ആത്മീയയാത്ര

[2015 ഏപ്രില്‍. നയി ദില്ലിയിലെ ഒരു ഭവനം]

മോനേ… ദേ ആരാ വന്നിരിക്കുന്നതെന്നു നോക്യേ…

ആരാണ് മാതാശ്രീ ? ആരായാലും പുറത്ത് ഉപവിഷ്ടനായി അല്‍പനേരം ധ്യാനിക്കാന്‍ പറയൂ.. ഇപ്പോള്‍ എന്റെ ധ്യാനത്തിന്റെ സമയമാണെന്നറിയില്ലേ ?

കേരളത്തീന്ന് ആന്റണിയാ മോനേ… നീ ഇങ്ങോട്ടു വന്നേ…

ആന്റണി… പെരുമ്പാവൂരാണോ ?

എന്താ മോനേ നീയിങ്ങനെ ? … നമ്മുടെ സ്വന്തം ആന്റണി… നിന്റെ ആന്റങ്കിള്‍… കുട്ടിയായിരുന്നപ്പോള്‍ നീ എത്രയോ ദിവസങ്ങള്‍ പുള്ളിയോടൊപ്പം ആന്റും എലിഫന്റും കളിച്ചിട്ടുള്ളതാ… എല്ലാം നീ മറന്നോ ?

എന്റെ ബോധമണ്ഡലത്തില്‍ മറ്റാരുമില്ലമ്മേ… ഞാനും ഈശ്വരനും മാത്രം.. അവിടെ ഞങ്ങള്‍ തമ്മില്‍ നടത്തുന്ന ആശയവിനിയത്തിനിടയില്‍ ആനയും ഉറുമ്പുമൊന്നുമില്ലമ്മേ…

എനിക്കൊരുമാതിരി ചൊറിഞ്ഞു കേറുന്നുണ്ട് കേട്ടോ…

ചൊറിച്ചില്‍ ഒന്നിനുമൊരു പരിഹാരമല്ലമ്മേ…

ഡാ, ഇങ്ങോട്ടു നോക്കിയേ.. ഇങ്ങോട്ടു നോക്കാന്‍..

ധ്യാനത്തിലിരിക്കുമ്പോള്‍ കണ്ണു തുറക്കാന്‍ പാടില്ലമ്മേ…

നിന്റെ മടിയും പേടിയുമൊക്കെ മാറി മിടുക്കനാവാന്‍ വേണ്ടിയാ നിന്നെ ഞാന്‍ മ്യാന്‍മറില്‍ ധ്യാനത്തിനു വിട്ടേ.. അല്ലാതെ ഇവിടെ ഫുള്‍ടൈം മുറിക്കകത്തു കേറിയിരുന്നു ധ്യാനിക്കാന്‍ വേണ്ടിയല്ല…

അമ്മ ശ്രീബുദ്ധനെപ്പറ്റി കേട്ടിട്ടില്ലേ… ബുദ്ധഭഗവാന്‍ ഇതുപോലെ ധ്യാനത്തിലിരുന്നപ്പോഴാണ് ബോധോദയമുണ്ടായത്… സെയിം ധ്യാനമാണ് മാസങ്ങളായി ഞാന്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്…

എടാ അതിനു ബോധം വേണ്ടേ ഉദിക്കാന്‍ ?

അമ്മയും മ്യാന്‍മറിലേക്കു പോകൂ.. ചേച്ചിയേം അവള്‍ടെ കൂളിങ് ഗ്ലാസ് ഫ്രീക്ക് കെട്ടിയോനേം കൊണ്ടുപോകൂ.. കുടുംബത്തോടെ നമുക്ക് നന്നാവാം അമ്മേ… നമുക്ക് ആത്മീയ പാതയിലേക്കു തിരിയാം…

ഒറ്റക്കീറു വച്ചു തന്നാലുണ്ടല്ലോ… അവന്റെയൊരു ആത്മീയപാത.. ഡാ നിന്നെപ്പറ്റി നാട്ടുകാര്‍ പറയുന്നതെന്താണെന്നറിയാമോ… താടിയങ്കിളിനെ പേടിച്ചു നീ നാടുവിട്ടതാണെന്ന്… കേരളത്തിലെ നമ്മടെ പാര്‍ട്ടിക്കാരു പോലും നീ ഒളിച്ചുപോയെന്നാ പറഞ്ഞത്… അവരെയെല്ലാം പാര്‍ട്ടീന്നു പുറത്താക്കി…

