അയ്യോ, തിരഞ്ഞെടുപ്പ് മാര്‍ച്ച് 17നു നടത്തരുതേ !

മാര്‍ച്ച് 18നു പിറവത്തെ ക്രിസ്‍ത്യാനികള്‍ക്കു പള്ളിയില്‍ പോകാനുള്ള സൗകര്യം പരിഗണിച്ച് അന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്കു മാറ്റുകയും അന്ന് നടക്കേണ്ട കേരളത്തിലെ മുഴുവന്‍ എസ്‍എസ്‍എല്‍സി വിദ്യാര്‍ഥികളുടെയും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‍ക്കുകയും ചെയ്തിരിക്കുന്നു. പിറവത്തെ പള്ളീല്‍പ്പോക്കുകാരായ ക്രിസ്‍ത്യാനികളുടെ സൗകര്യത്തിനു വേണ്ടി കേരളത്തിലെ മുഴുവന്‍ എസ്‍എസ്‍എല്‍സി വിദ്യാര്‍ഥികളെയും ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ എന്നു ചോദിക്കരുത്. സോഷ്യലിസ്റ്റ് സെക്യുലറിസ്റ്റ് സമീപനങ്ങളിലൂടെ നാട് മുന്നോട്ടു പോകുമ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ സാമൂഹികപുരോഗതിയുടെ, സാംസ്കാരികമികവിന്റെ സര്‍വോപരി മതസൗഹാര്‍ദത്തിന്റെ അലങ്കാരമായി കണക്കാക്കണം.

മാര്‍ച്ച് 17ന്റെ പരീക്ഷ മാറ്റാം. എന്നാല്‍ അന്നേ ദിവസം മാറ്റി വയ്‍ക്കാന്‍ പാടില്ലാത്ത അനേകം അനേകം പരിപാടികള്‍ വേറെയുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്താതെ വശ്വാസികളുടെ സൗകര്യം കണക്കിലെടുത്ത് മാറ്റങ്ങള്‍ വരുത്തുന്ന സര്‍ക്കാര്‍ മാര്‍ച്ച് 17ന്റെ പ്രധാന്യവും അന്ന് മാറ്റിവയ്‍ക്കാന്‍ കഴിയാത്ത പരിപാടികളും ആഘോഷങ്ങളും ആചാരങ്ങളും കണക്കിലെടുത്ത് അന്നു നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്നിലേക്കോ അല്ലെങ്കില്‍ അതുപോലെ മറ്റേതെങ്കിലും ദിവസത്തേക്കോ മാറ്റി വയ്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ പീഡിപ്പിക്കണമെന്ന് വളരെ വിനയപൂര്‍വം ആവശ്യപ്പെടുന്നു.

ഇതിപ്പോള്‍ ചുമ്മാ ഒരു വാദമുന്നയിച്ച് അലമ്പുണ്ടാക്കാന്‍ വേണ്ടി പറയുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. മാര്‍ച്ച് 18നു പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനികളെപ്പോലെ തന്നെ മാര്‍ച്ച് 17ന് പല പരിപാടികളിലും പങ്കെടുക്കേണ്ടതായ വിവിധ മതവിഭാഗക്കാര്‍ പിറവം മണ്ഡലത്തിലുണ്ട്. 18ന് പള്ളീല്‍പ്പോകുന്ന ക്രിസ്ത്യാനികളുടെയും 17ന് മറ്റ് പരിപാടികളില്‍ പങ്കെടുക്കുന്നവരുടെയും കണക്കെടുത്താല്‍ ആളുകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് 17ലെ തിരഞ്ഞെടുപ്പായിരിക്കും എന്നതില്‍ സംശയമില്ല.

