സുഗതകുമാരി ടീച്ചറെ പാഠം പഠിപ്പിക്കുമ്പോള്‍

സുഗതകുമാരി ടീച്ചറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഫെമിനിസ്റ്റുകളുടെയും സ്വാതന്ത്ര്യവാദികളുടെയും ധാര്‍മികരോഷം തിളച്ചുമറിയുകയാണ്. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കരുതേ എന്നു ടീച്ചര്‍ അമ്മമാരോടു നടത്തിയ അപേക്ഷയ്ക്കുള്ള മറുപടിയായി ടീച്ചറെ പുരോഗമനം പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ന്യൂ ജനറേഷന്‍ തൈക്കിളവന്‍മാരും ഫ്രസ്‌ട്രേറ്റഡ് ഡെസ്പരേറ്റ് ഫെമിന്സ്റ്റുകളും. അവരോട് രണ്ടേ രണ്ടു കാര്യങ്ങളേ പറയാനുള്ളൂ. ഒന്ന്, അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംസാരിക്കുന്ന ടീച്ചറെ അഹന്തയുടെ സ്റ്റാറ്റസ് കൊണ്ട് പാഠം പഠിപ്പിക്കാന്‍ ശ്രമിക്കരുത്. രണ്ട്, ടീച്ചര്‍ സംസാരിച്ചത് സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അമ്മമാരോടാണ്. അതിന്റെ പൊരുള്‍ അവര്‍ക്കു മനസ്സിലാവുകയും ചെയ്യും.

സുഗതകുമാരി ടീച്ചര്‍ ഏതു കാലത്താണ് ജീവിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഇന്നത്തെ കാലത്ത് എങ്ങനെ ജീവിക്കാനാവുമെന്നും ഏജ് ഓവറായതുകൊണ്ട് പുതുതലമുറയുടെ ആവശ്യങ്ങള്‍ ടീച്ചര്‍ക്ക് അനാവശ്യമാണെന്നു തോന്നുന്നതാണെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ സ്ത്രീപക്ഷ രാഷ്ട്രീയം 90 ഡിഗ്രി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നവരുടെ രോഷം മറ്റൊരു വഴിക്കാണ്. മൊബൈല്‍ ഫോണ്‍ ഉള്ള പെണ്‍കുട്ടികള്‍ വഴി തെറ്റിപ്പോവുമെന്നും മിസ്ഡ് കോള്‍ വഴി പെണ്‍കുട്ടികള്‍ ചീത്തയായിപ്പോവുമെന്നും പറയാന്‍ മാത്രം സ്ത്രീവിരുദ്ധയാണോ ടീച്ചര്‍ എന്നാണ് അവര്‍ ചോദിക്കുന്നത്.

പ്രധാനമായും ടീച്ചറുടെ അഭ്യര്‍ഥന കേരളത്തിലെ പൊതുസമൂഹത്തോടുള്ളതായിരുന്നില്ല. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കുമ്പോഴാണ് ടീച്ചര്‍ ഇക്കാര്യം പറഞ്ഞത്. അതായത് പെണ്‍പള്ളിക്കൂടത്തിലെ വിദ്യാര്‍ഥികളുടെ അമ്മമാരോടാണ് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങിക്കൊടുക്കരുതെന്നു ടീച്ചര്‍ പറഞ്ഞത്. ഇന്ത്യയിലും വിദേശത്തും സ്‌കൂളുകള്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് പ്രോല്‍സാഹിപ്പിക്കുന്നതായി കേട്ടിട്ടില്ല എന്നു മാത്രമല്ല, പല സ്‌കൂളുകളും ഫൈനും ഇടാക്കാറുണ്ട്. പിന്നെ ഏതു സാഹചര്യത്തിലാണ് സൂഗതകുമാരി ടീച്ചര്‍ പറഞ്ഞത് വിവരക്കേടായി മാറുന്നത് എന്നു മനസ്സിലാവുന്നില്ല. ഇനി ടീച്ചറെ വിമര്‍ശിക്കുന്നവരില്‍ എത്ര പേര്‍ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും അത് സ്വതന്ത്രമായി യഥേഷ്ടം ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും ചെയ്യും ?

ഫെമിനിസ്റ്റുകളുടെയും അവരുടെ ആരാധകരുടെയും പ്രശ്‌നം ഇതൊന്നുമല്ല. മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ വഴിപിഴച്ചുപോകാന്‍ സാധ്യത ഏറെയാണ് എന്നു പറയാന്‍ ടീച്ചര്‍ക്കെങ്ങനെ ധൈര്യം വന്നു എന്നാണ് അവര്‍ ചോദിക്കുന്നത്. അങ്ങനെ പറയുന്നതിലൂടെ ടീച്ചര്‍ ഈ പെണ്‍കുട്ടികളുടെ ധാര്‍മികബോധത്തെ അവഹേളിക്കുകയും അവരുടെ സ്ത്രീസത്തയെ കരിവാരിതേക്കുകയും ചെയ്തു എന്നാണ് പ്രധാന ആരോപണം. നൂറുകണക്കിനു പെണ്‍കുട്ടികള്‍ വല്ലവരുടേയും കൂടെപ്പോയി അകാലത്തില്‍ ഗര്‍ഭമുണ്ടാക്കുകയും, അപ്രത്യക്ഷരാവുകയും, ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന കേരളത്തില്‍ അതിന്റെയൊന്നും മൂലകാരണങ്ങള്‍ അറിയാതെ ദൈനംദിനം ഇത്തരം പ്രശ്‌നങ്ങളിലിടപെടുന്ന സുഗതകുമാരി ടീച്ചര്‍ നല്‍കിയ മുന്നറിയിപ്പിനെതിരെ പൊട്ടിത്തെറിക്കുന്ന ഫെമിനിസ്റ്റുകള്‍ക്കും ഭക്തന്‍മാര്‍ക്കും നല്‍കാന്‍ മുഖമടച്ചൊരാട്ട് മാത്രമേ ബാക്കിയുള്ളൂ.

ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ലാതെ, ആണുങ്ങളെ ഡാ മയിരേ എന്നു വിളിക്കുന്നത് വിപ്ലവമാണെന്നറിയാതെ, വിഹ്വലതകളുള്ള മനസ്സുകളുമായി ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ ഈ നാട്ടില്‍ ജീവിക്കുന്നുണ്ട്. കൗമാരപ്രായത്തില്‍ അവര്‍ക്കു വേണ്ടത് മൊബൈല്‍ ഫോണുകളല്ല, അമ്മയുടെ സ്‌നേഹവും കൈത്താങ്ങും അച്ഛന്റെ കരുത്തിന്റെ തണലുമാണ് എന്നറിയാവുന്ന കേരളത്തിലെ അപൂര്‍വം സാംസ്‌കാരികനേതാക്കളിലൊരാളാണ് സുഗതകുമാരി ടീച്ചര്‍. അവരുടെ അപേക്ഷ എല്ലാവരും ചെവിക്കൊള്ളണമെന്നില്ല, പക്ഷെ അവരെ തിരുത്താന്‍ മാത്രം ലോകപരിചയമുള്ളവരാണ് തങ്ങളെന്നു വിശ്വസിച്ചുകൊണ്ട് വിവരക്കേടുകള്‍ ആധികാരികമായി അവതരിപ്പിക്കുന്നത് മ്ലേച്ഛമാണ്.

മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്താല്‍ പെണ്‍കുട്ടികള്‍ വഴി തെറ്റിപ്പോവും എന്ന പ്രസ്താവനയെ രാജ്യാന്തരനിലവാരത്തില്‍ വച്ചു വിലയിരുത്തതുകൊണ്ടാണ് പലര്‍ക്കും തെറ്റു പറ്റിപ്പോവുന്നത്. കേരളത്തില്‍ സംഭവിക്കുന്നത് എന്താണെന്നു പോലും അറിയാത്തവര്‍ അമേരിക്കയിലെയും ജപ്പാനിലെയും ദുബായ്‌ലിയെും പെണ്‍കുട്ടികളെപ്പോലെയാണ് കേരളത്തിലെ പെണ്‍കുട്ടികള്‍ എന്നു വിചാരിക്കുന്നത് വിഡ്ഡിത്തമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്താലും എന്റെ മകള്‍ വഴി തെറ്റില്ല എന്ന് ഒരച്ഛന് ഉറച്ചു പറയാന്‍ കഴിയുമെങ്കില്‍ അത് നല്ലതാണ്. എന്നാല്‍, മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്താല്‍ ഒരു പെണ്‍കുട്ടിയും വഴി തെറ്റില്ല എന്നു പറയാന്‍ അവര്‍ക്കാവില്ല. കേരളത്തില്‍ വഴി തെറ്റിപ്പോവുന്ന അഥവാ ചൂഷണങ്ങള്‍ക്കിരയായി ജീവിതം നശിച്ചുപോവുന്ന പെണ്‍കുട്ടികള്‍ 95 ശതമാനവും കുരുങ്ങുന്ന ചൂണ്ട മൊബൈല്‍ ഫോണ്‍ ആണെന്നത് കേരളാ പൊലീസിന്റെ കേസ് ഡയറികളില്‍ നിന്നു തന്നെ വ്യക്തമാണ്. ടീച്ചര്‍ പറയുന്നത് യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. തിയറികളിലൂടെ വിപ്ലവം സൃഷ്ടിക്കാമെന്നു കരുതുന്നവര്‍ക്ക് അത് മനസ്സിലാകണം എന്നു നിര്‍ബന്ധമില്ല.

സ്ത്രീസ്വാതന്ത്ര്യം വലിയൊരു സംഭവം തന്നെയാണ്. എന്നാല്‍, അതിനെക്കാള്‍ പ്രധാനമാണ് സ്ത്രീസുരക്ഷ. ഫെമിനിസ്റ്റുകളെന്നു സ്വയം വിളിച്ച് വല്ലവരുടെയും പെണ്‍മക്കളെ പുകവലിക്കാനും തെറിവിളിക്കാനും പഠിപ്പിക്കുന്നത് സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍പ്പിടിക്കലല്ല. മിസ്ഡ് കോളുകള്‍ വഴി പെണ്‍കുട്ടികളെ വളച്ചെടുത്തുകൊണ്ടുപോയി ദുരുപയോഗിക്കുന്ന മാഫിയകള്‍ കേരളത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ച് അവര്‍ പ്ലസ് ടു പാസ്സാകും വരെയെങ്കിലും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാതിരിക്കുക എന്നത് മാതൃകാപരമായ തീരുമാനമാണ്. മറ്റുള്ളവരുടെ പെണ്‍മക്കള്‍ അജ്ഞാതരായ ആളുകളോടൊപ്പം അപ്രത്യക്ഷരാകുന്ന വാര്‍ത്തകള്‍ വായിച്ച് നെടുവീര്‍പ്പിടാന്‍ നല്ല രസമാണ്. എട്ടാം ക്ലാസ്സിലും ഒന്‍പതാം ക്ലാസ്സിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് എല്ലാവരും ആത്മഹത്യ അഭിനയിച്ചു കാണിക്കുന്നതുകൊണ്ടല്ല. പലരുടെയും മൊബൈല്‍ ഫോണ്‍ ഹിസ്റ്ററികള്‍ക്ക് ഞെട്ടിക്കുന്ന കഥകള്‍ പറയാനുണ്ട്. യാഥാര്‍ഥ്യം അംഗീകരിച്ചില്ലെങ്കിലും അതിനെ നിസ്സാരവല്‍ക്കരിക്കാന്‍ നോക്കരുത്.

