രാജിസന്നദ്ധത

മമ്മീ… മീറ്റിങ് തുടങ്ങാറായി…

വോ, ഞന്‍ റെഡി തന്നെടാ.. നീ കഴിഞ്ഞ ദിവസത്തെപ്പോലെ ഒരുമാതിരി ഊമ്പിയ ചിരീം ചിരിച്ചോണ്ട് നിക്കരുത്… ചുമ്മാ മനുഷ്യരെ മാനം കെടുത്താന്‍…

അതു പിന്നെ… ഞാന്‍ ഫീലടിച്ചു നിക്കുന്നത് കണ്ടിട്ട് അവന്മാര് സന്തോഷിക്കണ്ടാന്ന് വിചാരിച്ചിട്ടാ മമ്മി…

എന്നിട്ടിപ്പോ എന്തായി ? നിന്റെ ചാനലു പോയിക്കെടക്കുവാണെന്നാ അവര് പറയുന്നത്…

പിന്നെ ? ഞാന്‍ നിന്നു കരയണമായിരുന്നെന്നാണോ മമ്മി പറയുന്നത് ?

എടാ ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം… ഇത്തരം അവസരങ്ങളില്‍ മുഖത്ത് വേണ്ടത് വീരം ആണ്…

വീരന്‍ തോറ്റു തൊപ്പിയിട്ടില്ലേ ?

ഉണ്ട!.. ടാ, നീ നവരസങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

ഒരമ്മ മകനോട് ചോദിക്കാവുന്ന ചോദ്യമാണോ ഇത് മമ്മീ ?

കുന്തം ! നീ പച്ചാളം ഭാസിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

പിന്നേ…. അത് കണ്ടല്ലേ ഞാന്‍ വിവിധ ഭാവങ്ങളൊക്കെ പഠിച്ചത്..

അതാണ് പറഞ്ഞത്… നിന്റെ മുഖത്ത് ഒന്നുകില്‍ ഹാസ്യം അല്ലെങ്കില്‍ ശൃംഗാരം.. ഇതേയുള്ളൂ… ഒരു ലീഡറാവണമെങ്കില്‍ മുഖത്ത് എപ്പോഴും വീരം ഉണ്ടായിരിക്കണം..

ഇത് മമ്മി നേരത്തെ പറഞ്ഞില്ലല്ലോ…

അല്ല, പിന്നെ… ഇതൊക്കെ നിനക്കറിയാമെന്നല്ലേ ഞാന്‍ വിചാരിച്ചേ… കഴിഞ്ഞ ദിവസം തോറ്റു തുന്നം പാടി നിന്നപ്പോ നിന്റെ ചിരികണ്ടപ്പോഴാ നിനക്കൊരു കുന്തോം അറിയില്ല എന്നു മനസ്സിലായത്…

ഇനിയിപ്പോ എന്താ ഞാന്‍ ചെയ്യേണ്ട ?

ഇനി പ്രത്യേകിച്ചൊന്നുമില്ല… ഇന്നത്തെ മീറ്റിങ്ങില്‍ ചെല്ലുന്നു… നമ്മള്‍ രണ്ടു പേരും രാജി പ്രഖ്യാപിക്കുന്നു…

എന്നിട്ട് ??????? നമ്മള്‍ പിന്നെങ്ങനെ ജീവിക്കും ?

മരമണ്ടാ…. രാജി പ്രഖ്യാപിക്കുന്നു എന്നല്ലേ പറഞ്ഞുള്ളൂ.. രാജി വയ്ക്കുന്നു എന്നു പറഞ്ഞില്ലല്ലോ…

ഹൊ, ഞാന്‍ പേടിച്ചു പോയി…. എന്നിട്ട് ?

അപ്പോള്‍ അവരെല്ലാരും കൂടി പൊട്ടിക്കരയും… നമ്മളില്ലെങ്കില്‍ ചത്തുകളയുമെന്നു വരെ പറയും…

അവരങ്ങനെ പറയുവോ ?

അങ്ങനെ പറയണമെന്ന് വിപ്പ് കൊടുത്തിട്ടുണ്ട്… പറയാത്തവരെയെല്ലാം നമ്മള്‍ പുറത്താക്കും…

മമ്മീ.. വിപ്പിനെയൊന്നും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്…

ചീഫ് വിപ്പല്ലെടാ… ഇതും വെറും വിപ്പാ… വിശ്വസിക്കാം…

അപ്പോ അവര് ചത്തുകളയുമെന്നു പറയും… എന്നിട്ട് ?

അപ്പോപ്പിന്നെ നമുക്ക് വേറെ ഓപ്ഷനില്ലല്ലോ… നമ്മള്‍ തുടരും…

ഹൊ.. എന്നാ ബുദ്ധിയാ…

നീ എന്നേം സോപ്പിട്ടോണ്ടിരുന്നോ… നീ ഒരു നിലയ്‌ക്കെത്തുന്നത് കണ്ടിട്ട് കണ്ണടയ്ക്കാമെന്നുള്ള എന്റെ സ്വപ്‌നം..ങ്ഹാ !

