റോയല്‍ എന്‍ഫീല്‍ഡ് ദൈവം !

ഈശ്വരന്‍ തൂണിലും തുരുമ്പിലുമുണ്ട് എന്നു ഭഗവാന്‍ യുഗയുഗാന്തരങ്ങള്‍ക്കു മുമ്പേ വെളിപ്പെടുത്തിയിട്ടുള്ളതുകൊണ്ട് ഈശ്വരന്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലും ഉണ്ടോ എന്നു പ്രത്യേകം ചോദിക്കുന്നതില്‍ വലിയ കഥയില്ല. ബുള്ളറ്റില്‍ ഇരുമ്പും തുരുമ്പുമെല്ലാമുണ്ട് അതുകൊണ്ട് ഈശ്വരസാന്നിധ്യവുമുണ്ടാവും. എന്നാല്‍ ഭഗവാന്‍ ഉദ്ദേശിച്ച ആ ജനറലൈസേഷനപ്പുറം ഒരേയൊരു ബുള്ളറ്റിനു മാത്രമേ സൂപ്പര്‍ പവര്‍ ഉള്ളൂ എന്നു പറയുമ്പോള്‍ അതില്‍ അല്‍പം വ്യത്യസ്തയുണ്ട്.

സിനിമാനടിമാരുടെയും രാഷ്ട്രീയക്കാരുടെയും പേരില്‍ ക്ഷേത്രം പണിയുന്ന ട്രെന്‍ഡ് വരുന്നതിനു മുന്‍പ് 26 വര്‍ഷം മുന്‍പാണ് രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് നാട്ടുകാര്‍ 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ദൈവമായി പ്രതിഷ്ഠിച്ച് ആരാധിച്ചു തുടങ്ങിയത്. ന്യൂസ് 18 റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ബിബിസി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജസ്ഥാനിലെ ബുള്ളറ്റ് ദൈവത്തിന്റെ കാര്യം നമ്മളില്‍ പലരും അറിഞ്ഞത് എന്നു മാത്രം. ജോധ്പൂര്‍-പാലി ഹൈവേയില്‍ ജോധപൂരില്‍ നിന്നു 40 കിലോമീറ്റര്‍ അകലെ ബന്‍ഡായി എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവം യാത്രക്കാരെ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നത്. ഓം ബന്ന എന്ന അഥവാ ബുള്ളറ്റ് ബാബ എന്ന പേരില്‍ അറിയപ്പെടുന്ന ലോക്കല്‍ ദൈവത്തിന്റെ വാഹനമാണ് ആളുകള്‍ പ്രതിഷ്ഠിച്ചു പൂജിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ്.

Om Banna RNJ 7773 റജിസ്റ്റര്‍ നമ്പരുള്ള ബുള്ളറ്റ് ദൈവമായതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. സംഭവം നടക്കുന്നത് 1988ലാണ്. ഓം ബന്ന അഥവാ ബുള്ളറ്റ് ബാബ അന്ന് ഓം സിങ് രാത്തോര്‍ ആണ്. യുവാവായ ഓം സിങ് രാത്രിയില്‍ ഇപ്പോള്‍ തന്റെ ബുള്ളറ്റില്‍ പാലിയില്‍ നിന്നു ചോട്ടിലയിലേക്കു പോകുമ്പോള്‍ ബന്‍ഡായിയില്‍ വച്ച് നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ചു. ബുള്ളറ്റും ഓം സിങ്ങും കൂടി ഓടയിലേക്കു വീണു ഓം സിങ് തല്‍ക്ഷണം മരിച്ചു, എല്ലാം വളരെ സ്വാഭാവികം. നേരം വെളുത്തപ്പോള്‍ പൊലീസുകാര്‍ വന്ന് ബുള്ളറ്റ് എടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. എന്നാല്‍, അടുത്ത ദിവസം ബുള്ളറ്റ് സ്‌റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായി. തിരഞ്ഞു ചെന്ന പൊലീസുകാര്‍ കണ്ടത് അപകടം നടന്ന സ്ഥലത്തു തന്നെ ബുളളറ്റ് കിടക്കുന്നതാണ്. പൊലീസുകാര്‍ പിന്നെയും ബുള്ളറ്റ് സ്റ്റേഷനില്‍ കൊണ്ടുപോയി. അടുത്ത ദിവസം പിന്നെയും ബുള്ളറ്റ് ആക്‌സിഡന്റ് സ്‌പോട്ടിലേക്കു തിരികെപ്പോയി. ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ബുള്ളറ്റിന് ദിവ്യശക്തിയുണ്ടെന്നു മനസ്സിലാക്കാന്‍ ഇതില്‍പ്പരം തെളിവുകള്‍ വേറെ വേണ്ട. അപകടത്തോടെ ബുള്ളറ്റിന് അതിബൈക്കീയ സിദ്ധികള്‍ ലഭിച്ചതാണെന്നും അതല്ല ഓം സിങ് രാത്തോറിന്റെ ആത്മാവ് ബുള്ളറ്റില്‍ ആവേശിച്ചതാണെന്നും വിവിധങ്ങളായ തിയറികളുണ്ടായി. എന്തായാലും ബുള്ളറ്റിന്റെ ദിവ്യശക്തി അടുത്തുള്ള ഗ്രാമങ്ങളിലേക്കും പടര്‍ന്നു. നാട്ടുകാരെല്ലാം ചേര്‍ന്ന് വിശുദ്ധ ബുള്ളറ്റിന് ഒരു ക്ഷേത്രം പണിതു. ഓം ബന്ന അഥവാ ബുള്ളറ്റ് ബാബയെ വിശുദ്ധനായി പ്രഖ്യാപിച്ച് അദ്ഭുതസിദ്ധിയുള്ള ബുള്ളറ്റിനെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. ഓം ബന്ന അപകടത്തില്‍ മരിക്കാന്‍ കാരണമായ ആ മരവും അലങ്കരിച്ച് സംരക്ഷിക്കുന്നു. ബുള്ളറ്റിന് ശരിക്കും ദിവ്യശക്തിയുണ്ടായിരുന്നെങ്കില്‍ ഓം ബന്നയെ അപകടത്തില്‍ നിന്നു രക്ഷിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത്, ആളു തട്ടിപ്പോയിക്കഴിഞ്ഞ് ഒളിച്ചുകളിക്കുന്നതില്‍ എ്തു ദിവ്യത്വമാണുള്ളത് എന്നൊന്നും ആരും ചോദിക്കരുത്. ദൈവങ്ങളെ ചോദ്യം ചെയ്യുന്നത് ആര്‍ക്കും നല്ലതല്ല.

അതുവഴി യാത്ര ചെയ്യുന്നവരൊക്കെ ഇവിടെ കയറി ബുള്ളറ്റ് ബാബയ്ക്ക് നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കും പൂജ ചെയ്തും പ്രാര്‍ഥിച്ചും യാത്രയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നു. ട്രിപ്അഡൈ്വസര്‍ ഉള്‍പ്പെടെയുള്ള യാത്രാ പോര്‍ട്ടലുകള്‍ പാലിയിലെ പ്രധാനകേന്ദ്രങ്ങളുടെ പട്ടികയില്‍ ബുള്ളറ്റ് ബാബ ക്ഷേത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുള്ളറ്റ് ബാബ ഭക്തിഗാനങ്ങള്‍ക്കും അവിടെ നല്ല മാര്‍ക്കറ്റാണ്. സാംപിളിനു രണ്ടു ബുള്ളറ്റ് ഭക്തിഗാനങ്ങള്‍ ചുവടെ.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചുവെന്നും മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്നും പണ്ടു വയലാര്‍ എഴുതിയത് യേശുദാസ് പാടിയത് നമ്മള്‍ കേട്ടിട്ടുണ്ട്. വിശ്വാസികള്‍ ഉള്ളിടത്തോളം ദൈവങ്ങളെ വിലകുറച്ചു കാണാന്‍ പാടില്ല. കേരളത്തില്‍ വളരെ സ്വാധീനമുള്ള ഇരുചക്രവാഹനമെന്ന നിലയില്‍ ബുള്ളറ്റ് മതത്തിനും ബുള്ളറ്റ് ബാബയ്ക്കും ഇവിടെ അനന്തമായ സാധ്യതയാണുള്ളത്. ബാലികമാരെ പീഡിപ്പിക്കാത്ത, ഭക്തരെ മര്‍ദ്ദിക്കാത്ത ഒരു മതമായി ബുള്ളറ്റിസം വളര്‍ന്നു വരുന്നെങ്കില്‍ അത് പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്.

ജയ് ഹോ ബുള്ളറ്റ് ബാബ !

ബസ് സമരം ഒഴിവാക്കാന്‍ 10 നിര്‍ദേശങ്ങള്‍

കേരളത്തിന്റെ സ്പന്ദനം സ്വകാര്യബസ് സര്‍വീസുകളിലാണ്. തിരുവനന്തപുരം കാസര്‍കോടുവരെ പരന്നു കിടക്കുന്ന കേരളത്തെ സജീവമാക്കുന്നത് ഇന്നാട്ടിലെ സ്വകാര്യബസ് മുതലാളിമാര്‍ ആയിരക്കണക്കിനു ബസുകള്‍ ഓടിക്കുന്നതുകൊണ്ടാണ്. ഈ പരമ്പരാഗത വ്യവസായത്തെ തകര്‍ക്കാന്‍ കുബുദ്ധികള്‍ കെഎസ്ആര്‍ടിസി എന്ന പേരില്‍ നടത്തുന്ന വികസനവിരുദ്ധ വ്യവസായം അടച്ചുപൂട്ടുന്നതിന് സഹൃദയരായ അനേകം ആര്‍ടിഒമാരുടെ സഹകരണത്തോടെ നടന്നു വരുന്ന ശ്രമങ്ങള്‍ പൂര്‍ണതോതില്‍ ഫലം കണ്ടിട്ടില്ല. എങ്കിലും കുടുംബത്തില്‍ പിറന്ന മുതലാളിമാരുടെ എച്ചില്‍ തിന്നു ശീലമുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്താല്‍ ഒരു പരിധി വരെ കെഎസ്ആര്‍ടിയുടെ ഉപദ്രവം തടയാന്‍ സാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സ്വകാര്യബസ് മേഖല ഇന്നും പ്രതിസന്ധിയിലാണ്.

ഇന്ന് കേരളത്തിലെ സ്വകാര്യബസുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് ഒരു പേരെയുള്ളു- ഋഷിരാജ് സിങ്. ഈ മനുഷ്യന്‍ എന്നു കേരളത്തില്‍ കാലുകുത്തിയോ അന്നു മുതല്‍ തുടങ്ങിയതാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍. കുറച്ചുകാലം മുമ്പ് വരെ ഇതിയാന് സിഡി പിടുത്തമായിരുന്നു. ഇപ്പോള്‍ വണ്ടികളുടെ നെഞ്ചത്തോട്ടു കയറിത്തുടങ്ങിയതോടെ അവിടെയും പ്രശ്‌നങ്ങളായി. ഇടതിനെന്നോ വലതിനെന്നോ വ്യത്യാസമില്ലാതെ ഇന്നാട്ടിലെ ബസ് മുതലാളിമാര്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കു വല്ല വിലയുമുണ്ടെങ്കില്‍ രണ്ടു മാസത്തിനകം അതിയാനെ ആ കസേരയില്‍ നിന്നു മാറ്റിയിരിക്കും.

യാത്രക്കാരുടെ ചോരയില്‍ നിന്നും കരുത്താര്‍ജ്ജിച്ച ഒരു പ്രസ്ഥാനമാണ് കേരളത്തിലെ സ്വകാര്യബസ് മേഖല. ആയിരക്കണക്കിനു യാത്രക്കാരുടെ തലയോട്ടി തകര്‍ത്തിട്ടുള്ള, തലച്ചോര്‍ റോഡില്‍ അരച്ചുചേര്‍ത്തിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലെ സ്വകാര്യ ബസുകള്‍ക്കുള്ളത്. പതിനായിരക്കണക്കിനാളുകളെ വികലാംഗരും പിന്നെയും അയിരങ്ങളെ ജീവച്ഛവങ്ങളുമാക്കിയിട്ടുള്ള ബസ് മേഖലയെ ഒരു ഋഷിരാജ് സിങ് വിചാരിച്ചാല്‍ ഞൊട്ടാമെന്നുള്ള വ്യാമോഹത്തിനുള്ള ചെറിയ മറുപടി മാത്രമാണ് ഇന്നാരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക്. സാക്ഷാല്‍ മുഖ്യമന്ത്രി ബസ് മുതലാളിമാരുടെ കാലുപിടിക്കാനും മാപ്പു ചോദിക്കാനുമൊക്കെ വന്നേക്കാം. പക്ഷെ, സ്വകാര്യ ബസുകളുടെ അവകാശങ്ങളുടെ മേല്‍ കടന്നുകയറി വികാരം വ്രണപ്പെടുത്തിയതിനാല്‍ അങ്ങനെ ഇങ്ങനെയൊന്നും മുതലാളിമാര്‍ സമരത്തില്‍ നിന്നു പിന്മാറുതെന്നാണ് എന്റെ അഭിപ്രായം.

ചിന്നിച്ചിതറിയ ശരീരങ്ങളും ചോരയും കണ്ട് അറപ്പും വെറുപ്പും മാറിയ സമര്‍ഥരായ ഡ്രൈവര്‍മാരെ വച്ചു നടത്തുന്ന ബസ് വ്യവസായത്തിന് സര്‍ക്കാരിനെയോ നിയമങ്ങളെയോ പേടിക്കേണ്ട കാര്യമില്ല. എങ്കിലും ഡെയ്‌ലി ഏറ്റവും കുറഞ്ഞത് 50 പേരെയെങ്കിലും ഇടിച്ചുകൊന്ന് ജനസംഖ്യാനിന്ത്രണത്തില്‍ പങ്കാളിയാകുന്ന ബസ് മേഖലയുടെ നന്മയ്ക്കു വേണ്ടി സര്‍ക്കാരിനു മുന്നില്‍ ഏതാനും ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. ഇത് അംഗീകരിക്കുന്നതോടൊപ്പം തുമ്പ സ്റ്റേഷനിലെ മറ്റേ എസ്‌ഐയുടെ പ്രയോഗത്തിന് ഋഷിരാജ് സിങ്ങിനെ വിധേയനാക്കുക കൂടി ചെയ്ത് ബസ് മേഖലയ്ക്കുണ്ടായ അപമാനം നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഈയവസരത്തില്‍ ആവശ്യപ്പെടുകയാണ്.

