ബിന്ദു കൃഷ്ണ ചേച്ചിക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ബിന്ദു ചേച്ചിക്ക്,

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം അലങ്കരിക്കുന്ന ചേച്ചിക്ക് എന്റെ വന്ദനം. സമൂഹത്തില്‍ സ്ത്രീകളുടെ ശത്രു സ്്ത്രീകള്‍ തന്നെയാണ് എന്നാരോ പറഞ്ഞിട്ടുള്ളത് ശരിയാണ് എന്നു തോന്നിയത് ചേച്ചിയുടെ ഇന്നലത്തെ പ്രസ്താവന കേട്ടപ്പോഴാണ്. കോണ്‍ഗ്രസിന്റെ പോഷകസംഘടന എന്നതിനെക്കാള്‍ ഒരു വനിതാരാഷ്ട്രീയസംഘടന എന്നതാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലനില്‍പിന്റെ അടിത്തറ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതായത്, കോണ്‍ഗ്രസില്‍ സ്ത്രീപക്ഷ നിലപാടുകള്‍ ഉറപ്പിക്കുന്നതിനും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്കു വേണ്ടി നിലയുറപ്പിക്കുന്നതിനുമൊക്കെ സാധിക്കുമ്പോഴാണ് മഹിളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് വിലയുണ്ടാവുന്നത് എന്ന്.

പീതാംബരക്കുറുപ്പ്- ശ്വേത മേനോന്‍ വിവാദത്തില്‍ ശ്വേത മേനോന് പരാതിയില്ലാതായതോടെ ആ പ്രശ്‌നം അവസാനിച്ചതാണ്. പക്ഷെ, ബിന്ദു ചേച്ചിയുള്‍പ്പെടെയുള്ള ആളുകള്‍ ശ്വേത മേനോനെ കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ തറവേല കാണിക്കുമ്പോള്‍ ചേച്ചിയും ഒരു സ്ത്രീയല്ലേ എന്നു വിസ്മയത്തോടെ ചോദിക്കാനാഗ്രഹിക്കുകയാണ്. പീതാംബരക്കുറുപ്പും പി.ജെ.കുര്യനുമൊക്കെ പരമപരിശുദ്ധന്‍മാര്‍ തന്നെയാണെന്നു ബിന്ദു ചേച്ചി പറഞ്ഞു നടക്കുന്നത് ഗതികേടുകൊണ്ടാവാം എന്നതിനാല്‍ അത് മുറയ്ക്ക് നടക്കട്ടെ. പക്ഷെ, അതോടൊപ്പം ചേച്ചിയുടെ വിശുദ്ധന്‍മാരുടെ വീഴ്ചകള്‍ മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ഒരുതരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനമല്ലേ എന്നു വളരെ സഹോദരസഹജമായി ഞാന്‍ ചോദിക്കുകയാണ്.

പീതാംബരക്കുറുപ്പ്-ശ്വേതാ വിവാദത്തോടെ കേരളസമൂഹത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ മൊത്തത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് എന്നു ചേച്ചി പറഞ്ഞത് ചേച്ചിക്കു വിവരമില്ലാഞ്ഞിട്ടാണോ അതോ രാഷ്ട്രീയത്തില്‍ വളരാന്‍ വേണ്ടി എത്ര തറയാവാനും തയ്യാറാണ് എന്നുള്ള തുറന്ന പ്രഖ്യാപനമണോ എന്ന് എനിക്കറിയില്ല. രണ്ടായാലും ചേച്ചിയുടെ പ്രസ്താവന കേരളസമൂഹത്തില്‍ കൂടുതലും മന്ദബുദ്ധികളാണെന്ന മുന്‍വിധിയോടെയുള്ളതായിപ്പോയി എന്നാണ് അത് കേട്ടപ്പോള്‍ എനിക്കു തോന്നിയത്. കാലം മാറിക്കൊണ്ടിരിക്കുകയാണ് ചേച്ചി. നേതാക്കന്‍മാര്‍ പത്രസമ്മേളനങ്ങളില്‍ പറയുന്നതു കേട്ട് ജനം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന കാലത്തില്‍ നിന്ന് പത്രസമ്മേളനങ്ങളില്‍ വിളമ്പുന്ന വിവരക്കേടുകളിലൂടെ നേതാക്കന്‍മാരുടെ യഥാര്‍ഥമുഖം ജനങ്ങള്‍ മനസ്സിലാക്കുന്ന കാലത്തെത്തി നില്‍ക്കുകയാണ്. പീതാംബരക്കുറുപ്പു സാറും പി.ജെ.കുര്യന്‍ സാറും ദൈവതുല്യരായ വിശുദ്ധജന്മങ്ങള്‍ തന്നെയാണെന്നു ഞങ്ങള്‍ വിശ്വസിച്ചോളാം. ദയവു ചെയ്ത് ഓവറാക്കി ചളമാക്കരുത്.