അവര്‍ക്കു മാപ്പു നല്‍കൂ അമ്മേ…

അവര്‍ക്കു കോപ്പാ കൊടുക്കുന്നേ.. ഡാ നീ കണ്ണു തുറക്കുന്നുണ്ടോ ഇല്ലയോ…

ഞാന്‍ ബോധോദയം കാത്തിരിക്കുകയാണമ്മേ… എന്നെ ശല്യപ്പെടുത്തരുത്… ദിവസം 10 മണിക്കൂര്‍ വരെ കണ്‍ടിന്യൂസ് ആയി ധ്യാനിക്കണമെന്നാ ഗുരു പറഞ്ഞിരിക്കുന്നത്…

മോനേ… നീയിങ്ങനെ ഇരുന്നാല്‍ പാര്‍ട്ടി കാര്യങ്ങളാരു നോക്കും… അടുത്ത ഇലക്ഷന് ഇനി നാലു വര്‍ഷം കൂടിയേ ഉള്ളൂ…നിനക്കു ജയിക്കണ്ടേ… ഈ നാടു മുഴുവന്‍ ഭരിക്കണ്ടേ ?

ആശയാണമ്മേ എല്ലാ ദുഖങ്ങള്‍ക്കും കാരണം…

ആരെടാ അവള്‍… ? ആന്റൂ.. ഇവന്റെ പഴയ കറക്കുകമ്പനീല്‍ ആശേന്നു പേരുള്ള ആരെങ്കിലുമൊണ്ടോന്ന് അന്വേഷിച്ചേ… അവളാണേ്രത ഇവനെ ഈ കോലത്തിലാക്കിയത്… എന്റെ മാതാവേ… ഞാനിതെങ്ങനെ സഹിക്കും…എങ്ങനെ നടന്ന കൊച്ചാ… അന്നാ ഇഷ്ടിക ചുമന്നതും പത്രസമ്മേളനത്തില്‍ ഇരച്ചു കയറിച്ചെന്നതും കേരളത്തില്‍ പോയി പൊറോട്ട തിന്നതുമൊക്കെ ഇന്നലേം കൂടി ഞാനും നിന്റെ ചേച്ചീം കൂടി പറഞ്ഞു കൊറേ ചിരിച്ചു, അല്ല കരഞ്ഞു… എന്റെ മോനേ നീയൊന്നുണര്… രാജ്യം നിനക്കായി കാത്തിരിക്കുകയാണ്…

പഴയതെല്ലാം ഞാന്‍ മറന്നു അമ്മേ.. ഞാനിന്നൊരു പുതിയ മനുഷ്യനാണ്… ബോധോദയത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്..

മീന്‍ വെട്ടുന്ന കത്തിയാ എന്റെ കയ്യിലിരിക്കുന്നത്, ഒറ്റക്കുത്തു വച്ചു തന്നാലുണ്ടല്ലോ….

നാറും അമ്മേ… മല്‍സ്യത്തെ വധിച്ച് അതിന്റെ മാസം വേവിച്ച് കഴിക്കാന്‍ അമ്മയ്ക്കു ലജ്ജയില്ലേ ? ഇനിയെങ്കിലും അംഹിസയുടെ പാതയിലേക്കു വരൂ അമ്മേ..

ഉണ്ട… അടുത്ത തിങ്കളാഴ്ച പാര്‍ട്ടി മീറ്റിങ്ങുണ്ട്.. എല്ലാവരും നിന്നെ കാണാന്‍ വേണ്ടി കാത്തിരിക്കുവാ.. അതിന്റെ ബ്രീഫിങ്ങിനു വന്നതാ ആന്റങ്കിള്‍…

ബീഫ് നിരോധിച്ചെന്നു പറഞ്ഞിട്ട് ?

ബീഫല്ലെടാ പൊട്ടാ.. ബ്രീഫ് ബ്രീഫ്..

