മുല്ലപ്പൂ വിപ്ലവം അഥവാ സാങ്കേതികതടസ്സം

പുടിന്‍ യുക്രൈയ്‌നോടു ചെയ്യുന്നതും റഡിസന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫാറുഖി ഇന്ത്യാവിഷന്‍ ജീവനക്കാരോടു ചെയ്യുന്നതും താരതമ്യം ചെയ്യാവുന്ന കാര്യങ്ങളല്ല. പുടിന്റെ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന, പുടിനെ വാഴ്ത്തുന്ന ചാനലില്‍ നിന്നും വാര്‍ത്താവായനക്കിടെ രാജി വച്ച റഷ്യ ടുഡേ ന്യൂസ് ചാനലിലെ അവതാരകയുടെ വാര്‍ത്ത കഴിഞ്ഞയാഴ്ച കൊടുത്ത ഇന്ത്യാവിഷന് നിര്‍ണായകമായ ഈ തിരുമാനത്തിനുള്ള ആശയം ലഭിച്ചത് ആ വാര്‍ത്തയില്‍ നിന്നു തന്നെയാവണം.കേരളത്തെ ബ്രേക്കിങ് ന്യൂസുകള്‍ കൊണ്ടു ഞെട്ടിച്ച റിപ്പോര്‍ട്ടര്‍മാരുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ ജീര്‍ണതകള്‍ക്കെതിരെ നല്ല നമസ്‌കാരം പറഞ്ഞുകൊണ്ടിരുന്ന ജയശങ്കരന്‍മാരുടെയും ഈറ്റില്ലമായ ഇന്ത്യാവിഷന്‍ ന്യൂസ് ടീം ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ കേരളത്തിലെ മാധ്യമരംഗത്തെ മുല്ലപ്പൂവിപ്ലവത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്നു പറയാം.

മനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇന്ത്യാവിഷന്‍ വാര്‍ത്താസംഘം ഒന്നടങ്കം പ്രവര്‍ത്തനം നിര്‍ത്തി പ്രേക്ഷകരെ ഞെട്ടിച്ചത് എന്നിരിക്കെ, സാങ്കേതികകാരണങ്ങളാലാണ് സംപ്രേഷണം മുടങ്ങിയത് എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇന്ത്യവിഷന്‍ പ്രേക്ഷകര്‍ പോളിടെക്‌നിക് പഠിക്കാത്തവരായതുകൊണ്ട് സാങ്കേതികകാരണം എന്നു വച്ചാല്‍ എന്താണെന്ന് അവര്‍ക്കു മനസ്സിലാകില്ല എന്നാവണം മുന്‍വിധി. അല്ലെങ്കിലും നാണക്കേടുണ്ടാക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നാല്‍ സിനിമാക്കാര്‍ അതിനെ മോര്‍ഫിങ് എന്നു വിളിക്കുന്നതുപോലെ പുറത്തു പറയാന്‍ കൊള്ളാത്ത കാരണങ്ങളെയെല്ലാം സാങ്കേതികകാരണങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത് ക്ലീഷേയായിട്ടുണ്ട്.

ഇന്ത്യാവിഷനിലെ സാങ്കേതികപ്രശ്‌നങ്ങളെപ്പറ്റി ജീവനക്കാര്‍ തന്നെ ഇന്ത്യാവിഷന്‍ വെബ്‌സൈറ്റില്‍ ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ചിരുന്നു. അത് വാര്‍ത്ത ചുരണ്ടി ന്യൂസ് സൈറ്റുകള്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട ചാനലിലെ മാനേജ്‌മെന്റ് തലത്തിലുള്ള അഴിമതിക്കെതിരെ ജീവനക്കാര്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം.പി.ബഷീര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കുകയും അതില്‍ പ്രതിഷേധിച്ച് വാര്‍ത്താസംഘം ഒന്നടങ്കം പ്രവര്‍ത്തനം നിര്‍ത്തുകയുമായിരുന്നു. സമരത്തില്‍ പങ്കെടുക്കുന്നില്ലാത്ത ജീവനക്കാരുടെ സഹായത്തോടെ പുതിയ നിയമനങ്ങള്‍ നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ജീവനക്കാര്‍ വിശദീകരണക്കുറിപ്പു പുറത്തിറക്കിയ ഇന്ത്യാവിഷന്‍ വെബ്‌സൈറ്റിന്റെ പ്ലഗ് ഇന്നലെ വലിച്ചൂരിയത് ഇതുവരെ കുത്തിയിട്ടില്ല.

പുടിനെ വെള്ളപൂശുന്നതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞയാഴ്ച റഷ്യ ടുഡേയിലെ അവതാരക ലിസ് വാള്‍ ലൈവായി രാജിവച്ചൊഴിഞ്ഞത്. റഷ്യ-യുക്രെയ്ന്‍ രാഷ്ട്രീയസംഭവവികാസങ്ങള്‍ ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായതുകൊണ്ട് ലിസ്‌മോള്‍ടെ രാജിയും ലോകശ്രദ്ധ നേടി. അങ്ങനെയാണ് കഴിഞ്ഞയാഴ്ച ഇന്ത്യാവിഷനും അത് വാര്‍ത്തയാക്കിയത്. ദൃശ്യം സിനിമ കണ്ടതിനു ശേഷം കേരളത്തില്‍ കുറ്റവാളികള്‍ പെരുകിയിട്ടുണ്ടെന്നു പറയുന്നത് ശരിയാണെങ്കില്‍ ഇന്ത്യാവിഷനിലെ സാങ്കേതികപ്രശ്‌നങ്ങള്‍ക്കു കാരണം ലിസിന്റെ രാജിയും അതിനു കാരണമായ യുക്രെയ്ന്‍ പ്രതിസന്ധിയുമാണെന്നു വാദിക്കാവുന്നതേയുള്ളൂ.

മൊത്തത്തില്‍ മാധ്യമരംഗത്ത് മുല്ലപ്പൂവിപ്ലവത്തിന്റെ സമയമായതുകൊണ്ടാവാം മാതൃഭൂമി മുതലാളി എം.പി.വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ അത്താഴം മുടക്കുമെന്ന ഭീഷണിയുമായി ഒരു മാതൃഭൂമി ജീവനക്കാരന്‍ തന്നെ രംഗത്തെതതിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പളവര്‍ധന നല്‍കണമെന്നാവശ്യപ്പെട്ടതിനു പ്രതികാരമായി മാതൃഭൂമി ഗുാഹത്തിയിലേക്കു സ്ഥലം മാറ്റിയ ലേഖകന്‍ കെ.ശ്രീജിത്താണ് പാലക്കാട്ട് വീരനെതിരെ മല്‍സരിക്കുന്നത്. ജനങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യവാദിയും സാംസ്‌കാരികനായകനുമായി അറിയപ്പെടുന്ന വീരേന്ദ്രകുമാര്‍ ഒരു സമരത്തിന്റെ പേരില്‍ മാതൃഭൂമിയിലെ ജീവനക്കാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ കഥകള്‍ ലോകത്തെ അറിയിക്കാന്‍ മറ്റു വഴികളൊന്നുമില്ലാത്തതുകൊണ്ടാണ് പാലക്കാട്ട് മല്‍സരിക്കുന്നത് എന്നാണ് ശ്രീജിത് പറയുന്നത്.

വൃന്ദ കാരാട്ടിന് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നു പണ്ടൊരു സിപിഎം (കേരള) നേതാവ് പറഞ്ഞത് വൃന്ദ കാരാട്ടിന്റെ കാര്യത്തില്‍ ശരിയാണെന്നു വേണം മനസ്സിലാക്കാന്‍. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനയച്ച കത്തിനെപ്പറ്റി ചോദിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറോട് നീയാരാടാ ഇതൊക്കെ ചോദിക്കാന്‍ എന്നു ചോദിച്ചു കൊണ്ട് കൈയ്യേറ്റം ചെയ്ത ആരാധ്യനായ എംഎല്‍എ സഖാവ് സി.കൃഷ്ണനെ പാര്‍ട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും മാധ്യമസിന്‍ഡിക്കറ്റിന്റെ ഭാഗമായ ആ ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ടു സംസാരിക്കുകയും ചെയ്ത വൃന്ദ കാരാട്ട് കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തോട് ചെയ്തത് വലിയ ക്രൂരതയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈ മാധ്യമപ്രവര്‍ത്തകന്റെ തോളിലല്ല, കവിളിലാണ് പതിക്കേണ്ടത്. പാര്‍ട്ടിക്കെതിരെ എന്തൊക്കെ നുണകളാണ് രണ്ടു വര്‍ഷമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എഴുതി വിടുന്നത്. ദേശാഭിമാനി എന്ന നിഷ്പക്ഷ പത്രവും കൈരളി പീപ്പിള്‍ എന്ന നിഷ്പക്ഷ ചാനലും മാത്രമാണ് കേരളത്തിലെ രാഷ്ട്രീയസംഭവികാസങ്ങള്‍ വെള്ളം ചേര്‍ക്കാതെ, പക്ഷം പിടിക്കാതെ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഒരു നേതാവിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിക്കുന്ന റിപ്പോര്‍ട്ടറെ ശിക്ഷിക്കുന്നതില്‍ നിന്നും എംഎല്‍എയെ തടഞ്ഞ വൃന്ദ കാരാട്ട് വലിയ ചതി തന്നെയാണ് ചെയ്തത്.

പത്രപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചു പോകാന്‍ തക്കവിധത്തില്‍ ഒരുത്തനെ ശരിപ്പെടുത്തിയെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് വൃന്ദ കാരാട്ട് നടത്തുന്ന ഇടപടെല്‍ ഈ വിഡിയോയില്‍ കാണാം. സി.ഐ.ടി.യു സംഘടിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ സംഗമം ആണ് പരിപാടി. വൃന്ദ കാരാട്ട് ഉദ്ഘാടകയാണ്. സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനും. അവിടെയാണ് മാധ്യമ സിന്‍ഡിക്കറ്റ് അമേരിക്കന്‍ ചാരനെ കയ്യിലൊരു മൈക്കും കൊടുത്തു പറഞ്ഞു വിട്ടത്.

അല്ലെങ്കിലും ഈ പത്രക്കാര്‍ സിപിഎം നേതാക്കളോട് ചോദിക്കരുതാത്ത ചോദ്യങ്ങള്‍ മാത്രമേ ചോദിക്കൂ. ടി.പി.ചന്ദ്രശേഖരന്‍, കെ.കെ.രമ, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെപ്പറ്റി ചോദിച്ചാല്‍ അടിയാണ് മറുപടി കൊടുക്കേണ്ടതെന്ന് ആര്‍ക്കാണറിയാത്തത്. ഇവരെല്ലാം കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമായ ആളുകളാണ്. വെറും 12 വെട്ടു മാത്രം കൊണ്ടു മരിച്ച ടിപി ചന്ദ്രശേഖരനും അതിനു ശേഷം തലയ്ക്കു സുഖമില്ലാതായ കെ.കെ.രമയും ഏജ് ഓവറായപ്പോള്‍ കയ്യക്ഷരം നന്നാക്കാന്‍ വേണ്ടി വെറുതെ കത്തുകളയക്കുന്ന വിഎസും പാര്‍ട്ടിയോട് ചെയ്ത ക്രൂരതകള്‍ എന്തൊക്കെയാണെന്ന് വൃന്ദ കാരാട്ട് മറന്നാലും മറ്റുള്ളവര്‍ മറക്കില്ല.

കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ നിയമപാലകന്റെ മെക്കിട്ടുകയറിയ സംഭവത്തില്‍ രോഷം കൊണ്ട സിപിഎം അനുഭാവികള്‍ തീര്‍ച്ചയായും ഈ സംഭവത്തിലും രോഷം കൊള്ളേണ്ടതാണ്. എന്നാല്‍, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബുദ്ധിജീവി ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ അവര്‍ക്കു ഭീതിയുണ്ടെങ്കില്‍ വേണ്ട. പോരെങ്കില്‍, എല്ലാവരും സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി പങ്കെടുക്കുന്നവരുമല്ലല്ലോ.

ഗുണപാഠം– അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങി പല സ്വാതന്ത്ര്യങ്ങളും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നുണ്ടാവാം. അതൊന്നും വിപ്ലവ പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കന്‍മാരുടെയും നേര്‍ക്കല്ല ഉപയോഗിക്കേണ്ടത്. കേട്ടോടാ പട്ടികളെ !!!

സത്യത്തെ ഭയക്കുന്നവര്‍ക്ക് ഒരു കരിങ്കൊടി

കാളയെ ചുവപ്പുനിറം കാണിക്കുന്നതും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതും ഒരുപോലെ അപകടരമായി വന്നു കൊണ്ടിരിക്കുകയാണ്. കാള കുത്തും പക്ഷെ, മുഖ്യമന്ത്രി കുത്തില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അനുയായികള്‍ കരിങ്കൊടിക്കാരെ എതിര്‍ക്കുകയും തങ്ങള്‍ എതിര്‍ക്കുന്നവരെ കരിങ്കൊടി കാണിക്കുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ ഫാന്‍സിനു കണ്‍നിറയെ കാണാന്‍ നല്ലൊരു കരിങ്കൊടി ഞാനിവിടെ സമര്‍പ്പിക്കുകയാണ്. കരിങ്കൊടി ഒരു അശ്ലീലമോ ദേശദ്രോഹമോ അല്ലെന്നും കരിങ്കൊടി കാണുന്നതു കൊണ്ട് ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നും തെളിയിക്കുന്നതിനു വേണ്ടിക്കൂടിയാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്ന പോലെ കേരളത്തിലും നിലവിലുള്ള ഭരണസംവിധാനം നിര്‍ഭാഗ്യവശാല്‍ ജനാധിപത്യമാണ്. ആ ജനാധിപത്യത്തില്‍ മുഖ്യമന്ത്രിക്ക് ഭരിക്കാനുള്ളതുപോലെ തന്നെ മൂപ്പരുടെ ഭരണം ഇഷ്ടപ്പെടാത്തവര്‍ക്ക് പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. എങ്ങനെ പ്രതിഷേധിക്കണം എന്നത് പ്രതിഷേധിക്കുന്നവരുടെ ക്രിയേറ്റിവിറ്റി അുസരിച്ചിരിക്കും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുണ്ടായ പങ്ക് വിവാദമായതോടെ സമരപരിപാടികളിലേക്കു നീങ്ങിയ ഇടതു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന പ്രതിഷേധ പരിപാടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇന്നലെ, മലപ്പുറം താനൂരില്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെത്തിയ മുഖ്യമന്ത്രിയെയും ആചാരപ്രകാരം ഇടതു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അദ്ദേഹം അതു നേരെ ചൊവ്വേ കണ്ടോ എന്നറിയില്ല. എന്തായാലും പൊലീസ് വലയം ഭേദിച്ച് കരിങ്കൊടി കാണിച്ച ഇടതു പ്രവര്‍ത്തകരും വലയമുണ്ടാക്കിയ പൊലീസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി, സ്വാഭാവികം. മറ്റ് ജില്ലകളില്‍ മുഖ്യമന്ത്രിയെ തടയുന്നതുപോലെ മലപ്പുറത്ത് തടയാനാകില്ലെന്നും ഇടത് പ്രവര്‍ത്തകര്‍ക്ക് കരിങ്കൊടി കാണിക്കാനാകില്ലെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നത്രേ. എന്തായാലും ആ പ്രഖ്യാപനം നടപ്പായില്ല. എല്‍ഡിഎഫുകാര്‍ കരിങ്കൊടി കാണിക്കുകയും സംഗതി അടിയില്‍ കലാശിക്കുകയും ചെയ്തു.

ഇതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. മലപ്പുറത്ത് മുഖ്യമന്ത്രിയെ ഇടതു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിനു നേരെ അക്രമം നടത്തുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ രോഗാതുരമായ ജനാധിപത്യബോധമാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിട്ടില്ലെന്ന് പറഞ്ഞ് ഒരു സംഘം യു.ഡി.എഫ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനം തടഞ്ഞു. ക്യാമറ പിടിച്ചു വാങ്ങാനും ക്യാമറാമാനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരിങ്കൊടി കാണിക്കുന്ന ദൃശ്യം കയ്യിലുള്ള ചാനലുകാരോട് അത് കാണിച്ചിട്ടില്ല എന്നു പറയാന്‍ മാത്രമുള്ള വിവരമേ തടഞ്ഞവര്‍ക്കുണ്ടാിരുന്നുള്ളോ എന്നു ചോദിക്കരുത്. വിവരമെന്നൊക്കെ പറയുന്നത് ആപേക്ഷികമാണ്. എല്ലാ യുഡിഎഫുകാര്‍ക്കും മുഖ്യമന്ത്രിയുടെ അത്ര വിവരമുണ്ടായിരുന്നെങ്കില്‍ ഇവിടെ ഉമ്മന്‍ ചാണ്ടി ഭരിക്കില്ലായിരുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്.

