കോണ്‍സ്പിരസി തിയറി

ഗുഡ്‌മോണിങ് സര്‍…

ഗുഡ്‌മോണിങ്… എന്തായി കാര്യങ്ങള്‍ ?

പരിപാടി ആരംഭിക്കാറായി സര്‍… എല്ലാവരും റെഡിയാണ്…

പ്രതിഷേധക്കാരോ മറ്റോ ഉണ്ടോ ?

ഉണ്ട് സര്‍… ധാരാളമുണ്ട്… അവരവിടെ സമാധാനപരമായി പ്രതിഷേധിക്കുകയാണ് സര്‍…

നോക്കൂ… എന്റെ ഇമേജ് ആകെ തകര്‍ന്നു നാശമായിക്കിടക്കുകയാണ്… ഈ പ്രതിഷേധക്കാര്‍ എന്നെ തടയുകയോ കല്ലെറിയുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ എനിക്കത് മുതലെടുക്കാമായിരുന്നു…

നോ സര്‍.. ദാറ്റീസ് ഇംപോസിബിള്‍… അവര്‍ അംഹിംസാവാദികളാണെന്ന വിവരം സാറിനറിയില്ലേ… തിരുവന്തപുരത്ത് അവരുടെ സമരം നടക്കുമ്പോള്‍ നമ്മളെന്തുമാത്രം ഉപദ്രവിച്ചു അവരെ.. ഒരാളും ഒരു ചെറുവിരല്‍പോലും ഉയര്‍ത്തിയില്ല..

എനിക്കറിയാം… അവര്‍ സമാധാനപ്രിയരാണ്… പക്ഷേ…

എന്താണ് സര്‍ ? പറയൂ… സാറെന്താണ് ആലോചിക്കുന്നത് ?

അവരെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കണം… ഏതു വിധേനയെയും അവരെക്കൊണ്ട് എന്നെ കല്ലെറിയിക്കണം.. ആ സഹതാപതരംഗം വഴി ഞാന്‍ പിടിച്ചുകയറിക്കോളാം…

ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല സര്‍.. സമരക്കാരില്‍ പലരെയും ഞാന്‍ നേരിട്ടു കണ്ടതാണ്… ആയിരവും പതിനായിരവുമൊക്കെ ഓഫര്‍ ചെയ്തിട്ടും സാറിനെ കല്ലെറിയാന്‍ അവര്‍ തയ്യാറാവുന്നില്ല സര്‍…

ഹും.. അവരെന്താ പറയുന്നത് ?

അവരെന്നെ തല്ലിയില്ലെന്നേയുള്ളൂ.. അക്രമം ഞങ്ങളുടെ മാര്‍ഗമല്ല.. സാറുമായി ആശയപരമായ എതിര്‍പ്പുള്ളതുകൊണ്ടാണ് സമരം ചെയ്യുന്നത്.. സാറിനെ എന്നല്ല ലോകത്ത് ഒരു മനുഷ്യജീവിയെയും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ അവര്‍ക്കു സാധിക്കില്ല… എന്നൊക്കെ…

ശ്ശൗ.. !

എന്തു പറ്റി സര്‍ ?

എന്റെ കണ്ണുനിറഞ്ഞു പോയെടോ…

ശരിയാണ് സര്‍… എന്റെയും കണ്ണ് അപ്പോള്‍ നിറഞ്ഞായിരുന്നു…

ഞാനീ സ്ഥാനത്തിരിക്കുന്നതുകൊണ്ടാണ്.. അല്ലെങ്കില്‍ എന്നേ ആ പാര്‍ട്ടിയില്‍ ചേര്‍ന്നേനെ..

ഇനി ഞാന്‍ സാറിനോട് ഒരു സത്യം പറയട്ടെ… മനസ്സുകൊണ്ട് ഞാനെന്നും ആ പാര്‍ട്ടിയിലാണ്… വിആര്‍എസ് എടുത്ത് ശിഷ്ടകാലം പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി ജീവിക്കാനാണ് എനിക്കിഷ്ടം…

ഭാഗ്യവാനാണെടോ താന്‍…

താങ്ക്യൂ സര്‍…

അപ്പോ എന്റെ കാര്യമെങ്ങനാ… സ്‌പോട്ടില്‍ നിന്ന് എനിക്കു നേരെ ഒരാക്രമണം നടന്നാല്‍ എനിക്കതു ഗുണം ചെയ്യും… അവരെന്നെ ഉപദ്രവിച്ചു എന്നു വരുത്തിത്തീര്‍ത്താല്‍ അവരുടെ സത്യസന്ധവും നിര്‍വ്യാജവുമായ സമരങ്ങളുടെ മുനയൊടിക്കാന്‍ എനിക്കു സാധിക്കും…

അതു ക്രൂരതയല്ലേ സര്‍ ?

ക്രൂരതയാണ് പക്ഷേ, നമുക്കു വേറെ വഴിയില്ലല്ലോ…

ആ ചന്ദ്രശേഖരന്റെ ആത്മഹത്യ കൊലപാതകമാക്കി അവരുടെ തലയില്‍ വച്ചതു തന്നെ വലിയ ക്രൂരതയായിപ്പോയി… ഇതുകൂടിയാവുമ്പോള്‍…

ശരിയാണ്… എന്നും ക്രൂരതകള്‍ ചെയ്തിട്ടുള്ളത് നമ്മളാണല്ലോ… ഇവിടെത്തന്നെ അവരുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ അക്രമങ്ങളും നമ്മുടെ ആളുകള്‍ ചെയ്തതല്ലേ.. ഇന്നും അങ്ങനെ തന്നെ നടക്കണം…

എങ്ങനെ ?

നമ്മുടെ ആളുകളെ ആരെയെങ്കിലും അവര്‍ക്കിടയില്‍ നിര്‍ത്തിയിട്ട് കല്ലെറിയിക്കണം… അപ്പോള്‍ അത് അവരാണെന്നു നമുക്ക് പ്രചരിപ്പിക്കാം…

പക്ഷെ സാറിന്റെ ദേഹത്തൊരു തരി മണല്‍ വീഴാനവര്‍ സമ്മിക്കില്ല… മറ്റാരെങ്കിലും സാറിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തടയുകയോ അവര്‍ തന്നെഅതേറ്റുവാങ്ങി രക്തസാക്ഷികളാവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്…

ഇനി ഞാന്‍ പറയുന്നത് താന്‍ ശ്രദ്ധയോടെ കേള്‍ക്കണം… എന്നെ കല്ലെറിയുന്നതിനു വേണ്ടി മുംബൈ അധോലോകത്തില്‍ നിന്നു ഞാന്‍ കുറച്ചുപേരെ ഇവിടെ വരുത്തിയിട്ടുണ്ട്… കല്ലെറിയുന്നതില്‍ വളരെ വൈദഗ്ധ്യമുള്ളവരാണ് അവര്‍..