കുറിപ്പ്: സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ള എല്ലാ കുട്ടികളും ഫോണില്‍ നിന്നു ടീച്ചറെ വിളിച്ച് ഡൗട്ട്‌സ് ക്ലിയര്‍ ചെയ്യുകയും സഹപഠികളെ വിളിച്ച് നോട്ടു ചോദിക്കുകയും സംശയമുള്ള പാഠഭാഗങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുകയും മാത്രമാണ് ചെയ്യാറുള്ളത് എന്നു വിശ്വസിക്കുന്നവരേ- നിങ്ങളുടെ നിഷ്‌കളങ്കതയ്ക്ക് ഒരു പൂച്ചെണ്ട് !

മാധ്യമസ്വാതന്ത്ര്യത്തിന് ഒരു ഹഗ്ഗ്

എറണാകുളം സിജെഎം കോടതിക്കും പാലാരിവട്ടം പൊലീസിനും എന്റെയൊരു ആലിംഗനം. പത്രസ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വലിയ മൂല്യമുള്ളതെന്നു പ്രചരിപ്പിക്കുന്ന സംഗതികള്‍ നോക്കിയും കണ്ടും ഉപയോഗിക്കണമെന്നും വാര്‍ത്തകള്‍ കൊടുക്കുമ്പോഴും അഭിപ്രായങ്ങള്‍ പറയുമ്പോഴും ഒന്നാം കക്ഷിയുടെയും രണ്ടാം കക്ഷിയുടെയും കുലം, ജാതി, സമുദായം തുടങ്ങിയവയും വിലയിരുത്തുകയും അതനുസരിച്ച് നിലപാടുകള്‍ എടുക്കുകയും വേണമെന്നും എത്രയോ കാലമായി പലരും പറഞ്ഞിട്ടും ഇവറ്റകള്‍ മൈന്‍ഡ് ചെയ്യുന്നേയില്ല. ഇതോടെ ആ പാഠം കുബുദ്ധികളായ മാധ്യമപ്രവര്‍ത്തകര്‍ക്കു മനസ്സിലാകുമെന്നു പ്രതീക്ഷിക്കുന്നു.

കേരളത്തിന്റെ അമ്മയായ, സര്‍വ്വേശ്വരി പരിശുദ്ധ മാതാ അമൃതാനന്ദമയീ ദേവിക്കെതിരെ കല്ലുവച്ച നുണകള്‍ എഴുതി പ്രസിദ്ധീകരിച്ച വിദേശ ചാരവനിത ഗെയില്‍ ട്രെഡ്‌വെല്ലിനെതിരെയും ആ ചാരവനിതയുടെ പുസ്തകത്തെപ്പറ്റി വാര്‍ത്തകള്‍ കൊടുത്ത ഇന്ത്യാവിഷന്‍, മീഡിയവണ്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകള്‍ക്കും മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങള്‍ക്കുമെതിരെയും കേസെടുക്കുന്നതിലൂടെ ജനാധിപത്യത്തെയും അഭിപ്രായസ്വതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും മഹത്വവല്‍ക്കരിച്ചിരിക്കുകയാണ്. കേസെടുത്തതുകൊണ്ടു മാത്രം പ്രശ്‌നം തീരുന്നില്ല. ഈ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും അവരുടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം കൂടി പിടിച്ചെടുത്ത് അമ്മയുടെ മഠത്തിന്റെ ഭാഗമാക്കുകയും വേണം എന്നാണ് യഥാര്‍ഥ സെക്യുലറിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്.

സോഷ്യലിസ്റ്റ് സെക്യുലറിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ മതവികാരം വ്രണപ്പെടുത്തുന്നത് വളരെ നീചമായ പ്രവൃത്തിയാണ്. കോടതിയുടെ ഈ ഇടപെടല്‍ മതവികാരത്തിന് ഒരു ബാന്‍ഡേജായിത്തീരുമെന്നതില്‍ സംശയമില്ല. നിയമം അതിന്റെ വഴിക്കു പോകുമെന്ന യുഡിഎഫ് പഴഞ്ചൊല്ലിന്റെ ഭാഗമാണ് കോടതി നടപടി എങ്കിലും എന്റെ പറമ്പില്‍ തൂറണ്ട, നിന്റെ പറമ്പില്‍ തൂറിക്കോ എന്ന പഴയ സെക്യുലര്‍ ഭക്തിഗാനത്തിന്റെ പൂര്‍ത്തീകരണം കൂടിയാണിതെന്നു നിസ്സംശയം ചൂണ്ടിക്കാണിക്കാം.

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിച്ചതിനു ശേഷം ഇവിടുത്തെ മാധ്യമങ്ങള്‍ ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത കൊടുക്കുന്നത് ഒരിക്കലും നീതികരിക്കാനാവുന്നതല്ല. അപ്പോള്‍ അമേരിക്കയില്‍പ്പോയി അഭിമുഖം നടത്തിയ ജോണ്‍ ബ്രിട്ടാസിനും കൈരളിക്കുമെതിരെ കേസില്ലാത്തത് എന്തുകൊണ്ട് എന്നു പലരും സംശയിക്കും. കമ്യൂണിസ്റ്റുകാര്‍ ദൈവം ഇല്ലെന്നു വാദിക്കുന്നവരായതുകൊണ്ടും അമേരിക്കയില്‍ വച്ചു നടത്തിയ അഭിമുഖം ആയതുകൊണ്ട് അതിനു നയതന്ത്ര പരിരക്ഷ ലഭിക്കുമെന്നതുകൊണ്ടുമാണ് അതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ സാഹചര്യത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധത്തെപ്പറ്റിയും അതില്‍ സിപിഎമ്മിന്റെ പങ്കിനെപ്പറ്റിയും വാര്‍ത്ത നല്‍കിയ ദേശാഭിമാനിയും കൈരളിയും ഒഴികെയുള്ള മാധ്യമങ്ങള്‍ക്കെതിരെയും ഉടനെ കേസെടുക്കുമെന്നു പ്രതീക്ഷിക്കാം. രാഷ്ട്രീയവികാരം വ്രണപ്പെടുത്തി എന്ന കുറ്റത്തിന് പാര്‍ട്ടിക്ക് പരാതിയുമായി കോടതിയെ സമീപിക്കാന്‍ ന്യായമുണ്ട്. സൂര്യനെല്ലി, പറവൂര്‍, വിതുര പീഡനക്കേസുകള്‍ ഈ സാഹചര്യത്തില്‍ പുനപരിശോധിക്കുകയും ഇരകള്‍ അന്യസമുദായത്തില്‍പ്പെട്ട പ്രബലരായ ആളുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ ഇരകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യാവുന്നതേയുള്ളൂ.

അനേകം ആളുകള്‍ ബഹുമാനിക്കുന്ന ആരാധിക്കുന്ന അബ്ദുല്ലക്കുട്ടിക്കതിരെ ആരോപണമുന്നയിക്കുകയും പരാതി കൊടുക്കുകയും ചെയ്ത സരിത നായര്‍ അതിനാല്‍ത്തന്നെ മതവികാരം വ്രണപ്പെടുത്തിയിരിക്കുകയാണ്. പാലാരിവട്ടം പൊലീസിന് കണ്ണുമടച്ച് സരിതക്കെതിരെ കേസെടുക്കാം. സമൂഹത്തില്‍ നിന്നും ജാതിമത-ഭിന്നതകള്‍ നീക്കുന്നതോടൊപ്പം സമത്വസുന്ദരമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ ഈ നടപടികള്‍ക്കാവട്ടെ എന്നു പ്രത്യാശിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു സെക്യൂലര്‍ ഭരണകൂടം നിലവില്‍ വരുന്നതോടെ ഈ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

അമ്മയും അബ്ദുല്ലക്കുട്ടിയും

ഒന്നാലോചിച്ചാല്‍ മാതാ അമൃതാനന്ദമയിയും എപി അബ്ദുല്ലക്കുട്ടി എംഎല്‍എയും ഒരേ തരം പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മാതാ അമൃതാനന്ദമയിയെയും അമ്മയുടെ ആത്മീയപ്രസ്ഥാനത്തെയും തദ്വാരാ ആര്‍ഷഭാരത സംസ്‌കാരത്തെയും രാജ്യത്തിന്റെ അഖണ്ഡതയെയും തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗെയ്ല്‍ ട്രെഡ്മില്‍ എന്നോ മറ്റോ പേരുള്ള ഒരു വിദേശവനിത എഴുതിയ അശ്ലീലപുസ്തകത്തിന്റെ പേരില്‍ അമ്മയ്‌ക്കെതിരെ ആരോപണത്തിന്റെ കൂരമ്പുകള്‍ എയ്യുകയാണ് ഒരു വിഭാഗം പുരോഗമനവാദികള്‍.

സോളാര്‍ തട്ടിപ്പ് കേസില്‍ (സോറി, സോളാര്‍ ബിസിനസ് കള്ളക്കേസില്‍) കുടുങ്ങി ജയിലിനുള്ളില്‍ ഏറെക്കാലം മനോവേദന അനുഭവിച്ചു കഴിഞ്ഞ കേരളത്തിലെ എക്കാലത്തെയും മികച്ച എന്റര്‍പ്രന്യുര്‍മാരിലൊളായ സരിത നായര്‍ മാഡത്തിന്റെ സംരംഭക കാണ്ഡത്തിലെ ചില ഏടുകള്‍ തുറന്നു കാണിച്ചപ്പോള്‍ തന്നെ ദുഷ്ടന്‍മാര്‍ അബ്ദുല്ലക്കുട്ടിക്കെതിരെ കല്ലേറു തുടങ്ങി. ഇവിടെ ആര് തെറ്റു ചെയ്തു, എന്തു തെറ്റു ചെയ്‌തൊക്കെ തീരുമാനിക്കേണ്ടത് നമ്മള്‍ നാട്ടുകാരോ മാധ്യമങ്ങളോ പാവങ്ങളുടെ നെഞ്ചത്തു കയറി ശീലമുള്ള ലോക്കല്‍ പൊലീസോ അല്ല. എല്ലാം അറിയാവുന്നവന്‍ മുകളിലുണ്ട്.

