എം.വി.നികേഷ് കുമാറിനോട് പത്തു ചോദ്യങ്ങള്‍

ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌സൈറ്റില്‍ ശ്രീ. എം.വി.നികേഷ് കുമാര്‍ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. വാര്‍ത്ത അവതരിപ്പിക്കുന്ന അതേ ശൈലിയില്‍ അബദ്ധങ്ങളും വിവരക്കേടുകളും വളരെ ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെ ഞാനഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും തല്‍സമയ വാര്‍ത്താപരിപാടികളിലൂടെ പരസ്യവിചാരണ നടത്താറുള്ള നികേഷ് ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഉടുക്കുകൊട്ടി പേടിപ്പിക്കലായി ചിത്രീകരിക്കുന്നത് ഖേദകരമാണ്.

ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്നുറപ്പുള്ള തുകയ്ക്ക് സര്‍വീസ് ടാക്‌സ് ഈടാക്കരുതെന്നും അതിന്‍മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കിയത് തന്റെ ചാനലിനോടുള്ള ക്രൂരതയാണെന്നും നികേഷ് പറയുന്നു. പരസ്യത്തിന്റെ കാശ് പിരിച്ചെടുക്കാന്‍ കഴിയാത്തത് ചാനലിന്റെ പരാജയമാണ്. അതിന്റെ ഭാരം ഏറ്റെടുക്കേണ്ടത് സര്‍ക്കാരും ജനങ്ങളുമല്ല. മിസ്മാനേജ്‌ന്റെിനെ ബുദ്ധിജീവിനാട്യങ്ങള്‍ കൊണ്ടു മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് പഴയ നമ്പരാണ്. നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ലേഖനത്തില്‍ നിന്നും എനിക്കു തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്. സ്വന്തമായി ചാനലൊന്നും ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ ബ്ലോഗിലൂടെ ചോദിക്കുന്നത്.

1. പരസ്യക്കാര്‍ തരാനുള്ള ആറു കോടി രൂപ പിരിഞ്ഞു കിട്ടാതെ ഒന്നരക്കോടി രൂപ നികുതി അടയ്ക്കാന്‍ നിവൃത്തിയില്ല എന്നു കോടതിയില്‍ വാദിച്ച താങ്കള്‍, മാര്‍ച്ച് 23ന് സ്റ്റുഡിയോയിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് എല്ലാ ഡിസ്പ്യൂട്ടും മാറ്റിവച്ച് മുഴുവന്‍ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്നു ചോദിച്ചതായി പറയുന്നു. ആറുകോടി കിട്ടിയാലേ നികുതി അടയ്ക്കാന്‍ കഴിയൂ എന്ന വാദം അവിടെ പൊളിയുകയല്ലേ മിസ്റ്റര്‍ നികേഷ് ? കയ്യില്‍ പണമില്ലെങ്കില്‍ എങ്ങനെ അപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കുമായിരുന്നു ?

2. സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നു പറയുന്നു. കമ്മിഷണര്‍ ശ്രീ.നികേഷിനെ കാണണം എന്നാവശ്യപ്പെട്ടതുപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരായിരുന്നില്ല ആ ഉദ്യോഗസ്ഥര്‍ എന്നാണ് മനസ്സിലാവുന്നത്. താങ്കള്‍ക്ക് സമന്‍സുമായി വന്നവരോട് എന്നെ കമ്മിഷണറുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന താങ്കളുടെ ആവശ്യം അവര്‍ അനുസരിച്ചില്ല എന്നത് അവര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരാണ് എന്നതിനു തെളിവല്ലേ മിസ്റ്റര്‍ നികേഷ് ? അവരെ അഭിനന്ദിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത് ?

3. താങ്കള്‍ ആവശ്യപ്പെട്ടതു പ്രകാരം കമ്മിഷണറുടെ ഓഫിസിലെത്തിച്ചില്ല എന്നു മനസ്സിലായപ്പോള്‍ മുന്‍ കമ്മിഷണറായ ഡോ.രാഘവനോട് സഹായമഭ്യര്‍ഥിച്ചു എന്നു താങ്കള്‍ പറയുന്നു. താന്‍ നിസ്സഹായനാണെന്നു പറഞ്ഞ രാഘവന്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ നികേഷിനു ലഭിക്കും എന്നും പറഞ്ഞു. നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സഹായമഭ്യര്‍ഥിക്കുന്നത് ശരിയാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു വാര്‍ത്ത കൊടുക്കുന്ന താങ്കള്‍ അതിനു തന്നെയല്ലേ അപ്പോള്‍ ശ്രമിച്ചത് ?

4. ഡോ.രഘവന്‍ കൈവിട്ടതോടെ ‘തുടര്‍ന്നു ഞാന്‍ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളെയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനെക്കാള്‍ ഭേദം ജയിലാണല്ലോ…’- എന്നെഴുതിയിരിക്കുന്നത് വായിച്ചു. എന്താണ് താങ്കള്‍ അതുകൊണ്ടുദ്ദേശിച്ചത് എന്നു വ്യക്തമായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളും സംസ്ഥാനം ഭരിക്കുന്ന നേതാക്കളും താങ്കള്‍ക്കു സഹായം ചെയ്യാന്‍ മാത്രം യോഗ്യതയുള്ളവരല്ല എന്നാണോ ? അതോ അവരും താങ്കളുടെ കാര്യത്തില്‍ നിഷ്പക്ഷത പുലര്‍ത്തുമോ എന്ന ഭീതിയായിരുന്നോ ? എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചാനല്‍ മുതലാളിയെക്കാള്‍ ആയിരം മടങ്ങു മുകളിലാണ് എന്നതു മനസിലാക്കുമല്ലോ ?

5. താങ്കളെ അറസ്റ്റ് ചെയ്ത വാര്‍ത്ത നവമാധ്യമങ്ങളില്‍ വന്നു തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ അക്കൗണ്ടിലേക്ക് സ്വമേധയാ പണം അയച്ചുകൊണ്ടിരുന്നു എന്നതാണ് ലേഖനത്തില്‍ എന്നെ കരയിച്ചുകളഞ്ഞ ഭാഗം. ശ്രീ.നികേഷ് കുമാറിനെ അറിയുന്നവര്‍ കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കോടി 20 ലക്ഷം രൂപ താങ്കളുടെ അക്കൗണ്ടിലെത്തിച്ചു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. സ്വര്‍ണം ഊരിക്കൊണ്ടുപോയി പണയം വച്ച് കാശാക്കിയെടുക്കാനൊക്കെ കുറച്ചു സമയം വേണ്ടെ ? അതിനും പുറമേ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കിലും കുറച്ചു സമയം ആവശ്യമാണ്. അതിനും പുറമേ, എങ്ങനെ ഇത്രയധികം ആളുകളുടെ പക്കല്‍ താങ്കളുടെ അക്കൗണ്ട് നമ്പര്‍ എത്തിപ്പെട്ടു ? മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ ?

6. തുടര്‍ന്നങ്ങോട്ട് ലേഖനത്തിലുടനീളം താങ്കള്‍ താങ്കളുടെ തന്നെ മാഹാത്മ്യം വര്‍ണിക്കുകയാണ്. വായിച്ചപ്പോള്‍ പാവം തോന്നി. താങ്കള്‍ സ്വന്തമായി ചാനല്‍ തുടങ്ങിയത് ഈ നാട്ടില്‍ ഒരു സ്വതന്ത്രമാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടായിരുന്നു എന്നതും എന്നെ ഞെട്ടിച്ചു. ഏഷ്യാനെറ്റില്‍ നിന്നും പുറത്തുചാടി ഇന്ത്യാവിഷന്‍ ഉണ്ടാക്കിയപ്പോഴും അങ്ങ് അതു തന്നെയല്ലേ ചെയ്തത് ? ഇന്ത്യാവിഷന്‍ മുങ്ങിത്തുടങ്ങിയ സമയത്തല്ലേ അങ്ങ് റിപ്പോര്‍ട്ടര്‍ ഉണ്ടാക്കിയത് ? അപ്പോള്‍ ഇന്ത്യാവിഷന്‍ കുത്തക ചാനലായി മാറിക്കഴിഞ്ഞിരുന്നോ ? എങ്കില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യാവിഷന്‍ പ്രവര്‍ത്തിക്കാത്തത് ?

7. താങ്കള്‍ താങ്കളെ തന്നെ വാഴ്ത്തുന്ന ഭാഗത്ത് താങ്കള്‍ ‘തുടക്കമിട്ടത് വാഴപ്പിണ്ടി എടുത്തു കളഞ്ഞ് പകരം നട്ടെല്ലു വച്ച മാധ്യമപ്രവര്‍ത്തനം’ ആണെന്നു വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം അറിയാത്ത ഏതോ ന്യൂജന്‍ ട്രെയിനിയെപ്പോലെ താങ്കള്‍ എന്തോ പുലമ്പുന്നു എന്നാണ് തോന്നിയത്. താങ്കളെപ്പോലെ ഒച്ചയും ബഹളും അലമ്പും ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളെക്കാള്‍ ആത്മാര്‍ഥമായി, താങ്കളെക്കാള്‍ നീതിക്കു വേണ്ടിയുള്ള ദാഹത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തിയ ആയിരക്കണക്കിനാളുകള്‍ ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന നാടാണ് കേരളം. അവിടെ താങ്കള്‍ക്കൊപ്പമല്ലാത്ത എല്ലാവരുടെയും നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന വിശ്വാസം ചപലമാണ്. നാര്‍സിസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചുറ്റുപാടും നോക്കിയാല്‍ താങ്കള്‍ക്ക് അവരെ കാണാന്‍ സാധിക്കും.