സാര്‍ സീരിയസ്സാണോ ?

അതെ, വളരെ സീരിയസ്സാണ്… അവരിപ്പോള്‍ സമാധാനമായി സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും.. ഞാന്‍ അതുവഴി ചെല്ലുമ്പോള്‍ അവര്‍ കാറിനു നേരെ കല്ലുകളെറിയും…

അതപകടമല്ലേ സര്‍ ?

ഒരപകടവുമില്ല… തെര്‍മോകോള്‍ കൊണ്ടുണ്ടാക്കിയ കല്ലുകളാണ് അവരെറിയുന്നത്… ഒരു ഒറിജിനാലിറ്റിക്കു വേണ്ടി…

അതുകൊണ്ടെന്തു കാര്യം സര്‍ ? അതപ്പോള്‍ തന്നെ പറന്നുപോവില്ലേ ?

ശരിയാണ്… അതിനു കാറിനുള്ളില്‍ ഞാനൊരു വലിയ കല്ലു സൂക്ഷിച്ചിട്ടുണ്ട്… അവര്‍ കല്ലെറിയുന്ന സമയത്ത് ആ കല്ലെടുത്ത് ഞാന്‍ തന്നെ കാറിന്റെ ചില്ലുകള്‍ ഇടിച്ചു പൊട്ടിക്കും…

ഈശ്വരാ….

താനിതു കണ്ടോ ?

എന്താണ് സര്‍ ഇത് ?

സിനിമയില്‍ ചോര കാണിക്കാനുപയോഗിക്കുന്ന കെമിക്കല്‍ ആണ്.. സുതാര്യമായ ഒരു ചില്ലുകുപ്പിയില്‍ ഇതു ഞാന്‍ കയ്യില്‍ സൂക്ഷിക്കും… കാറിന്റെ ചില്ലിടിച്ചു പൊട്ടിച്ചു കഴിഞ്ഞാലുടനേ ഇതു ഞാനെന്റെ നെറ്റിയില്‍ വാരിപ്പൂശും.. എന്നിട്ട് ഇതുമായി സ്റ്റേജിലിരുന്ന് പരിപാടിയില്‍ പങ്കെടുക്കും…

സാറിനെ ആക്രമിക്കുന്നവരെ സമരക്കാര്‍ പിടിച്ചുവച്ചെങ്കിലോ ? അക്രമം നടത്താന്‍ അവര്‍ ആരെയും അനുവദിക്കില്ല സര്‍..

അതിനല്ലേടോ ഞാന്‍ അധോലോകത്തു നിന്നാളെയിറക്കിയത്…

ഒരു സംശയം സര്‍..

ചോദിച്ചോളൂ…

അവരെറിയുന്ന തെര്‍മോകോള്‍ കല്ലുകള്‍ വല്ലതും കാറിനുള്ളിലോ മറ്റോ വീണാല്‍ അത് പാരയാവില്ലേ ?

തെര്‍മോകോളല്ലേ… ഈ വിന്‍ഡോയിലൂടെ അകത്തുവന്നാല്‍ കാറ്റടിച്ച് അടുത്ത വിന്‍ഡോയിലൂടെ പുറത്തു പൊയ്‌ക്കോളും.. കാറിനകത്തു ഞാന്‍ വച്ചിരിക്കുന്ന കല്ലുണ്ടാവുമല്ലോ തൊണ്ടിയായിട്ട്…

പാര്‍ട്ടിക്കാര്‍ സത്യമറിഞ്ഞാല്‍…

അറിയരുത്… ഒരിക്കലും അറിയരുത്…

നമ്മുടെ ഈ ഗൂഢാലോചന വളരെ സുതാര്യമായിരിക്കട്ടെ..

എന്നു വച്ചാല്‍ ?

തലപോയാലും വേറൊരുത്തന്‍ അറിയരുതെന്ന്…

യെസ് സര്‍…

ഗുഡ്‌ബോയ് !

മദര്‍ സോണിയാജി

സോണിയാജി ആരുടെ മദറാണെന്നു ചോദിച്ചാല്‍ രാഹുല്‍ജിയുടെയും പ്രിയങ്കാജിയുടെയും എന്ന മണ്ടന്‍ ഉത്തരം പറയരുത്. ആയമ്മ നൂറ് നൂറ്റന്‍പതു കോടി ഇന്ത്യക്കാരുടെയും മദറാണ്.ഇന്ദിരയാണ് ഇന്ത്യ എന്ന് പണ്ടാരോ പറഞ്ഞിരുന്നു.ഇന്ദിരയും മന്ദിരയുമൊന്നുമല്ല, സോണിയാജിയാണ് മോഡേണ്‍ ഗോഡെസ്സ് ഓഫ് ദി മോഡേണ്‍ ഇന്ത്യ.ഇന്നലെക്കൂടി ഞാന്‍ ആയമ്മയെ സ്വപ്നം കാണുകയും സ്വപ്നത്തില്‍ ഏതാനും വരങ്ങള്‍ ചോദിക്കുകയും ചെയ്തതാണ്. രാവിലെ എണീറ്റു നോക്കുമ്പോള്‍ ദേണ്ടെ ചോദിച്ചതെല്ലാം സാധിച്ചു കിടക്കുന്നു, മുടിഞ്ഞ പവറാ.

അല്ലെങ്കിലും സോണിയ മരുമകളായിട്ട് എന്നീ ഇന്ത്യയില്‍ കാലുകുത്തിയോ അന്നു തുടങ്ങിയതാണ് ഇവിടെ സമാധാനം കളിയാടാന്‍.ഗാന്ധിജിയും നെഹ്‍റുജിയുമൊക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്വാതന്ത്ര്യം കിട്ടിയെങ്കിലും സമാധാനം മാത്രം കിട്ടിയിരുന്നില്ല.വിദേശത്ത് നിന്നു ഇന്ത്യയില്‍ വന്ന് ജീവിച്ച മദര്‍ തേരേസയ്‍ക്കു കൊടുത്ത നൊബേല്‍ സമ്മാനം അതേപോലെ നമ്മളെ ഉദ്ധരിക്കാന്‍ ഇവിടെ വന്നു പ്രവസിക്കുന്ന പരിശുദ്ധ മദര്‍ സോണിയാജിക്കു കൂടി കൊടുക്കുന്നതില്‍ എന്താണ് തെറ്റ് ?

