഥാകൃത്തുക്കളും പരസ്യക്കമ്പനികളുമില്ലാത്ത സോഷ്യല്‍ മീഡിയ റിയാലിറ്റി ഷോയെക്കാള്‍ റേറ്റിങ് മറ്റൊന്നിനുമുണ്ടാവില്ല.

ചന്ദ്രലേഖ ഒരു പ്രതീകമാണ്. കൂട്ടായ പരിശ്രമത്തിന്റെ, പൊതുവികാരത്തിന്റെ, അറിഞ്ഞോ അറിഞ്ഞാതെയോ നല്ലതിനെ അംഗീകരിച്ചുപോകുന്ന മനസ്സിന്റെ ഒക്കെ പ്രവര്‍ത്തനഫലമാണ് ചന്ദ്രലേഖ നേടിയ വിജയം. മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ പാടിയ ചന്ദ്രലേഖയും അത് ചിത്രീകരിച്ചു യു ട്യൂബിലിട്ട ബന്ധുവും ആ വിഡിയോ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്ത പതിനായിരങ്ങളും ഈ ചലനം വാര്‍ത്തയാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇത് ശ്രദ്ധിച്ച് ഈ പുതുമുഖത്തിന് അവസരം നല്‍കിയ ചലച്ചിത്രപ്രവര്‍ത്തകരും എല്ലാം ചന്ദ്രലേഖയെ സൃഷ്ടിച്ചവരാണ്. എല്ലാറ്റിനുമുപരിയായി മുകളില്‍ ഒരാളുണ്ട് എന്നു വിശ്വസിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയെ അദ്ദേഹം സമര്‍ഥമായി ഉപയോഗിക്കുന്നു എന്നും വിശ്വസിക്കാം.

എടുത്തുകെട്ടുകളും നാട്യങ്ങളും കൊണ്ട് മുഖരിതമായ ചാനല്‍ റിയാലിറ്റി ഷോകളില്‍ ലക്ഷങ്ങള്‍ ചെലവിട്ടു പങ്കെടുക്കുന്നവരും എസ്എംഎസുകള്‍ക്കായി ഭിക്ഷ യാചിക്കുന്നവരും ഏഴെട്ടുമാസത്തോളം നിത്യവും ടിവിയില്‍ കണ്ടിട്ടും അവരൊന്നും എവിടെയും എത്താതെ പോകുന്നതും വിസ്മരിക്കപ്പെട്ടുപോകുന്നതും എന്തുകൊണ്ടാണ് എന്ന് മാധ്യമങ്ങള്‍ പഠിച്ചുതുടങ്ങേണ്ട സമയം ആയിരിക്കുന്നു. പാട്ടിലെ സംഗതി അളന്നു നോക്കുന്ന സംഗീതഗുരുക്കന്‍മാരുടെ അഹന്തയെക്കാള്‍ കേട്ട് ഇഷ്ടപ്പെട്ട പാട്ട് ഷെയര്‍ ചെയ്യുന്ന ജനക്കൂട്ടത്തിന്റെ നിഷ്‌കളങ്കതയാണ് വലുത് എന്നത് പാട്ടുകാര്‍ക്കും ഗുരുക്കന്‍മാര്‍ക്കമുള്ള പാഠമാണ്. ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന മെലോഡ്രാമയെക്കാള്‍ മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ സ്വന്തം കുഞ്ഞിനെയുമെടുത്ത് പാടാനുള്ള റിയലിസത്തിനാണ് പ്രേക്ഷകരുടെ വോട്ട് എന്നത് റിയാലിറ്റി ഷോയുടെ തിരക്കഥയെഴുതുന്നവര്‍ക്കുള്ള പാഠം. ഒടുവില്‍, സോഷ്യലിസവും ജനാധിപത്യവും അല്‍പമെങ്കിലും അവശേഷിക്കുന്ന സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഉണ്ടാക്കാം എന്നു പറഞ്ഞ് കാശുതട്ടിക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങുകാര്‍ക്കുള്ള ഗുണപാഠമാണ് മൊത്തം സംഭവവികാസങ്ങളും. സത്യം, നിഷ്‌കളങ്കത, സുതാര്യത തുടങ്ങിയവയെക്കാള്‍ വൈറല്‍ ആവാന്‍ യോഗ്യതയുള്ള മറ്റൊന്നുമില്ല.

ചന്ദ്രലേഖയുടെ ടേക്ക് ഓഫ് കഴിഞ്ഞു. ഇനിയാണ് ഗായികയുടെ ഏറ്റവും കഷ്ടപ്പാടുള്ള കാലം. പാടുന്നത് സിനിമയിലാണെങ്കിലും സിനിമയില്‍ കാണുന്നതുപോലെ പാടുന്നതെല്ലാം ഹിറ്റായി ആറുമാസം കൊണ്ട് ചന്ദ്രലേഖ കോടീശ്വരിയാകുമെന്നൊന്നും കരുതാന്‍ വയ്യ. ശ്രേയ ഘോഷാലിനു നല്‍കാനിരുന്ന പാട്ടാണ് ചന്ദ്രലേഖയ്ക്ക് നല്‍കിയത് എന്നതു വച്ച് ശ്രേയാ ഘോഷാലിനെക്കാള്‍ മികച്ച ഗായികയാണ് ചന്ദ്രലേഖയെന്നും ഇതുവരെ മലയാളത്തില്‍ പാടിയവരൊന്നും ചന്ദ്രലേഖയോളം നല്ല പാട്ടുകാരായിരുന്നില്ലെന്നുമൊക്കെ ശ്രുതി മീട്ടുന്നുണ്ട് പലരും. സോഷ്യല്‍ മീഡിയയിലൂടെ ന്യൂജനറേഷന്‍ കൈപിടിച്ചുകൊണ്ടുവന്ന ചന്ദ്രലേഖയെ മെയിന്‍സ്ട്രീം മീഡിയയും ഓള്‍ഡ് ജനറേഷനും ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണിത്. ചന്ദ്രലേഖയുടെ നാട്ടില്‍ ഇനി ഫ്‌ളെക്‌സുകള്‍, സ്വീകരണങ്ങള്‍, ഉദ്ഘാടനങ്ങള്‍, സ്വപ്‌നത്തെക്കാള്‍ അമ്പരപ്പിക്കുന്ന മാറ്റമാണ് ജീവിതം ചന്ദ്രലേഖയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാതെ സോഷ്യല്‍ മീഡിയയെ കീഴടക്കി ലക്ഷ്യങ്ങളുടെ പരിധിക്കപ്പുറത്തുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ഈ ജനകീയഗാനകോകിലത്തിന്റെ മുന്നില്‍ ലക്ഷം ലൈക്കുകള്‍ വിലകൊടുത്തു വാങ്ങുന്ന താരറാണികള്‍ നിഷ്പ്രഭരാണ്. അതുകൊണ്ടു തന്നെ നല്ല പാട്ടുകാരുടെ പട്ടികയില്‍ എന്നും ഗായിക ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു.

ചന്ദ്രലേഖയുടെ ആദ്യ വിഡിയോ (Original)

ചന്ദ്രലേഖ സിനിമയ്ക്കു വേണ്ടി പാടുന്നു (റിപ്പോര്‍ട്ട്)

ചന്ദ്രലേഖയുടെ നന്ദി (ഫേസ്ബുക്ക്)

തിയറ്റര്‍ റിപ്പോര്‍ട്ട്

ഹലോ ഗംഗയല്ലേ ?

അതേല്ലോ ആരാ ?

ഞാന്‍ പ്രസാദ് ആണ്..

പ്രസാദോ ? യുഎഫ്ഒയിലെ പ്രസാദാണോ ?

അല്ല… സംവിധായകന്‍ പ്രസാദ് ആണ്..

ആണോ ? ഞാന്‍ കേട്ടിട്ടില്ല കേട്ടോ… ഏതു സിനിമയാണ് സംവിധാനം ചെയ്തത് ?

ഇന്നിപ്പോ അവിടെ റിലീസ് ചെയ്ത സിനിമയുണ്ടല്ലോ… അതിന്‍റെ സംവിധായകനാണ്…

അത് ശരി… നമസ്കാരം…പുതിയ ആളാണല്ലേ ?

അല്ല, മുന്‍പ് ഹിന്ദിയിലും ഇംഗ്ലിഷിലുമൊക്കെ കുറച്ചു പടങ്ങള്‍ ചെയ്തിട്ടുണ്ട്…

മലയാളം അതുപോലൊന്നുമല്ല സാറേ…

തിയറ്റര്‍ റിപ്പോര്‍ട്ട് എങ്ങനെയുണ്ട് ?

പോര… മൊത്തത്തില്‍ ഒരു ഇഴച്ചിലുണ്ട്…

അയ്യോ… ഇതൊരു റിയലിസ്റ്റിക് മൂവിയാണ്..

ഓ അങ്ങനൊന്നും പറഞ്ഞിട്ട് കാര്യമില്ല സാറേ… നിങ്ങള്‍ക്കീ എല്ലിനേടേല്‍ കുത്തുമ്പോ ന്യൂ ജനറേഷനെന്നൊക്കെ പറഞ്ഞ് എന്തെങ്കിലും ഉണ്ടാക്കിയാല്‍ മതി.. അതൊക്കെ തിയറ്ററിലോടണമെന്നു പറഞ്ഞാല്‍ നടക്കുവോ ?