1. പ്രധാന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ലാത്ത റൂട്ടുകളില്‍ മാത്രം കെഎസ്ആര്‍ടിസി ഓടിക്കുക. സ്വകാര്യ ബസുകള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കുക. എല്ലാവരും സ്പീഡിലോടുമ്പോഴാണ് അപകടം ഉണ്ടാവുന്നത്. സ്വകാര്യബസുകള്‍ മാത്രം സ്പീഡിലോഡിയാല്‍ മതിയെന്നു വച്ചാല്‍ അപകടം കുറയ്ക്കാം.

2. സ്വകാര്യബസുകളെ കൊള്ളയടിക്കുന്നതിനുള്ള ഫിറ്റ്‌നസ് പരിശോധനകള്‍ അവസാനിപ്പിക്കുക. സര്‍വീസിനിടയില്‍ കൈകാണിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക. ട്രാഫിക് നിയമങ്ങള്‍ സ്വകാര്യ ബസുകള്‍ക്കു കൂടി ബാധകമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കുക. സ്വകാര്യബസ് ഡ്രൈവര്‍മാരോട് ലൈസന്‍സ് ചോദിക്കുക, മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക തുടങ്ങിയ അവഹേളനങ്ങള്‍ അവസാനിപ്പിക്കുക.

3. ബസാകുമ്പോള്‍ അത് എവിടെയെങ്കിലും ഇടിക്കുന്നതും മറിയുന്നതും ആരെങ്കിലുമൊക്കെ ചാകുന്നതും പുതുമയുള്ള കാര്യമല്ല. ഇത്തരത്തില്‍ ആളുകള്‍ ചാകുന്നതിന്റെ അടിസ്ഥാനത്തില്‍ ബസുകാരെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കുക. ആരെയങ്കിലും ഇടിച്ചുകൊന്നു കഴിഞ്ഞാല്‍ ഡ്രൈവര്‍മാര്‍ ഓടിരക്ഷപെടേണ്ട സാഹചര്യത്തിന് അറുതി വരുത്തുക. ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പു വരുത്തുക. ആളുകളെ കൊല്ലുന്ന ബസ് ഡ്രൈവര്‍മാരെ മര്‍ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കുക. ആളുകളെ ഇടിച്ചുകൊന്ന ശേഷം നിര്‍ത്താതെ പോകുന്ന ബസുകള്‍ തടയുന്നവര്‍ക്കെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു വേറെ കേസെടുക്കുക. ദുരന്തസ്ഥലത്തു നിന്ന് ഓടി രക്ഷപെടേണ്ടി വരുന്ന കര്‍മധീരന്‍മാരായ ഡ്രൈവര്‍മാര്‍ക്കായി ബൂസ്റ്റും ഹോര്‍ലിക്‌സും പോലുള്ള സാധനങ്ങള്‍ സൗജന്യമായി നല്‍കുക.

4. അപകടമുണ്ടാക്കുന്ന ബസുകള്‍ കത്തിക്കുന്നത് ഇപ്പോള്‍ നാട്ടുനടപ്പാണല്ലോ. ഇന്‍ഷുറന്‍സ് ഉള്ളതുകൊണ്ട് വലിയൊരു തുക കിട്ടുമെന്നതിനാല്‍ അങ്ങനെ കത്തിക്കുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, ഈ ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുകയും തുക ഇരട്ടിയാക്കുകയും ചെയ്ത് പാവപ്പെട്ട ബസ് മുതലാളിമാര്‍ക്ക് ഈ പരമ്പരാഗത വ്യവസായം നിലനിര്‍ത്തുന്നതിനുള്ള ശക്തി പകരുക. ചത്തുപോകുന്നവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്നതോടൊപ്പം കൊല്ലുന്ന ബസുകളുടെ ഉടമകള്‍ക്കും ഏതാനും ദിവസം ഒളിവില്‍ കഴിയേണ്ടി വരുന്ന ഡ്രൈവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്ലൊരു തുക നഷ്ടപരിഹാരം നല്‍കുക.

5. സ്വകാര്യബസുകളില്‍ എയര്‍ഹോണുകള്‍ നിര്‍ബന്ധമാക്കുക. സ്പീഡില്‍ വണ്ടിയോടിക്കാനറിയാത്ത അലവലാതികള്‍ റോഡിന്റെ നടുവിലൂടെ കാറും മറ്റും ഉരുട്ടിപ്പോവുമ്പോള്‍ അവറ്റകളെ വിറപ്പിച്ച് റോഡില്‍ നിന്നു മാറ്റാന്‍ ഇത്തരം ഹോണുകള്‍ അത്യാവശ്യമാണ്. 120 മുതല്‍ 170 വരെ കിലോമീറ്റര്‍ സ്പീഡില്‍ വണ്ടിയോടിക്കാനറിയാവുന്ന പ്രഗല്‍ഭരായ ഡ്രൈവര്‍മാരുടെ വഴിമുടക്കിക്കുന്ന ചെറുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. തിരുവനന്തപുരം-കൊല്ലം, കോട്ടയം-എറണാകുളം, തൃശൂര്‍-കോഴിക്കോട്, കോഴിക്കോട്-കണ്ണൂര്‍ തുടങ്ങിയ സംസ്ഥാനത്തെ പ്രധാനപ്പെട്ട റൂട്ടുകളില്‍ മറ്റുവാഹനങ്ങള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തുക.

6. കണ്‍സഷന്‍ കാര്‍ഡുമായി ബസില്‍ കയറാന്‍ വരുന്ന വിദ്യാര്‍ഥിശവങ്ങള്‍ക്ക് കര്‍ശനനിരോധനം ഏര്‍പ്പെടുത്തുക. ബസ് ജീവനക്കാര്‍ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി വല്ല വിദ്യാര്‍ഥിനികളെയും തട്ടിക്കൊണ്ടുപോവുകയോ ബലാല്‍സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് അങ്ങു കണ്ണടച്ചേക്കുക.

7. ഓവര്‍ടേക്ക് ചെയ്യുന്ന സമയത്ത് എതിര്‍വശത്തുകൂടി വരുന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കാനും അതിലുള്ള ആള്‍ക്കാരെ കൊല്ലാനുമുള്ള ഡ്രൈവര്‍മാരുടെ അവകാശം അംഗീകരിക്കുക. പ്രൈവറ്റ് ബസുകള്‍ ഓവര്‍ടേക്ക് ചെയ്യുന്ന സമയത്ത് എതിര്‍വശത്ത് വാഹനങ്ങള്‍ തടസ്സമുണ്ടാക്കാതിരിക്കുന്നതിന് നിയമനിര്‍മാണം നടത്തുക. ബസുകളും മറ്റു വാഹനങ്ങള്‍ പോലെ റോഡിന്റെ ഇടതുവശം ചേര്‍ന്ന് ഓടിക്കണം, വലതുവശത്തു കൂടിയേ ഓവര്‍ടേക്ക് ചെയ്യാവൂ തുടങ്ങിയ മണ്ടന്‍ നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിക്കുക.

8. സര്‍വീസ് നടത്തുന്ന ബസുകള്‍ വിവിധ സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്തു പോവുന്നതും പിന്നീട് ഈ വാഹനങ്ങളെ ബസുകള്‍ ഓവര്‍ടേക്ക് ചെയ്യുന്നതും ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടും റോഡില്‍ സമയനഷ്ടവും ഉണ്ടാക്കുന്നിനാല്‍ പിന്നിലുള്ള വാഹനങ്ങളെ തടഞ്ഞുകൊണ്ട് ഇപ്പോള്‍ ചെയ്യുന്നതുപോലെ ബസുകള്‍ റോഡിന്റെ നടുവില്‍ തന്നെ നിര്‍ത്തുന്ന രീതിക്ക് അംഗീകാരം നല്‍കുക. ഇതനുസരിച്ച് ബസ് ബേകള്‍ റോഡിന്റെ നടുവിലേക്കു മാറ്റിവരയ്ക്കുക.

9. അപകടത്തില്‍ നാട്ടുകാര്‍ ചാവുന്നതിനൊപ്പം അന്തരിക്കുന്ന ഡ്രൈവര്‍മാരെ രക്ഷസാക്ഷികളായി പ്രഖ്യാപിക്കുക. അവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക. വിരമിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പെന്‍ഷനും മറ്റും ഏര്‍പ്പെടുത്തുക.

10. എല്ലാ ബസ് മുതലാളിമാര്‍ക്കും പത്മശ്രീ നല്‍കി ആദരിക്കുക.

അമേരിക്കന്‍ ബ്രദറിന്‍റെ അനിയന്‍

പ്രിയപ്പെട്ട ചേട്ടായീ,

അവിടെ സുഖമെന്നു വിശ്വസിക്കുന്നു. കേരളത്തിലേക്ക് മടങ്ങിവരില്ല എന്നു ശപഥം ചെയ്തു പോയതില്‍ പിന്നെ ചേട്ടായിയുടെ ഒരു വിവരവുമില്ല. വിളിയോ പറച്ചിലോ അന്വേഷണമോ ഒന്നുമില്ലാത്തതിനാല്‍ ചേട്ടായിക്ക് ഒരു കത്തയച്ചു കളയാം എന്നു തീരുമാനിച്ചു. അടുത്ത മാസം അമ്മച്ചീടെ ആണ്ടാണ്. 10 വര്‍ഷം പൂര്‍ത്തിയാവുന്നു. പള്ളിയില്‍ കുര്‍ബാനയും മറ്റും പറഞ്ഞിട്ടുണ്ട്. ചേട്ടായീം കുടുംബവും ഒഴികെയുള്ളവരൊക്കെ വന്നേക്കും. ഇതിയാന് വേണോങ്കി വാ, വന്നില്ലെങ്കിലും ഇവിടാര്‍ക്കും ഒരു പുല്ലുമില്ല.

ചേട്ടായി അവസാനം പോയപ്പോള്‍ പറഞ്ഞതുപോലെ കേരളം ഒരിക്കലും നന്നാവാന്‍ സാധ്യതയില്ലാത്ത നാടായി തുടരുകയാണ്. അലസന്‍മാരും സംസ്കാരശൂന്യരും വൈകൃതസമ്പന്നരുമായ ഞങ്ങള്‍ മലയാളികള്‍ ഒന്നുകൂടി വഷളായതല്ലാതെ നന്നായിട്ടില്ല. കാലാവസ്ഥയും മോശമായി. മഴ തീരെയില്ല. ചേട്ടായിയെ ഏറെ പ്രകോപിപ്പിച്ച റോഡുകള്‍ മൊത്തത്തില്‍ തകര്‍ന്നു പണ്ടാരമടങ്ങിക്കിടക്കുകയാണ്. ആകെ പത്തിരുപത് കിലോമീറ്റര്‍ നല്ല റോഡുള്ളിടത്ത് 500 കിലോമീറ്ററിനുള്ള ടോളും പിരിക്കുന്നുണ്ട്. ഭരണത്തില്‍ മൊത്തം അഴിമതിയാണ്. വിലക്കയറ്റം അങ്ങ് പരലോകത്തെത്തി നില്‍ക്കുകയാണ്. അമേരിക്കയില്‍ ജീവിക്കുന്ന ചേട്ടായിക്കും മറ്റും ഒരാഴ്ച പോലും വന്നു നില്‍ക്കാവുന്ന സാഹചര്യം ഇവിടില്ല എന്നത് ഞാന്‍ സമ്മതിക്കുകയാണ്.

ഇന്നലത്തെ പത്രം കണ്ടപ്പോള്‍ ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് അമേരിക്കയാണ് എന്ന് ചേട്ടായി പണ്ട് പറഞ്ഞത് ഞാനോര്‍ത്തു. ഞാനെന്‍റെ ചെക്കനെ ഒന്നു തല്ലിയപ്പോള്‍ അമേരിക്കേലാണെങ്കില്‍ ആ തല്ലിന് ഞാനകത്തുപോയേനെ എന്നു പറഞ്ഞ് എന്നേം അവനേം വിരട്ടിയത് ഓര്‍ക്കുന്നുണ്ടോ ? എന്നിട്ട്, 20 വയസ്സുള്ള ഒരു ചെക്കന്‍ പെറ്റ തള്ളയെയും മാലാഖക്കുഞ്ഞുങ്ങളെപ്പോലുള്ള 22 പിള്ളേരെയുമല്ലേ വെടിവച്ചു കൊന്നത്. എന്തു മറ്റേടത്തെ സ്വര്‍ഗമാണ് ചേട്ടായി അത് ? പിള്ളേരെ ഗുണദോഷിച്ചാല്‍ പൊലീസ് പിടിക്കും, ഗുണദോഷിച്ചില്ലെങ്കില്‍ അണ്ടിയൊറയ്‍ക്കുമ്പോ തോക്കുമെടുത്ത് ചറപറാ വെടിയും വയ്‍ക്കും. ഇവിടെ തൂക്കിക്കൊന്ന കസബും ഈ പിള്ളേരെ വെടിവച്ചു കൊന്ന ചെക്കനും തമ്മിലെന്നതാ വ്യത്യാസം ? കസബ് ചെക്കനെ ആരൊക്കെയോ ചേര്‍ന്നു പറഞ്ഞു പറ്റിച്ചതാണെന്നെങ്കിലും വയ്‍ക്കാം. കഴപ്പുതീര്‍ക്കാന്‍ തോക്കുമെടുത്തിറങ്ങുന്ന ഇമ്മാതിരി പിശാചുക്കളെ വളര്‍ത്തുന്നതിനെയാണോ അവിടെ സായിപ്പ് ഉത്തമവിദ്യാഭ്യാസം എന്നു പറയുന്നത് ?

മലയാളത്തിലെ ഏറ്റവും ക്രൂരമായ ഒരു പഴഞ്ചൊല്ലാണ് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയുന്നത്. അവിടെ കുത്തിക്കഴയ്‍ക്കുമ്പോള്‍ അമ്മയേം തട്ടി അങ്ങാടി മൊത്തം വെടിവച്ചുനിരപ്പാക്കുന്ന ഏര്‍പ്പാടിനെ വിശേഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് പഴഞ്ചൊല്ലൊന്നുമില്ലേ ചേട്ടായി ? സകല തെണ്ടികളുടേം കയ്യില്‍ തോക്കും കൊടുത്തുവിട്ടിരിക്കുന്ന നിങ്ങടെ രാജ്യത്ത് ഇമ്മാതിരി മതേതരതീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ ലോകത്തെ തീവ്രവാദത്തില്‍ നിന്നു രക്ഷിക്കാന്‍ പന്തോം കത്തിച്ചെറങ്ങാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു ? നിങ്ങടെ പ്രസിഡന്‍റിനേം ഞാന്‍ സമ്മതിച്ചു കേട്ടോ. മാണി സാറും രമേശ് ചെന്നിത്തലയുമൊക്കെയേ ഇമ്മാതിരി നമ്പരുകള്‍ കാണിക്കൂ എന്നാ ഞാന്‍ കരുതിയേ. പത്രസമ്മേളനത്തിനിടയില്‍ അയാള്‍ കരഞ്ഞത് ടിവിയില്‍ കണ്ടു. ഹരിഹര്‍നഗറില്‍ ജഗദീഷ് കാണിക്കുന്നതുപോലെ ഒരു ഉഡായ്‍പ് വിദ്യ. അല്ലെങ്കിലും ഇതു മുഴുവന്‍ വരുത്തിവച്ചിട്ട് പത്രസമ്മേളനം നടത്തി കരഞ്ഞു പൊട്ടന്‍ കളിച്ചിട്ടെന്തു കാര്യം ? അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഞാനിടപെടുകയാണെന്നു കരുതരുത്, അതിയാന്‍ കൊള്ളത്തില്ല കേട്ടോ.

