പാട്ടിന്റെ പാല്‍ക്കടല്‍

സംഗീതമാകുന്ന പശുവിന്റെ അകിട്ടില്‍ നിന്നും പാട്ടുകള്‍ കറന്നെടുക്കാന്‍ സാംസങ്ങിന്റെ സ്വന്തം റേഡിയോ ആപ്ലിക്കേഷന്‍ മില്‍ക്ക് മ്യൂസിക് പുറത്തിറങ്ങി. കഴിഞ്ഞ സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിച്ച ഐട്യൂണ്‍സ് റേഡിയോയ്ക്കും ലൂമിയ ഫോണുകളിലുള്ള വിന്‍ഡോസ് ആപ്ലിക്കേഷനായ നോക്കിയ മിക്‌സ് റേഡിയോയ്ക്കും തത്തുല്യമാണ് മില്‍ക്ക് മ്യൂസിക്. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണെങ്കിലും സാംസങ് ഗ്യാലക്‌സി സീരിസില്‍പ്പെട്ട തിരഞ്ഞെടുത്ത മോഡലുകള്‍ക്കു മാത്രമേ മില്‍ക്ക് റേഡിയോ ലഭിക്കൂ. കൊറിയന്‍ കമ്പനിയാണെങ്കിലും സംഗീതവിപണിയുടെ കരുത്തു നോക്കി യുഎസിലുള്ള ഉപയോക്താക്കള്‍ക്കു മാത്രമേ തല്‍ക്കാലം മില്‍ക്ക് റേഡിയോ കേള്‍ക്കാന്‍ പറ്റൂ. വൈകാതെ ഇങ്ങോട്ടൊക്കെ വരുമെന്നു പ്രതീക്ഷിക്കാം.

ആപ്പിള്‍ ഐട്യൂണ്‍സ് റേഡിയോയില്‍ നിന്ന് എടുത്തു പറയാവുന്ന പ്രധാന വ്യത്യാസങ്ങളിലൊന്ന് മില്‍ക്കില്‍ പരസ്യങ്ങളില്ല എന്നതാണ്. ഐട്യൂണ്‍സ് റേഡിയോയിലെ പോലെ തന്നെ ഉപയോക്താവിന്റെ അഭിരുചികളും മുന്‍ഗണനകളും മനസ്സിലാക്കി മില്‍ക്ക് ഇരുനൂറിലേറെ സ്‌റ്റേഷനുകളില്‍ നിന്നുള്ള റേഡിയോ സ്ട്രീം വ്യക്തിഗതമാക്കി നല്‍കും.

വളരെ മികച്ച യുസര്‍ ഇന്റര്‍ഫെയ്‌സ് ആണ് മില്‍ക്ക് റേഡിയോയുടെ പ്രത്യേകതകളിലൊന്ന്. മ്യൂസിക് ഡയല്‍ ആണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. വിവിധ സ്റ്റേഷനുകളും വിഭാഗങ്ങളും ഈ ഡയലില്‍ നിന്നും എളുപ്പത്തില്‍ തിരഞ്ഞെടുക്കാം. പോപ്പുലര്‍, ന്യൂ, ഫേവറിറ്റ് എന്നിങ്ങനെ പാട്ടുകളുടെ സ്ട്രീം ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ച് ക്രമീകരിക്കാം. സാംസങ് അക്കൗണ്ട് വഴി ലോഗിന്‍ ചെയ്താല്‍ വിവിധ ഉപകരണങ്ങളിലെ ആപ്ലിക്കേഷനുകള്‍ സിംക് ചെയ്യാം. ഇഷ്ടമുള്ള പാട്ടുകള്‍ ആപ്ലിക്കേഷനുള്ളില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി കേള്‍ക്കാം. പാട്ടുകള്‍ വാങ്ങാനുള്ള സൗകര്യം നിലവിലില്ല. ഐട്യൂണ്‍സ് റേഡിയോയുടെ മെച്ചപ്പെട്ട ഒരു അനുകരണമാണ് മില്‍ക്ക് മ്യൂസിക് എന്നു പറഞ്ഞാല്‍ തെറ്റില്ല. പണ്‍ഡോര, സ്‌പോട്ടിഫൈ തുടങ്ങിയ ആപ്ലിക്കേഷനുകളുമായും മില്‍ക്ക് മല്‍സരിക്കേണ്ടി വരും.

എല്ലാ ഗ്യാലക്‌സിക്കാര്‍ക്കും സാംസങ് മില്‍ക്ക് കൊടുക്കുന്നില്ല. തിരികെ കടിക്കാത്ത ഗ്യാലക്‌സി എസ്4, എസ്3, ഗ്യാലക്‌സി നോട്ട് 3, നോട്ട് 2, ഗ്യാലക്‌സി മെഗാ, ഗ്യാലക്‌സി എസ്4 മിനി എന്നീ ഹാന്‍ഡ്‌സെറ്റുകളുള്ള അമേരിക്കക്കാര്‍ക്ക് മില്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് പാട്ടു കേള്‍ക്കാം. ഏപ്രില്‍ 11ന് എത്തുന്ന ഗ്യാലക്‌സി എസ്5 ഫോണിലും ഇത് ഡൗണ്‍ലോഡ് ചെയ്യാം. വിശദാംശങ്ങള്‍ക്ക് സാംസങ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: Samsung/Milk

മില്‍ക്കിന്റെ പ്രവര്‍ത്തനം കാണാന്‍ ഈ വിഡിയോ കൂടി കാണുക.

സോഷ്യല്‍ മീഡിയ സ്റ്റാര്‍ സിംഗര്‍

സിനിമയില്‍ പാടാനവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന റിയാലിറ്റി ഷോകളിലെ ചീഞ്ഞുനാറിയ നാടകങ്ങളും വോട്ടിങ് തട്ടിപ്പുകളും ഒരു വര്‍ഷത്തോളം നീളുന്ന ടാം റേറ്റിങ് മല്‍സരവും പിന്നെയൊരു പതിനായിരം പരസ്യങ്ങളുമില്ലാതെ സാധാരണക്കാരായിയായ ഒരു ചന്ദ്രലേഖയെ സിനിമാ പിന്നണിഗായികയാക്കിയ സോഷ്യല്‍ മീഡിയയ്ക്ക് ഒരു സല്യൂട്ട്. പാട്ടിനൊപ്പം നൃത്തം ചെയ്യാതെ, സംഗതികള്‍ എണ്ണിത്തികയ്ക്കാതെ, ജഡ്ജസിനു മുന്നില്‍ അടിമയെപ്പോലെ നില്‍ക്കാതെ, എസ്എംഎസുകള്‍ക്കായി യാചിക്കാതെ, ഒരേയൊരു പാട്ടു മാത്രം പാടി കിരീടം ചൂടിയ ചന്ദ്രലേഖയുടെ വിജയം സോഷ്യല്‍ മീഡിയയുടെ വിജയകഥകളോടൊപ്പം എഴുതിച്ചേര്‍ക്കാം. സംവിധായകരും തിരക്കഥാകൃത്തുക്കളും പരസ്യക്കമ്പനികളുമില്ലാത്ത സോഷ്യല്‍ മീഡിയ റിയാലിറ്റി ഷോയെക്കാള്‍ റേറ്റിങ് മറ്റൊന്നിനുമുണ്ടാവില്ല.

ചന്ദ്രലേഖ ഒരു പ്രതീകമാണ്. കൂട്ടായ പരിശ്രമത്തിന്റെ, പൊതുവികാരത്തിന്റെ, അറിഞ്ഞോ അറിഞ്ഞാതെയോ നല്ലതിനെ അംഗീകരിച്ചുപോകുന്ന മനസ്സിന്റെ ഒക്കെ പ്രവര്‍ത്തനഫലമാണ് ചന്ദ്രലേഖ നേടിയ വിജയം. മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ പാടിയ ചന്ദ്രലേഖയും അത് ചിത്രീകരിച്ചു യു ട്യൂബിലിട്ട ബന്ധുവും ആ വിഡിയോ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്ത പതിനായിരങ്ങളും ഈ ചലനം വാര്‍ത്തയാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇത് ശ്രദ്ധിച്ച് ഈ പുതുമുഖത്തിന് അവസരം നല്‍കിയ ചലച്ചിത്രപ്രവര്‍ത്തകരും എല്ലാം ചന്ദ്രലേഖയെ സൃഷ്ടിച്ചവരാണ്. എല്ലാറ്റിനുമുപരിയായി മുകളില്‍ ഒരാളുണ്ട് എന്നു വിശ്വസിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയെ അദ്ദേഹം സമര്‍ഥമായി ഉപയോഗിക്കുന്നു എന്നും വിശ്വസിക്കാം.