ഇതങ്ങനെ ഒരു ജനറേഷനിലും പെട്ട സിനിമയല്ല…ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ നടത്തിയ ശ്രമമാണ്..

പറയാന്‍ കൊള്ളാം… ഒരു പഞ്ചില്ല…

ചേട്ടന്‍ പടം കണ്ടോ ?

കാണാനെന്തിരിക്കുന്നു… തിയറ്ററീന്നുള്ള ചിരീം കയ്യടീം കേട്ടാലറിയത്തില്ലേ ?

കയ്യടിയും ചിരിയും എല്ലാ സിനിമയ്‍ക്കും ഉണ്ടാവണമെന്നില്ല ചേട്ടാ…. അതില്ലാത്ത സിനിമകളൊന്നും ആളുകള്‍ ആസ്വദിക്കുന്നില്ല എന്നര്‍ഥമില്ല..

ഞാനീ തിയറ്ററ് തുടങ്ങീട്ട് വര്‍ഷം കൊറെയായതാ സാറേ… ജയന്‍റെ കോളിളക്കമായിരുന്നു എന്‍റെ ആദ്യപടം… നിങ്ങള്‍ക്കൊക്കെ ഇമ്മാതിരി പടങ്ങളെടുക്കാതെ ആ മായാമോഹിനീം മിസ്റ്റര്‍ മരുമകനും മൈ ബോസ്സുമൊക്കെപ്പോലെ വല്ല നല്ല പടവുമെടുത്തുകൂടേ ?

അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ ചേട്ടാ… എനിക്കിഷ്ടമുള്ള സിനിമയാണല്ലോ ഞാനെടുക്കുന്നത്..

അതുകൊണ്ടായോ.. അതു പ്രേക്ഷകര്‍ക്കു കൂടി ഇഷ്ടപ്പെടേണ്ടേ ?

പ്രേക്ഷകര്‍ക്ക് വന്നു കണ്ട് ഇഷ്ടപ്പെടാന്‍ അല്‍പം സമയം കൊടുക്കൂ…

പറഞ്ഞപോലെ സിനിമ ഇത്തിരി സമയം കൂടുതലാ കേട്ടോ… ടൈറ്റില്‍സ് അടക്കം രണ്ടര മണിക്കൂറില്‍ നിര്‍ത്തണ്ടേ ? ഇതിപ്പോ മൂന്നു മണിക്കൂര്‍ അടുത്തു വരും..

സിനിമയല്ലേ ചേട്ടാ… ഓരോ സിനിമയ്‍ക്കും അതിന്‍റേതായ ഒരു വ്യക്തിത്വമില്ലേ ? ആണുങ്ങളായാല്‍ ആറടി പൊക്കം വേണമെന്നു പറഞ്ഞതുകൊണ്ട് എല്ലാ ആണുങ്ങള്‍ക്കും ആറടി പൊക്കം വയ്‍ക്കുമോ ? ആറടി ഇല്ലാത്തവരാരും ആണുങ്ങളല്ലെന്നു പറയാനൊക്കുമോ ?

എനിക്ക് നാലടി പൊക്കമേയുള്ളൂ എന്നത് സാറിനോടാരാ പറഞ്ഞത് ?

അയ്യോ, അതെനിക്കറിയില്ലായിരുന്നു.. ഞാനൊരുദാഹരണം പറഞ്ഞതാണ്..

എന്തായാലും സാറിന്‍റെ സിനിമ ആദ്യഷോ കഴിഞ്ഞ് ഞാന്‍ വെട്ടി.. ഇപ്പോള്‍ രണ്ടര മണിക്കൂറാണ് കളിക്കുന്നത്..

വെട്ടിയെന്നോ ? മനസ്സിലായില്ല…

അത് ശരി… സിനിമയിലെ ബോറന്‍ ഭാഗങ്ങളൊക്കെ വെട്ടി മാറ്റി മൂന്നേകാല്‍ മണിക്കൂറെന്നുള്ളത് രണ്ടര മണിക്കൂറാക്കി കുറച്ചെന്ന്…

അതെങ്ങനെ സാധിക്കും ? എന്‍റെ സിനിമ നിങ്ങളെങ്ങനെ വെട്ടും ?

ഹഹഹഹ… സത്യന്‍ അന്തിക്കാടിന്‍റെയും പ്രിയദര്‍ശന്‍റെയും എന്തിന് പത്മരാജന്‍റെയും ഭരതന്‍റെയും സിനിമകള്‍ വരെ ഞാന്‍ വെട്ടിയിട്ടുണ്ട്…അവരുടെയൊക്കെ സിനിമകള്‍ 100 ദിവസം കളിക്കുന്നത് അതൊക്കെ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന പോലെ നമ്മളിവിടിരുന്നു വെട്ടി ശരിപ്പെടുത്തുന്നതുകൊണ്ടാണ്.. സത്യത്തില്‍ അതിനു നിങ്ങള്‍ കാശിങ്ങോട്ടു തരണം…പടം വെട്ടിയോടിക്കുന്നതു നമ്മളും, പേരും അവാര്‍ഡുമൊക്കെ നിങ്ങള്‍ക്കും അതാണല്ലോ നാട്ടുനടപ്പ്…

മൈ ഗോഡ്…. എന്‍റെ സിനിമ നിങ്ങളെന്തിനു വെട്ടി ? എന്തൊരക്രമമാണ് ചെയ്തത് ?

എന്‍റെ സാറേ… അതിലെ മൂന്നാമത്തെ സോങ്ങ് എന്തിനാ ? അതിന്‍റെ ആവശ്യമെന്താ ? ഹീറോയും ഹീറോയിനും കൂടി ചുമ്മാ വഴിയേ നടക്കുന്നു… അവിടെയൊരു ഐറ്റം ഡാന്‍സോ ഗ്രൂപ്പ് ഡാന്‍സോ എങ്കിലുമിടാമായിരുന്നില്ലേ ? പടത്തിലൊരു ഫൈറ്റുപോലുമില്ല…ഇന്‍റര്‍വെല്‍ പഞ്ചില്ല,ക്ലൈമാക്സില്‍ ട്വിസ്റ്റില്ല..ഇപ്പോ റേപ്പിന്‍റെ സീസണല്ലേ… നായിക മഴ നനഞ്ഞു കയറി വരുമ്പോള്‍ ഒരു കൂട്ടബലാല്‍സംഗം കാണിക്കാമായിരുന്നില്ലേ ? അതു വച്ചു പോസ്റ്ററുമടിച്ചിരുന്നെങ്കില്‍ പടം ഹിറ്റായേനെ….രമ്യാ നമ്പീശന്‍റെ വയറു കാണിക്കുന്ന ഒരു പാട്ടെങ്കിലും കൊടുക്കാമായിരുന്നു…

ഇതൊക്കെ വേണമെന്ന് ആരു പറഞ്ഞു ?

ഹത് ശരി, ഇപ്പോ അങ്ങനെയായോ ? ഇതൊന്നും വേണ്ട എന്നു സാറിനോടാരെങ്കിലും പറഞ്ഞിട്ടുണ്ടോ ? നല്ല പഞ്ചൊള്ള ഒരു ഇന്‍ട്രോ സീന്‍, ഇന്‍റര്‍വെല്ലിനൊരു പഞ്ച്…. മൂന്നു പാട്ട്, മിനിമം രണ്ട് ഫൈറ്റ്, ക്ലൈമാക്സ് ബില്‍ഡ് അപ്പ്, ട്വിസ്റ്റ് ഇതൊക്കെയല്ലേ സിനിമയെ സിനിമയാക്കുന്നത് ?

ചേട്ടന്‍ ചേട്ടന്‍റെ മകളെ കാണുന്നത് മകളായിട്ടാണോ അതോ വിവിധ അവയവങ്ങളായിട്ടാണോ ?

ഒരുമാതിരി മറ്റേച്ചോദ്യം ചോദിക്കരുത് കേട്ടോ…

സിനിമ എന്നെ സംബന്ധിച്ച് എന്‍റെ മകനോ മകളോ ആണ്… അത് പൂര്‍ണമായ സൃഷ്ടിയാണ്.. അതിനെ ചേട്ടന്‍ വിവിധ ഭാഗങ്ങളായി വിഭജിക്കുകയും മുറിച്ചു ചെറുതാക്കുകയുമൊക്കെ ചെയ്യുമ്പോള്‍ സൃഷ്ടാവ് എന്ന നിലയ്‍ക്ക് ഞാനനുഭവിക്കുന്ന വേദന ചേട്ടനു മനസ്സിലാവില്ല…

എന്നു പറഞ്ഞാല്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന സംഗതികള്‍ വേണ്ടേ അതില്‍ ?

