ഹാപ്പി ഡ്രൗണിങ് !

വീട്ടിലിരിക്കുന്ന ഭാര്യയുടെ കാര്യം ശ്രദ്ധിക്കാതെ തെരുവില്‍ കാണുന്ന അലവലാതി പെണ്ണുങ്ങളെ സദാചാരം പഠിപ്പിക്കാന്‍ നടന്ന ശേഷം, ഭാര്യ കറവക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയിക്കഴിയുമ്പോള്‍ അയല്‍വാസികളുടെ തന്തയ്ക്കു വിളിക്കുന്നതുപോലെ വിചിത്രവും സങ്കീര്‍ണ്ണവുമാണ് മുല്ലപ്പെരിയാര്‍ വിധിയില്‍ മലയാളികളുടെ പ്രതികരണം. രണ്ടു വര്‍ഷം മുമ്പ് അണക്കെട്ട് ഏതു നിമിഷവും പൊട്ടുമെന്ന ആശങ്കയില്‍ ഉറക്കമില്ലാതെ നടന്ന മലയാളി കേസ് സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ ചര്‍ച്ച ചെയ്തത് സരിതയുടെ സാരികളെപ്പറ്റിയായിരുന്നു. തമിഴ്‌നാടിനു വെള്ളം വേണ്ടതുകൊണ്ട് അവര്‍ കോടതിയില്‍ കേസ് ഭംഗിയായി വാദിക്കുകയും സ്വാധീനിക്കേണ്ടവരെ സ്വാധീനിക്കുകയും ചെയ്തു. കസ് വിധി വന്നു. തമിഴ്‌നാടിന് അവര്‍ ചോദിച്ചതെല്ലാം കൊടുത്തു. കേരളത്തിന് ചോദിച്ചതൊന്നും കിട്ടിയില്ല എന്നു മാത്രമല്ല. മുതുകിനു നല്ല തൊഴിയും കിട്ടി.

കേരളത്തിന്റെ പരാജയം എന്നതിനെക്കാള്‍ തമിഴ്‌നാടിന്റെ വിജയം എന്നാണ് ഈ വിധിയെ വിശേഷിപ്പിക്കേണ്ടത്. പരാജയപ്പെടാതിരിക്കാന്‍ എന്തെങ്കിലും മികവോ യോഗ്യതയോ കേരളത്തിന് ഉണ്ട് എന്നു തോന്നുന്നില്ല. ജയിക്കാനുള്ള എല്ലാ യോഗ്യതയും തമിഴ്‌നാടിനുണ്ടു താനും. ശുദ്ധജലത്തിനു വേണ്ടി നിയമയുദ്ധം നടത്തിയ തമിഴ്‌നാട്ടിലെ എല്ലാ സഹോദരന്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു. ഒരു അന്തര്‍സംസ്ഥാന പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ മാതൃകയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികളുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം ചരിത്രത്തിലിടം നേടും.

നാണക്കേടുകളുടെ പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ത്ത് നമ്മുടെ ഭരണാധികാരികളുടെ കഴിവുകേടിനു ജയ് വിളിക്കാം. അവരെ നമ്മള്‍ തന്നെ തിരഞ്ഞെടുത്തതായതുകൊണ്ട് ഈ വിധിയും ഈ നാണക്കേടും ഡാം ഉയര്‍ത്തുന്ന വെല്ലുവിളികളും നമ്മള്‍ അര്‍ഹിക്കുന്നതാണ്. ജനങ്ങളുടെ ജീവനെക്കാള്‍ സാമുദായികതാല്‍പര്യങ്ങള്‍ക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും മുന്‍ഗണന ലഭിക്കുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുന്നത്. കപട അഭിമാനബോധവും കപട അധ്വാനസിദ്ധാന്തങ്ങളും കൊണ്ടു ജീവിക്കുന്ന കുഴിമടിയന്‍മാരായ നമ്മള്‍ ഒരു മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയാല്‍, ഡാം പൊട്ടി കടലില്‍പ്പോകുന്ന വെള്ളം കൂടി തമിഴ്‌നാടിനു നഷ്ടമാകുമെന്നല്ലാതെ ലോകത്തിന് ഒരു നഷ്ടവും വരാനില്ല.

അങ്ങായിടില്‍ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ലിന് ഏറ്റവും അനുയോജ്യമായ ഉദാഹരണം തിരയുന്നവര്‍ക്ക് ധൈര്യമായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ ആഹ്വാനം ചെയതിരിക്കുന്ന സംസ്ഥാന ഹര്‍ത്താല്‍. എന്തു കോപ്പിനാണ് ആ മണ്ടന്‍മാര്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുന്നത് എന്നു മനസ്സിലാവുന്നില്ല. ഓള്‍റെഡി പണി കിട്ടിയിരിക്കുന്ന ജനങ്ങളെ ഒരുദിവസം കൂടി ബുദ്ധിമുട്ടിപ്പിച്ചാല്‍ സുപ്രീം കോടതി വിധി മാറ്റിയെഴുതില്ല. രണ്ടു വര്‍ഷം മുന്‍പ് സമരസമിതി അനിശ്ചിതകാലനിരാഹരം നടത്തുമ്പോള്‍ കൊടിയും പിടിച്ച് ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് ചപ്പാത്തിലെ സമരപ്പന്തലില്‍ വന്നു പോയ രാഷ്ട്രീയനേതാക്കന്‍മാരോടാണ് സമരസമിതി കലിപ്പു തീര്‍ക്കണ്ടത്, ജനങ്ങളോടല്ല.

ഡാമിന്റെ സുരക്ഷാ ഭീഷണിയും നാലു ജില്ലകളിലെ ജനങ്ങളുടെ ആശങ്കയും സുപ്രീം കോടതിക്ക് പിടികിട്ടിയില്ല എന്നു കരുതി അതിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. മുല്ലപ്പെരിയാര്‍ സമരം ഏറ്റെടുത്തു നാടകം കളിച്ച ഓരോ ജനപ്രതിനിധിയെയുമാണ് ജനങ്ങള്‍ വിചാരണ ചെയ്യേണ്ടത്. ഒന്നും ചെയ്യാന്‍ കഴിയാതെ എന്തൊക്കെയോ പുലമ്പുന്ന മുഖ്യമന്ത്രിയോടാണ് വിശദീകരണം തേടേണ്ടത്. എന്തുകൊണ്ടു കേസില്‍ കേരളം തോറ്റു എന്ന ചോദ്യത്തിന് താത്വികാവലോകനങ്ങളല്ലാതെ ലളിതമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഒരു ജനപ്രതിനിധി പോലും അവശേഷിക്കുന്നില്ലെങ്കില്‍ അവരെ തിരഞ്ഞെടുത്തവര്‍ അര്‍ഹിക്കുന്ന വിധി തന്നെയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത് എന്നു നിസ്സംശയം പറയാം.

ജസ്റ്റിസ് കെ.ടി.തോമസിനെയും ഉന്നതാധികാര സമിതി അംഗങ്ങളെയും സപ്രീം കോടതി ജഡ്ജിമാരെയുമൊക്കെ തെറിവിളിക്കുക, അയ്യോ ഡാം പൊട്ടുന്നേ എന്നു പറഞ്ഞ് വീണ്ടും നിലവിളിക്കുന്ന, എന്നിങ്ങനെ വളരെ കുറച്ച് ഓപ്ഷനുകളേ നമുക്കു മുന്നിലുള്ളൂ. അനന്തകാലത്തോളം സ്‌ട്രോങ്ങായി നില്‍ക്കുന്ന ഒരു ഡാം അല്ല അത്. ഒരു ദിവസം അതു പൊട്ടുക തന്നെ ചെയ്യും. അത് ഒരു വേനല്‍ക്കാലത്തായിരിക്കണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുക എന്നല്ലാതെ വേറെ വഴിയില്ല. ആവശ്യത്തിനു വിശുദ്ധന്‍മാരും ആള്‍ദൈവങ്ങളുമൊക്കെയുള്ള ദൈവത്തിന്റെ സ്വന്തം നാട് കേവലൊരു സുപ്രീം കോടതി വിധിയ്ക്കു മുന്നില്‍ ചൂളേണ്ട കാര്യമില്ല.

ലോ പോയിന്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കാര്യം വന്നപ്പോള്‍ ജനാധിപത്യത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം വന്നപ്പോള്‍ നൂറ്റാണ്ടു കാലം മുമ്പ് മഹാരാജാവ് ഒപ്പിട്ട കരാറിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു. വാട്ട് എ ഫണ്ണി, സണ്ണി ആന്‍ഡ് റൊമാന്റിക് വെര്‍ഡിക്ട് യുവറോണര്‍ !