ഞാനിപ്പോ ബ്രീഫ് ഉപയോഗിക്കാറില്ലമ്മേ.. എല്ലാത്തരം ബന്ധനങ്ങളില്‍ നിന്നും ഞാന്‍ മോചിതനായി…

പാര്‍ട്ടി മീറ്റിങ്ങിനു ചെന്നിട്ട് ഇമ്മാതിരി മണകൊണാഞ്ചന്‍ വര്‍ത്താനം പറഞ്ഞാല്‍ നിന്റെ കാലു ഞാന്‍ തല്ലിയൊടിക്കും…

അടുത്ത തിങ്കളാഴ്ച ഞാന്‍ മ്യാന്‍മറിലായിരിക്കും അമ്മേ… അവിടെ എനിക്കൊരു ആത്മവിശുദ്ധീകരണ ധ്യാനമുണ്ട്… ധ്യാനത്തിന്റെ വിശുദ്ധി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഈ വിശുദ്ധീകരണ ധ്യാനങ്ങള്‍ കൂടണം… ഇനിയങ്ങോട്ട് എല്ലാ തിങ്കഴാള്ചകളിലും ഞാന്‍ മ്യാന്‍മറിലായിരിക്കും…

ആന്റൂ… ഒന്നിങ്ങോട്ടു വന്നേ.. ഞാന്‍ മടുത്തു… ഈ ചെക്കനു പ്രാന്തായെന്നാ തോന്നുന്നേ.. ഇനീം ഞാനിവിടെ നിന്നാല്‍ ഇവനെ വല്ലോം ചെയ്യും..

ശാന്തി അമ്മേ, ശാന്തി…

ആശ, ശാന്തി… നീയിങ്ങനെ പെണ്ണുങ്ങളുടെ പേരും മനപാഠം പറഞ്ഞോണ്ടിരുന്നോ…നന്നാവരുത്…

മോനേ… ഞാനാടാ ആന്റങ്കിള്‍…

പറയൂ അങ്കിള്‍… എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?

കഷ്ടത്തിലാണ് മോനേ… മോനിവിടുന്നു പോയതോടെ പാര്‍ട്ടി നാഥനില്ലാത്ത അവസ്ഥയിലായി…. നേതാക്കന്‍മാര്‍ക്കു പോലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി… രാജ്യത്ത് മറ്റവരുടെ ഏകാധിപത്യമാണ്… നമുക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല…

അങ്കിളെന്തൊക്കെയാണ് പറയുന്നത്… ഞാന്‍ ചോദിച്ചത് ആത്മീയകാര്യങ്ങളാണ്… ദൈവത്തിന്റെ കാര്യങ്ങള്‍…

ഞാനൊരു നിരീശ്വര വാദിയാണ്… മോന്‍ ഇനിയെങ്കിലും പാര്‍ട്ടി കാര്യങ്ങള്‍ ശ്രദ്ധിക്കണം.. തിങ്കഴാള്ചത്തെ മീറ്റിങ്ങിനു വരണം… മഹാരാഷ്ട്രയിലെ ബീഫ് നിരോധനം മുതല്‍ ഒരുപാടു വിഷയങ്ങളില്‍ നമുക്ക് സമരം നടത്തേണ്ടതുണ്ട്…

ബീഫ് നിരോധം രാജ്യം മുഴുവന്‍ വേണമെന്നാവശ്യപ്പെട്ടാണെങ്കില്‍ സമരത്തിനു ഞാനും വരാം… ബീഫിനെ മാത്രമല്ല, ജീവനുള്ള ഒന്നിനെയും കൊല ചെയ്തു കഴിക്കാന്‍ പാടില്ല..

അപ്പോ പണ്ടു കേരളത്തില്‍ വന്നു തട്ടുകടേന്നു പൊറോട്ടയും ബീഫും തട്ടിയതു മറന്നോ ?

ഞാനിന്നൊരു പുതിയ മനുഷ്യനാണ്… പഴയതൊന്നും എന്നെ ഓര്‍മിപ്പിക്കേണ്ട..

കേരളത്തിലേക്കൊക്കെ ഒന്നു വരണം.. പാര്‍ട്ടിക്ക് കുറച്ചെങ്കിലും ശക്തിയുള്ളത് അവിടെയാണ്…

ഞാന്‍ മ്യാന്‍മറിലായിരിക്കുമ്പോള്‍ ഒരാഴ്ച റഷ്യയിലെ പുടിനും എന്നോടൊപ്പം ധ്യാനത്തിലുണ്ടായിരുന്നു.. അപ്പോഴാണ് കേരളത്തിലെ ബജവതരണം ടിവിയില്‍ കണ്ടത്…

ധ്യാനത്തിലായിരുന്നെങ്കിലും ന്യൂസ് ചാനല്‍ ഒക്കെ കാണുമായിരുന്നോ ?

