നിവിന്‍ പോളിക്ക് വിലക്കേര്‍പ്പെടുത്തുക

ഫേസ്ബുക്കില്‍ പത്തു ലക്ഷത്തിലധികം ലൈക്കുകളുള്ള ലഫ്റ്റനന്റ് കേണല്‍, പത്മശ്രീ, ഭരത് മോഹന്‍ലാല്‍ ദി ബ്ലാക്ക് ബെല്‍റ്റ് വിളിച്ചിട്ട് ഫോണെടുക്കാത്ത വെറും മൂന്നു ലക്ഷം ലൈക്ക് മാത്രമുള്ള നിവിന്‍ പോളി അഭിനയജീവിതം അവസാനിപ്പിക്കുക. മലയാളത്തിന്റെ മഹാനടന്റെ കോള്‍ വരിക എന്നു പറയുന്നത് തന്നെ ജന്മസൗഭാഗ്യമാണ്. അത് എടുക്കാതിരിക്കുന്നതിലൂടെ മിസ്റ്റര്‍ നിവിന്‍ താനെത്രത്തോളം നികൃഷ്ടനും നിന്ദ്യനും നീചനുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നിവിനെപ്പോലൊരു പീറ നടന്‍ ലാല്‍ സാറിന്റെ അഭിനയമികവിനു മുന്നില്‍ വെറും ഒരു കൃമി മാത്രമാണ് എന്നാണ് ഞങ്ങള്‍ ആരാധകര്‍ക്ക് അടിവരയിട്ടു പറയാനുള്ളത്.

അമിതാഭ് ബച്ചനോ അക്ഷയ് കുമാറിനോ ഷാരൂഖ് ഖാനോ ഒക്കെ കൊടുക്കാമായിരുന്നിട്ടും ആ ചെക്കന്‍ രക്ഷപെടുന്നേല്‍ ആയിക്കോട്ടെ എന്നു വിചാരിച്ച് പുതിയ സിനിമയില്‍ നിവിന് അവസരം നല്‍കാന്‍ തയ്യാറായ ആ മഹാനടന്റെ വിശാലമനസ്സ് തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സ്രാഷ്ടാംഗം പ്രണമിച്ച് അനുഗ്രഹം തേടുകയും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതിനു പകരം കോള്‍ എടുക്കാതെ അദ്ദേഹത്തെ അപമാനിക്കുകയും ആ വിശാലമനസ്സിന്റെ അനുഗ്രങ്ങള്‍ നിഷേിക്കുകയും ചെയ്ത നിവിന്‍ പോളി ഞങ്ങള്‍ ആരാധകരുടെ വികാരം കൂടിയാണ് വേദനിപ്പിച്ചിരിക്കുന്നത്.

വാര്‍ത്തകളില്‍ കാണുന്നതനുസരിച്ച് ലാല്‍ സാര്‍ നിവിന്‍ പോളിയെ നാലുവട്ടം വിളിച്ചിട്ടും പോളി ഫോണെടുത്തില്ലത്രേ. തുടര്‍ന്ന് ഇന്നസെന്റ് സാറ് വിളിച്ചപ്പോള്‍ ഫോണെടുക്കുകയും ലാലേട്ടന്റെ കൂടെ പുട്ടും പീരയും കളിക്കാന്‍ തന്നെ കിട്ടില്ലെന്നും ഹീറോ അല്ലാതെ ഒരു കളിക്കും തന്നെ കിട്ടില്ലെന്നും പറഞ്ഞുവത്രേ. ലാല്‍ സാര്‍ പുട്ടായി അഭിനയിക്കുന്ന സിനിമയില്‍ പീരയായി അഭിനയിക്കാന്‍ അവസരം കിട്ടുകയെന്നു പറഞ്ഞാല്‍ ചെറിയ കാര്യമല്ല. ന്യൂജനറേഷന്‍ എന്നു പറയുന്ന തട്ടിപ്പു പ്രസ്ഥാനത്തിലെ പൊട്ടിപ്പൊളിയാന്‍ വിധിക്കപ്പെട്ട സിനിമകളിലഭിനയിച്ചതുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിയുമെന്നു നിവിന്‍ പോളി വിചാരിക്കരുത്. ലാല്‍ സാറിന്റെയും മമ്മൂക്കയുടെയുമൊക്കെ മിസ്ഡ് കോളുകള്‍ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട് ഈ ലോകത്തില്‍. അങ്ങനെയുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കോള്‍ എടുക്കാതിരിക്കുന്നതിലൂടെ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് നിവിന്‍ തിരിച്ചറിയണം. ആരാധകരെ മാത്രമല്ല, കേരളമനസാക്ഷിയെ തന്നെ നടുക്കുന്ന ഒന്നായിപ്പോയി നിവിന്‍ പോളിയുടെ അഹങ്കാരം.

ഫേസ്ബുക്ക് ലൈക്ക് മല്‍സരത്തില്‍ ലാല്‍ സാറിനോട് ഇഞ്ചോടിഞ്ചു മല്‍സരിച്ച നസ്രിയ എന്ന കൊച്ചിന്റെ കൂടെ നേരം എന്ന സിനിമയില്‍ അഭിനയിച്ച നടന്‍ കൂടിയാണ് നിവിന്‍ പോളി. പ്രിയപ്പെട്ട മലയാളികളെ നിങ്ങളില്‍ അഹങ്കാരമില്ലാത്തവര്‍ നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്യുക. ലൈക്കുകളില്ലാതെ ചെക്കന്‍ ഫേസ്ബുക്കില്‍ അലഞ്ഞുതിരിഞ്ഞു നടക്കണം. മലയാള ചലച്ചിത്ര രംഗത്തു നിന്നു കൂടി പോളിക്കുഞ്ഞിനെ നിഷ്‌കാസനം ചെയ്താലേ നമ്മള്‍ ആരാധകരുടെ കര്‍ത്തവ്യം പൂര്‍ണമാവുകയുള്ളൂ. ഈ അഹങ്കാരത്തിനു സാക്ഷിയായ ആള്‍ എന്ന നിലയില്‍ അമ്മ പ്രസിഡന്റ് കൂടിയായ ഇന്നസെന്റും കോള്‍ ചെയ്തു എന്നു പറയപ്പെടുന്ന അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ലാല്‍ സാറും ചേര്‍ന്ന് അടിയന്തരയോഗം ചേര്‍ന്ന് നിവിന്‍ പോളിക്ക് വിലക്കേര്‍പ്പെടുത്തണം എന്ന് അഭ്യര്‍ഥിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. പണ്ട് പ്രൊഡ്യൂസര്‍മാരെ കണ്ടപ്പോള്‍ എണീറ്റു നിന്നില്ല എന്നോ മറ്റോ പറഞ്ഞ് നടി നിത്യ മേനോനെ വിലക്കിയെന്നു കേട്ടിട്ടുണ്ട്.

അഭിനയത്തിന്റെ എബിസിഡി അറിയാത്ത ഉണ്ണി മുകുന്ദനെ വിലക്കുന്ന കാര്യം കൂടി ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുകയാണ്. ഹിറ്റ്‌മേക്കറും ഇന്ത്യന്‍ സിനിമയുടെ അഭിമാനവുമായ മേജര്‍ രവിയെ ഏതോ സിനിമയുടെ സെറ്റിലിട്ട് ഉണ്ണി മുകുന്ദന്‍ ചവുട്ടിക്കൂട്ടിയതായി വാര്‍ത്തകള്‍ കണ്ടിരുന്നു. അതിന് തക്കതായ പ്രതികാരം ചെയ്യണം. ലാല്‍ സാര്‍ ലഫ്റ്റനന്റ് കേണലും രവി സാര്‍ മേജറുമാണെന്നിരിക്കെ ഈ രണ്ടു കേസുകളും പട്ടാള കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നുമാണ് ഒരു ആരാധകനെന്ന നിലയില്‍ എന്റെ എളിയ ആവശ്യം.

കുറിപ്പ്: നിവിന്‍ പോളി ലാല്‍ സാറിന്റെ കോള്‍ അറ്റന്‍ഡ് ചെയ്തില്ല എന്ന വാര്‍ത്ത നിവിന്‍ പോളി ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റിലൂടെ നിഷേധിച്ചിട്ടുണ്ട്. ലാല്‍ സാറിനോടെന്ന ആരോടും ഇത്തരത്തില്‍ ഒരു അനാദരവ് കാണിച്ചിട്ടില്ലെന്നു പറയുന്ന നിവിന്‍ പോളി ലാല്‍ സാറിനോട് ഭയങ്കര ബഹുമാനമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇത് തന്റെ കരിയര്‍ തന്നെ അവസാനിച്ചു പോകുമെന്ന ഭീതിയില്‍ നിന്നുടലെടുത്ത കുറിപ്പായാണ് എനിക്കു തോന്നുന്നത്. ഇനി എല്ലാം വ്യാജവാര്‍ത്തകളാണെങ്കിലും ആ വ്യാജവാര്‍ത്ത മൂലം ആരാധകരുടെ മനസ്സു വേദനിച്ചതിന് ആരു സമാധാനം പറയും. ആയതിനാല്‍ ലാല്‍ സാര്‍ നിവിന്‍ പോളിയെ വിളിച്ചോ, നിവിന്‍ പോളി കോളെടുത്തോ തുടങ്ങിയ കാര്യങ്ങള്‍ ഒരു സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനും ഇരുവരുടെയും മൊബൈല്‍ സേവനദാതാക്കളുടെ നോഡല്‍ ഓഫിസര്‍മാരെ ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ വിസ്തരിച്ച് മലയാള ചലച്ചിത്രരംഗത്തിനും സൂപ്പര്‍താരപദവിക്കുമേറ്റ മുറിവുകള്‍ ഉണക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

മഞ്ജുവും മൈക്രോസോഫ്റ്റും ചെയ്യുന്നത്

ചില തീരുമാനങ്ങള്‍ അങ്ങനെയാണ്. എടുത്തു കഴിഞ്ഞാല്‍ പിന്നെ മാറ്റാന്‍ പറ്റില്ല. അവ നടപ്പാക്കുന്നതോടെ അതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കപ്പെടും. പക്ഷെ, പുതിയതൊന്നു രചിക്കാനായില്ലെങ്കില്‍ ഏറ്റവും വലിയ വീഴ്ചകളുടെ ചരിത്രത്തോടൊപ്പം ആ തീരുമാനങ്ങളും എഴുതിച്ചേര്‍ക്കപ്പെടും. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയായ മൈക്രോസോഫ്റ്റും ഓരോ തീരുമാനങ്ങള്‍ എടുത്തു നില്‍ക്കുകയാണ്. മഞ്ജു സിനിമയിലേക്കു തിരിച്ചു വരുന്നു; മൈക്രോസോഫ്റ്റ് നോക്കിയ കമ്പനിയെ ഏറ്റെടുക്കുന്നു. വളരെ ആവേശകരവും വിപ്ലവകരവുമായ തീരുമാനമെന്നു പെട്ടെന്നു വിലയിരുത്താമെങ്കിലും പക്വതയോടെ ആലോചിച്ചാല്‍ അത്ര ആവേശകരമാണോ എന്നതില്‍ സംശയം തോന്നും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ രണ്ടു തീരുമാനങ്ങളും പരാജയത്തില്‍ കലാശിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ശുഭാപ്തിവിശ്വാസം കൊണ്ടു മാത്രം ഇവിടെ കാര്യങ്ങള്‍ വിജയിക്കണമെന്നു നിര്‍ബന്ധമില്ല. വസ്തുതകളും സാഹചര്യങ്ങളും അല്‍പസ്വല്‍പം ഭാവികാര്യങ്ങളും പഠിച്ചും പരിഗണിച്ചും വേണം തീരുമാനങ്ങളെടുക്കാന്‍- മഞ്ജുവായാലും മൈക്രോസോഫ്റ്റ് ആയാലും.

പത്തു പതിന്നാല് വര്‍ഷം മുമ്പ് മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ മുതല്‍ മഞ്ജൂ മടങ്ങി വരൂ, മഞ്ജൂ മടങ്ങി വരൂ എന്ന് കേരളക്കരയാകെ ആവശ്യപ്പെടുന്നതാണ്. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് മഞ്ജു മടങ്ങി വന്നിരുന്നെങ്കില്‍ അന്നത്തെ അഭിനയജീവിതത്തിന്റെ ഒരു തുടര്‍ച്ച സാധ്യമായേനെ. ഇതിപ്പോള്‍ 14 വര്‍ഷത്തെ ബ്രേക്ക് എന്നത് ഏതൊരു നടിയെ സംബന്ധിച്ചും അത്ര ചെറുതല്ല. അഭിനയം നിര്‍ത്തുമ്പോഴത്തെ മഞ്ജു വാര്യരും അന്നത്തെ സിനിമയും അന്നത്തെ പ്രേക്ഷകരും അന്നത്തെ അഭിരുചികളും ഭാവുകത്വവും എല്ലാം അതേപടി നിലനില്‍ക്കുന്നെങ്കില്‍ തീര്‍ച്ചയായും മഞ്ജുവിന് കണ്ണുംപൂട്ടി മടങ്ങിവരാം. ഇതിപ്പോള്‍ അതല്ല സ്ഥിതി.

മലയാളത്തിലെ ശരാശരി നടിയുടെ പ്രായം വച്ചു നോക്കിയാല്‍ ഏജ് ഓവറായാണ് മഞ്ജു മടങ്ങിയെത്തുന്നത്. അതു പോട്ടെ എന്നു വയ്ക്കാം. പഴയതുപോലെ പ്രായത്തിന് ഇന്ന് അത്ര പ്രാധാന്യമില്ല എന്നു കരുതാം. പക്ഷെ, മലയാളത്തിലെ ഏറ്റവും മികച്ച നടിയാണ് മഞ്ജു എന്നാവര്‍ത്തിച്ചു പറഞ്ഞിരുന്ന പ്രേക്ഷകര്‍ക്കും പ്രായമായി. മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ 25 വയസുള്ള പ്രേക്ഷകര്‍ക്ക് രണ്ടാം വരവിലെ ആദ്യസിനിമ ഇറങ്ങുമ്പോള്‍ വയസ് നാല്‍പതാവും. അതായത് അന്നു തിയറ്ററില്‍ ആര്‍പ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്ത പ്രേക്ഷകസമൂഹമല്ല ഇന്നു മഞ്ജുവിനെ കാത്തിരിക്കുന്നത്. അന്നത്തെ മഞ്ജു ഭക്തര്‍ ഇന്നു പിള്ളേരും പ്രാരാബ്ധവുമായി ഒതുങ്ങിപ്പോയി. പിന്നെ അന്നും ഇന്നും മഞ്ജുവിനെ ഏറ്റവുമധികം വാഴ്ത്തിയിട്ടുള്ളതും ആരാധിച്ചിട്ടുള്ളതും തൈക്കിളവന്‍മാരാണ്. വര്‍ഷം 14 കഴിഞ്ഞു അന്നത്തെ തൈകള്‍ പിന്നീട് കിളവന്‍മാരായി സിനിമ കാണാനും കേള്‍ക്കാനും പറ്റാത്ത അവസ്ഥയിലാവുകയോ മരിച്ചു മണ്ണടിഞ്ഞുപോവുകയോ ചെയ്തിട്ടുണ്ടാവാം. പിന്നെ അഭിനയമികവിന്റെ കാര്യം. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നസ്രിയ നസീമിനെപ്പോലുള്ള കൊച്ചുപിള്ളേരുടെ (ഞാനും മഞ്ജുവും ഒരു പ്രായമാണ്) ഫേസ്ബുക്ക് പേജില്‍ പത്തു ലക്ഷം ലൈക്ക് അടിക്കാന്‍ നില്‍ക്കുന്ന ന്യൂജനറേഷന്‍ പിള്ളേര്, ഫേസ്ബുക്ക് ഇല്ലാ്ത്ത കാലത്ത് ആറാം തമ്പുരാനിലും കന്മദത്തിലുമൊക്കെ അഭിനയിച്ച ആന്റിയെ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയണം.