നമ്മുടെ മുഖ്യമന്ത്രി വളരെ വ്യത്യസ്തനായ ഒരു മുഖ്യമന്ത്രിയാണ്. സ്വന്തം ഓഫിസ് മുറിയില്‍ ക്യാമറ വച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വരെ വാര്‍ത്തയായ അദ്ദേഹം ഇപ്പോള്‍ അതേ ഓഫിസ് മുറിയില്‍ വച്ചു സരിതയുമായി കൂടിക്കാഴ്ച നടത്തി എന്ന വിവാദത്തിലാണ് വട്ടം കറങ്ങുന്നത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നടപടിയും വച്ചു പൊറുപ്പിക്കില്ല എന്നു പലവട്ടം പറഞ്ഞിട്ടുള്ള മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വാര്‍ത്ത കൊടുത്തതിനാണ് യുഡിഎഫുകാര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും അവരെ കയ്യേറ്റം ചെയ്യുകയുമൊക്കെ ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസുകാര്‍ പി.സി.ജോര്‍ജിനെ കരിങ്കൊടി കാണിക്കുകയും വഴി തടയുകയും ചെയ്തപ്പോള്‍ അതൊന്നും അതിരുവിട്ടതാണെന്നു തോന്നുന്നില്ല എന്നു പറഞ്ഞ യൂത്ത് ലീഗാണ് മലപ്പുറത്ത് വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചത്.

കരിങ്കൊടി പി.സി.ജോര്‍ജ് കണ്ടാലും ഉമ്മന്‍ ചാണ്ടി കണ്ടാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണെന്റെ അഭിപ്രായം. പ്രതിഷേധക്കാരുടെ കരിങ്കൊടി കൂടി കാണാന്‍ ബാധ്യസ്ഥനാണ് ജനാധിപത്യത്തിലെ മുഖ്യമന്ത്രി. ഇനി അതൊക്കെ ആശയപരമാണെന്നുണ്ടെങ്കില്‍ ആളുകളെക്കൊണ്ടു പറയിപ്പിക്കാത്ത, ആരും കരിങ്കൊടി കാണിക്കാത്ത ഭരണം കാഴ്ച വയ്ക്കുകയാണ് വേണ്ടത്. പിന്നെ, ഇവിടെ ആവേശപൂര്‍വം കരിങ്കൊടി കാണിക്കുന്ന ഇടതു പ്രവര്‍ത്തകര്‍ കഴിഞ്ഞ ഭരണകാലത്ത് വിഎസിനെ കരിങ്കൊടി കാണിക്കാനിറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചത് ഓര്‍മിപ്പിക്കുകയാണ്. ഒന്നുകില്‍ ആരും ആരെയും കരിങ്കൊടി കാണിക്കരുത്. അല്ലെങ്കില്‍ ചെങ്കൊടിയും പച്ചക്കൊടിയും പോലെ കരിങ്കൊടിയും സ്വീകാര്യമായ ഒന്നായി രാഷ്ട്രീയക്കാര്‍ പ്രഖ്യാപിക്കുക.

ജോര്‍ജൂട്ടി c/o ജോര്‍ജൂട്ടി

ലോകത്തൊരു ചീഫ് വിപ്പും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു,ഒരു ഭ്രാന്തനെപ്പോലെ(അങ്ങേര് ഒരു മിതവര്‍ണ ക്രിസ്‍ത്യാനിയായതുകൊണ്ട് ഞാനൊന്നും പറയുന്നില്ല).ഇപ്പോള്‍ ഏറെക്കുറെ അടങ്ങാറായ മട്ടാണ്.ഞങ്ങള്‍ പൂഞ്ഞാറുകാരുടെ അഭിമാനമായ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ തളയ്‍ക്കുന്നതിനെക്കാള്‍ എളുപ്പം ഇങ്ങനെ കയറൂരിവിട്ട ശേഷം നാട്ടുകാരെക്കൊണ്ട് ചങ്ങലക്കിടുന്നതാണെന്ന് നേരത്തെ അറിയാമായിരുന്ന മാണി സാറ് ഭജിച്ചുകൊണ്ടിരുന്ന മൗനത്തിന് ഇപ്പോള്‍ നൂറ് അര്‍ഥമാണ്.അല്ലെങ്കിലും മരങ്ങാട്ടുപള്ളിക്കാര്‍ക്ക് ഒടുക്കത്തെ ബുദ്ധിയാണ്.

ഇരട്ടപ്പദവി പ്രശ്നത്തില്‍ കുടുങ്ങി രാജി വയ്‍ക്കേണ്ടി വന്നാലും,കോണ്‍ഗ്രസുകാര്‍ പതിവുപോലെ കാലു വാരിയാലും വിപ്പിനെ പൂഞ്ഞാറുകാര്‍ ഇരട്ടി ഭൂരിപക്ഷത്തോടെ ജയിപ്പിച്ചുവിടും.ഇനി അങ്ങേര് ഒരു കോപ്പുമായില്ലെങ്കിലും അങ്ങേര്‍ക്കു ചുറ്റും ചാനലുകാര്‍ കൂടുമെന്നത് ഉറപ്പായി.സന്തോഷ് പണ്ഡിറ്റിനെപ്പോലെ പുള്ളിയും ആളെക്കൂട്ടാനുള്ള നമ്പരുകളൊക്കെ കുറഞ്ഞ നാളുകള്‍കൊണ്ടിറക്കിക്കഴിഞ്ഞു.പൂഞ്ഞാറുകാരെ സംബന്ധിച്ചിടത്തോളം ജോര്‍ജ് ആശാന്റെ വായില്‍ നിന്നു കേള്‍ക്കുന്നതില്‍ ഏറ്റവും ലൈറ്റായ സംഗതികള്‍ കേട്ടാണ് സാംസ്കാരികകേരളം ഞെട്ടിത്തരിച്ചു നില്‍ക്കുന്നത് എന്നത് ഒരു കോമഡിയാണ്.

കേരളത്തിലെ സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്ത ജോര്‍ജിനെ തല്ലണം എന്നാണ് ജനാധിപത്യമഹിളാ അസോസിയേഷന്റെ ആരോ ഒരു സീമ പറഞ്ഞിരിക്കുന്നത്.അന്ന് എംഎല്‍എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡ് മഹിളയെ കയറിപ്പിടിച്ചെന്ന് ആരോപണമുണ്ടായപ്പോള്‍ സഭയില്‍ എംഎല്‍എമാരെ പീഡിപ്പിക്കുന്നു എന്നും പറഞ്ഞ് മാര്‍ച്ച് നടത്തിയതും ഇതേ സംഘടനയാണ്.അപ്പോള്‍ ചീഫ് വിപ്പ് ആ മഹിളയെപ്പറ്റി പറഞ്ഞത് ശരിയോ തെറ്റോ എന്നു ചോദിക്കരുത്.രാഷ്ട്രീയക്കാരിയല്ലാത്ത ആ ജീവനക്കാരിയെ രാഷ്ട്രീയലാഭത്തിനായി ആഭാസകരമായ പദപ്രയോഗത്തിലൂടെ പൊതുവേദിയില്‍ വലിച്ചിഴച്ചത് ഒരു ചീഫ് വിപ്പിനോ ജനപ്രതിനിധിക്കോ എന്നല്ല,വീട്ടില്‍ പെണ്ണുങ്ങളുള്ള ഒരു പൂഞ്ഞാറുകാരനും ചേര്‍ന്നതല്ല.

എ.കെ.ബാലന്‍ പട്ടികജാതിക്കാരനായതുകൊണ്ട് താനൊന്നും പറയുന്നില്ല എന്നു പറഞ്ഞ വിപ്പ് തൊട്ടുപിന്നാലെ അദ്ദേഹത്തെ എടാ എന്നും പൊട്ടാ എന്നും സംബോധന ചെയ്യുന്നുണ്ട്. എല്ലാം വിപ്പിനുള്ള സ്‍ട്രോങ് ആപ്പുകളാണ്.എങ്കിലും,ശുഭന്‍ എന്നത് വിശുദ്ധപദമാണ് എന്നു വ്യാഖ്യാനിച്ച മുന്‍ഷിയുടെ സഹായത്താല്‍ പട്ടികജാതിക്കാരനായതുകൊണ്ടുള്ള ബഹുമാനം കൊണ്ട് താനൊന്നും പറയുന്നില്ല എന്നാണുദ്ദേശിച്ചതെന്നും എടാ എന്നത് കാവ്യശൈലിയില്‍ പറഞ്ഞതാണെന്നും പൊട്ടന്‍ എന്നു വച്ചാല്‍ പൊട്ട് + അന്‍ = പൊട്ടന്‍ എന്നാണെന്നും അതുകൊണ്ട് പൊട്ടന്‍ = തിലകന് എന്നാണെന്നുമൊക്കെ വ്യാഖ്യാനിച്ച് മറ്റേ പാര്‍ട്ടി ശുംഭന്‍മാരാക്കുന്നതുപോലെ വിപ്പിന് നമ്മളെ പൊട്ടന്‍മാരുമാക്കാം.

വിപ്പിന്റെ പ്രസംഗഭാഗത്തെ പ്രകോപനപരമായ സംഗതി ബാലേട്ടന്‍ ഗണേശനെ മിസ്റ്റര്‍ ഗണേശ് എന്നു വിളിച്ചത് എന്തോ തെറ്റായിപ്പോയി എന്ന സൂചനയാണ്.ഗണേശന്‍ മന്ത്രിയെ മന്ത്രി ഗണേഷ് കുമാര്‍ എന്നു തന്നെ വിളിക്കണം എന്നു നിര്‍ബന്ധമില്ല.പിള്ളയുടെ മകന്‍ ഗണേശ് എന്നു വിളിക്കുന്നതിനെക്കാള്‍ സ്വീകാര്യതയും നിലവാരവുമുള്ള വിളിയാണ് മിസ്റ്റര്‍ ഗണേശ് എന്നുള്ളതെന്നിരിക്കെ ഗണേശനെ ബാലേട്ടന്‍ കൂടുതല്‍ ബഹുമാനിക്കേണ്ടിയിരുന്നു എന്ന സൂചന പുരോഗമനപരമല്ല.

അതൊക്കെ പോട്ടെന്നു വയ്‍ക്കാം.ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ രാത്രി 9ന്റെ വിചാരണക്കിടെ ആരാധ്യനായ നികേഷ് കുമാര്‍ പി.സി.ജോര്‍ജിനോടു ചോദിക്കുന്നു- താങ്കള്‍ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് ആ വാക്കുകള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞ് പ്രശ്നം ഇവിടെ വച്ച് അവസാനിപ്പിക്കാന്‍ തയ്യാറാണോ എന്ന്. ഇവനാര് ? കേരള മുഖ്യമന്ത്രിയോ ? അതോ സുപ്രീം കോടതി ജഡ്‍ജിയോ ? ഒരു ജനപ്രതിനിധിയെ വിചാരണ ചെയ്യുന്നതിലെ വിവരക്കേട് പോട്ടെന്നു വയ്‍ക്കാം,തന്റെ കാര്‍മികത്വത്തില്‍ ജോര്‍ജിനെക്കൊണ്ട് ബാലേട്ടനോട് മാപ്പു പറയിക്കാം എന്നു വ്യാമോഹിച്ച ആ തിരുമണ്ടന് എന്റെ നല്ല നമസ്‍കാരം (എനിക്കു 50 ഓഹരിയുള്ള മനോരമ ചാനലിനു റിപ്പോര്‍ട്ടര്‍ ചാനല്‍ ഭീഷണിയാകുമോ എന്ന ആശങ്കയാല്‍ ആ വിശുദ്ധ ചാനലിനു നേരെ ഞാന്‍ നടത്തുന്ന ആക്രമണങ്ങളോട് സഹകരിക്കണം എന്നപേക്ഷിക്കുന്നു).

സപ്പോര്‍ട്ടര്‍ ടിവി എക്‍സ്‍ക്ലൂസീവ്

നമസ്കാരം, സപ്പോര്‍ട്ടര്‍ ടിവിയിലേക്കു സ്വാഗതം.പ്രധാനവാര്‍ത്തകള്‍.പലചരക്കുകടക്കാന്‍ രാഘവനും ഭാര്യ ശാരിയും തമ്മിലകലുന്നു,ബെഡ്റൂമില്‍ ഇരുവരും പുറംതിരിഞ്ഞുറങ്ങുന്നു.സപ്പോര്‍ട്ടര്‍ ന്യൂസ് എക്‍ക്ലൂസീവ്….

ജംക്ഷനിലെ പലചരക്കുകടക്കാരന്‍ രാഘവനും ഭാര്യ ശാരിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുകള്‍ സംഭവിച്ചതായി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ദിവസങ്ങളോളം നീണ്ട അത്യന്തം സാഹസികമായ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.ബെഡ്റൂമില്‍ രാഘവനും ഭാര്യയും പുറംതിരിഞ്ഞു കിടന്നാണ് ഉറങ്ങുന്നതെന്നും ഇരുവരുടെയും കട്ടിലുകള്‍ക്കിടയില്‍ കുറഞ്ഞത് രണ്ടടിയെങ്കിലും ഗ്യാപ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതെപ്പറ്റി കൂടുതല്‍ പറയാന്‍ സപ്പോര്ട്ടര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ വല്‍സന്‍ ഇപ്പോള്‍ നമ്മോടൊപ്പം ചേരുന്നു….വല്‍സാ എന്താണ് സംഭവിക്കുന്നത് ?

സുകേഷ്…. ഏതാനും ദിവസങ്ങളായി ജംക്ഷനിലെ പലചരക്കുകട വളരെ നേരത്തെ തുറക്കുകയും വളരെ താമസിച്ച് അടയ്‍ക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പലചരക്കുകടക്കാരന്‍ രാഘവന്റെ കുടുംബജീവിതത്തിലെ വിള്ളലുകള്‍ കണ്ടെത്തിയത്.രാഘവനും ശാരിയും മാനസികമായി അകല്‍ച്ചയിലാണെന്ന് ഷാപ്പുകാരന്‍ സുകുമാരന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണങ്ങളാണ് ഇതു ശരിവയ്‍ക്കുന്നതിനുള്ള തെളിവുകള്‍ നമുക്ക് നല്‍കിയത്. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ രാഘവന്റെ വീട്ടിനുള്ളില്‍ നിന്നും സണ്‍ഷെയ്‍ഡില്‍ കിടന്നുകൊണ്ട് ഏറെ സാഹസപ്പെട്ട് നമ്മുടെ ക്യാമറാമാന്‍ ഷാജി ചിത്രീകരിച്ചതാണ്.രാവിലെ എണീറ്റു വന്ന് പല്ല തേയ്‍ക്കുന്നതു മുതല് വീട്ടില്‍ നിന്നു പുറത്തേക്കു പോരുന്നതു വരെ രാഘവനും ഭാര്യ ശാരിയും തമ്മില്‍ സംസാരിക്കുന്നു പോലുമില്ല. മാത്രവുമല്ല,രാഘവന്‍ വേഷം മാറി പുറത്തേക്കിറങ്ങുന്ന സമയത്തുമാത്രമാണ് ശാരി ഉറക്കച്ചടവോടെ എണീറ്റു വരുന്നതെന്നും രാഘവന്‍ യാത്ര പറയാതെയാണിറങ്ങിപ്പോരുന്നതെന്നും വലിയ ശബ്ദത്തോടെയാണ് ശാരി വാതിലടയ്‍ക്കുന്നതെന്നതും അവര്‍ തമ്മില്‍ അകല്‍ച്ചയിലാണെന്നതിനു തെളിവാണ്.

വല്‍സാ… വല്‍സാ… ഒരു നിമിഷം.. പ്രമുഖ മനശാസ്ത്രജ്ഞനായ ഡോ.ഡി.എം.മാത്യു പുല്ലൂര്‍ നമ്മോടൊപ്പമുണ്ട്… ഡോക്ടര്‍, വല്‍സന്‍ പറഞ്ഞ ലക്ഷണങ്ങള്‍ ദാമ്പത്യത്തില്‍ വിള്ളലുകള്‍ സംഭവിച്ചു എന്നതിന്റെ തെളിവായി നമുക്ക് സ്വീകരിക്കാമോ ?

ഇവിടെ രാഘവനും ശാരിയും അകല്‍ച്ചയിലാണ് എന്ന് ഇക്കണ്ട ദൃശ്യങ്ങളില്‍ നിന്നും വളരെ സ്പഷ്ടമാണ്. എന്നിരുന്നാലും അവര്‍ക്കിടയിലെ അകല്‍ച്ചയുടെ ആഴം എത്രയാണെന്നു നമുക്ക് പറയാനാവില്ല.ഈ അകല്‍ച്ച എത്രകാലം നിലനില്‍ക്കുമെന്നോ എത്ര നാളായി നിലവിലുള്ള ശീതസമരത്തിന്റെ തുടര്‍ച്ചയാണെന്നോ ഒക്കെയുള്ളതാണ് സത്യത്തില്‍ കൂടുതല്‍ ഗൗരവമായ പരിഗണന അര്‍ഹിക്കേണ്ടത്.ഇവര്‍ മാനസികമായി അകല്‍ച്ചയിലാണെങ്കിലും ഇവര്‍ക്കിടയില്‍ ലൈംഗികബന്ധം ഇല്ല എന്നു നമുക്ക് തീര്‍ത്തു പറയാന്‍ കഴിയില്ല….

