ചുംബന്‍സ് ഡേ !

ഡാ, രാവിലെ എങ്ങോട്ടാടാ കുളിച്ചു കുട്ടപ്പനായിട്ട് ?

കൊച്ചീല്‍ ഒരു പരിപാടിയുണ്ട് ഡാ…

ഡാ… ന്നോ….

അല്ല, ഡാഡി എന്നു പറയാന്‍ വല്ലതാ.. പെട്ടെന്ന് വിക്കിപ്പോയി..

കൊച്ചീല്‍ എന്തു പരിപാടിയാണെന്നാ പറഞ്ഞേ ?

ഒരു സമരമാണ് ഡാഡി…

നീ സമരത്തിനോ ????? സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോള്‍ പോലും നീയൊരു സമരത്തിനു പോയിട്ടില്ലല്ലോടാ…. ഇപ്പോ ഇതെന്തു പറ്റി ?

പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരങ്ങളായിരുന്നില്ലല്ലോ അതൊന്നും.. അതാണ് അതിനൊന്നും ഞാന്‍ ഇറങ്ങാതിരുന്നത്…

മുല്ലപ്പെരിയാര്‍ ഭീഷണി വന്നപ്പോഴും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു വന്നപ്പോഴും സമരത്തിനു വാടാ വാടാ എന്നു നിന്നെ ഞാനെത്ര വട്ടം വിളിച്ചു… നീ ഫോണില്‍ കുത്തിക്കോണ്ടിരുന്നതല്ലാതെ തിരിഞ്ഞു പോലും നോക്കിയില്ല…

അതുപോലുള്ള ഒരു പ്രശ്‌നമല്ല ഡാഡി ഇത്… തലമുറകളെ തന്നെ സ്വതന്ത്രമാക്കാന്‍ പര്യാപ്തമായ സമരത്തിന്റെ തുടക്കമാണിത്… സദാചാരപ്പോലീസിങ്ങിന്റെ കറുത്ത കാലത്തിനു നേര്‍ക്കുള്ള യുദ്ധകാഹളമാണിത്…

എനിക്കൊന്നും മനസ്സിലായില്ല…

ലളിതമാക്കാം… സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി… നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അവരുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും പൊതുസമൂഹത്തിനു മുന്നില്‍ മറച്ചുപിടിക്കാതെ ജീവിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം…

ഉണ്ട… രണ്ടാഴ്ചയായിട്ടൊരുത്തന്‍ നിന്റെ പെങ്ങളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നു എന്നു പറഞ്ഞിട്ട് തിരിഞ്ഞു നോക്കാത്ത നീയാണോ സ്ത്രീസ്വാതന്ത്യത്തിനു വേണ്ടി സമരം ചെയ്യാന്‍ കൊച്ചിക്കു പോകുന്നത് ?

തെരുവില്‍ കിടന്നു തല്ലുകൂടാന്‍ ഞാനൊരു ഗുണ്ടയല്ല ഡാഡി… അതെപ്പറ്റി ഫെയ്‌സ്ബുക്കില്‍ ഞാന്‍ മൂന്നു പോസ്റ്റുകളിട്ടു… അവള്‍ടെ പുറകെ നടക്കുന്നവന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഞാന്‍ കണ്ടുപിടിച്ചു… ഒരു ഫെയ്ക്ക് പ്രൊഫൈലുണ്ടാക്കി അവനെ ഞാന്‍ എന്നും തെറിവിളിക്കുന്നുണ്ട്…. വേറെ ആരു ചെയ്യും ഡാഡി ഇങ്ങനെയൊക്കെ ?

അതെനിക്കറിയാന്‍ മേല… പക്ഷെ, ഇന്നലെ രാത്രി അവന്‍ അവളുടെ കുളിമുറീല്‍ എത്തിനോക്കി…

ഡാഡി പ്ലീസ്, അവളോട് അടങ്ങിയൊതുങ്ങി നടക്കാന്‍ പറയണം.. അല്ലെങ്കില്‍ കണ്ട അണ്ടനും അടകോടനുമൊക്കെ പിന്നാലെ വരും.. കുളിമുറീല്‍ എത്തിനോക്കിയെങ്കില്‍ എന്തെങ്കിലും കാണാന്‍ പറ്റുമെന്ന് അവനു മനസ്സിലായതുകൊണ്ടാണ്… ഇവിടെ വേറെയൊരു വീടിന്റേം കുളിമുറീല്‍ ഒരുത്തനും എത്തിനോക്കുന്നില്ലല്ലോ… ഇവിടുത്തെ ഇത്തരം ചീഞ്ഞ വിഷയങ്ങളില്‍ ഇടപെടാന്‍ എനിക്കു താല്‍പര്യമില്ല ഡാഡി… എന്റെ സമരം അങ്ങു കൊച്ചിയിലാണ്…

എന്നാലും പത്തിരുപത്തെട്ടു വര്‍ഷമായി നിനക്ക് ഇങ്ങനൊരു സാമൂഹികപ്രതിബദ്ധത ഞാന്‍ കണ്ടിട്ടില്ലല്ലോ…അതാ…

സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പണ്ടു മുതലേ എനിക്കു താല്‍പര്യമുണ്ടായിരുന്നു ഡാഡി… ഞാനത് ഇതുവരെ പുറത്തു കാണിച്ചില്ലെന്നേയുള്ളൂ…

അത് ശരി.. ഇപ്പോപ്പിന്നെ, അത് പുറത്തോട്ടെടുക്കാന്‍ എന്തുണ്ടായി ?

കേരളത്തിലെ സാമൂഹികപുരോഗതിയെ പിന്നോട്ടു വലിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ കൈകോര്‍ക്കാന്‍ മലയാളി യുവത്വം ഉണര്‍ന്നു കഴിഞ്ഞു ഡാഡി… ഇനി ഞങ്ങളെ ആര്‍ക്കും തടയാനാവില്ല… ഭരണകൂടഭീകരതയുടെയും ഫാസിസ്റ്റ് സദാചാരതീവ്രവാദത്തിന്റെയും വിഷവിത്തുകള്‍ പിഴുതെറിയാന്‍ ഞങ്ങള്‍ ഇറങ്ങുകയാണ് ഡാഡീ.. അനുഗ്രഹിച്ച് അയക്കൂ…

ഡാ മോനെ… എന്നെ പേടിപ്പിക്കാതെടാ… നീ ഒരുമാതിരി നക്‌സലൈറ്റുകളെപ്പോലെ സംസാരിക്കുന്നത് കേട്ടിട്ട് എനിക്കു പേടിയാകുന്നെടാ.. നീ എവിടുന്നാ ഇങ്ങനൊക്കെ പറയാന്‍ പഠിച്ചത് ?

ഡാഡ്.. ഫെയ്‌സ്ബുക്കിലേക്കു വരൂ… നാളത്തെ ലോകം പടുത്തുയര്‍ത്തുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്… അതിന്റെ ഒരു തുടക്കം ആണ് ഇത്…

നാളത്തെ ലോകം… ഫെയ്‌സ്ബുക്ക്… തുടക്കം… എനിക്കൊന്നും മനസ്സിലായില്ല…

അതൊക്കെ മനസ്സിലാക്കാനുള്ള പ്രായം ഡാഡിക്കു കഴിഞ്ഞു… തല്‍ക്കാലം ഇത്രമാത്രം മനസ്സിലാക്കിയാല്‍ മതി… ഈ മകനെക്കുറിച്ചോര്‍ത്ത് ഡാഡിക്ക് എന്നും അഭിമാനിക്കാം… സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ അനുദിനം ആഞ്ഞടിക്കുന്നതിനു പുറമേ ഇപ്പോള്‍ നേരിട്ടിറങ്ങി സമൂഹത്തെ തിരുത്താനും ഞാന്‍ തയ്യാറായിരിക്കുന്നു… എന്റെ ഡാഡിയാകാന്‍ കഴിഞ്ഞതില്‍ നാളെ ഡാഡി അഭിമാനിക്കും…

ഹോ, കേട്ടിട്ടു കൊതിയാകുന്നല്ലോടാ… എന്തു സമരത്തിനാടാ നീ പോന്നേ… എന്തു കുന്തമായാലും ശരി ഞാനും വരാം… നിന്നെ ഇത്ര ആവേശത്തോടെ ഞാനിതുവരെ കണ്ടിട്ടില്ല… സമൂഹപുരോഗതിക്കും നാടിന്റെ നന്മയ്ക്കും വേണ്ടി എന്റെ മോനിങ്ങനെ കഷ്ടപ്പെടുമ്പോള്‍ ഡാഡിക്കിവിടെ ചുമ്മാതിരിക്കാന്‍ പറ്റത്തില്ലെടാ…ഞാനും വരുന്നു നിന്റെ കൂടെ..

അല്ല.. അത് വേണ്ട… ഡാഡി ഇവിടിരുന്നാല്‍ മതി….

അതെന്താടാ അങ്ങനെ ? ഒരു സമരത്തിനാകുമ്പോള്‍ കഴിയുന്നത്ര ആളുകള്‍ വരുന്നതല്ലേ നല്ലത്… ഞാന്‍ വരാടാ…

ഡാഡി വരേണ്ടന്നല്ലേ പറഞ്ഞത് ?

ഹ, നീയതിനു ചൂടാവുന്നതെന്തിനാ ? ഞാന്‍ വന്നാല്‍ എന്താ പ്രശ്‌നം ?

ഇത് ഫെയ്‌സ്ബുക്ക് ഉള്ളവരെ മാത്രം ഉദ്ദേശിച്ചുള്ള സമരമാണ്.. ഡാഡിക്കു ഫെയ്‌സ്ബുക്കില്ലല്ലോ…

അതെന്തൊരു പരിപാടിയാണെടാ… സാമൂഹിക പുരോഗതി എന്നു പറയുമ്പോള്‍ ഫെയ്‌സ്ബുക്ക് ഇല്ലാത്തവര്‍ക്കു പറ്റാത്ത ഒരു പുരോഗതിയാണോ ? ഞാനും നിന്റെ അമ്മയും പെങ്ങളുമൊക്കെ സമൂഹത്തിന്റെ ഭാഗമാണെടാ… ഞങ്ങളെല്ലാം പുരോഗമിക്കാന്‍ വേണ്ടി നീയി കഷ്ടപ്പെടുമ്പോള്‍…

ഡാഡി… നിങ്ങള്‍ക്കു വേണ്ടി മാത്രമല്ല, ഈ നാടിനു മുഴുവനും വേണ്ടിയാണ് എന്റെ പോരാട്ടം…

പൊലീസിന്റെ അടിയോ ഇടിയോ വല്ലതും കിട്ടുന്ന സമരമാണോ ?

ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ഉരുക്കുകരങ്ങളെ ഞങ്ങള്‍ ഞെരിച്ചുടയ്ക്കും… തുര്‍ക്കിയിലും ഈജിപ്തിലും ഹോങ്കോങ്ങിലും മുഴങ്ങിക്കേട്ട നവവിപ്ലവത്തിന്റെ പുതുസ്വരം കൊച്ചുകേരളവും കേള്‍ക്കാന്‍ പോവുകയാണ്…

എന്താണ് സമരപരിപാടികള്‍ ?

ബസ് വരാന്‍ സമയമായി ഡാഡി, ഞാന്‍ പോട്ടെ…

ചേട്ടാ, നില്‍ക്ക് ഞാനുമൊണ്ട്….

നീയെങ്ങോട്ടാ ??????

കൊച്ചിക്ക് !!

എന്തിന് ????????????

ചുംബനസമരത്തിന് !

എന്തു സമരം ????????

ഡാഡി, ഇവളെ വിടരുത്… ഒരുമ്പെട്ടോളെ… വീട്ടില്‍ കയറിയിരുന്നോണം…

അല്ല മോനെ… എന്തു സമരമെന്നാ പറഞ്ഞേ ?