നിര്‍ണായകമായ ഒരു മടങ്ങിവരവിന് മഞ്ജു തിരഞ്ഞെടുത്ത സിനിമയും സംവിധായകനും നായകനടനുമൊക്കെ അസ്ഥാനത്താണ് എന്നും എനിക്കഭിപ്രായമുണ്ട്. ഒരു ഹിറ്റുണ്ടായിട്ട് കാലങ്ങളായ മോഹന്‍ലാലും തുടരന്‍ സാരോപദേശ ഫ്‌ളോപുകള്‍ സൃഷ്ടിക്കുന്ന രഞ്ജിതും ചേര്‍ന്ന് മഞ്ജു വാര്യരെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പുനപ്രതിഷ്ഠിക്കും എന്നെനിക്കു പ്രതീക്ഷയില്ല. ലാലേട്ടന്റെ വാര്‍ധക്യകാല പ്രണയ ഡയലോഗുകള്‍ക്കു തലയാട്ടി, ബാവൂട്ടിയും മാത്തുകുട്ടിയും പോലെ സദ്ഗുണസമ്പന്നയായ ഒരു ഏട്ത്തിയായി പ്രേക്ഷകര്‍ക്ക് സദുപദേശങ്ങള്‍ നല്‍കുന്ന മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ എനിക്കൊരു പ്രതീക്ഷയുമില്ല. മിനിമം സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിവുള്ള ഏതെങ്കിലും സംവിധായകന്റെ സിനിമയിലൂടെ തികച്ചും കൊമേഴ്‌സ്യലായ ഒരു മടങ്ങിവരവാണ് മഞ്ജുവിന് ആവശ്യം.

സത്യത്തില്‍ മഞ്ജുവിനെ വഷളാക്കിയത് മാധ്യമങ്ങളാണ്. മിക്കവാറും മാധ്യമങ്ങളില്‍ 14 വര്‍ഷം മുമ്പ് സിനിമ കൈകാര്യം ചെയ്തിരുന്നവര്‍ തന്നെയാണ് ഇപ്പോഴും സിനിമ ചെയ്യുന്നത്. അന്നു മുതലുള്ള മഞ്ജുവിയന്‍ കൗതുകവും അഭിനിവേശങ്ങളും ചുമന്നു നടക്കുന്ന പാവങ്ങള്‍ എഴുതി വാഴ്ത്തിയും നടിയുടെ വിവാഹമോചനം സ്വപ്‌നം കണ്ടും അഭിരമിക്കുകയാണ്. നടി ഒരു പരസ്യചിത്രത്തിലഭിനയിച്ചപ്പോഴേക്കും വാഹ്, വാഹ് വിളികള്‍ കൊണ്ട് സകല മാധ്യമങ്ങളും മലയാളികളെ ശ്വാസം മുട്ടിച്ചു. എന്നിട്ട് ഒടുവില്‍ പരസ്യം ടിവിയില്‍ വന്നപ്പോഴെന്തായി ? മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല കേരളത്തിലെ ആളുകള്‍ സിനിമ കാണുന്നതും അതെപ്പറ്റി അഭിപ്രായം പറയുന്നതും. മാധ്യമങ്ങളെ സംബന്ധിച്ച് ഇന്നും മലയാളത്തിലെ ഹിറ്റ്‌മേക്കേഴ്‌സ് രഞ്ജിതും സത്യന്‍ അന്തിക്കാടുമൊക്കെയാണ്. പാവങ്ങള്‍ പിടിച്ചു നില്‍ക്കുന്നതെങ്ങനെയാണെന്ന് അവര്‍ക്കേ അറിയൂ. വിവരമില്ലാത്ത പത്രക്കാര്‍ പറയുന്നത് കേട്ട് ഉള്ള പേരു കളയാതിരിക്കുന്നതാണ് മഞ്ജുവിന് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

മഞ്ജു അഭിനയിച്ചാലും ഇല്ലെങ്കിലും ഇതൊക്കെയേ സംഭവിക്കൂ. അതുപോലല്ല മൈക്രോസോഫ്റ്റിന്റെ കാര്യം. പത്തന്‍പതിനായിരം കോടി രൂപ മുടക്കി അവര്‍ നോക്കിയ ഫോണുകളും പേറ്റന്റുകളും സിഇഒ ഉള്‍പ്പെടെ അരലക്ഷത്തോളം ജീവനക്കാരെയും സ്വന്തമാക്കുന്നത് എന്തു കണ്ടിട്ടാണ് എന്നെനിക്കു മനസ്സിലാവുന്നില്ല. കച്ചവടം പൊട്ടി നില്‍ക്കുന്ന നോക്കിയയ്ക്ക് ഇതൊരു ആശ്വാസമാകുമെന്നതില്‍ സംശയമില്ല. പക്ഷേ നോക്കിയ ഫോണും വിന്‍ഡോസ് മൊബൈല്‍ സോഫ്റ്റ്‌വെയറും വച്ച് അവരെന്തുണ്ടാക്കാനാണ് എന്നു മനസ്സിലാവുന്നില്ല. ഇതു രണ്ടും വച്ച് പരമാവധി ചെയ്യാവുന്നതെല്ലാം ലൂമിയ ഫോണുകളിലൂടെ അവര്‍ ചെയ്യുന്നുണ്ട്. നോക്കിയയുടെ ഫോണുകളും മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറുകളും വച്ച് ഇനിയും അതൊക്കെ തന്നെയേ ചെയ്യാന്‍ കഴിയൂ. രണ്ടു വര്‍ഷം ഒരുമിച്ചു താമസിച്ച കപിള്‍സ് ഒടുവില് കല്യാണം കഴിക്കുന്നതുപോലെയേ ഉള്ളൂ ഈ ഏറ്റെടുക്കല്‍. കൂടുതലൊന്നും നടക്കാന്‍ പോകുന്നില്ല. പോരെങ്കില്‍ മൈക്രോസോഫ്റ്റും നോക്കിയയുമായി പ്രണയമൊന്നുമായിരുന്നില്ലല്ലോ. വെറുതെ വാശിപിടിച്ചു നില്‍ക്കാതെ ആന്‍ഡ്രോയ്ഡ് സ്വീകരിച്ചിരുന്നെങ്കില്‍ നോക്കിയയ്ക്കു പണ്ടേ രക്ഷപെടാമായിരുന്നു. ഇതിപ്പോള്‍ മൈക്രോസോഫ്റ്റിനു കൂടി പണിയുണ്ടാക്കുന്ന മട്ടുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ നമുക്കൊക്കെ പൈറേറ്റ് ചെയ്തുപയോഗിക്കാന്‍ നല്ല നല്ല ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ആരുണ്ടാക്കും. വിന്‍ഡോസ് ഉണ്ടെങ്കിലല്ലേ ഭാവിയില്‍ നമുക്ക് ടൊറന്റില്‍ നിന്നു മഞ്ജു വാര്യരുടെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റൂ. മൈക്രോസോഫ്റ്റിനു നോക്കിയയും മഞ്ജു വാര്യര്‍ക്ക് ലാലേട്ടനും ഒരു ഭാരാമാവാതിരിക്കട്ടെ എന്നാശംസിക്കുന്നു!

ആഷിക് അബുവിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ആഷിക് അബു,

മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് കണ്ടുപിടിക്കുന്നതിനു മുമ്പേ സിനിമയില്‍ വന്ന ആളാണ് താങ്കള്‍. വിശ്വരൂപം എന്ന സിനിമയെപ്പറ്റി പ്രേക്ഷകനെന്ന നിലയില്‍ താങ്കള്‍ ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞതിന് അഭിപ്രായസ്വതാന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്വാതന്ത്ര്യവാദികള്‍ താങ്കളെ വലിച്ചു കീറി പോസ്റ്ററൊട്ടിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സമയത്ത് ഒരു സോഷ്യല്‍ മീഡിയ സ്വാതന്ത്ര്യവാദി എന്ന നിലയ്‍ക്ക് താങ്കള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കാന്‍ ഞാനാഗ്രഹിക്കുകയാണ്. താങ്കളുടെ സിനിമകളുടെ ആദ്യഭാഗത്ത് കാണിക്കുന്നത് പോലെ ഈ പോസ്റ്റ് എല്ലാ ഫേസ്ബുക്ക് കൂട്ടുകാര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.

1. ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ നമ്മള്‍ പ്രധാനമായും പരിശോധിക്കേണ്ടത് പൊതുവായ വികാരം എന്താണ് എന്നതാണ്. വിശ്വരൂപം എന്ന സിനിമയുടെ കാര്യത്തിലാണെങ്കില്‍ പൊതുവായ വികാരം അത് ലോകോത്തര സിനിമയാണെന്നും അത്തരമൊരു സിനിമയെടുത്ത കമലഹാസന്‍റെ കാലുകഴുകിയ വെള്ളം നമ്മള്‍ കുടിക്കണമെന്നും ആ സിനിമ ഇഷ്ടപ്പെടാത്തവരെല്ലാം തീവ്രവാദികളാണെന്നുമാണ്. ഈ സാഹചര്യത്തില്‍ താങ്കള്‍ പടം കണ്ടാലും ഇല്ലെങ്കിലും ആ പൊതുവികാരത്തിനനുസരിച്ച് മാത്രമേ പോസ്റ്റിടാന്‍ പാടുള്ളൂ. സിനിമ കാണാതെ തന്നെ അതിനെ മഹത്തരം എന്നു വാഴ്‍ത്തിപ്പാടുന്നതാണ് അത് കണ്ട ശേഷം സ്വന്തം അഭിപ്രായം എഴുതുന്നതിനെക്കാള്‍ നല്ലത്.

2. താങ്കള്‍ ഒരു മലയാള സിനിമാ സംവിധായകനാണ്. താങ്കളില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് നല്ല സിനിമകള്‍ മാത്രമല്ല, അതിവിനയം, സല്‍സ്വഭാവം,മൃദുഭാഷണം തുടങ്ങിയ സവിശേഷതകള്‍ കൂടിയാണ്. താങ്കള്‍ക്ക് വ്യക്തിത്വമോ നട്ടെല്ലോ ഉണ്ടായിരിക്കണമെന്ന് പ്രേക്ഷകര്‍ക്കു നിര്‍ബന്ധമില്ല. അഥവാ ഉണ്ടെങ്കില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അതുള്ളതായി ഭാവിക്കരുത്. താങ്കളുടെ സിനിമകള്‍ക്ക് താങ്കളുടേതായ ഒരു ശൈലിയോ ബോള്‍ഡ്നെസ്സോ ഉള്ളത് പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും താങ്കള്‍ അത്തരത്തിലൊരു ശൈലിയോ ബോള്‍ഡ്നെസ്സോ പ്രകടിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കില്ല.

3. വിശ്വരൂപം സിനിമയുടെ പ്രദര്‍ശനം ചില സംഘടനകള്‍ തടയുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് താങ്കള്‍ക്കറിയാമല്ലോ. അതിനെതിരെ പ്രതിഷേധിക്കാനുള്ള യോഗത്തില്‍ താങ്കള്‍ പങ്കെടുത്തു പ്രസംഗിക്കുന്നത് പത്രത്തിലൊക്കെ വന്നതുമാണ്. എന്നു കരുതി ആ സിനിമ പോയി കണ്ട ശേഷം അത് ഇഷ്ടപ്പെടാതിരിക്കാനുള്ള അവകാശം താങ്കള്‍ക്കില്ല. ഇത്തരമൊരു രാഷ്ട്രീയപ്രാധാന്യമുള്ള ചിത്രമെന്ന നിലയ്‍ക്ക് അത് ഇഷ്ടപ്പെട്ടേ പറ്റൂ. അഥവാ അതിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യവും താങ്കള്‍ക്കില്ല. കാരണം, കമല്‍ഹാസന്‍ മഹാനായ നടനും സംവിധായകനുമൊക്കയാണ്. കമല്‍ഹാസനെപ്പറ്റി അതിബഹുമാനത്തോടെയും അതിരുകടന്ന വിനയത്തോടെയും മാത്രം സംസാരിക്കുന്നതാണ് ഈ സീസണില്‍ നല്ലത്.

4. പറയുമ്പോ എല്ലാം പറയണമല്ലോ. എന്തു സംഭവമായാലും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളുടെ സമുദായം ഏതെന്നു നോക്കി അതിനെ വിലയിരുത്തുന്നതാണ് ഇവിടുത്തെ ഒരു രീതി. വിശ്വരൂപത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ മുസ്‍ലിം സംഘടനകളില്‍പ്പെട്ടവരാണെന്നിരിക്കെ മുസ്‍ലിം നാമധാരിയായ താങ്കള്‍ അവരെ എതിര്‍ക്കുന്നതോടൊപ്പം കമല്‍സാഹനോടുള്ള ആരാധന വെളിവാക്കുകയും സിനിമയെ വാഴ്‍ത്തിപ്പാടുകയും ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. സിനിമയെ എതിര്‍ക്കുന്നവരെ കളിയാക്കുന്നതോടൊപ്പം സിനിമ താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നു തുറന്നെഴുതിയതിനെ തികച്ചും വര്‍ഗീയമായി മാത്രം കാണുന്നതാണ് പുരോഗമനവാദികളായ മതേതരവാദികള്‍ക്കിഷ്ടം.

5. സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ കമലഹാസന്‍റെ സിനിമയെപ്പറ്റി താങ്കള്‍ അഭിപ്രായം പറയുമ്പോള്‍ അത് സോഷ്യല്‍ മീഡിയ മലയാളിക്ക് സഹിക്കാന്‍ കഴിയാതെ വരുന്നത് താങ്കള്‍ കമലഹാസനെയൊക്കെ വിമര്‍ശിക്കാവുന്ന തരത്തില്‍ പ്രതിഭാധനനായ സംവിധായകനാണ് എന്നു പ്രേക്ഷകര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. എന്നാല്‍, ശ്രീശാന്തും പൃഥ്വിരാജും ഒക്കെ വളര്‍ന്നുപോയതുപോലെ താങ്കളുടെ കരിയര്‍ ഗ്രാഫും റോക്കറ്റുപോലെ വളരുന്നതില്‍ ഞങ്ങള്‍ക്ക് അസൂയാവഹമായ ആശങ്കയുണ്ട്. ഇക്കാരണത്താല്‍ നീയാരെടാ കമലഹാസനെ വിമര്‍ശിക്കാന്‍, നീ വെറും പുഴു എന്ന സന്ദേശം ഞങ്ങള്‍ താങ്കളിലേക്ക് അടിച്ചുകയറ്റിക്കൊണ്ടിരിക്കും.

