മിസ്ഡ് കോള്‍ പൊളിറ്റിക്‌സ്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിച്ച് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. എന്നാല്‍, എങ്ങനെ പാര്‍ട്ടിയില്‍ ഇത്രയധികം ്അംഗങ്ങളുണ്ടായി എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും ആക്ഷേപവുമാണ് മൊത്തത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രധാന ആക്ഷേപം മിസ്ഡ് കോള്‍ വഴിയാണ് ബിജെപി ഇത്രയധികം അംഗങ്ങളെ ചേര്‍ത്തത് എന്നതാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപി അംഗമാകാം എന്നുള്ള എസ്എംഎസ് എനിക്കും വന്നിട്ടുണ്ട്. ഞാന്‍ മിസ്ഡ് കോള്‍ അടിച്ചില്ല, ബിജെപി അംഗമായിട്ടുമില്ല. ബിജെപി അംഗമാകാന്‍ ആഗ്രഹമുള്ളവര്‍ മിസ്ഡ് കോള്‍ അടിക്കുകയും അംഗമാവുകയും ചെയ്തിട്ടുണ്ടാവാം. ഇതില്‍ എന്താണ് ഇത്ര ആക്ഷേപകരമായി കണ്ടെത്തിയിരിക്കുന്നത് എന്നത് എനിക്കു മനസ്സിലായിട്ടില്ല.

മിസ്ഡ് കോള്‍ മെംബര്‍ഷിപ്പിനെ ആക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഏതാനും പോയിന്റുകള്‍ ഞാന്‍ കൊണ്ടുവരാനാഗ്രഹിക്കുകയാണ്.

1. മിസ്ഡ് കോള്‍ ബിജെപി കണ്ടുപിടിച്ച സംഗതിയല്ല. സ്വന്തം അച്ഛനെ ഐസിയുവിലേക്കു കൊണ്ടുപോകുന്ന വിവരം മറ്റു സഹോദരന്‍മാരെ അറിയിക്കാന്‍ പോലും മിസ്ഡ് കോള്‍ അടിക്കുന്ന ഇന്ത്യക്കാരന്‍, ബിജെപി പാര്‍ട്ടി മെബര്‍ഷിപ്പിന് മിസ്ഡ് കോള്‍ ഒരു മാര്‍ഗമായി സ്വീകരിച്ചതിനെ പഴിക്കുന്നില്‍ അസൂയ അല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. മിസ്ഡ് കോള്‍ കണ്ടാല്‍ അതിന്റെ പിന്നാലെ വിളിച്ചു വിളിച്ചു പോയി ലൈനുണ്ടാക്കുകയും അതുവഴി പ്രണയവും വിവാഹവും ചതിയും ഉള്‍പ്പെടെ നീണ്ട എപ്പിസോഡുകള്‍ സൃഷ്ടിക്കുന്നവരാണ് നമ്മള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ അംഗത്വ ക്യംപെയിനു വേണ്ടി അതേ മിസ്ഡ് കോള്‍ ഉപയോഗിച്ചു വിജയിച്ചപ്പോള്‍ അയ്യേ ഛെ എന്നു പുച്ഛിക്കുന്നത് നിഷ്പക്ഷമായി പറഞ്ഞാല്‍ കുശുമ്പല്ലാതെ മറ്റൊന്നുമല്ല.

2. പാര്‍ട്ടി ഓഫിസില്‍ പോയി ആപ്ലിക്കേഷന്‍ വാങ്ങി അത് ഫില്‍ ചെയ്ത് ഫോട്ടോയും ഒട്ടിച്ച് എന്തുകൊണ്ടു ഞാനൊരു ബിജെപി അംഗമാകാനാഗ്രഹിക്കുന്നു എന്നതിനെപ്പറ്റി 200 വാക്കില്‍ കവിയാതെ ഉപന്യസിച്ച ശേഷം അംഗത്വമെടുക്കുന്നതാണ് മാതൃകാപരം എന്നു പറയുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മിസ്ഡ് കോളിലും എസ്എംഎസിലുമൊക്കെ ലഭിക്കുന്നത് മാതൃകാപരമാണ് എന്നു പറയുന്നത് എന്തിനാണ് ? സര്‍ക്കാര്‍ ഓഫിസുകളില്‍ പോയി സമാനമായ രീതിയില്‍ ആപ്ലിക്കേഷന്‍ എഴുതി കാത്തിരുന്ന് അതു സമര്‍പ്പിച്ച് കാര്യം നടത്തുന്നതിനെ പുച്ഛിക്കുകയും ബിജെപി അംഗത്വ ക്യംപെയിന് അങ്ങനെ ചെയ്യാത്തതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമായ ഇരട്ടത്താപ്പാണ്.

3. മിസ്ഡ് കോള്‍ വഴി അംഗത്വത്തിന് അവസരമൊരുക്കിയ ബിജെപിയെ പുച്ഛിക്കുന്ന നല്ലൊരു ശതമാനം ആളുകളും സ്വന്തം ജിമെയില്‍ അക്കൗണ്ടിന്റെ മാത്രം പേരില്‍ മിസ്ഡ് കോള്‍ പോയിട്ട് ഒരു ലിങ്കില്‍ പോലും ക്ലിക്ക് ചെയ്യാതെ ഗൂഗിള്‍ പ്ലസ് എന്ന ലോകത്തെ രണ്ടാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍്ക്കില്‍ അറിയാതെ അംഗമായവരാണ് എന്നത് രസകരമാണ്. അവരില്‍ ആര്‍ക്കും തന്നെ എങ്ങനെ അതില്‍ നിന്നു പുറത്തുകടക്കണം എന്നതും അറിയില്ല എന്നത് നിര്‍ഭാഗ്യകരവും.

4. മിസ്ഡ് കോള്‍ എന്നത് നമ്മള്‍ ഫോണില്‍ ബോധപൂര്‍വം ഒരു നമ്പര്‍ ഡയല്‍ ചെയ്ത ശേഷം റിങ് ചെയ്യുമ്പോള്‍ കട്ടാക്കുന്നതാണ്. എന്നാല്‍, അതേ ഫോണില്‍ ദിവസേനയെന്നോണം വരുന്ന അനേകം ഓഫറുകള്‍ പ്രത്യേകിച്ചൊരു മറുപടിയും നല്‍കാതെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം പൊയ്‌ക്കൊണ്ടിരിക്കുന്നവരാണ് മെനക്കെട്ടു കുത്തിയിരുന്ന് മലയാളം സിനിമാ സീനുകള്‍ വെട്ടിമുറിച്ച് ആക്ഷേപഹാസ്യം രചിക്കുന്നത് എന്നതും സഹതാപജനകമാണ്. ഗൂഗിള്‍ പ്ലസില്‍ നിന്നു പുറത്തു കടക്കാനും ബിഎസ്എന്‍എല്‍ വാല്യു ആഡഡ് സര്‍വീസുകളില്‍ നിന്നു രക്ഷപെടാനും അറിയാത്തവര്‍ മിസ്ഡ് കോള്‍ വഴി ബിജെപി അംഗമായവരെ പരിഹസിക്കുന്നത് പരിതാപകരമാണ്.

5. വളരെ ലളിതമായി പറഞ്ഞാല്‍, പാര്‍ട്ടി അംഗത്വം നല്‍കുന്നത് ലളിതമാക്കുകയും കൂടുതലാളുകളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുകയുമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിനെക്കാള്‍ മാരകമായി പാര്‍ട്ടി അംഗത്വത്തിനായി ലളിതവല്‍ക്കരണപദ്ധതികള്‍ നടത്തിയത് ആംആദ്മി പാര്‍ട്ടിയാണ്. ഞാന്‍ ആം ആദ്മിയാണ് എന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ആളുകള്‍ ആപ്പിന്റെ മിസ്ഡ് കോള്‍ ക്യാംപെയിനെ വിശുദ്ധവല്‍ക്കരിക്കുകയും ബിജെപിയുടേതിനെ പരിഹസിക്കുകയും ചെയ്യുന്നത് നാണം കെട്ട പരിപാടിയാണ്.

6. ബിജെപിയെ മിസ്ഡ് കോള്‍ പാര്‍ട്ടി എന്നാക്ഷേപിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (അവരുടെ അടുത്ത പ്രസിഡന്റ് എവിടെയാണെന്ന് അവര്‍ക്കു തന്നെ അറിയില്ല) അംഗത്വലളിതവല്‍ക്കരണത്തിനായി ഇന്നലെ ഒരു മൊബൈല്‍ ആപ്പാണ് അവതരിപ്പിച്ചത്. ആപ്പ് വഴി അപ്ലൈ ചെയ്യുന്ന എല്ലാവരും പാര്‍ട്ടിയില്‍ അംഗമാകും. ആളുകള്‍ക്ക് ആപ്ലിക്കേഷനോടൊപ്പം സെല്‍ഫി എടുത്തയക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ബിജെപിക്കു മിസ്ഡ് കോളടിച്ചുപോയതില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കോണ്‍ഗ്രസില്‍ ചേരാം.

ഇത്രയും പറഞ്ഞ ഞാന്‍ ഒരു ബിജെപിക്കാരനാണ് എന്നു സ്ഥാപിച്ച് ആരും കടന്നുകളയരുത്. ഇതുപോലെ വിവിധ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഞാനൊരു സിപിഎംകാരനും കോണ്‍ഗ്രസുകാരനും ലീഗുകാരനും മാണി കോണ്‍ഗ്രസുകാരനുമൊക്കെ ആയിട്ടുണ്ട്. ആരുടെയെങ്കിലും ആരുമാകാതെ അഭിപ്രായം പറയാം എന്നതു കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ, നന്ദി നമസ്‌കാരം.

കുറിപ്പ്: എന്റെ വീട്ടില്‍ എല്ലാവരും (ഞാനും) ബീഫ് കഴിക്കാറുണ്ട്.

സൈബര്‍ ബുദ്ധിജീവി ശുദ്ധികലശം

ശബരിമല ക്ഷേത്രസന്നിധിയില്‍ ആചാരം ലഘിച്ച് മേല്‍ശാന്തി മകളെ കൊണ്ടുപോയി ദര്‍ശനം നടത്തിയതും അതെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അവിടെ പരിഹാരക്രിയകള്‍ നടത്തുകയും ചെയ്തതിനെതിരെ പ്രബുദ്ധരായ ആളുകളുടെയും സാസ്‌കാരികപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഞാനൊരു ബുദ്ധിജീവിയോ സംസ്‌കാരസമ്പന്നനോ അല്ല. ബുദ്ധിയെക്കാളും സംസ്‌കാരത്തെക്കാളും മനുഷ്യന് ഉപകാരപ്പെടുന്നത് കോമണ്‍സെന്‍സ് ആണെന്നാണ് എന്റെ അനുഭവം. അതുകൊണ്ടു തന്നെ സംസ്‌കാരിക കേരളത്തെ മുറിവേല്‍പിച്ചു കളഞ്ഞ ഈ വിഷയത്തില്‍ എന്റെ ചില അഭിപ്രായങ്ങള്‍ ഇവിടെ പങ്കു വയ്ക്കാനാഗ്രഹിക്കുന്നു.

12 വയസുള്ള പെണ്‍കുട്ടി സന്നിധാനത്തു കാലു കുത്തിയതിനെ തെറ്റ് എന്നു വിശേഷിപ്പിക്കുന്നതിന്റെ യുക്തിയെ ആണ് പലരും ചോദ്യം ചെയ്യുന്നത്. ആര്‍ത്തവം ആരംഭിച്ചവരും അവസാനിക്കാത്തവരുമായ ഒരു സ്ത്രീയും സന്നിധാനത്ത് ദര്‍ശനം നടത്താന്‍ പാടില്ല എന്ന നിയമം ദേവസ്വം ബോര്‍ഡ് പരിഷ്‌കരിച്ച് 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തേണ്ടതില്ല എന്നാക്കി മാറ്റുകയണ് ചെയ്തത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതൊരു പഴയ ചട്ടമാണ്. മാറ്റുവിന്‍ ചട്ടങ്ങളെ എന്നു കവി പാടിയത് ഇത്തരം ചട്ടങ്ങള്‍ ഒക്കെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കാം.

അയ്യപ്പന് പെണ്‍കുട്ടികളോട് അയിത്തമുണ്ടോ, ഒരു 12 വയസ്സുകാരി പ്രവേശിച്ചാല്‍ സന്നിധാനം എങ്ങനെയാണ് അശുദ്ധമാകുന്നത് എന്നു തുടങ്ങി അനേകം അനേകം ചോദ്യങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എല്ലാം യുക്തിസഹജമായ ചോദ്യങ്ങള്‍ തന്നെ. എന്നാല്‍, ശബരിമലയിലെ ഈ ആചാരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വര്‍ഷാവര്‍ഷം ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ വന്നുപോകുന്ന ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ തുടര്‍ച്ചയാണ് ഇത്. ഇവ കാലോചിതമായി പരിഷ്‌കരിക്കുന്നതിലോ മാറ്റങ്ങള്‍ വരുത്തുന്നതിലോ ഒന്നും ഒരു തെറ്റുമില്ല.