ഇതൊന്നും ചേട്ടായിയോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. മലയാളി അസോസിയേഷനിലെ ഗ്രൂപ്പുകളിയല്ലാതെ ചേട്ടായിക്ക് വേറെ രാഷ്ട്രീയമൊന്നും അറിയില്ല എന്നാണ് ചേട്ടത്തി പറഞ്ഞിട്ടുള്ളത്. കേരളത്തോട് ചേട്ടായിക്ക് പുച്ഛമാണെങ്കിലും ഒരാപത്ത് വരുമ്പോള്‍ ഉപേക്ഷിച്ചുപോയവരെ കൈവിടുന്നവരല്ല മലയാളികള്‍,. ആരാ എപ്പോഴാ എവിടുന്നാ ചാടി വന്നു വെടിവച്ചു കൊല്ലുന്നത് എന്നൊരുറപ്പുമില്ലാത്ത ആ രാജ്യത്ത് പട്ടിയെപ്പോലെ ജീവിക്കാതെ ചേട്ടായിക്ക് ഇങ്ങോട്ടു പോന്നൂടെ ? ഇവിടെ ചേട്ടന്‍റെ പേരിലുള്ള വീടും സ്ഥലവും അതേപടി കിടപ്പാണ്. അതൊന്നു പുതുക്കിപ്പണിതാല്‍ അന്തസ്സായി ജീവിക്കാം. ആരും ഒന്നും ചെയ്യില്ല. ചേട്ടനെ ഇവിടെ കണ്ടുപരിചയമില്ലാത്തതുകൊണ്ട് രാത്രി ഒറ്റയ്‍ക്ക് കറങ്ങിനടന്നാല്‍ വല്ല സദാചാരപ്പോലീസുകാരും രണ്ടു പൊട്ടിച്ചെന്നു വരും, അതൊരു നാട്ടുനടപ്പാണ്. ചേട്ടത്തീടെ കൂടെ പുറത്തുപോകുന്നുമ്പോള്‍ കേരള പൊലീസിനെ ബോധിപ്പിക്കാന്‍ താലിയും കല്യാണമോതിരവും നെറ്റിയില്‍ സിന്ദൂരവും പിന്നെ കയ്യില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റും ഉണ്ടാവണമെന്നു മാത്രം. എന്നാലും ജീവന് അപകടമില്ല.

ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. ചേട്ടനെ കൊച്ചാക്കാന്‍ വേണ്ടി ഞാന്‍ വച്ച ഓഫറാണെന്നൊന്നും കരുതേണ്ട. എന്നാ സ്വര്‍ഗമാണെന്നു പറഞ്ഞാലും ജീവനും കയ്യില്‍പ്പിടിച്ച് പട്ടിയെപ്പോലെ ജീവിക്കുന്നതിനെക്കാള്‍ നല്ലതല്ലേ സ്വന്തം നാട്ടില്‍ വന്ന് ആണുങ്ങളെപ്പോലെ ജീവിക്കുന്നത് ? സെപ്റ്റംബര്‍ 11നു ശേഷം അമേരിക്കക്കാര്‍ക്ക് മൊത്തത്തില്‍ പേടിയങ്ങു ശീലമായിപ്പോയി എന്നു കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഇവിടെ വന്ന് പേടിക്കാതെ ജീവിക്കാനായിരിക്കും ചേട്ടായിക്കു ബുദ്ധിമുട്ട്. എങ്ങനെയാണെന്നു വച്ചാല്‍ ആലോചിച്ചു തീരുമാനിച്ചാല്‍ മതി. എല്ലാവരോടും ധൈര്യമായിരിക്കാന്‍ പറയണം. മുറിയില്‍ മന്‍മോഹന്‍സിങ്ങിന്‍റെയോ മറ്റോ ഒരു ഫോട്ടോ തൂക്കിയാല്‍ കുറച്ചൊരു ധൈര്യം കിട്ടിയേക്കും.

എന്നു സ്വന്തം
അനിയന്‍.

NB:  ചേട്ടായി പണ്ട് ജോലി ചെയ്തിരുന്ന വാള്‍മാര്‍ട്ട് എന്ന പ്രസ്ഥാനം നമ്മടെ വീടിനപ്പുറത്തും തുടങ്ങാന്‍ പോണെന്നു കേട്ടു. പലചരക്കുകടയാണല്ലേ ? ചേട്ടായി അവിടെ സാധനം പൊതിഞ്ഞു കൊടുക്കാന്‍ നില്‍ക്കുകയായിരുന്നെന്ന് ഒരിക്കല്‍ ചേടത്തി വിളിച്ചു പറഞ്ഞത് സത്യമായിരുന്നു അല്ലേ ? കള്ളന്‍.

ഇനി ഈ സമരം തോല്‍ക്കരുത്

120-150 കിലോമീറ്റര്‍ വേഗത്തില്‍ ദേശീയപാതയിലൂടെ പാഞ്ഞുപോകുന്ന കാറിലിരുന്ന് മുതലാളിമാര്‍ ചോദിക്കുന്നു- ’55 രൂപയല്ലേയുള്ളൂ, ഇതിനെന്തിനാണ് ഇവന്മാര്‍ സമരം നടത്തുന്നത് ? നല്ല റോഡ് വേണമെങ്കില്‍ കാശു കൊടുക്കണ്ടേ ? അങ്കമാലി- തൃശൂര്‍ നേരത്തേ ഒന്നര മണിക്കൂര്‍ കൊണ്ടെത്തിയിരുന്നത് ഇപ്പോള്‍ ഇരുപതോ ഇരുപത്തഞ്ചോ മിനിറ്റുകൊണ്ടെത്തിക്കൂടേ ? ഈ പോളിറ്റീഷ്യന്‍സിന്‍റെ ചീപ് ഗെയിം ആണ് നാട് നന്നാവാത്തതിന്‍റെ കാരണം.’

മുതലാളി പറഞ്ഞതില്‍ അനേകം പോയിന്‍റുകളുണ്ട്. 55 രൂപ എന്നത് ഒരു തുകയാണ് എന്നു പോലും തോന്നാത്ത കൊച്ചുമുതലാളിമാര്‍ക്കും എതിര്‍പ്പുണ്ടാവില്ല. കൂട്ടുകാരുമൊത്ത് കാറോട്ടമല്‍സരം നടത്താന്‍ ഇതിനെക്കാള്‍ നല്ല വഴി കേരളത്തിലില്ല. അപ്പോള്‍, പാലിയേക്കരയില്‍ സമരം ചെയ്യുന്നവരുടെ പ്രശ്നം എന്താണ് ? നല്ലൊരു റോഡ് വന്നപ്പോള്‍ ടോള്‍ പിരിക്കാനിരിക്കുന്നവര്‍ക്ക് അഞ്ചോ പത്തോ രൂപ ടിപ് കൂടി കൊടുത്ത് സന്തോഷമായി കടന്നുപോകേണ്ടതിനു പകരം അവിടെക്കിടന്ന് അലമ്പുണ്ടാക്കുന്നത് എന്തിനു വേണ്ടിയാണ് ?

സമരം ഉണ്ടാകാന്‍ അടിസ്ഥാനപരമായി രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, കേരളത്തില്‍ എല്ലാവരും മുതലാളിമാരല്ല. രണ്ട്, നല്ല റോഡ് വേണമെങ്കില്‍ കാശു കൊടുക്കേണ്ട. ഇതു രണ്ടും തെല്ലും രാഷ്ട്രീയമില്ലാത്ത കാരണങ്ങളാണ്. 10 രൂപയുടെ മരുന്നു വാങ്ങാന്‍ ചാലക്കുടിയില്‍ നിന്നു തൃശൂര്‍ക്ക് പോകുന്നവന്‍ 50 രൂപയ്‍ക്ക് പെട്രോള്‍ അടിക്കുകയും 55 രൂപ ടോള്‍ കൊടുക്കുകയും ചെയ്യുമ്പോള്‍ ജീവിതം മാറുകയാണ്. വാഹനം വഴിയിലിറക്കുമ്പോള്‍ റോഡ് ടാക്സ് എന്ന പേരില്‍ വലിയൊരു തുക പിടിച്ചു വാങ്ങുന്ന സര്‍ക്കാര് പൊതുവഴികളോരോന്നും സ്വകാര്യകമ്പനികള്‍ക്കു വിറ്റ് ഓരോ റോഡിനും ടോള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പൊതുജനത്തിന്‍റെ ചോരകൂടിക്കുന്ന ഡ്രാക്കുളയായി മാറുകയാണ്.

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കുത്തക കമ്പനി ഉഗ്രന്‍ വഴിയുണ്ടാക്കി കഴിയുമ്പോള്‍ ടോള്‍ പിരിക്കരുത് എന്നു പറയുന്നത് മര്യാദകേടല്ലേ എന്നു ചോദിക്കാം. പുതുവഴി പണിതുണ്ടാക്കി ടോള്‍ പിരിക്കുന്ന വഴികളിലെവിടെയും ആരും പ്രക്ഷോഭങ്ങള്‍ നടത്തുന്നില്ല. പക്ഷെ,പാലിയേക്കര ടോള്‍ ബൂത്തിന്‍റെ രാഷ്ട്രീയം വ്യത്യസ്തമാണ്. നിലവിലുണ്ടായിരുന്ന റോഡ് വീതികൂട്ടി പുതുക്കിപ്പണിതു എന്നതല്ലാതെ, എറണാകുളം മുതല്‍ നിലവില്‍ പണിതീര്‍ന്നിരിക്കുന്ന മണ്ണുത്തി വരെയുള്ള എവിടെയും കമ്പനി പുതിയ റോഡുണ്ടാക്കിയിട്ടില്ല. റോഡ് വീതികൂട്ടി ഗംഭീരമാക്കിയിട്ടില്ലേ എന്നു ചോദിക്കാം. വീതി കൂട്ടാനാവശ്യമായ സ്ഥലം കമ്പനി കൊണ്ടുവന്നതല്ല. നാട്ടുകാര്‍ സ്വന്തം സ്ഥലം വിട്ടുനല്‍കിയതുകൊണ്ട് റോഡ് വീതികൂട്ടിയ ശേഷം അതേ നാട്ടുകാരോട് ടോള്‍ പിരിക്കുന്നതാണ് പാലിയേക്കരയെ കലാപഭൂമിയാക്കുന്നത്. വീട് പെയിന്‍റടിക്കാന്‍ വന്നവന്‍ പെയിന്‍റടിച്ച ശേഷം എല്ലാ മാസവും വാടക പിരിയ്‍ക്കാന്‍ വരുന്നതുപോലെ വിചിത്രമാണ് സര്‍ക്കാരും കോടതിയും അംഗീകരിച്ച പാലിയേക്കരയിലെ പകല്‍ക്കൊള്ള.

ബസില്‍ ടിക്കറ്റെടുക്കാന്‍ കഴിയാത്തവന്‍റെ സമരം പോലെ പാലിയേക്കര സമരത്തെ ചെറുതാക്കി കാണുന്നവര്‍ വഞ്ചിക്കുന്നത് സമൂഹത്തെയാണ്. സര്‍ക്കാര്‍ ഏതു മുന്നണി നയിച്ചാലും അതിന്‍റെ ചട്ടക്കൂട് ജനങ്ങളുടെ ചോര കുടിക്കുന്നതാണ്. ജനകീയസമരങ്ങളിലൂടെ മാത്രമേ ഇത്തരം അധിനിവേശങ്ങളെ ചെറുക്കാനാവൂ. പാലിയേക്കര സമരം അതുവഴി ഒരിക്കലും യാത്ര ചെയ്യാന്‍ സാധ്യതയില്ലാത്തവരുടേതു കൂടിയായി മാറുന്നത് അതിന്‍റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തികൊണ്ടാണ്. ഇവിടെ തോറ്റാല്‍ പിന്നെ എവിടെയും ജയിക്കാന്‍ കഴിഞ്ഞില്ലെന്നു വരും. കൂട്ടായ പ്രതിഷേധമാണ് പാലിയേക്കരയിലേത്. കിനാലൂരിലെയും കൂടംകുളത്തെയും പോലെ വര്‍ഗീയതയുടെ സാധ്യതകള്‍ ഉപയോഗിച്ച് സമരക്കാതെ ചിതറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാലും അദ്ഭുതപ്പെടാനില്ല. കാരണം, കരാര്‍ പ്രകാരം കൊള്ളയടിക്കാനുള്ള അവസരം ലഭ്യമായില്ലെങ്കില്‍ കമ്പനി സര്‍ക്കാരിനെതിരേ കോടതിയില്‍ പോവും. കരാര്‍ നിലവിലുള്ളിടത്തോളം കോടതി കമ്പനിക്കും സര്‍ക്കാരിനും അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കും.

എന്നാല്‍, പുതിയ ഹൈക്കോടതി വിധി നിയമത്തിന്‍റെ നിഷ്പക്ഷതയെപ്പോലും അതിശയിപ്പിക്കുന്നതാണ്. ടോള്‍ബൂത്തില്‍ കയറാതെ ഏതാനും വാഹനങ്ങള്‍ തിരിഞ്ഞുപോയിരുന്ന സമാന്തരപാത കോടതി ഉത്തരവിനെത്തുടര്‍ന്ന് അടച്ചതോടെ കൊള്ളയടിയില്‍ ഒരു ദാക്ഷിണ്യവുമുണ്ടാവില്ല എന്നതുറപ്പായിരിക്കുന്നു. വാഹനങ്ങള്‍ സമാന്തരപാതയിലൂടെ പോകുന്നതിനാല്‍ ടോള്‍ പിരിവ് ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കരാറെടുത്ത കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ടോള്‍ പ്ലാസയ്ക്കു സമീപത്തെ സമാന്തരപാത അടയ്ക്കാന്‍ ഉത്തരവിട്ടത്. സമാന്തരപാത ടോള്‍ ബൂത്തിനെ കബളിപ്പിക്കാന്‍ സമരക്കാര്‍ പണിതുണ്ടാക്കിയ പാതയല്ല എന്നത് ശ്രദ്ധേയമാണ്. നിലവിലുണ്ടായിരുന്ന സമാന്തരപാത ടോള്‍ബൂത്തിലെ വരുമാനത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടി അടച്ചുപൂട്ടുമ്പോള്‍ ഈ ജനതയ്‍ക്കു സ്വതന്ത്രസഞ്ചാരത്തിനു പകരം വഴിയെവിടെ എന്ന ചോദ്യത്തിന്‍റെ കഴുത്തിലാണ് കുരുക്ക് വീഴുന്നത്. സ്വതന്ത്രസഞ്ചാരം ഇനിയില്ല, പണം കൊടുത്തു സഞ്ചരിക്കുന്നവന്‍ മാത്രം സഞ്ചരിച്ചാല്‍ മതി എന്ന പ്രായോഗികത പൗരന്‍റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കലല്ലെങ്കില്‍ പിന്നെ എന്താണ് ?