ഇത് പ്രേക്ഷകര്‍ക്കിഷ്ടപ്പെടില്ല എന്ന് പ്രേക്ഷകര്‍ കാണും മുമ്പേ ചേട്ടന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനമെന്താണ് ? നല്ല സിനിമകള്‍ വെട്ടി നശിപ്പിച്ചതുകൊണ്ട് പ്രേക്ഷകര്‍ തിയറ്ററിലേക്കു വരില്ല… സിനിമയെ ഒരു കലാസൃഷ്ടിയെന്ന നിലയ്‍ക്ക് സമീപിക്കാനുള്ള ഒരു ക്ഷമ മാത്രമേ ഞങ്ങള്‍ ചോദിക്കുള്ളൂ… അത് ഞങ്ങള്‍ എടുത്തതുപോലെ ഒന്നു കാണിച്ചാല്‍ മാത്രം മതി… വിജയവും പരാജയവുമൊക്കെ പ്രേക്ഷകര്‍ തീരുമാനിച്ചോട്ടെ….

എന്തു പറഞ്ഞാലും കൊള്ളാം… പടം ഹോള്‍ഡോവറായാല്‍ ഞാന്‍ മാറ്റും… എന്നിട്ട് തെലുങ്ക് പടം കളിക്കും…

അതും ഇതുപോലെ വെട്ടുമോ ?

ഓ.. അതിലൊന്നും വെട്ടാനില്ല…എന്‍റെ പൊന്നുസാറേ.. നിങ്ങളിമ്മാതിരി പടമെടുത്തു നടക്കാതെ ആ ഉദയകൃഷ്ണ-സിബി.കെ.തോമസിനെ കണ്ട് ഒരു തിരക്കഥ വാങ്ങിക്ക്… അതാവുമ്പോ ആരെങ്കിലും സംവിധാനം ചെയ്താല്‍ മതി…പടം ഹിറ്റായിരിക്കും…

ചേട്ടാ…. ?

അനിയന്‍ ഫോണ്‍ വെക്ക്… നാളെ ഇവിടെ വന്നു പടമൊന്നു കണ്ടോ… അതുപോലെ എല്ലാ സെന്‍ററിലും പോയി ഒന്നു വെട്ടിക്കോ… പടം ഓടും…

എന്‍റെ പടം…

ഇപ്പഴാ അതൊരു പടമായത്…

ക്ലാസിക്കല്‍ ഐറ്റനാട്യം

മാറ്റിനി എന്ന സിനിമയെപ്പറ്റി കഴിഞ്ഞ ഒരാഴ്ചയായി വായിച്ച വാര്‍ത്തകളിലെല്ലാം പ്രമേയമായിട്ടുള്ളത് ഒരേയൊരു കാര്യമാണ്- അതില്‍ ഒരു നടി ഐറ്റം ഡാന്‍സ് കളിക്കുന്നു എന്നത്. സിനിമയുടേതായി പ്രചരിക്കുന്ന സ്റ്റില്ലുകളിലേറെയും സിനിമയിലെ ഐറ്റം ഡാന്‍സിന്റേതാണ്. വിശ്വോത്തരസിനിമയായ ബാച്ച്‌ലര്‍ പാര്‍ട്ടിയിലും മുഖ്യധാരാ നടിമാരുടെ ഓരോ ഐറ്റം ഡാന്‍സുകളുണ്ടായിരുന്നു. അതൊക്കെ എല്ലാവരും വളരെ കാര്യമായിട്ടു കാണുകയും ആസ്വദിക്കുകയും നടിമാര്‍ ബോള്‍ഡാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

ഐറ്റം ഡാന്‍സുകള്‍ സമൂഹത്തെ വഴിതെറ്റിക്കുന്നതിനെതിരെയുള്ള സദാചാരപ്രഭാഷണമല്ല ഞാനുദ്ദേശിക്കുന്നത്. ഐറ്റം ഡാന്‍സിനോട് എനിക്കൊരു എതിര്‍പ്പുമില്ല എന്നു മാത്രമല്ല, എനിക്കത് വളരെ ഇഷ്ടവുമാണ്. എന്നാല്‍, ഐറ്റം കളിക്കുന്ന നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് വായിച്ചപ്പോള്‍ ആകെ ഒരാശയക്കുഴപ്പം. ഐറ്റം ഡാന്‍സ് ആസ്വദിക്കേണ്ടതു പോലെയല്ലേ ഞാനാസ്വദിക്കുന്നത് എന്നൊരാശങ്ക. നടിയുടെ മദാലാസനൃത്തവും ശരീരസൗന്ദര്യവും (ഉള്ളത് മാത്രം) ആസ്വദിക്കുന്നതിലൂടെ ഞാന്‍ ഒരു ഞരമ്പുരോഗിയായി മാറുകയാണോ ? ഐറ്റം ഡാന്‍സ് കാണുന്ന പ്രേക്ഷകന്‍ അതൊന്നും ആസ്വദിക്കരുതെന്നാണോ സംവിധായകനും നടിയുമൊക്കെ വിവക്ഷിക്കുന്നത് ?

ഐറ്റം നമ്പര്‍ എന്നു പറഞ്ഞ് ആ നൃത്തരൂപത്തെ അവഹേളിക്കുന്നതിനോട് യോജിപ്പില്ല എന്ന നടിയുടെ പ്രസ്താവനയാണ് എന്നെ ആശയക്കുഴപ്പത്തിലാക്കിയത്. ഐറ്റം ഡാന്‍സിനെ ഐറ്റം ഡാന്‍സ് എന്നു വിശേഷിപ്പിക്കുന്നത് എങ്ങനെയാണ് അവഹേളനമാകുന്നത് ? ആ നൃത്തരൂപം എന്നു പറയുമ്പോള്‍, ഐറ്റം ഡാന്‍സ് കഥകളിയില്‍ നിന്നോ ഭരതനാട്യത്തില്‍ നിന്നോ മോഹിനിയാട്ടത്തില്‍ നിന്നോ രൂപംകൊണ്ട ക്ലാസിക്കല്‍ നൃത്തശൈലിയാണോ ? അങ്ങനെയെങ്കില്‍ എന്താണ് ഐറ്റം ഡാന്‍സിന്റെ ആത്മാവ് ? ആ നൃത്തരൂപത്തിന്റെ പ്രസക്തിയും ചരിത്രവും എന്താണ് ? വളരെ സീരിയസ്സായി അറിയാന്‍ ആഗ്രഹമുള്ളതുകൊണ്ട് ചോദിക്കുകയാണ്.

ഇത്ര കാലവും ഞാന്‍ ഐറ്റം ഡാന്‍സ് കണ്ടത് അതിലെ മുദ്രകളും ഭാവങ്ങളും കാണാനല്ല. മറിച്ച് നടി അനാവരണം ചെയ്യുന്ന ശരീരഭാഗങ്ങളും മാദകമായ അംഗവിക്ഷേപങ്ങളും കാണാനാണ്. ഐറ്റം ഡാന്‍സ് എന്നു വിളിച്ചാല്‍ അവഹേളിക്കപ്പെടുന്ന തരത്തിലുള്ള ഒരു ക്ലാസിക്കല്‍ നൃത്തരൂപമാണ് അത് എന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. മാറ്റിനിയിലെ ഐറ്റം ഡാന്‍സിലും നൃത്തപ്രകടനത്തെക്കാള്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത് നിര്‍ഭാഗ്യവശാല്‍ നടിയുടെ മാംസളമായ വയറും പൊക്കിളും അതൊക്കെ ഹൈലൈറ്റ് ചെയ്യുന്ന ചുവടുകളുമാണ്. അതൊന്നും ശ്രദ്ധിക്കാതെ ഭാവങ്ങളിലും മുദ്രകളിലും ചുവടുകളിലുമാണ് ശ്രദ്ധിക്കേണ്ടിയിരുന്നത് എന്നായിരുന്നെങ്കില്‍ എനിക്കു തെറ്റിപ്പോയി. ഞാന്‍ വളരെ നിലവാരം കുറഞ്ഞ ഒരു പ്രേക്ഷകനാണ്.

