എന്നെയൊന്നു പുറത്താക്കൂ പ്ലീസ്

അയല്‍പക്കത്തെ ചെറുപ്പക്കാരന്റെ കൂടെ ഒളിച്ചോടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടാനാഗ്രഹിക്കുന്ന ഇമ്മോറല്‍ ട്രാഫിക്കുകാരിയെപ്പോലെയാണ് പി.സി.ജോര്‍ജ്. എന്നെയൊന്നു പുറത്താക്കൂ പ്ലീസ്, ഞാന്‍ പോയി എല്‍ഡിഎഫില്‍ ചേക്കേറട്ടെ എന്നപേക്ഷിക്കുന്ന മാതിരി അദ്ദേഹം കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയില്‍ റോഡിനു നടുവില്‍ പായ്‌വിരിച്ചു കിടക്കുന്ന ജഗതി ശ്രീകുമാറിന്റെ ചേതോവികാരമേയുള്ളൂ. പി.സി.ജോര്‍ജും ജഗതി ശ്രീകുമാറും പറഞ്ഞു വരുമ്പോള്‍ ബന്ധുക്കളുമാണ്.

ഒരു പൂഞ്ഞാറുകാരനെ മറ്റൊരു പൂഞ്ഞാറുകാരനേ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് പ്രമാണം. അങ്ങനെ നോക്കുമ്പോള്‍ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും പ്രതികരണങ്ങളെയും വിലയിരുത്തുമ്പോള്‍ പി.സി.ജോര്‍ജ് സ്വയം ഒരു പൊളിറ്റിക്കല്‍ ഏലിയന്‍ അസാന്‍ജായി മാറുന്നതിന്റെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമാണ്. എല്‍ഡിഎഫില്‍ നിന്നും മാണികോണ്‍ഗ്രസില്‍ വന്നു ലയിച്ചിട്ട് അധികകാലമായില്ല. അതുവരെ മാണിസാറിനെ വിളിച്ച തെറിയെല്ലാം മറന്ന് ഒരു അല്‍ഷിമേഴ്‌സ് രോഗിയെപ്പോലെ മാണിസാറെന്റെ ദൈവമാണ് എന്ന ലൈന്‍ പിടിച്ച് ചീഫ് വിപ്പായതിനു ശേഷമാണ് പി.സി.ജോര്‍ജിന് ശുക്രനും അതിനുമേല്‍ ശനിയുടെ അപഹാരവുമുണ്ടാകുന്നത്. ചീഫ് വിപ്പ് സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ന്യൂജനറേഷന്‍ സിനിമ പോലെയാക്കി എന്നതാണ് പി.സി.ജോര്‍ജിന്റെ ഏറ്റവും വലിയ സംഭാവന. മാറ്റം നല്ലതാണോ ചീത്തയാണോ എന്നു വേര്‍തിരിച്ചറിയാനാവാത്ത അവസ്ഥ.

രാഷ്ട്രീയക്കാര്‍ പൊതുവേ കൊള്ളരുതാത്തവന്‍മാരാണെന്ന് അവര്‍ക്കു വോട്ടു ചെയ്യാറുള്ള ജനത്തിനു നന്നായറിയാം. കോണ്‍ഗ്രസുകാരായും സിപിഎമ്മുകാരായാലും അടിസ്ഥാനപരമായുള്ള ദുര്‍ഗുണങ്ങള്‍ക്കു പാര്‍ട്ടി വ്യത്യാസമില്ല. എല്ലാവരും മലയാളികളാണ് എന്നതുകൊണ്ടും അവര്‍ ഡീല്‍ ചെയ്യുന്നത് മലയാളികളോടാണ് എന്നതുകൊണ്ടുമൊക്കെയാവാം അത്. അതിനിടയില്‍ കേരള രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ വന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസുകള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. എല്ലാവരും കണക്കു തന്നെ. അപ്പോള്‍ സ്വയം ഇതില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നവനെപ്പോലെ മറ്റുള്ളവരെ വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നത് വലിയ ധീരതയൊന്നുമല്ല.

എല്‍ഡിഎഫ് വിട്ടു വന്നിട്ട് വീണ്ടും അവിടേക്കു തന്നെ മടങ്ങിയാല്‍ കേന്ദ്രമന്ത്രി വരെ ആയതിനു ശേഷം അസ്തമിച്ചു പോയ പി.സി.തോമസിന്റെ അവസ്ഥ തന്നെയായിരിക്കും പി.സി.ജോര്‍ജിനും ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. സത്യത്തിനും നീതിക്കും വേണ്ടി രാഷ്ട്രീയരക്തസാക്ഷിയായാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുകയും രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടി വോട്ടു പിടിക്കുകയും വീണ്ടും നിയമസഭയിലെത്തുകയും ചെയ്യാം. പക്്‌ഷെ, അതിന് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ആക്രമിച്ചു പുറത്താക്കണം. അതിനു വേണ്ടിയുള്ള നായ്ക്കുരണപ്പൊടി പ്രയോഗമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഒരു തേരാളിയെപ്പോലെ ഉള്ളതും ഇല്ലാത്തതുമായ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിച്ച് മാധ്യമശ്രദ്ധ നേടിയ ശേഷമാണ് അദ്ദേഹം ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മുന്നണിയെയും കോണ്‍ഗ്രസിനെ തന്നെയും വിമര്‍ശിച്ചു തുടങ്ങിയത്. പൊതുചടങ്ങില്‍ വച്ച് വിഎസിന്റെ കൈ ചുംബിച്ചതോടെ സംഗതി ഗിയര്‍ മാറി. ഇന്നലെ പിണറായി വിജയനെ പുകഴ്ത്തി. കോണ്‍ഗ്രസുകാരെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. 100 രൂപ കിട്ടിയില്‍ 80 രൂപ പോക്കറ്റിലിടുന്നവരാണെന്നായിരുന്നു ഇന്നലത്തെ പ്രസ്താവന. അണ്ടനും അടകോടനുമൊക്കെ കോണ്‍ഗ്രസിലുണ്ടെന്നും രഹസ്യം ചോര്‍ത്തുന്ന വൃത്തികെട്ടവന്‍മാര്‍ മന്ത്രിസഭയിലുണ്ടെന്നുമൊക്കെയാണ് മറ്റുള്ള ആരോപണങ്ങള്‍.

ഇത്രയൊക്കെ പറഞ്ഞിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കാന്‍ കൂട്ടാക്കുന്നില്ല. രമേശ് ചെന്നിത്തലയും കെ.മുരളീധരനും മുതല്‍ കൊച്ചു കുട്ടിയായ ഡീന്‍ കുര്യാക്കോസ് വരെ പ്രതികരിച്ചു. അതുകൊണ്ടൊന്നും കാര്യമില്ല. ചീഫ് വിപ്പ് സ്ഥാനത്തു നിന്നു നീക്കണം. അപ്പോള്‍ ജോര്‍ജ് സയലന്റാവും. യഥാര്‍ഥ ഹീറോ രംഗപ്രവേശം ചെയ്യും- സാക്ഷാല്‍ കെ.എം.മാണി എന്ന മാണിസാര്‍. പി.സി.ജോര്‍ജിനു കിട്ടേണ്ട സഹതാപതരംഗം കൂടി നേടിക്കൊണ്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് അദ്ദേഹം ഒരു പോക്കങ്ങോട്ടു പോകും. അതൊരു കൂറുമാറ്റമാണ് എന്നത് ആരും ശ്രദ്ധിക്കില്ല. വഴിതെറ്റിയ ഒരു കുഞ്ഞാടിനെ വീണ്ടെടുക്കാന്‍ ബാക്കി 99 എണ്ണത്തിനെയും വിട്ടിട്ടു പോയ ബൈബിളിലെ നല്ല ഇടയനെപ്പോലെ പി.സി.ജോര്‍ജെന്ന കുഞ്ഞാടിനെയുമെടുത്ത് അദ്ദേഹം ഇടതുപാളയത്തിലേക്കു പോകുമ്പോള്‍ പാലാക്കാര്‍ കണ്ണുതുടച്ചു കൂടെ നില്‍ക്കും. അത്ര തന്നെ.