അപ്പോ ചേട്ടന്‍ ഡാഡിയോടൊന്നും പറഞ്ഞില്ലേ ? ചേട്ടന്‍ പോകുന്നത് ചുംബനസമരത്തിനാ… കൊച്ചീല്‍ അങ്ങനൊരു പരിപാടി നടക്കുന്നുണ്ട്… അവിടെ ചെന്നാല്‍ ആണുങ്ങള്‍ക്കും പെങ്ങുങ്ങള്‍ക്കും പരസ്പരം ചുംബിക്കാമെന്നു കേട്ട് പോകുന്നതാ…

അപ്പോ നീയോ ?

ഇത്രേം പേര് പബ്ലിക്കായി ചുംബിക്കുമ്പോ ആ സീന്‍ മിസ്സു ചെയ്യണ്ടാന്നു കരുതി… ചുമ്മാ കാണാന്‍….

പൊന്നുമോനെ… നിന്റെ സാമൂഹികപ്രതിബദ്ധത എനിക്കിപ്പോ മനസ്സിലായി…

ഡാഡി ഞാന്‍ വന്നിട്ടു വിശദമായി പറയാം… ബസിപ്പോ പോകും.. ഈ തെറിച്ചവളെ ഇതിനു വിടരുത്…

അതെന്താ… ഞാന്‍ വന്നാല്‍ ? നീ നിന്റെ അമ്മേം പെങ്ങളേമൊക്കെ കൊണ്ടുവരുമോടാ എന്നു ചോദിച്ചവരോട് അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവരും വരും എന്നൊക്കെ ചേട്ടന്‍ മറുപടി കൊടുത്തിട്ടുണ്ടല്ലോ… എന്നിട്ടിപ്പോ ഞാനൊരുമ്പെട്ടവളും തെറിച്ചവളുമൊക്കെയായോ…

ആ പരിസരത്തെങ്ങാനും നിന്നെ കണ്ടാല്‍ വിവരമറിയും.. ഞാന്‍ പോട്ടെ.

നിക്കെടാ അവിടെ…

ഡാഡി ബസ് പോകും…

കേറിപ്പോടാ അകത്ത്…. അവന്റെ അമ്മേടെ ഫെയ്‌സ്ബുക്കും ചുംബനസമരവും… ഭൂമിയിലിത്ര കാലം ജീവിച്ചിട്ട് സ്വന്തം തന്തയ്‌ക്കോ തള്ളയ്‌ക്കോ പെങ്ങള്‍ക്കോ പോലും സ്‌നേഹത്തോടെ ഒരുമ്മ കൊടുക്കാന്‍ പറ്റാത്ത നീയാണോ കൊച്ചീല്‍പ്പോയി കണ്ടവളുമാരെ ഉമ്മവച്ച് സമൂഹികപരിഷ്‌കര്‍ത്താവാകാന്‍ പോകുന്നത്… ഫെയ്‌സ്ബുക്ക് ഇല്ലെന്നു കരുതി എന്റെ തലയ്ക്കകത്ത് പിണ്ണാക്കാണെന്നു വിചാരിക്കരുത്… തല്‍ക്കാലം എന്റെ മോന്‍ ആ നാറുന്ന ജീന്‍സ് അലക്കിയിട്ട് തൊഴുത്തില്‍ നില്‍ക്കുന്ന പശുവിനെ പറമ്പില്‍ കൊണ്ടുപോയി കെട്ട്…

ഡാഡീ….!!!!

കേറിപ്പോടാ പുല്ലേ !!!!!

അല്ല, ഡാഡീ അപ്പോ ഞാനോ ?

നിനക്കു പോണോടീ ? നിര്‍ബന്ധമാണോ ? ആണോന്ന് ???

വേണ്ട, പോണ്ട…എനിക്കു പോണ്ട ഡാഡി…

ഹും.. എന്നാലടുക്കളോലേട്ട് ചെല്ല്.. കഞ്ഞീം കറീമൊക്കെ വച്ചു പഠിക്ക്

അയ്യോ, ഡാഡി ഇന്നു കോളജുണ്ട്…

കോളജ് കളഞ്ഞിട്ട് കൊച്ചിക്കു പോകാനിരുന്നതല്ലേ നീ.. ഇനി നീ കോളജില്‍ പോകണ്ട… പോയി വഴുതനങ്ങ അരിഞ്ഞുവയ്ക്ക്…

അല്ല, മമ്മിയിതെങ്ങോട്ടാ…

ഞങ്ങളത്യാവശ്യമായിട്ട് ഒരു സ്ഥലം വരെ പോവ്വാ… ഇന്ന് മോനും മോളും കൂടി വീടൊക്കെ ഭരിക്ക്… ആദ്യം വീട് പരിഷ്‌കരിക്ക് എന്നിട്ടാവാം സമൂഹം..

നിങ്ങളെങ്ങോട്ടാണെന്ന് ??

കൊച്ചിക്ക് !!

(അപ്പോള്‍ പറമ്പില്‍ നിന്ന് ഒരു അമറലും വലിയൊരലര്‍ച്ചയും കേട്ടു. തന്റെ കയറഴിക്കാന്‍ വന്ന അപരിചിതനായ യോ-യോ പയ്യനെ കണ്ട പശു അവനെ പരസ്യമായി ചുംബിച്ചതിന്റെ സൗണ്ട്ട്രാക്ക് ആയിരുന്നു അത്).

നടുറോഡിലെ ചുടുചുംബനങ്ങള്‍ !

കോഴിക്കോട്ടെ കോഫി ഷോപ്പില്‍ സദാചാരക്കാര്‍ അടിച്ചുപൊളി നടത്തിയതിനെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിലെ പുരോഗമന-സ്വതന്ത്ര-നവധാരയില്‍പ്പെട്ട ചെറുപ്പക്കാര്‍ കൊച്ചിയില്‍ വച്ച് പരസ്യചുംബനമാമാങ്കം നടത്താന്‍ പോകുന്നതായി കേട്ടു. സമരം ആഹ്വാനം ചെയ്തവരെ നമിക്കുന്നു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, പുര കത്തുമ്പോള്‍ വാഴ വെട്ടല്‍ തുടങ്ങിയ കലാപരിപാടികളൊക്കെ ശരാശരി മലയാളിക്ക് പരിചയമുള്ളതായതുകൊണ്ട് ഈ തമാശയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല.

വിദേശരാജ്യങ്ങളില്‍ ഏറെക്കുറെ സമാനമായ സമരങ്ങള്‍ നടന്നിട്ടുള്ളതിന്റെ ചുവടു പിടിച്ചാണ് കൊച്ചില്‍ പരസ്യചുംബനത്തിന് ആഹ്വാനം നടന്നിട്ടുള്ളതെന്ന് തോന്നുന്നു. പക്ഷെ, അവിടെയൊക്കെ അത്തരം സമരങ്ങളും ആഹ്വാനങ്ങളും നടന്നിട്ടുള്ളത് ലിഖിതമോ അലിഖിതമോ ആയ ഏതെങ്കിലും നിയമത്തിനെ എതിര്‍ക്കുന്നതിനും അത്തരത്തിലൊരു ജനകീയസന്ദേശം കൈമാറുന്നതിനുമായിരുന്നു. ഇവിടെ കോഫി ഷോപ്പില്‍ ചുംബിക്കരുത് എന്നു സര്‍ക്കാരോ ഏതെങ്കിലും സംഘടനകളോ ഉത്തരവിറക്കിയിട്ടില്ല. കേരളത്തിലെ എല്ലാ കോഫി ഷോപ്പുകളിലും ഇത്തരത്തിലുള്ള ചുംബനവേട്ടകള്‍ നടക്കുന്നുമില്ല. കോഴിക്കോട്ടേത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. അതില്‍ പൊലീസ് കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ കൊച്ചിയില്‍ ഉമ്മവച്ചു കളിക്കാന്‍ പോകുന്നവരുടെ ഉദ്ദേശം എന്തായിരിക്കും ?

ഈ സംഭവത്തിന്റെ പേരില്‍, പ്രതിഷേധത്തിന്റെ പേരില്‍ ജനകീയപിന്തുണയോടെ, മാധ്യമശ്രദ്ധ നേടി പരസ്യമായി ചുംബിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ കാണാന്‍ കഴിയുന്നില്ല. ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നവര്‍ മറ്റ് സാമൂഹികവിഷയങ്ങളില്‍ സമാനമായ താല്‍പര്യം പ്രകടിപിക്കുകയും ഇതുപോലുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുള്ളവരല്ല എന്നതും ശ്രദ്ധിക്കണം. കോഴിക്കോട്ടെ സദാചാരക്കാരെ തോല്‍പിച്ചുകളയാമെന്നു കരുതി കൊച്ചിയില്‍ ഉമ്മ വയ്ക്കാന്‍ പോകുന്നവര്‍ ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധനെ ഓര്‍ക്കുന്നത് നന്നായിരിക്കും. സദാചാരവാദിയാണെങ്കിലും പുരോഗമനവാദിയാണെങ്കിലും ബുദ്ധി ഉപയോഗിക്കുന്നത് ഒരു സാമൂഹികതിന്മയല്ല.

ഇത്രയും പറഞ്ഞതുകൊണ്ട് ഞാനൊരു പഴഞ്ചനായ, ബോറനായ, മൂരാച്ചി സദാചാരവാദി ആണ് എന്നു പുരോഗമവാദികള്‍ പറഞ്ഞേക്കാം. പുരോഗമനവാദികളുടെയോ സദാചാരവാദികളുടെയോ സര്‍ട്ടിഫിക്കറ്റുകള്‍ എനിക്കാവശ്യമില്ലാത്തതിനാല്‍ അതെപ്പറ്റി തര്‍ക്കിക്കുന്നില്ല. കോഴിക്കോട്ടെ കോഫി ഷോപ്പില്‍ ചെറുപ്പക്കാര്‍ അടുത്തിടപെഴകുന്നു എന്നതില്‍ പ്രകോപിതരായ ആളുകള്‍ കൊച്ചിയില്‍ കുറെപ്പേര്‍ ചുംബനനാടകം കളിക്കുമ്പോള്‍ സമാനമായ രീതിയില്‍ പ്രകോപിതരാകുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്. മാവിലെറിയുന്നത് മാങ്ങ വീഴ്ത്താന്‍ വേണ്ടിയാണെന്നതിനാല്‍ ഒരു ചാക്കു മാങ്ങ കൊണ്ടുവന്നു വച്ചിട്ട് ചുണയുണ്ടെങ്കില്‍ എറിയെടാ എന്നു പറയുന്നതുപോലെയുള്ളൂ ഇതും. കൊച്ചിയിലെ ഒരു ചാക്ക് ചുംബനത്തിനു നേര്‍ക്കു കല്ലെറിയാന്‍ കേരളത്തിലെ ഒരു സദാചാരഗുണ്ടയ്ക്കും താല്‍പര്യമുണ്ടാവില്ല.

ചുംബനം വളരെ നല്ല ഒരു പ്രസ്ഥാനമാണ്. ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ ഇഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ ഇഷ്ടപ്പെടുന്ന ശൈലിയില്‍ ചുംബിക്കുമ്പോഴാണ് അതിന്റെ ഒരു ഇത് ഉണ്ടാവുന്നത്. അത് സ്‌നേഹത്തിന്റെ പ്രകടനമാണ്. ചരിത്രാതീതമായ ആ ചുംബനം പരസ്യമായി നടത്തുന്നതിലൂടെ തങ്ങള്‍ സാമൂഹികപരിഷ്‌കരണം നടത്തുകയാണ് എന്നു വിശ്വസിക്കുന്നവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. പരസ്യമായി ചുംബിക്കാനാഗ്രഹിക്കുന്നവര്‍ കേരളത്തില്‍ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിനു വേണ്ടി പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കേണ്ടി വരുന്ന സാധുക്കള്‍ക്ക് എന്നെങ്കിലും ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യാനുള്ള ധൈര്യവും മാനസികവളര്‍ച്ചയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

ഇനി, ചുംബിക്കാന്‍ സ്ഥലവും സാഹചര്യവുമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഒരിടം ആണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ വളരെ വളരെ നല്ലതാണ്. അതിന് സദാചാരക്കാരെ വെല്ലുവിളിക്കാനൊന്നും പേകേണ്ട. ആഴ്ചയിലൊന്നു വീതം പരിപാടി സ്ഥിരമായി നടത്തിയാല്‍ അതിന് കുറച്ചു കൂടി സൗന്ദര്യമുണ്ടാവും എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

സദാചാരഗുണ്ടകള്‍ക്കും പുരോഗമനവാദികള്‍ക്കും എന്റെ ചുടുചുംബനങ്ങള്‍ !

