എം.വി.നികേഷ് കുമാറിനോട് പത്തു ചോദ്യങ്ങള്‍

ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌സൈറ്റില്‍ ശ്രീ. എം.വി.നികേഷ് കുമാര്‍ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. വാര്‍ത്ത അവതരിപ്പിക്കുന്ന അതേ ശൈലിയില്‍ അബദ്ധങ്ങളും വിവരക്കേടുകളും വളരെ ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെ ഞാനഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും തല്‍സമയ വാര്‍ത്താപരിപാടികളിലൂടെ പരസ്യവിചാരണ നടത്താറുള്ള നികേഷ് ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഉടുക്കുകൊട്ടി പേടിപ്പിക്കലായി ചിത്രീകരിക്കുന്നത് ഖേദകരമാണ്.

ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്നുറപ്പുള്ള തുകയ്ക്ക് സര്‍വീസ് ടാക്‌സ് ഈടാക്കരുതെന്നും അതിന്‍മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കിയത് തന്റെ ചാനലിനോടുള്ള ക്രൂരതയാണെന്നും നികേഷ് പറയുന്നു. പരസ്യത്തിന്റെ കാശ് പിരിച്ചെടുക്കാന്‍ കഴിയാത്തത് ചാനലിന്റെ പരാജയമാണ്. അതിന്റെ ഭാരം ഏറ്റെടുക്കേണ്ടത് സര്‍ക്കാരും ജനങ്ങളുമല്ല. മിസ്മാനേജ്‌ന്റെിനെ ബുദ്ധിജീവിനാട്യങ്ങള്‍ കൊണ്ടു മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് പഴയ നമ്പരാണ്. നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ലേഖനത്തില്‍ നിന്നും എനിക്കു തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്. സ്വന്തമായി ചാനലൊന്നും ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ ബ്ലോഗിലൂടെ ചോദിക്കുന്നത്.

1. പരസ്യക്കാര്‍ തരാനുള്ള ആറു കോടി രൂപ പിരിഞ്ഞു കിട്ടാതെ ഒന്നരക്കോടി രൂപ നികുതി അടയ്ക്കാന്‍ നിവൃത്തിയില്ല എന്നു കോടതിയില്‍ വാദിച്ച താങ്കള്‍, മാര്‍ച്ച് 23ന് സ്റ്റുഡിയോയിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് എല്ലാ ഡിസ്പ്യൂട്ടും മാറ്റിവച്ച് മുഴുവന്‍ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്നു ചോദിച്ചതായി പറയുന്നു. ആറുകോടി കിട്ടിയാലേ നികുതി അടയ്ക്കാന്‍ കഴിയൂ എന്ന വാദം അവിടെ പൊളിയുകയല്ലേ മിസ്റ്റര്‍ നികേഷ് ? കയ്യില്‍ പണമില്ലെങ്കില്‍ എങ്ങനെ അപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കുമായിരുന്നു ?

2. സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നു പറയുന്നു. കമ്മിഷണര്‍ ശ്രീ.നികേഷിനെ കാണണം എന്നാവശ്യപ്പെട്ടതുപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരായിരുന്നില്ല ആ ഉദ്യോഗസ്ഥര്‍ എന്നാണ് മനസ്സിലാവുന്നത്. താങ്കള്‍ക്ക് സമന്‍സുമായി വന്നവരോട് എന്നെ കമ്മിഷണറുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന താങ്കളുടെ ആവശ്യം അവര്‍ അനുസരിച്ചില്ല എന്നത് അവര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരാണ് എന്നതിനു തെളിവല്ലേ മിസ്റ്റര്‍ നികേഷ് ? അവരെ അഭിനന്ദിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത് ?

3. താങ്കള്‍ ആവശ്യപ്പെട്ടതു പ്രകാരം കമ്മിഷണറുടെ ഓഫിസിലെത്തിച്ചില്ല എന്നു മനസ്സിലായപ്പോള്‍ മുന്‍ കമ്മിഷണറായ ഡോ.രാഘവനോട് സഹായമഭ്യര്‍ഥിച്ചു എന്നു താങ്കള്‍ പറയുന്നു. താന്‍ നിസ്സഹായനാണെന്നു പറഞ്ഞ രാഘവന്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ നികേഷിനു ലഭിക്കും എന്നും പറഞ്ഞു. നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സഹായമഭ്യര്‍ഥിക്കുന്നത് ശരിയാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു വാര്‍ത്ത കൊടുക്കുന്ന താങ്കള്‍ അതിനു തന്നെയല്ലേ അപ്പോള്‍ ശ്രമിച്ചത് ?

4. ഡോ.രഘവന്‍ കൈവിട്ടതോടെ ‘തുടര്‍ന്നു ഞാന്‍ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളെയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനെക്കാള്‍ ഭേദം ജയിലാണല്ലോ…’- എന്നെഴുതിയിരിക്കുന്നത് വായിച്ചു. എന്താണ് താങ്കള്‍ അതുകൊണ്ടുദ്ദേശിച്ചത് എന്നു വ്യക്തമായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളും സംസ്ഥാനം ഭരിക്കുന്ന നേതാക്കളും താങ്കള്‍ക്കു സഹായം ചെയ്യാന്‍ മാത്രം യോഗ്യതയുള്ളവരല്ല എന്നാണോ ? അതോ അവരും താങ്കളുടെ കാര്യത്തില്‍ നിഷ്പക്ഷത പുലര്‍ത്തുമോ എന്ന ഭീതിയായിരുന്നോ ? എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചാനല്‍ മുതലാളിയെക്കാള്‍ ആയിരം മടങ്ങു മുകളിലാണ് എന്നതു മനസിലാക്കുമല്ലോ ?

5. താങ്കളെ അറസ്റ്റ് ചെയ്ത വാര്‍ത്ത നവമാധ്യമങ്ങളില്‍ വന്നു തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ അക്കൗണ്ടിലേക്ക് സ്വമേധയാ പണം അയച്ചുകൊണ്ടിരുന്നു എന്നതാണ് ലേഖനത്തില്‍ എന്നെ കരയിച്ചുകളഞ്ഞ ഭാഗം. ശ്രീ.നികേഷ് കുമാറിനെ അറിയുന്നവര്‍ കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കോടി 20 ലക്ഷം രൂപ താങ്കളുടെ അക്കൗണ്ടിലെത്തിച്ചു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. സ്വര്‍ണം ഊരിക്കൊണ്ടുപോയി പണയം വച്ച് കാശാക്കിയെടുക്കാനൊക്കെ കുറച്ചു സമയം വേണ്ടെ ? അതിനും പുറമേ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കിലും കുറച്ചു സമയം ആവശ്യമാണ്. അതിനും പുറമേ, എങ്ങനെ ഇത്രയധികം ആളുകളുടെ പക്കല്‍ താങ്കളുടെ അക്കൗണ്ട് നമ്പര്‍ എത്തിപ്പെട്ടു ? മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ ?

6. തുടര്‍ന്നങ്ങോട്ട് ലേഖനത്തിലുടനീളം താങ്കള്‍ താങ്കളുടെ തന്നെ മാഹാത്മ്യം വര്‍ണിക്കുകയാണ്. വായിച്ചപ്പോള്‍ പാവം തോന്നി. താങ്കള്‍ സ്വന്തമായി ചാനല്‍ തുടങ്ങിയത് ഈ നാട്ടില്‍ ഒരു സ്വതന്ത്രമാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടായിരുന്നു എന്നതും എന്നെ ഞെട്ടിച്ചു. ഏഷ്യാനെറ്റില്‍ നിന്നും പുറത്തുചാടി ഇന്ത്യാവിഷന്‍ ഉണ്ടാക്കിയപ്പോഴും അങ്ങ് അതു തന്നെയല്ലേ ചെയ്തത് ? ഇന്ത്യാവിഷന്‍ മുങ്ങിത്തുടങ്ങിയ സമയത്തല്ലേ അങ്ങ് റിപ്പോര്‍ട്ടര്‍ ഉണ്ടാക്കിയത് ? അപ്പോള്‍ ഇന്ത്യാവിഷന്‍ കുത്തക ചാനലായി മാറിക്കഴിഞ്ഞിരുന്നോ ? എങ്കില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യാവിഷന്‍ പ്രവര്‍ത്തിക്കാത്തത് ?

7. താങ്കള്‍ താങ്കളെ തന്നെ വാഴ്ത്തുന്ന ഭാഗത്ത് താങ്കള്‍ ‘തുടക്കമിട്ടത് വാഴപ്പിണ്ടി എടുത്തു കളഞ്ഞ് പകരം നട്ടെല്ലു വച്ച മാധ്യമപ്രവര്‍ത്തനം’ ആണെന്നു വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം അറിയാത്ത ഏതോ ന്യൂജന്‍ ട്രെയിനിയെപ്പോലെ താങ്കള്‍ എന്തോ പുലമ്പുന്നു എന്നാണ് തോന്നിയത്. താങ്കളെപ്പോലെ ഒച്ചയും ബഹളും അലമ്പും ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളെക്കാള്‍ ആത്മാര്‍ഥമായി, താങ്കളെക്കാള്‍ നീതിക്കു വേണ്ടിയുള്ള ദാഹത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തിയ ആയിരക്കണക്കിനാളുകള്‍ ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന നാടാണ് കേരളം. അവിടെ താങ്കള്‍ക്കൊപ്പമല്ലാത്ത എല്ലാവരുടെയും നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന വിശ്വാസം ചപലമാണ്. നാര്‍സിസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചുറ്റുപാടും നോക്കിയാല്‍ താങ്കള്‍ക്ക് അവരെ കാണാന്‍ സാധിക്കും.

8. താങ്കളെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് താങ്കള്‍ നീതി കിട്ടിയില്ല, കരുണ കാട്ടിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇതിനെക്കാള്‍ ചെറിയ കുറ്റങ്ങള്‍ക്ക് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അത് ബ്രേക്കിങ് ന്യൂസ് ആക്കുന്നയാളല്ലേ താങ്കള്‍ ? ചെറിയ ആരോപണങ്ങളുടെ പേരില്‍ ആളുകളെ സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാലാംകിട ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിക്കുമ്പോള്‍ നീതി, കരുണ തുടങ്ങിയ വാക്കുകള്‍ താങ്കളുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നോ ?

9. മൊത്തത്തില്‍ താങ്കളുടെ ലേഖനത്തില്‍ നിന്നും താങ്കളും താങ്കളുടെ ചാനലും എന്തോ വിശുദ്ധ കര്‍മമാണ് ചെയ്യുന്നതെന്നും അതിനാല്‍ മറ്റു ചാനലുകളെ കാണുന്നതുപോലെ കാണാന്‍ പാടില്ലെന്നും ഒരു സൂചനയുള്ളതുപോലെ തോന്നി. തീര്‍ച്ചയായും അങ്ങനെയായിരിക്കാം. എന്നാല്‍, റിമോട്ടെടുത്ത് ചാനലുകള്‍ മാറ്റുന്ന സാധാരണക്കാരെ സംബന്ധിച്ച് അത്തരം മാറ്റങ്ങള്‍ ഫീല്‍ ചെയ്യുകയില്ല. സമത്വവും സ്വാതന്ത്ര്യവും പുലര്‍ന്നുകാണാനാഗ്രഹിച്ച ധീരന്‍മാരായ മാധ്യമപ്രവര്‍ത്തകരുടെ പാത പിന്‍തുടരുന്ന താങ്കള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ ?

10. താങ്കള്‍ക്കു നട്ടെല്ലുണ്ടെന്നു കരുതി ബാക്കി എല്ലാവരും അത് മാറ്റി വാഴപ്പിണ്ടി വയ്ക്കണം എന്നില്ലല്ലോ അല്ലേ  ?  ഉണ്ടോ ? ഇല്ലേ ? ഉവ്വോ ?

ചീമുട്ടയെറിയുന്ന കഴുതയ്‍ക്കും അതിന്റെ നാറ്റമേ അറിയൂ, പോഷകഗുണമറിയില്ല

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ മൂന്നാം നാള്‍ തിയറ്ററുകളില്‍ മൂക്കുംകുത്തി വീഴുമ്പോള്‍ ഒരു ചിത്രം വിജയിപ്പിച്ചെടുത്ത സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനാണ് ഞാന്‍. ഷാരൂഖ് ഖാന്റെ റാ.വണ്‍, സൂര്യയുടെ ഏഴാം അറിവ്, വിജയിന്റെ വേലായുധം എന്നീ വന്‍ ചിത്രങ്ങളോട് മത്സരിച്ചാണ് സന്തോഷിന്റെ ചിത്രം വിജയിക്കുന്നത്. സന്തോഷ് പണ്ഡിറ്റാണ് ഇന്ന് മലയാളത്തിലെ സൂപ്പര്‍താരം.
-സലീം കുമാര്‍.

എല്ലാവരും കൂടി കുരിശില്‍ തറച്ച് കുരിശില്‍ തറച്ച് സന്തോഷ് പണ്ഡിറ്റിനെ ഒരു യേശുക്രിസ്‍തുവാക്കിക്കൊണ്ടിരിക്കുകയാണ്. സിനിമയ്‍ക്കപ്പുറത്തേക്ക് സന്തോഷ് പണ്ഡിറ്റിന്റെ സാമൂഹികപ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ബുദ്ധിജീവി നിര്‍വചനങ്ങള്‍ അറംപറ്റുകയാണ്.സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും മുഖ്യധാരാ മലയാള സിനിമയോടും താരസംസ്കാരത്തോടും കപട ആസ്വാദന നിലപാടുകളോടുമൊക്കെയുള്ള വെല്ലുവിളികളായി സ്ഥിരീകരിക്കപ്പെടുകയാണ്.