ഡല്‍ഹി ആസ്ഥാനമായുള്ള ഇന്‍റര്‍നാഷണല്‍ എവേക്കനിങ് സെന്‍റര്‍ എന്ന സംഘടനയാണ് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ പേരു നിര്‍ദേശിച്ചിരിക്കുന്നത്.മദര്‍ തെരേസയ്ക്ക് സമാനമായ സ്ഥാനമാണ് സോണിയയ്‌ക്കെന്നും ഇന്ത്യയ്ക്കു പുറത്തും അവര്‍ പ്രശസ്തയാണെന്നും സംഘടനയുടെ കത്തില്‍ പറയുന്നുണ്ടത്രേ. മദര്‍ തേരേസ കുഷ്ടരോഗികളോടൊപ്പം തെരുവില്‍ ജീവിച്ച സ്ത്രീയാണ്. സോണിയാജിയെ മദര്‍ തെരേസയോട് ഉപമിച്ചത് മദര്‍ തേരേസയെ അപമാനിക്കലാണ് എന്നു പലരും അഭിപ്രായപ്പെട്ടു കണ്ടു. സംഘടന പ്രതീകാത്മകമായി പറഞ്ഞതാവാനേ തരമുള്ളൂ.

നമ്മള്‍ ഒക്കെ ലോക്കല്‍ എവേക്കനിങ്ങുകാരായതുകൊണ്ട് ഇന്റര്‍നാഷനല്‍ എവേക്കനിങ്ങിന്റെ ഗുട്ടന്‍സ് പെട്ടെന്നു പിടികിട്ടില്ല.സോണിയാജിയെ മദര്‍തേരേസയോട് ഉപമിച്ചതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രാഷ്ട്രീയകുഷ്ഠം ബാധിച്ച മനോരോഗികളോടൊപ്പം അവരുടെ ശുശ്രൂഷകളേറ്റുവാങ്ങി ഇത്രകാലം കഴിഞ്ഞു എന്നതു തന്നെ വലിയൊരു പ്ലസ് പോയിന്റാണ്.അടുത്തിടെ പരസ്യജീവിതം ആരംഭിക്കുകയും ചെറിയ ചെറിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഹുല്‍ ദി റൗള്‍ വിന്‍സി എന്ന പ്രതിഭാസത്തിന്റെ അമ്മയാണ് എന്നത് തന്നെ രണ്ടോ മൂന്നോ നൊബേല്‍ സമ്മാനങ്ങള്‍ക്ക് സോണിയാജിയെ പരിഗണിക്കാന്‍ പറ്റിയ യോഗ്യതയാണ് (ആക്കിയതല്ല,സീരിയസ്സാണ്).

സോണിയാജി ഇന്ത്യയില്‍ മാത്രമല്ല കേരളം,തമിഴ്‍നാട് പോലുള്ള ലോകത്തെ മറ്റു രാജ്യങ്ങളിലും ഫെയ്‍മസ് ആണ് എന്നും കത്തില്‍ പറയുന്നു.സോണിയാജിയെ പറ്റി പലവട്ടം എഴുതിയിട്ടുള്ള ഈ ബ്ലോഗില്‍ 195 രാജ്യങ്ങളില്‍ നിന്നു വായനക്കാരുണ്ട് എന്നതു തന്നെ അതിനു തെളിവാണ്.അടുത്തകാലത്ത് ശ്രീലങ്കയില്‍ സമാധാനം വിതയ്‍ക്കുന്നതില്‍ സോണിയാജി വഹിച്ചിട്ടുള്ള പങ്ക് നിസ്‍തുലമാണ്.കുട്ടിക്കാലം മുതല്‍ക്കേ ഇത്തരത്തില്‍ സമാധാനം സ്ഥാപിക്കാന്‍ സോണിയാജി മുന്‍കൈ എടുത്തിരുന്നു എന്നാണ് ഇറ്റാലിയന്‍ ചാരന്മാര്‍ പറയുന്നത്.അതൊക്കെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളും സിനിമകളും ഒക്കെ ഉണ്ടായെങ്കിലും അതെല്ലാം കൂടി വായിച്ച് കത്തോലിക്കാ സഭ മൂപ്പത്തിയെ വിശുദ്ധയാക്കിയേക്കുമോ എന്നു ഭയന്ന് പുസ്തകവും സിനിമയുമൊക്കെ കോങ്ക്രസ് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചുകളഞ്ഞു. അതെഴുതിയവരും സംവിധാനം ചെയ്തവരും കര്‍ത്താവില്‍ നിദ്ര പ്രാപിച്ചോ എന്നതറിയില്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അതും ഒരോ അദ്ഭുതങ്ങളായി എണ്ണണം.

ഗാന്ധിജയന്തിക്ക് മൂന്നാം ക്ലാസില്‍ പഠിക്കുന്ന എന്റെ മരുമോന്‍ പറഞ്ഞതുപോലെ മഹാത്മാഗാന്ധിയുടെ മകളായ സോണിയാ ഗാന്ധിയാണല്ലോ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് (പത്രോം വായിക്കില്ല, ടീവീം കാണില്ല, പക്ഷേ മുടിഞ്ഞ രാഷ്ട്രീയബോധമാ ചെക്കന്).കര്‍ത്താവിനു പത്രോസ് എന്ന പോലെ സോണിയാജിയുടെ പുണ്യപ്രവൃത്തികളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നമ്മടെ ആലപ്പുഴക്കാരന്‍ എ.കെ.ആന്റണിയുമുണ്ട്.സോണിയാജിക്ക് നൊബേല്‍ കൊടുത്താല്‍ നമ്മുടെ ആന്റണി ആരാകും ? അല്ലെങ്കിലും ഐശ്വര്യ റായിക്കു ലോകസുന്ദരിപ്പട്ടവും അരുന്ധതി റോയിക്കു ബുക്കറും റഹ്‍മാനും പൂക്കുട്ടിക്കും ഓസ്‍കറും കിട്ടിയതുപോലെ നമ്മുടെ സോണിയാജിക്ക് ഒരു നൊബേല്‍ സമ്മാനം കൂടി കിട്ടിയാല്‍ അത് ഇന്ത്യ ലോകശക്തിയാകുന്നതിനുള്ള ബില്‍ഡ് അപ്പാവുമെങ്കില്‍ എന്തിനു തടയണം.