എടുത്തുകെട്ടുകളും നാട്യങ്ങളും കൊണ്ട് മുഖരിതമായ ചാനല്‍ റിയാലിറ്റി ഷോകളില്‍ ലക്ഷങ്ങള്‍ ചെലവിട്ടു പങ്കെടുക്കുന്നവരും എസ്എംഎസുകള്‍ക്കായി ഭിക്ഷ യാചിക്കുന്നവരും ഏഴെട്ടുമാസത്തോളം നിത്യവും ടിവിയില്‍ കണ്ടിട്ടും അവരൊന്നും എവിടെയും എത്താതെ പോകുന്നതും വിസ്മരിക്കപ്പെട്ടുപോകുന്നതും എന്തുകൊണ്ടാണ് എന്ന് മാധ്യമങ്ങള്‍ പഠിച്ചുതുടങ്ങേണ്ട സമയം ആയിരിക്കുന്നു. പാട്ടിലെ സംഗതി അളന്നു നോക്കുന്ന സംഗീതഗുരുക്കന്‍മാരുടെ അഹന്തയെക്കാള്‍ കേട്ട് ഇഷ്ടപ്പെട്ട പാട്ട് ഷെയര്‍ ചെയ്യുന്ന ജനക്കൂട്ടത്തിന്റെ നിഷ്‌കളങ്കതയാണ് വലുത് എന്നത് പാട്ടുകാര്‍ക്കും ഗുരുക്കന്‍മാര്‍ക്കമുള്ള പാഠമാണ്. ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന മെലോഡ്രാമയെക്കാള്‍ മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ സ്വന്തം കുഞ്ഞിനെയുമെടുത്ത് പാടാനുള്ള റിയലിസത്തിനാണ് പ്രേക്ഷകരുടെ വോട്ട് എന്നത് റിയാലിറ്റി ഷോയുടെ തിരക്കഥയെഴുതുന്നവര്‍ക്കുള്ള പാഠം. ഒടുവില്‍, സോഷ്യലിസവും ജനാധിപത്യവും അല്‍പമെങ്കിലും അവശേഷിക്കുന്ന സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഉണ്ടാക്കാം എന്നു പറഞ്ഞ് കാശുതട്ടിക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങുകാര്‍ക്കുള്ള ഗുണപാഠമാണ് മൊത്തം സംഭവവികാസങ്ങളും. സത്യം, നിഷ്‌കളങ്കത, സുതാര്യത തുടങ്ങിയവയെക്കാള്‍ വൈറല്‍ ആവാന്‍ യോഗ്യതയുള്ള മറ്റൊന്നുമില്ല.

ചന്ദ്രലേഖയുടെ ടേക്ക് ഓഫ് കഴിഞ്ഞു. ഇനിയാണ് ഗായികയുടെ ഏറ്റവും കഷ്ടപ്പാടുള്ള കാലം. പാടുന്നത് സിനിമയിലാണെങ്കിലും സിനിമയില്‍ കാണുന്നതുപോലെ പാടുന്നതെല്ലാം ഹിറ്റായി ആറുമാസം കൊണ്ട് ചന്ദ്രലേഖ കോടീശ്വരിയാകുമെന്നൊന്നും കരുതാന്‍ വയ്യ. ശ്രേയ ഘോഷാലിനു നല്‍കാനിരുന്ന പാട്ടാണ് ചന്ദ്രലേഖയ്ക്ക് നല്‍കിയത് എന്നതു വച്ച് ശ്രേയാ ഘോഷാലിനെക്കാള്‍ മികച്ച ഗായികയാണ് ചന്ദ്രലേഖയെന്നും ഇതുവരെ മലയാളത്തില്‍ പാടിയവരൊന്നും ചന്ദ്രലേഖയോളം നല്ല പാട്ടുകാരായിരുന്നില്ലെന്നുമൊക്കെ ശ്രുതി മീട്ടുന്നുണ്ട് പലരും. സോഷ്യല്‍ മീഡിയയിലൂടെ ന്യൂജനറേഷന്‍ കൈപിടിച്ചുകൊണ്ടുവന്ന ചന്ദ്രലേഖയെ മെയിന്‍സ്ട്രീം മീഡിയയും ഓള്‍ഡ് ജനറേഷനും ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണിത്. ചന്ദ്രലേഖയുടെ നാട്ടില്‍ ഇനി ഫ്‌ളെക്‌സുകള്‍, സ്വീകരണങ്ങള്‍, ഉദ്ഘാടനങ്ങള്‍, സ്വപ്‌നത്തെക്കാള്‍ അമ്പരപ്പിക്കുന്ന മാറ്റമാണ് ജീവിതം ചന്ദ്രലേഖയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാതെ സോഷ്യല്‍ മീഡിയയെ കീഴടക്കി ലക്ഷ്യങ്ങളുടെ പരിധിക്കപ്പുറത്തുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ഈ ജനകീയഗാനകോകിലത്തിന്റെ മുന്നില്‍ ലക്ഷം ലൈക്കുകള്‍ വിലകൊടുത്തു വാങ്ങുന്ന താരറാണികള്‍ നിഷ്പ്രഭരാണ്. അതുകൊണ്ടു തന്നെ നല്ല പാട്ടുകാരുടെ പട്ടികയില്‍ എന്നും ഗായിക ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു.

ചന്ദ്രലേഖയുടെ ആദ്യ വിഡിയോ (Original)

ചന്ദ്രലേഖ സിനിമയ്ക്കു വേണ്ടി പാടുന്നു (റിപ്പോര്‍ട്ട്)

ചന്ദ്രലേഖയുടെ നന്ദി (ഫേസ്ബുക്ക്)

ഗന്ധര്‍വശില്‍പിക്കു പ്രണാമം

സെലബ്രിറ്റികളുടെ കാലത്ത് സാധാരണക്കാരനായി ജീവിച്ചു കടന്നുപോകുന്ന ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന്റെ ഗുരുത്വമായ പത്മശ്രീ കെ.രാഘവന്‍ മാസ്റ്ററുടെ അനശ്വരഗാനങ്ങള്‍ക്കു മുന്നില്‍ പ്രണാമം. തൊണ്ണൂറ്റൊന്‍പതാം വയസ്സില്‍ നമ്മോട് വിടപറഞ്ഞു പോകുമ്പോള്‍ അസ്തമിക്കുന്നത് മലയാളികളുടെ ക്ലാസിക് ഗാനങ്ങശേഖരത്തിന്റെയും തലമുറകള്‍ കൂടെയേറ്റുപാടിയ ഈണങ്ങളുടെയും തിരുശേഷിപ്പാണ്. രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങളെക്കാള്‍ മഹത്തായ സ്മാരകങ്ങള്‍ അദ്ദേഹത്തിന് ഉണ്ടാവില്ല. അറുപതിലേറെ വര്‍ഷങ്ങളായി മലയാളം ഏറ്റുപാടുന്ന അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങളിലൂടെ ഒരു സ്രാഷ്ടാംഗപ്രണാമം.

ആപ്പിള്‍ ഐ ട്യൂണ്‍സ് 11

അടിമുടി ഉടച്ചു വാര്‍ത്തു എന്ന വിശേഷണവുമായി ആപ്പിള്‍ ഐ ട്യൂണ്‍സ് 11 പുറത്തിറങ്ങി. ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് രസിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് ഐട്യൂണ്‍സ് 11 അവതരിപ്പിക്കുന്നത്. കാഴ്ചയില്‍ നിന്നു തുടങ്ങുന്നു ഐട്യൂണ്‍സ് 11ലെ പുതുമകള്‍. യൂസര്‍ ഇന്റര്‍ഫേസ് പൂര്‍ണണായും പുതിയതായി. ക്ലൗഡ് ഇന്റഗ്രേഷനാണ് മറ്റൊരു പുതുമ. ഇതുപയോഗിച്ച് ക്ലൗഡ് സ്‌റ്റോറേജിലുള്ള ഗാനങ്ങള്‍ ഐട്യൂണ്‍സ് വഴി സ്ട്രീം ചെയ്യാം. അപ് നെക്‌സ്റ്റ് ഫീച്ചറാണ് മറ്റൊരു സവിശേഷത. സ്‌പോട്ടിഫൈയിലെ ക്യുവിനോടു സാദൃശ്യമുള്ള അപ് നെക്‌സ്റ്റ് വഴി അടുത്തതായി പ്ലേ ചെയ്യേണ്ട ഗാനങ്ങളും അവ പ്ലേ ചെയ്യേണ്ട ഓര്‍ഡറും മുന്‍കൂട്ടി തീരുമാനിക്കാം. പ്ലേലിസ്റ്റ് ഷഫഌങ് സംവിധാനവും പുതുമയുള്ളതാണ്.

ഐട്യൂണ്‍സ് 11നൊപ്പമുള്ള മിനി പ്ലേയറും പുതിയതാണ്. ഐ ട്യൂണ്‍സ് ആപ്ലിക്കേഷനിലേക്കു പോകാതെ മിനി പ്ലേയറിലെ ബട്ടുകളും ഷോര്‍ട് കട്ടുകളും ഉപയോഗിച്ച് മിക്കവാറും എല്ലാ കമാന്‍ഡുകളും പ്രവര്‍ത്തിപ്പിക്കാം എന്നതാണ് പുതിയ മിനി പ്ലേയറിന്റെ സവിശേഷത. ഐട്യൂണ്‍സ് 11 ആപ്പിള്‍ വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വിലാസം:apple.com/itunes

ചില ന്യൂജനറേഷന്‍ ലക്ഷണപ്പിശകുകള്‍

അറുബോറായ ക്ലീഷേകള്‍ കുത്തിനിറച്ച മള്‍ട്ടിസ്റ്റാര്‍ പടങ്ങളും പഴയ ഫോര്‍മുലകളുടെ ആവര്‍ത്തനങ്ങളും കണ്ടു ബോറടിച്ച പ്രേക്ഷകരുടെ ജീവന്‍ രക്ഷിക്കാനെത്തിയതാണ് മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകള്‍. ഇംഗ്ലിഷ്, കൊറിയന്‍, ഇറ്റാലിയന്‍ സിനിമകളുമായി സാമ്യം തോന്നുമെങ്കിലും തങ്ങളുടെ സൃഷ്ടി മൗലികമാണ് എന്ന അണിയറപ്രവര്‍ത്തകരുടെ നിലപാടാണ് ഈ സിനിമകളുടെ പ്രധാന മൗലികത. പല ന്യൂജനറേഷന്‍ സിനിമകളും ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന തിരക്കഥാകൃത്തിന്റെ അന്തസംഘര്‍ഷങ്ങളുടെ ബഹിസ്ഫുരണമാണെന്നു ജനറേഷന്‍ ഗ്യാപ്പില്ലാത്ത ചില പ്രേക്ഷകര്‍ പറഞ്ഞിട്ടുണ്ട്.