ഇന്നലെ മലപ്പുറം പെരിന്തല്‍മണ്ണ സംഗീത ജംക്ഷനിലെ ഓര്‍മ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനെ ചിലര്‍ ചീമുട്ടയെറിഞ്ഞതിലൂടെ മറ്റ് സൂപ്പര്‍-മെഗാ താരങ്ങളെക്കാള്‍ അദ്ദേഹം ശക്തനാണ് എന്നത് തെളിയിക്കപ്പെടുകയാണ്. കമാന്‍ഡോകളുടെ സംരക്ഷണത്തോടെ സന്തോഷ് പണ്ഡിറ്റ് മലയാളത്തിലെ ഏറ്റവും തിളക്കമുള്ള താരമായി നില്‍ക്കുകയാണിപ്പോള്‍. അതൊരു വിശേഷണമല്ല, സത്യം മാത്രമാണ്. മഹാനഗരങ്ങള്‍ മുതല്‍ കുഗ്രാമങ്ങളില്‍ വരെ ഈ മനുഷ്യനാണ് ചര്‍ച്ചാവിഷയം. ഇത് അപൂര്‍വമായി മാത്രം സംഭവിക്കുന്നതുമാണ്.

എല്ലാം സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ സിനിമയോടുമുള്ള വെറുപ്പിന്റെ പ്രതിഫലനങ്ങളാണ് എന്നോ തെറിവിളികള്‍ പോലും അദ്ദേഹം ആസ്വദിക്കുകയാണെന്നോ ഒക്കെ പറയാവുന്ന ഘട്ടം കഴിഞ്ഞു. പെരിന്തല്‍മണ്ണയില്‍ സന്തോഷ് പണ്ഡിറ്റിനെ കല്ലെറിഞ്ഞവരുടേത് വിമര്‍ശനമല്ല, അനര്‍ഹമെന്ന് അവര്‍ കരുതുന്ന പ്രശസ്തി നേടിയ ഒരു സാധാരണക്കാരനോടുള്ള അസൂയയാണ്. എന്നാല്‍,ഈ ചീമുട്ടകള്‍ സന്തോഷ് പണ്ഡിറ്റിന്റെ വളര്‍ച്ചയ്‍ക്കുള്ള പ്രോട്ടീന്‍ ബോംബുകളായി മാറുകയേ ഉള്ളൂ.എറിഞ്ഞത് മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന ആരോപണം സന്തോഷ് പണ്ഡിറ്റിന് മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യമായ സ്ഥാനമാണ് നല്‍കുന്നത്.

ഇനിയൊരിക്കലും ഒരു സിനിമ ചെയ്തില്ലെങ്കിലും (ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന്‍ കവിതയെഴുതുകയാണ് എന്നീ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്) സന്തോഷ് പണ്ഡിറ്റിന്റെ പ്രശസ്തിക്ക് ഒരു ചുക്കും സംഭവിക്കില്ല. സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ അയാള്‍ സ്വീകാര്യനാവുകയും മുഖ്യധാരയിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ അയാളെ ഭയപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു എന്നത് അത്യപാരമാണ്. എന്തായാലും റോക്കറ്റ് വേഗത്തില്‍ സെലബ്രിറ്റിയായ സന്തോഷ് പണ്ഡിറ്റ് താരപദത്തില്‍ ഉറച്ച കാല്‍പെപുകളോടെ മുന്നോട്ടു നീങ്ങുകയാണ്.

കൃഷ്ണനും രാധയും എന്ന സിനിമ ബാംഗ്ലൂരിലും റിലീസ് ചെയ്യുന്നു,അത് മൊഴിമാറ്റം ചെയ്ത് തമിഴിലും തെലുങ്കിലും ഇറക്കുന്നു.അരാധകര്‍ക്കും വിമര്‍ശകര്‍ക്കുമായി വൃത്തിയും അടുക്കും ചിട്ടയുമുള്ള വെബ്‍സൈറ്റ് അവതരിപ്പിക്കുന്നു.സന്തോഷ് പണ്ഡിറ്റ് അയാളെ കുപ്രസിദ്ധനാക്കിയ യൂ ട്യൂബ് ഫേസ്‍ബുക്ക് തെറിവിളികാരുടെ റേഞ്ചിനപ്പുറത്തേക്ക് പോയിരിക്കുന്നു.ആറു മാസത്തെ ജയില്‍വാസം കൊണ്ട് സുന്ദരനായ ഗോവിന്ദച്ചാമിയെപ്പോലെ യു ട്യൂബില്‍ നിന്നും തിയറ്ററിലും തിയറ്ററില്‍ നിന്നു ചാനലുകളിലും എത്തിയപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു.

ചാനല്‍ ചര്‍ച്ചകളില്‍ തന്നെ വിഡ്ഡിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മുഴം മുന്നേ എറി‍ഞ്ഞ് അയാള്‍ ആക്രോശങ്ങളെ നിശബ്ദമാക്കുമ്പോള്‍ നികേഷ് കുമാറുമാര്‍ കല്ലേറ് വാങ്ങുകയാണ്.സിനിമയില്‍ പന്ത്രണ്ട് പണികള്‍ ചെയ്യാനറിയാവുന്ന സന്തോഷ് പണ്ഡിറ്റ് ഒന്നോ രണ്ടോ പണികള്‍ മാത്രം ചെയ്യുന്നവരുടെ വിമര്‍ശനങ്ങളുടെ മുനയൊടിച്ച് മുന്നോട്ടു കുതിക്കുകയാണ്. ശക്തരായ അംഗങ്ങളുള്ള ഒരു ഫാന്‍സ് അസോസിയേഷനും സന്തോഷ് പണ്ഡിറ്റിനുണ്ട് എന്നത് താരസമൂഹത്തില്‍ അയാള്‍ക്കുള്ള സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്. 50 വര്‍ഷത്തിനു ശേഷം സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയില്‍ വിപ്ലവം ഉണ്ടാക്കിയ അപൂര്‍വപ്രതിഭ എന്ന പേരില്‍ അദരിക്കപ്പെടും എന്നതില്‍ സംശയമില്ല.

ജോര്‍ജൂട്ടി c/o ജോര്‍ജൂട്ടി

ലോകത്തൊരു ചീഫ് വിപ്പും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു,ഒരു ഭ്രാന്തനെപ്പോലെ(അങ്ങേര് ഒരു മിതവര്‍ണ ക്രിസ്‍ത്യാനിയായതുകൊണ്ട് ഞാനൊന്നും പറയുന്നില്ല).ഇപ്പോള്‍ ഏറെക്കുറെ അടങ്ങാറായ മട്ടാണ്.ഞങ്ങള്‍ പൂഞ്ഞാറുകാരുടെ അഭിമാനമായ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ തളയ്‍ക്കുന്നതിനെക്കാള്‍ എളുപ്പം ഇങ്ങനെ കയറൂരിവിട്ട ശേഷം നാട്ടുകാരെക്കൊണ്ട് ചങ്ങലക്കിടുന്നതാണെന്ന് നേരത്തെ അറിയാമായിരുന്ന മാണി സാറ് ഭജിച്ചുകൊണ്ടിരുന്ന മൗനത്തിന് ഇപ്പോള്‍ നൂറ് അര്‍ഥമാണ്.അല്ലെങ്കിലും മരങ്ങാട്ടുപള്ളിക്കാര്‍ക്ക് ഒടുക്കത്തെ ബുദ്ധിയാണ്.

ഇരട്ടപ്പദവി പ്രശ്നത്തില്‍ കുടുങ്ങി രാജി വയ്‍ക്കേണ്ടി വന്നാലും,കോണ്‍ഗ്രസുകാര്‍ പതിവുപോലെ കാലു വാരിയാലും വിപ്പിനെ പൂഞ്ഞാറുകാര്‍ ഇരട്ടി ഭൂരിപക്ഷത്തോടെ ജയിപ്പിച്ചുവിടും.ഇനി അങ്ങേര് ഒരു കോപ്പുമായില്ലെങ്കിലും അങ്ങേര്‍ക്കു ചുറ്റും ചാനലുകാര്‍ കൂടുമെന്നത് ഉറപ്പായി.സന്തോഷ് പണ്ഡിറ്റിനെപ്പോലെ പുള്ളിയും ആളെക്കൂട്ടാനുള്ള നമ്പരുകളൊക്കെ കുറഞ്ഞ നാളുകള്‍കൊണ്ടിറക്കിക്കഴിഞ്ഞു.പൂഞ്ഞാറുകാരെ സംബന്ധിച്ചിടത്തോളം ജോര്‍ജ് ആശാന്റെ വായില്‍ നിന്നു കേള്‍ക്കുന്നതില്‍ ഏറ്റവും ലൈറ്റായ സംഗതികള്‍ കേട്ടാണ് സാംസ്കാരികകേരളം ഞെട്ടിത്തരിച്ചു നില്‍ക്കുന്നത് എന്നത് ഒരു കോമഡിയാണ്.

കേരളത്തിലെ സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്ത ജോര്‍ജിനെ തല്ലണം എന്നാണ് ജനാധിപത്യമഹിളാ അസോസിയേഷന്റെ ആരോ ഒരു സീമ പറഞ്ഞിരിക്കുന്നത്.അന്ന് എംഎല്‍എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡ് മഹിളയെ കയറിപ്പിടിച്ചെന്ന് ആരോപണമുണ്ടായപ്പോള്‍ സഭയില്‍ എംഎല്‍എമാരെ പീഡിപ്പിക്കുന്നു എന്നും പറഞ്ഞ് മാര്‍ച്ച് നടത്തിയതും ഇതേ സംഘടനയാണ്.അപ്പോള്‍ ചീഫ് വിപ്പ് ആ മഹിളയെപ്പറ്റി പറഞ്ഞത് ശരിയോ തെറ്റോ എന്നു ചോദിക്കരുത്.രാഷ്ട്രീയക്കാരിയല്ലാത്ത ആ ജീവനക്കാരിയെ രാഷ്ട്രീയലാഭത്തിനായി ആഭാസകരമായ പദപ്രയോഗത്തിലൂടെ പൊതുവേദിയില്‍ വലിച്ചിഴച്ചത് ഒരു ചീഫ് വിപ്പിനോ ജനപ്രതിനിധിക്കോ എന്നല്ല,വീട്ടില്‍ പെണ്ണുങ്ങളുള്ള ഒരു പൂഞ്ഞാറുകാരനും ചേര്‍ന്നതല്ല.

എ.കെ.ബാലന്‍ പട്ടികജാതിക്കാരനായതുകൊണ്ട് താനൊന്നും പറയുന്നില്ല എന്നു പറഞ്ഞ വിപ്പ് തൊട്ടുപിന്നാലെ അദ്ദേഹത്തെ എടാ എന്നും പൊട്ടാ എന്നും സംബോധന ചെയ്യുന്നുണ്ട്. എല്ലാം വിപ്പിനുള്ള സ്‍ട്രോങ് ആപ്പുകളാണ്.എങ്കിലും,ശുഭന്‍ എന്നത് വിശുദ്ധപദമാണ് എന്നു വ്യാഖ്യാനിച്ച മുന്‍ഷിയുടെ സഹായത്താല്‍ പട്ടികജാതിക്കാരനായതുകൊണ്ടുള്ള ബഹുമാനം കൊണ്ട് താനൊന്നും പറയുന്നില്ല എന്നാണുദ്ദേശിച്ചതെന്നും എടാ എന്നത് കാവ്യശൈലിയില്‍ പറഞ്ഞതാണെന്നും പൊട്ടന്‍ എന്നു വച്ചാല്‍ പൊട്ട് + അന്‍ = പൊട്ടന്‍ എന്നാണെന്നും അതുകൊണ്ട് പൊട്ടന്‍ = തിലകന് എന്നാണെന്നുമൊക്കെ വ്യാഖ്യാനിച്ച് മറ്റേ പാര്‍ട്ടി ശുംഭന്‍മാരാക്കുന്നതുപോലെ വിപ്പിന് നമ്മളെ പൊട്ടന്‍മാരുമാക്കാം.

വിപ്പിന്റെ പ്രസംഗഭാഗത്തെ പ്രകോപനപരമായ സംഗതി ബാലേട്ടന്‍ ഗണേശനെ മിസ്റ്റര്‍ ഗണേശ് എന്നു വിളിച്ചത് എന്തോ തെറ്റായിപ്പോയി എന്ന സൂചനയാണ്.ഗണേശന്‍ മന്ത്രിയെ മന്ത്രി ഗണേഷ് കുമാര്‍ എന്നു തന്നെ വിളിക്കണം എന്നു നിര്‍ബന്ധമില്ല.പിള്ളയുടെ മകന്‍ ഗണേശ് എന്നു വിളിക്കുന്നതിനെക്കാള്‍ സ്വീകാര്യതയും നിലവാരവുമുള്ള വിളിയാണ് മിസ്റ്റര്‍ ഗണേശ് എന്നുള്ളതെന്നിരിക്കെ ഗണേശനെ ബാലേട്ടന്‍ കൂടുതല്‍ ബഹുമാനിക്കേണ്ടിയിരുന്നു എന്ന സൂചന പുരോഗമനപരമല്ല.