ശ്വേതയോട് പീതാംബരക്കുറുപ്പ് എന്തെങ്കിലും ചെയ്തതായി ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് പിതൃസഹജമായ വാല്‍സല്യത്തെ ശ്വേത തെറ്റിദ്ധരിച്ചതാണെന്നും ഇതോടെ മൊത്തം കേരളത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഒരു മഹിളാസംഘടനയുടെ പ്രസിഡന്റായ ചേച്ചി തന്നെ പറയുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും നികൃഷ്ടവും നിന്ദ്യവുമാണ് എന്നു പറയാനാഗ്രഹിക്കുന്നു. കേരളത്തിലെ പ്രതിസന്ധി സത്യത്തില്‍ ചേച്ചി തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ പിതൃസഹജവും സഹോദരസഹജവുമായുള്ള ബന്ധങ്ങളെ സ്ത്രീകള്‍ തെറ്റിദ്ധരിക്കുന്നതല്ല. മറിച്ച് അത്തരം സഹജവാസനകളെ ചൂഷണം ചെയ്തുകൊണ്ട് നടത്തുന്ന പീഡനങ്ങളാണ്. അന്യനൊരുത്തന്‍ ദേഹത്തു തൊടുമ്പോള്‍ ശ്രദ്ധിക്കണം എന്നു അമ്മമാര്‍ പെണ്‍മക്കളെ പറഞ്ഞു പഠിപ്പിക്കുമ്പോള്‍ ചേച്ചി ഇങ്ങനെ തിരിച്ചു പറയുന്നത് അമ്മമാരെയും പെണ്‍മക്കളെയും കണ്‍ഫ്യൂഷനിലാക്കില്ലേ ?

കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വീരകഥകളും വിശേഷങ്ങളും കേട്ടും പറഞ്ഞും ജീവിക്കുന്നതിനിടയില്‍ പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി ചേച്ചി അറിയാതെ പോയതുകൊണ്ട് അതാണ് പ്രതിസന്ധി എന്നു കരുതിയതാവാം. കോണ്‍ഗ്രസിനു പുറത്തും ഒരു ലോകമുണ്ട് ചേച്ചീ. അവിടെയും പിതാക്കന്‍മാരും സഹോദരന്‍മാരും അമ്മ പെങ്ങന്‍മാരുമുണ്ട്. പിതാക്കന്‍മാര്‍ കൊച്ചുപെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊല്ലുകയും കൂട്ടിക്കൊടുക്കുകയും സഹോദരന്‍മാര്‍ ചേര്‍ന്ന് സഹോദരരിയെ ബലാല്‍സംഗം ചെയ്യുകയും ഇറച്ചിവിലയ്ക്ക് വില്‍ക്കുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങള്‍ ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്ന ചേച്ചി പിതാംബരക്കുറുപ്പ് പ്രശ്‌നം വന്നപ്പോള്‍ അപരിചിതരായ ആളുകളുടെ സ്പര്‍ശനങ്ങളെ സ്ത്രീകള്‍ പിതൃ-സഹോദര സ്പിരിറ്റിലെടുക്കാത്തതാണ് സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്നു പറയുന്നത് തികഞ്ഞ അശ്ലീലമാണ് എന്ന് സഹോദരസഹജമായി ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി.ജെ.കുര്യനെയും ശ്വേതയുടെ പരാതിക്കിരയായ പീതാംബരക്കുറുപ്പിനെയും വെള്ള പൂശുന്ന ചേച്ചി എല്‍ഡിഎഫുകാരനായ ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ മറ്റൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് ചേച്ചിയുടെ നിഷ്‌കളങ്കത കൊണ്ടായിരിക്കാം. എല്ലാവരും സഹോദരീ സഹോദരന്‍മാരായിട്ടുള്ള ഒരു നാട്ടില്‍ ഞാന്‍ ഒരനിയന്റെ സ്ഥാനത്തു നിന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം. ചേച്ചി എന്തായാലും പിതൃസഹോദര ബന്ധങ്ങളെ അങ്ങനെ തന്നെ ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും വേണം. മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുപോലെ ഭാവിയില്‍ ദേശീയ പ്രസിഡന്റ് സ്ഥാനവും പില്‍ക്കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും നേടാന്‍ ചേച്ചിക്കു കഴിയട്ടെ എന്നാശംസിച്ചു കൊണ്ടു നിര്‍ത്തുന്നു.

എന്ന് സഹോദരസഹജന്‍.

നരച്ച കൃതാവുള്ള ബാജി

കള്ളക്രിസ്ത്യാനികളും മലപ്പുറം മാപ്ലാരും പെരുന്നാള് കഴിക്കുന്ന സംസ്ഥാന നിയമസഭയില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഉല്‍സവം നടത്താന്‍ കച്ചകെട്ടിയിറങ്ങിയ ജി.സുകുമാരന്‍ നായര്‍ വിധിവൈപരീത്യം കൊണ്ട് യുഗപ്രതിസന്ധിയിലായപ്പോള്‍ രക്ഷകനായി അവതരിച്ചയാളാണ് ശരീരം നിറയെ രോമമുള്ള, കൃതാവ് നരച്ച നമ്മുടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍. മരിച്ചുപോയ രണ്ടു പേര്‍ അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ച എന്‍എസ്എസിന് അനുകൂലമായിരുന്നു എന്നദ്ദേഹം പറഞ്ഞതോടെ സുകുമാരന്‍ നായര്‍ കരകയറി. പക്ഷെ, അസമയത്ത് സൂര്യനെല്ലി പൂത്തതോടെ കുര്യന്‍ സാര്‍ തന്‍റെ കൃതാവു കറുപ്പിക്കുകയോ പൂര്‍ണമായി വെളുപ്പിക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. ഒരു തിരിച്ചറിയല്‍ പരേഡിനുള്ള വാര്‍ധക്യം ഇനിയും ബാക്കിയാണ്.

കുര്യന്‍ സാര്‍ സുകുമാരന്‍ നായരെ പിന്തുണച്ചത് എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം പറയുന്നത് അന്ന് സൂര്യനെല്ലി കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന ജോഷ്വ സാറാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ കുര്യന്‍ സാര്‍ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന ദിവസം, കുര്യന്‍ സാര്‍ എസ്കോര്‍ട്ടില്ലാതെ നടത്തിയ യാത്രയിലെ തെളിവുകള്‍ ഇല്ലാത്ത ഏതാനും മണിക്കൂറുകള്‍ അദ്ദേഹം തന്നോടൊപ്പം എന്‍എസ്എസ് ആസ്ഥാനത്തുണ്ടായിരുന്നു എന്ന് അന്നു സുകുമാരന്‍ നായര്‍ നല്‍കിയ മൊഴിയാണത്രേ കേസില്‍ നിന്നും കുര്യന്‍ സാറിനെ രക്ഷപെടുത്തിയത്. കേസിലെ അവശേഷിക്കുന്ന ജോഷ്വമാര്‍ ഇനിയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മന്ത്രിസഭയിലെ സല്‍പേരു ശിശുക്കളുടെ ഡയപര്‍ മാറ്റി മാറ്റി മടുക്കും.