ഒരു കാലത്ത് ഷക്കീലപ്പടങ്ങളുണ്ടാക്കിയ തരംഗം പോലെയേ ന്യൂ ജനറേഷന്‍ തരംഗമുള്ളൂ എന്നു സിനിമക്കാര്‍ക്കും അറിയാം. ഷക്കീലപ്പടങ്ങളുടെ പ്രേക്ഷകര്‍ സാധാരണക്കാരായ സാധുക്കളായിരുന്നെങ്കില്‍ ന്യൂ ജനറേഷന്‍ പടങ്ങളുടെ പ്രേക്ഷകര്‍ മള്‍ട്ടിപ്ലെക്‌സ് ക്ലാസ് ആണ്. ന്യൂ ജനറേഷന്‍ സിനിമകള്‍ക്കും അതിന്റെ പിന്നണിക്കാര്‍ക്കും പൊതുവായി കാണുന്ന ചില ലക്ഷണങ്ങള്‍ പങ്കു വയ്ക്കുകയാണ് ഇവിടെ. എല്ലാ ന്യൂജനറേഷന്‍ സിനിമകളും ഇങ്ങനെയാണെന്നോ ഇങ്ങനെയല്ലാത്ത സിനിമകള്‍ ന്യൂ ജനറേഷനല്ലെന്നോ അര്‍ഥമില്ല.

ബോള്‍ഡ്: ലൈംഗികതയുടെ പ്രഖ്യാപനവും അവിഹിതബന്ധങ്ങളുടെ സാമാന്യവല്‍ക്കരണവും ഐറ്റം ഡാന്‍സ് കളിക്കാന്‍ തയ്യാറാവുന്ന മുഖ്യധാരാ നടിയുടെ സാന്നിധ്യവുമാണ് ബോള്‍ഡ് എന്ന ഒറ്റ വാക്കിലൂടെ ബ്രാന്‍ഡ് ചെയ്യുന്നത്. മള്‍ട്ടിസ്റ്റാര്‍ പടങ്ങളിലെ ഐറ്റം ഡാന്‍സര്‍മാരുടെ മാറിലും വയറിലും ക്ലോസപ്പ് വയ്ക്കുന്ന ക്യാമറ ഈ സിനിമകളിലുണ്ടാവില്ല. പ്രേക്ഷകന് നന്നായി കാണാന്‍ പാകത്തില്‍, കണ്ടത് പ്രേക്ഷകന്റെ മാത്രം കുറ്റമാണെന്ന ഭാവത്തില്‍, ന്യൂ ജനറേഷന്‍ ക്യാമറ ബോള്‍ഡ് നടിയുടെ ഈ ഭാഗങ്ങളിലൂടെയൊക്കെ കടന്നുപോകും. ‘കുണ്ടി, ‘വളി, ‘മുല എന്നൊക്കെ ജാള്യമില്ലാതെ പറയുന്ന നായകനും നായികയും വിസ്മയിപ്പിച്ച് വിസ്മയിപ്പിച്ച് പ്രേക്ഷകനെ നാണിപ്പിച്ചു തുടങ്ങി. സുരേഷ് ഗോപി പണ്ട് ‘ഷിറ്റ് എന്നു പറഞ്ഞിരുന്നതുപോലെ ന്യൂ ജനറേഷന്‍ നായകന്മാര്‍ വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ‘ഫക്ക് എന്നു പറയുന്നതും പടം ബോള്‍ഡാവുന്നതിന്റെ ഭാഗമാണ്. വൃത്തികേട് എന്നും അശ്ലീലമെന്നും പൊതുസമൂഹത്തിനു തോന്നുന്ന കാര്യങ്ങള്‍ പച്ചയായി അവതരിപ്പിക്കുന്നതിനെ സിനിമയിലെ ധീരമായ ഇടപെടല്‍ എന്നാണ് വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക്:ന്യൂ ജനറേഷന്‍ സിനിമയ്ക്കു വേണ്ടി ആലോചന തുടങ്ങുമ്പോള്‍ തന്നെ ഫേസ്ബുക്കില്‍ സംവിധായകരും തിരക്കഥാകൃത്തുക്കളും താരങ്ങളുമെല്ലാം സജീവമാകും. ആലോചനയുടെയും എഴുത്തിന്റെയും ചിത്രീകരണത്തിന്റെയുമെല്ലാം ഓരോ ഘട്ടവും ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യും. സിനിമയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ക്വട്ടേഷനെടുത്തിരിക്കുന്ന കമ്പനി നാട്ടുകാരുടെയെല്ലാം പ്രൊഫൈലുകളില്‍ സിനിമയുടെ പോസ്റ്ററൊട്ടിച്ച് ജനത്തെ വെറുപ്പിക്കും. സിനിമയിറങ്ങുമ്പോള്‍ ടൈറ്റിലില്‍ നല്ല വലിപ്പത്തില്‍ ‘എല്ലാ ഫേസ്ബുക്ക് കൂട്ടുകാര്‍ക്കും നന്ദി’ എന്നെഴുതിക്കാണിക്കുന്നത് സംഗതി ന്യൂജനറേഷനാണ് എന്ന മുന്നറിയിപ്പാണെന്നു പറയുന്നു. സിനിമ റിലീസ് ചെയ്യുന്ന ദിവസം ആദ്യ ഷോ തുടങ്ങുന്നതിനു മുമ്പ് തന്നെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സൈറ്റുകളുടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ കീബോര്‍ഡ് ചാത്തന്മാര്‍ ഇരുനൂറ്റന്‍പത് പോസിറ്റീവ് റിവ്യൂകള്‍ നെറ്റില്‍ തലങ്ങും വിലങ്ങും പ്രചരിപ്പിക്കും. പടം കണ്ട് ഇഷ്ടമാവാതെ അഭിപ്രായം പറയുന്നവരെയെല്ലാം വിരട്ടും.

കുറസോവ: കുറസോവ, ബര്‍ഗ്മാന്‍, കിംകിഡുക് തുടങ്ങിയവരെയും മലയാളത്തില്‍ പത്മരാജനെയും ജോണ്‍ എബ്രഹാത്തെയും മാത്രം അംഗീകരിക്കുന്നവരാണ് പൊതുവേ ന്യൂജനറേഷന്‍ സിനിമക്കാര്‍. എന്നാല്‍ പ്രിയദര്‍ശന്റെയും സിദ്ദിഖ്-ലാലിന്റെയും സിനിമകള്‍ എവിടെ കണ്ടാലും വായും പൊളിച്ച് നോക്കി നില്‍ക്കുകയും ചെയ്യും. സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഴുത്തുകാരോടും സംവിധായകരോടും അതു കാണാന്‍ പോകുന്ന പ്രേക്ഷകരോടുമുള്ള പുച്ഛവും സഹതാപവും ഇവരുടെ മുഖമുദ്രയാണെന്നു പറയുന്നു. തങ്ങളുടെ സിനിമകള്‍ പൊളിയുമ്പോള്‍ പ്രേക്ഷകരുടെ സെന്‍സിനെയും തിയറ്ററുകാരുടെ സെന്‍സിബിലിറ്റിയെയും പൊട്ടിത്തകര്‍ന്നു നില്‍ക്കുന്ന നിര്‍മാതാവിന്റെ സെന്‍സിറ്റിവിറ്റിയെയുമെല്ലാം അഭിനവ-അവശ കുറസോവമാര്‍ ചീത്ത വിളിക്കുകയും ചെയ്യും.

കൊച്ചിപ്പടങ്ങള്: കൊച്ചിയാണ് ന്യൂജനറേഷന്‍ സിനിമകളുടെ സ്ഥിരം പശ്ചാത്തലം. തിരുവനന്തപുരം, കോഴിക്കോട്, പാലാ ഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ടെങ്കിലും എല്ലാവരുടെയും ജീവിതം ഫോര്‍ട്ട് കൊച്ചിയിലേയും മട്ടാഞ്ചേരിയിലെയും നിഗൂഢതകളിലായിരിക്കും. കൊറിയന്‍ സിനിമകള്‍ പറിച്ചു നടുന്നവര്‍ക്ക് കൊച്ചിയെക്കാള്‍ നല്ലൊരു പശ്ചാത്തലം വേറെ കിട്ടാനുമില്ല. സൂപ്പര്‍ഹിറ്റ് സിനിമയുടെ ഭാഗമായ മറൈന്‍ ഡ്രൈവും പരിസരവും അറിയാതെ പോലും ന്യൂ ജനറേഷന്‍ സിനിമയുടെ ഫ്രെയിമിലെങ്ങും വരാതെ അണിയറക്കാര്‍ ശ്രദ്ധിക്കാറുണ്ട്. ജീവന്‍ പോയാലും പാട്ടുസീനില്‍പ്പോലും ഗ്രാമം കാണിക്കില്ല എന്നത് ന്യൂജനറേഷന്‍ സിനിമക്കാരുടെ വാശിയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിനു ശേഷമുള്ള പല പടങ്ങളിലും മസാലദോശയും ഉള്ളിവടയും സാമ്പാറുമൊക്കെ ഏറെ നേരം ക്ലോസപ്പില്‍ കാണിക്കുന്ന പതിവുമുണ്ട്.