അതൊക്കെ പോട്ടെന്നു വയ്‍ക്കാം.ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ രാത്രി 9ന്റെ വിചാരണക്കിടെ ആരാധ്യനായ നികേഷ് കുമാര്‍ പി.സി.ജോര്‍ജിനോടു ചോദിക്കുന്നു- താങ്കള്‍ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് ആ വാക്കുകള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞ് പ്രശ്നം ഇവിടെ വച്ച് അവസാനിപ്പിക്കാന്‍ തയ്യാറാണോ എന്ന്. ഇവനാര് ? കേരള മുഖ്യമന്ത്രിയോ ? അതോ സുപ്രീം കോടതി ജഡ്‍ജിയോ ? ഒരു ജനപ്രതിനിധിയെ വിചാരണ ചെയ്യുന്നതിലെ വിവരക്കേട് പോട്ടെന്നു വയ്‍ക്കാം,തന്റെ കാര്‍മികത്വത്തില്‍ ജോര്‍ജിനെക്കൊണ്ട് ബാലേട്ടനോട് മാപ്പു പറയിക്കാം എന്നു വ്യാമോഹിച്ച ആ തിരുമണ്ടന് എന്റെ നല്ല നമസ്‍കാരം (എനിക്കു 50 ഓഹരിയുള്ള മനോരമ ചാനലിനു റിപ്പോര്‍ട്ടര്‍ ചാനല്‍ ഭീഷണിയാകുമോ എന്ന ആശങ്കയാല്‍ ആ വിശുദ്ധ ചാനലിനു നേരെ ഞാന്‍ നടത്തുന്ന ആക്രമണങ്ങളോട് സഹകരിക്കണം എന്നപേക്ഷിക്കുന്നു).

Reporter Effect (അല്‍പം ജേണലിസം)

ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്,തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച് സ്വകാര്യമായി സംസാരിക്കുകയും അത് ചാനലിലൂടെ ബ്രേക്ക് ചെയ്ത് വിവാദമാക്കുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രവര്‍ത്തി ഉന്നതമായ സ്റ്റിങ് ഓപ്പറേഷനാണെന്നു തെറ്റിദ്ധരിച്ച് പാടിപ്പുകഴ്‍ത്തുന്നവരും അതിനെ വിമര്‍ശിക്കുന്നവര്‍ മാപ്പു പറയണമെന്നു പറയുന്നവരും വിവരദോഷികളാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

പത്രപ്രവര്‍ത്തനത്തെപ്പറ്റി വളരെ ആധികാരികമായി വിധി കല്‍പിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നവര്‍ക്ക് ടിവി കണ്ടും പത്രം വായിച്ചുമുള്ള പരിചയമല്ലാതെ പത്രപ്രവര്‍ത്തനത്തെപ്പറ്റി എന്താണ് അറിയാവുന്നത് എന്നെനിക്കറിയില്ല.അങ്ങനെ പ്രത്യേകിച്ചൊന്നും അറിയേണ്ടാത്ത, കണ്ടതും കേട്ടതും പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന തൊഴിലാണ് പത്രപ്രവര്‍ത്തനം എന്നു കരുതിയിട്ടുണ്ടെങ്കില്‍ അത് വിവരക്കേടല്ല, വിഡ്ഡിത്തമാണെന്നു കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നതില്‍ ഒന്നുകൂടി ഖേദിക്കുന്നു.

ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എക്സ്‍പോസ് ചെയ്യുന്നത് നല്ല ജേണലിസമാണ്, എന്നാല്‍ അതിനു വേണ്ടി സ്വീകരിച്ച മാര്‍ഗം നല്ല പത്രപ്രവര്‍ത്തനത്തില്‍പെടുന്നതല്ല എന്ന വാദത്തില്‍ ഞാനുറച്ചുനില്‍ക്കുന്നു.

റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ ചെയ്തത് സ്റ്റിങ് ഓപ്പറേഷന്‍ ആണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവരോട് അല്‍പം വിശദീകരിക്കേണ്ടി വരും.ഏതെങ്കിലും ഒരു കുറ്റകൃത്യം വെളിച്ചത്തുകൊണ്ടുവരാന്‍ ആ കുറ്റകൃത്യത്തിന്റെ ഭാഗമായെന്നപോലെ പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കുകയും തൊണ്ടിസഹിതം ആളെ ജനങ്ങള്‍ക്കും നിയമത്തിനും കാട്ടിക്കൊടുക്കുകയുമാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ ചെയ്യുന്നത്.ഇവിടെയും അതു തന്നെയല്ലേ സംഭവിച്ചത് എന്നു ചോദിക്കാം. ഇവിടെ ലേഖകന്‍ സംസാരിക്കുന്നത് കേരളാ കോണ്‍ഗ്രസ് നേതാവായോ ശരണ്യ ബസിലെ തൊഴിലാളിയായോ പിള്ളയുടെ ഗുണ്ടയായോ ഭാവിച്ചല്ല,റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രവര്‍ത്തിക്കുന്ന പിള്ളയുമായി അടുത്ത പരിചയമുള്ള വ്യക്തി എന്ന നിലയിലാണ്. അത് ഒരിക്കലും സ്റ്റിങ് ഓപ്പറേഷനല്ല, മറിച്ച് അടിസ്ഥാനവിശ്വാസം തകര്‍ക്കുന്ന ചതി മാത്രമാണ് (സംപ്രേഷണം ചെയ്യരുത് എന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ നല്‍കിയ ടേപ്പ് ചാനല്‍ സംപ്രേഷണം ചെയ്തതാണെങ്കില്‍ ചതിക്കപ്പെട്ടത് റിപ്പോര്‍ട്ടര്‍ ആണ്).

ഇതെങ്ങനെ ചതിയാവും എന്നത് മനസിലാക്കണമെങ്കില്‍ പത്രപ്രവര്‍ത്തനം അറിയാത്തവരോട് അല്‍പം കൂടി പറയേണ്ടി വരും.ഒരുദാഹരണം.നിങ്ങളുടെ വാഹനം ഇടിച്ച് ഒരാള്‍ മരിക്കുന്നു എന്നു കരുതുക. നിങ്ങള്‍ക്ക് പരിചയമുള്ള പത്രക്കാരന്‍ നിങ്ങളെ വിളിക്കുന്നു. അപകടത്തെപ്പറ്റി നിങ്ങള്‍ വിശദമായി എല്ലാം പറയുന്നു.ഒപ്പം നിങ്ങള്‍ക്ക് ലൈസന്‍സില്ലായിരുന്നു എന്ന വിവരം പത്രത്തില്‍ കൊടുക്കരുത് എന്നു പറയുന്നു.പത്രക്കാരന്‍ അത് സമ്മതിക്കുന്നു.പിറ്റേന്ന് ലൈസന്‍സില്ലാത്ത ഡാഷ് മോന്‍ ഒരാളെ വണ്ടികയറ്റി കൊന്നു എന്നു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ അതിനെ സ്റ്റിങ് ഓപ്പറേഷനെന്നു വിളിക്കുമോ അതോ പരിയചക്കാരനായ പത്രക്കാരനെ തന്തയ്‍ക്കു പിറക്കാത്തവന്‍ എന്നു വിശേഷിപ്പിക്കുമോ ?

ഒരു വാദത്തിനു വേണ്ടി ചിലപ്പോള്‍ മറിച്ചു പറയാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കാം. പക്ഷെ,മാധ്യമപ്രവര്‍ത്തകരും അവര്‍ ബന്ധപ്പെടുന്ന ആളുകളും തമ്മിലുള്ള വിശ്വാസമാണ് റിപ്പോര്‍ട്ടര്‍ ടിവി തകര്‍ത്തുകളഞ്ഞത്.ആത്മഹത്യകള്‍ സാധാരണമരണങ്ങളായി പത്രത്തില്‍ വരുന്നതും ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ ചിത്രവും പേരും വിലാസവും മൊബൈല്‍ നമ്പരും മാധ്യമങ്ങളില്‍ വരാതിരിക്കുന്നതും ഈ വിശ്വാസം നിലനില്‍ക്കുന്നതുകൊണ്ടാണ്.പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്നവരും അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവരും ഓഫ് ദി റെക്കോര്‍ഡ് ആയി പലതും പറയാറുണ്ട്. ഇത് കൊടുക്കരുത് എന്നു പറയുന്ന കാര്യങ്ങള്‍ കൊടുക്കാതിരിക്കുക എന്നത് പത്രപ്രവര്‍ത്തന മര്യാദയുടെ ഭാഗമാണ്.ആ മര്യാദയാണ് നികേഷിന്റെ ജേണലിസം തകര്‍ത്തുകളഞ്ഞത്.

റിപ്പോര്‍ട്ടര്‍ ടിവി മോഡലിനെ അഭിനന്ദിക്കുന്നവര്‍ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ നിങ്ങള്‍ക്കോ നിങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ക്കോ ഈ മട്ടിലൊരു പണി കിട്ടുമ്പോള്‍ പത്രപ്രവര്ത്തനത്തിലെ ധാര്‍മികതയെപ്പറ്റി രോഷാകുലരാകരുത്. രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കു വേണ്ടി വലിയൊരു തെറ്റിനെ മഹത്വവല്‍ക്കരിക്കുന്നത് ബുദ്ധിശൂന്യതയാണ്. റിപ്പോര്‍ട്ടര്‍ ടിവി ചെയ്തത് കേരളത്തിലെ ഏതൊരു മാധ്യമത്തിനും സാധിക്കുന്നതാണ്.റിപ്പോര്‍ട്ടര്‍ ടിവിയുടെ എക്സ്ക്ലൂസീവ് സ്കോറിങ്ങിനെ മറികടക്കാന്‍ മറ്റു മാധ്യമങ്ങളും ഈ വഴി പിന്തുടര്‍ന്നാല്‍ കാര്യങ്ങള്‍ എവിടെച്ചെന്നു നില്‍ക്കുമെന്നാലോചിക്കണം.

എന്തായാലും റിപ്പോര്‍ട്ടര്‍ എഫക്ട് ഇതിനോടകം തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് ടിവി റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. ഉദ്യോഗസ്ഥരോ രാഷ്ട്രീയനേതാക്കളോ പഴയതുപോലെ ഫോണ്‍ എടുക്കുന്നില്ല.സ്ഥിരമായി സംസാരിച്ചുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥനെ ഇന്നു രാവിലെ വിളിച്ച മുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകനോട് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇനി മുതല്‍ ഫോണിലൂടെയുള്ള കുശലാന്വേഷണങ്ങള്‍ വേണ്ട,അപ്പോയ്‍ന്‍മെന്റ് എടുത്ത് ഓഫിസില്‍ വന്ന് കണ്ട് ചോദിക്കാനുള്ളത് ചോദിക്കാം അതിന് പറയാന്‍ പറ്റുന്ന മറുപടികള്‍ പറയാം എന്നാണ്. പത്രക്കാരന്‍ ചതിയനും കൂട്ടിക്കൊടുപ്പുകാരനെപ്പോലെ അകറ്റിനിര്‍ത്തേണ്ടവനുമാണെന്ന ഇമേജ് സമ്പാദിച്ചുനല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പിള്ളത്തരത്തിനു സാധിച്ചു.

ജൂലിയന്‍ അസാന്‍ജ് ചെയ്തതു വച്ചു നോക്കുമ്പോള്‍ ഇതു വല്ലതും വല്ലതുമാണോ എന്നു ചിലര്‍ ചോദിക്കുന്നുണ്ട്.ജൂലിയന്‍ അസാന്‍ജ് നടത്തുന്നത് പത്രപ്രവര്‍ത്തനമാണെന്നു തെറ്റിദ്ധരിക്കുന്നത് കൊണ്ടാണിത്. അദ്ദേഹം ചെയ്യുന്നത് രേഖകളുടെ ചോര്‍ത്തല്‍ മാത്രമാണ്. അതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് അസാന്‍ജിന് ഉത്തരവാദിത്വമില്ല.എന്നാല്‍,ഉത്തരവാദിത്വമുള്ള പത്രപ്രവര്‍ത്തനം നടത്തുന്നു എന്നു ഭാവിക്കുന്ന നികേഷ് കുമാറും സംഘവും അസാന്‍ജിനു പഠിക്കുമ്പോള്‍ തകര്‍ക്കുന്നത് ഉത്തരവാദിത്വവും വിശ്വാസവുമൊക്കെയാണ്.

