മിസ്ഡ് കോള്‍ പൊളിറ്റിക്‌സ്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിച്ച് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. എന്നാല്‍, എങ്ങനെ പാര്‍ട്ടിയില്‍ ഇത്രയധികം ്അംഗങ്ങളുണ്ടായി എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും ആക്ഷേപവുമാണ് മൊത്തത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രധാന ആക്ഷേപം മിസ്ഡ് കോള്‍ വഴിയാണ് ബിജെപി ഇത്രയധികം അംഗങ്ങളെ ചേര്‍ത്തത് എന്നതാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപി അംഗമാകാം എന്നുള്ള എസ്എംഎസ് എനിക്കും വന്നിട്ടുണ്ട്. ഞാന്‍ മിസ്ഡ് കോള്‍ അടിച്ചില്ല, ബിജെപി അംഗമായിട്ടുമില്ല. ബിജെപി അംഗമാകാന്‍ ആഗ്രഹമുള്ളവര്‍ മിസ്ഡ് കോള്‍ അടിക്കുകയും അംഗമാവുകയും ചെയ്തിട്ടുണ്ടാവാം. ഇതില്‍ എന്താണ് ഇത്ര ആക്ഷേപകരമായി കണ്ടെത്തിയിരിക്കുന്നത് എന്നത് എനിക്കു മനസ്സിലായിട്ടില്ല.

മിസ്ഡ് കോള്‍ മെംബര്‍ഷിപ്പിനെ ആക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഏതാനും പോയിന്റുകള്‍ ഞാന്‍ കൊണ്ടുവരാനാഗ്രഹിക്കുകയാണ്.

1. മിസ്ഡ് കോള്‍ ബിജെപി കണ്ടുപിടിച്ച സംഗതിയല്ല. സ്വന്തം അച്ഛനെ ഐസിയുവിലേക്കു കൊണ്ടുപോകുന്ന വിവരം മറ്റു സഹോദരന്‍മാരെ അറിയിക്കാന്‍ പോലും മിസ്ഡ് കോള്‍ അടിക്കുന്ന ഇന്ത്യക്കാരന്‍, ബിജെപി പാര്‍ട്ടി മെബര്‍ഷിപ്പിന് മിസ്ഡ് കോള്‍ ഒരു മാര്‍ഗമായി സ്വീകരിച്ചതിനെ പഴിക്കുന്നില്‍ അസൂയ അല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. മിസ്ഡ് കോള്‍ കണ്ടാല്‍ അതിന്റെ പിന്നാലെ വിളിച്ചു വിളിച്ചു പോയി ലൈനുണ്ടാക്കുകയും അതുവഴി പ്രണയവും വിവാഹവും ചതിയും ഉള്‍പ്പെടെ നീണ്ട എപ്പിസോഡുകള്‍ സൃഷ്ടിക്കുന്നവരാണ് നമ്മള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ അംഗത്വ ക്യംപെയിനു വേണ്ടി അതേ മിസ്ഡ് കോള്‍ ഉപയോഗിച്ചു വിജയിച്ചപ്പോള്‍ അയ്യേ ഛെ എന്നു പുച്ഛിക്കുന്നത് നിഷ്പക്ഷമായി പറഞ്ഞാല്‍ കുശുമ്പല്ലാതെ മറ്റൊന്നുമല്ല.

2. പാര്‍ട്ടി ഓഫിസില്‍ പോയി ആപ്ലിക്കേഷന്‍ വാങ്ങി അത് ഫില്‍ ചെയ്ത് ഫോട്ടോയും ഒട്ടിച്ച് എന്തുകൊണ്ടു ഞാനൊരു ബിജെപി അംഗമാകാനാഗ്രഹിക്കുന്നു എന്നതിനെപ്പറ്റി 200 വാക്കില്‍ കവിയാതെ ഉപന്യസിച്ച ശേഷം അംഗത്വമെടുക്കുന്നതാണ് മാതൃകാപരം എന്നു പറയുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മിസ്ഡ് കോളിലും എസ്എംഎസിലുമൊക്കെ ലഭിക്കുന്നത് മാതൃകാപരമാണ് എന്നു പറയുന്നത് എന്തിനാണ് ? സര്‍ക്കാര്‍ ഓഫിസുകളില്‍ പോയി സമാനമായ രീതിയില്‍ ആപ്ലിക്കേഷന്‍ എഴുതി കാത്തിരുന്ന് അതു സമര്‍പ്പിച്ച് കാര്യം നടത്തുന്നതിനെ പുച്ഛിക്കുകയും ബിജെപി അംഗത്വ ക്യംപെയിന് അങ്ങനെ ചെയ്യാത്തതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമായ ഇരട്ടത്താപ്പാണ്.

3. മിസ്ഡ് കോള്‍ വഴി അംഗത്വത്തിന് അവസരമൊരുക്കിയ ബിജെപിയെ പുച്ഛിക്കുന്ന നല്ലൊരു ശതമാനം ആളുകളും സ്വന്തം ജിമെയില്‍ അക്കൗണ്ടിന്റെ മാത്രം പേരില്‍ മിസ്ഡ് കോള്‍ പോയിട്ട് ഒരു ലിങ്കില്‍ പോലും ക്ലിക്ക് ചെയ്യാതെ ഗൂഗിള്‍ പ്ലസ് എന്ന ലോകത്തെ രണ്ടാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍്ക്കില്‍ അറിയാതെ അംഗമായവരാണ് എന്നത് രസകരമാണ്. അവരില്‍ ആര്‍ക്കും തന്നെ എങ്ങനെ അതില്‍ നിന്നു പുറത്തുകടക്കണം എന്നതും അറിയില്ല എന്നത് നിര്‍ഭാഗ്യകരവും.

4. മിസ്ഡ് കോള്‍ എന്നത് നമ്മള്‍ ഫോണില്‍ ബോധപൂര്‍വം ഒരു നമ്പര്‍ ഡയല്‍ ചെയ്ത ശേഷം റിങ് ചെയ്യുമ്പോള്‍ കട്ടാക്കുന്നതാണ്. എന്നാല്‍, അതേ ഫോണില്‍ ദിവസേനയെന്നോണം വരുന്ന അനേകം ഓഫറുകള്‍ പ്രത്യേകിച്ചൊരു മറുപടിയും നല്‍കാതെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം പൊയ്‌ക്കൊണ്ടിരിക്കുന്നവരാണ് മെനക്കെട്ടു കുത്തിയിരുന്ന് മലയാളം സിനിമാ സീനുകള്‍ വെട്ടിമുറിച്ച് ആക്ഷേപഹാസ്യം രചിക്കുന്നത് എന്നതും സഹതാപജനകമാണ്. ഗൂഗിള്‍ പ്ലസില്‍ നിന്നു പുറത്തു കടക്കാനും ബിഎസ്എന്‍എല്‍ വാല്യു ആഡഡ് സര്‍വീസുകളില്‍ നിന്നു രക്ഷപെടാനും അറിയാത്തവര്‍ മിസ്ഡ് കോള്‍ വഴി ബിജെപി അംഗമായവരെ പരിഹസിക്കുന്നത് പരിതാപകരമാണ്.

5. വളരെ ലളിതമായി പറഞ്ഞാല്‍, പാര്‍ട്ടി അംഗത്വം നല്‍കുന്നത് ലളിതമാക്കുകയും കൂടുതലാളുകളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുകയുമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിനെക്കാള്‍ മാരകമായി പാര്‍ട്ടി അംഗത്വത്തിനായി ലളിതവല്‍ക്കരണപദ്ധതികള്‍ നടത്തിയത് ആംആദ്മി പാര്‍ട്ടിയാണ്. ഞാന്‍ ആം ആദ്മിയാണ് എന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ആളുകള്‍ ആപ്പിന്റെ മിസ്ഡ് കോള്‍ ക്യാംപെയിനെ വിശുദ്ധവല്‍ക്കരിക്കുകയും ബിജെപിയുടേതിനെ പരിഹസിക്കുകയും ചെയ്യുന്നത് നാണം കെട്ട പരിപാടിയാണ്.

6. ബിജെപിയെ മിസ്ഡ് കോള്‍ പാര്‍ട്ടി എന്നാക്ഷേപിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (അവരുടെ അടുത്ത പ്രസിഡന്റ് എവിടെയാണെന്ന് അവര്‍ക്കു തന്നെ അറിയില്ല) അംഗത്വലളിതവല്‍ക്കരണത്തിനായി ഇന്നലെ ഒരു മൊബൈല്‍ ആപ്പാണ് അവതരിപ്പിച്ചത്. ആപ്പ് വഴി അപ്ലൈ ചെയ്യുന്ന എല്ലാവരും പാര്‍ട്ടിയില്‍ അംഗമാകും. ആളുകള്‍ക്ക് ആപ്ലിക്കേഷനോടൊപ്പം സെല്‍ഫി എടുത്തയക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ബിജെപിക്കു മിസ്ഡ് കോളടിച്ചുപോയതില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കോണ്‍ഗ്രസില്‍ ചേരാം.

ഇത്രയും പറഞ്ഞ ഞാന്‍ ഒരു ബിജെപിക്കാരനാണ് എന്നു സ്ഥാപിച്ച് ആരും കടന്നുകളയരുത്. ഇതുപോലെ വിവിധ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഞാനൊരു സിപിഎംകാരനും കോണ്‍ഗ്രസുകാരനും ലീഗുകാരനും മാണി കോണ്‍ഗ്രസുകാരനുമൊക്കെ ആയിട്ടുണ്ട്. ആരുടെയെങ്കിലും ആരുമാകാതെ അഭിപ്രായം പറയാം എന്നതു കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ, നന്ദി നമസ്‌കാരം.

കുറിപ്പ്: എന്റെ വീട്ടില്‍ എല്ലാവരും (ഞാനും) ബീഫ് കഴിക്കാറുണ്ട്.

ആത്മീയയാത്ര

[2015 ഏപ്രില്‍. നയി ദില്ലിയിലെ ഒരു ഭവനം]

മോനേ… ദേ ആരാ വന്നിരിക്കുന്നതെന്നു നോക്യേ…

ആരാണ് മാതാശ്രീ ? ആരായാലും പുറത്ത് ഉപവിഷ്ടനായി അല്‍പനേരം ധ്യാനിക്കാന്‍ പറയൂ.. ഇപ്പോള്‍ എന്റെ ധ്യാനത്തിന്റെ സമയമാണെന്നറിയില്ലേ ?

കേരളത്തീന്ന് ആന്റണിയാ മോനേ… നീ ഇങ്ങോട്ടു വന്നേ…

ആന്റണി… പെരുമ്പാവൂരാണോ ?

എന്താ മോനേ നീയിങ്ങനെ ? … നമ്മുടെ സ്വന്തം ആന്റണി… നിന്റെ ആന്റങ്കിള്‍… കുട്ടിയായിരുന്നപ്പോള്‍ നീ എത്രയോ ദിവസങ്ങള്‍ പുള്ളിയോടൊപ്പം ആന്റും എലിഫന്റും കളിച്ചിട്ടുള്ളതാ… എല്ലാം നീ മറന്നോ ?

എന്റെ ബോധമണ്ഡലത്തില്‍ മറ്റാരുമില്ലമ്മേ… ഞാനും ഈശ്വരനും മാത്രം.. അവിടെ ഞങ്ങള്‍ തമ്മില്‍ നടത്തുന്ന ആശയവിനിയത്തിനിടയില്‍ ആനയും ഉറുമ്പുമൊന്നുമില്ലമ്മേ…

എനിക്കൊരുമാതിരി ചൊറിഞ്ഞു കേറുന്നുണ്ട് കേട്ടോ…

ചൊറിച്ചില്‍ ഒന്നിനുമൊരു പരിഹാരമല്ലമ്മേ…

ഡാ, ഇങ്ങോട്ടു നോക്കിയേ.. ഇങ്ങോട്ടു നോക്കാന്‍..

