നമ്മുടെ സ്വന്തം കമ്പനി

കമ്പനി എന്ന പേരു കേട്ടാല്‍ ഒരു കാലത്ത് തിളയ്ക്കുമായിരുന്നു ചോര നമുക്ക് ഞരമ്പുകളില്‍. കാലങ്ങളോളം കമ്പനി എന്നു പറഞ്ഞാല്‍ നമുക്ക് ഒരേയൊരു കമ്പനിയായിരുന്നു; ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യയെ കോളനിവല്‍ക്കരിച്ച് ചൂഷണം ചെയ്ത് അടിമത്വത്തിലാക്കി കോടിക്കണക്കിനു ജനങ്ങളുടെ കണ്ണീരും ശാപവും ഏറ്റുവാങ്ങിയ അതേ കമ്പനി. ആ കമ്പനി വീണ്ടും വരുന്നു ഇന്ത്യയിലേക്ക്. ഇത്തവണ ഞരമ്പുകളില്‍ ചോര തിളപ്പിക്കണമെന്നില്ല; അന്തരംഗം അഭിമാനപൂരിതമാക്കിയാലും തെറ്റില്ല. കാരണം, 400 വര്‍ഷത്തെ ചരിത്രമുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് ഒരിന്ത്യക്കാരന്‍ തന്നെയാണ്. ഇവനിപ്പോള്‍ എന്തിന്റെ കേടാണ് എന്നു ചോദിച്ചാല്‍ ഇത്രേയുള്ളൂ: കമ്പനി കാശു കൊടുത്തു വാങ്ങിച്ച് അതിന്റെ ആധാരവും പട്ടയവും തലക്കുറിയുമായാണ് ചേട്ടന്‍ വരുന്നത്.

ഒരു കാലത്ത് രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളെ ചവുട്ടിയരച്ച പ്രസ്ഥാനം വിലയ്ക്കു വാങ്ങുക എന്നത് ഏതോരിന്ത്യക്കാരനെ സംബന്ധിച്ചും അഭിമാനാര്‍ഹമായ പ്രതികാരമാണ്. അന്നത്തെ പ്രതികളെ കിട്ടില്ലെങ്കിലും സൂര്യനസ്തമിക്കാത്ത പ്രൌഡിയുടെ പ്രതീകമായ ആ പേരിന്റെ മുകളില്‍ ഉടയോന്‍ എന്ന നിലയ്ക്ക് ഒപ്പു ചാര്‍ത്താനുള്ള അധികാരം നേടിയിരിക്കുന്ന ഇന്ത്യാരന്‍ വ്യവസായിയായ സഞ്ജീവ് മേഹ്തയാണ്.

സഞ്ജീവ് മേഹ്ത
ഈസ്റ്റ് ഇന്ത്യ ട്രേഡിങ് കമ്പനി, ഇംഗിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരുകളില്‍ അറിയപ്പെട്ട കമ്പനി ഇനി മുതല്‍ ഇന്ത്യന്‍ കമ്പനിയാണ്. കമ്പനിയുടെ പേരില്‍ എല്ലാത്തരം ബിസിനസ്സുകളും തുടങ്ങാനാഗ്രഹിക്കുന്ന മേഹ്ത പക്ഷെ പട്ടാളം രൂപീകരിച്ച് ബ്രിട്ടണ്‍ കീഴടക്കി ഒരു പ്രതികാരം താനുദ്ദേശിക്കുന്നില്ലെന്നു തമാശയായി പറയുന്നു. 20 വര്‍ഷമായി വിദേശത്ത് വ്യവസായിയായ 48കാരനായ മേഹ്ത ഏറെ നാളത്തെ പരിശ്രമത്തിനു ശേഷമാണ് ചരിത്രത്തിന്റെ കുഴിതോണ്ടി തലമുറകളുടെ സ്വാതന്ത്യ്രം കുളം തോണ്ടിയ കമ്പനി ചുളുവിലയ്ക്ക് വാങ്ങിയത്. ഇരുന്നൂറു വര്‍ഷത്തോളം ഇന്ത്യയെ അടക്കിഭരിച്ച കമ്പനി വാങ്ങാന്‍ മേഹ്തയ്ക്കു ചെലവായതോ വെറും ഒന്നരക്കോടി ഡോളര്‍ (ഏകദേശം 70 കോടി രൂപ).

പഴയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബിസിനസ്സുകള്‍ തന്നെ ഏറ്റെടുത്തു നടത്താനാണ് മേഹ്തയുടെയും പദ്ധതി. കാപ്പി, തേയില, പട്ട്, സുഗന്ധവിളകള്‍ എന്നിവയ്ക്കു പുറമേ പുതിയ കാലത്തിന്റെ ഉല്‍പ്പന്നങ്ങളും ലിസ്റ്റിലുണ്ട്. 2004ല്‍ ആണ് കമ്പനി സ്വന്തമാക്കാന്‍ വഴികളുണ്ടെന്ന് മേഹ്ത തിരിച്ചറിഞ്ഞത്. ഒരു ബ്രിട്ടിഷ് വ്യവസായിയുടെ പക്കലുണ്ടായിരുന്ന കമ്പനിയുടെ ഷെയറുകള്‍ വാങ്ങുകയാണ് ആദ്യം ചെയ്തത്. കമ്പനിയുടെ വികസനത്തിനായി ഒരു കോടി പൌണ്ട് ഉടനെ നിക്ഷേപിച്ചു. പിന്നീട് ആറു വര്‍ഷം മേഹ്ത പഴയ കമ്പനിയുടെ സഞ്ചാരപഥങ്ങളിലൂടെ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. വ്യാപാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു, മ്യൂസിയങ്ങളില്‍ കയറിയിറങ്ങി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പുതിയ ഓഫിസ് നൂറ്റാണ്ടിനു ശേഷം അടുത്ത മാസം ലണ്ടനിലെ മേഫെയറില്‍ തുറക്കും.

1817ലെ കമ്പനി ആസ്ഥാനം

ഇന്നും ലോകമെങ്ങും ഓര്‍ക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പോലൊരു ബ്രാന്‍ഡ് തനിക്കെന്നല്ല ഒരാള്‍ക്കും സൃഷ്ടിക്കാനാവില്ലെന്നു പറയുന്ന മേഹ്ത, താനീ ബ്രാന്‍ഡിനു ചീത്തപ്പേരുണ്ടാക്കില്ലെന്ന് ഉറപ്പു നല്‍കുന്നു. ഒരിന്ത്യക്കാരനെന്ന നിലയില്‍ താനനുഭവിക്കുന്ന വീണ്ടെടുക്കലിന്റെ നിര്‍വൃതി തന്നെയാണ് ഈ നേട്ടത്തിലെ ലാഭമെന്ന് അഭിമാനത്തോടെ പറയുന്ന മേഹ്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിപനായി മാതൃരാജ്യത്തേക്കുള്ള മടക്കം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ അനുഭവമാണെന്നു കൂട്ടിച്ചേര്‍ക്കുന്നു. ”വലിയൊരു ഉത്തരവാദിത്വമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്. ഞാനല്ല ഈ ബ്രാന്‍ഡ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ഈ പേരിന്‍റെ മൂല്യം നിലനിര്‍ത്തേണ്ടതുണ്ട്. സുഖമുള്ള കഷ്ടപ്പാടാണിത്. ഇന്ത്യക്കാരെ അടിമകളാക്കിയ കമ്പനിയുടെ തലപ്പത്തിരുന്ന് നയിക്കുക. കമ്പനിക്കു കാലം കാത്തുവച്ച തിരിച്ചടിയാകും ഇത് – മേഹ്തയുടെ വാക്കുകള്‍.

ഈസ്റ്റ് ഇന്‍ഡീസുമായുള്ള വ്യാപാരാവശ്യങ്ങള്‍ക്കായി 1600ല്‍ എലിസബത്ത് രാജ്ഞിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് 1757ലെ പ്ളാസി യുദ്ധത്തോടെയാണ് ഭരണം തുടങ്ങുന്നത്. 1857ലെ ഒന്നാം സ്വാതന്ത്യസമരത്തോടെ കമ്പനി ക്ഷയിച്ചു തുടങ്ങിയപ്പോള്‍ കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ ഭരണം ബ്രിട്ടന്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് 1874 ജനുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യ സ്റ്റോക്ക് ഡിവിഡന്‍ഡ് റിഡംപ്ഷന്‍ ആക്ട് പ്രകാരം കമ്പനി പിരിച്ചുവിടുകയായിരുന്നു.