8. താങ്കളെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് താങ്കള്‍ നീതി കിട്ടിയില്ല, കരുണ കാട്ടിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇതിനെക്കാള്‍ ചെറിയ കുറ്റങ്ങള്‍ക്ക് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അത് ബ്രേക്കിങ് ന്യൂസ് ആക്കുന്നയാളല്ലേ താങ്കള്‍ ? ചെറിയ ആരോപണങ്ങളുടെ പേരില്‍ ആളുകളെ സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാലാംകിട ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിക്കുമ്പോള്‍ നീതി, കരുണ തുടങ്ങിയ വാക്കുകള്‍ താങ്കളുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നോ ?

9. മൊത്തത്തില്‍ താങ്കളുടെ ലേഖനത്തില്‍ നിന്നും താങ്കളും താങ്കളുടെ ചാനലും എന്തോ വിശുദ്ധ കര്‍മമാണ് ചെയ്യുന്നതെന്നും അതിനാല്‍ മറ്റു ചാനലുകളെ കാണുന്നതുപോലെ കാണാന്‍ പാടില്ലെന്നും ഒരു സൂചനയുള്ളതുപോലെ തോന്നി. തീര്‍ച്ചയായും അങ്ങനെയായിരിക്കാം. എന്നാല്‍, റിമോട്ടെടുത്ത് ചാനലുകള്‍ മാറ്റുന്ന സാധാരണക്കാരെ സംബന്ധിച്ച് അത്തരം മാറ്റങ്ങള്‍ ഫീല്‍ ചെയ്യുകയില്ല. സമത്വവും സ്വാതന്ത്ര്യവും പുലര്‍ന്നുകാണാനാഗ്രഹിച്ച ധീരന്‍മാരായ മാധ്യമപ്രവര്‍ത്തകരുടെ പാത പിന്‍തുടരുന്ന താങ്കള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ ?

10. താങ്കള്‍ക്കു നട്ടെല്ലുണ്ടെന്നു കരുതി ബാക്കി എല്ലാവരും അത് മാറ്റി വാഴപ്പിണ്ടി വയ്ക്കണം എന്നില്ലല്ലോ അല്ലേ  ?  ഉണ്ടോ ? ഇല്ലേ ? ഉവ്വോ ?

ഉമ്മന്‍ ചാണ്ടി ഷെയര്‍ ചെയ്യുന്നത്

ഉമ്മന്‍ ചാണ്ടി അത്യുന്നതനായ നേതാവാണെന്നും സരിത നായര്‍ വെറുമൊരു തട്ടിപ്പുകാരി ആണെന്നും കേരളത്തിലെ നല്ലൊരു ശതമാനം ആളുകളും വിശ്വസിക്കുന്നു. ആ ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കുന്നതും വിശ്വസിക്കുന്നതും അപ്രകാരം പ്രചരിപ്പിക്കുന്നതും വലിയ ക്രൂരതയാണെന്നാണ് പല കോണ്‍ഗ്രസുകാരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ പിടിച്ചു നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും സരിതയുടെ സാരിത്തുമ്പേയുള്ളൂ എന്നത് അത്യുന്നതന്‍ തന്നെ തുറന്നു കാണിക്കുമ്പോള്‍ ഏഴാംകൂലികളായ നമ്മളൊക്കെ എത്ര നിസ്സാരന്‍മാര്‍.

തിരഞ്ഞെടുപ്പു കാലത്ത് സജീവപ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതിനു വേണ്ടി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച വെബ്‌സൈറ്റ് ആണ് ഉമ്മന്‍ചാണ്ടി ഡോട്ട് നെറ്റ്. അതില്‍ അദ്ദേഹം തനിക്ക് അനുകൂലമായ പല പല വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍, യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നിങ്ങന വിവിധ വിഭാഗങ്ങളിലായി പലതരം വാര്‍ത്തകളും വിഭവങ്ങളും സമ്പല്‍സമൃദ്ധമായ വെബ്‌സൈറ്റിലുണ്ട്. അതോടൊപ്പമുള്ള ഒന്നാണ് കുമാരി സരിത നായരുടെ അഭിമുഖത്തിന്റെ ശകലം.

ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന സരിതയുടെ ആരോപണം ഇന്ത്യാ ടുഡേ അഭിമുഖത്തിലും മാധ്യമത്തിലും വന്നതാണ് ഉമ്മന്‍ ചാണ്ടി തന്റെ വെബ്‌സൈറ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അത് അദ്ദേഹം ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പ്രസ്താവനകളോടൊപ്പം സരിത എസ് നായരുടെ ആരോപണവും തുല്യപ്രധാന്യത്തോടെ ഷെയര്‍ ചെയ്യാന്‍ ആര്‍ജ്ജവം കാണിച്ച ഉമ്മന്‍ ചാണ്ടി അഭിനന്ദനമര്‍ഹിക്കുന്നു. സരിതയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നൊക്കെ പറഞ്ഞ് ഇത്രയും കാലം ഉരുണ്ടുകളിച്ചത് എന്തിനായിരുന്നു എന്നാണ് മനസ്സിലാവാത്തത്.

സരിത നായരെ നാട്ടുകാര്‍ക്കു വലിയ വിശ്വാസമൊന്നുമില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് തികഞ്ഞ വിശ്വാസമാണ് എന്നതിന്റെ തെളിവാണ് സ്വന്തം വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്കിലും അദ്ദേഹം സരിതയുടെ അഭിമുഖത്തില്‍ നിന്നുള്ള ഭാഗം ഷെയര്‍ ചെയ്തിരിക്കുന്നത്. വെറുമൊരു ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സരിതയെപ്പോലുള്ള ഒരു സ്ത്രീക്ക്് (സംരംഭക) സിപിഎം പോലുള്ളൊരു പാര്‍ട്ടി 10 കോടി രൂപ ഓഫര്‍ ചെയ്തു എന്നത് വളരെ വിലയേറിയ ഒരു ആരോപണമാണ്. ഉമ്മന്‍ ചാണ്ടി അത് പലവട്ടം ഷെയര്‍ ചെയ്യുമ്പോള്‍ സരിതയുടെ ആരോപണത്തിന്റെ അടിയില്‍ മുഖ്യമന്ത്രി അറ്റസ്റ്റ് ചെയ്യുന്ന ഒരു ഇഫക്ട് ആണ്. മുഖ്യമന്ത്രിയെ മാത്രമല്ല കുമാരി സരിതയെയും മലയാളികള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ എജി കോടതിയില്‍ നടത്തിയ പെര്‍ഫോമന്‍സ് സരിതയെ ഇനി ഒരു തരത്തിലും വേദനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല എന്ന സൂചനയാണ് നല്‍കുന്നത്. സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെടാത്ത വിഎസിന് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നാണ് സര്‍ക്കാര്‍ എജി കോടതിയില്‍ വാദിച്ചത്.

ഇതെല്ലാം കൂട്ടിവച്ചു വായിക്കുമ്പോള്‍ സാധാരണക്കാരന് കാര്യങ്ങള്‍ ഏറെക്കുറെ പിടികിട്ടുന്നുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ 10 കോടി രൂപ ഓഫര്‍ ചെയ്തിട്ടും സത്യം, നീതി, ധര്‍മം എന്നിവയില്‍ വ്യതിചലിക്കാതെ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്ന സരിത തീര്‍ച്ചയായും മഹത്വമുള്ളവളാണ്. ആ സരിതയ്‌ക്കെതിരെ, സരിതയുടെ സംരംഭങ്ങള്‍ക്കെതിരെ ഒരാക്ഷേപവും ഉന്നയിക്കാന്‍ ആരെയും അനുവദിക്കരുത്. ഉമ്മന്‍ ചാണ്ടിയെ എനിക്കു വിശ്വാസമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞാല്‍ സരിതയെയും വിശ്വസിക്കാം.

ഗജരാജപിതൃരാജചുംബനരാജ

ഇത് ഈ പാര്‍ട്ടിയിലെ ഒരാചാരമാണ്. ഇറ്റലിയിലും മറ്റും ആളുകള്‍ പരസ്പരം കാണുമ്പോള്‍ തുരുതുരാ ചുംബിക്കുന്നതും ലിപ്‌ലോക്ക് അടിക്കുന്നതും സിനിമകളിലും ടിവി സീരിയലുകളിലും എന്തിന് ഹാര്‍ഡ്‌കോര്‍ ന്യൂസ് ബുൂള്ളറ്റിനുകളില്‍ വരെ കാണാം. ചുബനം വളരെ ഉന്നതമായ ഒരു സ്‌നേഹപ്രകടനോപാധിയാണ്. നഗ്മയെ കണ്ടാല്‍ ആര്‍ക്കായാലും സ്‌നേഹം തോന്നും. ആ സ്‌നേഹം ഉള്ളിലടക്കിവച്ച് വീര്‍പ്പുമുട്ടി മരിക്കുന്നതിനെക്കാള്‍ നല്ലത് പരസ്യമായെങ്കില്‍ അങ്ങനെ ആ കവിളില്‍ ഒരു ചുംബനം നല്‍കി അതിന്റെ പേരില്‍ രക്ഷസാക്ഷിയാകുന്നതാണ് എന്നു ഗജരാജ് ശര്‍മ എംഎല്‍എ വിചാരിച്ചിരുന്നിരിക്കാം. ഇന്നലെ അദ്ദേഹം അതു സാധിച്ചു. എത്രയോ ദിവസങ്ങള്‍ കൂടി അദ്ദേഹം ഇന്നലെ സമാധാനമായി ഉറങ്ങിക്കാണും. പാവം !