കോണ്‍ഗ്രസിലെ ചീമുട്ടകള്‍

എക്കാലവും യൂത്ത് കോണ്‍ഗ്രസുകാരോട് എനിക്കു തോന്നിയിട്ടുള്ള വികാരം സഹതാപമായിരുന്നു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പിള്ളേരുടെ കയ്യില്‍ നിന്ന് അടിയും ഇടിയും വാങ്ങി പാരമ്പര്യമുള്ള സമരവീര്യം ഇടക്കൊക്കെ അവര്‍ പൊടിതട്ടിയെടുത്തിരുന്നത് അടികിട്ടാന്‍ സാധ്യതയില്ലാത്ത ചില സമരഭൂമികകളിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പകര്‍ച്ചപ്പനിക്കെതിരെ ആശുപത്രികള്‍ക്കു മുന്നില്‍ ഇവര്‍ നടത്തിയ സമരങ്ങളും മറ്റും ഉദാഹരണം. ഇപ്പോള്‍ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് ചീമുട്ടകളുമായി സമരമുഖത്ത് അവര്‍ അടരാടുന്നത് ഒരു പാവം പി.സി.ജോര്‍ജിനെതിരെയാണ്.

പാവം പി.സി.ജോര്‍ജ് എന്നു പറഞ്ഞത് നല്ലൊരു ശതമാനം ആളുകള്‍ക്കും ഇഷ്ടമാവില്ല എന്നറിയാം. ചീഫ് വിപ്പിന്റെ വാക്യത്തില്‍ പ്രയോഗങ്ങള്‍ പലതും കുഴപ്പം പിടിച്ചതാണെങ്കിലും കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹം നടത്തുന്ന പ്രസ്താവനകളില്‍ ജനവികാരമുണ്ട്. സോളാര്‍ കേസിനെ സംബന്ധിച്ചും തുടര്‍ന്നുള്ള നടപടിക്രമങ്ങളെ സംബന്ധിച്ചും അദ്ദേഹം പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പാവപ്പെട്ട പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സഹിക്കാവുന്നതല്ല. അധികാരത്തില്‍ തൂങ്ങിക്കിടക്കുക എന്നതിനെക്കാള്‍ മുഖ്യമന്ത്രിക്കസേരയില്‍ തുരുമ്പു പോലെ പറ്റിപ്പിച്ചിടിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടി രാജി വച്ച് മാനം കാക്കണം എന്നത് ആത്മാഭിമാനമുള്ള മലയാളികളുടെയൊക്കെ ആവശ്യമായിരുന്നു. അതു തന്നെയാണ് പി.സി.ജോര്‍ജ് ഏറ്റു പറഞ്ഞതും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പി.സി.ജോര്‍ജിനെ തെരുവില്‍ ആക്രമിക്കുന്ന ദൂര്‍ബലരായ യൂത്ത് കോണ്‍ഗ്രസുകാര്‍ അവര്‍ക്കു നിലവിലുള്ള ചീത്തപ്പേര് ഇരട്ടിയാക്കിയിരിക്കുകയാണ്. നാലഞ്ചു ഖദറുകാര്‍ ചേര്‍ന്ന് വഴി തടഞ്ഞതു കൊണ്ടോ ഔദ്യോഗികവാഹനം ത്ല്ലിത്തകര്‍ത്തതുകൊണ്ടോ കരിങ്കൊടി കാണിച്ചതുകൊണ്ടോ നന്നാവുന്ന ഒരാളല്ല പി.സി.ജോര്‍ജ്. അതിനു വേണ്ടി ചെലവഴിക്കുന്ന അധ്വാനം യൂത്ത് കോണ്‍ഗ്രസുകാര്‍ വേറെ എവിടെയെങ്കിലും ചെലവിട്ടാല്‍ പിന്നീട് പശ്ചാത്തപിക്കുന്നത് ഒഴിവാക്കാം. യൂത്ത് കോണ്‍ഗ്രസുകാരും പി.സി.ജോര്‍ജും തമ്മിലുള്ള പ്രകടമായ വ്യത്യാസം ചങ്കുറപ്പാണ്. പറയുന്നത് എന്തെന്നോ എങ്ങനെയെന്നോ എന്നതിനെക്കാള്‍ പറയാനുള്ളത് പറഞ്ഞേ അടങ്ങൂ എന്ന ചങ്കുറപ്പാണ് പി.സി.ജോര്‍ജിന്റെ ഏറ്റവും വലിയ കരുത്ത്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അതൊക്കെ സ്വപ്‌നം കാണാനാവുമോ എന്നതില്‍ എനിക്കു സംശയമുണ്ട്. അല്ലെങ്കിലും വഴിയില്‍ ഒളിച്ചിരുന്ന് വണ്ടിക്ക് കല്ലെറിയുന്നവരുടെ ചങ്കുറപ്പ് എത്രയാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

കോണ്‍ഗ്രസ് ആകെ മൊത്തം കേരളത്തില്‍ നശിച്ചുനാമാവശേഷമായിരിക്കുകയാണ്. സമരം പിന്‍വലിക്കുന്നതിലൂടെ വിജയിക്കുന്ന പുതിയ ശൈലിയിലൂടെ സിപിഎമ്മും കേരളത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. അംഹിംസാവാദിയായ മഹാത്മാഗാന്ധിയുടെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ സര്‍ക്കാര്‍ ചീഫ് വിപ്പിനെ വഴിയില്‍ തടഞ്ഞ് ആക്രമിക്കുന്നത് ക്രൂരവും മൃഗീയവും പൈശാചികവുമാണ്. പി.സി.ജോര്‍ജ് പറയുന്ന കാര്യങ്ങള്‍ക്കു മറുപടിയായി എല്ലാവരും പറയുന്നത് ജോര്‍ജ് നാവടക്കണം, ജോര്‍ജ് മൗനം പാലിക്കണം എന്നൊക്കെയാവുന്നതിന്റെ അര്‍ഥം ജോര്‍ജ് പറയുന്നതില്‍ സത്യം ഒളിഞ്ഞിരിപ്പുണ്ട് എന്നാണ്.

വഴിവക്കില്‍ നിന്ന് വണ്ടിക്കു കല്ലെറിയുന്ന രീതി യൂത്ത് കോണ്‍ഗ്രസ് പോലെയൊരു പാര്‍ട്ടിക്കു ചേരുന്നതല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജോര്‍ജ് മറ്റുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജോര്‍ജിന്റെ അഴിമതികളും അക്രമങ്ങളും അന്വേഷിച്ചു പുറത്തു കൊണ്ടുവരിക എന്നതാണ് ആരോഗ്യകരമായ പ്രതികാരം. ജനാധിപത്യം എന്നതിന്റെ സാധ്യതകള്‍ ജോര്‍ജിനെപ്പോലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഉപയോഗിക്കാം. അതിനുള്ള ബുദ്ധിയോ വിവേകമോ ഇല്ലെങ്കില്‍ അതുള്ളവരുടെ സഹായം തേടാം. ജഗതി ശ്രീകുമാറിന്റെ കാര്‍ അപകടത്തില്‍ പെട്ടതിനു പിന്നില്‍ പി.സി.ജോര്‍ജ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപത്തുള്ള മീഡിയനില്‍ പി.സി.ജോര്‍ജ് വെളുപ്പാന്‍കാലത്ത് വന്നു മലര്‍ന്നു കിടന്ന് ഇന്നോവ എടുത്തെറിഞ്ഞിട്ടുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. സോളാര്‍ കേസ് അന്വേഷിക്കുന്നതോടൊപ്പം ആരെങ്കിലും അതും അന്വേഷിക്കട്ടെ.