മമ്മീ.. ചളു ആക്കല്ലേ.. പ്ലീസ്…

ഹും.. മീറ്റിങ്ങിന് നീ ഓഡിറ്റോറിയം എല്ലാം ഏര്‍പ്പാടാക്കിയതല്ലേ ?

ഓഡിറ്റോറിയമോ… എന്തിന് ? ആകെ പത്തുനാപ്പത് പേരല്ലേയുള്ളൂ.. അവിടൊരു ഓടിട്ട പഴയ കെട്ടിടം പറഞ്ഞിട്ടുണ്ട്…

അത് ശരിയാണല്ലോ.. ഞാനത് മറന്നു.. എന്നാല്‍ പോകാം…

അല്ല.. ലവളെവിടെ ?

ആര് ?

മറ്റവള്‍… മുടിഞ്ഞ പെര്‍ഫോമന്‍സായിരുന്നല്ലോ കഴിഞ്ഞയാഴ്ച…

ടാ… നിന്റെ സ്വന്തം പെങ്ങളെപ്പറ്റിയാണോടാ നീയീ പറയുന്നത് ?

ഉവ്വ !.. എന്തൊരു പുകിലായിരുന്നു… ഞാനോര്‍ത്തു മൊത്തത്തോടെ അവളങ്ങു തൂത്തുവാരുമെന്ന്…

പതുക്കെ പറയെടാ.. പണിക്കാര് കേള്‍ക്കും… ആരേം വിശ്വസിക്കാന്‍ പറ്റാത്ത കാലമാ…

അതെയതെ… കൂടെപ്പിറപ്പുകള്‍ പോലും പണി തരും…

പോട… നീ വണ്ടീലോട്ട് കേറ്…

ഹ്ഹ്ഹ്‌ഹേ…ഹ്ങാഹഹഹഹഹ…

എന്തിനാടാ കരയുന്നേ ?

എനിക്കു സഹിക്കാന്‍ പറ്റുന്നില്ല മമ്മീ…

എടാ ഡ്രൈവറ് ശ്രദ്ധിക്കുന്നു… നീയൊന്നൊച്ചയുണ്ടാക്കാതിരി…

എന്നാലും.. ഞാനിപ്പോ കൊടിവച്ച കാറില്‍ പോകേണ്ട മനുഷ്യനല്ലേ മമ്മീ.. എനിക്കീ ഗതി വന്നല്ലോ…ങ്ഹഹേ..

മതി.. മതി.. സ്ഥലമെത്തി… എല്ലാരും എത്തിട്ടൊണ്ട്… നീയിറങ്ങ്… ഞാന്‍ പറഞ്ഞത് മറക്കേണ്ട.. മുഖത്ത് നല്ല വീരഭാവം വേണം.. നിന്നെ കണ്ടാല്‍ നീ ജയിച്ചിട്ടു വരികയാണെന്നേ തോന്നാവൂ…

ഞാന്‍ ശ്രമിക്കാം…

എന്നാ നടന്നോ.. ഞാന്‍ പുറകേയുണ്ട്…

ഇത്രേം കാലം മുന്നില്‍ മുന്നിലായിരുന്നല്ലോ.. ഇപ്പോ എന്നാ പറ്റി പൊറകിലായേ ?

വെറുതെയല്ലെടാ നീ… കേറിപ്പോടാ….

പ്രിയപ്പെട്ടവരെ, ഇന്നത്തെ മീറ്റിങ് ആരഭിക്കുകയാണ്.. ഈ മീറ്റിങ്ങിന്റെ പ്രധാന്യം ഞാന്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.. നമുക്ക് നേരിടേണ്ടി വന്ന പരാജയത്തിന് അനേകം കാരണങ്ങളുണ്ടെങ്കിലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ഞാനും എന്റെ മോനും രാജി വയ്ക്കുകയാണ്…

……………………………………………..
………………………………………………

ആരും ഒന്നും മിണ്ടുന്നില്ലല്ലോ മമ്മീ ??

————————

ഞങ്ങളുടെ നേതൃത്വം നിങ്ങള്‍ക്ക് കൂടിയേ തീരു എന്നു ഞങ്ങള്‍ക്കറിയാമെങ്കിലും ഈ അവസരത്തില്‍ നിങ്ങളെ ഒറ്റയ്ക്ക് ദുഷ്ടശക്തികളുടെ കൈകളിലേക്ക് നാഥനില്ലാതെ പറഞ്ഞയക്കേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്കു വിഷമമുണ്ട്…

————————
———————–

മമ്മീ… പണി കിട്ടും… ആരും കരയുന്നില്ല…

എന്തുകൊണ്ടു നമ്മള്‍ തോറ്റു എന്നതിന് തോറ്റവരുടെ കയ്യിലിരിപ്പ് തന്നെയാണ് കാരണം എന്നായിരിക്കാം ഉത്തരം… എങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വയ്ക്കാന്‍ തയ്യാറായ ഞങ്ങളുടെ വിശാലമനസ്‌കത നിങ്ങള്‍ മനസ്സിലാക്കുമെന്നും എനിക്കറിയാം…

