പാഷന്‍ ഓഫ് ദി പ്രീസ്റ്റ്‌സ്‌

ഭീകര സെക്കുലറായ പി.സി.ജോര്‍ജ് പോലും മൗനം പാലിക്കുന്ന ഈ വിശുദ്ധ വാരത്തില്‍ ഇങ്ങനൊരു പോസ്റ്റിടേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. ഈ വിശുദ്ധവാരത്തില്‍ പള്ളീലച്ചന്‍മാരും വിശ്വസികളെപ്പോലെ പ്രാര്‍ഥനയിലും ഉപവാസത്തിലും ഈശ്വരചിന്തയിലും കഴിഞ്ഞുകൂടുകയാണെന്നാണ് പൊതുവേയുള്ള സങ്കല്‍പം. എന്നാല്‍, വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവച്ചിരിക്കുന്ന കുത്തിക്കഴപ്പുകള്‍ യൂദാസിനെപ്പോലെ അവരുടെ കുഞ്ഞാടുകളെ ഒറ്റിക്കൊടുക്കുകയും പാവപ്പെട്ട മനുഷ്യരുടെ ദൈവവിശ്വാസത്തെ തന്നെ ക്രൂശിലേറ്റുകയും ചെയ്യുമ്പോള്‍ പറയാനുള്ളത് പറയുന്നതാണ് പി.സി.ജോര്‍ജ് കളിക്കുന്നതിനെക്കാള്‍ നല്ലത് എന്നു തോന്നുന്നു.

പറയുമ്പോള്‍ 20 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ കാര്യം മുതല്‍ നമ്മള്‍ പറയണം. രണ്ടു പതിറ്റാണ്ടായി ഭൗതികശക്തികള്‍ അന്വേഷിച്ചിട്ടും കുറ്റവാളികളെ കിട്ടാത്ത കേസിനെ ഇനി മതമേലധ്യക്ഷന്‍മാര്‍ ദൈവികരഹസ്യമായോ മറ്റോ പ്രഖ്യാപിക്കുന്നതാണ് നല്ലത്. മകളെ കന്യാസ്ത്രീയാക്കാന്‍ വിട്ട ആ രക്ഷിതാക്കളുടെ മനസ്സിലെ കെടാത്ത തീ ബാക്കി നോക്കിക്കോളും. പിന്നെയുമുണ്ട്. ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാംപിനിടെ കൊല്ലപ്പെട്ട 12 വയസുകാരി ശ്രേയ, തൃശൂരില്‍ ആദ്യകുര്‍ബാന വ്‌സ്ത്രം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച ബ്ലഡി ഫക്കിങ് കൊക്കന്‍, അങ്ങനെ നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ സംഭവങ്ങള്‍ അനേകം.

അടുത്തിടെ ചര്‍ച്ചയായ മൂന്ന് പള്ളീലച്ചന്‍മാരാണ് ഇന്ന് പോസ്റ്റില്‍ വിഷയമാകുന്നത്. ഇവരുടെ സഭയേതാണെന്നോ സെമിനാരി ഏതാണെന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എല്ലാവരുടെയും കയ്യിലിരിപ്പ് സാത്താന്റെയാണെന്നതാണ് പ്രസക്തമാകുന്നത്. ആദ്യത്തെ സംഭവത്തിലെ പ്രതി പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ്മാത പള്ളിയിലെ വികാരിയുമാണ്- ഫാ.എഡ്വിന്‍ സിഗ്രേസ്. പേരെടുത്ത ധ്യാനഗുരു, തീപ്പൊരി പ്രഭാഷകന്‍, നിരവധി ഭക്തിഗാനകാസറ്റുകളിലെ പാട്ടുകാരന്‍… അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണി. ഈ ഉണ്ണി 14 വയസുള്ള ഒരു പെണ്‍കുട്ടിയെ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ അച്ചന്‍ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോകുന്നത് കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് കേസെടുക്കുകയും മാതൃകാ ഇടയന്‍ ഒളിവില്‍ പോവുകയുമായിരുന്നു എന്നാണ് വാര്‍ത്ത.

14 വയസുള്ള പെണ്‍കുട്ടിയാണ് സത്യത്തില്‍ കുറ്റക്കാരിയെന്നും സ്റ്റാന്‍ഡ് എലോണ്‍ സെലബ്രിറ്റിയായ അച്ചനെ കുടുക്കാന്‍ വേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന ശ്രമമാണിതെന്നും അച്ചന് ഐക്യദാര്‍ഢ്യം നല്‍കണമെന്നുമൊക്കെ വാദിക്കാനും ആളുണ്ടാവും. 14 വയസുള്ള പെണ്‍കുട്ടിയെക്കാള്‍ വിവരവും വിവേകവും, തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസവുമൊക്കെ നന്നായി അറിയാവുന്ന ആളാണ് 41 വയസുള്ള പള്ളീലച്ചന്‍ എന്നെങ്കിലും പ്രിയ കുഞ്ഞാടുകള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സിംപിളായി പറഞ്ഞാല്‍പ്പോലും ഒരു തെറ്റും ചെയ്യാതെ ക്രൂശിലേറ്റപ്പെട്ട ക്രിസ്തുവിനെ പ്രകീര്‍ത്തിക്കുന്ന ഈയാഴ്ചയില്‍ ധ്യാനഗുരു ഒളിവില്‍ പോയതിന് ക്രിസ്തീയമായ ഒരു വിശദീകരണവും ഞാന്‍ കാണുന്നില്ല.

ഇതുമായി ബന്ധമില്ലെങ്കിലും, കഴിഞ്ഞയാഴ്ച സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ഒരു വാര്‍ത്തയും കണ്ടിരുന്നു. 13 വര്‍ഷം കന്യാസ്ത്രീയായിരുന്ന അനിതയെ ഇടുക്കിക്കാരന്‍ ഒരു അച്ചന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നേ്രത സംഭവങ്ങള്‍. ഇറ്റലിയിലേക്കു സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീ സഭയില്‍ നിന്നു പുറത്താക്കപ്പെടുകയും അതെത്തുടര്‍ന്ന് കോണ്‍വെന്റിനു മുന്നില്‍ കുത്തിയിരിപ്പു നടത്തിയപ്പോള്‍ കൂടുതല്‍ നാറാതിരിക്കാന്‍ സഭ 12 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് ഒതുക്കുകയുമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. ഇടുക്കിക്കാരന്‍ അച്ചന്‍ ആരാണെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയില്ല. തിരുവസ്ത്രം നഷ്ടപ്പെട്ടതും വഴിയിലിരിക്കേണ്ടി വന്നതും ഒടുവില്‍ നഷ്ടപരിഹാരം വാങ്ങി വീട്ടില്‍പ്പോവേണ്ടി വന്നതും കന്യാസ്ത്രീ.

ഇതിനിടയിലാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഫാ. ജോസഫ് ഓലിക്കലിന്റെ മുകേഷ് സിങ്ങിസം. രാജ്യത്തെ ഞെട്ടിച്ച ജില്‍ മീഗര്‍ കേസിനെപ്പറ്റിയായിരുന്നു ഓലിക്കലച്ചന്‍ വിവരക്കേട് പറഞ്ഞത്. ഇന്ത്യക്കാരന് നിര്‍ഭയ കേസ് പോലെയാണ് ഓസ്‌ട്രേലിയക്കാരന് ജില്‍ മീഗര്‍ കേസ്. ജില്‍ മീഗറെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തമേ കിട്ടിയിട്ടുള്ളൂ (14 വര്‍ഷമല്ല, ഒറിജിനല്‍ ജീവപര്യന്തം) എന്നിരിക്കെ ജില്‍ മീഗര്‍ കുറച്ചുകൂടി വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്നെങ്കില്‍ അവള്‍ക്കീ ഗതി വരില്ലായിരുന്നു എന്നാണ് ഓലിക്കലച്ചന്‍ പറഞ്ഞത്.
അങ്ങനെയെങ്കില്‍, വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയ്ക്കും സണ്‍ഡേ സ്‌കൂള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ശ്രേയയ്ക്കും കൊക്കന്‍ ആദ്യകുര്‍ബാന വസ്ത്രം വാങ്ങിത്തരുമെന്നു വിശ്വസിച്ചു പീഡനങ്ങളെല്ലാം സഹിച്ച കുരുന്നിനുമൊക്കെ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നും ഓലിക്കന്‍ വിശദീകരിക്കേണ്ടി വരും.

അച്ചന്‍മാരും മനുഷ്യരാണ്. സമൂഹത്തിലെ തിന്മകളൊക്കെയും അവരിലുമുണ്ടാകും, എന്നു കരുതി വൈദികരെയാകെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോ സഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നു വളരെ പക്വതയുള്ള ആളുകള്‍ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. ലോ പോയിന്റാണത്. പക്ഷെ, അവിടെയും പിഴവുകളാണ്. വധശിക്ഷ കാത്തു കഴിയുന്ന മുകേഷ് സിങ്ങിന്റെ അറിവോ ഐക്യുവോ അല്ല മേല്‍പ്പറഞ്ഞ വെള്ളക്കുപ്പായക്കാര്‍ക്ക് എന്നതാണ് ഇത് മറ്റു കുറ്റങ്ങളെപ്പോലെ അല്ലാതാക്കുന്നത്. മുകേഷ് സിങ്ങും ഇവരുമായി ഐക്യുവില്‍ വ്യത്യാസമൊന്നുമില്ലെന്നു തെളിയിച്ചു എന്നിരിക്കട്ടെ, മുകേഷ് സിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലുണ്ട് എന്നത് ഒരു ആശ്വാസമാണ്. സിസ്റ്റര്‍ അഭയയുടെ കൊലയാളികളും ശ്രേയയെ വെള്ളത്തില്‍ മുക്കി കൊന്നവരും കൊക്കനും ഇപ്പോള്‍ എവിടെയാണ് ?

ഈ വൈദികന്‍മാര്‍ ചെയ്തിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും നീചമായ പാപങ്ങളാണ്. സഭാധികാരികള്‍ തെറ്റു ചെയ്തവരെ രാജ്യത്തെ നിയമത്തിനു മുന്നില്‍ ഹാജരാക്കി അവരെ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയരാക്കുമ്പോഴാണ് നീതി
നടപ്പാവുന്നത്. ഇരകളെ അവഹേളിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷം കയ്യിലെടുക്കുന്നവര്‍ വഞ്ചിക്കുന്നത് ക്രിസ്തുവിനെയാണ്, ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയുമാണ്. ഇത് ഒരു മുട്ടനാടിന്റെ ഇടയലേഖനമായി കണ്ട് വായിക്കണമെന്നും ഇതെപ്പറ്റി ചിന്തിക്കാന്‍ കുറച്ചു സമയം ചിലവഴിക്കണമെന്നും എല്ലാ വൈദികരോടും ആഹ്വാനം ചെയ്യുന്നു.