സപ്പോര്‍ട്ടര്‍ ടിവി തീര്‍ത്തു പറയുന്നു… പലചരക്കു കടക്കാരന്‍ രാഘവനും ഭാര്യ ശാരിക്കുമിടയില്‍ ലൈംഗികബന്ധമില്ല… ഞെട്ടിക്കുന്ന ഈ വെളിപ്പെടു്ത്തല്‍ ഞാനാവര്‍ത്തിക്കുന്നു…രാഘവനും ശാരിക്കുമിടയില്‍ ലൈംഗികബന്ധമില്ല… ഇരുവരും ഏതാനും ദിവസങ്ങളായി കിടപ്പറയില്‍ പുറംതിരിഞ്ഞാണുറങ്ങുന്നതെന്നും ഇവരുടെ കിടക്കകള്‍ക്കിടയില്‍ കുറഞ്ഞത് രണ്ടടിയെങ്കിലും ഗ്യാപ്പുണ്ടെന്നും തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഞങ്ങള്‍ക്കു കിട്ടിയിട്ടുണ്ട്… വല്‍സാ എന്താണ് വിവരങ്ങള്‍ ?

ശരിയാണ് സുകേഷ്,അക്കാര്യം നമുക്ക് തീര്‍ത്തു പറയാം… ഇപ്പോള്‍ കാണുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച രാഘവന്റെ ബെഡ്‍റൂമിന്റെ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരുന്ന് വെന്റിലേഷനിലൂടെ സപ്പോര്‍്ട്ടര്‍ സംഘം ചിത്രീകരിച്ചതാണ്.രാഘവനും ഭാര്യയും പരസ്പരം സംസാരിക്കാതെ കട്ടിലുകള്‍ മാറ്റിയിട്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുകിടന്നുറങ്ങുന്നത് നമുക്കു വ്യക്തമായി കാണാം. നല്ല തണുപ്പും നിലാവുമുള്ള രാത്രിയില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നുറങ്ങുന്ന രാഘവനും ശാരിക്കുമിടയില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം അവശേഷിക്കുന്നില്ല എന്നു നമുക്കുറപ്പിച്ചു പറയാം,സുകേഷ്…

വല്‍സാ…ഇതെപ്പറ്റി രാഘവനോടോ ശാരിയോടോ സംസാരിച്ചിരുന്നോ അവരുടെ പ്രതികരണം ലഭ്യമാണോ ?

തീര്‍ച്ചയായും ഇക്കാര്യത്തെപ്പറ്റി അന്വേഷിക്കുന്നതിനായി രാഘവന്റെ ഭാര്യ ശാരിയുമായി ഏതാണ്ട് മൂന്നു മാസമായി അടുത്ത സൗഹൃദം പുലര്‍്ത്തി വരികയാണ്.ശാരിയുമായി നടത്തിയിട്ടുള്ള ഏതാണ്ട് 56 മണിക്കൂറോളം നീളുന്ന ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും രാഘവന്‍ കുടുംബജീവിതത്തില്‍ അത്ര വിജയമായിരുന്നില്ല എന്നു സൂചനകളുണ്ട്.അതോടൊപ്പം കഴിഞ്ഞ വ്യാഴാഴ്ച രാഘവന്റെ വീട്ടില് വച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷനിടയില്‍ രാഘവനെ ശാരി തള്ളിപ്പറയുന്നുമുണ്ട്…

സപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ വല്‍സനും രാഘവന്റെ ഭാര്യ ശാരിയുമായുള്ള സ്റ്റിങ് ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ ഇനി നമുക്ക് കാണാം.മൂന്നു മാസമായി ശാരിയുടെ കാമുകനായി ഭാവിച്ചാണ് ഈ സ്റ്റിങ് ഓപ്പറേഷന്‍ വല്‍സന്‍ സാധിച്ചെടുത്തത്..ദൃശ്യങ്ങളിലേക്ക്….

ങ്ഹാ… ങ്ഹും….

ശാരീ…. മോളേ…

ങ്ഹും… നീ ഇതാരെയെങ്കിലും കാണിക്കുമോടാ ?

ഹില്ല….

അതോഫ് ചെയ്യെടാ…

ങ്ഹും… ഹില്ല…

വേണ്ടെടാ.. അതോഫ് ചെയ്യെടാ…

ഹില്ല… മോളേ… രാഘവഞ്ചേട്ടനിതറിഞ്ഞാല്‍ ??

അയാളോട് പോകാന്‍ പറയെടാ… എനിക്കു നീ മതി…

ങ്ഹും….

നീ ഇതാരെയെങ്കിലും കാണിക്കുമോടാ ? നീ എന്നെ വഞ്ചിക്കുമോടാ ?

ങ്ഹില്ല… ങ്ഹില്ല….

അയാളോട് പോകാന്‍ പറയെടാ,എനിക്കൂ നീ മതി- എന്നു പറയുന്നതിലൂടെ ശാരി രാഘവനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.ഞങ്ങളുടെ മിടുക്കനായ റിപ്പോര്‍ട്ടര്‍ വല്‍സന്റെ സമര്‍ത്ഥമായ സ്റ്റിങ് ഓപ്പറേഷനിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.ഇപ്പോള്‍ രാഘവന്റെ സഹോദരന്‍ മോഹനന്‍ ലൈനിലുണ്ട്… മോഹനാ എന്തു പറയുന്നു ?

ഫ! ചെറ്റപ്പട്ടിക്കഴുവേറീടെ മോനേ…. വല്ലവന്റേം ജീവിതം തകര്‍ത്തിട്ടാണോടാ നായിന്റെ മോനെ നിന്റെ അമ്മേടെ ചാനലില്‍ വാര്‍ത്തയുണ്ടാക്കുന്നത് ?

മോഹന്‍… മോഹന്‍… സംയമനം പാലിക്കണം… ഞങ്ങള്‍ നിറവേറ്റിയത് ഉത്കൃഷ്ടമായ മാധ്യമധര്‍മമാണ്…അതെന്താണെന്നറിയണമെങ്കില്‍ ജേണലിസം എന്താണെന്നറിയണം… രാഘവന്റെയും ശാരിയുടെയും ജീവിതത്തെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ എന്നാണറിയേണ്ടത് ?

ഉണ്ടെടാ ഉണ്ട്… അവര് അന്തസ്സായിട്ടു ജീവിച്ചോണ്ടിരുന്നപ്പോഴാ വല്‍സന്‍ എന്നു പറയുന്ന ആ നായിന്റെ മോന്‍ മേസ്‍തിരിപ്പണിക്കാണെന്നും പറഞ്ഞ് അവിടെ വന്നു താമസമാക്കിയത്… എല്ലാ ദിവസോം ശാരിച്ചേച്ചിയെ കണ്ട് പഞ്ചാരയടിച്ച് പഞ്ചാരയടിച്ച് അവന്‍ ഒരുവിധം വളച്ചെടുത്തു… എന്നിട്ട് ആരുമറിയാതെ ചേച്ചീടെ വീഡിയോ എടുത്തതും പോരാഞ്ഞ് ഇപ്പോ ചാനലില്‍ക്കൂടി കാണിക്കുകേം ചെയ്യുന്നു…തെണ്ടിത്തരം എന്നല്ലേടോ ഇതിനെ പറയേണ്ടത് ?

മോഹന്‍… മോഹന്‍… മാധ്യമധര്‍മത്തെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല…ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനായ പ്രക്കാനം ശശി നമ്മോടൊപ്പമുണ്ട്… ശശിയേട്ടാ ഞങ്ങള്‍ ചെയ്തതു തെറ്റാണോ ?

ഒരിക്കലുമല്ല.കേരളത്തിലെ മാധ്യമങ്ങള്‍ പലപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയിലെത്തി നോക്കി പലതും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അതുപോലൊന്നുമല്ല.ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ നിങ്ങള്‍ ചെയ്തത് മാധ്യമധര്‍മത്തിന്റെ നിറവേറ്റലാണ് എന്നെനിക്കുറപ്പിച്ചു പറയാന്‍ കഴിയും.സത്യത്തില്‍ എന്റെ കണ്ണു നിറഞ്ഞുപോയി.മോഹന്‍ മാധ്യമധര്‍മം എന്താണെന്നറിയാത്തതുകൊണ്ടും സ്വന്തം ചേട്ടന്റെ ജീവിതം തകര്‍ന്നതിന്റെ ദുഖം കൊണ്ടും നടത്തുന്ന ആക്രോശങ്ങള്‍ സത്യത്തില്‍ അപഹാസ്യമാണ്….

നന്ദി ശശിയേട്ടാ….. ഇനിയൊരു ഇടവേള.ഇടവേളക്കു ശേഷം പ്ലംബര്‍ ജോണിയുടെ വീട്ടിലെ പൈപ്പിനും കിച്ചണ്‍ സിങ്കിനും ചോര്‍ച്ച…. ബസ് യാത്രക്കാര്‍ കയ്യും തലയും പുറത്തിടുന്നത് വ്യാപമാകുന്നു….സേക്രട്ട്സ് ഹാര്‍ട്ട്സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികളുടെ യൂണിഫോമിന്റെ നിറം മങ്ങുന്നു…. എക്സ്‍ക്ലൂസീവുകള്‍ക്കായി കാത്തിരിക്കുക.

പിള്ളയുടെ ഗുദത്തില്‍ റിപ്പോര്‍ട്ടറുടെ പാര

കോടതി തടവുശിക്ഷ വിധിച്ച ബാലകൃഷ്ണപിള്ള ജയില്‍ചാടി ഒരു ആശുപത്രിയില്‍ വന്ന് സുഖവാസത്തിനിടെ മകനും മന്ത്രിയുമായ ഗണേഷ് കുമാറിനെയും കൂട്ടി സ്വന്തം സ്കൂളിലെ ഒരു അധ്യാപകന്റെ ഗുദത്തില്‍ കമ്പിപ്പാര കയറ്റി കൊല്ലാന്‍ ശ്രമിച്ചു. എന്നിട്ട് വിശുദ്ധ നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു റിപ്പോര്‍ട്ടറെ വിളിച്ച് അത് ചെയ്തത് ഞാനല്ല എന്നു പറഞ്ഞിരിക്കുന്നു. അമ്പരപ്പിക്കുന്ന ഈ സംഭവം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു,ജനങ്ങള് ചര്‍ച്ച ചെയ്യുന്നു,തെഹല്‍ക്കയൊക്കെ ചെയ്ത മാതിരിയുള്ള പരിപാടി നടത്തിയ ചാനലിനേം പേരറിയാത്തൊരു റിപ്പോര്‍ട്ടറേം അവര്‍ക്കീ പ്രചോദനമെല്ലാം ചൊരിയുന്ന നികേഷ് കുമാറിനെയും അനുമോദിക്കുന്നു,പ്രതികരണജീവികള്‍ പിള്ളയുടെ എവിടെയെങ്കിലുമൊക്കെ പാര കയറ്റണമെന്ന് ആക്രോശിക്കുന്നു.

ആദ്യമായി ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ബാലകൃഷ്ണപിള്ള ജയിലില്‍ കിടക്കുകയാണെന്ന് സര്‍ക്കാരും കോടതിയും വിശ്വസിച്ചിരിക്കുന്ന സാഹചര്യത്തിലല്ല അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഫോണില്‍ സംസാരിച്ചത്.രോഗബാധിതനായ പിള്ള നിയമപ്രകാരം ഇളവ് വാങ്ങിയാണ് ചികില്‍സക്കായി ആശുപത്രിയില്‍ കിടക്കുന്നത്.പിള്ള ജയില്‍ ചാടി ആശുപത്രിയില്‍ സുഖവാസം നടത്തി എന്ന മട്ടില്‍ പ്രതികരിക്കുന്നവര്‍ മനുഷ്യത്വം നിഷേധിക്കുകയാണ്. ബാലകൃഷ്ണപിള്ള ജയിലിലയക്കപ്പെട്ടത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം.പിള്ളയുടെ തടവു ശിക്ഷ തടവ് എന്ന അനുഭവത്തെക്കാള്‍ പ്രതീകാത്മകമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.അഴിമതിക്കാര്‍ക്ക് ജയില്‍ കിട്ടും എന്ന സന്ദേശമാണ് അതിലൂടെ ജനങ്ങള്‍ക്കു നല്‍കപ്പെടുന്നത്. അതിന്റെ അര്‍ത്ഥം ചികില്‍സയും മാനുഷികപരിഗണനകളും നിഷേധിക്കപ്പെട്ട് പിള്ള സെന്‍ട്രല്‍ ജയിലില്‍ കിടന്ന് നരകിച്ചു നരകിച്ചു ചാകണം എന്നല്ല.ഡോക്ടര്‍മാര്‍ പരിശോധിച്ചും ചികില്‍സ ആവശ്യമാണെന്നു കണ്ടെത്തിയുമൊക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരിക്കുന്നത്.അല്ലാതെ പിള്ള ഒളിച്ചുപോയതല്ല.

ബാലകൃഷ്ണപിള്ള മാനേജരായിട്ടുള്ള സ്കൂളിലെ അധ്യാപകനെ ആരോ ഭീകരമായി വധിക്കാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്നു മനസ്സിലാവുന്നത്. അധ്യാപകന്റെ ഭാര്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി ശത്രുത നിലവിലുണ്ടായിരുന്നെന്നും പറയുന്നു.ആരാണ് കുറ്റം ചെയ്തതെന്ന് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍,സംഭവത്തിന് പിന്നില്‍ ആര്‍ ബാലകൃഷ്ണപിള്ളയും മകന്‍ കെ ബി ഗണേഷ് കുമാറും ആണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഒരു പ്രവാചകനെപ്പോലെ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിള്ള അവിടെ വച്ച് ഗൂഡാലോചന നടത്തുകയും ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നത്രേ. പൊലീസ് ഇരുട്ടില്‍ത്തപ്പുമ്പോള്‍ സംഭവം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ കേസിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും തത്ത പറയും പോലെയാണ് വിഎസ് പറഞ്ഞിരിക്കുന്നത്.ഷെര്‍ലക് ഹോംസിനു ശേഷം ഇത്ര സമഗ്രമായി സ്വന്തം മുറിയിലിരുന്ന് കേസ് അന്വേഷിച്ചു തെളിയിച്ചിട്ടുള്ള മറ്റൊരു പ്രഗല്‍ഭമതി ജനിച്ചിട്ടില്ല.സഖാവ് വിഎസിനോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ- സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെയാണ് ? എങ്ങനെയാണ് കുറുപ്പ് രക്ഷപെട്ടത് ?

ബാലകൃഷ്ണപിള്ളയും അധ്യാപകനും തമ്മില്‍ പ്രശ്നമുണ്ടായിരുന്നതിനാല്‍ പിള്ളയും സംശയിക്കപ്പെടണം. അദ്ദേഹത്തിന് ഈ കുറ്റത്തില്‍ പങ്കുണ്ടെങ്കില്‍ പരമാവധി ശിക്ഷ തന്നെ ലഭിക്കണം.എന്നാല്‍,കേസ് അന്വേഷിച്ചു തുടങ്ങും മുമ്പേ ശിക്ഷ വിധിക്കുന്നത് കാടത്തമാണ്.പൊലീസ് സേന പിരിച്ചുവിട്ടിട്ടില്ല,ജുഡീഷ്യറി തകര്‍ന്നുവീണിട്ടുമില്ല.പിള്ളയെ ജയിലിലേക്കയച്ചത് മാധ്യമങ്ങളോ,വിഎസോ അല്ല, കോടതിയാണ്.

ഇനി അടുത്ത പ്രശ്നം ആശുപത്രിയില്‍ കിടക്കുന്ന പിള്ള റിപ്പോര്‍ട്ടര്‍ ചാനലിലെ ലേഖകനുമായി ഫോണില്‍ സംസാരിച്ചു എന്നതാണ്. റിപ്പോര്‍ട്ടര്‍ ചാനല് കാണിച്ച പണിയെ തെഹല്‍ക്കയുടെ പത്രപ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുന്നത് തെഹല്‍ക്കയെ അവഹേളിക്കലാണ് എന്നാണെനിക്കു പറയാനുള്ളത്.പലരും കരുതുന്നതുപോലെ ബാലകൃഷ്ണപിള്ള അയ്യോ രക്ഷിക്കണേ എന്നു പറഞ്ഞ് പലരും(ഞാനും) യൂ ട്യൂബില്‍ മാത്രം കണ്ടിട്ടുള്ള റിപ്പോര്‍ട്ടര്‍ ചാനലിലേക്കു വിളിച്ചിട്ടില്ല.