ചവയ്‍ക്കരുത്, തിന്നരുത്, തല ചൊറിയരുത്

ഷവര്‍മയുടെ വിഷം ഇറങ്ങിയെന്നു തോന്നുന്നു. ആരും എവിടെയും കുഴഞ്ഞുവീണതായി കേള്‍ക്കുന്നില്ല. ആവേശമടങ്ങിയപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ റെയ്‍ഡും അവസാനിപ്പിച്ചു. ഇനി അടുത്ത വാര്‍ത്താവിപ്ലവം വരെ വല്ലതുമൊക്കെ തിന്നും കുടിച്ചും നേരമ്പോക്കാം. പെട്ടെന്നുള്ള ആവേശത്തിന്‍റെ പുറത്താണെങ്കിലും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മിഷണര്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്‍റുകളും പാലിക്കേണ്ട ശുചിത്വമാനദണ്ഡങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഭക്ഷസുരക്ഷാ നിലവാര നിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാന്‍ വേണ്ടി പുറത്തിറക്കിയതാണോ എന്ന് അടിയനു സംശയമുണ്ട്. കാരണം, അവിശ്വസനീയമാം വധം കര്‍ക്കശവും മികവുറ്റതുമാണ് സര്‍ക്കുലറിലെ 30 നിര്‍ദേശങ്ങളില്‍ പലതും. അതനുസരിച്ച് നോക്കിയാല്‍ താജുള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ ചിലപ്പോള്‍ പൂട്ടേണ്ടിവന്നേക്കാം.സര്‍ക്കുലറിലെ രസകരവും എന്നാല്‍ കാര്യമാത്രപ്രസക്തവുമായ ചില നിര്‍ദേശങ്ങള്‍ അടിയന്‍ വായനക്കാരുടെ മുമ്പാകെ പങ്കു വയ്‍ക്കുന്നു. ഹോട്ടലോ റസ്റ്ററന്‍റോ മറ്റോ നടത്തുന്ന ആരെങ്കിലുമുണ്ടെങ്കില്‍ വായിച്ച് ഊറിച്ചിരിക്കാതെ നടപ്പാക്കാന്‍ ശ്രമിക്കണം. കഴിക്കാനായി ഹോട്ടലുകളില്‍ കയറുന്നവര്‍ ഇതൊക്കെ നടപ്പാകുന്നുണ്ടോ എന്നു നോക്കി അവിടെക്കിടന്ന് അലമ്പുണ്ടാക്കണം.

1.ഹോട്ടല്‍ ജീവനക്കാര്‍ ശരീരഭാഗങ്ങളിലോ തലയിലോ ചൊറിയുന്നത് ജോലിസമയത്ത് ഒഴിവാക്കണം. കൃത്രിമനഖങ്ങളോ ഇളകുന്ന തരത്തിലുള്ള ആഭരണങ്ങളും പാചകം ചെയ്യുന്ന സമയത്ത് ഒഴിവാക്കണം. (ശമ്പളം കൂട്ടിച്ചോദിക്കാന്‍ മുതലാളിയെ കണ്ട് തല ചൊറിയുന്ന സാധുക്കള്‍ സൂക്ഷിച്ചില്ലങ്കില്‍ പണി പോവാന്‍ അതുമതി. നഖം ഒറിജിനലാണോ അല്ലയോ ആഭരണം ഇളകുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ അറിയുമോ എന്തോ!)

2.ചവയ്‍ക്കുന്നതും തിന്നുന്നതും പുകവലിക്കുന്നതും മുറുക്കുന്നതും മൂക്കുചീറ്റുന്നതും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്തും സമയത്തും നിരോധിക്കേണ്ടതാണ്. (ഹോട്ടലില്‍ ചവയ്‍ക്കുന്നതിനും തിന്നുന്നതിനും നിരോധനം ഏര്‍പ്പെടുത്തി എന്നത് ഒരു നല്ല തലക്കെട്ടാണ്).

3.ഹോട്ടലിനകത്ത് തൊഴിലാളികളെ താമസിപ്പിറക്കാനോ അവരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാനോ പാടില്ല (പകലു മുഴുവന്‍ പൊറോട്ടയടിക്കുകയും വൈകിട്ട് തുണിയലക്കി കസേരകളില്‍ ഉണങ്ങാനിടുകയും മേശമേല്‍ കിടന്നുറങ്ങുകയും ചെയ്യുന്ന നൂറുകണക്കിനു ഹോട്ടല്‍ തൊഴിലാളികളെ നിഷ്കരുണം സ്മരിക്കുന്നു).

4.അടുക്കള ഭാഗത്തുള്ള ഓടകളിലോ തറയിലോ ഒരു കാരണവശാലും വെള്ളം കെട്ടി നില്‍ക്കുകയോ, കൊതുക് പുഴുക്കള്‍ തുടങ്ങിയവ കാണപ്പെടുന്ന തരത്തിലുള്ള വൃത്തിഹീനമായ സാഹചര്യം ഒരുതരത്തിലും അനുവദിക്കുന്നതല്ല (വേണ്ട).

5.കക്കൂസുകള്‍ കുളിമുറികള്‍ എന്നിവ അടുക്കള ഭാഗത്തു നിന്ന് നിശ്ചിത അകലം പാലിക്കുന്നില്ലെങ്കിലോ വൃത്തിഹീനമായി കിടക്കുന്നതോ കണ്ടാല്‍ നടപടി എടുക്കുന്നതാണ്. കക്കൂസുകള്‍ക്ക് താനേ അടയുന്ന സ്പ്രിങ് ഡോറുകള്‍ ഘടിപ്പിക്കണം. ഏറ്റവും കുറഞ്ഞത് ദീവസം നാലു പ്രാവശ്യമെങ്കിലും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം(സ്പ്രിങ് ഡോര്‍ ഉഷാര്‍).

6. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികള്‍ക്കും പകര്‍ച്ചവ്യാധി ഉണ്ടോ ഇല്ലയോ എന്നു പരിശോധിച്ച് പരിശോധനാരേഖകള്‍ എല്ലാ ഹോട്ടലിലും സൂക്ഷിക്കേണ്ടതാണ് (ഓരോ ദിവസവും പൊറോട്ടയടിക്കാനുള്ളവനെ അപ്പപ്പോള്‍ മാര്‍ക്കറ്റീന്നു വലവീശിപ്പിടിച്ചുകൊണ്ടുവരുന്നവര്‍ ശരിക്കും പാടുപെടും).

നിര്‍ദേശങ്ങളില്‍ ചിലത് മാത്രമാണിത്. ഇതെല്ലാം നടപ്പാവണമെങ്കില്‍ കേരളത്തിലെ 60 ശതമാനം ഹോട്ടലുകളും പൊളിച്ചു പണിയുകയും തങ്ങളുടെ ഹോട്ടലുകളില്‍ മൂലധനനിക്ഷേപം നടത്തുകയും സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജന സംരംഭങ്ങള്‍ നടപ്പാക്കുകയും വേണം. കുറെ ചട്ടങ്ങള്‍ ഉണ്ടാക്കി അത് ഹോട്ടലുകാരുടെ തലയിലേക്കു വയ്‍ക്കുന്നത് എത്രത്തോളം പ്രായോഗികമാണ് എന്നത് കണ്ടറിയണം. മാറ്റത്തിന് പ്രചോദനമാകുന്നത് സര്‍ക്കുലറുകളും റെയ്‍ഡുകളുമല്ല, ക്രിയാത്മക ഇടപെടലുകളാണ് എന്നാണ് അടിയന്‍റെ അഭിപ്രായം.

മേല്‍പ്പടി സര്‍ക്കാര്‍ സര്‍ക്കുലറിന്‍റെ പൂര്‍ണരൂപം ഫുഡ് സേഫ്റ്റി കമ്മിഷണറുടെ വെബ്സൈറ്റില്‍ നിന്നും വായിച്ചിട്ടു പോയാല്‍ മതി [Link]

കോഴിക്കോട് നഗരത്തില്‍ പ്ലാസ്റ്റിക് നിരോധിച്ചത് ഇത്തരുണത്തില്‍ വെറുതെ സ്മരിക്കുകയാണ്. ഒരു സുപ്രഭാതത്തില്‍ അതങ്ങു നിരോധിച്ചു. നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതും നിര്‍ത്തി. ബോധവല്‍ക്കരണറാലികളും മനുഷ്യച്ചങ്ങലയും നടത്തി.പ്ലാസ്റ്റിക്കിനു പകരം ജനങ്ങള്‍ക്കുപയോഗിക്കാന്‍ ഒരു തേങ്ങയും കൊടുത്തില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാട്ടുകാര്‍ പിന്നെന്തു ചെയ്യണം എന്നും പറഞ്ഞില്ല(ഉറവിടത്തില്‍ തന്നെ സംസ്കരിക്കണം എന്നതാണ് പ്രഖ്യാപിതനയം. ബട്ട്, ഏതാണ് ഉറവിടം ? എങ്ങനെ സംസ്കരിക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരമില്ല). എന്നിട്ട് എന്തു സംഭവിക്കുന്നു ? ഹൈവേയുടെ നടുവിലും അയല്‍ക്കാരന്‍റെ വീടിന്‍റെ ടെറസിലും ബീച്ചിലും എന്നു വേണ്ട ഒരു ഗ്യാപ് കിട്ടിയാല്‍ എവിടെയും പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നു ജനം. അത്രേയുള്ളൂ, പ്ലാസ്റ്റിക് നിരോധനം നടപ്പായി.