ഹേയ്.. ഇത് ഗുസ്തി ചാനലിലാ.. ഡബ്ല്യുഡബ്ല്യുഇയില്‍… ആത്മനിയന്ത്രണം പരിശീലിപ്പിക്കാന്‍ വേണ്ടി കാണിക്കുന്നതാ.. അപ്പോള്‍ മാണിസാറിനെ ഞാന്‍ പുടിനു കാണിച്ചുകൊടുത്തു… മൂപ്പര്‍ക്ക് ആളെ ഇഷ്ടായി.. അവിടുത്തെ ആഭ്യന്തരമന്ത്രിയായി വിളിച്ചാല്‍ ചെല്ലുമോ എന്നു ചോദിച്ചു…

കര്‍ത്താവേ…

അല്ല, നിരീശ്വരവാദിയാണെല്ലല്ലേ പറഞ്ഞത് ?

ഞാനെന്റെ കൂടെ സ്‌കൂളില്‍ പഠിച്ച ശ്രീധരന്‍ കര്‍ത്താവിനെ ഓര്‍ത്തതാ…

ങും… അപ്പോ പുടിന്‍ പറഞ്ഞു.. അവിടെ പണ്ടൊരു സാര്‍ ചക്രവര്‍ത്തിയുണ്ടായിരുന്നെന്ന്.. പേരിന്റെ കൂടെ സാര്‍ എന്നുള്ളതുകൊണ്ട് മാണിസാറിനെ അവിടത്തുകാര്‍ക്കിഷ്ടപ്പെടുമെന്ന്…

നല്ല സെലക്ഷനാ.. പക്ഷെ, പുടിന്റെ ഭാവി എന്താകൂന്നാ…

നല്ല മനുഷ്യനാ… നേരത്തേ ബോധോദയം വന്നയാളാ… ബൈ ദ ബൈ…ആന്റങ്കിള്‍ ഇപ്പോ വന്ന കാര്യം പറഞ്ഞില്ല ??

തിങ്കഴാഴ്ചത്തെ പാര്‍ട്ടി മീറ്റിങ്…

ഞാനന്നു മ്യാന്‍മറിലായിരിക്കും.. അതുകൊണ്ട് അതുവിട്…വേറെന്തെങ്കിലും ?

അല്ല, മോനിപ്പോള്‍ കൂടുതല്‍ സമയം ധ്യാനവും മറ്റുമാണല്ലോ… അതുപോര…

എനിക്കറിയാം.. രാജ്യത്തുടനീളം ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങാനും ഞാനാലോചിക്കുന്നുണ്ട്…

അതല്ല, മോന്‍ പഴയപോലെ.. പൊറോട്ടയും മറ്റുമൊക്കെയായി…

അത് ശരി… എന്താണാ ബാഗില്‍ ?

ഒരു നാലു പൊറോട്ട.. പിന്നെ കുറച്ചു ബീഫ്… ചാറ് വേറെ എടുത്തിട്ടുണ്ട്…

ദുഷ്ടാ….. എന്നെ ഇങ്ങനെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ?

അല്ല മോനേ… അത് പിന്നെ, അത് ഇത്…

ആന്റങ്കിള്‍.. ഇതു വളരെ മൃഗീയവും പൈശാചികവുമായിപ്പോയി…

അയ്യോ, എന്നോടങ്ങനെ പറയല്ലേ…

പറയും…

പറയല്ലേ…

പറയുമെന്നല്ലേ പറഞ്ഞത്…

ഈശ്വരാ ഞാനിതെങ്ങനെ സഹിക്കും…

ഗെറ്റൗട്ട് ഹൗസ് അങ്കിള്‍..

എന്ത്ന്ന് ?

ഇംഗ്ലിഷിലല്ലേ പറഞ്ഞത്… എന്നാ ഹിന്ദീല്‍ പറയാം.. ഘര്‍വാപസി..

ഈശ്വരാാാാ !!

