പുസ്തകപ്രകാശനം

ഇത്രയും കാലം കൊണ്ട് അനേകരെ വഴി തെറ്റിച്ച, അനേകരുടെ ആസ്വാദനശേഷി തല്ലിക്കെടുത്തിയ ബെര്‍ളിത്തരങ്ങള്‍ എന്ന എന്റെ ഈ ബ്ളോഗില്‍ നിന്നുള്ള തിരഞ്ഞെടുത്ത രചനകള്‍ ഇനി നിങ്ങള്‍ക്കു പുസ്തക രൂപത്തിലും ലഭിക്കും. ഇതിനു മാത്രം നിങ്ങളെന്തു തെറ്റു ചെയ്തു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ചിക്കുന്‍ ഗുനിയ പിടിച്ചവന് പന്നിപ്പനി കൂടി പിടിച്ചെന്നു കരുതിയാല്‍ മതി. വരാനുള്ളത് വണ്‍വേ വഴി പോകില്ല എന്നാണല്ലോ പഴമൊഴി. അതു വന്നു കഴിഞ്ഞു. നിങ്ങളുടെ അടുത്തുള്ള പുസ്തകശാലകളില്‍ സംഗതി റിലീസ് ചെയ്തു കഴിഞ്ഞു. ഓവര്‍സീസ് റൈറ്റ് ഇന്ദുലേഖ ഡോട് കോമിനാണ് നല്‍കിയിരിക്കുന്നത്. ഉള്ള കോപ്പികള്‍ വിറ്റുതീരും മുമ്പ് ആവശ്യക്കാര്‍ ക്യൂ നിന്നു വാങ്ങണമെന്ന് താല്‍പര്യപ്പെടുന്നു. പിന്നെ, ഇവിടെയൊന്നും കിട്ടിയില്ലാ..! എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല.

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടേതാണ് അവതാരിക. സാഹിത്യകാരന്‍ എന്‍.പി.മുഹമ്മദിന്റെ മകനും വൈക്കം മുഹമ്മദ് ബഷീറിന്റെ മരുമകനുമായ എന്‍.പി. അബു ഫൈസിയുടേതാണ് കവര്‍ ഡിസൈന്‍. കോഴിക്കോട് ഒലിവ് പബ്ളിക്കേഷന്‍സ് പ്രസാധനം ചെയ്യുന്ന പുസ്തകം പൊന്നുംവിലയ്ക്കാണ് വില്‍ക്കേണ്ടതെങ്കിലും തല്‍ക്കാലം 50 രൂപയ്ക്കാണ് നല്‍കുന്നത്. പുസ്തകത്തിന്റെ പ്രകാശനം വേണമെങ്കില്‍ എനിക്കു വലിയ ചടങ്ങായി നടത്താം. പക്ഷെ, എനിക്കതു വേണ്ട. എന്റെ ശക്തി എന്റെ വായനക്കാരാണ്.എന്റെ വായനക്കാര്‍ക്കു പങ്കെടുക്കാന്‍ കഴിയാത്ത ഒരു പ്രകാശനം ഞാന്‍ നടത്തണോ ? നിങ്ങള്‍ക്കില്ലാത്ത പ്രകാശനം എനിക്കെന്തിന് ? അതുകൊണ്ട് ദാ, എന്റെ ഈ പുസ്തകം ഓണ്‍ലൈനായി നിങ്ങളുടെയെല്ലാവരുടെയും മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട് ഞാന്‍ തന്നെ പ്രകാശനം നടത്തിയതായി പ്രഖ്യാപിക്കുന്നു. എനിക്കൊക്കെ എന്തുമാകാമല്ലോ !