ധ്യാനത്തിലിരിക്കുമ്പോള്‍ കണ്ണു തുറക്കാന്‍ പാടില്ലമ്മേ…

നിന്റെ മടിയും പേടിയുമൊക്കെ മാറി മിടുക്കനാവാന്‍ വേണ്ടിയാ നിന്നെ ഞാന്‍ മ്യാന്‍മറില്‍ ധ്യാനത്തിനു വിട്ടേ.. അല്ലാതെ ഇവിടെ ഫുള്‍ടൈം മുറിക്കകത്തു കേറിയിരുന്നു ധ്യാനിക്കാന്‍ വേണ്ടിയല്ല…

അമ്മ ശ്രീബുദ്ധനെപ്പറ്റി കേട്ടിട്ടില്ലേ… ബുദ്ധഭഗവാന്‍ ഇതുപോലെ ധ്യാനത്തിലിരുന്നപ്പോഴാണ് ബോധോദയമുണ്ടായത്… സെയിം ധ്യാനമാണ് മാസങ്ങളായി ഞാന്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്…

എടാ അതിനു ബോധം വേണ്ടേ ഉദിക്കാന്‍ ?

അമ്മയും മ്യാന്‍മറിലേക്കു പോകൂ.. ചേച്ചിയേം അവള്‍ടെ കൂളിങ് ഗ്ലാസ് ഫ്രീക്ക് കെട്ടിയോനേം കൊണ്ടുപോകൂ.. കുടുംബത്തോടെ നമുക്ക് നന്നാവാം അമ്മേ… നമുക്ക് ആത്മീയ പാതയിലേക്കു തിരിയാം…

ഒറ്റക്കീറു വച്ചു തന്നാലുണ്ടല്ലോ… അവന്റെയൊരു ആത്മീയപാത.. ഡാ നിന്നെപ്പറ്റി നാട്ടുകാര്‍ പറയുന്നതെന്താണെന്നറിയാമോ… താടിയങ്കിളിനെ പേടിച്ചു നീ നാടുവിട്ടതാണെന്ന്… കേരളത്തിലെ നമ്മടെ പാര്‍ട്ടിക്കാരു പോലും നീ ഒളിച്ചുപോയെന്നാ പറഞ്ഞത്… അവരെയെല്ലാം പാര്‍ട്ടീന്നു പുറത്താക്കി…

അവര്‍ക്കു മാപ്പു നല്‍കൂ അമ്മേ…

അവര്‍ക്കു കോപ്പാ കൊടുക്കുന്നേ.. ഡാ നീ കണ്ണു തുറക്കുന്നുണ്ടോ ഇല്ലയോ…

ഞാന്‍ ബോധോദയം കാത്തിരിക്കുകയാണമ്മേ… എന്നെ ശല്യപ്പെടുത്തരുത്… ദിവസം 10 മണിക്കൂര്‍ വരെ കണ്‍ടിന്യൂസ് ആയി ധ്യാനിക്കണമെന്നാ ഗുരു പറഞ്ഞിരിക്കുന്നത്…

മോനേ… നീയിങ്ങനെ ഇരുന്നാല്‍ പാര്‍ട്ടി കാര്യങ്ങളാരു നോക്കും… അടുത്ത ഇലക്ഷന് ഇനി നാലു വര്‍ഷം കൂടിയേ ഉള്ളൂ…നിനക്കു ജയിക്കണ്ടേ… ഈ നാടു മുഴുവന്‍ ഭരിക്കണ്ടേ ?

ആശയാണമ്മേ എല്ലാ ദുഖങ്ങള്‍ക്കും കാരണം…

ആരെടാ അവള്‍… ? ആന്റൂ.. ഇവന്റെ പഴയ കറക്കുകമ്പനീല്‍ ആശേന്നു പേരുള്ള ആരെങ്കിലുമൊണ്ടോന്ന് അന്വേഷിച്ചേ… അവളാണേ്രത ഇവനെ ഈ കോലത്തിലാക്കിയത്… എന്റെ മാതാവേ… ഞാനിതെങ്ങനെ സഹിക്കും…എങ്ങനെ നടന്ന കൊച്ചാ… അന്നാ ഇഷ്ടിക ചുമന്നതും പത്രസമ്മേളനത്തില്‍ ഇരച്ചു കയറിച്ചെന്നതും കേരളത്തില്‍ പോയി പൊറോട്ട തിന്നതുമൊക്കെ ഇന്നലേം കൂടി ഞാനും നിന്റെ ചേച്ചീം കൂടി പറഞ്ഞു കൊറേ ചിരിച്ചു, അല്ല കരഞ്ഞു… എന്റെ മോനേ നീയൊന്നുണര്… രാജ്യം നിനക്കായി കാത്തിരിക്കുകയാണ്…

പഴയതെല്ലാം ഞാന്‍ മറന്നു അമ്മേ.. ഞാനിന്നൊരു പുതിയ മനുഷ്യനാണ്… ബോധോദയത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്..

മീന്‍ വെട്ടുന്ന കത്തിയാ എന്റെ കയ്യിലിരിക്കുന്നത്, ഒറ്റക്കുത്തു വച്ചു തന്നാലുണ്ടല്ലോ….

നാറും അമ്മേ… മല്‍സ്യത്തെ വധിച്ച് അതിന്റെ മാസം വേവിച്ച് കഴിക്കാന്‍ അമ്മയ്ക്കു ലജ്ജയില്ലേ ? ഇനിയെങ്കിലും അംഹിസയുടെ പാതയിലേക്കു വരൂ അമ്മേ..

ഉണ്ട… അടുത്ത തിങ്കളാഴ്ച പാര്‍ട്ടി മീറ്റിങ്ങുണ്ട്.. എല്ലാവരും നിന്നെ കാണാന്‍ വേണ്ടി കാത്തിരിക്കുവാ.. അതിന്റെ ബ്രീഫിങ്ങിനു വന്നതാ ആന്റങ്കിള്‍…

ബീഫ് നിരോധിച്ചെന്നു പറഞ്ഞിട്ട് ?

ബീഫല്ലെടാ പൊട്ടാ.. ബ്രീഫ് ബ്രീഫ്..

ഞാനിപ്പോ ബ്രീഫ് ഉപയോഗിക്കാറില്ലമ്മേ.. എല്ലാത്തരം ബന്ധനങ്ങളില്‍ നിന്നും ഞാന്‍ മോചിതനായി…

പാര്‍ട്ടി മീറ്റിങ്ങിനു ചെന്നിട്ട് ഇമ്മാതിരി മണകൊണാഞ്ചന്‍ വര്‍ത്താനം പറഞ്ഞാല്‍ നിന്റെ കാലു ഞാന്‍ തല്ലിയൊടിക്കും…

അടുത്ത തിങ്കളാഴ്ച ഞാന്‍ മ്യാന്‍മറിലായിരിക്കും അമ്മേ… അവിടെ എനിക്കൊരു ആത്മവിശുദ്ധീകരണ ധ്യാനമുണ്ട്… ധ്യാനത്തിന്റെ വിശുദ്ധി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഈ വിശുദ്ധീകരണ ധ്യാനങ്ങള്‍ കൂടണം… ഇനിയങ്ങോട്ട് എല്ലാ തിങ്കഴാള്ചകളിലും ഞാന്‍ മ്യാന്‍മറിലായിരിക്കും…

ആന്റൂ… ഒന്നിങ്ങോട്ടു വന്നേ.. ഞാന്‍ മടുത്തു… ഈ ചെക്കനു പ്രാന്തായെന്നാ തോന്നുന്നേ.. ഇനീം ഞാനിവിടെ നിന്നാല്‍ ഇവനെ വല്ലോം ചെയ്യും..

ശാന്തി അമ്മേ, ശാന്തി…

ആശ, ശാന്തി… നീയിങ്ങനെ പെണ്ണുങ്ങളുടെ പേരും മനപാഠം പറഞ്ഞോണ്ടിരുന്നോ…നന്നാവരുത്…

മോനേ… ഞാനാടാ ആന്റങ്കിള്‍…

പറയൂ അങ്കിള്‍… എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?

കഷ്ടത്തിലാണ് മോനേ… മോനിവിടുന്നു പോയതോടെ പാര്‍ട്ടി നാഥനില്ലാത്ത അവസ്ഥയിലായി…. നേതാക്കന്‍മാര്‍ക്കു പോലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി… രാജ്യത്ത് മറ്റവരുടെ ഏകാധിപത്യമാണ്… നമുക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല…

അങ്കിളെന്തൊക്കെയാണ് പറയുന്നത്… ഞാന്‍ ചോദിച്ചത് ആത്മീയകാര്യങ്ങളാണ്… ദൈവത്തിന്റെ കാര്യങ്ങള്‍…

ഞാനൊരു നിരീശ്വര വാദിയാണ്… മോന്‍ ഇനിയെങ്കിലും പാര്‍ട്ടി കാര്യങ്ങള്‍ ശ്രദ്ധിക്കണം.. തിങ്കഴാള്ചത്തെ മീറ്റിങ്ങിനു വരണം… മഹാരാഷ്ട്രയിലെ ബീഫ് നിരോധനം മുതല്‍ ഒരുപാടു വിഷയങ്ങളില്‍ നമുക്ക് സമരം നടത്തേണ്ടതുണ്ട്…

ബീഫ് നിരോധം രാജ്യം മുഴുവന്‍ വേണമെന്നാവശ്യപ്പെട്ടാണെങ്കില്‍ സമരത്തിനു ഞാനും വരാം… ബീഫിനെ മാത്രമല്ല, ജീവനുള്ള ഒന്നിനെയും കൊല ചെയ്തു കഴിക്കാന്‍ പാടില്ല..

അപ്പോ പണ്ടു കേരളത്തില്‍ വന്നു തട്ടുകടേന്നു പൊറോട്ടയും ബീഫും തട്ടിയതു മറന്നോ ?

ഞാനിന്നൊരു പുതിയ മനുഷ്യനാണ്… പഴയതൊന്നും എന്നെ ഓര്‍മിപ്പിക്കേണ്ട..

കേരളത്തിലേക്കൊക്കെ ഒന്നു വരണം.. പാര്‍ട്ടിക്ക് കുറച്ചെങ്കിലും ശക്തിയുള്ളത് അവിടെയാണ്…

ഞാന്‍ മ്യാന്‍മറിലായിരിക്കുമ്പോള്‍ ഒരാഴ്ച റഷ്യയിലെ പുടിനും എന്നോടൊപ്പം ധ്യാനത്തിലുണ്ടായിരുന്നു.. അപ്പോഴാണ് കേരളത്തിലെ ബജവതരണം ടിവിയില്‍ കണ്ടത്…

ധ്യാനത്തിലായിരുന്നെങ്കിലും ന്യൂസ് ചാനല്‍ ഒക്കെ കാണുമായിരുന്നോ ?

ഹേയ്.. ഇത് ഗുസ്തി ചാനലിലാ.. ഡബ്ല്യുഡബ്ല്യുഇയില്‍… ആത്മനിയന്ത്രണം പരിശീലിപ്പിക്കാന്‍ വേണ്ടി കാണിക്കുന്നതാ.. അപ്പോള്‍ മാണിസാറിനെ ഞാന്‍ പുടിനു കാണിച്ചുകൊടുത്തു… മൂപ്പര്‍ക്ക് ആളെ ഇഷ്ടായി.. അവിടുത്തെ ആഭ്യന്തരമന്ത്രിയായി വിളിച്ചാല്‍ ചെല്ലുമോ എന്നു ചോദിച്ചു…

കര്‍ത്താവേ…

അല്ല, നിരീശ്വരവാദിയാണെല്ലല്ലേ പറഞ്ഞത് ?