പിറവം മണ്ഡലത്തില്‍ എന്റെ ഊഹം ശരിയാണെങ്കില്‍ കുറഞ്ഞത് ആയിരം വീടുകളിലെങ്കിലും മാര്‍ച്ച് 17ന് ആരുടെയെങ്കിലുമൊക്കെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ട്. കേക്കു മുറിച്ചും പാട്ടുപാടിയും സൊറ പറഞ്ഞും മധുരമനോഹരമായി പോകേണ്ട ആ ദിവസം തിരഞ്ഞെടുപ്പിലൂടെ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയമാണ്. ബര്‍ത്ത് ഡേ മാത്രമല്ല, അനേകം വീടുകളില്‍ അടിയന്തരങ്ങളും കല്യാണങ്ങളും ഇരുപത്തെട്ടു കെട്ടും, കാതുകുത്തും,ചോറൂണുമൊക്കെ നടക്കുന്നുണ്ട് എന്നാണ് വിവരങ്ങള്‍. എത്ര വീടുകളില്‍ ഇതൊക്കെ നടക്കുന്നുണ്ട് എന്ന കണക്ക് നോക്കിയാല്‍ അറിയാം ഞാന്‍ പറയുന്നത് എത്ര ഗൗരവമുള്ള കാര്യമാണെന്ന്.

ഇതൊക്കെ വ്യക്തികളുടെ കാര്യങ്ങളാണ്, മതങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്നാണ് ലോ പോയിന്റ് എങ്കില്‍ അതിനുമുണ്ട് ഉദാഹരണങ്ങള്‍. കലണ്ടര്‍ മനോരമ തന്നെ എന്നാണ് തിലകന്‍ ചേട്ടന്‍ പറഞ്ഞിട്ടുള്ളത്. ആ മനോരമ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 17നു നടക്കുന്ന പ്രധാന പരിപാടികള്‍ ഇവയാണ്.മണിയന്‍കോടപ്പന്‍ ക്ഷേത്രോല്‍സവാരംഭം,ചെര്‍പ്പളശേരി അയ്യപ്പന്‍കാവ് ആറാട്ട്, അഡൂര്‍ ശ്രീമഹാലിംഗേശ്വര ക്ഷേത്രം ആറാട്ട്, അമ്പലപ്പുഴ നാടകശാല സദ്യ, ശാര്‍ക്കര ഭഗവതി ക്ഷേത്രത്തിലും പായിപ്പാട് പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിലും കൊല്ലങ്കോട് വട്ടവിള ശ്രീഭദ്രകാളി ക്ഷേത്രത്തിലും കൊടയേറ്റ്,വെള്ളനാട് ശ്രീഭഗവതി ക്ഷേത്രത്തില്‍ മീനഭരണി ഉല്‍സവം, കുന്നംകുളം ആര്‍ത്താറ്റ് പുത്തന്‍പള്ളിയില്‍ (ഫ്രാന്‍സിസ് ഇട്ടിക്കോര ഫെയിം)വിശുദ്ധ പാട്രിക്,പൗലോസ് മാര്‍ സേവേറിയോസിന്റെ തിരുനാള്‍.

ഇതൊന്നും പിറവത്തല്ലല്ലോ എന്നു പറയരുത്. ഈ പറഞ്ഞ സ്ഥലങ്ങളുമായൊക്കെ പിറവംകാര്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അന്നേ ദിവസം തിരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ട് ഈ പറഞ്ഞ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ? ഇതിലും സ്‍ട്രോങ്ങായ കാരണങ്ങളല്ലെങ്കില്‍ ചരിത്രത്തില്‍ നിന്നും പലതും ചൂണ്ടിക്കാണിക്കാനുണ്ട്. ബദ്‌ർ യുദ്ധത്തിൽ മുഹമ്മദ് നബി തന്റെ മെക്ക എതിരാളികളുടെ മേൽ ഒരു പ്രധാന വിജയം കൈവരിച്ചു, റബർ ബാന്റ് പെറ്റന്റ് ചെയ്യപ്പെട്ടു, ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഉട്ടോപിയ ജിബ്രാൾട്ടർ തീരത്ത് മുങ്ങി 574 പേർ മരിച്ചു,നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസൽസ് ഉടമ്പടിയിൽ ബെനെലക്സ്, ഫ്രാൻസ്, യു.കെ. എന്നീ രാജ്യങ്ങൾ ഒപ്പു വച്ചു,കാലിഫോർണിയ സർ‌വകലാശാലയിലെ ഗവേഷകർ 98 അണുസംഖ്യയുള്ള മൂലകം നിർമ്മിച്ചു. അങ്ങനെ ലോകചരിത്രത്തിലും മാര്‍ച്ച് 17ന് സുപ്രധാനമായ സ്ഥാനമാണുള്ളത്.

