സിസ്റ്റര്‍ ഇറ്റാലിയന്‍ ചന്ദ്രലേഖ

കന്യാസ്ത്രീമഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നു കന്യാസ്ത്രീകള്‍ പുറത്തേക്കു വന്നു സാമൂഹികപ്രവര്‍ത്തനം നടത്തണമെന്നും അവരുടെ മുഖത്തെ ചിരിയില്‍ യഥാര്‍ഥസന്തോഷം തെളിയണമെന്നും കത്തോലിക്കാ സഭയിലെ ഏറ്റവും വിപ്ലവകാരിയായ ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പ്പാപ്പ പറഞ്ഞിട്ട് അധികകാലമായിട്ടില്ല. ഈ മാര്‍പ്പാപ്പയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നു കസ്തൂരിരംഗന്‍ ക്രിസ്ത്യാനികളല്‍ പലരും ആരോപിക്കുമ്പോള്‍ സഭ ലോകത്തോടൊപ്പം നന്മയോടൊപ്പം മുന്നോട്ടു പോകണമെന്നാഗ്രഹിക്കുന്ന കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു വിസ്മയമാണ്.

കന്യാസ്ത്രീകള്‍ കിണറ്റില്‍ മരിച്ചു കിടക്കുകയും എത്ര അന്വേഷിച്ചിട്ടും സത്യം പുറത്തുവരാതിരിക്കുകയും ചെയ്യുന്ന കേരളം പോലുള്ള ദൈവത്തിന്റെ സ്വന്തം ദേശങ്ങളില്‍ ബിഷപ്പുമാരും കന്യാസ്ത്രീകളും അച്ചന്‍മാരുമെല്ലാം മാര്‍പ്പാപ്പയില്‍ നിന്നും പലതും പഠിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങി സാമ്പത്തികലാഭമുണ്ടാക്കുന്നതിനപ്പുറം സമൂഹത്തോടൊപ്പം സജീവമായി ജീവിക്കുമ്പോഴാണ് ഏതു സമുദായപൗരോഹിത്യവും ജനകീയമാകുന്നത്. സിനിമയിലഭിനയിക്കുന്ന വൈദികരെ പുറത്താക്കുകയും പുസ്തകമെഴുതുന്ന കന്യാസ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന സംസ്‌കാരത്തില്‍ നിന്നും എത്രത്തോളം വളരാം എന്ന അന്വേഷണത്തില്‍ ഇറ്റലിയിലെ സൂപ്പര്‍ ഹിറ്റ് സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയ ഒരു നാഴികക്കല്ലാണ്.

എല്ലാ കന്യാസ്ത്രീകള്‍ക്കും മദര്‍ തെരേസയോ അല്‍ഫോന്‍സാമ്മയോ ഒന്നും ആകാന്‍ കഴിയില്ല. എങ്കിലും ഓരോരുത്തരും അവരവരുടെ കഴിവുകള്‍ അടക്കിപ്പിടിച്ച് ഇവരിലാരെങ്കിലുമാകാന്‍ പരിശീലിക്കണം എന്നു വാശിപിടിക്കുന്നതും നല്ലതല്ല. എഴുത്തുകാരും പാട്ടുകാരും നര്‍ത്തകരുമൊക്കെയായ എത്രയോ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകുന്നതോടെ നിശബ്ദരായിപ്പോകുന്നു. കന്യാസ്ത്രീ മഠത്തിന്റെ ചുവരുകള്‍ക്കുള്ളില്‍, തിരുവസ്ത്രത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതികളാക്കി സ്വയം തടവറ തീര്‍ത്തു കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയ ഒരാവേശവും പ്രചോദനവുമായിത്തീരട്ടെ എന്നു പ്രത്യാശിക്കുന്നു.

ക്രിസ്റ്റിന 25കാരിയ റോമന്‍ കത്തോലിക്ക കന്യാസ്ത്രീയാണ്. ഇന്നലെ വരെ അപ്രശസ്തയായിരുന്ന ഈ ഇറ്റലിക്കാരി ഇന്നു യൂ ട്യൂബിലെ വൈറല്‍ താരമാണ്. വോയ്‌സ് ഓഫ് ഇറ്റലി റിയാലിറ്റി ഷോയിലെ പാട്ടുകാരിയായെത്തിയ സിസ്റ്റര്‍ ക്രിസ്റ്റിനയുടെ ഓഡിഷന്‍ വിഡിയോ നാലു ദിവസം കൊണ്ട് കണ്ടത് മൂന്നു കോടിയോളം പേരാണ്. മല്‍സരാര്‍ഥിയെ കാണാതെ തിരിഞ്ഞിരുന്നു പാട്ടു കേട്ട ശേഷം പാട്ടുകാരിയെ മല്‍സരത്തിലേക്കു സ്വീകരിച്ചു കൊണ്ടു തിരിയുന്ന വിധികര്‍ത്താക്കള്‍ പാടിത്തകര്‍ക്കുന്നത് ഒരു കന്യാസ്ത്രീയാണെന്നു കാണുമ്പോള്‍ തകര്‍ന്നുപോകുന്നതാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകള്‍ക്കും വേണ്ടി സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയയുടെ വോയ്‌സ് ഓഫ് ഇറ്റലി ഓഡിഷന്‍ വിഡിയോ സമര്‍പ്പിക്കുന്നു. ശുഭദിനം.

സോഷ്യല്‍ മീഡിയ സ്റ്റാര്‍ സിംഗര്‍

സിനിമയില്‍ പാടാനവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന റിയാലിറ്റി ഷോകളിലെ ചീഞ്ഞുനാറിയ നാടകങ്ങളും വോട്ടിങ് തട്ടിപ്പുകളും ഒരു വര്‍ഷത്തോളം നീളുന്ന ടാം റേറ്റിങ് മല്‍സരവും പിന്നെയൊരു പതിനായിരം പരസ്യങ്ങളുമില്ലാതെ സാധാരണക്കാരായിയായ ഒരു ചന്ദ്രലേഖയെ സിനിമാ പിന്നണിഗായികയാക്കിയ സോഷ്യല്‍ മീഡിയയ്ക്ക് ഒരു സല്യൂട്ട്. പാട്ടിനൊപ്പം നൃത്തം ചെയ്യാതെ, സംഗതികള്‍ എണ്ണിത്തികയ്ക്കാതെ, ജഡ്ജസിനു മുന്നില്‍ അടിമയെപ്പോലെ നില്‍ക്കാതെ, എസ്എംഎസുകള്‍ക്കായി യാചിക്കാതെ, ഒരേയൊരു പാട്ടു മാത്രം പാടി കിരീടം ചൂടിയ ചന്ദ്രലേഖയുടെ വിജയം സോഷ്യല്‍ മീഡിയയുടെ വിജയകഥകളോടൊപ്പം എഴുതിച്ചേര്‍ക്കാം. സംവിധായകരും തിരക്കഥാകൃത്തുക്കളും പരസ്യക്കമ്പനികളുമില്ലാത്ത സോഷ്യല്‍ മീഡിയ റിയാലിറ്റി ഷോയെക്കാള്‍ റേറ്റിങ് മറ്റൊന്നിനുമുണ്ടാവില്ല.

ചന്ദ്രലേഖ ഒരു പ്രതീകമാണ്. കൂട്ടായ പരിശ്രമത്തിന്റെ, പൊതുവികാരത്തിന്റെ, അറിഞ്ഞോ അറിഞ്ഞാതെയോ നല്ലതിനെ അംഗീകരിച്ചുപോകുന്ന മനസ്സിന്റെ ഒക്കെ പ്രവര്‍ത്തനഫലമാണ് ചന്ദ്രലേഖ നേടിയ വിജയം. മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ പാടിയ ചന്ദ്രലേഖയും അത് ചിത്രീകരിച്ചു യു ട്യൂബിലിട്ട ബന്ധുവും ആ വിഡിയോ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്ത പതിനായിരങ്ങളും ഈ ചലനം വാര്‍ത്തയാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇത് ശ്രദ്ധിച്ച് ഈ പുതുമുഖത്തിന് അവസരം നല്‍കിയ ചലച്ചിത്രപ്രവര്‍ത്തകരും എല്ലാം ചന്ദ്രലേഖയെ സൃഷ്ടിച്ചവരാണ്. എല്ലാറ്റിനുമുപരിയായി മുകളില്‍ ഒരാളുണ്ട് എന്നു വിശ്വസിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയെ അദ്ദേഹം സമര്‍ഥമായി ഉപയോഗിക്കുന്നു എന്നും വിശ്വസിക്കാം.

എടുത്തുകെട്ടുകളും നാട്യങ്ങളും കൊണ്ട് മുഖരിതമായ ചാനല്‍ റിയാലിറ്റി ഷോകളില്‍ ലക്ഷങ്ങള്‍ ചെലവിട്ടു പങ്കെടുക്കുന്നവരും എസ്എംഎസുകള്‍ക്കായി ഭിക്ഷ യാചിക്കുന്നവരും ഏഴെട്ടുമാസത്തോളം നിത്യവും ടിവിയില്‍ കണ്ടിട്ടും അവരൊന്നും എവിടെയും എത്താതെ പോകുന്നതും വിസ്മരിക്കപ്പെട്ടുപോകുന്നതും എന്തുകൊണ്ടാണ് എന്ന് മാധ്യമങ്ങള്‍ പഠിച്ചുതുടങ്ങേണ്ട സമയം ആയിരിക്കുന്നു. പാട്ടിലെ സംഗതി അളന്നു നോക്കുന്ന സംഗീതഗുരുക്കന്‍മാരുടെ അഹന്തയെക്കാള്‍ കേട്ട് ഇഷ്ടപ്പെട്ട പാട്ട് ഷെയര്‍ ചെയ്യുന്ന ജനക്കൂട്ടത്തിന്റെ നിഷ്‌കളങ്കതയാണ് വലുത് എന്നത് പാട്ടുകാര്‍ക്കും ഗുരുക്കന്‍മാര്‍ക്കമുള്ള പാഠമാണ്. ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന മെലോഡ്രാമയെക്കാള്‍ മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ സ്വന്തം കുഞ്ഞിനെയുമെടുത്ത് പാടാനുള്ള റിയലിസത്തിനാണ് പ്രേക്ഷകരുടെ വോട്ട് എന്നത് റിയാലിറ്റി ഷോയുടെ തിരക്കഥയെഴുതുന്നവര്‍ക്കുള്ള പാഠം. ഒടുവില്‍, സോഷ്യലിസവും ജനാധിപത്യവും അല്‍പമെങ്കിലും അവശേഷിക്കുന്ന സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഉണ്ടാക്കാം എന്നു പറഞ്ഞ് കാശുതട്ടിക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങുകാര്‍ക്കുള്ള ഗുണപാഠമാണ് മൊത്തം സംഭവവികാസങ്ങളും. സത്യം, നിഷ്‌കളങ്കത, സുതാര്യത തുടങ്ങിയവയെക്കാള്‍ വൈറല്‍ ആവാന്‍ യോഗ്യതയുള്ള മറ്റൊന്നുമില്ല.

ചന്ദ്രലേഖയുടെ ടേക്ക് ഓഫ് കഴിഞ്ഞു. ഇനിയാണ് ഗായികയുടെ ഏറ്റവും കഷ്ടപ്പാടുള്ള കാലം. പാടുന്നത് സിനിമയിലാണെങ്കിലും സിനിമയില്‍ കാണുന്നതുപോലെ പാടുന്നതെല്ലാം ഹിറ്റായി ആറുമാസം കൊണ്ട് ചന്ദ്രലേഖ കോടീശ്വരിയാകുമെന്നൊന്നും കരുതാന്‍ വയ്യ. ശ്രേയ ഘോഷാലിനു നല്‍കാനിരുന്ന പാട്ടാണ് ചന്ദ്രലേഖയ്ക്ക് നല്‍കിയത് എന്നതു വച്ച് ശ്രേയാ ഘോഷാലിനെക്കാള്‍ മികച്ച ഗായികയാണ് ചന്ദ്രലേഖയെന്നും ഇതുവരെ മലയാളത്തില്‍ പാടിയവരൊന്നും ചന്ദ്രലേഖയോളം നല്ല പാട്ടുകാരായിരുന്നില്ലെന്നുമൊക്കെ ശ്രുതി മീട്ടുന്നുണ്ട് പലരും. സോഷ്യല്‍ മീഡിയയിലൂടെ ന്യൂജനറേഷന്‍ കൈപിടിച്ചുകൊണ്ടുവന്ന ചന്ദ്രലേഖയെ മെയിന്‍സ്ട്രീം മീഡിയയും ഓള്‍ഡ് ജനറേഷനും ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണിത്. ചന്ദ്രലേഖയുടെ നാട്ടില്‍ ഇനി ഫ്‌ളെക്‌സുകള്‍, സ്വീകരണങ്ങള്‍, ഉദ്ഘാടനങ്ങള്‍, സ്വപ്‌നത്തെക്കാള്‍ അമ്പരപ്പിക്കുന്ന മാറ്റമാണ് ജീവിതം ചന്ദ്രലേഖയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാതെ സോഷ്യല്‍ മീഡിയയെ കീഴടക്കി ലക്ഷ്യങ്ങളുടെ പരിധിക്കപ്പുറത്തുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ഈ ജനകീയഗാനകോകിലത്തിന്റെ മുന്നില്‍ ലക്ഷം ലൈക്കുകള്‍ വിലകൊടുത്തു വാങ്ങുന്ന താരറാണികള്‍ നിഷ്പ്രഭരാണ്. അതുകൊണ്ടു തന്നെ നല്ല പാട്ടുകാരുടെ പട്ടികയില്‍ എന്നും ഗായിക ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു.