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായ (അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല) ടി.പി.ചന്ദ്രശേഖരന്‍ വധം തെളിയിച്ച കോണ്‍ഗ്രസ് സര്‍ക്കാരും ആഭ്യന്തരമന്ത്രിയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇളംമുറ മറ്റൊരു നേതാവിനെ സമാനമായ രീതിയില്‍ വഴിയില്‍ ആക്രമിക്കുന്നത് കേരളത്തിനും മുന്നണിക്കും ചേര്‍ന്നതല്ല. പി.സി.ജോര്‍ജ് രാജി വച്ചാലും ഇല്ലെങ്കിലും, ആരെങ്കിലും അദ്ദേഹത്തിനു ചെവി കൊടുത്താലും ഇല്ലെങ്കിലും പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം പറയുക തന്നെ ചെയ്യും. അത് അങ്ങനെ ഒരിനമാണ്.

സെന്റ് ജോര്‍ജ് ഓഫ് പൂഞ്ഞാര്‍

വെറുക്കപ്പെട്ടവന്റെ മുഖവും ശബ്ദവും ശരീരഭാഷയും മാറ്റി വച്ചാല്‍ പി.സി.ജോര്‍ജിന്റെ ഉള്ളിലും ഒരാത്മാവുണ്ട്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് പറയുന്നതെങ്കിലും രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്ന ദുഖസത്യത്തില്‍ വേദനിച്ചും ഈസ്റ്ററിന്റെ അരൂപിയില്‍ പ്രാര്‍ഥനകളില്‍ മുഴുകിയും കഴിയുന്ന ഒരു കുഞ്ഞാടാണ് ചീഫ് വിപ്പ്. മാണി സാറിന്റെ ഇടയോന്മുഖമായ രാഷ്ട്രീയത്തില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജോര്‍ജിയന്‍ മറുഭാഷ കാലഘട്ടത്തിന്റെ വിപ്ലവജ്വാലയായി അഖ്യാനം ചെയ്യപ്പട്ടേക്കാം. അപ്പോള്‍ കേരളരാഷ്ട്രീയത്തിലെ സെന്റ് ജോര്‍ജ് പുണ്യാളനായ ആ ധീരയോദ്ധാവിന്റെ കട്ടത്തെറികള്‍ ചരിത്രം തങ്കമ്മയുടെ ലിപികളില്‍ ആലേഖനം ചെയ്തു വച്ചേക്കാം.

ഞാനും പി.സി.ജോര്‍ജും ഒരേ നാട്ടുകാരാണ്. പന്നപ്പൊ@#@&*മോനേ എന്നു വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര ദൂരമേയുള്ളൂ. പിന്നെ നമ്മള്‍ ക്രിസ്ത്യാനികള്‍ ഒന്നിച്ചു നില്‍ക്കണം എന്നു പണ്ട് ചില കേരളാ കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടുള്ളതനുസരിച്ചാണെങ്കില്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരുമാണ്. പി.സി.ജോര്‍ജിനെ പൊതുവേ ആര്‍ക്കും ഇഷ്ടമില്ലാത്ത ഈ പെസഹാക്കാലത്ത് ജനങ്ങള്‍ക്കു വേണ്ടി, സത്യത്തിനും നീതിക്കും വേണ്ടി സ്വയം കുരിശിലേറാന്‍ സന്മനസ്സായ അദ്ദേഹത്തിന്റെ കാര്യത്തില്‍ പീലാത്തോസിനെക്കാള്‍ തന്ത്രശാലിയായ മാണിസാര്‍ കൈകഴുകുമെന്നും സീസര്‍ ചാണ്ടി മുദ്രണം ചെയ്ത് ക്രൂശിക്കാന്‍ കൊടുക്കുമെന്നും കരുതിയത് വെറുതെയായി.

പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റുന്ന പ്രശ്‌നമില്ല എന്നാണ് മാണിസാര്‍ പ്രഖ്യാപിച്ചത്. ജോര്‍ജിനെ മാറ്റണമെന്നു പാര്‍ട്ടിയില്‍ നിന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കകത്ത് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല- മാണിസാര്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജും മറ്റും പലതും പ്രതീക്ഷിച്ചു കാണണം. അല്ലെങ്കിലും പാലാ-പൂഞ്ഞാര്‍ ബെല്‍റ്റില്‍ തൊടുപുഴയുടെ ആശങ്കകള്‍ക്ക് എന്താണ് സ്ഥാനം ?

മാണിസാര്‍ പറഞ്ഞത് പോട്ടേന്നു വയ്ക്കാം. മാണി സാറാണ്. അതുപോലാണോ യൂത്ത്ഫ്രണ്ടുകാര്‍ ? പി.സി.ജോര്‍ജിനെതിരായി അസത്യം പറഞ്ഞ കെ.ആര്‍.ഗൗരിയമ്മ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നാണ് യൂത്ത്ഫ്രണ്ട് (എം) നോതാക്കന്‍മാര്‍ ആവശ്യപ്പെടുന്നത്. ഗൗരിയമ്മയെക്കുറിച്ച് അദ്ദേഹം ബീപിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുന്ന പൊതുസമൂഹം ഗൗരിയമ്മ ജോര്‍ജിനോടു മാപ്പു ചോദിക്കുന്നത് കേട്ട് കുഴഞ്ഞുവീഴാതിരുന്നാല്‍ ഭാഗ്യം. ഈസ്റ്ററിന്റെ അരൂപിയില്‍ ഉപവാസവും പ്രാര്‍ഥനയും പള്ളില്‍പ്പോക്കുമൊക്കെയായി കഴിയുന്ന പി.സി.ജോര്‍ജ് എന്തായാലും ഒന്നും പറയുന്നില്ല. ഈസ്റ്റര്‍ കഴിഞ്ഞ് അദ്ദേഹം മൂര്‍ച്ചയേറിയ തെറികളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

പി.സി.ജോര്‍ജ് കാലഘട്ടത്തിന്റെ പുണ്യാളനാണ് എന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് കെ.സി.ഉമേഷ് ബാബു ആണ്. മംഗളം പത്രത്തിലെ അദ്ദേഹത്തിന്റെ കോളത്തിലാണ് വിടുവായന്റെ സുവിശേഷത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നത് (മംഗളവും പി.സി.ജോര്‍ജുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് പറയുന്നത്). ഉമേഷ് ബാബുവിന്റെ കോളത്തില്‍ ഇങ്ങനെ പറയുന്നു.

”വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്. പാര്‍ട്ടി അടിമത്തമല്ലാത്തതൊന്നും ഈ രണ്ടിനം പ്രഭുക്കന്‍മാര്‍ക്കും ഇപ്പോള്‍ പഥ്യമല്ല. അതുകൊണ്ട്, പി.സി. ജോര്‍ജ് എന്ന യു.ഡി.എഫ് നേതാവിനെ കുരിശേറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു പൊരുതുന്ന വിചിത്രാവസ്ഥയ്ക്ക് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നു. ഈ കാപട്യത്തിലെ ഹരിതവാദം എന്തു ഹരിതവാദമാണ്?.”

