പാഷന്‍ ഓഫ് ദി പ്രീസ്റ്റ്‌സ്‌

ഭീകര സെക്കുലറായ പി.സി.ജോര്‍ജ് പോലും മൗനം പാലിക്കുന്ന ഈ വിശുദ്ധ വാരത്തില്‍ ഇങ്ങനൊരു പോസ്റ്റിടേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. ഈ വിശുദ്ധവാരത്തില്‍ പള്ളീലച്ചന്‍മാരും വിശ്വസികളെപ്പോലെ പ്രാര്‍ഥനയിലും ഉപവാസത്തിലും ഈശ്വരചിന്തയിലും കഴിഞ്ഞുകൂടുകയാണെന്നാണ് പൊതുവേയുള്ള സങ്കല്‍പം. എന്നാല്‍, വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവച്ചിരിക്കുന്ന കുത്തിക്കഴപ്പുകള്‍ യൂദാസിനെപ്പോലെ അവരുടെ കുഞ്ഞാടുകളെ ഒറ്റിക്കൊടുക്കുകയും പാവപ്പെട്ട മനുഷ്യരുടെ ദൈവവിശ്വാസത്തെ തന്നെ ക്രൂശിലേറ്റുകയും ചെയ്യുമ്പോള്‍ പറയാനുള്ളത് പറയുന്നതാണ് പി.സി.ജോര്‍ജ് കളിക്കുന്നതിനെക്കാള്‍ നല്ലത് എന്നു തോന്നുന്നു.

പറയുമ്പോള്‍ 20 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ കാര്യം മുതല്‍ നമ്മള്‍ പറയണം. രണ്ടു പതിറ്റാണ്ടായി ഭൗതികശക്തികള്‍ അന്വേഷിച്ചിട്ടും കുറ്റവാളികളെ കിട്ടാത്ത കേസിനെ ഇനി മതമേലധ്യക്ഷന്‍മാര്‍ ദൈവികരഹസ്യമായോ മറ്റോ പ്രഖ്യാപിക്കുന്നതാണ് നല്ലത്. മകളെ കന്യാസ്ത്രീയാക്കാന്‍ വിട്ട ആ രക്ഷിതാക്കളുടെ മനസ്സിലെ കെടാത്ത തീ ബാക്കി നോക്കിക്കോളും. പിന്നെയുമുണ്ട്. ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാംപിനിടെ കൊല്ലപ്പെട്ട 12 വയസുകാരി ശ്രേയ, തൃശൂരില്‍ ആദ്യകുര്‍ബാന വ്‌സ്ത്രം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച ബ്ലഡി ഫക്കിങ് കൊക്കന്‍, അങ്ങനെ നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ സംഭവങ്ങള്‍ അനേകം.

അടുത്തിടെ ചര്‍ച്ചയായ മൂന്ന് പള്ളീലച്ചന്‍മാരാണ് ഇന്ന് പോസ്റ്റില്‍ വിഷയമാകുന്നത്. ഇവരുടെ സഭയേതാണെന്നോ സെമിനാരി ഏതാണെന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എല്ലാവരുടെയും കയ്യിലിരിപ്പ് സാത്താന്റെയാണെന്നതാണ് പ്രസക്തമാകുന്നത്. ആദ്യത്തെ സംഭവത്തിലെ പ്രതി പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ്മാത പള്ളിയിലെ വികാരിയുമാണ്- ഫാ.എഡ്വിന്‍ സിഗ്രേസ്. പേരെടുത്ത ധ്യാനഗുരു, തീപ്പൊരി പ്രഭാഷകന്‍, നിരവധി ഭക്തിഗാനകാസറ്റുകളിലെ പാട്ടുകാരന്‍… അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണി. ഈ ഉണ്ണി 14 വയസുള്ള ഒരു പെണ്‍കുട്ടിയെ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ അച്ചന്‍ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോകുന്നത് കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് കേസെടുക്കുകയും മാതൃകാ ഇടയന്‍ ഒളിവില്‍ പോവുകയുമായിരുന്നു എന്നാണ് വാര്‍ത്ത.

14 വയസുള്ള പെണ്‍കുട്ടിയാണ് സത്യത്തില്‍ കുറ്റക്കാരിയെന്നും സ്റ്റാന്‍ഡ് എലോണ്‍ സെലബ്രിറ്റിയായ അച്ചനെ കുടുക്കാന്‍ വേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന ശ്രമമാണിതെന്നും അച്ചന് ഐക്യദാര്‍ഢ്യം നല്‍കണമെന്നുമൊക്കെ വാദിക്കാനും ആളുണ്ടാവും. 14 വയസുള്ള പെണ്‍കുട്ടിയെക്കാള്‍ വിവരവും വിവേകവും, തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസവുമൊക്കെ നന്നായി അറിയാവുന്ന ആളാണ് 41 വയസുള്ള പള്ളീലച്ചന്‍ എന്നെങ്കിലും പ്രിയ കുഞ്ഞാടുകള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സിംപിളായി പറഞ്ഞാല്‍പ്പോലും ഒരു തെറ്റും ചെയ്യാതെ ക്രൂശിലേറ്റപ്പെട്ട ക്രിസ്തുവിനെ പ്രകീര്‍ത്തിക്കുന്ന ഈയാഴ്ചയില്‍ ധ്യാനഗുരു ഒളിവില്‍ പോയതിന് ക്രിസ്തീയമായ ഒരു വിശദീകരണവും ഞാന്‍ കാണുന്നില്ല.