എന്നാല്‍, സന്നിധാനത്ത് 12 വയസ്സുള്ള മകളെയും കൊണ്ടു പോയത് അങ്ങനെയൊരു ചട്ടം നിലവിലുണ്ട് എന്നറിയാത്ത ഒരാളല്ല. അവിടുത്തെ ആചാരങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ബോധ്യമുള്ള മേല്‍ശാന്തിയാണ്. നിലവില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ കഠിനവ്രതമെടുത്ത് പ്രാര്‍ഥനാപൂര്‍വം പടിചവിട്ടുന്ന സന്നിധാനത്ത് നിലനില്‍ക്കുന്ന ഒരു ആചാരം ലംഘിക്കുന്നത് ഈ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ ഇല്ലയോ എന്നതാണ് എന്റെ ചോദ്യം. അതിനു മറുപടി പറയേണ്ടത് ഇതിലൊന്നും വിശ്വാമില്ലാത്ത ആളുകളല്ല എന്നതും ചൂണ്ടിക്കാണിക്കട്ടെ.

ഇനി 12 വയസുള്ള പെണ്‍കുട്ടിയോട് എന്തിനീ ക്രൂരത എന്നതാണ് സ്ത്രിപക്ഷവാദികളും പുരോഗമനവാദികളും യുക്തിവാദികളും എല്ലാം ചോദിക്കുന്നത്. എന്താണ് 12 വയസുള്ള പെണ്‍കുട്ടിയോട് ചെയ്ത ക്രൂരത ? പെണ്‍കുട്ടിയെ ശാസിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികള്‍ക്കു വിധേയമാക്കുകയോ ചെയ്തിട്ടില്ല. തന്ത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് ശുദ്ധിക്രിയകള്‍ നടത്തി എന്നതാണ് പെണ്‍കുട്ടിയോടു ചെയ്ത ക്രൂരതയും സ്ത്രീത്വത്തോടുള്ള അവഹേളനുമായി പലരും കാണുന്നത്. സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ചട്ടം അബദ്ധജഢിലവും യുക്തിരഹിതവുമാണെന്നു വാദിക്കുന്നവര്‍ ഈ ശുദ്ധിപ്രക്രിയയെ പെണ്‍കുട്ടിയെ അവഹേളിക്കലായി ചിത്രീകരിക്കുന്നതിന്റെ യുക്തി എനിക്കു മനസ്സിലാവുന്നില്ല. രണ്ടും ഒരേ ആചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നിരിക്കെ ഒന്ന് അബദ്ധവും മറ്റേത് അവഹേളനവുമാകുന്നതെങ്ങനെ ?

11 വയസ്സുകാരി സന്നിധാനത്ത് ചെന്നത് ആചാരലംഘനമല്ല എങ്കില്‍ അതിന്റെ തുടര്‍ച്ചയായി നടക്കുന്ന ശുദ്ധിക്രിയകള്‍ പെണ്‍കുട്ടിയെ അവഹേളിക്കലുമല്ല. അദ്യത്തേത് ആചാരലംഘനമാണ് എന്നുറച്ചു വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ശുദ്ധിക്രിയകളിലും വിശ്വസിക്കേണ്ട കാര്യമുള്ളൂ. ആചാരം ലംഘിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികള്‍ക്കു വിധേയമാക്കാത്തിടത്തോളം സാംസ്‌കാരികപ്രവര്‍ത്തകരുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

ഇനി ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണം എന്നുള്ള വാദം നോക്കാം. അത് ഒരു സമുദായവുമായി ബന്ധപ്പെട്ട, വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായുള്ള പ്രശ്‌നമാണ്. പുരോഗമനം നടപ്പാക്കുമ്പോള്‍ അത് പുരോഗമനവാദികള്‍ക്കു ഹിതകരമാണോ എന്നതിനെക്കാള്‍ ആ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിക്കുന്ന വ്യക്തികള്‍ക്കു ഹിതകരമാണോ എന്നാണ് പരിശോധിക്കേണ്ടത്. ജനാധിപത്യം എന്നു പറയുമ്പോള്‍ ജനം എന്ന നിര്‍വചനത്തില്‍ പുരോഗമനവാദികള്‍ അവരെയും അവരെ അനുകൂലിക്കുന്നവരെയും മാത്രം കാണുന്നതിന്റെ പ്രശ്‌നമാണിത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നത് വിശ്വാസികളുടെ പൊതു അഭിപ്രായമാണെങ്കില്‍ അതു നടപ്പാക്കണം. സാംസകാരിക-ബുദ്ധിജീവികളല്ല ഇവിടെ എല്ലാ കാര്യങ്ങളിലും വിധി പറയേണ്ടത്.

ദുരാചാരങ്ങളും സ്ത്രീവിവേചനവും പറിച്ചെറിയേണ്ടതു തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ അത് ലക്ഷക്കണക്കിനാളുകള്‍ വന്നു ചേരുന്ന ശബരിമലയില്‍ നിന്ന് ആരംഭിക്കുന്നതിനെക്കാള്‍ വിപ്ലവകരം അവനവന്റെ വീടുകളില്‍ നിന്നു തന്നെ ആരംഭിക്കുന്നതായിരിക്കുമെന്നു തോന്നുന്നു. പുരോഗമന വിപ്ലവ ചേച്ചിമാര്‍ പരിശുദ്ധമായി കാണുന്ന കിറ്റി പാര്‍ട്ടികളില്‍ കെട്ടിയോനെയും എഴുന്നള്ളിച്ചുകൊണ്ടുപോകാനുള്ള വിശാലമനസ്‌കത ആദ്യം കാണിക്കണം. ഭാര്യ അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ ന്യൂസ് ചാനല്‍ ഓഫ് ചെയ്ത് അവിടെ പോയി നാലു പാത്രമെങ്കിലും കഴുകി വയ്ക്കാന്‍ ബുദ്ധിജീവികളും തയ്യാറാവണം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെക്കാള്‍ ആയിരം മടങ്ങ് ഇഫക്ടോടെ ഇതൊക്കെ സമൂഹത്തില്‍ ഗുണകരമായി പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. ആചാരങ്ങള്‍ നമ്മളെപ്പോലെയുള്ള മനുഷ്യര്‍ ഉണ്ടാക്കിയതാണ്. നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് അതിന്റെ വേരുകള്‍ മായുമ്പോള്‍ എല്ലായിടത്തു നിന്നും അവ മാഞ്ഞു പൊയ്‌ക്കൊള്ളും. ശുഭദിനം.

സുഗതകുമാരി ടീച്ചറെ പാഠം പഠിപ്പിക്കുമ്പോള്‍

സുഗതകുമാരി ടീച്ചറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഫെമിനിസ്റ്റുകളുടെയും സ്വാതന്ത്ര്യവാദികളുടെയും ധാര്‍മികരോഷം തിളച്ചുമറിയുകയാണ്. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കരുതേ എന്നു ടീച്ചര്‍ അമ്മമാരോടു നടത്തിയ അപേക്ഷയ്ക്കുള്ള മറുപടിയായി ടീച്ചറെ പുരോഗമനം പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ന്യൂ ജനറേഷന്‍ തൈക്കിളവന്‍മാരും ഫ്രസ്‌ട്രേറ്റഡ് ഡെസ്പരേറ്റ് ഫെമിന്സ്റ്റുകളും. അവരോട് രണ്ടേ രണ്ടു കാര്യങ്ങളേ പറയാനുള്ളൂ. ഒന്ന്, അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംസാരിക്കുന്ന ടീച്ചറെ അഹന്തയുടെ സ്റ്റാറ്റസ് കൊണ്ട് പാഠം പഠിപ്പിക്കാന്‍ ശ്രമിക്കരുത്. രണ്ട്, ടീച്ചര്‍ സംസാരിച്ചത് സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അമ്മമാരോടാണ്. അതിന്റെ പൊരുള്‍ അവര്‍ക്കു മനസ്സിലാവുകയും ചെയ്യും.

സുഗതകുമാരി ടീച്ചര്‍ ഏതു കാലത്താണ് ജീവിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഇന്നത്തെ കാലത്ത് എങ്ങനെ ജീവിക്കാനാവുമെന്നും ഏജ് ഓവറായതുകൊണ്ട് പുതുതലമുറയുടെ ആവശ്യങ്ങള്‍ ടീച്ചര്‍ക്ക് അനാവശ്യമാണെന്നു തോന്നുന്നതാണെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ സ്ത്രീപക്ഷ രാഷ്ട്രീയം 90 ഡിഗ്രി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നവരുടെ രോഷം മറ്റൊരു വഴിക്കാണ്. മൊബൈല്‍ ഫോണ്‍ ഉള്ള പെണ്‍കുട്ടികള്‍ വഴി തെറ്റിപ്പോവുമെന്നും മിസ്ഡ് കോള്‍ വഴി പെണ്‍കുട്ടികള്‍ ചീത്തയായിപ്പോവുമെന്നും പറയാന്‍ മാത്രം സ്ത്രീവിരുദ്ധയാണോ ടീച്ചര്‍ എന്നാണ് അവര്‍ ചോദിക്കുന്നത്.

പ്രധാനമായും ടീച്ചറുടെ അഭ്യര്‍ഥന കേരളത്തിലെ പൊതുസമൂഹത്തോടുള്ളതായിരുന്നില്ല. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കുമ്പോഴാണ് ടീച്ചര്‍ ഇക്കാര്യം പറഞ്ഞത്. അതായത് പെണ്‍പള്ളിക്കൂടത്തിലെ വിദ്യാര്‍ഥികളുടെ അമ്മമാരോടാണ് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങിക്കൊടുക്കരുതെന്നു ടീച്ചര്‍ പറഞ്ഞത്. ഇന്ത്യയിലും വിദേശത്തും സ്‌കൂളുകള്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് പ്രോല്‍സാഹിപ്പിക്കുന്നതായി കേട്ടിട്ടില്ല എന്നു മാത്രമല്ല, പല സ്‌കൂളുകളും ഫൈനും ഇടാക്കാറുണ്ട്. പിന്നെ ഏതു സാഹചര്യത്തിലാണ് സൂഗതകുമാരി ടീച്ചര്‍ പറഞ്ഞത് വിവരക്കേടായി മാറുന്നത് എന്നു മനസ്സിലാവുന്നില്ല. ഇനി ടീച്ചറെ വിമര്‍ശിക്കുന്നവരില്‍ എത്ര പേര്‍ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും അത് സ്വതന്ത്രമായി യഥേഷ്ടം ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും ചെയ്യും ?

ഫെമിനിസ്റ്റുകളുടെയും അവരുടെ ആരാധകരുടെയും പ്രശ്‌നം ഇതൊന്നുമല്ല. മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ വഴിപിഴച്ചുപോകാന്‍ സാധ്യത ഏറെയാണ് എന്നു പറയാന്‍ ടീച്ചര്‍ക്കെങ്ങനെ ധൈര്യം വന്നു എന്നാണ് അവര്‍ ചോദിക്കുന്നത്. അങ്ങനെ പറയുന്നതിലൂടെ ടീച്ചര്‍ ഈ പെണ്‍കുട്ടികളുടെ ധാര്‍മികബോധത്തെ അവഹേളിക്കുകയും അവരുടെ സ്ത്രീസത്തയെ കരിവാരിതേക്കുകയും ചെയ്തു എന്നാണ് പ്രധാന ആരോപണം. നൂറുകണക്കിനു പെണ്‍കുട്ടികള്‍ വല്ലവരുടേയും കൂടെപ്പോയി അകാലത്തില്‍ ഗര്‍ഭമുണ്ടാക്കുകയും, അപ്രത്യക്ഷരാവുകയും, ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന കേരളത്തില്‍ അതിന്റെയൊന്നും മൂലകാരണങ്ങള്‍ അറിയാതെ ദൈനംദിനം ഇത്തരം പ്രശ്‌നങ്ങളിലിടപെടുന്ന സുഗതകുമാരി ടീച്ചര്‍ നല്‍കിയ മുന്നറിയിപ്പിനെതിരെ പൊട്ടിത്തെറിക്കുന്ന ഫെമിനിസ്റ്റുകള്‍ക്കും ഭക്തന്‍മാര്‍ക്കും നല്‍കാന്‍ മുഖമടച്ചൊരാട്ട് മാത്രമേ ബാക്കിയുള്ളൂ.

ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ലാതെ, ആണുങ്ങളെ ഡാ മയിരേ എന്നു വിളിക്കുന്നത് വിപ്ലവമാണെന്നറിയാതെ, വിഹ്വലതകളുള്ള മനസ്സുകളുമായി ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ ഈ നാട്ടില്‍ ജീവിക്കുന്നുണ്ട്. കൗമാരപ്രായത്തില്‍ അവര്‍ക്കു വേണ്ടത് മൊബൈല്‍ ഫോണുകളല്ല, അമ്മയുടെ സ്‌നേഹവും കൈത്താങ്ങും അച്ഛന്റെ കരുത്തിന്റെ തണലുമാണ് എന്നറിയാവുന്ന കേരളത്തിലെ അപൂര്‍വം സാംസ്‌കാരികനേതാക്കളിലൊരാളാണ് സുഗതകുമാരി ടീച്ചര്‍. അവരുടെ അപേക്ഷ എല്ലാവരും ചെവിക്കൊള്ളണമെന്നില്ല, പക്ഷെ അവരെ തിരുത്താന്‍ മാത്രം ലോകപരിചയമുള്ളവരാണ് തങ്ങളെന്നു വിശ്വസിച്ചുകൊണ്ട് വിവരക്കേടുകള്‍ ആധികാരികമായി അവതരിപ്പിക്കുന്നത് മ്ലേച്ഛമാണ്.

മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്താല്‍ പെണ്‍കുട്ടികള്‍ വഴി തെറ്റിപ്പോവും എന്ന പ്രസ്താവനയെ രാജ്യാന്തരനിലവാരത്തില്‍ വച്ചു വിലയിരുത്തതുകൊണ്ടാണ് പലര്‍ക്കും തെറ്റു പറ്റിപ്പോവുന്നത്. കേരളത്തില്‍ സംഭവിക്കുന്നത് എന്താണെന്നു പോലും അറിയാത്തവര്‍ അമേരിക്കയിലെയും ജപ്പാനിലെയും ദുബായ്‌ലിയെും പെണ്‍കുട്ടികളെപ്പോലെയാണ് കേരളത്തിലെ പെണ്‍കുട്ടികള്‍ എന്നു വിചാരിക്കുന്നത് വിഡ്ഡിത്തമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്താലും എന്റെ മകള്‍ വഴി തെറ്റില്ല എന്ന് ഒരച്ഛന് ഉറച്ചു പറയാന്‍ കഴിയുമെങ്കില്‍ അത് നല്ലതാണ്. എന്നാല്‍, മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്താല്‍ ഒരു പെണ്‍കുട്ടിയും വഴി തെറ്റില്ല എന്നു പറയാന്‍ അവര്‍ക്കാവില്ല. കേരളത്തില്‍ വഴി തെറ്റിപ്പോവുന്ന അഥവാ ചൂഷണങ്ങള്‍ക്കിരയായി ജീവിതം നശിച്ചുപോവുന്ന പെണ്‍കുട്ടികള്‍ 95 ശതമാനവും കുരുങ്ങുന്ന ചൂണ്ട മൊബൈല്‍ ഫോണ്‍ ആണെന്നത് കേരളാ പൊലീസിന്റെ കേസ് ഡയറികളില്‍ നിന്നു തന്നെ വ്യക്തമാണ്. ടീച്ചര്‍ പറയുന്നത് യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. തിയറികളിലൂടെ വിപ്ലവം സൃഷ്ടിക്കാമെന്നു കരുതുന്നവര്‍ക്ക് അത് മനസ്സിലാകണം എന്നു നിര്‍ബന്ധമില്ല.

സ്ത്രീസ്വാതന്ത്ര്യം വലിയൊരു സംഭവം തന്നെയാണ്. എന്നാല്‍, അതിനെക്കാള്‍ പ്രധാനമാണ് സ്ത്രീസുരക്ഷ. ഫെമിനിസ്റ്റുകളെന്നു സ്വയം വിളിച്ച് വല്ലവരുടെയും പെണ്‍മക്കളെ പുകവലിക്കാനും തെറിവിളിക്കാനും പഠിപ്പിക്കുന്നത് സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍പ്പിടിക്കലല്ല. മിസ്ഡ് കോളുകള്‍ വഴി പെണ്‍കുട്ടികളെ വളച്ചെടുത്തുകൊണ്ടുപോയി ദുരുപയോഗിക്കുന്ന മാഫിയകള്‍ കേരളത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ച് അവര്‍ പ്ലസ് ടു പാസ്സാകും വരെയെങ്കിലും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാതിരിക്കുക എന്നത് മാതൃകാപരമായ തീരുമാനമാണ്. മറ്റുള്ളവരുടെ പെണ്‍മക്കള്‍ അജ്ഞാതരായ ആളുകളോടൊപ്പം അപ്രത്യക്ഷരാകുന്ന വാര്‍ത്തകള്‍ വായിച്ച് നെടുവീര്‍പ്പിടാന്‍ നല്ല രസമാണ്. എട്ടാം ക്ലാസ്സിലും ഒന്‍പതാം ക്ലാസ്സിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് എല്ലാവരും ആത്മഹത്യ അഭിനയിച്ചു കാണിക്കുന്നതുകൊണ്ടല്ല. പലരുടെയും മൊബൈല്‍ ഫോണ്‍ ഹിസ്റ്ററികള്‍ക്ക് ഞെട്ടിക്കുന്ന കഥകള്‍ പറയാനുണ്ട്. യാഥാര്‍ഥ്യം അംഗീകരിച്ചില്ലെങ്കിലും അതിനെ നിസ്സാരവല്‍ക്കരിക്കാന്‍ നോക്കരുത്.

കുറിപ്പ്: സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ള എല്ലാ കുട്ടികളും ഫോണില്‍ നിന്നു ടീച്ചറെ വിളിച്ച് ഡൗട്ട്‌സ് ക്ലിയര്‍ ചെയ്യുകയും സഹപഠികളെ വിളിച്ച് നോട്ടു ചോദിക്കുകയും സംശയമുള്ള പാഠഭാഗങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുകയും മാത്രമാണ് ചെയ്യാറുള്ളത് എന്നു വിശ്വസിക്കുന്നവരേ- നിങ്ങളുടെ നിഷ്‌കളങ്കതയ്ക്ക് ഒരു പൂച്ചെണ്ട് !

കോഴിക്കോട് ജയിലിന് സോഷ്യല്‍ മീഡിയ അവാര്‍ഡ്

ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജയില്‍ എന്ന പദവി നേടിയ കോഴിക്കോടിന് ജില്ലാ ജയിലിന് യുനെസ്‌കോയും ആംനെസ്റ്റിയും ചേര്‍ന്നു നല്‍കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഫോര്‍ ദി അപ്ബ്രിങ്ങിങ് ഓഫ് ദി ഡൗണ്‍ട്രൊഡ്ഡെന്‍ പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ. പരിഷ്‌കൃത രാജ്യങ്ങളില്‍ പോലും തടവുപുള്ളികള്‍ക്ക് ജയിലിനുള്ളില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാതിരിക്കെ, സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ജയിലിനുള്ളില്‍ കൂളിങ് ഗ്ലാസും ബെര്‍മുഡയുമിട്ട് ഫോട്ടോഷൂട്ട് നടത്താനുമൊക്കെ സാഹചര്യങ്ങളൊരുക്കുകയും ചെയ്തതുള്‍പ്പെടെയുള്ള മികവുകളാണ് കോഴിക്കോട് ജില്ലാ ജയിലിനെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വരുന്ന ചിങ്ങത്തില്‍ പോളണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ലോകമെങ്ങുമുള്ള മര്‍ദ്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങി വച്ച മഹത്തായ പ്രസ്ഥാനമാണ് ഫെയ്‌സ്ബുക്ക്. ടിപി ചന്ദ്രശേഖരന്‍ കേസിലെ ജീവിക്കുന്ന രക്തസാക്ഷികളായ സുനിയേട്ടനും മറ്റും കല്‍ത്തുറുങ്കില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ തങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിപ്രഭാവവും ലോകത്തോടു പങ്കുവച്ചത് ഫെയ്‌സ്ബുക്കിന്റെ ജനപ്രീതിയുടെയും സാമൂഹികപരിഷ്‌കരണപ്രവര്‍ത്തനങ്ങളുടെയും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിറിയയിലും ഈജിപ്തിലും നടന്ന സോഷ്യല്‍ മീഡിയ വിപ്ലവങ്ങള്‍ സമൂഹത്തില്‍ നിന്നും സ്വതന്ത്രരായ ജനവിഭാഗങ്ങള്‍ മുന്‍കൈയെടുത്തതായിരുന്നെങ്കില്‍ ജയിലറയ്ക്കുള്ളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലൊരു വിപ്ലവം ചരിത്രത്തിലാദ്യമാണെന്നും ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ഫെയ്‌സ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കിന്റെ പ്രാദേശിക ഓഫിസ് കണ്ണൂരില്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.

പണ്ട് കംപ്യൂട്ടര്‍ ഗോ ബാക്ക് വിളിച്ച ആളുകളുടെ അനുയായികള്‍ ഇപ്പോള്‍ ജയിലിനുള്ളില്‍ നിന്നു വരെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ് കാലഘട്ടത്തിലെ ഏറ്റവും വലിയ വിപ്ലവം എന്നു റഷ്യയില്‍ നിന്നു ടൂറിസ്റ്റ് വീസയിലെത്തിയ സാഷ ഫക്ക്യേനോവ് കൊച്ചിയില്‍ പറഞ്ഞു. ടിപി കേസിലെ രക്തസാക്ഷികള്‍ എന്ന നിലയില്‍ കൊടി സുനിയേട്ടനും മറ്റും ഫെയ്‌സ്ബുക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ഖേദകരമാണെന്നും ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ലിങ്ക്ട് ഇന്‍, ഇന്‍സ്റ്റഗ്രാം, പിന്ററസ്റ്റ് തുടങ്ങിയ മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലേക്കും വൈകാതെ എത്തണമെന്നും അതാത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗൂഗിള്‍ പ്ലസില്‍ വരികയാണെങ്കില്‍ ഹാങ് ഔട്ടിലൂടെ ഇവര്‍ക്ക് ജയിലില്‍ നിന്നും പുറംലോകവുമായി നേരില്‍ കണ്ട് സംസാരിക്കാം. ആരാധകര്‍ക്കു ദര്‍ശനം നല്‍കാനും അണികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനുമൊക്കെ ഇത് സഹായകമായിരിക്കും. ലോകത്തെ ഏറ്റവും വലിയ പ്രൊഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ലിങ്ക്ട് ഇന്നില്‍ വരികയാണെങ്കില്‍ പുതിയ ക്വട്ടേഷന്‍ ഓഫറുകളും മറ്റും ലഭിക്കാന്‍ എളുപ്പമുണ്ട്. ഫെയ്‌സ്ബുക്കില്‍ ഇട്ടമാതിരിയുള്ള ആരെയും ഹഠാദാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണെങ്കില്‍ ഫെസ്ബുക്കിനെക്കാള്‍ നല്ലത് ഇന്‍സ്റ്റഗ്രാം ആണ്.

അതേ സമയം, ലോകത്തിനു തന്നെ മാതൃകയാവുന്ന തരത്തില്‍ കോഴിക്കോട് ജയിലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും ജയിലില്‍ ഫെയ്‌സ്ബുക്ക് വിപ്ലവത്തിനു നാന്ദി കുറിച്ച തടവുകാരായ രക്തസാക്ഷികളെ പൂജപ്പുര ജയിലിലേക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഊളമ്പാറയിലേക്കും സ്ഥലം മാറ്റാന്‍ നടക്കുന്ന ശ്രമങ്ങള്‍ സാമൂഹികപുരോഗതിയെ പിന്നോട്ടു വലിക്കുന്നതും മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതിനും തുല്യമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ വടിവാള്‍ വേലുക്കുട്ടി അഭിപ്രായപ്പെട്ടു. താലിബാന്‍കാരോടു പൊരുതി ജയിച്ച മലാലയ്ക്കു തുല്യരായി കുലംകുത്തിയായ ടിപി ചന്ദ്രശേഖരന്റെ ചതിവില്‍ പെട്ടു രക്തസാക്ഷികളായ സുനിയേട്ടനെയും മറ്റും കാണുകയും അവരെ ആദരിക്കുകയും വേണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങളോടെ വിപ്ലവം പൂര്‍ണമായും വന്നു കഴിഞ്ഞതായി പഴയകാല വിപ്ലവനായകന്‍ കരിമ്പന കുട്ടപ്പന്‍ അഭിപ്രായപ്പെട്ടു. ജയിലറ ഞങ്ങള്‍ക്കു മണിയറയാണ് എന്നായിരുന്നു പഴയ മുദ്രാവാക്യം. ഇന്ന് മണിയറയെക്കാള്‍ മനോഹരമായ ആരെയും കൊതിപ്പിക്കുന്ന സ്ഥലമായി കോഴിക്കോട് ജില്ലാ ജയില്‍ മാറിക്കഴിഞ്ഞു. ഇത് തങ്ങളാഗ്രഹിക്ക വിപ്ലവം വന്നു ചേര്‍ന്നു എന്നതിന്റെ തെളിവാണെന്നും കുട്ടപ്പന്‍ സൂചിപ്പിച്ചു.

പുതിയ സാഹചര്യത്തില്‍ തിഹാര്‍ ജയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജയിലുകളില്‍ നിന്നുള്ള പ്രമുഖരടക്കമുള്ള ആയിരക്കണക്കിനു തടവുകാര്‍ കോഴിക്കോട് ജയിലിലേക്ക് സ്ഥലംമാറ്റത്തിന് അഭ്യര്‍ഥിച്ചതായി വിവിധ ജയിലുകളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സൂചനയുണ്ട്. കഴിഞ്ഞ ദിവസം ലോക്കപ്പില്‍ ഫാന്‍ ആവശ്യപ്പെട്ട് ബലാല്‍സംഗക്കേസിലെ പ്രതിയും മുന്‍ തെഹല്‍ക്ക മുതലാളിയുമായ തരുണ്‍ തേജ്പാല്‍ കോഴിക്കോട് ജയിലിലേക്കു തന്നെ മാറ്റുകയാണെങ്കില്‍ മൂന്നോ നാലോ വട്ടം ബലാല്‍സംഗം ചെയ്തതായി സമ്മതിക്കാം എന്നു പറഞ്ഞതായും സൂചനയുണ്ട്. വിദേശരാജ്യങ്ങളിലുള്ള രാജ്യാന്തരതടവുകാരും കോഴിക്കോട് ജയിലിലേക്കു മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.

നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് എത്ര കാരറ്റ് ?

തരുണ്‍ തേജ്പാലില്‍ നിന്നു നേരെ എളമരം കരീമിലേക്കുള്ള നിര്‍ഭയപത്രപ്രവര്‍ത്തനത്തിന്‍െ ജൈത്രയാത്രയ്ക്കിടയില്‍ മലബാര്‍ ഗോള്‍ഡും സ്വര്‍ണക്കള്ളക്കടത്തും ഉള്‍പ്പെടുന്ന ഒരു വലിയ വാര്‍ത്ത അപ്രത്യക്ഷമായത് കേരളത്തിലെ മാധ്യമരംഗത്ത് വലിയൊരു സംഭവമൊന്നുമല്ല. നിര്‍ഭയ പത്രപ്രവര്‍ത്തനം എന്നാല്‍ അലവലാതികളും അസംഘടിതരുമായ വായനക്കാരെ ഭയപ്പെടാതിരിക്കുകയും പരസ്യം തരുന്ന മുതലാളിമാരുടെ ആസനം കഴുകിക്കൊടുക്കുകയും ചെയ്യുക എന്നാണെന്നാണ് ന്യൂമീഡിയക്കാര്‍ നിര്‍വചിക്കുന്നത്. കോട്ടും സ്യൂട്ടുമൊക്കെയിട്ട് രാഷ്ട്രീയക്കാരെ വിചാരണ ചെയ്യുന്ന ചാനല്‍പ്പുലികള്‍ ആ സ്യൂട്ട് ഊരിക്കഴിഞ്ഞാല്‍ അരച്ചാണ്‍ വയറിനു വേണ്ടി വീരന്മാരായി അഭിനയിക്കുന്ന ലോക്കല്‍ മല്ലു ഭീരുക്കളാണ് എന്നു നമുക്കും അറിയാം.

കള്ളക്കടത്തു സ്വര്‍ണവുമായി ഒരു ബന്ധവും തങ്ങള്‍ക്കില്ല എന്നും തങ്ങളുടേത് പരിശുദ്ധമായ കച്ചവടമാണെന്നും കഴിഞ്ഞ ദിവസം മലബാര്‍ ഗോള്‍ഡ് മുതലാളി പത്രസമ്മേളനത്തില്‍ പറഞ്ഞത് മിക്കവാറും മാധ്യമങ്ങളില്‍ വന്നിരുന്നു. അതിന് ഇയാള്‍ക്ക് സ്വര്‍ണക്കള്ളകടത്തുകാരുമായി ബന്ധമുണ്ടെന്ന് ആരു പറഞ്ഞു എന്നാണ് ആ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയത്. മലബാര്‍ ഗോള്‍ഡ് കള്ളക്കടത്തു സ്വര്‍ണം വാങ്ങിച്ചിട്ടുണ്ടെന്നുള്ള മുക്കിയ വാര്‍ത്ത മുതല്‍ മലബാര്‍ ഗോള്‍ഡിന്റെ അടിത്തറ തന്നെ പണിതുയര്‍ത്തിയിരിക്കുന്നത് കള്ളക്കടത്തു സ്വര്‍ണത്തിലാണെന്ന എതിരാളികളുടെ ആരോപണം വരെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോഴാണ് നിര്‍ഭയപത്രപ്രവര്‍ത്തനം പ്രാബല്യത്തിലുള്ളതു കൊണ്ടാണ് മലബാര്‍ ഗോള്‍ഡിനെതിരായ വാര്‍ത്തകളില്‍ മഷി പുരളാത്തതെന്നും വീറോടെ വിചാരണ ചെയ്യുന്ന ചാനലുകളിലൊന്നും ഈ വഷയം വാര്‍ത്തയാവാത്തതെന്നും മനസ്സിലായി.

ഇപ്പോള്‍, മലബാര്‍ ഗോള്‍ഡും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ മുഖംമൂടി വലിച്ചെറിയുകയാണെന്നും ഈ നവമാധ്യമങ്ങളാണ് കേരളത്തിലെ ജനങ്ങളിലേക്ക് സത്യമെത്തിക്കുന്നതെന്നും എന്നു വരെ എത്തി നില്‍ക്കുകയാണ്. ഇത് മറ്റു രാജ്യങ്ങളില്‍ സംഭവിച്ചിട്ടുള്ള കാലോചിതമായ ഒരു മാറ്റത്തിന്റെ ഭാഗമാണ്. നവമാധ്യമങ്ങള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ സാമൂഹികപ്രതിബദ്ധത കൂടുതലുള്ളതു കൊണ്ടോ മുഖ്യധാരാമാധ്യമങ്ങള്‍ നവമാധ്യമങ്ങളെക്കാള്‍ സാമൂഹികപ്രതിബദ്ധത കുറഞ്ഞവരായതുകൊണ്ടാണെന്നോ എനിക്കഭിപ്രായമില്ല. രണ്ടിന്റെയും സെറ്റപ്പ് രണ്ടു തരത്തിലാണ് എന്നതുകൊണ്ടാണിങ്ങനെ. ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് നവമാധ്യമങ്ങളുടെ ആവേശത്തിന് ഒരു മുഴം മുന്‍പേ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കേരളത്തിലെ പത്രങ്ങളും ചാനലുകളും കാലഹരണപ്പെടുന്നതിന്റെ സൂചനകള്‍ വൈകാതെ കണ്ടു തുടങ്ങും.

മലബാര്‍ ഗോള്‍ഡിനെിരായി വാര്‍ത്ത കൊടുക്കാന്‍ അപാരമായ ധൈര്യം വേണമെന്നോ വാര്‍ത്ത കൊടുക്കാത്ത മാധ്യമങ്ങള്‍ക്കൊക്കെ മലബാര്‍ ഗോള്‍ഡിനെ പേടിയാണെന്നോ ഒക്കെയാണ് പലരും കരുതിയിരിക്കുന്നത്. കാര്യങ്ങള്‍ അങ്ങനെയല്ല. ഇന്ത്യയിലെ പത്രങ്ങളും ചാനലുകളും അവരുടെ പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നത് പ്രധാനമായും പരസ്യങ്ങളില്‍ നിന്നാണ്. അതായത് നമ്മളീ കാണുന്ന ന്യൂസ് ചാനലുകളൊന്നും പേ ചാനലുകളല്ല. മറ്റു രാജ്യങ്ങളിലെപ്പോലെ ഒരു ദിവസത്തെ പത്രത്തിന് നമ്മള്‍ 50 രൂപ മുടക്കാനും പോകുന്നില്ല.

മാധ്യമസ്ഥാപനങ്ങള്‍ സത്യം ലോകത്തോടു വിളിച്ചു പറയാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ധര്‍മസ്ഥാനങ്ങളാണ് എന്നതൊരു തെറ്റിദ്ധാരണയാണ്. മറ്റെല്ലാ കമ്പനികളെയും പോലെ അവര്‍ക്കും ലാഭമുണ്ടെങ്കിലേ പ്രവര്‍ത്തിക്കാനൊക്കൂ. അവര്‍ക്കു ലാഭമുണ്ടാകുന്നത് മലബാര്‍ ഗോള്‍ഡ് പോലുള്ള കമ്പനികള്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിനു രൂപയുടെ പരസ്യം കൊടുക്കുമ്പോഴാണ്. മലബാര്‍ ഗോള്‍ഡിനെതിരായി ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ ഇരിക്കുന്ന കൊമ്പ് തന്നെയാണ് മുറിക്കുന്നത് എന്നു ചുരുക്കം. വാര്‍ത്ത കൊടുത്തതില്‍ പ്രതിഷേധിച്ച് ഭാവിയില്‍ കൊടുക്കാനുള്ള മുഴുവന്‍ പരസ്യങ്ങളും പിന്‍വലിക്കാം. ഇനി സ്ഥാപനത്തിന്റെ വളര്‍ച്ചയെ കേസ് ബാധിച്ചാലോ അതും പരസ്യങ്ങള്‍ കുറയ്ക്കും. നിര്‍ഭയപത്രപ്രവര്‍ത്തനത്തിലെ ഭീരുത്വം എന്നാല്‍ ഇത്രയേയുള്ളൂ.

മറ്റൊന്ന് മലബാര്‍ ഗോള്‍ഡിനെതിരായി വാര്‍ത്ത കൊടുത്ത മാധ്യമങ്ങളുടെ ധീരതയാണ്. മലബാര്‍ ഗോള്‍ഡിനെതിരായുള്ള വാര്‍ത്ത ആവശേപൂര്‍വം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ ഒറ്റ കാരണമേയുള്ളൂ. 1. മലബാര്‍ ഗോള്‍ഡ് അവര്‍ക്ക് പരസ്യം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ജ്വല്ലറി ഗ്രൂപ്പിനെ വിചാരണ ചെയ്യുമ്പോള്‍ ആവേശം ഇരട്ടിയാകും. ഞങ്ങള്‍ക്കു തരാതെ മറ്റവന്‍മാര്‍ക്കു മാത്രം പരസ്യം കൊടുക്കുമ്പോള്‍ നീയൊക്കെ ഓര്‍ക്കണമായിരുന്നടാ എന്നു മലബാര്‍ ഗോള്‍ഡിനോടും പരസ്യം വാങ്ങിയ കാശ് കീശേലിട്ടോണ്ടിരിക്കുന്ന നിന്നെയൊക്കെ തീര്‍ക്കുമെടാ എന്നു പരസ്യം വാങ്ങിയ മാധ്യമങ്ങളോടും ആക്രോശിക്കുന്നതാണ് വാര്‍ത്ത കൊടുക്കുന്ന ഏതാനും മാധ്യമങ്ങളുടെ സാമൂഹികപ്രതിബദ്ധത എന്നതാണ് സത്യം. മലബാര്‍ ഗോള്‍ഡിന്റെ പരസ്യം വാങ്ങുകയും അത് പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം തന്നെ മലബാര്‍ ഗോള്‍ഡിനെതിരായ വാര്‍ത്ത കൊടുക്കുകയും ചെയ്യുന്നതിനെയാണ് നിര്‍ഭയ പത്രപ്രവര്‍ത്തനം നിഷ്പക്ഷ പത്രപ്രവര്‍ത്തനം എന്നൊക്കെ വിളിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റെ പരസ്യം കിട്ടാത്ത മാധ്യമങ്ങള്‍ പരസ്യം കിട്ടിയിട്ടുള്ള മാധ്യമങ്ങളെയും മലബാര്‍ ഗോള്‍ഡിനെയും തെറിവിളിക്കുന്നതും പരസ്യം കിട്ടിയ മാധ്യമങ്ങള്‍ മിണ്ടാതിരിക്കുന്നതും മാധ്യമപ്രവര്‍ത്തകന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഒരുപോലെയാണ്.

എന്നാല്‍, ജനങ്ങളുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോള്‍ ഇത് കടുത്ത അനിതീയാണ്. അറിയാനുള്ള അവകാശത്തിനു വില പറയുന്ന മാധ്യമസംസ്‌കാരം അപകടകരവുമാണ്. കാശും സ്വാധീനവുമുള്ളവര്‍ക്ക് സമൂഹത്തില്‍ എന്തുമാവാം എന്നു മാധ്യമങ്ങള്‍ ധാര്‍മികരോഷം കൊള്ളുമ്പോഴും ഈ മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുന്നത് കാശും സ്വാധീനവുമുള്ളവര്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമ്പോഴാണ് എന്നത് വിസ്മരിക്കരുത്. എപ്പോഴും സര്‍ക്കാരിനെയും നിയമപാലകരെയും കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇതുപോലുള്ള വിഷയങ്ങളില്‍ നിശബ്ദത പാലിക്കുമ്പോള്‍ നടപടിയെടുക്കുന്ന നിര്‍ഭയരായ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഇക്കാണുന്ന മാധ്യമങ്ങളൊക്കെ നിസ്സാരമായി മാറുകയാണ്. മലബാര്‍ ഗോള്‍ഡിനെതിരെ നടപടിയെടുത്തു എന്ന വാര്‍ത്ത കൊടുക്കുന്നവര്‍ പരസ്പരം അഭിനന്ദിക്കുമ്പോള്‍ തികച്ചും നിര്‍ഭയരായി അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ മറന്നു പോകുന്നു എന്നത് കഷ്ടമാണ്. നിര്‍ഭയപത്രപ്രവര്‍ത്തനം ഒരു തമാശയാണ്. സ്വര്‍ണക്കള്ളക്കടത്തു അന്വേഷിച്ചു തെളിയിച്ചതു തങ്ങളാണെന്നു വീമ്പു പറയുന്ന ഓണ്‍ലൈന്‍ പത്രങ്ങളെയല്ല, ഇത് കണ്ടെത്തുകയും കിലോക്കണക്കിനു സ്വര്‍ണം പിടിച്ചെടുക്കുകയും ഇവിടം വരെ അന്വേഷിച്ചെത്തുകയും ചെയ്ത നിര്‍ഭയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അന്വേഷകരെയുമാണ് അഭിനന്ദിക്കേണ്ടത്. അവരുടെ നിര്‍ഭയകൃത്യനിര്‍വഹണത്തിനാണ് സല്യൂട്ട് നല്‍കേണ്ടത്.