കുടിയന്മാരോട് എന്തുമാകാമല്ലോ !

നല്ല കണ്ണാടി പോലത്തെ റോഡ് ഉണ്ടാക്കിയിട്ടിട്ട് അതിലൂടെ വണ്ടിയോടിക്കുന്നവനെ തടഞ്ഞുനിര്‍ത്തി ടോളും ഓവര്‍സ്പീഡിനു പിഴയും വാങ്ങുന്നതുപോലെ തന്നെയാണ് സര്‍ക്കാരിന്റെ മദ്യത്തോടുള്ള സമീപനവും. എല്ലാ വളവിലും ബാറുകളും ബിവറേജസ് ഔട്ട്‍ലെറ്റുകളും അനുവദിച്ച് മദ്യപാനം പ്രോല്‍സാഹിപ്പിക്കുകയും ട്രെയിനിലോ കാറിലോ റോഡിലോ വെള്ളമടിച്ച് നില്‍ക്കുന്നവനെ കണ്ടാല്‍ പിടിച്ചകത്തിടുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ ചന്തിക്ക് ഒറ്റയടികൊടുത്ത് കൊച്ചുകള്ളാ എന്നു വിളിക്കാനാണ് തോന്നുന്നത്.

മദ്യപിച്ച് ട്രെയിനിലോ റയില്‍വേ പ്ലാറ്റ്ഫോമിലോ കാലുകുത്തുന്നവനെ ശിക്ഷിക്കാനും വലിയ തുക പിഴയീടാക്കാനും കഴിഞ്ഞയാഴ്ച തീരുമാനിച്ച റയില്‍വേ ആദ്യം തോല്‍പിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവന്റെ രക്തത്തിലെ മദ്യം അളന്ന് അതിനുവരെ കാശുമേടിക്കാനാണ് പുതിയ ട്രാഫിക് നിയമം അനുശാസിക്കുന്നത്. നൂറുമില്ലിലിറ്റര്‍ രക്തത്തില്‍ 30 ഗ്രാമിലോ അതില്‍ കൂടുതലോ മദ്യത്തിന്റെ അംശമുണ്ടെങ്കില്‍ ആറുമാസം വരെ തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മദ്യത്തിന്റെ അംശം 60150 ഗ്രാമാണെങ്കില്‍ ഒരുവര്‍ഷം തടവോ 4000 രൂപയോ രണ്ടുംകൂടിയോ ലഭിക്കാം. മൂന്നുവര്‍ഷത്തിനിടെ കുറ്റം രണ്ടാമത് ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും 8000 രൂപ പിഴയുമായിരിക്കും ശിക്ഷ.150 മില്ലിഗ്രാമിലധികം മദ്യത്തിന്റെ അംശം രക്തത്തില്‍ കാണപ്പെട്ടാല്‍ , ആദ്യത്തെ തവണ രണ്ടുവര്‍ഷം തടവും 5000 രൂപ പിഴയും. കുറ്റം ആവര്‍ത്തിച്ചാല്‍ നാലുവര്‍ഷം തടവും പതിനായിരം രൂപ പിഴയും. ലൈസന്‍സ് റദ്ദാക്കുകയും ചെയ്യാം.

സര്‍ക്കാരിതൊക്കെ ചെയ്യുന്നത് വളരെ നല്ല ഉദ്ദേശത്തോടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അല്ലെങ്കിലും സര്‍ക്കാരിന്റെ ഉദ്ദേശത്തെ തൊട്ടുകളിച്ചിട്ട് ഒരു പരിപാടിയുമില്ല. കുടിയന്മാരുടെ വീക്ക്‍നെസ്സ് മദ്യമാണ് എന്ന അടിസ്ഥാനതത്വമാണ് സര‍്‍ക്കാരുകള്‍ ചൂഷണം ചെയ്യുന്നത്. മദ്യപിക്കാതെ വയ്യ എന്നുള്ളവന് എത്ര കോടി രൂപ പിഴയിട്ടാലും അവന്‍ നിയമം ലംഘിക്കും. ജീവനോടെ ഉണ്ടെങ്കില്‍ രണ്ടെണ്ണം അടിച്ചിരിക്കണം എന്നതാണ് അത്തരക്കാരുടെ തത്വശാസ്ത്രം. രക്തത്തിലെ മദ്യം അളന്ന് പിഴ കണക്കു പറഞ്ഞു മേടിക്കുകയെന്നു പറയുമ്പോള്‍ തന്നെ സര്‍ക്കാരിന് വാഹനാപകടം കുറയ്‍ക്കുക എന്നതിനെക്കാള്‍ പണമുണ്ടാക്കുക എന്നതാണ് ലക്ഷ്യം എന്നത് വ്യക്തമാകും. സര്‍ക്കാര് കാശുണ്ടാക്കിക്കോട്ടെ. സര്‍ക്കാരിനു കാശുണ്ടാക്കാന്‍ വേണ്ടിയാണല്ലോ നമ്മളൊക്കെ ജീവിക്കുന്നതു തന്നെ.

മദ്യപാനം എന്ന വലിയ സാമൂഹികതിന്മയെ ഇല്ലാതാക്കണമെങ്കില്‍ സര്‍ക്കാര് പിഴവരുമാനവും ബിവറേജസ് വരുമാനവും ഒരുപോലെ വര്‍ധിപ്പിക്കുന്നതിനുള്ള നയപരിപാടി ആവിഷ്കരിച്ചതുകൊണ്ടു കാര്യമായില്ല. ആഘോഷസമയങ്ങളില്‍ റെക്കോര്‍ഡ് വില്‍പനയിലൂടെ ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ വരുമാനമുണ്ടാക്കുമ്പോള്‍ രണ്ട് വളവിനപ്പുറത്ത് മറഞ്ഞിരുന്ന് പൊലീസ് അതേ കുടിയന്മാര്‍ക്ക് പിഴയിടുകയാണ്. മദ്യസംസ്കാരത്തില്‍ നിന്നു കേരളത്തെ രക്ഷിക്കണമെന്നും വാഹനാപകടം മുതലുള്ള അനേകം അപകടങ്ങള്‍ കുറയ്‍ക്കണമെന്നും ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാര് ബിവറേജസ് കോര്‍പറേഷന്‍ അടച്ചുപൂട്ടുകയാണ് വേണ്ടത്. ഇത്രയും മദ്യഷാപ്പുകളും മദ്യപാനികളുമുള്ള നാട്ടില്‍ മദ്യപിച്ച് വാഹമോടിക്കുന്നത് നിയമവിധേയമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ഒരു ബിവറേജസ് ഔട്ട്‍ലെറ്റ് മാറ്റിക്കിട്ടാന്‍ വേണ്ടി സ്ത്രീകളും കുട്ടികളും മാസങ്ങളോളം ധര്‍ണയിരുന്നിട്ടും നടക്കാത്ത നാടാണിത്..

മദ്യപിച്ച് പൊതുസ്ഥലത്ത് നിന്ന് വല്ല ഡയലോഗും പറഞ്ഞാല്‍ അത് കുറ്റമാണ്. വീട്ടില്‍ ചെന്ന് വല്ലതും പറഞ്ഞാല്‍ ഗാര്‍ഹിക പീഡനമാകും. റയില്‍വേ പ്ലാറ്റ്ഫോമില്‍ പോലും കയറാന്‍ പാടില്ല. മിണ്ടാതെ ഒരു ഡ്രൈവിനു പോകാമെന്നു വച്ചാല്‍ അതും മഹാപരാധമായി. ചുരുക്കിപ്പറഞ്ഞാല്‍ മദ്യപിച്ചു കഴിഞ്ഞാല്‍ നോര്മലാകുന്നതു വരെ കൂടെ ഒരുത്തനെ കൂട്ടുന്നതാണ് നിലവില്‍ പ്രായോഗികം. തെങ്ങുകയറാന്‍ പോലും ആളെക്കിട്ടാത്ത ഇക്കാലത്ത് കള്ളുകുടിയനോടൊപ്പം പച്ചയായി നടക്കാന്‍ ആരെയെങ്കിലും കിട്ടുമെന്ന് എനിക്കു പ്രതീക്ഷയില്ല. തൃശൂര്‍ ടൗണിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ബിജു കോമ്പാറയും ജോഷി കാട്ടൂക്കാരനുമുണ്ട്. മറ്റുള്ളവര്‍ക്കോ ?