ഉമ്മ വച്ചു കഴിഞ്ഞ് വീട്ടില്‍ച്ചെന്ന ഗജരാജ് ശര്‍മയെ ഭാര്യ പെട്രോളൊഴിച്ചു കത്തിച്ചില്ല എന്നത് ഇന്ത്യയുടെ സാംസ്‌കാരികപുരോഗതിയുടെ ലക്ഷണമാണ് എന്നു പറയാം. അസ്സമില്‍ വച്ചു രാഹുല്‍ ഗാന്ധിയെ ചുംബിച്ചു സ്വീകരിച്ച പെണ്‍കുട്ടിയുടെ സ്ഥിതി അതായിരുന്നു. രാഹുലിനെ പെണ്‍കുട്ടികള്‍ ഉമ്മ വച്ചപ്പോള്‍ അതിസുന്ദരനായ പയ്യനെ വായില്‍നോക്കികളായ പെണ്ണുങ്ങള്‍ കൊതിമൂത്ത് ഉമ്മ വച്ചതാണെന്നും അത് അസ്സമിലെ ആചാരണാണ് എന്നും വ്യത്യസ്തമായ തിയറികളുണ്ടായിരുന്നു. സീനിയര്‍ നേതാവ് നഗ്മയെ ഉമ്മ വച്ചപ്പോള്‍ നഗ്മ പണ്ട് സിനിമയില്‍ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവളല്ലേ പിന്നെയിപ്പോള്‍ പിതൃസഹജമായ ആ ചുംബനം ഇഷ്ടപ്പെടാതിരിക്കുന്നത് മര്യാദയാണോ എന്നുമൊക്കെയാണ് പൊതുവേയുള്ള അഭിപ്രായം. ചുംബനത്തില്‍ പ്രതിഷേധിച്ച് എംഎല്‍എയ്‌ക്കെതിരെ നഗ്മ ബലാല്‍സംഗക്കേസ് കൊടുക്കുമെന്ന പ്രതീക്ഷയിലാണ് പാവം പത്രക്കാര്‍.

നഗ്മയ്ക്ക് അതില്‍ പരാതിയൊന്നുമില്ലാത്തതിനാല്‍ ചുംബനം വലിയ വിവാദമൊന്നുമാകാന്‍ പോകുന്നില്ല. അഥവാ പരാതി ഉണ്ടായാലും അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍… ഒന്നൊച്ച വച്ചിരുന്നെങ്കില്‍ താനുണര്‍ന്നേനെ എന്നു പരിതപിച്ചോ പിതൃസഹജമായ വാല്‍സല്യത്തോടെ നല്‍കിയ ചുംബനത്തെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഈ സമൂഹം എങ്ങോട്ടാണു പോകുന്നതെന്ന് ആശങ്കപ്പെട്ടോ ഗജരാജ് അങ്കിളിന് ഊരാവുന്നതേയുള്ളൂ. അല്ലെങ്കിലും തലമൂത്ത നേതാക്കള്‍ക്കാണോ ഇത്തരം കേസുകളില്‍ നിന്ന് ഊരാന്‍ പാട്.

ഈ തിരഞ്ഞെടുപ്പു കാലത്തെ ഏറ്റവും ശ്രദ്ധേയമായ വിഡിയോകളില്‍ ഒന്നായി മാറാന്‍ പോകുന്ന ഈ ചുംബന വിഡിയോ ഇതാണ്.

നഗ്മയുടെ അനുമതിയില്ലാതെയാണ് എംഎല്‍എ ചുംബിച്ചത് എന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നത് എംഎല്‍എയുടെ കൈ വലിച്ചെറിഞ്ഞ ശേഷം ഏറെക്കുറെ രോഷാകുലയായി നഗ്മ ജീപ്പില്‍ ചാടിക്കയറുന്ന സീന്‍ ആണ്. രേഖാമൂലമുള്ള പരാതിയല്ലാതെ ശരീരഭാഷയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഇന്ത്യയില്‍ വകുപ്പില്ലാത്തതിനാല്‍ എംഎല്‍എയ്ക്ക് ഭീഷണികളൊന്നുമില്ല. കോണ്ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന നഗ്മ ഈ വീട്ടില്‍പ്പോയി ഡെറ്റോള്‍ ഒഴിച്ചു മുഖം കഴുകുകയോ മറ്റോ ചെയ്‌തേക്കാം എന്നല്ലാതെ ഈ തിരഞ്ഞെടുപ്പുകാലത്ത് ഗജരാജന്റെ പിതൃരാജചുംബനത്തിനെതിരായി ക-മാന്നു രണ്ടക്ഷരം മിണ്ടാന്‍ സാധ്യതയില്ല.

സ്ത്രീകളുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്ന രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു സന്ദേശങ്ങളിലൊന്നായി ഇതിനെ വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. രാജ്യമൊട്ടാകെ നീചന്‍മാര്‍ സ്ത്രീകളെ പിച്ചിച്ചീന്തുമ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ സ്വന്തം മകളെ എന്നതു പോലെ ചുംബിച്ച് പ്രചരിപ്പിക്കുന്നു. എഹാ എത്ര മനോഹരം. ഇത്തരം പിതൃസഹജമായ ചുംബനങ്ങളും തലോടലുകളും ഞെക്കലുകളുമൊക്കെ രാജ്യവ്യാപകമായി നടപ്പാക്കുന്നത് ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനു പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടിയും കെ.മുരളീധരനെ സുധീരനുമൊക്കെ ചുംബിക്കട്ടെ. ചുംബനം ഒരു സംസ്‌കാരമായി മാറട്ടെ. ചുംബനത്തിലൂടെ അങ്ങനെ ഒരു രാഷ്ട്രീയം പകര്‍ച്ചവ്യാധി പോലെ പടരട്ടെ.

കൊടുത്താല്‍ കൊല്ലത്തും:-

നഗ്മയെ ഗജരാജ് എംഎല്‍എ ചുംബിച്ചതുകൊണ്ട് മനസമാധാനം നഷ്ടപ്പെടുന്നത് കൊല്ലത്ത് ഒരാള്‍ക്കാണ്. നഗ്മ പ്രതിഷേധിച്ചാലും ഇല്ലെങ്കിലും, ജില്ലാ കളക്ടറോട് പേഴ്‌സനലായിട്ടു പറഞ്ഞാലും ഇല്ലെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ അതിന്റെ അവസാനം പീതാംബരക്കുറുപ്പിന്റെയും ശ്വേതാ മേനോന്റെയും കാര്യം ഒന്നു പറഞ്ഞുപോയാല്‍ മതി വൃത്തികെട്ട ജനം അതെല്ലാം വീണ്ടുമോര്‍ക്കാന്‍. കുറുപ്പേട്ടന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല എന്നതുകൊണ്ട് കുറച്ചു സമാധാനിക്കാം. എന്നാലും, ലോകത്ത് എവിടെ ആരു സിനിമാനടിയെ പബ്ലിക്കായി പിടിച്ചാലും മീഡിയ അപ്പോള്‍ ഇത് ഓര്‍മിക്കുമെന്നത് വലിയൊരു ഭീഷണി തന്നെയാണ്.

വിഎസ് എന്ന ചതിയന്‍

മാതൃകാദമ്പതികള്‍ തമ്മില്‍ സൗന്ദര്യപ്പിണക്കമുണ്ടാകുമ്പോള്‍ അത് സോള്‍വ് ചെയ്യുന്നതിനായി സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് നാട്ടുകാരുടെ ഒരു ഹോബിയാണ്. ഈ ദമ്പതികളുടെ വീട്ടില്‍ കയറി നിരങ്ങി, പ്രശ്‌നം സോള്‍വ് ചെയ്യാനെന്ന മട്ടില്‍ ദാമ്പത്യജീവിതത്തിന്റെ വിശദാംശങ്ങള്‍ വരെ ചികഞ്ഞെടുത്ത് നാട്ടില്‍ പാട്ടാക്കുകയും ഇവരുടെ സൗന്ദര്യപ്പിണക്കത്തെ ഡൈവോഴ്‌സിന്റെ വക്കോളമെത്തിക്കുകയും ചെയ്യുന്നതാണ് ഈ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ശൈലി. ഒടുവില്‍ പരസ്പരം തെറിവിളിച്ചു പിരിയുന്നതിനു പകരം സന്നദ്ധപ്രവര്‍ത്തകരുടെ മാധ്യസ്ഥമില്ലാതെ തന്നെ ദമ്പതികള്‍ വീട്ടിനുള്ളില്‍ പ്രശ്‌നം സോള്‍വ് ചെയ്യുകയും സന്തോഷത്തോടെ ഒരുമിച്ചു പോകാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ ഉണ്ടാകുന്ന ഞെട്ടലും അമ്പരപ്പും രോഷവും പ്രതിഷേധവുമാണ് ഇപ്പോള്‍ വിഎസ് അച്യുതാനന്ദന്റെ നിലപാടു മാറ്റത്തില്‍ കേരളത്തിലെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ നേതാക്കന്‍മാരും രാഷ്ട്രീയനിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വിഎസിന്റെ നിലപാടുമാറ്റം സമകാലികരാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണെന്ന മട്ടിലാണ് പലരും പ്രതികരിക്കുന്നത്. വിഎസ് ആരെയൊക്കെയോ ചതിച്ചു എന്നും വിഎസിനു ഇവിടുത്തെ ജനങ്ങള്‍ മറുപടി നല്‍കും എന്നുമൊക്കെയാണ് പ്രതികരണത്തൊഴിലാളികളുടെ പ്രഖ്യാപനങ്ങള്‍. വിഎസ് അച്യുതാനന്ദന്‍ സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേരുകയോ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേരുകയോ ഇന്നലെ വരെയുണ്ടായിരുന്ന രാഷ്ട്രീയം തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. നാളിന്നു വരെ സിപിഎമ്മുകാരനായി ജീവിച്ച വിഎസിന്റെ രാഷ്ട്രീയത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള പരസ്യനിലപാടുകള്‍ ഉപേക്ഷിച്ച് പാര്‍ട്ടിയുമായി ചര്‍ന്നു നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ചതിയെന്നും വഞ്ചനയെന്നും വിശേഷിപ്പിക്കുന്ന പ്രബുദ്ധരാഷ്ട്രീയമീമാംസകര്‍ കുടിലബുദ്ധിക്കാരായ അട്ടകളാണ് എന്നു മനസ്സിലാക്കാന്‍ പൊളിറ്റിക്‌സ് എംഎയും ജേണലിസം ഡിപ്ലോമയും ആവശ്യമില്ല.