6. ഡാഡി കൂള്‍ ഞങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ അതിമനോഹരമായ സിനിമയായിരുന്നു. 22 ഫീമെയില്‍ കോട്ടയം പ്രേക്ഷകഭാവുകത്വത്തെ തന്നെ പുനര്‍നിര്‍വചിച്ച സിനിമയാണ്. ഡാ തടിയായും മോശമായില്ല. ഈ സിനിമകളൊക്കെ ഞങ്ങളാസ്വദിക്കുകയും നല്ലതെന്നു പ്രചരിപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍, മേല്‍പ്പറഞ്ഞ കാരണങ്ങളാലും താങ്കള്‍ക്ക് ഞങ്ങളുടെ പിന്തുണയില്‍ അധിഷ്ഠിതമല്ലാത്ത ഒരു വ്യക്തിത്വവും അഭിപ്രായവും ഉണ്ടാവുന്നത് അപകടകരമാണെന്ന് അറിയാവുന്നതുകൊണ്ടും ഈ സിനിമകളൊക്കെ മലയാളത്തിലെ ഏറ്റവും കൂതറ സിനിമകളാണെന്നു ഞങ്ങള്‍ സാക്‍ഷ്യപ്പെടുത്തിക്കൊണ്ടിരിക്കും.

7. പിന്നെ, താങ്കള്‍ ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്ത് മറ്റൊരു പോസ്റ്റ് ഇട്ടത് കേരള ഫേസ്ബുക്ക് അസോസിയേഷന്‍റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് എന്നതറിയാമല്ലോ. ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നവനെ കല്ലെറിഞ്ഞു കൊല്ലുന്നതും അതിന്‍റെ സ്ക്രീന്‍ഷോട്ട് മാക്സിമം ഷെയര്‍ ചെയ്ത് മറ്റുള്ളവരോടും കല്ലെറിയാന്‍ ആഹ്വാനം ചെയ്യുന്നതും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായുള്ളതാണ്.

8. മഹാനായ കമലഹാസന്‍റെ സിനിമയെ വിമര്‍ശിക്കുമ്പോള്‍ ഭയഭക്തിബഹുമാനങ്ങളോടെ വിമര്‍ശിക്കണം എന്നതാണ് ആദ്യമായും അവസാനമായും ഞങ്ങള്‍ക്ക് ആഷികിനോടു പറയാനുള്ളത്. അതിനു നാട്ടുഭാഷ ഉപയോഗിച്ച താങ്കളെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ കട്ടത്തെറിയായിരിക്കും ഉപയോഗിക്കുന്നത്. അങ്ങനെ ഞങ്ങള്‍ കട്ടത്തെറി ഉപയോഗിച്ച് ആഷികിനെ വിമര്‍ശിക്കുന്നതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവന്‍റെ അന്ത്യമായിരിക്കും. കാരണം, കമലഹാസന്‍റെ മുന്നില്‍ ആഷിക് അബു ഒന്നുമല്ല. എന്നാല്‍, പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ഞങ്ങള്‍ക്കു മുന്നില്‍ നിങ്ങളാരും ഒന്നുമല്ല. ഞങ്ങള്‍ക്ക് ഏതു ഭാഷയും ഏതു ശൈലിയും ഉപയോഗിക്കാം. നിങ്ങളുടെ ഭാഷ നന്നായിരുന്നാല്‍ മതി.

9. താങ്കളുടെ അഭിപ്രായങ്ങളില്‍ അഹങ്കാരം, പുച്ഛം, ധാര്‍ഷ്ട്യം എന്നീ ഏതെങ്കിലും ഭാവങ്ങളുടെ അംശമെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ മുളയോടെ നുള്ളിയിരിക്കും. അഹങ്കാരം എന്നത് കേരളത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള കാര്യമാണെന്ന് അറിയാമല്ലോ. അതിവിനയമില്ലാത്ത എല്ലാവരും അഹങ്കാരികളാണെന്ന് ഞങ്ങള്‍ക്കറിയാം. ശ്രീശാന്ത്, പൃഥ്വിരാജ് തുടങ്ങി വിനയരഹിതരും സ്വന്തമായി അഭിപ്രായവും വ്യക്തിത്വവുമുള്ളവരുമായ എല്ലാവരെയും ഞങ്ങള്‍ കേരളസാംസ്കാരികഭൂമികയില്‍ നിന്നു തുടച്ചു നീക്കിയിട്ടുണ്ട്. അഹങ്കാരികള്‍ ഇല്ലാത്ത കേരളം അതാണ് ഞങ്ങളുടെ സ്വപ്നം.

10. മേലാല്‍ വിഗ്ഗ് വയ്‍ക്കുന്ന സൂപ്പര്‍ സ്റ്റാറുകളെപ്പറ്റി ഏതെങ്കിലും സിനിമാ വാരികയില്‍ എഴുതുകയോ കമലഹാസനെപ്പോലുള്ള മഹാനായ കലാകാരന്‍മാരുടെ സിനിമ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്താല്‍ വിവരമറിയും. ഫഹദ് ഫാസിലിനെപ്പോലുള്ള ന്യൂ ജനറേഷന്‍ പയ്യന്‍മാരെയേ താങ്കള്‍ കണ്ടിട്ടുള്ളൂ. അസ്സല്‍ ഫാസിസ്റ്റുകളെ കണ്ടിട്ടില്ല. കാരണം, അവരൊക്കെ മതേതരവാദം സംരക്ഷി്ക്കുന്ന തിരക്കിലാണ്.

ഈ പോസ്റ്റ് എഴുതിയതിന് ഞാന്‍ കേള്‍ക്കേണ്ടി വരുന്നത് എന്തൊക്കെയാണെന്ന് എനിക്കറിയാം. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്ടാകരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫേസ്ബുക്ക് കവലകളില്‍ ആളുകള്‍ ആയുധം മൂര്‍ച്ച കൂട്ടുന്നതിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. 100 പൂക്കള്‍ വിരിയട്ടെ എന്നൊന്നും പറയാനുള്ള കെല്‍പ് എനിക്കില്ല. എന്നാലും സംഭവിക്കാനുള്ളത് കണക്കിലെടുത്ത പറയാം- ഒരായിരം തെറികള്‍ വിരിയട്ടെ !

രഞ്ജിത്തില്‍ നിന്നു വൈകോയിലേക്കുള്ള ദൂരം

സിനിമ ഭാഷകള്‍ക്ക് അതീതമാണ് എന്ന് സിനിമക്കാര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. പ്രാദേശിക-ഭാഷാ-വര്ണ-വര്‍ഗ താല്‍പര്യങ്ങള്‍ക്കപ്പുറം സാര്‍വലൗകികതയും സ്വീകാര്യതയുമുള്ള മാധ്യമമാണ് എന്നതാണ് സിനിമയുടെ ഒരു പ്രത്യേകതയായി അവര്‍ പറഞ്ഞിട്ടുള്ളത്. മുല്ലപ്പെരിയാര്‍ പ്രശ്നം കുറെ മലയാളികളുടെയും തമിഴന്മാരുടെയും പ്രശ്നം ആണെന്നതൊക്കെ ഇപ്പോള്‍ അപ്രസക്തമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ നിശബ്ദത പാലിച്ചു എന്നൊരാരോപണം നേരത്തേയുണ്ടായിരുന്നു. ഇപ്പോള്‍ ചിലരുടെ നെഞ്ചത്തടിയും നിലവിളിയും കാണുമ്പോള്‍ ആ നിശബ്ദത എത്രയോ ഭേദമായിരുന്നു എന്നു തോന്നുന്നു. ജനതകളുടെ ആശങ്കയായ മുല്ലപ്പെരിയാര്‍ പ്രശ്നത്തെ സ്വന്തം സിനിമകളുടെ മാര്‍ക്കറ്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന നല്ല സിനിമകളുടെ വക്താക്കളെ തെരണ്ടിവാലിനടിക്കണം എന്നു പറയേണ്ടിവരുന്നതില്‍ ഖേദിക്കുന്നു.

ഡാം999 എന്ന സിനിമയുടേ പേരില്‍ സോഹന്‍ റോയ് ഉണ്ടാക്കിയ ബഹളങ്ങള്‍ ഞാന്‍ പരാമര്‍ശിക്കുന്നില്ല. മുല്ലപ്പെരിയാര്‍ പ്രശ്നം ജനശ്രദ്ധയിലെത്തിക്കുന്നതില്‍ ആ സിനിമയും ഒരു പരിധിവരെ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, അതിനനുസരിച്ച ഒരു നേട്ടം സിനിമയ്‍ക്കുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് അതിന്റെ വിധി എന്നേ പറയാന്‍ പറ്റൂ. ഷൂട്ടിങ്ങിനും ലൊക്കേഷന്‍ നോക്കാനുമൊക്കെ പോയ സംവിധായകനെ തമിഴ്‍നാട്ടില്‍ ആക്രമിച്ചു, തടഞ്ഞു എന്നൊക്കെയുള്ള പ്രചരണങ്ങള്‍ ചീപ് പബ്ലിസിറ്റിക്കു വേണ്ടിയുള്ളതാണെന്ന് സിനിമാ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ പോട്ടെന്നു വയ്‍ക്കാം. പക്ഷെ,ആളുകയറാത്ത സിനിമ തിയറ്ററില്‍ നിന്നു പോയതിനെ മുല്ലപ്പെരിയാര്‍ പ്രശ്നവുമായി കൂട്ടിക്കെട്ടി സിനിമ മാര്‍ക്കറ്റിങ്ങിനു ശ്രമിക്കുന്നത് പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്.

വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന സിനിമ കാലഘട്ടത്തിലെ ഏറ്റവും ഉദാത്തമായ സൃഷ്ടികളിലൊന്നാണ് അതിന്റെ പ്രചരണക്കാര്‍ അവകാശപ്പെടുന്നത്. പക്ഷെ,ബുദ്ധിജീവിനാട്യങ്ങളും കോക്കസുകളുമല്ല,വരുമാനം മാത്രമാണ് തിയറ്റര്‍ ബിസിനസിനെ സ്വാധീനിക്കുന്നത് എന്നറിയാവുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ ആളുകയറാത്ത പടം തിയറ്ററില്‍ നിന്നു നീക്കുന്നതിനെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍കൂട്ടിക്കെട്ടി മുതലെടുപ്പിനു ശ്രമിക്കുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണ്. ബ്യൂട്ടിഫുള്‍ എന്ന സിനിമ പല തിയറ്ററുകളില്‍ നിന്നും പോയി.ജനം ഇടിച്ചുകയറുന്ന ഒരു സിനിമയും ചരിത്രത്തിലിന്നു വരെ തിയറ്ററുകാര്‍ തിയറ്ററില്‍ നിന്ന് എടുത്തുമാറ്റിയിട്ടില്ല.എന്നാല്‍ ബ്യൂട്ടിഫുള്‍ പ്രചാരകരുടെ ഭാഷയില്‍ വിക്രമിന്റെ രാജപട്ടൈ എന്ന സിനിമയ്‍ക്കു വേണ്ടിയാണത്രേ തിയറ്ററുകാര്‍ ബ്യൂട്ടിഫുള്‍ എടുത്തു മാറ്റുന്നത്. വരാനിരിക്കുന്ന ഒരു തമിഴ്‍ സിനിമക്കു വേണ്ടി ജനം ഇടിച്ചുകയറിക്കൊണ്ടിരുന്ന മലയാള സിനിമ എടുത്തുമാറ്റി എന്നു പറയുന്നത് ആത്മവഞ്ചനയാണ്. സിനിമ എന്തുകൊണ്ടു മാറി എന്നു വ്യക്തമായറിയാവുന്നവര്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ തമിഴ്‍ വിരുദ്ധവികാരം ഇളക്കിവിട്ട് പടമോടിക്കാനുള്ള കുരുട്ടുബുദ്ധിയുടെ ഭാഗമാണ്.

നല്ല സിനിമയെന്ന അഭിപ്രായമുണ്ടെങ്കിലും വരുമാനം കുറവായതുകൊണ്ടാണ് ബ്യൂട്ടിഫുള്‍ തിയേറ്ററുകളില്‍ നിന്ന് മാറ്റുന്നതെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിട്ടുണ്ട്.ബ്യൂട്ടിഫുള്‍ നല്ല സിനിമയായിരിക്കാം എന്നു കരുതി രാജപട്ടൈ മോശം സിനിമയാവണം എന്നു പറയുന്നത് ശരിയല്ല. ബ്യൂട്ടിഫുള്‍ എടുത്തുമാറ്റിയ തിയറ്റുകളിലെല്ലാം രാജപട്ടൈ അല്ല കളിക്കുന്നത് എന്നത് തന്നെ ഇവരുടേത് കള്ളപ്രചാരണമാണെന്നു തെളിയിക്കുന്നു. തന്റെ ഇന്ത്യന്‍ റുപീയും ഇതുപോലെ ആളുകുറഞ്ഞപ്പോള്‍ തിയറ്ററില്‍ നിന്നു നീക്കിയപ്പോള്‍ തമിഴ്‍സിനിമക്കെതിരായി പത്രത്തിലെഴുതിയ ആളാണ് രഞ്ജിത്ത്.മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഉണ്ടാകേണ്ട ചിത്രമാണ് ‘ബ്യൂട്ടിഫുള്‍’എന്നും അതിനെ ഞെരിച്ചുകൊന്ന് തമിഴന് കാശുവാരാന്‍ അവസരമുണ്ടാക്കുകയാണ് നമ്മുടെ തിയേറ്ററുടമകള്‍ എന്നും പറഞ്ഞ രഞ്ജിത്തിന് വൈകോയിലേക്ക് അധികം ദൂരമില്ല.

തിയറ്ററുകാരന്‍ നല്ല സിനിമകള്‍ ഓടിക്കണം എന്നൊരു നിയമമില്ല. ജനം തിയറ്ററില്‍ കയറി കാണാന്‍ തയ്യാറായെങ്കിലേ സിനിമ തിയറ്ററില്‍ നിലനില്‍ക്കൂ. ജനം കയറുന്നില്ലെങ്കിലും തിയറ്ററുകാരന്‍ നഷ്ടം സഹിച്ച് നല്ല സിനിമയെ പരിപോഷിപ്പിക്കണം എന്നു പറയുന്നത് വരട്ടുനയമാണ്. സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ അങ്ങനെ കളിക്കാന്‍ താരങ്ങള്‍ തിയറ്ററുകാര്‍ക്ക് അങ്ങോട്ട പണം കൊടുക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. എന്തിന്,സന്തോഷ് പണ്ഡിറ്റ് പോലും സ്വന്തം സിനിമ തിയറ്റര്‍ വാടകയ്‍ക്ക് എടുത്താണ് കളിപ്പിച്ചത്. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഉണ്ടാകേണ്ട ചിത്രമാണ് ‘ബ്യൂട്ടിഫുള്‍’എന്നുറപ്പുണ്ടെങ്കില്‍ അതിന്റെ പിന്നണിക്കാര്‍ക്ക് തിയറ്ററുകള്‍ വാടകയ്‍ക്ക് എടുത്ത് സിനിമ പ്രദര്‍ശിപ്പിക്കാവുന്നതേയുള്ളൂ.

പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും,സിനിമ ഡൗണ്‍ലോഡ് ചെയ്തു കാണുന്ന ഒരു സമൂഹത്തിന്റെ കയ്യടി നേടിക്കൊണ്ടും നടത്തുന്ന മുതലെടുപ്പ് ഏറ്റവും ഹീനമായ മാര്‍ക്കറ്റിങ് തന്ത്രമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ജനം കണ്ടപ്പോള്‍ മേല്‍വിലാസം എന്നൊരു സിനിമ ആരും കാണാതെ പോയതിനെപ്പറ്റി പലരും പറഞ്ഞിരുന്നു. ജനം കാണാത്തതുകൊണ്ടാണ് മേല്‍വിലാസം തിയറ്ററുകളില്‍ നില്‍ക്കാത്തത്. സന്തോഷ് പണ്ഡിറ്റിന്റെ മാര്‍ക്കറ്റിങ് വിജയിച്ചു, മേല്‍വിലാസത്തിന്റേതു വിജയിച്ചില്ല, അത്രേയുള്ളൂ. സിനിമ കലയും ബിസിനസുമാണ്. എന്നാല്‍ ബിസിനസിനെപ്പറ്റി പറയുമ്പോള്‍ കലയെപ്പറ്റി വാചാലമാകുന്നത് ഒളിച്ചോട്ടമാണ്.