ബന്ധുക്കള്‍-:,: ന്യൂജനറേഷന്‍ സിനിമകളില്‍ പൊതുവേ കഥാപാത്രങ്ങളുടെ അച്ഛനനമ്മമാരെ കാണിക്കാറില്ല. പണക്കാരായ കഥാപാത്രങ്ങള്‍ വലിയ ഫ്ലാറ്റില്‍ ഒറ്റയ്ക്കു താമസിക്കും. പാവപ്പെട്ടവനാണെങ്കില്‍ ഏതെങ്കിലും മൂന്നാംകിട ലോഡ്ജില്‍. ന്യൂ ജനറേഷന്‍ നായികമാരുടെ പപ്പയും മമ്മിയും നായികയുടെ ചെറുപ്പത്തില്‍ വിമാനാപകടത്തിലോ കാറപകടത്തിലോ മരിക്കുന്ന പതിവില്ല. ഏതെങ്കിലും ഈഗോ പ്രശ്‌നത്തില്‍ വീടുവിട്ടിറങ്ങിപ്പോന്ന നായിക ഒറ്റയ്ക്ക് ഹോസ്റ്റലില്‍ കഴിയുകയാണ് പതിവ്. നായികാനായകന്മാര്‍ക്ക് ഉപദ്രവത്തിനും സഹായത്തിനും എല്ലാം ഉള്ളത് സുഹൃത്തുക്കളും ജാരന്മാരും ഒക്കെയായിരിക്കും. മുഖ്യധാരാ സിനിമയില്‍ കാണാറുള്ള വല്യമ്മാവന്‍, കുഞ്ഞമ്മാവന്‍, കുട്ടിമാമ, അച്ഛമ്മ, ഏട്ത്തിയമ്മ, ഓപ്പോള്‍ തുടങ്ങിയ വകുപ്പുകളൊന്നും ന്യൂ ജനറേഷന്‍ സിനിമയില്‍ കാണാന്‍ കിട്ടില്ല.

കഥ: ന്യൂജനറേഷന്‍ സിനിമകള്‍ക്കു കഥ എന്നൊന്ന് എടുത്തു പറയാനുണ്ടാവില്ലത്രേ. ഐറ്റം സോങ്ങുകളും ബോള്‍ഡ് സീനുകളും പഞ്ച് ഡയലോഗുകളും ക്ലൈമാക്‌സുമല്ലാതെ സിനിമയുടെ കഥ എന്താണെന്ന് പടം കണ്ട ഒരാള്‍ക്ക് മറ്റൊരാളോട് പറയാന്‍ സാധിക്കില്ല. റിയല്‍ എസ്‌റ്റേറ്റ് മുതലാളിമാരുടെ അവിഹിതബന്ധങ്ങളായിരുന്നു കുറെ സിനിമകളില്‍ പ്രമേയം. പിന്നെയതു മാറി. 100 കോടിക്കു മേല്‍ ആസ്തിയുള്ള ഒരു കോടീശ്വരന്‍, ലൈംഗികവൈകൃതങ്ങളുടെ വക്താവായ ഇയാളുടെ സുഹൃത്ത് അല്ലെങ്കില്‍ വില്ലന്‍, കൗമാരത്തില്‍ തന്നെ കന്യാത്വം വെടിഞ്ഞ ധീരയായ നായിക, ഒരേ സമയം ഭര്‍ത്താവിനെയും കാമുകനെയും സന്തുഷ്ടയാക്കി വയ്ക്കുന്ന മുപ്പതുകളിലുള്ള മാതൃകാഭാര്യ തുടങ്ങിയവയൊക്കെയാണ് പ്രധാന ചേരുവകള്‍. അവിഹിതബന്ധങ്ങളുടെ മാസ്മരികത വര്‍ണിക്കുന്ന സീനുകളും ഡയലോഗുകളും സദാചാരവാദികളുടെ തൊലിയുരിക്കുന്ന പ്രയോഗങ്ങളും സിനിമയ്ക്കു മാറ്റു കൂട്ടും. ക്ലൈമാക്‌സില്‍ പക്ഷേ സദാചാരം വിളമ്പിയിട്ടേ പടം അവസാനിപ്പിക്കൂ.

മദ്യം,പണം: വെള്ളമടിക്കുന്ന സ്ത്രീകഥാപാത്രങ്ങളാണ് ന്യൂജനറേഷന്‍ സിനിമകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കുപ്പിയും ഗ്ലാസുമായി ഇരിക്കുന്ന നായികയും സംഘവും പുകവലിക്കുകയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്താല്‍ സിനിമ ബോള്‍ഡായി. ആ സീനിന്റെയും അതു സൃഷ്ടിച്ചവരുടെയും അവതരിപ്പിച്ചവരുടെയും ബോള്‍ഡ്‌നെസ്സ് ചാനലുകളില്‍ ചര്‍ച്ച ചെയ്യപ്പെടും. ബിവറേജസ് ഷോപ്പിനു മുന്നില്‍ ക്യൂ നിന്നു കുപ്പി വാങ്ങുന്ന മലയാളി കേട്ടിട്ടു പോലുമില്ലാത്ത വിദേശ ബ്രാന്‍ഡുകള്‍ മാത്രം കുടിക്കുന്ന നായകന്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കും.പണത്തിന് ഈ സിനിമകളില്‍ വലിയ പ്രധാന്യമാണ്. എന്നാല്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളെക്കാള്‍ മില്യണ്‍ കണക്കിനു ഡോളറുകളുടെ കളികളാണ് അധികവും. ഐഫോണ്‍, ഐപാഡ്, ഐപോഡ് തുടങ്ങിയ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ മാത്രമേ കഥാപാത്രങ്ങള്‍ ഉപയോഗിക്കൂ. നായകനു ടെന്‍ഷന്‍ വരുമ്പോള്‍ സുഹൃത്ത് ആംഗ്രി ബേഡ്‌സ് ഗെയിം കളിക്കുന്നത് ഈ സിനിമകളില്‍ പതിവായിട്ടുണ്ട്.

കുടുംബം: ന്യൂജനറേഷന്‍ സിനിമകളിലെ കുടുംബങ്ങളില്‍ ഭര്‍ത്താവ് തലതിരിഞ്ഞവനും ഭാര്യ അപാര റേഞ്ചുള്ള അതിസുന്ദരിയുമാകുന്നത് യാദൃച്ഛികമാവാം. മിക്കവാറും സിനിമകളില്‍ നായികയ്ക്ക് കുട്ടിയുണ്ടാവും പക്ഷേ ഭര്‍ത്താവുണ്ടാവില്ല. ഭര്‍ത്താവുണ്ടെങ്കില്‍ കുട്ടി ഉണ്ടായിരിക്കില്ല. കുട്ടിയെ നേരേ ചൊവ്വേ ലാളിക്കുന്നതോ സ്‌നേഹിക്കുന്നതോ പരിചരിക്കുന്നതോ ആയ ക്ലീഷേ സീനുകളും ഈ സിനിമകളില്‍ കാണാന്‍ കിട്ടില്ല. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍ ന്യൂജനറേഷന്‍ സിനിമകളില്‍ കുറവാണ്. മോനെന്തു ചെയ്യുവാ എന്നു ചോദിച്ചാല്‍ ‘ദാറ്റ്‌സ് നണ്‍ ഓഫ് യുവര്‍ ബ്ലഡി ബിസിനസ്’ എന്നു പറയുന്ന തരം കുട്ടികളാണ് അധികവും. മുതിര്‍ന്ന കഥാപാത്രങ്ങളെക്കാള്‍ കാര്യഗൗരവത്തോടെ, ഉള്‍ക്കാഴ്ചയോടെ സംസാരിക്കുന്ന കുട്ടികള്‍ ന്യൂജനറേഷനാണെന്നതിനു തെളിവായെന്നോണം കണ്ണട വച്ച് രൂക്ഷമായി നോക്കുന്ന ക്ലോസപ്പുകള്‍ സിനിമയിലുടനീളമുണ്ടാവും.