ജയലളിതയെ കാണാന്‍ ഒബാമ തമിഴ്‍നാട്ടിലേക്ക്

തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയെ നേരില്‍ കണ്ട് ചര്‍്ച്ചകള്‍ നടത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ചെന്നൈയിലേക്കു വരുമെന്നു സൂചന. ഇറാനുമായുള്ള പ്രശ്നങ്ങളുള്‍പ്പെടെയുള്ള ആഗോളപ്രശ്നങ്ങളില്‍ അനുകൂലപരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഒബാമ ജയലളിതയുമായി കൂടിക്കാഴ്ചയ്‍ക്കു തയ്യാറാവുന്നതെന്നാണ് വൈറ്റ് ഹൗസിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുന്ന പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ഇസ്രയേലിന് അനുകൂലമായും ഇറാന്‍,കൊറിയന്‍ പ്രശ്നങ്ങളില്‍ അമേരിക്കയുടെ താല്‍പര്യത്തിനനുകൂലമായും എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് ഒബാമ വിവിധ വകുപ്പ് സെക്രട്ടറിമാരോടൊപ്പം എത്തുന്നത്.

അടുത്തിടെ കേരളവും തമിഴ്‍നാടുമായുണ്ടായ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ന്യായവും നീതിയും കേരളത്തിന്റെ പക്ഷത്തായിരുന്നിട്ടും അക്രമവും ഭീഷണിയും സമ്മര്‍ദ്ദവുമുപയോഗിച്ച് കേരളത്തെ ഒതുക്കി വിജയം നേടിയ ജയലളിതയുടെ കഴിവാണ് സത്യവും നീതിയും ചവുട്ടിമെതിച്ചുകൊണ്ട് ആഗോളപ്രശ്നങ്ങളിലും വിജയം നേടാന്‍ ജയലളിതയുടെ സഹായം തേടാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താനാവാതെ കുഴങ്ങിയിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജയലളിതയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കേരളത്തിനെതിരായി നിലപാടെടുത്ത സാഹചര്യത്തില്‍ അത്തരമൊരു തീരുമാനത്തിനു കരുത്തുപകര്‍ന്ന ജയലളിതയുടെ പ്രചോദനമാണ് ഒബാമയുടെ ലക്ഷ്യമെന്നും അറിയുന്നു.തമിഴ്‍നാട്ടില്‍ വന്ന് ജയലളിതയോടൊപ്പം അല്‍പനേരം സംസാരിച്ചാല്‍ സത്യം നീതി,ന്യായം എന്നിവയെ അവഗണിച്ചുകൊണ്ട് മനുഷ്യത്വവും കരുണയും സാമാന്യബോധവും തൊട്ടുതീണ്ടാത്ത തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടാകുമെന്നതിനാലാണ് എയര്‍ഫോഴ്സ് വണ്‍ ചെന്നൈ വിമാനത്താവളത്തിലേക്കു തരിച്ച് വച്ച് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരിക്കുന്നത്.

ഇറാനെ ആക്രമിക്കാന്‍ പ്രധാനതടസ്സമായി നില്‍ക്കുന്നത് അത്തരമൊരു ആക്രമണം നടത്തിയാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുള്ള ലക്ഷക്കണക്കിനു നിരപരാധികളുടെ ജീവനെപ്പറ്റിയുള്ള കരുതലാണ് എന്ന് ഒബാമ വൈറ്റ്ഹൗസിലെ ഒരു ബ്ലാക്ക് ഹോഴ്‍സിനോട് പറഞ്ഞത് കേട്ട് തമിഴ്‍നാട്കാരനായ ഒരാളാണത്രേ ജയലളിതയെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞത്.40 ലക്ഷം മലയാളികളുടെ ജീവന്‍ ബലികൊടുത്തുകൊണ്ട് ഒരു ചെറിയ ഡാമിലെ വെള്ളം കുറച്ചുകാലത്തേക്കു കൂടി കുറഞ്ഞ വിലയ്‍ക്ക് സംഘടിപ്പിക്കുന്നതില്‍ വിജയിക്കുകയും ഈ ആവശ്യത്തിനു വേണ്ടി ഏറെക്കുറെ നിശബ്ദനും നിഷ്‍പക്ഷനുമായി ഭാവിച്ചിരുന്ന പ്രധാനമന്ത്രിയെപ്പോലും വയാഗ്ര കഴിച്ച കുരങ്ങനെപ്പോലെ കര്‍മനിരതനാക്കുകയും ചെയ്ത ആ നൈപുണ്യം നേരിട്ടറിയുന്നതിനു വേണ്ടിയാണ് ഒബാമ വരുന്നതത്രേ. ജയലളിതയുമായി അല്‍പനേരം കൂടിക്കാഴ്ച നടത്തിയാല്‍ ഇറാനെ ആക്രമിക്കുന്നതിനും പാലസ്തീനെ തകര്‍ക്കാന്‍ ഇസ്രായേലിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങാനുമുള്ള മനക്കട്ടിയുണ്ടാകുമെന്നാണ് ഒബാമ പ്രതീക്ഷിക്കുന്നതെന്നറിയുന്നു.

ഭാവിയില്‍ വിവിധ രാജ്യങ്ങളോട് ജീവന്‍ വേണോ രാജ്യം വേണോ എന്നു ചോദിച്ച് ജനങ്ങളുടെ പ്രാണഭീതി മുതലെടുത്തുകൊണ്ട് രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനുള്ള വിലപേശലുകളാരംഭിക്കാനും ജയലളിതയുമായുള്ള കൂടിക്കാഴ്ച സഹായകമാകുമെന്ന് ഒബാമ കരുതുന്നുണ്ടത്രേ. ഇടുക്കിയെ തമിഴ്‍നാടിനോടു ചേര്‍ക്കണമെന്ന തമിഴ്‍നാടിന്റെ ആവശ്യത്തിന്റെ മാതൃകയില്‍ മിക്കവാറും എല്ലാ ലോകരാജ്യങ്ങളെയും അമേരിക്കയോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെടാനുള്ള കരുത്ത് സമ്പാദിക്കുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചയ്‍ക്ക് പിന്നിലുണ്ടെന്നു പറയുന്നു.

അതേ സമയം, ഒബാമ ആഫ്രിക്കന്‍ വംശജനാണെന്ന വാദം തെറ്റാണെന്നും സത്യത്തില്‍ അദ്ദേഹം തമിഴ്‍വംശജനാണെന്നും ചില തമിഴ്‍മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം പറയുന്ന ഇംഗ്ലിഷ് ചെന്തമിഴില്‍ നിന്നും ഉണ്ടായതാണെന്നും അദ്ദേഹത്തിന്റെ കറുപ്പുനിറം കോയമ്പത്തൂര്‍ ഭാഗത്തെ തമിഴന്മാരുടേതുപോലെയാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്‍ അമേരിക്കയിലെ ദേശീയഭാഷയാക്കണമെന്നും അമേരിക്കയെ തമിഴ്‍നാടിനോടു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം ആരംഭിക്കുമെന്നും വൈക്കോല്‍ വാസുവും പരാജയകോന്തനും അറിയിച്ചിട്ടുണ്ട്.

പുതിയ ഡാം വേണോ പ്രശ്നപരിഹാരം വേണോ ?

മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരം എന്താണ് എന്നു ചോദിച്ചാല്‍ കേരളത്തിന് ഒറ്റമറുപടിയേ ഉള്ളൂ- പുതിയ ഡാം. പുതിയ ഡാം പണിയാന്‍ തമിഴ്‍നാട് സമ്മതിക്കുകയുമില്ല, തമിഴ്‍നാട്ടിലുള്ള മലയാളികള്‍ തല്ലുകൊള്ളുകയും ചെയ്യും എന്നതാണ് അവസ്ഥയെങ്കില്‍ പിന്നെയുള്ള അടുത്ത പരിഹാരം എന്താണെന്ന് ആലോചിക്കുന്നതല്ലേ നല്ലത് ? മുല്ലപ്പെരിയാര്‍ സമരസമിതി തന്നെ പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ സീരിയസ്സായി ചോദിക്കേണ്ട ചോദ്യം ഇതാണ്- പുതിയ ഡാം വേണോ പ്രശ്നപരിഹാരം വേണോ ?