രാഷ്ട്രീയ കക്ഷികള്‍ ഇവിടെ ജനങ്ങള്‍ക്കെതിരാണ് എന്നതാണ് സമരത്തിന്‍റെ മറ്റൊരു പ്രത്യേകത. സമരമുഖത്ത് കാണുന്ന കൊടികള്‍ ഏതു നിമിഷവും മാറിയേക്കാം, എന്നാല്‍ ആ കൊടികളേന്തുന്നവര്‍ അവിടെത്തന്നെയുണ്ടാവും. എത്ര ചോര ചിന്തിയാലും ഈ സമരം തോല്‍ക്കില്ലെന്ന ഉറപ്പ് ജനത്തിനുണ്ട്. എത്ര ചോര ഒഴുക്കിയാലും വിട്ടുകൊടുക്കില്ലെന്ന വാശി സര്‍ക്കാരിനും. വോട്ടു ചെയ്തത് നമ്മളാണെങ്കിലും ഇത് കമ്പനികളുടെ സര്‍ക്കാരാണ്. ബിഒടി പാതകള്‍ കേരളത്തിലങ്ങുമിങ്ങും ഒരുങ്ങുന്നുണ്ട്. നല്ല വഴി കിട്ടുന്നതിന്‍റെ ആനന്ദത്തില്‍ കാത്തിരിക്കുന്നവര്‍ വീടിനു മുന്നില്‍ പാലിയേക്കരകള്‍ കൂടി കാത്തിരിക്കുക. വെല്ലുവിളികളുടെ രാഷ്ട്രീയമല്ല, അതിജീവനത്തിന്‍റെ പോരാട്ടമാണ് പാലിയേക്കരയിലേത്. അതിനെ പിന്തുണച്ചില്ലെങ്കിലും തള്ളിപ്പറയരുത്.

ചോരയുടെ മണമുള്ള റോഡുകള്‍

ഓണത്തിനും വിഷുവിനും ക്രിസ്‍മസിനും ബിവറേജസ് കോര്‍പറേഷന്‍ വിറ്റഴിക്കുന്ന മദ്യത്തിന്റെ ജില്ല തിരിച്ചും ഷോപ്പ് തിരിച്ചുമുള്ള കണക്കുകള്‍ വിശകലനം ചെയ്യുന്നതിനിടയില്‍ കേരളാ പൊലീസ് പുറത്തിറക്കിയ ഒരു ചെറിയ കണക്ക് നമ്മള്‍ കാണാതെ പോയി.സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സംഭവിച്ച റോഡപകടങ്ങളുടെയും അപകടങ്ങളില്‍ മരിച്ച മനുഷ്യരുടെയും കണക്ക്.പനിമരണക്കണക്കുകളും രാഷ്ട്രീയച്ചുവയുള്ള ഓരോ മരണങ്ങളും ആഴ്ചകളോളം പിന്തുടരാറുള്ള മാധ്യമങ്ങള്‍ ഈ കണക്കിനു വേണ്ട പ്രാധാന്യം നല്‍കാതിരിക്കാന്‍ പ്രത്യേകിച്ചു കാരണമൊന്നും കാണുന്നില്ല. മാത്രവുമല്ല, ദുരന്തവാര്‍ത്തകളിലെ ഏറ്റവും ആകര്‍ഷകമായ സംഗതി ഇതില് വളരെ ശക്തവുമാണ്- മരണസംഖ്യ.

സംസ്ഥാന പൊലീസ് പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് 2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ സംസ്ഥാനത്തെ റോഡുകളില്‍ വിവിധ അപകടങ്ങളില്‍ കൊല്ലപ്പെട്ടത് 2132 മനുഷ്യരാണ്. ഏത് ദുരന്തത്തെക്കാളും, രോഗത്തെക്കാളും, പകര്‍്ച്ചവ്യാധിയെക്കാളും ഭീകരമായ സംഹാരം.ആളുകള്‍ അപകടത്തില്‍ പെടുന്നതും ചോരയില്‍ പിടഞ്ഞു പിടഞ്ഞു മരിക്കുന്നതും കേരളത്തിലെ റോഡുകളില്‍ അത്യാവശ്യം ആളുകൂടുന്ന റിയാലിറ്റി ഷോയായി മാറിയിട്ട് കാലം കുറെയായി.ഹൈ ഡെഫനിഷന്‍ ക്യാമറയുള്ള മൊബൈല്‍ ഫോണുകളില്‍ ഇത് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്‍ഡേറ്റ് ചെയ്യുന്ന യുവതലമുറയുടെ സാമൂഹികപ്രതിബദ്ധതയാണ് ഇപ്പോള്‍ ട്രെന്‍ഡ്. അങ്ങനെ നോക്കുമ്പോള്‍ മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സ്കോര്‍ ആണിത്.

കണക്കനുസരിച്ച് ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യപ്പെട്ടത് 17917 റോഡപകടങ്ങളാണ്. ഈ അപകടങ്ങളില്‍ പങ്കെടുത്തതോ 27154 വാഹനങ്ങളും.ഈ അപകടങ്ങളില്‍ മരിച്ചവരുടെ കണക്ക് ഞെട്ടിക്കുന്നതാണെങ്കില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തവരുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്- 12872 പേര്‍.ഇവരില്‍ പലരും ഇന്നും കിടക്കയിലും വീല്‍ ചെയറിലുമൊക്കെയാണ്.നല്ലൊരു ശതമാനവും ചെറുപ്പക്കാരും.

നമുക്കറിയാവുന്നതുപോലെ തന്നെ അപകടങ്ങിലുള്‍പ്പെട്ട വാഹനങ്ങളില്‍ ഭൂരിപക്ഷം ഇരുചക്രവാഹനങ്ങളാണ്.27154 വാഹനങ്ങളില്‍ 11892ഉം ഇരുചക്രവാഹനങ്ങളാണ്.ഇതില്‍ ഏറ്റവും അധികം അപകടങ്ങളുണ്ടായിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരവും കോഴിക്കോടും തൃശൂരുമാണ് ടൂ വിലര്‍ അപകടങ്ങളില്‍ കൊച്ചിയുടെ പിന്നിലുള്ളത്. അപകടത്തില്‍പ്പെട്ടവയില്‍ രണ്ടാം സ്ഥാനം കാറുകള്‍ക്കാണ്(5103). 3553 ഓട്ടോറിക്ഷകള്‍ അപകടങ്ങളില്‍ തകര്‍ന്നു. 1952 പ്രൈവറ്റ് ബസുകളും 673 കെഎസ്ആര്‍ടിസി ബസുകളും അപകടത്തില്‍ പെട്ടു.രണ്ടായിരത്തിലേറെ ലോറികളും മിനി ലോറികളും അപകടങ്ങള്‍ക്കിരയായി.

ആകെ അപകടങ്ങളുടെ കാര്യത്തിലും എറണാകുളം ജില്ലയ്‍ക്കാണ് ഓവറോള്‍ (2695 അപകടങ്ങള്‍).തിരുവനന്തപുരം, തൃശൂര്‍ ജില്ലകള്‍ക്കാണ് അപകടങ്ങളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനം.ഏറ്റവും കുറവ് അപകടങ്ങള്‍ നടന്നിട്ടുള്ളത് വയനാട് ജില്ലയിലാണ് (309). അതേ സമയം, മരണസംഖ്യയുടെ കാര്യത്തില്‍ സ്റ്റേറ്റ് ഫസ്റ്റ് സുന്ദരമായ റോഡുകളുള്ള തൃശൂര്‍ ജില്ലയ്‍ക്കാണ്. ആറുമാസത്തിനിടയില്‍ തൂശൂര്‍ ജില്ലയിലെ റോഡുകളില്‍ പൊലിഞ്ഞത് 276 മനുഷ്യജീവനുകളാണ്.എറണാകുളം ജില്ലയില്‍ 257 പേരും തിരുവനന്തപുരം ജില്ലയില്‍ 235 പേരും മരിച്ചു.ഏറ്റവും കുറവ് ആളുകള്‍ മരിച്ചത് ചുരങ്ങളും വളവുകളുമുള്ള ഇടുക്കി ജില്ലയിലും (36).

റോഡ് നന്നാവുന്നതാണോ അപകടങ്ങള്‍ക്കു കാരണമാകുന്നത് എന്നൊരു സംശയം പലര്‍ക്കുമുണ്ട്. പൊലീസിന്റെ കണക്കനുസരിച്ച് ഏറ്റവും കുറവ് അപകടങ്ങള്‍ നടന്നിരിക്കുന്നത് സംസ്ഥാനപാതകളിലും ദേശീയപാതകളിലുമാണ്. ആകെ അപകടങ്ങളില്‍ പതിനായിരത്തോളം അരങ്ങേറിയിരിക്കുന്നത് സാധാരണ റോ‍ഡുകളിലാണ്. എന്നാല്‍ ഏറ്റവും അപകടസാധ്യത കൂടിയ ജില്ല ആലപ്പുഴയാണ് – 1504 അപകടങ്ങള്‍ (അതില്‍ 463ലും കാറുകള്‍),200 മരണങ്ങള്‍. കൂടുതല്‍ അപകടം നടക്കുന്നത് രാത്രിയാണോ പകലാണോ എന്ന കാര്യത്തിലും വേണ്ട കണ്‍ഫ്യൂഷന്‍. ആകെ അപകടങ്ങളില്‍ 13273 എണ്ണം പട്ടാപ്പകല്‍ നടന്നപ്പോള്‍ കുറ്റാക്കൂരിരുട്ടില്‍ നടന്ന അപകടങ്ങള്‍ 4644 എണ്ണം മാത്രമാണ്.രാത്രിയിലും പകലും ഏറ്റവും അധികം അപകടങ്ങള്‍ നടന്നിട്ടുള്ളത് എറണാകുളം ജില്ലയിലാണ്.

അപകടകാരണമാണ് ഇനി അറിയേണ്ടത്.ഏറ്റവും അധികം വിറ്റുപോകുന്നത് വിദേശമദ്യമാണെങ്കിലും ആകെയുള്ള അപകടങ്ങളില്‍ ഡ്രൈവര്‍ മദ്യപിച്ചതുമൂലമുണ്ടായിട്ടുള്ള അപകടങ്ങള്‍ വെറും 49 എണ്ണമാണ്.അതില്‍ 36 കേസുകളും തിരുവനന്തപുരം ജില്ലയില്‍ നിന്നുമാണ്.കോഴിക്കോട്ടു നിന്ന് അഞ്ചും എറണാകുളത്ത് നിന്ന് ഒരു കേസുമാണ് ആറുമാസത്തിനിടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ആറ് ജില്ലകളില്‍ മദ്യപിച്ചുള്ള ഡ്രൈവിങ് ഒറ്റ അപകടം പോലുമുണ്ടാക്കിയിട്ടില്ല.ആളുകള്‍ മദ്യപാനം കൂട്ടിയതയാണ് ബിവറേജസിന്റെ കണക്കുകള്‍ കാണിക്കുന്നത്.രണ്ടെണ്ണം ചെന്നില്ലേല്‍ കൈവിറച്ചിട്ടാണ് ഈ അപകടമെല്ലാം ഉണ്ടായതെന്നു പോലും വേണമെങ്കില്‍ വാദിക്കാം. 17402 അപകടങ്ങള്‍ക്കു കാരണമായിട്ടുള്ളത് അശ്രദ്ധമായ ഡ്രൈവിങ്ങാണ്. ബാക്കി 466 അപകടങ്ങള്‍ക്ക് ബ്രേക്ക് പോയതും പട്ടി വട്ടം ചാടിയതുമുള്‍പ്പെടെ മറ്റ് കാരണങ്ങളാണുള്ളത്.

ആറുമാസത്തെ അപകടക്കണക്ക് ഇങ്ങനെ വിജൃംഭിച്ചു നില്‍ക്കുമ്പോള്‍ 2010ലെ 12 മാസങ്ങളുടെയും കണക്ക് എങ്ങനെയായിരുന്നു എന്നു കൂടി നമ്മളറിയണം. ആകെ അപകടം-35082. ആകെ മരണം-3950. പരുക്കേറ്റവര്‍-24994.കഴിഞ്ഞ വര്‍ഷത്തെയും പ്രധാന അപകടകാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണ്. ഏറ്റവും അധികം ഇരയായത് ഇരുചക്രവാഹനങ്ങളും.

കണക്കെല്ലാം ഓ‍ഡിറ്റ് ചെയ്ത് ഭദ്രമാക്കി വച്ചാല്‍ എല്ലാമായോ ? ശ്രദ്ധയോടെ വാഹനമോടിക്കുക എന്നത് ഇത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ ? ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും ധരിക്കുന്നത് ആണുങ്ങള്‍ക്ക് തീരെ ചേരാത്ത പരിപാടിയാണോ ? വഴിയില്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്ന ഒരാളെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചാല്‍ പുലിവാലാകുമെന്നു വിശ്വസിക്കുന്നതാണോ സാമൂഹികപ്രതിബദ്ധത ?വലിയ വാഹനവും ചെറിയ വാഹനവും കൂടി ഇടിച്ചാല്‍ വലിയ വാഹനം തകര്‍ക്കുന്നതും ഹെല്‍മെറ്റില്ലാതെ അപകടത്തില്‍ മരിക്കുന്നവന് ഇന്‍ഷുറന്‍സ് നഷ്
മാവേണ്ട എന്ന സദുദ്ദേശത്തോടെ ഹെല്‍മെറ്റിന്റെ കാര്യം മറച്ചുവയ്‍്ക്കുന്നതും ചെയ്യുന്നതോടെ ഓരോ അപകടവുമായി ബന്ധപ്പെട്ട നമ്മുടെ സാമൂഹിക ഉത്തരവാദിത്വം അവസാനിക്കുകയാണോ ?