വാര്‍ത്ത കണ്ടാസ്വദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച് പരമാവധി എക്സ്‍പോസ് ചെയ്യപ്പെടുന്നത് പോസിറ്റീവായ ജേണലിസമാണ്. എന്നാല്‍,പത്രപ്രവര്‍ത്തകരുമായി സഹകരിക്കുന്നവരിലൂടെയാണ് വാര്‍ത്തകള്‍ കിട്ടുന്നത് എന്നറിയാവുന്നവര്‍ ആ സഹകരണത്തെ ഒറ്റിക്കൊടുക്കുന്നത് എത്ര ആത്മഹത്യാപരമാണ് എന്നു പറഞ്ഞുതരും.റിപ്പോര്‍ട്ടര്‍ എഫക്ട് ശക്തമായാല്‍ മാധ്യമപ്രവര്‍ത്തനം ഇനി ദുഷ്കരമാകും.വിശ്വാസം കാത്തുസൂക്ഷിക്കാത്ത വര്‍ഗം എന്ന നിലയില്‍ ജേണലിസ്റ്റുകളെ പരമാവധി അകറ്റി നിര്‍ത്തുക എന്ന പ്രായോഗികനടപടി സുരക്ഷിതമാര്‍ഗമായി സ്വീകരിക്കപ്പെടും.എഡിറ്റോറിയല്‍ വിഭാഗം ദുര്‍ബലമാവുകയും മാര്‍ക്കറ്റിങ് ശക്തമാവുകയും ചെയ്യും.വാര്‍ത്ത ഒഴിവാക്കുക, പരസ്യം കൊടുക്കുക എന്ന സുരക്ഷിതമാര്‍ഗം പിള്ളയ്‍ക്കും സ്വീകരിക്കാം.നരേന്ദ്രമോഡി കൊടുത്ത പോലെ മാധ്യമങ്ങളുടെ അണ്ണാക്കിലേക്കു പരസ്യം തിരുകിയാല്‍ ഏതു നികേഷ് കുമാറും സയലന്റ് ആകും എന്നാണ് ശാസ്ത്രം.

പിള്ളയുടെ ഗുദത്തില്‍ റിപ്പോര്‍ട്ടറുടെ പാര

കോടതി തടവുശിക്ഷ വിധിച്ച ബാലകൃഷ്ണപിള്ള ജയില്‍ചാടി ഒരു ആശുപത്രിയില്‍ വന്ന് സുഖവാസത്തിനിടെ മകനും മന്ത്രിയുമായ ഗണേഷ് കുമാറിനെയും കൂട്ടി സ്വന്തം സ്കൂളിലെ ഒരു അധ്യാപകന്റെ ഗുദത്തില്‍ കമ്പിപ്പാര കയറ്റി കൊല്ലാന്‍ ശ്രമിച്ചു. എന്നിട്ട് വിശുദ്ധ നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു റിപ്പോര്‍ട്ടറെ വിളിച്ച് അത് ചെയ്തത് ഞാനല്ല എന്നു പറഞ്ഞിരിക്കുന്നു. അമ്പരപ്പിക്കുന്ന ഈ സംഭവം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു,ജനങ്ങള് ചര്‍ച്ച ചെയ്യുന്നു,തെഹല്‍ക്കയൊക്കെ ചെയ്ത മാതിരിയുള്ള പരിപാടി നടത്തിയ ചാനലിനേം പേരറിയാത്തൊരു റിപ്പോര്‍ട്ടറേം അവര്‍ക്കീ പ്രചോദനമെല്ലാം ചൊരിയുന്ന നികേഷ് കുമാറിനെയും അനുമോദിക്കുന്നു,പ്രതികരണജീവികള്‍ പിള്ളയുടെ എവിടെയെങ്കിലുമൊക്കെ പാര കയറ്റണമെന്ന് ആക്രോശിക്കുന്നു.

ആദ്യമായി ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ബാലകൃഷ്ണപിള്ള ജയിലില്‍ കിടക്കുകയാണെന്ന് സര്‍ക്കാരും കോടതിയും വിശ്വസിച്ചിരിക്കുന്ന സാഹചര്യത്തിലല്ല അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഫോണില്‍ സംസാരിച്ചത്.രോഗബാധിതനായ പിള്ള നിയമപ്രകാരം ഇളവ് വാങ്ങിയാണ് ചികില്‍സക്കായി ആശുപത്രിയില്‍ കിടക്കുന്നത്.പിള്ള ജയില്‍ ചാടി ആശുപത്രിയില്‍ സുഖവാസം നടത്തി എന്ന മട്ടില്‍ പ്രതികരിക്കുന്നവര്‍ മനുഷ്യത്വം നിഷേധിക്കുകയാണ്. ബാലകൃഷ്ണപിള്ള ജയിലിലയക്കപ്പെട്ടത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം.പിള്ളയുടെ തടവു ശിക്ഷ തടവ് എന്ന അനുഭവത്തെക്കാള്‍ പ്രതീകാത്മകമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.അഴിമതിക്കാര്‍ക്ക് ജയില്‍ കിട്ടും എന്ന സന്ദേശമാണ് അതിലൂടെ ജനങ്ങള്‍ക്കു നല്‍കപ്പെടുന്നത്. അതിന്റെ അര്‍ത്ഥം ചികില്‍സയും മാനുഷികപരിഗണനകളും നിഷേധിക്കപ്പെട്ട് പിള്ള സെന്‍ട്രല്‍ ജയിലില്‍ കിടന്ന് നരകിച്ചു നരകിച്ചു ചാകണം എന്നല്ല.ഡോക്ടര്‍മാര്‍ പരിശോധിച്ചും ചികില്‍സ ആവശ്യമാണെന്നു കണ്ടെത്തിയുമൊക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരിക്കുന്നത്.അല്ലാതെ പിള്ള ഒളിച്ചുപോയതല്ല.

ബാലകൃഷ്ണപിള്ള മാനേജരായിട്ടുള്ള സ്കൂളിലെ അധ്യാപകനെ ആരോ ഭീകരമായി വധിക്കാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്നു മനസ്സിലാവുന്നത്. അധ്യാപകന്റെ ഭാര്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി ശത്രുത നിലവിലുണ്ടായിരുന്നെന്നും പറയുന്നു.ആരാണ് കുറ്റം ചെയ്തതെന്ന് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍,സംഭവത്തിന് പിന്നില്‍ ആര്‍ ബാലകൃഷ്ണപിള്ളയും മകന്‍ കെ ബി ഗണേഷ് കുമാറും ആണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഒരു പ്രവാചകനെപ്പോലെ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിള്ള അവിടെ വച്ച് ഗൂഡാലോചന നടത്തുകയും ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നത്രേ. പൊലീസ് ഇരുട്ടില്‍ത്തപ്പുമ്പോള്‍ സംഭവം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ കേസിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും തത്ത പറയും പോലെയാണ് വിഎസ് പറഞ്ഞിരിക്കുന്നത്.ഷെര്‍ലക് ഹോംസിനു ശേഷം ഇത്ര സമഗ്രമായി സ്വന്തം മുറിയിലിരുന്ന് കേസ് അന്വേഷിച്ചു തെളിയിച്ചിട്ടുള്ള മറ്റൊരു പ്രഗല്‍ഭമതി ജനിച്ചിട്ടില്ല.സഖാവ് വിഎസിനോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ- സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെയാണ് ? എങ്ങനെയാണ് കുറുപ്പ് രക്ഷപെട്ടത് ?

ബാലകൃഷ്ണപിള്ളയും അധ്യാപകനും തമ്മില്‍ പ്രശ്നമുണ്ടായിരുന്നതിനാല്‍ പിള്ളയും സംശയിക്കപ്പെടണം. അദ്ദേഹത്തിന് ഈ കുറ്റത്തില്‍ പങ്കുണ്ടെങ്കില്‍ പരമാവധി ശിക്ഷ തന്നെ ലഭിക്കണം.എന്നാല്‍,കേസ് അന്വേഷിച്ചു തുടങ്ങും മുമ്പേ ശിക്ഷ വിധിക്കുന്നത് കാടത്തമാണ്.പൊലീസ് സേന പിരിച്ചുവിട്ടിട്ടില്ല,ജുഡീഷ്യറി തകര്‍ന്നുവീണിട്ടുമില്ല.പിള്ളയെ ജയിലിലേക്കയച്ചത് മാധ്യമങ്ങളോ,വിഎസോ അല്ല, കോടതിയാണ്.

ഇനി അടുത്ത പ്രശ്നം ആശുപത്രിയില്‍ കിടക്കുന്ന പിള്ള റിപ്പോര്‍ട്ടര്‍ ചാനലിലെ ലേഖകനുമായി ഫോണില്‍ സംസാരിച്ചു എന്നതാണ്. റിപ്പോര്‍ട്ടര്‍ ചാനല് കാണിച്ച പണിയെ തെഹല്‍ക്കയുടെ പത്രപ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുന്നത് തെഹല്‍ക്കയെ അവഹേളിക്കലാണ് എന്നാണെനിക്കു പറയാനുള്ളത്.പലരും കരുതുന്നതുപോലെ ബാലകൃഷ്ണപിള്ള അയ്യോ രക്ഷിക്കണേ എന്നു പറഞ്ഞ് പലരും(ഞാനും) യൂ ട്യൂബില്‍ മാത്രം കണ്ടിട്ടുള്ള റിപ്പോര്‍ട്ടര്‍ ചാനലിലേക്കു വിളിച്ചിട്ടില്ല.

കോള്‍ ആരംഭിക്കുമ്പോള്‍ ലേഖകന്‍ വിനയപൂര്‍വം പറയുന്നത് “സാറേ,നമസ്കാരം,റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ്…” എന്നാണ്.ബാലകൃഷ്ണപിള്ള സംസാരിച്ചത് ഏതു ഫോണിലാണ് എന്നതല്ല,അദ്ദേഹം ഫോണില്‍ സംസാരിച്ചു എന്നതാണ് ഗുരുതരമായ ജയില്‍ചട്ട ലംഘനം എന്നു പറയുന്നു.പിള്ള ഫോണില്‍ സംസാരിക്കാനുണ്ടായ സാഹചര്യം റിപ്പോര്‍ട്ടര്‍ ചാനല്‍ സൃഷ്ടിച്ചതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? പിള്ള ഫോണില്‍ സംസാരിച്ചു എന്നത് സാങ്കേതികമായി ശരിയാണെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്ത ലേഖകനും മിസ്റ്റര്‍ നികേഷ് കുമാറിനും എന്തെങ്കിലും ധാര്‍മികബോധമുണ്ടെങ്കില്‍ തങ്ങള്‍ ചെയ്തത് ചെറ്റത്തരമാണ് എന്ന കാര്യത്തില്‍ സംശയം ഉണ്ടാവില്ല.

സംഭാഷണത്തില്‍ എവിടെയും റിപ്പോര്‍ട്ടര്‍ ചാനലിനോടായി പിള്ള ഒന്നും പറയുന്നില്ല.ലേഖകനോട് വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ മാധ്യമത്തില്‍ ഉപയോഗിക്കരുത് എന്നും താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും സ്കൂളില്‍ പോയി അന്വേഷിക്കണമെന്നുമാണ് പിള്ള പറഞ്ഞത്. ഒരു പത്രപ്രവര്ത്തകന്റെ എത്തിക്‍സിനു ചേര്‍ന്ന പണിയല്ല ഈ ബ്രേക്കിങ് ന്യൂസിലൂടെ നികേഷും ലേഖകനും ചെയ്തിട്ടുള്ളത്.പിള്ളയെ ചതിവില്‍ പെടുത്തി ഉണ്ടാക്കിയ വാര്‍ത്തയുടെ വിഡിയോ കണ്ടതിനു ശേഷം ഓരോരുത്തര്‍ക്കും തീരുമാനിക്കാം.

നാട്ടിലെ സുന്ദരിയായ സ്ത്രീയെ പ്രാപിക്കാന്‍ കൊതിമൂത്ത് ചെന്ന മാന്യനെ സുന്ദരി തിരസ്കരിക്കുകയും എന്നാല്‍, സുന്ദരിയെ കണ്ട മാത്രയില്‍ മാന്യന് ശീഘ്രസ്ഖലനം സംഭവിക്കുകയും തുടര്‍ന്ന് അദ്ദേഹം പുറത്തിറങ്ങി സുന്ദരിയായ ഈ സ്ത്രീ ബ്രാ ധരിക്കാറില്ല എന്നു നാടുനീളെ പറഞ്ഞ് നടന്ന് പേരെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതുപോലെ ഒരനുഭവമാണ് എക്സ്ക്ലൂസീവ് വിഡിയോ കണ്ടപ്പോള്‍ ഉണ്ടായത്.അധ്യാപകനെ ആക്രമിച്ചതിനെപ്പറ്റി പിള്ളയുടെ പ്രതികരണത്തിനായി ഫോണ്‍ വിളിക്കുകയും എന്നാല്‍ ഉദ്ദേശിച്ചതുപോലൊന്നും കിട്ടാത്തതിനാല്‍ പിള്ള ഫോണുപയോഗിക്കുന്നു എന്നത് എക്സ്ക്ലൂസീവാക്കുകയും ചെയ്തു എന്നാണ് എനിക്കു തോന്നിയത്.