കോള്‍ ആരംഭിക്കുമ്പോള്‍ ലേഖകന്‍ വിനയപൂര്‍വം പറയുന്നത് “സാറേ,നമസ്കാരം,റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ്…” എന്നാണ്.ബാലകൃഷ്ണപിള്ള സംസാരിച്ചത് ഏതു ഫോണിലാണ് എന്നതല്ല,അദ്ദേഹം ഫോണില്‍ സംസാരിച്ചു എന്നതാണ് ഗുരുതരമായ ജയില്‍ചട്ട ലംഘനം എന്നു പറയുന്നു.പിള്ള ഫോണില്‍ സംസാരിക്കാനുണ്ടായ സാഹചര്യം റിപ്പോര്‍ട്ടര്‍ ചാനല്‍ സൃഷ്ടിച്ചതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? പിള്ള ഫോണില്‍ സംസാരിച്ചു എന്നത് സാങ്കേതികമായി ശരിയാണെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്ത ലേഖകനും മിസ്റ്റര്‍ നികേഷ് കുമാറിനും എന്തെങ്കിലും ധാര്‍മികബോധമുണ്ടെങ്കില്‍ തങ്ങള്‍ ചെയ്തത് ചെറ്റത്തരമാണ് എന്ന കാര്യത്തില്‍ സംശയം ഉണ്ടാവില്ല.

സംഭാഷണത്തില്‍ എവിടെയും റിപ്പോര്‍ട്ടര്‍ ചാനലിനോടായി പിള്ള ഒന്നും പറയുന്നില്ല.ലേഖകനോട് വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ മാധ്യമത്തില്‍ ഉപയോഗിക്കരുത് എന്നും താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും സ്കൂളില്‍ പോയി അന്വേഷിക്കണമെന്നുമാണ് പിള്ള പറഞ്ഞത്. ഒരു പത്രപ്രവര്ത്തകന്റെ എത്തിക്‍സിനു ചേര്‍ന്ന പണിയല്ല ഈ ബ്രേക്കിങ് ന്യൂസിലൂടെ നികേഷും ലേഖകനും ചെയ്തിട്ടുള്ളത്.പിള്ളയെ ചതിവില്‍ പെടുത്തി ഉണ്ടാക്കിയ വാര്‍ത്തയുടെ വിഡിയോ കണ്ടതിനു ശേഷം ഓരോരുത്തര്‍ക്കും തീരുമാനിക്കാം.

നാട്ടിലെ സുന്ദരിയായ സ്ത്രീയെ പ്രാപിക്കാന്‍ കൊതിമൂത്ത് ചെന്ന മാന്യനെ സുന്ദരി തിരസ്കരിക്കുകയും എന്നാല്‍, സുന്ദരിയെ കണ്ട മാത്രയില്‍ മാന്യന് ശീഘ്രസ്ഖലനം സംഭവിക്കുകയും തുടര്‍ന്ന് അദ്ദേഹം പുറത്തിറങ്ങി സുന്ദരിയായ ഈ സ്ത്രീ ബ്രാ ധരിക്കാറില്ല എന്നു നാടുനീളെ പറഞ്ഞ് നടന്ന് പേരെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതുപോലെ ഒരനുഭവമാണ് എക്സ്ക്ലൂസീവ് വിഡിയോ കണ്ടപ്പോള്‍ ഉണ്ടായത്.അധ്യാപകനെ ആക്രമിച്ചതിനെപ്പറ്റി പിള്ളയുടെ പ്രതികരണത്തിനായി ഫോണ്‍ വിളിക്കുകയും എന്നാല്‍ ഉദ്ദേശിച്ചതുപോലൊന്നും കിട്ടാത്തതിനാല്‍ പിള്ള ഫോണുപയോഗിക്കുന്നു എന്നത് എക്സ്ക്ലൂസീവാക്കുകയും ചെയ്തു എന്നാണ് എനിക്കു തോന്നിയത്.

സെന്‍സേഷനല്‍ ജേണലിസം വീട്ടില്‍ അരി മേടിക്കാന്‍ നല്ലതാണ്.മാധ്യമങ്ങള്‍ വാലോ കാലോ ആണെന്നൊക്കെ അവകാശപ്പെടുന്നവര്‍ തത്തുല്യമായ സാമൂഹികപ്രതിബദ്ധത കൂടി പ്രകടിപ്പിക്കേണ്ടതുണ്ട്.ഇന്നലെ നടന്ന അക്രമസംഭവം ഇന്ന് അപ്രധാനമാവുകയും പിള്ള ഫോണില്‍ സംസാരിച്ചത് പ്രധാനമാവുകയും ചെയ്തതിലൂടെ അധ്യാപകന് നീതി കിട്ടാനും പ്രതികളെ പിടികൂടാനും സഹായകമാകുന്ന പൊതുജനശ്രദ്ധ ജയില്‍ചട്ടലംഘനത്തിലേക്ക് തിരിച്ചുവിടാനായി എന്നതാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പാര കൊണ്ടുണ്ടായ ഗുണം.
അധ്യാപകനെ ആക്രമിച്ചത് പിള്ളയോ പിള്ളയുടെ ആളുകളോ ആണെന്നു തെളിയും വരെ പിള്ള ആ കേസില്‍ പ്രതിയല്ല.പിള്ള തടവുപുള്ളിയായിരിക്കെ,ഫോണില്‍ സംസാരിച്ചത് നിയമലംഘനമാണ്,എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അത് ഉപയോഗിച്ച രീതി അധാര്‍മികമാണ്.അത്രേയുള്ളൂ.

ക്ലീക്ലീ [Live]

ശശി: നമസ്കാരം ക്ലീക്ലീ ടിവിയുടെ എക്സ്ക്ളൂസീവ് സംപ്രേഷണത്തിലേക്കു സ്വാഗതം. ഇന്നു രാവിലെ വിവാഹിതനായ നമ്മുടെ പ്രിയങ്കരനായ തങ്കപ്പന്റെയും രാജമ്മയുടെയും ആദ്യരാത്രിയുടെ തല്‍സമയ സംപ്രേഷണമാണ് ക്ലീക്ലീ ടിവിയില്‍ ഇപ്പോള്‍ ആരംഭിക്കുന്നത്. വിവാഹച്ചടങ്ങളുകള്‍ ആദ്യന്തം തല്‍സയം സംപ്രേഷണം നടത്തിയതും ക്ലീക്ലീ ടിവി തന്നെയായിരുന്നു. രണ്ടു മാസം മുമ്പ് തങ്കപ്പനും രാജമ്മയും തമ്മിലുള്ള പരിചയം വെറും പരിചയമല്ല ആഴത്തിലുള്ള സൌഹൃദമാണെന്നും പിന്നീട് അത് പ്രണയമാണെന്നും അവര്‍ കല്യാണം കഴിച്ചേക്കുമെന്നുമുള്ള വാര്‍ത്തകള്‍ ലോകത്തെ അറിയിച്ചതും ക്ലീക്ലീ ടിവി ആയിരുന്നു. വിവാഹച്ചടങ്ങുകള്‍ക്കു ശേഷം അട്ടപ്പാടിയിലെ വീട്ടില്‍ ഫസ്റ്റ് നൈറ്റിനുള്ള തയ്യാറെടുപ്പിലാണ് തങ്കപ്പനും രാജമ്മയും. അവിടുത്തെ ഏറ്റവും പുതിയ വിവരങ്ങളുമായി ഞങ്ങളുടെ ലേഖകന്‍ ജോമോന്‍ മൂട്ടപ്പടി നമ്മോടൊപ്പമുണ്ട്.. ജോമോന്‍ എന്താണ് അവിടുത്തെ അവസ്ഥ ? ആദ്യരാത്രിയുടെ ഒരുക്കങ്ങള്‍ എവിടെ വരെയായി ?

ജോമോന്‍: ശശീ… തങ്കപ്പന്റെയും രാജമ്മയുടെയും ആദ്യരാത്രി ആരംഭിക്കാന്‍ ഇനി കഷ്ടിച്ച് ഒരു മണിക്കൂര്‍ കൂടിയേ ബാക്കിയുള്ളൂ. രാജമ്മ ഇപ്പോള്‍ കട്ടന്‍കാപ്പി കുടിച്ചുകൊണ്ട് കട്ടിലിലിരിക്കുന്നത് ഈ വെന്റിലേഷനിലൂടെ എനിക്കു കാണാം. ചുവന്ന ബ്ലൌസും ചതുരത്തിലുള്ള ഡിസൈനിലുള്ള മഞ്ഞ സാരിയുമാണ് രാജമ്മ ഉടുത്തിരിക്കുന്നത്.. തങ്കപ്പന്‍ മുറിയില്‍ തന്നെയുണ്ട്. തങ്കപ്പന്റെ കട്ടന്‍കാപ്പി ടിപ്പോയില്‍ വിശ്രമിക്കുകയാണ്. ഏതുനിമിഷവും തങ്കപ്പന്‍ കട്ടന്‍കാപ്പി എടുത്തു കുടിച്ചേക്കുമെന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. അതേ സമയം, രാജമ്മ ഗ്ലാസ് പിന്നെയും ചുണ്ടോടു ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.. അട്ടപ്പാടിയിലെ കട്ടന്‍കാപ്പി രാജമ്മയ്ക്ക് ഇഷ്ടമായി എന്നതിന്റെ വ്യക്തമായ സൂചനകളാണ് രാജമ്മയുടെ ശരീരഭാഷയില്‍ നിന്നു ലഭിക്കുന്നത്.. അതുപോലെ തന്നെ മറ്റൊരു കാര്യം.. രാവിലെ വിവാഹത്തിനെത്തിയതിനു ശേഷം ഇതാദ്യമായാണ് രാജമ്മ കട്ടന്‍കാപ്പി കുടിക്കുന്നത്… വന്നപ്പോള്‍ ഏലയ്ക്കയിട്ട ചായയും പിന്നെ 10 മണിയോടെ ജീരകവെള്ളവും സദ്യക്കു കരിങ്ങാലിവെള്ളവുമാണ് രാജമ്മ കുടിച്ചത്. അതുകൊണ്ട് തന്നെ കട്ടന്‍കാപ്പി ഇഷ്ടപ്പെട്ടു എന്നുള്ളത് വളരെ നല്ല ഒരു സൂചനയായി നമുക്ക് കാണാം.. എന്നാല്‍ കാപ്പി കുടിക്കുന്നതിനിടയില്‍ രാജമ്മ തങ്കപ്പനോട് സംസാരിക്കാന്‍ ശ്രമിക്കുന്നില്ല എന്നത് ആദ്യരാത്രിയുടെ പുരോഗതി എങ്ങനെയായിരിക്കും എന്ന ആശങ്കയും ഉണ്ടാക്കുന്നുണ്ട്.. എന്തായാലും രാജമ്മ കട്ടന്‍ കുടിച്ചു തീരുന്നതുവരെ കൂട്ടിയും കിഴിച്ചും നമുക്ക് കാത്തിരിക്കാം… ശശി..

ശശി: ജോമോന്‍.. തങ്കപ്പന്റെ ശരീരഭാഷയില്‍ നിന്ന് എന്തെങ്കിലും മനസസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ ? കട്ടന്‍കാപ്പിയോട് തങ്കപ്പന്റെ സമീപനമെന്താണ് ? അത് കുടിക്കാന്‍ സാധ്യതയുണ്ടോ ? അതുപോലെ, തങ്കപ്പന്‍ ഇന്ന് വേറേ കട്ടന്‍കാപ്പി കുടിച്ചിരുന്നോ ?

ജോമോന്‍: ശശീ.. ഞാന്‍ നേരത്തേ പറഞ്ഞു, തങ്കപ്പന്റെ നാലാമത്തെ കല്യാണമാണ് ഇത് അതുകൊണ്ടു തന്നെ ഒരു നവവരനുണ്ടായിരിക്കേണ്ട വിറയലോ ആശങ്കയോ ഒന്നും രാവിലെ മുതല്‍ തന്നെ തങ്കപ്പനില്‍ പ്രകടമായിരുന്നില്ല. ഇപ്പോള്‍ മുറിയില്‍ രാജമ്മയും തങ്കപ്പനും മാത്രമേയുള്ളൂവെങ്കിലും പടിഞ്ഞാറുഭാഗത്തേക്കുള്ള വാതില്‍ തുറന്നാണ് കിടക്കുന്നത്. അവിടെ നിന്ന് ആരെങ്കിലും ശ്രദ്ധിക്കാനുള്ള സാധ്യതയാണോ ഇവര്‍ക്കിടയിലെ മൌനത്തിനു കാരണം എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. തങ്കപ്പന്റെ കട്ടന്‍കാപ്പി ഇപ്പോള്‍ 65 ശതമാനത്തോളം തണുത്തിട്ടുണ്ടാവും. കട്ടന്‍കാപ്പി തനിക്കു കുടിക്കാനുള്ളതാണെന്നത് തങ്കപ്പന്‍ പരിഗണിക്കുന്നേയില്ല എന്നാണ് ശരീരഭാഷയില്‍ നിന്നു മനസ്സിലാവുന്നത്.. അതുപോലെ തന്നെ ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം.. ഇന്നത്തെ ദിവസം തങ്കപ്പന്‍ കട്ടന്‍കാപ്പി ഒന്നും കുടിച്ചിട്ടില്ല എന്നതാണ്.. രാവിലെ മുതല്‍ തങ്കപ്പന്‍ കടുക്കാവെള്ളം മാത്രമാണ് കുടിക്കുന്നത്.. ശശീ..

ശശി: അട്ടപ്പാടിയില്‍ നിന്നു ജോമോന്‍ മൂട്ടപ്പടി നല്‍കുന്ന വിവരങ്ങളാണ് ഒപ്പം തങ്കപ്പന്റെയും രാജമ്മയുടെയും കിടപ്പുമുറിയിലെ വെന്റിലേഷനിലൂടെ ലഭിക്കുന്ന എക്സ്ക്ളൂസീവ് ദൃശ്യങ്ങളുമുണ്ട്. തങ്കപ്പന്‍ കട്ടന്‍കാപ്പി കുടിക്കുന്നില്ല എന്ന വിവരമാണ് ജോമോന്‍ നമുക്ക് നല്‍കുന്നത് എന്നാല്‍ അതിനെക്കാളൊക്കെ പ്രധാനപ്പെട്ട മറ്റൊരു വിവരം രാവിലെ മുതല്‍ തങ്കപ്പന്‍ കടുക്കാവെള്ളം കുടിക്കുന്നുണ്ടായിരുന്നു എന്നതാണ്. ആദ്യരാത്രിക്കു മുമ്പ് നവവരന്‍ കടുക്കാവെള്ളം കുടിക്കുന്നത് രണ്ട് സൂചനകളാണ് നല്‍കുന്നത്. ഒന്ന്, അതിഭയങ്കരമായി നിലനില്‍ക്കുന്ന ആക്രാന്തം അല്‍പം കുറയ്ക്കുക, രണ്ട്, പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതെ ഈ രാത്രി കഴിഞ്ഞുപോവുക. തങ്കപ്പന്റെ കാര്യത്തില്‍ ഏതിനായിരിക്കും സാധ്യത കൂടുതല്‍ ? ആക്രാന്തം കുറയ്ക്കാനാണെങ്കില്‍ കുറയ്ക്കുന്നതിനു മുമ്പുള്ള തങ്കപ്പന്റെ ആക്രാന്തം ഏതു വിധത്തിലായിരിക്കും ? അതല്ല, പ്രലോഭനം ഒഴിവാക്കാനാണെങ്കില്‍ അതെന്തിന് ? തങ്കപ്പന്റെ രണ്ടാമത്തെ ഭാര്യ ജാനു ഇപ്പോള്‍ മറയൂരില്‍ നിന്നു ലൈനിലുണ്ട്… ജാനുവിനോടു തന്നെ ചോദിക്കാം. ജാനു.. ചോദ്യം കേട്ടല്ലോ.. ഏതിനായിരിക്കും സാധ്യത ?

ജാനു: അങ്ങേര് രാവിലെ മുതല് കടുക്കാവെള്ളം കുടിക്കുന്നുണ്ടെന്ന് നിങ്ങളോടാരാ പറഞ്ഞത് ? അല്ല, അതൊന്നറിയണമല്ലോ..

ശശി: ജാനു.. നമ്മുടെ റിപ്പോര്‍ട്ടര്‍ പറഞ്ഞതനുസരിച്ചാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ജാനുവിനോടുള്ള ചോദ്യം.. നമ്മള്‍ പറഞ്ഞതില്‍ ഏതിനായിരിക്കും സാധ്യത കൂടുതല്‍ എന്നാണ് ?

ജാനു: ഇതിലിപ്പോ സാധ്യത കൂടുതലും കുറവുമൊന്നുമില്ല. അങ്ങേര് കടുക്കാവെള്ളം കുടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു 15 വയാഗ്ര ഗുളികയെങ്കിലും കലക്കിയിട്ടുണ്ടാവും. ഇപ്പോ അത്രേ ഞാന്‍ പറയുന്നുള്ളൂ. ചാനലാണ് ലൈവാണ് എന്നൊക്കെ പറഞ്ഞതുകൊണ്ടാണ്, ഇല്ലെങ്കില്‍ ഞാന്‍ ഇച്ചിരെ വിസ്തരിച്ചേനെ.