—————————
—————————

മമ്മീ ഞാന്‍ പറഞ്ഞില്ലേ വിപ്പ് ചതിക്കുമെന്ന്… ഇവരെ എല്ലാരേം കൂടി പുറത്താക്കുന്നതും നമ്മള്‍ രാജി വയ്ക്കുന്നതും ഒരുപോലാ… പണി കിട്ടി മമ്മി…

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കഷ്ടകാലം വന്നപ്പോള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോയവര്‍ എന്നു ചരിത്രം ഞങ്ങളെ വിശേഷിപ്പിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല…

————————–
————————-

ഇല്ല മമ്മീ.. ഒരുത്തനും മിണ്ടുന്നില്ല…

അതുകൊണ്ട് രാജി വയ്ക്കാനാണ് ഞങ്ങള്‍ വന്നതെങ്കിലും നിങ്ങളെ ഈ ദുര്‍ഘടാവസ്ഥയില്‍ ഒറ്റയ്ക്കാക്കി പോകാന്‍ മനസ്സനുവദിക്കാത്തതിനാലും ഞങ്ങള്‍ രാജി വച്ചേക്കുമോ എന്ന ആശങ്കമൂലം എന്തെങ്കിലും പറയാന്‍ പോലുമാവാതെ സ്തബ്ധരായിരിക്കുന്ന നിങ്ങളുടെ ദുഖം മനസ്സിലാക്കുന്നതിനാലും ആ തീരുമാനം ഞങ്ങള്‍ ഉപേക്ഷിക്കുന്നു…. എന്നും എന്നെന്നും.. നിങ്ങളെയെല്ലാം നിയന്ത്രിക്കാനും മുന്നോട്ടു കൊണ്ടു പോകാനും ഞങ്ങള്‍ നിങ്ങളുടെ തലപ്പത്തുണ്ടാവും…

ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…
ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…

അതു പറഞ്ഞപ്പോഴാണല്ലോ മമ്മീ കൂട്ടക്കരച്ചില്‍ ?

ഞാന്‍ പറഞ്ഞില്ലേടാ.. അവര്‍ക്ക് നമ്മളില്ലാതെ മേല…

ഹൊ! ഞാന്‍ പേടിച്ചു പോയി…

ഞാനും, കൊര്‍ച്ച് !

ലിവറൊടിഞ്ഞ കിനാവുകള്‍ (രാഷ്ട്രീയ നോവല്‍)

ഒരേയൊരു എംഎല്‍എയുടെ ബലത്തില്‍ നാടു ഭരിക്കുന്ന ഒരു പുതുപ്പള്ളിക്കാരന്‍. ആ മന്ത്രിസഭയില്‍ വീതം വച്ചു കഴിഞ്ഞ് അവശേഷിക്കുന്ന ഒരേയൊരു മന്ത്രിക്കസേര. സാംസ്‌കാരിക, വനംവകുപ്പ് മന്ത്രിയാകാന്‍ യോഗ്യരായ ആരുമില്ലാത്തതിനാല്‍ മദാലസമായ ആ മന്ത്രിക്കേസേര ഒഴിഞ്ഞു കിടക്കുകയാണ്. ഈ മന്ത്രിക്കസേരയുമായി പത്തനാപുരംകാരനായ ഒരു യുവസുന്ദരന്‍ പ്രണയത്തിലാണ്. ഈ പത്തനാപുരംകാരന്‍ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാല്‍ എതിര്‍ക്കും, ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നില്‍ കാണും, രാത്രിയില്‍ തടാകത്തിലൂടെ ബോട്ടുയാത്ര നടത്തും, അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലുമുപരി ഈ പത്തനാപുരംകാരന്‍ ഒരു സിനിമാനടനുമാണ്.

പക്ഷെ പുതുപ്പള്ളിക്കാരന്‍ സുതാര്യതയുടെ കാര്യത്തില്‍ ഭയങ്കര കണിശക്കാരനാണ്. ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നിട്ടു കുളിക്കുകയും വരാന്ത അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്യുന്ന പ്രകൃതം. നാട്ടുകാരുടെയെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് അദ്ദേഹത്തന് ഒരു വിനോദമാണ്. പത്തനാപുരംകാരന്റെ ഭാര്യയുടെ പരാതി കേള്‍ക്കുന്ന പുതുപ്പള്ളിക്കാരന്‍ ഭാര്യയോട് എല്ലാ പ്രശ്‌നവും പരിഹരിച്ചുതരാം എന്നു പറഞ്ഞു പറ്റിക്കുന്നു. പുതുപ്പള്ളിക്കാരന്‍ പറയുന്ന വാക്ക് പാലിക്കുന്നവനല്ലെന്നു മനസ്സിലായപ്പോള്‍ പത്തനാപുരംകാരന്റെ ഭാര്യ ജനങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് എല്ലാ ദുഖങ്ങളും ഏറ്റുപറഞ്ഞു. തന്റെ സല്‍പ്പേര് നശിക്കുമെന്നുറപ്പായ പുതുപ്പള്ളിക്കാരന്‍ പെട്ടെന്ന് പത്തനാപുരംകാരനെ കയ്യൊഴിയുന്നു. ചീത്തപ്പേര് തീര്‍ത്തു വന്നാല്‍ മന്ത്രിസ്ഥാനം തരാം എന്നു പറഞ്ഞ് പുതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരനെ ഒഴിവാക്കുന്നു.