ഐ ലവ് യു അറ്റോര്‍ണി ജനറല്‍

ചില പദവികള്‍ അങ്ങനെയാണ്. ചിലര്‍ ആ സ്ഥാനങ്ങളില്‍ വരുന്നതു വരെ ആ പദവികള്‍ കുപ്പത്തൊട്ടിയിലെ മാണിക്യം പോലെ ആരാലും അറിയപ്പെടാതെ കിടക്കും. എന്നാല്‍ അവര്‍ വരുന്നതോടെ ഈശ്വരാ ഇങ്ങനൊരു പദവി ഉണ്ടായിരുന്നോ എന്നു പോലും നമ്മള്‍ വിസ്മയിക്കും. കേരള സംസ്ഥാന ചീഫ് വിപ്പ് ആണ് ഇത്തരത്തിലൊരു പദവി. ആ സാധനത്തെപ്പറ്റി അധികം പറയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വേറെ നല്ല ഉദാഹരണങ്ങള്‍ക്കായി അതിര്‍ത്തി വിട്ടു പോകുന്നു.

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയായി ഹിന റബ്ബാനി വന്നതോടെ യുദ്ധഭൂമിയെന്നു കരുകതിയിരുന്ന അതിര്‍ത്തിമേഖലയില്‍ റോസപ്പൂക്കള്‍ വിരിഞ്ഞതുപോലെ ഒരു ഫീലായിരുന്നു. എത്ര ഭീകരര്‍ നുഴഞ്ഞുകയറിയാലും ആ കൊച്ച് അപ്പുറത്തിരിക്കുമ്പോള്‍ എങ്ങനെ ഇന്ത്യ ഫയര്‍ എന്നലറും എന്നതൊരു പ്രശ്‌നമായിരുന്നു. കാലം കുറച്ചായപ്പോള്‍ അതിര്‍ത്തിയിലെ റോസാപ്പൂക്കള്‍ കരിഞ്ഞു. മുല്ലപ്പൂവിപ്ലവം വന്നതോടെ റോസാപ്പൂവിപ്ലങ്ങളുടെ പ്രസ്‌ക്തി നഷ്ടപ്പെട്ടുപോയെന്നും പറയാം. ഈജിപ്തിലും ക്രൊയേഷ്യയിലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ചുണക്കുട്ടികള്‍ പലതും നടത്തി. ഒടുവില്‍ ഉക്രെയിനിലും വിപ്ലവം വന്നു.

അയലത്തെ കോടീശ്വരന്റെ മകളായ സുന്ദരിയെ വളച്ചു വളച്ച് ഒടുവില്‍ അവളെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോകുന്ന ബുദ്ധിമാനായ ഓട്ടോ ഡ്രൈവറെപ്പോലെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ക്രൈമിയയില്‍ ചില കൈക്രിയകള്‍ കാണിക്കുകയും ഒടുവില്‍ ക്രൈമിയ റഷ്യയില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയും ലയനം നടപ്പാവുകയും ചെയ്തു. ഈ കല്യാണം പള്ളീല്‍ വച്ചു നടത്തില്ല എന്നു പറയുന്ന വികാരിയച്ചനെപ്പോലെ അമേരിക്കയും ഒബാമയും ഏറാന്‍മൂളികളും ഇടഞ്ഞുനില്‍ക്കുകയാണ്. ക്രൈമിയയിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തി ബോറടിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ലാത്തതിനാല്‍ നേരിട്ടു കാര്യത്തിലേക്കു വരാം.

ക്രൈമിയയെ സ്വന്തമാക്കിയ പുടിന്‍ ക്രൈമിയക്കാര്‍ക്ക് ആദ്യം നല്‍കിയ സമ്മാനങ്ങളിലൊന്ന് പുതിയ അറ്റോര്‍ണി ജനറല്‍ ആണ്. ക്രൈമിയയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സുപ്രധാനമായ പല നിലപാടുകളിലും നിര്‍ണായകമായ ചുവടുവയ്പുകള്‍ നടത്തേണ്ട അവിടെ സമാധാനം സ്ഥാപിക്കാന്‍ പോലും പര്യാപ്തമായ ഈ പദവിയാണ് ഞാന്‍ ആദ്യം പറഞ്ഞ ആ പദവി. അറ്റോര്‍ണി ജനറല്‍ എന്നൊക്കെ പറയുന്ന ബോറന്‍ പദവിയെ തേന്‍പുരട്ടി അലങ്കരിച്ച് വിപ്ലവഭടന്‍മാരുടെ നെഞ്ചിടിപ്പ് അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് ക്രൈമിയയുടെ അറ്റോര്‍ണി ജനറല്‍ നതാലിയ പൊക്ലോന്‍സ്‌കായ. ആ പേരിവിടെ എഴുതിയപ്പോള്‍ തന്നെ എനിക്കും എന്തോ പോലെ.

