കരിദിനാശംസകള്‍

പരമപരിശുദ്ധമായ ലോകമാതൃദിനം പൊട്ടിവിരിഞ്ഞു കഴിഞ്ഞു. ഇനി 24 മണിക്കൂര്‍ പെറ്റമ്മയുടെ അപദാനങ്ങള്‍ വര്‍ണിച്ചും അമ്മ, ഗര്‍ഭപാത്രം, മുലപ്പാല്‍ തുടങ്ങിയ വാക്കുകള്‍ വച്ചു കവിതകളെഴുതിയും അമ്മയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തും ഗൂഗള്‍ ഡൂഡില്‍ നോക്കിയിരുന്നും നമ്മള്‍ വമ്പിച്ച മാതൃദിനാഘോഷം നടത്തും. നാളെ മുതല്‍ എല്ലാം പഴയതുപോലെ. പെരുങ്കള്ളന്‍മാരും കള്ളികളുമായ, സ്വാര്‍ത്ഥതയുടെ മൂര്‍ത്തിരൂപങ്ങളായ നമുക്ക് ഇത്തരം ദിനാഘോഷങ്ങള്‍ വളരെ ഈസിയാണ്. അതുകൊണ്ട്, ഈ മാതൃദിനം കരിദിനമായി ആചരിച്ചുകൊണ്ട് 276 അമ്മമാരുടെ നിലയ്ക്കാത്ത കണ്ണീരിനൊപ്പം ഒരു പ്രാര്‍ഥനയര്‍പ്പിച്ചുകൊണ്ട് ഈ കരിദിനപോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.

ഒരു സംഘം ഭ്രാന്തന്‍മാര്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ 276 പെണ്‍കുട്ടികളുടെ അമ്മമാരും ഇന്ന് മാതൃദിനത്തിലൂടെ കടന്നു പോവുകയാണ്. വില്‍പ്പനച്ചരക്കായി പകുതി ജീവനോടെ അവരില്‍ അവശേഷിക്കുന്ന പെണ്‍കുട്ടികള്‍ നാളത്തെ അമ്മമാരാണ്. ആഫ്രിക്കയിലെ അപ്രധാനമായ ആ സംഭവവികാസം മനസ്സില്‍ തട്ടാതെ അവഗണിച്ചുകൊണ്ട് മാതൃദിനം ആഘോഷിക്കുന്ന സംസ്‌കാരസമ്പന്നമായ ലോകത്തിന് ഒരു കൂപ്പുകൈ.

ആഫ്രിക്കയിലെ അമ്മമാര്‍ക്ക് ഈ മാതൃദിനത്തില്‍ നമ്മുടെ സരസമായ തൂലികത്തുമ്പുകളില്‍ എന്തു സന്ദേശമാണ് നല്‍കാനാവുന്നത് എന്നു പരിശോധിക്കുക. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ലോകത്തിലെ ഭൂരിപക്ഷമാളുകളും മാധ്യമങ്ങളും അവഗണിച്ചുപോയ അവരുടെ കണ്ണീരിനെ നമ്മുടെ ഏതു മാതൃസ്‌നേഹം കൊണ്ടാണ് ന്യായീകരിക്കാനാവുക എന്ന് അന്വേഷിക്കുക. ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും അമ്മയുടെ പ്രസവവേദനയ്ക്ക് ഒറ്റ അര്‍ഥമേയുള്ളൂ. അവള്‍ മുലയൂട്ടി വളര്‍ത്തുന്ന കുഞ്ഞിനോട് ഒരേയൊരു വികാരമേയുള്ളൂ. ഈ മാതൃദിനം കരിദിനമാവാന്‍ ലോകത്തിന് മറ്റൊരു കാരണം ആവശ്യമില്ല.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പേരില്‍ ആഴ്ചകളോളം കണ്ണീരൊഴുക്കിയ, കഥകള്‍ മെനഞ്ഞ മാധ്യമങ്ങളും ആഗോളവാര്‍ത്താ ഏജന്‍സികളും നൈജീരിയയിലെ 276 കുരുന്നുകളുടെ കാര്യത്തില്‍ ആശങ്കാകുലരല്ല. മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ചെലവഴിച്ചതിന്റെ ആയിരത്തിലൊന്നു സമയവും പണവും അധ്വാനവും മതി ഈ കുരുന്നുകളെ കണ്ടെത്താന്‍. 276 കറുത്ത കുട്ടികള്‍ കാട്ടില്‍ക്കിടന്നു മരിച്ചുപോവുന്നതില്‍ ആരും ആസ്വസ്ഥരല്ല. അവരുടെ കാര്യത്തിലുള്ള നമ്മുടെ നിസ്സംഗതയും നിര്‍വികാരതയും നമ്മള്‍ പരിഷ്‌കൃതമാതൃസ്‌നേഹങ്ങളിലൂടെ മറയ്ക്കും, മാതൃദിന സന്ദേശങ്ങളിലൂടെ പര്‌സപരം വിസ്മയിപ്പിക്കും.ഇറാക്കിലും പലസ്തീനിലും കുരുന്നുകളെ കൊന്നുതള്ളിയതില്‍ ഒരു വികാരവും തോന്നാത്ത സമൂഹത്തില്‍ നിന്ന് ഈ പ്രശ്‌നത്തില്‍ മാത്രം വ്യത്യസ്തമായൊരു പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ല. കാലം ഏതായാലും രാജ്യം ഏതായാലും എല്ലാ കണക്കുതീര്‍ക്കലുകള്‍ക്കും ഇരയാവുന്നത് ഒന്നുമറിയാത്ത കുരുന്നുകളാണ്. തീരാവേദനയില്‍ നരകിച്ചു ജീവിക്കുന്നത് ലക്ഷക്കണക്കിന് അമ്മമാരും.

ബൊക്കോ ഹറാം നൈജിരിയയില്‍ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് മാസം ഒന്നു തികയാറായി. അവരില്‍ എത്ര പേര്‍ ജീവനോടെ അവശേഷിക്കുന്നുണ്ട് എന്നു നമുക്കറിയില്ല. ഒരു തെറ്റും ചെയ്യാത്ത ആ കുരുന്നുകള്‍ അവിടെ മരണത്തിലേക്കു നടന്നു നീങ്ങുമ്പോള്‍ നന്മ നിറഞ്ഞ വിശാലലോകത്തു നിന്ന് എന്തുകൊണ്ടാണ് ആരും തങ്ങളെ രക്ഷിക്കാന്‍ വരാത്തതെന്ന് അവര്‍ ദൈവത്തോടു ചോദിക്കുന്നുണ്ടാവും. അതിനുത്തരം പറയേണ്ടത് ഈ മാതൃദിനത്തെ അവിസ്മരണീയമാക്കാന്‍ പരിപാടികളാവിഷ്‌കരിക്കുന്ന നമ്മളോരോരുത്തരുമാണ്. ഈ മാതൃദിനത്തിന്റെ മനോഹാരിതയെ ആ കുരുന്നുകളുടെ ചോരയും അമ്മമാരുടെ കണ്ണീരും കൊണ്ടാണ് നമ്മള്‍ അടയാളപ്പെടുത്തുന്നത്.

നൈജിരിയില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത് ബൊക്കൊ ഹറാം ലോകം കണ്ടിട്ടില്ലാ വിധം കരുത്താര്‍ജ്ജിച്ച ഭീകരസംഘടയായതുകൊണ്ടല്ല. രാജ്യപുരോഗതിക്കു വേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ കയ്യില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ വാങ്ങി വിഴുങ്ങുന്ന ഗുഡ്‌ലക്ക് ജൊനാതന്‍ എന്ന ആണും പെണ്ണും കെട്ട പ്രസിഡന്റാണ് ആ നാടിന്റെ ശാപം. അഴിമതിയില്‍ മുങ്ങിക്കുളിച്ച നാണംകെട്ട ഭരണത്തില്‍ പൊട്ടിമുളച്ച വിഷവിത്താണ് ബൊക്കോ ഹറാം. ആയിരക്കണക്കിനാളുകളെ അവര്‍ കൊന്നൊടുക്കയും നൂറുകണക്കിനു പേരെ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്തത് സംഘടന അത്ര ശക്തമായതുകൊണ്ടല്ല. ആ രാജ്യത്തെ ഭരണസവിധാനം അത്രയെറെ ദൂര്‍ബലമായതുകൊണ്ടാണ്.

നമ്മള്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല നൈജീരിയയിലെ പ്രശ്‌നം. എന്നാല്‍, ആര്‍ക്കും പരിഹരിക്കാനാവാത്ത വിധം സങ്കീര്‍ണവുമല്ല. ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഭരണാധികാരികളും മാധ്യമങ്ങളും അവഗണിക്കുന്ന ഒരു പ്രതിസന്ധിയില്‍ നമ്മുടെ അഭിപ്രായങ്ങള്‍ ഒരു ചലനവും സൃഷ്ടിക്കില്ല. മാതൃസ്‌നേഹം വഴിഞ്ഞൊഴുകുന്ന ഈ മാതൃദിനത്തില്‍ ആ കുരുന്നുകളെയും അമ്മമാരെയും ഓര്‍ക്കാനെങ്കിലും കഴിയുന്നില്ലെങ്കില്‍ നമ്മുടെ അമ്മമാരെ നമ്മള്‍ നാണം കെടുത്തുകയാണ് ചെയ്യുന്നത്. നൈജിരിയിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി, അവരുടെ അമ്മമാര്‍ക്കു വേണ്ടി ഈ മാതൃദിനം കരിദിനമായി ആചരിക്കുന്നതില്‍ അമ്മമാര്‍ അഭിമാനിക്കുകയേയുള്ളൂ.

പുളുന്താന്‍ പ്രസിഡന്റിനു കീഴില്‍ നിന്നു കൊണ്ട് ലോകത്തോട് സഹായമഭ്യര്‍ഥിക്കുന്ന, നൈജിരിയയുടെ ശബ്ദം കേള്‍ക്കാതെ പോകരുത്. പ്രമുഖ നൈജീരിയന്‍ നടി സ്റ്റെല്ല ദമാസസിന്റെ ഈ വിഡിയോ കൂടി കാണുക. കരിദിനാശംസകള്‍ !

ബിന്ദു കൃഷ്ണ ചേച്ചിക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ബിന്ദു ചേച്ചിക്ക്,

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം അലങ്കരിക്കുന്ന ചേച്ചിക്ക് എന്റെ വന്ദനം. സമൂഹത്തില്‍ സ്ത്രീകളുടെ ശത്രു സ്്ത്രീകള്‍ തന്നെയാണ് എന്നാരോ പറഞ്ഞിട്ടുള്ളത് ശരിയാണ് എന്നു തോന്നിയത് ചേച്ചിയുടെ ഇന്നലത്തെ പ്രസ്താവന കേട്ടപ്പോഴാണ്. കോണ്‍ഗ്രസിന്റെ പോഷകസംഘടന എന്നതിനെക്കാള്‍ ഒരു വനിതാരാഷ്ട്രീയസംഘടന എന്നതാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലനില്‍പിന്റെ അടിത്തറ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതായത്, കോണ്‍ഗ്രസില്‍ സ്ത്രീപക്ഷ നിലപാടുകള്‍ ഉറപ്പിക്കുന്നതിനും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്കു വേണ്ടി നിലയുറപ്പിക്കുന്നതിനുമൊക്കെ സാധിക്കുമ്പോഴാണ് മഹിളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് വിലയുണ്ടാവുന്നത് എന്ന്.