അമ്മയ്‌ക്കെതിരെ ദുഷ്ടയായ മദാമ്മ പുസ്തകത്തിലൂടെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പുസ്തകം വായിച്ചിട്ട് പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നാണ് പലരും ചോദിക്കുന്നത്. പുസ്തകം വായിച്ചിച്ചിട്ട് കേസെടുക്കുന്ന ഒരേര്‍പ്പാട് എവിടെയെങ്കിലും നിലവിലുണ്ടോ എന്നെനിക്കും അറിയില്ല. ട്രെഡ്മില്‍ ചേച്ചിക്ക് പരതിയുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെ നിയമവ്യവസ്ഥയെ മാനിച്ചുകൊണ്ട് നിയമപ്രകാരം തന്നെ ആ പരാതി കൊടുക്കുന്നതാണ് മര്യാദ എന്നാണെന്റെ അഭിപ്രായം. ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ആ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന സ്ത്രീക്ക് ഇവിടെ ഒരു പരാതി കൊടുക്കാന്‍ പേടിയാണെന്നു പറയുന്നതില്‍ കാര്യമില്ല.

അതുപോലെ തന്നെയാണ് അബ്ദുല്ലക്കുട്ടിയുടെയും കാര്യം. യുവസംരംഭക സരിതാ മാഡം പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ (എ)കുട്ടിക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപി നേതാവ് സുരേന്ദ്രനും മറ്റും പറയുന്നത്. പൊലീസിനെ കണ്ടാല്‍ മുട്ടുകൂട്ടിയിടിക്കുന്ന തരത്തില്‍ ലോകപരിചയമില്ലാത്ത ഒരു സ്ത്രീയല്ല എന്റര്‍പ്രന്യുര്‍ സരിത. അബ്ദുല്ലക്കുട്ടി സരിത മാഡത്തിന്റെ സ്ത്രീത്വത്തെ വേദനിപ്പിച്ചെങ്കില്‍ കട്ടിമേക്കപ്പിട്ടു വന്നു പത്രസമ്മേളനം നടത്താതെ സ്വന്തം നിലയ്ക്ക് ഒരു പരാതി കൊടുക്കുകയാണ് സരിതയും ചെയ്യേണ്ടത്. ഇറച്ചിക്കടയ്ക്കു ചുറ്റും നടക്കുന്ന തെരുവുപട്ടികളെപ്പോലെ ക്യാമറയും മൈക്കുമായി ഒരു ലോഡ് ചാനലുകാര്‍ ചുറ്റും ഉള്ളതുകെ ാണ്ട് യുവസംരംഭകയായ സരിത പറയുന്നതു കേട്ട് പൊതുജനം അബ്ദുല്ലക്കുട്ടിയെയും വരാനിരിക്കുന്ന കുട്ടികളെയും കല്ലെറിയണം എന്നു പറയുന്നതില്‍ കാര്യമില്ല.

ട്രെഡ്മില്‍ ചേച്ചിയെയും എന്റര്‍പ്രന്യുര്‍ ചേച്ചിയെയും ഒരേ പോലെ കാണാനുള്ള നിഷ്പക്ഷ മനസ്സ് എന്തുകൊണ്ട് കേരളാ പൊളിറ്റിക്കല്‍ റിയാലിറ്റിഷോയിലെ വിധികര്‍ത്താക്കള്‍ക്ക് ഉണ്ടാവുന്നില്ല എന്നത് വലിയൊരു ചോദ്യമാണ്. ട്രെഡ്മില്‍ ഒരുപാട് അനുവഭവിച്ചു എന്നാണ് പുസ്തകത്തില്‍ പറയുന്നത്. അതുപോലെ തന്നെ ഒരുപാട് അനുഭവിച്ച മറ്റൊരു സ്ത്രീയാണ് സരിതയും. നിയമം എല്ലാവര്‍ക്കും ഒരേപോലെയായിരിക്കണമെന്ന നിലപാടാണ് എന്തുകൊണ്ടും നല്ലത്. ലുലുമാളിനു വേണ്ടി വയല്‍നികത്തുമ്പോള്‍ സയലന്റ് വാലിയാകുന്നവര്‍ അമ്മയുടെ ജീവകാരുണ്യസ്ഥാപനങ്ങള്‍ക്കു വേണ്ടി വയല്‍നികത്തുമ്പോള്‍ പരിസ്ഥിതിയുടെ പച്ചത്തവളകളായി പുനര്‍ജനിക്കുന്നത് ശോഭനമല്ല. എന്തൊക്കെ നികത്തിയാലും ഇവിടെ ബോര്‍വെല്‍ ഉണ്ടല്ലോ എന്നു പറഞ്ഞതുപോലെ എന്തൊക്കെ സംഭവിച്ചാലും ഇവിടെ ജനാധിപത്യമുണ്ടല്ലോ എന്നു നമുക്കും സമാധാനിക്കാം.

അമ്മയും അബ്ദുല്ലക്കുട്ടിയും ഒരു തെറ്റും ചെയ്യാത്ത വിശുദ്ധരാണ് എന്നല്ല ഇതുകൊണ്ടുദ്ദേശിച്ചത്. മാര്‍പ്പാപ്പ വരെ ഫക്ക് എന്നു പറയുന്ന കാലമാണ്. പെര്‍ഫെക്ഷണനിസം കാലഹരണപ്പെട്ടുപോയ ഒന്നാണ്. അബ്ദുല്ലക്കുട്ടിയെ വേണോ വേണ്ടയോ എന്ന് അദ്ദേഹത്തിന്റെ വോട്ടര്‍മാരും അമ്മയെ വേണോ വേണ്ടയോ എന്ന് അമ്മയുടെ അനുയായികളും തീരുമാനിച്ചുകൊള്ളും.

കോട്ട് ഓഫ് ദി വീക്ക്:-

കേരളത്തില്‍ വനിതകള്‍ക്ക് ബിസിനസ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ത്രീകളെ ചൂഷണം ചെയ്യാന്‍ നില്‍ക്കുന്നവരാണ് ചുറ്റിനും. ചിലര്‍ പണം ആവശ്യപ്പെടുന്നു. ചിലര്‍ മറ്റുചിലത് ചോദിക്കുന്നു. രണ്ടും കൊടുത്താലും പദ്ധതി അനുവദിച്ചു കിട്ടാത്ത സ്ഥിതിയാണ്. ഒടുവില്‍ ദുരിതം മുഴുവന്‍ സ്ത്രീ അനുഭവിക്കേണ്ടിവരുന്നു. രാഷ്ട്രീയക്കാര്‍ കുറച്ചുകൂടി മാന്യമായി പെരുമാറണം.

– യുവസംരംഭക സരിത നായര്‍

എന്തൊരു നിശബ്ദത !

അടക്കം പറച്ചിലുകളേയുള്ളൂ, ആശങ്കകളില്ല. മദാമ്മയുടെ പുസ്തകം ആരെയും അമ്പരപ്പിക്കുന്നും ഞെട്ടിക്കുന്നുമില്ല. ഇതൊക്കെ കുറെ കേട്ടതാണല്ലോ എന്നു കൈയൊഴിഞ്ഞ് സാസ്‌കാരിക-സാമൂഹിക-മാധ്യമലോകം അമ്മയ്ക്കു വിശുദ്ധിയുടെ ജാമ്യം നല്‍കുന്നു. ദീര്‍ഘകാലം മാതാ അമൃതാനന്ദമയിയോടൊപ്പം സഞ്ചരിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും എല്ലാം ചിരപരിചിതയുമായ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതി ആമസോണ്‍ പ്രസിദ്ധീകരിച്ചികുന്ന ഹോളി ഹെല്‍ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ പച്ചത്തവളകളുടെയും ചിലന്തികളുടെയും കാര്യത്തില്‍ വേവലാതിയുള്ള പുണ്യാത്മാക്കള്‍ അറിഞ്ഞ മട്ടില്ല.

ഗായത്രി എഴുതിയിരിക്കുന്നത് അവരുടെ ജീവിതത്തെപ്പറ്റിയാണ് അല്ലെങ്കില്‍ ജീവിതം നശിച്ചതിനെപ്പറ്റിയാണ് എന്നതുകൊണ്ട് അത് മറ്റാര്‍ക്കെങ്കിലും എതിരാണ് എന്നു വാദിക്കുന്നത് അര്‍ഥശൂന്യമാണ്. കേട്ടുകേള്‍വികളും ഊഹാപോഹങ്ങളുമല്ല, അവര്‍ നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. അതുകൊണ്ട് തന്നെ രാജ്യാന്തരസമൂഹം പുസ്തകത്തിന് അര്‍ഹിക്കുന്ന ഗൗരവം നല്‍കിയിട്ടുണ്ട്. വിദേശ മാധ്യമങ്ങള്‍ ഗായത്രിയുടെ അഭിമുഖങ്ങളും മറ്റും നല്‍കുന്നുണ്ട്. ഇത് അമ്മയെന്ന കിഴക്കിന്റെ ദൈവത്തിലേക്കുള്ള വിദേശികളുടെ കുത്തൊഴുക്കിനെയും ബാധിക്കും. മൊത്തത്തില്‍ കാര്യങ്ങള്‍ അമ്മയ്ക്ക് അുകൂലമല്ല എങ്കിലും ഇനിയൊരു 10 വര്‍ഷത്തേക്കു കൂടി കേരളത്തില്‍ ഒന്നും പേടിക്കാനില്ല.

ഗായത്രിയുടെ പുസ്തകത്തോടുള്ള പ്രതികരണങ്ങള്‍ സമ്മിശ്രമാണ്. അമൃതാനന്ദമയിയെ വെറുക്കുന്നവരും ആരാധിക്കുന്നവരും ചേരി തിരിഞ്ഞു തെറിപറയുന്നതിനപ്പുറം കാര്യമാത്രപ്രസക്തമായ, സത്യസന്ധമായ പ്രതികരണങ്ങള്‍ കാണാനില്ല. അത് കാണാനാവുമെന്നും പ്രതീക്ഷയില്ല. പുസ്തകം സ്വയം സംസാരിക്കുന്ന മാധ്യമമായതുകൊണ്ട് അതില്‍ പ്രത്യേകിച്ച് ഒരു പ്രതികരണത്തിന്റെ ആവശ്യമില്ല എന്നതും സത്യമാണ്. എന്നാല്‍, മറ്റു വിഷയങ്ങളിലും സോ കോള്‍ഡ് സാമൂഹിക-മനുഷ്യാവകാശ-സാംസ്‌കാരിക ഫ്രീക്കുകള്‍ ഇതേ പക്വത കാണിക്കുന്നത് നന്നായിരിക്കും.