സെന്‍സേഷനല്‍ ജേണലിസം വീട്ടില്‍ അരി മേടിക്കാന്‍ നല്ലതാണ്.മാധ്യമങ്ങള്‍ വാലോ കാലോ ആണെന്നൊക്കെ അവകാശപ്പെടുന്നവര്‍ തത്തുല്യമായ സാമൂഹികപ്രതിബദ്ധത കൂടി പ്രകടിപ്പിക്കേണ്ടതുണ്ട്.ഇന്നലെ നടന്ന അക്രമസംഭവം ഇന്ന് അപ്രധാനമാവുകയും പിള്ള ഫോണില്‍ സംസാരിച്ചത് പ്രധാനമാവുകയും ചെയ്തതിലൂടെ അധ്യാപകന് നീതി കിട്ടാനും പ്രതികളെ പിടികൂടാനും സഹായകമാകുന്ന പൊതുജനശ്രദ്ധ ജയില്‍ചട്ടലംഘനത്തിലേക്ക് തിരിച്ചുവിടാനായി എന്നതാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പാര കൊണ്ടുണ്ടായ ഗുണം.
അധ്യാപകനെ ആക്രമിച്ചത് പിള്ളയോ പിള്ളയുടെ ആളുകളോ ആണെന്നു തെളിയും വരെ പിള്ള ആ കേസില്‍ പ്രതിയല്ല.പിള്ള തടവുപുള്ളിയായിരിക്കെ,ഫോണില്‍ സംസാരിച്ചത് നിയമലംഘനമാണ്,എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അത് ഉപയോഗിച്ച രീതി അധാര്‍മികമാണ്.അത്രേയുള്ളൂ.

മലയാളം സിനിമാ അവാര്‍ഡ് 2020

മലയാള സിനിമ തുടങ്ങിയതില്‍ പിന്നെ ഇതെത്ര അവാര്‍ഡുകള്‍ കഴിഞ്ഞു. ഇനിയെത്ര കഴിയാനിരിക്കുന്നു.ഇനി എത്ര വര്‍ഷം കൂടി കഴിഞ്ഞാലാണ് ഇപ്പോഴത്തെ അവാര്‍ഡ് ചേരുവകളില്‍ മാറ്റമുണ്ടാവുക എന്നത് പ്രസക്തമായ ഒരാലോചനയാണ്. ആ ആലോചനയില്‍ നിന്നും നടത്തിയ അന്വേഷണത്തിനൊടുവില്‍ വിദഗ്ധമായ പഠനത്തിനൊടുവിലാണ് 2020ലെ മലയാള സിനിമാ അവാര്‍ഡ് എങ്ങനെയിരിക്കുമെന്ന കണ്ടെത്തല്‍ നടത്തിയത്.തീര്‍ച്ചയായും ലോകസിനിമയില്‍ വരുന്ന മാറ്റങ്ങളും പുതിയ പ്രതിഭകളുടെ രംഗപ്രവേശവും മലയാള സിനിമയിലും മാറ്റങ്ങളുണ്ടാക്കും. ഇതുവരെയുള്ള ചലച്ചിത്ര അവാര്‍ഡുകളും സിനിമയിലെ രാഷ്ട്രീയ-സാംസ്കാരിക ബന്ധങ്ങളും അപഗ്രഥനം ചെയ്യുമ്പോള്‍ 2020ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം എങ്ങനെയായിരിക്കുമെന്നു നോക്കാം.

അന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ എന്‍റര്‍ടെയിന്‍മെന്‍റ് പോര്‍ട്ടലായ ബെര്‍ളിത്തരങ്ങള്‍ ഡോട് കോമില്‍ ആ വാര്‍ത്തയുടെ വിഡിയോ റിപ്പോര്‍ട്ടില്‍ സന്ത്യാവിഷനില്‍ നിന്നും ചാടിവന്ന ന്യൂസേഷ് കുമാര്‍ ആ വാര്‍ത്ത ഇങ്ങനെ അവതരിപ്പിക്കും.

“നമസ്കാരം… 2020ലെ മലയാള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 17 അവാര്‍ഡുകള്‍ നേടിയ ഈ ബ്ലോഗിന്‍റെ അധിപന്‍ കൂടിയായ ബെര്‍ളി തോമസ് തന്നെയാണ് ഈ വര്‍ഷവും ഏറ്റവുമധികം അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത്. ലഫ്റ്റനന്‍റ് കേണല്‍ പത്മശ്രീ ഡോക്ടര്‍ ബെര്‍ളി തോമസിന്‍റെ ‘ചക്കക്കൂട്ടാന്‍’ എന്ന സിനിമയ്‍ക്കാണ് ഈ വര്‍ഷം മികച്ച സംവിധാനം, മികച്ച ചിത്രം, മികച്ച തിരക്കഥ തുടങ്ങി ഏഴ് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ഈ വര്‍ഷം പന്ത്രണ്ട് ഓസ്കറുകളും ലഭിച്ചിരുന്നു. ‘ഫോര്‍ ആഡിങ് ജാക്നട്ട്’ എന്ന പേരില്‍ പുറത്തിറങ്ങിയ ‘ചക്കക്കൂട്ടാന്‍’ എന്ന സിനിമയുടെ ഇംഗ്ലിഷ് പതിപ്പിനാണ് മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച തിരക്കഥ തുടങ്ങിയവയിലൂടെ ബെര്‍ളി തോമസിന് ഓസ്കറുകള്‍ ലഭിച്ചത്.കഴിഞ്ഞ വര്‍ഷം ബെര്‍ളി തോമസ് സംവിധാനം ചെയ്ത ‘പട്ടിണി കിടന്ന പിള്ളേര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘ചക്കക്കൂട്ടാന്‍’. ‘പട്ടിണി കിടന്ന പിള്ളേര്‍’ കഴിഞ്ഞ വര്‍ഷം 9 സംസ്ഥാന അവാര്‍ഡുകളും 11 ദേശീയ അവാര്‍ഡുകളും നേടിയിരുന്നു.

മലയാള സിനിമയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി 5 വര്‍ഷം ഏറ്റവുമധികം വ്യക്തിഗത അവാര്‍ഡുകള്‍ വാങ്ങുന്ന അദ്ഭുതപ്രതിഭയായി ബെര്‍ളി തോമസ് മാറുകയാണ്. 2015ലാണ് ബെര്‍ളി തോമസ് പ്രതിസന്ധിയില്‍ പെട്ട് അസ്തമിക്കാറായ മലയാള സിനിമയിലേക്ക് ‘കൂതറ ദൈവം’ എന്ന സിനിമയുമായി കടന്നു വന്നത്. കേരളത്തിലെ 89 തിയറ്ററുകളില്‍ തുടര്‍ച്ചയായി 768 ദിവസം കളിച്ച കൂതറ ദൈവം ആകെ 126 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. ബെര്‍ളിത്തരങ്ങള്‍ എന്ന ഈ ബ്ലോഗിലെ പോസ്റ്റുകളെ അടിസ്ഥാനമാക്കി 2015ല്‍ നിര്‍മിച്ച 7 സിനിമകളും 300 ദിവസത്തിലധികം നിറഞ്ഞ സദസ്സില്‍ ഓടിയിരുന്നു. ആ വര്‍ഷം 10 സംസ്ഥാന അവാര്‍ഡുകളും 10 ദേശീയ അവാര്‍ഡുകളും നേടിയ ബെര്‍ളി തോമസിന് വിവിധ സര്‍വകലാശാലകളില്‍ നിന്നും ഡിലിറ്റ് ലഭിച്ചിരുന്നു.

2016ല്‍ പുറത്തിറങ്ങിയ 13 സിനിമകളും റെക്കോര്‍ഡ് ഹിറ്റുകളായതോടെ ബോളിവുഡിനെ കടത്തിവെട്ടി മോളിവുഡ് ആഗോളസിനിമയുമായി നേരിട്ടു മല്‍സരിക്കുന്ന നിലയിലെത്തി. ജപ്പാനിലും ജര്‍മനിയിലും ബെര്‍ളി തോമിസിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നതിനു വേണ്ടി മാത്രമായി തിയറ്ററുകളുണ്ടായി. ബെര്‍ളി തോമസിന്‍റെ സിനിമകള്‍ ബോവാ ഭാഷ ഉള്‍പ്പെടെ 65 ഭാഷകളിലേക്കാണ് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.

2018ല്‍ ബെര്‍ളി തോമസ് തന്നെ നായകനായ ‘മതിഭ്രമം’ എന്ന സിനിമയാണ് ലോകസിനിമചരിത്രത്തില്‍ ഏറ്റവുമധികം കലക്ഷനുണ്ടാക്കിയ ചിത്രം. 4ഡിയില്‍ ചിത്രീകരിച്ച മതിഭ്രമം 10122,467 കോടി രൂപയാണ് ആകെ കലക്ട് ചെയ്തത്. സോണി പിക്ചേഴ്സ്, എംജിഎം, യൂണിവേഴ്സല്‍ പിക്ചേഴ്സ്, വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ്, പിക്സര്‍ തുടങ്ങി ഹോളിവുഡിലെ പ്രധാനപ്പെട്ട 34 നിര്‍മാണ സ്റ്റുഡിയോകളുടെ ഷെയറുകള്‍ കരസ്ഥമാക്കിയതോടെ ലോകസിനിമയില്‍ ബെര്‍ളി തോമസ് ഒരു സംഭവമായി മാറുകയായിരുന്നു. ആ വര്‍ഷം തന്നെയാണ് മോളിവുഡ് എന്നു വിശേഷിപ്പിച്ചിരുന്ന മലയാളം സിനിമാ വ്യവസായത്തെ അസുകുമാര്‍ കുഴീക്കോട് ‘ബെര്‍ളിവുഡ്’ എന്നു വിശേഷിപ്പിച്ചത്.

അവാര്‍ഡിതനായിരിക്കുന്ന ബെര്‍ളി തോമസ് ഇന്നും നാളെയുമായി യുഎന്നിന്‍റെ അതിഥിയായി ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള മധ്യസ്ഥചര്‍ച്ചകളിയായിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല. ചന്ദ്രനില്‍ പണിതീരാറായിരിക്കുന്ന ഓഫ് പ്ലാനെറ്റ് ഫിലിം സ്റ്റുഡിയോയുടെ വാര്‍ക്കപ്പണി നിരീക്ഷിക്കാന്‍ അവിടെ നിന്നു നേരേ ചന്ദ്രനിലേക്കു പോകുന്ന ബെര്‍ളി വ്യാഴാഴ്ച മാത്രമേ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ പാലായില്‍ എത്തിച്ചേരുകയുള്ളൂ.

ബെര്‍ളി തോമസ് തനിക്ക് സ്വന്തം ചേട്ടനെപ്പോലെയാണെന്ന് മികച്ച നടനുള്ള പെന്‍ഷന്‍ അവാര്‍ഡ് നേടിയ തൊമ്മൂട്ടിയും ളോഹന്‍ലാലും ഒരേ സ്വരത്തില്‍ പറഞ്ഞു. ബെര്‍ളി തോമസ് വെറും ഒരു ഷിറ്റ് ആണെന്ന് രുരേഷ് ഗോലി പ്രതികരിച്ചു.അഭിനേതാക്കളുടെ സംഘടനയുടെ പേര് ബെര്‍ളി തോമസിനോടുള്ള ആദരസൂചകമായി ‘ബെര്‍മ്മ’ എന്നു മാറ്റാന്‍ തീരുമാനിച്ചതിനു പുറമേ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയുടെ പേര് ‘ബെര്‍ക’ എന്നു മാറ്റാന്‍ തത്വത്തില്‍ തീരുമാനമായി.

സിനിമാ അവാര്‍ഡ് പ്രഖ്യാപനം വന്നതോടെ വിവാദങ്ങളും സിനിമയെ വിട്ടുമാറുന്നില്ല. തനിക്കു കിട്ടേണ്ട അവാര്‍ഡുകളാണ് ബെര്‍ളി തോമസ് കൊണ്ടുപോയതെന്ന് സീരിയല്‍ നടന്‍ ചിലകന്‍ ആരോപിച്ചു. ടാര്‍സന്‍ എന്ന പടത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിനര്‍ഹനായ ളോഹന്‍ലാല്‍ ടാര്‍സനായി അഭിനയിച്ചപ്പോള്‍ അണ്ടര്‍വെയര്‍ ധരിച്ചത് ടാര്‍സനോടും ചരിത്രത്തോടുമുള്ള വെല്ലുവിളിയാണെന്ന് അസുകുമാര്‍ കുഴീക്കോട് പറഞ്ഞു. ടാര്‍സന്‍ അണ്ടര്‍വെയര്‍ ധരിച്ചിരുന്നതായി ചിത്രകഥകളില്‍ പറയുന്നില്ല. ലാല്‍ അണ്ടര്‍വെയര്‍ ഇടാതിറങ്ങിയാല്‍ കൂടെ അഭിനയിക്കുന്നവര്‍ ബോധം കെട്ടു വീഴുമെന്നും കുഴീക്കോട് പറഞ്ഞു. 92 വയസ്സ് മാത്രമുള്ള താന്‍ വൃദ്ധന്‍മാരുടെ ഉപദേശം സ്വീകരിക്കില്ലെന്നും കുഴീക്കോട് പറഞ്ഞു.അതേ സമയം, കൃഥ്വിരാജ് അച്ഛന്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാകണമെന്ന് തൊമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൊമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച കൃഥ്വിരാജ് മലയാള സിനിമയില്‍ അനാവശ്യമായ കീഴ്വഴക്കങ്ങള്‍ ഉണ്ടാക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്‍ക്കുള്ള അവാര്‍ഡ് ശ്രീ പന്നസെന്‍റിനാണ് ലഭിച്ചിരിക്കുന്നത്.വടവേള സാബു ചെയര്‍മാനായുള്ള കമ്മിറ്റിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. “

കൊച്ചി ഐപിഎല്‍ ന്യൂസ് ടീം

ക്രിക്കറ്റും ടിവി ചാനലും എന്നു പറഞ്ഞാല്‍ ഫസ്റ്റ് നൈറ്റും പാല്‍ ഗാസ്സും പോലെയാണ്. ചെക്കന്‍ അരഗാസ് കുടിച്ച് ബാക്കി പെണ്ണിനെയും കുടിപ്പിച്ച് ഗാസ് മേശപ്പുറത്ത് വച്ചുകഴിഞ്ഞ് ഒരു നോട്ടമുണ്ട്. പിച്ച് റിപ്പോര്‍ട്ട് കഴിഞ്ഞ് ടോസ് നേടി കളിക്കിറങ്ങാന്‍ ബാറ്റുമായി നില്‍ക്കുന്ന ഓപ്പണിങ് ബാറ്റ്സ്മാന്റെ ഭാവമായിരിക്കും അപ്പോള്‍ ചെക്കന്റെ മുഖത്ത്. എത്ര ഓവറ് എറിഞ്ഞാലാണീശ്വരാ ഈ കളി തീരുക എന്ന സ്പിന്‍ ബൌളറുഠെ അങ്കലാപ്പോടെ അവള്‍ അവനെ നോക്കി പുഞ്ചിരിക്കും. പാലും പാല്‍ ഗാസ്സും വല്ലാത്തൊരു പ്രതീകമാണ്. പാല്‍പ്പൊടി വെള്ളത്തില്‍ കലക്കിയുണ്ടാക്കിയതാണെങ്കിലും നിര്‍ണായകമായ ആ പാല്‍ അന്നു രാത്രി വയാഗ്രയുടെ ഗുണം ചെയ്യും.