അതുകൊണ്ട് ഇതെല്ലാം പരിഗണിച്ച് പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 17നു നടത്താതെ ആര്‍ക്കും ഒന്നും ചെയ്യന്‍ കഴിയാത്ത വല്ല ബന്ദ് ദിവസമോ ഹര്‍ത്താല്‍ ദിവസമോ നടത്തണമെന്ന് അപേക്ഷിക്കുന്നു. ബന്ദും ഹര്‍ത്താലും ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്ക് ആ ദിവസം നടക്കുന്ന തിരഞ്ഞെടുപ്പിനോട് പാല്‍ പത്രത്തോടെന്നപോലെ ഇടപെടണോ വേണ്ടയോ എന്നു തീരുമാനിക്കാം. അല്ലെങ്കില്‍ വോട്ടു ചെയ്യാന്‍ വരുന്നവരെ കല്ലെറിഞ്ഞോടിക്കാം. അല്ല, പറഞ്ഞെന്നേയുള്ളൂ.

കശ്മലന്‍മാരേ, എന്തൂട്ട് റിയാലിറ്റി ഷോ ആണിത് ?

വിടി ഭട്ടതിരിപ്പാട് ഇന്നുണ്ടായിരുന്നെങ്കില്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നൊരു നാടകം എഴുതുന്നതിനു പകരം അടുക്കളയില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കു വേണ്ടി ഒരു റിയാലിറ്റി ഷോ തുടങ്ങിയേനെ. അതില്‍ പെണ്ണുങ്ങളുടെ റിയാലിറ്റി മികവുകളുടെ പ്രകടനം കണ്ട് കേരളസമൂഹം ചിന്താഗതി മാറ്റുകയും അടുക്കളപ്പുറങ്ങളില്‍ നിന്നു സ്ത്രീകളെ അരങ്ങത്തേക്ക് ആനയിക്കുകയും ചെയ്തേനേ.

ഇതു ഞാന്‍ പറഞ്ഞതല്ല, വളരെ സീരിയസ്സായി ചിലര്‍ ചെയ്യുന്ന സാംസ്കാരിക പ്രവര്‍ത്തനത്തില്‍ നിന്ന് എനിക്കു വായിച്ചെടുക്കാന്‍ കഴിഞ്ഞതാണ്. കേരളസമൂഹത്തില്‍ റിയാലിറ്റി ഷോയ്‍ക്ക് വളരെ വലിയ സ്ഥാനമാണുള്ളതെന്ന് ‍ഞാന്‍ എടുത്തുപറയുന്നില്ല. എലിമിനേഷന്‍ റൗണ്ടു കഴിയുന്ന രാവുകളില്‍‍ കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങുന്നപ്രേക്ഷകര്‍ ഇനിയും മനസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹത്തിന്‍റെ പ്രതീകമാണ്. പിറ്റേന്ന് രാവിലെ പത്രത്തില്‍ വല്ലവരുടേം കദനകഥ വായിച്ച് കൂളായിട്ട് നമ്മള്‍ പേജ് മറിച്ചുവിടും, അതു വേറെ കാര്യം.

എന്താണ് പറഞ്ഞു വരുന്നതെന്നു വച്ചാല്‍, സ്വവര്‍ഗാനുരാഗികള്‍ ഇപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി നിലനില്‍ക്കുമ്പോള്‍, പീഡനവും ആക്ഷേപവും ഏറ്റുവാങ്ങി മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഒരായുസ്സുമുഴുവന്‍ ഭീതിയുടെ നിഴലില്‍ ജീവിക്കുമ്പോള്‍ അവരെ ഉദ്ധരിക്കാന്‍ വേണ്ടി പടുത്തുയര്‍ത്തിയ സംരംഭം ഉദ്ദേശിച്ച ഫലം നല്‍കുമോ എന്ന എന്‍റെ വ്യക്തിപരമായ ആശങ്കയാണ്. ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ സ്വവര്‍ഗാനുരാഗികളുടെ റിയാലിറ്റി ഷോചാന്തുപൊട്ടി’ന് കണ്ണൂരില്‍ തുടക്കമായെന്നു വാര്‍ത്തകള്‍ പറയുന്നു.

