പ്രെയ്‌സ് ദി ലോര്‍ഡ് !

അദ്ഭുതങ്ങളുടെ കാലം കഴിഞ്ഞു എന്നാണ് പലരും കരുതുന്നത്. കഴിഞ്ഞിട്ടില്ല. കര്‍ത്താവ് വെള്ളം വീഞ്ഞാക്കുകയും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്‌തെങ്കില്‍ കര്‍ത്താവിന്റെ മണവാട്ടി വിചാരിച്ചാല്‍ അസ്സാം തേയിക്കൊളുന്തുകളെ അസ്സല്‍ ഗാന്ധിനോട്ടുകളാക്കി മാറ്റാന്‍ സാധിക്കത്തില്ലയോ ? വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് മാറി അങ്ങോട്ടു പോവുക എന്നു പറഞ്ഞാല്‍ അത് സംഭവിക്കും എന്നാണ് പ്രമാണം. പിന്നെയാണ് മലമുകളില്‍ വളരുന്ന തേയില.

എന്നാല്‍, ഈ അദ്ഭുതപ്രവര്‍ത്തനം നടത്തിയ കന്യാസ്ത്രീയെ കണ്ടെത്തി ആ വിശുദ്ധയെ ആദരിക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് അവരുടെ സന്യസ്തജീവിതത്തിലെ അപൂര്‍വമായ അദ്ഭുതപ്രവര്‍ത്തനങ്ങളെപ്പറ്റി ലോകമെങ്ങും അറിയിക്കുകയും ചെയ്യുന്നതിനു പകരം കന്യാസ്ത്രീ തേയിലയെന്ന പേരില്‍ കള്ളപ്പണം കൊടുത്തുവിട്ടെന്നും അതുകൊണ്ടുവന്ന ചെറുപ്പക്കാരെ പൊലീസ് തിരയുന്നെന്നുമൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ പത്രങ്ങളും പൊലീസുമൊക്കെ പണ്ടുണ്ടായിരുന്നെങ്കില്‍ വെള്ളം വീഞ്ഞാക്കിയ കേസില്‍ കര്‍ത്താവിനെ അപ്പോഴേ കുരിശില്‍ തറച്ചേനെ.

വാര്‍ത്തകള്‍ പറയുന്നതനുസരിച്ച് ഈ ദിവ്യാദ്ഭുതത്തെ അവിശ്വാസികള്‍ നോക്കിക്കാണുന്നത് ഇങ്ങനെയാണ്: അസ്സാമിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തൊടുപുഴക്കാരിയായ കന്യാസ്ത്രീ അവിടെ തന്നെ ജോലി ചെയ്യുന്ന മലയാളികളായ രണ്ടു മെയില്‍ നഴ്‌സുമാര്‍ നാട്ടിലേക്കു പോരുമ്പോള്‍ ഒരു കെട്ട് അസ്സാം തേയില കൊടുത്തയക്കുന്നു. തൊടുപുഴയിലുള്ള പൊന്നാങ്ങളയ്ക്ക് രാവിലെ തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുവാനായിട്ടാണ് ഈ പരിശുദ്ധ തേയില കൊടുത്തയക്കുവാനായിട്ട് കന്യാസ്ത്രീ തീരുമാനിച്ചത്. തേയിലപ്പൊടിയുമായി മെയില്‍ നേഴ്‌സുമാര്‍ ട്രെയിനില്‍ കയറി കേരളത്തിലേക്കു പുറപ്പെട്ടു. ഏറെ ദൂരം പിന്നിട്ടു. കുറെ നേരം കഴിഞ്ഞപ്പോള്‍ ആശുപത്രിയിലെ തന്നെ മറ്റൊരു കന്യാസ്ത്രീ മെയിലുകളെ വിളിച്ചു ഇപ്രകാരം അരുളിച്ചെയ്തു: മകനേ, മറ്റവള്‍ തന്നയച്ച പായ്ക്കറ്റില്‍ തേയിലയല്ല, പണമാണ്. മെയിലുകള്‍ ബാഗ് തുറന്നു തേയില പായ്്ക്കറ്റ് കയ്യിലെടുത്തു തുറന്നു നോക്കി. അതെ, സെക്കന്‍ഡ് കന്യാസ്ത്രീ പറഞ്ഞതാണ് സത്യം. പായ്ക്കറ്റില്‍ തേയിലയല്ല, പണമാണ്. അതും ഒന്നും രണ്ടുമല്ല, 16 ലക്ഷം രൂപ. മെയിലുകളെ സാത്താന്‍ പ്രലോഭിപ്പിച്ചു. തേയിലപ്പൊടി പണമായി മാറിയ അദ്ഭുതം ഏറ്റവും അടുത്തുള്ള ഇടവകപ്പള്ളിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതിനു പകരം അവര്‍ അത് പങ്കിട്ടെടുത്തു. തുടര്‍ന്ന് അപ്രത്യക്ഷരായി.

മെയിലുകള്‍ തേയിലയുമായി വരുന്നത് കാത്ത് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന കന്യാസ്ത്രീയുടെ സഹോദരന്‍ നിരാശനായി. സഹോദരന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണ്ടതിനു പകരം കേരള പൊലീസിനെ സമീപിച്ചു. കേസ് കൊടുത്തു. രണ്ടു മെയിലുകളിലൊരുവനെ കസ്്റ്റഡിയിലെടുത്തു. അയാളുടെ പക്കല്‍ നിന്ന് അവന്റെ വീതമായ എട്ടു ലക്ഷം രൂപയും പൊലീസ് വീണ്ടെടുത്തു. മറ്റേ മെയിലിനോട് സ്‌റ്റേഷനില്‍ പണവുമായി എത്താന്‍ പറഞ്ഞിരിക്കുകയാണത്രേ. അതോടെ അദ്ഭുതപരതന്ത്രമായ 16 ലക്ഷം രൂപ വീണ്ടെടുക്കപ്പെടും. മെയിലുകളെ ഒന്നു വിരട്ടി പൊലീസ് പറഞ്ഞു വിടും. പൊലീസുകാരായ ബന്ധുവുള്ള കന്യാസ്ത്രീയുടെ പൊന്നാങ്ങള കാശുമായി വീട്ടില്‍ പോവുകയും ചെയ്യും.

നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ കയ്യില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചാല്‍ കള്ളപ്പണം കയ്യില്‍ വച്ചതിന് നമ്മള്‍ അകത്തുപോകും. രാഷ്ട്രീയക്കാരാണെങ്കില്‍ വിവാദമാകും. ഇത് ദൈവികവേലയുടെ ഭാഗമായതിനാല്‍ അദ്ഭുതമായും ദിവ്യരഹസ്യമായുമൊക്കെ കാത്തുസൂക്ഷിക്കപ്പെടുമായിരിക്കും. സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ സംബന്ധിച്ച ദിവ്യരഹസ്യം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല, പിന്നെയാണ് കേവലം 16 ലക്ഷം രൂപ. അസ്സാമിലും മറ്റുമുള്ള പാവങ്ങളുടെ ഇടയില്‍ ആതുരശുശ്രൂഷ നടത്തുന്ന കന്യാസ്ത്രീയുടെ പക്കല്‍ 16 ലക്ഷം രൂപ വരണമെങ്കില്‍ അത് അദ്ഭുതം തന്നെയായിരിക്കണം. പോരെങ്കില്‍ വീടും കുടുംബവും ബന്ധങ്ങളും എല്ലാം കൈവിട്ട് സര്‍വസംഗപരിത്യാഗിയായാണ് സ്ത്രീകള്‍ കന്യാസ്ത്രീകളാവുന്നത്. ആഢംബരങ്ങളും അഭിനിവേശങ്ങളുമില്ലാതെ കര്‍ത്താവിന്റെ മണവാട്ടിമാരായി അവര്‍ ജീവിക്കുന്നത് ജീവിതകാലം മുഴുവന്‍ സേവനം ചെയ്യുന്നതിനു വേണ്ടിയാണ്.

തേയില തീര്‍ച്ചയായും ഒരു ആഢംബരവസ്തുവല്ല. സ്വന്തം സഹോദരന് അല്‍പം അസ്സാം തേയില കൊടുത്തയക്കുന്നതില്‍ ഒരു തെറ്റുമില്ല. 16 ലക്ഷം രൂപയുടെ അത്യാവശ്യമുള്ള സഹോദരന്റെ വേദനകള്‍ കണ്ടു മനസ്സിലാക്കി ദൈവം ആ തേയിലപ്പൊടിയെ സമയോചിതമായി ഇന്ത്യന്‍ കറന്‍സിയായി മാറ്റി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നാല്‍, അസ്സാമില്‍ നിന്നു വിളിച്ചു പാര പണിത കന്യാസ്ത്രീ ആരായിരിക്കും ? ഒരു കന്യാസ്ത്രീക്ക് മറ്റൊരു കന്യാസ്ത്രീ ഇമ്മാതിരി പാരകള്‍ പണിതാല്‍ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു പോകും ? മറ്റേ കന്യാസ്ത്രീ ഇനി ഇതുപോലെ തേയില അയക്കുമ്പോള്‍ ഈ കന്യാസ്ത്രീയും പാര പണിയത്തില്ലയോ ? തേയിലപ്പൊടിയാണെങ്കിലും കള്ളപ്പണമാണെങ്കിലും കല്യാണ്‍ ജൂവലറിക്കാര്‍ പറയുന്നതാണ് കാര്യം – വിശ്വാസം അതല്ലേ എല്ലാം !

പ്രെയ്‌സ് ദി ലോര്‍ഡ് !

എന്നെയൊന്നു പുറത്താക്കൂ പ്ലീസ്

അയല്‍പക്കത്തെ ചെറുപ്പക്കാരന്റെ കൂടെ ഒളിച്ചോടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടാനാഗ്രഹിക്കുന്ന ഇമ്മോറല്‍ ട്രാഫിക്കുകാരിയെപ്പോലെയാണ് പി.സി.ജോര്‍ജ്. എന്നെയൊന്നു പുറത്താക്കൂ പ്ലീസ്, ഞാന്‍ പോയി എല്‍ഡിഎഫില്‍ ചേക്കേറട്ടെ എന്നപേക്ഷിക്കുന്ന മാതിരി അദ്ദേഹം കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയില്‍ റോഡിനു നടുവില്‍ പായ്‌വിരിച്ചു കിടക്കുന്ന ജഗതി ശ്രീകുമാറിന്റെ ചേതോവികാരമേയുള്ളൂ. പി.സി.ജോര്‍ജും ജഗതി ശ്രീകുമാറും പറഞ്ഞു വരുമ്പോള്‍ ബന്ധുക്കളുമാണ്.

ഒരു പൂഞ്ഞാറുകാരനെ മറ്റൊരു പൂഞ്ഞാറുകാരനേ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് പ്രമാണം. അങ്ങനെ നോക്കുമ്പോള്‍ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും പ്രതികരണങ്ങളെയും വിലയിരുത്തുമ്പോള്‍ പി.സി.ജോര്‍ജ് സ്വയം ഒരു പൊളിറ്റിക്കല്‍ ഏലിയന്‍ അസാന്‍ജായി മാറുന്നതിന്റെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമാണ്. എല്‍ഡിഎഫില്‍ നിന്നും മാണികോണ്‍ഗ്രസില്‍ വന്നു ലയിച്ചിട്ട് അധികകാലമായില്ല. അതുവരെ മാണിസാറിനെ വിളിച്ച തെറിയെല്ലാം മറന്ന് ഒരു അല്‍ഷിമേഴ്‌സ് രോഗിയെപ്പോലെ മാണിസാറെന്റെ ദൈവമാണ് എന്ന ലൈന്‍ പിടിച്ച് ചീഫ് വിപ്പായതിനു ശേഷമാണ് പി.സി.ജോര്‍ജിന് ശുക്രനും അതിനുമേല്‍ ശനിയുടെ അപഹാരവുമുണ്ടാകുന്നത്. ചീഫ് വിപ്പ് സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ന്യൂജനറേഷന്‍ സിനിമ പോലെയാക്കി എന്നതാണ് പി.സി.ജോര്‍ജിന്റെ ഏറ്റവും വലിയ സംഭാവന. മാറ്റം നല്ലതാണോ ചീത്തയാണോ എന്നു വേര്‍തിരിച്ചറിയാനാവാത്ത അവസ്ഥ.

രാഷ്ട്രീയക്കാര്‍ പൊതുവേ കൊള്ളരുതാത്തവന്‍മാരാണെന്ന് അവര്‍ക്കു വോട്ടു ചെയ്യാറുള്ള ജനത്തിനു നന്നായറിയാം. കോണ്‍ഗ്രസുകാരായും സിപിഎമ്മുകാരായാലും അടിസ്ഥാനപരമായുള്ള ദുര്‍ഗുണങ്ങള്‍ക്കു പാര്‍ട്ടി വ്യത്യാസമില്ല. എല്ലാവരും മലയാളികളാണ് എന്നതുകൊണ്ടും അവര്‍ ഡീല്‍ ചെയ്യുന്നത് മലയാളികളോടാണ് എന്നതുകൊണ്ടുമൊക്കെയാവാം അത്. അതിനിടയില്‍ കേരള രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ വന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസുകള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. എല്ലാവരും കണക്കു തന്നെ. അപ്പോള്‍ സ്വയം ഇതില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നവനെപ്പോലെ മറ്റുള്ളവരെ വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നത് വലിയ ധീരതയൊന്നുമല്ല.