സീറ്റ് കിട്ടുന്നതും കസേര കിട്ടുന്നതുമനുസരിച്ച് നൂറുവട്ടം പാര്‍ട്ടി മാറുകയും മുന്നണി മാറുകയും സ്വന്തം രാഷ്ട്രീയത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുള്ള നിലവാരമില്ലാത്ത നാലാംകിട രാഷ്ട്രീയക്കാരും അവരുടെ അനുയായികളും, ഏറെനളായുള്ള അസ്വാരസ്യങ്ങള്‍ മറന്ന് പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച വിഎസിനെ ചതിയനെന്നും കാലുവാരിയെന്നും വിശേഷിപ്പിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. വിഎസിനെ ആരാണ് ഏറ്റവുമധികം മുതലെടുത്തിട്ടുള്ളത് എന്നതറിയണമെങ്കില്‍ വിഎസിന്റെ നിലപാടുമാറ്റത്തില്‍ പ്രതിഷേധിക്കുന്ന നേതാക്കന്‍മാര്‍ ആരൊക്കെയാണെന്നു നോക്കിയാല്‍ മതി.

സിപിഎമ്മിന്റെ ഔദ്യോഗികപക്ഷത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുമ്പോള്‍ വിഎസ് മഹാനായ നേതാവും ഔദ്യോഗികപക്ഷത്തോടൊപ്പം നില്‍ക്കുമ്പോള്‍ വിഎസ് ചതിയനായ രാഷ്ട്രീയപ്രവര്‍ത്തകനായും ചിത്രീകരിക്കുന്നസമൂഹം ഷക്കീല എ പടത്തിലഭിനയിക്കുമ്പോള്‍ കയ്യടിക്കുകയും അവാര്‍ഡ് പടത്തിലഭിനയിക്കുമ്പോള്‍ കൂവുകയും ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തമല്ല. വിഎസ് സിപിഎം നേതൃത്വത്തിനെതിരെ നില്‍ക്കുന്നതാണ് ഞങ്ങള്‍ക്കു ഹരം എന്നു തുറന്നുപറയാതെ രാഷ്ട്രീയത്തിലെ വിശുദ്ധിയെപ്പറ്റിയും ധാര്‍മിതകയെപ്പറ്റിയുമൊക്കെ വര്‍ണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സത്യത്തില്‍ യഥാര്‍ഥതട്ടിപ്പ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിഎസ് എടുത്ത നിലപാടുകള്‍ ഉദ്ധരിച്ചാണ് പലരും വിഎസിനെ വിമര്‍ശിക്കുന്നത്. ടിപിയുടെ മരണത്തിന്റെ ഉത്തരവാദി വിഎസാണ് എന്നുവരെയാണ് പ്രതികരണങ്ങള്‍. ടിപിയെ കൊന്നതു നന്നായെന്നോ പാര്‍ട്ടിക്ക് അതുമായി പങ്കില്ലെന്നോ വിഎസ് പറഞ്ഞിട്ടില്ല. ആര്‍എംപി കോണ്‍ഗ്രസിന്റെ വാലായി മാറി എന്ന നിരീക്ഷണം ടിപിയെ ഏതെങ്കിലും തരത്തില്‍ അധിക്ഷേപിക്കുന്നതാണെന്നു തോന്നുന്നില്ല. സിപിഎം അന്വേഷണ കമ്മിഷന്‍ ഒരു പാര്‍ട്ടി അംഗത്തെ ടിവി വധത്തില്‍ കുറ്റക്കാരനായി കണ്ടെത്തി പുറത്താക്കിയത് വിഎസിന്റെ വിജയമാണ് എന്നതില്‍ തര്‍ക്കമില്ല. പൊലീസിന്റെ കയ്യില്‍ പോലും വേണ്ടത്ര തെളിവുകളില്ലാതിരിക്കെ വിചാരണ കഴിഞ്ഞു ശിക്ഷയും വിധിച്ച കേസില്‍ പിണറായി വിജയനെ ജയിലിലിടാന്‍ വേണ്ടി വിഎസ് പോരാടണമായിരുന്നു എന്നു പറയുന്നത് സിപിഎമ്മിനെയും വിഎസിനെയും ഒരുപോലെ നശിപ്പിക്കാമെന്നു വ്യാമോഹിക്കുന്നവരാണ്.

സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ വിഎസ് തീരുമാനിച്ചത് അടുത്ത കാലത്ത് കേരള രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏറ്റവും പോസിറ്റീവായ തീരുമാനമാണ്. വിഎസിനെ ഉള്‍ക്കൊള്ളാന്‍ മാത്രം പാര്‍ട്ടിയും പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ വിഎസും വളര്‍ന്നു എന്നതില്‍ ലജ്ജാകരമായി ഒന്നുമില്ല. ഈ മാറ്റം കൊണ്ടു ഗുണമുണ്ടാകുന്നത് പാര്‍ട്ടിക്കും വിഎസിനും സിപിഎമ്മിനെ ഇപ്പോഴും സ്‌നേഹിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കുമാണ്. ഒരു വാര്‍ത്തയുമില്ലെങ്കില്‍ വിഎസിനെ വച്ചൊരു കീറുകീറാം എന്നു വിചാരിച്ചിരുന്ന ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും രാഷ്ട്രീയനിരീക്ഷകര്‍ക്കും മാത്രമാണ് ഒരു നഷ്ടം സംഭവിച്ചിരിക്കുന്നത്. അത് ഒരിക്കലും കേരളസമൂഹത്തിന്റെ നഷ്ടമല്ല.

കുറിപ്പ്:

ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടാത്തതാണ് നമ്മുടെ ദുഖം.
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുത ഉണ്ടെന്നു കേള്‍ക്കാനാണ് നമുക്കിഷ്ടം.
മോദിയും അ്ഡ്വാനിയും തെരുവില്‍ കിടന്ന് അടികൂടുന്ന ഒരു ദിനം വരുമെന്നു നമ്മള്‍ പ്രതീക്ഷിക്കുന്നു.
നമ്മുടേതൊഴികെ ബാക്കിയെല്ലാവരുടെയും വീട്ടിലെ സംഘര്‍ഷങ്ങള്‍ നമുക്ക് ഒരാവേശമാണ്.
ബികോസ് വി ഓള്‍ ആര്‍ ബ്ലഡി ഫക്കിങ് മല്ലൂസ്…. തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.

മാധ്യമസ്വാതന്ത്ര്യത്തിന് ഒരു ഹഗ്ഗ്

എറണാകുളം സിജെഎം കോടതിക്കും പാലാരിവട്ടം പൊലീസിനും എന്റെയൊരു ആലിംഗനം. പത്രസ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വലിയ മൂല്യമുള്ളതെന്നു പ്രചരിപ്പിക്കുന്ന സംഗതികള്‍ നോക്കിയും കണ്ടും ഉപയോഗിക്കണമെന്നും വാര്‍ത്തകള്‍ കൊടുക്കുമ്പോഴും അഭിപ്രായങ്ങള്‍ പറയുമ്പോഴും ഒന്നാം കക്ഷിയുടെയും രണ്ടാം കക്ഷിയുടെയും കുലം, ജാതി, സമുദായം തുടങ്ങിയവയും വിലയിരുത്തുകയും അതനുസരിച്ച് നിലപാടുകള്‍ എടുക്കുകയും വേണമെന്നും എത്രയോ കാലമായി പലരും പറഞ്ഞിട്ടും ഇവറ്റകള്‍ മൈന്‍ഡ് ചെയ്യുന്നേയില്ല. ഇതോടെ ആ പാഠം കുബുദ്ധികളായ മാധ്യമപ്രവര്‍ത്തകര്‍ക്കു മനസ്സിലാകുമെന്നു പ്രതീക്ഷിക്കുന്നു.

കേരളത്തിന്റെ അമ്മയായ, സര്‍വ്വേശ്വരി പരിശുദ്ധ മാതാ അമൃതാനന്ദമയീ ദേവിക്കെതിരെ കല്ലുവച്ച നുണകള്‍ എഴുതി പ്രസിദ്ധീകരിച്ച വിദേശ ചാരവനിത ഗെയില്‍ ട്രെഡ്‌വെല്ലിനെതിരെയും ആ ചാരവനിതയുടെ പുസ്തകത്തെപ്പറ്റി വാര്‍ത്തകള്‍ കൊടുത്ത ഇന്ത്യാവിഷന്‍, മീഡിയവണ്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകള്‍ക്കും മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങള്‍ക്കുമെതിരെയും കേസെടുക്കുന്നതിലൂടെ ജനാധിപത്യത്തെയും അഭിപ്രായസ്വതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും മഹത്വവല്‍ക്കരിച്ചിരിക്കുകയാണ്. കേസെടുത്തതുകൊണ്ടു മാത്രം പ്രശ്‌നം തീരുന്നില്ല. ഈ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും അവരുടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം കൂടി പിടിച്ചെടുത്ത് അമ്മയുടെ മഠത്തിന്റെ ഭാഗമാക്കുകയും വേണം എന്നാണ് യഥാര്‍ഥ സെക്യുലറിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്.