പരിഹാസവും നിന്ദയുംകൊണ്ട് ഒറ്റപ്പെട്ടുപോയ ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പരിപാടിയുടെ ലക്‍ഷ്യമത്രേ. ലക്‍ഷ്യം സാക്ഷാത്കരിക്കാന്‍ ‍ഞാനും പ്രാര്‍ഥിക്കാം. പക്ഷെ, അതിനു തിരഞ്ഞെടുത്ത പേരില്‍ തന്നെ ചില തകരാറുകള്‍ ഉണ്ടെന്നു തോന്നുന്നു. ചാന്തുപൊട്ട് എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്‍ക്കു ശേഷം ആ വാക്ക് ഉപയോഗിക്കുന്നത് പോസിറ്റീവായാണ് എന്നു തോന്നുന്നില്ല. ഞാനൊരു ചാന്തുപൊട്ടാണ് എന്ന് ഒരു സ്വവര്‍ഗാനുരാഗിയും അഭിമാനപൂര്‍വം പറയുമെന്ന് എനിക്കു തോന്നുന്നില്ല. ദുരുപദിഷ്ടമായ ഒരു ബ്രാന്‍ഡിങ് ആണതെന്നു വേണമെങ്കില്‍ വാദിക്കാം. എപ്പോഴും അങ്ങനെയായിക്കൊള്ളണമെന്നുമില്ല. എങ്കിലും, പരിഹാസവും നിന്ദയുംകൊണ്ട് ഒറ്റപ്പെട്ടുപോയ ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പരിപാടിക്ക് ആ സമൂഹത്തെ ആക്ഷേപിക്കാനുപയോഗിക്കുന്ന അതേ വാക്കു തന്നെ പേരായി നല്‍കിയത് വൈരുധ്യമായി തോന്നുന്നു.

സ്വവര്‍ഗാനുരാഗികളുടെ കലാവാസനയെ പുറംലോകത്തെ അറിയിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു ചാന്ത്പൊട്ട് നിര്‍മിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരികയെന്നതാണ് ഉദ്ദേശ്യം.സ്വവര്‍ഗാനുരാഗികള്‍ കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവര്‍ക്ക് അവരുടെ കലാവാസനകള്‍ പുറംലോകത്തെ അറിയിക്കാനുള്ള അവസരങ്ങളുടെ കുറവല്ല. തങ്ങള്‍ മനുഷ്യരാണെന്നും തങ്ങള്‍ക്കും ഈ മണ്ണില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഈ സമൂഹത്തെ ബോധ്യപ്പെടുത്താനാവാത്തതാണ്. ഈ റിയാലിറ്റി ഷോ, എല്ലാം പ്രത്യേകവീക്ഷണകോണിലൂടെ കാണുന്ന പ്രേക്ഷകരുടെ മുന്നില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്നത് അംഗീകരിക്കുമ്പോഴും അത് മൊത്തത്തില്‍ സ്വവര്‍ഗാനുരാഗികളുടെ ജീവിതത്തെ എങ്ങനെ മുഖ്യധാരയിലെത്തിക്കും എന്നതു മനസ്സിലാവുന്നില്ല.

മലയാളത്തിലെ റിയാലിറ്റി ഷോകളില്‍ വ്യത്യാസ്‌തമായ ‘സ്‌ട്രീറ്റ്‌ ലൈറ്റി’ ലൂടെ തെരുവു ഗായകരെ കണ്ടെത്തിയ മൊയ്‌തു താഴത്താണു ‘ചാന്തുപൊട്ടി’ന്റെയും പ്രൊഡ്യൂസര്‍.ബ്ലോസോണ്‍ ഗ്ലോബല്‍ അഡ്വര്‍ട്ടൈസ്‌മെന്റാണ് പരിപാടി നിര്‍മിക്കുന്നത്.50 എപ്പിസോഡിനു മുകളില്‍ പ്രതീക്ഷിക്കുന്ന ചാന്തുപൊട്ട് കണ്ണൂരില്‍ ആധുനികമായി സജ്‌ജീകരിക്കപ്പെട്ട സെറ്റിലായിരിക്കും അരങ്ങേറുക. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 40 പേര്‍ ഇതില്‍ പങ്കെടുക്കും. ഒരോ ജില്ലയില്‍നിന്നും ഒരു ടീമാണുള്ളത്. പക്ഷേ, ഇവര്‍ക്ക് ഒന്നിലേറെ ഗ്രൂപ്പുകളായി മത്സരിക്കാം. സിനിമാറ്റിക്ക് ഡാന്‍സ്, ശാസ്ത്രീയ നൃത്തം എന്നീ വിഭാഗങ്ങളിലൊക്കെ മത്സരമുണ്ട്.കഴിഞ്ഞ ദിവസം കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലക്കാര്‍ക്കായി നടത്തിയ ഓഡീഷനില്‍ തന്നെ മുപ്പത്തഞ്ചിലേറെ പേര്‍ പങ്കെടുത്തു.