പീതാംബരക്കുറുപ്പ്- ശ്വേത മേനോന്‍ വിവാദത്തില്‍ ശ്വേത മേനോന് പരാതിയില്ലാതായതോടെ ആ പ്രശ്‌നം അവസാനിച്ചതാണ്. പക്ഷെ, ബിന്ദു ചേച്ചിയുള്‍പ്പെടെയുള്ള ആളുകള്‍ ശ്വേത മേനോനെ കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ തറവേല കാണിക്കുമ്പോള്‍ ചേച്ചിയും ഒരു സ്ത്രീയല്ലേ എന്നു വിസ്മയത്തോടെ ചോദിക്കാനാഗ്രഹിക്കുകയാണ്. പീതാംബരക്കുറുപ്പും പി.ജെ.കുര്യനുമൊക്കെ പരമപരിശുദ്ധന്‍മാര്‍ തന്നെയാണെന്നു ബിന്ദു ചേച്ചി പറഞ്ഞു നടക്കുന്നത് ഗതികേടുകൊണ്ടാവാം എന്നതിനാല്‍ അത് മുറയ്ക്ക് നടക്കട്ടെ. പക്ഷെ, അതോടൊപ്പം ചേച്ചിയുടെ വിശുദ്ധന്‍മാരുടെ വീഴ്ചകള്‍ മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ഒരുതരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനമല്ലേ എന്നു വളരെ സഹോദരസഹജമായി ഞാന്‍ ചോദിക്കുകയാണ്.

പീതാംബരക്കുറുപ്പ്-ശ്വേതാ വിവാദത്തോടെ കേരളസമൂഹത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ മൊത്തത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് എന്നു ചേച്ചി പറഞ്ഞത് ചേച്ചിക്കു വിവരമില്ലാഞ്ഞിട്ടാണോ അതോ രാഷ്ട്രീയത്തില്‍ വളരാന്‍ വേണ്ടി എത്ര തറയാവാനും തയ്യാറാണ് എന്നുള്ള തുറന്ന പ്രഖ്യാപനമണോ എന്ന് എനിക്കറിയില്ല. രണ്ടായാലും ചേച്ചിയുടെ പ്രസ്താവന കേരളസമൂഹത്തില്‍ കൂടുതലും മന്ദബുദ്ധികളാണെന്ന മുന്‍വിധിയോടെയുള്ളതായിപ്പോയി എന്നാണ് അത് കേട്ടപ്പോള്‍ എനിക്കു തോന്നിയത്. കാലം മാറിക്കൊണ്ടിരിക്കുകയാണ് ചേച്ചി. നേതാക്കന്‍മാര്‍ പത്രസമ്മേളനങ്ങളില്‍ പറയുന്നതു കേട്ട് ജനം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന കാലത്തില്‍ നിന്ന് പത്രസമ്മേളനങ്ങളില്‍ വിളമ്പുന്ന വിവരക്കേടുകളിലൂടെ നേതാക്കന്‍മാരുടെ യഥാര്‍ഥമുഖം ജനങ്ങള്‍ മനസ്സിലാക്കുന്ന കാലത്തെത്തി നില്‍ക്കുകയാണ്. പീതാംബരക്കുറുപ്പു സാറും പി.ജെ.കുര്യന്‍ സാറും ദൈവതുല്യരായ വിശുദ്ധജന്മങ്ങള്‍ തന്നെയാണെന്നു ഞങ്ങള്‍ വിശ്വസിച്ചോളാം. ദയവു ചെയ്ത് ഓവറാക്കി ചളമാക്കരുത്.

ശ്വേതയോട് പീതാംബരക്കുറുപ്പ് എന്തെങ്കിലും ചെയ്തതായി ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് പിതൃസഹജമായ വാല്‍സല്യത്തെ ശ്വേത തെറ്റിദ്ധരിച്ചതാണെന്നും ഇതോടെ മൊത്തം കേരളത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഒരു മഹിളാസംഘടനയുടെ പ്രസിഡന്റായ ചേച്ചി തന്നെ പറയുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും നികൃഷ്ടവും നിന്ദ്യവുമാണ് എന്നു പറയാനാഗ്രഹിക്കുന്നു. കേരളത്തിലെ പ്രതിസന്ധി സത്യത്തില്‍ ചേച്ചി തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ പിതൃസഹജവും സഹോദരസഹജവുമായുള്ള ബന്ധങ്ങളെ സ്ത്രീകള്‍ തെറ്റിദ്ധരിക്കുന്നതല്ല. മറിച്ച് അത്തരം സഹജവാസനകളെ ചൂഷണം ചെയ്തുകൊണ്ട് നടത്തുന്ന പീഡനങ്ങളാണ്. അന്യനൊരുത്തന്‍ ദേഹത്തു തൊടുമ്പോള്‍ ശ്രദ്ധിക്കണം എന്നു അമ്മമാര്‍ പെണ്‍മക്കളെ പറഞ്ഞു പഠിപ്പിക്കുമ്പോള്‍ ചേച്ചി ഇങ്ങനെ തിരിച്ചു പറയുന്നത് അമ്മമാരെയും പെണ്‍മക്കളെയും കണ്‍ഫ്യൂഷനിലാക്കില്ലേ ?

കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വീരകഥകളും വിശേഷങ്ങളും കേട്ടും പറഞ്ഞും ജീവിക്കുന്നതിനിടയില്‍ പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി ചേച്ചി അറിയാതെ പോയതുകൊണ്ട് അതാണ് പ്രതിസന്ധി എന്നു കരുതിയതാവാം. കോണ്‍ഗ്രസിനു പുറത്തും ഒരു ലോകമുണ്ട് ചേച്ചീ. അവിടെയും പിതാക്കന്‍മാരും സഹോദരന്‍മാരും അമ്മ പെങ്ങന്‍മാരുമുണ്ട്. പിതാക്കന്‍മാര്‍ കൊച്ചുപെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊല്ലുകയും കൂട്ടിക്കൊടുക്കുകയും സഹോദരന്‍മാര്‍ ചേര്‍ന്ന് സഹോദരരിയെ ബലാല്‍സംഗം ചെയ്യുകയും ഇറച്ചിവിലയ്ക്ക് വില്‍ക്കുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങള്‍ ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്ന ചേച്ചി പിതാംബരക്കുറുപ്പ് പ്രശ്‌നം വന്നപ്പോള്‍ അപരിചിതരായ ആളുകളുടെ സ്പര്‍ശനങ്ങളെ സ്ത്രീകള്‍ പിതൃ-സഹോദര സ്പിരിറ്റിലെടുക്കാത്തതാണ് സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്നു പറയുന്നത് തികഞ്ഞ അശ്ലീലമാണ് എന്ന് സഹോദരസഹജമായി ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി.ജെ.കുര്യനെയും ശ്വേതയുടെ പരാതിക്കിരയായ പീതാംബരക്കുറുപ്പിനെയും വെള്ള പൂശുന്ന ചേച്ചി എല്‍ഡിഎഫുകാരനായ ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ മറ്റൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് ചേച്ചിയുടെ നിഷ്‌കളങ്കത കൊണ്ടായിരിക്കാം. എല്ലാവരും സഹോദരീ സഹോദരന്‍മാരായിട്ടുള്ള ഒരു നാട്ടില്‍ ഞാന്‍ ഒരനിയന്റെ സ്ഥാനത്തു നിന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം. ചേച്ചി എന്തായാലും പിതൃസഹോദര ബന്ധങ്ങളെ അങ്ങനെ തന്നെ ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും വേണം. മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുപോലെ ഭാവിയില്‍ ദേശീയ പ്രസിഡന്റ് സ്ഥാനവും പില്‍ക്കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും നേടാന്‍ ചേച്ചിക്കു കഴിയട്ടെ എന്നാശംസിച്ചു കൊണ്ടു നിര്‍ത്തുന്നു.

എന്ന് സഹോദരസഹജന്‍.

അമേരിക്കന്‍ ബ്രദറിന്‍റെ അനിയന്‍

പ്രിയപ്പെട്ട ചേട്ടായീ,

അവിടെ സുഖമെന്നു വിശ്വസിക്കുന്നു. കേരളത്തിലേക്ക് മടങ്ങിവരില്ല എന്നു ശപഥം ചെയ്തു പോയതില്‍ പിന്നെ ചേട്ടായിയുടെ ഒരു വിവരവുമില്ല. വിളിയോ പറച്ചിലോ അന്വേഷണമോ ഒന്നുമില്ലാത്തതിനാല്‍ ചേട്ടായിക്ക് ഒരു കത്തയച്ചു കളയാം എന്നു തീരുമാനിച്ചു. അടുത്ത മാസം അമ്മച്ചീടെ ആണ്ടാണ്. 10 വര്‍ഷം പൂര്‍ത്തിയാവുന്നു. പള്ളിയില്‍ കുര്‍ബാനയും മറ്റും പറഞ്ഞിട്ടുണ്ട്. ചേട്ടായീം കുടുംബവും ഒഴികെയുള്ളവരൊക്കെ വന്നേക്കും. ഇതിയാന് വേണോങ്കി വാ, വന്നില്ലെങ്കിലും ഇവിടാര്‍ക്കും ഒരു പുല്ലുമില്ല.

ചേട്ടായി അവസാനം പോയപ്പോള്‍ പറഞ്ഞതുപോലെ കേരളം ഒരിക്കലും നന്നാവാന്‍ സാധ്യതയില്ലാത്ത നാടായി തുടരുകയാണ്. അലസന്‍മാരും സംസ്കാരശൂന്യരും വൈകൃതസമ്പന്നരുമായ ഞങ്ങള്‍ മലയാളികള്‍ ഒന്നുകൂടി വഷളായതല്ലാതെ നന്നായിട്ടില്ല. കാലാവസ്ഥയും മോശമായി. മഴ തീരെയില്ല. ചേട്ടായിയെ ഏറെ പ്രകോപിപ്പിച്ച റോഡുകള്‍ മൊത്തത്തില്‍ തകര്‍ന്നു പണ്ടാരമടങ്ങിക്കിടക്കുകയാണ്. ആകെ പത്തിരുപത് കിലോമീറ്റര്‍ നല്ല റോഡുള്ളിടത്ത് 500 കിലോമീറ്ററിനുള്ള ടോളും പിരിക്കുന്നുണ്ട്. ഭരണത്തില്‍ മൊത്തം അഴിമതിയാണ്. വിലക്കയറ്റം അങ്ങ് പരലോകത്തെത്തി നില്‍ക്കുകയാണ്. അമേരിക്കയില്‍ ജീവിക്കുന്ന ചേട്ടായിക്കും മറ്റും ഒരാഴ്ച പോലും വന്നു നില്‍ക്കാവുന്ന സാഹചര്യം ഇവിടില്ല എന്നത് ഞാന്‍ സമ്മതിക്കുകയാണ്.

ഇന്നലത്തെ പത്രം കണ്ടപ്പോള്‍ ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് അമേരിക്കയാണ് എന്ന് ചേട്ടായി പണ്ട് പറഞ്ഞത് ഞാനോര്‍ത്തു. ഞാനെന്‍റെ ചെക്കനെ ഒന്നു തല്ലിയപ്പോള്‍ അമേരിക്കേലാണെങ്കില്‍ ആ തല്ലിന് ഞാനകത്തുപോയേനെ എന്നു പറഞ്ഞ് എന്നേം അവനേം വിരട്ടിയത് ഓര്‍ക്കുന്നുണ്ടോ ? എന്നിട്ട്, 20 വയസ്സുള്ള ഒരു ചെക്കന്‍ പെറ്റ തള്ളയെയും മാലാഖക്കുഞ്ഞുങ്ങളെപ്പോലുള്ള 22 പിള്ളേരെയുമല്ലേ വെടിവച്ചു കൊന്നത്. എന്തു മറ്റേടത്തെ സ്വര്‍ഗമാണ് ചേട്ടായി അത് ? പിള്ളേരെ ഗുണദോഷിച്ചാല്‍ പൊലീസ് പിടിക്കും, ഗുണദോഷിച്ചില്ലെങ്കില്‍ അണ്ടിയൊറയ്‍ക്കുമ്പോ തോക്കുമെടുത്ത് ചറപറാ വെടിയും വയ്‍ക്കും. ഇവിടെ തൂക്കിക്കൊന്ന കസബും ഈ പിള്ളേരെ വെടിവച്ചു കൊന്ന ചെക്കനും തമ്മിലെന്നതാ വ്യത്യാസം ? കസബ് ചെക്കനെ ആരൊക്കെയോ ചേര്‍ന്നു പറഞ്ഞു പറ്റിച്ചതാണെന്നെങ്കിലും വയ്‍ക്കാം. കഴപ്പുതീര്‍ക്കാന്‍ തോക്കുമെടുത്തിറങ്ങുന്ന ഇമ്മാതിരി പിശാചുക്കളെ വളര്‍ത്തുന്നതിനെയാണോ അവിടെ സായിപ്പ് ഉത്തമവിദ്യാഭ്യാസം എന്നു പറയുന്നത് ?