എന്നു പറഞ്ഞതുപോലെയാണ് ക്രിക്കറ്റിന്റെയും കാര്യം. മന്ദിര ബേദിയെപ്പോലൊരു താരം ആദ്യം സ്റ്റുഡിയോയിലിരുന്ന് കോമഡി പറഞ്ഞു തുടങ്ങി, പിന്നെ ക്യാമറ പിച്ചിലെത്തി പിച്ച് റിപ്പോര്‍ട്ടും കാലാവസ്ഥാ പ്രവചനവും കഴിഞ്ഞ് ടോസ് നേടി റെഡിയാവുമ്പോഴേക്കും വിവരണവും കമന്ററിയും നിരീക്ഷണവുമൊക്കെയായി ടിവിക്കാരന്‍ സംഗതിയങ്ങു കൊഴുപ്പിച്ചികൊള്ളും. ഈ പൊടിപ്പും തൊങ്ങലുമെല്ലാം കളിക്കാരന്റെ ആവേശത്തെയും സ്വാധീനിക്കും. ഗാലറിയിലിരിക്കുന്ന കൂതറകളല്ല, ലക്ഷോപലക്ഷം ടിവി സെറ്റുകള്‍ക്കു മുന്നില്‍ തങ്ങളെ ക്ളോസപ്പില്‍ കാണുന്നവര്‍ക്കു വേണ്ടിയാണ് തങ്ങള്‍ കളത്തില്‍ നില്‍ക്കുന്നതെന്ന ചിന്ത തന്നെ കളിക്കാരെ ഉത്തേജിപ്പിക്കും. കളി തുടങ്ങുന്നതോടെ കമന്ററിയും ചാനലുകാരന്റെ പാനല്‍ ചര്‍ച്ചയും കളി കഴിഞ്ഞാല്‍ കളിക്കാരനുമായുള്ള ഇന്റര്‍വ്യൂവുമൊക്കെയായി സംഗതി അങ്ങു പോകും.

കേരളത്തിന് സ്വന്തമായി ഒരു ഐപില്‍ ടീം ആയി, കേരളാ ഐപിഎല്‍ പ്ളേയേഴ്സ് യൂണിയനായി, കളിക്കാരെ തിരഞ്ഞെടുക്കാന്‍ പിഎസ്സി പരീക്ഷയും കഴിഞ്ഞു. ഇനി വേണ്ടത് കേരളത്തിന്റെ കളി സംസ്കാരത്തിനു പറ്റിയ കുറെ മാധ്യമപ്രവര്‍ത്തകരാണ്. പത്രക്കാരുടെ കാര്യം പോട്ടെ, അവന്‍മാര്‍ ആരോടെങ്കിലുമൊക്കെ ചോദിച്ചും ന്യൂസ് ഏജന്‍സി വാര്‍ത്തകള്‍ പരിഭാഷപ്പെടുത്തിയും എങ്ങനെയെങ്കിലും സംഗതി റെഡിയാക്കിക്കൊള്ളും. എന്നാല്‍, ടിവിക്കാരുടെ കാര്യം അങ്ങനെയല്ല. ഇതുവരെ കേരളത്തിലെ ചാനലുകള്‍ കൈകാര്യം ചെയ്തിട്ടുളള ഒരു മേഖലയല്ല ഇത്. നമ്മുടെ മണ്ണിലെ കളി നമ്മള്‍ നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുകയും നേരിട്ട് അപഗ്രഥനം നടത്തുകയും വേണം. അപ്പോള്‍ രാഷ്ട്രീയം- സിനിമ- ബലാല്‍സംഗം-കൊലപാതകം എന്ന മട്ടില്‍ വാര്‍ത്തകളുമായി കെട്ടിമറിയുന്ന ഇവിടുത്തെ ദൃശ്യമാധ്യമക്കാര്‍ പുതിയൊരു ക്രിക്കറ്റ് ഭാഷയും കാഴ്ചപ്പാടും ഉണ്ടാക്കിയെടുത്തേ മതിയാവൂ.

അതിനു വേണ്ടിയുള്ള ഒരു പ്രത്യേക പരിശീലന പരിപാടിയാണ് ബെര്‍ളിത്തരങ്ങളിലൂടെ ഞാനവതരിപ്പിക്കുന്നത്. ആരാധ്യനും സുന്ദരനും ധീരനും മലയാളികളുടെ കണ്ണിലുണ്ണിയുമായ ശ്രീശാന്ത് തന്നെ കേരള ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകും എന്നത് നമുക്കുറപ്പിക്കാം. കുരുത്തോലപ്പെരുന്നാളിനു പള്ളിയില്‍ പോയി വരും കുഞ്ഞാറ്റക്കുരുവികളെപ്പോലെ കൊച്ചിയിലെ ജനസംഖ്യ കളികാണാന്‍ സ്റ്റേഡിയത്തിലേക്കു പോകുന്നത് താന്‍ ഭാവനയില്‍ കാണുന്നെന്നോ മറ്റേ ആരാധ്യന്‍ പറഞ്ഞിട്ടുമുണ്ട്. ശ്രീസാര്‍ ആണെങ്കില്‍ കേരളം കിരീടം നേടുമെന്നുള്ളതില്‍ തെല്ലും സംശയമില്ല താനും. അങ്ങനെ വരുമ്പോള്‍ കിരീടം നേടി നില്‍ക്കുന്ന ശ്രീസാറിനെ കിഡ്നാപ്പ് ചെയ്ത് ആദ്യം ചാനല്‍ സ്റ്റുഡിയോയിലെത്തിക്കുക എന്ന ജോലി കഴിഞ്ഞാല്‍ പിന്നെയുള്ളത് ക്രിക്കറ്റിനെ സംബന്ധിച്ച ചോദ്യങ്ങള്‍ അദ്ദേഹത്തോടു ചോദിക്കുക എന്നതാണ്.

ഒരു ട്രയല്‍ എന്ന നിലയില്‍ കേരളത്തിലെ പ്രധാന ചാനലുകാര്‍ വിജയകിരീടം നേടി നില്‍ക്കുന്ന ശ്രീശാന്തിനോട് എന്തു ചോദ്യം ചോദിക്കും, അതും എങ്ങനെ ചോദിക്കും എന്നതാണ് നമ്മുടെ റിയാലിറ്റി ഷോയുടെ വിഷയം. ചരിത്രത്തില്‍ ആദ്യമായായിരിക്കും എല്ലാ റിയാലിറ്റി ഷോയും നടത്തുന്ന ചാനലുകാരെ വച്ച് ഒരു ബ്ളോഗര്‍ ഒരു റിയാലിറ്റി ഷോ നടത്തുന്നത്. (ബെര്‍ളിച്ചായന്‍ പുലിയാണോ കഴുതയാണോ എന്നിന്നു തീരുമാനിച്ചോണം). പരീക്ഷണകുതുകികളായ ചാനലുകാര്‍ റിപ്പോര്‍ട്ടിങ്ങിന് തീര്‍ത്തും പ്രതീക്ഷിക്കാത്ത സെലബ്രിറ്റികളെ പോലും ഇറക്കി കളിക്കും. നികേഷ് കുമാറും കെ.പി.മോഹനനും മുതലുള്ള പുലികളാണ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. ഓരോ പുലിക്കും ഓരോ ചോദ്യം വീതം ചോദിക്കാനുള്ള ചാന്‍സാണ് നമ്മള്‍ നല്‍കുന്നത്.

നികേഷ് കുമാര്‍
ഫൈനല്‍ ഓവറില്‍ പന്തെറിയുമ്പോള്‍ എന്തായിരുന്നു ശ്രീയുടെ ഒരു മാനസികാവസ്ഥ ? വല്ലാതെ ടെന്‍സ്ഡ് ആയിരുന്നു എന്ന് താങ്കളുടെ ശരീരഭാഷ വ്യക്തമാക്കുന്നുണ്ടായിരുന്നു, ഒരു പക്ഷെ, പന്തിന്റെ ശരീരഭാഷയുമായി പൊരുത്തപ്പെടാനാവാതെ വന്നത് കൂടുതല്‍ റണ്‍സുകള്‍ നല്‍കാന്‍ കാരണമായിട്ടുണ്ടാവാം, അല്ലെങ്കില്‍ മല്‍സരത്തിനിടയില്‍ അമ്മയെ കാണണമെന്നു തോന്നിയിട്ടുണ്ടാവാം, കാരണം എന്തുവേണമെങ്കിലും ആകട്ടെ… ബാറ്റിനെ ലക്ഷ്യമാക്കി പന്തെറിയുമ്പോള്‍ മുന്നില്‍ നില്‍ക്കുന്ന കളിക്കാരന്റെ ശരീരഭാഷ അപഗ്രഥനം ചെയ്ത് തന്ത്രപരമായ ഒരു കരുനീക്കത്തിനു ശ്രമിക്കാതിരിക്കാന്‍ എന്താണു കാരണം ?

കെ.പി.മോഹനന്‍
ധിഷണാപരമായ സംവേദകത്വത്തിന്റെ ഔന്നത്യങ്ങളില്‍ നിന്നും ഭൌമകേളിയുടെ അനന്തസാധ്യതകള്‍ അനാവരണം ചെയ്തുകൊണ്ട് നമ്മള്‍ സമാരംഭിച്ച ഈ ബിപിഎല്‍ ക്രിക്കറ്റിന്റെ ശുഭപര്യവസായിയായ സമാപ്തിയില്‍, അല്ലയോ ഭവാന്‍ അങ്ങു കരസ്ഥമാക്കിയിരിക്കുന്ന ഈ കീര്‍ത്തികിരീടം കൈരളിയെ പുളകം കൊള്ളിക്കുമ്പോള്‍, വിജയാഘോഷത്തിന്റെ തേരോട്ടം സമാരംഭിച്ചിരിക്കുന്ന ദേശത്തെ തെരുവോരങ്ങളില്‍ നിന്നുയരുന്ന ആനന്ദത്തിന്റെ ആര്‍ത്തനാദങ്ങളെ ഭവാന്‍ എങ്ങിനെയാണ് നേരിടാനുദ്ദേശിക്കുന്നത് ?

ടി.എന്‍.ഗോപകുമാര്‍
നമസ്കാരം ഗണ്ണാടിയിലേക്കു സ്വാഗതം.ഒറ്റക്കയ്യില്‍ പന്തുമായി ക്രിക്കറ്റ് സ്റ്റേഡിയത്തിലൂടെ കൊടുങ്കാറ്റുപോലെ പായുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചാണ് ഈ ലക്കം ഗണ്ണാടിയില്‍ ആദ്യം. ചെറുപ്പക്കാരന്റെ പേര് ശ്രീശാന്ത് എന്നാണ്. ഇരുപത്തിരണ്ടാം വയസ്സില്‍ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കണ്‍കുളിര്‍പ്പിക്കുന്ന പ്രകടനം നടത്തിയ ഈ ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ കരളലിയിക്കുന്നതാണ്. ഐപിഎല്‍ കൊച്ചി ടീമിന്റെ തലവനായി 10 കളികളിലൂടെ മിന്നുന്ന പ്രകടനം കാഴ്ച വച്ച ശ്രീശാന്തിന് ഒടുവില്‍ ഫൈനലിലെ വിജയത്തിലൂടെ ഐപിഎല്‍ കിരീടമാണ് ലഭിച്ചിരിക്കുന്നത്. ഇതിനെ വിധിയെന്നു വിളിക്കാന്‍ ഗണ്ണാടിക്കു താല്‍പര്യമില്ല. ശ്രീശാന്ത് എന്ന ചെറുപ്പക്കാരനെ ഈ അവസ്ഥയിലാക്കിയത് ആരായാലും അവരോട് ദൈവം ചോദിക്കും. ഐപിഎല്‍ കിരീടം എന്ന കുരിശും ചുമന്നു നില്‍ക്കുന്ന ശ്രീശാന്തിനെ സഹായിക്കാനാഗ്രഹിക്കുന്ന സുമനസ്സുകള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള വിലാസം: ഗണ്ണാടി, കെയര്‍ ഓഫ് സ്റ്റേഷന്‍ ഡയറക്ടര്‍ അയിഷാനെറ്റ്, പുലിയിറക്കോണകം, തിരുവനന്തപുരം- 8.