സാമ്പത്തിക പ്രതിസന്ധിയും കോര്‍പറേറ്റ് ഉപജാപങ്ങളും പ്രണയങ്ങളുടെ മാനേജ്‌മെന്റും ഇമോഷണല്‍ സര്‍ക്കസ്സുകളും എല്ലാം ചേര്‍ത്ത് പിരിമുറുക്കി ക്ലൈമാക്‌സ് വരെ എത്തിച്ച ശേഷം അവിടെ വച്ച് പഴയ ആത്മഹത്യ, കൊലപാതകം , ഓപറേഷന്‍, ആശുപത്രി, സീക്വന്‍സ് വര്‍ക് ചെയ്ത് സിനിമ അവസാനിപ്പിച്ച് സിനിമയുടെ സൃഷ്ടാക്കള്‍ മാനം രക്ഷിക്കും. മറ്റു സിനിമകളിലെപ്പോലെ കഥാപാത്രങ്ങള്‍ക്ക് പ്രായമാവുകയോ ജീവിതത്തില്‍ പുരോഗതി ഉണ്ടാവുകയോ ഒന്നും ചെയ്യില്ല. സിനിമ കണ്ടു കഴിയുമ്പോള്‍ പ്രത്യേകിച്ചൊരു നിര്‍വൃതിയും പ്രേക്ഷകനുണ്ടാവണമെന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ പത്തു വര്‍ഷം കൊണ്ടുണ്ടാക്കിയ ക്ലീഷേകളും ബോറടിയും ന്യൂജനറേഷന്‍ സിനിമകള്‍ പത്തു പടങ്ങള്‍ കൊണ്ട് പ്രേക്ഷകനു സമ്മാനിച്ചു കഴിഞ്ഞു. പത്താം വയസ്സില്‍ ഒളിച്ചോടിപ്പോയ നായകന്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം കോടീശ്വരനായി തമിഴ്‌നാട്ടില്‍ നിന്നു വരുന്നതും കാത്ത് പുഷ്പാജ്ഞലി കഴിച്ച് കാത്തിരിക്കുന്ന നായിക ഒരു വശത്ത്, അടിച്ച് പാമ്പായി വാളുവച്ചു വീഴുന്ന നായിക മറുവശത്ത്; പ്രേക്ഷകന് ഇത് ആശങ്കകളുടെ ഇടവേള. ശേഷം സ്‌ക്രീനില്‍.

റഷ്യയില്‍ ഇങ്ങനെയും പെണ്ണുങ്ങളുണ്ട്

Pussy Riot എന്നത് ഒരു ഫെമിനിസ്റ്റ് രാഷ്ട്രീയ കലാപമാണ്, ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ വേണ്ടി ജനിച്ച റോക്ക് മ്യൂസിക് ബാന്‍ഡുമാണ്. റഷ്യയുടെ രാഷ്ട്രീയചരിത്രത്തിലെ വലിയ പ്രക്ഷോഭങ്ങളിലൊന്നായി മാറിയേക്കാവുന്ന ഈ പെണ്‍കുട്ടികളുടെ വിപ്ലവം ഇന്നു ലോകമെങ്ങും ഏറ്റെടുത്തിരിക്കുന്നു. റഷ്യയിലെ വ്ലാഡിമിര്‍ പുടിന്‍ സര്‍ക്കാരിന്‍റെ ചീഞ്ഞുനാറുന്ന ഭരണത്തിനെതിരെയുള്ള സംഗീതമായി പടര്‍ന്ന പുസ്സി റയട്ട് ബാന്‍ഡിലെ പെണ്‍കുട്ടികളുടേത് ഭരണകൂടത്തെയും ഭരണചക്രം തിരിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയെയും വെല്ലുവിളിക്കുന്ന നടപടിളായിരുന്നു. ഈ മൂന്നു പെണ്‍കുട്ടികളെ ഇന്നലെ റഷ്യയില്‍ വിചാരണ ചെയ്ത് രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ച സര്‍ക്കാര്‍ റഷ്യയിലാകെ ഒരു നവോത്ഥാനത്തിനുള്ള വെല്ലുവിളിയാണ് നടത്തിയിരിക്കുന്നത്.

പുസി റയട്ട്സ്സ് പെണ്‍കുട്ടികളെ ശിക്ഷിച്ചതും റഷ്യയിലെ ഭരണകൂടത്തിന്‍റെ ഹീനമായ നടപടികളുമെല്ലാം ലോകമറിയുന്നുണ്ടായിരുന്നു എങ്കിലും ഇന്നലെ അതിനിത്ര പ്രചാരം ലഭിച്ചത് പുടിന്‍റെ പൊലീസ് നടത്തിയ അതിരുവിട്ട ഒരു പരിപാടിയിലൂടെയാണെന്നു പറയാം. പുസ്സി റയട്ട്സ് പെണ്ണുങ്ങളെ വിചാരണ ചെയ്യുന്ന സമയത്ത് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടു നിന്ന പ്രതിപക്ഷത്തുള്ള നേതാവും ലോക ചെസ് ചാംപ്യനുമായിരുന്ന ഗാരി കാസ്പറോവിനെ പൊലീസ് വലിച്ചിഴിച്ച് കൊണ്ടുപോയതാണ്. കാസ്പറോവിനെ അറസ്റ്റ് ചെയ്ത പോലീസ് അദ്ദേഹത്തെ മര്‍ദ്ദിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡിയോ താഴെ.

ഇന്നലെ മോസ്കോയില്‍ നടന്ന പുസ്സി റയട്ട്സും കലാപങ്ങളും-

കാസ്പറോവ് പുടിന്‍റെ സ്ഥിരം വിമര്‍ശകനെന്ന നിലയില്‍ നേരത്തേ തന്നെ സര്‍ക്കാരിന്‍റെ നോട്ടപ്പുള്ളിയുമാണ്. ഇപ്പോള്‍ പുസ്സി റയട്ട്സ് പെണ്‍കുട്ടികളെ പിന്തുണയ്‍ക്കുന്ന നിലയില്‍ റഷ്യയിലെ പുരോഗമനവാദികളോടൊപ്പം അദ്ദേഹം നിലയുറപ്പിച്ചതാണ് പെട്ടെന്നുള്ള അറസ്റ്റിനു വഴി വച്ചത്. ലോകം ആദരിക്കുന്ന ഒരു ഗ്രാന്‍ഡ്മാസ്റ്ററെ മാതൃരാജ്യം രാഷ്ട്രീയകാരണങ്ങളാല്‍ ഇവ്വിധം കൈകാര്യം ചെയ്യുന്നത് എന്തായാലും വലിയ ചര്‍ച്ചയായി എന്നതിനു പുറമേ പുസി റയട്ട്സ് പ്രസ്ഥാനത്തെക്കുറിച്ചും അവരുടെ കലാപ-പരിപാടികളെക്കുറിച്ചും അറിയാത്തവര്‍ കൂടി അറിഞ്ഞു. അറസ്റ്റും വിട്ടയക്കലുമൊക്കെയായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി കാസ്പറോവിന്‍റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്താല്‍ മതി-[Link] .

ഭരണകൂടത്തെ വെല്ലുവിളിക്കുന്ന, മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളോ ആലോചനയോ ഇല്ലാത്ത അലമ്പ് ആണ് പുസ്സി റയട്ട്സ് പെണ്‍കുട്ടികളുടെ ബാന്‍ഡ് അവതരിപ്പിക്കുന്ന കലാപരിപാടി.സാധാരണ നിലയ്‍ക്ക് ഒരു കലാപാരിപാടി അവതരിപ്പിക്കപ്പെടുന്ന വേദികളിലൊന്നും ഇവര്‍ക്കു താല്‍പര്യമില്ല. തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവുമായ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് മേല്‍പ്പറഞ്ഞ അലമ്പ് റോക്ക് അവതരിപ്പിച്ച് സ്ഥലം വിടുകയാണ് ഇവര്‍ ചെയ്യുന്നത്. യാഥാസ്ഥിതികരും സദാചാരവാദികളുമായ ആളുകളെ സംബന്ധിച്ച് ഇതിനെക്കാള്‍ അസഹനീയമായി മറ്റൊന്നുമില്ല. കഴിഞ്ഞ ഫെബ്രുവരി 21ന് പുടിന്‍റെ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് മുഖംമൂടി ധരിച്ച് മോസ്കോയിലെ കത്തീഡ്രല്‍ പള്ളിയുടെ അള്‍ത്താരയില്‍ കയറിയ ഈ മൂന്നു പെണ്‍കുട്ടികള്‍ വിര്‍ജിന്‍ മേരി, പുട് പുടിന്‍ എവേ എന്നലറിവിളിക്കുന്ന ഗാനം പാടി അഴിഞ്ഞാടിയതാണ് കേസായത്. മാര്‍ച്ച് ആദ്യം അറസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ തെമ്മാടിത്തത്തിനും മതനിന്ദയ്‍ക്കുമാണ് ഇന്നലെ രണ്ടു വര്‍ഷത്തെ തടവിനു വിധിച്ചത്. പെണ്‍കുട്ടികളുടെ പള്ളിയിലെ പെര്‍ഫോമന്‍സ് വിഡിയോ താഴെ.

ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തരസംഘടനകള്‍ ഇതിനെ അക്രമമായി കണ്ട് ശിക്ഷിക്കുന്നതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. പുസ്സി റയട്ട്സ് പെണ്‍കുട്ടികളുടെ ശൈലിയും അവര്‍ മുന്നോട്ടു വയ്‍ക്കുന്ന ആശയവും അവരുടെ സമരമാര്‍ഗവും അറിയാവുന്ന ഭരണകൂടം ജയിലിലടക്കുന്നതിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടത്തിനെതിരായ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് കരുതപ്പെടുന്നു. കാസ്പറോവിന്‍റെ അറസ്റ്റും അക്രമങ്ങളും പെണ്‍കുട്ടികള്‍ക്കു ലഭിച്ച ശിക്ഷയ്‍ക്ക് കൂടുതല്‍ മുഴക്കം നല്‍കി എന്നു മാത്രം. ഇന്നു ലോകമെങ്ങും പ്രതിഷേധിക്കുകയാണ്. പുസ്സി റയ്ട്ട്സ് പ്രക്ഷോഭകാരികളായ ഫെമിനിസ്റ്റുകളും പുരോഗമനവാദികളും ഏറ്റെടുത്തു കഴിഞ്ഞു. കോതമംഗലത്ത് ആശുപത്രി കെട്ടിടത്തിന്‍റെ മുകളില്‍ കയറിയ മൂന്നു പെണ്‍കുട്ടികള്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളം കുടിപ്പിച്ചു എന്നു പറഞ്ഞതുപോലെ ഈ മൂന്നു പെണ്‍കുട്ടികള്‍ പാട്ടും പാടി ജയിലിലേക്കു പോയപ്പോള്‍ പുടിന്‍ വിയര്‍ത്തു തുടങ്ങുകയാണ്. വരും നാളുകള്‍ പ്രക്ഷോഭങ്ങളുടേതു തന്നെയായിരിക്കുമെന്ന് ഉറപ്പിക്കാം.