മലയാളത്തിലെ ഏറ്റവും ക്രൂരമായ ഒരു പഴഞ്ചൊല്ലാണ് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയുന്നത്. അവിടെ കുത്തിക്കഴയ്‍ക്കുമ്പോള്‍ അമ്മയേം തട്ടി അങ്ങാടി മൊത്തം വെടിവച്ചുനിരപ്പാക്കുന്ന ഏര്‍പ്പാടിനെ വിശേഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് പഴഞ്ചൊല്ലൊന്നുമില്ലേ ചേട്ടായി ? സകല തെണ്ടികളുടേം കയ്യില്‍ തോക്കും കൊടുത്തുവിട്ടിരിക്കുന്ന നിങ്ങടെ രാജ്യത്ത് ഇമ്മാതിരി മതേതരതീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ ലോകത്തെ തീവ്രവാദത്തില്‍ നിന്നു രക്ഷിക്കാന്‍ പന്തോം കത്തിച്ചെറങ്ങാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു ? നിങ്ങടെ പ്രസിഡന്‍റിനേം ഞാന്‍ സമ്മതിച്ചു കേട്ടോ. മാണി സാറും രമേശ് ചെന്നിത്തലയുമൊക്കെയേ ഇമ്മാതിരി നമ്പരുകള്‍ കാണിക്കൂ എന്നാ ഞാന്‍ കരുതിയേ. പത്രസമ്മേളനത്തിനിടയില്‍ അയാള്‍ കരഞ്ഞത് ടിവിയില്‍ കണ്ടു. ഹരിഹര്‍നഗറില്‍ ജഗദീഷ് കാണിക്കുന്നതുപോലെ ഒരു ഉഡായ്‍പ് വിദ്യ. അല്ലെങ്കിലും ഇതു മുഴുവന്‍ വരുത്തിവച്ചിട്ട് പത്രസമ്മേളനം നടത്തി കരഞ്ഞു പൊട്ടന്‍ കളിച്ചിട്ടെന്തു കാര്യം ? അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഞാനിടപെടുകയാണെന്നു കരുതരുത്, അതിയാന്‍ കൊള്ളത്തില്ല കേട്ടോ.

ഇതൊന്നും ചേട്ടായിയോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. മലയാളി അസോസിയേഷനിലെ ഗ്രൂപ്പുകളിയല്ലാതെ ചേട്ടായിക്ക് വേറെ രാഷ്ട്രീയമൊന്നും അറിയില്ല എന്നാണ് ചേട്ടത്തി പറഞ്ഞിട്ടുള്ളത്. കേരളത്തോട് ചേട്ടായിക്ക് പുച്ഛമാണെങ്കിലും ഒരാപത്ത് വരുമ്പോള്‍ ഉപേക്ഷിച്ചുപോയവരെ കൈവിടുന്നവരല്ല മലയാളികള്‍,. ആരാ എപ്പോഴാ എവിടുന്നാ ചാടി വന്നു വെടിവച്ചു കൊല്ലുന്നത് എന്നൊരുറപ്പുമില്ലാത്ത ആ രാജ്യത്ത് പട്ടിയെപ്പോലെ ജീവിക്കാതെ ചേട്ടായിക്ക് ഇങ്ങോട്ടു പോന്നൂടെ ? ഇവിടെ ചേട്ടന്‍റെ പേരിലുള്ള വീടും സ്ഥലവും അതേപടി കിടപ്പാണ്. അതൊന്നു പുതുക്കിപ്പണിതാല്‍ അന്തസ്സായി ജീവിക്കാം. ആരും ഒന്നും ചെയ്യില്ല. ചേട്ടനെ ഇവിടെ കണ്ടുപരിചയമില്ലാത്തതുകൊണ്ട് രാത്രി ഒറ്റയ്‍ക്ക് കറങ്ങിനടന്നാല്‍ വല്ല സദാചാരപ്പോലീസുകാരും രണ്ടു പൊട്ടിച്ചെന്നു വരും, അതൊരു നാട്ടുനടപ്പാണ്. ചേട്ടത്തീടെ കൂടെ പുറത്തുപോകുന്നുമ്പോള്‍ കേരള പൊലീസിനെ ബോധിപ്പിക്കാന്‍ താലിയും കല്യാണമോതിരവും നെറ്റിയില്‍ സിന്ദൂരവും പിന്നെ കയ്യില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റും ഉണ്ടാവണമെന്നു മാത്രം. എന്നാലും ജീവന് അപകടമില്ല.

ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. ചേട്ടനെ കൊച്ചാക്കാന്‍ വേണ്ടി ഞാന്‍ വച്ച ഓഫറാണെന്നൊന്നും കരുതേണ്ട. എന്നാ സ്വര്‍ഗമാണെന്നു പറഞ്ഞാലും ജീവനും കയ്യില്‍പ്പിടിച്ച് പട്ടിയെപ്പോലെ ജീവിക്കുന്നതിനെക്കാള്‍ നല്ലതല്ലേ സ്വന്തം നാട്ടില്‍ വന്ന് ആണുങ്ങളെപ്പോലെ ജീവിക്കുന്നത് ? സെപ്റ്റംബര്‍ 11നു ശേഷം അമേരിക്കക്കാര്‍ക്ക് മൊത്തത്തില്‍ പേടിയങ്ങു ശീലമായിപ്പോയി എന്നു കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഇവിടെ വന്ന് പേടിക്കാതെ ജീവിക്കാനായിരിക്കും ചേട്ടായിക്കു ബുദ്ധിമുട്ട്. എങ്ങനെയാണെന്നു വച്ചാല്‍ ആലോചിച്ചു തീരുമാനിച്ചാല്‍ മതി. എല്ലാവരോടും ധൈര്യമായിരിക്കാന്‍ പറയണം. മുറിയില്‍ മന്‍മോഹന്‍സിങ്ങിന്‍റെയോ മറ്റോ ഒരു ഫോട്ടോ തൂക്കിയാല്‍ കുറച്ചൊരു ധൈര്യം കിട്ടിയേക്കും.

എന്നു സ്വന്തം
അനിയന്‍.

NB:  ചേട്ടായി പണ്ട് ജോലി ചെയ്തിരുന്ന വാള്‍മാര്‍ട്ട് എന്ന പ്രസ്ഥാനം നമ്മടെ വീടിനപ്പുറത്തും തുടങ്ങാന്‍ പോണെന്നു കേട്ടു. പലചരക്കുകടയാണല്ലേ ? ചേട്ടായി അവിടെ സാധനം പൊതിഞ്ഞു കൊടുക്കാന്‍ നില്‍ക്കുകയായിരുന്നെന്ന് ഒരിക്കല്‍ ചേടത്തി വിളിച്ചു പറഞ്ഞത് സത്യമായിരുന്നു അല്ലേ ? കള്ളന്‍.

സുവര്‍ണജൂബിലി ആശങ്കകള്‍

കേരളപത്രപ്രവര്‍ത്തക യൂണിയന്‍ ഒരു ലോകോത്തര സംഘടനയാണെന്നത് ഞാനിനി എടുത്തു പറയേണ്ട കാര്യമില്ല. സംഘടനയുടെ സുവര്‍ണജൂബിലി ഇന്നലെ കൊച്ചിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്തതോടെ അതിന്‍റെ പ്രവര്‍ത്തനമാതൃക ദേശീയതലത്തില്‍ കൂടി ശ്രദ്ധിക്കപ്പെടുകയാണ്. എന്തിനെന്നോ എത്ര കാലത്തേക്കെന്നോ പറയാതെ ഇതിന്‍റെ ഭാരവാഹികള്‍ കുറെക്കാലം മുമ്പ് സസ്‍പെന്‍ഡ് ചെയ്ത ഒരംഗമാണെങ്കിലും സുവര്‍ണജൂലിയിലുടെ ഈ കാലഘട്ടത്തില്‍ ഞാന് സംഘടനയ്‍ക്ക് ആശംസകള്‍ നേരുകയാണ്. സംഘടനാഭാരവാഹികള്‍ക്ക് വിമര്‍ശനം ഇഷ്ടമല്ലെങ്കിലും എനിക്ക് അങ്ങനെയൊന്നുമില്ല.അതുകൊണ്ട് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

സുവര്‍ണജൂബിലിയോടനുബന്ധിച്ച് സംഘടനാ പ്രസിഡന്‍റ് രാജഗോപാലിന്‍റേതായി വിവിധ പത്രങ്ങളില്‍ വന്ന ലേഖനത്തില്‍ രസകരമായ ഒട്ടേറെ കാര്യങ്ങളുണ്ട്. അംഗങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ട്, ഭാരവാഹികള്‍ സംഘടനയില്‍ മറ്റാരുടെയൊക്കെയോ താല്‍പര്യങ്ങള്‍ നടപ്പാക്കുകയാണെന്ന് കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ പൊതുവേ ആരോപിക്കുമ്പോഴാണ് പ്രസിഡന്‍റ് രോമാഞ്ചം ജനിപ്പിക്കുന്ന കാര്യങ്ങള്‍ എഴുതിയിട്ടുള്ളത്.

“കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനുള്ള ജീവിതസാഹചര്യങ്ങളും സേവനവേതന വ്യവസ്ഥകളും ഉറപ്പാക്കാനും പീഡനങ്ങള്‍ക്കെതിരെ സമരപോരാട്ടങ്ങള്‍ നയിക്കാനും പ്രശ്‌നങ്ങളില്‍ താങ്ങായി, തണലായി നില്‍ക്കാനും കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിലേറെയായി യൂണിയനായിട്ടുണ്ട്” – എന്നതാണ് അതിലൊന്ന്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മജിദീയ വേജ്ബോര്‍ഡ് നടപ്പാക്കണമെന്ന് ഉറക്കെ ഒന്നാവശ്യപ്പെടുമോ എന്നു ചോദിച്ചവരോട് അത്തരം കാര്യങ്ങളില്‍ ഇടപെടുന്നതല്ല സംഘടനയുടെ ജോലി എന്നാണ് ചില ഭാരവാഹികള്‍ പ്രതികരിച്ചിട്ടുള്ളതെന്നാണ് സസ്‍പെന്‍ഷനു യോഗ്യതയുള്ള സാമദ്രോഹികള്‍ പുറത്തു പറഞ്ഞു നടക്കുന്നത്.

“ജോലി സ്ഥിരതയില്ലായ്മയാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് രാജ്യത്താകമാനം കരാര്‍ നിയമനങ്ങള്‍ പെരുകുന്നു. പല ദേശീയ ദിനപത്രങ്ങളിലും സ്ഥിര നിയമനം ഉള്ളവരുടെ എണ്ണം തീരെ കുറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങൂന്നു.”- പ്രസിഡന്‍റ് എഴുതുന്നു. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സേവന-വേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ശേഷിയില്ലാത്ത സംഘടന അതിന്‍റെ പ്രവര്‍ത്തനമേഖലയ്‍ക്ക് പുറത്ത് ദേശീയപത്രങ്ങളിലെ കരാര്‍തൊഴിലാളികളുടെ കാര്യത്തെപ്പറ്റി വേവലാതിപ്പെടുന്നത് കാണുമ്പോള്‍ സസ്‍പെന്‍ഷനിലായിട്ടു കൂടി എനിക്കു രോമാഞ്ചമാണ്.അപ്പോള്‍ സസ്‍പെന്‍ഷനിലല്ലാത്തവരുടെ കാര്യം എന്തായിരിക്കും ?