ഇതുമായി ബന്ധമില്ലെങ്കിലും, കഴിഞ്ഞയാഴ്ച സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ഒരു വാര്‍ത്തയും കണ്ടിരുന്നു. 13 വര്‍ഷം കന്യാസ്ത്രീയായിരുന്ന അനിതയെ ഇടുക്കിക്കാരന്‍ ഒരു അച്ചന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നേ്രത സംഭവങ്ങള്‍. ഇറ്റലിയിലേക്കു സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീ സഭയില്‍ നിന്നു പുറത്താക്കപ്പെടുകയും അതെത്തുടര്‍ന്ന് കോണ്‍വെന്റിനു മുന്നില്‍ കുത്തിയിരിപ്പു നടത്തിയപ്പോള്‍ കൂടുതല്‍ നാറാതിരിക്കാന്‍ സഭ 12 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് ഒതുക്കുകയുമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. ഇടുക്കിക്കാരന്‍ അച്ചന്‍ ആരാണെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയില്ല. തിരുവസ്ത്രം നഷ്ടപ്പെട്ടതും വഴിയിലിരിക്കേണ്ടി വന്നതും ഒടുവില്‍ നഷ്ടപരിഹാരം വാങ്ങി വീട്ടില്‍പ്പോവേണ്ടി വന്നതും കന്യാസ്ത്രീ.

ഇതിനിടയിലാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഫാ. ജോസഫ് ഓലിക്കലിന്റെ മുകേഷ് സിങ്ങിസം. രാജ്യത്തെ ഞെട്ടിച്ച ജില്‍ മീഗര്‍ കേസിനെപ്പറ്റിയായിരുന്നു ഓലിക്കലച്ചന്‍ വിവരക്കേട് പറഞ്ഞത്. ഇന്ത്യക്കാരന് നിര്‍ഭയ കേസ് പോലെയാണ് ഓസ്‌ട്രേലിയക്കാരന് ജില്‍ മീഗര്‍ കേസ്. ജില്‍ മീഗറെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തമേ കിട്ടിയിട്ടുള്ളൂ (14 വര്‍ഷമല്ല, ഒറിജിനല്‍ ജീവപര്യന്തം) എന്നിരിക്കെ ജില്‍ മീഗര്‍ കുറച്ചുകൂടി വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്നെങ്കില്‍ അവള്‍ക്കീ ഗതി വരില്ലായിരുന്നു എന്നാണ് ഓലിക്കലച്ചന്‍ പറഞ്ഞത്.
അങ്ങനെയെങ്കില്‍, വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയ്ക്കും സണ്‍ഡേ സ്‌കൂള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ശ്രേയയ്ക്കും കൊക്കന്‍ ആദ്യകുര്‍ബാന വസ്ത്രം വാങ്ങിത്തരുമെന്നു വിശ്വസിച്ചു പീഡനങ്ങളെല്ലാം സഹിച്ച കുരുന്നിനുമൊക്കെ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നും ഓലിക്കന്‍ വിശദീകരിക്കേണ്ടി വരും.

അച്ചന്‍മാരും മനുഷ്യരാണ്. സമൂഹത്തിലെ തിന്മകളൊക്കെയും അവരിലുമുണ്ടാകും, എന്നു കരുതി വൈദികരെയാകെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോ സഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നു വളരെ പക്വതയുള്ള ആളുകള്‍ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. ലോ പോയിന്റാണത്. പക്ഷെ, അവിടെയും പിഴവുകളാണ്. വധശിക്ഷ കാത്തു കഴിയുന്ന മുകേഷ് സിങ്ങിന്റെ അറിവോ ഐക്യുവോ അല്ല മേല്‍പ്പറഞ്ഞ വെള്ളക്കുപ്പായക്കാര്‍ക്ക് എന്നതാണ് ഇത് മറ്റു കുറ്റങ്ങളെപ്പോലെ അല്ലാതാക്കുന്നത്. മുകേഷ് സിങ്ങും ഇവരുമായി ഐക്യുവില്‍ വ്യത്യാസമൊന്നുമില്ലെന്നു തെളിയിച്ചു എന്നിരിക്കട്ടെ, മുകേഷ് സിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലുണ്ട് എന്നത് ഒരു ആശ്വാസമാണ്. സിസ്റ്റര്‍ അഭയയുടെ കൊലയാളികളും ശ്രേയയെ വെള്ളത്തില്‍ മുക്കി കൊന്നവരും കൊക്കനും ഇപ്പോള്‍ എവിടെയാണ് ?