പുറത്തായ പത്തനാപുരംകാരന് ചീത്തപ്പേരുകള്‍ കൂടിക്കൂടി വന്നതേയുള്ളൂ. നാട്ടില്‍ നടക്കുന്ന സകല അലമ്പ് എടപാടുകളിലും പത്തനാപുരംകാരനും പങ്കുണ്ടെന്നു ഒരു പൂഞ്ഞാറുകാരന്‍ പറഞ്ഞു പരത്തി. മന്ത്രിക്കസേര ഉടനെയൊന്നും സ്വന്തമാവില്ല എന്നു മനസ്സിലായ പത്തനാപുരംകാരന്‍ സിനിമയിലഭിനയിക്കാന്‍ തുടങ്ങുകയാണ്. അനേകം അനേകം സിനിമകളിലൂടെ നല്ല നല്ല വേഷങ്ങള്‍ ചെയ്ത് ആറുമാസം കൊണ്ട് പത്തനാപുരംകാരന്‍ തന്റെ എല്ലാ ചീത്തപ്പേരുകളും മാറ്റിയെടുക്കുകയാണ്.

തന്റെ ജീവിതലക്ഷ്യമായ മന്ത്രിക്കസേര സ്വന്തമാക്കാനാണ് പത്തനാപുരംകാരന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സിനിമയിലഭിനയിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചത്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, പിന്നെയും പിന്നെയും ചീത്തപ്പേരുകള്‍ സമ്പാദിച്ചുകൊണ്ടിരുന്ന പുതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരനെ പാടെ അവഗണിക്കുകയാണ്. ആറുമാസം അടങ്ങിയൊതുങ്ങി ജീവിച്ചു ചീത്തപ്പേരൊക്കെ മാറ്റിയിട്ടും പത്തനാപുരംകാരനെ മന്ത്രിയാക്കാനുള്ള ലക്ഷണമൊന്നും കാണുന്നില്ല. പത്തനാപുരംകാരന്‍ താനുമായി ശത്രുതയിലായിരുന്ന അച്ഛന്റെ കാല്‍ക്കല്‍ വീണ് സഹായം തേടുന്നു. അച്ഛനും മകനും കൂടി ശ്രമിച്ചിട്ടും പുതുപ്പള്ളിക്കാരന്‍ മൈന്‍ഡ് ചെയ്യുന്നില്ല.

ഒടുവില്‍, പത്തനാപുരംകാരന്‍ പുറത്തായിട്ട് ആറുമാസം തികയുകയാണ്. ആ സമയത്തു തന്നെയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ അന്‍പതാം പിറന്നാളാഘോഷവും. അവിടെ പാര്‍ട്ടിയുടെ പിറന്നാളാഘോഷങ്ങള്‍ ഇവിടെ നിരാശയും ദുഖവും ഏകാന്തതയും. ആഘോഷം-നിരാശ, നിരാശ-ആഘോഷം, ആഘോഷം-നിരാശ. അവിടെ പുതുപ്പള്ളിക്കാരനും സംഘവും അധികാരത്തിന്റെ മത്തുപിടിച്ച് പൊട്ടിച്ചിരിക്കുമ്പോള്‍, ഇവിടെ എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് പത്തനാപുരംകാരന്‍ രാജിക്കത്തെഴുതി പിടയുകയാണ്, പിടയുകയാണ്…

പക്ഷെ, ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല… പുതുപ്പള്ളിക്കാരന്‍ പത്തനാപുരത്തേക്ക് ഓടി. പത്തനാപുരംകാരന്റെ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിക്കുന്നില്ല… സ്പീക്കര്‍ കത്ത് വായിക്കുന്നു, പതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരന്റെ അച്ഛന്റെ കാലുപിടിക്കുന്നു, സ്പീക്കര്‍ കത്ത് സ്വീകരിക്കുന്നില്ല, അച്ഛന്‍ പുതുപ്പള്ളിക്കാരനോട് ക്ഷമിക്കുന്നു, സ്പീക്കര്‍ കത്ത് ചവറ്റുകൊട്ടയിലിടുന്നു, പുതുപ്പള്ളിക്കാരനും പത്തനാപുരംകാരന്റെ അച്ഛനും കെട്ടിപ്പിടിക്കുന്നു….

ഒടുവില്‍…. ആറുമാസങ്ങള്‍ക്കു ശേഷം പത്തനാപുരംകാരന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്…

കഴിഞ്ഞോ ?: കഴിഞ്ഞിട്ടില്ല… കുറെക്കഴിയുമ്പോ എല്ലാവരെയും പോലെ അവരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. എന്നിട്ട് എട്ടുനിലയില്‍ പൊട്ടും.. എന്താ ?