ചന്ദ്രലേഖയുടെ ആദ്യ വിഡിയോ (Original)

ചന്ദ്രലേഖ സിനിമയ്ക്കു വേണ്ടി പാടുന്നു (റിപ്പോര്‍ട്ട്)

ചന്ദ്രലേഖയുടെ നന്ദി (ഫേസ്ബുക്ക്)

വിഷം ചീത്തയാണെന്നു പറയുന്നത് കുറ്റമാണ്

എന്‍ഡോസള്‍ഫാന്‍ നല്ലതാണ്, വിവരമില്ലാത്തവര്‍ അതുപയോഗിച്ചതു തെറ്റായിപ്പോയതുകൊണ്ടാണ് ആയിരക്കണകിനാളുകള്‍ മരിക്കുകയും കുട്ടികള്‍ക്കു വൈകല്യങ്ങളുണ്ടാവുകയും അനേകായിരം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുകയും ചെയ്തത് എന്നാണ് നേരത്തെ വിഷത്തിന്‍റെ വക്താക്കളായ നേതാക്കളും ഭരണാധികാരികളും പറഞ്ഞത്. ഇന്നു കളിമാറി. എന്‍ഡോസള്‍ഫാന്‍ നല്ലതാണ് എന്നതില്‍ മാറ്റമില്ല.എന്നാല്‍ അതുമൂലം കേരളത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ട് എന്നാരെങ്കിലും എവിടെയെങ്കിലും പറഞ്ഞാല്‍ വിവരമറിയും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംബന്ധിച്ച് ദൈവതുല്യനായ ഒരു ഡോക്ടര്‍ താന്‍ നേരില്‍ കണ്ടനുഭവിച്ച ദുരിതങ്ങള്‍ പുറത്തുപറഞ്ഞതിന് വിഷം വില്‍ക്കുന്ന കമ്പനിയില്‍ നിന്നും നിയമനടപടി നേരിടുകയാണ്. ഇന്‍ക്രെഡിബിള്‍ ഇന്ത്യയും എമേര്‍ജിങ് കേരളയും കൂടി ഡോക്ടര്‍ വൈ.എസ്.മോഹന്‍കുമാറിനു നല്‍കിയ പുരസ്കാരമായി ഇതിനെ കാണാം.

എന്‍ഡോസള്‍ഫാന്‍ വിഷമല്ല എന്നു സ്ഥാപിക്കുന്നതിനു വേണ്ടി കേരളത്തില്‍ നിന്നു തന്നെ വിജയിച്ചുപോയ ചില എംപിമാരും കേന്ദ്രമന്ത്രിമാരും വരെ വിയര്‍ക്കുന്നതു നമ്മള്‍ നേരത്തെ കണ്ടതാണ്. ഇവിടെ വിഷമേറ്റ് മരിക്കുകയും ദുരിതത്തിലാവുകയും ചെയ്ത ആയിരക്കണക്കിനു മനുഷ്യരുടെ ആത്മാക്കളെ വിഷം വില്‍ക്കുന്നവരുടെ കോണകം കഴുകുന്ന ആത്മാവില്ലാത്ത ആ ശവങ്ങള്‍ക്കു ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം പണവും അധികാരവും വേണമെന്നു നിര്‍ബന്ധമുള്ള അവറ്റകള്‍ക്ക് ഭാവിയില്‍ കിട്ടാതെ പോകുന്ന വോട്ടുകളെ ഭയമുണ്ടാകും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മനുഷ്യജന്മങ്ങളുടെ ദുരവസ്ഥ ദേശീയശ്രദ്ധയിലെത്തിച്ച ഡോ.മോഹന്‍കുമാറിനെ വേട്ടയാടുന്ന കമ്പനിയുടെ കോര്‍പറേറ്റ് നീതിയെ പ്രതിരോധിക്കാന്‍ വോട്ടവകാശമുള്ള ജനങ്ങളുടെ ജനാധിപത്യബോധത്തിനേ സാധിക്കൂ.

ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന ലോകപ്രസിദ്ധമായ റിയാലിറ്റി ഷോ സത്യമേവ ജയതേ ജൂണ്‍ 24നു സംപ്രേഷണം ചെയ്ത ടോക്സിക് ഫുഡ് എപ്പിസോഡിലൂടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങളെക്കുറിച്ച് സംസാരിച്ചതിനാണ് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് ഡോ.വൈ.എസ്.മോഹന്‍കുമാറിന് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. ഷോയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതത്തെക്കുറിച്ചു സംസാരിച്ച മറ്റു രണ്ടുപേര്‍ക്കു കൂടി കമ്പനി നോട്ടീസയച്ചിട്ടുണ്ട്. എന്‍സോസള്‍ഫാന്‍ ദുരിതങ്ങള്‍ പര്‍വതീകരിച്ചു കാണിച്ചു എന്നാണ് കമ്പനി ആരോപിക്കുന്നത്. കാസര്‍കോട്ട് അന്‍പതിനായിരത്തോളം ഗര്‍ഭഛിദ്രങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു ഡോക്ടര്‍ പറഞ്ഞു എന്നു നോട്ടീസില്‍ പറയുന്നു. എന്നാല്‍ അയ്യായിരത്തോളം ആളുകള്‍ ദുരിതബാധിതരാണ് എന്നേ ഡോക്ടര്‍ പറഞ്ഞിട്ടുള്ളൂ എന്നതു വേറെ കാര്യം. സത്യമേവ ജയതേയില്‍ ഡോക്ടര്‍ സംസാരിക്കുന്ന വിഡിയോ താഴെ.

ഡോക്ടര്‍ ഷോയില്‍ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും അതിനൊന്നും തെളിവില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ടത്രേ. അടുത്ത കാലത്ത് ഡച്ച് കമ്പനിയായ അഗ്രോകെമിനെ വിഴുങ്ങിയ യുണൈറ്റഡ് ഫോസ്ഫറസ് മുംബൈ കമ്പനി എന്നൊക്കെ പറയാമെങ്കിലും ഈ രംഗത്തെ ആഗോളഭീമനാണ്. ഇത്രയും ജനങ്ങളുടെ ജീവനെക്കാള്‍ കുത്തകകളുടെ സന്തോഷമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ടീയപാര്‍ട്ടികളുടെ താല്‍പര്യമെന്നത് അവര്‍ പലകുറി തെളിയിച്ചു കഴിഞ്ഞതാണ്. വര്‍ഷങ്ങളോളം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഡോ.മോഹന്‍കുമാര്‍ സത്യമേവ ജയതേയില്‍ എത്തിയത് ഈ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്ന ഒരാളെന്ന നിലയിലാണ്. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സ്ഥിരം ചാനല്‍ ആക്ടിവിസ്റ്റിനെ വിളിച്ചിരുത്തിയാല്‍ മതിയായിരുന്നല്ലോ. വിഷമുതലാളിയുടെയും അവരുടെ ഏറാന്‍മൂളികളായ നേതാക്കന്മാരുടെയും ഭീകരതയ്‍ക്കെതിരെ പ്രതിഷേധിക്കാനും ഡോ.മോഹന്‍കുമാറിനെ പിന്തുണയ്‍ക്കാനും കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ സമൂഹവും ഒപ്പമുണ്ടാകും എന്നു പ്രതിക്ഷിക്കാം.

Reference: The New Indian Express

ഏഷ്യാനെറ്റും സുകേഷ് കുട്ടനും കപടസഹതാപനാടകങ്ങളും

കുറച്ചു ദിവസമായി പ്രബുദ്ധ മലയാളികള്‍ സുകേഷ് കുട്ടനു വേണ്ടി റൂപര്‍ട്ട് മര്‍ഡോക്കിന്റെ തന്തയ്‍ക്ക് വിളിക്കാന്‍ തുടങ്ങിയിട്ട്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മല്‍സരാര്‍ഥിയായ സുകേഷ് കുട്ടനെ ഏഷ്യാനെറ്റ് വിറ്റു കാശാക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. ഓട്ടിസം ബാധിച്ച കുട്ടിയോടിങ്ങനെയൊക്കെ ചെയ്യാമോ എന്നു ചോദിച്ച് കണ്ണീരൊഴുക്കുകയാണ് പ്രബുദ്ധകേരളം. എനിക്കുള്ളത് രണ്ട് സംശയങ്ങളാണ്. ഒന്ന്, സുകേഷ് കുട്ടന്‍ എന്ന മല്‍സരാര്‍ഥിയിലൂടെ പ്രേക്ഷകരുടെ മൃദുലവികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ട് എസ്എംഎസ് സമ്പാദിക്കുന്നതാണോ അതോ സുകേഷ് കുട്ടനെ ഷോയില്‍ മറ്റുള്ള മല്‍സരാര്‍ഥികളെപ്പോലെ തന്നെ കാണുന്നതാണോ ഏഷ്യാനെറ്റ് ചെയ്യുന്ന തെറ്റ് ?

സുകേഷ് കുട്ടന്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ മല്‍സരിക്കുന്നത് അദ്ദേഹത്തിന് അതിനുള്ള യോഗ്യതയുള്ളതുകൊണ്ടാണ്. അംഗീകരിക്കപ്പെടുന്നതുപോലെ തന്നെ ഡേഞ്ചര്‍ സോണില്‍ നില്‍ക്കാനും എലിമിനേറ്റ് ചെയ്യപ്പെടാനും തയ്യാറായി തന്നെയാവണം ഓരോ മല്‍സരാര്‍ഥിയും ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കേണ്ടത്. സുകേഷ് ഓട്ടിസം ബാധിച്ച കുട്ടിയാണ്, അദ്ദേഹത്തിനു സഹതാപവും സംവരണവും ആവശ്യമുണ്ട് എന്ന മുന്‍വിധിയോടെ ഷോയെ കാണുന്നവരാണ് അദ്ദേഹത്തോട് അനീതി കാണിക്കുന്നത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ചെമ്പൈ സംഗീതോല്‍സവത്തിനു സമാനമായ ഒരു സാധനമാണ് ഐഡിയ സ്റ്റാര്‍ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ ഡാഷ് എന്നു കരുതുന്ന പ്രേക്ഷകരാണ് അത് കാണാനിരിക്കുന്നത് എന്നെനിക്കു തോന്നുന്നില്ല. അത്ര പവിത്രമായ സംഗീതമാപിനിയാണ് ഈ സാധനം എന്നു കരുതുന്നവര്‍ അന്നും ഇന്നും എന്നും വിഡ്ഡികളാണ്. സുകേഷ് കുട്ടനെന്നല്ല ഓരോ മല്‍സരാര്‍ഥിയെയും ജഡ്ജിനെയും അവതാരകയെയും വരെ വിറ്റു കാശാക്കുന്ന പരിപാടിയാണ് അത്. എസ്എംഎസ് ആണ് റിയാലിറ്റി ഷോയുടെ പ്രധാന കച്ചവടം എന്നറിയാത്തവരും കുറവായിരിക്കും. പരിപാടിയുടെ പേര് റിയാലിറ്റി ഷോ ആണെന്നിരിക്കെ, അതിലെ നാടകങ്ങളെ ആ ഷോയുടെ ഭാഗമായി കാണാന്‍ കഴിയാതെ പോകുന്നത് ചാനലിന്റെ എന്നതിനെക്കാള്‍ പ്രേക്ഷകരുടെ പരാജയമാണ്. സുകേഷ് കുട്ടന്‍ എന്ന ഗായകന്റെ സാധ്യതകളെ പ്രോഗ്രാമിന്റെ വിജയത്തിനു വേണ്ടിയും മാര്‍ക്കറ്റിങ്ങിനു വേണ്ടിയും ഉപയോഗിക്കുന്നത് ചാനലിനെ സംബന്ധിച്ച് വളരെ പ്രൊഫഷനലായ കാര്യമാണ്. എന്നാല്‍, സുകേഷ് കുട്ടന്‍ എന്ന വ്യക്തിയുടെ പ്രത്യേകതകളെ എടുത്തു കാണിച്ച് അയാളിലെ ഗായകനെ ഗ്രേസ്‍മാര്‍ക്കോടു കൂടി കടത്തി വിടണം എന്നു വാദിക്കുന്നവര്‍ ഒരു റിയാലിറ്റി ഷോയെ സാമൂഹിനാടകമാക്കണമെന്നു വാശിപിടിക്കുന്നവരാണ്.