സിസ്റ്റര്‍ അഭയയുടെ സ്വാഭാവിക ദുര്‍മരണത്തിന്‍റെ പേരില്‍ പരമപരിശുദ്ധരായ വൈദികശ്രേഷ്ഠരെ കരിവാരി തേക്കുന്നതുപോലെ സൂര്യനെല്ലി കേസിന്‍റെ പേരില്‍ കുര്യന്‍ സാറിനെയും കരിവാരി തേക്കുന്നത് സിപിഎമ്മിനെ തകര്‍ക്കാന്‍ ഒബാമയും തിരുവഞ്ചൂരും ഗൂഢാലോചന നടത്തി എന്നു പറയുന്നതുപോലെയാണ് എന്നാണ് പലരും വിചാരിക്കുന്നത്. കുര്യന്‍ സാറിന്‍റെ പടം പത്രത്തില്‍ കണ്ട് തിരിച്ചറിയുകയും വിവരം പൊലീസിനോടു പറയുകയും ചെയ്തിട്ട് വര്‍ഷം 15 കഴിഞ്ഞെങ്കിലും പൊലീസിനു വിസ്മയം തീര്‍ന്നിട്ടില്ല. പോരെങ്കില്‍ നായനാരുമായി ചര്‍ച്ച ചെയ്ത് കുര്യന്‍ സാര്‍ നിരപരാധിയാണെന്നു തീരുമാനിച്ച കാര്യം കേസന്വേഷിച്ച സിബി മാത്യൂസ് വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു കേസിലേക്ക് ഈ കാലം കെട്ട കാലത്ത് കുര്യന്‍ സാറിനെ വലിച്ചിഴയ്‍ക്കുന്നത് നികൃഷ്ടവും നിന്ദ്യവും നിരാശാജനകവുമാണത്രേ.

സ്ത്രീപീഡകരെ കയ്യാമം വച്ചു നടത്തിക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് അധികാരത്തിലേറുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്ത ശേഷം പ്രതിപക്ഷസ്ഥാനത്തെത്തിയപ്പോള്‍ പത്രസമ്മേളനങ്ങള്‍ വഴി ജനങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സഖാവ് വിഎസ്, കുര്യന്‍ രാജി വയ്‍ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കുര്യന്‍ സാര്‍ പീഡനം നടത്തിയോ എന്നൊന്നും നമുക്ക് പറയാനാവില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ യുഡിഎഫുകാര്‍ കുര്യന്‍ സാറിന്‍റെ മാനം കാക്കാന്‍ പത്രപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കുര്യന്‍ സാര്‍ കേസില്‍പ്പെട്ടത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ് എന്നാണ് ഉമ്മന്‍ ചാണ്ടി സാര്‍ പറയുന്നത്.

ഇവിടെയിപ്പോള്‍ ഇര കുര്യന്‍ സാറാണോ സൂര്യനെല്ലി പെണ്‍കുട്ടിയാണോ എന്നു നമുക്ക് സംശയം തോന്നും. യുഡിഎഫ് നേതാക്കന്‍മാരുടെ പ്രതികരണങ്ങള്‍ കണ്ടാല്‍ സൂര്യനെല്ലി പെണ്‍കുട്ടി പാവപ്പെട്ട കുര്യന്‍ സാറിനെ അനവസരത്തില്‍ പീഡിപ്പിക്കുകയാണെന്നു തോന്നും. എന്തുകൊണ്ട് ആ പെണ്‍കുട്ടി ഇത്ര കാലത്തിനു ശേഷവും ശരീരം നിറയെ രോമമുള്ള, കൃതാവ് നരച്ച ബാജിയെ ഭയപ്പെടുന്നു ? എന്തിന് ഇപ്പോഴും ബാജിയുടെ പേര് പറഞ്ഞ് വീണ്ടും മാധ്യമങ്ങളില്‍ വരുന്നു ? മാധ്യമശ്രദ്ധ കൊണ്ട് ജീവിതം നരകമായിപ്പോയ ഒരു പെണ്‍കുട്ടി വീണ്ടും അതേ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് ആത്മാവിനുള്ളില്‍ നിന്നു സത്യം മുട്ടിവിളിക്കുന്നതുകൊണ്ടായിരിക്കുമെന്ന് മനസ്സിലാക്കാനുള്ള വിവേകം ഉമ്മന്‍ ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാവട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുകയാണ്.