10 ലക്ഷം രൂപയാണ് ഒന്നാംസമ്മാനം. രണ്ടാംസ്ഥാനക്കാരന് അഞ്ചു ലക്ഷം രൂപയും മൂന്നാംസ്ഥാനക്കാരനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും രണ്ടു പവന്‍ സ്വര്‍ണം സമ്മാനമുണ്ട്.പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വേങ്ങര, കവി കെ.സി.ഉമേഷ്ബാബു, ഗായകന്‍ താജുദ്ദീന്‍ വടകര, നര്‍ത്തകി ഡോ. അനില എന്നിവരാണ് വിധികര്‍ത്താക്കള്‍.

സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)

മുല്ലപ്പെരിയാറിലെ വെള്ളം പോലെയാണ് എന്റെ ബ്ളോഗ് പോസ്റ്റുകള്‍ എന്നു സൂര്യ ടിവി വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. മലയാളികളുടേതായ എല്ലാം ആവശ്യാനുസരണം ഉപയോഗിക്കാം എന്നു വിശ്വസിച്ചുപോയിട്ടുണ്ടണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ ചാനലിന്റെ മുതലാളിമാരെയോ തൊഴിലാളികളെയോ ഒന്നും കറുത്തു തടിച്ച തമിഴന്‍മാരെന്നു വിളിച്ചാക്ഷേപിക്കാനോ എനിക്കുദ്ദേശവുമില്ല. കാരണം, ഞാന്‍ വളരെ ഡീസന്റായിപ്പോയി. ഇനിയിപ്പോള്‍ എന്റെ ബ്ളോഗിലെ പോസ്റ്റുകള്‍ തോന്നിയതുപോലെ ഉപയോഗിക്കാന്‍ 999 വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവച്ചെന്നും പറഞ്ഞ് വന്നേക്കരുത്. സൂര്യ ടിവി പോലെ ഒരു തരംതാണ പ്രസ്ഥാനമല്ല ബെര്‍ളിത്തരങ്ങള്‍.

ഞാനതല്ല ആലോചിക്കുന്നത്, തെണ്ടി, ചെറ്റ, കൂതറ, നാറി, അലവലാതി എന്നൊക്കെ ഇക്കണ്ട മലയാളികളൊക്കെ വിശേഷിപ്പിക്കുന്ന എന്റെ ബ്ളോഗില്‍ നിന്നു പോസ്റ്റ് മോഷ്ടിച്ച് പ്രോഗ്രാം ഉണ്ടാക്കി അവതരിപ്പിക്കണമെങ്കില്‍ സൂര്യ ടിവി എത്ര ഗതികെട്ടിരിക്കും. എന്തീനീ മോഷണം ? ഒരു വാക്കുരിയാടിയിരുന്നെങ്കില്‍, ഒന്ന് ഒച്ച വച്ചിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നല്ലോ. ഇതുവരെ എന്നോടു ചോദിച്ച എല്ലാവര്‍ക്കും ഞാന്‍ കൊടുത്തിട്ടുണ്ട്. പ്രതിഫലമായി ‘തമാശ’ മാസിക അയച്ചു തന്നിട്ടുള്ള ചെക്കുകള്‍ മാത്രമേ ഞാന്‍ കൈപ്പറ്റിയിട്ടുള്ളൂ. മലയാളത്തിലെ മാധ്യമകുലപതികള്‍ പലരും എന്റെ പോസ്റ്റുകള്‍ അച്ചടിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അഞ്ചു പൈസ ആരും തന്നിട്ടില്ല. പാവങ്ങള്‍, അത്താഴപ്പട്ടിണിക്കാരയ മുതലാളിമാരോട് ഞാന്‍ വിലപേശാന്‍ പോയിട്ടില്ല. ഇനിയിപ്പോള്‍ ഈ പറഞ്ഞ സൂര്യാ ടിവിക്കാണെങ്കിലും ഞാന്‍ ചുമ്മാ കൊടുത്തേനെ.