ഹാപ്പി ഈസ്റ്റര്‍ !

കരിദിനാശംസകള്‍

പരമപരിശുദ്ധമായ ലോകമാതൃദിനം പൊട്ടിവിരിഞ്ഞു കഴിഞ്ഞു. ഇനി 24 മണിക്കൂര്‍ പെറ്റമ്മയുടെ അപദാനങ്ങള്‍ വര്‍ണിച്ചും അമ്മ, ഗര്‍ഭപാത്രം, മുലപ്പാല്‍ തുടങ്ങിയ വാക്കുകള്‍ വച്ചു കവിതകളെഴുതിയും അമ്മയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തും ഗൂഗള്‍ ഡൂഡില്‍ നോക്കിയിരുന്നും നമ്മള്‍ വമ്പിച്ച മാതൃദിനാഘോഷം നടത്തും. നാളെ മുതല്‍ എല്ലാം പഴയതുപോലെ. പെരുങ്കള്ളന്‍മാരും കള്ളികളുമായ, സ്വാര്‍ത്ഥതയുടെ മൂര്‍ത്തിരൂപങ്ങളായ നമുക്ക് ഇത്തരം ദിനാഘോഷങ്ങള്‍ വളരെ ഈസിയാണ്. അതുകൊണ്ട്, ഈ മാതൃദിനം കരിദിനമായി ആചരിച്ചുകൊണ്ട് 276 അമ്മമാരുടെ നിലയ്ക്കാത്ത കണ്ണീരിനൊപ്പം ഒരു പ്രാര്‍ഥനയര്‍പ്പിച്ചുകൊണ്ട് ഈ കരിദിനപോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.

ഒരു സംഘം ഭ്രാന്തന്‍മാര്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ 276 പെണ്‍കുട്ടികളുടെ അമ്മമാരും ഇന്ന് മാതൃദിനത്തിലൂടെ കടന്നു പോവുകയാണ്. വില്‍പ്പനച്ചരക്കായി പകുതി ജീവനോടെ അവരില്‍ അവശേഷിക്കുന്ന പെണ്‍കുട്ടികള്‍ നാളത്തെ അമ്മമാരാണ്. ആഫ്രിക്കയിലെ അപ്രധാനമായ ആ സംഭവവികാസം മനസ്സില്‍ തട്ടാതെ അവഗണിച്ചുകൊണ്ട് മാതൃദിനം ആഘോഷിക്കുന്ന സംസ്‌കാരസമ്പന്നമായ ലോകത്തിന് ഒരു കൂപ്പുകൈ.

ആഫ്രിക്കയിലെ അമ്മമാര്‍ക്ക് ഈ മാതൃദിനത്തില്‍ നമ്മുടെ സരസമായ തൂലികത്തുമ്പുകളില്‍ എന്തു സന്ദേശമാണ് നല്‍കാനാവുന്നത് എന്നു പരിശോധിക്കുക. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ലോകത്തിലെ ഭൂരിപക്ഷമാളുകളും മാധ്യമങ്ങളും അവഗണിച്ചുപോയ അവരുടെ കണ്ണീരിനെ നമ്മുടെ ഏതു മാതൃസ്‌നേഹം കൊണ്ടാണ് ന്യായീകരിക്കാനാവുക എന്ന് അന്വേഷിക്കുക. ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും അമ്മയുടെ പ്രസവവേദനയ്ക്ക് ഒറ്റ അര്‍ഥമേയുള്ളൂ. അവള്‍ മുലയൂട്ടി വളര്‍ത്തുന്ന കുഞ്ഞിനോട് ഒരേയൊരു വികാരമേയുള്ളൂ. ഈ മാതൃദിനം കരിദിനമാവാന്‍ ലോകത്തിന് മറ്റൊരു കാരണം ആവശ്യമില്ല.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പേരില്‍ ആഴ്ചകളോളം കണ്ണീരൊഴുക്കിയ, കഥകള്‍ മെനഞ്ഞ മാധ്യമങ്ങളും ആഗോളവാര്‍ത്താ ഏജന്‍സികളും നൈജീരിയയിലെ 276 കുരുന്നുകളുടെ കാര്യത്തില്‍ ആശങ്കാകുലരല്ല. മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ചെലവഴിച്ചതിന്റെ ആയിരത്തിലൊന്നു സമയവും പണവും അധ്വാനവും മതി ഈ കുരുന്നുകളെ കണ്ടെത്താന്‍. 276 കറുത്ത കുട്ടികള്‍ കാട്ടില്‍ക്കിടന്നു മരിച്ചുപോവുന്നതില്‍ ആരും ആസ്വസ്ഥരല്ല. അവരുടെ കാര്യത്തിലുള്ള നമ്മുടെ നിസ്സംഗതയും നിര്‍വികാരതയും നമ്മള്‍ പരിഷ്‌കൃതമാതൃസ്‌നേഹങ്ങളിലൂടെ മറയ്ക്കും, മാതൃദിന സന്ദേശങ്ങളിലൂടെ പര്‌സപരം വിസ്മയിപ്പിക്കും.ഇറാക്കിലും പലസ്തീനിലും കുരുന്നുകളെ കൊന്നുതള്ളിയതില്‍ ഒരു വികാരവും തോന്നാത്ത സമൂഹത്തില്‍ നിന്ന് ഈ പ്രശ്‌നത്തില്‍ മാത്രം വ്യത്യസ്തമായൊരു പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ല. കാലം ഏതായാലും രാജ്യം ഏതായാലും എല്ലാ കണക്കുതീര്‍ക്കലുകള്‍ക്കും ഇരയാവുന്നത് ഒന്നുമറിയാത്ത കുരുന്നുകളാണ്. തീരാവേദനയില്‍ നരകിച്ചു ജീവിക്കുന്നത് ലക്ഷക്കണക്കിന് അമ്മമാരും.

ബൊക്കോ ഹറാം നൈജിരിയയില്‍ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് മാസം ഒന്നു തികയാറായി. അവരില്‍ എത്ര പേര്‍ ജീവനോടെ അവശേഷിക്കുന്നുണ്ട് എന്നു നമുക്കറിയില്ല. ഒരു തെറ്റും ചെയ്യാത്ത ആ കുരുന്നുകള്‍ അവിടെ മരണത്തിലേക്കു നടന്നു നീങ്ങുമ്പോള്‍ നന്മ നിറഞ്ഞ വിശാലലോകത്തു നിന്ന് എന്തുകൊണ്ടാണ് ആരും തങ്ങളെ രക്ഷിക്കാന്‍ വരാത്തതെന്ന് അവര്‍ ദൈവത്തോടു ചോദിക്കുന്നുണ്ടാവും. അതിനുത്തരം പറയേണ്ടത് ഈ മാതൃദിനത്തെ അവിസ്മരണീയമാക്കാന്‍ പരിപാടികളാവിഷ്‌കരിക്കുന്ന നമ്മളോരോരുത്തരുമാണ്. ഈ മാതൃദിനത്തിന്റെ മനോഹാരിതയെ ആ കുരുന്നുകളുടെ ചോരയും അമ്മമാരുടെ കണ്ണീരും കൊണ്ടാണ് നമ്മള്‍ അടയാളപ്പെടുത്തുന്നത്.

നൈജിരിയില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത് ബൊക്കൊ ഹറാം ലോകം കണ്ടിട്ടില്ലാ വിധം കരുത്താര്‍ജ്ജിച്ച ഭീകരസംഘടയായതുകൊണ്ടല്ല. രാജ്യപുരോഗതിക്കു വേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ കയ്യില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ വാങ്ങി വിഴുങ്ങുന്ന ഗുഡ്‌ലക്ക് ജൊനാതന്‍ എന്ന ആണും പെണ്ണും കെട്ട പ്രസിഡന്റാണ് ആ നാടിന്റെ ശാപം. അഴിമതിയില്‍ മുങ്ങിക്കുളിച്ച നാണംകെട്ട ഭരണത്തില്‍ പൊട്ടിമുളച്ച വിഷവിത്താണ് ബൊക്കോ ഹറാം. ആയിരക്കണക്കിനാളുകളെ അവര്‍ കൊന്നൊടുക്കയും നൂറുകണക്കിനു പേരെ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്തത് സംഘടന അത്ര ശക്തമായതുകൊണ്ടല്ല. ആ രാജ്യത്തെ ഭരണസവിധാനം അത്രയെറെ ദൂര്‍ബലമായതുകൊണ്ടാണ്.

നമ്മള്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല നൈജീരിയയിലെ പ്രശ്‌നം. എന്നാല്‍, ആര്‍ക്കും പരിഹരിക്കാനാവാത്ത വിധം സങ്കീര്‍ണവുമല്ല. ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഭരണാധികാരികളും മാധ്യമങ്ങളും അവഗണിക്കുന്ന ഒരു പ്രതിസന്ധിയില്‍ നമ്മുടെ അഭിപ്രായങ്ങള്‍ ഒരു ചലനവും സൃഷ്ടിക്കില്ല. മാതൃസ്‌നേഹം വഴിഞ്ഞൊഴുകുന്ന ഈ മാതൃദിനത്തില്‍ ആ കുരുന്നുകളെയും അമ്മമാരെയും ഓര്‍ക്കാനെങ്കിലും കഴിയുന്നില്ലെങ്കില്‍ നമ്മുടെ അമ്മമാരെ നമ്മള്‍ നാണം കെടുത്തുകയാണ് ചെയ്യുന്നത്. നൈജിരിയിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി, അവരുടെ അമ്മമാര്‍ക്കു വേണ്ടി ഈ മാതൃദിനം കരിദിനമായി ആചരിക്കുന്നതില്‍ അമ്മമാര്‍ അഭിമാനിക്കുകയേയുള്ളൂ.

പുളുന്താന്‍ പ്രസിഡന്റിനു കീഴില്‍ നിന്നു കൊണ്ട് ലോകത്തോട് സഹായമഭ്യര്‍ഥിക്കുന്ന, നൈജിരിയയുടെ ശബ്ദം കേള്‍ക്കാതെ പോകരുത്. പ്രമുഖ നൈജീരിയന്‍ നടി സ്റ്റെല്ല ദമാസസിന്റെ ഈ വിഡിയോ കൂടി കാണുക. കരിദിനാശംസകള്‍ !