സോഷ്യലിസ്റ്റ് സെക്യുലറിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ മതവികാരം വ്രണപ്പെടുത്തുന്നത് വളരെ നീചമായ പ്രവൃത്തിയാണ്. കോടതിയുടെ ഈ ഇടപെടല്‍ മതവികാരത്തിന് ഒരു ബാന്‍ഡേജായിത്തീരുമെന്നതില്‍ സംശയമില്ല. നിയമം അതിന്റെ വഴിക്കു പോകുമെന്ന യുഡിഎഫ് പഴഞ്ചൊല്ലിന്റെ ഭാഗമാണ് കോടതി നടപടി എങ്കിലും എന്റെ പറമ്പില്‍ തൂറണ്ട, നിന്റെ പറമ്പില്‍ തൂറിക്കോ എന്ന പഴയ സെക്യുലര്‍ ഭക്തിഗാനത്തിന്റെ പൂര്‍ത്തീകരണം കൂടിയാണിതെന്നു നിസ്സംശയം ചൂണ്ടിക്കാണിക്കാം.

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിച്ചതിനു ശേഷം ഇവിടുത്തെ മാധ്യമങ്ങള്‍ ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത കൊടുക്കുന്നത് ഒരിക്കലും നീതികരിക്കാനാവുന്നതല്ല. അപ്പോള്‍ അമേരിക്കയില്‍പ്പോയി അഭിമുഖം നടത്തിയ ജോണ്‍ ബ്രിട്ടാസിനും കൈരളിക്കുമെതിരെ കേസില്ലാത്തത് എന്തുകൊണ്ട് എന്നു പലരും സംശയിക്കും. കമ്യൂണിസ്റ്റുകാര്‍ ദൈവം ഇല്ലെന്നു വാദിക്കുന്നവരായതുകൊണ്ടും അമേരിക്കയില്‍ വച്ചു നടത്തിയ അഭിമുഖം ആയതുകൊണ്ട് അതിനു നയതന്ത്ര പരിരക്ഷ ലഭിക്കുമെന്നതുകൊണ്ടുമാണ് അതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ സാഹചര്യത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധത്തെപ്പറ്റിയും അതില്‍ സിപിഎമ്മിന്റെ പങ്കിനെപ്പറ്റിയും വാര്‍ത്ത നല്‍കിയ ദേശാഭിമാനിയും കൈരളിയും ഒഴികെയുള്ള മാധ്യമങ്ങള്‍ക്കെതിരെയും ഉടനെ കേസെടുക്കുമെന്നു പ്രതീക്ഷിക്കാം. രാഷ്ട്രീയവികാരം വ്രണപ്പെടുത്തി എന്ന കുറ്റത്തിന് പാര്‍ട്ടിക്ക് പരാതിയുമായി കോടതിയെ സമീപിക്കാന്‍ ന്യായമുണ്ട്. സൂര്യനെല്ലി, പറവൂര്‍, വിതുര പീഡനക്കേസുകള്‍ ഈ സാഹചര്യത്തില്‍ പുനപരിശോധിക്കുകയും ഇരകള്‍ അന്യസമുദായത്തില്‍പ്പെട്ട പ്രബലരായ ആളുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ ഇരകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യാവുന്നതേയുള്ളൂ.

അനേകം ആളുകള്‍ ബഹുമാനിക്കുന്ന ആരാധിക്കുന്ന അബ്ദുല്ലക്കുട്ടിക്കതിരെ ആരോപണമുന്നയിക്കുകയും പരാതി കൊടുക്കുകയും ചെയ്ത സരിത നായര്‍ അതിനാല്‍ത്തന്നെ മതവികാരം വ്രണപ്പെടുത്തിയിരിക്കുകയാണ്. പാലാരിവട്ടം പൊലീസിന് കണ്ണുമടച്ച് സരിതക്കെതിരെ കേസെടുക്കാം. സമൂഹത്തില്‍ നിന്നും ജാതിമത-ഭിന്നതകള്‍ നീക്കുന്നതോടൊപ്പം സമത്വസുന്ദരമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ ഈ നടപടികള്‍ക്കാവട്ടെ എന്നു പ്രത്യാശിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു സെക്യൂലര്‍ ഭരണകൂടം നിലവില്‍ വരുന്നതോടെ ഈ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

വാട്ട്‌സ് ആപ്പ് ഇനി ഫെയ്‌സ്ബുക്കിന്

വി.എസ്.അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതുപോലെ ഒരു നീക്കമായിരുന്നു അത്. ടെക് ലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ ഏകദേശം ഒന്നരലക്ഷം കോടി രൂപയ്ക്ക് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് മെസ്സേജിങ് സര്‍വീസ് ആയ വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കി. 100 കോടിയിലേറെ ഉപയോക്താക്കളുള്ള ഇരു സേവനങ്ങളും ഒരു കുടക്കീഴിലാകുന്നതോടെ ഇന്ത്യയുടെ ജനസംഖ്യയെക്കാള്‍ വലിയ സമൂഹമാണ് ഈ ആപ്ലിക്കേഷനുകളില്‍ ഒരുമിക്കുന്നത്.

72000 കോടി രൂപയ്ക്ക് ഗൂഗിള്‍ 2012ല്‍ മോട്ടറോള മൊബിലിറ്റിയെ ഏറ്റെടുത്തതായിരുന്നു ഇതുവരെ ഏറ്റവും വലിയ ഏറ്റെടുക്കല്‍. പിന്നീട് 47000 കോടി രൂപയ്ക്ക് മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്തു. അതിലൊക്കെ ഹാര്‍ഡ്‌വെയര്‍ മികവും പേറ്റന്റുകളുടെ കരുത്തും ഉണ്ടായിരുന്നെങ്കില്‍ ഫെയ്‌സ്ബുക്ക്- വാട്ട്‌സ് ആപ്പ് സംബന്ധത്തില്‍ ആപ്ലിക്കേഷനുകളുടെ ജനപ്രീതിയും സേവനങ്ങളുടെ ലാളിത്യവും മാത്രമേയുള്ളൂ. ചുരുക്കി പറഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത് വാട്ട്‌സ് ആപ്പിലെ നൂറുകോടിയിലധികം വരുന്ന ഉപയോക്താക്കളെ ആണ്, നമ്മളെ ഒക്കെയാണ്. നമ്മള്‍ ഓള്‍റെഡി ഫെയ്‌സ്ബുക്കിനു സ്വന്തമാണല്ലോ.

മൊബൈല്‍ പരസ്യവരുമാനത്തില്‍ വലിയ മുന്നേറ്റം നടത്തുന്ന ഫെയ്‌സ്ബുക്ക് വാട്ട്‌സ് ആപ്പിനെ വെറുതെ വിടുമെന്നു പ്രതീക്ഷിച്ചു കൂടാ. വൈ ഡോണ്‍ഡ് വി സെല്‍ ആഡ്‌സ് എന്ന ലിങ്ക് ദൂരെക്കളഞ്ഞ് മധുരമനോഹരമായ പരസ്യങ്ങള്‍ വാട്ട്‌സ് ആപ്പിലും പ്രത്യക്ഷപ്പെട്ടേക്കാം. വാട്ട്‌സ് ആപ്പ് ഫെയ്‌സ്ബുക്കില്‍ തിരുകിക്കയറ്റി അലമ്പുണ്ടാക്കില്ല എന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. വാട്ട്‌സ് ആപ്പ് സ്വതന്ത്ര സേവനമായി തന്നെ നിലനിര്‍ത്തും.

ഫെയ്‌സ്ബുക്ക് വാട്ട്‌സ് ആപ്പിനെ ഏറ്റെടുത്തതില്‍ അദ്ഭുതപ്പെടാനൊന്നുമില്ലെങ്കിലും ഏറ്റെടുത്ത തുക ഞെട്ടിക്കുന്നതാണ്. അതില്‍ തന്നെ 70000 കോടി ഫെയ്‌സ്ബുക്ക് സ്റ്റോക്കായും 24000 കോടി രൂപ റെഡി ക്യാഷായും ബാക്കി തുക വാട്ട്‌സ് ആപ്പിന്റെ മുതലാളിമാരായും തൊഴിലാളിമാരായുമുള്ള 55 പേര്‍ക്കു നാലു വര്‍ഷത്തിനുള്ളില്‍ നിയന്ത്രിത സ്റ്റോക്ക് ആയും നല്‍കും. വാട്ട്‌സ് ആപ്പ് സ്ഥാപകര്‍ ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാകുമ്പോള്‍ ജീവനക്കാര്‍ ഇനി ഫെയ്‌സ്ബുക്ക് ജീവനക്കാരാകും.