Reference: Dailymail, BBC, Wikipedia, Facebook, AFP, YouTube

Embargo: കോബ്ര (റിവ്യൂ)*

[2012 ഏപ്രില്‍ 12ന് സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രസിദ്ധീകരിക്കാനുള്ളത്]

ടൂര്‍ണമെന്റിനു ശേഷം ലാല്‍ എഴുതി സംവിധാനം ചെയ്ത കോബ്ര കോമഡി ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ വിഷുവിന് അനുയോജ്യമായ ഉല്‍സവചിത്രമായി തിയറ്ററുകളില്‍ ആരവമുയര്‍ത്തുന്നു. ആക്ഷനും കോമഡിക്കും തുല്യ പ്രാധാന്യം നല്‍കിയിരിക്കുന്ന കോബ്രയില്‍ നായകന്‍ മമ്മൂട്ടിയാണെങ്കിലും ഹീറോയിസത്തോടൊപ്പം മമ്മൂട്ടി-ലാല്‍ കോംബിനേഷന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തൊമ്മനും മക്കളും എന്ന സിനിമയ്‍ക്കു ശേഷം മമ്മൂട്ടി-ലാല്‍ കോംബിനേഷനില്‍ നിന്നും മറ്റൊരു ഉല്‍സവവകാല കോമഡി ചിത്രം എന്ന നിലയ്‍ക്ക് കോബ്ര തിയറ്ററുകള്‍ക്ക് പ്രതീക്ഷ പകരുകയാണ്.

കോ ബ്രദേഴ്സ് എന്നതിന്റെ ചുരുക്കമാണെങ്കിലും കോബ്ര എന്നതില്‍ നായകന്റെ പേരുമുണ്ട്. രാജവെമ്പാല എന്നതിന്റെ ചുരുക്കമെന്നോണം രാജ എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെയും കരിമൂര്‍ഖന്‍ എന്നതിന്റെ ചുരുക്കമായി കരി എന്നു വിളിക്കുന്ന ലാലിന്റെയും സൗഹൃദത്തിന്റെ കഥയാണ് കോബ്ര. സൗഹൃദമാണെങ്കിലും അവരെ പിരിയാനാവാത്ത വിധം ചേര്‍ത്തുവയ്‍ക്കുന്ന ചില കണ്ണികളും ആ കണ്ണികള്‍ തേടി ഭൂതകാലത്തില്‍ നിന്നെത്തുന്ന സത്യങ്ങളുമാണ് സിനിമയെ സംഭവബഹുലമാക്കുന്നത്. ഇരുവരുടെയും നായികമാരായ ആനിയും ഷേര്‍ലിയുമായി കനിഹയും പത്മപ്രിയയും ചിത്രത്തിലുണ്ടെങ്കിലും ന്യൂ ജനറേഷന്‍ സിനിമകളിലെപ്പോലെ ഇവര്‍ക്കിടയില്‍ അവിഹിതബന്ധങ്ങളില്ല.

ഒരുമിച്ചു നിന്നാല്‍ കോബ്രയെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല എന്നറിയാവുന്ന ചിലര്‍ അവരെ പരാജയപ്പെടുത്താന്‍ വഴികള്‍ തേടുകയാണ്. നായികമാരുടെ വരവോടെ സിനിമ രസകരമാവുകയാണ്. ആദ്യപാതിയെന്നോ രണ്ടാം പാതിയെന്നോ വേര്‍തിരിച്ച് ഒരഭിപ്രായം പറയാനാവാത്ത വിധം ആദ്യാവസാനം രസച്ചരട് പൊട്ടാതെ കഥ പറഞ്ഞുപോകാന്‍ എഴുത്തുകാരനും സംവിധായകനുമായ ലാല്‍ ശ്രദ്ധിച്ചിരിക്കുന്നു. ഇരുവരുടെയും സൗഹൃദവും ഇണക്കവും പിണക്കവും തൊമ്മനും മക്കളും എന്ന സിനിമയെ ഓര്‍മിപ്പിക്കുമെങ്കിലും കഥാസന്ദര്‍ഭങ്ങളും പുരോഗതിയും പുതുമയാര്‍ന്നതാണ്. പുതുമയുള്ള പ്രമേയം അവതരിപ്പിക്കുക എന്നതിനെക്കാള്‍ ദ്വയാര്‍ഥപ്രയോഗങ്ങളില്ലാത്ത ഒരുല്‍സവകാല കുടുംബചിത്രം അവതരിപ്പിക്കാനാണ് ലാല്‍ ശ്രമിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന സിനിമയില്‍ ഹൃദയത്തില്‍ പതിയുന്ന രംഗങ്ങളുമുണ്ട്.

ലാലു അലക്‍സ് പതിവുപോലെ ഹൈ പിച്ചില്‍ സംസാരിക്കുന്ന രസികന്‍ കഥാപാത്രമായി സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ ജഗതിയും ബാബു ആന്റണിയും വ്യത്യസ്തമായ വേഷങ്ങളിലാണ് എത്തുന്നത്. സലിം കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ പ്രകടനം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കും. കഥാസന്ദര്‍ഭങ്ങള്‍ പോലെ തന്നെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും തിയറ്ററില്‍ പൊട്ടിച്ചിരി പടര്‍ത്തുകയാണ്. ഉദാഹരണത്തിന് പത്മപ്രിയയുടെ കഥാപാത്രം ചോദിക്കുന്നു- നിങ്ങള് ബ്രദേഴ്സ് ട്വിന്‍സ് ആണോ ? ഉടന്‍ മമ്മൂട്ടിയുടെ മറുപടി- അല്ല ക്രിസ്‍റ്റ്യന്‍സാ!. നായകന്മാരെപ്പറ്റി സലിം കുമാറിന്റെ ഡയലോഗ്- കോബ്രകളാണെങ്കിലും നീര്‍ക്കോലികളുടെ മനസ്സായിരുന്നു അവര്‍ക്ക്. ഇത്തരത്തില്‍ പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വക നല്‍കുന്ന മികച്ച എന്റര്‍ടെയ്‍നറാണ് കോബ്ര.

എംപറർ ഫിലിംസിന്റെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വേണു നിർവഹിച്ചിരിക്കുന്നു. പ്ലേഹൗസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഗാനരചന: സന്തോഷ് വര്‍മ, സംഗീതം: അലക്‌സ് പോള്‍.

എന്റെ റേറ്റിങ്- 8.5/10

*ഇത് വിശ്വസനീയമായ റിവ്യൂ എന്ന നിലയ്‍ക്ക് വായനക്കാര്‍ മുഖവിലയ്‍ക്ക് എടുക്കരുത്. ഇറങ്ങാത്ത സിനിമ കാണാതെ റിവ്യൂ എഴുതുന്നത് ഒരു കലയാണ്.

ഏഷ്യാനെറ്റും സുകേഷ് കുട്ടനും കപടസഹതാപനാടകങ്ങളും

കുറച്ചു ദിവസമായി പ്രബുദ്ധ മലയാളികള്‍ സുകേഷ് കുട്ടനു വേണ്ടി റൂപര്‍ട്ട് മര്‍ഡോക്കിന്റെ തന്തയ്‍ക്ക് വിളിക്കാന്‍ തുടങ്ങിയിട്ട്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മല്‍സരാര്‍ഥിയായ സുകേഷ് കുട്ടനെ ഏഷ്യാനെറ്റ് വിറ്റു കാശാക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. ഓട്ടിസം ബാധിച്ച കുട്ടിയോടിങ്ങനെയൊക്കെ ചെയ്യാമോ എന്നു ചോദിച്ച് കണ്ണീരൊഴുക്കുകയാണ് പ്രബുദ്ധകേരളം. എനിക്കുള്ളത് രണ്ട് സംശയങ്ങളാണ്. ഒന്ന്, സുകേഷ് കുട്ടന്‍ എന്ന മല്‍സരാര്‍ഥിയിലൂടെ പ്രേക്ഷകരുടെ മൃദുലവികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ട് എസ്എംഎസ് സമ്പാദിക്കുന്നതാണോ അതോ സുകേഷ് കുട്ടനെ ഷോയില്‍ മറ്റുള്ള മല്‍സരാര്‍ഥികളെപ്പോലെ തന്നെ കാണുന്നതാണോ ഏഷ്യാനെറ്റ് ചെയ്യുന്ന തെറ്റ് ?