സന്തോഷ് ജോര്‍ജ് കുളങ്ങര
രാവിലെ കട്ടന്‍കാപ്പി കുടിച്ച് വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ അത് കൊച്ചിയില്‍ ക്രിക്കറ്റ് കളി കാണാനാണെന്ന് ആരോടും പറഞ്ഞില്ല. കാറിലിരിക്കുമ്പോള്‍ ജനാലയ്ക്കു വെളിയിലൂടെ പിന്നോട്ടോടുന്ന കാഴ്ചകള്‍ എന്നെ ഹഠാദാകര്‍ഷിച്ചു. ഒരു നിമിഷം ഞാന്‍ ജമെയ്ക്കയിലെ മാഡം ഫെര്‍ഡിനാന്‍ഡ് കോട്ടയിലേക്കുള്ള വനപാതയിലൂടെ സഞ്ചരിക്കുകയാണെന്നു തോന്നി. കൊച്ചിയിലെത്തി താമസിക്കാനുള്ള ഹോട്ടല്‍ കണ്ടെത്തുന്നതായിരുന്നു വലിയ ജോലി. സ്റ്റേഡിയത്തിലെത്തുമ്പോള്‍ ഐപിഎല്‍ ഭാരവാഹികള്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ക്യാമറയുമായി സ്റ്റേഡിയത്തിലേക്കു കയറി. ശ്രീശാന്ത് എന്ന യുവാവിന്റെ പ്രകടനം കണ്ടപ്പോഴെ ഐപിഎല്‍ കിരീടം കൊച്ചിക്കായിരുന്നു എന്നുറപ്പായിരുന്നു. ഒടുവില്‍ എന്റെ പ്രവചനം സത്യമാക്കിക്കൊണ്ട് ശ്രീശാന്ത് കിരീടം നേടിയപ്പോള്‍ ആഫ്രിക്കയിലെ സാംബ നൃത്തത്തിന്റെ അകമ്പടിയോടെ എന്റെ ഹൃദയം തുടികൊട്ടുകയായിരുന്നു.

വാര്‍ത്തപ്പണിക്കാരന്‍റെ ഹൃദയം

വാര്‍ത്തകളെ വായനക്കാരന്‍ അല്ലെങ്കില്‍ പ്രേക്ഷകന്‍ എങ്ങനെ കാണുന്നു എന്നതും വാര്‍ത്താവതാരകനോ എഡിറ്ററോ എങ്ങനെ കാണുന്നു എന്നതും വ്യത്യസ്തവും തികച്ചും കൗതുകകരവുമായ കാര്യമാണ്. ഓരോ നിമിഷവും വാര്‍ത്തകളുടെ ലോകത്ത് ജീവിക്കുന്ന എഡിറ്ററെ അനുദിനം വായനക്കാരനെ ഞെട്ടിക്കുന്ന സംഭവങ്ങളൊന്നും കുലുക്കുകയേയില്ല. നൂറോ ഇരുനൂറോ പേര്‍ മരിച്ച വാര്‍ത്തയോ ഭീകരാക്രമണ വാര്‍ത്തയോ ഒക്കെ ഉള്ള ദിവസം വാര്‍ത്താവതാരകന്‍ അമ്മേടെ അങ്ങളേടെ മോള്‍ടെ കല്യാണത്തിനു പോകുന്ന തിളക്കത്തോടെ ആവേശത്തോടെ ഒക്കെയാവും ജോലിക്കെത്തുക. കാരണം, ജോലിയില്‍ നിന്നുള്ള ത്രില്ലുകള്‍ വാര്‍ത്തപ്പണിക്കാരന് ഇത്തരം വാര്‍ത്തകളിലൂടെയാണ് ലഭിക്കുക.

അതേ വാര്‍ത്ത വായനക്കാരനോ പ്രേക്ഷകനോ എത്ര പ്രാധാന്യത്തോടെയാവും സ്വീകരിക്കുന്നത് എന്നത് സങ്കല്‍പിക്കാനാവില്ല. ആ സ്വീകരണത്തിന് അനുയോജ്യമായ ഭാവവും ബോഡി ലാംഗ്വേജുമൊക്കെയാണ് വാര്‍ത്തയോടൊപ്പം അവതാരകര്‍ വിളമ്പുന്നത്. ന്യൂസ് റൂമുകള്‍ സൃഷ്ടിക്കുന്ന അങ്ങേയറ്റം ഗുരുതരമെന്നു തോന്നിക്കുന്ന ആ മൂഡിന് വാര്‍ത്താവിപണനത്തിലും ഗണ്യമായ പങ്കുണ്ട്. നികേഷ് കുമാറിന്‍റെ വാര്‍ത്ത മറ്റു ചാനലുകളില്‍ വരുന്ന അതേ വാര്‍ത്ത തന്നെയാണ്. പക്ഷെ, അത് നികേഷിന്‍റെ ന്യൂസ് റൂമില്‍ നിന്നറിയുമ്പോള്‍ മില്‍മ പാലാണെങ്കിലും അമ്മാവന്‍റെ ബൂത്തില്‍ നിന്നു വാങ്ങുമ്പോള്‍ തോന്നുന്ന മാതിരി ഒരു വിശ്വാസത്തിന് അടിത്തറയുറയ്‍ക്കുകയാണ് ചെയ്യുന്നത്.

ഇതിപ്പോള്‍ പറയുന്നതെന്താണെന്നു വച്ചാല്‍ ഇടക്കിടയ്‍ക്ക് ന്യൂസ് റൂമില്‍ നിന്നും പ്രതീക്ഷിക്കാത്ത ചില പെര്‍ഫോമന്‍സ് ക്യാമറക്കാരന്‍ അറിഞ്ഞോ അറിയാതെയോ ഒക്കെ പുറത്തു പോകുമ്പോള്‍ കന്യാസ്ത്രീയുടെ സെക്സ് പോലെ അത് ഒരു വല്ലാത്ത സാധനമായി പ്രേക്ഷര്‍ക്കിടയില്‍ നീറിപ്പിടിക്കും. വാര്‍ത്തപ്പണിക്കാരന്‍ വാര്‍ത്തയുടെ കൂമ്പാരത്തിനു തീ കൊളുത്തിയിട്ട് കൂളായിരുന്നു കോമഡി പറയുന്നതോ, പാട്ടു പാടുന്നതോ പ്രേക്ഷകനു പെട്ടെന്നു ദഹിക്കില്ല. വാര്‍ത്തയുടെ അതേ ഗൗരവത്തോടെ അവതാരകനും വാര്‍ത്തയ്‍ക്കു പിന്നിലിരിക്കണം എന്നൊരു വാശി പ്രേക്ഷകര്‍ക്കുണ്ട്. ന്യൂസ് റൂമുകളിലെ കൈവിട്ട രംഗങ്ങള്‍ അതുകൊണ്ട് തന്നെ തുണ്ട് വിഡിയോ പോലെ പ്രചരിക്കുന്നു.

വാശി മാറ്റിവച്ചു പരിശോധിച്ചാല്‍ തൊഴില്‍പരമായ തകരാറുകളൊന്നും ഇല്ലാത്ത സാങ്കേതികമായ അബദ്ധങ്ങളുടെ മാത്രം ഇരകളായിത്തീര്‍ന്നവരാണ് ഈ പാവം വാര്‍ത്തപ്പണിക്കാര്‍ എന്നു നമുക്കു മനസ്സിലാവും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഏഷ്യാനെറ്റിലുണ്ടായിരുന്നപ്പോള്‍ വേണു ബാലകൃഷ്ണന്‍റെ ന്യൂസ് റഷ് പുറത്തു പ്രചരിച്ചത്.

ടിവിയില്‍ വന്നുപോയ അനേകം അനേകം അബദ്ധങ്ങള്‍ വച്ചു നോക്കുമ്പോള്‍ ബ്രേക്ക് സമയത്ത് അടിച്ചുപൊളിച്ച വേണു ഒരു സൂപ്പര്‍താരമാണ്. അല്ല, ആ വിഡിയോ വന്നതോടെ വേണുച്ചേട്ടനു ഫാന്‍സ് കൂടിയതേയുള്ളൂ. ഏതാണ്ട് മൊത്തം മൂന്നുലക്ഷത്തിലധികം ഹിറ്റും യൂ ട്യൂബിലുണ്ടായി. വിപ്ലവഗാനം വേണുവിനെപ്പോലുള്ളവര്‍ക്കു മാത്രമല്ല പാടാനറിയാവുന്നതെന്നും സംഗീതം വാര്‍ത്താവായനക്കാര്‍ക്ക് ഹരമാണെന്നും ഈ ചേച്ചി തെളിയിച്ചു. ചാനല്‍ ഏത് ? പേരെന്ത് എന്നൊന്നും ചോദിക്കരുത്, ‍ഞാന്‍ പറയില്ല. കാരണം, എനിക്കറിയില്ല.

വേണുവിന്‍റെ വിപ്ലവഗാനത്തില്‍ നിന്നു വ്യത്യസ്തമായി ചാനലില്‍ വന്നുപോയ ശ്രദ്ധേയമായ ചില അബദ്ധങ്ങള്‍ ഇനി ശ്രദ്ധിക്കുക.

പത്രപ്രവര്‍ത്തനം എന്താണെന്നറിയാത്ത കൂതറ പ്രസ്ഥാനങ്ങള്‍ക്കാണ് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നതെന്ന് ചിലര്‍ കരുതും. എന്നാല്‍, വാര്‍ത്തപ്പണിയില്‍ ലോകത്തേറ്റവുമധികം പാരമ്പര്യമുള്ള ബിബിസിയിലും ഇതൊക്കെ തന്നെയാണ് നടക്കുന്നതെന്നു മനസ്സിലാക്കാന്‍ ഇതു കണ്ടാല്‍ മതി.

അമ്മയിരിക്കുമ്പോള്‍ മോന്‍ ആടേണ്ട !

താനിരിക്കേണ്ടിടത്ത് നായ് എങ്കിലും ഇരുന്നില്ലെങ്കില്‍ അവിടെ മമ്മൂട്ടി കയറി ഇരിക്കുമെന്ന് തോന്നിയിട്ടുണ്ടാവണം ഇന്നസെന്റിന്. എന്തായാലും അമ്മയുടെ പ്രസിഡന്റും സെക്രട്ടറിയും തോറ്റു തുന്നം പാടിയ കേസില്‍ സെക്രട്ടറിയോ പ്രസിഡന്റോ ട്രഷററോ അല്ലാത്ത മെഗാസ്റ്റാര്‍ മമ്മൂട്ടി അന്തിമവിധി പറഞ്ഞപ്പോള്‍ സാധാരണ ജനം പഴയ ചില ജോഷി പടങ്ങള്‍ക്കെന്ന പോലെ ആവേശപൂര്‍വം കയ്യടിച്ചു: ഇവനാണ് ശരിക്കും ഹീറോ എന്നു വിധിച്ചു. ഇപ്പോഴാണ് മലയാള സിനിമ ശരിയായത് എന്ന് അഴീക്കോട് മാഷും പറഞ്ഞതോടെ എല്ലാം കോംപ്ളിമെന്റ്സ് ആയി.

ഇതൊരു ഭയങ്കര വിവാദമായി മലയാള സിനിമയുടെ പരിപ്പും കൊണ്ടേ പോരൂ എന്നും അങ്ങനെ ഇന്നുള്ള മലയാള സിനിമ പൂട്ടിപ്പോവുകയും അതെത്തുടര്‍ന്ന് തന്റെ നേതൃത്വത്തില്‍ പുതിയൊരു മലയാള സിനിമ ഉദയം ചെയ്യുമെന്നും കരുതിയ വിനയനെയും എന്നെയും പോലുള്ള പരമഫ്രോഡുകള്‍ ചരിത്രത്തിന്റെ മേലുള്ള മമ്മൂട്ടിയുടെ ആ ഇടപെടലില്‍ സ്തംഭിച്ചുപോയി. തിലകനെപ്പോലെയുള്ള ചില ദോഷൈദൃക്കുകള്‍ പറഞ്ഞു: എല്ലാം മമ്മൂട്ടിയുടെ നാടകമാണ്. ഇതുവരെ നടന്നതിനെല്ലാം ഒരു തിരക്കഥയുണ്ട് !

എല്ലാ സംഭവങ്ങളും നടന്നു കഴിയുമ്പോള്‍ അതിന് ആരോ തിരക്കഥ ചമയ്ക്കുന്നുണ്ട് എന്നു നമുക്കു തോന്നും. പക്ഷെ, അമ്മ-തിലകന്‍-അഴീക്കോട് വിവാദത്തില്‍ തിരക്കഥ ഒരുക്കിയത് ആരാണ് ? എന്തായാലും ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരു തിരക്കഥ ഉണ്ടെങ്കില്‍, ആ തിരക്കഥാകൃത്തിനെ മലയാള സിനിമ ഏല്‍പിച്ചുകൊടുത്താല്‍ സിനിമയിലെ താല്‍ക്കാലിക പ്രതിസന്ധി തീരും. മൂന്നോ നാലോ ഹിറ്റുകളെങ്കിലും ഒരുക്കാന്‍ ആ തിരക്കഥാകൃത്തിനു കഴിയും.