പിന്നേ:- ഇന്നു മുതല്‍ സോണിയാജിയുടെ പടമാണ് എന്റെ വാള്‍ പേപ്പര്‍.എന്റെ ദുഷിച്ച മനസ്സിന്റെ ഭിത്തിയില്‍ ഞാനാ പുണ്യവനിതയുടെ ചിത്രം തുപ്പല്‍ തേച്ച് ഒട്ടിച്ചു വയ്‍ക്കും.അപ്പോള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്കും സകലകൂതറകള്‍ക്കും സമാധാനം അനുഭവപ്പെടും.

ഇന്ത്യയുടെ സ്വന്തം ഒബാമ

ബരാക് ഒബാമയുടെയും ശ്രീമതി മിഷേല്‍ ഒബാമയുടെയും അലങ്കരിച്ച ചിത്രത്തിനു മുന്നില്‍ കുറ്റബോധത്താല്‍ ഉരുകി നില്‍ക്കുകയാണ് ഞാന്‍. ചില രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും ചേര്‍ന്ന് പ്രചരിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഒബാമയെ ഞാനും തെറ്റിദ്ധരിച്ചു. ഒബാമ ഗോ ബാക്ക് എന്നു നോട്ടീസടിച്ചത് നമ്മളൊക്കെയാണ്. ആ ലോലമനസ്സ് എത്രയധികം വേദനിച്ചിട്ടുണ്ടാവും. ഈശ്വരാ…കുറ്റബോധത്താല്‍ നീറുന്ന ആത്മാവിന്‍റെ അടിത്തട്ടില്‍ നിന്നും ഒരു ഗാനം. വയറ്റത്തടിച്ച് അത് രണ്ടുവരി പാടിയിട്ട് ഇപ്പോ വരാം.

വന്ദേ മുകുന്ദഹരേ ജയശൌരേ..
സന്താപഹാരിമുരാരേ…
ദ്വാപര ചന്ദ്രികാചര്‍ച്ചിതമാം നിന്റെ ദ്വാരകാ പുരിയെവിടെ …
പീലിതിളക്കവും കോലക്കുഴല്‍പാട്ടും അമ്പാടി പൈക്കളും എവിടെ…
ക്രൂരനിഷാദശരം കൊണ്ടു നീറുമീ നെഞ്ചിലെന്നാത്മ പ്രണാമം …
പ്രേമസ്വരൂപനാം സ്നേഹസതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം…

കുറച്ച് ആശ്വാസമായി. ഇനി മുതല്‍ ഗാന്ധിജി കഴിഞ്ഞാല്‍ ഒബാമ. അത് കഴിഞ്ഞേ മാണിസാര്‍ വരൂ. മാണിസാറിനും ഇതിലൊരു പിണക്കമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു. ഗോബാക്ക് വിളികളുയര്‍ത്തിയ രാഷ്ട്രീയക്കാരേ.. ഒബാമയുടെ കാലുകഴുകിയ വെള്ളം മിനറല്‍ വാട്ടറായി പുറത്തിറക്കാന്‍ ഞാന്‍‍ സൈലന്‍റ് വാലിയിലൊരു കമ്പനി തുടങ്ങുന്നുണ്ട്. അത് വരെ നിങ്ങളുടെ ദാഹം ശമിപ്പിക്കാന്‍ ആരുടെ ചോരയാണ് വേണ്ടത് ?

നമ്മളാരും കരുതിയതുപോലെയല്ല അമേരിക്കയും ഒബാമയും. ഇന്ത്യയോട് അങ്ങേയറ്റം ബഹുമാനവും ഭക്തിയുമുള്ള രാജ്യമാണ് അമേരിക്ക. എന്തൊരു വിനയവും സ്നേഹവുമാണ് അവര്‍ക്ക് ഇന്ത്യയോട്. ദീപാവലി ആഘോഷിക്കാന്‍ വേണ്ടി അവര്‍ സ്വന്തം സുരക്ഷ പോലും വേണ്ടെന്നു വച്ചു. അമേരിക്കയില്‍ നിന്ന് അവധിക്കു വരുന്ന മലയാളികള്‍ക്കു പോലും ഇതിന്‍റെ പത്തിരട്ടി ജാഡയാണ്. അപ്പോള്‍ അവരുടെ പ്രസിഡന്‍റ് ഇവിടെ വന്ന് പിള്ളേരുടെ കൂടെ തന്തിന്നം താനന്നം കളിക്കുന്നു. തമാശകള്‍ പറയുന്നു. മതി, ഇനിയാരും അമേരിക്കയെപ്പറ്റി ഒന്നും പറയരുത്.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഒന്നും അമേരിക്ക ഒന്നും ചെയ്തിട്ടില്ല. അവരങ്ങനെ എന്തെങ്കിലും ചെയ്യുന്ന ആളുകളല്ല. അമേരിക്കയെക്കാള്‍ ഒബാമയ്‍ക്ക് ഇന്ത്യയോടാണ് സ്നേഹം. ഇന്ത്യയാണ് ലോകത്തെ നയിക്കാന്‍ പോകുന്നതെന്നും ഇന്ത്യയില്ലെങ്കില്‍ ലോകമില്ല എന്നും വൈറ്റ് ഹൗസില്‍ നിന്ന് ദിവസം ഒരിക്കലെങ്കിലും ഇന്ത്യയിലേക്കൊന്നെത്തി നോക്കാതെ ഉറങ്ങാന്‍ കഴിയില്ലെന്നുമൊക്കെ അദ്ദേഹം പലതും പറഞ്ഞു. ഗാന്ധിജിയാണ് അദ്ദേഹത്തിന്‍റെ മാര്‍ഗദര്‍ശി. ഇവിടെ കോണ്‍ഗ്രസുകാര്‍ക്ക് ബുഷും ക്ലിന്‍റണുമൊക്കെയാണ് മാര്‍ഗദര്‍ശിയെന്നു ശത്രുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

അല്ലെങ്കില്‍ നിങ്ങള്‍ പറയൂ, ദീപാവലിയും വിഷുവുമൊക്കെ എത്ര കാലമായി ഇന്ത്യയിലുണ്ട്. പണ്ട് ജാനുവിന്‍റെ കൂടെ എ.കെ.ആന്‍റണി ഒരു ഡാന്‍സ് കളിച്ചതൊഴിച്ചാല്‍ ഏതെങ്കിലും നേതാവ് ലോക്കല്‍ പീപ്പിളിന്‍റെ കൂടെ ഡാന്‍സ് കളിച്ചിട്ടുണ്ടോ ? കോളജില്‍ പോയി പിള്ളേരുടെ ചോദ്യങ്ങള്‍ക്കുത്തരം പറയുന്ന ജോണ്‍ ബ്രിട്ടാസ് കളി രാഹുല്‍ ഗാന്ധി ഇവിടെ നടത്തിയിട്ടുണ്ട്. എന്നാല്‍, കുടിലുകുടിലാന്തരം കയറിയിറങ്ങുന്ന ആ ചെറുപ്പക്കാരന്‍ പോലും പിള്ളേരുടെ കൂടെയോ ജാനുവിന്‍റെ കൂടെയോ രണ്ടു ചുവട് വച്ചിട്ടില്ല. പിള്ളേരുടെ കൂടെ നാലു ചുവട് വച്ച ഇന്ത്യയുടെ അഭിമാനമായ ശ്രീശാന്തിനെ നമ്മള്‍ മലയാളികള്‍ തന്നെ ആക്ഷേപിച്ചു നാണംകെടുത്തിയത് വേറെ കാര്യം.