ഹോളി ഹെല്‍ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്ന, വള്ളിക്കാവ് ആശ്രമത്തെ കരിവാരി തേക്കുന്ന ഒരു പുസ്തകമാണ് എന്നു വേണമെങ്കില്‍ ആരോപിക്കാം. എഴുത്തുകാരി അമ്മയ്ക്കും ആശ്രമത്തിനും കേരളസമൂഹത്തിനും അപരിചിതയല്ല എന്നതാണ് പുസ്തകത്തിന്റെയും അതിലെ വെളിപ്പെടുത്തലുകളെയും ഗൗരവം വര്‍ധിപ്പിക്കുന്നത്. മറ്റൊരാളെപ്പറ്റിയായിരുന്നെങ്കില്‍ ഇത്തരമൊരു വിഷയത്തില്‍ പ്രതികരിച്ചും ചോദ്യം ചെയ്തും കേരളസമൂഹത്തില്‍ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുമായിരുന്ന ഇവിടുത്തെ സാമൂഹികപരിഷ്‌കര്‍ത്താക്കളും സാസ്‌കാരികനായകന്‍മാരും സ്വീകരിച്ചിരിക്കുന്ന അപകടകരമായ മൗനം ആശങ്കയുണര്‍ത്തുന്നതുമാണ്. പ്രത്യേകിച്ച് ആരെയും ഭയമില്ലാത്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്ട്രറി പി.ജയരാജന്റെ ഫേസ്ബുക്ക് പേജില്‍ മാത്രമാണ് ഇതെപ്പറ്റി കാര്യമായ പ്രതികരണം കണ്ടത്. എന്നാല്‍, ആ പ്രതികരണം വാര്‍ത്തയായപ്പോള്‍ പേജില്‍ നിന്നു പ്രതികരണം അപ്രത്യക്ഷമാവുകയും അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുണ്ടെന്നും അതില്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെയാണ് അമ്മയ്‌ക്കെതിരായ വാര്‍ത്ത പ്രചരിക്കുന്നതെന്നും അതേ പേജില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. എല്ലാം അമ്മയുടെ മായ !

പ്രവചനം: ഇന്നേയ്ക്ക് 30 ദിവസത്തിനകം ഹോളി ഹെല്‍ എന്ന അശ്ലീലപുസ്തകം സംസ്‌കാരസമ്പന്നമായ ഭാരതത്തില്‍ നിരോധിച്ചിരിക്കും.

2000 കൊല്ലം മുമ്പ് ആറന്‍മുള മരുഭൂമിയായിരുന്നു

ആറന്‍മുള വിമാനത്താവളം പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആറന്‍മുളയില്‍ പലരും ആരോപിക്കുന്ന തരത്തില്‍ ആഘാതമുണ്ടാക്കാന്‍ തക്കവിധം ഒരു പരിസ്ഥിതി നിലവിലില്ലെന്നും പ്രമുഖ ഭൗമശാസ്ത്രജ്ഞനും ചരിത്രകാരനും പണ്ഡിതനുമായ പുതുപ്പള്ളി സ്മാള്‍ഞൂഞ്ഞ് വ്യക്തമാക്കി. 2000 കൊല്ലം മുമ്പ് ആറന്‍മുള ഉള്‍പ്പെടുന്ന പ്രദേശം മരുഭൂമിയായിരുന്നെന്നും വിവിധതരം വിഷവാതകങ്ങള്‍ വമിച്ചിരുന്ന ആ പ്രദേശം സാധാരണപരിസ്ഥിതിക്ക് ദോഷകരമാകയാല്‍ എത്രയും വേഗം കോണ്‍ക്രീറ്റ് ഇട്ട് പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണെന്ന് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അത്രയും പ്രദേശം കോണ്‍ക്രീറ്റ് ചെയ്യുന്നത് സര്‍ക്കാരിനു നഷ്ടമാകയാല്‍ അവിടെ വിമാനത്താവളമോ മറ്റോ പണിത് റണ്‍വേ നിര്‍മിച്ച് മുതലാളിമാരുടെ കാശുകൊണ്ട് കാര്യം സാധിക്കുന്നതാണ് ബുദ്ധിയെന്നും സ്മാള്‍ഞൂഞ്ഞ് ചൂണ്ടിക്കാട്ടി.

ആറന്‍മുളയും പ്രദേശവും പരിശോധിച്ചതില്‍ നിന്നും അവിടെ നടത്തിയ ഖനനത്തില്‍ നിന്നും മരുഭൂമിയിലെ മണല്‍ത്തരികളും ഒട്ടകങ്ങളുടെ ഫോസിലുകളും കിട്ടിയിട്ടിട്ടുണ്ട്. ഇത് പണ്ട് അവിടം മരുഭൂമിയായിരുന്നു എന്നതിന്റെ തെളിവാണ്. ഇപ്പോള്‍ അവിടെ കാണുന്ന പച്ചപ്പും വെള്ളവും ഒന്നും യഥാര്‍ഥമല്ല. മരുഭൂമിയായിരുന്ന പ്രദേശത്ത് ഇത്തരത്തില്‍ വെള്ളക്കെട്ടുകളും വയലുകളും മറ്റും കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നത് പ്രകൃതിവിരുദ്ധമാണ്. വീണ്ടും അവിടം മരുഭൂമിയാക്കി മാറ്റുകയോ വിമാനത്താവളമോ മറ്റോ നിര്‍മിക്കുകയോ അല്ലാതെ പ്രശ്‌നത്തിനു മറ്റൊരു പരിഹാരമില്ല- സ്മാള്‍ഞൂഞ്ഞ് ചൂണ്ടിക്കാട്ടി.

എഡി 192-ല്‍ മരുഭൂമിയില്‍ കൃഷി ചെയ്യുന്ന ഒരു സംഘം മെസപ്പൊട്ടോമിയന്‍ കര്‍ഷകര്‍ ആറന്‍മുളയിലെത്തുകയും അവിടെ കൃഷി ചെയ്യാനും മറ്റും ശ്രമിക്കുകയും അതെ തുടര്‍ന്ന് വലിയ ഭൂകമ്പമുണ്ടായി അവരെല്ലാവരും മരിച്ചു പോവുകതുമായി മെസപ്പൊട്ടോമിയന്‍ ശിലാലിഖിതങ്ങളില്‍ കാണുന്നുണ്ട്. സ്വാഭാവിക മരുഭൂമിയായിരുന്ന ആറന്‍മുളയില്‍ കൃഷിയോ ജലസേചനമോ നടത്തുന്നത് പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന നീരീക്ഷണത്തെ സാധൂകരിക്കുന്നതാണ് ഈ ശിലാലിഖിതങ്ങള്‍. അതോടൊപ്പം തന്നെ ബിസി 4327ല്‍ ആറന്‍മുള ഉള്‍പ്പെടുന്ന 500 ഏക്കര്‍ സ്ഥലത്ത് അന്യഗ്രഹ ജീവികള്‍ വന്നിറങ്ങിയിരുന്നതായും ആ പ്രദേശം പറക്കും തളികകള്‍ക്കു വന്നിറങ്ങാനുള്ള സ്ഥലമായി മാറ്റിവച്ചിരുന്നതായും സൂചനകളുണ്ട്. ശിലായുഗത്തിലും നവീനശിലായുഗത്തിലും ഭൂമിയിലെ പരിസ്ഥിതിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ ആറന്‍മുളയും പരിസരവും മാത്രം ഒരു തുള്ളി വെള്ളം പോലുമില്ലാതെ, ഒരു കൊച്ചു പുല്ലുപോലും കിളിര്‍ക്കാതെ വ്യത്യസ്തമായി നിലകൊണ്ടു.

ഇപ്പോള്‍, ആറന്‍മുളയില്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും ഉണ്ട് എന്നു പറഞ്ഞാണ് പലരും വിമാനത്താവളത്തെ എതിര്‍ക്കുന്നത്. എന്നാല്‍, പ്രകൃതിയുടെ സ്വാഭാവികശൈലിയോടിണങ്ങാത്ത മരുഭൂമിയില്‍ അത്യാഗ്രഹികളായ കര്‍ഷകര്‍ പച്ചപിടിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ആറന്‍മുളയുടെ അടിത്തട്ടില്‍ പഴയ മരുഭൂമി തിളയ്ക്കുന്ന വിവരം അവര്‍ അറിയുന്നില്ല. തണ്ണീര്‍ത്തടങ്ങളും ചതുപ്പും വെറും വയലുകളുമാണ് മേലെ കാണുന്നതെങ്കിലും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ചരിത്രമുള്ള ആറന്‍മുളയിലെ ഭൂമി ഒരു കോണ്‍ക്രീറ്റ് കവചത്തിനായി കൊതിക്കുന്നുണ്ട്. ആ കവചത്തെ അടിമുടി വിറ കൊള്ളിച്ചുകൊണ്ട് ബിസി 4327ലെപ്പോലെ അവിടെ പറക്കും തളികകള്‍ വന്നിറങ്ങണമെന്ന് ആറന്‍മുള കൊതിക്കുന്നുണ്ട്.

ആറന്‍മുളയെ വീണ്ടും മരുഭൂമിയാക്കാനോ ചരിത്രാതീതകാലത്തിലെപ്പോലെ അന്യഗ്രഹജീവികളുടെ പറക്കുംതളികകള്‍ക്കുള്ള പാര്‍ക്കിങ് യാര്‍ഡ് ആക്കാനോ ഇനി സാധ്യമല്ല. ഇന്നത്തെ അവസ്ഥയില്‍ ആറന്‍മുളയിലെ പരിസ്ഥിതിയോട് അല്‍പമെങ്കിലും നീതി പുലര്‍ത്തണമെന്നുണ്ടെങ്കില്‍ അവിടൊരു വിമാനത്താവളം കൊണ്ടുവരികയല്ലാതെ മറ്റൊരു വഴിയില്ല. അനേകം തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമുള്ള ആറന്‍മുള ഒരു ഡസന്‍ ലൈനുകളുള്ള കൗമാരക്കാരിയെപ്പോലെയാണ്. എന്നാല്‍ അവിടം കോണ്‍ക്രീറ്റ് ചെയ്തു റണ്‍വേ ഉണ്ടാക്കി അവിടെ കൂറ്റന്‍ വിമാനങ്ങള്‍ വന്നിറങ്ങുമ്പോള്‍ മണിയറയില്‍ പറന്നിറങ്ങുന്ന ഭര്‍ത്താവിനെ നിശബ്ദയായി സ്വീകരിക്കുന്ന ഭാര്യയെപ്പോലെ ആറന്‍മുള പരിസ്ഥിതി ലോകത്തിനാകെ മാതൃകയായി മാറും.