കേരളസമൂഹത്തിന്റെ മാനസിക അടിമത്തത്തെക്കുറിച്ചു പറഞ്ഞ ശേഷം പി.സി.ജോര്‍ജിനെപ്പറ്റി പറയാതെ അദ്ദേഹം ഇങ്ങനെ കൂടി സൂചിപ്പിക്കുന്നു: ” ധീരമായി മുഴങ്ങുന്ന സത്യത്തിന്റെ വേറിട്ട ശബ്ദം ഇപ്പോള്‍ ഇവിടെങ്ങുമില്ല. ഒന്നുകില്‍ പാര്‍ട്ടി നേതാക്കന്മാരുടേയുംഅവരുടെ വിനീതദാസന്മാരുടേയും വകയായുള്ള കുത്സിതമായ പാര്‍ട്ടി സ്വാര്‍ത്ഥതയും തന്‍കാര്യവും ലക്ഷ്യം വെക്കുന്ന അര്‍ത്ഥശൂന്യമായ ഒച്ച വെപ്പുകള്‍, അല്ലെങ്കില്‍ വെവ്വേറെ പാര്‍ട്ടിയടിമകളായ സാംസ്‌കാരിക പ്രമാണിമാരുടെ ഗീര്‍വാണങ്ങള്‍, അതുമല്ലെങ്കില്‍ ആരെയും വെറുപ്പിക്കാതെ എല്ലാവരുടേയും ഓമനയായി നിലകൊള്ളണമെന്ന് തീരുമാനിച്ചിട്ടുള്ള എത്രയോ കലാ സാഹിത്യകാരന്മാരുടെ കൃത്രിമരോഷങ്ങള്‍.” ”ഇതിനിടയിലും ഇടയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്ന സത്യത്തിന്റെ ചില ഒറ്റയൊറ്റ ശബ്ദങ്ങള്‍ക്ക് മുഖ്യധാരയില്‍ പ്രമാണികത്വം ലഭിക്കുന്ന അവസ്ഥ സമകാലിക കേരളത്തില്‍ വളരെ കുറവാണ്. പാര്‍ട്ടികളും പാര്‍ട്ടിയടിമകളുംചേരുന്ന ശബ്ദ കലവിയില്‍ അത്തരം പ്രതിരോധങ്ങള്‍ പെട്ടെന്ന് വിസ്മൃതിയിലാവുന്നു.”

ഇത് ക്ഷമിക്കാവുന്നതേയുള്ളൂ. എന്നാല്‍ എം.എന്‍.വിജയനെയും പി.സി.ജോര്‍ജിനെയും ഒരേ വണ്ടിയില്‍ കെട്ടാനുള്ള ചില ശ്രമങ്ങള്‍ കൂടി ഉമേഷ് ബാബുവിന്റെ ലേഖനത്തില്‍ കണ്ട് സത്യത്തില്‍ പകച്ചുപോയി. എം.എന്‍.വിജയന്‍ വിശുദ്ധനായ നേതാവായിരുന്നു എന്നൊന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ അദ്ദേഹം പി.സി.ജോര്‍ജിനെപ്പോലെ ആയിരുന്നു എന്നു പറയാന്‍ മാത്രം ജേര്‍ജേറിയനിസം എനിക്കില്ല. ഉമേഷ് ബാബു പറയുന്നതനുസരിച്ച് ” 2007 ല്‍ വിജയന്‍ മാഷ് മരിച്ചു. അന്ന് അധികാരത്തിലുണ്ടായിരുന്ന സി.പി.എം മാഷിന്റെ മരണത്തോടുപോലും പകയോടെ പെരുമാറി.” ”യഥാര്‍ത്ഥമായ സ്വതന്ത്രചിന്ത അശരണമായി തെമ്മാടിക്കുഴിയിലൊതുങ്ങണമെന്നും, പാര്‍ട്ടിയടിമത്തം മാത്രം തഴച്ചു വളരണമെന്നുള്ള, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയഭാവനയുടെ കാര്യത്തില്‍, സമകാലിക കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് യു.ഡി.എഫ് ഐക്യത്തിന്റെ വലിയ ഉദാഹരണമാണിത്.” ”പി.സി. ജോര്‍ജിന്റെ പ്രശ്‌നം ഇവിടെയാണ് വരുന്നത്. സ്വന്തം മന്ത്രി സ്ത്രീലമ്പടനാണെങ്കിലും അതു തുറന്നു പറയുന്നതില്‍ പാര്‍ട്ടിയടിമത്തത്തിന്റെ ലംഘനമുണ്ട്. വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്.”

മന്ത്രിമാരുടെ ലൈംഗികജീവിതത്തിനു വിപ്പ് കൊടുക്കുന്ന പ്രവര്‍ത്തനത്തെ സത്യം തുറന്നു പറയലായി മഹത്വവല്‍ക്കരിക്കുന്നത് സാസ്‌കാരികകേരളത്തിനു നല്ലതല്ല. സ്ത്രീലമ്പടന്‍ എന്ന വാക്കു പോലും പലപ്പോഴും ആപേക്ഷികമാണ്. ആരോഗ്യമുള്ളപ്പോള്‍ പെണ്ണുപിടിക്കുകയും പിക്കപ്പ് പോയ ശേഷം സദാചാരത്തിന്റെ കാവല്‍മാലാഖയായിത്തീരുകയും ചെയ്യുന്നത് ധീരതയല്ല, ഗതികേടാണ്.

ഈസ്റ്ററിന്റെ അരൂപിയില്‍ കഴിയുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും എന്റെ ആശംസകള്‍.

പ്രണയം നികൃഷ്ടമല്ല വിപ്പേ…

വര്‍ഷങ്ങള്‍ക്കു മുമ്പ്. മലയോരമേഖലയിലെ ഒരു കൊച്ചുവെളുപ്പാന്‍കാലം. വൈദ്യശാസ്ത്രരതിക്രീഡ കഴിഞ്ഞ് രാത്രി നെഞ്ചും തിരുമ്മി ഇറങ്ങി വന്ന പൊതുപ്രവര്‍ത്തകനെ മണിക്കൂറുകളായി പുറത്ത് കാത്തിരുന്ന യുവതുര്‍ക്കികള്‍ വളഞ്ഞു. വീരശൂരനായകന്റെ സദാചാരവൈരുധ്യം കയ്യോടെ പിടിച്ചതായി പ്രഖ്യാപിച്ചു അവര്‍ ഡയലോഗുകള്‍ കാച്ചി. നെഞ്ചില്‍ നിന്നൊരു രോമം പിഴുത് കാറ്റില്‍ പറത്തി പൊതുപ്രവര്‍ത്തകന്‍ ചെറുചിരിയോടെ പറഞ്ഞു- ചുമ്മാ ഈ വെളുപ്പാന്‍കാലത്ത് തൂക്കിയിട്ടോണ്ടിവിടെ വന്നു നില്‍ക്കാതെ വല്ലോടത്തും പോയി പൂശാന്‍ നോക്കെടാ… മഞ്ഞുകൊണ്ട് പനി പിടിപ്പിക്കാതെ മക്കള് ചെല്ല്- നേതാവ് കാറില്‍ കയറി പോയപ്പോള്‍ യുവതുര്‍ക്കികള്‍ക്ക് നഷ്ടബോധം തോന്നി.

വര്‍ഷങ്ങള്‍ക്കു ശേഷം മന്ത്രി ഗണേഷ് കുമാറിന്റെ വ്യക്തിജീവിതത്തെപ്പറ്റി ചീഫ് വിപ്പ് പി.സി.ജോര്‍ജ് പരസ്യപ്രഖ്യാപനങ്ങള്‍ നടത്തുന്നതു കേള്‍ക്കുമ്പോള്‍ അന്ന് ആ യുവതുര്‍ക്കികളോടു പറഞ്ഞ ഡയലോഗ് കാലം ടിയാനോടു പറഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. ഗണേഷ് കുമാര്‍ വ്യക്തിപരമായി ഏതു തരത്തിലുള്ള ആളാണെന്നു നോക്കി അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്താനുള്ള തന്ത്രപരമായ നീക്കം ഏതു കണ്ണിലൂടെ നോക്കിയാലും ആഭാസമാണ്. പി.സി.ജോര്‍ജ്് ഒരു നികൃഷ്ടജീവി ആണെന്നു മറ്റുള്ളവര്‍ പറയുന്നതില്‍ അല്‍പം കാര്യമില്ലാതില്ല എന്നിപ്പോള്‍ നാട്ടുകാര്‍ക്കും തോന്നുന്നുണ്ട്.