“ജസ്റ്റിസ് ജി ആര്‍ മജീദിയ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കിക്കിട്ടാന്‍ നിയമപരവും സംഘടനാപരവുമായ പോരാട്ടങ്ങളിലാണ് സംഘടന ഒടുവില്‍ എത്തിനില്‍ക്കുന്നത്”-അതു തന്നെയാണ് പത്രക്കാരും പറയുന്നത്. അവിടെത്തിയതിനു ശേഷം അനങ്ങാതെ നില്‍ക്കുകയാണ്,മുന്നോട്ടില്ല. മൂവായിരവും നാലായിരവും രൂപയ്‍ക്ക് 12 മുതല്‍ 16 മണിക്കൂര്‍ വരെ പണിയെടുക്കുന്ന പത്രക്കാര്‍ കേരളത്തിലുള്ളപ്പോള്‍ ഇങ്ങനെ സുവര്‍ണജൂബിലിയൊക്കെ ആഘോഷിച്ചു നടന്നാല്‍ മതിയോ, ആ വേജ്ബോര്‍ഡ് നടപ്പാക്കിയെടുക്കേണ്ടേ എന്നൊക്കെയാണ് ഇപ്പോഴുള്ള ഭാരവാഹികള്‍ വള്ളിനിക്കറിട്ടു നടന്ന കാലത്ത് പത്രപ്രവര്‍ത്തനം നടത്തിയിട്ടുള്ളവര്‍ ചോദിക്കുന്നത്. സസ്‍പെന്‍ഷനിലായതുകൊണ്ടും സംഘടനയോട് പേടി കലര്‍ന്ന ബഹുമാനം ഉള്ളതുകൊണ്ടും ഞാന്‍ എന്‍റേതായ ഒരഭിപ്രായവും പറയില്ല.

“സമ്പന്നമായ ചരിത്രവും പ്രഭാവന്‍മാരുടെ നേതൃനിര തെളിച്ച വഴികളും സംഘടനയുടെ ശക്തിയായി ഉള്ളപ്പോഴും ഒട്ടേറെ പരിമിതികളും പ്രവര്‍ത്തനത്തിലുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഏക സംഘടന എന്നത് വിലപേശലിനുള്ള വലിയ കരുത്ത് നല്‍കുമ്പോഴൂം ട്രേഡ്‌യൂണിയന്‍ എന്ന നിലയില്‍ പലപ്പോഴൂം ഇത് പരിമിതിയായി മാറുന്നു. വ്യത്യസ്ത താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരേ സംഘടനയിലെ അംഗങ്ങളായിരിക്കുന്നത് ശക്തിയായിരിക്കുമ്പോള്‍ തന്നെ ദൗര്‍ബല്യവുമാവുന്നു.“- ഇതുകൊണ്ട് പ്രസിഡന്‍റ് എന്താണുദ്ദേശിച്ചത് എന്നെനിക്കു പിടികിട്ടിയിട്ടില്ല. ഒരു പക്ഷെ, ദേശാഭിമാനി ലേഖകനെ കേസിലുള്‍പ്പെടുത്തിയതിനെതിരേ വലിയ പ്രക്ഷോഭത്തിനൊരുങ്ങുന്ന സംഘടനയുടെ ആ ദൗര്‍ബല്യമായിരിക്കാം ഉദ്ദേശിച്ചിരിക്കുന്നത്.

അതായത്, ടി.പി.ചന്ദ്രശേഖരന്‍ വധവും അനുബന്ധ മുതലക്കണ്ണീരുകളും കേരളസാംസ്കാരിക ഭൂമികയെ സംഭവബഹുലമാക്കിയിരിക്കുന്ന കാലം. മാധ്യമങ്ങളില്‍ കേസന്വേഷണ വാര്‍ത്തകള്‍ വിശദമായി വരുന്നതില്‍ പാര്‍ട്ടി കലികൊണ്ടിരിക്കുന്ന സമയം. ദേശാഭിമാനി ഒന്നാം പേജില്‍ അന്വേഷണദ്യോഗസ്ഥന്‍ മാധ്യമങ്ങളെ 3000 തവണ ഫോണില്‍ വിളിച്ചു എന്നു വാര്‍ത്ത കൊടുത്തു. അന്വേഷണദ്യോഗസ്ഥന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും പേരുകളും മൊബൈല്‍ നമ്പരുകളും പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ‘ഇവന്മാരാടാ നമുക്കെതിരേ പണിയുന്നത്,വിളിച്ചു വിരട്ടെടാ’ എന്ന തുറന്ന ആഹ്വാനം കൂടിയായിരുന്നു അത് എന്നതിനു തെളിവായി ഈ വാര്‍ത്ത വലിയ ഫ്ലെക്സുകളായി രൂപാന്തരപ്പെട്ടു. ഈ നമ്പരുകളിലേക്ക് ഭീഷണികളുണ്ടായി.യൂണിയന്‍ അനങ്ങിയില്ല.

പിന്നീട് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കോള്‍ലിസ്റ്റ് പരിശോധിച്ച ശേഷം പൊലീസ് സ്ഥിരീകരിച്ചു. ഫോണ്‍ ചോര്‍ത്തിയ കേസില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.അത് ചൂടോടെ പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കാരനെ ചോദ്യം ചെയ്യാന്‍ വിളിച്ചു. അതോടെ യൂണിയന്‍ ഉണര്‍ന്നു. ദേശാഭിമാനിക്കാരനെതിരെയുള്ള പോലീസ് കേസ് ജനാധിപത്യവും പത്രസ്വാതന്ത്ര്യവും വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്ന് യൂണിയന്‍ ഇപ്പോള്‍ പറയുന്നു. അപ്പോള്‍,മാധ്യമപ്രവര്‍ത്തകരുടെയും ഡിവൈഎസ്പിയുടെയും പേരുവിവരങ്ങളും നമ്പരുകളും പത്രത്തില്‍ അടിച്ചത് എന്തിന്‍റെ ഭാഗമാണ് ? പത്രക്കാര്‍ക്ക് എന്തുമാവാം, പൊലീസ് അതിലിടപെടരുത് എന്നാണെന്നു തോന്നുന്നു അതിന്‍റെ ഉള്ളടക്കം. വോട്ടുമോഷണം മുതല്‍ ഫ്ലാറ്റ് തട്ടിപ്പുവരെയുള്ള വിവാദങ്ങളില്‍പ്പെട്ടു നാറിയിട്ടും തലയുയര്‍ത്തി നില്‍ക്കാന്‍ പത്രക്കാര്‍ക്ക് ലജ്ജയില്ല എന്നത് അഭിമാനത്തോടെ പറയാവുന്ന കാര്യമാണ്.

ഇനി ഐതിഹാസികമായ സുവര്‍ണജൂബിലി ആഘോഷത്തിന്‍റെ കാര്യം. സുവര്‍ണ ജൂബിലി എന്നു വച്ചാല്‍ 50 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടത്തുന്ന ആഘോഷം എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍, ഈ സംഘടനയിലെ സജീവപ്രവര്‍ത്തകരായ ചില അംഗങ്ങള്‍ പറയുന്നു, സംഘടന നേരത്തേ സുവര്‍ണജൂബിലി ആഘോഷിച്ചിട്ടുള്ളതാണെന്ന്. പത്തന്‍പത്തഞ്ചു വയസ്സെങ്കിലുമുള്ള സംഘടന ഇപ്പോള്‍ സുവര്‍ണജൂബിലി ആഘോഷിക്കുന്നതെന്തിനാണ് എന്നവര്‍ പരസ്പരം ചോദിക്കുന്നു. ഞാന്‍ ചരിത്രം പരിശോധിച്ചു. ചരിത്രം തിരുത്തിക്കുറിക്കുന്ന പാര്‍ട്ടികളായതുകൊണ്ടാവാം, പത്രക്കാരുടെ ചരിത്രമൊന്നും ആരും എവിടെയും കടുത്ത ചായക്കൂട്ടുകള്‍ കൊണ്ടെഴുതി വച്ചിട്ടില്ല. പക്ഷെ,കണ്ണൂര്‍ പ്രസ് ക്ലബിന്‍റെ വെബ്സൈറ്റില്‍ പറയുന്നത് ഇങ്ങനെയാണ്- The Kerala Union of Working Journalists (KUWJ) came into existence along with the formation of United Kerala State in 1958. Mr. K. Karthikeyan ( Kerala Kaumudi) and Mr. P.Viswambaran ( UNI ) were the first President and secretary of the state committee of the union respectively. അതായത് 54 വയസുള്ള സംഘടനയാണ് ഇന്നലെ സുവര്‍ണജൂബിലി ആഘോഷിച്ചത്.

സംഘടനയുടെ വളര്‍ച്ച പടവലങ്ങ പോലെ കീഴ്‍പോട്ടാണെന്നു ചിലര്‍ പറയുന്നുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെപ്പോലെ ഓരോ വര്‍ഷം തോറും പ്രായം കുറഞ്ഞുവരുന്നതാവാനും മതി. അങ്ങനെയാണെങ്കില്‍ പത്തിരുപത് വര്‍ഷം കൂടി കഴിയുമ്പോള്‍ സില്‍വര്‍ ജൂബിലിയും പിന്നെയുമൊരു 25 വര്‍ഷം കഴിയുമ്പോള്‍ ഒന്നാം വാര്‍ഷികവും ആഘോഷിക്കാം. ഇതൊക്കെ ഞാന്‍ സംഘടനയെ കരിവാരിതേക്കാന്‍ പറയുന്നതാണെന്നേ അതിന്‍റെ ഭാരവാഹികള്‍ പറയൂ. അവരായിട്ട് വാരി തേച്ചിരിക്കുന്നത്ര കരി ഞാന്‍ ഈ ജന്മം മുഴുവന്‍ വിചാരിച്ചാലും തേക്കാന്‍ പറ്റില്ല. അല്ലെങ്കിലും സംഘടനാഭാരവാഹികളെ പ്രകോപിപ്പിക്കാന്‍ ഇനി ഞാന്‍ ഇല്ല. ഈ പത്രക്കാരെഴുതിവിടുന്ന ആക്ഷേപവും വിമര്‍ശനവും വായിച്ചു വായിച്ചാണ് ഞാനിങ്ങനെ ആയിപ്പോയത്. എന്നാല്‍ അവരെപ്പറ്റി വല്ല ആക്ഷേപമോ വിമര്‍ശനമോ ഉന്നയിച്ചാല്‍ അപ്പോ‍ സസ്‍പെന്‍ഡ് ചെയ്തു കളയും, ഒരിക്കല്‍ സസ്‍പെന്‍ഡ് ചെയ്തതാണോ എന്നൊന്നും ഒരു നോട്ടവുമുണ്ടാകില്ല.