ഈ വൈദികന്‍മാര്‍ ചെയ്തിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും നീചമായ പാപങ്ങളാണ്. സഭാധികാരികള്‍ തെറ്റു ചെയ്തവരെ രാജ്യത്തെ നിയമത്തിനു മുന്നില്‍ ഹാജരാക്കി അവരെ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയരാക്കുമ്പോഴാണ് നീതി
നടപ്പാവുന്നത്. ഇരകളെ അവഹേളിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷം കയ്യിലെടുക്കുന്നവര്‍ വഞ്ചിക്കുന്നത് ക്രിസ്തുവിനെയാണ്, ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയുമാണ്. ഇത് ഒരു മുട്ടനാടിന്റെ ഇടയലേഖനമായി കണ്ട് വായിക്കണമെന്നും ഇതെപ്പറ്റി ചിന്തിക്കാന്‍ കുറച്ചു സമയം ചിലവഴിക്കണമെന്നും എല്ലാ വൈദികരോടും ആഹ്വാനം ചെയ്യുന്നു.

ഹാപ്പി ഈസ്റ്റര്‍ !

സിസ്റ്റര്‍ ഇറ്റാലിയന്‍ ചന്ദ്രലേഖ

കന്യാസ്ത്രീമഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നു കന്യാസ്ത്രീകള്‍ പുറത്തേക്കു വന്നു സാമൂഹികപ്രവര്‍ത്തനം നടത്തണമെന്നും അവരുടെ മുഖത്തെ ചിരിയില്‍ യഥാര്‍ഥസന്തോഷം തെളിയണമെന്നും കത്തോലിക്കാ സഭയിലെ ഏറ്റവും വിപ്ലവകാരിയായ ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പ്പാപ്പ പറഞ്ഞിട്ട് അധികകാലമായിട്ടില്ല. ഈ മാര്‍പ്പാപ്പയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നു കസ്തൂരിരംഗന്‍ ക്രിസ്ത്യാനികളല്‍ പലരും ആരോപിക്കുമ്പോള്‍ സഭ ലോകത്തോടൊപ്പം നന്മയോടൊപ്പം മുന്നോട്ടു പോകണമെന്നാഗ്രഹിക്കുന്ന കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു വിസ്മയമാണ്.

കന്യാസ്ത്രീകള്‍ കിണറ്റില്‍ മരിച്ചു കിടക്കുകയും എത്ര അന്വേഷിച്ചിട്ടും സത്യം പുറത്തുവരാതിരിക്കുകയും ചെയ്യുന്ന കേരളം പോലുള്ള ദൈവത്തിന്റെ സ്വന്തം ദേശങ്ങളില്‍ ബിഷപ്പുമാരും കന്യാസ്ത്രീകളും അച്ചന്‍മാരുമെല്ലാം മാര്‍പ്പാപ്പയില്‍ നിന്നും പലതും പഠിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങി സാമ്പത്തികലാഭമുണ്ടാക്കുന്നതിനപ്പുറം സമൂഹത്തോടൊപ്പം സജീവമായി ജീവിക്കുമ്പോഴാണ് ഏതു സമുദായപൗരോഹിത്യവും ജനകീയമാകുന്നത്. സിനിമയിലഭിനയിക്കുന്ന വൈദികരെ പുറത്താക്കുകയും പുസ്തകമെഴുതുന്ന കന്യാസ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന സംസ്‌കാരത്തില്‍ നിന്നും എത്രത്തോളം വളരാം എന്ന അന്വേഷണത്തില്‍ ഇറ്റലിയിലെ സൂപ്പര്‍ ഹിറ്റ് സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയ ഒരു നാഴികക്കല്ലാണ്.

എല്ലാ കന്യാസ്ത്രീകള്‍ക്കും മദര്‍ തെരേസയോ അല്‍ഫോന്‍സാമ്മയോ ഒന്നും ആകാന്‍ കഴിയില്ല. എങ്കിലും ഓരോരുത്തരും അവരവരുടെ കഴിവുകള്‍ അടക്കിപ്പിടിച്ച് ഇവരിലാരെങ്കിലുമാകാന്‍ പരിശീലിക്കണം എന്നു വാശിപിടിക്കുന്നതും നല്ലതല്ല. എഴുത്തുകാരും പാട്ടുകാരും നര്‍ത്തകരുമൊക്കെയായ എത്രയോ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകുന്നതോടെ നിശബ്ദരായിപ്പോകുന്നു. കന്യാസ്ത്രീ മഠത്തിന്റെ ചുവരുകള്‍ക്കുള്ളില്‍, തിരുവസ്ത്രത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതികളാക്കി സ്വയം തടവറ തീര്‍ത്തു കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയ ഒരാവേശവും പ്രചോദനവുമായിത്തീരട്ടെ എന്നു പ്രത്യാശിക്കുന്നു.