വൃന്ദ കാരാട്ടിന് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നു പണ്ടൊരു സിപിഎം (കേരള) നേതാവ് പറഞ്ഞത് വൃന്ദ കാരാട്ടിന്റെ കാര്യത്തില്‍ ശരിയാണെന്നു വേണം മനസ്സിലാക്കാന്‍. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനയച്ച കത്തിനെപ്പറ്റി ചോദിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറോട് നീയാരാടാ ഇതൊക്കെ ചോദിക്കാന്‍ എന്നു ചോദിച്ചു കൊണ്ട് കൈയ്യേറ്റം ചെയ്ത ആരാധ്യനായ എംഎല്‍എ സഖാവ് സി.കൃഷ്ണനെ പാര്‍ട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും മാധ്യമസിന്‍ഡിക്കറ്റിന്റെ ഭാഗമായ ആ ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ടു സംസാരിക്കുകയും ചെയ്ത വൃന്ദ കാരാട്ട് കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തോട് ചെയ്തത് വലിയ ക്രൂരതയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈ മാധ്യമപ്രവര്‍ത്തകന്റെ തോളിലല്ല, കവിളിലാണ് പതിക്കേണ്ടത്. പാര്‍ട്ടിക്കെതിരെ എന്തൊക്കെ നുണകളാണ് രണ്ടു വര്‍ഷമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എഴുതി വിടുന്നത്. ദേശാഭിമാനി എന്ന നിഷ്പക്ഷ പത്രവും കൈരളി പീപ്പിള്‍ എന്ന നിഷ്പക്ഷ ചാനലും മാത്രമാണ് കേരളത്തിലെ രാഷ്ട്രീയസംഭവികാസങ്ങള്‍ വെള്ളം ചേര്‍ക്കാതെ, പക്ഷം പിടിക്കാതെ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഒരു നേതാവിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിക്കുന്ന റിപ്പോര്‍ട്ടറെ ശിക്ഷിക്കുന്നതില്‍ നിന്നും എംഎല്‍എയെ തടഞ്ഞ വൃന്ദ കാരാട്ട് വലിയ ചതി തന്നെയാണ് ചെയ്തത്.

പത്രപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചു പോകാന്‍ തക്കവിധത്തില്‍ ഒരുത്തനെ ശരിപ്പെടുത്തിയെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് വൃന്ദ കാരാട്ട് നടത്തുന്ന ഇടപടെല്‍ ഈ വിഡിയോയില്‍ കാണാം. സി.ഐ.ടി.യു സംഘടിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ സംഗമം ആണ് പരിപാടി. വൃന്ദ കാരാട്ട് ഉദ്ഘാടകയാണ്. സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനും. അവിടെയാണ് മാധ്യമ സിന്‍ഡിക്കറ്റ് അമേരിക്കന്‍ ചാരനെ കയ്യിലൊരു മൈക്കും കൊടുത്തു പറഞ്ഞു വിട്ടത്.

അല്ലെങ്കിലും ഈ പത്രക്കാര്‍ സിപിഎം നേതാക്കളോട് ചോദിക്കരുതാത്ത ചോദ്യങ്ങള്‍ മാത്രമേ ചോദിക്കൂ. ടി.പി.ചന്ദ്രശേഖരന്‍, കെ.കെ.രമ, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെപ്പറ്റി ചോദിച്ചാല്‍ അടിയാണ് മറുപടി കൊടുക്കേണ്ടതെന്ന് ആര്‍ക്കാണറിയാത്തത്. ഇവരെല്ലാം കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമായ ആളുകളാണ്. വെറും 12 വെട്ടു മാത്രം കൊണ്ടു മരിച്ച ടിപി ചന്ദ്രശേഖരനും അതിനു ശേഷം തലയ്ക്കു സുഖമില്ലാതായ കെ.കെ.രമയും ഏജ് ഓവറായപ്പോള്‍ കയ്യക്ഷരം നന്നാക്കാന്‍ വേണ്ടി വെറുതെ കത്തുകളയക്കുന്ന വിഎസും പാര്‍ട്ടിയോട് ചെയ്ത ക്രൂരതകള്‍ എന്തൊക്കെയാണെന്ന് വൃന്ദ കാരാട്ട് മറന്നാലും മറ്റുള്ളവര്‍ മറക്കില്ല.

കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ നിയമപാലകന്റെ മെക്കിട്ടുകയറിയ സംഭവത്തില്‍ രോഷം കൊണ്ട സിപിഎം അനുഭാവികള്‍ തീര്‍ച്ചയായും ഈ സംഭവത്തിലും രോഷം കൊള്ളേണ്ടതാണ്. എന്നാല്‍, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബുദ്ധിജീവി ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ അവര്‍ക്കു ഭീതിയുണ്ടെങ്കില്‍ വേണ്ട. പോരെങ്കില്‍, എല്ലാവരും സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി പങ്കെടുക്കുന്നവരുമല്ലല്ലോ.

ഗുണപാഠം– അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങി പല സ്വാതന്ത്ര്യങ്ങളും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നുണ്ടാവാം. അതൊന്നും വിപ്ലവ പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കന്‍മാരുടെയും നേര്‍ക്കല്ല ഉപയോഗിക്കേണ്ടത്. കേട്ടോടാ പട്ടികളെ !!!

ദശാബ്ദത്തിന്റെ പ്രണയം

നഷ്ടപ്രണയത്തെക്കുറിച്ചുള്ള ക്ലാസിക് കവിതകള്‍ ചമയ്ക്കുന്ന കാല്‍പനിക കവികളും പ്രണയിനിക്കു വേണ്ടി വിലപിടിച്ച സ്മാരകങ്ങള്‍ തീര്‍ക്കുന്ന മഹാരഥന്‍മാരും വയനാടുകാരന്‍ ജോണ്‍സന്റെ പ്രണയജീവിതത്തിനു മുന്നില്‍ നിഷ്പ്രഭരാണ്. സ്‌നേഹിച്ച പെണ്ണിനു വേണ്ടി കിരീടവും ചെങ്കോലും ഉപേക്ഷിച്ചു ചരിത്രത്തില്‍ ഇടം നേടിയ പോങ്ങന്‍മാരെക്കാള്‍ സ്‌നേഹിച്ച പെണ്ണിനു വേണ്ടി, സ്വര്‍ഗീയ പ്രണയത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ജോണ്‍സണ്‍ ചരിത്രത്തിന് ഒരു വിസ്മയമായിരിക്കും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഒരായിരം പ്രണയങ്ങള്‍ പൂവണിഞ്ഞിട്ടുണ്ടെങ്കിലും ജോണ്‍സന്റെയും ലിനറ്റിന്റെയും പതിറ്റാണ്ടിന്റെ പ്രണയമാണ്.

വസ്തുതകള്‍ മാത്രം നോക്കിയാല്‍ ജോണ്‍സന്റെയും ലിനറ്റിന്റെയും ഒരു അറേഞ്ച്ഡ് മാര്യേജ് ആണ്. എന്നാല്‍ വിവാഹനിശ്ചയത്തിനും വിവാഹത്തിനുമിടയിലെ 10 വര്‍ഷങ്ങള്‍ ജോണ്‍സണ്‍ എന്ന കാമുകന്റെ പ്രണയതീവ്രത ഒരു ദശാബ്ദം കൊണ്ട് അളന്നെടുത്തത് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങള്‍ കൊണ്ടാണ്. ആ അപൂര്‍വ പ്രണയകഥ ഇങ്ങനെ.

2004 ജനുവരി രണ്ടിനാണ് വയനാട് പനമരത്ത് ബസപകടമുണ്ടായി 11 പേര്‍ മരിച്ചത്. അപകടത്തില്‍ 40 പേര്‍ക്കു പരുക്കേറ്റിരുന്നു. അവരിലൊരാളായിരുന്നു ദ്വാരക ഐടിസിയിലെ അവസാന വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ലിനറ്റ് മേരി. ലിനറ്റിന്റെ പരുക്ക് പക്ഷെ, അത്ര നിസ്സാരമായിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റ ലിനറ്റിന് അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു. ആ യാത്രയും ദുരന്തവും ലിനറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ജീവിതത്തിന്റെ തന്നെ അവസാനമായിരുന്നു. കാരണം, അപകടത്തിന് അഞ്ചു ദിവസം മുന്‍പ് 2003 ഡിസംബര്‍ 28ന് തലപ്പുഴ എന്‍ജിനീയറിങ് കോളജിലെ അധ്യാപകനായിരുന്ന അമ്പലമൂട്ടില്‍ സ്റ്റീഫന്റെ മകന്‍ ജോണ്‍സണുമായുള്ള ലിനറ്റിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇരുവര്‍ക്കും ഇഷ്ടപ്പെട്ടതിനാല്‍ ജോണ്‍സണ്‍ പെണ്ണു കാണാന്‍ വന്ന അന്നു തന്നെ വിവാഹനിശ്ചയം നടത്തുകയായിരുന്നു. ആ വിവരം കൂട്ടുകാരെ അറിയിക്കുന്നതിനു വേണ്ടി കോളജിലേക്കു പോകുമ്പോഴാണ് ലിനറ്റ് സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത്.

ചോക്ലേറ്റ് നായകന്‍മാരുടെ മുഖത്തു കണ്ടിട്ടുള്ള ഭാവഭേദങ്ങളില്ലാതെ ജോണ്‍സണ്‍ തളര്‍ന്നു കിടക്കുന്ന ലിനറ്റിനെ തേടി ആശുപത്രിയിലെത്തിയപ്പോള്‍ അത് ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. വിവാഹം എന്ന ചടങ്ങിനെക്കാള്‍ മഹത്തരമായി ഈശ്വരന്‍ ഇരുവരെയും ഒരുമിപ്പിച്ചു എന്നു പറയാം. അന്നു മുതല്‍ ലിനറ്റിന്റെ ബൈ സ്റ്റാന്‍ഡര്‍ ആയി ജോണ്‍സണ്‍ കൂടെക്കൂടി. പ്രായോഗിക ബുദ്ധിയുള്ള ന്ധുക്കളും സുഹൃത്തുക്കളും ജോണ്‍സനെ ഉപദേശിച്ചു നേരെയാക്കാന്‍ ശ്രമിച്ചു. ജോണ്‍സണ്‍ നന്നായില്ല. ആശുപത്രിക്കിടക്കയില്‍ നിന്നു ലിനറ്റ് പോലും ജോണ്‍സണെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ആ ചെറുപ്പക്കാരന്‍ കേട്ടില്ല.