ഗോഡ്‌സെയുടെ നാമം വാഴ്ത്തപ്പെടട്ടെ

നാഥുറാം ഗോഡ്‌സെ എന്നു വച്ചാല്‍ എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ലോകം കണ്ട ഏറ്റവും വലിയ മഹാത്മാക്കളില്‍ ഒരാളുടെ ജീവനെടുത്ത തീവ്രവാദിയാണ്. ഇന്ത്യന്‍ വികാരത്തോടെ ചിന്തിച്ചാല്‍ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത നമ്മുടെ രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്നവന്‍. അങ്ങനെയൊരു വിലാസത്തിലല്ലാതെ ഗോഡ്‌സെയെ ഇന്ത്യയിലോ ഇന്ത്യയ്ക്കു പുറത്തോ ആരെങ്കിലും തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. മഹാത്മജിയുടെ മരണത്തെക്കുറിച്ചു പറയുമ്പോള്‍ അതു ഗോഡ്‌സെയുടെ സല്‍പേരിനെ കളപ്പെടുത്തലാണെന്നു പറയുന്നതിനെക്കാള്‍ വലിയൊരു പോക്രിത്തരം വേറെയില്ല.

മഹാത്മജിയുടെ മരണത്തെക്കുറിച്ച് ചിത്രീകരിച്ച 52 എപ്പിസോഡ് ഡോക്യുഫിക്ഷന് അനുമതി നിഷേധിക്കുന്നതിന് ദേശീയ ചാനലായ ദൂരദര്‍ശന്‍ പറഞ്ഞ കാരണമാണ് അത് ഗോഡ്‌സെയെ അപകീര്‍ത്തിപ്പെടുന്നു എന്നത്. കേതന്‍ മേത്ത സംവിധാനം ചെയ്തതാണ് ഡോക്യുഫിക്ഷന്‍. മഹാത്മാ ഗാന്ധിയുടെ വധനം, ഗോഡ്‌സെയുടെ വിചാരണ തുടങ്ങിയ കാര്യങ്ങളാണ് ഡോക്യുമെന്ററിയുടെ വിഷയം. ദൂരദര്‍ശന്റെ ഡയറക്ടര്‍ ജനറല്‍ ത്രിപുരാണി ശരണ്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് ഡോക്യുമെന്ററി പ്രദര്‍ള്‍ശിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തത്. ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒരു നല്ല ആശയമല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ കുറഞ്ഞ കാലയളവിനെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയ്ക്ക് 52 എപ്പിസോഡ് അധികമാണെന്നും വിലയിരുത്തിയ ബോര്‍ഡ്, ഡോക്യുമെന്ററിയില്‍ നാഥുറാം ഗോഡ്‌സെയ്ക്ക് എതിരെ അപകീര്‍ത്തിപരമായ ഉള്ളടക്കം ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

മൊത്തത്തില്‍ ഇന്ത്യ പുരോഗമനപരമായ ആശയങ്ങളിലൂടെ മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗാന്ധിജിയുടെ സേവനങ്ങളെക്കാള്‍ ഗോഡ്‌സെയുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഗൗരവപൂര്‍ണമായ ചിന്തകളും അയാളുടെ നന്മകളെക്കുറിച്ച് പുത്തന്‍ ആശയങ്ങളും വിടരുന്ന സമയമാണിത്. ആധുനികസത്യാന്വേഷകരും ഗാന്ധിജിയുടെ ആശയങ്ങളെക്കാള്‍ ഗാന്ധിജിയുടെ ലൈംഗികജീവിതത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. ഗാന്ധിജിയെ എതിര്‍ക്കുന്നതിലൂടെ തങ്ങള്‍ വിപ്ലവകരമായ ഏതോ നിലപാടെടുക്കുകയാണെന്നു വിശ്വസിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇന്ത്യയുടെ ഔഗ്യോദിക ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന്‍ ഇത്തരത്തിലൊരു നിലപാട് എടുക്കുന്നത് വളരെ ഗുരുതരമായ ഒരു നയമാറ്റത്തിന്റെ സൂചനയാണ്.

ഗാന്ധിജിയുടെ മരണം നാഥുറാം ഗോഡ്‌സെയുടെ കൈകള്‍ കൊണ്ടായിരുന്നെന്നതു ചരിത്രത്തിലുള്ളതാണ്. പിടിക്കപ്പട്ട് ഒരു വര്‍ഷത്തിനു ശേഷം അയാളെ തൂക്കിക്കൊല്ലുകയും ചെയ്തു. നിയമപരമായി അതൊരു അടഞ്ഞ അധ്യായമാണ്. എന്നാല്‍, മഹാത്മജി എന്ന ഇതിഹാസത്തെക്കുറിച്ച് പറയുമ്പോള്‍ അവിടൊക്കെ ഗോഡ്‌സെയും പരാമര്‍ശിക്കപ്പെടും. മഹാത്മജിയെ ലോകം എത്ര സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌തോ അതേ അളവില്‍ ഗോഡ്‌സെ വെറുക്കപ്പെടുകയും ശപിക്കപ്പെടുകയും ചെയ്യും. ഗോഡ്‌സെ തോക്കുവൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടിയല്ല ഗാന്ധിജി മരിച്ചത്. വളരെ ആസൂത്രിതമായി ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചുകൊല്ലുകയായിരുന്നു. അങ്ങനെയുള്ള ഗോഡ്‌സെയുടെ സല്‍കീര്‍ത്തിക്കു വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ നിഷ്ഫലമായിരിക്കുമെന്നതില്‍ സംശയമില്ല.

ഗാന്ധിജിയെ വകവരുത്താനുള്ള ദൗത്യം അഭിമാനപൂര്‍വം ചെയ്ത ഗോഡ്‌സെ നല്ലവനായിരുന്നു എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് സത്യത്തില്‍ അപകീര്‍ത്തികരം. ഗാന്ധിജിയുടെ കൊലയാളി എന്ന നിലയില്‍ ചരിത്രത്തില്‍ അറിയപ്പെടാനാഗ്രഹിക്കയാളെ വിശുദ്ധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് അയാളോട് ചെയ്യുന്ന ക്രൂരതയാണ്. കാരണം, താന്‍ ചെയ്യുന്നത് ശരിയാണ് എന്ന ഉറച്ച വിശ്വാസമാണ് അയാളെക്കൊണ്ട് അത് ചെയ്യിച്ചത്. ഗോഡ്‌സെയെ ആരാധിക്കുന്നവര്‍ അയാളെ അങ്ങനെ തന്നെ വേണം ആരാധിക്കാന്‍. എല്ലാതെ അയാളെ വിശുദ്ധവല്‍ക്കരിച്ചതിനു ശേഷം ആരാധിക്കുന്നത് വിഡ്ഡിത്തമാണ്. അങ്ങനെയെങ്കില്‍ ഇവര്‍ക്കു ഗാന്ധിജിയെ തന്നെ ആരാധിച്ചാല്‍പ്പോരേ ?

സെന്‍സിബിലിറ്റി- ക്രിസ്തുവിന്റെ അന്ത്യത്താഴവും ഒറ്റുകൊടുക്കലും വിചാരണയും മരണവുമെല്ലാം ഉള്‍പ്പെടുത്തി ഒരു ഡോക്യുമെന്ററി നിര്‍മിച്ച് ദൂരദര്‍ശനില്‍ കാണിക്കുക എന്നത് എന്റെയൊരു സ്വപ്‌നമായിരുന്നു. അത് യൂദാസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രസാര്‍ ഭാരതി അനുമതി നിഷേധിക്കുമോ ആവോ !

ഫാ.ഗോവിന്ദച്ചാമി

വൈദികശ്രേഷ്ഠന്‍മാരുടെ ലൈംഗികവൈകൃതങ്ങളുടെ പേരില്‍ ചീത്തപ്പേരു കേട്ട കത്തോലിക്കാ സഭയ്ക്കു വേണ്ടി നാടുനീളെ നടന്നു മാപ്പു ചോദിക്കുന്ന മാര്‍പ്പാപ്പയോടു വെള്ളക്കുപ്പായമണിഞ്ഞ ഈ പരമനാറികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. കുട്ടികളെ പീഡിപ്പിക്കുന്ന കാമവെറിയന്‍മാരായ വൈദികര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാണെന്നു പഠിപ്പിക്കുന്നതിനെക്കാള്‍ വലിയൊരു ദൈവനിന്ദ വേറെയില്ല.

വിദ്യാഭ്യാസമില്ലാത്ത, ലഹരിക്കടിമയായ, മൃഗതൂല്യമായ ജീവിതം നയിക്കുന്നവര്‍ക്ക് മാനഭംഗക്കേസില്‍ വധശിക്ഷ നല്‍കുന്ന രാജ്യമാണിത്. പത്തുപതിനഞ്ചു വര്‍ഷം ദൈവശാസ്ത്രവും തത്വശാസ്ത്രവുമൊക്കെ പഠിച്ച് ദൈവശുശ്രൂഷയില്‍ മുഴുകിയിരിക്കുന്ന പള്ളീലച്ചന്‍മാര്‍ക്ക് അതിന്റെ ആയിരം ഇരട്ടി ശിക്ഷ നല്‍കിയാലും അധികമാവില്ല. എന്നിട്ടും കൊച്ചുപെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വികാരിയച്ചന്‍മാര്‍ക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറി ദിവ്യരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്ന വൈദികശ്രേഷ്ഠന്റെ മനസ്സില്‍ കൊച്ചുപെണ്‍പിള്ളേരുടെ നഗ്നശരീരമാണ് തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍ ഈ ഇനത്തില്‍പ്പെട്ട മൈരുകളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ തയ്യാറാവണമെന്ന് അരമനകളില്‍ വാഴുന്ന തിരുമേനിമാരോട് വളരെ വിനീതമായി അപേക്ഷിക്കുന്നു.

പറയുമ്പോള്‍ നമ്മള്‍ സിസ്റ്റര്‍ അഭയയുടെ കേസ് മുതല്‍ പറയണം. പുറത്തറിഞ്ഞതും അറിയാത്തതുമായ എത്രയോ നാറിയ കഥകള്‍ വേറെ. തൃശൂരിലെ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി നിര്‍ധനയായ ഒന്‍പതു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും പുതിയത്. സംഭവം കത്തോലിക്കാസഭയെ തകര്‍ക്കുന്നതിനു വേണ്ടിയുള്ള പൈശാചികശക്തികളുടെ ഗൂഢാലോചന ആയിക്കൂടെന്നില്ല. എങ്കിലും വികാരി ഫാ.രാജു കൊക്കനെതിരെ (നല്ല ബെസ്റ്റ് പേര്) പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും കൊക്കന്‍ ഒളിവില്‍ പോവുകയും ചെയ്ത സാഹചര്യത്തില്‍ ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.