കരിങ്കൊടിസമരത്തിനു പിന്തുണയുമായി ബാറ്റ്മാന്‍

സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തിന് ലോകത്തിന്റെ അംഗീകാരം. മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ കറുത്ത വേഷം മാത്രം ധരിക്കുമെന്ന പ്രഖ്യാപനവുമായി ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത് സൂപ്പര്‍ ഹീറോയായ ബാറ്റ്മാന്‍ ആണ്. പാര്‍ട്ടിയുടെ കരിങ്കൊടിസമരത്തിനു ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നും ബാറ്റ്മാനെപ്പോലെയുള്ള ആളുകള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവരുന്നത് സ്വാഗതാര്‍ഹമാണെന്നും പാര്‍ട്ടി ബുദ്ധിജീവി അഭിപ്രായപ്പെട്ടു. സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ഫാന്റം തുടങ്ങിയവരും ബാറ്റ്മാന്റെ പാത പിന്തുടര്‍ന്ന് കരിങ്കൊടിസമരത്തിനു പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് കറുത്ത ഷര്‍ട്ട് ഇട്ട് പങ്കെടുത്തത് പാര്‍ട്ടിയുടെ സമരം വിജയിപ്പിക്കുന്നതിനും മുഖ്യമന്ത്രിയെ തന്റെ പ്രതിഷേധം അറിയിക്കുന്നതിനും വേണ്ടിയായിരുന്നു എന്ന വാര്‍ത്ത വന്നതോടെയാണ് ലോകത്തിന്റെ പല ഭാഗത്തു നിന്നും അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തെ മാത്രം ബാധിക്കുന്ന ഒരു തട്ടിപ്പായിട്ടു കൂടി വിവിധ രാജ്യത്തലവന്‍മാരുള്‍പ്പെടെ കറുത്ത വസ്ത്രമിട്ട് പ്രതിഷേധിക്കുന്നതായി വിവിധ രാജ്യങ്ങളില്‍ നിന്നു ഞങ്ങളുടെ സഖാക്കന്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയണ്. ഇത്തരത്തില്‍ രാജ്യാന്തര സമൂഹം കറുത്ത വേഷമിട്ട് പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്രയും വേഗം രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

പൃഥ്വിരാജിനു പുറമേ ഇന്നലെ കേരളത്തിലങ്ങോളമിങ്ങോളവും രാജ്യമൊട്ടാകെയും മറ്റു രാജ്യങ്ങളിലുമായി കോടിക്കണക്കിനു മുസ്ലിം സ്ത്രീകള്‍ കറുകറുത്ത പര്‍ദ്ദയണിഞ്ഞത് പാര്‍ട്ടിയുടെ കരിങ്കൊടി സമരത്തോടുള്ള അനുഭാവം കൊണ്ടാണെന്നാണ് സൂചന. ഇത്രയധികം ജനപങ്കാളിത്തമുള്ള കരിങ്കൊടിസമരം സംസ്ഥാനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു കടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മുസ്ലിം ലീഗ് യുഡിഎഫിനോടൊപ്പം നില്‍ക്കുമ്പോള്‍ ലീഗ് നേതാക്കളുടെ കുടുംബാംഗങ്ങളടക്കം പലരും ഇന്നലെ കറുത്ത പര്‍ദ്ദ ധരിച്ചത് മുന്നണി തകരുന്നതിന്റെ സൂചനയാണെന്നും കരുതുന്നു.

ഇന്നലെ ലോകത്തെ മിക്കവാറും എല്ലാ കമ്പനികളുടെയും സിഇഒമാര്‍ കറുത്ത സ്യൂട്ട് ധരിച്ചാണ് പാര്‍ട്ടിയുടെ കരിങ്കൊടി സമരത്തെ പിന്തുണച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെയുള്ള ലോകനേതാക്കന്‍മാര്‍ ഇന്നലെയും ഇന്നുമൊക്കെ കറുത്ത സ്യൂട്ട് ധരിച്ചത് പാര്‍ട്ടിയുടെ രാജ്യാന്തര സ്വാധീനത്തെയും സോളാര്‍ സമരത്തിനു ലഭിക്കുന്ന രാജ്യാന്തരപിന്തുണയുടെയും സൂചനയായി കരുതപ്പെടുന്നു. പാര്‍ട്ടിയുടെ കരിങ്കൊടിസമരത്തിനു പിന്തുണ പ്രഖ്യാപിച്ചും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്നുമാവശ്യപ്പെട്ടുകൊണ്് ഇന്നലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ കറുത്ത വസ്ത്രങ്ങള്‍ മാത്രം ധരിച്ച മോഡലുകള്‍ ഫാഷന്‍ ഷോ നടത്തി. കരിങ്കൊടി സമരത്തെ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ കറുത്ത അടിവസ്ത്രവില്‍പനശാല തുറന്നു.