വ്യക്തിപരമായ പ്രത്യേകതകളും പ്രാരാബ്ധങ്ങളും ദുഖങ്ങളുമാണോ ഒരു സംഗീതപരിപാടിയില്‍ ഗായകനെ അളക്കാനുള്ള മാനദണ്ഡങ്ങള്‍ ? തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് അതിശയകരമാം വിധം മികവോടെ പാടുന്ന സുകേഷ് കുട്ടനെ വിലയിരുത്തുന്നതുപോലെ അദ്ദേഹത്തിന്റെ ഗാനങ്ങളെ മറ്റുള്ള മല്‍സരാര്‍ഥികളുടേതുമായി താരതമ്യപ്പെടുത്തിയൊരു വിലയിരുത്തല്‍ സാധ്യമല്ല. സുകേഷ് കുട്ടന്റെ പാട്ടും, ഏഷ്യാനെറ്റിന്റെ ബിസിനസും, വിലയിരുത്തപ്പെടുന്ന സംഗീതവും പ്രേക്ഷകരുടെ എസ്എംഎസും മുന്‍വിധികളും എല്ലാം കൂടി കൂടിക്കുഴച്ചപ്പോള്‍ ചാനല്‍ റിയാലിറ്റി ഷോ സാമൂഹികവിരുദ്ധ പ്രവര്‍ത്തനവും അതിലെ മല്‍സരാര്‍ഥി ചാനലിന്റെ ഇരയുമാണെന്നു തോന്നുന്നത് ഉപരിപ്ലവമായ കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്ന ചിലതരം സോഷ്യല്‍ ആക്ടിവിസ്റ്റുകളുടെ വീക്ക്‍നെസ് ആണ്.

സുകേഷ് കുട്ടന്‍ അദ്ദേഹത്തിന്റെ പ്രത്യേകതകളെയും പരിമിതികളെയും മറികടന്ന് ചാനല്‍ റിയാലിറ്റി ഷോയില്‍ വന്നു പാടുന്നത് അത്തരക്കാര്‍ സഹതാപം മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്ന സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടാണ്. ഒരായിരം അച്ഛനമ്മമാര്‍ക്കു കരുത്തുപകരുന്നതാണ് സുകേഷ് കുട്ടന്റെ നേട്ടം. ‘ദേ ആ കുട്ടിയെ നോക്കൂ, പാവം അല്ലേ’ എന്നു പറയുന്നതിലൂടെ സാമൂഹികപ്രതിബദ്ധതയും മനുഷ്യത്വവും പ്രകടിപ്പിക്കുന്ന നമ്മളെക്കാള്‍, സുകേഷിനെ ഗായകനെന്ന നിലയ്‍ക്ക് കേരളസമൂഹത്തിനു പരിചയപ്പെടുത്തിയ ഏഷ്യാനെറ്റിന്റെ റിയാലിറ്റി കച്ചവടം ആണ് ഗുണകരമായി തോന്നുന്നത്. ഷോയുടെ പരിണിതഫലം എന്തായാലും ഷോയില്‍ ഇത്രനാള്‍ അദ്ദേഹം ഉണ്ടായിരുന്നു എന്നത് തന്നെയാണ് സുകേഷിനെപ്പോലെ പ്രത്യേകതകളുള്ള കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമെല്ലാം പ്രചോദിപ്പിക്കുന്നത്.

പ്രതികരണത്തൊഴിലാളികള്‍ വികാരം കൊണ്ട്, വികാരം കൊണ്ട് ഒടുവില്‍ മകനെ വച്ച് പബ്ലിസിറ്റിക്കു ശ്രമിക്കുന്ന സുകേഷ് കുട്ടന്റെ അമ്മയോടു പോലും രോഷം കൊള്ളുന്നുണ്ട്. സുകേഷ് കുട്ടനെ വീട്ടിനുള്ളില്‍ പൂട്ടിയിടാതെ അവന് സംഗീതത്തിന്റെയും മല്‍സരങ്ങളുടെയം ലോകത്ത് കൈപിടിച്ചു നടത്തിയ അമ്മയെ ചോദ്യം ചെയ്യുന്ന ഓണ്‍ലൈന്‍ സാമൂഹികപരിഷ്കര്കര്‍ത്താക്കളുടെ മനോവൈകല്യങ്ങള്‍ക്കു അടുത്ത സീസണിലെങ്കിലും ശമനമുണ്ടാകട്ടെ എന്നാശംസിക്കുന്നു. ‘ഓട്ടിസം ബാധിച്ച കുട്ടി’ എന്ന ലേബല്‍ നല്‍കി സഹതപിക്കുന്ന കപടസഹതാപനാടകക്കാരെക്കാള്‍ ‘സ്റ്റാര്‍ സിങ്ങര്‍ ഫെയിം സുകേഷ് കുട്ടന്‍’ എന്ന ലേബല്‍‍ വിശേഷപ്പെട്ടതാണ് എന്നു വിശ്വസിക്കുന്ന ആളുകള്‍ക്ക് അതിനു മതിയായ കാരണങ്ങളുമുണ്ട്. മര്‍ഡോക്ക് ആണോ ഓണ്‍ലൈന്‍ പത്രങ്ങളിലെ കീബോര്‍ഡ് ഗുണ്ടകളാണോ സുകേഷിനെ വിറ്റഴിക്കുന്നത് എന്നു കാലം തീരുമാനിക്കട്ടെ.

അമേരിക്കയില്‍ പുനര്‍ജന്മം

അമേരിക്കയില്‍ ജനിക്കുകയും ഈ എഴുതിയ ബ്ലോഗെല്ലാം ഇംഗ്ലിഷില്‍ എഴുതുകയും ചെയ്തിരുന്നെങ്കില്‍ സാഹിത്യത്തിനും സമാധാനത്തിനുമുള്ള നൊബേല്‍ സമ്മാനം നാലഞ്ചെണ്ണം എന്റെ വീട്ടിലെ അലമാരയില്‍ കിടന്നേനെ- യേശുദാസ് ഫിലോസഫി. ദാസേട്ടനെ ലോകം ദൈവതുല്യനായി കണ്ട് ആദരിക്കുന്നത് അദ്ദേഹം അമേരിക്കയില്‍ താമസിക്കുകയും വല്ലപ്പോഴും ഇവിടെ വന്ന് ഓരോ പാട്ടുപാടിപ്പോവുകയും ചെയ്യുന്നതുകൊണ്ടാണെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചാല്‍ വിശ്വസിക്കുന്ന ആളല്ല ദാസേട്ടന്‍. മാത്രവുമല്ല,അമേരിക്കയില്‍ ജനിച്ച ദാസേട്ടന്റെ അടുത്ത ബന്ധുകൂടിയായ കലാകാരന്‍ ആനന്ദ് ജോണ്‍ നൂറ്റാണ്ടിലധികം കാലത്തെ തടവുശിക്ഷ ഏറ്റുവാങ്ങി അവിടുത്തെ ജയിലില്‍ കിടക്കുകയാണ്.

ആനന്ദിന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം അതിന്റെ പതിന്മടങ്ങ് ആക്രാന്തത്തോടെ ചെയ്തവര്‍ കൂള്‍കൂളായി നടക്കുന്ന നാടാണ് ഇന്ത്യ.ആനന്ദ് അമേരിക്കയില്‍ ജനിച്ചെങ്കിലും ഇന്ത്യന്‍ വംശജനായതുകൊണ്ടാണ് അവര്‍ കള്ളക്കേസില്‍ കുടുക്കി വേട്ടയാടിയതെന്ന് ആനന്ദിന്റെ യേശുദാസ് ഒഴികെയുള്ള ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അമേരിക്കയില്‍ ജനിക്കണം എന്നു മാത്രമല്ല വെള്ളക്കാരനായി ജനിക്കണം എന്നാണ് ഓരോ ഇന്ത്യന്‍ കലാകാരനും ആഗ്രഹിക്കേണ്ടത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഇന്ത്യയിലെ ഏറ്റവും ഉന്നതമായ മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ (നാട്ടുമ്പുറത്തുകാരായ ചെറ്റകള്‍ ഗ്രാന്‍ഡ‍് ഫൈനല്‍ എന്നു പറയും)വേദിയിലെത്തി സമ്മാനം പ്രഖ്യാപിച്ച ഗാനഗന്ധര്‍വന്‍ സമ്മാനിതയായ കല്‍പന എന്ന കുട്ടിയോടാണ് അമേരിക്കന്‍ തിയോളജി പരസ്യമായി പ്രഖ്യാപിച്ചത്. കല്‍പന അമേരിക്കയില്‍ ജനിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ കൊടുമുടിയില്‍ എത്തിയേനെ എന്നും മുജ്ജന്മത്തില്‍ ചെയ്ത പാപഫലമായാണ് ഇന്ത്യയില്‍ ജനിച്ചതെന്നുമാണ് ദാസേട്ടന്‍ പറഞ്ഞത്.പ്രായാധിക്യം കൊണ്ട് എന്തോ പരസ്പരബന്ധമില്ലാതെ പറഞ്ഞതാണ് എന്നു സമാധാനിക്കാവുന്നതേയുള്ളൂ എങ്കിലും ഇക്കാണുന്ന ജനമെല്ലാം ചാനലിലൂടെ തല്‍സമയം കണ്ടതാണെന്നതുകൊണ്ടും ഇന്ത്യക്കാരനായി ജനിച്ചത് മുജ്ജന്മപുണ്യം കൊണ്ടാണെന്നു വിശ്വസിക്കുന്നവര്‍ ധാരാളമുള്ളതുകൊണ്ടും എല്ലാത്തിനും പുറമേ ഏഷ്യാനെറ്റ് എന്ന ചാനലിന്റെ മുതലാളി മുജ്ജന്മപാപം ചെയ്യാത്തതിനാല്‍ ഓസ്‍ട്രേലിയയില്‍ ജനിക്കുകയും അമേരിക്കയിലെത്തിച്ചേരുകയും ചെയ്ത റൂപര്‍ട് മര്‍ഡോക്ക് ആയതുകൊണ്ടും ദാസേട്ടന്റെ പ്രസ്താവന എങ്ങനെ വേണമെങ്കിലും വായിക്കാം.

കല്‍പന അമേരിക്കയില്‍ ജനിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ കൊടുമുടിയില്‍ എത്തിയേനെ എന്നു പറഞ്ഞത് ചുമ്മാതാണെന്ന് പുള്ളിക്കു തന്നെ അറിയാം. അമേരിക്കയില്‍ ജനിച്ചില്ലെങ്കിലും അവിടെ വളര്‍ന്ന വിജയ് യേശുദാസ് എന്ന ദാസേട്ടന്റെ മകനായ ഗായകന്‍ ഇപ്പോഴും കൊടുമുടിയിലെത്തിയിട്ടില്ല എന്നു മാത്രമല്ല ഒരു പാട്ടുകാരനാക്കാന്‍ വേണ്ടി മകനെ അദ്ദേഹത്തിന് അമേരിക്കയില്‍ നിന്നു കേരളത്തിലെത്തിക്കേണ്ടി വന്നു (ഇന്ത്യയില്‍ ജനിക്കുന്നവരുടെ മുജ്ജന്‍മ പാപം സ്‍ട്രോങ്ങാണെന്നിരിക്കെ അമേരിക്കയി്ല്‍ സെറ്റപ്പുണ്ടായിട്ടും ഇന്ത്യയില്‍ വന്നു ജീവിക്കേണ്ടി വരുന്നവരുടെ മുജ്ജന്മപാപം എത്ര ഭീകരമായിരിക്കും) എന്നത് ചെറിയ കാര്യമല്ല.

മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫിനാലെയില്‍ ജഗതി ശ്രീകുമാര്‍ ഉണ്ടാക്കിയ ഡാമേജ് ഗാനഗന്ധര്‍വനിലൂടെ തിരിച്ചു പിടിച്ചു എന്ന് ഏഷ്യാനെറ്റിന് ആശ്വസിക്കാം. നാറികളായ പ്രേക്ഷകര്‍ സമയാസമയം എസ്എംഎസ് അയക്കുക അല്ലാതെ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ചാനല്‍ പ്രോല്‍സാഹിപ്പിക്കില്ല എന്നറിയാമെങ്കിലും അമേരിക്കയില്‍ വീട് വാങ്ങനുള്ള സെറ്റപ്പ് ഉണ്ടാകുന്നതുവരെയെങ്കിലും സാമ്രാജ്യത്വശക്തികള്‍ക്കെതിരെ പ്രസംഗിക്കാനും അവരുടെ വക്താക്കളെ ഒറ്റപ്പെടുത്താനും സോഷ്യലിസ്റ്റ് ബുദ്ധിജീവികള്‍ക്കു കടമയുണ്ട്.

മ്യൂസിക് റിയാലിറ്റി ഷോകളുടെ അപകടങ്ങളെപ്പറ്റി പലവട്ടം ബോധവല്‍ക്കരിക്കുകയും ബോധമില്ലാത്ത സോ കോള്‍ഡ് ജഡ്‍ജ്മാര്‍ പാട്ടുകാരായ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരേ വികാരഭരിതമായി സംസാരിക്കുകയും ചെയ്തിട്ടുള്ളയാളാണ് ദാസേട്ടന്‍. അമേരിക്കയുടെ ശക്തി കണ്ട് പുള്ളി നിലപാട് മാറ്റിയതാവാനും മതി. എന്തൊക്കെ പറഞ്ഞാലും, പാപങ്ങള്‍ തീരുവോളം ഇന്ത്യയില്‍ ഇനിയെത്ര ജന്മം കൂടി ജനിക്കേണ്ടി വന്നാലും ജനകോടികളോടൊപ്പം എന്റെയും പ്രിയപ്പെട്ട ഗായകന്‍ യേശുദാസ് തന്നെയായിരിക്കും. യേശുദാസിന്റെ കാലത്ത് ജീവിച്ചിരുന്നു എന്നത് തികഞ്ഞ അഹങ്കാരത്തോടെ ആ ജന്മങ്ങളിലൊക്കെ ആവര്‍ത്തിച്ചു പറയുകയും ചെയ്യും.

മലയാളം പാട്ടുകാര്‍ക്കു സംഭവിക്കുന്നത്

“നീ വലിയവനാകാം എന്നു കരുതി ഞാന്‍ ചെറിയവനാകണം എന്നതിനര്ഥമില്ല”
– സന്തോഷ് പണ്ഡിറ്റ്

ഇതെന്തിന് ഇപ്പോ പറഞ്ഞു എന്നു ചോദിച്ചാല്‍ സത്യമായും നിങ്ങളെ പ്രകോപിപ്പിക്കാനല്ല. കേരളത്തിലെ പാട്ടുകാര്‍ക്ക് വണ്ടിക്കൂലിയും അന്യഭാഷാ ഗായകര്‍ക്കു ലക്ഷങ്ങളും എന്ന മലയാള ചലച്ചിത്രസംഗീതരംഗത്തെ ഇടപാടിനെപ്പറ്റി ഗായിക ഗായത്രി ഉന്നയിച്ച പ്രശ്നവും ശ്രേയാ ഘോഷാലിന്റെ പാട്ട് ഗായത്രി കേട്ടു പഠിക്കണം എന്നു സംഗീതസംവിധായകനായ എം.ജയചന്ദ്രന്റെ കുത്തും അതിനിടയില്‍, ശ്രേയയോട് ഗായത്രിക്ക് അസൂയയാണെന്ന ടി.പി.ശാസ്തപമംഗലത്തിന്റെ ചൂണ്ടയും കൂടി ചക്ക കുഴയുന്നതുപോലെ ഒരവസ്ഥയിലെത്തി നില്‍ക്കുന്ന സംഗീതപ്രതിസന്ധിയെ സൂചിപ്പിക്കാനാണ്. ശ്രേയാ ഘോഷാല്‍ വലിയവളാകാം എന്നു കരുതി ഗായത്രി ചെറിയവളാകണം എന്നതിനര്‍ഥമില്ല- എന്നാണ് ഞാനുദ്ദേശിച്ചത്.

കുറച്ചുനാളായി പുകയുന്ന വിവാദമാണ് ഗായത്രിയുടെ പൊട്ടിത്തെറിയോടെ സീരിയസ്സായി സിനിമക്കാര്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നായി മാറുന്നത്. ശ്രേയാ ഘോഷാല്‍ ഈ കാലഘട്ടത്തിലെ സംഭവമാണ്. ഭാഷ ഏതായാലും പാട്ട് ശ്രേയ പാടിയാല്‍ മതി എന്നു സംഗീതസംവിധായകരും സംഗീതസംവിധായകന്‍ ആരായാലും ശ്രേയ പാടിയേ പറ്റൂ എന്നു നിര്‍മാതാക്കളും തീരുമാനിക്കുന്ന സാഹചര്യം ഉണ്ടായത് ഇവിടുത്തെ ഗായകരോടുള്ള എതിര്‍പ്പുകൊണ്ടല്ല, ശ്രേയയുടെ പ്രതിഭ ഒന്നുകൊണ്ടു മാത്രമാണ്. ജാനകിയമ്മയെക്കാള്‍ ചിത്രച്ചേച്ചിയെക്കാള്‍ മികച്ച ഗായികയാണ് ശ്രേയ എന്നൊരഭിപ്രായം എനിക്കില്ല. ജാനകിയമ്മയെപ്പോലെ പാടാന്‍ ശ്രേയ മിനിമം മൂന്നുവട്ടമെങ്കിലും ജനിക്കേണ്ടി വരും. ശ്രേയ കയ്യടി നേടുന്നതത് പാട്ടിന്റെ മികവിനോടൊപ്പം പ്രാദേശികഭാഷാ ഉച്ചാരണരീതികളെയും ശൈലികളെയും അവര്‍ സ്വായത്തമാക്കുന്ന രീതിയും വേഗവും കൊണ്ടു കൂടിയാണ്.

തനിമലയാളിയുടെ മികവോടെ ശ്രേയ പാടുമ്പോള്‍ മലയാളി നല്‍കുന്ന അംഗീകാരം ശ്രേയ അര്‍ഹിക്കുന്നതാണ്. ഈ വിവാദം ശ്രേയയിലേക്കു കേന്ദ്രീകരിച്ചുപോയത് നിര്‍ഭാഗ്യകരമാണെന്നേ പറയാനാകൂ. കാരണം, അന്യഭാഷാ ഗായകര്‍ക്ക് ലഭിക്കുന്ന അമിത പ്രാധാന്യമായിരുന്നു ചര്‍ച്ചാ വിഷയം. അവതാരക എന്നു പറഞ്ഞാല്‍ രഞ്ജിനി ഹരിദാസ് മാത്രമാണ് എന്നതുപോലെ അന്യഭാഷാഗായിക എന്നു പറഞ്ഞാല്‍ അത് ശ്രേയ ഘോഷാല്‍ മാത്രമാണ് എന്നു ചിലര്‍ ധരിക്കുന്നതിന്റെ പ്രശ്നമാണിതും.

വിവാദത്തിന്റെ തുടക്കമായ ഗായത്രിയുടെ പ്രസ്താവനയിലെ പോയിന്റുകള്‍ ഇവയാണ്:-
ശ്രേയാ ഘോഷാലിനെപ്പോലുള്ള ഗായകര്‍ക്ക് മലയാളത്തില്‍ അമിതപ്രാധാന്യം നല്‍കുന്നു. എന്നാല്‍ ലോക്കല്‍ ഗായകരെ വേണ്ടത്ര പ്രോമോട്ട് ചെയ്യുന്നില്ല. ബോളിവുഡിന്റെ ഗ്ലാമറാകാം ഇതിനു കാരണം. ലക്ഷം രൂപ കൊടുത്ത് ബോളിവുഡ് ഗായകരെ വിളിച്ചു പാടിക്കുമ്പോള്‍ വര്‍ഷങ്ങളായി മലയാളത്തില്‍ പാടുന്നവരോടു പോലും റെക്കോര്‍ഡിങ് കഴിയുമ്പോള്‍ വണ്ടിക്കൂലി വേണോ എന്നാണു ചോദിക്കുന്നത്. റിയാലിറ്റി ഷോകളില്‍ നിന്നു വിരിഞ്ഞിറങ്ങുന്ന ഗായകര്‍ സംഗീതസംവിധായകര്‍ക്ക് അങ്ങോട്ടു പൈസ കൊടുത്ത് പാടാന്‍ നടക്കുന്ന സാഹചര്യം ഇതിനു കാരണമായിട്ടുണ്ട്.

പറഞ്ഞ കാര്യങ്ങളില്‍ ശ്രോതാവെന്ന നിലയില്‍ എനിക്കനുഭവേദ്യമായിട്ടുള്ള കാര്യങ്ങള്‍ ഗായത്രി പറഞ്ഞതിനെ ശരി വയ്‍ക്കുന്നതാണ്. ദിലീപിന്റെ കുറെ സിനിമകളില്‍ ഹിന്ദിയില്‍ നിന്നും ഉദിത് നാരായണെ കൊണ്ടുവന്നു പാടിച്ചിട്ടുണ്ട്. സംഗീതസംവിധായകന്‍ പദ്യത്തെ വധിക്കാന്‍ കൂട്ടുനില്‍ക്കുന്ന അക്രമങ്ങളാണ് ഓരോ ഗാനവും. സിഐഡി മൂസയിലായിരുന്നു തുടക്കം. ‘മുന്തിരിപ്പാടം’ എന്നു തുടങ്ങുന്ന ഗാനത്തിലെ വരികള്‍ കാലമിത്രയായിട്ടും എനിക്കു പിടികിട്ടിയിട്ടില്ല. ഒടുവില്‍ പാപ്പീ അപ്പച്ചായില്‍ വരെ ഈ അശ്ലീലമുണ്ട്. ഉദിത് നാരായണെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അദ്ദേഹത്തെക്കൊണ്ട് അത്രയേ പറ്റൂ. സംഗീതസംവിധായകന്‍ വിദ്യാസാഗര്‍ ആണ് ഉദിത് നാരായണെക്കൊണ്ട് ഈ കൃത്യം ചെയ്യിച്ചത്. ജൂലൈ നാലിനു പടമിറക്കുന്നതുപോലെ ഉദിത് പാടിയ ഒരു പാട്ടുണ്ടെങ്കില്‍ പടം ഹിറ്റാവുമെന്ന് ദിലീപിന് ഒരു വിശ്വാസമുണ്ടെന്നും കേള്‍ക്കുന്നു.

മകള്‍ക്ക് എന്ന സിനിമയില്‍ അദ്നന്‍ സാമി പാടിയ ‘ചാഞ്ചാടിയാടി’ എന്നു തുടങ്ങുന്ന ദുരന്തം രണ്ടര മിനിറ്റുകൊണ്ട് തലവേദനയുണ്ടാക്കാന്‍ പറ്റിയ ഔഷധമാണ്. ഏറ്റവും ഒടുവില്‍ ബോളിവുഡിലെ ഏറ്റവും മികച്ച ഗായകരിലൊരാളായ സോനു നിഗം 1993 ബോംബെ മാര്‍ച്ച് 12 എന്ന സിനിമയില്‍ ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്നോ മറ്റോ തുടങ്ങുന്ന ഒരു ഗാനം പാടിയിട്ടുണ്ട്. ഇതൊക്കെ എന്തിനാണ് എന്നതിനു മാത്രം ഒരുത്തരം ലഭിച്ചിട്ടില്ല. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല. ‘മാനസമൈനേ വറൂ…’ എന്ന പാട്ട് മന്നാഡേയെക്കൊണ്ട് പാടിച്ചത് പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്. സലില്‍ ചൗധരി തന്നെ സംഗീതസംവിധാനം നിര്‍വഹിച്ച നെല്ല് എന്ന സിനിമയില് മന്നാ ഡേയ്‍ക്കു പുറമേ ലതാ മങ്കേഷ്കറും പാടിയിട്ടുണ്ട്.