അവളൊന്നിരിക്കട്ടെ

നാട്ടുകാര്‍ക്കു നല്ല പട്ടു കൊടുക്കാന്‍ വേണ്ടി കടല്‍താണ്ടി ദേശാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന തുണിക്കട മുതലാളിമാരുടെ ത്യാഗസുരഭിലമായ ജീവിതത്തിന്റെ കഥകള്‍ വായിച്ചു കണ്ണുനനഞ്ഞിട്ടുള്ള നമുക്ക് ആ ചീങ്കണ്ണികളുടെ വിറ്റുവരവു സുരഭിലമാക്കാന്‍ ജീവിതം ത്യാഗപൂര്‍ണമാക്കിയ ഈ സ്ത്രീകളുടെ സമരപ്രഖ്യാപനത്തിന് ഡിസ്‌കൗണ്ട് ചോദിക്കാന്‍ അവകാശമില്ല. പട്ടിന്റെ ആഗോളവല്‍ക്കരണത്തിനിടയില്‍ തുണിക്കട ബ്രാന്‍ഡും പരസ്യത്തിലഭിനയിക്കുന്ന മോഡലുകളുമല്ലാതെ യഥാര്‍ഥ തൊഴിലാളികള്‍ സര്‍ക്കാരിന്റെ പോലും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നിരിക്കെ നമ്മുടെ കാര്യം പറയാനില്ല.

കോഴിക്കോട് നഗരത്തില്‍ മെയ്ദിനത്തില്‍ ടെക്‌സ്‌റ്റൈല്‍ വിപണന രംഗത്തെ സ്ത്രീത്തൊഴിലാളികള്‍ അഥവാ സെയില്‍ ഗേള്‍സ് നടത്തിയ ഇരിക്കല്‍ സമരം ഇന്ത്യയിലെ തൊഴില്‍സമരചരിത്രങ്ങളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. സമരത്തിന്റെ മൂര്‍ച്ച കൊണ്ടല്ല, മനുഷ്യാവകാശവും ഫെമിനിസവും പൂത്തുലയുന്ന ഈ കാലഘട്ടത്തില്‍ ജോലിക്കിടെ ഒന്നിരിക്കാനും മൂത്രമൊഴിക്കാനുമുള്ള അവകാശത്തിനു വേണ്ടി പതിനായിരക്കണക്കിനു വരുന്ന സ്ത്രീകള്‍ സമരമുഖത്തേക്കിറങ്ങേണ്ടി വന്ന സാഹചര്യം നമ്മുടെ പുരോഗതിയുടെ യഥാര്‍ഥനിലവാരം ചൂണ്ടിക്കാണിക്കുന്നു എന്നതുകൊണ്ടാണ്.

യൂണിയന്‍ സമരങ്ങള്‍ കാരണം കമ്പനികള്‍ പൂട്ടിപ്പോയ ചരിത്രമുള്ള കേരളത്തിലാണ് അസംഘടിതരായ വലിയൊരു തൊഴില്‍ സമൂഹം മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി തെരുവിലറങ്ങേണ്ടിവന്നത്. ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളെ ഡ്യൂട്ടിസമയങ്ങളില്‍ ഇരിക്കാന്‍ അനുവദിക്കാത്ത മാനേജ്‌മെന്റ് നിലപാടിനെതിരെ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്റെ (എ.എം.ടി.യു) നേതൃത്വത്തിലാണ് ഇരിക്കല്‍ സമരം നടത്തിയത്. ഇരിക്കുന്നതും മൂത്രമൊഴിക്കുന്നതും മാത്രമാണ് അവരുടെ പ്രശ്‌നം എന്നു കരുതരുത്. അത് രണ്ടു പ്രതീകങ്ങള്‍ മാത്രമാണ്. അവര്‍ ജോലി ചെയ്യുന്നത് എല്ലാ തൊഴില്‍-മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കപ്പെട്ടുകൊണ്ടാണെന്നതാണ് വിചിത്രം.

എട്ടു മണിക്കൂര്‍ ജോലി നിലവിലുള്ള സംവിധാനത്തില്‍ മിക്കവാറും എല്ലാ സെയില്‍സ് ഗേള്‍സും 10-12 മണിക്കൂര്‍ ആണ് ജോലി ചെയ്യുന്നത്. ഈ സമയമത്രയും ഇവര്‍ ഇരിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമമാണ് നിലവിലുള്ളത്. ജോലിക്കിടയില്‍ ഒന്നിരിക്കാനോ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനോ തൊഴിലാളികള്‍ക്ക് അനുവാദമില്ല. അസഹ്യമായ വേദനമൂലം പലരും വേദനശമനി മരുന്നുകള്‍ കഴിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുള്ള 20 മിനിറ്റില്‍ കൂടുതല്‍ എടുക്കുകയോ ജോലി സമയത്ത് ഇരിക്കുകയോ ചെയ്യുകയാണെങ്കില്‍ തുച്ഛമായ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളാണുള്ളത്. സിസിടിവി ക്യാമറകളിലൂടെ ഇവരുടെ ഓരോ ചലനവും നിരീക്ഷിക്കുന്ന കങ്കാണിമാരാണ് ക്രൂരമായ നടപടികള്‍ നടപ്പാക്കുന്നത്.

മിനിമം വേതനം, എട്ടുമണിക്കൂര്‍ ഡ്യൂട്ടി, സി.സി ടി.വി കാമറകളുടെ നിയന്ത്രണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളൊക്കെ പട്ടികയിലുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ച് ഇരിക്കാനുള്ള അവകാശത്തിനാണ് മുന്‍ഗണന നല്‍കിയാണ് മെയ്ദിനത്തില്‍ ഇവര്‍ സമരം ചെയ്തത്. മിക്കവാറും വിദേശയാത്രകളിലായതുകൊണ്ടാവാം തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിയാതെ പോയത്. അപേക്ഷയുമായി ജനസമ്പര്‍ക്കപരിപാടിയില്‍ ആരും എത്താത്തതുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിസ്സഹായനാണ്. പക്ഷെ, പ്രൊഫഷനല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും എലൈറ്റ് ക്ലാസ്സ് ഫെമിനിസ്റ്റുകളും ഈ പ്രശ്‌നം കാണാതെ പോയത് കഷ്ടമായിപ്പോയി.

പത്തനംതിട്ടയിലെ ഒരു തുണിക്കട മുതലാളി കാഷ്യറെ തുണിക്കടയ്ക്കുള്ളിലിട്ട് ചവുട്ടിക്കൊന്നിട്ട് അധികകാലമായിട്ടില്ല. മാധ്യമങ്ങള്‍ക്കു കോടികളുടെ പരസ്യവും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലക്ഷങ്ങളുടെ സംഭാവനയും നല്‍കുന്ന തുണിക്കടകള്‍ കേരളീയസമൂഹത്തെ സ്വാധീനിക്കുന്നത് പലതരത്തിലാണ്. കസ്റ്റമര്‍ റിലേഷന്‍ഷിപ്പിന് മുന്‍ഗണ നല്‍കുമ്പോള്‍ ഷെല്‍ഫിലുള്ള എല്ലാ തുണിയും വാരിവലിച്ച് ഇടീച്ചിട്ട് ഒരു കര്‍ചീഫ് മാത്രം വാങ്ങിപ്പോകുന്നതിന്റെ സംതൃപ്തി നാട്ടുകാര്‍ക്കും അതു മുഴുവന്‍ തിരിച്ച് ഷെല്‍ഫില്‍ കയറ്റിക്കുന്നതിലൂടെ കൊടുക്കുന്ന കാശിന് മാക്‌സിമം പണിയെടുപ്പിച്ചതിന്റെ സംതൃപ്തി മുതലാളിമാര്‍ക്കും ലഭിക്കും. ഇതിനിടയില്‍ പെട്ട് അവകാശങ്ങള്‍ ഇല്ലാതായിപ്പോകുന്ന ജീവിതങ്ങള്‍ സ്വയം സംസാരിച്ചാല്‍ ഉള്ള ജോലിയും പോകും.

തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യങ്ങളാണ്. നോക്കൂകൂലിക്കെതിരെയൊക്കെ ആഞ്ഞടിക്കാറുള്ള മുതലാളിമാരും നോക്കൂകൂലിയൊക്കെ കൃത്യമായി പിടിച്ചുപറിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ള തൊഴിലാളി സംഘടനകളും ഈ പ്രശ്‌നത്തില്‍ മാനുഷികപരിഗണനയോടെ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു. പാവങ്ങളെ ചൂഷണം ചെയ്തു സമ്പാദിക്കുന്ന പണം ഒന്നിനും പ്രയോജനപ്പെടില്ല. ഉമ്മന്‍ ചാണ്ടി സാര്‍ ഈ പ്രശ്‌നത്തിലും കോടതി ഇടപെടട്ടെ എന്നു കരുതി നിസ്സംഗത പാലിക്കാനേ സാധ്യതയുള്ളൂ. ഷിബു സാറ് അടുത്ത ഫോറില്‍ ട്രിപ്പു കഴിഞ്ഞു വരുമ്പോഴെങ്കിലും ഈ സംഭവങ്ങള്‍ അറിഞ്ഞതായി ഭാവിക്കണം. കപടഫെമിനിസ്റ്റുകള്‍ കള്ളുകുടിക്കാനും തെറി പറയാനുമുള്ള അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരത്തോടൊപ്പം ഈ പ്രശ്‌നവും കൂടി ചര്‍ച്ചയ്‌ക്കെടുക്കണം.

കസ്തൂരിരംഗനും കാട്ടുതീയും

കേരളത്തിലെ വനമേഖലകളുടെ യഥാര്‍ഥസംരക്ഷകര്‍ അവിടങ്ങളില്‍ കുടിയേറി പാര്‍ത്തിട്ടുള്ള മലയോരകര്‍ഷകരും പാറമടക്കാരും മറ്റുമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലൂടെ ഈ ദരിദ്രകര്‍ഷകരെ കുടിയിറക്കി വനസംരക്ഷണത്തിനു ശ്രമിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്തുകയും തങ്ങളുടെ ആവശ്യം നടപ്പാകാത്തതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പില്‍ സ്വന്തമായി സ്ഥാനാര്‍ഥികളെ വരെ നിര്‍ത്തുകയും ചെയ്ത പ്രക്ഷോഭകാരികളുടെ രോഷവും വേദനയും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, വയനാട്ടില്‍ 1500 ഏക്കറിലധികം വനം കത്തിനശിച്ചുപോയിട്ടും ഇപ്പോഴും തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുമ്പോഴും ആ തീയെങ്ങാനും എന്റെ പറമ്പിലേക്കു വരുമോ എന്നതിനപ്പുറത്തൊരാശങ്ക എത്ര മലയോര കര്‍ഷകര്‍ക്കുണ്ട് എന്നത് ആശങ്കയുണര്‍ത്തുന്ന അന്വേഷണമാണ്.

കാട്ടുതീയെക്കാള്‍ ഭീകരമാണ് കസ്തൂരിരംഗനെന്നു പ്രചരിപ്പിക്കുന്നവര്‍ ഒരു വനമേഖലയാകെ ചാമ്പലായിട്ടും ചെറുവിരലനക്കിയിട്ടില്ല. തീവിഴുങ്ങിയ വനമേഖലയില്‍ നിന്നധികദൂരമല്ലാതെയുള്ള പള്ളികളില്‍ കൂട്ടമണി മുഴങ്ങിയിട്ടില്ല. പച്ചത്തവളകളുടെ ഭാവിയെപ്പറ്റി ആശങ്കയുള്ള പ്രകൃതിസ്‌നേഹികളും പച്ചത്തത്തയെ കൂട്ടിലടച്ചു വളര്‍ത്തുന്ന ഹരിതരാഷ്ട്രീയക്കാരും വയനാടിനെ വിഴുങ്ങിയ കാട്ടുതീ കണ്ട മട്ടില്ല. മലയാകെ കത്തിനശിച്ചാലും മലയോരം മാത്രം ബാക്കി നില്‍ക്കണമെന്നു വാശിപിടിക്കുന്നവര്‍ നാടിനും പ്രകൃതിക്കും രാജ്യത്തിനും ഭീഷണിയായ കാട്ടുതീയുടെ ചൂടില്‍ പ്രകൃതിയുടെ നെഞ്ചുരുകുന്നത് കാണുന്നില്ല.