അല്‍പം റൊമാന്റിക്കായ ആണുങ്ങള്‍ സ്ത്രീകളെ പ്രേമിക്കുന്നത് നാട്ടുനടപ്പുള്ള കാര്യമാണ്. ക, മ, പു തുടങ്ങിയ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നവര്‍ക്ക് റൊമാന്റിക് എന്നു പറഞ്ഞാല്‍ എന്താണെന്നു മനസ്സിലാവണമെന്നില്ല. പിന്നെ, കാമുകിയുടെ ഭര്‍ത്താവ് മര്‍ദിക്കുന്നതും ലോകത്ത് ആദ്യമായി നടക്കുന്ന കാര്യമല്ല. ഭര്‍ത്താവുള്ള സ്ത്രീയെ പ്രേമിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവിന്റെ അടി വാങ്ങാനുള്ള സന്മനസ്സോടു കൂടി തന്നെയാവും എല്ലാവരും പ്രേമിക്കുന്നത്. അല്ലാതെ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ കാണുമ്പോള്‍ ഓച്ഛാനിച്ചു മാറി നില്‍ക്കുന്ന നാട്ടുനടപ്പില്ല. ഇതൊക്കെയാണെങ്കിലും മന്ത്രിയുടെ വസതിയിലോ ഓഫിസിലോ നിയമസഭയ്ക്കുള്ളിലോ വച്ച് ഗണേഷ് കുമാര്‍ പ്രേമലീലകള്‍ കൊണ്ടാടിയിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചീഫ് വിപ്പിന് എന്തിന്റെ കഴപ്പാണ് എന്ന് എനിക്കു മനസ്സിലാവുന്നില്ല. ഗണേശന്‍ പ്രേമിക്കുകയോ പ്രേമിക്കാതിരിക്കുകയോ ചെയ്യട്ടെ, അയാളുടെ മന്ത്രിപ്പണിയെപ്പറ്റി മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ പൊതുജനം. പരസ്ത്രീകളുടെ മുഖത്തുനോക്കാത്ത ഒരു മന്ത്രിയെ അല്ലല്ലോ, നാട്ടില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒരു മന്ത്രിയെ ആണല്ലോ നമുക്കാവശ്യം. അക്കാര്യത്തില്‍ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിമാരിലൊരാളാണ് ഗണേഷ് എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാലയളവില്‍ തന്റെ വകുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നു നോക്കിയാല്‍ തന്നെ കാര്യം വ്യക്തമാവും. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ചാനലുകളില്‍ കയറിയിറങ്ങി നടക്കുന്ന നാരദന്‍മാര്‍ക്ക് ഇത് മനസ്സിലായിക്കൊള്ളണം എന്നുമില്ല.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഗണേശന്‍ പ്രേമിക്കുക എന്ന ലോകോത്തരമായ കാര്യമാണ് ചെയ്തതെങ്കില്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പി.സി.ജോര്‍ജിനെതിരേ ഉന്നയിച്ചിരിക്കുന്നത് അതീവഗുരുതരമായ ആരോപണങ്ങളാണ്. ജഗതി ആശുപത്രിയില്‍ കിടക്കുമ്പോള്‍ മൂത്ത മകളുടെ അമ്മായിയപ്പന്‍ ഇളയ മകള്‍ക്ക് സ്വസ്ഥത കൊടുക്കുന്നില്ല എന്നത് ചെറിയ കാര്യമല്ല. അങ്ങനെ നോക്കുമ്പോള്‍ ഗണേശനല്ല, മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിപ്പച്ചായനാണ് രാജിവച്ച് പൂഞ്ഞാറിനു പോകേണ്ടത്. എന്തായാലും മൊത്തത്തില്‍ പൂഞ്ഞാറുകാര്‍ക്ക് ഒരു നാണക്കേടാണ് ഈ ജന്മം എന്നത് തുറന്നു പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.

ജോര്‍ജൂട്ടി c/o ജോര്‍ജൂട്ടി

ലോകത്തൊരു ചീഫ് വിപ്പും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു,ഒരു ഭ്രാന്തനെപ്പോലെ(അങ്ങേര് ഒരു മിതവര്‍ണ ക്രിസ്‍ത്യാനിയായതുകൊണ്ട് ഞാനൊന്നും പറയുന്നില്ല).ഇപ്പോള്‍ ഏറെക്കുറെ അടങ്ങാറായ മട്ടാണ്.ഞങ്ങള്‍ പൂഞ്ഞാറുകാരുടെ അഭിമാനമായ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ തളയ്‍ക്കുന്നതിനെക്കാള്‍ എളുപ്പം ഇങ്ങനെ കയറൂരിവിട്ട ശേഷം നാട്ടുകാരെക്കൊണ്ട് ചങ്ങലക്കിടുന്നതാണെന്ന് നേരത്തെ അറിയാമായിരുന്ന മാണി സാറ് ഭജിച്ചുകൊണ്ടിരുന്ന മൗനത്തിന് ഇപ്പോള്‍ നൂറ് അര്‍ഥമാണ്.അല്ലെങ്കിലും മരങ്ങാട്ടുപള്ളിക്കാര്‍ക്ക് ഒടുക്കത്തെ ബുദ്ധിയാണ്.

ഇരട്ടപ്പദവി പ്രശ്നത്തില്‍ കുടുങ്ങി രാജി വയ്‍ക്കേണ്ടി വന്നാലും,കോണ്‍ഗ്രസുകാര്‍ പതിവുപോലെ കാലു വാരിയാലും വിപ്പിനെ പൂഞ്ഞാറുകാര്‍ ഇരട്ടി ഭൂരിപക്ഷത്തോടെ ജയിപ്പിച്ചുവിടും.ഇനി അങ്ങേര് ഒരു കോപ്പുമായില്ലെങ്കിലും അങ്ങേര്‍ക്കു ചുറ്റും ചാനലുകാര്‍ കൂടുമെന്നത് ഉറപ്പായി.സന്തോഷ് പണ്ഡിറ്റിനെപ്പോലെ പുള്ളിയും ആളെക്കൂട്ടാനുള്ള നമ്പരുകളൊക്കെ കുറഞ്ഞ നാളുകള്‍കൊണ്ടിറക്കിക്കഴിഞ്ഞു.പൂഞ്ഞാറുകാരെ സംബന്ധിച്ചിടത്തോളം ജോര്‍ജ് ആശാന്റെ വായില്‍ നിന്നു കേള്‍ക്കുന്നതില്‍ ഏറ്റവും ലൈറ്റായ സംഗതികള്‍ കേട്ടാണ് സാംസ്കാരികകേരളം ഞെട്ടിത്തരിച്ചു നില്‍ക്കുന്നത് എന്നത് ഒരു കോമഡിയാണ്.