അതുകൊണ്ട്, ആറന്‍മുളയെ പച്ചപ്പില്‍ നിന്നും തണ്ണീര്‍ത്തടങ്ങളില്‍ നിന്നും വെറും വയലുകളില്‍ നിന്നും മോചിപ്പിക്കാന്‍ അണി ചേരുക. പ്രകൃതിയെ പ്രകോപിപ്പിക്കുന്ന കൊച്ചുകുടിലുകള്‍ക്കു പകരം അവിടെ എസിയുള്ള മൂത്രപ്പുരകള്‍ വരട്ടെ. ബോറടിപ്പിക്കുന്ന ചെറുകാറ്റിനു പകരം വലിയ വിമാനങ്ങളുടെ മുഴക്കവും മുണ്ടും തോര്‍ത്തുമുടുത്തു നടക്കുന്ന മനുഷ്യര്‍ക്കു പകരം കോട്ടും സ്യൂട്ടുമിട്ട പരിസ്ഥിതിവാദികളും വരട്ടെ. അതിനായി നമുക്കു കൈകോര്‍ത്തു പ്രവര്‍ത്തിക്കാം.

പറവൂര്‍ പെണ്‍കുട്ടിക്ക് ഒരു മറുപടി

പ്രിയപ്പെട്ട പറവൂര്‍ പെണ്‍കുട്ടി,

ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടി മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ മാധ്യമങ്ങളില്‍ നിന്നും വായിച്ചു. ഈ മാസം ആദ്യം അയച്ച കത്തിനെപ്പറ്റി ഇന്നു മാധ്യമങ്ങളില്‍ വന്ന നിലയ്ക്ക് ഇപ്പം ശരിയാക്കിത്തരാം എന്നുറപ്പു തരുന്ന മറുപടി രണ്ടു ദിവസത്തിനകം കുട്ടിക്ക് ലഭിക്കും. ‘നിയമം അതിന്റെ വഴിക്കു പോകും’ എന്ന പ്രപഞ്ചസത്യവും അതോടൊപ്പം കാണും, ഭയപ്പെടുത്. അതിനു പുറമേ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനും ധൈര്യം പകരാനും നേതാക്കന്‍മാരുടെ ഒരു സംഘം നേരിട്ടു വരാനും സാധ്യതയുണ്ട്. മന്ത്രിമാരോ മറ്റോ വരികയാണെങ്കില്‍ പേഴ്‌സനല്‍ സ്റ്റാഫിനെ പുറത്തു നിര്‍ത്തിയിട്ടേ അകത്തു കടക്കാവൂ എന്നു പ്രത്യേകം പറയണം. ഇവര്‍ക്കു പുറമേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കുട്ടിക്കു വേണ്ടി മുണ്ടുമടക്കി ഉടുത്ത് രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. സ്ത്രീപീഡനക്കേസിലെ പ്രതികളെ കയ്യാമം വയ്ക്കുന്നതില്‍ പുള്ളി സ്‌പെഷലിസ്റ്റാണ്. പോരെങ്കില്‍, പാര്‍ട്ടി വിലക്കുള്ളതുകൊണ്ട് ഇപ്പോള്‍ വേറെ പരിപാടികളുമില്ല.

കുട്ടി കത്തില്‍ പറയുന്ന കാര്യങ്ങളൊക്കെ വേദനാജനകവും അങ്ങേയറ്റം ഖേദകരവുമാണ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടി ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ കഴിയുകയും കുട്ടിയെ പീഡിപ്പിച്ചവര്‍ ജാമ്യമെടുത്ത് കൂള്‍ കൂളായി പുറത്ത് അടിച്ചുപൊളിക്കുകയും ചെയ്തതിനെപ്പറ്റി കുട്ടി പറഞ്ഞല്ലോ. ഇവിടെ നാട്ടുനടപ്പ് അങ്ങനെയാണ്. നമ്മുടെ വിദ്യാഭ്യാസ-സാംസ്‌കാരിക-സദാചാര മൂല്യങ്ങള്‍ അനുസരിച്ച് കുറ്റം ചെയ്തവരുടെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവുമാണ് കൂടുതല്‍ വിലമതിക്കപ്പെടുന്നത്. കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ കുറ്റം കുട്ടിയുടേതു മാത്രമണെന്നു തെളിയിക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരിക്കും പ്രതിഭാഗം എന്നതിനാല്‍ ആ മഹാപാപികളുടെ കയ്യില്‍ നിന്നു നോട്ടുകെട്ടുകള്‍ എണ്ണി വാങ്ങി കോടതിയില്‍ കുട്ടിയെ വേട്ടയാടുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന വക്കീലന്‍മാരെ നന്നാക്കാം എന്ന പ്രതീക്ഷ വേണ്ട.

കുട്ടിക്കു വേണ്ടി ഹാജരാവേണ്ട സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കു ഇതുവരെ വാദിച്ച കേസുകളില്‍ സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ അദ്ദേഹം അപേക്ഷ നല്‍കി കേസ് നീട്ടിവയ്പിച്ചിരിക്കുകയാണെന്നു കുട്ടിയുടെ കത്തില്‍ പറയുന്നുണ്ടല്ലോ. കുട്ടീ, സര്‍ക്കാര്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഖജനാവില്‍ ഒന്നുമില്ല എന്നു മാണിസാര്‍ പറഞ്ഞപ്പോള്‍ കരഞ്ഞില്ല എന്നേയുള്ളൂ. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും കാറുകള്‍ മാറി മാറി വാങ്ങാനും തന്നെ പണം തികയാതിരിക്കുമ്പോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് കൊടുക്കാന്‍ പണം എവിടെ നിന്നു കണ്ടെത്തും എന്നത് വലിയൊരു ചോദ്യമാണ്. പോരെങ്കില്‍ അടുത്ത കാലത്ത് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സരിത എസ്.നായര്‍ എന്നൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കേസു നടത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ ഒരുപാട് പണം ചിലവഴിച്ചു കഴിഞ്ഞു.

കേസുകള്‍ വേഗം തീര്‍ന്നാല്‍ നന്നായി പഠിച്ച് ഉപദ്രവിച്ചവരുടെ മുന്നില്‍ നന്നായി ജീവിച്ചു കാണിക്കണം എന്ന കുട്ടിയുടെ ആഗ്രഹം വളരെ ഉന്നതമാണെന്നു പറയാതെ വയ്യ. വിചാരണ രണ്ടു കൊല്ലം കൊണ്ട് അവസാനിപ്പിച്ച് കേസ് തീര്‍ക്കണം എന്നു ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ടെങ്കിലും രണ്ടു കൊല്ലം കൊണ്ട് 42 കേസുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് വിചാരണ നടന്നത് എന്നു കുട്ടി തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ നിലയ്ക്കാണ് കേസ് മുന്നോട്ടു പോവുന്നതെങ്കില്‍ 42 കേസിലും വിചാരണ തീരണമെങ്കില്‍ ഇനിയും 20 വര്‍ഷം കൂടി വേണ്ടി വരും. ഇത് വളരെ ആശങ്കാജനകമാണ്. ഒബ്‌സര്‍വേഷന്‍ ഹോമിലെ ജീവിതം ടിപി വധക്കേസിലെ പ്രതികളുടെ ജയില്‍ജീവിതത്തെക്കാള്‍ (കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ജയില്‍ജീവിതം അനുഭവിക്കുന്നത് ആ പാവം ചെറുപ്പക്കാരാണ്) കഠിനമാണെന്നു കുട്ടിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാകുന്നു.

ഇങ്ങനെ കത്തെഴുതിയതുകൊണ്ട് കാര്യമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്നെനിക്കു പ്രതീക്ഷയില്ല. അതുകൊണ്ട്, കേസില്‍ വിചാരണ വേഗം നടക്കണം എന്നുണ്ടെങ്കില്‍ കുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റൊരു കത്തു കൂടി അയക്കണം. കുട്ടിയെ ഉപദ്രവിച്ചവരോടൊപ്പം സിപിഎം ഉന്നതര്‍ ഉണ്ടെന്നു ചുമ്മാ കണ്ണും പൂട്ടി എഴുതിയാല്‍ മതി. 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും കേസ് അത്യന്തം അസാധാരണമാണെന്നു പ്രഖ്യാപിച്ച് പ്രത്യേക കോടതിയിലേക്കു മാറ്റി ഒന്നോ രണ്ടോ മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്യും. ഒരിക്കലും ഒരു കോണ്‍ഗ്രസ് നേതാവ് ഉപദ്രവിച്ചു എന്ന് ആരോടും കളിയായി പോലും പറയരുത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്താണെന്നു മറക്കരുത്.

കുട്ടിയുടെ എല്ലാ വേദനകള്‍ക്കും ഈശ്വരന്‍ പരിഹാരമുണ്ടാക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. കുട്ടിയോട് അവിടെ മനുഷ്യത്വപൂര്‍വം പെരുമാറുന്ന, ഇങ്ങനൊരു കത്തെഴുതി അത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കാന്‍ സഹായിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ദൈവം അനുഗ്രഹിക്കട്ടെ.

എന്ന് ഒരു സഹോദരന്‍.

അവളുടെ സാരികള്‍

‘ജുഡീഷ്യറിക്കെതിരേ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണം. ഭരണഘടനയെക്കുറിച്ച് അവഗാഹമില്ലാത്തവര്‍ നടത്തുന്ന പ്രസ്താവനകള്‍ ജുഡീഷ്യറിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കാന്‍ വരുംതലമുറയെ പ്രേരിപ്പിക്കും. ജുഡീഷ്യറിയെ വിമര്‍ശിക്കാന്‍ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും മുതിരുന്നത് ഈ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകും. ജനങ്ങള്‍ക്കു ജുഡീഷ്യറിയില്‍ മാത്രമാണു വിശ്വാസമുള്ളത്. ഈ വിശ്വാസമാണ് ഇത്തരം വിമര്‍ശനങ്ങളിലൂടെ നഷ്ടമാകുന്നത് ‘ – ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, കേരള ഹൈക്കോടതി (2013 ഒക്ടോബര്‍).