ഐറ്റം ഡാന്‍സ് കളിക്കുന്ന മിക്കവാറും നടിമാരും പറയുന്ന ഒരു വാദം ഈ നടിയും പറഞ്ഞിട്ടുണ്ട്. അതായത് കഥാപാത്രം ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണ് ഇത് ചെയ്തതെന്ന്. എനിക്കത് ഇപ്പോഴും പിടികിട്ടുന്നില്ല. അങ്ങനെ കഥാപാത്രം ആവശ്യപ്പെടുമോ ? അത്ര നിഷ്‌കളങ്കരായ സംവിധായകരും തിരക്കഥാകൃത്തുക്കളും നടിമാരുമാണോ മലയാള ചലച്ചിത്ര ലോകത്തുള്ളത് ? അങ്ങനെയെങ്കില്‍ ഇത്തരം പരിവാപനമായ നൃത്തരൂപങ്ങളില്‍ പോലും നടിയുടെ അര്‍ധനഗ്നമേനിയുടെ സൗന്ദര്യം ആസ്വദിക്കുന്ന ആയിരക്കണക്കിനു പ്രേക്ഷകര്‍ ഈ നാട്ടിലുണ്ട് എന്ന സത്യം ഇനിയെങ്കിലും ആ നിഷ്‌കളങ്കര്‍ മനസ്സിലാക്കണം. നടിയുടെ വയറും മറ്റും കാണിച്ചുകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കണമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന നൃത്തപ്രകടനത്തെ കലാബോധമില്ലാത്ത പ്രേക്ഷകര്‍ മാംസനിബദ്ധമായി സമീപിക്കുന്നത് ആ നടിയോടും സ്ത്രീയുടെ അഭിമാനത്തോടുമുള്ള വെല്ലുവിളിയാണ് എന്നു ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ഐറ്റം ഡാന്‍സ് ചെയ്യുന്ന നടിമാര്‍ ബോള്‍ഡാണ് എന്നു പറയുന്നത് കപടസദാചാരമുഖംമൂടി വച്ചിരിക്കുന്ന സമൂഹത്തെ ഭയപ്പെടാതെ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിനായി നൃത്തം ചെയ്യാന്‍ ധൈര്യം കാണിച്ചു എന്നതുകൊണ്ടാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഭരതനാട്യത്തെക്കാള്‍, കുച്ചിപ്പുടിയെക്കാള്‍ മോഹിയാട്ടത്തെക്കാള്‍ സങ്കീര്‍ണമായ ചുവടുകളോ മുദ്രകളുടെയും ഭാവങ്ങളുടെയും തുടര്‍ച്ചയോ പ്രവാഹമോ ഒന്നും ഈ ഡാന്‍സുകളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ നൃത്തരൂപവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോള്‍ഡ്‌നെസ്സ് ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. അത്യാവശ്യം അനാവരണം ചെയ്തിരിക്കുന്ന അരക്കെട്ടും നെഞ്ചും വ്യത്യസ്ത ആംഗിളുകളില്‍ ഗാനത്തിനനുസരിച്ച് ഇളക്കുന്നു എന്നതു മാത്രമേ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളൂ.

കഥാപാത്രം ആവശ്യപ്പെട്ടതുകൊണ്ടാണ് ഐറ്റം ഡാന്‍സ് കളിച്ചത് അല്ലാതെ ഞാനാ ടൈപ്പല്ല എന്നും ഐറ്റം ഡാന്‍സ് എന്നു വിളിച്ച് ആ നൃത്തരൂപത്തെ അവഹേളിക്കരുത് എന്നും പറയുമ്പോള്‍ സദാചാരവാദികളോടുള്ള പേടികൊണ്ട് നടി ഐറ്റം ഡാന്‍സിന് ക്ലാസിക്കല്‍ പദവി ആവശ്യപ്പെടുന്നതുപോലെ തോന്നുന്നു. ഐറ്റം ഡാന്‍സ് അടിസ്ഥാപനപരമായി സിനിമയിലെ സ്ത്രീസൗന്ദര്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് എന്നു വേണമെങ്കില്‍ പറയാം. അത് ഉറച്ചുപറയാനുള്ള ധൈര്യത്തെയാണ് നമ്മള്‍ ബോള്‍ഡ്‌നെസ്സ് എന്നു വിളിക്കേണ്ടതെന്നു തോന്നുന്നു. അതിന്റെ പ്രേക്ഷകര്‍ അതിനെ അംഗീകരിക്കുന്നത് അതിലെ സൗന്ദര്യഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അല്ലാതെ ക്ലാസിക്കല്‍ ഗുണങ്ങളുടെ പേരിലല്ല. ഐറ്റം ഡാന്‍സിനെ അങ്ങനെ തന്നെ വിളിക്കണം. പേടിയുള്ള നടിമാര്‍ക്കു വേണ്ടി ഐറ്റം ഡാന്‍സിനെ ഭരതനാട്യം എന്നു വിളിക്കാന്‍ ബുദ്ധിമുട്ടാണ്.

അഞ്ചു ദിവസം കൊണ്ട് മൂന്നു ലക്ഷത്തോളം പേര്‍ കണ്ട, കഥാപാത്രം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാറ്റിനി സിനിമയില്‍ നടി അവതരിപ്പിച്ച ‘ഒട്ടും വള്‍ഗറല്ലാത്ത’ ആ നൃത്തരൂപം ഇതാണ്:-

ഒരു പാട്ട് ഉണ്ടാക്കിയ രുചി

വയലാറും ഭാസ്കരന്‍ മാഷും ഒക്കെ എഴുതിയിട്ടുള്ള വരികള്‍ ഇനി ആര്‍ക്കും എഴുതാന്‍ സാധിക്കില്ല. പുതിയ പാട്ടുകള്‍ പലതും അര്‍ഥശൂന്യമായ വാക്കുകളുടെ സമാഹാരവുമാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ ഈ പാട്ട് എന്തുകൊണ്ടോ ഒരു ലോഡ് നൊസ്റ്റാള്‍ജിയകളുടെ സമാഹാരമായിട്ടും മലയാളത്തെയും മലയാളത്തനിമയെയും സ്നേഹിക്കുന്നവര്‍ ആ പാട്ടിനെപ്പറ്റി കാര്യമായൊന്നും ചര്‍ച്ച ചെയ്യുന്നില്ല. ആ സിനിമയുടെ രുചി ഒട്ടും ചോരാതെ പകര്‍ന്നിരിക്കുന്ന ഈ ഗാനം ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനമാണെന്ന് ഞാന്‍ പറഞ്ഞാല്‍ സംഗീതമെന്ന മഹഗാസാഗരത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന കുട്ടിയുടെ അവിവേകമായി കണ്ട് സംഗീതബുദ്ധിജീവികള്‍ പൊറുക്കണം. എന്റെ അഭിപ്രായത്തോടു യോജിക്കുന്നവര്‍ ഈ പാട്ട് ഒരിക്കല്‍ക്കൂടി കേള്‍ക്കണം.

പാട്ടിന്റെ വരികള്‍

“ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ മുല്ലപ്പൂച്ചിരിയോ

ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ

മുളകരച്ചൊരുക്കിയ പരൽമീനിൻ കറി
കൂട്ടീട്ടെരിവും കൊണ്ടിടം കണ്ണ് തുടിച്ചവനേ

പഞ്ചാരപ്പാലട പ്രഥമൻ
തൂശനില തന്നിൽ വിളമ്പുമ്പോൾ ഒഴുകിടാതെ
വലം കൈയ്യാൽ ഇടംകൈയ്യാൽ വടിച്ചിട്ടും തടുത്തിട്ടും
പ്രളയം പോൽ പരക്കുന്ന മനപ്പായസം

മൂവാണ്ടൻ മാവിന്റെ കുളിര്
വേനൽ കനലൂട്ടി വിളഞ്ഞൊരു കനകച്ചെപ്പ്

പഴം പുളിശേരി ചാറിൽ പിടിക്കുമ്പോൾ വഴുക്കണ
മധുരമാമ്പഴം പോലെ വലയ്ക്കുന്നോളേ

വരിക്കപ്പൊൻച്ചക്കേടേ മടല്
കൊത്തി നറുനറെ അരിഞ്ഞിട്ടങ്ങുടച്ചൊരു തീയില്

പഴുക്കപ്ലാവില കൊണ്ടു കയിൽ കുത്തി ചുടുകഞ്ഞി
കുടിക്കുമ്പോൾ വിയർപ്പാറ്റാൻ അടുത്തു വായോ

വെൺമേഘ പത്തിരി താളിൽ
നല്ല താറാവിൻ ചൂടുള്ള നാടൻ കറി വേണ്ടേ

കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടെ
മുളങ്കുറ്റി നിറഞ്ഞ പുട്ടൊരിക്കൽ കൂടി”

എന്നും നല്ല പാട്ടുകള്‍ മാത്രം എഴുതിയിട്ടുള്ള റഫീഖ് അഹമ്മദിന് ഒരാലിംഗനവും ഏതാനും പൂച്ചെണ്ടുകളും.ആ പാട്ടിനെ പാട്ടാക്കിയ സംഗീതസംവിധായകന്‍ ബിജിബാലിനും നാടന്‍ സ്വരത്തിന്റെ ഓണറായ പുഷ്പവതി ചേച്ചിക്കും ഒരോ ചക്കരയുമ്മ.

അങ്ങനെ ഞാനും പൃഥ്വിരാജ് ഫാനായി

നന്ദനത്തിനു ശേഷം എനിക്കിഷ്ടമാകുന്ന ഒരു പൃഥ്വിരാജ് ചിത്രം ഏതാനും മാസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ മാണിക്യക്കല്ലാണ്. മറ്റു സിനിമകളില്‍ കാണാത്ത വിധത്തില്‍ ലളിതവും അനായാസവുമായ അഭിനയത്തിലൂടെ അദ്ദേഹം തന്റെ പ്രൊഫഷനലിസത്തിന്റെ മൂര്‍ച്ച കൂട്ടി എന്നാണെനിക്കു തോന്നിയത്. വീണ്ടും ‘വീട്ടിലേക്കുള്ള വഴി’യിലെത്തിയപ്പോള്‍ ആ ധാരണ ശക്തമായി. മമ്മൂട്ടിയെപ്പോലെ തന്റെ കഴിവുകളെ മൂര്‍ച്ച കൂട്ടി പാകപ്പെടുത്തി ഒരു നല്ല നടനാവുന്നതിനുള്ള കഠിനപ്രയത്നം അദ്ദേഹം നടത്തുന്നുണ്ട് എന്നു വ്യക്തമാകുന്ന തരത്തിലുള്ള അഭിനയം.മമ്മൂട്ടി നായകനാകുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിനിമയിലെ വില്ലന്‍ വേഷം സ്വീകരിക്കുന്നതിലൂടെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അദ്ദേഹം അഭിനേതാവ് എന്ന നിലയില്‍ തനിക്കു പരിമിതികളില്ല എന്നു തെളിയിക്കുകയാണ്.