എല്‍ഡിഎഫ് വിട്ടു വന്നിട്ട് വീണ്ടും അവിടേക്കു തന്നെ മടങ്ങിയാല്‍ കേന്ദ്രമന്ത്രി വരെ ആയതിനു ശേഷം അസ്തമിച്ചു പോയ പി.സി.തോമസിന്റെ അവസ്ഥ തന്നെയായിരിക്കും പി.സി.ജോര്‍ജിനും ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. സത്യത്തിനും നീതിക്കും വേണ്ടി രാഷ്ട്രീയരക്തസാക്ഷിയായാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുകയും രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടി വോട്ടു പിടിക്കുകയും വീണ്ടും നിയമസഭയിലെത്തുകയും ചെയ്യാം. പക്്‌ഷെ, അതിന് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ആക്രമിച്ചു പുറത്താക്കണം. അതിനു വേണ്ടിയുള്ള നായ്ക്കുരണപ്പൊടി പ്രയോഗമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഒരു തേരാളിയെപ്പോലെ ഉള്ളതും ഇല്ലാത്തതുമായ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിച്ച് മാധ്യമശ്രദ്ധ നേടിയ ശേഷമാണ് അദ്ദേഹം ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മുന്നണിയെയും കോണ്‍ഗ്രസിനെ തന്നെയും വിമര്‍ശിച്ചു തുടങ്ങിയത്. പൊതുചടങ്ങില്‍ വച്ച് വിഎസിന്റെ കൈ ചുംബിച്ചതോടെ സംഗതി ഗിയര്‍ മാറി. ഇന്നലെ പിണറായി വിജയനെ പുകഴ്ത്തി. കോണ്‍ഗ്രസുകാരെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. 100 രൂപ കിട്ടിയില്‍ 80 രൂപ പോക്കറ്റിലിടുന്നവരാണെന്നായിരുന്നു ഇന്നലത്തെ പ്രസ്താവന. അണ്ടനും അടകോടനുമൊക്കെ കോണ്‍ഗ്രസിലുണ്ടെന്നും രഹസ്യം ചോര്‍ത്തുന്ന വൃത്തികെട്ടവന്‍മാര്‍ മന്ത്രിസഭയിലുണ്ടെന്നുമൊക്കെയാണ് മറ്റുള്ള ആരോപണങ്ങള്‍.

ഇത്രയൊക്കെ പറഞ്ഞിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കാന്‍ കൂട്ടാക്കുന്നില്ല. രമേശ് ചെന്നിത്തലയും കെ.മുരളീധരനും മുതല്‍ കൊച്ചു കുട്ടിയായ ഡീന്‍ കുര്യാക്കോസ് വരെ പ്രതികരിച്ചു. അതുകൊണ്ടൊന്നും കാര്യമില്ല. ചീഫ് വിപ്പ് സ്ഥാനത്തു നിന്നു നീക്കണം. അപ്പോള്‍ ജോര്‍ജ് സയലന്റാവും. യഥാര്‍ഥ ഹീറോ രംഗപ്രവേശം ചെയ്യും- സാക്ഷാല്‍ കെ.എം.മാണി എന്ന മാണിസാര്‍. പി.സി.ജോര്‍ജിനു കിട്ടേണ്ട സഹതാപതരംഗം കൂടി നേടിക്കൊണ്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് അദ്ദേഹം ഒരു പോക്കങ്ങോട്ടു പോകും. അതൊരു കൂറുമാറ്റമാണ് എന്നത് ആരും ശ്രദ്ധിക്കില്ല. വഴിതെറ്റിയ ഒരു കുഞ്ഞാടിനെ വീണ്ടെടുക്കാന്‍ ബാക്കി 99 എണ്ണത്തിനെയും വിട്ടിട്ടു പോയ ബൈബിളിലെ നല്ല ഇടയനെപ്പോലെ പി.സി.ജോര്‍ജെന്ന കുഞ്ഞാടിനെയുമെടുത്ത് അദ്ദേഹം ഇടതുപാളയത്തിലേക്കു പോകുമ്പോള്‍ പാലാക്കാര്‍ കണ്ണുതുടച്ചു കൂടെ നില്‍ക്കും. അത്ര തന്നെ.

റിയല്‍ എസ്റ്റേറ്റ് (ഏകാങ്കനാടകം)

(പീരുമേട്ടിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവ്. പാലായില്‍ നിന്നു കുടിയേറിയ ഫാമിലി. റിയല്‍ എസ്റ്റേറ്റ് ഏജന്‍റായ റോബിന്‍ തന്‍റെ മാരുതി ആള്‍ട്ടോ കാര്‍ എസ്റ്റേറ്റ് ബംഗ്ലാവിന്‍റെ മുന്നില്‍ സഡണ്‍ ബ്രേക്കിട്ടു നിര്‍ത്തുന്ന ശബ്ദം. ഡോര്‍ തുറന്നടഞ്ഞു. വരാന്തയില്‍ കാല്‍പെരുമാറ്റം)

അമ്മായീ… അമ്മായീ… ഇവിടാരുവില്ലേ ?

ആരാ ? എവിടുന്നാ ?

ഞാനാ…

ഹ! മരുമോനോ ? പ്രിയമോളുവൊണ്ടല്ലോ… എന്നാ പറ്റി ഈ നേരത്ത് ?

അയ്യോ.. ഒന്നും അറിയാത്ത പോലെ… ദേ, പെണ്ണിനെ ഇവിടെ നിര്‍ത്തിയേച്ചും പോകാന്‍ വന്നതാ..

അയ്യോ എന്നാ പറ്റി ? എന്നതാ പ്രിയമോളേ ? എന്നാ പറ്റി ?

അമ്മച്ചി പത്രവൊന്നും വായിക്കുന്നില്ലേ ? ടിവിയൊന്നും കാണുന്നില്ലേ ?

ഓ… എന്നാ വായിക്കാനാ… ഓരോ ദിവസോം ഞെട്ടിക്കുന്ന വാര്‍ത്തകളല്ലേ മോനേ…

എന്നാ ഇന്നത്തെ പത്രവൊക്കെ ഒന്നു വായിക്ക്… എന്നെപ്പറ്റി എന്നാ ഒക്കെ വൃത്തികേടാ ആ അരിവാളു പറഞ്ഞേക്കുന്നേന്നറിയാവോ ?

അയ്യോ… അയാള് നിന്നേപ്പറ്റീം പറഞ്ഞോ ? അയാള്‍ക്കല്ലേലും കുടുമ്മത്തി പിറന്നവരേ കണ്ടൂട മോനേ… നമുക്കിപ്പോ എന്നാ ചെയ്യാന്‍ പറ്റും…??

കെന്നാ ചെയ്യാമ്പറ്റും…. ചുമ്മാ ഉരുണ്ടു കളിക്കല്ലേ… എത്ര തവണ പറഞ്ഞതാ എനിക്കൊരു വിസയെടുത്ത് തരാന്‍…എനിക്കു മടുത്തു ഇവിടെ… മാംഗോ കൃഷിയും ബനാന എസ്റ്റേറ്റും ..ഫൂ..

ശരിയാ മോനേ… ഈ നാട്ടിലെങ്ങനെ കഴിഞ്ഞുപോകുമെന്നത് എനിക്കറിഞ്ഞുകൂടാ… വല്ലോടത്തോട്ടും പോകാവെന്നു വച്ചാല്‍… അതിനൊട്ടു മനസ്സു വരുന്നുമില്ല… അച്ചായന്‍ എന്തു കഷ്ടപ്പെട്ടാ ഈ എസ്റ്റേറ്റിന്‍റെ മാനേജരായത് എന്നറിയാമോ ? മരുമോനോര്‍മയുണ്ടോ എന്നെനിക്കറിയില്ല… അന്നെനിക്കു 18 വയസ് പ്രായം…തോക്കിന്‍റെ കച്ചോടത്തിന് പാലായില്‍ വന്ന അച്ചായന്‍ വല്യപ്പാപ്പന്‍റെ ഷാപ്പില്‍ കളളുകുടിച്ചോണ്ടിരിക്കുമ്പോ കപ്പ‍ക്ക് മൊളകരയ്‍ക്കാന്‍ വന്ന എന്നെ മിന്നായം പോലെ കണ്ടു…

പൊന്നമ്മായീ… ഞാന്‍ കേട്ടു കേട്ടു മടുത്തതാ ഈ ഫ്ലാഷ്ബാക്ക്…അങ്ങേരടെ കൂടെ രായ്‍ക്കുരാമാനം ഒളിച്ചോടിപ്പോന്ന കഥയല്ലേ ? ഇനീം ഇത് പറയരുത്… ചെക്കന്‍റെ ന്യൂജനറേഷന്‍ ജീവിതത്തിന്‍റെ കഥകളാ എസ്റ്റേറ്റിലെ പണിക്കാരു പോലും പറഞ്ഞു നടക്കുന്നത്…അമ്മായീം മോനും കൂടി ബാക്കിയൊള്ളോരടെ കാര്യം തീരുമാനമാക്കും… എന്തേലും ചോദിച്ചാല്‍ ഒരു കഥ പറച്ചിലും കണ്ണീരും…

പറക്കമുറ്റാത്ത എന്‍റെ കുഞ്ഞിനേം കൊണ്ട് ഞാനെങ്ങോട്ടു പോകും ?

പറക്കമുറ്റാത്ത കുഞ്ഞ്… ചെക്കന് വയസ്സ് 45 ആയില്ലേ…എന്ത്യേ സന്തതി ?

അകത്ത് മുറിയടച്ചിരുന്ന് മിസ്റ്റര്‍ ബീന്‍ കാണുവാ…

ബെസ്റ്റ്… എവനെയാണോ അടുത്ത വര്‍ഷം അമ്മായി ഈ എസ്റ്റേറ്റിന്‍റെ മാനേജരാക്കാന്‍ പോകുന്നത് ? മനുഷ്യനിവിടെ ഒരു തരത്തില്‍ ബിസിനസു ചെയ്ത് പച്ചപിടിക്കാന്‍ നോക്കീട്ടു പറ്റുന്നില്ല… അവനിരുന്നു മിസ്റ്റര്‍ ബീന്‍ കാണുന്നു… അളിയോ… അളിയോ…. ഒന്നിങ്ങോട്ടെറങ്ങി വന്നേ…

വേണ്ട മോനേ… പോഗോ കാണുമ്പം വിളിച്ചാല്‍ അവനു ദേഷ്യം വരും… ദേഷ്യം വന്നാല്‍ ആ ജുബ്ബേമെടുത്തിട്ട് പുറകിലത്തെ വാതിലിലൂടെ ഒറ്റപ്പോക്കങ്ങു പോകും… പിന്നെ ഒരു മാസം കഴിഞ്ഞു നോക്കിയാ മതി.. കണ്ട കോളനീലെല്ലാം കല്ലും ചുമന്ന്… തട്ടുകടേക്കൂടീ പൊറോട്ടേം തിന്നു നടക്കും… ഞാനൊരു വിധത്തില്‍ നല്ല വാക്കു പറഞ്ഞിവിടെ ഇരുത്തിയേക്കുവാ.. മരുമോന്‍ കൊഴപ്പവൊണ്ടാക്കരുത്…

ഇതിനകത്ത് അടച്ചുപൂട്ടിയിരുന്നിട്ട് അവനെങ്ങനെ എസ്റ്റേറ്റ് ഭരിക്കും ?

പൊറത്തെറങ്ങിയാല്‍ എന്തേലുമൊക്കെ പൊട്ടത്തരം വിളിച്ചു പറയും… മാനേജരാക്കി ഇവിടിരുത്തിയേക്കുവാണേല്‍ അപകടമില്ലല്ലോ…

തള്ളേം കൊളളാം മോനും കൊള്ളാം…

എനിക്കാണായിട്ടും പെണ്ണായിട്ടുമല്ലാതെ അവനൊരുത്തനേയുള്ളൂ…

ചെക്കന്‍റെ കാര്യം പറയുമ്പോ എന്തൊരു സിമ്പതി… മരുമോനിവിടെ നിക്കറു കീറി നിക്കുന്നത് കണ്ടിട്ട് തള്ളയ്‍ക്കൊരു കുലുക്കോമില്ല…

ഇച്ചായാ…. ഓവറാകുന്നുണ്ട് കേട്ടോ…

നീ പോടീ… എനിക്കു പറയാനുള്ളത് ഞാന്‍ പറയും… ആരുടെ മുഖത്തു നോക്കി വേണമെങ്കിലും പറയും…

എന്നാ ഒണ്ടേലും നമുക്കകത്തിരുന്നു പറയാവല്ലോ… എന്തിനാ ഈ പൊറത്തു നിന്ന് പറയുന്നേ.. ചുറ്റും അസൂയക്കാരാ… മരുമോനു വെശക്കുന്നില്ലേ ? കേറി വാ അമ്മായി അപ്പം ചുട്ടു തരാം…

പൊന്നമ്മായീ… ഞാനിവിടെ കച്ചോടം പൊട്ടി, വട്ടായി നിക്കുവാ… വെറുതെ എന്‍റെ വായീന്നു കേക്കരുത്…

ഇച്ചായാ ഒന്നു പതുക്കെ… ദേ ആ പോകുന്ന വെള്ളസാരിയുടുത്ത പെമ്പ്രന്നോരു കേട്ടാല്‍ നാടു മുഴുവന്‍ പറഞ്ഞു നാറ്റിക്കും..എന്നാ വെഷവാണെന്ന് അറിയാവോ ?

അത് ശരി… കഴിഞ്ഞ തവണ വരുമ്പം അവരും അമ്മായീം കൂടി ആ തിണ്ണേലിരുന്ന് കൊത്തങ്കല്ലു കളിക്കുവാരുന്നല്ലോ..

ഒന്നും പറയണ്ട മരുമോനേ… അവര് കൂട്ടുവെട്ടി പെട്ടീമെടുത്ത് പോയി..ഒരു കച്ചോടമാകുമ്പം ഒന്നിച്ചു നിക്കണ്ടേ…?

അതു തന്നെയാ അമ്മായീ ഞാനും ചോദിക്കുന്നേ ? ഒരു കച്ചോടമാകുമ്പോ ഒന്നിച്ചു നിക്കണ്ടേ ? മരുമോനിട്ട് എന്നാ പണി കിട്ടിയാലും വേണ്ടില്ല.. കമ്മീഷന്‍ കിട്ടിയാ മതി എന്നതാണല്ലോ ഇവിടെ ചെലരടെ…. എന്നെക്കൊണ്ടൊന്നും പറയിക്കരുത്…

മരുമോനാരെയാ ഉദ്ദേശിച്ചത് ? മോഹനങ്കിളിനെയാ ? മോഹനങ്കിള്‍ നമുക്കൊരു മാനേജര് മാത്രമല്ല… അച്ചായന്‍ പോയേപ്പിന്നെ ഈ കുടുംബത്തിനു വേണ്ടി അങ്ങേര് സഹിച്ചിട്ടൊള്ള ത്യാഗത്തിനു കയ്യും കണക്കുമില്ല…ബാങ്ക് മാനേജരായിരുന്ന കാലം മൊതല്‍ക്കുള്ള ബന്ധവാ…അന്ന് എസ്റ്റേറ്റിന്‍റെ ആവശ്യത്തിനു വേണ്ടി അച്ചായനും ഞാനും കൂടി ബാങ്കില്‍ ലോണിനു ചെന്നപ്പോള്‍ മോഹനങ്കിള്‍ അവിടെ മാനേജര്‍….