റോഡിനിരുവശവും ഉയര്‍ത്തിയിട്ടുള്ള കുരിശുപള്ളികളും നേര്‍ച്ച ഭണ്ഡാരങ്ങളും, രക്തസാക്ഷി മണ്ഡപങ്ങളും അല്ല,പതിനായിരങ്ങള്‍ ചോര ചിന്തിയ റോഡാണ് ഏറ്റവും വലിയ രക്തസാക്ഷി സ്മാരകം.അല്‍പം ശ്രദ്ധകൊണ്ട് രക്ഷിച്ചെടുക്കാനാവുന്നത് അനേകം ജീവനുകളാണ് എന്ന ബോധം ,റോഡ് നിയമങ്ങള്‍ മതിനിയമങ്ങളെക്കാള്‍ കര്‍ക്കശമായി അനുസരിക്കും എന്ന നിശ്ചയദാര്‍ഢ്യം,ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മറ്റു വാഹനങ്ങളിലിരിക്കുന്നത് ഒരായിരം സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള അച്ഛനമ്മമാരും സഹോദരീസഹോദരന്മാരും മക്കളുമാണെന്ന തിരിച്ചറിവ് …ചോരയുടെ മണമുള്ള റോഡുകളില്‍ നിന്നുയരുന്ന നിലവിളികളെ ഇല്ലാതാക്കാന്‍ ഇതുമതി. ഹാപ്പി ജേര്‍ണി !

പന്തീരാങ്കാവ് മോഡല്‍

പന്തീരാങ്കാവ് കോഴിക്കോട് നഗരത്തിനടുത്തുള്ള ചെറിയ സ്ഥലമാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന ബൈപ്പാസും തലങ്ങും വിലങ്ങും ബസുകള്‍ ചീറിപ്പായുന്ന റോഡുകളും ഉള്ള ചെറിയ ടൗണ്‍. കോഴിക്കോട് ജില്ലയിലെ വാഹനാപകടങ്ങളിലേക്ക് ചെറുതല്ലാത്ത ഒരു സംഭാവന പന്തീരാങ്കാവിനുമുണ്ട്. മരണപ്പാച്ചില്‍ നടത്തുന്ന പ്രൈവറ്റ് ബസുകള്‍ തന്നെയാണ് മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ തന്നെ ഇവിടെയും വില്ലന്‍. ബസുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ എന്തു വഴി എന്നാലോലിച്ചിട്ട് ഉത്തരം കിട്ടാതെയിരിക്കുന്ന മന്ത്രിമാരും ഗതാഗത-മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പന്തീരാങ്കാവ് വരെ വന്നു നോക്കിയാല്‍ ഉത്തരം കിട്ടും ഇവിടെ ഒരു മാസത്തിലേറെയായി മരണപ്പാച്ചിലില്ല. ബസുകള്‍ ശാന്തസുന്ദരമായി ഓടുന്നു. ജീവനക്കാര്‍ ഡോറുകള്‍ തുറന്നിട്ടിരിക്കുന്നു, എവിടെയും നിര്‍ത്തും, ആര്‍ക്കും കയറാം,പിന്നാലെയെത്തുന്ന ബസുകാരന്റെ ആക്രോശങ്ങളില്ല,കുശലാന്വേഷണങ്ങളും സരസസംഭാഷണങ്ങളും മാത്രം. ചിരിക്കുന്ന മുഖത്തോടെ ഒട്ടും ധൃതിയില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരും നിറഞ്ഞ മനസ്സോടെ ടിക്കറ്റെഴുകുന്ന കണ്ടകര്‍മാരും.

പന്തീരാങ്കാവില്‍ എന്തു മാജിക് ആണ് സംഭവിച്ചത് ?

ഏതാണ്ട് ഒരു മാസം മുമ്പ് റോഡിന്റെ ശോച്യാവസ്ഥയും തുടര്‍ന്നുണ്ടാകുന്ന മത്സരഓട്ടവും നിമിത്തം വരുമാനത്തിലുണ്ടാകുന്ന നഷ്ടം നികത്താന്‍ ബസ് ഉടമകള്‍ രൂപീകരിച്ച സ്വാശ്രയസംഘമാണ് പന്തീരാങ്കാവ് മോഡലിന്റെ മൂലധനം.പെരുമണ്ണ-പന്തീരാങ്കാവ്-മണക്കടവ് റൂട്ടിലാണ് ഉടമകള്‍ സ്വാശ്രയമാതൃക പരീക്ഷിച്ച് വിജയംകണ്ടത്. സ്വാശ്രയസംഘം രൂപവത്കരിച്ച് കഴിഞ്ഞ 40 ദിവസമായി നടത്തുന്ന സര്‍വീസുകള്‍ ലാഭകരമാണെന്ന് ഉടമകള്‍ പറയുന്നു. മത്സരഓട്ടം ഒഴിവാക്കിയതോടെ പ്രതിദിനം പത്തു ലിറ്ററിലേറെ ഡീസല്‍ ലാഭിക്കാമെന്ന് മാത്രമല്ല, തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടും പരിഹരിക്കാന്‍ കഴിയുന്നുണ്ടത്രേ. ബസ്സുകളുടെ മരണപ്പാച്ചിലില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നു എന്നതും അപകടങ്ങള്‍ ഗണ്യമായി കുറയുന്നു എന്നതുമാണ് ഈ മോഡലിന്റെ സാമൂഹികപ്രാധാന്യം.

എന്താണ് പന്തീരാങ്കാവ് മോഡല് ?

ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പന്തീരാങ്കാവ് യൂണിറ്റാണ് സ്വാശ്രയസംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇതിനായി ഓഫീസും തുറന്നിട്ടുണ്ട്. പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 37 ബസ്സുകളും ഇതില്‍ അംഗങ്ങളാണ്.റൂട്ടിലെ ബസ്സുകള്‍ ദിനംപ്രതി ചെലവ് കഴിച്ച് തങ്ങളുടെ കളക്ഷന്‍ സംഘത്തില്‍ അടയ്ക്കണം. ആഴ്ചതോറും വരവുചെലവ് കണക്കാക്കി ലാഭം വീതിച്ചുനല്‍കും. കള്കഷന്റെ അടിസ്ഥാനത്തില്‍ ബസ്സുകളെ സ്ലാബ്‌രീതിയില്‍ തിരിച്ചാണ് വരുമാനം വിതരണംചെയ്യുക. തൊഴിലാളികള്‍ക്ക് ബത്ത ഒഴിവാക്കി നിശ്ചിതവേതനവും നടപ്പിലാക്കിയിട്ടുണ്ട്.ആര്‍.ടി.ഒ. വിതരണംചെയ്യുന്ന സമയരീതി അതേപോലെ നിലനിര്‍ത്തിയാണ് സര്‍വീസ് നടത്തുന്നത്. ഒരു ബസ് ഏതെങ്കിലും ട്രിപ്പ് മുടക്കിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയും പകരം മറ്റൊരു ബസ് സര്‍വീസ് നടത്തുകയും ചെയ്യുമെന്നും പറയുന്നു.

പന്തീരാങ്കാവ് മോഡലിന് ബസ് ഓണേഴ്സ് അസോസിയേഷനും പിന്തുണ നല്‍കിക്കഴിഞ്ഞു. കോഴിക്കോട് ജില്ലാ ബസ്ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെയാണ് ബസ്സുടമകളുടെ സ്വാശ്രയസംഘത്തിന് ചുക്കാന്‍പിടിക്കുന്നത്.കോഴിക്കോട്ടെ മറ്റു റൂട്ടുകളിലും അവര്‍ ഈ മോഡല്‍ നടപ്പാക്കാനുള്ള ആലോചനയിലാണെന്നു കേള്‍ക്കുന്നു. പദ്ധതിക്ക് തൊഴിലാളികളും പിന്തുണ നല്‍കിയിരിക്കുകയാണ്.

ഏത് മോഡലിനും അതിന്റെ മറുവശവുമുണ്ട്. പന്തീരാങ്കാവ് മോഡലിനെ സംബന്ധിച്ചും ആശങ്കകളും അഭ്യൂഹങ്ങളുമുണ്ട്. പ്രധാനമായി ഉന്നയിക്കപ്പെടുന്നത് സ്വകാര്യ ബസുടമകള്‍ സഹകരിച്ച് കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് സംഘം ഉണ്ടാക്കിയിരിക്കുന്നത് എന്ന വാദമാണ്. ആര്‍.ടി.ഒ. വിതരണംചെയ്യുന്ന സമയരീതി അതേപോലെ നിലനിര്‍ത്തിയാണ് സര്‍വീസ് നടത്തുന്നത് എന്നു പറയുന്നുണ്ടെങ്കിലും ഒരു ബസ് ഓടുന്ന സമയത്തെപ്പറ്റി മറ്റേ ബസുകാരന് ആശങ്കയില്ലാതായതോടെ കെഎസ്ആര്‍ടിസിയുടെ മുന്നിലും പിന്നിലുമായി സര്‍വീസ് നടത്താനാണ് അവരിതുപയോഗിക്കുന്നതെന്നു ചിലര്‍ ആരോപിക്കുന്നു. മറ്റൊന്ന്,ബസ് ഫുള്ളായാല്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന മട്ടിലേക്ക് കാര്യങ്ങള്‍ മറിത്തുടങ്ങുന്നു എന്നും സന്ധ്യ കഴിഞ്ഞാല്‍ പലരും സര്‍വീസ് മുടക്കുന്നു എന്നുമുള്ള ആരോപണങ്ങളാണ്.

പ്രായോഗികമായി ജനങ്ങള്‍ക്കു വേണ്ടി എന്നതിനെക്കാള്‍ തങ്ങളുടെ നഷ്ടം നികത്താന്‍ വേണ്ടി ബസുടമകള്‍ ആവിഷ്കരിച്ച പദ്ധതിയുടെ ബൈ പ്രോഡക്ട് ആണ് പ്രകടമാകുന്ന സാമൂഹിക പ്രതിബദ്ധയും അമിതവേഗം ഇല്ലാതാകുന്നതും എല്ലാം.എങ്കിലും അമിതവേഗവും അപകടസാധ്യതയും കുറയുന്നു എന്നതിനു തന്നെയാണ് പ്രാധാന്യം നല്‍കേണ്ടതെന്നു തോന്നുന്നു.ബസുടമകളുടെ ആശയം അട്ടിമറിക്കാതെ തന്നെ ജനങ്ങളുടെയും കെഎസ്ആര്‍ടിസിയുടെയും പരാതി പരിഹരിക്കാനാകുമോ എന്നു പരിശോധിക്കുന്നതായിരിക്കും നല്ലത്.

വ്യാപാരി വ്യവസായി കേരളം

വ്യാവസായിക പുരോഗതിയാണ് രാജ്യത്തിന്‍റെ വികസനത്തിന്‍റെ അനേകം സൂചകങ്ങളില്‍ ഒന്ന് എന്നു ഞാന്‍ എക്കണോമിക്സില്‍ പഠിച്ചിട്ടുണ്ട്. കേരളത്തില്‍ ഭാഗ്യത്തിന് അധികം വ്യവസായങ്ങളില്ല. ഉള്ളവരൊക്കെ ഫാക്ടറി പൊളിച്ച് ലോറിയില്‍ കയറ്റി രായ്‍ക്കുരാമാനം അതിര്‍ത്തി കടന്ന് മാന്യമായി വ്യവസായം നടത്തി ജീവിക്കുന്നുണ്ട്. പിന്നെയുള്ളത് ടാറ്റ-ബിര്‍ള-അംബാനിമാരാണ്. ടാറ്റയെ മൂന്നാറില്‍ നിന്നൊഴിപ്പിക്കാന്‍ നമ്മള്‍ പഠിച്ച പണി കപ്ലീറ്റും നോക്കുന്നുണ്ട്.പക്ഷെ,ടാറ്റ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗമാണോ എന്നെനിക്കറിയില്ല. വ്യവസായി എന്ന നിലയില്‍ മേല്‍പ്പറഞ്ഞ ശക്തമായ സംഘടനയില്‍ ടാറ്റ അംഗമാകേണ്ടതാണ്. മറിച്ച് ടാറ്റയെയും ബിര്‍ളയെയും റിലയന്‍സിനെയും പോലുള്ള വ്യവസായികളെ ശത്രുക്കളായാണ് സംഘടന കാണുന്നതെങ്കില്‍ വ്യവസായി എന്ന പദത്തിന്‍റെ മലയാള തര്‍ജമയോ നിര്‍വചനമോ പുതിയത് കണ്ടെത്തേണ്ടതാണ്.

വ്യാപാരികള്‍ക്കു നേരേ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി കടകളടച്ചിട്ടു പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് രാജ്‍ഭവനിലേക്കു മാര്‍ച്ച് നടത്തി. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ 40 ലക്ഷം വ്യാപാരികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ട് തരില്ല എന്ന് ബ്ലാക്മെയില്‍ ചെയ്യാനായിരുന്നു പണിമുടക്ക്.

എന്താണ് വ്യാപാരി വ്യവസായികളുടെ ന്യായമായ ആവശ്യങ്ങള്‍ ?

1.ദേശീയപാത വികസനം 30 മീറ്ററാക്കി നിജപ്പെടുത്തുകയും ഹൈവേ വികസനത്തില്‍ കടകള്‍ നഷ്‌ടപ്പെടുന്നവര്‍ക്ക്‌ പുനരധിവാസവും ന്യായമായ
നഷ്‌ടപരിഹാരവും നല്‍കുകയും ചെയ്യുക.
2.പോലീസിനെ വിട്ട്‌ വാടകക്കടകള്‍ ഒഴിപ്പിക്കുന്ന നടപടി പിന്‍വലിക്കണം.
3.സ്വകാര്യ ചെറുകിട കച്ചവട മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള നടപടി അവസാനിപ്പിക്കണം.

ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും ?

തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാത്ത മുന്നണികള്‍ക്കു വരുന്ന പഞ്ചായത്ത്‌, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ നല്‍കില്ല.സംഘടനാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം അംഗങ്ങള്‍ വോട്ട്‌ കുത്തിയാല്‍ വ്യാപാരികളാവും കേരളം നിയന്ത്രിക്കുക. അപ്പോള്‍ പേടിക്കണം. ടി.നസിറുദ്ദീന്‍ മുഖ്യമന്ത്രിയാവുന്ന സാഹചര്യം ഇരുമുന്നണികളും ചേര്‍ന്നുണ്ടാക്കരുതെന്നാണ് ഭീഷണി. ഇത്രയും വലിയൊരു സംഘടനയെ ഇത്രകാലമായി നയിക്കുന്ന നസിറുദീന്‍ വിചാരിച്ചാല്‍ കേരള സ്റ്റേറ്റ് ഭരിച്ചുകൂടെ ?