വിവിധ കാലാകാരന്‍മാരും സെലബ്രിറ്റികളും കറുത്ത വേഷം സ്വീകരിച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോകത്ത് ഒറ്റപ്പെട്ടിരിക്കുകയാണ്. പോപ് താരങ്ങളായ ജസ്റ്റിന്‍ ബീയ്ബര്‍, ലേഡി ഗാഗ, പിഎസ്‌വൈ, ബോളിവുഡ് നടന്‍മാര്‍ ഭാവാഭിനയചക്രവര്‍ത്തിനി സണ്ണി ലിയോണ്‍ തുടങ്ങിയവരൊക്കെ കറുത്ത വേഷത്തില്‍ ചേക്കേറിയതോടെ രാജിയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ വഴിയില്ലാതായിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ കിട്ടിയ വിവരമനുസരിച്ച് പാര്‍ട്ടി സമരത്തിനു പിന്തുണയുമായി കേരളത്തിലെ മരണവീടുകളുടെ പരിസരത്തെല്ലാം അനേകം കരിങ്കൊടികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജനപങ്കാളിത്തത്തിന്റെ കണക്കുനോക്കിയാല്‍ മുല്ലപ്പൂവിപ്ലവത്തെക്കാള്‍ പതിനായിരം മടങ്ങ് ശക്തമാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന കരിങ്കൊടി സമരം എന്നാണ് രാജ്യാന്തര ഏജന്‍സികള്‍ നല്‍കുന്ന വിവരം.

പാര്‍ട്ടിയുടെ കരിങ്കൊടി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കറുത്ത വേഷം ധരിച്ചു നൃത്തം ചെയ്യുന്ന പിഎസ്‌വൈ, അരയില്‍ ചെങ്കൊടി ചുറ്റിയ സണ്ണി ലിയോണ്‍, ക്ഷുഭിതനായി നില്‍ക്കുന്ന ജസ്റ്റിന്‍ ബീയ്ബര്‍, രാജി വയ്ക്കു മനുഷ്യാ എന്നാംഗ്യം കാണിക്കുന്ന ലേഡി ഗാഗാ, ഒന്നു പോടേ എന്ന ഭാവത്തില്‍ നില്‍ക്കുന്ന ജോര്‍ജ് ക്ലൂണി തുടങ്ങിയവര്‍.
പാര്‍ട്ടിയുടെ കരിങ്കൊടി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കറുത്ത വേഷം ധരിച്ചു നൃത്തം ചെയ്യുന്ന പിഎസ്‌വൈ, അരയില്‍ ചെങ്കൊടി ചുറ്റിയ സണ്ണി ലിയോണ്‍, ക്ഷുഭിതനായി നില്‍ക്കുന്ന ജസ്റ്റിന്‍ ബീയ്ബര്‍, രാജി വയ്ക്കു മനുഷ്യാ എന്നാംഗ്യം കാണിക്കുന്ന ലേഡി ഗാഗാ, ഒന്നു പോടേ എന്ന ഭാവത്തില്‍ നില്‍ക്കുന്ന ജോര്‍ജ് ക്ലൂണി തുടങ്ങിയവര്‍.

അമ്മാളുചരിതം* (പൊളിറ്റിക്കല്‍ മെലോഡ്രാമ)

ഒരിടത്ത് ഒരിടത്ത് അമ്മാളു എന്ന പേരിലൊരു സ്ത്രീ താമസിക്കുന്നുണ്ടായിരുന്നു. അമ്മാളുവിന്റെ കെട്ടിയവന്‍ കുട്ടപ്പന്‍ അമ്മാളുവിനെ തരക്കേടില്ലാതെ നോക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് രണ്ട് മക്കളുമുണ്ടായിരുന്നു. ഒരു ദിവസം അമ്മാളുവിനെ കൂട്ടാതെ കുട്ടപ്പന്‍ സ്വന്തം കുടുംബത്തില്‍ ഒരു കല്യാണത്തിനു പോയി. അമ്മാളുവിനെ നോട്ടമിട്ടിരുന്ന അയലത്തെ അയ്യപ്പന്‍ ആ തക്കം നോക്കി വീടിന്റെ മുറ്റത്തെത്തി.

അല്ല അമ്മാളൂ… അങ്ങേര് കല്യാണത്തിനു കൊണ്ടുപോയില്ലേ ? ഈ നാട്ടിലെ മുഴുവന്‍ പെണ്ണുങ്ങളേം അങ്ങേര് വണ്ടിയേല്‍ കയറ്റി കൊണ്ടുപോയല്ലോ… കഷ്ടമായിപ്പോയി !

അമ്മാളുവിനു കൊണ്ടു. അതിനും എത്രയോ മുമ്പേ അയ്യപ്പന്‍ ഒരു പ്രതീക്ഷയായി അമ്മാളുവിന്റെ വീടിന്റെ മുന്നിലൂടെ തെക്കുവടക്കു നടക്കുന്നുണ്ടായിരുന്നു. വിഷമിച്ചു നിന്ന അമ്മാളുവിന്റെ കരം കവര്‍ന്ന് അയ്യപ്പന്‍ ആശ്വസിപ്പിച്ചു.