മുല്ലപ്പെരിയാര്‍ പ്രശ്നം കത്തിനില്‍ക്കുമ്പോള്‍ ആഘോഷം തനിക്ക് സഹിക്കാനാവില്ല എന്നു പറഞ്ഞ് അവാര്‍ഡ് നിശ ബഹിഷ്കരിച്ച രഞ്ജിത്ത് പറയുന്നത് മലയാള സിനിമകള്‍ക്ക് തമിഴ്‌നാട്ടിലുള്ള നിരോധനം അവസാനിപ്പിച്ചാല്‍ മാത്രമേ തമിഴ് സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാവൂ എന്നാണ്. തമിഴ്‍സിനിമയോടു മല്‍സരിക്കാനുള്ള ശേഷിയില്ലെങ്കില്‍ മിണ്ടാതിരിക്കണം, അല്ലാതെ ബുദ്ധിജീവി ചമഞ്ഞ് വിലക്കിനു വേണ്ടി പ്രചാരണം നടത്തുന്നത് ബാലിശമാണ്. രഞ്ജിത്തിന്റെ നരസിംഹവും ആറാം തമ്പുരാനുമൊക്കെ ഇറങ്ങിയ സമയത്ത് ആ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി അക്കാലത്തെ ചില നല്ല ചിത്രങ്ങള്‍ ഇതേപോലെ തിയറ്ററുകളില്‍ നിന്നു നീക്കം ചെയ്യപ്പെട്ടിരുന്നു എന്നതിന് ഈ ബുദ്ധിജീവിവിശ്രമജീവിതകാലത്ത് രഞ്ജിത്തിന് അയവിറക്കാവുന്നതാണ്.

മലയാള സിനിമയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ്‌കുമാര്‍ പറയുന്നു.മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കപ്പെടുകയോ പരിഹരിക്കപ്പെടാതിരിക്കുകയോ ചെയ്യട്ടെ, പക്ഷെ മലയാള സിനിമയെ സംരക്ഷിക്കണം എന്ന നിലപാട് വെള്ളം ചേര്‍ക്കാതെ ഒഴുക്കിവിടാന്‍ ഇവനൊന്നും ലജ്ജയില്ലേ ? മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തമിഴ്‍നാട്ടില്‍ റിലീസ് ചെയ്യാത്തത് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരിലാണെന്നാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍,അടുത്തയാഴ്ച ഇറങ്ങാനിരിക്കുന്ന ഹിന്ദി സിനിമയുടെ വിതരണമെടുത്തിരിക്കുന്ന ഈ സിനമകളുടേയും വിതരണക്കാരന്‍ മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ക്കു വേണ്ടി തിയറ്റര്‍ ചോദിച്ചിട്ടില്ലെന്നും പടം കിട്ടിയാല്‍ തങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നുമാണ് തമിഴ്‍നാട്ടിലെ തിയറ്ററുടമകളുടെ സംഘടന പറഞ്ഞത്. തമിഴന്മാര്‍ വ്യാജവാര്‍ത്തകള്‍ നല്‍കി മലയാളിവിരുദ്ധ വികാരം ഇളക്കിവിടുന്നു എന്ന് പറയുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ബുദ്ധിജീവി തട്ടിപ്പുകളും മുതലെടുപ്പുകളും ആണ് ആദ്യം തടയേണ്ടത്.

വിശ്വാസപ്രമാണം: രഞ്ജിത്തും അനൂപ് മേനോനും ഒഴികെയുള്ള എല്ലാ മലയാള സിനിമക്കാരും ഇംഗ്ലിഷ് സിനിമകള്‍ മോഷ്ടിക്കുന്നവരാണ്. ഇവരാകട്ടെ ഇംഗ്ലിഷ് സിനിമകള്‍ കണ്ട് സഹതപിക്കുകയും മറ്റാര്‍ക്കും സങ്കല്‍പിക്കാന്‍ പോലുമാവാത്ത സ്വന്തം അനുഭവങ്ങളെ സിനിമകളാക്കുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭകളാണ്.

അഹങ്കാരത്തിന്റെ സ്ത്രീലിംഗമാണ് ബോള്‍ഡ്‍നെസ്സ്

കേരളാ സ്റ്റേറ്റിലെ മുഴുവന്‍ അഹങ്കാരികളെയും ഞങ്ങള്‍ ഉന്മൂലനം ചെയ്തു കഴിഞ്ഞു, ഇനി പൃഥ്വിരാജ് സുകുമാരന്‍ മാത്രമേ ബാക്കിയുള്ളൂ എന്നു പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ വഴി ആ ചെറുപ്പക്കാരനെ തെറിവിളിച്ചും വിചാരണ ചെയ്തും തങ്ങളുടെ അസൂയയ്‍ക്കും മനോരോഗത്തിനും ആശ്വാസം കണ്ടെത്തുന്ന വൈറ്റ് കോളര്‍ മലയാളിക്ക് ആക്രമിക്കാന്‍ ഇരകളുടെ ഒരു സംഘടനയെത്തന്നെയാണ് കിട്ടിയിരിക്കുന്നത്- ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍.

ഇവിടെ പക്ഷെ, പ്രശ്നം വ്യത്യസ്തമാണ്. പൃഥ്വിരാജിനെ വെറുക്കാനും കൂട്ടത്തോടെ ആക്രമിക്കാനും കാരണമായി പലരും പറയുന്നത് പൃഥ്വിരാജിന് ഉണ്ടെന്നു കരുതപ്പെടുന്ന അഹങ്കാരമാണെങ്കില്‍ നിര്‍മാതാക്കളെ ആക്രമിക്കാനുള്ള കാരണം ഒരു നടിയുടെ ബോള്‍ഡ്‍നെസ്സ് അംഗീകരിച്ചു കൊടുക്കാത്തതാണത്രേ. ഒറ്റനോട്ടത്തില്‍ വിരോധാഭാസമാണെന്നു തോന്നുമെങ്കിലും നമ്മള്‍ മലയാളികളെ സംബന്ധിച്ച് അത് വളരെ നോര്‍മലാണ്. കാരണം, അഹങ്കാരിയായ പുരുഷന്‍ അധമനും നീചനും ആവുമ്പോള്‍ അഹങ്കാരിയായ പെണ്‍കുട്ടി നമ്മളെ സംബന്ധിച്ച് ബോള്‍ഡ് ആണ്. ആ ബോള്‍ഡ്‍നെസ്സിനോട് നമുക്കെല്ലാം ഭയങ്കര ബഹുമാനവുമാണ്. അത്തരത്തില്‍ ബോള്‍ഡ് ആയ ഒരു നടിയെ വിലക്കാന്‍ തീരുമാനിച്ചു എന്നതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ആക്രമിക്കാന്‍ ബ്ലഡി മല്ലൂസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

മാറിനിന്ന് നിരീക്ഷിക്കുമ്പോള്‍ ഇത്രയും അപഹാസ്യമായ കാഴ്ചപ്പാടുകളും നിലപാടുകളും സങ്കീര്‍ണമായ വ്യക്തിത്വവും ധാര്‍മികബോധവുമുള്ള നമ്മള്‍ സാംസ്കാരികമായി ലോകസമൂഹത്തില്‍ വളരെ സഹതാപാര്‍ഹമായ അവസ്ഥയിലാണ്. നടി നിത്യാ മേനോന്‍ നിര്‍മാതാക്കളെ വേണ്ടവിധം ബഹുമാനിച്ചില്ല എന്നതിനാല്‍ നടിയെ വിലക്കി എന്ന വാര്‍ത്ത കേട്ട് രോഷം കൊള്ളുകയാണ് സമൂഹം. ഇന്നലെ രാത്രി മറ്റ് പ്രധാനവിഷയങ്ങളെല്ലാം മാറ്റി വച്ച് ടിവി ചാനലുകാര്‍ ഇതു ചര്‍ച്ച ചെയ്തു.ഒരു ശരാശരി നടിയുടെ ബോള്‍ഡ്നെസ്സിന് ഇത്രേം മോറല്‍ സപ്പോര്‍ട്ട് കിട്ടുന്നത് എന്തായാലും വലിയ കാര്യമാണ്.

അമ്മ നിര്‍മിച്ച ട്വന്റി 20 എന്ന ക്ലാസിക് സിനിമയില്‍ തലവച്ചുകൊടുക്കാക്കത്തതിന് മീരാ ജാസ്‍മിന്‍ എന്ന നടിയെ അമ്മ സംഘടന വിലക്കിയതായി അന്നു കേട്ടിരുന്നു. ആരെയെങ്കിലുമൊക്കെ വിലക്കുക എന്നതാണ് സംഘടനകള്‍ക്കു തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ചെയ്യാനുള്ള ആകെയുള്ള കാര്യം. കാരണം, സംഘടനകള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്രസംസ്‍കാരത്തിന്റെ അവശേഷിപ്പുകളാണ്. പുതിയ സിനിമകള്‍ സംഘടനാബലമില്ലാത്ത പുതുതലമുറക്കാരുടെ കയ്യില്‍ നിന്നാണ് ഉണ്ടാവുന്നത്. തോല്‍വികളേറ്റുവാങ്ങിയ സംഘടനക്കാരായ പഴയ തലമുറയ്‍ക്ക് സിനിമയില്‍ നിന്ന് തങ്ങള്‍ പുറത്താക്കപ്പെടുന്നതിനെ പ്രതിരോധിക്കാനുള്ള വഴികളാണ് ഇത്തരം വിലക്കുകള്‍.

നിത്യ മേനോന്‍ ബോള്‍ഡിയാണോ അഹങ്കാരിയാണോ എന്ന വിഷയത്തില്‍ ഇന്നലെ രാത്രി മുഴുവന്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. എന്റെ സംശയം നിര്‍മാതാക്കളുടെ സംഘടന വിലക്കുന്നത് നടന്‍ പൃഥ്വിരാജിനെയായിരുന്നെങ്കില്‍ നമ്മുടെ പ്രതികരണം എന്തായിരുന്നേനെ എന്നതാണ്. തീര്‍ച്ചയായും പുരോഗമനപരമായ ആ തീരുമാനത്തെ നമ്മള്‍ സ്വാഗതം ചെയ്‍തേനെ. പത്തു തെറികൂടി പറഞ്ഞ് പൃഥ്വിരാജിന്റെയും ഭാര്യയുടെയും ഫോട്ടോയില്‍ ആഭാസങ്ങള്‍ എഴുതിച്ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് സംഗതി ആഘോഷമാക്കിയേനെ.

എന്തുകൊണ്ട് സ്വന്തമായി ഒരു നിലപാടുള്ള,വ്യക്തമായ കാഴ്ടപ്പാടുകളുള്ള രാജുവിനെ ബോള്‍ഡ് എന്നു വിശേഷിപ്പിക്കാന്‍ നമുക്കാവുന്നില്ല ? ലോകത്തെന്താണ് നടക്കുന്നതെന്ന് പോലും അറിയാത്ത താരങ്ങള്‍ക്കിടയില്‍ നല്ല വായനയും രാഷ്ട്രീയബോധവും ആനുകാലികവിഷയങ്ങളിലുള്ള അറിവുമുള്ള പൃഥ്വിരാജ് വ്യത്യസ്തനാണ്. അഹങ്കാരം എന്ന വാക്കിന്റെ സ്ത്രീലിംഗമാണ് മലയാളിയെ സംബന്ധിച്ച് ബോള്‍ഡ് എന്നത് മനസ്സിലാവുന്നത് നടിമാരോടുള്ള നിലപാടുകളും ഇത്തരത്തില്‍ ബോള്‍ഡ് ആയ നടിമാരെ മഹത്വവല്‍ക്കരിച്ചുകൊണ്ട് ചില മാധ്യമങ്ങളില്‍ വരുന്ന ഭക്തിഗാനങ്ങളും കാണുമ്പോഴാണ്. നിത്യ മേനോന്‍ ബോള്‍ഡ് ആണെന്നു പറയാതെ അഹങ്കാരിയാണെന്നു പറഞ്ഞാല്‍ രോഷം കൊള്ളാന്‍ സാധ്യതയുള്ള അതേ ആളുകള്‍ പൃഥ്വിരാജ് അഹങ്കാരിയല്ല ബോള്‍ഡ് ആണെന്നു പറഞ്ഞാലും രോഷം കൊള്ളും. കുഴപ്പം നിത്യയ്ക്കോ പൃഥ്വിക്കോ അല്ല, നമുക്കാണ് എന്നത് മാത്രം അംഗീകരിക്കുന്ന പ്രശ്നമില്ല.

🙂 എന്നാലും വിലക്കിയതു മോശമായിപ്പോയി.

പരസ്യമായി പറഞ്ഞാല്‍…

പരസ്യങ്ങള്‍ കണ്ടാണ് നമ്മള്‍ ബ്രാന്‍ഡുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പരസ്യവാചകങ്ങള്‍ കേട്ടാണ് ഉല്‍പന്നങ്ങളെക്കുറിച്ച് പ്രബുദ്ധരാകുന്നത്. രണ്ടര മണിക്കൂറുള്ള സിനിമയും 20 സെക്കന്‍ഡുള്ള പരസ്യചിത്രവും ഏതാണ്ട് ഒരേ മുതല്‍മുടക്കില്‍ ചിത്രീകരിക്കുമ്പോള്‍ സിനിമയെക്കാള്‍ നിലവാരവും പ്രചാരവുമുള്ള പരസ്യചിത്രങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. എന്നാല്‍ സൂസൂ പോലെയുള്ള പരസ്യങ്ങള്‍ എന്നുമുണ്ടാവുന്നില്ല. കണ്ടുപഴകിയ കഥാപാത്രങ്ങളും ശൈലികളും ആവര്‍ത്തനവിരസമായ സന്ദര്‍ഭങ്ങളുമായി പ്രേക്ഷകരെ ബോറടിപ്പിക്കുന്ന, സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന പരസ്യങ്ങള്‍ക്കാണ് ഭൂരിപക്ഷം. സിനിമയില്‍ സംഭവിക്കുന്നതുപോലെ ഒരു നവതരംഗം പരസ്യചിത്രങ്ങളില്‍ ആഞ്ഞടിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

വിപണിയില്‍ വിറ്റഴിയുന്ന ഉല്‍പന്നങ്ങളും ടിവിയില്‍ കാണുന്ന പരസ്യങ്ങളും തമ്മില്‍ സുതാര്യമായ ഒരു ബന്ധമല്ല ഉള്ളത്. ഉള്ളി, ജീരകം, കടുക്, ചുക്ക്, ഉരുളക്കിഴങ്ങ് തുടങ്ങി ദിവസവും ലക്ഷക്കണക്കിനാളുകള്‍ കടയില്‍ പോയി വാങ്ങുന്ന സാധനങ്ങള്‍ക്ക് ഇന്നുവരെ ആരും പരസ്യം ചെയ്തിട്ടില്ല. ഉള്ളി(സവോള) വില എണ്‍പതു രൂപ വരെ വിലകൂടിയിട്ടും ആരും ഏറ്റവും പരിശുദ്ധമായ ഉള്ളി എന്നും പറഞ്ഞ് ഒരു ബ്രാന്‍ഡുണ്ടാക്കി സംഗതി വില്‍പനയ്ക്കിറക്കിയില്ല. അതേ സമയം തേയില, കാപ്പിപ്പൊടി, പാചകത്തിനുള്ള എണ്ണകള്‍, അരി (പാലക്കാടന്‍ മട്ട), കറി പൗഡര്‍, ആട്ട, ഉപ്പ് തുടങ്ങി ഒരു ലോഡ് സാധനങ്ങള്‍ക്കു മുടിഞ്ഞ പരസ്യമാണ്. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ പെട്ടെന്നൊരുത്തരം പറയാനാവില്ല.