ഏതാണ് എന്താണ് എന്നു പിടികിട്ടാത്തവര്‍ക്കു വേണ്ടി പറയാം. സൂര്യ ടിവി എന്നു പറയുന്ന മലയാളം ചാനല്‍ (ഞാനീവക ചവറുകളൊന്നും കാണാറില്ല) അവരുടെ രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയില്‍ ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന എന്റെ ബ്ളോഗ്പോസ്റ്റ് സ്കിറ്റ് പരുവത്തില്‍ ഷൂട്ട് ചെയ്ത് അവരിപ്പിച്ചു കളഞ്ഞു. സംഗതി സംപ്രേഷണം ചെയ്തു കഴിഞ്ഞ നിലയ്ക്ക് ഇനി മണാ കുണാ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഇനിയിപ്പോള്‍, അത് ഞങ്ങള്‍ക്കറിയില്ലായിരുന്നു, ആരോ ഫോര്‍വേഡ് ചെയ്തു തന്നതാ തുടങ്ങിയ ന്യായങ്ങള്‍ പറയുകയോ അതല്ല, മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ മലയാളം ബ്ളോഗുകളിലെ ഉള്ളടക്കവും ഞങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്നറിഞ്ഞിട്ടെടുത്തതാണെന്നു പറയുകയോ എന്തു ചെയ്താലും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞു. എന്റെ സര്‍ഗചേതന വീണ്ടും മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു.

സൂര്യ ടിവിയോട് ഞാന്‍ ഒരു പ്രതിഷേധവും അറിയിക്കുന്നില്ല. എനിക്കു പ്രതിഷേധം ഇല്ല. ആളുകള്‍ക്ക് വായിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രമാണ് ബ്ളോഗില്‍ ഞാന്‍ പലതും എഴുതുന്നത്. അത് മോഷ്ടിച്ചെടുക്കുന്നത് കുറ്റകൃത്യമാണ്. ഇനിയിപ്പോള്‍ മോഷണം നടത്തിയിട്ടില്ല എന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെങ്കില്‍ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ എനിക്കു നല്‍കുകയും രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയുടെ ഈ മോഷണം നടന്നിട്ടുള്ള എപ്പിസോഡിന്റെ പുനഃസംപ്രേഷണം നടത്താതിരിക്കുകയും അടുത്ത എപ്പിസോഡില്‍ എന്നോട് ആത്മര്‍ത്ഥമായി ക്ഷമാപണം നടത്തുകയും ചെയ്യാവുന്നതാണ്. അത്രയൊക്കെ ചെയ്യാനുള്ള അന്തസ്സും പാരമ്പര്യവും സംസ്കാരവും സൂര്യ ടിവിക്കുണ്ടോ എന്നെനിക്കറിയില്ല. ഇല്ലെങ്കിലും ഞാന്‍ പരാതിപ്പെടുന്നില്ല. അതൊക്കെ നമ്മള്‍ പറഞ്ഞാല്‍ ഉണ്ടാകുന്നതല്ലല്ലോ.

ഇനിയിപ്പോള്‍ ഇങ്ങനൊരു മോഷണം നടന്ന വിവരം അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ച വസ്തുവിനെപ്പറ്റി ഈ ബ്ളോഗില്‍ തന്നെയാണ് ഞാന്‍ പോസ്റ്റിടുന്നത്. അത് സൂര്യടിവി കണ്ടേ മതിയാവൂ. പോരെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഒന്നു രണ്ടു പേരെ ഫോണിലും വിളിച്ചു. സര്‍ക്കാരാപ്പീസിലെപ്പോലെ അതിവിടെയല്ല, അവിടെയാണ് എന്നു പറഞ്ഞ് നമ്പരുകള്‍ മാറി മാറി കുറെ വിളിച്ചതല്ലാതെ സംഗതി എങ്ങുമെത്തിയിട്ടില്ല. പ്രോഗ്രാം നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആണുങ്ങളെപ്പോലെ ചോദിക്കൂ, പത്തോ നൂറോ പോസ്റ്റുകള്‍ വേണമെങ്കില്‍ ചുമ്മാ തന്നേക്കാം. അതിനു കഴിയുന്നില്ലെങ്കില്‍ പ്രോഗ്രാം നിര്‍ത്തിക്കളയൂ. അല്ലാതെ മോഷണം നടത്തി പ്രോഗ്രാം നടത്തുന്നത് സൂര്യ ടിവി പോലൊരു ചാനലിനു ചേര്‍ന്നതല്ല.