+1: കള്ളക്കടത്തുകാരുടെ ഫഌറ്റില്‍ കഥ ചര്‍ച്ച ചെയ്യാന്‍ പോയ ഇടവെള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആഘോഷിച്ച മാധ്യമങ്ങള്‍ കള്ളക്കടത്തുകാരുടെ സ്വര്‍ണം വാങ്ങിയ മലബാര്‍ ഗോള്‍ഡിന്റെ പ്രചാരകരായ കരീന കപൂര്‍, മോഹന്‍ലാല്‍ തുടങ്ങിയ ഒരു ലോഡ് താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാന്‍ കൗതുകമുണ്ട്.

സോഷ്യല്‍ മീഡിയ സ്റ്റാര്‍ സിംഗര്‍

സിനിമയില്‍ പാടാനവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന റിയാലിറ്റി ഷോകളിലെ ചീഞ്ഞുനാറിയ നാടകങ്ങളും വോട്ടിങ് തട്ടിപ്പുകളും ഒരു വര്‍ഷത്തോളം നീളുന്ന ടാം റേറ്റിങ് മല്‍സരവും പിന്നെയൊരു പതിനായിരം പരസ്യങ്ങളുമില്ലാതെ സാധാരണക്കാരായിയായ ഒരു ചന്ദ്രലേഖയെ സിനിമാ പിന്നണിഗായികയാക്കിയ സോഷ്യല്‍ മീഡിയയ്ക്ക് ഒരു സല്യൂട്ട്. പാട്ടിനൊപ്പം നൃത്തം ചെയ്യാതെ, സംഗതികള്‍ എണ്ണിത്തികയ്ക്കാതെ, ജഡ്ജസിനു മുന്നില്‍ അടിമയെപ്പോലെ നില്‍ക്കാതെ, എസ്എംഎസുകള്‍ക്കായി യാചിക്കാതെ, ഒരേയൊരു പാട്ടു മാത്രം പാടി കിരീടം ചൂടിയ ചന്ദ്രലേഖയുടെ വിജയം സോഷ്യല്‍ മീഡിയയുടെ വിജയകഥകളോടൊപ്പം എഴുതിച്ചേര്‍ക്കാം. സംവിധായകരും തിരക്കഥാകൃത്തുക്കളും പരസ്യക്കമ്പനികളുമില്ലാത്ത സോഷ്യല്‍ മീഡിയ റിയാലിറ്റി ഷോയെക്കാള്‍ റേറ്റിങ് മറ്റൊന്നിനുമുണ്ടാവില്ല.

ചന്ദ്രലേഖ ഒരു പ്രതീകമാണ്. കൂട്ടായ പരിശ്രമത്തിന്റെ, പൊതുവികാരത്തിന്റെ, അറിഞ്ഞോ അറിഞ്ഞാതെയോ നല്ലതിനെ അംഗീകരിച്ചുപോകുന്ന മനസ്സിന്റെ ഒക്കെ പ്രവര്‍ത്തനഫലമാണ് ചന്ദ്രലേഖ നേടിയ വിജയം. മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ പാടിയ ചന്ദ്രലേഖയും അത് ചിത്രീകരിച്ചു യു ട്യൂബിലിട്ട ബന്ധുവും ആ വിഡിയോ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്ത പതിനായിരങ്ങളും ഈ ചലനം വാര്‍ത്തയാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇത് ശ്രദ്ധിച്ച് ഈ പുതുമുഖത്തിന് അവസരം നല്‍കിയ ചലച്ചിത്രപ്രവര്‍ത്തകരും എല്ലാം ചന്ദ്രലേഖയെ സൃഷ്ടിച്ചവരാണ്. എല്ലാറ്റിനുമുപരിയായി മുകളില്‍ ഒരാളുണ്ട് എന്നു വിശ്വസിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയെ അദ്ദേഹം സമര്‍ഥമായി ഉപയോഗിക്കുന്നു എന്നും വിശ്വസിക്കാം.

എടുത്തുകെട്ടുകളും നാട്യങ്ങളും കൊണ്ട് മുഖരിതമായ ചാനല്‍ റിയാലിറ്റി ഷോകളില്‍ ലക്ഷങ്ങള്‍ ചെലവിട്ടു പങ്കെടുക്കുന്നവരും എസ്എംഎസുകള്‍ക്കായി ഭിക്ഷ യാചിക്കുന്നവരും ഏഴെട്ടുമാസത്തോളം നിത്യവും ടിവിയില്‍ കണ്ടിട്ടും അവരൊന്നും എവിടെയും എത്താതെ പോകുന്നതും വിസ്മരിക്കപ്പെട്ടുപോകുന്നതും എന്തുകൊണ്ടാണ് എന്ന് മാധ്യമങ്ങള്‍ പഠിച്ചുതുടങ്ങേണ്ട സമയം ആയിരിക്കുന്നു. പാട്ടിലെ സംഗതി അളന്നു നോക്കുന്ന സംഗീതഗുരുക്കന്‍മാരുടെ അഹന്തയെക്കാള്‍ കേട്ട് ഇഷ്ടപ്പെട്ട പാട്ട് ഷെയര്‍ ചെയ്യുന്ന ജനക്കൂട്ടത്തിന്റെ നിഷ്‌കളങ്കതയാണ് വലുത് എന്നത് പാട്ടുകാര്‍ക്കും ഗുരുക്കന്‍മാര്‍ക്കമുള്ള പാഠമാണ്. ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന മെലോഡ്രാമയെക്കാള്‍ മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ സ്വന്തം കുഞ്ഞിനെയുമെടുത്ത് പാടാനുള്ള റിയലിസത്തിനാണ് പ്രേക്ഷകരുടെ വോട്ട് എന്നത് റിയാലിറ്റി ഷോയുടെ തിരക്കഥയെഴുതുന്നവര്‍ക്കുള്ള പാഠം. ഒടുവില്‍, സോഷ്യലിസവും ജനാധിപത്യവും അല്‍പമെങ്കിലും അവശേഷിക്കുന്ന സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഉണ്ടാക്കാം എന്നു പറഞ്ഞ് കാശുതട്ടിക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങുകാര്‍ക്കുള്ള ഗുണപാഠമാണ് മൊത്തം സംഭവവികാസങ്ങളും. സത്യം, നിഷ്‌കളങ്കത, സുതാര്യത തുടങ്ങിയവയെക്കാള്‍ വൈറല്‍ ആവാന്‍ യോഗ്യതയുള്ള മറ്റൊന്നുമില്ല.

ചന്ദ്രലേഖയുടെ ടേക്ക് ഓഫ് കഴിഞ്ഞു. ഇനിയാണ് ഗായികയുടെ ഏറ്റവും കഷ്ടപ്പാടുള്ള കാലം. പാടുന്നത് സിനിമയിലാണെങ്കിലും സിനിമയില്‍ കാണുന്നതുപോലെ പാടുന്നതെല്ലാം ഹിറ്റായി ആറുമാസം കൊണ്ട് ചന്ദ്രലേഖ കോടീശ്വരിയാകുമെന്നൊന്നും കരുതാന്‍ വയ്യ. ശ്രേയ ഘോഷാലിനു നല്‍കാനിരുന്ന പാട്ടാണ് ചന്ദ്രലേഖയ്ക്ക് നല്‍കിയത് എന്നതു വച്ച് ശ്രേയാ ഘോഷാലിനെക്കാള്‍ മികച്ച ഗായികയാണ് ചന്ദ്രലേഖയെന്നും ഇതുവരെ മലയാളത്തില്‍ പാടിയവരൊന്നും ചന്ദ്രലേഖയോളം നല്ല പാട്ടുകാരായിരുന്നില്ലെന്നുമൊക്കെ ശ്രുതി മീട്ടുന്നുണ്ട് പലരും. സോഷ്യല്‍ മീഡിയയിലൂടെ ന്യൂജനറേഷന്‍ കൈപിടിച്ചുകൊണ്ടുവന്ന ചന്ദ്രലേഖയെ മെയിന്‍സ്ട്രീം മീഡിയയും ഓള്‍ഡ് ജനറേഷനും ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണിത്. ചന്ദ്രലേഖയുടെ നാട്ടില്‍ ഇനി ഫ്‌ളെക്‌സുകള്‍, സ്വീകരണങ്ങള്‍, ഉദ്ഘാടനങ്ങള്‍, സ്വപ്‌നത്തെക്കാള്‍ അമ്പരപ്പിക്കുന്ന മാറ്റമാണ് ജീവിതം ചന്ദ്രലേഖയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാതെ സോഷ്യല്‍ മീഡിയയെ കീഴടക്കി ലക്ഷ്യങ്ങളുടെ പരിധിക്കപ്പുറത്തുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ഈ ജനകീയഗാനകോകിലത്തിന്റെ മുന്നില്‍ ലക്ഷം ലൈക്കുകള്‍ വിലകൊടുത്തു വാങ്ങുന്ന താരറാണികള്‍ നിഷ്പ്രഭരാണ്. അതുകൊണ്ടു തന്നെ നല്ല പാട്ടുകാരുടെ പട്ടികയില്‍ എന്നും ഗായിക ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു.

ചന്ദ്രലേഖയുടെ ആദ്യ വിഡിയോ (Original)

ചന്ദ്രലേഖ സിനിമയ്ക്കു വേണ്ടി പാടുന്നു (റിപ്പോര്‍ട്ട്)

ചന്ദ്രലേഖയുടെ നന്ദി (ഫേസ്ബുക്ക്)

ന്റെ സിവനേ….

ന്യൂജനറേഷന്‍ സിനിമക്കാര്‍ മൊത്തത്തില്‍ കഞ്ചാവടിക്കാരാണെന്നാണ് ഓള്‍ഡ് ജനറേഷന്‍ സിനിമക്കാര്‍ പറയുന്നത്. ഓള്‍ഡ് ജനറേഷന്‍കാര്‍ അവരുടെ സിനിമകളില്‍ നായകന് ദൈവത്തിന്റെ പവറുകള്‍ നല്‍കിയും ക്ലൈമാക്‌സിലും മറ്റും നായകനെ ദൈവവുമായി താദാത്മ്യപ്പെടുത്തിയുമൊക്ക പ്രേക്ഷകര്‍ക്കു വിശ്വാസം പകര്‍ന്നിരുന്നെങ്കില്‍ പല ന്യൂജനറേഷന്‍ പടങ്ങളിലും ദൈവത്തിന്റെ സ്ഥാനത്തു കഞ്ചാവിനെയാണ് പ്രതിഷ്ഠിക്കുന്നത്. എല്ലാ ന്യൂജന്‍ പടങ്ങളും ഞാന്‍ കണ്ടിട്ടില്ല എങ്കിലും കണ്ടതില്‍ പകുതിയോളം സിനിമകളിലെയും നായകനുള്‍പ്പെടെയുള്ളവര്‍ കഞ്ചാവിനോട് വലിയ ബഹുമാനമുള്ളവരാണ്.

അടുത്തയാഴ്ച വരാനിരിക്കുന്ന ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡില്‍ കഞ്ചാവിന്റെ പങ്കെത്രയാണെന്നോ റോള്‍ എന്താണെന്നോ നമുക്കറിയില്ല. ഇടുക്കി ഗോള്‍ഡ് എന്നത് കഞ്ചാവിന്റെ അപരനാമങ്ങളിലൊന്നാണെന്നാണ് പലരും പറയുന്നത്. സിനിമയുടെ ട്രെയിലറിലും കഞ്ചാവിന് വളരെ മാന്യമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പുറത്തുവന്നു വിവാദമായ സിനിമയുടെ പോസ്റ്ററില്‍ സാക്ഷാല്‍ പരമശിവനും ചെഗുവേരയും കൂടിയിരുന്ന് കഞ്ചാവു പുകയ്ക്കുന്ന ചിത്രമാണ് ഉള്ളത്. ട്രെയിലറിലും ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചിരുന്ന ഇടുക്കി ഗോള്‍ഡിനെപ്പറ്റി പറയുന്നുമുണ്ട്.

കേരളത്തില്‍ എന്തെങ്കിലും ഒരു സംഗതി വിവാദമാകാന്‍ പ്രത്യേകിച്ച് കാരണങ്ങളുടെ ആവശ്യമില്ല. അത് ജാതി-മത-ദൈവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്ററില്‍ പരമശിവന്‍ കഞ്ചാവ് വലിക്കുന്നതായി കൊടുത്തത് മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് യാദൃച്ഛികമല്ല. കാരണം, ശിവഭക്തരെല്ലാം കഞ്ചാവുഭക്തരല്ല. കഞ്ചാവിനോട് ന്യൂജനറേഷന്‍കാര്‍ക്കുള്ള ഭക്തി പോസ്റ്റര്‍ കാണുന്ന മറ്റു ജനറേഷന്‍കാര്‍ക്കുണ്ടാവില്ല. കഞ്ചാവ് നിരോധിക്കപ്പെട്ട ലഹരിവസ്തുവാണ്. ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചു എന്നൊക്കെ വീമ്പടിച്ചിട്ടു കാര്യമില്ല, അഞ്ച് ഗ്രാമിലധികം കയ്യില്‍ പിടിച്ചാല്‍ പൊലീസ് പിടിച്ചോണ്ടുപോകും. അതുകൊണ്ട് കഞ്ചാവിന്റെ ജനകീയവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തല്‍ക്കാലം അത് സാധ്യമാവില്ല.