പശ്ചിമഘട്ടമലനിരകള്‍ എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ആയിരക്കണക്കിന് ഏക്കറുകളായി പരന്നുകിടക്കുന്ന റിയല്‍ എസ്റ്റേറ്റ് മാത്രമാണെന്നു ധരിച്ചിരിക്കുന്ന കഴുതകളോട് അവിടുത്തെ ജൈവവൈവിധ്യത്തെക്കുറിച്ച് വര്‍ണിച്ചിട്ടു കാര്യമില്ല. വയനാട്ടിലെ കാട്ടുതീ 1500 ഏക്കര്‍ വനമേഖലയെ വെണ്ണീറാക്കുമ്പോള്‍ തുടച്ചുനീക്കപ്പെടുന്നത് അമൂല്യമായ ജൈവവിധ്യം കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരങ്ങള്‍ ഇപ്പോഴും നിന്നു കത്തുമ്പോള്‍ നമുക്കു നഷ്ടപ്പെടുന്നത് കുറെ മരങ്ങളും പച്ചിലകളും മാത്രമല്ല. ജീവനോടെ വെന്തുപോകുന്ന കാട്ടുമൃഗങ്ങളുടെ ജീവന് മലയോരജനതയുടെ ആശങ്കയോളമെങ്കിലും വിലയുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്താത്തലത്തില്‍ മലയോരമേഖലയില്‍ പ്രകൃതിസ്‌നേഹം പ്രകടിപ്പിക്കുന്നത് കൊടിയ പാപമായി മാറിയിട്ടുണ്ട്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നിലുള്ള മലയോരജനതയുടെയും ക്വാറി മാഫിയയുടെയും എതിര്‍പ്പും പ്രതിഷേധവും നിലനില്‍ക്കുമ്പോള്‍ കാടിനു തീയിടാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും നിലവിലുണ്ട്. ആരോ കാടിനു ബോധപൂര്‍വം തീയിട്ടതാണ് എന്നു പ്രഥമികാന്വേഷണത്തില്‍ കണ്ടെത്തിയ സ്ഥിതിക്ക് ഈ രാജ്യദ്രോഹപ്രവൃത്തി ചെയ്തത് ഏതു മാഫിയയുടെ പ്രതിനിധിയാണെങ്കിലും അവനെ തൂക്കിലേറ്റുകയാണ് വേണ്ടത്. വനം മുഴുവന്‍ കത്തിത്തീര്‍ന്നു കഴിഞ്ഞാലും വനത്തിനു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങള്‍ പൂത്തുതളിര്‍ത്തു നില്‍ക്കുമെന്നു വിശ്വസിക്കുന്നവന്‍ വിഡ്ഡിയാണ്. കസ്തൂരിരംഗനെ അകറ്റിനിര്‍ത്താമെന്ന പ്രതീക്ഷയില്‍ ഏതെങ്കിലും പ്രകൃതിവിരുദ്ധ-രാജ്യദ്രോഹി ഒരുക്കിയ ഹോമകുണ്ഡമാണ് വയനാടിനെ ചാമ്പലാക്കുന്നതെങ്കില്‍ അതില്‍ എരിഞ്ഞുതീരാന്‍ പോകുന്നത് നമ്മുടെ മക്കളും കൊച്ചുമക്കളുമാണെന്നത് മറക്കരുത്.

കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ പ്രതിഷേധം തീരെയില്ല എന്നു പറഞ്ഞുകൂട. കാട്ടുതീ സ്വാഭാവികമല്ലെന്നും ആരോ തീയിട്ടതാണെന്നുമുള്ള വനംവകുപ്പിന്റെ കണ്ടെത്തലിനെതിരെയാണ് പ്രതിഷേധം അലയടിക്കുന്നത്. പോരെങ്കില്‍ കാട്ടുതീയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിനു തല്ലും കിട്ടുന്നുണ്ട്. ഏപ്രില്‍ 10 വരെ മലയോരജനതയോട് എല്ലാവര്‍ക്കും അപാരമായ പ്രണയമായിരിക്കും എന്നതിനാല്‍ 10 വോട്ടിനു വേണ്ടി 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീ കണ്ടില്ലെന്നു വയ്ക്കാന്‍ ഭരണാധികാരികള്‍ക്കും കഴിഞ്ഞേക്കും. കാട്ടുതീ സ്വാഭാവികമായി ഉണ്ടായതാണെങ്കിലും രാജ്യദ്രോഹികള്‍ അറിഞ്ഞുകൊണ്ട് ചെയ്തതാണെങ്കിലും മലയോരജനതയ്ക്കു വേണ്ടി പോരിനിറങ്ങിയവര്‍ കാട് കത്തുന്നതില്‍ തീരെ ആശങ്കയില്ലാത്തവരാണ് എന്നത് അവഗണിക്കാനാവില്ല.

ആരാന്റമ്മയ്ക്കു ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേലാ അല്ലേ ? – എന്നാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റി മിണ്ടിപ്പോയാല്‍ മലയോരവാസികള്‍ ചോദിക്കുന്നത്. ഈ നാട്ടിലെ വനങ്ങള്‍, മലയോരത്ത് റബറും കപ്പയും കൃഷി ചെയ്യുന്ന കര്‍ഷകരുടെയും പാറമട നടത്തുന്ന വിശുദ്ധന്‍മാരുടെയും മാത്രമല്ല, സ്വന്തമായി ഒരു നുള്ളു ഭൂമിയില്ലാത്ത നഗരവാസികളുടെയും മലയോരത്തെ പരിഷ്‌കാരികളെ ഭയന്നു കാട്ടിനുള്ളില്‍ കഴിയുന്ന ആദിവാസി സമൂഹത്തിന്റേതും കൂടിയാണ്. ഇന്നു ലോകത്തെ ഏറ്റവും വലിയ പ്രശ്‌നം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പ്രകൃതിസ്‌നേഹവുമാണ് എന്നു കരുതുന്നവര്‍ തിരിച്ചറിയേണ്ടത് ഭ്രാന്ത് അമ്മയ്ക്കല്ല, അവനവനു തന്നെയാണ് എന്നാണ്.

മുല്ലപ്പൂ വിപ്ലവം അഥവാ സാങ്കേതികതടസ്സം

പുടിന്‍ യുക്രൈയ്‌നോടു ചെയ്യുന്നതും റഡിസന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫാറുഖി ഇന്ത്യാവിഷന്‍ ജീവനക്കാരോടു ചെയ്യുന്നതും താരതമ്യം ചെയ്യാവുന്ന കാര്യങ്ങളല്ല. പുടിന്റെ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന, പുടിനെ വാഴ്ത്തുന്ന ചാനലില്‍ നിന്നും വാര്‍ത്താവായനക്കിടെ രാജി വച്ച റഷ്യ ടുഡേ ന്യൂസ് ചാനലിലെ അവതാരകയുടെ വാര്‍ത്ത കഴിഞ്ഞയാഴ്ച കൊടുത്ത ഇന്ത്യാവിഷന് നിര്‍ണായകമായ ഈ തിരുമാനത്തിനുള്ള ആശയം ലഭിച്ചത് ആ വാര്‍ത്തയില്‍ നിന്നു തന്നെയാവണം.കേരളത്തെ ബ്രേക്കിങ് ന്യൂസുകള്‍ കൊണ്ടു ഞെട്ടിച്ച റിപ്പോര്‍ട്ടര്‍മാരുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ ജീര്‍ണതകള്‍ക്കെതിരെ നല്ല നമസ്‌കാരം പറഞ്ഞുകൊണ്ടിരുന്ന ജയശങ്കരന്‍മാരുടെയും ഈറ്റില്ലമായ ഇന്ത്യാവിഷന്‍ ന്യൂസ് ടീം ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ കേരളത്തിലെ മാധ്യമരംഗത്തെ മുല്ലപ്പൂവിപ്ലവത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്നു പറയാം.

മനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇന്ത്യാവിഷന്‍ വാര്‍ത്താസംഘം ഒന്നടങ്കം പ്രവര്‍ത്തനം നിര്‍ത്തി പ്രേക്ഷകരെ ഞെട്ടിച്ചത് എന്നിരിക്കെ, സാങ്കേതികകാരണങ്ങളാലാണ് സംപ്രേഷണം മുടങ്ങിയത് എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇന്ത്യവിഷന്‍ പ്രേക്ഷകര്‍ പോളിടെക്‌നിക് പഠിക്കാത്തവരായതുകൊണ്ട് സാങ്കേതികകാരണം എന്നു വച്ചാല്‍ എന്താണെന്ന് അവര്‍ക്കു മനസ്സിലാകില്ല എന്നാവണം മുന്‍വിധി. അല്ലെങ്കിലും നാണക്കേടുണ്ടാക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നാല്‍ സിനിമാക്കാര്‍ അതിനെ മോര്‍ഫിങ് എന്നു വിളിക്കുന്നതുപോലെ പുറത്തു പറയാന്‍ കൊള്ളാത്ത കാരണങ്ങളെയെല്ലാം സാങ്കേതികകാരണങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത് ക്ലീഷേയായിട്ടുണ്ട്.

ഇന്ത്യാവിഷനിലെ സാങ്കേതികപ്രശ്‌നങ്ങളെപ്പറ്റി ജീവനക്കാര്‍ തന്നെ ഇന്ത്യാവിഷന്‍ വെബ്‌സൈറ്റില്‍ ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ചിരുന്നു. അത് വാര്‍ത്ത ചുരണ്ടി ന്യൂസ് സൈറ്റുകള്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട ചാനലിലെ മാനേജ്‌മെന്റ് തലത്തിലുള്ള അഴിമതിക്കെതിരെ ജീവനക്കാര്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം.പി.ബഷീര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കുകയും അതില്‍ പ്രതിഷേധിച്ച് വാര്‍ത്താസംഘം ഒന്നടങ്കം പ്രവര്‍ത്തനം നിര്‍ത്തുകയുമായിരുന്നു. സമരത്തില്‍ പങ്കെടുക്കുന്നില്ലാത്ത ജീവനക്കാരുടെ സഹായത്തോടെ പുതിയ നിയമനങ്ങള്‍ നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ജീവനക്കാര്‍ വിശദീകരണക്കുറിപ്പു പുറത്തിറക്കിയ ഇന്ത്യാവിഷന്‍ വെബ്‌സൈറ്റിന്റെ പ്ലഗ് ഇന്നലെ വലിച്ചൂരിയത് ഇതുവരെ കുത്തിയിട്ടില്ല.

പുടിനെ വെള്ളപൂശുന്നതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞയാഴ്ച റഷ്യ ടുഡേയിലെ അവതാരക ലിസ് വാള്‍ ലൈവായി രാജിവച്ചൊഴിഞ്ഞത്. റഷ്യ-യുക്രെയ്ന്‍ രാഷ്ട്രീയസംഭവവികാസങ്ങള്‍ ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായതുകൊണ്ട് ലിസ്‌മോള്‍ടെ രാജിയും ലോകശ്രദ്ധ നേടി. അങ്ങനെയാണ് കഴിഞ്ഞയാഴ്ച ഇന്ത്യാവിഷനും അത് വാര്‍ത്തയാക്കിയത്. ദൃശ്യം സിനിമ കണ്ടതിനു ശേഷം കേരളത്തില്‍ കുറ്റവാളികള്‍ പെരുകിയിട്ടുണ്ടെന്നു പറയുന്നത് ശരിയാണെങ്കില്‍ ഇന്ത്യാവിഷനിലെ സാങ്കേതികപ്രശ്‌നങ്ങള്‍ക്കു കാരണം ലിസിന്റെ രാജിയും അതിനു കാരണമായ യുക്രെയ്ന്‍ പ്രതിസന്ധിയുമാണെന്നു വാദിക്കാവുന്നതേയുള്ളൂ.