ക്രിസ്റ്റിന 25കാരിയ റോമന്‍ കത്തോലിക്ക കന്യാസ്ത്രീയാണ്. ഇന്നലെ വരെ അപ്രശസ്തയായിരുന്ന ഈ ഇറ്റലിക്കാരി ഇന്നു യൂ ട്യൂബിലെ വൈറല്‍ താരമാണ്. വോയ്‌സ് ഓഫ് ഇറ്റലി റിയാലിറ്റി ഷോയിലെ പാട്ടുകാരിയായെത്തിയ സിസ്റ്റര്‍ ക്രിസ്റ്റിനയുടെ ഓഡിഷന്‍ വിഡിയോ നാലു ദിവസം കൊണ്ട് കണ്ടത് മൂന്നു കോടിയോളം പേരാണ്. മല്‍സരാര്‍ഥിയെ കാണാതെ തിരിഞ്ഞിരുന്നു പാട്ടു കേട്ട ശേഷം പാട്ടുകാരിയെ മല്‍സരത്തിലേക്കു സ്വീകരിച്ചു കൊണ്ടു തിരിയുന്ന വിധികര്‍ത്താക്കള്‍ പാടിത്തകര്‍ക്കുന്നത് ഒരു കന്യാസ്ത്രീയാണെന്നു കാണുമ്പോള്‍ തകര്‍ന്നുപോകുന്നതാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകള്‍ക്കും വേണ്ടി സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയയുടെ വോയ്‌സ് ഓഫ് ഇറ്റലി ഓഡിഷന്‍ വിഡിയോ സമര്‍പ്പിക്കുന്നു. ശുഭദിനം.

പ്രെയ്‌സ് ദി ലോര്‍ഡ് !

അദ്ഭുതങ്ങളുടെ കാലം കഴിഞ്ഞു എന്നാണ് പലരും കരുതുന്നത്. കഴിഞ്ഞിട്ടില്ല. കര്‍ത്താവ് വെള്ളം വീഞ്ഞാക്കുകയും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്‌തെങ്കില്‍ കര്‍ത്താവിന്റെ മണവാട്ടി വിചാരിച്ചാല്‍ അസ്സാം തേയിക്കൊളുന്തുകളെ അസ്സല്‍ ഗാന്ധിനോട്ടുകളാക്കി മാറ്റാന്‍ സാധിക്കത്തില്ലയോ ? വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് മാറി അങ്ങോട്ടു പോവുക എന്നു പറഞ്ഞാല്‍ അത് സംഭവിക്കും എന്നാണ് പ്രമാണം. പിന്നെയാണ് മലമുകളില്‍ വളരുന്ന തേയില.

എന്നാല്‍, ഈ അദ്ഭുതപ്രവര്‍ത്തനം നടത്തിയ കന്യാസ്ത്രീയെ കണ്ടെത്തി ആ വിശുദ്ധയെ ആദരിക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് അവരുടെ സന്യസ്തജീവിതത്തിലെ അപൂര്‍വമായ അദ്ഭുതപ്രവര്‍ത്തനങ്ങളെപ്പറ്റി ലോകമെങ്ങും അറിയിക്കുകയും ചെയ്യുന്നതിനു പകരം കന്യാസ്ത്രീ തേയിലയെന്ന പേരില്‍ കള്ളപ്പണം കൊടുത്തുവിട്ടെന്നും അതുകൊണ്ടുവന്ന ചെറുപ്പക്കാരെ പൊലീസ് തിരയുന്നെന്നുമൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ പത്രങ്ങളും പൊലീസുമൊക്കെ പണ്ടുണ്ടായിരുന്നെങ്കില്‍ വെള്ളം വീഞ്ഞാക്കിയ കേസില്‍ കര്‍ത്താവിനെ അപ്പോഴേ കുരിശില്‍ തറച്ചേനെ.