ഇനി ശിവനെ കഞ്ചാവിനോടൊപ്പം പോസ്റ്ററില്‍ കൊടുത്തതിന്റെ നീതിന്യായങ്ങള്‍ നോക്കാം. ആഷിക് അബു മുസ്ലിം ആയതുകൊണ്ട് ബോധപൂര്‍വം ശിവനെ അധിക്ഷേപിക്കാന്‍ വേണ്ടിയാണ് പോസ്റ്ററില്‍ അങ്ങനെ കൊടുത്തത് എന്നതാണ് പ്രധാനവ്രണിതവികാരവാദം. വ്യക്തിപരമായി എനിക്കാ വാദത്തോട് യോജിപ്പില്ല. എന്നാല്‍, അങ്ങനെയൊരു വാദമുന്നയിക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കാണാന്‍ ആഷിക് അബുവിനു സാധിച്ചില്ലെങ്കില്‍ അത് കഷ്ടമാണ്. വര്‍ഗീയവാദികളുടെ നാടാണ്, ആരോപണങ്ങള്‍ക്കു ജനറേഷന്‍ പരിഗണനകളുണ്ടാവില്ല.

ശിവന്‍ കഞ്ചാവു വലിച്ചിരുന്നു എന്നു ചരിത്രരേഖകള്‍ വച്ചു സാധൂകരിക്കാനും കഞ്ചാവ് കലര്‍ത്തിയ പാനീയം എവിടെയോ പ്രസാദമായി നല്‍കുന്നുണ്ടെന്നതിനാല്‍ പോസ്റ്ററില്‍ തെറ്റില്ല എന്നും പറഞ്ഞ് മറ്റൊരു കൂട്ടര്‍ ഇതിനെ ന്യായീകരിക്കാനും രംഗത്തുണ്ട്. രണ്ടു കൂട്ടരും തമ്മിലുള്ള വാദപ്രതിവാദം സ്വാഭാവികമായും മതസ്പര്‍ധയിലേക്കും ഇരുകൂട്ടരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതിലേക്കും ഒടുവില്‍ പച്ചത്തെറിയിലേക്കും എത്തുന്നതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. സ്ഥിതി പരിതാപകരം തന്നെ.

ഈ പോസ്റ്ററും പൊക്കിപ്പിടിച്ച് ശിവന്‍ കഞ്ചാവ് വലിച്ചിരുന്നോ എന്നു പരിശോധിച്ചു തെളിയിക്കാന്‍ പുറപ്പെട്ട സത്യാന്വേഷികള്‍ക്കു കൂപ്പുകൈ. ശിവനും ചെഗുവേരയും കഞ്ചാവ് വലിച്ചിരുന്നു എന്നു പുരാണത്തെയും ചരിത്രത്തെയും ഉദ്ധരിച്ചു തെളിയിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ അര്‍ഥം ഒരു സിനിമയുടെ പോസ്റ്ററില്‍ ഇരുവരെയും കഞ്ചാവു വലിക്കാരായി ചിത്രീകരിക്കാമെന്നല്ല. ഗാന്ധിജി സ്വന്തം കക്കൂസ് കഴുകിയിരുന്നു എന്നു ചരിത്രത്തില്‍ പറയുന്നുണ്ട് എന്നതു മുതലാക്കി ഗാന്ധിജി കക്കൂസ് കഴുകുന്നതായി ചിത്രീകരിച്ച് ക്ലോസറ്റ് കമ്പനി പരസ്യം കൊടുക്കുന്നതുപോലെയൊരു ആഭാസമാണ് ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്റര്‍. ഒഴിമാക്കാമായിരുന്നു.

ഇതൊന്നും മനസ്സിലാകാത്തവരോ ഉള്‍ക്കൊള്ളാനാകാത്തവരോ അല്ല മലയാളികള്‍. എന്നാല്‍ ഇതൊക്കെ വച്ച് മുതലെടുപ്പിനു ശ്രമിക്കുന്ന ആളുകള്‍ക്ക് ഇന്ധനമായി ഇത്തരത്തിലൊരു സൃഷ്ടി നടത്തേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഈ പോസ്റ്റര്‍ ഇറക്കിയവര്‍ വിവാദമൊക്കെ കണ്ട് ഭയപ്പെട്ടിരിക്കുകയാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. പടത്തിന്റെ മാര്‍ക്കറ്റിങ് തന്ത്രം വിജയിച്ചതിന്റെ ആഘോഷത്തിനായി എല്ലാവരും ഓരോ മൂലയ്ക്കിരുന്ന് ഇടുക്കി ഗോള്‍ഡ് ആഞ്ഞാഞ്ഞു വലിക്കുകയായിരിക്കും (ശിവനും ചെഗുവേരയുമൊക്കെ വലിച്ച സാധനം ഞങ്ങള്‍ കൈകൊണ്ടു തൊടില്ല എന്നു കൂടി പറയരുത്). പിന്നെ, ഒരു കലാകാരന്‍ തന്റെ കലാസൃഷ്ടിയെ ജനങ്ങളിലേക്കെത്തിക്കാന്‍ നിഷ്‌കളങ്കരായ ജനങ്ങളുടെ വര്‍ഗീയവികാരം ഇളക്കിവിടുന്നതില്‍ തെറ്റില്ല എന്നു കരുതുന്നുണ്ടെങ്കില്‍ അത് അയാളിലെ കലാകാരന്റെ നാശത്തിന്റെ തുടക്കമാവാനേ സാധ്യതയുള്ളൂ. അതിഭീകരമാം വിധം സാധാരണം എന്ന തലക്കുറിപ്പുള്ള ഒരു സിനിമയ്ക്കുവേണ്ടി ഇത്തരം പോസ്റ്ററുകളുണ്ടാക്കുന്നവരെ നോക്കി ആളുകളെ നോക്കി – ഡാ മ്ലേച്ഛാ! എന്നു ജനം വിളിച്ചാല്‍ അതൊരു അംഗീകാരമായി കാണേണ്ടതില്ല.

ഋഷിരാജ് സിങ്ങിന് ഒരു ഹെല്‍മെറ്റ് കത്ത്

മിസ്റ്റര്‍ ഋഷിരാജ് സിങ്,

രണ്ടാഴ്ച മുമ്പ് പ്രൈവറ്റ് ബസുകാരെ ഓടിച്ചു പിടിക്കുകയും അവന്‍മാരുടെ ലൈസന്‍സും പെര്‍മിറ്റും കട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ഞങ്ങളൊക്കെ അങ്ങയെ വാഴ്ത്തിപ്പാടിയിരുന്നു. അങ്ങാണ് ഞങ്ങളുടെ ഹീറോ എന്നു പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ഞങ്ങള്‍ ഓടി നടന്നു അങ്ങയുടെ പേരില്‍ ഫാന്‍പേജുകളുണ്ടാക്കി ചെയ്ത ലൈക്കുകള്‍ക്കു കണക്കില്ല. ഒരുവേള അങ്ങ് ലോകപ്രശസ്ത സിനിമാനടി നസ്രിയ നസീമിനെ തോല്‍പിച്ച് ഏറ്റവും കൂടുതല്‍ ലൈക്കുള്ള ഫെയ്‌സ്ബുക്ക് മലയാളി പട്ടം സ്വന്തമാക്കുമോ എന്നു പോലും ഞങ്ങള്‍ കരുതി. പക്ഷെ, അങ്ങായിട്ട് എല്ലാം തുലച്ചു. ആരാധകര്‍ ഇങ്ങനെ പെരുകിവരുന്ന സമയത്ത് അങ്ങ് ഞങ്ങള്‍ക്കു നേരേ തിരിഞ്ഞിരിക്കുന്നു. ഭീരുക്കളെപ്പോലെ ഹെല്‍മെറ്റ് വച്ച് ബൈക്കോടിക്കാന്‍ ഞങ്ങളെ കിട്ടില്ല സര്‍. ധീരന്‍മാര്‍ക്ക് ഒറ്റ മരണമേയുള്ളൂ.

ഇന്നും നാളെയുമായി അങ്ങയുടെ പേരിലുണ്ടാക്കിയ ഫാന്‍ പേജുകളെല്ലാം ഞങ്ങള്‍ അണ്‍ലൈക്ക് ചെയ്യും. പകരം വി ഹേറ്റ് ഋഷിരാജ് സിങ് എന്ന പേരില്‍ ഒരായിരം പേജുകളുണ്ടാക്കും. എന്നിട്ട് അതില്‍ ലൈക്ക് ചെയ്ത് ലൈക്ക് ചെയ്ത് സന്തോഷിക്കും. ഫാന്‍സിനെ വെറുപ്പിച്ചുകൊണ്ട് ഇവിടെ ആര്‍ക്കും ജീവിക്കാനാവില്ല സര്‍. മമ്മൂട്ടിയും മോഹന്‍ലാലും പോലും ഫാന്‍സിനെ പേടിച്ചാണ് ജീവിക്കുന്നത്. അപ്പോഴാണ് ശത്രുത സമ്പാദിക്കുമെന്നറിയാമായിരുന്നിട്ടും അങ്ങ് ഹെല്‍മെറ്റുമായി ഇറങ്ങിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളെ പുച്ഛിക്കരുത് സര്‍.

വീട്ടില്‍ നിന്നു പുറത്തായ ഹെല്‍മെറ്റ് കടക്കാരനായ കൂട്ടുകാരനു കാശുണ്ടാക്കാന് വേണ്ടി അങ്ങു നടത്തുന്ന ഈ ഹെല്‍മെറ്റ് നാടകം ഞങ്ങള്‍ക്കു മനസ്സിലാവില്ല എന്നാണ് കരുതിയതെങ്കില്‍ തെറ്റി, ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായിക്കഴിഞ്ഞു സര്‍. തട്ടത്തിന്‍ മറയത്ത് സിനിമ ഞങ്ങളും കണ്ടതാണ്. അതിലെ നിവിന്‍ പോളിയെ സഹായിക്കാന്‍ മനോജ് കെ.ജയന്‍ കളിച്ച അതേ കളിയാണ് അങ്ങു നടത്തുന്നതെന്ന് ഊഹിക്കാന്‍ ഐപിഎസിന്റെയൊന്നും ആവശ്യമില്ല. ഞങ്ങള്‍ ന്യൂജനറേഷന്‍ പ്രബുദ്ധമലയാളിയുവത്വമാണ് സര്‍. ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കണമെങ്കില്‍ അങ്ങു വീണ്ടും ജനിക്കേണ്ടി വരും.

ഈ വൈകിയ വേളയിലെങ്കിലും അങ്ങ് തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അങ്ങു പ്രൈവറ്റ് ബസുകളെയും ടിപ്പര്‍ ലോറികളെയും ഓട്ടോറിക്ഷകളെയും പിന്നെ വലിയ വലിയ മുതലാളിമാരുടെ വാഹനങ്ങളെയുമൊക്കെ വേട്ടയാടിക്കൊള്ളൂ. ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കാം. ഞങ്ങള്‍ക്കെതിരേ ചെറുവിരലനക്കരുത്. പ്രതിഷേധജ്വാലകള്‍ ആളിപ്പടരും. സാധാരണക്കാരായ ഞങ്ങളുടെ പിന്തുണയില്ലാതെ അങ്ങേയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഞങ്ങളെക്കൊണ്ട് ഹെല്‍മെറ്റ് വയ്പിക്കാനും സീറ്റ് ബെല്‍റ്റിടീക്കാനുമൊന്നും ശ്രമിക്കരുത്. അത് നടക്കില്ല എന്നു മാത്രമല്ല അതൊക്കെ അങ്ങേയറ്റം അനാവശ്യവുമാണ്. ഒന്ന്, ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ആവശ്യമില്ല. ശ്രദ്ധയാണ് ബൈക്കോടിക്കുമ്പോള്‍ ഏറ്റവും ആവശ്യമായി വേണ്ടത്. ഹെല്‍മെറ്റ് വച്ച് തലമൊത്തത്തിലും കണ്ണും കാതും വായും മൂടിക്കഴിഞ്ഞാല്‍ പിന്നെ എവിടെ എങ്ങനെ ശ്രദ്ധിക്കാനാണ് ? പിന്നെ ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ തിരുകിവച്ചാല്‍ സ്വസ്ഥമായി സംസാരിച്ചുകൊണ്ട് ബൈക്കോടിക്കാം എന്നൊരു ഗുണമുണ്ട്. പക്ഷെ, നിര്‍ബന്ധമായും ഹെല്‍മെറ്റ് വയ്ക്കണം എന്നു പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് വയ്ക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യം എന്നു പറയുമ്പോള്‍ തലയില്‍ എന്തു വയ്ക്കണം എന്തു വയ്ക്കാതിരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ. ഉപ്പുസത്യഗ്രഹം പോലെ ഞങ്ങള്‍ ന്യൂജെന്‍ മല്ലൂസ് ഒരു ഹെല്‍മെറ്റ് സത്യഗ്രഹത്തിനിറങ്ങിയാല്‍ പണി പാളുമെന്ന് ഓര്‍മിപ്പിക്കുകയാണ്.