മൊത്തത്തില്‍ മാധ്യമരംഗത്ത് മുല്ലപ്പൂവിപ്ലവത്തിന്റെ സമയമായതുകൊണ്ടാവാം മാതൃഭൂമി മുതലാളി എം.പി.വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ അത്താഴം മുടക്കുമെന്ന ഭീഷണിയുമായി ഒരു മാതൃഭൂമി ജീവനക്കാരന്‍ തന്നെ രംഗത്തെതതിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പളവര്‍ധന നല്‍കണമെന്നാവശ്യപ്പെട്ടതിനു പ്രതികാരമായി മാതൃഭൂമി ഗുാഹത്തിയിലേക്കു സ്ഥലം മാറ്റിയ ലേഖകന്‍ കെ.ശ്രീജിത്താണ് പാലക്കാട്ട് വീരനെതിരെ മല്‍സരിക്കുന്നത്. ജനങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യവാദിയും സാംസ്‌കാരികനായകനുമായി അറിയപ്പെടുന്ന വീരേന്ദ്രകുമാര്‍ ഒരു സമരത്തിന്റെ പേരില്‍ മാതൃഭൂമിയിലെ ജീവനക്കാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ കഥകള്‍ ലോകത്തെ അറിയിക്കാന്‍ മറ്റു വഴികളൊന്നുമില്ലാത്തതുകൊണ്ടാണ് പാലക്കാട്ട് മല്‍സരിക്കുന്നത് എന്നാണ് ശ്രീജിത് പറയുന്നത്.

കസ്തൂരിരംഗന്‍ ടെക്‌നോളജി

ആത്മഹത്യ ചെയ്യുമെന്നു ഭീഷണിമുഴക്കി മൊബൈല്‍ ഫോണ്‍ ടവറിനു മുകളില്‍ കയറുന്ന പാലായിലെ പാവപ്പെട്ട കള്ളുകുടിയനെപ്പോലെയാണ് മാണിസാര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനം ഇന്നു വൈകുന്നേരത്തിനകം വന്നിട്ടില്ലെങ്കില്‍ രണ്ടിലൊന്നു തീരുമാനിക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇന്നു വൈകുന്നേരത്തിനകം കരടു വിജ്ഞാപനം വന്നിട്ടില്ലെങ്കില്‍ മാണിസാര്‍ രാജിവച്ച് സിപിഎം പാളയത്തില്‍ പോയി ചേക്കേറുമെന്നു കരുതുന്നവരോട് പറയട്ടെ- മാണിസാറിനെ ആര്‍ക്കും തോല്‍പിക്കാന്‍ പറ്റില്ല. മാണിസാറിനെ എന്നല്ല, കേരളാ കോണ്‍ഗ്രസിലെ ഒരുത്തനെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത് എന്നാണ് ഒരു പഴയ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്കു പറയാനുള്ളത്.

രാഷ്ട്രീയപരമായി കാര്യമായി ഉദ്ധാരണശേഷി ഒന്നുമില്ലാതിരിക്കെ കര്‍ഷകരെ മൊത്തത്തോടെ ഉദ്ധരിക്കും എന്ന മോഹനവാദ്ഗാനമാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അടിത്തറ. മലയോര കര്‍ഷകന്‍ എന്ന തുറുപ്പുചീട്ട് വച്ചു കളിച്ചുകൊണ്ടിരുന്ന മാണിസാറിനെയും സംഘത്തെയും വലിയ വിവരമൊന്നുമില്ലാത്ത പള്ളീലച്ചന്‍മാരുടെ നേതൃത്വത്തിലുള്ള മലയോര കര്‍ഷകര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്ന തുറുപ്പുചീട്ട് കയ്യില്‍ വച്ച് കശക്കിമറിച്ചുകൊണ്ടിരിക്കുകയാണ്.

ഇടയലേഖനം എഴുതുന്ന അത്ര ഈസിയായി തയ്യാറാക്കാവുന്ന ഒന്നല്ല, പരിസ്ഥിതി ആഘാതവും പ്രത്യാഘാതവുമൊക്കെ ഉണ്ടാക്കാന്‍ പര്യാപ്തമായ ഇത്തരം റിപ്പോര്‍ട്ടുകള്‍. പോരെങ്കില്‍ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ടമലനിരകളില്‍ കുടിയേറ്റവും കയ്യേറ്റവും പാറപൊട്ടിക്കലുമൊക്കെ കഴിഞ്ഞിട്ടു മതി പ്രകൃതിസ്‌നേഹം എന്നു പറയുമ്പോള്‍ ഏരിയല്‍ വ്യൂവില്‍ അതൊരു മാടമ്പി നയമായി തോന്നാം. പരിസ്ഥിതി സംരക്ഷിക്കണമെന്നും പ്രകൃതിയെ നശിപ്പിക്കരുതെന്നുമൊക്കെ മാര്‍പ്പാപ്പ പറയുമ്പോള്‍ പ്രകൃതിസ്‌നേഹം പറഞ്ഞോണ്ടു വന്നാല്‍ ചോരപ്പുഴയൊഴുകുമെന്നു മെത്രാനച്ചന്‍ പറയുന്നത് പോക്രിത്തരമാണ്. ഇടുക്കിയിലും വയനാട്ടിലും താമരശ്ശേരിയിലുമൊക്കെ വനമുണ്ടെങ്കിലേ റോമില്‍ മഴ പെയ്യൂ എന്നു മാര്‍പ്പാപ്പയ്ക്കറിയാം. പാറ പൊട്ടിക്കുന്നതും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നതുമാണ് പരിസ്ഥിതി പ്രവര്‍ത്തനം എന്നു വിശ്വസിച്ചിരിക്കുന്ന മുട്ടനാടുകളോട് വേദമോതുന്നതില്‍ കാര്യമില്ല.

പറഞ്ഞു തുടങ്ങിയത് കേരളാ കോണ്‍ഗ്രസിന്റെ കാര്യമാണ്. ജോസ് കെ. മാണിയുടെ ഭാവിയും മാണിസാറിന്റെ മുഖ്യമന്ത്രി സ്വപ്നങ്ങളും എന്നതാണ് മൊത്തത്തില്‍ മാണിസാറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒരു പാചകക്കുറിപ്പ് എന്നു പറയാം. അതങ്ങനെ സുഗമമായി മുന്നോട്ടു വരുമ്പോള്‍ ഇടിച്ചുകയറി വന്ന മലയോരകര്‍ഷക കുഞ്ഞാടുളെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മാണിസാറും സംഘവും. പറയുന്നതുപോലെ രാജിവച്ചു മുന്നണി വിട്ടാല്‍ ജോസ് കെ.മാണി കോട്ടയത്ത് ഏതു പാനലില്‍ മല്‍സരിക്കും ? ഒരു മുന്നണിയിലുമില്ലാതെ ചുമ്മാ കൊണ്ടുപോയി നിര്‍ത്തിയാല്‍ ജയിച്ചുവരാന്‍ മാത്രം ആം ആദ്മിയല്ല ജോസ്‌മോന്‍. അപ്പോള്‍ ജോസ്‌മോന്‍ ജയിക്കണമെങ്കില്‍ യുഎഡിഎഫില്‍ നില്‍ക്കണം എന്നത് പാഠം ഒന്ന്.

രണ്ട്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എങ്ങനെ മയപ്പെടുത്താം എന്നതാണ്. മെത്രാനച്ചന്‍മാരോ മാണി സാറോ ഉമ്മന്‍ ചാണ്ടി സാറോ ഒന്നും വിചാരിച്ചാല്‍ മയപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല ഈ വക റിപ്പോര്‍ട്ടുകള്‍ എന്നു പറഞ്ഞു കഴിഞ്ഞു. ഏപ്രില്‍ 10ന് ശാന്തിമുഹൂര്‍ത്തം വരുന്നതുവരെ എങ്ങനെ മലയോര കര്‍ഷകരെ പറഞ്ഞു പറ്റിക്കാം എന്നതേ ആലോചിക്കേണ്ടതുള്ളൂ എന്നു ചുരുക്കം. ജോസ്‌മോനെയും മലയോരകര്‍ഷകരെയും എങ്ങനെ ഒരേപോലെ രക്ഷിച്ചെടുക്കാം എന്നതാണ് മാണിസാര്‍ നേരിടുന്ന വെല്ലുവിളി എന്നു പറഞ്ഞാലും തെറ്റില്ല.

ഇതിനിടയ്ക്ക് പി.സി.ജോര്‍ജ് എന്നൊരു മലയോര കര്‍ഷകനുണ്ട്. ഇന്നു രാജി വയ്ക്കും നാളെ രാജി വയ്ക്കും എന്നു പറഞ്ഞു നടന്ന ജോര്‍ജേട്ടനോട് എന്നാല്‍ താന്‍ പോയി രാജി വയ്‌ക്കെടോ എന്നു നേതാക്കന്‍മാര്‍ പറഞ്ഞപ്പോള്‍ പണി പാളുമെന്നു തോന്നി പുള്ളി പ്ലേറ്റ് മാറ്റി- നിങ്ങളെയൊന്നും വിഷമിപ്പിച്ചിട്ട് എനിക്കു രാജി വയ്‌ക്കേണ്ട എന്നു പറഞ്ഞ് മൂക്കും പിഴിഞ്ഞ് പോയതാണ്. ഇപ്പോള്‍ വീണ്ടും പൊങ്ങിയിട്ടുണ്ട്. കര്‍ഷകരെ സംരക്ഷിക്കാന്‍ പറ്റുന്നില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് പിരിച്ചുവിടണം എന്നാണ് ജോര്‍ജേട്ടന്റെ ഇപ്പോഴത്തെ ആവശ്യം. ആത്മാര്‍ഥത കൂടി വട്ടായതാണ് എന്നൊക്കെ പറയാവുന്ന ഒരു സ്ഥിതിയിലാണെന്നു തോന്നുന്നു.

കേരളാ കോണ്‍ഗ്രസ് പിരിച്ചുവിട്ടാല്‍ മലയോര കര്‍ഷകര്‍ ചത്തുപോവാനൊന്നും പോകുന്നില്ല. കോണ്‍ഗ്രസിലും സിപിഎമ്മിലും ബിജെപിയിലുമൊക്കെയായി അവര്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിക്കൊള്ളൂം. അങ്ങനെ കുറച്ചുകൂടി വിശാലകാഴ്ചപ്പാടുള്ള പാര്‍ട്ടികളുടെ സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ കസ്തൂരി രംഗന്‍ പ്രശ്‌നം ഇത്തരത്തില്‍ പള്ളീലച്ചന്‍മാരുടെ ലോ ക്ലാസ് രാഷ്ട്രീയത്തില്‍ കുടുങ്ങി ഇത്തരത്തില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു പോകില്ലായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ കസ്തൂരിരംഗന്‍ പ്രശ്‌നം ചക്ക കുഴയുന്നതുപോലെ കുഴഞ്ഞ് പണ്ടാരമടങ്ങിയിരിക്കുകയാണ്. റിപ്പോര്‍ട്ട്, ഓഫിസ് മെമ്മോറാണ്ടം, കരട് വിജ്ഞാപനം എന്നൊക്കെ പറഞ്ഞ് ആര്‍ക്കും ഒന്നും പിടിയില്ലാതായി. കസ്തൂരിരംഗന്‍ എന്നു പറയുന്ന ഭീകരന്‍ മലയോരത്ത് വന്നു കൊലയും കൊള്ളിവയ്പും നടത്തുകയും കുടിയേറ്റക്കാരെ ഒഴിപ്പിച്ച് അവിടം ഇടിച്ചു നിരപ്പാക്കി കടുവയെയും സിംഹത്തെയുമൊക്കെ വളര്‍ത്താനുള്ള പദ്ധതിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്നാണ് സമരം ചെയ്യാന്‍ പോലും സമയം കിട്ടാത്ത യഥാര്‍ഥ പാവപ്പെട്ട മലയോര കര്‍ഷകര്‍ ഭയപ്പെടുന്നത്. ഇന്ത്യാമഹാരാജ്യത്ത് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല എന്നത് ആര് അവരെ പറഞ്ഞു മനസ്സിലാക്കും. അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ അതിനു മുന്‍പ് മുല്ലപ്പെരിയാര്‍ ഡാം പൊട്ടി 35 ലക്ഷം ആളുകള്‍ അറബിക്കടലില്‍ പോവുകയും കൊച്ചി നഗരത്തിനു മുകളില്‍ 60 അടി ഉയരത്തില്‍ വെള്ളം തങ്ങിനില്‍ക്കുകയും ചെയ്യും. നാലു ജില്ല പോയിക്കഴിഞ്ഞാല്‍ പിന്നെ കേരളാ കോണ്‍ഗ്രസ് ഉണ്ടോ ? കസ്തൂരിരംഗനുണ്ടോ ? ഇടയന്‍മാരുണ്ടോ ?