വാര്‍ത്തകള്‍ പറയുന്നതനുസരിച്ച് ഈ ദിവ്യാദ്ഭുതത്തെ അവിശ്വാസികള്‍ നോക്കിക്കാണുന്നത് ഇങ്ങനെയാണ്: അസ്സാമിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തൊടുപുഴക്കാരിയായ കന്യാസ്ത്രീ അവിടെ തന്നെ ജോലി ചെയ്യുന്ന മലയാളികളായ രണ്ടു മെയില്‍ നഴ്‌സുമാര്‍ നാട്ടിലേക്കു പോരുമ്പോള്‍ ഒരു കെട്ട് അസ്സാം തേയില കൊടുത്തയക്കുന്നു. തൊടുപുഴയിലുള്ള പൊന്നാങ്ങളയ്ക്ക് രാവിലെ തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുവാനായിട്ടാണ് ഈ പരിശുദ്ധ തേയില കൊടുത്തയക്കുവാനായിട്ട് കന്യാസ്ത്രീ തീരുമാനിച്ചത്. തേയിലപ്പൊടിയുമായി മെയില്‍ നേഴ്‌സുമാര്‍ ട്രെയിനില്‍ കയറി കേരളത്തിലേക്കു പുറപ്പെട്ടു. ഏറെ ദൂരം പിന്നിട്ടു. കുറെ നേരം കഴിഞ്ഞപ്പോള്‍ ആശുപത്രിയിലെ തന്നെ മറ്റൊരു കന്യാസ്ത്രീ മെയിലുകളെ വിളിച്ചു ഇപ്രകാരം അരുളിച്ചെയ്തു: മകനേ, മറ്റവള്‍ തന്നയച്ച പായ്ക്കറ്റില്‍ തേയിലയല്ല, പണമാണ്. മെയിലുകള്‍ ബാഗ് തുറന്നു തേയില പായ്്ക്കറ്റ് കയ്യിലെടുത്തു തുറന്നു നോക്കി. അതെ, സെക്കന്‍ഡ് കന്യാസ്ത്രീ പറഞ്ഞതാണ് സത്യം. പായ്ക്കറ്റില്‍ തേയിലയല്ല, പണമാണ്. അതും ഒന്നും രണ്ടുമല്ല, 16 ലക്ഷം രൂപ. മെയിലുകളെ സാത്താന്‍ പ്രലോഭിപ്പിച്ചു. തേയിലപ്പൊടി പണമായി മാറിയ അദ്ഭുതം ഏറ്റവും അടുത്തുള്ള ഇടവകപ്പള്ളിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതിനു പകരം അവര്‍ അത് പങ്കിട്ടെടുത്തു. തുടര്‍ന്ന് അപ്രത്യക്ഷരായി.

മെയിലുകള്‍ തേയിലയുമായി വരുന്നത് കാത്ത് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന കന്യാസ്ത്രീയുടെ സഹോദരന്‍ നിരാശനായി. സഹോദരന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണ്ടതിനു പകരം കേരള പൊലീസിനെ സമീപിച്ചു. കേസ് കൊടുത്തു. രണ്ടു മെയിലുകളിലൊരുവനെ കസ്്റ്റഡിയിലെടുത്തു. അയാളുടെ പക്കല്‍ നിന്ന് അവന്റെ വീതമായ എട്ടു ലക്ഷം രൂപയും പൊലീസ് വീണ്ടെടുത്തു. മറ്റേ മെയിലിനോട് സ്‌റ്റേഷനില്‍ പണവുമായി എത്താന്‍ പറഞ്ഞിരിക്കുകയാണത്രേ. അതോടെ അദ്ഭുതപരതന്ത്രമായ 16 ലക്ഷം രൂപ വീണ്ടെടുക്കപ്പെടും. മെയിലുകളെ ഒന്നു വിരട്ടി പൊലീസ് പറഞ്ഞു വിടും. പൊലീസുകാരായ ബന്ധുവുള്ള കന്യാസ്ത്രീയുടെ പൊന്നാങ്ങള കാശുമായി വീട്ടില്‍ പോവുകയും ചെയ്യും.

നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ കയ്യില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചാല്‍ കള്ളപ്പണം കയ്യില്‍ വച്ചതിന് നമ്മള്‍ അകത്തുപോകും. രാഷ്ട്രീയക്കാരാണെങ്കില്‍ വിവാദമാകും. ഇത് ദൈവികവേലയുടെ ഭാഗമായതിനാല്‍ അദ്ഭുതമായും ദിവ്യരഹസ്യമായുമൊക്കെ കാത്തുസൂക്ഷിക്കപ്പെടുമായിരിക്കും. സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ സംബന്ധിച്ച ദിവ്യരഹസ്യം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല, പിന്നെയാണ് കേവലം 16 ലക്ഷം രൂപ. അസ്സാമിലും മറ്റുമുള്ള പാവങ്ങളുടെ ഇടയില്‍ ആതുരശുശ്രൂഷ നടത്തുന്ന കന്യാസ്ത്രീയുടെ പക്കല്‍ 16 ലക്ഷം രൂപ വരണമെങ്കില്‍ അത് അദ്ഭുതം തന്നെയായിരിക്കണം. പോരെങ്കില്‍ വീടും കുടുംബവും ബന്ധങ്ങളും എല്ലാം കൈവിട്ട് സര്‍വസംഗപരിത്യാഗിയായാണ് സ്ത്രീകള്‍ കന്യാസ്ത്രീകളാവുന്നത്. ആഢംബരങ്ങളും അഭിനിവേശങ്ങളുമില്ലാതെ കര്‍ത്താവിന്റെ മണവാട്ടിമാരായി അവര്‍ ജീവിക്കുന്നത് ജീവിതകാലം മുഴുവന്‍ സേവനം ചെയ്യുന്നതിനു വേണ്ടിയാണ്.