പിന്നേം ഫ്ലാഷ് ബാക്ക്…

ഓ!.. ഞാനൊന്നും പറയുന്നില്ല…മരുമോനിപ്പോ എന്നതാ വേണ്ടത് ?

മോഹനങ്കിളിനെ വിളിക്കണം… ഈ എസ്റ്റേറ്റ് ആരാ ഭരിക്കുന്നതെന്ന് എനിക്കിപ്പോ അറിയണം… ആരുടെ ഇഷ്ടങ്ങളാണ് ഇവിടെ നടക്കുന്നത് ? ആരാണിവിടെ കാര്യകര്‍ത്താക്കള്‍ ?

ഈ ഡയലോഗ് എവിടെയോ കേട്ടതുപോലെ…

ചുമ്മാ ഇരീടി…

മരുമോനെ… എസ്റ്റേറ്റ് നിയമപ്രകാരം തൊഴിലാളികളുടേതാണ്… നമ്മള്‍ അതിന്‍റെ നോക്കിനടത്തിപ്പുകാര് മാത്രമാണ്…ഇത് മൊത്തത്തോടെ വിറ്റ് തിരിച്ചു പോണമെന്നു തന്നെയാണ് എന്‍റേം ആഗ്രഹം… പക്ഷേ ഇത് വിക്കാന്‍ പറ്റത്തില്ല… അപ്പോ പിന്നെ തൊഴിലാളികളെ ഓടിക്കുക എന്നതു മാത്രമേ ചെയ്യാന്‍ പറ്റൂ… അതിനു വേണ്ടിയാണ് ഈ ഭരണപരിഷ്കാരങ്ങളൊക്കെ നടപ്പാക്കുന്നത്…തോട്ടത്തില്‍ കൃഷിയിറക്കാനാണെന്നു പറഞ്ഞു നമ്മള്‍ കൊണ്ടുവരുന്നവര്‍ക്ക് നമ്മള്‍ ശരിക്കും ഈ തോട്ടം വില്‍ക്കുകയാണ് ചെയ്യുന്നത്..അത് രഹസ്യമാണെന്നു മാത്രം..

എന്തു രഹസ്യം ? തോട്ടം അമ്മായീം മോഹനങ്കിളും കൂടി വിറ്റോണ്ടിരിക്കുവാണെന്ന് തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അറിയാം… തൊഴിലാളികളുടെ ആലേടെ അടുത്ത് ഗോബര്‍ ഗ്യാസ് പ്ലാന്‍റ് പണിതത് എന്തിനാണെന്നും എനിക്കറിയാം…

മരുമോന്‍ ചുമ്മായിരി… പ്ലാന്‍റ് സ്ഥാപിച്ചത് തൊഴിലാളികള്‍ക്കെല്ലാം കറന്‍റ് കൊടുക്കനാണെന്നേ പറയാവൂ…കച്ചോടം നടന്നാ അതിന്‍റെ ഗുണം എല്ലാര്‍ക്കും കിട്ടും…

ആയിക്കോട്ടെ, എനിക്കെതിര്‍പ്പില്ല… ഒരു തുണ്ട് ഭൂമിപോലുമില്ലാതെ ഞാന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി കാശുണ്ടാക്കിയതിനെതിരേ അരിവാളതുമിതും പറയുന്നത് അവസാനിപ്പിക്കണം… ബനാന എസ്റ്റേറ്റില്‍ മാംഗോ കൃഷിയാണെന്ന് ഫേസ്ബുക്കിലിട്ടതിന് എന്നെ കൊല്ലാന്‍ വന്നു…

ഇച്ചായനവസാനം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു അറിയാവോ ?

ഫേസ്ബുക്ക് അല്ലെങ്കിലും പൂട്ടാന്‍ പോവാണെന്ന് ഈയിടെ പത്രത്തില്‍ വായിച്ചാരുന്നല്ലോ…

ഉണ്ടയാണ്… ഇന്നലെ അതില്‍ 100 കോടി ആളുകള്‍ തികഞ്ഞതേയുള്ളൂ…

മരുമോനടങ്ങ്… ഇപ്പോ നമ്മടെ സമയം മോശമാ…അങ്ങനെ വിചാരിക്ക്.. എല്ലാം ശരിയാകും… മോന് കച്ചോടത്തില്‍ പോയതിന്‍റെ പത്തിരട്ടി അമ്മായി ഈ എസ്റ്റേറ്റ് വിറ്റിട്ടുണ്ടാക്കി തരും…

ഒറപ്പാണോ?

അതേന്നേ… അമ്മായി പറഞ്ഞാ പറഞ്ഞതാ… ഇത് നമ്മള്‍ വില്‍ക്കും… ഇതിലെ കല്ലും മണ്ണും മരങ്ങളുമെല്ലാം വിറ്റു കാശാക്കും…അതുവരെ നമ്മള്‍ തൊഴിലാളികളുടെ സംരക്ഷകരായിട്ട് നില്‍ക്കണം…എന്നിട്ട് അവരെയെല്ലാം ഈ മണ്ണില്‍ തന്നെ കുഴിച്ചു മൂടണം…

ഒക്കെ നടക്കുവോ ആവോ ?

നടക്കും മരുമോനേ… അമ്മായിയല്ലേ പറയുന്നത്…

ങൂം… അളിയനെറങ്ങി വന്നില്ലല്ലോ…മിസ്റ്റര്‍ ബീന്‍ കഴിഞ്ഞില്ലേ ?

ഓ അവനെ നോക്കണ്ട… ഇപ്പോ ഡോറിമോന്‍ തൊടങ്ങും… അതവന് പ്രാന്താ…

എന്നാപ്പിന്നെ അപ്പം തിന്നിട്ടു പോകാം… എന്നതാ വെള്ളയപ്പവാണോ ?

അല്ല കള്ളപ്പം..

കട്ടന്‍കാപ്പീം വേണം…

മരുമോനു ഞാന്‍ ഹോര്‍ലിക്സാ തരാന്‍ പോന്നേ.. നോക്കി നിക്കാതെ അടുക്കളേലോട്ടു ചെല്ലു പെണ്ണേ…ഹൊ, അവളു മുടീം ബോബ് ചെയ്ത് സുന്ദരിക്കോതയായിട്ടങ്ങു നിന്നോളും… പോയി കറിയൊണ്ടാക്കെടീ…

അപ്പം അമ്മായി ചുട്ടാ മതി… അവള്‍ടേതു ഞാന്‍ തിന്നു മടുത്തു കെടക്കുന്നതാ…

ശരി മരുമോനേ…

ശരി…

(കര്‍ട്ടന്)

എമേര്‍ജിങ് മുതലക്കുളം

നിലവില്‍ മുതലകളെ സ്വന്തം പറമ്പിലെ കുളത്തില്‍ വളര്‍ത്തുന്ന സൗത്ത് ഇന്ത്യയിലെ ഒരേയൊരു കൊച്ചുമുതലാളി ഞാനാണെന്ന വിവരം നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. കേരളത്തിനെ വികസനക്കുതിപ്പിലേക്ക് നയിക്കുന്നതിന് നിക്ഷേപങ്ങളുമായി വാതിലില്‍ മുട്ടിവിളിക്കുന്ന രാജ്യാന്തര നിക്ഷേപകര്‍ക്കു മുന്നിലേക്ക് ഞാന്‍ എന്‍റെ മുതലക്കുളത്തിന്‍റെ വാതായനങ്ങള്‍ തുറന്നിടുകയാണ്. വികസനവിരോധികളും ഹരിത എംഎല്‍എമാരും വെറുതെ ഉടക്കിനു വരരുത്.

മുതലകള്‍ ഒരു ദേശത്തിന്‍റെ ഹരിതകാന്തിയുടെയും ജൈവസമ്പത്തിന്‍റെയും പ്രതീകമാണ്. മുതലക്കുളങ്ങളുടെ വികസനം നാടിന്‍റെ ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും സിമ്പലാണ്. ഇത്തിരി കടലപ്പിണ്ണാക്കും ഇത്തിരി തവിടും ദിവസം രണ്ടു നേരം കുളത്തിലേക്കിട്ടു കൊടുത്താല്‍ പിന്നെ ശര്‍ര്‍ര്‍ര്‍ന്ന് കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാവും.എമേര്‍ജിങ് മുതലക്കുളം ഒരു നാടിന്‍റെ ഐശ്വര്യത്തിന്‍റെ അപായസൈറനാണ്. അതുകേട്ടുണര്‍ന്ന് കുരവയിടാന്‍ നിക്ഷേപകരെയും ഏജന്‍റുമാരെയും കൂട്ടിക്കൊടുപ്പുകാരെയും ക്ഷണിക്കുന്നു. ആദ്യമായി എമേര്‍ജിങ് മുതലക്കുളം പദ്ധതിയുടെ ലോഗോ ഇവിടെ പ്രകാശനം ചെയ്യുകയാണ്.

മുതലക്കുളം എന്‍റേതാണ്, അതില്‍ വളരുന്ന മുതലകളും എന്‍റേതാണ്. നിക്ഷേപകര്‍ക്ക് കുളം നികത്തി അവിടെ റിസോര്‍ട്ട് പണിയാമെന്നോ, പുതുപ്പണക്കാര്‍ക്ക് മുതലകളെ സ്റ്റഫ് ചെയ്ത് ഭിത്തിയില്‍ തൂക്കാമെന്നോ വിചാരിക്കേണ്ട. മുതലക്കുളത്തിന്‍റെയോ കുളമടങ്ങുന്ന എസ്റ്റേറ്റിന്‍റെയോ ഹരിജ-ജൈവ സമ്പത്തിനെ പണയം വയ്‍ക്കുന്ന ഒരു പദ്ധതിയും എമേര്‍ജ് ചെയ്യാന്‍ ഞാനോ എന്‍റെ തോഴിമാരോ അനുവദിക്കില്ല. എമേര്‍ജിങ് മുതലക്കുളം കൊണ്ട് പിന്നെ എന്താണ് സാധിക്കുക ? എങ്ങനെ എമേര്‍ജിങ് മുതലക്കുളം പദ്ധതിയില്‍ നിക്ഷേപിക്കാം ?

നിക്ഷേപകര്‍ക്കായി അനേകം അനേകം ഹരിത-ജൈവ പദ്ധതികളാണ് എമേര്‍ജിങ് മുതലക്കുളത്തിലൂടെ മുന്നോട്ടു വയ്‍ക്കുന്നത്. ഏതാനും ചില പദ്ധതികളുടെ ചില മിന്നലാട്ടങ്ങള്‍ മാത്രമേ എനിക്കീ ബ്ലോഗിലൂടെ പങ്കു വയ്‍ക്കാന്‍ കഴിയൂ. അതിനു മുമ്പ് എന്‍റെ മുതലക്കുളത്തിന്‍റെ ഏതാണ്ടൊരു ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പിലൂടെ നിങ്ങള്‍ക്കു കാണാം. സാറ്റലൈറ്റ് ചിത്രം കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്, ഏതാണ്ട് പാലാ ടൗണിന്‍റെ അത്ര തന്നെയുണ്ട്, മുതലക്കുളം മൊത്തത്തില്.

എമേര്‍ജിങ് മുതലക്കുളം പദ്ധതികളും നിക്ഷേപസാധ്യതകളും (ചെറുതു മുതല്‍ വലുതു വരെ എന്ന ക്രമത്തില്)

1. മുതലക്കുളം ഓര്‍ഗാനിക് ഫുഡ് കോര്ട്ട്- മുതലക്കുളത്തിനു പുറത്ത് ഹൈവേയുടെ സൈഡില്‍ തട്ടുകട,കരിക്ക് വില്‍പന – ഹൈവേയും അതിലൂടെ പോകുന്ന വാഹനങ്ങളുമടക്കം 3000 കോടി രൂപ.

2.മുതലക്കുളം പവര്‍ പ്രോജക്ട്- മുതലക്കുളം ജംക്ഷനിലുള്ള കെഎസ്ഇബി ട്രാന്‍സ്ഫോമറും അതില്‍ നിന്നുള്ള കറന്‍റും – ഫ്യൂസുകള്‍ ഉള്‍പ്പെടെ 10 കോടി രൂപ.

3. മുതലക്കുളം ക്രോക്കഡൈല്‍ സാങ്ക്ചുറി- നിലവില്‍ ഞാന്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന മുതലകളെ ആര്‍ക്കും എപ്പോഴും കയറിക്കാണാനും കൊഞ്ഞനം കുത്തിക്കാണിക്കാനും അവസരമുണ്ട്. എമേര്‍ജിങ് മുതലക്കുളത്തിന്‍റെ ഭാഗമാകുന്നതോടെ അതേ മുതലകളെ അതേ സൗകര്യങ്ങളോടെ 1000 രൂപ ടിക്കറ്റ് വച്ച് കാണിക്കുന്ന പദ്ധതി.- മൂല്യം 10000 കോടി രൂപ (മുതലകളുടെ ജീവിതത്തിനു വില പറയരുത്).

4. മുതലക്കുളം റോക്ക് പാര്‍ക്ക് – മുതലക്കുളത്തിനു പിന്നില്‍ എംഎല്‍എയുടെ മകന്‍ നടത്തുന്ന പാറമടയില്‍ നിക്ഷേപത്തിനു സുവര്‍ണാവസരം. മൃദുലമായ ഭൂമിയുടെ ആഴങ്ങളില്‍ വരെ ചെന്ന് പാറ എന്ന മഹാവിപത്തിന്‍റെ അടിവേരുകള്‍ വരെ പിഴുതെറിയുന്ന പ്രകൃതിജീവനപദ്ധതിയില്‍ വേണമെങ്കില്‍ ഹരിത എംഎല്‍എമാര്‍ക്കും പങ്കു ചേരാം- ആകെ 1000 കോടി രൂപയുടെ മൂല്യം.