നിര്‍ധനയായ പെണ്‍കുട്ടിയെ ആദ്യകുര്‍ബാനയ്ക്കുള്ള വസ്ത്രം നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി നഗ്നയാക്കി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വൈദികനെ ദൈവത്തിന്റെ പ്രതിപുരുഷനായി കണ്ട് ഭക്തിപൂര്‍വം മുന്നില്‍ വന്നു നിന്ന പാവം പെണ്‍കുട്ടിയോട് ഇതു ചെയ്തവന്‍ നികൃഷ്ടമായ മൃഗമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈശ്വരനെ സംബന്ധിച്ചും മതത്തെ സംബന്ധിച്ചും ഒരു പെണ്‍കുട്ടിയുടെ മനസ്സിലുണ്ടായിരുന്ന പ്രകാശം തല്ലിക്കെടുത്തിയതിലൂടെ കൊക്കനും കൊക്കനെ ഒളിപ്പിച്ചുവച്ചിരിക്കുന്ന അഭ്യുദയകാംക്ഷികളും എന്തു നേടി എന്നു കൊക്കനെ ദൈവവേലയ്ക്കായി നിയോഗിച്ച തിരുമേനിമാര്‍ വിശ്വാസികളോട് വിശദീകരിക്കേണ്ടതുണ്ട്.

കൊക്കനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യുമെന്നോ മാനഭംഗക്കേസില്‍ കൊക്കന്‍ ശിക്ഷിക്കപ്പെടുമെന്നോ എനിക്കു പ്രതീക്ഷയില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റോമിലോ ഇറ്റലിയിലോ ബെല്‍ജിയത്തിലോ പ്രത്യേക ദൈവികദൗത്യം നിര്‍വഹിക്കാന്‍ കൊക്കന്‍ പുല്ലുപോലെ പറക്കും. കൊക്കന്റെ കുത്തിക്കഴപ്പിന് ഇരയായ കുടുംബത്തിന് സ്വാഭാവികമായും തെമ്മാടിക്കുഴി ലഭിക്കുകയും ചെയ്യും. 2010 ഒക്ടോബറില്‍ ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാപില്‍ പങ്കെടുത്ത ശ്രേയ എന്ന 12 വയസ്സുകാരിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ദിവ്യരഹസ്യം വര്‍ഷം നാലായിട്ടും പുറത്തു വന്നിട്ടില്ല. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ക്യാംപ് ഡയറക്ടര്‍ ഫാ.മാത്തുക്കൂട്ടിയേല്ക്ക് വിരല്‍ ചൂണ്ടി അന്വേണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. ഈ കേസില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു.

ഫാ.മാത്തുക്കുട്ടിയെയും ഫാ.കൊക്കനെയുമൊന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇത്ര കാലത്തെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുത്ത് രാജ്യത്തെ നിയമവ്യവസ്ഥിതിയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ഇടയശ്രേഷ്ഠന്‍മാര്‍ ക്രിസ്തുവിനെ പ്രതിപുരുഷന്‍മാരെന്ന് അവകാശപ്പെടുന്നതിലൂടെ ക്രിസ്തുവിനെ വീണ്ടും അവഹേളിക്കുകയാണ് ചെയ്യുന്നത്.

സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്ള, ഏറെ അറിവും പഠിപ്പുമുള്ള വൈദികന്‍മാര്‍ ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള്‍ എന്തുകൊണ്ട് വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില്‍ നിന്നും പള്ളീലച്ചന്‍മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. ലൈംഗികവികാരം ഒരു പാപമല്ല. ഈ അച്ചന്‍മാരെയെല്ലാം പെണ്ണുകെട്ടിച്ച് സാധാരണമനുഷ്യരെപ്പോലെ ജീവിക്കാന്‍ അവരെയും പ്രേരിപ്പിക്കണമെന്നു സഭാനേതൃത്വത്തോട് അപേക്ഷിക്കുന്നു. വിശ്വാസികള്‍ വൈദികരെ തല്ലിക്കൊല്ലുന്ന കാലം വരെ സ്വയംതിരുത്താന്‍ കാത്തിരിക്കരുത്.

കോടതി, സിബിഐ, അന്തര്‍ധാര

കോടതിയും സിബിഐയും തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാന സജീവമാണെന്നു വേണം മനസ്സിലാക്കാന്‍. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് യുഡിഎഫ് നേതാക്കളുടെ മനസ്സു വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുന്നത് ദൈവനിശ്ചയം ആയിരിക്കണം. അല്ലെങ്കില്‍ തന്നെ കോണ്‍ഗ്രസ് വിരുദ്ധരുടെ സംസ്ഥാന സമ്മേളനമാണ് നടക്കുന്നത്. യുഡിഎഫ് വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമായി ദുഷ്ടന്‍മാര്‍ അഴിഞ്ഞാടുകയാണ്.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പു കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തു കൊണ്ട് ഹൈക്കോടതി സര്‍ക്കാരിനെ തോല്പിച്ചപ്പോള്‍ ഒന്നന്വേഷിക്കൂ ചേട്ടാ എന്നു പറഞ്ഞ് സര്‍ക്കാര്‍ സിബിഐയെ ഏല്‍പിച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രമില്ലെന്നു പറഞ്ഞ് സിബിഐയും സര്‍ക്കാരിനെ തോല്‍പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തോല്‍വികളേറ്റുവാങ്ങാന്‍ ആരുടെയൊക്കെയോ എന്തൊക്കെയോ ഇനിയും ബാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കോടതി ഉമ്മന്‍ ചാണ്ടി സാറിന്റെ മനസ്സു വേദനിപ്പിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. മന്ത്രി കെ.സി.ജോസഫാണ് പ്രധാനമായും അഞ്ഞടിക്കുന്നത്. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ട എന്നാണ് അവറോണര്‍ കെ.സി.ജോസഫ് വിധിച്ചിരിക്കുന്നത്. സലിം രാജിന്റെ കേസിനെപ്പറ്റി വിധി പറയുമ്പോള്‍ സോളാര്‍ കേസിനെപ്പറ്റിയും സരിതയെപ്പറ്റിയും കോടതി പറഞ്ഞത് വലിയ തെറ്റായിപ്പോയെന്നാണ് യുഡിഎഫിലെ നിയമപണ്ഡിതര്‍ പറയുന്നത്. പണ്ടൊരു സിപിഎം ജയരാജന്‍ ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ നീതിപീഠത്തോടുള്ള ഇറെവറന്‍സില്‍ മനംനൊന്തു പിടഞ്ഞവരാണ് ഇപ്പോള്‍ ജുഡീഷ്യറിയുടെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്.

ജഡ്ജിമാര്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി വിധി ലംഘിച്ചു, ജുഡീഷ്യല്‍ നീതി ലംഘിച്ചു എന്നിങ്ങനെ പരിശുദ്ധനായ മുഖ്യമന്ത്രിക്കെതിരെ കോടതി ചെയ്തിട്ടുള്ള കുറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. ഇതിനു പുറമേ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജഡ്ജി സിപിഎമ്മുകാരനാണ് എന്നൊരു കണ്‍ക്ലൂഷനിലേക്ക് മാധ്യമങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ കേരളാ ഹൗസില്‍ വച്ച് ജഡ്ജിയും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കണ്ടു എന്നതാണ് ഇതിനുള്ള തെളിവായി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ് മകളുടെ കല്യാണം ക്ഷണിക്കുകയായിരുന്നെന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. നമ്മളീ എല്‍എല്‍ബി ഒന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ട് നിയമവശങ്ങളൊന്നും വലിയ പിടിയില്ല.

ചെറിയ ഒരു റിയല്‍ എസ്റ്റേറ്റ് കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇവിടം വരെ എത്തി നില്‍ക്കുന്നതെങ്കില്‍ കേരളചരിത്രത്തിലെ തന്നെ ഏറ്റവും ഭയങ്കരമായ കൊലപാതക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രം വലിയ സംഭവമല്ല എന്നു പറഞ്ഞ് സിബിഐ തള്ളിക്കളഞ്ഞിരിക്കുകയാണ്. സിബിഐ ചെയ്തത് തെറ്റാണോ ശരിയാണോ എന്നതിനെപ്പറ്റി മന്ത്രി കെ.സി.ജോസഫ് എന്തു പറയുമെന്നു കേട്ടിട്ടു വേണം ഒരു തീരുമാനമെടുക്കാന്‍. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ടതില്ല എന്നു പറഞ്ഞ നാവു കൊണ്ടു തന്നെ എല്ലാ കേസുകളും സിബിഐ അന്വേഷിക്കണം എന്നോ മറ്റോ അദ്ദേഹം പറയുമോ ആവോ.

ഒരു ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രാധാന്യം ടിപി വധക്കേസിനില്ലെന്നും നിലവില്‍ സി.ബി.ഐക്ക് കേരളത്തില്‍ ആവശ്യത്തിലധികം കേസുകളുണ്ടെന്നുമാണ് സിബിഐ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സിസ്റ്റര്‍ അഭയയുടെ മരണം പോലും തെളിയിക്കാന്‍ പറ്റാത്ത സിബിഐ അന്വേഷണം കഴിഞ്ഞ് വിചാരണയും വിധിയും കഴിഞ്ഞ കേസില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തുമെന്നു കരുതാന്‍ വയ്യ. സിബിഐ ഡയറക്ടറുടെ മകളുടെ കല്യാണവും കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നോ എന്നതാണ് ഇനി അറിയാനുള്ളത്. കേരളാ ഹൗസില്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് വിഡിയോ ദൃശ്യങ്ങളുമായി ടിവി ചാനലുകാര്‍ സത്യം തെളിയിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