തേയില തീര്‍ച്ചയായും ഒരു ആഢംബരവസ്തുവല്ല. സ്വന്തം സഹോദരന് അല്‍പം അസ്സാം തേയില കൊടുത്തയക്കുന്നതില്‍ ഒരു തെറ്റുമില്ല. 16 ലക്ഷം രൂപയുടെ അത്യാവശ്യമുള്ള സഹോദരന്റെ വേദനകള്‍ കണ്ടു മനസ്സിലാക്കി ദൈവം ആ തേയിലപ്പൊടിയെ സമയോചിതമായി ഇന്ത്യന്‍ കറന്‍സിയായി മാറ്റി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നാല്‍, അസ്സാമില്‍ നിന്നു വിളിച്ചു പാര പണിത കന്യാസ്ത്രീ ആരായിരിക്കും ? ഒരു കന്യാസ്ത്രീക്ക് മറ്റൊരു കന്യാസ്ത്രീ ഇമ്മാതിരി പാരകള്‍ പണിതാല്‍ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു പോകും ? മറ്റേ കന്യാസ്ത്രീ ഇനി ഇതുപോലെ തേയില അയക്കുമ്പോള്‍ ഈ കന്യാസ്ത്രീയും പാര പണിയത്തില്ലയോ ? തേയിലപ്പൊടിയാണെങ്കിലും കള്ളപ്പണമാണെങ്കിലും കല്യാണ്‍ ജൂവലറിക്കാര്‍ പറയുന്നതാണ് കാര്യം – വിശ്വാസം അതല്ലേ എല്ലാം !

പ്രെയ്‌സ് ദി ലോര്‍ഡ് !

പുരോഹിതന്‍റെ രാഷ്ട്രീയം

ഫാദര്‍ ക്ലീറ്റസിന് ഉറക്കമില്ലായിരുന്നു. പള്ളിമുറിയിലെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കുര്‍ബാന കണ്ടാല്‍ മാറി നില്‍ക്കുന്ന കമ്യൂണിസ്റ്റുകാരനെപ്പോലെ ഉറക്കം ഒന്നര കാതം ദൂരെ മാറി നില്‍ക്കുകയായിരുന്നു. ഫാദര്‍ കിടക്കയില്‍ എണീറ്റിരുന്നു. അടുത്തിരുന്ന നോക്കിയ ഡ്യുവല്‍ സിം ഫോണെടുത്ത് സമയം നോക്കി- 12.50. പുലരാന്‍ ഇനിയുമുണ്ട് ഏതാനും മണിക്കൂറുകള്‍. മഠത്തിലേക്ക് കഷ്ടിച്ച് ഇരുനൂറു മീറ്റര്‍ മാത്രം. സിസ്റ്റര്‍ മെറ്റില്‍ഡ ഉറങ്ങിയിട്ടുണ്ടാവില്ല.

ഫാദര്‍ കിടക്ക വിട്ടെണീറ്റു. വെള്ളക്കുപ്പായങ്ങള്‍ ഹാംഗറില്‍ വരിവരിയായി തൂങ്ങിക്കിടക്കുന്നു. കഴിഞ്ഞ ക്രിസ്മസിനു കാരള്‍ കളിക്കു വാങ്ങിയ ക്രിസ്മസ് പാപ്പായുടെ വേഷം ഏറ്റവും പിന്നില്‍ കിടക്കുന്നു. കണ്ണാടിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ ധരിച്ചിരിക്കുന്ന പൈജാമ തന്നെയാണ് പറ്റിയ വേഷം എന്നു ഫാദറിനു തോന്നി. ഒരു വൈദികനും ഒരിക്കലും ചെയ്തു കൂടാത്ത പ്രവൃത്തിയാണ് താന്‍ ചെയ്യാന്‍ പോകുന്നത്. പുറംലോകമറിഞ്ഞാല്‍ എന്താക്കെയാകും സംഭവിക്കുക ? ദേശാഭിമാനി പത്രത്തിന്‍റെ ഒന്നാം പേജില് തന്‍റെ കളര്‍ ചിത്രത്തോടു കൂടിയ വാര്‍ത്ത ഫാദര്‍ സങ്കല്‍പിച്ചു നോക്കി.എങ്കിലും തന്‍റെ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന്‍ ഫാദര്‍ ഒരുക്കമല്ലായിരുന്നു.