അമ്മ-തിലകന്‍-അഴീക്കോട് വിവാദത്തിലെ തിരക്കഥാ തിയറിയുടെ സാധ്യത നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പുലിയെപ്പോലെ വന്ന് ‘ഇതോടെ വിവാദം കഴിഞ്ഞു’ എന്നു പ്രഖ്യാപിച്ചു കയ്യടി വാങ്ങിപ്പോയ മമ്മൂട്ടി ഇന്നലെ വന്ന് ‘ഞാനില്ലേ !’ എന്ന മട്ടില്‍ എല്ലാം തള്ളിപ്പറഞ്ഞ് ഭിക്ഷാംദേഹിയെപ്പോലെ മലക്കംമറിഞ്ഞത്. എല്ലാം മമ്മൂട്ടിയുടെ കളിയായിരുന്നെങ്കില്‍ തീര്‍ച്ചയായും അങ്ങനൊരു മലക്കം മറിച്ചില്‍ വേണ്ടിവരില്ലായിരുന്നു. പ്രശ്നം അവസാനിപ്പിക്കുക എന്ന നല്ല ഉദ്ദേശത്തോടെ മമ്മൂട്ടി ഇടപെടുകയായിരുന്നു എന്നൂഹിക്കാം.

പ്രശ്നം അവസാനിക്കുക എന്നതിനെക്കാള്‍ താരസംഘനയ്ക്ക് പ്രധാനം പോയ മാനം തിരിച്ചു പിടിക്കുക എന്നാണെന്നു തോന്നുന്നു. മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ച പ്രശ്നത്തില്‍ അഴീക്കോടിന്റെ അടികൊണ്ട താരങ്ങള്‍ കടുത്ത നിലപാടിലാണെന്നു കേള്‍ക്കുന്നു. അഴീക്കോടിനെതിരെ അപകീര്‍ത്തി കേസുമായി മോഹന്‍ലാല്‍ മുന്നോട്ടു പോവുകയാണ്. മമ്മൂട്ടിയുടെ മേല്‍ അമ്മ നേതൃത്വത്തിന്റെ കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നു വേണം ഊഹിക്കാന്‍. പോരെങ്കില്‍, ആദ്യം മമ്മൂട്ടിയെ തെറി വിളിക്കുകയും മലയാള സിനിമയിലെ വില്ലന്‍ മമ്മൂട്ടിയാണെന്നും പറഞ്ഞ തിലകന്‍ ഇന്നലെ പറഞ്ഞത്: മമ്മൂട്ടി മധ്യസ്ഥനാവുകയാണെങ്കില്‍ മാത്രം അമ്മയുമായി ചര്‍ച്ച നടത്താമെന്നാണ്. ചുരുക്കത്തില്‍, ഈ വിവാദം ഇതുവരെ ഫോളോ ചെയ്തവര്‍ക്ക് ഒറ്റ കാര്യത്തിലേ സംശയം തോന്നു- ഭ്രാന്ത് ആര്‍ക്കാണ് എന്നതില്‍.

മമ്മൂട്ടിയുണ്ടെങ്കില്‍ മാത്രം ചര്‍ച്ച എന്ന തിലകന്റെ നിലപാടും മമ്മൂട്ടിയുടെ മേല്‍ ഉണ്ടായിട്ടുണ്ടാകാവുന്ന സംഘടനയുടെ സമ്മര്‍ദ്ദവും ഇന്നലെ സ്റ്റാറായ മമ്മൂട്ടിയെ തന്റെ ഹീറോയിസം ബലികൊടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. ‘അമ്മ ഇനി പരസ്യപ്രസ്താവനയ്ക്കില്ല, ഈ വിവാദം ഇവിടെ അവസാനിക്കുന്നു’ എന്നൊക്കെ പറഞ്ഞ മമ്മൂട്ടി ഏറ്റവുമൊടുവില്‍ പറഞ്ഞതു കൂടി കേള്‍ക്കുക: അമ്മ ആവശ്യപ്പെട്ടാല്‍ പോലും തിലകന്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ല. ഈ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ താനിക്കാവില്ല; അതിനു താന്‍ തയ്യാറുമല്ല. സംഘടനയാണ് തനിക്കു പ്രധാനം. സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുമാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളു. തന്നെയും അമ്മയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് ഇതെങ്കില്‍ തനിക്ക് അതു മനസിലാക്കാനുള്ള ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

എല്ലാം മമ്മൂട്ടിയുടെ തന്ത്രമാണ് എന്നു ചിലര്‍ വിശ്വസിക്കുമ്പോള്‍ മാറ്റാരുടെയോ തന്ത്രത്തെ മമ്മൂട്ടി ഭയപ്പെടുന്നു. ആരാണ് എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആ തന്ത്രശാലി ? മോഹന്‍ലാലോ തിലകനോ അതോ ഇന്നസെന്റോ ? അമ്മയുടെ അനുമതിയോടെയല്ല പ്രശ്നം അവസാനിച്ചതായി മമ്മൂട്ടി പ്രഖ്യാപിച്ചതെന്നും മമ്മൂട്ടിയുടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ‘സുകുമാര്‍ അഴീക്കോട്’ മഹാനാണ് എന്ന അര്‍ത്ഥത്തില്‍ പരാമര്‍ശിച്ചതും അഴീക്കോട് പറഞ്ഞത് ശരിയായില്ല എന്നു പറയാനാണെങ്കിലും മോഹന്‍ലാല്‍ സഹോദരനെ വഞ്ചിച്ചു എന്ന വിവാദപരാമര്‍ശം വശദാംശങ്ങളോടെ ആവര്‍ത്തിക്കുകയും അതിനു മറ്റൊരു വിശദീകരണം നല്‍കുകയും ചെയ്തു എന്നതും സംഘടനയിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി എന്നാണ് സൂചന. ഇതോടൊപ്പം തിലകന്റെ പ്രസ്താവന കൂടിയായപ്പോള്‍ സംഘടനയുടെ അതൃപ്തിക്കു പാത്രമാവാതിരിക്കുന്നതിനു വേണ്ടി മമ്മൂട്ടി നിലപാട് വ്യക്തമാക്കുകയായിരുന്നത്രേ.

ഈ വിവാദം കൊണ്ട് നഷ്ടം മലയാള സിനിമയ്ക്കും താരങ്ങള്‍ക്കുമാണെങ്കില്‍ കാര്യമായ ലാഭം ഉണ്ടായിരിക്കുന്നത് സുകുമാര്‍ അഴീക്കോടിനു തന്നെയാണ്. പലരും പറഞ്ഞപോലെ കുറച്ചു കാലമായി മാധ്യമശ്രദ്ധയ്ക്കു പുറത്തു നിന്ന അഴീക്കോട് സൂപ്പര്‍ ഹിറ്റ് സിനിമയോടെ തിരിച്ചെത്തുന്ന നായകനെപ്പോലെ പിന്നെയും സജീവമായി. പോരെങ്കില്‍ മേക്കപ്പിനെയും വിഗ്ഗിനെയും ചീത്ത വിളിച്ച അഴീക്കോട് മിക്കവാറും വിഗ്ഗ് വച്ച് മേക്കപ്പിച്ച് വല്ലവനും എഴുതുന്ന ഡയലോഗ് പറയാനും സാധ്യതയുണ്ട്. അഴീക്കോടിനെ നായകനാക്കി സിനിമയെടുക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ അമ്പിളി.

വീണപൂവ്, ഗാനമേള, സമുദായം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത അമ്പിളിയെ അധികമാളുകള്‍ അറിയില്ലെങ്കിലും മാക്ട പ്രശ്നം കൊടുമ്പിരി കൊണ്ട സമയത്ത് വിനയനോടൊപ്പം പത്രസമ്മേളനങ്ങളില്‍ പങ്കെടുത്ത അമ്പിളിയെ മറക്കാറായിട്ടില്ല. ‘അമ്പിളിയും കുമ്പിളിയുമൊന്നുമല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്’ എന്ന ശ്രീനിവാസന്റെ വിവാദ പ്രസ്താവനയോടെ അമ്പിളി കയറിയങ്ങ് സ്റ്റാറാവുകയും ചെയ്തു. അഴീക്കോട് അഭിനയിക്കുമോ ഇല്ലയോ എന്നത് പ്രേക്ഷകരുടെ വിധി പോലെയിരിക്കും. അഴീക്കോട് അഭിനയിച്ചു കഴിഞ്ഞാല്‍ അത് മലയാള സിനിമയുടെ ഗതിമാറ്റുമെന്നതില്‍ സംശയമില്ല. പിന്നെ, അഴീക്കോട് പറയുന്ന അഭിപ്രായങ്ങളൊന്നും സിനിമയുമായി ബന്ധമില്ലാത്തവന്റെ അഭിപ്രായങ്ങളായിരിക്കില്ല എന്നതില്‍ സംശയമില്ല. മോഹന്‍ലാലും ഇന്നസെന്റും അഴീക്കോടും മമ്മൂട്ടിയുമൊക്കെ പങ്കെടുക്കുന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് എങ്ങനെയായിരിക്കും എന്നത് കൌതുകകരമാണ്.

എന്തായാലും, കെട്ടടങ്ങി എന്നു കരുതിയ പ്രശ്നം ഇവിടെയെങ്ങും അവസാനിക്കില്ല. തിരക്കഥയിലെ തന്റെ വേഷം പൂര്‍ത്തിയാക്കി അലമ്പിനെ അതിന്റെ മൂര്‍ധന്യത്തിലെത്തിച്ചിട്ട് അഴീക്കോട് അടുത്ത കേന്ദ്രത്തിലേക്ക് പോയി. സ്വന്തം കൂട്ടിലെ കാഷ്ഠം എന്ന പോലെ പലരെയും വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു. എല്ലാം കോംപ്ളിമെന്റ്സ് ആക്കുമ്പോഴും ഇനിയും കോംപ്ളിമെന്റ്സ് ആവാത്ത പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. തിലകന്റെ കാര്യത്തില്‍ അമ്മ ഇന്ന് ഒരു തീരുമാനമെടുക്കും. എന്നാല്‍ അച്ചടക്ക സമിതി മുമ്പാകെ ഹാജരാകില്ലെന്നാണ് തിലകന്‍ ഏറ്റവുമൊടുവില്‍ പറഞ്ഞിരിക്കുന്നത്. അമ്മയുടെ പ്രതിനിധിയായി മമ്മൂട്ടി എത്തിയാല്‍ ചര്‍ച്ചക്ക് തയാറാണെന്നാണ് തിലകന്റെ നിലപാട്. അതിനു മറുപടിയായിട്ടാവണം തന്നെയും അമ്മയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് ഇതെങ്കില്‍ തനിക്ക് അതു മനസിലാക്കാനുള്ള ബുദ്ധിയുണ്ടെന്നു മമ്മൂട്ടി പറഞ്ഞത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ളില്‍ തിരുവനന്തപുരത്തുളള ഒാഫീസിലെത്തി അച്ചടക്കസമിതിമുമ്പാകെ വിശദീകരണം നല്‍കണമെന്നാണ് അമ്മ തിലകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ പുറത്താക്കും. സംഘടനയില്‍ നില്‍ക്കണമെങ്കില്‍ ഇതുവരെ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണം. അമ്മയോടും അംഗങ്ങളോടും ക്ഷമ ചോദിക്കണം. അമ്മയുടെ അന്ത്യശാസനത്തിന് വഴങ്ങില്ലെന്നാണ് തിലകന്റെ നിലപാട്. അച്ചടക്കസമിതി മറ്റൊരു കെണിയാണെന്ന് തിലകന്‍ ആരോപിച്ചിരുന്നു.

അതേ സമയം ഹോളിവുഡിലേക്കു പോകാനുള്ള പദ്ധതി തിലകന്‍ തല്‍ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. ഡാം നയന്‍ നയന്‍ എന്ന സിനിമയില്‍ നിന്ന് പിന്മാറി എന്നാണ് തിലകന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അമ്മയുടെ വിലക്കോടെ (അമ്മ തിലകനെ വിലക്കിയിട്ടില്ല, അതു വേറെ കാര്യം) തിലകനെ തങ്ങളുടെ ഹോളിവുഡ് പടത്തില്‍ അഭിനയിപ്പിക്കില്ലെന്നും അഭിനയിക്കണമെന്നുണ്ടെങ്കില്‍ ഒന്നാം തീയതിക്കുള്ളില്‍ പ്രശ്നമെല്ലാം തീര്‍ത്ത് തിലകന്‍ നല്ല കുട്ടിയായി വരണമെന്നുമാണ് ഹോളിവുഡ് പടത്തിന്റെ മലയാളിയായ സംവിധായകന്‍ കൊച്ചിയില്‍ പറഞ്ഞത്. എന്തായാലും ഒന്നും ഒന്നുമായിട്ടില്ല എന്നത് ഓര്‍ത്തുകൊണ്ട് ഇന്ത്യാവിഷനിലെ നികേഷ് കുമാറിന്റെ ഭാഷയില്‍ ‘സംഭവബഹുലമായ ഒരു വാര്‍ത്താദിവസത്തിനായി’ ഉദ്വേഗപൂര്‍വം നമുക്ക് കാത്തിരിക്കാം.