തീപിടിച്ച ഉമ്മ

ഉമ്മ കൊടുക്കുമ്പോള്‍ അത് ആര്‍ക്കു കൊടുക്കുന്നു എന്നും കൊടുക്കുന്ന ഉമ്മയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെ ആയിരിക്കും എന്നുമൊക്കെ കൊടുക്കുന്നവര്‍ ആലോചിക്കണം. ചുമ്മാ കിട്ടിയാല്‍ ഏത് ആസ്സാമില്‍ നിന്നും ഉമ്മ വാങ്ങാം എന്നു വിചാരിക്കുന്ന ന്യൂജനറേഷന്‍ പിള്ളേരുടെ കാലത്ത് ഉമ്മയ്ക്ക് മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ ഉമ്മയ്‌ക്കൊന്നും ഒരിതില്ല എന്നും വാദിക്കുകയും ചെയ്യാം. അടുത്ത പ്രധാനമന്ത്രിയാകാന്‍ ചാന്‍സ് തീരെയില്ലാത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അസ്സാം ആപ്പിള്‍ പോലത്തെ കവിളില്‍ ഉമ്മ വച്ചു കളിച്ച കോണ്‍ഗ്രസ് പ്ലേ ഗേള്‍സ് രാജ്യത്ത് ഉമ്മ വച്ചു കളിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും പ്രചോദനമായപ്പോള്‍ ബോണ്ടി എന്നു പേരുള്ള അവരിലൊരാളെ ഭര്‍ത്താവ് ചുട്ടുകൊന്നതോടെ ആ പ്രചോദനം ദീനരോദനമായി മാറിയിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും ഒരുക്കുന്നതിന് പ്രഥമപരിഗണന കൊടുക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ പ്രഖ്യാപനത്തിനു പിന്നാലെ തുരുതുരാ ഉമ്മ വച്ച പെങ്കൊച്ചിന്റെ ഗതി ഇതാണെങ്കില്‍ മൂപ്പരടെ പ്രഖ്യാപനം വിശ്വസിക്കുന്ന രാജ്യത്തെ ബാക്കി പെണ്‍കുട്ടികള്‍ക്ക് എന്തായിരിക്കും വരാനിരിക്കുന്നത് ? തന്നെ ഉമ്മ വച്ച പെണ്‍കുട്ടിയുടെ ജീവനു പോലും സുരക്ഷ ഉറപ്പു കൊടുക്കാന്‍ പറ്റാത്ത യുവഗാന്ധി എങ്ങനെ ഗോടാനുഗോടി പെണ്‍ശലഭങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ് തുറന്നു കൊടുക്കും ?

മരിച്ചത് ഉമ്മ വച്ചവളല്ല, ഉമ്മ വച്ചവള്‍ മരിച്ചിട്ടില്ല, മരിച്ചവള്‍ ഉമ്മ വച്ചത് ആരും കണ്ടിട്ടില്ല എന്നിങ്ങനെ പല പല തിയറികള്‍ വിവിധ പത്ര-ചാനല്‍-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കുന്നുണ്ട്. മരിച്ചത് പെണ്‍കുട്ടിയെങ്കില്‍ അവള്‍ രാഹുല്‍ജിയെ ഉമ്മവച്ചവള്‍ തന്നെ എന്നാണ് ബ്രേക്കിങ് ന്യൂസ് ശാസ്ത്രം. കൊല്ലപ്പെട്ട ബോണ്ടി ചൂട്ടിയ രാഹുല്‍ജിയെ ഉമ്മ വച്ചവള്‍ തന്നെയാണെങ്കില്‍, ഉമ്മ വയ്ക്കണോ വേണ്ടയോ എന്നു രണ്ടു വട്ടം ആലോചിക്കുകയും തിരിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ കാത്തിരിക്കുന്നവന്‍ ഉമ്മന്‍ ചാണ്ടിയുടെ മനസ്സുള്ള വിശാലഹൃദയനും ക്ഷമാശീലനുമാണോ എന്ന കാര്യങ്ങള്‍ പരിഗണിക്കുകയും വേണമായിരുന്നു. എല്ലാം കഴിഞ്ഞല്ലോ, ഇനി പറഞ്ഞിട്ടു കാര്യമില്ല.

സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി കഠോരമായി ചിന്തിക്കുന്ന രാഹുല്‍ജിക്ക് ശരിക്കും സങ്കടമാകും. ഒരു ഭാവി പ്രധാനമന്ത്രിയെ ഉമ്മ വയ്ക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത രാജ്യത്ത് എങ്ങനെയാണ് പെണ്‍കുട്ടികള്‍ക്കുള്ള മറ്റ് സ്വാതന്ത്ര്യങ്ങള്‍ നടപ്പാക്കുക ? ബോണ്ടിയുടെ പാത പിന്തുടര്‍ന്ന് അവിവാഹിതനായ തന്റെ ഓമനപ്പുത്രനെ രാജ്യത്തെ മറ്റു പെണ്ണുങ്ങള്‍ ഉമ്മ വയ്ക്കാതിരിക്കാന്‍ വേണ്ടി സോണിയാ ഗാന്ധി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഈ തീക്കൊല എന്നു സുബ്രഹ്മണ്യം സ്വാമി പറയാതിരിക്കട്ടെ. അല്ലെങ്കില്‍ അസ്സാം മോഡല്‍ അനുകരിച്ച് കേരളത്തില്‍ വരുമ്പോള്‍ സരിതയോ മറ്റോ അദ്ദേഹത്തെ ഉമ്മ വച്ചാല്‍ എന്തായിരിക്കും അവസ്ഥ ?

അല്ലെങ്കിലും ന്യൂജനറേഷന്‍കാര്‍ക്ക് ഇപ്പോള്‍ വളരെ മോശം സമയമാണ്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് നീലപ്പടത്തിലെപ്പോലെ തന്റെ ചുവന്നഭൂമി പ്രദര്‍ശിപ്പിച്ചുകൊണ്ട് അപ്പുറത്തെ വീട്ടിലെ ചേച്ചിയായുന്ന പച്ചക്കടലിലേക്ക് എടുത്തു ചാടാന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്. ന്യൂജനറേഷന്‍ സിനിമക്കാര്‍ കൂട്ടത്തോടെ കഞ്ചാവ് അഡിക്ടുകളാണ് എന്നാരോപിക്കുന്നവര്‍ മുടിഞ്ഞുപോകും. ലോക്കപ്പില്‍ കിടക്കുന്ന ചുവന്ന തിരക്കഥാഭൂമി മഹാരാജാസ് കോളജില്‍ പഠിച്ചതല്ലെങ്കില്‍ അവന്റെ കാര്യം പോക്കാണ്.

നയതന്ത്രം

മന്ത്രി സാറേ…

ആരെടാ, അവിടെ… ?

സാറേ, നമ്മടെ പിള്ളേരെടെ കാര്യം…

പേടിക്കേണ്ടെടോ… ഒരു വിധത്തില്‍ ശരിപ്പെടുത്തിയിട്ടുണ്ട്… സുവ ഒഴിവാക്കി…

സുവയോ ?

അതെയതെ… ഇനിയിപ്പോ പേടിക്കാനില്ല… ബാക്കിയുള്ള വകുപ്പുകള്‍ കൂടി നൈസായിട്ട് ഒഴിവാക്കിത്തരാം… എന്നിട്ട് ഇത്രകാലം ഇവിടെ ജയിലിലുമൊക്കെയായി കിടക്കേണ്ടി വന്നേന് ഒരു നഷ്ടപരിഹാരമൊക്കെ വാങ്ങിത്തരാം… നമ്മടെ പിള്ളാരായിപ്പോയില്ലേ ?

മനസ്സിലായില്ല സാറേ…

താന്‍ പിന്നെ ആരുടെ കാര്യമാ പറയുന്നത് ?

സാറേ, എന്റെ രണ്ടു മക്കള്‍ ചെയ്യാത്ത കുറ്റത്തിന് ഗള്‍ഫില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കിടക്കുവാണ്.. അവരെ രക്ഷിക്കണം… കൊല്ലരുത്, ജീവപര്യന്തമെങ്കിലുമാക്കിത്തരണം… എവിടെയെങ്കിലും ജീവനോടെയിരിക്കുന്നുണ്ട് എന്നു കേട്ടാല്‍ മാത്രം മതി…

ഡോ കെളവാ, തന്നെ ആരാ ഇപ്പോ ഇങ്ങോട്ട് ഒണ്ടാക്കീത് ? ഇവിടെ വളരെ സീരിയസ്സായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോഴാ.. അവന്റെ പിള്ളേര്… എറങ്ങിപ്പോടോ…

അങ്ങനെ പറയരുത് സാറേ… സാറിപ്പോ രണ്ടു പിള്ളേരെ രക്ഷിക്കുന്ന കാര്യം പറഞ്ഞല്ലോ… സാറിനിതൊക്കെ അത്ര പ്രസായമുള്ള കാര്യമല്ലല്ലോ… കൊല്ലാതിരുന്നാല്‍ മാത്രം മതി… അല്ലാതെ സാറിപ്പോ പറഞ്ഞതുപോലെ ജയിലില്‍ കിടന്നതിനു നഷ്ടപരിഹാരമൊന്നും വേണ്ട…

ഹയ്യട… താന്‍ കൊളളാലോ.. എടോ ഞാനാരടെ കാര്യമാ പറഞ്ഞേന്നു വിചാരിച്ചാ… കേട്ടിട്ടുണ്ടോ.. ഇറ്റാലിയന്‍ നാവികര്‍… ഇവരുമായി കംപയര്‍ ചെയ്യാന്‍ എന്തു യോഗ്യതയാടോ തന്റെ പിള്ളേര്‍ക്കുള്ളത്…

അവരാരെയും കൊന്നിട്ടില്ല സാറേ…

കൊന്നിട്ടില്ലെങ്കില്‍ പിന്നെ എന്നാ ഒണ്ടാക്കാനാടോ അവര്‍ക്കു വധശിക്ഷ വിധിച്ചിരിക്കുന്നത് ? ഇങ്ങനത്തെ നാറികളെ ഒക്കെ ഒണ്ടാക്കുമ്പോ ആലോചിക്കണോടോ.. എന്നിട്ട് കൊലക്കേസില്‍ പ്രതിയായപ്പോള്‍ രച്ചിച്ചണം രച്ചിച്ചണം എന്നു പറഞ്ഞു വന്നേക്കുന്നു… അവന്‍മാരെ തൂക്കിക്കൊല്ലണം എന്നാണ് എന്റെ അഭിപ്രായം… കണ്ട കൊലപ്പുള്ളികള്‍ക്കു വേണ്ടി ഇടപെട്ട് കളഞ്ഞു കുളിക്കാനുള്ളതല്ലെടോ ഈ രാജ്യത്തിന്റെ അഭിമാനം…

സാറീ പറയുന്ന നാവികര്‍ ശരിക്കും രണ്ടു പേരെ വെടിവച്ചു കൊന്നവരല്ലേ സാറേ… എന്റെ മക്കള്‍ ആരെയും കൊന്നിട്ടില്ല.. അവരെ ചതിച്ചതാണ് സാറേ..

നാവികര്‍ രണ്ടു പേരെ വെടിവച്ചു കൊല്ലുന്നത് നീ കണ്ടോടാ പുല്ലേ ? കണ്ടോന്ന്..??