ശശി: ജാനുവുമായുള്ള ആദ്യരാത്രി എങ്ങനെയായിരുന്നു ? ഏത് തരത്തിലായിരുന്നു തങ്കപ്പന്റെ പ്രതികരണം ?

ജാനു: പോടാ നാറീ.. നിന്റെമ്മച്ചിയോട് പോയി ചോദിക്ക്..

ശശി: ലൈനില്‍ എന്തോ തകരാര്‍ സംഭവിച്ചിരിക്കുകയാണ്.. നമുക്ക് തിരിച്ചുവരാം.. അട്ടപ്പാടിയില്‍ നിന്നു പുതിയ വിശേഷങ്ങള്‍ വല്ലതുമുണ്ടോ എന്നു നോക്കാം.. ജോമോന്‍.. ജോമോന്‍.. കേള്‍ക്കുന്നുണ്ടോ ? എന്താണവിടെ നടക്കുന്നത് ?

ജോമോന്‍: ശശീ.. ഇപ്പോള്‍ രാജമ്മ കട്ടിലിലില്‍ നിന്നെണീറ്റ് ഗ്ലാസുമായി പുറത്തേക്കു പോയിരിക്കുകയാണ്. തങ്കപ്പനും എണീറ്റ് പോക്കറ്റില്‍ നിന്ന് എന്തോ പുറത്തെടുക്കുകയാണ്..

ശശി: ജോമോന്‍ ശ്രദ്ധിക്കൂ.. എന്താണത് ? വയാഗ്രയുടെ ബോട്ടിലോ മറ്റോ ആണോ ?

ജോമോന്‍: വെള്ളനിറമുള്ള ഒരു ബോട്ടിലാണത്.. കയ്യില്‍ അമര്‍ത്തി പിടിച്ചിരിക്കുന്നതുകൊണ്ട് എന്താണതിന്റെ പുറത്ത് എഴുതിയിട്ടുള്ളതെന്ന് വായിക്കാന്‍ സാധിക്കുന്നില്ല. പച്ച അക്ഷരങ്ങളിലാണ് അതിന്റെ പേരെഴുതിയിരിക്കുന്നത്.. ഇപ്പോള്‍ തങ്കപ്പന്‍ അതിന്റെ അടപ്പ് മെല്ലെ തുറക്കുകയാണ്. തങ്കപ്പനു കുടിക്കാന്‍ വച്ചിരിക്കുന്ന കട്ടന്‍കാപ്പിയിലേക്ക് ബോട്ടിലിലില്‍ നിന്നു ഗുളികകള്‍ ധാരധാരയായി ഇടുകയാണ്..

ശശി: ജോമോന.. ശ്രദ്ധിക്കൂ.. എത്ര ഗുളികകളാണ് തങ്കപ്പന്‍ അതിലേക്കിടുന്നത് ? അതുപോലെ ആ ഗുളികകളുടെ നിറമെന്താണ് ?

ജോമോന്‍: എത്ര ഗുളികള്‍ എന്നു കൃത്യമായി പറയാന്‍ കഴിയില്ല ശശി.. എന്തായാലും ഒരു പത്ത് പതിനഞ്ച് ഗുളികകളെങ്കിലും അതിലേക്ക് ഇട്ടിട്ടുണ്ട്.. ഇളംനീലനിറമാണ് ഗുളികകള്‍ക്കുള്ളത്..

ശശി: ജോമോന്‍ ഒരു നിമിഷം.. ലൈനില്‍ തന്നെ തുടരുക.. വളരെ പെട്ടെന്നു തിരിച്ചുവരാം.. ഇപ്പോള്‍ ഡോക്ടര്‍ സുഗുണന്‍ കൊച്ചി സ്റ്റുഡിയോയില്‍ നിന്നു നമ്മോടൊപ്പം ചേരുന്നു.. ഡോ. സുഗുണന്‍ തങ്കപ്പന്‍ കട്ടന്‍കാപ്പിയിലേക്ക് ഇട്ട ഗുളികളുടെ വിവരങ്ങള്‍ ജോമോന്‍ പറഞ്ഞത് ഡോക്ടര്‍ കേട്ടു കാണുമെന്നു കരുതുന്നു.. അതുപോലെ ജാനു പറഞ്ഞതും ഒരു സൂചനയാണ്.. ഇളം നീലനിറമാണ് ഗുളികകള്‍ക്ക് എന്നു ജോമോന്‍ ഇപ്പോള്‍ പറഞ്ഞു കഴിഞ്ഞു.. എന്താണ് അങ്ങയുടെ വിശകലനം ? തങ്കപ്പന്‍ കട്ടന്‍കാപ്പിയിലിട്ടത് വയാഗ്ര തന്നെയാവുമോ ?

ഡോ.സുഗുണന്‍: വയാഗ്ര എന്ന മരുന്നിനെപ്പറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന പല അന്ധവിശ്വാസങ്ങളും ഈ അഭിപ്രായവുമായും ചേര്‍ത്തുവയ്ക്കേണ്ടതുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഇക്കാര്യത്തില്‍ തങ്കപ്പന്റെ മുന്‍ഭാര്യയായ ജാനുവിനും തെറ്റുപറ്റിയിട്ടുണ്ടോ എന്നെനിക്കു സംശയമുണ്ട്…

ജാനു: ഡോ, ഡോ.. ഡോക്ടറേ.. താന്‍ എനിക്കിട്ടൊലത്താന്‍ വരല്ലേ.. ഇത്രേം കാലത്തിനെടയ്ക്ക് എനിക്കൊരു തെറ്റും പറ്റീട്ടില്ല.. അങ്ങേരുമായി ഡ്രൈവാഷായിട്ട് ഞാനിവിടെ നല്ല അന്തസ്സായിട്ടാടോ ജീവിക്കുന്നേ.. ഞാനിവിടെ മറ്റേപ്പണി ചെയ്താ ജീവിക്കുന്നേന്ന് തന്നോടാരാടോ പറഞ്ഞേ ?

ശശി: ജാനൂ, ജാനൂ… ഞാന്‍ വരാം.. ജാനു തെറ്റിദ്ധരിച്ചിരിക്കുകയാണ്.. ജാനുവിനു തെറ്റ് പറ്റി എന്നു ഡോക്ടര്‍ പറഞ്ഞത് ജാനു ഉദ്ദേശിക്കുന്ന തരത്തിലല്ല… ഡോക്ടര്‍ തുടരൂ..

ഡോ.സുഗുണന്‍: അവള്‍ടെ മൈക്കങ്ങ് ഓഫ് ചെയ്തേരേ.. നമ്മള്‍ പറഞ്ഞത്.. വയാഗ്രയ്ക്കു നീല നിറമാണെങ്കിലും അത് ബോട്ടിലില്‍ അല്ല വരുന്നത്.. അതുപോലെ തന്നെ പതിനഞ്ച് വയാഗ്ര ഒരു ഗ്ലാസിലേക്ക് ഇടുകയെന്നൊക്കെ പറഞ്ഞാല്‍ ഗ്ലാസിന്റെ മുക്കാല്‍ ഭാഗമെങ്കിലും നിറയും. ഇനി പ്രായോഗികമായി നോക്കിയാല്‍ 15 വയാഗ്ര ഇന്നു തങ്കപ്പന്‍ കഴിച്ചാല്‍ പിന്നെയൊരു 15 വര്‍ഷത്തേക്ക് ഗിയര്‍ ഡൌണ്‍ ആകില്ല.. തങ്കപ്പനെപ്പോലെയൊരാള്‍ അങ്ങനെ ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല..

ശശി: തങ്കപ്പന്‍ കട്ടന്‍ കാപ്പിയില്‍ ഇട്ടത് വയാഗ്ര തന്നെയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. തങ്കപ്പന്‍ ഗാസിലേക്ക് ഗുളികകള്‍ ഇടുന്നതിന്റെ സ്ളോമോഷന്‍ ദൃശ്യങ്ങളാണ് നിങ്ങളിപ്പോള്‍ കാണുന്നത്. ഇനിയുള്ള അവസരം പ്രേക്ഷകര്‍ക്കാണ്.. തങ്കപ്പന്‍ ഗാസിലേക്കിടുന്നത് വയാഗ്രയോ അതോ മറ്റേതെങ്കിലും ഗുളികയോ ? പ്രേക്ഷകര്‍ക്കു പ്രതികരിക്കാം. അഭിപ്രായങ്ങള്‍ രേഖപ്പെടുന്നതിനു ഞങ്ങളുടെ വെബ്സൈറ്റ് കാണുക.. ക്ളീക്ളീഡോട്കോം… നമുക്കു തിരിച്ചുവരാം.. അട്ടപ്പാടിയില്‍ ആദ്യരാത്രിക്കുള്ള ഒരുക്കങ്ങള്‍ എവിടെവരെയായി…. പുതിയ വിവരങ്ങളുമായി ജോമോന്‍ ലൈനിലുണ്ട്.. ജോമോന്‍ എന്താണ് പുതിയ വിവരങ്ങള്‍ ?

ജോമോന്‍: നേരത്തേ അറിയിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി തങ്കപ്പനും രാജമ്മയും ആദ്യരാത്രി ആഘോഷിക്കുന്നത് അട്ടപ്പാടിയിലെ വീട്ടിലല്ല മറിച്ച് നെല്ലിയാമ്പതിയിലെ റിസോര്‍ട്ടിലാണ് എന്നാണിപ്പോള്‍ അറിയാന്‍ കഴിയുന്നത്. ഈ തീരുമാനം ആരുടേതാണെന്നു വ്യക്തമല്ല എങ്കിലും ഗുളികകള്‍ ഇട്ട കട്ടന്‍കാപ്പി രുചിച്ചുനോക്കുക പോലും ചെയ്യാതെ തങ്കപ്പന്‍ ബാഗിലേക്ക് സാധനങ്ങള്‍ പെറുക്കി വയ്ര്‍ക്കുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്..

ശശി: എന്തൊക്കെയാണ് തങ്കപ്പന്‍റെ സാധനങ്ങള്‍ ? ആദ്യരാത്രിയുടെ സൂചന നല്‍കുന്ന എന്തെങ്കിലും അതിലുണ്ടോ ? അതുപോലെ രാജമ്മ ഇപ്പോള്‍ എവിടെയാണ് ? അവിടെ നിന്നുള്ള ദൃശ്യങ്ങളിലും രാജമ്മ ഇല്ല… എന്താണ് അവിടെ സംഭവിക്കുന്നത് ?

ജോമോന്‍: വല്ലഭനു പുല്ലും ആയുധം എന്നാണ് തങ്കപ്പനെ പറ്റി അറിയാവുന്നവര്‍ പറയുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം പെറുക്കി വയ്ര്‍ക്കുന്ന സാധനങ്ങളില്‍ ഫസ്റ്റ് നൈറ്റില്‍ ഏതുപയോഗിക്കും ഏതുപയോഗിക്കില്ല എന്നു പറയാന്‍ പറ്റില്ല. എങ്കിലും വെളിച്ചെണ്ണ, മെഴുകുതിരി, ടോര്‍ച്ച്, നൂല്‍, മൊട്ടുസൂചി, ടവ്വല്‍, പോക്കറ്റ് റേഡിയോ മൊബൈല്‍ ഫോണ്‍ തുടങ്ങിയ സാധനങ്ങളാണ് അദ്ദേഹം ബാഗിനുള്ളിലേക്ക് വച്ചിട്ടുള്ളത്. ബാഗില്‍ വച്ചിട്ടുള്ള ഉപകരണങ്ങള്‍ വച്ചുനോക്കിയാല്‍ വളരെ വ്യത്യസ്തമായ ഒരാദ്യരാത്രിക്കാണ് നമ്മള്‍ സാക്‍ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ഉറപ്പിക്കാം.

ശശി: രാജമ്മ എവിടെ ?

ജോമോന്‍: രാജമ്മ 20 മിനിട്ടോളമായി ഈ മുറിയിലില്ല. രാജമ്മ എവിടെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേ സമയം, രാജമ്മ വസ്ത്രം മാറുകയാണ് എന്ന് പറഞ്ഞ് അടച്ചിട്ട മുറിക്കു മുന്നില്‍ ഏതാനും ആളുകള്‍ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. രാജമ്മയെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നു മറയ്ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത് എന്നാണ് കരുതുന്നത്. മുറിയ്ക്കുള്ളില്‍ രാജമ്മ വസ്ത്രം മാറുകയാണ് എന്നുറപ്പുവരുത്തുന്നതിനായി പോയ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റിരിക്കുകയാണ്.ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് രാജമ്മ വസ്ത്രം മാറുന്ന മുറിയ്ക്കു മുന്നില്‍ ഇപ്പോള്‍ കുത്തിയിരിക്കുകയാണ്. ജില്ലാ കലക്ടര്‍ എത്തി ക്ഷമാപണം നടത്തുകയും രാജമ്മ വസ്ത്രം മാറുന്നത് തല്‍സമയം ചിത്രീകരിക്കാന്‍ അനുവദിക്കുകയും ചെയ്തെങ്കിലേ കുത്തിയിരിപ്പ് അവസാനിക്കൂ എന്നും മാധ്യമസ്വാതന്ത്യ്രത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല എന്നും അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ട്.

ശശി: ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അട്ടപ്പാടിയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.. ആദ്യരാത്രിക്ക് അല്‍പസമയം മുമ്പ് രാജമ്മയെ കാണാതായിരിക്കുന്നു അതേ സമയം രാജമ്മയുടോ തിരോധാനം അന്വേഷിച്ചുപോയ മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റിരിക്കുകയാണ്. ഇനിയെന്താണ് സംഭവിക്കുക എന്നു പറയാന്‍ പറ്റില്ല.. ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത് നമ്മുടെ ലേഖകന്‍ ജോമോന്‍ അടക്കമുള്ള മാധ്യമസംഘം രാജമ്മ വസ്ത്രം മാറുന്ന മുറിയിലേക്ക് ഇടിച്ചുകയറുകയാണ്.. സാംസ്കാരികമായ ഒരു രക്ഷാപ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്.. അതാ മുറിയുടെ വാതില്‍ തുറന്നു കഴിഞ്ഞു.. അവിടെ.. അവിടെ.. ഇല്ല രാജമ്മ മുറിയിലില്ല… മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി, രാജമ്മയെ കാണാനില്ല.. രാജമ്മയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ അതോ ആരോടെങ്കിലും ഒപ്പം ഒളിച്ചോടിയതാണോ ? ഈ രണ്ടു ചോദ്യങ്ങള്‍ക്കു മുന്നില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുന്നു.. ജോമോന്‍.. ഹലോ ജോമോന്‍ കേള്‍ക്കുന്നുണ്ടോ ?

ജോമോന്‍: ഇവിടെ നടന്നത് എന്താണെന്നു ഞാന്‍ വിവരിക്കുന്നില്ല… രാജമ്മയെ കാണാനില്ല എന്നതല്ല ശശി ഞെട്ടിക്കുന്ന വാര്‍ത്ത.. തങ്കപ്പനും രാജമ്മയും കൂടി ഒരു ബജാജ് ഫോര്‍ എസ് ചാംപ്യന്‍ ബൈക്കില്‍ തൂക്കുപാലത്തിലൂടെ കടന്നുപോകുന്നത് കണ്ടതായി പുഴയില്‍ മണല്‍വാരുന്നവര്‍ പറഞ്ഞതായി ഒരു വാര്‍ത്ത ഇവിടെയുണ്ട്.. അങ്ങനെയാണെങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍ നിന്നു ഇരുവരും മറ്റൊരു വാതിലിലൂടെ രക്ഷപെടുകയായിരുന്നു എന്നു വേണം ഊഹിക്കാന്‍.. ശശി..

ശശി: നന്ദി ജോമോന്‍.. അതുപോലെ ഞങ്ങളോടു സഹകരിച്ച ജാനു, ഡോക്ടര്‍ സുഗുണന്‍.. തികച്ചും നാടകീയമായ സംഭവവികാസങ്ങളിലൂടെ തങ്കപ്പന്റെയും രാജമ്മയുടെയും ആദ്യരാത്രി നമ്മുടെ കൈവിട്ടുപോയിരിക്കുകയാണ്. എങ്കിലും നമ്മള്‍ അന്വേഷണം തുടരും.. മാധ്യമങ്ങളുടെ കണ്ണില്‍ നിന്നു രക്ഷപെടാന്‍ തങ്കപ്പനോ രാജമ്മയ്ക്കോ എളുപ്പത്തില്‍ സാധിക്കില്ല.. കൂടുതല്‍ വിവരങ്ങളുമായി ഞാനുടനേ തിരികെ വരാം.. ഇടവേളയ്ക്കു ശേഷം.. ആദ്യരാത്രിയില്‍ തങ്കപ്പനും രാജമ്മയും ചെയ്യാന്‍ സാധ്യതയുള്ള സംഗതികളെപ്പറ്റി പ്രമുഖലൈംഗികശാസ്ത്രജ്ഞന്‍ ഡോ.ആന്റണി ഉൌക്കന്‍ നമ്മോടു സംസാരിക്കും.. തുടര്‍ന്ന് ആദ്യരാത്രി എങ്ങനെയായിരിക്കുമെന്ന് ഭാവനയില്‍ കണ്ട് തയ്യാറാക്കിയ തങ്കരാജ എന്ന ആനിമേഷന്‍ സിഡിയെപ്പറ്റിയുള്ള സ്പെഷല്‍ റിപ്പോര്‍ട്ട്.. സ്റ്റേ ട്യൂണ്‍ഡ് !