അടിത്തറ ഭദ്രമാണെങ്കിലും ഹിതപരിശോധനയില്‍ കനത്ത തിരിച്ചടി നേടിയ ഒബാമയാണ് മുംബൈയില്‍ ഡാന്‍സ് കളിച്ചതെന്നോര്‍ക്കണം. നിയമസഭാതിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. കേരളത്തില്‍ ഇഷ്ടം പോലെ കോളജുകളുമുണ്ട്, ഡാന്‍സ് കളിക്കാന്‍ അവസരവുമുണ്ട്. അടിത്തറ ഭദ്രമാണെന്ന അഹങ്കാരം ഉപേക്ഷിച്ച് തുനിഞ്ഞിറങ്ങാന്‍ റെഡിയാണെങ്കില്‍ സഖാക്കളേ നിങ്ങളെ മീഡിയ സപ്പോര്‍ട്ട് ചെയ്യും. പക്ഷെ, അധികം വൈകരുത്. പോക്കിരിരാജയിലെ പാട്ട് സിഡിയിലാക്കി ഇറങ്ങിയാല്‍ ചിലപ്പോള്‍ തൂത്തുവാരാന്‍ പറ്റിയേക്കും.

തകര്‍ക്കാനാവില്ല ഇന്ത്യയുടെ ആത്മവിശ്വാസം എന്ന് വികാരനിര്‍ഭരമായ ശബ്ദത്തില്‍ ഒബാമ പറഞ്ഞുവെന്നാണ് പത്രത്തില്‍ വായിച്ചത്. മഹാത്മാഗാന്ധി പോലും ഒരു ഘട്ടത്തിലും അങ്ങനെ വികാരനിര്‍ഭരമായി പറഞ്ഞതായി വായിച്ചിട്ടില്ല. ഭീകരാക്രമണമുണ്ടായ താജ് ഹോട്ടലില്‍ താമസിക്കാന്‍ ദേശസ്നേഹിയായ ഞാന്‍ പോലും പിന്നെ ധൈര്യപ്പെട്ടിട്ടില്ല എന്നിരിക്കെയാണ് ജീവന്‍ പോലും പണയംവച്ച് ഒബാമ അവിടെ താമസിച്ചതെന്നോര്‍ക്കണം. എനിക്കു കരച്ചില്‍ വരുന്നു..

സമാധാനാന്തരീക്ഷമുള്ള അഫ്ഗാനിസ്താന്‍ സ്വപ്‌നമല്ല. അത് യാഥാര്‍ത്ഥ്യമാകുമെന്നും അതുവരെ അഫ്ഗാനിസ്താനില്‍ നിന്നും സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം. പലരും പറയുന്നതുപോലെ അമേരിക്കന്‍ സൈന്യം കുഴപ്പക്കാരല്ല. അവര്‍ സമാധാനം സ്ഥാപിക്കുന്നവരാണ്. ഇറാഖിലും മറ്റും ഇപ്പോള്‍ എന്തൊരു സമാധാനമാണെന്നു നോക്കൂ. സമാധാനം ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ സമാധാനക്കേടുകള്‍ പരിഹരിക്കാന്‍ നാലഞ്ചു പട്ടാളക്കാരെ വിട്ടുതരാന്‍ അമേരിക്കയോട് ആരെങ്കിലും ഒന്നു ചോദിക്കൂ പ്ലീസ്. ഒബാമയുടെ കൂടെ വന്നവരില്‍ നാല‍ഞ്ചു പേരെ പോകാന്‍ നേരം ഇവിടെ നിര്‍ത്തിയിട്ടു പോയാലും മതി.

ഒന്‍പതാം തീയതി ഒബാമ തിരികെ പോകുമെന്ന് എനിക്കു തോന്നുന്നില്ല. താജിലെ ഫുഡും ദീപാവലി പടക്കവുമൊക്കെ അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചിട്ടുണ്ട്. മലയാളം സിനിമകളിലെ ക്ലൈമാക്സിലെപ്പോലെ പോകാന്‍ നേരം മന്‍മോഹന്‍ജി കയ്യില്‍ പിടിച്ച് ഈ രാജ്യത്തെ അനാഥമാക്കി നിങ്ങള്‍ക്കു പോകാന്‍ കഴിയുമോ എന്നൊന്നു ചോദിച്ചാല്‍ ചേട്ടാന്നും വിളിച്ച് പൊട്ടിക്കരഞ്ഞു കെട്ടിപ്പിടിച്ചുകൊണ്ട് കൊണ്ട് ഒബാമ പോക്കു വേണ്ടെന്നു വയ്‍ക്കും. അടിത്തറ ഭദ്രമാണെങ്കിലും അമേരിക്കയിലോട്ടു ചെന്നാലും പുള്ളിക്കവിടെ വിഎസ്സിന്‍റെ സ്ഥിതിയായിരിക്കും.

എന്തോ എന്‍റെ കുറ്റബോധം കുറയുന്നില്ല. ഞാന്‍ പോയി വയറ്റത്തടിച്ച് ആ പാട്ട് ഒരു രണ്ടുവട്ടം കൂടി പാടട്ടെ…

നൊബേല്‍ സമിതിയുടെ തലപ്പത്ത് ശുംഭന്‍മാരോ ?