“ഇനി മുന്നോട്ടുളള യാത്രയില്‍ യൂണിയന് ഏറ്റെടുക്കാനും നേരിടാനുമുള്ള വെല്ലുവിളികള്‍ ഒട്ടും കുറവല്ല. ഈ പ്രയാണത്തില്‍ കരുത്തായി അരനൂറ്റാണ്ടിനപ്പുറം നീളുന്ന ധന്യമായ ചരിത്രം ഈ സംഘടനക്ക് വഴികാട്ടിയായി ഉണ്ടാവുമെന്നതില്‍ സന്ദേഹമില്ല.”– എന്നു പറഞ്ഞാണ് പ്രസിഡന്‍റിന്‍റെ ലേഖനം അവസാനിക്കുന്നത്. ഇപ്പോള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന ചീത്തപ്പേര് ഇനിയൊരന്‍പതു കൊല്ലത്തേക്കു കൂടി സംഘടനയ്‍ക്ക് വെല്ലുവിളിയായിരിക്കുമെന്ന ദീര്‍ഘദൃഷ്ടിയോ, ചരിത്രം പറഞ്ഞ് അഭിമാനിക്കാനല്ലാതെ വര്‍ത്തമാനകാലത്ത് നല്ലതൊന്നും ചെയ്തിട്ടില്ലെന്ന തിരിച്ചറിവോ ഒക്കെയാണ് ഈ വരികളില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നത്. എമേര്‍ജിങ് കേരളയുടെയും ഏജന്‍റ് ജാദൂവിന്‍റെയുമൊക്കെ കാലത്ത് ഇതൊക്കെ തന്നെ അധികമാണ്. ഹാപ്പി ജൂബിലി.

ആരും പ്രസംഗിക്കാത്ത പ്രസംഗം

ചൊവ്വയിലെ ഏകാന്തതയുടെ അപാരതീരങ്ങളില്‍ ക്യൂരിയോസിറ്റി കിടന്നു കറങ്ങുകയാണ്. ഫോട്ടോ എടുത്തയക്കുന്നു, ട്വീറ്റ് ചെയ്യുന്നു, കോമഡികള്‍ പറയുന്നു, മൊത്തത്തില്‍ നാസയുടെ മൈബൈല്‍ സയന്‍സ് ലബോറട്ടറി ഉഷാറാണ്. രണ്ടു വര്ഷത്തെ കട്ടപ്പണി കഴിഞ്ഞ് സാധനം തിരികെയെത്തുമ്പോഴേക്കും അടുത്ത ടീം പോകാന്‍ റെഡിയായിട്ടുണ്ടായിരിക്കും. എന്നാല്‍, 2013ല്‍ ഇന്ത്യയുടെ ചൊവ്വ കുടിയേറ്റമുണ്ടാകുമെന്നാണ് പറയുന്നത്. അപ്പോള്‍ ക്യൂരിയോസിറ്റിയും ഇന്ത്യയുടെ വണ്ടിയും കൂടി ചൊവ്വയിലൂടെ മല്‍സരയോട്ടം നടത്തുമോ എന്നും പറയാന്‍ പറ്റില്ല.

ഈ വണ്ടികളിലൊന്നും ആളില്ലാത്തതുകൊണ്ട് ദുരന്തഭീതിയില്ല എന്നതാണ് പ്രധാന കാര്യം. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യന്‍(മാര്‍) ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍ സ്ഥിതി ഇതായിരുന്നില്ലല്ലോ. 1969ല്‍ ചന്ദ്രലിറങ്ങി തിരിച്ചു വന്ന ശാസ്ത്രജ്ഞര്‍ ചരിത്രത്തിലെ ശാസ്ത്രവിജയങ്ങളുടെ തേരാളികളുമാണ്. എന്നാല്‍, ചന്ദ്രനിലേക്കു പുറപ്പെട്ട നീല്‍ ആംസ്‍ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും അവിടെത്താതിരിക്കുകയോ ദൗത്യം പൂര്‍ത്തിയാക്കി തിരികെയെത്താതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നായെനെ. ഇപ്പോള്‍ ഇതെന്തിനു പറയുന്നു എന്നു ചോദിച്ചാല്‍, ചാന്ദ്രദൗത്യം പരാജയപ്പെട്ടിരുന്നെങ്കില്‍ പ്രസിഡന്‍റ് നിക്സന്‍ നടത്താനിരുന്ന പ്രസംഗത്തിന്‍റെ പൂര്‍ണരൂപം പങ്കു വയ്‍ക്കുന്നതിനു വേണ്ടിയാണ്.

നാസയുടെ 1969ലെ ചാന്ദ്രദൗത്യം പരാജയപ്പെടുകയും ശാസ്ത്രജ്ഞര്‍ കൊല്ലപ്പെടുകയും ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്ത രാജ്യം, അഥവാ അങ്ങനെ സംഭവിച്ചാല്‍ പ്രസിഡന്‍റിനു ലോകത്തോട് ഗദ്ഗദത്തോടെ പറയാനുള്ള വാക്കുകള്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്നു. നിക്സന്‍റെ പ്രസംഗ എഴുത്തുകാരനായ വില്യം സഫയര്‍ തയ്യാറാക്കിയ നീല്‍ ആംസ്ട്രോങ്ങിനും എഡ്വിന്‍ ആല്‍ഡ്രിനും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്ന പ്രസംഗം യുഎസ് സര്‍ക്കാരിന്‍റെ ആര്‍കൈവ്സ് വെബ്സൈറ്റിലുണ്ട്. ഇപ്പോള്‍ അത് വായിക്കുമ്പോള്‍ പോലും ഒരുള്‍ക്കിടിലം.1969 ജൂലൈ 20 ചങ്ങാതിമാര്‍ ചന്ദ്രനില്‍ കാലു കുത്തി. പ്രസംഗം തയ്യാറാക്കി അയച്ചിരിക്കുന്നത് രണ്ടു ദിവസം മുമ്പ് ജൂലൈ 18നും.

ഓരോ വാക്കിലും നിറഞ്ഞു നില്‍ക്കുന്ന ആഥ്മാര്‍ത്ഥതയും സങ്കടവും നിഷ്കളങ്കമായ നഷ്ടബോധവും എന്നാല്‍ മാനവരാശിക്കു വേണ്ടി ജീവന്‍ നല്‍കിയ അവരെക്കരുതിയുള്ള അഭിമാനവുമെല്ലാം അവര്‍ പുല്ലുപോലെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ എഴുതിയതാണെന്നോര്‍ക്കണം. രണ്ടാമത്തെ പേജിന്‍റെ അവസാനം പ്രസിഡന്‍റ് പ്രസംഗത്തിനു മുമ്പ് ബഹിരാകാശയാത്രികരുടെ വിധവകളെ ഫോണില്‍ വിളിച്ച് സംസാരിക്കണമെന്നും പ്രസംഗത്തിനു ശേഷം, നാസ ബഹിരാകാശയാത്രികരുമായുള്ള വാര്‍ത്താവിനിമയബന്ധം വിച്ഛേദിച്ചതിനു ശേഷം അവരെ കടലില്‍ സംസ്കരിക്കുന്നതായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എഴുതിയിരിക്കുന്നു.

പ്രസംഗം ചുവടെ.
Page 1[Link]
Page 2[Link]

രാഷ്ട്രീയചുംബനം

നമ്മുടെ നാട്ടില്‍ ചുംബനം ഒരു അനാശാസ്യമാണ്.മുതിര്‍ന്നവര്‍ സ്നേഹം പ്രകടിപ്പിക്കുന്നത് പരസ്പരം സ്പര്‍ശിക്കാതെയും ചുംബിക്കാതെയുമാകുമ്പോഴേ ആ സ്നേഹം പരിശുദ്ധമാകൂ എന്നാണ് നമ്മുടെ വിശ്വാസം.വിദേശത്ത് പക്ഷെ അങ്ങനെയല്ല. അങ്ങോട്ടു പോകുമ്പോഴും ഇങ്ങോട്ടു വരുമ്പോഴുമെല്ലാം ഓരോ ചുംബനം കൊടുക്കാം.കാരണം, ചുംബനം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സൂചകമാണ്.

വെറുപ്പും വിദ്വേഷവും അകറ്റി സ്നേഹത്തിലധിഷ്ഠിതമായ വേര്‍തിരിവുകളില്ലാത്ത ഒരു ലോകം പടുത്തുയര്‍ത്തുന്നതിനു വേണ്ടി വസ്ത്രവ്യാപാരികളായ ബെനെറ്റന്‍ സ്പോണ്‍സര്‍ ചെയ്യുന്ന അണ്‍ഹേറ്റ് ക്യാംപെയിനു വേണ്ടി ലോകനേതാക്കളെ ചുംബനവിധേയരാക്കിയത് നാട്ടില്‍ കൂടുതല്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കുമെന്ന സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്.

ക്യാപെയിനു വേണ്ടി സൃഷ്ടിച്ച പോസ്റ്ററുകളില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ- ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്- ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍- ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ബറാക് ഒബാമ- വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് എന്നിവര്‍ വികാരതീവ്രമായ ചുടുചുംബനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.ഇതോടൊപ്പം ഉണ്ടായിരുന്ന മറ്റൊന്ന് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുകയാണ്. കത്തോലിക്കാസഭയുടെ പരമാധികാരി ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും ഈജിപ്തിലെ മുതിര്‍ന്ന ഇമാമായ അഹമ്മദ് അല്‍ ത്വയെബും ചുംബിക്കുന്നതായിരുന്നു ആ പോസ്റ്റര്‍. വത്തിക്കാന്‍ പ്രതിഷേധമറിയിച്ച ആ പോസ്റ്റര്‍ ഇതാണ്.

ചുംബനത്തിലൂടെ കമ്പനി പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയം വ്യക്തമാണ്. എന്നാല്‍,അതിന് അവര്‍ തിരഞ്ഞെടുത്ത ജോഡികള്‍ നല്‍കുന്ന സന്ദേശം വിദ്വേഷത്തിന്റേതായിപ്പോയി.ഇവര്‍ അവതരിപ്പിച്ചിരിക്കുന്ന ജോഡികള്‍ പരസ്പരം ബദ്ധശത്രുക്കളാണ് എന്ന സന്ദേശം വായിച്ചെങ്കില്‍ മാത്രമേ ചുംബിച്ച് സൗഹൃദത്തിലാവു എന്ന സന്ദേശം തിരിച്ചറിയാനാവൂ. മഹത്തായതെന്ന് കമ്പനി വിശ്വസിക്കുന്ന ഈ ക്യാപെയ്‍ന്‍ പരാജയപ്പെടുന്നത് അവിടെയാണ്.മാര്‍പ്പാപ്പയും ഇമാമും ചുംബിക്കുന്നത് ഭാവനയിലൂടെ അവതരിപ്പിക്കുമ്പോള്‍ ഈ മതനേതാക്കള്‍ നിലവില്‍ ബദ്ധവൈരികളാണെന്ന സന്ദേശം കൂടി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.അത് കമ്പനിയുടെ സദുദ്ദേശത്തെ അട്ടിമറിക്കുന്നു.എന്നാല്‍ ചുംബനം മാര്‍പ്പാപ്പയെ അധിക്ഷേപിക്കലാണ് എന്നു ചൂണ്ടിക്കാണിച്ചാണ് വത്തിക്കാന്‍ പ്രതിഷേധമറിയിച്ചിരിക്കുന്നത്. ചുംബന സീരീസിലെ മറ്റു പോസറ്ററുകള്‍ ഇവയാണ്.ഇവന്മാര്‍ ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിവാദമാകുമെന്നുറപ്പുള്ള പോസ്റ്ററുകള്‍ ബോധപൂര്‍വം പുറത്തിറക്കി പൊട്ടന്‍ കളിക്കുന്നതാണ് കമ്പനിയുടെ ഒരു ശൈലി. അണ്‍ഹേറ്റ് എന്നാണ് ക്യാംപെയിന്റെ പേരെങ്കിലും പ്രശസ്തിക്കു വേണ്ടി പ്രമുഖരെ വെറുപ്പിക്കുക എന്നതാണ് പ്രായോഗികമായി നടക്കുന്നത്.ഇതുപോലെ വിവാദമായ അനേകം ബെനെറ്റ് പോസ്റ്ററുകളുടെ ശേഖരം ഇവിടെ കാണാം. ഒരു പള്ളീലച്ചന്‍ കന്യാസ്ത്രീയെ ചുംബിക്കുന്ന ഒരു പോസ്റ്റര്‍ 1991ല്‍ ഇറക്കി വലിയ വിവാദമായിരുന്നു. അഭയ കേസൊക്കെ വന്നുപോയ സ്ഥിതിക്ക് കേരളത്തില്‍ ആരെയും ഞെട്ടിക്കില്ല എങ്കിലും പരസ്യം ഇതാണ്.