ലോകത്ത് ആദ്യമായായിരിക്കും ഒരു കൊച്ചുദേശത്തെ അറ്റോര്‍ണി ജനറലിനെപ്പറ്റി ലോകമാധ്യമങ്ങള്‍ ഒന്നടങ്കവും സോഷ്യല്‍ മീഡിയയും തുക്കടാ മലയാളം ബ്ലോഗുകള്‍ പോലും ശ്വാസമടക്കിപ്പിടിച്ച് എഴുതുന്നത്. നതുവിന്റെ ആദ്യ പത്രസമ്മേളനം യു ട്യൂബില്‍ ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് വൈറലായതും അതിനു സബ്‌ടൈറ്റിലുകളുമായി വിവിധ വേര്‍ഷനുകള്‍ വന്നതും അതില്‍ പറയുന്ന രാഷ്ട്രീയമോ നതൂട്ടി സംസാരിക്കുന്ന ഭാഷയോ ഒന്നും ആര്‍ക്കും മനസ്സിലായിട്ടല്ല. ലോകത്തെ സ്വാധീനിച്ചിട്ടുള്ള അനേകം സ്ത്രീകള്‍ക്കുള്ളതു പോലെ തന്നെ നതൂട്ടിയും ചലനം സൃഷ്ടിക്കുന്നത് തന്റെ സൗന്ദര്യവും ആകര്‍ഷണീയതയും കൊണ്ടു തന്നെയാണ്. ആദ്യപ്രണയലേഖനം പോലെ നതുമോള്‍ടെ ആ പത്രസമ്മേളനം വിറയാര്‍ന്ന വിരലുകളോടെ ഇവിടെ ഷെയര്‍ ചെയ്യുന്നു.

വിഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയുമൊക്കെ ചെയ്യുന്ന വായില്‍നോക്കികള്‍ നതൂട്ടിയുടെ സൗന്ദര്യം മാത്രമേ കാണുന്നുള്ളൂ എന്നത് സങ്കടകരമാണ്. വളരെ ഉന്നതമായ, തന്ത്രപ്രധാനമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രീയമായി ഗൗരവമുള്ള നിലപാടുകളെടുക്കുന്ന നതു സ്ത്രീശാക്തീകരണത്തിന്റെ സുന്ദരപ്രതീകങ്ങളിലൊന്നാണ്. അവര്‍ ചെയ്യുന്ന ജോലിയും അവരുടെ അതീവ ആകര്‍ഷകരൂപവും വച്ചു നോക്കുമ്പോള്‍ സൗന്ദര്യം ഒരു ശാപമായി അവരുടെ ജോലിയുടെ ഗൗരവം കുറയ്ക്കാനാണ് സാധ്യത എന്നു പറയാം. ഉക്രെയ്ന്‍ സര്‍ക്കാര്‍ നതുമോള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട് എന്നു മാത്രമല്ല ഒരു റഷ്യന്‍ ചാരസുന്ദരി എന്ന ലൈനിലാണ് അവരെ നിരീക്ഷിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നതുമോളെ ഒരു അനിമേഷന്‍ കഥാപാത്രമാക്കി മാറ്റി ആ വഴിക്കും പ്രചാരണം നടക്കുന്നുണ്ട്.

ക്രൈമിയയിലെ ജനാധിപത്യപ്രക്രിയയില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചുള്ള എന്റെ ഈ ബ്ലോഗ്‌പോസ്റ്റിനെ സാധൂകരിക്കുന്ന ഏതാനും ചിത്രങ്ങള്‍ കൂടി (എല്ലാം 33കാരിയായ അറ്റോര്‍ണി ജനറലിന്റേതു തന്നെ) ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇതെല്ലാം കണ്ടിട്ട് ഉമ്മന്‍ ചാണ്ടി സരിത നായരെ ചീഫ് വിപ്പ് എങ്കിലും ആക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു. പത്രസമ്മേളനങ്ങളില്‍ പൂക്കള്‍ വിരിയട്ടെ!