അതുപോലെ തന്നെയാണ് സ്പീഡിന്റെ കാര്യവും. ഞങ്ങളെപ്പോലെ ഫ്രീക്കായ യൂത്തിനോട് നൂറിനു താഴെ വണ്ടിയോടിക്കണമെന്നു പറയാന്‍ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വരുന്നു ? അന്‍പതിനു താഴെ വണ്ടിയോടിക്കുന്നതും ഹെല്‍മെറ്റ് വയ്ക്കുന്നതുമൊക്കെ പേടിച്ചുതൂറികളായ അലവലാതികളാണ്. ഞങ്ങള്‍ ബഡീസിനെ അങ്ങു വിലകുറച്ചു കാണരുത്. ഞങ്ങള്‍ക്കു ബൈക്കോടിക്കാന്‍ ഹെല്‍മെറ്റോ കാറോടിക്ാന്‍ സീറ്റ്‌ബെല്‍റ്റോ റോഡ് മുറിച്ചു കടക്കാന്‍ സീബ്രവരകളോ ആവശ്യമില്ല. ട്രാഫിക് നിയമങ്ങള്‍ അപകടങ്ങളെ ഭയപ്പെടുന്ന ഭീരുക്കള്‍ക്കു വേണ്ടിയാണ്. ഞങ്ങള്‍ മലയാളികള്‍ ഭീരുക്കളല്ല സര്‍.

അമേരിക്കയിലും ക്യാനഡയിലും ബ്രിട്ടണിലും സിക്കുകാരെ ഹെല്‍മെറ്റില്‍ നിന്നൊഴിവാക്കാനായി ആ രാജ്യങ്ങളിലെ ട്രാഫിക് നിയമം മാറ്റിയെഴുതണമെന്ന് അവിടങ്ങളിലുള്ള സിക്കുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ വന്ന് ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കാന്‍ ഒരു സിക്കുകാരനായ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് ഞങ്ങള്‍ അദ്ഭുതപ്പെടുന്നത്. സോളാര്‍ കേസില്‍ നിന്നു രക്ഷപെടാനുള്ള നാടകമല്ലേ ഈ ഹെല്‍മെറ്റ് വേട്ടയിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു ഞങ്ങള്‍ക്കു സംശയമുണ്ട്. ഹെല്‍മെറ്റ് വേട്ട നടത്തി നാട്ടുകാരെക്കൊണ്ട് പിഴയിടീപ്പിക്കുന്ന പണം സോളാര്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടിയല്ലേ ഉപയോഗിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു രാഷ്ട്രീയചര്‍ച്ചയാക്കാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല. എത്രയും വേഗം ഹെല്‍മെറ്റ് വേട്ടയില്‍ നിന്നു പിന്മാറുക. അങ്ങേയ്ക്കു ഫെയ്‌സ്ബുക്ക് സ്റ്റാര്‍ ആവണ്ടേ ? ആക്കുന്ന കാര്യം ഞങ്ങളേറ്റു.

വിശ്വസ്തതയോടെ,
ഓള്‍ കേരള ന്യൂജനറേഷന്‍ മല്ലൂസ് ഫെഡറേഷന്‍ (AKNMF)

ഒരു സൂപ്പര്‍ഹിറ്റ് വധശിക്ഷ

സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അങ്ങനെയാണ്. നായകനും സംഘവും പലവിധ പീഡനങ്ങള്‍ക്കും വഞ്ചനകള്‍ക്കും ഇരയാവുമ്പോള്‍ പ്രേക്ഷകര്‍ ആ നായകനൊപ്പം വേദനിക്കും, വില്ലന്‍പറമ്പില്‍ ഫാമിലിയെ ആകെ വെടിവച്ചു കൊല്ലണമെന്ന് ആശിക്കും. ഒടുവില്‍ ക്ലൈമാക്‌സില്‍ അതു തന്നെ സംഭവിക്കും. എല്ലാ വില്ലന്‍മാരെയും തൂത്തുവാരി എവിടെങ്കിലും കൊണ്ടുവന്നു നിര്‍ത്തി നാലു ഡയലോഗും കാച്ചി നായകന്‍ എല്ലാത്തിനെയും വെടിവച്ചു കൊല്ലും. ഇത്തിരി കഷ്ടപ്പെട്ടിട്ടായാലും ഭൂമിയില്‍ ധര്‍മം പുനസ്ഥാപിച്ച നിര്‍വൃതിയോടെ കയ്യടിച്ച് പ്രേക്ഷകന്‍ തിയറ്റര്‍ വിടും. അപ്പോള്‍ തിയറ്ററില്‍ നായകനോടൊപ്പം കരയുകയും ചിരിക്കുകയും വില്ലനെ വകവരുത്തുമ്പോള്‍ സത്യവും ധര്‍മവും നീതിയുമൊക്കെ വിജയിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്ന പ്രേക്ഷകന്‍ എത്തരക്കാരനായിരിക്കും ?

സമാനമാണ് ദില്ലി കൂട്ടമാനഭംഗക്കേസില്‍ ഇപ്പോള്‍ വധശിക്ഷാ വിധിവരെ എത്തി നില്‍ക്കുന്ന സംഭവവികാസങ്ങളിലെ ജനവികാരത്തിന്റെ കാര്യവും. സിനിമ കാണുന്ന പ്രേക്ഷകനെ നായകപക്ഷത്തു നിര്‍ത്തുന്നത് ചെറുപ്പകാലത്തു തന്നെ അവനില്‍ വേരൂന്നിയിട്ടുള്ള ധാര്‍മികബോധമാണ്. അതിന്റെ അര്‍ഥം ഈ പ്രേക്ഷകരൊക്കെ എന്നും അതിലെ നായകനെ അനുകരിക്കുമെന്നോ നായകന്റെ സല്‍പ്രവൃത്തികള്‍ മാതൃകയാക്കുമെന്നോ അല്ല. സിനിമയും ജീവിതവും രണ്ടായിരിക്കുന്നതുപോലെ തന്നെ ജനശ്രദ്ധയും മാധ്യമശ്രദ്ധയും ലഭിക്കുന്ന പൊതുവിഷയങ്ങളിലെ ഭൂരിപക്ഷാഭിപ്രായവും ആ അഭിപ്രായങ്ങള്‍ പറയുന്ന ആളുകളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഒന്നായിരിക്കില്ല.

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പണ്ടു യേശുക്രിസ്തു പറഞ്ഞത് ഈ സാഹചര്യത്തിലും അപ്ലൈ ചെയ്തു നോക്കാവുന്നതാണ്. പ്രതികളെ തൂക്കിക്കൊല്ലണം എന്നാഗ്രഹിക്കുന്ന ആളുകള്‍ സ്വന്തം ജീവിതത്തില്‍ എത്ര പേരെ മാനഭംഗം ചെയ്തിട്ടുണ്ട് എന്നന്വേഷിച്ചാല്‍ ചിലപ്പോള്‍ ഞെട്ടിപ്പോവും. ഇവിടെ പൊതുവികാരം മാനഭംഗത്തിനെതിരാണെന്നോ സ്ത്രീയുടെ അന്തസ്സിനെ അനുകൂലിക്കുന്നതാണെന്നോ കരുതേണ്ട. ക്രൂരമായി കൂട്ടമാനഭംഗം ചെയ്തു കൊല്ലുന്നത് തെറ്റാണെന്നു പറയുന്നവര്‍ ഒറ്റയ്ക്ക് ക്രൂരത കാണിക്കാതെ മാനഭംഗം ചെയ്യുന്നതില്‍ തെറ്റില്ല എന്നു സമ്മതിക്കുമ്പോള്‍ ഇവരുടെ ധാര്‍മികബോധത്തിന്റെ തനിനിറം പിടികിട്ടും. ഏഷ്യയിലെ മൂന്നിലൊന്നു പുരുഷന്‍മാരും ജീവിതത്തില്‍ ഒരു ബലാല്‍സംഗമെങ്കിലും നടത്തിയിട്ടുള്ളവരാണ് എന്നാണ് രാജ്യാന്തര ഏജന്‍സികള്‍ നല്‍കുന്ന കണക്ക്. കണക്ക് ശരിയാണെങ്കിലും തെറ്റാണെങ്കിലും ദില്ലി മാനഭംഗക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലണം എന്നാഗ്രഹിക്കുന്ന ആളുകള്‍ ഒരു സിനിമയിലെ വില്ലന്‍മാരുടെ അന്ത്യം ആഗ്രഹിക്കുന്ന വികാരത്തോടെയാണ് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നാലുപേരെ കൊല്ലാനുള്ള വിധിയിയില്‍ ആവേശം കൊള്ളുന്നത് എന്നതില്‍ തര്‍ക്കമില്ല.

ദില്ലി മാനഭംഗക്കേസില്‍ കുറ്റക്കാരായ ആറു പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. പിന്നെ ഒരു കൗമാരക്കാരനെ അവന്റെ ദുര്‍ഗണങ്ങള്‍ പരിഹരിക്കാന്‍ പറഞ്ഞുവിട്ടു. അവശേഷിക്കുന്ന നാലുപേരെ ഇന്നു കോടതി വധശിക്ഷയ്ക്ക് വിധിച്ചത് സൂപ്പര്‍ഹിറ്റ് സിനിമകളിലെ ക്ലൈമാക്‌സ് സീന്‍ പോലെ ഒന്നാണ്. ആ കേസിലുണ്ടായിട്ടുള്ള പൊതുജനവികാരവും ആ കേസിനു ലഭിച്ചിട്ടുള്ള മാധ്യമശ്രദ്ധയുടെയും അടിസ്ഥാനത്തില്‍ അതിലെ പ്രതികള്‍ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ വധശിക്ഷയാണ്. പ്രേക്ഷകന്‍ ആഗ്രഹിക്കുന്ന ക്ലൈമാക്‌സില്‍ തിയറ്റര്‍ കരഘോഷം കൊണ്ടു നിറയുന്നതുപോലെ ഈ വിധിയിലും കരഘോഷങ്ങളും ആര്‍പ്പുവിളികളുമാണ് എങ്ങും. എന്നാല്‍, ഈ വിധി സമൂഹത്തിനു ശക്തമായ സന്ദേശം നല്‍കുമെന്ന വിശ്വാസം അസ്ഥാനത്താണ് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യക്കാരനായി ചിന്തിക്കുമ്പോള്‍ ഈ വധശിക്ഷയില്‍ സന്തോഷിക്കുകയും ഞാനെന്ന വ്യക്തിയായി ചിന്തിക്കുമ്പോള്‍ അപ്പുറത്തെ വീട്ടിലെ മാദകത്വം തുളുമ്പുന്ന പ്ലസ്ടുക്കാരിയെ ഒറ്റയ്ക്കു കിട്ടിയാല്‍ തൊട്ടുതലോടണമെന്നുറപ്പിക്കുകയും ചെയ്യുന്നവന് ഈ വധശിക്ഷ നല്‍കുന്ന സന്ദേശം മനസ്സിലാവില്ല.

കോടതി ഇതൊന്നുമറിയാത്ത ഒരു തിരക്കഥാകൃത്താണെന്ന് ഞാന്‍ കരുതുന്നില്ല. ജനത്തെ തൃപ്തിപ്പെടുത്തുന്ന ഈ വിധി തല്‍ക്കാലത്തെ ആഘോഷങ്ങള്‍ക്കുള്ളതാണ്. അപ്പീലും വിധി പുനപരിശോധനകളുമൊക്കെ പിന്നാലെ വരും. ഒടുവില്‍ ഇവരെ തൂക്കിക്കൊന്നു എന്നു തന്നെയിരിക്കട്ടെ, വേറെ അനേകം കേസുകളിലും വിവാദങ്ങളിലും പെട്ട് ബിസിയായിരിക്കുന്ന സമൂഹത്തിന് വധശിക്ഷയില്‍ അപ്പോള്‍ താല്‍പര്യമുണ്ടാവണം എന്നു തന്നെയില്ല. മദ്യവും മയക്കുമരുന്നും ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവവും ഉള്‍പ്പെടുന്ന അടിസ്ഥാനപ്രശ്‌നങ്ങളുടെയെല്ലാം നേര്‍ക്ക് കണ്ണടക്കാനുള്ള ഏറ്റവും എളുപ്പവഴി ഈ നാലുപേരെ തൂക്കിക്കൊല്ലുക എന്നതാണ്. ഈ വധശിക്ഷാ പ്രഖ്യാപനത്തില്‍ ആഹ്ലാദിക്കുന്നവര്‍ ഇതിനു മുമ്പ് സമാനമായ മറ്റൊരു കേസില്‍ ഗോവിന്ദച്ചാമി എന്നൊരാളെ വധശിക്ഷയ്ക്കു വിധിച്ചതും അന്നും ഇതുപോലെ ആഹ്ലാദിച്ചതും ഓര്‍ക്കുന്നുണ്ടെങ്കില്‍ എന്റെ രണ്ടു ചോദ്യത്തിന് ഉത്തരം തരിക: 1. കേരളത്തിലെ റേപിസ്റ്റുകള്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കിക്കൊണ്ട് ഗോവിന്ദച്ചാമിയെ തൂക്കിക്കൊന്നോ ഇല്ലയോ ? 2. ഗോവിന്ദച്ചാമിക്കു തൂക്കുകയര്‍ വിധിച്ചതിനു ശേഷം കേരളത്തില്‍ പിന്നീട് എത്ര ബലാല്‍സംഗങ്ങള്‍ നടന്നു ?