ചോദിക്കാനും പറയാനും ആരുമില്ലാത്ത വൃത്തികെട്ട ഒരു ഭാഷയായിപ്പോയി മലയാളം എന്നതാണ് അടിസ്ഥാനപ്രശ്നം. മലയാളം കുരച്ചു കുരച്ചു പറയുന്നവര്‍ ഏതോ ക്ലാസ്സിനെ പ്രതിനിധീകരിക്കുന്നു എന്നും പച്ചമലയാളം തെറ്റില്ലാതെ സംസാരിക്കുന്നവന്‍ ഒന്നാം തരം ലോ ക്ലാസ്സാണെന്നും വിശ്വസിക്കുന്ന ഒരു സമൂഹമാണ് വളര്‍ന്നുവരുന്നത്.മാതൃഭൂമി (പത്രമല്ല), മാതൃഭാഷ തുടങ്ങിയ സങ്കല്‍പങ്ങള്‍ പഴഞ്ചനാണെന്നു വിശ്വസിക്കുന്ന സോ കോള്‍ഡ് പുരോഗമനവാദികളെപ്പറ്റിയല്ല ഈ പോസ്റ്റ് എന്നതിനാല്‍ കാര്യത്തിലേക്കു വരാം.

ശ്രേയ ഘോഷാലിനെക്കൊണ്ടു വന്ന് പാടിച്ച എം.ജയചന്ദ്രന്‍ ഗായത്രി ശ്രേയയുടെ പാട്ടുകള്‍ കേട്ടു പഠിക്കണം എന്നു പറഞ്ഞത് സത്യത്തില്‍ ഒരു സംഗീതസംവിധായകനു സംഭവിക്കാവുന്ന ഏറ്റവും വലിയ ഗതികേടുകളിലൊന്നാണ്. ഒരു പ്രൊഫഷനല്‍ ഗായികയോട് ഒരു സംഗീതസംവിധായകന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വിവരക്കേടുകളിലൊന്നാണ് അത്. ജയചന്ദ്രന്‍ രവീന്ദ്രന്‍മാഷിന്റെയും ജോണ്‍സന്റെയും കക്കൂസ് കഴുകണം എന്നു പറയുന്നതുപോലെയാണ് ഗായത്രി ശ്രേയയെ കണ്ടു പഠിക്കണം എന്നു പറയുന്നത്. രതിനിര്‍വേദത്തില്‍ ശ്രേയ പാടിയതോടെ ജയചന്ദ്രന്‍ ശ്രേയയുടെ കടുത്ത ഭക്തനായി മാറി എന്നാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളില് നിന്നു മനസ്സിലായത്. ശ്രേയ ദൈവമാണെന്നോ ദൈവം ശ്രേയയുടെ ഉള്ളിലുണ്ടെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞിരുന്നു.

മലയാളത്തിലെ ഗായകര്‍ക്ക് ഇപ്പോള്‍ സത്യം പറഞ്ഞാല്‍ പട്ടിണിയാണ്. കൊട്ടേഷന്‍ സമ്പ്രദായം വന്നപ്പോള്‍ ഗായകരെ തിരഞ്ഞെടുക്കുന്നത് പ്രതിഫലത്തിന്റെ അടിസ്ഥാനത്തിലായി മാറി എന്നതാണ് ഗതികേട്. ഏറെക്കാലത്തിനു ശേഷം ലഭിച്ച നല്ലൊരു ഗായകനായിരുന്ന വിധു പ്രതാപിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ബിജു നാരായണനും മധു ബാലകൃഷ്ണനും വല്ലപ്പോഴുമേ ഓരോ പാട്ടുള്ളൂ. പാട്ടുപാടി കഞ്ഞികുടിക്കാന്‍ പറ്റാത്തതുകൊണ്ടാണ് റിയാലിറ്റി ഷോയില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് എം.ജി.ശ്രീകുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സംഗീതസംവിധായകന്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് കയ്യില്‍ കൊടുക്കുന്നതിന് ഒരു തുക പറഞ്ഞ് നിര്‍മാതാവിനു കൈ കൊടുക്കുകയാണ് ചെയ്യുന്നത്. ഏറ്റവും ചെലവുകുറച്ച് വിലക്കുറവുള്ള ഗായകരെ വച്ചു പാടിച്ചാല്‍ സംഗീതസംവിധായകനു ലാഭം കൂടും എന്നതാണ് ബിസിനസിന്റെ രഹസ്യം. പാട്ടിലൂടെ പ്രശസ്തി മാത്രമേ ഇനി കിട്ടൂ, പൈസ കിട്ടില്ല എന്നു ചുരുക്കം.

മലയാളിയുടെ ആദ്യത്തെ റിയാലിറ്റി ഷോ ജേതാവായ പ്രദീപ് സോമസുന്ദരം എവിടെയാണെന്നു പോലും നമുക്കറിയില്ല. പുള്ളിയോടൊപ്പം ജേതാവായ സുനീതി ചൗഹാനെ എല്ലാവരും അറിയും.നല്ല പാട്ടുകാര്‍,മോശം പാട്ടുകാര്‍ എന്നൊരു വേര്‍തിരിവ് ഇല്ലാതായി. യേശുദാസിനും വിനീത് ശ്രീനിവാസനും ചിത്രയ്‍ക്കും റിമി ടോമിക്കും ഒക്കെ ഒരേ നിലവാരമാണെന്നാണ് പലരും കരുതുന്നത്. റിയാലിറ്റി ഷോ എന്നു പറയുന്നത് ഒരു തൊഴില്‍മേഖലയല്ല, കച്ചവടമേഖലയാണ്. ചാനലുകള്‍ കോടികള്‍ സമ്പാദിക്കുന്നതിനിടെ പോയി സിനിമേല്‍ പാടിക്കോ മക്കളേ എന്നു പറഞ്ഞിറക്കി വിടുന്ന നൂറുകണക്കിനു ചെറുപ്പക്കാര്‍ ജോലിയും കൂലിയുമില്ലാതെ സിനിമയില്‍ പാടാമെന്നോ ഫ്ലാറ്റ് സ്വന്തമാക്കാമെന്നോ ഒക്കെ കരുതി പരക്കം പായുമ്പോള്‍ ഒന്നു പാടി അപ്രത്യക്ഷരാകുന്ന ഒരായിരം പാട്ടുകാരുണ്ടാവുന്നുണ്ട്.

കൂടുതലാളുകള്‍ക്ക് അവസരം ലഭിക്കുന്നു എന്നത് വളരെ പോസിറ്റീവായി സംഗതി തന്നെയാണ്. മലയാളത്തില്‍ ഏറ്റവും അധികം പുതുമുഖഗായകരെ പരിചയപ്പെടുത്തിയിട്ടുള്ളത് എം.ജയചയന്ദ്രനാണെന്നതും ശരിയാണ്. ദിവസേന പുതുശബ്ദം കേള്‍ക്കുന്നതിന്റെ ഫ്രഷ്‍നെസ് ആണോ ദാസേട്ടന്റെ പഴയ പാട്ടുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നതിന്റെ നിര്‍വൃതിയാണോ വലുതെന്നത് വ്യക്തിപരമായിരിക്കും. എങ്കിലും ദാസേട്ടനെപ്പോലെ, ജയചന്ദ്രനെപ്പോലെ,വേണുഗോപാലിനെപ്പോലെ,ജാനകിയമ്മയെയും ചിത്രയെയും സുജാതയെയും പോലെ ഒരുപിടി ഗായകര്‍ നമുക്കില്ലാതായിപ്പോകാന്‍ ഈ വണ്ടിക്കൂലി സമ്പ്രദായം കാരണമാകുന്നുണ്ടെങ്കില്‍ അത് മലയാളചലച്ചിത്രഗാനശാഖയ്‍ക്ക് വലിയൊരു നഷ്ടമായിരിക്കും എന്നത് പറയാതിരിക്കാനാവില്ല.

തങ്കമ്മ ആന്‍ഡ് ഫാമിലി: എല്ലാരും ഫോര്‍വേഡണ്

പഴയ പിണറായി വിജയന്‍ വീടുപോലെ തങ്കമ്മ ആന്‍ഡ് ഫാമിലി ഇമെയില്‍ ഫോര്‍വേഡ് കൈവിട്ടുപോവുകയാണ്. അന്ധരായ കുടുംബത്തിന്റെ കദനകഥയില്‍ സിംപതി തോന്നി ഇമെയില്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ സത്യത്തില്‍ നിന്നും കാതങ്ങള്‍ അകലെയാണെന്നും തങ്കമ്മ ആന്‍‍ഡ് ഫാമിലി ഭൂലോക തട്ടിപ്പുകാരാണെന്നും പറയുമ്പോള്‍ തദ്ദേശഭരണതിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് സിന്ഡിക്കറ്റ് ഇമെയില്‍ കമ്പനികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഫോര്‍വേഡ് കുപ്രചാരണം ഒന്നു കൂടി പരിശോധിക്കേണ്ടതാണ്.

കൈരളി ടിവിയില്‍ എല്ലാരും പാടണ്‌ പന്ത്രണ്ട്‌ എപ്പിസോഡ്‌ പിന്നിട്ടപ്പോളാണത്രേ കരുനാഗപ്പള്ളി സ്വദേശിയായ തങ്കമ്മ ചാനലിലേക്ക്‌ കത്തയച്ചത്. തന്റെ നാലു മക്കള്‍ നന്നായി പാടും. നാലു പേരും കാഴ്ചയില്ലാത്തവരാണ്‌. തങ്ങള്‍ക്ക്‌ പരിപാടിയില്‍ പങ്കെടുക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. ഇതായിരുന്നത്രേ കത്തിന്റെ ഉള്ളടക്കം. ഓഡിഷന്‍ റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട 24 കുടുംബങ്ങളാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നത്‌. മത്സര നിയമമനുസരിച്ച്‌ ആ കുടുംബത്തെ പങ്കെടുപ്പിക്കാന്‍ നിര്‍വാഹമില്ല.എങ്കിലും ഓഡിഷന്‍ ഇല്ലാതെ തന്നെ അവിടെ വച്ച് തങ്കമ്മ ആന്‍ഡ് ഫാമിലിയെ ഉള്‍പ്പെടുത്തി മല്‍സരം തുടര്‍ന്നു.

പിന്നീടുള്ള കഥ ഇമെയിലില്‍ പറയുന്നുണ്ട്.ടാക്സി പിടിച്ചു നടന്നും പുതുപുത്തന്‍ കുപ്പായങ്ങളെടുത്തും ഫാമിലി നഷ്ടത്തിലായി. ഫസ്റ്റടിച്ചാല്‍ നഷ്ടം നികത്താമെന്നു പ്രതീക്ഷിച്ചു. ഫസ്റ്റടിച്ചില്ലായിരുന്നെങ്കില്‍ എന്തു ചെയ്തേനെ എന്നു പറയുന്നില്ല. എന്തായാലും, തങ്കമ്മ ആന്‍ഡ് ഫാമിലി ഷോയില്‍ വിജയിച്ചു. വര്‍ഷം രണ്ടാവാറായിട്ടും 35 ലക്ഷം രൂപയുടെ വില്ല കിട്ടിയില്ല.എന്തുകൊണ്ട് കിട്ടിയില്ല ?

വില്ല കൊടുത്തു കഴിഞ്ഞു എന്നു ശാന്തിമഠം ബില്‍ഡേഴ്‍സും ഇമെയില്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നു കൈരളിയും പറയുമ്പോള്‍ വൈകാരികമായി ഇതിനെ കണ്ടു ഫോര്‍വേഡ് ചെയ്തവര്‍ ആരായി ? പ്രഖ്യാപിച്ചതനുസരിച്ച് സമ്മാനം നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നെന്തുകൊണ്ടാണ് തങ്കമ്മ ആന്‍ഡ് ഫാമിലിക്ക് അത് കിട്ടാതെ പോയത് ?

ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി ജോബിയുടെ ‘കദനകഥ’ പലരും കണ്ടു. ഒരു കോടിയുടെ ഫ്ലാറ്റ് സ്വന്തമായി കിട്ടണമെങ്കില്‍ 30 ലക്ഷമോ മറ്റോ ടാക്സ് അടയ്‍ക്കണം. അതിനു നിവൃത്തിയില്ലാത്ത ജോബിയെ സഹായിക്കാന്‍ ആരെങ്കിലും രംഗത്തുവന്നോ എന്നറിയില്ല.തങ്കമ്മ ആന്‍ഡ് ഫാമിലിക്കും ടാക്സ് ബാധകമാണ്. 35 ലക്ഷത്തിന്റെ ഫ്ലാറ്റിന് തങ്കമ്മ ആന്‍ഡ് ഫാമിലി എത്ര രൂപ ടാക്സ് അടയ്‍ക്കണം ?

ശാന്തിമഠം ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപേഴ്സ് ചെയര്‍മാന്‍ ഡോ.ശാന്തിമഠം രാധാകൃഷ്ണന്‍ പറയുന്നതനുസരിച്ച് തങ്കമ്മ ആന്‍ഡ് ഫാമിലിയുടെ കദനകഥ പച്ചക്കള്ളമാണ്. തങ്കമ്മ ആന്‍ഡ് ഫാമിലിയുടെ പേരില്‍ 2008 നവംബര്‍ അഞ്ചിന് കുന്നംകുളം റജിസ്ട്രാര്‍ ഓഫിസില്‍ 3802/1/2008 പ്രകാരം ഭൂമി റജിസ്റ്റര്‍ ചെയ്തു നല്‍കിയതാണ്. നിര്‍മാണം പൂര്‍ത്തീകരിച്ച് വില്ല ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ അത് ചെയ്തില്ല. വില്ല വേണ്ട പകരം പണം മതി എന്നായിരുന്നത്രേ തങ്കമ്മ ആന്‍ഡ് ഫാമിലിയുടെ ആവശ്യം. തങ്കമ്മ ആന്‍ഡ് ഫാമിലി എപ്പോ വില്ല ഏറ്റെടുക്കാന്‍ വന്നാലും കൈമാറാന്‍ തയ്യാറാണെന്നും ശാന്തിമഠം ബില്‍ഡേഴ്സ് പറയുന്നു.തങ്കമ്മയുടെ പത്രക്കുറിപ്പില്‍ പറയുന്ന തമിഴ്‍നാട്ടിലെ ഭൂമിയും 1571 അടി ചതുരശ്ര വിസ്‌തീര്‍ണമുള്ള മൂന്നു ബെഡ്‌റൂമിന്റെ രണ്ടുനില വില്ലയും എന്തായെന്നു വ്യക്തമല്ല.

റിയാലിറ്റി ഷോകളെ അടച്ചു തെറിവിളിക്കുന്നതും തങ്കമ്മ ആന്‍ഡ് ഫാമിലി പണമുണ്ടാക്കാനുള്ള മാര്‍ഗമായി ഷോയെ കണ്ടു എന്നാരോപിക്കുന്നതും ബാലിശമാണ്. റിയാലിറ്റി ഷോ ഉള്ള നാട്ടില്‍ പാടി ജയിക്കുന്നവര്‍ക്ക് സമ്മാനം അര്‍ഹതപ്പെട്ടതാണ്. തങ്കമ്മ ആന്‍ഡ് ഫാമിലിയുടെ പ്രാരാബ്ധങ്ങള്‍ക്കനുസരിച്ച് ഷോയുടെ നിയമങ്ങള്‍ മാറ്റി വില്ലയ്‍ക്കു പകരം പണം നല്‍കണമെന്ന് ഫാമിലി വാശി പിടിച്ചിട്ടുണ്ടെങ്കില്‍ അതും ബാലിശമാണ്. അതിന്റെ പേരില്‍ ബോധപൂര്‍വം കെട്ടിച്ചമച്ച ഒന്നാണ് ഇമെയില്‍ എങ്കില്‍ അത് കുറ്റകരവുമാണ്.

എന്തായാലും തങ്കമ്മ ആന്‍ഡ് ഫാമിലി മിക്കവാറും കോടതി കയറും. പ്രസ്തുത ഇ മെയില്‍ ഫോര്‍വേഡ് കൈരളി ചാനലിനെ അപകീര്‍ത്തിപ്പെടുന്ന ഒന്നാണെന്നാണ് ചാനല്‍ പറയുന്നത്. സൈബര്‍ കേസ് കൊടുക്കുമെന്നോ കൊടുത്തെന്നോ ഒക്കെ പറയുന്നു. ഇമെയില്‍ ഫോര്‍വേഡ് ചെയ്തവരും അവിടെയും ഇവിടെയുമൊക്കെ ഷെയര്‍ ചെയ്തവരും അത് ലൈക്കിയവരും അതിനൊക്കെ കമന്റിട്ടവരും അതിനെ അടിസ്ഥാനമാക്കി ബ്ലോഗ് പോസ്റ്റിട്ടവരും തല്‍ക്കാലം ഒളിവില്‍ പോകുന്നതാണ് ബുദ്ധി.

കേരളത്തില്‍ പവര്‍ മാധ്യമങ്ങള്‍ക്കാണ്. ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും കരിവാരിതേക്കുന്നതിനും കഥകള്‍ മെനയുന്നതിനുമൊക്കെയുള്ള പരമാധികാരം അവരില്‍ നിക്ഷിപ്തമാണ്. ഒരു ഇമെയില്‍ വിലാസത്തിന്റെ ബലത്തില്‍ ജനകീയ പോരാട്ടമെന്ന മട്ടില്‍ അത്തരത്തിലൊരു മാധ്യമസ്ഥാപനത്തിന് അസന്തുഷ്ടിയുണ്ടാക്കുന്ന ഇമെയില്‍ ഫോര്‍വേഡ് ചെയ്യുന്നത് തീര്‍ച്ചയായും നല്ലതിനല്ല. ഇത്തരം നീക്കങ്ങള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍, ഈ ജനങ്ങള്‍ക്ക് തക്കശിക്ഷ വാങ്ങിക്കൊടുത്തില്ലെങ്കില്‍ അവര്‍ നാളെ മറ്റു മാധ്യമങ്ങള്‍ക്കെതിരെയും തിരിയും. അത് നാടിന്റെ നന്മയ്‍ക്കും ജനാധിപത്യത്തിനും ആത്യന്തികമായ സമത്വസങ്കല്‍പത്തിനും അതുവഴി രാജ്യപുരോഗതിക്കും തടസ്സമുണ്ടാക്കും. അതുകൊണ്ട് തങ്കമ്മ ആന്‍ഡ് ഫാമിലിയുടെ തട്ടിപ്പുകളെപ്പറ്റി ലോകമെങ്ങും അറിയിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ഈ ബ്ലോഗ്‍പോസ്റ്റ് അനേകം തവണ ഫോര്‍വേഡ് ചെയ്യുക. ഫ്ലാറ്റ് വേണമത്രേ ഫ്ലാറ്റ് !അടിച്ചു ഫ്ലാറ്റാക്കണം ഇവറ്റകളെ !

അശാന്തിയോടെ, തങ്കമ്മയ്‍ക്കു വേണ്ടി..

ശാന്തിമഠം ബില്‍ഡേഴ്സ് പരസ്യം ഇന്നു തരും നാളെ തരും എന്നു കരുതിയിരിക്കുകയായിരുന്നു ഞാന്‍. അതുണ്ടായില്ല. കൈരളി ചാനലില്‍ 1000 പോസ്റ്റ് തികച്ച സൂപ്പര്‍ മെഗാ മലയാളം ബ്ലോഗറായ എന്നെപ്പറ്റി ഒരു സ്പെഷല്‍ സ്റ്റോറിയുണ്ടാകുമെന്നു വ്യാമോഹിച്ചു. അതും ഉണ്ടായില്ല. അതിനാല്‍ ഇന്നത്തെ പോസ്റ്റ് തങ്കമ്മ ആന്‍ഡ് ഫാമിലിക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.

മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ക്ഷമിക്കുക.ഇരുട്ടിന്റെ നിസ്സഹായതയില്‍ നിന്നു സ്വയം വെളിച്ചം കണ്ടെത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ പോലും വെളിച്ചം കാണാതെ നോക്കാന്‍ നിങ്ങള്‍ കാണിച്ച ആര്‍ജ്ജവത്തിനു മുന്നില്‍ അക്ഷരകേരളത്തിന്റെ പ്രണാമം. നിങ്ങള്‍ ഒന്നാം പേജില്‍ കൊടുത്താഘോഷിച്ച വാര്‍ത്തകളേക്കാള്‍ കരുത്തോടെ ലോകമെങ്ങും പ്രചരിക്കുന്ന ഈ ഇമെയില്‍ മാധ്യമങ്ങള്‍ എത്രത്തോളം ഷണ്ഡീകരിക്കപ്പെട്ടുവെന്ന കാലികപ്രസക്തിയുള്ള വിഷയത്തിന്റെ തീം സോങ് ആണ്. ഉദ്ഘോഷിക്കുമ്പോഴല്ല, അടിച്ചമര്‍ത്തുമ്പോഴാണ് സത്യം അതിന്റെ വിശ്വരൂപം പുറത്തെടുക്കുന്നത്.

എന്തുകൊണ്ട് തങ്കമ്മ ആന്‍ഡ് ഫാമിലി എന്നു ചോദിച്ചാല്‍ ഇന്നലെ ഒറ്റ ദിവസം മാത്രം ഈ ഇമെയില്‍ എനിക്കു കിട്ടിയത് 23 തവണയാണ് എന്നതുകൊണ്ടു മാത്രം.ആരാണ് തങ്കമ്മ, എന്താണ് തങ്കമ്മയുടെ പ്രശ്നം എന്നൊക്കെ പറയുന്നതിനു മുമ്പ് എന്തുകൊണ്ട് ഇത് ഇമെയില്‍ കൊടുങ്കാറ്റായി മലയാളം മാധ്യമങ്ങളുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്നു എന്നു വിശദീകരിക്കേണ്ടതുണ്ട്.

ഇമെയില്‍ ഫോര്‍വേഡില്‍ പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ 18ന് എറണാകുളം പ്രസ് ക്ലബില്‍ വച്ച് നടത്തിയ ഈ പത്രസമ്മേളനത്തിലെ ഉള്ളടക്കം കേരളത്തിലെ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി തമസ്കരിച്ചു കളഞ്ഞു. പാവപ്പെട്ടവന്റെ സ്വരം പുറത്തറിയാതിരിക്കാനുള്ള അദൃശ്യമായ ധാരണയെ അല്ലേ സഖാക്കളേ നമ്മള്‍ മാധ്യമ സിന്‍ഡിക്കറ്റ് എന്നു വിളിക്കേണ്ടത് ? ഏതു ശബ്ദം പുറത്തറിയണം ഏത് അറിയരുത് എന്നു തീരുമാനിക്കാനുള്ള പരമാധികാരം കയ്യില്‍ വച്ചുകൊണ്ട് അന്ധരും നിലാരംബരുമായ സമൂഹത്തെ ഇരുട്ടിന്റെ ആഴങ്ങളിലേക്കു തള്ളി, ലോട്ടറിയും കൈക്കൂലിയും രാഷ്ട്രീയവിശകലനങ്ങളുമായി വാര്‍ത്ത ആഘോഷിക്കുമ്പോള്‍ സകല ജേണലിസ്റ്റിക് പുണ്യാളന്‍മാരുടെയും തിരുനടയില്‍ ഓരോ നിറതേങ്ങയുടച്ചു കൊണ്ട് ആ പത്രക്കുറിപ്പ് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

എന്തിനിത് പ്രസിദ്ധീകരിക്കുന്നു എന്നു ചോദിച്ചാല്‍ മുഖ്യധാരാ മാധ്യമങ്ങളെ ചെളിവാരിയെറിയാനല്ല. ഈ പാവങ്ങളോട് നീതി കാണിക്കാന്‍ കെല്‍പുള്ള ആരുടെയെങ്കിലും കണ്ണില്‍ ഇത് പെടുമാറാകട്ടെ എന്ന ആഗ്രഹം കൊണ്ടും അവരോടു വാഗ്ദാനം ചെയ്തത് നിറവേറ്റാനുള്ള വിവേകം ബന്ധപ്പെട്ടവര്‍ക്കുണ്ടാകട്ടെ എന്ന ആഗ്രഹം കൊണ്ടുമാണ്.

കശ്മലന്‍മാരേ, എന്തൂട്ട് റിയാലിറ്റി ഷോ ആണിത് ?