Book Cover1

തീര്‍ന്നിട്ടില്ല. ഇനി, മമ്മൂട്ടിയുടെ അവതാരികയില്‍ നിന്ന് ഏതാനും ഭാഗങ്ങള്‍:-
“നവീനകാലത്തിന്റെ എഴുത്തുപുരയായ ബ്ളോഗ് സാമ്രാജ്യത്തിലെ രാജകുമാരനാണ് ബെര്‍ളി തോമസ്. മലയാളം ബ്ളോഗുകളിലെ മുന്‍നിരക്കാരനായ ബെര്‍ളി തോമസിന്റെ രചനകള്‍ക്കായി മോണിറ്ററിനു മുന്നില്‍ കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ വലിയൊരു കൂട്ടത്തിനു മുന്നിലേക്ക് അവ പിറന്നുവീഴുന്നു. ബ്ളോഗിങ്ങിന്റെ ലോകം വിചിത്രമാണ്. ഓരോ പോസ്റ്റിനും ആത്മാര്‍ഥതയുടെ പൂക്കളും അതിനിശിതമായ കല്ലേറും തീര്‍ച്ച. ബെര്‍ളിത്തരങ്ങളിലൂടെ കടന്നുപോയവര്‍ക്കാറിയാം മിത്രങ്ങളാലും ശത്രുക്കളാലും സജീവമായ ലോകത്തെ. വായനക്കാരനെ വീണ്ടും വീണ്ടും ബെര്‍ളിത്തരങ്ങളിലേക്കു നയിക്കുന്നതിന്റെ കാരണവും ഇതാകാം. ”

പുസ്തകം വാങ്ങണോ വേണ്ടയോ എന്നു സംശയിക്കുന്നവരോട് ചില കാര്യങ്ങള്‍ വ്യക്തമാക്കിയേക്കാം. എന്റെ പുസ്തകം ഓരോ കോപ്പി വാങ്ങി സഹായിക്കണേ എന്നു ഞാനാരോടും പറയില്ല. അങ്ങനെ വില്‍ക്കേണ്ട സാധനമല്ല പുസ്തകം. താല്‍പര്യം തോന്നുന്നവര്‍ മാത്രം വാങ്ങിയാല്‍ മതി. ഇതിപ്പോള്‍ ബ്ളോഗിലില്ലാത്തതു വല്ലതുമുണ്ടോ ഇതില്‍ കാശു കൊടുത്തു വാങ്ങാന്‍ എന്നു സംശയിക്കുന്നവര്‍ക്കും മറുപടിയുണ്ട്. ബ്ളോഗിലില്ലാത്തതായിട്ട് ആമുഖവും അവതാരികയും മാത്രമേയുള്ളൂ ഇതില്‍. പുസ്തകമാക്കുമ്പോള്‍ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ഇതില്‍ അതും നടത്തിയിട്ടില്ല. നമ്മളെന്തിനാണ് ആവശ്യമില്ലാത്ത പണിക്കു പോകുന്നത്, ഹല്ല പിന്നെ ! വീട്ടില്‍ കയറ്റാന്‍ കൊള്ളുന്ന പുസ്തകമാണോ എന്നൊക്കെ രണ്ടുവട്ടം ആലോചിച്ചിട്ടേ വാങ്ങാവൂ. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പോസ്റ്റുകള്‍ ഇവയാണ്:-

1. ചാര്‍ളിയുടെ അപ്രകാശിത പ്രേമലേഖന
2. യക്ഷിയെ പ്രേമിച്ച കപ്യാര്‍ ഷാജു
3. നൂഡില്‍സ് ദുരന്തം
4. ഒറ്റക്കാലുള്ള പ്രേതം
5. ജോസുകുട്ടിയുടെ സ്വന്തം നിമ്മി
6. കോരസാറിന്റെ ശാന്ത
7. പത്മപ്രിയയുടെ കാമുകന്‍
8. വിശുദ്ധ റീമി ടോമിയും രണ്ടു മുസ്ലിം തീവ്രവാദികളും
9. അഭിജ്ഞാനമേരിക്കുട്ടി
10. ഡിപ്രഷന്‍ കാലത്തെ പ്രൊപ്പോസല്‍
11. ആന്റി കമ്യൂൂണിസ്റ്റ്
12. രാജ്കുമാര്‍ സന്തോഷി ( രാജപ്പേട്ടനു സന്തോഷമായി)
13. തമിംഗലങ്ങളോടൊരു കിന്നാരം
14. കേരളാ ട്രാഫിക് ഗൈഡ്

ഇന്ദുലേഖ ഡോട് കോമില്‍ നിന്നു പുസ്തകം വാങ്ങുന്നതിനുള്ള ലിങ്ക് ലിതാണ്