എന്നാല്‍, ഈ വൈകുന്നേരം എന്നെ പൃഥ്വിരാജ് ഫാനാക്കിയത് ഈ വിശകലനങ്ങളൊന്നുമല്ല. തേജാഭായ് ആന്‍ഡ് ഫാമിലി എന്ന സിനിമയിലെ ‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ’ റീമിക്സ് ഗാനമാണ്. സംഗതി നാലഞ്ചു തവണ കണ്ടു. അദ്ദേഹത്തെ ചീത്തവിളിക്കണം എന്നു വാശിയുള്ളവര്‍ ക്ഷമിക്കണം,ഞാനിന്നു മുതല്‍ ഒരു പൃഥ്വിരാജ് ഫാനാണ്. എന്നെ പൃഥ്വിരാജ് ഫാനാക്കിയ ആ ഗാനം കണ്ടിട്ടില്ലാത്തവര്‍ കണ്ടുനോക്കൂ, ഫാനാകൂ !

ശ്യാമിന്റെ സംഗീതത്തില്‍ ബിച്ചു തിരുമല എഴുതിയ ഈ ഗാനം പത്മരാജന്റെ തിരക്കഥയില്‍ 1984ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന സിനിമയിലേതാണ്. റഹ്മാന്റെ നൃത്തച്ചുവടുകള്‍ വ്യത്യസ്തമാക്കിയ ആ ഗാനം അന്നേ ഹിറ്റാണ്. ദീപക് ദേവിന്റെ റീമിക്സില്‍ വിജയ് യേശുദാസിന്റെ ആലാപനത്തില്‍ പൃഥ്വിരാജും അഖിലയും ആ ഗാനത്തെ ഗംഭീരമാക്കിയിരിക്കുന്നു. പൃഥ്വിരാജ് എന്ന നടന്റെ ഇതുവരെ കാണാത്ത പ്രകടനം ആണ് ഈ ഗാനരംഗത്തില്‍. ചടുലമായ നൃത്തവും അതില്‍ ഒരു നല്ല നടനു മാത്രം സമ്മാനിക്കാന്‍ കഴിയുന്ന സമര്‍ത്ഥമായ ലയനവും ഗാനത്തിന്റെ തിളക്കം കൂട്ടുന്നു. സംവിധായകന്‍ ദീപു കരുണാകരന്‍ അസ്സലായി ചിത്രീകരിച്ചിരിക്കുന്നു. നല്ല കൊറിയോഗ്രഫി.ഗാനത്തിന്റെ ആവേശം ചോരാതെ വീണ്ടും പാടിത്തന്ന വിജയ് യേശുദാസിനും നന്ദി. സിനിമ 30നു റിലീസ് ചെയ്യും (ഈ ചിത്രത്തില്‍ ഷക്കീല ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടല്ലോ).

റഹ്മാന്റെ പഴയ മധുരക്കിനാവ് ഒന്നുകൂടി അയവിറക്കാം.

സന്തോഷ് പണ്ഡിറ്റുമാര്‍ ഉണ്ടാകുന്നത്

ചിലര്‍ ബ്ലോഗ് ചെയ്യുന്നു, ചിലര്‍ ഫേസ്‍ബുക്കില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നു, ചിലരാകട്ടെ ഡെയ്‍ലി മൂന്നു നാലു ഡസന്‍ ഇമെയിലുകള്‍ ഫോര്‍വേ‍ഡ് ചെയ്തു കളിക്കുന്നു. ഇന്റര്‍നെറ്റ് കണ്ടുപിടിച്ച കാലം മുതല്‍ ഇപ്പണികളൊക്കെ ചെയ്തിട്ടും പലരെയും ആരും അറിയുന്നില്ല. എന്നാല്‍,ചിലരാകട്ടെ ഒരു വരവാണ്. കണ്ണടച്ചു തുറക്കുമ്പോഴേക്കും സെലബ്രിറ്റിയായി കഴിയും. എന്താണ് ഇതിന്റെ രസഹ്യം ? എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ?

മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയൂ

നെറ്റിലെ സ്ഥിരതാമസക്കാര്‍ പൊതുവേ സദാചാരപ്രിയരും ബുദ്ധിജീവി പരിവേഷം ആഗ്രഹിക്കുന്നവരും കാരുണ്യമതി, ഉദാരമതി ഇമേജുകള്‍ കാത്തുസൂക്ഷിക്കുന്നവരുമാണ്. ഷക്കീലപ്പടം ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ പാശ്ചാത്യവാണിജ്യസിനിമകളിലെ സ്ത്രീബിംബങ്ങളുടെ ദുര്‍വിനോയഗത്തെപ്പറ്റി ബ്ലോഗ് ചെയ്യാനും അവര്‍ക്കു സാധിക്കും. അതേ സമയം, തിന്മ കണ്ടാല്‍, തിന്മയുടെ ലാഞ്ഛന കണ്ടാല്‍,അവര്‍ കൂട്ടമായി ആക്രമിക്കും, വേറിട്ട സ്വരങ്ങളെ ആക്രമിച്ചു കീഴ്‍പ്പെടുത്തും, എന്നിട്ട് ഇവിടമാണ് ലോകത്തിലെ ജനാധിപത്യസ്വര്‍ഗം എന്നു പ്രഖ്യാപിക്കും.

ഇതാണ് മുതലെടുക്കേണ്ടതായിട്ടുള്ളത്. ബുദ്ധിജീവിസമൂഹത്തെ വെല്ലുവിളിക്കുന്ന ഒരു സൃഷ്ടി,ഒരേയൊരു സൃഷ്ടി അവരുടെ ശ്രദ്ധയിലേക്കു തള്ളിവിടുകയാണ് വേണ്ടത്. പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന സൗന്ദര്യസങ്കല്‍പത്തിനും,ആസ്വാദകനിലവാരത്തിനും അനുസരിച്ച് ഒരു സൃഷ്ടി അവതരിപ്പിച്ചാല്‍ ഈ ബുദ്ധിജീവി-ആസ്വാദക സമൂഹം അവഗണിക്കുകയും തങ്ങളുടെ ശ്രദ്ധ പതിയക്കത്ത വിധത്തില്‍ ഒരു നിലവാരം അതിനില്ല എന്നു ഭാവിക്കുകയും ചെയ്യും. എന്നാല്‍ ഈ പറഞ്ഞ നിലവാരങ്ങള്‍ക്കു വിരുദ്ധമായി സമൂഹം, തറ എന്നു വിശേഷിപ്പിക്കുന്നതിനു താഴെ നിന്ന് ഒരു സൃഷ്ടി നടത്തിയാല്‍ ഈ സമൂഹം ശ്രദ്ധിക്കും. ഷെയര്‍ ചെയ്യും, ക്രൂരമായി വിമര്‍ശിക്കും,നിരൂപിച്ച് നിരൂപിച്ച് ഒരു വഴിക്കാക്കും,ഇത്തരത്തില്‍ നിലവാരമില്ലാത്ത ഒരു സൃഷ്ടി നടത്തിയതിന് സൃഷ്ടാവിനെ പേരെടുത്ത് ആക്ഷേപിക്കും, ചീത്തവിളിക്കും, അങ്ങനെ പലതും ചെയ്യും.

ഇതൊക്കെ ചെയ്യുമ്പോള്‍ സമൂഹം കരുതുന്ന ഒന്നുണ്ട്,അതിന്റെ സൃഷ്ടാവ് വിമര്‍ശനശരങ്ങളേറ്റു പിടയുകയായിരിക്കും എന്ന്. ഇനിയൊരിക്കലും അയാള്‍ ഇത്തരത്തിലൊരു സൃഷ്ടിയെപ്പറ്റി ആലോചിക്കുക പോലുമില്ലെന്ന്. എന്നാല്‍, സത്യം എന്താണ് ?? പായസം വിളമ്പിയാല്‍ തിരിഞ്ഞുനോക്കാത്തവന് മുന്നില്‍ അമേധ്യം വിളമ്പി ശ്രദ്ധനേടുന്ന തന്ത്രമാണ് വിജയം കാണുന്നത്. വിളമ്പിയത് പായസമല്ലെന്ന് വിളമ്പുകാരനെ ബോധ്യപ്പെടുത്താന്‍ വേണ്ടി അമേധ്യം പലവട്ടം രുചിച്ചു നോക്കി നിര്‍വചനങ്ങളുണ്ടാക്കുന്ന ആസ്വാദകനോ വിളമ്പിയത് അസ്സല്‍ അമേധ്യമാണെന്ന് അറിയാവുന്ന വിളമ്പുകാരനോ യഥാര്‍ഥ വിഡ്ഡി ?