കേരളത്തിലെ സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്ത ജോര്‍ജിനെ തല്ലണം എന്നാണ് ജനാധിപത്യമഹിളാ അസോസിയേഷന്റെ ആരോ ഒരു സീമ പറഞ്ഞിരിക്കുന്നത്.അന്ന് എംഎല്‍എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡ് മഹിളയെ കയറിപ്പിടിച്ചെന്ന് ആരോപണമുണ്ടായപ്പോള്‍ സഭയില്‍ എംഎല്‍എമാരെ പീഡിപ്പിക്കുന്നു എന്നും പറഞ്ഞ് മാര്‍ച്ച് നടത്തിയതും ഇതേ സംഘടനയാണ്.അപ്പോള്‍ ചീഫ് വിപ്പ് ആ മഹിളയെപ്പറ്റി പറഞ്ഞത് ശരിയോ തെറ്റോ എന്നു ചോദിക്കരുത്.രാഷ്ട്രീയക്കാരിയല്ലാത്ത ആ ജീവനക്കാരിയെ രാഷ്ട്രീയലാഭത്തിനായി ആഭാസകരമായ പദപ്രയോഗത്തിലൂടെ പൊതുവേദിയില്‍ വലിച്ചിഴച്ചത് ഒരു ചീഫ് വിപ്പിനോ ജനപ്രതിനിധിക്കോ എന്നല്ല,വീട്ടില്‍ പെണ്ണുങ്ങളുള്ള ഒരു പൂഞ്ഞാറുകാരനും ചേര്‍ന്നതല്ല.

എ.കെ.ബാലന്‍ പട്ടികജാതിക്കാരനായതുകൊണ്ട് താനൊന്നും പറയുന്നില്ല എന്നു പറഞ്ഞ വിപ്പ് തൊട്ടുപിന്നാലെ അദ്ദേഹത്തെ എടാ എന്നും പൊട്ടാ എന്നും സംബോധന ചെയ്യുന്നുണ്ട്. എല്ലാം വിപ്പിനുള്ള സ്‍ട്രോങ് ആപ്പുകളാണ്.എങ്കിലും,ശുഭന്‍ എന്നത് വിശുദ്ധപദമാണ് എന്നു വ്യാഖ്യാനിച്ച മുന്‍ഷിയുടെ സഹായത്താല്‍ പട്ടികജാതിക്കാരനായതുകൊണ്ടുള്ള ബഹുമാനം കൊണ്ട് താനൊന്നും പറയുന്നില്ല എന്നാണുദ്ദേശിച്ചതെന്നും എടാ എന്നത് കാവ്യശൈലിയില്‍ പറഞ്ഞതാണെന്നും പൊട്ടന്‍ എന്നു വച്ചാല്‍ പൊട്ട് + അന്‍ = പൊട്ടന്‍ എന്നാണെന്നും അതുകൊണ്ട് പൊട്ടന്‍ = തിലകന് എന്നാണെന്നുമൊക്കെ വ്യാഖ്യാനിച്ച് മറ്റേ പാര്‍ട്ടി ശുംഭന്‍മാരാക്കുന്നതുപോലെ വിപ്പിന് നമ്മളെ പൊട്ടന്‍മാരുമാക്കാം.

വിപ്പിന്റെ പ്രസംഗഭാഗത്തെ പ്രകോപനപരമായ സംഗതി ബാലേട്ടന്‍ ഗണേശനെ മിസ്റ്റര്‍ ഗണേശ് എന്നു വിളിച്ചത് എന്തോ തെറ്റായിപ്പോയി എന്ന സൂചനയാണ്.ഗണേശന്‍ മന്ത്രിയെ മന്ത്രി ഗണേഷ് കുമാര്‍ എന്നു തന്നെ വിളിക്കണം എന്നു നിര്‍ബന്ധമില്ല.പിള്ളയുടെ മകന്‍ ഗണേശ് എന്നു വിളിക്കുന്നതിനെക്കാള്‍ സ്വീകാര്യതയും നിലവാരവുമുള്ള വിളിയാണ് മിസ്റ്റര്‍ ഗണേശ് എന്നുള്ളതെന്നിരിക്കെ ഗണേശനെ ബാലേട്ടന്‍ കൂടുതല്‍ ബഹുമാനിക്കേണ്ടിയിരുന്നു എന്ന സൂചന പുരോഗമനപരമല്ല.

അതൊക്കെ പോട്ടെന്നു വയ്‍ക്കാം.ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ രാത്രി 9ന്റെ വിചാരണക്കിടെ ആരാധ്യനായ നികേഷ് കുമാര്‍ പി.സി.ജോര്‍ജിനോടു ചോദിക്കുന്നു- താങ്കള്‍ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് ആ വാക്കുകള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞ് പ്രശ്നം ഇവിടെ വച്ച് അവസാനിപ്പിക്കാന്‍ തയ്യാറാണോ എന്ന്. ഇവനാര് ? കേരള മുഖ്യമന്ത്രിയോ ? അതോ സുപ്രീം കോടതി ജഡ്‍ജിയോ ? ഒരു ജനപ്രതിനിധിയെ വിചാരണ ചെയ്യുന്നതിലെ വിവരക്കേട് പോട്ടെന്നു വയ്‍ക്കാം,തന്റെ കാര്‍മികത്വത്തില്‍ ജോര്‍ജിനെക്കൊണ്ട് ബാലേട്ടനോട് മാപ്പു പറയിക്കാം എന്നു വ്യാമോഹിച്ച ആ തിരുമണ്ടന് എന്റെ നല്ല നമസ്‍കാരം (എനിക്കു 50 ഓഹരിയുള്ള മനോരമ ചാനലിനു റിപ്പോര്‍ട്ടര്‍ ചാനല്‍ ഭീഷണിയാകുമോ എന്ന ആശങ്കയാല്‍ ആ വിശുദ്ധ ചാനലിനു നേരെ ഞാന്‍ നടത്തുന്ന ആക്രമണങ്ങളോട് സഹകരിക്കണം എന്നപേക്ഷിക്കുന്നു).

ഒരു സെക്യുലര്‍ മകന്‍ മാണിഗ്രൂപ്പ് ഫാദറിനെഴുതിയ കത്ത്

സ്നേഹനിധിയായ അപ്പച്ചാ,

എന്തൊക്കെയുണ്ടപ്പച്ചാ വിശേഷങ്ങള്‍ ? സുഖം തന്നെയല്ലേ ? വീട്ടിലേക്ക് ഞാന്‍ വന്നിട്ട് അഞ്ചു വര്‍ഷമായെങ്കിലും എല്ലാ ദിവസവും ഞാന്‍ അപ്പച്ചനെക്കുറിച്ച് ഓര്‍ക്കാറുണ്ടായിരുന്നു. അപ്പച്ചന് ഷുഗര്‍ നോക്കുന്ന യന്ത്രം വാങ്ങാനെന്നു പറഞ്ഞ് അമ്മച്ചിയുടെ കയ്യില്‍ നിന്ന് അയ്യായിരം രൂപയും വാങ്ങി ഇറങ്ങിപ്പോന്ന പോക്കാണ്. ഇപ്പോള്‍ ഷുഗറൊക്കെ എങ്ങനെയുണ്ടപ്പച്ചാ ? സൂസമ്മയാന്റിക്കും ഷീലച്ചേച്ചിക്കും ഒക്കെ സുഖമല്ലേ ? കഴിഞ്ഞ കോളജ് ഇലക്ഷന്‍ കാലത്ത് ഷീലച്ചേച്ചിയുടെ കോളജില്‍ ഒരു സമരവുമായി പോയവഴി എന്റെ കൂടെയുണ്ടായിരുന്നവര്‍ ചേച്ചീടെ മാരുതി സെന്നിന്റെ ചില്ലുപൊട്ടിച്ച കേസില്‍ ചേച്ചി എന്നൊടു പിണക്കമായിരിക്കും. യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റിലേക്ക് അളിയന്‍ മല്‍സരിച്ചപ്പോള്‍ അളിയനെ തോല്‍പിക്കാന്‍ ഞാന്‍ രാഷ്ട്രീയപരമായി കളിച്ചു എന്നു പറഞ്ഞ് അളിയനും എന്നോട് പിണക്കമാണ്. എനിക്കിപ്പോള്‍ എല്ലാം മനസ്സിലായി അപ്പച്ചാ, രാഷ്ട്രീയവും പാര്‍ട്ടിയുമൊന്നുമല്ല, വീടും കുടുംബവും ബന്ധങ്ങളും തന്നെയാണ് നമ്മുടെയൊക്കെ ജീവിതത്തില്‍ പ്രധാനം.