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നതൊരു സങ്കല്‍പം മാത്രമാണ്. ഇപ്പോഴുള്ളതിനെക്കാള്‍ വെള്ളം ഉള്‍ക്കൊള്ളുന്ന പുതിയൊരു ഡാമും സത്യത്തില്‍ പുതിയൊരു ജലബോംബ് ആണ് നമുക്കു നല്‍കുന്നത്. ഭൂകമ്പഭീഷണിഎല്ലാ ഡാമുകള്‍ക്കും ഒരുപോലെയാണ്. അല്ലെങ്കിലും പുതിയ ഡാമിനു തമിഴ്‍നാട് സമ്മതിച്ചാല്‍ തന്നെ അതു പണിത്, പുതിയ സ്പില്‍വേ ഉണ്ടാക്കി വരുമ്പോഴേക്കും വര്‍ഷം പത്ത്പതിനഞ്ചു കഴിയുമെന്നാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഡാമുണ്ടാക്കുമെന്നു പറഞ്ഞിട്ടുള്ളവരൊക്കെ അടക്കം പറയുന്നത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ സി.പി.റോയി മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശം പ്രായോഗികമാക്കുന്നതിനെപ്പറ്റി അധികൃതര്‍ ചര്‍ച്ച ചെയ്യുമോ ഇല്ലയോ എന്നാണിനി അറിയേണ്ടത്.

നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് 100 അടിയാക്കി കുറയ്‍ക്കുകയും ഏതാണ്ട് 50 അടി ഉയരത്തില്‍ തമിഴ്‍നാടിനു വെള്ളം കൊണ്ടുപോകാനുള്ള കനാല്‍ അണക്കെട്ടിന്റെ പരിസരത്തായി നിര്‍മിക്കുകയും ചെയ്യുക എന്നതാണ് റോയിച്ചേട്ടന്റെ പദ്ധതി.അതുകൊണ്ട് എന്തു പ്രയോജനം എന്നാണ് ചോദ്യമെങ്കില്‍ പ്രയോജനങ്ങള്‍ പലതാണ്. ഒന്ന്, ഡാം പണിയുന്നതിന്റെ ആയിരത്തിലൊന്നു തുക മതി കനാല്‍ പണിയാന്‍. രണ്ട്, 50 അടി ഉയരത്തില്‍ കനാല്‍ വരുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ ജലം തമിഴ്‍നാടിന് എപ്പോഴും ഉറപ്പാക്കാം (ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കനാല്‍ 104 അടിയിലുമാണ്). മൂന്ന്, പരമാവധി 100 അടി മാത്രം വെള്ളമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിസരത്തു തന്നെ ഈ കനാലും നിര്‍മിച്ചാല്‍ ജലമര്‍ദ്ദം കുറയ്‍ക്കാന്‍ ഈ കനാലിനു സാധിക്കുകയും കുറഞ്ഞ ജലനിരപ്പും പുതിയ കനാലും ചേര്‍ന്ന് ഡാം ഡീകമ്മിഷന്‍ ചെയ്തതിനു തത്തുല്യമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഇത് സമരസമിതിയുടെ പേരില്‍ സി.പി.റോയി അവതരിപ്പിച്ചിട്ടുള്ള വാദങ്ങളാണ്. അഞ്ചു വര്‍ഷമായി സമരം നടത്തുന്ന സമരസമിതി ചെയര്‍മാനെ ഈ അവസരത്തില്‍ അവിശ്വസിക്കേണ്ട കാര്യമില്ല.

ഈ തിയറി തമിഴ്‍നാട്ടിലെ കര്‍ഷകസംഘടനാ നേതാക്കള്‍ സ്വാഗതം ചെയ്തതായും ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാമെന്നു തേനി കലക്ടര്‍ സമ്മതിച്ചു എന്നും പറയുമ്പോള്‍ ഈ ഫോര്‍മുല തമിഴ്‍നാട് സ്വീകരിക്കും എന്നു തന്നെ പ്രതീക്ഷിക്കാം. ഇനിയും എണ്ണൂറോളം വര്‍ഷത്തേക്ക് 100 അടി വെള്ളവുമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുമോ എന്നൊരു ചോദ്യമുണ്ട്. അന്‍പതടിക്കും നൂറടിക്കും ഇടയില്‍ വെള്ളവുമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാവുന്ന പ്രത്യാഖ്യാതം നിസ്സാരമായിരിക്കാമെന്നത് 999 വര്‍ഷം വരെ ഡാം നിലനില്‍ക്കുമെന്ന സൂചന നല്‍കുന്നില്ല. ഇപ്പോഴത്തെ സ്ഫോടനാത്മകമായ സാമൂഹിക സാഹചര്യത്തില്‍ പുതിയ ഡാം പണിയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ഇത്തരത്തിലൊരു പരിഹാരം സാധ്യമാക്കുന്നതായിരിക്കും പ്രായോഗികം എന്നു തോന്നുന്നു.

ഈ പ്രശ്നത്തില്‍ സി.പി.റോയിയുടെ നിര്‍‍ദേശം രാഷ്ട്രീയവൃത്തങ്ങള്‍ സ്വീകരിക്കും എന്ന് എനിക്കു പ്രതീക്ഷയില്ല. റോയിച്ചേട്ടന്റെ ഫോര്‍മുല അപക്വവും അശാസ്ത്രീയവുമാണെന്ന മട്ടിലാണ് മന്ത്രി പി.ജെ.ജോസഫും പ്രതികരിച്ചത്. രാഷ്ട്രീയനേതൃത്വം മുന്നോട്ടു വയ്‍ക്കുന്ന ഫോര്‍മുലകളല്ലാതെ മറ്റു ബദലുകളൊന്നും സ്വീകരിക്കപ്പെടില്ല എന്നത് ഏകദേശം ഉറപ്പാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ റോയിച്ചേട്ടന്‍ ബലിയാടാകുമെന്നല്ലാതെ മറ്റെന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്നതും കണ്ടറിയണം.

സി.പി.റോയി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ പേരില്‍ കത്തയച്ചത് ചാനലില്‍ വാര്‍ത്തയായതോടെ സമരസമിതിയിലും ഭിന്നതയുണ്ടായിരിക്കുകയാണ്. റോയി അയച്ച കത്ത് റോയിയുടേത് മാത്രമാണ് സമരസമിതിയുടേതല്ല എന്നും പുതിയ ഡാം എന്ന ആവശ്യത്തില്‍ നിന്നും സമരസമിതി പിന്നോട്ടില്ല എന്നും സമരസമിതി കണ്‍വീനര്‍ അടിവരയിട്ടു പറയുമ്പോള്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ കേരളാ കോണ്‍ഗ്രസ് പോലെ പിരിയുമോ എന്നാശങ്ക്പെടേണ്ട അവസ്ഥയാണ്. ഈ വിഷയത്തില്‍ ചപ്പാത്തില്‍ ചേര്‍ന്ന സമരസമിതി യോഗത്തില്‍ സി.പി.റോയിക്കെതിരേ ചെരിപ്പേറു വരെ ഉണ്ടായി.

ഇനി ഈ പ്രശ്നത്തില്‍ ആര് എങ്ങോട്ട് എന്നത് പ്രവചിക്കാനാവില്ല. സി.പി.റോയി തന്റെ ഫോര്‍മുല പിന്‍വലിച്ചാലും അദ്ദേഹം ഉന്നയിച്ച പ്രധാനവാദങ്ങള്‍ തമിഴ്‍നാടിന് അനുകൂലമായി നിലനില്‍ക്കും. 1300 അടി താഴെ 146 അടി ഉയരത്തില്‍ ഡാം നിര്‍മിച്ചാല്‍ തമിഴ്‍നാടിന് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്ന് അദ്ദേഹം പറയുന്നത് തന്നെയാണ് തമിഴ്‍നാടും പറയുന്നത്. പുതിയ ഡാം അനുവദിക്കരുത് എന്ന തമിഴ്‍നാടിന്റെ വാദത്തിന് ബലം പകരുന്നതാണ് ഇത്. പുതിയ ഡാമില്‍ നിന്നു തമിഴ്‍നാടിനു വെള്ളം കിട്ടില്ല എന്നു സമരസമിതി ചെയര്‍മാന്‍ തന്നെ പറയുമ്പോള്‍ വെള്ളം ഉറപ്പാക്കും എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതെങ്ങനെ ? ആശയക്കുഴപ്പങ്ങളും ആശങ്കകളും മുല്ലപ്പെരിയാര്‍ സമരത്തിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യുമ്പോള്‍ പൊതുസമൂഹം വിശ്വസിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയെയോ ജയലളിതയെയോ എന്നൊരു ചോദ്യം ചോദിച്ചാല്‍ ശരിക്കും കുടുങ്ങിപ്പോവും.