സില്‍സില ആല്‍ബവും ഹരിശങ്കറും സഞ്ചരിച്ച വഴി സത്യസന്ധമായിരുന്നു. ഹരിശങ്കറിന്റെ സൃഷ്ടി ആക്രമിക്കപ്പെട്ടതിന്റെ സൗന്ദര്യശാസ്ത്രവും നീതിശാസ്തവുമല്ല, നെറ്റിലെ ബുദ്ധിജീവി-സദാചാര രാഷ്ട്രീയം തനിയാവര്‍ത്തനത്തില്‍ വെറുമൊരു സില്‍സിലയായി മാറി എന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്. അല്ലെങ്കില്‍ എന്തുകൊണ്ട് സില്‍സിലയും ഹരിശങ്കറും വിസ്‍മൃതിയിലാവുകയും സന്തോഷ് പണ്ഡിറ്റിന്റെ പ്രശസ്തിയുടെ ഗ്രാഫ് കുത്തനെ ഉയരുകയും ചെയ്യുന്നു ?

ബുദ്ധിജീവികള്‍ ബാക്ടീരിയയെപ്പോലെയാണ്. ആദ്യവട്ടം ആക്രമിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നു പ്രവചിക്കാന്‍ പറ്റില്ല. അത് വിശദമായി പഠിച്ച് രണ്ടാംവട്ടം അവറ്റയുടെ ആക്രമണം ഏറ്റുവാങ്ങി ആദ്യത്തതിനെക്കാള്‍ മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ബുദ്ധിജീവി. എന്റെ അഭിപ്രായത്തില്‍ സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കുകയും അയാളെ ആക്ഷേപിക്കുകയും ചെയ്യുന്നവരാണ് ഇ- കാലഘട്ടത്തിലെ ഏറ്റവും വലിയ വിഡ്ഡികള്‍.സ്വയം കോമാളി വേഷം കെട്ടുന്നതിലൂടെ ബുദ്ധിജീവികളെയും ആസ്വാദകസമൂഹത്തിന്റെ കാപട്യങ്ങളെയും പ്രകോപിപ്പിക്കുന്നതിലൂടെ അയാള്‍ ഒരുപടി കടന്നു പോയിരിക്കുന്നു. വളരെ വ്യക്തമായി പറഞ്ഞാല്‍,ഹരിശങ്കറിനെയും സില്‍സില ആല്‍ബത്തെയും എറിഞ്ഞു വീഴ്‍ത്തിയവരെ ഉപയോഗിച്ച്, അവരുടെ ഊര്‍ജം വിനിയോഗിച്ച് സന്തോഷ് പണ്ഡിറ്റ് ഒരു ബ്രാന്‍ഡ് ആയി വളര്‍ന്നു.

നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ദോഷം ഉണ്ടാകുന്നത് നിലവില്‍ സല്‍പേരും പ്രസിദ്ധിയുമുള്ള ഒരാള്‍ക്കു മാത്രമാണ്.ഒരു പേരുമില്ലാത്ത, ആരും അറിയപ്പെടാത്തവന് വളരാന്‍ ഏറ്റവും നന്ന് നെഗറ്റീവ് പബ്ലിസിറ്റിയാണ്.ഭക്തിഗാനങ്ങളെക്കാള്‍ തെറിപ്പാട്ടുകള്‍ക്കാണ് കേള്‍വിക്കാര്‍ കൂടുതല്‍.നെഗറ്റീവ് പബ്ലിസിറ്റി മാത്രം ലക്ഷ്യം വച്ച് വരുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് തലവച്ചു കൊടുക്കുന്നവര്‍ തങ്ങളുടെ സോഷ്യല്‍ നെറ്റ്‍വര്‍ക്ക് അവരുടെ പ്രചാരത്തിനായി ഉപയോഗിക്കുകയാണെന്നത് മറന്നുപോകരുത്. പുതിയ രൂപത്തില്‍, ഭാവത്തില്‍ പുത്തന്‍ സൃഷ്ടിയുമായി അടുത്ത അവതാരം എത്തുന്നതു വരെ സന്തോഷ് പണ്ഡിറ്റുമാരുടെ കയ്യിലെ പാവകളായി തുടരാം. ശുഭാശംകള്‍.

സിനിമയുടെ പുതുനിലാവ്

ഭൂമിക്കു പുറത്ത് ജീവനുണ്ട് എന്നു പറയുന്നതുപോലെ സങ്കീര്‍ണമായ ഒരു വര്‍ത്തമാനമാണ് കേരളത്തിനു പുറത്ത് മലയാള സിനിമയുണ്ട് എന്നതും. പല പല ചോദ്യങ്ങളാണ് അതെപ്പറ്റി ഉയരുന്നത്. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ എന്തു കാര്യം? മോളിവുഡിന്റെ ആസ്ഥാനം കേരളമല്ലേ, അങ്ങനെ കേരളത്തിനു പുറത്തു മലയാള സിനിമയുണ്ടെങ്കില്‍ തന്നെ അതെവിടെ കാണിക്കും ? ആരത് കാണും ?

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിക്കൊള്ളണമെന്നില്ല. എങ്കിലും ഭൂമിയിലെ ജീവന്റെ ക്വാളിറ്റി മൊത്തത്തില്‍ ഡൗണ്‍ ആകുമ്പോള്‍ വേറെവിടെയെങ്കിലും ഒരു പുതുനാമ്പ് മുള പൊട്ടുന്നുവെന്നത് പ്രതീക്ഷാനിര്‍ഭരമാണ്. അത്തരത്തിലൊരു മുളപൊട്ടലിന്റെ കഥയാണ്. സംഗതി സിനിമ തന്നെ. പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച മലയാള സിനിമ എന്നു പറയുമ്പോള്‍ അതിലൊരു പുതുമയുണ്ട്.

ഉദയനാണ് താരം എന്ന സിനിമയില്‍ ഒരു കണക്കെടുപ്പുണ്ട്. ഗള്‍ഫില്‍ ആകെ മൊത്തെ 25 ലക്ഷം മലയാളികളുണ്ട്, ഒരു മലയാളി ഒരു ദിവസം 2 പൊറോട്ട വീതം കഴിച്ചാല്‍ തന്നെ ഒരു ദിവസം 50 ലക്ഷം പൊറോട്ടകള്‍ കയറ്റി അയക്കാം. പൊറോട്ട പോലെ തന്നെ മലയാളിക്കു പ്രിയപ്പെട്ടതാണ് സിനിമയും. അങ്ങനെ നോക്കിയാല്‍ കോടികള്‍ കലക്ഷനുണ്ടാക്കാന്‍ ഇത്തരം പ്രവാസി സിനിമകള്‍ക്കും സാധിക്കേണ്ടതാണ്.

നിലാവ് എന്ന ഈ സിനിമ ഒക്ടോബര്‍ 15നു റിലീസ് ചെയ്യുമ്പോള്‍ ഈ ഉദ്യമത്തിനു പ്രോല്‍സാഹനം നല്‍കുന്ന ഒരു തള്ളിക്കയറ്റം തിയറ്ററുകളിലുണ്ടാകട്ടെ എന്നാശംസിക്കുന്നു. ഇനി അവിടെ നിന്നുണ്ടാവാന്‍ പോകുന്ന നല്ല സിനിമകള്‍ക്ക് ഒരു തുടക്കമാകാന്‍ നിലാവിനു കഴിഞ്ഞാല്‍ ബോക്സ് ഓഫിസ് കണക്കുകളെക്കാള്‍ മൂല്യമുള്ളത് അതിനു തന്നെയായിരിക്കും.

ന്യൂ സ്കൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൃഷ്ണദാസ് ഹരിദാസ് നിര്‍മിച്ച് പ്രവാസി മലയാളിയായ അജിത് നായര്‍ രചനയും സംവിധാനവും നിര്‍മിച്ച സിനിമയാണ് നിലാവ്. ചില പാട്ടുകള്‍ ഒഴികെ മറ്റുള്ള എല്ലാ സീനുകളും ബഹ്റൈനില്‍ത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ അഭിനേതാക്കളും പുതുമുഖങ്ങള്‍ ആണ്. ഹരിദാസും സുനിതയുമാണ് നായികാനായകന്‍മാര്‍. മനാമ, സല്‍മനിയ, ഗുദുബിയ, സല്ലാക് എന്നീ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍.