Nathootty

റഷ്യയില്‍ ഇങ്ങനെയും പെണ്ണുങ്ങളുണ്ട്

Pussy Riot എന്നത് ഒരു ഫെമിനിസ്റ്റ് രാഷ്ട്രീയ കലാപമാണ്, ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ വേണ്ടി ജനിച്ച റോക്ക് മ്യൂസിക് ബാന്‍ഡുമാണ്. റഷ്യയുടെ രാഷ്ട്രീയചരിത്രത്തിലെ വലിയ പ്രക്ഷോഭങ്ങളിലൊന്നായി മാറിയേക്കാവുന്ന ഈ പെണ്‍കുട്ടികളുടെ വിപ്ലവം ഇന്നു ലോകമെങ്ങും ഏറ്റെടുത്തിരിക്കുന്നു. റഷ്യയിലെ വ്ലാഡിമിര്‍ പുടിന്‍ സര്‍ക്കാരിന്‍റെ ചീഞ്ഞുനാറുന്ന ഭരണത്തിനെതിരെയുള്ള സംഗീതമായി പടര്‍ന്ന പുസ്സി റയട്ട് ബാന്‍ഡിലെ പെണ്‍കുട്ടികളുടേത് ഭരണകൂടത്തെയും ഭരണചക്രം തിരിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയെയും വെല്ലുവിളിക്കുന്ന നടപടിളായിരുന്നു. ഈ മൂന്നു പെണ്‍കുട്ടികളെ ഇന്നലെ റഷ്യയില്‍ വിചാരണ ചെയ്ത് രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ച സര്‍ക്കാര്‍ റഷ്യയിലാകെ ഒരു നവോത്ഥാനത്തിനുള്ള വെല്ലുവിളിയാണ് നടത്തിയിരിക്കുന്നത്.

പുസി റയട്ട്സ്സ് പെണ്‍കുട്ടികളെ ശിക്ഷിച്ചതും റഷ്യയിലെ ഭരണകൂടത്തിന്‍റെ ഹീനമായ നടപടികളുമെല്ലാം ലോകമറിയുന്നുണ്ടായിരുന്നു എങ്കിലും ഇന്നലെ അതിനിത്ര പ്രചാരം ലഭിച്ചത് പുടിന്‍റെ പൊലീസ് നടത്തിയ അതിരുവിട്ട ഒരു പരിപാടിയിലൂടെയാണെന്നു പറയാം. പുസ്സി റയട്ട്സ് പെണ്ണുങ്ങളെ വിചാരണ ചെയ്യുന്ന സമയത്ത് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടു നിന്ന പ്രതിപക്ഷത്തുള്ള നേതാവും ലോക ചെസ് ചാംപ്യനുമായിരുന്ന ഗാരി കാസ്പറോവിനെ പൊലീസ് വലിച്ചിഴിച്ച് കൊണ്ടുപോയതാണ്. കാസ്പറോവിനെ അറസ്റ്റ് ചെയ്ത പോലീസ് അദ്ദേഹത്തെ മര്‍ദ്ദിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡിയോ താഴെ.

ഇന്നലെ മോസ്കോയില്‍ നടന്ന പുസ്സി റയട്ട്സും കലാപങ്ങളും-

കാസ്പറോവ് പുടിന്‍റെ സ്ഥിരം വിമര്‍ശകനെന്ന നിലയില്‍ നേരത്തേ തന്നെ സര്‍ക്കാരിന്‍റെ നോട്ടപ്പുള്ളിയുമാണ്. ഇപ്പോള്‍ പുസ്സി റയട്ട്സ് പെണ്‍കുട്ടികളെ പിന്തുണയ്‍ക്കുന്ന നിലയില്‍ റഷ്യയിലെ പുരോഗമനവാദികളോടൊപ്പം അദ്ദേഹം നിലയുറപ്പിച്ചതാണ് പെട്ടെന്നുള്ള അറസ്റ്റിനു വഴി വച്ചത്. ലോകം ആദരിക്കുന്ന ഒരു ഗ്രാന്‍ഡ്മാസ്റ്ററെ മാതൃരാജ്യം രാഷ്ട്രീയകാരണങ്ങളാല്‍ ഇവ്വിധം കൈകാര്യം ചെയ്യുന്നത് എന്തായാലും വലിയ ചര്‍ച്ചയായി എന്നതിനു പുറമേ പുസി റയട്ട്സ് പ്രസ്ഥാനത്തെക്കുറിച്ചും അവരുടെ കലാപ-പരിപാടികളെക്കുറിച്ചും അറിയാത്തവര്‍ കൂടി അറിഞ്ഞു. അറസ്റ്റും വിട്ടയക്കലുമൊക്കെയായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി കാസ്പറോവിന്‍റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്താല്‍ മതി-[Link] .