വിടി ഭട്ടതിരിപ്പാട് ഇന്നുണ്ടായിരുന്നെങ്കില്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നൊരു നാടകം എഴുതുന്നതിനു പകരം അടുക്കളയില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കു വേണ്ടി ഒരു റിയാലിറ്റി ഷോ തുടങ്ങിയേനെ. അതില്‍ പെണ്ണുങ്ങളുടെ റിയാലിറ്റി മികവുകളുടെ പ്രകടനം കണ്ട് കേരളസമൂഹം ചിന്താഗതി മാറ്റുകയും അടുക്കളപ്പുറങ്ങളില്‍ നിന്നു സ്ത്രീകളെ അരങ്ങത്തേക്ക് ആനയിക്കുകയും ചെയ്തേനേ.

ഇതു ഞാന്‍ പറഞ്ഞതല്ല, വളരെ സീരിയസ്സായി ചിലര്‍ ചെയ്യുന്ന സാംസ്കാരിക പ്രവര്‍ത്തനത്തില്‍ നിന്ന് എനിക്കു വായിച്ചെടുക്കാന്‍ കഴിഞ്ഞതാണ്. കേരളസമൂഹത്തില്‍ റിയാലിറ്റി ഷോയ്‍ക്ക് വളരെ വലിയ സ്ഥാനമാണുള്ളതെന്ന് ‍ഞാന്‍ എടുത്തുപറയുന്നില്ല. എലിമിനേഷന്‍ റൗണ്ടു കഴിയുന്ന രാവുകളില്‍‍ കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങുന്നപ്രേക്ഷകര്‍ ഇനിയും മനസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹത്തിന്‍റെ പ്രതീകമാണ്. പിറ്റേന്ന് രാവിലെ പത്രത്തില്‍ വല്ലവരുടേം കദനകഥ വായിച്ച് കൂളായിട്ട് നമ്മള്‍ പേജ് മറിച്ചുവിടും, അതു വേറെ കാര്യം.

എന്താണ് പറഞ്ഞു വരുന്നതെന്നു വച്ചാല്‍, സ്വവര്‍ഗാനുരാഗികള്‍ ഇപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി നിലനില്‍ക്കുമ്പോള്‍, പീഡനവും ആക്ഷേപവും ഏറ്റുവാങ്ങി മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഒരായുസ്സുമുഴുവന്‍ ഭീതിയുടെ നിഴലില്‍ ജീവിക്കുമ്പോള്‍ അവരെ ഉദ്ധരിക്കാന്‍ വേണ്ടി പടുത്തുയര്‍ത്തിയ സംരംഭം ഉദ്ദേശിച്ച ഫലം നല്‍കുമോ എന്ന എന്‍റെ വ്യക്തിപരമായ ആശങ്കയാണ്. ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ സ്വവര്‍ഗാനുരാഗികളുടെ റിയാലിറ്റി ഷോചാന്തുപൊട്ടി’ന് കണ്ണൂരില്‍ തുടക്കമായെന്നു വാര്‍ത്തകള്‍ പറയുന്നു.

പരിഹാസവും നിന്ദയുംകൊണ്ട് ഒറ്റപ്പെട്ടുപോയ ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പരിപാടിയുടെ ലക്‍ഷ്യമത്രേ. ലക്‍ഷ്യം സാക്ഷാത്കരിക്കാന്‍ ‍ഞാനും പ്രാര്‍ഥിക്കാം. പക്ഷെ, അതിനു തിരഞ്ഞെടുത്ത പേരില്‍ തന്നെ ചില തകരാറുകള്‍ ഉണ്ടെന്നു തോന്നുന്നു. ചാന്തുപൊട്ട് എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്‍ക്കു ശേഷം ആ വാക്ക് ഉപയോഗിക്കുന്നത് പോസിറ്റീവായാണ് എന്നു തോന്നുന്നില്ല. ഞാനൊരു ചാന്തുപൊട്ടാണ് എന്ന് ഒരു സ്വവര്‍ഗാനുരാഗിയും അഭിമാനപൂര്‍വം പറയുമെന്ന് എനിക്കു തോന്നുന്നില്ല. ദുരുപദിഷ്ടമായ ഒരു ബ്രാന്‍ഡിങ് ആണതെന്നു വേണമെങ്കില്‍ വാദിക്കാം. എപ്പോഴും അങ്ങനെയായിക്കൊള്ളണമെന്നുമില്ല. എങ്കിലും, പരിഹാസവും നിന്ദയുംകൊണ്ട് ഒറ്റപ്പെട്ടുപോയ ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പരിപാടിക്ക് ആ സമൂഹത്തെ ആക്ഷേപിക്കാനുപയോഗിക്കുന്ന അതേ വാക്കു തന്നെ പേരായി നല്‍കിയത് വൈരുധ്യമായി തോന്നുന്നു.

സ്വവര്‍ഗാനുരാഗികളുടെ കലാവാസനയെ പുറംലോകത്തെ അറിയിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു ചാന്ത്പൊട്ട് നിര്‍മിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരികയെന്നതാണ് ഉദ്ദേശ്യം.സ്വവര്‍ഗാനുരാഗികള്‍ കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവര്‍ക്ക് അവരുടെ കലാവാസനകള്‍ പുറംലോകത്തെ അറിയിക്കാനുള്ള അവസരങ്ങളുടെ കുറവല്ല. തങ്ങള്‍ മനുഷ്യരാണെന്നും തങ്ങള്‍ക്കും ഈ മണ്ണില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഈ സമൂഹത്തെ ബോധ്യപ്പെടുത്താനാവാത്തതാണ്. ഈ റിയാലിറ്റി ഷോ, എല്ലാം പ്രത്യേകവീക്ഷണകോണിലൂടെ കാണുന്ന പ്രേക്ഷകരുടെ മുന്നില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്നത് അംഗീകരിക്കുമ്പോഴും അത് മൊത്തത്തില്‍ സ്വവര്‍ഗാനുരാഗികളുടെ ജീവിതത്തെ എങ്ങനെ മുഖ്യധാരയിലെത്തിക്കും എന്നതു മനസ്സിലാവുന്നില്ല.

മലയാളത്തിലെ റിയാലിറ്റി ഷോകളില്‍ വ്യത്യാസ്‌തമായ ‘സ്‌ട്രീറ്റ്‌ ലൈറ്റി’ ലൂടെ തെരുവു ഗായകരെ കണ്ടെത്തിയ മൊയ്‌തു താഴത്താണു ‘ചാന്തുപൊട്ടി’ന്റെയും പ്രൊഡ്യൂസര്‍.ബ്ലോസോണ്‍ ഗ്ലോബല്‍ അഡ്വര്‍ട്ടൈസ്‌മെന്റാണ് പരിപാടി നിര്‍മിക്കുന്നത്.50 എപ്പിസോഡിനു മുകളില്‍ പ്രതീക്ഷിക്കുന്ന ചാന്തുപൊട്ട് കണ്ണൂരില്‍ ആധുനികമായി സജ്‌ജീകരിക്കപ്പെട്ട സെറ്റിലായിരിക്കും അരങ്ങേറുക. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 40 പേര്‍ ഇതില്‍ പങ്കെടുക്കും. ഒരോ ജില്ലയില്‍നിന്നും ഒരു ടീമാണുള്ളത്. പക്ഷേ, ഇവര്‍ക്ക് ഒന്നിലേറെ ഗ്രൂപ്പുകളായി മത്സരിക്കാം. സിനിമാറ്റിക്ക് ഡാന്‍സ്, ശാസ്ത്രീയ നൃത്തം എന്നീ വിഭാഗങ്ങളിലൊക്കെ മത്സരമുണ്ട്.കഴിഞ്ഞ ദിവസം കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലക്കാര്‍ക്കായി നടത്തിയ ഓഡീഷനില്‍ തന്നെ മുപ്പത്തഞ്ചിലേറെ പേര്‍ പങ്കെടുത്തു.

10 ലക്ഷം രൂപയാണ് ഒന്നാംസമ്മാനം. രണ്ടാംസ്ഥാനക്കാരന് അഞ്ചു ലക്ഷം രൂപയും മൂന്നാംസ്ഥാനക്കാരനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും രണ്ടു പവന്‍ സ്വര്‍ണം സമ്മാനമുണ്ട്.പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വേങ്ങര, കവി കെ.സി.ഉമേഷ്ബാബു, ഗായകന്‍ താജുദ്ദീന്‍ വടകര, നര്‍ത്തകി ഡോ. അനില എന്നിവരാണ് വിധികര്‍ത്താക്കള്‍.

രണ്ടു പെണ്ണും രണ്ടാണും (റിയാലിറ്റി ഷോ, പീഡനം, അഞ്ജാതമൃതദേഹം)

പേര്- രാഹുല്‍ മഹാജന്‍
വയസ്- 36
സ്ഥലം- മുംബൈ, മഹാരാഷ്ട്ര

പേര്- ഷൈനി സോമന്‍
വയസ്- 27
സ്ഥലം- കൊല്ലം, കേരള

രണ്ടു ദാമ്പത്യങ്ങളുടെ കഥയാണ്. കഥയിലെ രാജകുമാരന്‍റെയും രാജകുമാരിയുടെയും പേരാണ് മുകളിലെഴുതിയിരിക്കുന്നത്.എന്നാല്‍,ഇവര്‍ തമ്മില്‍ ഇതുവരെ പരിചയപ്പെട്ടിട്ടില്ല, കണ്ടാല്‍ അറിയുകയുമില്ല,പറഞ്ഞു പരിചയപ്പെടുത്തിയാലും അറിയില്ല. നായകനും നായികയും രണ്ട് കഥകളില്‍ നിന്നുള്ളവരാണ്.പക്ഷേ, തുല്യദുഖിതര്‍. ഒരേ റൂട്ടില്‍ തുഴയുന്നവര്‍ ഒന്ന് കപ്പലും മറ്റേത് കൊതുമ്പുവള്ളവുമാണെന്നു മാത്രം. ദുഖത്തിന് അങ്ങനെ കപ്പലെന്നോ കൊതുമ്പുവള്ളമെന്നോ ഇല്ലാത്തതിനാല്‍ കഥ ആരംഭിക്കുന്നു.

“രാഹുല്‍ ദുല്‍‌ഹനിയ ലേ ജായേഗ” എന്ന റിയാലിറ്റി ഷോയിലൂടെ പെണ്ണ് കണ്ടെത്തി കല്യാണം കഴിച്ച രാഹുല്‍ (പ്രമോദ് മഹാജന്‍റെ സണ്‍ ടിവിയാണ്)മഹാജനല്ല മഹാജനറേറ്ററാണെന്ന് ദുല്‍ഹനിയ പരസ്യമായി പ്രഖ്യാപിച്ചതോടെ രാഹുല്‍ ഒരു ടിജി രവി ഇമേജിലേക്കു മാറിയിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു രാഹുലിന്റെയും മോഡല്‍ ആയ ഡിം‌പിയുടെയും വിവാഹം. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങിയിരുന്നത്രേ. റിയാലിറ്റി ഷോയിലൂടെ വിവാഹം ചെയ്ത ഡിംപി ഗാംഗുലി രാഹുലിന്‍റെ കന്നിഭാര്യയല്ല. ശ്വേത എന്നു പേരുള്ള ബാല്യകാലസഖിയെ ആണ് രാഹുല്‍ 2006ല്‍ വിവാഹം ചെയ്തത്. 2007ല്‍ ശ്വേത അപ്പോ ചേട്ടാ ശരി, ടാറ്റ ബൈ,ബൈ പറഞ്ഞു രക്ഷപെട്ടു. വര്‍ഷമൊന്നു തികയും മുമ്പ് ഇതാ ഡിംപിയും സിംപിളായി രക്ഷതേടുന്നു.

ഗാര്‍ഹികപീഡനമാണ് ഡിംപി ആരോപിക്കുന്ന പ്രോബ്ലം. പീഡനം എന്നു വച്ചാല്‍ മലയാളിക്ക് കിടപ്പറയില്‍ ഭര്‍ത്താവ് ഭാര്യയോടു ചെയ്യുന്ന കളിതമാശകളാണ്. നിങ്ങള്‍ക്കീയിടെയായി പീഡനത്തിലൊരു താല്‍പര്യവുമില്ല എന്നാണത്രേ ചില ഭാര്യമാരുടെ പരിഭവം. കുഴപ്പം, ആ വാക്കിന്‍റെയാണ്. വിവരമില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെയെഴുതി ആ വാക്കിനെ പൈങ്കിളിവല്‍ക്കരിച്ചു.