ഈ കമ്പനി കേരളത്തിലേക്കെങ്ങും വരാതിരുന്നത് നന്നായി.ഇവിടെയായിരുന്നെങ്കില്‍ അവരുടെ ശൈലി വച്ച് ഈ ക്യാംപെയ്‍നു വേണ്ടി തിരഞ്ഞെടുക്കുന്ന ചുംബനജോഡികള്‍ ആരൊക്കെയായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ തന്നെ പേടിയായി തുടങ്ങി.വിഎസും പി.സി.ജോര്‍ജും,കുഞ്ഞാലിക്കുട്ടിയും അജിതയും,അഴീക്കോടും മോഹന്‍ലാലും,ജഡ്ജിയും ജയരാജനും,ഈശ്വരാ…. എന്നെ എങ്ങാനും ക്ഷണിച്ചാല്‍ എനിക്കു ചുംബിക്കാന്‍ ആ മോഡറേറ്റര്‍ കൊച്ച് മാത്രമാകുമോ ആവോ ? സുന്ദരിമാരായ കൂടുതല്‍ പെണ്‍കുട്ടികള്‍ എന്നെ വെറുക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.ഉംമ്മ.

പരിശുദ്ധ അമേരിക്കയ്‍ക്ക് xxx

ട്രിപ്പിള്‍ എ, ട്രിപ്പിള്‍ എക്സ്‍ തുടങ്ങിയ റേറ്റിങ്ങുകള്‍ കണ്ടുപിടിച്ചതും ഈ വക റേറ്റിങ്ങുകളിലൊക്കെ എന്നും എക്കാലവും പിടിച്ചു നില്‍ക്കുന്നതിനും വേണ്ടിയാണ് അമേരിക്ക ഇക്കാലമത്രയും തന്തയ്‍ക്കു പിറക്കായ്‍കകള്‍ ചെയ്തുകൊണ്ടിരുന്നത്. സംസ്‍കാരങ്ങളെയും മാനവികതയെയും വെല്ലുവിളിച്ചുകൊണ്ട് ലോകമെങ്ങും അവര്‍ നടത്തിയ അധിനിവേശങ്ങളും ഒരുക്കിയ കെണികളും ചരിത്രത്തില്‍ വീഴ്‍ത്തിയ ചോര കഴുകിക്കളയാന്‍ എത്ര തത്വശാസ്ത്രങ്ങള്‍ നിരത്തിയാലും അനിവാര്യമായ തകര്‍ച്ച സംഭവിക്കുക തന്നെ ചെയ്യും.

ചൊവ്വയിലും ചന്ദ്രനിലുമൊക്കെ എന്തൊക്കെയോ ഉണ്ടെന്നു കണ്ടെത്തിയതു പോലെ ലോകത്ത് വേറെയും രാജ്യങ്ങളുണ്ടെന്നും അമേരിക്കയിലുള്ളതുപോലെ തന്നെയുള്ള ടൈപ്പ് മനുഷ്യര്‍ അവിടെയുമുണ്ടെന്ന് അമേരിക്ക കണ്ടെത്തിയിട്ട് അധികനാളായിട്ടില്ല.അമേരിക്കന്‍ ഫാന്‍സും തീവ്രവാദി ഫാന്‍സും പിന്നെ ഏഷ്യന്‍-ആഫ്രിക്കന്‍ പട്ടിണിക്കാരുമാണ് അമേരിക്കയെ സംബന്ധിച്ച് ലോകം. തന്റെ സഹായങ്ങളും കാരുണ്യവും സ്വീകരിക്കാന്‍ വേണ്ടിയാണ് കോട്ടയം ജില്ലയില്‍ ഇത്രയും ആളുകള്‍ താമസിക്കുന്നത് എന്നു വിശ്വസിക്കുന്ന പാലായുടെ കിഴക്കുള്ള ഒരു തോട്ടം മുതലാളിയെപ്പോലെ (ഞാനല്ല) അമേരിക്കയുടെ സഹായം സ്വീകരിക്കുന്നതിനു വേണ്ടി മാത്രം ജീവിക്കുന്ന അണ്‍ഡെവല‍പഡ് കണ്‍്ട്രീസിലെ സ്ലംഡോഗ്‍സ് അമേരിക്കയുടെ നേര്‍ക്കു കുരച്ചു തുടങ്ങുമ്പോള്‍ സോ കോള്‍ഡ് പ്രസിഡന്റായ ഒബാമയ്‍ക്കും കുരയ്‍ക്കാതിരിക്കാനാവില്ല.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമേരിക്കയുടെ റേറ്റിംഗ്‌ എക്കാലവും ‘ട്രിപ്പിള്‍ എ’ ആയിരിക്കുമെന്നാണ് മണ്ടന്‍ ഒബാമ ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രെഡിറ്റ്‌ റേറ്റിംഗ്‌ കുറച്ച സ്‌റ്റാന്‍ഡേഡ്‌ ആന്‍ഡ്‌ പുവര്‍ ക്രെഡിറ്റ്‌ ഏജന്‍സിയുടെ നടപടി സെനറ്റിന്റെ പ്രത്യേക സമിതിയെക്കൊണ്ട്‌ അന്വേഷിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കര്‍ദിനാളിനെ കുമ്പസാരിപ്പിക്കാന്‍ ശ്രമിക്കുന്ന അസിസ്റ്റന്റ് വികാരിയെപ്പോലെ കുത്തനെ ഇടിഞ്ഞ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ച ക്രെഡിറ്റ് ഏജന്‍സിയെ അമേരിക്കന്‍ രക്ഷാസേന പിടികൂടി കൊന്ന് കടലിലെറിയാതിരുന്നാല്‍ ഭാഗ്യം.

ഇതൊന്നും പോരാഞ്ഞ് അമേരിക്കയുടെ തകര്ച്ചയെ ലോകത്തിന്റെ തകര്‍ച്ചയായി അവതരിപ്പിക്കുന്നതിനായി അവിടുത്തെ സാമ്പത്തികബുദ്ധിജീവികളുടെ വക താത്വികാവലോകനവുമുണ്ട്. ചില സിനിമാ നടിമാരെപ്പോലെ എല്ലാം മാധ്യമസൃഷ്ടിയാണ് എന്നാണ് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. ആഗോള വിപണികളിലെ അരക്ഷിതാവസ്ഥയും ആഗോള സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് സംബന്ധിച്ച ആശങ്കകളുമാണത്രേ ഓഹരിവിപണി തകര്‍ച്ചയുടെ കാരണം. വിഡ്ഡികളായ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരും തീവ്രവാദബന്ധമുള്ള (അവന്മാരെ ഒതുക്കണേല്‍ ഇതാ നല്ലത്) ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളും അത് മനപൂര്‍വം അവഗണിച്ച് അമേരിക്കക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുകയാണ്.

ആദ്യരാത്രിയില്‍ മേക്കട്ടി പൊട്ടിവീഴുന്നതുപോലെ സിംപിളാണത്രേ ഇതും. ഇതൊക്കെ സര്‍വസാധാരണമാണെന്നാണ് ഒബാമ പറയുന്നത്. സര്‍വസാധാരണമായ ഈ തകര്‍ച്ച അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് ചിലര്‍ പറയുന്നത്. ട്രഷറി പൂട്ടാന്‍ മുട്ടി നില്‍ക്കുമ്പോഴാണ് വായ്‌പാ പരിധി ഉയര്‍ത്താനും ചെലവു കുറയ്‌ക്കാനുമുള്ള നിയമം പാസാക്കി അമേരിക്ക കഷ്ടിച്ചു രക്ഷപെട്ടത്. അതിനു പിന്നാലെയാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ കൊടുംചതി. അതുകൊണ്ടിപ്പോ എന്തായി ? സ്വര്‍ണവില 20000 കഴിഞ്ഞു. ഇനിയും പല അനര്‍ഥങ്ങളും സംഭവിക്കും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി പോലെ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ്ങും അതേപടി നിലനിര്‍ത്തിയില്ലെങ്കില്‍ ലോകം തകര്‍ന്നു തരിപ്പണമാകും എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

എന്തായാലും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിക്ക് ഇനി കിടക്കപ്പൊറുതിയുണ്ടാവില്ല. ഏജന്‍സിയുടെ നടപടിയെപ്പറ്റി സെനറ്റ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഏജന്‍സി അംഗങ്ങള്‍ മാപ്പിരന്നു കൊണ്ട് ഏതാനും ദിവസങ്ങള്‍ക്കകം പ്രത്യക്ഷപ്പെടുകയോ രാജിവച്ചൊഴിയുകയോ അല്ലെങ്കില്‍ എല്ലാം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഏജന്‍സി പിരിച്ചുവിടുകയോ ചെയ്‍തേക്കും.

കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !

ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാണെങ്കിലും തമിഴന്‍മാര്‍ അത് സീരിയസ്സായി എടുത്തു. ഇന്നസെന്‍റിനെ തമിഴ്‍പടത്തിലേക്കു കാസ്റ്റ് ചെയ്ത് അവര്‍ കാത്തിരിക്കുന്നു-കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ഇന്നസെന്‍റിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ അവിടെ കൊണ്ടുപോയി ആദരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അല്ലെങ്കിലും ഇന്നസെന്‍റിനെ തമിഴ്‍സിനിമയില്‍ അഭിനയിക്കുന്നതോടെ തമിഴ്‍സിനിമയുമായുള്ള എല്ലാ പ്രശ്നങ്ങളും കോംപ്ലിമെന്‍റ്സ് ആകേണ്ടതാണ്. തമിഴന്‍മാരുടെ വിശാലമനസ്കതയ്ക്കു മുന്നില്‍ എന്‍റെ പ്രണാമം.

സമുദ്രക്കനി ലാലേട്ടന്‍റെ ശിക്കാറില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ഇന്നസെന്‍റിലെ മഹാനടനെ തിരിച്ചറിയുകയും പ്രധാനവേഷത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയുമായിരുന്നു.എന്തു വേഷമാണ് എന്നറിയില്ല. അന്‍പുടയ തമിഴ്‍മക്കളെ ആക്ഷേപിക്കുന്ന മുരട്ടുസംഘടനാ പ്രസിഡന്‍റിന്‍റെ റോള്‍ കൊടുത്ത് തമിഴന്‍മാരെക്കൊണ്ട് അങ്ങേരെ പച്ചയ്‍ക്കു കത്തിക്കാനുള്ള പരിപാടിയാകാതിരുന്നാല്‍ മതിയായിരുന്നു.

ഇന്നസെന്‍റ് വെളുത്തിരിക്കുന്നതും ഡെയ്‍ലി കുളിക്കുന്നതും ഒന്നും അവര്‍ക്ക് ഇഷ്ടപ്പെടാന്‍ വഴിയില്ല. അതൊക്കെ തമിഴ്‍സംസ്കാരത്തോടുള്ള വെല്ലുവിളിയായി തോന്നിയാല്‍ കോമഡിയും കൊണ്ട് തിരികെ വരാന്‍ അദ്ദേഹത്തിനു എളുപ്പത്തില്‍ സാധിക്കുകയുമില്ല. തമിഴ്‍ സംസ്കാരത്തിന്‍റെ കാര്യത്തില്‍ ക്ലാസിക് തമിഴന്‍മാര്‍ ഭയങ്കര സെന്‍സിറ്റീവാണ്. സിനിമയില്ലേ കലയല്ലേ എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല, സംസ്കാരം സംസ്കാരം തന്നെയാണ്. പ്രണയം ലൈംഗികത എന്നതൊക്കെയാണ് സംസ്കാരത്തെ വെല്ലുവിളിക്കുന്ന സംഗതികള്‍. ബലാല്‍സംഗം, വെട്ടിക്കൊല തുടങ്ങിയ സംസ്കാരസമ്പന്നമായ സംഗതികളാണെങ്കില്‍ പടം ഷുവര്‍ ഹിറ്റാണ്.