വൈ ദിസ് കൊലവെറി(വൈകൊ) ഡാം തിയറീസ്

ഒഴുകുന്ന വെള്ളം തടഞ്ഞു നിര്‍ത്തുന്ന സാങ്കേതികവിദ്യയെ ചെറുതായി കാണുന്ന എല്ലാവര്‍ക്കും അതിനെ ഒരു ശാസ്ത്രശാഖയായി അംഗീകരിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.നമുക്കറിയാത്ത,ആര്‍ക്കും മനസ്സിലാകാത്ത അതിനിഗൂഢമായ രഹസ്യങ്ങളുടെ അണക്കെട്ടു തന്നെയാണ് ഈ സാങ്കേതികവിദ്യയിലടങ്ങിയിരിക്കുന്നത്.ഗണിതം പോലെ ലോകത്തിന് ഇന്ത്യയുടെ ഒരു സംഭാവന എന്നവകാശപ്പെടാവുന്ന ഒന്നായി അണക്കെട്ട് ശാസ്ത്രം അവതരിക്കപ്പെടാന്‍ സമയമായിരിക്കുന്നു.അണക്കെട്ടുകളെ സംബന്ധിച്ച് നിലവിലുള്ള വിശ്വാസങ്ങളും സങ്കല്‍പങ്ങളും കാറ്റില്‍പ്പറത്തുന്ന കണ്ടെത്തലുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത് പഴയകാലസിനിമാനടിയും നിത്യഹരിതകുമാരിയുമായ തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയും വൈകൊ എന്ന ഭീകര അണക്കെട്ട് വിദഗ്ധനും ചേര്‍ന്നാണ്.

പുറമേ എതിരാളികളും പോരാളികളുമാണെങ്കിലും അണക്കെട്ട് ശാസ്ത്രത്തിന്റെ കാര്യത്തില്‍ ഒരു മനസ്സായതിനാല്‍ കുമാരീകല്‍പിത തിയറികളും വൈകൊ തന്നെയാണ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.പണ്ട് ഭൂമി പരന്നതല്ല ചേട്ടാ ഉരുണ്ടതാണ് എന്നു ഗലീലിയോ പറഞ്ഞപ്പോള്‍ പുള്ളിക്കാരനെ കൊലപണ്ണിയതുപോലെ, അണക്കെട്ടുകളെ സംബന്ധിച്ച പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊലവെറി ടീമുകളെ കൊല്ലാനുള്ള ദേഷ്യമാണ് നമ്മള്‍ മലയാളികള്‍ക്ക്.പച്ചിലയില്‍ നിന്നു പെട്രോള്‍ കണ്ടുപിടിച്ച പാര്ട്ടികളാണ്,അവര്‍ എന്തും ചെയ്യും എന്നത് നമ്മള്‍ വിസ്മരിക്കരുത്.അണക്കെട്ടുകളെ സംബന്ധിച്ച് ലോകത്തെ ഞെട്ടിക്കാനുതകുന്ന കൊലവെറി തിയറികള്‍ ഇവയൊക്കെയാണ്.

1.പഴകും തോറും അണക്കെട്ടുകള്‍ക്ക് ബലമേറും

ഏത് നിര്‍മിതിയും പഴകും തോറും ബലക്ഷയമുണ്ടാകുമെന്ന സങ്കല്‍പവും വിശ്വാസവും അണക്കെട്ടുകളുടെ കാര്യത്തില്‍ തെറ്റാണ്.എത്ര പഴകുന്നുവോ അതനുസരിച്ച് അണക്കെട്ടുകളുടെ ഉറപ്പും ശക്തിയും വര്‍ധിക്കുകയാണ് ചെയ്യുന്നത്.ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന 1800 വര്‍ഷം പഴക്കമുള്ള കല്ലനായി അണക്കെട്ട് തമിഴ്‍നാട്ടില്‍ ഇപ്പോഴും അതിശക്തമായി നിലനില്‍ക്കുകയാണ്. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ 116 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ടിന് പഴക്കക്കുറവുകൊണ്ടുള്ള ബലക്കുറവുണ്ടാകും. 999 വര്‍ഷത്തെ കരാറ്‍ നിലവിലുള്ളതിനാല്‍ 999 വര്‍ഷമാകുമ്പോഴേക്കും ഡാമിന് അപാര ബലാല്‍സംഗമായിരിക്കും.പാമ്പും പഴയതാണ് നല്ലത് എന്ന പഴഞ്ചൊല്ല് അണക്കെട്ടിന്റെ കാര്യത്തില്‍ അന്വര്‍ഥമാണ്.

2.സിമന്റ് ലോലമാണണ്ണാ, സുര്‍ക്കിയല്ലോ ബലപ്രദം

ആധുനികലോകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന സിമന്റ് മിശ്രിതം ഏറ്റവും ബലമേറിയതാണെന്ന വിശ്വാസം തെറ്റാണ്.സിമന്റിനെക്കാള്‍ പതിനായിരം മടങ്ങ് ബലമേറിയ വസ്‍തുവാണ് സുര്‍ക്കി എന്നറിയപ്പെടുന്നത്.ലോകത്ത് തകര്‍ന്നിട്ടുള്ള ഡാമുകളെല്ലാം സിമന്റ് ഉപയോഗിച്ച് നിര്‍മിച്ചതാണ്.എന്നാല്‍,സുര്‍ക്കിയില്‍ നിര്‍മിച്ച ഡാമുകളൊന്നും ഇന്നുവരെ തകര്‍ന്നിട്ടില്ല.ഇനിയൊട്ടു തകരുകയുമില്ല.സിമന്റിനു പകരം സുര്‍ക്കി ഉപയോഗിച്ച് വീടുകളും ഫ്ലാറ്റുകളുമൊക്കെ നിര്‍മിച്ചാല്‍ റിക്ടര്‍ സ്കെയിലില്‍ 12 വരെ ഉണ്ടാകാവുന്ന ഭുചനങ്ങള്‍ പുല്ലുപോലെ താങ്ങും.തമിഴ്‍നാട് സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന ഡാം സര്‍വകലാശാല പൂര്‍ണമായും സുര്‍ക്കി ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക.

3.അണക്കെട്ടില്‍ ചോര്‍ച്ചകള്‍ അലങ്കാരമാണ്

അണക്കെട്ടില്‍ ചോര്‍ച്ച ഉണ്ടാവുക എന്നു വച്ചാല്‍ അതിന് എന്തോ തകരാറ് സംഭവിച്ചതാണ് എന്ന ധാരണയും അട്ടിമറിക്കപ്പെടുകയാണ്.സ്നേഹമുള്ളിടത്തേ പിണക്കമുള്ളൂ,വിവാഹമുള്ളിടത്തേ ഡൈവോഴ്സ് ഉള്ളൂ എന്നൊക്കെ പറയുന്നതുപോലെ ഡാമുള്ളിടത്തേ ചോര്‍ച്ചയുള്ളൂ, അല്ലെങ്കില്‍ ഡാമുണ്ടെങ്കില്‍ ചോര്‍ച്ചയുമുണ്ടാവണം.ഒരു ചോര്‍ച്ചയുമില്ലാത്ത ഡാമുകള്‍ സത്യത്തില്‍ അപകടഭീഷണിയുണ്ടാക്കുന്നവയാണ്. അത്തരം ഡാമുകള്‍ പെട്ടെന്നൊരു ദിവസം പൊട്ടിത്തകരാന്‍ സാധ്യതയുണ്ട്. എന്നാല്‍,ഡാമില്‍ അവിടവിടെയായി വിള്ളലുകളും ചോര്‍ച്ചകളുമുള്ളത് ഡാമും ഡാമിനകത്തെ വെള്ളവുമായുള്ള ആശയവിനമയം സുതാര്യമാക്കുകയും തദ്വാരാ ഡാം അതിശക്തമായി നിലനില്‍ക്കുകയും ചെയ്യും.ചോര്ച്ചയില്ലാത്ത ഡാമുകളില്‍ ചെറിയ സുഷിരങ്ങളിടുന്നത് അതിന്റെ ആയുസ്സ് വര്‍ധിപ്പിക്കുക തന്നെ ചെയ്യും.