[കുറിപ്പ്] ടെക്‌നോളജി സംബന്ധമായ പോസ്റ്റുകള്‍ മാത്രമേ ഇടൂ എന്നു പറഞ്ഞതിനു ശേഷം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റി എഴുതുന്നത് ശരിയാണോ എന്നു ചിലരെങ്കിലും ചോദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. ഈ കസ്തൂരി രംഗന്‍ എന്നു പറഞ്ഞാല്‍ ആരാ ? ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭന്‍മാരായ ബഹിരാകാശശാസ്ത്രജ്ഞന്‍മാരിലൊരാള്‍. ഒരു ടെക്‌നോളജി എഴുത്തുകാരന്‍ അത്തരത്തിലൊരു ശാത്രജ്ഞന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ടെക്‌നോളജി വിരുദ്ധമാകുമോ ?

കരിങ്കൊടിസമരത്തിനു പിന്തുണയുമായി ബാറ്റ്മാന്‍

സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തിന് ലോകത്തിന്റെ അംഗീകാരം. മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ കറുത്ത വേഷം മാത്രം ധരിക്കുമെന്ന പ്രഖ്യാപനവുമായി ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത് സൂപ്പര്‍ ഹീറോയായ ബാറ്റ്മാന്‍ ആണ്. പാര്‍ട്ടിയുടെ കരിങ്കൊടിസമരത്തിനു ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നും ബാറ്റ്മാനെപ്പോലെയുള്ള ആളുകള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവരുന്നത് സ്വാഗതാര്‍ഹമാണെന്നും പാര്‍ട്ടി ബുദ്ധിജീവി അഭിപ്രായപ്പെട്ടു. സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ഫാന്റം തുടങ്ങിയവരും ബാറ്റ്മാന്റെ പാത പിന്തുടര്‍ന്ന് കരിങ്കൊടിസമരത്തിനു പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് കറുത്ത ഷര്‍ട്ട് ഇട്ട് പങ്കെടുത്തത് പാര്‍ട്ടിയുടെ സമരം വിജയിപ്പിക്കുന്നതിനും മുഖ്യമന്ത്രിയെ തന്റെ പ്രതിഷേധം അറിയിക്കുന്നതിനും വേണ്ടിയായിരുന്നു എന്ന വാര്‍ത്ത വന്നതോടെയാണ് ലോകത്തിന്റെ പല ഭാഗത്തു നിന്നും അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തെ മാത്രം ബാധിക്കുന്ന ഒരു തട്ടിപ്പായിട്ടു കൂടി വിവിധ രാജ്യത്തലവന്‍മാരുള്‍പ്പെടെ കറുത്ത വസ്ത്രമിട്ട് പ്രതിഷേധിക്കുന്നതായി വിവിധ രാജ്യങ്ങളില്‍ നിന്നു ഞങ്ങളുടെ സഖാക്കന്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയണ്. ഇത്തരത്തില്‍ രാജ്യാന്തര സമൂഹം കറുത്ത വേഷമിട്ട് പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്രയും വേഗം രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

പൃഥ്വിരാജിനു പുറമേ ഇന്നലെ കേരളത്തിലങ്ങോളമിങ്ങോളവും രാജ്യമൊട്ടാകെയും മറ്റു രാജ്യങ്ങളിലുമായി കോടിക്കണക്കിനു മുസ്ലിം സ്ത്രീകള്‍ കറുകറുത്ത പര്‍ദ്ദയണിഞ്ഞത് പാര്‍ട്ടിയുടെ കരിങ്കൊടി സമരത്തോടുള്ള അനുഭാവം കൊണ്ടാണെന്നാണ് സൂചന. ഇത്രയധികം ജനപങ്കാളിത്തമുള്ള കരിങ്കൊടിസമരം സംസ്ഥാനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു കടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മുസ്ലിം ലീഗ് യുഡിഎഫിനോടൊപ്പം നില്‍ക്കുമ്പോള്‍ ലീഗ് നേതാക്കളുടെ കുടുംബാംഗങ്ങളടക്കം പലരും ഇന്നലെ കറുത്ത പര്‍ദ്ദ ധരിച്ചത് മുന്നണി തകരുന്നതിന്റെ സൂചനയാണെന്നും കരുതുന്നു.

ഇന്നലെ ലോകത്തെ മിക്കവാറും എല്ലാ കമ്പനികളുടെയും സിഇഒമാര്‍ കറുത്ത സ്യൂട്ട് ധരിച്ചാണ് പാര്‍ട്ടിയുടെ കരിങ്കൊടി സമരത്തെ പിന്തുണച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെയുള്ള ലോകനേതാക്കന്‍മാര്‍ ഇന്നലെയും ഇന്നുമൊക്കെ കറുത്ത സ്യൂട്ട് ധരിച്ചത് പാര്‍ട്ടിയുടെ രാജ്യാന്തര സ്വാധീനത്തെയും സോളാര്‍ സമരത്തിനു ലഭിക്കുന്ന രാജ്യാന്തരപിന്തുണയുടെയും സൂചനയായി കരുതപ്പെടുന്നു. പാര്‍ട്ടിയുടെ കരിങ്കൊടിസമരത്തിനു പിന്തുണ പ്രഖ്യാപിച്ചും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്നുമാവശ്യപ്പെട്ടുകൊണ്് ഇന്നലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ കറുത്ത വസ്ത്രങ്ങള്‍ മാത്രം ധരിച്ച മോഡലുകള്‍ ഫാഷന്‍ ഷോ നടത്തി. കരിങ്കൊടി സമരത്തെ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ കറുത്ത അടിവസ്ത്രവില്‍പനശാല തുറന്നു.

വിവിധ കാലാകാരന്‍മാരും സെലബ്രിറ്റികളും കറുത്ത വേഷം സ്വീകരിച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോകത്ത് ഒറ്റപ്പെട്ടിരിക്കുകയാണ്. പോപ് താരങ്ങളായ ജസ്റ്റിന്‍ ബീയ്ബര്‍, ലേഡി ഗാഗ, പിഎസ്‌വൈ, ബോളിവുഡ് നടന്‍മാര്‍ ഭാവാഭിനയചക്രവര്‍ത്തിനി സണ്ണി ലിയോണ്‍ തുടങ്ങിയവരൊക്കെ കറുത്ത വേഷത്തില്‍ ചേക്കേറിയതോടെ രാജിയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ വഴിയില്ലാതായിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ കിട്ടിയ വിവരമനുസരിച്ച് പാര്‍ട്ടി സമരത്തിനു പിന്തുണയുമായി കേരളത്തിലെ മരണവീടുകളുടെ പരിസരത്തെല്ലാം അനേകം കരിങ്കൊടികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജനപങ്കാളിത്തത്തിന്റെ കണക്കുനോക്കിയാല്‍ മുല്ലപ്പൂവിപ്ലവത്തെക്കാള്‍ പതിനായിരം മടങ്ങ് ശക്തമാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന കരിങ്കൊടി സമരം എന്നാണ് രാജ്യാന്തര ഏജന്‍സികള്‍ നല്‍കുന്ന വിവരം.

പാര്‍ട്ടിയുടെ കരിങ്കൊടി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കറുത്ത വേഷം ധരിച്ചു നൃത്തം ചെയ്യുന്ന പിഎസ്‌വൈ, അരയില്‍ ചെങ്കൊടി ചുറ്റിയ സണ്ണി ലിയോണ്‍, ക്ഷുഭിതനായി നില്‍ക്കുന്ന ജസ്റ്റിന്‍ ബീയ്ബര്‍, രാജി വയ്ക്കു മനുഷ്യാ എന്നാംഗ്യം കാണിക്കുന്ന ലേഡി ഗാഗാ, ഒന്നു പോടേ എന്ന ഭാവത്തില്‍ നില്‍ക്കുന്ന ജോര്‍ജ് ക്ലൂണി തുടങ്ങിയവര്‍.
പാര്‍ട്ടിയുടെ കരിങ്കൊടി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കറുത്ത വേഷം ധരിച്ചു നൃത്തം ചെയ്യുന്ന പിഎസ്‌വൈ, അരയില്‍ ചെങ്കൊടി ചുറ്റിയ സണ്ണി ലിയോണ്‍, ക്ഷുഭിതനായി നില്‍ക്കുന്ന ജസ്റ്റിന്‍ ബീയ്ബര്‍, രാജി വയ്ക്കു മനുഷ്യാ എന്നാംഗ്യം കാണിക്കുന്ന ലേഡി ഗാഗാ, ഒന്നു പോടേ എന്ന ഭാവത്തില്‍ നില്‍ക്കുന്ന ജോര്‍ജ് ക്ലൂണി തുടങ്ങിയവര്‍.

കൊച്ചുകുട്ടികള്‍ കുറ്റം ചെയ്താല്‍…

കോലുമിട്ടായി കൊടുത്തു വഷളാക്കിയ പിള്ളേര്‍ ന്യൂജനറേഷന്‍ ക്രിമിനലുകളായി പുനര്‍ജനിക്കുമ്പോള്‍ പിള്ളേരല്ലേ എന്ന ഇളവു നല്‍കി അവരെ ചിരിപ്പിക്കുകയും അവരുടെ ക്രൂരതകള്‍ക്കിരയാവുന്നവരെ കരയിക്കുകയുമാണ് നമ്മുടെ പാവം നിയമം. ദില്ലി കൂട്ടമാനഭംഗക്കേസില്‍ പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പുന്നാരമോന് നമ്മുടെ നിയമം നല്‍കിയത് മൂന്നു വര്‍ഷത്തെ നല്ല നടപ്പാണ്. ബലാല്‍സംഗവും ശാരീരിക പീഡനവും കൊലപാതകവും നടത്തുമ്പോള്‍ ആ മോന് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല എന്നതിനാലാണ് മോനെ ദുര്‍ഗുണപരിഹാരപാഠശാലയിലേക്കയക്കുന്നത്. മൂന്നുവര്‍ഷത്തെ മോന്റെ നല്ല നടപ്പിനിടെ ആരും കൊലപ്പെടാതിരിക്കട്ടെ എന്നും ഇക്കാലയളവു കൊണ്ട് മോന്‍ ഒരു നല്ല മോനായി തീരട്ടെ എന്നും ആശംസിക്കാം.

ജുവനൈല്‍ കുറ്റവാളിക്ക് കൊലക്കയര്‍ നല്‍കാത്തതില്‍ നിരാശയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞത്. മകളെ കൊലപ്പെടുത്തിയവര്‍
എല്ലാം കൊല്ലപ്പെടണം എന്നത് പുത്രദുഖം പേറുന്ന രക്ഷിതാക്കളുടെ നീതിയാണ്. എന്നാല്‍, ഇരകള്‍ക്കു വേണ്ടി പ്രതികാരം ചെയ്യലല്ല, നാട്ടില്‍ നീതി നടപ്പാക്കലാണ് കോടതിയുടെ ധര്‍മം. അതുകൊണ്ടു നീതി നടപ്പാവുമോ ഇല്ലയോ എന്നത് കാലങ്ങള്‍ കൊണ്ടു തെളിയിക്കപ്പെടേണ്ടതാണ്.