ഫാദര്‍ ഒരു മഫ്ളര്‍ എടുത്തു ധരിച്ചു. പുറത്തു കോടമഞ്ഞുണ്ട്. സിസ്റ്റര്‍ മെറ്റില്‍ഡ ഭാരതദര്‍ശന്‍‍ യാത്ര കഴിഞ്ഞു വന്നപ്പോള്‍ സമ്മാനിച്ച ശബ്ദം കേള്‍ക്കാത്ത ചെരുപ്പും ധരിച്ചു. നോക്കിയ ഫോണ്‍ സയലന്‍റാക്കി പോക്കറ്റില്‍ തിരുകി, ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു പുറത്തിറങ്ങി. തെളിഞ്ഞ ആകാശത്ത് ഒരു മുന്നിയിപ്പു പോലെ ഉയര്‍ന്നു നിന്ന കുരിശ് ഫാദറിനെ കൂടുതല്‍ അസ്വസ്ഥമാക്കി- താനിതു ചെയ്യാന്‍ പാടുണ്ടോ ?

കൂടുതല്‍ ആലോചിക്കാതെ ഫാദര്‍ മെല്ലെ മുറ്റത്തേക്കിറങ്ങി നടന്നു. സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചം പരന്നു കിടക്കുന്ന വഴിയിലൂടെ മെല്ലെ തല കുമ്പിട്ടു നടന്നു. മദര്‍ സുപ്പീരിയറിനു പൊറോട്ടയും ചിക്കനും വാങ്ങിക്കൊണ്ടുപോകുന്ന കുശിനിക്കാരന്‍ പത്രോസിനെപ്പോലെ തന്‍റെ ബനിയനുള്ളിലൊളിപ്പിച്ച കവറുമായി ഫാദര്‍ ശ്രദ്ധയോടെ നടന്നു.

റോഡിന്‍റെ ഇരുവശങ്ങളിലും പെരുന്നാള്‍ തോരണങ്ങള്‍ കണക്കെ തൂങ്ങിക്കിടക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ രാവിലെ മുതല്‍ ജനം പ്രവഹിച്ചു തുടങ്ങും. അതിനു മുമ്പ് തിരികെ മുറിയിലെത്തണം. ഫാദര്‍ വേഗം വേഗം നടന്നു. പിന്നില്‍ നിന്നാരെങ്കിലും തന്നെ പിന്‍തുടരുന്നുണ്ടോ എന്നു ഫാദര്‍ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. രാവിലെ പോളിങ് ബൂത്തുകളിലെത്താനുള്ള തിരക്കില്‍ എല്ലാവരും ഉറക്കത്തിലാണ്. നടക്കുന്നതിനിടയില്‍ പല കാര്യങ്ങളും ഫാദറിന്‍റെ മനസ്സിലൂടെ കടന്നുപോയി.

മഠത്തിലേക്കു തിരിയുന്ന ചെറിയ ജക്ഷനിലെത്തിയപ്പോള്‍ ഈശ്വരന്‍റെ മൗനാനുവാദം ലഭിച്ചിട്ടെന്നപോലെ ജംക്ഷനിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു. നിലാവെളിച്ചത്തില്‍ ഫാദര്‍ ചുറ്റും നോക്കി. വിജനമായ അന്തരീക്ഷം. മഫ്ളര്‍ ഒന്നുകൂടി വലിച്ചിട്ട് ഫാദര്‍ വേഗം നടന്നു. ഇലക്ഷന്‍ പ്രചാരണം ഇന്നലെ വൈകിട്ടു സമാപിച്ചതിന്‍റെ ബാക്കി റോഡിലൂടെ നിരന്നു കിടക്കുകയാണ്. പതിനെട്ടാം വാര്‍ഡിലെ വനിതാ സ്ഥാനാര്‍ഥി ആന്‍സി കുര്യന്‍റെ പോസ്റ്ററുകള്‍ അവളുടെ ശരീരം പോലെ റോഡിലൂടെ പരന്നു കിടക്കുകയാണ്. ആന്‍സിയുടെ വശ്യമായ കണ്ണുകള്‍ക്ക് പോസ്റ്ററിലും തിളക്കത്തിനു കുറവില്ല. മഠത്തിന്‍റെ മതിലില്‍ നിറയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററാണ്. സഭയെയും വൈദികരെയും ചീത്ത വിളിക്കുകയും സഭയുടെ മതിലില്‍ പോസ്റ്ററൊട്ടിക്കുകയും ചെയ്യാന്‍ ഇവര്‍ക്കു നാണമില്ലേ ? ഗേറ്റിനോടടുത്ത് രണ്ടില ചിഹ്നവും മാണിസാറിന്‍റെ സുന്ദരമായ മുഖവുമുള്ള ചെറിയ പോസ്റ്റര്‍ കണ്ടപ്പോഴാണ് ഫാദര്‍ ഒന്നു തണുത്തത്.