കൂടാവുന്നതേയുള്ളൂ…

ഇനി ആവശ്യങ്ങളിലെ അനാവശ്യത്തെപ്പറ്റി പഠിക്കാം. ദേശീയപാതയും കേരളത്തിലെ വ്യാപാരികളും തമ്മിലെന്താണ് ബന്ധം ? റോഡിന്‍റെ വക്കിലാണ് സാധാരണയായി കടകള്‍ പണിയുന്നതും കച്ചവടം നടത്തുന്നതും. റോഡ് വികസനം വരുമ്പോള്‍ കടകള്‍ പൊളിക്കപ്പെടും, കച്ചവടം മോശമാകും. അതുകൊണ്ട് റോഡ് വികസനം വേണ്ട,കച്ചവടം മതി.കേരളത്തിലങ്ങോളമിങ്ങോളം വികസനം എത്തി നോക്കാതെ കിടക്കുന്ന നൂറുകണക്കിനു കവലകളുടെ ശാപമാണ് ഈ വ്യാപാരിശക്തി എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. റോഡ് വികസനത്തിനെതിരേ കൊച്ചി നഗരത്തില്‍ വ്യാപാരികളുണ്ടാക്കിയ പ്രശ്നങ്ങള്‍ കണ്ട് കേരളം മൂക്കത്ത് വിരല്‍ വച്ചതാണ്. റോഡ് വികസനം പോട്ടെ, ഒരു ബസ് സ്റ്റോപ്പ് പത്തു മീറ്റര്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുന്നതില്‍ പോലും വ്യാപാരികളുടെ രാഷ്ട്രീയം നിര്‍ണായകമാണ്. സ്റ്റോപ്പ് മാറിയാല്‍ ബസിറങ്ങുന്നവര്‍ നേരേ കടയിലേക്കു കയറാനുള്ള സാധ്യത കുറയും. അത് ബിസിനസിനെ ബാധിക്കും.

റോഡിന് ഇത്രയും വീതിയുടെ ആവശ്യമില്ല എന്നു പറയുന്നവനെ വിഡ്ഡി എന്നു വിളിക്കണം. അനുദിനം ആയിരക്കണക്കിനു വാഹനങ്ങള്‍ നിരത്തിലിറങ്ങുന്ന കേരളത്തില്‍ ഓരോ വര്‍ഷത്തെയും ആവശ്യമനുസരിച്ച് റോഡ് വികസിപ്പിക്കാനാവില്ല. അല്‍പം ദീര്‍ഘവീക്ഷണത്തോടെ റോഡ് വികസനം നടത്തുമ്പോള്‍ അയ്യോ ഇത്രയും വേണ്ട എന്നു പറഞ്ഞ് രാഷ്ട്രീയക്കാരും വ്യാപാരികളും ഇറങ്ങും. എന്നിട്ട് ഒരു ട്രാഫിക് ജാം വരുമ്പോള്‍ ഇവരൊക്കെ തന്നെ പറയും ദീര്‍ഘവീക്ഷണമില്ലാത്ത ഭരണമാണ് ഇതിനെല്ലാം കാരണം, ഇടതനും വലതനും കൂടി ഭരിച്ചുഭരിച്ച് ഇവിടം മുടിച്ചു- എന്നൊക്കെ.

കേരളത്തിലെ മിക്കവാറും നഗരങ്ങളിലും ഗതാഗതക്കുരുക്ക് ആണ് ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ശുദ്ധജലക്ഷാമവും കൊതുകുശല്യവും പോലും അതു കഴിഞ്ഞേയുള്ളൂ. ദിവസം 4 മണിക്കൂര്‍ വരെ ഗതാഗതക്കുരുക്കില്‍ കിടക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ ആയുസ്സില്‍ നിന്ന് റോഡ് വികസനത്തിനു തിരിച്ചുപിടിക്കാനാവുന്നത് എത്ര മണിക്കൂറുകളും ദിവസങ്ങളുമാണെന്ന് ഓര്‍ത്തു നോക്കിയാല്‍ തന്നെ കണക്കില്‍ പിഴയ്‍ക്കാത്ത വ്യാപാരികള്‍ക്കും കാര്യം മനസ്സിലാവേണ്ടതാണ്.

ഇനി, ചെറുകിട ബിസിനസില്‍ വിദേശനിക്ഷേപം വന്നാല്‍ എന്തു സംഭവിക്കും ? മുകളില്‍ പറഞ്ഞ 40 ലക്ഷം വ്യാപാരികള്‍ക്കു വന്‍കിട സെറ്റപ്പിനോടു മല്‍സരിച്ചു പിടിച്ചു നില്‍ക്കാനാവാതെ വരും, നഷ്ടമുണ്ടാകും. അതുകൊണ്ട് ബാക്കിവരുന്ന രണ്ടരക്കോടി ഉപഭോക്താക്കള്‍ മഹത്തായ വ്യാപാരിസമൂഹത്തെ ലാഭകരമായി പിടിച്ചു നിര്‍ത്തുന്നതിന് വിദേശകുത്തകളെ ബഹിഷ്കരിക്കുക, കുറച്ച് നഷ്ടം സഹിച്ചായാലും ലോക്കല്‍ മാര്‍ക്കറ്റിനെ പ്രോല്‍സാഹിപ്പിക്കുക.

വ്യാപാരികള്‍ മാത്രമല്ല, കുരിശുപള്ളികളും കാണിക്കവഞ്ചികളും ഭണ്ഡാരങ്ങളും എല്ലാം കേരളത്തിലെ റോഡുകളുടെ ശാപമാണ്. മുംബൈയിലെ ചുവന്ന തെരുവില്‍ നിന്ന് വേശ്യകളെന്നപോലെ ദൈവങ്ങള്‍ ഓരോ വളവിലുമിരുന്ന വണ്ടിക്കാരെ വിളിക്കുകയാണ്- വല്ലതും തന്നിട്ടു പോണേ ! നേര്‍ച്ചയും കാഴ്ചയുമിട്ടും തരം പോലെ വലിച്ചെറിഞ്ഞും ഈ തീര്‍ഥാടനയാത്ര തുടരുമ്പോഴും ഇവര്‍ക്കൊക്കെ എതിരെ ഒരക്ഷരം മിണ്ടാന്‍ കോടതിക്കായിട്ടില്ല. റോഡരികിലെ യോഗങ്ങളാണ് എല്ലാ റോഡ് പ്രശ്നങ്ങള്‍ക്കും എന്ന നിലപാടില്‍ നിന്ന് കോടതിയും അയയുന്നില്ല.

എന്തായാലും വ്യാപാരികളെല്ലാം കൂടി വോട്ടിന്‍റെ കാര്യത്തില്‍ ഒരുറച്ച തീരുമാനമെടുത്താല്‍ സംഗതി മാറും. കേരളം ഇസ്ലാമിക് സ്റ്റേറ്റ് ആകുമെന്ന് പേടിച്ചിരിക്കുന്ന മുഖ്യമന്ത്രി പഴയ ഇറ്റലിയും പോര്‍ചുഗലും മെസെപ്പെട്ടോമിയയും പോലെ കേരളം ഒരു കച്ചവട സംസ്ഥാനമാകുമെന്ന് കൂടി ദുസ്വപ്നം കണ്ടു തുടങ്ങേണ്ടിയിരിക്കുന്നു.

ജൂലൈ അഞ്ചിന്റെ ഹര്‍ത്താല്‍ വിജയിപ്പിക്കുക

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവന്റെ തന്തയ്ക്കു വിളിക്കുന്നത് ഞാന്‍ നിര്‍ത്തി. ചുമ്മാ ഒരു കസേരയിലിരുന്ന് ഒരു വൈക്കം വിശ്വം ആഹ്വാനം ചെയ്താല്‍ കേരളം നിശ്ചലമാകാന്‍ മാത്രം ശക്തനാണോ ഈ വൈക്കം വിശ്വന്‍ ? അതോ ഭരണകക്ഷി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലായതുകൊണ്ട് അത് വിജയിപ്പിച്ചില്ലെങ്കില്‍ നിയമവിരുദ്ധമാകും എന്നതുകൊണ്ടാണോ ? അങ്ങനെയാണെങ്കില്‍ യുഡിഎഫ് ഭരിച്ചിരുന്ന സമയത്ത് ഇതിനെക്കാള്‍ വിജയകരമായി ഈ കക്ഷി ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുകയും ഗംഭീരമായി നടത്തുകയും ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് മാത്രമല്ല, യുഡിഎഫും ബിജെപിയും എന്തിന് വഴിയേ വന്നവനും പോയവനുമൊക്കെ ഇവിടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയും പുല്ലു പോലെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സിപിഎമ്മാണെങ്കില്‍ ജനങ്ങളുടെ തെറിവിളി കേട്ട് മടുത്തിരിക്കുകയാണ്. ജനങ്ങള്‍ അത്രമാത്രം വെറുക്കുന്ന പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളോട് പിന്നെ എന്തിനാണ് ഈ ജനം സഹകരിക്കുന്നത് ? കടയടപ്പിക്കുന്നു, വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കുന്നു, ഓഫിസിന്റെ ഗേറ്റിനരികില്‍ നിന്നു പേടിപ്പിക്കുന്നു.. ! കേരളത്തിലെ 300 ലക്ഷം ജനങ്ങളെ വിരട്ടി വീട്ടിലിരുത്താന്‍ മാത്രം സിപിഎമ്മുകാര്‍ സംസ്ഥാനത്തുണ്ടോ ? തീര്‍ച്ചയായും ഇല്ല. അപ്പോള്‍ കുഴപ്പം ഹര്‍ത്താലിന്റെയാണോ ഇവിടുത്തെ ജനങ്ങളുടെയാണോ ?

ഹര്‍ത്താല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു മാസ് ഹിപ്നോട്ടിസം ആണ്. ഷക്കീല എന്ന പേരു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കു ചിലതൊക്കെ തോന്നുന്നതുപോലെ ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് തോന്നുന്നത് ഒരേ വികാരമാണ്- ഹൊ ! നാളത്തെ കാര്യം രക്ഷപെട്ടു !! എന്തില്‍ നിന്നു രക്ഷപെടാനാണ് ഇൌ ജനത ഹര്‍ത്താലിനെ പ്രണയിക്കുന്നത് ? അടിസ്ഥാനപരമായി ഒരു മലയാളിയുടെ രക്തത്തിലലിഞ്ഞിരിക്കുന്ന മടിയും അലസതയും തന്നെയാണ് ഇവിടെ ഹര്‍ത്താല്‍ കൃഷി നട്ടു നനച്ചു വളര്‍ത്തുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ മതി കേരളത്തില്‍; അത് നടപ്പായിക്കഴിഞ്ഞു. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ആഹ്വാനങ്ങള്‍ ശക്തമായ നിയമത്തിന്റെ രൂപത്തില്‍ വരെ നടപ്പാക്കാന്‍ ശ്രമിച്ചിട്ട് ഇതുവരെ നടപ്പായിട്ടില്ല. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും നല്ലതിനുള്ളതാണ്. ഹര്‍ത്താല്‍ ചീത്തയാകാനും. എന്നിട്ടും കേരളസമൂഹം ഹര്‍ത്താലിനെ മാത്രമാണ് കയ്യും നീട്ടി സ്വീകരിക്കുന്നത്. ഹൈക്കോടതിയെയും സര്‍ക്കാരിനെയും അപകടമരണത്തെയും ഭയമില്ലാത്ത കേരളത്തിന് വൈക്കം വിശ്വനെ പേടിയാണെന്നു പറഞ്ഞാല്‍ അതില്‍ അല്‍പം പൊരുത്തക്കേടില്ലേ ?

26ലെ ഹര്‍ത്താലിന് കൊല്ലത്ത് ഒരു ഓഫിസില്‍ ചെന്ന് ഒപ്പിട്ടു മടങ്ങാന്‍ ശ്രമിച്ച ജീവനക്കാരെ ഹര്‍ത്താലുകാര്‍ തന്നെ പിടികൂടി പണിയെടുപ്പിച്ചു. കുഴപ്പം ജനത്തിനോ, ഹര്‍ത്താലുകാര്‍ക്കോ ? ഹര്‍ത്താല്‍ ദിനത്തില്‍ ആശംസകള്‍ കൈമാറുന്ന ഏക സംസ്ഥാനം കേരളമായിരിക്കും. അതൊക്കെ ഒരു തമാശയല്ലേ എന്നു നമ്മള്‍ പറയും. അങ്ങേയറ്റം ഗൌരവമുള്ള കാര്യങ്ങളും നമുക്കിതുപോലെയുള്ള തമാശകളാണ്. ജൂലൈ അഞ്ചിന്റെ ഭാരത് ബന്ദിനു വീടിനു പുറത്തേക്കിറങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ ആര്‍ക്കും ആശയക്കുഴപ്പമില്ല. ഉത്രാടപ്പാച്ചില്‍ പോലെ ഒരു പാച്ചില്‍ ജൂലൈ നാലിനു വൈകുന്നേരം കേരളത്തിലെ തെരുവുകളില്‍ കാണാം. ആത്മാര്‍ഥമായ ഷോപ്പിങ് ആണ്. ഹര്‍ത്താല്‍ എന്‍ജോയ് ചെയ്യാനുള്ളതാണ്.

ആരാണ് പിന്നെ ഹര്‍ത്താല്‍ നടത്തുന്നവരെ ശപിക്കുന്നത് ? ഇതുപോലെ ഹര്‍ത്താല്‍ ദിവസം വീട്ടിലടച്ചിരുന്ന് ബ്ലോഗ് ചെയ്യുന്നവര്‍, ബുദ്ധിജീവികള്‍, ചിലയിനം പ്രവാസികള്‍ (തങ്ങള്‍ തിരികെ നാട്ടിലെത്തും വരെ കേരളം ഗതിപിടിക്കില്ലെന്നാണിവരുടെ വിശ്വാസം), പിന്നെ വല്ല വഴിക്കും പോയിട്ട് ഹര്‍ത്താലാണെന്നറിയാതെ വിമാന-ട്രെയിന്‍-ബസ് താവളങ്ങളില്‍ വന്നിറങ്ങുന്നവര്‍, ഗര്‍ഭമോ രോഗമോ മൂര്‍ഛിക്കുമ്പോള്‍ മറ്റൊരു വഴിയുമില്ലാതിറങ്ങുന്നവര്‍ അങ്ങനെ കുറെയാളുകള്‍. ആദ്യത്തെ മൂന്നു വിഭാഗങ്ങളുടെയും ശാപം ഫലിക്കാനിടയില്ല. ഹര്‍ത്താലിന്റെ ഗതികേടില്‍ കുടുങ്ങിപ്പോകുന്നവരുടേത് ഫലിക്കും. പക്ഷെ, അത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരുടെ തലയില്‍ പതിക്കുമെന്നും അവര്‍ യഥാക്രമം തുലഞ്ഞുപോകുമെന്നുമുള്ള വിശ്വാസം ഫലിക്കുമോ എന്നറിയില്ല. കാരണം, ഹര്‍ത്താലുകാരെ താലോലിച്ച് ഓമനിച്ച് വഷളാക്കിയത് നമ്മളൊക്കെ തന്നെയാണ്. ഹര്‍ത്താല്‍ ദിവസം പുറത്തിറങ്ങാതിരിക്കാന്‍ പറ്റില്ല എന്നാവുമ്പോള്‍ മാത്രം നമ്മള്‍ ധാര്‍മികരോഷം കൊള്ളുകയും സാമൂഹിതനീതിയെപ്പറ്റി ആശങ്കപ്പെടുകയും ചെയ്തിട്ട് എന്തു കാര്യം ?