ജുവനൈല്‍ പ്രതിക്ക് ശിക്ഷ കുറഞ്ഞുപോയി എന്ന വാദവും അവന്‍ കുട്ടിയല്ലേ അവനെ തൊട്ടുപോകരുത് എന്ന മറുവാദവും ശിക്ഷാവിധിക്കു ശേഷം ശക്തമായിട്ടുണ്ട്. പ്രതിക്ക് കൊലക്കയര്‍ നല്‍കണമെന്ന് ഇരയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നതും പൊതുവികാരം ആവശ്യപ്പെടുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. രക്ഷിതാക്കളുടെ ആവശ്യത്തിനു നീതീകരണമുണ്ടെങ്കില്‍ പൊതുവികാരത്തിന് ഒരു പോക്കറ്റടിക്കാരനെ തല്ലിക്കൊല്ലുന്നതിന്റെ നീതീകരണമേയുള്ളൂ. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പണ്ട് യേശുക്രിസ്തു പറഞ്ഞത് ഈ വൈകാരിക പ്രക്ഷോഭകാരികള്‍ക്കും ബാധകമാണ്. ഇവിടെ കുട്ടിക്കുറ്റവാളികള്‍ ഉണ്ടാകുന്നത് നിയമം ദുര്‍ബലമായതുകൊണ്ടോ ശിക്ഷ വളരെ കുറവായതുകൊണ്ടോ അല്ല. നിയമത്തെ പഴിക്കുന്നവര്‍ അവരുടെ വീടുകളില്‍ കുട്ടികളെ വളര്‍ത്തുന്നത് ശരിയാവാത്തതുകൊണ്ടാണ്.

ഇനി ജുവനൈല്‍ നിയമം പൊളിച്ചെഴുതി, പലരും ആവശ്യപ്പെടുന്നതുപോലെ 18 വയസ് എന്ന പ്രായപരിധി 16 വയസ് ആക്കുന്നു എന്നിരിക്കട്ടെ, 16 വയസ്സില്‍ താഴെയുള്ള കുറ്റവാളികളെ എങ്ങനെ സമീപിക്കും. കൂട്ടബലാല്‍സംഗത്തില്‍ പങ്കാളിയായ 16 വയസുകാരനെതിരെ നമ്മള്‍ കൊലവിളി നടത്തുമ്പോള്‍ നാലാം ക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് വായില്‍ ചകിരി തിരുകി മരപ്പൊത്തിലൊളിപ്പിച്ച ഇടുക്കിക്കാരനായ പത്തുവയസ്സുകാരനെ നമ്മള്‍ കാണാതെ പോകുന്നുണ്ട്. ആരും കുറ്റവാളികളായി ജനിക്കുന്നില്ല എന്നത് ഏതെങ്കിലും സിനിമയിലെ ഡയലോഗല്ല, ഒരു യാഥാര്‍ഥ്യമാണ്. കുറ്റവാളികള്‍ ഉണ്ടാവുന്നത് നമ്മുടെയൊക്കെ വീടുകളിലാണ്. സ്വന്തം വീട്ടിലുള്ള കുട്ടികളുടെ മനസ്സ് സഞ്ചരിക്കുന്ന വഴികള്‍ തിരിച്ചറിയാനാവാത്തവര്‍ മെഴുതിരി പ്രദക്ഷിണം നടത്തിയതുകൊണ്ടോ വധശിക്ഷയ്ക്കു വേണ്ടി മുറവിളി കൂട്ടിയതുകൊണ്ടോ അവരുടെ വീഴ്ചകളില്‍ നിന്നു മുക്തരാവില്ല.

കുട്ടിക്കുറ്റവാളികളുടെ എണ്ണം നാട്ടില്‍ വര്‍ധിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അവര്‍ക്കുള്ള ശിക്ഷ കഠിനമാക്കുന്നതുകൊണ്ട് ഒരു ഗുണമേയുള്ളൂ- ലോകത്തോടും സമൂഹത്തോടും പ്രതികാരം മാത്രമുള്ള ഒരലിവുമില്ലാത്ത കൊടുംകുറ്റവാളികളായി അവരെ വാര്‍ത്തെടുക്കാം. ചെയ്ത കുറ്റത്തിന്റെ കാഠിന്യം എത്രയാണെങ്കിലും ശരി ഒരു 17കാരനെ തിരുത്താനുള്ള സാധ്യതകള്‍ ഏറെയാണ് എന്നതു തന്നെയാണ് പാവം നിയമം കുട്ടിക്കുറ്റവാളികള്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന്റെ കാരണങ്ങള്‍.

ഇതൊക്കെ തിയറി. സ്ഥലം ഇന്ത്യയാണ്. ഇത്തരത്തില്‍ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു വിധിയുടെ പരിണിതഫലങ്ങള്‍ എന്തൊക്കെയായിരിക്കും ? സ്വാഭാവികമായും 16 അല്ലെങ്കില്‍ 17 വയസ്സുള്ള ചെറുപ്പക്കാരെ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യതയും സ്വതവേ ക്രിമിനല്‍ സ്വഭാവമുള്ള ആ പ്രായക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങളോ കൊള്ളസംഘങ്ങളോ ഒക്കെയുണ്ടാക്കാനുള്ള സാധ്യതയാണ് ഈ വിധി കൊണ്ട് തെളിഞ്ഞു വരുന്നത്. നാട്ടുകാരും വീട്ടുകാരും എന്തു പറയും എന്ന പേടിയാണ് കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ഒരു കാരണം എന്നു കരുതിയാല്‍ വീട്ടുകാരോടും നാട്ടുകാരോടും പോയി പണി നോക്കാന്‍ പറയുന്ന, വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാഗ്രഹിക്കുന്ന പ്രായമാണ് 16-17 കാലഘട്ടം വൈകാരികമായി എന്നതുപോലെ സാമൂഹികമായി കൂടി സ്‌ഫോടനാത്മകമാണെന്നു സംഗ്രഹിക്കാം.

ചുരുക്കിപ്പറഞ്ഞാല്‍, ഒരു നിയമനിര്‍മാണം കൊണ്ടോ ഏതാനും വധശിക്ഷകള്‍ കൊണ്ടോ കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കില്ല. അതിന് വീട്ടിലും വിദ്യാലയത്തിലും കുട്ടികളുടെ വ്യക്തിത്വം അംഗീകരിക്കുകയും തിരിച്ചറിയുകയും അവരെ പിന്തുണയ്ക്കുകയും തിരുത്തുകയുമൊക്കെ ചെയ്യാന്‍ ആളുകളുണ്ടാവണം, അതിനുള്ള അന്തരീക്ഷമുണ്ടാവണം. ദില്ലി കൂട്ടമാനഭംഗക്കേസിലേതുപോലെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ ഈ നാട്ടില്‍ നടക്കുന്നുള്ളൂ എന്നാരും കരുതരുത്. പരമപവിത്രമെന്നു വലരും വിചാരിച്ചിരിക്കുന്ന ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരമയോഗ്യന്‍മാരെന്നു കരുതിയിരിക്കുന്ന മുതലാളിമാരുടെയും ലോക്കല്‍ സെലബ്രിറ്റികളുടെയും കുട്ടികള്‍ ചെയ്തു കൂട്ടുന്ന കുറ്റകൃത്യങ്ങള്‍ ലോകമറിയാത്തതാണ്. തിരുത്തേണ്ടത് നിയമവും ശിക്ഷകളുമല്ല, സമൂഹത്തെയാണ്. അതു തുടങ്ങേണ്ടത് നമ്മളോരോരോരുത്തരില്‍ നിന്നുമാണ്.

കോണ്‍ഗ്രസിലെ ചീമുട്ടകള്‍

എക്കാലവും യൂത്ത് കോണ്‍ഗ്രസുകാരോട് എനിക്കു തോന്നിയിട്ടുള്ള വികാരം സഹതാപമായിരുന്നു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പിള്ളേരുടെ കയ്യില്‍ നിന്ന് അടിയും ഇടിയും വാങ്ങി പാരമ്പര്യമുള്ള സമരവീര്യം ഇടക്കൊക്കെ അവര്‍ പൊടിതട്ടിയെടുത്തിരുന്നത് അടികിട്ടാന്‍ സാധ്യതയില്ലാത്ത ചില സമരഭൂമികകളിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പകര്‍ച്ചപ്പനിക്കെതിരെ ആശുപത്രികള്‍ക്കു മുന്നില്‍ ഇവര്‍ നടത്തിയ സമരങ്ങളും മറ്റും ഉദാഹരണം. ഇപ്പോള്‍ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് ചീമുട്ടകളുമായി സമരമുഖത്ത് അവര്‍ അടരാടുന്നത് ഒരു പാവം പി.സി.ജോര്‍ജിനെതിരെയാണ്.

പാവം പി.സി.ജോര്‍ജ് എന്നു പറഞ്ഞത് നല്ലൊരു ശതമാനം ആളുകള്‍ക്കും ഇഷ്ടമാവില്ല എന്നറിയാം. ചീഫ് വിപ്പിന്റെ വാക്യത്തില്‍ പ്രയോഗങ്ങള്‍ പലതും കുഴപ്പം പിടിച്ചതാണെങ്കിലും കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹം നടത്തുന്ന പ്രസ്താവനകളില്‍ ജനവികാരമുണ്ട്. സോളാര്‍ കേസിനെ സംബന്ധിച്ചും തുടര്‍ന്നുള്ള നടപടിക്രമങ്ങളെ സംബന്ധിച്ചും അദ്ദേഹം പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പാവപ്പെട്ട പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സഹിക്കാവുന്നതല്ല. അധികാരത്തില്‍ തൂങ്ങിക്കിടക്കുക എന്നതിനെക്കാള്‍ മുഖ്യമന്ത്രിക്കസേരയില്‍ തുരുമ്പു പോലെ പറ്റിപ്പിച്ചിടിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടി രാജി വച്ച് മാനം കാക്കണം എന്നത് ആത്മാഭിമാനമുള്ള മലയാളികളുടെയൊക്കെ ആവശ്യമായിരുന്നു. അതു തന്നെയാണ് പി.സി.ജോര്‍ജ് ഏറ്റു പറഞ്ഞതും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പി.സി.ജോര്‍ജിനെ തെരുവില്‍ ആക്രമിക്കുന്ന ദൂര്‍ബലരായ യൂത്ത് കോണ്‍ഗ്രസുകാര്‍ അവര്‍ക്കു നിലവിലുള്ള ചീത്തപ്പേര് ഇരട്ടിയാക്കിയിരിക്കുകയാണ്. നാലഞ്ചു ഖദറുകാര്‍ ചേര്‍ന്ന് വഴി തടഞ്ഞതു കൊണ്ടോ ഔദ്യോഗികവാഹനം ത്ല്ലിത്തകര്‍ത്തതുകൊണ്ടോ കരിങ്കൊടി കാണിച്ചതുകൊണ്ടോ നന്നാവുന്ന ഒരാളല്ല പി.സി.ജോര്‍ജ്. അതിനു വേണ്ടി ചെലവഴിക്കുന്ന അധ്വാനം യൂത്ത് കോണ്‍ഗ്രസുകാര്‍ വേറെ എവിടെയെങ്കിലും ചെലവിട്ടാല്‍ പിന്നീട് പശ്ചാത്തപിക്കുന്നത് ഒഴിവാക്കാം. യൂത്ത് കോണ്‍ഗ്രസുകാരും പി.സി.ജോര്‍ജും തമ്മിലുള്ള പ്രകടമായ വ്യത്യാസം ചങ്കുറപ്പാണ്. പറയുന്നത് എന്തെന്നോ എങ്ങനെയെന്നോ എന്നതിനെക്കാള്‍ പറയാനുള്ളത് പറഞ്ഞേ അടങ്ങൂ എന്ന ചങ്കുറപ്പാണ് പി.സി.ജോര്‍ജിന്റെ ഏറ്റവും വലിയ കരുത്ത്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അതൊക്കെ സ്വപ്‌നം കാണാനാവുമോ എന്നതില്‍ എനിക്കു സംശയമുണ്ട്. അല്ലെങ്കിലും വഴിയില്‍ ഒളിച്ചിരുന്ന് വണ്ടിക്ക് കല്ലെറിയുന്നവരുടെ ചങ്കുറപ്പ് എത്രയാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

കോണ്‍ഗ്രസ് ആകെ മൊത്തം കേരളത്തില്‍ നശിച്ചുനാമാവശേഷമായിരിക്കുകയാണ്. സമരം പിന്‍വലിക്കുന്നതിലൂടെ വിജയിക്കുന്ന പുതിയ ശൈലിയിലൂടെ സിപിഎമ്മും കേരളത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. അംഹിംസാവാദിയായ മഹാത്മാഗാന്ധിയുടെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ സര്‍ക്കാര്‍ ചീഫ് വിപ്പിനെ വഴിയില്‍ തടഞ്ഞ് ആക്രമിക്കുന്നത് ക്രൂരവും മൃഗീയവും പൈശാചികവുമാണ്. പി.സി.ജോര്‍ജ് പറയുന്ന കാര്യങ്ങള്‍ക്കു മറുപടിയായി എല്ലാവരും പറയുന്നത് ജോര്‍ജ് നാവടക്കണം, ജോര്‍ജ് മൗനം പാലിക്കണം എന്നൊക്കെയാവുന്നതിന്റെ അര്‍ഥം ജോര്‍ജ് പറയുന്നതില്‍ സത്യം ഒളിഞ്ഞിരിപ്പുണ്ട് എന്നാണ്.