സൂര്യ ടിവി മോഷ്ടിച്ച പോസ്റ്റ് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ചവരില്‍ പ്രഭ നാരായണപിള്ള ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരുണ്ട്. അവരൊക്കെ ഈ ഗതിയിലാണെന്ന് എനിക്കറിയില്ലായിരുന്നു. പ്രഗല്‍ഭര്‍ക്ക് ഇവിടെ എന്തുമാകാമെന്നതുകൊണ്ട് കുഴപ്പമില്ല. ഇതുവരെ നാലോ അഞ്ചോ പേര്‍ ഇത് വിഡിയോ ആക്കി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ മാത്രമാണ് എന്നോട് അനുവാദം ചോദിച്ചത് (ആര്‍ക്കും റൈറ്റ് കൊടുത്തിട്ടില്ല, പൈസയും വാങ്ങിയിട്ടില്ല). അനുവാദമില്ലാതെ സംഗതി റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്ത സുഹൃത്തിനോടു ചോദിച്ചപ്പോള്‍ ബ്ളോഗില്‍ കമന്റ് രൂപേണ അനുവാദം ചോദിച്ചിരുന്നു പക്ഷെ, മറുപടി ഒന്നും കാണാത്തതുകൊണ്ട് സമ്മതമായിരിക്കും എന്നു കരുതി റെക്കോര്‍ഡ് ചെയ്തതാണെന്നായിരുന്നു. ആ മഹാത്മാവ് പിന്നെ ഞാന്‍ നിഷേധിച്ചെങ്കിലോ എന്നു കരുതി ഒരു കാര്യം ചെയ്തു- എന്റെ ക്രെഡിറ്റ് വച്ചില്ല. സംഗതി ക്ളീന്‍ !

ഞാനെഴുതണം, അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കണം- ഇതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം പല ആളുകളുടെയും ആവശ്യം. ബെര്‍ളി ചവറെഴുതുന്നവനാണെന്ന് പ്രചരിപ്പിക്കുകയും ആ ചവറുകള്‍ സ്വന്തം പേരിലാക്കി ഉദാത്തമെന്നു പറഞ്ഞു വിറ്റുകാശാക്കുകയും ചെയ്യുന്ന ഈ ബോണ്‍ലെസ് ഫാദര്‍ലെസ് സിന്‍ഡ്രോം ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയതുകൊണ്ടും ഇതുവരെ എന്റെ അനേകം പോസ്റ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ച് പലരും പല കാര്യങ്ങളും സാധിച്ചിട്ടുള്ളതിനാലും സൂര്യ ടിവിയോട് ഞാന്‍ ഒന്നും പറയുന്നില്ല. ചിലരൊക്കെ ഇപ്പോഴും ഈ ബ്ളോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ ഭാര്യമാരെയും കാമുകിമാരെയും കാണിച്ച് പലതും സാധിക്കുന്നുണ്ടത്രേ. ആരൊക്കെയോ ജോലിയും വിവാഹവും വരെ നടത്തിയിട്ടുണ്ടെന്നു പറയുന്നു. എന്തായാലും ഈ ബ്ളോഗില്‍ നിന്നു മോഷ്ടിക്കുന്ന പ്രഗല്‍ഭരുടെ ലിസ്റ്റ് നീളുന്നതിനാല്‍ ‘ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ചവര്‍’ എന്ന പേരില്‍ ഈ പ്രഗല്‍ഭരുടെയെല്ലാം പേര് ബ്ളോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ലിസ്റ്റില്‍ നിന്ന് അണ്ടനെയും അടകോടനെയുമൊക്കെ ഒഴിവാക്കും, പിണങ്ങരുത്.