ഞാനെന്റെ കൂടെ സ്‌കൂളില്‍ പഠിച്ച ശ്രീധരന്‍ കര്‍ത്താവിനെ ഓര്‍ത്തതാ…

ങും… അപ്പോ പുടിന്‍ പറഞ്ഞു.. അവിടെ പണ്ടൊരു സാര്‍ ചക്രവര്‍ത്തിയുണ്ടായിരുന്നെന്ന്.. പേരിന്റെ കൂടെ സാര്‍ എന്നുള്ളതുകൊണ്ട് മാണിസാറിനെ അവിടത്തുകാര്‍ക്കിഷ്ടപ്പെടുമെന്ന്…

നല്ല സെലക്ഷനാ.. പക്ഷെ, പുടിന്റെ ഭാവി എന്താകൂന്നാ…

നല്ല മനുഷ്യനാ… നേരത്തേ ബോധോദയം വന്നയാളാ… ബൈ ദ ബൈ…ആന്റങ്കിള്‍ ഇപ്പോ വന്ന കാര്യം പറഞ്ഞില്ല ??

തിങ്കഴാഴ്ചത്തെ പാര്‍ട്ടി മീറ്റിങ്…

ഞാനന്നു മ്യാന്‍മറിലായിരിക്കും.. അതുകൊണ്ട് അതുവിട്…വേറെന്തെങ്കിലും ?

അല്ല, മോനിപ്പോള്‍ കൂടുതല്‍ സമയം ധ്യാനവും മറ്റുമാണല്ലോ… അതുപോര…

എനിക്കറിയാം.. രാജ്യത്തുടനീളം ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങാനും ഞാനാലോചിക്കുന്നുണ്ട്…

അതല്ല, മോന്‍ പഴയപോലെ.. പൊറോട്ടയും മറ്റുമൊക്കെയായി…

അത് ശരി… എന്താണാ ബാഗില്‍ ?

ഒരു നാലു പൊറോട്ട.. പിന്നെ കുറച്ചു ബീഫ്… ചാറ് വേറെ എടുത്തിട്ടുണ്ട്…

ദുഷ്ടാ….. എന്നെ ഇങ്ങനെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ?

അല്ല മോനേ… അത് പിന്നെ, അത് ഇത്…

ആന്റങ്കിള്‍.. ഇതു വളരെ മൃഗീയവും പൈശാചികവുമായിപ്പോയി…

അയ്യോ, എന്നോടങ്ങനെ പറയല്ലേ…

പറയും…

പറയല്ലേ…

പറയുമെന്നല്ലേ പറഞ്ഞത്…

ഈശ്വരാ ഞാനിതെങ്ങനെ സഹിക്കും…

ഗെറ്റൗട്ട് ഹൗസ് അങ്കിള്‍..

എന്ത്ന്ന് ?

ഇംഗ്ലിഷിലല്ലേ പറഞ്ഞത്… എന്നാ ഹിന്ദീല്‍ പറയാം.. ഘര്‍വാപസി..

ഈശ്വരാാാാ !!

രാജിസന്നദ്ധത

മമ്മീ… മീറ്റിങ് തുടങ്ങാറായി…

വോ, ഞന്‍ റെഡി തന്നെടാ.. നീ കഴിഞ്ഞ ദിവസത്തെപ്പോലെ ഒരുമാതിരി ഊമ്പിയ ചിരീം ചിരിച്ചോണ്ട് നിക്കരുത്… ചുമ്മാ മനുഷ്യരെ മാനം കെടുത്താന്‍…

അതു പിന്നെ… ഞാന്‍ ഫീലടിച്ചു നിക്കുന്നത് കണ്ടിട്ട് അവന്മാര് സന്തോഷിക്കണ്ടാന്ന് വിചാരിച്ചിട്ടാ മമ്മി…

എന്നിട്ടിപ്പോ എന്തായി ? നിന്റെ ചാനലു പോയിക്കെടക്കുവാണെന്നാ അവര് പറയുന്നത്…

പിന്നെ ? ഞാന്‍ നിന്നു കരയണമായിരുന്നെന്നാണോ മമ്മി പറയുന്നത് ?

എടാ ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം… ഇത്തരം അവസരങ്ങളില്‍ മുഖത്ത് വേണ്ടത് വീരം ആണ്…

വീരന്‍ തോറ്റു തൊപ്പിയിട്ടില്ലേ ?

ഉണ്ട!.. ടാ, നീ നവരസങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

ഒരമ്മ മകനോട് ചോദിക്കാവുന്ന ചോദ്യമാണോ ഇത് മമ്മീ ?

കുന്തം ! നീ പച്ചാളം ഭാസിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

പിന്നേ…. അത് കണ്ടല്ലേ ഞാന്‍ വിവിധ ഭാവങ്ങളൊക്കെ പഠിച്ചത്..

അതാണ് പറഞ്ഞത്… നിന്റെ മുഖത്ത് ഒന്നുകില്‍ ഹാസ്യം അല്ലെങ്കില്‍ ശൃംഗാരം.. ഇതേയുള്ളൂ… ഒരു ലീഡറാവണമെങ്കില്‍ മുഖത്ത് എപ്പോഴും വീരം ഉണ്ടായിരിക്കണം..

ഇത് മമ്മി നേരത്തെ പറഞ്ഞില്ലല്ലോ…

അല്ല, പിന്നെ… ഇതൊക്കെ നിനക്കറിയാമെന്നല്ലേ ഞാന്‍ വിചാരിച്ചേ… കഴിഞ്ഞ ദിവസം തോറ്റു തുന്നം പാടി നിന്നപ്പോ നിന്റെ ചിരികണ്ടപ്പോഴാ നിനക്കൊരു കുന്തോം അറിയില്ല എന്നു മനസ്സിലായത്…

ഇനിയിപ്പോ എന്താ ഞാന്‍ ചെയ്യേണ്ട ?

ഇനി പ്രത്യേകിച്ചൊന്നുമില്ല… ഇന്നത്തെ മീറ്റിങ്ങില്‍ ചെല്ലുന്നു… നമ്മള്‍ രണ്ടു പേരും രാജി പ്രഖ്യാപിക്കുന്നു…

എന്നിട്ട് ??????? നമ്മള്‍ പിന്നെങ്ങനെ ജീവിക്കും ?

മരമണ്ടാ…. രാജി പ്രഖ്യാപിക്കുന്നു എന്നല്ലേ പറഞ്ഞുള്ളൂ.. രാജി വയ്ക്കുന്നു എന്നു പറഞ്ഞില്ലല്ലോ…

ഹൊ, ഞാന്‍ പേടിച്ചു പോയി…. എന്നിട്ട് ?

അപ്പോള്‍ അവരെല്ലാരും കൂടി പൊട്ടിക്കരയും… നമ്മളില്ലെങ്കില്‍ ചത്തുകളയുമെന്നു വരെ പറയും…

അവരങ്ങനെ പറയുവോ ?

അങ്ങനെ പറയണമെന്ന് വിപ്പ് കൊടുത്തിട്ടുണ്ട്… പറയാത്തവരെയെല്ലാം നമ്മള്‍ പുറത്താക്കും…

മമ്മീ.. വിപ്പിനെയൊന്നും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്…

ചീഫ് വിപ്പല്ലെടാ… ഇതും വെറും വിപ്പാ… വിശ്വസിക്കാം…

അപ്പോ അവര് ചത്തുകളയുമെന്നു പറയും… എന്നിട്ട് ?

അപ്പോപ്പിന്നെ നമുക്ക് വേറെ ഓപ്ഷനില്ലല്ലോ… നമ്മള്‍ തുടരും…

ഹൊ.. എന്നാ ബുദ്ധിയാ…

നീ എന്നേം സോപ്പിട്ടോണ്ടിരുന്നോ… നീ ഒരു നിലയ്‌ക്കെത്തുന്നത് കണ്ടിട്ട് കണ്ണടയ്ക്കാമെന്നുള്ള എന്റെ സ്വപ്‌നം..ങ്ഹാ !

മമ്മീ.. ചളു ആക്കല്ലേ.. പ്ലീസ്…

ഹും.. മീറ്റിങ്ങിന് നീ ഓഡിറ്റോറിയം എല്ലാം ഏര്‍പ്പാടാക്കിയതല്ലേ ?

ഓഡിറ്റോറിയമോ… എന്തിന് ? ആകെ പത്തുനാപ്പത് പേരല്ലേയുള്ളൂ.. അവിടൊരു ഓടിട്ട പഴയ കെട്ടിടം പറഞ്ഞിട്ടുണ്ട്…

അത് ശരിയാണല്ലോ.. ഞാനത് മറന്നു.. എന്നാല്‍ പോകാം…

അല്ല.. ലവളെവിടെ ?

ആര് ?

മറ്റവള്‍… മുടിഞ്ഞ പെര്‍ഫോമന്‍സായിരുന്നല്ലോ കഴിഞ്ഞയാഴ്ച…

ടാ… നിന്റെ സ്വന്തം പെങ്ങളെപ്പറ്റിയാണോടാ നീയീ പറയുന്നത് ?

ഉവ്വ !.. എന്തൊരു പുകിലായിരുന്നു… ഞാനോര്‍ത്തു മൊത്തത്തോടെ അവളങ്ങു തൂത്തുവാരുമെന്ന്…

പതുക്കെ പറയെടാ.. പണിക്കാര് കേള്‍ക്കും… ആരേം വിശ്വസിക്കാന്‍ പറ്റാത്ത കാലമാ…

അതെയതെ… കൂടെപ്പിറപ്പുകള്‍ പോലും പണി തരും…

പോട… നീ വണ്ടീലോട്ട് കേറ്…

ഹ്ഹ്ഹ്‌ഹേ…ഹ്ങാഹഹഹഹഹ…

എന്തിനാടാ കരയുന്നേ ?

എനിക്കു സഹിക്കാന്‍ പറ്റുന്നില്ല മമ്മീ…

എടാ ഡ്രൈവറ് ശ്രദ്ധിക്കുന്നു… നീയൊന്നൊച്ചയുണ്ടാക്കാതിരി…

എന്നാലും.. ഞാനിപ്പോ കൊടിവച്ച കാറില്‍ പോകേണ്ട മനുഷ്യനല്ലേ മമ്മീ.. എനിക്കീ ഗതി വന്നല്ലോ…ങ്ഹഹേ..

മതി.. മതി.. സ്ഥലമെത്തി… എല്ലാരും എത്തിട്ടൊണ്ട്… നീയിറങ്ങ്… ഞാന്‍ പറഞ്ഞത് മറക്കേണ്ട.. മുഖത്ത് നല്ല വീരഭാവം വേണം.. നിന്നെ കണ്ടാല്‍ നീ ജയിച്ചിട്ടു വരികയാണെന്നേ തോന്നാവൂ…

ഞാന്‍ ശ്രമിക്കാം…

എന്നാ നടന്നോ.. ഞാന്‍ പുറകേയുണ്ട്…

ഇത്രേം കാലം മുന്നില്‍ മുന്നിലായിരുന്നല്ലോ.. ഇപ്പോ എന്നാ പറ്റി പൊറകിലായേ ?

വെറുതെയല്ലെടാ നീ… കേറിപ്പോടാ….

പ്രിയപ്പെട്ടവരെ, ഇന്നത്തെ മീറ്റിങ് ആരഭിക്കുകയാണ്.. ഈ മീറ്റിങ്ങിന്റെ പ്രധാന്യം ഞാന്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.. നമുക്ക് നേരിടേണ്ടി വന്ന പരാജയത്തിന് അനേകം കാരണങ്ങളുണ്ടെങ്കിലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ഞാനും എന്റെ മോനും രാജി വയ്ക്കുകയാണ്…

……………………………………………..
………………………………………………

ആരും ഒന്നും മിണ്ടുന്നില്ലല്ലോ മമ്മീ ??