വഴിവക്കില്‍ നിന്ന് വണ്ടിക്കു കല്ലെറിയുന്ന രീതി യൂത്ത് കോണ്‍ഗ്രസ് പോലെയൊരു പാര്‍ട്ടിക്കു ചേരുന്നതല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജോര്‍ജ് മറ്റുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജോര്‍ജിന്റെ അഴിമതികളും അക്രമങ്ങളും അന്വേഷിച്ചു പുറത്തു കൊണ്ടുവരിക എന്നതാണ് ആരോഗ്യകരമായ പ്രതികാരം. ജനാധിപത്യം എന്നതിന്റെ സാധ്യതകള്‍ ജോര്‍ജിനെപ്പോലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഉപയോഗിക്കാം. അതിനുള്ള ബുദ്ധിയോ വിവേകമോ ഇല്ലെങ്കില്‍ അതുള്ളവരുടെ സഹായം തേടാം. ജഗതി ശ്രീകുമാറിന്റെ കാര്‍ അപകടത്തില്‍ പെട്ടതിനു പിന്നില്‍ പി.സി.ജോര്‍ജ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപത്തുള്ള മീഡിയനില്‍ പി.സി.ജോര്‍ജ് വെളുപ്പാന്‍കാലത്ത് വന്നു മലര്‍ന്നു കിടന്ന് ഇന്നോവ എടുത്തെറിഞ്ഞിട്ടുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. സോളാര്‍ കേസ് അന്വേഷിക്കുന്നതോടൊപ്പം ആരെങ്കിലും അതും അന്വേഷിക്കട്ടെ.

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായ (അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല) ടി.പി.ചന്ദ്രശേഖരന്‍ വധം തെളിയിച്ച കോണ്‍ഗ്രസ് സര്‍ക്കാരും ആഭ്യന്തരമന്ത്രിയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇളംമുറ മറ്റൊരു നേതാവിനെ സമാനമായ രീതിയില്‍ വഴിയില്‍ ആക്രമിക്കുന്നത് കേരളത്തിനും മുന്നണിക്കും ചേര്‍ന്നതല്ല. പി.സി.ജോര്‍ജ് രാജി വച്ചാലും ഇല്ലെങ്കിലും, ആരെങ്കിലും അദ്ദേഹത്തിനു ചെവി കൊടുത്താലും ഇല്ലെങ്കിലും പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം പറയുക തന്നെ ചെയ്യും. അത് അങ്ങനെ ഒരിനമാണ്.

ഉത്തമന്‍ സാറിനൊരു കത്ത്

പ്രിയപ്പെട്ട ഉത്തമന്‍ സാറിന്,

ഇന്നത്തെ പത്രത്തില്‍ കല്ലുമായി എറിയാനോങ്ങി നില്‍ക്കുന്ന സാറിന്‍റെ പടം കണ്ടു. സാറിന്‍റെ കൂടെ സ്ഥിരം കാണാറുള്ള മറ്റേ സ്കൂളിലെ സാറ് അങ്ങേരുടെ സ്കൂളിലെ പിള്ളേരുടെ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറിയതും പിള്ളേര് ആശുപത്രിയിലായതും പത്രത്തില്‍ വായിച്ചു. സമരം ചെയ്യാതെ പഠിപ്പിക്കാന്‍ വരുന്ന ടീച്ചര്‍മാരെ ഇന്നലെ രാവിലെ ഇടവഴിയില്‍ വച്ച് സാറ് തുണി പൊക്കി കാണിച്ചതും അപ്പോള്‍ മുതല്‍ സുമതി ടീച്ചര്‍ നിര്‍ത്താതെ ചിരിക്കുന്നതും നാട്ടില്‍ പാട്ടാണ്. ക്ലാസ് മുടക്കാന്‍ വേണ്ടി സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ സാറും ആള്‍ക്കാരും വിഷം ചേര്‍ക്കാനിരിക്കുന്ന വിവരവും എനിക്കറിയാം. എനിക്കു ചോദിക്കാനുള്ളത് ഒന്നു മാത്രം- സമരത്തിന്‍റെ പേരില്‍ ഈ ചെറ്റത്തരമെല്ലാം കാണിച്ച സാറ് എന്നെ എന്തിനാണ് വെയിലത്ത് നിര്‍ത്തിയിരിക്കുന്നത് ?

സാറിനോര്‍മയുണ്ടോ എന്നെനിക്കറിയില്ല. അന്നൊരു വെള്ളിയാഴ്ചയായിരുന്നു.പാര്‍ട്ടിയാഫീസില്‍ നിന്നു പരിപ്പുവടേം ചായേം കഴിച്ച് സാറ് ലാസ്റ്റ് പീരീഡ് മോറല്‍ സയന്‍സ് എടുക്കാന്‍ ക്ലാസ്സിലേക്കു വരുന്ന സമയം. സുമതി ടീച്ചര്‍ പറഞ്ഞിട്ട് മഹിളാരത്നം മാസികയും വാങ്ങി ഞാന്‍ ഇന്റര്‍വെല്‍ കഴിഞ്ഞ് സാറിന്‍റെ ക്ലാസ്സില്‍ വന്നു.സാറിനു മൂഡില്ലാത്തതുകൊണ്ട് സാറ് അന്നൊന്നും പഠിപ്പിച്ചില്ല. സമൂഹത്തിലെ തിന്മകളെക്കുറിച്ച് സാറ് ഓരോ വിഷയങ്ങള്‍ ഞങ്ങളെക്കൊണ്ടു സംസാരിപ്പിച്ചു.സി.പി.ഗുണശേഖരനെ വെട്ടിക്കൊന്നതിനെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ സാറ് പെട്ടെന്നു വയലന്‍റായി.എന്‍റെ അച്ഛന്‍ കോണ്‍ഗ്രസുകാരനാണെന്നറിയാമെന്നും കൂട്ടിക്കൊടുപ്പു രാഷ്ട്രീയം സ്കൂളില്‍ ഇറക്കരുതെന്നും പറഞ്ഞ് സാറ് എന്നെ ക്ലാസ്സില്‍ നിന്നിറക്കി വിട്ടു.

പിറ്റേന്നു സ്കൂളില്‍ ഞങ്ങള്‍ സമരം നടത്തി.അടുത്ത ദിവസം എന്നെ സസ്‍പെന്‍ഡ് ചെയ്തതായി നോട്ടീസ് ബോര്‍ഡില്‍ കണ്ടു. ഉത്തമന്‍ സാറേ പരനാറീ… എന്ന മുദ്രാവാക്യം വിളിച്ചത് സത്യമായിട്ടും ഞാനല്ല. പിന്നെന്തിനാണ് സര്‍ എന്നെ പുറത്താക്കിയത് ? ഞങ്ങളുടെ സമരം തെറ്റായിരുന്നെങ്കില്‍ എല്ലാ സമരവും തെറ്റായിരിക്കേണ്ടേ സാറേ ? എന്നെ സാറ് പുറത്താക്കിയതുകൊണ്ടാണ് പിറ്റേന്ന് ഞങ്ങള്‍ക്കു സമരം ചെയ്യേണ്ടി വന്നത്. സാറൊക്കെ പെന്‍ഷന്‍ പറ്റിക്കഴിഞ്ഞ് അടിച്ചു പോവുന്നത് വരെ സര്‍ക്കാര്‍ ജനങ്ങളുടെ കാശ് കൊണ്ട് സാറിനൊക്കെ പെന്‍ഷന്‍ തരണമെന്നും അതിനു വേണ്ടി ശമ്പളത്തില്‍ നിനന് അഞ്ചു പൈസ പോലും സര്‍ക്കാരിലേക്ക് അടയ്‍ക്കില്ല എന്നും പറഞ്ഞാണ് സമരം ചെയ്യുന്നതെന്നു ഞാന്‍ കേട്ടു. വല്ലപ്പോഴുമേ സ്കൂളില്‍ വരാറുള്ളൂ, വരുമ്പോള്‍ പഠിപ്പിക്കാറുമില്ല, എന്നിട്ടും ജോലി ചെയ്യാത്ത കാലത്ത് സര്‍ക്കാര് നിങ്ങള്‍ക്കൊക്കെ കാശു തരണമെന്നു പറയുന്നത് ഒരു മാതിരി മറ്റേടത്തേ പരിപാടിയല്ലേ സാറേ ?

അതാണ് ശരി എന്നാണ് സാറിനെപ്പോലെയുള്ളവര്‍ പറയുന്നതെങ്കില്‍ ഞങ്ങള്‍ക്കു മാര്‍ക്കു തരുന്ന കാര്യത്തിലും ഇതേ നിയമം കൊണ്ടു വരണം എന്നു പറഞ്ഞ് ഞങ്ങളും സമരത്തിനിറങ്ങുകയാണ്. സാറുമ്മാരുടെ ശമ്പളത്തീന്ന് പൈസ പിടിച്ചിട്ട് പിന്നീട് പെന്‍ഷന്‍ കൊടുക്കുന്നത് തെറ്റാണെങ്കില്‍ ഞങ്ങളുടെ പരീക്ഷ പേപ്പര്‍ നോക്കീട്ട് ഞങ്ങള്‍ക്കു മാര്‍ക്കിടുന്നതും തെറ്റാണ്. പരീക്ഷ പേപ്പറില്‍ ഞങ്ങളൊരു വരി പോലും എഴുതില്ല, നിങ്ങള്‍ കൃത്യമായി ഞങ്ങള്‍ക്കു മാര്‍ക്കു തരണം. സാറുമ്മാര്‍ക്കൊരു നിയമോം പിള്ളേര്‍ക്കു വേറൊരു നിയമോം ഇവിടെ നടപ്പില്ല.

അതുകൊണ്ട് നാളെ മുതല്‍ ഞാന്‍ ക്ലാസ്സില്‍ കയറിയിരിക്കും. സ്കൂള്‍ എറിഞ്ഞു തകര്‍ക്കുന്ന, കുട്ടികളെ ഉപദ്രവിക്കുന്ന അധ്യാപകര്‍ക്ക് എന്തു വില കൊടുക്കണം എന്നു ഞങ്ങള്‍ കുട്ടികള്‍ തന്നെ തീരുമാനിച്ചോളാം. പിള്ളേരെടെ ദേഹത്ത് ചൊറിയന്‍പൊടി വിതറിയാല്‍ വിതറുന്നവന്‍റെ മര്‍മ്മസ്ഥാനങ്ങളില്‍ മുളകുപൊടി വിതറാനുളള ക്രിയേറ്റിവിറ്റി പിള്ളേര്‍ക്കും ഉണ്ടാവുമെന്നത് മനസ്സില്‍ വച്ചോ.ഈ കത്തിന്‍റെ പേരില്‍ എന്‍റെ മെക്കിട്ടു കയറാന്‍ വന്നാല്‍ സാറ് എട്ടിന്‍റെ പണി മേടിക്കും.

ഭീഷണികളോടെ,
ടിന്‍റു ഓമനക്കുട്ടന്‍
VIII B