കുറ്റപത്രം: മറ്റു രാജ്യങ്ങളിലെ പുരുഷന്‍മാരുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ പുരുഷന്‍മാര്‍ക്കാണ് ലൈംഗികശേഷി ഏറ്റവും കുറവ് എന്നാണ് പുതിയ കണ്ടെത്തല്‍. ലൈംഗികശേഷി കുറവായിട്ട് ഇവിടെ ഇതാണ് അവസ്ഥ എങ്കില്‍ ശേഷി കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്തായേനെ ? അല്ലെങ്കില്‍ മുട്ടിനു മുട്ടിനു ബലാല്‍സംഗം നടക്കുന്ന ഈ രാജ്യത്തെ പുരുഷന്‍മാര്‍ക്ക് ശേഷി കുറവാണെന്നു പറയാന്‍ പഠനം നടത്തിയ അവന്‍മാര്‍ക്ക് എങ്ങനെ തോന്നി ?

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കത്തിവേഷം

സിനിമയിലെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെപ്പറ്റി അനേകം ചര്‍ച്ചകള്‍ ഏറ്റെടുത്തു നടത്തുന്ന പുരോഗമനവാദികളായ സോഷ്യല്‍ മീഡിയ ബുദ്ധിജീവികള്‍ കഥകളിയുടെ കാര്യം വന്നപ്പോള്‍ കഥകളിസംരംക്ഷണസംഘവും കഥകളി പ്രതിരോധസംഘവുമൊക്കെയായി മാറി പെപ്‌സിയെ തെറിവിളിക്കുന്നതാണ് അടുത്ത കാലത്തെ ഏറ്റവും സവിശേഷതമായ വിരോധാഭാസങ്ങളിലൊന്ന്. കഥകളി എനിക്കറിയില്ല. അത് കണ്ടാല്‍ എനിക്കൊന്നും മനസ്സിലാവുകയുമില്ല. എന്നാല്‍, കഥകളിയോട് എനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടക്കേടുമില്ല. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി ഇവിടെ പ്രക്ഷോഭം നടത്തുന്നവര്‍ അത് സിനിമയില്‍ മാത്രം പുലരേണ്ട ഒന്നാണെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ ദയനീയമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം കഥകളിയിലും മാപ്പിളപ്പാട്ടിലും മാര്‍ഗംകളിയിലുമൊക്കെയാവാം.

പെപ്‌സി സെവന്‍ അപിന്റെ പരസ്യത്തില്‍ കഥകളിയെ അധിക്ഷേപിച്ചു എന്ന മുറവിളിയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. കഥകളി കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന കലയാണെന്നും കോളയുടെ പരസ്യത്തില്‍ അത് വഷളായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത്തരത്തില്‍ പൈതൃകകലകളെ അധിക്ഷേപിക്കുന്നതിനെതിരേ നിയനിര്‍മാണം വേണമെന്നും തുടങ്ങി മൊത്തത്തില്‍ കഥകളിക്കു വേണ്ടിയുള്ള കണ്ണീര്‍പ്രവാഹമാണ് എങ്ങും. സെവന്‍ അപിന്റെ പരസ്യം ഞാനും കണ്ടു. പരസ്യം ചെയ്യുന്ന ഉല്‍പന്നം ഉപയോഗിക്കുന്നവര്‍ മൊത്തത്തില്‍ വ്യത്യസ്തരായിത്തീരും എന്ന ക്ലീഷേ സന്ദേശമാണ് ഈ പരസ്യവും നല്‍കുന്നത്. കഥകളിയുടെ സ്ഥിരം ശൈലിയും പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നതും കണ്ടാല്‍ 7 അപ് കുടിക്കുന്നവരുടെ സമനില തെറ്റി വട്ടായിപ്പോവും എന്നാണ് ഉദ്ദേശിക്കുന്നതെന്നേ തോന്നൂ. പരസ്യം കാണാത്തവര്‍ ഒന്നു കണ്ടു നോക്കൂ.

കഥകളിയെ അധിക്ഷേപിച്ചു, കഥകളിയെ രക്ഷിക്കണം എന്നൊക്കെ വാദിക്കുന്നവര്‍ക്കുപോലും കഥകളി കണ്ടാല്‍ മനസ്സിലാക്കാനോ ആസ്വദിക്കാനോ ഒക്കെ സാധിക്കുമോ എന്നെനിക്കറിയില്ല. ഞങ്ങള്‍ക്ക് കഥകളിയൊന്നും മനസ്സിലാവില്ല, പക്ഷെ കഥകളി പവിത്രമായി കാത്തുസൂക്ഷിക്കണം എന്നു പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. സെവന്‍ അപിന്റെ പരസ്യത്തില്‍ കഥകളി വേഷക്കാരന്‍ മറ്റെന്തോ നൃത്തം കളിക്കുന്നത് കഥകളിയെ അധിക്ഷേപിക്കലാണ് എന്ന വാദം തന്നെ തെറ്റാണ്. നമ്മുടെ കഥകളി നമുക്ക് പവിത്രമായി തോന്നുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ കഥകളി വേഷമിട്ട് മറ്റെന്തെങ്കിലും നൃത്തം ചെയ്യുന്നത് ആഭാസമാണ് എന്നു പറയുന്നത് തെറ്റാണ്. കഥകളി പവിത്രമാണെന്നു മലയാളിക്കു തോന്നുന്നതുപോലെ ഡിസ്‌കോയും ഡപ്പാന്‍ കൂത്തുമൊക്കെ പവിത്രമാണെന്ന് അതിനെ സ്‌നേഹിക്കുന്നവരും വിശ്വസിക്കുന്നുണ്ടാവും. ഇവിടെ പരസ്യത്തില്‍ കഥകളിയെ ബോധപൂര്‍വം അധിക്ഷേപിക്കുന്നു എന്നു പറയുന്നത് കഥകളി വക്താക്കളുടെ ഇടുങ്ങിയ ചിന്താഗതിയുടെ തെളിവാണ്. കഥകളിയല്ല, കഥകളി വേഷക്കാരന്‍ മാത്രമാണ് പരസ്യത്തിലുള്ളത്. കലാമണ്ഡലത്തിലോ സമാനമായ സങ്കേതങ്ങളിലോ പോയി ശാസ്ത്രീയമായി കഥകളി അഭ്യസിക്കാത്തവര്‍ കഥകളി വേഷം ധരിക്കുന്നത് കഥകളിയെ അധിക്ഷേപിക്കലാണ് എന്നു പറയുന്നത് ഒരുതരം തീവ്രവാദമാണ്.

കഥകളിയുടെ അന്തസ്സും ആഭിജാത്യവുമൊക്കെ സംരക്ഷിക്കേണ്ടത് കഥകളി കലാകാരന്‍മാര്‍ തന്നെയാണ്. പണ്ട് അമേരിക്കയില്‍ കഥകളി അവതരിപ്പിക്കാന്‍ പോയ മുഖ്യധാരാ കലാകാരന്‍മാരിലൊരാള്‍ ഹോട്ടല്‍ ജീവനക്കാരിയായ മദാമ്മയെ കയറിപ്പിടിച്ച് അകത്തായ വാര്‍ത്ത പത്രത്തില്‍ വായിച്ചിരുന്നു. സത്യത്തില്‍ അത്തരക്കാരാണ് കഥകളിയെ അധിക്ഷേപിക്കുന്നത്. അല്ലെങ്കില്‍ തന്നെ സര്‍ക്കാരിന്റെ പരിപാടികളില്‍ പോലും പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ഒരു കാഴ്ചസുഖത്തിനു വേണ്ടി കഥകളി വേഷങ്ങളെ തെരുവില്‍ അണിനിരത്തുന്നത് കണ്ടിട്ടുണ്ട്. കഥകളിയുടെ വക്താക്കളുടെ തിയറി അനുസരിച്ചാണെങ്കില്‍ അതും കഥകളിയെ അധിക്ഷേപിക്കലാണ്. അതില്‍ കഥകളി വേഷമിട്ടവരാരും ഒരു കഥയും പറയുന്നില്ല. വന്നിറങ്ങുന്ന വിഐപിക്ക് കേരളം ഫീല്‍ ചെയ്യാന്‍ ചുമ്മാ വേഷമിട്ട് നില്‍ക്കുന്നു എന്നു മാത്രം. അതുപോലെ തന്നെ എത്രയോ മലയാള സിനിമകളില്‍ കഥകളി കോമഡി സീനുകളിലെ വേഷംകെട്ടു മാത്രമായി മാറിയിരിക്കുന്നു. സെവന്‍ അപിനെതിരെയുള്ള വാദങ്ങള്‍ വച്ചു നോക്കിയാല്‍ അതും കഥകളിയെ അധിക്ഷേപിക്കലാണ്.

ഇവിടെ, കഥകളിയെ അധിക്ഷേപിച്ചു എന്നതിനെക്കാള്‍ കോളയുടെ പരസ്യത്തില്‍ അതുപയോഗിച്ചു എന്നതാണ് പ്രതിഷേധങ്ങളുടെ പ്രധാനകാരണം എന്നു തോന്നുന്നു. പെപ്‌സി, കോള തുടങ്ങിയ വാക്കുകള്‍ അല്ലെങ്കില്‍ തന്നെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള ഉപഭോഗസമൂഹത്തില്‍ വെറുക്കപ്പെട്ടതാണല്ലോ. കഥകളിയെ അധിക്ഷേപിക്കണമെങ്കില്‍ അത് ഞങ്ങളായിക്കോളാം കണ്ട കോളക്കാരൊന്നും അതിനു തുനിയേണ്ട എന്നേയുള്ളൂ. സത്യത്തില്‍ കലാരൂപങ്ങള്‍ സ്വതന്ത്രമായി അവതരിക്കാനും പുനരാവിഷ്‌കരിക്കാനും കഴിയാതെ വരുന്നത് കഷ്ടമാണ്. കഥകളിയോട് ഭക്തിയുള്ളവരെപ്പോലെ തന്നെ കഥകളി കാണുമ്പോള്‍ കോമഡിയായി തോന്നുന്നവരും നാട്ടിലുണ്ടാവാം. അല്ലെങ്കില്‍ തന്നെ പൈതൃകകലകളിലൊന്നായ ഓട്ടന്‍ തുള്ളല്‍ സത്യത്തില്‍ ആക്ഷേപിക്കാന്‍ വേണ്ടി മാത്രമുള്ള കലയാണ് എന്നിരിക്കെ് കഥകളിയുടെ വക്താക്കള്‍ ആക്ഷേപത്തിനെതിരേ തിരിയുന്നത് അര്‍ഥശൂന്യമാണ്.

കേരളം എന്നു പറയുമ്പോള്‍ തന്നെ കഥകളിയും ആനയും പിന്നെ ഒരു ഹൗസ്ബാട്ടുമാണ് ഓട്ടോമാറ്റിക്കായി തന്നെ മനസ്സിലേക്കു വരുന്നത്. നല്ലൊരു ശതമാനം മലയാളികളെ സംബന്ധിച്ചും കഥകളിക്ക് പൈതൃകകലയെന്ന ഒരാനച്ചന്തം മാത്രമാണ് ഫീല്‍ ചെയ്യാറുള്ളത്.അതുകൊണ്ട് കഥകളിയോട് എന്തുമാവാം എന്നല്ല. ഈ കാലഘട്ടത്തില്‍ അതിജീവിക്കുന്ന കലാരൂപമെന്ന നിലയ്ക്ക് കഥകളിയും പലതരത്തില്‍ ആവിഷ്‌കരിക്കപ്പെടുമെന്നതില്‍ സംശയമില്ല. കഥകളിക്കാരല്ലാതെ ആരെങ്കിലും കഥകളി വേഷമിടുന്നതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യമാണ്.

ഇന്ന് ഏറ്റവും ശക്തമായ മാധ്യമങ്ങളിലൊന്ന് പരസ്യചിത്രങ്ങളാണ്. കഥകളി എന്താണ് എന്നറിയാത്ത സമൂഹത്തിനു മുന്നില്‍ ഇങ്ങനൊരു വേഷത്തിലൂടെയെങ്കിലും കഥകളി അവതരിപ്പിച്ചതിന് സെവന്‍ അപിനോട് നന്ദി പറയുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. സെവന്‍ അപ് പരസ്യത്തിലൂടെ കഥകളി അധിക്ഷേപിക്കപ്പെടുകയല്ല ജനകീയമാവുകയാണ് ചെയ്തത്. കാരണം, യു ട്യൂബില്‍ മാത്രം അനേകം ആളുകള്‍ സെവന്‍ അപ് പരസ്യം കണ്ടിട്ടുണ്ട്. പരസ്യം കണ്ട് ഈ കലാരൂപത്തില്‍ താല്‍പര്യമുള്ളവര്‍ എന്താണ് ഈ വേഷം എന്നന്വേഷിക്കുകയും യഥാര്‍ഥ കഥകളിയിലേക്ക് എത്തുകയും ചെയ്‌തേക്കാം. അല്ലാതെ സെവന്‍ അപ് പരസ്യം കണ്ടിട്ട് ആരും കഥകളിയെ വെറുക്കാന്‍ പോകുന്നില്ല. കഥകളിയോട് ശരിക്കും താല്‍പര്യമുള്ളവര്‍ അതിനെ ജനകീയമാക്കുന്നതിനുള്ള നടപടികളാണ് എടുക്കേണ്ടത്. ഒരു കലാരൂപം സംരക്ഷിക്കപ്പെടുമ്പോഴല്ല, സ്വതന്ത്രമാക്കപ്പെടുകയും ജനകീയമാക്കപ്പെടുകയും ചെയ്യുമ്പോഴാണ് അതിന്റെ മൂല്യം വര്‍ധിക്കുന്നത്.