5. മുതലക്കുളം എയര്‍പോര്‍ട്ട് – മുതലക്കുളത്തിന് 75 കിലോമീറ്റര്‍ സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യാന്തരവിമാനത്താവളം. അങ്കമാലി-കാലടിയില്‍ നിന്നോ ആലുവ അത്താണിയില്‍ നിന്നോ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ വിമാനത്താവളത്തിലെത്താം- വിമാനത്താവളവും അവിടെ വന്നിറങ്ങുന്ന വിമാനങ്ങളും ആ വിമാനങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ സ്ഥാവരജംഗമവസ്തുക്കളും കിഡ്നി, കരള്‍, കണ്ണ്, ഹൃദയം മുതലായവകളും ഉള്‍പ്പെടെ 50000 കോടി രൂപയുടെ പദ്ധതി. വിമാനത്തില്‍ കയറിയും വിമാനം കണ്ടും പരിചയമുള്ളവര്‍ക്കു മുന്‍ഗണന.

6. മുതലക്കുളം മെഡിക്കല്‍ ഹബ്- മുതലക്കുളത്തിന്‍റെ ചുറ്റും കിടക്കുന്ന ചെറുപട്ടണങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ ജനങ്ങള്‍ക്ക് നല്ല ചികില്‍സ ലഭ്യമാക്കുന്നതിനായി ഈ സ്ഥലങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ കോളജുകള്‍ ഏതെങ്കിലും തിരുമേനിയുടെ അണ്ടറിലേക്ക് ഏല്‍പിച്ചു കൊടുക്കുന്ന പദ്ധതി. മുതലാളിമാരാകുമ്പോള്‍ ചികില്‍സ മോശമായാലും ബില്ല് ഒരിക്കലും മോശമാവില്ല. കേരളസമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന നഴ്‍സുമാര്‍ എന്ന വര്‍ഗത്തെ അടിച്ചമര്‍ത്താന്‍ ഇത് നല്ല അവസരമാണ്. ഇവിടങ്ങളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രവര്‍ത്തനസജ്ജമായിട്ടുള്ള അവയവങ്ങളെ രക്ഷിച്ച് കുടുംബത്തില്‍ പിറന്ന മുതലാളിമാര്‍ക്ക് പിടിപ്പിച്ചു കൊടുക്കുന്ന സോഷ്യലിസവും ഈ മെഡിക്കല്‍ ഹബ്ബിലൂടെ ഉദ്ദേശിക്കുന്നു- എല്ലാം അടക്കം 20000 കോടി രൂപയുടെ പദ്ധതി.

7. മുതലക്കുളം എജ്യുക്കേഷനല്‍ പാര്‍ക്ക് – കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സര്‍വകലാശാലകളെ വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാടിക്കുന്നതിനു വേണ്ടി ഏതെങ്കിലും സ്വകാര്യ കോളജ് മാനേജ്മെന്‍റിനു മറിച്ചു വില്‍ക്കുന്ന പദ്ധതി. പച്ച എംഎല്‍എമാര്‍ വല്ലാതെ എതിര്‍ത്താല്‍ ആകെ പച്ചയണിഞ്ഞു നില്‍ക്കുന്ന കാലിക്കറ്റ് സര്‍വകലാശാല വേണമെങ്കില്‍ ഒഴിവാക്കും. ഭൂമിദാനം കീമിദാനം എന്നൊക്കെ പറഞ്ഞ് അലമ്പുണ്ടാക്കുന്ന വികസനവിരോധികളുടെ കണ്ണില്‍പ്പെടാതെ സംഗതി ഒന്നായി മറിച്ചുകൊടുക്കുകയും ചെയ്യാം. – ആകെ 30000 കോടി രൂപയുടെ പദ്ധതി.

8.ട്രാവന്‍കൂര്‍ സ്പിരിച്വല്‍ ഹബ് – പേരില്‍ ഹബുള്ളതുകൊണ്ട് ഇതും രാജ്യാര പദ്ധതിയാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും പത്മനാഭസ്വാമിയെ ഉള്‍പ്പെടെ ലേലത്തില്‍ വില്‍ക്കാനുള്ള പദ്ധതി. തുറന്ന അറകളും തുറക്കാനുള്ള അറകളും ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്കും അതിന്‍റെ പേരിലുള്ള ആശങ്കകള്‍ക്കും അറുതിയാവുമെന്നു മാത്രമല്ല, നമ്മുടെ ഒരു ദൈവം രാജ്യാന്തരതലത്തില്‍ ആദരിക്കപ്പെടുകയും (മാണിസാര്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റിനെ‍ നിയമനിര്‍മാണം പഠിപ്പിക്കുന്നതുപോലെ)ചെയ്യും. ക്ഷേത്രവും നിലവറകളും സ്വാമിയും ഉള്‍പ്പെടെ 10 ലക്ഷം കോടി രൂപയുടെ പദ്ധതി.

ഇതിനു പുറമേ, പുതുപ്പള്ളിയും പാലായിലും മലപ്പുറത്തും സ്വിസ് ബാങ്ക് എടിഎമ്മുകള്‍, പൂഞ്ഞാറില്‍ മൃഗശാല, ഹരിത എംഎല്‍എമാര്‍ക്ക് നെല്ലിയാമ്പതിയില്‍ വേനല്‍ക്കാല വസതിയും ഉല്ലാസങ്ങളും, മറ്റ് നിര്‍ഗുണ എംഎല്‍എമാര്‍ക്ക് കടലമിട്ടായി, സിപിഎമ്മിന് അക്രമരാഷ്ട്രീയം വെടിഞ്ഞ് നല്ലവഴിക്കു വരുന്നതുവരെ സംയമനം പാലിക്കുന്നതിനായി കടുക്കാവെള്ളം (അതിനു വേണ്ടി കണ്ണൂരില്‍ കടുക്കാ പാര്‍ക്ക് സ്ഥാപിക്കും), ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്ന ജനങ്ങളുടെ ആസനത്തില്‍ തിരുകാന്‍ അഞ്ചടിയുള്ള ഉരുക്കുപാരകള്‍ എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എമേര്‍ജിങ് മുതലക്കുളം പദ്ധതി വരുന്നതോടെ കേരളവും മുതലക്കുളവും ലോകഭൂപടത്തില്‍ ഇല്ലാതാവും അല്ല, സ്ഥാനം പിടിക്കും.

പാലാ മേഘാലയത്തിലാണ്; അഥവാ ഇടുക്കിയില്‍ ഭൂചനമില്ല

ഭൗമശാസ്ത്രവും ഗണിതശാസ്ത്രവും കൂട്ടിച്ചേര്‍ത്ത് അതിനെ രാഷ്ട്രീയം കൊണ്ടു ഹരിക്കുമ്പോള്‍ കിട്ടുന്ന കണക്കനുസരിച്ച് 2011ല്‍ ഇടുക്കിയില്‍ ആകെ ഉണ്ടായ ഭൂചനങ്ങളുടെ എണ്ണം അഞ്ച് മാത്രമാണ്. കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന കണക്കനുസരിച്ച് 2011ല്‍ ആകെയുണ്ടായ ഭൂചലനങ്ങളുടെ എണ്ണം 26. ഇടുക്കിക്കാരോടു ചോദിച്ചാലും അഞ്ചുതവണയിലധികം അവര്‍ സ്ഥാവരജംഗമവസ്‍തുക്കളോടൊപ്പം കുലുങ്ങിയിട്ടുണ്ട്. നവംബറില്‍ മാത്രം 3 വ്യക്തമായ കുലുക്കങ്ങള്‍. ഡിസംബറില്‍ ഇതുവരെ ഒന്ന്. മറ്റുള്ള കുലുക്കങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ നിന്നു മനസ്സിലാവുന്നത്. കേരളത്തില്‍ ആകെ നാലു കലുക്കമേയുണ്ടായിട്ടുള്ളൂ എന്ന് തമിഴ്‍നാടിന്റെ പരസ്യത്തില്‍ കണ്ടത് കേന്ദ്രം വിശ്വസിച്ചു.

രാജ്യസഭയില്‍ പ്രൊഫ. പി. ജെ. കുര്യന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി പറയവേ കേന്ദ്ര ജലവിഭവ വകുപ്പ് സഹമന്ത്രി വിന്‍സെന്‍റ് എച്ച് പാലയാണ് ഇക്കാര്യം അറിയിച്ചത്. 3.2 മുതല്‍ 3.5 വരെ തീവ്രതയുള്ളവയാണ് ഈ ഭൂചലനങ്ങളെന്നും പ്രൊഫ. പി. ജെ. കുര്യന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. മേഘാലയക്കാരനായ വിന്‍സെന്റ് മന്ത്രി പാലാക്കാരനെന്നറിയപ്പെടുമ്പോള്‍ പാലാക്കാരനും തൊടുപുഴക്കാരനുമായ മാണിയും ജോസഫും നിവേദനങ്ങളിലൂടെ കേന്ദ്രത്തിന്റെ ഭൂകമ്പമാപിനി ചലിപ്പിക്കാന്‍ ശ്രമിച്ചത് പാഴായെന്നു തോന്നുന്നു.ഇടുക്കി തമിഴ്‍നാടിന്റേതാണെന്നു പറയുന്നതുപോലെ നമ്മുടെ പാലാ മേഘാലയത്തിന്റേതാണെന്നു പറയാന്‍ ഈ മന്ത്രി മതിയാവും. വരട്ടെ,കാത്തിരിക്കാം.

കേരളത്തിന് പാവയ്‍ക്കയുടെ ഷേപ്പാണെങ്കിലും കറിവേപ്പിലയുടെ വിധിയാണ്. അല്ലെങ്കില്‍ അവഗണനയ്‍ക്കുമപ്പുറം ഇത്തരത്തില്‍ അനീതിക്ക് ഇരയാകാന്‍ ഈ നാടിനു കഴിയില്ല. ഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികള്‍ ഒരു വശത്ത്, അവരെ ചീത്തവിളിച്ചുകൊണ്ടും പ്രശ്നങ്ങളെ ബൗദ്ധികമായി വിശകലനം ചെയ്തുകൊണ്ടും ജീവിക്കുന്ന ഞാനടക്കമുള്ള പ്രബുദ്ധജനങ്ങള്‍ മറുവശത്ത്.തെങ്ങുകയറാനും റബര്‍ വെട്ടാനും മാത്രമല്ല, പൗരധര്‍മം അനുഷ്ടിക്കാനും ആളെക്കിട്ടാനില്ല എന്നു നമ്മള്‍ പരാതിപ്പെടേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.

കേന്ദ്രത്തിന്റെ കണക്കിലെ അഞ്ചു ഭൂചനങ്ങള്‍ ഏതൊക്കെയാണ് എന്നു നമുക്കറിയില്ല. മാധ്യമങ്ങള്‍ പറയുന്ന 26 ഭൂചനങ്ങളില്‍ നിന്ന് ലക്ഷണമൊത്ത അഞ്ചെണ്ണം തിരഞ്ഞെടുത്തതാണോ അതോ ഈ അഞ്ചെണ്ണമൊഴികെയുള്ളവ അനധികൃതചലനങ്ങളാണോ ? സുപ്രീം കോടതി വിധിയുള്ളത് കൊണ്ട് ഡാം പൊട്ടില്ല എന്നു പറയുന്നതുപോലെ ഭൂചനവും കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതു മത്രമേ കണക്കിലെടുക്കുകയുള്ളോ ? ഭയപ്പെടുന്നതുപോലെ ഡാം പൊട്ടുകയും നാല് ജില്ലകള്‍ ഒലിച്ചുപോവുകയും ചെയ്താല്‍ 30 ലക്ഷത്തിന്റെ കണക്കൊന്നും അവിടെ ചിലവാകുകയില്ല. ഈ ഫോര്‍മുലവച്ച് മരണസംഖ്യ കഷ്ടിച്ച് ഒരു രണ്ടായിരമെന്നു പ്രഖ്യാപിച്ചാല്‍ ഭാഗ്യം.

2011ലെ ഭൂചനങ്ങളെല്ലാം 3.5ല്‍ താഴെയുള്ളതാണെന്നു പാലാക്കാരന്‍ മന്ത്രി പറയുമ്പോള്‍ ജൂലൈ 26ലേത് 3.8 തീവ്രതയുള്ളതായിരുന്നെന്നാണ് കേരളത്തിലെ മാപിനികള്‍ പറയുന്നത്. റിക്ടര്‍ സ്‍കെയിലില്‍ ആറു വരെ ഭൂചനമുണ്ടാകാവുന്ന മേഖലയാണ് ഇടുക്കി എന്ന് ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ ഭൂമി തലകുത്തി നിന്നാലും 3.5ല്‍ കൂടിയ ഒരു ഭൂചലനം ഇടുക്കിയിലുണ്ടാവില്ലെന്ന് ദിനമലരില്‍ ഒരു വിദഗ്ധലേഖകന്‍ എഴുതുന്നു. തമിഴ്‍നാട് ഇന്നു പറയുന്നത് നാളെ കേന്ദ്രം പറയുന്നു. കേരളത്തില്‍ നിന്ന് ആകെ പരിഗണിക്കപ്പെട്ടത് നല്ലവനായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞശേഷം പിന്‍വലിക്കുകയോ തിരുത്തുകയോ ഒക്കെ ചെയ്ത സത്യവാങ്മൂലം മാത്രമാണ്.