അമ്മാളു എന്തിനാണീ നരകത്തില്‍ ഇങ്ങനെ അവഗണന സഹിച്ചു കഴിയുന്നത്…. എന്നോടൊപ്പം പോരൂ… ഞാന്‍ കൊണ്ടുപോയി രാജ്ഞിയായി വാഴിക്കാം…

അയ്യോ… അങ്ങേരെ അറിയില്ല നിങ്ങള്‍ക്ക്.. വെട്ടിക്കൊന്നു കളയും…

ഒന്നുമുണ്ടാവില്ല… നമ്മള്‍ തന്ത്രപൂര്‍വം വേണം കാര്യങ്ങള്‍ നടത്താന്‍… കുട്ടപ്പന്‍ എന്നും കള്ളുകുടിച്ച് വന്ന് അമ്മാളുവിനെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കുമായിരുന്നെന്നും പോരെങ്കില്‍ പലതരം പീഡനങ്ങള്‍ കുട്ടപ്പന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും സഹിക്കാന്‍ വയ്യാതായതുകൊണ്ട് വീടുവിട്ടുപോവുകയാണെന്നും പറഞ്ഞാല്‍ മതി..

അതിന് അങ്ങേരെന്നെ ഇടിക്കാറില്ലല്ലോ.. പൊന്നുപോലെയാ നോക്കുന്നത്..

അമ്മാളു എന്നും ഇവിടെ കരിയും പുകയുമടിച്ച് കഴിയുന്നോ അതോ എന്റെ കൂടെ പോരുന്നോ ? പുതിയ കുപ്പായങ്ങള്‍, ആഭരണങ്ങള്‍, കാറ് ബംഗ്ലാവ്….

ഞാന്‍ പോരുന്നു…

എങ്കില്‍ പെട്ടിയും സാധനങ്ങളുമൊക്കെ എടുത്ത് നാളെത്തന്നെ ഇറങ്ങിക്കോ…

ചേട്ടന്‍ വരുവോ എന്നെ കൊണ്ടുപോകാന്‍ ?

എന്തു മണ്ടത്തരമാണീ പറയുന്നത് ? ഞാനങ്ങനെ വന്നുകൊണ്ടുപോയാല്‍ അമ്മാളുവിനും എനിക്കുമെല്ലാം ചീത്തപ്പേരാവില്ലേ ?

പിന്നെ ?

അമ്മാളു വീടുവിട്ടിറങ്ങുന്നത് തെരുവിലേക്കാണെന്ന് നാട്ടുകാര്‍ക്കു തോന്നണം. എങ്കിലേ സഹതാപം കിട്ടൂ… പെട്ടിയൊക്കെ റെഡിയാക്കി വച്ചാല്‍ മതി, കയ്യിലെടുക്കേണ്ട… ഉടുതുണിക്ക് മറുതുണിയെടുക്കാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മാളു തെരുവിലേക്കിറങ്ങുമ്പോള്‍ കുട്ടപ്പന്‍ ക്രൂരനായിരുന്നു എന്ന് ജനം വിശ്വസിക്കും.. സഹതാപതരംഗം മുഴുവന്‍ അമ്മാളുവിന് കിട്ടും…അമ്മാളുവിനെ തൊടാന്‍ കുട്ടപ്പനും ധൈര്യപ്പെടില്ല..

പറഞ്ഞതുപോലെ പിറ്റേന്ന് കണ്ണീരും കയ്യുമായി കുട്ടപ്പന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ച് വര്‍ണിച്ച് അമ്മാളു വീടുവിട്ടു. എന്നാലും കുട്ടപ്പന്‍ ഇത്ര ഭീകരനായിരുന്നല്ലോ എന്നു പലരും കരുതി. അയ്യപ്പനും നാട്ടുകാരോടൊപ്പം ചേര്‍ന്ന് കുട്ടപ്പന്റെ വീടിനു കല്ലെറിഞ്ഞു. മുമ്പ് ഇതുപോലെ പലരുടെയും വീടുകളില്‍ നിന്നിറങ്ങിപ്പോയ പെണ്ണുങ്ങളെ വാടകവീടെടുത്ത് താമസിപ്പിച്ചുള്ള അയ്യപ്പന്‍ വിളിച്ചാല്‍ പോകുമോ എന്ന് പലരും അമ്മാളുവിനോടു ചോദിച്ചു.

ഫാ !.. നാട്ടില്‍ മുഴുവന്‍ സംബന്ധം ഉണ്ടാക്കി നടക്കുന്ന ആ നാറീടെ കൂടെ പോകുന്നതിനെക്കാള്‍ ഭേദം തൂങ്ങിച്ചാവുന്നതാ- അമ്മാളുവിന്റെ പെര്‍ഫോമന്‍സ് കണ്ട് അയ്യപ്പന്‍ പോലും അമ്പരന്നുപോയി. അമ്മാളു തന്നോടൊപ്പം വരില്ല എന്നു പോലും അയ്യപ്പനു തോന്നി. അമ്മാളുവിന്റെ പാതിവ്രത്യത്തിലും ആത്മാഭിമാനത്തിലും സംതൃപ്തരായ ജനം കയ്യടിച്ച് കണ്ണുതുടച്ച് പിരിഞ്ഞുപോയി.