തിരഞ്ഞെടുപ്പു കമ്മിഷനു വകതിരിവുണ്ടെങ്കില്‍ നൊബേല്‍ സമ്മാന സമിതിക്കെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനത്തിനു കേസെടുക്കേണ്ടതാണ്. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ ശാന്തിയും സമാധാനവും കളിയാടില്ലെന്നും അത് കളിയാടിക്കാന്‍ നോക്കുന്നവര്‍ക്കു സ്ഥാനം ജയിലിലായിരിക്കുമെന്നും ലോകമെങ്ങും പ്രചരിപ്പിച്ച് ആസന്നമായിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ഭീതി പരത്തി കോണ്‍ഗ്രസിന് എളുപ്പത്തില്‍ ജയിച്ചുകയറുന്നതിനു വേണ്ടിയാണ് ഈ സമയത്തു തന്നെ ലിയു സിയാവോബോയ്ക്ക് നൊബേല്‍ കൊടുത്ത് ചൈനയെ നാറ്റിച്ചിരിക്കുന്നത് എന്നത് വളരെ വ്യക്തമാണ്.

ചൈന തടവിലിട്ടിരിക്കുന്ന ഒരുത്തന് ചുമ്മാ കയറിയങ്ങ് സമാധാന നൊബേല്‍ കൊടുക്കുകയെന്നു പറഞ്ഞാല്‍ അതിന്റെയര്‍ഥം എന്താണെന്നു മനസ്സിലാക്കാനുള്ള വിവരമൊക്കെ സ്റ്റഡി ക്ളാസുകള്‍ക്ക് അധികം പോയിട്ടില്ലെങ്കിലും എനിക്കുണ്ട്. അകത്തു കിടക്കുന്ന ലിയു സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്നു പറയുമ്പോള്‍ അകത്തിട്ട കമ്യൂണിസ്റ്റുകാര്‍ സമാധാനത്തെ തുറുങ്കിലടക്കുന്ന ചെന്നായ്ക്കളായില്ലേ ? ഇത് കമ്യൂണിസ്റ്റ് വിരോധം വളര്‍ത്താനുള്ള രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണ്. ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക വഴി കമ്യൂണിസം ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്നു സ്ഥാപിക്കാനുള്ള മുതലാളിത്ത വ്യവസ്ഥിതിയുടെ വ്യഗ്രതയാണ് ഇൌ സമാധാന നൊബേലില്‍ പ്രതിഫലിക്കുന്നത് എന്ന് എനിക്ക് നിസ്സംശയം പറയാന്‍ സാധിക്കും.

കേരളം ചൈന പോലാക്കാമെന്ന സ്വപ്നത്തിനു വേണ്ടി അധ്വാനിക്കുന്ന നേതാക്കന്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണ് നൊബേല്‍ സമിതിയുടേത്. രാജ്യദ്രോഹത്തിനു സമാനമായ വകുപ്പുകള്‍ ചാര്‍ത്തി അകത്തിട്ടിരിക്കുന്നവനാണ് നൊബേല്‍ കൊടുത്തിരിക്കുന്നത്. കണ്ണൂരിലും പൂജപ്പുരയിലും വിയ്യൂരിലുമൊക്കെ ജീപര്യന്തം അകത്തു കിടക്കുന്നവന്‍മാര്‍ക്ക് ഇതുപോലെ ഓരോ അവാര്‍ഡ് കൊടുത്താല്‍ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെയും കേരളാ പോലീസിന്റെയും അന്തസ്സും ആഭിജാത്യവും ആത്മാര്‍ത്ഥതയും അറബിക്കടലിലൊഴുക്കിയതിനു തുല്യമാകില്ലേ ? ഇത് ആത്യന്തികമായി തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ബാധിക്കും. ലിയുവിന്റെ പേരില്‍ ഇവിടെ കോണ്‍ഗ്രസുകാരും ബിജെപിക്കാരും ആഹ്ലാദാരവം മുഴക്കുമ്പോള്‍ എങ്ങിനെ സിപിഎം മാത്രം മൌനം പാലിക്കും ? അഥവാ പാലിച്ചാലും അത് ഒരു മാതിരി മൌനമായിരിക്കില്ലേ ? ഇതിനെയാണ് ബോധപൂര്‍വം സൃഷ്ടിക്കുന്ന പ്രതിസന്ധി എന്നു പറയുന്നത്.

നൊബേലുകാരോട് ഈ പണി ചെയ്യരുത് ചെയ്യരുത് നല്ല ഭാഷയില്‍ പറഞ്ഞിട്ടും അവരത് അനുസരിച്ചില്ല എന്നത് ഗുരുതരമായ കുറ്റമാണ്. നൊബേല്‍ സമിതിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ വെറും ശുംഭന്‍മാരാണ്. സ്വന്തമായി പലതരം ബോംബുകള്‍ ഉണ്ടാക്കി പൊട്ടിക്കുന്ന ഉസാമ ബിന്‍ ലാദനാവട്ടെ അടുത്ത വര്‍ഷത്തെ രസതന്ത്ര നൊബേല്‍. എന്തിന് ? കേരളത്തില്‍ കമ്യൂണിസത്തിനെതിരെ അപവാദം പറഞ്ഞു നടക്കുന്ന സി.ആര്‍.നീലകണ്ഠന് സമാധാനത്തിനുള്ള നൊബേലും ഞങ്ങളുടെ ധീരസഖാക്കള്‍ കൈവച്ചു വിട്ട സക്കറിയയ്ക്ക് സാഹിത്യത്തിനുള്ള നൊബേലും കൊടുക്കാം. അങ്ങനെ നോക്കിയാല്‍ അടുത്ത വര്‍ഷത്തേക്കുള്ളവരെ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം. നൊബേല്‍ സമ്മാന പ്രഖ്യാപനത്തിലൂടെ ഇത്തരത്തില്‍ ലോകത്ത് സാമൂഹിക-രാഷ്ട്രീയമാറ്റങ്ങള്‍ക്കു വഴി തെളിക്കാനുള്ള കുരുട്ടുബുദ്ധി പക്ഷെ ഞങ്ങളുടെ പ്രബുദ്ധരായ അണികള്‍ തിരിച്ചറിയുന്നുണ്ട്.

നോര്‍വേയിലെയും സ്കോട്ലാന്‍ഡിലെയും സ്വീഡനിലെയും തെരുവുകളില്‍ നിന്ന് ഈ രാജ്യാന്തര ഗൂഢാലോചനയ്ര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രകമ്പനങ്ങള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. അതെ, അവര്‍ വരികയായി. വാരിക്കുന്തങ്ങളുമായി അവര്‍ പാഞ്ഞടുക്കുകയാണ്. നൊബേലുകളില്ലാത്ത, സമാധാനമില്ലാത്ത, കോണ്‍ഗ്രസും ബിജെപിയുമില്ലാത്ത സമത്വസുന്ദരമായ ഒരു ലോകം വെട്ടിനിരത്തി ലെവലാക്കാന്‍. ആ വരവിന്റെ ആരവം എന്റെ കര്‍ണപുടങ്ങളെ ഉത്തേജിപ്പിക്കുന്നു. ആ സാമൂഹിതവിപ്ലവത്തിനായി അണി നിരക്കുക, വന്നുകൊണ്ടിരിക്കുന്ന തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക.