പരസ്യമുള്ള ഉല്‍പന്നങ്ങളെ പ്രധാനമായി മൂന്നായി തിരിക്കാം. ഒന്ന്, വീട്ടുസാധനങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രവി്‌സ്മയങ്ങള്‍ (പെണ്ണുങ്ങളെ ഹഠാദാകര്‍ഷിക്കുന്നവ), രണ്ട്, വാഹനങ്ങള്‍, വീടുകള്‍, ഗാഡ്ജറ്റുകള്‍ (സോ കോള്‍ഡ് ബ്രില്യന്റ് ജെന്റില്‍മാനുകളെ ഉദ്ദേശിച്ചാണ്), മൂന്ന്, ചോക്ലേറ്റ്, കളിപ്പാട്ടങ്ങള്‍ (പിള്ളേരെ പറ്റിക്കാന്‍). ഇത്തരം വിവിധ പരസ്യങ്ങളിലൂടെ വിവിധ ബ്രാന്‍ഡുകള്‍ സ്ഥിരമായി അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ആവര്‍ത്തിക്കപ്പെടുന്ന സാദൃശ്യങ്ങളും എന്തൊക്കെയാണ് എന്നൊരു എത്തിനോട്ടം.

തുണിക്കടകളില്‍ കല്യാണ പട്ടുസാരി
മാത്രമാണ് വില്‍ക്കുന്നത്

തുണിക്കടകള്‍ എത്ര വലുതോ ചെറുതോ ആയാലും ശരി എത്ര വിപുലമായാലും ശരി പരസ്യം ചെയ്യുമ്പോള്‍ കല്യാണപട്ടുസാരികളെപ്പറ്റി മാത്രമേ പറയൂ. സാധാരണ ഉപയോഗത്തിനുള്ള സാരികളോ ചുരിദാര്‍ തുടങ്ങി സാധാരണ പെണ്‍കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്ന വസ്ത്രങ്ങളെപ്പറ്റിയോ പരസ്യങ്ങളില്‍ ഒരക്ഷരം മിണ്ടില്ല. കട ഏതായാലും പരസ്യത്തില്‍ മെലിഞ്ഞു വെളുത്ത സോ കോള്‍ഡ് സുന്ദരികള്‍ പട്ടുസാരിയുടുത്ത് ഒരു കൈ കൊണ്ട് മുന്താണി വിരിച്ചു പിടിച്ച് കടല്‍പ്പാലത്തിലൂടെ നടക്കുന്നതാണ് പതിവായി കാണാറുള്ളത് (എത്ര വില കൂടിയ സാരി ഉടുത്താലും ശരി ഏതെങ്കിലും ഒരു സ്ത്രീ ജീവിതത്തില്‍ അങ്ങനെ നടന്നാല്‍ ബന്ധുക്കള്‍ പൊക്കിയെടുത്ത് ഊളമ്പാറയ്ക്കു കൊണ്ടുപോകും). സാരിയുടുക്കുന്ന എല്ലാ മോഡലുകളും പൊക്കിളിനു താഴെയേ അതുടുക്കൂ (സ്ത്രീകള്‍ സാരിയുടെ ഡീറ്റെയ്ല്‍സ് ശ്രദ്ധിക്കുമ്പോള്‍ അടുത്തിരിക്കുന്ന ഭര്‍ത്താവിനു ചാനല്‍ മാറ്റാന്‍ തോന്നാതിരിക്കാന്‍ സുന്ദരിയായ മോഡലിന്റെ ഡീറ്റെയ്ല്‍സ് സൗജന്യം). എല്ലാ പരസ്യങ്ങളിലും സാരിയുടെ വിനിമയം വിവാഹവുമായി ബന്ധപ്പെട്ടു മാത്രമാണ് നടക്കുന്നത് എന്ന സൂചനയാണ് നല്‍കുന്നത്. ചെക്കനും പെണ്ണിനും സാരി ഏത് കടയില്‍ നിന്നാണ് എടുക്കുന്നത് എന്നതിനെപ്പറ്റി മാത്രമാണ് വേവലാതി. വിവാഹനിശ്ചയത്തിന് സാരി എടുക്കുന്ന കടയുടെ പേരില്‍ തെറ്റുന്നതും കംപ്ലീറ്റും തെറ്റിപ്പോയ വിവാഹനിശ്ചയത്തില്‍ സാരിക്കടയുടെ പേരിലുള്ള പൊരുത്തത്തില്‍ മാത്രം എ്ല്ലാം കോപ്രമൈസാകുന്നതും നമ്മള്‍ എത്രയെത്ര പരസ്യങ്ങളില്‍ കണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ പട്ടുസാരിശേഖരം പണ്ട് ഒരു കടയിലുണ്ടായിരുന്നു. പിന്നെ മറ്റൊരു കട വന്നപ്പോള്‍ അത് ഇന്ത്യയിലെ ഏറ്റവും വലിയ ശേഖരമായി. ഇപ്പോള്‍ ഒരു കട പറയുന്നത് അവരുടെ കടേലിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ശേഖരമാണെന്നാണ്. ഇനിയിപ്പോള്‍ പട്ടുസാരി ഉടുക്കാന്‍ പറ്റിയില്ലെങ്കിലും സാധനം കംപ്ലീറ്റും കേരളത്തില്‍ തന്നെയുണ്ട് എന്ന് സ്ത്രീകള്‍ക്കാശ്വസിക്കാം.

സ്ത്രീകളുടെ ആത്മവിശ്വാസം ബ്രായിലും
സാനിറ്ററി നാപ്്കിനുകളിലും കുടികൊള്ളുന്നു

സ്ത്രീശാക്തീകരണം വന്നുപോയിട്ട് കാലംകുറെയായി. എന്നാല്‍ പരസ്യത്തില്‍ കാണുന്നതനുസരിച്ച് നല്ലയിനം ബ്രേസിയറുകള്‍ ധരിക്കുന്ന സ്ത്രീകള്‍ക്ക് അസാമാന്യമായ ആത്മവിശ്വാസവും എല്ലാ രംഗത്തും വിജയവും ഒരുപാട് ഫാന്‍സും ഉണ്ടാകും. ഇന്റര്‍വ്യൂകളിലാണ് ബ്രാ എഫക്ട് ഏറ്റവും പ്രകടമായി കാണാറുള്ളത്. നമ്മടെ കമ്പനീടെ ബ്രാ ധരിച്ച് മോഡല്‍ കയറി വരുമ്പോള്‍ ഇന്റവ്യൂ ബോര്‍ഡ് ചെയര്‍മാന്റെ കണ്ണുകള്‍ സൂപ്പര്‍മാനെപ്പോലെ മോഡലിന്റെ അടിവസ്ത്രത്തിന്റെ ബ്രാന്‍ഡ് സ്‌കാന്‍ ചെയ്തു കണ്ടുപിടിക്കുകയും ഇംപ്രസ്ഡ് ആയി വല്ല ചോദ്യവും ചോദിക്കുന്നതിനു മുമ്പ് തന്നെ അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡര്‍ കയ്യില്‍ കൊടുക്കുകയും ചെയ്യുന്നു. ആത്മവിശ്വാസത്തിനു പുറമേ മിക്കവാറും ബ്രേസിയറുകളുടെ പരസ്യവാചകത്തില്‍ കാണുന്ന ഒന്നാണ് അനുഭൂതി. ശരാശരി പുരുഷനെ സംബന്ധിച്ച് തീര്‍ത്തും ദുരൂഹമാണ് സ്ത്രീകള്‍ക്ക് ബ്രാ കമ്പനികള്‍ എക്‌സ്‌കðൂസിവായി നല്‍കുന്ന ഈ അനുഭൂതി.

ഇതുപോലെ തന്നെയാണ് സാനിറ്ററി നാപ്കിനുകളുടെ കാര്യവും. ഒരു സ്ത്രീ തന്റെ ജീവിതം കൊണ്ട് അന്വേഷിക്കുന്നത് കൂടുതല്‍ വെള്ളം (അങ്ങനെയാണ് പരസ്യങ്ങളില്‍ കാണിക്കുന്നത്) വലിച്ചെടുക്കാന്‍ ശേഷിയുള്ള സാനിറ്ററി നാപ്കിനുകളാണെന്നും സൂനാമിയെക്കാള്‍ അവര്‍ ഭയപ്പെടുന്നത് ‘ആ ദിവസങ്ങളെ’യാണെന്നും പരസ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ആ ദിവസങ്ങളില്‍ പ്രസ്തുത കമ്പനിയുടെ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്ന മോഡല്‍ പണ്ട് ഊഞ്ഞാലാടുന്നതും സൈക്കിള്‍ ചവിട്ടുന്നതും മറ്റുമായിരുന്നു വിപ്ലവകരമായി അവതരിപ്പിച്ചിരുന്നതെങ്കില്‍ പുതിയ പരസ്യങ്ങളില്‍ കാണുന്നതനുസരിച്ച് സിനിമാറ്റിക് ഡാന്‍സ് കളിക്കുന്നതും പര്‍വതാരോഹണം നടത്തുന്നതുമാണ് കാലികമായ സാനിറ്ററി വിപ്ലവം.

കറുപ്പു നിറവും മുഖക്കുരുവും ഉള്ള
സ്ത്രീകള്‍ രക്ഷപെടില്ല

ഇത് പരസ്യങ്ങള്‍ നല്‍കുന്ന സന്ദേശമാണ്. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇരുണ്ട ചര്‍മവും മുഖക്കുരുവും അവരുടെ ആത്മവിശ്വാസം കെടുത്തും (ഈ പരസ്യമെല്ലാം കണ്ടിട്ടും ആത്മവിശ്വാസത്തോടെ തുടരുന്ന മുഖക്കുരുവും ഇരുണ്ട നിറവുമുള്ള സ്ത്രീകളുടെ അന്തസ്സിന് ഒരു സലാം). ഇത്തരത്തില്‍ ചര്‍മസവിശേഷതയുള്ള സ്ത്രീകള്‍ എയര്‍ഹോസ്റ്റസ് ആകാനോ റിയാലിറ്റി ഷോയില്‍ വിജയിക്കാനോ ആവും അഗ്രഹിക്കുന്നത്. ജന്മനാ ഉള്ള കറുപ്പുനിറവും വളര്‍ച്ചയുടെ ഭാഗമായി ഉണ്ടായ മുഖക്കുരുവും കാരണം ജീവിതം തന്നെ വെറുത്ത് ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന സ്ത്രീയുടെ മുന്നിലേക്ക് ഈശ്വരന്റെ രൂപത്തില്‍ അവതരിക്കുകയാണ് ഒരു ട്യൂബ് ഫെയര്‍നെസ് ക്രീം. പരസ്യത്തിലെ മോഡല്‍ മുഖത്ത് കരി പുരട്ടി മൂന്നു ഷോട്ടിലായി അത് കഴുകിക്കളഞ്ഞ് സുന്ദരിയാവുകയാണെങ്കിലും ആ ജാലവിദ്യ ഫെയര്‍നെസ് ക്രീമിന്റെ ക്രെഡിറ്റില്‍ ചേര്‍ക്കുന്ന സീനിലൂടെ കറുപ്പിനരയായ സ്ത്രീ വെറും മൂന്നാഴ്ച കൊണ്ട് കറുപ്പുനിറം മാറി സിഎഫ്എല്‍ ലൈറ്റുപോലെ വെളുക്കുകയും ആ വെളുപ്പിന്റെ പുണ്യം ഒന്നുകൊണ്ടു മാത്രം റിയാലിറ്റി ഷോ വിജയിക്കുകയും എയര്‍ഹോസ്റ്റസ് ആവുകയുമൊക്കെ ചെയ്യുന്നതോടെ വെളുത്തത് പോരാ പോരാ എന്ന കോംപ്ലക്‌സുള്ള ബ്ലഡി ഇന്ത്യന്‍സ് ഒരു ട്യൂബ് വാങ്ങാന്‍ എപ്പോ പുറപ്പെട്ടെന്നു ചോദിച്ചാല്‍ മതി.

86 സിനിമകള്‍, 4 സൂപ്പര്‍ഹിറ്റുകള്‍, മോളിവുഡില്‍ ലാഭമോ നഷ്ടമോ ?

71 സിനിമകളും ഒറ്റ സൂപ്പര്‍ഹിറ്റുമായി അവസാനിച്ച 2009ല്‍ നിന്നും മലയാള സിനിമ കൂടുതല്‍ ആരോഗ്യത്തോടെ ഒരു വര്‍ഷത്തെ വളര്‍ച്ച കൂടി പൂര്‍ത്തിയാക്കുമ്പോള്‍ ക്രിസ്മസിനു റിലീസ് ചെയ്യാനുള്ള നാലു ചിത്രങ്ങള്‍ കൂടി കൂട്ടി ഈ വര്‍ഷത്തെ സിനിമകളുടെ എണ്ണം 86. പുറത്തിറങ്ങിയ സിനിമകളുടെ എണ്ണം വര്‍ധിച്ചു. സൂപ്പര്‍ ഹിറ്റുകളുടെയും കൈ പൊള്ളാതെ കടന്നുകൂടിയ ചിത്രങ്ങളുടെ എണ്ണവും വര്‍ധിച്ചു. ചുരുക്കത്തില്‍ 2010 മലയാള സിനിമയെ സംബന്ധിച്ച് ഗുരുതര പരുക്കില്ലാത്ത വര്‍ഷം.

ജനുവരിയില്‍ റിലീസ് ചെയ്ത സിദ്ധിഖ് സംവിധാനം ചെയ്ത് ദിലീപ്, നയന്‍താര എന്നിവര്‍ അഭിനയിച്ച ബോഡിഗാര്‍ഡ് ഈ വര്‍ഷത്തെ ആദ്യഹിറ്റ്. മമ്മാസ് സംവിധാനം ചെയ്ത് ദിലീപും കാവ്യയും അഭിനയിച്ച പാപ്പി അപ്പച്ചാ ഏപ്രിലില്‍ കലക്ഷനുണ്ടാക്കി. എന്നാല്‍, ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ലാലിന്‍റെ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ ആണ്. മേയില്‍ റിലീസ് ചെയ്ത മമ്മൂട്ടിയുടെ പോക്കിരിരാജ റെക്കോര്‍ഡ് കലക്ഷന്‍ നല്‍കി. കഥയെന്തോ തിരക്കഥയെന്തോ- പടം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി. നവാഗതനായ വൈശാഖ് സംവിധാനം ചെയ്ത് റെഡിമെയ്‍ഡ് കക്ഷികളായ ഉദയകൃഷ്ണ-സിബി കെ.തോമസ് കൂട്ടുകാര്‍ തിരക്കഥയെഴുതിയ സിനിമ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു.