‘സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷ്യനുണ്ടോ ? ഒരു ബ്യൂട്ടീഷ്യന്‍ ഒരുക്കുന്നതുപോലെ ഒരുങ്ങി എങ്ങനെയാണ് സരിത തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത് ? സരിതയ്ക്ക് എത്ര സാരികള്‍ ഉണ്ട്. ഇത്രയേറെ സാരികള്‍ എവിടെ നിന്നു ലഭിക്കുന്നു ? മേലില്‍ ഇത്തരം വിലകൂടിയ വസ്ത്രങ്ങള്‍ അണിയാന്‍ അനുവദിക്കരുത്. ഇത്തരം അമിതമായ സ്വാതന്ത്ര്യങ്ങളാണു ജയിലില്‍ അനുവദിക്കുന്നതെങ്കില്‍ ആര്‍ക്കും ജയില്‍വാസം അനുഭവിക്കാന്‍ ഭയമുണ്ടാകില്ല.’- ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ്, കേരള ഹൈക്കോടതി (2014 ജനുവരി)

‘ രണ്ട് മാസത്തേക്ക് ഉള്ളി തിന്നുന്നത് നിര്‍ത്തിയാല്‍ ഉള്ളിവില കുറയും. പച്ചക്കറികളുടെ വിലനിയന്ത്രിക്കലല്ല സുപ്രീംകോടതിയുടെ ജോലി. ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിച്ച് കോടതിക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കരുത്’ – സുപ്രീം കോടതി ബഞ്ച് (2014, ജനുവരി)

ജുഡീഷ്യറിയോടുള്ള ബഹുമാനം കുറയുന്നതിനെപ്പറ്റി ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് പറഞ്ഞിരിക്കുന്നതിനുള്ള കാര്യങ്ങള്‍ സുപ്രധാനമാണ്. ജുഡീഷ്യറിയുടെ വില പോവുന്നത് വലിയ സാമൂഹികദുരന്തങ്ങള്‍ക്കു വഴിവയ്ക്കുമെന്നതില്‍ സംശയമില്ല. ജുഡീഷ്യറിയെ വിമര്‍ശിക്കുന്നതുകൊണ്ടാണോ ജുഡീഷ്യറിയോട് ആളുകള്‍ക്കു ബഹുമാനമില്ലാതാവുന്നത് അതോ നീതീപീഠങ്ങളിലിരുന്ന് ചില ന്യായാധിപന്‍മാര്‍ ചിലതരം പ്രസ്താവനകള്‍ നടത്തുന്നതുകൊണ്ടാണോ എന്നത് വളരെ ഗൗരവമായി പരിശോധിക്കേണ്ടതാണ് (കോടതിയലക്ഷ്യമാവില്ലെങ്കില്‍ മാത്രം).

കോടതി എന്നും നീതിപീഠമെന്നും കേള്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സാധാരണജനത്തിന്റെ മുന്നില്‍ തെളിയുന്നത് കണ്ണുകെട്ടി നിന്നു നീതി മാത്രം അളന്നുനോക്കി നിയമപുസ്തകങ്ങളുടെ പിന്‍ബലത്തില്‍ വിധി പറയുന്ന ദേവാലയതുല്യമായ സ്ഥാപനങ്ങളാണ്. എന്നാല്‍, സരിതയ്ക്ക് കോടതിയില്‍ ബ്യൂട്ടീഷ്യനുണ്ടോ എന്നും സരിതയ്ക്ക് എത്ര സാരികളുണ്ടെന്നും കോടതി ചോദിക്കുമ്പോള്‍ സാധാരണക്കാരന്റെ മനസ്സില്‍ തകര്‍ന്നടിയുന്നതു കോടതിയെ സംബന്ധിച്ചുള്ള ചില ധാരണകളും മുന്‍വിധികളുമാണ്. കോടതിയുടെ ഇത്തരം നിരീക്ഷണങ്ങള്‍ ‘ജുഡീഷ്യറിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കാന്‍ വരുംതലമുറയെ പ്രേരിപ്പിക്കു’മോ എന്നു ഞാനാശങ്കപ്പെടുകയാണ്. ഭരണഘടനയെക്കുറിച്ച് അവഗാഹമില്ലാത്തവരുടെ വിമര്‍ശനങ്ങളെക്കാള്‍ രണ്ടു മാസത്തേക്ക് ഉള്ളി തിന്നാതിരുന്നാല്‍ ഉള്ളിവില കുറയുമെന്നു മട്ടിലുള്ള നിരീക്ഷണങ്ങളായിരിക്കില്ലേ ജുഡീഷ്യറിയുടെ ഗൗരവം കുറച്ചു കാണിക്കുന്നത് എന്നും എനിക്കു ഭയമുണ്ട്.

ജസ്റ്റിസ് എ.കെ.ഗാംഗുലിയും ജസ്റ്റിസ് സ്വതന്തര്‍ കുമാറുമൊക്കെ ഉന്നതപീഠങ്ങളിലിരിക്കുന്നവരാണെങ്കിലും അവരുടെ സ്ഥാനവും സ്വാധീനവും അധികാരപരിധിയും ദുരുപയോഗിച്ചുകൊണ്ട് നടത്തി എന്നു പറയപ്പെടുന്ന പ്രവൃത്തികള്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങളെക്കാള്‍ ജുഡീഷ്യറിയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തിക്കഴിഞ്ഞു എന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടേണ്ടതാണ്.

കോടതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മുന്‍വിധികളും ഈ കാലഘട്ടത്തില്‍ മാറ്റേണ്ടതാണെന്നും വിവിധ വിഷയങ്ങളില്‍ ആം ആദ്മിയെപ്പോലെ അഭിപ്രായം പറയാന്‍ ന്യായാധിപന്‍മാര്‍ തയ്യാറാവുന്നതില്‍ തെറ്റൊന്നുമില്ല എന്നു വേണമെങ്കില്‍ വാദിക്കാം. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലുണ്ടായിട്ടുള്ള നവതരംഗങ്ങള്‍ കോടതിയെയും സ്വാധീനിക്കുന്നതില്‍ അദ്ഭുതമില്ല. എന്നാല്‍, അത് വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയമാകാനുള്ള വിശാലമനസ്സോടുകൂടിയുള്ളതാവണമെന്നാണ് എനിക്കു തോന്നുന്നത്.

സരിത നായരുടെ സാരികള്‍ പിടിച്ചെടുക്കേണ്ടതല്ലേ എന്ന ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദിന്റെ ചോദ്യം പൗരന്‍ എന്ന നിലയിലുള്ളതാണെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചിരുന്നു. ന്യായാധിപസ്ഥാനത്തിരുന്നു കൊണ്ട് പൗരന്‍ എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ജുഡീഷ്യറിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കും. കോടതി പറയുന്നതെന്തും അത്യുന്നതമാണെന്നും വിശ്വസിക്കുന്നവര്‍ പൗരനെന്ന നിലയില്‍ അതിനെ വിമര്‍ശിക്കുമ്പോള്‍ അതു ജുഡീഷ്യറിയെ അധിക്ഷേപിക്കലാണെന്നു പറയുന്നത് നിര്‍ഭാഗ്യകരവും ദുഖകരവും നിരാശാജനകവുമാണ്.

വെറുതെ അല്ല മാപ്പ്

കാലു തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചതുപോലെ സങ്കീര്‍ണ്ണവും സമ്മിശ്രപ്രതികരണജനകവുമായിരുന്നു പീതാംബരക്കുറുപ്പ് എംപിയോട് ക്ഷമിച്ച് പരാതി പിന്‍വലിച്ച ശ്വേത മേനോന്റെ നടപടി. എന്നാല്‍, ആ മനസ്സിന്റെ വിശാലതയുടെ വാതില്‍ കൊട്ടിയടച്ചുകൊണ്ടാണ് കുറുപ്പുസാര്‍ താന്‍ ഇന്നലെ ചോദിച്ച മാപ്പിന്റെ നിര്‍വചനം ഇന്നു നല്‍കിയിരിക്കുന്നത്. മാപ്പു ചോദിച്ചത് തെറ്റു ചെയ്തതുകൊണ്ടല്ലെന്നും പരിപാടിയുടെ സംഘാടകന്‍ എന്ന നിലയ്ക്കു മാത്രമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ശ്വേതയെ പിടിച്ചതിനാണ് അദ്ദേഹം മാപ്പുചോദിച്ചതെന്നു തെറ്റിദ്ധരിച്ച എല്ലാവര്‍ക്കും ഈ വിശദീകരണം പ്രധാനപ്പെട്ടതാണ്. ശ്വേതയെ ആരൊക്കെയോ പിടിച്ചിട്ടുണ്ട്, അത് അദ്ദേഹമല്ല. അജ്ഞാതരായ ആ പിടുത്തക്കാര്‍ക്കെതിരെ ശ്വേതയ്ക്കു പരാതിയുമില്ല. പരാതി പിന്‍വലിക്കാന്‍ ഉപദേശം നല്‍കിയ ഗുരുജി ഗുല്‍സാഹേബ് ശ്വേത മേനോന് ശാന്തി പകരട്ടെ എന്നാശംസിക്കുന്നു.

ശ്വേത മേനോന്‍ പരാതി പിന്‍വലിച്ചത് വലിയ അക്രമായാണ് പലരും കാണുന്നത്. ശ്വേത പരാതി പിന്‍വലിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ നാലോ അഞ്ചോ ദിവസം കൊണ്ട് ശ്വേതയെ സഖാവ് ശ്വേത എന്നു വിളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും. അതു പൊളിഞ്ഞു. ഈ സംഭവത്തിലൂടെ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ച എല്ലാവരെയും നിരാശപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തതാണ് പരാതി പിന്‍വലിച്ച ശ്വേതയുടെ നടപടി. ശ്വേതയുടെ പരാതി പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നു എന്ന് ആദ്യം ആരോപിച്ചവര്‍ ഇപ്പോള്‍ പറയുന്നു പരാതി പിന്‍വലിച്ചതിലൂടെ ശ്വേതയ്‌ക്കൊപ്പം നിന്ന എല്ലാവരെയും വഞ്ചിച്ചു എന്ന്. ഇതിലെ രാഷ്ട്രീയസാധ്യതകളില്‍ കണ്ണുണ്ടായിരുന്നവര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു തോന്നുന്നതില്‍ കുറ്റം പറയാനൊക്കില്ല.

വെറും ഒരു ദിവസം പഴക്കമുള്ള സംഭവത്തില്‍ ശ്വേതയുടെ പരാതി തികച്ചും വ്യക്തിപരമാണ്. ആ പരാതിക്കു പരിഹാരമുണ്ടാകാതെ തന്നെ ശ്വേത അതു പിന്‍വലിച്ചു. ആരൊക്കെയോ ശ്വേതയുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നതില്‍ വ്യക്തിപരമായി ഒരു സ്ത്രീക്ക് തോന്നുന്ന അപമാനം അല്ലാതെ മറ്റൊരു ഘടകങ്ങളുമില്ല. എന്നാല്‍ മറുവശത്ത് ശക്തമായ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി ഉണ്ടായിരുന്നു എന്നതുകൊണ്ട് പരാതിയോടുള്ള സമീപനത്തിലും സ്ത്രീയുടെ അഭിമാനത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടില്‍പ്പോലും രാഷ്ട്രീയം കലര്‍ന്നു. ശ്വേത അപമാനിക്കപ്പെട്ടോ ഇല്ലയോ എന്നത് അപ്രസക്തമാവുകയും സിപിഎം ഇതുകൊണ്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുമോ, പീതാംബരക്കുറുപ്പിനു കൊല്ലം സീറ്റ് നഷ്ടപ്പെടുമോ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഗൂഢാലോചന നടത്തിയോ തുടങ്ങിയ വിഷയങ്ങള്‍ അതിപ്രസക്തമാവുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം വയസ്സുമുതലുള്ള ശ്വേതയുടെ ജീവചരിത്രം പരിശോധിക്കുകയും വളരെ ഉത്തരവാദിത്വത്തോടെ തന്നെ അവര്‍ ഒരു വേശ്യയാണെന്നു സ്ഥാപിക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് കണ്ടതാണ്. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്വേതയുടെ കോലം കത്തിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ശ്വേത പരാതിയില്‍ ഉറച്ചു നിന്നാല്‍ കൂടുതല്‍ അപമാനം സഹിക്കേണ്ടി വരും എന്ന സൂചന തന്നെയാണ് അതിലൊക്കെ ഉള്ളത്.

തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പാണോ എന്നുറപ്പില്ലാത്തതിനാലോ പീതാംബരക്കുറുപ്പ് മാപ്പു പറഞ്ഞത് തന്നെ അപമാനിച്ചതിനുള്ള മാപ്പാണെന്നു തെറ്റിദ്ധരിച്ചോ പണ്ടാരം അവസാനിക്കട്ടെ എന്നു വിചാരിച്ചോ ആവാം ശ്വേത പരാതി പിന്‍വലിച്ചത്. പിന്നെ ഗുരുജി ഗുല്‍സാഹേബിന്റെ സ്പിരിച്വല്‍ ഗൈഡന്‍സും ഉണ്ടല്ലോ. എന്തായാലും ശ്വേത പരാതി പിന്‍വലിച്ചതിനു നന്ദി പറഞ്ഞ പീതാംബരക്കുറുപ്പ് മാപ്പു ചോദിച്ചത് വള്ളംകളിയുടെ സംഘാടകന്‍ എന്ന നിലയ്ക്കാണ് എന്നതു വ്യക്തമാക്കിയ നിലയ്ക്ക് അവിടെ ശ്വേതയെ പിടിച്ച യഥാര്‍ഥ പിടുത്തക്കാര്‍ക്ക് സമാധാനിക്കാം. ആള്‍ക്കൂട്ടത്തില്‍ പെണ്ണുങ്ങളെ പിടിക്കുന്ന പൗരുഷത്തിന് ഊറ്റം കുറയില്ല. ഭയങ്കര ബോള്‍ഡായ ശ്വേതയ്ക്കു പോലും പരാതിയില്‍ ഉറച്ചു നില്‍ക്കാനായില്ല എന്നിരിക്കെ അത്രയ്‌ക്കൊന്നും ബോള്‍ഡല്ലാത്ത സാധാരണസ്ത്രീകള്‍ പരാതിപ്പെടാനേ പോകാതിരിക്കുന്നതാണ് നല്ലത് എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. അത്തരത്തില്‍ ഒരു പരാതി ഉന്നയിച്ചാല്‍ പരാതിയില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാന്‍ പ്രബുദ്ധസമൂഹം കന്യാചര്‍മം വരെ പരിശോധിക്കുമെന്നതും മനസ്സില്‍ വയ്ക്കണം. പിന്നെ, എല്ലാവരെയും പ്രസിന്ധിഘട്ടങ്ങളില്‍ സഹായിക്കാന്‍ ഗുരുജി ഗുല്‍സാഹേബ് കാണത്തില്ലല്ലോ.

കുറിപ്പ് (കുറുപ്പ് അല്ല): പീതാംബരക്കുറുപ്പിനെ തെറ്റിദ്ധരിച്ചു എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ശ്വേത പരാതി പിന്‍വലിച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അത് നേരാണെങ്കില്‍ പരമസാത്വികനായ ഒരു പൊതുപ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും അതിന് അവസരമുണ്ടാക്കുകയും ചെയ്ത ശ്വേത കുറുപ്പ് സാറിനോടും കോണ്‍ഗ്രസുകാരോടും കേരളസമൂഹത്തോടും മാപ്പു പറയണം എന്നാവശ്യപ്പെടാവുന്നതാണ്. ശ്വേതയ്‌ക്കെതിരേ ഒരു അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്യാം.

മലയാളി അഥവാ കൊലയാളി

നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മെഴുകുതിരിപ്രകടനക്കാരും മേക്കപ്പ് റൂമിലാണ്. ചാനല്‍ ക്യാമറകളും പത്രറിപ്പോര്‍ട്ടര്‍മാരും ഫേസ്ബുക്ക് ഷെയറുകളുമില്ലാത്ത പ്രതിഷേധങ്ങള്‍ക്ക് അവരുടെ പട്ടി പോവും. അക്‌സ എന്ന നാലുവയസ്സുകാരിയുടെ മരണത്തിനു മുന്നില്‍ അവരുടെ അര്‍ധനിമീലിത നേത്രങ്ങള്‍ ഒന്നു ചിമ്മുന്നു പോലുമില്ല. ആരും ഞെട്ടല്‍ രേഖപ്പെടുത്തുന്നില്ല, അമ്പരക്കുന്നുമില്ല. ഏറ്റവും ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും പട്ടിയെപ്പോലെ കുഴിച്ചുമൂടുകയും ചെയ്ത ആ കുഞ്ഞിന്റെ ദേഹം സംസ്‌കരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തന്നെ വേണ്ടി വന്നു. ഇതാണ് കേരളം. ഇതാണ് നമ്മള്‍ മലയാളികളുടെ ആഗോളനിലവാരസംസ്‌കാരം.

ദില്ലി ബലാല്‍സംഗത്തിനു ശേഷം ഇന്ത്യയില്‍ ഒരക്രമമോ ടിപി വധത്തിനു ശേഷം ഒരു കൊലപാതകമോ നടന്നതായി അറിയാത്ത സാസ്‌കാരിക-ബൗദ്ധിക-സാഹിത്യ-ബുദ്ധിജീവി മൈരുകള്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. അക്‌സ മുതല്‍ പിന്നോട്ടെണ്ണിയാല്‍ ഒരു നൂറു കരുന്നുകളെങ്കിലും സ്വന്തം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൈകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് സാസ്‌കാരിക കേരളത്തില്‍. എന്നാല്‍ അതൊന്നും കാണാതെയും കേള്‍ക്കാതെയും വൈലോപ്പള്ളിയുടെ മാമ്പഴം ചൊല്ലിച്ചൊല്ലിക്കരഞ്ഞു തളരുകയാണ് ബുദ്ധിജീവികളും ചിന്തകരും മറ്റ് അലവലാതികളും. ഇവരൊക്കെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്താല്‍ അക്‌സ തിരിച്ചുവരുമോ എന്നു ചോദിക്കരുത്. കുഞ്ഞുങ്ങളെ കൊല്ലാതിരിക്കേണ്ടത് പൊലീസ് പിടിക്കും എന്നതുകൊണ്ടു മാത്രമാണ് എന്ന ധാരണയില്‍ നിന്ന് മലയാളി ഏറെ വളര്‍ന്നെങ്കിലേ മനുഷ്യനാവാന്‍ സാധിക്കൂ എന്നതിനാല്‍ പ്രതിഷേധങ്ങളും അര്‍ഥവത്തായ പ്രതികരണങ്ങളും കേരളസമൂഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ കൂടി ഭാഗമാണ്.

ദൈവത്തിന്റെ പ്രതിരൂപങ്ങളായ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും തല്ലിക്കൊല്ലുകയും അരിഞ്ഞു പീസ് പീസാക്കുകയും ചെയ്യുന്ന മലയാളി ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ്‌ലൈനുമായി പുഞ്ചിരിച്ചു നില്‍ക്കുന്നത് സാത്താന്‍ നരകത്തിന്റെ പരസ്യത്തില്‍ മാലാഖയുടെ വേഷം ധരിക്കുന്നതുപോലെയേ ഉള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതും കൊല്ലുന്നതും സാധാരണസംഭവമായി മാറിയ നാട്ടില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികള്‍ക്കു വേണ്ടി പണപ്പിരിവും നടക്കുന്നുണ്ട് എന്നത് നമ്മുടെ സഹാനുഭൂതി എത്രത്തോളം വിചിത്രമാണ് എന്നതിന്റെ ലക്ഷണമാണ്.

ഇതൊക്കെ രാഷ്ട്രീയക്കാരും സംഘനടകളും ബുദ്ധിജീവികളും ചെയ്യുന്ന കാര്യങ്ങളാണെന്നും സാധാരണക്കാരായ നമ്മള്‍ ഇതിനൊക്കെയെതിരേ അപാരമായ രോഷവും പ്രതിഷേധവുമുള്ളവരാണെന്നും ആശ്വസിക്കാമെന്നു വച്ചാല്‍ അവിടെയുമുണ്ട് പ്രശ്‌നങ്ങള്‍. ഇത്തരം കൊലപാതകങ്ങളും പീഡനങ്ങളും എങ്ങനെ അവസാനിപ്പിക്കാമെന്നോ എങ്ങനെ ഈ സംസ്‌കാരത്തില്‍ നിന്നും മലയാളിയെ വഴിമാറ്റി നടത്താമെന്നോ ആരും എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. അക്‌സയുടെ അമ്മയെയും കാമുകന്‍മാരെയും ഞങ്ങള്‍ക്കു വിട്ടുതരൂ, നിമിഷത്തിനുള്ളില്‍ ഞങ്ങളവരെ കൊന്നുതരാം എന്നു പറയുന്ന ജനക്കൂട്ടത്തില്‍പ്പെടുന്നവരാണ് നമ്മളോരോരുത്തരും. അവിടെയും കുറ്റബോധമില്ലാതെ രണ്ടുമൂന്നു പേരെ കൊല്ലുന്നതിന്റെ ത്രില്ലാണ് മലയാളിക്ക്.

ഈ ഭൂമിയിലെ സ്‌നേഹം ഇങ്ങനെയാണെന്നു കരുതി അച്ഛനും അമ്മയും ചുറ്റുമുള്ളവരുമൊക്കെ നല്‍കുന്ന വേദനകളും പീഡനങ്ങളും മരണവും വരെ നിഷ്‌കളങ്കമായ സന്തോഷത്തോടെഏറ്റുവാങ്ങുന്ന കുരുന്നുകളുടെ ചോര നമ്മളോരോരുത്തരുടെയും മേല്‍ പതിക്കുന്നുണ്ട്. നിശബ്ദത കൊണ്ട്, അവഗണന കൊണ്ട് നമ്മളോരോരുത്തരും ഈ ക്രൂരതയ്ക്ക് മൗനാനുവാദം നല്‍കുന്നുണ്ട്. ബുദ്ധിജീവിയായലും സാഹിത്യകാരനായാലും മലയാളി എന്നാല്‍ അടിസ്ഥാനപരമായി കൊലയാളിയാണ്. നമുക്കു ലാഭമുണ്ടാക്കിത്തരുന്ന ശവങ്ങള്‍ മാത്രമേ നമ്മള്‍ ഏറ്റെടുക്കുകയുള്ളൂ. കയ്യടി കിട്ടുന്ന സമരങ്ങളില്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. അങ്ങനെയാണ് നമ്മളല്ലെവാരും. അങ്ങനെയല്ലാത്തവരെ കാലാകാലങ്ങളില്‍ നമ്മള്‍ ഒറ്റപ്പെടുത്തുകയും പുറന്തള്ളുകയും ചെയ്തിട്ടുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്കു നടന്നുനീങ്ങുന്ന ഒരു സമൂഹമെന്ന നിലയില്‍ ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നു കരുതി പറഞ്ഞെന്നു മാത്രം.