4.ഭൂകമ്പവും അണക്കെട്ടുമായി ബന്ധമില്ല

ഭൂകമ്പമേഖലകളില്‍ നിലനില്‍ക്കുന്ന അണക്കെട്ടുകള്‍ക്ക് അപകടഭീഷണിയുണ്ട് എന്ന കുപ്രചാരണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിരുദ്ധമായ കണ്ടെത്തലാണിത്. ഭൂകമ്പവും അണക്കെട്ടുമായി ബന്ധമില്ല എന്ന തിയറിയാണ് ഇതിലൂടെ മുന്നോട്ടു വയ്‍ക്കുന്നത്.ഭകമ്പം ഉണ്ടാകുമ്പോള്‍ ഭൂമിക്കടിയിലെ പ്ലേറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കും എന്നാണ് പറയുന്നത്.ഇങ്ങനെ ചലിക്കുമ്പോള്‍ ചെറിയ ചെറിയ കെട്ടിടങ്ങളും വീടുകളും മറ്റും തകര്‍ന്നു വീണ് ആളുകള്‍ മരിക്കുന്നത് സ്വാഭാവികമാണ്.എന്നാല്‍,അണക്കെട്ടുകള്‍ക്ക്, പ്രത്യേകിച്ച് 100 വര്‍ഷത്തിലധികം പഴക്കമുള്ള സുര്‍ക്കി അണക്കെട്ടുകള്‍ക്ക് ഇത് ബാധകമല്ല.സുര്‍ക്കി അണക്കെട്ടുകളുടെ മെയ്‍വഴക്കവും അഭ്യാസമികവും തന്നെയാണ് ഇതിനു കാരണം.ഭൂമിക്കടിയിലെ പ്ലേറ്റുകള്‍ എത്ര ശക്തമായി എങ്ങോട്ടു കുലുങ്ങിയാലും കളരിയും ഭരതനാട്യവും അഭ്യസിച്ചിട്ടുള്ള അണക്കെട്ടിന് തകരാതെ പിടിച്ചു നില്‍ക്കാനാകും. റിക്ടര്‍ സ്കെയില്‍ തകരുന്ന ഘട്ടം വന്നാലും അണക്കെട്ട് തകരില്ല.അതുകൊണ്ട് ശക്തമായ ഭുകമ്പമുണ്ടാകുന്ന സമയങ്ങളില്‍ ആളുകള്‍ വീട്ടിനുള്ളില്‍ കഴിയാതെ ഏറ്റവും അടുത്തുള്ള അണക്കെട്ടിലേക്ക് ഓടിക്കയറുന്നതാണ് ഏറ്റവും സുരക്ഷിതം.

5.മലയാളി തൊട്ടാല്‍ അണക്കെട്ട് തകരും

മലയാളികള്‍ പൊതുവേ എല്ലാം നശിപ്പിക്കുന്നവരാണ്.അവര്‍ക്ക് വേണമെങ്കില്‍ അണക്കെട്ടും നശിപ്പിക്കാം.മലയാളികളുടെ കുലത്തൊഴിലാണ് അണക്കെട്ടു നശീകരണം.ലോകമെങ്ങും ഭീഷണി നേരിടുന്ന പുതുപുത്തന്‍ സിമന്റ് അണക്കെട്ടുകള്‍ തകര്‍ക്കാന്‍ സര്‍ക്കാരുകള്‍ ചിലവേറിയ മാര്‍ഗത്തിനു ശ്രമിക്കാതെ കുറെ മലയാളികളെ അതിനു താഴെ കൊണ്ടുപോയി പാര്‍പ്പിക്കുകയേ വേണ്ടൂ,അവര്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അതു പൊളിച്ചു തരും.ഇത് മുതലാക്കി ഒരു ഡാം ഡിസ്‍ട്രോയിങ് കമ്പനി തുടങ്ങിയാല്‍ കേരളത്തിനു ധാരാളം വരുമാനമുണ്ടാക്കാന്‍ സാധിക്കും.

തിയറികള്‍ ഇനിയും അനേകമുണ്ട്.എന്നാല്‍ അതെല്ലാം കൂടി ഇങ്ങനെ ഒറ്റയടിക്ക് അവതരിപ്പിക്കാനാവില്ല.ശാസ്ത്രലോകം ഉറ്റുനോക്കുന്ന ഞെട്ടിക്കുന്ന ഇത്തരം അനേകം തിയറികള്‍ വരും ദിവസങ്ങളില്‍ ഇന്ത്യാമഹാരാജ്യം കേള്‍ക്കാന്‍ പോവുകയാണ്.നമുക്കറിയാത്ത ഒരു ശാസ്ത്രശാഖയെ ചോദ്യം ചെയ്യാനോ വെല്ലുവിളിക്കാനോ ശ്രമിക്കുന്നത് അപക്വമാണെന്നിരിക്കെ ഈ ഡാം തിയറികള്‍ അംഗീകരിച്ച് അവയെ ഉള്‍ക്കൊണ്ടു കൊണ്ട് നല്ല വിദ്യാര്‍ഥികളായിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

തമിഴാ, പാകിസ്ഥാനെപ്പോലെ പെരുമാറരുത്

ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചത് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണെന്നു ദിനമലര്‍ പത്രം എഴുതിയപ്പോള്‍ തമിഴ്‍നാട്ടുകാര്‍ അതെഴുതിയ ലേഖകനെ മാനസികരോഗത്തിനു ചികില്‍സിക്കണമെന്നും മലയാളി ബുദ്ധിജീവികള്‍ അത്യുന്നതമായ ആക്ഷേപഹാസ്യമെഴുതിയ പത്രത്തെ അഭിനന്ദിക്കുകയും ആ ഹാസ്യം മനസ്സിലാക്കാനാവാത്ത വിഡ്ഡികളെ അധിക്ഷേപിക്കുകയും ചെയ്‍തു. ഒരു തമിഴനും മലയാളിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇവിടെ തുടങ്ങുന്നു.തമിഴന്‍ തന്റെ ലക്ഷ്യത്തിനു വേണ്ടി ഏതു വഴിയും സ്വീകരിക്കുമെങ്കില്‍ പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാത്ത മലയാളിക്ക് രസകരമായ വഴികളിലാണ് താല്‍പര്യം.

മുല്ലപ്പെരിയാര്‍ തമിഴന് ഗോവിന്ദച്ചാമിയെപ്പോലെയല്ല.അതുകൊണ്ട് തന്നെ ഡാമിന്റെ കാര്യത്തില്‍ അവര്‍ അത്യധികം സെന്‍സിറ്റീവാണ്.അതുപൊട്ടി മലയാളികള്‍ മരിക്കുന്നതാണോ അതോ വെള്ളം കിട്ടാതെ അഞ്ചു ജില്ലകളിലെ കൃഷി മുടങ്ങുന്നതാണോ വലിയ നഷ്ടം എന്നവര്‍ക്കു കൃത്യമായി അറിയാം.പുതിയ ഡാം വന്നാലും ഉള്ളത് പൊട്ടിയാലും അവരെ സംബന്ധിച്ച് പുതിയ കരാറും വിലകൂടിയ വെള്ളവും ആണ് ഫലം.അപ്പോള്‍ വില കൂടിയ വെള്ളം എന്നത് എത്ര വൈകിക്കുന്നോ അത്രയും നല്ലത്. ഇത്രയധികം വെള്ളവും ഡാമുകളുമുള്ള കേരളത്തെ മനുഷ്യവാസമുള്ള ഒരു സംസ്ഥാനമായി കാണുന്നതിനെക്കാള്‍ ഒരു ജലഭോഗയന്ത്രമായി കാണാനാണ് അവര്‍ക്ക് താല്‍പര്യം.അതുകൊണ്ട് തന്നെ നേതാക്കള്‍ തമിഴ്‍ മക്കളോട് അത്മാര്‍ഥതയോടെ പറയുന്ന കാര്യങ്ങള്‍ ആക്ഷേപഹാസ്യമാണെന്നു കരുതി ആര്‍ത്തു ചിരിക്കുന്ന പ്രബുദ്ധ മലയാളികള്‍ അവര്‍ക്കൊരനുഗ്രഹമായിരിക്കും.

കുമാരി ജയലളിതയുടെ പുതിയ ആക്ഷേപഹാസ്യമാണ് രാഷ്ട്രീയതലത്തില്‍ നമുക്ക് എന്‍ജോയ് ചെയ്യാനിപ്പോള്‍ മുന്നിലുള്ളത്.കേരളത്തെ ഉപദേശിക്കണം എന്നു പ്രധാനമന്ത്രിയെ ഉപദേശിച്ചുകൊണ്ട് ആയമ്മ സര്‍ദാര്‍ജിക്ക് നെടുങ്കന്‍ കത്തയച്ചിരിക്കുകയാണ്.വിറയാര്‍ന്ന കൈകളോടെ, വിറയ്‍ക്കുന്ന താടിയോടെ ഇപ്പോള്‍ പുള്ളിക്കാരന്‍ അത് വായിക്കുന്നു കാണും.ഡാം പുത്തന്‍പോലെ സുരക്ഷിതമാണെന്ന് പറയുന്ന ലളിതേച്ചി കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തില്‍ അത് പൊട്ടിയില്ല എന്നത് അടിവരയിട്ടു പറയുന്നുണ്ട്.പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് കേന്ദ്രം കേരളത്തെ ധരിപ്പിക്കണം. ഡാം ദുര്‍ബലമാണെന്ന വാദം ഉയര്‍ത്തി കേരള സര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ ജയലളിത ആരോപിക്കുന്നു.