അല്ല സാറേ അതിപ്പോ പത്രത്തിലും ടിവീലുമൊക്കെ എല്ലാം വന്നതാണല്ലോ…

ഞങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുന്ന ചാനലുകാരുടെ പണിതീര്‍ക്കും ഞങ്ങള്‍.. കൊന്നുകൊലവിളിക്കും… അവന്റെയൊക്കെ കുടുംബം മുടിക്കും… കഴുവേറികള്‍…

അപ്പോ മാധ്യമ സിന്‍ഡിക്കറ്റ് ശരിക്കും ഒള്ളതാണോ സാറേ ?

സിപിഎമ്മിനും ബിജെപികുമൊക്കെയെതിരെ വാര്‍ത്ത കൊടുക്കുന്നത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമാണ്… വളരെ കുറച്ചു മാധ്യമങ്ങളേ അതു ചെയ്യുന്നുള്ളൂ.. ചാനലുകള്‍ പൊതുവേ ഞങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കുകയും മന്ത്രിമാരുടെ അഴിമതിയും അക്രമങ്ങളുമൊക്കെ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് പതിവാക്കിയിട്ടുണ്ട്.. അവറ്റകളെ തീര്‍ക്കും ഞങ്ങള്‍…

സാറേ… എന്റെ പിള്ളേരടെ കാര്യം…

ഡോ, എറങ്ങിപ്പോടോ…. അവന്‍മാര് ചത്തെന്നു കൂട്ടിക്കോ… നാറികള്‍…

അങ്ങനെ പറയരുത് സാറേ… അവരാരെയും കൊന്നിട്ടില്ല… ഇറ്റാലിയന്‍ നാവികരെ സാറൊക്കെ കൂടി രക്ഷിച്ചതുപോലെ…

ഇറ്റാലിയന്‍ നാവികരെപ്പറ്റി താനിനി മിണ്ടരുത്… അവരുടെ നിറമോ സൗന്ദര്യമോ കുലമഹിമയോ വല്ലതും തന്റെ ഒണക്കപ്പിള്ളേര്‍ക്കൊണ്ടോടോ ? പോരെങ്കില്‍ ഇറ്റലിയുടെ രാഷ്ട്രീയപ്രാധാന്യം എന്താണെന്നു തനിക്കറിയാമോ ?

എനിക്കതൊന്നും അറിയത്തില്ല സാറേ… നമ്മുടെ രാജ്യത്തു വന്നു പാവപ്പെട്ട രണ്ടു മുക്കുവരെ വെടിവച്ചു കൊന്ന അവരെ സാറൊക്കെ വെറുതെ വിടാന്‍ പൂവല്ലേ… കുടുംബം പുലര്‍ത്താന്‍ വേണ്ടി അന്യരാജ്യത്തു പോയി കള്ളക്കേസില്‍ കുടുങ്ങിയ എന്റെ മക്കളെ രക്ഷിക്കണം സാറേ… നിങ്ങളെയൊക്കെ ജയിപ്പിച്ചു വിടുമ്പോള്‍ ഇത്രേം രാഷ്ട്രീയമൊക്കെയെ ഞങ്ങടെ മനസ്സിലുള്ളൂ സാറേ…

സത്യം പറയെടാ… നീ ആം ആദ്മി അല്ലേ ?

അല്ല സാറേ, ഞാനൊരു സാധാരണക്കാരനാണ്…

നീ സൂക്ഷിച്ചോ…

സാറേ.. എന്റെ പിള്ളേര്…

എടോ.. അവന്‍മാരെ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ടെങ്കില്‍ വധിക്കും.. താനവന്‍മാരടെ ഓരോ ഫോട്ടോ എടുത്ത് ഭിത്തിയില്‍ തൂക്ക്… പോ…

അങ്ങനെ പറയരുത് സാറേ… ഇറ്റലിക്കാര് അവിടുന്ന് ഓരോന്നു പറയുമ്പോള്‍ സാറൊക്കെ അറ്റന്‍ഷനായി നിന്നു സല്യൂട്ട് അടിച്ച് അതൊക്കെ അപ്പടി ചെയ്യുന്നുണ്ടല്ലോ… ഈ രാജ്യം ഭരിക്കുന്നത് ഇറ്റലിക്കാരൊന്നുമല്ലല്ലോ ?

അതുപിന്നെ.. അങ്ങനെയൊക്കെ ചോദിച്ചാല്‍…

പറയണം സാറേ…

ഇല്ല, ഹൈക്കമാന്‍ഡിനെതിരായി ഞാനൊന്നും പറയില്ല…

ഇറ്റലിക്കാര് അവരുടെ കൊലപ്പുള്ളികളെ രക്ഷിക്കാന്‍ എന്തൊക്കെ ചെയ്യുന്നു സര്‍… അതിന്റെ ആയിരത്തിലൊന്ന് വിദേശരാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന നിരപരാധികളായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഈ സര്‍ക്കാരും ചെയ്യണ്ടേ സര്‍.. ദേശസ്‌നേഹം എന്നത് ചുമ്മാ പൊട്ടിമുളച്ച് വരുന്നതല്ല സര്‍.. അതുണ്ടാവുന്നതും നഷ്ടപ്പെടുന്നതുമൊക്കെ അനുഭവങ്ങളിലൂടെയാണ് സര്‍…

കഴുവേര്‍ട മോനെ… രാജ്യദ്രോഹക്കുറ്റത്തിന് പിടിച്ചകത്തിടും ഞാന്‍…

അങ്ങനെ പറയരുത് സാറേ… ഇന്ത്യക്കാരെ വെടിവച്ചു കൊന്ന ഇറ്റലിക്കാരെ ഊരിക്കൊടുത്തിട്ട് ഇന്ത്യക്കാരനോട് പോയി ചാവെടാ എന്നു പറയുന്ന സാറിവിടെ നില്‍ക്കുമ്പോള്‍ എന്നെ അകത്തിടുന്നത് ശരിയല്ല സര്‍…

എടോ മണ്ടച്ചാരേ… താന്‍ വെറുതെ കാടുകയറണ്ട… ഇവിടെ നിയമവും നീതിയുമൊന്നുമല്ല… നയതന്ത്രമാണ് പ്രധാനം… തന്റെ മക്കളെ രക്ഷപെടുത്താനുള്ള നയതന്ത്രമൊന്നും എന്റെ കയ്യിലില്ല… ഇനി താന്‍ കൊള്ളാവുന്ന ഏതെങ്കിലും രാജ്യത്തു പോയി രണ്ടു പിള്ളേരെ ഒണ്ടാക്ക്… എന്നിട്ട് അവന്‍മാരോട് ഇവിടെ വന്ന് കുറെയെണ്ണത്തിനെ കൊന്നൊളാന്‍ പറ… ഞാന്‍ നൈസായിട്ട് ഊരിത്തരാം… അല്ലാതെ നടക്കാത്ത കാര്യത്തിനു വേണ്ടി താന്‍ കയറിയിറങ്ങണ്ട…

ആയിക്കോട്ടെ… തിരഞ്ഞെടുപ്പ് അടുത്തു വരുന്നുണ്ടല്ലോ.. താന്‍ വോട്ടു ചോദിക്കാന്‍ അങ്ങോട്ടു വാ കേട്ടോ…

മണ്ടന്‍ !… നിന്റെയൊക്കെ വോട്ടില്ലാതെ ജീവിക്കാന്‍ പറ്റുവോന്നു ഞാനൊന്നു നോക്കട്ടെ… ഞാന്‍ രാജ്യസഭയിലോട്ടു പൊക്കോളാം.. അവിടുന്നു വന്നു ഭരിച്ചോളാം… ജനാധിപത്യത്തിലാ അവന്റെയൊരു കളി !

സാറേ… ??

ഫൂ !!!

മര്‍ഡര്‍ പാര്‍ട്ടി, കില്ലിങ് ഓഫിസ്

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി 15ന് കൊച്ചിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. മദ്യം, മയക്കുമരുന്ന്, സ്ത്രീപീഡനം, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി ഏഴരക്കോടി രൂപയാണ് ദരിദ്രവാസിയായ കേരള സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്വന്തം പാര്‍ട്ടി ഓഫിസിലെ തൂപ്പുകാരിക്കു പോലും സുരക്ഷിതത്വം നല്‍കാനാവാത്ത കോണ്‍ഗ്രസ് വിചാരിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയ ശേഷം പദ്ധതിയമായി മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.

ദില്ലി കൂട്ടമാനഭംഗത്തിനു ശേഷം സ്ത്രീസുരക്ഷയ്ക്ക് എന്ന പേരില്‍ കുറെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും എല്ലാ പദ്ധതിയ്ക്കും നിര്‍ഭയ എന്നു ചേര്‍ത്തു പേരിടുകയും ചെയ്യുന്നിടത്ത് അവസാനിക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. നിലമ്പൂരിലെ പാര്‍ട്ടി ഓഫിസില്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ഓഫിസിലെ തൂപ്പുകാരിയെ കൊന്നു ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്നു ഭാവിച്ച് വലതുപക്ഷ ജനാധിപത്യവിശ്വാസികള്‍ സിപിഎമ്മിലെ പുഴുക്കുത്തുകളില്‍ ഡെറ്റോള്‍ പുരട്ടിക്കൊണ്ടിരിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ വായിച്ചു ഞെട്ടുന്ന കേരളത്തിലെ മനുഷ്യസ്‌നേഹികളും സാമൂഹികപ്രവര്‍ത്തകരും ഒരു ദേശീയ പാര്‍ട്ടിയുടെ ബ്ലോക്ക് കമ്മിറ്റി ഓഫിസിനുള്ളില്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം നടത്തിയ കൊലപാതകത്തെ ഇത്ര ലാഘവത്തോടെ കാണുന്നത് ദയനീയമാണ്.