————————

ഞങ്ങളുടെ നേതൃത്വം നിങ്ങള്‍ക്ക് കൂടിയേ തീരു എന്നു ഞങ്ങള്‍ക്കറിയാമെങ്കിലും ഈ അവസരത്തില്‍ നിങ്ങളെ ഒറ്റയ്ക്ക് ദുഷ്ടശക്തികളുടെ കൈകളിലേക്ക് നാഥനില്ലാതെ പറഞ്ഞയക്കേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്കു വിഷമമുണ്ട്…

————————
———————–

മമ്മീ… പണി കിട്ടും… ആരും കരയുന്നില്ല…

എന്തുകൊണ്ടു നമ്മള്‍ തോറ്റു എന്നതിന് തോറ്റവരുടെ കയ്യിലിരിപ്പ് തന്നെയാണ് കാരണം എന്നായിരിക്കാം ഉത്തരം… എങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വയ്ക്കാന്‍ തയ്യാറായ ഞങ്ങളുടെ വിശാലമനസ്‌കത നിങ്ങള്‍ മനസ്സിലാക്കുമെന്നും എനിക്കറിയാം…

—————————
—————————

മമ്മീ ഞാന്‍ പറഞ്ഞില്ലേ വിപ്പ് ചതിക്കുമെന്ന്… ഇവരെ എല്ലാരേം കൂടി പുറത്താക്കുന്നതും നമ്മള്‍ രാജി വയ്ക്കുന്നതും ഒരുപോലാ… പണി കിട്ടി മമ്മി…

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കഷ്ടകാലം വന്നപ്പോള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോയവര്‍ എന്നു ചരിത്രം ഞങ്ങളെ വിശേഷിപ്പിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല…

————————–
————————-

ഇല്ല മമ്മീ.. ഒരുത്തനും മിണ്ടുന്നില്ല…

അതുകൊണ്ട് രാജി വയ്ക്കാനാണ് ഞങ്ങള്‍ വന്നതെങ്കിലും നിങ്ങളെ ഈ ദുര്‍ഘടാവസ്ഥയില്‍ ഒറ്റയ്ക്കാക്കി പോകാന്‍ മനസ്സനുവദിക്കാത്തതിനാലും ഞങ്ങള്‍ രാജി വച്ചേക്കുമോ എന്ന ആശങ്കമൂലം എന്തെങ്കിലും പറയാന്‍ പോലുമാവാതെ സ്തബ്ധരായിരിക്കുന്ന നിങ്ങളുടെ ദുഖം മനസ്സിലാക്കുന്നതിനാലും ആ തീരുമാനം ഞങ്ങള്‍ ഉപേക്ഷിക്കുന്നു…. എന്നും എന്നെന്നും.. നിങ്ങളെയെല്ലാം നിയന്ത്രിക്കാനും മുന്നോട്ടു കൊണ്ടു പോകാനും ഞങ്ങള്‍ നിങ്ങളുടെ തലപ്പത്തുണ്ടാവും…

ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…
ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…

അതു പറഞ്ഞപ്പോഴാണല്ലോ മമ്മീ കൂട്ടക്കരച്ചില്‍ ?

ഞാന്‍ പറഞ്ഞില്ലേടാ.. അവര്‍ക്ക് നമ്മളില്ലാതെ മേല…

ഹൊ! ഞാന്‍ പേടിച്ചു പോയി…

ഞാനും, കൊര്‍ച്ച് !

മര്‍ഡര്‍ പാര്‍ട്ടി, കില്ലിങ് ഓഫിസ്

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി 15ന് കൊച്ചിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. മദ്യം, മയക്കുമരുന്ന്, സ്ത്രീപീഡനം, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി ഏഴരക്കോടി രൂപയാണ് ദരിദ്രവാസിയായ കേരള സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്വന്തം പാര്‍ട്ടി ഓഫിസിലെ തൂപ്പുകാരിക്കു പോലും സുരക്ഷിതത്വം നല്‍കാനാവാത്ത കോണ്‍ഗ്രസ് വിചാരിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയ ശേഷം പദ്ധതിയമായി മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.

ദില്ലി കൂട്ടമാനഭംഗത്തിനു ശേഷം സ്ത്രീസുരക്ഷയ്ക്ക് എന്ന പേരില്‍ കുറെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും എല്ലാ പദ്ധതിയ്ക്കും നിര്‍ഭയ എന്നു ചേര്‍ത്തു പേരിടുകയും ചെയ്യുന്നിടത്ത് അവസാനിക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. നിലമ്പൂരിലെ പാര്‍ട്ടി ഓഫിസില്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ഓഫിസിലെ തൂപ്പുകാരിയെ കൊന്നു ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്നു ഭാവിച്ച് വലതുപക്ഷ ജനാധിപത്യവിശ്വാസികള്‍ സിപിഎമ്മിലെ പുഴുക്കുത്തുകളില്‍ ഡെറ്റോള്‍ പുരട്ടിക്കൊണ്ടിരിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ വായിച്ചു ഞെട്ടുന്ന കേരളത്തിലെ മനുഷ്യസ്‌നേഹികളും സാമൂഹികപ്രവര്‍ത്തകരും ഒരു ദേശീയ പാര്‍ട്ടിയുടെ ബ്ലോക്ക് കമ്മിറ്റി ഓഫിസിനുള്ളില്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം നടത്തിയ കൊലപാതകത്തെ ഇത്ര ലാഘവത്തോടെ കാണുന്നത് ദയനീയമാണ്.

സാമൂഹിക ബോധമുള്ള നാട്ടുകാരുടെ അവസ്ഥയം വ്യത്യസ്തമല്ല. ടിപി ചന്ദ്രശേഖരന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന മനുഷ്യാവകാശ പ്രേമികള്‍ കൊല്ലപ്പെട്ട സ്ത്രീയെ ബ്ലാക്‌മെയിലിങ് കാരിയായ തൂപ്പുകാരി എന്നു മുദ്രകുത്തി അവഗണിക്കുകയാണ്. ഇവിടെ കൊല്ലപ്പെട്ട സ്ത്രീ വേട്ടക്കാരിയും ഗതികേടുകൊണ്ട് കൊല്ലേണ്ടി വന്ന പാവം പഴ്‌സനല്‍ സ്റ്റാഫ് അംഗവും പാവപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയും ഇരകളുമായി മാറുകയാണ്. ടിപി ചന്ദ്രശേഖരന്റെ ഭാര്യയുടെ മൊഴി വീണ്ടും വീണ്ടും എടുക്കാനും വളരെ സൂക്ഷ്മതയോടെ അന്വേഷിക്കാനും സര്‍ക്കാര്‍ സ്‌പെഷല്‍ ഇന്‍വെസ്്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചപ്പോള്‍ പാര്‍ട്ടി ഓഫിസില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളുടെ മൊഴി പരസ്യമായി രേഖപ്പെടുത്താന്‍ പൊലീസിനു മടിയുണ്ടായില്ല എന്നത് ഒരു സൂചനയാണ്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന മൊഴിയെടുക്കലില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയതും ഈ നേതാക്കളാണെന്നു പറയുന്നു. കാര്യങ്ങള്‍ എങ്ങോട്ടാണു പോകുന്നതെന്നു മനസ്സിലാക്കാന്‍ സിപിഎം മെമ്പര്‍ഷഷിപ്പ് എടുക്കേണ്ട ആവശ്യമില്ല.

ശനിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ വര്‍ണാഭമായ ചടങ്ങില്‍ വച്ച് നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി സോണിയാജി ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ത്രീസുരക്ഷയെപ്പറ്റി ധാരാളം ഗീര്‍വാണങ്ങള്‍ അടിക്കും. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ വച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെപ്പറ്റി അവരാരും എന്തെങ്കിലും പറയാനുള്ള സാധ്യത കാണുന്നില്ല. ജോപ്പനും സലിം രാജും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പാലു കൊടുത്തു വളര്‍ത്തുന്ന വിഷപ്പാമ്പുകളുടെ പട്ടികയിലെ ലേറ്റസ്റ്റ് അവതാരമാണ് പാര്‍ട്ടി ഓഫിസിനുള്ളില്‍ കൊലപാതകം നടത്തിയിരിക്കുന്നത്. ഇതിനെക്കാള്‍ വിഷമുള്ള ഇനങ്ങള്‍ ഖദറിട്ട് പുഞ്ചിരി തൂകി കൂടെ നടക്കുമ്പോള്‍ പച്ചപ്പാവം ചമഞ്ഞു മുതലക്കണ്ണീരൊഴുക്കാന്‍ ഒരു നേതാവിനും അര്‍ഹതയില്ല. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷ എന്നു പറയുമ്പോള്‍ കോണ്‍ഗ്രസ് ഓഫിസില്‍ വന്നു പോകുന്ന സ്ത്രീകളുടെ സുരക്ഷ കൂടി പ്രസക്തമാണെങ്കില്‍ സോണിയാ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്യേണ്ടത് കൊച്ചിയിലല്ല, നിലമ്പൂരിലെ പാര്‍ട്ടി ഓഫിസിലാണ്. ഒപ്പം നിര്‍ഭയ പാര്‍ട്ടി, സുരക്ഷിത ഓഫിസ് എന്നു പേരിട്ട് ഉള്‍പ്പാര്‍ട്ടി ശുദ്ധീകരണത്തിനുള്ള മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിക്കാം.

ഇതുകൂടി- ഒന്നാം പ്രതി ബിജു നായര്‍ തന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമാണെങ്കിലും കൂട്ടൂപ്രതി ഷംസുദീന് സിപിഎം ബന്ധമാണുള്ളതെന്ന് മന്ത്രി ആര്യാടന്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊലപാതകം നടത്തുന്നതിനു വേണ്ടി സിപിഎം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കാന്‍ ഒരു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കാവുന്നതാണ്.

കേരളത്തെ നടുക്കിയ ക്രൂരത !!

എന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ഇത്തരത്തിലൊരു കാടത്തം കേരളചരിത്രത്തില്‍ ഇതിനു മുന്‍പ് സംഭവിച്ചിട്ടില്ല എന്നത് നടുക്കത്തിന്റെ പ്രകമ്പനം കൂട്ടുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള പൊലീസും കൂടി അശരണരും അവശരും നിരാലംബരുമായ ഒരു കൂട്ടം യുവാക്കളോട് ചെയ്യുന്നത് കാലം മറക്കാത്ത അനീതിയാണ്. മുകളിലൊരാളുണ്ടെങ്കില്‍ (പ്രത്യയശാസ്ത്രപരമായി അങ്ങനെ ഒരുത്തനുമില്ല) പാവപ്പെട്ട ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയും ജയില്‍ മേധാവിയും അമേരിക്കയും പിന്നെ ദേശാഭിമാനിയും പീപ്പിളും ഒഴികെയുള്ള മാധ്യമങ്ങളും അനുഭവിക്കും.

ടിപി ചന്ദ്രശേഖരന്‍ ഒരു മിത്താണ്. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനു പോലും വ്യക്തമായ തെളിവില്ലെന്നിരിക്കെ അയാളെ കൊന്നു എന്നു കള്ളക്കേസുണ്ടാക്കി നിഷ്‌കളങ്കരും നിരാലംബരുമായ ഒരു സംഘം കര്‍മോല്‍സുകരായ ചെറുപ്പക്കാരെ പിടികൂടി കോടതിനടപടികളിലൂടെ ബുദ്ധിമുട്ടിച്ച് ഒടുവില്‍ ജയിലടച്ച് പീഡിപ്പിക്കുന്നത് ചുവന്ന രക്തം സിരകളിലോടുന്ന ഒരാള്‍ക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നതല്ല. അനീതിയെന്നോ അക്രമമെന്നോ അല്ല, ഭീകരവും പൈശാചികവുമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.

ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ നിരപരാധികളും നിഷ്‌കളങ്കരുമാണെന്നു തെളിയിക്കപ്പെടുകയും ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നില്ല എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അന്ന് കെ.കെ.രമ എന്ന മാഫിയ നേതാവിനെ ഇന്നാട്ടിലെ ജനം തിരിച്ചറിയുകയും പാര്‍ട്ടിക്കു വേണ്ടി…. പാര്‍ട്ടിക്കു വേണ്ടിയല്ല… ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി ജയില്‍ വരിച്ചു പീഡനങ്ങള്‍ സഹിക്കുന്ന സുനിയേട്ടനും മനോജേട്ടനും മറ്റും മഹാന്‍മാരെന്നു വിളിക്കപ്പെടുകയും ചെയ്യും.

ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നും അയാളെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്ന ചെറുപ്പക്കാര്‍ കൊല ചെയ്തു എന്നും വിശ്വസിക്കുന്ന ഏതാനും ബൂര്‍ഷ്വകള്‍ ഇന്നും കേരളത്തിലുണ്ട് എന്നത് വേദനാജനകമാണ്. ഇവരില്‍ എത്ര പേര്‍ ടിപിയെ കണ്ടിട്ടുണ്ട് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. നല്ലൊരു ശതമാനം ആളുകളും മനോരമയിലും മാതൃഭൂമിയിലും മംഗളത്തിലുമൊക്കെയാണ് ടിപിയെ പറ്റി വായിച്ചിട്ടുള്ളതും ടിപിയുടെ ചിത്രവും മറ്റും കണ്ടിട്ടുള്ളതും. മായാവി, ഡിങ്കന്‍, സൂത്രന്‍ തുടങ്ങിയവരെപ്പറ്റിയും ആളുകള്‍ ഈ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുണ്ടല്ലോ. ടിപി ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളും ജീവിച്ചിരുന്നു എന്നു വിശ്വസിക്കുമോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ടിപിയെ 51 വെട്ടിനു കൊന്നു എന്നൊക്കെയാണ് പലരും എഴുതിപ്പിടിപ്പിക്കുന്നത്. ടിപി ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ കൊന്നതാണെങ്കില്‍, കൊന്നത് വെറും 12 വെട്ടിനാണ് എന്നത് നിസ്സംശയം പറയാന്‍ സാധിക്കും. എണ്ണിയവനു പിഴച്ചാലും വെട്ടിയവന് പിഴയ്ക്കില്ല എന്നാണ് ശാസ്ത്രം.

നിരപരാധികളായ ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കുകയും കള്ളസാക്ഷികളെയും വ്യാജതെളിവുകളും നിരത്തി നിന്ദ്യയും നികൃഷ്ടവുമായ ഗൂഢാലോചനയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജീവപര്യന്തം ജയിലിലടക്കുകയും ചെയ്തു എന്നത് ഇന്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ലജ്ജിപ്പിക്കേണ്ടതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരൊക്കെ പാര്‍ട്ടിയെ തകര്‍ക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തുകയും അതിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം അഭിനയിക്കുകയും ചെയ്യുന്ന രമയുടെ പക്ഷത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ചെറുപ്പക്കാരെ ജയിലിലടച്ചതിനു പുറമേ പാര്‍ട്ടി സ്വാധീനമുള്ള കണ്ണൂരിലെ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് അവരെ മാറ്റി എന്നതും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വിയ്യൂരില്‍ എത്ര സെല്ലുകളില്‍ സ്മാര്‍ട്‌ഫോണ്‍ സൗകര്യവും 3ജി ഇന്റര്‍നെറ്റ് കണക്ഷനും ഫോട്ടോഷൂട്ടിനുള്ള സൗകര്യങ്ങളുമുണ്ട് എന്നന്വേഷിച്ചാല്‍ മനസ്സിലാവും ഗൂഢാലോചനയുടെ ആഴം. ഇത്തരത്തിലുള്ള ഒരു സൗകര്യവുമില്ല എന്നു മാത്രവുമല്ല അവിടുത്തെ ജയിലധികൃതര്‍ക്ക് ഈ ചെറുപ്പക്കാരോട് പേടിയോ ബഹുമാനമോ ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്. അധികൃതര്‍ ഇവരെ നോക്കി സല്യൂട്ട് ചെയ്യുന്ന തരത്തില്‍ പരിഷ്‌കൃതമായ ഒരു ജയിലിലേക്ക് അവരെ മാറ്റണം എന്ന വളരെ ന്യായമായ ആവശ്യം പോലും പരിഗണിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തെ നടുക്കിയ ഈ പൊലീസ് ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ സടകുടഞ്ഞുണരണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് ആവശ്യപ്പെടാനുള്ളത്. യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുകയും ക്രിസ്തു കുരിശിലേറുകയും ചെയ്തപ്പോള്‍ അക്കാലത്തെ പരിഷ്‌കൃതസമൂഹം നിശബ്ദത പാലിച്ചതുപോലെ ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളോട് കേരളത്തിലെ പൊതുസമൂഹവും നിശബ്ദത പാലിക്കരുത്. ക്രിസ്തുവിനും ഗാന്ധിജിക്കും പിന്നെ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്. ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്നല്ലെങ്കില്‍ നാളെ ഈ ചെറുപ്പക്കാര്‍ പരോളിലിറങ്ങും എന്നത് ആരും മറക്കരുത്.

താത്വികമായ ഒരവലോകനം കൂടി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ആ കേസില്‍ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റിയുള്ള ഒരു താത്വികാവലോകനമാണ് ഞാനിവിടെ ഉദ്ദശിക്കുന്നത്. ഒന്ന്, മാധ്യമസിന്‍ഡിക്കറ്റും ബൂര്‍ഷ്വ പൊലീസും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര ജീവമായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അമേരിക്കയും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടത്. എന്നാല്‍, സത്യം മനസ്സിലാക്കിയ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ അനുദിനം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ടിപിയുടെ ഭാര്യ രമ ഇനിയെങ്കിലും പാര്‍ട്ടിയോടു മാപ്പു ചോദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഒന്ന്, ടി.പി.ചന്ദ്രശേഖനുമായി പാര്‍ട്ടിക്കോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ ഒരു തരത്തിലുമുള്ള ശത്രുതയോ വിദ്വേഷമോ ഇല്ലായിരുന്നു എന്നതാണ്. അദ്ദേഹം മരിച്ചതിനു ശേഷം പാര്‍ട്ടിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതിനു വേണ്ടി കുലംകുത്തികളും അമേരിക്കയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വകളും അവരുടെ പിണിയാളുകളായ ഇന്നാട്ടിലെ ചൂഷകരും ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്നു ഞാന്‍ അന്നേ സംശയിച്ചിരുന്നു.

മറ്റൊന്ന് ഇതുവരെ ഒരുറുമ്പിനെപ്പോലും നോവിക്കാതെ മുന്നോട്ടു പോവുന്ന പാര്‍ട്ടിയുടെ മേല്‍ അഹിംസയുടെ ചോരക്കറ പുരട്ടുന്നതിനു വേണ്ടി യുഡിഎഫ് സര്‍ക്കാരും പൊലീസും അമേരിക്കന്‍-ഇസ്രയേല്‍ പാശ്ചാത്യ അച്ചുതണ്ടും രാജ്യാന്തരതലത്തില്‍ നടത്തിയ ഗൂഢാലോചനയാണ്. അതില്‍ ഇന്നാട്ടിലെ ചില ആളുകള്‍ പങ്കു ചേര്‍ന്ന് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതിനു വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിച്ചു എന്നാണ് ഇതുവരെയുള്ള കാര്യങ്ങളെ യുക്തിബോധത്തോടെ നിരീക്ഷിച്ചതില്‍ നിന്നും മനസ്സിലാവുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ഗുണ്ടകളെ കോടതി കുറ്റക്കാരെന്നു വിധിച്ചിട്ടുണ്ട്. അവര്‍ കുറ്റക്കാരാണോ അല്ലയോ എന്ന കാര്യത്തെപ്പറ്റി പാര്‍ട്ടി വിശദമായി പഠിച്ച ശേഷം ഒരഭിപ്രായം പറയും. എന്നാല്‍, കോടതിയുടെ നടപടി പിശകുകള്‍ മൂലം പാര്‍ട്ടിയോടനുഭാവമുള്ള ചിലരും നിലവില്‍ കുറ്റക്കാരായി കണ്ടെത്തിയവരോടൊപ്പമുണ്ട്. അത് വേദനാജനകമാണ്. ഈ കേസുമായി ബന്ധപ്പെട്ട കുറ്റാരോപിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും നിഷ്‌കളങ്കരാണ്. പാര്‍ട്ടിക്കെതിരെ നടന്ന ഗൂഢാലോചനകള്‍ എല്ലാം പരാജയപ്പെടുത്തിക്കൊണ്ട് നീതിബോധമുള്ള, സത്യസന്ധരായ ആളുകള്‍ പാര്‍ട്ടിക്കൊപ്പം നിന്നതിന്റെ വിജയമാണിത്.

പാര്‍ട്ടിയെ കേസില്‍ കുടുക്കുന്നതിനു വേണ്ടി ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്ന പൊലീസുകാര്‍ ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത അനേകം പേരെ കേസില്‍ പ്രതികളാക്കുകയും അനേകം പേരെ ഭീഷണിപ്പെടുത്തി സാക്ഷികളാക്കുകയും ചെയ്തിട്ടുണ്ട്. കള്ളസാക്ഷികളെ ഉണ്ടാക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദിവസങ്ങളോളം ഗൂഢാലോചന നടത്തി എന്നാണ് കരുതേണ്ടത്. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ അവരെല്ലാം സത്യത്തെ മുറുകെപ്പിടിക്കുകയും പാര്‍ട്ടിക്കും പാര്‍ട്ടി അനുഭാവികള്‍ക്കും അനുകൂലമായി മൊഴി മാറ്റിപ്പറയുകയും ചെയ്തു. അങ്ങനെ കൂറുമാറിയവര്‍ ഒരര്‍ഥത്തില്‍ രക്തസാക്ഷികളായിരിക്കുകയാണ്. അവര്‍ക്കെല്ലാം അഭിവാദ്യം അര്‍പ്പിക്കാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്.

നിഷ്‌കളങ്കനും നിരപരാധിയുമായ മോഹനന്‍ മാസ്റ്ററെ കള്ളക്കേസില്‍ കുടുക്കി ഇത്ര നാള്‍ തുറുങ്കിലടച്ച ക്രൂരതയോളം വരില്ല ടിപി ചന്ദ്രശേഖരന്‍ മരിച്ചത് എന്നാണ് ഇന്ന് അദ്ദേഹത്തെ വെറുതെ വിട്ടതിലൂടെ തെളിഞ്ഞിരിക്കുന്നത്. കേവലരാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കൊലപാതകക്കേസുകളില്‍ ആളുകളെ പ്രതികളാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും വിചാരണ ചെയ്യുന്നതും പ്രബുദ്ധസമൂഹത്തിനു ചേര്‍ന്നതല്ല എന്നാണ് എന്റെ അഭിപ്രായം. മരിച്ചവരാരും തിരിച്ചു വരികയില്ല. ജീവിച്ചിരിക്കുന്നവരെ തുറുങ്കിലടയ്ക്കുന്നത് ക്രൂരവും ഹൃദയശൂന്യവും സര്‍വ്വോപരി മനുഷ്യാവകാശലംഘനവുമാണെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ഇനി കാടുഭരിക്കാന്‍ താനില്ലെന്നു മനുമോന്‍ സിഹം

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി കാടു ഭരിച്ചുകൊണ്ടിരിക്കുന്ന താന്‍ ഈ കാലാവധി കഴിയുന്നതോടെ ഭരണത്തില്‍ നിന്നും പിന്മാറുകയാണെന്നു മൃഗരാജാവ് മനുമോന്‍ സിഹം ഗര്‍ജ്ജിച്ചു. കാടിനെ ഇനി നയിക്കേണ്ടത് പുതുതലമുറയാണ്. സട കൊഴിഞ്ഞു കൊണ്ടിരിക്കുന്ന താന്‍ ഇനി ഭരണചക്രം തിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭരണത്തിന്റെ ബാറ്റന്‍ അനുയോജ്യനായ ഭരണാധികാരിക്കു കൈമാറുമെന്നു പറഞ്ഞ മനുമോന്‍ സിഹം അമേധ്യവനത്തില്‍ നിന്നുള്ള രാഹുകാലന്‍ എന്ന സിംഹവാലന്‍ കുരങ്ങ് കാടിനെ നടിക്കാന്‍ കരുത്തുള്ള മിടുക്കനാണെന്നും പ്രഖ്യാപിച്ചു.