ആശുപത്രികളും വീല്‍ചെയറുകളും മാറി മാറി അവരുടെ കാത്തിരിപ്പു നീണ്ടു. എന്നെങ്കിലും ഒരിക്കല്‍ ലിനറ്റ് എഴുന്നേറ്റു നടക്കുമെന്ന് എല്ലാവരും പ്രാര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു. ജോണ്‍സന്റെ കാത്തിരിപ്പ്, പക്ഷെ ലിനറ്റിനെ സ്വന്തമാക്കുന്നതിനു വേണ്ടിയായിരുന്നു. സ്‌നേഹിച്ച പെണ്ണിനെ പൂര്‍ണ ആരോഗ്യത്തോടെയേ സ്വന്തമാക്കൂ എന്നൊരു നിബന്ധന ജോണ്‍സന് ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടു തന്നെ പത്തു വര്‍ഷത്തെ കാത്തിരിപ്പിന് ആശുപത്രിയുടെയും മരുന്നുകളുടെയും മടുപ്പിക്കുന്ന മണമായിരുന്നില്ല. ലില്ലിപ്പൂക്കളുടെ വെണ്‍മയുള്ള സ്വപ്‌നങ്ങളുടെയും നിഷ്‌കളങ്കമായ പ്രതീക്ഷകളുടെയും സുഗന്ധമായിരുന്നു.

ഇന്നലെ പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളിയിലെ അള്‍ത്താരയ്ക്ക് മുന്നിലേക്ക് പ്രതിശ്രുത വധുവിനെ വീല്‍ചെയറിലിരുത്തി കൊണ്ടുവന്ന ജോണ്‍സന്റെ കണ്ണുകളിലെ തിളക്കവും പ്രതീക്ഷയും മുഖത്തെ മറയ്ക്കനാവാത്ത സന്തോഷവും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിരലിലെണ്ണാവുന്ന പ്രിയപ്പെട്ടവരില്‍ പലരുടെയും കണ്ണു നനയിച്ചു. ദൈവത്തെ സാക്ഷിയാക്കി ലിനറ്റിനെ സ്വന്തമാക്കുമ്പോള്‍ ജോണ്‍സന്റെ പ്രണയത്തിനെന്നതു പോലെ ലിനറ്റിന്റെ ജീവിതാവസ്ഥകള്‍ക്കും മാറ്റമില്ല. ജോണ്‍സണും ലിനറ്റും ഭാഗ്യമുള്ളവരാണ്, അനുഗ്രഹിക്കപ്പെട്ടവരാണ്. ഈ ഭൂമിയിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളായ സന്തോഷവും സമാധാനവും നിറഞ്ഞ പ്രണയസുരഭിലമായ ഒരു ജീവിതം ഇരുവര്‍ക്കും ഉണ്ടാകട്ടെ എന്നു ഹൃദയപൂര്‍വം പ്രാര്‍ഥിക്കുന്നു.

മീഡിയ പേഴ്‌സണ്‍ ഫ്രം ഇന്ത്യ

നമസ്‌കാരം പ്രധാനവാര്‍ത്തകള്‍… അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഭാര്യ വീട്ടിലെ പട്ടിയെ കൂട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി… ഹോട്ട് ഡോഗിന്റെ മൃതശരീരം ഇപ്പോള്‍ ഒബാമയുടെ ഭാര്യവീട്ടില്‍ തന്നെയുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്.. പട്ടിയുടെ മരണം കൊലപാതകമാണ് എന്നും അതില്‍ ഒബാമയ്ക്ക് പങ്കുണ്ട് എന്നുമാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും മനസ്സിലാവുന്നത്… ഈ ഞെട്ടിക്കുന്ന വാര്‍ത്ത ലോകത്താദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് കോപ്പില്‍ ചാനലാണ് എന്ന വിവരവും ഞാനോര്‍മിപ്പിക്കുകയാണ്… ഒബാമയുടെ സാമ്രാജ്യത്വനയങ്ങളില്‍ പ്രതിഷേധിച്ച് പട്ടി ആത്മഹത്യ ചെയ്തതാണോ അതോ ചൈന ഉള്‍പ്പെടെയുള്ള ജനകീയ ഭരണകൂടങ്ങള്‍ക്കെതിരായ നിലപാടുകളെ എതിര്‍ത്തതിന് ഒബാമ പട്ടിയെ തല്ലിക്കൊന്നതാണോ എന്നതാണ് അറിയേണ്ടത്… കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അമേരിക്കയില്‍ നിന്നും ഇട്ടിച്ചന്‍ പ്ലാമൂട്ടില്‍ ചേരുന്നു… ഇട്ടിച്ചന്‍.. വാട്ടീസ് ദി റീസണ്‍ ഓഫ് ദി ഡെഡ് ഓഫ് ദി ഡോഗ് ഓഫ് ദി മര്‍ഡര്‍ ?

ആ… ഒബാമയുടെ ഭാര്യവീടിനടുത്താണ് ഞാന്‍ താമസിക്കുന്നത്… ഇന്നു രാവിലെ അവിടെ നിന്നു വലിയ പട്ടികുര കേട്ടിരുന്നു.. അപ്പോള്‍ തന്നെ എന്തോ പന്തികേടുണ്ടെന്ന് എനിക്കു തോന്നിയിരുന്നു… വൈകുന്നേരമായപ്പോള്‍ പട്ടിയുടെ അനക്കം കേള്‍ക്കാനില്ല…ഇതില്‍ നിന്നും പട്ടി കൊല ചെയ്യപ്പെട്ടു എന്നാണ് മനസ്സിലാകുന്നത്…

എത്ര തവണയാണ് രാവിലെ പട്ടി കുരച്ചത് ?

കൃത്യമായി പറഞ്ഞാല്‍ 51 തവണ…

പട്ടി 51 തവണ കുരച്ചിട്ടില്ല… കുരച്ചത് വെറും 12 തവണ മാത്രമാണ് എന്നൊരു വിവരമുണ്ട് മിസ്റ്റര്‍ ഇട്ടിച്ചന്‍… എന്തായാലും… പട്ടിയുടെ മരണം ഒബാമയുടെ പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കുമോ ?

അതു വളരെ സങ്കീര്‍ണമായ ഒരു ചോദ്യമാണ്… ഈ വാര്‍ത്ത തന്നെ ലോകത്ത് ഇപ്പോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്… നമ്മുടെ കോപ്പില്‍ ചാനലാണ്… അതില്‍ നിന്നും മറ്റുള്ള ലോകമാധ്യമങ്ങളെല്ലാം സംഘടിതമായി ഇത് മുക്കുകയാണ് എന്നു വേണം മനസ്സിലാക്കാന്‍…

ഇട്ടിച്ചന്‍ പറഞ്ഞത് വളരെ ശരിയാണ്… ലോകത്തെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത് കോപ്പില്‍ ചാനല്‍ മാത്രമാണ്… ഇട്ടിച്ചന്‍… ഒബാമ അവിടെയുണ്ടോ ? ഒബാമയുടെ ഒരു ബൈറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടോ ?

ഒബാമ ഒളിവില്‍ പോയിരിക്കാനാണ് സാധ്യത… പിന്നെ ആ വീട്ടില്‍ വേറെയും പട്ടികളുണ്ട്… അനുവാദമി്ല്ലാതെ ഗേറ്റ് കടന്നാല്‍ അവറ്റകളുടെ ബൈറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്…

പട്ടിയുടെ മരണത്തെ തുടര്‍ന്ന് ഒബാമ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം… പക്ഷെ, കോപ്പില്‍ ചാനല്‍ ഒബാമയെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല…നമ്മള്‍ നേരേ വൈറ്റ് ഹൗസിലേക്കു വിളിക്കാന്‍ പോവുകയാണ്… അവിടെ ഒബാമയെ ലൈനില്‍ കിട്ടാതിരിക്കില്ല… നമ്പര്‍ ഡയല്‍ ചെയ്യുകയാണ്….റിങ് ചെയ്യുന്നുണ്ട്…

ഹലോ..

ഹലോ.. അഭി ഹം… ആ.. ആം… വൈറ്റ് ഹൗസ് ഹേ ? ഹം.. ഹോ-ഹും ??്

ഹലോ ??

ജീ…. അമേരിക്കാ ഹേ ? വൈറ്റ് ഹൗസ് ഹേ ? ഹോ ? ഹും.. ??

യ.. ദി പ്രസിഡന്റ്‌സ് ഓഫിസ് ഹിയര്‍…

ജീ….. ഒബാമ ജി ഹേ ഉതര്‍ ?

ക്യാന്‍ യു സ്പീക്ക് ഇംഗ്ലിഷ് ?

ജീ… ഹിന്ദി ഹമാരാ രാഷ്ട്ഭാഷാ ഹേ.. ജി.. ഹം ആപ്‌കേ ഹോ കോന്‍…

ഐ സേ… ഇംഗ്ലിഷ്… ഡു യു നോ ഇംഗ്ലിഷ് ?

ജീ… ഐസേ… വഹാം… ഒബാമ ജി ഹേ ഉതര്‍ ?

ഐ ഡോണ്ട് അണ്ടര്‍സ്റ്റാന്‍ഡ് യു..

ക്യാന്‍ ഐ ടോക് ടു ബരാക് ഒബാമ ??

വാട്ട് ?????

ക്യാന്‍ ഐ ടോക് ടു ബരാക് ഒബാമ ??

ഹു… ആര്‍… യൂ ??????