അഭയ കേസുപോലെ അല്ല സൂര്യനെല്ലി കേസ്. കുര്യന്‍ സാറും സൂര്യനെല്ലി പെണ്‍കുട്ടിയും ഇന്നും ജീവനോടെ ഉണ്ട്. പണ്ട് അന്വേഷിച്ചിട്ട് തെളിഞ്ഞില്ല എന്നു മുഖ്യമന്ത്രി പറയുന്നതിന് എന്തെങ്കിലും മൂല്യം കൊടുക്കേണ്ട കാര്യമുണ്ട് എന്നും തോന്നുന്നില്ല. പണ്ടന്വേഷിച്ചിട്ടു തെളിയാത്തതുകൊണ്ടണല്ലോ വീണ്ടും അന്വേഷിക്കണമെന്നു പെണ്‍കുട്ടി ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതുപോലെ ഇതൊന്നന്വേഷിച്ചാല്‍ പെണ്‍കുട്ടി പറയുന്നതില്‍ കാര്യമുണ്ടോ ഇല്ലയോ എന്നത് മനസ്സിലാക്കാമല്ലോ. കുര്യന്‍ സാര്‍ നിരപരാധിയാണെങ്കില്‍ പിന്നെന്തിനു പേടിക്കണം ? ശാസ്ത്രീയമായ അന്വേഷണം നടക്കുകയും കുര്യന്‍ സാര്‍ നിരപരാധിയാണെന്നു തെളിയിക്കപ്പെടുകയും ചെയ്താല്‍ അതല്ലേ കുര്യന്‍ സാറിനും ഉമ്മന്‍ ചാണ്ടിക്കും കേരളത്തിലെ ജനങ്ങള്‍ക്കും നല്ലത് ? ഇത് ഇനി അന്വേഷിക്കാന്‍ പാടില്ല, കുര്യന്‍ സാറിനെ നോവിക്കാന്‍ പാടില്ല എന്നൊക്കെ പറയുമ്പോള്‍ എന്തു കേസും തെളിയിക്കുന്ന തിരുവഞ്ചൂര്‍ സാറു പോലും അതിലൊരു ലോജിക്കുണ്ടെന്ന് സമ്മതിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

പാലാ മേഘാലയത്തിലാണ്; അഥവാ ഇടുക്കിയില്‍ ഭൂചനമില്ല

ഭൗമശാസ്ത്രവും ഗണിതശാസ്ത്രവും കൂട്ടിച്ചേര്‍ത്ത് അതിനെ രാഷ്ട്രീയം കൊണ്ടു ഹരിക്കുമ്പോള്‍ കിട്ടുന്ന കണക്കനുസരിച്ച് 2011ല്‍ ഇടുക്കിയില്‍ ആകെ ഉണ്ടായ ഭൂചനങ്ങളുടെ എണ്ണം അഞ്ച് മാത്രമാണ്. കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന കണക്കനുസരിച്ച് 2011ല്‍ ആകെയുണ്ടായ ഭൂചലനങ്ങളുടെ എണ്ണം 26. ഇടുക്കിക്കാരോടു ചോദിച്ചാലും അഞ്ചുതവണയിലധികം അവര്‍ സ്ഥാവരജംഗമവസ്‍തുക്കളോടൊപ്പം കുലുങ്ങിയിട്ടുണ്ട്. നവംബറില്‍ മാത്രം 3 വ്യക്തമായ കുലുക്കങ്ങള്‍. ഡിസംബറില്‍ ഇതുവരെ ഒന്ന്. മറ്റുള്ള കുലുക്കങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ നിന്നു മനസ്സിലാവുന്നത്. കേരളത്തില്‍ ആകെ നാലു കലുക്കമേയുണ്ടായിട്ടുള്ളൂ എന്ന് തമിഴ്‍നാടിന്റെ പരസ്യത്തില്‍ കണ്ടത് കേന്ദ്രം വിശ്വസിച്ചു.