സുകേഷ് കുട്ടന്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ മല്‍സരിക്കുന്നത് അദ്ദേഹത്തിന് അതിനുള്ള യോഗ്യതയുള്ളതുകൊണ്ടാണ്. അംഗീകരിക്കപ്പെടുന്നതുപോലെ തന്നെ ഡേഞ്ചര്‍ സോണില്‍ നില്‍ക്കാനും എലിമിനേറ്റ് ചെയ്യപ്പെടാനും തയ്യാറായി തന്നെയാവണം ഓരോ മല്‍സരാര്‍ഥിയും ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കേണ്ടത്. സുകേഷ് ഓട്ടിസം ബാധിച്ച കുട്ടിയാണ്, അദ്ദേഹത്തിനു സഹതാപവും സംവരണവും ആവശ്യമുണ്ട് എന്ന മുന്‍വിധിയോടെ ഷോയെ കാണുന്നവരാണ് അദ്ദേഹത്തോട് അനീതി കാണിക്കുന്നത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ചെമ്പൈ സംഗീതോല്‍സവത്തിനു സമാനമായ ഒരു സാധനമാണ് ഐഡിയ സ്റ്റാര്‍ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ ഡാഷ് എന്നു കരുതുന്ന പ്രേക്ഷകരാണ് അത് കാണാനിരിക്കുന്നത് എന്നെനിക്കു തോന്നുന്നില്ല. അത്ര പവിത്രമായ സംഗീതമാപിനിയാണ് ഈ സാധനം എന്നു കരുതുന്നവര്‍ അന്നും ഇന്നും എന്നും വിഡ്ഡികളാണ്. സുകേഷ് കുട്ടനെന്നല്ല ഓരോ മല്‍സരാര്‍ഥിയെയും ജഡ്ജിനെയും അവതാരകയെയും വരെ വിറ്റു കാശാക്കുന്ന പരിപാടിയാണ് അത്. എസ്എംഎസ് ആണ് റിയാലിറ്റി ഷോയുടെ പ്രധാന കച്ചവടം എന്നറിയാത്തവരും കുറവായിരിക്കും. പരിപാടിയുടെ പേര് റിയാലിറ്റി ഷോ ആണെന്നിരിക്കെ, അതിലെ നാടകങ്ങളെ ആ ഷോയുടെ ഭാഗമായി കാണാന്‍ കഴിയാതെ പോകുന്നത് ചാനലിന്റെ എന്നതിനെക്കാള്‍ പ്രേക്ഷകരുടെ പരാജയമാണ്. സുകേഷ് കുട്ടന്‍ എന്ന ഗായകന്റെ സാധ്യതകളെ പ്രോഗ്രാമിന്റെ വിജയത്തിനു വേണ്ടിയും മാര്‍ക്കറ്റിങ്ങിനു വേണ്ടിയും ഉപയോഗിക്കുന്നത് ചാനലിനെ സംബന്ധിച്ച് വളരെ പ്രൊഫഷനലായ കാര്യമാണ്. എന്നാല്‍, സുകേഷ് കുട്ടന്‍ എന്ന വ്യക്തിയുടെ പ്രത്യേകതകളെ എടുത്തു കാണിച്ച് അയാളിലെ ഗായകനെ ഗ്രേസ്‍മാര്‍ക്കോടു കൂടി കടത്തി വിടണം എന്നു വാദിക്കുന്നവര്‍ ഒരു റിയാലിറ്റി ഷോയെ സാമൂഹിനാടകമാക്കണമെന്നു വാശിപിടിക്കുന്നവരാണ്.

വ്യക്തിപരമായ പ്രത്യേകതകളും പ്രാരാബ്ധങ്ങളും ദുഖങ്ങളുമാണോ ഒരു സംഗീതപരിപാടിയില്‍ ഗായകനെ അളക്കാനുള്ള മാനദണ്ഡങ്ങള്‍ ? തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് അതിശയകരമാം വിധം മികവോടെ പാടുന്ന സുകേഷ് കുട്ടനെ വിലയിരുത്തുന്നതുപോലെ അദ്ദേഹത്തിന്റെ ഗാനങ്ങളെ മറ്റുള്ള മല്‍സരാര്‍ഥികളുടേതുമായി താരതമ്യപ്പെടുത്തിയൊരു വിലയിരുത്തല്‍ സാധ്യമല്ല. സുകേഷ് കുട്ടന്റെ പാട്ടും, ഏഷ്യാനെറ്റിന്റെ ബിസിനസും, വിലയിരുത്തപ്പെടുന്ന സംഗീതവും പ്രേക്ഷകരുടെ എസ്എംഎസും മുന്‍വിധികളും എല്ലാം കൂടി കൂടിക്കുഴച്ചപ്പോള്‍ ചാനല്‍ റിയാലിറ്റി ഷോ സാമൂഹികവിരുദ്ധ പ്രവര്‍ത്തനവും അതിലെ മല്‍സരാര്‍ഥി ചാനലിന്റെ ഇരയുമാണെന്നു തോന്നുന്നത് ഉപരിപ്ലവമായ കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്ന ചിലതരം സോഷ്യല്‍ ആക്ടിവിസ്റ്റുകളുടെ വീക്ക്‍നെസ് ആണ്.

സുകേഷ് കുട്ടന്‍ അദ്ദേഹത്തിന്റെ പ്രത്യേകതകളെയും പരിമിതികളെയും മറികടന്ന് ചാനല്‍ റിയാലിറ്റി ഷോയില്‍ വന്നു പാടുന്നത് അത്തരക്കാര്‍ സഹതാപം മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്ന സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടാണ്. ഒരായിരം അച്ഛനമ്മമാര്‍ക്കു കരുത്തുപകരുന്നതാണ് സുകേഷ് കുട്ടന്റെ നേട്ടം. ‘ദേ ആ കുട്ടിയെ നോക്കൂ, പാവം അല്ലേ’ എന്നു പറയുന്നതിലൂടെ സാമൂഹികപ്രതിബദ്ധതയും മനുഷ്യത്വവും പ്രകടിപ്പിക്കുന്ന നമ്മളെക്കാള്‍, സുകേഷിനെ ഗായകനെന്ന നിലയ്‍ക്ക് കേരളസമൂഹത്തിനു പരിചയപ്പെടുത്തിയ ഏഷ്യാനെറ്റിന്റെ റിയാലിറ്റി കച്ചവടം ആണ് ഗുണകരമായി തോന്നുന്നത്. ഷോയുടെ പരിണിതഫലം എന്തായാലും ഷോയില്‍ ഇത്രനാള്‍ അദ്ദേഹം ഉണ്ടായിരുന്നു എന്നത് തന്നെയാണ് സുകേഷിനെപ്പോലെ പ്രത്യേകതകളുള്ള കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമെല്ലാം പ്രചോദിപ്പിക്കുന്നത്.

പ്രതികരണത്തൊഴിലാളികള്‍ വികാരം കൊണ്ട്, വികാരം കൊണ്ട് ഒടുവില്‍ മകനെ വച്ച് പബ്ലിസിറ്റിക്കു ശ്രമിക്കുന്ന സുകേഷ് കുട്ടന്റെ അമ്മയോടു പോലും രോഷം കൊള്ളുന്നുണ്ട്. സുകേഷ് കുട്ടനെ വീട്ടിനുള്ളില്‍ പൂട്ടിയിടാതെ അവന് സംഗീതത്തിന്റെയും മല്‍സരങ്ങളുടെയം ലോകത്ത് കൈപിടിച്ചു നടത്തിയ അമ്മയെ ചോദ്യം ചെയ്യുന്ന ഓണ്‍ലൈന്‍ സാമൂഹികപരിഷ്കര്കര്‍ത്താക്കളുടെ മനോവൈകല്യങ്ങള്‍ക്കു അടുത്ത സീസണിലെങ്കിലും ശമനമുണ്ടാകട്ടെ എന്നാശംസിക്കുന്നു. ‘ഓട്ടിസം ബാധിച്ച കുട്ടി’ എന്ന ലേബല്‍ നല്‍കി സഹതപിക്കുന്ന കപടസഹതാപനാടകക്കാരെക്കാള്‍ ‘സ്റ്റാര്‍ സിങ്ങര്‍ ഫെയിം സുകേഷ് കുട്ടന്‍’ എന്ന ലേബല്‍‍ വിശേഷപ്പെട്ടതാണ് എന്നു വിശ്വസിക്കുന്ന ആളുകള്‍ക്ക് അതിനു മതിയായ കാരണങ്ങളുമുണ്ട്. മര്‍ഡോക്ക് ആണോ ഓണ്‍ലൈന്‍ പത്രങ്ങളിലെ കീബോര്‍ഡ് ഗുണ്ടകളാണോ സുകേഷിനെ വിറ്റഴിക്കുന്നത് എന്നു കാലം തീരുമാനിക്കട്ടെ.

ബോംബെ രവിയ്ക്ക് പ്രണാമം

ബോംബെ എന്ന സ്ഥലത്തോടുള്ള മലയാളിയുടെ വിശ്വാസമായിരുന്നു അദ്ദേഹം. രവി ബോംബെ. ഇഷ്ടഗാനങ്ങളുടെ ശില്‍പികളോടൊപ്പം അദ്ദേഹവും കടന്നുപോകുമ്പോള്‍ എന്നും നെഞ്ചിലേറ്റി താലോലിച്ച ഗാനങ്ങള്‍ ഒരിക്കല്‍ക്കൂടി പങ്കുവച്ചുകൊണ്ട് ആ സംഗീതചക്രവര്‍ത്തിയ്‍ക്ക് ഹൃദയപൂര്‍വം വിട ചൊല്ലുന്നു.

നോക്കിയ ട്യൂണ്‍ റീമേക്ക് ചെയ്യുന്നോ ?