ഐയാം ഫൈന്‍…. ഐയാം ഫൈന്‍….

ഐ നെവര്‍ ആസ്‌ക്ഡ് ഹൗ ആര്‍ യു… ഐ ആസ്‌ക്… ഹു… ആര്‍… യൂ ?

ഐയാം എ മീഡിയ പേഴ്‌സന്‍ ഫ്രം ഇന്ത്യ !!!!!!!

സേ ദാറ്റ് എഗെയ്ന്‍…

ഐയാം എ മീഡിയ പേഴ്‌സന്‍ ഫ്രം ഇന്ത്യ !!!!!!!

വാട്ട് ഡു യു വാണ്ട് ?

ജീ…. ക്യാ ഹം ഒബാമ ജി സേ … ബാത് കര്‍ സക്താ ഹേ ? ഹോ, ഹും ?

ഐ ഡോണ്ട് അണ്ടര്‍സ്റ്റാന്‍ഡ്…

ഹം.. ഒബാമ ജി കേ ഏക് ഫ്രണ്ട് ഹേ…

വാട്ട് ?

മീഡിയ പേഴ്‌സന്‍ ഭി ഹേ.. ഹോ.. ഹും..

ആ ഡോണ്ട് ഗെറ്റ് യൂ…

ക്യാന്‍ ഐ ടോക് ടു ബരാക് ഒബാമ ??

വാട്ട് ഈസ് യുവര്‍ പ്രോബ്ലം ?

അയാം എ ഫ്രണ്ട് ഓഫ് ഒബാമ ജി.. ഓള്‍സോ എ മീഡിയ പേഴ്‌സന്‍ ഫ്രം ഇന്ത്യ..

വാട്ട് മീഡിയ ?

കോപ്പില്‍ ടിവി… വി ബ്രേക്കിങ് ന്യൂസ് ഫ്രീക്ക്.. എക്‌സ്‌ക്ലൂസീവ്… ഫസ്റ്റ് ഇന്‍ കേരള..

വാട്ട് നോണ്‍സെന്‍സ് ആര്‍ യു ടോക്കിങ്..

ഹം ടോക്യോ നഹി ചല്‍ത്തേ ഹേ.. ഹും.. ഹോ.. … ഹം ഒബാമ ജി സേ ബാത് കര്‍ണാ ഹേ… സരൂരി ഹേ… ഹോ.. ഹും…

വാട്ട് ?

ഐയാം എ മീഡിയ പേഴ്‌സന്‍ ഫ്രം ഇന്ത്യ !!!!!!!

സോറി…

അയാം ഓള്‍സോ എ ഫ്രണ്ട് ഓഫ് ഒബാമ…

——–

അയാള്‍ ഫോണ്‍ വച്ചു കളഞ്ഞു… രണ്ടു കാര്യങ്ങളാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്… ഒന്ന്… ഒബാമ തന്നെ ഫോണെടുത്ത ശേഷം ഭാഷ മനസ്സിലാകാത്തതായി അഭിനയിച്ച് ഒടുവില്‍ ഫോണ്‍ കട്ട് ചെയ്തു… രണ്ട്… വീട്ടില്‍ നിന്നു മുങ്ങിയ ഒബാമ വൈറ്റ് ഹൗസിലേക്കു വരാതെ മറ്റെവെടിയോ ഒളിവില്‍ പോയിരിക്കുന്നു… രണ്ടായാലും ഒബാമ ഈ കേസില്‍ കുറ്റം ചെയ്തിരിക്കുന്നു എന്ന് കോപ്പില്‍ ചാനല്‍ അസ്സന്നിഗ്ധമായി കണ്ടെത്തിയിരിക്കുകയാണ്….. ഇനിയൊരു ഇടവേള.. ഹേ… ഹോ… ഹും !

ടിന്റുമാനിനെ നോക്കിയ നരഭോജിക്കടുവ കാടിനു ഭീഷണി

കാട്ടിലെ രാജാവാകാന്‍ ശ്രമിക്കുന്ന നരഭോജിക്കടുവ കുറെക്കാലം മുമ്പ് ടിന്റുമാനെ ഏറെ നേരം നോക്കി നിന്ന സംഭവം കാടിന്റെ അന്തസ്സിനു കളങ്കം വരുത്തിയെന്നും മാനിനെ ഏറെ നേരം നോക്കി നിന്ന നരഭോജിക്കടുവ കാട്ടിലെ രാജാവായാല്‍ അത് കാടിനും കാട്ടിലെ മാനുകള്‍ക്കുമെല്ലാം ആപത്താണെന്നും സിംഹവാലന്‍ ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു. നരഭോജിക്കടുവ ടിന്റുമാനിനെ നോക്കിയ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പത്തു കുറുക്കന്‍മാരടങ്ങിയ പ്രത്യേക സമിതിക്കു മനുമോന്‍ സിഹം രൂപം നല്‍കിയിരുന്നു. എന്നാല്‍, മാനിനെ നോക്കിയതിന്റെ പേരില്‍ നരഭോജിക്കടുവയുടെ പേരില്‍ കേസെടുക്കാനാവില്ലെന്ന് ചെന്നായ്ക്കൂട്ടം പറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.

സട കൊഴിഞ്ഞ മനുമോന്‍ സിഹം ഗുഹയൊഴിയുന്ന സാഹചര്യത്തില്‍ മറ്റൊരു വനത്തില്‍ നിന്നു വന്ന സിംഹവാലന്‍ കുരങ്ങനെ കാട്ടിലെ രാജാവാക്കാന്‍ മനുമോന്‍ സിംഹത്തിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് കുരങ്ങനെക്കാള്‍ ഏറെ ശക്തനായ നരഭോജിക്കടുവ മാനിനെ നോക്കി എന്ന പേരില്‍ വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത്. കടുവ മാനിനെ പിടിച്ചു തിന്നുകയോ ആക്രമിക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നിരിക്കെ മാനിനെ നോക്കി എന്നൊരാരോപണം ഉണ്ടാക്കി ബോധപൂര്‍വം വവാദമുണ്ടാക്കുന്നത് കുരങ്ങന്‍ രാജാവാകില്ല എന്നുറപ്പായതുകൊണ്ടാണെന്ന് ഫോറസ്റ്റ് ടൈഗേഴ്‌സ് വെല്‍ഫെയര്‍ ഫോറം പറഞ്ഞു.

പുലിവാല്‍ ഡോട് കോം എന്ന വെബ്‌സൈറ്റ് ആണ് നരഭോജിക്കടുവ ടിന്റുമാനിനെ ഏറെക്കാലം നോക്കിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. കടുവയും മാനും മുഖാമുഖം നില്‍ക്കുന്ന ചിത്രങ്ങളും പുലിവാല്‍ ടോഡ് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടുവയും മാനും പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് മാനിനെയും ഫാമിലിയെയും മാനിന്റെ കാമുകനെയുമൊക്കെ കടുവ നോട്ടമിട്ടതെന്നുമാണ് ആരോപണക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍, നരഭോജിക്കടുകള്‍ക്കു പ്രണയം എന്നൊരു വികാരമില്ലെന്നും വെറുമൊരു മാനിനെ നോക്കി നടന്നു സമയം കളയേണ്ട കാര്യം കടുവകള്‍ക്കില്ലെന്നും ടൈഗേഴ്‌സ് വെല്‍ഫെയര്‍ ഫോറം പറഞ്ഞു. കുരങ്ങന്‍മാരെ കടുവകള്‍ തിന്നാറില്ല എന്നതിനാല്‍ എന്തു തോന്ന്യാസവും വിളിച്ചു പറയുന്നത് അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു.

പലപ്പോഴായി ടിന്റുമാനിനെ നോക്കി നിന്നിട്ടുള്ള നരഭോജിക്കടുവ മാനുകള്‍ കൂട്ടത്തോടെ താഴ്‌വരയിലേക്കു മേയാന്‍ പോയ വേനല്‍ക്കാലത്ത് താഴ്‌വരയിലെ ചെന്നായ്ക്കളെ ടിന്റുമാനിനെ നോക്കാനേല്‍പിച്ചിരുന്നു എന്നാണ് പുലിവാല്‍ ഡോട് കോം വെളിപ്പെടുത്തുന്നത്. ടിന്റുമാന്‍ എങ്ങോട്ടൊക്കെ പോകുന്നു, ഏതു തരം പുല്ലു തിന്നുന്നു, ഏതൊക്കെ ചോലയില്‍ നിന്നു വെള്ളം കുടിക്കുന്നു, മറ്റു മാനുകളുമായുള്ള ബന്ധമെന്ത് തുടങ്ങിയ കാര്യങ്ങളൊക്കെ നരഭോജിക്കടുവ അന്വേഷിച്ചറിഞ്ഞിരുന്നു എന്നും ഇത്തരത്തില്‍ ഒരു മാനിനെപ്പറ്റി അന്വേഷിക്കുന്ന കടുവ രാജാവായാല്‍ കാടിന്റെ നാശം ഉറപ്പാണെന്നും സിംഹവാലന്‍ ഫാന്‍സ് ആരോപിക്കുന്നു. നരഭോജിക്കടുവ എന്നതിന്റെ ഇംഗ്ലിഷ് മാന്‍ ഈറ്റിങ് ടൈഗര്‍ എന്നാണെന്നും അതില്‍ നിന്നും കടുവ മാനിനെ തിന്നും എന്നത് വളരെ വ്യക്തമാണെന്നും അതുകൊണ്ട് കടുവയെ രാജാവാക്കാന്‍ മാനുകള്‍ കൂട്ടു നില്‍ക്കരുതെന്നും സിംഹവാലന്‍ ഫാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.