ലേറ്റസ്റ്റ് വിവാദങ്ങല്‍ രണ്ടും പ്രണയവും ലൈഗികതയുമായി ബന്ധപ്പെട്ടാണ്. ഒരു അമ്മായിയപ്പന് മരുമകളോടു തോന്നുന്ന പ്രണയം പ്രമേയമാക്കി സിനിമയെടുത്ത മൃഗം സാമി (നമ്മുടെ പദ്മപ്രിയയുടെ മുഖത്ത് ഒരു കോപ്പും വരുന്നില്ലെന്നു പറഞ്ഞ് കരണത്തടിച്ച സാമി)ഇപ്പോള്‍ വധഭീഷണികള്‍ ജില്ല തിരിച്ചു സോര്‍ട്ട് ഔട്ട് ചെയ്യുന്ന തിരക്കിലാണ്. സിന്ധു സമവേലി എന്ന ഈ വിവാദസിനിമയില്‍ നായികയായി അഭിനയിച്ച മലയാളിയായ അനഘയെയും തമിഴ്‍മക്കള്‍ ആദരിച്ചുകൊണ്ടിരിക്കുകയാണ്. പേടിച്ച് പൊങ്കൊച്ച് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച മട്ടാണ്. എന്തായാലും വധഭീഷണി മാത്രമല്ല, ജനക്കൂട്ടം സാമിയുടെ വീടാക്രമിച്ചു, കാര്‍ തല്ലിത്തകര്‍ത്തു, കയ്യില്‍ കിട്ടിയാല്‍ അങ്ങേരെ വെട്ടിക്കൊന്നേനെ.

സിനിമ കാണാന്‍ പോകുന്നവര്‍ക്കും ഭീഷണിയും തിയറ്ററുകളില്‍ വിലക്കുമുണ്ട്. പ്രണയവും ലൈംഗികതയും ചിത്രത്തില്‍ അധികമില്ലെങ്കിലും സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം അവര്‍ക്ക് ദഹിക്കുന്നില്ല. ആക്ച്വലി അമ്മായിയപ്പന്‍ മരുമകളെ ക്രൂരമായി റേപ് ചെയ്യുകയും ക്ലൈമാക്സില്‍ മരുമകള്‍ അമ്മായിയപ്പനെ 47 കഷണമായി വെട്ടിനുറുക്കുന്നതും ക്ലോസപ്പില്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ പ്രേക്ഷകര്‍ ഹാപ്പിയായനെ. സംസ്കാരശൂന്യനായ സാമി അത് ചെയ്തില്ല.

സാമിയുടെ കാര്യം പോട്ടെ, അതിറങ്ങിയ പടമാണ്. എന്നാല്‍ ഇറങ്ങാന്‍ പോകുന്ന ഒരു സിനിമയുടെ പോസ്റ്റര്‍ കണ്ടിട്ട് അവിടെ ഇപ്പോഴെ വധഭീഷണി തുടങ്ങി. മിഠായി എന്ന പുതുമുഖസിനിമയുടെ പോസ്റ്ററില്‍ നായികയും രണ്ടു നായകന്‍മാരും വിവാഹിതരായി നില്‍ക്കുന്നത് നല്‍കിയതാണ് ക്ലാസിക് തമിഴ്‍ സമൂഹത്തെ ഭ്രാന്തു പിടിപ്പിച്ചിരിക്കുന്നത്. പോസ്റ്ററില്‍ കാണുന്നതു വച്ച് സിനിമയെ അളക്കരുത്, പടത്തില്‍ കഥ വേറെയാണ് എന്നൊക്കെ സംവിധായകന്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ ചോര കണ്ടേ അടങ്ങൂ എന്ന വാശിയിലാണ്.

അങ്ങനെയൊക്കെയുള്ള തമിഴ്‍നാട്ടിലേക്കാണ് ഇക്കണ്ട കോമഡിയെല്ലാം പറഞ്ഞ ഇന്നസെന്‍റിനെ കൊണ്ടുപോകുന്നത്. എനിക്കൊരു സമാധാനവുമില്ല. അമ്മയുടെ പ്രസിഡന്‍റാണ് പോകുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ അമ്മയ്‍ക്ക് ആരുണ്ട് ?

വ്യാപാരി വ്യവസായി കേരളം

വ്യാവസായിക പുരോഗതിയാണ് രാജ്യത്തിന്‍റെ വികസനത്തിന്‍റെ അനേകം സൂചകങ്ങളില്‍ ഒന്ന് എന്നു ഞാന്‍ എക്കണോമിക്സില്‍ പഠിച്ചിട്ടുണ്ട്. കേരളത്തില്‍ ഭാഗ്യത്തിന് അധികം വ്യവസായങ്ങളില്ല. ഉള്ളവരൊക്കെ ഫാക്ടറി പൊളിച്ച് ലോറിയില്‍ കയറ്റി രായ്‍ക്കുരാമാനം അതിര്‍ത്തി കടന്ന് മാന്യമായി വ്യവസായം നടത്തി ജീവിക്കുന്നുണ്ട്. പിന്നെയുള്ളത് ടാറ്റ-ബിര്‍ള-അംബാനിമാരാണ്. ടാറ്റയെ മൂന്നാറില്‍ നിന്നൊഴിപ്പിക്കാന്‍ നമ്മള്‍ പഠിച്ച പണി കപ്ലീറ്റും നോക്കുന്നുണ്ട്.പക്ഷെ,ടാറ്റ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗമാണോ എന്നെനിക്കറിയില്ല. വ്യവസായി എന്ന നിലയില്‍ മേല്‍പ്പറഞ്ഞ ശക്തമായ സംഘടനയില്‍ ടാറ്റ അംഗമാകേണ്ടതാണ്. മറിച്ച് ടാറ്റയെയും ബിര്‍ളയെയും റിലയന്‍സിനെയും പോലുള്ള വ്യവസായികളെ ശത്രുക്കളായാണ് സംഘടന കാണുന്നതെങ്കില്‍ വ്യവസായി എന്ന പദത്തിന്‍റെ മലയാള തര്‍ജമയോ നിര്‍വചനമോ പുതിയത് കണ്ടെത്തേണ്ടതാണ്.

വ്യാപാരികള്‍ക്കു നേരേ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി കടകളടച്ചിട്ടു പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് രാജ്‍ഭവനിലേക്കു മാര്‍ച്ച് നടത്തി. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ 40 ലക്ഷം വ്യാപാരികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ട് തരില്ല എന്ന് ബ്ലാക്മെയില്‍ ചെയ്യാനായിരുന്നു പണിമുടക്ക്.

എന്താണ് വ്യാപാരി വ്യവസായികളുടെ ന്യായമായ ആവശ്യങ്ങള്‍ ?

1.ദേശീയപാത വികസനം 30 മീറ്ററാക്കി നിജപ്പെടുത്തുകയും ഹൈവേ വികസനത്തില്‍ കടകള്‍ നഷ്‌ടപ്പെടുന്നവര്‍ക്ക്‌ പുനരധിവാസവും ന്യായമായ
നഷ്‌ടപരിഹാരവും നല്‍കുകയും ചെയ്യുക.
2.പോലീസിനെ വിട്ട്‌ വാടകക്കടകള്‍ ഒഴിപ്പിക്കുന്ന നടപടി പിന്‍വലിക്കണം.
3.സ്വകാര്യ ചെറുകിട കച്ചവട മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള നടപടി അവസാനിപ്പിക്കണം.

ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും ?

തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാത്ത മുന്നണികള്‍ക്കു വരുന്ന പഞ്ചായത്ത്‌, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ നല്‍കില്ല.സംഘടനാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം അംഗങ്ങള്‍ വോട്ട്‌ കുത്തിയാല്‍ വ്യാപാരികളാവും കേരളം നിയന്ത്രിക്കുക. അപ്പോള്‍ പേടിക്കണം. ടി.നസിറുദ്ദീന്‍ മുഖ്യമന്ത്രിയാവുന്ന സാഹചര്യം ഇരുമുന്നണികളും ചേര്‍ന്നുണ്ടാക്കരുതെന്നാണ് ഭീഷണി. ഇത്രയും വലിയൊരു സംഘടനയെ ഇത്രകാലമായി നയിക്കുന്ന നസിറുദീന്‍ വിചാരിച്ചാല്‍ കേരള സ്റ്റേറ്റ് ഭരിച്ചുകൂടെ ?

കൂടാവുന്നതേയുള്ളൂ…

ഇനി ആവശ്യങ്ങളിലെ അനാവശ്യത്തെപ്പറ്റി പഠിക്കാം. ദേശീയപാതയും കേരളത്തിലെ വ്യാപാരികളും തമ്മിലെന്താണ് ബന്ധം ? റോഡിന്‍റെ വക്കിലാണ് സാധാരണയായി കടകള്‍ പണിയുന്നതും കച്ചവടം നടത്തുന്നതും. റോഡ് വികസനം വരുമ്പോള്‍ കടകള്‍ പൊളിക്കപ്പെടും, കച്ചവടം മോശമാകും. അതുകൊണ്ട് റോഡ് വികസനം വേണ്ട,കച്ചവടം മതി.കേരളത്തിലങ്ങോളമിങ്ങോളം വികസനം എത്തി നോക്കാതെ കിടക്കുന്ന നൂറുകണക്കിനു കവലകളുടെ ശാപമാണ് ഈ വ്യാപാരിശക്തി എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. റോഡ് വികസനത്തിനെതിരേ കൊച്ചി നഗരത്തില്‍ വ്യാപാരികളുണ്ടാക്കിയ പ്രശ്നങ്ങള്‍ കണ്ട് കേരളം മൂക്കത്ത് വിരല്‍ വച്ചതാണ്. റോഡ് വികസനം പോട്ടെ, ഒരു ബസ് സ്റ്റോപ്പ് പത്തു മീറ്റര്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുന്നതില്‍ പോലും വ്യാപാരികളുടെ രാഷ്ട്രീയം നിര്‍ണായകമാണ്. സ്റ്റോപ്പ് മാറിയാല്‍ ബസിറങ്ങുന്നവര്‍ നേരേ കടയിലേക്കു കയറാനുള്ള സാധ്യത കുറയും. അത് ബിസിനസിനെ ബാധിക്കും.

റോഡിന് ഇത്രയും വീതിയുടെ ആവശ്യമില്ല എന്നു പറയുന്നവനെ വിഡ്ഡി എന്നു വിളിക്കണം. അനുദിനം ആയിരക്കണക്കിനു വാഹനങ്ങള്‍ നിരത്തിലിറങ്ങുന്ന കേരളത്തില്‍ ഓരോ വര്‍ഷത്തെയും ആവശ്യമനുസരിച്ച് റോഡ് വികസിപ്പിക്കാനാവില്ല. അല്‍പം ദീര്‍ഘവീക്ഷണത്തോടെ റോഡ് വികസനം നടത്തുമ്പോള്‍ അയ്യോ ഇത്രയും വേണ്ട എന്നു പറഞ്ഞ് രാഷ്ട്രീയക്കാരും വ്യാപാരികളും ഇറങ്ങും. എന്നിട്ട് ഒരു ട്രാഫിക് ജാം വരുമ്പോള്‍ ഇവരൊക്കെ തന്നെ പറയും ദീര്‍ഘവീക്ഷണമില്ലാത്ത ഭരണമാണ് ഇതിനെല്ലാം കാരണം, ഇടതനും വലതനും കൂടി ഭരിച്ചുഭരിച്ച് ഇവിടം മുടിച്ചു- എന്നൊക്കെ.