കാടു ഭരിക്കാന്‍ ദൈവം നിയോഗിച്ചിട്ടുള്ളത് സിംഹ ഫാമിലിയെ ആണ്. സിംഹമല്ലാതെ ആരു ഭരിച്ചാലും കാട് മുടിയുമെന്നു ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. പ്രായവും അനുഭവപരിചയവും അല്‍പം കുറവാണെങ്കിലും രാഹുകാലന്‍ നാളെ കാടിനെ നയിക്കാന്‍ തക്ക അറിവും കരുത്തും ഉള്ളവനാണ്. രാഹുകാലന്‍ വെറും കുരങ്ങനാണെന്നും സിംഹമല്ലെന്നും ഒരു വിഭാഗം നടത്തുന്ന പ്രചാരണം കാടിന്റെ പുരോഗതിയെ പിന്നോട്ടടടിക്കുമെന്നു മനുമോന്‍ സിഹം മുന്നറിയിപ്പു നല്‍കി. സിംഹവും സിംഹവാലന്‍ കുരങ്ങുകളും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. സിംഹവാലന്‍ സത്യത്തില്‍ സിംഹങ്ങളെക്കാള്‍ മികവും കഴിവും കൂടുതലുള്ളവരാണ്. വലിയ സടയോ ഗര്‍ജ്ജിക്കാനുള്ള കഴിവോ ഒന്നുമില്ലെങ്കിലും അതിമനോഹരമായ വാലുകള്‍ അവയ്ക്കുണ്ട്. ഈ വാലുപയോഗിച്ച് കാടിനെ നയിക്കാനും ഭരിക്കാനും കഴിയുമെന്നു രാഹുകാലന്‍ തെളിയിക്കും. രാഹുകാലന്‍ കുരങ്ങന്‍ കാടു ഭരിക്കുമ്പോള്‍ വെറുമൊരു പ്രജയായി അദ്ദേഹത്തിന്റെ ഗുഹയുടെ വാതില്‍ക്കല്‍ അറ്റന്‍ഷനായി നില്‍ക്കാന്‍ തനിക്കു സന്തോഷമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാട്ടിലെ മൃഗങ്ങള്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രശസ്തി നേടിയ നരഭോജിക്കടുവയെ കാട് ഭരിക്കാന്‍ അനുവദിക്കരുതെന്നും മനുമോന്‍ സിംഹം പറഞ്ഞു. സിംഹം അല്ലെങ്കില്‍ സിംഹവാലന്‍ എന്നതാണ് നമ്മുടെ മുദ്രാവാക്യം. സിംഹമില്ലെങ്കില്‍ കടുവ ഭരിക്കട്ടെ എന്ന ശൈലി ശരിയല്ല. പണ്ട് കാട്ടിലെത്തിയ ഏതാനും മനുഷ്യരെ പിടിച്ചു തിന്നിട്ടുള്ള ഭീകരജീവിയാണ് നരഭോജിക്കടുവ. നരഭോജിക്കടുവ കാട്ടിലെ രാജാവായാല്‍ കടുവകള്‍ കൂട്ടത്തോടെ കാട്ടില്‍ വിളയാടി മറ്റു മൃഗങ്ങളെയെല്ലാം കൊന്നൊടുക്കും എന്നതില്‍ ഒരു സംശയവുമില്ല. കടുവകള്‍ മാത്രമുള്ള ഒരു വനമാണ് അവരുടെ സ്വപ്നം. അത് കാടിന്റെ നാശത്തിനു തന്നെ കാരണമായിത്തീരും- മനുമോന്‍ സിഹം പറഞ്ഞു.

കാടിന്റെ ആസ്ഥാനത്ത് മാങ്കോ മങ്കീസ് പാര്‍ട്ടി നേടിയ വിജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. മങ്കി പാര്‍ട്ടി ഒരിക്കലും ഭരിക്കാന്‍ അറിയാവുന്നവരല്ലെന്നും മങ്കിയെക്കാള്‍ ആയിരം മടങ്ങ് യോഗ്യന്‍ ഭരിക്കാനായി ജനിച്ചിട്ടുള്ള സിംഹവാലന്‍ കുരങ്ങുകളാണെന്നും സിംഹദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കാട് പുരോഗതിയുടെ പാതയിലാണ്. കാട്ടിനുള്ളിലെ മരങ്ങള്‍ വെട്ടിത്തെളിച്ച് അവിടെ വിദേശികളായ മനുഷ്യന്‍മാരുടെ ഖനികളും റിസോര്‍ട്ടുകളും സ്ഥാപിച്ചതു വഴി കാട്ടിലെ മൃഗങ്ങള്‍ക്കു സായിപ്പന്‍മാരുടെയും മദാമ്മമാരുടെയും വൃത്തിയുള്ള പാത്രങ്ങളിലെ ഭക്ഷണമാവാന്‍ സാധിച്ചു. ഇത് കാടിന്റെ ചരിത്രത്തിലെ തന്നെ വലിയ നേട്ടമായി കാണാം. കാട്ടിനുള്ളില്‍ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന ലോക്കല്‍ മൃഗങ്ങളെ വന്‍കിട ഏജന്റുമാര്‍ വഴി ലോകത്തെ വിവിധ മൃഗശാലകളിലെത്തിക്കാന്‍ സാധിച്ചതും തന്റെ ഭരണനേട്ടമാണെന്നു മനുമോന്‍ സിഹം പറഞ്ഞു.

കാട്ടില്‍ പട്ടിണികിടക്കുന്ന മൃഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. ബാക്കിയുള്ളവ പട്ടിണി കിടന്നു ചത്തുപോയതുകൊണ്ടാണ് എണ്ണം പകുതിയായി കുറയ്ക്കാന്‍ സാധിച്ചത്. വിവിധ സര്‍ക്കസ് കമ്പനികളുമായി അടുത്തിടെ ഒപ്പുവച്ചിരിക്കുന്ന കരാറുകള്‍ കാട്ടിലെ തൊഴിലില്ലായ്മയ്ക്ക് അറുതി വരുത്തും. മൃഗധാര്‍ പദ്ധതിയില്‍ എല്ലാ മൃഗങ്ങളെയും ബന്ധിപ്പിക്കാന്‍ കഴിഞ്ഞതോടെ അവരുടെ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാന്‍ സാധിച്ചു. നരഭോജിക്കടുവയും മറ്റു കടുവകളും താന്‍ കാടിന്റെ ശത്രുവാണെന്നും കാടിനെ മനുഷ്യര്‍ക്ക് ഒറ്റു കൊടുക്കുന്നവനാണെന്നും പ്രചരിപ്പിക്കുന്നതില്‍ തനിക്കു വേദനയുണ്ടെന്നും മനുമോന്‍ സിഹം കൂട്ടിച്ചേര്‍ത്തു.

കാട്ടില്‍ മൃഗങ്ങളുടെ കഷ്ടകാലം കൂടിയത് ആഗോളപ്രതിഭാസത്തിന്റെ ഭാഗമാണ്. ആഫ്രിക്കന്‍, ആമസോണ്‍ കാടുകളിലും മൃഗങ്ങള്‍ക്കു കഷ്ടകാലമാണ്. കാട്ടിലെ ഭരണത്തിനെതിരേ മൗസ്ബുക്ക് വഴി എലികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വനദ്രോഹമായി കണക്കാക്കി കര്‍ശനനടപടകള്‍ സ്വീകരിക്കും. സിംഹങ്ങളെയും സിംഹവാലന്‍ കുരങ്ങുകളെയും വിമര്‍ശിക്കുന്നത് നിയമനിര്‍മാണം മൂലം തടയുമെന്നും മനുമോന്‍ സിഹം പറഞ്ഞു. താന്‍ വല്ലപ്പോഴും മാത്രമേ ഗര്‍ജ്ജിക്കാറുള്ളൂ എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ താന്‍ മൂന്നു തവണ ഗര്‍ജ്ജിച്ചതായി ചരിത്രരേഖകളെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

കോണ്‍സ്പിരസി തിയറി

ഗുഡ്‌മോണിങ് സര്‍…

ഗുഡ്‌മോണിങ്… എന്തായി കാര്യങ്ങള്‍ ?

പരിപാടി ആരംഭിക്കാറായി സര്‍… എല്ലാവരും റെഡിയാണ്…

പ്രതിഷേധക്കാരോ മറ്റോ ഉണ്ടോ ?

ഉണ്ട് സര്‍… ധാരാളമുണ്ട്… അവരവിടെ സമാധാനപരമായി പ്രതിഷേധിക്കുകയാണ് സര്‍…

നോക്കൂ… എന്റെ ഇമേജ് ആകെ തകര്‍ന്നു നാശമായിക്കിടക്കുകയാണ്… ഈ പ്രതിഷേധക്കാര്‍ എന്നെ തടയുകയോ കല്ലെറിയുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ എനിക്കത് മുതലെടുക്കാമായിരുന്നു…

നോ സര്‍.. ദാറ്റീസ് ഇംപോസിബിള്‍… അവര്‍ അംഹിംസാവാദികളാണെന്ന വിവരം സാറിനറിയില്ലേ… തിരുവന്തപുരത്ത് അവരുടെ സമരം നടക്കുമ്പോള്‍ നമ്മളെന്തുമാത്രം ഉപദ്രവിച്ചു അവരെ.. ഒരാളും ഒരു ചെറുവിരല്‍പോലും ഉയര്‍ത്തിയില്ല..

എനിക്കറിയാം… അവര്‍ സമാധാനപ്രിയരാണ്… പക്ഷേ…

എന്താണ് സര്‍ ? പറയൂ… സാറെന്താണ് ആലോചിക്കുന്നത് ?

അവരെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കണം… ഏതു വിധേനയെയും അവരെക്കൊണ്ട് എന്നെ കല്ലെറിയിക്കണം.. ആ സഹതാപതരംഗം വഴി ഞാന്‍ പിടിച്ചുകയറിക്കോളാം…

ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല സര്‍.. സമരക്കാരില്‍ പലരെയും ഞാന്‍ നേരിട്ടു കണ്ടതാണ്… ആയിരവും പതിനായിരവുമൊക്കെ ഓഫര്‍ ചെയ്തിട്ടും സാറിനെ കല്ലെറിയാന്‍ അവര്‍ തയ്യാറാവുന്നില്ല സര്‍…

ഹും.. അവരെന്താ പറയുന്നത് ?

അവരെന്നെ തല്ലിയില്ലെന്നേയുള്ളൂ.. അക്രമം ഞങ്ങളുടെ മാര്‍ഗമല്ല.. സാറുമായി ആശയപരമായ എതിര്‍പ്പുള്ളതുകൊണ്ടാണ് സമരം ചെയ്യുന്നത്.. സാറിനെ എന്നല്ല ലോകത്ത് ഒരു മനുഷ്യജീവിയെയും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ അവര്‍ക്കു സാധിക്കില്ല… എന്നൊക്കെ…

ശ്ശൗ.. !

എന്തു പറ്റി സര്‍ ?

എന്റെ കണ്ണുനിറഞ്ഞു പോയെടോ…

ശരിയാണ് സര്‍… എന്റെയും കണ്ണ് അപ്പോള്‍ നിറഞ്ഞായിരുന്നു…

ഞാനീ സ്ഥാനത്തിരിക്കുന്നതുകൊണ്ടാണ്.. അല്ലെങ്കില്‍ എന്നേ ആ പാര്‍ട്ടിയില്‍ ചേര്‍ന്നേനെ..