കൊലവിളി ന്യൂസ് ലൈവ്

നമസ്കാരം, കൊലവിളി എക്സ്ക്ളൂസീവ് ന്യൂസ് ബുള്ളറ്റിനിലേക്കു സ്വാഗതം.. ഞാന്‍ വല്‍സന്‍ കാലപുരി.. ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത… തലസ്ഥാനത്ത് ബഹുനില കെട്ടിടം ഇടിഞ്ഞു വീണ് അനേകമാളുകള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ഏകദേശം അന്‍പതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.. എല്ലാവരും ചതഞ്ഞരഞ്ഞ് മരിച്ചിട്ടുണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ പി.പി.ഷിജു റിപ്പോര്‍ട്ട് ചെയ്യുന്നത്.. പി.പി.ഷിജു പറയൂ.. എന്താണ് അവിടെ നടക്കുന്നത്.. എത്രയാണ് ഏറ്റവും പുതിയ മരണസംഖ്യ ?

വല്‍സാ.. അന്‍പതിയെട്ട് പേര്‍ ഇപ്പോള്‍ ഈ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബിന്റെ അടിയിലുണ്ടെന്നാണ് കരുതുന്നത്.. മറ്റു മാധ്യമങ്ങള്‍ സ്ളാബിന്റെ അടിയില്‍ അളുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുമ്പോഴാണ് വളരെ കൃത്യമായി 58 പേര്‍ സ്ളാബിന്റെ അടിയിലുണ്ടെന്ന് നമ്മള്‍ കേരളത്തെ അറിയിക്കുന്നത്.. ഇത് കൊലവിളി ന്യൂസിന്റെ വേള്‍ഡ് എക്സ്ക്ളൂസീവ് ആണ്.. മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത… ഇവരിലാരും തന്നെ ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്ന സത്യമാണ്… കാരണം ഏകദേശം 32367 കിലോഗ്രാം തൂക്കമുള്ള കോണ്‍ക്രീറ്റ് സ്ലാബ് മുപ്പതടി ഉയരത്തില്‍ നിന്നു താഴേക്കു വീണാല്‍ ജീവനോടെ പോയിട്ട് ഡെഡ്ബോഡിയെങ്കിലും നേരേ ചൊവ്വേ കിട്ടിയാല്‍ ഭാഗ്യം എന്നേ പറയാന്‍ പറ്റൂ.. അതുപോലെ തന്നെ പിരിയന്‍ കമ്പികള്‍ ഉപയോഗിച്ച് ത്രീ ഈസ് ടു വണ്‍ എന്ന റേഷ്യോയില്‍ കൂട്ടിയ സിമന്റ് ആണ് ഇതിന്റെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ ഇതു വെട്ടിപ്പൊളിക്കാനും ബുദ്ധിമുട്ടാവും..

പി.പി.ഷിജു… ഈ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇത്രയധികം വിവരങ്ങള്‍ സമാഹരിച്ചത്… പ്രേക്ഷകര്‍ വിചാരിച്ചതിലധികം വിവരങ്ങളാണ് കൊലവിളി ന്യൂസ് എക്സ്ക്ളൂസീവായി ഷിജു ഇപ്പോള്‍ നല്‍കിയത്.. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടാവും… പ്രത്യേകിച്ച് ഇതിലെ കമ്പി സിമന്റ് മണല്‍ റേഷ്യോ ഒക്കെ എങ്ങനെ ഇത്ര പെട്ടെന്ന് ഷിജു മനസ്സിലാക്കി ?

വല്‍സാ.. അതുപിന്നെ.. ഞാനിവിടെ റിപ്പോര്‍ട്ടറാകുന്നതിനു മുമ്പ് എനിക്കു വാര്‍ക്കപ്പണിയായിരുന്നല്ലോ.. അന്ന് ഈ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് നടക്കുമ്പോള്‍ ഇതിനു പലകയടിച്ചത് ഞാനായിരുന്നു.. പിന്നെയാണല്ലോ ഞാന്‍ വാര്‍ക്കപ്പണിക്കു പോയ സ്ഥലത്തു വച്ച് എന്റെ മേസ്തിരിയെ ആന ചവുട്ടി കൊല്ലുന്നത് മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് കൊണ്ടുവന്നത് കണ്ടിട്ട് വല്‍സന്‍ എന്നെ റിപ്പോര്‍ട്ടറാക്കിയത്.. അന്ന് വല്‍സന്‍ എന്നോടു ചോദിച്ച ചോദ്യം ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്.. വീട്ടിലുള്ള എല്ലാവരും ഉള്‍പ്പെടെ സ്വന്തം വീട് കത്തിയെരിയുന്നത് കണ്ടാല്‍ എന്തു ചെയ്യുമെന്ന്.. ആദ്യം തീ കത്തുന്നത് കംപ്ളീറ്റ് ഷൂട്ട് ചെയ്ത ശേഷം മൃതദേഹങ്ങള്‍ പായില്‍പ്പൊതിഞ്ഞ് ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോകുന്നതും ഷൂട്ട് ചെയ്ത് ചാനലിലേക്കയച്ചിട്ട് ലോഡ്ജില്‍ മുറിയെടുത്തിരുന്നു കരയും എന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ വല്‍സന്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു.. നീയാണെടാ നാളത്തെ കേരളം കാത്തിരിക്കുന്ന പത്രപ്രവര്‍ത്തകന്‍ എന്ന്…

പി.പി.ഷിജു.. നമുക്ക് തിരിച്ചു വരാം.. എന്താണ് ഇപ്പോഴത്തെ സ്ഥിതി എത്ര മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്.. സ്ളാബിനടിയില്‍ നിന്നു നിലവിളികളോ മറ്റോ കേള്‍ക്കാനുണ്ടോ ?

ആ.. വല്‍സന്‍.. ആദ്യം ഈ സ്പോട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് നമ്മളാണ്.. അപകടം നടന്നയുടന്‍ സ്ളാബിന്നടിയില്‍ കിടന്ന് ഒരാള്‍ നമ്മളെ വിളിച്ച് സഹായം തേടുകയായിരുന്നു.. പൊലീസിലും ഫയര്‍ഫോഴ്സിലും ഒക്കെ ഞാനറിച്ചുകൊള്ളാമെന്നും അതിനടിയില്‍ കിടന്ന് ആരെയും വിളിക്കാന്‍ ശ്രമിക്കേണ്ട എന്നും കര്‍ശനനിര്‍ദേശം നല്‍കിയ ശേഷമാണ് ഞാനിവിടേക്ക് പുറപ്പെട്ടത്.. അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകരാരും ഇവിടെ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല.. ഇപ്പോള്‍ നമ്മള്‍ തല്‍സമയം കാണിച്ചുകൊണ്ടിരിക്കുന്ന ഭീകരദൃശ്യങ്ങള്‍ കൊലവിളി ന്യൂസിന്റെ എക്സ്ക്ളൂസീവാണ്..

പി.പി.ഷിജു.. ഇതുവരെ പോലീസും ഫയര്‍ ഫോഴ്സുമൊന്നും സ്ഥലത്തെത്തിയിട്ടില്ലേ ?

അതെങ്ങനെ ? ഞാനതിന് അവരെയൊന്നും വിവരമറിയിച്ചിട്ടില്ലല്ലോ.. അവന്‍മാരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല വല്‍സാ.. നമ്മള്‍ വിവരമറിയിച്ച് ഫോണ്‍ താഴെവച്ചാല്‍ ഉടന്‍ ഇവനൊക്കെ മറ്റേ ചാനലില്‍ വിളിച്ചു പറയും.. അല്ലെങ്കിലും അവരെല്ലാം കൂടി വന്നിട്ട് ഈ സ്ളാബൊന്നും പൊക്കാന്‍ പോണില്ല.. മരണസംഖ്യ നമ്മള്‍ കൊടുത്തിരിക്കുന്നതില്‍ നിന്ന് ഒരാളു പോലും ഇത്തവണ കുറയില്ല വല്‍സന്‍.. കഴിഞ്ഞ തവണ ബോട്ടപകടത്തില്‍ 140 പേര് മരിച്ചു എന്ന് ഞാന്‍ എക്സ്ക്ളൂസീവ് അടിച്ചിട്ട് വെറും 40 പേര്‍ മാത്രമേ മരിച്ചുള്ളൂ എന്നു പറഞ്ഞിട്ട് വല്‍സന്‍ എന്തൊരു തെറിവിളിയായിരുന്നു.. ഇത്തവണ എന്റെ കണക്ക് കറക്ടായിരിക്കും നോക്കിക്കോ…

പി.പി.ഷിജു.. ഇത് ലൈവാണ്.. നമുക്കു തിരിച്ചു വരാം… ഇപ്പോഴെന്താണ് അവസ്ഥ ? സ്ളാബിനടിയില്‍ നിന്ന് ആരെങ്കിലും രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ടോ ? കയ്യോ കാലോ പുറത്തേക്കു കാണുന്നുണ്ടോ ?

പറഞ്ഞാല്‍ വിശ്വാസമാകില്ലെന്നു വച്ചാല്‍ (പി.പി.ഷിജു നിന്ന നില്‍പില്‍ മൈക്കമായി നാലു തവണ ചാടുന്നു) .. കണ്ടോ അങ്ങനെയിങ്ങനെയൊന്നും കുലുങ്ങുന്ന സ്ളാബല്ലിത്.. ഞാനതിന്റെ മുകളിലാണ് നില്‍ക്കുന്നത്.. അഥവാ ആരെങ്കിലും ഇവിടെ നിന്നു രക്ഷപെട്ടാല്‍ അതും നമ്മുടെ ചാനലില്‍ എക്സ്ക്ളൂസീവായിരിക്കും അതുപോലെ തന്നെ വൈകിട്ടത്തെ ന്യൂസ് ഷോയില്‍ ശവമായിട്ടെങ്കിലും നമ്മളവനെ അവതരിപ്പിച്ചിരിക്കും..

പി.പി.ഷിജു… പിന്നില്‍ പോലീസ് ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ വന്നു നില്‍ക്കുന്നത് ഞാന്‍ കാണുന്നുണ്ട്… അവര്‍ ഷിജുവിനോടെന്തോ പറയുന്നുണ്ടെന്നു തോന്നുന്നു… ഷിജു എന്താണവിടെ നടക്കുന്നത് ?

ങ്ഹാ… ആളടിയില്‍ കിടക്കുന്ന സ്ളാബിന്റെ മുകളില്‍ നിന്നിറങ്ങാന്‍ അയാളെന്നോട് പറയുകയാണ്.. എന്റെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് ഒരാളെന്നോട് ഇത്തരത്തില്‍ പെരുമാറുന്നത്.. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഏറ്റവും വലിയ തെളിവാണിത്.. പത്രസ്വാതന്ത്യ്രത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്..വല്‍സന്‍…

സംഭവബഹുലമായ ദിവസത്തെ വാര്‍ത്തകളാണ് കൊലവിളി പ്രേക്ഷകര്‍ കൊലവിളി എക്സ്ക്ളൂസീവ് ന്യൂസ് ബുള്ളറ്റിനിലൂടെ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.. ഇപ്പോള്‍ കെട്ടിടം ഇടിഞ്ഞു വീണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൊലവിളി ന്യൂസ് സംഘത്തെ പോലീസ് സംഘം ആക്രമിക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.. വാര്‍ത്തകള്‍ ജനങ്ങളില്‍ നിന്നു മൂടി വയ്ക്കാനുള്ള അല്ലെങ്കില്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ നഗ്നമായ പ്രകടനമാണ് ഇപ്പോള്‍ നമ്മള്‍ നേരിട്ടു കണ്ടത്…നമ്മടെ പ്രത്യേക ലേഖകന് എന്തു സംഭവിച്ചു എന്നു നോക്കാം.. പി.പി.ഷിജു.. ഇപ്പോള്‍ എന്താണ് സ്ഥിതി.. പോലീസുകാര്‍ പിന്‍വാങ്ങിയോ ?

വല്‍സന്‍… ഞാനിപ്പോഴും സ്ളാബിന്റെ മുകളില്‍ തന്നെയാണ് നില്‍ക്കുന്നത്.. സ്ളാബിന്റെ ഈ ഭാഗത്തു നിന്നു പൊളിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ആളുകളെ രക്ഷിക്കാന്‍ കഴിയൂ എന്ന വാദമുയര്‍ത്തിയാണ് എന്നെ ഇവിടെ നിന്നിറക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ, ഞാനെന്തായാലും ഇറങ്ങാന്‍ പോകുന്നില്ല.. കൂടുതല്‍ പോലീസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.. എന്നോടിവിടുന്നിറങ്ങണമെന്നാവശ്യപ്പെടുന്ന പോലീസുകാരുടെ ദൃശ്യങ്ങളാണ് നിങ്ങളിപ്പോള്‍ കാണുന്നത്…

ഷിജു വളരെപ്പെട്ടെന്നു ഞാന്‍ തിരികെ വരാം… മറ്റൊരു എക്സ്ക്ളൂസീവ് വാര്‍ത്ത എനിക്കിപ്പോള്‍ നിങ്ങളെ അറിയിക്കാനുണ്ട്… ജലദോഷം ബാധിച്ച് ഇന്നലെ ചികില്‍സ തേടിയ ചലച്ചിത്രതാരം വട്ടവിള ജയകുമാര്‍ അന്തരിച്ചു… അദ്ദേഹത്തിന്റെ ശ്വാസം നിലച്ചതായി ആശുപത്രിയില്‍ നിന്നു ഞങ്ങളുടെ മറ്റൊരു പ്രത്യേക ലേഖകന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. വളരെ, വളരെ ആവേശകരമായ ഒരു വാര്‍ത്താദിവസത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.. ഈ വര്‍ഷത്തില്‍ ഇതിനോടകം തന്നെ അനേകം അനേകം ചലച്ചിത്രതാരങ്ങള്‍ മരിച്ചു കഴിഞ്ഞു.. അതുപോലെ പത്തോളം താരങ്ങള്‍ പലവിധ രോഗങ്ങള്‍ മൂലം വിഷമിക്കുകയാണ്.. ഏതു നിമിഷവും എന്തും സംവിക്കാവുന്ന അവസ്ഥയാണ്.. ഇപ്പോള്‍ നമ്മുടെ വട്ടവിളയും കടുത്ത ജലദോഷം മൂലം അന്തരിച്ചിരിക്കുകയാണ്… എന്നാല്‍ വട്ടവിളയുടെ മരണം ബന്ധുക്കളോ ആശുപത്രി അധികൃതരോ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.. വട്ടവിള മരിച്ചിട്ടില്ല എന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടു തന്നെ കൊലവിളി ന്യൂസ് സംശയിക്കുന്നത് വട്ടവിളയുടെ മരണത്തില്‍ എന്തോ ദുരൂഹതയുണ്ടെന്നാണ്… ഞങ്ങളുടെ ലേഖകന്‍ കുട്ടന്‍ ഇപ്പോള്‍ വട്ടവിളയുടെ മൃതദേഹം ഉള്ള ആശുപത്രിയിലുണ്ട്.. എന്റെ കുട്ടാ..വട്ടവിളയ്ക്ക് എന്താണ് സംഭവിച്ചത് ?

വല്‍സന്‍.. സൂപ്പര്‍സ്റ്റാര്‍ വട്ടവിള ജയകുമാര്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെ ഐസിയുവിനു മുന്നിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഇതിനുള്ളില്‍ ഇപ്പോള്‍ വട്ടവിള ഇല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ മോര്‍ച്ചറിയിലേക്കു മാറ്റിക്കഴിഞ്ഞു എന്നാണ് അനുമാനിക്കാന്‍ കഴിയുന്നത്.. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് ജലദോഷവും ചുമയുമായി വട്ടവിള ആശുപത്രിയിലെത്തിയത്.. സ്വയം കാറോടിച്ചാണ് വട്ടവിള എത്തിയത്.. തുടര്‍ന്ന് പാരസെറ്റാമോള്‍ മരുന്ന് അദ്ദേഹത്തിനു നല്‍കിയിട്ടുണ്ടാകുമെന്ന് നമുക്കൂഹിക്കാം.. പക്ഷെ, എങ്ങനെയാണ് വട്ടവിള അന്തരിച്ചത് എന്നതിനിയും വ്യക്തമായിട്ടില്ല.. ആശുപത്രി അധികൃതര്‍ക്കുണ്ടായ കൈപ്പിഴവാണോ അതോ ബന്ധുക്കള്‍ തന്നെ കൊലപ്പെടുത്തിയതാണോ എന്നു തീര്‍ത്തു പറയാറായിട്ടില്ല.. എന്തായാലും ഈ വാര്‍ത്ത ആദ്യമായി ജനങ്ങളിലെത്തിക്കുന്നത് കൊലവിളി ന്യൂസ് ആണെന്നതില്‍ നമുക്ക് പ്രത്യേകം അഭിമാനിക്കാം..