കുറിപ്പ്: ചൈനയെ വെല്ലുവിളിച്ചുകൊണ്ട് ലിയുവിന് നൊബേല്‍ നല്‍കിയ നോര്‍വേ പാര്‍ലമെന്റിനെതിരെ പ്രതിഷേധിച്ചുകൊണ്ടും കൊടും ക്രിമിനലായ ലിയുവിനെ ജീവപര്യന്തം തടവിലിടണമെന്നുമാവശ്യപ്പെട്ടുകൊണ്ടും പ്ലാമൂട് ജംക്ഷനില്‍ ഇന്നു കൃത്യം നാലു മണിക്ക് നടത്താന്‍ പോകുന്ന പ്രകടനത്തില്‍ പങ്കെടുക്കുക. അവിടെ വച്ച് കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിച്ച 10 എണ്ണത്തില്‍ ബാക്കിയുള്ള ഒബാമയുടെ ഒരു കോലവും വെറുതെ കത്തിക്കുന്നതായിരിക്കും.ഈ കോലങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി പിരിവെടുത്തതിന്റെ പേരില്‍ പാര്‍ട്ടിയുടെ സ്വൈര്യം കെടുത്തുന്ന അഴിമതി വിവാദങ്ങള്‍ അതോടെ തീരുമല്ലോ.

ഭൂമിയില്‍ ഇന്റര്‍നെറ്റുള്ളവര്‍ക്കു സമാധാനം

2010ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനുള്ള നോമിനേഷനുകളില്‍ ഇന്റര്‍നെറ്റും. കോടിക്കണക്കിനാളുകളെ നന്മയിലേക്ക് കൈകോര്‍ക്കാന്‍ കരുത്തേകിയ ഇന്റര്‍നെറ്റിനു പുരസ്കാരം വാങ്ങിനല്‍കുന്നതിനുള്ള പ്രചാരണങ്ങളില്‍ മുഴുകുകയാണ് ഇലോകം.

ഇന്റര്‍നെറ്റ് ഒരു സംഭവമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ലോകചരിത്രത്തില്‍ മറ്റൊരു മാധ്യമവും ഇത്തരത്തില്‍ രാജ്യമോ സംസ്കാരമോ മതമോ ഏതാണെന്നതു പരിഗണിക്കാതെ ലോകത്തെ ഒന്നായി കണ്ടിട്ടില്ല. ?ഗ്രേറ്റ് ഫയര്‍വാള്‍’ എന്നു വിശേഷിപ്പിക്കുന്ന പ്രാകൃതമായ സെന്‍സര്‍ഷിപ് നിയമങ്ങളുമായി ലോകനിലവാരത്തോടു ചൈന പുറംതിരിഞ്ഞു നില്‍ക്കുമ്പോഴും ആ രാജ്യത്തെ മനുഷ്യാവകാശ ജീവകാരുണ്യപ്രവര്‍ത്തകരുടെയും ചിന്തകരുടെയും ശബ്ദം പുറത്തെത്തിക്കുന്നത് ഇന്റര്‍നെറ്റാണ്.

ലോകത്തിന് ഒരേ നീതിയും കാരുണ്യവും സമാധാനവും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഏറ്റവും ശക്തമായ ഉപകരണമായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റിന് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി മഹത്തായ പരിശ്രമങ്ങളെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമോ ? 2010nലെ സമാധാന നൊബേലിനുള്ള നോമിനേഷനുകളില്‍ ഇന്റര്‍നെറ്റിനെ കൂടി പരിഗണിച്ചതോടെ നെറ്റിലെങ്ങും ഇന്റര്‍നെറ്റിനു പുരസ്കാരം വാങ്ങിക്കൊടുക്കുന്നതിനുള്ള പ്രചാരണങ്ങളും തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ച് ഒന്‍പതിനാണ് 237 നോമിനേഷനുകളില്‍ ഇന്റര്‍നെറ്റിനെക്കൂടി ഉള്‍പ്പെടുത്തിയ ലിസ്റ്റ് പുറത്തു വിട്ടത്. ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷനുകളുള്ള വര്‍ഷം കൂടിയാണ് ഇത്. കഴിഞ്ഞ വര്‍ഷം ആകെ 205 നോമിനേഷനുകളായിരുന്നു.

ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം, കുട്ടികളുടെ സംരക്ഷണം തുടങ്ങി അനേകം വിഷയങ്ങളില്‍ ഇന്റര്‍നെറ്റ് കോടിക്കണക്കിന് ആളുകളിലേക്കു സന്ദേശം പകര്‍ന്ന മാധ്യമമായിരുന്നു. മറ്റൊരു മാധ്യമത്തിനും അവകാശപ്പെടാനാവാത്ത നിഷ്പക്ഷതയോടെ ഇന്റര്‍നെറ്റ് ജനപക്ഷത്തു നിന്ന് ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനു വേണ്ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ ഇന്റര്‍നെറ്റിനു നല്‍കണമെന്ന് പ്രചാരണവുമായി പ്രശസ്തര്‍ തന്നെ മുന്‍നിരയില്‍ അണിനിരന്ന് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിനുള്ള സമാധാന നൊബേല്‍ ലോകസമാധാനത്തിനു വേണ്ടി ഇന്റര്‍നെറ്റിനെ ഉപകരണമാക്കിയിട്ടുള്ള, ലോകത്തിന്റെ നന്മ ആഗ്രഹിച്ച് ഇന്റര്‍നെറ്റിലൂടെ തങ്ങള്‍ക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഓരോരുത്തര്‍ക്കുമുള്ള പുരസ്കാരമാണെന്ന വാദവുമായി വെബ്സൈറ്റ് ഈ ലക്ഷ്യത്തിനുള്ള പ്രചാരണത്തിനു മുന്നിട്ടു നില്‍ക്കുന്നു.