ഇനി ഞാന്‍ സാറിനോട് ഒരു സത്യം പറയട്ടെ… മനസ്സുകൊണ്ട് ഞാനെന്നും ആ പാര്‍ട്ടിയിലാണ്… വിആര്‍എസ് എടുത്ത് ശിഷ്ടകാലം പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി ജീവിക്കാനാണ് എനിക്കിഷ്ടം…

ഭാഗ്യവാനാണെടോ താന്‍…

താങ്ക്യൂ സര്‍…

അപ്പോ എന്റെ കാര്യമെങ്ങനാ… സ്‌പോട്ടില്‍ നിന്ന് എനിക്കു നേരെ ഒരാക്രമണം നടന്നാല്‍ എനിക്കതു ഗുണം ചെയ്യും… അവരെന്നെ ഉപദ്രവിച്ചു എന്നു വരുത്തിത്തീര്‍ത്താല്‍ അവരുടെ സത്യസന്ധവും നിര്‍വ്യാജവുമായ സമരങ്ങളുടെ മുനയൊടിക്കാന്‍ എനിക്കു സാധിക്കും…

അതു ക്രൂരതയല്ലേ സര്‍ ?

ക്രൂരതയാണ് പക്ഷേ, നമുക്കു വേറെ വഴിയില്ലല്ലോ…

ആ ചന്ദ്രശേഖരന്റെ ആത്മഹത്യ കൊലപാതകമാക്കി അവരുടെ തലയില്‍ വച്ചതു തന്നെ വലിയ ക്രൂരതയായിപ്പോയി… ഇതുകൂടിയാവുമ്പോള്‍…

ശരിയാണ്… എന്നും ക്രൂരതകള്‍ ചെയ്തിട്ടുള്ളത് നമ്മളാണല്ലോ… ഇവിടെത്തന്നെ അവരുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ അക്രമങ്ങളും നമ്മുടെ ആളുകള്‍ ചെയ്തതല്ലേ.. ഇന്നും അങ്ങനെ തന്നെ നടക്കണം…

എങ്ങനെ ?

നമ്മുടെ ആളുകളെ ആരെയെങ്കിലും അവര്‍ക്കിടയില്‍ നിര്‍ത്തിയിട്ട് കല്ലെറിയിക്കണം… അപ്പോള്‍ അത് അവരാണെന്നു നമുക്ക് പ്രചരിപ്പിക്കാം…

പക്ഷെ സാറിന്റെ ദേഹത്തൊരു തരി മണല്‍ വീഴാനവര്‍ സമ്മിക്കില്ല… മറ്റാരെങ്കിലും സാറിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തടയുകയോ അവര്‍ തന്നെഅതേറ്റുവാങ്ങി രക്തസാക്ഷികളാവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്…

ഇനി ഞാന്‍ പറയുന്നത് താന്‍ ശ്രദ്ധയോടെ കേള്‍ക്കണം… എന്നെ കല്ലെറിയുന്നതിനു വേണ്ടി മുംബൈ അധോലോകത്തില്‍ നിന്നു ഞാന്‍ കുറച്ചുപേരെ ഇവിടെ വരുത്തിയിട്ടുണ്ട്… കല്ലെറിയുന്നതില്‍ വളരെ വൈദഗ്ധ്യമുള്ളവരാണ് അവര്‍..

സാര്‍ സീരിയസ്സാണോ ?

അതെ, വളരെ സീരിയസ്സാണ്… അവരിപ്പോള്‍ സമാധാനമായി സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും.. ഞാന്‍ അതുവഴി ചെല്ലുമ്പോള്‍ അവര്‍ കാറിനു നേരെ കല്ലുകളെറിയും…

അതപകടമല്ലേ സര്‍ ?

ഒരപകടവുമില്ല… തെര്‍മോകോള്‍ കൊണ്ടുണ്ടാക്കിയ കല്ലുകളാണ് അവരെറിയുന്നത്… ഒരു ഒറിജിനാലിറ്റിക്കു വേണ്ടി…

അതുകൊണ്ടെന്തു കാര്യം സര്‍ ? അതപ്പോള്‍ തന്നെ പറന്നുപോവില്ലേ ?

ശരിയാണ്… അതിനു കാറിനുള്ളില്‍ ഞാനൊരു വലിയ കല്ലു സൂക്ഷിച്ചിട്ടുണ്ട്… അവര്‍ കല്ലെറിയുന്ന സമയത്ത് ആ കല്ലെടുത്ത് ഞാന്‍ തന്നെ കാറിന്റെ ചില്ലുകള്‍ ഇടിച്ചു പൊട്ടിക്കും…

ഈശ്വരാ….

താനിതു കണ്ടോ ?

എന്താണ് സര്‍ ഇത് ?

സിനിമയില്‍ ചോര കാണിക്കാനുപയോഗിക്കുന്ന കെമിക്കല്‍ ആണ്.. സുതാര്യമായ ഒരു ചില്ലുകുപ്പിയില്‍ ഇതു ഞാന്‍ കയ്യില്‍ സൂക്ഷിക്കും… കാറിന്റെ ചില്ലിടിച്ചു പൊട്ടിച്ചു കഴിഞ്ഞാലുടനേ ഇതു ഞാനെന്റെ നെറ്റിയില്‍ വാരിപ്പൂശും.. എന്നിട്ട് ഇതുമായി സ്റ്റേജിലിരുന്ന് പരിപാടിയില്‍ പങ്കെടുക്കും…

സാറിനെ ആക്രമിക്കുന്നവരെ സമരക്കാര്‍ പിടിച്ചുവച്ചെങ്കിലോ ? അക്രമം നടത്താന്‍ അവര്‍ ആരെയും അനുവദിക്കില്ല സര്‍..

അതിനല്ലേടോ ഞാന്‍ അധോലോകത്തു നിന്നാളെയിറക്കിയത്…

ഒരു സംശയം സര്‍..

ചോദിച്ചോളൂ…

അവരെറിയുന്ന തെര്‍മോകോള്‍ കല്ലുകള്‍ വല്ലതും കാറിനുള്ളിലോ മറ്റോ വീണാല്‍ അത് പാരയാവില്ലേ ?

തെര്‍മോകോളല്ലേ… ഈ വിന്‍ഡോയിലൂടെ അകത്തുവന്നാല്‍ കാറ്റടിച്ച് അടുത്ത വിന്‍ഡോയിലൂടെ പുറത്തു പൊയ്‌ക്കോളും.. കാറിനകത്തു ഞാന്‍ വച്ചിരിക്കുന്ന കല്ലുണ്ടാവുമല്ലോ തൊണ്ടിയായിട്ട്…

പാര്‍ട്ടിക്കാര്‍ സത്യമറിഞ്ഞാല്‍…

അറിയരുത്… ഒരിക്കലും അറിയരുത്…

നമ്മുടെ ഈ ഗൂഢാലോചന വളരെ സുതാര്യമായിരിക്കട്ടെ..

എന്നു വച്ചാല്‍ ?

തലപോയാലും വേറൊരുത്തന്‍ അറിയരുതെന്ന്…

യെസ് സര്‍…

ഗുഡ്‌ബോയ് !

തൊലിക്കട്ടിയുള്ളവര്‍ക്ക് എന്തിന് ഹെല്‍മെറ്റ് ?

കേരളത്തെ ഹെല്‍മെറ്റ് ധരിപ്പിക്കുക എന്ന ചരിത്രദൗത്യം ഏറ്റെടുത്ത് അതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കുകയും വിജയകരമായി റോഡിലെ അപകടനിരക്ക് കുറയ്ക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ്. പണ്ടൊക്കെ റോഡിലൂടെ ഹെല്‍മെറ്റ് വച്ചവരൊന്നോ രണ്ടോ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഹെല്‍മെറ്റില്ലാത്ത ഒരാളെ കാണണമെങ്കില്‍ കുറച്ചു പാടുപെടും. നിയമം കര്‍ശനമാക്കിയതിനു ശേഷമുള്ള കണക്കു നോക്കിയാലോ, അപകടങ്ങളില്‍ ഞെട്ടിക്കുന്ന കുറവും. അക്കാര്യത്തില്‍ ഋഷിരാജ് സിങ്ങിനോടു കേരളം കടപ്പെട്ടിരിക്കുന്നു. കുറച്ച് ഉദ്യോഗസ്ഥന്‍മാര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കേരളം എല്ലാ രംഗങ്ങളിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായേനെ.

ഇത് ഹെല്‍മെറ്റ് നിയമത്തെ സംബന്ധിച്ചുള്ള വിഹഗവീക്ഷണമാണ്. എക്കണോമിക്‌സില്‍ പറഞ്ഞാല്‍ മാക്രോ ലെവല്‍ അപ്രോച്ച്. ഇനി മൈക്രോ ലെവലിലേക്കു പോയാല്‍ പൊലീസ് ജീപ്പുകള്‍ക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ജാങ്കോ പയ്യന്‍മാരുടെ കാഴ്ചകളാണെങ്ങും. വിട്ടുവീഴ്ചയില്ലാത്ത പരിശോധന. രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ പരിശോധനകളോടൊപ്പം നിയമനടപടികളും കര്‍ശനമാക്കി. ഇനിയങ്ങോട്ടു ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ പിഴ 1500 രൂപയാണ്. ഹെല്‍മെറ്റ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്നവരില്‍നിന്ന് 3300 രൂപ വീതം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബൈക്ക് ചെയ്‌സ് ചെയ്തു പിടിക്കുന്ന പരിപാടിയൊന്നുമില്ല. നമ്പര്‍ എഴുതി ആര്‍ടിഒ ഓഫിസിലേക്കു കൊടുക്കുകയേയുള്ളൂ. പോരെങ്കില്‍ ലൈസന്‍സ് കട്ട് ചെയ്യുന്ന പരിപാടിക്കു പുറമേ ഒരു മാസം മുതല്‍ മൂന്നു മാസം വരെ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ഇത്രയൊക്കെ കര്‍ശനമായി നടപ്പാക്കാന്‍ മാത്രം പ്രധാനപ്പെട്ട സംഗതിയാണോ ഹെല്‍മെറ്റ് എന്നു പലരും സംശയം ചോദിക്കുന്നുണ്ട്. ഒരു സംശയവുമില്ല. തലയുണ്ടെങ്കിലേ ജീവിതമുള്ളൂ. അതുകൊണ്ടാണ് നടുറോഡിലെ ഹെല്‍മെറ്റ് പരിശോധനയ്ക്കു പുറമേ സിനിമയിലും സിനിമയുടെ പോസ്റ്ററിലും വരെ ആളുകല്‍ ഹെല്‍മെറ്റ് വച്ചിട്ടുണ്ട് എന്നുറപ്പുവരുത്താനും വച്ചിട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടുള്ളത്.

അടുത്ത കാലത്ത് ഒരു സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലൂടെ ബൈക്ക് റാലി നടത്തിയപ്പോള്‍ ഹെല്‍മെറ്റ് വച്ചില്ല എന്ന കാരണത്താല്‍ യുവനടന്‍ ദുല്‍ക്കര്‍ സല്‍മാനെതിരേ സിറ്റി ട്രാഫിക് പൊലീസ് കേസെടുക്കുകയും താരത്തെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തിരുന്നു. മാതൃകയാവേണ്ട സിനിമാതാരങ്ങള്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത് വച്ചുപൊറുപ്പിക്കില്ലെന്നാണ് അന്നു ട്രാഫിക് പൊലിസ് പറഞ്ഞത്. അത് ജൂലൈയിലാണ്. ഋഷിരാജ് സിങ്ങിന്റെ ഹെല്‍മെറ്റ് വിപ്ലവം വരുന്നതിനും മുന്‍പ്. ഇന്നു സ്ഥിതി മാറി. ദുല്‍ക്കറല്ല, മമ്മൂട്ടിയായാലും ഇനി ഹെല്‍മെറ്റ് വച്ചേ വണ്ടി വഴിയിലിറക്കൂ.