അന്നുരാത്രി തന്നെ അമ്മാളു അയ്യപ്പന്റെ ഔട്ട്ഹൗസിന്റെ വാതിലില്‍ മുട്ടി. അയ്യപ്പന്‍ വാതില്‍ തുറക്കുമ്പോള്‍ ആകെ വിജൃംഭിതയായി നില്‍ക്കുന്നു, അമ്മാളു. നാലു കണ്ണുകള്‍ തിളങ്ങി. അമ്മാളു അകത്തുകയറി. വാതില്‍ മെല്ലെ അടഞ്ഞു. ലൈറ്റ് അണഞ്ഞു. ദൂരെയൊരു മരക്കൊമ്പിലിരുന്ന് രണ്ട് ഇണക്കുരുവികള്‍ കൊക്കുരുമ്മി.

ഒരാഴ്ചയ്‍ക്കു ശേഷം-

കുട്ടപ്പന്‍ കാവിലെ പാട്ടുമല്‍സരത്തിനു തോറ്റു വിഷാദത്തോടെ മടങ്ങിവരുമ്പോള്‍ മുറ്റത്ത് ദാ പുതിയ വേഷത്തില്‍ നില്‍ക്കുന്നു അമ്മാളു. പഴയ സ്വഭാവം വച്ചായിരുന്നെങ്കില്‍ അവളെ നാലു കഷണമാക്കിയേനെ. ഇപ്പോള്‍ വയ്യ.കുട്ടപ്പന്‍ മൈന്‍ഡ് ചെയ്യാതെ അകത്തേക്കു കയറുമ്പോള്‍ അമ്മാളു പിന്നില്‍ നിന്നു വിളിച്ചു.

ഒന്നവിടെ നില്‍ക്കണം… എനിക്കു കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്…

എന്തു കാര്യം ?

ഇതെന്റെ വീടാണ്… ഇവിടെ താമസിക്കുന്നത് എന്റെ മക്കളും… നിങ്ങള്‍ എപ്പോ ഇറങ്ങും ഇവിടെ നിന്ന്..?

നിന്റെ വീടോ ? ഇത് ഞാന്‍ പണിയെടുത്ത കാശിനു വാങ്ങിയ വീടാണ്..

പക്ഷെ, എന്റെ പേരിലാണ് ഈ വീട്… അതുകൊണ്ട് എന്റെ വീടാണ്… നിങ്ങള്‍ എപ്പോ ഇറങ്ങും ?

അതു ചോദിക്കാന്‍ നീയാരാടീ ?

അയ്യപ്പന്റെ ഭാര്യ !!

അയ്യപ്പന്റെ ???? ആര് ?????

അയ്യപ്പന്റെ പെണ്ണാ ഞാന്‍…. എന്റെ പിള്ളേരെ ഇത്രേം വളര്‍ത്തിയത് ഞാനാ… അവരെ ഉപേക്ഷിച്ചു പോകാനെനിക്കാവില്ല… അവരെ ബാക്കീംകൂടി എനിക്കു വളര്‍ത്തണം…

അന്നിറങ്ങിപ്പോകുമ്പോള്‍ ഇതൊന്നും ആലോചിച്ചില്ലേ ?

ഒരു മാസം സമയം തരാം, അത് വരെ വടക്കുവശത്തെ മുറിയില്‍ ഞാന്‍ താമസിക്കും… ഒരു മാസത്തിനുള്ളില്‍ എന്റെ പിള്ളേര് തീരുമാനിക്കും ഇവിടെ ആരു താമസിക്കും എന്ന്… അയ്യപ്പണ്ണന്റെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതയുണ്ടോ നിങ്ങള്‍ക്ക് ?

കുന്തം വിഴുങ്ങി നിന്ന കുട്ടപ്പന്റെ മുഖത്തേക്ക് ഫാ! എന്നാട്ടി പട്ടുസാരിയും പെര്‍ഫ്യൂമും പ്രസരിപ്പിച്ച് അവള്‍ വടക്കുവശത്തെ മുറിയിലേക്ക് കയറിപ്പോയി.

*ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കല്‍പികം മാത്രമാണ്. ഇതിലെ അമ്മാളു എന്ന കഥാപാത്രത്തിന് രാജിവച്ച നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജുമായോ, കുട്ടപ്പന്‍ എന്ന കഥാപാത്രത്തിന് സിപിഎമ്മുമായോ അയ്യപ്പന് യുഡിഎഫുമായോ അമ്മാളുവിന്റെ മക്കള്‍ക്ക് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ ജനങ്ങളുമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃച്ഛികമാണ്.