അവഗണനയുടെ ലെവലൊക്കെ കഴിഞ്ഞു. കേരളം സത്യത്തില്‍ ഒരു അസ്തിത്വപ്രതിസന്ധിയിലാണ്. ശരിക്കും ഇങ്ങനൊരു സംസ്ഥാനം ഉള്ളതാണോ, അതോ ഭൂമി ഉരുണ്ടതാണെന്നൊക്കെ പറയുന്നതുപോലെ അതൊരു സങ്കല്‍പമാണോ ? തമിഴ്‍നാട് കേന്ദ്രത്തെ പറ്റിക്കുന്നതാണോ അതോ കേന്ദ്രവും തമിഴ്‍നാടും കൂടി കേരളത്തെ പറ്റിക്കുന്നതാണോ അതോ കേരളം കേന്ദ്രത്തെയും തമിഴ്‍നാടിനെയും പറ്റിക്കാന്‍ നോക്കുന്നതാണോ അതോ എല്ലാവരും ചേര്‍ന്ന് ഇവിടുത്തെ ജനങ്ങളെ പറ്റിക്കുന്നതാണോ ? ഒരു പിടിയും കിട്ടുന്നില്ല. പലരും ഉണ്ട് എന്നു പറയുന്ന ഈ മുല്ലപ്പെരിയാര്‍ ഡാം ശരിക്കും അവിടെയുണ്ടോ അതോ വീരപ്പന്റെ കാര്യം പറയുന്നതുപോലെ തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങള്‍ മാത്രമേ ആ സാധനം കണ്ടിട്ടുള്ളോ ?

ഒരേയൊരു ജിമ്മി ജോര്‍ജ്ജ്

ലോക വോളിബോളിലെ ലെജന്‍ഡ് ആയിരുന്ന ജിമ്മി ജോര്‍ജിനെപ്പറ്റി ഞാന്‍ കേട്ടിട്ടേയുള്ളൂ. ചരിത്രത്തിലെ ഏറ്റവും മികച്ച വോളിബോള്‍ കളിക്കാരില്‍ ഒരാളായ ജിമ്മി ജോര്‍ജിന്റെ കളി നേരിട്ടോ അല്ലാതെയോ ഞാന്‍ കണ്ടിട്ടില്ല. ഇന്നത്തെ തലമുറയില്‍ വോളിബോള്‍ കമ്പക്കാരല്ലാത്ത എത്ര പേര്‍ ജിമ്മിയെ അറിയും എന്നെനിക്കറിയില്ല. ജിമ്മിയുടെ വീരസാഹസിക കഥകള്‍ കേട്ടു വളര്‍ന്ന എന്റെ തലമുറയ്‍ക്ക് നഷ്ടമായ ഒരു കളിയാണ് വോളിബോള്‍. കേരളത്തില്‍ ആ വോളിബോളിന്റെ സൗന്ദര്യവും പ്രചാരവും നഷ്ടമായത് ജിമ്മി ജോര്ജിന്റെ മരണത്തോടെയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

മാധ്യമങ്ങളൊന്നും ഇത്ര ശക്തമല്ലാതിരുന്ന കാലത്ത് ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ജിമ്മിയുടെ മരണവാര്‍ത്തയും അന്ന് കായികലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഇറ്റലിയിലെ ക്ലബ് വോളിബോള്‍ കളിക്കാരനായിരുന്ന ജിമ്മി അവിടെ വച്ച് 1987ല്‍ ഒരു കാറപകടത്തിലാണ് മരിച്ചത്. പാലാ സെന്റ് തോമസ് കോളജിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പഴയ തലമുറയുടെ ഇടനെഞ്ചില്‍ ഇന്നും ജിമ്മിയുടെ സ്മാഷുകളുടെ മുഴക്കമാണ്.

ഇപ്പോള്‍ ഇത് പറയാന്‍ എന്തുണ്ടായി എന്നു ചോദിച്ചാല്‍, ജീവിതത്തില്‍ ആദ്യമായി ജിമ്മി ജോര്‍ജിന്റെ കളി കണ്ടു എന്നതാണ്. ജിമ്മിയുടെ സഹോദരന്‍ സെബാസ്‍റ്റിയന്‍ ജോര്‍ജ് ഏറെ പ്രയാസപ്പെട്ടു സമാഹരിച്ച ചില യു ട്യൂബ് വിഡിയോകളിലൂടെയാണ് ചലിക്കുന്ന ജിമ്മിയെ ഞാന്‍ കാണുന്നത്. വിസ്മയത്തോടെ കണ്ടിരുന്നപ്പോള്‍ മാത്രമാണ് ജിമ്മി ജോര്‍ജിന്റെ കളി കാണാന്‍ ഭാഗ്യമില്ലാതായിപ്പോയ എന്റെ തലമുറയെപ്പറ്റി ആലോചിച്ചത്. 25 വര്‍ഷം മുമ്പ് സിയോള്‍ ഒളിംപിക്‍സില്‍ ജപ്പാനെ തോല്‍പിച്ച് ഇന്ത്യ വെങ്കലം നേടിയ കളിയുടെ വിഡിയോ ആണിത്. ജിമ്മി ജോര്‍ജിന്റെ അവസാനത്തെ കളി. ഈ വിഡിയോകള്‍ സമാഹരിച്ച് പങ്കുവച്ച സെബാസ്റ്റ്യന്‍ ജോര്‍ജിനു* നന്ദി.

ഇറ്റലിയില്‍ ജിമ്മി ജോര്‍ജിന്റെ പേരില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയമുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തും പാലാ സെന്റ് തോമസ് കോളജിലും ഓരോന്നുണ്ട്. ജിമ്മിയുടെ ജന്മദേശമായ പേരാവൂരില്‍ ഒരു റോഡിനോ മറ്റോ അദ്ദേഹത്തിന്റെ പേരിട്ടിട്ടുണ്ടെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ സ്മാരകമായി വിവിധ രാജ്യങ്ങളില്‍ വോളിബോള്‍ ടൂര്‍ണമെന്റുകളും നടത്തുന്നുണ്ട്. നമ്മുടെ ഏതെങ്കിലും പാഠപുസ്തകത്തില്‍ ജിമ്മി ജോര്‍ജിനെപ്പറ്റി പറയുന്നുണ്ടോ ? ജിമ്മി ജോര്‍ജിനെപ്പറ്റി വിക്കിപ്പീഡിയ.ജിമ്മി ജോര്‍ജിനെപ്പറ്റി ദൂരദര്‍ശന്‍ നിര്‍മിച്ച ഹ്രസ്വചിത്രം കൂടി.

*വിഡിയോ ചൂണ്ടിക്കാണിച്ച ബ്ലോഗര്‍ ഏവൂരാനുംനന്ദി.

ബൈ ദ ബൈ, ആരാണീ പ്രീജ ശ്രീധരന്‍ ?

പാലാ ഒരു സ്വര്‍ഗരാജ്യമാണ്. അവിടെ ഒരു സ്വര്‍ഗീയഷോ നടക്കുമ്പോള്‍ രണ്ടിലയുമായി വരുന്നവര്‍ സ്വീകരിക്കപ്പെടും അല്ലാത്തവര്‍ പുറത്താക്കപ്പെടും. ഞായറാഴ്ച നടന്ന ഉഷ ഉതുപ്പ് ഷോയില്‍ ഇങ്ങു വാ ആദരിക്കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ കേരളത്തിന്‍റെ പ്രീജ ശ്രീധരനെ സംഘാടകര്‍ തിരിച്ചറിയാന്‍ പോലുമാകാതെ അവഹേളിച്ച് അപമാനിച്ച് ഒടുവില്‍ സ്റ്റേജില്‍ വച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പ്രീജ മടങ്ങിപ്പോയ സംഭവത്തെപ്പറ്റി ഒരു പാലാക്കാരനെന്ന നിലയില്‍ എനിക്കത്രേ പറയാനുള്ളൂ.

ഉഷ ഉതുപ്പിനെ പാലാക്കാര്‍ അറിയും. ഐഡിയ സ്റ്റാര്‍ സിംഗറിനു മുന്നില്‍ ജീവിക്കുന്ന ഞങ്ങള്‍ പാലാക്കാര്‍ ഉഷ ഉതുപ്പിനെ അറിഞ്ഞില്ലെങ്കില്‍ പിന്നെ ആരെയറിയാന്‍. എന്നു കരുതി പ്രീജ ശ്രീധരനെ അറിയണം എന്നു വാശി പിടിക്കുന്നത് കഷ്ടമാണ്. അങ്ങനെ പാലാക്കാര്‍ അറിയാന്‍ പ്രീജ ശ്രീധരന്‍ ഒരു സിനിമാ നടിയൊന്നുമല്ലല്ലോ. സിനിമാ നടിമാരെ എവിടെ കണ്ടാലും പാലാക്കാര്‍ തിരിച്ചറിയും. അടുത്തു കിട്ടിയാല്‍ തൊട്ടുനോക്കും. അകപ്പെട്ടു കിട്ടിയാല്‍ മോളേന്നു വിളിച്ചു മോളെസ്റ്റ് ചെയ്യും. പക്ഷെ, ഏഷ്യന്‍ ഗെയിംസ് മെഡലെന്നൊക്കെ പറഞ്ഞാല്‍ പാലാക്കാര്‍ക്കു മനസ്സിലാകുമോ ?

സ്വര്‍ണ, വെള്ളി, വെങ്കല മെഡലുകളോടൊപ്പം ഒരു റബര്‍ മെഡല്‍കൂടിയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ അതു ശ്രദ്ധിച്ചേനെ. റബറിന്‍റെ കച്ചോടം എവിടെ നടന്നാലും അത് ഞങ്ങളറിയും. പ്രീജയ്‍ക്കു റബര്‍ മെഡലാണു കിട്ടിയതെങ്കില്‍ ഞങ്ങളാദരിച്ചെനെ. അതു വഴി റബറിനു ഡിമാന്‍ഡ് കൂടുകയും നല്ല റബറുല്‍പാദിപ്പിക്കുന്ന പാലായുടെ ഇക്കണോമിക്സ് മെച്ചപ്പെടുകയും ചെയ്തേനെ. റബറില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം ?

കാശുമുടക്കി കാശുണ്ടാക്കാന്‍ വേണ്ടിയാണ് അച്ചായന്‍മാര്‍ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുണ്ടാക്കി ഉഷ ഉതുപ്പ് ഷോ നടത്തുന്നത്. അവിടേക്ക് പാസ്സില്ലാതെ കയറിപ്പോകാമെന്ന മോഹവുമായി വരുന്നത് പ്രീജ ശ്രീധരനല്ല പിടി ഉഷയാണെങ്കിലും ഞങ്ങള്‍ തിരിച്ചറിയില്ല. തലയ്‍ക്കകത്ത് റബര്‍ മാത്രമാണെങ്കിലും ഞങ്ങള്‍ പാലാ സെന്‍റ് തോമസ് കോളജില്‍ പോയി ഇക്കമോമിക്സ് പഠിച്ചിട്ടുണ്ട്. ഞങ്ങളെപ്പറ്റിക്കാമെന്ന് ആരും കരുതേണ്ട. ഇന്ത്യന്‍ അംബാസിഡറെ അമേരിക്കയില്‍ കുനിച്ചു നിര്‍ത്തി പരിശോധിച്ചാല്‍ കുഴപ്പമില്ല, പാസെടുക്കാത്ത പ്രീജയെ കവാടത്തില്‍ നിര്‍ത്തി വിരട്ടിയതാണു കുഴപ്പം.

തങ്കച്ചന്‍ മാത്യു എന്ന പ്രീജയുടെ കോച്ച് ഒരു അച്ചായനായതുകൊണ്ട് മാത്രം പ്രീജ സ്റ്റേജ് കണ്ടു. എന്നു കരുതി ഉഷ ഉതുപ്പിനും ഞങ്ങളുടെ എല്ലാമെല്ലാമായ രഞ്ജിനി ഹരിദാസിനും ഒക്കെ ഇരിക്കാന്‍ വേണ്ടി റെഡിയാക്കിയ സ്റ്റേജിലെ കസേരയില്‍ പ്രീജയയെയും തങ്കച്ചായനെയും ഒക്കെ ഇരുത്തണമെന്നു പറഞ്ഞാലും ഞങ്ങള്‍ സമ്മതിക്കില്ല. പ്രീജ വല്യ കായികതാരമാണെന്നു പറയുന്നു. അങ്ങനെയാണെങ്കില്‍ പിന്നെ സ്റ്റേജില്‍ കസേര കൊടുക്കാതെ നിര്‍ത്തി എന്നു പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ ? നില്‍ക്കാനും ഓടാനും ചാടാനും ഒക്കെ കഴിയുന്നവരല്ലേ കായികതാരങ്ങള്‍ ? പ്രഷര്‍, കൊളസ്ട്രോള്‍, ഷുഗര്‍, ഹാര്‍ട്ട്, കൊറേശ്ശെ എയ്ഡ്സ് തുടങ്ങിയവയൊക്കെയുള്ള ഞങ്ങള്‍ക്കൊന്നും അങ്ങനെ നില്‍ക്കാനും മറ്റും പറ്റില്ല.

പ്രീജ ശ്രീധരനെ അവഹേളിച്ചതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് കായികമന്ത്രി പറഞ്ഞതായി വായിച്ചു. മാണിസാറുള്ളിടത്തോളം കാലം ഞങ്ങളെ ആരും ഒന്നും ചെയ്യാന്‍ പോണില്ല. മനസ്സില്‍ രണ്ടിലയും കയ്യില്‍ സ്വര്‍ണബ്രേസ്‍ലെറ്റും പേഴ്സിലൊരായിരം എടിഎം കാര്‍ഡുകളുമായി ജീവിക്കുന്ന പാലാക്കാര്‍ ഇനിയും പലരെയും അപമാനിക്കും. ഞങ്ങള്‍ക്കു ബഹുമാനിക്കാന്‍ ഞങ്ങടെ മാണിസാര്‍ മാത്രം മതി. ബഹുമാനിച്ച് ബഹുമാനിച്ച് കൊല്ലും ഞങ്ങള്‍ ! അതു കഴിഞ്ഞ് ജോസ്മോനെ ബഹുമാനിക്കും. എന്നിട്ടും ബഹുമാനം ബാക്കിയുണ്ടെങ്കില്‍ മലയാള ചലച്ചിത്രഗാനശാഖയ്‍ക്ക് ഒരഡ്രസ് ഉണ്ടാക്കിക്കൊടുത്ത കേരളത്തിന്‍റെ വാനമ്പാടി റിമി ടോമിയുണ്ട്. ഏഷ്യാഡും ഒളിംപിക്സും ഒന്നും ഞങ്ങള്‍ക്ക് രാക്കുളി പെരുനാളിനെക്കാള്‍ വലുതല്ല.