റീമിക്‌സുകളുടെ കാലമാണിത്. പഴയ പാട്ടുകളൊക്കെയും പുതിയ ബീറ്റുകളോടെ പുനസൃഷ്ടിക്കുന്നതിലാണ് നമ്മുടെ സംഗീതസംവിധായകര്‍ക്കും താല്‍പര്യം. പുതിയതൊന്നു ചെയ്ത് ഹിറ്റാക്കുന്നതിന്റെ റിസ്‌കില്ല എന്നതിനു പുറമേ പഴയ ഹിറ്റിന്റെ മിനിമം ഗ്യാരണ്ടി ഉറപ്പിക്കുകയും ചെയ്യാം. മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കളായ നോക്കിയയും സമാനമായ വഴിയിലാണ്. നിലവിലുള്ള ഹാന്‍ഡ് സെറ്റ് മോഡലുകളില്‍ നിന്നു വ്യത്യസ്തമായി വിന്‍ഡോസ് ഫോണ്‍ 7 ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ അവതരിപ്പിക്കാനിരിക്കെ ചിരപരിചിതമായ തങ്ങളുടെ നോക്കിയ റിങ്‌ടോണ്‍ ഒന്നു മാറ്റിപ്പിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പുതിയൊരു റിങ്‌ടോണ്‍ അവതരിപ്പിച്ച് റിസ്‌കെടുക്കാന്‍ കമ്പനിക്കു താല്‍പര്യമില്ല. കാരണം, ഇന്നും ലോകത്ത് ഏറ്റവും പ്രചാരമുള്ള റിങ്‌ടോണുകളിലൊന്നാണ് നോക്കിയ ട്യൂണ്‍. അതിന്റെ ആത്മാവ് ചോര്‍ന്നുപോകാത്ത തരത്തിലുള്ള റീമിക്‌സ് ആണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഇതൊക്കെ എ.ആര്‍.റഹ്മാനെക്കൊണ്ടോ ദിപക് ദേവിനെക്കൊണ്ടോ ചെയ്യിച്ചാല്‍ പോരേ എന്നു നമുക്കു തോന്നും. ആരു ചെയ്താലും അതിനെ വിമര്‍ശിച്ചു കൊല്ലാനിരിക്കുന്ന സോഷ്യല്‍ മീഡിയ യുഗത്തില്‍ എല്ലാവര്‍ക്കും അവസരം എന്നതാണ് കമ്പനി കൈക്കൊണ്ടിരിക്കുന്ന നയം. നൂറു ശതമാനം ജനകീയരീതിയില്‍ നോക്കിയ റിങ്‌ടോണ്‍ റീമിക്‌സ് ചെയ്‌തെടുക്കുന്നു. 1994ല്‍ കമ്പനി സ്വീകരിച്ച സിഗ്നേച്ചര്‍ റിങ്‌ടോണ്‍ നോക്കിയ 2110 മോഡലിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വര്‍ഷം പത്തുപതിനഞ്ചു കഴിഞ്ഞെങ്കിലും മോണോഫോണിക് ട്യൂണിനെ പോളിഫോണിക് ആക്കിയതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ തിളക്കത്തില്‍ പുതിയ മോഡലുകളെത്തുമ്പോള്‍ റിങ്‌ടോണിലും കാലോചിതമായ മാറ്റം വേണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്.

നോക്കിയ ട്യൂണ്‍ വെറുമൊരു റിങ്ടോണ്‍ എന്നതിനപ്പുറം ഒരു ചരിത്രം കൂടിയാണ്. സ്പാനിഷ് ഗിറ്റാറിസ്റ്റും കംപോസറുമായ ഫ്രാന്‍സിസ്കോ ടെറീഗ 1902ല്‍ കംപോസ് ചെയ്ത ഗ്രാന്‍ഡ് വാല്‍സ് എന്ന കംപോസിഷനില്‍ നിന്നുള്ള സംഗീതശകലമാണ് ഇന്ന് ലോകമെങ്ങും ദിവസേന ഇരുനൂറുകോടിയളം തവണ പ്ലേ ചെയ്യപ്പെടുന്നത്. 1993ല്‍ നോക്കിയ മൂന്നേമുക്കാല്‍ മിനിറ്റ് ദൗര്‍ഘ്യമുള്ള ഗ്രാന്‍ഡ് വാല്‍സ് വിലയ്‍ക്കു വാങ്ങിയ ശേഷമാണ് അതിന്റെ 18 മുതല്‍ 24 സെക്കന്‍ഡ് വരെയുള്ള 4 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സംഗതി എടുത്ത് റിങ്ടോണ്‍ ആക്കിയത്. 1994ല്‍ നോക്കിയ 2110 എന്ന മോഡലില്‍ അവതരിപ്പിക്കപ്പെട്ട ഈ ടോണ്‍ ആണ് ലോകത്തിലെ ആദ്യത്തെ മൂസിക്കല്‍ റിങ്ടോണ്‍ എന്നു ചരിത്രം. 100 വര്‍ഷത്തിനു മുമ്പ് മണ്‍മറഞ്ഞുപോയ ഒരു ഗിറ്റാറിസ്റ്റിനെ 4 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റിങ്ടോണിന്റെ പേരില്‍ ഇന്നു ലോകം ഓര്‍ക്കുന്നെങ്കില്‍ അതു വിസ്മയകരമായ സാങ്കേതികവിദ്യയുടെ ക്രെഡിറ്റിലാണ്.ഗ്രാന്‍ഡ് വാല്‍സ് പൂര്‍ണരൂപത്തില്‍ കേട്ടാല്‍ കൊള്ളാമെന്നു തോന്നുന്നവര്‍ക്കായി ലതിന്റെ ലിത്.

നോക്കിയ ടോണ്‍ റീമേക്ക് മല്‍സരത്തിന്റെ ഭാഗമായി കംപോസര്‍മാര്‍ക്കു വേണ്ടി ഓഡിയോഡ്രാഫ്റ്റ് വെബ്‌സൈറ്റില്‍ നോക്കിയ പ്രത്യേക പേജ് തുറന്നിട്ടുണ്ട്. നോക്കിയ ട്യൂണ്‍ ആര്‍ക്കും അതില്‍ റീമിക്‌സ് ചെയ്ത് അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്യപ്പെടുന്ന ട്യൂണുകളെല്ലാം കേള്‍ക്കാനും വോട്ടു ചെയ്യാനും അതില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏറ്റവും അധികം വോട്ടു നേടുന്ന ട്യൂണുകളില്‍ നിന്നു കമ്പനി മികച്ച റീമിക്‌സ് തിരഞ്ഞെടുത്ത് 2012ല്‍ ഇറങ്ങാനിരിക്കുന്ന നോക്കിയ മോഡലുകളുടെ നോക്കിയ ട്യൂണ്‍ ആക്കി മാറ്റും. സെപ്റ്റംബര്‍ അഞ്ചിനു തുടങ്ങിയ റമീക്‌സ് മല്‍സരത്തിന് കാലാവധി നാല് ആഴ്ചയാണ്. ചുരുങ്ങിയ സമയത്തിനകം തന്നെ ഒട്ടേറെ എന്‍ട്രികള്‍ വന്നുകഴിഞ്ഞു. പരമാവധി 30 സെക്കന്‍ഡ് ദൈര്‍ഘ്യമേ പാടുള്ളൂ.

റഫറന്‍സിനായി ഇതുവരെയുള്ള എല്ലാ നോക്കിയ ട്യൂണ്‍ റീമിക്‌സ് വേര്‍ഷനുകളും സൈറ്റില്‍ ലഭിക്കും. റീമിക്‌സ് തന്നെ വേണമെന്നും കമ്പനിക്കു നിര്‍ബന്ധമില്ല. പുതിയൊരു മാധ്യമത്തില്‍ നോക്കിയ ട്യൂണ്‍ പുതുപുത്തനായും അവതരിപ്പിക്കാം. എല്ലാം കംപോസര്‍മാരുടെ ഇഷ്ടം. എന്തായാലും ഈ മാസം തന്നെ പണി തീര്‍ത്ത് അപ്‌ലോഡ് ചെയ്യണം. ഒക്ടോബര്‍ അഞ്ചിനു കമ്പനി 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. അതില്‍ അഞ്ചു പേര്‍ പൂര്‍ണമായും ശ്രോതാക്കളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലും അഞ്ചുപേര്‍ ഓഡിയോഡ്രാഫ്റ്റ് ജൂറിയുടെ വിധിനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും തിരഞ്ഞെടുക്കപ്പെടുക. ഇവരില്‍ നിന്നുള്ള അന്തിമവിജയിയെ ഒക്ടോബര്‍ ഏഴിനു പ്രഖ്യാപിക്കും. വിജയിക്ക് പതിനായിരം ഡോളറാണ് (4.6 ലക്ഷം രൂപ) സമ്മാനം. ഒപ്പം അഞ്ച് പേര്‍ക്ക് ആയിരം ഡോളര്‍ വീതം (46000 രൂപ) പ്രോല്‍സാഹനസമ്മാനവും ലഭിക്കും. എല്ലാറ്റിനുമുപരിയായി പത്തുകോടിയിലധികം നോക്കിയ ഉല്‍പന്നങ്ങളിലെ സിഗ്നേച്ചര്‍ ട്യൂണ്‍ ആയി ഇത് ഉപയോഗിക്കപ്പെടും. പ്രചോദനം വന്നു കഴിഞ്ഞെങ്കില്‍ ഇതുവരെയുള്ള എന്‍ട്രികള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കുക:nokiatune.audiodraft.com