ജനങ്ങള്‍ക്കു മാതൃകയാവാനുള്ള ഉത്തരവാദിത്വം സിനിമാനടന്‍മാര്‍ക്കും നിയമം പാലിക്കാനുള്ള കടമ പൊതുജനങ്ങള്‍ക്കും മാത്രമേയുള്ളോ എന്നതാണ് ഇനി അറിയേണ്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം നഗരത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ജന്മതാബ്ദിയോടനുബന്ധിച്ചു നടന്ന ഇരുചക്രവാഹനറാലിയില്‍ നേതാക്കന്‍മാരുടെ മക്കളും യുവനേതാക്കന്‍മാരുമുള്‍പ്പെടെയുള്ളവര്‍ ഹെല്‍മെറ്റ് പോയിട്ട് ഒരു മയില്‍പ്പീലി പോലും ചൂടാതെ നൂറുകണക്കിനു ബൈക്കുകളോടിച്ചപ്പോള്‍ ഭക്ത്യാദരപൂര്‍വം എസ്‌കോര്‍ട്ട് പോയത് ഇതേ പൊലീസ് ആണ്. ജീപ്പിന്റെ ബംപറില്‍ കാലുകയറ്റി വച്ച് നിന്ന്, ബോണറ്റ് നീതിപീഠമാക്കി നീതിനിര്‍വഹണം നടപ്പാക്കുന്ന പൊലീസുകാര്‍ക്ക് കേരളാ കോണ്‍ഗ്രസുകാരെ ഇത്രയ്ക്കു പേടിയാണെങ്കില്‍ സാക്ഷാല്‍ കോണ്‍ഗ്രസുകാരെ എന്തു മാത്രം പേടിയായിരിക്കും എന്നാലോചിക്കണം.

കോട്ടയത്ത് നേരത്തേ വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ച വനിതാ കൗണ്‍സിലര്‍ക്കെതിരേ കേസെടുത്ത അതേ പൊലീസുകാരാണ് അഞ്ഞൂറോളം ബൈക്കുകള്‍ നിരത്തി കേരളാ കോണ്‍ഗ്രസുകാര്‍ നടത്തിയ പരസ്യമായ നിയമലംഘനത്തിന് മുന്നിലും പിന്നിലും കാവല്‍ നിന്നത് എന്നത് ചെറിയ കാര്യമല്ല. ഇക്കാര്യത്തില്‍ പിന്നോട്ടില്ല എന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഋഷിരാജ് സിങ്ങിന് അത് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. അന്ന് അവിടെ ഹെല്‍മെറ്റില്ലാതെ പോയ എല്ലാവര്‍ക്കും എതിരെ വേണമെന്നില്ല, മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട കേരളാ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍മാര്‍ക്കെതിരെ എങ്കിലും കേസെടുത്ത് അവരെക്കൊണ്ട് പിഴയടപ്പിച്ച് കേരളസമൂഹത്തിന് നല്ലൊരു മാതൃക കാട്ടിക്കൊടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അല്ലെങ്കില്‍, വെറുതെ കൊച്ചുപിള്ളേരു പോലും പറയും ഊച്ചാളി പോലീസ് എന്ന്. എന്തിനാ വെറുതെ ഉണ്ടാക്കിയെടുത്ത പേര് കണ്ട കേരളാ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി കളഞ്ഞു കുളിക്കുന്നത് ?

ഇതിപ്പോള്‍ കേരളാ കോണ്‍ഗ്രസുകാരുടെ നെഞ്ചത്തു കുതിര കയറാനുള്ള ഒരു പോസ്റ്റാണെന്ന് തെറ്റിദ്ധരിക്കരുത്. തിരഞ്ഞെടുപ്പു കാലമാണ് വരുന്നത്. കോണ്‍ഗ്രസുകാരും ലീഗുകാരും സിപിഎമ്മുകാരുമെല്ലാം ഇവിടെ ഇരുചക്രവാഹനറാലികള്‍ നടത്തും. കേരളാ കോണ്‍ഗ്രസുകാരെക്കൊണ്ട് പിഴയടപ്പിക്കണം എന്നു പറയുമ്പോള്‍ അതിന്റെ അര്‍ഥം ഭാവിയില്‍ ഇരുചക്രവാഹനറാലികള്‍ നടത്തുന്ന കോണ്‍ഗ്രസുകാരെക്കൊണ്ടും ലീഗുമാകെക്കൊണ്ടും സിപിഎമ്മുകാരെക്കൊണ്ടുമൊക്കെ ഹെല്‍മെറ്റ് വയ്പിക്കണം എന്നു കൂടിയാണ്. തൊലിക്കട്ടിയുള്ളവരുടെ തലയ്്ക്ക് അത്ര കട്ടിയുണ്ടാവില്ല.

ലിവറൊടിഞ്ഞ കിനാവുകള്‍ (രാഷ്ട്രീയ നോവല്‍)

ഒരേയൊരു എംഎല്‍എയുടെ ബലത്തില്‍ നാടു ഭരിക്കുന്ന ഒരു പുതുപ്പള്ളിക്കാരന്‍. ആ മന്ത്രിസഭയില്‍ വീതം വച്ചു കഴിഞ്ഞ് അവശേഷിക്കുന്ന ഒരേയൊരു മന്ത്രിക്കസേര. സാംസ്‌കാരിക, വനംവകുപ്പ് മന്ത്രിയാകാന്‍ യോഗ്യരായ ആരുമില്ലാത്തതിനാല്‍ മദാലസമായ ആ മന്ത്രിക്കേസേര ഒഴിഞ്ഞു കിടക്കുകയാണ്. ഈ മന്ത്രിക്കസേരയുമായി പത്തനാപുരംകാരനായ ഒരു യുവസുന്ദരന്‍ പ്രണയത്തിലാണ്. ഈ പത്തനാപുരംകാരന്‍ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാല്‍ എതിര്‍ക്കും, ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നില്‍ കാണും, രാത്രിയില്‍ തടാകത്തിലൂടെ ബോട്ടുയാത്ര നടത്തും, അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലുമുപരി ഈ പത്തനാപുരംകാരന്‍ ഒരു സിനിമാനടനുമാണ്.

പക്ഷെ പുതുപ്പള്ളിക്കാരന്‍ സുതാര്യതയുടെ കാര്യത്തില്‍ ഭയങ്കര കണിശക്കാരനാണ്. ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നിട്ടു കുളിക്കുകയും വരാന്ത അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്യുന്ന പ്രകൃതം. നാട്ടുകാരുടെയെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് അദ്ദേഹത്തന് ഒരു വിനോദമാണ്. പത്തനാപുരംകാരന്റെ ഭാര്യയുടെ പരാതി കേള്‍ക്കുന്ന പുതുപ്പള്ളിക്കാരന്‍ ഭാര്യയോട് എല്ലാ പ്രശ്‌നവും പരിഹരിച്ചുതരാം എന്നു പറഞ്ഞു പറ്റിക്കുന്നു. പുതുപ്പള്ളിക്കാരന്‍ പറയുന്ന വാക്ക് പാലിക്കുന്നവനല്ലെന്നു മനസ്സിലായപ്പോള്‍ പത്തനാപുരംകാരന്റെ ഭാര്യ ജനങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് എല്ലാ ദുഖങ്ങളും ഏറ്റുപറഞ്ഞു. തന്റെ സല്‍പ്പേര് നശിക്കുമെന്നുറപ്പായ പുതുപ്പള്ളിക്കാരന്‍ പെട്ടെന്ന് പത്തനാപുരംകാരനെ കയ്യൊഴിയുന്നു. ചീത്തപ്പേര് തീര്‍ത്തു വന്നാല്‍ മന്ത്രിസ്ഥാനം തരാം എന്നു പറഞ്ഞ് പുതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരനെ ഒഴിവാക്കുന്നു.

പുറത്തായ പത്തനാപുരംകാരന് ചീത്തപ്പേരുകള്‍ കൂടിക്കൂടി വന്നതേയുള്ളൂ. നാട്ടില്‍ നടക്കുന്ന സകല അലമ്പ് എടപാടുകളിലും പത്തനാപുരംകാരനും പങ്കുണ്ടെന്നു ഒരു പൂഞ്ഞാറുകാരന്‍ പറഞ്ഞു പരത്തി. മന്ത്രിക്കസേര ഉടനെയൊന്നും സ്വന്തമാവില്ല എന്നു മനസ്സിലായ പത്തനാപുരംകാരന്‍ സിനിമയിലഭിനയിക്കാന്‍ തുടങ്ങുകയാണ്. അനേകം അനേകം സിനിമകളിലൂടെ നല്ല നല്ല വേഷങ്ങള്‍ ചെയ്ത് ആറുമാസം കൊണ്ട് പത്തനാപുരംകാരന്‍ തന്റെ എല്ലാ ചീത്തപ്പേരുകളും മാറ്റിയെടുക്കുകയാണ്.

തന്റെ ജീവിതലക്ഷ്യമായ മന്ത്രിക്കസേര സ്വന്തമാക്കാനാണ് പത്തനാപുരംകാരന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സിനിമയിലഭിനയിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചത്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, പിന്നെയും പിന്നെയും ചീത്തപ്പേരുകള്‍ സമ്പാദിച്ചുകൊണ്ടിരുന്ന പുതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരനെ പാടെ അവഗണിക്കുകയാണ്. ആറുമാസം അടങ്ങിയൊതുങ്ങി ജീവിച്ചു ചീത്തപ്പേരൊക്കെ മാറ്റിയിട്ടും പത്തനാപുരംകാരനെ മന്ത്രിയാക്കാനുള്ള ലക്ഷണമൊന്നും കാണുന്നില്ല. പത്തനാപുരംകാരന്‍ താനുമായി ശത്രുതയിലായിരുന്ന അച്ഛന്റെ കാല്‍ക്കല്‍ വീണ് സഹായം തേടുന്നു. അച്ഛനും മകനും കൂടി ശ്രമിച്ചിട്ടും പുതുപ്പള്ളിക്കാരന്‍ മൈന്‍ഡ് ചെയ്യുന്നില്ല.

ഒടുവില്‍, പത്തനാപുരംകാരന്‍ പുറത്തായിട്ട് ആറുമാസം തികയുകയാണ്. ആ സമയത്തു തന്നെയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ അന്‍പതാം പിറന്നാളാഘോഷവും. അവിടെ പാര്‍ട്ടിയുടെ പിറന്നാളാഘോഷങ്ങള്‍ ഇവിടെ നിരാശയും ദുഖവും ഏകാന്തതയും. ആഘോഷം-നിരാശ, നിരാശ-ആഘോഷം, ആഘോഷം-നിരാശ. അവിടെ പുതുപ്പള്ളിക്കാരനും സംഘവും അധികാരത്തിന്റെ മത്തുപിടിച്ച് പൊട്ടിച്ചിരിക്കുമ്പോള്‍, ഇവിടെ എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് പത്തനാപുരംകാരന്‍ രാജിക്കത്തെഴുതി പിടയുകയാണ്, പിടയുകയാണ്…

പക്ഷെ, ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല… പുതുപ്പള്ളിക്കാരന്‍ പത്തനാപുരത്തേക്ക് ഓടി. പത്തനാപുരംകാരന്റെ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിക്കുന്നില്ല… സ്പീക്കര്‍ കത്ത് വായിക്കുന്നു, പതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരന്റെ അച്ഛന്റെ കാലുപിടിക്കുന്നു, സ്പീക്കര്‍ കത്ത് സ്വീകരിക്കുന്നില്ല, അച്ഛന്‍ പുതുപ്പള്ളിക്കാരനോട് ക്ഷമിക്കുന്നു, സ്പീക്കര്‍ കത്ത് ചവറ്റുകൊട്ടയിലിടുന്നു, പുതുപ്പള്ളിക്കാരനും പത്തനാപുരംകാരന്റെ അച്ഛനും കെട്ടിപ്പിടിക്കുന്നു….

ഒടുവില്‍…. ആറുമാസങ്ങള്‍ക്കു ശേഷം പത്തനാപുരംകാരന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്…

കഴിഞ്ഞോ ?: കഴിഞ്ഞിട്ടില്ല… കുറെക്കഴിയുമ്പോ എല്ലാവരെയും പോലെ അവരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. എന്നിട്ട് എട്ടുനിലയില്‍ പൊട്ടും.. എന്താ ?