ഗേറ്റ് അടഞ്ഞു കിടക്കുകയാണ്. മദര്‍ സുപ്പീരിയര്‍ മട്ടണ്‍ കൊടുത്തു വളര്‍ത്തുന്ന അള്‍സേഷ്യന്‍ നായ കൂട്ടില്‍ അക്ഷമനായി ഉറങ്ങുകയാണ്. ഫാദര്‍ ശബ്ദമുണ്ടാക്കാതെ മതിലില്‍ പിടിച്ചു കയറി. ചുറ്റുപാടും സുരക്ഷിതമാണെന്നുറപ്പു വരുത്തിയിട്ട് മെല്ലെ ചാടി. പഞ്ഞിക്കെട്ടു വീഴുന്ന ശബ്ദമേ കേട്ടുള്ളൂ. സിസ്റ്റര്‍ മെറ്റില്‍ഡ എന്തിനാണ് തനിക്കിങ്ങനെയൊരു ചെരുപ്പ് വാങ്ങിത്തന്നത് എന്ന് ഫാദര്‍ ഗൗരവമായി ആലോചിക്കുന്നതപ്പോഴാണ്. പെട്ടെന്ന് മഠത്തിന്‍റെ രണ്ടാം നിലയില്‍ ലൈറ്റ് തെളിഞ്ഞു. ഫാദര്‍ ഒന്നമ്പരന്നു. വികാരിയച്ചനെ അസമയത്ത് മഠത്തിന്‍റെ മുറ്റത്ത് കണ്ടാല്‍.. രണ്ടാം നിലയിലെ ജനാലയ്‍ക്കല്‍ സിസ്റ്റര്‍ മെറ്റില്‍ഡയുടെ മുഖം. അമ്പരപ്പല്ല, അര്‍ഥഗര്‍ഭമായ പുഞ്ചിരിയാണ് സിസ്റ്ററിന്‍റെ മുഖത്ത്. നില്‍ക്കണോ പോണോ എന്ന ആശയക്കുഴപ്പത്തോടെ നിന്ന ഫാദറിനോട് പിന്നിലൂടെ വാ എന്നാംഗ്യം കാണിച്ച് സിസ്റ്റര്‍ മറഞ്ഞു.

അപകടം ഒഴിവായതിന്‍റെ ആശ്വാസത്തോടെ വഴി തെളിഞ്ഞതിന്‍റെ സന്തോഷത്തോടെ ഫാദര്‍ പിന്നിലേക്കു നടന്നു. ഉറക്കത്തിനിടയിലാണെങ്കിലും അള്‍സേഷ്യന്‍ നായ അര്‍ഥം വച്ചു മൂളി. ഛെ, താനാ ടൈപ്പല്ല എന്നു സ്വയം പറഞ്ഞ് ഫാദര്‍ വേഗം നടന്നു. പിന്നിലെ വാതില്‍ക്കല്‍ സിസ്റ്റര്‍ കാത്തുനില്‍പുണ്ടായിരുന്നു. ഫാദര്‍ ബനിയനുള്ളില്‍ തിരുകിവച്ചിരുന്ന കവര്‍ പുറത്തെടുത്തു. പരിസരത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തി.

അച്ചന്‍ വരുമെന്നെനിക്കറിയാമായിരുന്നു…

വരാതിരുന്നാല്‍ അതൊരു നഷ്ടമായേനെ എന്നു പിന്നീട് തോന്നാതിരിക്കാന്‍.. കൂടുതലൊന്നുമാലോചിച്ചില്ല..

നമ്മള്‍ ഒരേ മനസ്സാണ്…

അതെയതെ.. ഒരിക്കലും ആരും അറിയരുത്…

ഇല്ലച്ചോ.. എന്‍റെ ജീവന്‍ പോയാലും…

ഫാദര്‍ കയ്യിലെ കവര്‍ മെറ്റില്‍ഡയ്‍ക്കു കൈമാറി- എല്ലാം ഇതിലുണ്ട്… എന്നാല്‍ ഇനി ഞാന്‍ നില്‍ക്കുന്നില്ല…

തിരിഞ്ഞുനോക്കാതെ ഫാദര്‍ വേഗം തിരികെ നടന്നു. ഉദ്വേഗത്തോടെ അതിലേറെ ആശയക്കുഴപ്പത്തോടെ മെറ്റില്‍ഡ കവര്‍ തുറന്നു നോക്കി. യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നുള്ള അഭ്യര്‍ഥനയും മുന്നണിയുടെ പ്രകടനപത്രികയും കൈപ്പത്തി, രണ്ടില ചിഹ്നങ്ങള്‍ പതിച്ച മൂന്നു മാതൃകാബാലറ്റുകളും !