മാണിസാറിനെ ആര്‍ക്കാണ് പേടി ?

കെ.എം.മാണി എന്ന പാലാ മരങ്ങാട്ടുപിള്ളി കരിങ്കോഴക്കല്‍ മാണി മകന്‍ മാണിയുടെ അധ്യാപകര്‍ പോലും അദ്ദേഹത്തെ മാണിസാറെന്നേ വിളിക്കൂ. അതെന്താണെന്നു ചോദിച്ചാല്‍ അങ്ങനെയാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ നേതാക്കന്‍മാരിലൊരാളാണ് മാണിസാര്‍. അനാവശ്യമായ വിവാദങ്ങളില്‍ തലയിട്ട് അലമ്പുണ്ടാക്കാത്തതുകൊണ്ട് വേറെ ഇമേജുകളൊന്നുമില്ല. മരണവീട്ടില്‍ പോയാല്‍ വിങ്ങിപ്പൊട്ടി കരയുമെന്നല്ലാതെ വേറൊരു ദോഷവുമില്ല.

കേരളാ കോണ്‍ഗ്രസ് എന്ന മലയോര കര്‍ഷക പാര്‍ട്ടി (പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു നീങ്ങുന്ന ബ്രാക്കറ്റ് പാര്‍ട്ടി എന്നാണ് രണ്‍ജി പണിക്കര്‍ സാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്) ലയിച്ച് ശക്തി പ്രാപിച്ചു സംഘടിക്കുമ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും എല്ലാം ഒരേപോലെ അസ്വസ്ഥമാകുന്നത് എന്തുകൊണ്ടാണ് ? ലോക്കല്‍ വേശ്യയെ കല്യാണം കഴിച്ച് ജീവിക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞതുപോലെ പിളരാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിച്ച് ഒന്നാകുമ്പോള്‍ പൊളിറ്റിക്കലി ഒന്നു കയ്യടിക്കാന്‍ പോലും കൂട്ടാക്കാതെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആരെയാണ് പേടിക്കുന്നത് ?

കെ.കരുണാകരനും കെ.ആര്‍.ഗൗരിയമ്മയും കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സീനിയറായ രാഷ്ട്രീയനേതാവാണ് മാണിസാര്‍. ഇന്നലെ വന്നുകയറി നിയമസഭയുടെ നടുത്തളത്തില്‍ തുള്ളിക്കളിക്കുന്നവന്‍മാരും മാണി സാറും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്‍റെ അനുഭവപരിചയം തന്നെയാണ്. രാഷ്ട്രീയപരിചയം കൊണ്ട് മാണിസാറിനെ ഉപദേശിക്കാനോ തിരുത്താനോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇത്യാദി ജന്മങ്ങളോ യോഗ്യരല്ല എന്നു പറഞ്ഞാല്‍ അതൊരു കേരളാ കോണ്‍ഗ്രസ്സുകാരന്‍റെ സ്വരമാണ് എന്നാരും പറയരുത്.

മാണിസാറും പി.സി.ജോര്‍ജ് സാറും നേരത്തേ തന്നെ ലയിച്ചു. മാണിയാണ് കേരളത്തിന്‍റെ ശാപം എന്നു പ്രസംഗിച്ചു നടന്ന നേതാവാണ് ജോര്‍ജ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ വികസനം പാലായില്‍ ബ്ലോക്ക് ചെയ്തു നിര്‍ത്തുന്നത് മാണി സാറാണ് എന്നദ്ദേഹം വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെ പ്രചരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫില്‍ നിന്നു പുറത്തായ ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതായിരുന്നു കേരളാ കോണ്‍ഗ്രസിലെ അവസാന പിളര്‍പ്പ്. ഒടുവില്‍ മുനയൊടഞ്ഞ ആയുധങ്ങളെല്ലാം മാണിസാറിന്‍റെ കാല്‍ക്കല്‍ വച്ചു വണങ്ങി ജോര്‍ജ് ഡീസന്‍റായി.

ജോസഫ് മാണിയോടൊപ്പം ചേരുന്നത് ചരിത്രപരമായ ഒരു ലയനമാണ്. ജേക്കബും പിള്ളയും ഒന്നും കേ.കോ ചരിത്രത്തില്‍ അത്ര വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരല്ല. പിള്ളയ്‍ക്കു മന്ത്രിസ്ഥാനം കിട്ടിയാല്‍ കെഎസ്ആര്‍ടിസിയുടെ തലസ്ഥാനം കൊട്ടാരക്കരയാകും എന്നു ചിലര്‍ പറയാറുണ്ട്. എല്ലാ ബസ്സുകളും കൊട്ടാരക്കരയ്‍ക്ക്. എല്ലാ സര്‍വീസുകളും കൊട്ടാരക്കരയില്‍ നിന്ന്.

ജോസഫ് ലയിക്കുമ്പോള്‍ സ്വാഭാവികമായും ജോസഫിനെ പിന്തുണയ്‍ക്കുന്ന നല്ലൊരു ശതമാനം ജോസഫ് ഗ്രൂപ്പുകാരും മാണിസാറിനോടൊപ്പം ചേരും. പി.സി.തോമസ് പറയുന്നതുപോലെ ഔദ്യോഗികപക്ഷം അങ്ങനെ കാര്യമായൊന്നുമില്ല. ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ സിപിഎമ്മിനൊപ്പം നില്‍ക്കണം എന്ന വാശിയുള്ളവരായിരുന്നില്ല, ഒരിക്കലും. പല നേതാക്കളും മാണി ഗ്രൂപ്പുമായി സഹകരിച്ചു പോകണം എന്നഭിപ്രായമുള്ളവരുമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് സൈക്കിളിലിരിക്കുന്ന പി.സി.തോമസ് ഒരു രാഷ്ട്രീയമാലിന്യമാണ് എന്നു ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ എന്നു ഞാനുദ്ദേശിക്കുന്നത് കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കിടക്കുന്ന എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കാര്യമാണ്. അല്ലെങ്കിലും മൂവാറ്റുപുഴ സീറ്റ് ജോസ് കെ.മാണിക്കു കൊടുത്തതിനു ചീത്ത വിളിച്ചു പുറത്തുപോയ തോമസ് ഇനിയെങ്ങനെ മാണിസാറിന്‍റെ മുഖത്തു നോക്കും ? നേരത്തെ തന്നെ മാണിസാറിന്‍റെ കൂടെക്കൂടിയ ജോര്‍ജ് ആ കണ്‍ഫ്യൂഷനില്‍ നിന്നു രക്ഷപെട്ടു.

മുകളില്‍ പറഞ്ഞതുപോലെ പത്തോ ഇരുപതോ മണ്ഡലങ്ങിലെ രാഷ്ട്രീയം പൂര്‍ണമായും ഒരു സഖ്യകക്ഷിയുടെ നിയന്ത്രണത്തിലേക്കു പോകുന്നത് കോണ്‍ഗ്രസിന് അത്ര പെട്ടെന്നു സഹിക്കാന്‍ കഴിയില്ല. ദുര്‍ബലരായ നേതാക്കളുടെ ഒരു നിരയാണ് ഇന്നു കോണ്‍ഗ്രസിലുള്ളത്. കെ.മുരളീധരനെപ്പോലും പേടിക്കുന്ന അവര്‍ക്ക് കേരളാ കോണ്‍ഗ്രസ്സിനെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. മുരളിയും ശക്തിപ്രാപിച്ച കേ.കോയും ഒപ്പമുണ്ടെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രകടനം മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

സംസ്ഥാന രാഷ്ട്രീയം അങ്ങനെ കിടക്കുമ്പോഴും മാണിസാര്‍ ചിലര്‍ക്കൊക്കെ ഒരു ഹാസ്യകഥാപാത്രമാണ്. ഏതാണ്ട് 45 വര്‍ഷമായി കേരളനിയമസഭയിലിരിക്കുന്ന ആ മനുഷ്യനെ അങ്ങനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹം ഒരു സമ്മേളനത്തില്‍ പോലും ഉറക്കം തൂങ്ങിയിരുന്നിട്ടില്ല.ഒരു ഘട്ടത്തില്‍ സിപിഎം പിന്തുണയോടെ കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വരെ മാണിസാറിന്‍റെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. അന്ന് 19 എംഎല്‍എമാരോ മറ്റോ കേ.കോയ്‍ക്കുണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ സിപിഎം പുറത്തു നിന്ന് പിന്തുണച്ചുകൊണ്ട് കേ.കോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ല.

പിളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി എന്ന ആക്ഷേപത്തിനെ മാണി സാര്‍ നേരിട്ട ഡയലോഗ് പിന്നീട് കേരളാ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമായി മാറി- പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സ് !
പുതിയ ലയനം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പാലായും തൊടുപുഴയും ചേരുമ്പോള്‍ രാഷ്ട്രീയപരമായി ഒരു പുതിയ അടിയൊഴുക്കിനും സാധ്യതയുണ്ടാകും. ലയിച്ചു പണ്ടാരമടങ്ങി തുള്ളിത്തുളുമ്പി നില്‍ക്കുന്ന കേരളാ കോണ്‍ഗ്സു കാണാന്‍ ‍ഞാന്‍ പോകുന്നുണ്ട്. കണ്ടിട്ടു പറയാം ബാക്കി !

അലക്സ് ഡി പോള്‍ ഫ്രം ലിവര്‍പൂള്‍

അളിയോ പൂയ്,

എന്നാ പറഞ്ഞാലും നമ്മടെ തോട്ടുമുക്കിലെ കുളിക്കടവിലിരുന്ന് കൂവുന്ന ഒരു സുഖം ഇവിടെ ഇല്ലെടാ ഉവ്വേ. ഈരാറ്റുപേട്ട, ഭരണങ്ങാനം, പാലാ എന്നൊക്കെ പറയുന്ന പോലത്തെ സ്ഥലങ്ങളും ഇവിടില്ല. ലണ്ടന്‍ പിന്നെ നമ്മള് കേട്ടിട്ടുണ്ട്. മാഞ്ചസ്റ്റര്‍ കൂഞ്ചസ്റ്റര്‍, ഡെര്‍ബി കുര്‍ബി, ലങ്കാസ്റ്റര്‍ കുങ്കാസ്റ്റര്‍ ഇമ്മാതിരി സ്ഥലങ്ങളാണിവിടെ. എന്റെ സ്റ്റുഡന്റ് വിസ കഴിയാന്‍ ആറുമാസം കൂടിയേ ഉള്ളൂ. എന്റെ കൂടെ അവിടുന്നു കേറിപ്പോന്നവന്‍മാരൊക്കെ ഇവിടെ അലമ്പോടലമ്പാ. ബ്രിട്ടണ്‍ ഇങ്ങനൊരു കൂതറ രാജ്യമാണെന്നു ഞാന്‍ വിചാരിച്ചില്ലെടാ ഉവ്വേ. കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും തുടങ്ങി ഇന്ത്യയിലെടുക്കാത്ത ചരക്കുകള്‍ കംപ്ളീറ്റും ഇവിടെയാ. എട്ടാം ക്ളാസ്സില്‍ തോറ്റ നമ്മടെ പുന്നയ്ക്കല്‍ വക്കച്ചന്‍ വരെ ഇവിടെയൊണ്ടെടാ ഉവ്വേ. എംബിഎ പഠിക്കുവാ. ഹൊ ! സമ്മതിക്കണം.

ഇതൊന്നും കേട്ട് നീ ഞെട്ടണ്ടാടാ ഉവ്വേ. തല്‍ക്കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കൊറച്ച് കാശൊണ്ടെങ്കി നിനക്കും നമ്മടെ കറവക്കാരി ജാനുവിനും വരെ ഇങ്ങോട്ടു പോരാമെടേ, നോ പ്രോബ്ളം. ഇവിടെ വന്നിട്ട് നീയെന്തു ചെയ്യുമെന്നുള്ളതാ പ്രശ്നം. ജാനുവിന് പശുവിനെ കറന്നു ജീവിക്കാം. നിനക്ക് എന്തെങ്കിലും കൈത്തൊഴില്‍ അറിയാമായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ജീവിക്കാമായിരുന്നു. സ്റ്റുഡന്റ് വിസേല്‍ വന്നിട്ട് പഠിച്ചു ജീവിക്കാമെന്നുള്ള അഹങ്കാരം വേണ്ട. ഞങ്ങളാരും ഇവിടെ പഠിക്കുന്നില്ല. അല്ലെങ്കിലും യുകെയില്‍ സ്റ്റുഡന്റ് വിസേല്‍ വരുന്നത് പഠിക്കാനല്ലെന്ന് ലോകത്ത് എല്ലാവര്‍ക്കും അറിയാം.

എന്നാലും ചെല നാറികള് ഇവിടെ വന്ന് പഠിക്കുന്നുണ്ട്. അവനൊക്കെ മാസാമാസം വീട്ടിന്ന് കാശിങ്ങോട്ടാ. കൂടെപ്പഠിക്കുന്ന പെണ്ണുങ്ങളും ഇവന്മാരുമൊക്കെ ഒന്നിച്ചു വീടെടുത്താ താമസം. ഇവിടുത്തെ ഒരു തണുപ്പും സെറ്റപ്പുമൊക്കെ വച്ചു നോക്കുമ്പോള്‍ ബാക്കി നിനക്കൂഹിക്കാമല്ലോ. അവന്റാൈക്കെ ടൈംസ്. എടേ, ഞാന്‍ സത്യം പറഞ്ഞാല്‍ ഇവിടെ ഒരു ഓസ്ട്രേലിയക്കാരന്‍ നടത്തുന്ന വൃദ്ധസദനത്തിലാ. പാര്‍ട്ട് ടൈം ജോലിയാണെന്നു പറയും. പഠനത്തിന്റെ കൂടെയാകുമ്പോള്‍ അതിനേ വകുപ്പുള്ളൂ. പക്ഷെ, പ്ളസ് ടു ജയിക്കാത്ത ഞാന്‍ എംബിഎ പാസ്സാകുവേലന്നൊറപ്പുള്ളതു കൊണ്ട് പഠിക്കാമെന്നുള്ള വ്യാമോഹമൊന്നും ഇല്ലെടേ. നല്ല കട്ടപ്പണി തന്നെ.

എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ട് മനസ്സു മടുത്താണ് ഇങ്ങോട്ടു വന്നത്. പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തളം സുധാകരന്റെ ഗാനമേള എന്നു പറഞ്ഞതുപോലാണ് കാര്യങ്ങള്‍. ഇവിടെ നമ്മളെടുക്കുന്ന പണിക്കൊന്നും ഒരു കണക്കുമില്ലെടേ. ഇപ്പം വലിയ കുഴപ്പമില്ല. എന്നാ പറഞ്ഞാലും പണിയെടുത്ത് കുറച്ച് തെറിയൊക്കെ കേട്ടാലും കാശു കിട്ടും. ഇവിടെ ആദ്യം വന്നപ്പോള്‍ വലിയ പാടായിരുന്നു. ഗള്‍ഫിലൊക്കെ പോകുന്നവര്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന കഥ കേട്ട് ജന്മത്ത് അങ്ങോട്ടില്ലെന്നു വിചാരിച്ചതാ, ഇതിപ്പോ അതിനെക്കാള്‍ കഷ്ടമാ. ഒരു പെട്രോള്‍ പമ്പിലായിരുന്നു ആദ്യത്തെ ജോലി. ഇപ്പോ നീ വിചാരിക്കും പെട്രോള്‍ ഒഴിച്ചു കൊടുക്കുന്ന ജോലിയായിരിക്കുമെന്ന്. അതായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇത് ആ പെട്രോള്‍ പമ്പില്‍ ഗ്യാസൊലിന്‍ അടിക്കാന്‍ വരുന്ന എമ്പോക്കികള്‍ മൂത്രമൊഴിക്കുന്ന ടോയ്ലറ്റ് ക്ളീന്‍ ചെയ്യുന്ന പണി. ഹൊ, ഒന്നും പറയേണ്ട. മദാമ്മമാരെയൊക്കെ ചുമ്മാ വായില്‍നോക്കി നില്‍ക്കാമെന്നേയൊള്ളെടേ.

ആ നാറിയ പണി ഞാന്‍ മൂന്നുമാസം കൊണ്ടു നിര്‍ത്തി. അതിനൊരു കാരണവുമുണ്ടായിരുന്നു. എടേ, നമ്മള്‍ പ്ളസ് ടുവിനു പടിക്കുമ്പോള്‍ മെലിഞ്ഞു വെളുത്ത ഒരുത്തി നമ്മടെ ക്ളാസ്സിലില്ലായിരുന്നോ, ഒരു ജീന. ആനിവേഴ്സറിക്ക് നമ്മള്‍ അവള്‍ക്കിട്ടു പണി കൊടുത്തതിനാണല്ലോ എന്നേം നിന്നേം സ്കൂളീന്നു പറഞ്ഞുവിട്ടത്. നീ പിന്നെ പഠിച്ചു, ഞാനതോടെ നിര്‍ത്തി. ഒരു ദിവസം ഞാന്‍ ടോയ്ലറ്റ് ക്ളീന്‍ ചെയ്തിട്ടിറങ്ങുമ്പോള്‍ അവളും കെട്ടിയോനും കൂടി മുന്നില്‍. എന്റെ ദേവമേ, ഞാനങ്ങ് ഇല്ലാണ്ടായി. അവളൊക്കെ രക്ഷപെട്ടു പോകുമെന്നു നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ലല്ലോ. ആ വേഷത്തില്‍ അവളെന്നെ തിരിച്ചറിയുമെന്നു ഞാന്‍ വിചാരിച്ചതല്ല. അവളെ മനസ്സിലാകാത്ത പോലെ ഞാന്‍ നടക്കാന്‍ തുടങ്ങുമ്പോള്‍ പുറകീന്ന് അവളൊരു വിളി- അലക്സ് ഡി പോളേന്ന്!.

ഹൊ ! ഞാന്‍ പെട്ടുപോയളിയാ. എന്നാ പറഞ്ഞാലും അവള്‍ നമ്മളെയൊക്കെ മൈന്‍ഡ് ചെയ്യാത്തതിന്റെ ഒരു കലിപ്പിനാണല്ലോ നമ്മള്‍ പണി കൊടുത്തത്. അവളുടെ വിളി കേട്ടപ്പോള്‍ ഞാനെല്ലാം മറന്നു പോയി. അവളിവിടെ ഗവണ്‍മെന്റ് സര്‍വീസില്‍ നഴ്സാണെടേ. കെട്ടിയവനെ ഒക്കെ പരിചയപ്പെടുത്തി നാറ്റിച്ചു. രാഞ്ജീടെ കൊട്ടാരത്തില്‍ ക്ളര്‍ക്കാണെന്നും ഹാരി രാജകുമാരന്റെ കൂടെ കാറോടിച്ച് ഒരു പിച്ചക്കാരന്റെ നെഞ്ചത്ത് കയറ്റിയതിന് കോടതി ഒരാഴ്ച വിധിച്ച ശിക്ഷയാണതെന്നുമൊക്കെ ഞാന്‍ പറഞ്ഞു നോക്കിയെങ്കിലും അവളതൊന്നും വിശ്വസിച്ചില്ല. അതൊക്കെ പോട്ടേന്നു വയ്ക്കാടേ, പോകാന്‍ നേരം അവള് ഒരു രണ്ട് പൌണ്ട് എന്റെ കയ്യില്‍ വച്ചു തന്നിട്ടു പറഞ്ഞു- ഇതിരിക്കട്ടെ, ഇനീം ഡ്രൈവിനിടയില്‍ ഇവിടെ വരുമ്പോള്‍ കാണാമെന്ന്.

എന്റെ ചങ്കു തകര്‍ന്നുപോയളിയാ. അപ്പോ, ഞാന്‍ ഒരിക്കലും അവിടെ നിന്നു രക്ഷപെടുകേലന്നല്ലേ അവളുദ്ദേശിച്ചത് ? എനിക്കതു സഹിക്കാന്‍ പറ്റിയില്ലടേ. അന്നു തന്നെ പണി നിര്‍ത്തി. ഒരാഴ്ച പട്ടിണി കിടന്നപ്പോള്‍ പിന്നേം വിശക്കാന്‍ തുടങ്ങി. അങ്ങനെ ഇവിടൊരു പള്ളീല്‍ മലയാളം കുര്‍ബാന ചൊല്ലാന്‍ വരുന്ന അച്ചന്‍ മുഖേന കിട്ടിയതാ ഈ ജോലി. നീ വിചാരിക്കും ഞാനിതിന്റെ മാനേജരാണെന്ന്. ഒന്നുമല്ലെടേയ്, ഇവിടെ ഈ കെളവന്‍മാരുടെ മലമൂത്രങ്ങള്‍ കോരുന്ന പണിയാ. അതു മാത്രം പോര, ഇവന്‍മാരൊക്കെ അപ്പിയിട്ടു കഴിഞ്ഞാല്‍ നല്ല ഭംഗിയായിട്ടു കഴുകിക്കുകേം വേണം. ഇവര്‍ക്കീ കഴുകി പരിചയമില്ലാത്തതുകൊണ്ട് നമ്മള്‍ നന്നായിട്ടു കഴുകിയാല്‍ അപ്പോള്‍ കിട്ടും രണ്ടു പൌണ്ട് ടിപ്പ്. മാസാമാസം ഇവരില്‍ ചിലരുടെ മക്കള് നോക്കാന്‍ വരും. കിളവന്‍ വൃത്തിയായിട്ടൊക്കെ ഇരിപ്പുണ്ടെങ്കില്‍ ഒരു തുക അവന്‍മാരും തരും.

ചെലര് ചുമ്മാ വന്നു നമ്മടെ മെക്കിട്ടു കേറും. കഴിഞ്ഞയാഴ്ച ഒരുത്തന്‍ അപ്പനെ കാണാനാണെന്നും പറഞ്ഞു വന്നു. എന്നിട്ട് അപ്പനേം കോപ്പനേം ഒന്നും കണ്ടില്ല. നേരേ വന്ന് എനിക്കിട്ടു നാലു താങ്ങ്. എന്നിട്ട് പോകാന്‍ നേരം സോറി പറഞ്ഞിട്ട് ഒരു നൂറു പൌണ്ട് എടുത്തു തന്നു. ഇപ്പോ ഇതാണ് ലാഭം. ഇവന്‍മാരെയൊക്കെ നേരെ ചൊവ്വേ നോക്കിയാല്‍ കിട്ടുന്നതിനെക്കാള്‍ ഇടി വാങ്ങിയാല്‍ കിട്ടും. എന്നും ഇടി വാങ്ങിയാല്‍ പണി പോവുകേം ചെയ്യും. ആകെ മൊത്തം റിസ്ക് ആണെടേയ്.

അപ്പോള്‍ അങ്ങനെയൊക്കെയാണ് കാര്യങ്ങള്. നെനക്ക് നാട്ടില്‍ സുഖം തന്നെയല്ലേ ? നമ്മടെ ഡോക്ടര്‍ ശിവദാസന്റെ ഭാര്യ ദമയന്തി ഇപ്പോഴും പഴയതുപോലെ തന്നെയാണോ ഇരിക്കുന്നത് ? നാടിനെപ്പറ്റിയോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കു വരുന്നത് ദമയന്തിച്ചേച്ചിയാണെടേയ്. ഇവിടെ ആകെ മൊത്തം ഫ്രിഡ്ജില്‍ വച്ച അയലമാതിരിയുള്ള സാധനങ്ങളാടേയ്. ചുമ്മാ ബോറ്. നാട്ടില്‍ വന്നിട്ടു വേണം ഒന്നര്‍മാദിക്കാന്‍. നീ മറുപടി അയക്കുമ്പോള്‍ നാട്ടിന്നൊള്ള കുറച്ച് പടങ്ങള് കൂടെ അയക്കെടേയ്.

സ്വന്തം,
അലക്സ് ഡി. പോള്‍
കംഗാരൂ ഓള്‍ഡ് ഏജ് ഹോം
ലിവര്‍പൂള്‍
യുകെ.

ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞ്

ഇത് ഒരു കഥയല്ല. ചരിത്രവുമല്ല. ലോകത്തിനു മേല്‍ പാലായ്ക്കുള്ള മേല്‍ക്കോയ്മയുടെ, പാലാക്കാര്‍ ലോകത്തിലെ ഏറ്റവും കരുത്തന്‍മാരും മിടുക്കന്‍മാരും പ്രഗല്‍ഭന്‍മാരുമായി തുടരുന്നതിന്റെ, അജയ്യമായ ഒരു പാരമ്പര്യത്തിന്റെ കഥയാണ്. പാലാ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്നും ഹൂസ്റ്റണിലെ സ്കൂള്‍ ഓഫ് ഇമ്മാക്കുലേക്ക് തൊമ്മിയില്‍ നിന്നും ലഭിച്ചിട്ടുള്ള രേഖകളുടെയും കയ്യെഴുത്തുപ്രതികളുടെയും ഇതിനു പുറമേ അനേകം അനേകം തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചരിത്രവും സത്യവും കൂടിക്കലര്‍ന്ന കുറെയേറെ മിത്തുകളുടെ അന്തസത്ത ഇവിടെ അനാവരണം ചെയ്യുന്നത്.

അമേരിക്കയില്‍ പോര്‍ണോ ഫിലിം ഇന്‍ഡസ്ട്രിയുടെ ഇപ്പോഴത്തെ തലവനായ ഫ്രാങ്കോ തൊമ്മിക്കുഞ്ഞ് എന്ന ബ്രസീലിയന്‍ സായിപ്പില്‍ നിന്നാണ് ചരിത്രം പിറകോട്ടു നടക്കുന്നത്. ഗൂഗിളില്‍ തന്റെ അപ്പനപ്പൂപ്പന്‍മാരുടെ നാടായ കേരളത്തെപ്പറ്റി ഫ്രാങ്കോ സേര്‍ച്ച് ചെയ്യുന്നിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം. തിരിച്ചും മറിച്ചും സേര്‍ച്ച് ചെയ്തിട്ടും ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം തെളിഞ്ഞില്ല. മാത്രവുമല്ല, ഗൂഗിള്‍ മാപ്പില്‍ ഇന്ത്യ എന്ന രാജ്യം തന്നെ കഷ്ടിച്ച് ഡല്‍ഹി എന്നു പറയുന്ന സ്ഥലം മാത്രമേയുള്ളൂ. ബാക്കി കംപ്ളീറ്റ് തര്‍ക്കത്തിലിരിക്കുന്ന സ്ഥലമാണ്. കേരളം ശ്രീലങ്കയുടെ ഭാഗമായാണ് കാണിക്കുന്നത്. ഫ്രാങ്കോ തൊമ്മിക്കുഞ്ഞ് വീണ്ടും സേര്‍ച്ച് ചെയ്തു. ഇത്തവണ ഗൂഗിള്‍ ഇന്ത്യയുടെ സൈറ്റ് ആണ് നോക്കിയത്. ഇപ്പോള്‍ കേരളം ശക്തമായി തെളിയുന്നുണ്ട് എന്നു മാത്രമല്ല ശ്രീലങ്കയും ബംഗാദേശും പാക്കിസ്ഥാനും ചൈനയുമെല്ലാം ഇന്ത്യയുടെ ഭാഗമാണ്. ഫ്രാങ്കോയ്ക്ക് കളി മനസ്സിലായി.