സാമൂഹിക ബോധമുള്ള നാട്ടുകാരുടെ അവസ്ഥയം വ്യത്യസ്തമല്ല. ടിപി ചന്ദ്രശേഖരന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന മനുഷ്യാവകാശ പ്രേമികള്‍ കൊല്ലപ്പെട്ട സ്ത്രീയെ ബ്ലാക്‌മെയിലിങ് കാരിയായ തൂപ്പുകാരി എന്നു മുദ്രകുത്തി അവഗണിക്കുകയാണ്. ഇവിടെ കൊല്ലപ്പെട്ട സ്ത്രീ വേട്ടക്കാരിയും ഗതികേടുകൊണ്ട് കൊല്ലേണ്ടി വന്ന പാവം പഴ്‌സനല്‍ സ്റ്റാഫ് അംഗവും പാവപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയും ഇരകളുമായി മാറുകയാണ്. ടിപി ചന്ദ്രശേഖരന്റെ ഭാര്യയുടെ മൊഴി വീണ്ടും വീണ്ടും എടുക്കാനും വളരെ സൂക്ഷ്മതയോടെ അന്വേഷിക്കാനും സര്‍ക്കാര്‍ സ്‌പെഷല്‍ ഇന്‍വെസ്്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചപ്പോള്‍ പാര്‍ട്ടി ഓഫിസില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളുടെ മൊഴി പരസ്യമായി രേഖപ്പെടുത്താന്‍ പൊലീസിനു മടിയുണ്ടായില്ല എന്നത് ഒരു സൂചനയാണ്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന മൊഴിയെടുക്കലില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയതും ഈ നേതാക്കളാണെന്നു പറയുന്നു. കാര്യങ്ങള്‍ എങ്ങോട്ടാണു പോകുന്നതെന്നു മനസ്സിലാക്കാന്‍ സിപിഎം മെമ്പര്‍ഷഷിപ്പ് എടുക്കേണ്ട ആവശ്യമില്ല.

ശനിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ വര്‍ണാഭമായ ചടങ്ങില്‍ വച്ച് നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി സോണിയാജി ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ത്രീസുരക്ഷയെപ്പറ്റി ധാരാളം ഗീര്‍വാണങ്ങള്‍ അടിക്കും. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ വച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെപ്പറ്റി അവരാരും എന്തെങ്കിലും പറയാനുള്ള സാധ്യത കാണുന്നില്ല. ജോപ്പനും സലിം രാജും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പാലു കൊടുത്തു വളര്‍ത്തുന്ന വിഷപ്പാമ്പുകളുടെ പട്ടികയിലെ ലേറ്റസ്റ്റ് അവതാരമാണ് പാര്‍ട്ടി ഓഫിസിനുള്ളില്‍ കൊലപാതകം നടത്തിയിരിക്കുന്നത്. ഇതിനെക്കാള്‍ വിഷമുള്ള ഇനങ്ങള്‍ ഖദറിട്ട് പുഞ്ചിരി തൂകി കൂടെ നടക്കുമ്പോള്‍ പച്ചപ്പാവം ചമഞ്ഞു മുതലക്കണ്ണീരൊഴുക്കാന്‍ ഒരു നേതാവിനും അര്‍ഹതയില്ല. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷ എന്നു പറയുമ്പോള്‍ കോണ്‍ഗ്രസ് ഓഫിസില്‍ വന്നു പോകുന്ന സ്ത്രീകളുടെ സുരക്ഷ കൂടി പ്രസക്തമാണെങ്കില്‍ സോണിയാ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്യേണ്ടത് കൊച്ചിയിലല്ല, നിലമ്പൂരിലെ പാര്‍ട്ടി ഓഫിസിലാണ്. ഒപ്പം നിര്‍ഭയ പാര്‍ട്ടി, സുരക്ഷിത ഓഫിസ് എന്നു പേരിട്ട് ഉള്‍പ്പാര്‍ട്ടി ശുദ്ധീകരണത്തിനുള്ള മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിക്കാം.

ഇതുകൂടി- ഒന്നാം പ്രതി ബിജു നായര്‍ തന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമാണെങ്കിലും കൂട്ടൂപ്രതി ഷംസുദീന് സിപിഎം ബന്ധമാണുള്ളതെന്ന് മന്ത്രി ആര്യാടന്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊലപാതകം നടത്തുന്നതിനു വേണ്ടി സിപിഎം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കാന്‍ ഒരു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കാവുന്നതാണ്.

കേരളത്തെ നടുക്കിയ ക്രൂരത !!

എന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ഇത്തരത്തിലൊരു കാടത്തം കേരളചരിത്രത്തില്‍ ഇതിനു മുന്‍പ് സംഭവിച്ചിട്ടില്ല എന്നത് നടുക്കത്തിന്റെ പ്രകമ്പനം കൂട്ടുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള പൊലീസും കൂടി അശരണരും അവശരും നിരാലംബരുമായ ഒരു കൂട്ടം യുവാക്കളോട് ചെയ്യുന്നത് കാലം മറക്കാത്ത അനീതിയാണ്. മുകളിലൊരാളുണ്ടെങ്കില്‍ (പ്രത്യയശാസ്ത്രപരമായി അങ്ങനെ ഒരുത്തനുമില്ല) പാവപ്പെട്ട ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയും ജയില്‍ മേധാവിയും അമേരിക്കയും പിന്നെ ദേശാഭിമാനിയും പീപ്പിളും ഒഴികെയുള്ള മാധ്യമങ്ങളും അനുഭവിക്കും.

ടിപി ചന്ദ്രശേഖരന്‍ ഒരു മിത്താണ്. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനു പോലും വ്യക്തമായ തെളിവില്ലെന്നിരിക്കെ അയാളെ കൊന്നു എന്നു കള്ളക്കേസുണ്ടാക്കി നിഷ്‌കളങ്കരും നിരാലംബരുമായ ഒരു സംഘം കര്‍മോല്‍സുകരായ ചെറുപ്പക്കാരെ പിടികൂടി കോടതിനടപടികളിലൂടെ ബുദ്ധിമുട്ടിച്ച് ഒടുവില്‍ ജയിലടച്ച് പീഡിപ്പിക്കുന്നത് ചുവന്ന രക്തം സിരകളിലോടുന്ന ഒരാള്‍ക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നതല്ല. അനീതിയെന്നോ അക്രമമെന്നോ അല്ല, ഭീകരവും പൈശാചികവുമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.

ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ നിരപരാധികളും നിഷ്‌കളങ്കരുമാണെന്നു തെളിയിക്കപ്പെടുകയും ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നില്ല എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അന്ന് കെ.കെ.രമ എന്ന മാഫിയ നേതാവിനെ ഇന്നാട്ടിലെ ജനം തിരിച്ചറിയുകയും പാര്‍ട്ടിക്കു വേണ്ടി…. പാര്‍ട്ടിക്കു വേണ്ടിയല്ല… ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി ജയില്‍ വരിച്ചു പീഡനങ്ങള്‍ സഹിക്കുന്ന സുനിയേട്ടനും മനോജേട്ടനും മറ്റും മഹാന്‍മാരെന്നു വിളിക്കപ്പെടുകയും ചെയ്യും.

ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നും അയാളെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്ന ചെറുപ്പക്കാര്‍ കൊല ചെയ്തു എന്നും വിശ്വസിക്കുന്ന ഏതാനും ബൂര്‍ഷ്വകള്‍ ഇന്നും കേരളത്തിലുണ്ട് എന്നത് വേദനാജനകമാണ്. ഇവരില്‍ എത്ര പേര്‍ ടിപിയെ കണ്ടിട്ടുണ്ട് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. നല്ലൊരു ശതമാനം ആളുകളും മനോരമയിലും മാതൃഭൂമിയിലും മംഗളത്തിലുമൊക്കെയാണ് ടിപിയെ പറ്റി വായിച്ചിട്ടുള്ളതും ടിപിയുടെ ചിത്രവും മറ്റും കണ്ടിട്ടുള്ളതും. മായാവി, ഡിങ്കന്‍, സൂത്രന്‍ തുടങ്ങിയവരെപ്പറ്റിയും ആളുകള്‍ ഈ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുണ്ടല്ലോ. ടിപി ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളും ജീവിച്ചിരുന്നു എന്നു വിശ്വസിക്കുമോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ടിപിയെ 51 വെട്ടിനു കൊന്നു എന്നൊക്കെയാണ് പലരും എഴുതിപ്പിടിപ്പിക്കുന്നത്. ടിപി ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ കൊന്നതാണെങ്കില്‍, കൊന്നത് വെറും 12 വെട്ടിനാണ് എന്നത് നിസ്സംശയം പറയാന്‍ സാധിക്കും. എണ്ണിയവനു പിഴച്ചാലും വെട്ടിയവന് പിഴയ്ക്കില്ല എന്നാണ് ശാസ്ത്രം.

നിരപരാധികളായ ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കുകയും കള്ളസാക്ഷികളെയും വ്യാജതെളിവുകളും നിരത്തി നിന്ദ്യയും നികൃഷ്ടവുമായ ഗൂഢാലോചനയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജീവപര്യന്തം ജയിലിലടക്കുകയും ചെയ്തു എന്നത് ഇന്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ലജ്ജിപ്പിക്കേണ്ടതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരൊക്കെ പാര്‍ട്ടിയെ തകര്‍ക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തുകയും അതിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം അഭിനയിക്കുകയും ചെയ്യുന്ന രമയുടെ പക്ഷത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ചെറുപ്പക്കാരെ ജയിലിലടച്ചതിനു പുറമേ പാര്‍ട്ടി സ്വാധീനമുള്ള കണ്ണൂരിലെ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് അവരെ മാറ്റി എന്നതും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വിയ്യൂരില്‍ എത്ര സെല്ലുകളില്‍ സ്മാര്‍ട്‌ഫോണ്‍ സൗകര്യവും 3ജി ഇന്റര്‍നെറ്റ് കണക്ഷനും ഫോട്ടോഷൂട്ടിനുള്ള സൗകര്യങ്ങളുമുണ്ട് എന്നന്വേഷിച്ചാല്‍ മനസ്സിലാവും ഗൂഢാലോചനയുടെ ആഴം. ഇത്തരത്തിലുള്ള ഒരു സൗകര്യവുമില്ല എന്നു മാത്രവുമല്ല അവിടുത്തെ ജയിലധികൃതര്‍ക്ക് ഈ ചെറുപ്പക്കാരോട് പേടിയോ ബഹുമാനമോ ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്. അധികൃതര്‍ ഇവരെ നോക്കി സല്യൂട്ട് ചെയ്യുന്ന തരത്തില്‍ പരിഷ്‌കൃതമായ ഒരു ജയിലിലേക്ക് അവരെ മാറ്റണം എന്ന വളരെ ന്യായമായ ആവശ്യം പോലും പരിഗണിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തെ നടുക്കിയ ഈ പൊലീസ് ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ സടകുടഞ്ഞുണരണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് ആവശ്യപ്പെടാനുള്ളത്. യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുകയും ക്രിസ്തു കുരിശിലേറുകയും ചെയ്തപ്പോള്‍ അക്കാലത്തെ പരിഷ്‌കൃതസമൂഹം നിശബ്ദത പാലിച്ചതുപോലെ ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളോട് കേരളത്തിലെ പൊതുസമൂഹവും നിശബ്ദത പാലിക്കരുത്. ക്രിസ്തുവിനും ഗാന്ധിജിക്കും പിന്നെ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്. ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്നല്ലെങ്കില്‍ നാളെ ഈ ചെറുപ്പക്കാര്‍ പരോളിലിറങ്ങും എന്നത് ആരും മറക്കരുത്.