പോക്കിരിരാജയോടൊപ്പമെത്തിയ സത്യന്‍ അന്തിക്കാടിന്‍റെ കഥ തുടരുന്നു കുടുംബപ്രേക്ഷകര്‍ക്ക് ആശ്വാസം നല്‍കി. റെക്കോര്‍ഡുകളൊന്നും ഭേദിക്കാനായില്ലെങ്കിലും നല്ല ചിത്രം എന്ന ലേബലില്‍ കഥ തുടരുന്നു ശ്രദ്ധിക്കപ്പെട്ടു, ലാഭമുണ്ടാക്കി. ജയറാം, മമ്ത, ആസിഫ് അലി എന്നിവരായിരുന്നു താരങ്ങള്‍. മേയ് അവസാനമെത്തിയ ജീത്തു ജോസഫിന്‍റെ മമ്മി ആന്‍ഡ് മി ശ്രദ്ധിക്കപ്പെട്ടു, ലാഭമുണ്ടാക്കി. ഉര്‍വശി, മുകേഷ്, അര്‍ച്ചന കവി തുടങ്ങിയവരഭിനയിച്ച ചിത്രം ഇന്ത്യന്‍ പനോരമയിലും ഇടം നേടി.

ജൂലൈ പുതുമുഖങ്ങളുടേതായിരുന്നു. സിബി മലയിലിന്‍റെ അപൂര്‍വരാഗം. വിനീത് ശ്രീനിവാസന്‍റെ കന്നിച്ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്നിവ ലാഭമുണ്ടാക്കിയ ചിത്രങ്ങളാണ്. വിനീത് ചിത്രത്തിനു ലഭിച്ച അസാധാരണമായ പ്രീ പബ്ലിസിറ്റിയും മാധ്യമശ്രദ്ധയും പിന്തുണയും ചിത്രത്തിനു ഗുണം ചെയ്തു. ന്യൂ ജനറേഷന്‍ സിനിമ എന്നൊക്കെ ആരൊക്കെയോ വിശേഷിപ്പിച്ചെങ്കിലും അപൂര്‍വരാഗം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

അവാര്‍ഡ് നേടിയ മലയാളത്തിന്‍റെ അഭിമാനചിത്രം കുട്ടിസ്രാങ്ക് പുറത്തിറങ്ങിയതും ജൂലൈയില്‍ തന്നെ. ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രം 2010ന്‍റെ ചിത്രമായി വിശേഷിപ്പിക്കപ്പെട്ടു. ഒട്ടേറെ ദേശീയ അവാര്‍ഡുകളും വിവാദങ്ങളും ചിത്രത്തിനു വലിയ പ്രാധാന്യം നല്‍കി. റിലയന്‍സ് ബിഗ് പിക്ചേഴ്സ് റിലീസ് ചെയ്ത കുട്ടിസ്രാങ്കിന് തിയറ്ററില്‍ വലിയ ചലനമുണ്ടാക്കാന്‍ ആയില്ല എന്നത് മറ്റൊരു കാര്യം.

സെപ്റ്റംബര്‍ ഹിറ്റുകളുടെ മാസമായിരുന്നു. മോഹന്‍ലാലിന്‍റെ ശിക്കാര്‍, മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്‍ന്‍റ്, ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ പെരുനാള്‍ ചിത്രങ്ങള്‍ തിയറ്ററുകളെ സജീവമാക്കി. സുരേഷ്കുമാര്‍ എഴുതി പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ ലാലേട്ടന്‍റെ ഈ വര്‍ഷത്തെ ആദ്യഹിറ്റാണ്. കഥയുടെ പുതുയെക്കാള്‍ അവതരണത്തിലെ മിഴിവു കൊണ്ടും ലാലേട്ടന്‍റെ പ്രകടനം കൊണ്ടും ചിത്രം ശ്രദ്ധ നേടി, ചിത്രത്തിന്‍റെ ബിഗ്ബജറ്റ് ബോക്സ് ഓഫിസ് നേട്ടത്തിന്‍റെ തിളക്കം കുറച്ചു.

രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിച്ച പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്‍റ് എന്ന പരീക്ഷണചിത്രം ജനങ്ങള്‍ ഇരുകൈകളോടെ സ്വീകരിച്ചു എന്നതും ശ്രദ്ധേയമായി. അവതരണത്തിലെ മിഴിവ് അവകാശപ്പെടാനില്ലെങ്കിലും മമ്മൂട്ടി എന്ന നടന്‍റെ പ്രകടനത്തിലെ മിഴിവും സംഭാഷണങ്ങളുടെ ശൈലിയും ചിത്രത്തിനു ഹിറ്റ്ചാര്‍ട്ടില്‍ ഇടം നല്‍കി.

ലാല്‍ജോസിന്‍റെ എല്‍സമ്മ എന്ന ആണ്‍കുട്ടി സെപ്റ്റംബര്‍ റിലീസുകളിലെ ഒരു സമ്പൂര്‍ണ കുടുംബചിത്രമാണ്. എല്ലാ ഘടകങ്ങളും നന്നായ ഒരു നല്ല സിനിമ. സംവിധായകന്‍റെ ഇടപെടല്‍ കൊണ്ട് വ്യത്യസ്തമായ ചിത്രം. ആന്‍ അഗസ്റ്റിന്‍ എന്ന പുതുമുഖ നായികയെ മലയാളത്തിനു ലഭിച്ചതും ഈ ചിത്രത്തിലൂടെ തന്നെ. കുഞ്ചാക്കോ ബോബന്‍ എന്ന ചോക്ലേറ്റ് സങ്കല്‍പം പരിവേഷങ്ങളഴിച്ചു വച്ച് നടന്‍ എന്ന നിലയില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ചിത്രമാണ് 2010ലെ മറ്റൊരു സൂപ്പര്‍ ഹിറ്റ്.

പൃഥ്വിരാജിന് കാര്യമായ നേട്ടമൊന്നും ഈ വര്‍ഷമില്ലെങ്കിലും ഒക്ടോബറില്‍ പുറത്തിറങ്ങിയ അന്‍വര്‍ ശ്രദ്ധിക്കപ്പെട്ടു. ചിത്രം ഏറെനാള്‍ ഓടിയില്ലെങ്കിലും ഇനിഷ്യല്‍ കലക്ഷനിലെ വേലിയേറ്റം ചിത്രത്തിനു നേട്ടമുണ്ടാക്കി. ദിലീപിന്‍റെ കാര്യസ്ഥനാണ് അടുത്ത സൂപ്പര്‍ഹിറ്റ്. ഉദയകൃഷ്ണ-സിബി കെ. തോമസിന്‍റെ തിരക്കഥ, നവാഗതനും സിബിയുടെ പൊന്നനിയനുമായ തോംസന്‍റെ സംവിധാനം. ദിലീപിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് കാര്യസ്ഥനാണ്.

ഡിസംബറും പ്രതീക്ഷയാണ് നല്‍കുന്നത്. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍, മോഹന്‍ലാലിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ തിയറ്ററുകളില്‍ തരംഗമുണ്ടാക്കി. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന പ്രൊഫഷനല്‍ ഫൊട്ടോഗ്രഫറുടെ കന്നിച്ചിത്രമായ ബെസ്റ്റ് ആക്ടര്‍ മികച്ച പ്രതികരണമുണ്ടാക്കി.

അമിതാഭ് ബച്ചന്‍ ആദ്യമായി മലയാളത്തിലഭിനയിക്കുന്ന മേജര്‍ രവിയുടെ കാണ്ഡഹാര്‍ ഈ വര്‍ഷത്തെ വലിയ ചിത്രങ്ങളിലൊന്നാണ്. എന്നാല്‍, വലിയ ബജറ്റില്‍ മേജര്‍ രവി അണിയിച്ചൊരുക്കിയ ചിത്രത്തിന് ബോക്സ് ഓഫിസില്‍ എത്ര നേട്ടമുണ്ടാക്കാനാവുമെന്ന് പ്രവചിക്കാനാവില്ല. ആരാധകരുടെ നിരാശയും ചിത്രത്തിനെതിരേ ബോധപൂര്‍വമെന്നപോലെ നടന്ന പ്രചാരണങ്ങളും ദോഷമുണ്ടാക്കി.

ലാല്‍ രചിച്ച് നിര്‍മിച്ച് സംവിധാനിച്ച് അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ ടൂര്‍ണമെന്‍റ് ബെന്നി പി.നായരമ്പലം- ഷാഫി ടീം ഒരുക്കുന്ന ദിലീപ് നായകനാവുന്ന മേരിക്കുണ്ടൊരു കുഞ്ഞാട്, ട്രാഫിക്, പുതുമുഖങ്ങള്‍ എന്നിവയാണ് ക്രിസ്മസ് ചിത്രങ്ങള്‍. ഫെസ്റ്റിവല്‍ ചിത്രങ്ങളെന്ന നിലയില്‍ ഇവ മികച്ച പ്രതികരണമുണ്ടാക്കുമെന്നാണ് കരുതുന്നത്.

മൊത്തം കണക്കെടുക്കുമ്പോള്‍ 2010ല്‍ ഇതുവരെ ലാഭമുണ്ടാക്കിയ സിനിമകള്‍- 15. സൂപ്പര്‍ ഹിറ്റുകള്‍- 4 (ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പോക്കിരിരാജ, എല്‍സമ്മ എന്ന ആണ്‍കുട്ടി, കാര്യസ്ഥന്‍)

തിയറ്ററില്‍ ആളു കയറാത്തത് എന്തു കൊണ്ട് ?

കുറെക്കാലമായി ഈ ചോദ്യത്തിനുത്തരം തേടി നടന്ന സിനിമാക്കാര്‍ക്ക് പ്രത്യേകിച്ച് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് അതിനുള്ള ഉത്തരം ആലുവയിലെ തിയറ്ററില്‍ നിന്നു കിട്ടിയിരിക്കുന്നു. പടത്തിനു പോയാല്‍ പുളിച്ച തെറിയും ചിലപ്പോള്‍ അടിയും കിട്ടാന്‍ സാധ്യതയുള്ളതുകൊണ്ട് ! ഏത് ക്ഷുദ്രശക്തിയാണ് പരിപാവനമായ സിനിമാ തിയറ്ററിനുള്ളില്‍ ഈ അക്രമങ്ങള്‍ ചെയ്യുന്നത് ?

ആലുവയിലെ തിയറ്ററില്‍ രണ്ടു ശക്തികളാണ് ഉണ്ടായിരുന്നത്. സൂപ്പര്‍-മെഗാ താരങ്ങളുടെ ആരാധകര്‍ അഥവാ സോ കോള്‍ഡ് ഫാന്‍സ് ! ആള്‍ കേരളാ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍, ഓള്‍ കേരളാ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ പേരുകളിലുള്ള സംഘടനകളില്‍ അംഗത്വമുള്ളവരാണോ ഇല്ലാത്തവരാണോ എന്നൊന്നും നമുക്കറിയില്ല. നാളെ ഇരു സംഘടനകളും ഇതു നിഷേധിക്കുകയും തങ്ങളുടെ പേരില്‍ സാമൂഹികവിരുദ്ധര്‍ തിയറ്ററിനുള്ളില്‍ അലമ്പുണ്ടാക്കിയതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തേക്കാം. ഏതെങ്കിലും സംഘടനയിലെ അംഗത്വം സാമൂഹികവിരുദ്ധനെ അങ്ങനെ അല്ലാതാക്കുന്നില്ലല്ലോ.

മമ്മൂട്ടിയുടെ ബെസ്റ്റ് ആക്റ്ററും മോഹന്‍‌ലാലിന്റെ കാണ്ഡഹാറും കളിക്കുന്ന ആലുവയിലെ ഒരു തിയറ്റര്‍ സമുച്ചയത്തില്‍ ഇരുതാരങ്ങളുടെയും ഫാന്‍‌സുകാര്‍ ഏറ്റുമുട്ടിയോതോടെ ആ മേഖലയില്‍ ഒരുത്തനും പടം റിലീസ് ചെയ്ത് രണ്ടാഴ്ചത്തേക്ക് തിയറ്ററിലേക്കു പോകില്ല എന്നതുറപ്പായി. ഇനിഷ്യല്‍ കുറയാന്‍ കാരണം എന്താണെന്ന് ആലോചിക്കുന്ന സൂപ്പറുകള്‍ അത് സ്വന്തം ഫാന്‍സിനെ പേടിച്ച് ജനം തിയറ്ററില്‍ കയറാത്തതുകൊണ്ടാണെന്ന് എന്നു തിരിച്ചറിയുമോ ആവോ ?

മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്‍റെയോ സിനിമകള്‍ റിലീസിങ്ങിനെന്നല്ല ആദ്യ രണ്ടാഴ്ചത്തേക്ക് തിയറ്ററില്‍ പോയി കാണാന്‍ എനിക്കു പേടിയാണ്. പുഷ്ടപവൃഷ്ടി, കൂത്താട്ടം, കൂവല്‍, കുഴല്‍വിളി.. പടം കാണാന്‍ ടിക്കറ്റെടുക്കുന്ന പ്രേക്ഷകന്‍ ഫാന്‍സിന്‍റെ ആസനങ്ങള്‍ കണ്ട് മടങ്ങേണ്ടി വരും. പടം കണ്ട് റിവ്യു എഴുതിയാലും പ്രശ്നം.സൂപ്പര്‍താരത്തിന്‍റെ സിനിമ കണ്ടില്ല എന്ന കുറ്റത്തിന് ഫാന്‍സ് കണ്ണുകുത്തിപ്പൊട്ടിക്കുന്ന കാലം വന്നിട്ടില്ലല്ലോ. വല്ല ദിലീപിന്‍റെയോ പൃഥ്വിരാജിന്‍റെയോ സിനിമയാണെങ്കില്‍ സ്വതന്ത്രമായി അഭിപ്രായം പറയാം.സമാധാനമായി കാണാം. മതി.

മമ്മൂട്ടിയോ മോഹന്‍ലാലോ വിചാരിച്ചാല്‍ നിയന്ത്രിക്കാവുന്ന ഒരവസ്ഥയിലല്ല അവരുടെ ആരാധകസമൂഹത്തിന്‍റെ അവസ്ഥ. രാഷ്ട്രീയകൊലപാതകങ്ങള്‍ പോലെ ഇവിടെ ആരാധകകൊലപാതകങ്ങള്‍ കൂടി അരങ്ങേറാന്‍ അധികകാലം വേണ്ടിവരില്ല എന്നാണ് കാര്യങ്ങളുടെ പോക്ക് സൂചിപ്പിക്കുന്നത്. ആയിരക്കണക്കിനു ചെറുപ്പക്കാരനെ സര്‍ഗശൂന്യമായ ആരാധനാവ്യായാമത്തിനു പ്രേരിപ്പിക്കുന്നതില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ പിന്‍വാങ്ങിയാല്‍ അത് സാംസ്കാരിക കേരളത്തിനു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും. സൂപ്പര്‍ താരങ്ങളേ, ഞങ്ങള്‍ മടുത്തു, നിങ്ങളുടെ ഫാന്‍സിനെക്കൊണ്ട്.

സിനിമാ സംബന്ധിയായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മലയാളം വെബ്സൈറ്റുകളിലോ ഫോറങ്ങളിലോ പോലും ഫാന്‍സ് മാലിന്യം കാരണം അടുക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. ആലുവയില്‍ ഫാന്‍സുകാര്‍ തമ്മിലുള്ള അടിപിടിയുടെ വാര്‍ത്ത കൊടുത്തിട്ടുള്ള ഒരു വെബ്സൈറ്റിന്‍റെ കമന്‍റ്ബോക്സില്‍ പോലും അവര്‍ക്കു ലജ്ജ എന്ന വികാരമില്ല. വന്നിരിക്കുന്ന ചില കമന്‍റുകള്‍ ശ്രദ്ധിക്കൂ.