ഡിംപി ഉദ്ദേശിക്കുന്ന പീഡനം ശരിക്കും പീഡനമാണ്. അക്കഥയിങ്ങനെ- വ്യാഴാഴ്ച പുലര്‍ച്ചെ ഡിംപിയുടെ മൊബൈലില്‍ ഒരു എസ്‌എം‌എസ് വരുന്നു- കീ-കീ, കീ-കീ. തളത്തില്‍ മഹാജന്‍‍ ഉണരുന്നു. ഡിംപി നല്ല ഉറക്കത്തിലാണ്. മഹാന്‍ ഡിംപിയുടെ ഫോണെടുത്ത് എസ്എംഎസ് എന്താണെന്നു പരിശോധിച്ചുകളയാം എന്നു തീരുമാനിച്ചു. പക്ഷേ, കീപാഡ് ലോക്ക് ആണ്. എങ്കില്‍ രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം. രാഹു കാലത്തെ തന്നെ ഡിംപിയെ കുത്തിപ്പൊക്കി എസ്എംഎസിന്‍റെ ഉള്ളടക്കം എന്താണെന്നറിയണം എന്നു വാശിപിടിച്ചു. ഒന്നു പോടാ ഉവ്വേ, ഉറങ്ങുന്നതിനിടയിലാണ് അവന്‍റെയോരു- എന്നതിന്‍റെ ഹിന്ദി ഡയലോഗോ മറ്റോ ഡിംപി പറഞ്ഞു.കോപാക്രാന്തനായ രാഹുല്‍ സ്വിച്ചിട്ടപോലെ ഡിംപിയെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും തലമുടിയില്‍ പിടിച്ച് ഇഴയ്ക്കുകയും ചെയ്തു. മര്‍ദ്ദനം രൂക്ഷമായപ്പോള്‍ രാഹുലിനെ തള്ളിമാറ്റി ഫോണുമെടുത്ത് ഡിംപി മുറിയില്‍ നിന്ന് രക്ഷപെട്ടു. പിന്നീട്, ഒരു സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ഓപ്പോള്‍ രക്ഷപെട്ടത്(ആ സുഹൃത്തിന്‍റെ എസ്എംഎസ് ആണോ പുലര്‍കാലെ വന്നതെന്ന് പറയുന്നില്ല).- ഇത് സെക്രട്ടറിയേറ്റിന്‍റെ മുന്നിലെ കടയില്‍ നിന്ന് വാങ്ങിയ ഒരു പത്രത്തില്‍ വായിച്ചതാണ്. ഡിം‌പി അഭിമുഖം നല്‍കുന്നസമയത്ത് അവരുടെ കൈകളിലും കാല്‍മുട്ടിനു താഴെയും കവിളിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്നും പത്രത്തില്‍ പറയുന്നു.

എന്തായാലും ലേ ജായേഗാന്‍ ദുല്‍ഹാനിയ ഇല്ലാതെ രാഹുല്‍ ജനറേറ്റര്‍ ഓഫ് ചെയ്തു നില്‍ക്കുകയാണ്. റിയാലിറ്റി ഷോക്കാര്‍ക്ക് ഇനിയും ഒരങ്കണത്തൈമാവിനു ബാല്യമുണ്ടോ ? വേണമെങ്കില്‍ രഞ്ജിനി ഹരിദാസിനെ മുന്നില്‍ നിര്‍ത്തി ഏഷ്യാനെറ്റുകാര്‍ക്ക് ഒരു കൈ നോക്കാവുന്നതാണ്. എന്തായാലും,രാഹുല്‍ ഫ്രീസായി നില്‍ക്കുന്നിടത്തു നിന്ന് കഥ നേരേ കേരളത്തിലേക്ക്.

ദുഖമൂകമായ അന്തരീക്ഷം. മുകളില്‍ പറഞ്ഞ ഷൈനി സോമന്‍റെ ശവസംസ്കാരം കഴിഞ്ഞ ശേഷം കുടുംബക്കാര്‍ ആകെ ദുഖത്തിലും വേദനയിലുമാണ്. 2009 ഓഗസ്റ്റിലാണ് ഒരു ഭര്‍ത്താവും മൂന്നു മക്കളുമുള്ള ഷൈനിയെ കാണാതായത്. എവിടെയെല്ലാം അന്വേഷിച്ചു, എന്തെല്ലാം ചെയ്തു.ഒടുവില്‍, കഴിഞ്ഞ 18ന് പരവൂര്‍ കായലില്‍ നിന്ന് ഷൈനിയുടെ ഡെഡ്ബോഡി കിട്ടി. ഷൈനിയുടെ മാതാപിതാക്കളും ഭര്‍ത്താവും മൃതദേഹം തിരിച്ചറിയുകയും കൊണ്ടുവന്ന് പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിക്കുകയുമായിരുന്നു.

ഇനിയാണ് കഥ. എസ്.എന്‍.സ്വാമിയെ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും ! ഷൈനി മയ്യനാട്ട് ഭര്‍ത്താവ് കൂലിപ്പണിക്കാരനായ സുനിലിനൊപ്പം താമസിച്ചുവരവേയാണല്ലോ കാണാതായത്.ഷൈനി വീട്ടിനടുത്തുള്ള കലേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നത്രേ.ഷൈനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കലേഷിനെ സംശയമുണ്ടെന്നും കാട്ടി ഷൈനിയുടെ അച്ഛന്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പുംകിട്ടിയില്ല(അല്ലെങ്കിലും തുമ്പു മാത്രമായിട്ട് അവര്‍ക്കു വേണ്ട). ഷൈനിയെ കാണാതായതുമുതല്‍ കലേഷിനെയും കാണാതായിരുന്നു. കലേഷിന്‍റെ ഡെഡ്ബോഡി കിട്ടിയതുമില്ല. അപ്പോള്‍ കലേഷിനെ വേണമല്ലോ സംശയിക്കാന്‍.

പൊലീസ് സംശയിച്ചു. കലേഷിന്‍റെ മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്ത് ആ ട്രാക്കിലൂടെ കൂക്കിവിളിച്ച് ഓടിക്കൊണ്ടിരിക്കുമ്പോള്‍ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയ്ക്കടുത്തുള്ള മണ്ണാറക്കുളഞ്ഞിയില്‍ കലേഷ് മൊബൈല്‍ സഹിതമുണ്ടെന്ന് സൈബര്‍ പൊലീസ് അന്വേഷണസംഘത്തെ അറിയിച്ചു. ഷൈനിയെ കൊന്നു കായലില്‍ താഴ്‍ത്തിയ കലേഷിനെ പിടിക്കാന്‍ മണ്ണാറക്കുളഞ്ഞിയിലെ റബര്‍തോട്ടത്തിനുള്ളിലെ വീട്ടിന്‍റെ വാതിലില്‍ മുട്ടി കാത്തു നിന്ന പൊലീസ് ഞെട്ടി- മരിച്ചു മണ്ണടിഞ്ഞ ഷൈനി !കൂള്‍ കൂളായി കലേഷും. രണ്ടുപേരെയും പോലീസ് അറസ്റ്റുചെയ്ത് ഇരവിപുരം പോലീസ് സ്റ്റേഷനിലെത്തിച്ചു.

അവിടെ പുതിയൊരു കേസ് പൊലീസിനു കിട്ടി- എങ്കില്‍ ഷൈനിയുടേതെന്നു പറഞ്ഞ് വീട്ടുകാര്‍ ദഹിപ്പിച്ച മൃതദേഹം ആരുടേത് ? അവരെങ്ങനെ മരിച്ചു ? കൊന്നതെങ്കില്‍ ആര് ? ആളാരാണെന്നു കണ്ടെത്താനായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് (ആ നോട്ടീസ് അച്ചടിക്കുന്ന ജോലി കോണ്‍ട്രാക്ട് എടുത്താല്‍ നല്ല ലാഭമായിരിക്കും. ഈ മാസം തന്നെ ഇപ്പോള്‍ കുറെയായി).30 വയസ് തോന്നിക്കുന്ന ഒരു യുവതി ആ ദിവസം പാലത്തില്‍ നിന്നു കായലിലേക്കു ചാടുന്നതായി കണ്ടെന്ന് ചിലര്‍ മൊഴിനല്‍കിയിട്ടുണ്ടത്രേ. എന്തായാലും പൊലീസിനു കേസ് മറ്റൊന്നായി.

അപ്പോള്‍ നമ്മുടെ ഷൈനിയെയും കലേഷിനെയും പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്. അവരെ നമ്മള്‍ കോടതിയിലേക്കു കൊണ്ടുപോകുന്നു. കോടതിയില്‍ അന്തരിച്ച ഭാര്യയെ കാണാന്‍ ഭര്‍ത്താവ് സുനിലും എത്തി.തികച്ചും സംഘര്‍ഷഭരിതമായ അന്തരീക്ഷം. എന്തും സംഭവിക്കാം. കലേഷിനോടൊപ്പം പോകണമെന്നു താന്‍ പറയുമ്പോള്‍ തഥാസ്തു എന്നു പറഞ്ഞ് കോടതി വിട്ടയക്കുമെന്നും അപ്രകാരം ശിഷ്ടകാലം സന്തോഷത്തോടെ ജീവിക്കുമെന്നും ഷൈനി കരുതിയിരുന്നു. എന്നാല്‍, കലേഷ് അവളെ മൂന്നു വട്ടം തള്ളിപ്പറഞ്ഞു. തൊട്ടടുത്ത ചിക്കന്‍ സ്റ്റാളില്‍ നിന്നു കോഴികള്‍ കൂട്ടം കൂട്ടമായി കൂവി. ഷൈനിയെ തനിക്ക് വേണ്ടന്നും അവളോടൊപ്പം ജീവിക്കുന്ന പ്രശ്നമില്ലെന്നും കാമുകന്‍ പറഞ്ഞതോടെ ഷൈനിയും നിലപാട് മാറ്റി. എങ്കില്‍, ലവനെതിരെ പീഡനത്തിനു കേസെടുക്കണമെന്നായി(ഒരേ വാക്കിനെ രണ്ടു സ്ത്രീകള്‍ ഉപയോഗിക്കുന്നത് ഏത് അര്‍ഥത്തിലാണെന്നു നോക്കൂ!മുംബൈയിലെ പീഡനമല്ല, കേരളത്തിലെ പീഡനം!). ഷൈനി പറഞ്ഞാല്‍ പിന്നെ അപ്പീലുണ്ടോ, തട്ടിക്കൊണ്ടു പോകലിനും പീഡനത്തിനും കേസെടുത്ത് കലേഷിനെ പിടിച്ചകത്തിട്ടു.

ഇക്കഥയ്‍ക്ക് ഇനിയൊരൊറ്റ ക്ലൈമാക്സേയുള്ളൂ- ഭര്‍ത്താവ് സുനിലും ഷൈനിയും മൂന്നു മക്കളും കൂടിയുള്ള ഒരു കൂട്ട ആലിംഗനം. കോടതിമുറ്റത്ത് നിന്ന് ഒന്നിച്ചു നടന്നുപോകുമ്പോള്‍ ഗാനത്തോടൊപ്പം ഉയര്‍ന്നു വരുന്ന ടൈറ്റില്‍സ്.പക്ഷേ, മുകളിലൊരുത്തനെ നമ്മള്‍ ഫ്രീസായി നിര്‍ത്തിയിരിക്കുകയാണ്. സോ, അത് സംഭവിക്കുന്നില്ല. ഭര്‍ത്താവായ സുനിലും നയം വ്യക്തമാക്കി- ഇനി എന്തായാലും എനിക്കിവളെ വേണ്ട ! മൂന്നു മക്കളില്‍ ഒരാളെയും കൂട്ടി സുനില്‍ കുടുമ്മത്ത് പോയി. ബാക്കി രണ്ടു മക്കള്‍ ഷൈനിയുടെ അമ്മയോടൊപ്പം പോകാമെന്നു തീരുമാനിച്ചു. ഭര്‍ത്താവും കാമുകനും മക്കളുമില്ലാതെ ഷൈനിയും ഫ്രീസായി നില്‍ക്കുന്നു. ഇനിയെന്ത് ? ഒരു റിയാലിറ്റി ഷോയ്‍ക്കു കൂടി സ്കോപ്പുണ്ടോ ? അടുക്കളയും ആരാമവുമായി ചില കൊടുക്കല്‍ വാങ്ങലുകള്‍ക്കു സാധ്യതയുണ്ടോ ?