ഞാനിങ്ങനെയൊരു കത്തെഴുതുമ്പോള്‍ അപ്പച്ചന്‍ ഇതിന് അനാവശ്യമായൊരു രാഷ്ട്രീയപ്രാധാന്യം നല്‍കരുതേ എന്നൊരപേക്ഷയേ എനിക്കുള്ളൂ. ഇത് വിനീതനായ ഒരു മകന്‍ സ്നേഹസമ്പന്നനായ അവന്റെ പിതാവിന് അയയ്ക്കുന്ന കത്താണ്. അപ്പച്ചന് ഓര്‍മയുണ്ടോ എന്നെനിക്കറിയില്ല. അന്നു ഞാന്‍ നാലാം ക്ളാസില്‍ പഠിക്കുകയാണ്. അമ്മച്ചി പറഞ്ഞിട്ട് കള്ളപ്പമുണ്ടാക്കുന്നതിന് ചെത്തുകാരന്‍ വാസുവിന്റെ കയ്യില്‍ നിന്ന് അന്തിക്കള്ള് വാങ്ങാന്‍ അപ്പച്ചന്റെ കൂടെ ഞാനും റോഡരികില്‍ വന്നു നില്‍ക്കുകയായിരുന്നു. പെട്ടെന്ന് റോഡിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു കാര്‍ പാഞ്ഞുപോയി. ഭയഭക്തി ബഹുമാനങ്ങളോടെ ആ കാറിനെ നോക്കി അപ്പച്ചന്‍ പറഞ്ഞു- മാണിസാറാ ആ പോയത് ! ആ കാറിന്റെ സ്പീഡുകൊണ്ടോ അതിലിരിക്കുന്നയാളോടുള്ള അസൂയ കൊണ്ടോ ഞാനറിയാതെ പറഞ്ഞുപോയത് ചെറ്റ എന്നായിരുന്നു. അന്നാണോ നമ്മള്‍ അകന്നു തുടങ്ങിയത് ? അതോ ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍, പാരമ്പര്യമായി എല്ലാവരും മാണിക്കാരായ നമ്മുടെ തറവാട്ടില്‍ നിന്ന് ആദ്യമായി ഞാന്‍ ജോസഫ് ഗ്രൂപ്പിന്റെ പാനലില്‍ മല്‍സരിച്ചപ്പോഴോ ? എനിക്കറിയില്ല. പിന്നെ അപ്പച്ചന്‍ എനിക്കു മാണിസാറിന്റെ പ്രതീകമായിരുന്നു. മനോരമ റിപ്പോര്‍ട്ടറെ കണ്ട സിപിഎംകാരെപ്പോലെ വെറുപ്പും ഭീതിയും കലര്‍ന്ന മുഖത്തോടെയേ അപ്പച്ചനെന്നെയും നോക്കിയിട്ടുള്ളൂ.
[smartads]
സത്യത്തില്‍ ഞാനാലോചിക്കുകയാണ് അപ്പച്ചാ. മാണിസാറിനോടുള്ള എതിര്‍പ്പാണോ എന്നെ ജോസഫ് ഗ്രൂപ്പിലെത്തിച്ചത് ? ഒരിക്കലുമല്ല അപ്പച്ചാ. പി.ജെ നല്ലൊരു ഗായകനല്ലേ ? അദ്ദേഹം പൊതുപരിപാടികളില്‍ അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം പാടുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നു ലയിച്ചു നില്‍ക്കുമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അന്നും എന്റെയുള്ളിലെ വെളിച്ചം മാണിസാറായിരുന്നു എന്നു ഞാന്‍ തിരിച്ചറിയുന്നു. മാണിസാര്‍ മമ്മൂട്ടിയാണെങ്കില്‍ പി.ജെ മോഹന്‍ലാല്‍ ആയിരുന്നു. പക്ഷെ, പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് മാണിസാറിന്റെ ഉള്ളില്‍ ആരുമറിയാതെ മോഹന്‍ലാലും സുരേഷ്്ഗോപിയും ദിലീപും എല്ലാം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന്. പക്ഷെ, അപ്പോഴേക്കും ജോസഫ്ഗ്രൂപ്പ് പിന്നെയും പിളര്‍ന്നിരുന്നല്ലോ. പി.സി.ജോര്‍ജിനോടൊപ്പം പോകാന്‍ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ലല്ലോ. പൂഞ്ഞാറിന്റെ വികസനത്തിന് എന്തതുകൊണ്ടും നല്ലത് ഒരു പൂഞ്ഞാറുകാരന്‍ തന്നെയാണന്നാണ് എന്റെ ബാലമനസ്സ് വിശ്വസിച്ചത്. അതൊരു തെറ്റാണോ അപ്പച്ചാ ? വികസനമല്ലേ എല്ലാറ്റിലും പ്രധാനം ? ഞാനും അത്രയേ ചിന്തിച്ചള്ളൂ. പി.സി.ജോര്‍ജ് മോശക്കാരനാണെന്നു ഞാന്‍ പറയില്ല. പക്ഷെ, മാണിസാര്‍ കുഴപ്പക്കാരനാണെന്നും പൂഞ്ഞാറിനുള്ള വികസനമെല്ലാം മാണിസാര്‍ പാലായില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നുമൊക്കെ പറഞ്ഞുകേട്ടപ്പോള്‍ എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല അപ്പച്ചാ, സഹിക്കാന്‍ കഴിഞ്ഞില്ല.

പിന്നെ നിരന്തരം പോരാട്ടമായിരുന്നല്ലോ. ഞങ്ങള്‍ പാവം സെക്യുലര്‍കാരെ തോല്‍പിക്കാന്‍ ജോസഫുകാരും മാണിക്കാരുടെ കൂടെ കൂടിയതുപോലെയായി കാര്യങ്ങള്‍. മാണിസാറിന്റെ പാനലില്‍ അപ്പച്ചന്‍ പഞ്ചായത്ത് ഇലക്ഷനു മല്‍സരിച്ചതും കോളജ് തിരഞ്ഞെടുപ്പിന് ഞാന്‍ ജോര്‍ജ് ആശാന്റെ പാനലില്‍ മല്‍സരിച്ചതും ഒരേ സമയത്തായിരുന്നു. അപ്പച്ചനെ തോല്‍പിക്കാന്‍ ഞാന്‍ പോസ്റ്ററുകളെഴുതി, അപ്പച്ചന്റെ ബാനറുകറും പോസ്റ്ററുകളും നശിപ്പിച്ചു, മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ അപ്പച്ചന്റെ മുഖത്ത് ചാണകമെറിഞ്ഞതു പോലും ഞാനാണ്. അതൊക്കെ രാഷ്ട്രീയമല്ലേ അപ്പച്ചാ. രാഷ്ട്രീയത്തില്‍ അപ്പനും മകനുമുണ്ടോ ? അധികാരത്തിലെത്താന്‍ വേണ്ടി പടപൊരുതുന്ന ധീരജവാന്‍മാരല്ലേ ഉള്ളത് ? ഒരു ശരിയായ രാഷ്ട്രീയപ്രവര്‍ത്തകന്‍ അങ്ങനെയല്ലേ വേണ്ടത് അപ്പച്ചാ ?