കേരളത്തിലെ മിക്കവാറും നഗരങ്ങളിലും ഗതാഗതക്കുരുക്ക് ആണ് ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ശുദ്ധജലക്ഷാമവും കൊതുകുശല്യവും പോലും അതു കഴിഞ്ഞേയുള്ളൂ. ദിവസം 4 മണിക്കൂര്‍ വരെ ഗതാഗതക്കുരുക്കില്‍ കിടക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ ആയുസ്സില്‍ നിന്ന് റോഡ് വികസനത്തിനു തിരിച്ചുപിടിക്കാനാവുന്നത് എത്ര മണിക്കൂറുകളും ദിവസങ്ങളുമാണെന്ന് ഓര്‍ത്തു നോക്കിയാല്‍ തന്നെ കണക്കില്‍ പിഴയ്‍ക്കാത്ത വ്യാപാരികള്‍ക്കും കാര്യം മനസ്സിലാവേണ്ടതാണ്.

ഇനി, ചെറുകിട ബിസിനസില്‍ വിദേശനിക്ഷേപം വന്നാല്‍ എന്തു സംഭവിക്കും ? മുകളില്‍ പറഞ്ഞ 40 ലക്ഷം വ്യാപാരികള്‍ക്കു വന്‍കിട സെറ്റപ്പിനോടു മല്‍സരിച്ചു പിടിച്ചു നില്‍ക്കാനാവാതെ വരും, നഷ്ടമുണ്ടാകും. അതുകൊണ്ട് ബാക്കിവരുന്ന രണ്ടരക്കോടി ഉപഭോക്താക്കള്‍ മഹത്തായ വ്യാപാരിസമൂഹത്തെ ലാഭകരമായി പിടിച്ചു നിര്‍ത്തുന്നതിന് വിദേശകുത്തകളെ ബഹിഷ്കരിക്കുക, കുറച്ച് നഷ്ടം സഹിച്ചായാലും ലോക്കല്‍ മാര്‍ക്കറ്റിനെ പ്രോല്‍സാഹിപ്പിക്കുക.

വ്യാപാരികള്‍ മാത്രമല്ല, കുരിശുപള്ളികളും കാണിക്കവഞ്ചികളും ഭണ്ഡാരങ്ങളും എല്ലാം കേരളത്തിലെ റോഡുകളുടെ ശാപമാണ്. മുംബൈയിലെ ചുവന്ന തെരുവില്‍ നിന്ന് വേശ്യകളെന്നപോലെ ദൈവങ്ങള്‍ ഓരോ വളവിലുമിരുന്ന വണ്ടിക്കാരെ വിളിക്കുകയാണ്- വല്ലതും തന്നിട്ടു പോണേ ! നേര്‍ച്ചയും കാഴ്ചയുമിട്ടും തരം പോലെ വലിച്ചെറിഞ്ഞും ഈ തീര്‍ഥാടനയാത്ര തുടരുമ്പോഴും ഇവര്‍ക്കൊക്കെ എതിരെ ഒരക്ഷരം മിണ്ടാന്‍ കോടതിക്കായിട്ടില്ല. റോഡരികിലെ യോഗങ്ങളാണ് എല്ലാ റോഡ് പ്രശ്നങ്ങള്‍ക്കും എന്ന നിലപാടില്‍ നിന്ന് കോടതിയും അയയുന്നില്ല.

എന്തായാലും വ്യാപാരികളെല്ലാം കൂടി വോട്ടിന്‍റെ കാര്യത്തില്‍ ഒരുറച്ച തീരുമാനമെടുത്താല്‍ സംഗതി മാറും. കേരളം ഇസ്ലാമിക് സ്റ്റേറ്റ് ആകുമെന്ന് പേടിച്ചിരിക്കുന്ന മുഖ്യമന്ത്രി പഴയ ഇറ്റലിയും പോര്‍ചുഗലും മെസെപ്പെട്ടോമിയയും പോലെ കേരളം ഒരു കച്ചവട സംസ്ഥാനമാകുമെന്ന് കൂടി ദുസ്വപ്നം കണ്ടു തുടങ്ങേണ്ടിയിരിക്കുന്നു.

നന്മയുടെ നിലമ്പൂര്‍ മാതൃക

സ്ത്രീകള്‍ക്കു വേണ്ടി എന്തൊക്കെ ചെയ്യാം എന്നു സ്ത്രീകള്‍ തന്നെ ആലോചിച്ചാല്‍ ആദ്യം അവരുടെ തലയില്‍ വരുന്നത് എന്തായിരിക്കും ? ഫാഷന്‍ ഷോ (ഒറ്റപ്പീസ് സ്വിം സ്യൂട്ടിനകത്ത് ഒളിക്കാനാവാത്തതെല്ലാം നാട്ടുകാര്‍ക്കു മുമ്പില്‍ തുറന്നു കാണിക്കാനും, ടേക് എ സ്റ്റെപ്പ് ഹിറ്റ് ദ ആപ്പിള്‍ ഹിറ്റ് ദ ബീ എന്ന താളത്തില്‍ മൂടും മുലയുമിളക്കി നടക്കാനും മമ്മിമാരുടെ നേതൃത്വത്തില്‍ വട്ടമേശ സമ്മേളനം- വി.രഞ്ജി പണിക്കര്‍ 17-18), ഡോഗ് ഷോ, കുക്കറി ഷോ അല്ലെങ്കില്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുള്ളതുപോലെ തലമുടി 150 തരത്തില്‍ കെട്ടിവയ്‍ക്കുന്നതിനെപ്പറ്റി ഘോരഘോരമായ സ്റ്റഡി ക്ലാസ്സ്. കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം, അതൊക്കെയേ അവരുടെ തലയില്‍ വരൂ. പെണ്ണുങ്ങളുടെ തലയില്‍ നിലാവെളിച്ചമാണെന്നാണല്ലോ പറയുന്നത്.

സ്ത്രീകള്‍ മുഖ്യധാരയിലേക്കു വരുമ്പോള്‍ സമത്വവും സ്വാതന്ത്ര്യവും ഉദ്ഘോഷിക്കപ്പെണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഡൗട്ടുമില്ല. അപ്പോള്‍ ഏറ്റവും ആദ്യം തുടച്ചു നീക്കേണ്ട സാമൂഹികവിപത്താണ് സ്ത്രീധനം (എന്‍റെ കല്യാണം കഴിഞ്ഞു, സ്ത്രീധനബാക്കി ഒന്നും കിട്ടാനില്ല). അതിനു ഡയലോഗുകളല്ല, ആക്ഷന്‍സ് ആണ് വേണ്ടത്. എന്തൊക്കെ പറഞ്ഞാലും അതിനായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് ചെയ്യുന്നത് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ലോകവനിതാ ദിനമായ മാര്‍ച്ച് എട്ടിന് നിലമ്പൂരുകാര്‍ ചേര്‍ന്നെടുത്ത ആ തീരുമാനം ഗ്രാമത്തിനു നല്‍കുന്ന തലക്കുറി മാതൃകാപരമാണ്- സ്ത്രീധന വിരുദ്ധ ഗ്രാമം !

നിലമ്പൂരില്‍ ഇനി സ്ത്രീധനമില്ല. സ്ത്രീധനം ചോദിക്കുന്നവരെയും വാങ്ങുന്നവരെയും അയിത്തം കല്‍പ്പിച്ച് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. സ്ത്രീധനത്തിനെതിരെ പോരാട്ടം നടത്താനായി ഇവിടത്തെ ജനങ്ങളും ഒരുങ്ങി കഴിഞ്ഞു. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് സ്ത്രീധനമില്ലാതെ വിവാഹം എന്നത് കുറച്ചുനാള്‍ മുമ്പു വരെ ഒരു സ്വപ്‌നം മാത്രമായിരുന്നു.ഇവിടത്തെ 85ശതമാനം വിവാഹങ്ങളും സ്ത്രീധനം നല്‍കിയാണ് നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഭവനനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍വ്വേയിലാണ് സ്ത്രീധനത്തിന്റെ കണക്കുകള്‍ പുറത്തുവന്നത്. പല കുടുംബങ്ങളും പെണ്‍കുട്ടികളെ വിവാഹം ചെയ്തുവിടാനായി സ്വന്തമായുള്ള വീടും പുരയിടവും വില്‍ക്കുന്നത് പതിവായിരുന്നു.പ്രതിവര്‍ഷം ഇത്തരത്തില്‍ നൂറോളം പാവപ്പെട്ടവര്‍ക്കാണത്രേ വീട് നഷ്ടമാകുന്നത്. സര്‍വ്വേ നടക്കുന്ന സമയത്ത് ഒരു മാസത്തിനുള്ളില്‍ വന്‍ സ്ത്രീധനം നല്‍കി 60 വിവാഹങ്ങളാണ് പഞ്ചായത്തില്‍ നടന്നത്, ഇതില്‍ ഭൂരിഭാഗവും 3.5 ലക്ഷത്തോളം ചെലവഴിച്ച് നടത്തിയവ.

2009 ജനുവരിമുതലാണ് ഇതിനെതിരെയുള്ള പ്രചാരണപരിപാടികള്‍ തുടങ്ങിയത്. ഇപ്പോള്‍ 85ശതമാനമെന്നത് 40ശതമാനം എന്നായി കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ ആര്യാടന്‍ ഷൌക്കത്താണ് സ്ത്രീധനത്തിനെതിരെയുള്ള കാമ്പെയിന്‍ നയിക്കുന്നത്.ഗ്രാമത്തിലെ ജനസംഖ്യയില്‍ 40 ശതമാനം മുസ്ലിംകളും ബാക്കിയുള്ളവര്‍ ഹിന്ദുക്കളും ക്രിസ്ത്യാ‍നികളുമാണ്.50,000 വരുന്ന ജനങ്ങള്‍ക്കിടയില്‍ സ്ത്രീധനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനുമായി പദ്ധതിയുടെ ഭാഗമായി രണ്ട് വെബ്സൈറ്റുകളും തുടങ്ങിയിട്ടുണ്ട്-www.dowryfreevillage.com, www.dowryfreemarriage.com.

സ്ത്രീധനവിരുദ്ധ ക്യാമ്പയിനുള്ള നിലമ്പൂരിന്‍റെ പ്രചോദനം എന്താണെന്ന് സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്: “In our village, Nilambur, 15 dowry marriages are conducted in a week in small income families. 1lakh Rupees and 20 soverign of gold is the minimum dowry which comes to 3lakh Rupees. Where as, these families are raising this money by mortgaging their houses in the banks or going to private money lenders. 15 marriages in a week means 45lakhs Rupees is the debt overflowing in the society. In a year it’s coming to 24 Crores of Rupees. This is the story of a single Village panchayath.”- ഞെട്ടിയോ ?

ഇതു തുറന്നു പറഞ്ഞ് തിരുത്താനിറങ്ങിയ നിലമ്പൂരിനെയോര്‍ത്ത് മൂക്കത്ത് വിരല്‍ വയ്‍ക്കുന്നവര്‍ സ്വന്തം ഗ്രാമങ്ങളിലേക്കു നോക്കുക, ഇതിന്‍റെ അനേകം അനേകം മടങ്ങായിരിക്കും ആര്‍ഭാടത്തിന്‍റെ കണക്കുകള്‍. സര്‍വെ റിപ്പോര്‍ട്ട് പ്രകാരം നിലമ്പൂരില്‍ കല്യാണം കഴിക്കാത്തവരായി 4,698 പുരുഷന്മാരും സ്ത്രീകളുമുണ്ടെന്നാണ് കണക്ക്. ഇവരില്‍ രണ്ടായിരം പേര്‍ ഇതിനകം സൈറ്റില്‍ അംഗത്വമെടുത്തു കഴിഞ്ഞു. ഇവരാരും തന്നെ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി. സൈറ്റില്‍ അംഗത്വം സൌജന്യമാണ്.