രാജ്യസഭയില്‍ പ്രൊഫ. പി. ജെ. കുര്യന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി പറയവേ കേന്ദ്ര ജലവിഭവ വകുപ്പ് സഹമന്ത്രി വിന്‍സെന്‍റ് എച്ച് പാലയാണ് ഇക്കാര്യം അറിയിച്ചത്. 3.2 മുതല്‍ 3.5 വരെ തീവ്രതയുള്ളവയാണ് ഈ ഭൂചലനങ്ങളെന്നും പ്രൊഫ. പി. ജെ. കുര്യന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. മേഘാലയക്കാരനായ വിന്‍സെന്റ് മന്ത്രി പാലാക്കാരനെന്നറിയപ്പെടുമ്പോള്‍ പാലാക്കാരനും തൊടുപുഴക്കാരനുമായ മാണിയും ജോസഫും നിവേദനങ്ങളിലൂടെ കേന്ദ്രത്തിന്റെ ഭൂകമ്പമാപിനി ചലിപ്പിക്കാന്‍ ശ്രമിച്ചത് പാഴായെന്നു തോന്നുന്നു.ഇടുക്കി തമിഴ്‍നാടിന്റേതാണെന്നു പറയുന്നതുപോലെ നമ്മുടെ പാലാ മേഘാലയത്തിന്റേതാണെന്നു പറയാന്‍ ഈ മന്ത്രി മതിയാവും. വരട്ടെ,കാത്തിരിക്കാം.

കേരളത്തിന് പാവയ്‍ക്കയുടെ ഷേപ്പാണെങ്കിലും കറിവേപ്പിലയുടെ വിധിയാണ്. അല്ലെങ്കില്‍ അവഗണനയ്‍ക്കുമപ്പുറം ഇത്തരത്തില്‍ അനീതിക്ക് ഇരയാകാന്‍ ഈ നാടിനു കഴിയില്ല. ഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികള്‍ ഒരു വശത്ത്, അവരെ ചീത്തവിളിച്ചുകൊണ്ടും പ്രശ്നങ്ങളെ ബൗദ്ധികമായി വിശകലനം ചെയ്തുകൊണ്ടും ജീവിക്കുന്ന ഞാനടക്കമുള്ള പ്രബുദ്ധജനങ്ങള്‍ മറുവശത്ത്.തെങ്ങുകയറാനും റബര്‍ വെട്ടാനും മാത്രമല്ല, പൗരധര്‍മം അനുഷ്ടിക്കാനും ആളെക്കിട്ടാനില്ല എന്നു നമ്മള്‍ പരാതിപ്പെടേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.