ഹര്‍ത്താലിനെതിരേ പോരാടുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഏതാനും സംഘടനകളും ഇവിടെയുണ്ട്. ഏതെങ്കിലും ഹര്‍ത്താലിന് അവര്‍ റോഡിലിറങ്ങിയതായി കേട്ടിട്ടില്ല. ഓണ്‍ലൈന്‍ പെറ്റീഷനില്‍ ആയിരക്കണക്കിനാളുകളെക്കൊണ്ട് ഒരു സംഘടന ഒരിക്കല്‍ ഒപ്പു വയ്പിച്ചതോര്‍ക്കുന്നുണ്ട്. ജോലിയുടെ കാര്യത്തിലെന്ന പോലെ വൈറ്റ് കോളര്‍ സമരങ്ങളും പ്രതിഷേധങ്ങളുമേ നമുക്കു വഴങ്ങൂ. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ അന്ന് വീട്ടില്‍ അടച്ചു പൂട്ടി ഇരിക്കാത്തതുപോലെ ഹര്‍ത്താലിനെതിരെ ആഹ്വാനങ്ങള്‍ നടത്തുന്നവര്‍ ഹര്‍ത്താല്‍ ദിവസം വീടിന്റെ ജനല്‍ പോലും തുറക്കുന്നില്ല എന്നതാണ് സത്യം.

എന്നാല്‍ എല്ലാവരും അങ്ങനെയാണെന്നുമല്ല. ഈ ശൈലി മാറണമെന്ന ആഗ്രഹത്തോടെ ഹര്‍ത്താല്‍ ദിവസം ധീരമായി റോഡിലിറങ്ങുന്നവരുണ്ട്. വല്ല കല്ലേറോ മറ്റോ കിട്ടുമ്പോള്‍ നമ്മള്‍ തന്നെ പറയും: ‘ഹര്‍ത്താലായിട്ട് ഈ അലവലാതിക്കൊക്കെ വീട്ടിലിരുന്നാല്‍ പോരേ, ഏറ് ചോദിച്ചു വാങ്ങിയതല്ലേ, കണക്കായിപ്പോയി’ !. നമ്മുടെ ഓഫിസില്‍ ഹര്‍ത്താല്‍ ദിവസം വന്നു ജോലിയെടുത്തിട്ടു പോകുന്നവനെയും കരിങ്കാലി എന്നാണ് നമ്മള്‍ വിളിക്കുന്നത്. ഹര്‍ത്താല്‍ ദിവസം വല്ല വിധേനയും ക്ളാസില്‍ വരുന്ന വിദ്യാര്‍ഥിക്ക് അടുത്ത ദിവസം സഹപാഠികളുടെ കയ്യില്‍ നിന്നു വേണ്ടുവോളം കിട്ടും. ചുരുക്കത്തില്‍ ഹര്‍ത്താല്‍, അനവാശ്യമല്ല, നമ്മുടെ സംസ്കാരവും സ്വഭാവവും അഭിരുചികളും മനസ്സിലാക്കി ദൈവം തന്ന വരമാണ് ഹര്‍ത്താലുകള്‍. അതുകൊണ്ട് ജൂലൈ അഞ്ചിന്റെ ഹര്‍ത്താല്‍ സന്തോഷത്തോടെ നമുക്ക് വിജയിപ്പിക്കാം. പുറമെ ശപിച്ചുകൊണ്ട്, ഉള്ളില്‍ സന്തോഷിച്ചുകൊണ്ട് പരസ്പരം ഹര്‍ത്താലാശംസിക്കാം. ജയ് ഹോ !

ഹൈക്കോടതിക്ക് ഒരു വോട്ട് !

ഹൈക്കോടതി അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ കേരളത്തിലെ കംപ്ലീറ്റ് സീറ്റുകളും പിടിക്കും. ചീഫ് ജസ്റ്റിസിനു മുഖ്യമന്ത്രിയുമാവാം.ജനകീയമായ ഉത്തരവുകളിലൂടെയും ഇടപെടലുകളിലൂടെയും ആശ്വാസം പകരുന്ന കോടതിയെ നീണ്ടു നിവര്‍ന്നു സല്യൂട്ട് അടിക്കുകയാണ് കേരളജനത. ജനകീയ സമരമെന്നു മുദ്രകുത്തി ജനങ്ങളുടെ നെഞ്ചത്തു കയറുന്ന സമരപരിപാടികള്‍ ബന്ദും ഹര്‍ത്താലും മുതലിങ്ങോട്ട് മൂക്കുകയറിട്ടു പിടിച്ചിരിക്കുകയാണ് കോടതി. അമിതരാഷ്ട്രീവല്‍ക്കരിക്കപ്പെട്ട ഭരണപക്ഷവും നട്ടെല്ലില്ലാത്ത പ്രതിപക്ഷവും പാമ്പും കോണിയും കളിക്കുമ്പോള്‍ ജനത്തെ കൈവിടാത്ത കോടതിയ്ക്ക് ഒരു വോട്ട് !

കേരളത്തിലെ റോഡുകളാണ് ഇന്ന് ഏറ്റവും സുരക്ഷിതവും സമൃദ്ധവുമായ കൊലക്കളം. മതവും രാഷ്ട്രീയവും ലൈംഗികതയും തുടങ്ങി സകല വൃത്തികേടുകളും അവിടേക്കെത്തുമ്പോള്‍ ട്രാഫിക് വെറും ഇമ്മോറല്‍ ട്രാഫിക് ആയി. റോഡിലെ രാഷ്ട്രീയക്കളിയുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന വിധി രാഷ്ട്രീയക്കാരുടെ മേല്‍ കോടതി നേടുന്ന വിജയമായി കരുതേണ്ടതില്ല എന്നതാണ് മറ്റൊരു കാര്യം. കോടതിയെയും നിയമസംവിധാനത്തെയും ബഹുമാനിക്കുന്ന രാഷ്ട്രീയക്കാര്‍ ഉള്ളിടത്തേ കോടതിക്ക് നിലനില്‍പുള്ളൂ.

രാഷ്ട്രീയസംവിധാനം ക്രമസമാധാനപാലനത്തിനായി ഉപയോഗിക്കുന്ന അതേ പൊലീസ് തന്നെയാണ് കോടതിക്കു വേണ്ടി രാഷ്ട്രീയനേതൃത്വത്തിനെതിരെ തിരിയേണ്ടി വരുന്നതെന്നതും രാഷ്ട്രീയനേതൃത്വവും നിയമസംവിധാനവും തമ്മിലുള്ള പരസ്പരസഹകരണത്തിന്‍റെ തെളിവാണ്. കോടതി വിധിയെത്തും മുമ്പേ കരുനാഗപ്പള്ളിയില്‍ ആഭ്യന്തരമന്ത്രിയുടെ യോഗത്തിനായി പണിതുയര്‍ത്തിയ വേദി വിധിയുടെ വെളിച്ചത്തില്‍ പൊളിച്ചുമാറ്റി യോഗം സമീപത്തെ സ്കൂളിലേക്കു മാറ്റി എന്നത് അന്തസ്സുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ്.

ഭരണകൂടം ആദരിക്കാത്ത കോടതിയെ പിന്നെത്ര പേര്‍ക്കു വിലയുണ്ടാകുമെന്നത് പറയാനാകില്ല.എല്‍ഡിഎഫ് ഭരണത്തിനെതിരെ നിശിതമായ അനേകം വിമര്‍ശനങ്ങള്‍ ഉന്നയിച്ച കോടതിയുടെ ജനകീയവിധിയെ സ്വീകരിക്കുന്ന ഭരണകൂടത്തിന്‍റെ നടപടികള്‍ എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും കേരളത്തിന് അഭിമാനിക്കാവുന്നതു തന്നെയാണ്. തൊട്ടടുട്ട സംസ്ഥാനത്ത് നിയമവാഴ്ചയുടെ തകര്‍ച്ചയില്‍ മനംനൊന്ത് ലോകായുക്ത രാജിവച്ച സാഹചര്യവുമായി ചേര്‍ത്തു വായിക്കുമ്പോഴാണ് ഇതിന്‍റെ മൂല്യം വ്യക്തമാകുന്നത്.

ബന്ദും, ഹര്‍ത്താലും ഇന്ന് കേരളസമൂഹത്തിന് ഒരു ഭീഷണിയല്ലാതായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഹൈക്കോടതിയുടെ ഇടപെടലുകളും ആ വിധികളുടെ പിന്നില്‍ ഉറച്ചു നിന്ന സാധാരണജനങ്ങളുമാണ്. ദേശീയപാതകളില്‍ പോലും മണിക്കൂറുകളോളം ഗതാഗതതടസ്സം സൃഷ്ടിക്കുന്ന രാഷ്ട്രീയയോഗങ്ങള്‍ ജനങ്ങളുടെ ശാപമേറ്റുവാങ്ങി തുടര്‍ന്നുപോരാന്‍ തുടങ്ങിയിട്ട് കാലമേറെയായതാണ്. പുതിയ വിധിയനുസരിച്ച് സമ്മേളനത്തിനായി മാറ്റിവച്ചിരിക്കുന്ന മൈതാനങ്ങളിലൊഴികെ എവിടെയും റോഡരികില്‍ സമ്മേളനങ്ങളോ യോഗങ്ങളോ നടത്തുന്നത് നിയമവിരുദ്ധമാണ്. കൊച്ചി നഗരത്തില്‍ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സംഘടനകള്‍ നേരത്തേ തന്നെ പൊലീസിനെ അറിയിക്കണമെന്നും അനുവദിച്ചതിലും കൂടുതലുള്ളവരെ നഗരത്തില്‍ കടക്കും മുന്‍പ്‌ പൊലീസ്‌ തടയണമെന്നും കോടതി നിര്‍ദ്ദേശിച്ചതു കഴിഞ്ഞ ദിവസമാണ്.

നമ്മള്‍ ഏറ്റവും വൃത്തിഹീനമായും അശ്രദ്ധമായും നിരുത്തരവാദപരമായും ഒരു ജീവിതം കാഴ്ചവയ്‍ക്കുന്നുണ്ടെങ്കില്‍ അത് റോഡിലാണ്. മലമൂത്ര വിസര്‍ജ്ജനം മുതല്‍ ഓരോരുത്തരും അവരുടെ സര്‍ഗശേഷിയും താല്‍പര്യവുമനുസരിച്ച് പറ്റുന്നതൊക്കെ റോഡില്‍ ചെയ്യുന്നുണ്ട്. പകല്‍ വൃത്തിയായും മാന്യമായും നടക്കുന്ന ഒരു സമൂഹം രാത്രിയില്‍ മാലിന്യം നിറച്ച ബാഗുകളുമായി ഇരുള്‍ വീണ കവലകള്‍ തേടി നടക്കുന്ന നാടാണ് കേരളം. എല്ലാ മാലിന്യങ്ങളും എല്ലാ ദുരന്തങ്ങളും ഏറ്റു വാങ്ങുന്ന കേരളത്തിലെ റോഡുകള്‍ കവികള്‍ വര്‍ണിച്ചിട്ടുള്ള ഗുണങ്ങളെല്ലാം തികഞ്ഞ കാലത്തിന്‍റെ പുഴയാണ്.

സ്വന്തം വീടും മതവിശ്വാസികള്‍ അവരുടെ ആരാധനലായങ്ങളും പരിശുദ്ധമായി കാണുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നതിനാല്‍ അത് മലയാളിലകള്‍ക്ക് അസാധ്യമായ ഒന്നല്ല എന്നത് വ്യക്തമാണ്. ജാതിമതഭേദമില്ലാതെ പ്രായ-ലിംഗ, വര്‍ഗ-സ്വത്വഭേദമില്ലാതെ ഒരു സമൂഹം ഏറ്റവും സജീവമായി പ്രവഹിക്കുന്ന സ്ഥലമെന്ന നിലയില്‍ ആരാധനാലയങ്ങള്‍ പോലെ കാത്തുസൂക്ഷിക്കേണ്ടവയാണ് റോഡുകള്‍. എന്നാല്‍,മനുഷ്യമനസ്സുകള്‍ പങ്കിട്ടെടുത്ത മതങ്ങള്‍ റോഡുകളിലും അതു തന്നെയാണ് ചെയ്യുന്നത് എന്നത് നിരാശാജനകമാണ്.

കുരിശുപള്ളികളും, ഭണ്ഡാരങ്ങളും, നേര്‍ച്ചപ്പെട്ടികളും പരമാവധി റോഡിലേക്കിറക്കിക്കൊണ്ടു വരുന്നതിലാണ് സമുദായപുരോഗതി എന്നു വിശ്വസിക്കുന്ന മതനേതാക്കള്‍ക്കാണ് ഇനിയൊരു പാഠം പകര്‍ന്നു നല്‍കേണ്ടത്. ആരാധനാലയങ്ങളുടെ സ്ഥലങ്ങള്‍ വിട്ടുകിട്ടാത്തതുകൊണ്ടു മാത്രം കേരളത്തില്‍ വളഞ്ഞുപോയ റോഡുകള്‍ അനേകമാണ്. സ്വന്തം സമുദായത്തിന്‍റെ വളര്‍ച്ചക്കുവേണ്ടി വഴക്കുണ്ടാക്കുമ്പോഴല്ല, പൊതുസമൂഹത്തിന്‍റെ നന്മയ്‍ക്കു വേണ്ടി വിട്ടുവീഴ്‍ചകള്‍ ചെയ്യുമ്പോഴാണ് മതമേതായാലും ദൈവത്തെ പ്രതിനിധാനം ചെയ്യുന്നത്. അതിനു കോടതിയുടെ ഇടപെടല്‍ വേണ്ടി വരുമെങ്കില്‍ അത് നിരാശാജനകമാണ്.