കുറിപ്പ്: ഈ അക്‌സ ആരാണ് എന്നു ദയവു ചെയ്ത് ആരും ചോദിക്കരുത്.
അത്ര നിഷ്‌കളങ്കത ഇവിടെ വേണ്ടിവരില്ല.

ന്റെ സിവനേ….

ന്യൂജനറേഷന്‍ സിനിമക്കാര്‍ മൊത്തത്തില്‍ കഞ്ചാവടിക്കാരാണെന്നാണ് ഓള്‍ഡ് ജനറേഷന്‍ സിനിമക്കാര്‍ പറയുന്നത്. ഓള്‍ഡ് ജനറേഷന്‍കാര്‍ അവരുടെ സിനിമകളില്‍ നായകന് ദൈവത്തിന്റെ പവറുകള്‍ നല്‍കിയും ക്ലൈമാക്‌സിലും മറ്റും നായകനെ ദൈവവുമായി താദാത്മ്യപ്പെടുത്തിയുമൊക്ക പ്രേക്ഷകര്‍ക്കു വിശ്വാസം പകര്‍ന്നിരുന്നെങ്കില്‍ പല ന്യൂജനറേഷന്‍ പടങ്ങളിലും ദൈവത്തിന്റെ സ്ഥാനത്തു കഞ്ചാവിനെയാണ് പ്രതിഷ്ഠിക്കുന്നത്. എല്ലാ ന്യൂജന്‍ പടങ്ങളും ഞാന്‍ കണ്ടിട്ടില്ല എങ്കിലും കണ്ടതില്‍ പകുതിയോളം സിനിമകളിലെയും നായകനുള്‍പ്പെടെയുള്ളവര്‍ കഞ്ചാവിനോട് വലിയ ബഹുമാനമുള്ളവരാണ്.

അടുത്തയാഴ്ച വരാനിരിക്കുന്ന ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡില്‍ കഞ്ചാവിന്റെ പങ്കെത്രയാണെന്നോ റോള്‍ എന്താണെന്നോ നമുക്കറിയില്ല. ഇടുക്കി ഗോള്‍ഡ് എന്നത് കഞ്ചാവിന്റെ അപരനാമങ്ങളിലൊന്നാണെന്നാണ് പലരും പറയുന്നത്. സിനിമയുടെ ട്രെയിലറിലും കഞ്ചാവിന് വളരെ മാന്യമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പുറത്തുവന്നു വിവാദമായ സിനിമയുടെ പോസ്റ്ററില്‍ സാക്ഷാല്‍ പരമശിവനും ചെഗുവേരയും കൂടിയിരുന്ന് കഞ്ചാവു പുകയ്ക്കുന്ന ചിത്രമാണ് ഉള്ളത്. ട്രെയിലറിലും ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചിരുന്ന ഇടുക്കി ഗോള്‍ഡിനെപ്പറ്റി പറയുന്നുമുണ്ട്.

കേരളത്തില്‍ എന്തെങ്കിലും ഒരു സംഗതി വിവാദമാകാന്‍ പ്രത്യേകിച്ച് കാരണങ്ങളുടെ ആവശ്യമില്ല. അത് ജാതി-മത-ദൈവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്ററില്‍ പരമശിവന്‍ കഞ്ചാവ് വലിക്കുന്നതായി കൊടുത്തത് മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് യാദൃച്ഛികമല്ല. കാരണം, ശിവഭക്തരെല്ലാം കഞ്ചാവുഭക്തരല്ല. കഞ്ചാവിനോട് ന്യൂജനറേഷന്‍കാര്‍ക്കുള്ള ഭക്തി പോസ്റ്റര്‍ കാണുന്ന മറ്റു ജനറേഷന്‍കാര്‍ക്കുണ്ടാവില്ല. കഞ്ചാവ് നിരോധിക്കപ്പെട്ട ലഹരിവസ്തുവാണ്. ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചു എന്നൊക്കെ വീമ്പടിച്ചിട്ടു കാര്യമില്ല, അഞ്ച് ഗ്രാമിലധികം കയ്യില്‍ പിടിച്ചാല്‍ പൊലീസ് പിടിച്ചോണ്ടുപോകും. അതുകൊണ്ട് കഞ്ചാവിന്റെ ജനകീയവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തല്‍ക്കാലം അത് സാധ്യമാവില്ല.

ഇനി ശിവനെ കഞ്ചാവിനോടൊപ്പം പോസ്റ്ററില്‍ കൊടുത്തതിന്റെ നീതിന്യായങ്ങള്‍ നോക്കാം. ആഷിക് അബു മുസ്ലിം ആയതുകൊണ്ട് ബോധപൂര്‍വം ശിവനെ അധിക്ഷേപിക്കാന്‍ വേണ്ടിയാണ് പോസ്റ്ററില്‍ അങ്ങനെ കൊടുത്തത് എന്നതാണ് പ്രധാനവ്രണിതവികാരവാദം. വ്യക്തിപരമായി എനിക്കാ വാദത്തോട് യോജിപ്പില്ല. എന്നാല്‍, അങ്ങനെയൊരു വാദമുന്നയിക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കാണാന്‍ ആഷിക് അബുവിനു സാധിച്ചില്ലെങ്കില്‍ അത് കഷ്ടമാണ്. വര്‍ഗീയവാദികളുടെ നാടാണ്, ആരോപണങ്ങള്‍ക്കു ജനറേഷന്‍ പരിഗണനകളുണ്ടാവില്ല.

ശിവന്‍ കഞ്ചാവു വലിച്ചിരുന്നു എന്നു ചരിത്രരേഖകള്‍ വച്ചു സാധൂകരിക്കാനും കഞ്ചാവ് കലര്‍ത്തിയ പാനീയം എവിടെയോ പ്രസാദമായി നല്‍കുന്നുണ്ടെന്നതിനാല്‍ പോസ്റ്ററില്‍ തെറ്റില്ല എന്നും പറഞ്ഞ് മറ്റൊരു കൂട്ടര്‍ ഇതിനെ ന്യായീകരിക്കാനും രംഗത്തുണ്ട്. രണ്ടു കൂട്ടരും തമ്മിലുള്ള വാദപ്രതിവാദം സ്വാഭാവികമായും മതസ്പര്‍ധയിലേക്കും ഇരുകൂട്ടരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതിലേക്കും ഒടുവില്‍ പച്ചത്തെറിയിലേക്കും എത്തുന്നതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. സ്ഥിതി പരിതാപകരം തന്നെ.

ഈ പോസ്റ്ററും പൊക്കിപ്പിടിച്ച് ശിവന്‍ കഞ്ചാവ് വലിച്ചിരുന്നോ എന്നു പരിശോധിച്ചു തെളിയിക്കാന്‍ പുറപ്പെട്ട സത്യാന്വേഷികള്‍ക്കു കൂപ്പുകൈ. ശിവനും ചെഗുവേരയും കഞ്ചാവ് വലിച്ചിരുന്നു എന്നു പുരാണത്തെയും ചരിത്രത്തെയും ഉദ്ധരിച്ചു തെളിയിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ അര്‍ഥം ഒരു സിനിമയുടെ പോസ്റ്ററില്‍ ഇരുവരെയും കഞ്ചാവു വലിക്കാരായി ചിത്രീകരിക്കാമെന്നല്ല. ഗാന്ധിജി സ്വന്തം കക്കൂസ് കഴുകിയിരുന്നു എന്നു ചരിത്രത്തില്‍ പറയുന്നുണ്ട് എന്നതു മുതലാക്കി ഗാന്ധിജി കക്കൂസ് കഴുകുന്നതായി ചിത്രീകരിച്ച് ക്ലോസറ്റ് കമ്പനി പരസ്യം കൊടുക്കുന്നതുപോലെയൊരു ആഭാസമാണ് ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്റര്‍. ഒഴിമാക്കാമായിരുന്നു.

ഇതൊന്നും മനസ്സിലാകാത്തവരോ ഉള്‍ക്കൊള്ളാനാകാത്തവരോ അല്ല മലയാളികള്‍. എന്നാല്‍ ഇതൊക്കെ വച്ച് മുതലെടുപ്പിനു ശ്രമിക്കുന്ന ആളുകള്‍ക്ക് ഇന്ധനമായി ഇത്തരത്തിലൊരു സൃഷ്ടി നടത്തേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഈ പോസ്റ്റര്‍ ഇറക്കിയവര്‍ വിവാദമൊക്കെ കണ്ട് ഭയപ്പെട്ടിരിക്കുകയാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. പടത്തിന്റെ മാര്‍ക്കറ്റിങ് തന്ത്രം വിജയിച്ചതിന്റെ ആഘോഷത്തിനായി എല്ലാവരും ഓരോ മൂലയ്ക്കിരുന്ന് ഇടുക്കി ഗോള്‍ഡ് ആഞ്ഞാഞ്ഞു വലിക്കുകയായിരിക്കും (ശിവനും ചെഗുവേരയുമൊക്കെ വലിച്ച സാധനം ഞങ്ങള്‍ കൈകൊണ്ടു തൊടില്ല എന്നു കൂടി പറയരുത്). പിന്നെ, ഒരു കലാകാരന്‍ തന്റെ കലാസൃഷ്ടിയെ ജനങ്ങളിലേക്കെത്തിക്കാന്‍ നിഷ്‌കളങ്കരായ ജനങ്ങളുടെ വര്‍ഗീയവികാരം ഇളക്കിവിടുന്നതില്‍ തെറ്റില്ല എന്നു കരുതുന്നുണ്ടെങ്കില്‍ അത് അയാളിലെ കലാകാരന്റെ നാശത്തിന്റെ തുടക്കമാവാനേ സാധ്യതയുള്ളൂ. അതിഭീകരമാം വിധം സാധാരണം എന്ന തലക്കുറിപ്പുള്ള ഒരു സിനിമയ്ക്കുവേണ്ടി ഇത്തരം പോസ്റ്ററുകളുണ്ടാക്കുന്നവരെ നോക്കി ആളുകളെ നോക്കി – ഡാ മ്ലേച്ഛാ! എന്നു ജനം വിളിച്ചാല്‍ അതൊരു അംഗീകാരമായി കാണേണ്ടതില്ല.