കത്ത് വായിച്ച് പ്രധാനമന്ത്രി ഉമ്മന്‍ ചാണ്ടിയെ ശാസിക്കാതിരിക്കില്ല.രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ഉല്‍സാഹം പോലും ഇക്കാര്യത്തില്‍ തനിക്കില്ല എന്ന് പ്രധാനമന്ത്രി ഏറെക്കുറെ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയുടെ സ്ഥിരം പോളിസിയായ ചേരിചേരാനയം തന്നെയാണ് ഇക്കാര്യത്തിലും പുലര്‍ത്തുന്നത്.എന്തു തന്നെ സംഭവിച്ചാലും ഒരു മധ്യസ്ഥനെപ്പോലെ മിണ്ടാതിരിക്കുകയേ ഉള്ളൂ എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‍നാടിന് മൃഗീയമായ മേല്‍ക്കോയ്മയുള്ള വിഷയത്തില്‍ ഉറക്കംതൂങ്ങിയിരിക്കുന്ന ഒരു മധ്യസ്ഥന്‍ ഏതു പക്ഷത്തായിരിക്കും എന്നതറിയാന്‍ ചര്‍ച്ച വരെ കാത്തിരിക്കേണ്ട കാര്യമില്ല. ചുരുക്കിപ്പറഞ്ഞാല്‍, ജലനിരപ്പ് 136 അടിയില്‍ നിന്ന് 120 അടി ആക്കിക്കുറച്ച ശേഷം പുതിയ ഡാം പണിയാമെന്ന കേരളത്തിന്റെ അതിമോഹം പ്രധാനമന്ത്രിയുടെ ഓഫിസിലെ ചവറ്റുകൊട്ടയില്‍ കിടക്കും.ജലനിരപ്പ് 136ല്‍ നിന്ന് 146 ആക്കണമെന്നു തമിഴ്‍നാട് പറഞ്ഞാല്‍ അതു ചിലപ്പോ സാധിച്ചെന്നുമിരിക്കും.

ഡാം999 എന്ന സിനിമയില്‍ ഡാം പൊട്ടുന്നത് പ്രമേയമായിട്ടുണ്ടെന്നും അത് തമിഴ്‍നാടിന്റെ താല്‍പര്യത്തിനു വിരുദ്ധമായതിനാല്‍ (ഡാം പൊട്ടി മലയാളികള്‍ ചാവുന്നതാണ് തമിഴ്‍നാടിന്റെ താല്‍പര്യം എന്ന് അവര്‍ പറയാതെ പറഞ്ഞു) സിനിമ തമിഴ്‍നാട്ടിലെന്നല്ല ഇന്ത്യയില്‍ തന്നെ നിരോധിക്കണമെന്ന അവിടത്തെ ലോക്കല്‍ നേതാക്കളുടെ ആവശ്യം പ്രധാനമന്ത്രി പക്ഷെ വളരെ സീരിയസ്സായി എടുത്തിട്ടുണ്ട്.സിനിമ കണ്ടുനോക്കാന്‍ അംബികേച്ചിയെ ഏല്‍പിച്ചിരിക്കുകയാണ്. അംബികേച്ചി കണ്ടിട്ട് തമിഴ്‍നാടിന്റെ താല്‍പര്യത്തിനു മുറിവേല്‍ക്കുമെന്നു തോന്നിയാല്‍ പടം ഇന്ത്യയിലൊട്ടാകെ നിരോധിക്കും.അങ്ങനെ ഇന്ത്യയുടെ താല്‍പര്യത്തിനു വിരുദ്ധമായ ഒരു സിനിമ വിദേശത്തും നിരോധിക്കാന്‍ സാധ്യത ഞാന്‍ കാണുന്നുണ്ട്.

ഇതൊന്നും നമ്മള്‍ മലയാളികള്‍ സീരിയസ്സായി എടുക്കേണ്ടതില്ല.തമിഴ്‍നാട് ഇങ്ങനൊക്കെ ചെയ്യുമ്പോള്‍ അവര്‍ അതിലൂടെ കേരളത്തിന്റെ ആവശ്യങ്ങനെ പിന്തുണയ്‍ക്കുകയാണ് ചെയ്യുന്നത്.ആക്ഷേപഹാസ്യത്തിലൂടെയാണ് അവര്‍ അത് ചെയ്യുന്നത് എന്ന കാര്യം തമിഴന്‍മാര്‍ക്ക് പിടികിട്ടാത്തതാണെന്ന വിവരം നമുക്കല്ലേ അറിയൂ.മുല്ലപ്പെരിയാറും മൂന്നാറുമൊക്കെ അടങ്ങുന്ന ഇടുക്കിയുടെ തമിഴ്‍നാട് അതിര്‍ത്തിയില്‍ അവര്‍ ശരിക്കും സിനിമാലയാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അടങ്ങുന്ന പീരുമേട്‌, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‍നാട്ടില്‍ വന്‍പ്രചാരണപരിപാടികളാണ് നടക്കുന്നത്.തേനി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട്‌-മുല്ലപ്പെരിയാര്‍-മൂന്നാര്‍ ഏറ്റെടുക്കല്‍ എന്ന സംഘടനയാണ് സംഗതി ചൂടാക്കിക്കൊണ്ടിരിക്കുന്നത്. വൈക്കോല്‍ വാസുവിനെപ്പോലുള്ള തീവ്രവര്‍ഗീയവാദികള്‍ കളം പിടിക്കുന്നതോടെ ഒരു കലാപത്തിലൂടെയാണെങ്കിലും അവന്‍മാര്‍ അത് സാധിച്ചെടുക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‍നാടിന്റെ ഭാഗമാക്കി കേരളത്തിന്റെ അണ്ണാക്കില്‍ കുമ്പളങ്ങ തിരുകുക എന്നതാണ് ലക്ഷ്യമെന്ന് അവര്‍ പറയുന്നില്ല. പകരം പരിശുദ്ധ തമിഴ്‍ സംസാരിക്കുന്ന തമിഴ്‍മക്കള്‍ പൊറുക്കുന്ന കേരളാവിലെ സ്ഥലങ്ങള്‍ തമിഴ്‍മണ്ണിനോട് ചേര്‍ത്ത് തമിഴ്‍നാടിനെ വിശുദ്ധ നാടാക്കാന്‍ വേണ്ടിയാണ് കേരളം പിടച്ചടക്കാന്‍ ശ്രമിക്കുന്നതെന്നാണ് ചിത്രീകരിക്കുന്നത്.ഭാഷാടിസ്ഥാനത്തില്‍ 1957-ല്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോഴാണ് തമിഴ്‌നാടിന്റെ ഭാഗമായുണ്ടായിരുന്ന ഇപ്പോഴത്തെ ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്‌ താലൂക്കുകള്‍ കേരളത്തോടു ചേര്‍ത്തത്. അന്ന് വിട്ടുകൊടുത്തത് തിരിച്ചു പിടിക്കുക എന്നതാണ് തീവ്രവാദികളുടെ ആവശ്യം.

30 ലക്ഷം ജനങ്ങളെ ബന്ദികളാക്കി വെള്ളത്തിനു വില പേശുന്ന,കേരളത്തിന്റെ ഭാഗങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരു സംസ്ഥാനത്തെ അയല്‍സംസ്ഥാനം എന്ന നിലയ്‍ക്ക് ആദരവോടെ കാണാന്‍ വലിയ ബുദ്ധിമുട്ടാണ്.ഇന്ത്യ എന്ന ദേശീയബോധത്തിലുറച്ചു നില്‍ക്കുമ്പോഴും ഒരു ശരാശരി മലയാളിക്ക് അതേ ദേശീയതയുടെ കീഴില്‍ നീതി ലഭിക്കുന്നില്ല എന്നു തോന്നിയാല്‍ അത് ഐക്യമത്വം മഹാബലത്തിന്റെ ഗുരുതരമായ പരാജയമാണ്.തമിഴന്റെ പ്രാദേശിക-വര്‍ഗിയ പിടിവാശികള്‍ ഒരു ജനതയെ ഭയപ്പെടുത്തുമ്പോള്‍ പാക്കിസ്ഥാനാണ് ഭേദം എന്നാരെങ്കിലും ചിന്തിച്ചാല്‍ അവനെ കുറ്റം പറയാനൊക്കുമോ ?

ഇത് മലയാളിയുടെ ആക്ഷേപഹാസ്യമാണ്.തമിഴനു മനസ്സിലാകുമോ എന്തോ !