നമ്മുടെ റോഡിനോട് ചെയ്യരുതാത്തതെല്ലാം ചെയ്തിട്ട് റോഡിലെ കുഴിയുടെ പേരില്‍ നാടിനെയും ഭരണാധികാരികളെയും പഴിക്കുന്നതാണ് നമ്മുടെ രീതി. കുഴികള്‍ അടച്ചാല്‍ തീരുന്നതല്ല നമ്മുടെ പ്രശ്നം. ലോകത്ത് ഒരു റോഡിനോടും ചെയ്യാന്‍ പാടില്ലാത്തതെല്ലാം നമ്മള്‍ നമ്മുടെ റോഡുകളോട് ചെയ്യുന്നുണ്ട്. വിധികള്‍ക്കപ്പുറത്തു നിന്ന് ഉരുത്തിരിയേണ്ട ഒരു റോഡ് സംസ്കാരം ഇനിയും ഇവിടെ നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ കോടതിവിധിയുടെ പഴുതുകളിലൂടെ ജനനീതി നമ്മള്‍ തന്നെ അട്ടിമറിക്കും. കാരണം, ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ മാത്രമേ നമ്മള്‍ പൊതുജനമാണെന്ന് സമ്മതിക്കാറുള്ളൂ, അല്ലാത്തപ്പോള്‍ നമ്മെ നയിക്കുന്നത് ജാതി-മത-വര്‍ഗ-ലിംഗ താല്‍‍പര്യങ്ങളാണ്. കേരളത്തിലെ ഓരോ വീട്ടില്‍ നിന്നും എല്ലാ ദിവസവും ഒരാളെങ്കിലും റോഡിലേക്കിറങ്ങുന്നുണ്ട് എന്നതുകൊണ്ട് വീടുകളെക്കാള്‍ വേഗത്തില്‍ നന്നാവേണ്ടത് റോഡുകളാണ് എന്ന തിരിച്ചറിവിലേക്ക് സമൂഹം എത്തട്ടെയെന്ന് പ്രത്യാശിക്കാം.

സൂപ്പര്‍ സ്റ്റാര്‍ ആവാനുള്ള നമ്പര്‍

സൂപ്പര്‍ സ്റ്റാറാവാനുള്ള യോഗ്യതകളില്‍ ഫാന്‍സ് ആസോസിയേഷനും കാരവാനും മാത്രം മതിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഒന്നു കൂടിയുണ്ട്: ഫാന്‍സി നമ്പര്‍ ! ലേറ്റസ്റ്റ് ഡവലപ്മെന്‍റ്സ് വച്ചു നോക്കുമ്പോള്‍ നല്ല വില കൊടുത്ത് ഫാന്‍സി നമ്പര്‍ കൂടി വാങ്ങുമ്പോഴാണ് ഒരുത്തന്‍ സൂപ്പര്‍ സ്റ്റാറായി ഉയരുന്നത്. മലയാളത്തിന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ആണ് 3.56 ലക്ഷം രൂപ മുടക്കി KL 7 BN 1 എന്ന നമ്പര്‍ ദേ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അതാകട്ടെ വലിയ പുലിവാലുള്ള സംഭവവുമായിരുന്നത്രേ. ഇതത്ര വലിയ സംഭവമാണോ എന്നു ചോദിച്ചാല്‍, വലിയ വലിയ മുതലാളിമാര്‍ ഐപിഎല്‍ ടീമും അരലോഡ് പെണ്ണുങ്ങളേം വാങ്ങുമ്പോള്‍ അത്രയ്ക്കൊന്നും എടുക്കാനില്ലാത്ത സൂപ്പര്‍ സ്റ്റാറുകള്‍ മിനിമം ഒരു നമ്പരെങ്കിലും വാങ്ങേണ്ടേ ?

ഈ നമ്പറിനോട് ഇഷ്ടം കൂടിയ 11 പേരാണു പൃഥ്വിരാജിനൊപ്പം അപേക്ഷ നല്‍കിയിരുന്നത്. നാലു പേര്‍ ലേലത്തിനെത്തിയില്ലത്രേ. ലേലത്തില്‍ പൃഥ്വിരാജിനു വേണ്ടി ഹാജരായ ബന്ധുവും എതിരാളികളും വാശിയോടെ പങ്കെടുത്തു. പ്രമുഖ വിദേശ മലയാളിയായിരുന്നു പൃഥ്വിരാജിന്റെ മുഖ്യ എതിരാളി. അദ്ദേഹത്തിനു വേണ്ടി ഹാജരായ വ്യക്തി 3.55 ലക്ഷം രൂപ വരെ വിളിച്ചുവത്രേ. ഒരു ലക്ഷം രൂപ കൂടി എടുക്കാനുണ്ടായിരുന്നെങ്കില്‍ നമ്പര്‍ പുള്ളിക്കു കിട്ടിയേനെ. വിദേശമലയാളികളൊക്കെ കുറച്ചൂടെ സ്ട്രോങ് ആവണ്ടേ ?

മൂന്നു മാസം മുന്‍പ് ഇഷ്ട നമ്പറായ കെഎല്‍-7-ബിഎം 5555 ഭാര്യ സുചിത്രയുടെ പേരില്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത് 1.81 ലക്ഷം രൂപയ്ക്കാണ്. അതിനു മുന്‍പ് കെഎല്‍-7-ബിഎം-369, കെഎല്‍-7-ബിഎം 999 നമ്പറുകള്‍ക്കായി സൂപ്പര്‍ താരം മമ്മൂട്ടി രംഗത്തു വന്നിരുന്നു. 369-ാം നമ്പര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി 1.29 ലക്ഷം രൂപ വരെ ലേലം വിളിച്ചെങ്കിലും ഫലം കണ്ടില്ല. 999-ാം നമ്പര്‍ ലേലത്തില്‍ നിന്നു മമ്മൂട്ടി പിന്‍മാറുകയും ചെയ്തു. ഫീല്‍ഡ് ഔട്ടായിക്കൊണ്ടിരിക്കുന്ന താരങ്ങളെന്ന നിലയില്‍ ഒരു ലക്ഷവും ഒന്നര ലക്ഷവുമൊക്കെ വിളിക്കാനുള്ള യോഗ്യതയേ അവര്‍ക്കുള്ളൂ. അപ്പോള്‍ കേരളത്തിലെ ഫാന്‍സി നമ്പരിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മുടക്കി നമ്പരെടുത്ത ഭയങ്കരന്‍ പൃഥ്വി സ്റ്റാര്‍ ആണെന്നു കരുതരുത്. നമ്മുടെ വിഗ്-മുടി സംരംഭമായ ഗള്‍ഫ്ഗേറ്റിന്റെ മുതലാളി സക്കീര്‍ ഹുസ്സൈന്‍ വന്‍തുക മുടക്കിയിട്ടുണ്ട്. അതും 2005ല്‍. കാറിനെക്കാള്‍ കൂടിയ വിലയ്ക്കാണ് അന്ന് സക്കീര്‍ നമ്പര്‍ വാങ്ങിയത്. എന്ന നമ്പരിന് അന്ന് 4.10 ലക്ഷം രൂപയാണ് സക്കീര്‍ ചെലവഴിച്ചത്. എന്നാല്‍ റെക്കോര്‍ഡ് തുക ഏഴു ലക്ഷമാണ്.

KL 01 W 01 എന്ന നമ്പരാണ് കഴിഞ്ഞ വര്‍ഷം അവസാനം ഏഴു ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. ഇന്‍ഡ് റോയല്‍ ഫര്‍ണിച്ചര്‍ ഉടമ ജെ. സുഗതനാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്. എന്നാല്‍ അന്നുതന്നെ നടന്ന മറ്റൊരു നമ്പര്‍ ബിനീഷ് കോടിയേരിക്ക് പുല്ലുവിലയ്ക്ക് കിട്ടി. ലക്ഷങ്ങള്‍ മുടക്കി അത് ലേലത്തില്‍ വാങ്ങാന്‍ വന്നവരെ നേരത്തെ തന്നെ ഫോണില്‍ വിളിച്ചും വിരട്ടിയും ലേലത്തില്‍ നിന്നു പിന്മാറ്റിയിട്ട് 3200 രൂപയ്ക്ക് എല്ലാവരും കൂടി നമ്പര്‍ ബിനീഷ്മോന് ഒപ്പിച്ചു കൊടുത്തുവെന്നാണ് ചരിത്ര രേഖകളില്‍ കാണുന്നത്. അന്ന് മോഹന്‍ലാലും സുരേഷ്ഗോപിയും ഉള്‍പ്പെടെ 14 പേര്‍ ബിനീഷ്മോനു വേണ്ടി ആഗ്രഹം ഉപേക്ഷിച്ചുവത്രേ. മന്ത്രിയുടെ മോന് നമ്പര്‍ ചുമ്മാ കൊടുക്കാത്ത ഈ നാട് ഗതിപിടിക്കില്ല.

രണ്ടു വര്‍ഷം മുമ്പ് കൊച്ചിയിലും ഇതു തന്നെ നടന്നു. KL 7 BF 369 എന്ന നമ്പര്‍ മമ്മൂട്ടിക്കു 300 രൂപയ്ക്കാണ് ലഭിച്ചത്. ഇതേ പരമ്പരയിലെ 50ാം നമ്പര്‍ ജയസൂര്യ ലേലത്തില്‍ പിടിച്ചത് 200 രൂപയ്ക്ക്. ഇരുവരും നേരത്തേ ഇഷ്ടനമ്പറിനുള്ള അപേക്ഷയോടൊപ്പം 2000 രൂപ അടച്ചിരുന്നു. ലേലത്തിന് എത്തിയപ്പോഴാണു താരങ്ങളുമായാണ് മല്‍സരമെന്ന് എതിരാളികള്‍ക്കു മനസ്സിലായത്. അതോടെ വാശിയേറിയ ലേലം ഒഴിവാകുകയായിരുന്നത്രേ.

പൃഥ്വിരാജ് കാശുമുടക്കി നമ്പര്‍ വാങ്ങി എന്നത് ഒരു നല്ല കാര്യമാണ്. സാധാരണയായി സൂപ്പര്‍-മെഗാ സ്റ്റാറുകളുടെ ഗാമര്‍ കണ്ട് സാധാരണക്കാരായ ലേലക്കാര്‍ ലേലത്തില്‍ നിന്നു പിന്മാറുകയോ വിട്ടുകൊടുക്കുകയോ ഒക്കെയാണത്രേ. ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് ചില്ലറ ചുറ്റിക്കളികളും ഉണ്ടാവാറുണ്ടത്രേ. ഈ വര്‍ഷം ആദ്യം ഒരു താരത്തിന് ഫാന്‍സി നമ്പര്‍ അനുവദിച്ചതിനു ഗതാഗതവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വരെ സ്വീകരിച്ചിരുന്നു.

തിരുവനന്തപുരത്താണ് അത്. മുന്‍പു ലക്ഷത്തിനു വിറ്റുപോയ തരത്തിലുള്ള ഫാന്‍സി നമ്പരാണ് 2500 രൂപയ്ക്കു താരത്തിന്റെ വാഹനത്തിന് ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയിലൂടെ നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നമ്പര്‍ ലേലം പല തവണ മാറ്റിവച്ച ശേഷം മറ്റ് അപേക്ഷകരെ അറിയിക്കാതെ താരത്തിന് നമ്പര്‍ നല്‍കുകയായിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്ന ദൂരദര്‍ശനിലെ പ്രോഗ്രാം അസിസ്റ്റന്റ് സജിദേവി ഇതിനെതിരെ രേഖാമൂലം പരാതി നല്‍കിയതോടെയാണു വര്‍ഷങ്ങളായി ആര്‍ടിഎ ഒാഫിസില്‍ അരങ്ങേറുന്ന തട്ടിപ്പിനെതിരെ നടപടിയുണ്ടായത്.

സൂപ്പര്‍ സ്റ്റാറാണെന്നു കരുതി അന്തസ്സ് ഉണ്ടാവണമെന്നു നിര്‍ബന്ധമില്ലല്ലോ. ടൂത്ത്പേസ്റ്റ് തൊട്ട് അണ്ടര്‍വെയര്‍ വരെ എല്ലാം നിര്‍മാതാവിന്റെ ചെലവില്‍ സാധിക്കുന്ന താരത്തിന് ഫാന്‍സി നമ്പരും ഓസില്‍ കിട്ടണമെന്ന് ആഗ്രഹിക്കാന്‍ അവകാശമുണ്ട്. ഇതിനാണ് ആര്‍ടി ഓഫിസിന്റെ സഹായം. ഫാന്‍സി നമ്പരിനായി അപേക്ഷിച്ചവരെ കണ്ടെത്തി സോപ്പിട്ടും ഭീഷണിപ്പെടുത്തിയും ലേലത്തില്‍ നിന്നു പിന്‍വലിപ്പിക്കും. ഇതു നടന്നില്ലെങ്കില്‍ ലേലം പല വട്ടം മാറ്റിവയ്ക്കും. അറിയിപ്പ് നമ്പരിനായി അപേക്ഷിച്ചവര്‍ക്ക് യഥാസമയം നല്‍കാതെ മുക്കും.

സിനിമാതാരത്തിന് ഇഷ്ടനമ്പര്‍ കൊടുക്കാനായി അപേക്ഷകര്‍ക്കു നോട്ടീസ് അയയ്ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ക്രമക്കേടു നടത്തിയതായി കണ്ടെത്തിയിരുന്നു. ലേലത്തില്‍ പങ്കെടുക്കാനായി പണം അടച്ചു ദിവസങ്ങള്‍ക്കു ശേഷം റജിസ്റ്റേഡ് കത്തായാണു ലേലവിവരം അറിയിക്കുന്നത്. എന്നാല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ വിവരവും ഫോണ്‍ നമ്പരും ഇതിനു മുന്‍പേ ആര്‍ടിഎ ഒാഫിസിലുള്ളവര്‍ ചോര്‍ത്തി പ്രമാണിമാര്‍ക്കു നല്‍കുകയാണു ചെയ്യുന്നത്.

ഇത്രയൊക്കെയായ നിലയ്ക്ക് ഒരു നമ്പര്‍ ലേലത്തില്‍ പിടിക്കാന്‍ നിങ്ങളിലാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം. വാഹനത്തിന് ഇഷ്ടനമ്പര്‍ ബുക്ക് ചെയ്യുന്നതിനു വെള്ളക്കടലാസില്‍ ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം 2000 രൂപ അടയ്ക്കണം. ഒരേ നമ്പറിന് ഒന്നില്‍ക്കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ ആ നമ്പര്‍ ലേലത്തില്‍ വിളിക്കും. ലേലത്തുക അന്നുതന്നെ ഒാഫിസില്‍ അടയ്ക്കണം. ബുക്ക് ചെയ്ത ദിവസംമുതല്‍ മൂന്നുമാസത്തിനകം വാഹനം റജിസ്റ്റര്‍ ചെയ്യുന്നതിനു കൊണ്ടുവന്നില്ലെങ്കില്‍ റിസര്‍വേഷന്‍ റദ്ദാക്കും. തുക കണ്ടുകെട്ടുകയും ചെയ്യും.