പക്ഷെ, ഇപ്പോള്‍ എനിക്കെല്ലാം വ്യക്തമാണ് അപ്പച്ചാ. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ജോസഫ് ആയിരുന്നു എന്നു പി.സി പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല. പക്ഷെ, മാണിസാര്‍ നമ്മുടെയെല്ലാം കണ്‍കണ്ട ദൈവമാണ്. സത്യത്തില്‍, ഇല്ലിക്കല്ലിന്റെ മുകളീന്നു തുടങ്ങുന്ന ഒരരുവി ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ചേരുന്നപോലത്തെ ഒരാശ്വാസമാണ് സെക്യുലര്‍ മാണി ഗ്രൂപ്പില്‍ ലയിച്ചപ്പോള്‍. എല്ലാം കഴിഞ്ഞു. ഇന്നലെ മാണിസാറും പി.സിയും കൂടി ഒന്നിച്ചിരുന്നു പത്രസമ്മേളനം നടത്തി, ചായ കുടിച്ചു കോമഡി പറഞ്ഞു ചേട്ടാനിയന്‍മാരെപ്പോലെ പിരിഞ്ഞു. അപ്പച്ചനറിയാമല്ലോ മാണിസാറിന് ഏറ്റവുമധികം ഉപദ്രവങ്ങള്‍ ചെയ്തിട്ടുള്ളത് ഞാനാണ് എന്നൊരഭിപ്രായം പൊതുവേയുണ്ട്. എന്തായാലും മാണിക്കാരും പഴയ സെക്യുലര്‍കാരും എന്നെ ഇപ്പോള്‍ അടുപ്പിക്കുന്നില്ല. എനിക്കിനി ഇരിക്കാനും കിടക്കാനും പാര്‍ട്ടി ഓഫിസുകളില്ല. മാണിസാറിന്റെ പാര്‍ട്ടി ഓഫിസ് പോലെ പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ വീട്ടിലേക്ക് ഞാന്‍ തിരിച്ചു വന്നാല്‍ മാണിസാറ് പി.സിയെ കെട്ടിപ്പിടിച്ചു സ്വീകരിച്ചപോലെ അപ്പച്ചനെന്നെയും സ്വീകരിക്കുമോ ?

എന്റെ പഴയ മുറിയില്‍ ഇപ്പോള്‍ ഒട്ടുപാല്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കണ്ടപ്പോള്‍ സതീശന്‍ പറഞ്ഞു. ജോര്‍ജ് മാണിയില്‍ ലയിച്ച നിലയ്ക്ക് ഞാന്‍ തെണ്ടിത്തിരിഞ്ഞു വന്നുകയറുമെന്നും എനിക്കു പച്ചവെള്ളം തരില്ലെന്നും അപ്പച്ചന്‍ പറഞ്ഞതായി സതീശന്‍ എന്നോടു കള്ളം പറഞ്ഞു. സത്യത്തില്‍ അതു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ കരുതിയത് എന്റെ ഓര്‍മയ്ക്കായി എന്റെ രാഷ്ട്രീയജീവിതത്തിലെ നാഴികക്കല്ലുകള്‍ എഴുതിച്ചേര്‍ത്ത ഡയറികളും കോളജ് ഇലക്ഷനു മല്‍സരിചച്ച കാലത്ത് അച്ചടിച്ച പോസ്റ്ററുകളും അഭ്യര്‍ഥനകളും ഒക്കെ അതേപടി സൂക്ഷിച്ചിട്ടുണ്ടാവുമെന്നും എല്ലാ ദിവസവും അതൊക്കെ പൊടിതട്ടി വച്ച് എന്റെ മടങ്ങിവരവിനായി അപ്പച്ചന്‍ കാത്തിരിക്കുകയായിരിക്കുമെന്നുമാണ്.

മാണിസാറിലുള്ള അടിയുറച്ച വിശ്വാസവും ഭക്തിയുമാണ് അപ്പച്ചാ എന്നെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചത്. ഭക്തഹനുമാന്റെ കാര്യത്തിലെന്നപോലെ എന്റെയും ചങ്കുകീറി നോക്കിയാല്‍ കാണാം അപ്പച്ചാ പുഞ്ചിരിതൂകി രണ്ടിലയില്‍ വാഴുന്ന മാണിസാറിന്റെ രൂപം. എനിക്കുടനെ ഒരു കല്യാണം കഴിക്കണം. എല്ലാവരെയും പോലെ എനിക്കും ലണ്ടനില്‍ നിന്നുള്ള നഴ്സ് മതി. ഇനിയൊരു സത്യം കൂടി അപ്പച്ചനോടു തുറന്നു പറയാം. എന്റെ ആദ്യത്തെ കുഞ്ഞിനു ഞാനിടാന്‍ വച്ചിരിക്കുന്ന പേര് മാണി എന്നാണ്. പെണ്‍കുഞ്ഞാണെങ്കില്‍ മാണിക്യം എന്നിടും. പാലേരി മാണിക്യം എന്നതുപോലെ ഒരു പാലാ മാണിക്യം. എല്ലാം കലങ്ങിത്തെളിഞ്ഞതിനു ളാലം പള്ളീല്‍ 100 മെഴുകുതിരി കത്തിക്കാമെന്നു ഞാന്‍ നേര്‍ന്നിട്ടുണ്ട്.
[smartads]
അന്നു ഞാന്‍ നട്ട റബര്‍മരങ്ങള്‍ ഇപ്പോള്‍ ടാപ്പിങ്ങിനു പാകമായില്ലേ അപ്പച്ചാ ? എനിക്കറിയാം ഇപ്പോഴത്തെ ടാപ്പിങ്ങുകാരുടെ ജാഡകളും അവന്‍മാരുടെ കൂലിയും. പണ്ടത്തെപ്പോലെ പുകപ്പുരയില്‍ ഉണങ്ങാനിട്ടിരിക്കുന്ന ഷീറ്റുകള്‍ കടത്തിക്കൊണ്ടു പോയി വില്‍ക്കുന്ന സോജന്‍ ആയിട്ടല്ല, ടാപ്പിങ് നടത്തി റബര്‍ ഷീറ്റ് കൃത്യമായി പുകപ്പുരയില്‍ ഉണങ്ങാനിടുന്ന അനുസരണയുള്ള മകനായിട്ടാണ് ഞാന്‍ മടങ്ങി വരുന്നത്. എനിക്ക് ഒന്നേ പറയാനുള്ളൂ, ഞായറാഴ്ച രാവിലെ ഞാന്‍ വന്നു കയറുമ്പോള്‍ ഇറങ്ങിപ്പോടാ തെണ്ടീ എന്നു മാത്രം അപ്പച്ചന്‍ പറയരുത്. പാര്‍ട്ടി ഓഫിസിലും എംഎല്‍എയുടെ വീട്ടിലും ഒന്നും എനിക്കിനി കിടക്കാന്‍ പറ്റില്ലെന്നറിയാമല്ലോ. പിന്നെയും പിന്നെയും പിളരുമെന്നു തിരുവെഴുത്തുകളില്‍ പറഞ്ഞിട്ടുള്ള കേരളാ കോണ്‍ഗ്രസ് ഇങ്ങനെ പ്രകൃതിവിരുദ്ധമായി കൂടിച്ചേരുമെന്നു നമ്മളാരും വിചാരിച്ചിരുന്നില്ലല്ലോ. എല്ലാം വിധി എന്നല്ലാതെ എന്തു പറയാന്‍. മാണിസാറിനെ ബഹുമാനിക്കുന്ന രണ്ടിലയെ അദരിക്കുന്ന ഒരു നല്ല കത്തോലിക്കനായി ഇനിയുള്ള കാലം ഞാന്‍ അപ്പച്ചന്റെ കാല്‍ക്കീഴില്‍ കഴിഞ്ഞുകൊള്ളാമെന്ന് ഉറപ്പു തരുന്നു.

സ്വന്തം,
പി.പി. സോജന്‍ പുത്തന്‍പുരയില്‍,
മുന്‍ മണ്ഡലം സെക്രട്ടറി,
മുന്‍ കേരളാ കോണ്‍ഗ്രസ്,
പൂഞ്ഞാര്‍ പി.ഒ, പാലാ.