കുട്ടാ.. ഞാന്‍ തിരിച്ചു വരാം.. സൂപ്പര്‍ സ്റ്റാര്‍ വട്ടവിള ജയകുമാര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്.. ജലദോഷം ബാധിച്ച് ആശുപത്രിയിലെത്തിയ വട്ടവിളയെ ആശുപത്രിയില്‍ വച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.. കൊല നടത്തിയത് ആശുപത്രി അധികൃതരാണോ അതോ ഭാര്യയും മക്കളും ചേര്‍ന്നാണോ എന്നത് വ്യക്തമായിട്ടില്ല.. 1940ല്‍ വട്ടവിള എന്ന സിനിമയിലൂടെയാണ് വട്ടവിള ജയകുമാര്‍ സിനിമയിലെത്തിയത്.. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു… വട്ടവിളയുടെ മരണത്തില്‍ ആദ്യമായി അനുശോചനം അറിയിക്കാന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ പലരും ഇപ്പോള്‍ ലൈനിലുണ്ട്.. അതിനു മുമ്പ് വളരെ പെട്ടെന്ന് നമുക്ക് തിരിച്ചുവരാം.. തലസ്ഥാനത്ത് കെട്ടിടം ഇടിഞ്ഞു വീണ് നൂറോളം പേര്‍ സ്ളാബിനടിയില്‍ കുടുങ്ങിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൊലവിളി ന്യൂസ് സംഘത്തെ പോലീസും ഫയര്‍ ഫോഴ്സും തടഞ്ഞുവച്ചിരിക്കുകയാണ്.. പി.പി.ഷിജു എന്താണിപ്പോള്‍ അവിടുത്തെ സ്ഥിതി ?

വല്‍സന്‍.. സ്ളാബിനു മുകളില്‍ നിന്നിറങ്ങില്ല എന്ന നിലപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് പിന്‍വാങ്ങിയ പോലീസ് ഇപ്പോള്‍ ഭൂമി തുരന്ന് ഭൂമിക്കടിയില്‍ കൂടി ആളുകളെ രക്ഷിക്കാനുള്ള നീക്കത്തിലാണ്.. മറ്റു മാധ്യമപ്രവര്‍ത്തകരും ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.. എല്ലാവരും ക്യാമറ സ്ളാബിനു മുകളിലാണ് വച്ചിരിക്കുന്നത്..

ഷിജു.. അപകടം നടന്നിട്ട് ഇപ്പോള്‍ ഒരു മണിക്കൂറോളമാകുന്നു.. ഇനി ആരെങ്കിലും രക്ഷപെടാനുള്ള സാധ്യതയുണ്ടോ ? ഭൂമി തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള നടപടികള്‍ ഏതുവരെയായി ?

അക്കാര്യത്തില്‍ ഒന്നും പേടിക്കാനില്ല വല്‍സന്‍.. ഇപ്പോഴത്തെ അവസ്ഥയില്‍ സ്ളാബിനടിയില്‍ നിന്ന് ഒരാളും രക്ഷപെടില്ല.. ഏകദേശം 150 പേരോളം മരിച്ചിട്ടുണ്ടാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം.. ഭൂമിക്കടിയിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തിയാലും ഭൂമി കുഴിച്ചു കുഴിച്ചു ചെല്ലുമ്പോള്‍ ഭൂമി ഇടിഞ്ഞ് രക്ഷാപ്രവര്‍ത്തകരടക്കം ഒരു 100 പേര്‍ കൂടി മരിക്കാനുള്ള സാധ്യത കാണുന്നുണ്ട്.. അതുകൊണ്ട് അപ്പോഴത്തേക്കും ഒരു നാലു യൂണിറ്റും രണ്ട് ഒബി വാനും കൂടി ഇങ്ങോട്ടയക്കണം.. ഇത്ര വലിയ ഒരു ദുരന്തം പ്രേക്ഷകരെ തല്‍സമയം കാണിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അതൊരു നേട്ടമായിരിക്കും..

ഷിജു… തീര്‍ച്ചയായും.. ഭൂമി തുരക്കുന്ന ജോലികള്‍ ആരംഭിച്ചോ ?

ഇല്ല വല്‍സന്‍… പോലീസുകാരും ഫയര്‍ ഫോഴ്സും ജോലി തുടങ്ങിയിട്ടില്ല.. മാധ്യമപ്രവര്‍ത്തകര്‍ സ്ളാബിനു മുകളില്‍ നിന്നിറങ്ങണമെന്നു വാശിപിടിച്ചതില്‍ പൊലീസ് ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് ഭൂമി തുരക്കാനുദ്ദേശിച്ച സ്ഥലത്ത് മാധ്യമപ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി ഭജന, ക്ഷമിക്കണം ധര്‍ണയിരിക്കുകയാണ്.. പോലീസുകാര്‍ മാധ്യമപ്രവര്‍ത്തകരുടെ കാലു പിടിച്ചു മാപ്പു പറയാതെ ജോലി തുടങ്ങാന്‍ സമ്മതിക്കില്ലെന്നാണ് ഞങ്ങളുടെ നിലപാട്..

ഷിജു, ഞാന്‍ തിരിച്ചു വരാം… വട്ടവിള ജയകുമാറിന്റെ മരണത്തില്‍ അനുശോചിക്കാന്‍ താരസംഘടനയായ അമ്മായിയുടെ സെക്രട്ടറി ഇപ്പോള്‍ കൊച്ചി സ്റ്റുഡിയോയിലുണ്ട്.. എന്താണ് ആദ്യപ്രതികരണം ?

സത്യത്തില്.. ഞാനാകെ സംസാരിക്കാന്‍ വയ്യാത്ത ഒരവസ്ഥയിലാണ്.. വട്ടവിള എനിക്ക് അച്ഛനെപ്പോലെയായിരുന്നു.. ഒരു നല്ല ചേട്ടനായിരുന്നു, അനിയനായിരുന്നു.. അമ്മാവനും സുഹൃത്തും ചില സമയങ്ങളില്‍ ഭാര്യയുമൊക്കെയായിരുന്നു.. സിനിമയില്‍ വട്ടവിളയ്ക്ക് ഏറ്റവുമടുപ്പം എന്നോടായിരുന്നു… എന്നെ ചേട്ടാ എന്നേ വിളിക്കുമായിരുന്നുള്ളൂ.. എന്തെങ്കിലും സങ്കടം വന്നാല്‍ അപ്പോള്‍ എന്റെയടുത്ത് ഓടിയെത്താറുണ്ടായിരുന്നു.. അദ്ദേഹം ഇത്ര പെട്ടെന്നു മരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷെ, മരണത്തെപ്പറ്റി അദ്ദേഹം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.. കഴിഞ്ഞയാഴ്ച ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞ് പോകാന്‍ നേരം വട്ടവിള എന്റെ കയ്യില്‍ പിടിച്ച് പോട്ടേടോ.. എന്നൊരു പറച്ചില്‍ പറഞ്ഞിരുന്നു.. അത് മരണത്തിലേക്കുള്ള യാത്ര പറച്ചിലായിരുന്നു എന്നിപ്പോഴാണ് മനസ്സിലാവുന്നത്..

നന്ദി മിസ്റ്റര്‍ സെക്രട്ടറി.. വട്ടവിള ജയകുമാര്‍ കൊല്ലപ്പെട്ടതാണെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് അദ്ദേഹം മരണം പ്രതീക്ഷിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.. അദ്ദേഹത്തിനു വധഭീഷണി ഉണ്ടായിരുന്നു എന്നു വേണം നമ്മള്‍ അനുമാനിക്കാന്‍.. വട്ടവിളയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലെ അവസ്ഥ എന്താണെന്നു നമുക്ക് നോക്കാം.. കുട്ടന്‍.. എന്താണവിടുത്തെ സ്ഥിതി ?

വല്‍സന്‍..വട്ടവിളയെ ആശുപത്രി അധികൃതര്‍ കൊന്നതാണെന്ന കൊലവിളി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വട്ടവിള ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആശുപത്രി തല്ലിപ്പൊളിച്ചു കൊണ്ടിരിക്കുകയാണ്.. ഡോക്ടര്‍മാരെല്ലാവരും തന്നെ അടികൊണ്ടു വീണു കഴിഞ്ഞു.. ഫാന്‍സുകാര്‍ നഴ്സുമാരുടെ സാരിയഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കാണുന്നത്.. അതേ സമയം, മോര്‍ച്ചറിയില്‍ വട്ടവിളയുടെ മൃതദേഹം കാണുന്നില്ല എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.. മോര്‍ച്ചറിയിലും ഐസിയുവിലുമില്ലെങ്കില്‍ വട്ടവിള പിന്നെവിടെപ്പോയി എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.. വട്ടവിളയുടെ ബന്ധുക്കളും ആശുപത്രിയിലില്ല..

കുട്ടാ.. കുട്ടാ.. ഞാന്‍ തിരിച്ചു വരാം.. വളരെ സുപ്രധാനമായ വാര്‍ത്ത നല്‍കാന്‍ തലസ്ഥാനത്തു നിന്ന് പി.പി.ഷിജു കാത്തു നില്‍ക്കുന്നു.. അവിടെ നിന്നുള്ള ദൃശ്യങ്ങളില്‍ പോലീസുകാരും ഫയര്‍ ഫോഴ്സും മടങ്ങിപ്പോകുന്നതാണ് കാണാന്‍ സാധിക്കുന്നത്.. ക്വട്ടേഷന്‍ സംഘങ്ങളാണെന്നു തോന്നുന്നു..ഒരു സംഘമാളുകള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്യുന്നതും കാണാം..ഷിജു, പറയൂ എന്താണ് അവിടെ നടക്കുന്നത് ?

വല്‍സാ.. ഇവിടെ ഇപ്പോള്‍ നടക്കുന്നത് നല്ല അടിയാണ്.. നാട്ടുകാരാണ് ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരെ അടിച്ചുകൊണ്ടിരിക്കുന്നത്… പ്രധാനമായും ഇതിനടിയില്‍ ആളുകളാരും ഇല്ല എന്ന വാര്‍ത്തയാണ് നമുക്കിപ്പോള്‍ നല്‍കാന്‍ കഴിയുന്നത്.. മറ്റൊരു സംഗതി കെട്ടിടം ഉടമ തന്നെ പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിയുന്നതിനു വേണ്ടി ഈ പ്രദേശമെല്ലാം ഒഴിപ്പിച്ച ശേഷമാണ് കെട്ടിടം പൊളിച്ചത്.. അതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ഇവിടെ കാണുന്നത്.. മറ്റേ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശബ്ദം മാറ്റി സ്ളാബിനടിയില്‍ നിന്നാണെന്നു പറഞ്ഞ് നമ്മളെ പറ്റിച്ചതാവാനാണ് സാധ്യത എന്നും നമുക്കനുമാനിക്കാം..

നന്ദി ഷിജു.. ഇനി ഷിജുവിന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം… വട്ടവിളയിലേക്കു നമുക്കു തിരിച്ചു വരാം.. എവിടെയാണ് വട്ടവിളയുടെ ഡെഡ്ബോഡി ? ഐസിയുവിലും മോര്‍ച്ചറിയിലുമില്ലാത്ത സ്ഥിതിക്ക് നമുക്ക് വട്ടവിളയുടെ വീട്ടിലേക്ക് ഒന്നു വിളിച്ചു നോക്കാം… ഹലോ.. വട്ടവിള ജയകുമാറിന്റെ വീടല്ലേ ?

അതെ…

പറയൂ.. എന്താണ് സംഭവിച്ചത് ? വട്ടവിള ജയകുമാറിന്റെ ശരീരം എവിടെയാണ് ?

ശരീരം ഇവിടെയുണ്ട്..

എങ്ങിനെ ? എങ്ങിനെയാണ് നിങ്ങള്‍ ശരീരം മാധ്യമങ്ങളുടെയും ആശുപത്രി അധികൃതരുടെയും കണ്ണുവെട്ടിച്ച് അവിടെ നിന്നു കടത്തിക്കൊണ്ടു വന്നത് ?

ചുമ്മാ.. കൂളായിട്ട് ഇങ്ങു കൊണ്ടു പോന്നു..

നിങ്ങള്‍ വ്യക്തമായി കാര്യങ്ങള്‍ പറയൂ… നിങ്ങള്‍ വട്ടവിളയുടെ ആരാണ് ?

വട്ടവിളയുടെ ആരുമല്ല..

വട്ടവിളയുടെ ആരെങ്കിലുമവിടെയുണ്ടെങ്കില്‍ ഫോണ്‍ കൊടുക്കൂ… ഭാര്യയോ മക്കളോ..

ഇല്ല.. അവരെല്ലാം ഒരു സിനിമയ്ക്കു പോയിരിക്കുകയാണ്..

ഈ സമയത്ത് സിനിമയ്ക്ക് പോകാനും അവര്‍ക്കു കഴിയുന്നു… നിങ്ങള്‍ വട്ടവിളയുടെ ആരുമല്ലെന്നു പറയുന്നു.. പിന്നെ നിങ്ങളാരാണ്..?

ഞാന്‍ തന്നെയാണെടാ നാറീ വട്ടവിള ജയകുമാര്‍.. നീ ടിവിയില്‍ കൂടി പറയുന്നതൊക്കെ ഇവിടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.. ഇന്നലെ ജലദോഷത്തിനു മരുന്നു വാങ്ങാന്‍ ആശുപത്രി വരെ പോയ എന്നെ നീയൊക്കെ കൊന്നു.. ഇക്കണക്കിനു ഞാന്‍ ശരിക്കും ചത്താല്‍ നീയൊക്കെ കൂടി എന്റെ ശവം കുത്തിക്കീറി ചാനലില്‍ കാണിക്കുമല്ലോടാ കള്ളനായി…

സാങ്കേതികത്തകരാറു മൂലം ലൈന്‍ ഡിസ്കണക്ടായിരിക്കുകയാണ്… ഇനിയൊരിടവേള.. ഇടവേളയ്്ക്കു ശേഷം…
തലസ്ഥാനത്ത് കെട്ടിടം ഇടിഞ്ഞു വീണ് അളുകള്‍ അടിയില്‍ കുടുങ്ങിയെന്ന പ്രചരണം പരിഭ്രാന്തി പരത്തി…
സൂപ്പര്‍ സ്റ്റാര്‍ വട്ടവിള ജയകുമാറിന്റെ ഫാന്‍സ് ആശുപത്രി തല്ലിത്തകര്‍ത്തു….
ടങ് ടടേണ്‍..!

റിപ്പോര്‍ട്ടര്‍: ഒരു അഭിമുഖം

നമസ്കാരം, ബെര്‍ളിത്തമ്പ്രാനെ മാത്രം ഇന്റര്‍വ്യൂ ചെയ്യുന്നു എന്ന പരാതി കുറെ നാളായി ഈ ബ്ളോഗില്‍ ആളുകള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണല്ലോ. മാതൃഭൂമി പത്രത്തില്‍ വീരേന്ദ്രകുമാറിനെയും കൈരളിയില്‍ പിണറായി സഖാവിനെയും ഷാലോം ടിവിയില്‍ പള്ളീലച്ചന്‍മാരെയും കാണിക്കരുത് എന്നു പറയുന്നതു പോലെയാണ് ഈ ബ്ളോഗില്‍ (ഫെബ്രുവരി ഒന്നു മുതല്‍ ഞങ്ങള്‍ അങ്ങുന്ന് എന്നു വിളിക്കണമെന്നാണ് കല്‍പന) തമ്പ്രാനെപ്പറ്റി ഒന്നും കൊടുക്കരുത് എന്നു പറയുന്നതെങ്കിലും വിശാലമനസ്കനായ തമ്പ്രാന്റെ അനുമതിയോടെ ആ പരാതി പരിഹരിക്കുന്നതിനായി ഞങ്ങള്‍ തമ്പ്രാന്‍ അല്ലാതെ ഒരാളെ ഇവിടെ അവതരിപ്പിക്കുകയാണ്. ഇദ്ദേഹം ആരാണ് എന്നുള്ളത് തന്നെ കേട്ടാല്‍ ഒരു കടങ്കഥയാണ്. ഏതാണ്ട് ആയിരത്തോളം അഭിമുഖങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ അഭിമുഖമാണ് ഇത്. കണ്‍ഫ്യൂഷനായി അല്ലേ ? ഒരു പ്രമുഖ ടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആണിദ്ദേഹം. ചാനലിന്റെ ഏറ്റവും പ്രധാനിയായ റിപ്പോര്‍ട്ടര്‍മാരിലൊരാളായ അദ്ദേഹത്തിന്റെ ചാനല്‍ ജീവിതത്തെ പറ്റി നമ്മളോട് മനസ്സു തുറക്കുകയാണ്. ഒരു മുഖവുരയില്ലാതെ തന്നെ നമ്മള്‍ നേരിട്ട് ഇന്റര്‍വ്യൂവിലേക്കു കടക്കുകയാണ്.

ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ താങ്കളും റിപ്പോര്‍ട്ടറായിരുന്നല്ലോ, കലോല്‍സവ കപ്പ് ഒടിച്ചു രണ്ടു പീസാക്കി എന്നു പറയുന്നതിന്റെ സത്യമെന്താണ് ?

കപ്പൊടിച്ചത് ഞങ്ങളല്ല മറ്റേ നാറികളാണ്. കലോല്‍സവപ്പന്തലിന്റെ അടുത്ത് മിനി സ്റ്റുഡിയോയും ഇട്ട് ക്യാമറയുമായി ഞങ്ങളിരിക്കുന്നത് പിന്നെ ഊം..

സര്‍, സര്‍..പ്ളീസ്.. സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കാനുള്ള അവകാശം ഞങ്ങടെ തമ്പ്രാനു മാത്രമുള്ളതാണ്..

ഹല്ല പിന്നെ.. ഞങ്ങളവിടെ ലൈവ് കൊടുക്കുന്നുണ്ടെങ്കില്‍ കപ്പുമായി നില്‍ക്കുന്ന ടീമിന്റെ വിഷ്വല്‍ ആദ്യം കൊടുക്കാനുമറിയാം.. മറ്റേ നാറികള്‍ കൊടുത്തുകഴിഞ്ഞിട്ടു കൊടുക്കാനാണെങ്കില്‍ ഞാനൊക്കെ പിന്നെ ചെരയ്ക്കാന്‍ പോയാല്‍ പോരേ ?

എങ്കിലും സ്കൂള്‍ കലോല്‍സവം പോലൊരു പരിപാടി ഇങ്ങനെ കുളമാക്കിയത് മോശമായിപ്പോയില്ലേ ?

എന്തോന്ന് കലോല്‍സവം, ഞങ്ങള്‍ ചാനലുകളില്ലെങ്കില്‍ കലോല്‍സവമുണ്ടോ ? ഞങ്ങടെ ലൈവില്ലെങ്കില്‍ കേരളമുണ്ടോ ? എന്നിട്ടു ഗപ്പു മാത്രം ഞങ്ങള്‍ക്കു കിട്ടിയില്ലെന്നു പറഞ്ഞാല്‍. ഗപ്പു രണ്ടു പീസായതു കൊണ്ട് അവന്‍മാര്‍ രക്ഷപെട്ടു എന്നു കൂട്ടിക്കോ.. ഗപ്പെങ്ങാനും അവന്‍മാര്‍ തട്ടിക്കൊണ്ടു പോയിരുന്നേല്‍ അമ്മച്ചിയാണേ അവന്റെ സ്റ്റുഡിയോയില്‍ കയറി അവന്റെ പള്ളയ്ക്കു ഞാന്‍ കത്തി കേറ്റിയേനെ.. കലോല്‍സവമുറ്റത്ത് അവന്റെ കൊടലും പണ്ടോം വീണേനെ..

അപ്പോള്‍ കേസാവില്ലേ ? അകത്തു പോവില്ലേ ?

ഹഹഹഹ… കേസാവാനോ ? മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഇവിടെ ഏതു നാറിയ്ക്കാണ് ചുണയുള്ളത് ? എക്സ്പോസ് ചെയ്തു കളയും ഞങ്ങള്‍.. പ്രൈം ടൈമില്‍ നാലു ദിവസം ഒരു വീശങ്ങു വീശിയാല്‍ സര്‍ക്കാര്‍ മൂക്കുകുത്തി കിടക്കും പിന്നെയാ കോപ്പിലെ കലോല്‍സവം.. കൂടുതല്‍ ഇട്ടു കെളത്തല്ലേ.. നിന്റെ മറ്റോന്റെ ബ്ളോഗും പൂട്ടിച്ച് കെട്ടുകെട്ടിച്ചു കളയും ഞാന്‍..

എന്തുകൊണ്ടാണ് നിങ്ങള്‍ ചാനലുകള്‍ തമ്മിലിങ്ങനെ മല്‍സരിക്കുന്നത് ? പ്രേക്ഷകരെ സംബന്ധിച്ച് എല്ലാവരും ഒരുപോലെയല്ലേ ?

എല്ലാ ചാനലും ഒരുപോലെയാണെന്നോ ? കേരളത്തില്‍ വാര്‍ത്ത എന്നു വച്ചാല്‍ എന്താണെന്നു ഇവിടുത്തെ വായില്‍ നോക്കികളെ അറിയിച്ചു കൊടുത്തത് ഞങ്ങളുടെ ചാനലല്ലേ. അല്ലെങ്കിലും മറ്റേ ചാനലില്‍ ഇപ്പോഴുള്ള നാറികളെല്ലാം ഞങ്ങളുടെ ചാനലില്‍ നിന്നു പോയവരാണ്. അവനൊക്കെ അവിടെപ്പോയി ഞങ്ങക്കിട്ടു പണിയുമ്പം കയ്യും കെട്ടി നോക്കി നില്‍ക്കണോ ? അല്ലെങ്കിലും ഇവനോടൊക്കെയുള്ള ഉടക്ക് പ്രസ് ക്ളബില്‍ പഠിക്കുന്ന കാലത്തേ തുടങ്ങിയിട്ടുള്ളതാ… അന്നു ഞങ്ങളുടെ ബാച്ചിലൊരു നിഷ ഉണ്ടായിരുന്നു.. ഞാനും നിഷയും ബൌദ്ധികമായി നല്ല അടുപ്പത്തിലായിരുന്നു.. ഞങ്ങള്‍ ഒന്നിച്ച് മറയൂരിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ ആണ് പ്രോജക്ട് ആയി തിരഞ്ഞെടുത്തത്. മറയൂര് പോയി ഒരാഴ്ച ഒന്നിച്ചു താമസിച്ചു റിപ്പോര്‍ട്ട് ഉണ്ടാക്കിയത് അവന്‍മാര്‍ക്ക് സുഖിച്ചില്ല.. അന്നു മുതല്‍ തുടങ്ങിയതാണ് ഈ വെറുപ്പിക്കല്‍.. കൊടുക്കും ഞാന്‍ പണി..

പക്ഷെ സര്‍.. നിങ്ങളൊക്കെ പ്രൊഫഷനലുകളല്ലേ ? ഇങ്ങനത്തെ സില്ലി ആയ പ്രശ്നങ്ങളുടെ പേരില്‍ ?

ഇതൊക്കെ സില്ലി ആണെനന്ന് ആരു പറഞ്ഞു ? ഇതൊന്നും അത്ര സില്ലിയായി അവസാനിക്കാനും പോകുന്നില്ല.. ഇത്തവണ അവന്റെ ഒബി വാനിന്റെ ടയറിന് അള്ള് വച്ചിട്ടാണു ഞാന്‍ പോന്നത്.. കള്ളക്കഴുവേറി, അവനെന്നെ ശരിക്കും മനസ്സിലായിട്ടില്ല.. തെണ്ടി !

സര്‍, പ്ളീസ്.. കലോല്‍സവത്തില്‍ ഏതൊക്കെ ഐറ്റങ്ങളാണ് സര്‍ റിപ്പോര്‍ട്ട് ചെയ്തത് ?

എല്ലാം.. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപപ്പുടി, മിമിക്രി, മോണോ ആക്ട്, ചമ്പു പ്രഭാഷണം, യക്ഷഗാനം, മൈം അങ്ങനെ എല്ലാം ഞാന്‍ തന്നെയായിരുന്നു..വിന്നേഴ്സിനെ എല്ലാം അദ്യം അവതരിപ്പിച്ചതും ഞങ്ങടെ ചാനലായിരുന്നു.. അല്ലാതെ ക്യാമറ ഓട്ടോയിലിട്ട് കയ്യും കെട്ടി കസേരപ്പുറത്തിരിക്കുന്ന പണി ഞങ്ങടെ ചാനലിനിലല്ല, എമ്പോക്കികള്‍..

ഇത്രയും ഐറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതെല്ലാം കണ്ടു വിലയിരുത്തേണ്ടി വരില്ലേ ?

ഇതൊക്കെ കാണാനെന്റെ തലയ്ക്കെന്നാ ഓളമുണ്ടോ ? സമ്മാനം കിട്ടിക്കഴിയുമ്പോള്‍ കൊച്ചും കൊച്ചിന്റെ അമ്മയും കൂടി ചാനലിന്റെ സ്റ്റുഡിയോയിലെത്തും. അതിനു വേണ്ടി നാലു ഗുണ്ടകളെ വീതം വണ്ടിയുമായി ഓരോ സ്റ്റേജിനരികിലും ഞങ്ങള്‍ നിര്‍ത്തിയിരുന്നു.. സമ്മാനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ പൊക്കും.. പിന്നെ ഞങ്ങടെ സ്റ്റുഡിയോയില്‍ മേക്കപ്പിട്ടിരുത്തും.. അപ്പോള്‍ മറ്റേ നാറികള്‍ കൊച്ചിനെ അവിടം മുഴുവന്‍ തപ്പുകയായിരിക്കും..

അവരും ഇതുപോലെ ഗുണ്ടകളെ നിര്‍ത്തില്ലേ ?

ആ ഗുണ്ടകളെ ഇടിച്ചു ലെവലാക്കാന്‍ പറ്റുന്ന ഗുണ്ടകളെയാണല്ലോ ഞങ്ങളിറക്കുന്നത്.. അതു കൊള്ളാം..

ഗുണ്ടകളെക്കുരിച്ചും ക്വട്ടേഷന്‍കാരെക്കുറിച്ചും വാര്‍ത്ത കൊടുക്കുന്ന നിങ്ങള്‍ തന്നെ ഇവരെ ഉപയോഗിക്കുന്നത് ശരിയാണോ ?

നിങ്ങള്‍ ഇത്തരം വിവരക്കേടുകള്‍ എന്നെപ്പോലൊരു പ്രഗല്‍ഭനായ റിപ്പോര്‍ട്ടരോടു ചോദിക്കരുത്.. പ്രസ്സ് എന്നു വച്ചാല്‍ പവര്‍ ആണ്.. ഏതു രാഷ്ട്രീയക്കാരനെയും ക്വട്ടേഷന്‍കാരെയുമൊക്കെ ചെറുവിരലില്‍ നിര്‍ത്താനുള്ള പവര്‍.. നാലാംകിട ബ്ളോഗില്‍ ചൊറിയുന്ന നിനക്കൊന്നും അത് ഫീല്‍ ചെയ്യില്ല..

അങ്ങനെ ഗുണ്ടകളെ ഉപയോഗിച്ചുള്ള മാധ്യമപ്രവര്‍ത്തനം അല്ലാതെ വ്യത്യസ്തമായ വാര്‍ത്തകള്‍ കണ്ടെത്തി നല്‍കി പ്രേക്ഷകരെ പിടിച്ചു നിര്‍ത്താവുന്നതല്ലേയുള്ളൂ ?

അതും ഞാന്‍ ചെയ്യുന്നുണ്ട്.. കഴിഞ്ഞ കലോല്‍സവത്തില്‍ ഏറ്റവുമധികം വ്യത്യസ്തമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്.. ഓരോ കലാരൂപത്തിന്റെയും അന്തരാത്മാവിലേക്കിറങ്ങിയിട്ടുളഅള റിപ്പോര്‍ട്ടുകളായിരുന്നു എല്ലാം.. ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്യാത്ത വാര്‍ത്തകള്‍..

ഉദാഹരണത്തിന് ഒന്നു രണ്ടെണ്ണം പറയാമോ ?

രണ്ടോ ? ഹും, കലോല്‍സവത്തിലെ ഏറ്റവും ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ കംപ്ളീറ്റും എന്റേതായിരുന്നു. ഏറ്റവും കൂടുതല്‍ ശിഷ്യന്‍മാരുണ്ടായിരുന്ന ഗുരു, അച്ഛന്‍ മരിച്ചതിന്റെ പിറ്റേ ദിവസം കലോല്‍സവത്തിനു വന്ന കുട്ടി, കഥകളിക്കു പങ്കെടുത്ത മുസ്ലിം കുട്ടി, ഒപ്പനയില്‍ പങ്കെടുത്ത ഹിന്ദു കുട്ടി, മിമിക്രിക്കു സമ്മാനം കിട്ടിയ കുട്ടിയുടെ വീട്ടിലെ പട്ടിയും മിമിക്രി അങ്ങനെ എല്ലാം എന്റെ റിപ്പോര്‍ട്ടുകളായിരുന്നല്ലോ..

കലോല്‍സവത്തിന്റെ ഭക്ഷണപ്പന്തലില്‍ വച്ച് നിങ്ങള്‍ ചാനലുകാര്‍ സംഘാടകരെ ഇടിച്ചതായി ഒരു വാര്‍ത്ത കേട്ടല്ലോ ? എന്താണ് അതിന്റെ സത്യം ?

നാറികള്‍.. അവന്മാരെ കൊല്ലുകയായിരുന്നു വേണ്ടത് ? ഭക്ഷണപ്പന്തലില്‍ പാസ് എടുത്തു ക്യൂ നിന്നു കയറണം എന്ന് നാറികള്‍ അവിടെ എഴുതി വച്ചു.. യേത് ? ഞങ്ങള്‍ മീഡിയ പേഴ്സണ്‍സ് കാണുന്ന പോലെ അതെഴുതി വയ്ക്കാന്‍ അവന്‍മാര്‍ക്കെങ്ങിനെ ധൈര്യം വന്നു. പ്രസ്സിനെ പറ്റി ചെറ്റകള്‍ എന്താണ് വിചാരിച്ചിരിക്കുന്നത് ? ഞങ്ങളിന്നു വരെ എവിടെയെങ്കിലും പാസ് എടുത്തതായോ ക്യൂ നിന്നതായോ കേട്ടിട്ടുണ്ടോ ? എന്നിട്ടാണ് കൂതറ കലോല്‍സവക്കാരുടെ ഫ്രോഡ് ജാഡകള്‍.. ഞാന്‍ നേരേ പുറത്തേക്കുള്ള വാതിലിലൂടെ ചെന്നു അപ്പോള്‍ അവിടെ നിന്നവന്‍ പറഞ്ഞു അകത്തേക്കുള്ള വാതിലിലൂടെയേ കയരാന്‍ പറ്റൂ എന്ന്.. ഞാന്‍ പ്രസ്സാണെന്നു പറഞ്ഞിട്ട് അവന്‍ ഞെട്ടിയില്ലെന്നു മാത്രമല്ല പുറത്തേക്കുള്ള വാതിലിലൂടെ അകത്തേക്കു പോവാന്‍ പറ്റില്ലെന്ന് ഒരേ വാശി.. മീഡിയ പേഴ്സണ്‍ എന്ന നിലയ്ക്കുള്ള അവകാശങ്ങവ് സംരക്ഷിക്കേണ്ടത് മുഴുവന്‍ പത്രപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള കടമയായി കണ്ട് ഞാനവനെ അടിച്ചു.. കുനിച്ചു നിര്‍ത്തി മുട്ടുകാല്‍ കയറ്റി.. മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ പത്രസ്വാതന്ത്യ്രത്തിനു മേലുള്ള ഒരു കടന്നുകയറ്റവും ഞങ്ങള്‍ അനുവദിക്കില്ല..

സാറിന് റിപ്പോര്‍ട്ട് ചെയ്യണം എന്നാഗ്രഹമുള്ള പരിപാടി.. അങ്ങനെ എന്തെങ്കിലുമുണ്ടോ സര്‍ ?

അങ്ങനെ ചോദിച്ചാല്‍.. ഈ കലോല്‍സവം വിജയകരമായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അനുഭവം വച്ചു പറയുകയാണ്.. ഓസ്കര്‍ അവാര്‍ഡും ഒളിംപിക്സും കൂടി എനിക്കു റിപ്പോര്‍ട്ട് ചെയ്താല്‍ കൊള്ളാമെന്നുണ്ട്.. മലയാളം ചാനല്‍ റിപ്പോര്‍ട്ടറുടെ പവറെന്താണെന്ന് അവന്‍മാരെക്കൂടി അറിയിച്ചു കൊടുക്കണം.. അവിടെയൊക്കെയുണ്ടോ ജേര്‍ണലിസമുള്ളൂ..

ഇത്രയും നേരം വിലപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചതില്‍ ഞങ്ങളുടെ പ്രത്യേക നന്ദി അറിയിക്കുന്നു സര്‍..

ഓ പിന്നേ, എന്നോടാ കളി.. !