– മമ്മൂട്ടിക്കു ലലിന്‍റെ അത്ര ആരാദകര്‍ ഉണ്ടാകാന്‍ ഇനിയും ഒരു 100 ജെന്മം ജെനിക്കനം.

-ലലിനു മമ്മൂറ്റിയുഡെ അത്ര വിജയിക്കുന്നപദങല്‍ ഉന്ദാഅവാന്‍ 100 കൊല്ലം വെനം.

– മംമുന്നികളുടെ സ്ഥിരം കല പരിപാടി തുടങ്ങി.മംമുന്നിയുടെ ആസനം താങ്ങുന്ന ഓനോ രണ്ടു പേര്‍ പല പേരുകളില്‍ കമണ്ട് എഴുതിയാല്‍ കണ്ടഹാര്‍ പൊളിയുമെന്നു വിചാരിക്കുന്ന കൂപ മണ്ടുകങ്ങള്‍ ആണ് മംമുന്നികള്‍.ബ്രമരം.ഇവിടം സ്വര്‍ഗം തുടങ്ങിയവയെ ഇത് പോലെ പൊളിക്കാന്‍ നോക്കിയതാ പണ്ട്.

-ഈ ക്രിസ്തുമസിനു ആരും പടക്കം വാങ്ങി കാശ് കളയേണ്ട ..ലാലിന്‍റെ കണ്ടഹാര്‍, എട്ടും പത്തും പത്രണ്ടും നിലയില്‍ പൊട്ടുന്നു . കാണുക ആസ്വതിക്കുക.

ദൈവം സഹായിച്ച് ഒന്നിനും അക്ഷരാഭ്യാസമില്ല എന്നത് ചെറിയ കാര്യമല്ല. ആരാധകരുടെ സാക്ഷരത തീര്‍ച്ചയായും ഡി-ലിറ്റ് വാങ്ങുന്ന താരങ്ങള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഈ കണ്ട കമന്‍റുകള്‍ സാംപിള്‍ മാത്രം. ഇവിടുന്നങ്ങോട്ട് തെറിവിളിയും വര്‍ഗീയവാദവുമായി കമന്‍റുകളുടെ നിം മാറുന്നു. സിനിമയല്ലേ പിള്ളേരല്ലേ എന്നു കരുതി പൊലീസ് വിട്ടുകളയുന്നതാണെങ്കില്‍ ഒന്നോര്‍മിക്കട്ടെ, സംഗതിയുടെ പോക്ക് ശരിയായ ദിശയിലല്ല.സിനിമയാണെങ്കിലും ഫാന്‍സുകാര്‍ താരങ്ങളുടെ തിരക്കഥയ്‍ക്കനുസരിച്ച് മാത്രം ചലിക്കുന്ന കഥാപാത്രങ്ങളല്ല. നിയന്ത്രണാധീനമായ ഒരു സാഹചര്യത്തില്‍ നിന്നു തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെക്കാള്‍ നല്ലത് താരങ്ങള്‍ തന്നെ ആകാശത്തേക്കു വെടിവച്ച് സംഗതി പിരിച്ചുവിടുന്നതാണ്.

ഫാന്‍സ് അസോസിയേഷനുകള്‍ വന്നതിനു ശേഷമാണ് സൂപ്പര്‍ താരങ്ങള്‍ക്കു കുടുംബപ്രേക്ഷകരില്ലാതായത് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ഭാര്യയെയും മക്കളെയുമായി ആരും യുദ്ധഭൂമിയിലേക്ക് ഇറങ്ങാറില്ല. സൂപ്പര്‍ താരങ്ങളുടെ റിലീസിങ് പടത്തിന് ഒരു കുടുംബം തിയറ്ററിലെത്തിയാല്‍ അവര്‍ക്കെന്തോ കാര്യമായ തകരാറുണ്ട് എന്ന് തിയറ്ററുകാര്‍ പോലും പറയും. ഇവിടെ വ്യാജസിഡി ഇല്ലാതാവമെങ്കില്‍ പൊലീസ് റെയ്ഡ് ചെയ്തതു കൊണ്ട് മാത്രമായില്ല, തിയറ്ററില്‍ പോയി സാധാരണക്കാരന് സിനിമ കാണാവുന്ന ഒരു സാഹചര്യമുണ്ടാവണം. അതില്ലാത്തിടത്തോളം കാലം ഫാന്‍സിനെ പേടിക്കാതെ സിനിമ കാണാന്‍ ആളുകള്‍ വ്യാജസിഡിയെ ആശ്രയിച്ചാല്‍ കുറ്റം പറയാനൊക്കില്ല.

രക്തദാനവും നേത്രദാനവും ഹൃദയശസ്ത്രക്രിയയും സമൂഹവിവാഹവുമൊക്കെ നടത്തുന്ന അതേ ആരാധകസമൂഹത്തിന്‍റെ പേരിലാണ് ഈ അക്രമസംഭവങ്ങളും സമൂഹം വായിക്കുന്നത് എന്നത് സങ്കടകരമാണ്. സംഘടനയുടെ പേരില്‍ ആര്‍ക്കും അക്രമം കാണിക്കാവുന്ന അവസ്ഥയുണ്ടെങ്കില്‍ അതിനാണ് ആദ്യം മാറ്റമുണ്ടാവേണ്ടത്. ഫാന്‍സ് അസോസിയനുള്ളിലോ അസോസിയേഷന്‍റെ മറവിലോ അക്രമികള്‍ സിനിമയ്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള കടമയും ഫാന്‍സ് അസോസിയേഷനുകള്‍ക്കുണ്ട്. ആരോഗ്യമുള്ള ചലച്ചിത്രവ്യവസായമുണ്ടെങ്കിലേ താരങ്ങളുള്ളൂ, താരാരാധകരുള്ളൂ.

മലയാളം ഫിലിം ഇണ്ടസ്ട്രി എണ്ട്രന്‍സ് എക്‌സാമിനേഷന്‍

ലോകസിനിമയ്ക്ക് മലയാള സിനിമ നല്‍കിയിട്ടുള്ള സേവനങ്ങള്‍ അനന്തമായി നില്‍ക്കുമ്പോഴും മലയാളികള്‍ക്ക് മലയാളസിനിമയോടുള്ള പുച്ഛം അവസാനിക്കുന്നില്ല. എന്തുമാത്രം നല്ല കഥകളും മുഹൂര്‍ത്തങ്ങളും നമ്മള്‍ കണ്ടു കഴിഞ്ഞു. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത ഫൈറ്റുകളും സോങ്ങുകളും ബലാല്‍സംഗസീനുകളും വേറെ കിടക്കുന്നു. ഒരു ചലച്ചിത്രവിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം കരിമല ചവിട്ടുന്ന കന്നി അയ്യപ്പന്റെ മനസ്സോടെ സമീപിക്കാവുന്ന ഒന്നാണ് മലയാള സിനിമ. എന്നാല്‍ മലയാളസിനിമയുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ തക്കവിധത്തിലുള്ള ഒരു പാഠപുസ്തകമോ ഇന്‍സ്റ്റിറ്റിയൂട്ടോ ഇവിടെയില്ല. ഉള്ളവയൊക്കെ പഠിപ്പിക്കുന്നത് കുറസോവയും സത്യചിത്‌റേയുമൊക്കെ എന്തു ചെയ്തു എന്നാണ്.

ഈ സാഹചര്യത്തില്‍ മലയാള സിനിമയെയും കേരളസംസ്‌കാരത്തെയും അടുത്തറിയുന്നതിനും ചലച്ചിത്രവിദ്യാര്‍ഥികള്‍ക്ക് അതുവഴി കൂടുതല്‍ മികച്ച സിനിമകള്‍ നിര്‍മിക്കുന്നതിനും സഹായിക്കുന്ന ഒരു ചലച്ചിത്ര ക്വിസ് ആണ് ഇവിടെ അവതരിപ്പിക്കുന്നത്. വെറുമൊരു ക്വിസ് എന്നതിനപ്പുറം സിനിമ ചെയ്യണമെന്ന മോഹവുമായി പ്രൊഡ്യൂസറുടെ മടയില്‍ വന്നു കയറുന്ന അതിമോഹികള്‍ക്കുള്ള ഒരു എന്‍ട്രന്‍സ് പരീക്ഷയായി ഇത് ഉപയോഗിക്കാം. ഇത് പാസ്സാകുന്നവനേ ഇവിടെ സിനിമയെടുക്കാന്‍ അനുമതി നല്‍കാവൂ. 8 മുതല്‍ 10 പോയിന്റ് വരെ നേടുന്നവര്‍ക്ക് ഉടന്‍ തന്നെ ഒരു സിനിമയെടുക്കാം. 5 മുതല്‍ 8 വരെ പോയിന്റ് നേടുന്നവര്‍ കുറച്ചുകൂടി സിനിമകള്‍ കണ്ട് വിഞ്ജാനം വര്‍ധിപ്പിക്കണം. 5 പോയിന്റില്‍ താഴെ മാത്രം ലഭിക്കുന്നവര്‍ സിനിമ കണ്ടാല്‍ മതി, കൂവരുത്.

മലയാളം ഫിലിം ഇണ്ടസ്ട്രി എണ്ട്രന്‍സ് എക്‌സാമിനേഷന്‍
(എല്ലാ ചോദ്യങ്ങള്‍ക്കും 1 മാര്‍ക്ക് വീതം. ശരിയുത്തരം ബ്രാക്കറ്റില്‍ നിന്നും തിരഞ്ഞെടുക്കാം)

1. കേരളസമൂഹത്തിലെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം എന്താണ് ?
(കാവിലെ ഉല്‍സവത്തിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുത, നല്ലവരായ കൂലിത്തല്ലുകാരെ ദുഷ്ടന്‍മാരായ പൊലീസുകാര്‍ വേട്ടയാടുന്നത്, അന്‍പതു കഴിഞ്ഞ ചെറുപ്പക്കാരുടെ പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി പച്ചത്തക്കാളി പോലുള്ള പെണ്‍പിള്ളേര്‍ നടക്കുന്നത്)

2. സല്‍ഗുണസമ്പന്നനായ മലയാളി നായകന്‍മാര്‍ എവിടെ നിന്നാണ് വരുന്നത് ?

(തമിഴ്‌നാട്ടില്‍ നിന്ന്, കര്‍ണാടകത്തില്‍ നിന്ന്, ധാരാവിയില്‍ നിന്ന്)

3. വലിയ കമ്പനിയുടെ എംഡിമാരാകുന്ന നായകന്‍മാരുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കും ?

(നാലാം ക്ലാസ്, എട്ടാം ക്ലാസ്, ഫസ്റ്റ് ക്ലാസ്സോടെ പത്താം ക്ലാസ്സ്)

4. ചുമട്ടുകാരനോ ലോറി ഡ്രൈവറോ കൂലിത്തല്ലുകാരനോ ആയ നായകന്റെ വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കും ?

(ഐപിഎസ് ഫൈനല്‍ ഇയര്‍ വച്ച് അച്ഛന്‍ മരിച്ചതുകൊണ്ട് അവസാനിപ്പിച്ചു, ഐഎഎസ് ഫൈനല്‍ ഇയര്‍ വച്ച് അമ്മ മരിച്ചതുകൊണ്ട് അവസാനിപ്പിച്ചു, എംബിബിഎസ് ഫൈനല്‍ ഇയര്‍ വച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ശല്യം കാരണം അവസാനിപ്പിച്ചു)

5. നായകന് പൊതുവേ ഏത് അവയവമായിരിക്കും കൂടുതലുള്ളത് ?

(എല്ല്, ചങ്ക്, ലിംഗം)

6. സിനിമയില്‍ കംപ്യൂട്ടര്‍ വൈറസ് ബാധിക്കുന്നത് എങ്ങനെയാണ് ?

(വലിയ അക്ഷരങ്ങളില്‍ വൈറസ് ഡൗണ്‍ലോഡിങ് എന്ന് എഴുതിക്കാണിച്ചുകൊണ്ട്, സ്‌ക്രീനില്‍ വൈറസിന്റെ ചിത്രം കാണിച്ചുകൊണ്ട്, കംപ്യൂട്ടറിനുള്ളില്‍ നിന്നും വൈറസിന്റെ പൊട്ടിച്ചിരി കേള്‍പ്പിച്ചുകൊണ്ട്)

7. കേരളത്തിലെവിടെയും നിലവിലില്ലാത്തതും സിനിമയില്‍ ഉള്ളതുമായ പോസ്റ്റ് ഏതാണ് ?
(കാര്യസ്ഥന്‍, അടിച്ചുതെളിക്കാരി, വാല്യക്കാരി)

8. നായിക നായകന് അഡിക്ടാവുന്നത് എപ്പോഴാണ് ?
(അപരിചിതനായ നായകന്‍ അബദ്ധത്തില്‍ നായികയുടെ നഗ്നത കാണുമ്പോള്‍, തന്റേടിയായ നായികയുടെ കരണക്കുറ്റിക്ക് നായകന്‍ പൊട്ടിക്കുമ്പോള്‍, ഗുണ്ടകളില്‍ നിന്ന് രക്ഷിക്കുമ്പോള്‍)

9. നായികയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നത് എങ്ങനെയാണ് ?
(നായകന്‍ അരക്കെട്ടില്‍ മുറുകെ പിടിക്കുമ്പോള്‍, നായകന്‍ ബലാല്‍സംഗം ചെയ്യുമ്പോള്‍, നായകന്‍ ബലമായി ചുണ്ടില്‍ ചുംബിക്കുമ്പോള്‍)

10. ഗ്രാമീണ സിനിമയിലെ നായകന്മാര്‍ പൊതുവേ എവിടെ നിന്നുള്ളവരാണ് ?
(ചെറുപ്ലശേരി, പാലാ, ഫോര്‍ട്ട് കൊച്ചി)

എല്‍സമ്മയും പ്രാഞ്ചിയും പിന്നെ ശിക്കാറും

ഓണം ടിവിയിലാക്കി റിലീസ് പടങ്ങള്‍ക്കു വേണ്ടി നോമ്പു കഴിയാന്‍ കാത്തിരുന്നതു വെറുതെയായില്ല. സൂപ്പര്‍-മെഗാ സ്റ്റാര്‍ പടങ്ങളും താരപ്പൊലിമയില്ലാത്ത ലാല്‍ജോസ് സിനിമയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. മൂന്നു സിനിമകളും കാശു മുതലാക്കും എന്ന് ഒറ്റവാക്കില്‍ പറയാം. ഫാന്‍സിനും നല്ല ചാകരയാണ്. തകര്‍പ്പന്‍ പ്രകടനവുമായി മോഹന്‍ലാല്‍, ഹാര്‍ഡ്കോര്‍ തൃശൂര്‍ ഇട്ടിക്കോരമാരെ അമ്പരപ്പിക്കുന്ന തൃശൂര്‍ സ്ലാങ്ങുമായി മമ്മൂട്ടി, ഇനി ഇതൊന്നും പോര മനസ്സില്‍ പതിയുന്ന ഒരു നല്ല സിനിമ കൂടി കാണണമെന്നുണ്ടെങ്കില്‍ എല്‍സമ്മ.

രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിച്ച് മമ്മൂട്ടിയും പ്രിയാമണിയും നായികാനായകന്‍മാരായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, എസ്. സുരേഷ്ബാബു എഴുതി എം.പത്മകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ശിക്കാര്‍, എം.സിന്ധുരാജ് എഴുതി ലാല്‍ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നിവയാണ് പ്രതീക്ഷ പകരുന്ന ചിത്രങ്ങള്‍. പോസ്റ്റര്‍ കീറല്‍ വിവാദങ്ങളും താരസാന്നിധ്യവും ഫാന്‍സ് ബാക് അപ്പും മീഡിയ സപ്പോര്‍ട്ടുമൊക്കെ സൂപ്പര്‍ താരചിത്രങ്ങള്‍ക്ക് ആദ്യപരിഗണന നല്‍കുന്നെങ്കിലും നിഷ്പക്ഷ പ്രേക്ഷകന്‍ എന്ന നിലയില്‍ എന്റെ റാങ്കിങ് ഇങ്ങനെയാണ്.

1. എല്‍സമ്മ എന്ന ആണ്‍കുട്ടി (9/10)
2. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് (7/10)
3. ശിക്കാര്‍ (5/10)

എല്‍സമ്മ എന്ന ആണ്‍കുട്ടി

ലാല്‍ജോസും സിന്ധുരാജും മുല്ല എന്ന സിനിമയിലൂടെ എങ്ങനെ നിരാശപ്പെടുത്തിയോ അതിനെക്കാള്‍ തീവ്രതയോടെ ഈ സിനിമയിലൂടെ തങ്ങളുടെ കൂട്ടുകെട്ടിന് അദ്ഭുതം സൃഷ്ടിക്കാന്‍ കഴിയും എന്നു തെളിയിക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ എല്‍സമ്മയെ അവതരിപ്പിക്കുന്ന നടന്‍ അഗസ്റ്റിന്റെ മകള്‍ ആന്‍ തരക്കേടില്ല എന്നു പറഞ്ഞൊഴിയാം. കാരണം മറ്റൊരാളുടെ പ്രകടനത്തെപ്പറ്റി ആവേശപൂര്‍വം പറയാനുണ്ട്. ഇവന്റെയൊക്കെ കാലം കഴിഞ്ഞു എന്നു ചിലരൊക്കെ പറഞ്ഞ കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് സിനിമയില്‍. കഥാപാത്രത്തിലെ വ്യത്യസ്തയെപ്പറ്റിയല്ല, നടന്‍ എന്ന നിലയ്ക്ക് അദ്ദേഹം നടത്തിയിരിക്കുന്ന പ്രകടനത്തെപ്പറ്റിയാണ്. ചാക്കോച്ചന്‍ തന്റെ കരിയറില്‍ ഏറ്റവും ഗൌരവത്തോടെ സമീപിച്ചിരിക്കുന്ന കഥാപാത്രമാണ് പാലുണ്ണി എന്ന ഉണ്ണികൃഷ്ണന്‍ എന്നു പറഞ്ഞാലും തെറ്റില്ല. ചുരുക്കം ചില ഹിറ്റുകളുടെ ക്രെഡിറ്റ് മാറ്റിവച്ചാല്‍, എല്‍സമ്മ ചാക്കോച്ചന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യം തന്നെയുണ്ടാവും.

പുതുമയുള്ള കഥയല്ല ആഖ്യാനശൈലിയാണ്എല്‍സമ്മയുടെ ആകര്‍ഷണം. ഒന്നിന്റെയും അതിപ്രസരമില്ലാതെ എന്നാല്‍ ദൃശ്യഭംഗിയുള്ള ലൊക്കേഷനിലൂടെ ബാലന്‍പിള്ളസിറ്റിയിലെ കഥകള്‍ പറഞ്ഞുകൊണ്ട് ലാല്‍ജോസ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. നായകന്‍ പാല്‍ക്കാരന്‍, നായിക പത്രക്കാരി. ഗാനങ്ങളും മികച്ചവ തന്നെ. എല്ലാ കഥാപാത്രങ്ങളും മികച്ചു നില്‍ക്കുന്നു. ബാലന്‍പിള്ളസിറ്റിയിലെ മാതൃഭൂമി ഏജന്റ് ആണ് ആന്‍ അവതരിപ്പിക്കുന്ന എല്‍സമ്മ. പത്രവിതരണം കഴിഞ്ഞ് മറ്റുപലജോലികളും ചെയ്ത് കുടുംബം പുലര്‍ത്താന്‍ ആണ്‍കുട്ടിയെപ്പോലെ ജീവിക്കുന്ന പെണ്‍കുട്ടി. ബാലന്‍പിള്ളസിറ്റിയിലേക്കു പുതിയ ചില കഥാപാത്രങ്ങള്‍ എത്തുന്നതോടെ എല്‍സമ്മയുടെ ആണത്തം വെല്ലുവിളി നേരിടുകയാണ്. ട്വിസ്റ്റുകളും സസ്പെന്‍സുകളുമില്ലാതെ പുതുമയുള്ള പ്രമേയമില്ലാതെ അവതരണത്തിലെ മികവു കൊണ്ട് ഒരു സിനിമയെ എങ്ങനെ പുതുപുത്തനാക്കാം എന്നു പ്രിയദര്‍ശനു ശേഷം നമ്മെ വീണ്ടും കാണിച്ചു തരികയാണ് ലാല്‍ജോസ്. ഈ വര്‍ഷത്തെ നല്ല സിനിമകളില്‍ ഒന്ന്. എല്‍സമ്മ നൂറു ദിവസം ഓടുന്നില്ലെങ്കില്‍ അത് പ്രേക്ഷകരുടെ പരാജയമാണെന്നു വിലയിരുത്തേണ്ടി വരും.

ഇന്ദ്രജിത്, മണിക്കുട്ടന്‍, നെടുമുടി വേണു, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമൂട്, കെപിഎസി ലളിത, ബിജുക്കുട്ടന്‍, ശ്രീദേവി ഉണ്ണി, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. നിര്‍മാണം എം.രഞ്ജിത്.വിതരണം ലാല്‍ ക്രിയേഷന്‍സ്.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്

ഇത്തവണ തൃശൂര്‍ ഭാഷയെയാണ് മമ്മൂട്ടി കീഴടക്കിയിരിക്കുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രാഞ്ചിയേട്ടനായി മമ്മൂട്ടിയും പ്രാഞ്ചി അഥവാ ഫ്രാന്‍സിസ് എന്ന പേരിനു കാരണക്കാരനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയായി ഓസ്ട്രേലിയന്‍ നാടകനടന്‍ ജെസ്സെ ഫോക്സ് അലനും വേഷമിടുന്നു. സെയിന്റ് പ്രാഞ്ചിയേട്ടന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് സിനിമ കാണുമ്പോള്‍ അറിയാം.

കാശുണ്ടെങ്കിലും സമൂഹത്തില്‍ വലിയ അംഗീകാരവും ആദരവുമൊന്നുമില്ലാത്ത ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രാഞ്ചിയേട്ടന്റെ ഏറ്റവും വലിയ ദുഖം ചെറുപ്പം മുതല്‍ തന്നെ വേട്ടയാടുന്ന ഇരട്ടപ്പേരാണ്- അരിപ്രാഞ്ചി. പാരമ്പര്യമായി അരിക്കച്ചവടം നടത്തുന്ന ചെറമ്മല്‍ വീട്ടിലെ പ്രാഞ്ചി അരിപ്രാഞ്ചിയായതില്‍ വിസ്മയവുമില്ല. എന്നാല്‍ ആ വിളിപ്പേരില്‍ നിന്നുള്ള മോചനത്തിനായി പ്രാഞ്ചി മറ്റു പല ബിസിനസുകളും തുടങ്ങുകയാണ്. ആഢ്യന്‍മാരുടെ ജാഡ ക്ളബിലെ പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്നു, പദ്മശ്രീ പണം കൊടുത്തു വാങ്ങുന്നു- എല്ലാറ്റിന്റെയും ബുദ്ധികേന്ദ്രമായി ഇന്നസെന്റ് അവതരിപ്പിക്കുന്ന വാസു മേനോനും.ഏറെ നാളുകള്‍ക്കു ശേഷമാണ് ഇന്നസെന്റിന്റെ വൃത്തിയുള്ള ഒരു മുഴുനീളകഥാപാത്രം കാണുന്നത്. നര്‍മത്തിന്റെ വഴിയിലൂടെ കഥ മുന്നേറുമ്പോള്‍ ശരിക്കും മറ്റൊരു പദ്മശ്രീ പ്രാഞ്ചിയെ തേടി വരുന്നു. ആരാണവള്‍ ?

മമ്മൂട്ടിയെന്ന നടന്‍ തന്റെ പ്രൊഫഷനല്‍ സമീപനം ഈ ചിത്രത്തോടും പുലര്‍ത്തിയിരിക്കുന്നു.സ്വതസിദ്ധമായ നര്‍മം അവതരിപ്പിരിക്കുന്ന ശൈലി പ്രശംസയര്‍ഹിക്കുന്നു. സംവിധായകന്‍ എന്ന നിലയില്‍ പതിവു ഫ്രെയിമുകളിലൂടെ തന്നെ രഞ്ജിത് കഥ പറയുന്നു. എന്നാല്‍ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ പോലെ, ജോര്‍ജ്കുട്ടി കെയറോഫ് ജോര്‍ജ്കുട്ടി പോലെ ലളിതമായ പ്രമേയത്തെ സരസമായി അവതരിപ്പിക്കുന്നതില്‍ രഞ്ജിത് എന്ന എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു. അഭിനയത്തെക്കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയേണ്ടത് വിനോദയാത്ര എന്ന ആദ്യചിത്രത്തിലൂടെ തന്നെ അവാര്‍ഡ് നേടിയ ഗണപതിയുടെ പ്രകടനമാണ്. ഒരു തരിമ്പുപോലും ഓവറാക്കാതെ പോളിയായി ചെക്കന്‍ തകര്‍ക്കുന്നു എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. എങ്കിലും കുറ്റമൊന്നും പറയാനില്ലേ എന്നു ചോദിച്ചാല്‍ പ്രാഞ്ചിയേട്ടന്റെ കഥാപാത്രത്തോളം ശക്തമായി മറ്റു കഥാപാത്രങ്ങളെക്കൂടി പണിതുയര്‍ത്തുന്നതില്‍ ര‍ഞ്ജിത് വേണ്ടത്ര ശ്രദ്ധപുലര്‍ത്തിയില്ല എന്നു പറയാം. ഫാമിലി എന്റര്‍ടെയ്നറായും കോമഡി ചിത്രമായും റഫര്‍ ചെയ്യാവുന്ന പ്രാഞ്ചിയേട്ടന്‍ സൂപ്പര്‍ഹിറ്റാണെന്നത് ഇപ്പോഴേ ഉറപ്പിക്കാം.

പ്രാഞ്ചിയേട്ടന്റെ നിര്‍മാണവും രഞ്ജിത് തന്നെയാണ്. സിദ്ദിഖ്, ഖുശ്‍ബൂ, ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, ടിനി ടോം, ഇടവേള ബാബു, ടി.ജി രവി, ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. ക്യാമറ പ്രഗല്‍ഭനായ വേണു. മമ്മൂട്ടിയുടെ പ്ലേഹൗസ് റിലീസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ശിക്കാര്‍

പരുന്ത് എന്ന സിനിമയ്ക്കു ശേഷം പത്മകുമാര്‍ എന്ന സംവിധായകന്‍ അവതരിപ്പിക്കുന്ന സിനിമ എന്ന നിലയ്ക്ക് ശിക്കാര്‍ വളരെ ഭേദമാണ്. പ്രമേയത്തിലെ ചില പോരായ്മകള്‍ ചിത്രത്തില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെന്നതൊഴിച്ചാല്‍ മോഹന്‍ലാലിന്റെ പ്രകടനം കൊണ്ട് ശിക്കാര്‍ ഹിറ്റ്ചാര്‍ട്ടില്‍ കുറെക്കാലമുണ്ടാവും. ഭ്രമരത്തിലെപ്പോലെ തന്നെ ശിക്കാറിലും ലാലേട്ടന്‍ ലോറി ഡ്രൈവറാണ്. ഡ്രൈവര്‍ ബലരാമന്റെ ജീവിതത്തിലെ എല്ലാം എല്ലാം ഗംഗയാണ് (അനന്യ). സങ്കീര്‍ണമായ രാഷ്ട്രീയമാണ് സിനിമയുടേത്. പ്രേക്ഷകരെ ബലരാമന്റെ ഭൂതകാലത്തിലേക്കു വലിച്ചിഴയ്‍ക്കുമ്പോള്‍ ഈ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യുന്നു.

ബലരാമന്‍റെ ഭാര്യയായി സ്നേഹയും ഉറ്റചങ്ങാതി സത്യചന്ദ്രനായി ലാലു അലക്സും (ഈ വേഷമാണ് സിനിമയുടെ ആദ്യഘട്ടത്തില്‍ മരിച്ച ശ്രീനാഥ് അവതരിപ്പിക്കാനിരുന്നത്)നക്സല്‍ നേതാവ് അബ്ദുള്ളയായി സമുദ്രകനിയും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വയ്ക്കുന്നത്. കലാഭവന്‍ മണി, തലൈവാസല്‍ വിജയ്, ലക്ഷ്മി ഗോപാലസ്വാമി, മൈഥിലി, രശ്മി ബോബന്‍, സുരാജ് വെഞ്ഞാറമൂട് (ബോറാണ്), ബാബു നമ്പൂതിരി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

എങ്കിലും കരുത്തനും സാഹസികനും അതേസമയം ബന്ധങ്ങളുടെ കാര്യത്തില്‍ ദുര്‍ബലനുമായ ബലരാമന്റെ പ്രകടനത്തില്‍ മറ്റുള്ളവര്‍ വലിയ ശ്രദ്ധയൊന്നും നേടുന്നില്ല. മാവോയിസവും തീവ്രവാദവുമൊക്കെ ആവര്‍ത്തനമാണെങ്കിലും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നില്ല. ഗംഗയുടെ കാമുകനായി അധികം സീനുകളിലില്ലെങ്കിലും കൈലാഷ് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ജഗതി ശ്രീകുമാര്‍ പതിവുപോലെ മാറ്റുകുറയാത്ത പ്രകടനം നടത്തിയിട്ടുണ്ട്. മണിക്കൂറുകളോളം കാത്തുനിന്നിട്ട് ടിക്കറ്റ് കിട്ടാത്ത പ്രേക്ഷകര്‍ തിയറ്റര്‍ തല്ലിപ്പൊളിച്ച ചരിത്രം മുന്‍പ് അധികമില്ലാത്തതിനാല്‍ ശിക്കാര്‍ സൂപ്പര്‍ ഹിറ്റാവുമെന്നത് എഴുതി അടിവരയിടാം.

സംവിധായകന്റെ ഇടപെടലിനെക്കാള്‍ പ്രേക്ഷകര്‍ക്കു അനുഭവേദ്യമാകുന്നത് മനോജ് പിള്ളയുടെ ഛായാഗ്രഹണമാണ്. ലാലേട്ടന്റെ പ്രകടനവും ക്യാമറയുടെ മികവും മാറ്റി വച്ചാല്‍ സിനിമയില്‍ കാര്യമായൊന്നും ബാക്കിയില്ല. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മാക്സ്‍ലാബ് വിതരണത്തിനെത്തിക്കുന്ന സിനിമ കെ.കെ.രാജഗോപാല്‍ ആണ് നിര്‍മിച്ചിരിക്കുന്നത്.