യാദൃച്ഛികമായി കണ്ടുമുട്ടുന്ന ചെറുപ്പക്കാരനായ ഹരിയുടെയും സുന്ദരിയായ ലക്ഷ്മിയുടെയും സ്നേഹത്തെയും പ്രേമത്തെയും ചുറ്റിപ്പറ്റിയാണ് നിലാവിന്റെ കഥ. സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങളും അജിതിന്റേതു തന്നെ. ചിത്രയും വേണുഗോപാലുമൊക്കെയാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. സാംപിളിന് ഒരു ഗാനം –

ഗൗരവമായി ആലോചിക്കുമ്പോള്‍, മുഖ്യധാര തന്നെ പടച്ചുവിടുന്ന സമാന്തരസിനിമകളല്ലാതെ സാധാരണക്കാരായ പ്രതിഭകളില്‍ നിന്നുണ്ടാവുന്ന ഇത്തരം ഉദ്യമങ്ങളെ സമാന്തരസിനിമയായി കണ്ട് പ്രോല്‍സാഹനം നല്‍കേണ്ടത് നല്ല സിനിമകള്‍ ഉണ്ടാവുന്നതിനും നിലനില്‍ക്കുന്നതിനും ആവശ്യമാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഉള്ള കാശുമായി കേരളത്തില്‍ വന്ന് സകല അസോസിയേഷനിലും മെമ്പര്‍ഷിപ് എടുത്ത്, നടിമാരേം കൂട്ടിക്കൊടുത്ത്, കഥ പറഞ്ഞും, മാറ്റിപ്പറഞ്ഞും ഒടുവില്‍ നഷ്ടക്കഥയുമായി മടങ്ങുന്നതിനെക്കാള്‍ നല്ലത് അന്തസ്സോടെ സ്വന്തം മണ്ണില്‍ നിന്നു സൃഷ്ടി നടത്തുന്നതാണ്. നിലാവിന് എല്ലാ ആശംസകളും നേരുന്നു.

മലയാളത്തിന്‍റെ സില്‍സിലകള്‍ !

ഹരിശങ്കര്‍ കലവുര്‍ എന്നു പറഞ്ഞാല്‍ ഇന്നു മിക്കവാറും മലയാളികളും അറിയും. സാധാരണയായി പെട്ടെന്നൊരാള്‍ പ്രശസ്തനാവുന്ന വഴികളിലൂടെയൊന്നുമല്ല ഹരിശങ്കറിന്‍റെ പ്രശസ്തി. മോഷണ-പീഡന കേസുകളിലൊന്നും ഹരിശങ്കര്‍ പ്രതിയല്ല. സ്വന്തമായി നിര്‍മിച്ച, യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത ഒരു ആല്‍ബമാണ് ഹരിശങ്കറെ പ്രശസ്തനാക്കിയത്. എന്നാല്‍, യൂ ട്യൂബില്‍ ആ ആല്‍ബത്തിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ തെറികേട്ട വ്യക്തി എന്ന പദവിയും ഹരിശങ്കറിന് അര്‍ഹമാണ്.

അത്രയേറെ വെറുക്കുന്ന ബോറടിപ്പിക്കുന്ന ഒരു ഗാനം ആളുകള്‍ പലതവണ ആവര്‍ത്തിച്ചു കാണുമോ ? അളിയാ ഇതൊന്നു കണ്ടു നോക്ക് എന്നു പറഞ്ഞ് പ്രചരിപ്പിക്കുമോ ? പിന്നെയും പിന്നെയും സ്വന്തം പേരില്‍ അപ്‍ലോഡ് ചെയ്യുമോ ? അതിന്‍റെ റീമിക്സ്, റീമേക്ക് എന്നൊക്കെ പറഞ്ഞ് വേറെ നിര്‍മിച്ച് അപ്‍ലോഡ് ചെയ്യുമോ ? അങ്ങനെയൊക്കെ ചെയ്യുകയും ഗാനം മലയാളത്തിലെ ഏറ്റവും കൂതറ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നത് തീര്‍ത്തും നിലവാരമില്ലാത്ത ഒരു ഇരട്ടത്താപ്പാണ്.

ഹരിശങ്കറിന്‍റെ സില്‍സില ആള്‍ബം വ്യത്യസ്തമായ രീതിയില്‍ ചരിത്രം സൃഷ്ടിച്ച ഒരു ആല്‍ബമാണ്. മേയ്-ജൂണ്‍ മാസങ്ങളിലായി അപ്‍ലോഡ് ചെയ്ത വിഡിയോകളില്‍ ആകെ ഇതുവരെ അഞ്ചു ലക്ഷത്തോളമാണ് ഹിറ്റ്. കണ്ട് സഹിക്കാനാവാത്ത സഹൃദയര്‍ അപ്‍ലോഡ് ചെയ്ത വിഡിയോകളിലായി ആയിരക്കണക്കിനു ഹിറ്റ് വേറെയും. ഇത് നിഷേധിക്കാനാവാത്ത ചരിത്രമാണ്.മറ്റൊരു മലയാളിക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഹരിശങ്കറിന്‍റേത്. യൂ ട്യൂബിലൂടെ ഒരു ഗാനത്തെ ഇത്രയധികം ഹിറ്റാക്കാന്‍ സാധിച്ചത് ഗാനത്തിന്‍റെ നിര്‍മിതിയുടെ സവിശേഷതകള്‍ ഒന്നുകൊണ്ടു മാത്രമാണ്. അത് അത്യധികം ആവേശത്തോടെ പ്രചരിപ്പിക്കുമ്പോഴും കൂതറ, സഹിക്കാന്‍ വയ്യാത്തത് എന്നതിനപ്പുറം ഹരിശങ്കറിനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പേരെടുത്തു പരാമര്‍ശിച്ചുള്ള തെറികളാണ് പ്രേക്ഷകര്‍ സമ്മാനമായി നല്‍കുന്നത്. വിചിത്രം തന്നെ!

സംഗീത ആല്‍ബം ഇങ്ങനെയേ ആകാവൂ എന്നൊരു മാനദണ്ഡമൊന്നുമില്ല. ആല്‍ബം കണ്ട് തെറി വിളിക്കുന്നവരില്‍ പതിനായിരത്തില്‍ ഒരുവനു പോലും സില്‍സിലയുടെ ഏഴയലത്തു വരുന്ന ഒന്ന് സൃഷ്ടിക്കാന്‍ കഴിയില്ല. സില്‍സിലയുടെ ചരിത്രവിജയം അതിന്‍റെ നെഗറ്റീവ് പബ്ലിസിറ്റിയില്‍ നിന്നുണ്ടായതാണ് എന്നത് നിഷേധിക്കാനാവില്ല. ആല്‍ബം ആദ്യമായി കണ്ട ദിവസം ഞാനത് പത്തിലേറെ തവണ കണ്ടു. സഹിക്കാനാവാത്ത ഒന്നും നമ്മള്‍ അങ്ങനെ പലതവണ കാണില്ല. സംഗീത ആല്‍ബത്തെപ്പറ്റി നമുക്കുള്ള പരിമിതമായ കാഴ്ചപ്പാടുകളാണ് സില്‍സിലയെ ആക്ഷേപിക്കാനും തെറിവിളിക്കാനും പ്രേരിപ്പിക്കുന്നത്. നമുക്കുള്ളതിനെക്കാള്‍ കലാബോധവും കാഴ്ചപ്പാടുകളും ഏതെങ്കിലും ഹരിശങ്കറിനുണ്ട് എന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല.

സില്‍സില മലയാളത്തിലെ ഏറ്റവും നികൃഷ്ടമായ സംഗീത ആല്‍ബമാണ് എന്ന വിശേഷണം പാടെ തെറ്റായിരുന്നു എന്ന് അതിന്‍റെ വിജയം തന്നെ തെളിയിക്കുന്നു. മറിച്ച്, മലയാളത്തിലെ ഏറ്റവും വ്യത്യസ്തമായ ആല്‍ബമാണ് സില്‍സില. മറിച്ചായിരുന്നെങ്കില്‍ സില്‍സിലയെ പരിഹസിച്ചുകൊണ്ട് അപ്‍ലോഡ് ചെയ്യപ്പെട്ട വിഡിയോകളില്‍ ഒന്നെങ്കിലും ഹിറ്റായേനെ.വ്യത്യസ്തമായ സൃഷ്ടികളെ അംഗീകരിക്കാനാവാത്ത നമ്മുടെ സങ്കുചിതമായ ആസ്വാദകമനസ്സ് ആണ് സത്യത്തില്‍ യു ട്യൂബില്‍ ചീഞ്ഞുനാറിയത്.

ഹരിശങ്കര്‍ മറ്റേതെങ്കിലും തരത്തില്‍ പ്രശസ്തിയുള്ള ആളായിരുന്നെങ്കില്‍ താത്വിതമായ ഒരവലോകനം സില്‍സിലയോടൊപ്പം വന്നേനെ. ഇത് സില്‍സില പലരുടെയും ഇന്‍ബോക്സുകളിലേക്ക് തെറിയോടൊപ്പം വന്നു തെറിയോടൊപ്പം അവിടെ നിന്ന് പുറത്തേക്കും പോയി. കണ്ടവര്‍ കണ്ടവര്‍ മുന്‍ഗാമികളുടെ സംസ്കാരം ഏറ്റുവാങ്ങി അറിയാവുന്ന തെറിയൊക്കെ കമന്‍റ് ബോക്സില്‍ എഴുതി വച്ചു.അത് തനിക്കിഷ്ടമായി, എന്തോ അത് രസകരമാണ് എന്നു സമ്മതിച്ചാല്‍ തനിക്കെന്തോ കുഴപ്പമുണ്ട് എന്നു തെറിവിളിക്കുന്നവര്‍ കരുതുമെന്ന ആശങ്കയാവണം തെറി തുടരാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചത്.