ഫ്രാങ്കോയുടെ ആര്‍ട്ട് ഓഫ് സ്പാങ്കിങ് എന്ന പുതിയ പോര്‍ണോ ഹാര്‍ഡ്കോര്‍ പടത്തിലെ നായികയായെത്തിയ ആന്‍ഡി മിച്ചല്‍ എന്ന 19കാരിയില്‍ നിന്നാണ് ചരിത്രം ആരംഭിക്കുന്നത്. ആന്‍ഡിയുടെ ആന്റി മലയാളിയായ വടക്കേടത്ത് ക്ളാര വാഗമണ്ണിലെ റിസോര്‍ട്ടുകളില്‍ നല്ല രീതിയില്‍ ജോലിയെടുത്തു ജീവിക്കുന്ന ഒരു ലൈംഗികത്തൊഴിലാളിയാണ്. ഭോറിന്‍ ക്ളയന്റുകളിലാണ് ക്ളാരയാന്റിയുടെ സ്പെഷലൈസേഷന്‍. ആന്‍ഡി മിച്ചലിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഫ്രാങ്കോയെ ക്ളാരയാന്റിക്ക് ടൂറിസമെന്നും പറഞ്ഞ് വിറ്റ് കാശാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആന്റിയുടെ കാര്യം ആന്‍ഡി ഫ്രാങ്കോയോടു പറഞ്ഞത്. ഫ്രാങ്കോയ്ക്ക് ആന്റിയില്‍ കമ്പമുണ്ടായി. വാഗമണ്‍, ടൂറിസം, മല്ലു ആന്റി, സെക്സ് തുടങ്ങിയ ആകര്‍ഷണീയമായ കീവേര്‍ഡുകള്‍ക്കപ്പുറത്ത് തന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ തങ്ങളൊക്കെ തൊമ്മിപ്പാപ്പന്‍ എന്നു വിളിക്കുന്ന ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞിന്റെ നാടായ പാലായിലെ ഏതോ ഒരു തറവാട്ടിന്റെ രഹസ്യ അറയില്‍ കെട്ടിക്കിടക്കുന്ന കോടാനുകോടികള്‍ വരുന്ന സ്വത്ത്. അതിലേക്കുള്ള രഹസ്യവഴികള്‍ അന്വേഷിച്ചുള്ള തന്റെ യാത്ര ക്ളാരയില്‍ നിന്നു തുടങ്ങാം എന്നു ഫ്രാങ്കോ കരുതി.

നാട്ടിലേക്കു പോകുന്ന കാര്യം ഫ്രാങ്കോ ആന്‍ഡിയോട് പറഞ്ഞു. ആന്‍ഡിക്ക് സന്തോഷമായി. ആന്റിയെ വിവരമറിയിച്ചു. ആന്‍ഡിയും ആന്റിയും കൂടി രഹസ്യമായി മറ്റൊരു പദ്ധതി ആലോചിച്ചിരുന്നു. നാട്ടിലെത്തുന്ന ഫ്രാങ്കോടെ സുഖിപ്പിച്ച് രസിപ്പിച്ച് അവിടെ സ്ഥലം വാങ്ങി ഒരു വേനല്‍ക്കാല വസതി പണിയിക്കുക. ഈ സമയത്ത് ഹൂസ്റ്റണില്‍ നിന്ന് ആന്‍ഡിയും വാഗമണ്ണിലേക്കെത്തും. അവിടെ വച്ച് ഒരു രാത്രി ഡിവൈഎഫ്ഐക്കാരുടെയും ചാനലുകാരുടെയും സഹായത്തോടെ ക്ളാരയാന്റിയുടെ കിടപ്പറയില്‍ നിന്ന് ഫ്രാങ്കോയെ കുടുക്കുക. നാറി പണ്ടാരമടങ്ങുന്ന ഫ്രാങ്കോയുടെ ഭാര്യയായി ജീവിക്കാന്‍ സമ്മതമാണെന്ന് ആന്‍ഡി അറിയിക്കുന്നു, തുടര്‍ന്ന് വാഗമണ്ണിലെ മുരുകന്റെ അമ്പലത്തില്‍ വച്ച് ഭാരതീയ ശൈലിയില്‍ ഓനെക്കൊണ്ട് മംഗലം കയ്പ്പിച്ച് ഓന്റെ ബീടരായി വാഗമണ്ണിലെ പുല്‍മേടുകളില്‍ അര്‍മാദിച്ചു നടക്കുക. ആന്‍ഡിയും ആന്റിയും സംയുക്തമായി ഫ്രാങ്കോയെ ഡീല്‍ ചെയ്യുന്നതിനുള്ള സൂത്രങ്ങള്‍ ആലോചിച്ചു തുടങ്ങി.

ഫ്രാങ്കോയ്ക്ക് ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ആന്‍ഡിയല്ല അവളുടെ അമ്മൂമ്മ വന്നാലും പോട്ടെ പുല്ല് എന്നു വയ്ക്കാന്‍ മാത്രം പെണ്ണുങ്ങളെ പൂശിയതിന്റെ ബോറടി. തൊമ്മിപ്പാപ്പന്റെ 111 മക്കളും അവരുടെ പിന്‍തലമുറക്കാരുമായി തൊമ്മിപ്പണം എന്ന പേരില്‍ ശേഖരിച്ചുവച്ചിരിക്കുന്ന തുക എവിടെയാണ് എന്നന്വേഷിച്ചു കണ്ടെത്തുക എന്നതല്ലാതെ പാലായിലേക്കു വരാന്‍ തക്കവണ്ണം വടക്കേടത്ത് ക്ളാര ഒരു പ്രലോഭനം പോയിട്ട് പ്രചോദനം പോലുമായിരുന്നില്ല. അതേ സമയം, ഫ്രാങ്കോ ഹൂസ്റ്റണിലെ തുണ്ടുപടവ്യവസായത്തിന്റെ രാജാവാണെന്നൊന്നും അറിയാതെ ക്ളാര നാട്ടില്‍ വരാന്‍ പോകുന്ന ഫ്രാങ്കോയെ ഫ്രാന്തു പിടിപ്പിക്കുന്നതിനനുള്ള പുതിയ ഐറ്റംസ് പ്രാക്ടീസ് ചെയ്യാന്‍ വാടകയ്ക്കെടുത്തതോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രാങ്കോ നിര്‍മിച്ചു തള്ളിയ ബി ഗ്രേഡ് പോര്‍ണോ പടങ്ങള്‍.

നാട്ടിലേക്കു വരും മുമ്പ് ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞിനെപ്പറ്റി പറ്റുന്നത്ര വിവരങ്ങള്‍ ശേഖരിക്കണമെന്നു തീരുമാനിച്ച ഫ്രാങ്കോ തീര്‍ച്ചും അപ്രതീക്ഷിതമായാണ് ഒബാമയുടെ ഓഫിസിലെ ജീവനക്കാരിയും തന്റെ പുതിയ കാമുകിയുമായ മരിയാനയുടെ അടിവയറ്റില്‍ പച്ചkകുത്തിയിരിക്കുന്ന 18 എന്നെഴുതിയ ഫുള്‍ബോട്ടില്‍ കണ്ടത്. ഫ്രാങ്കോയെ അടിമുടി വിറച്ചു. ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞിന്റെ പിന്‍ഗാമിയായ ഒരു പെണ്‍കുട്ടി ഒബാമയുടെ ഓഫിസിലോ ? മരിയാനയുടെ 90 വയസ്സുള്ള അപ്പൂപ്പനില്‍ നിന്നാണ് ഫ്രാങ്കോ ബാക്കി കഥകളറിഞ്ഞത്.

ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞ് എന്നയാള്‍ അഞ്ഞൂറു വര്‍ഷം മുമ്പ് പാലായില്‍ ജനിച്ച ഒന്നാംതരം റബര്‍ അച്ചായനായിരുന്നു. അന്ന് ലോകത്ത് ഒരിടത്തും റബര്‍ കൃഷി തുടങ്ങിയിട്ടില്ല. തന്റെ പുരയിടത്തില്‍ സ്വന്തം ബുദ്ധികൊണ്ട് ബുദ്ധിമാനായ തൊമ്മിക്കുഞ്ഞ് ബഡ് ചെയ്തുണ്ടാക്കിയ മരമായിരുന്നു റബര്‍. റബര്‍ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും തന്റെ കയ്യിലുള്ള റബര്‍ ഷീറ്റ് കൊണ്ട് വിവിധ വസ്തുക്കള്‍ നിര്‍മിക്കുന്നതിനുമുള്ള സാധ്യതകളും ഗവേഷണങ്ങളുമായിരുന്നു തൊമ്മിക്കുഞ്ഞിന്റെ ജീവിതം എന്നു പറയാം. ഇന്ന് ലോകത്ത് റബര്‍ ഉള്ള എല്ലാ രാജ്യങ്ങളും 500 വര്‍ഷം മുമ്പ് തൊമ്മിക്കുഞ്ഞിന്റെ തോട്ടങ്ങളായിരുന്നു. ടാപ്പിങ്ങിനും അനുബന്ധജോലികള്‍ക്കുമായി തൊമ്മിക്കുഞ്ഞ് വിവിധനാടുകളില്‍ നിന്നും വിലയ്ക്കുവാങ്ങിയ അടിമകള്‍ തൊമ്മിക്കുഞ്ഞിന്റെ കാലശേഷം ആ സ്ഥലങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. അവരെ പിന്നീട് ബ്രിട്ടീഷുകാര്‍ അധീനതയിലാക്കി. ലോകത്തെ പന്ത്രണ്ടോളം രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡവും കണ്ടെത്തിയ തൊമ്മിക്കുഞ്ഞ് മെല്ലെ ചരിത്രത്തില്‍ നിന്നു നീക്കം ചെയ്യപ്പെട്ടു. അവിടെയൊക്കെ ബ്രിട്ടീഷുകാര്‍ കണ്ട ഗാമയുടെയും കൂമയുടെയുമൊക്കെ പേര് എഴുതിച്ചേര്‍ത്തു. എങ്കിലും 78 ഭാര്യമാരിലായി ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 111 മക്കളുടെ പിന്‍മുറക്കാരിലൂടെ തൊമ്മിക്കുഞ്ഞിന്റെ പരമ്പര ഇന്നും നിലനില്‍ക്കുന്നു. അവരുടെ ദൈവവും മതവും തൊമ്മിക്കുഞ്ഞാണ്. അവര്‍ പ്രാര്‍ത്ഥനകളും ബലിയര്‍പ്പണങ്ങളും തൊമ്മിക്കുഞ്ഞിനാണ്.

പതിന്നാലാം ഷാപ്പുകാര്‍ എന്നാണ് തൊമ്മിക്കുഞ്ഞിന്റെ കുടുംബക്കാര്‍ അറിയപ്പെടുന്നത്. പാലായിലെ ആദ്യത്തെ കള്ളുഷാപ്പ് സ്ഥാപിച്ചത് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് തൊമ്മിക്കുഞ്ഞായിരുന്നു. പന എന്ന വൃക്ഷം ബഡ് ചെയ്ത് സൃഷ്ച്ചെടുത്ത തൊമ്മിക്കുഞ്ഞ് തന്നെയാണ് അതില്‍ നിന്നും കള്ള് എന്നൊരു സാധനം ഉണ്ടാക്കാമെന്നും കണ്ടെത്തിയത്. അതോടെ പാലായിലെങ്ങും തൊമ്മിക്കുഞ്ഞ് പന പ്രചരിപ്പിച്ചു തുടങ്ങി. അന്നത്തെ പാലാ ടൌണില്‍ തൊമ്മിക്കുഞ്ഞ് 14 ഷാപ്പുകള്‍ സ്ഥാപിച്ചു എന്നാണ് ചരിത്രം. ബാക്കി ഷാപ്പുകളെല്ലാം നാട്ടുകാര്‍ക്ക് കുടിക്കാനായി നല്‍കിയിട്ട് തൊമ്മിക്കുഞ്ഞിനും ഫാമിലിക്കും കുടിക്കാനായി പതിന്നാലാം നമ്പര്‍ ഷാപ്പു മാത്രം ബാക്കി വച്ചു. അന്‍പത്തിയൊന്നിലെ വെള്ളപ്പൊക്കത്തില്‍ പാലാ മുഴുവന്‍ മൂടിപ്പോയപ്പോള്‍ പാലാ കുരിശുപള്ളിയും പതിന്നാലാം നമ്പര്‍ ഷാപ്പും മാത്രം ബാക്കി നിന്നു. അതോടെയാണ് തൊമ്മിക്കുഞ്ഞിനു ദിവ്യശക്തിയുണ്ട് എന്നു ജനത്തിനു തോന്നിത്തുടങ്ങിയത്. അതോടെ തൊമ്മിക്കുഞ്ഞിന്റെ വംശപരമ്പര പതിന്നാലാം ഷാപ്പുകാര്‍ എന്ന പേരിലറിയപ്പെട്ടു തുടങ്ങി. ഇതിനെ സാധൂകരിക്കുന്ന താളിയോലകളും കല്ലില്‍ കൊത്തിയ കല്‍പനകളും ചരിത്രത്തിന്റെ ബാക്കിയായി ഇന്നുമുണ്ട്.

അക്കാലത്ത് ചങ്ങനാശ്ശേരി വടക്കു മുതല്‍ അങ്ങോട്ട് വാഗമണ്ണിന്റെ കിഴക്ക് പീരുമേടു വരെയും ശബരിമലയുടെ വടക്ക് പമ്പ മുതല്‍ അങ്ങ് തൃശൂരിനു സമീപം ഒല്ലൂര് വരെയും ഒരിഞ്ചുപോലും ഇളവില്ലാതെ തൊമ്മിക്കുഞ്ഞിന്റെ പുരയിടമായിരുന്നു. കുന്നംകുളം ഭാഗത്തുണ്ടായിരുന്ന കുരുമുളക് വ്യാപാരിയായിരുന്ന ഒരു ഫ്രാന്‍സിസ് ഇട്ടിക്കോരയായിരുന്നു തൊമ്മിക്കുഞ്ഞിന്റെ പറമ്പിലെ പ്രധാന പണിക്കാരന്‍. ഇട്ടിക്കോരയെ കുന്നംകുളത്തിനു പുറത്തൊരു ലോകമുണ്ടെന്നും അവിടെ മനുഷ്യരുണ്ടെന്നും കാണിച്ചുകൊടുത്തത് തൊമ്മിക്കുഞ്ഞാണ്. ഇന്നിപ്പോള്‍ ഇട്ടിക്കോരയുടെ പേരില്‍ ചരിത്രമായി, ഗണിതസാസ്ത്രമായി. കോരയെ ഇതെല്ലാം പഠിപ്പിച്ച തൊമ്മിക്കുഞ്ഞ് വെറും തൊമ്മിയായി.