മീഡിയ പേഴ്‌സണ്‍ ഫ്രം ഇന്ത്യ

നമസ്‌കാരം പ്രധാനവാര്‍ത്തകള്‍… അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഭാര്യ വീട്ടിലെ പട്ടിയെ കൂട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി… ഹോട്ട് ഡോഗിന്റെ മൃതശരീരം ഇപ്പോള്‍ ഒബാമയുടെ ഭാര്യവീട്ടില്‍ തന്നെയുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്.. പട്ടിയുടെ മരണം കൊലപാതകമാണ് എന്നും അതില്‍ ഒബാമയ്ക്ക് പങ്കുണ്ട് എന്നുമാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും മനസ്സിലാവുന്നത്… ഈ ഞെട്ടിക്കുന്ന വാര്‍ത്ത ലോകത്താദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് കോപ്പില്‍ ചാനലാണ് എന്ന വിവരവും ഞാനോര്‍മിപ്പിക്കുകയാണ്… ഒബാമയുടെ സാമ്രാജ്യത്വനയങ്ങളില്‍ പ്രതിഷേധിച്ച് പട്ടി ആത്മഹത്യ ചെയ്തതാണോ അതോ ചൈന ഉള്‍പ്പെടെയുള്ള ജനകീയ ഭരണകൂടങ്ങള്‍ക്കെതിരായ നിലപാടുകളെ എതിര്‍ത്തതിന് ഒബാമ പട്ടിയെ തല്ലിക്കൊന്നതാണോ എന്നതാണ് അറിയേണ്ടത്… കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അമേരിക്കയില്‍ നിന്നും ഇട്ടിച്ചന്‍ പ്ലാമൂട്ടില്‍ ചേരുന്നു… ഇട്ടിച്ചന്‍.. വാട്ടീസ് ദി റീസണ്‍ ഓഫ് ദി ഡെഡ് ഓഫ് ദി ഡോഗ് ഓഫ് ദി മര്‍ഡര്‍ ?

ആ… ഒബാമയുടെ ഭാര്യവീടിനടുത്താണ് ഞാന്‍ താമസിക്കുന്നത്… ഇന്നു രാവിലെ അവിടെ നിന്നു വലിയ പട്ടികുര കേട്ടിരുന്നു.. അപ്പോള്‍ തന്നെ എന്തോ പന്തികേടുണ്ടെന്ന് എനിക്കു തോന്നിയിരുന്നു… വൈകുന്നേരമായപ്പോള്‍ പട്ടിയുടെ അനക്കം കേള്‍ക്കാനില്ല…ഇതില്‍ നിന്നും പട്ടി കൊല ചെയ്യപ്പെട്ടു എന്നാണ് മനസ്സിലാകുന്നത്…

എത്ര തവണയാണ് രാവിലെ പട്ടി കുരച്ചത് ?

കൃത്യമായി പറഞ്ഞാല്‍ 51 തവണ…

പട്ടി 51 തവണ കുരച്ചിട്ടില്ല… കുരച്ചത് വെറും 12 തവണ മാത്രമാണ് എന്നൊരു വിവരമുണ്ട് മിസ്റ്റര്‍ ഇട്ടിച്ചന്‍… എന്തായാലും… പട്ടിയുടെ മരണം ഒബാമയുടെ പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കുമോ ?

അതു വളരെ സങ്കീര്‍ണമായ ഒരു ചോദ്യമാണ്… ഈ വാര്‍ത്ത തന്നെ ലോകത്ത് ഇപ്പോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്… നമ്മുടെ കോപ്പില്‍ ചാനലാണ്… അതില്‍ നിന്നും മറ്റുള്ള ലോകമാധ്യമങ്ങളെല്ലാം സംഘടിതമായി ഇത് മുക്കുകയാണ് എന്നു വേണം മനസ്സിലാക്കാന്‍…

ഇട്ടിച്ചന്‍ പറഞ്ഞത് വളരെ ശരിയാണ്… ലോകത്തെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത് കോപ്പില്‍ ചാനല്‍ മാത്രമാണ്… ഇട്ടിച്ചന്‍… ഒബാമ അവിടെയുണ്ടോ ? ഒബാമയുടെ ഒരു ബൈറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടോ ?

ഒബാമ ഒളിവില്‍ പോയിരിക്കാനാണ് സാധ്യത… പിന്നെ ആ വീട്ടില്‍ വേറെയും പട്ടികളുണ്ട്… അനുവാദമി്ല്ലാതെ ഗേറ്റ് കടന്നാല്‍ അവറ്റകളുടെ ബൈറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്…

പട്ടിയുടെ മരണത്തെ തുടര്‍ന്ന് ഒബാമ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം… പക്ഷെ, കോപ്പില്‍ ചാനല്‍ ഒബാമയെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല…നമ്മള്‍ നേരേ വൈറ്റ് ഹൗസിലേക്കു വിളിക്കാന്‍ പോവുകയാണ്… അവിടെ ഒബാമയെ ലൈനില്‍ കിട്ടാതിരിക്കില്ല… നമ്പര്‍ ഡയല്‍ ചെയ്യുകയാണ്….റിങ് ചെയ്യുന്നുണ്ട്…

ഹലോ..

ഹലോ.. അഭി ഹം… ആ.. ആം… വൈറ്റ് ഹൗസ് ഹേ ? ഹം.. ഹോ-ഹും ??്

ഹലോ ??

ജീ…. അമേരിക്കാ ഹേ ? വൈറ്റ് ഹൗസ് ഹേ ? ഹോ ? ഹും.. ??

യ.. ദി പ്രസിഡന്റ്‌സ് ഓഫിസ് ഹിയര്‍…

ജീ….. ഒബാമ ജി ഹേ ഉതര്‍ ?

ക്യാന്‍ യു സ്പീക്ക് ഇംഗ്ലിഷ് ?

ജീ… ഹിന്ദി ഹമാരാ രാഷ്ട്ഭാഷാ ഹേ.. ജി.. ഹം ആപ്‌കേ ഹോ കോന്‍…

ഐ സേ… ഇംഗ്ലിഷ്… ഡു യു നോ ഇംഗ്ലിഷ് ?

ജീ… ഐസേ… വഹാം… ഒബാമ ജി ഹേ ഉതര്‍ ?

ഐ ഡോണ്ട് അണ്ടര്‍സ്റ്റാന്‍ഡ് യു..

ക്യാന്‍ ഐ ടോക് ടു ബരാക് ഒബാമ ??

വാട്ട് ?????

ക്യാന്‍ ഐ ടോക് ടു ബരാക് ഒബാമ ??

ഹു… ആര്‍… യൂ ??????

ഐയാം ഫൈന്‍…. ഐയാം ഫൈന്‍….

ഐ നെവര്‍ ആസ്‌ക്ഡ് ഹൗ ആര്‍ യു… ഐ ആസ്‌ക്… ഹു… ആര്‍… യൂ ?

ഐയാം എ മീഡിയ പേഴ്‌സന്‍ ഫ്രം ഇന്ത്യ !!!!!!!

സേ ദാറ്റ് എഗെയ്ന്‍…

ഐയാം എ മീഡിയ പേഴ്‌സന്‍ ഫ്രം ഇന്ത്യ !!!!!!!

വാട്ട് ഡു യു വാണ്ട് ?

ജീ…. ക്യാ ഹം ഒബാമ ജി സേ … ബാത് കര്‍ സക്താ ഹേ ? ഹോ, ഹും ?

ഐ ഡോണ്ട് അണ്ടര്‍സ്റ്റാന്‍ഡ്…

ഹം.. ഒബാമ ജി കേ ഏക് ഫ്രണ്ട് ഹേ…

വാട്ട് ?

മീഡിയ പേഴ്‌സന്‍ ഭി ഹേ.. ഹോ.. ഹും..

ആ ഡോണ്ട് ഗെറ്റ് യൂ…

ക്യാന്‍ ഐ ടോക് ടു ബരാക് ഒബാമ ??

വാട്ട് ഈസ് യുവര്‍ പ്രോബ്ലം ?

അയാം എ ഫ്രണ്ട് ഓഫ് ഒബാമ ജി.. ഓള്‍സോ എ മീഡിയ പേഴ്‌സന്‍ ഫ്രം ഇന്ത്യ..

വാട്ട് മീഡിയ ?

കോപ്പില്‍ ടിവി… വി ബ്രേക്കിങ് ന്യൂസ് ഫ്രീക്ക്.. എക്‌സ്‌ക്ലൂസീവ്… ഫസ്റ്റ് ഇന്‍ കേരള..

വാട്ട് നോണ്‍സെന്‍സ് ആര്‍ യു ടോക്കിങ്..

ഹം ടോക്യോ നഹി ചല്‍ത്തേ ഹേ.. ഹും.. ഹോ.. … ഹം ഒബാമ ജി സേ ബാത് കര്‍ണാ ഹേ… സരൂരി ഹേ… ഹോ.. ഹും…

വാട്ട് ?

ഐയാം എ മീഡിയ പേഴ്‌സന്‍ ഫ്രം ഇന്ത്യ !!!!!!!

സോറി…

അയാം ഓള്‍സോ എ ഫ്രണ്ട് ഓഫ് ഒബാമ…

——–

അയാള്‍ ഫോണ്‍ വച്ചു കളഞ്ഞു… രണ്ടു കാര്യങ്ങളാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്… ഒന്ന്… ഒബാമ തന്നെ ഫോണെടുത്ത ശേഷം ഭാഷ മനസ്സിലാകാത്തതായി അഭിനയിച്ച് ഒടുവില്‍ ഫോണ്‍ കട്ട് ചെയ്തു… രണ്ട്… വീട്ടില്‍ നിന്നു മുങ്ങിയ ഒബാമ വൈറ്റ് ഹൗസിലേക്കു വരാതെ മറ്റെവെടിയോ ഒളിവില്‍ പോയിരിക്കുന്നു… രണ്ടായാലും ഒബാമ ഈ കേസില്‍ കുറ്റം ചെയ്തിരിക്കുന്നു എന്ന് കോപ്പില്‍ ചാനല്‍ അസ്സന്നിഗ്ധമായി കണ്ടെത്തിയിരിക്കുകയാണ്….. ഇനിയൊരു ഇടവേള.. ഹേ… ഹോ… ഹും !