ഭരണകൂടത്തെ വെല്ലുവിളിക്കുന്ന, മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളോ ആലോചനയോ ഇല്ലാത്ത അലമ്പ് ആണ് പുസ്സി റയട്ട്സ് പെണ്‍കുട്ടികളുടെ ബാന്‍ഡ് അവതരിപ്പിക്കുന്ന കലാപരിപാടി.സാധാരണ നിലയ്‍ക്ക് ഒരു കലാപാരിപാടി അവതരിപ്പിക്കപ്പെടുന്ന വേദികളിലൊന്നും ഇവര്‍ക്കു താല്‍പര്യമില്ല. തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവുമായ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് മേല്‍പ്പറഞ്ഞ അലമ്പ് റോക്ക് അവതരിപ്പിച്ച് സ്ഥലം വിടുകയാണ് ഇവര്‍ ചെയ്യുന്നത്. യാഥാസ്ഥിതികരും സദാചാരവാദികളുമായ ആളുകളെ സംബന്ധിച്ച് ഇതിനെക്കാള്‍ അസഹനീയമായി മറ്റൊന്നുമില്ല. കഴിഞ്ഞ ഫെബ്രുവരി 21ന് പുടിന്‍റെ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് മുഖംമൂടി ധരിച്ച് മോസ്കോയിലെ കത്തീഡ്രല്‍ പള്ളിയുടെ അള്‍ത്താരയില്‍ കയറിയ ഈ മൂന്നു പെണ്‍കുട്ടികള്‍ വിര്‍ജിന്‍ മേരി, പുട് പുടിന്‍ എവേ എന്നലറിവിളിക്കുന്ന ഗാനം പാടി അഴിഞ്ഞാടിയതാണ് കേസായത്. മാര്‍ച്ച് ആദ്യം അറസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ തെമ്മാടിത്തത്തിനും മതനിന്ദയ്‍ക്കുമാണ് ഇന്നലെ രണ്ടു വര്‍ഷത്തെ തടവിനു വിധിച്ചത്. പെണ്‍കുട്ടികളുടെ പള്ളിയിലെ പെര്‍ഫോമന്‍സ് വിഡിയോ താഴെ.

ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തരസംഘടനകള്‍ ഇതിനെ അക്രമമായി കണ്ട് ശിക്ഷിക്കുന്നതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. പുസ്സി റയട്ട്സ് പെണ്‍കുട്ടികളുടെ ശൈലിയും അവര്‍ മുന്നോട്ടു വയ്‍ക്കുന്ന ആശയവും അവരുടെ സമരമാര്‍ഗവും അറിയാവുന്ന ഭരണകൂടം ജയിലിലടക്കുന്നതിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടത്തിനെതിരായ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് കരുതപ്പെടുന്നു. കാസ്പറോവിന്‍റെ അറസ്റ്റും അക്രമങ്ങളും പെണ്‍കുട്ടികള്‍ക്കു ലഭിച്ച ശിക്ഷയ്‍ക്ക് കൂടുതല്‍ മുഴക്കം നല്‍കി എന്നു മാത്രം. ഇന്നു ലോകമെങ്ങും പ്രതിഷേധിക്കുകയാണ്. പുസ്സി റയ്ട്ട്സ് പ്രക്ഷോഭകാരികളായ ഫെമിനിസ്റ്റുകളും പുരോഗമനവാദികളും ഏറ്റെടുത്തു കഴിഞ്ഞു. കോതമംഗലത്ത് ആശുപത്രി കെട്ടിടത്തിന്‍റെ മുകളില്‍ കയറിയ മൂന്നു പെണ്‍കുട്ടികള്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളം കുടിപ്പിച്ചു എന്നു പറഞ്ഞതുപോലെ ഈ മൂന്നു പെണ്‍കുട്ടികള്‍ പാട്ടും പാടി ജയിലിലേക്കു പോയപ്പോള്‍ പുടിന്‍ വിയര്‍ത്തു തുടങ്ങുകയാണ്. വരും നാളുകള്‍ പ്രക്ഷോഭങ്ങളുടേതു തന്നെയായിരിക്കുമെന്ന് ഉറപ്പിക്കാം.

Reference: Dailymail, BBC, Wikipedia, Facebook, AFP, YouTube