കേന്ദ്രത്തിന്റെ കണക്കിലെ അഞ്ചു ഭൂചനങ്ങള്‍ ഏതൊക്കെയാണ് എന്നു നമുക്കറിയില്ല. മാധ്യമങ്ങള്‍ പറയുന്ന 26 ഭൂചനങ്ങളില്‍ നിന്ന് ലക്ഷണമൊത്ത അഞ്ചെണ്ണം തിരഞ്ഞെടുത്തതാണോ അതോ ഈ അഞ്ചെണ്ണമൊഴികെയുള്ളവ അനധികൃതചലനങ്ങളാണോ ? സുപ്രീം കോടതി വിധിയുള്ളത് കൊണ്ട് ഡാം പൊട്ടില്ല എന്നു പറയുന്നതുപോലെ ഭൂചനവും കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതു മത്രമേ കണക്കിലെടുക്കുകയുള്ളോ ? ഭയപ്പെടുന്നതുപോലെ ഡാം പൊട്ടുകയും നാല് ജില്ലകള്‍ ഒലിച്ചുപോവുകയും ചെയ്താല്‍ 30 ലക്ഷത്തിന്റെ കണക്കൊന്നും അവിടെ ചിലവാകുകയില്ല. ഈ ഫോര്‍മുലവച്ച് മരണസംഖ്യ കഷ്ടിച്ച് ഒരു രണ്ടായിരമെന്നു പ്രഖ്യാപിച്ചാല്‍ ഭാഗ്യം.

2011ലെ ഭൂചനങ്ങളെല്ലാം 3.5ല്‍ താഴെയുള്ളതാണെന്നു പാലാക്കാരന്‍ മന്ത്രി പറയുമ്പോള്‍ ജൂലൈ 26ലേത് 3.8 തീവ്രതയുള്ളതായിരുന്നെന്നാണ് കേരളത്തിലെ മാപിനികള്‍ പറയുന്നത്. റിക്ടര്‍ സ്‍കെയിലില്‍ ആറു വരെ ഭൂചനമുണ്ടാകാവുന്ന മേഖലയാണ് ഇടുക്കി എന്ന് ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ ഭൂമി തലകുത്തി നിന്നാലും 3.5ല്‍ കൂടിയ ഒരു ഭൂചലനം ഇടുക്കിയിലുണ്ടാവില്ലെന്ന് ദിനമലരില്‍ ഒരു വിദഗ്ധലേഖകന്‍ എഴുതുന്നു. തമിഴ്‍നാട് ഇന്നു പറയുന്നത് നാളെ കേന്ദ്രം പറയുന്നു. കേരളത്തില്‍ നിന്ന് ആകെ പരിഗണിക്കപ്പെട്ടത് നല്ലവനായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞശേഷം പിന്‍വലിക്കുകയോ തിരുത്തുകയോ ഒക്കെ ചെയ്ത സത്യവാങ്മൂലം മാത്രമാണ്.

അവഗണനയുടെ ലെവലൊക്കെ കഴിഞ്ഞു. കേരളം സത്യത്തില്‍ ഒരു അസ്തിത്വപ്രതിസന്ധിയിലാണ്. ശരിക്കും ഇങ്ങനൊരു സംസ്ഥാനം ഉള്ളതാണോ, അതോ ഭൂമി ഉരുണ്ടതാണെന്നൊക്കെ പറയുന്നതുപോലെ അതൊരു സങ്കല്‍പമാണോ ? തമിഴ്‍നാട് കേന്ദ്രത്തെ പറ്റിക്കുന്നതാണോ അതോ കേന്ദ്രവും തമിഴ്‍നാടും കൂടി കേരളത്തെ പറ്റിക്കുന്നതാണോ അതോ കേരളം കേന്ദ്രത്തെയും തമിഴ്‍നാടിനെയും പറ്റിക്കാന്‍ നോക്കുന്നതാണോ അതോ എല്ലാവരും ചേര്‍ന്ന് ഇവിടുത്തെ ജനങ്ങളെ പറ്റിക്കുന്നതാണോ ? ഒരു പിടിയും കിട്ടുന്നില്ല. പലരും ഉണ്ട് എന്നു പറയുന്ന ഈ മുല്ലപ്പെരിയാര്‍ ഡാം ശരിക്കും അവിടെയുണ്ടോ അതോ വീരപ്പന്റെ കാര്യം പറയുന്നതുപോലെ തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങള്‍ മാത്രമേ ആ സാധനം കണ്ടിട്ടുള്ളോ ?