സില്‍സില ഗാനം ഒരിക്കല്‍ക്കൂടി:-

അതിന്‍റെ വരികള്‍ :-

സില്‍സില ഹേ സില്‍സില ( 4)
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)

ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
ആടിയും പാടിയും .. ഹേ. ഹേ (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല

എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)

സന്തോഷപ്പൂത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നു
ഉള്ളിലെ ചന്ദ്രിക പൂത്തു തളിര്‍തപ്പോ മനസ്സിന്റെ ഉള്ളിലും വെട്ടം വന്നു
മുത്തമിട്ടെ മാനം മുത്തമിട്ടെ (4)
ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ മാനം ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ (2)

എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)

ജീവിതം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
യൌവനം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
പ്രണയം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവനം (2)
ആനന്ദിക്കുക ജീവിതം ആനന്ദിക്കുക യൌവനം (2)

എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)

ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
ആടിയും പാടിയും .. ഹേ. ഹേ (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല

എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4) എന്തായാലും സില്‍സില പ്രേക്ഷകര്‍ വിളിച്ച തെറികള്‍ ഒരു കലാകാരന്‍റെ മനസ്സുതളര്‍ത്തിയിട്ടില്ല എന്നതില്‍ ആശ്വസിക്കാം. ഹരിശങ്കറിന്‍റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ചിലപ്പോള്‍ വിഡിയോ ഡിലീറ്റ് ചെയ്ത് പോയി തൂങ്ങിച്ചത്തേനെ. മറ്റ് സ്ഥലങ്ങളില്‍ ജനം കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നതുപോലെയാണ് കേരളത്തില്‍ വ്യത്യസ്തമായ തെറികള്‍ വിളിക്കുന്നതെന്ന് എന്ന ഹരിശങ്കര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും. ആ മനോവീര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഹരിശങ്കര്‍ നിര്‍മിച്ചതാണോ എന്നറിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ നിര്‍മിതി എന്ന പേരില്‍ (ഹരിശങ്കര്‍ എത്ര ശക്തമായ ബ്രാന്‍ഡ് ആണെന്നതിനു വേറെ തെളിവ് വേണ്ട) പ്രചരിക്കുന്ന യന്ത്രപ്പാട്ട്(കാര്‍ട്ടൂണ്‍ കവിത) ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ ആല്‍ബം എന്ന നിലയ്‍ക്ക് ഇതും എനിക്കിഷ്ടമായി. മലയാളത്തിലെ ആദ്യത്തെ യു ട്യൂബ് സെലബ്രിറ്റിയായ ഹരിശങ്കറിന് വ്യക്തിപരമായി എന്‍റെ അഭിനന്ദനങ്ങള്‍ !

It’s Time for Africa :)

ഒരു ജാതി, ഒരു മതം, ഒരേയൊരു വികാരം- ഫുട്ബോള്‍ ! ലോകത്തെ സമത്വസുന്ദരമാക്കുന്ന, ഹൃദയങ്ങളെ അതിരുകള്‍ക്കപ്പുറത്തേക്കു നയിക്കുന്ന ലോകത്തിന്‍റെ കളിയോടൊപ്പം, പന്തിനൊപ്പം ഇനി ഒരു മാസം.ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കയിലെത്താതെ തന്നെ ലോകം ടെലിവിഷന്‍റെ ഗോള്‍പോസ്റ്റിനുള്ളില്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കും. ആളിക്കത്തുന്ന നെഞ്ചില്‍ ഒരേ ആവേശം, ഒരേ പ്രാര്‍ഥന. കണ്ണീരിനും ആര്‍പ്പു വിളികള്‍ക്കുമെല്ലാം ഒരേ അര്‍ഥം. ലോകം ഒന്നാവുന്ന അപൂര്‍വമായ അനുഭവമാണ് ഫുട്ബോള്‍. കായിക മാമാങ്കമെന്നതിനപ്പുറം ലോകത്ത് ഒരു മതത്തിനും രാഷ്ട്രീയപ്രസ്ഥാനത്തിനും സാധിക്കാത്ത ഒന്ന് സാധ്യമാക്കുന്നു എന്നതുകൊണ്ട് ഫുട്ബോള്‍ വിശുദ്ധമായ മതവും സംസ്കാരവും കലയും കൂടിയാകുന്നു. ആ വിശുദ്ധി കുടിയിരുത്തിയ മനസ്സുകളോടൊപ്പം ഇനിയുള്ള ദിവസങ്ങള്‍…

1998ലെ ലോകകപ്പിന് റിക്കി മാര്‍ട്ടിന്‍ അവതരിപ്പിച്ച ഓ മറിയ ആല്‍ബത്തിനു ശേഷം ഇക്കുറി ഷക്കീറയുടെ വക്ക..വക്ക ഫുട്ബോള്‍ പ്രേമികളുടെ സംഗീതത്തിന്‍റെ ലഹരിയിലേക്കും സംഗീതപ്രേമികളെ ഫുട്ബോള്‍ ജ്വരത്തിലേക്കും എടുത്തെറിയുന്നു.ഗാനത്തോടൊപ്പം ആദ്യ കിക്കിനായി ലോകം കാത്തിരിക്കുന്നു.

ലോകകപ്പില്‍ ആദ്യമായി ജബുലാനി പന്തുകള്‍ ഉപയോഗിക്കുന്ന മല്‍സരം കൂടിയാണ് ഇത്.അഡിഡാസ് ജബുലാനിയാണ് ലോകകപ്പിലെ ഔദ്യോഗിക പന്ത്.ഏകദേശം 4000 രൂപയാണ് വില. സാധാരണ പന്തുകളെക്കാള്‍ വിലയും വലിപ്പവും കൂടുതലുള്ളവയാണ് ജബുലാനി പന്തുകള്‍. ഇന്ത്യ കളിക്കുന്നില്ലെങ്കില്‍ കളിയിലുടനീളം ഇന്ത്യയുടെ സാന്നിധ്യം ജബുലാനി പന്തുകളിലൂടെയെങ്കിലും ഉറപ്പിക്കാം. ചൈനയിലാണ് നിര്‍മിക്കുന്നതെങ്കിലും ജബുലാനി പന്തുകളില്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ റബ്ബര്‍ ആണ്. ഇന്ത്യന്‍ റബ്ബര്‍ എന്നു പറയുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കോട്ടയം റബ്ബര്‍. കോട്ടയത്ത് റബ്ബറുള്ളത് പാലായിലും. അപ്പോള്‍ പാലായില്‍ റബ്ബര്‍ കൃഷിയുള്ള ‍ഞാനാരായി ?

അല്‍പസമയത്തിനകം ആരംഭിക്കുന്ന പത്തൊന്‍പതാം ലോകകപ്പ് ഫുട്ബോളിനായി ജൊഹനാസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ സന്നിഹിതരായിരിക്കും. അവര്‍ ലോകത്തിന്‍റെ പ്രതീകമാണ്. ലോകമെങ്ങുമുള്ള ടെലിവിഷന്‍ സ്ക്രീനുകള്‍ക്കു മുന്നില്‍ കാത്തിരിക്കുന്ന അനേകം കോടി മനുഷ്യരുടെ പ്രതീകമാണവര്‍. ഇനിയങ്ങോട്ടുള്ള 31 ദിവസങ്ങളിലായി 64 മല്‍സരങ്ങളാണ് നടക്കാനുള്ളത്. 10 സ്റ്റേഡിയങ്ങള്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. 32 രാജ്യങ്ങളില്‍ നിന്നായി 736 താരങ്ങള്‍ കാല്‍പ്പന്തിന്‍റെ ആവേശം ഏറ്റെടുക്കും.

ആതിഥേയ ടീമിന് ഇത് ഫുട്ബോളിലേക്കുന്ന ഉണര്‍വാണ്. ലോക നിലവാരത്തിലുള്ള ഒരു മല്‍സരം കാഴ്ച വയ്‍ക്കാന്‍ ദക്ഷിണാഫ്രിക്കക്ക് ആവുമോ എന്നു കണ്ടറിയണം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിനാറാം റാങ്ക് ഉള്ള ദക്ഷിണാഫ്രിക്കക്ക് ലോക റാങ്ക് 83 ആണ്. ബ്രസീല്‍, സ്പെയിന്‍, അര്‍ജന്‍റീന, ഇറ്റലി, ഇംഗ്ലണ്ട്… കപ്പില്‍ മുത്തമിടാനെത്തുന്ന ചുണക്കുട്ടികളോടൊപ്പം ലോകം ഓട്ടം തുടങ്ങുകയാണ്. ഒടുവില്‍ കപ്പ് ചുണ്ടോടു ചേര്‍ക്കാനുള്ള ഭാഗ്യം ആര്‍ക്കാണുണ്ടാവുക ? കളി ആരംഭിക്കുന്നു…

ദക്ഷിണാഫ്രിക്കയില്‍ നിന്നും കിക്ക് ഓഫ് ചടങ്ങ് തല്‍സമയം >>
ഫിഫ വെബ്സൈറ്റ് >>