മുന്‍പ് സമാധാന നൊബേല്‍ നേടിയ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷിറിന്‍ ഇബാദി, ഫാഷന്‍ ഡിസൈനര്‍ ജിയോര്‍ജിയോ അര്‍മാനി, എംഐടി മീഡിയ ലാബിന്റെയും ഒരു കുട്ടിക്കൊരു ലാപ്ടോപ് പദ്ധതിയുടെയും സ്ഥാപകനായ നിക്കോളാസ് നിഗ്രോപോണ്ട്, വിയേര്‍ഡ് യുകെ എഡിറ്റര്‍ ഡേവിഡ് റൊവാന്‍, ക്രിയേറ്റീവ് കോമണ്‍സ് സിഇഒ ജോയ് ഇട്ടോ തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഈ നൊബേല്‍ ഇന്റര്‍നെറ്റിനു വാങ്ങിച്ചുകൊടുക്കുന്നതിനു വേണ്ടി പ്രചാരണത്തിനുണ്ട്.

ജാതി, മത, വര്‍ഗ, വര്‍ണ, ദേശ ഭേദങ്ങളില്ലാതെ ഇന്റര്‍നെറ്റ് മനുഷ്യത്വവും കാരുണ്യവും സമാധാനവും കാംക്ഷിക്കുന്ന പുതിയൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ വിജയിച്ചു എന്ന വാദമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. ആശയവിനിമയത്തിന്റെ അങ്ങേയറ്റത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സമാധാനശ്രമങ്ങള്‍ക്ക് അടിത്തറയിടുന്നതില്‍ നെറ്റ് വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. ഒരു സമാധാന ഉപകരണമായി, അഹിംസാമാര്‍ഗമായി നെറ്റ് ലോകത്തിനു മേല്‍ പുതിയൊരു സംസ്കാരത്തിന്റെ തുടിപ്പുകള്‍ ചംക്രമണം ചെയ്യുന്നു എന്നവര്‍ വിശ്വസിക്കുന്നു.

വിലക്കുകളും സെന്‍സര്‍ഷിപ്പും ഭീഷണിയും അതിജീവിച്ച് ഒളിഞ്ഞും തെളിഞ്ഞും ആരെയും പേടിക്കാതെ സത്യം വിളിച്ചു പറയാനുള്ള അവകാശമാണ് ഇന്റര്‍നെറ്റ് ലോകത്തിനു നല്‍കിയത്. ഇറാഖും ചൈനയും മൂടിവച്ച രഹസ്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ മനഷ്യാവകാശപ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത് ഇന്റര്‍നെറ്റ് ബ്ളോഗുകളും ഫോറങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുമൊക്കെയായിരുന്നു. ഉപജാപങ്ങള്‍ക്കു വിധേയമായ മറ്റു മാധ്യമങ്ങളുടെ കാരുണ്യത്തിനു കാത്തുനില്‍ക്കാതെ ബ്ളോഗുകളും വിഡിയോ ഷെയറിങ് വെബ്സൈറ്റുകളും വഴി നെറ്റിലൂടെ ലോകം പറയാനുള്ളത് ഉറക്കെ പറഞ്ഞു. അസാധ്യമെന്നു കരുതിയിരുന്ന മേഖലകളില്‍ ചര്‍ച്ചകളും ഒത്തുതീര്‍പ്പുകളും സാധ്യമാക്കി. ആദ്യം അവഗണിച്ച ഒറ്റപ്പെട്ട ശബ്ദങ്ങളെ പിന്നീട് അനുഗമിക്കേണ്ടതായി വന്നു മറ്റു മാധ്യമങ്ങള്‍ക്ക്.

ഇന്റര്‍നെറ്റ് എന്നത് ലക്ഷക്കണക്കിന് സേവനങ്ങളുടെ ആകെത്തുകയാണെന്നതിനാല്‍ പ്രചാരകര്‍ കരുതുന്നതുപോലെ സമാധാന നൊബേലിന് നെറ്റ് പരിഗണിക്കപ്പെട്ടാല്‍ ആ പുരസ്കാരം ആര്‍ക്കു നല്‍കും എന്നതാണ് അടുത്ത ചോദ്യം ? ഇന്റര്‍നെറ്റിന്റെ ആദ്യരൂപങ്ങള്‍ക്കു തുടക്കമിട്ട വിന്‍സെന്റ് സേര്‍ഫ്, ലിയോണാര്‍ഡ് ക്ളെയ്ന്റോക്ക് എന്നിവര്‍ക്കോ ? അതോ വേള്‍ഡ്വൈഡ് വെബ് എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിയ ടിം ബെര്‍ണേഴ്സ് ലീക്കോ ? പെട്ടെന്നൊരുത്തരം പറയാനാവില്ല. ?

ടു നോ ഇവിള്‍’ എന്നത് ആപ്തവാക്യമായെടുത്തിരിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഏറ്റവും ഉപയോക്താക്കളുള്ള കമ്പനിയായ ഗൂഗിള്‍ മുതല്‍ ഫേസ്ബുക്കും ട്വിറ്ററും എല്ലാം തങ്ങളുണ്ടാക്കിയ വിപ്ളവങ്ങള്‍കൊണ്ട്, പങ്കെടുപ്പിച്ച ജനങ്ങളുടെ എണ്ണം കൊണ്ട് ആ പുരസ്കാരം ഏറ്റുവാങ്ങാന്‍ യോഗ്യരാണ്.

അതേ സമയം, പോര്‍ണോഗ്രഫി മുതല്‍ ശിശുരതി വരെയുള്ള വൈകൃതങ്ങളുടെ പറുദീസയായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റിന് ഇത്തരത്തിലൊരു അംഗീകാരം നല്‍കാന്‍ ശ്രമിക്കുന്നത് നൊബേല്‍ പുരസ്കാരത്തിനും ഇതുവരെ പുരസ്കാരം നേടിയവര്‍ക്കുമുള്ള അവമതിയായിരിക്കുമെന്ന അഭിപ്രായവുമായി മറുവാദക്കാരും ശക്തമാണ്.

ലോകത്തിന്റെ സ്വകാര്യത നഷ്ടപ്പെടുത്തി എന്ന ഒറ്റ കുറ്റത്തിന് ഇന്റര്‍നെറ്റിനെ ഏറ്റവും ചെറിയ അംഗീകാരത്തില്‍ നിന്നു പോലും ഒഴിവാക്കണം എന്ന കാര്യത്തില്‍ ഇവര്‍ക്കു സംശയമില്ല. ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പുകളും അപവാദങ്ങളും മൂലം മരണം പോലും വരിക്കേണ്ടി വന്നവര്‍ വേറെ. എല്ലാം കൂടി കണക്കിലെടുക്കുമ്പോള്‍ നന്മകളെക്കാള്‍ ഇന്റര്‍നെറ്റിന്റെ തിന്മകളാണ് ഉയര്‍ന്നു നില്‍ക്കുന്നതെന്നാണിവരുടെ വാദം.